Sunday, December 30, 2018

2018-ലെ പ്രതിസന്ധികളും സുഖ ദുഃഖങ്ങളും പുതുവത്സര പ്രതീക്ഷകളും






ജോസഫ് പടന്നമാക്കൽ

നമ്മുടെയെല്ലാം ജീവിതത്തിൽ സുഖ ദുഃഖങ്ങൾ പ്രദാനം ചെയ്തുകൊണ്ട് '2018' എന്ന വർഷം  കടന്നു പോയിരിക്കുന്നു. കൊഴിഞ്ഞുപോയ ഒരു വർഷത്തിനിടയിൽ നാം ആഹ്ലാദ തിമിർപ്പോടെ പൊട്ടിച്ചിരിച്ച ദിനങ്ങളുണ്ട്. ഒപ്പം ഒരിക്കലും മറക്കാത്തവിധം കരഞ്ഞ ദിനങ്ങളുമുണ്ടായിരുന്നു. സ്നേഹിച്ചു കൊതി തീരാത്തവരും വെറുത്തവരും നാം ജീവിക്കുന്ന ഇതേ സമൂഹത്തിൽ തന്നെ കാണാം. അതുപോലെ രാഷ്ട്രങ്ങളും പരസ്പ്പരം പഴി ചാരി വെറുപ്പിന്റെ ലോകത്തിൽക്കൂടി സഞ്ചരിച്ചതായും നാം കാണുന്നു. യുദ്ധവും സമാധാനവും ഒന്നുപോലെ തുടിച്ചു നിൽക്കുന്ന ഈ ലോകത്ത് എല്ലാത്തിനുമൊടുവിലായി ഒരു പുതുവർഷവും കൂടി വന്നെത്തുന്നു.

കഴിഞ്ഞുപോയ '2018' ലോകമാകമാനം പ്രകൃതി ദുരന്തങ്ങളുടെ ഒരു വർഷമായിരുന്നു. മതതീവ്രതയ്ക്കും ഭീകരതയ്ക്കും  ആഗോള യുദ്ധ ഭീഷണികൾക്കും കുറവ് വന്നില്ല. ആഗസ്റ്റ് ഒമ്പതാം തിയതി കേരളത്തിലുണ്ടായ വെള്ളപ്പൊക്കം കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളിലെ ഏറ്റവും വലിയ പ്രകൃതി ക്ഷോപമായിരുന്നു. അതിഘോരമായ മൺസൂൺ കാലാവസ്ഥ കേരളത്തെ വെള്ളത്തിനടിയിലാക്കി. അഞ്ഞൂറിൽപ്പരം ആൾക്കാർ മരിക്കുകയും അനേകരെ വെള്ളപ്പൊക്കത്തിൽ കാണാതാവുകയും ചെയ്തു. 2018-സെപ്റ്റംബറിൽ അറ്റലാന്റിക്ക് സമുദ്രത്തിൽനിന്നുമുണ്ടായ ഫ്ലോറൻസ് കൊടുങ്കാറ്റ് വെർജിനിയായിലും നോർത്ത് കരോളിനായിലും ആഞ്ഞടിച്ചിരുന്നു. അതുമൂലം 51 മരണങ്ങൾ  സംഭവിച്ചിരുന്നു. ഒക്ടോബർ മാസത്തിലുണ്ടായ 'മൈക്കിൾ' എന്ന കൊടുങ്കാറ്റ് ഫ്ലോറിഡായിലും ജോർജിയായിലും കരോളിനായിലും വെർജിനിയായിലും ശക്തമായി വീശിയിരുന്നു. 46 ജീവനുകൾ നഷ്ടപ്പെടുകയുണ്ടായി. കഴിഞ്ഞ ഓഗസ്റ്റുമാസത്തിൽ പോർട്ടറിക്കോയിൽ 'മാരിയ' എന്ന കൊടുങ്കാറ്റു മൂലം 4600 മരണങ്ങൾ വരെ സംഭവിച്ചിട്ടുണ്ടാകാമെന്നും കണക്കാക്കിയിരുന്നു. 2018 നവംബർ ഒമ്പതാം തിയതി വടക്കു തെക്കേ കാലിഫോർണിയായുടെ വനത്തിലുണ്ടായ തീ പിടുത്തത്തിൽ ആയിരക്കണക്കിന് ഏക്കറുകളോളം വനഭൂമികൾ അഗ്നിക്കിരയായി. 90 മരണങ്ങൾ സംഭവിച്ചു. കാലിഫോർണിയായുടെ ചരിത്രത്തിൽ ഉണ്ടായ ഏറ്റതും വലിയ തീപിടുത്തമെന്നും അതിനെ കരുതുന്നു.

ഇന്ത്യയെ സംബന്ധിച്ച് കഴിഞ്ഞു പോയ '2018'  ശുഭകരമായിരുന്നില്ല. ഇന്ത്യൻ രൂപയുടെ വിലയിടിഞ്ഞത്! അമിതമായ വിലപ്പെരുപ്പത്തിനു  കാരണമായി. ഇന്ത്യൻ രൂപ ഒരു ഡോളറിന് 73.4 രുപാ നിരക്കിൽ മാർക്കറ്റിൽ ക്രയവിക്രയം ചെയ്യുന്നു. അധികം താമസിയാതെ ഡോളർ വില 75 രൂപയിൽ കവിയുമെന്നും കണക്കാക്കുന്നു. ഇപ്പോഴത്തെ നിലവാരത്തിലുള്ള മാക്രോ ഇക്കണോമിക്സ് സാമ്പത്തിക വളർച്ചക്ക് തടസമുണ്ടാകുമെന്നും ഭയപ്പെടുന്നു. വിദേശത്തു പഠിക്കുന്ന വിദ്യാർത്ഥികൾ വിദ്യാഭ്യാസ ചെലവുകൾക്കായി കൂടുതൽ പണം കരുതണം. ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് അധിക ബില്ലുകൾ നൽകേണ്ടി വരുന്നു. ക്രൂഡ് ഓയിലിനും സാധാരണക്കാർക്ക് താങ്ങാൻ സാധിക്കാതെ വില വർദ്ധിക്കുകയും ചെയ്യുന്നു. ഡോളർ വില കൂടുന്നതനുസരിച്ച് ഇന്ത്യയിൽ വിലപ്പെരുപ്പം ഉണ്ടാവുകയും അത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ബാധിക്കുകയും ചെയ്യും. അസംസ്കൃത സാധനങ്ങൾ വെളിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതുകൊണ്ട് ഉത്ഭാദന ചെലവുകൾ വർദ്ധിക്കുകയും ചെയ്യുന്നു. ഉപഭോക്താക്കൾ കൂടുതൽ വില കൊടുത്ത് ഉപഭോഗവസ്തുക്കൾ വാങ്ങേണ്ടിയും വരുന്നു. 2019-ൽ നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിനു ശേഷം ഇന്ത്യയുടെ മാർക്കറ്റ് ഇക്കണോമിക്ക്സിന് എന്തു സംഭവിക്കുമെന്ന കാര്യത്തിലും ഒരു തീർച്ചയില്ല.

2019-ലേക്ക് ഒരു എത്തിനോട്ടം നടത്തുമ്പോൾ ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ നക്സലിസം ഒരു വെല്ലുവിളിയാണ്. മത ഭ്രാന്തന്മാരും വർഗീയ ശക്തികളും ഇന്ത്യയുടെ മതേതരത്വത്തെ തകർത്തുകൊണ്ടിരിക്കുന്നു. പൊതു മേഖലകൾ ഇല്ലാതാക്കിയതുമൂലം പ്രൈവറ്റ് ഇക്ക‌ണോമിയും അമ്പാനിമാരും രാജ്യം ഭരിക്കുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം അങ്ങേയറ്റം വർദ്ധിച്ചിരിക്കുകയാണ്. അന്തരീക്ഷ മലിനീകരണവും പ്രകൃതി വാതക വിസർജനങ്ങളും രാജ്യത്തിനു ഭീക്ഷണിയായി തുടരുന്നു. ആശയ വൈരുദ്ധ്യങ്ങൾ നിറഞ്ഞ നിരവധി രാഷ്ട്രീയ പാർട്ടികളും അവിശുദ്ധ കൂട്ടുകെട്ടുകളും ജനാധിപത്യത്തിന് ഭീക്ഷണിയാണ്. ബാലറ്റ് പേപ്പറിൽ നിന്നും ഇലക്ട്രോ വോട്ടിങ് സമ്പ്രദായം നടപ്പിലാക്കിയതു  മൂലം നിരവധി ക്രമക്കേടുകൾ സംഭവിക്കുന്നുവെന്നു പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നുമുണ്ട്. ഇന്ത്യയും പാക്കിസ്ഥാനുമായും ഇന്ത്യയും ചൈനയുമായും ഒത്തുതീർപ്പില്ലാത്ത അതിർത്തി തർക്കങ്ങൾ തുടരുന്നത് പുതുവർഷത്തിലും രാജ്യത്തിന്റെ അഖണ്ഡതയ്ക്കുള്ള ഭീക്ഷണിയായി തുടരുകയും ചെയ്യുന്നു.

ആഗോള സാമ്പത്തികം താഴോട്ടുപോകുന്ന വാർത്തകൾ ഇന്ന് മാദ്ധ്യമ ലോകത്ത് സാധാരണമായിരിക്കുകയാണ്.'ഇന്റർ നാഷണൽ മോണിറ്ററി ഫണ്ടിന്റെ' റിപ്പോർട്ടനുസരിച്ച് 2018-ൽ 3.7 ശതമാനം സാമ്പത്തിക വളർച്ചയുണ്ടായിരുന്നു. 2017-ലും ഇതേ നിരക്കിൽ ലോകം വളർച്ച നേടിയിരുന്നു. 2019 -ലും മാറ്റമില്ലാത്ത സാമ്പത്തിക വളർച്ചയുണ്ടാകുമെന്നും അനുമാനിക്കുന്നു. വ്യവസായ യുദ്ധങ്ങൾ, യൂറോപ്പ്യൻ യൂണിയനോട് ഇറ്റലിയുടെ യുദ്ധം, ഇറാനെതിരെയുള്ള ഉപരോധം, ചൈനയുടെ വ്യവസായ ലോകത്തെ കുത്തക, പരിഭ്രാന്തി നിറഞ്ഞ സ്റ്റോക്ക് മാർക്കറ്റ്, അവികസിത രാഷ്ട്രങ്ങളിൽ മൂലധനം ഇല്ലായ്‌മ, മുതലായവകളെല്ലാം 2018 ന്റെ നിറങ്ങളാർന്ന കഥകളാണ്.

ഏഷ്യൻ സാമ്പത്തിക വ്യവസ്ഥിതിയിൽ ചൈനയും ഇന്ത്യയും തമ്മിലുള്ള വ്യവസായ യുദ്ധം ഇന്ത്യയ്ക്ക് അനുകൂലമല്ല. ലോകത്തിൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഇന്ത്യ രണ്ടാമത് നിൽക്കുന്നു. ഇന്ത്യൻ രൂപായുടെ ഇടിവുമൂലം ഇന്ത്യയെ വല്ലാത്ത ഒരു സ്ഥിതിവിശേഷത്തിൽ ഇന്ന് എത്തിച്ചിരിക്കുകയാണ്. 2019-ലും വർദ്ധിച്ചു വരുന്ന ക്രൂഡോയിൽ വില വർദ്ധന തടയാൻ പ്രതീക്ഷകൾ കാണുന്നില്ല. 2030 ആകുമ്പോൾ രാജ്യത്തിന്റെ വാഹനങ്ങളിൽ മുപ്പതു ശതമാനം ഇലക്ട്രിക്കൽ കാറുകളായിരിക്കുമെന്ന് അനുമാനിക്കുന്നു. അങ്ങനെയെങ്കിൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന ബില്ലുകൾ കുറയുകയും ചെയ്യും. കൂടാതെ മറ്റു വെല്ലുവിളികളും ഇന്ത്യ നേരിടുന്നുണ്ട്. വിലകൂടിയ അസംസ്കൃത സാധനങ്ങൾ രാജ്യത്ത് സുലഭമല്ലാത്തതിനാൽ ഇറക്കുമതിയെ ആശ്രയിക്കുന്നു. ഉത്ഭാദന ചിലവുകൾ വർദ്ധിക്കുകയും ഉൽപ്പന്നങ്ങൾക്ക് മാർക്കറ്റിൽ അമിത വില കൊടുക്കേണ്ടിയും വരുന്നു. രാജ്യത്തിന്റെ ആന്തര ഘടകങ്ങൾക്കു മാറ്റം വരുത്തുകയും അടിസ്ഥാന സൗകര്യങ്ങൾ  പുരോഗമിക്കേണ്ടതായുമുണ്ട്.

ലോകത്തിന്റെ സാമ്പത്തിക പുരോഗതിയിൽ ഇന്ന് വളരെയധികം വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 2008-2015 ൽ ആഗോള ജിഡിപി 63.4 ട്രില്യനായിരുന്നത് 2018-ൽ ജിഡിപി 80.7 ട്രില്യനായി വർദ്ധിച്ചു. എന്നാൽ അടുത്ത കാലത്ത് 120 മില്യൺ ജനങ്ങൾക്കുകൂടെ ലോക സഹായ സംഘടനകളിൽ നിന്നും സഹായം ആവശ്യമായി വന്നു. ഇന്ന് ലോകജനതയിൽ ഒരു ശതമാനം ജനങ്ങൾക്ക് മാനുഷികമായ നീതി ലഭിക്കുന്നില്ല. പ്രകൃതി ദുരന്തങ്ങൾ, യുദ്ധങ്ങൾ, മഹാ രോഗങ്ങൾ മുതലായവകൾ മനുഷ്യരെ ദുഖിതരാക്കുന്നു. ദാരിദ്ര്യം, ജന പെരുപ്പം, കാലാവസ്ഥ വ്യതിയാനം എന്നിവകൾമൂലം മനുഷ്യജീവിതം ദുഷ്ക്കരമായിരിക്കുന്നു. ആഗോള സാമ്പത്തിക വ്യവസ്ഥിതി പുരോഗമിക്കുന്നുണ്ടെങ്കിലും മാനുഷിക പരിഗണനകൾക്കായുള്ള ആവശ്യങ്ങൾ നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. പതിറ്റാണ്ടുകൾക്കു മുമ്പ് നിലവിലുണ്ടായിരുന്നതിനേക്കാളും ഇന്ന് മാനുഷികമായ സഹായം ആവശ്യമുള്ളവരുടെ എണ്ണവും വർദ്ധിച്ചു. അവരുടെ മെച്ചമായ ആരോഗ്യ സുരക്ഷിതത്വവും ആവശ്യമാണ്. ആധുനിക ലോകത്തിൽ കൂടുതൽ പ്രശ്നങ്ങൾ ഇന്ന് ജനങ്ങളെ ചുറ്റിപ്പറ്റി നിലകൊള്ളുന്നു. പണ്ടുണ്ടായിരുന്ന സഹായങ്ങളേക്കാൾ ദീർഘകാലാടിസ്ഥാനത്തിൽ സഹായം ആവശ്യമായും വരുന്നു. ദാരിദ്ര്യം ഇന്നു കാണുന്നത് കൂടുതലും ദരിദ്ര രാഷ്ട്രങ്ങളിലാണ്. യുദ്ധം മൂലം കഷ്ടപ്പെടുന്ന രാജ്യങ്ങളിലും സഹായങ്ങൾ ആവശ്യമായി വരുന്നു. പ്രകൃതി ദുരന്തങ്ങൾ കൂടുതലായും ബാധിക്കുന്നത് ദരിദ്ര ജനങ്ങളിലാണ്. ദരിദ്ര രാജ്യങ്ങളിൽ പ്രകൃതി ദുരന്തങ്ങളുണ്ടായാൽ ധനിക രാഷ്ട്രങ്ങളിലേക്കാൾ ഏഴിരട്ടി മരണം സംഭവിക്കാറുണ്ട്.

2018-ലെ ലോക വാർത്തകളിൽ പ്രത്യേകിച്ച് അമേരിക്കയുടെ വാർത്തകളിൽ അവസാനമായി നാം കേൾക്കുന്നത് അമേരിക്കയിൽ ട്രംപ് ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കുന്നുവെന്നാണ്. അമേരിക്കയുടെ ചരിത്രപരമായ ഇടക്കാല തിരഞ്ഞെടുപ്പും വാർത്തകളിൽ നിറഞ്ഞിരുന്നു. രാഷ്ട്രീയം, സാംസ്ക്കാരികം, ശാസ്ത്രം, പരിസ്ഥിതികൾ എന്നിങ്ങനെ വിവിധ മേഖലകളുടെതായ ഒരു ചരിത്രം 2018 നു പറയാനുണ്ട്. രാഷ്ട്രീയത്തിലും എല്ലാ രാഷ്ട്രീയ പാർട്ടികളുടെയിടയിലും കുടിയേറ്റ നിയന്ത്രണ നിയമം അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും എന്നും കർശനമേറിയതായിരുന്നു. ഡൊണാൾഡ് ട്രംപിന്റെ രണ്ടാം വർഷ ഭരണ കാലത്ത് കുടിയേറ്റ പ്രശ്‍നം അതി തീവ്രമായ ചൂടു പിടിച്ച വാർത്തകളിലൊന്നായി മാറുകയും ചെയ്തു.  കുടിയേറ്റക്കാരുടെ കുട്ടികൾക്ക് 'ഒബാമ നിയമം' അനുസരിച്ച് പരിരക്ഷ നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ജനുവരി മാസത്തിൽ കുടിയേറ്റക്കാരായ കുട്ടികളെ താത്കാലികമായി അമേരിക്കയിൽ സംരക്ഷിക്കുന്ന ഒബാമ നിയമം ട്രംപിന്റെ പദ്ധതിപ്രകാരം ഇല്ലാതാക്കി. ഇത് മാനുഷിക മൂല്യങ്ങൾക്കും മനുഷ്യത്വത്തിനും, എതിരായ ഒരു തീരുമാനമായിരുന്നു.

ട്രംപിന്റെ നയത്തിൽ അനധികൃതമായി അമേരിക്കൻ മണ്ണിൽ വന്നെത്തുന്ന കുടിയേറ്റക്കാരോട് യാതൊരു മാനുഷിക പരിഗണനകളും കാണിച്ചിരുന്നില്ല. 2300 കുട്ടികളെ മാതാപിതാക്കളിൽ നിന്നും വേർതിരിച്ചത് ലോക മനസാക്ഷിയെ തന്നെ കരയിപ്പിക്കുന്നതായിരുന്നു. കുടുംബങ്ങളെ തമ്മിൽ വേർതിരിക്കുന്ന ട്രംപിന്റെ കഴിഞ്ഞ ജൂൺ മാസത്തിലുള്ള എക്സിക്യൂട്ടീവ് ഓർഡർ ലോകമാകമാനമുള്ള മാനുഷിക പ്രവർത്തകരിൽ അങ്കലാപ്പും സൃഷ്ടിച്ചിരുന്നു. നുഴഞ്ഞുകയറുന്ന കുടിയേറ്റക്കാരെ തടയാനായി 2018 നവംബറിൽ ട്രംപ് ഭരണകൂടം ഏകദേശം 6000 അമേരിക്കൻ ഭടന്മാരെ  മെക്സിക്കൻ അതിർത്തിയിൽ വികസിപ്പിച്ചിരുന്നു. മദ്ധ്യ അമേരിക്കയിൽ നിന്നാണ് കൂടുതലും കുടിയേറ്റക്കാർ ഈ രാജ്യത്തിലേക്ക് പ്രവഹിക്കുന്നത്.

2018-ൽ കൊറിയൻ പെനിസുലായിൽ ലോകത്തിന്റെ കണ്ണുകൾ മുഴുവൻ തിരിഞ്ഞിരുന്നു. നീണ്ട കാലം വടക്കേ കൊറിയായുമായുള്ള പോരാട്ടത്തിനുശേഷം സൗത്ത് കൊറിയായിലെയും നോർത്ത് കൊറിയായിലെയും നേതാക്കന്മാർ കഴിഞ്ഞ ഏപ്രിലിൽ പരസ്പ്പരം കണ്ടുമുട്ടിയതും ചരിത്രപരമായ ഒരു മുഹൂർത്തമായിരുന്നു. രണ്ടു കൊറിയാകളും യുദ്ധം അവസാനിപ്പിക്കാനും ന്യുക്‌ളീയർ ആയുധ വിമുക്തമാക്കാനുമുള്ള ഉടമ്പടികൾ ഒപ്പു വെക്കുകയും ചെയ്തു. അതിനുശേഷം പ്രസിഡന്റ് ട്രംപും നോർത്ത് കൊറിയൻ പ്രസിഡന്റ് കിമ്മും തമ്മിൽ  സിംഗപ്പൂരിൽവെച്ച് ചർച്ചകൾ നടത്തിയതും സമാധാനത്തിനായുള്ള കാൽവെപ്പിന്റെ തുടക്കമായിരുന്നു. 2018 ജൂൺ പന്ത്രണ്ടാം തിയതി നോർത്ത് കൊറിയൻ പ്രസിഡന്റ് കിം ജോങ്ങും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പരസ്പ്പരം കൈകൾ നല്കിക്കൊണ്ടായിരുന്നു ചരിത്രപരമായ ആ കൂടിക്കാഴ്ച നടത്തിയത്.

