Saturday, July 26, 2014

അറ്റ്ലാന്റായിലെ വിശുദ്ധ അല്ഫൊൻസാ പള്ളിയും വയനാടൻ വികാരിയും



By ജോസഫ് പടന്നമാക്കൽ 

ഇക്കഴിഞ്ഞ  ജൂലൈ എട്ടാംതിയതി മുതൽ മെക്സിക്കോ, അറ്റ്ലാന്റാ മുതലായ സ്ഥലങ്ങളിലേക്ക് യാത്ര നടത്തേണ്ടി വന്നു. മെക്സിക്കോയിൽ പോയി കുറഞ്ഞ ചെലവിൽ പല്ലുകളൊക്കെ  ശരിയാക്കി അവിടെനിന്ന്എന്റെ  അനുജത്തിയുടെ ക്ഷണപ്രകാരം   അറ്റ്ലാന്റായിലെ അവരുടെ വാസസ്തലത്തെത്തി. . അവിടുത്തെ ഒരാഴ്ചത്തെ താമസം  ഒരു തീർഥ യാത്ര പോലെയായിരുന്നു. പള്ളിയും പട്ടക്കാരുമായി ജീവിക്കുന്ന ആ ഭവനം ഒരു ദേവാലയത്തിന് തുല്യമാണ്. അറ്റ്ലാന്റായിൽ വന്നതിന്റെ പിറ്റേദിവസം ഞായറാഴ്ച അവിടുത്തെ  വിശുദ്ധ അല്ഫോന്സായുടെ  നാമത്തിലുള്ള  പള്ളിയിൽ  വിശുദ്ധ കുർബാനയിൽ സംബന്ധിച്ചു. വർഷങ്ങൾ കൂടി  സീറോ മലബാർ റീത്തിന്റെ കുർബാന കാണാനും അതിനുള്ളിലെ നവീകരിച്ച പല മാറ്റങ്ങൾ ഉൾക്കൊള്ളാനും സാധിച്ചു.  ദൈവജനങ്ങൾ പള്ളി നിറയെ  ഉണ്ടായിരുന്നു.

എന്റെ അനുജത്തിയും ഭർത്താവും പള്ളി സംഘടനകളുടെ നേതാക്കന്മാരായതുകൊണ്ട് തികച്ചും ഒരു വി.ഐ.പി യെപ്പോലെ പരിചയപ്പെട്ടവരെല്ലാം  സ്നേഹാദരവുകളോടെ പെരുമാറി. അവരുടെ  സ്നേഹ പ്രകടനങ്ങൾക്ക്  കുറവ് വരാതിരിക്കാൻ ഞാനും കുഞ്ഞാടായി അഭിനയിച്ചു. പള്ളിയും പട്ടക്കാരും  മെത്രാന്മാരും അവിടുത്തെ ദൈവ ജനങ്ങളുടെ വിഷയങ്ങളായിരുന്നു. പുരോഹിതരെയും അഭിക്ഷിക്തരെയും    പുകഴ്ത്തുന്ന സമയങ്ങളിൽ ഞാനും അവരോടൊപ്പം പങ്കുചേർന്നിരുന്നു. അറയ്ക്കലും കോതമംഗലം ബിഷപ്പും പോലുള്ള വില്ലന്മാരും അവിടെ പള്ളിയിൽ വന്നവരുടെ ദിവ്യന്മാരായിരുന്നു.  ഷിക്കാഗോ ബിഷപ്പിനെയും  വെത്താനത്തച്ചനെയുംപ്പറ്റിയുള്ള  വാഴ്ത്തലുകൾ  കേട്ടപ്പോൾ അവരെപ്പറ്റി ചില ബ്ലോഗുകളിൽ ഞാൻ എഴുതിയ  അഭിരുചിയില്ലാത്ത ലേഖനങ്ങൾ ആരും  വായിച്ചു കാണരുതെന്നും ആഗ്രഹിച്ചു.  അല്ഫോന്സാ വളരെ ശക്തിയുള്ള  പുണ്യവതിയാണെന്നാണ് അവിടെ പള്ളിയിൽ വന്ന ഭക്ത ജനങ്ങൾ വിശ്വസിക്കുന്നത്.

അവരോടൊപ്പം സമയം ചിലവഴിച്ചപ്പോൾ ആത്മാവിൽ പുഷ്ടിനിറഞ്ഞ  അനുസരണയുള്ള ഒരു  കുഞ്ഞാടിനെപ്പോലെ  സ്വയം എനിക്കും തോന്നിപ്പോയി.  ഞാൻ കണ്ടുമുട്ടിയ  ഭൂരിഭാഗം മലയാളി ജനങ്ങളിലും പരിശുദ്ധാത്മാവിനാൽ വരപ്രസാദം നിറഞ്ഞവരായിരുന്നു.  പുണ്യാളന്മാരുടെ വീരകഥകളും അത്ഭുതങ്ങളും കേട്ട് മനസിന് പുതിയ  ഉണർവും  ഊർജവും ഉന്മേഷവും ആർജിച്ചതായും തോന്നിപ്പോയി. ചില സുഹൃത്തുക്കളുടെ  ഇനിമേൽ നല്ലവനായി  ജീവിക്കാനുള്ള  ഉപദേശങ്ങൾ  എനിക്ക് ലഭിക്കുമ്പോൾ  നിശബ്ദനായി ഞാനതല്ലാം  കേട്ടുകൊണ്ടിരിക്കുകയായിരുന്നു.  പുരോഹിതരെ വിമർശിക്കുന്നത് കൊടും പാപമാണെന്നും കുമ്പസാരിച്ചാലും തീരില്ലെന്നും ഒരു സുഹൃത്ത് ഉപദേശിച്ചപ്പോഴും  ശരിയെന്നു പറഞ്ഞ് ഞാനും സമ്മതിച്ചു.   ലോകത്തിൽ ഏറ്റവും കൂടുതൽ     ധർമ്മസ്ഥാപനങ്ങൾ നടത്തുന്നത് ക്രിസ്ത്യൻ സഭകളാണെന്നും ഒരു വിദ്വാൻ എന്നെ പഠിപ്പിച്ചു. പുരോഹിതരുടെ  കീശവീർത്തു കഴിഞ്ഞ് പരോപാകാരം എത്ര ശതമാനം പോവുന്നുണ്ടെന്നുള്ള  അറിവ്  അദ്ദേഹത്തിനുണ്ടോയെന്നും  അറിയില്ല. പത്തുവയസുള്ള കൊച്ചിനെ പീഡിപ്പിച്ച കൊക്കനച്ചൻവരെ നേർച്ചപ്പണത്തിന്റെ  ബലത്തിൽ കേസുകൾ നടത്തുന്ന കാര്യങ്ങളൊന്നും ഈ സുഹൃത്തുക്കൾക്ക് അറിയില്ലായിരുന്നു.  ഒരു വിവാദത്തിൽ ഏർപ്പെടാൻ ധൈര്യം ഇല്ലാത്തതുകൊണ്ട് അവരോടൊന്നും മറുപടി പറയാൻ .ഞാൻ മെനക്കെട്ടില്ല. സംസാരിക്കാൻ പോയാൽ പരാജയപ്പെടുമെന്നും എനിക്കറിയാമായിരുന്നു. പള്ളിക്കുവേണ്ടി  ജീവൻ  കളയാൻ തീരുമാനിച്ചിരിക്കുന്ന അവരുടെ രക്തം ഞാനായിട്ട് എന്തിന് തിളപ്പിക്കണമെന്നും ചിന്തിച്ചു. . എസ്.എസ്.എൽ.സി.  പീ.എച്ച്.ഡി ബിരുദങ്ങളുള്ള  പുരോഹിതർ പറയുന്നത് തത്തമ്മ പോലെ പറയാൻ അവിടെയുള്ള പള്ളി കുഞ്ഞേലികൾക്കുവരെ അറിയാം. പള്ളിയിൽ നിത്യവും പോകാത്തതിന്റെ പോരായ്മയും എന്റെ അറിവിന്റെ അപ്രാപ്യതയും അന്ന് മനസിലാക്കേണ്ടി വന്നു. പരിശുദ്ധാത്മാവിന്റെ കുറവ് എനിക്കുണ്ടെന്ന്  അവിടുത്തെ സുഹൃത്തുക്കളുടെ  ഒഴുക്കുള്ള വചന സംസാരം കേട്ടപ്പോഴാണ് ഞാൻ മനസിലാക്കിയത്. എന്റെ ബലഹീനതകളെയും അപ്പോൾ തിരിച്ചറിഞ്ഞു. 

അന്നത്തെ  ഞായറാഴ്ച്ചത്തെ  കുർബാനയിൽ  അനുജത്തിയും ഭർത്താവും  വലിയ ഒരു തുക പള്ളിക്കു കൊടുക്കാൻ എഴുതുന്നത് കണ്ടു. അവർ രണ്ടുപേരും സാമ്പത്തിക ഭദ്രതയുള്ളവരായതുകൊണ്ട്  അവരെ സംബന്ധിച്ച് വലിയ തുകകൾ പള്ളിക്കു കൊടുക്കാൻ സാധിക്കും. പള്ളിയകത്തുണ്ടായിരുന്നവർ  ഈ  പള്ളി പണുതപ്പോൾ  പതിനായിരക്കണക്കിനു ഡോളർ ഡൊണെഷൻ  കൊടുത്തവരായിരുന്നു. ആത്മാഹൂതി ചെയ്ത ഗയാനയിലെ ' ജിം ജോണ്സന്റെ കള്ട്ടുപോലെ'  പള്ളിയും പട്ടക്കാരും മാത്രമാണ് അവരുടെ ലോകം. കൂടാതെ  വരുമാനത്തിന്റെ പത്തുശതമാനം മുടങ്ങാതെ പള്ളിക്ക് കൊടുക്കണമെന്നുള്ളതും വചനത്തിലും പള്ളിയിലും എഴുതപ്പെട്ട നിയമമാണ്. ആ നിയമങ്ങൾ ഏതാനും  കുഞ്ഞാടുകൾ അനുസരിക്കാത്തതിൽ അവിടുത്തെ വികാരി വ്യാകുലനുമാണ്. കൂടുതൽ പണം കൊടുക്കുന്നവർക്ക്  അല്ഫോൻസായുടെ  പുണ്യം ഏറെ കിട്ടുകയും ചെയ്യും. പള്ളിയിൽ നേർച്ച  (എൻവെലപ്പ്) കൊടുക്കുന്ന സമയം  നൂറിന്റെ നോട്ടുകൾ ഇടുന്നവർ  ധാരാളം പേരുണ്ടായിരുന്നു. കപ്പ്യാർ പിള്ളേർ കൈനീട്ടി വരുമ്പോൾ  അഞ്ചു ഡോളറായിരുന്നു  കൊടുക്കാൻ ഞാൻ പരിപാടിയിട്ടിരുന്നത്. പണം പിരിക്കാൻ ഓരോ നിരയിലും  അഞ്ചാറു പിള്ളേരെയും കണ്ടു. ഒപ്പം അച്ചനെപ്പോലെ വേഷം ഇട്ട മീശയുള്ള ഒരു കപ്യാരും ഉണ്ടായിരുന്നു. അയാളുടെ മീശ കണ്ട് അഞ്ചു ഡോളർ കൊടുക്കാനിരുന്ന ഞാൻ പത്താക്കി നേർച്ച സഞ്ചിയിൽ ഇട്ടു. ഇട്ട പണം കുറഞ്ഞുപോയതുകൊണ്ടായിരിക്കാം കുപ്പായം ധരിച്ചിരുന്ന മീശകപ്യാർ എന്നെ ഒന്ന് തുറിച്ചു നോക്കിയത് .’ ഇയാൾ ഏതു നാട്ടില്നിന്നു വന്ന ദരിദ്രവാസിയെന്നും’ മീശകപ്യാർ ചിന്തിച്ചുകാണും. ഞാൻ  ഇത്രയും കുറച്ചു പണം കൊടുത്ത കാര്യം  അനുജത്തിയോടും  കുടുംബത്തോടും  മീശ കപ്യാർ  പറഞ്ഞുവോയെന്നും  അറിയത്തില്ല. സഹോദരാ, നിവൃത്തിയില്ലാത്തതുകൊണ്ടാണ്കുറഞ്ഞ തുകയായി പത്തുരൂപാ പള്ളിക്ക് കൊടുത്തതെന്ന് ഉറക്കെ വിളിച്ചു പറയണമെന്നും തോന്നി. വിധവയുടെ കൊച്ചുകാശെന്ന  വചനവും  എന്റെ ഓർമ്മയിൽ വന്നു. ഏകദേശം രണ്ടു മണിക്കൂറോളം കുർബാന, നാൽപ്പതു മിനിറ്റ് അച്ചന്റെ ബോറടിച്ച പ്രസംഗം, ഇരിക്കാൻ ബെഞ്ചുകൾ ഉണ്ടെങ്കിലും  കൂടുതൽ നേരവും നിലക്കണം. എഴുന്നേൽക്കുക , നിൽക്കുക  എന്നെല്ലാം  ഒരു  പട്ടാളമുറയിലുള്ള  ആചാരങ്ങളും കുർബാനയുടെ സമയത്ത് അനുഷ്ടിക്കണം. ഇരുപ്പും എഴുന്നേല്പ്പും യോഗാ പോലെ അനേക തവണകളായപ്പോൾ  ഞാൻ അവശനായിപ്പോയിരുന്നു.  പ്രായത്തിന്റെയും യാത്രയുടെയും ക്ഷീണം കാരണം എനിക്ക് കൂടുതൽ സമയവും ഇരിക്കേണ്ടി വന്നു. ഞാൻ ഇരിക്കുന്നത് കണ്ടു ചുറ്റുമുള്ളവർക്ക് പിടിച്ചില്ലന്നു  കരുതണം..നിൽക്കുന്നവർ മാറി മാറി എന്നെ തുറിച്ചു നോക്കുന്നതും കണ്ടു. തിരുവോസ്തി  ഉയർത്തി  എല്ലാവരും മുട്ടേൽ നിന്നപ്പോഴും  എനിക്ക് ഇരിക്കാനേ  സാധിച്ചുള്ളൂ. കർത്താവ് പീഡാനുഭവങ്ങൾ സഹിച്ചെങ്കിൽ ഞാൻ എന്തിന് അതുപോലെ മിമിക്രി കാണിക്കണം. . അല്ഫോന്സായുടെ വലിയ ഒരു ആൾ രൂപം അൾത്താരയുടെ നടുക്കുതന്നെയുണ്ടായിരുന്നു. മരത്തടികൊണ്ടുള്ള ആ ബിംബത്തെ മുത്താൻ അനേകർ അവിടെ തടിച്ചു കൂടിയിട്ടുമുണ്ടായിരുന്നു. ബിംബത്തെ ആരാധിക്കുന്ന ഇവരെ  തല്ലാൻ  ചാട്ട വാറെടുക്കുന്ന യേശുവിനെ ഞാൻ ആ ബലി പീഠത്തിൽ കണ്ടില്ല. മറിയക്കുട്ടിയുടെ ബനഡിക്റ്റച്ചൻ സഹനദാസ വിശുദ്ധനെന്ന്  പള്ളിയിൽ  വന്ന ഒരുവിദ്വാൻ എന്നോട്  പറഞ്ഞു.

