Wednesday, March 30, 2016

ദളിതരുടെ ചരിത്രം, ഒരു പഠനം (ലേഖനം-6)


ശ്രീ നാരായണ ഗുരുവിന്റെ മതാതീത ആത്മീയതയും കീഴാളർ വിമോചനവും


By ജോസഫ് പടന്നമാക്കൽ

ഈഴവ സമുദായത്തിൽ ജനിച്ച മഹാത്മാവായ  ശ്രീനാരായണ  ഗുരു പത്തൊമ്പതാം നൂറ്റാണ്ടിലെ  വർണ്ണ വ്യവസ്തകൾക്കെതിരെ  പോരാടിയ സാമൂഹിക പരിഷ്കർത്താവും  വേദ പണ്ഡിതനും ഹൈന്ദവാചാര്യനുമായിരുന്നു. എല്ലാ സത് ഗുണങ്ങളുടെയും നന്മകളുടെയും മൂർത്തികരണമായ ശ്രീ നാരായണ ഗുരുവിനെപ്പോലുള്ള  ഒരു ദിവ്യനായ മഹാൻ മനുഷ്യ വർഗത്തിൽ വിരളമായേ  കാണുകയുള്ളൂ. അദ്ദേഹം ആത്മജ്ഞാനിയും  ഗുരുവും തത്ത്വജ്ഞാനിയും കാല്പ്പനിക ചിന്തകനും, യുക്തിവാദിയും വിശുദ്ധനും മാനവികതാവാദിയും സാമൂഹിക പരിഷ്കർത്താവും കവിയുമെല്ലാമായിരുന്ന അമാനുഷിക വ്യക്തിത്വത്തിന്റെ ഒരു ഉടമയായിരുന്നു. ഗുരു പഠിപ്പിച്ചതെല്ലാം ലളിതവും ആദ്ധ്യാത്മികവും സാമൂഹിക വിപ്ലാവാത്മകവുമായിരുന്നു. ഈഴവർക്കും അക്കാലങ്ങളിൽ വർണ്ണ ജാതികളിൽനിന്നു   സാമൂഹികമായ പീഡനങ്ങൾ സഹിക്കണമായിരുന്നു.   അധകൃതരായവരുടെ പുരോഗതിയും  വർണ്ണ ജാതികൾക്കൊപ്പം അഭിമാനത്തോടെ ജീവിക്കാനുള്ള  സാഹചര്യങ്ങളും ലക്ഷ്യമിട്ടുള്ള ഒരു ജീവിതമായിരുന്നു  ആ മഹാത്മാവ് നയിച്ചിരുന്നത്.   ഈഴവരുടെ ഉന്നമനത്തിനായി  നാടാകെ അമ്പലങ്ങളും സ്കൂളുകളും സ്ഥാപിച്ചുകൊണ്ടു ആ കർമ്മ യോഗി ജനങ്ങളെ സേവിച്ചു കൊണ്ടിരുന്നു.


വർണ്ണ വിവേചനത്തിന്റെ ഉറവിടം പൂജാ വിഗ്രഹങ്ങൾ പ്രതിഷ്ടിച്ചിരിക്കുന്ന അമ്പലങ്ങളെന്നു പൂർവ കാല  സാമൂഹിക ചരിത്രം വ്യക്തമാക്കുന്നു. അവിടെ അവർണ്ണർക്ക് പ്രവേശനം നിഷേധിച്ചിരുന്നത് മാനുഷിക പരിഗണനകളോടുള്ള ഒരു വെല്ലുവിളിയായിരുന്നു. കേരളത്തിലും സാമൂഹിക ഉച്ഛനീചത്വങ്ങൾ ഭീകരമായി തന്നെയുണ്ടായിരുന്നു.കേരളവും മറ്റുള്ള സംസ്ഥാനങ്ങളെപ്പോലെ വ്യത്യസ്തമല്ലാതെ  സവർണ്ണരും അവർണ്ണരുമായി  രണ്ടു തട്ടിൽ ജീവിച്ചിരുന്ന ഒരു ഭ്രാന്താലയമായിരുന്നു.  ഭൂരിഭാഗമുള്ള അവർണ്ണരെ തൊട്ടു തീണ്ടാ ജാതികളായി സവർണ്ണ  ജനത കണക്കാക്കിയിരുന്നു.


ഗുരുവിന്റെ ജന്മത്തെപ്പറ്റി ഐതിഹിക നൂലാമാലകൾ പലതുമുണ്ടെങ്കിലും അദ്ദേഹത്തിൻറെ ജനന ദിവസത്തെപ്പറ്റി വ്യക്തമായ ഒരു ചരിത്രമില്ല. തിരുവനന്തപുരം സമീപമുള്ള ചെമ്പഴന്തിയിൽ മദൻ ആശാന്റെയും കുട്ടിയമ്മയുടെയും മകനായി 1856-ൽ ജനിച്ചുവെന്നു അനുമാനിക്കുന്നു. അദ്ദെഹത്തെ കുട്ടിക്കാലങ്ങളിൽ നാണുവെന്നു വിളിച്ചിരുന്നു. അദ്ദേഹത്തിൻറെ പിതാവ് മദനൻ  ആശാൻ ഒരു അദ്ധ്യാപകനായിരുന്നു. കൂടാതെ ആയുർവേദത്തിലും ജ്യോതിർ ശാസ്ത്രത്തിലും പ്രാവിണ്യവും  നേടിയിരുന്നു.


വയൽവാരമെന്നറിയപ്പെടുന്ന അദ്ദേഹത്തിൻറെ കുടുംബം സാമ്പത്തികമായി വളരെ മെച്ചപ്പെട്ടതായിരുന്നു. സമൂഹത്തിലും ബഹുമാനിതരായിരുന്നു.  നാണു കുട്ടിയായിരുന്നപ്പോൾ രാമായണ കഥകളും മഹാഭാരത കഥകളും നാണു വിന്റെ അച്ഛൻ  വായിച്ചു കേള്പ്പിക്കുമായിരുന്നു. അച്ഛനും അമ്മാവൻ കൃഷ്ണൻ വൈദ്യനും ഒന്നുപോലെ വിദ്യ അഭ്യസിപ്പിച്ചിരുന്നു. അമ്മാവൻ കൃഷ്ണൻ വൈദ്യൻ അക്കാലത്തെ പ്രസിദ്ധനായ ഒരു ആയുർവേദ വൈദ്യനും സംസ്കൃത പണ്ഡിതനുമായിരുന്നു.


ഒരിയ്ക്കൽ നാണു മറ്റു കുട്ടികളുമൊത്ത് സ്കൂളിൽ പോവുകയായിരുന്നു. വഴിയിൽ  ചെട പിടിച്ച തലമുടികളുള്ള  കീറിയ കുപ്പായങ്ങളും ധരിച്ച ഭ്രാന്തനെ പ്പോലുള്ള ഒരു സന്യാസി നില്പ്പുണ്ടായിരുന്നു. സന്യാസിയെ കണ്ടു കുട്ടികൾ പരിഹസിക്കുകയും കല്ലെറിയുകയും ചെയ്തു. അതൊന്നും ഗൗനിക്കാതെ സന്യാസി നടന്നു പോയി. നാണു ആ ദയനീയ രംഗം നോക്കി പൊട്ടി കരഞ്ഞു.  കരഞ്ഞു കൊണ്ട് പുറകെ വരുന്ന നാണുവിനെ സന്യാസി കണ്ടു. 'എന്തിനാ കുട്ടി നീ കരയുന്നതെന്ന്' സന്യാസി നാണുവിനോട്  ചോദിച്ചു. അങ്ങയെപ്പോലെ നല്ലയൊരു മനുഷ്യനെ മറ്റു കുട്ടികൾ എറിയുന്നത് കണ്ടിട്ടും തനിയ്ക്ക് സഹായിക്കാൻ സാധിച്ചില്ലെന്നു നാണു പറഞ്ഞു.നാണുവിന്റെ വാക്കുകൾ കേട്ട് സന്യാസി അദ്ദേഹത്തെ എടുക്കുകയും തോളിൽ കയറ്റി അദ്ദേഹത്തിൻറെ മാതാപിതാക്കളുടെ അടുത്തു കൊണ്ടുവരുകയുമുണ്ടായി. 'ഇവൻ ഭാവിയിൽ ഒരു മഹാത്മാവാകുമെന്നു' നാണുവിനെയനുഗ്രഹിച്ച് സന്യാസി പറഞ്ഞു.


അഞ്ചു വയസിൽ ഗുരുകുലം മോഡലിൽ വിദ്യ അഭ്യസിക്കാൻ തുടങ്ങി. പ്രൈമറി സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് തെക്കേ തിരുവിതാംകൂറിലുള്ള വാരണാപ്പള്ളി കുടുംബത്തിലെ  സംസ്കൃത പണ്ഡിതനായ രാമൻ പിള്ള ആശാന്റെ ശിക്ഷ്യത്വം സ്വീകരിച്ചു.  കുമ്മാം പള്ളി ആശാനിൽ നിന്ന് കവിതയും, നാടകവും തത്ത്വ ശാസ്ത്രവും വ്യാകരണവും പഠിച്ചു. വരണാപ്പള്ളി താമസക്കാലത്ത് നാണു  കവിത പാരായണത്തിലും രചനയിലും താല്പ്പര്യം കാണിച്ചിരുന്നു. ഭക്ത ഗാനങ്ങൾ രാഗ ഭാവങ്ങളിലാക്കി രചിക്കുമായിരുന്നു.  വരണാപ്പള്ളിയിൽ താമിസിക്കുന്ന കാലത്ത് അദ്ദേഹത്തെ ചട്ടമ്പി നാണുവെന്നായിരുന്നു വിളിച്ചിരുന്നത്‌. ചട്ടമ്പിയെന്നാൽ  ഗുരു സഹായിയെന്നും  മുതിർന്ന വിദ്യാർത്ഥിയെന്നും അക്കാലത്ത് അർത്ഥം കല്പ്പിച്ചിരുന്നു.


കുസൃതിത്തം മുറ്റിയ കൗമാര നാളുകളിൽ അദ്ദേഹത്തിൻറെ മനസ്സ് ചാഞ്ചല്ല്യം നിറഞ്ഞതായിരുന്നു.  ഏതോ അജ്ഞാതമായ കഴിവുകൾ നിറഞ്ഞിരിക്കുന്നതായും ചുറ്റുമുള്ളവർക്ക് തോന്നുമായിരുന്നു. ബന്ധു ജനങ്ങളോ കുടുംബ ബന്ധങ്ങളോ നാണുവിനെ ആകർഷിച്ചിരുന്നില്ല. മുനി കുമാരനെ പ്പോലെ ജീവിക്കാനും ഏകനായി സഞ്ചരിക്കാനും ആ ബാലൻ ഇഷ്ടപ്പെട്ടിരുന്നു. പശുക്കളും പശു കിടാങ്ങളും നാണുവിന്റെ  തോഴരും ലോകവുമായിരുന്നു.   വൃന്ദാ വനത്തിലെ ഗോപാലകനായിരുന്ന ഭഗവാൻ ശ്രീ കൃഷ്ണനെപ്പോലെ   ഇലകൾ നിറഞ്ഞ മരക്കൊമ്പുകളിലിരുന്നുകൊണ്ട്  താഴെ മരുതക പച്ച വിരിച്ച പുല്ത്തകിടിയിൽക്കൂടി പശുക്കൾ മേയുന്നതു കാണുമായിരുന്നു. പ്രകൃതിയും മലകളും കുന്നുകളും വൃക്ഷലതാതികളും നാണുവിന്റെ  കൂട്ടുകാരായിരുന്നു. സദാ ഏകനായി സഞ്ചരിക്കുന്നതിലും ആനന്ദം കണ്ടെത്തിയിരുന്നു.  കൃഷ്ണനെപ്പോലെ നാണുവെന്ന  കുമാരനും ഓടക്കുഴൽ വായിക്കുമായിരുന്നു. മധുരമായ ഈണത്തിൽ ഭഗവാന്റെ സ്തുതി ഗീതങ്ങൾ സ്വയം രചിച്ച് പാടുമായിരുന്നു.


ഒരിയ്ക്കൽ  മരക്കൊമ്പിലിരുന്നു പാട്ടു  പാടുന്ന നാണുവിന്റെ ശബ്ദം അവന്റെ അമ്മാവൻ ശ്രവിച്ചു കൊണ്ടിരുന്നു.  നിശബ്ദതയുടെ പരിശുദ്ധിയിൽ പാട്ടു തീരുന്നവരെ അമ്മാവനും ആ ഗാനം മനസിൽ ആലപിച്ചിരുന്നു. നാണം കുണുങ്ങിയായിരുന്ന  നാണുവിന്റെ സമീപമെത്തി ആരാണ് ഈ ഗാനം പഠിപ്പിച്ചതെന്നു ചോദിച്ചു. അവൻ ആ ഗാനം സ്വയം രചിക്കുകയും പാടുകയുമായിരുന്നുവെന്നു അമ്മാവൻ മനസിലാക്കി. നാണുവിനെ പാട്ടു പഠിപ്പിക്കാനായി ഒരു ഗുരുവിനെ ചുമതലപ്പെടുത്തുകയും ചെയ്തു. അക്കാലങ്ങളിൽ ആ കുമാരൻ  പൂക്കൾ നിറഞ്ഞ പൂന്തോട്ടത്തിൽ കൂടി നടന്നു പ്രകൃതിയുമായി സല്ലാപത്തിലേർപ്പെടുമായിരുന്നു.  കായ്കളും കനികളും വിത്തു മുളയ്ക്കുന്നതും  സസ്യലതാതികളും  കണ്ടുകൊണ്ടുള്ള ജീവിതവും അദ്ദേഹത്തിൻറെ  കൗമാര  കൊച്ചു ലോകത്തിലുണ്ടായിരുന്നു.


അക്കാലങ്ങളിലെ ആചാരങ്ങളനുസരിച്ച് വരന്റെ  പെങ്ങൾ വരന്റെ അഭാവത്തിലും  ഒരു താലിമാല വധുവിന്റെ കഴുത്തിൽ അണിയിച്ചാൽ വിവാഹമാകുമായിരുന്നു. 1882-ൽ നാണു ആശാന്റെ വിവാഹവും അങ്ങനെയുള്ള ആചാരത്തിൽ നടന്നു. എല്ലാ കുടംബാംഗങ്ങളും വിവാഹത്തിൽ പങ്കെടുത്തിരുന്നു. ചരിത്ര  രചയിതാക്കൾ ഗുരുവിന്റെ വൈവാഹിക ജീവിതത്തെപ്പറ്റി  അറിഞ്ഞുകൂടെന്നും ഭാവിക്കുന്നു.  നാണു ആശാൻ പിന്നീട് സ്വന്തം വീട്ടിൽ പോവില്ലായിരുന്നു. രണ്ടു  മാസങ്ങൾക്കു ശേഷം അദ്ദേഹം സ്ഥിരമായി നാടു വിട്ടു സന്യാസിയായി.


നാണു ആശാൻ സത്യത്തെ തേടി ഒരു ദേശാടന സന്യാസിയായി നാടു ചുറ്റാൻ തുടങ്ങി. വനങ്ങളിലും ഗുഹകളിലും സമുദ്ര തീരങ്ങളിലും അമ്പല നടകളിലും രാത്രികാലങ്ങളിൽ അഭയം കണ്ടെത്തിയിരുന്നു. വിശക്കുമ്പോൾ അപരിചിതർ നീട്ടുന്ന ഭക്ഷണം കഴിക്കുമായിരുന്നു.  അലഞ്ഞു തിരിഞ്ഞു നടക്കുന്ന കാലഘട്ടത്തിൽ അദ്ദേഹം പണ്ഡിതനായ ആയുർവേദ ഭിഷ്വഗ്രൻ   പെരുന്നള്ളി കൃഷ്ണ വൈദ്യരൊപ്പം  താമസിച്ചു. അവിടെ നിന്ന് അപൂർവ മെഡിക്കൽ ഗ്രന്ഥങ്ങൾ വായിച്ച് അറിവ് നേടി. ചട്ടമ്പി സ്വാമിയെ അവിടെ വെച്ചാണ് കണ്ടുമുട്ടിയത്‌. പിന്നീടുള്ള കാലങ്ങളിൽ ഈ രണ്ടു ഗുരുക്കന്മാർ തമ്മിൽ വലിയ ചങ്ങാതികളായിരുന്നു. 1884-ൽ പ്രസിദ്ധനായ യോഗാ ഗുരു തയ്ക്കാട്ടു അയ്യാവൂവിനെ കണ്ടുമുട്ടുകയും അദ്ദേഹത്തിൽ നിന്ന് യോഗാ വിദ്യാ വശമാക്കുകയും ചെയ്തു.  ഗുരുദേവന്റെ പിതാവ് മദനൻ ആശാൻ 1884-ൽ മരിച്ചു. മരുതുവാ മലയുടെ ഉപരി ഭാഗത്തുള്ള പിള്ളതടം ഗുഹയിൽ ഗുരു ദേവൻ  തപസനുഷ്ടിച്ചിരുന്നു. അവിടം  സത്യം അന്വേഷിക്കാൻ അനുയോജ്യമായ ഭൂപ്രദേശമെന്നും ഗുരു മനസിലാക്കിയിരുന്നു. കായ് കനികൾ ഭക്ഷിച്ചും മലകളിൽ നിന്നു വരുന്ന നീരുറവകളിൽ നിന്ന് വെള്ളം കുടിച്ചും അദ്ദേഹം തപസനുഷ്ടിച്ചിരുന്നു.  ഒരേ നിൽപ്പിൽ അനേക മണിക്കൂറുകൾ നിന്നുകൊണ്ട് ശിവനെ ഭജിക്കുമായിരുന്നു.



ദൈവത്തിന്റെ പേരിൽ നടക്കുന്ന  ചൂഷണങ്ങളെയും അനീതികളെയും ഗുരുവിനു ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല. അതിനു ഒരു ശ്വാശ്വതമായ പരിഹാരം തേടാനും ഗുരു ആഗ്രഹിച്ചു. ഗ്രാമങ്ങളും താഴ്വരകളും കുന്നുകളും ഗുരു കാൽ നടയായി സഞ്ചരിച്ച് നാനാ വിധ ജനങ്ങളുമായി ഇക്കാര്യം ചർച്ചകൾ നടത്തുന്നുണ്ടായിരുന്നു.   അവരുമായി ഒപ്പം താമസിക്കുകയും  ധ്യാനങ്ങളിൽ പങ്കു ചേരുകയും ചെയ്തു. അവർണ്ണ ജാതികൾക്ക് പ്രവേശിക്കാവുന്ന സ്വന്തമായി അമ്പലങ്ങൾ പണിയുകയാണ് യുക്തമായ മാർഗമെന്നും അദ്ദേഹം മനസിലാക്കി. അമ്പലങ്ങൾ മൂലമാണ് മനുഷ്യന് ഐത്യം കല്പ്പിക്കുന്നതെങ്കിൽ അതേ അമ്പലങ്ങളെ എല്ലാ ജാതികൾക്കും പ്രവേശനമുള്ള ദൈവത്തിന്റെ ആലയങ്ങളായി പുനരുദ്ധരിക്കാനും ഗുരു തീരുമാനിച്ചു.


അവർണ്ണർ ഭൂരിഭാഗമായിരുന്നെങ്കിലും അവരെ സമൂഹത്തിന്റെ എല്ലാ തലങ്ങളിൽ നിന്നും ഐത്യം കല്പ്പിച്ച് മാറ്റി നിർത്തിയിരുന്നു. വർണ്ണ വ്യവസ്ഥകളും തൊട്ടു കൂടാ സ്ഥിതി വിശേഷങ്ങളും തലമുറകളായി നില നിന്നിരുന്നു. യാതൊരു പരാതിയുമില്ലാതെ കന്നുകാലികളെ പോലെയുള്ള ഒരു ജീവിതമായിരുന്നു അവർ നയിച്ചിരുന്നത്. മാനസികമായ വളർച്ചക്കുതകുന്ന എല്ലാത്തരം വിദ്യകളും അവർക്ക് നിരസിച്ചിരുന്നു. അവരുടെതായ ഭാഷാ ശൈലിയല്ലാതെ സംസ്ക്കാരമുള്ള വാക്കുകൾ പോലും  ഉപയോഗിക്കാൻ സാധിക്കില്ലായിരുന്നു.   അവരുടെ  വേഷങ്ങളും പെരുമാറ്റങ്ങളും സംസാരവും സവർണ്ണ ജാതികളുടെ മുമ്പിൽ താഴ്മയായി വേണമായിരുന്നു.  അവർ സവർണ്ണരോട്  സംസാരിക്കുമ്പോൾ താണവരെന്ന  നിലവാരത്തിൽ വേണമായിരുന്നു.   അവർണ്ണരുടെ താല്പ്പര്യമനുസരിച്ചുള്ള വീടുകൾപോലും പണിയാൻ അനുവാദമുണ്ടായിരുന്നില്ല. പൊതുവഴികളിൽ സ്വതന്ത്രമായി നടക്കാനും സാധിക്കില്ലായിരുന്നു. സ്ത്രീകൾക്ക് മാറിടം മറയ്ക്കാനോ, സ്വർണ്ണാഭരണം ഇടുവാനോ അനുവാദമുണ്ടായിരുന്നില്ല. കൂടാതെ അന്യായമായ നികുതിയും അവർക്ക് ചുമത്തിയിരുന്നു. ചെറിയ കുറ്റങ്ങൾക്കു പോലും ‌ ക്രൂരമായി അവരെ ദേഹോപദ്രവം ചെയ്തു ശിക്ഷിക്കുമായിരുന്നു.


