Friday, August 30, 2013

വില കുറഞ്ഞ ഉറുപ്പികയും ലാഭനഷ്ടങ്ങളും



By  ജോസഫ് പടന്നമാക്കൽ 

ആഗോളനിലവാരത്തിൽ രൂപയുടെ വിലയിടിയുന്നതായ വാർത്തകൾ ഇന്ത്യൻസാമ്പത്തിക മുന്നേറ്റത്തിനുതന്നെ വെല്ലുവിളിയായി തീർന്നിക്കുകയാണ്. സർക്കാർ ഡോളറിനെതിരെ രൂപയുടെ രക്ഷക്കായി   നടപടികൾ എടുത്തിട്ടും വിലയെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല. ദിനംപ്രതി മൂല്യം ഇടിയുന്ന വാർത്തകളാണ് പത്രങ്ങളിലും മീഡിയാകളിലും നിറഞ്ഞിരിക്കുന്നത്‌. സർവ്വകാലറിക്കോർഡുകളും ഭേദിച്ച് ഡോളറുമായി 70 എന്ന അക്കത്തിലും രൂപയുടെ മൂല്യം നിർണ്ണയിക്കാറായി. ഈ വർഷംതന്നെ 19 ശതമാനത്തോളം വില താണുപോയി.

ഇന്ത്യയുടെ ധനതത്ത്വവിദക്തർ ഇതിന് പരിഹാരമായി എല്ലാ മാർഗങ്ങളും ആരായുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയില്ല. റിസേർവ്ബാങ്ക് ബില്ല്യൻ കണക്കിന് ഡോളർ മാർക്കറ്റിൽ ഒഴുക്കുന്നുണ്ട്. അതുകൊണ്ട് താല്ക്കാലികമായി ഡോളറിന്റെ വിലയെ കഴിഞ്ഞ ദിവസം പിടിച്ചു നിറുത്തുവാൻ സാധിച്ചു. കമ്പനികളും ഇന്ത്യയിൽ വസിക്കുന്നവരും  വിദേശത്ത് ഡോളർ നിക്ഷേപിക്കാൻ പാടില്ലാന്നും നിർദ്ദേശങ്ങളുണ്ട്.
 

രൂപയുടെ മൂല്ല്യക്ഷയത്തിന് കാരണങ്ങളെന്തെല്ലാമായിരിക്കാം? സർക്കാരിന് എന്തുകൊണ്ട് താഴ്ച നിയന്ത്രിക്കാൻ സാധിക്കുന്നില്ല? ഇതെല്ലാം സാധാരണ ജനങ്ങളുടെ ചോദ്യങ്ങളാണ്. രൂപയുടെ തകർച്ചയിൽ ഭരിക്കുന്ന സർക്കാർ മാത്രമല്ല കുറ്റക്കാർ. ബാഹ്യമായ ആഗോള ധനമാർക്കറ്റും അന്തർദേശീയ വ്യവസായികളും അമേരിക്കാപോലുള്ള വൻകിടരാഷ്ട്രങ്ങളും മൂല്യക്ഷയത്തിൽ കാരണക്കാരാണ്. കയറ്റുമതി ഇറക്കുമതിയിൽക്കൂടി ലോകത്തിലെ എല്ലാ നാണയങ്ങളുമായി 'രൂപ' ബന്ധിതമായിരിക്കും. ഒരു ചെറിയ രാജ്യത്തിന്റെ ആഭ്യന്തരപ്രശ്നംപോലും അന്തരാഷ്ട്രനാണയ നിധിയെ ബാധിക്കും. പെട്രോളിയം ഉല്പ്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ യുദ്ധം ഉണ്ടായാൽ പെട്രൊളിയത്തിനും പെട്രോളിയത്തിന്റെ അസംസ്കൃത വിഭവങ്ങൾക്കും വിലകൂടും. സിറിയായിലുള്ള യുദ്ധത്തിന്റെ ഭീഷണിയും രൂപയെ ബാധിച്ചേക്കാം.

അടുത്തകാലത്ത് ഇന്ത്യയിൽ പണം നിക്ഷേപിച്ചിരുന്ന അനേക വിദേശകമ്പനികളും സ്റ്റീൽകമ്പനികളും പ്രവർത്തനം മതിയാക്കി മടങ്ങിപ്പോയി. 12ബില്ല്യൻ ഡോളറോളം പദ്ധതിയിട്ട് അമേരിക്കൻകമ്പനികളും ഇന്ത്യയിൽ പ്രവർത്തിക്കാൻ വന്നിരുന്നു. സർക്കാരിന്റെ നയംമൂലം പ്രവർത്തനം മതിയാക്കി പിന്തിരിയുകയായിരുന്നു. സ്ഥലംമേടിക്കലും സർക്കാരിന്റെ അനാസ്ഥയും സർക്കാർ നടപടികളുടെ കാലതാമസവും കൃത്യനിഷ്ഠയില്ലായ്മയും സർക്കാർതീരുമാനങ്ങളും പ്രതികൂലമായിരുന്നതുകൊണ്ട് വിദേശകമ്പനികൾ  ഇന്ത്യയിൽ പണം നിക്ഷേപിക്കാൻ താല്പര്യം ഇല്ലാതെ പ്രവർത്തനം മതിയാക്കി  മടങ്ങുകയായിരുന്നു. 50,0 0 0 കോടിരൂപാ മുതൽമുടക്കുമായി വന്ന മിറ്റൽകമ്പനിയും കർണ്ണാടക സർക്കാരിന്റെ ഉപേക്ഷമൂലം പദ്ധതികൾ ഉപേക്ഷിച്ച് മടങ്ങിപ്പോയി. വിദേശകമ്പനികൾ എകദേശം മൂന്നുബില്ല്യൻ ഡോളറോളം അവരുടെ പണനിക്ഷേപം പിൻവലിച്ചു. ആഗോളതലത്തിലുള്ള സ്റ്റോക്ക്മാർക്കറ്റിലെ വമ്പന്മാർ ഇന്ത്യൻസ്റ്റോക്കുകളുടെ വിലയും ഇടിച്ചു. സ്വർണ്ണം ഇറക്കുമതി ചെയ്യുന്നതും രൂപയുടെ തകർച്ചക്ക് കാരണമായി. കാർഷിക വ്യവസായങ്ങളിലെ ഉത്ഭാദനമേഖലകളിലും വിദേശകമ്പനികൾ പണം മുടക്കാൻ തയാറല്ലായിരുന്നു.


എന്നിരുന്നാലും പണത്തിന്റെ  മൂല്യക്ഷയത്തിന് പ്രധാനകാരണം രാജ്യത്തിന്റെ സാമ്പത്തിക അപര്യാപ്തയാണ്. രൂപയുടെ മൂല്യം പ്രധാനമായും നിയന്ത്രിക്കുന്നത്‌ കയറ്റുമതി ഇറക്കുമതി അനുസരിച്ചാണ്. ഈ വർഷം മൊത്തം കയറ്റുമതിയിൽ 4.8 ശതമാനം കുറഞ്ഞു. അത്രയും വിദേശവരുമാനത്തിൽ കുറവ് സംഭവിച്ചു. വിദേശനാണയത്തിന്റെ അപര്യാപ്തതയിൽ അന്തർദേശീയ നിധിയിൽനിന്ന് കൂടിയ നിരക്കിലുളള പലിശയിൽ പണം കടം എടുക്കേണ്ടി വന്നു . ഡോളറിന്റെ രാജ്യത്തിലേക്കുള്ള ഒഴുക്ക് കുറയുംതോറും കൂടുതൽ രൂപ കൊടുത്ത് ഡോളർ മേടിക്കാൻ നിർന്ധിതരാകും. മുമ്പ് 45 രൂപക്ക്‌ മേടിച്ചിരുന്ന ഡോളറിന് സാമ്പത്തിക അപര്യാപ്തതമൂലം 70 രൂപയോളം കൊടുക്കേണ്ടി വരുന്നു.


പരമ്പരാഗതമായി നാം കയറ്റുമതി ചെയ്തിരുന്ന രാജ്യങ്ങളിലെല്ലാം വിലയിലെ മത്സരംമൂലം കയറ്റുമതിയിൽ ഗണ്യമായി കുറവ് വന്നു. പുറംരാജ്യങ്ങളിലെ കയറ്റുമതിയിലുള്ള അനേക കരാറുകളും ഇന്ത്യക്ക് നഷ്ടപ്പെട്ടു. പുതിയ രാജ്യങ്ങളുമായി അക്കൌണ്ടുകൾ നേടുവാനും സാധിച്ചില്ല. ഇന്ത്യയിലെ ഉൽപ്പന്നങ്ങൾക്ക് ഗുണമേന്മ കുറഞ്ഞതെന്ന് ചില സ്ഥാപിതതാല്പര്യമുള്ള രാജ്യങ്ങൾ പ്രചരണം നടത്തിയതുകൊണ്ടും കയറ്റുമതിയെ സാരമായി ബാധിച്ചു. കയറ്റുമതി ചെയ്തുകൊണ്ടിരുന്ന പല വിദേശരാജ്യങ്ങളും ഇന്ത്യയോട് ചിറ്റമ്മനയം പുലർത്തിയിരുന്നു. ഇന്ത്യൻ ഉത്പന്നങ്ങൾ മേടിക്കാൻ പല രാജ്യങ്ങളും മടികാണിച്ചിരുന്നു. കൂടിയ വില, ഗുണംകുറഞ്ഞ ഉൽപ്പന്നങ്ങൾ എന്നൊക്കെയാണ് ഇന്ത്യയിലെ ഉൽപ്പന്നങ്ങളെ നിരസിക്കാൻ കാരണങ്ങളായി വിദേശികൾ ചൂണ്ടികാണിച്ചിരുന്നത്. ഇന്ത്യയിൽ ഉത്ഭാദനചെലവും തൊഴിൽവേതനവും  വർദ്ധിച്ചതുകൊണ്ട് ഉൽപ്പന്നങ്ങൾക്ക് വിലകൂടി. തന്മൂലം ഇന്ത്യയ്ക്ക് അന്തർദേശീയ മാർക്കറ്റുമായി മത്സരിക്കാൻ സാധിക്കാതെ വന്നു.
ആഗോളതലത്തിലെ മാർക്കറ്റിൽ ഈ വർഷം ഡോളറിന്റെ വില രണ്ട് ശതമാനം കൂടിയിട്ടുണ്ട്.  ഡോളറിന്റെ അന്തർദേശീയ വിലവർദ്ധന രൂപയെ സാരമായി ബാധിക്കുകയും ചെയ്തു. ഡോളറിന്റെ വിലകൂടുന്നതും അതുമൂലം രൂപ നിലംപതിക്കുന്നതും ഇന്ത്യൻ സർക്കാരിന്റെ നിയന്ത്രണത്തിൽ ഉള്ളതല്ല. വളരെയധികം താണുപൊയിരുന്ന ഇന്നത്തെ അമേരിക്കൻ സാമ്പത്തികവളർച്ച മൂന്നാം ചേരിയിലുള്ള അഭിവൃത്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളെ ബാധിക്കും. തകർന്നുപോയ ഇന്ത്യൻരൂപയെ ആഗോളമാർക്കറ്റനുസരിച്ച് പഴയ മൂല്യത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും ബുദ്ധിമുട്ടായിരിക്കും. 
  


ഡോളറിന്റെ മൂല്യം വർദ്ധിച്ചതോടെ ഡോളർക്ഷാമം ഇന്ന് ഇന്ത്യാ മുഴുവൻ വ്യാപിച്ചിട്ടുണ്ട്. കമ്പനികളും നിക്ഷേപകരും മത്സരിച്ച് ഡോളർ വാങ്ങിക്കാനും തുടങ്ങി. മാർക്കറ്റുവിലയേക്കാളും ഉയർന്ന പ്രീമിയം നൽകി കോർപ്പറേറ്റ്സ്ഥാപനങ്ങൾ ഡോളർ വാങ്ങിക്കുന്നതും രൂപയുടെ വില ഇടിയുവാൻ കാരണമാണ്.  റിസർവ്ബാങ്ക് വൻതോതിൽ ഡോളർ മാർക്കറ്റിൽ വിറ്റിട്ടും രൂപയുടെ വിലയെ പിടിച്ചു നിർത്തുവാൻ സാധിക്കുന്നില്ല. വിലയിടിവിൽ ഇനിയും വിദേശകറൻസിക്ക്‌ വില കൂടുമെന്ന ധാരണയോടെ പ്രവാസികൾ നാട്ടിലേക്ക് ഡോളർ അയക്കാൻ മടികാണിക്കുന്നതും വിലയെ സ്വാധീനിക്കുന്നുണ്ട്.
 


രൂപമൂല്യം ഇടിയുന്ന കാലങ്ങളിൽ ഏറ്റവുമധികം ബാധിക്കുന്നത് ഊർജംനല്കുന്ന പെട്രോളിയം കമ്പനികളെ ആയിരിക്കും. ഇറക്കുമതിയെ ആശ്രയിച്ചിരിക്കുന്ന ഇത്തരം കമ്പനികൾക്ക് കൂടുതൽ ഡോളർ കൊടുത്ത് പെട്രോളിയകൊണ്ടുള്ള അസംസ്കൃത സാധനങ്ങൾ മേടിക്കേണ്ടി വരുന്നു. ഡോളറിന്റെ അപര്യാപ്തതയിൽ സാമ്പത്തികമാന്ദ്യം അനുഭവപ്പെടും. ക്രെഡിറ്റ്റേറ്റിങ്ങും മോശമാവുന്നതുമൂലം കൂടുതൽ പലിശക്ക് വിദേശവായ്പ എടുക്കേണ്ടി വരുന്നു. ഇപ്പോൾതന്നെ ഭാരതപെട്രോളിയം കോർപ്പറേഷനും ഇന്ത്യൻഒയിൽകമ്പനിയും അമ്പതു ശതമാനത്തോളം വിദേശക്കടം വീട്ടാനുണ്ട്. സർക്കാരുകൾ സബ്സിഡി കൊടുത്താണ് സാധാരണ പെട്രോളിയം കമ്പനികളുടെ ഉൽപ്പന്നങ്ങൾക്ക് വില നിയന്ത്രിക്കുന്നത്‌. രൂപയുടെ വിലയിടിയുന്ന സമയത്ത് സർക്കാരിൽനിന്നുള്ള സബ്സിഡികൾ താമസിച്ചാൽ കമ്പനികളുടെ ദൈനംദിനാവശ്യങ്ങൾക്കുള്ള പണം തികയാതെ വരും. കമ്പനികളുടെ കടവും പലിശയും വീണ്ടും വർദ്ധിക്കും. വിലപ്പെരുപ്പവും രാഷ്ട്രീയ അസമത്വങ്ങളും കാരണമാകും.


രൂപയുടെ പതനം രാഷ്ട്രത്തിന്റെ ഖജനാവിനെയും വ്യക്തികളെയും എങ്ങനെ ബാധിക്കുന്നുവെന്നും ഒന്ന് അവലോകനം ചെയ്യാം.

1.ഏറ്റവുമധികം അനുഭവപ്പെടുന്നത്  ഇന്ധനങ്ങളുടെ വില വർധനവിലായിരിക്കും. തന്മൂലം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന പെട്രോളിയം അസംസ്കൃത സാധനങ്ങളുടെയും വിലകൂടും.

2.വിദേശത്തേക്ക് യാത്ര ചെയ്യുന്നവർ വർദ്ധിച്ച വിമാനക്കൂലി കൊടുത്ത് യാത്രചെയ്യേണ്ടി വരും.

3.വിദേശത്തുള്ള ഹോട്ടലുകളിലും ഭക്ഷണം കഴിക്കുന്നതിലും ഷോപ്പിങ്ങിലും  വിദേശനാണയത്തിലെ ക്രയവിക്രയംമൂലം പണം കൂടുതൽ കരുതേണ്ടി വരും.
 
4.ഇറക്കുമതി ചെയ്യുന്ന എല്ലാ വിഭവങ്ങൾക്കും രൂപയിൽ കടുത്ത വില നല്കേണ്ടിവരും.

5.ഡോളർ അപര്യാപ്തത മൂലം വിദേശക്കടവും കൂടും. അമിതപലിശയിൽ വിദേശത്തുനിന്ന് കടം എടുക്കുവാൻ കമ്പനികൾ നിർബന്ധിതരാകുകയും ചെയ്യുന്നു.  

6.ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക്‌ വില കൂടുമ്പോൾ രാഷ്ട്രം വിലപ്പെരുപ്പത്തെ നേരിടുകയാണ്. അത്യാവശ്യസാധനങ്ങൾക്ക് വിലകൂടുമ്പോൾ ബാധിക്കുന്നത് കൃത്യമായ വരുമാനത്തിൽ ജീവിക്കുന്ന സാധാരണക്കാരെയാണ്.

7.വിദേശസർവകലാശാലകളിൽ യോഗ്യതനേടി പഠിക്കുന്ന വിദ്യാർഥികളെയാണ് രൂപയുടെ തകർച്ച ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഈ വർഷം തന്നെ 20 ശതമാനത്തോളം വില താണു. അതിന്റെ അർഥം വിദേശപ്പണത്തിനായി പത്തുലക്ഷം രൂപാ കടം എടുക്കുന്ന ഒരു വിദ്യാർഥി അധികമായി രണ്ടുലക്ഷം രൂപാകൂടി കരുതണം. ഇങ്ങനെ അധികചെലവുമൂലം അനേക വിദ്യാർഥികൾ വിദേശത്തെ പഠനം ഉപേക്ഷിക്കുകയും ചെയ്തു.

8.വീട്ടാവശ്യങ്ങളിലും വിലഇടിവുമൂലം വിലപ്പെരുപ്പം അനുഭവപ്പെടും. അതുമൂലം ബാങ്കിലെ നിക്ഷേപവും കുറയും.

9.രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയേയും ബാധിക്കുന്നതുകൊണ്ട് വിദേശകമ്പനികൾ ഈ രാജ്യത്ത് നിക്ഷേപത്തിന് തയ്യാറാവുകയില്ല.



രൂപയുടെ വിലയിടിവിനെ പിടിച്ചു നിർത്താൻ റിസർവ്ബാങ്ക് പല നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഓയിൽകമ്പനികൾക്ക് നേരിട്ട് ഡോളർ വാങ്ങുവാൻ റിസർവ്ബാങ്ക് പ്രത്യേക സംവിധാനങ്ങൾ എർപ്പെടുത്തും. അങ്ങനെയെങ്കിൽ വലിയ വിലയ്ക്ക് കമ്പനികൾക്ക് ഡോളർ വാങ്ങേണ്ടി വരുകയില്ല. റിസർവ് ബാങ്കിന്റെ ഡോളർ നിക്ഷേപിച്ച ഖജനാവ് ശോഷിക്കുമെന്നുള്ള പോരായ്മയുണ്ട്. ഓയിൽകമ്പനികൾക്ക് ഡോളർ നല്കുന്നതിനൊപ്പം പണം തിരിച്ചടക്കാൻ കുറഞ്ഞ പലിശക്ക് കടപത്രവും നല്കും. രൂപയിൽ പണം മടക്കികൊടുത്താൽ മതിയാകും. വിലയെ നിയന്ത്രിക്കാൻ ഇത്തരം കമ്പനികൾക്ക് സബിസിഡിയും നല്കും. കയറ്റുമതിക്കാരോട് നേടുന്ന വിദേശപ്പണം ഉടൻ മാർക്കറ്റിൽ രൂപയാക്കി മാറ്റാൻ നിർദേശിക്കും. ആകർഷണീയമായ രീതിയിൽ പലിശ കൊടുത്ത് ബാങ്കുകളോട് കൂടുതൽ ഡോളർനിക്ഷേപം നേടുവാനും റിസർവ് ബാങ്ക് ആവശ്യപ്പെടും. അങ്ങനെ ലഭിക്കുന്ന വിദേശപണം വ്യവസായ മേഖലകൾക്ക് ഉപയോഗപ്പെടും. ഇറക്കുമതി ചെയ്യുന്ന ഉല്പന്നങ്ങളുടെ വില വിദേശകമ്പനികൾക്ക്‌ കൊടുക്കുന്നത് താമസിപ്പിക്കാൻ ബാങ്കുകൾ പ്രത്യേക നിയമം ഉണ്ടാക്കും. വിദേശത്ത് താമസിക്കുന്നവർക്കായി ഇന്ത്യയിൽ പണം നിക്ഷേപിക്കാൻ കൂടിയ പലിശനിരക്കിൽ കടപത്രങ്ങൾ ഇറക്കാൻ സാദ്ധ്യതയുണ്ട്.  ഡോളർവില എല്ലാക്കാലവും വർദ്ധിക്കുന്നതുമൂലം  വലിയ പലിശക്ക് കടപത്രം പുറപ്പെടുവിക്കുവാൻ റിസർവ്ബാങ്കിന് അഭിപ്രായം ഇല്ല.


എന്നിരുന്നാലും രൂപയുടെ വില ഇടിഞ്ഞതുമൂലം ലാഭം കൊയ്യുന്നവരുമുണ്ട്. കറൻസിയുടെ  മൂല്യക്ഷയത്തിൽ ചിലർക്ക് സന്തോഷവും മറ്റുചിലർക്ക് ദു:ഖവുമാണ്. ഏറ്റവുമധികം സന്തോഷിക്കുന്നത് വിദേശരാജ്യങ്ങളിലുള്ള പ്രവാസികളാണ്. രൂപയുടെ വിലയിടിവിൽ അവരുടെ കുടുംബാംഗങ്ങൾക്ക് കൂടുതൽ പണം ലഭിക്കും.വിദേശത്ത് താമസിക്കുന്നവർ പ്രത്യേകിച്ച് ഗൾഫ്നാടുകളിൽ ഉള്ളവർ കടംമേടിച്ചും കറന്സി വ്യതിയാനത്തിന്റെ മുതലെടുക്കുന്നുമുണ്ട്.
  


