Wednesday, October 23, 2019

ജോർജ് വാഷിംഗ്ടൺന്റെ ജീവിതരേഖയും ചരിത്രസംഭാവനകളും, അവലോകനം





ജോസഫ്  പടന്നമാക്കൽ 

ആരാണ് ജോർജ്' വാഷിംഗ്‌ടൺ? 1789 മുതൽ 1797 വരെ അമേരിക്കയുടെ ആദ്യത്തെ പ്രസിഡന്റായിരുന്നു. അമേരിക്കൻ ഐക്യനാടുകളുടെ രാഷ്ട്രപിതാവാണ്. രണ്ടു തവണ അദ്ദേഹത്തെ പ്രസിഡന്റായി തിരഞ്ഞെടുത്തു. 'ബില് ഓഫ് റൈറ്റ്സ്' (Bill of rights) നിയമങ്ങൾക്ക് പിന്തുണ നൽകി. ആദ്യത്തെ അമേരിക്കയുടെ ക്യാബിനറ്റ് സ്ഥാപിച്ചു. 'ഡോളർ', ദേശീയ കറൻസിയായി തീരുമാനിച്ചു. അമേരിക്കയിൽ ആദ്യമായി ബാങ്കിങ്ങ് സമ്പ്രദായം നടപ്പാക്കി. യുണൈറ്റഡ് സ്റ്റേറ്റ്സ് നേവി ആരംഭിച്ചത് അദ്ദേഹമാണ്. അദ്ദേഹത്തിൻറെ കാലത്തുതന്നെ അഞ്ചു സ്റ്റേറ്റുകൾ കൂടി യൂണിയനോട് ചേർക്കപ്പെട്ടു. പുതിയതായി ഉദയം ചെയ്ത രാഷ്ട്രത്തിന്റെ ഭരണഘടന രചിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചു. അദ്ദേഹം നൽകിയ നേതൃത്വം ഭാവി പ്രസിഡന്റുമാർക്ക് മാതൃകയായി മാറി. പിന്നീടുവന്ന പ്രസിഡണ്ടുമാർ വാഷിംഗ്ടന്റെ പൈതൃകം തുടരുകയും ചെയ്തു. അദ്ദേഹം പുലർത്തിയിരുന്ന  ധർമ്മ നീതിക്കും സത്യനിഷ്ഠക്കും അടിസ്ഥാനമായി രാജ്യം മുമ്പോട്ട് പോവുകയും ചെയ്തു.

1732 ഫെബ്രുവരി ഇരുപത്തിരണ്ടാം തിയതി 'വെസ്റ്റ്മോർലാൻഡ് കൗണ്ടിയിൽ', വെർജിനിയായിൽ ജോർജ് വാഷിംഗ്‌ടൺ ജനിച്ചു. അഗസ്റ്റിന്റെയും മേരിയുടെയും ആറുമക്കളിൽ മൂത്ത മകനായിരുന്നു. അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരുന്ന ഒരു കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. മുത്തച്ഛൻ ജോൺ വാഷിംഗ്ടൺ ഇംഗ്ലണ്ടിൽ നിന്നും വെർജിനിയായിൽ കുടിയേറിയ കുടിയേറ്റക്കാരനായിരുന്നു.  ഇംഗ്ളണ്ടിലെ കുടുംബം പേരും പെരുമയുമുള്ളതായിരുന്നതിനാൽ ബ്രിട്ടന്റെ ഹെൻറി എട്ടാമൻ അവർക്ക് ഭൂമി ദാനമായി നൽകി. വെർജീനിയായിലെ കോളനിയിൽ അദ്ദേഹത്തിൻറെ പിതാവ് 'അഗസ്റ്റിൻ വാഷിംഗ്‌ടനു നിരവധി എസ്റ്റേറ്റുകളുണ്ടായിരുന്നു. അഗസ്റ്റിന്റെ ആദ്യ ഭാര്യയിൽ രണ്ടുമക്കളുണ്ടായിരുന്നു. ലാറൻസും അഗസ്റ്റിനും.  രണ്ടാം ഭാര്യ മേരി ബെല്ലിൽ'  ജനിച്ച ജോർജായിരുന്നു ഏറ്റവും മൂത്ത കുട്ടി. മാതാപിതാക്കളുടെ കുടുംബം സ്ഥിരമായി ഒരിടത്തു താമസിച്ചിരുന്നില്ല. കൂടെക്കൂടെ ഭവനങ്ങൾ വിവിധ സ്ഥലങ്ങളിലായി മാറിക്കൊണ്ടിരുന്നു. 1735-ൽ അദ്ദേഹത്തിനു മൂന്നുവയസുള്ളപ്പോൾ കുടുംബം ലിറ്റിൽ ഹണ്ടിങ് ക്രീക്ക് പ്ലാന്റഷനിലേക്ക് മാറി താമസിച്ചു. പിന്നീട് ആ പ്രദേശത്തെ 'മൌണ്ട് വെർനോൻ' എന്ന് പറയുന്നു. മൂന്നു വയസിനുശേഷം 1738-ൽ 'റാപ്പഹോന്നൊക്ക' നദിയുടെ തീരത്ത് വെർജിനിയായിൽ താമസമാക്കി. അവിടെ ബാക്കിയുള്ള അദ്ദേഹത്തിൻറെ കുട്ടിക്കാലം ചിലവഴിച്ചു.

ജോർജ് വളരുന്ന സമയത്ത് ഒരു പൂന്തോട്ടത്തിന്റെ കോണിൽ അദ്ദേഹത്തെ കളിക്കാൻ അനുവദിച്ചിരുന്നു. അവിടെ അദ്ദേഹത്തിൻറെതായ ഒരു കൊച്ചു പൂന്തോട്ടവുമുണ്ടായിരുന്നു. മുതിർന്ന കുട്ടിയായിരുന്നപ്പോൾ പിതാവ് അദ്ദേഹത്തിനായി ഒരു ചെറു കുതിരയെ മേടിച്ചു കൊടുത്തു. പെട്ടെന്ന്, അദ്ദേഹം മിടുക്കനായ ഒരു കുതിര സവാരിക്കാരനായി മാറി. വൈകുന്നേരമുള്ള സമയങ്ങളിൽ ജോർജിന്റെ 'അമ്മ കുട്ടികളെ ഒന്നിച്ചുകൂട്ടി അവരുടെ മുമ്പിൽ ബൈബിൾ വായിക്കുമായിരുന്നു. ജോർജ് സമപ്രായക്കാരെക്കാളും പൊക്കം കൂടിയ കുട്ടിയായി വളർന്നു. താമസിയാതെ അതിവേഗം ഓടിക്കുന്ന കുതിരസവാരിക്കാരനാവുകയും ചെയ്തു. ആരോഗ്യവാനായിരുന്ന അദ്ദേഹം സ്പോർട്സിലും കളികളിലും ഓട്ടത്തിലും സമർത്ഥനായിരുന്നു.

വിദ്യാഭാസം ലഭിച്ചിരുന്നത് വീട്ടിൽനിന്നായിരുന്നു. കണക്ക്, ഭൂമിശാസ്ത്രം, അസ്‌ട്രോണോമി, കയ്യക്ഷരം, പുസ്തകങ്ങൾ സ്വന്തം കൈപ്പടയിൽ പകർത്തുക, സാംസ്ക്കാരിക നിയമങ്ങൾ എന്നെല്ലാം വീട്ടിലെ ശിക്ഷണത്തിൽ നിന്നും ലഭിച്ചു. ജോർജിന്റെ അമ്മയ്ക്ക് അദ്ദേഹത്തെ ഉന്നത വിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടിൽ അയക്കണമെന്നുണ്ടായിരുന്നു. എന്നാൽ 1743-ൽ അദ്ദേഹത്തിനു പതിനൊന്നു  വയസുള്ളപ്പോൾ പിതാവ് മരിച്ചുപോയി. അമ്മയുടെ ആഗ്രഹങ്ങൾ അവിടംകൊണ്ട് അവസാനിച്ചു. ബാക്കിയുള്ള വിദ്യാഭ്യാസം കോളനിയ്ക്കുള്ളിൽ നിന്നും നടത്തി. പിന്നീട് എസ്റ്റേറ്റ് മുഴുവൻ 'അമ്മയുടെ നിയന്ത്രണത്തിൽ പരിപാലിച്ചിരുന്നു.

ജോർജിന്റെ പിതാവ് അഗസ്റ്റിൻ' ധനികനായിരുന്നെങ്കിലും കുടുംബസ്വത്ത് ഒന്നും തന്നെ പിതാവിന്റെ  വീതത്തിൽ നിന്നു ലഭിച്ചില്ല. ജോർജിന്റെ മൂത്ത അർദ്ധ സഹോദരൻ ലാറൻസിനു 'ലിറ്റിൽ ഹണ്ടിങ് ക്രീക്ക് സഹിതം' കുടുംബ സ്വത്തിന്റെ ഭൂരിഭാഗവും ലഭിച്ചു. ഓഗസ്റ്റിൻ ജൂനിയറിനും ചെറിയ പങ്ക് സ്വത്ത് കിട്ടി. അപ്പൻ മരിച്ച ശേഷം ജോർജിന്റെ കാര്യങ്ങൾ നടത്തിയിരുന്നത് മൂത്ത സഹോദരനായ 'ലാറൻസായിരുന്നു. അദ്ദേഹത്തോടൊപ്പം ജോർജ് താമസിച്ചു. ജോർജ് സർവേയറായി  ജോലി തുടങ്ങുംവരെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നതും ലാറൻസിന്റെ മേൽനോട്ടത്തിലായിരുന്നു. ഇരുപത്തിയാറാം വയസിൽ ജോർജ് വാഷിംഗ്‌ടൺ, വിധവയായിരുന്ന മാർത്ത ഡാൻഡ്രിഡ്ജ് ക്യൂസ്റ്റിസിനെ വിവാഹം ചെയ്തു. മക്കളുണ്ടായില്ല. മാർത്താക്ക് മുൻഭർത്താവിൽനിന്നും ജാക്കിയും പാറ്റ്സിയും പേരുകളിൽ രണ്ടു മക്കളുണ്ടായിരുന്നു.

ജോർജ് വാഷിങ്ടൺ കൊളോണിയൽ വെർജീനിയായിൽ താമസിച്ചിരുന്നു. ചെറുപ്പമായിരുന്ന കാലത്ത് ഒരു സർവേയർ ആയി ജോലിചെയ്തു. അതിനുശേഷം ഫ്രഞ്ച് വിപ്ലവത്തിൽ പങ്കുകൊണ്ടു. 1754മുതൽ 1763 വരെ അമേരിക്കൻ ഇൻഡ്യൻ യുദ്ധത്തിലും പോരാടി. അമേരിക്കൻ വിപ്ലവകാലത്ത് 'കോണ്ടിനെന്റൽ' (Continental) സേനയുടെ കമാണ്ടർ ഇൻ ചീഫ് ആയിരുന്നു. വലിയ ഒരു പട്ടാളത്തെ മാതൃരാജ്യമായ ബ്രിട്ടീഷ് സൈന്യത്തിനെതിരെ നയിച്ച സൈന്യാധിപനായിരുന്നു. ബ്രിട്ടീഷുകാരെ തോൽപ്പിച്ച് രാജ്യം സ്വതന്ത്രമാക്കി. ഒരു യുദ്ധത്തിൽ അദ്ദേഹം സഞ്ചരിച്ച കുതിരയെ ശത്രുക്കൾ വെടിവെച്ച് വീഴ്ത്തുകയും അദ്ദേഹത്തിന്റെ കോട്ടിനുള്ളിൽ നാലു ബുള്ളറ്റുകൾ പതിച്ചിട്ടും രക്ഷപെടുകയും ചെയ്തു. പട്ടാളക്കാർക്ക് വസൂരി പ്രതിവിധിക്കുള്ള കുത്തിവെപ്പിനു തുടക്കമിട്ടു.

ജോർജ് വാഷിംഗ്‌ടൺ  300 അടിമകളുടെയും 7600 ഏക്കർ കൃഷി സ്ഥലത്തിന്റെയും അധിപനായിരുന്നു. ആയിരക്കണക്കിനു റാത്തലുകൾ (പൗണ്ട്‌സ്) ഉത്ഭാദിപ്പിക്കുന്ന മത്സ്യ വ്യവസായമുണ്ടായിരുന്നു. 8000 റാത്തൽ (പൗണ്ട്സ്) ഒരേസമയം ഗോതമ്പു ധാന്യങ്ങൾ പൊടിക്കുന്ന മില്ലുകളുമുണ്ടായിരുന്നു. 11000 ഗ്യാലൻ വിസ്‌ക്കിയുണ്ടാക്കുന്ന വാറ്റുപുര (distillery)കളുമുണ്ടായിരുന്നു.

1760-ൽ അമേരിക്കൻ കോളനികളിൽ ബ്രിട്ടീഷുകാർ നികുതി വർദ്ധിപ്പിച്ചതിൽ ജോർജ് വാഷിംഗ്‌ടനും  അനുയായികളും പ്രതിക്ഷേധിച്ചിരുന്നു. കോളനികളെ സ്വതന്ത്രമാക്കണമെന്നുള്ള ചിന്തകളും വന്നുകൂടിയത് മാതൃരാജ്യമായ ബ്രിട്ടീഷുകാരുടെ നികുതി വർദ്ധനവുമൂലമായിരുന്നു. 1774-ൽ ഫിലാഡല്ഫിയായിൽ വെച്ചു 'കോണ്ടിനെന്റൽ കോൺഗ്രസ്സ്' സമ്മേളിക്കുകയും ജോർജ് വാഷിംഗ്‌ടനെ കമാണ്ടർ ഇൻ ചീഫ് ആയി തിരഞ്ഞെടുക്കുകയും ചെയ്തു. കൊളോണിയൽ പട്ടാളത്തെ നയിക്കാൻ സമർത്ഥനായ ഒരു ജനറലായിരുന്നെങ്കിലും അദ്ദേഹത്തിൻറെ പട്ടാളക്കാർക്ക് വേണ്ടത്ര പ്രായോഗിക പരിശീലനമുണ്ടായിരുന്നില്ല. ഭക്ഷണമോ, ആവശ്യത്തിന് സൈനിക ഉപകരണങ്ങളോ വെടിമരുന്നുകളോ ഉണ്ടായിരുന്നില്ല. പലപ്പോഴും കാലിൽ 'ഷൂ' ധരിക്കാതെ പട്ടാളക്കാർക്ക് യുദ്ധമുന്നണിയിൽ പോരാടേണ്ടി വന്നു. എന്നിരുന്നാലും അവർക്കു വേണ്ട ആത്മവീര്യം പകർന്നുകൊണ്ട്, പട്ടാളക്കാരെ നേരാം വിധം അദ്ദേഹത്തിനു നയിക്കാൻ സാധിച്ചു. എട്ടു വർഷങ്ങൾ കഠിന യാതനകൾ സഹിച്ചുകൊണ്ട് ബ്രിട്ടീഷുകാർക്കെതിരെ അദ്ദേഹത്തിൻറെ പട്ടാളം പൊരുതി വിജയിച്ചുകൊണ്ടിരുന്നു. 1781-ൽ ഫ്രഞ്ചുകാരുടെ സഹായത്തോടെ കോണ്ടിനെന്റൽ പട്ടാളക്കാർക്ക് ബ്രിട്ടീഷ് പട്ടാളക്കാരെയും അവരുടെ ജനറിലിനെയും തോൽപ്പിക്കാൻ സാധിച്ചു. ബ്രിട്ടീഷ് ട്രൂപ്പിന്റെ കമാണ്ടറായ 'ചാൾസ് കോൺവാലിസ്‌ (1738-1805)' തടവുകാരനായി പിടിക്കപ്പെടുകയും ചെയ്തു. യുദ്ധം നടത്തിക്കൊണ്ടിരുന്നത് 'യോർക്ടൗൺ, വെർജീനിയ എന്നീ പ്രദേശങ്ങളിൽ വെച്ചായിരുന്നു. ജോർജ് വാഷിംഗ്‌ടൺ ഐക്യനാടുകളുടെ ദേശീയ ഹീറോ ആവുകയും ചെയ്തു.

1783-ൽ യുദ്ധം അവസാനിച്ചു. ബ്രിട്ടനും അമേരിക്കയുമായി സമാധാന ഉടമ്പടിയുമുണ്ടാക്കി. തന്റെ ജോലികൾ പൂർത്തിയായെന്നു വാഷിംഗ്‌ടൺ ചിന്തിക്കുകയും ചെയ്തു. 'കമാണ്ടർ ഇൻ ചീഫ്' എന്ന ജോലി ഉപേക്ഷിച്ചുകൊണ്ട് അദ്ദേഹം തന്റെ നാടായ മൗണ്ട് വെർണോനിൽ താമസമാക്കി. ബാക്കിയുള്ള ജീവിതം ശാന്തമായി ഒരു കൃഷിക്കാരനായും കുടുംബ ജീവിതം നയിക്കാനുമാണ്! അദ്ദേഹം ആഗ്രഹിച്ചത്. എന്നിരുന്നാലും 1787-ൽ ഫിലാഡല്ഫിയായിൽ കൂടിയ ഭരണഘടനാ സമ്മേളനത്തിൽ പങ്കുചേരണമെന്ന നിർദേശം അദ്ദേഹത്തിനു ലഭിച്ചു. പുതിയ ഭരണഘടനയുടെ രൂപകൽപ്പന ചെയ്യുവാനായി അതിന്റെ തലവനാകണമെന്നും ആവശ്യപ്പെട്ടു. അദ്ദേഹത്തിൻറെ അസാധാരണ നേതൃത്വം മറ്റാർക്കും വഹിക്കാൻ സാധിക്കില്ലെന്നും രാഷ്ട്രത്തിന്റെ ആദ്യത്തെ പ്രസിഡണ്ടാകാൻ അദ്ദേഹത്തേക്കാൾ യോഗ്യനായ മറ്റൊരാൾ ഇല്ലെന്നും കൺവെൻഷൻ പ്രതിനിധികൾ അറിയിച്ചെങ്കിലും അദ്ദേഹം അവരുടെ ആവശ്യങ്ങളെ ആദ്യം നിഷേധിക്കുകയാണുണ്ടായത്. കുടുംബാംഗങ്ങളോടൊപ്പം ശാന്തവും സമാധാനവുമായ ഒരു ജീവിതമാണ് ആഗ്രഹിച്ചത്. അനുയോജ്യനായ നേതാവായി മറ്റാരെയെങ്കിലും കണ്ടുപിടിക്കാനും ആവശ്യപ്പെട്ടു. എന്നാൽ രാഷ്ട്രം മുഴുവൻ വാഷിംഗ്‌ടണിൽ മാത്രം പ്രതീക്ഷകൾ അർപ്പിച്ചിരുന്നു.

1789 ജനുവരി ഏഴാം തിയതി അമേരിക്കയുടെ ആദ്യത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നു. വാഷിംഗ്ടൻ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിക്കൊണ്ട് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിയായി. 'ജോൺ ആഡം' (1735-1826) രണ്ടാം സ്ഥാനത്തും വോട്ടുകൾ നേടി. 'ജോൺ ആഡം' അമേരിക്കയുടെ ആദ്യത്തെ വൈസ് പ്രസിഡന്റുമായി തിരഞ്ഞെടുത്തു. 1789 ഏപ്രിൽ മുപ്പതാംതിയതി 57 വയസുകാരനായ വാഷിംഗ്ടൻ ന്യൂയോർക്കിൽ വെച്ച് പ്രസിഡന്റ് എന്ന നിലയിൽ സത്യപ്രതിജ്ഞ ചെയ്തു. അമേരിക്കയുടെ ഭാവി തലസ്ഥാനമായ വാഷിഗ്ടൺ പട്ടണം അന്ന് പണി കഴിഞ്ഞിട്ടില്ലായിരുന്നു. ഫിലാഡൽഫിയായിലും ന്യൂയോർക്കിലുമായി പ്രസിഡന്റ് വാഷിംഗ്‌ടൺ' ജീവിച്ചു. നീതിയും സത്യവും ദീർഘദൃഷ്ടിയും കാര്യപ്രാപ്തിയും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ആത്മാർത്ഥതയും ധർമ്മബോധവും സ്വയം പ്രവർത്തനങ്ങളിൽക്കൂടി വെളിപ്പെടുത്തിക്കൊണ്ടിരുന്നു.

മറ്റുള്ള രാജ്യങ്ങളുമായി സൗഹാർദ്ദപരമായ ഒരു നയമാണ് അദ്ദേഹം പിന്തുടർന്നിരുന്നത്. അതുപോലെ വിദേശരാജ്യങ്ങൾ തമ്മിൽ വഴക്കുകൾ ഉണ്ടാവുമ്പോൾ ഒരു രാജ്യത്തിന്റെയും പക്ഷം പിടിക്കാതെ നിക്ഷ്പക്ഷമായ രാജ്യതന്ത്രങ്ങളുമായി പ്രശ്നങ്ങളെ കൈകാര്യം ചെയ്തിരുന്നു.  'ജോൺ ജേ'യെ (1745-1829), അമേരിക്കയുടെ ആദ്യത്തെ ചീഫ് ജസ്റ്റിസായി നിയമിക്കുകയും ചെയ്തു. ഫസ്റ്റ് നാഷണൽ ബാങ്ക് ഒപ്പിട്ടുകൊണ്ടുള്ള ആദ്യത്തെ ബിൽ പാസാക്കി. പ്രസിഡൻഡിന്റേതായ ക്യാബിനറ്റ് അംഗങ്ങളെ നിയമിച്ചു. 'വാഷിംഗ്‌ടൺ' പ്രസിഡണ്ടായി ചാർജ് എടുത്തപ്പോൾ 'യുണൈറ്റഡ് സ്റ്റേറ്റ്സ്' (US) അന്ന് ഒരു ചെറിയ രാജ്യമായിരുന്നു. പതിനൊന്ന് സ്‌റ്റേറ്റും നാലുമില്യൺ ജനങ്ങളുമേ അക്കാലങ്ങളിൽ അമേരിക്കയിലുണ്ടായിരുന്നുള്ളൂ. പുതിയതായി രൂപം കൊണ്ട രാജ്യത്തിന്റെ പ്രസിഡണ്ടിന് വിദേശ കാര്യങ്ങളും ആഭ്യന്തരവും എങ്ങനെ കൈകാര്യം ചെയ്യണമെന്നും അറിയില്ലായിരുന്നു. എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധയോടെയും സത്യസന്ധമായും പ്രവർത്തിച്ചകാരണം ഭാവി പ്രസിഡന്റുമാർക്ക് വാഷിംഗ്‌ടൺ മാതൃകയാവുകയും ചെയ്തു.

