Monday, August 24, 2015

മനുഷ്യാവകാശ പ്രവർത്തകനായ ജിമ്മി കാർട്ടർ, ഒരു അവലോകനം




By ജോസഫ് പടന്നമാക്കൽ
നാൽപ്പതു വയസ്സിൽ കൂടുതൽ  പ്രായമുള്ള ചരിത്ര ബോധമുള്ളവർ  ജിമ്മി കാർട്ടർ അമേരിക്കയുടെ പ്രസിഡൻറായിരുന്ന കാലത്തെപ്പറ്റി  വ്യക്തമായി ഒർമ്മിക്കുന്നുണ്ടാവാം. ലോകത്തിലേയ്ക്കും വെച്ച് ശക്തിയേറിയ ഒരു രാഷ്ട്രത്തിന്റെ തലവനായിരുന്ന ജിമ്മി കാർട്ടർ താമസിക്കുന്നത് എവിടെയാണെന്നറിയാമോ?  ഒരു  മുൻകാല   പ്രസിഡന്റ് എങ്ങനെയുള്ള വീട്ടിലായിരിക്കണം താമസിക്കേണ്ടത്? അമേരിക്കയിൽ കാർട്ടർ താമസിക്കുന്ന  വീടിനെ  'റാഞ്ച് ഹൌസ്' എന്നു  പറയും. പോർട്ടിക്കോയില്ലാത്ത ഒറ്റ നിലയിലുള്ള  ചെറിയ ഒരു വീട്ടിലാണ്  ജിമ്മി കാർട്ടറും റോസിലിനും താമസിക്കുന്നത്. ജോർജിയായിലെ ചെറിയ ഒരു പട്ടണമെന്നു പറയാവുന്ന 'പ്ലെയിൻ' എന്ന സ്ഥലത്ത്  1961-ൽ അദ്ദേഹം നിലക്കടല കൃഷിക്കാരനും റോസിലിൻ കൃഷിക്കാരന്റെ ഭാര്യയുമായിരുന്ന കാലഘട്ടത്തിൽ പണി കഴിപ്പിച്ച വീടാണത്.

അമേരിക്കയുടെ മുപ്പത്തിയൊമ്പതാം  പ്രസിഡന്റ്  ജിമ്മി കാർട്ടർ (James Earl Carter Jr) 1924 ഒക്ടോബർ ഒന്നാം തിയതി ജോർജിയായിലെ   'പ്ലെയിൻ' എന്ന സ്ഥലത്ത്  ഒരു സാധാരണ കടല കൃഷിക്കാരന്റെ മകനായി ജനിച്ചു. കടല കൃഷി, നേവൽ ഉദ്യോഗസ്ഥൻ എന്നീ ഉപജീവനങ്ങളിൽക്കൂടി അമേരിക്കൻ പ്രസിഡന്റ് പദവി വരെ അലങ്കരിച്ച കാർട്ടറുടെ ജീവിതയാത്ര അമേരിക്കയുടെ സംഭവ ബഹുലങ്ങളായ ചരിത്ര കാലങ്ങളിൽക്കൂടിയായിരുന്നു. അമേരിക്കൻ പ്രസിഡന്റെന്ന  നിലയിൽ കാർട്ടറുടെ  ജീവിതം പരാജയമായിരുന്നെങ്കിലും പിന്നീട് മനുഷ്യാവകാശ പ്രവർത്തകനെന്ന നിലയിൽ അദ്ദേഹം ലോകത്തിന്റെ മുഴുവൻ ആദരവുകൾ  നേടിയെടുത്തു.
2002-ൽ നോബൽ സമ്മാനം നല്കി അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.

ജോർജിയായിൽ സ്ഥിരതാമസമാക്കിയിരുന്ന കാർട്ടറുടെ പിതാവ്  'ജെയിംസ്  കാർട്ടർ (സീനിയർ) '   കഠിനാധ്വാനിയായ ഒരു നിലക്കടല കൃഷിക്കാരനായിരുന്നു.  ചെറിയൊരു  കൃഷി പുരയിടവും കൃഷിയുത്ഭന്നങ്ങൾ സംഭരിക്കാൻ സ്റ്റോർക്കെട്ടിടവും സ്വന്തമായിട്ടുണ്ടായിരുന്നു. ജിമ്മി കാർട്ടറിന്റെ മാതാവ് 'ലിലിയൻ ഗോർഡി'  ഒരു രജിസ്റ്റേർഡ്‌ നെഴ്സായിരുന്നു. വർണ്ണ വിവേചനത്തിന്റെ അതിരുകൾ കടന്ന് കറുത്ത വർഗക്കാരുടെ ആരോഗ്യപരിപാലനങ്ങളിലും അവർ ഏർപ്പെടുമായിരുന്നു. കാർട്ടറിനു നാലുവയസുള്ളപ്പോൾ  അദ്ദേഹത്തിൻറെ കുടുംബം 'പ്ലെയിൻ' എന്ന സ്ഥലത്തുനിന്നും 'ആർച്ചേരി' എന്ന സ്ഥലത്തേയ്ക്ക് മാറിത്താമസിച്ചു. അവിടം യാതൊരു സൗകര്യവുമില്ലാഞ്ഞ ഒരു  ഗ്രാമപ്രദേശമായിരുന്നു. കഴുതകൾ ഓടിക്കുന്ന വണ്ടികളായിരുന്നു യാത്രകൾക്കായി ഉപയോഗിച്ചിരുന്നത്. വൈദ്യുതിയോ മറ്റു ജീവിതസൌകര്യങ്ങളോ ഉണ്ടായിരുന്നില്ല. കാർട്ടർ  തനിയ്ക്കു പത്തു വയസുള്ളപ്പോൾ പിതാവിനെ കൃഷികാര്യങ്ങളിൽ സഹായിച്ചിരുന്നു. പിതാവുമൊത്തു സല്ലപിക്കുന്ന സമയം ഏറ്റവും സന്തോഷകരങ്ങളായ  ദിനങ്ങളായി കാർട്ടർ കരുത്തിയിരുന്നു. ബാറ്ററിയിൽ പ്രവർത്തിക്കുന്ന റേഡിയോയിൽ 'ബേസ് ബാൾ ഗെയിംസും' 'രാഷ്ട്രീയവും' സംബന്ധിച്ച വാർത്തകളും   അപ്പനും മകനുമൊന്നിച്ച് ശ്രവിക്കുമായിരുന്നു.

ജിമ്മി കാർട്ടറിന്റെ  മാതാപിതാക്കൾ  കുട്ടികളുടെ മതകാര്യങ്ങളിൽ വളരെ നിഷ്ക്കർഷയുള്ളവരായിരുന്നു. ബാപ്റ്റിസ്റ്റ് പള്ളികളിൽ പൊയ്ക്കോണ്ടിരുന്ന അവർ മകന്റെ ആത്മീയ കാര്യങ്ങളിലും  ശ്രദ്ധ പതിപ്പിച്ചിരുന്നു. ഞായറാഴ്ചകളിൽ വേദ പാഠം ക്ലാസുകളിൽ പോകണമെന്നു നിർബന്ധമായിരുന്നു. വെളുത്തവർ മാത്രം പഠിച്ചിരുന്ന സ്കൂളിലായിരുന്നു കാർട്ടർ പഠിച്ചിരുന്നത്. അക്കാലത്ത് വർണ്ണവിവേചനം സാമൂഹിക തലങ്ങളിൽ അസഹ്യമായി നടപ്പായിരുന്ന കാലവുമായിരുന്നു. കറുത്തവർ സ്വന്തം വീടുകളിലും പള്ളികളിലും വിദ്യാഭ്യാസം നടത്തിയിരുന്നു. വർണ്ണ വിവേചനം കൊടുമ്പിരി കൊണ്ടിരുന്ന കാലഘട്ടത്തിലും കാർട്ടറുടെ ചെറുപ്പകാലത്തിലെ ഉറ്റവരായ രണ്ടു സുഹൃത്തുക്കൾ കറുത്ത വർഗക്കാരായിരുന്നു. അവരുടെ മാതാപിതാക്കൾ ജിമ്മി കാർട്ടറുടെ പിതാവിനൊപ്പം ജോലി ചെയ്തിരുന്നു.   1930-ലെ സാമ്പത്തിക മാന്ദ്യം ആ ഗ്രാമ പ്രദേശത്തേയും ബാധിച്ചിരുന്നു. ആ കാലഘട്ടത്തിൽ കാർട്ടർ കുടുംബം സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കുകയാണുണ്ടായത്. അക്കാലങ്ങളിൽ കൃഷിയാവിശ്യത്തിനായി  ഇരുന്നൂറു ജോലിക്കാരോളം ജിമ്മി കാർട്ടറിന്റെ പിതാവിനുണ്ടായിരുന്നു.   കാർട്ടർ കുടുംബത്തിൽ നിന്നും ആദ്യമായി ഹൈസ്കൂൾ പൂർത്തിയാക്കിയതു ജിമ്മിയായിരുന്നു.

ഹൈസ്ക്കൂൾ പഠനം  ഉന്നത ഗ്രേഡിൽ  വിജയകരമായി പൂർത്തിയാക്കിയശേഷം ' ജിമ്മി കാർട്ടർ' എഞ്ചിനീയറിംഗിന് ജോർജിയാ സൌത്ത് വെസ്റ്റേണ്‍ ജൂണിയർ കോളേജിൽ   പഠനമാരംഭിച്ചു. അവിടെ നിന്ന് നേവിയിൽ പോവുകയും ജോർജിയാ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്കനോളജിയിൽ പഠനം തുടരുകയും ചെയ്തു. അഞ്ചടി ഒമ്പതിഞ്ചു മാത്രമുള്ള കാർട്ടർ നേവിയിൽ  പൊക്കം കൊണ്ടും തൂക്കം കൊണ്ടും  ചെറിയ ആളായിരുന്നെങ്കിലും അക്കാദമിക്ക്  നിലവാരത്തിൽ മറ്റെല്ലാ സഹ വിദ്യാർത്ഥികളെക്കാളും മുമ്പിലായിരുന്നു.   1946-ൽ റാങ്ക് സഹിതം എഞ്ചിനീയറിംഗ് ഡിഗ്രീ നേടി. കുട്ടിക്കാലം മുതൽ കളിക്കൂട്ടുകാരിയായിരുന്ന  റോസിലിൻ കാർട്ടറെ 1946 ജൂണിൽ വിവാഹം ചെയ്തു.പില്ക്കാലത്ത് കാർട്ടറുടെ സർവ്വവിധ ഉയർച്ചയ്ക്കും റോസിലിന്റെ ധാർമ്മിക പിന്തുണയുണ്ടായിരുന്നു.

നേവൽ ഓഫീസറായിരുന്ന  കാർട്ടർ റോസിലിനുമായുള്ള വിവാഹ ശേഷം മറ്റു മിലിട്ടറി കുടുംബങ്ങളെപ്പോലെ
ആദ്യ കാലങ്ങളിൽ  സ്ഥലം മാറ്റം കിട്ടുന്നതനുസരിച്ച്  പല സ്ഥലങ്ങളിലായി  വീടുകളും മാറി താമസിക്കേണ്ടി വന്നു.   കണക്റ്റിക്കട്ട്, സാൻഡിയോഗോ, കാലിഫോർണിയാ,വാഷിംഗ്ണ്ടൻ  എന്നീ സ്ഥലങ്ങളിലെ പരിശീലനകാലങ്ങളിൽ റോസിലിനുമൊത്തു നേവൽ കോർട്ടേഴ്സിൽ  താമസിച്ചിരുന്നു.1952-ൽ   'അഡ്മിറൽ ഹൈമാൻ റിക്കോവർ'   ന്യൂയോർക്കിൽ ന്യൂക്ലീയർ സബ് മറയിൻ പദ്ധതിയ്ക്കായുള്ള   ഒരു പ്രൊജെക്റ്റിൽ  ജോലി ചെയ്യാൻ ജിമ്മി കാർട്ടറെ ചുമതലപ്പെടുത്തി. ബുദ്ധിമാനും നിർന്ധിത കണിശക്കാരനും മറ്റുള്ളവർക്ക് പേടി സ്വപ്നവുമായിരുന്ന അഡ്മിറലിന്  കാർട്ടറിന്റെ ജോലികാര്യങ്ങളിലുള്ള കാര്യക്ഷമതയിലും കഴിവിലും  നല്ല അഭിപ്രായമുണ്ടായി. "തന്റെ  പിതാവിനു  ശേഷം തന്നെ ഏറ്റമധികം സ്വാധീനിച്ച വ്യക്തി  'റിക്കൊവർ' ആയിരുന്നുവെന്ന്" കാർട്ടർ തന്റെ ഓർമ്മക്കുറിപ്പുകളിൽ എഴുതിയിട്ടുണ്ട്.

കാർട്ടറിന്  മൂന്ന് ആണ്മക്കളും 'എമി' എന്ന പേരിൽ  ഒരു മകളുമാണുള്ളത്.  1953-ൽ പാൻക്രിയാറ്റ് ക്യാൻസർ വന്ന് അദ്ദേഹത്തിൻറെ പിതാവ് മരിച്ചു പോയി. പിതാവിന്റെ മരണശേഷം വസ്തു വകകളും കുടുംബ ബിസിനസ്സും നോക്കാൻ ആളില്ലാതെയായി. റോസിലിന് എതിർപ്പുണ്ടായിരുന്നെങ്കിലും കുടുംബവക വസ്തുക്കൾ സംരക്ഷിക്കാൻ, കുടുംബ കാര്യങ്ങൾ അന്വേഷിക്കാൻ  കാർട്ടർ ജോർജിയായിൽ  തന്റെ [പൂർവിക കുടുംബത്തുതന്നെ താമസമാക്കി.  അവിടെ രാഷ്ട്രീയത്തിലും സജീവമാകാൻ തുടങ്ങി. 1955-ൽ  കൌണ്ടി എഡ്യൂക്കേഷൻ  ബോർഡ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.

1950 നു ശേഷമുള്ള കാലങ്ങളിൽ   അമേരിക്കയുടെ  തെക്കുള്ള സംസ്ഥാനങ്ങളെ സംബന്ധിച്ചടത്തോളം വളരെ പ്രാധാന്യമേറിയ വർഷങ്ങളായിരുന്നു. 1954-ൽ സർക്കാർ സ്കൂളുകളിൽ വർണ്ണ വിവേചനം പാടില്ലാന്നുള്ള സുപ്രീം കോടതി നിയമം വന്നു. അതിന്റെ പാശ്ചാത്തലത്തിൽ  പൗരാവകാശ പ്രവർത്തകർ എല്ലാ തരത്തിലുള്ള വിവേചനവും അവസാനിപ്പിക്കണമെന്ന ആവശ്യവുമായി സമര രംഗത്ത് വന്നു. എന്നിരുന്നാലും തെക്കുള്ള ഗ്രാമീണപ്രദേശങ്ങളിൽ വർണ്ണ വിവേചനം തുടർന്നുകൊണ്ടിരുന്നു. വെളുത്തവർക്കായി 'വൈറ്റ് സിറ്റിസണ്‍  ഗ്രൂപ്പെന്ന' സംഘടനയുമുണ്ടായിരുന്നു. ജിമ്മി കാർട്ടർ മാത്രം ആ ഗ്രാമത്തിൽ 'വൈറ്റ് സിറ്റിസണ്‍ എന്ന'  വർണ്ണ വിവേചന സഘടനയ്ക്കൊപ്പം  പങ്കു ചേർന്നില്ല. താമസിയാതെ അദ്ദേഹത്തിൻറെ വീടിന്റെ മുമ്പിൽ "കൂണ്‍സ് ആൻഡ്‌ കാർട്ടർ ഗോ ടുഗതർ"(Coons and Carter go together) എന്ന   ബോർഡു കണ്ടു.   'കൂണ്‍സ് ' എന്ന പദം  ആഫ്രിക്കൻ അമേരിക്കരെ അപമാനിച്ചുകൊണ്ടുള്ള  വെളുമ്പരുപയോഗിക്കുന്ന സംസ്ക്കാരമില്ലാത്ത ഒരു പദമായിരുന്നു.