കയറ്റുമതിയെ ആശ്രയിച്ചുകഴിയുന്ന കമ്പനികൾക്കും പ്രയോജനം ഉണ്ട്. കയറ്റുമതിയിൽനിന്ന് നേടുന്ന വിദേശനാണയത്തിൽ കൂടിയനിരക്കിൽ രൂപാ നേടുന്നു. കേരളത്തിലെ റബ്ബർകൃഷിക്കാർക്കും ഗുണം ചെയ്തേക്കാം. റബ്ബർ കയറ്റുമതി ചെയ്യുന്ന ഉല്പ്പന്നമായതുകൊണ്ട് വിദേശനിരക്ക് കൂടുംതോറും റബറിന്റെ വിലകൂടും. കൃഷിക്കാരന് മൂല്യം കുറഞ്ഞ അധികരൂപയും നേടാം. വിദേശമാർക്കറ്റുമായി റബർവ്യവസായികൾക്ക് മത്സരിക്കാൻ സാധിക്കും. സ്വർണ്ണം ഇറക്കുമതി ചെയ്യുന്നതുകൊണ്ട് സ്വർണ്ണനിക്ഷേപകർക്ക് ഗുണവുമാകാം. വാങ്ങിക്കുന്നവർക്ക് കൂടിയവിലയും നല്കണം. അതുപോലെ കയറ്റുമതി ചെയ്യുന്ന സ്റ്റീൽകമ്പനികളും ആഹ്ലാദത്തിലാണ്‌.


പ്രവാസിമലയാളികൾ സന്തുഷ്ടരെന്ന് സൂചിപ്പിച്ചതുപോലെ അവരുടെ നിക്ഷേപംമൂലം നാട്ടിലെ വസ്തുക്കൾക്കും വിലകൂടും. ഇന്ത്യൻ സ്റ്റീൽകയറ്റുമതി കമ്പനികളും സന്തോഷത്തിലാണ്. പണത്തിന്റെ വിലയിടിവുമൂലം 25 ബില്ല്യൻ രൂപാ വിലയുള്ള 700, 000  ടണ്‍ സ്റ്റീൽ ഈ വർഷം കയറ്റുമതി പ്രതീക്ഷിക്കുന്നു. ഇന്ത്യാ ലിമിറ്റഡ്‌ സ്റ്റീൽ കമ്പനിയുടെ ചെയർമാൻ പ്രതീക്ഷിക്കുന്നത് ഈ സാമ്പത്തിക വർഷം കയറ്റുമതി ഇരട്ടിയാക്കാൻ സാധിക്കുമെന്നാണ്. വിലയിടിവുമൂലം ലോകകമ്പനികൾക്ക് ഇന്ത്യൻ കമ്പനികളെ വെല്ലാൻ സാധിക്കുകയില്ല. റ്റെക്സ്റ്റയിൽ കയറ്റുമതി കമ്പനികൾ, ഐ.ടി. കമ്പനികൾ, ടാറ്റാ മോട്ടോർ, ബജാജ് ഓട്ടോ എന്നീ കമ്പനികൾ രൂപയുടെ തകർച്ചയിൽ ലാഭം കൊയ്യാൻ കാത്തിരിക്കുന്നു.





Tuesday, August 20, 2013

ഹഡ്സൻ നദിയിലുണ്ടായ ബോട്ടപകടവും ജോജോ ജോണിനെ പീഡിപ്പിക്കലും

By  ജോസഫ് പടന്നമാക്കൽ

പ്രവചനങ്ങൾ ചിലപ്പോൾ ചില കാലങ്ങളിൽ സത്യമാകുമെന്ന് കേട്ടിട്ടുണ്ട്. ഹഡ്സണ്‍ നദിയിൽ 7-26-2013 ൽ ഉടനീളമുള്ള പത്തേമാരികളിൽ ഒന്നിൽ  തട്ടിയുണ്ടായ ബോട്ടപകടം ഭയാനകവും ഭീതി നിറഞ്ഞതുമായിരുന്നു. രണ്ടു ജീവിതങ്ങളാണ് അപകടത്തിൽ നഷ്ടപ്പെട്ടത്. നയാക്ക് നിവാസിയായ മൈക്കിൽ ഹൊർട്ടന്റെ(Michael Hortens’ )ഭയംപോലെ സംഭവിക്കേണ്ടതായ അപകടം സംഭവിച്ചതും തികച്ചും ആകസ്മികവും അവിചാരിതവുമായിരുന്നു. ജെ.പി. മോർഗൻ വൈസ് പ്രസിഡന്റ് മിസ്റ്റർ സ്കൂമർ (Schumacher)പറഞ്ഞത് "പാലത്തിന് സമീപം ഉണർവോടെ ഞങ്ങളുടെ കണ്ണുകൾ ഇമവെട്ടാതെ ഒരുപോലെ വെള്ളത്തിലേക്ക് തന്നെയുണ്ടായിരുന്നു. പെട്ടെന്നൊരിടിയും 'ബൂം' എന്ന ശബ്ദവും മാത്രം കേട്ടു." 


ദിവസങ്ങൾക്കുള്ളിൽ വിവാഹിതയാവേണ്ടിയിരുന്ന വധുവും വിവാഹം കഴിക്കേണ്ടിയിരുന്ന വരന്റെ ഉറ്റമിത്രവും അപകടത്തിൽ മരിച്ചതും മറ്റു നാലുപേർക്ക്  പരുക്കേറ്റതും ഉത്തരവാദിത്തപ്പെട്ടവർ ശ്രദ്ധിച്ചിരുന്നുവെങ്കിൽ  ഒഴിവാക്കാമായിരുന്നുവെന്ന്  ഹോർട്ടൻ പറഞ്ഞു. "സംഭവിക്കേണ്ടിയിരുന്ന ഈ അപകടം എന്നും അവിടെ പതിയിരിപ്പുണ്ടായിരുന്നു".


ഒരു ബോട്ടുടമകൂടിയായ അദ്ദേഹം അപകടത്തിന്  ഏതാനും നാളുകൾക്ക് മുമ്പ് നയാക്ക് മേയർ ജെൻ ലൈർഡ്‌ വൈറ്റിന്( Nyack Mayor Jen Laird-White) പത്തേമാതിരിയുടെ സമീപപ്രദേശങ്ങൾ വേണ്ടത്ര പ്രകാശം ഇല്ലാതെ അപകടം പിടിച്ചതെന്ന് കാണിച്ച് ഒരു കത്ത് എഴുതിയിരുന്നു. വേനൽക്കാലങ്ങളിൽ ബോട്ടുയാത്ര ചെയ്യുന്ന വിനോദയാത്രക്കാരിൽ അപകടം പതിയിരിക്കുന്നുവെന്നും മേയറെ ധരിപ്പിച്ചിരുന്നു. അവർ ആ കത്തിന്റെ കോപ്പി റ്റാപ്പൻസി പാലത്തിന്റെ നിർമാണത്തിൽ ഉത്തരവാദിത്തപ്പെട്ടവർക്കായി അയച്ചുകൊടുക്കുകയും ചെയ്തു.


രണ്ടുമരണങ്ങൾക്കും കുറ്റം ആരോപിച്ച് പോലീസ് ബോട്ടോടിച്ചിരുന്ന ജോജോ ജോണിനെ അറസ്റ്റ് ചെയ്തു. അദ്ദേഹം മദ്യം കഴിച്ചിരുന്നുവെന്നും ആരോപണം ഉയർത്തി. ഇതിൽ കുറ്റക്കാർ പത്തെമാരികൾ സ്ഥാപിച്ചവരെന്ന് പറഞ്ഞ് നാനാഭാഗത്തുനിന്നും ശബ്ദം ഉയരുന്നുണ്ട്.  എങ്കിലും കുറ്റം മുഴുവൻ ജോജോയിൽ ചുമത്തിയിരിക്കുകയാണ്. കഴുത്തിലുള്ള കഠിനമായ വേദനകൾ അമർത്തിപിടിച്ചുകൊണ്ട് കഴിഞ്ഞ ബുധനാഴ്ച ഓറഞ്ച് ടൌണിലുള്ള കോടതിയിൽ അദ്ദേഹം ഹാജരായിരുന്നു. ടോക്സിക്കോളൊജി റിപ്പോർട്ടും പത്തേമാരിയിലെ വെളിച്ചത്തിന്റെ പ്രശ്നവുമായിരിക്കും കേസിന്റെ അടിസ്ഥാനകാരണമായി കരുതുന്നത്. അടുത്ത സെപ്റ്റംബർ ഇരുപത്തിയഞ്ചാംതിയതി ജോജോ ജോണിന് വീണ്ടും കോടതിയിൽ ഹാജരാവണം. പത്തേമാരിയിൽ ആവശ്യത്തിന് ലൈറ്റില്ലായിരുന്നുവെന്നും അപകടസൂചകമായി യാതൊരു അടയാളങ്ങളും നദിയിൽ ഉണ്ടായിരുന്നില്ലെന്നും ജോജോയുടെ സഹയാത്രക്കാരും നദിയിലെ മറ്റു യാത്രക്കാരും ഒരുപോലെ മൊഴിനല്കുന്നുണ്ട്.
 

പാലം പണിയുന്ന മാഫിയാ മുതലാളിമാരുടെ ഉദാസീനതയിൽ സംഭവിച്ച പിഴവുകൾക്ക് ഇന്ന് കുറ്റം മുഴുവൻ ജോജോയിൽ ആരോപിച്ചിരിക്കുകയാണ്. നഷ്ടപരിഹാരമായി  വൻതുകകൾ അപകടപ്പെട്ടവർക്ക് കൊടുക്കേണ്ടി വരുമെന്നും ഈ മുതലാളിമാർ ഭയപ്പെടുന്നു. നാളിതുവരെയായും റ്റോക്സിക്കോളേജി റിപ്പോർട്ട് പ്രസിദ്ധീകരിക്കാത്തതിലും ദുരൂഹതയുണ്ട്. ജോജോ നിയമത്തിനുപരിയായി ഡ്രിങ്ക്സ് കഴിച്ചില്ലെന്ന് സഹ യാത്രക്കാർ ഒന്നുപോലെ സാക്ഷിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അമിതമായി ലഹരി ഉപയോഗിച്ചില്ലെന്ന് തെളിവായി ബാർഉടമ ബില്ലും ഹാജരാക്കി.


ബോട്ടപകടത്തിൽ പരിപൂർണ്ണമായും ജോജോയെ പഴിചാരുന്നവർ താഴെപ്പറയുന്ന കാര്യങ്ങളുംകൂടി കണക്കിലെടുക്കണം.  

1.നയാക്ക് മേയർ പാലം പണിയുന്നവരോടും സ്റ്റേറ്റ് സർക്കാരിനോടും പാലത്തിൽ ലൈറ്റില്ലെന്ന് ഔദ്യോഗികമായി പ്രതികരിച്ചിട്ടും  ഉത്തരവാദിത്തപ്പെട്ടവരിൽനിന്നും വേണ്ട നടപടികൾ ഉണ്ടായില്ല. അങ്ങനെയെങ്കിൽ അപകടകാരണം പത്തേമാരിയിലെ ലൈറ്റിന്റെ പ്രശ്നമല്ലേ? 

2.അപകടത്തിന്റെ പിറ്റേദിവസം പത്തേമാരിയിൽ ലൈറ്റിടുവാൻ ഗവർണ്ണർ കോമോ ഒർഡറിട്ടതും അപകടത്തിനുമുമ്പുള്ള പത്തേമാരിൽ  ആവശ്യത്തിന് ലൈറ്റില്ലായിരുന്നുവെന്ന കുറ്റബോധംകൊണ്ടല്ലേ? 

3.പത്തെമാരികളുടെ സമീപം അപകടം പിടിച്ചതെന്നും,പത്തേമാതിരികളിൽ ലൈറ്റില്ലെന്നും മുമ്പും യാത്രക്കാരിൽ നിന്ന് പരാതികൾ ഉണ്ടായിരുന്നു. എങ്കിൽ അപകടം വന്നപ്പോൾ എന്തുകൊണ്ട് ജോജോയിൽമാത്രം കുറ്റം ആരോപിക്കുന്നു?

4.ജോജോയുടെ ബോട്ടിൽ ഉണ്ടായിരുന്ന ആറുപേരും യാത്രാസമയം വെള്ളത്തിൽ മാത്രം നോക്കികൊണ്ട്‌ യാത്ര ചെയ്തിരുന്നുവെന്ന് സഹയാത്രക്കാരുടെ പ്രസ്താവനകളിൽ കാണുന്നു. ആരും അപകടം ഉണ്ടാകുംവരെ പത്തേമാരി കണ്ടില്ല. എങ്കിൽ അപകടകാരണം ജോജോയിൽ ആരോപിക്കുവാൻ സാധിക്കുമോ?

5.നിയമത്തിനുപരിയായി ജോജോ മദ്യം കഴിച്ചില്ലെന്ന് ബാർഉടമ തെളിവുകൾ നല്കിയിട്ടും എന്തുകൊണ്ട് അങ്ങനെ ഒരു ആരോപണം ജോജോയുടെമേൽ ചുമത്തി?

6.അപകടകാരണം നിലാവത്തുള്ള റ്റാപ്പൻസി പാലത്തിന്റെ നിഴലും,പാലത്തിലെ ലൈറ്റുകളുടെ പ്രതിഫലനവും പത്തെമാരികളുടെയും ക്രെയിനുകളുടെയും പാലം പണിയാനുള്ള അസംസ്കൃത പദാർഥങ്ങളുടെയും വെള്ളത്തിലുള്ള നിഴലുകകളുമായിരുന്നു. ഇത്തരം യാത്രാ തടസങ്ങൾ എന്തുകൊണ്ട് വേണ്ടപ്പെട്ടവർ നിരസിക്കുന്നു?
 
7.രാത്രിയിലെ മങ്ങിയ വെളിച്ചത്തിൽ പത്തേമാരി ആര്‍ക്കും കാണാൻ‍ സാധിക്കില്ലാന്ന്‌’ റോക്ക്‌ലാന്‍ഡ്‌ കൗണ്ടിപോലീസും വെളിപ്പെടുത്തിയിട്ടുണ്ട്‌. അങ്ങനെയെങ്കിൽ ജോജോയെ അറസ്റ്റ് ചെയ്തതിൽ നീതികരണം എന്ത്?  
   
8.അപകടംമൂലം അവശനായ ജോജോയെ ഹോസ്പിറ്റലിൽ ചങ്ങലയിലിട്ടു ബന്ധിച്ചതും അപകടത്തിൽ ഗുരുതരമായ പരുക്കുകൾ ഉണ്ടായിട്ട് എം.ആർ എ എടുക്കാഞ്ഞതും മനുഷ്യാവകാശ ലംഘനമല്ലേ?

9.ഇത്രമാത്രം ഗുരുതരമായ അപകടം ഉണ്ടായിട്ടും ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടും എന്തുകൊണ്ട് അധികൃതർ യഥാസമയങ്ങളിൽ അടുത്ത ബന്ധുക്കളെ അറിയിച്ചില്ല?

10.ഹോസ്പിറ്റലിൽ ചങ്ങലയിട്ടു ബന്ധിതനായി ഇട്ടിരിക്കുന്ന മകനെ കാണാൻ മാതാപിതാക്കൾ വന്നപ്പോൾ അവരുടെ അവകാശത്തെ നിഷേധിച്ചതെന്തിന്?


11.തന്റെതല്ലാത്ത കുറ്റംകൊണ്ട് അപകടം സംഭവിച്ചതിൽ 'മ്യാൻസ്ലോട്ടർ' കുറ്റവാളിയായി കേസ് രജിസ്റ്റർ ചെയ്തതും അനീതിയാണ്.  

ഇതെല്ലാം ജോജോയെ കുറ്റവാളിയാക്കാൻ ചില സ്ഥാപിതതാല്പര്യക്കാരുടെ മുൻകൂട്ടിയുണ്ടായിരുന്ന ആസൂത്രണ പദ്ധതികൾ ആയിരുന്നില്ലേ?   
  

250,000 ഡോളർ തുകയാണ് ജോജോയുടെ ജാമ്യത്തിനായി നിശ്ചയിച്ചിരുന്നത്. ഒരു ദിവസം 3400 ഡോളർ വേതനം കൊടുത്ത് കുറ്റവാളിയെപ്പോലെ വീക്ഷിക്കുവാൻ രണ്ട് പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരെയും റോക്കലാന്റ്കൌണ്ടി അധികൃതർ നിയമിച്ചിരുന്നു. ജസ്റ്റീസ് ഫോർ ഓൾ (Justice for all) എന്ന സംഘടനയുടെ പ്രസിഡന്റായ ശ്രീ തോമസ് കൂവള്ളൂരും ജോർജ് ജോസഫും (മെറ്റ് ലൈഫ്) ഞാനുമൊത്ത് സംഭവം നടന്ന ദിവസങ്ങളിൽ ജോജോയെ ഹോസ്പിറ്റലിൽ കാണാൻ ഒരു ശ്രമം നടത്തിയിരുന്നു. അദ്ദേഹത്തെ കാണാൻ റോക്കലാൻഡ് കൌണ്ടിയിലെ ഷെരീഫിന്റെ  അനുവാദം ലഭിച്ചെങ്കിലും അന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കൾ സന്ദർശകരായി ഉണ്ടായിരുന്നതുകൊണ്ട് കാണുവാൻ സാധിച്ചില്ല. അന്നേദിവസം കൌണ്ടിയിലെ പ്രമുഖ പത്രമായ ജേർണൽ ന്യൂസ് വാർത്താ ലേഖകൻ സംഭവത്തിന്റെ നിജസ്ഥിതിയറിയുവാൻ എന്നെയും ശ്രീ കൂവള്ളൂരിനെയും ടെലിഫോണിൽ വിളിച്ച്  സംഭാഷണം നടത്തിയിരുന്നു. ഇത്രയും വലിയ തുക ജോജോയ്ക്ക് ജാമ്യമായി വിധിച്ചതിൽ ശ്രീ കൂവള്ളൂർ ശക്തിയായി പ്രതികരിച്ചതും ഒരു നിരപരാധിയെ കേസിൽ കുടുക്കിയതും പ്രതികരിച്ചത് അമേരിക്കയിലെ അനേക ഇംഗ്ലീഷ് പത്രങ്ങളും ചാനലുകളും റിപ്പോർട്ട് ചെയ്തിരുന്നു. എന്റെ മുൻ ലേഖനത്തിലും ഞാൻ ഈ വാർത്ത സൂചിപ്പിച്ചിട്ടുണ്ട്. എല്ലാ നിയമവശങ്ങൾക്കൊപ്പം സമൂഹം ഈ അനീതിക്കെതിരെ ഒറ്റകെട്ടായി നിൽക്കുമെന്നുള്ള അദ്ദേഹത്തിന്റെ മുന്നറിയിപ്പും   പത്രങ്ങൾ അന്ന് റിപ്പോർട്ട് ചെയ്തു. 


 ജോജോ രാജ്യം കടക്കുന്ന സാഹസത്തിന് മുതിരുകയില്ലെന്ന് പറഞ്ഞ് മുഴുവൻ ജാമ്യത്തുക ഇളവ് നല്കികൊണ്ട് പിറ്റേദിവസം ഹോസ്പിറ്റൽ ബെഡിൽ കൈകളിലും കാലുകളിലും ബന്ധിച്ചിരുന്ന ചങ്ങലകൾ അഴിക്കുകയും ചെയ്തു. ഇത് യാദൃശ്ചികമായി സംഭവിക്കാൻ സാധ്യതയില്ല. ഒരു സമൂഹത്തിന്റെ മുന്നേറ്റത്തിന്റെ ശക്തിയെയാണ് കാണിക്കുന്നത്. ജെ.എഫ്.എ അതിൽ അഭിമാനിക്കുകയും ചെയ്യുന്നു.  ഇത് മനസിലാക്കാൻ സാധിക്കാതെ ചിലർ ഈ സംഘടനക്കെതിരെയും ജോജോയ്ക്കെതിരെയും വിമർശനങ്ങൾ തൊടുത്തുവിടുന്നതും ചില പത്രങ്ങളിൽ വായിച്ചു. ഒരു കുടുംബത്തിന്റെ വിധി നിർണ്ണായകമായ ആപൽഘട്ടത്തിൽ സമൂഹം ഒന്നിക്കുകയാണ് വേണ്ടത്. ഇതിനായി പ്രവർത്തിക്കുന്ന പ്രവർത്തകരുടെ മനോവീര്യം കെടുത്തുകയല്ല വേണ്ടത്. മനുഷ്യമനസാക്ഷിയെ മുൻനിർത്തിപ്രവർത്തിക്കുന്ന ഈ സംഘടനയിലെ പ്രവർത്തകർ ആരും പ്രതിഫലം മോഹിച്ചുകൊണ്ടല്ല മുമ്പോട്ട് വന്നിരിക്കുന്നതെന്നും ഓർക്കണം.