സെക്രട്ടറി ഓഫ് സ്റ്റേറ്റ്, തോമസ് ജെഫേഴ്സണും (1743-1826) സെക്രട്ടറി ഓഫ് ട്രഷറി, അലക്‌സാണ്ടർ ഹാമിൽട്ടണും ജോർജ് വാഷിംഗ്‌ടന്റെ ക്യാബിനറ്റിലെ പ്രമുഖരായ വ്യക്തികളായിരുന്നു. ഫെഡറിലിന്റെ അധികാര വികേന്ദ്രികരണങ്ങളെ സംബന്ധിച്ചുള്ള പരസ്പ്പര വിരുദ്ധങ്ങളായ അഭിപ്രായങ്ങൾ ഇരുവരും ഉന്നയിച്ചിരുന്നു. ഹാമില്ട്ടൻ' ശക്തമായ ഒരു  കേന്ദ്രീകൃത സർക്കാരായിരുന്നു വിഭാവന ചെയ്തത്. എന്നാൽ ജെഫേഴ്സൺ' കൂടുതൽ സ്റ്റേറ്റ് അവകാശങ്ങളും ആവശ്യപ്പെട്ടു. വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ രാജ്യഭരണം നടത്തുന്നതിന് തടസ്സമാകുമെന്നും അതുകൊണ്ട് ഏകീകൃത അഭിപ്രായം രൂപീകരിക്കണമെന്നും വാഷിംഗ്‌ടൺ ആവശ്യപ്പെട്ടു.

1796-ൽ വാഷിംഗ്‌ടൺ പ്രസിഡന്റ് പദവിയിൽ നിന്ന് വിരമിക്കുകയും വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. മൂന്നാം തവണ പ്രസിഡന്റാകണമെന്ന ആവശ്യം നിരസിക്കുകയും ചെയ്തു. അദ്ദേഹം വിരമിച്ചപ്പോൾ വിടവാങ്ങൽ പ്രസംഗമദ്ധ്യേ 'രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങൾക്കു കൂടുതൽ ശ്രദ്ധ വേണമെന്നും വിദേശരാജ്യങ്ങളുടെ പ്രശ്നങ്ങളിൽ അധികം കൈകടത്തരുതെന്നും നിർദേശിച്ചു. വാഷിംഗ്‌ടൺ   വിരമിച്ചപ്പോൾ' പറഞ്ഞ വാക്കുകൾ അദ്ദേഹത്തിന്റെ ജന്മദിനമായ ഓരോ ഫെബ്രുവരിയിലും സെനറ്റിൽ വായിക്കാറുണ്ട്.

വാഷിങ്ടൺ, പ്രസിഡന്റ് പദവിയിൽനിന്ന് വിരമിച്ചശേഷം 'മൗണ്ട് വെർണ്ണനിൽ' മടങ്ങി വരുകയും  പ്ലാന്റേഷൻ കാര്യങ്ങളിൽ ശ്രദ്ധിച്ചുകൊണ്ട് ശിഷ്ടകാലം ജീവിക്കുകയും ചെയ്തു. നാലു  പതിറ്റാണ്ടുകളുടെ പൊതുജീവിതമൂലം വാർദ്ധക്യം നേരത്തെ തന്നെ ബാധിച്ചിരുന്നു. 1799 ഡിസംബർ പതിനാലാം തിയതി ജോർജ് വാഷിംഗ്ടൺ മരണമടഞ്ഞു. മരണസമയം അദ്ദേഹത്തിൻറെ ഭാര്യ മാർത്തായും ബന്ധുക്കളും സമീപമുണ്ടായിരുന്നു. കൂടാതെ കുടുംബ ഡോക്ടർ   ഡോ.ജെയിംസ് ക്രൈക്കും സെക്രട്ടറി തോബിയാസ് ലെയറും സമീപമുണ്ടായിരുന്നു. തൊണ്ടയിൽ നീർക്കെട്ടു വന്നത് മരണകാരണമായി കരുതപ്പെടുന്നു. പതിവുപോലെ ഡിസംബർ പന്ത്രണ്ടാം തിയതി കുതിരപ്പുറത്ത് തന്റെ കൃഷി ഭൂമികളിൽക്കൂടി കുതിര സവാരി ചെയ്യുകയായിരുന്നു. അവിചാരിതമായി അന്നേ ദിവസം ആ പ്രദേശങ്ങൾ മുഴുവൻ മഞ്ഞു പെയ്തിരുന്നു. വീട്ടിൽ മടങ്ങി വന്നിട്ടും അദ്ദേഹം തന്റെ നനഞ്ഞ വസ്ത്രം മാറിയില്ലായിരുന്നു. നേരെ ഡിന്നർ കഴിക്കാൻ പോയി. അടുത്ത ദിവസം രാവിലെ തന്നെ അദ്ദേഹത്തിൻറെ തൊണ്ണയ്ക്ക് കടുത്തതായി വേദന തുടങ്ങി. അന്നു വൈകുംന്നേരമായപ്പോൾ ആരോഗ്യ നില വളരെ ഗുരുതരമായി തീർന്നിരുന്നു.

ജോർജ് വാഷിംഗ്‌ടന്റെ അവസാന കാലങ്ങളിൽ സെക്രട്ടറി 'തോബിയാസ് ലെയറിനോട്' 'തന്റെ മരണശേഷം ഭൗതിക ശരീരം എങ്ങനെ മറവു ചെയ്യണമെന്നു'ള്ള നിർദേശങ്ങളും നൽകിയിരുന്നു.   ശവസംസ്ക്കാര ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തത് തോബിയാസായിരുന്നു. മരണാസന്നനായ അദ്ദേഹം പറഞ്ഞത്, "തന്റെ മരണശേഷം ശവസംസ്ക്കാരം വളരെ നന്നായി നടത്തണം. മൂന്നു ദിവസത്തിൽ കൂടുതൽ ഭൗതിക ശരീരം ശവപ്പെട്ടിക്കുള്ളിൽ വെക്കരുത്". മരിച്ചയുടൻ ശവമടക്കുകയെന്ന ആചാരം പതിനെട്ടാം നൂറ്റാണ്ടിലില്ലായിരുന്നു. തോബിയാസ് എല്ലാം തലകുലുക്കി സമ്മതിച്ചെങ്കിലും പ്രതികരണം കാണാഞ്ഞതിനാൽ വീണ്ടും അദ്ദേഹം 'നിങ്ങൾക്ക് പറഞ്ഞതെല്ലാം മനസിലായോയെ'ന്നും ചോദിച്ചു.  തന്റെ അന്ത്യാഭിലാഷം സാധിക്കുമെന്നറിഞ്ഞപ്പോൾ 'അങ്ങനെ സംഭവിക്കട്ടെയെന്നും' അദ്ദേഹം പ്രതീക്ഷകളോടെ ഉത്തരം പറഞ്ഞു.

1799 ഡിസംബർ പതിനെട്ടാം തിയതി എല്ലാവിധ ആചാരക്രമങ്ങളോടെ വാഷിംഗ്‌ടൺന്റെ  ശവസംസ്ക്കാരം നടത്തി. നാലു കാർമ്മികർ അന്ന് ചരമ പ്രസംഗങ്ങൾ നടത്തിയിരുന്നു. അവർക്കെല്ലാം ഓരോ വിധത്തിൽ വാഷിംഗ്‌ടനുമായി സൗഹാർദ ബന്ധങ്ങളുണ്ടായിരുന്നു. റവ.തോമസ് ഡേവീസ്, റവ. ജെയിംസ് മൂർ, റവ. വില്യം മോഫാറ്റ്, റവ. വാൾട്ടർ അഡിസൻ എന്നിവരുടെ കാർമ്മികത്വത്തിലായിരുന്നു ചരമാചാരങ്ങൾ നടത്തിയത്.

മരിക്കുന്നതിനുമുമ്പ്, ജോർജ് വാഷിഗ്ടൺ തന്റെ വിൽപ്പത്രം തയ്യാറാക്കിയിരുന്നു. രണ്ടുവിധത്തിലുള്ള വില്ലുകളാണ് എഴുതിയുണ്ടാക്കിയത്. മരിക്കുന്ന ആ സായാന്ഹത്തിൽ വാഷിംഗ്‌ടൺ തന്റെ രണ്ടു വില്ലുകളും എടുത്തുകൊണ്ടു വരാൻ മാർത്തയോട് ആവശ്യപ്പെട്ടു. രണ്ടും വായിച്ച ശേഷം അതിൽ ഒരെണ്ണം വാഷിഗ്ടൺ തന്നെ തീ കൊളുത്തി കത്തിച്ചു കളഞ്ഞു.

വിൽപ്പത്രമനുസരിച്ച് ജോർജ് വാഷിംഗ്‌ടന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന അടിമകളെ മുഴുവൻ മാർത്തായുടെ മരണശേഷം മോചിപ്പിക്കണമെന്നും ചേർത്തിട്ടുണ്ടായിരുന്നു. 1799-ൽ 'മൗണ്ട് വെർണ'നിലുണ്ടായിരുന്ന 317 അടിമകളിൽ 123 പേരുടെ ഉടമസ്ഥാവകാശം മാത്രമേ വാഷിംഗ്‌ടനുണ്ടായിരുന്നുള്ളൂ. മാർത്ത ജീവിച്ചിരിക്കെ അടിമകളെ മോചിപ്പിക്കാൻ അവർ മരിക്കുന്നവരെ കാത്തിരുന്നില്ല, അവർ വാഷിംഗ്‌ടനുണ്ടായിരുന്ന എല്ലാ അടിമകളെയും 1801 ജനുവരി ഒന്നാം തിയതി മോചിപ്പിച്ചു. വാഷിംഗ്‌ടനും മാർത്താക്കും ശവകുടീരങ്ങൾ പണിതുണ്ടാക്കണമെന്ന്  വില്ലിൽ എഴുതിയുട്ടുണ്ടായിരുന്നു. അതനുസരിച്ച് ശവകുടീരങ്ങൾ നിർമ്മിക്കുകയും ചെയ്തു. 365 ദിവസങ്ങളും 'വാഷിംഗ്‌ടൺ-മാർത്തായുടെ' ശവകുടീരങ്ങൾ! സന്ദർശകർക്കായി തുറന്നു വെച്ചിട്ടുണ്ട്. അവർക്കായി പഴയതും പുതിയതുമായ രണ്ടു ശവകുടീരങ്ങൾ കൂടി നിർമ്മിച്ചിരുന്നു.

ഫെയർഫസ് കൗണ്ടി സർക്യൂട്ട് കോർട്ട് ഓഫീസിൽ സൂക്ഷിച്ചിരിക്കുന്ന പ്രാമാണിക ഡോക്യൂമെന്റായ ജോർജ് വാഷിംഗ്‌ടന്റെ വിൽപ്പത്രത്തിൽ അദ്ദേഹത്തിൻറെ നിരവധി പ്രവർത്തന മണ്ഡലങ്ങൾ  ഉൾപ്പെടുത്തിയിരിക്കുന്നതായി കാണാം. അദ്ദേഹത്തിൻറെ വിശ്വാസങ്ങൾ, കുടുംബ സ്നേഹം, സുഹൃത്തുക്കളോടുള്ള ആത്മാർത്ഥത, മൊത്തം സ്വത്തുക്കളുടെ വിവരങ്ങൾ എന്നിവകൾ വിൽപ്പത്രത്തിൽ പ്രതിഫലിക്കുന്നതും ചിന്തനീയമാണ്.

പുതുക്കി പണിത ജോർജ് വാഷിഗ്ടന്റെ അലക്‌സാൻഡ്രിയ ടൌൺ ഹോം ഇന്ന് ഒരു പ്രൈവറ്റ് ഹൌസാണ്‌. ജീവിക്കുന്നകാലത്ത് അദ്ദേഹം കണക്കില്ലാത്ത ഭൂമി സമ്പാദിച്ചിരുന്നു. അലക്‌സാണ്ടറിയായിയിലും വാഷിംഗ്‌ടൺ ഡി.സിയിലും നിരവധി ടൌൺഹൌസ് പ്ലോട്ടുകളും കരസ്ഥമാക്കിയിരുന്നു. ഒഹായോ നദിയുടെ തീരത്തും മെരിലാൻഡിലും പെൻസിൽവേനിയായിലും ന്യൂയോർക്കിലും വസ്തുവകകളുണ്ടായിരുന്നു. സ്വത്തുക്കൾ വീതം വെക്കുന്നതിൽ  മുൻഗണന കൽപ്പിച്ചത് സ്വന്തം ഭാര്യക്കായിരുന്നു. എങ്കിലും അദ്ദേഹത്തിൻറെ അടുത്ത ബന്ധുക്കൾക്കും അകന്ന ബന്ധുക്കൾക്കും സാമ്പത്തിക സഹായങ്ങൾ നല്കാൻ വിൽപ്പത്രം നിർദ്ദേശിക്കുന്നുണ്ടായിരുന്നു. തന്റെ സഹോദരൻ സാമുവേൽ അദ്ദേഹത്തോട് കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം കടം   വാങ്ങിയിരുന്നു. അത് തിരിച്ചു തരണ്ടായെന്നും വില്ലിൽ എഴുതിയിരുന്നു.

വാഷിംഗ്‌ടന്റെ അടിമകളെ വിമോചിപ്പിക്കുന്നതിനൊപ്പം അവരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകളും, ജീവിക്കാനുള്ള സാഹചര്യങ്ങളും സൃഷ്ടിക്കാൻ പ്രത്യേകമായ ഫണ്ട് നീക്കി വെച്ചിരുന്നു.  മരണം കഴിഞ്ഞാൽ' അടിമകളെ മോചിപ്പിക്കണമെന്ന് വിൽപ്പത്രത്തിലുണ്ടായിരുന്നെങ്കിലും പകുതി അടിമകളുടെ ഉടമസ്ഥാവകാശം മാർത്തായുടെ ആദ്യത്തെ ഭർത്താവ് ഡാനിയേൽ 'പാർക്ക് ക്യൂസ്റ്റിസിനായിരുന്നു. അദ്ദേഹത്തിൻറെ വിശ്വസ്ത സേവകനായിരുന്ന 'വില്യം ലീയെ'  ഉടനടി മോചിപ്പിച്ചു. അമേരിക്കൻ കൊളോണിയൽ യുദ്ധകാലത്ത് വാഷിംഗ്‌ടനോടൊത്ത് യുദ്ധത്തിൽ പ്രവർത്തിച്ചിരുന്ന ആഫ്രോ അമേരിക്കനായിരുന്നു, 'വില്യം ലീ'.  മാസം മുപ്പതു ഡോളർ പെൻഷനും ലീയ്ക്ക് അനുവദിച്ചു. സ്വതന്ത്രരായ വയസായ അടിമകളെയും അസുഖം പ്രാപിച്ചവരെയും കുഞ്ഞുങ്ങളെയും സഹായിക്കാനുള്ള ഫണ്ടും നീക്കി വെച്ചിരുന്നു. ഇരുപത്തിയഞ്ചു വയസുവരെയുള്ളവർക്ക് എഴുതാനും വായിക്കാനുമുള്ള പഠന സഹായവും നൽകിയിരുന്നു. അവർക്ക് തൊഴിലു കൊടുക്കാനുള്ള വ്യവസ്ഥകളും വിൽപ്പത്രത്തിലുണ്ടായിരുന്നു. തന്റെ അടിമകളെ വിൽക്കാനോ വെർജീനിയായ്ക്ക് പുറത്ത് കടത്താനോ പാടില്ലെന്നുള്ള വ്യവസ്ഥകളും വിൽപ്പത്രത്തിൽ ഉൾക്കൊള്ളിച്ചിരുന്നു. അവരുടെ ക്ഷേമാന്വേഷണത്തിനായി വേണ്ടതെല്ലാം അദ്ദേഹം ചെയ്തിട്ടുമുണ്ടായിരുന്നു. അനാഥരെ സംരക്ഷിക്കാൻ ഒരു സ്‌കൂൾ തുടങ്ങാനും വിൽപ്രമാണമനുസരിച്ച്' പണം നീക്കി വെച്ചിരുന്നു.

1950-മുതൽ തുടർച്ചയായി നാൽപ്പതു കൊല്ലങ്ങളോളം ഈ വിൽപ്പത്രം 'കൗണ്ടി കോർട് ഹൌസിൽ' പ്രദർശിപ്പിക്കുന്നുണ്ടായിരുന്നു. പത്രത്തിൽ തേയ്മാനം കണ്ടതിനാൽ 1976-മുതൽ ലൈബ്രറി ഓഫ് കോൺഗസിന്റെ ഉപദേശപ്രകാരം സ്പെഷ്യൽ ദിവസങ്ങളിൽ മാത്രമേ ഇത് പ്രദർശിപ്പിക്കാറുള്ളൂ. ശാസ്ത്രീയ പരിരക്ഷകളോടെ വിൽപ്പത്രം കോർട്ട് ഹൌസിൽ സൂക്ഷിക്കുന്നു. ഒപ്പം അമേരിക്കയുടെ ചരിത്രപരമായ നിരവധി ഡോകുമെന്റുകളും അവിടെ സൂക്ഷിക്കുന്നുണ്ട്.

അമേരിക്കയുടെ ഇതിഹാസപുരുഷനായ വാഷിംഗ്‌ടന്റെ മുഖം അമേരിക്കൻ ഡോളറിലും ക്വാർട്ടർ നാണയങ്ങളിലും പ്രത്യക്ഷമാകുന്നു. നൂറുകണക്കിന് സ്‌കൂളുകളും കോളേജുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. യൂണിവേഴ്സിറ്റികളുമുണ്ട്. ജോർജ് വാഷിംഗ്‌ടൺ ബ്രിഡ്ജും ചരിത്രസ്മാരകമായി രണ്ടു സ്റ്റേറ്റുകളായ ന്യൂയോർക്കിനെയും ന്യൂജേഴ്‌സിയേയും ബന്ധിപ്പിക്കുന്നു. രാഷ്ട്രത്തിന്റെ തലസ്ഥാനത്തിന്റെ പേരും വാഷിംഗ്‌ടൺ എന്നാണ്. ചരിത്രപരമായ അദ്ദേഹത്തെപ്പറ്റിയുള്ള വീഡിയോകൾ, ചരിത്ര ബുക്കുകൾ മുതലാവകൾ ലോകം മുഴുവനുമുള്ള ലൈബ്രറികളിൽ സുലഭവുമാണ്. രണ്ടു പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. 'മൈ ജേർണി ടു ദി ഒഹായോ വാലി', (my journey to the Ohio Valley) പെൻ പാൽ വിത്ത് മെനി എറൗണ്ട് ദി വേൾഡ്, (Pen pal with many around the world) എന്ന അദ്ദേഹത്തിൻറെ പുസ്തകങ്ങളുടെ മാനുസ്ക്രിപ്റ്റ് ലൈബ്രറി ഓഫ് കോൺഗ്രസിൽ സൂക്ഷിക്കുന്നു.

Thomas Jefferson (Third US President)

John Adams (Second US President)

Wednesday, October 16, 2019

കൂടത്തായി ജോളി, സണ്‍ ഓഫ് സാം: കൊലപാതകികളുടെ മനശാസ്ത്രം



ജോസഫ്  പടന്നമാക്കൽ 

ഇതിഹാസങ്ങളിൽ നാം നിരവധി സ്ത്രീ ഘാതകരെപ്പറ്റിയുള്ള വിവരങ്ങൾ വായിച്ചിട്ടും കേട്ടിട്ടും അറിഞ്ഞിട്ടുമുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം സ്ത്രീകളുടെ കൊലപാതകങ്ങളിലുള്ള പങ്ക് വളരെ വിരളമായേ കാണാറുള്ളൂ. എന്നാൽ, വർത്തമാന ലോകത്തിൽ കൊലക്കുറ്റം ചെയ്യുന്നവരിൽ ധാരാളം സ്ത്രീകളെയും കാണാം. അവരുടെ ജനസംഖ്യ മൊത്തം കൊലയാളികളുടെ ഇരുപതു ശതമാനം വരും. എന്നിരുന്നാലും, സ്ത്രീകളുടെ കൊലപാതക ഉദ്ദേശ്യങ്ങൾ പുരുഷ കൊലയാളികളുടേതിൽ നിന്നും വ്യത്യസ്തമാകാം.

കിഴക്ക്, ഹൈറേഞ്ചിലുള്ള സാമാന്യം സാമ്പത്തികസ്ഥിതിയുള്ള കുടുംബപശ്ചാത്തലത്തിലാണ് ജോളി വളർന്നത്. മലയോര ഗ്രാമത്തിലെ പ്രൗഢഗംഭീരമായ ഒരു വീട്ടിൽ ജനിച്ചു. തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിൽ അവർ വളർന്നു. ആർക്കും മോശമെന്നു പറയാൻ കഴിയാത്ത ജോളി പിന്നെ എപ്പോഴാണ് കൊലപാതകിയായതെന്നും അറിയില്ല. കൂടത്തായിൽ ഒരു ബന്ധുവിന്റ് കല്യാണ വിരുന്നിൽ സംബന്ധിക്കവെ പ്രതിശ്രുത വരനായ റോയിയെ കണ്ടുമുട്ടി. ഹൈറേഞ്ചിൽ നിന്നുമിറങ്ങി ജോളി സമ്പന്നമായ പൊന്നാമറ്റം കുടുംബത്തിന്റെ മരുമകളായി വന്നു. റോയിയുടെ മാതാപിതാക്കളും വിദ്യാസമ്പന്നർ. കട്ടപ്പനയിൽ ജനിച്ചു വളർന്ന വീടിനേക്കാളും പുതിയ അനുഭവങ്ങൾ പുതിയവീട്ടിൽ ജോളിക്ക് ലഭിച്ചുകൊണ്ടിരുന്നു. കാർ, ബംഗ്ളാവ്, ആഡംബരങ്ങൾ മുതലായ അപ്രതീക്ഷിത മാറ്റങ്ങൾ ജോളിയെ ഒരു പുതിയ സ്ത്രീയാക്കി മാറ്റി. പുത്തനായ ജീവിത രീതികളിലും ആഡംബരഭ്രമങ്ങളിലും അലിഞ്ഞുചേർന്ന ജോളിക്ക് തന്റെ കഴിഞ്ഞകാല ജീവിതത്തെപ്പറ്റിയുള്ള അപകർഷതാ ബോധം അലട്ടി കാണാം. ക്രമേണ ഗ്രാമീണ വാസികളായ കട്ടപ്പനയിലുള്ള മാതാപിതാക്കളുമായി അകലാനും തുടങ്ങി.