അദ്വൈതത്തിലും  വേദാന്ത തത്ത്വങ്ങളിലും പേരും പെരുമയുമാർജിച്ച  ആദി ശങ്കരന്റെ നാട്ടിൽ  വർണ്ണ വ്യവസ്ഥകളിൽ വിവിധ ജാതികൾക്കായി ദൈവങ്ങളെ തന്നെ തരം തിരിച്ചിരിക്കുകയാണ്.  ശിവനും  ഗണേശനും പാർവതിയും സുബ്രഹ്മണ്യവും ആര്യ ദൈവങ്ങളുടെ കുത്തകയാക്കിക്കൊണ്ട് അവർണ്ണർക്ക് വന്ദിക്കാൻ പാടില്ലായെന്ന ബ്രാഹ്മണ മാമൂലുകളും നിലവിലുണ്ടായിരുന്നു. അവർണ്ണർക്കു താണ ദൈവങ്ങളെ ആരാധിക്കാനെ സാധിച്ചിരുന്നുള്ളൂ.അമ്പല നടകളുടെ സമീപം പോലും അവർണ്ണർ വരാൻ അനുവദനീയമല്ലായിരുന്നു. എന്നാൽ അവർ നല്കുന്ന പണം യാതൊരു സങ്കോജവും കൂടാതെ മേടിക്കുന്നതിനും സവർണ്ണർക്ക്  പ്രശ്നമില്ലായിരുന്നു. ചാത്തനും മാടനും യക്ഷിയും അവർണ്ണരുടെ  ദൈവങ്ങളായിരുന്നു. ആരാധന രീതികൾക്കും വ്യത്യാസമുണ്ടായിരുന്നു. സവർണ്ണർ പൂക്കളും ഫലങ്ങളും നല്ല രുചിയുള്ള ഭക്ഷണവും ദൈവത്തിന് അർപ്പിച്ചിരുന്നു. അതേ സമയം അവർണ്ണർ വിചിത്രവും  ക്രൂരവുമായ രീതിയിലായിരുന്നു ദൈവങ്ങൾക്ക് ആർച്ചനകൾ നല്കിയിരുന്നത്. മൃഗങ്ങളുടെ രക്തവും ചാരായവും ലഹരി നല്കുന്ന മറ്റു വസ്തുക്കളും ചാത്തൻ സേവയ്ക്ക് അർപ്പിക്കണമായിരുന്നു. ആരാധനയ്ക്കു  ശേഷം വിശുദ്ധ ഭക്ഷണമായി ലഹരി പദാർത്ഥങ്ങളുൾപ്പടെ അവർക്ക് ഭക്ഷിക്കുകയും ചെയ്യണമായിരുന്നു. അവരുടെ ആചാരമുറകൾ താഴ്ത്തി കാണിക്കാൻ സവർണ്ണർ നിർദേശിച്ച ആരാധന സമ്പ്രദായമായിരുന്നു അവർണ്ണരായവർ പിന്തുടർന്നിരുന്നത്. ആരാധന ക്രമങ്ങളിൽക്കൂടി അവരിൽ അപകർഷാ ബോധവും താണവരെന്ന ചിന്തകളും ഉത്തേജിപ്പിക്കാൻ സവർണ്ണർക്കു  കഴിഞ്ഞുവെന്നതാണ് സത്യം. അങ്ങനെ അവർ യജമാനനു തുല്യമായുള്ള  'സമത്വം'  അവർണ്ണർക്കു  നല്കാൻ  ചിന്തിക്കില്ലായിരുന്നു. എന്നും അവരുടെ കീഴാളർ എന്ന മാനസികാവസ്ഥ  താണ ജാതികളിൽ ഉണ്ടാവുകയും ചെയ്തു.


അമ്പലങ്ങൾ പൂജാരികളുടെയും സവർണ്ണ ജാതികളുടെയും നിയന്ത്രണത്തിലായതു കൂടാതെ  രാജ്യ ഭരണ സംവിധാനങ്ങളും അവർ കൈവശമാക്കി. ദൈവത്തിന്റെ അനുഗ്രഹങ്ങൾ സവർണ്ണരും പൂജാരികളും വഴി മാത്രമേ ലഭിക്കുകയുള്ളൂവെന്ന ഒരു മാനസികാവസ്ഥ അവർണ്ണരുടെ മനസിലുമുണ്ടായി. ദൈവ പ്രീതി ലഭിക്കാൻ അവർണ്ണരായവർ  സവർണ്ണർക്ക് കീഴ്പ്പെട്ടു ജീവിച്ചിരുന്നു. അവഹേളനവും ലജ്ജാവഹവുമായ ജീവിതം സാഹചര്യ സമ്മർദ്ദം മൂലം നയിക്കേണ്ടിയും വന്നു.  അമ്പലങ്ങളിൽ പ്രവേശനമില്ലാതെയും ഇഷ്ട ദൈവത്തെ തൊഴാൻ സാധിക്കാതെയും പ്രതീക്ഷകളില്ലാതെയുള്ള ജീവിതം തള്ളി നീക്കി. സവർണ്ണർക്ക്കീഴ്പ്പെട്ടു ജീവിക്കുകയെന്നത്  അവർണ്ണരായവരുടെ  ജീവിതത്തിന്റെ ഭാഗമായി കരുതി ചിന്തിച്ചു പോന്നു.  സവർണ്ണരെ അനുസരിച്ചാലെ ഐശ്വര്യം ഉണ്ടാവുകയുള്ളൂവെന്ന മാനസിക ബോധം അവരിൽ  സൃഷ്ടിക്കപ്പെട്ടു. അവർണ്ണരുടെ ഇടയിൽ വന്നു പെട്ട ഈ മാനസികാവസ്ഥ ഇല്ലാതാക്കാനും ശ്രീ നാരായണ ഗുരു ശ്രമിച്ചുകൊണ്ടിരുന്നു.


1888-ൽ തിരുവനന്തപുരം സമീപമുള്ള അരുവിപുരത്തു ആദ്യമായി അമ്പല പ്രതിഷ്ഠയും ശിവന്റെ വിഗ്രഹവും ഗുരുവിന്റെ സാമിപ്യത്തിൽ സ്ഥാപിച്ചു. നൂറുകണക്കിന് ഭക്ത ജനങ്ങൾ അന്നവിടെ സമ്മേളിച്ചിരുന്നു.  'ജാതിയും മത വിദ്വേഷവുമില്ലാതെ മനുഷ്യരെല്ലാം സഹോദരങ്ങളായി, നന്മയുടെ വഴിയേ മാതൃകാപരമായി വാഴുന്ന പുണ്യ സങ്കേത' മെന്ന്  ഗുരു അമ്പലത്തിന്റെ ഭിത്തിയിൽ  എഴുതി. കേരളത്തിൽ അതിനുശേഷം ഒരു സാമൂഹിക വിപ്ലവം തന്നെ പൊട്ടി പുറപ്പെട്ടു. കാട്ടുതീ പോലെ വാർത്ത എവിടെയും പരന്നു. ഒരു അവർണ്ണൻ അമ്പലത്തിനു മുപ്പത്തിരണ്ടടി ദൂരെ നിൽക്കണമെന്നുള്ള സാമൂഹിക വ്യവസ്ഥയ്ക്ക് പുത്തനായി പ്രതിഷ്ടിച്ച  ശിവ പ്രതിമയും അമ്പലവും ഒരു വെല്ലുവിളിയായി മാറി. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ബ്രാഹ്മണ പുരോഹിത നേതൃത്വത്തിനെ വിദ്വേഷം പിടിപ്പിക്കത്തക്ക വിധം   അതൊരു വെല്ലുവിളിയായിരുന്നു. പണ്ഡിതനായ  ഒരു ബ്രാഹ്മണൻ ഗുരുവിനെ ചോദ്യം ചെയ്തുകൊണ്ട് 'ബ്രാഹ്മണനല്ലാത്ത താങ്കൾക്ക്  അമ്പല പ്രതിഷ്ഠ നടത്താൻ' എന്തവകാശമെന്നു ചോദിച്ചു. 'ഞങ്ങളുടെ ശിവനെ ഞങ്ങൾ പ്രതിഷ്ടിച്ചു. അത് പാടില്ലായെന്ന വേദ വാക്യം എവിടെയെന്നും' ഗുരു മറു ചോദ്യം ആ ബ്രാഹ്മണനോട് ചോദിച്ചു. പണ്ഡിതനായ ആ ബ്രാഹ്മണന് വേദ ശാസ്ത്രങ്ങൾ പറയുംപ്രകാരം  മറുപടി പറയാൻ കഴിഞ്ഞില്ല. അതിനു ശേഷം നാരായണ ഗുരു ഗ്രാമങ്ങൾ തോറും യാത്ര ചെയ്ത് ഒരു സന്യാസിയായ ജീവിതമായിരുന്നു  പിന്തുടർന്നത്. പിന്നീട് ഒരു സ്കൂൾ അദ്ധ്യാപകനായും സാമൂഹിക, മത പരിഷ്കർത്താവായും അറിയപ്പെട്ടു. ജാതി മത വർഗ ഭേദമേന്യേ സാധുക്കളായ കുട്ടികൾക്കും അനാഥർക്കുമായി വർക്കലയിൽ ഒരു സംസ്കൃത സ്കൂൾ തുടങ്ങി. തൃശൂർ, കണ്ണൂർ, അഞ്ചുതെങ്ങ്, തലശേരി, കോഴിക്കോട് മുതലായ സ്ഥലങ്ങളിൽ അദ്ദേഹത്തിൻറെ നേതൃത്വത്തിൽ അമ്പലങ്ങളും നിർമ്മിച്ചു. ശാരദാ ദേവിയുടെ പേരിൽ  1912 -ൽ ശിവഗിരിയിൽ ഒരു അമ്പലവും പണുതു. ആഗോള സാഹോദര്യം മുദ്രാവാക്യമാക്കി ആലുവയിൽ 1921 -ൽ ഒരു അദ്വൈതാശ്രമവും സ്ഥാപിച്ചു.


ശ്രീ നാരായണ ഗുരുവിന്റെ  പ്രസംഗങ്ങളുംതത്ത്വ ചിന്തകളും  പ്രവർത്തികളും യാഥാസ്ഥിതികരായ ഉന്നത ജാതികളിൽ എതിർപ്പുണ്ടാക്കിക്കൊണ്ടിരുന്നു. ഒരുവന്റെ ആഗ്രഹമനുസരിച്ചുള്ള  ദേവനെ വന്ദിക്കുകയെന്നത് ഒരു മതവിശ്വാസിയുടെ  മൗലിക തത്ത്വമെന്നും  ഗുരു വിശ്വസിച്ചിരുന്നു. ദൈവത്തിന്റെയും മരണ മണി മുഴുക്കുന്ന പുരോഹിത കപടരായവരുടെയും മദ്ധ്യേ നിലവിലുണ്ടായിരുന്ന  മറ അവിടെ തകർക്കപ്പെടുകയായിരുന്നു. ആഗോള സാഹോദര്യത്തിനുള്ള ആദ്യത്തെ ചവുട്ടു പടിയായി ഗുരു പ്രതിഷ്ടിച്ച ശിവ പ്രതിഭയെ അന്ന് ഭക്ത ജനങ്ങൾ ദർശിച്ചു.  ഗുരു,  അമ്പല ഭിത്തിയിൽ ലിഖിതം ചെയ്ത ശ്ലോകം ശിവനെ ആരാധിക്കുക  മാത്രമായിരുന്നില്ല,  ഒപ്പം സമത്വം സ്വാതന്ത്ര്യം സാഹോദര്യം എന്നീ മൗലിക ചിന്തകളുടെ അടിസ്ഥാന തത്ത്വങ്ങളും മാനവിക ചൈതന്യവും അവിടെ പ്രസരിച്ചിരുന്നു. ഗുരുവിൽ അന്ന് ദർശിച്ചത് വർഗ വിവേചനത്തിനെതിരെയുള്ള ഒരു വിളംബരം കൂടിയായിരുന്നു.   കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി അറുപതിൽപ്പരം അമ്പലങ്ങൾ അക്കാലങ്ങളിൽ  പ്രതിഷ്ഠിക്കുകയുണ്ടായി.   അമ്പലങ്ങളുടെ ചുറ്റുപാടുമായി ജനങ്ങൾക്ക് വിദ്യയും നല്കിയിരുന്നു. ദേവീ ദേവന്മാർ ഒരു പ്രത്യേക ജാതിയുടെയോ പുരോഹിതരുടെയോ  കുത്തകയല്ലെന്നുള്ള ബോധോദയം ജനങ്ങളിൽ  ഉണ്ടാകാൻ തുടങ്ങി. അതിനായി ഗുരു അവർണ്ണരെയും അമ്പല പൂജാദികൾ പഠിപ്പിക്കാൻ തുടങ്ങി.  സംസ്കൃത പണ്ഡിതനായ ഗുരുവിന്റെ നേതൃത്വത്തിൽ  അവർണ്ണർക്കായും ജാതി മത ഭേദമില്ലാതെ എല്ലാ മതത്തിലുള്ളവർക്കായും  സംസ്കൃത സ്കൂളുകളും ആരംഭിച്ചു.  മത കാര്യങ്ങളിൽ താല്പര്യമുള്ള അവർണ്ണരായ കുട്ടികൾ ഗുരുവിന്റെ വിദ്യാലയങ്ങളിൽ നിന്നും  ആത്മീയ പാത  തെരഞ്ഞെടുക്കുകയും ചെയ്തു.  ഉപനിഷത്തുകളും വേദങ്ങളും അവർ നല്ലവണ്ണം ഉരുവിടുമായിരുന്നു.


അമ്പലങ്ങളിൽ ശിവനെ പ്രതിഷ്ഠിക്കുന്നതൊപ്പം  ദളിതരുടെ പ്രാകൃത ദൈവങ്ങളായ ചാത്തനെയും യക്ഷിയേയും ആ പ്രദേശങ്ങളിൽ നിന്ന് നീക്കവും ചെയ്യുന്നുണ്ടായിരുന്നു. പകരം ശിവനെയും സുബ്രഹ്മണിയനെയും പ്രകൃതിയുടെ  ദൈവങ്ങളെയും പ്രതിഷ്ടിച്ചു. ജനങ്ങളുടെ ജീവിത രീതികളിലുള്ള ചിന്താഗതികൾക്കു മാറ്റങ്ങൾ ആവശ്യമെന്നു ഗുരു ചിന്തിച്ചു. ദളിതരുടെ രക്തക്കുടിയരായ ദേവന്മാരും  പരദേവതകളും മൃഗ ബലികളും ലഹരി ഉപയോഗിക്കുന്ന ദേവതകളും ദളിത പുരോഗതിയ്ക്ക് സഹായകമാകില്ലെന്നും ഗുരു മനസിലാക്കിയിരുന്നു. ഈ ദൈവങ്ങളെ പൂജിക്കുക വഴി ദളിതർ അപരിഷ്ക്രുതമായി തന്നെ ജീവിതം തുടരുമെന്നും ചിന്തിച്ചു. പഴയവ മറന്ന് മനുഷ്യർ  പ്രാകൃത ദൈവങ്ങളെ പരിത്യജിച്ച് നവീകരണ മനസ്ഥിതി സൃഷ്ടിക്കാൻ ഗുരുവിന്റെ പ്രയത്നങ്ങൾ സഫലമായിക്കൊണ്ടിരുന്നു.


തനതായ  വ്യക്തിത്വത്തെ തിരിച്ചറിയാനും മനുഷ്യരെയെല്ലാം സാഹോദര്യത്തോടെ കാണാനും ബഹുമാനിക്കാനും ഗുരുവിന്റെ സന്ദേശങ്ങൾ പ്രയോജനപ്പെട്ടു.  നാൽപ്പതിൽപ്പരം വർഷങ്ങൾ അദ്ദേഹത്തിൻറെ  മിഷനറി പ്രവർത്തനങ്ങൾ സമൂഹ താൽപര്യങ്ങൾക്കായി തുടർന്നു കൊണ്ടിരുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളിലുമുള്ളവർ ഗുരു സന്ദേശങ്ങളിൽ ആകൃഷ്ടരായിരുന്നു. സാമൂഹിക പരിഷ്കർത്താക്കളും, സ്വാതന്ത്ര്യ സമര യോദ്ധാക്കളും, വിദ്യാഭ്യാസ പ്രവർത്തകരും, ചിന്തകരും, കവികളും, പത്ര പ്രവർത്തകരും സമൂഹത്തിൽ പരിത്യാഗങ്ങൾ സഹിച്ചവരും അക്കൂടെയുണ്ടായിരുന്നു. ഉപദേശങ്ങൾക്കായി നാനാ ദിക്കിൽ നിന്നും ജനങ്ങൾ ആദ്ദേഹത്തെ സമീപിച്ചിരുന്നു. 1936-ൽ എല്ലാ ജാതികൾക്കും അമ്പലങ്ങളിൽ പ്രവേശിക്കാമെന്നുള്ള രാജ വിളംബരം ഉണ്ടായതും അദ്ദേഹത്തിൻറെ  വിപ്ലവ ചൈതന്യത്തിന്റെ  പ്രത്യാഘാതമായിരുന്നു. അമ്പലങ്ങൾ പണിയുന്നത് ലളിതമായിരിക്കണമെന്നും  ഉപദേശിക്കുമായിരുന്നു. അദ്ദേഹത്തിൻറെ കാലങ്ങളിൽ പണം ചെലവഴിച്ച് ആഡംബര  രീതികളിൽ നാടാകെ അമ്പലങ്ങൾ പണിയുന്ന പ്രവണതയുണ്ടായിരുന്നു.  ആഘോഷങ്ങൾക്കും ഉത്സവങ്ങൾക്കും അമിതമായി പണം ചെലവാക്കരുതെന്നും  നിർദ്ദേശിച്ചിരുന്നു. അമ്പലത്തിനു സമീപം സ്കൂളുകളും, വായനശാലയും,  സമൂഹ നന്മയ്ക്കായി ചെറു കിട വ്യവസായങ്ങളും സ്ഥാപിക്കാൻ  നേതൃത്വവും  നല്കിയിരുന്നു. ആരാധാനാലയത്തിനൊപ്പം വിദ്യ നേടാനും തൊഴിൽ നേടാനുമുള്ള അവസരങ്ങൾ നല്കിക്കൊണ്ട് ഒരു സാമൂഹിക വിപ്ലവം  ജനങ്ങളുടെ മനസിൽ സൃഷ്ടിക്കാനും  കഴിഞ്ഞു.


"ഞാൻ പ്രത്യേകമായ ഒരു  ജാതിയുടെ  ദൈവത്തെയല്ല നിങ്ങൾക്ക്  നല്കുന്നത്, എന്നാൽ ദൈവത്തെ  അന്വേഷിക്കുന്ന സർവർക്കും ആ ദൈവമുണ്ട്, വാതിൽക്കൽ മുട്ടുന്നവരായ ഏവർക്കും ദൈവത്തിന്റെ പരിപാവനമായ അമ്പല വാതിലുകൾ തുറക്കപ്പെടുമെന്ന്"   ഗുരു പറയുമായിരുന്നു. കുറച്ചു പേർ കേട്ടു. സംശയിച്ചു. കവാടത്തിൽ പ്രവേശിക്കാതെ വാതിലടച്ച് അവർ മടങ്ങി പോയി.  മറ്റു ചിലരും കേട്ടു. തലകൾ കുനിച്ചുകൊണ്ട്  അമ്പല വാതിൽ തുറന്നുകൊണ്ട്  അകത്തു പ്രവേശിച്ചു.  ഗുരു വീണ്ടും പറഞ്ഞു, "നിങ്ങൾക്ക് ഈ അമ്പലങ്ങൾ മതി. സവർണ്ണരായവരുടെ അമ്പല ദൈവങ്ങളിൽ മനുഷ്യനുള്ള വിശ്വാസം നശിച്ചു. അമ്പല നിർമ്മതികൾക്കായി ചെലവഴിക്കുന്ന പണം നിരർത്ഥകമെന്നും  പാഴായ ചെലവുകളെന്നും ജനങ്ങൾക്ക് ബോധ്യമാകാൻ തുടങ്ങി.  ദൈവത്തെ എവിടെയും ആരാധിക്കാൻ സാധിക്കും. അവിടുത്തേയ്ക്ക് ഒരു ചെറിയ പ്രാർത്ഥനാലയം മതിയാകും. അത് പണിയാനും സംരക്ഷിക്കാനും എളുപ്പമുണ്ട്. ഈ ബിംബങ്ങൾ  നമുക്കാവശ്യമില്ല. ആദർശങ്ങളാണ് മനുഷ്യ ജീവിതത്തിനു വേണ്ടത്.  ഉത്കൃഷ്ട മാതൃകയാണ് നമ്മെ നയിക്കേണ്ടത്. സത്യം നമ്മുടെ മുദ്രാവാക്യമായിരിക്കണം. മറ്റുള്ളവരെ സ്നേഹിക്കുകയും നന്മയുടെ അമ്പല കവാടങ്ങൾ നിങ്ങളുടെ ഹൃദയത്തിൽ പ്രതിഷ്ടിക്കുകയും വേണം. ലോകത്തിലെ എല്ലാ ബിംബങ്ങളെക്കാളും ശ്രേഷ്ഠമായതും  അതായിരിക്കും."