ഈ അപകടംമൂലം ഒരു ചെറുപ്പക്കാരന്റെ ഭാവിയാണ് നശിച്ചത്. മാനേജരായി ചേസ് ബാങ്കിൽ ജോലി ചെയ്തിരുന്ന അദ്ദേഹം ജോലി രാജിവെയ്ക്കേണ്ടി വന്നു. സമൂഹം അറിയപ്പെടുന്ന പ്രമുഖമായ ഒരു കുടുംബം ഇതുമൂലം മാനസികമായി ബുദ്ധിമുട്ടുകളും അനുഭവിക്കുകയാണ്. അപകടസമയം ജോജോ അബോധാവസ്തയിൽ ആയിരുന്നു. നീണ്ട മണിക്കൂറുകൾ കഴിഞ്ഞ് ബോധം തെളിഞ്ഞപ്പോൾ താൻ ഹോസ്പിറ്റൽബെഡിൽ തിരിയാനും മറിയാനും നിവൃത്തിയില്ലാതെ മൃഗീയമായ രീതിയിൽ ചങ്ങലയിൽ ബന്ധിപ്പിച്ചിരുന്നതായിരുന്നു കണ്ടത്. ഒരേ കിടപ്പിൽ ഒരാഴ്ചയോളം ബന്ധിച്ച് ദേഹത്തുമുഴുവൻ വടുക്കളും ബാധിച്ചിരുന്നു.  ചുറ്റും കാവല്ക്കാരെ കണ്ടപ്പോഴാണ് അപകടകാര്യംപോലും ഓർമ്മയിൽ വന്നത്.   കഴുത്തിനും നട്ടെല്ലിനുമെല്ലാം ഗുരുതരമായ പരുക്കുകളും ഉണ്ടായിരുന്നു.


8-18 -2013 ൽ ഞാനും ശ്രീ കൂവള്ളൂരുംകൂടി  ജോജോയുടെയും മാതാപിതാക്കളുടെയും  വീട്ടിൽപ്പോയി അവരെ നേരിൽകണ്ടു സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ പിതാവ് യോഹന്നാൻ ജോണും പെങ്ങൾ അറ്റോർണി ജയയും മാതാവ് എലിയാമ്മയും സംഭാഷണത്തിൽ ഉണ്ടായിരുന്നു. ജോജോയുടെകൂടെ ജോലി ചെയ്തിരുന്ന മറ്റൊരു ബാങ്ക്മാനേജരും അവിടെയുണ്ടായിരുന്നു. കഴുത്തിൽ കോളർ ബാൻഡേഡ് കെട്ടിയിരുന്ന ജോജോ അന്ന് അവശനായിരുന്നു. ചങ്ങലക്കിട്ട് ഒരാഴ്ച പീഡിപ്പിച്ച കഥ പറയുമ്പോഴും അദ്ദേഹത്തിലെ ഒരു നിരപരാധിയിലെ കണ്ണിലെ പ്രകാശമായിരുന്നു ഞാൻ ശ്രദ്ധിച്ചത്. തിരിയാനും മറിയാനും അവസരം കൊടുക്കാതെ ചങ്ങലയിൽ അവശനായ ഒരു നിരപരാധിയെ ബന്ധിപ്പിച്ച കഥ കേട്ടപ്പോൾ  മൂന്നാംലോകത്തിലെ ഒരു രാജ്യത്ത് നടന്ന സംഭവംപോലെയും തോന്നി. പറയാനുള്ള അവസരങ്ങൾ നിഷേധിച്ച ഹോസ്പിറ്റലിൽ അധികൃതർ പീഡിപ്പിച്ചത് അമേരിക്കയിൽ നടന്ന  സംഭവമാണിതെന്നും വിചാരിക്കണം. നമ്മുടെ സമൂഹത്തിന് യാതൊരു വിലയും കൽപ്പിക്കാത്തതുകൊണ്ടാണ് മനുഷ്യത്വരഹിതമായി, നിന്ദിതമായി ഉത്തരവാദിത്വപ്പെട്ട അധികാരികൾ ഇങ്ങനെ പ്രവർത്തിച്ചത്. ഇത് സംഭവിക്കുന്നത്‌ നാളെ നിങ്ങളുടെ മക്കളോടെങ്കിൽ ഇന്ന് പ്രതികരിച്ചേ മതിയാവൂ. അതിനായി സമൂഹം ഉണരണം. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യപുലരിയിൽ എന്നും നമ്മുടെ മക്കളും മക്കളുടെ മക്കളും ജീവിക്കണം.  മാനുഷികാവകാശങ്ങളെ വാതോരാതെ സംസാരിക്കുന്ന ഈ രാജ്യത്തിനുള്ളിലെ ആധുനിക സംസ്ക്കാരകേന്ദ്രമായ ന്യൂയോർക്കെന്ന മഹാനഗരത്തിൽ നടന്ന മനുഷ്യധ്വംസനത്തിന്റെ കഥയാണിതെന്നും ഓർക്കണം. മൃഗതുല്യമായി ജോജോയെ പീഡിപ്പിച്ച് ഒരു കുടുംബത്തെ മുഴുവൻ നിരാശയിലാക്കിയവർക്കെതിരെ നിയമത്തിന്റെ പഴുതുകൾ തേടിയേ തീരൂ. 


സമൂഹത്തിലെ മാന്യനായ ഒരു വ്യക്തിയാണ് ജോജോയുടെ പിതാവായ യോഹന്നാൻ ജോണ്‍‍. മക്കൾ മൂന്നുപേരെയും നല്ല സ്വഭാവഗുണങ്ങളോടെ അന്തസ്സായി വളർത്തി എല്ലാവരും ഉന്നതമായ പ്രൊഫഷണൽ ജോലിയിലെന്നതിലും അദ്ദേഹം അഭിമാനിയായിരുന്നു. മൂത്തമകൻ റേഡിയോളജി  സ്പെഷ്യലിസ്റ്റായ ഡോക്ടർ, രണ്ടാമത്തെ മകൻ ജോജോ എം.ബി.എ കഴിഞ്ഞ് പ്രമുഖമായ ഒരു ബാങ്കിലെ മാനേജർ, ഇളയ മകൾ അറ്റോർണി എന്നിങ്ങനെ മക്കളുടെ നല്ല ഭാവികണ്ട് അഭിമാനിച്ചിരുന്ന മാതാപിതാക്കൾ അടങ്ങിയ സന്തുഷ്ടകുടുംബമായിരുന്നു. അപ്പോഴാണ്‌ കാർമേഘങ്ങൾ വിതച്ചുകൊണ്ട് ഈ കുടുംബത്തിലേക്ക് ദുരന്തം വന്നുകയറിയത്‌. വാർത്തകളുടെ അപവാദ ശ്രുംഖലമൂലം വിവാഹിതനാകാൻ തയ്യാറായിരുന്ന ജോജോയുടെ ഭാവിജീവിതത്തിലും മുമ്പോട്ടുള്ള കരീയറിലും മാതാപിതാക്കൾ വ്യാകുലരാണ്. മാതാപിതാക്കളെ എന്നും അനുസരിച്ച് ജീവിക്കുന്ന ജോജോ എപ്പോഴും സാഹസികതയിൽ ചിന്തിക്കുന്ന വ്യക്തിയായിരുന്നു. അദ്ദേഹം രണ്ട് വീലുള്ള മോട്ടോർ സൈക്കിൾ മേടിക്കാൻ ഒരുങ്ങിയപ്പോൾ അപകടമുണ്ടാകുമെന്ന് ഭയന്ന് മാതാപിതാക്കൾ എതിർത്തു. അപ്പോഴാണ്‌ ബോട്ട് മേടിക്കണമെന്ന ആഗ്രഹം ഉണ്ടായത്. ജോജോയുടെ ആഗ്രഹത്തിന്  മാതാപിതാക്കൾ വഴങ്ങി ബോട്ട് മേടിക്കാൻ സമ്മതിക്കുകയും ഇങ്ങനെ ഒരു വിപത്തിൽ എത്തുകയും ചെയ്തു. 


കഴിഞ്ഞ മുപ്പത് വർഷങ്ങളായി ഒരേ വീട്ടിൽ താമസിക്കുന്ന മാന്യമായി ജീവിച്ചിരുന്ന ഈ കുടുബത്തിനെതിരെ സ്വന്തം സമൂഹത്തിൽ ചിലരും പത്രമാധ്യമങ്ങളും അപവാദങ്ങൾ ചൊരിഞ്ഞപ്പോൾ ഇവർക്കുവേണ്ട ധർമ്മവീര്യവും ആത്മതന്റേടവും നല്കിയത് ചുറ്റുമുള്ള നൂറുകണക്കിനായ അമേരിക്കൻ അയൽവാസികളായിരുന്നു.  ആ പരിസരത്ത് വളർന്ന ജോജോയേയും അവരിൽ പലരും സ്വന്തം കുടുംബത്തിലെ അംഗത്തെപ്പോലെയാണ് കരുതുന്നതും. ഇങ്ങനെ ഒരു അപകടം സംഭവിച്ചപ്പോൾ തുല്യമായി അവരെല്ലാം ദുഖിതരുമായിരുന്നു. അപകടശേഷം ടെലിവിഷൻ ചാനൽകാരും വാർത്താലേഖകരും ക്യാമറാ ക്രൂവും കുറ്റവാളികളുടെ വീടുവളയുമ്പോലെ എന്നും ഇവരുടെ ഭവനത്തിന് ചുറ്റും ഉണ്ടായിരുന്നു. വീടിന്റെ ഫോട്ടോയും പത്രങ്ങളിൽ പ്രസിദ്ധീകരിച്ചു. സഹികെട്ട ജോജോയുടെ മാതാപിതാക്കൾ ഇവരെ അഭിമുഖികരിക്കാൻ പ്രയാസമായതുകൊണ്ട് വീടുവിട്ട് മറ്റു താവളങ്ങളിൽ ആരും കാണാതെ താമസിക്കേണ്ടി വന്നു. എന്നും ഒച്ചയും ബഹളവും വീടിനിട്ട് കൊട്ടലുമായി വാർത്താലേഖകർ ശല്ല്യം ചെയ്തിരുന്നു. ഇവരെ പല ദിവസങ്ങളും ഈ കുടുംബത്തോട് സ്നേഹമുള്ള കുപിതരായ അയൽവാസികൾ ഓടിക്കേണ്ടിയും വന്നിട്ടുണ്ട്.


ഓർത്തോഡോക്സ് സഭയിൽപ്പെട്ട ജോജോയുടെ മാതാപിതാക്കളും കുടുംബവും മതപരമായുള്ള ആചാരാനുഷ്ഠാനങ്ങളിൽ വളരെ നിഷ്ഠയുള്ളവരാണ്. പള്ളിപ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ പിതാവ് യോഹന്നാൻ സജീവമായുണ്ട്. കൂടാതെ  സാംസ്ക്കാരിക സംഘടനകളിൽ നേതൃത്വവും പള്ളിസംഘടനകളുടെ  ഔദ്യോഗിക പദവികളും ഇദ്ദേഹം വഹിച്ചിരുന്നു.  അതുകൊണ്ട് ഇവരെ സഹായിക്കാൻ പള്ളിയിലെ അംഗങ്ങൾ അവരുടെ പാസ്റ്ററുടെ നേതൃത്വത്തിൽ തയ്യാറാണ്. ഈ കുടുംബത്തിന് മനോവീര്യം നല്കാനും വേണ്ടിവന്നാൽ അനീതിക്കെതിരെ പ്രവർത്തിക്കാനും സംഘിടതമായി മുമ്പിൽത്തന്നെയുണ്ട്‌. അമേരിക്കൻ ക്രിസ്ത്യൻ സമൂഹങ്ങളിൽ ഇങ്ങനെ ഒരു സംഭവമുണ്ടായാൽ രക്ഷിക്കാൻ ഓടിയെത്തുന്നതും ആ പള്ളിയിലെ പാസ്റ്ററും പള്ളിയിലെ അംഗങ്ങളുമായിരിക്കും. ജോജോയുടെ കാര്യത്തിലും അങ്ങനെ പിന്തുണയുണ്ടെന്ന് ഈ കുടുംബം തറപ്പിച്ചുപറയുന്നു.     


പള്ളിയിലെ ഓരോ അംഗത്തിനും ജോജോ പ്രിയങ്കരനെന്ന് അപവാദങ്ങൾ പരത്തുന്ന പത്രങ്ങളും സമൂഹവും ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. ജോജൊയുടെ  മാതൃകാവ്യക്തിത്വം അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനത്തിലും കാണുവാൻ സാധിക്കും. ഹൈസ്കൂളിൽ പഠിപ്പിച്ച അദ്ധ്യാപികയും വാർത്തകളിൽ പറഞ്ഞത് പഠിക്കുന്ന കാലങ്ങളിൽ അങ്ങേയറ്റം അച്ചടക്കമുള്ള കുട്ടിയായിരുന്നുവെന്നായിരുന്നു. ബാങ്കിലെ  കസ്റ്റമറെന്ന നിലയിൽ ജോജോയുടെ നല്ല പെരുമാറ്റരീതിയും അവർ വിവരിച്ചിരുന്നു.  ഇങ്ങനെയെല്ലാം സ്വഭാവഗുണങ്ങളുള്ള ഒരു യുവാവിനെതിരെയായിരുന്നു ചില മലയാളപത്രങ്ങൾ ഉൾപ്പടെ മാദ്ധ്യമലോകം മുഴുവൻ അപവാദങ്ങൾ പ്രചരിപ്പിച്ചത്. ജോജോയെ തേജോവധം ചെയ്ത പത്രങ്ങളുടെ ഒരു ശേഖരംതന്നെ അദ്ദേഹത്തിന്റെ പിതാവ് സൂക്ഷിച്ചുവെച്ചിട്ടുണ്ട്. വേണ്ടിവന്നാൽ മകന്റെ നിരപരാധിത്വം തെളിയിച്ചുകൊണ്ട്‌ ഒരു നിയമയുദ്ധത്തിനിറങ്ങാനും അദ്ദേഹം തയ്യാറാണ്.


സമൂഹത്തിൽ ആരെങ്കിലും കുറ്റവാളിയായാൽ കുറെയെങ്കിലും വാസ്തവം കാണും. എന്നാൽ ജോജോയുടെ പേരിൽ അർദ്ധരാത്രിയിൽ ബോട്ട് ഡ്രൈവ് ചെയ്തതൊഴികെ യാതൊരു കുറ്റവും ആർക്കും ചൂണ്ടികാണിക്കാൻ സാധിക്കില്ല. ഒരു മനുഷ്യനോട് ഇങ്ങനെ പെരുമാറാമോയെന്ന് സമൂഹമനസാക്ഷി ഉണർന്നു ചിന്തിക്കണം. സദാ ചിരിച്ചുകൊണ്ടിരുന്ന ആ യുവാവിന്റെ മുഖം ഇന്ന് ദുഖമയമാണ്. സംഭവം നടന്ന ദിവസങ്ങളിൽ അദ്ദേഹമെവിടെയെന്ന് സ്വന്തം മാതാപിതാക്കളെപ്പോലും അധികൃതർ അറിയിച്ചില്ല. വിവരമറിഞ്ഞെത്തിയ മാതാപിതാക്കളെപ്പോലും   ഹോസ്പ്പിറ്റലിൽ  കിടക്കുന്ന മകനെ കാണാൻ സമ്മതിച്ചില്ല. ഇത്ര മാത്രം മുറിവുകൾ ഉണ്ടായിട്ടും എം.ആർ. എ. എടുക്കാൻ അധികൃതർ സമ്മതിച്ചില്ല. ജോജോയുടെ സഹോദരൻ ഡോക്റ്റർ കുറ്റാരോപണം നടത്തി കഴിഞ്ഞാണ് എം.ആർ. എ എടുക്കുവാൻ  തയ്യാറായതും. ഇങ്ങനെ ഉത്തരവാദിത്തപ്പെട്ടവരിൽനിന്നും വന്നുഭവിച്ച പിഴവുകൾ തികച്ചും പൗരാവകാശ ലംഘനം കൂടിയാണ് .
          

ഈ സംഭവത്തിൽക്കൂടി നമ്മുടെ സമൂഹം ഉണർന്നു പ്രവർത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നാളെ ഇത് സംഭവിക്കുന്നത്‌ എന്റെയും നിങ്ങളുടെയും നിരപരാധികളായവരുടെ മക്കൾക്കായിരിക്കാം. നമ്മുടെ സമൂഹം ജാഗരൂകരായി പ്രവർത്തിച്ചില്ലെങ്കിൽ സ്വാതന്ത്ര്യത്തിന്റെ അർത്ഥം എന്ത്? എല്ലാവർക്കും തുല്യതയും സാഹോദര്യവും കൽപ്പിച്ചുകൊണ്ടുള്ള സ്വതന്ത്രമായ ഒരു ഭരണഘടനയാണ്  ഈ രാജ്യത്തിനുള്ളത്. മലയാളിസമൂഹവും വാഗ്ദാനം ചെയ്തിരിക്കുന്ന അവകാശങ്ങൾക്കായി ഒറ്റകെട്ടായി നിലകൊള്ളണമെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. ജോജോക്കെതിരായ ഇത്തരം നീചപ്രവർത്തനങ്ങൾ ചെറുതായി കാണാൻ സാധിക്കുകയില്ല. അമേരിക്കയുടെ മടിത്തട്ടിൽ, ഈ നാടിന്റെ മണ്ണിൽ തലമുറകളായി വളർന്ന മക്കളോട് ഇങ്ങനെയുള്ള ക്രൂരപ്രവർത്തികൾ ചെയ്‌താൽ ആ സമൂഹം അടങ്ങിയിരിക്കുകയില്ല. ഐക്യമത്യം മഹാബലമെന്നാണ് ഇത് വ്യക്തമാക്കുന്നത്. നിരപരാധിയെ  ഇങ്ങനെ അധികൃതർ വ്യക്തിഹത്യ ചെയ്തത് നമ്മുടെ സമൂഹത്തിനും അപമാനമാണ്. ഇന്ന് നിങ്ങൾ പ്രതികരിച്ചില്ലെങ്കിൽ നാളെ നമ്മുടെ കുഞ്ഞുങ്ങളോട് നിങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ അനീതിയായിരിക്കും. ഞാനുൾപ്പെട്ട ആദ്യത്തെ തലമുറകൾ കടന്നുപോവുന്നു. നമ്മുടെ സമൂഹത്തിലെ നിസഹായനായ ഒരു വ്യക്തിയെ കരുവാക്കി കൽത്തുറുങ്കിൽ അടക്കത്തക്കവണ്ണം കുറ്റാരോപണം നടത്തുന്ന പ്രവണതകൾ അവസാനിപ്പിച്ചില്ലെങ്കിൽ നാളത്തെ തലമുറകൾ ഈ തലമുറകൾക്ക് മാപ്പ് നല്കുകയില്ല.  ഇത് മനുഷ്യാവകാശ ലംഘനമാണ്. നിർദ്ദയമായി കൊടുത്ത ഈ പീഡനം  മലയാളി സമൂഹത്തെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയായിരുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരു ചെറുപ്പക്കാരന്റെ ജീവിതം വെച്ചുള്ള പന്തുകളിയായിരുന്നു.


മഹാനായ മാർട്ടിൻലൂതർ കിംഗ്‌ പറഞ്ഞതുപോലെ "നാം എല്ലാം ദൈവത്തിന്റെ മക്കളാണ്. ഓരോ ജീവിതവും തുല്യമായി വിലപ്പെട്ടതായിരിക്കണം." ശബ്ദം ഇല്ലാത്തവർക്കുവേണ്ടിയും ശബ്ദം ഉയർത്തേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. സമത്വം സ്വാതന്ത്ര്യം സാഹോദര്യം എന്നീ അടിസ്ഥാന തത്ത്വങ്ങൾക്കെതിരെ സമൂഹത്തിലെ മാന്യനായ ഒരു വ്യക്തിയെ നിർദ്ദയമായി പീഡിപ്പിച്ച ചരിത്രം നിങ്ങളുടെ മുമ്പിൽ ഉള്ളപ്പോൾ അത് കണ്ടില്ലന്നു നടിച്ചാൽ നാളത്തെ തലമുറ മാപ്പ് നല്കുകയില്ല. നാം എല്ലാം ഒരുപോലെ സ്വതന്ത്രരല്ലെങ്കിൽ ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ അർത്ഥമെന്ത്‌? അങ്ങനെയെങ്കിൽ നാം വസിക്കുന്ന മഹത്തായ ഈ ഭൂഖണ്ഡവും എത്യോപ്പിയായും സൊമാലിയായും തമ്മിലുള്ള വിത്യാസമെന്ത്? നമ്മുടെ സമൂഹവും ഫാക്ട്റ്ററികളിലും തൊഴിൽശാലകളിലും ആതുരസ്ഥാപനങ്ങളിലും ജോലിചെയ്ത് രാജ്യത്തിന്റെ വളർച്ചക്കൊപ്പം ഉണ്ടായിരുന്നു. അഭിപ്രായവിത്യാസങ്ങൾ പാടെമറന്ന് ഇനി ഒരിക്കലും നമ്മുടെ കുഞ്ഞുങ്ങളെ പീഡിപ്പിക്കാതെ ഒരേ ശബ്ദത്തിൽ നാം ഗർജിക്കണം. അതിനായി ജെ.എഫ്. എ. പ്രവർത്തകർ സംഘടനാതലത്തിൽ തയ്യാറായിക്കൊണ്ടിരിക്കുന്നു.

