Tuesday, November 18, 2014

ആഡംബരങ്ങൾ ഉപേക്ഷിച്ച ഷിക്കാഗോ രൂപതയുടെ പുതിയ മെത്രാപോലീത്താ

By ജോസഫ് പടന്നമാക്കൽ

പുത്തനായ നവീകരണാശയങ്ങളുമായി വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഫ്രാൻസീസ് മാർപ്പായുടെ അതേ ജീവിതാനുഷ്ടാനങ്ങൾ സ്വീകരിച്ചിരിക്കുന്ന  റെവ്. ബ്ലാസ് ക്യൂപ്പിച്  (Blase Cupic) ഷിക്കാഗോ രൂപതയുടെ ആർച്ച് ബിഷപ്പായി ചുമതലയെടുക്കുന്നത് ചരിത്രപരമാണ്.  2.2 മില്ല്യൻ കത്തോലിക്കരുടെ ആദ്ധ്യാത്മിക നേതാവായി ഇനിമേൽ അദ്ദേഹം അറിയപ്പെടും.  അമേരിക്കൻ ചരിത്രത്തിൽ ഒരു ആർച്ച് ബിഷപ്പിനെ മാർപ്പാപ്പ നേരിട്ട് നിയമിക്കുന്നതും ആദ്യ സംഭവമാണ്.  അദ്ദേഹം യാഥാസ്ഥിതികനായ ഒരു ആർച്ച് ബിഷപ്പാണെങ്കിലും സീറോമലബാർ  അഭിഷിക്തർക്കും   അവരുടെ പുരോഹിതലോകത്തിനും ഈ ആദർശവാനിൽനിന്ന് അനേക കാര്യങ്ങൾ  പഠിക്കാൻ സാധിക്കും. സഭയുടെ പണം ധൂർത്തടിക്കുന്ന  അഭിഷിക്ത ലോകത്തിന് 'റെവ. ബ്ലാസ് ക്യൂപ്പിച്'   ഒരു വെല്ലുവിളി തന്നെയാണ്. അദ്ദേഹം അടുത്ത മാർപ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള അമേരിക്കയിൽ നിന്നുള്ള കർദ്ദിനാൾ കൂടിയായിരിക്കും.


കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കായി  പൊരുതുന്ന  ബിഷപ്പെന്ന നിലയിൽ അദ്ദേഹം അമേരിക്കൻ ജനതയുടെ പ്രിയങ്കരനായ ആദ്ധ്യാത്മിക നേതാവും കൂടിയാണ്. നിർമ്മലവും പരിശുദ്ധവും   ലളിതവുമായ ജീവിതത്തിൽക്കൂടി  കർമ്മ നിരതനായി പ്രേഷിത ദൌത്യം നിർവഹിക്കുന്ന  ഈ ബിഷപ്പ്  തീർച്ചയായും ഷിക്കാഗോ രൂപതയ്ക്ക് അഭിമാനിക്കാവുന്നതാണ്.  സുറിയാനി കത്തോലിക്കരായ സഭാ പൌരന്മാർക്ക് ക്രിസ്തുവിന്റെ  പ്രേഷിത ചൈതന്യം ഉൾക്കൊണ്ട ഇതുപോലെയുള്ള ഒരു അഭിഷിക്തനെ  ചൂണ്ടി കാണിക്കാൻ സാധിക്കില്ല. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നും അനധികൃതമായി കുടിയേറിവരായ മില്ല്യൻ കണക്കിന് ജനങ്ങൾ  രണ്ടും മൂന്നും തലമുറകളായി ഈ നാടിന്റെ മണ്ണിൽ ജോലി ചെയ്യുന്നു.  കുടിയേറ്റ നിയമങ്ങൾക്കു  ഭേദഗതി വരുത്തി ജനിച്ചു വീണ മണ്ണിന്റെ മക്കൾക്കും അവരുടെ മാതാപിതാക്കൾക്കും   പൌരാവകാശ നിയമങ്ങൾ പ്രാബല്യത്തിലാക്കാൻ അദ്ദേഹം പട പൊരുതുന്നു.  'ഇവർ  ഈ നാടിന്റെ മണ്ണിൽ പണി ചെയ്യുന്നവരാണ്. ഈ രാജ്യത്തിന്റെ വളർച്ചയിൽ പങ്കാളികളാകുകയും  രാജ്യത്തിനു വേണ്ടി  നികുതി കൊടുക്കുന്നവരുമാണ്.  മാനുഷികമായ പരിഗണ  ഇവർക്കും ഈ രാജ്യത്തിലെ മറ്റെല്ലാ  പൌരന്മാരെപ്പോലെ  ലഭിക്കണമെന്ന് 'ആർച്ച് ബിഷപ്പ് ആവശ്യപ്പെടുന്നു.


 'റെവ. ബ്ലാസ് ക്യൂപ്പിച്' നെബ്രാസ്ക്കായിൽ  ബ്ലാസ് മേരി കുടുംബത്തിലെ ഒമ്പതു  മക്കളിൽ ഒരാളായി വളർന്നൂ. മിനിസോട്ടായിലെ സെന്റ്. ജോണ്‍   വിയാന്നി സെമിനാരിയിൽ പഠനം തുടങ്ങി. 1971-ൽ ഫിലോസോഫിയിൽ ബി.എ. ബിരുദമെടുത്തു. പിന്നീട് റോമിലെ ഫൊന്തിഫിക്കൽ സെമിനാരിയിൽ പഠിച്ച് ദൈവ ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. 1975 ആഗസ്റ്റ് പതിനാറാം തിയതി വൈദികപ്പട്ടമേറ്റ് ഒമാഹായിൽ സെന്റ്‌ .മാർഗരേറ്റ്  പള്ളിയിൽ പാസ്റ്ററായി സേവനമാരംഭിച്ചു. 1978 വരെ അവിടെ സേവനം തുടർന്നു. പിന്നീട് 1981-വരെ യുവ ജന ആരാധനാലയ പ്രസ്ഥാനങ്ങളുമായി   അനുബന്ധിച്ച സംഘനയുടെ ചെയർമാനായി സ്ഥാനം തുടർന്നു. അതിനു ശേഷം  വാഷിംഗ്ണ്ടൻ   യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റെഴ്സ് ഡിഗ്രിയും പിന്നീട് 1987-ൽ തീയൊളജിയിൽ പി.എച്.ഡി. യും നേടി. കുറേക്കാലം പുരോഹിതർക്ക് പരിശീലനം കൊടുക്കുന്ന ഇൻസ്ട്രക്റ്ററായി   ജോലി  ചെയ്തു.  


അദ്ധ്യാത്മികതയെ അദ്ദേഹം അധികാരത്തിന്റെ അടയാളമായി ഒരിക്കലും കണ്ടിട്ടില്ല. 14 മില്ല്യൻ ഡോളർ വിലമതിക്കുന്ന പാരമ്പര്യമായി അനുവദിച്ചിരുന്ന  അരമന വേണ്ടെന്നുവെച്ച്  അവിടെയുള്ള റെക്റ്ററിയിലെ  വെറും സാധാരണ മുറിയിൽ   താമസിക്കാൻ നിശ്ചയിച്ചതും  അദ്ദേഹത്തിൻറെ ലാളിത്യത്തിന് തെളിവാണ്.   ഫ്രാൻസീസ് മാർപ്പാപ്പയെപ്പോലെ  ദരിദ്രരുമൊത്ത് പ്രേഷിത വേല ചെയ്യുന്ന കീഴ്വഴക്കമാണ്  ഇദ്ദെഹത്തിനു മുണ്ടായിരുന്നത് ആഡംബരമേറിയ കാറുകൾ  രൂപതാധിപനെന്ന നിലയിൽ അനുവദനീയമായിട്ടും  വിശ്വാസികളുടെ പണം ദുരുപയോഗം ചെയ്യാൻ അദ്ദേഹമൊരിക്കലും  ആഗ്രഹിച്ചിട്ടില്ല. സാധാരണക്കാരോടൊപ്പം ബസ്സിലും ട്രെയിനിലും യാത്ര ചെയ്യാനാണ് എന്നും അദ്ദേഹത്തിനിഷ്ടമുണ്ടായിരുന്നത്. എത്ര ആൾക്കൂട്ടത്തിലും ലൈൻ തെറ്റിക്കാതെ സാധാരണ യാത്രക്കാരോടൊപ്പം   യാത്രാ ടിക്കറ്റ് മേടിക്കാൻ ബസ്  ടെർമിനലുകളിലും  റയിൽവേ  സ്റ്റേഷനിലും ഈ അഭിഷിക്തനെ   കാണാമായിരുന്നു. ആർച്ച് ബിഷപ്പായി  സ്ഥാനമേൽക്കാൻ ഷിക്കാഗോയിൽ  സഞ്ചരിച്ചതും വിലകുറഞ്ഞ  വിമാന ടിക്കറ്റിലായിരുന്നു.  കടൽ ത്തീരത്തും മലയുടെ മുകളിലും തുറസായ സ്ഥലങ്ങളിലും യേശുവിന്റെ ശിക്ഷ്യന്മാർ പ്രേഷിത പ്രവർത്തനത്തിനായി കാൽ നടയായി നടന്നിരുന്നു.  ക്രിസ്തുവിന്റെ ആത്മീയ ചൈതന്യം ഉൾക്കൊണ്ട് സമൂഹത്തിൽ  കുബേരനോ ദരിദ്രനോ അധികാരത്തിലുള്ളവരോയെന്നു  ഗൗനിക്കാതെ  എല്ലാജനങ്ങളോടും തുല്യമായി പെരുമാറുന്ന  ആർച്ച് ബിഷപ്പ്  എന്തുകൊണ്ടും ഷിക്കാഗോ രൂപതയുടെ സാരഥ്യം വഹിക്കാൻ യോഗ്യനാണ്.



1998 ജൂലൈ ആറാം തിയതി 'ബ്ലാസ് ക്യൂപ്പിച്'നെ    സൌത്ത് ഡെക്കോട്ടായിലെ പതിനേഴാം ബിഷപ്പായി ജോണ്‍   പോൾ രണ്ടാമൻ നിയമിച്ചു. 2008-ൽ അമേരിക്കയുടെ പ്രസിഡന്റ്  തെരഞ്ഞെടുപ്പിൽ    ഒബാമയുടെ മത്സരവേളയിൽ ബിഷപ്പ് ബ്ലാസ് ക്യൂപ്പിചിന്    വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടായിരുന്നു. വർണ്ണവിവേചനത്തിനെതിരെ     അദ്ദേഹം സ്വരം ഉയർത്തി സംസാരിച്ചിരുന്നു. അദ്ദേഹം പറഞ്ഞു, "അമേരിക്കയുടെ ചരിത്ര പ്രധാനമായ  ഒരു തെരഞ്ഞെടുപ്പു വേളയിൽ നമ്മുടെ രാജ്യത്തിന്റെ പ്രമുഖ പാർട്ടി നേതാവായി മത്സരിക്കുന്നത് ഒരു ആഫ്രോ അമേരിക്കനാണ്. അത് ചരിത്രം തിരുത്തിയെഴുതിയ ഒരു വസ്തുതയും കൂടിയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പു ഫലം എന്തുതന്നെയെങ്കിലും കഴിഞ്ഞ കാലത്തിലെ വർണ്ണ വിവേചനത്തിന്റെ മുറിവുകൾ നമ്മുടെ രാജ്യം ഇല്ലാതാക്കുകയാണെന്നും നാം ഓർക്കണം.  ചരിത്രത്തിലെന്നും കറുത്തവനും വെളുത്തവനും തമ്മിലുള്ള വ്യത്യാസം എന്നുമുണ്ടായിരുന്നു. എന്താണെങ്കിലും അമേരിക്കൻ മാധ്യമങ്ങൾ പറയുന്നതനുസരിച്ച് പൌരന്മാർ വോട്ടുകൾ രേഖപ്പെടുത്തുന്നത്  അഭികാമ്യമല്ല. നിറത്തിന്റെ അടിസ്ഥാനത്തിൽ വോട്ടു രേഖപ്പെടുത്തുന്നത് രാജ്യത്തിന് സംഭവിച്ച അപജയങ്ങൾ കൂടുതൽ രൂക്ഷമാകാനെ സഹായിക്കുകയുള്ളൂ. അത്തരം വെല്ലുവിളികളെ തരണം ചെയ്യാൻ അമേരിക്കയും കത്തോലിക്കാ സഭയും വർണ്ണ വിവേചനം പാപവും നികൃഷ്ടവുമായി കരുതുന്നു. "  