ഗുരു,  അമ്പലങ്ങൾക്കു ചുറ്റും സ്കൂളുകൾ സ്ഥാപിക്കാൻ തുടങ്ങി. മലയാളവും തമിഴും ഇംഗ്ലീഷും സംസ്കൃതവും സ്കൂളുകളിൽ പഠിപ്പിക്കുന്നുണ്ടായിരുന്നു. തയ്യൽ, കയറുകൾ ഉണ്ടാക്കൽ,  കയറ്റു പാ, മുതലായ കുടിൽ വ്യവസായങ്ങളും ആരംഭിച്ചു. ഒരു അമ്പല പൂജാ വേളയിൽ   അദ്ദേഹത്തെ ക്ഷണിക്കാൻ വന്നവരോടായി  'ഒരു പ്രകാശിക്കുന്ന വിളക്കു മാത്രം  അവിടെ പ്രകാശിപ്പിച്ചാൽ മതിയില്ലേ'യെന്നു ചോദിച്ചു. 'ദൈവം സത്യവും പ്രകാശമാകുന്നു'വെന്നും ഗുരു പറഞ്ഞു. തൃശ്ശൂർ കരമുക്കു അമ്പലത്തിൽ അദ്ദേഹം ആഗതനായപ്പോൾ 'തമസോ മ ജ്യോതി ഗമയാ' എന്ന ഉപനിഷത്തിലെ പ്രസിദ്ധമായ ശ്ലോകം ചൊല്ലി.


ശ്രീ നാരായണ ഗുരു തുടങ്ങി വെച്ച ആദ്ധ്യാത്മിക വിപ്ലവം ഇന്ത്യൻ സ്വാതന്ത്ര്യ സമരങ്ങൾക്കും ഉത്തേജനമായിരുന്നു. നാരായണ ഗുരുവിന്റെ സന്ദേശങ്ങൾ ഉയർന്ന ജാതികളുടെ അഹങ്കാരത്തിനു ശമനമാകാൻ കാരണമായി. സാമൂഹികവും മതപരവുമായ ജീവിതത്തിൽ ദളിതരുടെ നിലവാരം ഉയരുകയും ചെയ്തു. വർണ്ണ ജാതികളുടെ ചൂഷണത്തിനെതിരെ അക്രമവും കലാപവുമില്ലാത്ത ഒരു വിപ്ലവം അദ്ദേഹത്തിനു നയിക്കാൻ സാധിച്ചു. ചൂഷകരെ നശിപ്പിക്കാതെ ചൂഷണം അവസാനിപ്പിക്കാൻ സാധിച്ചു. അതുമൂലം ചൂഷകരും ചൂഷകരായവരും ഒരു പോലെ സാമൂഹിക സാമ്പത്തിക, ബൌദ്ധിക നിലവാരങ്ങളിൽ ഉയർന്നു.


1928 സെപ്റ്റംബർ ഇരുപതാം തിയതി മഹാനായ ശ്രീ നാരായണ ഗുരു സമാധിയടഞ്ഞു. ഗുരുവിന്റെ ഓർമ്മകൾ പുതുക്കിക്കൊണ്ട് ആ ദിനം ആത്മീയതയുടെ പരിമളമായി ഭക്തർ ആഘോഷിച്ചു വരുന്നു. ഭൌതികമായി ഈ ലോകത്തിൽനിന്നും ഗുരു  പോയെങ്കിലും കോടാനുകോടി അനുയായികളിൽ അദ്ദേഹത്തിൻറെ ചൈതന്യം കുടികൊള്ളുന്നുണ്ട്. വർക്കലയിലുള്ള ശിവഗിരിയിൽ സമാധി മന്ദിരം നിലകൊള്ളുന്നു. കേരളത്തിന്റെ അപരിഷ്കൃതമായ സാമൂഹിക വ്യവസ്ഥിതികളെ തുടച്ചു മാറ്റിയ ആ മഹാത്മാവിന്റെ കുടീരത്തിന്റെ മുമ്പിൽ ദിനം പ്രതി ആയിരക്കണക്കിന് തീർത്ഥാടകർ വന്നെത്താറുണ്ട്.(തുടരും)




Wednesday, March 23, 2016

ദളിതരുടെ ചരിത്രം, ഒരു പഠനം (ലേഖനം-5)





 











വിവേകാനന്ദൻ കണ്ട കേരളമെന്ന ഭ്രാന്താലയം 

By ജോസഫ് പടന്നമാക്കൽ

ചരിത്രാതിത കാലംമുതൽ സാമൂഹിക തലങ്ങളിലും രാഷ്ട്രീയ സാംസ്ക്കാരിക സാമ്പത്തിക തലങ്ങളിലും ദളിതരെ തലമുറകളായി ചൂഷണം ചെയ്തുകൊണ്ടിരുന്ന ചരിത്രമാണ് ഇന്ത്യയ്ക്കുള്ളത്. സമൂഹത്തിൽ അധകൃതരായി ജീവിക്കുന്ന ദളിതർ തങ്ങളുടെ മെച്ചമായ മുന്നേറ്റത്തിനായി അധികാര സവർണ്ണ മേധാവിത്വത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങൾ നാടാകെ സംഘടിപ്പിക്കാറുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭഘട്ടം മുതലാണ്‌ ദളിതരുടെ പ്രതിഷേധ പ്രകടനങ്ങൾ  കേരള ചരിത്രത്തിനു തുടക്കമിട്ടത്. ഈ കാലഘട്ടത്തിൽ കര്‍മ്മോദ്യുക്തരും ഊർജസ്വലരും വ്യക്തിപ്രഭാവവുമുള്ള നേതാക്കന്മാർ സമൂഹത്തിലെ അധകൃതരായ ദളിതരുടെ സാമൂഹിക മുന്നേറ്റത്തിനായി പ്രവർത്തിച്ചിട്ടുണ്ട്. അവരുടെ അവകാശങ്ങളെ ബോധാവാന്മാരാക്കുവാനും പ്രയത്നിച്ചിട്ടുണ്ട്. അതിന്റെ ഫലമായി പുത്തനായ  സാമൂഹിക മാറ്റങ്ങൾക്കായി ദളിതരും സംഘടിക്കാൻ തുടങ്ങി. ദളിതരുടെ അത്തരം അഭിലാഷങ്ങൾ എക്കാലവും ഉയർന്ന ജാതികളുടെ അധികാര വർഗങ്ങൾ പരാജയപ്പെടുത്തിയ ചരിത്രമാണ് ഭാരതമൊട്ടാകെയുള്ളത്. ജാതിഭ്രഷ്‌ടു കല്പ്പിച്ചിരുന്ന ദളിതരെ മേൽജാതിക്കാർ എന്നും അടിമകളെപ്പോലെയാണ് കരുതിയിരുന്നത്. അത് ഇന്നും തുടരുന്നു. എങ്കിലും കാലത്തിന്റെ ചുവരെഴുത്തുങ്കൽ ഇന്ന് ദളിതരുടെ ഭയം കുറഞ്ഞു വരുന്നുണ്ട്. പൊതുസ്ഥലങ്ങളും സർക്കാർ ഓഫീസുകളും ശുചീകരണം  ചെയ്യുന്നവരുടെ ന്യായമായ വേതനത്തിനായുള്ള  അവകാശ സമരങ്ങൾ സാധാരണമായിരിക്കുന്നു. 


ആര്യന്മാരാണ്‌ വർണ്ണവ്യവസ്ഥകൾ നടപ്പാക്കിയതെന്ന് ചരിത്രം എഴുതുന്നവർ അനുമാനിക്കുന്നു. ആര്യന്മാർ ഇന്ത്യയിൽ വരുന്നതിനു മുമ്പ് ചാതുർവർണ്യങ്ങൾ ദ്രാവിഡരുടെയിടയിൽ ഉണ്ടായിരുന്നില്ലെന്ന് ചരിത്രകാരനായ ഇളംകുളം കുഞ്ഞൻപിള്ള അഭിപ്രായപ്പെട്ടിരിക്കുന്നു. ആര്യൻ ആക്രമണവും സംസ്കൃത ഭാഷയുടെ ആവിർഭാവവും മനുഷ്യജാതികളെ തരം തിരിക്കുന്നതിനും മണ്ണിന്റെ മക്കളായ ആദിദ്രാവിഡരെ അടിമകളാക്കുന്നതിനും സാധിച്ചുവെന്നു ബ്രിട്ടീഷ്ചരിത്രങ്ങളിൽ സ്ഥിതികരിച്ചിട്ടുണ്ട്. ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ. ശുദ്രർ എന്നിങ്ങനെ ചതുർവർണ്ണങ്ങൾ തരം  തിരിച്ചിരിക്കുന്നു. ഈ നാലു വർണ്ണങ്ങളിൽ പെടാത്തവരെ വർണ്ണങ്ങൾക്കു വെളിയിലുള്ള അവർണ്ണരായും തൊട്ടുകൂടാ ജാതികളായും ഭ്രഷ്ടും കല്പ്പിച്ചിരിക്കുന്നു.   ഇത്തരം വർണ്ണ വിവേചനങ്ങളാണ് എക്കാലവും ഭരിക്കുന്ന സവർണ്ണ ജാതികളെ സൃഷ്ടിച്ചത്. സവർണ്ണരായവർ ശുദ്ധവും പരിശുദ്ധവും അവർണ്ണരായവർ അശുദ്ധവും കളങ്കപ്പെട്ടവരും. അങ്ങനെ ശുദ്ധമാണെന്നു കരുതുന്ന ജനതയും അവർ അശുദ്ധമെന്നു കരുതുന്നവരും വ്യത്യസ്ത ജനതകളായി രൂപാന്തരപ്പെട്ടു. അവർണ്ണരെ അടിമകളാക്കിക്കൊണ്ട് അധികാരവും വിഭവങ്ങളും സാമൂഹിക പദവികളും  സ്ഥാനമാനങ്ങളും ഭരിക്കുന്ന സവർണ്ണ വർഗങ്ങൾ കവർന്നെടുത്തുകൊണ്ടിരുന്നു.  


ഭാരതത്തിൽ മറ്റേതു പ്രദേശങ്ങളിലും നടപ്പിലായിരുന്നപോലെ കേരളത്തിലും അത്തരം ദുരാചാരാങ്ങൾ അതിപുരാതന കാലം മുതലേയുണ്ടായിരുന്നു. സാമ്പ്രദായികമായ ചതുർ വർണ്ണങ്ങളിൽ കേരളത്തെ സംബന്ധിച്ച് ബ്രാഹ്മണരും ക്ഷത്രിയരും ശുദ്രരരും ഉൾപ്പെട്ടിരുന്നെങ്കിലും വൈശ്യരുണ്ടായിരുന്നില്ല. വൈശ്യരുടെ അഭാവത്തിൽ അവരുടെ കർമ്മാനുഷ്ഠാനങ്ങളായ കച്ചവടങ്ങളും വ്യവസായങ്ങളും മുസ്ലിമുകളും ക്രിസ്ത്യാനികളും മറ്റുള്ള ജാതികളും വഹിച്ചിരുന്നു. ജാതികളുടെ ശ്രേഷ്ടതയനുസരിച്ച് തിരുവിതാകൂർ ജനതകളിൽ ബ്രാഹ്മണരും നായന്മാരും ധനവും അധികാരവുമുള്ള വർഗങ്ങളായിരുന്നു. ഈഴവർ, നാടാർ, അടിമ ജാതികൾ, തൊട്ടു തീണ്ടാൻ പാടില്ലാത്തവർ എന്നിവരെ ബ്രാഹ്മണർക്കും നായന്മാർക്കും തൊട്ടു താഴെയുള്ള ജാതികളായും കണക്കാക്കിയിരുന്നു. അവർണ്ണരായ നാടാരും ഈഴവരും പറയരും പുലയരും സവർണ്ണ ഹിന്ദുക്കൾക്കായി അടിമ ജോലി ചെയ്യണമായിരുന്നു. ഓരോ ജാതികൾക്കും താഴെ കീഴ് ജാതികളുമുണ്ടായിരുന്നു.  



കേരളത്തെ സംബന്ധിച്ചിടത്തോളം ജാതി വ്യവസ്ഥയിൽ നമ്പൂതിരിമാരെയാണ് ബ്രാഹ്മണരെന്നു പറഞ്ഞു വന്നിരുന്നത്. മറ്റുള്ള ജാതികളെക്കാളും ഉയർന്ന സ്ഥാനമാനങ്ങളും സർക്കാർ വകുപ്പ് മേധാവിത്വവും ബ്രാഹ്മണർ കയ്യടക്കിയിരുന്നു. രാഷ്ട്രീയ സ്വാധീനം കൊണ്ടും സാമ്പത്തിക മെച്ചം കൊണ്ടും അമ്പല പൂജാരികളെന്ന നിലയിലും പരിശുദ്ധിയുടെ കവചങ്ങൾ അണിഞ്ഞതുകൊണ്ടും സമൂഹത്തിലുള്ള സ്ഥാനമാനങ്ങൾ അവർക്കു മാത്രം ലഭിച്ചിരുന്നു. മതപരമായ അനുഷ്ഠാന വിധിപ്രകാരം ദൈവത്തിന്റെ അടുത്ത ആൾക്കാരുമായും അവരെ കരുതിയിരുന്നു. വേദങ്ങൾ വായിക്കാൻ ബ്രാഹ്മണർക്ക് മാത്രമേ അനുവദനീയമായിരുന്നുള്ളൂ. മനുവിന്റെ നിയമങ്ങൾ രാജ്യത്തിന്റെ നിയമങ്ങളായും കരുതിയിരുന്നു. രാജ്യത്തുള്ള മതത്തിന്റെ നിയമമനുസരിച്ച് സർക്കാരിന്റെ ചെലവിൽ ബ്രാഹ്മണർക്ക് ഊട്ടുപുരയിൽ സൗജന്യമായി ഭക്ഷണം നല്കിയിരുന്നു. ബ്രാഹ്മണർക്ക് ഭക്ഷണം കൊടുക്കുകയെന്നുള്ളത് രാജാവിന്റെ പുണ്യ കർമ്മങ്ങളും. ബ്രാഹ്മണർ വൻകിട ഭൂവുടമകളും വമ്പിച്ച സ്വത്തുക്കളുടെ അധിപരുമായി മാറി. ഫ്യൂഡൽ പ്രഭുക്കരെന്ന നിലയിൽ ജന്മി സമ്പ്രദായഭൂമി അടുത്തുള്ളവർക്ക് കൃഷിക്കായി പാട്ടത്തിനു നല്കിയിരുന്നു. നായന്മാർ പൊതുവേ സൈനിക ജോലികൾ നിർവഹിച്ചിരുന്നു. താണ ജാതിക്കാരായ കുടിയാന്മാർ ഭൂപ്രഭുക്കളുടെ കരുണയിൽ ജീവിച്ചിരുന്നു. രാജാവിന്റെ മേൽ ബ്രാഹ്മണർക്ക് സ്വാധീനമേറെയായിരുന്നു. പതിനൊന്നാം നൂറ്റാണ്ടുമുതൽ പതിനാറാം നൂറ്റാണ്ടു വരെ  നമ്പൂതിരിമാർ രാജ്യം ഭരിച്ചിരുന്നു. സാമൂഹിക ക്ഷേമങ്ങളും വിദ്യാഭ്യാസ ചുമതലകളും കലകളും സംസ്ക്കാരങ്ങളും ശാസ്ത്രവും വൈദ്യവും അവർ നിയന്ത്രിച്ചിരുന്നു. 



സാമൂഹിക വ്യവസ്ഥയിൽ ബ്രാഹ്മണർ കഴിഞ്ഞാൽ അടുത്ത സ്ഥാനമാനങ്ങൾ അലങ്കരിച്ചിരുന്നത് നായന്മാരായിരുന്നു. യുദ്ധങ്ങൾ അഭ്യസിച്ചിരുന്ന സൈനിക ജോലികൾ നായന്മാർക്ക് നല്കിയിരുന്നു. ഈ സമൂഹത്തെ ശൂദ്രന്മാരായും മാനിക്കുന്നുണ്ട്. ബ്രാഹ്മണരും നായന്മാരുമായുള്ള സഖ്യം മൂലം നായന്മാരെ ബ്രാഹ്മണ ജന്മികളുടെ വസ്തു വകകൾ സൂക്ഷിക്കാനുള്ള ചുമതലകളും പണപരമായ  ക്രയ വിക്രയ കാര്യങ്ങളും ചുമതലപ്പെടുത്തിയിരുന്നു. രാജ്യത്തിലെ വസ്തു വകകളുടെ സംരക്ഷകരായും നായന്മാരെ അറിയപ്പെട്ടു. ബ്രാഹ്മണർക്കാണ് വസ്തുവകകളുടെ ജന്മിത്വമെങ്കിലും നായന്മാർ വസ്തുക്കളുടെ ഉടമസ്തരായിരുന്നു. യുദ്ധം വരുമ്പോൾ രാജാവിന് പട്ടാളത്തെ എത്തിച്ചു കൊടുത്തിരുന്നത് നായന്മാരായിരുന്നു. നായന്മാരുടെ ഇടയിൽ നടപ്പിലായിരുന്നത്‌ മരുമക്കത്തായവും. സ്ത്രീകൾക്കായിരുന്നു സ്വത്തുക്കൾക്ക് അവകാശമുണ്ടായിരുന്നത്. കൂട്ടുകുടുംബങ്ങളായി ഒരേ മേൽക്കൂരയിൽ കഴിഞ്ഞിരുന്നു. കൂട്ടു കുടുംബത്തിൽ ഏറ്റവും മൂത്ത സഹോദരൻ കാരണവരായി മറ്റുള്ളവരെ നിയന്ത്രിച്ചിരുന്നു. വർണ്ണ വ്യവസ്ഥയിൽ നായന്മാർക്ക് പിന്നാലെ  ഈഴവരെയും  നാടാന്മാരെയും താഴെക്കിടയിലുള്ളവരായി കരുതി വന്നു.   



ഈഴവരെയും നാടാന്മാരെയും സമുന്നത ജാതികൾ പീഡിപ്പിച്ചുകൊണ്ടുമിരുന്നു. വർണ്ണ വ്യവസ്ഥയിൽ താണ ജാതിയിൽപ്പെട്ട അവർണ്ണരായവരിൽ ഈഴവരാണ് ഏറ്റവും പ്രമുഖരായവർ. ഈഴവർ മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും വ്യാപിച്ചു കിടക്കുന്നു. തെക്കേ തിരുവിതാംകൂറിൽ അവരെ ഈഴവരെന്നു അറിയപ്പെടുമ്പോൾ തിരുവിതാംകൂറിന്റെ മറ്റു പ്രദേശങ്ങളിലും  കൊച്ചിയിലും അവരെ ചൊവോന്മാരെന്നു പരക്കെ വിളിക്കുന്നു. മലബാറിൽ തീയ്യന്മാരെന്ന നിലയിൽ ഈഴവരെ അറിയപ്പെടുന്നു. തെങ്ങിൽ നിന്നും പനകളിൽ നിന്നും കള്ള് ചെത്തൽ, കൃഷി, കച്ചവടം, കയർ ഉത്പ്പാദിപ്പിക്കൽ, നെയ്ത്ത് എന്നിവ അവരുടെ തൊഴിലുകളായിരുന്നു. ചിലർ ആയുർവേദ വൈദ്യരും, ജ്യോതിഷരുമായിരുന്നു. സംസ്കൃതം പഠിച്ച വിദ്വാന്മാരും ഈഴവ ജാതികളിലുണ്ടായിരുന്നു. നാടാന്മാരെപ്പോലെ ഈഴവരെയും താണ ജാതികളായി കണക്കാക്കിയിരുന്നെങ്കിലും പുലയ, പറയ, തൊട്ടുകൂടാ അധകൃത ജാതികളെക്കാളും മാന്യത കല്പ്പിച്ചിരുന്നു.



ഈഴവർക്കും ഉന്നത ജാതികളുടെ ചൂഷണവും  സാമൂഹികമായ വിലക്കുകളുമുണ്ടായിരുന്നു. താണ ജാതികൾക്കു മൊത്തം അശുദ്ധി കല്പ്പിച്ചിരുന്നതുകൊണ്ട് പൊതുവഴികളിൽക്കൂടി അവർ നടക്കുന്നത് നിരോധിച്ചിരുന്നു. പൊതുസ്ഥലങ്ങളിലോ അമ്പലങ്ങളുടെയടുത്തോ ഉയർന്ന ജാതികൾ ഉപയോഗിക്കുന്ന കിണറുകൾക്കു സമീപമോ പോകാൻ അവർക്ക് പാടില്ലായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനമുണ്ടായിരുന്നില്ല. ബ്രാഹ്മണിത്വത്തിന്റെ കുലീനത കല്പ്പിച്ചിരുന്ന കുടകൾ ചൂടാനോ മേൽവസ്ത്രം ധരിക്കാനോ അവകാശങ്ങളുണ്ടായിരുന്നില്ല. തലയുടെ മുമ്പിൽ തലമുടി കൂട്ടി കെട്ടണമായിരുന്നു. അവരുടെ സ്ത്രീകൾക്ക് മാറു മറക്കാനായി മേൽ കച്ചകൾ ധരിക്കാനോ ആഭരണങ്ങളിടാനോ അനുവദിച്ചിരുന്നില്ല. അമ്പലങ്ങളിൽ പൂജ നടത്തുവാൻ നിരോധിച്ചിരുന്നു. നമ്പൂതിരിമാരുടെ മുപ്പത്തിയാറടി സമീപവും നായന്മാരുടെ പന്ത്രടി സമീപവും ഈഴവർ മുതൽ താണ ജാതികൾ സഞ്ചരിക്കാൻ പാടില്ലായിരുന്നു. സർക്കാരിനും ബ്രാഹ്മണർക്കും കൂലിയില്ലാതെ സൗജന്യമായി  ജോലിയും ചെയ്യണമായിരുന്നു. 