സർവ്വവിധ സുഖസൗകര്യങ്ങളുമുണ്ടെങ്കിലും പുതിയ കുടുംബജീവിതത്തിൽ ജോളിയ്ക്ക് ആ വീട്ടിലുള്ളവരുടെ പെരുമാറ്റരീതികളോട് യോജിച്ചു പോകാൻ സാധിച്ചിരിക്കില്ല. പുതിയ വീട്ടിൽ, എല്ലാവരും ഉദ്യോഗസ്ഥർ, അദ്ധ്യാപകർ, ആഡംബരമായ ജീവിതം! ഈ സാഹചര്യങ്ങളിൽ ഒരു ഗ്രാമീണ  കുടുംബത്തിൽ നിന്നും വന്ന പെണ്ണിന് അവരോടൊപ്പം ജീവിതനിലവാരങ്ങളിൽ തുല്യമാണെന്നും അഭിനയിക്കണമായിരുന്നു. അതിനായിട്ട് അവർ എൻ ഐ റ്റി യിൽ ജോലിയുണ്ടെന്ന് ഭർതൃ വീട്ടുകാരെ ധരിപ്പിച്ചുകൊണ്ടിരുന്നു. രാവിലെ എവിടെയൊക്കെയോ വണ്ടിയും കൊണ്ട് പോകും. സാധാരണ ജോലിക്കാരെപ്പോലെ വൈകുന്നേരം വണ്ടിയുംകൊണ്ട് തിരിച്ചു വന്നുകൊണ്ടിരുന്നു. ഒരു പക്ഷെ, സ്വന്തം കുടുംബക്കാരുടെ പ്രശ്നങ്ങളെ മറച്ചു പിടിക്കാനും ഒരു ഉദ്യോഗസ്ഥയാണെന്നുള്ള മാന്യതയ്ക്കുമായിരിക്കാം അവർ ഈ വേഷങ്ങളിലെല്ലാം അഭിനയിക്കേണ്ടി വന്നത്.

'ജോളി' പോലീസിനോട് പറഞ്ഞ മൊഴി ശ്രദ്ധേയവും വിസ്മയകരവുമാണ്. തെളിവുകൾ ശേഖരിക്കുമ്പോഴും കുറ്റത്തിന്റെ ഗൗരവം അവർ പ്രകടിപ്പിച്ചില്ലെന്ന് പോലീസ് പറയുന്നു. 'തന്റെ ശരീരത്തിൽ ചിലപ്പോൾ പിശാച് കയറും. ആ സമയങ്ങളിൽ താൻ എന്തു ചെയ്യുന്നുവെന്ന് തനിക്കറിയില്ലായെന്നും' അവർ പറയുന്നു. ഇപ്പോൾ പിടിയിലായിരുന്നില്ലെങ്കിൽ കൂടുതൽ കൊലപാതകങ്ങൾ നടത്തുമായിരുന്നുവെന്നും പോലീസിനോട് പറഞ്ഞു. നാലുപേരെ സൈനേഡ് കൊടുത്തും അവരുടെ അമ്മായി അമ്മ അന്നമ്മയെ കീടനാശിനി കൊടുത്തും രണ്ടാം ഭർത്താവിന്റെ കുഞ്ഞിനെയും വിഷം കൊടുത്തും കൊന്നുവെന്നു അവർ മൊഴി നൽകി.

സാഹചര്യങ്ങളാണ്, ഒരാളെ കൊലയാളിയാക്കുന്നതെന്നും ആരും ക്രിമിനലായി ജനിക്കുന്നില്ലെന്നും ചില മനഃശാസ്ത്രജ്ഞർ വിലയിരുത്തുന്നു. ജോളിയെ സംബന്ധിച്ചടത്തോളം അങ്ങനെ ഒരു സാഹചര്യം ഉണ്ടോയെന്നും അറിയില്ല. കട്ടപ്പനയിലെ മലയോരങ്ങളിൽ താമസിക്കുന്നവരെല്ലാം നിഷ്കളങ്ക ജനതയായിട്ടാണ് കാണപ്പെടുന്നത്. മാന്യമായി ജീവിക്കുന്ന ഒരു കുടുംബത്തിലാണ് ഇവർ വളർന്നതും. സമ്പത്തു നിറഞ്ഞ ഒരു കുടുംബത്തിൽ വിവാഹം കഴിപ്പിച്ച ശേഷം ഇവരുടെ മാനസിക നില തെറ്റിയെന്ന് വേണം കരുതാൻ! നന്നേ ചെറുപ്പത്തിൽ വിവാഹിയായ ജോളിക്ക് സാഹചര്യങ്ങളുമായി ഒത്തു ചേരാൻ സാധിച്ചില്ലായിരിക്കാം! അത് പകയായി പിന്നീട് മാറിയതുമാകാം! സ്വത്തിനോടുള്ള അമിതാവേശവും വഴിപിഴച്ച ജീവിതവും അവരെ ഒരു വിഷജീവിയായി മാറ്റിയതാകാം!

ഒന്നിനുപുറകേ ഒന്നായി കൊലചെയ്യുന്നവരുടെ കഥകൾ ഓർത്തപ്പോൾ ന്യൂയോർക്കുകാർക്ക് സുപരിചിതനായിരുന്ന 'സൺ ഓഫ് സാം' എന്ന  കൊലയാളിയെയാണ് ഓർമവന്നത്. 1975-'76 കാലങ്ങളിൽ ന്യൂയോർക്കിൽ വെസ്റ്റ്ചെസ്റ്റർ കൗണ്ടിയിൽ 'സൺ ഓഫ് സാം' നിരവധി ഭീകര കൊലപാതകങ്ങൾ നടത്തിയിരുന്നു. പോലീസുകാർക്ക് പിടികിട്ടാപുള്ളിയായിരുന്നു. ഒരുപക്ഷെ അന്നത്തെ കാലയളവിൽ ഈ കൗണ്ടിയിലും സമീപ കൗണ്ടികളിലും താമസിച്ചിരുന്നവർ പ്രമാദമായ 'സൺ ഓഫ് സാം കേസ്' ഓർമ്മിക്കുന്നുണ്ടാവാം. അയാളെ പേടിച്ച് ഇവിടെയുള്ള കുടുംബങ്ങൾ (മലയാളികളുൾപ്പടെ) വീടിനു പുറത്തിറങ്ങാൻ ഭയപ്പെട്ടിരുന്നു. അയാൾ എട്ടു സ്ത്രീകളെ 1975 മുതൽ 1976 ആഗസ്റ്റിൽ പിടിക്കപ്പെടുന്നവരെ വെടിവെച്ചുകൊല്ലുകയുണ്ടായി. കൂടാതെ നിരവധി സ്ത്രീകൾക്കുനേരെ നിറയൊഴിച്ചു ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. മൃതദേഹങ്ങളുടെ സമീപം 'സൺ ഓഫ് സാം' എന്ന് ഇംഗ്ളീഷിൽ എഴുതിയും വെക്കുമായിരുന്നു. ഒപ്പം, അടുത്ത കൊലപാതകവും ഉടനടിയെന്നു ഓരോ കുറിപ്പിലും മുന്നറിയിപ്പും കൊടുത്തിരുന്നു.

സൺ ഓഫ് സാമിന്റെ ബാല്യം വളരെയധികം ദുഃഖപൂർണ്ണമാണ്. വളർത്തു മാതാപിതാക്കളുടെ സംരക്ഷണയിലാണ് 'സാം' വളർന്നത്. ആരോ ഉപേക്ഷിച്ചുപോയ വഴിയിൽ കിടന്നുകിട്ടിയ കുഞ്ഞായിരുന്നു ഇയാൾ'. താറുമാറായ ഒരു ബാല്യവും ഉണ്ടായിരുന്നു. സാഹചര്യങ്ങൾ അയാളെ ഒരു ക്രിമിനലാക്കി. യഹൂദനായ അയാൾ വെടിവെച്ചു കൊന്നിരുന്നത്' കറുത്തതും നീളമുള്ളതുമായ   തലമുടിയുള്ള യുവതികളെയായിരുന്നു. എവിടെയെങ്കിലും ഏകനായി കാത്തിരുന്ന് വൈകുംന്നേരം ആറിനും ഏഴിനുമിടയിലുള്ള സമയത്തായിരുന്നു ഓരോ കൊലപാതകങ്ങളും നടത്തിയിരുന്നത്. ഈ ലേഖകന്റെ ഭാര്യക്കും  അക്കാലങ്ങളിൽ നീളമുള്ള കറുത്ത മുടികളുണ്ടായിരുന്നതുകൊണ്ട് അയാളെ ഭയപ്പെട്ടു കഴിഞ്ഞിരുന്നു. അന്നൊക്കെ ഭാര്യയെ 'കാർ' ഓടിക്കാൻ പഠിപ്പിക്കുന്നതിനായി ചുറ്റുമുള്ള സ്ട്രീറ്റുകളിൽക്കൂടി ഞാനും ഒപ്പം പോവുമായിരുന്നു. 'സൺ ഓഫ് സാമിനെ' പേടിച്ച് വൈകുന്നേരം ആറിനുമുമ്പ് വീട്ടിലുമെത്തിയിരുന്നു. 'ആറ്' ജീവപര്യന്തം ശിക്ഷകിട്ടിയ അയാൾ ഇന്നും ജയിലിൽ കഴിയുന്നു.

യോങ്കേഴ്സിൽ ഒരു അപ്പാർട്ട്മെന്റിൽ നിന്നുമായിരുന്നു അയാളെ പിടികൂടിയത്. ന്യൂയോർക്കിൽ തൂക്കിക്കൊല ശിക്ഷയില്ലാത്തതു കൊണ്ട് മരണ ശിക്ഷ അയാൾക്ക് ലഭിച്ചില്ല. 'ഡേവിഡ് ബെർകോവിറ്റ്സ്' എന്നാണ്, അയാളുടെ അസൽ പേര്! 'സൺ ഓഫ് സാം' എന്ന അപരനാമം അയാളുടെ കൊല ചെയ്യാനുള്ള പേരായിരുന്നു. 44 കാലിബർ ബുൾഡോഗ് എന്നും അയാളെ വിളിച്ചിരുന്നു. 1953-ജൂണിൽ ജനിച്ച അയാൾക്ക് ഇപ്പോൾ 66 വയസ് പ്രായമുണ്ട്. ജയിലിൽ കഴിയുന്നു.

ന്യൂയോർക്ക് സിറ്റിക്ക് അക്കാലത്ത് ഏറ്റവും തലവേദന സൃഷ്ട്ടിച്ചിരുന്ന ഒരു കൊലയാളിയായിരുന്നു അയാൾ. 'സൺ ഓഫ് സാമും' പൊലീസിന് മൊഴി കൊടുത്തത് ഏതാണ്ട് ജോളി പറയുന്നപോലെയായിരുന്നു. 1976 ഓഗസ്റ്റ് പത്താംതീയതി പോലീസ് അയാളെ കസ്റ്റഡിയിൽ എടുത്തപ്പോൾ, ഓരോ കൊലപാതകങ്ങളും കുറ്റങ്ങളും അയാൾ മടികൂടാതെ, കാര്യഗൗരവമില്ലാതെ സമ്മതിക്കുകയും ചെയ്തിരുന്നു. അയാളുടെ അയൽവക്കത്ത് 'സാം' എന്ന് പേരായ ഒരു പട്ടിയുണ്ടായിരുന്നുവെന്നും ആ പട്ടിയുടെ പ്രേതം അയാളെ ബാധിച്ചിട്ടുണ്ടെന്നും ആ പ്രേതമാണ് ഈ കൊലകൾ ചെയ്യിപ്പിച്ചതെന്നുമാണ് അയാൾ പോലീസിനോട് പറഞ്ഞത്. ജോളിയും ഇത് തന്നെ പറയുന്നു. ഓരോ 'കൊലപാതകവും കുറ്റവും' നടത്തുമ്പോഴും പിശാച് അവരുടെ ശരീരത്തിൽ ആവഹിച്ചിരുന്നുവെന്ന് ജോളി പോലീസിനോട് പറഞ്ഞതും സൺ ഓഫ് സാമിന്റെ കഥയുമായി പൊരുത്തപ്പെടുകയും ചെയ്യുന്നു.

പരമ്പര കൊലയാളികളിൽ സ്ത്രീകൾ 20 ശതമാനത്തിൽ താഴെയാണെങ്കിലും കൊലക്കുറ്റകൃത്യങ്ങൾ  അവർ ചെയ്യുന്നത് വളരെ വിദഗ്ദ്ധമായ വിധങ്ങളിലായിരിക്കും. ശാന്തമായും തെളിവുകൾ കണ്ടുപിടിക്കാൻ സാധിക്കാത്ത വിധവും നിഗുഢവുമായിട്ടായിരിക്കും അവർ കൊല ചെയ്യുന്നത്. കൊലകൃത്യങ്ങൾ നിർവഹിക്കാൻ പുരുഷന്മാരേക്കാൾ നൈപുണ്യം പ്രകടമാക്കുകയും ചെയ്യും. വളരെയധികം തന്ത്രപൂർവ്വം ഭർതൃമതിത്വം ചമഞ്ഞുകൊണ്ടും കൃത്യം നിർവഹിക്കും. വിഷം കൊടുത്തുള്ള മാർഗങ്ങളാണ് സ്ത്രീകൾ കൂടുതലും സ്വീകരിക്കാറുള്ളതെന്നും ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. വെടി വെച്ചും കത്തികൊണ്ട് കുത്തിയും കൊലക്കുറ്റം നിർവഹിച്ചവരും ധാരാളം. വെള്ളത്തിൽ മുക്കിയും ശ്വാസം മുട്ടിച്ചും കൊന്ന കേസുകളും നിരവധിയുണ്ട്. കക്കുക, ചതിയും വഞ്ചനയും നടത്തുക, പണം അപഹരിക്കുക, വിശ്വസിച്ചേൽപ്പിച്ച പണം തിരികെ കൊടുക്കാതിരിക്കുക എന്നീ ദുർഗുണ സ്വഭാവ ഗുണങ്ങൾ ഉള്ളവരും പിന്നീട് പരമ്പരാ കൊലകൾ നടത്തുന്ന കുറ്റവാളികളാകാറുണ്ട്.

കൊലക്കുറ്റം ചെയ്യുന്ന സ്ത്രീകൾ സാധാരണ അവർക്ക് സുപരിചിതങ്ങളായ സ്ഥലങ്ങളായിരിക്കും കൊലപാതകം ചെയ്യുന്നതിനായി തിരഞ്ഞെടുക്കുന്നത്. അവരുടെ സ്വന്തം വീടുകളോ, ഹെൽത് കെയർ സ്ഥലങ്ങളിലോ അവർ ജോലി ചെയ്യുന്ന സ്ഥലങ്ങളോ അനുയോജ്യങ്ങളെന്നും കണ്ടേക്കാം. അവർ, കൊല ചെയ്തശേഷം മൃതദേഹങ്ങൾ പുരുഷന്മാർ ചെയ്യുന്നതുപോലെ ദൂരെ സ്ഥലങ്ങളിൽ കൊണ്ടുപോയി  കളയുകയില്ല. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ അവരുടെ വീട്ടിൽ തന്നെയോ അല്ലെങ്കിൽ ജോലിസ്ഥലത്തോ ഉപേക്ഷിച്ചിരിക്കും. വിഷത്തിനു പകരം തോക്ക് ഉപയോഗിച്ച സ്ത്രീകളുമുണ്ട്. കൊന്ന ശേഷം മരിച്ച ശരീരം ദൂരെ കൊണ്ടുപോയി കളയുന്നവരുമുണ്ട്. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പകരം അപരിചിതരെ കൊല്ലുന്നവരുമുണ്ട്. സ്വന്തമായ ആത്മ തൃപ്തിക്കും പ്രതികാരം ചെയ്യുന്നവരുമുണ്ട്. അതിവിദഗ്ദ്ധമായി ആദ്യം അവർ നടത്തിയ കൊലപാതകത്തിൽ മാനസിക സംഘട്ടങ്ങൾ ഉണ്ടാകേണ്ടതാണ്. നൈരാശ്യവും ബാധിക്കേണ്ടതാണ്. ഇതൊന്നും ഉണ്ടാകാത്ത മനുഷ്യ ജന്മങ്ങൾ കാണുമോയെന്നും അറിയില്ല. കൊലപാതകങ്ങൾ ഒന്നൊന്നായി ചെയ്യുന്ന ജോളിക്ക്  കൊലപാതകങ്ങൾക്കു ശേഷം സ്വന്തം ഭർതൃ കുടുംബത്തിലുള്ളവരോട് ഒത്തൊരുമിച്ചു ജീവിക്കാൻ  മനസ് എങ്ങനെ അനുവദിച്ചുവെന്നും അറിയില്ല.

'ലൈംഗിക പ്രശ്നങ്ങൾ' ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം കൊലകൾക്ക് കാരണമാകണമെന്നില്ല. ലൈംഗികതയും അതിന്റെ പേരിലുള്ള പകവീട്ടലുകളും സ്ത്രീ  കൊലയാളികളുടെയിടയിൽ കുറവായിരിക്കും. കുഞ്ഞുനാളുകളിലുണ്ടാകുന്ന ഭീകരാനുഭവങ്ങൾ അവരെ പിന്നീട് കൊലകളിലേക്ക് നയിച്ചെക്കാം. പകവീട്ടലും അസൂയയും ലൈംഗികതയും കാരണങ്ങളായി ഭവിച്ചേക്കാം. മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയാകളും ജോളിയെന്ന സ്ത്രീയുടെ കൊലപാതക പരമ്പരകളെപ്പറ്റി പരസ്പ്പരവിരുദ്ധങ്ങളായ അഭിപ്രായങ്ങൾ റിപ്പോർട്ടു ചെയ്യുന്നതിൽ തിരക്കിലാണ്. അതുപോലെ  കൊലപാതകങ്ങളുടെ മാനസിക വശങ്ങളെ പഠിക്കാനും മനഃശാസ്ത്ര വിദഗ്ദ്ധരും സാമൂഹിക ശാസ്ത്രജ്ഞരും ശ്രമിക്കുന്നു.

ജോളി, സയനൈഡ് നൽകി ഭർത്താവിനെയും അദ്ദേഹത്തിൻറെ മാതാപിതാക്കളെയും ഉൾപ്പടെ ആറുപേരെ കൊന്നതിന് സമാനമായി മറ്റനേക സ്ത്രീകളായ സീരിയൽ കൊലയാളികളുടെ സമാന ചരിത്രങ്ങളും കാണാൻ സാധിക്കും. മാനസിക ശാസ്ത്ര മേഖലകളിൽ പ്രവർത്തിക്കുന്നവരിൽ അനേകംപേർ കൂടത്തായി  കേസിന്റെ സ്ഥായിയായ കാരണങ്ങൾ കണ്ടുപിടിക്കാൻ തിരക്കിലുമാണ്. അക്കൂടെ കുറ്റാന്വേഷകരും മനഃശാസ്ത്രജ്ഞരും സാമൂഹിക പഠനം നടത്തുന്നവരും ഉൾപ്പെടും. ചരിത്രത്തിലേക്ക് നോക്കുകയാണെങ്കിൽ നിരവധി സ്ത്രീകളായ പരമ്പര കൊലയാളികളുടെ മനഃശാസ്ത്രവും അതിനോടുള്ള സമാനതകളും കണ്ടെത്താൻ കഴിയുന്നു.

ജോളി ആദ്യം കൊല ചെയ്തത് സ്വന്തം അമ്മായിയമ്മയെ ആയിരുന്നു. പണസഞ്ചി സൂക്ഷിച്ചിരുന്നതിലും വീട്ടിലെ കാര്യങ്ങളിൽ മേൽനോട്ടം നോക്കിയിരുന്നതിലും ജോളിയ്ക്ക് അമ്മായിയമ്മയോട് നീരസമുണ്ടായിരുന്നു. വീടിന്റ ഭരണം മുഴുവൻ പിടിച്ചെടുക്കണമെന്ന അമിതാഗ്രഹവും അവരിൽ ആവേശമുണ്ടാക്കി. എന്തുകൊണ്ട് അങ്ങനെ ഒരു ക്രൂരകൃത്യം ജോളിയെ പ്രേരിപ്പിച്ചുവെന്ന് മനഃശാസ്ത്രജ്ഞർ തന്നെ ഗവേഷണം നടത്തണം. അതിന് പല കാരണങ്ങളുമുണ്ടാകാം. മരുമകളും അമ്മായി അമ്മയും ഒരു വീട്ടിൽ ഒരുമയോടെ ജീവിക്കണമെന്നില്ല. സ്വന്തം അമ്മയുടെ സ്ഥാനത്ത് ഒരു പക്ഷെ ജോളിക്ക് അമ്മായിയമ്മയെ കാണാൻ സാധിച്ചില്ലായിരിക്കാം. അല്ലെങ്കിൽ തൊട്ടതിനും വേണ്ടാത്തതിനും ശകാരിക്കുന്ന അമ്മായിയമ്മയാകാം അവർ. അവരുടെ മകൻ 'റോയ്' ഭാര്യയെക്കാൾ അമ്മയുടെ വാക്കുകൾക്ക് വിലകൊടുക്കുന്നുണ്ടാവാം. വിവാഹനാളിന്റെ ആദ്യ ദിവസം തന്നെ ജോളിയുടെ മനസ്സിൽ ഭർത്താവിന്റെ കുടുംബക്കാരോട് അമർഷം ഉണ്ടായിരുന്നിരിക്കാം! ഭർത്താവിന്റെ സ്നേഹക്കുറവിനു കാരണം അമ്മായിയമ്മയെന്നും ചിന്തിച്ചു കാണാം! വിദ്യാഭ്യാസ നിലവാരം കുറഞ്ഞ ജോളിയുടെ കർഷകകുടുംബത്തെ,  അമ്മായിയമ്മ കൂടെക്കൂടെ പരിഹസിച്ചിരുന്നിരിക്കാം. അധികാരവും പണവും അമ്മായിയമ്മ നിയന്ത്രിക്കുന്നതും ജോളിയെ അസ്വസ്ഥയാക്കിയിരിക്കാം. എന്താണെങ്കിലും പകയുള്ള ഒരു കൊലയാളിയുടെ മനസ് സാവധാനം അവരിൽ രൂപപ്പെട്ടുകൊണ്ടിരുന്നു. ഒടുവിൽ അമ്മായിയമ്മയെ കൊന്നുകൊണ്ടുള്ള ആദ്യത്തെ കൊലപാതകത്തിലും അവസാനിച്ചു.

ജോളിയുടെ മാനസിക വ്യതിയാനങ്ങളെ മനസിലാക്കാൻ അവരുടെ കുടുംബത്തിലുള്ളവർക്ക് സാധിക്കാതെ വരുകയും ചെയ്തു. അതിനുശേഷം രണ്ടാമത്തെ കൊലപാതകത്തിന് അവരെ പ്രേരിപ്പിച്ചെങ്കിൽ അവരിൽ സ്പഷ്ടമായ ഒരു കൊലപാതക മനസ്സ് ജന്മനായുണ്ടായിരുന്നുവെന്ന് മനസിലാക്കണം. അവരുടെ ഭർത്താവിന്റെ പിതാവിനെ കൊലപ്പെടുത്തിയത് ധനം മോഹം ആയിരുന്നുവെന്നും മനസിലാക്കുന്നു. അതിനു ശേഷമുണ്ടാക്കിയ വ്യാജ രേഖകകളും കള്ളപ്രമാണങ്ങളും അവരുടെ അമിത സ്വത്തിനോടുള്ള ആർത്തിയായിരുന്നുവെന്നും വ്യക്തമാക്കുന്നു. അവരുടെ വഴിവിട്ട ജീവിതവും സ്വന്തം ഭർത്താവിനെ കൊലപ്പെടുത്താൻ കാരണമായി. ഷാജുവിനെ സ്വന്തമാക്കുന്നതിനുള്ള ശ്രമത്തിൽ ഭർത്താവിനെയും കൊലപ്പെടുത്തി. ഷാജുവിന്റെ ആദ്യഭാര്യയെയും കുഞ്ഞിനേയും അതേ ലക്ഷ്യത്തോടെ കൊന്നു. കൊലപാതക പരമ്പരകൾ തുടർന്നുകൊണ്ടിരുന്നു. ജോളിയുടെ കൊലപാതക രഹസ്യങ്ങൾ അവർ കൊലചെയ്ത അമ്മായിയമ്മയുടെ സഹോദരൻ മനസിലാക്കിയതിനാലാണ്, ആയാളുടെയും ജീവൻ കവർന്നെടുത്തത്.