കാലത്തിനനുസരിച്ചുള്ള  സഭയെ നയിക്കാൻ 'ബ്ലാസ് ക്യൂപ്പിച്'   എന്തുകൊണ്ടും യോഗ്യനായതുകൊണ്ടാണ് അദ്ദേഹത്തെ  അമേരിക്കയിലെ സമുന്നതമായ  ഷിക്കാഗോ രൂപതയുടെ അധിപനായി നിയമിക്കാൻ  വത്തിക്കാൻ   തീരുമാനമെടുത്തതെന്നും കണക്കാക്കണം.  .ഒരു രൂപതയിൽ ബിഷപ്പിന്റെ ചുമതലകൾ കൃസ്തുവും സഭയുമായി ഐക്യ രൂപ്യമുണ്ടാക്കുകയെന്നതാണ്. സഭാ മാതാവിനെ പരിപാലിക്കുകയെന്നത്  ഒരു ബിഷപ്പിനെ സംബന്ധിച്ച്  ഭർത്താവിന്റെ ചുമതലകൾ വഹിക്കുന്നതിനു തുല്യമാണ്. സഭാ മാതാവിന്റെ ജോലികൾ നിർവഹിക്കാൻ കഴിവും പ്രാപ്തിയുമുള്ള 'ബ്ലാസ് ക്യൂപ്പിച്നെ '    മാർപാപ്പാ നേരിട്ടു നിയമിച്ചത്  അമേരിക്കൻ സഭകളുടെമേൽ വത്തിക്കാന്റെ നിയന്ത്രണം കൂടുതൽ  ബലവത്താക്കാനുമെന്ന് നിരീക്ഷകർ കരുതുന്നു. അഭിനവ ലോകത്തിന്റെ ചിന്താഗതികളുമായി  സഭയെ ഉണർത്താൻ നീണ്ട കാലങ്ങൾ ഇനിയും കാത്തിരിക്കേണ്ടി വന്നേക്കാം. കഴിഞ്ഞ കാല മുറിവുകളുടെ പാടുകൾ മാറ്റി സഭാ മാതാവിന്റെ പ്രതിച്ഛായയ്ക്കുതന്നെ മാറ്റം വരേണ്ടതായുണ്ട്.അമേരിക്കൻ പുരോഹിതർ  ലോകത്തിന്റെ പുരോഗമനത്തെയും ചിന്താഗതികളെയും സംബന്ധിച്ച്   അറിവു നേടിയവരെങ്കിലും വിദേശ നാടുകളിൽ സേവനം ചെയ്യുന്ന സീറോ മലബാർ പുരോഹിതരുടെ മനസ് ഇന്നും വളർന്നിട്ടില്ല . കാടിന്റെയും ഉൾനാടൻ മലകളുടെയും വയനാടൻ  കാടൻ സംസ്ക്കാരത്തിന്റെയും ചിന്താ ഗതികൾ  സഭാപൗരന്മാരെ അടിച്ചേൽപ്പിക്കാനും ഇവർ ഒരുമ്പെടും. ആദ്യ മലയാളി കുടിയേറ്റക്കാരുടെ ഹൃദയ വിശാലതയെ   മുതലെടുക്കാൻ നാട്ടിൽനിന്നുമുള്ള  പൌരാഹിത്യന്റെ ഒരു ചൂഷിതവർഗം  യൂറോപ്പ്, അമേരിക്കാ ആസ്ട്രേലിയാ എന്നീ ഭൂഖണ്ഡങ്ങളിലേക്കും  വ്യാപിപ്പിച്ചിട്ടുണ്ട്. 


ഷിക്കാഗോ രൂപതയുടെ അദ്ധ്യാത്മിക നേതാവായി  ബ്ലാസ് ക്യൂപ്പിച്നെ '      മാർപ്പാപ്പ  നേരിട്ടു നിയമിച്ചതിൽനിന്നും  മനസിലാക്കേണ്ടത്   അമേരിക്കൻ സഭകളെ  കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും സഭയായി നവീകരിക്കാൻ മാർപ്പാപ്പാ ആഗ്രഹിക്കുന്നുവെന്നുള്ളതാണ്.  ഫ്രാൻസീസ് മാർപ്പാപ്പയും 'ബ്ലാസ് ക്യൂപ്പിചും '   തമ്മിൽ പരസ്പ്പരം കണ്ടു മുട്ടിയിട്ടില്ല.  തന്റെ  പ്രേഷിത പ്രവർത്തനം  സഭാ പൌരന്മാരുടെ പ്രശ്നങ്ങൾക്കും അഭിപ്രായങ്ങൾക്കും മുൻഗണന നല്കിക്കൊണ്ടായിരിക്കുമെന്നും തന്റെ  തെറ്റുകൾ എന്നും തനിക്കു  വന്നുകൊണ്ടിരുന്നത്  താനെന്നും  സ്വയം തീരുമാനങ്ങളെടുക്കുന്ന സമയങ്ങളിലായിരുന്നുവെന്നും  അതിനൊരു മാറ്റം  താൻ  ആഗ്രഹിക്കുന്നുവെന്നും  'ബ്ലാസ് ക്യൂപ്പിച്'    പറഞ്ഞു. സ്വന്തം പ്രേഷിതപ്രവർത്തനങ്ങളിൽക്കൂടി    യേശുവിന്റെ  ചൈതന്യം സഭാമക്കളിൽ വ്യാപിപ്പിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു.
ആർച്ച് ബിഷപ്പ്  'ബ്ലാസ് ക്യൂപ്പിചിന്റെ '   മുമ്പിൽ വെല്ലുവിളികൾ ധാരാളമുണ്ട്. കഴിഞ്ഞ കാലങ്ങളിൽ സഭയ്ക്കേറ്റ അപമാനത്തിൽനിന്നും  കരകയറുക  എളുപ്പമല്ല. പുരോഹിതരുടെ കുഞ്ഞുങ്ങളുടെ മേലുള്ള ലൈംഗികതയും പ്രകൃതി വിരുദ്ധ  പീഡനങ്ങളും കൊണ്ട് ഷിക്കാഗോ രൂപത തന്നെ പാപ്പരായിക്കൊണ്ടിരിക്കുന്നു. സ്കൂളുകൾ  നടത്താനുള്ള ഫണ്ടില്ല. ലൈംഗിക കുറ്റക്കാരായ പുരോഹിതർക്കു വേണ്ടി മില്ല്യൻ കണക്കിന് ഡോളർ സഭ നിത്യേന ചെലവാക്കുന്നു.  അനേക പള്ളികളും സ്കൂളുകളും അടച്ചു പൂട്ടി. പുതിയതായി ചുമതലകൾ വഹിക്കുന്ന ബിഷപ്പിനെ അഭിമുഖീകരിക്കുന്ന ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേകമായ ഒരു ഫോർമുലാ കണ്ടു പിടിച്ചേ  തീരൂ.


കർദ്ദിനാൾ ജോർജ്  ഫ്രാൻസീസിന്റെ പിൻഗാമിയായി 'ബ്ലാസ് ക്യൂപ്പിച്ന്റെ     സ്ഥാനാരോഹണം എന്തുകൊണ്ടും അദ്ദേഹത്തിനൊരു സ്വയം വെല്ലുവിളിയായിരിക്കും. ക്യാൻസർ രോഗം മൂലം അനാരോഗ്യവാനായതുകൊണ്ടാണ് കർദ്ദിനാൾ   സഭാ ചുമതലകളിൽനിന്ന് സ്വയം സ്ഥാനത്യാഗം ചെയ്തത്. 1997-മുതൽ കർദ്ദിനാൾ  ജോസഫ് ബർണാർഡിന്റെ പിൻഗാമിയായി ഫ്രാൻസീസ് ജോർജ് ഷിക്കാഗോ രൂപതയുടെ കർദ്ദിനാൾ സ്ഥാനം അലങ്കരിച്ചിരുന്നു. തന്റെ പിന്ഗാമിയായ  'ബ്ലാസ് ക്യൂപ്പിച്'  സഭയുടെ അനേക സ്ഥാനമാനങ്ങൾ  അലങ്കരിച്ചിട്ടുള്ള  പരിചയ സമ്പന്നനായ ഒരു ബിഷപ്പാണ്.  അദ്ദേഹം വാഷിംഗ്ണ്ടൻ  സ്റ്റേറ്റിലെ സ്പോക്കെൻ എന്ന രൂപതയിലെ ബിഷപ്പായിരുന്നു.  കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കും  പുരോഹിത ലൈംഗിക പീഡനകൾക്കെതിരെയും ശബ്ദം ഉയർത്തുമെന്ന്  പറയുന്നുണ്ടെങ്കിലും ക്രിയാതമാകമായ പരിഹാരങ്ങളൊന്നും അദ്ദേഹം  നിർദ്ദേശിച്ചിട്ടില്ല.


'ബ്ലാസ് ക്യൂപ്പിച്'   ഇടവക ജനത്തോട് ഇടപെടാനും പള്ളിയിൽ വരുന്നവരെ സുസ്മേരവദനായി  സ്വീകരിക്കാനും കൈകൾ കൊടുത്ത്  അവരുമായി കുശല വർത്തമാനങ്ങൾ  പറയാനും  കുടുംബ കാര്യങ്ങൾ  സംസാരിക്കാനും എന്നും താല്പര്യം കാണിച്ചിരുന്നു. ബിഷപ്പായിരുന്ന കാലങ്ങളിൽ നൂറു കണക്കിന് ക്ലാസ് മുറികൾ സന്ദർശിച്ച് കുട്ടികളുടെ പഠന കാര്യങ്ങൾക്കും മാർഗ നിർദ്ദെശങ്ങൾ നല്കാൻ ഉത്സാഹം കാണിച്ചിരുന്നു. ഷിക്കാഗോ രൂപതയിൽ 17 ഹോസ്പ്പിറ്റലുകളും അഞ്ചു കോളെജുകളും രൂപതാ വകയായി യൂണിവേഴ്സിറ്റികളുമുണ്ട്. രൂപതയുടെ കീഴിൽ 49000 വിദ്യാർത്ഥികളും പഠിക്കുന്നു.  'ബ്ലാസ് ക്യൂപ്പിച്'   നല്ലൊരു വിദ്യാഭ്യാസ ചിന്തകനുമാണ്. വിദ്യാർത്ഥികളോടും അദ്ധ്യാപകരോടും   സാമൂഹികമായി ഇടപെടാനും  അദ്ദേഹം സമയം കണ്ടെത്തുന്നു.  വ്യക്തിപരമായി ഓരോരുത്തരുമായി ഇടപെടുന്നതു കാരണം  ആദ്ധ്യാത്മിക നേതാവിനുപരി ജനം  അദ്ദേഹത്തെ ഒരു സുഹൃത്തായും  കാണുന്നു.  ആത്മീയതയിൽ മുഴുകിയിരിക്കുന്ന ഒരു  ഗുരു  അദ്ധ്യാത്മികാന്വേഷണമായി വരുന്ന   ഓരോരുത്തരെയും മനസിലാക്കണമെന്ന്  'ബ്ലാസ് ക്യൂപ്പിച്' ചിന്തിക്കുന്നു. അവരുടെ ആശയങ്ങളും ഉൾക്കൊള്ളണം.ഒരു വലിയ രൂപത വിജയകരമായി പ്രവർത്തിക്കണമെങ്കിൽ പൂർണ്ണമായും സഭാ പൌരന്മാരുടെ സഹായം വേണമെന്നും അദ്ദേഹം കൂടെ കൂടെ പറയാറുണ്ട്.


1885 തൊട്ട് തന്റെ മുൻഗാമികൾ താമസിച്ചിരുന്ന അരമന ഷിക്കാഗോയുടെ പോഷ് സ്ഥലത്ത് ഏകദേശം രണ്ടേക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ആഡംഭരത്തിൽ ജീവിക്കാനുള്ള എല്ലാ വിധ സൌകര്യങ്ങളുണ്ടായിട്ടും   അതെല്ലാം അദ്ദേഹം വേണ്ടെന്നു വെക്കുകയാണ് ചെയ്തത്. മുപ്പതു മുറികളുള്ള വിക്റ്റൊറിയൻ  ഭവനം വിറ്റിട്ട്  രൂപതാ വക അടച്ചു പൂട്ടി കിടക്കുന്ന സ്കൂളുകൾ വീണ്ടും പ്രവർത്തിപ്പിക്കാനാണ്  അദ്ദേഹം പദ്ധതിയിടുന്നത്. ചരിത്രപരമായ ഒരു മെത്രാസന അരമനയാണ് ഷിക്കാഗോ രൂപതയ്ക്കുള്ളതെങ്കിലും  ചരിത്ര വസ്തുതകൾ നല്ലവണ്ണം മനസിലാക്കിയിട്ടാണ് അദ്ദേഹം  ആഡംബരം നിറഞ്ഞ ഒരു വസതി വേണ്ടന്നു വെച്ച് കത്തീഡ്രലിന് സമീപമുള്ള ഒരു ചെറിയ റെക്റ്ററിയിൽ  താമസിക്കാൻ തീരുമാനിച്ചത്.  പള്ളിക്കു സമീപമുള്ള  റെക്റ്ററിയിലെ താമസം   കുർബാനകൾ അർപ്പിക്കാൻ  കൂടുതൽ സൗകര്യ പ്രദവുമായിരിക്കും. 14.3 മില്ല്യൻ ഡോളർ ആ കെട്ടിടത്തിന് വിലമതിക്കുന്നുണ്ട്. അരമനയോടു ചേർന്ന് വിശാലമായ ഹാളോടു കൂടിയ ഏകദേശം 3800 ചതുരശ്ര അടി   വിസ്തൃതിയേറിയ മറ്റൊരു കെട്ടിടവും ഉണ്ട്. അവിടെ കന്യാസ്ത്രികൾ താമസിക്കുന്നു. ഭാവിയിൽ  രൂപതവക സെമിനാറുകളും മറ്റു പരിപാടികളും നടത്താൻ ആ കെട്ടിടം ഉപയോഗപ്പെടുത്താനും പദ്ധതിയിടുന്നു.