Saturday, August 17, 2013

ശാസ്ത്രത്തിലെയും അദ്ധ്യാത്മികതയിലെയും സ്നേഹവും സൌന്ദര്യവും

By  ജോസഫ് പടന്നമാക്കൽ

കുഞ്ഞിനു മുലകൊടുക്കുന്ന അമ്മയുടെ സ്നേഹത്തെക്കാൾ മറ്റൊരു സ്നേഹം സങ്കല്പ്പിക്കാൻ പ്രയാസമാണ്.  അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധംവഴി അവിടെ ഒരു അസ്ഥിത്വം സ്ഥാപിക്കുന്നു. പൂർണ മദ: പൂർണ്ണ മിദം. ഉപനിഷത്ത് അവിടെ സ്നേഹത്തെ പരമോന്നത പീഠത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു.  സ്നേഹത്തിൽനിന്ന് സൌന്ദര്യം ദർശിക്കുന്നു. ആശാന്റെ സ്നേഹം വീണുകിടന്ന പൂവിലായിരുന്നു. പൂവൊരു വസ്തുവാണ്. വസ്തുവിനെ സ്നേഹിക്കുമ്പോൾ അത് സൗന്ദര്യമായി മാറും. ഇവിടെ സ്നേഹവും സൌന്ദര്യവും തമ്മിൽ  പരസ്പരം ബന്ധിതമാണ്.

ഒരു കുഞ്ഞ് ജനിക്കുന്ന നിമിഷം അവിടെ ഒരു അമ്മയും ജനിക്കുന്നു. അവളുടെ സത്തയിലെ അമ്മ അതിനുമുമ്പ് ഭൂമിയിൽ ഉണ്ടായിരുന്നില്ല. കുഞ്ഞിനൊപ്പം ജനിച്ച അമ്മയും വളരുകയാണ്. കുഞ്ഞിനോടുള്ള സ്നേഹമൂലം അവൾക്ക് രാത്രിയും പകലും ചുരുങ്ങുന്നു.  ഒമനത്വമുള്ള കുഞ്ഞിന്റെ പുഞ്ചിരിയിൽ ദുഃഖങ്ങളെല്ലാം അവളിലെ അമ്മ മറക്കും. നാളെയുടെ ദിനങ്ങൾ അവൾക്ക് സ്വപ്നങ്ങളാകും. അമ്മ പറയും, കുഞ്ഞേ ഞാൻ എന്നും നിന്നെ സ്നേഹിക്കും. എത്രകാലം ഞാൻ ജീവിച്ചാലും നീ എന്നും എന്റെ കുഞ്ഞുതന്നെ. നിന്റെ കുഞ്ഞിപാദങ്ങളെക്കാളും കുഞ്ഞുവിരലുകളെക്കാളും മറ്റൊരു സൗന്ദര്യമുണ്ടോ?   അവളിലെ ആനന്ദം പൊട്ടിവിടരുകയായി. ഓരോ മാതാവും പറയും തന്റെ കുഞ്ഞാണ് ലോകത്ത് മെച്ചം. അത് ശരിയുമാണ്.  

വേദങ്ങളും പുരാണങ്ങളും ക്രിസ്ത്യൻ നിയമങ്ങളും നമ്മോട് കല്പ്പിക്കുന്നത് സ്നേഹത്തിൽ ജീവിക്കാനാണ്. എങ്കിൽ സ്നേഹം ഏത് അളവുകോൽകൊണ്ട് അളക്കും. അളവുകോൽ ന്യൂട്ടന്റെ മൂന്നാംനിയമമോ, അതോ ആൽബെർട്ട് ഐൻസ്റ്റീനറെ ആപേക്ഷിക സിദ്ധാന്തമോ?( theory of relativity) ന്യൂട്ടന്റെ നിയമങ്ങളും കർമ്മഫലങ്ങളും, ദൈവത്തിന്റെ നിയമങ്ങളും Cause and effect  തത്ത്വങ്ങളും ഒരേ നിയമംപോലെ തോന്നും. അതെല്ലാം മതപണ്ഡിതരുടെ ഭാവനകൾ മാത്രമാണ്. 

 സ്നേഹബന്ധങ്ങളെ അളക്കാൻ ഒരു പക്ഷെ ആപേഷിക സിദ്ധാന്തത്തിന്റെ (theory of relativity) തത്ത്വങ്ങൾ ഉപകരിച്ചേക്കാം. നാം ജീവിക്കുന്നത് പരസ്പര ബന്ധമുള്ള ഒരു ലോകത്താണ്.  ആപേക്ഷിക സിദ്ധാന്തത്തിലെ ഊർജവും പദാർത്ഥവും പോലെ മനുഷ്യ ജീവിതത്തിലും താരതമ്യം ആവശ്യമാണ്. എല്ലാ ബന്ധങ്ങളിലും ഒരു പ്രഭവകേന്ദ്രം(source)  കാണും.  അത് നീരുറവപൊലെ ഊർജമായി നമ്മിൽനിന്ന് തുടങ്ങി നീരാവിയായി തിരിയേ നമ്മിലേക്ക്‌ എത്തുകയാണ്. ഊർജത്തിന്റെ ഉറവിടം നിന്റെ തന്നെ ശരീരമാണ്. എവിടുന്നോ വന്നെത്തിയ മറ്റൊരു നീരുറവയുമായി ആത്മബന്ധം സൃഷ്ടിക്കുകയാണ്. അളക്കാൻ സാധിക്കാത്ത ഒരു ശക്തിയാണു അവിടെ ബന്ധം ഉറപ്പിക്കുന്നത്.  നിന്നിലെ പ്രഭവകേന്ദ്രത്തിലേക്ക് ആകർഷിക്കുന്നത് പണമോ പ്രതാപമോ ഉന്നതമായ ജോലിയോ എന്തുമാകാം. നിനക്ക് ഇവകളിൽ ഇഷ്ടമുള്ളതു തെരഞ്ഞെടുക്കാം. അതു മുഴുവൻ നിന്റെ പ്രഭവകേന്ദ്രത്തിലെ ഉറവിടത്തിൽനിന്നു ഭവിച്ച തീരുമാനമാണ്. നിന്റെ തിരഞ്ഞെടുത്ത ആ ഇഷ്ടമാണ് ആനന്ദം എന്ന് പറയുന്നത്. നീയെന്ന ഉറവിടവും അധികാരം, പണം എന്ന ഉറവിടവും ഒന്നാകുമ്പോൾ അവിടെ ആനന്ദവും ഉദിക്കുകയാണ്.


നീ യാണ് സ്നേഹത്തിന്റെ ഉറവിടം. വസ്തുവിലേക്കെങ്കിൽ  നീയും വസ്തുവും തമ്മിൽ  സൌന്ദര്യബന്ധവും ആഹ്ലാദവും, അത് മറ്റൊരാളിലേക്ക് പതിക്കുമ്പോൾ അവിടെ ഹൃദയബന്ധവും പരമാനന്ദവും സൃഷ്ടിക്കുന്നു. ആ ഹൃദയ ബന്ധത്തിന്റെ ആഴം  എത്രയെന്ന് നിർണ്ണയിക്കുക അസാദ്ധ്യവുമായിരിക്കും. നീ എന്നുള്ള പ്രഭവകേന്ദ്രത്തിൽ നീ ആഗ്രഹിച്ച ജോലി ലഭിച്ചെങ്കിൽ അനന്ദമെന്ന വികാരമാണ് നിന്നിൽ മുളയ്ക്കുന്നത്‌. ഉപാധികളില്ലാത്ത സ്നേഹമാണ് ആനന്ദമായി മാറുന്നത്. 

അതുപോലെ ഈ പ്രകൃതിയും മരുതക പച്ചകളും പക്ഷിമൃഗാദികളും സൗന്ദര്യത്തിന്റെ ഘടകങ്ങളാണ്.   ഇന്ദ്രിയങ്ങളിൽനിന്ന് പൊട്ടിപ്പുറപ്പെടുന്ന ഉപാധികളില്ലാത്ത സ്നേഹം. ആപേക്ഷികസിദ്ധാന്തത്തിലെ ആഹ്ലാദം; അതേ  ഇവിടെ പ്രകൃതിയും നീയെന്ന പ്രഭവകേന്ദ്രവുമായി ആലിംഗനം ചെയ്യുന്ന മഹാമുഹൂർത്തം കാത്തുകിടക്കുന്നുമുണ്ട്.  പ്രകൃതിനിയമം അനുസരിച്ച് എത്രമാത്രം ഊർജം തരുന്നുവോ അത്രയും കര കാണാതെ ആനന്ദിക്കൂ. 

നീ സ്നേഹമെങ്കിൽ നീ ആരെന്ന് അറിയണം. നിന്റെ ഊർജത്തിന്റെ പ്രഭവകേന്ദ്രവും മനസിലാക്കണം. അങ്ങനെ കിട്ടുന്ന ഊർജം നീയും സത്യമായ നീയും തമ്മിൽ ആശയപ്രകടനം നടത്തുമ്പോൾ അവിടം ഉപാധികളില്ലാത്ത സ്നേഹമാകും. എത്രമാത്രം നീ നീയാകുന്ന നിന്നോട്  ബന്ധം സ്ഥാപിക്കുന്നുവോ അത്രമാത്രം സ്നേഹം  ലഭിക്കാനുള്ള മാർഗവും ആരായും. ജീവന്റെ മുഴുവനായ കാലങ്ങളിലും ഊർജം ഉണ്ടായിക്കൊണ്ടിരിക്കുകയും ഊർജത്തിൽ ജീവിക്കുകയും ചെയ്യും. 


 ന്യൂട്ടന്റെ മൂന്നാം നിയമവുമായി കർമ്മഫലത്തെ ചിലർ തുലനം ചെയ്യാറുണ്ട്. ചില മതപണ്ഡിതർ സ്നേഹത്തിനും സേവനത്തിനും പ്രതിഫലം കല്പ്പിക്കുന്നതും അതേ ശക്തിയോടെ ന്യൂട്ടന്റെ മൂന്നാംനിയമം ഉരുവിട്ടുകൊണ്ടാണ്. കേട്ടുനിൽക്കുന്നവർ അയാളുടെ പാണ്ഡ്യത്യം അംഗീകരിക്കുന്നതൊഴികെ ന്യൂട്ടന്റെ മൂന്നാംനിയമത്തെപ്പറ്റി  ഒരു ചുക്കും മനസിലാക്കിയിട്ടില്ല. ദൈവികനിയമത്തിൽ മൂന്നാംനിയമം നടപ്പിലാക്കാൻ  ന്യൂട്ടൻ ദൈവികശാസ്ത്രജ്ഞൻ അല്ലായിരുന്നു. ഭൌതിക നിയമത്തെപ്പറ്റിയാണ് അദ്ദേഹം പറഞ്ഞത്. "To every action there is always an equal and opposite reaction." ഈ നിയമം കർമ്മഫലത്തിൽ നടപ്പിലാക്കിയാൽ നന്മ ചെയ്യുന്നതെല്ലാം വെറുതെയാവുകയില്ലേ? കാരണം ഈ നിയമത്തിൽ നിന്ന് മനസിലാക്കുന്നത് നന്മയുടെ വിരുദ്ധമായ തിന്മ (Negative)ഭവിക്കുമെന്നാണ്. തിന്മ ചെയ്യുന്നവന് തുല്യമായ നന്മയും നന്മ ചെയ്യുന്നവന് തുല്യമായ തിന്മയുമെന്ന് ന്യൂട്ടന്റെ മൂന്നാം നിയമമനുസരിച്ച് വ്യാഖ്യാനിക്കപ്പെടേണ്ടി വരും.

ന്യൂട്ടൻ ഒരു തത്ത്വചിന്തകനല്ലായിരുന്നു. നന്മ തിന്മകളുടെ തത്ത്വമല്ല അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ ഭൌതികശാസ്ത്രത്തിൽ ഉള്ളത് മതവാദികൾ പറയുന്ന പ്രകൃതിയുടെ ശക്തികളായ ഇടിയും മിന്നലുമൊന്നുമല്ല . അന്ധവിശ്വാസങ്ങളോ മതനിയമങ്ങളോ ദൈവത്തിന്റെ കാർമ്മികനിയമങ്ങളോ ആ തത്ത്വങ്ങളിൽ ഇല്ല. 


പ്രപഞ്ചം സ്നേഹമാണ്. എന്നാൽ ആ സ്നേഹത്തിന്റെ പ്രഭവകേന്ദ്രം നാം ആണ്. സ്നേഹവും പ്രപഞ്ചവും തമ്മിലുള്ള ആത്മീയബന്ധത്തിൽ നാം ആകുന്ന പൊട്ടിയൊഴുകി വരുന്ന ആ നീരുറവ അഥവാ ഉറവിടമാണ് പ്രധാനം. നാം വിധിക്കുന്നതും നമ്മെത്തന്നെ. നമ്മുടെ വെറുപ്പും നമ്മിൽത്തന്നെ.  ബാഹ്യമായി ലഭിച്ച എല്ലാ അറിവുകളും 'ഞാൻ'  എന്ന പ്രഭവകേന്ദ്രത്തിന്റെ ഊർജമാണ്. ഊർജത്തിന്റെ ശക്തിയനുസരിച്ച് അറിവിന്റെ ആഴവും കൂടും.

ന്യൂട്ടന്റെ തത്ത്വങ്ങൾ ഭൗതികമായ എല്ലാ തലങ്ങളിലും വിവരിക്കുവാനുള്ളതല്ല. ആത്മീയപണ്ഡിതർക്ക് അദ്ദേഹം പറഞ്ഞ തത്ത്വങ്ങൾ ശരിയായി മനസിലായിട്ടുമില്ല. അല്ലെങ്കിൽ ജനത്തെ വിഡ്ഡികളാക്കണമെന്ന ചിന്തകളും അവരെ അലട്ടുന്നുണ്ടാകാം. വേദങ്ങളോ, ബൈബിളോ, യേശുവിന്റെ വചനങ്ങളോ ന്യൂട്ടന്റെ തത്ത്വങ്ങളിൽ ഉൾപ്പെട്ടതല്ല. നല്ല മനുഷ്യർക്ക്‌ നല്ല സ്ത്രീകളെയോ ചീത്ത സ്ത്രീകളെയോ ലഭിക്കണമെന്നില്ല. പകലിന്റെ നീളത്തിൽ രാത്രിയുണ്ടാകണമെന്നില്ല.

ന്യൂട്ടണിസം ആപേക്ഷിക ഗുരുത്വ പ്രമാണത്തെപ്പറ്റിയാണ് വിവരിക്കുന്നത്.  നാം ഒരു കസേരയിൽ ഇരിക്കുന്നുവെങ്കിൽ അത്രയും ഊർജം കസേരയും വഹിക്കണം.  തുല്യമായി നമ്മെ താങ്ങാൻ കസേരക്ക് കഴിവില്ലെങ്കിൽ കസേര ഒടിയാനും സാദ്ധ്യതയുണ്ട്. എത്ര മാത്രം ഊർജം(energy)  നാം കസേരയിൽ ചാർത്തുന്നുവോ അതേ ഊർജം കസേര വഹിക്കുന്ന തറയ്‌ക്കും ഉണ്ടായിരിക്കണം. പോസിറ്റീവായ 'നാം' എന്ന ശക്തിയ്ക്കെതിരെ നെഗറ്റീവായ ശക്തി തുല്യമായി എതിർവശത്തുനിന്നും താങ്ങാനും വേണം. 

ന്യൂട്ടണ്‍ വിവരിച്ച ഈ തത്ത്വം ഭൌതികമായോ ആത്മീയമായോ സംഭവിക്കുന്നതെല്ലാം
അതേ അളവിൽ നെഗറ്റിവ് ശക്തി ഉണ്ടാകണമെന്നല്ല. ശാസ്ത്രത്തിന്റെ ഏതു പുരോഗതിയും മതഗ്രന്ഥങ്ങളിൽ അവകാശപ്പെടുന്നത് സാധാരണമാണ്.   ഡാർവിന്റെ പരിണാമവാദവും മൽസ്യത്തിനുള്ളിൽ ജീവിച്ച യോനായുടെ കഥയുമായി താരതമ്യപ്പെടുത്തി കഴിഞ്ഞു. മത്സ്യ കൂർമ്മ വരാഹയെന്നു പറഞ്ഞ് ഹൈന്ദവ ഗുരുക്കളും ഡാർവിന്റെ പിതാക്കന്മാരായി എത്തിയിട്ടുണ്ട്.  വെള്ളത്തിൽനിന്ന് ജീവൻ കരയിലെത്തിയ തെളിവാണ് വേദപണ്ഡിതരുടെ ഈ വാദങ്ങൾ. അപ്പോൾ ആദം ഹവ്വായെന്ന പൊട്ടകഥയെവിടെ?  നാം ലോകത്തെ മലിനമാക്കുകയാണെങ്കിൽ പ്രകൃതിശക്തി ആ മലീനത മാറ്റാൻ വരുകയില്ല. മനുഷ്യൻ തന്നെ സൃഷ്ടിക്കുന്ന ഭീകരതയും സാമ്പത്തിക മാന്ദ്യവും സ്വാഭാവികമായും അതേശക്തിയോടെ ഉടൻതന്നെ പരിഹാരം കാണുകയില്ല.

മതപുരോഹിതർ ന്യൂട്ടനെ ദൈവമാക്കാതെ യേശു പറഞ്ഞത് പ്രായോഗികജീവിതത്തിൽ നടപ്പാക്കട്ടെ. നന്മനിറഞ്ഞ യേശുവിനെതിരെ അതേശക്തിയിൽ ന്യൂട്ടന്റെ പ്രമാണം അനുസരിച്ച് തിന്മ പ്രവർത്തിക്കുന്ന അഭിഷിക്തലോകം ഇന്ന് ആത്മീയതവെച്ച് വില പറയുന്നുവെന്നും വാസ്തവമാണ്.  സയൻസ് സയന്സിന്റെ വഴിയും മതം മതത്തിന്റെ വഴിയും സഞ്ചരിക്കുകയായിരിക്കും ലോകത്തിന് നല്ലത്.  ശാസ്ത്രനേട്ടങ്ങൾ കൊയ്യാൻ മതത്തിന് യാതൊരവകാശവുമില്ല. ന്യൂട്ടന്റെ നിയമം ആദ്ധ്യാത്മികലോകമോ പുനർജന്മമോ, കർമ്മനിയമങ്ങളോ, മതലോകമോ നന്മതിന്മകളോ അല്ല.   അത് വെറും ഭൌതികനിയമത്തിലെ ഗുരുത്വപ്രമാണം (specific gravity) മാത്രമാണ്. 

യേശുവിന്റെ ചിന്തകളനുസരിച്ച് സ്വയം സ്നേഹിക്കുന്നതുപോലെ നീ മറ്റൊരാളെ സ്നേഹിക്കുന്നുവെങ്കിൽ അത് മെറ്റാഫിസിക്സ്‌ മാത്രം. 'നീ' ആരെയെങ്കിലും  പഠിപ്പിക്കുന്നുവെങ്കിൽ അയാൾ അറിവ് മറ്റുള്ളവർക്കും പറഞ്ഞുകൊടുക്കും. അവന് നിന്റെ അറിവാണ് ഉള്ളത്. 'നീ' കൊടുത്ത അറിവുകൾ കറങ്ങിക്കൊണ്ടിരിക്കും. അതുപോലെയാണ് നാം അർപ്പിക്കുന്ന സ്നേഹവും മനുഷ്യസ്നേഹമാകുന്നത്. സ്നേഹമാണ് ആഗോളസമാധാനത്തിന് നിദാനവും. നാം സ്വയം അറിവിൽ പ്രകാശിതരാവണമെങ്കിൽ അറിവ് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുംതോറും സ്വയം നാം തന്നെ അറിവുള്ളവരാവുകയാണ്.   'സ്നേഹമാണഖിലസാര മൂഴിയിൽ'.  അതുതന്നെയാണ് ' അദ്ധ്യാത്മിക തത്ത്വത്തിലെ വാസുദൈവിക കുടുംബകവും.