പുരുഷന്മാർ കൂടുതലും ലൈംഗിക കാരണങ്ങളാൽ കൊലപാതകങ്ങൾ നടത്തുന്നു. എന്നാൽ സ്ത്രീകൾ കൊലകുറ്റങ്ങൾ കൂടുതലും ആലോചിച്ചും പ്രായോഗികമായി ചിന്തിച്ചും നടത്തും. സാമ്പത്തിക നേട്ടങ്ങൾക്കായി സ്ത്രീകളിൽ അനേകംപേർ കൊലപാതക ശ്രമങ്ങളിൽ ഏർപ്പെടുന്നു. അല്ലെങ്കിൽ അവരിൽ അടിഞ്ഞിരിക്കുന്ന പ്രതികാരങ്ങളും കാരണങ്ങളാകാം. പുരുഷന്മാർ കൊല ചെയ്യുന്നവർ അവർക്ക് സുപരിചിതരല്ലാത്തവരെ ആയിരിക്കാം. എന്നാൽ സ്ത്രീകളുടെ കൊലപാതകങ്ങളിൽ വൈകാരിത ഇട കലർന്നിരിക്കും. കൂടുതലും സ്വന്തം ഭർത്താക്കന്മാരെയോ, കാമുകന്മാരെയോ കൊന്നശേഷം അവരുടെ ജീവിത രീതികൾക്ക് തന്നെ മാറ്റം വരുത്താം. അമേരിക്കയിൽ ഒരു ഗവേഷണശാലയിൽ 86 സ്ത്രീകളെ തിരഞ്ഞെടുത്ത് കൊലപാതക കാരണങ്ങളെ സംബന്ധിച്ച് ഒരു പഠനം നടത്തുകയുണ്ടായി. അവർ കൊലപാതകം ചെയ്തവരിൽ കൂടുതൽപേരും പ്രായം ചെന്നവരും കുഞ്ഞുങ്ങളുമായിരുന്നുവെന്നും മനസിലാക്കുന്നു.

'കുപ്രസിദ്ധ സ്ത്രീകളുടെ പരമ്പര കൊലകൾ' എന്ന പേരിൽ സ്റ്റീവൻ ക്യാസലേയുടെ ഒരു ലേഖനത്തിൽ നിന്നും അടർത്തിയെടുത്ത ഏതാനും കൊലക്കുറ്റവാളികളായ സ്ത്രീകളുടെ സ്വഭാവങ്ങളെയും അവരുടെ കൊലക്കുറ്റങ്ങൾക്ക് പ്രേരിപ്പിച്ച ആന്തരോദ്യേശ്യങ്ങളെയും പറ്റി പരിശോധിക്കാം. പുരുഷന്മാരാണ് 80  ശതമാനവും സീരിയൽ കൊലകൾ നടത്തുന്നതെങ്കിലും ചരിത്രത്തിലെ ക്രൂരരായ സ്ത്രീകളുടെ കൊലക്കുറ്റങ്ങളും ഒഴിച്ചുകൂടാത്തതാണ്. കൊല്ലാനുള്ള ആയുധമായി ഉപയോഗിക്കുന്നത് പലരും മരണകരമായ വിഷങ്ങൾ തന്നെയാണ്. ചിലർ നൂറിൽ കൂടുതൽ മനുഷ്യരെ കൊന്നവരുമുണ്ട്.

1.'അമേലിയ ഡൈർ' 1836-ൽ ബ്രിട്ടനിൽ ബ്രിസ്റ്റോളിൽ വിക്ടോറിയൻ കാലഘട്ടത്തിൽ ജനിച്ചു. ഇവർ ഒരാളെ കൊന്നതു മാത്രമേ തെളിയിക്കാൻ സാധിച്ചുള്ളൂ. എന്നാൽ നൂറു കണക്കിന് കുഞ്ഞുങ്ങളുടെ മരണവുമായി അവർ ബന്ധപ്പെട്ടിരിക്കുന്നു. ന്യൂയോർക്ക് ഡെയിലി ന്യൂസിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നപ്രകാരം അവർ കുഞ്ഞുങ്ങളെ പരിപാലിക്കുന്ന ഒരു സ്ഥലത്തായിരുന്നു ജോലി ചെയ്തിരുന്നത്. ഇരുപതു വർഷം അവിടെ ജോലി ചെയ്തു. 400 കുഞ്ഞുങ്ങളെ കൊന്നതായും സംശയിക്കുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ സീരിയൽ കൊലയാളിയായി അവരെ അറിയപ്പെടുന്നു. 1896-ൽ അവരെ തൂക്കിക്കൊല്ലുകയായിരുന്നു.

2.'ജൂഡിയസ് ബുവേനോടാണോ' എന്ന സ്ത്രീ സ്വന്തം ഭർത്താവിനെയും മകനെയും അവരുടെ രണ്ടു കാമുകന്മാരെയും കൊന്നതായി എൻബിസി റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ, 1974-ൽ നടന്ന അലബാമ കൊലപാതകത്തിലും അവരുടെ ഒരു കൂട്ടുകാരനെയും കോല ചെയ്തതായ കേസുമുണ്ടായിരുന്നു. 1971-ൽ ഭർത്താവിനെ കൊന്ന കേസിൽ മരണശിക്ഷക്ക് വിധിച്ചിരുന്നു. 1971നു ശേഷം നിരവധി കൊലപാതകങ്ങളിൽ പങ്കുകാരിയായിരുന്നു. 1848-നു ശേഷം ഫ്ലോറിഡയിൽ മരണശിക്ഷക്ക് വിധിക്കപ്പെട്ട ആദ്യത്തെ സ്ത്രീയായിരുന്നു അവർ. 1976-നു ശേഷം മരണശിക്ഷ പുനരാരംഭിച്ചതോടെ ശിക്ഷ ലഭിച്ച അമേരിക്കൻ ചരിത്രത്തിൽ മൂന്നാമത്തെ സ്ത്രീയും.

3.1956-ൽ ഫ്ലോറിഡയിൽ ജനിച്ച 'ഐലീൻ വയൂർണോസ്' എന്ന സ്ത്രീ 1989-നും 1990നുമിടയിൽ ഏഴു പുരുഷന്മാരെയാണ് കൊന്നത്. ന്യൂയോർക്ക് ടൈംസ് ഈ വാർത്ത വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു ചെറിയ കാർ അപകടമുണ്ടായപ്പോൾ ആ സ്ത്രീയെ പോലീസ് പിടികൂടുകയുണ്ടായി. സ്വയം രക്ഷയ്ക്കായി കൊന്നുവെന്ന് അവർ പോലീസിനോട് പറഞ്ഞു. അവർ വേശ്യയായി തൊഴിൽ ചെയ്തിരുന്ന സമയം അവരെ ബലാത്സംഗം ചെയ്തുവെന്നാണ് റിപ്പോർട്ട് ചെയ്തത്. ആറു മരണങ്ങൾ നടത്തിയ അവരെ മരണശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. 2003-ൽ അവരുടെ ജീവചരിത്രം ആധാരമാക്കി സിനിമ ഇറങ്ങുകയും വിജയകരമാവുകയും ചെയ്തു.

4.'ജൂന ബാർറസാ' മെക്സിക്കോയിൽ ഗുസ്തി തൊഴിലാക്കിയിരുന്ന സ്ത്രീയായിരുന്നു. 1957-ൽ ജനിച്ച ഈ സ്ത്രീയെ വൃദ്ധയായ കൊലപാതകി എന്ന അപരനാമത്തിലും അറിയപ്പെടുന്നു. അവർ കൊല ചെയ്യുന്നത് മുഴുവൻ വൃദ്ധകളായ സ്ത്രീകളെയായിരുന്നു. നാല്പത്തിയെട്ടു സ്ത്രീകളെ അവർ കൊല ചെയ്തു. കോടതി ശിക്ഷയായി 760 വർഷങ്ങൾ ജീവപര്യന്തം ലഭിച്ചു. അവർ സ്ത്രീകളെ അടിച്ചോ കഴുത്തു ഞെരിച്ചൊ കൊന്നശേഷം അവരിൽനിന്നും പണം അപഹരിച്ചിരുന്നു. 2006-ൽ അവരെ പിടികൂടി. 2008-ൽ അവർക്കെതിരെ വിധി വന്നുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

5. 'മിയുകി ഇഷികാവ' (Miyuki Ishikawa) എന്ന ജപ്പാൻകാരത്തി പ്രസവ ശുശ്രുഷ (വയറ്റാട്ടി) ചെയ്തു നടക്കുന്ന സ്ത്രീയായിരുന്നു. 1940-ൽ നിരവധി ശിശുക്കളെ അവർ വധിച്ചിരുന്നു. ഈ ദുഷ്ക്കർമ്മങ്ങൾക്കെല്ലാം ഒരു കൂട്ടാളിയുടെ സഹായവും മേടിച്ചിരുന്നു. ന്യൂയോർക്ക് ഡൈലി റിപ്പോർട്ട് ചെയ്തിരിക്കുന്നത് അവർ 85-നും 169 നും ഇടയിൽ കുഞ്ഞുങ്ങളെ കൊന്നുവെന്നാണ്. 103 പേരെങ്കിലുമെന്നാണ് പൊതുധാരണ. കുട്ടികൾ വേണ്ടാത്തവരുടെ കുട്ടികളെയാണ് ഇവർ കൊന്നിരുന്നത്.  ഓരോ കൊലയ്ക്കും പണം മേടിക്കുമായിരുന്നു. അവരുടെ സേവനം ഒരു കുട്ടിയെ വളർത്തുന്നതിനേക്കാൾ ലാഭകരമെന്നും അവർ പറയുമായിരുന്നു. അതിരഹസ്യമായി ചെയ്തിരുന്ന ഈ ക്രൂരകൃത്യങ്ങൾക്ക് അവർക്ക് ലഭിച്ച ശിക്ഷ നാലു വർഷം മാത്രം.

6.'നാന്നിയ ഡോസ്' (Nannie Doss) 1920-നും 1954-നും ഇടയിൽ പതിനൊന്നു പേരെ കൊന്നു. അക്കൂടെ അവരുടെ നാല് ഭർത്താക്കന്മാരും രണ്ടു കുഞ്ഞുങ്ങളും അവരുടെ രണ്ടു സഹോദരികളും അവരുടെ അമ്മയും കൊച്ചുമകനും അമ്മായി അമ്മയും ഉൾപ്പെടുന്നു. നിരവധി അപരനാമങ്ങളിൽ അവർ അറിയപ്പെട്ടിരുന്നു. 'ഗിഗില്ലിങ് ഗ്രാനി (Giggling Granny) 'ലോൺലി ഹാർട്ട്സ് കില്ലർ, (Lonely Hearts Killer)  ബ്ലാക്ക് വിഡോ, (“Black Widow) ലേഡി ബ്ലൂ ബേർഡ്‌ (Lady Blue Beard) എന്നെല്ലാം അറിയപ്പെട്ടിരുന്നു. 'ഏലി പാഷാണം' ഉപയോഗിച്ചായിരുന്നു അവർ മനുഷ്യരെ കൊന്നിരുന്നത്. കുറ്റക്കാരിയായി ജീവപര്യന്തം ശിക്ഷ ലഭിക്കുകയും ചെയ്തു. 1965-ൽ അവർ മരണമടഞ്ഞു.

7.'മസാച്യുസെറ്റ്സിൽ' വെറ്ററൻ ഹോസ്പ്പിറ്റലിൽ ജോലി ചെയ്തിരുന്ന നഴ്‌സായിരുന്നു 'ക്രിസ്റ്റീൻ ഗിൽബെർട്'. അവർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത നാലുപേരെ കൊലപ്പെടുത്തി. കൂടാതെ മറ്റു രണ്ടുപേരെക്കൂടി കൊല്ലാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. രോഗികൾക്ക് കടുത്ത ഡോസിൽ ഏപിൻഫ്‌റിനെ (epinephrine) കുത്തിവെക്കുമായിരുന്നു. അത് ഹൃദയാഘാതം ഉണ്ടാക്കുകയും ഉടൻ തന്നെ എമർജൻസി കോഡ് അവർ തന്നെ വിളിക്കുകയും ചെയ്തിരുന്നു. 1998-ൽ അവർ കുറ്റവാളിയെന്നു തെളിഞ്ഞു. ഫോർട്ട് വർത്ത്, ടെക്സസിൽ ജീവപര്യന്ത ശിക്ഷ കിട്ടി അവിടെ കഴിയുന്നു.

8.'ഗോറ്റ്‌ഫ്രിഡ്' എന്ന സ്ത്രീ ജർമ്മൻകാരിയായ ഒരു സീരിയൽ കൊലയാളിയായിരുന്നു. ബ്രെമെൻ എന്ന പട്ടണത്തിൽ വെച്ച് അവരെ ജനമദ്ധ്യേ പരസ്യമായി വെടിവെച്ചു കൊല്ലുകയായിരുന്നു. 1813-നും 1827-നും ഇടയിൽ അവർ പതിനഞ്ചോളം പേരെ വിഷവും രാസപദാർത്ഥങ്ങളും കൊടുത്ത് കൊല്ലുകയായിരുന്നു. ഒരു നേഴ്സെന്ന നിലയിൽ ഭക്ഷണത്തിൽ വിഷം കലർത്തി കൊല്ലുന്ന  രീതിയായിരുന്നു അവർ സ്വീകരിച്ചിരുന്നതെന്ന് ന്യൂയോർക്ക് ഡെയിലി ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവർ സ്വന്തം മാതാപിതാക്കളെയും രണ്ടു ഭർത്താക്കന്മാരേയും വിവാഹത്തിന് നിശ്ചയിക്കപ്പെട്ട ഭാവി വരനെയും കൊന്നു. കൂടാതെ അവരുടെ മക്കളെയും കൊന്നു. 

9.'ടോപ്പൻ' എന്ന സ്ത്രീ ഒരു നേഴ്സായിരുന്നു. 1854 മാർച്ച് 31-നു ജനിച്ച അവർ 1938 ഒക്ടോബർ 29-ൽ മരിച്ചു. അവർ ഡസൻ കണക്കിന് സ്ത്രീകളെ കൊന്നുവെന്ന് എൻബിസി റിപ്പോർട്ട് ചെയ്യുന്നു. 31 കൊലപാതകങ്ങൾ നടത്തിയിട്ടുണ്ടെന്ന് അവർ സമ്മതിച്ചിരുന്നു. വിഷ മരുന്നുകളും കെമിക്കലും ഉപയോഗിച്ചു അവർ രോഗികളെ കൊന്നുകൊണ്ടിരുന്നു. മാനസിക രോഗി എന്ന നിലയിൽ അവരെ കുറ്റക്കാരിയായി വിധിച്ചില്ല. എങ്കിലും അപകടകാരിയായ ഒരു സ്ത്രീയെന്നതിൽ വിധിയുണ്ടായിരുന്നതിനാൽ 1901 മുതൽ ശിഷ്ടകാലം മുഴുവൻ അവരെ ഒരു മാനസികാശുപത്രിയിൽ താമസിപ്പിച്ചിരുന്നു.

10. 'ഡൊറോത്തിയ പുൻറെ' എന്ന സ്ത്രീ കാലിഫോർണിയയിൽ സാക്രമെന്റോ എന്ന സ്ഥലത്തു ഒരു ബോർഡിങ് ഹൌസ് നടത്തിയിരുന്നു. അവിടെയുള്ള അംഗഭംഗം വന്ന വൃദ്ധരായ മാനസിക രോഗികളെ കൊന്നുകൊണ്ടിരുന്നു. അതിനുശേഷം അവരുടെ സോഷ്യൽ സെക്യൂരിറ്റി ചെക്ക് പണമാക്കിക്കൊണ്ടിരുന്നു. അവരെ 'ഡെത്ത് ഹൌസ് ലാൻഡ് ലേഡി (Death house land lady)എന്നും വിളിച്ചിരുന്നു. അവരുടെ പേരിൽ ഒമ്പത് മരണങ്ങൾക്ക് ചാർജ് ചെയ്തു. രണ്ടു ജീവപര്യന്തം ജയിൽശിക്ഷ വിധിച്ചു. അവർ 2011-ൽ ചൗച്ചില്ല ജയിലിൽ 82 വയസുള്ളപ്പോൾ മരണമടഞ്ഞു.

ആരും കൊലപാതകികളായി ജനിക്കുന്നില്ലായെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. കൊലയാളികളുടെ മനസുകൾ ശൈശവ കാലംമുതലെ മാനസിക സംഘട്ടനങ്ങൾ നിറഞ്ഞതായിരിക്കുമെന്നും മനഃശാസ്ത്രജർ കരുതുന്നു. കുഞ്ഞായിരിക്കുമ്പോൾ തന്നെ ലൈംഗിക പീഡനങ്ങളിൽ അകപ്പെട്ടിരിക്കാം. ആ പക മനസ്സിൽ ആളി കത്തിക്കൊണ്ടിരുന്നിരിക്കാം. ബാല്യം മുതലുള്ള സ്വന്തം കുടുംബത്തിലെ കലഹങ്ങൾ അവരുടെ  മനസിനെ തകർത്തിരിക്കാം. മാതാപിതാക്കളുടെ മരണമോ അവരുടെ വിവാഹ മോചനമോ കുഞ്ഞുമനസുകൾക്ക് താങ്ങാൻ സാധിക്കാതെ വന്നേക്കാം! അധികാര മോഹം ചിലരെ സീരിയൽ കൊലയാളികളായി വളർത്തിയേക്കാം. ചിലരുടെ സാമൂഹിക ചുറ്റുപാടുകളും ജീവിത രീതികളും കൊലപാതക മനസ് സൃഷ്ടിക്കുന്നു. സ്വയം വെറുക്കുന്ന വ്യക്തിത്വം ചിലരെ പിശാചുക്കളാക്കാറുമുണ്ട്. പരമ്പരകളായി കൊലപാതകം നടത്തുന്നവരുടെ മനസ്സ് ചഞ്ചലമായി ലോകമായുള്ള സ്നേഹബന്ധങ്ങളിൽനിന്നും വേർപെട്ടിരിക്കുന്നതും കാണാം. സ്നേഹമെന്ന ആ വൈകാരിക മനസ് അവരിൽ ഒരിക്കലും വളരില്ല. മറ്റുള്ളവരുടെ വികാരങ്ങൾ മനസിലാക്കാനുള്ള കഴിവുമുണ്ടായിരിക്കില്ല. ജോളിയെന്ന കൊലപാതകിയെ വാർത്തെടുത്തതും, അവരിൽ വളർന്ന സാമൂഹിക ഒറ്റപ്പെടലുകളും, അധികാരവും പണവും മോഹങ്ങളും, സ്നേഹത്തിനു പകരം മനസ്സിൽ വെറുപ്പും പകയും വിദ്വെഷവും, വളർന്നതുകൊണ്ടായിരിക്കാം. 



Son of Sam









Wednesday, October 9, 2019

പുരോഹിതാധിപത്യവും കന്യാസ്ത്രി ജീവിതവും


ജോസഫ്  പടന്നമാക്കൽ 
(10/09/2019-ൽ കെസിആർഎം ടെലി കോൺഫറൻസിൽ അവതരിപ്പിച്ച പ്രഭാഷണം )

സുഹൃത്തുക്കളെ, കെസിആർഎം പ്രവർത്തകരെ, മോഡറേറ്റർ ശ്രീ എ.സി.  ജോർജ്, ഏവർക്കും എന്റെ കൂപ്പുകൈകൾ. കെ സി ആർ എം സംഘടനയുടെ ആഭിമുഖ്യത്തിൽ സംഘടിക്കുന്ന ഈ ടെലി കോൺഫറൻസിൽ ഒരു പ്രഭാഷണം നടത്താനായി അവസരം തന്ന ശ്രീ ചാക്കോ കളരിക്കലിനും ഇതിലെ പ്രവർത്തകർക്കും എന്റെ നന്ദി. നാം ആരും സഭാവിരോധികളല്ല. സഭയെ നശിപ്പിക്കാനുമല്ല നാം ആഗ്രഹിക്കുന്നത്. പ്രവാചക ദൗത്യം ചെയ്തിരുന്നവർ സഭാവിരോധികളായി അറിയപ്പെട്ടിരുന്നില്ല. കാലഹരണപ്പെട്ട സഭയുടെ നവോദ്ധ്വാനമാണ് ഈ സംഘടനയുടെ ലക്‌ഷ്യം.