സിനിമാക്കൊട്ടക പോലെയിരിക്കുന്ന ആ  പള്ളിയുടെ  മോന്തായത്തിൽ  ഇറാക്കിലെ കൾട്ട്  നേതാവായിരുന്ന മാനിക്കെയൻ ഉപയോഗിച്ച ക്ലാവർ കുരിശെന്ന പേരിൽ അറിയപ്പെടുന്ന താമര കുരിശും കണ്ടു.  അത്തരം കുരിശുകളെപ്പറ്റി  അല്മായ ബ്ലോഗുകളിലെ ചർച്ചകളിൽ ഞാൻ പങ്കു ചെർന്നിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരു ക്ലാവർ  കുരിശ് നേരിട്ടുകാണുന്നത്. മനോഹരമായ ഇതളോടു കൂടിയ താമരയെ കുറെനേരം  നോക്കിനിന്നു. ഇങ്ങനെയൊരു കുരിശിൽ കിടന്ന ക്രിസ്തു എത്രയോ ഭാഗ്യവാനെന്നും ഓർത്തുപോയി. പൂക്കളോടു കൂടിയ  ഈ കുരിശിന്റെ രൂപകല്പ്പനയും മനസിന് ആനന്ദം തരുന്നതുതന്നെ.  മഹാലക്ഷ്മി വാണരുളുന്ന താമരയിൽ ക്രിസ്തുവും  ഒപ്പം ഉണ്ടല്ലോയെന്നും മനസ്സിൽ ഓർത്തുപോയി.  ഒരിക്കൽ പണക്കാരുടെ വാലാട്ടിയായി നടന്ന പവ്വത്ത് ബിഷപ്പാണ് ഈ ക്ലാവർ കുരിശിന് കേരളത്തിൽ തുടക്കമിട്ടത്. ഇറ്റാലിയൻ കടൽ വെടിവെപ്പുകാരെ പ്രകീർത്തിച്ചു ദേശദ്രോഹ പ്രസ്താവന നടത്തിയ കർദ്ദിനാൾ  ആലഞ്ചേരിയും ഈ കുരിശിന്റെ ഭക്തനാണ്.

അച്ചന്റെ അന്നത്തെ പള്ളിയിലുള്ള പ്രസംഗത്തിൽ വിശുദ്ധയായ അല്ഫോൻസായെപ്പറ്റിയും അവരുടെ അത്ഭുതങ്ങളെപ്പറ്റിയും യുവതലമുറകളെ മയക്കാനുള്ള യൂത്ത്  ലീഗുകളെപ്പറ്റിയുമായിരുന്നു. . സ്ത്രീജനങ്ങൾക്കായ  മരിയാ  സംഘടനകളും  വിഷയങ്ങളായിരുന്നു. എന്തൊക്കെയോ വികാരി അന്ന് നാടൻ ഇംഗ്ലീഷിൽ  പ്രസംഗിച്ചു. അവിടെയുള്ള അമേരിക്കൻ മലയാളി കുഞ്ഞുങ്ങൾക്ക് അദ്ദേഹത്തിൻറെ പ്രസംഗം മനസിലായോയെന്നും അറിയത്തില്ല. കാര്യമായി  എനിക്കന്ന് ഒന്നും  ഗ്രഹിക്കാൻ  സാധിച്ചുമില്ല. പള്ളിയിൽ  ഭൂരിഭാഗവും മദ്ധ്യവയസ്ക്കരും  വൃദ്ധ ജനങ്ങളും കുഞ്ഞു പിള്ളേരും  ആയിരുന്നുണ്ടായിരുന്നത്.  യുവാക്കളിൽ  സീറോ ബോറടികൾ  ശ്രവിക്കാൻ പള്ളിയിൽ പോവുന്നവർ  ചുരുക്കമാണ്.

അല്ഫോന്സായിൽനിന്നും സംഭവിക്കുന്ന  ചിലരുടെ രോഗശാന്തിയും അത്ഭുതങ്ങളും  കേട്ടപ്പോൾ ഞാനും വിഢികളുടെ   സ്വർഗത്തിലെന്ന് ഓർത്തുപോയി. പണംഉണ്ടാക്കാൻ വത്തിക്കാൻ  ആയിരക്കണക്കിന് പുണ്യാളന്മാരെയും പുണ്യവതികളെ യും  സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. മാന്നാനം കൊവേന്ത സ്ഥാപിച്ച  മരാമത്തു പണി നടത്തിക്കൊണ്ടിരുന്ന  ചാവറയെ  വിശുദ്ധനായി വാഴിക്കുന്നതുകൊണ്ട്   അല്ഫൊൻസായുടെ  മാർക്കറ്റ് ഇടിയാൻ സാദ്ധ്യതയുണ്ട്.  ആരുടെയോ നിവർക്കാൻ സാധിക്കാത്ത കൈ നിവർത്തിയെന്ന് പറഞ്ഞാണ് അല്ഫോന്സായെ പുണ്യവതിയാക്കിയത്. അല്ഫോന്സായുടെ നാമത്തിൽ അറ്റ്ലാന്റായിലെ മലയാളീധനികർ പള്ളി പണിയിച്ചതും അത്ഭുതങ്ങളുടെ പട്ടികയിൽപ്പെടുത്താം. അല്ഫോന്സായുടെ നാമത്തിലുള്ള ഈ പള്ളിയിൽ  തന്നിലെന്നും വൈകാരിക ചിന്തകൾ ഉണ്ടാക്കാറുണ്ടെന്ന് ആരോ അവിടെനിന്ന് പറഞ്ഞപ്പോൾ ഇത്തരം ബാലിശ ചിന്താഗതിക്കാരെയും കണ്ടുമുട്ടിയല്ലോയെന്നും ഓർത്തുപോയി. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മാനവ ചിന്താഗതികൾക്ക് ഇവരൊക്കെ ഒരു അപവാദമാണെന്നതിലും സംശയമില്ല.  ക്രിസ്തുവിനെക്കാളും ഇഷ്ടം ക്രിസ്തുവിനെ വിറ്റു കാശാക്കുന്ന പള്ളികളോടാണെന്നതും കാണുമ്പോൾ നമ്മുടെ സമൂഹം എത്രമാത്രം അപരിഷ്കൃതമെന്നും  തോന്നിപ്പോവാറുണ്ട്. ഒരു പള്ളിയും സ്ഥാപിക്കാത്ത ക്രിസ്തു ഇതൊക്കെ കണ്ട് ഇവരെ നോക്കി പരിഹസിക്കുന്നുണ്ടാവാം.  പുരോഹിതർക്കും മെത്രാനും വയറ്റിൽ പിഴപ്പിനും  തിന്നുകുടിക്കാനും ഉണ്ടാക്കുന്ന  സത്രങ്ങളാണ് ഈ പള്ളികളെന്ന്   മനസിലാക്കാനുള്ള  ഒരു ബോധോദയം ആർക്കും ഒരിക്കലും ഉണ്ടാവുകയില്ല. വിമർശനപരമായ  ഒരു  ലേഖനം പോലും വായിക്കാനുള്ള കഴിവും പരിശുദ്ധാത്മാവ് ഇവർക്ക് കൊടുത്തിട്ടില്ല. തെറ്റുകളുടെ ഒരു കൂമ്പാരം പുരോഹിത കപട പടകൾ ലോകം മുഴുവൻ ഇന്ന് നിറച്ചിരിക്കുകയാണ്.


പുരോഹിതരുടെ  ഇങ്ങനെ വളർത്തുന്ന അന്ധവിശ്വാസങ്ങളാണ് സഭയെ നയിക്കുന്നത്. കേരളത്തിലെ  മെത്രാന്മാരും പുരോഹിതരും   കോടിക്കണക്കിന് രൂപാ മുടക്കി സൃഷ്ടിച്ച് രൂപക്കൂട്ടിലാക്കിയ ഒരു വിശുദ്ധയില്നിന്ന്  അവർക്ക് മുടക്കുമുതൽ കിട്ടിയേ മതിയാവൂ. ഒരാളെ വിശുദ്ധനാക്കുന്നതിന് വത്തിക്കാൻ ബ്യൂറോക്രസിയിൽ കോടിക്കണക്കിനു രൂപാ കൊടുക്കേണ്ടതായി ഉണ്ട്.  അല്ഫോന്സായുടെ അത്ഭുതങ്ങളിൽ  അവർ   വിശുദ്ധയായതിൽ പിന്നീട് ഭരണങ്ങാനത്തെ റോഡിന്റെ വളവുകൾ നിവർന്നുവെന്നു ശ്രീ സക്കറിയാസ് നെടുങ്കനാൽ എഴുതിയ ഒരു ലേഖനത്തിൽ ഞാൻ വായിച്ചിട്ടുണ്ട്.  മനോഹര ഗ്രാമമായിരുന്ന ഭരണങ്ങാനം ഇന്ന് തീർത്ഥയാത്രകർ മൂലം  യാചകരുടെയും കള്ളന്മാരുടെയും താവളങ്ങളായി മാറിക്കഴിഞ്ഞു. ആ പ്രദേശങ്ങളിൽ ജനപ്രവാഹം മൂലം  പ്രകൃതിപോലും നശിച്ചുകൊണ്ടിരിക്കുകയാണ്.  ദുർഗന്ധംകൊണ്ട് ഇന്ന് ഭരണങ്ങാനത്തുകൂടി സഞ്ചരിക്കാനും യാത്ര ചെയ്യാനും ബുദ്ധിമുട്ടായി കഴിഞ്ഞു. നാട്ടിലെ കയറു മുറിച്ചു നടന്ന കുറെ പുരോഹിതർ അമേരിക്കൻ മലയാളികളുടെ കുടുംബബന്ധങ്ങളെ തകർക്കുന്ന ദയനീയ കാഴ്ചകളാണ് ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്നത്.  പേഗൻ പതിപ്പിലുള്ള ഒരു സഹായമെത്രാൻ കൂടി ഷിക്കാഗോയിൽ തെരഞ്ഞെടുത്തു കഴിഞ്ഞു.  ഭരണങ്ങാനത്തെ നേർച്ചകളായി ലഭിക്കുന്ന ചാക്കുനിറയെയുള്ള പണം പാലാ മെത്രാന്റെഅരമനയിലെക്കാണ് ഒഴുകുന്നത്. റോഡുകൾ നന്നാക്കണമെങ്കിൽ നികുതി കൊടുക്കുന്നവന്റെ പണംതന്നെ വേണം.  മെത്രാന്റെ അരമന പൂന്തോട്ടങ്ങൾ സഹിതം  ബില്ല്യൻ കണക്കിന് രൂപാ ചിലവാക്കി ഭരണങ്ങാനത്ത് ഉടൻ വിപുലീകരിക്കാനും  പോവുന്നു.  ഇതെല്ലാം ഭരണങ്ങാനത്ത് ഒരിയ്ക്കൽ ജീവിച്ചിരുന്നപ്പോൾ ആർക്കും വേണ്ടാഞ്ഞ ഒരു കന്യാസ്ത്രിയുടെ  അത്ഭുത ലീലകളാണ്. ഇത്ര ശക്തിയേറിയ  അല്ഫൊൻസായ്ക്ക്  നിത്യവും സംഭവിക്കുന്ന ബസപകടങ്ങളും സുനാമിയും കൊടുംകാറ്റും പിടിച്ചു നിർത്തരുതോ?  

അറ്റ്ലന്റായിലെ അല്ഫോന്സാ പള്ളിയിലേക്കുള്ള പുണ്യതീർഥയാത്രയിൽ  പരിചയപ്പെട്ട  ഒരു   സുഹൃത്തിന്റെ വീട് വെഞ്ചരിപ്പിനും  പങ്കുചേരുകയുണ്ടായി. വീട് വെഞ്ചരിച്ചത് അല്ഫോന്സാ പള്ളിവികാരിയായിരുന്നു.  വയനാട്ടുകാരനായ ഈ പുരോഹിതന് എന്നെ അത്ര പിടിച്ചില്ല. ബൌദ്ധികതലങ്ങളിൽ ഞാനെന്തെങ്കിലും സംസാരിച്ചാൽ വ്യക്തിപരമായി പരിഹസിക്കാനായിരുന്നു അദ്ദേഹത്തിനിഷ്ടം. കണ്ടുമുട്ടിയ സമയംമുതൽ അദ്ദേഹത്തിന്റെ നോട്ടപുള്ളിയായി എന്നെ കണ്ടു.  സംസാരിക്കാൻ തുടങ്ങുമ്പോഴെല്ലാം മറുപടി ഒറ്റ വാക്കിൽ പറയാനായിരുന്നു അദ്ദേഹത്തിന് താല്പര്യം. എന്തഭിപ്രായം പറഞ്ഞാലും വ്യക്തിപരമായി ചെറുതാക്കാൻ നോക്കും. അതൊരു പ്രതിരൂപേണ ദർശിക്കുന്ന സ്വന്തം മതത്തെ, വർഗത്തെ മാത്രം ഇഷ്ടപ്പെടുന്ന ടിപ്പിക്കൽ സീറോ മലബാർ  പുരോഹിതന്റെ ഗുണമാണ്. ഇദ്ദേഹത്തിൽ അത്തരം ഗുണങ്ങൾ വളരെയേറെ  പ്രതിഫലിക്കുന്നുണ്ടായിരുന്നു. അദ്ദേഹം വീട് വെഞ്ചരിക്കാൻ വന്നപ്പോഴേ ഭയഭക്തിയോടെ എല്ലാവരും എഴുന്നെറ്റൂ നില്ക്കുന്നതും കണ്ടു. ചെറുപ്പക്കാരനായ  ഈ പുരോഹിതനെ കണ്ടപ്പോൾ എഴുന്നെല്ക്കാതെ  കസേരയിൽ ഞാനിരുന്നതും പിടിച്ചു കാണില്ലെന്ന് തോന്നുന്നു. പൊതുവെ അദ്ദേഹത്തിൽ ഒരു അപകർഷാബോധവും  കണ്ടു.

വെഞ്ചരിപ്പ് പ്രാർഥനയിൽ ക്ഷണപ്രകാരം വന്നെത്തിയ ഞാനും സഹകരിച്ചു. വെള്ളം കൊണ്ടുള്ള ഈ പവിത്രീകരിക്കൽ പണ്ട് പേഗൻമതങ്ങൾ മുതലുള്ള ചരിത്രമാണെന്നെല്ലാം മനസ്സിൽ ഓർത്തു. ഈ പുരോഹിതന് വെഞ്ചരിപ്പിനുശേഷം  വീട്ടുകാരോടും  കൊച്ചുപിള്ളേരോടും യുവാക്കളോടും യുവതികളോടും കൂട്ടുകൂടാൻ നല്ല വശമുണ്ടെന്നും മനസിലായി. പ്രായമായവരുടെ മുഖത്തു നോക്കാൻ സങ്കോചവും ഉണ്ടായിരുന്നു.  അവിടെ കണ്ട ചെറുപ്പക്കാരായവരെയും  യുവതികളെയും  മടിയിൽ ഇട്ടു വളർത്തിയപോലെ   എടാ പോടാ പോടിയെന്നൊക്കെ വിളിക്കുന്നത് കേട്ടു.  ‘എടാ പോടാ' വിളികളുമായി  കാടൻ സംസ്ക്കാരം പുലർത്തുന്ന പുരോഹിതർ പലരെയും ഞാൻ ഈ നാട്ടിൽ കണ്ടിട്ടുണ്ട്. വിദ്യാഭ്യാസം പൂർത്തിയാക്കുന്ന  ചെറുപ്പക്കാരെ ബഹുമാനിക്കാതെ സംസാരിക്കുന്ന ഇദ്ദേഹത്തിന്റെ സംസ്ക്കാരം എങ്ങനെ ഈ നാട്ടിലെ യുവ ജനങ്ങൾ സഹിക്കുന്നതെന്നും അതിശയം തോന്നി. ലോകത്തിന്റെ അറിവ് മുഴുവൻ അദ്ദേഹത്തിന്റെ തലയ്ക്കുള്ളിൽ നിറഞ്ഞിട്ടുണ്ടെന്ന അഹങ്കാരവും  നിഴലിക്കുന്നുണ്ടായിരുന്നു. കീഴോട്ടു കുനിഞ്ഞ് ഫ്രാൻസീസ് മാർപ്പാപ്പയെപ്പോലെ കൊച്ചുതള്ളമാരോട് കുഞ്ഞുങ്ങളെ മേടിക്കാനും ഇഷ്ടമായിരുന്നു. ചില തള്ളമാർ കുഞ്ഞുങ്ങളുടെ തലയ്ക്കു പിടിപ്പിക്കുന്നതും കണ്ടു. നാട്ടിലെ ഒരു നാടൻപുരോഹിതന്റെ എല്ലാ കള്ളലക്ഷണങ്ങളും ഇദ്ദേഹത്തിൽ പ്രകടമായി കാണാമായിരുന്നു.  