നാടാന്മാർ അല്ലെങ്കിൽ ചാന്നാന്മാർ തെക്കേ തിരുവിതാകൂറിലും തമിഴ്നാട്ടിലും കൂടുതലായും കാണപ്പെടുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ പനയിൽ കയറുക, കൃഷി, വഴി കച്ചവടങ്ങൾ  മുതലായവകൾ അവരുടെ തൊഴിലുകളായിരുന്നു. നാടാൻമാരെയും ജാതിക്കും ചതുർ വർണ്ണത്തിനും പുറത്തുള്ള തൊട്ടുകൂടാ ജാതികളായിട്ടായിരുന്നു കണക്കാക്കിയിരുന്നത്.   അവരുടെ സ്ത്രീകളുടെയും മാറിടങ്ങൾ മറയ്ക്കാൻ പാടില്ലായിരുന്നു. സർക്കാരും അവരോടു ക്രൂരമായിട്ടായിരുന്നു പെരുമാറിയിരുന്നത്. അവരുടെ കുടുംബത്തിൽ മരിച്ചവരുടെ ബന്ധുജനങ്ങളിൽ നിന്നും മരണ നികുതി ചുമത്തിയിരുന്നു. അമ്പലത്തിലും സർക്കാരിലും ജന്മികൾക്കും വേണ്ടി ഇവർ സൗജന്യമായി തൊഴിലുകളും ചെയ്യണമായിരുന്നു.  



കേരളത്തെ സംബന്ധിച്ച് അടിമകളായി കണക്കാക്കിയിരുന്നത് പുലയരേയും പറയരെയും കുറവരെയുമായിരുന്നു. ഉന്നത ജാതികൾ മൃഗീയമായിട്ടായിരുന്നു അവരോടു പെരുമാറിയിരുന്നത്. കഠിനമായി ജോലി ചെയ്യിപ്പിച്ച ശേഷം അന്നന്നുള്ള അപ്പത്തിനു കഷ്ടി മാത്രം കൂലി നല്കിയിരുന്നു. കന്നുകാലികളെപ്പോലെ അവരെ ചന്തകളിൽ ലേലം വിളികൾ നടത്തി വിൽപ്പന വാങ്ങലുകളും നടത്തിയിരുന്നു. കുറ്റം കാണിക്കുന്ന തൊഴിലാളികളെ ഉടമസ്ഥർക്ക് ഏതു വിധത്തിലും ശിക്ഷിക്കാൻ സാധിക്കുമായിരുന്നു. അവരെ തൊട്ടു തീണ്ടാജാതികളായി ഐത്തവും  കല്പ്പിച്ചിരുന്നു. വഴികളിൽ സഞ്ചരിക്കുന്ന ഉന്നത ജാതികളുമായി ഒരു പ്രത്യേക ദൂര വ്യത്യാസത്തിൽ നടക്കണമായിരുന്നു. അമ്പലങ്ങളുടെ സമീപമോ, പൊതു വഴികളിൽക്കൂടിയോ നടക്കാൻ പാടില്ലായിരുന്നു. മണ്ണും ചാണകവും കൊണ്ടുണ്ടാക്കിയ ചെറിയ കുടിലുകളിൽ പുലയരും പറയരും മറ്റു താണ ജാതികളും താമസിച്ചിരുന്നു. വിദ്യാഭ്യാസം ചെയ്യാനോ, മാന്യമായി വസ്ത്രധാരണം ചെയ്യാനോ അവർക്ക് അവകാശം ഉണ്ടായിരുന്നില്ല. ആഭരണം ധരിക്കുന്നതു പോലും കുറ്റകരമായിരുന്നു. അവർക്കുണ്ടാകുന്ന കുഞ്ഞുങ്ങൾക്കുപോലും അവകാശമുണ്ടായിരുന്നില്ല. പ്രായപൂർത്തിയാകും മുമ്പ് അടിമ ജോലിയ്ക്കായി തൊഴിലുടമകൾ കുട്ടികളെ മാതാപിതാക്കളിൽ നിന്നും അടർത്തിയെടുക്കുമായിരുന്നു. മനുഷ്യത്വമില്ലാത്ത അപരിഷ്കൃത ലോകമായിരുന്നു അന്ന് ജാതി വ്യവസ്ഥയെ നിയന്ത്രിച്ചിരുന്നത്. 



തിരുവിതാം കൂറിലും മലബാറിലും കേരളമാകെയും തമിഴ്നാടിന്റെ ചില ഭാഗങ്ങളിലും മാറു മറയ്ക്കാനുള്ള ഈഴവ-നാടാർ സമരം സ്ത്രീസമത്വത്തിനു വേണ്ടിയുള്ള ഒരു മുറവിളിയായിരുന്നു. ഒരു പക്ഷെ ലോക ചരിത്രത്തിൽ തന്നെ ഇതൊരു പരിഹാസം നിറഞ്ഞ  കഥയായി തോന്നിയേക്കാം. പരസ്യമായി പൊതു നിരത്തുകളിൽക്കൂടി ഈഴവസ്ത്രീകൾ മുലക്കച്ചകൾ ധരിക്കാൻ പാടില്ലായെന്ന നിയമം ബ്രാഹ്മണരുടെ നിയമ പുസ്തകങ്ങളിലുണ്ടായിരുന്നു. അടിമവേല അവസാനിപ്പിക്കുന്നതിനും ആരാധന സ്വാതന്ത്ര്യം അനുവദിക്കുന്നതിനും പൊതുനിരത്തിൽക്കൂടി സ്വതന്ത്രമായി സഞ്ചരിക്കുന്നതിനും ഈഴവർ സമരങ്ങളും നടത്തിയിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ ഏതു ജാതിയെന്ന് അറിയുവാനായിരുന്നു ഉയർന്ന ജാതികൾ വസ്ത്ര കോഡുകൾ താണ ജാതികളെ അടിച്ചേൽപ്പിച്ചിരുന്നത്. സ്ത്രീകളടക്കം നായന്മാർക്കും നമ്പൂതിരിയുടെ മുമ്പിൽ ചെല്ലുമ്പോൾ മാറു മറയ്ക്കാൻ പാടില്ലായെന്ന നിയമം ഉണ്ടായിരുന്നു. ഈഴവർ, നാടാർ മുതൽ താഴോട്ടുള്ള അവർണ്ണരായവർ കണങ്കാൽവരെ, മുട്ടിനു താഴെ, മുട്ടുവരെ എന്നുള്ള വസ്ത്ര ധാരണ രീതികളിലെ മാമൂലുകൾ അവരവരുടെ ജാതികളുടെ മാനദണ്ഡമനുസരിച്ച് മാനിച്ചിരുന്നു.


1960-കളിൽ വടക്കേ മലബാറിൽ നഗ്നമാറുകളുമായി സ്ത്രീകൾ പാടങ്ങളിൽ പണിയെടുക്കുന്നത് തീവണ്ടികളിൽ യാത്ര ചെയ്യുമ്പോൾ കാണുന്ന കാഴ്ചകളായിരുന്നു. മാറു മറയ്ക്കൽ നിയമങ്ങൾ ലംഘിച്ച സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ച കഥകളും കേരള ചരിത്രത്തിൽ ഒളിഞ്ഞു കിടപ്പുണ്ട്. ഒരു ഈഴവ സ്ത്രീ വിദേശത്തു പോയിട്ടു മടങ്ങി വന്നത് നല്ല വിധം ഡ്രസ്സുകൾ ധരിച്ചു കൊണ്ടായിരുന്നു. അവരെ അന്ന് ഭരിച്ചിരുന്ന ആറ്റിങ്ങൽ മഹാറാണി കൊട്ടാരത്തിൽ വിളിപ്പിക്കുകയും മാറിടം മറച്ചു വെച്ചതിനു ആ സ്ത്രീയുടെ സ്തനങ്ങൾ മുറിച്ചു കളയുകയും ചെയ്തു. മുട്ടിനു താഴെ ഒരു ഈഴവ സ്ത്രീ മുണ്ട് ധരിച്ചതിന് ഒരു കൂട്ടം ഉന്നത ജാതികളിൽപ്പെട്ടവർ അവരെ പീഡിപ്പിച്ച കഥയും പഴങ്കാല ചരിത്രത്തിൽ കുറിച്ചു വെച്ചിട്ടുണ്ട്. 1859-ൽ തിരുവിതാകൂറിൽ ചാന്നാർ സ്ത്രീകൾ മാറു മറയ്ക്കാൻ വേണ്ടി സമരം ചെയ്തു. അതിനെ ചേല കലാപമെന്നു വിളിക്കുന്നു. ഹൈന്ദവ ജനതയുടെ കീഴ് ജാതിക്കാരിൽ അടിച്ചേൽപ്പിച്ചിരുന്ന ഇത്തരം അനാചാരങ്ങളിൽ ടിപ്പു സുൽത്താൻ കുപിതനായിരുന്നു. ഹൈന്ദവ ജനത പരിശുദ്ധമായി ആചരിച്ചിരുന്ന ചാതുർവർണ്ണ്യ വ്യവസ്ഥിതി ടിപ്പു സുൽത്താൻ നിന്ദ്യവും നിർദ്ദയവും മനുഷ്യത്വമില്ലാത്തതെന്നും കരുതിയിരുന്നു. ഹൈന്ദവ സ്ത്രീകളുടെ അർദ്ധ നഗ്നതയ്ക്കെതിരെയും ഒരേ സമയം ഒന്നിലധികം ഭര്‍ത്താക്കന്‍മാരെ വരിക്കുന്ന സമ്പ്രദായത്തെ എതിർത്തും രാജവിളമ്പരം പ്രഖ്യാപിച്ചപ്പോൾ ടിപ്പു ഹൈന്ദവരെ മതം മാറ്റാൻ ശ്രമിക്കുന്നുവെന്ന പരാതികൾ ഹൈന്ദവ ജനതയിൽ നിന്നും വന്നിരുന്നു. മുസ്ലിമുകളെപ്പോലെ ഹൈന്ദവരും മാറു മറയ്ക്കണമെന്ന് ടിപ്പു ആവശ്യപ്പെട്ടപ്പോൾ ഹൈന്ദവർ അത്തരം പരിഷ്ക്കാരങ്ങൾക്ക് തയ്യാറല്ലായിരുന്നു. ക്രിസ്ത്യാനികളാകുന്ന താണ ജാതിക്കാരെ മാറു മറയ്ക്കാൻ ബ്രിട്ടീഷ് മിഷ്യണറിമാർ സഹായിച്ചിരുന്നു. 1859-ൽ ക്രിസ്ത്യാനികളായി മതം മാറുന്നവരൊഴികെ താണ ജാതികൾ അരയ്ക്കു മേലെ നഗ്നരായിരിക്കണമെന്ന് ഒരു രാജ വിളമ്പരവും ഉണ്ടായി. അവസാനം തിരുവിതാംകൂറിൽ ബ്രിട്ടീഷുകാരുടെ സ്വാധീനത്തിൽ ജാതിമത ഭേദമേന്യേ എല്ലാ വിഭാഗങ്ങൾക്കും മാറു മറയ്ക്കാമെന്നുള്ള രാജാവകാശവും ലഭിച്ചു. 



ഇരുപതാം നൂറ്റാണ്ടിലെ ഈഴവസമുദായ പരിഷ്കർത്താക്കളിൽ പ്രമുഖനും 1930-ലെ  വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യ സംഘാടകനുമായിരുന്ന ടി.കെ. മാധവന്റെ ജീവചരിത്രത്തിൽ ഒരു അനുഭവകഥ വിവരിച്ചിട്ടുണ്ട്. ഈഴവ സ്ത്രീകൾ അന്ന് ബ്ലൌസ് ധരിക്കുന്ന കാലമല്ലായിരുന്നു. മാധവന്റെ ഭാര്യക്ക് ബ്ലൌസിടണമെന്ന ആഗ്രഹമുണ്ടായി. ഈ വിവരം ഭർത്താവിനെ അറിയിക്കുകയും ചെയ്തു. പുരോഗമന ചിന്താഗതിക്കാരനായ ഭർത്താവ് ഭാര്യയുടെ ഇഷ്ടമനുസരിച്ച് ബ്ലൌസ് വാങ്ങി കൊടുക്കുകയും ചെയ്തു. അമിതമായ സന്തോഷത്തോടെ ബ്ലൌസിട്ടുകൊണ്ട് ഭാര്യ മുറ്റത്തു നില്ക്കുകയായിരുന്നു. വിസ്മയഭരിതയായി അവർ സ്വന്തം ശരീരത്തെ നോക്കി ആകമാനം വീക്ഷിച്ചുകൊണ്ടിരുന്നു. അന്നു ബ്ലൌസ് ധരിച്ചതും നൂറ്റാണ്ടുകളിലൂടെ അർദ്ധനഗ്നതയിൽ നിന്നും ഒരു സ്ത്രീയുടെ വൈകാരിതയിൽ വന്ന മാറ്റത്തിന്റെ തുടക്കമായിരുന്നു. തിരിഞ്ഞും മറിഞ്ഞും ബ്ലൌസിട്ടുകൊണ്ട്‌ അവർ സ്വന്തം ശരീരത്തെ നോക്കി നിൽക്കേ, ടി. കെ. മാധവന്റെ അമ്മ ഓലമടലും വലിച്ചുകൊണ്ട് വരുകയായിരുന്നു. അവർ ഒരു മടലെടുത്ത് മരുമകളെ 'ആട്ടക്കാരി'യെന്നു വിളിച്ചു കൊണ്ട് ഭീകരമായി മർദ്ദിച്ചു. യാഥാസ്ഥിതികയായ മാധവന്റെ അമ്മയ്ക്ക് അന്ന് മാറ്റങ്ങളെ ഉൾക്കൊള്ളാൻ സാധിക്കില്ലായിരുന്നു. ഇന്നാണെങ്കിൽ പെൺപിള്ളേർ ബ്ലൌസില്ലാതെ നടന്നിരുന്നെങ്കിൽ കഥ വേറെയാകുമായിരുന്നു. പിന്നീട് മാധവന്റെ ഭാര്യയ്ക്ക് രാത്രിയിൽ ബ്ലൌസിടാനും പകൽ ബ്ലൌസില്ലാതെ നടക്കാനും അനുവാദം കൊടുത്തു. ഇന്നത്തേതിൽനിന്നും വ്യത്യസ്തമായി അന്ന് നിലവിലുണ്ടായിരുന്ന കാലത്തിന്റെ ഒരു വൈകൃതമെന്നു മാത്രം ചിന്തിച്ചാൽ മതി. 



ഭാരതത്തിലെ രാജ്യങ്ങളിൽ കൊളോണിയൽ കാലത്ത് അങ്ങേയറ്റം ബാർബേറിയൻ ചിന്താഗതികളുള്ള രാജാക്കന്മാർ ഭരിച്ചിരുന്ന നാട് കേരളം മാത്രമായിരുന്നു. തിരുവിതാംകൂറിന്റെ ജനസംഖ്യയിൽ എഴുപതു ശതമാനത്തോളം അവർണ്ണരായിരുന്നെങ്കിലും തിരുവിതാംകൂർ രാജാക്കന്മാർ ബ്രാഹ്മണരെ പ്രീതിപ്പെടുത്താൻ താണ ജാതിക്കാരെ അടിമകളായി കണ്ടിരുന്നു. രാജ്യത്തിലെ കിരാത നിയമവും വികൃതമായ നികുതി പിരിവുകളും അവർണ്ണരായവരെ കടക്കാരാക്കിയിരുന്നു. പുലയ ജാതി മുതൽ സ്ത്രീ പുരുഷന്മാർ വസ്ത്രങ്ങൾ ധരിക്കുന്നതിലും പുരുഷന്മാർ മീശ വളർത്തുന്നതിനും നികുതി കൊടുക്കണമായിരുന്നു.    



തിരുവിതാംകൂറിലെ അവർണ്ണർക്ക് സ്ത്രീകളുടെ മാറിടത്തിന്റെ വലുപ്പമനുസരിച്ചു 'മുലക്കരം' നല്കണമായിരുന്നു. തികച്ചും ജുഗുപ്സാവഹമായ മാറിട നികുതി അവർണ്ണ ജാതി സ്ത്രീകളുടെ സ്ത്രീത്വത്തോടുള്ള ഒരു വെല്ലുവിളിയുമായിരുന്നു. അവർണ്ണ ജാതികളെ സവർണ്ണ ജാതികളിൽ നിന്നും വേറിട്ടു തിരിച്ചറിയാൻ അവർണ്ണ സ്ത്രീകളുടെ മാറിടം മറയ്ക്കാൻ നിയമം അനുവദിച്ചിരുന്നില്ല. മനുഷ്യത്വത്തെ നിന്ദിക്കുന്ന ഈ കിരാത നിയമത്തിൽ താണ ജാതികളിലുള്ള സ്ത്രീകൾ അടിമപ്പെട്ടിരുന്നു. 1803-ലുണ്ടായിരുന്ന ചരിത്രത്തിന്റെ ഈ ഇരുണ്ട നാളുകളിൽ 'നങ്ങേലി'യെന്ന ഒരു യുവതിയായ സ്ത്രീ നികുതിയ്ക്കു പകരം തന്റെ സ്വന്തം മാറിടം മുറിച്ചു കൊടുത്ത വെല്ലുവിളിയോടെ രാജാവിന്റെ മുലക്കര നികുതി അസാധുവാക്കി. 


നങ്ങേലി ചേർത്തലയിലുള്ള  ദരിദ്രകുടുംബത്തിൽപ്പെട്ട ഒരു സാധു ഈഴവ സ്ത്രീയായിരുന്നു. അവരുടെ കുടുംബത്തിനു നികുതി കൊടുക്കാൻ കഴിവില്ലാത്ത കാരണം രാജാവിനു കടക്കാരായിരുന്നു. നികുതി പിരിക്കുന്ന ഉദ്യോഗസ്ഥനായ പാർവത്യാരും കൂട്ടാളികളും വീട്ടിൽ വന്ന് അവരോടു രാജാവിന്റെ കരം കൊടുക്കാൻ ആവശ്യപ്പെട്ടു. നങ്ങേലി തന്റെ ശരീരത്തിൽ നിന്നും മുലകൾ മുറിച്ച് ഒരു വാഴയിലയിൽ പാർവത്യാരുടെ മുമ്പിൽ  സമർപ്പിച്ചു. രക്തം കുളിച്ചു വാതിക്കൽ മരിച്ചു വീഴുന്ന നങ്ങേലിയെ കണ്ട് ഭയം കൊണ്ട് പാർവത്യാരും സംഘവും അവിടെനിന്നും സ്ഥലം വിട്ടു. അവരുടെ ഭർത്താവ് 'ചിറു കണ്ടൻ' വന്നപ്പോൾ മാറിലെ അവയങ്ങൾ മുറിഞ്ഞ നിലയിൽ ഭാര്യ മരിച്ചു കിടക്കുന്നതു കണ്ടു. ദുഖിതനായ അയാൾ ഭാര്യയുടെ ചിതയിൽ ചാടി മരിച്ചു. സതിയെന്ന ദുരാചാരത്തിൽ ഒരു സ്ത്രീയ്ക്ക് പകരം പുരുഷൻ ചിതയിൽ ചാടി ആത്മഹത്യ ചെയ്യുന്നതും അത് ആദ്യത്തെ സംഭവമായിരുന്നു.  ഈ ദയനീയമായ മരണം നാടു മുഴുവൻ പരക്കുകയും മുലക്കരമെന്ന നികുതിയെപ്പറ്റി ബ്രിട്ടീഷ് ഭരണാധികാരികളുടെ ശ്രദ്ധയിൽപ്പെടുകയും 1912-ലെ രാജശാസനത്തിൽ ക്കൂടി നികുതിയില്ലാതാക്കുകയും ചെയ്തു. ഇന്ന് നങ്ങേലി താമസിച്ചിരുന്ന സ്ഥലത്തെ മുലച്ചി പറമ്പെന്നു അറിയപ്പെടുന്നു. മുലക്കരം സംഭവം തിരുവിതാംകൂർ രാജാവിനെതിരായ ആദ്യത്തെ കാർഷിക സമരമായിരുന്നു. അതിനുശേഷവും രാജാവിനെതിരായി തിരുവിതാംകൂറിൽ കാർഷിക  വിപ്ലവങ്ങളുണ്ടായിട്ടുണ്ട്. 