 2013-ൽ ഫ്രാൻസീസ് മാർപ്പാപ്പാ ആഗോള സഭയുടെ പരിപാലകനായ നാൾമുതൽ  പുരോഹിതർ ലളിതജീവിതം നയിക്കണമെന്ന്  ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്നു. ദാരിദവ്രതം അനുഷ്ടിക്കണമെന്ന പുരോഹിത വ്രതം ഇന്ന് വെറും കാപട്യമായി മാറിയിരിക്കുന്നു.  സഭയെ മുറിവേൽപ്പിച്ചുകൊണ്ട്   സഭാ പൗരന്മാരെ ചൂഷണം ചെയ്തുകൊണ്ട് ഇന്ന് ഭൂരി ഭാഗം  പുരോഹിതരും ധനികരായി ജീവിക്കുന്നു. പുരോഹിതർ എളിമയും ദരിദ്രരോട് കരുണയും സ്നേഹവുമുള്ള വരായിരിക്കണമെന്നു മാർപ്പാപ്പാ കഴിഞ്ഞ ആഗസ്റ്റിൽ ഏഷ്യൻ കത്തോലിക്കരോടായി പറയുകയുണ്ടായി.


ഷിക്കാഗോ മെത്രാപോലീത്തൻ  പള്ളിയുടെ പാരമ്പര്യമനുസരിച്ച് ആഗതനായ പുതിയ ബിഷപ്പ് 'ഹോളി നെയിം'കത്തീഡ്രലിന്റെ    കവാടത്തിലുള്ള പ്രധാന വാതിലിൽ മൂന്നു പ്രാവിശ്യം കൊട്ടുവടികൊണ്ട്  മുട്ടിയശേഷം പള്ളിയുടെ  മദുബായിലേക്ക്  പ്രവേശിച്ചത് ഒരു ചരിത്രമുഹൂർത്തമായിരുന്നു. അദ്ദേഹത്തിൻറെ സ്വപ്നങ്ങളും പ്രതീക്ഷകളും ഇനി രൂപതയും പരിസരങ്ങളും  സംബന്ധിച്ചായിരിക്കും.  അമേരിക്കയിലെ മൂന്നാമത്തെ വലിയ രൂപതയുടെ ചുമതലകൾ സ്വീകരിച്ചു കഴിഞ്ഞു.  ഇടവകയിലെ കുടിയേറ്റക്കാരുടെ  പ്രശ്നങ്ങൾ, തെരുവുകളിലെ  ഗുണ്ടാവിളയാട്ടം, മയക്കു മരുന്നുകളുടെ ഉപഭോഗം, എന്നിങ്ങനെ  അശാന്തിയുടെ രൂക്ഷമായ  അന്തരീക്ഷങ്ങൾ  രൂപതാതിർത്തികളിൽ നിത്യ സംഭവങ്ങളാണ്. പട്ടണത്തിൽ പുതിയതായി ചുമതലയെടുക്കുന്ന ഒമ്പതാമത്തെ ഈ മെത്രാ പോലീത്തായ്ക്ക് വെല്ലുവിളികൾ ധാരാളമുണ്ട്. കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കായുള്ള  മുറവിളിയ്ക്ക് താല്ക്കാലികമായി പ്രാധാന്യം കല്പ്പിക്കുന്നില്ലെങ്കിലും  'ബ്ലാസ് ക്യൂപ്പിച്' ന്റെ   അജണ്ടയിലുണ്ട്.  ദാരിദ്ര്യത്തിൽ  കഴിയുന്നവരുടെയും  അടിസ്ഥാന ജീവിത സൌകര്യങ്ങളില്ലാത്തവരുടെയും പ്രശ്നങ്ങളാണ്  അദ്ദേഹത്തെ കൂടുതലായും അലട്ടുന്നത്. രൂപതയിലെ അനേകർ കുടുംബ പരിപാലനത്തിനായി ഓരോ ദിനവും കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും സഹിക്കുന്നു. യുവാക്കൾക്ക് സ്വപ്നമില്ലാതായിരിക്കുന്നു. ആശകളും അറ്റുപോയി. നാളയുടെ പ്രതീക്ഷകളും ഒട്ടുമില്ലാതായിരിക്കുന്നു.  ഇത്തരം പ്രശ്നങ്ങൾ പുതിയ മെത്രാ പോലീത്താ കൂടെ കൂടെ ഓർമ്മിപ്പിക്കാറുണ്ട് .   ഇനിയുള്ള കാലങ്ങളിലെ  സാമൂഹിക അസമത്വങ്ങളെ  ഇല്ലാതാക്കാൻ തന്റെ കർമ്മ ചക്രങ്ങൾ തിരിക്കാനും  അദ്ദേഹം  സ്വപ്നം കാണുന്നു.


ഫ്രാൻസീസ് മാർപ്പായുടെ വീക്ഷണത്തിലും  സമയം പാഴാക്കാതെ സഭ പാവങ്ങൾക്കായി പ്രവർത്തിക്കണമെന്നുള്ളതാണ്. സഭയെ കാരുണ്യത്തിന്റെയും  ദീന ദയാലുതയുടെയും  ഹൃദയവിശാലതയുടെതുമായി പരിവർത്തന വിധേയമാക്കാൻ അദ്ദേഹവും ആഗ്രഹിക്കുന്നു.  ലാളിത്യവും മനുഷ്യത്വവും ഫ്രാൻസീസ് മാർപ്പായിൽ  നിറഞ്ഞിരിപ്പുണ്ടെങ്കിലും  മാറ്റത്തിന്റെതായ ഒരു വിപ്ലവ ധ്വനിയാണ് മാർപ്പാപ്പ എന്നും മുഴക്കാറുള്ളത്. മാർപ്പാപ്പായുടെ   വിപ്ലവ ചൈതന്യം മുഴുവനായി ഉൾക്കൊണ്ട ഷിക്കാഗോ രൂപതയിലെ പുതിയ മെത്രാ പോലീത്തായുടെ നിയമനം അമേരിക്കൻ സഭകളുടെ നവീകരണ മുന്നേറ്റമായും  കരുതുന്നു. സഭയിൽതന്നെ  വിപ്ലവ കൊടുങ്കാറ്റ് തുടങ്ങിയതും ആശ്വാസകരമാണ്.


മെത്രാ പോലീത്തായുടെ സ്ഥാനാരോഹണ ചടങ്ങിൽ സമൂഹത്തിന്റെ നാനാ തുറകളിലുള്ളവരും മത രാഷ്ട്രീയ നേതാക്കൻമാരും സംബന്ധിച്ചിരുന്നു. ഗവർണ്ണർ പാറ്റ് ക്വീൻ, മേയർ ഇമ്മാനുവേൽ, ഷിക്കാഗോ പോലീസ് സൂപ്രണ്ടന്റ്  ഗാരി മക്കാർത്തി മുതലായവരുടെ  സാന്നിദ്ധ്യം  അദ്ദേഹത്തിൻറെ   പ്രേഷിതജോലിയിലേക്കുള്ള യാത്രയ്ക്ക് തുടക്കം കുറിച്ചു. ഷിക്കാഗോയുടെ ചരിത്രത്തിൽ ഒരു മുൻഗാമി ജീവിച്ചിരിക്കെ   മെത്രപോലീത്തായുടെ ചുമതലകൾ കൈകൊള്ളൂന്നതും ആദ്യത്തെ സംഭവമാണ്. സ്ഥാനമേറ്റ അദ്ദേഹത്തിൻറെ  പ്രസംഗം ജന ഹൃദയങ്ങളെ സ്പർശിക്കുന്നതായിരുന്നു. അദ്ദേഹം പറഞ്ഞു," പ്രസിദ്ധരായ അനേക പ്രതിഭകളെ സൃഷ്ടിച്ച നഗരമാണ് ഷിക്കാഗോ. മദ്ധ്യ യൂറോപ്പിലെ മനുഷ്യ ഹൃദയങ്ങളിൽ അലിഞ്ഞുചേർന്ന  മൂല്യങ്ങൾ ഇവിടെയുള്ള ഭൂരിഭാഗം ജനങ്ങളിലുമുണ്ട്. ഭയമില്ലാതെ ഏതു അഗ്നി ജ്വാലയിൽക്കൂടിയും അസ്ഥിമാടങ്ങളുടെ  മുകളിലും സധൈര്യം സഞ്ചരിച്ച ഒരു ചരിത്രമാണ് ഷിക്കാഗോയ്ക്കുള്ളത്. എന്റെ ആദ്ധ്യാത്മിക വളർച്ചയിൽ  സ്വപ്നം കണ്ടിരുന്ന  മാതാപിതാക്കൾ ഇന്ന് ജീവിച്ചിരിപ്പില്ല. ഈ മുഹൂർത്തത്തിൽ അവർ ഉണ്ടായിരുന്നെങ്കിലെന്ന്  ഞാൻ ആശിച്ചു പോവുന്നു. എങ്കിലിന്ന്  എന്റെ പിതാവിന്റെ അഭിമാന മുഹൂർത്തമാകുമായിരുന്നു. എന്റെ പ്രിയപ്പെട്ട അമ്മ ഈ സ്ഥാനാരോഹണം സത്യമെന്നും വിശ്വസിക്കുമായിരുന്നു".

Bishop Blase Cupich, Cardinal Francis George

Bishop Blase Cupich  succeed Cardinal Francis George



Archbi Blase Cupich will not live in Gold Coast landmark residence



 
 Bishop Cupich met with Pope Benedict XVI. 

Wednesday, November 12, 2014

മഹാദേവന്റെ മയൂരവാഹകൻ പുരാണങ്ങളിലും മതങ്ങളുടെ മതിൽക്കെട്ടിലും


ജോസഫ് പടന്നമാക്കൽ

നീലാകാശത്തിൽ കാർമേഘങ്ങൾ മൂടി മഴക്കാറുകൾ പ്രത്യക്ഷപ്പെടുമ്പോൾ പീലി വിടർത്തി ചാഞ്ചാടുന്ന മയിലിനെ കാണുന്ന വേളയിൽ പ്രപഞ്ചസൃഷ്ടാവിനെ നാം അറിയാതെ മനസിനുള്ളിൽ നമിച്ചുപോകും. സൂര്യന്റെ പ്രകാശതരംഗങ്ങളിൽ ഓരോ പീലിയിലുമുള്ള ഹൃദയഹാരിയായ മനോഹാരിതയുടെ പീലിക്കണ്ണുകൾ വട്ടത്തിലൊതുക്കി മയിലുകൾ വിശറി പിടിക്കുമ്പോൾ കാണുന്നവരായ നാം കണ്ണഞ്ചിക്കാതിരിക്കില്ല. അവിടെയൊരു വർണ്ണപ്രപഞ്ചം തന്നെ വിസ്മയഭരിതരായ നമുക്കു മുമ്പിൽ  ആവരണം ചെയ്യുകയാണ്. പ്രകൃതിയാൽ മനസിനുന്മേഷം നൽകുന്ന ഈ മയിൽനൃത്തം എത്രയെത്ര  മനോഹരമെന്ന് നമ്മുടെ അവബോധ മനസുകൾ അറിയാതെ മന്ത്രിച്ചു പോവും.

മയിലിനെപ്പോലെ സൌന്ദര്യാത്മകവും ആകർഷകവുമായ മറ്റൊരു പക്ഷിയെ ഈ ഭൂമുഖത്ത്  കണ്ടിട്ടുണ്ടാവില്ല. മയിൽ ഭാരത ജനതയ്ക്ക് അഭിമാനിക്കാവുന്ന നമ്മുടെ ദേശീയ പക്ഷിയും കൂടിയാണ്.  ഇതിഹാസങ്ങളിലും പുരാണങ്ങളിലും ദേവ സദസുകളിലെ പുണ്യഗണങ്ങളിലും ഈ പക്ഷിക്ക്  പവിത്രമായ ഒരു സ്ഥാനം കല്പ്പിച്ചിട്ടുണ്ട്. സൃഷ്ടാവിന്റെ മാന്ത്രികമായ കലാവിരുതുകൾ   ഐന്ദ്രജാലികനായ ആ പക്ഷിയുടെ ചിറകുകളിൽ ഒത്തുചേർന്നിരിക്കുന്നതായും കാണാം. ഭാരതീയ ദേവ ദൈവങ്ങളുടെ പ്രതിഷ്ഠകളിൽ മയിലുകൾക്കും ഔന്നത്യമേറിയ ഒരു സ്ഥാനമുണ്ട്. വൈദിക കാലങ്ങൾ മുതൽ മയിലുകൾ പരിശുദ്ധിയുടെ പക്ഷിയാണ്. മയിലിനെ വേട്ടയാടൽ ഭാരതമാകെ  നിരോധിച്ചിരിക്കുന്നു.

കാറ്റിന്റെയും മഴയുടെയും ഇടിമുഴക്കങ്ങളുടെയും ദേവനായി മയൂര വാഹകനെ ഹൈന്ദവ വിശ്വാസ സംഹിതകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പീലി വിടർത്തി നില്ക്കുന്ന മയിലുകളെ കാണുമ്പോൾ അന്നു മഴയുണ്ടാകുമെന്ന് നാടോടി വർത്തമാനങ്ങളിൽ ഉണ്ട്. അത് പരമ്പരാഗതമായി കേരളീയ ജനത  വിശ്വസിച്ചിരുന്നു. കുറച്ചൊക്കെ സത്യവും ആ വിശ്വാസത്തിൽ ദർശിക്കുന്നുമുണ്ട്. ആകാശത്തിൽ  കാർമേഘങ്ങൾ ഇടിച്ചു കയറി പന്തലിക്കുന്ന മുഹൂർത്തത്തിൽ രാഗാനുരാഗ ഭാവത്തോടെ മയിലുകൾ പീലി വിടർത്തി നൃത്തം ചെയ്യാറുണ്ട്. ഇന്ത്യൻ നാട്യ കലകളിലും ഭരതനാട്യത്തിലും മറ്റു സാംസ്ക്കാരിക കലകളിലും മയൂര നൃത്തമുണ്ട്.