സിറിയായിലെ പ്രസിഡന്റ് 'ബാഷർ അൽ അസ്സാദിന്റെ' സൈന്യങ്ങൾ ഒരു വശത്തും ഐസിഎസ് ഭീകരർ മറുഭാഗത്തും നിന്നുകൊണ്ട് യുദ്ധ ഭീക്ഷണികൾ മുഴക്കിക്കൊണ്ടിരുന്നു. സിറിയയിലെ സിവിൽ യുദ്ധങ്ങൾ മാറ്റമില്ലാതെ ഇന്നും തുടരുന്നു. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ റെബലുകൾ കേന്ദ്രമായ ഡൗമായിൽ കെമിക്കൽ ആയുധങ്ങളുടെ പ്രയോഗം മൂലം നിരവധി ജനങ്ങൾ മരിക്കുകയുണ്ടായി. അമേരിക്കയും പടിഞ്ഞാറൻ രാജ്യങ്ങളും റെബലുകളുടെ ഭീഷണിയെ നേരിടാൻ ബോംബുകളും വർഷിച്ചുകൊണ്ടിരിക്കുന്നു.  2018 ഏപ്രിൽ മുതൽ ഏകദേശം 5.6 മില്യൺ സിറിയൻ അഭയാർഥികൾ രാജ്യം വിട്ടുവെന്നും യൂറോപ്പും അതിനപ്പുറവും കടന്ന് അഭയാർഥികളായി കഴിയുന്നുവെന്നും യുഎൻ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു.

ബ്രിട്ടീഷ് രാജകുടുംബത്തിലെ 'ഹാരി രാജകുമാരൻ' രാജ കുടുംബാംഗമല്ലാത്ത അമേരിക്കൻ നടി 'മെഗൻ മാർക്കി'യെ വിവാഹം ചെയ്തത് ചരിത്രം കുറിക്കുന്ന വാർത്തയായിരുന്നു.  2018  മെയ് പത്തൊമ്പതാം തിയതി ' 'മെഗൻ മാർക്കിയെ ബ്രിട്ടീഷ് രാജകുടുംബാംഗമായി അംഗീകരിക്കുകയും ചെയ്തു. ഇതേ സംബന്ധിച്ച് എലിസബത്ത് രാജ്ഞിയുടെ പ്രത്യേക അറിയിപ്പുമുണ്ടായിരുന്നു. രാജകീയ ദമ്പതികൾ അവർക്കു പിറക്കാൻ പോകുന്ന കുഞ്ഞിന്റെ വിവരവും ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ജർമ്മൻ ചാൻസലറായി 'ഏഞ്ചല മെർക്കൽ' സത്യപ്രതിജ്ഞ ചെയ്തതും 2018-നു പ്രാധാന്യം നൽകുന്നു. അതുപോലെ മാർച്ചു പതിനെട്ടാം തിയതി പ്രസിഡണ്ട് 'വ്ലാദിമിർ പുടിൻ' നാലാം തവണയും റഷ്യയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു. ആറുവർഷമാണ് റഷ്യൻ പ്രസിഡന്റിന്റെ കാലാവധി. ചൈനയുടെ പ്രസിഡന്റ് കാലാവധി നിർണ്ണയിക്കാനായി അവിടെ ഭരണഘടനയ്ക്ക് മാറ്റം വരുത്തി. അജീവനാന്തം 'ജിൻപിങ് ചിയെ' പ്രസിഡണ്ടായി അംഗീകരിച്ചുകൊണ്ടുള്ള ഭരണഘടന ഭേദഗതിയായിരുന്നു അത്. മെയ് പതിനഞ്ചാം തിയതി ഇറാക്കിൽ നിയമപരമായ തിരഞ്ഞെടുപ്പ് നടന്നു. ഇസ്‌ലാമിക്ക് സ്റ്റേറ്റിനെ  പരാജയപ്പെടുത്തിയ ശേഷമുള്ള ആദ്യത്തെ തിരഞ്ഞെടുപ്പായിരുന്നു അത്. ഫെബ്രുവരി ഇരുപത്തിനാലാം തിയതി ക്യൂബയിൽ 'റൗൾ കാസ്ട്രോ' അധികാരം ഒഴിഞ്ഞു. ആറു പതിറ്റാണ്ടിനു ശേഷം അത് കാസ്ട്രോ നേതൃത്വത്തിന്റെ അന്ത്യയുഗം കുറിക്കലായിരുന്നു. 2018-ൽ പ്രസിദ്ധ രാഷ്ട്രതന്ത്രജനും റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയും അമേരിക്കൻ സെനറ്ററുമായിരുന്ന ജോൺ മക്കയിന്റെ മരണവും ദുഃഖകരമായിരുന്നു. അതുപോലെ ബാർബറ ബുഷും ജോർജ് ബുഷും മരിച്ചത് 2018-ലായിരുന്നു.

അറുപത്തിയഞ്ചു വർഷത്തിൽപ്പരം അമേരിക്കയിലും മറ്റു വിദേശ രാജ്യങ്ങളിലും പ്രവർത്തിച്ചിരുന്ന ഭീമാകാര വ്യവസായ കമ്പനി 'ടോയ്‌സ് സറാസ്' പാപ്പരത്വം പ്രഖ്യാപിച്ചതും അമേരിക്കയുടെ സാമ്പത്തിക മേഖലകളെ ഇളക്കി മറിച്ചിരുന്നു. 'സീയേഴ്സും' ഈ വർഷം പാപ്പരത്വം ഫയൽ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഫയൽ ചെയ്ത 'ടോയ്‌സ് സാറാസ്' 2018-ൽ പൂട്ടുകയും ചെയ്തു. ഫേസ്ബുക്ക് കമ്പനിക്ക് നിയമപരമായ കേസുകളെ ഈ വർഷം അഭിമുഖീകരിക്കേണ്ടി വന്നു. ഗുരുതരമായ 'ഡേറ്റാ' ക്രമക്കേടുകളുടെ പേരിൽ ഫേസ് ബുക്ക് സ്ഥാപകനായ 'മാർക്ക് സുക്കെർബെർഗിന്' 119 ബില്യൺ ഡോളർ ഒറ്റ ദിവസംകൊണ്ടു നഷ്ടപ്പെട്ടു. 2018 'ആപ്പിൾ കമ്പനി'ക്ക് അനുകൂലമായ വർഷമായിരുന്നു. ഒരു ട്രില്യൻ ഡോളർ പബ്ലിക്ക് കമ്പനിയായി ആപ്പിൾ കമ്പനി ഉയർത്തപ്പെട്ടു. കമ്പ്യുട്ടർ ലോകത്തിൽ പ്രധാന കോർപ്പറേറ്റ് കമ്പനിയായി വളരുകയും ചെയ്തു. ലോകത്തിലെ ഏറ്റവും മുന്നിട്ടു നിൽക്കുന്ന സോഷ്യൽ നെറ്റ് വർക്കിന്റെ സ്ഥാനത്ത് ഇന്ന് ആപ്പിൾ അറിയപ്പെടുന്നു.

അമേരിക്കയിൽ തോക്കുകൾ നിയന്ത്രിക്കുന്ന നിയമം നടപ്പാക്കണമോയെന്ന വിവാദങ്ങൾ മുന്നേറുന്നുണ്ടെങ്കിലും 2018-ലും നാടാകെ നിർദോഷികൾ തോക്കിൻ മുനയിൽ കൊല്ലപ്പെട്ടിരുന്നു. 2018 ഫെബ്രുവരി പതിനാലാം തിയതി ഫ്ലോറിഡായിൽ 'ഡഗ്ലസ് സ്റ്റോൺമെൻ' ഹൈസ്കൂളിൽ ഉണ്ടായ വെടിവെപ്പിൽ അനേകർ കൊല്ലപ്പെടുയും മുറിവേൽക്കുകയുമുണ്ടായി. സതേൺ കാലിഫോർണിയയിലെ ഒരു ബാറിലും പിറ്റസ്ബർഗിലെ സിനഗോഗിലും വെടിവെപ്പുകളുണ്ടായി. ദേശീയ നിലവാരത്തിൽ തോക്കു നിയന്ത്രണത്തിന്റെ ആവശ്യകതയെ ചൂണ്ടി കാണിക്കുന്നുണ്ടെങ്കിലും ക്രിയാത്മകമായ ഒരു നിയമം അമേരിക്കയിൽ നടപ്പാക്കാൻ നാളിതുവരെ സാധിച്ചിട്ടില്ല. 'ഗൺ കണ്ട്രോൾ' നിയമം പ്രാബല്യമാക്കണമെങ്കിൽ വ്യക്തികൾക്ക് ഗൺ ഉപയോഗിക്കാമെന്നുള്ള ഭരണഘടനയുടെ രണ്ടാം അമെൻഡ്മെന്റ് (2nd amendment) ഭേദഗതി ചെയ്യേണ്ടതായുണ്ട്. 2018 മാർച്ച്‌ ഇരുപത്തിനാലാം തിയതി വാഷിംഗ്‌ടൺ ഡിസിയിൽ നൂറു കണക്കിന് ജനം തടിച്ചുകൂടുകയും രാജ്യത്തിലെ പൗരനിയമമനുസരിച്ചുള്ള തോക്കുകൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

2018-ന്റെ തുടക്കത്തിൽ മൂന്നു ചന്ദ്രഗ്രഹണങ്ങൾ ഭൂതലത്തിൽ അടുത്തടുത്ത് സംഭവിക്കുകയുണ്ടായി. 1866-നു ശേഷം അത്തരം ചന്ദ്രഗ്രഹണങ്ങൾ ആദ്യത്തെ സംഭവമായിരുന്നു. അതിനെ 'സൂപ്പർ ബ്ലൂ ബ്ലഡ് മൂൺ' എന്ന് ശാസ്ത്ര ലോകം വിളിച്ചു. 2018 ജനുവരി മുപ്പത്തിയൊന്നാം തീയതിയിൽ പൂർണ്ണ ചന്ദ്രഗ്രഹണമുണ്ടായിരുന്നു. രക്തച്ചുമപ്പിന്റെ നിറത്തിലും നീല നിറത്തിലും കണ്ട ചന്ദ്രിക പ്രഭയെ ആ മാസത്തിലുണ്ടായ രണ്ടാം ചന്ദ്ര ഗ്രഹണമെന്നും പറയുന്നു. കൂടാതെ ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത ദിവസവുമായിരുന്നു. അതുകൊണ്ട് അതിനെ 'സൂപ്പർ മൂൺ' എന്നും വിളിച്ചു.

ശാസ്ത്ര ലോകത്ത് നാസ സൂര്യനഭിമുഖമായി അയച്ച 'സോളാർ പ്രോബ്' ഒരു നേട്ടമായിരുന്നു. $1.5 ബില്യൺ ഡോളർ അതിന് ചിലവുണ്ടായിരുന്നു. സൂര്യനെ ലക്ഷ്യമാക്കിയുള്ള ഭ്രമണപഥത്തിലേക്ക് അയക്കുന്ന ഒരു ഗ്രഹമായിരുന്നു അത്. സൂര്യനിൽ നിന്നും 3.83 മില്യൺ മൈൽ ദൂരത്തു നടത്തിയ ആദ്യത്തെ സൂര്യ ഗവേഷണവുമായിരുന്നു, അത്. അടുത്ത ഏഴു വർഷത്തിനുള്ളിൽ 'പാർക്കർ' എന്ന സോളാർ പ്രോബ് അത്തരം ഭ്രമണപദത്തിലേക്കുള്ള 24 ഗവേഷണ പരമ്പരകൾ നടത്താനും പദ്ധതിയിട്ടുണ്ട്.

'യുണൈറ്റഡ് നാഷൻറെ ആഗോള പാനൽ റിപ്പോർട്ട്' പ്രകാരം 2040 ആകുമ്പോൾ ഭൂമിയുടെ താപനില 2.7 ഡിഗ്രി ഫാരൻ ഹീറ്റായി വർദ്ധിക്കുമെന്നു ഗണിച്ചിരിക്കുന്നു. അതുമൂലം പ്രതലത്തിൽ അമിതമായ ചൂട്, അനുഭവപ്പെടാം. ആഗോള തലത്തിൽ ഘോരമായ വെള്ളപ്പൊക്കം, വരൾച്ച, ഭക്ഷണം അപര്യാപ്തത, ദാരിദ്ര്യം മുതലായവ സംഭവിക്കാം. 2100 ആകുമ്പോൾ സൂര്യതാപമേറ്റ് അനേകായിരങ്ങൾ മരണമടയുകയും ചെയ്യാം. അതിനുള്ള തയ്യാറെടുപ്പിനായി $141ബില്യൺ  ഡോളർ അമേരിക്ക ചെലവാക്കേണ്ടി വരുന്നു. ദേശീയ വരുമാനത്തിന്റെ പത്തു ശതമാനം അധികമായി ബഡ്ജറ്റിൽ മാറ്റി വെക്കേണ്ടിയും വരും.

കഴിഞ്ഞ കാലങ്ങളിൽ ശാസ്ത്രത്തിന്റ മുന്നേറ്റത്തിൽ ലോകത്ത് നിരവധി വികസനങ്ങളും പുരോഗതികളും ഉണ്ടായിട്ടുണ്ട്. 2008-നും 2015 നുമിടയിൽ ദരിദ്ര വിഭാഗങ്ങൾ 1.2 ബില്യൺ ഉണ്ടായിരുന്നത് അവരുടെ ജനസംഖ്യ 2017 ആയപ്പോഴേക്കും 736 മില്യനായി കുറഞ്ഞു. 2018-ൽ മറ്റുള്ള രാജ്യങ്ങളുടെ സാമ്പത്തികം ഇളകിമറിയുമ്പോൾ അമേരിക്കയുടെ സാമ്പത്തിക വളർച്ച മെച്ചമായിരുന്നുവെന്നും കരുതണം. അത് അമേരിക്കക്കാർക്ക് മാത്രമേ ഗുണപ്രദമാവുള്ളൂവെന്നും ചോദ്യം വരാം. എന്നാൽ ഉപഭോഗ വസ്തുക്കള്‍  ഉൽപ്പാദിപ്പിക്കുന്ന അമേരിക്കയുമായി കച്ചവട ബന്ധമുള്ള രാജ്യങ്ങൾക്കെല്ലാം ഉറച്ച അമേരിക്കൻ സാമ്പത്തികം പ്രയോജനപ്പെടും. അമേരിക്കയുടെ സാമ്പത്തിക കയറ്റം ആഗോള തലത്തിൽ സാമ്പത്തിക വളർച്ചയുണ്ടാകാൻ സഹായിക്കുകയേയുള്ളൂ.

അമേരിക്കൻ  സാമ്പത്തിക വളർച്ച മറ്റു രാഷ്ട്രങ്ങളുടെ വളർച്ചയ്ക്ക് തടസമാകാനുമിടയുണ്ട്. വേണ്ടത്ര മൂലധനം കരുതലില്ലാത്ത രാഷ്ട്രങ്ങളുടെ സാമ്പത്തികത്തെ അത് ബാധിക്കുന്നു. അർജന്റീനയും ടർക്കിയും വിദേശ മൂലധനം ആശ്രയിച്ചു കഴിയുന്ന രാജ്യങ്ങളാണ്. ആഗോള നിക്ഷേപകർ സാധാരണ കൂടുതൽ പലിശ കിട്ടുന്ന സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കാറുണ്ട്.  ഉറച്ച സാമ്പത്തിക സ്ഥിരതയുള്ള യു.എസിൽ പണം നിക്ഷേപിക്കാനാണ് അവികിസിത രാജ്യങ്ങൾ താല്പര്യപ്പെടാറുള്ളത്. അമേരിക്കയുടെ ഫെഡറൽ റിസേർവ് 2018-ൽ പലിശ നിരക്ക് കൂട്ടിയ കാരണം വിദേശ നിക്ഷേപകരെ അമേരിക്കയിലേക്ക് ആകർഷിക്കുന്നു. വേണ്ടത്ര മൂലധനം കരുതലില്ലാത്ത രാഷ്ട്രങ്ങളെ അത് ബാധിക്കുന്നു. മറ്റു രാജ്യങ്ങളും അതോടൊപ്പം പലിശ നിരക്ക് കൂട്ടേണ്ടി വരുന്നു. അത് അവികിസിത രാജ്യങ്ങളുടെ വളർച്ചയെ തളർത്തും.  പ്രസിഡന്റ് ട്രംപിന്റെ  ഇറക്കുമതി നയത്തിൽ കൂടുതൽ നികുതി ചുമത്താനുള്ള തീരുമാനം  അമേരിക്കയും വിദേശ രാജ്യങ്ങളുമായുള്ള വ്യവസായ യുദ്ധത്തിനു വഴിയൊരുക്കാൻ കാരണമാകും.

പുതിയ വർഷം ഉദയം ചെയ്യാൻ ഇനി കുറച്ചു സമയം മാത്രം. സംഭവബഹുലമായ ദിനങ്ങൾ കാഴ്ചവെച്ച 2018 നോട് വിട! സമാധാനത്തിലധിഷ്ഠിതമായ പുത്തനായ ഒരു ലോകം പടുത്തുയർത്തുകയെന്ന ലക്ഷ്യത്തിനായി നമുക്ക് പ്രതിജ്ഞ ചെയ്യാം. പ്രതീക്ഷകളാണ് നമ്മെ തളർത്താതെ  മുമ്പോട്ട് നയിക്കുന്നത്. ഐശ്വര്യ ദേവത ഈ ഭൂമിയെ നിത്യം ഹരിതകമായി നിലനിർത്തട്ടെയെന്നും പ്രത്യാശിക്കട്ടെ. 2019'-നു സ്വാഗതമരുളുന്നു. എല്ലാ വായനക്കാർക്കും പുതുവത്സരത്തിന്റെ ആശംസകളും.


Parker probe (2018)







Sunday, December 23, 2018

ന്യൂയോർക്ക് സിറ്റിയുടെ ചരിത്രവും പാശ്ചാത്തലവും , അവലോകനം


ജോസഫ് പടന്നമാക്കൽ

ന്യൂയോർക്ക് സ്റ്റേറ്റിന്റെ ഭാഗമായ  'ന്യൂയോർക്ക് സിറ്റി'  അമേരിക്കൻ ഐക്യനാടുകളുടെ  സാമ്പത്തിക തലസ്ഥാന നഗരമായി അറിയപ്പെടുന്നു.  കലകളുടെയും സാംസ്ക്കാരിക മേഖലകളുടെയും കേന്ദ്രമാണ് ന്യൂയോർക്ക്.  'ലോങ്ങ് ഐലണ്ടി'ലുള്ള അറ്റലാന്റിക്ക് തീരത്തും മൻഹാട്ടൻറെ സമീപമുള്ള ഹഡ്സൺ നദിക്കു ചുറ്റും ന്യുയോർക്ക് സിറ്റി നിലകൊള്ളുന്നു. പട്ടണത്തിന്റ ഹൃദയഭാഗത്തുള്ള അംബരച്ചുംബികളായ കെട്ടിടങ്ങൾ ഓരോ സന്ദർശകന്റെയും മനസിനുള്ളിൽ വിസ്മയാനുഭൂതികൾ സൃഷ്ടിക്കുന്നതും കാണാം.   ഇവിടം  കവികളുടെയും കലാകാരന്മാരുടെയും ഒരു സ്വപ്നഭൂമിയാണ്. പ്രകൃതിയുടെ അനുഗ്രഹീതമായ ഈ പുണ്യഭൂമിയുടെ  മനോഹാരിത ദർശിച്ച ഒരാൾക്ക്  പിന്നീട്  മറ്റൊരു പട്ടണവും ആസ്വദിക്കാൻ സാധിക്കില്ല.

ന്യൂയോർക്ക് സിറ്റിയെ ബിഗ് ആപ്പിൾ എന്നും വിളിക്കുന്നു.  ബിഗ് ആപ്പിൾ എന്ന പേര് സിറ്റിക്ക് ലഭിച്ചതെങ്ങനെയെന്ന് വ്യക്തമല്ല. ജീവിക്കാൻവേണ്ടി ആദ്യകാലങ്ങളിൽ ഭേദപ്പെട്ട കുടുംബക്കാരും   വഴികളിൽക്കൂടി ആപ്പിൾ വിറ്റിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ സാമ്പത്തിക മാന്ദ്യം നിരവധി കുടുംബങ്ങളെ ആപ്പിൾക്കച്ചവടത്തിന് പ്രേരിപ്പിച്ചിരുന്നു. കാലക്രമേണ 'ആപ്പിൾ'  സുലഭമായ ന്യൂയോർക്കിനെ 'ബിഗ് ആപ്പിൾ' എന്ന് വിളിക്കാൻ തുടങ്ങിയിരിക്കാം.  കൂടാതെ അമേരിക്കയിൽ ഏറ്റവുമധികം ആപ്പിൾവളരുന്ന ഭൂപ്രദേശവും ന്യൂയോർക്കാണ്. ഒരിക്കലും ഉറങ്ങാത്ത പട്ടണമെന്നും (The City That Never Sleeps) ന്യൂയോർക്ക് സിറ്റിയെ  വിളിക്കാറുണ്ട്.

1524-ൽ 'ജിയോവാന്നി ഡാ വേരസ്സനോ (Giovanni da Verrazzano) എന്ന ഇറ്റാലിയൻ നാവികൻ ഏഷ്യയിലേക്കുള്ള യാത്രാമധ്യേ അറ്റലാന്റിക്ക് സമുദ്രം വഴി ന്യൂയോർക്കിന്റെ സമീപപ്രദേശങ്ങളിലൂടെ യാത്രചെയ്യുകയും ന്യൂയോർക്കിനെപ്പറ്റിയുള്ള വിവരങ്ങൾ ആദ്യമായി ലോകത്തോട് വെളിപ്പെടുത്തുകയുമുണ്ടായി.  'ഹെൻറി ഹഡ്സൺ' എന്ന ഇംഗ്ലീഷ്കാരൻ 1609 ൽ ന്യൂയോർക്കിനു വടക്കുഭാഗമുള്ള 'ഹെൻറി ഹഡ്സൺ നദി'യും കണ്ടെത്തി.  ഒരു ഡച്ച് കോളനിയായിട്ടാണ് ന്യൂയോർക്കിന്റെ ആദ്യകാല ചരിത്രമാരംഭിക്കുന്നത്. ഡച്ചുകാരുടെ അധീനതയിലായിരുന്ന കാലത്ത് ന്യൂയോർക്കിനെ അറിയപ്പെട്ടിരുന്നത് 'ന്യൂ ആംസ്റ്റർഡാം' എന്നായിരുന്നു. ഈ പട്ടണത്തെ 'ന്യൂ നെതർലാൻഡ്' എന്നും അറിയപ്പെട്ടിരുന്നു. 1624-ൽ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി 30 കുടുംബങ്ങളെ ന്യൂയോർക്കിൽ തൊഴിലുകൾ നൽകി താമസിപ്പിച്ചു. ഇന്ന്, 'ഗവർണ്ണേഴ്സ് ഐലൻഡ്' എന്നറിയപ്പെടുന്ന സ്ഥലത്ത് അവർ താമസം തുടങ്ങി. ഡച്ചുകാരുടെ കാലത്ത് ആ സ്ഥലത്തെ ന്യൂട്ടൻ ഐലൻഡ് (Nutten Island) എന്ന് വിളിച്ചിരുന്നു.