Wednesday, August 14, 2013

പെണ്ണെഴുത്തും പുരോഹിത വിമർശനങ്ങളും

By ജോസഫ് പടന്നമാക്കൽ

സാറാ ജോസഫിന്റെ പ്രബന്ധത്തെ 'പെണ്ണെഴുത്തെന്ന്' നിന്ദിച്ചുതള്ളിയ സഭാനേതൃത്വത്തിന്റെ പ്രസ്താവന കണ്ടപ്പോൾ കാര്യമായി എന്തെങ്കിലും പുതിയതായി ലഭിക്കുന്ന വിവരങ്ങൾ കാണുമെന്നാണ് ഞാൻ വിചാരിച്ചത്. ഈ ലേഖനത്തിന്റെ പ്രത്യേകത ഒരു സ്ത്രീ എഴുതിയ മതസാമൂഹിക വിമർശനമെന്നേയുള്ളു. സഭയിലെ കാലഹരണപ്പെട്ട സാമൂഹികാചാരങ്ങളെ വിമർശിച്ചെന്നല്ലാതെ കാതലായ മൗലിക തത്ത്വങ്ങളെപ്പറ്റിയൊന്നും പരാമർശിച്ചിട്ടില്ല. അവർ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഇന്ന് സഭാ നേതൃത്വത്തിൽ യാഥാസ്ഥിതികരും മിതവാദികളും വിശാല മനസ്കരും തമ്മിലുള്ള ഏറ്റുമുട്ടലുകളിൽ ഉണ്ട്. കുടുംബാസൂത്രണ പദ്ധതികളും സ്ത്രീകൾക്ക്‌ പൌരാഹിത്യം നിഷേധിക്കലും സ്ത്രീയെ പെറ്റുപെരുകാൻ കാണുന്ന യന്ത്രമായി സഭ കാണുന്നതും സഭയുടെ ഉന്നതശ്രേണിയിലുള്ളവരുടെ ചർച്ചാവിഷയങ്ങളാണ്. ഈ വിഷയങ്ങളെപ്പറ്റി സ്ത്രീ എന്തെങ്കിലും പറഞ്ഞാൽ സഭയെ വിമ്മിഷ്ടപ്പെടത്തും. അവിടെ സ്ത്രീയെ തളയ്‌ക്കാൻ സെന്റ് പോളിന്റെ വചനങ്ങൾ സഭയ്ക്ക് വജ്രായുധമായി ഉണ്ട്. പുരുഷന്റെ ഏകാധിപത്യവും സന്മാർഗശാസ്ത്രവും വചനത്തിൽക്കൂടി സ്ഥാപിക്കാൻ സാധിക്കും. ഇവിടെയാണ്‌ മതത്തിന്റെ ചട്ടക്കൂട്ടിൽക്കൂടി സ്ത്രീക്ക് വിമോചനം ലഭിക്കില്ലെന്ന് സാറാ ജോസഫ് തന്റെ പ്രബന്ധത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. കേരള പൌരാഹിത്യം അവരുടെ രചനയെ 'പെണ്ണെഴുത്ത്' എന്ന് പരിഹസിച്ചതിൽക്കൂടി പുരോഹിത വർഗം ആണും പെണ്ണും കെട്ടവരായി അധപതിച്ചുവെന്നും കണക്കാക്കണം.

ശൈശവത്തെ പൌരാഹിത്യം എങ്ങനെ ചൂഷണം ചെയ്യുന്നുവെന്ന് സാറാ ജോസഫ് തന്റെ സ്വന്തം അനുഭവകഥകളിലൂടെ വിവരിച്ചിട്ടുണ്ട്. പള്ളിവക സ്കൂളിൽ പഠിച്ചിരുന്ന കൊച്ചുകുട്ടിയായിരുന്ന അവർ അന്ന് വിമോചനസമര പോരാട്ടത്തിൽ മഞ്ഞയും വെള്ളയുമുള്ള വെള്ളക്കൊടി പിടിച്ചുകൊണ്ട് "തണ്ടാ മുണ്ടാ മുണ്ടശ്ശേരി" യെന്ന് മുദ്രാവാക്യം വിളിച്ചു. അത് പൌരാഹിത്യ ശ്രുംഗലയുടെ കുഞ്ഞുകുട്ടികളുടെമേലുള്ള ഒരു തരം മസ്തിഷ്ക്ക പ്രഷാളനമായിരുന്നു. അന്ന് മുതിർന്ന ക്ലാസ്സിൽ പഠിച്ചിരുന്ന എന്റെ മുദ്രാവാക്യം 'മണ്ടന്മാരെ പാതിരിമാരെ മുണ്ടശേരി തനിച്ചല്ലെ'ന്നായിരുന്നു.   നിസാരമായ ഒരു കുറ്റത്തിന് കത്തോലിക്കാസ്കൂളിൽനിന്നും എന്നെ പുറത്താക്കിയതുമൂലം അന്ന് ഞാൻ അകത്തോലിക്കാ സ്കൂളിൽ പഠിച്ചിരുന്ന കാലവുമായിരുന്നു.

 സാറായെ സംബന്ധിച്ച് അവർക്കന്ന് ഉൾബോധം ഉണ്ടായിരുന്നു. ശബ്ദമാധുരിയിൽ ലയിച്ച അവരിലന്ന് ഒരു സാഹിത്യകാരി വളരുകയായിരുന്നു. ഇന്നവർ പൌരാഹിത്യത്തെ ഞെട്ടിപ്പിക്കുന്ന സ്ത്രീസിംഹവുമായി മാറി. നവോത്വാന ചിന്തകൾക്കെതിരായ പ്രശ്നങ്ങൾക്കെല്ലാം പാതിരിയുണ്ടെന്ന് ഉച്ചത്തിൽ വിളിച്ചുപറയുന്ന ഒരു സ്ത്രീയുമായി പുരുഷപാതിരി എങ്ങനെ യോജിക്കും? എത്ര കുഞ്ഞുങ്ങൾ വേണമെന്ന സ്ത്രീയുടെ അവകാശത്തെ തീരുമാനിക്കുന്നത് പുരോഹിതരും മതവുമാണ്. സ്ത്രീ അത് ചോദ്യം ചെയ്‌താൽ മതത്തിന് പിടിക്കില്ല. സ്ത്രീ സ്വാതന്ത്ര്യത്തെ മതം അവിടെ തളച്ചിടുകയാണ്. 'മതം സ്നേഹിക്കാനല്ല പഠിപ്പിക്കുന്നത്‌ മറ്റൊരു മതത്തെ വെറുക്കാനാണ് ഓരോ മതവും ശ്രമിക്കുന്നതെന്നും' സാറാ ഈ പ്രബന്ധത്തിൽ സ്ഥാപിച്ചിട്ടുണ്ട്. മതത്തിൽനിന്നും സ്ത്രീ വിമോചനമല്ല മാനവവിമോചനമാണ് അവർ ചിന്തിക്കുന്നത്. അത്തരം വിമോചന കൊടിക്കീഴിൽ അവഗണിക്കപ്പെട്ട ദളിതരുമുണ്ട്.

സഭയുടെ ആത്മാക്കളെ രക്ഷിക്കാനുള്ള വ്യവസായം മദ്ധ്യകാലങ്ങൾക്ക് മുമ്പുമുതൽ തുടങ്ങിയതാണ്‌. കുറെ വർഷങ്ങൾക്കുമുമ്പ് ബുദ്ധിജീവികളായ എഴുത്തുകാർക്ക് മഹറോനെ ഭയമായിരുന്നു. സ്വർഗം കിട്ടുകയില്ല, നരകവും പിശാചും മനസങ്ങനെ നിറഞ്ഞിരിക്കും. മനസിന്റെ ഈ വേലിയേറ്റത്തിൽനിന്ന്‌ ഒരു സ്ത്രീക്ക് എന്നും പുറത്തുചാടുവാനും ബുദ്ധിമുട്ടായിരുന്നു. സമൂഹത്തിൽനിന്ന് തന്നെ മതഭ്രഷ്ടാക്കും. ആ ഭ്രാന്തൻകാലങ്ങളിൽ ക്രിസ്ത്യനികളായി പിറന്നവർ  നിർഭാഗ്യരെന്നും  തോന്നിപ്പോവുന്നു.  പ്രസിദ്ധ സാഹിത്യകാരൻ എം.പി. പോൾവരെ അന്നത്തെ സഭാകോമാളികളുടെ ബലിയാടായി തീർന്നു. മനസിലുണ്ടാക്കിയ പേടിയിൽനിന്നും പാപത്തിന്റെ അളവും വർദ്ധിപ്പിച്ചു. ആ പണംകൊണ്ട് മദ്ധ്യകാലയുഗത്തിലെ മാർപ്പാപ്പമാർ ശയിച്ചിരുന്നതും വേശ്യാസദനങ്ങളിൽ ആയിരുന്നു. ഇന്ന് ബുദ്ധിജീവികളായ സ്ത്രീകളെ പരിഹസിക്കുന്ന പുരോഹിതർ മധ്യകാലങ്ങളിലെ പുരോഹിതചരിത്രത്തിൽ വെറും പിമ്പുകളായിരുന്നുവെന്നും ചിന്തിക്കണം. 

'മതത്തിന്റെ ചട്ടക്കൂട്ടിൽ ഒതുങ്ങി കഴിയുന്നവർക്ക് സാഹിത്യകാരിയാകുവാൻ സാധിക്കുകയില്ലെന്ന്' സാറായെ ഉപദേശിച്ച ആ നല്ല ഗുരുവിനെ അഭിനന്ദിക്കുന്നു. സാറാ മതനിയമങ്ങളെക്കാൾ സാഹിത്യത്തിന്റെ വഴി തെരഞ്ഞെടുത്തു. അത് മലയാള സാഹിത്യത്തിനുതന്നെ ഒരു സമ്പത്തായി മാറി. രാഷ്ട്രം ഭരിക്കാൻ കഴിവുള്ള സ്ത്രീവാളുകൾ ഒരിക്കൽ സമാധാനത്തിന്റെ ചെങ്കോലുമേന്തി പത്രോസ് മുക്കവന്റെ സിംഹാസനത്തിൽ മാർപാപ്പയുടെ പദവിയും അലങ്കരിക്കില്ലെന്ന് ആരറിയുന്നു?    ഇന്ന് പരിഹസിക്കുന്ന പുരോഹിതർ ഈ വസ്തുതയും ആദ്യം മനസിലാക്കട്ടെ.

സ്ത്രീയെ അപമാനിക്കുക നൂറ്റാണ്ടുകളായുള്ള സഭാപിതാക്കന്മാരുടെ പാരമ്പര്യമാണ്. അങ്ങനെയുള്ള പാരമ്പര്യം പിന്തുടർന്നിരുന്ന സഭാപിതാക്കന്മാർ കത്തോലിക്കാസഭയിലും നവീകരണസഭകളിലും ഒരുപോലെ കാണാം. വെറുപ്പിന്റെ ഭാഷ സ്ത്രീയുടെമേൽ പ്രയോഗിക്കുകയെന്നതും ക്രിസ്ത്യൻ മൌലികതയുടെ ഒരു ഭാഗമാണ്. യാഥാസ്തിതിക ചിന്തകളിലൊന്നായി തലമുറകളായി ഇന്നും ആ ചരിത്രം തുടരുന്നു. സെന്റ്‌ ആഗസ്റ്റിൻമുതൽ പാറ്റ് റോബെർട്ട്സൻവരെയുള്ളവർ സ്ത്രീയെ താഴ്ത്തി കെട്ടിയവരാണ്.   കത്തോലിക്കാ സഭയിലും നവീകരണസഭകളിലും കഴിഞ്ഞ നൂറ്റാണ്ടിൽ അനേക പ്രശസ്തരായ വിശുദ്ധരും പാത്രീയാക്കീസുമാരും സഭാപിതാക്കന്മാരും സ്ത്രീയെ വിലയിടിച്ച് തത്ത്വചിന്തകളും എഴുതികൊണ്ടിരുന്നു. സ്ത്രീ വിരോധികളായിരുന്ന സഭാപിതാക്കന്മാരെ പ്രശംസിച്ചുകൊണ്ടുള്ള ചരിത്രങ്ങളും നാം വായിക്കുന്നുണ്ട്.

'മതത്തിന്റെ വേലിക്കുള്ളിൽനിന്ന് ഒരാൾക്ക്‌ സ്വതന്ത്രമായി ചിന്തിക്കാൻ സാധിക്കില്ലന്ന്' സാറായുടെ അഭിപ്രായം തികച്ചും ശരിയാണ്. മതം കല്പ്പിച്ച ചുരുളുകളിൽനിന്നും പുറത്തിറങ്ങിയപ്പോൾ അവർ സമൂഹത്തിനാവശ്യമായ ഒരു എഴുത്തുകാരിയായി വളർന്നു. സ്ത്രീയുടെ പേനായ്‌ക്കും ഛാൻസി റാണിയുടെ വാളിനേക്കാൾ മൂർച്ചയുണ്ടെന്നും അഭിഷിക്തർ മനസിലാക്കണം. ഹാവായുടെ കന്യകത്വവും ശാലീനതയും കവർന്നെടുത്ത മഞ്ചെട്ടിസർപ്പങ്ങളാണ് പുരോഹിതവർഗം. എന്നിട്ട് ആദമിനെ ആവാ ചതിച്ചെന്ന കെട്ടുകഥയുമായി പോൾ മുതൽ മാർട്ടിൻ ലൂതർവരെ  ചരിത്രത്തിലെ വിഷദീപങ്ങളായി പൊള്ളുന്ന ലോകത്ത് ജീവിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടുവരെ വിശുദ്ധരും പാത്രിയാക്കീസുമെല്ലാം പുരുഷൻമാർമാത്രം. സ്ത്രീ നികൃഷ്ടജീവിയെന്നും ജുഗുപ്സാവഹവുമെന്നും ഇവർ വിധിയെഴുതി. അതേ വിശുദ്ധരെ വണങ്ങാനും നേർച്ചയിടാനും ഇടിച്ചുതള്ളുന്നതു സ്ത്രീകൾതന്നെ. സ്ത്രീയപ്പറ്റി ആധുനിക കാഴ്ച്ചപ്പാടുകളിലും ഒന്നിനൊന്നു മോശമായതുമൂലം ചിന്താഗതികളിൽ പഴയതുപോലെ മാറ്റമില്ലാതെ തുടരുന്നു.

സഭയുടെ അവിശ്വാസികളെ ഭയപ്പെടേണ്ടതുണ്ടോ? പള്ളിയിൽ പോകാത്തവരെ അവിശ്വാസികളായി സഭയെന്നും കറുത്തപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സ്വവർഗാനുരാഗിയായ സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും പള്ളിയിൽ പോവാറില്ല. ലഹരിയിൽ അടിമയായവരും ലൈംഗികാസക്തിയിൽ ഡാൻസിൽ പങ്കുചേരുന്നവരും ചീട്ടുകളിയിൽ അടിമകളായവരും പള്ളികളിൽ വിരളമായേ പോവുകയുള്ളൂ. അവരും അവിശ്വാസികളുടെ ഗണങ്ങളിൽപ്പെടും.  ഇവരൊന്നും നിത്യം പള്ളിയിൽ പോവുന്നവരെപ്പോലെ അപകടകാരികളല്ല. വൈകാരികമായും വ്യക്തിപരമായും ഇവരാരും സമൂഹത്തെ ദ്രോഹിക്കുന്നുമില്ല. ഇത്തരക്കാരുടെ അപകടങ്ങൾ ജനത്തിന് നിയന്ത്രിക്കാൻ സാധിക്കും. 

ഒരു കാലത്ത് അവിശ്വാസികളായ ഹിന്ദുക്കളും മുസ്ലിമുകളും സ്വർഗത്തിൽ പോവുകയില്ലെന്നും സഭ വിശ്വസിച്ചിരുന്നു. സഭ വേദപാഠ ക്ലാസുകളിൽ പഠിപ്പിച്ചിരുന്നതും അങ്ങനെതന്നെ. സ്വവർഗാനുരാഗികൾക്കും മദ്യം കഴിക്കുന്നവർക്കും ചീട്ടു കളിക്കുന്നവർക്കും സ്വർഗം നിഷേധിച്ചിരുന്നു.   ഡാൻസ് ചെയ്യുന്നതും അശ്ലീല സിനിമാകൾ കാണുന്നതും പാപങ്ങളുടെ പട്ടികയിലുണ്ട്. ഇവരെയെല്ലാം സഭയുടെ ദൃഷ്ടിയിൽ അപകടകാരികളായി കണക്കാക്കുന്നു. എന്നാൽ സത്യത്തിൽ മേൽപ്പറഞ്ഞവരെല്ലാം അപകടം പിടിച്ചവരല്ല. സ്വവർഗ അനുരാഗികൾ യൂറോപ്പിലും അമേരിക്കയിലും തുറന്ന സമൂഹമായി ജീവിക്കുന്നു. ഇവിടെയുള്ള മിക്ക സ്ഥാപനങ്ങളിലും കാര്യക്ഷമമായി പ്രവർത്തിക്കുന്നവരും ഇത്തരക്കാരായ വ്യത്യസ്ത ലൈംഗിക സമൂഹങ്ങളാണ്. കള്ളു കുടിക്കുന്നവൻ നിശബ്ദമായി കിടന്നുറങ്ങികൊള്ളും. ഉണർന്നിരിക്കുന്ന സമയം പ്രശ്നക്കാരനെങ്കിൽ അയാളെ കൈകാര്യം ചെയ്യുവാനും ബുദ്ധിമുട്ടില്ല. എന്നാൽ മേൽപ്പറഞ്ഞവരെക്കാളും അപകടം പിടിച്ചവരാണ് സ്വർഗവും നരകവും ശുദ്ധീകരണസ്ഥലവും വിൽക്കുന്നന്നവരായ മതവും, അവരുടെ കൂട്ടാളികളും പള്ളിയോട് അടുത്തുനില്ക്കുന്നവരും. സമൂഹത്തിൽ അവരെന്നും വിഷം വിതയ്ക്കുന്നു.

എന്റെ അനുഭവം വെച്ച് പള്ളിയിൽ നിത്യം പോകുന്നവർ  കൂടുതൽ അപകടകാരികളായി മാറുന്നത് കാണുന്നു.  വിശുദ്ധ കർമ്മങ്ങളിൽ പങ്കുചേരുന്ന ജനതയിൽ പ്രധാനമായും രണ്ട് കൂട്ടരെ വിഷപാമ്പുകളെക്കാളും  ഭയാനകങ്ങളായി കണക്കാക്കാം. ആദ്യത്തെ അപകടക്കാർ പുരോഹിതരുടെ ശിങ്കിടികളായി നടക്കുന്ന പള്ളിയിൽ കണ്ടുമുട്ടുന്ന മതനേതാക്കന്മാരാണ്. സഭാകാര്യങ്ങളും പള്ളിയുടെ പ്രവർത്തനങ്ങളുമായി വലിയ ചിന്തകരായി അഭിനയിക്കും. എനിയ്ക്കുശേഷം പ്രളയമെന്ന രീതിയിൽ താനില്ലാതെ പള്ളി പ്രവർത്തിക്കില്ലെന്ന വിധത്തിൽ ഓടി നടക്കും. കൂട്ടമായി നിൽക്കുന്ന സ്ത്രീകളുടെ ഇടയിൽക്കൂടി ഈ നേതാക്കന്മാർക്ക് തിങ്ങിനടക്കാനും ഇഷ്ടമാണ്. ജനശ്രദ്ധ ലഭിക്കാൻ പള്ളിയുടെ മുൻസീറ്റുകളിൽ മാത്രമേ ഇരിക്കുകയുള്ളൂ. വിശുദ്ധ കർമ്മങ്ങളുടെ മദ്ധ്യേ ആരെങ്കിലും സംസാരിക്കുന്നുവോയെന്ന് കാകന്റെ ദൃഷ്ടിയോടെ കണ്ണുകൾ നീട്ടികൊണ്ടിരിക്കും. അച്ചന്റെ പ്രസംഗം മോശമാണെന്ന് അഭിപ്രായപ്പെട്ടാൽ മതി ഈ നേതാവിന്റെ വിധം മാറുവാനും.  രണ്ടോ മൂന്നോ പേർ കൂട്ടമായി സംസാരിക്കാൻ നിന്നാലും ശ്രദ്ധിക്കാൻ ഇയാൾ ഓടിവരും. ഓരോ കുടുംബങ്ങളിലും എന്തെല്ലാം പ്രശ്നങ്ങൾ നടക്കുന്നുവെന്ന് അയാൾക്കറിയണം. താറുമാറായ അയാളുടെ വീട്ടുപ്രശ്നങ്ങളിൽ നിന്നും ഒരു മുക്തിയുമാകും. മറ്റുള്ള കുടുംബങ്ങളിലെ പ്രശ്നങ്ങൾ അല്പ്പമെങ്കിലും കിട്ടിയാൽ ഈ നേതാക്കന്മാർക്ക് കൊട്ടിഘോഷിക്കാൻ അവസരങ്ങളുമായി.  നാട്ടിലുള്ള ഗർഭിണികളുടെ സ്ഥിതിവിവരകണക്കുകൾ ഇയാൾ സ്ത്രീ ജനങ്ങളെക്കാൾ കൃത്യമായും പറയും. ആണും പെണ്ണും നിറഞ്ഞ ഒരുനേതാവിൽ സ്വയം അഭിമാനം കൊള്ളുന്നു.

അടുത്ത അപകടകാരികൾ പതിവായി പള്ളിയിൽ വരുന്ന പ്രസിദ്ധരായവരും ധനികരുമായിരിക്കും. മന്ത്രിയോ മന്ത്രിമക്കളോ വന്നാൽ ദൈവത്തെപ്പോലെ  അയാൾക്ക്‌ ചുറ്റും ആരാധന തുടങ്ങും. സാധാരണ ഒരു പള്ളി പുരോഹിതന് അയാളുമായി കൂടുതൽ അടുപ്പം കാണും. ആവശ്യത്തിലും അനവസരത്തിലും അയാളെ കുർബാന സമയങ്ങളിലും  പുകഴ്ത്തലുകൾ  തുടങ്ങും. അങ്ങനെ പ്രശംസകൾക്ക്‌ അടിമയാകുന്ന ഈ കീർത്തിമാന്മാർ സമൂഹത്തിന് ദോഷംചെയ്യും. അയാളും കരയിലെ മറ്റൊരു ദൈവമായി പിന്നീട്  പ്രതിഷ്ഠിക്കപ്പെടുന്നതും കാണാം.

