Sunday, September 25, 2016

ഫാ.ഐവാൻസ്‌: ദേവഗിരിയിലെ വന്ദ്യ ഗുരു; ധന്യനായ പുരോഹിതൻ



ജോസഫ് പടന്നമാക്കൽ

ഫാദർ ജോസഫ് ഐവാൻസ്‌  ഓ.സി.ഡി, 9-18-2016-ൽ ഇന്ത്യാനയിലുള്ള ആൽബെർറ്റിൻ ഭവനത്തിൽവെച്ച് മരണമടഞ്ഞ വാർത്ത ആയിരക്കണക്കിന് മലയാളി കുടുംബങ്ങളെ ദുഃഖത്തിലാഴ്ത്തിയിരുന്നു. അദ്ദേഹം നീണ്ട കാലങ്ങളോളം ഷിക്കാഗോയിലുള്ള മലയാളി സമൂഹങ്ങളുടെ അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹത്തിന്റെ മരണം എന്നെ സംബന്ധിച്ച് വ്യക്തിഗതമായ ഒരു സൗഹാർദ ബന്ധത്തിന്റെ അന്ത്യം കൂടിയായിരുന്നു. അദ്ദേഹവും ഞാനുമായി ഏകദേശം അര നൂറ്റാണ്ടിനുമപ്പുറം മൈത്രിബന്ധമുണ്ടായിരുന്നു. അത് ഗുരുശിക്ഷ്യ ബന്ധത്തിൽക്കൂടിയാണ് തുടക്കമിട്ടത്. 1961-ൽ  കോഴിക്കോട്, ദേവഗിരിയിലുള്ള സെന്റ് ജോസഫ്സ് കോളേജിൽ പ്രീ യൂണിവേഴ്‌സിറ്റി ക്ലാസ്സിൽ ഞാൻ പഠിക്കുന്ന കാലത്ത് അദ്ദേഹം അവിടെ ഇംഗ്ലീഷദ്ധ്യാപകനായിരുന്നു. അന്ന്  പ്രസിദ്ധരായ സുകുമാർ അഴിക്കോട്, കവിയായ വി.വി.കെ, തായാട്ട് ശങ്കരൻ, ജോസഫ് പുലിക്കുന്നേൽ, പ്രൊഫ. ഷെപ്പേർഡ്  എന്നിവരും അവിടെ അദ്ധ്യാപകരായിരുന്നു.   കരിപ്പാപ്പറമ്പിൽ റെവ.ഡോ.തീയോഡോഷ്യസായിരുന്നു കോളേജിന്റെ പ്രിൻസിപ്പാളായി ചുമതലകൾ വഹിച്ചിരുന്നത്. തീയോഡോഷ്യസച്ചൻ എന്റെ പിതാവിന്റെ സഹപാഠിയുമായിരുന്നു. ദേവഗിരിയിൽ എന്റെ പഠനം തുടങ്ങാൻ കാരണമായതും അന്ന് പ്രിൻസിപ്പളായിരുന്ന തിയോഡോഷ്യസച്ചൻ തന്നെയായിരുന്നു.


ഫാദർ ജോസഫ് ഐവാൻസ്‌,  മറിയം വെട്ടത്തിന്റെയും ഡോമിനിക്ക് വരകുകാലായുടെയും മകനായി 1925 ജൂലൈ ഇരുപത്തിയഞ്ചാംതീയതി കോട്ടയം ഡിസ്ട്രിക്റ്റിലുള്ള പൂഞ്ഞാറിൽ ഒരു ധനിക കുടുംബത്തിലായിരുന്നു ജനിച്ചത്. 1925 ആഗസ്റ്റ് നാലാം തിയതി മാമ്മോദീസാ സ്വീകരിച്ചു. പ്രാഥമിക പഠനം പൂഞ്ഞാറിലായിരുന്നു. നാലു സഹോദരങ്ങളും അഞ്ചു സഹോദരികളുമടങ്ങിയ കുടുംബത്തിൽ നാലാമനായി വളർന്നു. പൂഞ്ഞാറിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഒരു കർമ്മലീത്താ പുരോഹിതനാകാൻ സെമിനാരി പഠനം തുടങ്ങി. 1953 മെയ് മുപ്പതാം തിയതി ഒരു പുരോഹിതനായി പട്ടമേറ്റുകൊണ്ട് ആത്മീയ ജോലികളിൽ വ്യാപൃതനായി. തേവര സേക്രഡ് ഹാർട്ട് കോളേജിൽ നിന്നും ഇന്റർ മീഡിയേറ്റു പാസായി. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഇംഗ്ളീഷ് സാഹിത്യത്തിൽ ബി.എ, യും എം.എ, യും ബിരുദങ്ങൾ നേടി. അതിനുശേഷം കോഴിക്കോടുള്ള ദേവഗിരി സെന്റ്. ജോസഫ്'സ് കോളേജിൽ ലെക്ചറർ ആയി ജോലിയാരംഭിച്ചു. പിന്നീട് ഇംഗ്ലീഷ് ഡിപ്പാർട്ടുമെന്റ് വകുപ്പു തലവനും കോളേജ് പ്രിൻസിപ്പാളുമായിരുന്നു. അദ്ദേഹത്തിന്റെ സ്വാധീനം മൂലം കോളേജിന്റെ പുരോഗതിക്കായി ഭീമമായ തുകകൾ സംഭരിക്കാനും അവിടെ കോളേജ് ഓഡിറ്റോറിയവും ലൈബ്രറ'റി കെട്ടിടവും പൂർത്തിയാക്കാനും സാധിച്ചു. കോളേജിൽനിന്നും പ്രസിദ്ധീകരിക്കുന്ന എല്ലാ പ്രസിദ്ധീകരണങ്ങളുടെയും മാഗസിനുകളുടെയും  എഡിറ്റർ കൂടിയായിരുന്നു.


ജോലിയിൽനിന്നും വിരമിച്ചശേഷം അദ്ദേഹം 1976-ൽ അമേരിക്കയിൽ വരുകയും ഇന്ത്യാനയിൽ ബിഷപ്പ് നോൾ തീയോളജി കോളേജിൽ അഞ്ചു വർഷം പ്രൊഫസറായി ചുമതലകൾ വഹിക്കുകയും ചെയ്തു. ഇന്ത്യാനയിലുള്ള ഗേരിയിൽ വിവിധ പള്ളികളിൽ  പാസ്റ്ററും അദ്ധ്യാപകനുമായി പ്രവർത്തിച്ചു. അവിടെയുള്ള പാവങ്ങളുടെയിടയിൽ സാമൂഹിക സേവനങ്ങളിലും ഏർപ്പിട്ടിരുന്നു. അവസാന കാലം അദ്ദേഹം ആൽബെർറ്റിൻ (Albertine Sisters in Hammond)കന്യാസ്ത്രീകളുടെ സംരക്ഷണയിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. അവസാനകാലംവരെ കുർബാന ചൊല്ലിയും കുമ്പസാരങ്ങൾ ശ്രവിച്ചും കൊന്ത ചൊല്ലിയും സമയം ചെലവഴിച്ചിരുന്നു. ഇല്ലിനോയിലുള്ള ഹോളിക്രോസ് സെമിത്തേരിയിൽ തികച്ചും മാതൃകാപരമായി ജീവിച്ച ആ നല്ല പുരോഹിതൻ ഇന്ന് അന്ത്യവിശ്രമം കൊള്ളുന്നു. ചരിത്രമായി മാറിയ അദ്ദേഹത്തിന് ആയിരക്കണക്കിന് ശിക്ഷ്യഗണങ്ങൾ ലോകത്തിന്റെ നാനാ ഭാഗങ്ങളിലുമുണ്ടായിരുന്നു.


അദ്ദേഹം തൊണ്ണൂറു വയസുവരെ ജീവിച്ചെങ്കിലും എന്നെ സംബന്ധിച്ച് ആ വേർപാട് അത്യന്തം  വേദനാ ജനകമായിരുന്നു. ആ ദുഃഖ വാർത്ത അറിഞ്ഞതുമുതൽ ഞാനെന്റെ പൂർവ്വകാലസ്മരണകളിലേയ്ക്കും ഒന്ന് തിരിഞ്ഞു നോക്കി. ഏറെ നാളായി അദ്ദേഹം ആരോടും സാമൂഹികമായ യാതൊരു ബന്ധവും പുലർത്തിയിരുന്നില്ല. തികച്ചും പരിതാപകരമായ അദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതി അതിന് അനുവദിച്ചിരുന്നില്ല. സദാ ചിരിച്ചുകൊണ്ട് വാതോരാതെ വർത്തമാനം പറയുന്ന ഐവാൻസച്ചനെ ഒരിക്കൽ കണ്ടുമുട്ടിയവരാരും പിന്നീട് മറക്കില്ലായിരുന്നു. സംസാരത്തിന്റെ തരംഗങ്ങൾ തൊടുത്തുവിട്ടാൽ നാട്ടിലെ കൊച്ചുഗ്രാമം മുതൽ അന്തമില്ലാത്ത മഹാസമുദ്രങ്ങൾക്കപ്പുറമുള്ള ലോകത്തിന്റെ അതിരുകൾവരെയും   വിഞ്ജാനകോശങ്ങൾ നിരത്തി വെക്കുമായിരുന്നു. അന്തർദേശീയ സംഭവ വികാസങ്ങൾ, രാഷ്ട്രീയ സാമൂഹിക കാഴ്ചപ്പാടുകൾ, ശാസ്ത്ര സാഹിത്യ സാങ്കേതിക വിവരങ്ങൾ, മതതത്ത്വ സംഹിതകൾ എന്നിങ്ങനെയുള്ള വിഷയങ്ങൾ ഐവാൻസച്ചൻ പറയുമ്പോൾ കേട്ടുനിൽക്കുന്നവർ ആവേശഭരിതരായി ശ്രവിക്കുമായിരുന്നു.


ഞാൻ പ്രീയൂണിവേഴ്‌സിറ്റിയ്ക്ക് പഠിക്കുന്ന കാലം. അന്ന് ഞങ്ങളുടെ ഇംഗ്ലീഷ് നോൺ ഡീറ്റൈൽഡ് പുസ്തകമായ 'റ്റേൽ ഓഫ് ബൗണ്ടി' (Tale of Bounty) യെന്ന ക്ലാസ്സിക്കൽ ചരിത്ര നോവൽ പഠിപ്പിച്ചിരുന്നത് ഐവാൻസച്ചനായിരുന്നു. അദ്ദേഹത്തിൻറെ സ്പീഡിലുള്ള വായനയും വർത്തമാനവും അതിവേഗത്തിലുള്ള നടപ്പും കാരണം 'ബേജാറച്ച'നെന്നായിരുന്നു വിദ്യാർത്ഥികളുടെയിടയിൽ അറിയപ്പെട്ടിരുന്നത്. കോളേജിൽ അദ്ധ്യാപകരും വിദ്യാർഥികളും തമ്മിൽ പരസ്പ്പരം സംസാരിക്കാതെ സമദൂരം പാലിച്ചിരുന്നതുകൊണ്ട് ഇരുകൂട്ടരും തമ്മിൽ ഒരു ആത്മീയ ബന്ധമുണ്ടായിരുന്നില്ല. എന്നാൽ ഐവാൻസച്ചൻ അവരിൽനിന്നും തികച്ചും വ്യത്യസ്തനായിരുന്നു. അദ്ദേഹം എവിടെ സഞ്ചരിച്ചാലും അന്ന് കുട്ടികൾ സംസാരിക്കാൻ ചുറ്റും കൂടും. പൊതുവഴികളിൽക്കൂടി  പതിയെ നടക്കാൻ അറിയില്ലായിരുന്നു. എപ്പോഴും ഓടിയോടി നടക്കും. അന്നുള്ള ശിക്ഷ്യഗണങ്ങളെന്നു വെച്ചാൽ അദ്ദേഹത്തിനെന്നും ജീവനായിരുന്നു. പിടിച്ചു നിർത്തി വർത്തമാനം പറയും. വീട്ടിലുള്ള സകലരുടെയും വിശേഷമറിയണം. ഒടുവിൽ നീ പഠിക്കുന്നുണ്ടോടായെന്ന ചോദ്യവും. അന്നുണ്ടായിരുന്ന സകല കുട്ടികൾക്കും അദ്ദേഹത്തോട് സ്നേഹവും ബഹുമാനവുമുണ്ടായിരുന്നു. എന്റെ സുദീർഘമായ ജീവിതത്തിൽ നൂറു കണക്കിന് പുരോഹിതരെയും അദ്ധ്യാപകരെയും കണ്ടു മുട്ടിയിട്ടുണ്ടെങ്കിലും ഐവാൻസച്ചനെപ്പോലെ മാതൃകാപരമായി ജീവിച്ച ചുരുക്കം ചിലരെ എന്റെ മനസ്സിൽ സ്ഥാനം പിടിച്ചവരായുള്ളൂ. ഒരു നിമിഷം ആ മഹാഗുരുവിനെ നമിച്ചുകൊണ്ടു ഈ ലേഖനം അദ്ദേഹത്തിനായി സമർപ്പിക്കുകയാണ്. ഒരേ വിശ്വാസസംഹിതകൾ സൂക്ഷിക്കുന്ന മതത്തിന്റെ വേലിക്കൂട്ടിനുള്ളിൽ ഞങ്ങൾ തമ്മിൽ ആശയപരമായി ഒരിക്കലും യോജിച്ചിട്ടില്ലായിരുന്നെങ്കിലും ഞാനും അദ്ദേഹവുമായുള്ള സൗഹാർദ്ദത്തിന് അതൊരു വിലങ്ങുതടിയായിരുന്നില്ല.


എന്റെ കോഴിക്കോടുള്ള പഠനകാലത്ത് വാസ്തവത്തിൽ എനിക്കന്നു മനസിലായ വിഷയം അച്ചൻ പഠിപ്പിച്ച ഇംഗ്ലീഷ് പുസ്തകം മാത്രമായിരുന്നു. 1789 ഏപ്രിൽ ഇരുപത്തിയെട്ടാം തിയതി പസഫിക്ക് സമുദ്രത്തിൽ വെച്ച് ബ്രിട്ടന്റെ നാവിക കപ്പലിലുലുണ്ടായ ഒരു പട്ടാളവിപ്ലവത്തിന്റെ കഥയായിരുന്നു അത്. വെസ്റ്റിൻഡീസിലുള്ള അടിമകളെ തീറ്റാനായി 'കടച്ചക്ക' ശേഖരിക്കാൻ 'ടാഹിട്ടി' ദ്വീപിലേക്കുള്ള ദുരിതപൂർണ്ണമായ യാത്രയിലായിരുന്നു കപ്പലിനുള്ളിൽ വിപ്ലവമുണ്ടായത്. കപ്പലിന്റെ പടനായകനും കപ്പിത്താനുമായിരുന്ന 'വില്യം ബ്ലൈഗ്' മറ്റുള്ള നാവികരോട് ക്രൂരവും അപമര്യാദയുമായ രീതിയിൽ പെരുമാറിയിരുന്നു. നാവിക സൈന്യക നിയമങ്ങൾ ലംഘിച്ചുകൊണ്ട് സഹികെട്ട സഹക്യാപ്റ്റൻ ഫ്ലെക്‌ച്ചർ ക്രിസ്ത്യൻ കപ്പലിന്റെ നിയന്ത്രണം പിടിച്ചെടുത്തു. അപ്പോഴേയ്ക്കും നാലായിരം മൈലുകളോളം കപ്പൽ യാത്ര പൂർത്തിയാക്കിയിരുന്നു.   ടാഹിട്ടിയിൽ അഞ്ചുമാസം താമസിച്ച നാളുകളിൽ അവിടെയുള്ള പോളിനേഷ്യൻ സ്ത്രീകളുമായി കപ്പലിലുണ്ടായിരുന്നവർ ലൈംഗിക ബന്ധങ്ങളിലും ഏർപ്പെട്ടിരുന്നു. നാവികരുടെയിടയിൽ അനുസരണം ഇല്ലാതെയുമായി. ബ്രിട്ടനിലെത്തിയാൽ അവരെ വിസ്തരിക്കുമെന്ന ഭയത്താൽ ക്രിസ്ത്യനും പാർട്ടിയും ആ ദ്വീപിൽ ഒളിച്ചു താമസിച്ചു. 1790-ൽ ബ്ലൈഗും കൂട്ടരും ഇംഗ്ലണ്ടിൽ എത്തി. അതിനു ശേഷം വിപ്ലവമുണ്ടാക്കിയവരുടെ പേരിൽ കുറ്റവിസ്താരങ്ങളും തുടങ്ങി. കുറ്റാരോപിതരായ പതിനാലു പേരെ നാവികപട ടാഹിട്ടിയിൽ വീണ്ടുമെത്തി മടക്കിക്കൊണ്ടുവരുകയും അവരെ ജയിലിലടക്കുകയും ചെയ്തു. ക്രിസ്ത്യനെയും ഏതാനും സഹ വിപ്ലവകാരികളെയും കണ്ടെത്താൻ സാധിച്ചില്ല. ലഹളക്കാരിൽ നാലുപേരെ കുറ്റവാളികളായി വിധിക്കുകയും മൂന്നുപേരെ തൂക്കാനും വിധിച്ചു. 1808 വരെ ക്രിസ്ത്യനെയും പാർട്ടിയെയും പറ്റി യാതൊരു അറിവുമുണ്ടായിരുന്നില്ല. അന്ന് ഒളിച്ചുതാമസിച്ചിരുന്ന  'ജോൺ ആഡം' എന്ന ഒരു വിപ്ലവകാരി മാത്രമേ ജീവിച്ചിരിപ്പുണ്ടായിരുന്നുള്ളൂ. കപ്പലിലുണ്ടായിരുന്ന വിപ്ലവകാരികളുടെ അനന്തരതലമുറകളിൽപ്പെട്ടവർ ഇന്നും ആ ദ്വീപിൽ വസിക്കുന്നുണ്ട്. പൊതുവായി ബ്ലൈഗിനെ ഒരു ഭീകരനും ക്രിസ്‌ത്യനെ ബലിയാടായ നല്ലവനുമായിട്ടാണ് ഹോളിവുഡ് ഫിലിമുകൾ ചിത്രീകരിച്ചിരിക്കുന്നത്. ആധുനിക ചരിത്രകാർ ആ വിശ്വാസത്തോട് യോജിക്കുന്നുമില്ല.