ഊണുമേശയുടെ മുമ്പിൽ ഇരുന്നപ്പോൾ അല്ഫോൻസാമ്മയുടെ അത്ഭുതങ്ങളും  മാർത്തോമ്മാ ശ്ലീഹായുടെ ഭാരതത്തിലെ വരവും സംസാര വിഷയങ്ങളായി. ഈ പുരോഹിതൻ തത്സമയം എന്നോട് സംസാരിക്കാൻ തുടങ്ങിയതും അൽഫോൻസായിൽ നിന്നുള്ള അത്ഭുതമായിരിക്കാം. പിന്നീട് നാട്ടിലെ പള്ളികളുടെ വിഷയവും  കൂറ്റൻ കത്തീഡ്രലുകളുടെ മഹത്ത്വവും വലിയ അഭിമാനത്തോടെ സംസാരിക്കുന്നതും കേട്ടു. അപ്പോഴാണ് ചെറുപ്പകാലം മുതൽ   ഇഷ്ടപ്പെടുന്ന ഞങ്ങളുടെ പൂർവികരാൽ പണി കഴിപ്പിച്ച കാഞ്ഞിരപ്പള്ളി അക്കരപ്പള്ളിയിൽ മാത്രം  പോവുന്ന കഥ ഞാൻ പറഞ്ഞത്. ആഡംബരപ്രിയരായ മെത്രാന്മാരെ വെള്ളപൂശി എളിമയും പാവങ്ങളുടെ പിതാവുമായി ചിത്രീകരികരിക്കാനും ഈ  പുരോഹിതൻ മറന്നില്ല.  പുരോഹിതൻ തട്ടിവിടുന്ന അഭിപ്രായങ്ങൾക്ക് എതിരഭിപ്രായങ്ങൾ പറയാതെ  കടിച്ചുപിടിച്ചിരുന്നു. സംസാരിക്കാൻ തുടങ്ങിയാൽ ഇതിനെല്ലാം  ഉത്തരങ്ങൾ വോൾക്കാനപോലെ  മനസ്സിൽ തിളച്ചു വരുമെന്നും എനിക്കറിയാമായിരുന്നു. സെന്റ് തോമസ് ബ്രാഹ്മണരെ മുക്കിയ പൊട്ടകഥകളെ  ചർച്ചാവിഷയമാക്കിയപ്പോഴും  മിണ്ടാതെ തന്നെയിരുന്നു.  ബനഡിക്റ്റ്  പതിനാറാമൻ മാർപാപ്പാ  അങ്ങനെയൊരു  വിശുദ്ധൻ  ഇന്ത്യയിൽ വന്നിട്ടില്ലായെന്ന് ഞാൻ പറഞ്ഞപ്പോൾ മഞ്ഞളിച്ച ചിരിയോടെ വികാരിയച്ചൻ എന്നെയൊന്ന്  തുറിച്ചുനോക്കി. പണ്ഡിതന്മാരായവരുടെ പുസ്തകങ്ങൾ വായിച്ചിട്ടാണോ അഭിപ്രായങ്ങൾ പറയുന്നതെന്നായിരുന്നു അദ്ദേഹത്തിൻറെ ചോദ്യം. അദ്ദേഹം  വായിച്ച പുസ്തകങ്ങളുടെ അമ്പതിരട്ടി പുസ്തകങ്ങൾ ഞാൻ വായിച്ചിട്ടുണ്ടെന്നും പറയാൻ തോന്നിപ്പോയി.  യൌവനകാലം മുതൽ വിശ്വപ്രസിദ്ധമായ ഒരു ലൈബ്രറിയിൽ ജോലിചെയ്യാൻ ഭാഗ്യമുണ്ടായ എനിയ്ക്ക്  കാനോൻ നിയമമെന്ന ഒരു പുസ്തകം പഠിച്ച്  ദൈവശാസ്ത്രം ഡിഗ്രീ നേടിയ പുരോഹിതനോട് മറുപടി പറയാൻ തോന്നിയില്ല. .

സംസാരത്തിനിടയിൽ  ഭക്ഷണ മേശയ്ക്ക്  മുമ്പിൽനിന്ന് എന്നെപ്പറ്റി ഞാൻ പള്ളിയിൽ പോകില്ലെന്ന് ആരോ  പുരോഹിതനോട് തട്ടിവിട്ടു. അതുകേട്ടയുടനെ  എന്നെ ഏതോ കാഴ്ച്ചബംഗ്ലാവിൽനിന്നു കണ്ട പ്രതീതിയായിരുന്നു അപ്പോൾ ആ  പുരോഹിതനിൽ കണ്ടത്. ഒരു അച്ചന്റെ മുമ്പിൽ എന്നെപ്പറ്റി അഭിപ്രായം കളയണ്ടായെന്നു വെച്ച് ''അച്ചോ,  ഞാൻ അമേരിക്കൻ പള്ളിയിൽ പോകാറുണ്ടെന്ന് ” ആർക്കും   ദോഷമില്ലാതെ ഒരു  കൊച്ചു നുണ അപ്പോൾ തട്ടിവിട്ടു. ചുറ്റുമുള്ളവർ ഒരു കള്ളച്ചിരിയോടെ എന്നെ നോക്കുന്നതും കണ്ടു. സത്യം പറഞ്ഞാൽ  വേദപുസ്തകം എടുത്ത് പുരോഹിതൻ  എന്നെ മഹറോൻ ചെല്ലുമെന്നും ഓർത്തുപോയി. പുരോഹിതർക്ക് എവിടെവെച്ചും  ആരെയും മഹറോൻ  ചെല്ലാൻ അധികാരമുണ്ടെന്ന് കേട്ടിട്ടുണ്ട്.ദളിതൻ  മരിച്ചാൽ തുട്ടു കിട്ടാത്തതുകൊണ്ട്  ശവസംസ്ക്കാരത്തിൽ  സംബന്ധിക്കാനും ഇവർക്ക് മടിയാണ്. ന്യൂയോർക്കിലുള്ള യോങ്കെഴ്സിൽ  നാട്ടിൽനിന്നു വന്ന ഒരുവൃദ്ധ മരിച്ചപ്പോൾ ഒപ്പീസ് ചെല്ലാൻ കാനോൻ നിയമം അനുവദിക്കുന്നില്ലെന്ന് അവിടുത്തെ വികാരി മറുപടി കൊടുത്തതും ഈ  അറ്റ്ലാന്റാ വികാരിയോടു പറയേണ്ടി വന്നു.  യുവദമ്പതികളുടെ വീട് വെഞ്ചരിക്കാൻ ഇക്കൂട്ടർക്ക് വലിയ ഉത്സാഹമാണ്. പതിനായിരം ഡോളർ ടിപ്പിനായി ടെക്സാസിൽ ഒരു പണക്കാരന്റെ വിവാഹം നടത്താൻ കർദ്ദിനാൾ ആലഞ്ചേരി നാട്ടില്നിന്ന് വിമാനത്തേൽ പാഞ്ഞെത്തിയ കഥയും എല്ലാവർക്കും അറിയാം.  പുരോഹിതരുടെ  പൊട്ട ദൈവശാസ്ത്രത്തെ വിമർശിച്ചതിന്എം.പി. പോളിനെ പള്ളിയിൽ അടക്കിയില്ല.  പുരോഹിതരെ  നമസ്ക്കരിച്ചു നിന്നില്ലെങ്കിൽ മക്കളുടെയും കുഞ്ഞുങ്ങളുടെയും കൂദാശകൾവരെ  മുടക്കാൻ അവർക്ക് ദൈവം തമ്പുരാന്റെ  അധികാരം ഉണ്ടെന്നാണ്  ഭാവം. . 

ഞാൻ  പള്ളിയിൽ പോവാറുണ്ടെന്ന  മറുപടി  വിശ്വസിക്കാതെ  ഈ വികാരി എന്നെ ഒരു പരിഹാസ ചിരിയോടെ നോക്കി എന്തോ പറയാൻ ഭാവിച്ചു. പറഞ്ഞില്ല.  സീറോ മലബാർ എന്ന കള്ട്ട് മതം അദ്ദേഹത്തിൻറെ രക്തത്തിൽ അലിഞ്ഞു കിടക്കുകയാണെന്നും മനസിലായി. ഒരു കുറ്റവാളിയെപ്പോലെ ഞാൻ അദ്ദേഹത്തിന്റെ നോട്ടപുള്ളിയായി.  എന്തു സംസാരിച്ചാലും പിടിക്കുന്നില്ലെന്നും മനസിലായി. പുരോഹിതരുടെ മുമ്പിൽ  അല്മെനിയെന്നും മഠയന്മാരായി കൈകൂപ്പി നിൽക്കണമെന്നാണ് ഇക്കൂട്ടർ ചിന്തിക്കുന്നത്. സഭയെ വിമർശിച്ചാൽ കൊടുംപാപമായി കരുതും. ബില്ല്യൻ കണക്കിന് വിശ്വാസികളുടെ പണം പുരോഹിതരുടെ ലൈംഗിക കുറ്റകൃത്യങ്ങൾക്ക്  ചിലവാക്കുന്ന കാര്യം ലോകമാധ്യമങ്ങളിൽ നിറഞ്ഞിരിക്കുന്നത്  പുരോഹിതരുടെ ശ്രദ്ധയിൽപ്പെടുത്തിയാൽ അല്മേനികൾ പാപികളാകും. അൾത്താരയിൽ അല്മെനിയുടെ ചിലവിൽ കഴിയുന്ന പുരോഹിതൻ  ആദ്യം പ്രാർഥിക്കുനത് മാർപ്പാപ്പയ്ക്കും പിന്നെ കർദ്ദിനാളിനും  മെത്രാനും  അവസാനം പാപിയായ അല്മേനിക്കുമായിരിക്കും. ഇല്ലാരാജ്യത്തിലെ രാജാവിന്റെ വേഷം ധരിച്ചുകൊണ്ട്  നിത്യം കുർബാന ചൊല്ലുന്ന ഇവർക്ക്  ബൌദ്ധികതലങ്ങളിൽ ചിന്തിക്കുന്ന  അല്മേനികളെ  കണ്ടുകൂടാ. അവരെ വ്യക്തിപരമായി പരിഹസിച്ചൊതുക്കാനും ഇവർക്കറിയാം. അന്ധവിശ്വാസങ്ങൾ മുഴുവൻ  തലയിൽ കയറ്റി വെച്ചിരിക്കുന്നതുകൊണ്ട്  എത്ര പണം ചോദിച്ചാലും കുഞ്ഞാടുകൾ കൊടുത്തുകൊള്ളും. പെരുന്നാളും വെടികെട്ടും നടത്തി പതിനായിരക്കണക്കിന് പണവും ചിലവാക്കിക്കൊള്ളും. ക്രിസ്തു ഏതെങ്കിലും പള്ളിയിൽ പോയതായോ പള്ളി  സ്ഥാപിച്ചതായോ  ചരിത്രത്തിലോ വേദഗ്രന്ഥങ്ങളിലോ കാണാൻ സാധിക്കില്ല.  പള്ളിയിലെ  പ്രസംഗത്തിൽ ചരിത്രവസ്തുതകൾ പലതും പുരോഹിതർ മറച്ചു വെക്കും. 

പുരോഹിതരുടെ വിവാഹത്തെപ്പറ്റിയും  അറ്റ്ലാന്റായിലെ സുഹൃത്തിന്റെ വീട്ടിലെ ചർച്ചകളിൽ ഉണ്ടായിരുന്നു. അമേരിക്കയിൽ വന്നപ്പോൾ ആദ്യമായി എന്റെ വീട് വെഞ്ചരിച്ച അച്ചൻ ഇന്ന് വിവാഹജീവിതം നയിക്കുന്നുവെന്നും  അദ്ദേഹം എന്റെ  സുഹൃത്താണെന്നും പറഞ്ഞപ്പോൾ ഈ വികാരി എന്റെ വാക്കുകളിൽ  കയറിപ്പിടിച്ചു. ഞാൻ വ്യത്യസ്തനായതിന്റെ കാരണം അത്തരക്കാരുമായ കൂട്ടുകെട്ടാണെന്നും വികാരി തുറന്നടിച്ചു. ഒടുവിൽ പീറ്ററും ക്രിസ്തുവിന്റെ പല ശിക്ഷ്യന്മാരും വിവാഹം കഴിച്ച കഥകളും അച്ചനെ ഓർമ്മപ്പെടുത്തേണ്ടി വന്നു. ക്രിസ്തു വിവാഹിതനായിരുന്നുവെന്നും പറയേണ്ടി വന്നു. ഒരു പെണ്ണിന്റെ ചൂട് അനുഭവിക്കാതെ ഞെരിപിരികൊണ്ട് കുപ്പായത്തിനുള്ളിൽ കഴിയുന്നതിലും ഭേദം വിവാഹമാണ്  പവിത്രമെന്നും  ഈ വികാരിയെ ഓർമ്മിപ്പിച്ചു. കുഞ്ഞാടുകളോട്  സ്നേഹമുണ്ടെങ്കിൽ പൌലോസിന്റെ വചനങ്ങൾ ഇനിമുതൽ  പള്ളിയിൽ വായിക്കണമെന്നും ഉപദേശിച്ചു. ബ്രഹ്മചര്യം കാക്കാൻ കഴിവില്ലാത്തവർ പൌരാഹിത്യം ഉപേക്ഷിക്കാൻ ഫ്രാൻസീസ് മാർപ്പാപ്പാ പറഞ്ഞ കാര്യവും പറയേണ്ടി വന്നു. മാർപ്പാപ്പാമാർ അഞ്ഞൂറുവർഷം മുമ്പുവരെ വിവാഹം കഴിച്ചിരുന്നതും  വേശ്യകളെ കൂടെ പാര്പ്പിച്ചിരുന്ന മാര്പ്പാമാരുടെ കഥകളും പറയാൻ  ആരംഭിച്ചപ്പോൾ അറ്റ്ലാന്റാ വികാരി ശാന്തനായി.  സത്യം കേട്ടപ്പോൾ വികാരിക്ക് എന്റെ അഭിപ്രായങ്ങൾ രസിച്ചു കാണുമെന്നും തോന്നുന്നില്ല. 

ക്രിസ്തുവിൽ യഹൂദനെന്നും ക്രിസ്ത്യാനിയെന്നും വ്യതാസമില്ല. പാരമ്പര്യത്തിൽ വിശ്വസിച്ചിരുന്ന പീറ്ററിനെ പോൾ ശകാരിക്കുന്നുണ്ട്. അങ്ങനെയുള്ള ഒരു ബൈബിളിൽ വിശ്വസിക്കുന്നവരായ  ഇവർ സീറോ മലബാർ പാരമ്പര്യം ലോകം മുഴുവൻ പ്രചരിപ്പിക്കുന്നതെന്തിനെന്ന ചോദ്യത്തിനും അച്ചനിൽനിന്ന് ഉത്തരം കിട്ടിയില്ല. ഇന്നുള്ള പ്രൈമറി സ്കൂളിൽ പഠിക്കുന്നവർ പോലും  ഏതു മെത്രാനെക്കാളും പുരോഹിതനെക്കാളും അറിവുള്ളവരെന്ന വസ്തുതയും ബഹുമാനം മാത്രം പ്രതീക്ഷിക്കുന്ന   കുപ്പായക്കാർ   മനസിലാക്കുകയില്ല. കുപ്പായത്തിന്റെ ശക്തിയിൽ ബൌദ്ധിക ചിന്താഗതിക്കാരെ അടിച്ചമർത്താമെന്നും ഇവർ  ഭാവിക്കുന്നു.  ഉഷ്ണകാലത്തിലും ളോഹ ധരിച്ചുകൊണ്ട് വീട്ടമ്മമാരുടെ വീടുകളിൽ പോയി കറിയ്ക്കുപ്പുണ്ടോയെന്നു നോക്കാൻ ഇവർ ബഹുമിടുക്കരാണ്. എന്നെപ്പോലെ എഴുതിയും ലോകപരിചയവുമുള്ള എന്റെ നേരെ ഒരു പുരോഹിതന്റെ നിലപാട് ഇത്തരത്തിലെങ്കിൽ നിത്യം പള്ളിയിൽ പോയി പുരോഹിത വചനം കേൾക്കുന്ന കുഞ്ഞാടുകളുടെ കാര്യം കഷ്ടമെന്നേ പറയാൻ സാധിക്കുന്നുള്ളൂ.  പഴഞ്ചൻ നൂറ്റാണ്ടിൽ ഇന്നും ജീവിക്കുന്ന പുരോഹിതർ അറിവിന്റെ വെളിച്ചം നേടാൻ ഇനിയും ദീർഘദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു.