വിദ്യാഭ്യാസം കൈവരിക്കുന്നതോടെ അയിത്തം മാറുമെന്ന വിശ്വാസക്കാരനായിരുന്നു വിവേകാനന്ദന്‍. എന്നാല്‍ ഈഴവ സമുദായത്തില്‍ ജനിച്ചതുകൊണ്ട് ഡോക്ടര്‍ പരീക്ഷ പാസായ തനിക്കും ബി.എ.പാസായ തന്റെ ജേഷ്ഠനും തിരുവിതാംകൂറില്‍ ജോലി ലഭിച്ചില്ലെന്ന് ഡോക്ടര്‍ പല്പു പറഞ്ഞപ്പോള്‍ വിവേകാനന്ദന്റെ വിശ്വാസം തെറ്റി. അമ്പലത്തിലല്ല അമ്പലവഴികളില്‍കൂടി അയിത്ത ജാതിക്കാര്‍ക്ക് സഞ്ചരിക്കാന്‍ അനുവാദം ഇല്ലെന്ന് ഡോ. പല്പു വിവേകാനന്ദനെ അറിയിച്ചു. ശ്രീ മൂലം രാജാവായിരുന്നു അന്ന് രാജ്യം ഭരിച്ചിരുന്നത്. ഐത്യ ജാതിയിൽപ്പെട്ടവർക്ക് ഉദ്യോഗത്തിന് വിലക്കുണ്ടായിരുന്ന കാര്യവും വിവേകാനന്ദൻ മനസിലാക്കി. ശ്രീ പത്നാഭ ക്ഷേത്രത്തിലെ കോട്ടയ്ക്കുള്ളിൽപ്പോലും അവർണ്ണരായവർക്ക് പ്രവേശനമില്ലായിരുന്നു. കൗമാര പ്രായത്തിൽ നില്ക്കുന്ന പെൺക്കുട്ടികളെ പടുവൃദ്ധന്മാർക്കു കൊടുക്കുന്ന ആചാരവും വിവേകാനന്ദന്റെ ശ്രദ്ധയിൽപ്പെട്ടു. കേരളത്തെ ഭ്രാന്താലയമെന്ന് അദ്ദേഹം വിശേഷിപ്പിക്കുകയും ചെയ്തു. 


മഹാകവി വള്ളത്തോള്‍ പണ്ടു പാടി,"ഭാരതമെന്നു കേട്ടാല്‍ അഭിമാന
പൂരിതമാകണം അന്തരംഗം. കേരളമെന്നു കേട്ടാലോ തിളക്കണം
ചോര നമുക്ക് ഞെരമ്പുകളില്‍."വാസ്തവത്തിൽ നാം സ്വാതന്ത്ര്യം നേടിയിരുന്നോ? കവിയുടെ ഈ മഹാ ഈരടികൾ തെറ്റുപറ്റിയതെന്നും തോന്നിപ്പോവുന്നു.  (തുടരും) 




  




Tippu
Pulayar Now and Then 

Wednesday, March 16, 2016

ദളിതരുടെ ചരിത്രം, ഒരു പഠനം (ലേഖനം-4)


 ഡോ. അംബേദ്‌ക്കറിന്റെ ദർശനവും ദളിതപ്രക്ഷോഭങ്ങളും       

By ജോസഫ് പടന്നമാക്കൽ

ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പിയെന്ന നിലയിൽ ഡോക്ടർ .ബി,ആർ അംബേദ്‌ക്കറിനെ  ഭാരതമൊന്നാകെ ആദരിക്കുന്നു. അധകൃത സമുദായത്തിൽ ദളിതനായി ജനിച്ച  അദ്ദേഹം സ്വതന്ത്ര ഇന്ത്യയ്ക്ക് നല്കിയ സേവനങ്ങൾ അമൂല്യങ്ങളാണ്. അറിയപ്പെടുന്ന രാഷ്ട്രീയ നേതാവ്, പേരുകേട്ട നിയമജ്ഞൻ, തൊട്ടു കൂടാ വ്യവസ്ഥകളെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ച നവോദ്ധാന നേതാവ്, ഇന്ത്യൻ ഭരണഘടനാ ശിൽപ്പി, ബുദ്ധമത പ്രചാരകൻ  എന്നീ നിലകളിൽ അദ്ദേഹത്തിൻറെ പേര് ചരിത്രത്തിൽ ലിഖിതം ചെയ്തിരിക്കുന്നു. ജീവിതകാലം മുഴുവനും ദളിതർക്കും മറ്റു പിന്നോക്കം നിൽക്കുന്നവർക്കും വേണ്ടി പോരാടിയ യുഗപുരുഷനും നേതാവും ഇന്ത്യയുടെ ആദ്യത്തെ നെഹ്‌റു മന്ത്രിസഭയിൽ നിയമമന്ത്രിയുമായിരുന്നു. കൂടാതെ ഇന്ത്യയുടെ സാമൂഹിക ശാസ്ത്രത്തെപ്പറ്റി ഗഹനമായി പഠിച്ച പണ്ഡിതനുമായിരുന്നു. അംബേദ്‌ക്കറിന്റെ  ജീവിതം  ഉയർന്ന  ജാതികളുടെ പീഡനം മൂലം കയ്പ്പ് നിറഞ്ഞതും അവഹേളനയുടെതുമായിരുന്നു. അവർണ്ണ ജാതികൾക്കെതിരായുള്ള  ഹിന്ദു സാമൂഹിക വ്യവസ്ഥിതിയുടെ തൊട്ടുകൂടാ ചിന്താഗതികൾ അദ്ദേഹത്തിന്റെ ബാല്യകാല ജീവിതത്തെ വേദനിപ്പിച്ചിരുന്നു.


അംബേദ്‌ക്കർ  1891- ഏപ്രിൽ പതിനാലാം തിയതി ഭിമ്ബായി സക്പാലിന്റെയും രംജിയുടെയും മകനായി മദ്ധ്യപ്രദേശിൽ  ജനിച്ചു. അവരുടെ  മക്കളിൽ പതിനാലാമത്തെതും  ഇളയ  മകനുമായിരുന്നു.  പിതാവ് ഇന്ത്യൻ പട്ടാളത്തിൽ ഒരു സുബേദാരായി ജോലി ചെയ്തു.  പട്ടാളത്തിൽ നിന്ന് പിരിഞ്ഞശേഷം  സത്താരയെന്ന  സ്ഥലത്തു മാറി  താമസിച്ചു. അംബേദ്‌ക്കറിന്റെ അമ്മ ചെറുപ്പത്തിലേ മരിച്ചുപോയി.   അദ്ദേഹത്തിൻറെ പിതാവ് വീണ്ടും വിവാഹിതനായ ശേഷം ബോംബെയിൽ താമസമാക്കി.  1908-ൽ ബോംബെയിൽ നിന്ന് അംബേദ്‌ക്കർ  മെട്രിക്കുലേഷൻ പാസായി. 1912-ൽ അദ്ദേഹത്തിന്റെ പിതാവ് ഭിമ്ബായി സക്പാൽ ബോംബെയിൽ വെച്ച് മരിച്ചു.


അധകൃത ജാതിയായ 'മഹാർ' ജാതിയിൽ  ജനിച്ചതുകൊണ്ട് അദ്ദേഹത്തിന്‌ ഉന്നത ജാതികളിൽ നിന്നുള്ള പീഡനങ്ങൾ എല്ലാ കാലങ്ങളിലും സഹിക്കേണ്ടി വന്നു. സ്കൂളിൽ പഠിക്കുന്ന കാലത്തും അംബേദ്‌ക്കർ വർണ്ണ വിവേചനത്തിന്റെ തീക്ത ഫലങ്ങൾ അനുഭവിച്ചാണ് വളർന്നത്‌.  വർണ്ണ ജാതിയിലുള്ള ഉയർന്നവർ അദ്ദേഹത്തെ ഐത്യം കല്പ്പിച്ച് അകത്തി നിർത്തിയിരുന്നു. പൊതുവായി ഉപയോഗിച്ചിരുന്ന പാത്രത്തിൽനിന്നും വെള്ളം കോരി കുടിക്കാൻ അനുവദിച്ചിരുന്നില്ല. ഉയരമുള്ള ഒരു പ്യൂൺ ഐത്യം വരാതിരിക്കാൻ നിത്യം  ഒരു പാത്രം ഉയരത്തിൽ പിടിച്ചുകൊണ്ട് അദ്ദേഹത്തിന് വായിലേയ്ക്ക് വെള്ളമൊഴിച്ച് കൊടുക്കണമായിരുന്നു. പലപ്പോഴും  മനപൂർവം പ്യൂൺ വരാതിരിക്കുന്നതിനാൽ  സ്കൂൾ ജീവിതത്തിൽ വെള്ളം കുടിക്കാത്ത ദിനങ്ങളുമുണ്ടായിരുന്നു. ഇന്നും മാറ്റങ്ങളില്ലാതെ ഭാരതത്തിലെ വിവിധ ഭാഗങ്ങളിൽ സ്കൂളിലെ  ഉച്ചഭക്ഷണ സമയം ദളിതർ പ്രത്യേക സ്ഥലങ്ങളിൽ ഇരിക്കണം. അവർണ്ണ ജാതികൾ ഭക്ഷണം പാകം ചെയ്യുന്നത്  വർണ്ണ ജാതികൾ കഴിക്കാത്ത സ്ഥലങ്ങളുമുണ്ട്. മദ്ധ്യ പ്രദേശിലെ ചില ജില്ലകളിൽ ദളിത കുട്ടികൾ സവർണ്ണ ജാതികളിൽ നിന്നും വളരെ അകന്നിരുന്നേ ഭക്ഷണം കഴിക്കാൻ പാടുള്ളൂ. ഇത്തരം തിരിച്ചു വിത്യാസങ്ങൾമൂലം  അവർണ്ണരായവരുടെ വിദ്യാഭ്യാസത്തിനു തടസം വരുന്നതുകൂടാതെ  ചെറു പ്രായത്തിൽ തന്നെ  അവരുടെ മനസിനെ നൊമ്പരപ്പെടുത്തുകയും ചെയ്യും. അവരെ നൈരാശ്യത്തിലേയ്ക്ക് നയിക്കുകയും ചെയ്യും. 'സ്വന്തം അവകാശങ്ങൾ നേടിയെടുക്കുന്നതിനു മുമ്പ് ദളിതരായ ഓരോരുത്തരും തങ്ങളുടെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കണമെന്ന്'  അംബേദ്‌ക്കർ  ദളിതരെ  ഉപദേശിക്കുമായിരുന്നു.


സാമൂഹികമായ  ഒച്ചപ്പാടിനെ ഭയന്ന് അദ്ധ്യാപകരും ദളിത കുട്ടികളെ പ്രത്യേക ബഞ്ചിൽ ഇരുത്തിയിരുന്നു. ജാതിയ്ക്കു പുറത്തുള്ള തീണ്ടാജാതികളായ കുട്ടികൾ പലപ്പോഴും ക്ലാസിന്റെ പുറത്തു നിൽക്കണമായിരുന്നു.  സ്കൂളുകൾ പലതും മാറിയിട്ടും എല്ലായിടത്തും കുട്ടികളോട് വിവേചനമുണ്ടായിരുന്നു. 1908-ൽ ബറോഡ രാജാവിൽ നിന്നും സ്കോളർഷിപ്പു  നേടി അംബേദ്‌ക്കർ കോളേജ് വിദ്യാഭ്യാസം തുടർന്നു. 1912-ൽ രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രത്തിൽ ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി.  ഉന്നത വിദ്യാഭ്യാസം അമേരിക്കയിൽ പൂർത്തിയാക്കി.  മടങ്ങി വന്ന ശേഷം അദ്ദേഹം ബറോഡാ രാജാവിന്റെ പ്രതിരോധ സെക്രട്ടറിയായി നിയമിതനായി. അവിടെയും തൊട്ടുകൂടാ ചിന്താഗതിയോടെ മറ്റുള്ളവർ അദ്ദേഹത്തെ അപമാനപ്പെടുത്തിയിരുന്നു. ബോംബെയിൽ അംബേദ്‌ക്കർ സിടെൻ ഹാം കോളേജ് ഓഫ് കോമെഴ്സിൽ  പ്രൊഫസറായി നിയമിതനായി. അവിടെനിന്നും ഉന്നത വിദ്യാഭ്യാസത്തിന് ഇംഗ്ലണ്ടിൽ പഠിക്കാൻ  പോയി. ലണ്ടൻ യൂണിവേഴ്സിറ്റി അദ്ദേഹത്തിനു ഡി എസ് സി ബിരുദം നല്കി. ജർമ്മനിയിലും ഏതാനും മാസങ്ങൾ സാമ്പത്തിക ശാസ്ത്രത്തിൽ ഉപരിപഠനം നടത്തിയിരുന്നു. 1927 ജൂൺ എട്ടാംതിയതി അമേരിക്കയിലെ കൊളംബിയാ യൂണിവേഴ്സിറ്റി അദ്ദേഹത്തിന് ഡോക്ടറെറ്റ് ബിരുദം നല്കി.


വിദ്യാഭ്യാസം പൂർത്തിയാക്കി മടങ്ങി വന്ന അദ്ദേഹം ജാതി വ്യവസ്തയ്ക്കെതിരെ പോരാടുവാൻ തീരുമാനിച്ചു. 'നിശബ്ദതയുടെ നായകൻ' എന്നുള്ള അർത്ഥത്തിൽ  'മൂകനായക' യെന്ന പേരിൽ ഒരു പത്രം ആരംഭിച്ചു. ദളിതർക്ക് എല്ലാ മേഖലകളിലും പ്രത്യേക പ്രാതിനിധ്യത്തിനായി പ്രവർത്തിച്ചു. ദളിതർക്കെതിരെയുള്ള സാമൂഹിക തിന്മകളെപ്പറ്റി  ജനത്തിനെ ബോധവാന്മാരാക്കാനുള്ള പ്രവർത്തനങ്ങളും തുടങ്ങി. ഒരിയ്ക്കൽ അംബേദ്‌ക്കറിന്റെ പ്രസംഗം കേട്ടു കഴിഞ്ഞ ശേഷം കോലാംപൂരിലെ ഭരണാധികാരിയായ 'ശാഹൂ നാലാമൻ' അംബേദ്ക്കറുമായി ഒന്നിച്ചു ഭക്ഷണം കഴിച്ചു. സാമൂഹിക രാഷ്ട്രീയ തലങ്ങളിൽ ആ സംഭവം വലിയൊരു ഒച്ചപ്പാടിനു കാരണമാവുകയും ചെയ്തു.


1927-ൽ പൊതു സ്ഥലത്തുനിന്ന് അവർണ്ണരെ വെള്ളം കോരിയ്ക്കാൻ സവർണ്ണർ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പതിനായിരം അവർണ്ണരുമായി അദ്ദേഹം തന്റെ നാടായ 'മെഹദിൽ' ഒരു പ്രതിഷേധ ജാഥാ നടത്തി. വെള്ളം ശേഖരിച്ചിരുന്ന 'ചൊവക്ദർ ടാങ്കിന്റെ' (Chowkdar Tank) സമീപമായിരുന്നു പ്രതിഷേധ യോഗം അവസാനിച്ചത്‌. അംബേദ്‌ക്കറിന്റെ നേതൃത്വത്തിൽ അന്നു നടന്ന പ്രകടന ജാഥാ  സവർണ്ണ മേധാവിത്വത്തിനെതിരെ  അവർണ്ണരായവരുടെ ശക്തി തെളിയിക്കാൻ സാധിച്ചു.സവർണ്ണരായ യാഥാസ്ഥിതികർ ചാണകവും പശു മൂത്രവും നെയ്യും ഉപയൊഗിച്ച് ആ പ്രദേശങ്ങൾ  ഹൈന്ദവാചാര പ്രകാരം പരിശുദ്ധമാക്കുകയും ചെയ്തു.  അതിനു ശേഷം അനേക പ്രതിഷേധ സമരങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുണ്ടായി. മനുഷ്യാവകാശങ്ങളെപ്പറ്റിയും ലജ്ജാകരമായ ജാതിവ്യവസ്ഥയെപ്പറ്റിയും വിവരവും വിദ്യാഭ്യാസവുമുള്ള ഉന്നത ജാതികളും ചിന്തിക്കാൻ തുടങ്ങി.


അംബേദ്‌ക്കർ  തന്റെ അനുയായികളുമായി  നീണ്ട മൂന്നു മാസത്തോളം തയ്യാറെടുപ്പിനു ശേഷം 1930 ൽ 'കലാരം അമ്പല' പ്രവേശനത്തിനായി നീക്കം തുടങ്ങി. കലാരം അമ്പലത്തിന്റെ മുമ്പിൽ സത്യാഗ്രഹത്തിനായി പതിനയ്യാരത്തിൽപ്പരം വോളന്റീയർമാരുണ്ടായിരുന്നു.  അംബേദ്ക്കറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദളിത്‌ മുന്നേറ്റം അക്കാലത്തെ നാസിക്ക് പട്ടണം കണ്ടതിൽ വെച്ചു ഏറ്റവും വലിയ പ്രകടനമായിരുന്നു.  മിലിട്ടറി വേഷത്തിൽ വാദ്യ മേളകളും സ്കൌട്ടും ചെണ്ടകളും, സ്ത്രീ പുരുഷാരങ്ങളുടെ പാട്ടുകളും കൂത്തുകളും  പ്രകടനത്തെ  മോഡിയാക്കിയിരുന്നു. അമ്പലത്തിലെ ദൈവത്തെ ആദ്യമായി കാണാനുള്ള ആവേശം ജനങ്ങളിൽ പ്രകടമായിരുന്നു.  പ്രകടനക്കാർ അമ്പലത്തിലെത്തിയ സമയം അവരെ അകത്തുകയറാൻ  അനുവദിക്കാതെ ബ്രാഹ്മണർ അമ്പലത്തിന്റെ ഗേറ്റുകൾ  അടച്ചിട്ടിരുന്നു.  തന്മൂലം വിപ്ലവം ആ പ്രദേശങ്ങളാകെ പൊട്ടി പുറപ്പെട്ടു. അമ്പലത്തിൽ കയറുകയെന്ന അവരുടെ ശ്രമം പരാജയപ്പെട്ടെങ്കിലും ഇന്ത്യാ മൊത്തവും ഇന്ത്യയ്ക്ക് വെളിയിലും അതിന്റെ പ്രതികരണങ്ങളുണ്ടായി. ലോകശ്രദ്ധയെ തന്നെ ആകർഷിക്കത്തക്കവിധം ആ വാർത്തകൾ പ്രചരിച്ചിരുന്നു.


1935-ൽ ബോംബെയിലുള്ള ഗവൺമെന്റ്  ലോ കോളേജിൽ രണ്ടു വർഷത്തോളം അംബേദ്‌ക്കർ  പ്രിൻസിപ്പാളായി ജോലി ചെയ്തു. ഡൽഹിയിലെ രാം ജാസ് കോളേജിൽ ചെയർമാനായും സേവനം ചെയ്തു. 50000 പുസ്തക ശേഖരങ്ങളോടെ ഒരു ലൈബ്രറിയും സ്ഥാപിച്ചു. ആ വർഷം തന്നെ അംബേദ്‌ക്കറിന്റെ  ഭാര്യ രമാബായി നീണ്ട കാലം  രോഗബാധിതയായി കിടന്നശേഷം മരിച്ചു.  പന്തപുരിൽ ഒരു പുണ്യയാത്ര നടത്തണമെന്ന് അവർക്ക് ആഗ്രഹമുണ്ടായിരുന്നു.  എന്നാൽ അംബേദ്‌ക്കർ  അവരുടെ ആഗ്രഹങ്ങൾ കൈക്കൊള്ളാതെ എതിർക്കുകയാണുണ്ടായത്. അവിടെ അവർണ്ണ ജാതികളെ നിന്ദ്യമായി കരുതുന്ന സ്ഥലമായിരുന്നതിനാലാണ് അംബേദ്‌ക്കർ  എതിർത്തത്. പകരം മറ്റെവിടെയെങ്കിലും ദളിതരെ അവഗണിക്കാത്ത പുണ്യസ്ഥലത്തു കൊണ്ടുപോകാമെന്നും സമ്മതിച്ചിരുന്നു.  ഹിന്ദു മതം ദളിതർ ഒന്നായി ഉപേക്ഷിക്കണമെന്നും അംബേദ്‌ക്കർ  ആഹ്വാനം ചെയ്യുമായിരുന്നു.