ന്യൂയോർക്ക് പ്രദേശങ്ങളിൽ ആദ്യമുണ്ടായിരുന്നവർ 'ലിനപ്പെ അൽഗോങ്ക്വിൻ' (Lenape, an Algonquin) എന്ന വിഭാഗത്തിലുള്ള പ്രാകൃതരായ ഒരു ജനവിഭാഗമായിരുന്നു. അവർ വേട്ടയാടിയും മത്സ്യം പിടിച്ചും കൃഷിചെയ്തും 'ഡെലവെയർ', 'ഹഡ്സൺ' നദിതീരങ്ങളിൽ താമസിച്ചിരുന്നു. 1626-ൽ കുടിയേറ്റക്കാരുടെ ഗവർണ്ണർ ജനറലെന്നറിയപ്പെടുന്ന 'പീറ്റർ മൈന്യുട്' (Peter Minuit) അന്നുണ്ടായിരുന്ന ദേശീയരോട് 'മൻഹാട്ടൻ ഐലൻഡ്' വിലയ്ക്ക് വാങ്ങിച്ചു. 'ബാർട്ടർ ഇക്കോണമി' സമ്പ്രദായപ്രകാരം പകരം പണി ആയുധങ്ങളും കൃഷി ഉപകരണങ്ങളൂം വസ്ത്രവും വിലയായി നൽകി. ന്യൂആംസ്റ്റർഡാമിൽ അക്കാലങ്ങളിൽ മുന്നൂറിനടുത്ത് ജനങ്ങൾ കുടിയേറിയിരുന്നു. 1760-ൽ ജനസംഖ്യ പതിനെണ്ണായിരമായി. അമേരിക്കൻ കോളനികളിൽ 'ന്യൂ ആംസ്റ്റർഡാം' എന്നറിയപ്പെട്ടിരുന്ന ന്യൂയോർക്ക് പിന്നീട് ഏറ്റവും കൂടുതൽ ജനങ്ങൾ വസിച്ചിരുന്ന സ്ഥലമായി മാറിയിരുന്നു. രണ്ടാമത് ജനങ്ങൾ തിങ്ങി പാർത്തിരുന്നത് ബോസ്റ്റൺ പ്രദേശങ്ങളിലായിരുന്നു. വീണ്ടും അമ്പതുവർഷങ്ങൾ കൂടി കഴിഞ്ഞപ്പോൾ ജനസംഖ്യ രണ്ടേകാൽ ലക്ഷമായി. പടിഞ്ഞാറൻ ഹെമിസ്പിയറിൽ ന്യൂ ആംസ്റ്റർഡാം (ന്യൂ യോർക്ക്) ഏറ്റവും വലിയ പട്ടണമായിരുന്നു. ഇന്ന് ന്യൂയോർക്കു നഗരത്തിലുള്ള എട്ടു മില്യൺ ജനങ്ങൾ നഗരത്തിന്റെ അഞ്ചു ബോറോകളിലായി (boroughs) താമസിക്കുന്നു.

1664-ൽ ഡച്ചുകാർ കാര്യമായ ഒരു യുദ്ധമില്ലാതെ തന്നെ ബ്രിട്ടീഷുകാർക്ക്  കീഴടങ്ങി. ബ്രിട്ടൻ പിടിച്ചെടുത്ത ഡച്ചുകാരുടെ വകയായ 'ന്യൂആംസ്റ്റർഡാമിന്'! ന്യൂയോർക്ക് സിറ്റിയെന്നു പേരിട്ടു.1664-നുശേഷം ഒരു നൂറ്റാണ്ടുകൂടി കഴിഞ്ഞപ്പോൾ ജനസംഖ്യ വളരെയേറെ വർദ്ധിച്ചിരുന്നു. നെതർ ലാൻഡ്, ഫ്രാൻസ്, ഇംഗ്ലണ്ട്, ജർമ്മനി എന്നീ സ്ഥലങ്ങളിൽനിന്ന് വലിയ തോതിൽ കുടിയേറ്റവും ആരംഭിച്ചു. കൂടാതെ ആഫ്രിക്കയിൽ നിന്ന് അടിമകളെയും കൊണ്ടുവരാൻ തുടങ്ങി. 1785 മുതൽ 1790- വരെ ന്യൂയോർക്ക് പട്ടണം അമേരിക്കയുടെ തലസ്ഥാന നഗരമായിരുന്നു. അമേരിക്കയിലെ ആദ്യ പ്രസിഡണ്ടായ ജോർജ്ജ് വാഷിംഗ്ടൺ സ്ഥാനാരോഹണം ചെയ്തതും ന്യൂയോർക്കിലായിരുന്നു. 'ഡ്യൂക്ക് ഓഫ് യോർക്കി'ന്റെ പേരിലാണ് പട്ടണം അറിയപ്പെടാൻ തുടങ്ങിയത്. 'ഡ്യൂക്ക് ഓഫ് യോർക്ക്' പിന്നീട് ജെയിംസ് രണ്ടാമൻ രാജാവെന്നും അറിയപ്പെട്ടു. അദ്ദേഹം ഇംഗ്ലണ്ടിലെയും സ്കോട്ട്ലണ്ടിലെയും അയർലണ്ടിലെയും അവസാനത്തെ 'റോമൻ കത്തോലിക്ക' രാജാവായിരുന്നു.

1760 മുതൽ 1770 വരെ ബ്രിട്ടീഷ് സർക്കാരിന്റെ സ്റ്റാമ്പ് ആക്റ്റിനെതിരെ ന്യൂയോർക്കിൽ  പ്രക്ഷോപണങ്ങളും കലാപങ്ങളുമുണ്ടായിരുന്നു. 1765 ൽ ബ്രിട്ടീഷ് സർക്കാർ സ്റ്റാമ്പ് ആക്ട് പാസ്സാക്കി. ന്യുയോർക്കുകാർ, ബ്രിട്ടീഷുകാരുടെ നിയമത്തിനെതിരായി പോരാടുകയും നിരവധി വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു. രോക്ഷാകുലരായ ജനങ്ങൾ അന്നു ഭരിച്ചിരുന്ന ബ്രിട്ടീഷ് ഗവർണ്ണറുടെ കോലങ്ങൾ കത്തിക്കുകയും ചെയ്തു. സമരം അടിച്ചമർത്താൻ ബ്രിട്ടീഷുകാർ ശ്രമിച്ചുകൊണ്ടിരുന്നു. വിപ്ലവം നാടാകെ പൊട്ടിപ്പുറപ്പെട്ടു. ബ്രൂക്കിലിനും ഹാർലവും കേന്ദ്രമാക്കി 1776-ൽ ജോർജ് വാഷിംഗ്ടന്റെ പട്ടാളം സിറ്റി പിടിച്ചെടുക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. അമേരിക്കയിലുള്ള ബ്രിട്ടീഷ്  കോളനികളുടെ   യുദ്ധചിലവുകൾക്കായിരുന്നു ബ്രിട്ടന്റെ 'സ്റ്റാമ്പ് ആക്ട്' പാസാക്കിയത്. ഇതനുസരിച്ച് ഓരോ ഡോകുമെന്റുകൾക്കായി സ്റ്റാമ്പ് ഡ്യൂട്ടിയെന്ന പേരിൽ നികുതികൾ നല്കണമായിരുന്നു. നിരവധി പ്രതിക്ഷേധങ്ങൾക്കു ശേഷവും ബെഞ്ചമിൻ ഫ്രാങ്കലിന്റെ അപേക്ഷപ്രകാരവും 1766 മാർച്ചിൽ സ്റ്റാമ്പ് ഡ്യൂട്ടി നിയമം ബ്രിട്ടീഷ് സർക്കാർ റദ്ദുചെയ്തു.  ന്യൂയോർക്ക് സിറ്റി പഴയതുപോലെ ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങി. 1810 ആയപ്പോൾ ന്യൂയോർക്ക് അമേരിക്കയുടെ ഏറ്റവും വലിയ തുറമുഖമായി അറിയപ്പെട്ടു. തുണി വ്യവസായത്തിലും തുണിമില്ലിലും ന്യൂയോർക്ക് നഗരം പ്രസിദ്ധി നേടുകയും ചെയ്തു.

കൊളോണിയൽ അമേരിക്കയുടെ തെക്കുള്ള കൃഷിക്കാർ ഇംഗ്ലീഷുകാരുടെ നിയന്ത്രണത്തിലുള്ള പട്ടണങ്ങളിലെ മില്ലുകളിൽ, പഞ്ഞി അയച്ചുകൊണ്ടിരുന്നു. പഞ്ഞി വ്യവസായത്തിന് മാഞ്ചസ്റ്റർ വളരെയേറെ പ്രസിദ്ധമായിരുന്നു. മാഞ്ചസ്റ്ററിൽനിന്ന് ഫാക്ടറി ഉൽപ്പന്നങ്ങൾ ന്യൂയോർക്കിലും അയച്ചിരുന്നു. എന്നാൽ ഉൽപ്പാദിപ്പിക്കുന്ന ഉപഭോക്ത വസ്തുക്കൾ മറ്റു സ്ഥലങ്ങളിലേക്ക് ട്രാൻസ്‌പോർട്ട് ചെയ്യാനായുള്ള എളുപ്പ വഴികളുണ്ടായിരുന്നില്ല. 1817-ൽ '363' മൈൽ നീളത്തിൽ ഹഡ്സൺ നദിയിൽ നിന്നും 'ലേക്ക് ഏറി' വരെ കനാൽ നിർമ്മിച്ചു. 1825-ൽ എറിക്ക് കനാൽ പൂർത്തിയാക്കി. ടെക്സ്റ്റയിൽ വ്യവസായത്തിൽക്കൂടി പിന്നീട് ന്യൂയോർക്ക് നഗരം രാഷ്ട്രത്തിന്റെ പ്രധാന വ്യവസായ നഗരമായി അറിയപ്പെടുകയും ചെയ്തു. പട്ടണം വളർന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങൾക്കും ആന്തര ഘടനകൾക്കും മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങി. 1811-ൽ മൻഹാട്ടനിൽ 'സ്ട്രീറ്റുകളും അവന്യുകളും' നിർമ്മിക്കാനുള്ള പദ്ധതികൾ തയ്യാറാക്കി. സിറ്റിയിൽ മുനിസിപ്പൽ ഏജൻസിയും പോലീസ് ഡിപ്പാർട്മെന്റും 1819-ൽ സ്ഥാപിച്ചു.

വിദേശത്തുനിന്നുമുള്ള കുടിയേറ്റക്കാർ ഓരോ വർഷവും ന്യൂയോർക്കിൽ വർദ്ധിച്ചുകൊണ്ടിരുന്നു. 1840 മുതൽ 1850 വരെയുള്ള കാലങ്ങളിൽ ജർമ്മനിയിൽ നിന്നും അയർലണ്ടിൽ നിന്നും വൻതോതിലുള്ള കുടിയേറ്റം മൂലം പട്ടണത്തിന്റെ മുഖച്ഛായ തന്നെ മാറിപോയിരുന്നു. ഓരോ വിഭാഗങ്ങളും തങ്ങളുടെ സംസ്ക്കാരമനുസരിച്ച് വ്യവസായ സംരഭങ്ങളിൽ ഏർപ്പെട്ടിരുന്നു. പിന്നീട് തൊഴിലാളി സംഘടനകൾ രൂപീകരിക്കാൻ തുടങ്ങി. രാഷ്ട്രീയ സംഘടനകളും പ്രവർത്തിക്കാൻ തുടങ്ങി. പള്ളികളും സാമൂഹിക ക്ലബുകളും ഒപ്പം നിർമ്മാണവും ആരംഭിച്ചിരുന്നു. അമേരിക്കൻ വിപ്ലവത്തിനുമുമ്പ് ഡച്ചുകാരും ഇംഗ്ളീഷുകാരും സ്കോട്ട്ലന്റുകാരും ജർമ്മൻകാരുമായിരുന്നു മുഖ്യ കുടിയേറ്റക്കാർ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭഘട്ടത്തിൽ ന്യൂയോർക്കിലും ലോങ്ങ് ഐലണ്ടിലും വെസ്റ്റ് ചെസ്റ്റർ കൗണ്ടിയിലും കുടിയേറ്റക്കാർ വ്യാപകമായി വർദ്ധിച്ചിരുന്നു.

വിപുലമായ ആധുനിക ന്യൂയോർക്ക് സിറ്റി ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വികസിച്ചതാണ്. 1895 വരെ ബ്രോൺസും സ്റ്റാറ്റൻ ഐലൻഡും ബ്രൂക്കിലിനും ക്വിൻസും വെവ്വേറെ വ്യത്യസ്ത ഭരണസംവിധാനങ്ങളുടെ നിയന്ത്രണത്തിലായിരുന്നു. അഞ്ചായി വേർതിരിഞ്ഞിരുന്ന പട്ടണങ്ങൾ പിന്നീട് മൻഹാട്ടൻറെ ഭരണത്തിൻ കീഴിലായ ശേഷം ഗ്രെയ്റ്റർ ന്യൂയോർക്ക് (Greater New York) എന്നറിയപ്പെടാൻ തുടങ്ങി. 1897 ഡിസംബർ മുപ്പത്തിയൊന്നുവരെ ന്യൂയോർക്ക് സിറ്റിയുടെ വലിപ്പം അറുപതു ചതുരശ്ര മൈലുകളായിരുന്നു. ജനസംഖ്യ നിരക്ക് രണ്ടു മില്യൺ എന്നും കണക്കാക്കിയിരുന്നു. 1898 ജനുവരി ഒന്നാം തിയതി അഞ്ചു ബോറോകളിലുള്ള സിറ്റികളും യോജിച്ചു കഴിഞ്ഞപ്പോൾ ഗ്രെയ്റ്റർ ന്യൂയോർക്ക് സിറ്റിയുടെ വിസ്തീർണ്ണം 360 ചതുരശ്ര മൈലായി മാറി. ജനസംഖ്യ മൂന്നര മില്യനായും വർദ്ധിച്ചു.

ഇരുപതാം നൂറ്റാണ്ടിൽ അമേരിക്കൻ പട്ടണങ്ങളിൽ ഒന്നാകെ പ്രശ്ന സങ്കീർണ്ണമായ നാളുകളായിരുന്നു.   നിർമ്മാണ രംഗത്തായിരുന്ന ന്യൂയോർക്കിനും നിരവധി വിഷമഘട്ടങ്ങളും വിതർക്കവിഷയങ്ങളും കൈകാര്യം ചെയ്യേണ്ടി വന്നു. ലോകമഹായുദ്ധത്തിനു ശേഷം 'ഇന്റർ സ്റ്റേറ്റ് ഹൈവേ' നിർമ്മാണവും 'സബെർബ് കമ്മ്യൂണിറ്റി' (Subburb) നിർമ്മാണവും ധൃതഗതിയിൽ നടന്നുകൊണ്ടിരുന്നു. ധനികരായവർ സിറ്റി വിട്ട് സമീപത്തുള്ള സ്ഥലങ്ങളിൽ താമസം തുടങ്ങി. അത് പട്ടണത്തിലെ വ്യവസായങ്ങളെ സാരമായി ബാധിക്കാൻ കാരണവുമായി. അതുമൂലം ന്യൂയോർക്കിലെ വ്യവസായങ്ങൾ തകർന്നുകൊണ്ടിരുന്നു. നികുതി വരുമാനം കുറഞ്ഞപ്പോൾ സർക്കാരിൽനിന്നും പൊതു സേവനവും പൊതുമരാമത്ത് പണികളും സാധിക്കാതെ വന്നു. എന്നിരുന്നാലും 1965-ൽ കുടിയേറ്റ നിയമം പാസാക്കിയതു മൂലം ഏഷ്യ, ഇന്ത്യ, ആഫ്രിക്കാ, കരീബിയൻ സ്ഥലങ്ങളിൽനിന്ന് കുടിയേറ്റം വൻതോതിൽ ആരംഭിച്ചു. ജോലിസാധ്യത പരിഗണിച്ച് ഭൂരിഭാഗവും ന്യൂയോർക്ക് പട്ടണത്തിൽ താമസിക്കാൻ തുടങ്ങി.

ഇരുപത്തിയൊന്നാം നൂറ്റാണ്ട് ന്യൂയോർക്ക് പട്ടണത്തെ കിടുകിടാ വിറപ്പിച്ചുകൊണ്ടായിരുന്നു കടന്നു വന്നത്. 2001 സെപ്റ്റംബർ പതിനൊന്നാം തിയതി ന്യൂയോർക്ക് പട്ടണം ഭീകരരുടെ അതിഘോരമായ ആക്രമണത്തിനിരയായി. ഭീകരർ ഹൈജാക്ക് ചെയ്ത രണ്ടു വിമാനങ്ങൾ അമേരിക്കയിലെ ഉയരം കൂടിയ കെട്ടിടങ്ങളായ 'വേൾഡ് ട്രേഡ് സെന്റർ' ഇടിച്ചു നിരപ്പിലാക്കി. ഏകദേശം മൂവായിരം ജനങ്ങളോളം അന്നേ ദിവസം മരണമടഞ്ഞു. ലോകത്തിന്റെ തന്നെ സാമ്പത്തിക കേന്ദ്രമായ ന്യൂയോർക്ക് പട്ടണം പ്രവർത്തന രഹിതമായി. വർഷത്തിൽ മില്യൺ കണക്കിന് വിനോദ സഞ്ചാരികൾ വന്നുകൊണ്ടിരുന്ന പട്ടണം ആ ദിവസങ്ങളിലെല്ലാം ഭയം കൊണ്ട് വിറച്ചിരുന്നു.

ന്യൂയോർക്ക് സ്റ്റേറ്റിനെ പന്ത്രണ്ട് ജുഡീഷ്യൽ ഡിസ്ട്രിക്റ്റുകളായി തരം തിരിച്ചിട്ടുണ്ട്. ഓരോ ഡിസ്ട്രിക്റ്റിലും തിരഞ്ഞെടുക്കപ്പെട്ട ജഡ്ജിമാരുണ്ടായിരിക്കും. ഈ ജഡ്ജിമാർ ഒന്നായി 'സുപ്രീം കോർട്ട്' എന്നു പറയുന്നു. നാലു ജുഡീഷ്യൽ ഡിപ്പാർട്ടുമെന്റുകൾ സുപ്രീം കോർട്ടിലേയും താഴെയുള്ള കോർട്ടുകളിലെയും അപ്പീൽ കേൾക്കാൻ നിലകൊള്ളുന്നു. അപ്പീൽ കേൾക്കുന്ന കോടതിയാണ് അവസാനമായി സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. സെനറ്റിന്റെ അംഗീകാരത്തോടെ അപ്പീൽ കേൾക്കുന്ന ജഡ്ജിമാരെ ഗവർണ്ണർ നിയമിക്കുന്നു. സ്റ്റേറ്റുകൾ തമ്മിലുള്ള കേസുകളും സുപ്രിം കോടതി കൈകാര്യം ചെയ്യുന്നു. കൗണ്ടി കോർട്ട്, കുടുംബ കോടതികൾ, ന്യൂയോർക്ക് സിറ്റിയുടെ കോടതികൾ മുതലായവ കീഴ്കോടതികളായി അറിയപ്പെടുന്നു. നിയമപരമായ വാദങ്ങളിൽ മുഖ്യമായത്, സ്റ്റേറ്റിന്റെ ഫണ്ടുകൾ  കൗണ്ടികൾക്കും സിറ്റികൾക്കും എങ്ങനെ വീതിക്കണമെന്നുള്ളതു സംബന്ധിച്ചായിരിക്കും. 1896 മുതൽ ലോക്കൽ സർക്കാരുകളുടെ 'സ്വയം ഭരണാവകാശം' ഭരണഘടന അനുവദിച്ചിട്ടുള്ളതാണ്. എന്നാൽ സ്റ്റേറ്റിന്റെ ഇടപെടൽ അവസാന തീരുമാനമായതുകൊണ്ടു സിറ്റിയുടെ സ്വയംഭരണാവകാശങ്ങൾ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു.