"പുരോഹിത മേധാവിത്വവും കന്യാസ്ത്രി ജീവിതവും" എന്ന  വിഷയത്തിലേക്ക് കടക്കുമ്പോൾ കേരളത്തിൽ അടുത്തകാലത്ത് നടന്ന നിരവധി സംഭവങ്ങളാണ് എന്റെ മനസ്സിൽ പാഞ്ഞെത്തുന്നത്. അഭയാക്കേസ് മുതൽ സിസ്റ്റർ ലൂസി കളപ്പുരയെ സഭാവസ്ത്രം ഊരിപ്പിച്ച വരെയുള്ള സമീപകാല സംഭവങ്ങളിൽ 'പുരോഹിത മേധാവിത്വത്തിന്റെ സ്വാധീനം ദൃശ്യമായിരുന്നു.  മേരി ചാണ്ടിയുടെയും സിസ്റ്റർ ജെസ്മിയുടെയും ജീവിതത്തിലുണ്ടായ അനുഭവങ്ങളും പീഡനങ്ങളും പച്ചയായി തന്നെ അവരുടെ ഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടുണ്ട്. സിസ്റ്റർ 'അനീറ്റ' എന്ന യുവ കന്യാസ്ത്രി ഒരു പുരോഹിതന് വഴങ്ങി കൊടുക്കാത്തതു മൂലം അവർ അനുഭവിച്ച യാതനകൾ വളരെയേറെയായിരുന്നു. പാതിരാത്രിയിൽ ഇറ്റാലിയൻ കോൺവെന്റിൽ നിന്നും പുറത്താക്കിയതും വീണ്ടും ആലുവായിൽ മാതൃ മഠത്തിൽ വന്നെത്തിയ അവരുടെ പെട്ടിയും കിടക്കയും ക്രൂരമായി സഹകന്യാസ്ത്രികൾ റോഡിലേക്കെറിഞ്ഞതുമായ കഥകൾ ഹൃദയമുള്ളവർക്ക് പൊറുക്കാൻ സാധിക്കില്ല. അനാഥാലയത്തിൽ കുട്ടികളുടെ എണ്ണം പെരുപ്പിച്ച് വിദേശപ്പണം തട്ടിയെടുത്തുകൊണ്ടിരുന്ന പാലാ ചേർപ്പുങ്കൽ മഠം കന്യാസ്ത്രീകളുടെ കള്ളത്തരങ്ങളെ ചോദ്യം ചെയ്ത സിസ്റ്റർ മേരി സെബാസ്റ്റ്യനെ  ഉടുപ്പ് ഊരിച്ചതുമായ വാർത്തകൾ നാം കഴിഞ്ഞ വർഷങ്ങളിൽ വായിച്ചിരുന്നു. അവരുടെ പേരിൽ മോഷണക്കുറ്റം ചുമത്തി കള്ളക്കേസുകളും കൊടുക്കാൻ മഠം അധികൃതർ മടിച്ചില്ല. ഒടുവിലിതാ പുരോഹിതാധിപത്യം ശ്രീ ലൂസി കളപ്പുരക്കലിനെതിരെയും എത്തി നിൽക്കുന്നു. ഫ്രാങ്കോയുടെ കഥകൾ മദ്ധ്യകാല യുഗത്തിലെ മാർപാപ്പാമാരുടെ കാമവിളയാട്ടങ്ങളെയും മറി കടക്കുന്ന വിധമായിരുന്നു.  ആഗോള കത്തോലിക്ക സഭയുടെ സജ്ജീകരണം തന്നെ പുരോഹിതാധിപത്യത്തിൽ പടുത്തുയർത്തിയതാണ്.

പുരോഹിതലോകം സാധാരണ കന്യാസ്ത്രീകളെ രണ്ടാം തരക്കാരായി കാണുന്നു. ഹവ്വായുടെ പ്രേരണമൂലം പുരുഷനെ പാപത്തിലേക്ക് പ്രേരിപ്പിച്ചുവെന്നുമുള്ള കെട്ടുകഥ, സ്ത്രീയെ വിലയിടിച്ചു കാണിക്കുന്നു. സ്ത്രീയെ ദൈവശാസ്ത്രത്തിനുള്ളിലും അടിമയെപ്പോലെ അടിച്ചു താഴ്ത്തിയിരിക്കുകയാണ്. കെട്ടുകഥകളിൽക്കൂടി മെനഞ്ഞെടുത്തിരിക്കുന്ന ദൈവശാസ്‌ത്രം അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്നു. അതിൽ സ്ത്രീ അന്ധമായി വിശ്വസിക്കുകയും ചെയ്യുന്നു.

 പുരോഹിത വംശത്തിൽ ജനിക്കാത്ത ക്രിസ്തു പൗരാഹിത്യം സ്ഥാപിച്ചതായി ബൈബിളിൽ വ്യക്തമല്ല. ദൈവമെന്നു സങ്കല്പമുള്ള ജീവിച്ചിരുന്ന ക്രിസ്തു സ്ത്രീകളെ സ്നേഹിച്ചിരുന്നു. യേശുവും മേരി മഗ്ദലനായും സ്നേഹത്തിന്റെ പ്രതീകാത്മകമായിരുന്നു. ബലിയുടെ ഒരു ഭാഗമായിരുന്നു. മഗ്ദലന യേശുവിനോടൊപ്പം സഞ്ചരിച്ചിരുന്ന അരുമ ശിക്ഷ്യയുമായിരുന്നു. അവർ  ഉയിർത്തെഴുന്നേറ്റ യേശുവിനെ മറ്റാരേക്കാളും മുമ്പിലായി കണ്ടു. അവർക്കായിരുന്നു 'യേശു' കല്ലറ വാതിൽക്കൽ നിന്ന് ഉയിർപ്പിന്റെ സന്ദേശം നൽകിയത്. അതുമൂലം മഗ്ദലനയെ അപ്പോസ്തോലന്മാരുടെ അപ്പോസ്തോല എന്നും വിളിക്കുന്നു. എങ്കിലും അവരെ അൾത്താരകളിൽ ഓർമ്മിക്കാറില്ല. അവർ വിശുദ്ധയുമല്ല. സ്ത്രീ എന്ന നിലയിൽ മഗ്ദലനയുടെ ക്രിസ്തുവുമായുള്ള പങ്കാളിത്വം ചെറുതല്ലായിരുന്നു. സുവിശേഷങ്ങൾ തന്നെ വായിക്കുകയാണെങ്കിലും അവൾ മാത്രമല്ല ക്രിസ്തുവിന് പ്രിയപ്പെട്ടവളായി ഉണ്ടായിരുന്നത്. യേശുവിനെ സ്നേഹിച്ചിരുന്നവരും കാലു തലോടിയവരും ഭക്ഷണം കൊടുത്തിരുന്നവരും സ്ത്രീകളാണെന്ന് കാണാം. പാപിയായ ഒരു സ്ത്രീ അവന്റെ കാൽക്കൽ വീഴുന്നത് കാണാം. ഹവ്വായുടെ പാപം ക്രിസ്തുവിനെ സംബന്ധിച്ച് വിഷയമായിരുന്നില്ല.

പരീസിയർ പാപിയായ സ്ത്രീയെ കല്ലെറിയാൻ യേശുവിന്റെ സമീപം കൊണ്ടുവന്നപ്പോൾ ക്രിസ്തു അവരുടെ പാരമ്പര്യത്തെ തന്നെ തിരുത്തിയെഴുതി. പുരുഷ മേധാവികളെ അവിടുന്ന് വെല്ലുവിളിച്ചു. 'നിങ്ങളിൽ പാപമില്ലാത്തവർ കല്ലെറിയട്ടെ'യെന്ന് പറഞ്ഞു. ക്രിസ്തുവിന്റെ ആ വചനം പുരോഹിതർ'  മറ്റൊരു വിധത്തിലാണ് വ്യാഖ്യാനിക്കുന്നത്. ആരെങ്കിലും സഭയെ വിമർശിച്ചാൽ, പുരോഹിതനെ വിമർശിച്ചാൽ ഉടൻ ക്രിസ്തുവിന്റെ വചനം ഉദ്ധരിക്കുകയായി, 'നിങ്ങളിൽ പാപം ഇല്ലാത്തവർ കല്ലെറിയട്ടെ എന്ന്." വാസ്തവത്തിൽ ക്രിസ്തു ഈ വചനം ഉദ്ധരിച്ചത് അബലയായ സ്ത്രീയെ നോക്കിയാണ്. സ്ത്രീയെ രക്ഷിക്കാൻ വേണ്ടിയായിരുന്നു.   ഇവിടെ സ്ത്രീകളും ദൈവത്തിന്റെ മുമ്പിൽ വിലയേറിയ മക്കളാണെന്ന്‌ തെളിയിക്കുകയാണ്. പുരുഷന്മാരെ വെല്ലുവിളിക്കുകയാണ്. സ്ത്രീയുടെ വ്യക്തിത്വത്തെ മാനിക്കുകയാണ്. സഭയെ തന്നെ മാതാവെന്നാണ് വിളിക്കുന്നത്. ഒരു മാതാവിന് സ്ത്രീയെന്നും പുരുഷനെന്നും വ്യത്യാസമോ?

'ലോകമാകമാനമുള്ള കന്യാസ്ത്രികൾ പീഡിപ്പിക്കപ്പെടുന്നുവെന്നും പുരോഹിതരിൽനിന്നു അസഹ്യമായ ലൈംഗിക അതിക്രമങ്ങൾ ഉണ്ടാവുന്നുവെന്നും പുരോഹിതരുടെ ലൈംഗിക അടിമപ്പാളയത്തിൽ കന്യാസ്ത്രികളെ  തളച്ചിട്ടിരിക്കുകയാണെന്നും' ഫ്രാൻസീസ് മാർപാപ്പ അടുത്തയിടെ പറയുകയുണ്ടായി. ലോക മീഡിയാകൾ ഈ വാർത്തകൾ സ്ഥിതികരിക്കുകയും ചെയ്തു. പുരോഹിതരുടെ അസഹ്യമായ പീഡനങ്ങൾമൂലം ഇറ്റലിയിലെ ഒരു കോൺഗ്രിഗേഷന്റെ  പ്രവർത്തനങ്ങൾ  ബെനഡിക്റ്റ് മാർപാപ്പയുടെ കാലത്ത് നിർത്തലാക്കിയിരുന്നു.

കന്യാസ്ത്രികളും പുരോഹിതരും  തമ്മിലുള്ള വ്യത്യാസം എന്താണ്? കന്യാസ്ത്രി എന്നാൽ  സമൂഹമായി ജീവിക്കുന്ന ഒരു കോൺഗ്രിഗേഷണലിലെ അംഗം. അവർക്ക്  ജീവിതാന്ത്യം വരെ പാലിക്കേണ്ട അടിസ്ഥാനപരമായ പ്രതിജ്ഞകളും എടുക്കേണ്ടതായുണ്ട്. പുറം ലോകവുമായി ബന്ധപ്പെടാതെ കന്യാസ്ത്രി മഠങ്ങളിലെ നിയമ ചട്ടക്കൂടിനുള്ളിൽ ഒതുങ്ങി ജീവിക്കണം. മഠം അനുശാസിക്കുന്ന കുപ്പായങ്ങളും അണിഞ്ഞു നടക്കണം. 'കന്യാസ്ത്രി ജീവിതത്തെ റോഡിൽക്കൂടി ഉരുളുന്ന, ചൂട് നിറഞ്ഞ താറു നിറച്ച ഒരു വീപ്പക്കുറ്റിക്ക് സമാനമായി 'പൊൻകുന്നം വർക്കിയുടെ ഒരു നോവലിൽ ഉപമിച്ചിരിക്കുന്നു.

കന്യാസ്ത്രീയെ ചൂഷണം ചെയ്യാൻ സുന്ദരമായ വാക്കുകളുമുണ്ട്. കർത്താവിന്റ മണവാട്ടി, അർത്ഥിനി, യേശുവിന്റെ മുന്തിരിത്തോപ്പിൽ ജോലിചെയ്യുന്നവൾ, ക്രിസ്തു തന്റെ മണവാളൻ, ഒരേ സമയം 'അമ്മ, സഹോദരി, എന്നെല്ലാം.! പുരോഹിതനെ അച്ചൻ, അതിൽ മൂത്തയാളെ പിതാവെന്ന് വിളിക്കും. കന്യാസ്ത്രീകളെ സിസ്റ്റർ എന്നും വിളിക്കും. പുരോഹിതന് നൽകിയിരിക്കുന്ന ഈ സംബോധന തന്നെ അധികാരത്തിന്റെ ചുവയാണുള്ളത്. 'കന്യാസ്ത്രി' എത്ര ഉയർന്ന സ്ഥാനം അലങ്കരിച്ചാലും കർദിനാളിന്റെയോ ബിഷപ്പിന്റെയോ വേഷം കിട്ടില്ല. അവർക്ക് പുരോഹിതനുള്ള അധികാരവും ലഭിക്കില്ല. കാരണം പറയുന്നത് അപ്പോസ്തോലന്മാർ പുരുഷന്മാരായിരുന്നുവെന്നാണ്.

 ദാരിദ്ര്യം, അനുസരണം, ബ്രഹ്മചര്യം എന്ന മൂന്നു വ്രതങ്ങൾ കന്യാസ്ത്രികൾ എടുത്തിരിക്കണം.  എടുക്കുന്ന പ്രതിജ്ഞകൾ സഭയുടെ നാമത്തിൽ സഭാധികാരികൾ അംഗീകരിക്കുകയും വേണം.   കന്യാസ്ത്രികൾ മുടക്കാതെ ചെയ്യേണ്ട കടമകൾ ' കുർബാന കാണുക', കുമ്പസാരിക്കുക, 'കുർബാന സ്വീകരിക്കുക', 'പ്രാർത്ഥനകൾ പള്ളിയിലും മഠങ്ങളിലും ഉരുവിടുക' എന്നിവകളാണ്. പള്ളിമേടകളിൽ താമസിക്കുന്ന അച്ചന്മാർക്ക് ഭക്ഷണവും പാകം ചെയ്യണം. അച്ചന്മാർ കൊച്ചു കന്യാസ്ത്രീകളെ കുമ്പസാരിപ്പിക്കാൻ അമിത താൽപ്പര്യവും കാണിക്കുന്നു.

മദർ സുപ്പീരിയറിനെയും മേലാധികാരികളെയും അനുസരിച്ച് മഠം മതിൽക്കെട്ടിനുള്ളിൽ മാത്രം കന്യാസ്ത്രികൾ ജീവിക്കണം. പുറം ലോകമായി സംസർഗം പാടില്ല. പ്രത്യേക സാഹചര്യങ്ങളിൽ, അനുവാദത്തോടെ മാത്രമേ സന്യസ്തർക്ക് മഠം വിട്ടു സഞ്ചരിക്കാൻ അനുവാദമുള്ളൂ. സന്ദർശകർ മഠത്തിൽ അനുവാദമില്ലാതെ പ്രവേശിക്കാൻ പാടില്ല. എങ്കിലും സ്‌കൂളിൽ പഠിപ്പിക്കുന്നവർക്ക് പൊതുജനമായി ബന്ധമാകാം. സ്ഥലത്തെ ബിഷപ്പിന്റ കീഴിലായിരിക്കാം മഠങ്ങൾ പ്രവർത്തിക്കുന്നത്.

പുരോഹിതൻ എന്ന് പറഞ്ഞാൽ പള്ളി ശുശ്രുഷകളും പൂജകളും നടത്തുന്ന ആൾ എന്നാണ്. ജീവിക്കാൻ വേണ്ടി അയാൾ ദൈവത്തെ ഒരു ഭീകര ജീവിയാക്കി ചിത്രീകരിച്ചു. ഭയം ജനിപ്പിക്കുന്ന പല കഥകളും അയാൾ നെയ്തെടുത്തു. ആദ്യം സ്ത്രീകളും കുഞ്ഞുങ്ങളും അയാളുടെ മാജിക്കിൽ വീണു. സഭ വളർന്നു. അത് നിരവധി സ്ഥാപനങ്ങളായി. അധികാരവും സ്വർണ്ണം പൂശിയ അംശവടിയും, ധനവും പ്രതാപവും ഒത്തുചേർന്നപ്പോൾ സ്വന്തം സ്ഥാനമാനങ്ങളെയും ദുരുപയോഗം ചെയ്യാനും തുടങ്ങി. ക്രിസ്തു ചൈതന്യം പുരോഹിതരിൽനിന്നും അപ്രത്യക്ഷ്യവുമായി. അഴിമതികളും കള്ളത്തരങ്ങളും വ്യാജ രേഖ വിവാദങ്ങളും പേറി നടക്കുന്ന പൗരാഹിത്യം സഭയെ നാശത്തിലേക്ക്  നയിക്കുന്നു.

പുരുഷ മേധാവിത്വത്തിന്റെ അധികാരപരിധിയിൽ പുരോഹിതർ അൾത്താര മുഴുവൻ കയ്യടക്കി വെച്ചിരിക്കുകയാണ്. ക്രിസ്തു ചൈതന്യം അവിടെ ഉണ്ടെന്നാണ് പറയുന്നത്. ജീവിച്ചിരുന്ന ക്രിസ്തുവിന് സ്ത്രീകളെ വേണമായിരുന്നു. ആത്മാവായ യേശുവിന് സ്ത്രീകൾ അശുദ്ധവും. സ്ത്രീക്കു മാത്രം അവിടെ അനുസരണ വ്രതം പിന്നെ ദാരിദ്ര്യം. പുരുഷ പുരോഹിതന് ആഡംബരം, മണിമാളിക, പെണ്ണ്, ഭൂമി മാഫിയ കൂട്ടുകെട്ട്, കാനോൻ നിയമം എന്നുവേണ്ട എല്ലാമുണ്ട്.

വത്തിക്കാനിൽ നിന്നും പ്രസിദ്ധീകരിക്കുന്ന 'വുമൺ ഓഫ് ചർച്ച് വേൾഡ്' എന്ന മാഗസിന്റെ എഡിറ്ററായ 'ലൂസെറ്റ സ്കെറഫിയ' കന്യാസ്ത്രികൾക്കെതിരെയുള്ള അതിക്രമങ്ങളെ അപലപിച്ചുകൊണ്ട് ഒരു ലേഖനം എഴുതിയിരുന്നു. ഈ മാസിക കൂടുതലായും സ്ത്രീകൾക്കു വേണ്ടിയുള്ളതാണ്. കന്യാസ്ത്രി മഠങ്ങളിൽ പുരോഹിതർ നടത്തുന്ന ലൈംഗിക തേർ'വാഴ്ച്ചകളെ സംബന്ധിച്ചുള്ള ഒരു ലേഖനമാണിത്.

ലുസെറ്റയുടെ അഭിപ്രായമിങ്ങനെ, "കർദ്ദിനാൾമാരും ബിഷപ്പുമാരും കന്യാസ്ത്രീകളെ കൂലിത്തൊഴിലാളികൾക്ക് തുല്യമായി കരുതുന്നു. കൂലിയില്ലാതെ ജോലിചെയ്യുന്ന നിസ്സഹായരായ കന്യാസ്ത്രീകളെക്കൊണ്ട്  പുരോഹിതർ മുതൽ കർദ്ദിനാൾ വരെയുള്ളവരുടെ വസ്ത്രങ്ങൾ കഴുകിക്കുന്നു. അവർക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കണം.   എന്ത് നിന്ദ്യമായ ജോലികളും നിർബന്ധമായും ചെയ്തുകൊള്ളണം. ഇല്ലെങ്കിൽ അനുസരണക്കേടെന്ന കണ്ഠകോടാലി അവരുടെ കഴുത്തിലെത്തും."  ചിലർക്ക് സഭയുടെ സ്ഥാപനങ്ങളിലുള്ള അടുക്കളകളിൽ ജോലിക്കാരായി എത്തുകയും വേണം. അവിടെ, അന്തേവാസികൾക്കും പുരോഹിതർക്കും ഭക്ഷണം ഉണ്ടാക്കാൻ പ്രഭാതം മുതൽ പണിയെടുക്കണം. ജോലിചെയ്യാനായി അതി രാവിലെ ഉണരുകയും വേണം.  അത്താഴമുണ്ടാക്കി ഓരോരുത്തരുടെ പ്ളേറ്റുകളും കഴുകിക്കൊടുക്കണം. പരിസരവും മുറികളും വൃത്തിയാക്കിയ ശേഷമേ കന്യാസ്ത്രികൾക്ക് ഉറങ്ങാൻ പോലും സാധിക്കുള്ളൂ. കൂടാതെ, വസ്ത്രം കഴുകിയ ശേഷം പുരോഹിതരുടെ തുണികളും തേച്ചു കൊടുക്കണം. ഭക്ഷണം കഴിക്കുന്ന തീൻ മേശയ്ക്ക് മുമ്പിൽ ഒപ്പം പുരോഹിതർ കന്യാസ്ത്രികളെ  ഇരുത്തുകയില്ല. ജോലി ചെയ്യാതെ പരാന്ന ജീവികളായി ജീവിക്കുന്ന പുരോഹിതരുടെ അഹങ്കാരത്തിനും ഒരു അതിരില്ല.

ലേഖനത്തിലുൾപ്പെടുത്തിയിരുന്ന കാര്യങ്ങൾ വത്തിക്കാന്റെ ശ്രദ്ധയിൽപ്പെടുകയുണ്ടായി. കന്യാസ്ത്രി മഠങ്ങളിൽ നടക്കുന്ന പുരോഹിത അതിക്രമങ്ങളുടെ ഉത്തരവാദിത്വം മാർപാപ്പാ സ്വയം ഏറ്റെടുക്കുകയായിരുന്നു. ലൈംഗിക ചൂഷണം ചെയ്യുന്ന എല്ലാ പുരോഹിതരെപ്പറ്റി റിപ്പോർട്ട് ചെയ്യണമെന്ന് വത്തിക്കാൻ ആവശ്യപ്പെടുകയുണ്ടായി.

ഫ്രാൻസീസ് മാർപാപ്പാ തന്റെ പെറുവിലേക്കുള്ള യാത്രയിൽ കന്യാസ്ത്രികളും പുരോഹിതരും തമ്മിലുള്ള ലിംഗ അസ്വമത്വങ്ങളെ പരസ്യമായി ആക്ഷേപിച്ചിരുന്നു. കന്യാസ്ത്രീകളെ ഏറ്റവും അധികം നിന്ദിക്കുന്ന രാജ്യങ്ങൾ മാർപാപ്പായുടെ തന്നെ ഭൂഖണ്ഡത്തിൽ ഉൾപ്പെടുന്ന സൗത്ത് അമേരിക്കൻ രാജ്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികൾക്ക് മാന്യമായ ശമ്പളം കൊടുക്കണമെന്നും ലിംഗഭേദമില്ലാതെ സകലർക്കും മാന്യത കല്പിക്കണമെന്നും മാർപാപ്പാ കൂടെക്കൂടെ പറയാറുണ്ട്‌. അതെല്ലാം അല്മായർക്കുള്ള ഉപദേശമാണെങ്കിലും പുരോഹിതരുടെ കന്യാസ്ത്രികൾക്ക് നേരെയുള്ള നിന്ദ്യമായ പെരുമാറ്റങ്ങൾക്ക് കുറവൊന്നുമില്ല. 'കന്യാസ്ത്രീകളുടെ സഭയിലെ ജോലിയെന്നാൽ സേവനത്തെക്കാൾ കൂടുതൽ ദാസ്യവൃത്തിയാണെന്ന്' കാണാം.

മഠങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇത്തരം കഥകൾ നൂറ്റാണ്ടുകളായി വത്തിക്കാന്റെ വീക്ഷണത്തിലുള്ളതാണ്. പുരോഹിതരുടെ ലൈംഗിക കുറ്റകൃത്യങ്ങൾ വത്തിക്കാനിൽ എക്കാലവും മൂടി വെക്കുകയായിരുന്നു. അധികാരവും പണവും കുന്നുകൂടിയതോടെ പുരോഹിതരുടെ സന്മാർഗികത നശിക്കുകയും എന്തുതരം ഹീനകൃത്യങ്ങൾക്കും പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. അറേബ്യൻ പെൻസുലായിൽ നിന്ന് ഫ്രാൻസീസ് മാർപാപ്പ മടങ്ങി വരുമ്പോൾ ഒരു റിപ്പോർട്ടർ അദ്ദേഹത്തോട് പാവപ്പെട്ട കന്യാസ്ത്രീകളെ പുരോഹിതർ പീഡിപ്പിക്കുന്ന  കാര്യങ്ങളെ സംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു.