1962-ൽ 'ജിമ്മി കാർട്ടർ'  സ്റ്റേറ്റ് സെനറ്റിൽ സെനറ്ററായി മത്സരിച്ചു. അദ്ദേഹത്തിൻറെ എതിരാളി 'ഹോമർ മൂർ' എന്ന ബിസിനസുകാരനായിരുന്നു.  പ്രാഥമിക വോട്ടെടുപ്പിൽ വോട്ടെണ്ണലിൽ ക്രിത്രിമത്വം കാണിച്ച്, കള്ളത്തരത്തിൽക്കൂടി ' മൂർ' വിജയിയായി. 'ജിമ്മി കാർട്ടർ' ജയിച്ച സ്ഥാനാർത്ഥിയെ ചോദ്യം ചെയ്തുകൊണ്ട്  കോർട്ടിൽ കേസ് ഫയൽ ചെയ്യുകയും ജോർജിയാ ജഡ്ജി കാർട്ടറിനനുകൂലമായി വിധി പ്രസ്താവിക്കുകയും ചെയ്തു. ജിമ്മി കാർട്ടറെ വിജയിയായി, ജോർജിയായുടെ സെനറ്ററായി  പ്രഖ്യാപിച്ചു. രണ്ടു പ്രാവിശ്യം സെനറ്ററായി തിരഞ്ഞെടുത്ത കാർട്ടറിൽ  ജനങ്ങൾക്ക് മതിപ്പും നല്ല വിശ്വാസവുമുണ്ടായി. പൌരാവകാശങ്ങളെ പിന്തുണച്ചും,വർഗ വിവേചനങ്ങളെ  എതിർത്തും സർക്കാരിലെ അനാവശ്യ ചിലവുകൾ വെട്ടി കുറച്ചും കാർട്ടറുടെ   വിജയകരമായ രാഷ്ട്രീയ ജീവിതത്തിന്റെ ജൈത്ര യാത്ര തുടർന്നു.

1966-ൽ  ജിമ്മി  കാർട്ടർ ജോർജിയായുടെ ഗവർണ്ണറായി മത്സരിക്കാൻ തീരുമാനിച്ചു. കാർട്ടറുടെ കറുത്തവർക്കു വേണ്ടിയുള്ള  പൗരാവകാശ നയങ്ങൾ മൂലം വെളുത്തവരായവരിൽ ഭൂരിഭാഗവും  അദ്ദേഹത്തെ പിന്തുണയ്ക്കാൻ തയ്യാറായിരുന്നില്ല. അദ്ദേഹത്തിൻറെ ലിബറൽ നയം മൂലം പ്രൈമറിയിൽ തോല്ക്കുകയും മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. 'ലെസ്റ്റർ മാഡോക്സ്' എന്ന വർണ്ണ വിവേചന വാദിയാണ് വിജയിച്ചത്.

ജോർജിയാ സ്റ്റേറ്റിന്റെ നിയമമനുസരിച്ച്  ഗവർണ്ണറായി  ഒരു പ്രാവിശ്യമേ ആ സ്ഥാനത്തിരിക്കാൻ   സാധിക്കുള്ളൂ. 1970-ലെ ഗവർണ്ണർ തിരഞ്ഞെടുപ്പിനായി കാർട്ടർ പ്രചരണം ആരംഭിച്ചു. ഇത്തവണ വെളുത്തവരായ ഗ്രാമീണരുടെ വോട്ടു പിടിക്കാനുള്ള സാധ്യതകളെപ്പറ്റിയും   കാർട്ടർ ചിന്തിക്കാൻ തുടങ്ങി. 1966-ൽ അങ്ങേയറ്റം ലിബറലായതുകൊണ്ട് അദ്ദേഹത്തിനു ജയിക്കാൻ സാധിച്ചില്ല. അതുകൊണ്ട് തിരഞ്ഞെടുപ്പിൽ കറുത്തവരായ നേതാക്കന്മാരെ പ്രചരണങ്ങളിൽ നിന്നും മാറ്റി നിർത്തി. അനേക വർണ്ണ വിവേചന വാദികളെ തിരഞ്ഞെടുപ്പു പ്രചരണത്തിനായി ചുമതലപ്പെടുത്തി.  ഗവർണ്ണർ മാഡോക്സും കാർട്ടറെ പിന്തുണച്ചു. കറുത്തവർക്കുള്ള പൌരാവകാശങ്ങൾക്കെതിരായും തുറന്നു സംസാരിക്കാൻ തുടങ്ങി. അവസരവാദി, വർണ്ണ വിവേചനം നടത്തുന്നവൻ, അജ്ഞാനീ, പിന്തിരിപ്പൻ,   ഭ്രാന്തു പിടിച്ച യാഥാസ്ഥിതികൻ,   ചുവന്ന കഴുത്തുള്ള നിലക്കടല കൃഷിക്കാരൻ മുതലായ പേരുകൾ എതിരാളികൾ കാർട്ടറെ വിളിച്ചുകൊണ്ടിരുന്നു. എന്തായാലും കാർട്ടറുടെ അടവുകൾ ഫലപ്രദമായി. 1970-ൽ കാർട്ടർ 'കാൾ സാണ്ടേ ഴ്സിനെ' പരാജയപ്പെടുത്തിക്കൊണ്ട് ജോർജിയായുടെ  ഗവർണ്ണറായി.

ജിമ്മി കാർട്ടർ,  ഗവർണ്ണറായി സ്ഥാനമേറ്റയുടൻ  വർണ്ണ വിവേചനം സമൂലം അവസാനിപ്പിക്കണമെന്ന് പരസ്യമായി പ്രഖ്യാപിച്ചു.  തിരഞ്ഞെടുപ്പുകാലങ്ങളിലെ രാഷ്ട്രീയ പ്രചരണ തന്ത്രങ്ങൾക്കു വിപരീതമായി ഗവർണ്ണറെന്ന നിലയിൽ വ്യത്യസ്തമായ നയപരിപാടികളാണ്   കാർട്ടർ  തന്റെ ഭരണ കാലങ്ങളിൽ സ്വീകരിച്ചത്.   സർക്കാരിൽ ഇരുപത്തിയഞ്ചു ശതമാനത്തോളം കറുത്തവരെ നിയമിച്ചു. ജയിൽ പരിഷ്ക്കാരവും വിദ്യാഭ്യാസ പരിഷ്ക്കരണങ്ങളും നടപ്പാക്കി. കറുത്ത വർഗക്കാരുടെ ക്ഷേമ പരിപാടികളിൽ കൂടുതൽ താല്പര്യവും കാണിച്ചിരുന്നു.   "തെക്കുള്ള യുവരക്തങ്ങളിലെ ഈ നേതാവ് വിശാലമായി ചിന്തിക്കുന്ന ഭരണ കർത്താവും  വർണ്ണ വിവേചനത്തെ എതിർക്കുന്ന സാമൂഹിക ചിന്തകനും സാമ്പത്തിക സാമൂഹിക നയങ്ങളിൽ പുരോഗമനവാദിയുമെന്ന്  'ടയിം മാഗസിൻ'   കാർട്ടറെപ്പറ്റിയുള്ള  ഒരു ലേഖനത്തിൽ   പ്രകീർത്തിച്ചിരുന്നു.

1974-ൽ അമേരിക്കയുടെ പ്രസിഡൻഡായി  മത്സരിക്കുന്ന വാർത്ത കാർട്ടർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. രണ്ടു വർഷംകൂടി ഗവർണ്ണർ പദവിയുള്ള സമയത്ത് അദ്ദേഹം രാജ്യം മുഴുവൻ  യാത്ര ചെയ്ത് തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകൾ ഊർജമാക്കിക്കൊണ്ടിരുന്നു. സമൂഹത്തിന്റെ നാനാ തുറകളിള്ള  ജനങ്ങളോടായി പ്രസംഗങ്ങളും നടത്തിക്കൊണ്ടിരുന്നു. പ്രമുഖരായ അനേകരുമൊത്തു  മീറ്റിംങ്ങുകളും     സംഘടിപ്പിച്ചിരുന്നു. രാജ്യത്തിന്റെ വിശ്വസ്തത വീണ്ടെടുക്കുകയെന്നത് ജിമ്മി കാർട്ടറുടെ ഒരു പ്രധാന സന്ദേശമായിരുന്നു.

നിക്സന്റെ കുപ്രസിദ്ധമായ  വാട്ടർ ഗേറ്റ് സംഭവത്തിൽ നിക്സന്റെയും റിപ്പബിക്കൻ പാർട്ടിയുടെയും  പ്രതിച്ഛായ നഷ്ടപ്പെട്ട സമയവുമായിരുന്നു. വാട്ടർ ഗേറ്റ് വിവാദങ്ങളുമായി ബന്ധമില്ലാതെ വാഷിംഗ്ണ്ടനു വെളിയിലുള്ള രാഷ്ട്രീയക്കാരനെന്ന നിലയിൽ നോമിനേഷൻ കിട്ടാൻ കാർട്ടർക്ക് അനുകൂലമായ സമയവുമായിരുന്നു. 1976- ജൂലൈയിൽ ജിമ്മി കാർട്ടറിന്  ഡെമോക്രാറ്റ് നോമിനേഷൻ ലഭിച്ചു. മിനിസോട്ടായിലെ വാൾട്ടർ മോണ്ടയിലിനെ ഒപ്പം  മത്സരിക്കാൻ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. നിക്സണ്‍ രാജി വെച്ചശേഷം പ്രസിഡണ്ടായ ജെറാൾഡ് ഫോർഡിനോടായിരുന്നു മത്സരിക്കേണ്ടത്. 51 ശതമാനം   ജനകീയ വോട്ടോടെയും 297 ഇലക്ട്രോ വോട്ടോടെയും കാർട്ടർ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.

വളരെയധികം ശുഭാബ്ധി വിശ്വാസത്തോടെയാണ്  ജിമ്മി കാർട്ടർ  അമേരിക്കയുടെ  പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തത്. ആദ്യകാലങ്ങളിൽ ഭരണ നിർവഹണത്തെ സംബന്ധിച്ച് മീഡിയാകളുടെ പോളുകളിൽ നല്ല മതിപ്പുണ്ടായിരുന്നു. കാർട്ടറുടെ പ്രധാന നയം ഊർജം സംബന്ധിച്ചായിരുന്നു. ഓയിൽവില രാജ്യം മുഴുവൻ വർദ്ധിച്ചു കൊണ്ടിരുന്നു. വിദേശ ഓയിലിനെ ആശ്രയിക്കാതെ സ്വയം പര്യാപ്തി നേടാനുള്ള ശ്രമവും തുടങ്ങി. എട്ടു ശതമാനം വിദേശ ഒയിലിന്റെ  ഉപയോഗം  കുറച്ചെങ്കിലും 1979 -ലെ ഇറാനിയൻ വിപ്ലവം ഓയിൽ വില ഇരട്ടിയാകാൻ കാരണമായി. രാജ്യം മുഴുവൻ വാഹനങ്ങൾക്കുള്ള  'ഗ്യാസ്' റേഷനാക്കി. മണിക്കൂറോളം വാഹനങ്ങൾ  ഗ്യാസ് സ്റ്റേഷനുകളിൽ  നിരനിരയായി  നിന്നാലേ   റേഷനനുസരിച്ചുള്ള ഗ്യാസ് ലഭിച്ച് വണ്ടിയോടിക്കാൻ സാധിച്ചിരുന്നുള്ളൂ.

സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും വിലപ്പെരുപ്പവും നിയന്ത്രിക്കാൻ കാർട്ടർ കഠിനമായി പരിശ്രമിച്ചു. അദ്ദേഹത്തിൻറെ ഭരണകാലത്തിന്റെ അവസാന കാലങ്ങളിൽ ഏകദേശം എട്ടു മില്ല്യൻ തൊഴിലുകൾ സൃഷ്ടിക്കാൻ കഴിഞ്ഞു. ബഡ്ജെറ്റ് കമ്മി നികത്താൻ സാധിച്ചു. ദൌർഭാഗ്യവശാൽ വിലപ്പെരുപ്പവും പലിശ നിരക്കും അങ്ങേയറ്റം വർദ്ധിച്ചുവെന്നതായിരുന്നു സത്യം. അത് പരിഹരിക്കാൻ ശ്രമിച്ചപ്പോൾ താല്ക്കാലികമായ സാമ്പത്തിക തകർച്ചയുണ്ടായതും കാർട്ടറിന്റെ ഭരണ പരാജയമായിരുന്നു.
ആഭ്യന്തര കാര്യങ്ങളിൽ കാർട്ടർ ഭരണ കൂടത്തിന്  അനേക നേട്ടങ്ങളുണ്ടായി. പെട്രോളിയം അപര്യാപ്തത പരിഹരിക്കാൻ ഒരു ദേശീയനയം രൂപീകരിച്ചു. പെട്രോളിയം വിലകളിലുള്ള നിയന്ത്രണത്തിൽ  അയവു വരുത്തിക്കൊണ്ട് ദേശീയനിലവാരത്തിൽ ഉത്പ്പാദനം വർദ്ധിപ്പിക്കാൻ ശ്രമിച്ചു. പരീസ്ഥിതിയും പ്രകൃതിയും മെച്ചമാക്കാൻ ശ്രമങ്ങൾ തുടങ്ങി. ദേശീയ പാർക്കുകളും അലാസ്ക്കായിലെ 103 മില്ല്യൻ ഏക്കറും പരീസ്ഥിതിയുടെ സംരക്ഷണയിൽ കൊണ്ടുവന്നു. സാമൂഹിക സേവന വകുപ്പ് വിപുലീകരിച്ചു. വിദ്യാഭ്യാസ വകുപ്പ് പുനുദ്ധരിച്ചു. സോഷ്യൽ സെക്യൂരിറ്റി സിസ്റ്റം പരിഷ്ക്കരിച്ചു. സ്ത്രീകൾക്ക് എക്കാലത്തെക്കാളും ജോലിയവസരങ്ങൾ ലഭിച്ചു. കറുത്തവർക്കും ഹിസ്പ്പാനിക്കിനും കൂടുതൽ തൊഴിൽ സാദ്ധ്യതകൾ  വർദ്ധിക്കുകയും ചെയ്തു.