അംബേദ്‌ക്കർ അവർണ്ണരായവരുടെ ചോദ്യം ചെയ്യാൻ പാടില്ലാത്ത വിധം നേതാവായി തീർന്നു. പൊതുവായ സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അവർണ്ണ ജാതികളുടെ ഒത്തൊരുമയുടെ ആവശ്യവും അനുഭവപ്പെട്ടു. ദളിതരുടെ രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളിൽ അംബേദ്‌ക്കറിന്റെ ശക്തിയായ ഇടപെടലുമുണ്ടായിരുന്നു.  1942-ൽ അവർണ്ണരായ ജനതയുടെ 'ഷെഡ്യൂൾ കാസ്റ്റ് ഫെഡറേഷൻ' എന്ന പേരിൽ  ഒരു രാഷ്ട്രീയ സംഘടന തന്നെ അദ്ദേഹം രൂപീകരിച്ചു.  ബ്രിട്ടീഷ് ഭരണവ്യവസ്ഥയിൽ 1945ൽ തെരഞ്ഞെടുപ്പ് നടന്നെങ്കിലും അദ്ദേഹത്തിൻറെ നേതൃത്വത്തിലുള്ള രാഷ്ട്രീയ സംഘടനയ്ക്ക് ഒരു സീറ്റുപോലും നേടാൻ സാധിച്ചില്ല. ക്യാബിനറ്റിൽ ദളിതർക്കുള്ള  അർഹമായ സ്ഥാനത്തിനു വേണ്ടിയും ഷെഡ്യൂൾ കാസ്റ്റ് ഫെഡറേഷൻ പൊരുതി. അതിന്റെ ഫലമായി അവർണ്ണ   ജാതികളുടെ പ്രാതിനിധ്യം വർദ്ധിപ്പിച്ചു. 1947-ൽ 'തൊട്ടുകൂടാ നയം' തിരഞ്ഞെടുത്ത അസംബ്ലി  വോട്ടെടുപ്പുകളോടെ നിയമവിരുദ്ധമാക്കി.  ഈ നിയമം പ്രായോഗികമായി ഫലപ്രദമായിരുന്നില്ല. നിയമത്തെ ലംഘിച്ചും ദളിതർക്കെതിരായ തൊട്ടുകൂടാ ഐത്യാചാരങ്ങൾ  ഉന്നത ജാതികൾ മാറ്റങ്ങളില്ലാതെ തുടർന്നുകൊണ്ടിരുന്നു.  1947-ൽ കോൺഗ്രസിന്റെ  ആദ്യത്തെ മന്ത്രിസഭയിൽ അംബേദ്‌ക്കർ  നിയമ മന്ത്രിയായിരുന്ന  കാലത്ത് കോൺഗ്രസുമായി അദ്ദേഹം എല്ലാ വിധത്തിലും സഹകരിച്ചിരുന്നു. ദളിതർക്കു വേണ്ടി കാര്യമായി ഒന്നും ചെയ്യാൻ സർക്കാർ തയ്യാറാകാത്തതിനാൽ  നിയമ മന്ത്രി സ്ഥാനം രാജി വെച്ചു. പിന്നീട് ശേഷിച്ച  കാലം  ദളിതരുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു കൊണ്ടിരുന്നു. അംബേദ്‌ക്കർ  ഭാരതത്തിന്റെ ഭരണഘടനാ ശിൽപ്പിയെങ്കിലും ദളിതർക്ക് അനേക രാഷ്ട്രീയവകാശങ്ങൾ നേടി കൊടുത്തെങ്കിലും ഇന്നും ദളിതർ ഭാരതമൊട്ടാകെ വർണ്ണ വിവേചനത്തിൽ തന്നെയാണ് ജീവിക്കുന്നത്.


മനുഷ്യ മലമൂത്രങ്ങൾ തെരുവുകളിൽ നിന്നും വാരുക ദളിതരുടെ ജോലിയായിരുന്നു. അംബേദ്‌ക്കർ പറയുമായിരുന്നു, "ഒരു തോട്ടിയെന്നുള്ളത് ഒരുവന്റെ ജന്മാവകാശമല്ല. തോട്ടിയായി ജനിച്ചതുകൊണ്ട് അവൻ തോട്ടിപ്പണി മാത്രമേ ചെയ്യാവൂയെന്ന വ്യവസ്ഥ അധർമ്മമാണ്. അത് ഒരു സമൂഹത്തിനു മാത്രമായ  അവകാശമായി കരുതുന്നതും മനുഷ്യാവകാശ അതിക്രമവുമാണ്. ഇന്ത്യയിൽ ഒരുവൻ തോട്ടി ജോലി ചെയ്താലും ഇല്ലെങ്കിലും സമൂഹം എന്നും അവനെ തോട്ടിയായി കരുതുന്നു." ജാതി ഭേദമില്ലാതെ എല്ലാ ജോലികളും തുല്യമായും നീതിപൂർവവും ചെയ്യണമെന്നുള്ള തത്ത്വ സംഹിതയായിരുന്നു അംബേദ്‌ക്കറിനുണ്ടായിരുന്നത്.


1935-ൽ ലക്ഷക്കണക്കിനു ദളിത ജനം സമ്മേളിച്ച നാസിക്കിലുള്ള യോളാ മഹാ സമ്മേളനത്തിൽ  അംബേദ്‌ക്കർ അദ്ധ്യക്ഷം വഹിച്ചിരുന്നു. അനീതി നിറഞ്ഞ ഹിന്ദുമതത്തിൽ  താൻ മരിക്കില്ലെന്ന് അംബേദ്‌ക്കർ  അന്ന് ആ മഹാസമ്മേളന മദ്ധ്യേ പ്രഖ്യാപിച്ചു, ലക്നോവിൽ 1936 മെയ് ഇരുപത്തിരണ്ടാം തിയതി ഒരു സർവ്വ മത സമ്മേളനം കൂടിയിരുന്നു. അന്നത്തെ പ്രസിദ്ധരായ ദളിത നേതാക്കളും ജഗജീവൻ റാമും സമ്മേളനത്തിൽ  പങ്കു ചേർന്നിരുന്നു. സിക്കുകാരും ബുദ്ധ മതക്കാരും ദളിതരുടെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്നായിരുന്നു ചർച്ചകൾ നടത്തിയത്. 1936 ജൂൺ പത്താം തിയതി ബുദ്ധ മത സന്യാസിയായ 'ലോകനാഥ' അംബേദ്‌ക്കറിന്റെ ഡൽഹിയിലുള്ള ഭവനം സന്ദർശിച്ചു.  ബുദ്ധമതത്തിൽ ചേരുവാൻ പ്രേരിപ്പിക്കുകയും ചെയ്തു. ഇന്ത്യയിലെ ദളിതരെല്ലാം ബുദ്ധ മതത്തിൽ ചേരണമെന്നാണ് 'തന്റെ ആഗ്രഹമെന്നും അംബേദ്‌ക്കർ ലോകനാഥനെ അറിയിച്ചു. 'ബുദ്ധ മതം നിന്നെ സ്വതന്ത്രമാക്കും, 'ഭാരതത്തിലെ അവശരായ അവർണ്ണ ജാതികൾക്കു വേണ്ടി ' എന്നുള്ള ചെറുപുസ്തകങ്ങളും ആചാര്യ ലോകനാഥ ശ്രീ ലങ്കയിൽ നിന്ന് രചിച്ചിട്ടുണ്ടായിരുന്നു. 1940-ൽ അംബേദ്‌ക്കർ  ബുദ്ധമത ആചാര്യ ഇശ്വർ ദത്തിന്റെ മേൽനോട്ടത്തിൽ നടത്തുന്ന കാൺപൂരിലുള്ള ബുദ്ധാപുരി സ്കൂൾ സന്ദർശിച്ചു.  അവിടെ നിന്നും കുറച്ചു നാളുകൾ  പാളി ഭാഷ പഠിച്ചു.


1950-ൽ ബുദ്ധ പണ്ഡിതരുടെയും സന്യാസികളുടെയും ഒരു സമ്മേളനത്തിൽ പങ്കുചേർന്നുകൊണ്ട് അദ്ദേഹം  ബുദ്ധ മതത്തെപ്പറ്റി ഒരു  പുസ്തകം എഴുതി.  1955-ൽ  'ഭാരതീയ ബൗദ്ധ മഹാസഭ' സ്ഥാപിച്ചു. 'ബുദ്ധനും ധമ്മവും' എന്ന പുസ്തകവും പ്രസിദ്ധീകരിച്ചു. മതത്തെപ്പറ്റി തീവ്രമായി പഠിച്ച ശേഷം ആവേശഭരിതനായ അദ്ദേഹം അധികം താമസിയാതെ ബുദ്ധമതത്തിൽ ചേരുകയും ചെയ്തു. ബുദ്ധമതത്തെപ്പറ്റി  ആധികാരികമായി അംബേദ്‌ക്കർ അനേക പുസ്തകങ്ങൾ പ്രസിദ്ധികരിച്ച ശേഷം  അവർണ്ണജാതികൾക്ക് സമത്വം കൈവരിക്കാനുതകുന്ന ഏകമതം ബുദ്ധ മതമെന്നു  പ്രഖ്യാപിച്ചു. 1956 ഒക്ടോബർ പതിനാലാം തിയതി നാഗ്പൂരിലുള്ള ദീക്ഷഭൂമിയിൽ വെച്ച് അദ്ദേഹം ബുദ്ധമതത്തിലേയ്ക്ക് മതപരിവർത്തനം ചെയ്തു. അദ്ദേഹത്തോടൊപ്പം മതം മാറിയ ആറുലക്ഷം അനുയായികൾ അന്നവിടെ സന്നിഹിതരായിരുന്നു. 'ഹൈന്ദവ തത്ത്വങ്ങൾ പുലർത്തുന്ന ബുദ്ധമത ശാഖയിൽ ദളിതർ കുടുങ്ങരുതെന്നും   ബുദ്ധമതം 'നവയാനാ' അല്ലെങ്കിൽ 'നിയോ ബുദ്ധ മതം' എന്നറിയപ്പെടാൻ ആഗ്രഹിക്കുന്നുവെന്നും'  അംബേദ്‌ക്കർ പറഞ്ഞു. നവീകരിച്ച  ആശയങ്ങളുമായി തുടക്കം കുറിച്ച ബുദ്ധമതത്തെ 'അംബേദ്‌ക്കറിന്റെ ബുദ്ധ മതം' എന്നും ദളിതരായവർ  പറയാറുണ്ട്‌. 1956 ഡിസംബർ രണ്ടാംതിയതി  'കാറൽ മാര്ക്സും ബുദ്ധനും' എന്ന ഒരു പുസ്തകവും പ്രസിദ്ധീകരിച്ചു.


അംബേദ്‌ക്കറിന്റെ ബുദ്ധമതത്തിൽ അനുഷ്ടിക്കേണ്ട പ്രമാണങ്ങളായ   22 പ്രതിജ്ഞകൾ നാഗപൂരിലുള്ള ദീക്ഷഭൂമിയിൽ ഒരു സ്തൂപത്തിനു താഴെയായി ലിഖിതം ചെയ്തിട്ടുണ്ട്.  പുതിയതായി മതം മാറുന്നവർ  അംബേദ്‌ക്കർ വിഭാവന ചെയ്ത പ്രതിജ്ഞകൾ ഏറ്റു പറയണം. പ്രതിജ്ഞകൾ ചുരുക്കമായി താഴെ വിവരിക്കുന്നു.

"ബ്രഹ്മാവിലോ വിഷ്ണുവിലോ മഹേശ്വരനിലോ  രാമനിലോ കൃഷ്ണനിലോ അവതാര ദൈവങ്ങളിലോ വിശ്വസിക്കുകയോ ആരാധിക്കുകയോ ചെയ്യില്ല. ഗൌരി -ഗണപതി ദൈവങ്ങളെയും ദേവതകളെയും വണങ്ങില്ല.  ശ്രീ ബുദ്ധൻ വിഷ്ണുവിന്റെ അവതാരമെന്നും വിശ്വസിക്കുന്നില്ല. അത് വെറും തെറ്റായ ഭ്രാന്തൻ കുപ്രചരണങ്ങളാണ്. മരിച്ചവർക്കായി ശ്രാദ്ധങ്ങളും നടത്തില്ല. ബുദ്ധന്റെ അനുശാസനങ്ങളെയോ തത്ത്വങ്ങളെയോ ഒരിക്കലും ലംഘിക്കില്ല. ബ്രാഹ്മണ പുരോഹിതരെ  മതപരമായ ആചാരങ്ങളിൽ പങ്കുകൊള്ളിപ്പിക്കില്ല. മനുഷ്യന്റെ നീതിയിലും സമത്വത്തിലും വിശ്വസിക്കുന്നു. സമത്വം സ്ഥാപിക്കാൻ  തന്നാൽ കഴിയുംവിധം ശ്രമിക്കുകയും പ്രവർത്തിക്കുകയും ചെയ്യും.. ബുദ്ധന്റെ ചിന്താധാരയിലുള്ള പരിശുദ്ധമായ വഴിയേ സഞ്ചരിക്കുകയും ബുദ്ധൻ അനുശാസിച്ച എട്ടു മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യും. (ശരിയായ മനസിലാക്കൽ, നല്ല ഉദ്ദേശ്യം, നല്ല സംഭാഷണം, നല്ല പ്രവർത്തികൾ, നല്ല ജീവിതം, ഉറച്ച പരിശ്രമം, സുസ്ഥിരമായ മനസ്, ഏകാഗ്രത എന്നിവകൾ എട്ടു മാർഗങ്ങൾ).  സമസ്ത ജീവജാലങ്ങളെയും സ്നേഹിക്കുകയും സംരഷിക്കുകയും ചെയ്യും. കക്കില്ല, കള്ളം പറയില്ല. കാമ വികാരപരമായ പാപം ചെയ്യില്ല. മദ്യം കഴിക്കില്ല.  ഹിന്ദു മതത്തെയും അതിന്റെ ചട്ടക്കൂടിലുള്ള ജാതിവ്യവസ്ഥയേയും സമൂലമായും നിഷേധിക്കുന്നു. കാരണം അത് അസമത്വം നിറഞ്ഞതാണ്‌.  ബുദ്ധന്റെ ധമ്മായാണ് സത്യമായ മതമെന്ന് വിശ്വസിക്കുന്നു. പുത്തനായ നൈർമല്യം നേടിയ മനസോടുകൂടിയ താൻ ഒരു പുനർ ജന്മം നേടിയെന്നും വിശ്വസിക്കുന്നു. ഇന്നുമുതൽ ബുദ്ധന്റെ തത്ത്വങ്ങളിൽ അടിയുറച്ചു വിശ്വസിച്ചുകൊണ്ടു സത്യമതമായ  ബുദ്ധ മതാനുയായി ജീവിക്കും. ബുദ്ധമതം എന്റെ മതമായി തെരഞ്ഞെടുക്കുന്നു."


അംബേദ്‌ക്കർ ആ വർഷം തന്നെ അന്നിഹിലേഷൻ ഓഫ് കാസ്റ്റ്  (Annihilation of Caste) എന്ന പേരിൽ  ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. ജാതി വ്യവസ്ഥയെ ഉന്മൂലനം ചെയ്യുകയെന്നുള്ള  ലക്ഷ്യ ബോധത്തിൽ എഴുതിയ ആ പുസ്തകത്തിൽ ഗാന്ധിജിയെ കുറ്റപ്പെടുത്തുന്നുണ്ട്. വൈസറോയുടെ പ്രതിരോധ ഉപദേശ കൌൺസിലിലും തൊഴിൽ മന്ത്രാലയത്തിലും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. 1952-ൽ നടത്തിയ ആദ്യ ഇന്ത്യാ തെരഞ്ഞെടുപ്പിൽ വടക്കേ ബൊംബയിൽനിന്നു അംബേദ്‌ക്കർ  മത്സരിച്ചെങ്കിലും കോൺഗ്രസ് പാർട്ടി സ്ഥാനാർഥിയോട് പരാജയപ്പെടുകയാണുണ്ടായത്.1952 -ൽ  അദ്ദേഹത്തെ രാജ്യസഭയിൽ തെരഞ്ഞെടുത്തു.1954-ൽ ലോക സഭയിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ  ബദ്രായിൽ നിന്നും കോൺഗ്രസിനെതിരായി മത്സരിച്ചു തോറ്റു പോയി.  ഇന്ത്യൻ ഭരണഘടനയുടെ ശില്പ്പിയെന്ന നിലയിൽ 1952-ജൂണിൽ കൊളംബിയാ യൂണിവേഴ്സിറ്റി അദ്ദേഹത്തിന് നിയമത്തിൽ ഡോക്ടർ ഡിഗ്രി നല്കിയാദരിച്ചു. 1957 രണ്ടാം പാർലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പേ അദ്ദേഹം മരിച്ചുപോയിരുന്നു. തെക്കേ ഏഷ്യയിലെ ഇസ്ലാമിക രീതികളെയും അംബേദ്‌ക്കർ   വിമർശിച്ചിരുന്നു . ഇന്ത്യാ പാക്കിസ്ഥാൻ വിഭജനത്തെ അനുകൂലിച്ചെങ്കിലും മുസ്ലിം സമുദായത്തിലെ സ്ത്രീകളോടുള്ള മോശമായ പെരുമാറ്റവും ബാലികാ വിവാഹവും അദ്ദേഹം എതിർത്തിരുന്നു.


ഫ്രഞ്ച് വിപ്ലവവും ബുദ്ധ മതവും മാര്ക്സിസവും അംബേദ്‌ക്കറിന്  ദളിതരെ വർണ്ണ വ്യവസ്ഥയുടെ അടിമത്വത്തിൽ നിന്നും മോചിപ്പിക്കാനായി ഉത്തേജനം ലഭിച്ചിരുന്നു. അദ്ദേഹം സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനെങ്കിലും ആക്രമ മാർഗങ്ങൾക്കെതിരായിരുന്നു.  സമാധാനപരമായ സഹവർത്തിത്വത്തിൽക്കൂടി ഭരണഘടനയ്ക്ക് വിധേയമായി  ഇന്ത്യയെ നയിക്കാൻ ആഗ്രഹിച്ചു. അതുകൊണ്ടാണ് ബുദ്ധ മതം അദ്ദേഹത്തെ ആകർഷിച്ചത്. അമിതമായ മതചിന്തകൾ അദ്ദേഹത്തിനുണ്ടായിരുന്നില്ല. അംബേദ്‌ക്കറിന്റെ ബുദ്ധമതം മതത്തിനും ദൈവത്തിനും പ്രാധാന്യം കല്പ്പിക്കാതെ  കൂടുതലും യുക്തിചിന്തകളിൽ അധിഷ്ടിതമായിരുന്നു. അദ്ദേഹത്തിൻറെ  മനുഷ്യത്വവും കരുണാദ്രവുമായ തത്ത്വചിന്തകൾ കാലത്തിനെയും അതിജീവിക്കുന്നതാണ്. പണ്ഡിതോചിതമായി  അദ്ദേഹം രചിച്ച കൃതികൾ ഏഷ്യൻ പഠന വിദ്യാർത്ഥികൾക്കു എക്കാലവും ഉപകാരപ്രദമായിരിക്കും


ഡോക്ടർ അംബേദ്‌ക്കറിന്റെ  ആദ്യ ഭാര്യ മരിച്ചു കഴിഞ്ഞു പതിമൂന്നു വർഷത്തിനു ശേഷം  അദ്ദേഹം വീണ്ടും വിവാഹം കഴിച്ചു. അദ്ദേഹത്തെക്കാൾ പതിനഞ്ചു വയസിൽ താഴെ പ്രായമുള്ള  ബ്രാഹ്മണ സ്ത്രീയായ ഡോക്ടർ ഷാർദർ കബിറായിരുന്നു രണ്ടാം ഭാര്യ. വിവാഹ ശേഷം ഡോക്ടർ സവിത അംബേദ്‌ക്കറെന്നും  അവരെ അറിയപ്പെട്ടു. അംബേദ്‌ക്കറിന്റെ രണ്ടാം വിവാഹത്തിൽ  വധു  ഒരു  ബ്രാഹ്മണ സ്ത്രീയായതിൽ   ബുദ്ധ മതത്തിലുള്ള ചിലർ എതിർത്തിരുന്നു. 1954-മുതൽ അദ്ദേഹത്തിനു ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു.  ഡയബറ്റീസും  കണ്ണിന്റെ കാഴ്ചക്കുറവും അനുഭവപ്പെട്ടിരുന്നു. അംബേദ്‌ക്കറിന്റെ   അന്ത്യനാളുകളിൽ ഒരു നല്ല ഭാര്യയുടെ കടമയെന്നോണം അദ്ദേഹത്തെ 'സവിത' ശുഷ്രൂഷിക്കുകയും സമയം ചെലവഴിക്കുകയും ചെയ്തിരുന്നു. 1956 ഡിസംബർ ആറാം തിയതി ഡൽഹിയിലുള്ള ഭവനത്തിൽ വെച്ച് അംബേദ്‌ക്കർ  നിര്യാതനായി. ബുദ്ധമതാചാരാപ്രകാരം  അദ്ദേഹത്തിന്റെ ഭൌതിക ശരീരം  അടക്കം ചെയ്തു. ലക്ഷക്കണക്കിനു ജനം മഹാനായ അംബേദ്‌ക്കറിന്റെ ഭൌതിക വിലാപയാത്രയിൽ പങ്കുചേരുകയും അദ്ദേഹത്തിന് അന്ത്യോപചാരങ്ങൾ അർപ്പിക്കുകയുമുണ്ടായി. അംബേദ്ക്കറിന്റെ  രണ്ടാം ഭാര്യ സവിത  2003-ൽ മരിച്ചു. ഭയ്യാസാഹെബ്  അംബേദ്‌ക്കർ എന്നറിയപ്പെടുന്ന 'യശ്വന്ത' ഈ ദമ്പതികളുടെ ഏക മകനായിരുന്നു. അംബേദ്‌ക്കറിന്റെ  കൊച്ചുമകൻ അംബേദ്‌ക്കർ  പ്രകാശ് യശ്വന്ത് ബുദ്ധമതങ്ങളുടെ പ്രധാന ഉപദേശകനാണ്. ഇന്ത്യൻ പാർലമെന്റിലും രാജ്യസഭയിലും അംഗമായിരുന്നു. ബി.ആർ. അംബേദ്‌ക്കർ പൂർത്തിയാക്കാത്ത അദ്ദേഹത്തിൻറെ പുസ്തകങ്ങളുടെ കയ്യെഴുത്തു പ്രതികളും റ്റൈപ്പ് ചെയ്ത ലേഖനങ്ങളും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അവകളെല്ലാം പ്രസിദ്ധീകരണ  ശാലകൾ പുസ്തകങ്ങളാക്കാൻ സ്വരൂപിച്ചു കൊണ്ടിരിക്കുന്നു. 1935-1936 കാലഘട്ടത്തിൽ എഴുതിയ 'വിസായ്ക്കുള്ള കാത്തിരുപ്പ്' , തൊട്ടു തീണ്ടാ ജാതികൾ, 1951-ലെ സെൻസസ് ആധാരമാക്കിയെഴുതിയ 'ഭാരതത്തിലെ തെരുവു കുട്ടികൾ',  എന്നീ  കൃതികളും അംബേദ്‌ക്കർ ശേഖരണത്തിലുണ്ട്. അദ്ദേഹത്തിൻറെ ജന്മദിനം 'അംബേദ്‌ക്കർ ജയന്തി' അഥവാ  'ഭീം ജയന്തി' എന്ന പേരിൽ  ഇന്ത്യയിൽ കൊണ്ടാടുന്നു. അന്നേ ദിവസം ഇന്ത്യയുടെ പൊതുവൊഴിവുദിനമായും പ്രഖ്യാപിച്ചിട്ടുണ്ട്. 1990-ൽ  ഭാരത സർക്കാർ ഭാരത രത്നം നല്കി അദ്ദേഹത്തെ ബഹുമാനിച്ചു.