ദേശീയ പക്ഷിയായ മയിലുകൾ ഭാരതത്തിൽ ധാരാളമായുണ്ട്‌. മയിലുകൾ ചൂടുളള സമതല പ്രദേശങ്ങളിലെ പുല്മേടകളിൽ തത്തി കളിക്കുന്നത് കാണാം. വനപ്രദേശങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലും ദൃശ്യമാണ്. കൂടുതലായും അമ്പലങ്ങൾക്ക്‌ ചുറ്റുമായി കാണുന്നു. നദികളുടെ തീരത്തും ചെടികളുടെ ഇടയിലും അവകൾ വസിക്കുന്നു. ചിലപ്പോൾ ചാഞ്ഞു നില്ക്കുന്ന മരങ്ങളുടെ കൊമ്പുകളിലും വിശ്രമിക്കുന്നതു കാണാം. വിത്തുകളും പ്രാണികളും ചിലയിനം ഇഴജന്തുക്കളും  പാമ്പുകളും ഇവറ്റകളുടെ ഭക്ഷണമാണ്. ആണ്‍ മയിലുകളും പെണ്‍ മയിലുകളും രൂപാദി ഭാവങ്ങളിൽ തികച്ചും വ്യത്യസ്തമായി കാണുന്നു. ആണ്മയിലുകൾക്ക് ശരാശരി പതിനൊന്നു പൌണ്ട് തൂക്കവും പെണ്‍ മയിലുകൾക്ക് ഏഴു പൌണ്ട് തൂക്കവും കാണാം. ഓരോ തുവലിന്റെ അറ്റത്തും മനോഹരമായ കണ്ണുകൾ പോലുള്ള ദൃശ്യങ്ങളുമുണ്ട്.

നീലയും പച്ചയുമാർന്ന നീളൻ പീലികൾ ആണിന്റെ വർഗത്തിലുള്ള മയിലുകൾക്കു കാണാം. ഈ മയൂര പക്ഷിയെ നീണ്ട വാലായിട്ടാണ് സാധാരണ കാണപ്പെടുന്നത്. ആണ്മയിലുകളുടെ തലയിൽ പൂവിതളുകൾ പോലുള്ള പപ്പുകളുണ്ട്. പെണ്മയിലുകളുടെ തൂവലുകൾ ഇരുണ്ട പച്ച നിറമുള്ള ചാര നിറത്തിലുള്ളതായിരിക്കും. പെണ്മയിലുകൾക്ക് ആണ്മയിലുകളെപ്പോലെ നീണ്ട തൂവലുകൾ കാണില്ല. ആണ്മയിലുകൾ പീലി വിടർത്തി പെണ്മയിലുകളെ അനുരാഗ രീതിയിൽ ആകർഷിക്കാൻ ശ്രമിക്കും. മയിലുകൾ കോഴി വർഗത്തിൽപ്പെട്ട പക്ഷികളാണ്. കോഴികളെപ്പോലെ അധിക ദൂരം പറക്കാനും കഴിവില്ല.

വൈദിക കാലം മുതൽ വിശുദ്ധ ഗണങ്ങളിലെ പക്ഷികളായി അറിയപ്പെടുന്ന മയിലുകൾ തമിഴ് നാട്ടിൽ മുരുഗസ്വാമിയെന്നറിയപ്പെടുന്ന സുബ്രമണ്യ മഹാദേവർ സ്വാമികളുടെ വാഹനമായി കരുതുന്നു.  പരമശിവന്റെയും പാർവതി ദേവിയുടെയും പുത്രനായി മുരുഗ സ്വാമിയെ അറിയപ്പെടുന്നു. മുരുഗ ഭഗവാൻ തമിഴ് നാടിന്റെ പ്രിയങ്കരനായ അസുര ഗണങ്ങളിലെ ദേവനും കൂടിയാണ്. മഹാദേവൻ മയൂര വാഹത്തിൽ തന്റെ ദേവ സ്ത്രീകളുമൊത്തു സഞ്ചരിക്കുന്ന ശ്രീ രാജാ രവിവർമ്മയുടെ ഒരു ചിത്രം പ്രസിദ്ധമാണ്. മഹാവിഷ്ണുവിന്റെ ദശാവതരാങ്ങളിൽ ഒന്നായ ശ്രീ കൃഷ്ണ ഭഗവാന്റെ കിരീടത്തിൽ അലങ്കാരമായി ചൂടിയിരിക്കുന്നതും മയിൽപ്പീലികളാണ്.

വൈദിക കാലം മുതൽ പുരാണ ലിഖിതങ്ങളിലുള്ള ഹൈന്ദവ ദേവതയായ സരസ്വതി ദേവി ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും അറിവു തേടുന്നവരുടെയും ദേവതയാണ്. ബ്രഹ്മാവിന്റെ പ്രിയപ്പെട്ട കൂട്ടുകാരിയും സഹായിയുമായി അറിയപ്പെടുന്നു. വിദ്യാർത്ഥികളും അദ്ധ്യാപകരും ശാസ്ത്രജ്ഞരും ജീവിതത്തിന്റെ നാനാ തുറകളിലുള്ളവരും ഒന്നുപോലെ സരസ്വതി ദേവിയെ വാഴ്ത്തിക്കൊണ്ട് ദേവിക്കായി പൂജകൾ അർപ്പിച്ചു വരുന്നു. സരസ്വതിയ്ക്ക് ദാർശനീകമായ  പരിശുദ്ധിയുടെ നാലു കൈകൾ ഉണ്ട്. താമര ഇതളുകളുടെ പുറത്ത് ധവള നിറമുള്ള സാരി ധരിച്ച്  ചമ്പ്രം പടഞ്ഞിരിക്കുന്ന സരസ്വതി ദേവിയുടെ ദേവി വിഗ്രഹങ്ങളാണ് ഹൈന്ദവരുടെ പൂജാ മുറികളിൽ കൂടുതലായും കാണപ്പെടുന്നത്. ഒരു കൈയിൽ പുസ്തകവും മറ്റേ കൈയിൽ ജപമാലയും പിടിച്ചിട്ടുണ്ട്. മുമ്പുള്ള രണ്ടു കൈകളിൽ വീണയും വഹിച്ചിരിക്കുന്നു. വലതുകാൽ ഇടതു കാലിനു ചേർത്തും വെച്ചിട്ടുണ്ട്. സരസ്വതി ദേവിയുടെ സമീപത്തായി ഒരു മയിൽ ദേവിയെ ഭയഭക്തി നിറഞ്ഞ  ആകാംഷയോടെ നോക്കിനില്ക്കുന്ന കാഴ്ച പ്രകടമായി കാണാം. വെളുത്ത സാരി പരിശുദ്ധിയുടെയും ജ്ഞാനത്തിന്റെയും അടയാളമായി പ്രതിഫലിക്കുന്നു. തൊട്ടു താഴെ വെള്ളത്തിൽ നീന്തുന്ന അരയന്നം സരസ്വതി ദേവിയുടെ വാഹനമാണ്. അറിവിനെ തേടിയുള്ള ആകാക്ഷയുടെ പ്രതീകമായി മയിലുകളെ സൂചിപ്പിക്കുന്നു.

കാവ്യങ്ങളിലും ഇതിഹാസങ്ങളിലും ഹൈന്ദവ ഗ്രീക്ക് പുരാണങ്ങളിലും സൌന്ദര്യലഹരിയിൽ നിറഞ്ഞിരിക്കുന്ന മയിലുകൾ ചരിത്ര ഗ്രന്ഥപ്പുരയിലെ പുസ്തകങ്ങളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ബി.സി. 322-ൽ ഭാരതം ഭരിച്ചിരുന്ന മൌര്യ സാമ്രാജ്യ ചക്രവർത്തിമാരുടെ അടയാളവും മയൂരമായിരുന്നു. മൌര്യയെന്ന വാക്കിന്റെ പ്രഭവ കേന്ദ്രവും മയൂരത്തിൽ നിന്നായിരുന്നുവെന്നാണ് സാങ്കല്പ്പികമായി എഴുതപ്പെട്ടിരിക്കുന്നത്. മൌര്യസാമ്രാജ്യത്തിന്റെ സ്ഥാപകനായിരുന്ന ചന്ദ്ര ഗുപ്ത മൌര്യ  മയിലുകളെ വളർത്തുന്ന ഒരാളിന്റെ മകനായിരുന്നുവെന്ന കഥയുമുണ്ട്.

കേരള വർമ്മ തമ്പുരാന്റെ മയൂര സന്ദേശം മലയാള കാവ്യ സാഹിത്യത്തിൽ അതുല്യമായ ഒരു സ്ഥാനം അലങ്കരിക്കുന്നു. ഹരിപ്പാടുള്ള ഏകാന്തമായ കൊട്ടാര ജയിലറ തടവിൽ നിന്നും വിരഹ ദുഖത്തിൽ കഴിയുന്ന കേരളവർമ്മ തമ്പുരാൻ തന്റെ പ്രിയതമയ്ക്ക് മയൂരം വഴി കാവ്യ രൂപേണ സന്ദേശങ്ങൾ അയച്ചു കൊണ്ടിരുന്നു. ആയല്യം തിരുന്നാൾ മഹാരാജാവിനെതിരെ ഗൂഢാലോചന നടത്തിയതിന്റെ പേരിലായിരുന്നു രാജാവിന്റെ രോഷാഗ്നിയാൽ അദ്ദേഹത്തിന് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നത്. തടവിലാക്കപ്പെട്ട പ്രതിയുടെ വിരഹ ദുഃഖം കവിതയിൽ ആലപിച്ചപ്പോൾ അത് മലയാള കവിതാ സാഹിത്യത്തിന്റെ ആദ്യത്തെ വിരഹ ദുഃഖ കവിതയായി മാറി. ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിലെ തടവറയിൽനിന്നും മയൂരം വഴി ഇവിടെ തന്റെ പ്രണയ ദൂത്  പകർത്തുകയാണ്. ഓരോ ദിവസവും ഓരോ ശ്ലോകങ്ങൾ പ്രിയതമയ്ക്കുവേണ്ടി രചിക്കുമായിരുന്നു. കൊട്ടാരത്തിലെ സമീപത്തുകൂടിയൊഴുകുന്ന കായംകുളം തോട്ടിലൂടെ വെള്ളത്തിൽ യാത്ര ചെയ്യുന്ന ഹരിപ്പാട് സുബ്രമണ്യം ക്ഷേത്രത്തിലെ മയിലായിരുന്നു സന്ദേശവാഹകൻ. ആയല്യം തിരുന്നാളിന്റെ മരണശേഷം വിശാഖം തിരുന്നാൾ ഭരണമേറ്റ ശേഷമാണ് അദ്ദേഹം ജയിൽ വിമുക്തനായത്.

ക്രിസ്തീയമായ വീക്ഷണത്തിലും മയിലുകളെ പരിശുദ്ധിയുടെ അടയാളമായും കരുതുന്നു. പൌരസ്ത്യ ക്രിസ്ത്യൻ ആചാരങ്ങൾ വെച്ചു പുലർത്തുന്ന സീറോ മലബാർ സഭകളിലെ അഭിഷിക്തരായവരുടെ   തൊപ്പികളിൽ ആലങ്കാരികമായോ വിശുദ്ധിയുടെ അടയാളമായോ സ്നേഹ സല്ലാപങ്ങൾ നടത്തുന്ന രണ്ടു മയിലുകളുടെ പടങ്ങൾ തുന്നി വെച്ചിരിക്കുന്നതു കാണാം. വിശുദ്ധ ഗ്രന്ഥത്തിലെ പഴയ നിയമത്തിൽ  സോളമന്റെ കാലത്തുള്ള മയിലുകളെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ട്. അദ്ദേഹം വിദൂരതയിലേക്ക് കപ്പലുകൾ അയച്ചിരുന്നു. ഓരോ മൂന്നു വർഷവും കപ്പലുകൾ മടങ്ങി വരുന്നത് സ്വർണ്ണവും വെള്ളിയും കുരങ്ങന്മാരും മൈലുകളുമായിട്ടായിരുന്നു. സോളമൻ, പഴയനിയമത്തിലെ രാജാക്കന്മാരിൽ ഏറ്റവും ധനികനായ രാജാവായിരുന്നു. ക്രിസ്തു മതം ഉണ്ടാവുന്നതിനു മുമ്പ് പേഗനീസ മതങ്ങളുടെയും  അടയാളമായി മയിലുകളെ സ്വീകരിച്ചിരുന്നു. ക്രിസ്തീയ പവിത്രതകളിൽ മയിലുകൾക്കുള്ള സ്ഥാനം പേഗൻ മതങ്ങളുടെ തുടർച്ചയാകാം.