അക്കാലത്ത് ഹൈസ്‌കൂൾ പതിനൊന്നു വർഷവും പ്രീയൂണിവേഴ്‌സിറ്റി ഒരു വർഷവുമായ സ്‌കൂൾ-കോളേജ് അദ്ധ്യയന ക്രമങ്ങളായിരുന്നുണ്ടായിരുന്നത്.  . ശാസ്ത്ര വിഷയങ്ങൾ ഹൈസ്‌കൂളിൽ മലയാളത്തിൽ പഠിച്ചതുകൊണ്ടു  അദ്ധ്യാപകർ ഇംഗ്ലീഷിൽ പഠിപ്പിക്കുന്നതെന്തെന്നുപോലും ഒരു ഗ്രാഹ്യവുമില്ലായിരുന്നു. സയൻസ് മുഴുവൻ പലരും മനഃപാഠമാക്കുമെങ്കിലും എനിക്കതിനുള്ള കഴിവുമില്ലായിരുന്നു. ക്വതനാങ്കമാണ് ബോയിലിംഗ് പോയിന്റെന്നും ആപേക്ഷികാ സിദ്ധാന്തമാണ് തിയറി ഓഫ് റിലേറ്റിവിറ്റിയെന്നുമൊക്കെ കോളേജ് വിട്ട ശേഷമാണ് മനസിലായത്. സർക്കാർ കുറ്റവാളികളെ തൂക്കിക്കൊല്ലുന്നതിനു തുല്യമാണ് പ്രീയൂണിവേഴ്‌സിറ്റിയെന്നു വേളൂർ കൃഷ്ണൻ കുട്ടിയുടെ വിനോദകഥ വായിച്ചതും ഓർക്കുന്നു. കാരണം കൃഷ്ണൻ കുട്ടി പ്രീയൂണിവേഴ്സിറ്റിയ്ക്ക് പല തവണ തോറ്റു പഠിച്ചിരുന്നു. ചുരുക്കം വിദ്യാർത്ഥികളെ പബ്ലിക്ക് പരീക്ഷയിലിരുത്താതെ  കോളേജ് അന്ന് ഡീറ്റൻഷനും നൽകുമായിരുന്നു. ക്ലാസ്സിൽ കയറാതെ ഹാജർ കുറവായതിനാലും ഓണം ക്രിസ്തുമസ് പരീക്ഷകളിലെ മാർക്കുകൾ കുറവായതിനാലും എന്നെയും അക്കൊല്ലം  പബ്ലിക്ക് പരീക്ഷക്കിരുത്താൻ കോളേജനുവദിച്ചില്ല. നിരാശനായ ഞാൻ അക്കാലങ്ങളിൽ പഠനം അവസാനിപ്പിക്കണമെന്നും വിചാരിച്ചുപോയി. ഒരിക്കൽ എന്റെ ഹോസ്റ്റൽ പരിസരത്തുള്ള കോളേജ് ക്യാമ്പസിൽവെച്ച് ഐവാൻസച്ചനെ കണ്ടുമുട്ടിയതും ഓർക്കുന്നു. ' എന്തിനാണ് നീ ഇങ്ങനെ സദാ വിഷമിച്ചു നടക്കുന്നത്, നൈരാശ്യം പാടില്ല. പ്രതീക്ഷകളാണ് വിജയത്തിന്റെ അടിസ്ഥാനമെന്ന്' അച്ചന്റെ അന്നുള്ള സാരോപദേശവും ഓർക്കുന്നു.  'എന്റെ പഠനത്തിലുള്ള ബലഹീനതകൾ മനസ്സിലാക്കിയിരുന്നെങ്കിൽ പ്രയാസമുള്ള സയൻസ് വിഷയങ്ങൾക്ക് ട്യൂഷൻ നൽകി ഡീറ്റെൻഷൻ എന്ന കടമ്പ കടത്താമായിരുന്നുവെന്നും' അച്ചൻ പറഞ്ഞതോർക്കുന്നു. അന്ന് കിട്ടുന്ന സ്വാന്തന വാക്കുകൾ മനസിന് ഉന്മേഷവും ലഭിക്കുമായിരുന്നു. അച്ചന്റെ അന്നത്തെ ഉപദേശങ്ങൾ പിന്നീടുള്ള എന്റെ പഠന ജീവിതത്തിൽ കൂടുതൽ ആത്മധൈര്യം നല്കുകയും ചെയ്തു.


വിജയകരമല്ലാത്ത ദേവഗിരിയിലെ പഠനവും പൂർത്തിയാക്കി ഞാൻ എന്റെ വീട്ടിലേയ്ക്ക് മടങ്ങി വന്നു. നാട്ടുകാരെ അഭിമുഖീകരിക്കാൻ പ്രയാസമായതുകൊണ്ട് വീട്ടിൽനിന്നും ഒരു സ്ഥലത്തും പുറത്തിറങ്ങുമായിരുന്നില്ല. മുമ്പോട്ടുള്ള പഠനത്തിന് താല്പര്യവും കുറഞ്ഞു. പരീക്ഷയെഴുതിയില്ലേയെന്നു അയൽക്കാരും ചോദിക്കുമായിരുന്നു. ചിലർ എന്നെ ഒരു കുറ്റവാളിയെപ്പോലെയും കാണുമായിരുന്നു. അക്കാലത്തു ഐവാൻസച്ചന്റെ നാല് ലൈനിലുള്ള ഒരു കത്ത് അപ്രതീക്ഷിതമായി കിട്ടിയതും ഓർക്കുന്നു. പഠിപ്പിച്ച ഒരു അദ്ധ്യാപകന്റെ കത്തു കിട്ടിയപ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണുണ്ടായത്. ദേവഗിരിയിൽ ഒരു വർഷംകൂടി പ്രീ യൂണിവേഴ്സിറ്റി ആവർത്തിച്ചു പഠിക്കാനുള്ള ഉപദേശമായിരുന്നു അത്. എന്റെ സഹപാഠികൾ ഉയർന്ന ക്ളാസുകളിൽ പഠിക്കുമ്പോൾ വീണ്ടും തോറ്റവനായി അവിടെ പഠിക്കാൻ എനിയ്ക്ക് താല്പര്യമുണ്ടായില്ല. അക്കൊല്ലം തന്നെ കോട്ടയം പൈകടാസ് കോളേജിൽ ചേർന്ന് ഞാൻ പ്രീ യൂണിവേഴ്സിറ്റി പരീക്ഷയ്ക്കായി പ്രൈവറ്റായി പഠിക്കാനാരംഭിച്ചു. കോട്ടയത്തുള്ള ഒരു ലോഡ്ജിൽ താമസവും തുടങ്ങി. അന്ന് ആ ലോഡ്ജിൽ കോളേജദ്ധ്യാപകർക്കായുള്ള ഒരു കോഴ്സായ ഇംഗ്ലീഷ് ഡിപ്ലോമയ്ക്ക് 'ഇൻസ്റിറ്റ്യൂട് ഓഫ് ഇംഗ്ലീഷ്' സ്‌കൂളിൽ പഠിക്കുന്ന രണ്ടദ്ധ്യാപകരുമുണ്ടായിരുന്നു. ഒരിക്കൽ ഒരു സുപ്രഭാതത്തിൽ  ലോഡ്ജിന്റെ മുമ്പിൽ നിൽക്കുമ്പോൾ ഐവാൻസച്ചൻ അവിടെ താമസിക്കുന്ന സുഹൃത്തുക്കളുമായി നടന്നുവരുന്നന്നതു കണ്ടു. യാദൃച്ഛികമായി ദേവഗിരിയിലെ ഗുരുവിനെ വീണ്ടും കണ്ടുമുട്ടിയപ്പോൾ അതിയായ സന്തോഷവുമുണ്ടായി. മദ്രാസ് യൂണിവേഴ്സിറ്റിയിൽ ബി.ഏ. ഹോണേഴ്‌സ് ഡിഗ്രിയുള്ളവർ കേരളാ യൂണിയവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജുകളിൽ പ്രൊഫസറായി പ്രൊമോഷൻ വേണമെങ്കിൽ ഈ ഡിപ്ലോമയും പൂർത്തിയാക്കണമായിരുന്ന നിയമം അന്ന് കേരളാ യൂണിവേഴ്‌സിറ്റി നടപ്പിലാക്കിയിരുന്നു. ഡിപ്ലോമയ്ക്കുള്ള പഠനവും ദീപികയിൽ എഡിറ്റോറിയൽ ജോലിയും ചെയ്തുകൊണ്ട് ഐവാൻസച്ചൻ ദീപികയുടെ കെട്ടിടത്തിൽ താമസം തുടങ്ങിയിരുന്നു. അതിനുശേഷം സായം സഞ്ചാരത്തിനു പോവുന്ന സമയങ്ങളിൽ മിക്ക ദിവസങ്ങളിലും അദ്ദേഹത്തെ ദീപികയിലെ ഓഫീസിൽ സന്ദർശിക്കുകയും ചിലപ്പോൾ മണിക്കൂറുകളോളം സംസാരിക്കുകയും ചെയ്യുമായിരുന്നു. പഠിക്കാൻ എല്ലാവിധത്തിലും പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള സംഭാഷണമായിരുന്നു കൂടുതലും. അദ്ദേഹത്തിൻറെകൂടെ ഇംഗ്ലീഷ് ഡിപ്ലോമയ്ക്ക് പഠിച്ചിരുന്നവർ എന്റെയും സുഹൃത്തുക്കളായിരുന്നു. ഐവാൻസച്ചന്റെ അഗാധമായ പാണ്ഡിത്യത്തെപ്പറ്റി അവർ മിക്ക ദിവസങ്ങളും സംസാരിക്കുമായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ ഏറ്റവും സമർഥനായ വിദ്യാർത്ഥിയെന്നും പഠിപ്പിക്കുന്ന പ്രൊഫസർമാരെക്കാൾ അദ്ദേഹത്തിന് അറിവുണ്ടെന്നും അവർ പറയുമായിരുന്നു.


കാലചക്രം പിന്നെയും കറങ്ങിക്കൊണ്ടിരുന്നു. ഞാനും പലയിടത്തായി കറങ്ങി വിദ്യാഭ്യാസം പൂർത്തിയാക്കി. തൃശൂർ, എൽത്തുരുത്തിലുള്ള സെന്റ്. അലോയിഷ്യസ് കോളേജിൽ കൊമേഴ്‌സ് അദ്ധ്യാപകനായി പഠിപ്പിക്കുന്ന കാലം. അന്ന് ഐവാൻസച്ചൻ ദേവഗിരി കോളേജിലെ പ്രിൻസിപ്പാളായിരുന്നു. എന്റെ പ്രിയപ്പെട്ട ആ ഗുരുനാഥൻ കേരളത്തിന്റെ ഒരു ഒന്നാംകിട കോളേജിന്റെ ഭരണസാരഥ്യം വഹിക്കുന്നതറിഞ്ഞപ്പോൾ ഞാൻ അഭിമാനിയായിരുന്നു. ഒരിക്കൽ എന്റെ അന്നത്തെ ബോസായിരുന്ന ഫാദർ റൂപ്പർട്ട് കൊവേന്തയിലേയ്ക്ക് വിളിപ്പിച്ച് ' ഐവാൻസച്ചൻ അവിടെ അന്നു രാത്രി തങ്ങുന്ന കാര്യവും എന്നെ കാണണമെന്നാവശ്യപ്പെട്ടതും' അറിയിച്ചു. വർഷങ്ങളോളം പരസ്പരം എഴുത്തുകുത്തുകളൊന്നുമില്ലാതെ അച്ചൻ ഞാനവിടെ പഠിപ്പിക്കുന്ന കാര്യം എങ്ങനെ അറിഞ്ഞുവെന്നും ഓർത്തുപോയി. ഒരു ദിവസം മാത്രം അവിടെ തങ്ങിയിരുന്ന അച്ചനും ഞാനുമായി നീണ്ട വർത്തമാനങ്ങളും പഴയ കോളേജുകാല കഥകളും പറഞ്ഞതോർക്കുന്നു. ദേവഗിരിയിലേക്ക് വരുവാൻ  എന്നെ ക്ഷണിക്കുകയും ചെയ്തു. പക്ഷെ അദ്ദേഹത്തിൻറെ ക്ഷണം ഫലവത്താക്കാൻ എനിയ്ക്കൊരിക്കലും സാധിച്ചില്ല.


ഞാൻ വിവാഹിതനായ ശേഷം ഭാര്യാവീട്ടിൽ ബന്ധു ജനങ്ങളുടെ പല വീടുകളിലും വിരുന്നു സൽക്കാരത്തിനു പോയിരുന്നു. അന്ന് അമ്മായിയപ്പനും അദ്ദേഹത്തിൻറെ അപ്പനും അമ്മയുമെല്ലാം  ജീവിച്ചിരിക്കുന്ന കാലം. ഭാര്യയുടെ വല്യപ്പന്റെ തറവാട്ടിൽ പോയപ്പോൾ അവിടെ അവരുടെ കുടുംബഫോട്ടോകളുടെ നടുക്ക്  ഐവാൻസച്ചന്റെ പുത്തൻ കുർബാനയുടെ ഒരു പടം ഭിത്തിയിൽ തൂക്കിയിട്ടിരുന്നു. അപ്പോഴാണ് അച്ചന്റെ അമ്മവീടും എന്റെ ഭാര്യയുടെ കുടുംബവും ഒന്നാണെന്ന് മനസിലായത്. എല്ലാം ഒരു നിയോഗം പോലെ എനിയ്ക്കു തോന്നി. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന പുരോഹിതനും എനെറെ ഗുരുനാഥനുമായ ഐവാൻസച്ചന്റെ അമ്മവീട്ടിൽ നിന്നാണ് വിവാഹം കഴിച്ചതെന്നതിലും സന്തോഷിച്ചു. എങ്കിലും പിന്നീടൊരിക്കലും അച്ചനെ നേരിട്ടുകാണാനോ കത്തിടപാടുകളോ സാധിച്ചിരുന്നില്ല.