വർണ്ണ വ്യവസ്ഥകളും മതവർഗീയതയും ജാതികളുടെ പേരിലുള്ള അസമത്വങ്ങളും ഈ ഭൂമുഖമാകെ വ്യാപിച്ചു കിടക്കുന്നു. സമൂഹത്തിൽ നീതിയും സത്യവും സമത്വവും സ്വാതന്ത്ര്യവും കൈവരിക്കാൻ മനുഷ്യനെ മനുഷ്യനായി കാണാൻ പരിവർത്തന വിധേയമായ നല്ല നാളെയുടെ ലോകത്തെ വാഗ്ദാനം ചെയ്യാൻ അംബേദ്‌ക്കറിനെപ്പോലുള്ള  ഉദ്‌ബോധനം നേടിയ വ്യക്തികൾ ഇനിയും ലോകത്തിൽ വരേണ്ടതായുണ്ട്. ദളിതരോടായി മഹാത്മാവായ അംബേദ്‌ക്കർ  പറയുമായിരുന്നു, "നീ പുറപ്പെടുന്നത് ഏതു ദിക്കിലെങ്കിലും എവിടെ തിരിഞ്ഞാലും അവിടെയെല്ലാം നിന്ദ്യമായ ജാതി വ്യവസ്ഥയെന്ന ഭീകര ജന്തു നിന്റെ വഴിയെ  തടസമായുണ്ട്.  അതിക്രൂരത നിറഞ്ഞ ആ രാക്ഷസ ജീവിയെ കൊന്നില്ലെങ്കിൽ രാഷ്ട്രീയ സ്വാതന്ത്ര്യവും സാമ്പത്തിക പുരോഗതിയും നീ നേടില്ല. അപരിഷ്കൃത ചിന്താഗതിയുള്ള സവർണ്ണ ജനതയുടെ മനോഭാവത്തിനും മാറ്റം വരില്ല." (തുടരും)










May 8, 1950 Babasaheb being sworn in as independent India's first law minister



Emalayalee.com
ലേഖനം-1              http://emalayalee.com/varthaFull.php?newsId=116420
ലേഖനം-2              http://emalayalee.com/varthaFull.php?newsId=116950
ലേഖനം-3              http://emalayalee.com/varthaFull.php?newsId=117306



Joychan Puthukkulam News:

Thursday, March 10, 2016

ദളിതരുടെ ചരിത്രം, ഒരു പഠനം (ലേഖനം-3)



By ജോസഫ് പടന്നമാക്കൽ

ഗാന്ധിസവും ഹരിജനോദ്ധ്വാരണവും

ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിജി അഹിംസാ സിദ്ധാന്തങ്ങളുടെ വക്താവും മാനുഷിക മൂല്യങ്ങൾക്കും സമത്വനാളേയ്ക്കും വേണ്ടി പ്രയത്നിച്ച അതുല്യ വ്യക്തിപ്രഭയുമായിരുന്നു. 1869 ഒക്ടോബർ രണ്ടാം തിയതി വൈശ്യാ സമൂഹത്തിൽ ഉന്നതകുല ജാതനായി അദ്ദേഹം ജനിച്ചു. ഒരു യാഥാസ്ഥിതിക ഹിന്ദു കുടുംബത്തിലാണു വളർന്നത്‌. ലണ്ടനിൽ ഉപരി വിദ്യാഭ്യാസത്തിനു പോയി അവിടെനിന്നും നിയമത്തിൽ ബാരിസ്റ്റർ ഡിഗ്രി നേടി. അതിനുശേഷം തെക്കേ ആഫ്രിക്കയിൽ പോയി നിയമ പരിശീലനം തുടർന്നു. അവിടെ തൊലിയുടെ നിറത്തിലും മതത്ത്ന്റെ പേരിലും വെള്ളക്കാരിൽനിന്നു അവഗണനകൾ ലഭിച്ചിരുന്നു. ഗാന്ധിജി തെക്കേ ആഫ്രിക്കയിൽ താമസിച്ചിരുന്ന കാലങ്ങൾ മുതൽ വർണ്ണ വിവേചനത്തിന്റെ കാഠിന്യത മനസിലാക്കിയിരുന്നു. തെക്കേ ആഫ്രിക്കയിൽ ഭരിച്ചിരുന്ന വെള്ളക്കാരുടെ ഭരണകൂടങ്ങൾ ഇന്ത്യാക്കാരോട് തികച്ചും വിവേചനപരമായിട്ടായിരുന്നു പെരുമാറിക്കൊണ്ടിരുന്നത്. ആഫ്രിക്കയിൽ ഇരുപതു വർഷങ്ങളോളം വർണ്ണ വിവേചനത്തിനെതിരായി സമരം ചെയ്തു. അദ്ദേഹം ഭാരതത്തിൽ മടങ്ങി വന്നപ്പോൾ ഇന്ത്യയിലെ അവർണ്ണ ജാതികൾക്കെതിരെയുള്ള സാമൂഹിക അസമത്വങ്ങളെ വിലയിരുത്തുകയും  അതിനുള്ള പരിഹാരമാർഗങ്ങളെപ്പറ്റി ആരായാനും തുടങ്ങി. അവർണ്ണ ജാതികളുടെ പ്രശ്ന പരിഹാരത്തിനായി രാഷ്ട്രം മുഴുവൻ പുതുക്കി പണിയണമെന്നും ഗാന്ധിജി ചിന്തിച്ചിരുന്നു.



ഇന്ത്യയിൽ 'തൊട്ടുകൂടാ ജാതികളുടെ' സാമൂഹിക വിപ്ലവത്തിനൊപ്പം അദ്ദേഹവും പങ്കുചേർന്നു. ഗാന്ധിജിയുടെ കാലത്ത് ദളിതരെ അങ്ങനെയായിരുന്നു വിളിച്ചിരുന്നത്‌. നിർദ്ദയമായ സമൂഹത്തിന്റെ വർണ്ണാശ്രമ കോട്ടയ്ക്കുള്ളിലെ കാഠിന്യ നിയമമനുസരിച്ച് മലിനപങ്കിലമായ എല്ലാത്തരം ജോലികളും ചെയ്തിരുന്നതു തൊട്ടുകൂടാ ജാതികളായിരുന്നു. കക്കൂസുകളും, വസ്ത്രങ്ങളും വൃത്തിയാക്കുകയും എല്ലാ ജാതികളിലെയും ശവശരീരങ്ങൾ കുഴിച്ചിടുകയം ദഹിപ്പിക്കുകയും തെരുവുകൾ വൃത്തിയാക്കുകയും വീടിനുള്ളിലെ മലിന വസ്തുക്കൾ സംഭരിച്ചിരിക്കുന്നത് കൊണ്ടുപോവുകയും ചെയ്യുക അവരുടെ തൊഴിലുകളായിരുന്നു. ഉയർന്ന ജാതികളുടെ പീഡനവും നിന്ദ്യമായ പെരുമാറ്റവും കാരണം അവരുടെ ജീവിതം ദുരിതങ്ങളും കഷടപ്പാടുകളും നിറഞ്ഞതായിരുന്നു. വൃത്തി ഹീനരായി ജീവിക്കാൻ വിധിക്കപ്പെട്ടത് കൊണ്ട് അവരുടെ നേരെ വിരൽ  ചൂണ്ടിയാലും ഉയർന്ന ജാതികളിൽ ഐത്യം കല്പ്പിക്കുമായിരുന്നു. 


തൊട്ടുകൂടാ ജാതികൾ ചെയ്യുന്ന ജോലികൾ വൃത്തികെട്ടതും രോഗാണുക്കൾ പകർത്തുന്നതുമെന്ന ധാരണ മുതിർന്ന ജാതികൾക്കുണ്ടായിരുന്നു. അവർക്ക് അമ്പലങ്ങളിലോ ആശുപത്രികളിലോ പ്രവേശനം നിഷേധിച്ചിരുന്നു. അവർണ്ണരായവരെ വീടിനുള്ളിൽ കയറ്റാതെ പുറത്തു നിർത്തുമായിരുന്നു. തൊട്ടുകൂടാ ജാതികളുടെ ജീവിത രീതികളിൽ ഗാന്ധിജിയുടെ ഹൃദയത്തെ തകർത്തിരുന്നു. ഗാന്ധിജി ഉയർന്ന ജാതിയിൽ ജനിച്ചതെങ്കിലും അദ്ദേഹത്തിൻറെ മനസാക്ഷി എന്നും സമൂഹത്തിൽ താണവരായ ജനതയോടൊപ്പമായിരുന്നു. സമൂഹത്തിന്റെ അധകൃതരോടുള്ള മനോഭാവം പാടെ മാറ്റാനുള്ള ശ്രമവും ഗാന്ധിജി ആരംഭിച്ചു. ദൈവത്തിന്റെ മക്കളെന്ന അർത്ഥത്തിൽ 'ഹരിജനങ്ങളെന്ന്' അവരെ വിളിച്ചു. ഹരിജനങ്ങളോടൊപ്പം ഭക്ഷണം കഴിക്കാനും ആരംഭിച്ചു. വൈശ്യാ സമൂഹത്തിൽപ്പെട്ട അദ്ദേഹം താണവരായ എല്ലാ ജാതികൾക്കുമൊപ്പം കക്കൂസുകളും ഓടകളും ദുർഗന്ധം വമിക്കുന്ന തെരുവുകളും വൃത്തിയാക്കാൻ തുടങ്ങി. അവരോടു സാഹോദര്യ മനോഭാവത്തിൽ തോളോടു തോൾ ചേർന്ന് അസഹ്യമായ അനേക ജോലികൾ അദ്ദേഹം ചെയ്തുകൊണ്ടിരുന്നു. ഉന്നതകുല ജാതികൾ സ്വപ്നത്തിൽ പോലും അത്തരം ജോലികൾ ചെയ്യാൻ തയാറാകില്ലായിരുന്നു. ഹരിജനങ്ങൾ ചെയ്യുന്ന ഹീനമായ ജോലികൾ ചെയ്‌താൽ തൊട്ടുകൂടാ ജാതികളാകില്ലെന്നുള്ള വസ്തുത ഗാന്ധിജി അവിടെ തെളിയിക്കുകയായിരുന്നു. ഗാന്ധിജിയുടെ ശ്രമം മൂലം താണ ജാതികളിലുള്ളവർ അവരുടെ ജാതികളിൽ സ്വയം അഭിമാനികളാകുകയും അവരെ അങ്ങനെ തന്നെ അറിയപ്പെടാൻ ആഗ്രഹിക്കുകയുമുണ്ടായി. സമൂഹത്തിന്റെ ചിന്താഗതികൾക്ക് മാറ്റം വരുത്തുന്നതിനോടൊപ്പം ഇന്ത്യയുടെ പ്രതിച്ഛായ തന്നെ ഗാന്ധിജിയ്ക്ക് മാറ്റാൻ സാധിച്ചു. 



തൊട്ടു തീണ്ടായ്മ ക്രൂരവും മനുഷ്യത്വമില്ലാത്തതെന്നും മനുഷ്യന്റെ വ്യക്തി മാഹാത്മ്യത്തെ ഇല്ലാതാക്കുന്നുവെന്നും അടിമത്വത്തിനു ബ്രിട്ടീഷ്കാരല്ല ദേശീയരായ ജനതയുടെ സാമൂഹിക കാഴ്ചപ്പാടാണ് കാരണമെന്നും ഗാന്ധിജി  വിശ്വസിച്ചിരുന്നു. 'തൊട്ടുകൂടായ്മ' ഹൈന്ദവ മതത്തിന്റെ തെറ്റായ ധാരണകളിൽ ഉടലെടുത്ത തിന്മയുടെ ഭാഗമെന്നും വർണ്ണ വ്യവസ്ഥ തന്നെ ഹൈന്ദവ മതത്തിൽ നിന്നും നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗാന്ധിജി അവരെ ദൈവത്തിന്റെ മക്കളെന്ന അർത്ഥത്തിൽ ഹരിജനങ്ങളെന്നു വിളിച്ചു. "നാം എല്ലാം ഒരേ ദൈവത്തിന്റെ മക്കളെങ്കിൽ നമ്മിൽ തന്നെ തിരിച്ചു വ്യത്യാസം എന്തിനെന്നും 'ശുദ്രന്മാരെന്ന' ഏക വർഗം മാത്രമേ ഇന്ത്യയിലുള്ളുവെന്നും' ഗാന്ധിജി അഭിപ്രായപ്പെട്ടു. ഹിന്ദുക്കൾ സ്വയം ശൂദ്രന്മാരെന്നു വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു മനുഷ്യനേക്കാളും മറ്റൊരുവൻ കൂടിയവനെന്നു ചിന്തിക്കുന്നവരെയും വിമർശിച്ചു. 'ജന്മം കൊണ്ട് ആരും മേന്മയുള്ളവരായി ജനിക്കുന്നില്ലെന്നും തോട്ടിയെന്നൊ, തുന്നൽക്കാരനെന്നൊ, തൊഴിലാളിയെന്നോ അദ്ദേഹത്തെ വിളിച്ചുകൊള്ളാനും' പറയുമായിരുന്നു.



ലോകത്തിലെ എല്ലാ മതങ്ങളും ദൈവത്തെ ഒരു സുഹൃത്തായും നിരാലംബരായവരുടെ ആശ്രയമായും കരുതുന്നുവെന്നും ഗാന്ധിജി വിശ്വസിച്ചു. ഇന്ത്യാ സ്വതന്ത്രമാകുന്ന ദിനങ്ങളിൽ ഹരിജനങ്ങളായവരുടെ സ്ഥിതി ബ്രിട്ടീഷ് ഇന്ത്യായെക്കാളും വഷളായിരിക്കുമെന്നും ചിന്തിച്ചിരുന്നു. തൊട്ടു കൂടായ്മയുടെ ദൂഷ്യവശങ്ങളെ ചൂണ്ടി കാണിച്ച് 'ഹരിജനിലും' 'യങ്ങ് ഇന്ത്യയിലും'  അദ്ദേഹം  ലേഖനങ്ങളെഴുതിയിരുന്നു. തൊട്ടുകൂടായ്മ അതിന്റെ അടിസ്ഥാന തത്ത്വങ്ങളിൽ നിന്നുതന്നെ നീക്കം ചെയ്യണമെന്നും എഴുതി. അവർണ്ണ ചിന്താഗതികൾ ഹിന്ദു മതത്തിന്റെ ഭാഗമല്ലെന്നും ഭഗവത്ഗീത അങ്ങനെ ഒരിക്കലും പഠിപ്പിച്ചിട്ടില്ലെന്നും ഗാന്ധിജി പറഞ്ഞു. നിയമങ്ങൾ സൃഷ്ടിക്കവഴി 'തൊട്ടു കൂടായ്മയെ' സമൂഹത്തിൽനിന്നും ഉന്മൂലനം ചെയ്യാൻ സാധിക്കില്ലെന്നും ദൈവത്തിന്റെ മുമ്പിൽ അത് കുറ്റകരമെന്നുള്ള  ബോധം മനുഷ്യർക്കുണ്ടായാലെ പ്രശ്നങ്ങൾക്ക്  പരിഹാരമാവുകയുള്ളൂവെന്നും ഗാന്ധിജി ചിന്തിച്ചിരുന്നു. 'സാമൂഹികമായി ദളിതർ കുഷ്ഠ രോഗികളെപ്പോലെയും,സാമ്പത്തികമായി അടിമകളെക്കാൾ കഷ്ടമായും ജീവിക്കുന്നുവെന്നും പറഞ്ഞു. 'ദൈവത്തിന്റെ ആലയമായ ഹൈന്ദവ ദേവാലയങ്ങളിൽ  പ്രാർത്ഥിക്കാൻ അനുവദിക്കാതെ അവർക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നതു അധർമ്മമെന്നും' വർണ്ണ ജാതികളെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.



തൊട്ടു കൂടായ്ക്കെതിരെ ഗാന്ധിജി ജീവിതകാലം മുഴുവൻ പയറ്റിയിരുന്നു. ഈ സാമൂഹിക വ്യവസ്ഥിതി ഹൈന്ദവ മതത്തിന് കളങ്കമായി അദ്ദേഹം കണ്ടു. 'സ്വാതന്ത്ര്യം ഹിന്ദുക്കൾ അർഹിക്കുന്നില്ലന്നും സ്വാതന്ത്ര്യം ലഭിച്ചാൽ മഹത്തായ ഹിന്ദു മതത്തിന് സവർണ്ണ ചിന്താഗതിയുള്ളവർ ഒരു അപമാനമായിരിക്കുമെന്നും പശുക്കളോള്ള ആനുകൂല്യവും ദയയും മനുഷ്യത്വ പരമല്ലാത്ത പ്രവർത്തനങ്ങൾക്ക് തുല്യമാവുകയില്ലെന്നും' അദ്ദേഹം തന്റെ മുഖപത്രമായ ഹരിജനിൽ എഴുതിയിരുന്നു. 1932-ൽ അദ്ദേഹം ഹരിജന സേവാ സംഘം സ്ഥാപിച്ചു. ബെർലാ, താക്കൂർ മുതൽപേർ ആ സംഘടനയുടെ തലപ്പത്തുണ്ടായിരുന്നു. ഹരിജനങ്ങളോട് ശുചിത്വത്തെപ്പറ്റിയും കുഞ്ഞുങ്ങൾക്ക് വിദ്യ നല്കുന്നതിനെപ്പറ്റിയും വർണ്ണ ചിന്തയുള്ളവരിൽ നിന്നു അകന്നു നില്ക്കാനും ഉപദേശിച്ചിരുന്നു.



മനുഷ്യാവകാശ നിഷേധം നടക്കുന്ന ലോകത്തിലെ വലിയ രാജ്യങ്ങളിലൊന്നായി ഇന്ത്യയേയും കരുതുന്നു. വർണ്ണ വിവേചനവും തൊട്ടുകൂടായ്മയും പ്രായോഗിക തലത്തിൽ കൊണ്ടുനടന്ന ഉയർന്ന ജാതികൾ ഇന്നും ദളിതർക്ക് മാനുഷിക പരിഗണ നല്കാതെ മനുഷ്യാവകാശങ്ങളെ ലംഘിച്ചു കൊണ്ടിരിക്കുന്നതും ഒരു വസ്തുതയാണ്. മനുവിന്റെ മനുസ്മൃതിയിൽ 'ബ്രാഹ്മണ, ക്ഷത്രീയ, വൈശ്യ, ശുദ്രാ' എന്നീ നാലു വർണ്ണങ്ങളെയുള്ളൂവെന്നാണ് ഗാന്ധിജിയുടെ വാദം. ഗാന്ധിജി പറഞ്ഞു, 'തൊട്ടുകൂടായെന്ന ജാതി ഹിന്ദു മതത്തിന്റെ ഘടകമല്ല. അധകൃതരായ ജാതികൾ ബ്രഹ്മാവിന്റെ പാദത്തിങ്കൽ ജനിച്ച ദൈവത്തിന്റെ മക്കളാണ്. അവരും ബ്രാഹ്മണരെപ്പോലെ ശുദ്ര ജാതിയിൽ ജനിച്ചവരാണ്.' അംബേദ്‌ക്കർ ഹിന്ദു മതത്തെ ന്യായീകരിച്ചുകൊണ്ടുള്ള ഗാന്ധിജിയുടെ തത്ത്വങ്ങളെ അംഗീകരിച്ചില്ല. വർണ്ണാശ്രമത്തിനു പുറത്തുള്ള തൊട്ടു കൂടാ ജാതികളായ  ചണ്ഡാളന്മാർ  ഗ്രാമത്തിനു പുറത്തു താമസിക്കണമെന്ന മനുവിന്റെ കൃതിയെ അംബേദ്‌ക്കർ വിശദീകരിക്കുമായിരുന്നു. 