ഗ്രീക്കു പുരാണങ്ങളിലെ ഐതിഹാസിക ദേവതയായ 'ഹെറായുടെ' അടയാളം മയിലായിരുന്നു. 'ഹെറാ' കമിതാക്കളുടെയും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരുടെയും ദേവതയായി കരുതുന്നു. അവർ ഭാര്യയും അമ്മയുമായി സാങ്കല്പ്പിക കഥകളിൽ വിശേഷിപ്പിച്ചിരിക്കുന്നു. വൈവാഹിക താളപ്പിഴകൾ സംഭവിക്കുന്നവർക്കും പ്രശ്നങ്ങളുള്ള അമ്മമാർക്കും അവർ കാരുണ്യത്തിന്റെ ദേവതയായിരുന്നു. റോമൻപേരിൽ അവരെ ജൂനോയെന്നും അറിയപ്പെട്ടിരുന്നു. അവർ സിയാസിന്റെ ഭാര്യയും ഗ്രീക്കു ദേവഗണങ്ങളുടെ റാണിയുമായിരുന്നു. മാതൃകാപരമായുള്ള കുടുംബ ജീവിതം നയിക്കുന്നവരുടെ  മാദ്ധ്യസ്ഥ ദേവതയുമായിരുന്നു. അതെ സമയം ഏറ്റവും അസൂയ പിടിച്ച പ്രതികാര ദാഹിയായ  മറ്റൊരു മുഖവും ഈ ദേവതയ്ക്കുണ്ടായിരുന്നു. ഒരുവളുടെ ഭർത്താവുമൊത്തു രതിസുഖം അനുഭവിക്കുന്ന മറ്റു സ്ത്രീകളെയും അവരിൽ ഉണ്ടായ സന്തതികളെയും കൊപാഗ്നിയാൽ ഈ ദേവത പ്രതികാരം ചെയ്തിരുന്നുവെന്നാണ് ഗ്രീക്കു പുരാണത്തിൽ എഴുതപ്പെട്ടിരിക്കുന്നത്.

ക്രിസ്തുമസ് കാലങ്ങളിൽ യൂറോപ്പിലും അമേരിക്കയിലും പുല്ക്കൂടിന്റെ കവാടത്തിന്റെ മുകളിലായി രാജകീയ മനോഹാരിതയുളവാക്കുന്ന വിടർന്ന പീലികളോടെയുള്ള ഒരു മയിലിന്റെ രൂപം വെയ്ക്കാറുണ്ട്. പൌരാണിക കലകളിൽ ക്രിസ്തു മതത്തിനുള്ളിൽ മയിലുകൾക്കുള്ള പ്രതീകാത്മകത എന്തെന്ന് അധികമാരും ചിന്തിക്കാറില്ല. മദ്ധ്യകാല യുഗങ്ങളിലെ ച്ഛായാപടങ്ങളിലും പ്രാചീന കൃതികളിലും പള്ളികളുടെ ആലങ്കാരികമായ മോന്തായങ്ങളിലും ഭിത്തികളിലും മയിലുകളുടെ പടങ്ങളുണ്ടായിരുന്നു. ചിത്ര രൂപേണ പള്ളികളുടെ ഭിത്തികളിലും കവാടത്തിലുമുണ്ടായിരുന്ന  മയിലുകൾ രൂപാലങ്കാര ഭാവങ്ങളുടെ സവിശേഷതകൾ തേടി വരുന്ന ജിജ്ഞാസ്സുക്കൾക്ക് പ്രയോജനപ്രദവും വിസ്മയം ഉളവാക്കുന്നതുമായിരുന്നു. നയനമനോഹരമായ കലാരൂപങ്ങളുള്ള മയിലുകൾ സഭയുടെ പാരമ്പര്യത്തെ അഭിമാനിക്കത്തവണ്ണം ബലവത്താക്കുന്നു. പുല്ക്കൂടുകളുടെ മുകളിലുള്ള ആലങ്കാരിക മയിലുകളുടെ രൂപങ്ങൾ കാണുമ്പോൾ മദ്ധ്യകാല യുഗത്തിലെ ജനങ്ങൾ അനുഗ്രഹീതമായ പ്രകൃതിയെയും  ജീവ ജാലങ്ങളെയും സ്നേഹിച്ചിരുന്നുവെന്നും കരുതണം. സൃഷ്ടാവിന്റെ സമസൃഷ്ടികളോടുള്ള സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായും  പുല്ക്കൂടിലെ പക്ഷികളെയും ആട്ടിൻ കൂട്ടങ്ങളെയും കരുതാം. അടയാളമായി ജ്യോതിഷന്മാർ കണ്ടുവന്ന ആകാശത്തിലെ നക്ഷത്രങ്ങളും സുഗന്ധ ദ്രവ്യങ്ങളും കുന്തിരക്കവും സൃഷ്ടാവും സൃഷ്ടിയും പുല്ക്കൂടും അതിന്മേൽ നില്ക്കുന്ന മയിലും പ്രകൃതിയും ദൈവവുമായുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു. ഉണ്ണി യേശുവിലെ ശൈശവത്തിന്റെ ഹൃദയഹാരിയായ പരിശുദ്ധിയും പ്രക്രതിയോട് അലിഞ്ഞു ചേർന്നിട്ടുണ്ട്.

മദ്ധ്യകാല യുഗങ്ങളിൽ ജീവിച്ചിരുന്ന ജനതകളിൽ ആഞ്ഞടിച്ചിരുന്നതും സൃഷ്ടാവും സൃഷ്ടിയുമടങ്ങിയ   പ്രകൃതിയുടെയും പ്രപഞ്ച സങ്കീർണ്ണതകളുടെയും മാനസിക സങ്കൽപ്പങ്ങളുടെയും ഭാവനകളായിരുന്നു . അതുകൊണ്ട് മയൂരമെന്ന സാങ്കൽപ്പിക ദേവപക്ഷിക്ക് പ്രാധാന്യം കല്പ്പിച്ചതിൽ അതിശയിക്കാനില്ല. കത്തോലിക്കാ മതവിശ്വാസത്തിൽ മയിലിനെ പുനരുത്ഥാനത്തിന്റെ അടയാളമായി സ്വീകരിച്ചിരുന്നു. മൂന്നാം നൂറ്റാണ്ടു മുതൽ റോമ്മായുടെ പ്രാന്തപ്രദേശങ്ങളിലുള്ള ശ്മശാന ഗുഹകളിലും മയിലുകളുടെ ച്ഛായാ പടങ്ങൾ കലാരൂപത്തിൽ വരച്ചിട്ടുണ്ടായിരുന്നു. മയിലുകളുടെ കലാരൂപത്തിൽ അടങ്ങിയിരൂന്നത് 'മനുഷ്യാ നീ പൊടിയാകുന്നുവെന്ന' ആപ്ത വാക്യമനുസരിച്ച് ജീവനറ്റ ശരീരത്തിൽ നിന്നും വീണ്ടുമുള്ള നിത്യതയിലെ പുനരുദ്ധാരണ ജീവിതമെന്ന സാങ്കല്പ്പിക തത്ത്വമായിരുന്നു.  മാനുഷ്യകമായ ജീർണ്ണിച്ച ശരീരം നിത്യതയിൽ പരിപാവനവും വാഴ്ത്തപ്പെട്ടതുമാകുമെന്നാണ് ക്രൈസ്തവ ധർമ്മത്തിലെ വിശ്വാസം. മരിച്ച മയിലുകളുടെ ശരീരം ഒരിക്കലും ജീർണ്ണിക്കില്ലായെന്നും വിശ്വസിക്കുന്നു. അജീർണ്ണമായ മയിലിന്റെ ശരീരം നിത്യതയുടെ അടയാളമായും കരുതുന്നു. അനശ്വരത്തിന്റെ പ്രതീകമായി ആ പക്ഷിയെ പൌരാണിക കല്ലറയിങ്കൽ കൊത്തിയിരിക്കുന്നതും കാണാം. അനന്തതയിലെ മറ്റൊരു ജീവിതത്തിന്റെ പ്രതീകമായി ആ ചിത്രങ്ങൾ ഭൂഗർഭക്കല്ലറകളിൽ   നിത്യതയുടെ പ്രതീകങ്ങളായി ശ്മശാന ഗുഹകളിൽ ഒളിഞ്ഞിരിക്കുന്നതും കാണാം. സാങ്കൽപ്പിക ഭാവനകൾ നിറഞ്ഞ മയൂര ചിത്രങ്ങളെ സ്വർഗീയ കലാമാധുര്യത്തോടെ ഒരുവൻ മനസിനുള്ളിൽ  ആവഹിച്ചുകൊണ്ട് വരച്ചുകാട്ടുകയും ചെയ്യുന്നു.

മയിലുകളുടെ ശരീരത്തിൽനിന്നും തൂവലുകൾ വർഷത്തിലൊരിക്കൽ മുഴുവനായി പൊഴിഞ്ഞ് വീണ്ടും പഴയതിനെക്കാളും ശോഭയോടെ പുതിയ തൂവലുകൾ ഉണ്ടായി വരും. വസന്തത്തിലെ പുത്തൻ പക്ഷിയെപ്പോലെ പുൽമേടകളിൽ പീലി വിടർത്തി വീണ്ടും നൃത്തമാടാൻ തുടങ്ങും. പഴയതിനെ ഇല്ലാതായി പുതിയതിനെ അവിടെ പ്രതിഷ്ടിക്കുകയാണ്. അത് ക്രിസ്തുവിന്റെ ഉയർപ്പിനോടു സമാനമായ ലക്ഷണ പ്രതിരൂപമായി മദ്ധ്യകാല യുഗത്തിലെ ജനങ്ങൾ കരുതിയിരുന്നു. പക്ഷി മൃഗാദികളെ വർണ്ണിക്കുന്ന പൌരാണിക കൃതികളിൽ മയിലുകളുടെ പവിത്രതയെ വർണ്ണിക്കുന്നുണ്ട്. കൂടാതെ അതിന്റെ തൂവലുകൾ ഈസ്റ്റർ, ക്രിസ്തുമസ് ദിനങ്ങളിൽ പള്ളികളിൽ അലങ്കരിക്കാനും ഉപയോഗിച്ചിരുന്നു.

മയിലുകളുടെ ജീവൻ അവസാനിച്ചു കഴിഞ്ഞ് അതിന്റെ മാംസം ഒരിക്കലും ജീർണ്ണിക്കില്ലെന്നുള്ള സങ്കൽപ്പവുമുണ്ട്. പൌരാണിക കാലം മുതലുള്ള ജനങ്ങളുടെ വിശ്വാസത്തിൽ മയിലുകളെ   യേശുവിന്റെ പ്രതീകാത്മകമായി കരുതിവന്നു. അതുകൊണ്ടാണ് പൌരാണിക പള്ളികളുടെ ഭിത്തികളിൽ  മയിലുകളുടെ ച്ഛായാപടങ്ങൾ വരച്ചു വെച്ചിരുന്നത്. ഒരു മയിൽ അതിന്റെ പീലി വിടർത്തി നില്ക്കുന്നത് കാണുമ്പോൾ പീലികളിലെ നെയ്തെടുത്തപോലുള്ള നൂറു കണക്കിന് കണ്ണുകൾ നമ്മെ നോക്കുന്നതായി തോന്നിപ്പോവും. കണ്ണഞ്ചിക്കുന്ന ഈ കാഴ്ചമൂലം സർവ്വ വ്യപിയായ ഈശ്വരൻ ആയിരമായിരം കണ്ണുകൾ കൊണ്ട് ഭൂമുഖവാസികളെ നോക്കുന്നതായും തോന്നിപ്പോവും. രക്ഷയുടെ കവചങ്ങളണിഞ്ഞ് നമ്മെ പരിരക്ഷിക്കുന്നതായും അനുഭവപ്പെടും. ഈശ്വരൻ മനുഷ്യന്റെ പ്രവർത്തന മണ്ഡലങ്ങളെ നേരായ മാർഗങ്ങളിൽക്കൂടി സഞ്ചരിക്കാൻ സസൂക്ഷ്മം കാത്തു പരിപാലിക്കുന്നതായും  അനുഭവപ്പെടും. നീതിക്കുവേണ്ടി ദാഹിക്കുന്നവർക്ക് കരുണയും ദയയും കൽപ്പിക്കുമെന്ന വിശ്വാസവും പീലി വിടർത്തിയ മയിലിൽ ദർശിച്ചിരുന്നു. പിടക്കോഴി പരുന്തുകൾ വരുമ്പോൾ ചിറകിനുള്ളിൽ കുഞ്ഞുങ്ങളെ പരിരക്ഷിക്കുന്നപോലെ സഭയും സദാ സമയവും ദിവസത്തിൽ ഇരുപത്തിനാലു മണിക്കൂറും രാത്രിയും പകലുംമില്ലാതെ സഭാ മക്കളെ നോക്കിയും കണ്ടും പരിരക്ഷിച്ചിരുന്നുവെന്ന വിശ്വാസവും പീലി വിടർത്തിയ മയിലിന്റെ അടയാളത്തിൽ കണ്ടിരുന്നു. തൂവലുകളിലുള്ള  മനോഹരമായ കണ്ണുകൾ ദൈവത്തിന്റെ നേരിട്ടുള്ള നോട്ടമെന്നും പൌരാണിക കാലംമുതൽ കരുതുന്നു. അവൻ സത്യവും എല്ലാം അറിയുന്നവനെന്നും പീലിയിലുള്ള മയിലിന്റെ കണ്ണുകളിലൂടെ  സാക്ഷ്യമാക്കുന്നു.

മയിലുകൾ വിഷമുള്ള സർപ്പങ്ങളെ വിഴുങ്ങി നശിപ്പിക്കുന്നവകളെന്നും വിശ്വാസമുണ്ട്. വിഷ പാമ്പുകളെ കൊത്തി വിഴുങ്ങിയാലും മയിലുകൾക്ക് യാതൊന്നും സംഭവിക്കില്ലെന്ന് പഴങ്കഥകൾ പറയുന്നു. മയിലുകളുടെ രക്തം മനുഷ്യ ശരീരത്തിൽ കടന്നു കൂടിയിരിക്കുന്ന പിശാചുക്കളെയും ദുരാത്മാക്കളെയും ഇല്ലാതാക്കാനും ഉപയോഗിച്ചിരുന്നു. അതിന്റെ തൂവലുകളും മാംസവും വിഷ പാമ്പ് കടിച്ചവരുടെ വിഷം മാറ്റാനും ഉപകരിച്ചിരുന്നു. കൂടാതെ ചില വിഷമുള്ള ചെടികളും വിത്തുകളും മയിലുകൾ ഭക്ഷിക്കാറുണ്ട്.