1976ൽ  നാട്ടിൽനിന്നു വരുന്ന എന്റെ ബന്ധുജനങ്ങളെ പ്രതീക്ഷിച്ചു കെന്നഡി എയർ പോർട്ടിൽ ഞാൻ നിൽക്കുകയായിരുന്നു. ലോകം എത്രയോ ചെറുതെന്നു തോന്നത്തക്ക വിധം പെട്ടെന്നാണ് എന്റെ ബോസായിരുന്ന ഫാദർ റൂപ്പർട്ടിനെയും ഫാദർ ഐവാൻസിനെയും തേവര പ്രിൻസിപ്പാളായിരുന്ന ഫാദർ വിക്ടറിനെയും കണ്ടത്. വളരെക്കാലം കൂടി ഗുരു ശിക്ഷ്യന്മാർ തമ്മിൽ കണ്ടുമുട്ടിയതിൽ ഐവാൻസച്ചനുണ്ടായ സന്തോഷത്തിനും അതിരില്ലായിരുന്നു. അദ്ദേഹത്തിൻറെ കുടുംബത്തിൽനിന്നാണ് ഞാൻ വിവാഹം കഴിച്ചതെന്നറിഞ്ഞപ്പോൾ ഒരു കുടുംബ ബന്ധവും അന്നുമുതൽ തുടങ്ങി. അതിനുശേഷം ഏതാനും മാസങ്ങൾക്കുള്ളിൽ അദ്ദേഹം ഞങ്ങളുടെ വീട് സന്ദർശിച്ചു. അദ്ദേഹമൊത്തു ന്യുയോർക്കിലെ പ്രധാന സ്ഥലങ്ങൾ സന്ദർശിച്ചതും ഓർക്കുന്നു.അക്കൂടെ പ്രമുഖരായ പലരുടെയും വീടുകളിൽ അദ്ദേഹത്തോടൊപ്പം പോയി.


ന്യൂയോർക്കിലെ എന്റെ വാസസ്ഥലമായ ന്യുറോഷലിൽ ഒരു പള്ളിയിൽ അന്നു പാസ്റ്ററായിരുന്ന ഫാദർ വെമ്പാല നൽകിയ പഴയൊരു പോണ്ടിയാക്ക് കാറ് ഐവാൻസച്ചൻ സ്വന്തമാക്കിയിരുന്നു. അച്ചന് ഡ്രൈവിങ്ങ് ലൈസൻസോ കാറ് ഓടിക്കാനോ അറിയുമായിരുന്നില്ല. ഏകദേശം അന്ന് പതിനഞ്ചു വർഷമെങ്കിലും പഴക്കമുണ്ടായിരുന്ന പഴഞ്ചനായ ആ പോണ്ടിയാക്ക് കാറ് അദ്ദേഹത്തിന് ഷിക്കാഗോയിൽ കൊണ്ടുപോവുകയും വേണം. എന്നോട് ആ കാറ് ഷിക്കാഗോയിൽ ഡ്രൈവ് ചെയ്തു കൊണ്ടുപോയി എത്തിക്കാമോയെന്നു ചോദിച്ചു. ഞാനും അമേരിക്കയിൽ പുതിയ ഡ്രൈവറായിരുന്നു. കാറിന്റെ കാലപ്പഴക്കവും ഓടിക്കാനുള്ള പരിചയക്കുറവും കാരണം എനിക്ക് അച്ചനെയും കൊണ്ട് ആ കാറിൽ യാത്രയാകാനും  മടിയായിരുന്നു. പോരാഞ്ഞു ഭാര്യ സമ്മതിക്കുകയുമില്ലായിരുന്നു. പിശാചിനും  കടലിനുമിടയിലായ ഞാൻ ഒടുവിൽ കാർ ഷിക്കാഗോയിലേയ്ക്ക് ഡ്രൈവ് ചെയ്യാമെന്ന് സമ്മതിച്ചു. അന്ന് ചെറുപ്പമായിരുന്നതു കൊണ്ട് ആ പഴഞ്ചൻ കാറ് ഓടിക്കാനുള്ള ആത്മധൈര്യവും സമാഹരിച്ചു.  അച്ചനും ഞാനുമൊത്തുള്ള  നീണ്ട ഷിക്കാഗോ യാത്ര വളരെ രസകരമായിരുന്നു. അച്ചന്റെ വാതോരാതെയുള്ള വിജ്ഞാന പ്രദമായ വർത്തമാനം കാരണം ഷിക്കാഗോയിലെത്തിയത് അറിഞ്ഞില്ല. ന്യൂയോർക്കിലെ 'ബിഗ് ആപ്പിൾ' മുതൽ ഓരോ സ്റേറ്റിന്റെയും ചരിത്രങ്ങൾ പോകുന്ന വഴി അച്ചൻ വിവരിച്ചുകൊണ്ടിരുന്നു. കത്തിപ്പോയ ഷിക്കാഗോ പട്ടണം രണ്ടാമതും പുനർനിർമ്മിച്ച കഥയൊക്കെ അന്ന്  ആദ്യം കേൾക്കുകയായിരുന്നു. ചരിത്ര കുതുകിയായ എനിയ്ക്ക് അച്ചനുമൊത്തുള്ള ആ യാത്ര വളരെ രസകരമായിരുന്നു. തിരിച്ചുള്ള യാത്രയ്ക്കായി തേവര കോളേജ് പ്രിൻസിപ്പലായിരുന്ന ഫാദർ വിക്ടർ എന്റെപേര്ക്ക് പ്ലെയിൻ ടിക്കറ്റ് എടുത്തുവെച്ചിട്ടുമുണ്ടായിരുന്നു.


ആ യാത്രയ്ക്ക് ശേഷം അച്ചൻ വർഷത്തിൽ ഒന്നും രണ്ടു തവണകൾ എന്റെ വീട്ടിൽ വരുമായിരുന്നു. വരുന്ന സമയം സുഹൃത്തുക്കളായവരുടെ വീടുകളിലും സ്ഥലങ്ങൾ കാണാനും ഞാനും ഒപ്പം പോകുമായിരുന്നു. അമേരിക്കൻ ജീവിതകാലം മുഴുവൻ ദേശാടന പക്ഷിയെപ്പോലെ ലോകം മുഴുവൻ ഡ്രൈവ് ചെയ്തു നടക്കുകയെന്നതും അദ്ദേഹത്തിൻറെ വിനോദമായിരുന്നു. ഞാനും ഗേരിയിൽ പോയി അദ്ദേഹത്തെ സന്ദർശിച്ചിട്ടുണ്ട്. അവിടെയുള്ള മലയാളി കന്യാസ്ത്രീകളുടെ  സൽക്കാരങ്ങളിലും പങ്കു ചേർന്നിട്ടുണ്ട്.


ഐവാൻസച്ചനെ സ്നേഹിച്ചിരുന്നവരുടെ ഹൃദയങ്ങളിൽ അദ്ദേഹമെന്നും ഒരു നല്ല മനുഷ്യനായി  കുടികൊള്ളുമെന്നും എനിക്കറിയാം. ദേവാലയങ്ങളിൽ മണിനാദം മുഴങ്ങുമ്പോൾ താൻ അർപ്പിച്ചിരുന്ന ദിവ്യബലിയിൽ  സ്നേഹം കൊണ്ടും ജ്ഞാനംകൊണ്ടും വിശ്വാസ സംരക്ഷണം കൊണ്ടും അനേകർക്ക് മാർഗ്ഗദീപമായിരുന്ന ഈ പുരോഹിതൻ ഒരു കൈത്തിരിപോലെ എന്നുമവർക്കായി പ്രകാശിച്ചുകൊണ്ടിരിക്കും.  ഓരോ വ്യക്തിയ്ക്കും അവരുടെ  ജീവിതത്തിൽ സ്വാധീനം ചൊലുത്തിയ ഒരു ഗുരു കാണുമെന്നു ആരോ പറഞ്ഞിട്ടുണ്ട്. സ്വാത്തികമായ  ആ തത്വം ഐവാൻസച്ചനിൽ ഞാൻ കാണുന്നു. ഓരോരുത്തർക്കും അവർക്കിഷ്ടമുള്ള ഏതെങ്കിലും ഗുരുവിനെപ്പറ്റി ഓരോരോ കഥകൾ പറയാൻ കാണും. സ്വന്തം ശിക്ഷ്യഗണങ്ങൾ ഒരു അദ്ധ്യാപകനെ സ്നേഹിക്കുകയെന്നടത്തോളം ആ അദ്ധ്യാപകന് അതിൽകൂടുതൽ ഒരു സമ്മാനം കിട്ടാനില്ല. അക്കാര്യത്തിൽ ഐവാൻസച്ചൻ ഭാഗ്യവാനാണ്. സ്നേഹംകൊണ്ട് നിറഞ്ഞ ഒരു വലിയ ശിക്ഷ്യ സമ്പത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തെപ്പോലെ എന്നും പുഞ്ചിരിച്ചു നടന്നിരുന്ന ഒരു അദ്ധ്യാപകനെ വിരളമായി മാത്രമേ കാണുവാൻ സാധിക്കുള്ളൂ. പറയാൻ വാക്കുകളില്ല. എങ്കിലും അദ്ദേഹമില്ലാത്ത ലോകത്തിലും നന്ദിയെന്നു മാത്രം പറയാനെ എനിയ്ക്കിന്നു സാധിക്കുന്നുള്ളു.


കഠോപനിഷത്‌ മൂന്നാം വല്ലിയിൽ പറഞ്ഞിരിക്കുന്നു, "അറിവിനെ തേടി അറിവിനെ പുണരാൻ ഉണരൂ, അജ്ഞാനമാകുന്ന അന്ധകാരത്തെ നീക്കൂ. നിദ്ര വെടിയൂ, ഉത്‌കൃഷ്‌ട മാതൃക പ്രദാനം ചെയ്യുന്ന  ഗുരുക്കന്മാരെ പ്രാപിച്ച്‌ അറിവിന്റെ തിലകമണിയൂ. ജ്ഞാനമാകുന്ന ആ വഴി ഇരുതല വാളിനേക്കാളും മൂര്‍ച്ചയുള്ളതാണെന്ന് കവികള്‍ പറയുന്നു. വിദ്യയേയും, തീര്‍ഥത്തേയും വിൽപ്പനച്ചരക്കാക്കുന്നു മറ്റുചിലര്‍. വയറ്റുപിഴപ്പിനു വേണ്ടി ശിഷ്യന്‍മാരെ ബന്ധിക്കുന്നു. ഗുരു അങ്ങനെയായിരിക്കരുതെന്നും പറയുന്നുണ്ട്. അജ്ഞതയുടെ അന്ധകാരത്തില്‍ നിന്നും മനുഷ്യനെ രക്ഷിക്കുന്നവനാണ് ഗുരു. “ഗു’എന്ന അക്ഷരത്തിനര്‍ത്ഥം അജ്ഞാനമെന്നും “രു’ എന്നാല്‍ നശിപ്പിക്കുന്നതെന്നുമാണ്. അക്ഷരാർത്ഥത്തിൽ ഐവാൻസച്ചൻ ഉപനിഷത്തിൽ സംസ്കൃത ശ്ലോകങ്ങളിൽ ആലപിച്ച അതേ ഗുരു തന്നെയായിരുന്നു. യേശുവിനെപ്പോലെ ജീവിച്ച മഹാനായ ഒരു പുരോഹിതനും.

EMalayalee: http://emalayalee.com/varthaFull.php?newsId=129839

Malayalam Daily News: http://www.malayalamdailynews.com/?p=243135

Joychan Puthukkulam

Kalavedi: http://www.kalavedionline.com/index.php?news=2888&cat=Special

St.Joseph's Devagiri College

Wednesday, September 14, 2016

മദർ തെരേസായും ഓഷോയുടെ വിമർശനങ്ങളും




ജോസഫ് പടന്നമാക്കൽ

ഭഗവാൻ ശ്രീ രജനീഷ് (ഓഷോ)  ഒരു ആത്മജ്ഞാനിയും യോഗാത്മക ദര്‍ശകനും
അനേകായിരങ്ങളുടെ ആത്മീയ ഗുരുവുമായിരുന്നു. എന്നും വിവാദപരമായ അദ്ദേഹത്തിൻറെ പ്രസ്താവനകൾ അനേകരെ പ്രകോപനം കൊള്ളിപ്പിച്ചിരുന്നു. സ്വർഗ്ഗമോ നരകമോയെന്ന മതതത്ത്വങ്ങളെയും വ്യക്തിഗത ദൈവത്തെയും തിരസ്ക്കരിച്ചിരുന്ന ഒരു അജ്ഞയതാവാദിയുമായിരുന്നു. ഭൂമിയെ തന്നെ സ്വർഗ്ഗമാക്കി ആഡംബരത്തിൽ കഴിയുകയെന്ന തത്ത്വചിന്തകളായിരുന്നു അദ്ദേഹം അനുയായികൾക്ക് നൽകിയിരുന്നത്. ലൈംഗിക വിഷയങ്ങൾ തുറന്നടിച്ചിരുന്നതുകൊണ്ട് 'സെക്സ് ഗുരു'വെന്നും അറിയപ്പെട്ടിരുന്നു. അറുപതു ഭാഷകളിലായി ഇരുന്നൂറിൽപ്പരം പ്രസാധകർ അദ്ദേഹത്തിൻറെ ദർശനങ്ങളടങ്ങിയ കൃതികൾ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഹാന്മാരെയും മഹതികളെയും വിമർശിച്ചുകൊണ്ടുള്ള ഓഷോയുടെ പ്രസ്താവനകൾ പലപ്പോഴും അസ്വസ്തകളുണ്ടാക്കുന്നതായിരുന്നു. ഒരു വ്യക്തിയെ കണ്ണുമടച്ചു ആരാധിക്കുന്നവരുടെ ചിന്തകളെയുണർത്താൻ തന്റെ വിവാദപരമായ അഭിപ്രായങ്ങൾ സഹായിക്കുമെന്ന് ഓഷോ വിശ്വസിച്ചിരുന്നു. വാഗ്വാദങ്ങൾ അദ്ദേഹമെന്നും ഇഷ്ടപ്പെട്ടിരുന്നു. ഓഷോയുടെ ഭാഷയിൽ ഗാന്ധിജി ലോകത്തിലെ ഏറ്റവും സൂത്രശാലിയായ രാഷ്ട്രീയ തന്ത്രജ്ഞനായിരുന്നു. ഹിറ്റ്ലർ ലോകമറിയപ്പെട്ട ഏറ്റവും വിഡ്ഢിയായ രാജ്യതന്ത്രജ്ഞനും. പോപ്പിനെ ജയിലിൽ അടയ്ക്കണമെന്നും മദർ തെരേസാ പോയി കായലിൽ ചാടണമെന്നും പറയുമായിരുന്നു. ചിന്തിക്കാൻ കഴിവില്ലാത്തവരുടെയും വ്യക്തിപൂജ നടത്തുന്നവരുടെയും സ്വൈരക്കേടിൽ സന്തോഷം കണ്ടെത്തുകയെന്നത് അദ്ദേഹത്തിൻറെ സവിശേഷാവൈകൃതമായിരുന്നു. ഈ ലേഖനത്തിൽ വിവരിച്ചിരിക്കുന്നത് ഓഷോയുടെ മദർ തെരേസായെപ്പറ്റിയുള്ള വിമർശനങ്ങളും വിലയിരുത്തലുകളുമാണ്.


തെരേസായുടെ സേവനങ്ങളും പ്രവർത്തനങ്ങളും അനാഥക്കുട്ടികളെ പരിചരിക്കലും അതുവഴി  മതപരിവർത്തനം നടത്തലും ഓഷോയെ ചൊടിപ്പിച്ചിരുന്നു. അവസരങ്ങൾ കിട്ടുന്ന സമയത്തെല്ലാം മദർ തെരേസായെ ഇടിച്ചുതാഴ്ത്താനുള്ള വ്യഗ്രത ഓഷോയിലെന്നും പ്രകടമായിരുന്നു. പാവങ്ങളെ സഹായിക്കാനുള്ള മദർ തെരേസായുടെ പ്രവർത്തനങ്ങളെല്ലാം കപട തന്ത്രങ്ങളായിട്ടാണ് അദ്ദേഹം  ദർശിച്ചിരുന്നത്. ശക്തമായ രാഷ്ട്രീയ മതസംഘടകളുടെ കൂട്ടായ ഒരു പിൻബലം അവരുടെ പ്രവർത്തനങ്ങളെ ദൃഢതരമാക്കിയിരുന്നു. മദർ തെരേസായ്ക്ക് നോബൽ സമ്മാനം നൽകിയതിൽ ഏറ്റവുമധികം  വിമർശിച്ചതും ഓഷോയായിരുന്നു.   കപടത നിറഞ്ഞ സ്ത്രീയെന്നാണ് മദർ തെരേസായെ അദ്ദേഹം വിശേഷിപ്പിച്ചത്. വിമർശനങ്ങൾ പലപ്പോഴും മദർ തെരേസായെ അസ്വസ്ഥയുമാക്കിയിരുന്നു.