സത്യത്താലും  വസ്തുതകളാലും  കുറേക്കൂടി വിശാലമായി മനസിലാക്കാൻ അല്മായശബ്ദം പോലുള്ള വെബ്സൈറ്റുകൾ വായിക്കാൻ പുരോഹിതനെ ഞാൻ ഉപദേശിച്ചപ്പോൾ  അതിനൊന്നും സമയമില്ലെന്ന് തിരിച്ചു മറുപടി പറഞ്ഞു. മത വർഗീയത വെടിഞ്ഞു വിശാലമായി ചിന്തിച്ചുകൊണ്ടുള്ള മതങ്ങളെപ്പറ്റി കൂടുതൽ അറിയാൻ ഇവർ  ശ്രമിച്ചിരുന്നെങ്കിൽ  ഇത്തരം പുരോഹിതരുടെ  വിഢിവർത്തമാനങ്ങൾക്ക് ശമനം കിട്ടുമായിരുന്നു. മയക്കു മരുന്നിനെക്കാളും ശക്തിയായി യുവതലമുറകളുടെ  ചിന്തിക്കാനുള്ള കഴിവിനെ നശിപ്പിക്കുന്ന മഞ്ചെട്ടിവിഷങ്ങളാണ് പുരോഹിതകൂട്ടങ്ങളെന്ന് കുഞ്ഞാടുകൾ മനസിലാക്കുന്ന കാലം അധിക ദൂരമില്ല. മഞ്ചെട്ടിവിഷമെന്ന പദം ഞാൻ കടം എടുത്തതും പ്രസിദ്ധ ദൈവശാസ്ത്ര വൈദികനായ ഗുരുദാസച്ചനിൽ നിന്നുമാണ്. അന്ധമായി വിശ്വസിക്കുന്ന അറ്റ്ലാന്റാ വികാരിക്ക് സമയമുണ്ടെങ്കിൽ ബഹുമാനപ്പെട്ട ഗുരുദാസച്ചന്റെ 'തട്ടുംപുറത്തെ ദൈവം' എന്ന  കവിതാ സമാഹരമെങ്കിലും വായിച്ചാൽ  പൌരാഹിത്യത്തിനു വെളിയിലുള്ള ലോകത്തെയും മനസിലാക്കാൻ സാധിക്കുമായിരുന്നു.  സഭാപരമായ കാര്യങ്ങളിൽ  വാദവിവാദങ്ങൾ നടത്താൻ  ഞാൻ തയാറെന്ന് പറഞ്ഞിട്ടും എന്നെ വ്യക്തിപരമായി പരിഹസിക്കാൻ  അപ്പോഴെല്ലാം അദ്ദേഹം  താല്പര്യപ്പെട്ടു.  അഹന്ത അദ്ദേഹത്തിനുണ്ടായിരുന്നിട്ടും   ഒരു പുരോഹിതനെന്ന നിലയിൽ  വളരെയേറെ ബഹുമാനിച്ചുകൊണ്ടാണ് ഞാൻ സംസാരിച്ചത്. പിന്താങ്ങുന്ന ചുറ്റുമുള്ളവരുടെ  ആൾബലവും ഈ വികാരിയെ സംഭാഷണ വേളയിൽ ഒരു  ഹീറോയാക്കിയിരുന്നു. 

Tuesday, July 22, 2014

കുറ്റം ചെയ്യാതെ ശിക്ഷാ വിധി നേരിടുന്ന മാത്യൂ മാർത്തോമ



By ജോസഫ് പടന്നമാക്കൽ 

ന്യൂയോർക്ക് സ്റ്റോക്ക്മാർക്കറ്റ് ഹെഡ്ജ്ഫണ്ട് മാനേജരായിരുന്ന ശ്രീ മാത്യൂ മാർത്തോമ്മാ അമേരിക്കൻ ഓഹരിവിപണി ചരിത്രത്തിലെ  വിവാദനായകനായി ബലിയാടായ വസ്തുതകളുടെ വിവരങ്ങളാണ് ഈ ലേഖനത്തിലെ ഉള്ളടക്കം. വ്യവസായ സാമ്രാട്ടുകൾക്ക് സ്റ്റോക്കുകൾ വിറ്റുകൊണ്ടിരുന്ന ഈ അമേരിക്കൻ മലയാളി ഇന്ന് അനീതിയുടെ ചെളിക്കുണ്ടിൽ നിയമത്തിന്റെ കുരുക്കിൽ അഴിയാൻ പറ്റാത്തവിധം അകപ്പെട്ടുപോയി. എസ് ഏ സി നിക്ഷേപകമ്പനിയുടെ സ്ഥാപകൻ സ്റ്റീഫൻ കോഹെനിൽ നിന്നും ശ്രീ മാർത്തോമ്മാ മാത്യൂ രഹസ്യമായ ഒഹരി  വില്പ്പനകളിൽക്കൂടി മില്യൻകണക്കിന് ഡോളർ ലാഭം നേടിയെന്നുള്ളതാണ് കേസിന് പ്രധാന കാരണമായി ചൂണ്ടികാണിക്കുന്നത്. ചെയ്യാത്ത കുറ്റങ്ങൾക്ക് മാത്യുവിന് പതിറ്റാണ്ടുകൾ ജയിൽശിക്ഷ  കൊടുക്കണമെന്നും സർക്കാരിന്റെ വക്കീലന്മാർ കൂട്ടത്തോടെ  വാദിച്ചു. അതിലവർ ഡോളറിന്റെ കോടികൾ ഒഴുക്കിയപ്പോൾ വിജയികളാകുകയും ചെയ്തു. സത്യമാണെന്നുള്ള ഒരു അസത്യമാണ് പന്ത്രണ്ടു പേരടങ്ങിയ ജൂറിയുടെ വിധിയെന്നതിലും തർക്കമില്ല. ഹെഡ്ജ് ഫണ്ടുകൾ നിക്ഷേപകർക്ക് അതിരുകളില്ലാതെ ലാഭം ഉണ്ടാക്കി കൊടുക്കാറുണ്ട്. സ്വകാര്യ പങ്കാളിത്ത മേഖലയിൽ ഒത്തുചേർന്നു നടത്തുന്ന ഇത്തരം ഫണ്ടുകൾക്ക് വൻതുകകൾ അടങ്ങിയ നിക്ഷേപങ്ങളും ആവശ്യമാണ്. ഹെഡ്ജ് ഫണ്ടുകൾ സാധാരണ മാർക്കറ്റിൻറെ ചലനങ്ങൾ അനുസരിച്ചായിരിക്കില്ല. അത്തരം ഫണ്ടുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക പ്രായോഗിക പരിജ്ഞാനവും ആവശ്യമാണ്. 

  

മാത്യൂ മാർത്തോമ്മാ വളർന്നത് ഫ്ലോറിഡായിലായിരുന്നു. അദ്ദേഹത്തിൻറെ മാതാവ് ലിസി തോമസ് ഒരു ഡോക്ടറും പിതാവ് ബോബി മാർത്തോമ്മാ ഡ്രൈക്ലീനിംഗ് ബിസിനസും നടത്തിയിരുന്നു. മാത്യൂ മാർത്തോമ്മാ ഡ്യൂക്ക് യൂണിവേഴ്സിറ്റിയിൽനിന്ന്1995-ൽ  ബിരുദം നേടി. അവിടെ ഹോണർറോൾ വിദ്യാർഥിയായിരുന്നു.രണ്ടു വർഷത്തിനുശേഷം അദ്ദേഹം ഹാർവാർഡ്  യൂണിവേഴ്സിറ്റിയിൽ പഠിച്ച് മെഡിക്കൽ എത്തിക്സിൽ രണ്ട് പേപ്പറുകളെഴുതി പ്രസിദ്ധീകരിച്ചു. ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽനിന്നും 1998-ൽ  പഠനം പൂർത്തിയാക്കാതെ വിടവാങ്ങി. പിന്നീട് 2003-ൽ സ്റ്റാൻഫോർഡ്  ബിസിനസ് സ്കൂളിൽനിന്ന് എം.ബി.എ ബിരുദം നേടി. 2004-ൽ അജയ മാത്യൂ എന്ന പേരിലറിയപ്പെട്ട മാർത്തോമ്മാ കോടതിവഴി പുതിയ പേര് സ്വീകരിച്ചു. 2003-ലാണ് അദ്ദേഹം വിവാഹിതനായത്. അതിനുശേഷം  ബോസ്റ്റണിലുള്ള സിരിയോസ് ക്യാപ്പിറ്റൽ മാനേജ്മെന്റിൽ റിസർച്ച് അനലിസ്റ്റായി ജോലി ചെയ്തു. മിസ്റ്റർ സിരിയോസ് ഒരു ഹെഡ്ജ് കമ്പനിയുടെ ബില്ല്യൻ ഡോളർ മുടക്കുള്ള ഉടമയായിരുന്നു. അവിടെ 2006- വരെ ജോലി ചെയ്തു. അതിനു ശേഷം എസ്.എ.സി കമ്പനിയിൽ ജോലി കിട്ടി.

 

മാർത്തോമ്മായും ഭാര്യ റോസ് മേരിയും ഫ്ലോറിഡായിൽ  താമസിച്ചിരുന്നു. റോസ് മേരി പീഡിയാക്ട്രിക്സ് ഡോക്ടറാണ്. ബോണസായി കിട്ടിയ പണത്തിൽനിന്നും ഫ്ലോറിഡായിൽ ആധുനിക സൌകര്യങ്ങളോടെ രണ്ടുമില്ല്യൻ ഡോളർ കൊടുത്ത് ഒരു വീട് വാങ്ങിയിരുന്നു. കുടുംബവക സ്റ്റോക്ക് സെക്യൂരിറ്റിയുടെ  ബിസിനസ്സും  തുടങ്ങിയിരുന്നു. ഈ യുവദമ്പതികൾക്ക് ചെറുപ്രായത്തിലുള്ള മൂന്നു  മക്കളാണുള്ളത്. പൊതുപരിപാടികളിലും ആഘോഷങ്ങളിലും ഈ കുടുംബം സാധാരണ സംബന്ധിച്ചിരുന്നില്ല. പാലായിലെ പ്രസിദ്ധിയേറിയ ഒരു കുടുംബത്തിലെ അംഗമാണ് റോസ് മേരി. വളരെ ദൈവഭക്തിയിലും സത്യത്തിലും അന്തസോടെയും ജീവിച്ചിരുന്ന ഈ കുടുംബത്തെ നേരിട്ടറിയാവുന്നവർ വെബ് സൈറ്റിൽക്കൂടിയും വാർത്താ ലേഖനങ്ങൾവഴിയും അപമാനിക്കാൻ മുതിരുകയില്ല. അവർക്കെതിരായി കുപ്രചരണങ്ങൾ നടത്തുന്നവർ മൂന്നു കുഞ്ഞുങ്ങളടക്കമുള്ള നിഷ്കളങ്കരായ ഒരു കുടുംബത്തെ  ഇല്ലാതാക്കുന്നുവെന്ന സത്യവും മനസിലാക്കണം. സമ്പത്തിനുവേണ്ടി അവർ ഓടിയലഞ്ഞിരുന്നില്ല. സമ്പത്തുതന്നെ അവരെ തേടിയെത്തുകയും ദുരിതത്തിലാക്കുകയും ചെയ്തു.

 

ഹെഡ്ജ് നിക്ഷേപ ലോകത്തിലേക്ക് മാത്യൂവിന്റെ വളർച്ച സാവധാനമായിരുന്നു. ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ പഠനകാലത്തിനുശേഷം ബിസിനസിൽ സ്റ്റാൻഫോർഡു യൂണിവേഴ്സിറ്റിയിൽ പ്രവേശിക്കുന്നതിനുമുമ്പ് ധാർമ്മിക പ്രശ്നങ്ങളെപ്പറ്റിയുള്ള മെഡിക്കൽ പഠനം നടത്തിയിരുന്നു. അത്തരം വിഷയങ്ങളടങ്ങിയ പ്രബന്ധങ്ങളും അവതരിപ്പിക്കുമായിരുന്നു. ബോസ്റ്റണ്‍ ഹെഡ്ജുഫണ്ടിൽ ജോലി ചെയ്ത് ഫണ്ടിനെപ്പറ്റിയുള്ള  പ്രാരംഭ അറിവുകളും നേടിയിരുന്നു. 2006-ൽ മുപ്പത്തിരണ്ടാം വയസ്സിൽ മാത്യൂ മാർത്തോമ്മാ, ബില്ലിനെയർ കോഹാൻ സ്റ്റീഫൻറെ എസ് എ സി ക്യാപ്പിറ്റൽഫണ്ട് ഉപദേശകനായിട്ട് ജോലിയാരംഭിച്ചു. സമർത്ഥനായ ഹെഡ്ജ്ഫണ്ട് മാനേജരെന്ന നിലയിൽ ബില്ലിനെയർ സ്റ്റീഫൻ എ കൊഹാന്റെ പ്രശംസകളും നേടിയിരുന്നു. മാത്യൂ മാർത്തോമ്മായുടെ ഉപദേശപ്രകാരം 700 മില്ല്യൻ ഡോളറാണ് 'ഇൻസൈഡ് ട്രേഡിംഗ് മാർക്കറ്റിൽ'ക്കൂടി  ആ കമ്പനി ആദായം ഉണ്ടാക്കിയത്. 

 

എന്താണ് 'ഇൻസൈഡ് ട്രേഡിംഗ് മാർക്കെറ്റ്' എന്നത്  സ്റ്റോക്ക്  മാർക്കറ്റിൽ പണം നിക്ഷേപിച്ചവർക്കറിയാം. പൊതുജന വിപണിയിൽനിന്നും ഒളിച്ചുവെച്ച് രഹസ്യമായി സ്റ്റോക്കുകൾ വാങ്ങുകയും വില്ക്കുകയും ചെയ്യുന്ന വ്യാപാരം തികച്ചും നിയമവിരുദ്ധമാണ്. എന്നാൽ 'ഇൻസൈഡ് ട്രേഡ്' എന്ന പദത്തിൽ തന്നെ നിയമത്തിനധീനവും അതെ സമയം നിയമ വിരുദ്ധവുമായ ക്രയവിക്രയങ്ങളുമുണ്ട്. ഒരു കമ്പനിയിലെ ഡയറക്ടർമാരും  ഓഫീസർമാരും സ്റ്റോക്കുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നത് നിയമത്തിനുള്ളിലാണ്. സ്റ്റോക്ക് എക്സ്ചെഞ്ചിൽ ക്രയവിക്രയത്തിനു മുമ്പ് രജിസ്റ്റർ ചെയ്യണമെന്നു മാത്രം. അത്തരം വ്യാപാരങ്ങൾ നിയമപരമായി അനുവദനീയമാണ്. സ്റ്റോക്കുകളെ സംബന്ധിച്ച് പബ്ലിക്കിനറിയാൻ പാടില്ലാതെ രഹസ്യമായി വെച്ചിരുന്ന ഒരു കമ്പനിയിലെ ഉത്ഭാദനവിവരങ്ങൾ ചോർത്തിയെടുത്ത് സ്റ്റോക്കുകൾ വാങ്ങുകയോ വില്ക്കുകയോ ചെയ്യുമ്പോൾ അത് നിയമവിരുദ്ധമാകുന്നു. 'ഇൻസൈഡ് മാർക്കറ്റി'നുള്ളിൽ സ്റ്റോക്ക് വില്പ്പന- വാങ്ങൽ രഹസ്യമായി നടത്തുന്നത് ഫെഡറൽ കുറ്റമായി കരുതുന്നു.