പ്രാചീനവും അകളങ്കിതവുമായ വേദകാലങ്ങളിൽ ഹിന്ദു സമൂഹം വർണ്ണാശ്രമ ധർമ്മങ്ങളിൽ ജീവിച്ചിരുന്നുവെന്ന്  ഗാന്ധിജി വിശ്വസിച്ചിരുന്നു. ധർമ്മവും ആശ്രമവും രണ്ടായി അദ്ദേഹം കണ്ടു.' ധർമ്മം' എന്നുള്ളത് സമൂഹങ്ങളായുള്ള വേർതിരിവും ആശ്രമം മനുഷ്യന്റെ ജീവിതത്തിന്റെ നാല് ഘട്ടങ്ങളുമായി വേർതിരിക്കുന്നു. ധർമ്മം, വർണ്ണ ധർമ്മമായും ആശ്രമം, ആശ്രമ ധർമ്മമായും പിന്നീട് അറിയപ്പെട്ടു. ബ്രഹ്മചര്യം, ഗ്രഹസ്ഥ, വാനപ്രസ്ഥ, സന്യാസം എന്നിങ്ങനെ നാല് ആശ്രമങ്ങളാണുള്ളത്. ബ്രഹ്മമെന്നാല്‍ ഈശ്വരന്‍, ചര്യം എന്നാല്‍ നടപ്പ്‌ എന്നാണര്‍ത്ഥം. ഈശ്വരനെ ഓര്‍ത്തുകൊണ്ട്‌ ഈ സമയത്ത്‌ അറിവുനേടുക എന്ന ചിന്ത മാത്രമേ വിദ്യ അഭ്യസിക്കുന്ന കുട്ടികള്‍ക്കുണ്ടാകാവൂ. ലൌകികം, കുടുംബം, തൊഴില്‍ മുതലായവകൾ ഗൃഹസ്താശ്രമത്തിൽ ഉൾപ്പെടും. വാനപ്രസ്ഥാശ്രമം വനത്തിൽപോയി താമസിക്കുക എന്നല്ല, കുടുംബ കാര്യങ്ങളില്‍നിന്ന്‌ വിട്ട്‌ സമൂഹകാര്യങ്ങള്‍ക്കായി പ്രവർത്തിക്കുകയെന്നതാണ്. സന്ന്യാസമെന്നാൽ ധനവും കീർത്തിയും ഒന്നും ആഗ്രഹിക്കാതെ നന്മകൾ ചെയ്തു ഈശ്വരനെ ഭജിക്കുകയെന്നുമാണ്. അധര്‍മ്മം കണ്ടാല്‍ അതിനെ എതിര്‍ക്കണം. സമൂഹത്തില്‍ സ്നേഹവും ധര്‍മ്മവും നീതിയും നടപ്പിലാക്കേണ്ടതും അവരാണ്. വർണ്ണ ധർമ്മം മനുഷ്യകുലങ്ങളിൽ നിലനില്ക്കുകയും ആശ്രമ ധർമ്മം ഇല്ലാതാവുകയും ചെയ്തു.


വർണ്ണാശ്രമ ധർമ്മം ആദ്യകാലഘട്ടങ്ങളിൽ  സമത്വാധിഷ്‌ഠിതമായ തത്വങ്ങളിൽ ആരംഭിച്ചു. 'ജനനം കൊണ്ട് വർണ്ണ വ്യവസ്ഥയെന്നതു പിന്നീട് തെറ്റായി രൂപപ്പെട്ടതെന്നും' ഗാന്ധിജി വിശ്വസിച്ചിരുന്നു. ഒരുവന്റെ ജീവിതത്തിലെ കടമകളാണ് മുഖ്യം. കടമകൾ പൂർത്തിയാക്കാത്തവനു വർണ്ണാശ്രമം നഷ്ടപ്പെടുന്നു. പൂജാരിയുടെ മകനായി ജനിച്ചവൻ വാണിജ്യം നടത്തുന്നുവെങ്കിൽ അവന്റെ വർണ്ണം രണ്ടാമത്തെ ഘട്ടമായ വൈശ്യ കുലത്തിലെത്തുമെന്നു വർണ്ണാശ്രമ ധർമ്മത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിൽ വിശ്വസിച്ചിരുന്നു. സത്യമായ വർണ്ണാശ്രമ ധർമ്മത്തെ പിന്നീട് ഉയർന്നവരും താണവരുമായി വിഭജിച്ചു. ധർമ്മത്തെ ദുരുപയോഗപ്പെടുത്തി സ്വാർത്ഥമോഹികളായവർ സമൂഹത്തെ വേർപെടുത്തുകയാണുണ്ടായത്. ഉന്നത ജാതികളെന്നു നടിക്കുന്ന പൂജാരി വർഗം പരിശുദ്ധമായ വർണ്ണ വ്യവസ്ഥയെ കളങ്കപ്പെടുത്തുകയും ജാതികളും ജാതികൾക്കുമീതെ ഉപജാതികളും വർഗങ്ങളുമായും തരം തിരിക്കുകയും ചെയ്തു. നിസ്വാർത്ഥരായ വേദകാല  ജനതയിൽനിന്നും മാറ്റങ്ങളിൽക്കൂടി പിന്നീടു വന്ന  സ്വാർത്ഥരായ ജനത മനുഷ്യനെ വേർതിരിച്ചുള്ള വ്യവസ്ഥകൾ സൃഷ്ടിച്ച്, ബലഹീനരായവരെ അവരുടെ നിയന്ത്രണത്തിൽ കൊണ്ടുവന്നു. കാലത്തിന്റെ നെട്ടോട്ടത്തിൽ അടിച്ചമർത്തപ്പെട്ടവരായ ഈ ജനതയെ ഉന്നതകുല ജാതികളെന്നു നടിച്ചവർ' ചൂഷണവും തുടങ്ങി. 



ഗാന്ധിജി ഹരിജനിൽ എഴുതി, 'ലോകം ഇന്ന് നമ്മെയും നമ്മുടെ വർണ്ണാശ്രമ തത്ത്വങ്ങളെയും പരിഹസിക്കുന്നു. ഇന്നു  നിലവിലുള്ള ഹിന്ദു സമൂഹത്തിൽ ഒരു വർണ്ണമേയുള്ളൂ. അത് ശുദ്രന്മാരുടെതാണ്.   നമ്മുടെ സമൂഹത്തിൽ ഉയർന്നവരെന്നു ചിന്തിക്കുന്ന ഹിന്ദുക്കളുടെ ഒരു വിഭാഗമുണ്ട്. അവരുടെ ചിന്താഗതികൾ ഹിന്ദുമതത്തിന്റെ നാശത്തിലേയ്ക്ക് നയിക്കും. ശുദ്രന്മാരാണ്, അവരുടെ നെറ്റിയിലെ വിയർപ്പുകൊണ്ട് മറ്റുള്ളവരെ സേവിച്ചവരും  അവരുടെ ആശ്രയമായി എന്നും നിലകൊണ്ടവരും. ഇന്ത്യാ ഇന്നും മറ്റുള്ളവരെ ആശ്രയിച്ചാണ്‌ കഴിയുന്നത്‌. അതുകൊണ്ട് ഓരോ ഇന്ത്യാക്കാരനും ശുദ്രജനതയിൽപ്പെട്ടവരാണ്. '



വർണ്ണ വ്യവസ്ഥ ഹിന്ദു മതത്തിലെ ഒരു തരം വൃണം പോലെയെന്നും സമൂഹത്തെ പല തട്ടുകളായി വിഭജിക്കുന്നുവെന്നും ഗാന്ധിജി പറഞ്ഞു. വിവിധ ജാതികളിൽ വിശ്വസിക്കുന്നവർ ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതിനും മിശ്ര വിവാഹത്തിനും സമൂഹത്തിന്റെ നിയന്ത്രണമുണ്ടാവുന്നു. രാജ്യത്തിലെ ബുദ്ധി ജീവികളുടെയിടയിലും ഈ പാരമ്പര്യം തുടരുന്നതും ദൗർഭാഗ്യകരമാണ്. 1901-ൽ നടന്ന കൽക്കട്ടാ കോൺഗ്രസിൽ ഗാന്ധിജി ഹാജരായിരുന്നു. ആയിരക്കണക്കിന് ഡെലിഗേറ്റുകൾ ആ മഹാസമ്മേളനത്തിൽ സംബന്ധിച്ചിരുന്നു. സമ്മേളനം ജാതി വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ വിവിധ ബ്ലോക്കുകളായി തരം തിരിച്ചിരുന്നു. 'ആ വലിയ സമ്മേളനത്തിലും തൊട്ടുകൂടാ ജാതീയ ചിന്തകൾ സ്പഷ്ടമായിരുന്നുവെന്നു' ഗാന്ധിജി തന്റെ ഹരിജൻ പത്രത്തിലെ മുഖപ്രസംഗത്തിൽ എഴുതി. സമ്മേളനത്തോടനുബന്ധിച്ച് തമിഴരുടെ അടുക്കള സവർണ്ണരിൽ നിന്നും ബഹുദൂരമായിരുന്നു. തമിൾ പ്രതിനിധികൾ മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ തൊട്ടു കൂടാ സമൂഹമായിരുന്നു. വൃത്തിയും വെടിപ്പുമില്ലാത്ത അടുക്കളകൾ അവർക്ക് നല്കിയിരുന്നു. കോൺഗ്രസിനുള്ളിൽ തന്നെ തൊട്ടുകൂടാത്തവരുണ്ടെങ്കിൽ മറ്റുള്ള സമൂഹങ്ങളുടെ നിലനില്പ്പ് ഊഹിക്കാവുന്നതേയുള്ളൂ. സമ്മേളന നഗരം വൃത്തിയാക്കാൻ ആരും ഇല്ലാഞ്ഞതിനാൽ അവിടം മുഴുവൻ ദുർഗന്ധം വമിച്ചും മലിനവും നിറഞ്ഞതായിരുന്നു. അന്ന് സമ്മേളനത്തിൽ സംബന്ധിച്ചവർ ചിന്തിച്ചിരുന്നത് വൃത്തിയാക്കൽ ജോലി തൊട്ടുകൂടാ ജാതികൾക്കു മാത്രമെന്നായിരുന്നു. 



1917-ൽ ഗാന്ധിജി അധകൃതരുടെ ഉന്നമനത്തിനുവേണ്ടി 'ചമ്പാരനെന്ന' സ്ഥലത്ത് സംഘിടിത പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കെ അന്നാട്ടിലെ വക്കീൽ സുഹൃത്തുക്കളുടെ ജാതീയമായ ചിന്തകൾ അദ്ദേഹത്തെ വിസ്മയഭരിതനാക്കി. ഓരോ വക്കീലന്മാർക്കും ഭക്ഷണം പാകം ചെയ്യാൻ പ്രത്യേക സേവകരും അടുക്കളകളുമുണ്ടായിരുന്നു. ഗാന്ധിജിയുടെ പ്രേരണമൂലം അവരുടെ ഓരോരുത്തർക്കുമുള്ള സേവകരെ പിരിച്ചുവിടാനും പൊതുവായ ഒരു അടുക്കളയിൽ ഭക്ഷണം പാകം ചെയ്യാനും തീരുമാനിച്ചു. വക്കീലന്മാരുടെ ജീവിതം ലളിതമാക്കിയതു കൂടാതെ അവരുടെ സമയവും സൌകര്യങ്ങളും അതുമൂലം മെച്ചമാക്കാനും സാധിച്ചു. മറ്റുള്ള സ്ഥലങ്ങളിലും പൊതുവായി ഭക്ഷണം കഴിക്കുന്ന രീതികൾ ഗാന്ധിജി ആവിഷ്ക്കരിച്ചു. ഗാന്ധിജിയുടെ ഈ പ്രവർത്തന വിജയത്തിൽ അദ്ദേഹം സന്തുഷ്ടനായിരുന്നു. യുവാക്കളെ വർണ്ണ വ്യവസ്ഥകളിൽ നിന്നും അകന്നു നില്ക്കാൻ ശക്തിയായി പ്രേരിപ്പിക്കുകയും ഗുണദോഷിക്കുകയും ചെയ്യുമായിരുന്നു. പാരമ്പര്യമായി നിലനിന്നു വരുന്ന വർഗ വിവേചനത്തെ ഉന്മൂലനം ചെയ്ത് ഹൈന്ദവരെയെല്ലാം ഒരേ ഊട്ടുശാലയിൽനിന്നും ഒന്നിച്ചു ഭക്ഷണം കഴിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. 'വർണ്ണ വ്യവസ്ഥകൾ ഹിന്ദു മതമല്ലന്നും അതിനുള്ളിൽ കഴിയുന്ന യുവജനങ്ങൾ പുറത്തു ചാടി മിശ്ര വിവാഹത്തെ പ്രോത്സാഹിപ്പിക്കുകയും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുകയും ചെയ്യണമെന്നു' അദ്ദേഹം സ്വന്തം പത്രത്തിൽക്കൂടിയും ലേഖനങ്ങളിലും എഴുതുമായിരുന്നു. 


തൊട്ടുകൂടായ്മയെന്നുള്ളത് ഹിന്ദുമതത്തിൽ തനിയെ വളർന്നു വന്ന മാനസികാവസ്തയെന്നും അതിൽ അസമത്വങ്ങളും ചൂഷണവും നിറഞ്ഞിരിക്കുന്നുവെന്നും ഗാന്ധിജി കണ്ടു. പാരമ്പര്യമായി തൊഴിലിനെ അടിസ്താനമാക്കിയുണ്ടായിരുന്ന നാലു വർണ്ണങ്ങൾ അന്നുള്ള സാഹചര്യങ്ങളിൽ വ്യവസായവൽക്കരണത്തിനായി സഹായിച്ചിരുന്നുവെന്നും അങ്ങനെ സാമൂഹിക സാമ്പത്തിക വളർച്ചയ്ക്ക് സഹായകമായെന്നും ഗാന്ധിജി വിശ്വസിച്ചിരുന്നു. പിന്നീടത്‌ മതത്തിന്റെ ചൈതന്യം വെടിഞ്ഞ് കിരാതവലയത്തിലെത്തുകയും തൊട്ടുകൂടാ ജാതികളെന്ന അഞ്ചാമതൊരു ദുർഭൂതത്തെ സൃഷ്ടിക്കുകയും ചെയ്തു. അങ്ങനെയൊരു ജാതി ഉയർത്തെഴുന്നേറ്റതുമൂലം ധർമ്മത്തിൽ അധിഷ്ടിതമായിരുന്ന ചതുർ വർണ്ണവ്യവസ്ഥകൾ ഹിന്ദു മതത്തിൽ അടിച്ചമർത്തപ്പെട്ടു. അതിന്റെ പരിണിത ഫലമായി ഹിന്ദു മതത്തിൻറെ പരിപാവനമായ തത്ത്വചിന്തകളെയും അതിന്റെ യാഥാര്‍ത്ഥ്യങ്ങളെയും മൂടിവെയ്ക്കേണ്ടി വന്നു. 



തൊട്ടു കൂടായ്മയ്ക്കെതിരായി ശബ്ദം ഉയർത്തുന്നവർ മനുഷ്യന്റെ തെറ്റായ ആചാരങ്ങളെയും ഹൈന്ദവ മതത്തിന്റെ ധർമ്മ ശാസ്ത്രാദികളെയും അവർക്കനുകൂലങ്ങളാക്കിക്കൊണ്ട് ഹിന്ദു മതത്തോടു ശത്രുതാ മനോഭാവം പുലർത്തുന്നതായും കാണാം. എന്നാൽ മതത്തിനുള്ളിലെ എല്ലാ ആചാരങ്ങളും നിത്യതയിലേയ്ക്കുള്ള വഴികളല്ലെന്നും ഗാന്ധിജി വിശ്വസിച്ചിരുന്നു. ഗാന്ധിജി പറയുന്നു, "അത്തരം ദുഷിച്ചവ എന്റെ മൂക്കിൽക്കൂടി ശ്വസിച്ചുവെങ്കിൽ അതിനെ ഹിന്ദു മതമെന്ന് വിളിക്കാൻ കഴിയില്ല. ക്രിസ്തുമതത്തെയും ഇസ്ലാം മതത്തെയും ബഹുമാനിക്കാൻ ഞാൻ പഠിച്ചത് എന്റെ വിശ്വാസ സത്യമായ ഹിന്ദു മതത്തിൽക്കൂടിയാണ്." ഹൈന്ദവരുടെ പരിശുദ്ധമായ സനാതന ധർമ്മത്തിലെ സവിശേഷതകളും വിശുദ്ധ വചനങ്ങളും മുഴുവനായി  ഗ്രന്ഥപ്പുരകളിൽ സൂക്ഷിച്ചു വെച്ചിട്ടില്ല. ഓരോ കാലഘട്ടത്തിൽ ഭരണചക്രം തിരിക്കുന്നവരുടെ അനുകൂലമായ സാഹചര്യങ്ങളിൽ ഹിന്ദു വേദങ്ങളെ അര്‍ത്ഥവ്യത്യാസങ്ങൾ വരുത്തി വളച്ചു തിരിച്ചിട്ടുണ്ട്. നാട്ടുവിദ്യാഭ്യാസം കൊണ്ടോ വിദേശീയ വിദ്യാഭ്യാസം കൊണ്ടോ തൊട്ടുകൂടായ്മയ്ക്ക് ശമനം വന്നിട്ടുണ്ട്. എങ്കിലും വിദ്യാഭ്യാസം നേടിയവർ ഈ സാമൂഹിക വ്യവസ്ഥകളെ ഇന്നും വിശാലമായി കാണുന്നില്ലെന്നുള്ളതും പരിതാപകരമാണ്. ഇന്ത്യയിലെ വിദ്യാസമ്പന്നരും ഈ സാമൂഹിക വ്യവസ്ഥ കണ്ടില്ലെന്നു നടിച്ചുകൊണ്ട്‌ നടക്കുന്നതും നിരാശജനകമാണ്. 



കഴിഞ്ഞ വർഷം വടക്കേ ഇന്ത്യയിൽ ഇരുപത്തിയൊന്നു വയസുള്ള ഒരു സവർണ്ണ യുവതി ദളിതനായ ഒരു യുവാവിനെ സ്നേഹിച്ചു. അവർ തമ്മിൽ' വിവാഹവും കഴിച്ചു. ദളിതനെ വിവാഹം കഴിച്ച മനോദുഖത്തിൽ ആ യുവതിയുടെ പിതാവ് ആത്മഹത്യ ചെയ്തു. അവരുടെ അമ്മ മകളെ ഭർത്താവ്' തട്ടിക്കൊണ്ടു പോയിയെന്നും തിരിച്ചു കിട്ടണമെന്നുമാവശ്യപ്പെട്ട്' കേസു കൊടുത്തു. അമ്മയുടെ ആവശ്യം കോടതി പരിഗണിക്കുകയും മകൾ സ്വമനസാലെ അമ്മയോടൊപ്പം മടങ്ങി വരുകയും ചെയ്തു. 'തനിയ്ക്ക് പൊന്നുപോലെയുള്ള ഒരു ഭർത്താവും സന്തോഷപ്രദമായ ദാമ്പത്തിക ജീവിതവും സ്നേഹിക്കുന്ന അമ്മായിയമ്മയും ഉണ്ടായിരുന്നുവെന്നു' യുവതി പറഞ്ഞു. 'തങ്ങൾ വിവാഹിതരായ സമയം ജാതി ഒരു പ്രശ്നമല്ലായിരുന്നുവെന്നും എന്നാൽ പിതാവിന്റെ ആത്മഹത്യയും പിന്നീടുള്ള സവർണ്ണരായവരുടെ ക്രൂരമായ പ്രവർത്തികളും മൂലം എന്തു ചെയ്യണമെന്നറിയാതെ സ്വന്തം ദാമ്പത്യ ജീവിതത്തെ തകർക്കേണ്ടി വന്നുവെന്നും' വിങ്ങിപ്പൊട്ടുന്ന ദുഃഖങ്ങൾ അമർത്തിക്കൊണ്ടു ആ യുവതി കോടതിയിൽ മൊഴിനല്കിയിരുന്നു. 



ഗാന്ധിജി ഒരിയ്ക്കൽ പറഞ്ഞു, "തൊട്ടു കൂടാ' ചിന്താഗതികൾ ഹൈന്ദവ സമൂഹത്തെ അധഃപതിപ്പിച്ചിരിക്കുന്നു. ഈ സമ്പ്രദായം ദൈവത്തിനും മനുഷ്യനും നിരക്കാത്ത അനീതിയാണ്. ഹിന്ദു മതത്തിന്റെ ജീവധാരണമായ സത്തയെ 'തൊട്ടുകൂടായ്മയെന്ന' മാരക വിഷം നശിപ്പിക്കുന്നു. ഹൈന്ദവ മതത്തിന്റെ ധര്‍മ്മശാസ്‌ത്രാദികള്‍ വർണ്ണവ്യവസ്ഥകളിലെ ഈ ക്രൂരതകളെ അംഗീകരിച്ചിട്ടുമില്ല." (തുടരും)

















കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...