ന്യൂയോർക്ക് സ്റ്റേറ്റിനെ മൊത്തം 62 കൗണ്ടികളായി വിഭജിച്ചിട്ടുണ്ട്. ഈ കൗണ്ടികളെ വീണ്ടും 1500  ടൗണുകളായും വില്ലേജുകളായും തരം തിരിച്ചിരിക്കുന്നു. നാഗരികമായ പട്ടണങ്ങൾ കോർപ്പറേഷൻ ആയി രജിസ്റ്റർ ചെയ്തിരിക്കും. ചില കൗണ്ടി ഗവണ്മെന്റുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെങ്കിലും ന്യൂയോർക്ക് സ്റ്റേറ്റിന് ശക്തമായ ഒരു ഭരണ സംവിധാനമുണ്ട്. പോർട്ട് ആൻഡ് ബ്രിഡ്ജ്, ആരോഗ്യ മേഖലകൾ, ഫയർ ഡിസ്ട്രിക്റ്റ്, മാർക്കെറ്റ്, പോർട്ട് അതോറിട്ടി, എന്നിങ്ങനെ ഭരണ സംവിധാനത്തിനായി തരം തിരിച്ചിട്ടുണ്ട്. 'പോർട്ട് അതോറിറ്റിയാണ് ഏറ്റവും വലിയ ഡിസ്ട്രിക്റ്റ്. പാലങ്ങൾ, ഹാർബർ, ന്യൂയോർക്ക് സിറ്റിയുടെ ചുമതലകൾ മുതലായവ പോർട്ട് അതോറിറ്റിയുടെ കീഴിലാണ്. മേയറും കൗൺസിലുമാണ് ന്യൂ യോർക്ക് സിറ്റി നിയന്ത്രിക്കുന്നത്. ന്യൂയോർക്കിൽ സിറ്റിമേയർ, കൌൺസിൽ, കൌൺസിൽ പ്രസിഡന്റ്, കംട്രോളർ, അഞ്ചു ബോറോകളിലെയും പ്രസിഡണ്ടുമാർ, എന്നിവർ ഭരണ സംവിധാനത്തിൽ ഉൾപ്പെടുന്നു. ന്യൂയോർക്ക് സ്റ്റേറ്റിന്റെ വരുമാനത്തിൽ പകുതിയോളം ലോക്കൽ സർക്കാരുകൾക്കായി ചിലവഴിക്കുന്നു. പബ്ലിക്ക് സ്‌കൂൾ, വെൽഫെയർ, ആരോഗ്യം, ഹൈവേകൾ, ഹൌസിങ്, നാഗരിക പുനരുത്ഥാരണം മുതലായ ചുമതലകൾ മുഴുവൻ സ്റ്റേറ്റിന്റെ പരിധിയിൽ വരുന്നു.

ന്യൂയോർക്ക് സ്റ്റേറ്റിലെ രാഷ്ട്രീയം വിവരിക്കുമ്പോൾ ന്യൂയോർക്ക് പട്ടണം ഡെമോക്രറ്റുകളുടെ കോട്ടയായിട്ടാണ് അറിയപ്പെടുന്നത്. 'ലോങ്ങ് ഐലണ്ടിലും' 'അപ്സ്റ്റേറ്റിലും' ശക്തമായ റിപ്പബ്ലിക്കൻ നിയന്ത്രണവുമുണ്ട്. 1920 മുതൽ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും ഗവർണ്ണർമാരായി ന്യൂയോർക്ക് സ്റ്റേറ്റിൽ ഭരിച്ചിട്ടുണ്ട്. 1970 മുതൽ 'അസംബ്‌ളി' ഡെമോക്രറ്റുകളുടെ നിയന്ത്രണത്തിലുമായിരുന്നു. ന്യൂയോർക്ക് സ്റ്റേറ്റിനെ സംബന്ധിച്ച് ഡെമോക്രറ്റുകളും റിപ്പബ്ലിക്കനും തുല്യശക്തികളെങ്കിലും മറ്റുള്ള പാർട്ടികളും രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പുകളിലും പങ്കുകൾ വഹിച്ചിട്ടുണ്ട്.

അമേരിക്കയിൽ പ്രസിദ്ധ ഹോസ്പിറ്റലുകളും മെഡിക്കൽ കോളേജുകളും ന്യൂയോർക്കിലാണുള്ളത്.  ബേത്ത് ഇസ്‌റായെൽ, മൌണ്ട് സീനായ്, കൊളംബിയ മെഡിക്കൽ സ്‌കൂൾ, ന്യൂയോർക്ക് യൂണിവേഴ്സിറ്റി മുതലായ ലോകപ്രസിദ്ധമായ സ്ഥാപനങ്ങൾ ന്യൂയോർക്ക് പട്ടണത്തിൽ നിലകൊള്ളുന്നു. ന്യൂയോർക്ക് പട്ടണത്തിനു വെളിയിൽ 'സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്ക്', 'കോർണൽ യൂണിവേഴ്സിറ്റികൾ' എന്നിവകളും പ്രസിദ്ധങ്ങളാണ്‌. സ്‌കൂൾ വിദ്യാഭ്യാസത്തിനായി ഏറ്റവുമധികം ഫണ്ടുകൾ അനുവദിക്കുന്ന സ്റ്റേറ്റാണ് ന്യൂയോർക്ക്. ആറുമുതൽ പതിനേഴു വയസുവരെ സ്‌കൂൾ വിദ്യാഭ്യാസം  കൊളോണിയൽ കാലം മുതൽ നിർബന്ധവുമായിരുന്നു. 1638-നു മുമ്പ് പള്ളികളുടെ സഹായത്തോടെ 'ന്യൂ ആംസ്റ്റർഡാമിൽ' (ന്യൂ യോർക്ക്) സ്‌കൂളുകൾ നടത്തിയിരുന്നു. 1791-ലാണ് സ്റ്റേറ്റിന്റെ ആദ്യത്തെ പബ്ലിക്ക് സ്‌കൂൾ സിസ്റ്റം നടപ്പാക്കിയത്. 1795 വരെ ചെറിയ തോതിൽ എലിമെന്ററി പബ്ലിക്ക് സ്‌കൂൾ സിസ്റ്റത്തിന് പണം കൊടുത്തിരുന്നു. 1812 മുതൽ സർക്കാരിന്റെ പൂർണ്ണമായ ഉത്തരവാദിത്വത്തിൽ പബ്ലിക്ക് സ്‌കൂളുകൾ  നടപ്പാക്കി. 1867 വരെ മാതാപിതാക്കൾ സ്‌കൂൾ ഫീസിന്റെ  ഒരു വീതം കൊടുക്കണമായിരുന്നു. വളരെ കുറച്ചു പബ്ലിക്ക് സ്‌കൂളുകൾ മാത്രമേ ഇരുപതാം നൂറ്റാണ്ടിൻറെ ആരംഭത്തിലുണ്ടായിരുന്നുള്ളൂ. പിന്നീട് രാഷ്ട്രത്തിന്റെ നാനാഭാഗത്തും പബ്ലിക്ക് സ്‌കൂളുകൾ നടപ്പാക്കാൻ തുടങ്ങി.

ഭൂരിഭാഗം ന്യൂയോർക്ക് നിവാസികൾക്കും ഹെൽത്ത് ഇൻഷുറൻസ് കവറേജ് ഉണ്ട്. അഞ്ച് ന്യൂയോർക്കുകാരിൽ ശരാശരി ഒരാൾക്കു വീതം 'മെഡിക്കെയ്ഡ്' ആനുകൂല്യം ലഭിക്കുന്നു. വരുമാനം കുറവായ കുടുംബങ്ങൾക്കും കുട്ടികൾക്കുമാണ് 'മെഡിക്കെയ്ഡ്' നല്കുന്നത്. അനേകം പേർക്ക് ഫുഡ് സ്റ്റാമ്പും ലഭിക്കുന്നു. വരുമാനമില്ലെങ്കിൽ, അസുഖം ബാധിച്ചവർക്കും പ്രായമായവർക്കും നേഴ്സിങ് ഹോം ചെലവുകൾ   മെഡിക്കെയ്ഡ് നൽകും.

ന്യൂയോർക്ക് മനോഹരവും സാമൂഹിക സാംസ്ക്കാരിക തലങ്ങളിൽ അങ്ങേയറ്റം പ്രബുദ്ധത നിറഞ്ഞ പട്ടണവുമായിട്ടാണ് അറിയപ്പെടുന്നത്. കുറഞ്ഞത് ഒരു മില്യൺ സന്ദർശകർ ഈ പട്ടണത്തിൽ ഓരോ വർഷവും വന്നും പൊയ്ക്കൊണ്ടുമിരിക്കുന്നു. ഓരോ സന്ദർശകന്റെയും പ്രതീക്ഷകളേക്കാൾ, ഭാവനകളെക്കാൾ അത്ഭുതകരമാണ് ന്യൂയോർക്ക് പട്ടണം. പട്ടണത്തിന്റെ ഹൃദയഭാഗത്തായുള്ള പച്ച പുൽപ്പാതകൾ നിറഞ്ഞ സെൻട്രൽ പാർക്ക് കാഴ്‌ചക്കാരുടെ കണ്ണുകൾക്ക് ഇമ്പം നൽകും. 'ടൈംസ് സ്‌ക്വയർ' ന്യൂ യോർക്ക് ടൈംസിന്റെ പേരിൽ അറിയപ്പെടുന്നു. 1904-ൽ സ്ഥാപിച്ച ന്യൂയോർക്ക് ടൈംസിന്റെ ചരിത്രവും 'ടൈംസ് സ്‌ക്വയർ' നമ്മെ ഓർമ്മിപ്പിക്കുന്നു. 'ഫാസ്റ്റ് ഫുഡി'ന്റെ പട്ടണമാണിത്. പിസാ, മക്‌ഡൊണാൾഡ്‌സ്, ബർഗർ കിംഗ്,  മുതലായ ഫാസ്റ്റ്ഫുഡുകൾ ഇഷ്ടപ്പെട്ടവർക്ക് ന്യൂയോർക്ക് അനുയോജ്യമായ സന്ദർശക സ്ഥലമാണ്. മഴയുള്ള ദിനങ്ങളാണെങ്കിൽ മ്യൂസിയത്തിലും ആർട്ട് ഗ്യാലറിയിലും തിക്കും തിരക്കുമായിരിക്കും. ന്യൂയോർക്ക് സിറ്റിയിൽ വന്നാൽ റോക്ക്‌ഫെല്ലർ സെന്റർ നിറയെ സന്ദർശകരെ കാണാം. സൂര്യാസ്തമയ സമയത്താണ് ഈ പ്രദേശം ഏറ്റവും മനോഹരമായ ദൃശ്യമായി അനുഭവപ്പെടുന്നത്.

മേയ്സിസ് (Maycy's) ലോകത്തിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റായി കരുതുന്നു. ടെക്സ്റ്റയിലുകളുടെ ഒരു സാമ്രാജ്യമാണവിടം. ടൂറിസ്റ്റുകൾ അവിടെ സന്ദർശിക്കുന്നു. ന്യൂയോർക്ക് പട്ടണത്തിൽനിന്നും മൂന്നു മണിക്കൂർ യാത്ര ചെയ്‌താൽ ബോസ്റ്റണിലും വാഷിംഗ്ടണിലും എത്താം. ആറേഴു മണിക്കൂർ യാത്ര ചെയ്‌താൽ നയാഗ്ര ഫാൾസിലുമെത്താം. സ്റ്റാച്യു ഓഫ് ലിബർട്ടി അമേരിക്കയിലെ ഏറ്റവും പൊക്കം കൂടിയ സുന്ദരമായ ഒരു പ്രതിമയാണ്. 1833-ൽ ബ്രൂക്കിലിൻ ബ്രിഡ്ജ് പണി കഴിപ്പിച്ചു. ഈ പാലം ബ്രൂക്കിലിനും മൻഹാട്ടനുമായി ബന്ധിപ്പിച്ചിരിക്കുന്നു. 1929-ൽ 'എംപയർ സ്റ്റേറ്റ് ബിൽഡിംഗ്' പണി തീർന്നു. അത് ന്യൂയോർക്കിലെ മദ്ധ്യ ഭാഗത്തായി സ്ഥിതി ചെയ്യുന്നു.

അമേരിക്കക്കാർ പൊതുവെ സൗഹാർദ്ദം പുലർത്തുന്നവരാണ്. സ്നേഹവും ദയയും അവർ പ്രകടിപ്പിക്കും. ആരെ കണ്ടാലും പുഞ്ചിരിക്കുന്ന മുഖത്തോടെ സ്വാഗതം ചെയ്യും. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്ഥിതിയുള്ളവരുമാണ്. യാത്ര ചെയ്യുമ്പോൾ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ അവർ സഹായിക്കാൻ തല്പരരുമാണ്. അത്ഭുതകരമായ 'ബ്രോഡ് വെ ഷോ' യാത്രക്കാരെ ആകർഷിക്കുന്ന സ്ഥലമാണ്. ഓരോ ഷോകളും  ഏതൊരു ഭാഷക്കാരനും മനസിലാകുന്നതുമാണ്‌. വസന്തകാലത്തും വേനൽക്കാലത്തും 'ബൊട്ടാനിക്ക് ഗാർഡൻ' ഒരു കാഴ്ചയായിരിക്കും. 'കോണി ഐലൻഡ്' യാത്രക്കാരുടെ തിരക്ക് നിറഞ്ഞ സ്ഥലങ്ങളാണ്. വ്യവസായ ലോകത്തിന് 'വാൾസ്ട്രീറ്റ്' അത്ഭുതകരമായിരിക്കും. ഒരിക്കൽ ന്യൂയോർക്ക് കണ്ടവർക്ക് പിന്നീടൊരിക്കലും ഭൂമിയിലെ ഈ പറുദീസ മറക്കാൻ സാധിക്കില്ല.

ന്യൂയോർക്കിൽ പകുതിയോളം കത്തോലിക്കാ വിശ്വാസികളാണുള്ളത്. എങ്കിലും ഭൂരിഭാഗവും പള്ളികളിലും ആചാരങ്ങളിലും സംബന്ധിക്കാറില്ല. യഹൂദന്മാർ പത്തു ശതമാനം വരും.  ഇരുപതാം നൂറ്റാണ്ടായപ്പോൾ വെള്ളക്കാരല്ലാത്തവരുടെയും ജനസംഖ്യ വർദ്ധിച്ചുകൊണ്ടിരുന്നു.   1940-ൽ അഞ്ചു ശതമാനത്തിനു താഴെ മാത്രമേ വെള്ളക്കാരല്ലാത്തവർ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ന്യൂയോർക്കിൽ ആറിലൊന്ന് ജനസംഖ്യ വെള്ളക്കാരല്ലാത്തവരായിരുന്നു. ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആഫ്രിക്കൻ വംശാവലിയിലുള്ള അനേകർ കരീബിയൻ ഐലൻഡിൽ നിന്നും ആഫ്രിക്കയിൽനിന്നും ഇവിടെ കുടിയേറി. അവരുടെയിടയിൽ നിരവധി വിശ്വാസങ്ങളും മതങ്ങളും പുലർത്തിയിരുന്നു. വിവിധ ഭാഷകളും സംസ്‌കാരങ്ങളും പ്രചരിച്ചിരുന്നു.

രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ന്യൂയോർക്കിന്റെ സംസ്ക്കാരികതയ്ക്ക് മാറ്റം വരുത്തിയവർ പോർട്ടറിക്കൻ സമൂഹമായിരുന്നു. 1950-1960 വരെയുള്ള സാമ്പത്തിക മാന്ദ്യം പോർട്ടറിക്കോയിൽനിന്ന് അനേകരെ ന്യൂയോർക്കിലേക്ക് കുടിയേറ്റത്തിനു നിർബന്ധിതരാക്കി. ഇന്ന് ലക്ഷക്കണക്കിന് പോർട്ടറിക്കന്മാർ ന്യൂയോർക്ക് പട്ടണത്തിലും ന്യൂയോർക്കിന്റെ സമീപ പ്രദേശങ്ങളിലും കുടുംബങ്ങളായി താമസിക്കുന്നു. ഡൊമിനിക്കൻകാരും ലാറ്റിനോകളും സ്പാനിഷ് സംസാരിക്കുന്നവരും ഇവിടെ വന്ന കുടിയേറ്റക്കാരുടെ പട്ടികയിലുണ്ട്.

ന്യൂയോർക്കിന്റെ സാമ്പത്തികം ലോകത്തിലെ പട്ടണങ്ങളിൽ ഒന്നാം നിരയിൽ നിൽക്കുന്നു.  ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ന്യൂയോർക്കിലെ സാമ്പത്തിക അന്തരീക്ഷം വളരെയധികം മെച്ചപ്പെട്ടു. പുതിയ  കോർപ്പറേറ്റ് കെട്ടിടങ്ങൾ ഉയർന്നു വന്നു. ജോലി സാധ്യതകളും വർദ്ധിച്ചു. എല്ലാവിധത്തിലുള്ള ട്രാൻസ്‌പോർട്ട് സൗകര്യങ്ങളും ന്യൂയോർക്കിനുണ്ട്. വൈദ്യതി സംഭരണം, ന്യൂക്ലിയർ കഴിവുകൾ, ഹൈഡ്രോ ഇലെക്ട്രിസിറ്റി, എന്നിവകളിൽ ന്യൂയോർക്ക് മുമ്പിൽ നിൽക്കുന്നു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങൾ അനുസരിച്ച് ന്യൂയോർക്കിലാണ് കുറഞ്ഞ തൊഴിലില്ലായ്മയുള്ളത്.

1930 മെയ് പതിനേഴാം തിയതി റോക്ക്ഫെല്ലർ സെന്ററിന്റെ നിർമ്മാണം ആരംഭിച്ചു. അമേരിക്കയിൽ സാമ്പത്തിക മാന്ദ്യം മൂർച്ഛിച്ചിരുന്ന ഒരു കാലഘട്ടത്തിലാണ് ഇങ്ങനെ ഒരു സംരഭത്തിന് തുടക്കമിട്ടത്. ന്യൂയോർക്കിലെ 65 ശതമാനം തൊഴിലാളികൾ തൊഴിലില്ലാതെ അലഞ്ഞിരുന്ന സമയങ്ങളിൽ  റോക്ക്ഫെല്ലർ കെട്ടിട നിർമ്മാണങ്ങളിൽക്കൂടി അറുപതിനായിരത്തോളം പേർക്കുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതും ചരിത്ര നേട്ടങ്ങളായിരുന്നു.  ക്രിസ്തുമസ് നാളുകളിൽ ആയിരക്കണക്കിന് സന്ദർശകർ റോക്ക്'ഫെല്ലർ സെന്ററിന്റെ മുമ്പിലുള്ള  നിറങ്ങൾ കലർന്ന പ്രകാശതരംഗങ്ങളാൽ അലംകൃതമായ ക്രിസ്തുമസ് മരത്തിനു ചുറ്റും സമ്മേളിക്കാറുണ്ട്. ഓരോ വർഷവും ഇരുപതടിയിൽ കൂടിയ ഭീമാകാരമായ ഒരു ക്രിസ്തുമസ് മരം അവിടെ ക്രിസ്തുമസ് നാളുകളിൽ പറിച്ചു നടാറുണ്ട്. 1931-ൽ ആരംഭിച്ച ന്യൂയോർക്കിന്റെ ഈ  പാരമ്പര്യം  മുടക്കമില്ലാതെ ഇന്നും  തുടരുന്നു. 





Duke York (King James ii)

Thursday, December 13, 2018

അമേരിക്കാ: സാമൂഹിക രാഷ്ട്രീയ ലേഖന ലിങ്കുകൾ

ജോസഫ് പടന്നമാക്കൽ



(പല ഘട്ടങ്ങളിലായി ഇ-മലയാളിയിലും മലയാളം ഡെയിലി ന്യൂസിലും നിരവധി അമേരിക്കൻ ഓൺലൈൻ പത്രങ്ങളിലും പ്രസിദ്ധീകരിച്ച എന്റെ ലേഖനങ്ങളുടെ ലിങ്കുകളാണ് താഴെ ചേർത്തിരിക്കുന്നത്.  ഞാൻ പഠിച്ചെഴുതിയ ഈ ലേഖനങ്ങൾ അമേരിക്കയെപ്പറ്റി അറിയാൻ ആഗ്രഹിക്കുന്നവർക്ക്  ഗുണപ്രദമായിരിക്കും. പ്രത്യേകിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങുന്നവർ ചരിത്ര ബോധമുള്ളവരായിരിക്കണം. ഇന്നത്തെ രാഷ്ട്രീയ നേതാക്കന്മാർ, വായനയുടെ കുറവു കാരണം പല മണ്ടത്തരങ്ങളും പ്ലാറ്റ്‌ഫോമിൽ നിന്ന് വിളിച്ചുപറയുന്നു..വിദ്യാഭ്യാസമുള്ള പുതിയ തലമുറകളെ നയിക്കാൻ അത്തരക്കാർ അയോഗ്യരുമാണ്)


1.ജോർജ് എച്ച് ബുഷ് 41, വൈമാനികനിൽനിന്നും വൈറ്റ്ഹൌസിന്റെ അമരക്കാരൻ വരെ...



2.   അമേരിക്കനായ ബോബി ജിൻഡാലും പൈതൃകത്വവും

3.   കാത്തിരിക്കുന്ന ഗ്രീൻകാർഡും സംഭ്രാന്തിയും കുറെ പൊതു നിയമങ്ങളും



4.   ആഡംബരങ്ങൾ ഉപേക്ഷിച്ച ഷിക്കാഗോ രൂപതയുടെ പുതിയ മെത്രാപോലീത്താ


5.   താങ്ക്സ് ഗിവിങ് ഡേയും പില്ഗ്രിം പിതാക്കന്മാരുടെ പുതിയ ആകാശവും പുതിയ ഭൂമിയും


6.കൈവിട്ടുപോയ പൈതൃകനാടും പ്രവാസികളുടെ പരിചിന്തനങ്ങളും


7.കയ്യേറ്റക്കാരുടെ പ്രവാസിഭൂമി


8.കർമ്മഭൂമിയിലെ ദാമ്പത്തിക ജീവിതവും ഓർമ്മകളും


9.ഒബാമയും ഭരണസ്തംഭനവും


10.വെടിയുണ്ടകളേറ്റിട്ടും തോൽക്കാൻ തയാറാകാത്ത മലാലായുടെ യൂ.എൻ. പ്രസംഗം

11.സർജൻ ജനറൽ ഡോ. വിവേക് മൂർത്തി - ഒരു അവലോകനം




12.ലിബർട്ടി ബെല്ലും ചരിത്ര പശ്ചാത്തലവും

13.വൈറ്റ്ഹൗസ് സ്വപ്നം കാണുന്ന സ്ളാവിക്ക് സുന്ദരി മെലനിയഒരു അവലോകനം

14.അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പും രാഷ്ട്രീയ നയങ്ങളും



15.ഡൊണാൾഡ് ട്രംപും ഹിലരി ക്ലിന്റണും ഗർഭഛിന്ദ്ര നയങ്ങളും.