 

ബില്ലിനേയറായ സ്റ്റീഫൻ കോഹാൻ  ഹെഡ്ജുഫണ്ട് ലോകത്തിലെ അറിയപ്പെടുന്ന ഒരു ജേതാവാണ്. മാർത്തോമ്മായുടെ സ്റ്റോക്ക് വില്പ്പന വാങ്ങൽ സംബന്ധിച്ചുള്ള ശുപാർശകളിൽ എന്നുമദ്ദേഹം വിശ്വാസം അർപ്പിച്ചിരുന്നു. എലൻ കോർപറേഷൻ ആൻഡ് വ്യാത്ത് എല്.എല്..സി. യുടെ 700 മില്ല്യൻ ഷെയർ മേടിച്ചതും മാർത്തോമ്മായുടെ ഉപദേശ പ്രകാരമായിരുന്നു. മാർക്കറ്റ് താണുകൊണ്ടിരിക്കുന്ന ആ കമ്പനിയുടെ ഷെയറുകൾ രണ്ടു വർഷത്തിനുശേഷം രണ്ടാഴ്ചകൊണ്ട് വിറ്റതും അദ്ദേഹത്തിൻറെ നിർദ്ദേശത്തിലായിരുന്നു. ആ കമ്പനി നഷ്ടത്തിൽ പോവുന്ന വിവരം മനസിലാക്കാനുള്ള ദീർഘവീക്ഷണവും മാർത്തോമ്മായ്ക്കുണ്ടായിരുന്നു. സമയമനുസരിച്ച് അനുചിതമായി കമ്പനിയ്ക്ക് നേടികൊടുത്ത ലാഭവകയിൽ മാർത്തോമ്മായ്ക്ക് 9.38 മില്ല്യൻ ഡോളർ കമ്മീഷൻ കിട്ടി. മാർക്കറ്റിനുള്ളിൽ നടത്തിയ കച്ചവടങ്ങളിൽ കൊഹേന്റെ രഹസ്യമായിരുന്ന ഈ സ്റ്റോക്കുവ്യാപാരം ചരിത്രം കുറിയ്ക്കുന്നതായിരുന്നു. 276 മില്ല്യൻ ഡോളർ നഷ്ടവും ഒഴിവാക്കാൻ കമ്പനിക്കന്ന് സാധിച്ചു. 2013 നവംബർ ഇരുപതാം തിയതി 38 വയസുകാരനായ  മാർത്തോമ്മാ മാത്യൂനെ തന്റെ വീട്ടിൽ വെച്ച്  എഫ്.ബി. ഐ. അറസ്റ്റു ചെയ്തു. തന്റെ ബോസായ കോഹാൻ  പ്രതിയോട് സ്റ്റോക്ക് രഹസ്യങ്ങളെപ്പറ്റി സംസാരിച്ചുവെന്ന  ആരോപണങ്ങളുമുണ്ടായിരുന്നു.   

 

കേസുവിസ്താരം നടത്തുന്ന സർക്കാർ വക്കീലന്മാരുടെ ഇടയിൽ  യുവാവായ മാർത്തോമ്മാ നേടിയ 9.38 മില്യൻ ഡോളർ കമ്മീഷൻ  വിവാദമായിത്തീർന്നു. ചരിത്രം കണ്ടതിൽ വെച്ച് ഏറ്റവും ലാഭകരമായ സ്റ്റോക്കുവ്യാപാരമായി മാർത്തോമ്മായുടെ ഈ നേട്ടത്തെ  കണക്കാക്കുന്നു. കൂടാതെ 276 മില്ല്യൻ ഡോളറിന്റെ നഷ്ടവും പരിഹരിക്കാൻ സാധിച്ചു.  മാത്യൂ മാർത്തോമ്മാ നേടിയ നേട്ടങ്ങളെല്ലാം കഠിനാധ്വാനത്തിൽ കൂടിയായിരുന്നു. പൊതുജനങ്ങളുടെ മുമ്പിൽ അദ്ദേഹത്തെ തേജോവധം ചെയ്യാൻ മാദ്ധ്യമങ്ങളും വക്കീലന്മാരും ഒന്നുപോലെ ശ്രമിച്ചിരുന്നു. തെറ്റുകൾ ചെയ്യാത്ത അദ്ദേഹത്തിൻറെ പേരിൽ എതിരാളികൾ സകല ആരോപണങ്ങളും ചുമത്തി ബലിയാടാക്കുകയാണുണ്ടായത്. അദ്ദേഹത്തിൻറെ വക്കീലായ ചാള്സ് സ്റ്റില്മാൻ പറഞ്ഞത് മാർത്തോമ്മാ അപ്പീലിൽ കുറ്റവിമുക്തനായി വരുവാൻ എല്ലാ സാധ്യതകളും  ഉണ്ടെന്നാണ്.
 
 
അൽസമെഴ്സിനെതിരെ രോഗനിവാരണത്തിനായുള്ള ഗവേഷണ രഹസ്യങ്ങൾ  രണ്ടു ഡോക്ട്ർമാരിൽ നിന്നും ചോർത്തിയെടുത്ത്  മുപ്പത്തിയൊമ്പത്  വയസുകാരനായ മാർത്തോമ്മാ  നിയമപരമല്ലാതെ  കമ്മീഷൻ മേടിച്ച് സ്റ്റോക്ക്  വ്യവസായം നടത്തിയെന്നാണ് അദ്ദേഹത്തിനെതിരെ സർക്കാർ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മാർത്തോമ്മാ സ്റ്റോക്ക് വ്യാപാരം നടത്തി കൊള്ളലാഭം നേടിയെന്ന തെളിവില്ലാത്ത ആരോപണത്തിന്മേലാണ് ഈ കോടതിവിധി വന്നിരിക്കുന്നത്. ബില്ലിനെയർ കോഹാന് അനുകൂലമായി വിധിയുണ്ടാക്കാൻ സർക്കാർ വക്കീലന്മാർ ഡോക്ട്ർമാരെ  വിലയ്ക്കെടുക്കുകയും ചെയ്തു. മാർത്തോമ്മായ്ക്ക്  കമ്പനിയുടെ അനുവാദം കൂടാതെ സ്റ്റോക്കുകൾ വാങ്ങിക്കാനും വില്ക്കാനുമുള്ള  തീരുമാനങ്ങൾ എടുക്കാൻ യാതോരു അധികാരവുമുണ്ടായിരുന്നില്ല.  എല്ലാ തീരുമാനങ്ങളും കോഹാൻ എടുത്തിരുന്നുവെന്നും  അദ്ദേഹത്തിൻറെ വക്കീലന്മാർ വാദിച്ചിരുന്നുവെങ്കിലും ജൂറികൾ അതൊന്നും ഗൗനിച്ചില്ല. കോടതി കോഹാനെ പണം പിഴയടച്ച് കുറ്റ വിമുക്തനാക്കുകയും ചെയ്തു. സ്വന്തം കമ്പനിക്ക് ലാഭം നേടിക്കൊടുത്ത്  ജോലിക്കാരനെന്ന നിലയിൽ കമ്മീഷൻ മേടിച്ചുവെന്നത് മാത്രമാണ് മാർത്തോമ്മാ  ചെയ്ത തെറ്റ്. കമ്പനിയ്ക്കു വേണ്ടി ഗൂഢാലോചന നടത്തിയവർ നിയമത്തെ കണ്ണു വെട്ടിച്ച് ഇന്നും സ്വതന്ത്രരായി  നടക്കുന്നുവെന്നതാണ് സത്യം.
 
സർക്കാർ ആദ്യം കേസെടുത്തിരുന്നത് ഡോക്ടർക്കും മാർത്തോമ്മാ മാത്യുവിനും എതിരായിട്ടായിരുന്നു. ഹെഡ്ജുഫണ്ട് മാനേജരായിരുന്ന മാർത്തോമ്മാ തന്റെ ബോസായ കൊഹേനെ സ്റ്റോക്ക് മേടിക്കാൻ സ്വാധീനിച്ചുവെന്നും സർക്കാർ വക്കീലന്മാർ വാദിക്കുന്നു. കോഹെന് മറ്റുള്ള അനലിസ്റ്റുകളെക്കാളും കൂടുതൽ വിശ്വാസം മാർത്തോമ്മായോടായിരുന്നു. കാരണം മരുന്നുൽപ്പാദനത്തിൽ    അറിവുണ്ടായിരുന്നതും അത്തരം സ്റ്റോക്കുകൾ കൈകാര്യം ചെയ്തിരുന്നതും മാർത്തോമ്മായായിരുന്നു. സ്റ്റോക്ക് വാങ്ങൽ-വിൽപ്പന സംബന്ധിച്ച് കോഹാൻ മാർത്തോമ്മായ്ക്ക് ഒരു സന്ദേശം അയച്ചെന്നും പറയുന്നു. എന്നാൽ വാദിഭാഗം വക്കീലന്മാർക്ക് തെളിവുകളായി ഒന്നും തന്നെ കോടതികളിൽ അവതരിപ്പിക്കാൻ സാധിച്ചിട്ടില്ല.
 
 
2008 ജൂണ്‍മുതൽ ഹെഡ്ജ് ഫണ്ടിന്റെ വളർച്ച വിസ്മയകരമായിരുന്നു. എലൻ കമ്പനിയിലെ 328 ഷെയറും വയാത്ത് കമ്പനിയിലെ 373 ഷെയറും കോഹാന്റെ കമ്പനി കരസ്ഥമാക്കിയിരുന്നു. ഗിൽമാൻറെ നിയന്ത്രണത്തിലുണ്ടായിരുന്ന മരുന്നിന്റെ ഗവേഷണം പരാജയമായിരുന്നതുകൊണ്ട് മാർത്തോമ്മാ മാത്യൂവിന് ടിപ്പു കൊടുത്തതായി കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഉടൻതന്നെ എസ്.എ.സി മുഴുവൻ സ്റ്റോക്കുകളും 700 മില്ല്യൻ ഡോളറിനു വിറ്റു. പ്രതിയായീരുന്ന ഗിൽമാൻ സർക്കാരുമായി കേസില്ലാത്ത ഒരു ഉടമ്പടിയിൽ ഒപ്പുവെച്ച് സാക്ഷിയായി മാറി. ലാഭം ഉണ്ടാക്കാൻ എസ്.എ.സി ശരിയായ സമയത്ത് പ്രവർത്തിച്ചുവെന്നും കമ്പനിയുടെ വക്കീലന്മാർ അവകാശപ്പെടുന്നു. 2008-ൽ മാർത്തോമ്മായ്ക്ക് കിട്ടിയ ബോണസ് അവസാനത്തെതായിരുന്നു. 2009 ലും 2010 ലും കാര്യമായി ഒന്നും നേടാതെ അദ്ദേഹത്തിന് പണം നഷ്ടപ്പെടുകയായിരുന്നു. അക്കൊല്ലം സെപ്റ്റംബർ മാസത്തിൽ അദ്ദേഹത്തെ ജോലിയില്നിന്നു പറഞ്ഞു വിട്ടു.   
 
 

മൻഹാട്ടനിലെ  പന്ത്രണ്ടു പേരടങ്ങിയ ഫെഡറൽ  ജൂറിയാണ് മാർത്തോമ്മായെ തെറ്റുകാരനായി വിധിച്ചത്. വിധി പറയുമ്പോൾ ഏഴു സ്ത്രീകളും അഞ്ചു പുരുഷന്മാരും വിധി ന്യായാധിപ ജൂറി സന്നിധിയിലുണ്ടായിരുന്നു. മൻഹാട്ടനിലെ യൂ എസ് ഡിസ്ട്രിക്റ്റ് ജഡ്ജ് പോൾ ഗാർസഫെ,  സീൽ ചെയ്ത കോർട്ടിലെ പേപ്പറുകൾ ജൂറി മുമ്പാകെ അന്ന് പൊട്ടിച്ചു. അന്നുവരെ രഹസ്യമായി വെച്ചിരുന്ന പേപ്പറുകൾ തദവസരത്തിൽ പൊട്ടിച്ചപ്പോൾ മാർത്തോമ്മയുടെ വക്കീലന്മാർ അനീതിയും കള്ളങ്ങളും നിറഞ്ഞ രേഖകൾക്കെതിരെ വോൾക്കാനപോലെ നിയമയുദ്ധം നടത്തിയിട്ടും പ്രയോജനമുണ്ടായില്ല. വിധി മാർത്തോമ്മാ മാത്യുവിന് പ്രതികൂലമായിരുന്നു. സീൽചെയ്ത് പൊട്ടിച്ച പേപ്പറുകളിൽ നിറഞ്ഞിരുന്നത് ചെയ്യാത്ത കുറ്റത്തിന് എല്ലാ കുറ്റങ്ങളും മാർത്തോമ്മായെ പഴിചാരിക്കൊണ്ടുള്ള മൊഴികളായിരുന്നു. കോഹാൻ നേടിയ സാമ്പത്തിക നേട്ടങ്ങൾക്ക് അദ്ദേഹത്തിൻറെ ജോലിക്കാരനായിരുന്ന മാർത്തോമ്മാ എന്തിന് ബലിയാടാകുന്നുവെന്നായിരുന്നു കോടതിയിലെ ചോദ്യങ്ങളിൽ അന്ന് മുഴങ്ങി കേട്ടത്. കുറ്റങ്ങൾ മുഴുവൻ മാർത്തോമ്മായിൽ  ചുമത്തിയെങ്കിലും അദ്ദേഹം ബോസിനെതിരെ ഒരക്ഷരം പോലും പറയാഞ്ഞതിലും ദുരൂഹതകൾ ഉണ്ട്. വൻകിട നിലവാരമുള്ള ഒരു കമ്പനിബോസിനെ രക്ഷിക്കാൻ  സ്വയം ത്യാഗം ചെയ്തതെന്നും ചിലർ കരുതുന്നു. അദ്ദേഹത്തിൻറെ നിഷ്കളങ്കത തെളിയിക്കാനുള്ള അവസരങ്ങളും കോടതിയിൽ അങ്ങനെ നഷ്ടപ്പെടുത്തി.
 
 
എതിരാളികൾ സാക്ഷിയായി കൊണ്ടുവന്നത് 79 വയസുള്ള ഗവേഷക ഡോക്ടറായ ഗില്മാനെയായിരുന്നു. മൊഴികൾ അനേക തവണകൾ അദ്ദേഹം കോടതികളിൽ മാറ്റി മാറ്റി പറഞ്ഞു. മാർത്തോമ്മാ മാത്യൂ   സ്റ്റോക്കുകളെപ്പറ്റിയുള്ള യാതൊരു വിവരങ്ങളും ചോർത്തിയില്ലെന്ന് ഒന്നരവർഷത്തോളം കോടതിയിൽ ഗില്മാൻ മൊഴികൾ നല്കികൊണ്ട്  ഉറച്ചുനിന്നിരുന്നു. മാത്രവുമല്ല, സ്വന്തം അഭിഭാഷകന്റെ സാന്നിദ്ധ്യത്തിൽ മാത്യൂവിന് യാതൊരു വിധ വിവരങ്ങളും കൊടുത്തില്ലായെന്നും കടലാസിൽ ഒപ്പിട്ടുകൊണ്ട്  സാക്ഷിപ്പെടുത്തിയിട്ടുമുണ്ടായിരുന്നു. എന്നാൽ ഡോക്ടർ ഗില്മാനെ കേസ്സില്ലാതെ കുറ്റവിമുക്തനാക്കുമെന്ന് കണ്ടപ്പോൾ കാലുമാറി അദ്ദേഹം കുറ്റങ്ങൾ മുഴുവൻ മാത്യൂവിൽ ആരോപിച്ച് മൊഴികൾ മാറ്റി പറയാൻ തുടങ്ങി. ഗില്മാന്റെ സ്വാർത്ഥതയ്ക്ക് മുമ്പിൽ അദ്ദേഹത്തിൻറെ ചിന്താഗതികൾ അപ്പാടെ മാറിപ്പോയി. പിന്നീട്  മൊഴികളെല്ലാം മാർത്തോമ്മായ്ക്കെതിരായി  സർവ്വതും  കെട്ടിചമച്ച കഥകളായിരുന്നു. സർക്കാരിന്റെ വക്കീലന്മാരെ സന്തോഷിപ്പിച്ച കാരണം   കുറ്റവിമുക്തനാക്കിക്കൊണ്ട് അദ്ദേഹത്തെ കേസ്സിന്റെ സാക്ഷിയായി മാറ്റി. എന്തുകൊണ്ട് പ്രതികളായിരുന്ന ഡോ. ഗിൽമാനും ഡോ. റോസും സാക്ഷികളായി മാറിയെന്നുള്ളതും നിയമ പുസ്തകൾക്കുപോലും ഉത്തരം കണ്ടുപിടിക്കാൻ സാധിക്കില്ല. കുറ്റവാളികളെ കുറ്റവിമുക്തരാക്കിക്കൊണ്ട് അവരുടെ കുറ്റങ്ങളെല്ലാം ഒരു നിരപരാധിയുടെ തലയിൽ കെട്ടിവെച്ചത് തികച്ചും അനീതി തന്നെയാണ്. പ്രാകൃതയുഗങ്ങളിൽ സംഭവിച്ചിരുന്ന അത്തരം ചരിത്രങ്ങൾ മാത്യൂ മാർത്തോമ്മായുടെ വിധിന്യായത്തിലും പ്രതിഫലിച്ചു. ഒന്നേകാൽ കൊല്ലം  തെറ്റുകളൊന്നും മാത്യു ചെയ്തിട്ടില്ലായെന്ന് മൊഴികൾ കൊടുത്ത ഡോക്ടർമാർ സൂത്രശാലികളായ വക്കീലന്മാരുടെ സ്വാധീനവലയങ്ങളിൽ അദ്ദേഹത്തെ ബലിയാടാക്കി.  കള്ളസാക്ഷി പറഞ്ഞ് നിയമങ്ങളുടെ  കുരുക്കുകളിൽ നിന്നും അവർ രക്ഷപ്പെട്ടു. പലപ്രാവിശ്യം ഗില്മാൻ  മൊഴികൾ മാറ്റിപറഞ്ഞിട്ടും വിസ്ത്താരവേളകളിലെല്ലാം ജൂറിയുടെ ശ്രദ്ധ എതിർപക്ഷ വാദളോടൊപ്പമായിരുന്നു.  
 