ചരിത്രാതീത കാലംമുതൽ മതവും പുരോഹിതരും ഭരണാധികാരികളും രാഷ്ട്രീയ നേതൃത്വങ്ങളും  മനുഷ്യരെ വിഭജിക്കാനുള്ള ഗൂഢതന്ത്രങ്ങളിലായിരുന്നു. ഒരു മതത്തിനുള്ളിൽനിന്ന് പുരോഹിതർ മനുഷ്യനെയും മനുഷ്യനെയും തമ്മിൽ പരസ്പ്പരം വേർതിരിക്കുമ്പോൾ മതത്തിനു വെളിയിൽനിന്ന് മനുഷ്യരെ വിഭജിക്കാൻ രാഷ്ട്രീയക്കാരുമുണ്ട്. അവരുടെ പ്രവർത്തനങ്ങളാകെയും മനുഷ്യത്വത്തിനെതിരെയായിരിക്കും. അവർ ചെയ്യുന്ന നീചമായ പ്രവർത്തികളെപ്പറ്റി അവരറിയുന്നില്ല. അവരുടെ ഉദ്ദേശങ്ങളും ലക്ഷ്യബോധങ്ങളും മറ്റുള്ളവർക്കു മനസിലാവുകയുമില്ല.


ഓസോയെഴുതി, "കഴിഞ്ഞ ദിവസം എനിയ്ക്ക് മദർ തെരസായിൽ നിന്നും ഒരു കത്തു ലഭിച്ചിരുന്നു.  കത്തിലെ അവരുടെ ആത്മാർത്ഥതയെപ്പറ്റി എന്തെങ്കിലും പറയാൻ  ഞാനുദ്ദേശിക്കുന്നില്ല. എന്നാൽ അവർ കത്തെഴുതിയത് തികച്ചും ബോധപൂർവമല്ലായിരുന്നു. കത്തിൽ പറഞ്ഞിരിക്കുന്നതിങ്ങനെ, 'നിങ്ങൾ എന്നെ വൈകൃതങ്ങളായ പേരുകൾ ചൊല്ലിയുള്ള വിശേഷണങ്ങളോടെ ചെയ്ത പ്രസംഗത്തിന്റെ കോപ്പി ഇതോടൊപ്പം അയക്കുന്നു. വിഷയം നോബൽ സമ്മാനമാണ്. നിങ്ങളങ്ങനെ എന്നെപ്പറ്റി പ്രസംഗിച്ചതിൽ ഖേദമുണ്ട്. നിങ്ങൾ നൽകിയ  നാമവിശേഷണങ്ങളിൽ അകമഴിഞ്ഞ സ്നേഹത്തോടെ ഞാൻ ക്ഷമിക്കുന്നു. ദൈവം നിങ്ങളെഅനുഗ്രഹിക്കട്ടെ.'


മദർ തെരാസായുടെ ഈ കത്ത്‌ ഓഷോ ഒരു തമാശരൂപത്തിലെടുക്കുകയായിരുന്നു. അവർക്കു തന്നെപ്പറ്റി ഖേദമെന്തിനെന്നും താൻ അവരെപ്പറ്റി വിശേഷിപ്പിച്ച പദങ്ങളുടെ അർത്ഥമെന്തെന്നു പോലും അവർക്ക് മനസിലായില്ലെന്നും സുബോധമുണ്ടായിരുന്നെങ്കിൽ താനുപയോഗിച്ച നാമവിശേഷങ്ങളിൽ അവർ അവരെപ്പറ്റി ഖേദിക്കുമായിരുന്നുവെന്നും ഓഷോയുടെ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്നു. മതത്തിന്റെ പേരിൽ കബളിപ്പിക്കുന്ന സ്ത്രീ , ഇല്ലാത്ത വൈദഗ്‌ദ്യം ഭാവിക്കുന്നവർ, കപടത നിറഞ്ഞവർ, എന്നീ പദങ്ങൾകൊണ്ടായിരുന്നു ഓഷോ മദർ തെരേസായെ വിശേഷിപ്പിച്ചത്.


'കബളിപ്പിക്കലെന്ന' വിശേഷണത്തിൽ ഒരുവൻ അല്ലെങ്കിൽ ഒരുവൾ മറ്റുള്ളവരെ കബളിപ്പിക്കുകയെന്ന അർത്ഥം മാത്രമല്ല മറിച്ച് അവർ സ്വയം കബളിപ്പിക്കപ്പെടുകകൂടിയാണ്.  കബളിപ്പിക്കൽ ആദ്യം തുടങ്ങുന്നത് സ്വയം മനഃസാക്ഷിയിൽനിന്നുമായിരിക്കും.  മറ്റുള്ളവരെ ചതിക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം സ്വയം ചതിക്കുന്നു. ഒരിക്കൽ സ്വയം നിങ്ങളെത്തന്നെ ചതിച്ചാൽ നിങ്ങൾ  സ്വയം ചതിക്കുകയാണെന്നുള്ള വസ്തുതകളും മനസിലാക്കില്ല. നീ നിന്നെത്തന്നെ തിരുത്തണമെങ്കിൽ നിനക്കെതിരെ പുറത്തുനിന്നുമുള്ള ശക്തമായ ബാഹ്യപ്രതികരണമുണ്ടാവണം. 'കബളിപ്പിക്കൽ' നിന്നോടും അപരനോടും ഒരുപോലെ അനീതി പ്രവർത്തിക്കുകയാണ്. നിന്നെയും അപരനേയും ഒരുപോലെ മുറിവേൽപ്പിക്കുന്നുവെന്ന വസ്തുത നീ മനസിലാക്കില്ല. ഇത് ഇരുവശത്തും മൂർച്ചയേറിയ ഇരുതല വാളിനു തുല്യമാണ്.


അതെ, മദർ തെരേസ കബളിപ്പിക്കലെന്ന പൈശാചികാർത്ഥത്തിൽ അവരൊരു ഇരുതല വാളുപോലെയുള്ള സ്ത്രീയായിരുന്നു. ആദ്യം അവർ സ്വയം കബളിക്കപ്പെട്ടു. കാരണം സുദൃഢമായ  തീരുമാനങ്ങൾ അവർ കൈക്കൊള്ളുന്നതിനു മുമ്പ് ഒരിക്കലും മനസിനെ ഏകാഗ്രമാക്കിക്കൊണ്ടു ധ്യാനിച്ചിരുന്നില്ല. സന്യാസിനിയെന്നു കരുതുന്ന അവർക്ക് ധ്യാനമെന്തെന്നു അറിയില്ല. ഇതാണ് മൗലികമായി അവർ സ്വയം കബളിപ്പിക്കപ്പെടുന്നുവെന്ന വാക്കിന്റെ അർത്ഥംകൊണ്ട് ഉദ്ദേശിച്ചത്.  അവർ സാധുക്കളെ, അനാഥരെ, വിധവകളെ, വൃദ്ധരായവരെ, സേവിച്ചിരുന്നു. അവരെയെല്ലാം നല്ല ഉദ്ദേശത്തോടെയായിരിക്കാം സഹായിച്ചത്. അവരുടെ തീരുമാനങ്ങൾ ഒരിക്കലും ചീത്തയായിരുന്നുവെന്നു പറയുന്നില്ല. എന്നാൽ അവരുടെ ഉദ്ദേശശുദ്ധി എത്രമാത്രം പരിശുദ്ധമായിരുന്നുവെന്നും ചോദ്യചിന്ഹമാണ്. സമൂഹത്തിനു ഗുണത്തേക്കാളും ദോഷങ്ങളും വലിച്ചുനീട്ടുന്നു.


സുഗന്ധം പരത്തുന്ന പൂക്കൾ പുഷ്പ്പിക്കാനള്ള സദുദ്ദേശത്തോടെ നാം വിത്തുകൾ വിതറുന്നു. എന്നാൽ അതിൽ നിന്നും മുള്ളുകൾ മാത്രം നിറഞ്ഞ ചെടികളുണ്ടാകുന്നു. നല്ല ഉദ്ദേശത്തോടെയാണ് ചെടികൾ നട്ടത്. അതിനായി നാം കഠിനമായി പ്രവർത്തിച്ചു. എങ്കിലും ആ വിത്തിൽ നിന്നും പുറപ്പടുവിച്ച ഫലങ്ങൾ നമ്മുടെ മനസിന്റെ  ശാന്തത ഭഞ്‌ജിക്കുകയാണുണ്ടായത്.  നമ്മൾ ആഗ്രഹിക്കാത്തതും  നമുക്കവിടെ ലഭിക്കുന്നു.


അവർ ദരിദ്രരെ സേവിക്കുകയായിരുന്നു. എങ്കിലും ദാരിദ്ര്യത്തെ സ്നേഹിച്ചു. നൂറ്റാണ്ടുകളായി ദരിദ്രർക്ക് സേവനം ലഭിക്കുന്നുണ്ടായിരുന്നു. എന്നിട്ടും ദാരിദ്ര്യം ലോകത്തുനിന്നും ഉന്മൂലനം ചെയ്യാൻ സാധിച്ചിട്ടില്ല. ദരിദ്രരെ സേവനം ചെയ്താലും ദാരിദ്ര്യം ലോകത്തുനിന്ന് നീക്കാൻ സാധിക്കില്ല. വാസ്തവത്തിൽ ലോകം മുഴുവൻ തന്നെ ദരിദ്രരെ സഹായിക്കുന്ന വ്യവസ്ഥിതികളുണ്ട്. ദരിദ്രരായ ജനങ്ങളെ ഏതെങ്കിലും വിധത്തിൽ സഹായിച്ചെ മതിയാവൂ. ഒരു സമൂഹത്തിനു അവരെ പരിപൂർണ്ണമായി തിരസ്ക്കരിക്കാൻ സാധിക്കില്ല. അങ്ങനെ വന്നാൽ തിരസ്‌ക്കിരിക്കുന്ന സമൂഹത്തെ രക്തപങ്കിലമായ വിപ്ലവങ്ങളിൽക്കൂടി ദുരിതമനുഭവിക്കുന്ന ജനത പ്രതികാരം ചെയ്യും. സമൂഹം തിരസ്ക്കരിക്കപ്പെടുന്നവർ ക്രൂരന്മാരും കൊള്ളക്കാരും കൊലപാതകികളുമാകും. മാതൃകാപരമായ ഒരു സമൂഹം അവരെയും അവരുടെ കുഞ്ഞുങ്ങളെയും വൃദ്ധജനങ്ങളെയും വിധവകളെയും സഹായിക്കുന്നുണ്ടെന്ന ബോധ്യം അവരിലുണ്ടാകണം. നല്ലയൊരു സമൂഹത്തിന്റെ നിർവചനവും അതാണ്.


ദരിദ്രരെ ചൂഷണം ചെയ്യുന്ന വ്യക്തികളും സമൂഹങ്ങളുമാണ് മിഷ്യനറി സ്ഥാപനങ്ങൾക്കു പൊതുവെ  പണം നൽകുന്നത്. മദർ തെരേസായുടെ മിഷ്യനെ മിഷ്യനറിസ് ഓഫ് ചാരിറ്റിയെന്നറിയപ്പെടുന്നു. ഇവരുടെ മഹത്തായ പ്രസ്ഥാനത്തിന് എവിടെനിന്ന് പണം വന്നുകൊണ്ടിരുന്നു അല്ലെങ്കിൽ അതിന്റെ ശരിയായ കണക്കും കാര്യങ്ങളുമെവിടെയെന്നു ആർക്കുമറിഞ്ഞുകൂടാ. ഏഴായിരം ദരിദ്രർക്ക് ദിനംപ്രതി അവർ ഭക്ഷണം കൊടുത്തുകൊണ്ടിരുന്നു. 1974-ൽ പോപ്പ് പോൾ ആറാമൻ അവർക്കൊരു കാഡിലാക്കുകാറ് സമ്മാനിച്ചു. ഉടൻ തന്നെ അവർ ആ കാർ വിറ്റു. മദർ തെരാസായ്ക്കു വേണ്ടിയായതുകൊണ്ടു കാറിനു അമിത വിലയും കിട്ടി. സാധുക്കൾക്ക് പണവും ലഭിച്ചെന്നു അനുമാനിക്കുന്നു. എല്ലാവരും അവരുടെ പ്രവർത്തിയിൽ അഭിനന്ദിച്ചു. എന്നാൽ ചോദ്യം വരുന്നത് എവിടെനിന്നു ആ കാർ ആദ്യം വന്നുവെന്നാണ്. പോപ്പിനു കിട്ടിയ ദാനം അദ്ദേഹം ഉപയോഗിച്ചില്ല. അദ്ദേഹം ഒരു അത്ഭുതവും കാണിച്ചില്ല. ആരെങ്കിലും ധനികർ അദ്ദേഹത്തിനു കാറ് ദാനം ചെയ്തു കാണും. ലോകത്തിൽ മറ്റാരേക്കാളും ധനം മാർപ്പാപ്പായ്ക്കുണ്ട്. എന്നാൽ ഒരു ശതമാനം പോലും കാഡിലാക്ക് വിറ്റ പണത്തിന്റെ വീതം മിഷ്യനറീസ് ഓഫ് ചാരിറ്റി വഴി ദരിദ്രർക്ക് പോയിട്ടില്ല. ഇത്തരം ഏജൻസീകൾ മുതലാളിമാരെ സഹായിക്കും. ദരിദ്രരെ സഹായിക്കില്ല. പുറമെ നോക്കിയാൽ അവർ ദരിദ്രരെ സഹായിക്കുന്നുവെന്നു തോന്നും. എന്നാൽ അടിസ്ഥാനപരമായി പരോക്ഷമായി അവർ സഹായിക്കുന്നത് ധനികരെയാണ്. ഇതൊരു നല്ല സമൂഹമെന്ന തോന്നൽ പാവങ്ങളിൽ ഉണ്ടാക്കുകയും ചെയ്യുന്നു. സമൂഹം ചീത്തയല്ലന്നും അതുകൊണ്ടു സമൂഹത്തിനെതിരെ വിപ്ലവം ഉണ്ടാക്കുന്നില്ലായെന്ന ചിന്താഗതിയും അവരിലുണ്ടാകും. ഈ മിഷ്യനറികൾ ദരിദ്രർക്ക് പ്രതീക്ഷകൾ നൽകുന്നു. മിഷ്യനറികൾ അവിടെയില്ലെങ്കിൽ ദരിദ്രർ പ്രതീക്ഷകളില്ലാത്ത ഒരു ജീവിതം നയിക്കണമെന്ന തോന്നലുമുണ്ടാക്കും. പ്രതീക്ഷയില്ലെങ്കിൽ വിപ്ലവങ്ങൾ പൊട്ടിപുറപ്പെടാം. അതിക്രമങ്ങളുമുണ്ടാകാം.


'നോബൽ' എന്ന മനുഷ്യൻ ലോകത്തിലെ ഏറ്റവും വലിയ കുറ്റവാളിയായിരുന്നുവെന്നു പറയാം. ഒന്നാം ലോക മഹായുദ്ധത്തിൽ ശത്രുസംഹാരങ്ങൾക്കായി ഉപയോഗിച്ചത് അയാളുടെ കണ്ടുപിടുത്തത്തിലെ ആയുധങ്ങൾ കൊണ്ടായിരുന്നു. അയാളന്നു ഏറ്റവും കൂടുതൽ മാരകങ്ങളായ ആയുധങ്ങൾ  ഉത്ഭാദിപ്പിക്കുന്ന മനുഷ്യനായിരുന്നു. യുദ്ധോപകരണങ്ങളിൽ നിന്നും കണക്കില്ലാത്ത ധനവുമുണ്ടാക്കി. ഓരോ വർഷവും നോബൽ കമ്മിറ്റിയുടെ താല്പര്യമനുസരിച്ചു ഡസൻ കണക്കിനു നോബൽ സമ്മാനം വിതരണം ചെയ്യുന്നു. എത്രമാത്രം ധനം ആ മനുഷ്യനുണ്ടായിരുന്നുവെന്നതും ചിന്തിക്കാൻപോലും സാധിക്കില്ല. എവിടെനിന്നു ആ ധനം അയാൾ നേടിയെന്നും ഓർക്കുക. ഇത്രമാത്രം ആയിരമായിരം ജനങ്ങളുടെ രക്തത്തിൽ കുളിച്ചുണ്ടാക്കിയ പണ സമാഹാരത്തെപ്പോലെ മറ്റൊരു പ്രസ്ഥാനങ്ങളിലും  കാണില്ല. മനുഷ്യന്റെ രക്തക്കറകൾ കട്ടകെട്ടിയിരിക്കുന്ന നോബൽ സമ്മാനം മിഷ്യനറിസ് ഓഫ് ചാരിറ്റിയിലും ഉപയോഗിക്കുന്നു. ആ പണം ക്രൂര ലോകത്തിലെ കൂട്ടക്കൊലകളിൽ നിന്നും സമാഹരിച്ചതാണ്. അത് തെരേസായുടെ ഭവനത്തിലെ ഏതാനും അനാഥർക്കും ദരിദ്രരെ ഊട്ടാനും പ്രയോജനപ്പെടുത്തുന്നു.