എല്ലാ പുരോഹിതരും കൈക്കാരും കപ്യാരും പള്ളിയിൽ വരുന്ന പ്രസിദ്ധരായവരും അപകടകാരികളെന്ന് ഇതിൽനിന്ന് അർത്ഥമാക്കേണ്ടതില്ല. ഈ അഭിപ്രായത്തിൽ ആരും കുപിതരാകേണ്ടതില്ല. സത്യം നിങ്ങളെ സ്വതന്ത്രരാക്കുമെന്നാണല്ലൊ വചനങ്ങളിൽ പറഞ്ഞിരിക്കുന്നത്.  ഇവിടെ സത്യത്തെ അംഗീകരിക്കാത്തവർക്ക് എന്റെ ഈ അഭിപ്രായത്തിൽ അരുചിയുണ്ടാകാം. അങ്ങനെയെങ്കിൽ പള്ളിയുടെ മുൻനിരയിൽ ഇരിക്കുന്ന നിങ്ങളും അപകടകാരികളെന്ന്  മനസിലാക്കിക്കൊള്ളൂ.

ലത്തീനിലുള്ള പൗരാണിക ഗ്രന്ഥങ്ങളുടെ പിതാവായ ടെർറ്റുല്ലിയൻ (Tertullian) തന്റെ ക്രിസ്തീയതയും 'വിശ്വാസ സത്യങ്ങളും' എന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത്, "സ്ത്രീയെന്നാൽ ദുർഗന്ധം വമിക്കുന്ന ഓടയിലെ വാതകവും അഴുക്കു നിറഞ്ഞ ചെളികൊണ്ടും നിർമ്മിച്ച ശരീരമെന്നാണ്"(Tertullian, "the  faith of Latin Christinity) ഈ പുണ്യാളൻമാരൊക്കെയാണ് അൾത്താര സൂക്ഷിപ്പുകാരെന്നും സ്ത്രീകൾ മനസിലാക്കണം.   മൂന്നാംനൂറ്റാണ്ടിലെ മറ്റൊരു വിശുദ്ധന്റെ അഭിപ്രായം ഇങ്ങനെ,  "ഒരു സ്ത്രീ പൊതുയോഗങ്ങളിൽ സംസാരിക്കുന്നത് നീതികരിക്കുവാൻ സാധിക്കുകയില്ല. അവൾ എന്തു പറഞ്ഞാലും ആശയഗംഭീരങ്ങളായ അഭിപ്രായങ്ങളെങ്കിലും വിശുദ്ധിയുടെ നന്മ നിറഞ്ഞവളെങ്കിലും അവൾക്ക് പ്രാധാന്യം കൊടുക്കരുത്. കാരണം സ്ത്രീയല്ലയോ, സ്ത്രീയുടെ അധരങ്ങളിൽ നിന്നല്ലയോ ആശയങ്ങൾ മുളപൊട്ടിയത്."‌ (Origen d. 258 (3 rd cent.)   

നാലാം നൂറ്റാണ്ടിൽ ജീവിച്ച സെൻറ് അഗസ്റ്റിനോസ് പറഞ്ഞത് "അവൾ ഭാര്യയാണെങ്കിലും അമ്മയാണെങ്കിലും പ്രലോഭിനിയായ ഹാവായുടെ സന്തതിയല്ലയോ. പെറ്റുപെരുകാൻ സ്ത്രീക്ക് കഴിവില്ലായിരുന്നെങ്കിൽ പുരുഷന് സ്ത്രീയെന്തിന്? മഹാനായ മാർട്ടിൻ ലൂതറും സ്ത്രീയെ വിട്ടില്ല. അദ്ദേഹം പറഞ്ഞത് "സ്ത്രീയെ ഭാര്യയായിട്ടോ വ്യപിചാരിണിയായിട്ടോ മാത്രം ദൈവം സൃഷ്ടിച്ചു."

സ്ത്രീകളെ തരംതാഴ്ത്തി വത്തിക്കാൻ നിയമങ്ങളുണ്ടാക്കിയത് റോമൻ നിയമങ്ങൾ അനുസരിച്ചാണ്. പുരാതനകാലംമുതൽ സ്ത്രീ ഒരു നികൃഷ്ടജന്മമായി സഭ കരുതുന്നു. റോമൻ ‍ഗ്രീക്ക് നിയമങ്ങളായിരുന്നു സഭയുടെ ആധാരം. വേദങ്ങൾ രചിച്ച പുരുഷ വേദാന്തികൾ അതിപുരാതന കാലംമുതൽ സ്ത്രീത്വത്തെ തരംതാഴ്ത്തി നിയമങ്ങളും രചിച്ചു.

റോമൻനിയമം അനുശാസിച്ചത് സ്ത്രീക്ക് സ്വന്തം ഭവനത്തിലും പൊതുവേദിയിലും തുല്ല്യസ്ഥാനങ്ങൾ കൊടുക്കരുതെന്നായിരുന്നു. ‍ സ്ത്രീ പുരുഷനേക്കാൾ തുല്യത കുറഞ്ഞവളെന്ന് സഭയിലെ ആദ്യപിതാക്കന്മാർ വേദഗ്രന്ഥങ്ങളിൽ എഴുതി ചേർ‍ത്തു.
"മാറ്റുവിന്‍ ചട്ടങ്ങളേ" യെന്നു കുമാരനാശാൻ പാടിയിട്ട് ഏട്ടു പതിറ്റാണ്ടുകൾ ‍ കഴിഞ്ഞു. ചട്ടങ്ങൾ എല്ലാമേഖലകളിലും ഏറെ മാറ്റപ്പെട്ടു. എന്നാൽ പുരോഹിതലോകം ഇന്നും നൂറ്റാണ്ടുകൾ പിറകിൽതന്നെ. പഴയ കാളപൂട്ടു ചക്രങ്ങള്‍തന്നെ ഇന്നും ഉരുട്ടികൊണ്ടിരിക്കുന്നു. സ്ത്രീസ്വാതന്ത്ര്യം സമസ്തമേഖലകളിലും വ്യാപിച്ചിട്ടും സ്ത്രീ  ഇന്നും സഭയിൽ ‍അടിമ തന്നെ. സ്ത്രീകൾ പൊതുവേ ഭക്തിയും പള്ളിയും അച്ചനുമായി സമൂഹത്തിൽ കഴിയുവാനായി താത്പര്യപ്പെടുന്നു. സഭാകാര്യങ്ങൾ ‍ സ്ത്രീകൾ നിശബ്ദരായി ശ്രവിക്കണമെന്ന അച്ചന്‍റെ സാരോപദേശങ്ങൾ ആപ്പാടെ അനുസരിക്കും. സ്ത്രീകൾ പുരുഷന്മാരേക്കാളും ‍അന്ധമായ ഭക്തിമാര്‍ഗങ്ങളില്ക്കൂടി ജീവിക്കുവാനാണ് ആഗ്രഹിക്കുന്നത്.

ഇവർ പള്ളിപ്രവര്‍ത്തനങ്ങളിൽക്കൂടി പുരോഹിതരുമായി ചങ്ങാത്തം കൂടുവാനും അഭിപ്രായങ്ങൾ പങ്കുവെക്കാനും  പുരുഷന്മാരെക്കാളും ഇഷ്ടപ്പെടുന്നു. എഴുത്തും വായനയുംകൊണ്ട് സ്വയം അറിവുകൾ പോഷിപ്പിക്കുവാനും താത്പര്യപ്പെടുകയില്ല. പുരോഹിതമന്ത്രങ്ങൾ ദൈവവാക്യങ്ങള്‍ എന്നു വിചാരിച്ചു പിള്ളേരെ പരിപാലിക്കുവാനും അവരുമായി സമയം ചെലവഴിക്കുവാനുമാണ് സ്ത്രീജനങ്ങൾ കൂടുതലും ഇഷ്ടപ്പെടുക. സ്ത്രീകൾ പുരു‍ഷന്മാരെക്കാളും വ്യക്തിപരമായ പ്രശ്നങ്ങള്‍ക്കു പ്രാധാന്യം കൊടുക്കും. മതപരമായ പൊതുചര്‍ച്ചകൾക്ക് ഇവർ ‍താത്പര്യം കാണിക്കണമെന്നില്ല. പുരുഷമേധാവിത്വത്തിലുള്ള ഒരുസംസ്കാരമാണു നമുക്കുള്ളത്. വിശ്വാസത്തെ യുക്തിബോധത്തോടെ കാണുന്ന സ്ത്രീകളും ചുരുക്കമാണ്. അതിനൊരു അപവാദമാണ് ശ്രീമതി സാറാ ജോസഫ് എന്ന പെണ്ണെഴുത്തുകാരിയെന്നും പുരോഹിതലോകം മനസിലാക്കണം.





Sunday, August 11, 2013

ശ്രീ പുലിക്കുന്നേൽ സാറിന് ഫ്രാൻസീസ് മാർപാപ്പായുടെ മറുപടി



(സാങ്കല്പ്പിക ഹാസ്യരചന)

  By ജോസഫ് പടന്നമാക്കൽ

 യേശുവിൽ പ്രിയപ്പെട്ട  ബഹുമാനിതനായ  പുലിക്കുന്നേൽ സാറേ,

അങ്ങയുടെ കത്തിന് മറുപടിയായി ഞാൻ ഫ്രാൻസീസ്  മാർപാപ്പാ എഴുതിയത് ശ്രദ്ധാപൂർവ്വം വായിച്ചാലും. യുവജനങ്ങളുടെ സമ്മേളനത്തിൽ പങ്കെടുക്കുവാൻ ബ്രസീലിൽ പോയതുമൂലം മറുപടി അയക്കാൻ താമസിച്ചതിൽ ക്ഷമിക്കുമല്ലോ. അങ്ങയെപ്പറ്റി നല്ലതുമാത്രം അനേകതവണകൾ കേട്ടിട്ടുണ്ട്. ക്രിസ്തുചൈതന്യം നിലനിർത്തുവാൻ ഒരു പ്രവാചകനെപ്പോലെ ജീവിതം മാറ്റിവെച്ചതിലും അങ്ങയുടെ നിസ്തുലമായ സേവനങ്ങളിലും ഈയുള്ളവന് അതിയായ സന്തോഷം ഉണ്ട്. എന്റെ അഭിനന്ദനങ്ങളും പൂച്ചെണ്ടുകളും ഈ മുഹൂർത്തത്തിൽ അങ്ങേക്കായി അർപ്പിക്കുന്നു.

ഞാൻ ദൈവകൃപയാൽ മാർപാപ്പാ ആകുന്നതിന് വളരെക്കാലം മുമ്പുതന്നെ ആർഭാടങ്ങളോടെ ജീവിക്കുന്ന അഭിഷിക്തരെ അങ്ങ് പല തവണകൾ താക്കീത് കൊടുക്കുന്നതായും കേട്ടിട്ടുണ്ട്. അന്ന് പാലാരൂപത മെത്രാൻ കല്ലറങ്ങാടനും കാഞ്ഞിരപ്പള്ളിരൂപത മെത്രാൻ അറക്കനും അങ്ങയോട് വിരോധമായിരുന്നു. ഇന്ന് അവരുടെ വിരോധം എന്റെനേരെയും തിരിഞ്ഞിരിക്കുന്നു. ആശയപരമായി നമുക്കൊരുമിച്ച് പൊരുതുവാൻ ധാരാളം പഴുതുകൾ ഉണ്ട്. ഭാരതത്തിൽ വരുമ്പോൾ തീർച്ചയായും പാലായിൽ വന്ന്ഞാൻ അങ്ങയെ കാണുന്നുണ്ട്. കാഞ്ഞിരപ്പള്ളിയിലും തൃശൂരുമുള്ള അഭിഷിക്തർ പ്രശ്നക്കാരെന്നും കേട്ടു. നേർച്ചപ്പെട്ടികളിൽനിന്നും കട്ട് കോടിക്കണക്കിന് രൂപാ വിലപിടിപ്പുള്ള കാറുകളിലാണ് ഇവരൊക്കെ സഞ്ചരിക്കുന്നതെന്നും അറിയാൻ കഴിഞ്ഞു. അല്ഫോൻസായെ വെച്ചു പണം ഉണ്ടാക്കി ബ്ലേഡ് കമ്പനിയിൽ ഇടുന്നുവെന്നും അറിഞ്ഞു. നമ്മൾ തമ്മിൽ കണ്ടുമുട്ടുമ്പോൾ ഇതെപ്പറ്റി കൂടുതലായി സംസാരിക്കാം. എന്റെ ആശയങ്ങളുമായി പൊരുത്തപ്പെട്ട് പോവുന്ന മഹാനായ അങ്ങയോട് എനിക്ക് പ്രത്യേക ബഹുമാനം ഉണ്ട്.

ഇനി വിഷയത്തിലേക്ക് കടക്കട്ടെ. അങ്ങ് എഴുതി, "രണ്ടായിരം വർഷങ്ങളായി അങ്ങയുടെ നാട്ടിൽ നമ്മുടെ സഭ തഴച്ചു വളർന്നു. പതിനാറാം നൂറ്റാണ്ടിൽ വിദേശികളായ പോർട്ടുഗീസ്‌കാർ വരുന്നതുവരെ അങ്ങ് ഉൾകൊള്ളുന്ന സഭയെ യാതൊരു പിളർപ്പുമില്ലാതെ പരിശുദ്ധാത്മാവ് സംരക്ഷിച്ചു പോന്നു." ഞാൻ ചരിത്രം മുഴുവൻ ചികഞ്ഞിട്ടും വത്തിക്കാൻലൈബ്രറി മുഴുവൻ തപ്പിയിട്ടും പരിശുദ്ധാത്മാവിന്റെ വരപ്രസാദത്താലുള്ള റോമായുമായി ബന്ധമുള്ള കേരളത്തിലെ ഒരു സഭയെ കണ്ടെത്തുവാൻ സാധിച്ചില്ല. "പേർഷ്യൻ, നെസ്തോറിയൻ, ഓർത്തോഡോക്സ്, ഇവരെല്ലാം ക്രിസ്ത്യൻ ആചാരങ്ങളെ തകർത്തുവെന്നും" അങ്ങ് എഴുതിയിരിക്കുന്നു. അങ്ങനെയെങ്കിൽ നാലാം നൂറ്റാണ്ടിൽ പിരിഞ്ഞുപോയ ഈ സഭകളും നമ്മുടെ സഭയും തമ്മിൽ പരസ്പര വഴക്കുകളും മത്സരവും ഉണ്ടായിരുന്നുവെന്നല്ലേ മനസിലാക്കേണ്ടത്. പോർട്ടുഗീസുകാർ വരുന്നതിനു മുമ്പ് പരസ്പര മത്സരത്തിൽ ജീവിച്ച ഈ സഭകളിൽമേൽ പരിശുദ്ധാത്മാവിന്റെ കൃപയുണ്ടായിരുന്നുവെന്ന് എങ്ങനെ അങ്ങേക്ക് അനുമാനിക്കാൻ സാധിക്കും?

അങ്ങ് പറയുന്ന രണ്ടായിരം വർഷത്തെ സഭയുടെ തഴച്ചുവളർച്ചലിനെ സംബന്ധിച്ച് ശ്രീ ആലഞ്ചേരിയുമായി ടെലഫോണിൽ ബന്ധപ്പെടുവാൻ ശ്രമിച്ചെങ്കിലും അദ്ദേഹം സദാ വിമാനയാത്രയിൽ ആയതുകൊണ്ട് സാധിച്ചില്ല. യാത്രകളില്ലാത്ത സമയം അദ്ദേഹം ആരെയും കാണാൻ സമ്മതിക്കുകയുമില്ല. ഈ വന്ദ്യതിരുമേനിക്ക്(?) ടെലിഫോണ്‍ എടുക്കത്തില്ലാത്ത ഒരു വികൃതസ്വഭാവവുമുണ്ട്‌. ആരെങ്കിലും സന്ദർശകർ വന്നാൽ അദ്ദേഹം പത്തായത്തിൽ ഒളിച്ചിരിക്കുന്നതുമൂലം ചരിത്രത്തെപ്പറ്റി ഒരു അന്വേഷണം നടത്തുവാൻ സാധിച്ചില്ലെന്നും ഖേദപൂർവ്വം പറയട്ടെ.

എങ്കിലും അങ്ങയുടെ കത്തിൻപ്രകാരം ഞാൻ പല പൌരാണിക ഗ്രന്ഥങ്ങളും പരിശോധിച്ചു. എന്റെ ഗഹനമായ പഠനത്തിൽ ഇന്നുള്ള സീറോ മലബാർ സഭ നെസ്തോറിയൻ പാഷണ്ഡികളെന്നും മനസിലാക്കി. ഈ സഭ സ്ഥാപിച്ചത് ഇറാനിലെ കുപ്രസിദ്ധ കുറ്റവാളിയായ മനിക്കെയാൻ (Manichean) എന്ന കൊള്ളക്കാരനായിരുന്നു. പിന്നീട് വത്തിക്കാനെ തെറ്റി ധരിപ്പിച്ചത് അഭിഷിക്തരിലെ ബുദ്ധിമാനായ ശ്രീ പവ്വത്തായിരുന്നുവെന്നും മനസിലാക്കി. അങ്ങ് പറയുന്ന ആദിമ ക്രിസ്ത്യാനികളെയും മനിക്കെയാൻ എന്ന കൊള്ളത്തലവൻ നെസ്തോറിയൻ സഭയുടെ കീഴിൽ ആക്കിയിരിക്കാം.

ഉദയംപേരൂർ സുനഹദോസിന് മുമ്പ് റോമുമായി ബന്ധമുള്ള സഭകളെപ്പറ്റി ഞാൻ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. വിശ്വസിനീയമായ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല.  കേരളത്തിലെ ക്രിസ്ത്യൻ ചരിത്രകാർ എഴുതിയിരിക്കുന്നത് എല്ലാംതന്നെ പച്ച കള്ളങ്ങൾ മാത്രമാണ്. ആദിമസഭയുടെ പരിപാവനത നാലാംനൂറ്റാണ്ട് വരെയേ കാണുവാൻ സാധ്യതയുള്ളൂ. അതിനുശേഷമാണ് സഭാവിരുദ്ധരായ നെസ്തോറിയൻ സഭ രൂപം കൊണ്ടത്‌. ഭാരതത്തിൽ വന്നുകൊണ്ടിരുന്ന ബാബിലോണിയൻ ബിഷപ്പുമാർ പൊതുവേ കത്തോലിക്കാ വിരോധികളായിരുന്നുവെന്നും എന്റെ പേപ്പസ്സി ഒപ്പീസിന് വിവരം ലഭിച്ചിട്ടുണ്ട്. മാതൃസഭയിൽനിന്നും പിരിഞ്ഞ അവർ സഭാവിരുദ്ധരായിരുവെന്നും (Schismatics) മനസിലാക്കുന്നു.

നാലാംനൂറ്റാണ്ടുവരെ കേരളസഭ ക്രിസ്തു ചൈതന്യത്തിൽ വളർന്നുവെന്ന് പറയുന്നതും വിശ്വസിനീയമല്ല. അന്ന് കേരളം മുഴുവൻ കാട്ടുപ്രദേശങ്ങൾ ആയിരുന്നു. മലവേടന്മാരും കാട്ടുജാതിക്കാരും മാത്രമേയുണ്ടായിരുന്നുള്ളൂ. കേരളം തമിഴകത്തോട് ചേർന്ന നാടായിരുന്നു. നരഭോജികളും തിങ്ങി പാർത്തിരുന്നു. അമ്പും വില്ലുമായി നടന്നിരുന്ന അവരുടെയിടയിലേക്ക്‌ അറാമിക്ഭാഷയോ ഗ്രീക്കോ സംസാരിച്ചിരുന്ന തോമസ് വന്നുവെന്ന് എങ്ങനെ വിശ്വസിക്കും? ഭാരതചരിത്രമോ കേരളചരിത്രമോ വ്യക്തമല്ലാത്ത ചരിത്രകാരുടെ നാട്ടിൽ സുറിയാനിക്കാർ പറയുന്ന ഈ കള്ളചരിത്രങ്ങൾ ഞാൻ എങ്ങനെ വിശ്വസിക്കും? സഭാ പാഷണ്ഡിയായി പ്രഖ്യാപിക്കത്തക്കവണ്ണം അബദ്ധങ്ങൾ നിറഞ്ഞതാണ്‌ ശ്രീ പവ്വത്തിന്റെ ലേഖനങ്ങളെല്ലാം തന്നെയെന്നും മനസിലാക്കുന്നു.

അങ്ങ് എന്നെ മിശിഹായിൽ പ്രിയപ്പെട്ട സഹോദരാ എന്ന് അഭിസംബോധന ചെയ്തുവല്ലോ. അപ്പോൾ പുതുക്രിസ്ത്യാനികളായ എന്റെ തലമുറകളും മാർത്തോമ്മായിൽ പാരമ്പര്യമുള്ള അങ്ങയുടെ തലമുറകളും മിശിഹായിൽ ഒന്നാണന്നല്ലേ ചിന്തിക്കേണ്ടത്? പിന്നെ എന്തിന് പാരമ്പര്യത്തിന്റെ പേരില് അങ്ങും തോമസ്‌ ക്രിസ്ത്യാനികളും ഇങ്ങനെ ഒരു മിഥ്യാഭിമാനം കൊണ്ടുനടക്കണം. മതസൌഹാർദത്തിന് പേരുകേട്ട കേരളത്തിൽ വർഗീയത ഉണ്ടാക്കി ശ്രീ പവ്വത്ത് കാഞ്ഞിരപ്പള്ളിക്കാരെക്കൊണ്ട് ക്ലാവർ പഴംകുരിശ് ശബരിമലയിൽ കുഴിപ്പിച്ചിട്ട കഥകളൊക്കെ വേദനയോടെ ഞാൻ കേട്ടിട്ടുണ്ട്. അതുപോലെ ആരോ ഉണ്ടാക്കിയ വെറും ഒരു കെട്ടുകഥയാണ് 'തോമ്മാശ്ലീഹായുടെ കേരളം' എന്ന് പറയുന്നതും.