മരുന്ന് ഉത്ഭാദിപ്പിക്കുന്ന കമ്പനിയായ എലൻ കോർപ്പറെഷനെയും വയെത്തിനെയും കോഹാന് പരിചയപ്പെടുത്തി കൊടുത്തത് മാർത്തോമ്മാ  ആയിരുന്നുവെന്ന് സർക്കാർ വക്കീലന്മാർ വാദിച്ചിരുന്നു. കമ്പനിയെ പരിചയപ്പെടുത്തിയതിൽക്കൂടി രഹസ്യങ്ങൾ കൈമാറി മാർത്തോമ്മാ   നിയമലംഘനം നടത്തിയെന്നും വാദിഭാഗം വക്കീലൻമാർ കോടതിയെ തെറ്റിധരിപ്പിച്ചു. എങ്കിലും  അത്തരം കുറ്റാരോപണങ്ങൾക്ക് കോടതിയിൽ യാതൊരു തെളിവുകളും സമർപ്പിക്കാൻ എതിർഭാഗത്തിന് സാധിച്ചില്ല. വിധി പറയുമ്പോൾ കോടതിയിൽ അത്തരം രേഖകൾ ഉണ്ടായിരുന്നുമില്ല. വയാത്ത് ഷെയറുകൾ എസ് എ സി വിറ്റത് റീസ് ബാക്ക് ക്യാപിറ്റൽ മാനേജ്മെന്റിന്റെ ഉപദേശമനുസരിച്ചായിരുന്നു. കോഹേനും ഫിലിപ്പ് വില്ലാവൂറും സീനിയർ ട്രേഡേഴ്സായിരുന്നു. സ്റ്റോക്കുകൾ വില്ക്കുന്ന പരിപൂർണ്ണമായ ചുമതലകളും തീരുമാനങ്ങൾ എടുക്കുന്നതും  അവരായിരുന്നു. ഈ സ്റ്റോക്കു വ്യപാരത്തിൽ മാർത്തോമ്മാ കുറ്റം ചെയ്തിട്ടില്ലെന്നുള്ളതും ഇതിൽ നിന്നും തികച്ചും വ്യക്തമാണ്.  

 
 
തെളിവുകൾ ഒന്നും അവതരിപ്പിക്കാൻ സാധിക്കാത്തതിനാൽ  പ്രോസ്യൂക്യൂഷൻ വാദങ്ങൾ മാദ്ധ്യമങ്ങളുടെ സൃഷ്ടികളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ  മാത്യൂ മാർത്തോമ്മാ മാർക്കുകൾ തിരുത്തി പ്രവേശനം നേടിയെന്നും പ്രോസിക്യൂഷൻ വിസ്താര വേളകളിൽ അവതരിപ്പിച്ചു. പാകതയില്ലാത്ത പ്രായത്തിൽ ചെയ്യുന്ന അത്തരം പ്രവർത്തികളും സ്റ്റോക്കുകൾ വിറ്റ രഹസ്യങ്ങളും തമ്മിലുള്ള ബന്ധം എന്തെന്നും മനസിലാകുന്നില്ല.    കഴിഞ്ഞകാല ജീവിതത്തെ ചികഞ്ഞാൽ ഓരോരുത്തരുടെ ജീവിതവും കറുത്ത അദ്ധ്യായങ്ങൾ കൊണ്ട് നിറഞ്ഞതായിരിക്കും. ഒരു മനുഷ്യന് ആപത്തു വരുമ്പോൾ പൊഴിഞ്ഞുപോയ കാലങ്ങളെയല്ല  തേടേണ്ടത്. ഒബാമയും ക്ലിന്റനും നിയമ വിരുദ്ധമായി ചെറുപ്രായത്തിൽ മയക്കുമരുന്നുകൾ എടുത്തതായി സമ്മതിച്ചിട്ടുണ്ട്. പുറം വാതിലുകളിൽക്കൂടി  വ്യാജഡിഗ്രികളുമായി അനേകർ ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്നുണ്ടെന്നുള്ളതും ഒരു സത്യമാണ്. മന്ത്രിമാരും ഐ .എ എസ് വ്യാജന്മാരും അക്കൂടെയുണ്ട്. തെറ്റായ വിവരങ്ങൾമൂലം   കേരളത്തിൽ ഒരു വൈസ്ചാൻസലറിന്റെ സ്ഥാനംപോലും  അടുത്ത കാലത്ത് തെറിച്ചു. മാത്യൂ മാർത്തോമ്മാ കേസ്സിൽ അത്തരം വിവരങ്ങൾ അപ്രസക്തമെന്ന് കോടതികൾ പല തവണകൾ പറഞ്ഞിട്ടും മാദ്ധ്യമങ്ങൾക്ക് അദ്ദേഹത്തെ താറടിച്ചാലേ തൃപ്തി വരുകയുള്ളൂ. ഇത്തരം ബാലിശങ്ങളായ വിവരങ്ങളും ജൂറിയെ തെറ്റിധരിപ്പിക്കാൻ കാരണമായി. മാത്യൂ തന്റെ കഴിവുകൊണ്ട് പിന്നീട് നേടിയ ബിരുദങ്ങൾ അസ്ഥിരമാക്കിയതും മാദ്ധ്യമങ്ങളുടെ മൃഗീയ വേട്ടകളുടെ പ്രതിഫലനങ്ങളായിരുന്നു.

 

സ്റ്റോക്ക്മാർക്കറ്റിലെ ഉൾക്കളിയിൽ സ്റ്റീഫൻ കോഹാനും മാർത്തോമ്മാ  മാത്യുവും തമ്മിലുള്ള ബന്ധം യാതൊരു തരത്തിലും വാദിഭാഗ വക്കീലന്മാർക്ക് തെളിയിക്കാൻ സാധിച്ചിട്ടില്ല. സ്റ്റീഫൻ കോഹാൻ ഈ ട്രയലിൽ പങ്കാളിയല്ലെന്ന് വ്യക്തമാക്കിയതുകൊണ്ട് അതിന്റെ പരിണിതഫലം മാർത്തോമ്മാ അഭിമുഖികരിക്കേണ്ടി വന്നു. കോഹാനും മാർത്തോമ്മായും തമ്മിൽ ഇരുപതു മിനിറ്റ്  ടെലഫോണ്‍  ചർച്ചകൾ നടത്തിയെന്നുള്ള വാദിഭാഗം വക്കീലന്മാരുടെ പൊള്ളയായ വാദങ്ങളും അടിസ്ഥാനരഹിതങ്ങളെന്ന് തെളിഞ്ഞിരുന്നു. കോഹാന്റെ പേരിൽ കേസില്ല. അത്തരം ചോദ്യോത്തര വേളയിൽ വാദിഭാഗം വക്കീലന്മാർ നിശബ്ദരായി ഇരിക്കുന്നതും കാണാം. 1.8 ബില്ല്യൻ ഡോളർ കൊടുത്തുകൊണ്ടുള്ള ഒരു ഒത്തുതീർപ്പിൽ സർക്കാരും കോഹാനും ഒപ്പുവെച്ച് പരസ്പരം ഇതേ സംബന്ധിച്ചുള്ള കേസുകൾ  ഇല്ലാതെയാക്കി. കോഹാന്റെ കോടതിയിൽ സമർപ്പിച്ച സാക്ഷിപത്രത്തിലും സ്റ്റോക്ക് വ്യാപാരത്തിൽ മാർത്തോമ്മാ മാതുവിന് പങ്കില്ലെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

 

കേസിന്റെ തീർപ്പിനായി  മാർത്തോമ്മായെ ബലിയാടാക്കാൻ എസ.എ സി കമ്പനിയും സർക്കാർ വക്കീലന്മാരും നല്ലവണ്ണം ഒത്തു കളിച്ചിട്ടുണ്ടെന്ന് കേസിനെപ്പറ്റി പഠിക്കുന്നവർക്ക് മനസിലാക്കാൻ സാധിക്കും. നിയമവും കോടതികളും പണക്കാരുടെ കുത്തകയെന്ന് പണ്ട് ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട് പറയുമായിരുന്നു. ഈ നാട്ടിൽ അവസരങ്ങൾ തേടിവരുന്ന പുതിയ തലമുറകൾക്ക് അത്തരം ഒരു സംവിധാനത്തിൽക്കൂടി നിയമത്തെ മറികടക്കാൻ സാധിക്കില്ല. അമേരിക്കൻ മണ്ണിൽ ഒരേ ലക്ഷ്യത്തോടെ വന്നെത്തിയവരായ നമ്മുടെ വളരുന്ന തലമുറയുടെ സുരക്ഷിതത്തിനായി  ഒത്തൊരുമയോടെ ഒന്നിച്ചേ തീരൂ. അതിനായി ഓരോരുത്തരുടെയും  ശക്തമായ ശബ്ദം ഒരു നിരപരാധിയെ കൂട്ടിൽ കയറ്റാതിരിക്കാൻ ആവശ്യമാണ്. കപട മാദ്ധ്യമങ്ങളുടെ നട്ടെല്ലുകൾ തല്ലിതകർത്ത് സത്യം പുറത്തുകൊണ്ടുവരാനും  ഒത്തൊരുമിച്ചു പ്രവർത്തിച്ചേ മതിയാവൂ. മാർത്തോമ്മാക്കേസിന്റെ സത്യം മനസിലാക്കാതെ ചില മലയാളം പത്രങ്ങളും വ്യാജ പ്രചരണങ്ങൾ നടത്തുന്നത് ഖേദകരമാണ്.
 
അമേരിക്കൻ പത്രമാദ്ധ്യമങ്ങൾ  പച്ചക്കള്ളങ്ങൾ തൊടുത്തുവിട്ട്  കഴിവും പ്രാപ്തിയുമുണ്ടായിരുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതം തുലച്ചുകഴിഞ്ഞു. . കുറ്റം ചെയ്യാത്ത തന്റെ ഭർത്താവിന്റെമേൽ ജയിലിലേക്ക് പോകാൻ  കോടതിയുടെ വിധി മുഴങ്ങിയപ്പോൾ റോസ് മേരി പൊട്ടിക്കരഞ്ഞു.  തന്നോടൊപ്പം ജീവിക്കുന്നവന്റെ കൈപിടിച്ച് നിശബ്ദയായി അവർ ഭർത്താവിനൊപ്പം നിറകണ്ണുകളോടെ കോടതി വരാന്തകളിൽക്കൂടി  ഒപ്പം നടക്കുന്നുണ്ടായിരുന്നു.അദ്ദേഹത്തിൻറെ മൂന്നു കുഞ്ഞുങ്ങളും ഭാര്യയും കണ്ണീരുമായി കഴിയുന്നു. പണത്തിന്റെ മുകളിൽ  യഥാർത്ഥ   കുറ്റവാളികൾ സ്വതന്ത്രരായി നടക്കുന്ന ചരിത്രവും വേദനാ ജനകം തന്നെ. ലോക കമ്പോളത്തിലെ  തന്നെ സുപ്രധാനമായ ഒരു കേസ്സിൽ വിധിക്കപ്പെട്ട നിഷ്കളങ്കനായ ഒരു വ്യക്തിയാണ് മാർത്തോമ്മായെന്ന്  കേസിനെപ്പറ്റി നിഷ്പക്ഷമായി പഠിക്കുന്നവർക്ക്  മനസിലാക്കാൻ സാധിക്കും. സാമൂഹികപരമായ ഇത്തരം പ്രശ്നങ്ങൾ അമേരിക്കൻ മണ്ണിൽ ജീവിക്കുന്ന ആർക്കും സംഭവിക്കാം. രണ്ടു ഗവേഷകഡോക്ടർമാരുടെ  കള്ളമൊഴികളിൽ  ബലിയാടായ മാർത്തോമ്മാ കുറ്റക്കാരനായി വിധിക്കപ്പെട്ടത്  അമേരിക്കൻ നീതി ന്യായവ്യവസ്ഥിതിക്കു തന്നെ അപമാനവുമാണ്.

Malayalam Daily News: http://www.malayalamdailynews.com/?p=99759
EMalayalee: http://emalayalee.com/varthaFull.php?newsId=81474




സ്റ്റീഫൻ കൊഹെൻ


 
 

Thursday, July 3, 2014

മാധവ ഗാഡ്ഗിൽ റിപ്പോർട്ടും പശ്ചിമ മേഖലയിലെ സ്ഫോടന ശബ്ദങ്ങളും




By ജോസഫ് പടന്നമാക്കൽ 



പ്രസിദ്ധ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ  ഗാഡ്ഗിൽ  തയ്യാറാക്കിയ പശ്ചിമഘട്ട റിപ്പോർട്ടിനെതിരെ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വവും ഒപ്പം  സ്വാർഥ താല്പര്യക്കാരായ പുരോഹിത മേധാവിത്വവും സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.   മണൽ ഖനന മാഫിയാകളും വനം കൊള്ളക്കാരും അനധികൃത ഔഷധ നിർമ്മാണകമ്പനികളുമൊത്ത്    'കൃഷിഭൂമിയുള്ളവർ അപകടത്തിൽ'  എന്ന വ്യാജപ്രചരണം   ഹൈറേഞ്ചാകമാനം നടത്തുന്നു. സാക്ഷര കേരളത്തെ മൂഢന്മാരാക്കുന്ന  സത്യവിരുദ്ധമായ   പ്രചരണമാണ്  ഹൈറേഞ്ച്  പ്രദേശങ്ങളിൽ വ്യപിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ അജ്ഞരായ സാധുജനങ്ങൾ ഗാഡ്ഗിൽ റിപ്പോർട്ടിലെ  പോരായമകളെ ഗ്രഹിക്കാതെ വികാരത്തിന് അടിമപ്പെട്ടുകൊണ്ടുള്ള സമര മുറകളാണ്  ആവിഷ്കരിച്ചിരിക്കുന്നത്. സ്ഥാപിതതാൽപര്യങ്ങൾ മാത്രം ലക്ഷ്യമിട്ടുള്ള പൌരാഹിത്യ രാഷ്ട്രീയ കൂട്ടുകെട്ടിന് ഭൂമിയുടെയും പ്രകൃതിയുടെയും നാശത്തെപ്പറ്റി അറിയേണ്ട ആവശ്യവുമില്ല.   അമ്മയായ പശ്ചിമ പർവതനിരകൾ അനേക നദികളുടെയും ശുദ്ധ ജലത്തിന്റെയും നീരുറവകളാണ്. മനുഷ്യന്റെ പുരോഗതിയെന്ന മേൽക്കോയ്മയിൽ പർവ്വതനിരകളെ നശിപ്പിച്ച് പ്രകൃതിയെ ചൂഷണം ചെയ്യുന്ന ഒരു വ്യവസ്ഥക്കെതിരെ മാധവ ഗാഡ്ഗിൽ തയ്യാറാക്കിയ ഈ റിപ്പോർട്ടാണ് രൂപതാധികാരികളടക്കമുള്ളവരെ   പ്രകോപിപ്പിച്ചിരിക്കുന്നത്.