മദർ തെരേസായ്ക്ക് നോബൽ സമ്മാനം നിരസിക്കാൻ കഴിഞ്ഞില്ല. ലോകത്തിന്റെ മുമ്പിൽ അവർ ബഹുമാനിതയാകാൻ ആഗ്രഹിച്ചു. നോബൽ സമ്മാനം അവരെ ലോകത്തിലെ ഒരു മഹതിയായി ഉയർത്തി. 'ജീൻ പോൾ സാറ്റർ' മദർ തെരേസായെക്കാളും മതവിശ്വാസിയാണ്. അദ്ദേഹം \നോബൽ സമ്മാനം നിരസിച്ചു. നോബൽ സമ്മാനത്തിൽ നിന്നും ലഭിക്കുന്ന ആദരവും രക്തത്തിന്റെ വിലയിൽ നിന്ന് കിട്ടിയ പണവും  വേണ്ടെന്നു പറഞ്ഞു. ഭ്രാന്തു പിടിച്ച സമൂഹത്തിൽനിന്നും യാതൊരു ബഹുമാനവും തനികാവശ്യമില്ലെന്നും പറഞ്ഞു. ഈ മനുഷ്യന്റെ മതത്തെയല്ലേ നാം ബഹുമാനിക്കേണ്ടത്!  മദർ തെരേസായെക്കാളും അദ്ധ്യാത്മകമായി അദ്ദേഹം എത്രയോ ഉയരങ്ങളിലുള്ള പടികളിലാണെന്നും മനസിലാക്കണം.


മദർ തെരേസായെപ്പോലുള്ളവർ കബളിപ്പിക്കൽവഴി സമൂഹത്തിനെ ഉദ്ധരിക്കുന്നു. സമൂഹത്തിന്റെ ചെളിപുരണ്ട ചക്രങ്ങൾ ശുദ്ധമാക്കുകയാണ് അവരുടെ തൊഴിലെന്നു അനുമാനിക്കുന്നു. മാനുഷികമൂല്യങ്ങൾക്കു വേണ്ടി നിലകൊണ്ട യേശുവിനെപ്പോലുള്ളവർക്ക് നോബൽ സമ്മാനം ലഭിക്കില്ല. സോക്രട്ടീസിനെപ്പോലുള്ളവർക്കും ലഭിക്കില്ല. യേശുവിനോ സോക്രട്ടീസിനോ നോബൽ സമ്മാനം ലഭിക്കില്ലെങ്കിൽ അവരാണ് വാസ്തവത്തിൽ സത്യത്തിന്റേതായ മതം സൂക്ഷിക്കുന്നവർ. സത്യം നിലനിർത്താനായി ജാഗ്രതയായി ഉണർന്നരിക്കുന്നവരും ആ മഹത് വ്യക്തികളാണ്. ആ സ്ഥാനത്തു മദർ തെരേസാ അവരുടെ പിൻഗാമിയാകുന്നതെങ്ങനെ? എങ്കിൽ ആരാണ് മദർ തെരേസാ? സത്യമായ മതത്തിൽ വിശ്വസിക്കുന്നവൻ ഒരു വിപ്ലവകാരിയായിരിക്കും. സമൂഹം അവരെ നിഷേധിക്കും. വെറുക്കും. യേശുവിനെ ഒരു കുറ്റവാളിയെപ്പോലെ കരുതി. എന്നാൽ മദർ തെരേസായെ വിശുദ്ധയായി ബഹുമാനിക്കുന്നു. തെരേസാ ശരിയെങ്കിൽ യേശു കുറ്റവാളിയാണ്. യേശു സത്യമെങ്കിൽ മദർ തെരേസ ഒരു കബളിപ്പിക്കൽ സ്ത്രീയായിരുന്നു. കപട പണ്ഡിതരെ ലോകം എന്നും പുകഴ്ത്തുന്നു. കാരണം അവരെക്കൊണ്ടു സമൂഹത്തിനു ഗുണമുണ്ട്. അവർ സമൂഹത്തിന്റെ ബഹുമാനവും കാംഷിക്കുന്നു. ചെറിയ ഇരയിട്ടു വലിയ മത്സ്യത്തെ പിടിക്കുന്നു.


കപടത (hypocrites) നിറഞ്ഞ മദർ തെരാസാ വ്യത്യസ്തങ്ങളായ രണ്ടുതരം വ്യക്തിത്വങ്ങളുടെ ഉടമയായിരുന്നുവെന്നും ഓഷോ ഉദാഹരിച്ചിരിക്കുന്നു. അവർക്ക് അകമേയുള്ള തത്ത്വങ്ങൾ ഒന്നും പുറമെയുള്ള തത്ത്വങ്ങൾ മറ്റൊന്നുമായിരുന്നു. ഒരു പ്രൊട്ടസ്റ്റന്റ് കുടുംബം ഒരു കുട്ടിയെ ദത്തെടുക്കാൻ വന്നപ്പോൾ അവർക്കു കുട്ടിയെ കൊടുക്കാൻ സാധിച്ചില്ലെന്നു മദർ തെരേസാ  എഴുതിയിരിക്കുന്നു.  കാരണം അവരുടെ അനാഥാലയത്തിൽ അന്നു കുട്ടികളില്ലായിരുന്നുവെന്നു അവർ പറയുന്നു.  ആയിരക്കണക്കിന് അനാഥരെ സംരക്ഷിച്ചുവെന്നു പറഞ്ഞാണ് അവർ നോബൽ സമ്മാനം നേടിയത്. അന്ന് അവരുടെ നിയന്ത്രണത്തിൽ കുട്ടികളില്ലായിരുന്നെങ്കിൽ  അവിടെ ജോലി ചെയ്യുന്ന എഴുനൂറു കന്യാസ്ത്രീകളുടെ തൊഴിലെന്തായിരുന്നു? ആരെയാണ് അവർ പരിപാലിക്കുന്നത്. പ്രൊട്ടസ്റ്റന്റ് ദമ്പതികൾ കുട്ടിയെ ദത്തെടുക്കുന്നതിനു വന്നപ്പോൾ അപേക്ഷാ ഫോറം പൂരിപ്പിക്കുന്നവരെ  അവർക്ക് അനാഥക്കുട്ടികളുണ്ടായിരുന്നു. അപേക്ഷാ ഫോറം പൂരിപ്പിച്ച ശേഷം മതമറിഞ്ഞപ്പോൾ അവർക്ക് കുട്ടികളെ കൊടുക്കാനില്ലാതെയുമായി. രണ്ടു തരത്തിലുള്ള വ്യക്തിഗതമായ കപട മുഖം അവിടെ തെളിഞ്ഞു നിൽക്കുന്നു. പ്രൊട്ടസ്റ്റന്റ് ആയതുകൊണ്ടല്ലായെന്ന ന്യായവും. ഇത് കപടതയല്ലെങ്കിൽ പിന്നെ എന്ത് വിളിക്കും?


ഈ അനാഥക്കുട്ടികളെ വളർത്തിയത് റോമൻ കത്തോലിക്കാ വിശ്വാസത്തിലാണ്, വ്യത്യസ്ത മതങ്ങൾ ഇനിമേൽ പഠിപ്പിച്ചാൽ അവരിൽ മാനസിക കൺഫ്യൂഷൻ ഉണ്ടാകുമെന്നും അവർ ചിന്തിക്കുന്നു.   നിങ്ങൾ പ്രൊട്ടസ്റ്റന്റ് ആയതുകൊണ്ടാണ് കുട്ടിയെ തരാൻ സാധിക്കില്ലാന്നും പറയാമായിരുന്നു. ദമ്പതികളിൽ ഭർത്താവ് യൂറോപ്യൻ  യൂണിവേഴ്സിറ്റിയിൽ   പ്രൊഫസറായിരുന്നു. കുട്ടിയെ തരില്ലാന്നു ഉത്തരം കേട്ടപ്പോൾ അവർ ഞെട്ടിപോയി. കുട്ടിയെ ലഭിക്കുമെന്ന ഉദ്ദേശത്തിൽ അവർ ബഹുദൂരം യാത്ര ചെയ്തു വന്നവരായിരുന്നു. അന്നവർ കത്തോലിക്കരെന്നു എഴുതിയിരുന്നെങ്കിൽ കുട്ടിയെ ഉടൻതന്നെ നൽകുമായിരുന്നു. അടിസ്ഥാനപരമായി ആ കുട്ടികൾ ഹിന്ദുക്കളാണ്. കത്തോലിക്കാ മതത്തിൽനിന്നും മറ്റൊരു മതത്തിൽ പോയാൽ അവരുടെ മാനസിക വളർച്ചയാണ് ഉദ്ദേശിക്കുന്നെങ്കിൽ അവരെ ഹൈന്ദവ മതത്തിൽ തന്നെ വളർത്തണമായിരുന്നു. പക്ഷെ അവരെ കത്തോലിക്കാ അന്തരീക്ഷത്തിൽ വളർത്തുന്നു. ഹിന്ദു കുട്ടികൾ കത്തോലിക്കരായി വളർന്നാൽ മാനസിക അവസ്ഥയ്ക്ക് കുറവും വരില്ല. അങ്ങനത്തെ ചിന്താഗതിയായിരുന്നെങ്കിൽ അവർ ഹിന്ദുക്കുട്ടികളെ കത്തോലിക്കരായി മതം മാറ്റരുതായിരുന്നു.


പാർലമെന്റിൽ മതപരിവർത്തനം പാടില്ലായെന്ന ഒരു ബില്ല് അവതരിപ്പിച്ചു. ഒരാളെ മറ്റൊരു മതത്തിൽ നിർബന്ധപൂർവം മതപരിവർത്തനം ചെയ്‌താൽ ശിക്ഷാർഹമെന്നായിരുന്നു ബില്ലിന്റെ സാരം. സ്വതന്ത്രമായ മനസോടെ ഒരാൾക്ക് മതം മാറാം. എന്നാൽ പിടിയരി കൊടുത്തും പ്രലോഭിപ്പിച്ചും മതം മാറ്റുന്നതിനെതിരെയായിരുന്നു നിയമ നിർമ്മാണംകൊണ്ടുദ്ദേശിച്ചത്. ആ ബില്ലിനെ ആദ്യം എതിർത്ത വ്യക്തി മദർ തെരേസായായിരുന്നു. ബില്ല് പാസാക്കരുതെന്നു അന്നവർ പ്രധാനമന്ത്രിക്ക് കത്തെഴുതി.  അത് തങ്ങളുടെ സ്ഥാപനത്തെ ബാധിക്കുമെന്നും പ്രധാനമന്ത്രിയെ അറിയിച്ചു. ഞങ്ങൾക്ക് രക്ഷിക്കാൻ അവർ കത്തോലിക്കരായാൽ മാത്രമേ സാധിക്കുള്ളൂവെന്നും അറിയിച്ചു. അവർ അതിന്റെ പേരിൽ രാജ്യം മുഴുവൻ ഒച്ചപ്പാടുണ്ടാക്കി. രാഷ്ട്രീയക്കാർ വോട്ടു ബാങ്ക് ലക്ഷ്യമിടുന്നതുകൊണ്ടു ബില്ലവതരണം അക്കൊല്ലം വേണ്ടെന്നു വെച്ചു. ഒരാളെ മതം മാറ്റുന്നത് അവരുടെ മാനസിക തലങ്ങളിൽ പ്രശ്നമുണ്ടാക്കുമെന്ന് മദർ തെരേസ വിശ്വസിക്കുന്നു. എങ്കിൽ അവർ മത പരിവർത്തനത്തിനു എതിരായിരിക്കണം. എന്നാൽ മദർ തെരേസ രണ്ടു വിധത്തിൽ സംസാരിച്ചുകൊണ്ടു നന്മയുടെ വ്യാജവേഷം ധരിക്കുന്നു. ഒരു കാര്യം പറയും മറ്റൊന്ന് പ്രവർത്തിക്കും. അതായിരുന്നു അവരിലുണ്ടായിരുന്ന മറ്റൊരു കപടത.


ഓഷോ മദർ തെരേസായെ 'സ്റ്റുപ്പിഡ്', 'ഇഡിയോട്ടിക്ക്' മുതലായ പദങ്ങൾ കൊണ്ട് വിശേഷിപ്പിക്കുമ്പോൾ അത് സംസ്ക്കാരത്തിന്റെ അതിരു കടന്നില്ലേയെന്നു തോന്നിപ്പോവും. എങ്കിലും ആ വിശേഷണ പദങ്ങളെയെല്ലാം ഓഷോ താത്ത്വികമായി ന്യായികരിക്കുന്നുണ്ട്.  'അളവറ്റ  സ്നേഹത്തോടെ നിങ്ങളോടു ക്ഷമിക്കുന്നു'വെന്നു മദർ തെരേസാ ഓഷോയ്‌ക്കെഴുതിയ കത്തിലുണ്ടായിരുന്നു.  തെരേസായുടെ ഈ വാക്കുകൾ ഓഷോ പരിഹാസരൂപേണയാണ് കണക്കിലെടുത്തത്. 'സ്നേഹമെന്നുള്ളത് അളക്കാൻ സാധിക്കുന്ന ഒന്നല്ല. ഒരു കിലോ രണ്ടു കിലോ സ്നേഹമെന്നു ആർക്കും പറയാൻ സാധിക്കില്ല. പിന്നെ അവർ ക്ഷമിച്ചെന്നു പറയുന്നു. ക്ഷമിച്ചെങ്കിൽ അവരെ കുപിതയാക്കിയിരിക്കണം. കോപം ശമിക്കാൻ അവർക്കു ധ്യാനം ആവശ്യമായിരുന്നു. ക്ഷമിക്കാൻ താൻ അവരോടു കുമ്പസാരിക്കാൻ പോയില്ല. പിന്നെ എന്തിനു ക്ഷമിക്കണമെന്നും' ഓഷൊ  ചോദിക്കുന്നു. "തന്നോടല്ല ക്ഷമിക്കേണ്ടത്. ആരെങ്കിലും ക്ഷമിക്കണമെങ്കിൽ അവരോടു സ്വയം ക്ഷമിക്കണമെന്നാണ്" ഓഷോ എഴുതിയിരിക്കുന്നത്.


അനാഥരായി ജനിക്കുന്ന കുഞ്ഞുങ്ങളെ ദത്തെടുക്കുന്നത് 'ഗർഭഛിന്ദ്രം എന്ന പാപം ഒഴിവാക്കാനെന്നു  മദർ തെരേസ എഴുതി. അവർ ഗർഭചിന്ദ്രത്തെ എതിർക്കുന്നു. ഓഷോയുടെ അഭിപ്രായത്തിൽ 'ഇവിടെ അവരാണ് മഹാപാപം ചെയ്യുന്നത്. 'ഗർഭഛിന്ദ്രം' ഓഷോയുടെ വീക്ഷണത്തിൽ പാപമല്ലായിരുന്നു. ജനസംഖ്യ ക്രമാധീതമായി വർദ്ധിച്ചിരിക്കുന്ന ഒരു രാജ്യത്തു ജീവിക്കുന്ന ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി ഗർഭഛിന്ദ്രം അനിവാര്യമാണ്. ഗർഭഛിന്ദ്രം നന്മയെ പ്രദാനം ചെയ്യുന്നു. അതു പാപമെങ്കിൽ അതിനുത്തരവാദികൾ പോളക്ക് മാർപ്പാപ്പയും മദർ തെരെസായുമാണ്. കാരണം അവർ ഗർഭനിരോധകത്തിനും ഗർഭഗുളികകൾക്കും എല്ലാവിധ ജനന നിയന്ത്രണത്തിനും എതിരാണ്. ഇത്തരം ആൾക്കാരാണ് ഗർഭഛിന്ദ്രത്തിനു കാരണക്കാരും കുറ്റവാളികളും.