വിദേശനയങ്ങളിൽ കാർട്ടർക്ക് തനതായ അഭിപ്രായങ്ങളും തീരുമാനങ്ങളുമുണ്ടായിരുന്നു. കാർട്ടരുടെ   നേതൃത്വത്തിലുള്ള മനുഷ്യാവകാശ  പ്രവർത്തനങ്ങളെ  സോവിയറ്റു  യൂണിയനും മിഡിൽ ഈസ്റ്റ് രാജ്യങ്ങളും   അഭിനന്ദിച്ചിരുന്നു. ചില്ലീ, എല് സാവഡോർ, നിക്കാറാഗുവാ എന്നീ രാജ്യങ്ങളിൽ മനുഷ്യാവകാശ ലംഘനത്തിന്  സാമ്പത്തിക  സഹായം നിറുത്തൽ  ചെയ്തു. 1978-ലെ ക്യാമ്പ് ഡേവിഡ് ഉടമ്പടിയിൽ കാർട്ടറെ ലോകം മുഴുവൻ അഭിനന്ദിച്ചു. ഈജിപ്റ്റും ഇസ്രയേലും യുദ്ധമില്ലാതെ സമാധാനത്തിൽ  കഴിയാൻ കാരണമായി. '  അതനുസരിച്ച്   ഇസ്രായേൽ 'സീനായിൽ' നിന്ന് പിൻ വാങ്ങുകയും രണ്ടു സർക്കാരുകളും പരസ്പരം ബഹുമാനിക്കുന്ന ക്യാമ്പ് ഡേവിഡ് ഉടമ്പടിയിൽ ഒപ്പ് വെക്കുകയും ചെയ്തു. പനാമ കനാൽ' ഉടമ്പടിയും കാർട്ടരുടെ അന്തർ ദേശീയ വിജയമായിരുന്നു. ചൈനയുമായി പൂർണ്ണമായ നയതന്ത്രബന്ധം സ്ഥാപിച്ചു.  സോവിയറ്റ് യൂണിയനുമായി ന്യൂക്ലീയറായുധങ്ങൾ നിയന്ത്രിക്കുന്ന ഉടമ്പടിയും ഉണ്ടാക്കി.

എങ്കിലും അദ്ദേഹത്തിൻറെ ഭരണകാലത്ത് രസകരമല്ലാത്ത സംഭവ വികാസങ്ങളും ഉണ്ടായി. സോവിയറ്റ്‌ യൂണിയന്റെ അഫ്ഗാൻ ആക്രമണംമൂലം  അവരുമായി ഉണ്ടാക്കിയ 'SALT ഉടമ്പടി' റദ്ദാക്കേണ്ടി വന്നു.   രാജ്യത്തെ വിലപ്പെരുപ്പവും കാർട്ടറിന്റെ പ്രതിച്ഛായ തകർത്തു.1980-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കാർട്ടർ പരാജിതനായി. റൊണാൾഡ്‌ റേഗനോടായിരുന്നു മത്സരിച്ചത്. 1979 -ൽ  ഇറാനിലുള്ള 66 അമേരിക്കക്കാരെ അവിടുത്തെ വിപ്ലവകാരികൾ ബന്ധികളായി പിടിച്ചു വില പേശിക്കൊണ്ടിരുന്നത് കാർട്ടർ ഭരണത്തിന്റെ പരാജയ കാരണമായിരുന്നു. അവരെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ കാർട്ടറെ ജനം കഴിവില്ലാത്ത പ്രസിഡന്റായി വിലയിരുത്തി. അവസാനം, കാർട്ടർ പ്രസിഡന്റ് പദം അവസാനിപ്പിക്കുന്നവരെ 444 ദിവസങ്ങൾ അവരെ മോചിപ്പിക്കാനായി കാത്തിരിക്കേണ്ടി വന്നു.

വിദേശ നയങ്ങളിൽ കാർട്ടർ ഭരണത്തിൽ നേട്ടങ്ങൾ ഉണ്ടായിരുന്നെങ്കിലും  ആഭ്യന്തര കാര്യങ്ങളിലുള്ള ഭരണനിർവഹണത്തിന്  കാർട്ടർക്ക് വളരെയധികം തടസങ്ങളുണ്ടായിരുന്നു. കാർട്ടർ ഇഷ്ടപ്പെടുന്ന ഭരണപരമായ ബില്ലുകളൊന്നും  കോണ്‍ഗ്രസ് പാസാക്കുമായിരുന്നില്ല. കാർട്ടറുടെ അഭിപ്രായങ്ങള്ക്ക് കാര്യമായി വിലയും കല്പ്പിച്ചിരുന്നില്ല. കോണ്‍ഗ്രസ്സിൽ ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമില്ലാത്തതുകൊണ്ട്  നിയമങ്ങൾ പാസാക്കുവാനും ബുദ്ധിമുട്ടായിരുന്നു. അമേരിക്കയുടെ താല്പര്യം പരിഗണിക്കാത്ത പനാമ കനാൽ ഉടമ്പടി പരാജയമായിരുന്നു. തുടർച്ചയായ ഭരണവീഴ്ച്ചകൾമൂലം  ജിമ്മി കാർട്ടറുടെ ഭരണ കാലഘട്ടങ്ങൾ അമേരിക്കയുടെ കറുത്ത അദ്ധ്യായങ്ങളായി മാറി.

1980-ൽ ഒരു ഹോളിവുഡ് നടനും കാലിഫോർണിയാ ഗവർണ്ണറുമായ 'റൊണാൾഡ് റേഗൻ കാർട്ടർക്കെതിരെ പ്രസിഡൻഡായി മത്സരിക്കാൻ  രംഗത്ത് വന്നു.  തിരഞ്ഞെടുപ്പു  കാലങ്ങളിൽ  റേഗൻ ജനങ്ങളോടായി ഒരു ചോദ്യം ചോദിക്കുമായിരുന്നു ; " ഇന്നുള്ള നിങ്ങളുടെ ജീവിത നിലവാരം  നാലു വർഷം  മുമ്പുണ്ടായിരുന്നതിനേക്കാൾ മെച്ചമാണോ?" തൊഴിലില്ലായ്മയും വിലപ്പെരുപ്പവും കാരണം ഭൂരിഭാഗം അമേരിക്കൻ ജനതയുടെയും  ജീവിത നിലവാരം അക്കാലങ്ങളിൽ താണു പോയിരുന്നു. 1980-ലെ തിരഞ്ഞെടുപ്പിൽ കാർട്ടറെ പരാജയപ്പെടുത്തിക്കൊണ്ട് റൊണാൾഡ് റേഗൻ അമേരിക്കയുടെ നാൽപ്പതാം പ്രസിഡണ്ടായി.

കാർട്ടറുടെ  അമേരിക്കൻ പ്രസിഡന്റു  പദവി ഒരു പരാജയമായിരുന്നെങ്കിലും വൈറ്റ് ഹൌസിൽനിന്ന് പുറത്തിറങ്ങി കഴിഞ്ഞ് അദ്ദേഹത്തിൻറെ പേര് ജീവകാരുണ്യ പ്രവർത്തകനെന്ന നിലയിൽ ലോകം മുഴുവൻ പ്രസിദ്ധമായി. ഇന്ന് അമേരിക്കയിലെ മഹാന്മാരായ പ്രസിഡന്റ്മാരുടെ നിരയിൽ അദ്ദേഹവുമുണ്ട്. മനുഷ്യാവകാശങ്ങളെ സംരക്ഷിക്കാനായി 'കാർട്ടർ പ്രസിഡൻഷിയൽ ഫൌണ്ടേഷൻ ' എന്ന സ്ഥാപനം സ്ഥാപിച്ചു.  കഷ്ടപ്പെടുന്നവരെയും ദുരിതം അനുഭവിക്കുന്നവരെയും  സഹായിക്കാനായി ആ സംഘടന ആഗോളതലത്തിൽ വളർന്നു കഴിഞ്ഞിരിക്കുന്നു. ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലുമുള്ള  സമൂഹങ്ങളിൽ അദ്ദേഹത്തിന്റെ  ജീവകാരുണ്യ പ്രവർത്തനങ്ങളും ആരോഗ്യ പരിപാലന സേവനങ്ങളും തുടർന്നുകൊണ്ടിരുന്നു. ആഗോള സമാധാനത്തിനായി അദ്ദേഹം  വിശ്രമമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരുന്നു. ജനാധിപത്യം, മനുഷ്യാവകാശം, സാമ്പത്തിക സാമൂഹിക പുരോഗതി എന്നീ പ്രവർത്തനങ്ങളെ വിലമതിച്ച്  2002-ൽ ജിമ്മി കാർട്ടറിനു നോബൽ സമ്മാനം ലഭിച്ചു. പ്രസിഡൻന്റുപദം അവസാനിച്ച ശേഷം കാർട്ടർ അനേക പുസ്തകങ്ങളും എഴുതിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകളും  പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അമേരിക്കയിലെ പ്രസിദ്ധനായ പ്രസിഡന്റെന്ന നിലയിൽ ചരിത്രത്തിൽ കാർട്ടർ ഒരിക്കലും താഴെ പോവില്ല. സമത്വം, സാഹോദര്യം, ലോക സമാധാനം, മനുഷ്യാവകാശങ്ങൾ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ  എന്നീ തുറകളിൽ ചരിത്രത്തിലെ ഏറ്റവും  വലിയ സാമൂഹിക പ്രവർത്തകനായി അദ്ദേഹത്തിൻറെ നാമം നില നില്ക്കും. അദ്ദേഹത്തിൻറെ വിശ്രമമില്ലാത്ത പ്രവർത്തനങ്ങളെ ലോകം അംഗീകരിച്ചു കഴിഞ്ഞു. 2012-ലെ നോബൽ സമ്മാനം ലഭിച്ച വേളയിൽ അദ്ദേഹം പറഞ്ഞു, മനുഷ്യത്വത്തോടുള്ള നമ്മുടെ ബന്ധം ഭയം കൊണ്ടും സങ്കുചിത ചിന്തകൊണ്ടും വേറിട്ടവരേക്കാൾ ശക്തമാണ്. എന്താണ് നാം തിരഞ്ഞെടുക്കേണ്ടതെന്ന് തീരുമാനിക്കാൻ  ദൈവം ഓരോരുത്തർക്കും  അവസരം തന്നു. നമുക്ക് മറ്റുള്ളവരുടെ ദുഃഖം ഇല്ലാതാക്കാൻ ശ്രമിക്കാം. സമാധാനത്തിനായി ഒന്നിച്ച് ജോലി ചെയ്യാം. മാറ്റങ്ങൾ വരുത്താം. ലോകത്ത് ശാന്തിയും സമാധാനവും നേടാൻ മാറ്റങ്ങൾ കൂടിയേ തീരൂ."

ജിമ്മി കാർട്ടറിന്  മസ്തിഷ്ക്കത്തിൽ  ക്യാൻസർ രോഗം ബാധിച്ചിരിക്കുന്ന  വിവരം അദ്ദേഹം തന്നെ ലോകത്തെ അറിയിച്ചു.  ' ജീവിതത്തെ അഭിമുഖീകരിക്കാൻ  താൻ മനസ്സാ തയ്യാറായിരിക്കുന്നുവെന്നും ഇനിയെല്ലാം  ദൈവത്തിന്റെ കരങ്ങളിലെന്നും  അവിടുത്തെ വിധിയെ  മാനിക്കുന്നുവെന്നും'   ഒരു പുഞ്ചിരിയോടെ ചുറ്റും കൂടി നിന്നവരോടായി കാർട്ടർ പറഞ്ഞു.  ജീവിതത്തിൽ ഏറ്റവും ഖേദിക്കുന്ന കാര്യം എന്തെന്ന് ആരോ ചോദിച്ചപ്പോൾ "ഇറാനിൽ നിന്നും ബന്ധികളായ അമേരിക്കക്കാരെ രക്ഷിക്കാനുള്ള  'ഹെലികോപ്റ്റർ  ദൌത്യം' പരാജയപ്പെട്ടതെന്നും, മറ്റൊരു ഹെലികോപ്റ്റർ കൂടി ഒപ്പം അയച്ചിരുന്നുവെങ്കിൽ ബന്ധികളെ രക്ഷിക്കാനുള്ള ദൌത്യം വിജയകരമാകുമായിരുന്നുവെന്നും, എങ്കിലും നിരാശയില്ലെന്നും അടുത്ത നാലു വർഷം കൂടി അമേരിക്കൻ പ്രസിഡണ്ടു പദത്തിൽ ഇരിക്കുന്നതിനേക്കാൾ  ജീവകാരുണ്യ പ്രവർത്തനത്തിനുള്ള അവസരം കിട്ടിയെന്നും, താൻ സ്ഥാപിച്ച 'കാർട്ടർ ഫൗണ്ടേഷൻ സെന്ററിൽ'   അഭിമാനിക്കുന്നുവെന്നും അതുമൂലം  2002-ൽ   നോബൽ സമ്മാനം ലഭിച്ചെന്നും"  കാർട്ടർ അവരുടെ ചോദ്യങ്ങൾക്ക്  മറുപടിയായി  പറഞ്ഞു.  അദ്ദേഹം തുടർന്നു,  "കഴിഞ്ഞ കാലങ്ങളിലേയ്ക്ക്  പുറകോട്ടൊന്നു ചിന്തിച്ചാൽ സുന്ദരമായ  ഒരു ജീവിതം  തനിയ്ക്കുണ്ടായിരുന്നു. ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും സ്നേഹിക്കുന്നവരായ ആയിരക്കണക്കിനു  സുഹൃത്തുക്കൾ ‌  തന്റെ രോഗശമനത്തിനായി  അഭിലക്ഷിക്കുന്നതും മനസിന്‌ കുളിർമ്മ നല്കുന്നു."

നേപ്പാളിൽ ഭവന രഹിതർക്കായി വീടുകൾ പണിയാൻ അടുത്ത മാസം 'കാർട്ടർ' പോകാനിരിക്കുകയായിരുന്നു. ആ ജോലി ബന്ധുജനങ്ങളെ ഏല്പ്പിച്ച് വിശ്രമ ജീവിതത്തിലേയ്ക്ക് പ്രവേശിക്കാൻ അദ്ദേഹം ഒരുങ്ങുന്നു. അദ്ദേഹത്തിനായി അത്യാധുനിക ക്യാൻസർ ചീകത്സകൾ ജോർജിയായിലെ എമറി ഹോസ്പിറ്റലിൽ ലോകപ്രസിദ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ   നല്കി വരുന്നു.









Tuesday, August 18, 2015

ഫ്രാൻസീസ് മാർപാപ്പായും ആദ്ധ്യാത്മിക വിപ്ലവ ചിന്തകളും



By ജോസഫ് പടന്നമാക്കൽ

2013 മാർച്ച് പതിമൂന്നാം തിയതി  അർജന്റീനയിലെ കർദ്ദിനാൾ ജോർജ് ബെർഗോളിയെ   സഭയുടെ ഇരുന്നൂറ്റി അറുപത്തിയാറാമത് മാർപ്പായായി, പത്രോസിന്റെ പിൻഗാമിയായി കർദ്ദിനാൾ സംഘം  തിരഞ്ഞെടുത്തു. വത്തിക്കാനിൽ പുതിയ പാപ്പാ   ആരെന്നറിയാൻ ലോകം മുഴുവൻ ആകാംഷയോടെ കാത്തിരിക്കുന്ന സമയമായിരുന്നു. വെളുത്ത പുക കണ്ട് അവിടെ തിങ്ങികൂടി,  നോക്കി നില്ക്കുന്ന ജനത്തോടായി വത്തിക്കാന്റെ  ഉച്ഛഭാഷണികൾ ശബ്ദിച്ചതിങ്ങനെ, "സമസ്ത ലോകത്തോടുമായി ഒരു സന്തോഷ വാർത്തയറിയിക്കുന്നു. നമുക്കൊരു മാർപ്പാപ്പായെ ലഭിച്ചിരിക്കുന്നു.' ഈ സദ്‌വാർത്ത  വിളിച്ചു പറഞ്ഞത് മാർപ്പാപ്പാ സെന്റ് പീറ്റേഴ്സ്  സ്ക്വ യറിലെ ബാൽക്കണിയിൽക്കൂടി സാവധാനം നടന്നുവന്ന സമയത്തായിരുന്നു.   AD 741 നു ശേഷം തിരഞ്ഞെടുത്ത യൂറോപ്യനല്ലാത്ത ആദ്യത്തെ മാർപ്പായാണദ്ദേഹം. അർജന്റീനയിൽ നിന്നും വന്ന സഭയുടെ ഈ രാജകുമാരൻ 'ഫ്രാൻസീസ് അസ്സീസ്സിയുടെ' പേര് സ്വീകരിച്ചപ്പോൾ അദ്ദേഹത്തിൻറെ സുഹൃത്ത് 'കാർഡിനൽ ഹ്യൂംസ്'  ആലിംഗനം ചെയ്തുകൊണ്ട് പുതിയ മാർപ്പായോടു പറഞ്ഞു, 'അങ്ങ് ദരിദ്രരായവരെ മറക്കരുത്.' അപ്പോഴാണ് ദരിദ്രരുടെ വിശുദ്ധനായ ഫ്രാൻസീസ്  അസ്സീസിയെപ്പറ്റി അദ്ദേഹത്തിൻറെ മനസ്സിൽ ആശയങ്ങളുദിച്ചത്.