പശ്ചിമ ഘട്ട ഭൂവിഭാഗങ്ങളിൽ താമസിക്കുന്നവരുടെ  സമരത്തിൽ പങ്കെടുക്കുന്ന ഭൂരിവിഭാഗം ജനങ്ങൾക്കും റിപ്പോർട്ടെന്തെന്നോ അതിന്റെ ഉള്ളടക്കമോ  വായിച്ചുള്ള അറിവോ ഇല്ല. ഇടയൻ കൽപ്പിക്കുന്നു, പിന്നാലെ നടന്ന് കുഞ്ഞാടുകൾ ഇടയനെ   അനുസരിക്കുന്നുവെന്നു മാത്രം. അവരെ കാത്തിരിക്കുന്ന പ്രകൃതി ദുരന്തങ്ങളെപ്പറ്റിയും അതിന്റെ ഭവിഷ്യത്തുകളെപറ്റിയും   അവരറിയുന്നില്ല. റിപ്പോർട്ട് തയാറാക്കിയത്  വിശ്വവിഖ്യാതനായ  പരിസ്ഥിതി ശാസ്ത്രജ്ഞൻ  മാധവ ഗാഡ്ഗിലെന്ന വിവരവും അവർക്കറിയത്തില്ല. അദ്ദേഹം ബാംഗളൂരിൽ ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സയന്സിലെ വിഖ്യാതനായ  പ്രൊഫസറാണ്. ആറേഴു ഗവേഷണ ബിരുദങ്ങളും 250  ൽ പ്പരം ഗവേഷണ പ്രബന്ധങ്ങളും   അദ്ദേഹത്തിൻറെ നേട്ടങ്ങളിലുണ്ട്. ഇത്രയേറെ പണ്ഡിതനായ  ഒരു ശാസ്ത്രജ്ഞന്റെ   കാഴ്ചപ്പാടുകളെ  വിലമതിക്കാനും പ്രകൃതിയെ ചൂഷണം ചെയ്യുന്നവർക്ക് സാധിക്കില്ല.


പശ്ചിമ ഘട്ടം മുഴുവൻ  ഗാഡ്ഗിൽ മൂന്നു  തലങ്ങളായി (സോണ്‍)  തിരിച്ചിട്ടുണ്ട്. അതിൽ ഒന്നിലും രണ്ടിലും തലങ്ങളിൽ പുതിയതായി യാതൊരു കാരണവശാലും ഖനനം ചെയ്യാൻ ലൈസൻസ് കൊടുക്കരുതെന്ന് വ്യവസ്ഥയുണ്ട്. 2016 ആകുമ്പോൾ ഒന്നാം തലങ്ങളിൽ  ഇന്ന് നിലവിലുള്ള  എല്ലാ ഖനന ലൈസൻസും നിറുത്തലാക്കണമെന്നുള്ളതാണ്  വ്യവസ്ഥ. നിയമപരമല്ലാത്ത യാതൊരു ഖനനനവും അനുവദിക്കരുതെന്നും നിർദ്ദേശമുണ്ട്. ഈ വ്യവസ്ഥ യാതൊരു സർക്കാരിനും ഉൾക്കൊള്ളാൻ സാധിക്കുന്നതല്ല. കാരണം ഈ ലോബികൾക്ക് സർക്കാരിന്റെ മേൽ അത്രമാത്രം സ്വാധീനമുണ്ട്. ഖനനം  നിരോധിച്ചാൽ റോയൽറ്റി ഇനത്തിൽ സർക്കാരിന് ഭീമമായ നഷ്ടവും സംഭവിക്കും.  പ്രകൃതിയെ രക്ഷിക്കാൻ അങ്ങനെയൊരു നഷ്ടക്കച്ചവടത്തിന് സർക്കാർ തയ്യാറുമല്ല. 


ഗാഡ്ഗിൽ റിപ്പോർട്ടിനെ   പരിഗണിക്കാത്തതിൽ  മാധവ ഗാഡ്ഗിൽ  കേരളസർക്കാരിനെ അനേക തവണകൾ  കുറ്റപ്പെടുത്തിയിട്ടുണ്ട്.  ഗാഡ്ഗിൽ നിർദ്ദേശങ്ങളെ തള്ളി കസ്തൂരി റിപ്പോർട്ട് സർക്കാർ പരിഗണനയ്ക്കെടുക്കുകയും ചെയ്തു. ജനാധിപത്യ മൂല്യങ്ങളെപ്പോലും വകവെക്കാതെ ചർച്ചകൾക്ക്  വിധേയമാക്കാതെ  റിപ്പോർട്ട് തഴഞ്ഞതിൽ അദ്ദേഹം കുപിതനാണ്. കേരള സർക്കാറിന്റെ വിശദീകരണത്തിൽ  റിപ്പോർട്ട് പ്രായോഗികമല്ലെന്നുള്ളതാണ്. 2011-ൽ  റിപ്പോർട്ട് പുറത്തുവിട്ടെങ്കിലും പരിസ്ഥിതി മന്ത്രാലയം ഒരിക്കലും പൊതുജനങ്ങളുമായി  റിപ്പോർട്ടിനെപ്പറ്റി നാളിതുവരെ  ചർച്ച ചെയ്തിട്ടില്ല. റിപ്പോർട്ടിന്റെ ഉള്ളടക്കവും പൊതുജനങ്ങളിൽ നിന്ന് മറച്ചു വെക്കാനും ശ്രമിച്ചു.  രാജ്യത്ത് സുപ്രധാനമായ ഒരു നിയമം അവതരിപ്പിക്കുന്നതിനുമുമ്പ് നിയമങ്ങളുടെ നാനാ വശങ്ങളെപ്പറ്റി  പൊതുജനങ്ങളെ ബോധവാന്മാരാക്കുകയെന്നത്  ജനാധിപത്യ മര്യാദയാണ്. അതിനു  പകരം കേരള സർക്കാർ ആദ്യം മുതൽ ഈ റിപ്പോർട്ടിനെപ്പറ്റി  പൊതുജനങ്ങൾ അറിയാതിരിക്കുവാൻ ഒളിച്ചുവെയ്ക്കുകയാണുണ്ടായത്. റിപ്പോർട്ട്  പൊതു ജന ചർച്ചക്കായി പുറത്തു വിട്ടിരുന്നെങ്കിൽ  സർക്കാരിന് ജനങ്ങളിൽനിന്ന് ഉചിതമായ സഹകരണവും നിർദ്ദേശങ്ങളും ലഭിക്കുമായിരുന്നു.   സർക്കാർ നയങ്ങൾ ജനങ്ങളുടെ താൽപര്യ പ്രകാരം രൂപികരിക്കാനും  സാധിക്കുമായിരുന്നു. എന്നാൽ സർക്കാർ ഭാഗത്തുനിന്നും അത്തരം ഒരു നടപടിയുണ്ടായില്ല.

 
ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളിൽ   ഗാഡ്ഗിലിന്റെ    പരിസ്ഥിതി റിപ്പോർട്ടിനെ എതിർക്കുന്ന ഏക സംസ്ഥാനം കേരളം മാത്രമാണ്.  ഗാഡ്ഗിൽ റിപ്പോർട്ടനുസരിച്ച് പശ്ചിമഘട്ടം മൊത്തമായി 4156 ഗ്രാമങ്ങളും  142 താലൂക്കുകളും  ലോല പ്രദേശങ്ങളായി കരുതുന്നു   അതിൽ 123 ഗ്രാമങ്ങളും 14 താലൂക്കുകളും കേരളത്തിലെ  പ്രദേശങ്ങളിൽ   ഉൾപ്പെടും. ലോലപ്രദേശങ്ങളെ സംബന്ധിച്ചുള്ള വിവാദങ്ങൾക്ക് അവസാന തീർപ്പ് കൽപ്പിക്കുന്നത് അതാതു പ്രദേശത്തുള്ള പഞ്ചായത്തുകളും പരിസ്ഥിതി അധികാരികളുമാണ്. ഇക്കാര്യം  റിപ്പൊർട്ടിൽ  വ്യക്തമാക്കിയിട്ടുണ്ട്.             


എന്തുകൊണ്ട് പശ്ചിമ ഘട്ടത്തിലെ ചില പ്രദേശങ്ങളെ  ലോല പ്രദേശങ്ങളായി കരുതുന്നു?  ചില ജീവികൾ  പ്രത്യേക സ്ഥലങ്ങളിൽ മാത്രമേ ജീവിക്കുകയുള്ളൂ.  പശ്ചിമ ഘട്ടങ്ങളിലുള്ള അത്തരം ജീവികൾ ലോകത്ത് മറ്റൊരിടത്തുമില്ല. അങ്ങനെ തനതായ ജീവി വർഗങ്ങളുള്ള    പ്രദേശങ്ങളെ പരീരക്ഷിക്കേണ്ട ലോലപ്രദേശങ്ങളായി കണക്കാക്കും. ഭൂമുഖത്ത് വംശനാശം  സംഭവിച്ചുകൊണ്ടിരിക്കുന്ന അനേക ജീവജാലങ്ങളുണ്ട്. അവകളുടെ നിലനില്പ്പും പരിപാലിക്കണം. വംശനാശം നേരിടുന്നില്ലെങ്കിലും ചില പശ്ചിമഘട്ടം പ്രദേശങ്ങളിൽ അപൂർവ്വങ്ങളായ ജീവികളും ചെറിയ തോതിൽ കാണപ്പെടാറുണ്ട്.  അവകളെയും പരിരക്ഷിക്കണം.   വന്യമൃഗങ്ങൾക്ക് കടക്കാവുന്ന  പൌരാണികമായ ഇടവഴികളും പശ്ചിമഘട്ട പ്രദേശങ്ങളിൽ കാണാം. പുരാതന കാലം മുതൽ അത്തരം ചൂരങ്ങളിൽക്കൂടി വന്യ മൃഗങ്ങൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അരുവികൾ, നദികളുടെ ഉറവിടങ്ങൾ, നദികൾ എന്നിവകൾ പ്രകൃത്യാലുള്ള ഇടനാഴികളാണ്. അങ്ങനെയുള്ള പ്രദേശങ്ങളെയും  ലോല പ്രദേശങ്ങളായി  കാണുന്നു.


ജൈവവവും അജൈവവും തമ്മിലുള്ള ഘടകങ്ങൾ  പരസ്പരാശ്രയം നിലനിർത്തുന്ന പ്രദേശങ്ങളുണ്ട്. ജീവികളുടെ മെച്ചമായ നിലനില്പ്പിനും പെരുകലിനും അത്തരം പ്രദേശങ്ങൾ അനുയോജ്യവുമാണ്. അതും ലോല പ്രദേശങ്ങളായി കാണാം. അവിടെ രാസവളങ്ങൾ ജീവികളുടെ പെരുകലിനെ ബാധിക്കും. ദേശാടന പക്ഷികൾ സഞ്ചരിക്കുന്ന ചതുപ്പു നിലങ്ങൾ, സാവധാനമൊഴുകുന്ന നദികൾ, അവിടെ മാത്രം വളരുന്ന പ്രത്യേക തരം മരുന്നുചെടികൾ ഇങ്ങനെ സമൃദ്ധമായുള്ള  ജന്തു ജൈവപ്രദേശങ്ങളും ലോലപ്രദേശങ്ങളായി റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ചില പ്രത്യേക ജീവികൾക്ക് പ്രജനനം( breeding) നടത്താൻ അനുയോജ്യമായ  ബന്ധപ്പെട്ട സ്ഥലങ്ങളുണ്ട്. അത്തരം പ്രദേശങ്ങളും ലോല പ്രദേശങ്ങളാണ്. ജാതിമരത്തിന്റെ ചതുപ്പുവനങ്ങൾ തിരുവിതാകൂറിൽ  മാത്രമേ കാണപ്പെടുന്നുള്ളൂ. അവകൾ അരുവിയുടെ തീരത്ത് വ്യാപിച്ചു കിടക്കുന്നു. ജാതിമരങ്ങൾ വളരുന്ന പ്രദേശങ്ങൾ സമുദ്ര നിരപ്പിൽ നിന്ന് 300 അടി ഉയരമുള്ളവയായിരിക്കും.  വെള്ളപോക്കം സാധാരണമായി അനുഭവപ്പെടും.  അവിടെ സ്വാഭാവിക എക്കലുകൾ വന്നടിയുകയും   സദാ ഈർപ്പമുണ്ടായിരിക്കുകയും ചെയ്യും. ചില പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി കിടക്കും. തണ്ണീർ തടാകങ്ങളും  ശുദ്ധ ജലം, കായൽ, ഉപ്പുവെള്ളം, കടൽ വെള്ളമുള്ള പ്രദേശങ്ങളും  വേലിയേറ്റവും വേലിയിറക്കവുമുള്ള  കടലോര തീരങ്ങളും   ലോല പ്രദേശങ്ങളുടെ പട്ടികയിൽ ഉണ്ട്. സർപ്പക്കാവുകളും  പ്രകൃത്യാലുള്ള സസ്യപ്രദേശങ്ങളും ലോല പ്രദേശങ്ങളായി കരുതാം.


പശ്ചിമഘട്ട പ്രദേശങ്ങളെ അവലോകനം ചെയ്യുന്നത്  ഹിമാലയം പോലെ മഞ്ഞു മൂടി കിടക്കുന്ന പ്രദേശങ്ങളെന്നല്ല. ഈ പ്രദേശങ്ങളുടെ അധീനതയ്ക്കുവേണ്ടി  പുരോഹിതരും വനം, മണ്ണു,  പാറ മാഫിയാകളും രാഷ്ട്രീയക്കാരും ഒന്നുപോലെ അവകാശ വാദങ്ങൾ മുഴക്കിക്കൊണ്ടിരിക്കുന്നു. മല മുകളിലും താഴ്വരകളിലും വസിക്കുന്ന പാവപ്പെട്ട കർഷകരെ  തെറ്റിധരിപ്പിച്ച്  ഗാഡ്ഗിൽ, കസ്തൂരി റിപ്പോർട്ടിൽ ഇല്ലാത്തത് പ്രചരിപ്പിക്കുന്ന ഒരു സ്ഥിതിവിശേഷം കേരള ജനതയെ മുഴുവനായി ചിന്താകുഴപ്പത്തിലാക്കിയിട്ടുണ്ട്. വ്യതസ്തങ്ങളായ വന്യമൃഗങ്ങളും പക്ഷികളും വസിക്കുന്ന ഭൂപ്രദേശങ്ങളാണ് ഹൈറേഞ്ച് മുഴുവനും.    അതിനുള്ളിലെ ജീവ ജാലങ്ങളിൽ പലതും  ഇന്ന് ലോകത്ത് ഈ ഭൂപ്രദേശങ്ങളിൽ മാത്രമേ വസിക്കുന്നുള്ളൂ. കോണ്‍ഗ്രസുകാരെന്നോ  കമ്മ്യൂണിസ്റ്റുകാരെന്നോ   വിത്യാസമില്ലാതെ  റിപ്പോർട്ടിനെതിരായി  കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ രാഷ്ട്രീയക്കാരുമുണ്ട്. പാറപൊട്ടീര്, വനംകൊള്ള, മണൽ മാഫിയാകളും ഇവർ തന്നെയാണ്. കേരള രാഷ്ട്രീയം ചലിക്കുന്നതും ഇവരുടെ സ്വാധീന വലയത്തിൽ തന്നെ.  മാധവ ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കുകയാണെങ്കിൽ അത്തരം മുതലാളിമാർക്ക് അതൊരു നഷ്ടക്കച്ചവടമായിരിക്കും.  പശ്ചിമ മേഖലയിലെ വൻകിട റിസോർട്ടുകളും റീയൽ എസ്റ്റെറ്റ്  നടത്തുന്നവരും ഹൈഡ്രോ ഇലക്ട്രിക്ക് കരാർ കമ്പനിക്കാരും റിപ്പോർട്ടിനെ  എതിർക്കുന്ന കാരണവും ഇതു തന്നെ.