ജനസംഖ്യ വർദ്ധിച്ചിരിക്കുന്ന ലോകത്ത് ദാരിദ്ര്യവും വിശപ്പും നിറഞ്ഞൊഴുകുമ്പോൾ ഗർഭനിരോധകവും ഗർഭഗുളികകളും ഉപയോഗിക്കാൻ പാടില്ലാന്നുള്ള മതകൽപ്പനകളും തെരേസായുടെ ചിന്താഗതികളും ക്ഷമിക്കാൻ സാധിക്കാത്തതാണ്. ഗർഭനിരോധക ഗുളികകൾ ആധുനിക ശാസ്ത്രം മനുഷ്യത്വത്തിന്‌ നൽകിയ സംഭാവനയാണ്. ജനസംഖ്യ കുറച്ചുകൊണ്ട് വിഭവങ്ങൾ ശാസ്ത്രീയമായി സമാഹരിച്ചു വിതരണം ചെയ്‌താൽ ഈ ലോകത്തെ തന്നെ സ്വർഗമാക്കാൻ സാധിക്കും. എന്നാൽ ആ സ്വർഗത്തിൽ അനാഥർ കാണില്ല. എങ്കിൽ മദർ തെരേസായ്ക്കും മിഷ്യനറിസ്‌ ഓഫ് ചാരിറ്റിയ്ക്കും കൂട്ടർക്കും എന്തു സംഭവിക്കുമായിരുന്നു. ആ സ്വർഗത്തിൽ പിന്നീട് മാർപ്പാപ്പാ പറയുന്നതു ശ്രദ്ധിക്കാൻ ആരുമുണ്ടാവില്ല. മരണശേഷമുള്ള ഒരു സ്വർഗത്തെപ്പറ്റി ആരാണ് പിന്നീട് ചിന്തിക്കാൻ പോവുന്നത്. സ്വർഗം ഇവിടെത്തന്നെ പണിയുന്നുവെങ്കിൽ മതത്തിന്റെ സ്വപ്നത്തിലെ  ഒരു സ്വർഗം മറ്റൊരു സ്ഥലത്തു പണിയേണ്ട ആവശ്യമുണ്ടോ?


ദാരിദ്ര്യത്തെ നശിപ്പിക്കണം. ദരിദ്രരെ സേവിക്കുന്നവരെയല്ല വേണ്ടത്. പതിനായിരക്കണക്കിന് ജനം ദരിദ്രരെ സേവിക്കുന്നവരായുണ്ട്. എന്നാൽ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. ദാരിദ്ര്യത്തെ ഇല്ലാതാക്കാനുള്ള ആധുനിക ടെക്കനോളജികളുണ്ട്. ആരോടെങ്കിലും ക്ഷമിക്കണമെങ്കിൽ മദർ തെരേസായോടും പോപ്പിനോടുമാണ് വേണ്ടതെന്നും ഓഷോ പറയുന്നു. ഗർഭനിരോധക യജ്ഞം തടയുന്ന വഴി അവർ കുറ്റവാളികളാണ്. അവരുടെ കുറ്റകൃത്യങ്ങളെ മനസ്സിലാക്കണമെങ്കിൽ ബൗദ്ധികമായി നാം ഉയർന്ന നിലവാരവും പുലർത്തണം.


"ഞാൻ താങ്കളോട് ക്ഷമിക്കുന്നു. നിങ്ങളിൽ സഹതാപമുണ്ട്. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെയെന്ന" മദർ തെരാസായുടെ വാക്കുകളെ നിസാരമായി ഓഷോ തള്ളിക്കളഞ്ഞു. 'താനൊരു വ്യക്തിഗത ദൈവത്തെ വിശ്വസിക്കുന്നില്ല. ഒരു വ്യക്തിയായ ദൈവം എനിക്കില്ല. പിന്നെ ആരാണ് എന്നെ അനുഗ്രഹിക്കുന്നത്? ആർക്കെങ്കിലും സാധിക്കുമോ? ദൈവമെന്നു പറയുന്നത് നാം സ്വയം കണ്ടെടുക്കലാണ്. പ്രത്യക്ഷീകരണമാണ്. ആരെങ്കിലും അത് യാദൃച്ഛികമായി കണ്ടുമുട്ടുന്നതല്ല. അത് നമ്മുടെ ഉപബോധമനസിനെ പരിശുദ്ധമാക്കുന്നതാണ്. ഞാനൊരു നാസ്തികനല്ല. എന്നാൽ ഏക ദൈവ വിശ്വാസിയുമല്ല. ദൈവമെന്നത് എന്നെ സംബന്ധിച്ച് വ്യക്തിയല്ല. എന്നാൽ എന്നിൽ ദൈവത്തിന്റെ സാമീപ്യമുണ്ട്. കഠിനമായ ധ്യാനത്തിൽക്കൂടി ലഭ്യമാകുന്ന ഒന്നാണ് ആ സാമിപ്യം.' "സ്നേഹം കൊണ്ട് നിന്റെ ഹൃദയം നിറയ്‌ക്കൂ' വെന്ന മദറിന്റെ വാക്കുകളും ഓഷോ പുച്ഛിച്ചു തള്ളി. അദ്ദേഹം പറഞ്ഞു, "എന്റെ ഹൃദയം പൂർണ്ണമായും സ്നേഹം നിറഞ്ഞിരിക്കുകയാണ്. മറ്റൊരാളിന്റെ സ്നേഹത്തെ ഇനി എന്റെ ഹൃദയത്തിൽ ആവഹിക്കാൻ ഇടമില്ല. മറ്റുള്ളവരുടെ സ്നേഹം എന്റെ ഹൃദയത്തിൽ ഞാനെന്തിന് പ്രതിഷ്ഠിക്കണം. കടം മേടിച്ചു കിട്ടുന്ന സ്നേഹം സ്നേഹമേയല്ല. ഓരോരുത്തരുടെയും ഹൃദയത്തിനു അതിന്റേതായ പരിമളമുണ്ട്. ഇത്തരം സ്നേഹ പ്രകടനങ്ങൾ വെറും മതമൗലിക ചിന്തകളാണ്. മദർ തെരേസ വെറും സാധാരണ നിലവാരം പുലർത്തുന്ന പമ്പര വിഡ്‌ഡികളിൽ ഒരാൾ മാത്രമെന്നും" ഓഷോ വിശേഷിപ്പിച്ചു.






Cover Photo: EMalayalee :http://emalayalee.com/varthaFull.php?newsId=129131

Malayalam Daily News: http://www.malayalamdailynews.com/?p=240036

Kalavedi: http://www.kalavedionline.com/index.php?cat=Special&news=2712

Saturday, September 10, 2016

ബീഫ് നിരോധനവും തീന്മേശയിലെ കുറ്റവാളികളും




ജോസഫ് പടന്നമാക്കൽ
പശുവിനെ വ്യക്തിപരമായി സ്നേഹിക്കുന്ന ഒരാളാണ് ഞാൻ. അഴകുള്ള പശുവും അതിന്റെ കിടാക്കളും ചെറുപ്പകാലങ്ങളിൽ എന്റെയൊരു ഹരമായിരുന്നു. അവകളെ മേച്ചിൽ സ്ഥലങ്ങളിൽ കൊണ്ടുപോയി തീറ്റിക്കുന്നതും ആറ്റുകടവിൽ കൊണ്ടുപോയി കുളിപ്പിക്കുന്നതും കിടാക്കളുമായി തുള്ളി കളിക്കുന്നതും ഇന്നും ബാല്യകാലസ്മരണകളിലുണ്ട്. പശുവധം ചൂടുപിടിച്ച ഒരു ദേശീയ വിഷയമായതുകൊണ്ട് ഞാൻ ആരുടെ കൂടെയെന്ന് കൃത്യമായി ഉത്തരം നൽകാനും കഴിയില്ല. കാരണം, ഇതൊരു ഭൂരിഭാഗം ജനതയുടെ വൈകാരിക പ്രശ്‍നംകൂടിയാണ്. വളർത്തു മൃഗങ്ങളെ കശാപ്പുശാലകളിൽ കാണുമ്പോഴുള്ള ദുഃഖം അതനുഭവിച്ചവർക്കേ അറിയാൻ സാധിക്കുള്ളൂ. കന്നുകാലികളെ കൊല്ലുന്നതു എക്കാലവും ഹിന്ദുക്കളുടെ വൈകാരികമായ ഒരു വിഷയമായിരുന്നു. ഹൈന്ദവ മതത്തിൽ പശുവിനെ ദൈവികമായ ഒരു മൃഗമായിട്ടാണ് കരുതുന്നത്. ഉത്തരം കണ്ടെത്താൻ സാധിക്കാത്ത ഗോവധ നിരോധനത്തെപ്പറ്റി അനുകൂലപ്രതികൂലവാദമുഖങ്ങളും മുഖവിലയ്‌ക്കെടുക്കേണ്ടതായുണ്ട്.

ആയുർവേദ ആചാര്യന്മാർ, ആരോഗ്യ സംരക്ഷണത്തിനായി സസ്യാഹാരമല്ലാതെ ഒന്നും  ഭക്ഷിക്കരുതെന്നാണ് നിർദ്ദേശിക്കുന്നത്. ആയൂർ ദൈർഘ്യം കുറയുന്ന കാരണവും ബീഫ് ഭക്ഷിക്കുന്നതുകൊണ്ടെന്നു വൈദ്യശാസ്ത്രം പറയുന്നു.  അങ്ങനെയെങ്കിൽ ബീഫ് ഭക്ഷിക്കുന്ന ചൈനാക്കാരും മത്സ്യം ഭക്ഷിക്കുന്ന ജപ്പാൻകാരും   ആയൂർ ദൈർഘ്യം കൂടുതലുള്ളവരായി കാണുന്നതും പരിഗണിക്കണം. കാൻസർ, കൊളസ്‌ട്രോൾ രോഗാദികൾക്കും കാരണം മാംസ ഭക്ഷണമെന്ന വാദവും എത്രത്തോളം ശരിയെന്നും അറിയില്ല. കാൻസർ രോഗങ്ങൾ സസ്യാഹാരികളിലുമുണ്ട്. അപ്പോൾ ബീഫ് നിരോധനം ജനങ്ങളുടെ ആരോഗ്യ പ്രശ്നത്തിന്റെ പേരിലല്ലെന്നും വ്യക്തമാണ്.

മനുഷ്യൻ പശുവിന്റെ പേരിൽ പരസ്പരം കൊല്ലുകയും അല്ലെങ്കിൽ പശു കൊല്ലിക്കുകയും ചെയ്യുന്ന വർത്തമാന സംഭവങ്ങളാണ് നാമിന്നു വാർത്താ മീഡിയാകളിലും സോഷ്യൽ മീഡിയാകളിലും ശ്രവിക്കുന്നത്. രണ്ടായിരത്തി പതിനഞ്ചുമുതൽ ഭാരതത്തിൽ പൊട്ടിപ്പുറപ്പെട്ട കലാപങ്ങളിൽ ഏകദേശം മുപ്പതു ശതമാനവും പശുവിനെ ചൊല്ലിയുള്ള വിവാദങ്ങളായിരുന്നു. നാലായിരത്തി ഇരുപതു മെട്രിക്ക് ടൺ മാട്ടിറച്ചിയാണ് ഇക്കഴിഞ്ഞ വർഷം വിദേശങ്ങളിൽ കയറ്റുമതി ചെയ്തത്. ഇതിനെ തകർക്കാനാണ് മതത്തിന്റെ തീവ്ര പ്രവർത്തനങ്ങളുമായി മുഴുകിയിരിക്കുന്നവർ ശ്രമിക്കുന്നത്. ഗോവധം എന്തിനെന്നുള്ള നിർവചനമായി സംഘപരിവാർ വീറോടും വാശിയോടുമാണ് ഇന്ന് ഭാരതം മുഴുവൻ സംഘർഷം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഗോവധമെന്നുദ്ദേശിക്കുന്നത് ഭക്ഷണ പദാർത്ഥങ്ങളിൽ മാത്രം കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ അല്ലെന്നും പശുവിനു പുരാതന കാലം മുതൽ ഹൈന്ദവർ പവിത്രത കല്പിച്ചിട്ടുണ്ടെന്നും പോരാഞ്ഞു കാർഷിക പുരോഗമന പരിഗണനകളും ഗോവധ നിരോധം കൊണ്ട് ഉദ്ദേശിക്കുന്നുണ്ടെന്നും സംഘപരിവാർ പ്രചാരണങ്ങൾ നടത്തുന്നു. പശുവധത്തിന്റെ പേരിൽ പൊതുജനാഭിപ്രായ രൂപീകരണമാണ്, ഇത്തരം പ്രചാരണങ്ങളിൽക്കൂടി ലക്ഷ്യമിടുന്നത്. പശുക്കളെ കൃഷിയുടെ വികസനത്തിനായി സംരക്ഷിക്കുകയെന്നതു നമ്മുടെ ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 

മുസ്ലിമുകൾ ഇന്ത്യയെ ആക്രമിച്ചതിൽ പിന്നീടാണ് ഹിന്ദുക്കൾ മാട്ടിറച്ചി ഭക്ഷിക്കാൻ തുടങ്ങിയതെന്ന് ആർ.എസ്.എസും മറ്റും കഥകളുണ്ടാക്കി നിരോധനത്തെ ന്യായികരിക്കുന്നു. ഹിന്ദു മൗലികവാദികൾ പഴമയുടെ ഹൈന്ദവത്വം പ്രസംഗിച്ചുകൊണ്ടു മാട്ടിറച്ചി കഴിക്കുന്നവരെ പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ഇസ്‌ലാം മതം ഉണ്ടാകുന്നതിനു സഹസ്രാബ്ദങ്ങൾക്കു മുമ്പുതന്നെ ഹൈന്ദവ സംസ്ക്കാരത്തിൽ മാട്ടിറച്ചി തിന്നിരുന്നതായി തെളിവുകളുണ്ട്. സനാതന ധർമ്മഗ്രന്ഥങ്ങളെന്നു വിശേഷിപ്പിക്കുന്ന വേദങ്ങളും പുരാണങ്ങളും ഹൈന്ദവരുടെ മാംസാഹാര രീതികളെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇസ്ളാം, ക്രിസ്തുമതം എന്നീ വൈദേശികമായ മതസംസ്ക്കാരങ്ങളെ ഇല്ലാതാക്കി ഭാരതത്തിന്റെ പൗരാണിക സംസ്ക്കാരത്തെ പുനർസ്ഥാപിക്കുമെന്നാണ് മതമൗലിക വാദികൾ വീമ്പടിക്കുന്നത്. 