പൌരാണിക മാനുസ്ക്രിപ്റ്റ് കൃതികളിൽ മയിലുകളിൽ നിന്നും മനുഷ്യൻ അറിഞ്ഞിരിക്കേണ്ട ചില  പാഠങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. മയിലിനുള്ള മാംസം, ശബ്ദം, കണ്ണുകൾ ഇവകൾ ഓരോന്നും മനുഷ്യനുൾക്കൊള്ളേണ്ട ചില മാനുഷിക ചിന്തകളായി കണക്കാക്കുന്നു. ഉറച്ച മാംസം നമ്മെ നയിക്കേണ്ടതായ നല്ലയൊരു ഗുരുവിന്റെ മനക്കരുത്തായി കരുതുന്നു.  മാറ്റമില്ലാത്ത ഗുരുവിന്റെ തീവ്രമായ ചിന്താശക്തിയെയും പ്രതിനിധാനം ചെയ്യുന്നു. ഭയാനകമായ മയിലുകളുടെ ശബ്ദം പാപികൾള്ള ഒരു മുന്നറിയിപ്പായും കണക്കാക്കുന്നു. പശ്ചാത്താപിക്കൂ, പാപത്തിന്റെ ഫലം  നിത്യനരകമെന്ന സ്നാപകന്റെ വാക്കുകളെ ഇവിടെ സ്ഥിതികരിക്കുന്നു. വിശറിയ തൂവലുകൾ കാലത്തിന്റെ അവസാനമായും വരാനിരിക്കുന്ന വിപത്തിന്റെ മുന്നറിയിപ്പായും ഒരു ദീർഘദർശിയിലെ ക്രാന്ത ദർശനംപോലെ അർത്ഥവും കല്പ്പിച്ചിരിക്കുന്നതു കാണാം. ഇത്തരമുള്ള പൌരാണിക ചിന്താവൈകല്യങ്ങൾ മനുഷ്യനെ പ്രകൃതിയുടെ പ്രതികരണങ്ങളിൽക്കൂടി ദൈവവുമായി സംയോജിപ്പിക്കാനുള്ള വാതായനങ്ങളായും പൌരാണിക ലോകം കണ്ടിരുന്നു.

Laksmi Devi 

Peacock on the Stable roof top


Peacock on the old church Motif 


Lord Muruga 

God Krishna 

Murugan by Raja Ravi Varmma 

Sunday, November 2, 2014

താങ്ക്സ് ഗിവിങ് ഡേയും പില്ഗ്രിം പിതാക്കന്മാരുടെ പുതിയ ആകാശവും പുതിയ ഭൂമിയും



By ജോസഫ് പടന്നമാക്കൽ

 'താങ്ക്സ്  ഗിവിങ്  ഡേ'യെന്നാൽ  എന്താണെന്നുള്ള  ഒരു ചോദ്യത്തിനുത്തരം  വ്യക്തമായിട്ട്   കണ്ടെത്തുകയെന്നത്   പ്രയാസമാണ്. സാഹചര്യങ്ങളനുസരിച്ച്  ഓരോരുത്തരുടെയും അഭിപ്രായങ്ങൾ  പലവിധങ്ങളായി  കാണാം.  ഇന്ന് പലരും  മതത്തിന്റെ  കാഴ്ചപ്പാടിൽ 'താങ്ക്സ്  ഗിവിങ് ' ദിനത്തെ കാണാറുണ്ട്. ഇത് ശാപ്പാട് കഴിക്കുന്ന ദിനമെന്നു കൊച്ചു കുട്ടികൾ പറയും.ടർക്കി, സ്റ്റഫിങ്ങ്, ഗ്രേവി,  റോസ്റ്റ് ചെയ്ത പൊട്ടെറ്റോ (potato) ,  മധുരമുള്ള  ചീനിക്കിഴങ്ങ്, കോണ്‍ബ്രഡ്, പങ്കിൻ പൈ. ക്രാൻബെറി സോസ്, എന്നിങ്ങനെ  വിഭവങ്ങളും നമ്മുടെയെല്ലാം മനസ്സിൽ അന്നത്തെ ദിവസം  വന്നുകൂടുമെന്നതും സത്യമാണ്.   ചിലർക്ക്  ഓഫീസ്സിൽ പോവണ്ടല്ലോയെന്ന സന്തോഷവുമായിരിക്കും.   ബിസിനസ്സുമായി യാത്ര ചെയ്യുന്നവർക്കു  കുഞ്ഞുങ്ങളുമായി ഒത്തുകൂടാമല്ലോയെന്ന സന്തോഷവുമുണ്ടായിരിക്കും. അങ്ങനെ  തൊഴിലുകളനുസരിച്ച് അഭിപ്രായങ്ങളും മാറിക്കൊണ്ടിരിക്കും. എന്നാൽ 'താങ്ക്സ്  ഗിവിങ്   ഡേയ്ക്ക്'  അതിന്റേതായ തത്ത്വങ്ങളടങ്ങിയ  അർത്ഥമുണ്ട്. അത് വിളവെടുക്കുന്ന കാലത്തെ നന്ദിയുടെ സൂചകമായും    മണ്ണും ദൈവവുമായി  ആത്മീയ ബന്ധമുണ്ടാക്കുന്ന ദിനമായും കരുതുന്നു. ആപ്പിൾ പഴത്തെ നോക്കി ഒരു നിമിഷം ചിന്തിക്കൂ. ദൈവത്തിന്റെ കലാവിരുതുകളുടെ വൈദഗ്ദ്ധ്യവും   മാധുര്യവും സൌന്ദര്യവും ആപ്പിളിൽ ദർശിക്കാം. എത്രയെത്ര വർണ്ണങ്ങൾ ഒരു ആപ്പിളിനെ മനോഹരമാക്കുന്നു. ഇതിലെ ചായം തേച്ച ആ കലാകാരൻ ആരാണ്?  പ്രകൃതിയുടെ നിയമങ്ങൾ തെറ്റാതെ എന്നും സ്ഥായിയായി സൃഷ്ടാവ് തന്റെ കർമ്മം നിറവേറ്റുന്നു.  എങ്കിൽ ഇന്നേ ദിവസം ആ സൃഷ്ടാവിനെ വന്ദിക്കൂ.അതാണ് താങ്ക്സ്  ഗിവിങ്  ദിനത്തിന്റെ ആദരവിനെ സൂചിപ്പിക്കുന്നതും.


ഏകദേശം 400  വർഷങ്ങൾക്കു മുമ്പ്  ഇംഗ്ലണ്ടിലെ   രാജാവ് ജനങ്ങളുടെ പ്രാർത്ഥനയിലുള്ള  ആചാരരീതികളെ  സമൂലമായി മാറ്റിക്കൊണ്ടുള്ള ഒരു വിളംബരം പ്രസിദ്ധിപ്പെടുത്തിയിരുന്നു. രാജാവിന്റെ ഇഷ്ടത്തിനെതിരെ  ഒരു വ്യക്തിക്ക്  സ്വതന്ത്രമായി ദൈവത്തോട് പ്രാർത്ഥിക്കാൻ  അനുവാദമില്ലായിരുന്നു.  പ്രാർത്ഥിക്കാനുള്ള  അവകാശങ്ങളെ തടയുന്ന രാജാവിന്റെ ധാർഷ്ട്യത്തിനെതിരെ   ജനം മുഴുവൻ  അതൃപ്തരായിരുന്നു. രാജാവ് ചൊല്ലുന്ന അതേ പ്രാർത്ഥന ജനം ചൊല്ലിയില്ലെങ്കിൽ രാജ്യശിക്ഷയും കഠിന പീഡനവും ലഭിക്കുമായിരുന്നു. ജയിൽ ശിക്ഷയും രാജ്യത്തിനു പുറത്താക്കുന്ന  നടപടികൾവരെയും   നടപ്പാക്കിയിരുന്നു.'ഈ നാട് നമുക്കു  വേണ്ടായെന്നും' പറഞ്ഞുള്ള  പ്രതിഷേധ ശബ്ദങ്ങൾ രാജ്യത്താകമാനം വ്യാപിക്കാൻ തുടങ്ങി. 'നമുക്കെവിടെയെങ്കിലും പോയി താമസിക്കാമെന്നു' പറഞ്ഞ്  അനേകർ രാജ്യം വിട്ടു. ചിലർ   ഹോളണ്ടിൽ താമസം തുടങ്ങി.  സന്തുഷ്ടമായ ഒരു ജീവിതം കണ്ടെത്താൻ  പുതിയ വാസസ്ഥലങ്ങൾ തേടി നടക്കുക, കരകൾ തോറും ലക്ഷ്യമില്ലാതെയലയുക എന്നത്  ഇവരുടെ  പതിവായിരുന്നു. അലയുന്ന ലോകത്തിൽ മനസ്സിനനുയോജ്യമായ  വാസസ്ഥലം കണ്ടെത്തുമെന്നും അവർ സ്വപ്നം കണ്ടിരുന്നു.  ജനിച്ചു വീണ മണ്ണിനെക്കാൾ വന്നെത്തിയ നാടിനെ വന്ദിക്കാനും തുടങ്ങി.


ഹോളണ്ടിനെ സ്വന്തം രാജ്യമായി കണ്ട് കുറച്ചുകാലം അവിടെ സന്തോഷമായി കഴിഞ്ഞിരുന്നു. എന്നാൽ ഇംഗ്ലീഷുകാരായ ഇവർ പാവങ്ങളായിരുന്നു.  കുഞ്ഞുങ്ങൾ വളർന്നപ്പോൾ നാട്ടുകാരായവർക്ക് ഇംഗ്ലീഷുകുട്ടികളെ ഇഷ്ടമില്ലാതായി. അവിടുത്തെ കുട്ടികൾ  ഡച്ചുഭാഷ സംസാരിച്ചിരുന്നു.  ചില  കുട്ടികൾ വികൃതികളായി വളർന്നു. അവിടെ വളർന്ന കുട്ടികൾക്ക് പള്ളിയിൽ പോവാൻ ഇഷ്ടമില്ലെന്നായി.  സ്ഥിരതയില്ലാതെ  ഹോളണ്ടിൽ ജീവിതം  തള്ളിനീക്കുന്ന പിതാക്കന്മാരും  മാതാക്കളും  മക്കളുടെ വഴി പിഴച്ച പോക്കിൽ വ്യസനിച്ചിരുന്നു. അനേക തവണകൾ ചിന്തിച്ച ശേഷം അമേരിക്കയിൽ വരാൻ തീരുമാനിച്ചു. 'മേയ് ഫ്ളവറെ'ന്നും  'സ്പീഡ് വെല്ലെ'ന്നും പേരുകളുള്ള രണ്ടു കപ്പലുകൾ അവർ വാടകയ്ക്കെടുത്തു.  സ്പീഡ് വെൽ എന്ന കപ്പൽ സമുദ്ര യാത്ര ചെയ്യാൻ ബലമുള്ളതല്ലായിരുന്നു.അതുകൊണ്ട് അതിന്റെ ക്യാപ്റ്റൻ യാത്ര പുറപ്പെട്ട ശേഷം അധിക ദൂരം പോകാതെ മടങ്ങി വന്നു. 'മേയ് ഫ്ലൗറും' (May Flower)  ആദ്യം യാത്ര പൂർത്തിയാക്കാതെ മടങ്ങി വന്നിരുന്നു. 'സ്പീഡ് വെല്ലി'ലെ കുറെ യാത്രക്കാരെയും വഹിച്ചുകൊണ്ട് അവൾ യാത്ര സ്വയം തുടർന്നു.


മാതാപിതാക്കളും കുഞ്ഞുങ്ങളുമടങ്ങിയ  നൂറോളം യാത്രക്കാർ  ആ കപ്പലിൽ ഉണ്ടായിരുന്നു. തിങ്ങിനിറഞ്ഞ കപ്പലിൽ മുട്ടിയും തട്ടിയും സൌകര്യങ്ങളില്ലാതെ യാത്ര ചെയ്യണമായിരുന്നു. തണുപ്പിന്റെ കാഠിന്യം അസഹനീയവുമായിരുന്നു. കാറ്റും കൊടുംകാറ്റും വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും മൂലം സമുദ്രം ശാന്തമായിരുന്നില്ല. ദുരിതം നിറഞ്ഞ നീണ്ട രണ്ടു മാസങ്ങളോളം വെള്ളത്തിൽക്കൂടി അന്നവർ യാത്ര ചെയ്തു. യാത്രയിലുടനീളം കുഞ്ഞുങ്ങളിടവിടാതെ കരഞ്ഞുകൊണ്ടുമിരുന്നു. യാതനകളിൽക്കൂടിയുള്ള ഈ യാത്ര വേണ്ടായിരുന്നുവെന്നും യാത്രക്കാർക്കു തോന്നിപ്പോയി. എങ്കിലും കപ്പലിനുള്ളിലെ  അന്ന് സംഭവിച്ച ഒരു സന്തോഷ വാർത്ത യാത്രക്കാരെ    ഒന്നടങ്കം സന്തോഷിപ്പിച്ചു. തിരമാലകളിൽക്കൂടി പാഞ്ഞുപോകുന്ന ഈ കപ്പലിനുള്ളിൽ ഒരു കുഞ്ഞ് ജനിച്ചത്‌ വിസ്മയകരമായിരുന്നു. കടൽക്കുട്ടിയെന്ന അർത്ഥത്തിൽ ആ കുട്ടിയ്ക്ക് 'ഓഷ്യാനസ്' എന്ന പേരിട്ടു. യാത്രാക്ഷീണം കൊണ്ട് കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളെ അടുത്തു വിളിച്ച് ഒഷ്യാനോസിന്റെ അമ്മ ജനിച്ച കുഞ്ഞുമായി കളിക്കാൻ അനുവദിച്ചിരുന്നു. അത് കുഞ്ഞുങ്ങള്ക്ക്ആശ്വാസവും ഉന്മേഷവും   പകർന്നിരുന്നു.തന്മൂലം അവരിൽ സന്തോഷവും ജ്വലിപ്പിച്ചു.