1936-ൽ,  അഞ്ചു മക്കളുള്ള ഒരു കുടുംബത്തിലെ  ആദ്യത്തെ മകനായി ജോർജ് മാരിയോ ബെർഗോളി അർജന്റീനയിൽ 'ബ്യൂനോസ് എയഴ്സ്'  എന്ന സ്ഥലത്ത് ജനിച്ചു. അദ്ദേഹത്തിൻറെ മാതാപിതാക്കൾ  ഇറ്റാലിയൻ കുടിയേറ്റക്കാരായിരുന്നു. പിതാവ് അർജന്റീന റയിൽവെയിൽ  അക്കൌണ്ടന്റായി  ജോലിയിലും. ബെർഗോളി, കെമിക്കൽ  ടെക്കനീഷനായി  ആദ്യം ഡിഗ്രീ സമ്പാദിച്ചു.  എന്നാൽ അദ്ദേഹത്തിനു നിയോഗം വീണത്‌  ഒരു വൈദികനാകാനായിരുന്നു. 1958-ൽ  ഈശോ സഭയിൽ ചേർന്നു. 1969-ൽ വൈദികനായി ആദ്യത്തെ  കുർബാനയർപ്പിച്ചു. 1992 മെയ് മാസത്തിൽ  ജോണ്‍  പോൾ രണ്ടാമൻ മാർപ്പാപ്പാ അദ്ദേഹത്തെ 'ബ്യൂനോസ് എയഴ്സിൽ' സഹായ  ബിഷപ്പായി വാഴിച്ചു. 1998-ൽ ആർച്ച്  ബിഷപ്പും 2001-ൽ കർദ്ദിനാളായും ജോണ്‍  പോൾ അദ്ദേഹത്തെ നിയമിച്ചു. 2005-ൽ ജോണ്‍ പോളിന്റെ മരണശേഷം കർദ്ദിനാൾ ബെർഗോളി പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിൽ പങ്കെടുത്തിരുന്നു. അന്ന്  പോപ്പായി ബനഡിക്റ്റിനെ തിരഞ്ഞെടുത്തെങ്കിലും വിജയ സാദ്ധ്യതയോടെ ബെർഗോളി ഒപ്പംതന്നെ   മുമ്പിലുണ്ടായിരുന്നു. മാർപാപ്പായാകാൻ  തെല്ലും താല്പര്യമില്ലാതിരുന്ന അദ്ദേഹം കോണ്‍ക്ലേവിൽ സംബന്ധിച്ചവരോട് തനിക്ക് വോട്ടു ചെയ്യാതെ അർഹപ്പെട്ടവർക്ക് വോട്ടു ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തു. 'ബ്യൂനോസ് എയഴ്സിൽ' ആർച്ച് ബിഷപ്പായിരുന്ന കാലത്ത് അദ്ദേഹത്തിന്  സാധുക്കളെ സഹായിക്കുന്ന  ഒരു മിഷിനറി  പ്രോജക്റ്റുമുണ്ടായിരുന്നു. സാധുക്കൾക്കുവേണ്ടി പുരോഹിതർ ഒത്തു ചേർന്നു പ്രവർത്തിക്കണമെന്ന്  അദ്ദേഹം ആവശ്യപ്പെടുമായിരുന്നു. സഭയുടെ പാരമ്പര്യ പഠനങ്ങളിലും ആദ്യമ സഭകളുടെ കാഴ്ച്ചപ്പാടുകളിലും  സുവിശേഷ വേലകളിലും  ശക്തമായ പിന്തുണയും  നല്കിയിരുന്നു.

സ്വന്തം ദേശമായ അർജന്റീനയിലായിരുന്നപ്പോൾ അവിടെയുള്ള   ദേവാലയ സന്ദർശന വേളകളിൽ 'എനിക്കുവേണ്ടി പ്രാർത്ഥിക്കാൻ പറയുക' ബെർഗോളിയുടെ പതിവുപല്ലവിയായിരുന്നു.  മാർച്ച് പതിമൂന്നാം തിയതി ബെർഗോളി സെന്റ് പീറ്റഴ്സിന്റെ  അനന്തരാവകാശിയായ ദിനം 'എനിയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക'യെന്ന  അതേ അഭ്യർത്ഥന ലോകത്തോടായി  നടത്തി. ഫ്രാൻസീസ് അസ്സീസ്സിയെന്ന എളിമയാർന്ന വിശുദ്ധന്റെ നാമം സ്വീകരിച്ചുകൊണ്ട്  വത്തിക്കാൻ പട്ടണത്തിന്റെ ഭരണാധികാരിയായി. ചൈനയോളം ജനസംഖ്യയുള്ള   കത്തോലിക്കാ സഭയുടെ തലവനും, ചുറ്റും  ചുവപ്പുനാടകളും അഴിമതികളിൽ  നീരാടുന്ന വത്തിക്കാനിലെ  ബ്യൂറോക്രസിയും പുതിയ മാർപ്പായുടെ വെല്ലുവിളികളായിരുന്നു. മാർപ്പാപ്പായായി തിരഞ്ഞെടുത്തയുടൻ ഒരു സാധാരണ ദിനം പോലെ താമസിച്ചിരുന്ന ഹോട്ടൽബിൽ  തനിയെ നടന്നു പോയി അടച്ചതും സകലരിലും വിസ്മയമുളവാക്കിയിരുന്നു.

സഭയുടെ  പുതിയ മഹായിടയൻ  ചിന്തിച്ചു കാണും, വിശക്കുന്ന ആട്ടിൻക്കുട്ടികൾക്ക്  ശരിയായ ഭക്ഷണമില്ല. ഇടയലോകം ആർഭാടമായി ജീവിക്കുന്നു. ബനഡിക്റ്റും  ജോണ്‍ പോളും തീയോളോജി  പ്രൊഫസർമാരായിരുന്നെങ്കിൽ ഫ്രാൻസീസ് മാർപ്പാപ്പാ ജാനിറ്ററും  രാത്രി ക്ലുബുകളിലെ ജോലിക്കാരനും കെമിക്കൽ ടെക്കനിഷ്യനും ഭാഷാദ്ധ്യാപകനുമായിരുന്നു. ദുരിത പൂർണ്ണമായ ലോകത്തിൽ ദു:ഖിക്കുന്നവരുടെയും ദരിദ്രരുടെയും ആശ്വാസ കേന്ദ്രം സഭയാണെന്ന   ലക്ഷ്യത്തോടെയാണ് ഫ്രാൻസീസ് മാർപ്പാപ്പാ പാസ്റ്റ്രറൽ ദൌത്യം തുടങ്ങിയത്.   കാര്യക്ഷമയോടെ തന്റെ കർമ്മങ്ങൾ ഓരോ ദിവസവും  അദ്ദേഹം പതിവ് തെറ്റിക്കാതെതന്നെ നിർവഹിച്ചുകൊണ്ടിരിക്കുന്നു.

ഫ്രാൻസീസ്  മാർപാപ്പായുടെ  ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും പ്രാർത്ഥനയിൽക്കൂടിയാണ്.  രാവിലെ അഞ്ചു മണിക്ക് എഴുന്നേൽക്കും. സാന്റാ മാർത്താ ചാപ്പലിൽ എഴുമണിയ്ക്ക്  കുർബാന അർപ്പിക്കുന്നവരെ   പ്രാർത്ഥിച്ചുകൊണ്ടിരിക്കും. സുപ്രഭാതത്തിലെ  ഭക്ഷണം കഴിഞ്ഞ് എട്ടു മണിക്ക് അദ്ദേഹത്തിൻറെ ഔദ്യോഗിക ദിനമാരംഭിക്കും. പത്തുമണി വരെ ഓഫീസ് പേപ്പറുകൾ പരിശോധിക്കും. പിന്നീട് സെക്രട്ടറിമാരുമായി മീറ്റിങ്ങുകൾ ആരംഭിക്കുകയായി.  ഉച്ചവരെ കർദ്ദിനാൾ, ബിഷപ്പുമാർ തൊട്ട് അല്മേനികൾ വരെ മുഖാ മുഖ സംഭാഷണങ്ങൾക്കായി സമയം ചെലവഴിക്കും. പിന്നീട് ഉച്ച ഭക്ഷണവും അര മണിക്കൂർ വിശ്രമവും. അതിനു ശേഷം ആറു മണിക്കൂർ ജോലി കഴിഞ്ഞ് അത്താഴ ഭക്ഷണം കഴിക്കും. പ്രാർത്ഥിക്കും.പത്തുമണിയ്ക്ക് ഉറങ്ങാൻ പോകും.   സമയമായി,  ഞാൻ ദൈവത്തിന്റെ പരിപാലനയിൽ ഇന്ന് രാത്രിയിലും ഉറങ്ങാൻ പോവുകയാണെന്ന് തല കുലുക്കിക്കൊണ്ട് ചുറ്റുമുള്ളവരോട് പറയും,

വത്തിക്കാനിൽ സെന്റ് പീറ്റെഴ്സ് സ്ക്വയറിൽ  തടിച്ചു കൂടുന്ന ജനത്തോട് എല്ലാ ബുധനാഴ്ചയും ബാൽക്കണിയിൽ  നിന്നു സംസാരിക്കും.  ഡിസംബർ മാസത്തിലെ തണുപ്പുള്ള ദിനത്തിൽ മാർപ്പാപ്പായുടെ പ്രസംഗം ശ്രവിക്കാൻ സാധാരണ മുപ്പതിനായിരം ജനങ്ങളോളം തടിച്ചു കൂടാറുണ്ട്. ദീപങ്ങളാൽ അലംകൃതമായ രാത്രിവേളകളിൽ  യേശുവിന്റെ ജനനത്തെപ്പറ്റിയും ദൌത്യങ്ങളെപ്പറ്റിയും പുനരുദ്ധാരണത്തെപ്പറ്റിയും മാർപ്പാപ്പ സംസാരിക്കും. എത്ര തണുപ്പുള്ള രാത്രിയെങ്കിലും മാർപ്പാപ്പയുടെ   ശബ്ദം   ഗാംഭീര്യം നിറഞ്ഞതായിരിക്കും. പ്രസംഗം  സംഗീതാത്മകമായിരിക്കും. കൊച്ചു കൊച്ചു കഥകളും തത്ത്വചിന്തകളും ഉപമകളും നിറഞ്ഞ അദ്ദേഹത്തിൻറെ പ്രസംഗം കേൾവിക്കാർക്ക് ഒരു ഹരം തന്നെയാണ്.  ജനങ്ങൾ കാതോർത്ത് ആ വലിയ മുക്കവന്റെ പ്രസംഗം ശ്രവിക്കുകയും ചെയ്യും. കൈകളിൽ പ്രസംഗത്തിന്റെ നക്കൽ  എഴുതിയ കടലാസുകൾ കാണും. ഉടൻ, മറ്റുള്ള പുരോഹിതർ മാർപ്പാപ്പായുടെ പ്രസംഗം ഫ്രഞ്ചിലും ജർമ്മൻ ഭാഷയിലും സ്പാനിഷിലും, പോർട്ടുഗീസിലും  ഇംഗ്ലീഷിലും അറബിയിലും തർജിമ ചെയ്ത് ജനക്കൂട്ടത്തെ കേള്പ്പിക്കും.

ഫ്രാൻസീസ് മാർപ്പാപ്പാ  സ്വന്തം നാട്ടിൽ  ആർച്ച് ബിഷപ്പായിരുന്ന കാലത്ത്   രാത്രികാലങ്ങളിൽ   ആരുമാരുമറിയാതെ ഭവനരഹിതരുമായി ഭക്ഷണം പങ്കു വെയ്ക്കുവാൻ സഞ്ചരിക്കുമായിരുന്നു. തെരുവിലിരിക്കുന്ന ദരിദ്രരുമൊത്ത്   ഭക്ഷണം കഴിക്കുമായിരുന്നു. അനാഥരായവരെ പരിചരിക്കാനെത്തുന്ന അദ്ദേഹം അവരുടെ പ്രിയങ്കരനായിരുന്നു. ഇന്ന്, അദ്ദേഹം ലോകം മുഴുവൻ ഉറ്റു നോക്കിക്കൊണ്ടിരിക്കുന്ന മഹാനായ മാർപ്പാപ്പയാണ്. ഈ രാത്രിശ്വര  സഞ്ചാരിക്ക്, സ്വിസ് ഗ്വാർഡിന്റെ കണ്ണു വെട്ടിച്ച് പുറത്തേയ്ക്ക് പോവുക എളുപ്പമല്ല. എങ്കിലും, ഇന്നും ദരിദ്രരെയും, അവശരെയും വൃദ്ധരേയും സഹായിക്കാൻ രാത്രിയുടെ അന്തിയാമങ്ങളിൽ ഇറ്റലിയിലെ തെരുവുകളിൽ അജ്ഞാതനായി വെറും സാധാരണ വേഷത്തിൽ അദ്ദേഹം സഞ്ചരിക്കാറുണ്ട്.

2013-ൽ 'ടയിം  മാഗസിൻ'  മാർപ്പാപ്പയെ 'മാൻ ഓഫ് ദി യീയർ (Man of  the year) ആയി  തിരഞ്ഞെടുത്തപ്പോൾ  ആ വാർത്ത അനേകർക്ക് വിസ്മയകരമായിരുന്നു. ഒരു യൂറോപ്പ്യനല്ലാത്ത മാർപ്പാപ്പയുടെ വാർത്തകൾ  തലക്കെട്ടായി ലോക മാദ്ധ്യമങ്ങൾ മുഴുവൻ നിറഞ്ഞു നിന്നത്1200 വർഷത്തെ സഭയുടെ ചരിത്രത്തിൽ ആദ്യമായിരുന്നു. സഭയെ സമൂലമായി പരിവർത്തന വിധേയമാക്കാനുള്ള  വിപ്ലവ ചിന്തകൾ മുഴക്കിക്കൊണ്ടാണ് ഈ മുക്കവ പിൻഗാമി പത്രോസിന്റെ സിംഹാസനത്തിലിരുന്നത്.  മാറ്റങ്ങൾക്ക് അദ്ദേഹം തയ്യാറാണെങ്കിലും മൂത്തു മുരടിച്ച യാഥാസ്ഥിതിക ലോകം അതിനു സമ്മതിക്കുന്നില്ല.