ഇന്ത്യയിൽ വിശുദ്ധ പശുക്കളുടെ ചരിത്രം ചരിത്രാതീതകാലംമുതൽ ഹൈന്ദവ സംസ്‌കാരങ്ങളുടെ ഭാഗമാണ്. പശുവിന്റെ ദിവ്യത്വത്തെ പുരാണങ്ങളിലും ദേവീ ദേവന്മാരുടെ കഥകളിലും വർണ്ണിച്ചിട്ടുണ്ട്. പശുവിന്റെ കഥ ഗോപാലകനായ കൃഷണ ഭഗവാനോടും അനുബന്ധിച്ചിരിക്കുന്നു. 'അമ്മ' പാല് തരുന്നപോലെ പശുവും പാല് തരുന്നതുകൊണ്ടു പശുവിനെയും അമ്മയുടെ സ്ഥാനത്തു പ്രതിഷ്ഠിച്ചിരിക്കുന്നു. മത സാംസ്ക്കാരിക ചിന്താഗതികളിൽ ഭാരതം മുഴുവനും വൈവിധ്യങ്ങൾ നിറഞ്ഞതാണ്. എന്നാൽ ഭാരതത്തിൽ പുതിയ ഭരണകൂടങ്ങൾ വന്നതിൽ പിന്നീട് സ്ഥിതിഗതികൾ ആകെ മാറിപ്പോയി. ഇന്ത്യയിലെ ഏറ്റവും വലിയ പട്ടണമായ മുംബയിൽ  ബീഫ് വിഭവങ്ങൾ ഹോട്ടലുകളിൽ വിൽക്കാൻ പാടില്ലാന്നുള്ള നിയമങ്ങൾ കർശനമാക്കി. അഞ്ചുകൊല്ലം വരെ ജയിൽ ശിക്ഷ കിട്ടുന്ന വകുപ്പുകളും നിയമത്തിനൊപ്പം കൂട്ടിച്ചേർത്തു. മഹാരാഷ്ട്രായ്ക്ക് പുറമെ ഹരിയാനയും ബീഫ് നിരോധനത്തിനുള്ള നിയമം പാസാക്കി. മറ്റുള്ള സംസ്ഥാനങ്ങളിലും അത്തരം നിയമങ്ങൾ നടപ്പാക്കാൻ കേന്ദ്രം പരിഗണിക്കുകയും ചെയ്യുന്നു. ഇത്തരം പൗരാണിക സങ്കൽപ്പ രൂപത്തിലുള്ള നിയമത്തിൽ കേരളം ആശങ്കയിലുമാണ്. കേരള ജനതയ്ക്ക് അങ്ങനെയൊരു നിയമം ഒരിക്കലും സ്വീകാര്യവുമായിരിക്കില്ല. 

കേരളത്തെ സംബന്ധിച്ച് ബീഫ് നിരോധനം പ്രായോഗികമായി നടപ്പാക്കാൻ എളുപ്പമല്ല. കാരണം, കേരളത്തിൽ മധ്യതിരുവിതാകൂറിൽ വസിക്കുന്നവർ ഭൂരിഭാഗം പേരും സുറിയാനി ക്രിസ്ത്യാനികളാണ്. തലമുറകളായി മാട്ടിറച്ചി തിന്നു പരിചയിച്ച അവർക്ക് മാംസം വർജിക്കുകയെന്നത് എളുപ്പമല്ല. അവരുടെ പിന്തുണയില്ലാതെ ഒരു സർക്കാരും കേരളത്തിൽ നില നിൽക്കുകയില്ല. ഇടതു പക്ഷങ്ങളും വലതുപക്ഷങ്ങളുമായ എല്ലാ രാഷ്ട്രീയ പാർട്ടികളും ഇസ്‌ലാമിക ജനങ്ങളും ക്രൈസ്തവരും ദളിതരും ഒന്നടങ്കം ബീഫ് നിരോധിക്കണമെന്ന് പറയുന്നവർക്കെതിരെ അണിനിരക്കും. അങ്ങനെ ഒരു പ്രശ്‍നം കേരളത്തിൽ നടപ്പാക്കാൻ പ്രയാസമാണ്. ഒരു പക്ഷെ അതിന്റെ പേരിൽ ഒരു ജനകീയ പോരാട്ടം തന്നെ ഉണ്ടാകാം. കലഹങ്ങളും സമരങ്ങളും പൊട്ടിപ്പുറപ്പെടാം.

ഹിന്ദുക്കളും മുസ്ലിമുകളും തമ്മിലടിപ്പിക്കാൻ ബ്രിട്ടീഷുകാരാണ് ഗോവധ പ്രശ്നത്തിന് കാരണമായത്. ഗോവധ നിരോധനം ആദ്യമായി 1893ൽ നടപ്പാക്കിയത് ബ്രിട്ടീഷുകാരായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം 1966-ൽ ഗോവധ നിരോധനത്തിന്റെ പേരിൽ തലസ്ഥാന നഗരിയിൽ പട്ടാളത്തെ ഇറക്കേണ്ടി വന്നു. ഇന്ത്യാ ഭരിച്ച ഭരണാധികാരികൾ എന്നും തന്ത്രങ്ങളുപയോഗിച്ച് വിഭജിച്ചു ഭരിച്ചിരുന്നത് പശുവിനെ ആയുധമാക്കിയായിരുന്നു. ഐക്യരാഷ്ട്ര റി‌പ്പോർട്ടനുസരിച്ച് അറുപതു ശതമാനം ജനങ്ങളും ഇന്ത്യയിൽ മാംസാദികൾ കഴിക്കുന്നവരാണ്. മുപ്പതു ശതമാനം സസ്യഭുക്കുകളും പത്തു ശതമാനം മുട്ട കഴിക്കുന്നവരുമാണ്. ഭൂരിഭാഗം ഹൈന്ദവർ തന്നെയാണ് മാംസാഹാരികളെന്നു ഇതിൽനിന്നു വ്യക്തവുമല്ലേ ! 

പശുവധ നിരോധനമെന്നുള്ളത് വളരെ വൈകാരികമായ ഒരു വിഷയമാണ്. ഗോക്കളെ കൊല്ലാൻ പാടില്ലായെന്നു ആദ്യം ആവശ്യപ്പെട്ടത് മഹാത്മാ ഗാന്ധിജിയായിരുന്നു. പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് ഗോക്കളെ കൊല്ലുന്ന നിരോധനമെന്നതു ഹിന്ദുത്വവാദികളുടെ മാത്രം അജണ്ടായെന്നാണ്. അത് ശരിയല്ല. ഇന്ത്യാ സ്വാതന്ത്ര്യം നേടുന്നതിനുമുമ്പ് മൈസൂറിൽ ബീഫ് നിരോധിച്ചിരുന്നു. അന്ന് അതിനെ പ്രശംസിച്ചു സംസാരിച്ചത് ഗാന്ധിജിയായിരുന്നു. "നാം പ്രകൃതിയെ സ്നേഹിക്കണം, പ്രകൃതിയാണ് പശുവെന്ന്" ഗാന്ധിജി പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിലും ഗാന്ധിജിയുടെ പ്രധാന വീക്ഷണം പശുവധ നിരോധനമായിരുന്നു. ഇന്ന് ഗാന്ധിജിയുടെ കാലമല്ല. ഗാന്ധിജിയുടെ രാമരാജ്യം ആരും ചെവികൊള്ളുകയില്ല. വിവര സാങ്കേതിക വിദ്യകൾ വളരെയധികം മുമ്പോട്ട് പോയിരിക്കുന്ന കാലഘട്ടത്തിൽ നമുക്കിനി പുറകോട്ടു പോകാൻ സാധിക്കില്ല. 'ഘർ വാപസി' എന്ന മതമൗലിക സംഘടനയും പറയുന്നത് 'നാം നൂറ്റാണ്ടുകളപ്പുറത്തേയ്ക്ക് മടങ്ങി പോവാനാണ്'. 

എല്ലാ മതങ്ങളെയും ഒരു പോലെ ബഹുമാനിക്കുന്ന ഒരു ഭരണഘടന ഇന്ത്യയ്ക്കുണ്ടെങ്കിലും ന്യൂന പക്ഷങ്ങളെ പ്രീതിപ്പെടുത്തിക്കൊണ്ടുള്ള ഒരു നയമായിരുന്നു മാറി മാറി വന്ന ഇന്ത്യൻ സർക്കാരുകൾ സ്വീകരിച്ചിരുന്നത്. എന്നാൽ ഇന്ന് മതേതരത്വത്തിന് മങ്ങലേൽപ്പിച്ചുകൊണ്ടു ഭൂരിപക്ഷത്തിന്റെ താൽപര്യം അടിച്ചേൽപ്പിക്കുന്ന ഒരു വ്യവ്യസ്ഥിതിയിലേയ്ക്ക് ഭാരതം മാറിക്കഴിഞ്ഞു. ഹിന്ദു സംസ്ക്കാരത്തിൽ മറ്റുള്ള മതങ്ങളുടെ സംസ്ക്കാരവും ഉൾപ്പെടുത്തുകയെന്നതാണ് ഇന്ന് സങ്കീർണ്ണമായ പ്രശ്നമായിരിക്കുന്നത്. ചരിത്രാദിത കാലം മുതൽ ഹിന്ദു മതം പ്രായോഗികതാവാദത്തിലായിരുന്നു വിശ്വസിച്ചിരുന്നത്. ഇന്ന് ഹൈന്ദവ ചിന്താഗതികൾക്കൊപ്പം മറ്റുള്ള മതങ്ങളെയും എങ്ങനെ ഉൾക്കൊള്ളിക്കാൻ സാധിക്കുമെന്നുള്ളത് ഗഹനമായ ചിന്താവിഷയമാണ്. 

മാട്ടിറച്ചി ഇന്ത്യയിലെ പാവപ്പെട്ടവരുടെയും ദളിതരുടെയും ഭക്ഷണമാണ്. ദരിദ്രരായവരുടെ തീൻ മേശയിലെ ചട്ടിയിൽ കൈയിട്ടു വാരാനാണ് ഹിന്ദുത്വ തീവ്രവാദികൾ ശ്രമിക്കുന്നതെന്നും ആക്ഷേപങ്ങളുണ്ട്. പശു പ്രകൃതിയുടെ സംരക്ഷണത്തിനും കൃഷിയുടെ വികസനത്തിനെന്നും പറയുന്നുണ്ടെങ്കിലും പശുമാംസ നിരോധനം വിഷയമായിരിക്കുന്നത് മതപരമായ വൈകാരിക നേട്ടങ്ങൾക്കും രാഷ്ട്രീയ മുതലെടുപ്പിനും മാത്രമാണുള്ളതെന്നും സംശയമില്ല. പശു ദൈവമാണെങ്കിൽ, ദൈവമായ ആ പശുവിനെ കൊല്ലുന്നതു നിരോധിച്ചാൽ നാളെ മഹാവിഷ്ണുവിന്റെ അവതാരമായ മത്സ്യം പിടിക്കലും നിരോധിക്കേണ്ടി വരും. നമ്മുടെ വസ്ത്രം, ഭക്ഷണം, ജീവിത രീതികൾ എന്നിവകൾ നിയന്ത്രിക്കുന്നത് സർക്കാരല്ല. പാവം പശുവിനെ ഇടയ്ക്കു നിർത്തി മാറി മാറി വരുന്ന സർക്കാരുകൾ എന്നും വിഭജിച്ചു ഭരിക്കാനാണ് ആഗ്രഹിക്കുന്നത്.  

ഇന്ത്യയിൽ ഇരുപതോളം സംസ്ഥാനങ്ങളിൽ പശുവധവും പശുക്കളെ ഭക്ഷിക്കുന്നതും നിരോധിച്ചിട്ടുണ്ട്. കേരളവും വെസ്റ്റ് ബംഗാളും ആന്ധ്രാപ്രദേശും മിസോറവും മേഘാലയവും നാഗാലാൻഡും തൃപുരയും സിക്കിമും നാളിതു വരെ പശുവധത്തിനു നിയന്ത്രണം കൊണ്ടുവന്നിട്ടില്ല.ഭരണഘടനയുടെ നാല്പത്തിയെട്ടാം വകുപ്പുപ്രകാരം സംസ്ഥാനങ്ങൾക്ക് പശുവധം നിരോധിക്കാനുമുള്ള അധികാരം നൽകിയിട്ടുണ്ട്. ഓരോ സ്റ്റേറ്റിനും പശുക്കളെ സംബന്ധിച്ച് വ്യത്യസ്ത നിയമങ്ങളാണുള്ളത്. ചില സ്റ്റേറ്റുകളിൽ പ്രായമായതും രോഗം പിടിച്ച കന്നുകാലികളെയും കൊല്ലാൻ അനുവാദം കൊടുക്കുന്നു. മറ്റു സംസ്ഥാനങ്ങളിൽ ഏതു സാഹചര്യങ്ങളിലും കന്നുകാലികളുടെ ജീവനെ പരിരക്ഷിക്കേണ്ടതായുണ്ട്. 1976-ൽ മഹാരാഷ്ട്ര സർക്കാർ പശുക്കളെ കൊല്ലുന്നതിനൊപ്പം മറ്റു എരുമ, ആട്, പോത്ത്, എന്നീ കന്നുകാലികളെ കൊല്ലുന്നതിനും പ്രത്യേകം ലൈസൻസ് വേണമെന്നുള്ള നിയമവും കൊണ്ടുവന്നു. ഇന്ത്യാ ഒരു ജനാധിപത്യ രാജ്യമെന്ന നിലയിൽ ഭൂരിപക്ഷ ജനവിഭാഗങ്ങളുടെ വികാരങ്ങളെ മാനിച്ചാണ് ഇങ്ങനെയൊരു നിയമം സർക്കാർ നടപ്പിലാക്കിയത്. പശുക്കളെ കൊല്ലുന്നത് പാപമെന്നു ഹൈന്ദവജനത വിശ്വസിക്കുന്നു. കൂടാതെ മാംസം ഉപേക്ഷിക്കുന്നമൂലം ഹൈന്ദവ ധർമ്മമനുസരിച്ചുള്ള സസ്യാഹാരത്തിനു വഴി തെളിയിക്കുകയും ചെയ്യും. മറ്റുള്ള മൃഗങ്ങളെ കൊല്ലുന്നതും നിരോധിക്കാൻ സാധിക്കും. അങ്ങനെ അഹിംസാ സിദ്ധാന്തം പൂർണ്ണമായും നടപ്പാക്കാനുള്ള അജണ്ടയാണ് സനാതനത്വത്തിന്റെ മറവിൽ ഹിന്ദുമത മൗലിക വാദികൾക്കുള്ളത്.


ഗോമാംസ നിരോധനം വാദിക്കുന്നവർ അതിന്റെ ഭവിഷ്യത്തുക്കളെ ചിന്തിക്കാറില്ല. ഗോമാംസം വിൽപ്പന ഉപജീവനങ്ങളായിട്ടുള്ളവർ തൊഴിൽ രഹിതരാകുന്ന സാഹചര്യങ്ങൾ വരുമെന്നുള്ളതും നിയമം കൊണ്ടുവരുന്നവർ പരിഗണിക്കാറില്ല. മാട്ടിറച്ചിയിൽ ഒരു മനുഷ്യനുവേണ്ട എല്ലാ പോഷക പദാർത്ഥങ്ങളുമുണ്ട്. നിരോധനം മൂലം ഏറ്റവും കഷ്ടപ്പെടുന്ന വിഭാഗം സാധുജനങ്ങളായിരിക്കും. കൃഷിക്കാർക്ക് പശുക്കൾക്ക് പകരം എരുമ പോത്ത് മറ്റു മാടുകളെയും വളർത്തേണ്ടി വരും. അത്തരം മൃഗങ്ങളെ സംരക്ഷിക്കുകയെന്നതും ബുദ്ധിമുട്ടു പിടിച്ച ജോലിയാണ്. മാത്രവുമല്ല പശുക്കളെ നിലനിർത്തുന്ന വഴി കൃഷിക്കാരുടെ ഒരു വരുമാനമാർഗവും ഇല്ലാതാകും. കയറ്റുമതി ചെയ്തുകൊണ്ടിരുന്ന ഗോമാംസം വ്യവസായവും നിലയ്ക്കും. ഔഷധങ്ങളുടെ ഉൽപാദനത്തിനും ഗോമാംസം ഉപയോഗിക്കുന്നുണ്ട്. 

തലമുറകളായി നാം പരിശീലിച്ചു വന്ന ഭക്ഷണരീതികൾക്കു മാറ്റം വരുത്തി ഒരു മതവിഭാഗത്തിന്റെ താത്പര്യമനുസരിച്ചു മറ്റു മതക്കാരും അനുസരിക്കേണ്ടതുണ്ടോ? അതിൽ സംസ്ഥാനങ്ങൾ നിയമങ്ങൾ ഭേദഗതി ചെയ്യുന്നത് ശരിയോ? അങ്ങനെയെങ്കിൽ അത് തികച്ചും ഏകാധിപത്യമെന്നെ പറയാൻ സാധിക്കുള്ളൂ. ഇങ്ങനെയുള്ള നിയമങ്ങൾ കന്നുകാലി സമ്പത്തിനെയും കന്നുകാലി വ്യവസായത്തെയും ബാധിക്കും. ലാഭമില്ലാത്ത കന്നുകാലി വ്യവസായങ്ങളോ കന്നുകാലികളെ വളർത്താനോ ആരും തയാറാവുകയില്ലായെന്ന വസ്തുതയും കണക്കിലാക്കണം. അതെ സമയം ഇറക്കുമതി ചെയ്യുന്ന മാംസാദി വിഭവങ്ങളിൽ ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല. അമേരിക്കയിൽ നിന്നും ഓസ്‌ട്രേലിയായിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഇറച്ചി വിഭവങ്ങൾ വിളമ്പുന്ന അനേക റസ്റ്റോറന്റുകൾ ഇന്ത്യയിലുണ്ട്.
  