16.പ്രസിഡന്റ് ഒബാമയുടെ ചരിത്രംഒരു അവലോകനം

17.ഹിലാരി ക്ലിന്റനും ഡൊണാൾഡ് ട്രമ്പും വാക്‌ പോരാട്ടങ്ങളും

18.അമേരിക്കൻ പ്രസിഡന്റായി മത്സരിച്ച ആദ്യത്തെ വനിത വിക്റ്റോറിയ വുഡ്‌ഹോൾചരിത്രവും അവലോകനവും

19.സ്റ്റാച്ച്യൂ ഓഫ് ലിബർട്ടിയും അവളുടെ കഥയും

20.ഹിലാരി ക്ലിന്റനും ചരിത്രം കുറിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പും

21.പുതിയ ലോകം പുതിയ അമേരിക്കാട്രംബിന്റെ സ്വപ്നം

22.മനുഷ്യാവകാശ പ്രവർത്തകനായ ജിമ്മി കാർട്ടർഒരു അവലോകനം

23.മഹാനായ വിപ്ലവകാരി മാൽക്കം എക്സ്ഒരു അവലോകനം


24.അടിമത്തവും അമേരിക്കയിലെ കറുത്തവരുടെ ചരിത്രവും

25.ഡൊണാൾഡ് ട്രംപും അനധികൃത കുടിയേറ്റ പ്രശ്നങ്ങളും ഉപരോധവും


26.പ്രസിഡന്റ് ട്രംപിന്റെ പ്രസംഗവും ഊതിപ്പെരുപ്പിച്ച അവകാശവാദങ്ങളും


27.ട്രംപണോമിക്സും അനുകൂല പ്രതികൂല പ്രതികരണങ്ങളും

28.പാരീസിലെ ആഗോളതാപന ഉടമ്പടിയും ട്രംപിന്റെ പിന്മാറലുംപഠനം



29.ട്രംപ് കെയർ അവബോധനവും ഖണ്ഡനങ്ങളും


Tuesday, December 11, 2018

ജോർജ് എച്ച് ബുഷ് 41, വൈമാനികനിൽനിന്നും വൈറ്റ്ഹൌസിന്റെ അമരക്കാരൻ വരെ...



ജോസഫ് പടന്നമാക്കൽ

'ജോർജ് ഹെർബെർട് വാൾക്കർ ബുഷ് '  1989 മുതൽ 1993 വരെ അമേരിക്കയുടെ നാല്പത്തിയൊന്നാം പ്രസിഡന്റായിരുന്നു. അമേരിക്കൻ പ്രസിഡന്റുമാരിൽ അദ്ദേഹത്തെപ്പോലെ  റെസ്യുമെയുള്ള(Resume) മറ്റൊരു പ്രസിഡന്റ് ചരിത്രത്തിലില്ല. ഇരുപതാം വയസുമുതൽ രാഷ്ട്രത്തിനുവേണ്ടി തുടങ്ങി വെച്ച സേവനം വിശ്രമമില്ലാതെ 94 വയസിൽ മരിക്കുന്നവരെ തുടർന്നുകൊണ്ടിരുന്നു.
ഇറാക്കിനെതിരെ  യുദ്ധകാല സമാനമായ ഒരു കാലഘട്ടത്തിൽ  അദ്ദേഹം രാജ്യത്തെ ധീരതയോടെ നയിച്ചു.  'സമാധാനത്തിലധിഷ്ഠിതമായ ഒരു ലോകം കണ്ടുകൊണ്ട് രാഷ്ട്ര നന്മയ്ക്കായി അമേരിക്കയെ  ബലവത്താക്കുമെന്നും' പ്രസിഡന്റായ  ദിവസം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

ജോർജ് എച്ച് ബുഷ്  മസ്സാച്ചുസ്സിലുള്ള മിൽട്ടണിൽ 1924 ജൂൺ പന്ത്രണ്ടാം തിയതി ജനിച്ചു. രാഷ്ട്രീയമായി പേരും പെരുമയും പാരമ്പര്യവുമുള്ള ഒരു ധനിക കുടുംബത്തിലാണ് ബുഷ് ജനിച്ചു വളർന്നത്.  പിതാവ് 'പ്രെസ്‌കോട്ട് ബുഷ്' അമേരിക്കയുടെ സെനറ്ററായിരുന്നു. അമ്മ 'ഡൊറോത്തി വാക്കർ' ഒരു ബാങ്കറുടെ മകളായിരുന്നു. ബാലനായിരുന്ന സമയത്ത്‌ ബുഷിന് മരണകരമായ ഒരു രോഗം പിടിപെടുകയും രക്ഷപെടുകയും ചെയ്തു. രോഗംമൂലം  സ്‌കൂളിൽ ഒരു വർഷം നഷ്ടപ്പെട്ടതിനാൽ വീണ്ടും അതേ ക്ലാസ്സിൽ പിറ്റേ വർഷവും പഠനം ആവർത്തിക്കേണ്ടി വന്നു. മസാച്ചുസിലുള്ള ആൻഡോവറിൽ വളരെ പ്രസിദ്ധമായ ഫിലിപ്സ് ഹൈസ്‌കൂളിലാണ് ജോർജ് ബുഷ്  പഠിച്ചിരുന്നത്. അവിടെ പഠിക്കുന്ന കാലം മുതൽ തന്റെ ഭാവി വധു ബാർബറായുമായി പ്രേമബന്ധത്തിലായിരുന്നു. 1941-ൽ അവരൊന്നിച്ച് ഒരു ക്ലബിൽ ക്രിസ്തുമസ് ഡാൻസ് ചെയ്ത ശേഷമാണ് സുഹൃത്തുക്കളായത്. അന്ന് അദ്ദേഹത്തിനു പതിനേഴും ബാർബറായ്ക്ക് പതിനാറും വയസ് പ്രായമുണ്ടായിരുന്നു.

'ഫിലിപ്സ് അക്കാദമിയിൽ' ജോർജ് ബുഷ് മുതിർന്ന ക്ലാസ്സിൽ  പഠിക്കുന്ന കാലത്ത് അമേരിക്ക ജപ്പാനിൽ 'പേൾ റിവറിൽ' ബോംബിട്ടു. അന്നുമുതൽ രാജ്യസേവനം ലക്ഷ്യമിട്ട് അമേരിക്കൻ സേനയിൽ പ്രവർത്തിക്കണമെന്ന ആഗ്രഹമുണ്ടായി. 1941-ൽ ബുഷ് പട്ടാളത്തിൽ ചേരാൻ തീരുമാനിച്ചു. യേൽ യൂണിവേഴ്സിറ്റിയിൽ പ്രവേശനം ലഭിച്ചെങ്കിലും പഠനം മുമ്പോട്ട് തുടരാൻ ആഗ്രഹിച്ചില്ല. സ്വന്തം പിതാവ് പഠനം നിർത്തുന്നതിൽ എതിർത്തെങ്കിലും പതിനെട്ടു വയസു തികയുന്ന ദിവസം നേവിയിൽ ചേരാൻ അദ്ദേഹം സ്വയം തീരുമാനമെടുത്ത് ഒപ്പിടുകയാണുണ്ടായത്. രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുക്കുകയും ചെയ്തു. നേവിയിൽ ആയിരുന്ന സമയം വിമാനം പറപ്പിക്കാനുള്ള യോഗ്യതകൾ നേടി.  അദ്ദേഹം അന്ന് അമേരിക്കൻ നേവിയിലെ വിമാനം പറപ്പിക്കുന്ന പൈലറ്റുമാരിൽ ഏറ്റവും പ്രായം കുറഞ്ഞ യുവാവായിരുന്നു.

1944-ൽ അദ്ദേഹത്തിൻറെ വിമാനം ജപ്പാൻ വെടി വെച്ചിട്ടു. ജപ്പാൻ ബോട്ടുകൾ അദ്ദേഹത്തെ പിടികൂടാൻ ശ്രമിച്ചെങ്കിലും തന്ത്രപൂർവം വെള്ളത്തിൽക്കൂടി രക്ഷപ്പെടുകയായിരുന്നു. അന്നത്തെ ഘോരമായ ദുരിത ദിനത്തെ ബുഷ് തന്റെ ആത്മകഥയിൽ വിവരിക്കുന്നുണ്ട്. "ഞാൻ നരകത്തിനുള്ളിൽ നീന്തുന്നപോലെ കൈകാലുകൾ കുഴഞ്ഞ് ഉറക്കെയുറക്കെ കരയുന്നുണ്ടായിരുന്നു. രക്ഷപെടുമെന്ന പ്രതീക്ഷകളും നശിച്ചിരുന്നു. ജീവനുവേണ്ടിയുള്ള ആ നീന്തലിൽ തനിക്ക് ഒളിമ്പിക് മെഡൽ കിട്ടാൻ വരെ യോഗ്യനായിരുന്നു. അമേരിക്കൻ സബ്മറയിൻ അദ്ദേഹത്തെ കണ്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു.  വീണ്ടും ജപ്പാന്റെ തീരത്തേക്ക് അദ്ദേഹത്തെ യുദ്ധത്തിനായി അയച്ചെങ്കിലും അതിനു മുമ്പ് തന്നെ ജപ്പാൻ രണ്ടാം ലോകമഹായുദ്ധത്തിൽ കീഴടങ്ങുകയാണുണ്ടായത്.  യുദ്ധത്തിൽ ധീരമായ സേവനത്തിന് മെഡലുകൾ നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. രണ്ടാം ലോക മഹായുദ്ധകാലത്ത് യുദ്ധവിമാനവുമായി 58 പ്രാവിശ്യം ശത്രു സങ്കേതങ്ങളെ ലക്ഷ്യമാക്കി പറന്നിരുന്നു.

യുദ്ധം അവസാനിക്കുകയും ബുഷ് നേവിയിൽനിന്ന് പിരിഞ്ഞു പോവുകയും ചെയ്തു. യുദ്ധസേവനം കഴിഞ്ഞു മടങ്ങി വന്നപ്പോൾ അദ്ദേഹത്തിന് വീണ്ടും പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നില്ല. ഏതെങ്കിലും ജോലി സമ്പാദിക്കണമെന്നുള്ളതായിരുന്നു ലക്‌ഷ്യം. എന്നാൽ അദ്ദേഹത്തിന്റെ പിതാവ് അതിന് സമ്മതിക്കില്ലായിരുന്നു. ഒടുവിൽ നിർബന്ധത്തിനു വഴങ്ങി 'യേൽ യൂണിവേഴ്സിറ്റി'യിൽ ചേർന്നു. ഒപ്പം സ്വന്തം കുടുംബം പരിപാലിക്കാനുള്ള ഉത്തരവാദിത്വവും ഉണ്ടായിരുന്നു. 1945 ജനുവരിയിൽ ബാർബറ പിയേഴ്‌സിനെ വിവാഹം ചെയ്തു. ജോർജ്, റോബിൻ, ജോൺ (ജെബ്), നീൽ, മാർവിൻ, ഡൊറോത്തി എന്നിങ്ങനെ ആറുമക്കൾ ജനിച്ചു. ഇവരിൽ റോബിൻ കുഞ്ഞായിരുന്നപ്പോൾ തന്നെ ലുക്കീമിയ വന്നു മരിച്ചുപോയിരുന്നു.യേൽയുണിവേഴ്സിറ്റിയിൽ പഠിച്ചിരുന്ന കാലത്താണ് മൂത്ത മകൻ ജോർജ് ഡബ്ള്യു ബുഷ് ജനിച്ചത്.

യേൽ യൂണിവേഴ്‌സിറ്റിയിൽ പഠനത്തോടൊപ്പം സ്പോർട്സിലും അദ്ദേഹം സമർത്ഥനായിരുന്നു. ബേസ് ബാൾ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. കുഞ്ഞുനാളിൽ ബുഷിനെ വിളിച്ചിരുന്നത് 'പോപ്പി'യെന്നായിരുന്നു. ബേസ്ബോൾ കളിക്കാരനായ നാളുകളിൽ ദേശീയ ലെവലിൽ പോലും അറിഞ്ഞിരുന്നത് ആ പേരിലായിരുന്നു. രണ്ടര വർഷം കൊണ്ട്! യേൽ യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദമെടുത്തു.

ബിരുദത്തിനു ശേഷം എന്ത് ചെയ്യണമെന്ന് അദ്ദേഹത്തിന്റെ മനസ് ചാഞ്ചല്യപ്പെടുന്നുണ്ടായിരുന്നു.  നിരവധി കമ്പനികളിൽ നിന്നും ജോലിക്കായുള്ള ഓഫറുകളും ലഭിച്ചു. അദ്ധ്യാപക ജോലിക്കും ക്ഷണിച്ചിരുന്നു. അവസാനം അദ്ദേഹം ടെക്‌സാസിലുള്ള ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയിൽ ജോലി തുടങ്ങി. ഒരു കോർപറേറ്റ് കമ്പനിയിൽ താണ ജോലിക്കാരനായി 'എക്യുപ്മെന്റ് ക്ലർക്കിന്റെ' ജോലിയായിരുന്നു ആദ്യം ചെയ്‌തിരുന്നത്‌. പിന്നീട് സ്വന്തം ഓയിൽ കമ്പനി തുടങ്ങുകയായിരുന്നു.

ബുഷ് അക്കാലത്തെ ടെക്‌സാസിലെ താമസകാലത്തെപ്പറ്റി ആത്മകഥയിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെ, "തന്റെ വീട് അന്നു  വളരെ ചെറിയതും ഒറ്റ ടോയ്‌ലെറ്റ് മുറിയോടുള്ളതുമായിരുന്നു. ടോയ്‌ലെറ്റ് മുറി അടുത്തുള്ള അയൽപ്പക്കക്കാരുമായി പങ്കിടണമായിരുന്നു. ഒരു സ്ത്രീയും മകളും അതേ ടോയിലറ്റും ബാത്ത്റൂമും ഉപയോഗിച്ചിരുന്നു. രാത്രി കാലങ്ങളിൽ അനേക പുരുഷന്മാരും ഇതേ ടോയിലറ്റ് ഉപയോഗിച്ചിരുന്നതിനാൽ മിക്കസമയവും അകത്തുനിന്നു പൂട്ടി കിടക്കുമായിരുന്നു. അതുമൂലം  പ്രാഥമിക ആവശ്യങ്ങൾ നടത്താൻ സാധിക്കാതെ നന്നേ ബുദ്ധിമുട്ടിയിട്ടുണ്ട്‌."

ജോർജ് ബുഷിന്റെ പിതാവ് 'പ്രെസ്‌കോട്ട് ബുഷ്' കണക്റ്റികട്ടിൽ സെനറ്ററായി സേവനം ചെയ്തിരുന്നു. പിതാവിന്റെ കാലടികൾ പിന്തുടർന്നുകൊണ്ടു തന്നെ  1952-ൽ കണക്റ്റികട്ടിൽ ജോർജ് ബുഷ് സെനറ്ററായി മത്സരിച്ചു ജയിച്ചു. അതിനുശേഷം അദ്ദേഹം പൊതുജനസേവനത്തിനും രാഷ്ട്രീയത്തിലും തല്പരനായി. ടെക്‌സാസ്സിൽനിന്നും കോൺഗ്രസ്സ് പ്രതിനിധിയായി അദ്ദേഹത്തെ രണ്ടുപ്രാവശ്യം തിരഞ്ഞെടുത്തു. പിന്നീട് രണ്ടു പ്രാവിശ്യം തുടർച്ചയായി സെനറ്റിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല. രാഷ്ട്രീയത്തിലെ നേതൃസ്ഥാനത്തിരുന്നുകൊണ്ട് ജനസേവന പ്രവർത്തനങ്ങളിൽ മുഴുകി, നിരവധി സ്ഥാനമാനങ്ങളും ചുമതലകളും വഹിച്ചിരുന്നു. യുണൈറ്റഡ്നേഷൻ അംബാസിഡർ, റിപ്പബ്ലിക്കൻ നാഷണൽ കമ്മറ്റിയുടെ ചെയർമാൻ എന്നിങ്ങനെ ഔദ്യോഗിക ഭാരവാഹിത്വങ്ങളും വഹിച്ചിരുന്നു. ചൈനയുടെ അംബാസഡറായും സി.ഐ.എ ഡയറക്ടറായും പ്രവർത്തിച്ചു.

റിച്ചാർഡ് നിക്സൻറെ കാലത്ത് 1968-ൽ വൈസ് പ്രസിഡന്റായി മത്സരിക്കാൻ ബുഷിനെ പരിഗണിച്ചിരുന്നു. ബുഷ് കുടുംബത്തിന്റെ സുഹൃത്തായിരുന്ന ബില്ലി ഗ്രഹാമും ഇങ്ങനെ ഒരു സാധ്യതയെപ്പറ്റി ആരാഞ്ഞിരുന്നു. 1974-ആഗസ്റ്റ് ആറാം തിയതി നിക്‌സൺ ഒരു ക്യാബിനറ്റ് മീറ്റിങ്ങ്  വിളിച്ചു കൂട്ടി. അന്ന് റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റിയുടെ ചെയർമാൻ ബുഷായിരുന്നു. വാട്ടർഗേറ്റ് സംഭവം ചൂടുപിടിച്ചിരുന്ന കാലവുമായിരുന്നു. വിവാദപരമായ ചർച്ചകളിൽ ബുഷിന് പ്രസംഗിക്കാൻ അവസരം കിട്ടി. 'വാട്ടർഗേറ്റ് സംഭവം മൂലം നിക്‌സണു ജനപിന്തുണ നഷ്ടപ്പെട്ടെന്നും അതുകൊണ്ടു  രാജിവെക്കണമെന്നും' പ്രസംഗത്തിനിടെ ബുഷ് ആവശ്യപ്പെട്ടു.ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രസിഡന്റ് നിക്‌സൺ രാജി വെയ്ക്കുകയും ചെയ്തു.

ജെറാൾഡ് ഫോർഡ് പ്രസിഡന്റായ ശേഷം ബുഷ് ചൈനയിലെ നയതന്ത്ര പ്രതിനിധിയായി ചുമതലകൾ വഹിച്ചു. അവിടുത്തെ സേവനം മതിയാക്കിയശേഷം  മടങ്ങി വന്നു ക്യാബിനറ്റ് റാങ്കിൽ സ്ഥാനം ആവശ്യപ്പെട്ടു. എന്നാൽ ജെറാൾഡ് ഫോർഡ് അദ്ദേഹത്തെ സി.ഐ.എ ഡയറക്ടർ ആയി നിയമിച്ചു. 1976 ജനുവരി മുപ്പതുമുതൽ 1977 ജനുവരി ഇരുപതുവരെ ബുഷ് ആ സ്ഥാനത്ത് തുടർന്നു. അമേരിക്കൻ ചരിത്രത്തിൽ 'സി.ഐ.എ ഹെഡ്' എന്ന സ്ഥാനം അലങ്കരിച്ച ശേഷം  പ്രസിഡന്റായ ഒരു വ്യക്തി ബുഷ് മാത്രമേയുള്ളൂ.

1980-ൽ പ്രൈമറിയിൽ റീഗനെതിരെ പ്രസിഡന്റായി ബുഷ് മത്സരിച്ചിരുന്നെങ്കിലും നോമിനേഷൻ കിട്ടിയില്ല. എങ്കിലും റൊണാൾഡ് റീഗന്റെ സ്ഥാനാർത്ഥിത്വത്തിനൊപ്പം വൈസ് പ്രസിഡന്റായി മത്സരിക്കാൻ സാധിച്ചു. വിജയിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് എന്ന നിലയിൽ ബുഷിന് നിരവധി ചുമതലകളുണ്ടായിരുന്നു. ആഭ്യന്തര കാര്യങ്ങളിലും മയക്കുമരുന്നു മാഫിയാകളെ  ഒതുക്കുന്നതിലും നിർണ്ണായകമായ പങ്ക് വഹിച്ചിരുന്നു. അക്കാലങ്ങളിൽ നിരവധി വിദേശ രാജ്യങ്ങളും അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്.

1980-ൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായി 'ബുഷ്' നോമിനേഷൻ കൊടുത്തപ്പോൾ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഫണ്ട് തികയാതെ വന്നു. അദ്ദേഹത്തിനുവേണ്ടി പ്രവർത്തിച്ചവരിൽ ഭൂരിഭാഗവും പ്രതിഫലം ഇല്ലാതെയും പകുതി പ്രതിഫലത്തിലും ജോലി ചെയ്യാൻ സന്നദ്ധരായിരുന്നു. അദ്ദേഹം അപ്രാവിശ്യം മത്സരത്തിൽനിന്നു പിൻവാങ്ങിയപ്പോൾ സ്വന്തം തിരഞ്ഞെടുപ്പ് പ്രവർത്തകർക്കു നന്ദി പറയുകയും മൂന്നുമാസത്തോളം കൊടുക്കാനുണ്ടായിരുന്ന കുടിശിഖയും മുഴുവൻ പ്രതിഫലവും  സ്വന്തം ഖജനാവിൽനിന്നു അയക്കുകയും ചെയ്തു.

റൊണാൾഡ് റീഗൻ വെടിയേറ്റ സമയം  ബുഷിനോട് വൈസ് പ്രസിഡന്റെന്ന നിലയിൽ വൈറ്റ് ഹൌസ് ചുമതലകൾ ഏറ്റെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം നിരസിക്കുകയാണുണ്ടായത്. പകരം അദ്ദേഹം പ്രസിഡന്റിന്റെ ഓഫീസ് ചുമതലകളേറ്റെടുക്കാതെ വൈസ് പ്രസിഡന്റെന്ന നിലയിൽ സ്വന്തം ഓഫിസിൽ ഹാജരാവുയാണുണ്ടായത്.