മുമ്പുണ്ടായിരുന്ന മാർപ്പാപ്പാമാരും ലോകം മുഴുവനുമുള്ള സഭയുടെ കർദ്ദിനാളന്മാരും മെത്രാന്മാരും ആഘോഷമായും വില കൂടിയ കാറുകളിലും , ബെൻസിലും കസ്റ്റം ബില്റ്റ് കാറുകളിലും സഞ്ചരിച്ചപ്പോൾ   എളിയവനായ  ഫ്രാൻസീസ് മാർപ്പാപ്പാ സഞ്ചരിക്കുന്നത് ഫോർഡ്  മോട്ടോർ കമ്പനിയുടെ വെറും ഒരു സാധാരണ കാറിലാണ്.   അദ്ദേഹം ഉപയോഗിച്ചിരുന്ന മോട്ടോർ സൈക്കിൾ ലേലത്തിൽ വിറ്റ് ഭവന രഹിതരുടെ ആശ്വാസ ഫണ്ടിലേക്കു  ദാനം നല്കി. മാർപ്പാമാർ പാരമ്പര്യമായി താമസിച്ചിരുന്ന പേപ്പൽ കൊട്ടാരം ഫ്രാൻസീസ് മാർപ്പാപ്പായ്ക്ക് വേണ്ടായിരുന്നു. പകരം കർദ്ദിനാളെന്ന നിലയിൽ അതിഥിയായി താമസിച്ചിരുന്ന ഒരു അപ്പാർട്ടുമെന്റാണ് താമസിക്കാനായി മാർപ്പാപ്പാ തിരഞ്ഞെടുത്തത്. വത്തിക്കാനിലെ താമസക്കാരും പുരോഹിതരും ബിഷപ്പുമാരുമൊത്ത ഒരു സമൂഹമായി ജീവിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. കൂടാതെ വത്തിക്കാനിൽ വരുന്ന നയതന്ത്രജ്ഞരെയും രാജ്യങ്ങളുടെ ഭരണാധികാരികളെയും സ്വീകരിക്കണം. ഒരു വിശാലമായ ഹാൾ ഉള്ളതുകൊണ്ട് അതിഥികൾ വന്നാലും  സ്വീകരിക്കാൻ സാധിക്കും. കൊണ്‍ക്ലേളേവിനു വരുന്ന  കർദ്ദിനാൾമാർക്കു വേണ്ടി  1996-ൽ  പണി കഴിപ്പിച്ചതാണ്‌ ഈ അതിഥി മന്ദിരം. മാർപ്പാപ്പായായ മുതൽ ഫ്രാൻസീസ് മാർപ്പാപ്പാ  മറ്റുള്ള താമസക്കാരൊത്തു പൊതുവായാണ് ഭക്ഷണശാലയിൽനിന്നും ഭഷണം   കഴിക്കുന്നത്‌. വത്തിക്കാനിലെ ജോലിക്കാർക്കായി പ്രധാന ചാപ്പലിൽ എന്നും ഏഴു മണിക്ക് കുർബാനയും ചൊല്ലും.

സ്വവർഗരതികളുടെ ജീവിതത്തിൽ സഭയിടപെടരുതെന്ന് മുന്നറിയിപ്പ് കൊടുത്തു.''ആരെങ്കിലും സ്വവർഗാനുഷ്ടാനത്തിൽ ജീവിതം തള്ളി നീക്കുന്നവരെങ്കിൽ, അവർ ദൈവത്തെ അന്വേഷിക്കുന്നുവെങ്കിൽ,  നന്മയുള്ളവരെങ്കിൽ  'ഞാൻ ആര്' അവരെ നിയന്ത്രിക്കാനെന്നു'' മാർപാപ്പാ  ചോദിക്കുന്നു.ജയിൽ വാസികളുടെ ചാപ്പലിൽ  കുർബാന ചൊല്ലിയതും   അവിടുത്തെ അന്തേവാസികളുടെ കാലുകൾ കഴുകി മുത്തിയതും   മാർപ്പാപ്പയുടെ എളിമയും വ്യക്തിത്വവും പ്രകടമാക്കുന്നു. സെപ്റ്റംബറിൽ   മാർപ്പാപ്പ  കുടുംബങ്ങളുടെ കോണ്‍ഗ്രസ്  സമ്മേളനത്തിനായി ഫിലാഡല്ഫിയായിൽ ' വരുന്ന വേളയിൽ അവിടുത്തെ ജയിലും സന്ദർശിക്കുന്നുണ്ട്. വടക്കെ ഫിലാഡല്ഫിയായിൽ ഡല് വയർ നദിയുടെ തീരത്താണ് ഈ ജയിൽ സ്ഥിതി ചെയ്യുന്നത്.   സഭയുടെ  ഔദ്യോഗിക വക്താവായിരുന്ന മോണ്‍സിഞ്ഞോർ 'വില്ല്യം  ലിൻ'   കുറ്റക്കാരനായി വിധിച്ച് ഫിലാഡല്ഫിയാ  ജയിലിലെ അന്തേവാസിയായി കഴിയുന്നു. കുട്ടികളുടെമേൽ പുരോഹിതർ നടത്തിയ ലൈംഗിക പീഡനങ്ങൾ ഉത്തരവാദിത്വപ്പെട്ട ഭരണകാര്യ നിർവാഹകനെന്ന നിലയിൽ  തെറ്റായി  കൈകാര്യം ചെയ്തുവെന്നാണ് ഇദ്ദേഹത്തിന്റെ പേരിലുള്ള കുറ്റം.    മൂന്നു കൊല്ലത്തെയ്ക്കാണ് ശിക്ഷിച്ചിരിക്കുന്നത്.   ജയിൽ സന്ദർശനശേഷം സെപ്റ്റംബർ ഇരുപത്തിയേഴാം തിയതി സമ്മേളിക്കുന്ന  ചരിത്ര പ്രസിദ്ധമായ കുടുംബ കോണ്‍ഗ്രസ്സിൽ മാർപ്പാപ്പാ പങ്കുകൊള്ളും.

നാല്പ്പത്തിനാല് വയസുള്ള ഒരു സ്ത്രീ ബലാൽ സംഗത്തിനിരയായ ദയനീയ കഥ അവർ  മാർപ്പാപ്പയ്ക്ക് നേരിട്ടെഴുതി. സാധാരണ കത്തുകൾ അയക്കുന്നത്   മാർപാപ്പാ വായിക്കാറില്ല. യാദൃശ്ചികമായി ഈ കത്ത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുകയും നേരിട്ട് ടെലഫോണ്‍  ചെയ്ത് ആ സ്ത്രീയെ ആശ്വസിപ്പിക്കുകയും ചെയ്തു. 'ന്യൂറോ ഫൈബ്രാ മോട്ടീസ്' എന്ന ജന്മനാ രോഗമുള്ള വിരുപനായ ഒരു രോഗിയെ കണ്ട മാത്രയിൽ മാർപ്പാപ്പാ അയാളെ ആലിംഗനം ചെയ്തു.അതി വിരൂപമായി വൈകല്യമുള്ള ഈ മനുഷ്യനെ  മാർപ്പാപ്പ സ്പർശിച്ചപ്പോൾ  കാരുണ്യത്തിന്റെ ദേവനായ ക്രിസ്തുവിൽ ലോകം അദ്ദേഹത്തെ കണ്ടു. ലോക മനസാക്ഷിയെ സ്പർശിക്കുകയും  കോൾമയിർ കൊള്ളിക്കുകയും ചെയ്തു.മാർപ്പാപ്പാ  ആ മനുഷ്യന്റെ മുമ്പിൽ ഒരു നിമിഷം നിശ്ചലനായി നിന്നു. അയാളുടെ ശരീരത്തിലെ ഓരോ സെല്ലുകളും കാൻസർകൊണ്ട് വേദന നിറഞ്ഞതായിരുന്നു. മാർപ്പാപ്പായുടെ കൈകൾ  രോഗിയായ ആ  മനുഷ്യനെ സ്പർശിച്ചു. കാൻസർ ട്യൂമറുകൾ വ്യക്തമായി കാണാവുന്ന അയാളുടെ  തല മാർപ്പാപ്പായുടെ നെഞ്ചോട്‌ ചേർത്തു വെച്ചു. "സാർവത്രിക സ്നേഹവും ദീനാനുകമ്പയും ആത്മധൈര്യത്തിൽ നിന്നാരംഭിക്കുന്നു.  സ്വന്തം കൈകളിൽ അഴുക്കു പുരളുമെന്ന ഭയം ഇല്ലാതാക്കിയാലെ  മറ്റുള്ളവരെ സഹായിക്കാനുള്ള മനസാക്ഷിയെ ഉണർത്തുകയുള്ളൂ. മാർപ്പാപ്പാ പറയുന്നപോലെ തന്നെ ജീവിതാനുഭവങ്ങളിലെ  ഓരോ പ്രവർത്തന മണ്ഡലങ്ങളിലും പറയുന്നത് പ്രാവർത്തികമാക്കുകയും ചെയ്യുന്നു.  അദ്ദേഹത്തിൻറെ പ്രായോഗിക ജീവിതം  മറ്റുള്ളവർക്ക് മാതൃകയുമാണ്‌.

ബ്രസീലിൽ അദ്ദേഹം സന്ദർശിച്ചപ്പോൾ  അവിടുത്തെ ഗ്രാമീണ വാസികളുമായി സമയം ചെലവഴിച്ചു. ആമസോണ്‍   വനങ്ങളെയും പ്രകൃതിയേയും സംരക്ഷിക്കണമെന്നു പറഞ്ഞു. മനുഷ്യനു  നല്കിയ ഈ ഭൂമിയെ പൂന്തോട്ടങ്ങൾ പോലെ പരിപാലിക്കാനും ഭൂമിയെ ചൂഷണം ചെയ്യുന്നവർക്കെതിരെ സമരം ചെയ്യാനും  ആഹ്വാനം ചെയ്തു.തെക്കേ അമേരിക്കയിലെ 'ഇക്കുഡോർ' നഗരിയിൽ 'കാത്തലിക്ക് യൂണിവേഴ്സിറ്റി' വിദ്യാർത്ഥികളോട് മാർപ്പാപ്പാ സംസാരിക്കവേ, പ്രകൃതിയെ പരിരക്ഷിക്കണമെന്ന് ശക്തമായ ഭാഷയിൽ പറഞ്ഞു. 'ഭൂമിയെ പരിപാലിക്കുകയെന്നത്  ഒരു ശുപാർശയല്ലെന്നും അടിയന്തിരമായി സത്വര നടപടികൾ എടുത്തേ മതിയാവൂയെന്നും' മാർപ്പാപ്പാ  പറഞ്ഞു. ദൈവം തന്ന സുന്ദരമായ ഈ ഭൂമിയെ ഉത്തരവാദിത്തമില്ലാത്ത മനുഷ്യൻ  പാഴ് വസ്തുക്കൾ ദുരുപയോഗം ചെയ്തും അന്തരീക്ഷം നശിപ്പിച്ചും പുഴകളിൽ അഴുക്കു ചാലുകൾ നിറച്ചും വനങ്ങൾ കൊള്ള ചെയ്തും പാറകൾ പൊട്ടിച്ചും   നശിപ്പിച്ചു.

പ്രകൃതിയുടെ സമതുലാനവസ്ഥയും പ്രകൃതിയുടെ രക്ഷയും സംബന്ധിച്ചുളള   തീവ്ര  നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മാർപ്പാപ്പാ ഒരു ചാക്രിക ലേഖനം  തയ്യാറാക്കി ലോക നേതാക്കൾക്ക് അയച്ചുകൊടുത്തിരുന്നു. മാർപ്പാപ്പയുടെ ചാക്രിക ലേഖനത്തെ ശരിവെച്ചുകൊണ്ട്  നേതാക്കന്മാർ പ്രതികരിക്കുകയും ചെയ്തു . ഒബാമ പറഞ്ഞു, '2015  ഡിസംബർ മാസത്തിൽ ഭൂമിയുടെ താപ നിലയെപ്പറ്റി വിശകലനം ചെയ്യാൻ ലോകനേതാക്കൾ  പാരീസിൽ കൂടുമ്പോൾ മാർപ്പാപ്പായുടെ ഈ ആഹ്വാനത്തിന് പിന്തുണ നല്കണം. അതുപോലെ എല്ലാ ദൈവമക്കളും  നമ്മുടെ  ഭവനമായ ഭൂമിയെ രക്ഷിക്കാനുള്ള ഉപാധികൾക്കായി  ഒത്തൊരുമിച്ച് പ്രവർത്തിക്കണം. നമ്മുടെ കുഞ്ഞുങ്ങളെയും കുഞ്ഞുങ്ങളുടെ കുഞ്ഞുങ്ങളെയും ഭൂമിയുടെ സമതുലനാവസ്തയിലെ മാറ്റങ്ങളിൽ നിന്നുള്ള അപകടങ്ങളിൽ നിന്നും രക്ഷിക്കേണ്ട കടമകളും നമുക്കുണ്ട്.'

'ദൈവത്തിന്റെ മുമ്പിലും   സമൂഹത്തിലും നിരീശ്വര വാദികളിൽ  നല്ലവരുണ്ടെന്ന ' മാർപ്പാപ്പയുടെ അഭിപ്രായം സഭയുടെ പാരമ്പര്യ വിശ്വാസത്തിനെതിരായ ഒരു വെല്ലുവിളിയും  ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതുമായിരുന്നു.  'അവിശ്വാസികൾ  തിന്മ നിറഞ്ഞവരെന്ന സഭയുടെ കാഴ്ചപ്പാട്  തെറ്റാണെന്നും' അദ്ദേഹം പറഞ്ഞു. മാർപ്പാപ്പയുടെ വാക്കുകളുടെ ചുരുക്കമിങ്ങനെ ,"നന്മ ചെയ്യുന്ന നിരീശ്വരവാദികൾ  നല്ലവർ തന്നെയാണ്. ക്രിസ്തു  രക്തം ചിന്തപ്പെട്ടത്‌ സകലമാന ജനവിഭാഗങ്ങൾക്കും വേണ്ടിയെന്നു സഭ വിശ്വസിക്കുന്നു. യേശുവിന്റെ പുനരുദ്ധാരണം കത്തോലിക്കർക്കുവേണ്ടി മാത്രമല്ല .പിതാവ് എല്ലാവർക്കുവേണ്ടിയും അവിടുത്തെ വിശ്വസിക്കാത്ത നിരീശ്വര വാദികൾക്കും വേണ്ടിയായിരുന്നു. ദൈവേഷ്ടം നിറവേറ്റാൻ ദൈവമക്കളായ നാം ഓരോരുത്തരും നന്മ ചെയ്യാൻ കടപ്പെട്ടിരിക്കുന്നു.  ദൈവത്തിന്റെ ഈ പ്രമാണം എല്ലാ ജാതികൾക്കു വേണ്ടിയുമായിരുന്നു. അതുവഴി ലോകത്ത് ശാന്തിയും സമാധാനവും സൃഷ്ടിക്കപ്പെടും.  നന്മ ചെയ്യൂ. നന്മ ചെയ്യുന്നവൻ വിശ്വാസിയോ അവിശ്വാസിയോ ആരുമായി കൊള്ളട്ടെ,  അണയാത്ത ദൈവത്തിന്റെ പ്രഭ അവിടെയുണ്ടാകും.നല്ലവനായി ജീവിക്കാൻ  അടിയുറച്ച ദൈവ വിശ്വാസം വേണമെന്നില്ല . പാരമ്പര്യമായ ദൈവം തന്നെ കാലഹരണപ്പെട്ടു പോയി. ആദ്ധ്യാത്മികത നിറഞ്ഞിരിക്കുന്നവൻ മതവിശ്വാസിയാകണമെന്നുമില്ല.   ദേവാലയങ്ങളിലെ പണപ്പെട്ടികളിൽ  നേർച്ച കാഴ്ചകൾ കൊടുക്കണമെന്നുമില്ല. ചിലർക്ക് പ്രകൃതി തന്നെ  ദേവാലയം. ചരിത്രത്തിലെ മഹാന്മാരായവരിൽ  ദൈവത്തിൽ വിശ്വസിക്കാത്തവരുമുണ്ട്.  മറ്റു ചിലർ അവന്റെ നാമം പാഴാക്കിക്കൊണ്ട് കൊടും ഭീകര പ്രവർത്തനങ്ങളും നടത്തുന്നു."