ചില കന്യാസ്ത്രികൾ പാവപ്പെട്ട വീടുകളിൽ നിന്നാണെങ്കിലും പഠിക്കാൻ അതിസമർത്ഥരായിരിക്കും. ബൗദ്ധികമായി അവർ വളരെ ഉയർന്നവരുമായിരിക്കും.  ഉയർന്ന ഡിഗ്രികളും കരസ്ഥമാക്കിയിരിക്കും. എന്നാൽ, പണമുള്ള വീട്ടിൽനിന്നു വന്നവരും മഠങ്ങളിൽ പദവികൾ അലങ്കരിക്കുന്നവരുമായ മറ്റു കന്യാസ്ത്രികൾ പാവപ്പെട്ട കന്യാസ്ത്രീകളുടെ വളർച്ചയിൽ അസൂയപ്പെടുന്നു. അവരെ പരിഹസിക്കുകയും പീഡിപ്പിക്കുകയും ചെയ്യാറുണ്ട്.  അവരുടെ സ്വാഭാവികമായ കഴിവുകളെയും മാനിക്കാൻ തയ്യാറാവുകയില്ല. വ്യക്തിപരമായ അവരുടെ ഉയർച്ചയും തടസപ്പെടുത്താൻ നോക്കും.

സ്ത്രീകൾ പുരുഷന്മാരേക്കാൾ വിലയില്ലാത്തവരെന്ന പുരോഹിത ചിന്തകൾ ദൗർഭാഗ്യകരമാണ്.  ആഫ്രിക്കയിൽ നിന്നും ഏഷ്യയിൽ നിന്നും ലാറ്റിൻ അമേരിക്കയിൽ നിന്നും റോമിൽ പഠിക്കാൻ വരുന്ന സ്ത്രീകൾ ഭൂരിഭാഗവും സാമ്പത്തികമായി താണ വീടുകളിൽ നിന്നായിരിക്കും. അവരുടെ ചെലവുകൾ വഹിക്കുന്നതും അതാത് കോൺഗ്രിഗേഷൻ ആയിരിക്കും. ആ സ്ഥിതിക്ക് അവർ എന്തുതന്നെ ജോലി ചെയ്താലും, ജോലിയുടെ കാഠിന്യമോ സാഹചര്യങ്ങളോ ഒന്നും തന്നെ പരാതിപ്പെടാതെ സഹിച്ചു  ജീവിക്കണമെന്നാണ് വെപ്പ്. സഭ അവരെ ചൂഷണം ചെയ്യുന്നതല്ലാതെ ശബ്ദിക്കാൻ സമ്മതിക്കില്ല. അത് ഓരോ കന്യാസ്ത്രിയുടെയും മനസുകളിൽ ഒരു വിപ്ലവ ചൈതന്യം സൃഷ്ടിക്കുന്നു. സഭ ചൂഷണം ചെയ്യുന്നുവെന്ന് ഓരോരുത്തർക്കും വ്യക്തമായി അറിയുകയും ചെയ്യാം.

കത്തോലിക്ക നിയമം അനുസരിച്ച് പുരുഷന്മാർക്കു മാത്രമേ പൗരാഹിത്യം അനുവദനീയമായുള്ളൂ. സ്ത്രീകൾക്ക് പൗരാഹിത്യം കൊടുക്കണമെന്ന് പതിറ്റാണ്ടുകളായുള്ള മുറവിളികളുമുണ്ട്. അതിന്റെ പേരിൽ വിമർശനങ്ങൾ തൊടുത്തുവിട്ട പലർക്കും സഭയ്ക്ക് പുറത്തുപോവേണ്ടിയും വന്നിട്ടുണ്ട്.  സ്ത്രീകൾക്കു പൗരാഹിത്യം അനുവദിക്കുന്ന കാര്യത്തിൽ സമീപ കാലങ്ങളിലൊന്നും വത്തിക്കാനിൽ നിന്നു പ്രതീക്ഷകൾ നൽകുന്നില്ല."സ്ത്രീകളെ സഭാ കാര്യങ്ങൾ പഠിപ്പിക്കാൻ അനുവദിക്കരുതെന്ന" പൗലോസ് അപ്പോസ്തോലന്റെ വചനത്തെ മുറുകെ പിടിക്കാൻ ശ്രമിക്കും. 'അവർക്ക് പുരുഷന്മാരുടെ മേൽ അധികാരങ്ങളും നൽകരുതെന്നു' പൗലോസ് ശ്ലീഹ പറഞ്ഞിട്ടുണ്ട്. അടുത്തകാലത്ത് വത്തിക്കാനിൽ കൂടിയ ബിഷപ്പ് കോൺഫറൻസ് സ്ത്രീകൾക്കും സഭയിൽ കൂടുതൽ പങ്കാളിത്വം നൽകണമെന്ന കാര്യം ചർച്ച ചെയ്തിരുന്നു. അതിൽ 267 പുരോഹിതരോടൊപ്പം ഏഴു കന്യാസ്ത്രികൾക്കും സംബന്ധിക്കാൻ അനുവാദം കൊടുത്തിരുന്നു. എന്നാൽ ഒരു ഡോകുമെന്റ്കളും ഒപ്പിടാൻ കന്യാസ്ത്രീകളെ സമ്മതിച്ചില്ല.

കത്തോലിക്കസഭയിൽ ചർച്ചകളിൽക്കൂടി പ്രശ്നങ്ങൾ തീർക്കാനും കാര്യകാല പ്രസക്തങ്ങളായ വിഷയങ്ങൾ അവതരിപ്പിക്കാനും ബിഷപ്പ് കോൺഫെറെൻസുകൾ  സംഘടിപ്പിക്കാറുണ്ട്.  അവിടെയെല്ലാം പുരുഷന്റെ മേധാവിത്വം മാത്രം കാണാം. സ്ത്രീകളുടെ കാര്യങ്ങളും തീരുമാനിക്കുന്നത് പുരുഷൻ തന്നെ. അങ്ങനെ സഭ തന്നെ പുരുഷ മേധാവിത്വത്തിൽ അടിത്തറയിട്ടിരിക്കുന്നു. ഒരു സ്ത്രീ ഇടയലേഖനം വായിക്കണമെങ്കിലും സഭയുടെ ഡോക്യൂമെന്റുകൾ വായിക്കണമെങ്കിലും പുരുഷന്റെ ആശയങ്ങളുള്ള മസ്ക്കുലിൻ കണ്ണുകളോടെ വേണം. മതപഠനം, കുടുംബം, വിവാഹം, വിവാഹ മോചനം, സ്വവർഗ വിവാഹം, കുട്ടികൾ, കുടുംബാസൂത്രണ പദ്ധതികൾ എല്ലാം ചർച്ച ചെയ്യുന്നത് പുരുഷൻ മാത്രം. സ്ത്രീകൾക്ക് അവിടെ ചർച്ചക്ക് അവകാശമില്ല. സ്ത്രീകളുടെ പ്രശ്നങ്ങളെപ്പറ്റി സംസാരിക്കുന്നതും പുരുഷന്മാർ. സ്ത്രീകളുടെ ശാരീരിക പ്രക്രിയകൾ സംബന്ധിച്ച കാര്യങ്ങൾ സംസാരിക്കുന്ന സമയമെങ്കിലും കന്യാസ്ത്രീകളെ പങ്കു കൊള്ളിപ്പിക്കാനുള്ള മനസ്ഥിതി പഴഞ്ചാനാശയങ്ങളുമായി സഞ്ചരിക്കുന്ന പൗരാഹിത്യ മേധാവിത്വത്തിനുണ്ടാവില്ല. സന്താന ഉത്ഭാദനവും, ഒരു സ്ത്രീയുടെ രക്ത സ്രാവത്തിന്റെ അളവുകോലുകൾ! വെച്ചുകൊണ്ടുള്ള കുടുംബാസൂത്രണ നിയന്ത്രണവും നിശ്ചയിക്കുന്നത് പുരുഷ മേധാവിത്വമാണ്.

കഴിഞ്ഞ വർഷം വത്തിക്കാനിൽ നിന്നും ലോകത്തിലെ സ്ത്രീ  പുരുഷന്മാർക്കായി ഒരു ചോദ്യാവലി തയ്യാറാക്കിയിരുന്നു. അതിൽ സ്ത്രീകൾ മാത്രം ഉത്തരം പറയേണ്ട കാര്യങ്ങൾക്കു പോലും ചോദ്യങ്ങൾ ഉണ്ടാക്കിയിരിക്കുന്നത് പുരുഷന്മാരായ പുരോഹിതരായിരുന്നു. സ്ത്രീകൾക്കും പുരുഷന്മാരെപ്പോലെ വിവേകവും അറിവും ചിന്തിക്കാനുമുള്ള കഴിവുകളുണ്ടെന്ന് വത്തിക്കാനിൽ നിന്നും ചോദ്യാവലി തയ്യാറാക്കിയവരെ ആരും ഉപദേശിച്ചുമില്ല.

 "ഞങ്ങൾ  സുരക്ഷിതരും, സംതൃപ്തരുമാണ്, അടിമകളല്ല' എന്നിങ്ങനെയുള്ള പ്രസ്താവനകൾ ചില കന്യാസ്ത്രികൾ സോഷ്യൽ മീഡിയ വഴി പ്രചരണങ്ങൾ നടത്തുന്നതു കണ്ടു. ഒന്നു  ചോദിക്കട്ടെ 'നിങ്ങൾ നടത്തുന്ന പ്രാർത്ഥനകൾ കൊണ്ട്, ആർക്കെങ്കിലും, എന്തെങ്കിലും ഗുണം കിട്ടിയതായി പറയാമോ? നിങ്ങൾ ചെയ്യുന്നതെല്ലാo പുരോഹിതരുടെയും മെത്രാൻമാരുടെയും കൽപ്പനകൾ അനുസരിച്ചു മാത്രം. നിങ്ങൾക്ക് അനുസരിക്കുകയേ വഴിയുള്ളു! നിങ്ങളുടെ പ്രവർത്തികൾ ലോകം  കണ്ടു കഴിഞ്ഞു. ഫ്രാങ്കോക്കേസിൽ സമരം ചെയ്ത കന്യസ്തികൾക്കു പിന്തുണ കൊടുത്തതിന്റെ പേരിൽ സിസ്റ്റർ ലൂസിയെ സഭയിൽ നിന്നും പുറത്താക്കി. സിസ്റ്റർ ലൂസി മഠം അധികാരികളുടെ മുമ്പിൽ തെറ്റുകാരിയായി. അവർ ചെയ്ത തെറ്റ് സത്യം പുറത്താക്കിയെന്നതാണ്. അവർ പീഢകനോടൊപ്പം നിൽക്കാതെ പീഡിപ്പിക്കപ്പെട്ടവൾക്കു  പിന്തുണകൾ നൽകി  സമരപന്തലിൽ പങ്കെടുത്തു. അതേ സമയം ആരോപണ വിധേയനായ ഫ്രാങ്കോയെ ബിഷപ്പുമാരടക്കം പുരോഹിതർ ചുമലിൽ കൊണ്ടുനടക്കുന്നു.

"ഒരു കന്യാസ്ത്രി ഞങ്ങൾ അടിമകളല്ലെന്നു പറയുമ്പോൾ മറ്റൊരു കന്യാസ്ത്രി അടിമയാണെന്നും പറയുന്നു. പിന്നെ നിങ്ങൾ ആരാണ്? കൂത്തരങ്ങുന്ന ദേവദാസികൾക്കുപോലും ഇത്രമാത്രം അടിമത്വമില്ലായിരുന്നു. ദ്രൗപതിയിൽ ചില പുരോഹിതരും കന്യാസ്ത്രികളും ചെയ്ത തീപ്പൊരി പ്രസംഗങ്ങളും  കേട്ടു. എല്ലാവരും സന്യാസത്തിന്റെ മഹത്വം മാത്രം പ്രസംഗിച്ചു. എന്നാൽ ലൂസി ചെയ്ത കുറ്റം എന്തെന്ന് ആരും വ്യക്തമായി പറയുന്നുമില്ല! മുപ്പതുവർഷത്തെ അദ്ധ്വാനഫലം തട്ടിയെടുത്തശേഷം ഒരു സുപ്രഭാതത്തിൽ അവരുടെ  കന്യാസ്ത്രി പദവി അസാധുവാക്കി. കുമാരിയെന്നു സംബോധന ചെയ്തുകൊണ്ട് 'പാറക്കൻ' എന്ന പുരോഹിതൻ അവരെ അപമാനിക്കാനും തേജോവധം ചെയ്യാനും ശ്രമിച്ചു. ചുരുക്കം, 'ഞാൻ സത്യവും ജീവനുമാകുന്നു' എന്ന സഭയുടെ പ്രമാണം പൗരാഹിത്യം പാടെ ഉപേക്ഷിച്ചിരിക്കുന്നു.! ഞാറക്കൽ കന്യാസ്ത്രികളിൽനിന്നും നാലേക്കർ പുരയിടങ്ങളും സ്‌കൂളുകളും സ്ഥാപനങ്ങളും  വികാരിയുടെ കള്ളപ്രമാണങ്ങളിൽക്കൂടി പള്ളി തട്ടിയെടുത്തപ്പോൾ എവിടെയായിരുന്നു, നിങ്ങളുടെ ആത്മബോധം? 1940-തുകളിൽ പിടിയരി പിരിച്ച് നിങ്ങൾ ഉണ്ടാക്കിയ സ്വത്തുക്കളായിരുന്നില്ലേ അത്?

കന്യാസ്ത്രീകളുടെ ബലഹീനതയാണ് പുരോഹിതർ മുതലാക്കിയിരിക്കുന്നത്. അഭയാക്കേസ് പ്രതികളായ കൊട്ടൂരിനും പുതുർക്കയ്ക്കും, സെഫിക്കും വേണ്ടി കന്യാസ്ത്രികൾ കൂട്ടമായി പ്രാർത്ഥിക്കുന്നു. കള്ളസാക്ഷി പറയുന്നു. എന്താണ് സഭയുടെ മനഃസാക്ഷിയെന്നും ഓർത്തുപോവാറുണ്ട്. കുറ്റവാളികളെ സംരക്ഷിക്കുകയെന്ന സഭ ചെയ്യുന്ന ഈ അനീതികളെല്ലാം മാപ്പർഹിക്കാത്തതാണ്. കോട്ടയം അഭയക്കേസിലെ കന്യാസ്ത്രികൾക്ക് കള്ളസാക്ഷി പറയേണ്ടി വരുന്നത് അവർ തീർത്തും അബലകളായതുകൊണ്ടല്ലേ?  കേസിൽ പുരോഹിതർക്ക് എതിരായി സാക്ഷി കൊടുത്തിരുന്നുവെങ്കിൽ ഒരു പക്ഷെ അവരുടെയെല്ലാം ജീവനു തന്നെ ഭീക്ഷണികളാകുമായിരുന്നു. സത്യം പറയുന്ന കന്യാസ്ത്രികളെ മാനസികമായി പീഡിപ്പിച്ച് പുറത്താക്കുന്ന നടപടികളിലേക്ക് നീങ്ങിയാനെ!  ജീവിതകാലത്ത് മാതാപിതാക്കൾ കൊടുത്ത സ്വത്തുക്കൾ മഠം വളരെ നേരത്തെ തന്നെ തട്ടിയെടുക്കുകയും ചെയ്തു. പുറത്തിറക്കുന്നതും ഒന്നുമില്ലാതെ പെരുവഴിയിലേക്കായിരിക്കും. ഇത്തരത്തിൽ, ഭയത്തിൽ ജീവിക്കുന്ന കന്യാസ്ത്രികൾക്ക്! അധികാരവും പണവും നേടിയവരെ അനുകൂലിച്ചു  നിൽക്കാൻ മാത്രമേ സാധിക്കുള്ളൂ. പിരിഞ്ഞു പോവുന്ന കന്യാസ്ത്രികൾക്ക് ന്യായമായ നഷ്ടപരിഹാരവും ശിഷ്ട്ടായുസ്സ് ജീവിക്കാനുള്ള സംവിധാനങ്ങളും ഉണ്ടാകേണ്ടിയിരിക്കുന്നു. അവരുടെ കണ്ണീരിന്റെ കഥകൾ ശ്രവിക്കാൻ ഒരു സാമൂഹിക പ്രവർത്തകനും മുമ്പോട്ടു വരുന്നില്ല. കന്യാസ്ത്രീകളെ സംരക്ഷിക്കാൻ സ്വന്തം വീട്ടുകാർ തയ്യാറായിരുന്നെങ്കിൽ മഠങ്ങളിലെ പീഡനങ്ങൾ ഇവർക്ക് സഹിക്കേണ്ടി വരില്ലായിരുന്നു.

പുരോഹിതരിൽനിന്നും സുരക്ഷിതമായി ജീവിക്കാൻ സ്വന്തം ഗർഭപാത്രം എടുത്തുകളഞ്ഞ കന്യാസ്ത്രികളും ഉണ്ടെന്നുള്ള സിസ്റ്റർ ജെസ്മിയുടെ വെളിപ്പെടുത്തലുകൾ കേൾക്കുമ്പോൾ സഭ എത്ര ക്രൂരമാണെന്നും പ്രാകൃതമാണെന്നും ഓർത്തുപോകുന്നു. ഫ്രാങ്കോ ഇന്നും അഭിവന്ദ്യനായി നടക്കുന്നു. ലൂസി വെറുക്കപ്പെട്ടവളും. അവർ സഭയുടെ കരിമ്പട്ടികയിലും. ചാനൽ ചർച്ചകളിൽ ചില കുഞ്ഞാടുകളും ഫ്രാങ്കോയെ ന്യായികരിക്കുന്നത് കേൾക്കാം.ദയാബായി എന്ന സാമൂഹിക പ്രവർത്തക കന്യാസ്ത്രിയായിരുന്ന കാലങ്ങളിൽ പുരോഹിതരുടെ ശല്യം സഹിക്ക വയ്യാതെ സഭ വിട്ടുവെന്നും ഒരു പുരോഹിതൻ അവരെ നിരന്തരം പീഡിപ്പിക്കുമായിരുന്നെന്നും പരാതിപ്പെട്ടപ്പോൾ മറ്റു കന്യാസ്ത്രികൾ കൂട്ടത്തോടെ അവരെ നിന്ദിക്കാൻ തുടങ്ങിയെന്നും ഒടുവിൽ മടുത്ത് മാറിടം വരെ അവർ മുറിവേൽപ്പിച്ചെന്നും വെളിപ്പെടുത്തുകയുണ്ടായി.

രക്ഷിതാക്കളോട് ഒരു വാക്ക്! നിങ്ങളുടെ പെണ്മക്കളെ കന്യാസ്ത്രി മഠങ്ങളിൽ വിട്ടു നരകിപ്പിക്കാൻ  അനുവദിക്കരുത്. അവിടെ നിങ്ങളുടെ കുട്ടികൾക്ക് കിട്ടുന്നത് തടവറയും പീഡനവും ആയിരിക്കും. യൂറോപ്പിലും അമേരിക്കയിലും കന്യാസ്ത്രി മഠങ്ങൾ അടഞ്ഞുകൊണ്ടിരിക്കുന്നു. ആ സ്ഥിതി വിശേഷങ്ങൾ താമസിയാതെ കേരളത്തിലും വരുമെന്ന കാര്യത്തിൽ സംശയമില്ല. കൗമാരപ്രായത്തിൽ പറ്റിയ അബദ്ധംമൂലം, ശിഷ്ടകാലം പാവം പെൺകുട്ടികൾക്ക്! മഠം മതിൽക്കെട്ടിനുള്ളിൽ കണ്ണുനീരുമായി കഴിയേണ്ടി വരുന്നു. അധികാരികളുടെ ക്രൂരതകൾക്കു മുമ്പിൽ നിങ്ങളുടെ മക്കൾ കഷ്ടപ്പെടുന്നത് നിങ്ങൾ അറിയുന്നില്ല. കുട്ടികളെ ആ ജയിലറയിൽ വിടാനാണ് മാതാപിതാക്കൾ ആഗ്രഹിക്കുന്നെങ്കിൽ! ഒരിക്കൽ അതിന് വലിയ വില കൊടുക്കേണ്ടി വരും. നിങ്ങളും നിങ്ങളുടെ പൊന്നുമകളോടൊപ്പം ദുഖിക്കേണ്ടി വരും. മകൾ കൂലിപ്പണിയാണ് ചെയ്യുന്നതെങ്കിലും ആ തൊഴിലിന് ഒരു മാഹാത്മ്യമുണ്ട്. യാതൊരു തത്ത്വ ദീക്ഷയുമില്ലാത്ത പള്ളി ഭരണാധികാരികളായ പുരോഹിതരുടെ അടിവസ്ത്രം കഴുകിയും അവർക്ക് ഭക്ഷണം പാകം ചെയ്തും ജീവിക്കുന്ന മക്കളുടെ ദുരവസ്ഥ ഒരിക്കലെങ്കിലും മാതാപിതാക്കൾ ചിന്തിക്കാറുണ്ടോ?
ഇത്രയും സമയം എന്റെ വാക്കുകൾ ശ്രവിച്ചുകൊണ്ടിരുന്ന എല്ലാ കെസിആർഎം  ശ്രോതാക്കള്‍ക്കും പ്രവർത്തകർക്കും  നന്ദി, നമസ്ക്കാരം.

Pope Francis admits sex slave nun scandal shames Catholic ...


Sister Daya Bhai 
Sister Mary Sebastian (Former Nun)

Tuesday, October 1, 2019

ഇന്ത്യ-അമേരിക്ക സൗഹാർദ്ദങ്ങളും നീരസങ്ങളും, ചരിത്ര അവലോകനം

Image result for howdy modi pictures

ജോസഫ്  പടന്നമാക്കൽ 

സ്വാതന്ത്ര്യം ലഭിച്ചനാൾമുതൽ ഇന്ത്യൻ നേതാക്കൾ അമേരിക്കയുമായി നല്ല സൗഹാർദ്ദ ബന്ധങ്ങൾ പുലർത്താനാണ് ആഗ്രഹിച്ചിരുന്നത്. അമേരിക്ക പാക്കിസ്ഥാന്റെ പ്രതിരോധ കാര്യങ്ങളിൽ (CENTO) ഉടമ്പടി ഒപ്പുവച്ചതോടെ സോവിയറ്റ് യൂണിയനുമായി ഇന്ത്യ രാജ്യരക്ഷയെക്കരുതി ഉറച്ച ബന്ധങ്ങൾ  പുലർത്താനും ആരംഭിച്ചു. ശീത സമരത്തിൽ അമേരിക്കയും സോവിയറ്റ് യൂണിയനുമായുള്ള മത്സരത്തിനിടെ ഇന്ത്യ ചേരി ചേരാ നയങ്ങളാണ്, സ്വീകരിച്ചത്. 1971-ലെ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധത്തിൽ നിക്‌സൺ ഭരണകൂടം പരിപൂർണ്ണമായി പാക്കിസ്ഥാനു പിന്തുണ നൽകിയിരുന്നു. അന്നു വഷളായ ഇന്ത്യ അമേരിക്കൻ ബന്ധം 1991-ൽ സോവിയറ്റ് യൂണിയൻ ഇല്ലാതാവുന്നവരെ തുടർന്നിരുന്നു. 1990 മുതൽ ശീത സമരം അവസാനിച്ചതോടെ ഇന്ത്യ അമേരിക്കയുമായി സുദൃഢമായ ബന്ധം സ്ഥാപിക്കാൻ ആരംഭിച്ചു.