സുദീർഘമായ മാസങ്ങളോളമുള്ള സമുദ്ര യാത്രയിൽ  കപ്പലിൽ ഉണ്ടായിരുന്നവർ അവസാനം ഒരു കരയുടെ കാഴ്ച കണ്ടു.  അകലത്ത് വെറും പാറകളും മണലുകളും നിറഞ്ഞ സമതലമാണ് കണ്ടത്. അവിടം കുഞ്ഞുങ്ങൾക്ക് മനസ്സിന് പിടിച്ചില്ല. പച്ചപ്പുല്ലുകളും പക്ഷി മൃഗാദികളുമടങ്ങിയ ഒരു ഭൂപ്രദേശമാണ് അവർ സ്വപ്നം കണ്ടിരുന്നത്. നവംബർ മാസത്തിലെ തണുപ്പുമൂലം പക്ഷികളുടെ ചിലകളും അവർക്കു ശ്രവിക്കാൻ സാധിച്ചില്ല.   ചരിത്ര പ്രസിദ്ധമായ 'മെയ് ഫ്ലൗർ'  കപ്പലിലെ കപ്പിത്താൻ 'മൈല്സ്  സ്റ്റാണ്ടിലും' ഏതാനും ധീരരായ യാത്രക്കാരും ധൈര്യം അവലംബിച്ച് കപ്പലിനു  പുറത്തിറങ്ങി.  അവിടെ ജനവാസമോ വാസസ്ഥലങ്ങളോ ഉണ്ടോയെന്നറിയാൻ  ചുറ്റും നോക്കി. എന്നാൽ കുറെ ദേശീയ ഇന്ത്യൻസിനെ കണ്ടു.നങ്കൂരമടിച്ചു തീരത്തെത്തിയ കപ്പലിനെ കണ്ടയുടൻ അവരോടിപ്പോയി. റെഡ് ഇന്ത്യൻ കുടിലുകളും ശവശരീരം കുഴിച്ചിട്ട ചില കുഴിമാടങ്ങളും അവിടെയുണ്ടായിരുന്നു. കപ്പലിൽനിന്നു പല പ്രാവിശ്യം താമസിക്കാൻ   അനുയോജ്യമായ സ്ഥലങ്ങളന്വേഷിച്ചുകൊണ്ട്  അവർ നടന്നു. അവസാനം ജീവിക്കാൻ അനുയോജ്യമായ മനോഹരമായ ഒരു പ്രദേശം കണ്ടെത്തി. അവിടെ അരുവികളും കൃഷി ചെയ്യാൻ പറ്റിയ സ്ഥലങ്ങളുമുണ്ടായിരുന്നു.


ക്ഷീണിച്ചു വന്ന കപ്പൽ യാത്രക്കാർ   വിശ്രമം ചെയ്ത സ്ഥലത്തെ 'പ്ലിമത്ത് റോക്ക്' എന്നറിയപ്പെടുന്നു. അവർക്കു  താമസിക്കാൻ ആദ്യത്തെ വീട് അന്നത്തെ ക്രിസ്തുമസ്  ദിനത്തിൽ  പണുതുണ്ടാക്കി. അവർ അനുഭവിച്ച ശൈത്യകാലത്തിലെ ഘോരതണുപ്പും ദുരിതങ്ങളും വിവരിക്കാൻ പ്രയാസമാണ്. കടുത്ത മഞ്ഞുകട്ടികൾ എവിടെയും മൂടി കിടന്നിരുന്നു. ഭയാനകമായ തണുത്ത കാറ്റും  അഭിമുഖികരിച്ചു. ചുറ്റുമുള്ള മരങ്ങൾ മുറിച്ച് അവർ വീടുകളും പള്ളിയും ഉണ്ടാക്കി.  അമ്മമാരും  കഴിയുംവിധം പുതിയ ജീവിതം പടുത്തുയർത്താൻ  പരസ്പരം സഹായിച്ചിരുന്നു. തണുപ്പും നീണ്ട യാത്രകളും വിശപ്പും  അവരെ നിർജീവമാക്കിയിരുന്നു. ആർക്കും ഭക്ഷിക്കാനാവശ്യത്തിന് ഭക്ഷണമുണ്ടായിരുന്നില്ല. അവരിൽ ഒരാൾ പനിച്ചു കിടപ്പായി. പിന്നാലെ  പകുതിയോളം  മറ്റുള്ള യാത്രക്കാരും  ഒന്നുപോലെ പനിച്ചു കിടന്നു. ക്യാപ്റ്റൻ  മൈല്സ്  സ്റ്റാണ്ടിയും  മറ്റു സഹ യാത്രക്കാരും  തങ്ങളാൽ കഴിയും വണ്ണം രോഗികളെ സമാശ്വസിപ്പിച്ചും ശുശ്രുഷിച്ചും അവരുടെ കൃത്യ നിർവഹണങ്ങളിൽ പങ്കുകൊണ്ടു.  എന്നാൽ അടുത്ത വസന്തകാലം  കാണുന്നതിനു മുമ്പ്  പുതിയ കരയിൽ വന്നെത്തിയ  കുടിയേറ്റക്കാരിൽ പകുതിയോളം   മരിച്ചു പോയിരുന്നു. അവരുടെ സ്വപ്നമായ സ്വർഗമെന്ന സങ്കല്പ്പത്തിലേക്ക് യാത്രയായെന്നും ജീവിച്ചിരുന്നവർ സമാധാനിച്ചു.


പ്ലിമത്തിൽ താമസക്കാരായ കുടിയേറ്റക്കാർ   ആദ്യതലമുറകളിൽ  അറിയപ്പെട്ടിരുന്നത് 'ഓൾഡ്‌ കമേഴ്സ് ' എന്നായിരുന്നു. പിന്നീട് 200 വർഷം കഴിഞ്ഞ്  പൌരാണിക രേഖകളിൽ നിന്നും വ്യത്യസ്തമായി അവരെ 'പില്ഗ്രിം ഫാദേഴ്സ്'  എന്നറിയാൻ തുടങ്ങി. ദാനിയൽ വെബ്സ്റ്റർ എന്ന  ഒരു സുവിശേഷക പ്രഭാഷകനാണ് അവരെ  ആ പേരിൽ  ആദ്യം വിളിക്കാൻ തുടങ്ങിയത്. ശൈത്യ കാലം മാറി പതിയെ   സൂര്യൻ പ്രകൃതി മുഴുവൻ പ്രകാശിക്കാൻ തുടങ്ങി. മണ്ണിനും പാറകളിലും മേലുണ്ടായിരുന്ന ഹിമം സാവധാനം ഉരുകിക്കൊണ്ടിരുന്നു. വൃക്ഷങ്ങളിൽ പച്ചനിറമുള്ള ഇലകൾ തളിർക്കാനും തുടങ്ങി. വസന്ത കാലത്തിലെ  പക്ഷികളുടെ ചിലകളും  ശബ്ദവും കുട്ടികളെ ആകർഷിച്ചിരുന്നു. അജ്ഞാതമായ ആ കാട്ടിൻ പ്രദേശങ്ങളിൽ നിന്ന് മാൻപേടകളും  ഇറങ്ങി വരാൻ തുടങ്ങി. മരവിച്ച തണുപ്പുകാലങ്ങളിൽ  അവരെ സഹായിക്കാൻ ദേശീയരായ ഇന്ത്യൻസ്  വരുന്നതും കുടിയേറ്റക്കാർക്ക് ആശ്വാസമായിരുന്നു. ക്യാപ്റ്റൻ  മൈല്സ്  സ്റ്റാണ്ടിയും അദ്ദേഹത്തിൻറെ ആൾക്കാരും പകരം അവരുടെ വീടുകളും സന്ദർശിക്കുമായിരുന്നു. 'സ്കാണ്ടോ' എന്ന  അവരുടെയിടയിലുണ്ടായിരുന്ന ഒരു ' റെഡ് ഇന്ത്യൻ'  ചിലപ്പോൾ  പുതിയ താമസക്കാരായ 'പില്ഗ്രിം ഫാദേഴ്സ്നോടൊപ്പം'   താമസിക്കുമായിരുന്നു.   അയാൾ അവരെ ഗോതമ്പും ബാർലിയും മറ്റു ധാന്യങ്ങളും എങ്ങനെ കൃഷി ചെയ്യണമെന്നും പഠിപ്പിച്ചിരുന്നു.


ഉഷ്ണ കാലം വന്നപ്പോൾ ഭൂമി മുഴുവൻ വെളിച്ചമാവുകയും ദിവസങ്ങളുടെ നീളം വർദ്ധിക്കുകയും ചെയ്തു. പുതിയ ഭൂമിയിൽ വന്നെത്തിയ കുട്ടികൾക്കും  ഉത്സവമാവാൻ തുടങ്ങി. തെരഞ്ഞെടുത്ത  വാസസ്ഥലങ്ങളായ 'പ്ലിമത്തും' പരിസരങ്ങളും സുന്ദരങ്ങളായപ്രദേശങ്ങളായി  അനുഭവപ്പെടാനും തുടങ്ങി. തങ്ങൾ താമസിക്കുന്ന  കൊച്ചുകുടിലുകൾക്കു ചുറ്റും കാട്ടുപൂക്കളും പുഷ്പ്പിച്ചുകൊണ്ടിരുന്നു.  നൂറു കണക്കിന് പക്ഷികളും പൂം പാറ്റകളും നിറമാർന്ന  പറവകളും    പ്രകൃതിയെ നയന മനോഹരമാക്കിയിരുന്നു. സൂര്യൻ പ്രകാശിതമായി ഭൂമിയിലെവിടെയും  ചൂട് അനുഭവപ്പെടുമ്പോൾ തിങ്ങി നിറഞ്ഞിരുന്ന പൈൻ മരങ്ങൾ തണലും ശീതളതയും നല്കിയിരുന്നത്  മനസിനും  കുളിർമ്മ നൽകിയിരുന്നു.  


ഇല പൊഴിയുന്ന കാലം വരുമ്പോൾ  'പില്ഗ്രിം ഫാദേഴ്സ്'  തങ്ങളുടെ ധാന്യവിളകളുടെ സംഭരണത്തിനായി  കൃഷിയിടങ്ങളിൽ സമ്മേളിക്കുമായിരുന്നു. ഇലകൾ പൊഴിയുന്നതും ആസ്വദിച്ച്  കുഞ്ഞുങ്ങൾ ചുറ്റും കാണും.  ആദ്യ വർഷം തന്നെ കൃഷി വിഭവങ്ങൾ തഴച്ചു വളരുന്നതായും കണ്ടു. വരാനിരിക്കുന്ന ശരത്ക്കാലത്തേയ്ക്കും ധാന്യങ്ങൾ ശേഖരിച്ചിരുന്നു. അവർ കാട്ടാറിന്റെ തീരത്തും വയലുകളുടെ  മദ്ധ്യേയും  കൂട്ടായ്മ പ്രാർത്ഥനകൾ നടത്തിക്കൊണ്ട്  സൃഷ്ടാവായ   ദൈവത്തോട്   നന്ദി പ്രകടിപ്പിച്ച്  സ്തുതി ഗീതങ്ങൾ പാടിയിരുന്നു... "ദൈവമേ ഞങ്ങൾ അങ്ങയെ വാഴ്ത്തുന്നു;  അങ്ങാണ് ഭൂമിയെ പ്രകാശിപ്പിക്കുന്ന  സൂര്യചന്ദ്രാദികളുടെ നാഥനായ സർവ്വ ശക്തൻ;  അവിടുന്നു കാരണം മഴ പെയ്യുന്നു; ധാന്യങ്ങൾ സമൃദ്ധമായി വിളയുന്നു". ഓരോരുത്തരും ഭവനങ്ങളിലിരുന്നും  ദൈവത്തെ സ്തുതിച്ചിരുന്നു. മാതാപിതാക്കളും കുഞ്ഞുങ്ങളും ഒപ്പം ആകാശത്തിലേക്ക് കൈകൾ ഉയർത്തി സൃഷ്ടാവിനു നന്ദി പ്രകടിപ്പിക്കുമായിരുന്നു. വിദൂരതയിലെവിടെയോ കണ്ണുകൾ നീട്ടികൊണ്ടും സ്വപ്നങ്ങൾ നെയ്തെടുത്തും തീർത്ഥാടകരായ  കുടിയേറ്റക്കാർ ഓരോ ദിനങ്ങളിലും   ജീവിതം തള്ളി നീക്കി.  ഒരിക്കൽ അവരിലെ   അമ്മമാർ ഒന്നിച്ചു കൂടി പറഞ്ഞു, "നമുക്കിനി  നമ്മെ സഹായിച്ച ദേശീയരായ  ഇന്ത്യാക്കാരുമൊത്തു 'നന്ദി'യുടെ പ്രതീകമായ ഒരു ദിനം കൊണ്ടാടാം. അവരെ നമ്മുടെ അതിഥികളായി   ക്ഷണിച്ച് അവരോടൊപ്പം കാരുണ്യവാനായ  ദൈവത്തിനു നന്ദി പ്രകടിപ്പിക്കാം. അന്നേ ദിവസം നമ്മുടെ ഭവനങ്ങൾക്കു ചുറ്റും ഉത്സവമാവണം. ദൈവം താണു വന്നു നമ്മെ അനുഗ്രഹിക്കാതെയിരിക്കില്ല."  അങ്ങനെ  ചരിത്രത്തിനു തിളക്കം  നല്കിയ  ദേശീയ ഇന്ത്യാക്കാരും  തീർത്ഥാടകരുമൊത്തൊരുമിച്ച്   ആഘോഷിച്ച ദിനത്തെ  ആദ്യത്തെ  ' താങ്ക്സ് ഗിവിൻഗ് ഡേ' യായി അറിയപ്പെടുന്നു.  അവർ  പരസ്പരം ഹൃദയങ്ങൾ പങ്കു വെച്ച്  ഏകമായ മനസോടെ  അന്നത്തെ ദിനങ്ങൾ  ആഘോഷിച്ചു. അന്നേ ദിവസം അവരിൽ നാലുപേർ നായാട്ടിനായി കാടുകളിലേക്ക് പോയിരുന്നു. അവർ മടങ്ങി വന്നത്  അനേക കാട്ടുതാറാവുകളും ടർക്കികളും കാടൻ പക്ഷികളും കൈകളിൽ വഹിച്ചുകൊണ്ടായിരുന്നു. ആ ദിവസത്തിലും പിന്നീടുള്ള ദിവസങ്ങളിലും ഭക്ഷിക്കാനാവശ്യത്തിനുള്ള വിഭവങ്ങളും ഉണ്ടാക്കിയിരുന്നു.