1988-ൽ ജോർജ് ബുഷിനു പ്രസിഡന്റ് മത്സരത്തിനായുള്ള നോമിനേഷൻ ലഭിച്ചു. ഇൻഡ്യാനയിലെ സെനറ്റർ 'ഡാൻ ഖുയലിനെ' ഒപ്പം വൈസ് പ്രസിഡന്റായി മത്സരിപ്പിക്കാനും തീരുമാനിച്ചു. മസാച്യുസ്‌  ഗവർണർ മൈക്കിൾ ഡ്യൂക്കാക്കിസിനെ പരാജയപ്പെടുത്തികൊണ്ട് പൊതുതിരഞ്ഞെടുപ്പിൽ അമേരിക്കയുടെ നാല്പത്തിയൊന്നാം പ്രസിഡന്റായി വിജയിക്കുകയും ചെയ്തു. 150 വർഷത്തെ അമേരിക്കൻ ചരിത്രത്തിൽ നിലവിലുള്ള ഒരു വൈസ് പ്രസിഡന്റ്, പ്രസിഡന്റായി മത്സരിച്ചു ജയിക്കുന്നത് ആദ്യത്തെ സംഭവമായിരുന്നു. 1836-ലെ പ്രസിഡണ്ട് 'മാർട്ടിൻ വാൻ ബ്യുറ 'നു ശേഷം അമേരിക്കയിൽ വൈസ് പ്രസിഡന്റ് പദവിയിൽ നിന്ന് പ്രസിഡന്റായ വ്യക്തി ബുഷ് മാത്രമാണ്. പ്രസിഡന്റായപ്പോൾ അദ്ദേഹത്തിന്റ മുൻഗാമികളായ നിക്സൺ, ഫോർഡ്, കാർട്ടർ, റീഗൻ എന്നിവർക്ക് പ്രത്യേകം സുരക്ഷിതമായ ടെലിഫോൺ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. തന്മൂലം ഏതു സമയത്തും മുൻ പ്രസിഡന്റുമാരുമായി പ്രധാന കാര്യങ്ങളിൽ ആലോചിച്ചു ചർച്ച ചെയ്യാൻ സാധിക്കുമായിരുന്നു. അവരുടെ ഉപദേശങ്ങൾ വളരെ വിലയേറിയതെന്നും ബുഷ് മനസിലാക്കിയിരുന്നു.

ഭൂമിശാസ്ത്രപരമായും രാഷ്ട്രീയപരമായും വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഉൾക്കൊണ്ട ഒരു ലോകത്തെയായിരുന്നു പ്രസിഡന്റെന്ന നിലയിൽ ബുഷിന് അഭിമുഖീകരിക്കേണ്ടി വന്നത്. കയ്പ്പേറിയ നാൽപ്പതു വർഷത്തിനുശേഷം ശീതസമരം അവസാനിച്ചിരുന്ന നാളുകളുമായിരുന്നു. ബർലിൻ വാൾ ഇടിച്ചു താഴെയിട്ടു. സോവിയറ്റ് സാമ്രാജ്യം ചിതറി നാമാ വിശേഷമായി. ബുഷ് പിന്തുണച്ചിരുന്ന സോവിയറ്റ് ഭരണാധികാരി ഗോർബച്ചോവ് സോവിയറ്റ് യൂണിയന്റെ ചെയർമാൻ സ്ഥാനത്തുനിന്നു രാജി വെക്കുകയും ചെയ്തു. സോവിയറ്റ് യൂണിയൻ പല രാജ്യങ്ങളായി അറിയപ്പെട്ടു. പുതിയതായി രൂപം കൊണ്ട രാജ്യങ്ങളിൽ ജനാധിപത്യം നടപ്പാക്കാൻ ബുഷ് ഭരണകൂടം പിന്തുണ നല്കുന്നുണ്ടായിരുന്നു.

വിദേശ നയത്തിൽ പ്രസിഡന്റ് ബുഷ് പനാമായിൽ അഴിമതി നിറഞ്ഞ 'ജനറൽ നോറിഗായെ' സൈനിക ഇടപെടലിൽക്കൂടി അധികാരത്തിനിന്നും പുറത്താക്കി. ആ രാജ്യത്തെ ആഭ്യന്തര യുദ്ധത്തിന് ശമനം വരാൻ പനാമയിലേക്ക് അമേരിക്കൻ സൈന്യത്തെ അയച്ചു. 'ജനറൽനോറിഗാ' പനാമ കനാലിന്റെ ഭദ്രതയ്ക്കും  അവിടെ താമസിക്കുന്ന അമേരിക്കകാരുടെ സുരക്ഷിതത്വത്തിനും തടസമായിരുന്നു. മയക്കുമരുന്നു കച്ചവടം പനാമയിൽ ശക്തമായിരുന്നു. മയക്കുമരുന്നുകളുടെ വിൽപ്പന കമ്പോളത്തിലെ മാഫിയ സാമ്രാട്ടായിരുന്ന നോറിഗായേ അറസ്റ്റു ചെയ്തു  കൊണ്ടുവന്നതും  ചരിത്ര സംഭവമായിരുന്നു.

സദാം ഹുസ്സയിൻ കുവൈറ്റ് ആക്രമിച്ചപ്പോഴായിരുന്നു ബുഷ് ഏറ്റവുമധികം പരീക്ഷണങ്ങൾക്ക് വിധേയമായത്. സൗദി അറേബിയായ്ക്കും സദാം ഒരു ഭീഷണിയായിരുന്നു. കുവൈറ്റിനെ സ്വതന്ത്രമാക്കാൻ ബുഷിന്റെ അനുഗ്രഹത്തോടെ യുണൈറ്റഡ് നാഷന്റെ മുമ്പിൽ റാലികൾ സംഘടിപ്പിക്കുന്നുണ്ടായിരുന്നു. അമേരിക്ക നാലു ലക്ഷത്തി ഇരുപത്തി അയ്യായിരം പട്ടാളക്കാരെ ഇറാക്ക് യുദ്ധ മേഖലകളിൽ എത്തിച്ചുകൊണ്ടിരുന്നു. കൂടാതെ ഐക്യകക്ഷി ഭരണകൂടങ്ങളും ഒരു ലക്ഷത്തി പതിനെണ്ണായിരം പട്ടാളക്കാരെ  ഇറാക്കിലയച്ചു.

ബുഷ് പറഞ്ഞു, "ഇറാക്കുമായുള്ള സർവ്വവിധ സമാധാന യത്നങ്ങളും തികച്ചും പരാജയപ്പെട്ട ശേഷമാണ് അമേരിക്ക  ഒരു യുദ്ധത്തിനു തയ്യാറായത്. സദാമിനെയും പട്ടാളത്തെയും കുവൈറ്റിൽ നിന്നു പുറത്തു ചാടിക്കേണ്ടത് അമേരിക്കയുടെയും ലോകത്തിന്റെയും താല്പര്യമായിരുന്നു. നാം പരാജയപ്പെടില്ല. സദാമിന്റെ ന്യൂക്ലിയർ ശേഖരത്തെ തകർക്കാൻ അമേരിക്ക തീരുമാനിച്ചു കഴിഞ്ഞു. അവരുടെ കൈവശമുള്ള എല്ലാ കെമിക്കൽ ആയുധങ്ങളും നാം തകർക്കും."

ആഴ്ചകളോളം ഇറാക്കിൽ ബോംബുകൾ അമേരിക്ക വർഷിച്ചുകൊണ്ടിരുന്നു. അമേരിക്കയും ഇറാക്കുമായുള്ള നൂറു മണിക്കൂർ യുദ്ധം കൊണ്ട് ഇറാക്കിന്റെ  സൈന്യത്തെ തോൽപ്പിക്കാനും സാധിച്ചു. 1991-ൽ ഇറാക്ക് യുദ്ധത്തിനുശേഷം ബുഷിന്റെ ജനപിന്തുണ 89 ശതമാനത്തോളം വർദ്ധിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റുമാരുടെ ഭരണനിപുണതകളെ വിലയിരുത്തുന്ന ചരിത്രത്തിൽ അതൊരു മികച്ച  രേഖപ്പെടുത്തിയ റിക്കോർഡായിരുന്നു.  എന്നാൽ അടുത്ത ജൂലൈ ആയപ്പോൾ അദ്ദേഹത്തിൻറെ ജനപിന്തുണ 29 ശതമാനമായി കുറഞ്ഞു. തൊഴിലില്ലായ്മ വർദ്ധിച്ചതും വ്യവസായങ്ങൾ തകർന്നതും  രാജ്യത്തിന്റെ സാമ്പത്തിക നിലവാരം താണതുമായിരുന്നു കാരണങ്ങൾ.  ആഭ്യന്തര തലങ്ങൾ മുഴുവൻ കുഴഞ്ഞു കിടന്നതുകൊണ്ടു ബുഷിന്റെ ജനസമ്മിതിയും കുറയാൻ തുടങ്ങി. അമേരിക്കൻ പട്ടണങ്ങളിൽ അസ്വസ്ഥതകൾ അവിടെയും ഇവിടെയും പൊട്ടിപുറപ്പെടാനും ആരംഭിച്ചിരുന്നു. സാമ്പത്തിക അപര്യാപ്തയും അനുഭവപ്പെട്ടിരുന്നു. യുദ്ധോപകരണങ്ങളും പട്ടാളാവശ്യത്തിനുമായി ചെലവാക്കാൻ പണം ഇല്ലെന്നായി.  1992-ൽ ബിൽക്ലിന്റനോട് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും മത്സരത്തിൽ പരാജയപ്പെടുകയും ചെയ്തു.

ജോർജ് എച്ച് ബുഷ് (സീനിയർ) നിരവധി അവാർഡുകളും ആഗോള തലങ്ങളിലുള്ള സർവ്വകലാശാലകളിൽ നിന്നു ഹോണററി ബിരുദങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. ഹാർവാർഡ് യൂണിവേഴ്സിറ്റി, കണക്റ്റികട്ട്, മയാമി യൂണിവേഴ്സിറ്റികൾ, നാഷണൽ ഇന്റലിജൻസ് യൂണിവേഴ്സിറ്റി, വാഷിംഗ്‌ടൺ കോളേജ് എന്നിവകൾ അദ്ദേഹത്തിന് അവാർഡുകൾ കൊടുത്ത യുണിവേഴ്സിറ്റികളാണ്. 1990-ൽ ടൈം മാഗസിന്റെ 'മാൻ ഓഫ് ദി ഇയർ' (Man of the year) അവാർഡ് ലഭിച്ചത് ബുഷിനായിരുന്നു. 1991-ൽ യുഎസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ നാവിക അവാർഡ് ലഭിച്ചു. 1993-ൽ എലിസബത്ത് രാജ്ഞിയിൽ നിന്നും വിശിഷ്ട അവാർഡും നേടിയിരുന്നു.

വൈറ്റ്ഹൌസിൽ മകൻ ജോർജ് ഡബ്ള്യു ബുഷിന്റെ പ്രസിഡന്റ് സ്ഥാനാരോഹണ വേളയിൽ  'തന്നെ ഇനിമേൽ പ്രസിഡന്റ് '41' എന്ന നമ്പർ കൂട്ടി വിളിച്ചുകൊള്ളുകയെന്ന്' ബുഷ് പറഞ്ഞത് സദസിൽ നർമ്മം തുളുമ്പിയിരുന്നു. സെനറ്റിലും കോൺഗ്രസിലും മകനെതിരെയുള്ള അമിത വിമർശനങ്ങൾ പിതാവായ ബുഷിനെ അസ്വസ്ഥനാക്കുമായിരുന്നു. ഒരിക്കൽ 'ലൗറ ബുഷ്' അമ്മായി അപ്പനോട് 'അമിതമായ ടെലിവിഷൻ കാണുന്നത്! നിർത്തൂ' എന്ന് ഉപദേശിച്ചു. 'താൻ പ്രസിഡന്റായിരുന്ന കാലത്തേക്കാളും മകൻ ബുഷ് അമിതമായി വിമർശനങ്ങൾ അഭിമുഖീകരിക്കുന്ന' കാര്യവും പിതാവായ ബുഷ് വാർത്താ റിപ്പോർട്ടർമാരെ ഓർമ്മിപ്പിച്ചിരുന്നു.

ജോർജ് ഡബ്ല്യൂ ബുഷ് പ്രസിഡന്റായപ്പോൾ മകനെ പിന്തുണച്ചുകൊണ്ട് പിതാവായ ബുഷ്  നിരവധി തവണകൾ പൊതുജനങ്ങളുടെ മദ്ധ്യേ വരുമായിരുന്നു. തന്നെപ്പോലെ അമേരിക്കയുടെ സർവ്വസൈന്യാധിപനായി തീർന്ന മകനിൽ അദ്ദേഹം അഭിമാനിയായിരുന്നു. എല്ലാ സുപ്രധാന രാഷ്ട്രീയ തീരുമാനങ്ങൾക്കും അദ്ദേഹം എന്നും മകനൊപ്പമായിരുന്നു. ഇറാക്കിനെ സദാം ഭരണത്തിൽനിന്നു മോചിപ്പിക്കുന്നതിനായുള്ള യുദ്ധത്തെപ്പറ്റി പിതാവായ ജോർജ് എച്ച് ബുഷ്,  മകനായ പ്രസിഡന്റ്  ബുഷിനെഴുതി "ഈ തീരുമാനം ഏറ്റവും ഉചിതമാണ്. ഇന്നുവരെ എടുത്തിട്ടുള്ള തീരുമാനങ്ങളിൽ ക്രിയാത്മകവും രാജ്യതന്ത്രവുമാണ്. രാജ്യതാൽപ്പര്യത്തിനും രാജ്യനന്മയ്ക്കുമായുള്ള ഉറച്ച തീരുമാനവുമാണിത്. യുദ്ധത്തിൽ അമേരിക്ക വിജയിച്ചേ തീരൂ!"

1944-ൽ  ബുഷ് ഓടിച്ചിരുന്ന വിമാനം  ജപ്പാൻകാർ വെടി വെച്ചിട്ട ശേഷം പിൽക്കാലങ്ങളിൽ അദ്ദേഹം എട്ടുപ്രാവശ്യത്തോളം പാരച്യൂട്ട് വഴി വിമാനത്തിൽ നിന്നും ചാടിയിട്ടുണ്ട്. എല്ലാം സ്വയം താൽപ്പര്യത്തിനും വിനോദത്തിനുവേണ്ടിയും ചാടിയതായിരുന്നു. എഴുപത്തിയഞ്ചാം വയസുമുതൽ അഞ്ചുവർഷം ഇടവിട്ടുള്ള നാല് ജന്മനാളുകളിൽ (75,80,85,90) ജന്മദിനങ്ങൾ ആഘോഷിക്കാനായി അദ്ദേഹം ആകാശത്തുനിന്നു പാരച്യൂട്ട് വഴി ചാടിയിരുന്നു. അവസാനകാലം വരെ തമാശകൾ പറഞ്ഞും മറ്റുള്ളവരെ ചിരിപ്പിച്ചും  ജീവിതം ആസ്വദിച്ചുകൊണ്ടിരുന്നു. ലൂയിസിയാനയിലും മിസിസിപ്പിയിലും 'കത്രീന' കൊടുങ്കാറ്റ് വന്നപ്പോൾ ബിൽ ക്ലിന്റനുമൊത്ത് ജോർജ് എച്ച് ബുഷ് രാഷ്ട്രീയ വ്യത്യാസമില്ലാതെ സാധുക്കളെ സഹായിക്കാനായി പ്രവർത്തിച്ചിരുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ  നൂറു മില്യൺ ഡോളറിൽ കൂടുതൽ കത്രീന ദുരിതാശ്വാസ ഫണ്ടിലേക്ക് ഇവർ ഇരുവരുംകൂടി സംഭാവന പിരിക്കുകയൂം ചെയ്തു.

2018 നവംബർ മുപ്പതാം തിയതി ടെക്‌സാസിൽ ഹ്യൂസ്റ്റനിൽ വെച്ച് അമേരിക്കയുടെ നാല്പത്തിയൊന്നാം പ്രസിഡന്റായിരുന്ന 'ജോർജ് എച്ച് ബുഷ്' മരണമടഞ്ഞു. മരിക്കുമ്പോൾ അദ്ദേഹത്തിന് 94 വയസ്സ് പ്രായമുണ്ടായിരുന്നു. മകൻ ജോർജ് ബുഷ്, പിതാവിന്റെ മരണവിവരം ലോകത്തെ അറിയിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു, "ഒരു മകൾ അല്ലെങ്കിൽ മകനു കിട്ടാവുന്നത്ര സ്നേഹം ഞങ്ങളുടെ ഡാഡിയിൽ നിന്നും ലഭിച്ചിരുന്നു. അദ്ദേഹം ലോകത്തിലേക്കും വെച്ച് ഏറ്റവും നല്ല ഡാഡിയായിരുന്നു. നാല്പത്തിയൊന്നാമന്റെ ആ സ്നേഹത്തിനു മുമ്പിൽ, ആദർശം നിറഞ്ഞ കർമ്മ നിരതമായ ആ ജീവിതത്തിനു മുമ്പിൽ പകരം വെക്കാൻ മറ്റാരുമില്ല. ഞങ്ങൾ കുടുംബം മുഴുവനും മരണപ്പെട്ട ധന്യനായ പിതാവിനോട് എന്നും കടപ്പെട്ടിരിക്കുന്നു." അമേരിക്കയിലെ ഓരോ പൗരനും അയച്ച അനുശോചന സന്ദേശത്തിൽ ഞങ്ങൾ കൃതജ്ഞതയുള്ളവരാണെന്നും" മകൻ ജോർജ് ഡബ്ള്യു ബുഷ്  പറഞ്ഞു.

ബുഷിന്റെ കുടുംബവും പ്രസിഡന്റ് ട്രമ്പുമായി ഏറെക്കാലം  ശത്രുതയുണ്ടായിരുന്നെങ്കിലും തന്റെ പിതാവിന്റെ സംസ്ക്കാര ചടങ്ങുകളിൽ ട്രംപ് സംബന്ധിക്കാൻ ബുഷ് ജൂനിയർ ആഗ്രഹിച്ചിരുന്നു. എല്ലാ ശത്രുതയും അവസാനിപ്പിച്ച് ട്രംപ് ചടങ്ങുകളിൽ സംബന്ധിക്കാൻ ആഗ്രഹിക്കുന്നുവെന്നും ജൂനിയർ ബുഷ് അറിയിച്ചിരുന്നു. ബാർബറാ ബുഷ് മരിച്ചപ്പോൾ ട്രംപ് ശവസംസ്ക്കാര ചടങ്ങുകളിൽ സംബന്ധിച്ചിരുന്നില്ല. അമേരിക്കയിലെ രണ്ടു പ്രബലമായ രാഷ്ട്രീയ ധനിക കുടുംബങ്ങൾ തമ്മിലുള്ള മത്സരമെന്ന് അന്ന് എല്ലാവരും കരുതിയിരുന്നു.  2016ലെ തിരഞ്ഞെടുപ്പിൽ ട്രംപ് സ്ത്രീകളെപ്പറ്റി അപകീർത്തികരമായി പറഞ്ഞതും തന്നെപ്പറ്റിയും ഭർത്താവിനെപ്പറ്റിയും മക്കളെപ്പറ്റിയും പറഞ്ഞതും ബാർബറായെ അരിശം കൊള്ളിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പുകാലത്ത് 'ജെബ്' ബുഷിനെപ്പറ്റി 'യാതൊരു കഴിവുമില്ലാത്തയാളെന്നു' ട്രംപ് വിശേഷിപ്പിച്ചപ്പോൾ ബുഷ് കുടുംബത്തിന് അസ്വസ്ഥതയുണ്ടാക്കിയിരുന്നു. പ്രൈമറി തിരഞ്ഞെടുപ്പിൽ 'ജെഫ് ബുഷിനെ' ട്രംപ് പരാജയപ്പെടുത്തുകയുമുണ്ടായി.

ബുഷിന്റെ മരണവാർത്ത അറിഞ്ഞയുടൻ അർജന്റീനയിൽ ആയിരുന്ന ട്രംപ് ഉടൻതന്നെ ജോർജ് ഡബ്ലിയു ബുഷും ജെഫ് ബുഷുമായും സംസാരിച്ചിരുന്നു. അനുശോചനം അറിയിക്കുകയും ചെയ്തു. ബുഷിനെ അമേരിക്കയിലെ ചരിത്രപുരുഷനായും മാനുഷിക മൂല്യങ്ങളെ മുറുകെപ്പിടിച്ചിരുന്ന മഹാനായ പ്രസിഡന്റായും ട്രംപ് വിശേഷിപ്പിക്കുകയും ചെയ്തു. മെലേനയും ട്രംപും ശവസംസ്ക്കാര ചടങ്ങുകളിൽ സംബന്ധിക്കുമെന്നും വൈറ്റ് ഹൌസ് അറിയിക്കുകയുണ്ടായി. അതനുസരിച്ച് ട്രംപും ഭാര്യയും അമേരിക്കയുടെ നാല്പത്തിയൊന്നാം പ്രസിഡന്റ് ബുഷിന് ഗുഡ് ബൈ പറയുകയും ഉപചാരങ്ങൾ അർപ്പിക്കുകയും ചെയ്തു.

ബുഷിന്റെ ജീവിതവും പ്രതിയോഗി ട്രംപിന്റെ ജീവിതവുമായി യാതൊരു സാമ്യവുമില്ല. ഇറാഖ് യുദ്ധത്തിൽ ബുഷിന്റെ നിലപാടുകളെ കൂടെക്കൂടെ ട്രംപ് വിമർശിച്ചതും യുദ്ധങ്ങൾ അമേരിക്കയെ തകർത്ത വസ്തുതകളും ട്രംപ് ആവർത്തിച്ചു പറഞ്ഞതു ബുഷ് കുടുംബത്തിൽ വിരോധമുണ്ടാക്കിയിരുന്നു. ഒരിക്കൽ സീനിയർ ബുഷ്, ട്രംപിനെ ആത്മപ്രശംസ നടത്തുന്ന പൊങ്ങച്ചക്കാരനെന്നും വിശേഷിപ്പിച്ചു. സീനിയർ ബുഷും ബാർബറാ ബുഷും 2016-ൽ ട്രംപിന് വോട്ടു ചെയ്യാതെ ഹില്ലരി ക്ലിന്റനാണ് വോട്ടു ചെയ്തത്. മരണാനന്തര ചടങ്ങുകളിൽ ട്രംപ് സംബന്ധിച്ചതിൽ ബുഷ് കുടുംബം  അഭിനന്ദിക്കുകയും ചെയ്തു.