മാർപ്പാപ്പാ പറഞ്ഞു, 'നമുക്കു  വേണ്ടത് ലോക സമാധാനമാണ്. സ്ത്രീ പുരുഷന്മാരടക്കം ലോകമെവിടെയും  സമാധാനം കാംഷിക്കുമ്പോൾ  നമുക്കു  ചുറ്റുമുള്ള  സമൂഹം സമാധാനത്തെ തകർത്തു കൊണ്ടിരിക്കുന്നു.  ഇനി യുദ്ധം വേണ്ടേ വേണ്ടാ, ഒരിയ്ക്കലും... സിറിയായിൽ നമ്മുടെ സഹോദരങ്ങളുടെ തലകൾ അറ്റു വീഴുന്നതിൽ എന്റെ ഹൃദയം വേദനിക്കുന്നു. അവിടുത്തെ കൊടും യാതനകൾ മാനവ ഹൃദയങ്ങളുടെ   മനസാക്ഷിയെ തകർക്കുകയും ചെയ്യുന്നു.'

ആഴ്ച്ചതോറും വത്തിക്കാനിലെ  സെന്റ്‌ പീറ്റെഴ്സിൽ  കൂടുന്ന ജനത്തോടായി മാർപ്പാപ്പ പറഞ്ഞു, " സ്ത്രീയും പുരുഷനും എതിരാളികളോ, സ്ത്രീ പുരുഷന്റെ അടിമയോ അല്ല. ഇരു കൂട്ടരും ഒരുപോലെ, ഒന്നായ  സൃഷ്ടി കർമ്മത്തിന്റെ പ്രക്രിയകളാണ്.  സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ സഭയിലും, പള്ളികളിലും, സമൂഹത്തിലും കൂടുതൽ ബഹുമാനവും അധികാരവും കൊടുക്കണം. യേശുവും സ്ത്രീകൾക്ക് അർഹിക്കുന്ന പ്രാധാന്യം കല്പ്പിച്ചിരുന്നു. സ്ത്രീകളുടെ വാക്കുകൾ കേട്ടാൽ പോരാ,  അവരുടെ അഭിപ്രായങ്ങളെ മാനിക്കുകയും വേണം. സ്ത്രീകളിലെ ബുദ്ധി ജീവികൾ സമൂഹത്തിനും നമുക്കും  നല്കിയ സംഭാവനകൾ എന്തെല്ലാമെന്ന് പുരുഷന്മാർ മനസിലാക്കുന്നില്ല. സ്ത്രീകൾ അബലകളെന്ന ചിന്തകളുള്ള  ദുർബല മനസാണ് ഭൂരിഭാഗം പുരുഷന്മാർക്കുമുള്ളത്. സ്ത്രീയും പുരുഷനും തമ്മിലുള്ള വിത്യാസങ്ങൾ ഇല്ലാതാക്കണം. പരസ്പ്പരം ബഹുമാനിക്കുകയും സഹകരിക്കുകയും തുറന്ന ഹൃദയത്തോടെയുള്ള സൗഹാർദ്ദ ബന്ധങ്ങൾ സ്ഥാപിക്കുകയും ചെയ്യണം. "

പരിണാമ സിദ്ധാന്തവും മഹാ വിസ്പോടന വാദവും കത്തോലിക്കാ വിശ്വാസത്തിനു സ്വീകാര്യമെന്നും മാർപ്പാപ്പ ഔപചാരികമായി പ്രസ്താവിച്ചിരുന്നു. അതേ, 'ദൈവം മാന്ത്രിക വടിയുമായി സഞ്ചരിക്കുന്ന ഒരു മന്ത്രവാദിയല്ലെന്നും ശാസ്ത്രീയ തത്ത്വങ്ങളായ പരിണാമ, വിസ്പോടനങ്ങൾ ശരി തന്നെയെന്നു വെച്ചാലും സൃഷ്ടി കർത്താവിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യാനാവില്ലെന്നും' മാർപ്പാപ്പ പറഞ്ഞു.  'അവിടുന്ന് മനുഷ്യ ജാതിയെ സൃഷ്ടിച്ചു. പ്രകൃതിയുടെ ആന്തരിക നിയമങ്ങൾ അനുസരിച്ച് ഓരോരുത്തരെയും വളരാനും അനുവദിച്ചു.പത്തു വർഷങ്ങൾക്കു മുമ്പ് മാരകമായ 'എയ്ഡ്സ് രോഗങ്ങൾ' പ്രതിരോധിക്കാൻ തടസമായിരുന്നത്  കത്തോലിക്കാ സഭയായിരുന്നു. അത്തരം  പ്രശ്നങ്ങളെ വിലയിരുത്താൻ ഇന്ന് ഫ്രാൻസീസ് മാർപ്പാപ്പയുണ്ട്.  ദൈവ സ്നേഹം തുല്യമായി പകരാൻ, യാഥാസ്ഥിതിക ലോകത്തോട് ചെറുത്തു നില്ക്കാൻ, ഭയരഹിതമായി സഭയെ നയിക്കാൻ ലോകം  അദ്ദേഹത്തിൽ പ്രതീക്ഷകൾ അർപ്പിച്ചിരിക്കുന്നു.










ജോർജ് ബെർഗോളിയും  ഇളയ സഹോദരനും



Sunday, August 9, 2015

മഹാനായ വിപ്ലവകാരി മാൽക്കം എക്സ്, ഒരു അവലോകനം




By ജോസഫ് പടന്നമാക്കൽ

ആഫ്രിക്കൻ അമേരിക്കരുടെ ചരിത്രത്തിൽ  'മാല്ക്കം എക്സ്'   മഹാന്മാരിൽ മഹാനായി അറിയപ്പെടുന്നു.  കറുത്തവരിൽ ആത്മാഭിമാനമുയർത്തുന്നതിനും   ആഫ്രിക്കൻ സംസ്ക്കാര  പാരമ്പര്യത്തിൽ അഭിമാനിക്കുന്നതിനും  കാരണക്കാരൻ മാല്ക്കം എക്സ് ആയിരുന്നു. അമേരിക്കയിൽ കറുത്തവരുടെയിടയിൽ ഇസ്ലാം മതം പ്രചരിപ്പിച്ചതും അദ്ദേഹമായിരുന്നു.  1960-കളിൽ  കറുത്തവരുടെ വിപ്ലവ മുന്നേറ്റങ്ങൾക്കും   'കറുപ്പാണ്  സൌന്ദര്യം' എന്നമുദ്രാവാക്യങ്ങൾക്കും  കറുത്തവരുടെ കലാ സാംസ്ക്കാരിക  നേട്ടങ്ങൾക്കും അടിസ്ഥാനമിട്ടത് അദ്ദേഹം തന്നെ. 1950-1960 കാലങ്ങളിൽ നാഷൻ ഓഫ് ഇസ്ലാം സംഘടനയുടെ ഔദ്യോഗിക വക്താവുമായിരുന്നു. ഒരു നല്ല പ്രാസംഗികനായിരുന്ന   മാല്ക്കമിന് സദസിനെ ആകർഷിക്കാൻ ,ആയിരങ്ങളുടെ ഹൃദയങ്ങൾ കവരാൻ  അസാധാരണമായ കഴിവുണ്ടായിരുന്നു. കറുത്തവരുടെ പൌരാവകാശങ്ങൾ  എന്തു വിലകൊടുത്തും വേണ്ടി വന്നാൽ അക്രമാസക്തമായ മാർഗങ്ങളിൽക്കൂടിയും നേടണമെന്ന   ചിന്തകളായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഈ  കറുത്ത രാജകുമാരനെ  സ്വാതന്ത്ര്യ ദാഹികളായ ലോകം എന്നും സല്യൂട്ട് ചെയ്യുന്നു

മാൽക്കം എക്സ് 1925 മെയ് പത്തൊമ്പതാം തിയതി നെബ്രാസ്ക്കായിലെ ഓമഹാ എന്ന സ്ഥലത്ത് ജനിച്ചു. ചെറുപ്പകാലത്ത് 'മാല്ക്കം ലിറ്റിൽ' എന്ന ജനനപേരിൽ അറിയപ്പെട്ടിരുന്നു. പിതാവ് 'യേൽ ലിറ്റിലും' മാതാവ് 'ലൂയീസും'. യേൽ ലിറ്റിൽ ഒരു മതാദ്ധ്യാപകനും  കറുത്തവരുടെ സാമൂഹിക ക്ഷേമത്തിനായി പ്രവർത്തിച്ച  സംഘടനാ നേതാവുമായിരുന്നു. കറുത്തവർക്കു വേണ്ടി പ്രവർത്തിച്ച കാരണം 'കു ക്ലക്സ് ക്ലാൻ' പോലുള്ള ഭീകര സംഘടനകളിൽ നിന്നും ഭീഷണികളും പീഡനങ്ങളും  നേരിടേണ്ടി വന്നു. 'മാല്ക്കം' അമ്മയുടെ ഗർഭപാത്രത്തിലായിരുന്ന സമയം അദ്ദേഹത്തിന്റെ കുടുബം അനുഭവിച്ച യാതനകളെപ്പറ്റി മാല്ക്കമിന്റെ  ആത്മകഥാ പുസ്തകത്തിലുണ്ട്. "തന്റെ അമ്മ പറഞ്ഞ കഥയായിട്ടാണ് വിവരിച്ചിരിക്കുന്നത്. 'കൂക്ലസ് ക്ലാൻ യുവാക്കൾ ഒരിക്കൽ തന്റെ വീട്ടുപടിക്കൽ തോക്കുകളുമായി അപ്പനെ വെല്ലുവിളിച്ചെന്നും പുറത്തേക്കു വരാൻ അക്രോശിച്ചെന്നും  ആത്മകഥയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മാല്ക്കമിന് നാലു വയസു പ്രായമുള്ളപ്പോൾ സ്ഥലത്തെ ക്ലാൻ പ്രവർത്തകർ മാതാപിതാക്കളോടൊത്തു താമസിച്ചിരുന്ന വീടിന്റെ ജനാലകൾ മുഴുവൻ തല്ലി തകർത്തു. ശല്യം സഹിക്ക വയ്യാതെ അദ്ദേഹത്തിന്റെ പിതാവ് 'യേൽ ലിറ്റിൽ' ഒമാഹായിൽ നിന്നും മിച്ചിഗനിലുള്ള ഈസ്റ്റ് ലാൻസിങ്ങിൽ കുടുംബ സമേതം മാറി താമസിച്ചു.

പുതിയ വാസസ്ഥലമായ  ലാൻസിംഗിലും വർണ്ണ വിവേചനം പഴയതിനേക്കാൾ അതിക്രൂരമായുണ്ടായിരുന്നു.   1929-ൽ പുതിയ വീട്ടിൽ 'യേൽ ലിറ്റിൽ' കുടുംബം താമസം തുടങ്ങിയ   ഏതാനും ദിവസങ്ങൾക്കുള്ളിൽ  വർണ്ണ വിവേചന വാദികൾ അവരുടെ വീട് തീ വെച്ചു നശിപ്പിച്ചു. വെളുത്തവർ ഭരിക്കുന്ന കൌണ്ടിയധികാരികൾ യാതൊരു വിധ അടിയന്തിര സഹായവും ചെയ്തില്ല. കൌണ്ടി പോലീസുകാരും ഫയർ ജോലിക്കാരും അഗ്നിശമനം വരുത്താതെ   കത്തുന്നത് നോക്കി നിന്നിട്ട്  മടങ്ങി പോയി. ഈ കഥകളൊക്കെ മാൽക്കമിനു അമ്മയിൽനിന്നുള്ള അറിവും നേരിയ ഓർമ്മകളുമേയുള്ളൂ. 1931- ൽ വീണ്ടും രണ്ടു കൊല്ലങ്ങൾ കൂടി കഴിഞ്ഞപ്പോൾ സംഗതികൾ കൂടുതൽ വഷളാവുകയാണുണ്ടായത്. മുനിസിപ്പൽ കാറുകൾ പാർക്ക് ചെയ്യുന്ന തെരുവിൽ  മാല്ക്കമിന്റെ പിതാവ് ''യേൽ ലിറ്റിലിന്റെ'' മരിച്ച ശരീരം കണ്ടെടുക്കപ്പെട്ടു. 'യേൽ ലിറ്റിലിനെ'   വെളുത്തവരുടെ വർണ്ണ വിവേചന മേൽക്കോയ്മയിൽ വധിക്കപ്പെടാൻ സാഹചര്യങ്ങളുണ്ടായിട്ടും  കൂടെ  കൂടെ കൊല്ലുമെന്ന് ഭീഷണികൾ  നിലവിലുണ്ടായിരുന്നിട്ടും   അദ്ദേഹത്തിൻറെ മരണം പോലീസ് ആത്മഹത്യയാക്കി മാറ്റിയെടുത്തു. കൊല്ലപ്പെടുമെന്ന് തീർച്ചയുണ്ടായിരുന്ന മാല്ക്കമിന്റെ പിതാവ് മക്കളുടെയും കുടുംബത്തിന്റെയും ക്ഷേമത്തിനായി വലിയ ഒരു തുക ഇൻഷുറൻസ് എടുത്തിട്ടുണ്ടായിരുന്നതും പോലീസിന്റെ ആത്മഹത്യാ റിപ്പോർട്ടിന്മേൽ നഷ്ടപ്പെട്ടു. തന്റെ ഭർത്താവിന്റെ മരണത്തിൽ ദുഖിതയായ ഭാര്യ മാനസികമായി തകരുകയും പിന്നീടൊരിക്കലും സുഖം പ്രാപിക്കാത്ത വിധം നിത്യ രോഗിയായി തീരുകയും ചെയ്തു. 1937-ൽ അവരെ മാനസിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ' മാൽക്കം എക്സ്' വീടു വിട്ടു കൂട്ടുകാരുമൊത്തു താമസിക്കുകയും ചെയ്തു.