1947-ൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണം അവസാനിപ്പിക്കുകയും ഇന്ത്യ സ്വാതന്ത്ര്യം നേടുകയും ചെയ്തു. ഇന്ത്യ, പാക്കിസ്ഥാൻ എന്ന രണ്ടു രാജ്യങ്ങളായി ഉപഭൂഖണ്ഡത്തെ വിഭജിക്കുകയുമുണ്ടായി.   സ്വാതന്ത്ര്യം നേടിയെങ്കിലും '1947' എന്ന വർഷം യാതനകളിൽക്കൂടിയും പീഡനങ്ങളിൽക്കൂടിയുമാണ് രാജ്യം കടന്നുപോയത്. രക്തപങ്കിലമായ ഒരു ചരിത്രത്തിന് ഇന്ത്യ സാക്ഷിയായി. വിഭജനശേഷം ഇരുരാജ്യങ്ങളിലും അഭയാർത്ഥികൾ പ്രവഹിച്ചുകൊണ്ടിരുന്നു. മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങൾ പാക്കിസ്ഥാനും ഹിന്ദു ഭൂരിപക്ഷമുള്ള പ്രദേശങ്ങൾ ഇന്ത്യയ്ക്കുമായിട്ടായിരുന്നു വിഭജനം. അതിന്റെ ഫലമായി ഹിന്ദുക്കളും മുസ്ലിമുകളും സിക്കുകാരും പരസ്പ്പരം മതത്തിന്റെപേരിൽ പോരാട്ടവും തുടങ്ങി. ലക്ഷക്കണക്കിന് ജനത ഹിന്ദു മുസ്ലിം ലഹളകളിൽ കൊല്ലപ്പെട്ടു. ഇരുപതു മില്യൺ ജനങ്ങൾ അഭയാർഥികളായി ഇരു രാജ്യങ്ങളിലും താമസം തുടങ്ങി. ഹിന്ദുക്കളുടെയും മുസ്ലിമുകളുടെയും രക്തം രാജ്യം മുഴുവൻ പ്രവഹിച്ചുകൊണ്ടിരുന്നു. അമേരിക്കപോലുള്ള രാജ്യങ്ങൾ ഇന്ത്യയുടെ വർഗീയ രക്തച്ചൊരിച്ചിലുകളെ അപലപിച്ചുകൊണ്ടിരുന്നു. പാശ്ചാത്യ വിദ്യാഭ്യാസം നേടിയ നെഹ്‌റു  ക്യാപിറ്റലിസ്റ്റ് ചിന്താഗതിക്കാരനായിരുന്നെങ്കിലും സ്വാതന്ത്ര്യം നേടിയശേഷം സാഹചര്യങ്ങൾമൂലം സോഷ്യലിസ്റ്റ് ജനാധിപത്യ പാത അദ്ദേഹത്തിന് തിരഞ്ഞെടുക്കേണ്ടി വന്നു. അമേരിക്കയുമായി നല്ലൊരു ബന്ധം തുടക്കം മുതൽ ആഗ്രഹിച്ചിരുന്നു.

1949-ലാണ് ഇന്ത്യൻ പ്രധാനമന്ത്രി നെഹ്രുവും അമേരിക്കൻ പ്രസിഡന്റ് ഹാരീ ട്രൂമാനും തമ്മിൽ പരസ്പ്പരം വാഷിഗ്ടണിൽ എയർപോർട്ടിൽ കണ്ടുമുട്ടിയത്. ശീതസമരത്തിൽ ഇന്ത്യ ഇരുഭാഗങ്ങളിലും ചേരാതെ ചേരി ചേരാ നയങ്ങൾ പിന്തുടരുമെന്നും അറിയിച്ചു. ചേരിചേരാ നയത്തിന്റെ നേതൃത്വം ഇന്ത്യ ഏറ്റെടുക്കുകയും ചെയ്തു. സോവിയറ്റ് യൂണിയനും അമേരിക്കൻ ചേരികളും തമ്മിലുള്ള ശീതസമര കാലങ്ങളിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം മെച്ചമായിരുന്നില്ല. അതേ സമയം ഡൽഹിയും മോസ്‌ക്കോയുമായി സുഗമമായ ബന്ധം സ്ഥാപിക്കുകയും ചെയ്തു.

1959-ൽ മാർട്ടിൻ ലൂഥർ കിങ്ങും കൊറേട്ടാ സ്കോട്ട് കിങ്ങും പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിനെ ന്യൂഡൽഹിയിൽ സന്ദർശിച്ചു. ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തങ്ങൾ മാർട്ടിൻ ലൂതർ കിംഗ് പഠിക്കാൻ ആരംഭിച്ചു. അമേരിക്കൻ പൗരാവകാശങ്ങൾക്കും കറുത്തവരുടെ ഉന്നമനത്തിനുമായുള്ള സമരങ്ങളിൽ മാർട്ടിൻ ലൂഥർ കിംഗ് ഗാന്ധിയൻ പാത തുടർന്നു. ഒരു മാസത്തോളം  കിംഗ് ഇന്ത്യയിൽ താമസിച്ചിരുന്നു. അദ്ദേഹം പണ്ഡിറ്റ് ജവാർഹലാൽ നെഹ്‌റുവിന്റെയും ഗാന്ധി കുടുംബത്തിലെ നിരവധി അംഗങ്ങളുടെയും സൗഹാർദ്ദങ്ങൾ നേടുകയുണ്ടായി. അഹിംസാ സിദ്ധാന്തത്തിൽ വിശ്വസിക്കുന്ന നിരവധി പണ്ഡിതരുമായും കിംഗ് ചർച്ചകൾ നടത്തിയിരുന്നു. അമേരിക്കയിൽ മടങ്ങിയെത്തിയ ശേഷം 'അഹിംസാ സിദ്ധാന്തം' സ്വീകരിക്കുകയും 'പൗരാവകാശങ്ങൾക്കായുള്ള തന്റെ ഏറ്റവും വലിയ ആയുധമാണിതെന്ന്'   പ്രഖ്യാപിക്കുകയും ചെയ്തു. മാനുഷിക നീതിക്കായും അവഗണിക്കപ്പെട്ട ജനതക്കായും മനുഷ്യ ആത്മാഭിമാനത്തിനായും ഈ ആയുധം ഉപയോഗിക്കുമെന്നും  പ്രഖ്യാപിച്ചു.

1959-ഡിസംബർ 9-മുതൽ ഡിസംബർ 14-വരെ പ്രസിഡന്റ് ഐസനോവർ ഇന്ത്യ സന്ദർശിച്ചു. ഇന്ത്യ സന്ദർശിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡണ്ടാണ്,അദ്ദേഹം. ഐസനോവർ, പ്രസിഡന്റ് രാജേന്ദ്ര പ്രസാദിനെയും നെഹ്രുവിനെയും സന്ദർശിച്ചിരുന്നു. ഇന്ത്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് അന്നു പ്രസംഗിച്ചിരുന്നു. ഇന്ത്യൻ ടെക്കനോളജിക്കൽ ഇൻസ്റ്റിറ്റിട്യൂട്ടുകൾക്ക് അമേരിക്ക ഉദാരമായ സഹായങ്ങളും ചെയ്തുകൊണ്ടിരുന്നു. അമേരിക്കയിലെ ഒമ്പതു യുണിവേഴ്സിറ്റികൾ ഇന്ത്യയിൽ ഗവേഷക കേന്ദ്രങ്ങൾ സ്ഥാപിക്കാനും ടെക്കനോളജി ഇൻസ്റ്റിട്യൂട്ടുകൾ പരിപോഷിപ്പിക്കാനും പതിറ്റാണ്ടുകളോളം സഹായിച്ചുകൊണ്ടിരുന്നു. കോൺപുർ യൂണിവേഴ്സിറ്റിയായിരുന്നു ആദ്യത്തെ ഇന്ത്യയുടെ ഐഐടി. ആദ്യകാലങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള അമേരിക്കയുടെ സഹകരണം ഇന്ത്യയ്ക്ക് വളരെ പ്രയോജനപ്രദമായിരുന്നു. ആയിരക്കണക്കിന് ഇന്ത്യൻ ശാസ്ത്രജ്ഞരെ ലോകത്തിന് നൽകാൻ സാധിച്ചത്, ഇന്ത്യയുടെ ഐഐടികളും നെഹ്രുവിന്റെ അക്കാലത്തെ വീക്ഷണ ചിന്താഗതികളുമായിരുന്നു.

1962-ൽ ചൈനീസ് യുദ്ധകാലത്തു വടക്കു കിഴക്കുനിന്ന് അഭയാർത്ഥികൾ ഇന്ത്യയിൽ എത്തുവാൻ തുടങ്ങി. അതിർത്തിയിൽ ഇന്ത്യ ചൈന യുദ്ധം ശക്തമായി ആഞ്ഞടിച്ചിരുന്നു. പണ്ഡിറ്റ് ജവഹർലാൽ  നെഹ്‌റു വാഷിംഗ്ടണിൽ, ജോൺ എഫ് കെന്നഡിക്കു പിന്തുണ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തെഴുതി. വാഷിംഗ്ടൺ, വമ്പിച്ച ആയുധപ്രവാഹങ്ങളും കൂറ്റൻ പ്രതിരോധ വിമാനങ്ങളുമായി ഇന്ത്യയെ സഹായിക്കുകയുണ്ടായി. അത്യാധുനിക ആയുധങ്ങൾ ചൈനീസ് പട്ടാളത്തെ നേരിടാൻ ഇന്ത്യക്ക് നൽകാനും തുടങ്ങി. എന്നാൽ 1965-ൽ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധം ഉണ്ടായപ്പോൾ അമേരിക്കയും ഇന്ത്യയുമായുള്ള ആ ബന്ധം അവസാനിക്കുകയുമുണ്ടായി. അമേരിക്ക പാക്കിസ്ഥാന്റെ പക്ഷം ചേർന്ന് ഇന്ത്യയ്‌ക്കെതിരെ  സഹായിച്ചുകൊണ്ടിരുന്നു.

പഞ്ചവത്സര പദ്ധതികളിൽക്കൂടിയും അമേരിക്കൻ സഹായത്തോടെയും ഭക്ഷണ സ്വയം പര്യാപ്തി നേടിയതാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം കിട്ടിയ കാലത്തിനുശേഷമുള്ള ഏറ്റവും വലിയ നേട്ടം.! നോബൽ സമ്മാന ജേതാവായ 'നോർമൻ ബോർലാന്ഗ്' ഇന്ത്യയിൽ വരുകയും ഗോതമ്പിന്റെ അത്യുൽപ്പാദന ശേഷിയുള്ള വിത്തുകൾ പരീക്ഷിക്കുകയും ചെയ്തു. അദ്ദേഹത്തിൻറെ നേതൃത്വത്തിലുണ്ടായിരുന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ ഡോക്ടർ എം.എസ്.സ്വാമി നാഥനുമായുള്ള സഹവർത്തിത്വം ഇന്ത്യയിൽ ഒരു ഹരിതക വിപ്ലവം തന്നെ സൃഷ്ടിച്ചു. ഇന്ത്യ ഭക്ഷണ അപര്യാപ്തതയിൽ നിന്ന് ഒരു പതിറ്റാണ്ടിനുള്ളിൽ തന്നെ ഭക്ഷണ സ്വയം പര്യാപ്തയുള്ള രാജ്യമായി മാറി. ഭക്ഷണം കയറ്റുമതി ചെയ്യുന്ന രാജ്യമായും അറിയപ്പെട്ടു.

1966-ലാണ് ജവഹർലാൽ നെഹ്രുവിന്റെ മകൾ ഇന്ദിരാഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരം ഏറ്റെടുത്തത്. അതിനുശേഷം 1977 വരെ മൂന്നു പ്രാവശ്യം അവരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. പിന്നീട് 1980 മുതൽ മരണം വരെ  പ്രധാനമന്ത്രിയായി ചുമതലകൾ വഹിച്ചിരുന്നു. 1971-ൽ കിഴക്കേ പാക്കിസ്ഥാനിലുള്ളവർ സ്വതന്ത്ര പാക്കിസ്ഥാനുവേണ്ടി മുറവിളി തുടങ്ങി. അതിന്റെ പേരിൽ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധം ആരംഭിച്ചു. അത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മൂന്നാമത്തെ യുദ്ധമായിരുന്നു. ഈസ്റ്റ് പാക്കിസ്ഥാൻ എന്ന പ്രദേശം 'ബംഗ്ളാദേശ്' എന്ന പുതിയ രാജ്യമായി രൂപപ്പെട്ടു. പാക്കിസ്ഥാൻ സ്വന്തം രാജ്യത്തിലെ പൗരന്മാരെ കൊല ചെയ്തുകൊണ്ടിരുന്നിട്ടും അമേരിക്ക പാക്കിസ്ഥാന്റെ പക്ഷം ചേർന്നു. നിക്സൻറെ അമേരിക്ക ചൈന കൂട്ടുകെട്ടും ഇന്ത്യയെ അമേരിക്കയുമായി അകറ്റിയിരുന്നു. ആ വർഷം ഓഗസ്റ്റിൽ ഇന്ത്യ സോവിയറ്റ് യൂണിയനുമായി ഇരുപതു വർഷ സൗഹാർദ്ദ കരാറുണ്ടാക്കി. ശീത സമരത്തിലെ ചേരി ചേരാ നയത്തിൽ നിന്നും വ്യതിചലിച്ചുകൊണ്ടായിരുന്നു ഇന്ത്യ ഈ കരാർ സോവിയറ്റ് യൂണിയനുമായി ഒപ്പുവെച്ചത്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സുധീരമായ ഈ തീരുമാനം അമേരിക്കയ്ക്ക് ഈ ഉപഭൂഖണ്ഡത്തിൽ ഒരു തിരിച്ചടിയായിരുന്നു. ഇന്ത്യയ്‌ക്കെതിരായി ബംഗാൾ ഉൾക്കടലിൽ താവളം അടിച്ചിരുന്ന അമേരിക്കയുടെ കൂറ്റൻ 'സെവൻന്ത് ഫ്‌ളീറ്റ് കപ്പലും' പിൻവാങ്ങേണ്ടി വന്നു. 1974 മെയ് എട്ടാം തിയതി ഇന്ത്യ ആദ്യത്തെ ന്യുക്‌ളീയർ പരീക്ഷണം നടത്തി. പഞ്ച ശക്തികളുടെയിടയിൽ ഇന്ത്യയും ന്യുക്‌ളീയർ ശക്തിയായി അറിയപ്പെട്ടു. അമേരിക്കയിലും വികസിത രാജ്യങ്ങളിലും അത് വലിയ ഒച്ചപ്പാടുകൾക്ക് കാരണമായി. അതിന്റെ പ്രത്യാഘാതമെന്നോണം അമേരിക്ക-ഇന്ത്യ ബന്ധത്തിൽ കോട്ടങ്ങളുമുണ്ടാക്കി.

1978 ജനുവരിയിൽ പ്രസിഡന്റ് ജിമ്മി കാർട്ടർ ഇന്ത്യ സന്ദർശിച്ചു. മൂന്നു ദിവസ സന്ദർശനത്തിനിടെ പ്രസിഡന്റ് നീലം സഞ്ജീവ റെഡിയുമായും പ്രധാന മന്ത്രി മൊറാർജി ദേശായിയായും ചർച്ചകൾ  നടത്തിയിരുന്നു. കാർട്ടർ പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസംഗിക്കുകയും ചെയ്തു. പകരം, ആ വർഷം തന്നെ ജൂണിൽ ദേശായി ആറു ദിവസം അമേരിക്കയിൽ യാത്രകൾ നടത്തുകയും  ഔദ്യോഗികമായി വൈറ്റ് ഹൌസ് സന്ദർശിക്കുകയുമുണ്ടായി. ജിമ്മി കാർട്ടർ ഇന്ത്യയെ ന്യൂക്ളീയർ നിർമ്മാർജ്ജന ഉടമ്പടിയിൽ ഒപ്പിടാൻ നിർബന്ധിച്ചു. അതനുസരിച്ച് ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളുടെ ന്യൂക്ലിയർ സംവിധാനങ്ങൾ അന്തർദേശീയ അറ്റോമിക്ക് ഏജൻസികൾക്ക് പരിശോധിക്കാൻ സാധിക്കുമായിരുന്നു. ഇന്ത്യ അമേരിക്കയുടെ അഭ്യർത്ഥന തിരസ്ക്കരിക്കുകയും ചെയ്തു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ കൈകടത്തുന്നതിന് തുല്യമായി അമേരിക്കയുടെ ഈ നിർദേശത്തെ ഇന്ത്യ കരുതി. തന്മൂലം 1982-ൽ വാഷിഗ്ടൺ ഇന്ത്യക്കുള്ള സിവിലും പ്രതിരോധ ആവശ്യത്തിനുമുള്ള എല്ലാ വിധ ന്യുക്‌ളീയർ ഊർജ്ജങ്ങളും നിർത്തൽ ചെയ്യുകയുമുണ്ടായി.

1984-ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കാലത്ത് അമേരിക്കയുമായി ബന്ധം പുനഃസ്ഥാപിക്കാൻ സാധിച്ചു. ഇന്ദിരാഗാന്ധി 1982-ൽ ഔദ്യോഗികമായി റൊണാൾഡ് റേഗനെ സന്ദർശിച്ചു. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് അവർ അന്ന് വൈറ്റ് ഹൌസിൽ പ്രസംഗിച്ചത്. ചെറിയ പ്രശ്നങ്ങൾവരെ ചർച്ചയിൽക്കൂടി പരിഹരിക്കണമെന്നും അവർ അന്ന് പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പൊതുവായ താൽപര്യങ്ങളിൽ ശ്രദ്ധിക്കണമെന്നും പുത്തനായ ബന്ധങ്ങൾ ഇരുരാജ്യങ്ങളും സ്ഥാപിക്കണമെന്നും പറഞ്ഞു. രണ്ടു നേതാക്കന്മാരും സഹകരണം വർദ്ധിപ്പിക്കാനും തീരുമാനിച്ചു. ന്യൂക്‌ളീയർ ഊർജം സംബന്ധിച്ചു ഒരു ധാരണയിൽ എത്തുകയും ചെയ്തു. രണ്ടു വർഷത്തിനു ശേഷം വൈസ് പ്രസിഡന്റ് ബുഷ് ഒരു ഉന്നതതല മീറ്റിങ്ങിൽ ന്യൂ ഡൽഹിയിൽ സംബന്ധിക്കുകയും ചെയ്തു. അമിർസ്റ്ററിലുള്ള സിക്കുകാരുടെ ദേവാലയം ആക്രമിച്ചതിനു പ്രതികാരമായി ഒരു സിക്ക് സെക്യൂരിറ്റി 1984-ൽ ഇന്ദിരാഗാന്ധിയെ വധിച്ചു. ഇന്ദിരാഗാന്ധി വധത്തിന് അഞ്ചുമാസം മുമ്പായിരുന്നു ഇന്ത്യൻ പട്ടാളം സിക്കുകാരുടെ അമ്പലം ആക്രമിച്ചത്.

ഇന്ദിരാ ഗാന്ധിയുടെ മരണശേഷം രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. രാജീവ് ഗാന്ധിയുടെ ഭരണനയങ്ങൾ ഇന്ദിരയുടെ ഭരണ നടപടികളിൽനിന്നും തികച്ചും വ്യത്യസ്തമായിരുന്നു. രാജീവ് ഗാന്ധി അമേരിക്കയുമായുള്ള ബന്ധം അരക്കിട്ടുറപ്പിക്കാനാണ് പരിശ്രമിച്ചിരുന്നത്. അന്നുവരെ 'ഇന്ത്യ', സോവിയറ്റു യൂണിയനുമായി മൈത്രിയിലായിരുന്നതിനാലും സോഷ്യലിസ്റ്റ് പാതയിൽ  പ്രവർത്തിച്ചിരുന്നതിനാലും അമേരിക്ക ഒരിക്കലും ഇന്ത്യയുമായി സൗഹാർദ്ദം ആഗ്രഹിച്ചിരുന്നില്ല. 1985 ജൂൺ 11 മുതൽ 15 വരെ രാജീവ് ഗാന്ധി അമേരിക്ക സന്ദർശിക്കുകയുണ്ടായി. ആസൂത്രിത തീവ്രവാദത്തിനെതിരെ ഒരുമിച്ചു പടപൊരുതാനുള്ള ഒരു കരാറിൽ ഇന്ത്യയും അമേരിക്കയും ഒപ്പു വെച്ചു. കൂടാതെ ശാസ്ത്ര സാങ്കേതിക വിദ്യയിൽ ഉഭയകക്ഷി സഹകരണവും ധാരണയായി[. ഇന്ത്യയിൽ വർദ്ധിച്ചു വരുന്ന പകർച്ചവ്യാധികൾക്കെതിരേ പുതിയ ഒരു വാക്സിൻ വികസിപ്പിച്ച്, ഇന്ത്യക്കു നൽകാനും ഈ കരാറിലൂടെ തീരുമാനമായി. ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് കോട്ടം വരാതെ അമേരിക്കയുമായി നല്ല നയതന്ത്ര ബന്ധം സ്ഥാപിക്കാൻ രാജീവിന് സാധിച്ചു.

ഇന്ത്യയുടെ അമേരിക്കൻ കമ്പനിയായ 'യൂണിയൻ കാർബൈഡ് ഫാക്ടറി'യിൽ 1984-ൽ 'ടോക്സിക് ഗ്യാസ്' ലീക്ക് ചെയ്തതിന്റെ ഫലമായി ആയിരക്കണക്കിന് ജനം മരിച്ചു. അമേരിക്കൻ കമ്പനിയുടെ സുരക്ഷിതാ സംവിധാനക്കുറവുകൊണ്ടായിരുന്നു മാരകമായ ഈ അപകടം അന്ന് സംഭവിച്ചത്. പതിനായിരക്കണക്കിന് ജനം അംഗഭംഗം നേരിട്ട് അനാരോഗ്യവാന്മാരായി. മരണത്തിനുത്തരവാദിയായ കമ്പനിയുടെ ചെയർമാനെ ക്രിമിനൽ കുറ്റങ്ങൾക്കായി വിസ്തരിക്കാൻ അമേരിക്കയിൽനിന്നു കൊണ്ടുവരാൻ ഇന്ത്യ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഈ സംഭവങ്ങൾ അമേരിക്ക ഇന്ത്യ ബന്ധങ്ങളെ  സാരമായി ബാധിച്ചിരുന്നു. 1990 വരെ അമേരിക്ക ഇന്ത്യ ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു.