വന്യ ജീവജാലങ്ങൾകൊണ്ടും സസ്യസമ്പത്തുകൊണ്ടും  പശ്ചിമ ഘട്ടം ഭൂപ്രദേശങ്ങൾ  അനുഗ്രഹീതമാണ്.   അപൂർവങ്ങളായ  ഔഷധ ചെടികളും  ജന്തുക്കളും ഇഴ ജന്തുക്കളും കരയിലും ജലത്തിലും ജീവിക്കുന്ന ജന്തുക്കളും  ഈ പ്രദേശങ്ങളിൽ തിങ്ങി നിറഞ്ഞിരിക്കുന്നു, തെക്കേ അറ്റമുള്ള വനം കൂടുതൽ  വന സമ്പത്ത് നിറഞ്ഞതാണ്. ആനകൾ ധാരാളം ഈ പ്രദേശങ്ങളിൽ ഉണ്ട്. ബംഗാൾ കടുവാകളും പുലികളും ധാരാളമായി വസിക്കുന്നു. ഇവിടം മുഴുവൻ ഒരു കാലത്ത് തിങ്ങിയ വനം പ്രദേശങ്ങളായിരുന്നു. ഇന്ന് ഭൂരി ഭാഗം ഭൂ പ്രദേശങ്ങളും കൃഷി സ്ഥലങ്ങളും കോഫീ, റബ്ബർ, തോട്ടങ്ങളും കന്നുകാലി വളർത്തൽ കേന്ദ്രങ്ങളുമായി മാറി. താഴ്വരകൾ മുഴുവനായി  റോഡുകളും കെട്ടിടങ്ങളും കൊണ്ട് നിറഞ്ഞു കഴിഞ്ഞു. ജനങ്ങളുടെ പെരുപ്പത്തോടെ സുരക്ഷിതമായിരുന്ന വനങ്ങളുടെ നശീകരണവും തുടങ്ങി. അതുമൂലം അപൂർവങ്ങളായ പക്ഷികളും മൃഗങ്ങളും പശ്ചിമഘട്ടമേഖലയിൽ അപ്രത്യക്ഷമാകുകയാണ്.      


ഗാഡ്ഗിൽ റിപ്പോർട്ട്  നടപ്പാക്കാൻ ഇന്നത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിൽ പ്രതിബന്ധങ്ങൾ ഏറെയുണ്ട്.  റിപ്പോർട്ടിന്റെ ഉള്ളടക്കമനുസരിച്ച് കേരളത്തിലും കർണ്ണാടകയിലും ചില അണക്കെട്ടുകൾ പാടില്ലായെന്ന് പറയുന്നു.   കേരളത്തിലെ അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കരുതെന്നും ശുപാർശയുണ്ട്. ലോകത്ത് മറ്റൊരിടത്തുമില്ലാത്ത  ഔഷധച്ചെടികൾ ആ പ്രദേശങ്ങളിൽ മാത്രം വളരുന്നു. അണക്കെട്ടു വന്നാൽ അത്തരം ചെടികൾക്ക് നാശം സംഭവിക്കുമെന്നും ഭയപ്പെടുന്നു.  അപൂർവ്വ മത്സ്യങ്ങളും തവളകളും അവിടെ കാണാം.  ചരിത്രാതീത കാലം മുതൽ ആ നദീതീരം കാട്ടാനകൾ വിഹരിക്കുന്ന പ്രദേശം കൂടിയാണ്. പ്രത്യേക തരം ആമ വർഗങ്ങളും  അനന്യസുലഭങ്ങളായ പക്ഷി വർഗങ്ങളും അവിടം പ്രകൃതിയാൽ മനോഹരമാക്കിയിരിക്കുന്നു.  വേഴാമ്പൽ പക്ഷികൾ (ഹോണ് ബേർഡ്സ്) വസിക്കുന്ന ഭൂപ്രദേശങ്ങൾ ഇവിടവും ആഫ്രിക്കയിലുമേയുള്ളൂ.വിവിധ നിറങ്ങളിലുള്ള അത്തരം പക്ഷികൾ കേരള നാടിനുതന്നെ ഐശ്വര്യമാണ്. നീണ്ട തുത്തോടും  തലയിൽ നിറമുള്ള തൊപ്പിപോലുള്ള തൂവലുകളും   കൂടിയ ഈ പക്ഷികളെ  കാണാനും  ഭംഗിയുള്ളതാണ്. അവിടെ ഒരു അണക്കെട്ടു വന്നാൽ അത്തരം പക്ഷികൾ ഈ ഭൂപ്രദേശത്ത് ഇല്ലാതാകുമെന്നും പരിസ്ഥിതി വാദികൾ വാദിക്കുന്നു.  വിവിധതരം കുരങ്ങു വർഗങ്ങളും പദ്ധതിയ്ക്ക് ചുറ്റുമായി ഉണ്ട്.  സിംഹക്കുട്ടിയെപ്പോലെ വാലും മുഖവുമുള്ള ഒരു തരം കുരങ്ങന്മാരും ഈ ഭൂവിഭാഗത്തിൽ കാണാം. അതിരപ്പിള്ളി പദ്ധതി വന്നാൽ അത്തരം ജീവികളും അപ്രത്യക്ഷമാകുമെന്നു  കരുതുന്നു.    


ഭാരതത്തിന്റെ തെക്കു പടിഞ്ഞാറായ ഈ ഭൂപ്രദേശങ്ങളിൽക്കൂടി  ലോകത്തിലെ ഭൂരിഭാഗം ഏഷ്യൻ ആനകൾ സഞ്ചരിക്കുന്നു.  പതിനായിരക്കണക്കിന് ആനകൾ നീലഗിരി കുന്നുകളിൽ തന്നെയുണ്ട്.  ലോകത്തിലെ പത്തു ശതമാനം കടുവാകളും വസിക്കുന്നതിവിടമാണ്.  വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന അനേകം ജീവജാലങ്ങളും ഈ പ്രദേശങ്ങളിൽ ഉണ്ട്. ഭൂമിയുടെ സമതുലനാവസ്ഥയും അത്തരം ജീവജാലങ്ങളുടെ നിലനില്പ്പും മനുഷ്യരാശിക്ക് ആവശ്യമാണ്. വിവിധതരം അണ്ണാൻ, കാട്ടു പൂച്ചകളുടെ വിഹാര കേന്ദ്രവും കൂടിയാണ് ആ പ്രദേശങ്ങൾ. 


അതിരപ്പിള്ളി പദ്ധതികളുടെ സമീപ പ്രദേശങ്ങളിലായി  'ആധാർ' എന്ന പൌരാണിക  വർഗക്കാരായവർ താമസിക്കുന്നുണ്ട്.  ചാലക്കുടി നദീ തീരത്ത് നായാട്ടും വന വിഭവങ്ങളുമായി അവരുടെ വർഗം അതിജീവിക്കുന്നു.  ഇന്ന് അവരുടെ ജനസംഖ്യ 1500- ൽ താഴെയുള്ളൂ. അണക്കെട്ടു വന്നാൽ അവിടെ  വസിക്കുന്നവരുടെ ജനജീവിതം താറുമാറാകും. അതുകൊണ്ടാണ് ഗാഡ്ഗിൽ അവിടെ അണക്കെട്ട് പാടില്ലായെന്ന് നിർദേശിച്ചത്. 


അതിരപ്പിള്ളി  ഹൈഡ്രോ പദ്ധതിയെ ഗാഡ്ഗിൽ എതിർക്കുന്നത് കേരള സർക്കാരിന് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. ഇത് സംസ്ഥാനത്തിന്റെ 35 ശതമാനം ഊർജം  നൽകുന്ന പദ്ധതിയാണ്. ഈ പദ്ധതിയ്ക്ക്  പകരമായി  35-40 വർഷം പഴക്കമുള്ള അണക്കെട്ടുകൾ വിപുലപ്പെടുത്തുവാൻ ഗാഡ്ഗിൽ നിർദ്ദേശിക്കുന്നു.  സർക്കാരിന് നഷ്ടപ്പെടുന്ന വരുമാനത്തിൽ ഗാഡ്ഗിൽ മറ്റു നിർദേശങ്ങളൊന്നും  നല്കിയിട്ടില്ല.
   

ക്രിസ്ത്യൻ സഭകളിൽ കത്തോലിക്കാ സഭ മാത്രമേ ഗാഡ്ഗിൽ റിപ്പോർട്ടിനെ എതിർക്കുന്നുള്ളൂ.  ഇടുക്കി, കാഞ്ഞിരപ്പള്ളി, കോതമംഗലം, മാനന്തവാടി എന്നിവടങ്ങളിലുള്ള മെത്രാൻമാർ  പരസ്യമായി സമരവുമായി രംഗത്ത് വന്നിട്ടുണ്ട്.  ഇടയ ലേഖനം വഴി ജനങ്ങളെ തെറ്റി ധരിപ്പിക്കൽ ഇന്ന് മെത്രാന്മാരുടെ സ്ഥിരം അജണ്ടയായി മാറിക്കഴിഞ്ഞു.  മറ്റുള്ള ക്രിസ്ത്യൻ സമുദായങ്ങൾ  ഇവരോട് സഹകരിക്കുന്നില്ലെന്നുള്ളതും പ്രത്യേകതയാണ്. സഭകളിൽതന്നെ  കർണ്ണാടകയിലെയും ഗോവയിലെയും കത്തോലിക്കർക്ക്  ഗാഡ്ഗിൽ റിപ്പോർട്ടിനോട് എതിർപ്പി ല്ല. സി. എസ്.ഐ സഭാദ്ധ്യക്ഷനായ  ബിഷപ്പ്  റെവ. തോമസ്  ഉമ്മൻ പരസ്യമായി ഗാഡ്ഗിൽ റിപ്പോർട്ടിന് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു.  മാർത്തോമ്മാ സഭയും റിപ്പോർട്ടിനെ പിന്താങ്ങുന്നുണ്ട്. ഓർത്തോഡോക്സ് സഭകളുടെ മൗനാനുവാദവും ഉണ്ട്.  


കത്തോലിക്കാ  സഭയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായുള്ള പരിവർത്തന കാലഘട്ടങ്ങളിലെല്ലാം  ഇടയലേഖനം വഴി കുഞ്ഞാടുകളെ സ്വാധീനിക്കുന്ന ഒരു ചരിത്രമാണ് സഭയെന്നും അനുവർത്തിച്ചിട്ടുള്ളത്.  മദ്ധ്യകാല മാർപ്പാപ്പാമാർ യുദ്ധത്തിനു   പോകുന്ന സമയങ്ങളിൽ സഭാ മക്കളെ ഇളക്കുവാൻ ഇത്തരം ഇടയലേഖനങ്ങൾ  ഇറക്കുമായിരുന്നു. കുർബാനയുടെ ഇട വേളകളിൽ ഇടയ ലേഖനം വായിക്കുമ്പോൾ ഭക്തജനങ്ങൾ അപ്പാടെ സത്യമെന്ന് വിചാരിക്കും. ഇടയലേഖനം തയ്യാറാക്കുന്നത്   ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന വിധത്തിലുമായിരിക്കും. മനുഷ്യന്റെ മനസ്സിൽ അജ്ഞത കുത്തിവെക്കുന്ന ഇടയലേഖനങ്ങൾ കുരിശുയുദ്ധങ്ങളിൽ സാമ്രാജ്യങ്ങൾ വിപുലമാക്കുന്നതിനും  പ്രയോജനപ്പെട്ടിട്ടുണ്ട്. ഇടയലേഖനങ്ങൾ വഴി സ്പെയിനിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും സംഭവിച്ച രക്തച്ചൊരിച്ചിലുകൾക്ക് കണക്കില്ല.   രാജ്യദ്രോഹപരമായും ഇടയലേഖനങ്ങൾ ഇറക്കാറുണ്ട്. ഭാരതത്തിന്റെ കുടുംബാസൂത്രണ പദ്ധതിയ്ക്കെതിരെ കൂടുതൽ സന്താനങ്ങളെ ഉത്ഭാദിപ്പിക്കാൻ   സഭാമക്കളോട് ഇടയ ലേഖനം വഴി ആഹ്വാനം ചെയ്തിരിക്കുന്നത് രാജ്യത്തോട് ചെയ്യുന്ന അനീതിയും കൂടിയാണ്. കൂടുതൽ കുഞ്ഞുങ്ങൾ ഉണ്ടാകുന്നവർക്ക് പാരിതോഷികവും വിദ്യാഭ്യാസ ആനുകൂല്യങ്ങളും  സഭ നല്കും.  സഭകൾ പുലർത്തുന്ന  ഇത്തരം നിസഹകരണ മനോഭാവം രാഷ്ട്രത്തിന്റെ വികസന നയങ്ങൾക്കും പ്രതിബന്ധമാകും.  


ഇന്ന് വനം ഭൂമികൾ ഭൂരിഭാഗവും വനം മാഫിയായുടെയം രാഷ്ട്രീയ മത മേധാവികളുടെയും കൈകളിലാണ്. ലോലമായ പ്രദേശങ്ങളിൽ യാതൊരു വികസനവും പാടില്ലായെന്ന് ഗാഡ്ഗിൽ പറയുന്നു.   ഈ മാഫിയാകളെ പുറത്താക്കുകയാണെങ്കിൽ  രാഷ്ട്രീയ പിന്തുണയുള്ള ഇവർ  വൻപ്രതിക്ഷേധംവഴി  നാശനഷ്ടങ്ങൾ  വരുത്തുമെന്നും കേരളാ സർക്കാർ ഭയപ്പെടുന്നു. ഗാഡ്ഗിൽ റിപ്പൊർട്ട് നടപ്പിലാക്കിയാൽ കേരള സർക്കാരിന്റെ  സാമ്പത്തിക വളർച്ചയ്ക്ക് തടസമാകും.  ജനങ്ങളെ ഇളക്കിക്കൊണ്ട് ഖനന മാഫിയാകൾ പ്രചരണം എവിടെയും അഴിച്ചുവിട്ടു കഴിഞ്ഞു. കൃഷിക്കാരും ആദിവാസികളും ഇവരുടെ എജന്റ്മാർ പറയുന്നത് അപ്പാടെ വിശ്വസിക്കുകയാണ്. അവരെ ഗ്രാമത്തിൽനിന്ന് പുറത്താക്കി ഗ്രാമപ്രദേശങ്ങൾ വന്യമൃഗങ്ങൾക്ക് വിട്ടുകൊടുക്കുമെന്നാണ് പ്രചരണം. കൃഷിക്കാരും ആദിവാസികളും മാഫിയാകൾക്കൊത്തു സമരത്തിനിറങ്ങിയെന്നതും  പരിതാപകരമാണ്.


പശ്ചിമഘട്ട  മേഖലയിലുള്ള  അധികാര വികേന്ദ്രീകരണവും അധികാര കൈമാറ്റവും സംസ്ഥാന സർക്കാർ എതിർക്കുന്നു. പശ്ചിമ മേഖലകളിൽ സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കുവാനുള്ള അധികാരം  'പശ്ചിമ ഘട്ട പരിസ്ഥിതി അധികാരികൾക്ക്' ( വെസ്റ്റേണ്‍  ഗാട്സ്  ഈക്കോളജി അതോറിറ്റി) കൈമാറണമെന്നും   ഗാഡ്ഗിൽ ശുപാർശ ചെയ്യുന്നുണ്ട്.  ഈ അധികാര കൈമാറ്റത്തെ സംസ്ഥാന സർക്കാർ അനുകൂലിക്കുന്നില്ല.   തീരുമാനങ്ങൾ എടുക്കുവാനുള്ള അധികാരത്തെ ഉപേക്ഷിക്കാൻ സംസ്ഥാനം സമ്മതിക്കില്ല. പദ്ധതികൾ അംഗീകരിക്കുന്ന കാര്യത്തിൽ വൻകിട അഴിമതികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും  ഭയപ്പെടുന്നു. അതുകൊണ്ട് തീരുമാനങ്ങൾ എടുക്കുന്ന അത്തരം ഒരു ബോർഡിനെ സംസ്ഥാന സർക്കാർ നിഷേധിക്കുന്നു.




 


 




കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...