Wednesday, December 5, 2018

ഹിന്ദു സംസ്ക്കാരവും വിശ്വാസങ്ങളും താത്ത്വിക ചിന്തകളും


ജോസഫ് പടന്നമാക്കൽ

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉദയം ചെയ്ത ഹിന്ദുമതം അഥവാ സനാതന ധർമ്മം ലോകത്തിലെ പ്രധാന മൂന്നു മതങ്ങളിലൊന്നായി നിലകൊള്ളുന്നു. നിരവധി തത്ത്വ ചിന്തകളും വിശ്വാസങ്ങളും ആചാരങ്ങളും ഈ മതം ഉൾക്കൊണ്ടിരിക്കുന്നു. 'ഹിന്ദു' എന്ന വാക്ക് വേദ പുരാണ ഗ്രന്ഥങ്ങളിൽ കാണില്ല. സിന്ധു നദി തടത്തിന്റെ തീരത്തുള്ള സംസ്ക്കാരം സ്വീകരിച്ചവർ എന്നു മാത്രമേ ഈ പേരിൽ നിന്നും വ്യക്തമാകുന്നുള്ളൂ. ഹിന്ദുമതത്തിന് ഒരു സ്ഥാപകനില്ല. ബി.സി 1500-നും  ബി.സി  2300-നും മദ്ധ്യേയുള്ള കാലഘട്ടത്തിൽ സിന്ധു നദിയുടെ തീരത്ത് ഹിന്ദു സംസ്ക്കാരം ആരംഭിച്ചുവെന്നാണ് വിശ്വാസം. ആധുനിക കാലത്ത് ഇന്ന് ആ പ്രദേശങ്ങൾ പാക്കിസ്ഥാനിലാണ് സ്ഥിതിചെയ്യുന്നത്. എന്നാൽ നിരവധി ഹിന്ദുക്കൾ വിശ്വസിക്കുന്നത് അവരുടെ വിശ്വാസം അനാദികാലം മുതലുണ്ടായിരുന്നുവെന്നാണ്. എക്കാലവും ഹിന്ദുമതം മാനവികതയിൽ അലിഞ്ഞുചേർന്നു നിലനിന്നിരുന്നുവെന്നും വാദിക്കുന്നു. ബലികളും സ്തോത്രം ചൊല്ലലും വേദകാലത്തുണ്ടായിരുന്നില്ല.

'ഹിന്ദു'വെന്ന പദം വിജ്ഞാനകോശങ്ങളിലുള്ള പുതിയ പേരാണെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ബ്രിട്ടീഷ് എഴുത്തുകാർ ഈ പേരിനെ അംഗീകരിച്ചിട്ടുണ്ടായിരുന്നു. കണക്കില്ലാത്ത പാരമ്പര്യങ്ങളും ഗ്രന്ഥങ്ങളും ഹൈന്ദവത്വത്തിന്റെ പ്രത്യേകതയാണ്. ഹിന്ദു മതമെന്നു പറയുന്നത് അനേകം ആശയങ്ങളുടെയും തത്ത്വങ്ങളുടെയും സംഹിതയാണ്. ഹിന്ദുമതത്തെ 'ജീവിതത്തിലേക്കുള്ള വഴി' എന്നും പരാമർശിക്കാറുണ്ട്. മതങ്ങളുടെ കുടുംബമെന്നും വിശേഷിപ്പിക്കാറുണ്ട്. മതത്തിന്റെ കാതലായ തത്ത്വം ഏക ദൈവമെന്നുമാണ്. അതായത് ബ്രഹ്മം, സർവ്വശക്തനെന്നു ഹിന്ദുവിന്റെ നാവിലും ഉരുവിടുന്നു. എന്നിരുന്നാലും മറ്റു ദൈവങ്ങളെയും ദേവതകളെയും അംഗീകരിക്കുന്നുമുണ്ട്. ഹിന്ദുക്കളുടെ ആരാധനയെ 'പൂജ' എന്ന് പറയുന്നു. അമ്പലത്തിലാണ് കൂടുതലും പൂജകൾ അർപ്പിക്കാറുള്ളത്. ഹിന്ദു മതം അനുഷ്ഠിക്കുന്നവർക്ക് ഏതു സമയത്തും അമ്പലത്തിൽ പോകുവാൻ സാധിക്കുന്നു. ദേവി ദേവന്മാരെ പ്രീതിപ്പെടുത്തുകയും ചെയ്യാം.

ഹിന്ദുമതത്തിൽ ദൈവത്തെ സ്ത്രീയും പുരുഷനുമടങ്ങിയ ഒരു സത്തയായിട്ടാണ് ആരാധിക്കുന്നത്.  കൃഷ്ണൻ സ്നേഹത്തിന്റെയും ദീന ദയയുടെയും പ്രതീകമായി അറിയപ്പെടുന്നു. ലക്ഷ്മിയെ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദേവതയായി ആരാധിക്കുന്നു. സരസ്വതിയെ വിദ്യയുടെ ദേവതയായി പൂജിക്കുന്നു. 'ഓം' എന്ന വിശുദ്ധ ശബ്ദം, ശബ്ദതരംഗങ്ങളുടെ മാധുരിമയിൽ ഉപബോധ മനസിന്റെ സാക്ഷാത്ക്കാരമായി കരുതുന്നു.  എല്ലാ ജീവജാലങ്ങളെയും ഹിന്ദു മതം ബഹുമാനിക്കുന്നു. പശുവിനെ വിശുദ്ധ മൃഗമായി ആചരിക്കുന്നു. ഭൂരിഭാഗം ഹിന്ദുക്കളും കന്നുകാലി ഇറച്ചി ഭക്ഷിക്കില്ല. അനേകം പേർ സസ്യാഹാരം മാത്രം കഴിക്കുന്നു.

പൗരാണികമായ ഹിന്ദുമതം മറ്റെല്ലാ മതങ്ങളെക്കാൾ മൂല്യങ്ങളും പ്രബുദ്ധതയും അവകാശപ്പെടുന്നു. സംസ്കൃതത്തിലുള്ള അനേക വേദഗ്രന്ഥങ്ങൾ, നിരവധി ഭാഷകൾ എന്നീ വഴികളിൽക്കൂടി ഹിന്ദുമതം ലോകത്തിന്റെ നാനാഭാഗത്തും വ്യാപിച്ചു കഴിഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടായപ്പോൾ ഹിന്ദുമതത്തിന് ഒരു ബില്യനിൽ കൂടുതൽ അനുയായികളുണ്ടായി. ഇന്ത്യയുടെ 80 ശതമാനം ഉൾക്കൊള്ളുന്ന മതമായി അറിയപ്പെടാൻ തുടങ്ങി. അതുകൂടാതെ വിവിധ ഗ്രാമങ്ങളിലും പട്ടണങ്ങളിലും അതാത് പ്രദേശത്തെ ആചാരാനുഷ്ഠാനങ്ങളും നാനാപ്രകാരമായ അവതാര മൂർത്തികളോടുള്ള ആരാധനയും ഹിന്ദുമതത്തിനുള്ളിൽ തന്നെയുണ്ട്. ഹിന്ദുമതം, ക്രിസ്തുമതവും ഇസ്‌ലാം മതവും കഴിഞ്ഞാൽ ലോകത്തിൽ മൂന്നാമത്തെ വലിയ മതമാണ്. യുദ്ധത്തിൽക്കൂടി രാജ്യങ്ങളെ കീഴ്‌പ്പെടുത്തി ഹിന്ദു മതം പ്രചരിപ്പിച്ചിട്ടില്ല. നൂറു കണക്കിന് ഇസ്‌ലാമിക, ക്രിസ്ത്യൻ രാജ്യങ്ങൾ മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യങ്ങൾ സ്ഥാപിച്ചപ്പോൾ ഹിന്ദു രാജ്യമെന്ന് അവകാശപ്പെടാൻ ഹിന്ദുക്കൾക്ക് മറ്റൊരു രാജ്യമില്ല. നേപ്പാൾ മാത്രമേ ഹൈന്ദവത്വം ഔദ്യോഗിക മതമായി അംഗീകരിച്ച ഒരു രാജ്യമെന്നു പറയാൻ സാധിക്കുള്ളൂ.

മറ്റുള്ള മതങ്ങളിൽ നിന്നും വ്യത്യസ്തമായി ഹിന്ദുമതത്തിന് നിരവധി വിശ്വാസങ്ങളാണുള്ളത്. ക്രിസ്തുവിനു മുമ്പ് ഇൻഡോ ആര്യന്മാർ സിന്ധു നദി തീരത്ത് കുടിയേറുകയും സ്വദേശിയരായ ദ്രാവിഡരുടെ ഭാഷയും ജീവിതരീതികളും പിന്തുടരുകയും ചെയ്തു. കാലക്രമേണ സ്വദേശ സംസ്ക്കാരത്തിൽ അലിഞ്ഞു ചേർന്ന് ഈ മണ്ണിന്റെ മക്കളായിത്തീരുകയും ചെയ്തു. ലോകത്തിലെ 95 ശതമാനം ഹിന്ദുക്കളും ഇന്ത്യയിൽ ജീവിക്കുന്നു. ഹിന്ദുമതത്തിന് ഒരു സ്ഥാപകൻ ഇല്ലാത്തതുകൊണ്ട് മതത്തിന്റെ ചരിത്രാരംഭം ഗണിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്. നിരവധി പാരമ്പര്യങ്ങളുടെയും തത്ത്വചിന്തകളുടെയും സമ്മിശ്രമാണ് ഹിന്ദുമതം.

ആര്യൻമാരുടെ വരവിനു ശേഷം അവർ ദ്രാവിഡ ജനതയുമായി സമ്പർക്കത്തിൽ ഏർപ്പെടാൻ തുടങ്ങി. വേദങ്ങളുടെ ആഴമായ തത്ത്വ ചിന്തകൾ സാമാന്യ ജനത്തിന് മനസിലാക്കാൻ പ്രയാസമായിരുന്നു. ഓരോ ഗോത്രങ്ങൾക്കും പ്രത്യേക തരമായ ആരാധന മൂർത്തികളുമുണ്ടായിരുന്നു. അവരിൽ നിന്നും വൈഷ്‌ണവ മതവും ശൈവമതവും ശക്ത മതവുമുണ്ടായി. പരസ്പ്പരം അസൂയയും കലഹങ്ങളും അവരുടെയിടയിൽ വന്നുകൂടി. ആര്യബ്രാഹ്മണ സംസ്ക്കാരത്തിൽനിന്നും ഉടലെടുത്തതാണ് ഇതിഹാസങ്ങളും രാമായണവും മഹാഭാരതവും ഗീതയും. വൈദിക മതത്തിലെ ശൈവന്മാരും വൈഷ്‌ണവരും തമ്മിലുള്ള  വഴക്കുകൾക്ക് ത്രിമൂർത്തി സിദ്ധാന്ധം ശമനം വരുത്താൻ സഹായിച്ചു. രാമനും കൃഷ്ണനും വിഷ്ണുവിന്റെ അവതാരങ്ങളായി അറിയപ്പെടാൻ തുടങ്ങി.

ഏഴാം നൂറ്റാണ്ടിൽ അറബികൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങൾ ആക്രമിക്കാൻ തുടങ്ങി. ഏ.ഡി. 1200 മുതൽ ഏ.ഡി. 1757 വരെ മുസ്ലിം ഭരണാധികാരികൾ ഇന്ത്യയിൽ ഭരിച്ചുകൊണ്ടിരുന്നു. ഹിന്ദു ദൈവങ്ങളെയും ബിംബാരാധനയെയും മുസ്ലിം ഭരണാധികാരികൾ നിരുത്സാഹപ്പെടുത്തിയിരുന്നു. എ.ഡി 1848 മുതൽ 1947 വരെ ഇന്ത്യ ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായിരുന്നു. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സ്വാതന്ത്ര്യവും നേടി. 1947-ൽ മതത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയും പാക്കിസ്ഥാനും രണ്ടായി വിഭജിക്കപ്പെട്ടു. 1948-ൽ ഒരു ഹിന്ദു വർഗീയവാദി ഗാന്ധിയെ വധിച്ചു.  ഭൂരിപക്ഷം ഹിന്ദുക്കളും ജീവിക്കുന്ന ഒരു രാജ്യമായി ഇന്ത്യ അറിയപ്പെട്ടു. 1960 കാലഘട്ടത്തിൽ അനേകം ഹിന്ദുക്കൾ അമേരിക്കയിലേക്കും ബ്രിട്ടനിലേക്കും കുടിയേറി തങ്ങളുടെ വിശ്വാസം  പ്രചരിപ്പിച്ചു കൊണ്ടിരുന്നു. പാശ്ചാത്യ ലോകത്തിലെ നിരവധി ജനങ്ങൾക്ക് ഹൈന്ദവതത്ത്വ മൂല്യങ്ങൾ സ്വീകാര്യവുമായി.

ഹിന്ദു മതത്തിന്റെ അടിസ്ഥാനതത്ത്വം എന്തെന്ന് ഒരു ഹിന്ദുവിനോട് ചോദിക്കുകയാണെങ്കിൽ ഭൂരിഭാഗം പേരും ഉത്തരം നൽകില്ല. സത്യം അഥവാ ബ്രഹ്മം നിത്യമെന്നുള്ള വിശ്വാസമാണ് ഹിന്ദുമതത്തിന്റെ കാതലായ തത്ത്വം. പ്രപഞ്ചത്തിന്റെ സത്തയും വാസ്തവികതയും എല്ലാം ഉൾക്കൊണ്ടതാണ് ബ്രഹ്മം അഥവാ സത്യം. ആധികാരികമായി ഹിന്ദുവിന്റെ നിയമ സംഹിത വേദങ്ങളാണ്. ധർമ്മത്തിൽക്കൂടി വിജയം കണ്ടെത്താൻ ഓരോരുത്തരും കർമ്മ പാതയിൽക്കൂടി സഞ്ചരിക്കണമെന്നും നിഷ്‌കർഷിക്കുന്നു. ഓരോ വ്യക്തിയിലും കുടികൊള്ളുന്ന ആത്മം നിത്യമാണ്. ആത്മം മോക്ഷത്തിനുവേണ്ടിയുള്ള ജൈത്രയാത്രയിലും. ഹിന്ദുമതം ബഹുദൈവങ്ങളുടെ മതമെന്ന് സെമിറ്റിക്ക് മതങ്ങൾ പരിഹസിക്കാറുണ്ട്. എന്നാൽ വാസ്തവത്തിൽ ഹിന്ദു മതത്തിന്റ താത്ത്വിക ചിന്തകളെ തെറ്റിദ്ധരിക്കുന്നതുകൊണ്ടാണ് അങ്ങനെയൊരു ചിന്താഗതി ഹിന്ദു മതത്തിനെതിരെ മറ്റു മതങ്ങൾ പുലർത്തുന്നത്. ഹിന്ദുമതത്തിന്റെ ലക്ഷ്യവും മോക്ഷം അഥവാ മുക്തിയെന്നാണ്. നിരവധി ദേവി ദേവന്മാരിൽക്കൂടി, അദ്വൈത, വേദാന്ത താത്ത്വിക ചിന്തകളിൽക്കൂടി, പരമവും സത്യവുമായ ഏക ദൈവത്തിൽ വിശ്വസിക്കുന്നു. ഓരോ മനുഷ്യരുടെയും നന്മതിന്മകളുടെ പ്രവർത്തന ഫലം ഇന്നുള്ള ജീവിതത്തെയും ഭാവി ജീവിതത്തെയും ബാധിക്കുന്നു. ധർമ്മം അനുഷ്ഠിക്കുകയെന്നതാണ് ഹിന്ദുമതത്തിന്റെ കാതലായ തത്ത്വം. 'സ്വാസ്തിക' ആര്യ ഗോത്രങ്ങളിൽനിന്നും പകർന്നുകിട്ടിയ ഹിന്ദുമതത്തിന്റെ അടയാളമാണ്.

ഹിന്ദുക്കൾ നിരവധി ഉത്സവങ്ങൾ കൊണ്ടാടാറുണ്ട്. ദീപങ്ങളുടെ അലങ്കാരം കൊണ്ട് ദീപാവലി ആഘോഷിക്കുന്നു. ദീപാവലി ഇന്ത്യയിലെ ഏറ്റവും വലിയ ഉത്സവമായി കരുതുന്നു. ഒക്ടോബർ നവംബർ മാസത്തിലാണ് ദീപാവലി ആഘോഷിക്കാറുള്ളത്. ഈ ആഘോഷത്തിന് 2500 വർഷം  പഴക്കമുണ്ടെന്ന് വിശ്വസിക്കുന്നു. 'നവരാത്രി' കൊയ്ത്തുകാലത്തിന്റെയും വിളവെടുപ്പിന്റെയും ആഘോഷമാണ്. 'ഹോളി' വസന്തകാലത്തിലെ ആഘോഷവും. ശ്രീ കൃഷ്ണന്റെ ജന്മദിനം ആഘോഷിക്കാൻ ജന്മാഷ്ടമി കൊണ്ടാടുന്നു. സഹോദരി സഹോദരന്മാരുടെ ബന്ധം സൂചിപ്പിക്കാൻ രക്ഷാബന്ധനവും ആഘോഷിക്കുന്നു. ശിവന്റെ മഹോത്സവമായി ശിവരാത്രിക്കും പ്രാധാന്യമുണ്ട്. കേരളത്തിന്റെ തനതായ ഉത്സവമാണ് ഓണം.

ഭൂരിഭാഗം ഹിന്ദുക്കളും പരമാത്മാവായ ഒരു ദൈവത്തിൽ വിശ്വസിക്കുന്നു. ഏകൈക ദൈവത്തിന്റെ ശക്തി കിരണങ്ങൾ അനേക ദൈവങ്ങളിൽ പതിക്കുന്നു. ദൈവിതങ്ങളായ ദേവി ദേവന്മാർ പരമ സത്തയും പേറി മൂർത്തി ഭാവങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടുന്നു. ദേവി ദേവ സന്നിതിയിൽ എത്തുന്നവർ തങ്ങളുടെ ബിംബ ചൈതന്യത്തിന്റെ മുമ്പിൽ കുമ്പിട്ടാരാധിക്കുകയും ചെയ്യുന്നു. വേദങ്ങൾ ഹിന്ദുക്കളുടെ വിശുദ്ധ ഗ്രന്ഥമാണ്. ഒരു ജീവിതത്തിൽ അനുഷ്ഠിക്കേണ്ട അടിസ്ഥാന തത്ത്വങ്ങളാണ് ധർമ്മം എന്ന് പറയുന്നത്. ഹിന്ദു മതത്തിന്റെ അനുയായികൾ വിശ്വസിക്കുന്നത് ദൈവത്തിങ്കലേക്കുള്ള വഴികൾ പലതെന്നാണ്. കൈവഴികളായി ഒഴുകുന്ന നദികൾ ഒന്നായ സമുദ്രത്തിൽ ലയിക്കുന്നപോലെ നാനാത്വത്തിൽ ഏകത്വമായ ഒരു ദൈവത്തെ ഹിന്ദു കാണുന്നു.

ഹിന്ദുമതത്തിന്റെ കാതലായ തത്ത്വം ഉപബോധ മനസിനുള്ളിൽ ദൈവിക ചൈതന്യമായ 'ആത്മം' വസിക്കുന്നുവെന്നാണ്. എല്ലാ ജീവജാലങ്ങൾക്കും ആത്മം ഉണ്ടെന്നു ഹിന്ദുമതം വിശ്വസിക്കുന്നു. 'ആത്മം' പരമാത്മാവിന്റ ഭാഗമായി കരുതുന്നു. സ്വർഗമാണ് അദ്ധ്യത്മികത അന്വേഷിക്കുന്ന ഓരോ ഹിന്ദുവിന്റെ ലക്ഷ്യവും. അതിലേക്കായി ജന്മ ജന്മാന്തരങ്ങൾ രൂപഭാവങ്ങൾ കൈമാറി ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. ഒടുവിൽ പരമാത്മാവിൽ ലയിച്ച് നിത്യം പൂർണ്ണത പ്രാപിക്കുകയും ചെയ്യും.

പുനർജന്മ സിദ്ധാന്തങ്ങളും ഉപനിഷത്തിന്റെ ഭാഗമാണ്. ജനനമരണങ്ങൾ വീണ്ടും വീണ്ടും സംഭവിക്കുന്നുവെന്ന സങ്കൽപ്പമാണ് ഒരു ഹിന്ദുവിനുള്ളത്. മരണത്തോടെ ആത്മാവ് ഒരു പുതിയ ശരീരത്തിൽ രൂപാന്തരം പ്രാപിക്കുമെന്നും വിശ്വസിക്കുന്നു. മരണമില്ലാത്ത ആത്മാവ് തുടർന്നുള്ള ജീവജാലങ്ങളിൽക്കൂടെ കടന്നു പോവുന്നു. മരണശേഷം ആത്മാവ് മറ്റൊരു ജീവിയിൽ ലയിക്കുന്നതിനെ 'സംസാരം' എന്നു പറയുന്നു. ഉത്തമമായ ജന്മവും നീചമായ ജന്മവും ഒരാളുടെ കർമ്മഫലമനുസരിച്ചു വിധിക്കപ്പെടുന്നു. ഒരുവൻ അനുഭവിക്കുന്ന കഷ്ടപ്പാടുകൾക്കും സുഖ ദുഃഖങ്ങൾക്കും കാരണം മുൻജന്മ പ്രവർത്തികൾ കൊണ്ടാണെന്നു വിശ്വസിക്കുന്നു. ജനന മരണങ്ങളിൽ നിന്ന് മുക്തി നേടാൻ ജ്ഞാനം തേടണം. ആ ജ്ഞാനത്തെയാണ് സത്യമെന്നു പറയുന്നത്. എങ്കിൽ മാത്രമേ ജീവാത്മാവ് നിത്യമായ പരബ്രഹ്മത്തിൽ ലയിക്കുകയുള്ളൂ.