അങ്ങയെപ്പോലെ മഹാനായ ഒരാൾ ഈ കെട്ടുകഥകളിൽ വിശ്വസിക്കുന്നതും എന്നെ അതിശയിപ്പിക്കുന്നു. നെസ്തോറിയൻവിഭാഗം മാതൃസഭയിൽനിന്ന് പിരിഞ്ഞുപോയത് എ .ഡി. 430 ലെന്നു ചരിത്രം രേഖപ്പെടുത്തിയിരിക്കുന്ന സ്ഥിതിക്ക് നാലാംനൂറ്റാണ്ട് വരെ കേരളസഭയിൽ പരിശുദ്ധാരൂപി വസിച്ചിരുന്നുവെന്ന് വിചാരിക്കുക. ഏഴര കുരിശും ചുമന്നുകൊണ്ട് മാർത്തോമ്മായെന്ന വൃദ്ധൻ ഈ കാടുമാടുകളിൽക്കൂടി എങ്ങനെ നടന്നുവെന്നും വിചാരിക്കുന്നു. ആനയും കരടിയും വസിച്ചിരുന്ന ശബരിമലവരെയാണ് ഈ വൃദ്ധൻ പേർഷ്യയിലെ പാഴ്തടികൊണ്ട് ഉണ്ടാക്കിയ കുരിശും വഹിച്ചുകൊണ്ട് നടന്നതെന്നും വിചാരിക്കണം. ഇതെല്ലാം നമ്മുടെ കർത്താവിന്റെ ഉയർപ്പിനെക്കാളും അതിശയമായി എനിക്ക് തോന്നുന്നു.

അങ്ങ് പറയുന്നതുപോലെ തഴച്ചു വളർന്നിരുന്ന നമ്മുടെ സഭയൊന്നും പോർട്ടുഗീസുകാർക്ക് മുമ്പ് ഭാരതത്തിൽ കാണുന്നില്ല. കത്തോലിക്കരുണ്ടായിരുന്നുവെന്ന തെളിവായി 'ജേക്കബ്' എന്ന ഒരാളെ വിശുദ്ധ ഫ്രാൻസീസ് സേവിയർ ഉത്തമനായ ഒരു കത്തോലിക്കനായി പുകഴ്ത്തുന്നത് പോർട്ടുഗീസ്‌ ലിഖിതങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പോർട്ടുഗീസുകാർക്ക് മുമ്പ് മാർ ജോസഫും മാർ എബ്രാഹാമും കത്തോലിക്കാ വിശ്വാസാചാരം പിന്തുടർന്നവരെന്നും തെളിവുകൾ ഉണ്ട്. പോർട്ടുഗീസുകാർ വരുന്നതിന് അമ്പത് കൊല്ലം മുമ്പ് കാഞ്ഞിരപ്പള്ളി പഴയപള്ളി കൂദാശചെയ്‌ത ഒരു മാർ യൗസേപ്പെന്നും നാനംമോനം ഭാഷയിൽ താളിയോലയിൽ കുറിച്ചിട്ടുണ്ട്. നിധിരിക്കൽ മാണിക്കത്തനാരുടെ കുറിപ്പിൽ കാണുന്നത് ഒമ്പതാം നൂറ്റാണ്ടിൽ മാർ പ്രൊടാസൂയിങ്ങ് (Protasiung), മാർ സെബ്രെസിയം എന്നീ കത്തോലിക്കാ കൽദായ മെത്രാന്മാർ കൊല്ലത്ത് വന്നുവെന്നുംകാണുന്നു. നെസ്തോറിയൻകാരെ കത്തോലിക്കരാക്കിയത് ഇവരായിരിക്കാമെന്നും അനുമാനിച്ചിട്ടുണ്ട്. അക്കാലത്ത് മൊസൂളിലെ പാത്രിയാക്കീസിന്റെ കീഴിൽ നെസ്ത്തോറിയൻകാരും റോമിന്റെ കീഴിൽ കത്തോലിക്കരും ഉണ്ടായിരിക്കാം. അവിടെയും തെളിവുകളായി ഞാൻ വത്തിക്കാൻലൈബ്രററി മുഴുവൻ അന്വേഷിച്ചിട്ടും ഒന്നും ലഭിച്ചില്ല. കത്തോലിക്കരെ കൽദായക്കാരെന്ന് വിളിക്കാൻ തുടങ്ങിയതും അന്നുമുതലാണ്‌. 1504ൽ ഒരു കൽദായമെത്രാനെ സംബോധന ചെയ്തുകൊണ്ടുള്ള ഒരു കത്തിന്റെ കോപ്പിയും വത്തിക്കാൻ ലൈബ്രറിയിൽനിന്നും ലഭിച്ചിട്ടുണ്ട്. തോമസ് ക്രിസ്ത്യാനികൾ പേപ്പൽഡെലിഗേറ്റായ മരങ്ങോലിയുടെ ചെലവുകൾ വഹിച്ചതും തെളിവുകളിൽ കാണുന്നു. മാനിക്കെയൻ എന്ന കൊള്ളത്തലവൻ സ്ഥാപിച്ച കൽദായക്കാർ ഇത്രമാത്രം തെളിവുകൾ നിരത്തിയതുകൊണ്ട് സീറോമലബാർ സഭയെ റോം ഒരു സ്വതന്ത്ര സഭയായി ദുഖത്തോടെ അംഗീകരിക്കേണ്ടി വന്നു. ഒട്ടകത്തിന് തല ചായ്ക്കാൻ സ്ഥലം കൊടുത്തപോലെയായി. ഇന്ന് അവർക്ക് ലോകം മുഴുവൻ കീഴടക്കണം. ഇറ്റലിയിൽവരെ മണിമാളികകൾ പണിയണം. ഇനി ഒരു മാർതോമ്മാ സഭയെക്കൂടി കേരളത്തിൽ സ്ഥാപിക്കാൻ വത്തിക്കാന് സാധിക്കില്ല. അത്രക്ക് വേല പഠിച്ചവരാണ് മലയാളികളായ അഭിഷിക്തരെന്നും എന്റെ പേപ്പൽഓഫീസിന് ഇതിനകം മനസിലായി കഴിഞ്ഞു.

മാർതോമ്മായിൽ സ്ഥാപിതമായ സഭയാണ് അങ്ങയുടെതെങ്കിൽ ഐതിഹ കഥകളല്ലാതെ തെളിവുകളുമായി വരിക. നമുക്കൊരുമിച്ച് സംസാരിക്കാം. പ്രായംകൊണ്ട് ഞാൻ അങ്ങയെക്കാളും ഇളയതായതുകൊണ്ട് എന്നെ അങ്ങ് ഒരു സഹോദരനായി കണ്ടാൽ മതി. ഞാൻ അർജന്റീനായിൽ സെമിനാരിയിൽ പഠിക്കുന്ന കാലംമുതൽ അങ്ങയുടെ പുസ്തകങ്ങൾ വായിക്കാറുണ്ട്. ഒരു പക്ഷെ ഇന്നത്തെ അഭിഷിക്തരുടെ ആർഭാടത്തിൽ എന്നെ വേദനിപ്പിക്കുന്നതും അങ്ങയുടെ പുസ്തകങ്ങൾ ഞാൻ വായിച്ചിരുന്നതുകൊണ്ടായിരിക്കാം.

എന്റെ മുൻഗാമിയായിരുന്ന ബനഡിക്റ്റ് മാർപാപ്പാ വിശുദ്ധ തോമസ് അപ്പോസ്തോലന്റെ ഇന്ത്യയിലേക്കുള്ള യാത്ര വെറും പൊള്ളയായ വാദങ്ങളെന്നും പറഞ്ഞ കഥയും അങ്ങേക്ക് അറിവുണ്ടായിരിക്കുമല്ലൊ. പിന്നെ എന്തിന് ഇല്ലാത്ത ഒരു പാരമ്പര്യം ഉയർത്തി ചരിത്രത്തെ വികൃതമാക്കണം? ഈ കത്ത് തികച്ചും വ്യക്തിപരമാകട്ടെ. ഔദ്യോഗികമായി ഞാൻ എന്തെങ്കിലും സംസാരിച്ചാൽ അവിടെയുള്ള അഭിഷിക്തരും കെട്ടുകഥകളെ ചരിത്രമാക്കി എഴുതുന്നവരും ഒന്നുപോലെ ഒച്ചപ്പാടുകളും പ്രശ്നങ്ങളും സൃഷ്ടിക്കും.


'ആക്റ്റ് ഓഫ് തോമസ്' എന്ന പൗരാണിക കൃതി മുഴുവനായി വിശ്വസിക്കുകയാണെങ്കിൽ അങ്ങ് വിശ്വസിക്കുന്ന വിശുദ്ധ തോമസല്ല കേരളത്തിൽ വന്നതെന്നും വ്യക്തമാക്കും. താഴെ ഞാൻ എഴുതിയിരിക്കുന്ന കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ച് വായിക്കുക.


തോമ്മാ കൃതിയിലുള്ള‍ ശ്ലീഹാ സിറിയാ, പാർത്തിയ (പേർ‍ഷ്യ, ഇറാന്‍) ഗാന്ധാര (പാക്കിസ്ഥാന്‍റെ വടക്ക് പടിഞ്ഞാറേ ഭാഗം) , യാത്ര ചെയ്തതായി പറയുന്നുണ്ട്. എന്നിട്ടും തെക്കേ ഇന്ത്യയിലെവിടെയെങ്കിലും വന്നുവെന്നുള്ള ചരിത്രപരമായ യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല. 'തോമ്മാ ആക്ട്' സൂചിപ്പിച്ചിട്ടുമില്ല. സഭ‍ ഈ പുസ്തകത്തെ അംഗികരിച്ചിട്ടില്ല. ‍ തോമ്മാശ്ലീഹായുടെ ഭാരതത്തിലെക്കുള്ള യാത്ര സത്യമാക്കുന്നതിനു 'ആകറ്റ് ഓഫ് തോമസ്‌' ഒരു അമൂല്യ പുസ്തകമായി ഭാരതസഭ അംഗീകരിക്കുന്നുമുണ്ട്. ഇതനുസരിച്ചു വിശുദ്ധ തോമസിന്‍റെ യാത്രകളെ ചരിത്രമായിട്ടു കരുതണമെങ്കിലതു മറ്റു പല സത്യങ്ങളെയും അംഗികരിക്കേണ്ടി വരും. ഇക്കാര്യത്തിൽ,‍ സഭക്കു നിലവിലുള്ള വിശ്വാസത്തിനു പരസ്പര വിരുദ്ധമായി പലതും വെളിപ്പെടുത്തേണ്ടി വരും. വിശുദ്ധ തോമസ്,‌ പാലസതീൻ വിട്ടതു ജീസസ്, തന്‍റെ ഇരട്ട സഹോദരനായ തോമസിനെ അടിമയായി വിറ്റതുമൂലമെന്ന് ഇവിടെ പറയുന്നു. ഇരട്ട സഹോദരനെന്നർ‍ഥം വരുന്ന‍ 'ഡിഡിമാസ്' എന്നും വിശുദ്ധനു പേരുണ്ട്. ആക്റ്റ് ഓഫ് തോമസ്‌ വിവരിക്കുന്നതുപോലെ വിശുദ്ധനല്ല വന്നതെന്ന് താഴെ പറയുന്ന തെളിവുകളും ഒന്ന് പരിശോധിക്കുമല്ലൊ.

1. തോമസ്,‌ ജീസസിനെ ധിക്കരിച്ച ഒരുസാമൂഹിക വിരുദ്ധനായിരുന്നു.
2. ജീസസ്, ഒരു അടിമക്കച്ചവടക്കാരനായിരുന്നു.
3. തോമസ്,‌ ജീസസിന്‍റെ ഇരട്ട സഹോദരനായിരുന്നു.
4. കാനോൻ നിയമങ്ങളനുസരിച്ചുള്ള നാലു സുവിശേഷങ്ങളും തെറ്റാണെന്നു വരുന്നു.
5. തോമസ്‌ ഇരട്ടസഹോദരനായതുകൊണ്ടു ജീസസ് ദൈവത്തിന്‍റെ ഏകജാതനല്ല.


ചുരുക്കത്തിൽ,‍ തോമസിന്‍റെ ഐതിഹാസിക കഥകളെ മുഴുവനായി വിശ്വസിക്കുന്നവർക്ക്‌ സഭയുടെ മൌലികങ്ങളായ തത്ത്വങ്ങളെയും ഇതുമൂലം വലിച്ചെറിയേണ്ടി വരും. ഇതാണോ പുലിക്കുന്നേൽസാർ വിചാരിക്കുന്ന വിശുദ്ധ തോമസിനാൽ സ്ഥാപിതമായ പരമ്പര്യമതമെന്നും അറിയുവാൻ വലിയ ആഗ്രഹം ഉണ്ട്.

പാരമ്പര്യത്തിന്റെ പേരിൽ അങ്ങ് വിഭാവന ചെയ്യുന്ന ഒരു സഭയെ മിശിഹായുടെ ചൈതന്യത്തിൽ വളർന്ന സഭയെന്നു ന്യായികരിക്കാനും അംഗീകരിക്കാനും എനിക്കുണ്ടാകുന്ന പ്രയാസങ്ങൾ അങ്ങേക്ക് ബോധ്യമായെന്ന് വിചാരിക്കുന്നു. സീറോമലബാർ സഭ തഴച്ചു വളർന്നതുതന്നെ ഈശോ സഭക്കാരും കർമ്മലീത്താക്കാരും പ്രവർത്തനങ്ങൾ തുടങ്ങിയതിൽ പിന്നീടാണെന്നും ബോധ്യമായല്ലൊ. വിശ്വാസം, ഭക്തി, അപ്പോസ്തോലിക ശുഷ്ക്കാന്തിയുടെ ശക്തി സ്രോതസ് എന്നൊക്കെയുള്ള ഭംഗിവാക്കുകൾ ഫാദർ റോബർട്ട് റ്റാഫ്റ്റിനെപ്പോലെ ശ്രീ ആലഞ്ചൈരിയും ശ്രീ കാഞ്ഞിരപ്പള്ളി അഭിഷിക്തനും പറയാറുണ്ട്‌. ഇങ്ങനെ അർഥമില്ലാത്ത വാചക കസർത്തുക്കളിൽ അങ്ങ് വിശ്വസിക്കരുത്.

അമേരിക്കയിലും യൂറോപ്പിലും ഈ പൊങ്ങച്ച കഥകളുമായി സ്ത്രീകളെയും അവരുടെ ഭർത്താക്കന്മാരെയും പറ്റിക്കാൻ അഭിഷിക്തർ സഞ്ചരിക്കുന്നത് കാണാം. കത്തിൽ കാണുന്നതുപോലെ കേരളസഭ മതജീവിതത്തിന്റെ മാതൃകയെന്നൊക്കെ എങ്ങനെ വിശ്വസിക്കും? കോഴ, ദളിതരോടും ദരിദ്രരോടുമുള്ള വിവേചനം, പണക്കാരെ മാത്രം സേവിക്കുക എന്നീ മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഒരു സഭ എങ്ങനെ മാതൃകാ സഭയാകുമെന്നും വിശദീകരിക്കുമല്ലൊ. ഇത്രയേറെ വൈദികരെ സീറോ മലബാർ സഭ സൃഷ്ടിച്ചെങ്കിൽ തൊഴിലില്ലായ്മക്ക് പരിഹാരമായിയെന്നും അങ്ങയുടെ കത്തിൽ സൂചിപ്പിച്ചിരിക്കുന്നു. അത്രയും കൊള്ളക്കാരും കള്ളന്മാരും സന്മാർഗനിരതരും സഭയിൽ നുഴഞ്ഞ് കയറിയെന്നല്ലേ അർത്ഥമാക്കേണ്ടത്? യൂറോപ്പിലും അമേരിക്കയിലും ഇവരെ കയ്യോടെ പിടിക്കാൻ തുടങ്ങി. ഇന്ന് പിടികിട്ടാ കള്ളന്മാർ അങ്ങയുടെ നാട്ടിലുള്ള മലയാളീ വൈദികരെന്നും മനസിലാക്കാൻ കഴിഞ്ഞു. ഭാരതത്തെ മാനസാന്തരപ്പെടുത്തി ക്രിസ്തുരാജ്യമായി ഒന്നും മാറ്റേണ്ട ആവശ്യമില്ല. വേദങ്ങളിലും പുരാണങ്ങളിലും ക്രിസ്തു ഒളിഞ്ഞിരുപ്പുണ്ട്. ക്രിസ്തുവിന്റെ ചൈതന്യവും ഭാരത സംസ്ക്കാരത്തിൽ ഉണ്ട്. വെറുതെ സെമറ്റിക്ക് വിരോധം വളർത്തുവാനെ ഇത്തരം ആസൂത്രണ പദ്ധതികൾ ഉപകരിക്കുകയുള്ളൂ.

യേശുവിൽ വിധേയൻ

ഫ്രാൻസീസ് മാർപാപ്പാ
 

(Almayasabda blog)
 

Wednesday, August 7, 2013

ഭൌതിക ഭരണാധികാരത്തിൽനിന്ന് മാർപാപ്പയെ മാറ്റുവാൻ നിവേദനം


"സഭയുടെ പരമോന്നത ആദ്ധ്യാത്മികാചാര്യന്‍ എന്ന ഉത്തരവാദിത്വത്തില്‍ ശ്രദ്ധയൂന്നാന്‍, ഭൗതികഭരണാധികാരത്തില്‍നിന്നു മാര്‍പ്പാപ്പാ മാറേണ്ടതു സംബന്ധിച്ച നിവേദനം" എന്ന  പ്രൊഫസർ വട്ടമറ്റത്തിന്റെ തലവാചക ആശയത്തൊട് യോജിക്കാൻ  സാധിക്കുന്നില്ല. വത്തിക്കാന്റെ പാരമ്പര്യമോ ഭരണസംവിധാനങ്ങളൊ സാമ്പത്തികമോ  ലോകരാജ്യങ്ങളിൽ മാർപാപ്പായുടെ സ്വാധീനമോ മനസിലാക്കിയിരുന്നുവെങ്കിൽ,  ചിന്തിച്ചിരുന്നുവെങ്കിൽ ഇങ്ങനെ ഒരു നിവേദനത്തിന് മുതിരുകയില്ലായിരുന്നു.  ഭൌതിക ഭരണാധികാരത്തിൽനിന്ന് മുക്തിനേടി വെറും ആത്മീകാചാര്യൻ പദവിയിൽമാത്രം മാർപാപ്പയെ കാണണമെന്നുള്ള അഭിപ്രായം  വിവാദപരമാണ്. വത്തിക്കാനിലേക്ക് പ്രബന്ധങ്ങളും നിവേദനങ്ങളും നയതന്ത്രജ്ഞരിൽകൂടി  അയച്ചില്ലെങ്കിൽ മാർപാപ്പയുടെ ശ്രദ്ധയിൽപ്പെടുകയില്ല. വത്തിക്കാൻ സെക്രട്ടറിയേറ്റ് മറ്റു രാജ്യങ്ങളിൽ നിന്നയക്കുന്ന  നിവേദനങ്ങളെല്ലാം ഔദ്യോഗികമല്ലെങ്കിൽ പരിഗണിക്കുകയില്ല. അത് ഏതു രാജ്യത്തിന്റെയും ആഗോള നിയമമാണ്. 

ഇന്നുള്ള മതാചാര്യന്മാർ ആരും ലോകസമാധാനത്തിനായി എന്തെങ്കിലും ചെയ്തതായി അറിയില്ല. അദ്ധ്യാത്മികനേതാവായ ദലൈലാമാമൂലം ഇന്ത്യയും ചൈനയും തമ്മിൽ കഴിഞ്ഞ അരനൂറ്റാണ്ടിൽപ്പരം ശത്രുരാജ്യങ്ങളായി കഴിഞ്ഞുകൂടുന്നു. ആത്മീയ അചാര്യന്മാരായ കാമകോടി, പൂരി ശങ്കരാചാര്യപ്രഭുക്കൾ ഇന്ത്യയിൽ വർഗീയവിഷം ഇളക്കി വിടാൻ എന്നും മുന്നണിയിൽ തന്നെയുണ്ടായിരുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒരു ശങ്കരാചാര്യരെ ബാലപീഡക്ക് അറസ്റ്റുചെയ്ത ഫോട്ടോസഹിതമുള്ള വാർത്തകളും പ്രസിദ്ധമായിരുന്നു. ഇവരെല്ലാം അദ്ധ്യാത്മിക ഗുരുക്കളായിട്ടാണ് കഴിയുന്നതെങ്കിലും വൻസ്വത്തുക്കളുടെ ആസ്തിയുള്ളവരാണ്. ദലൈലാമയും കൂട്ടരും ടിബറ്റിൽനിന്ന് ഇന്ത്യയിലേക്ക് അഭയാർഥികളായി വന്നതും  വലിയ സ്വർണ്ണശേഖരങ്ങളുമായിട്ടായിരുന്നു.   കുപ്രസിദ്ധരായ ധാരാളം ആത്മീയമുള്ളാമാരും ഭീകരമുള്ളാമാരും ലോകത്തുണ്ട്. അവരുടെ നിലവാരത്തിലേക്ക് മാർപാപ്പയേയും  പ്രതിഷ്ഠിക്കണോ?