ജൂണിയർ ഹൈസ്കൂളിൽ മാല്ക്കം  എക്സു പഠിക്കുമ്പോൾ ക്ലാസ്സിലെ ഏക കറുത്ത കുട്ടിയായിരുന്നു. അക്കാഡമിക്കായി നല്ല നിലവാരം പുലർത്തിയിരുന്നതുകൊണ്ട്   അദ്ധ്യാപകർക്കും  മറ്റു സഹപാഠികൾക്കും മാൽക്കമിനെ പ്രിയമായിരുന്നു.  ക്ലാസ്സിലെ പ്രസിഡൻഡായി തെരഞ്ഞെടുക്കുകയും ചെയ്തു.  1939-ൽ  ഒരു ടീച്ചർ മാല്ക്കമിനോട് ' താൻ ഭാവിയിലെന്താകാൻ ആഗ്രഹിക്കുന്നുവെന്നു  ചോദിച്ചു.'   ഒരു വക്കീലാകാൻ ആഗ്രഹിക്കുന്നുവെന്നു  മാല്ക്കം മറുപടി പറഞ്ഞു. 'അത്തരം ചിന്തകൾ ഒരു കറുത്ത കുട്ടി ആഗ്രഹിച്ചാൽ നടക്കില്ലെന്നും താൻ പോയി 'ആശാരിപ്പണി' പഠിക്കൂവെന്നും  ടീച്ചർ ഉപദേശിച്ചു. മനുഷ്യർ നടക്കില്ലാത്തതിനെ ചിന്തിക്കാതെ യാഥാർത്ഥ്യ ബോധമുള്ളവരായിരിക്കണമെന്നും  പറഞ്ഞു. അന്ന് ഒരു കറുത്ത കുട്ടിയ്ക്ക് ഉന്നത ഡിഗ്രീ നേടുകയെന്നത്  ഒരു സ്വപ്നം മാത്രമായിരുന്നു.   ' ഇത് മാൽക്കമിനെ വളരെയധികം വേദനിപ്പിച്ചു. പഠിക്കാനുള്ള ആഗ്രഹം ഉപേക്ഷിച്ച് അദ്ദേഹം പതിനഞ്ചാം വയസിൽ സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ചു.

സ്കൂൾ പഠനം ഉപേക്ഷിച്ച ശേഷം മാൽക്കം തന്റെ അർദ്ധ സഹോദരി 'എല്ലാ' യുടെ വീട്ടിൽ ബോസ്റ്റണിൽ താമസം തുടങ്ങി. 'കറുത്ത വർഗക്കാരിയെന്ന നിലയിൽ അവർ സ്വന്തം സംസ്ക്കാരത്തിലും നിറത്തിലും  തികച്ചും അഭിമാനിയായിരുന്നുവെന്നും  കറുപ്പിൽ അഭിമാനിച്ചിരുന്ന മറ്റൊരു സ്ത്രീയെ  മാല്ക്കം കണ്ടു മുട്ടിയിട്ടില്ലെന്നും'  തന്റെ ആത്മ കഥയിൽ എഴുതിയിട്ടുണ്ട്. നീഗ്രോ സ്ത്രീകളിൽ അങ്ങനെ അഭിമാനിക്കുന്നവർ അക്കാലങ്ങളിൽ  ചുരുക്കമായിരുന്നു. ഒരു സാധാരണ ചെറുപ്പക്കാരനായി ജീവിച്ച 'മാല്ക്കം'  കൗമാര പ്രായത്തിലെ വിവരക്കേടിൽ  ബോസ്റ്റണിലെ കുറ്റവാളികളുടെ ഗ്രൂപ്പിൽ  അകപ്പെട്ടു പോയി. ആരുടെയൊക്കെയോ പ്രേരണകൊണ്ട്‌  മയക്കു മരുന്നു കച്ചവടക്കാരനായി മാറി. കുശിനിശാലയിൽ പുതിയൊരു ജോലി കിട്ടിയെങ്കിലും മയക്കു മരുന്നു ബിസിനസിൽ  പണമുണ്ടാക്കിക്കൊണ്ടിരുന്നു. ക്ലബുകളിൽ ഡാൻസും ആർഭാട ജീവിതവുമായി കഴിയാനും പണമുണ്ടാക്കണമെന്ന മോഹവും  മാൽക്കമിൽ വളർന്നുകൊണ്ടിരുന്നു. അത്തരം ജീവിതത്തിനു വിരാമം ഇട്ടുകൊണ്ട് 1946-ൽ അദ്ദേഹത്തെ അറസ്റ്റു ചെയ്തു. മോഷണ കുറ്റവും മയക്കു മരുന്നു കച്ചവടവും ചാർജു ചെയ്തതനുസരിച്ച്   പത്തു വർഷത്തേക്ക് ജയിൽ ശിക്ഷ കിട്ടി.

മാല്ക്കം ജയിൽ ലൈബ്രറിയിൽ നിന്നും കിട്ടാവുന്ന പുസ്തകങ്ങൾ വായിച്ചു സമയം കളഞ്ഞിരുന്നു. നഷ്ടപ്പെട്ട ഹൈസ്കൂൾ ജീവിതം വായനയിലൂടെ നേടിക്കൊണ്ടിരുന്നു. ജയിൽ വാസത്തിനിടയിൽ കറുത്തവരുടെ ഒരു തീവ്ര സംഘടനയായ നാഷൻ ഓഫ് ഇസ്ലാമിലെ അനേക അനുയായികളെയും കണ്ടുമുട്ടി. കറുത്തവർക്ക് സ്വാതന്ത്ര്യവും സമത്വവും, നീതിയും  നേടുകയെന്നായിരുന്നു നാഷൻ ഓഫ് ഇസ്ലാമിന്റെ പരമമായ ലക്ഷ്യം. വെളുത്തവരിൽ നിന്നും മോചനം നേടി കറുത്തവർക്കായി കറുത്ത രാഷ്ട്രം രൂപീകരിക്കാമെന്നും  കറുത്തവരുടെ ഈ മതം ചിന്തിച്ചിരുന്നു. ജയിലിൽ കിടക്കുന്ന സമയത്ത് മാല്ക്കം  നാഷൻ ഓഫ് ഇസ്ലാം മതത്തിൽ ചേർന്നു. 1952-ൽ ജയിൽ വിമുക്തനായപ്പോൾ തന്റെ ജന്മനാമമായ 'ലിറ്റിൽ' എന്നുള്ളത്‌  പേരിൽനിന്നും എടുത്തു കളഞ്ഞു. ലിറ്റിലെന്നത് അടിമത്തത്തെ സൂചിപ്പിക്കുന്നതായിരുന്നു. പകരം 'അജ്ഞാതരായ ആഫ്രിക്കൻ പൂർവിക പിതാക്കന്മാരെന്ന'  അർത്ഥം ധ്വനിക്കുന്ന എക്സ്  (X ) പേരിന്റെ കൂടെ ചേർത്തു.

അമേരിക്കയിൽ നാഷൻ ഓഫ് ഇസ്ലാം സ്ഥാപിച്ച 'വാലസ് ഫാർഡിനെപ്പറ്റി' വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല.  ജനിച്ച സ്ഥലവും വ്യക്തമല്ല. നാഷൻ ഓഫ് ഇസ്ലാമിന്റെ വിശ്വാസത്തിൽ  'വാലസ് ഫാർഡ്  മുഹമ്മദ് 'അള്ളാ തന്നെയെന്നും  കറുത്തവരെ രക്ഷിക്കാൻ മനുഷ്യ രൂപം പ്രാപിച്ചു ഭൂമിയിൽ വന്നുവെന്നുമാണ്. ഫെബ്രുവരി 26 അദ്ദേഹത്തിൻറെ ജന്മദിനമായി കരുതി രക്ഷക ദിനമായി നാഷൻ ഓഫ് ഇസ്ലാം കൊണ്ടാടുന്നു.  നാഷൻ ഓഫ് ഇസ്ലാമിന്റെ ദൈവ ശാസ്ത്രം പാരമ്പര്യ ഇസ്ലാമുമായി വ്യത്യസ്തമാണ്.   അള്ളാ ഒന്നേയുള്ളൂവെന്നും, മുഹമ്മദ് അവസാനത്തെ പ്രവാചകനെന്നും നാഷൻ  ഓഫ് ഇസ്ലാം വിശ്വസിക്കുന്നില്ല. ഖുറാൻ, റംസാൻ , സാധുക്കളെ സഹായിക്കുക, ഹജ്,  നിത്യ പ്രാർത്ഥന എന്നീ  വിശ്വാസ സംഹിതകൾക്ക് നാഷൻ ഓഫ് ഇസ്ലാം പ്രാധാന്യം കൽപ്പിക്കുന്നില്ല.  മറിച്ച് ഈ മതത്തിൽ കെട്ടുകഥകൾ നെയ്തെടുത്തിരിക്കുകയാണ്. യാക്കൂബ് എന്ന ശാസ്ത്രജ്ഞൻ ആറായിരം വർഷങ്ങൾക്കു മുമ്പ് വെളുത്തവരെ സൃഷ്ടിച്ചുവെന്നാണ് എഴുതിയിരിക്കുന്നത്.   അറുപത്തിയാറ് ട്രില്ല്യൻ വർഷങ്ങൾക്കു മുമ്പ് ഷബാസിന്റെ കറുത്തവരായ വർഗം ഭൂമുഖത്തുണ്ടായിരുന്നെങ്കിലും  പിന്നീട് താണ ജാതികളായ വെളുത്തവരും അവരുടെ കൃസ്തുമതവും കറുത്തവരെ അടിമകളാക്കിയെന്നും വിശ്വസിക്കുന്നു.  ഏലിയാ പൂലെ അക്കാലഘട്ടത്തിലാണ് ഈ മതത്തിൽ ചേർന്നത്. സ്വയം പ്രവാചകനായി ഏലിയാ മുഹമ്മദെന്നു അറിയപ്പെട്ടിരുന്നു. വാലസ് ഫാർഡിനെ  അള്ളായെന്നു സ്ഥാപിച്ചത് ഏലിയാ  മുഹമ്മദായിരുന്നു.  അവതാര പുരുഷന്റെ പിൻഗാമിയെന്ന നിലയിൽ ഏലിയാ മുഹമ്മദിന് പ്രവാചക സ്ഥാനം നേടാനും കഴിഞ്ഞു.

സ്വതന്ത്രനായ മനുഷ്യനെന്ന നിലയിൽ മാല്ക്കം എക്സ് മിച്ചിഗനിലുള്ള  ഡിറ്റ്റോയിറ്റിൽ   യാത്ര ചെയ്യുകയും നാഷൻ ഓഫ് ഇസ്ലാമിനു വേണ്ടി ജോലി തുടങ്ങുകയും ചെയ്തു. കറുത്തവരുടെയിടയിൽ ദേശീയ തലത്തിൽ ഈ മതം പ്രചരിപ്പിക്കുന്നതിനും ആരംഭിച്ചു. 'മാല്ക്കം എക്സ്' ഹാർലമിലും ബോസ്റ്റണിലും നാഷൻ ഓഫ് ഇസ്ലാമിക ടെമ്പിളിലെ   പുരോഹിതനായിരുന്നു. 'മുഹമ്മദ് സംസാരിക്കുന്നു' എന്ന പേരിൽ നാഷൻ ഓഫ് ഇസ്ലാം പ്രചരിപ്പിക്കുന്നതിനായി അദ്ദേഹം  ഒരു പത്രം തുടങ്ങി. തന്റെ സ്വാഭാവികമായ സ്റ്റയിലിൽ ജനങ്ങളെ ഇളക്കാൻ തക്ക  പ്രസംഗ ചാതുര്യവും മാൽക്കമിനുണ്ടായിരുന്നു. അടിമത്തത്തിന്റെ ചങ്ങലയിൽ നിന്നും മോചനം നേടാൻ അദ്ദേഹം കൂടെ കൂടെ അനുയായികളെ ഓർമ്മിപ്പിക്കുമായിരുന്നു. അതിനായി അക്രമമാർഗങ്ങളും സ്വീകരിക്കാമെന്നും പറഞ്ഞിരുന്നു. അക്രമം അഴിച്ചു വിട്ടുകൊണ്ടുള്ള ഒരു വിപ്ലവത്തിൽ സമാധാന വിപ്ലവം ഒന്നില്ലെന്നും സ്വതന്ത്രമായ കറുത്ത രാഷ്ട്രത്തിന് 'ഇടത്തെ കരണം' കാണിച്ചാൽ മതിയാവില്ലെന്നും മാല്ക്കം വിശ്വസിച്ചിരുന്നു.  അനേക കറുത്തവരായവർ മാൽക്കമിനോടു കൂടി അണിനിരന്നുവെങ്കിലും അദ്ദേഹത്തിനെതിരായ വിമർശകരുമുണ്ടായിരുന്നു.

1958-ൽ മാൽക്കം എക്സ് നാഷൻ ഓഫ് ഇസ്ലാം അംഗമായ ബെറ്റി സാൻഡേഴ്സിനെ  വിവാഹം ചെയ്തു. അവർക്ക് ആറു പെണ്‍മക്കളുണ്ടായിരുന്നു. ഭർത്താവിന്റെ മരണശേഷം സാൻഡെഴ്സ്  കറുത്തവരുടെ പൌരാവകാശങ്ങൾക്കായി പ്രവർത്തിച്ചു കൊണ്ടിരുന്നു.

1960 കളിൽ കറുത്തവരുടെ പൌരാവകാശത്തിനായി നിലകൊള്ളുന്ന വിപ്ലവ മുന്നണിയുടെ പ്രധാന വക്താവായി മാല്ക്കം അറിയപ്പെട്ടു. സമാധാനത്തിലധിഷ്ടിതമായ തത്ത്വങ്ങളിൽ വിശ്വസിക്കുന്ന മാർട്ടിൻ ലൂതർ കിംഗിന്റെ   വലിയ വിമർശകനായും മാറി. 'മാൽക്കം ജനങ്ങൾക്കു സേവനം ചെയ്യാതെ നാശത്തിന്റെ  വഴിയെ സഞ്ചരിക്കുന്നുവെന്ന്' ഒരിക്കൽ 'കിംഗ്'  പരാമർശിക്കുകയുണ്ടായി.  മാൽക്കമും കിംഗും  തമ്മിൽ ആശയവിത്യാസങ്ങൾ തുടർന്നിരുന്ന അതേ കാലങ്ങളിൽ, 1963- ൽ,  തന്റെ ആദ്ധ്യാത്മിക ഗുരുവായ ഏലിയാ  മുഹമ്മദുമായും  അഭിപ്രായ ഭിന്നതകൾ  ആരംഭിച്ചു. ഏലിയാ മുഹമ്മദ്  പ്രവാചകനെന്ന നിലയിൽ പഠിപ്പിക്കന്ന ആദർശങ്ങൾക്കെതിരെ ജീവിക്കുന്നുവെന്ന്  മാൽക്കമിനു മനസിലായി.  വിവാഹത്തിനപ്പുറം അനേകം സ്ത്രീകളുമൊത്തു ഏലിയാ മുഹമ്മദ്  വഴിപിഴച്ചു ജീവിക്കുന്ന വിവരങ്ങൾ അദ്ദേഹത്തെ   ദുഖിതനാക്കി. അവിഹിത   കുട്ടികളുടെ പൈതൃകത്വവും  എലിയാ മുഹമ്മദിനുണ്ടായിരുന്നു. മാൽക്കമിനു സ്വയം ചതിക്കപ്പെട്ടെന്നും തോന്നലുണ്ടായി. 1964-ൽ അദ്ദേഹം നാഷൻ ഓഫ് ഇസ്ലാമിൽ നിന്ന് വിട പറഞ്ഞു.