ഗോവധ നിരോധന നിയമം കർശനമാക്കിയതിനാൽ മഹാരാഷ്ട്രയിലെ റെസ്റ്റോറന്റുകൾ പാപ്പരാവുകയും കശാപ്പുകാരുടെയും ഇറച്ചി വില്പനക്കാരുടെയും തൊഴിലുകൾ നഷ്ടപ്പെടുകയും ചെയ്തു. കൊടുംപട്ടിണി മൂലം അനേകർ തെരുവുകളിലും അലയുന്നു. ലതർ വ്യവസായം പാടെ തകർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമാണ്. മാട്ടിറച്ചി കഴിക്കുന്നത് ക്രിസ്ത്യാനികളും മുസ്ലിമുകളും മാത്രമല്ല താണ ജാതിക്കാരായ ഹിന്ദുക്കളുടെ ഭക്ഷണവുംകൂടിയാണ്. മാട്ടിറച്ചി, അവരെ സംബന്ധിച്ച് ചെലവു ചുരുക്കിക്കൊണ്ടുള്ള പ്രോട്ടീൻ നിറഞ്ഞ ഭക്ഷണമായിരുന്നു. ദളിതരും മറ്റു വിഭാഗങ്ങളും മാട്ടിറച്ചിയുടെ നിരോധനത്തിൽ പ്രതിക്ഷേധങ്ങളുമായി നാടാകെ സമരങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. അനേകം മുസ്ലിം യുവാക്കളെ മാടിനെ കൊന്നതിന്റെ പേരിൽ അറസ്റ്റും ചെയ്തു. 'അമ്മയായ പശുവിനു'വേണ്ടി ദളിതരെ ചുട്ടുകരിച്ച വർത്തമാനകാലത്തിലെ കഥകളുമുണ്ട്. 

പശുവധ നിരോധനം മൂലം പ്രായമായ പശുക്കളെയും രോഗം ബാധിച്ച പശുക്കളെയും സംരക്ഷിക്കേണ്ടതായുണ്ട്. അത് വളരെ ചെലവുള്ള കാര്യവുമാണ്. ഒരു കൃഷിക്കാരനെ സംബന്ധിച്ച് വരൾച്ചയുടെ കാലഘട്ടത്തിൽ കന്നുകാലികളെ പോറ്റുകയെന്നതും ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും.
പശുക്കളുടെ ക്രമാതീതമായ വർദ്ധനവുമൂലം കൃഷിക്കാർക്ക് സാമ്പത്തിക ബുദ്ധിമുട്ടു വരുമ്പോൾ പശുക്കളെ വിറ്റാലും ആരും വാങ്ങിക്കാൻ കാണില്ല. എന്നാൽ അതിന്റെ ചാണകവും മൂത്രവും ജൈവ കൃഷികൾക്കായി ഉപയോഗിക്കാൻ സാധിക്കുമെന്നതും ഒരു പ്രത്യേകതയാണ്. പശുക്കളുടെ പാലും ഉപയോഗിക്കാൻ സാധിക്കുന്നു. നിലം ഉഴുതാനും കന്നുകാലികൾ പ്രയോജനപ്പെടും. ചാണകം കൊണ്ട് അടുക്കളയാവശ്യത്തിന് തീ കത്തിക്കാനും സാധിക്കും. 

പശുക്കളെ ഒരു സ്റ്റേറ്റിൽനിന്ന് മറ്റൊരു സ്റ്റേറ്റിലേയ്ക്ക് കയറ്റി അയക്കുന്നത് നിയമ വിരുദ്ധമാണ്. എങ്കിലും പശുക്കളെ കശാപ്പു ചെയ്യുന്നതിൽ നിയന്ത്രണമില്ലാത്ത സംസ്ഥാനങ്ങളിലേക്ക് നിയമപരമല്ലാതെ മാടുകളെയും പശുക്കളെയും എത്തിക്കാറുണ്ട്. ചെന്നൈയിലും മുംബൈയിലും ആയിരക്കണക്കിന് പശുവധ അറവുശാലകളുണ്ട്. അത്തരം അറവുശാലകൾ നിർത്തൽ ചെയ്യാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണുണ്ടായത്. 2013-ൽ ആന്ധ്രയിൽ തന്നെ മൂവായിരത്തിൽപ്പരം അറവുശാലകൾ ഉണ്ടായിരുന്നതായി കണക്കുകൾ പറയുന്നു. ബീഫ് ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ അഞ്ചാംസ്ഥാനത്തു നിൽക്കുന്നു. ലോകത്തിൽ ബീഫ് കഴിക്കുന്ന ജനവിഭാഗങ്ങളിൽ ഇന്ത്യ ഏഴാംസ്ഥാനത്തും ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തും നിലകൊള്ളുന്നു. കൂടുതലും പുറം രാജ്യങ്ങളിൽ കയറ്റുമതി ചെയ്യുന്നത് പോത്തിന്റെ ഇറച്ചിയാണ്. പോത്തിനെ ഹിന്ദുമതത്തിൽ വിശുദ്ധ മൃഗമായി കണക്കായിട്ടില്ല.

ഭരണഘടന പറയുന്നത് കൃഷിയ്ക്കുപകാരപ്രദമായ കന്നുകാലികളെയും അതിന്റെ കിടാങ്ങളെയും സംരക്ഷിക്കണം. അതിന്റെ ചുമതലകൾ സംസ്ഥാന സർക്കാരുകൾക്കായിരിക്കും. അതിന്റെയർത്ഥം പശു ഒരു മതത്തിന്റെ ഭാഗമായ ദൈവിക മൃഗമെന്നല്ല. ബീഫ് നിരോധിക്കണമെന്നു പറയുന്നവർ ബീഫ് ഉപയോഗിക്കുന്നവർക്ക് നിർണ്ണായകമായ രോഗങ്ങൾ വരാമെന്നു   പ്രചാരണം നടത്താറുണ്ട്. അവരുടെ മനുഷ്യ സ്നേഹം എത്രമാത്രമെന്നും പറയാൻ സാധിക്കില്ല. ഒരു കക്ഷണം ബീഫ് കണ്ടാൽ മനുഷ്യനെ തല്ലിക്കൊല്ലുന്ന മനസ്ഥിതിയാണ് അനേക ബീഫ് വിരുദ്ധ വാദികൾക്കുള്ളത്. അവിടെ മനുഷ്യസ്നേഹമെന്നത് എന്ത് പ്രസക്തിയെന്നും ചിന്തിക്കണം. നൂറു ഗ്രാം മാംസം ഒരു ടിന്നിൽ അടച്ചിട്ടാൽ ഏഴുവർഷം ജയിൽ ശിക്ഷ കൊടുക്കുന്ന നിയമ വ്യവസ്ഥയാണ് മധ്യപ്രദേശിൽ ഉള്ളത്. അതെ സമയം ബലാത്സംഗം ചെയ്യുന്നവരുടെ ശിക്ഷ വെറും രണ്ടു വർഷവും. ഇത് തീർച്ചയായും ബുദ്ധിശൂന്യരായ നിയമ നിർമ്മാതാക്കളുടെ ഒരു ഭ്രാന്തൻ നിയമമല്ലേ? ഇതിന്റെ പേരിൽ പന്തീരായിരം ആളുകൾ മധ്യപ്രദേശ് ജയിലിൽ കിടപ്പുണ്ട്.

ഗോവധ നിരോധനം വിവിധ സ്റ്റേറ്റുകളിൽ നടപ്പാക്കിയത് ഇപ്പോഴത്തെ ബിജെപി സർക്കാരെന്നും പറയാൻ സാധിക്കില്ല. ഇരുപതു  സംസ്ഥാനങ്ങളിലും ഗോവധ നിരോധനം നടപ്പാക്കിയത് കോൺഗ്രസ്സ് സർക്കാരാണ്. ഇത്രമാത്രം ബീഫ് പ്രശ്നത്തിൽ സമരങ്ങളും കലഹങ്ങളും കോലാഹലങ്ങളുമുണ്ടായിട്ടും കോൺഗ്രസുകാർ നിശബ്ദരായിരിക്കുന്നതിനും കാരണമതാണ്. ബീഫ് തിന്നുന്ന ക്രിസ്ത്യാനിയായ ഉമ്മൻ ചാണ്ടി പോലും ബീഫ് നിരോധിക്കുന്നത് തെറ്റെന്നു നാളിതുവരെ പറയാത്ത രഹസ്യവും അതുതന്നെയാണ്. ഗോവധ നിരോധനത്തിൽ ബി.ജെ.പി യ്ക്ക് കാര്യമായി പങ്കില്ലെങ്കിലും ആ നിയമത്തെ കൂടുതൽ കർശനമാക്കിയത് അവരാണ്. 'ഗോക്കൾ' വിശുദ്ധമാണെന്നു സ്ഥാപിക്കുന്ന ഒരു അജണ്ടയാണ് ബി.ജെ.പി യ്ക്കുള്ളത്.

മഹാരാഷ്ട്രയിൽ ചുവന്ന തെരുവെന്ന ഒരു സ്ഥലമുണ്ട്. അവിടെ സ്ത്രീകൾ വ്യപിചാര വൃത്തിയിൽക്കൂടി മാംസം വിൽക്കുന്നത് കുറ്റകരമല്ല. അതെ സമയം നൂറു ഗ്രാം ബീഫ് കൈവശം വെയ്ക്കുന്നവന് ഏഴു വർഷം കഠിനതടവും. ഇത്തരം ഒരു നിയമം കിരാതയുഗത്തിലെ ഭരണാധികാരികളുടെ കാലങ്ങളിൽപ്പോലും കാണില്ല. ഗോവധ നിരോധനം പ്രാവർത്തികമാക്കിയ സർക്കാരുകൾ എന്ത് നീതിയാണ് ചെയ്യുന്നതെന്നും അവ്യക്തമാണ്. 

തുകലു വ്യവസായത്തിൽ ലോകത്തു രണ്ടാം സ്ഥാനം ഇന്ത്യയ്ക്കുണ്ട്. തുകലുമായി ബന്ധപ്പെട്ട വാണിജ്യത്തിൽ ഏകദേശം രണ്ടു ലക്ഷം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. അവരിൽ ഭൂരിഭാഗം സ്ത്രീകളാണ്. ഗോവധ നിരോധനം വഴി അവരെയെല്ലാം തൊഴിൽരഹിതരാക്കുന്ന ഒരു സാമ്പത്തിക വ്യവസ്ഥയെ അനുകൂലിക്കണമോ? എന്ത് ഭക്ഷിക്കണമെന്ന അധികാരം ഒരു പൗരനുണ്ട്. ഇവിടെ മാനുഷിക മൂല്യങ്ങളെ പൂർണ്ണമായി തിരസ്ക്കരിച്ചുകൊണ്ട് പശുക്കളുടെ സംരക്ഷകരായി സർക്കാരിടപെടുകയാണ്.   അതുപോലെ കന്നുകാലിയുടെ തുകൽ പ്രോസസ്സ് ചെയ്താണ് ബാറ്റായും മറ്റും ചെരുപ്പുകൾ നിർമ്മിക്കുന്നത്. ഈ ചെരുപ്പ് കാലിൽ ഇട്ടു നടക്കുന്നത് മാംസം ഭക്ഷിക്കാത്ത ബ്രാഹ്മണരെന്നുള്ളതാണ് സത്യം.  

പശുക്കൾ ദിവ്യങ്ങളാണെന്നും അതിനെ വധിക്കാൻ പാടില്ലാന്നും പുരാണങ്ങളിലുണ്ടെന്നുള്ള ഹിന്ദുത്വവാദികളുടെ അബദ്ധ പ്രചാരണങ്ങളും ഹൈന്ദവരിൽ സംശയമുണ്ടാക്കുന്നു. വൈദിക കാലങ്ങളിലെ വേദഗ്രന്ഥങ്ങളിൽ ഗോക്കളെ കൊന്നിരുന്നതായും വീട്ടിൽ അതിഥികൾ വരുമ്പോൾ സൽക്കരിച്ചിരുന്നത് ഗോമാംസം കൊടുത്തായിരുന്നുവെന്നും വൈദികകാല ഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടുണ്ട്. ഡോക്ടർ അംബേദ്ക്കറിന്റെ പുസ്തകങ്ങളിൽ ഇക്കാര്യം വ്യക്തമായി പരാമർശിച്ചിട്ടുമുണ്ട്. വൈദിക കാലങ്ങളിൽ സനാതന വാദികൾ വേദങ്ങളെ സംബന്ധിച്ച് ബുദ്ധന്മാരും ജൈനന്മാരും തമ്മിൽ താർക്കിക വിഷയങ്ങളിൽ ഏർപ്പെട്ടിരുന്നു. അക്കാലങ്ങളിൽ ബുദ്ധമതക്കാരോട് ഒരു വെല്ലുവിളിയെന്നോണം ബ്രാഹ്മണ സമുദായം ഗോക്കളെ ദിവ്യത നിറഞ്ഞ ഒരു മൃഗമായി തിരഞ്ഞെടുത്തു. അതിനുമുമ്പുള്ള കാലങ്ങളിൽ സനാതനികൾ ഗോക്കളെ കൊല്ലുകയും ഭക്ഷിക്കുകയും ചെയ്തിരുന്നു. മനുപോലും ഗോക്കളെ കൊല്ലുന്നതു മഹാപാപമായി കണ്ടില്ല. ചെറിയ കുറ്റമായി മാത്രമേ ഗോവധത്തെ അദ്ദേഹം കണ്ടിരുന്നുള്ളൂ.

അശ്വമേധത്തിന്റെ അവസാനത്തിൽ ഇരുപത്തിയൊന്ന് പശുക്കളെ ബലി കഴിക്കണമെന്നു വാല്മീകി പറയുന്നുണ്ട്. 'ലോകാഃ സമസ്താഃ സുഖിനോ ഭവന്തു' യെന്നു മാത്രം നാം പഠിച്ചു. എന്നാൽ അതിനൊപ്പം രാജാവിനു സുഖമായി ഭരിക്കാനുള്ള അവസരം കൊടുക്കുകയും ബ്രാഹ്മണർക്കും ഗോക്കൾക്കും സൗഖ്യം നൽകണമെന്നും അടുത്ത ശ്ലോകത്തിൽ പറയുന്നുണ്ട്. അങ്ങനെ ബ്രാഹ്‌മണ്യധികാരത്തിൽ 'ഗോക്കൾ' പശു ഭക്തരുടെ മാതാക്കളായി മാറി. പശു മാതാവാണെങ്കിലും അതിന്റെ ഉപയോഗം കഴിഞ്ഞു കറവയും പറ്റി ചത്തു പോയാൽ അതിനെ കുഴിച്ചിടാൻ ദളിതരെ ഏൽപ്പിക്കും. പശു അമ്മയാണെങ്കിൽ മരിച്ചുകിടക്കുന്ന അമ്മയുടെ മരണാനന്തര കർമ്മങ്ങൾ നടത്തേണ്ടത് മക്കളല്ലേ? അതിനു പകരം പശുവിനെ കുഴിച്ചിടുന്ന സമയത്തുപോലും അവർ എത്തി നോക്കുകയില്ല. 













http://www.malayalamdailynews.com/?p=239108

http://emalayalee.com/varthaFull.php?newsId=128922

http://www.kalavedionline.com/index.php?cat=Special&news=2680


http://www.joychenputhukulam.com/newsMore.php?newsId=59308&content=%E0%B4%AC%E0%B5%80%E0%B4%AB%E0%B5%8D_%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%A7%E0%B4%A8%E0%B4%B5%E0%B5%81%E0%B4%82_%E0%B4%A4%E0%B5%80%E0%B4%A8%E0%B5%8D%E0%B4%AE%E0%B5%87%E0%B4%B6%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%95%E0%B5%81%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%B5%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B4%B3%E0%B5%81%E0%B4%82_(%E0%B4%9C%E0%B5%8B%E0%B4%B8%E0%B4%AB%E0%B5%8D


കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...