സ്ത്രീജനങ്ങൾ  ശേഖരിച്ച ധാന്യങ്ങളിൽ നിന്നും  കേക്കും റൊട്ടിയുമുണ്ടാക്കി. വേട്ടയാടി കിട്ടിയ മാൻ പേടകളുടെ മാംസവും ഭക്ഷണശാലകളിലുണ്ടായിരുന്നു. കടലിൽ നിന്നു പിടിച്ച മത്സ്യങ്ങളും കക്കായിറച്ചിയും വിഭവങ്ങൾക്ക് കൊഴുപ്പു കൂട്ടി.  ദേശീയ ഇന്ത്യൻസ് അന്നത്തെ കൂട്ടായ്മയിൽ വന്നെത്തിയത് അവരുടെ ആചാരങ്ങളിലുള്ള വേഷ ഭൂഷാധികളിലായിരുന്നു. ക്ഷണിക്കപ്പെട്ടവരിൽ ഏകദേശം നൂറോളം ദേശീയർ  അന്ന് തീർത്ഥാടകരുടെ (പില്ഗ്രിംസ്) പന്തലിൽ വന്നെത്തിയിരുന്നു. വന്നെത്തിയ ഇന്ത്യൻസ്  വേട്ടയാടി കിട്ടിയ അഞ്ചു മാനുകളെ തീർത്ഥാടകർക്കു(പില്ഗ്രിംസ്)  സമ്മാനിച്ചു.  മൃദലമായ  മനസോടുകൂടിയ കാടിന്റെ മക്കളായ ഇന്ത്യൻസിനെ ആദ്യമൊക്കെ തീർത്ഥാടകരുടെ മക്കൾ ഭയപ്പെട്ടിരുന്നു. കപ്പലിൽ ജനിച്ച കുഞ്ഞായ ഒഷ്യാനൊസിന്  അന്ന് ഒരു വയസ്സ് കഴിഞ്ഞിരുന്നു.


മാനിന്റെ തോലുകൊണ്ടുള്ള വസ്ത്രങ്ങൾ ധരിച്ചാണ് റഡ് ഇന്ത്യൻസ്  പരിപാടികളിൽ സംബന്ധിക്കാൻ വന്നത്. കൈകളിൽ   വേട്ടയാടി കിട്ടിയ  കാട്ടെറച്ചിയുമായിട്ട്  സമ്മാനമായി വന്നവരിൽ ചിലർ  ഫെറി കോട്ടുകൾ ധരിച്ചിരുന്നു. അവരുടെ നീണ്ട തലമുടി തോളുവരെയുമുണ്ടായിരുന്നു. പക്ഷി തൂവലുകൾ കൊണ്ടോ നരിയുടെ വാലു കൊണ്ടോ തലമുടി ചീകി മടക്കി വെച്ചിട്ടുണ്ടായിരുന്നു. അവരുടെ മുഖം   വിവിധ നിറങ്ങളുള്ള ചായംകൊണ്ട്   പൂശിയതായിരുന്നു. തടിച്ച വരകൾ കൊണ്ട് ദേഹമാസകലം വർണ്ണനിറമുള്ളതാക്കിയിരുന്നു. പരമ്പരാഗതമായ ആചാര വേഷങ്ങളോടെ  ' ആദ്യ 'താങ്ക്സ്  ഗിവിങ്  ഡേ'  ആഘോഷിക്കാനായി  അവരന്നു വന്നപ്പോൾ  വൈവദ്ധ്യമാർന്ന രണ്ടു  സംസ്ക്കാരങ്ങളുടെ ഒത്തുചേരലായി മാറി.


ഭക്ഷണം കഴിക്കുന്ന വേളയിലെല്ലാം  കപ്പലിൽ  വന്ന പുതിയ താമസക്കാരായ തീർത്ഥാടകരും ഇന്ത്യൻസുമൊന്നിച്ചു ദൈവത്തിന് സ്തോത്ര ഗീതങ്ങൾ പാടിയിരുന്നു. 'എല്ലാ നന്മകളും  സർവ്വർക്കും നൽകണമേയെന്നും' ഇരുകൂട്ടരുമൊന്നിച്ചുള്ള പ്രാർത്ഥനാഗീതങ്ങളിൽ ഉണ്ടായിരുന്നു.  സായം കാലങ്ങളിൽ ദേശീയരുമായി  പുതിയ താമസക്കാർ   (പില്ഗ്രിംസ്)   കൈകോർത്തു   നൃത്തമാടിയിരുന്നു. ദേശീയരായവർ സാമ്പ്രദായികമായ  പാട്ടുകളും പാടി  തീർത്ഥാടകർക്കൊപ്പം(പില്ഗ്രിംസ്)  മൂന്നു ദിവസങ്ങൾ കഴിച്ചുകൂട്ടി. ഒന്നിച്ചവരോടുകൂടി  കളിസ്ഥലങ്ങളിൽ പോയി കുഞ്ഞുങ്ങളുമൊത്തു  കളിച്ചിരുന്നു. തീർത്ഥാടകർ (പില്ഗ്രിംസ്)  തോക്കുമായും ദേശീയർ  അമ്പും വില്ലുമായും നായാട്ടിനും  പോയിരുന്നു. നായാട്ടിനുള്ള പ്രാവണ്യം  തെളിയിക്കാനും ഇരുകൂട്ടരും മത്സരവും ഉണ്ടായിരുന്നു. അങ്ങനെ ആഹ്ലാദത്തോടെ മൂന്നു ദിവസങ്ങൾ അവിടെ കഴിഞ്ഞു കൂടി. ഒന്നായി ഒരേസ്വരത്തിൽ   ഇരുവിഭാഗ ജനങ്ങളും ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ടിരുന്നു.


ജീവിക്കാനുള്ള പടവെട്ടുമായി പുതിയ വാസസ്ഥലം തേടിയന്വേഷിച്ചു വന്ന തീർത്ഥാടകർക്ക് (പില്ഗ്രിംസ്) അനേക തവണകൾ  ദീനങ്ങളും പിടി കൂടിയിട്ടുണ്ട്. 'മെയ് ഫ്ലൗർ' കപ്പലിൽ നിന്നിറങ്ങിയ കാലം മുതൽ ദുരന്തങ്ങളുടെ അനേക കഥകൾ അവർക്ക് പറയാനുണ്ടായിരുന്നു. അവരെല്ലാം ജീവിക്കാൻവേണ്ടി യാതനകളനുഭവിച്ച് കഠിനമായി അദ്ധ്വാനിച്ചു.  പലപ്പോഴും കഴിക്കാൻ ആവശ്യത്തിനു ഭക്ഷണം പോലും ഉണ്ടായിരുന്നില്ല. കൂടപ്പിറപ്പുകളും സുഹൃത്തുക്കളും വിട്ടുപിരിയുമ്പോൾ ഒന്നായി അവർ ദുഃഖം പങ്കു വെച്ചു. കാലം അതെല്ലാം മനസ്സിൽ നിന്ന് മായിച്ചു കളയിപ്പിച്ചുകൊണ്ടിരുന്നു. ജീവിതം കരു പിടിപ്പിക്കുന്നതിനിടയിൽ നല്ലവനായ ദൈവം ഒപ്പം ഉണ്ടെന്ന് അവർ സമാധാനിച്ചിരുന്നു.  ദുഃഖങ്ങളെല്ലാം മാറ്റി ആദ്യത്തെ താങ്ക്സ് ഗിവിൻഗ്'  അവർ ആഹ്ലാദത്തോടെ ആഘോഷിച്ചു. അന്നുമുതൽ 'താങ്ക്സ്  ഗിവിങ്' ഡേ അമേരിക്കയൊന്നാകെ മക്കളും മാതാപിതാക്കളുമൊന്നിച്ച്  ആദ്യതീർത്ഥാടകരെപ്പോലെ    ആഘോഷിച്ചുവരുന്നു. നേടിയ നേട്ടങ്ങൾക്കെല്ലാം ദൈവത്തിനു നന്ദി ഇന്നും അർപ്പിക്കുന്നു. ഓരോ മാതാപിതാക്കളും  തങ്ങളുടെ മക്കളോട് ആദ്യ തീർത്ഥാടകരുടെ (പില്ഗ്രിംസ്)   സഹനകഥകളും വീരകഥകളും പറയാറുണ്ട്. വളരുന്ന കുഞ്ഞുങ്ങളെ  പഠിപ്പിക്കുന്നുമുണ്ട്. നൂറ്റാണ്ടുകൾക്കുമുമ്പ് 'മെയ് ഫ്ലവർ' കപ്പലിൽ വന്നെത്തിയ പൂർവിക പിതാക്കന്മാരുടെ കഥ   അഭിമാനത്തോടെയാണ് അവർ മക്കളോട് പറയാറുള്ളത്.  ആദ്യം വന്ന തീർത്ഥാടകർ(പില്ഗ്രിംസ്)   അന്നു മരിച്ചവർക്കായി  അവരുടെ കുടിലുകളെക്കാൾ ശവ കുടീരങ്ങളുണ്ടാക്കി. അവരെക്കാളും ദാരിദ്ര്യം അനുഭവിച്ച  ഒരു അമേരിക്കൻ ഈ രാജ്യത്ത് ജീവിച്ചിരിപ്പില്ല.


 പാരമ്പര്യത്തിലെ ചട്ടക്കൂട്ടിനുള്ളിൽ 'നന്ദിയുടെ ദിനം' ഒന്നേയുള്ളൂ. എന്നാൽ നല്ലവന്റെ ഹൃദയം എന്നും നന്ദി നിറഞ്ഞതായിരിക്കും. അധരത്തിൽ നിന്നുള്ള നന്ദിപ്രകടനത്തെക്കാൾ ഹൃദയത്തിൽ നിന്നുള്ള നന്ദിയുടെ പ്രകാശത്തിന്   ഉത്തമനായവൻ   പ്രാധാന്യം കൽപ്പിക്കുന്നു.  ഇമ്പമേറിയ കടലിന്റെ ശബ്ദത്തിലും കാട്ടാറിന്റെ തീരത്തും കാടിന്റെ സമീപത്തും ആദ്യത്തെ 'താങ്ക്സ്  ഗിവിങ്' കൊണ്ടാടി.  കൃഷി ചെയ്തു കൊയ്തെടുത്ത ഭക്ഷണ വിഭവങ്ങളുമായി അവർ  ദൈവത്തോട് നന്ദി പറഞ്ഞു. ഇന്ന് പുഴയെവിടെ, കാടെവിടെ, സർവ്വതും രാസമയം. വയറു നിറയെ അധികഭക്ഷണവും ലഹരിയും ഷോപ്പിങ്ങും നടത്തുന്ന ഇന്നത്തെ അമേരിക്കാ  ആദ്യ തീർത്ഥാടകരുടെ(പില്ഗ്രിംസ്) നന്ദിയുടെ ദിനമെന്നുള്ള ആത്മീയതയുടെ മൂല്യങ്ങളും ഇല്ലാതാക്കി. അങ്ങനെ,  ഇവിടെ വന്നെത്തിയവരായവരുടെ  'താങ്ക്സ്  ഗിവിങ്'  എന്ന പുണ്യം നിറഞ്ഞ   വാക്കുകൾക്ക്‌  വ്യതിയാനങ്ങളുണ്ടാക്കിക്കൊണ്ട്   പുതിയ മാനദണ്ഡങ്ങളും കല്പ്പിച്ചു.




















കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...