ഹിന്ദുക്കൾക്ക് സ്വന്തം ഭവനത്തിലും ആരാധന നടത്താം. ഇഷ്ട ദേവതകളുടെയും ദേവന്മാരുടെയും മൂർത്തികളെ ഭവനത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. വഴിപാട് കഴിക്കലും കാഴ്ച ദ്രവ്യങ്ങളും ഹിന്ദുവിന്റെ ജീവിതത്തിൽ സാധാരണമാണ്. പുഷ്പ്പങ്ങളും പഴവർഗങ്ങളും ഓയിലും ദൈവത്തിന് അർപ്പിക്കാറുണ്ട്. കൂടാതെ തീർത്ഥാടനമായി പുണ്യസ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്യുന്നു.

ഹൈന്ദവ പാരമ്പര്യങ്ങളിലുള്ള കാലങ്ങളെ സത്യയുഗ, ത്രേതായുഗ, ദ്വാപരയുഗ, കലിയുഗ എന്നിങ്ങനെ നാലു കാലങ്ങളായി തരം തിരിച്ചിരിക്കുന്നു. ചന്ദ്രമാസം അനുസരിച്ചാണ് ഹിന്ദു കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്. ഹിന്ദുമതത്തിന് അനവധി ഇതര വിഭാഗങ്ങളുണ്ട്. മതവിഭാഗങ്ങൾ തമ്മിൽ അഭിപ്രായഭിന്നതകൾ സാധാരണമാണ്. ശിവനെ പിന്തുടരുന്നവരായ ശൈവയിസം, വിഷ്ണുവിനെ ആരാധിക്കുന്ന വൈഷ്ണവന്മാർ, ദേവിയെ ആരാധിക്കുന്ന ശക്‌ത, ബ്രഹ്മനെ പിന്തുടരുന്ന സ്മാർത്ത, എന്നിങ്ങനെ  വിഭജിച്ചിരിക്കുന്നു. ചില ഹിന്ദുക്കൾ ബ്രഹ്മാവും  വിഷ്ണുവും ശിവനും മൂന്നു ദൈവങ്ങളെന്ന് വിശ്വസിക്കുന്നു. മറ്റുള്ളവർ 'ത്രീമൂർത്തികൾ' ഒരേ ദൈവത്തിന്റെ ചൈതന്യമെന്നും വിശ്വസിക്കുന്നു. സാമൂഹികമായി കർമ്മവും കർമ്മമനുസരിച്ച് ജാതി സമ്പ്രദായവും നില നിൽക്കുന്നു.

ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിങ്ങനെ നാലു ജാതികളാണ് പ്രധാനമായി ഹിന്ദുമതത്തിലുള്ളത്. അവരിൽ ബ്രാഹ്മണർ ബൗദ്ധിക മേഖലകളിലും അദ്ധ്യാത്മിക തലങ്ങളിലും  നേതൃത്വം കൊടുക്കുന്നു. ക്ഷത്രിയർ സമൂഹത്തിന്റെ സുരക്ഷിതത്വത്തിനു നിലകൊള്ളുന്നു. രാജസേവനമായിരുന്നു അവരുടെ തൊഴിൽ. വൈശ്യമാർ ഉൽപ്പാദന മേഖലയിലും വ്യവസായ മേഖലയിലും പ്രവർത്തിക്കുന്നു. തൊഴിൽ നിപുണതയില്ലാത്തവരെ ശൂദ്രന്മാർ എന്നും വിളിച്ചു. ഓരോ ജാതികൾക്കും ഉപജാതികളുമുണ്ട്. തൊട്ടുകൂടാ ജാതികൾ ജാതി വ്യവസ്ഥയ്ക്ക് വെളിയിൽ പ്രവർത്തിക്കുന്നു. അവരെ സമൂഹത്തിൽ ഏറ്റവും താണ ജാതികളായി കണക്കാക്കുന്നു.

ഹിന്ദുക്കൾക്ക് ക്രിസ്ത്യാനികളെപ്പോലെയും മുസ്ലിമുകളെപ്പോലെയും വിശുദ്ധമായി കരുതാൻ ഒരു ഗ്രന്ഥം മാത്രമല്ല ഉള്ളത്. ജ്ഞാനം പകരുന്ന നിരവധി വിശിഷ്ട ഗ്രന്ഥങ്ങളും പുരാണങ്ങളും വേദങ്ങളും ഉപനിഷത്തുകളും ഹിന്ദുവിന്റെ പുസ്തകപ്പുരകളിലുണ്ട്. വേദങ്ങൾ ബി.സി1500  മുതൽ ബി.സി 2300  വരെയുള്ള കാലഘട്ടത്തിൽ എഴുതിയതെന്ന് വിശ്വസിക്കുന്നു. പുരാതന ഋഷിമാർക്ക് വെളിപാടുമൂലം ലഭിച്ച ഹിന്ദു ഗ്രന്ഥങ്ങൾ സംസ്കൃതത്തിൽ രചിച്ചതെന്നും വിശ്വസിക്കുന്നു. വേദങ്ങൾ, ആചാരങ്ങളും തത്വചിന്തകളും ഉൾപ്പെട്ടതാണ്. ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട കാര്യങ്ങളാണ് വേദങ്ങളിൽ ഉൾപ്പടുത്തിയിട്ടുളളത്. ആദ്ധ്യാത്മിക ചിന്തകളും ദൈവത്തെപ്പറ്റിയുള്ള പഠനങ്ങളും ഉൾക്കൊള്ളുന്നു. ഋഗ്വേദ, സാമവേദ, യജുർവേദ അഥർവവേദ, എന്നിങ്ങനെ നാല് വേദങ്ങളാണുള്ളത്.

പൗരാണിക ഭാരതത്തിലെ ആദ്യത്തെ ആദ്ധ്യാത്മിക മതഗ്രന്ഥമാണ് ഋഗ്‌വേദം. നാലു വേദങ്ങളിൽ ഏറ്റവും പഴക്കം ചെന്നതും ഋഗ്‌വേദം തന്നെയാണ്. ഋഗ്‌വേദത്തിൽ ഏകദേശം ആയിരം ശ്ലോകങ്ങൾ ഉണ്ട്. ഓരോ ശ്ലോകങ്ങളും ദൈവങ്ങൾക്ക് അർപ്പിച്ചുകൊണ്ടുള്ളതാണ്. വേദങ്ങൾ അനാദിയും അതിന് ആരംഭവും അവസാനവുമില്ലെന്നും ഹിന്ദുക്കൾ വിശ്വസിക്കുന്നു. നൂറ്റാണ്ടുകൾകൊണ്ട് ഋഷിമാരുടെ ബൗദ്ധിക ചിന്താഗതികളിൽ ഉദയം ചെയ്ത ജ്ഞാനമാണ് ഋഗ്‌വേദം. ഋഗ്‌വേദമനുസരിച്ച് അഗ്നി, ഉഷസ്, സൂര്യൻ, ചന്ദ്രൻ, ഇന്ദ്രൻ, വരുണൻ, രുദ്രൻ മുതൽ അനേകം ദൈവഗണങ്ങളുണ്ട്. ഇന്ന് ഹൈന്ദവ മതത്തിൽ കാണുന്ന ദൈവങ്ങൾ ഒന്നും വേദങ്ങളിൽ ഇല്ല. വേദകാലത്ത് ഒരേ ദൈവമെന്നുള്ള സങ്കൽപ്പത്തിലാണ് ഓരോ ദൈവങ്ങളെയും ആരാധിച്ചുകൊണ്ടിരുന്നത്. പ്രാർത്ഥിക്കുമ്പോൾ ആ ദേവനെ പരമേശ്വരനായി മനസ്സിലുൾക്കൊള്ളുകയും ചെയ്തിരുന്നു.

യാഗങ്ങൾ വേദകാലത്തെ അടിസ്ഥാന ആചാരങ്ങളായിരുന്നു. പുനർജന്മ വിശ്വാസത്തെപ്പറ്റി  വേദകാലങ്ങളിൽ അറിവുണ്ടായിരുന്നില്ല. വേദകാലത്ത് 'മാംസം' ആഹാരമായി കഴിച്ചിരുന്നു. 'യജുർവേദം' പ്രാർത്ഥനാ മന്ത്രങ്ങൾ നിറഞ്ഞതാണ്. ഋഗ് വേദത്തിലെ അവർത്തനങ്ങളാണ് കൂടുതലും യജുർ വേദത്തിലുള്ളത്. 'സാമവേദം' യാഗവും യജ്ഞവും സമയാ സമയങ്ങളിൽ ഈണം വെച്ച് പാടാനുള്ള ഒരു പാട്ടുപുസ്തകം പോലെയാണ്. 'അഥർവ വേദത്തിൽ' മാന്ത്രിക വിദ്യ, ക്ഷുദ്രം മുതലായവ അടങ്ങിയിരിക്കുന്നു. ദുർമന്ത്രവാദവും സാമവേദത്തിന്റെ പ്രത്യേകതയാണ്. അതുപോലെ മറ്റുള്ളവർക്ക് നന്മയും ഐശ്വര്യവും വരാനായി സംമന്ത്രവാദവും അഥർവ വേദത്തിലുണ്ട്.

ഹിന്ദു മതത്തിലെ വേദഗ്രന്ഥങ്ങളെ പൊതുവായി 'ശ്രുതി' എന്നും 'സ്മൃതി' എന്നും രണ്ടായി വിഭജിച്ചിരിക്കുന്നു. ശ്രുതി എന്ന് പറഞ്ഞാൽ വെളിപാട് പോലെ കേൾക്കപ്പെട്ടതെന്നാണ്. ശ്രുതിക്ക് ഒരിക്കലും തെറ്റ് പറ്റുകയില്ലെന്നുള്ള വിശ്വാസമാണുള്ളത്. ഭാരതത്തിലെ ഋഷിമാർക്ക് ദൈവിക ജ്ഞാനം മൂലം ലഭിച്ച അറിവാണ് ശ്രുതി ഗ്രന്ഥങ്ങളിൽ ഉള്ളത്. നാലു വേദങ്ങളും ശ്രുതി വിഭാഗത്തിൽ പെടുന്നു. ഹൈന്ദവ തത്ത്വമൂല്യങ്ങളിൽ സ്മൃതിയും ശ്രുതിയും തമ്മിൽ പൊരുത്തപ്പെടാൻ സാധിക്കുന്നില്ലെങ്കിൽ ശ്രുതിയായിരിക്കും ആധികാരികമായി എടുക്കാറുളളത്. ധർമ്മ ശാസ്ത്രങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും സ്മൃതി വിഭാഗത്തിൽ പെടുന്നു. അവകൾ ശ്രുതിപോലെ പൂർണ്ണമായും ദൈവികമായി കരുതുന്നില്ല.

ഉപനിഷത്തുക്കളെന്നു പറയുന്നത് ഭഗവത് ഗീത, പതിനെട്ടു പുരാണങ്ങൾ, രാമായണ, മഹാഭാരത എന്നീ ഗ്രന്ഥങ്ങളുൾപ്പെട്ടതാണ്. 'ഉപനിഷത്ത്' എന്നുള്ളതിന്റെ അർത്ഥം സമീപത്തുള്ളതെന്നാണ്. ഒരു ശിക്ഷ്യൻ ഗുരുവിന്റെ സമീപത്തിരുന്നു തത്വചിന്തകൾ പഠിപ്പിക്കുന്ന പ്രാധാന്യമാണ് ഉപനിഷത്തുക്കൾക്ക് കല്പിച്ചിരിക്കുന്നത്. വേദിക്ക് അദ്ധ്യാത്മികതയിൽ നിന്ന് താത്ത്വിക ആദ്ധ്യാത്മികതയിലേക്കുള്ള ഒരു പരിവർത്തനമാണ് ഉപനിഷത്ത്. ബ്രഹ്മം അഥവാ അനന്തതയെപ്പറ്റി ഉപനിഷത്ത് പഠിപ്പിക്കുന്നു. മോക്ഷത്തിനായുള്ള വഴികളും ചൂണ്ടികാണിക്കുന്നു. അനേകം ഉപനിഷത്തുക്കൾ ഉണ്ടെങ്കിലും പന്ത്രണ്ട് ഉപനിഷത്തുക്കളാണ് പ്രധാനമായിട്ടുള്ളത്. ആദിശങ്കരൻ ഈ പന്ത്രണ്ടു ഉപനിഷത്തുക്കളെപ്പറ്റി വിശദമായി പഠിച്ചിട്ടുണ്ട്.

ഉപനിഷത്തുക്കളെ വേദാന്തം എന്നും പറയും. വേദങ്ങളുടെ അവസാന ഭാഗമെന്നാണ് ഉദ്ദേശിക്കുന്നത്. 108 ഉപനിഷത്തുക്കളുണ്ടെന്നാണ് സങ്കല്പം. അതുകൊണ്ടാണ് 108 എന്ന നമ്പർ ഹിന്ദുക്കൾക്ക് പ്രധാനമായിരിക്കുന്നത്. രുദ്രാക്ഷ മാലകളിൽ 108 ജപമാല മുത്തുമണികൾ കാണാം. 108 എന്ന അക്കം ശുപസൂചകമായ വിവേകത്തിന്റെ അടയാളമായി കരുതപ്പെടുന്നു. പണവും സ്വത്തുക്കളും നേടുന്നത് ഹിന്ദുമതം പാപമായി കരുതുന്നില്ല. അദ്വൈതമാണ് കാതലായ ഭാഗം. അതായത് പരമമായ സത്യം ബ്രഹ്മവും. ബ്രഹ്മത്തിന്റെ ചൈതന്യമാണ് ആത്മൻ. ആത്മൻ ഓരോ വ്യക്തിയുടെയും ആന്തരിക ചൈതന്യത്തിൽ കുടികൊള്ളുന്നു. മനുഷ്യനിലെ ആത്മവും ബ്രഹ്മവും ഒന്നാണ്. ‘അഹം ബ്രഹ്മാസ്മി’ (ഞാന്‍ തന്നെ ബ്രഹ്മം), ‘തത്വമസി’ (നീയും ആ ബ്രഹ്മം തന്നെ) എന്നീ വാക്യങ്ങളാണ് ഉപനിഷത്തുകളുടെ സൂത്ര കേന്ദ്ര ബിന്ദുക്കൾ. യഥാർത്ഥ സത്തയായ ആത്മം നമ്മിൽനിന്നും മറഞ്ഞിരിക്കുന്നു. അതിനെയാണ് മായയെന്നു പറയുന്നത്.

പുരാണങ്ങൾ രചിച്ചത് ബി.സി.500-നും എ.ഡി. 500-നും മദ്ധ്യേ ആയിരിക്കാമെന്നു വിശ്വസിക്കുന്നു. ദേവിമാരെയും വിഷ്ണു, ശിവ ദൈവങ്ങളെയും ഏതാണ്ട് ഇതേ കാലത്ത് ഹിന്ദുക്കൾ ആരാധിക്കാനും തുടങ്ങി. 'ധർമ്മ' എന്ന സിദ്ധാന്തം ബുദ്ധ മതവും ഹിന്ദു മതവും പിന്നീട് സ്വീകരിച്ചു. പുരാണങ്ങൾ ദൈവത്തിന്റെ ഉത്ഭവത്തെപ്പറ്റി പ്രതിപാദിക്കുന്നു. ദൈവങ്ങളുടെ സ്വഭാവവും ദൈവങ്ങളോടുള്ള പെരുമാറ്റവും എങ്ങനെയെന്നു പുരാണങ്ങളിലുണ്ട്. അന്ധവിശ്വാസങ്ങളും പാരമ്പര്യങ്ങളും ആചാരങ്ങളും പുരാണങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ലൗകികവും പ്രാപഞ്ചികവുമായ ജീവിതത്തെപ്പറ്റിയാണ് കൂടുതലും വിവരിച്ചിരിക്കുന്നത്. പ്രകൃതിയുടെ പഠനവും ഒരു കാലഘട്ടത്തിന്റെ സാമൂഹിക പശ്ചാത്തലവും രാഷ്ട്രീയവും മതവും എല്ലാം പുരാണങ്ങളിലുണ്ട്.

വേദങ്ങളുടെയും ഉപനിഷത്തുക്കളുടെയും പുരാണങ്ങളുടെയും കാതലായ വസ്തുതകൾ പരസ്പ്പരം ബന്ധിപ്പിക്കാൻ സാധിക്കും. വേദങ്ങൾ പ്രായോഗിക തലത്തിലുള്ള അദ്ധ്യാത്മികതയെ ചൂണ്ടി കാണിക്കുന്നു. വേദങ്ങളെ കൂടുതലും പ്രായോഗിക ജ്ഞാനം എന്ന് പറയാം. 'ഉപനിഷത്ത്' മനുഷ്യന്റെ ബൗദ്ധിക നിലവാരത്തെ വിവേചിച്ചറിയുന്നു. താത്ത്വികമായ അദ്ധ്യാത്മികതയിൽ സഞ്ചരിക്കുന്നു. ചുരുക്കത്തിൽ 'ഉപനിഷത്തുക്കളെ 'താത്ത്വിക ജ്ഞാനം' എന്ന് വിളിക്കാം. പുരാണങ്ങൾ മതവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതായത്, മതനിയമങ്ങൾ, ആചാരങ്ങൾ, പാരമ്പര്യങ്ങൾ എന്നിവകൾ പുരാണങ്ങളിൽ നിറഞ്ഞിരിക്കുന്നു.

വേദങ്ങളും ഉപനിഷത്തുക്കളും തമ്മിലുള്ള വിത്യാസം മനസിലാക്കുക പ്രയാസമാണ്. വാസ്തവത്തിൽ വേദങ്ങളും ഉപനിഷത്തുക്കളും രണ്ടു വിഷയങ്ങളാണ്. ഉപനിഷത്ത് വേദങ്ങളുടെ ഭാഗം തന്നെയാണ്. വേദത്തെ സംഹിത, ബ്രാഹ്മണ, ആര്യങ്കാ, ഉപനിഷത്ത് എന്നിങ്ങനെ നാലു ഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. ഇതിൽ 'ഉപനിഷത്ത്' അവസാന ഭാഗമായി കാണുന്നു. ഉപനിഷത്ത് വേദങ്ങളുടെ അവസാന ഭാഗമായതിനാൽ അതിനെ 'വേദാന്ത' എന്നും പറയുന്നു.  'അന്തം'  അവസാനമെന്നു സംസ്കൃതത്തിൽ അർത്ഥം കല്പിച്ചിരിക്കുന്നു. ഉപനിഷത്തിലുള്ളത് തത്ത്വ ചിന്തകളാണ്. ഇത് ആത്മന്റെ സ്വാഭാവികതയെപ്പറ്റി പരാമർശിക്കുന്നു. ഉപനിഷത്തിൽ മരണത്തിനു ശേഷമുള്ള ജീവിതത്തെപ്പറ്റി പറയുന്നു. അതുകൊണ്ട് ഉപനിഷത്തിനെ വേദങ്ങളുടെ 'ജ്ഞാനഖണ്ഡ' എന്നും പറയുന്നു. ജ്ഞാനം എന്നാൽ അറിവെന്നർത്ഥം. ഉപനിഷത്തിൽ 'പരമാത്മാവ്' എന്ന സത്യമായ ജ്ഞാനത്തെ വെളിപ്പെടുത്തുന്നു.

ത്രിമൂർത്തികളായ ദൈവങ്ങൾ സൃഷ്ടി കർമ്മങ്ങൾക്കും സൃഷ്ടിയെ നിലനിർത്തുന്നതിനും സൃഷ്ടിയുടെ നാശത്തിനും നിദാനങ്ങളെന്നാണ് വിശ്വാസം.  ദൈവങ്ങളിൽ ബ്രഹ്മാവ്, ലോകത്തിന്റെയും ജീവന്റെയും സൃഷ്ടി കർമ്മങ്ങൾ നിർവഹിക്കുന്നു. വിഷ്ണു സൃഷ്ടിയെയും ജീവജാലങ്ങളെയും നിലനിർത്തുന്നു, പരിപാലിക്കുന്നു. സൃഷ്ടിയുടെ സമതുലനാവസ്ഥ നിലനിർത്താൻ ശിവൻ നശീകരണ ദൈവമായും അറിയപ്പെടുന്നു.  സർവ്വ ജീവജാല ചരാചരങ്ങളിൽ സർവ്വശക്തന്റെ ചൈതന്യം നിഴലിക്കുന്നുവെന്നും ഹിന്ദുക്കൾ വിശ്വസിക്കുന്നു.

ജാതി വ്യവസ്ഥ നാടിന്റെ ശാപമായി ഇന്നും നിലകൊള്ളുന്നു. ഒരുവന്റെ സാമൂഹികവും തൊഴിലും മതത്തിന്റെ അന്തസും ജാതി വ്യവസ്ഥയുടെ അടിസ്ഥാനത്തിലായിരുന്നു. ഭാരതം സ്വതന്ത്രമായപ്പോൾ ജാതി വ്യവസ്ഥയെ ഭരണഘടനയനുസരിച്ച് നിയമപരമായി നിരോധിച്ചിരുന്നു. ഇന്നും ജാതി വ്യവസ്ഥ നിലവിലുണ്ടെങ്കിലും പ്രത്യക്ഷമായി അത് പ്രകടിപ്പിക്കാൻ സാധിക്കില്ല. മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെങ്കിലും വിവാഹം വരുമ്പോൾ ഓരോ ജാതികളും സ്വന്തം ജാതിയിൽനിന്നു മാത്രമേ വിവാഹം കഴിക്കാൻ ആഗ്രഹിക്കുള്ളൂ. മാമൂലുകളെ ലംഘിക്കാൻ ഉന്നത ജാതികളിലുള്ളവർ തയ്യാറുമല്ല. വർണ്ണാശ്രമ ധർമ്മത്തിൽ ബ്രാഹ്മണരാണ് മുന്തിയ ജാതി. വേദങ്ങളിലെ വിശുദ്ധ ജ്ഞാനം സംരക്ഷിക്കുക എന്ന ചുമതല ബ്രാഹ്മണർക്കുള്ളതാണ്.










കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...