പലരും വിചാരിക്കുന്നതുപോലെ മാർപാപ്പാ ജീവിക്കുന്നത് ആധുനിക സൗകര്യങ്ങളോടെയല്ല. കേരളത്തിലെ അഭിഷിക്തരിൽ അനേകർ മാർപാപ്പായെക്കാളും സുഖസൗകര്യങ്ങളോടെ ജീവിക്കുന്നുണ്ടെന്നും ശരിതന്നെ. സാധാരണ ഇരിപ്പിടങ്ങൾ മാത്രമുള്ള ഒരു അപ്പാർട്ട്മെന്റ് മാത്രമാണ് മാർപാപ്പാക്കുള്ളത്. വത്തിക്കാനിലുള്ള സ്ഥാവരസ്വത്തുക്കൾ ഒന്നും അദ്ദേഹത്തിന്റെതല്ല. ധരിക്കുന്ന വസ്ത്രങ്ങൾപോലും സ്വന്തമായിട്ടുള്ളതല്ല. സഭയാണ് അദ്ദേഹത്തിന് വസ്ത്രവും ഭക്ഷണവും താമസിക്കാൻ സൌകര്യവും കൊടുക്കുന്നത്. ലോകത്തുള്ള ഏതു സർക്കാരും ചെയ്യുന്നതുപോലെ അദ്ദേഹത്തിന് ആരോഗ്യരക്ഷയും നല്കുന്നു.

ഒരു ബില്ലിയനിൽ കൂടുതൽ അംഗങ്ങളുള്ള  കത്തോലിക്കരുടെ നേതാവായ മാർപാപ്പായെ  ആദ്യം നന്നാക്കുന്നതിനുമുമ്പ് കേരളത്തിലെ മെത്രാന്മാരെ നന്നാക്കുവാൻ സാധിക്കുമോയെന്ന് ശ്രമിക്കുന്നതായിരിക്കും നല്ലത്. വത്തിക്കാനിൽ സമരമുറകളുമായി ചെന്നാൽ ഐക്യരാഷ്ട്രസംഘടനയും അമേരിക്കാവരെയും ഇടപെടും. കാരണം വത്തിക്കാന്റെ  ഭൂരിഭാഗം ധനവും സൂക്ഷിക്കുന്നത് അമേരിക്കൻ ബാങ്കുകളിൽ ആണ്. ഒരു സുപ്രഭാതത്തിൽ ആ പണം ജീവകാരുണ്യത്തിനായി പിൻവലിച്ചാൽ അമേരിക്കൻ ഓഹരികൾ (സ്റ്റോക്ക്) വിറ്റുകൊണ്ടുള്ള വ്യാപാര  സാമ്പത്തിക തലസ്ഥാനമായ വാൾസ്റ്റ്റീറ്റ്തന്നെ തകർന്ന്  തരിപ്പണമാകും. അമേരിക്കാ തകരാൻ ഈ രാജ്യത്തിലെ ഭരണകൂടവും സമ്മതിക്കുകയില്ല. അത് ആഗോള സാമ്പത്തികം തന്നെ കീഴ്മേലാക്കും.
ലോകത്തുള്ള ആകമാന ക്രിസ്ത്യൻസഭകളുടെ  മൊത്തം
ആതുരസേവനങ്ങളെക്കാളും കൂടുതലായി  കത്തോക്കാസഭയുടെ സ്വന്തമായ  മേൽനോട്ടത്തിൽ  തന്നെയുണ്ട്‌. ഒരു നവീകരണസഭയ്ക്കും കത്തോലിക്കാസഭയുടെ സേവനങ്ങളുടെ സമീപത്തുപോലും എത്തുവാൻ സാധിക്കുകയില്ല.   വത്തിക്കാന്റെ സ്വത്തുക്കൾ വില്ക്കണമെന്ന് പറയുന്നവർ ചിന്തിക്കണം, ആദ്യം നമ്മുടെ തന്നെ സ്വത്തുക്കൾ വിറ്റ് ദരിദ്രർക്ക് ദാനംചെയ്യുക. എന്നിട്ട് ഭവനരഹിതരായി കഴിയുക. എങ്കിൽ ഒരു കൂരയുടെ കീഴിൽ താമസിക്കുന്ന മാർപാപ്പായെ നമുക്കും വിമർശിക്കാൻ സാധിക്കും. അതുതന്നെയല്ലേ പഴമയുടെ തത്ത്വങ്ങളായ   അപ്പസ്തോലരും ചെയ്തത്.  അവരെപ്പോലെ സർവ്വതും പത്രോസിന് സമർപ്പിച്ച് എന്നും  നിത്യയാചകരായി ജീവിക്കണോ?

എങ്കിലും സഭയെ വിമർശിക്കാൻ നമുക്ക് പലതുമുണ്ട്. പതിനെട്ട് വയസു താഴെയുള്ള  കുട്ടികളെ കന്യാസ്ത്രിയാക്കുവാനുള്ള മഠം ശ്രമങ്ങളെ നിയമംമൂലം തടയണം. അതിന് നിർബന്ധിക്കുന്നവർക്ക് അർഹിക്കുന്ന ശിക്ഷകളും കൊടുക്കണം. ഞെട്ടിക്കുന്ന കഥകളും മഠം മതിൽക്കെട്ടിനുള്ളിലെ നിസഹായരായ പെണ്‍ക്കുട്ടികളുടെ ദീനരോദനങ്ങളുമാണ് എന്നും വാർത്തകളിൽ നിറഞ്ഞിരിക്കുന്നത്‌. സഭയുടെ കുടുംബാസൂത്രണ പദ്ധതികൾ അമ്പേ പരാജയമായിരുന്നു. കൂടുതൽ കുഞ്ഞുങ്ങളെ സൃഷ്ടിക്കുകയെന്ന സഭയുടെ നിലപാട് മാറ്റണം. ഗർഭനിരോധക ഗുളികകളും ഉറകളും തടയുന്നത് മൂലം എയിഡ്സ് രോഗികൾ ലോകത്ത് വർദ്ധിക്കുന്നുവെന്നും സഭ മനസിലാക്കണം. സഭയുടെ ഈ നയം മൂലം ധാരാളം ഗർഭച്ഛിന്ദ്രത്തിനും വഴി തെളിക്കുന്നുണ്ട്.

വത്തിക്കാൻ എന്തിന് സ്വത്തുക്കൾ സ്വരൂപിച്ച് കൈവശം വെച്ചുകൊണ്ടിരിക്കുന്നുവെന്ന് പലരും ചോദിക്കുന്ന ചോദ്യമാണ്. വത്തിക്കാനിലുള്ള ഭൌതികസ്വത്തുക്കളൊന്നും മാർപാപ്പായുടെ സ്വന്തമല്ല. ആർഭാടവസ്തുക്കളൊന്നും സത്യത്തിൽ മാർപാപ്പായ്ക്കു വിൽക്കാൻ അവകാശമില്ല. വത്തിക്കാനിൽ വരുന്നവർക്ക് ദർശനം നല്കുക  മാത്രമാണ് മഹാപുരോഹിതനായ മാർപാപ്പായുടെ ജോലിയെന്നും തോന്നിപ്പോവും. അവിടെയുള്ള സ്വത്തുക്കൾ മുഴുവൻ ആകമാന കത്തോലിക്കാ സഭയുടെയും വരുംതലമുറകളുടെയും സ്വത്തുക്കളാണ്. ഈ സ്വത്തുക്കളുടെ നിയന്ത്രണത്തിൽ അല്മേനികളുടെ പങ്ക് എത്രമാത്രം ഉണ്ടെന്നും വ്യക്തമല്ല. വത്തിക്കാനുള്ള സ്വത്തുക്കളെല്ലാം ഒന്നും സ്വന്തമായി വാങ്ങിച്ചുകൂട്ടിയതല്ല. പലതും തലമുറകളായി  സമ്മാനങ്ങളായിട്ട് പലരും കൊടുത്ത സ്വത്തുക്കളാണ്. അനേകരുടെ ഓർമ്മക്കായി കൊടുത്ത സ്വത്തുക്കൾ വിൽക്കുന്നതും അവരോട് ചെയ്യുന്ന ക്രൂരതയാണ്. മാർപാപ്പാ ഒരേ സമയം രണ്ട് ഓഫീസുകളാണ് കൈകാര്യം ചെയ്യുന്നത്. ഒന്ന് ആഗോളസഭയുടെ വികാരിയും രണ്ട് ഒരു പരമാധികാര രാജ്യത്തിന്റെ മേലാധികാരിയുമാണ്.

മാർപാപ്പായുടെ വേഷം പൌരാണിക കാലംമുതൽ ആ കൊച്ചുരാജ്യത്തിന്റെ നിബന്ധനയാണ്. കൌപീനധാരിയായ ഒരു മാർപാപ്പാ ചരിത്രത്തിൽ ഇല്ല. സൗദിയിലെ രാജാവിന്റെയോ ജനങ്ങളുടെയോ വേഷം മാറ്റുവാൻ നാം ആവശ്യപ്പെടാറില്ല. മുണ്ടുടുത്തുനില്ക്കുന്ന അർദ്ധ യാചകനെപ്പോലെയുള്ള ആന്റണിയുടെ രൂപം ചൈനീസ്‌ പ്രതിരോധമന്ത്രിക്കൊപ്പം കാണുമ്പോൾ പ്രവാസിമലയാളികളും വടക്കേഇന്ത്യാക്കാരും ഇതേ ചോദ്യം ചോദിക്കാറുണ്ട്. അങ്ങനെയെങ്കിൽ മാർപാപ്പ ഇറ്റാലിയൻ വേഷമായ സ്യൂട്ട് ധരിക്കണമെന്ന് ആവശ്യപ്പെടാൻ സാധിക്കുമോ? നമുക്ക് ചുറ്റുമുള്ള കേരളത്തിലെ രാജവെമ്പാലകളായ മെത്രാന്മാരുടെ വേഷങ്ങൾപോലും മാറ്റിക്കാൻ സാധിക്കുകയില്ല. ഒരോനാളിലും സീറോമലബാർ മെത്രാന്മാരുടെ കോമാളിവേഷങ്ങളിൽ പരിഷ്ക്കാരങ്ങളും മാറിമാറി വരുന്നുണ്ട്. ഇങ്ങനെയുള്ള അഭിഷിക്തരെപ്പോലും മാറ്റാൻ സാധിക്കാത്ത നാം  വിശ്വപൌരനായ മാർപാപ്പയുടെ മുമ്പിൽ എന്ത് ചെയ്യാനാണ്?

വത്തിക്കാൻകൊട്ടാരത്തിലെ സ്ഥാവര സ്വത്തുക്കളൊന്നും മാർപാപ്പാ സ്വന്തമാക്കുന്നില്ല. ബനഡിക്റ്റുമാർപാപ്പാ സ്ഥാനത്യാഗം ചെയ്തപ്പോഴും സ്വന്തമായി ഒന്നും കൊണ്ടുപോയില്ല. സർവ്വതും സഭയുടെ നിയന്ത്രണത്തിൽ തന്നെയാവുകയായിരുന്നു. മറ്റു ലോകരാജ്യങ്ങൾ ചെയ്യുന്നതുപോലെ വത്തിക്കാനും വർഷംതോറും വരവ് ചെലവുകളുടെ കണക്ക് തയാറാക്കണം. രാജ്യങ്ങൾ നടത്തുന്നതുപോലെ ബഡ്ജറ്റും അവതരിപ്പിച്ച് ക്യൂരിയായിൽ പാസാക്കണം. അവിടെയും ധനകാര്യങ്ങളിൽ മാർപാപ്പാക്ക് തന്നിഷ്ടം കാണിക്കാൻ സാധിക്കുകയില്ല. ചർച്ചകൾ നടത്തിയശേഷം ഓരോ വർഷവും വത്തിക്കാന്റെ വാർഷിക വരുമാന റിപ്പോർട്ട് പ്രസിദ്ധികരിക്കാറുണ്ട്. ബാലൻസ് ഷീറ്റും തയ്യാറാക്കാറുണ്ട്.

ആകമാന ലോകത്തിലുള്ള വത്തിക്കാന്റെ സ്വത്തുക്കൾ നിർണ്ണയിക്കുകയെന്നതും അസാധ്യമാണ്. വിലതീരാത്ത കലാമൂല്യങ്ങൾ വത്തിക്കാൻ കൊട്ടാരത്തിലുണ്ട്. അതെല്ലാം വിറ്റാൽ താല്ക്കാലികമായി വത്തിക്കാന്റെ പണപ്രവാഹത്തിൽ ഒഴുക്കുണ്ടാകാം. തലമുറകളായി ലോകജനത ആനന്ദം കണ്ടെത്തുന്ന ആ കലാമൂല്യങ്ങൾ പിന്നീട് വ്യക്തികളുടെ അധീനതയിൽ ആകും. കലാഹൃദയരായ ലോകജനതയ്ക്ക് ദുഖവുമുണ്ടാകും. ഓരോ കലകൾക്കും വിവിധങ്ങളായ ചരിത്രമൂല്ല്യങ്ങളും ഉണ്ട്. വിശ്വപ്രസിദ്ധമായ ഹാർവാർഡ്, യേൽ യൂണിവേഴ്സികളുടെ ഗവേഷണ കേന്ദ്രവുമാണവിടം. വത്തിക്കാന്റെ കലാമൂല്യങ്ങൾ ഇല്ലാതാകുന്നതും ചരിത്രത്തോട് ചെയ്യുന്ന ഒരു വഞ്ചനയും ചരിത്രകാരോട് ചെയ്യുന്ന അനീതിയുമായിരിക്കും. ചരിത്രങ്ങളുടെ തായ് വേരുകൾ തന്നെ ഇളകിപ്പോവും. വത്തിക്കാന്റെ ഗ്രന്ഥപ്പുരകൾ അനേക സംസ്ക്കാരങ്ങളുടെയും    ഉയർച്ചകളുടെയും താഴ്ച്ചകളുടെയും സാക്ഷിത്വം   വഹിക്കുന്നു. വിലപറയാൻ  കഴിയാത്തവണ്ണം പൗരാണിക പുസ്തകങ്ങളുടെ ശേഖരവും അവിടെയുണ്ട്.  ഈ ചരിത്ര ശേഖരങ്ങൾ വത്തിക്കാൻ സൂക്ഷിക്കുന്നത് ലോകത്തിന്റെ നന്മക്കുവേണ്ടിയും കൂടിയാണ്.

കലാമൂല്യങ്ങൾ വിറ്റാൽ തീർച്ചയായും സഭയ്ക്ക് കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വ്യാപൃതരാകുവാൻ സാധിക്കുമെന്നതും സത്യമാണ്. എന്നാൽ അറിയുക, ഇന്ന് ലോകത്ത് ഏറ്റവും വലിയ  ജീവകാരുണ്യസ്ഥാപനം  കത്തോലിക്കാസഭയാണ്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ലോകത്തുള്ള ഏത് രാജ്യത്തെക്കാളും ആഫ്രിക്കയിൽ പണം ഇറക്കുന്നത്‌ വത്തിക്കാനാണ്.

അല്പ്പം സാമ്പത്തികശാസ്ത്രംകൂടി  ഇവിടെ അനുബന്ധിക്കട്ടെ. വത്തിക്കാന്റെ സ്വത്തുക്കൾ മുഴുവൻ വില്ക്കാൻ തീരുമാനിച്ചെന്ന് വിചാരിക്കുക. ഫലം, ആഗോളതലത്തിൽ കലാമൂല്യങ്ങളുടെ പ്രവാഹം കൂടും. കലാസമ്പത്തിന്റെ വിലയും ഇടിയും. ആ പണം ഭക്ഷണം, മരുന്ന് എന്നിങ്ങനെ  ജീവകാരുണ്യങ്ങൾക്കായി ഉപയോഗിക്കാം. ധനതത്ത്വശാസ്ത്രത്രത്തിൽ ചരക്കുകളുടെ  വില നിയന്ത്രിക്കുന്ന 'സംഭരണവും' 'ആവശ്യവും' (Supply and demand) എന്നുള്ളത് കാതലായ ഒരു വിഷയമാണ്. 'സംഭരണം'(Supply) വില കുറയുന്ന ഘടകവും അതനുസരിച്ച് 'ആവശ്യം' (demand) വില കൂട്ടുകയും ചെയ്യും.  'സംഭരണം'(Supply) മൂലം കലാമൂല്യങ്ങളുടെ വിലകുറയുകയും 'ആവശ്യം'(demand)മൂലം ജീവകാരുണ്യത്തിനാവശ്യമുള്ള  മരുന്നുകളുടെയും ഭക്ഷണത്തിന്റെയും വില കൂടുകയും ചെയ്യും. ജീവകാരുണ്യത്തിനായി ലഭിച്ച പണംകൊണ്ട് വിലപ്പെരുപ്പം കാരണം അധികം മെഡിസിനും മറ്റു വിഭവങ്ങളും സഭയ്ക്ക് മേടിക്കാൻ  കഴിയാതെ വരും. വിലപ്പെരുപ്പം അനുഭവപ്പെടുമ്പോൾ സംഭാവനകളുടെ പ്രവാഹവും കുറയും. ഭക്ഷണത്തിന്റെയും മെഡിസിന്റെയും വില കൂടുമ്പോൾ ദുരിതം അനുഭവിക്കുന്നതും ദരിദ്രരാജ്യങ്ങളായിരിക്കും.

വത്തിക്കാന്റെ കലാശേഖരങ്ങൾ മുഴുവൻ വിറ്റുകഴിഞ്ഞാൽ അവിടേക്കുള്ള വിനോദയാത്രക്കാരുടെ എണ്ണവും കുറയും. മ്യൂസിയം ടിക്കറ്റ് വിറ്റുകിട്ടുന്ന പണം വത്തിക്കാന്റെ പ്രധാന വരുമാനമാർഗമാണ്. വിനോദയാത്രകൾ കുറയുമ്പോൾ പിന്നീടുള്ള കാലങ്ങൾ സഭ സാമ്പത്തികമായി അധപതിക്കും. പണം കുറയുമ്പോൾ പണംതേടി സഭയുടെ പ്രവർത്തനങ്ങൾ പുറത്തുള്ളവരുടെ താൽപര്യം അനുസരിച്ച് മുമ്പോട്ട്‌ കൊണ്ടുപോകേണ്ടിവരും. സാമ്പത്തിക അഴിമതികൾ നടത്തുന്നവരുടെ എണ്ണം കൂടും.

സമയമെടുത്ത് അനേക കാലങ്ങൾകൊണ്ട് സഭാസ്വത്തുക്കൾ വിറ്റഴിക്കുന്നുവെന്നും  വിചാരിക്കുക. വിലതീരാത്ത കലകൾ വ്യക്തികളുടെ കൈവശം ആകുന്നത്‌ കൂടാതെ ലോകത്തിന് ആ കലാമൂല്യങ്ങൾ  പിന്നീടൊരിക്കലും ആസ്വദിക്കാനും സാധിക്കില്ല. കത്തോലിക്കാസഭ നശിച്ച് മറ്റുള്ള നവീകരണസഭകൾപോലെ പിളരുകയും വീണ്ടും വീണ്ടും പിളർച്ചകൾ  തുടരുകയും ചെയ്യും. ഒരു പുനർ നവീകരണത്തിന്റെ ഉദ്ദേശം സഭയെ നശിപ്പിക്കുകയെന്നല്ലെന്നും മനസിലാക്കണം. സഭാ നവീകരണ നാളുകളിൽ  മുമ്പോട്ട്‌ വന്ന മാർട്ടിൻ ലൂതറിനുപോലും  സഭയെ  പിളർക്കണമെന്നില്ലായിരുന്നു. 

 മ്യൂസിയം ടിക്കറ്റുകൾ വില്ക്കാൻ സാധിക്കാതെ ദിവ്യകാരുണ്യ പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടി വരും. സഭക്കുള്ളതെല്ലാം ആയിരകണക്കിന് വർഷങ്ങളായി നേടിയെടുത്തതാണ്. അതെല്ലാം പുറംലോകത്തിന് വളരെ സൌന്ദര്യം തോന്നുവെങ്കിലും അത് സൂക്ഷിക്കുന്നതെല്ലാം പഴഞ്ചൻ കെട്ടിടങ്ങളിലാണ്. കെട്ടിടങ്ങൾ നന്നാക്കലും പുരോഹിതരുടെ ലൈംഗിക കുറ്റാരോപണങ്ങളുമായി   വത്തിക്കാന്റെ വരുമാനത്തിന്റെ  അധികപങ്കും  ഇന്ന് പാഴായിപ്പോവുന്നുണ്ട്. അതിനായി വസ്തുവകകളും വിറ്റുകൊണ്ടിരിക്കുന്നു. ദൈനംദിന വരുമാനത്തിലും വത്തിക്കാൻ പാപ്പരായികൊണ്ടിരിക്കുകയാണ്. ലോകത്ത് അമേരിക്കാ കഴിഞ്ഞാൽ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ഏറ്റവും കൂടുതൽ പണം ചെലവാക്കുന്ന രാജ്യവും വത്തിക്കാനാണ്. സഭ നശിച്ചാൽ ലക്ഷകണക്കിന് വിദ്യാലയങ്ങളും കോളെജുകളും യൂണിവേഴ്സിറ്റികളും പിന്നീട് മറ്റുള്ള പ്രസ്ഥാനസംഘടനകളുടെ വകയാകും. തന്മൂലം ലോകത്തിന് എന്തെങ്കിലും നന്മ ലഭിക്കുമെന്നും തോന്നുന്നില്ല.

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...