1991-ൽ പ്രധാനമന്ത്രി 'നരസിംഹ റാവു' ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌ക്കാരങ്ങൾക്ക് തുടക്കമിട്ടു.  ഇന്ത്യയുടെ ഉദാരവൽക്കരണ നയം മൂലം അമേരിക്കയുമായുള്ള ബന്ധം പുനഃസ്ഥാപിക്കപ്പെട്ടു. ഇന്ത്യയിൽ ആഗോളതലത്തിലുള്ള മുതൽമുടക്കിനായി നരംസിംഹ റാവൂ പുത്തനായ സാമ്പത്തിക നയങ്ങൾ പ്രഖ്യാപിച്ചിരുന്നു. പ്രൈവറ്റ് കമ്പനികൾ വളരാനും തുടങ്ങി. നികുതി പരിഷ്‌ക്കാരങ്ങൾമൂലം വ്യവസായ അന്തരീക്ഷത്തിനും സാഹചര്യങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. 1998 മുതൽ ഇന്ത്യ സാമ്പത്തികമായി മുന്നേറ്റമാരംഭിച്ചു. വിലപ്പെരുപ്പം വലിയ തോതിൽ നിയന്ത്രിക്കാനും സാധിച്ചു. ഇന്ത്യയെ സംബന്ധിച്ചടത്തോളം അത് പുത്തനായ സാമ്പത്തിക നേട്ടങ്ങളുടെ തുടക്കമായിരുന്നു.

1998ൽ വാജ്‌പെയ് സർക്കാരിന്റെ കാലത്ത്, പാക്കിസ്ഥാന്റെ അതിർത്തിക്കു സമീപമായി ന്യൂക്ലീയർ ബോംബുകളുടെ ഒരു പരമ്പരതന്നെ ഭൂമിക്കടിയിൽ പരീക്ഷിച്ചതായി പ്രഖ്യാപിച്ചു. ഇന്ത്യയുടെ അറ്റോമിക്ക് പരീക്ഷണങ്ങൾ അമേരിക്കൻ ഇന്റലിജിൻസ് ഏജൻസികളെ ന്യുക്‌ളീയർ യുദ്ധങ്ങൾക്കു വഴിതെളിയിക്കുമെന്ന്' ഭയപ്പെടുത്തി. ന്യുക്‌ളീയർ ആയുധങ്ങളുടെ മത്സരം തന്നെ സൃഷ്ടിക്കുമെന്നും ആശങ്കപ്പെട്ടു. ലോകം മുഴുവൻ പ്രതിക്ഷേധ ശബ്ദങ്ങൾ ഉയർത്തുകയുമുണ്ടായി. അമേരിക്കയുമായുള്ള ബന്ധങ്ങൾ വഷളാവുകയും ചെയ്തു. അമേരിക്ക ഇന്ത്യയിലുള്ള അവരുടെ അംബാസഡറെ മടക്കി വിളിച്ചു. പ്രസിഡന്റ് ക്ലിന്റൺ ഇന്ത്യയ്ക്കു മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയുമുണ്ടായി.

1999 മെയ് മുതൽ ജൂലൈ വരെ പാക്കിസ്ഥാൻ പട്ടാളം ഇന്ത്യൻ അധീനതയിലുള്ള കാശ്മീരിൽ നുഴഞ്ഞു കയറുകയും കാർഗിൽ യുദ്ധത്തിന് കാരണമാവുകയും ചെയ്തു. ഇന്ത്യ ആകാശത്തുകൂടി യുദ്ധവിമാനങ്ങൾ അയച്ച് ബോംബുകൾ വർഷിച്ചുകൊണ്ടിരുന്നു. ആ വർഷം ജൂലൈയിൽ തുടർച്ചയായ വെടിവെപ്പുകൾ നടന്നുകൊണ്ടിരുന്നു. പ്രസിഡന്റ് ക്ളിന്റൻ അത്യാവശ്യമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ വാഷിംഗ്ടണിൽ വിളിപ്പിക്കുകയും പാക്കിസ്ഥാൻ പ്രസിഡന്റ് നവാസ് ഷെരിഫ് പട്ടാളത്തെ അതിർത്തിയിലേക്ക് പിൻവലിക്കുകയും ചെയ്തു. 2000-മാർച്ചിൽ പ്രസിഡന്റ് ക്ലിന്റൺ ഇന്ത്യ സന്ദർശിച്ചു. ന്യൂക്ലിയർ ടെസ്റ്റ് നിരോധന ഉടമ്പടി ഒപ്പു വെക്കാൻ ക്ലിന്റൺ ഇന്ത്യയെ സ്വാധീനം ചെലുത്തിയെങ്കിലും ഇന്ത്യ അതിന് തയ്യാറായില്ല. ഈ സന്ദർശനത്തിൽ 'ഇന്ത്യ അമേരിക്ക സയൻസ് ആൻഡ് ടെക്നോളജി ഫോറം' രൂപീകരിച്ചു. ശീത സമരത്തിന് അയവ് വന്നതു കാരണം പാക്കിസ്ഥാനുമായി അമേരിക്കയുടെ ബന്ധങ്ങൾക്കും ഉലച്ചിൽ വന്നിരുന്നു. ഇന്ത്യയുമായി അടുക്കണമെന്ന താൽപ്പര്യവും അമേരിക്കയ്ക്കുണ്ടായിരുന്നു. അമേരിക്കൻ ഉപരോധം നീക്കാഞ്ഞ കാരണം അമേരിക്കൻ സാധനങ്ങൾ ബഹിഷ്‌കരിക്കാൻ ഇന്ത്യയിലെവിടെയും ബോർഡുകളുമുണ്ടായിരുന്നു.

ഇന്ത്യയുടെ ന്യൂക്‌ളീയർ പരീക്ഷണങ്ങൾക്കു ശേഷം 1998-ൽ നടപ്പാക്കിയ അമേരിക്കൻ ഉപരോധം എടുത്തു കളഞ്ഞത് ജോർജ് ബുഷിന്റെ കാലത്താണ്. 2005-ൽ യുഎസ് സെക്രട്ടറി 'കൊണ്ടൊലേസാ' ന്യൂ ഡൽഹി സന്ദർശിച്ചു. ഇന്ത്യയുടെ ഊർജം സംബന്ധിച്ച സുരക്ഷിതത്വ ചർച്ചകൾക്ക് പ്രാധാന്യം കൊടുത്തിരുന്നു. എന്നാൽ ഈ സന്ദർശനം കാര്യമായ മെച്ചമൊന്നും ഉണ്ടാക്കാൻ സാധിച്ചില്ല. ഊർജം സംബന്ധിച്ചുള്ള ഇറാനുമായി ഇന്ത്യയുടെ സഹകരണം അമേരിക്കയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന് തടസമായിരുന്നു. അതുപോലെ അമേരിക്ക പാക്കിസ്ഥാന് യുദ്ധ വിമാനങ്ങൾ വിൽക്കുന്നതും ഇന്ത്യ അമേരിക്ക ബന്ധങ്ങൾക്ക് വിഘാതമായി നിന്നു. 2005 ജൂൺ ഇരുപത്തിയെട്ടാം തിയതി അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി ഡൊണാൾഡ് റംസ്‌ഫീൽഡും ഇന്ത്യയുടെ പ്രതിരോധ മന്ത്രി പ്രണാബ് മുക്കർജിയും പരസ്പ്പരം കൈകോർത്ത് സൗഹാർദ്ദ അന്തരീക്ഷത്തിൽ സംസാരിച്ചിരുന്നു. പ്രതിരോധത്തിൽ രണ്ടു രാജ്യങ്ങളും ഒത്തൊരുമിച്ച് സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തു. സമുദ്ര തീരപ്രദശങ്ങളുടെ സുരക്ഷതത, മാനുഷിക പരിഗണനയ്ക്കായുള്ള സഹായങ്ങൾ, പ്രകൃതി ക്ഷോപം വരുമ്പോഴുള്ള സഹായം, ഭീകര ആക്രമണങ്ങൾ മുതലായവകൾക്കെല്ലാം തമ്മിൽത്തമ്മിലുള്ള സഹകരണവും വാഗ്ദാനം ചെയ്തുള്ള ഉടമ്പടികളിൽ അമേരിക്കയും ഇന്ത്യയും ഒപ്പു വെച്ചു.

2005-ജൂലൈ 18-നു പ്രസിഡന്റ് ജോർജ് ബുഷും ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും തമ്മിലുള്ള ഒരു കൂടിക്കാഴ്ച വൈറ്റ് ഹൌസിലുണ്ടായിരുന്നു. അന്ന് ഒരു പത്രസമ്മേളനവും നടത്തി. ഇന്ത്യയും അമേരിക്കയും ന്യുക്‌ളീയർ ഉടമ്പടിയിൽ ഒപ്പുവെക്കുകയും 2008 ഒക്ടോബറിൽ കോൺഗ്രസ്സ് അംഗീകരിക്കുകയും ചെയ്തു. ന്യുക്‌ളീയർ എനർജിയെ സംബന്ധിച്ചുള്ള മൂന്നു പതിറ്റാണ്ടായ നിരോധനം അവിടെ അവസാനിക്കുകയും ചെയ്തു. ന്യുക്‌ളീയർ സംബന്ധമായ വ്യവസായങ്ങൾ! ഇരുരാജ്യങ്ങളും പുനഃസ്ഥാപിക്കുകയും ചെയ്തു. ഉടമ്പടി അനുസരിച്ച് പ്രതിരോധ സംവിധാനമൊഴിച്ചുള്ള സിവിൽ സംവിധാനങ്ങളിലെ ന്യുക്ളീർ സങ്കേതങ്ങൾ ആഗോള അറ്റോമിക്ക് ഏജൻസികളുടെ പരിശോധനയ്ക്ക് വിധേയമായിരിക്കും. അമേരിക്ക ഭാവിയിൽ പൂർണ്ണമായ ന്യുക്‌ളീയർ ഊർജ സഹകരണം നൽകുകയും ചെയ്യുമെന്നുള്ള കരാറായിരുന്നു അത്. 2007-ജൂലൈയിൽ യു.എസ് പ്രസിഡന്റ് ജോർജ് ഡബ്ള്യ ബുഷ് ഇന്ത്യ സന്ദർശിക്കുകയും മൻമോഹൻ സിംഗുമായുള്ള ഉടമ്പടി പ്രാബല്യത്തിലാക്കുകയും ചെയ്തു. കൂടാതെ നിരവധി സാമ്പത്തിക ഉടമ്പടികളിലും ഒപ്പു വെച്ചു. അമേരിക്കയുടെ ന്യുക്‌ളീയർ ഉടമ്പടികളിൽ ഒപ്പു വെക്കാതെ ന്യുക്‌ളീയർ വാണിജ്യം നടത്തുന്ന ഒരേ രാജ്യം ഇന്ത്യ മാത്രമായി. അതിൽ പാക്കിസ്ഥാന് എതിർപ്പുണ്ടായിരുന്നു.

2008-നവംബർ എട്ടാംതീയതി ഇന്ത്യ വിക്ഷേപിച്ച മനുഷ്യരഹിതമായ ചന്ദ്രയാൻ-1 എന്ന ദൗത്യം വളരെ വിജയകരമായിരുന്നു. അതിൽ രണ്ടു പ്രധാനപ്പെട്ട ശാസ്ത്രീയ ഉപകരണങ്ങൾ സംഘടിപ്പിക്കുന്നതിൽ നാസായുടെ സഹകരണവുമുണ്ടായിരുന്നു. ചന്ദ്രനിൽ ചന്ദ്രയാൻ പദ്ധതി പൂർത്തിയാക്കി അവിടെ റോക്കറ്റ് ലാൻഡ് ചെയ്യുകയും ചെയ്തു. ചന്ദ്രോപരിതലത്തിൽ വെള്ളത്തിന്റെ കണികകളുണ്ടെന്നു കണ്ടുപിടിക്കുകയും ചെയ്തു. ഈ നേട്ടങ്ങൾ അമേരിക്കയും ഇന്ത്യയുമായുള്ള ശൂന്യാകാശ സഹകരണത്തിന് വഴി തെളിയിക്കുകയും ചെയ്തു. 1963-മുതൽ ശൂന്യാകാശ ഗവേഷണങ്ങളിൽ അമേരിക്കയും ഇന്ത്യയും തമ്മിൽ സഹകരണ മനോഭാവത്തോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

2009-ൽ പാകിസ്ഥാന്റെ ലക്ഷർ തീവ്രവാദികൾ മുംബൈ താജ് ഹോട്ടൽ ആക്രമിച്ചിരുന്നു. മൂന്നു ദിവസം കൊണ്ട് മുന്നൂറോളം ഇന്ത്യൻ പൗരന്മാർ ആ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അവരിൽ ആറ് അമേരിക്കക്കാരുമുണ്ടായിരുന്നു. തീവ്രവാദത്തെ നേരിടാൻ 'അമേരിക്കാ' ഇന്ത്യൻ അധികാരികളുമായി പൂർണ്ണ സഹകരണത്തോടെ പ്രവർത്തിക്കുകയുമുണ്ടായി. ഫോറൻസിക്ക് വിദഗ്ദ്ധരായ എഫ്ബിഐ ഗവേഷകരെ അമേരിക്ക ഇന്ത്യയിൽ അയക്കുകയും ചെയ്തു.

2014-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപി വൻഭൂരിപക്ഷത്തോടെ വിജയിക്കുകയും നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാവുകയും ചെയ്തു. അന്നുവരെ മോദിയെ അമേരിക്കൻ സന്ദർശനത്തിൽ നിന്നും വിലക്കിയിരിക്കുകയായിരുന്നു. 2002-ൽ മോദി മുഖ്യമന്ത്രിയായിരുന്ന കാലത്തുണ്ടായ ഗുജറാത്തിലെ മുസ്ലിം കൂട്ടക്കൊല അതിന് കാരണമായിരുന്നു. 2014 സെപ്റ്റംബറിൽ പ്രധാനമന്ത്രി മോദി അമേരിക്കയിൽ ആദ്യമായി സന്ദർശിച്ചു. യു.എസ്- ഇന്ത്യ പങ്കാളികളായി നിരവധി ഇൻവെസ്റ്റ് മെന്റ് പദ്ധതികൾ മോദിയുമായി ഉടമ്പടികളുണ്ടാക്കി.വ്യവസായിക തലത്തിലുള്ളവരുമായി മോദി സംഭാഷണം നടത്തിയിരുന്നു. വാഷിംഗ്ടണിൽ ഒബാമയും മോദിയുമായി ചർച്ചകൾ നടത്തിയതിന്റെ ഫലമായി കയറ്റുമതി ഇറക്കുമതി, ഊർജം മുതലായ ബിസിനസുകൾക്കായി ഒരു ബില്യൺ ഡോളർ അമേരിക്ക അനുവദിച്ചു. 2015-ൽ ഒബാമ പ്രധാന അതിഥിയായി റിപ്പബ്ലിക്ക് ദിനത്തിൽ ഇന്ത്യ സന്ദർശിച്ചു. ലോകത്തിലെ ഏറ്റവും വലിയ രണ്ടു ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള ആഘോഷമായിരുന്നു അത്.  ഇന്ത്യ അമേരിക്കയുടെ പ്രധാന പ്രതിരോധ, വ്യവസായ പങ്കാളിയായി ഒബാമ അംഗീകരിക്കുകയും ചെയ്തു.

പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും 2017 ജൂണിൽ വൈറ്റ് ഹൌസിയിൽ പരസ്പ്പരം കണ്ടുമുട്ടി. ട്രംപിന്, കാലാവസ്ഥ വ്യതിയാനം, ഇന്ത്യയുമായി കച്ചവടങ്ങൾ, എച്.വൺ വിസാ എന്നിവകളിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. എങ്കിലും ആ വിഷയങ്ങൾ കാര്യമായി ചർച്ച ചെയ്യാതെ മാറ്റി വെച്ചു. ഇരു രാജ്യങ്ങളും രാജ്യത്തിന്റെ പ്രതിരോധവും ഭീകരരെ എതിരിടുന്നതും സാമ്പത്തിക ബന്ധങ്ങൾ ശക്തമാക്കുന്നതും സംബന്ധിച്ചുള്ള ധാരണകളിലെത്തുകയും ഉടമ്പടികൾ ഒപ്പു വെക്കുകയും ചെയ്തു. 2019 ജൂൺ മാസത്തിൽ ജി 20 രാഷ്ട്ര സമ്മേളനത്തിലും വീണ്ടും ട്രംപും മോദിയുമായി കണ്ടു മുട്ടിയിരുന്നു.

1970 മുതൽ അമേരിക്കയിൽ ഇന്ത്യയുടെ ഇറക്കുമതി ചെയ്യുന്ന കച്ചവട ഉത്‌പന്നങ്ങൾക്ക് മുന്‍ഗണനാര്‍ഹമായ വാണിജ്യ സ്റ്റാറ്റസ് ഉണ്ടായിരുന്നു. അതനുസരിച്ച് ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് നികുതി ഇളവുകളോടെയായിരുന്നു. ഇന്ത്യയോടുള്ള ഉദാരവൽക്കരണമായ ഈ ഔദാര്യം ട്രംപ് ഭരണകൂടം നീക്കം ചെയ്തു. ഇന്ത്യ കാര്യമായി അമേരിക്കൻ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നില്ലായെന്ന കാരണമായിരുന്നു ട്രംപ് ആരോപിച്ചത്. ആഴ്ചകൾക്കുള്ളിൽ തന്നെ ഇന്ത്യയും പകരം വീട്ടാനെന്ന വണ്ണം അമേരിക്കയുടെ ഇറക്കുമതികൾക്ക് 28 ശതമാനം തീരുവാ ചുമത്താനാരംഭിച്ചു. ഇന്ത്യ വളരെ ഉയർന്ന നിരക്കിൽ നികുതി ചുമത്തുന്ന രാജ്യമാണെന്നു ട്രംപ് കുറ്റപ്പെടുത്തി. അമേരിക്കയിൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ഉല്പന്നങ്ങൾക്ക് സമാനമായ ഇരുപത്തിയെട്ടു ശതമാനം നികുതി ഏർപ്പെടുത്തണമെന്നു നിർദ്ദേശിച്ചിരിക്കുന്നു. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ വർധിപ്പിക്കാൻ സെനറ്റിന്റെ അംഗീകാരം തേടുകയും ചെയ്തു.

വ്യാപാര ബന്ധങ്ങളിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ ശക്തമായ അഭിപ്രായ വ്യത്യാസങ്ങൾ തുടരുന്നു. ഇന്ത്യ പ്രതിരോധമുൾപ്പടെ ആധുനികമായ ടെക്‌നോളജി വളർച്ചവരെ അമേരിക്കൻ കമ്പനികളെ ആശ്രയിക്കുന്നു. അമേരിക്കൻ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ 28 ശതമാനം  തീരുവ ചുമത്തുന്ന തീരുമാനം പുനഃ പരിശോധിക്കാനും കൂടുതൽ അമേരിക്കൻ വിപണികൾ ഇന്ത്യൻ മാർക്കറ്റിൽ ഇറക്കാനും അമേരിക്കയുടെ സമ്മർദ്ദം ശക്തമാക്കിക്കൊണ്ടിരിക്കുന്നു. അമേരിക്കൻ ഉൽപ്പന്നങ്ങൾ വലിയ തോതിൽ വാങ്ങിയാൽ വ്യവസായ തർക്കും പരിഹരിക്കാൻ സാധിക്കുമെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോപിയോ പ്രസ്താവന നടത്തുകയുണ്ടായി. വ്യാപാര വാണിജ്യ ബന്ധങ്ങളിൽ മുൻഗണന നൽകിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യയെ നീക്കം ചെയ്തത് ഇന്ത്യൻ വ്യവസായ ലോകത്ത് അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. വർഷംതോറും 630 കോടി രൂപയുടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾ അമേരിക്കയിൽ  നികുതിരഹിതമായി ഇറക്കുമതി ചെയ്തിരുന്നു. ഓട്ടോമൊബൈൽ, ടെക്സ്റ്റൈൽ അടക്കം രണ്ടായിരത്തിൽപ്പരം ഉല്പന്നങ്ങളായിരുന്നു ഇന്ത്യ അമേരിക്കൻ മാർക്കറ്റിൽ ഇറക്കുമതി ചെയ്തുകൊണ്ടിരുന്നത്. പകരം അമേരിക്കൻ ഉൽപ്പന്നങ്ങൾ ഇന്ത്യ വാങ്ങുന്നില്ലെന്ന് ആരോപിച്ചാണ് ട്രംപ് ഇറക്കുമതി നികുതി ഏർപ്പെടുത്തിയത്. എന്നാൽ അമേരിക്ക 2.5 ശതമാനം മാത്രമാണ് തീരുവാ ചുമത്തുന്നത്.

ആധുനിക സാങ്കേതിക വിദ്യ അടങ്ങിയ ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാൻ അമേരിക്ക തയ്യാറാണെന്നും അറിയിച്ചു. ആയുധങ്ങൾ സജ്ജമാക്കിയ ആളില്ലാ വിമാനങ്ങൾ, ബാലിസ്റ്റിക്ക് മിസൈൽ, മറ്റു പ്രതിരോധ സംവിധാനങ്ങൾ മുതലായവകൾ നൽകാൻ അമേരിക്ക തയ്യാറാണ്. ലക്ഷക്കണക്കിന് കോടി രൂപ ഇന്ത്യ പ്രതിരോധത്തിനുവേണ്ടി 'ബഡ്ജറ്റ്' സമർപ്പിച്ചപ്പോഴായിരുന്നു അമേരിക്കയുടെ ഈ നീക്കം. ഇന്ത്യയ്ക്കുവേണ്ടി എഫ് 21, എഫ്‌ 18 പോർ വിമാനങ്ങളും അമേരിക്ക വാഗ്ദാനം ചെയ്തു. വർദ്ധിച്ചു വരുന്ന ഇന്ത്യയുടെ ഊർജാവശ്യങ്ങൾ അമേരിക്കയ്ക്ക് പരിഹരിക്കാൻ സാധിക്കുമെന്നും അറിയിച്ചു. ബഹിരാകാശ മേഖലയിലും അമേരിക്കയുടെ സഹായം ഇന്ത്യയ്ക്ക് ഗുണം ചെയ്യും. ഇറാനിൽനിന്ന് എണ്ണ വാങ്ങുന്നതിനു പകരം അമേരിക്കയിൽനിന്ന് എണ്ണ വാങ്ങുവാനും നിർദ്ദേശിച്ചു.

Nehru, vijayalaksmi Pandit, President Truman,1949.
Image result for manmohan singh usa pictures

Image result for morarji carter

Image result for vajpeyi clinton pictures

Image result for martin luther king india pictures

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...