നാഷൻ ഓഫ് ഇസ്ലാമിൽ നിന്ന് വേർ പിരിഞ്ഞ ശേഷം കറുത്തവർക്കായി പ്രവർത്തിക്കുന്ന പൌരാവകാശ പ്രവർത്തകരുമായി   ഒത്തൊരുമിച്ചു പ്രവർത്തിക്കാൻ മാല്ക്കം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. കറുത്തവരുടെ പ്രശ്നം അമേരിക്കയുടെ  പശ്ചാത്തലത്തിൽ ഒരു ആഗോള പ്രശ്നമായി യുണൈറ്റഡ്  നാഷനിൽ അവതരിപ്പിക്കാനും അദ്ദേഹം ആഗ്രഹിച്ചിരുന്നു. അങ്ങനെയെങ്കിൽ കറുത്തവരുടെ പ്രശ്നങ്ങളെ മനസിലാക്കുന്ന രാജ്യങ്ങൾ കറുത്തവരുടെ ഒത്തൊരുമിച്ചുള്ള മുന്നേറ്റത്തെ അംഗീകരിക്കുമെന്നും അദ്ദേഹം വിശ്വസിച്ചു. സർക്കാരുകൾ കറുത്തവരെ സംരക്ഷിക്കാൻ തയ്യാറാവുന്നില്ലെങ്കിൽ കറുത്തവർ തന്നെ സ്വയം സംരക്ഷണം ഏറ്റെടുക്കണമെന്നും  വിശ്വസിച്ചിരുന്നു.

ആ വർഷം തന്നെ മാല്ക്കം ആഫ്രിക്കാ, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേയ്ക്ക് ഒരു യാത്ര നടത്തി. ഒരു പക്ഷെ ഈ യാത്ര അദ്ദേഹത്തിൻറെ   ജീവിതത്തിലെ ഒരു വഴി തിരിവായിരിക്കാം. ആഗോള കൊളോണിയൽ വാഴ്ച്ചകൾക്കെതിരെ  നടന്ന സമര ചരിത്രങ്ങളെ അമേരിക്കയിലെ പൌരാവകാശ സമരങ്ങളുമായി ഒരു താരതമ്യ പഠനം നടത്താൻ ഈ യാത്രകൊണ്ട് അദ്ദേഹത്തിനു സാധിച്ചു. പാൻ ആഫ്രിക്കനിസത്തിലും    സോഷ്യലിസ ആശയങ്ങളിലും  പഠിക്കാനും  പ്രവർത്തിക്കാനും താല്പര്യം ജനിച്ചു.  മെക്കയിൽ ഹജ് തീർത്ഥാടനത്തിനു  പോവുകയും അവിടെ വെച്ചു മതം മാറി പാരമ്പര്യമതമായ  സുന്നി ഇസ്ലാമിൽ ചേരുകയും ചെയ്തു.  വീണ്ടും അദ്ദേഹം പേരു മാറ്റി 'എല് ഹജ് മാലിക്ക് എല് ഷബാസ്' എന്ന പുതിയ നാമം സ്വീകരിക്കുകയും ചെയ്തു.

മെക്കയിലെ തീർത്ഥാടന  യാത്രയ്ക്ക് ശേഷം മാല്ക്കം അമേരിക്കയിൽ മടങ്ങിയെത്തി. പഴയ ചിന്താഗതികളിൽ പലതും ത്യജിച്ച്  നവമായ ആശയങ്ങളോടെയായിരുന്നു പിന്നീടദ്ദേഹം ജനങ്ങളുടെയിടയിൽ പ്രവർത്തിച്ചിരുന്നത്. വെളുത്തവരോടുള്ള അടങ്ങാത്ത പകയും കോപവും തീവ്ര വിപ്ലവവും അക്രമ ചിന്താഗതികളും പാടെ ഇല്ലെന്നായി. അമേരിക്കയുടെ വർണ്ണ വിവേചനത്തിന് സമാധാനപരമായ പരിഹാരം  കണ്ടെത്തുന്നതിലും  അദ്ദേഹത്തിൽ ശുഭ പ്രതീക്ഷകളുണ്ടായി.   മാനവിക സാഹോദര്യത്തിൽ വിദ്വേഷം പാടില്ലാന്നും അക്രമവും പ്രതികാരവും മനുഷ്യന്റെ അന്ധമായ കാഴ്ചപ്പാടെന്നും  താൻ പുതിയതായി സ്വീകരിച്ച ഇസ്ലാം   പഠിപ്പിച്ചുവെന്നു മാല്ക്കം തന്റെ അനുയായികളോട് പറയുമായിരുന്നു.  അമേരിക്കയിൽ രക്ത രഹിത വിപ്ലവത്തിൽക്കൂടി പൌരാവകാശങ്ങൾ കൈവരിക്കണമെന്ന ആശയങ്ങളായിരുന്നു പിന്നീടുള്ള അദ്ദേഹത്തിൻറെ ചിന്തകളിൽ മുഴങ്ങി കേട്ടത്.

വിവിധ  രാജ്യങ്ങളിൽക്കൂടി  ലോക സഞ്ചാരം കഴിഞ്ഞ്   മടങ്ങി വന്ന മാല്ക്കമിന്  ഒരു ആഗോള വീക്ഷണം ലഭിച്ചിരുന്നു. മൂന്നാം ലോക രാജ്യങ്ങളിലും  ആഫ്രിക്കൻ അമേരിക്കരുടെ പോലെ  തുല്യമായ പ്രശ്നങ്ങളുണ്ടെന്നും  മനസിലാക്കി. ആഫ്രിക്കൻ അമേരിക്കൻ  ജനത ന്യൂന പക്ഷമായിരുന്നുവെന്ന ചിന്തകൾ തെറ്റായിരുന്നുവെന്നും ആഗോള തലത്തിൽ അവർ ഭൂരിപക്ഷ ജനതയെന്നും മാല്ക്കം വിലയിരുത്തി. അദ്ദേഹം മുതലാളിത്ത ധനതത്ത്വ വ്യവസ്ഥിതിയെ വിമർശിച്ചുകൊണ്ട് തനി സോഷ്യലിസ്റ്റ്  ചിന്താഗതിക്കാരനായി മാറി. ഇസ്ലാം മതത്തിലേയ്ക്ക് മതപരിവർത്തനം ചെയ്ത ശേഷം കറുത്തവരും വെളുത്തവരും വ്യതസ്തമായി ജീവിക്കണമെന്ന് പിന്നീടൊരിക്കലും ആഹ്വാനം ചെയ്തിട്ടില്ല. എങ്കിലും കറുത്തവരുടെ ദേശീയത്വത്തിനായുള്ള സമരം തുടർന്നു കൊണ്ടിരുന്നു. രാഷ്ട്ര നിർമ്മാണത്തിലും പൌരാവകാശത്തിന്മേലും  കറുത്തവർക്ക്‌  സ്വയം തീരുമാനവകാശം വേണമെന്നുള്ള വാദത്തിൽ തന്നെ ഉറച്ചുനിന്നു. അവസാന നാളുകളിൽ ആഫ്രിക്കൻ രാജ്യങ്ങളിലെ വെള്ളക്കാരുൾപ്പടെയുള്ള വിപ്ലവകാരികളുമായുള്ള സമ്മേളനശേഷം കറുത്തവർക്കു മാത്രമായ ദേശീയവാദം ഉപേക്ഷിക്കുന്ന കാര്യവും പരിഗണിച്ചിരുന്നു.  മെക്കായിൽ നിന്നും എഴുതിയ പ്രസിദ്ധമായ ഒരു എഴുത്തിൽ  എഴുതി "എന്റെ മെക്കയിലേക്കുള്ള പുണ്യ യാത്രാ വേളയിൽ വെളുത്തവരുമൊന്നിച്ച് ഭക്ഷണം കഴിച്ചപ്പോൾ തന്റെ മുമ്പുണ്ടായിരുന്ന വെളുത്തവരെപ്പറ്റിയുള്ള  വർഗ ചിന്താഗതികളിൽ സമൂലമായ ഒരു മാറ്റം വന്നു. നാസറും ആഫ്രിക്കൻ നേതാവ് എൻ ക്രൂമായുമായുള്ള സംസാര വേളയിൽ വർണ്ണ വിവേചനത്തിന്റെ അപകടത്തെപ്പറ്റി ഒരു ഉണർവുണ്ടാക്കി. വർണ്ണ വിവേചനമെന്നുള്ളത് വെളുത്തവരുടെയോ കറുത്തവരുടെയോ മാത്രം പ്രശ്നമല്ലെന്നും മനസിലാക്കി.   ഒരു കാലത്തിലല്ലെങ്കിൽ മറ്റൊരു കാലത്തിൽ ഇത് ഭൂമുഖത്തുള്ള എല്ലാ ജനങ്ങളുടെയും പ്രശ്നങ്ങളായിരുന്നു.  ആഫ്രിക്കയിൽ വിവിധ സ്ഥലങ്ങളിൽ വെളുത്തവർ കറുത്തവരെ സഹായിക്കുന്നത് കണ്ടു. കഴിഞ്ഞ പന്ത്രണ്ടു വർഷങ്ങളിൽ വെളുത്തവരെപ്പറ്റി വ്യത്യസ്ഥമായ ചിന്തകളിൽ ഞാൻ സ്വയം മയങ്ങി നടക്കുകയായിരുന്നു. എന്നിലെ ഭ്രാന്തൻ ചിന്താഗതികളിൽനിന്നും  ഞാനിന്ന് സ്വതന്ത്രനായതിൽ സന്തോഷിക്കുന്നു. കറുത്തവരായവർ ഏതു മാർഗം സ്വീകരിച്ചാലും സ്വയം അഭിവൃത്തി പ്രാപിച്ചുകൊണ്ടായിരിക്കണം."

മാല്ക്കമിന്റെ ആശയ വിപ്ലവങ്ങൾക്ക് സമൂലമായ ഒരു പരിവർത്തനമുണ്ടായ കാലഘട്ടത്തിലായിരുന്നു  നാഷൻ ഓഫ് ഇസ്ലാമിലെ  പ്രവർത്തകർ തോക്കിൻ മുനകളിൽ അദ്ദേഹത്തെ വധിച്ചത്.1965 ഫെബ്രുവരി ഇരുപത്തിയൊന്നാം തിയതി മാല്ക്കം എക്ക്സ് മൻഹാട്ടനിലുള്ള ഓഡ് ബോണ്‍  ബാൾ റൂമിൽ ഒരു പ്രസംഗം ചെയ്യാൻ തയ്യാറെടുക്കെ  അവിടെ മൂന്നു തോക്കു  ധാരികളായവർ പ്രവേശിച്ച്  അദ്ദേഹത്തിന്റെ നേരെ പതിനഞ്ചു തവണകൾ വെടിവെച്ചു. കൊളംബിയ പ്രസ് ബറ്ററെനിയൻ  ഹോസ്പ്പിറ്റലിൽ  ഉടൻ തന്നെ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.   മാല്ക്കം എക്സിന്റെ മരണ ശേഷം അമേരിക്കൻ മീഡിയാ  അദ്ദേഹത്തെ അക്രമ മാർഗേണ പൌരാവകാശങ്ങൾക്കായി പൊരുതിയ   ഒരു റാബിയായി  ചിത്രീകരിച്ചു. അദ്ദേഹത്തിൻറെ പുതിയ ആധ്യാത്മിക ചിന്താഗതികളെയും സമാധാനപരമായ രാഷ്ട്രീയ തത്ത്വ മാറ്റങ്ങളെയും സംബന്ധിച്ചുള്ള  വീക്ഷണങ്ങളെപ്പറ്റി വാർത്താ വക്താക്കൾ ഒന്നും തന്നെ പറഞ്ഞില്ല.

മാൽക്കമിന്റെ ഭാര്യ ബെറ്റി ഷെബാസിനു ടെലഗ്രാം ചെയ്തുകൊണ്ട്  മാർട്ടിൻ ലൂതർ കിംഗ് ഒരു സന്ദേശം അയച്ചത് ഇങ്ങനെ  'നിങ്ങളുടെ ഭർത്താവിന്റെ വധം വേദനാജനകവും ഞെട്ടിക്കുന്നതുമാണ്. വർണ്ണ വിവേചന പ്രശ്നം പരിഹരിക്കാനായി ഞങ്ങൾ പരസ്പ്പരം കണ്ടുമുട്ടിയിട്ടില്ലെങ്കിലും മാൽക്കമിനൊട്  എനിയ്ക്ക് പ്രത്യേകമായ സ്നേഹമുണ്ടായിരുന്നു.   വർണ്ണ പ്രശ്നങ്ങൾക്കെതിരെ തന്റെടത്തോടെ വിരൽ ചൂണ്ടാൻ, വേരോടെ പിഴുതു കളയാൻ  അദ്ദേഹത്തിന് പ്രത്യേകമായ ഒരു കഴിവുണ്ടായിരുന്നു.  കാര്യകാരണങ്ങൾ ആത്മാർത്ഥതയോടെ ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിവുള്ള വാചാലനായ ഒരു വക്താവുമായിരുന്നു. നാം ഇന്ന് അഭിമുഖീകരിക്കുന്ന വർണ്ണ വിവേചന പ്രശ്നങ്ങളെ തരണം ചെയ്യാൻ മാല്ക്കം നല്കിയ സേവനങ്ങളെ ആർക്കും മറക്കാൻ സാധിക്കില്ല."   മാല്ക്കമിന്റെ  വധത്തിൽ നാഷൻ ഓഫ് ഇസ്ലാമിനു പങ്കുള്ള ആരോപണം എലിയാ മുഹമ്മദ്‌  നിരസിച്ചുകൊണ്ട് പറഞ്ഞു, "ഞങ്ങൾക്ക് മാല്ക്കമിനെ  വധിക്കേണ്ട ആവശ്യമില്ല. ഞങ്ങൾ അതിനൊട്ടു ശ്രമിച്ചിട്ടുമില്ല.  അജ്ഞത നിറഞ്ഞ, വിഡ്ഡിത്തരം നിറഞ്ഞ  മാല്ക്കമിന്റെ പുതിയ ദൈവ ശാസ്ത്രം  അന്ത്യത്തിന് കാരണമായി"

1963-ൽ  മാല്ക്കം പ്രസിദ്ധ എഴുത്തുകാരനായ അലക്ക്സ് ഹേയിലിയുമൊത്ത്  ആത്മകഥയെഴുതാൻ ആരംഭിച്ചു. തന്റെ മരണത്തിന്റെ പ്രവചനമെന്നോണം ഈ പുസ്തകം സ്വയം ജീവിതകാലത്ത് പ്രസിദ്ധീകരിക്കാൻ സാധിച്ചാൽ അതൊരു അത്ഭുതമായിരിക്കുമെന്നു  ഹെയിലിയോടു മാല്ക്കം പറയുമായിരുന്നു. മാല്ക്കമിന്റെ മരണശേഷം ഏതാനും മാസങ്ങൾ കഴിഞ്ഞ്  ഹെയിലിക്ക് അദ്ദേഹത്തിൻറെ  ആത്മകഥ പ്രസിദ്ധികരിക്കാൻ കഴിഞ്ഞു.

1980 മുതൽ 1990 വരെയുള്ള കാലയളവിൽ ചെറുപ്പക്കാരായവർ മാൽക്കമിനെ ഒരു ഹീറോയായി കരുതിയിരുന്നു. അദ്ദേഹത്തിൻറെ പടം ആയിരക്കണക്കിന് വീടുകളിലും ഒഫീസ്കളിലും സ്കൂളിലും  കാണാമായിരുന്നു.   ടീ ഷർട്ടുകളിലും ജായ്ക്കറ്റിലും അദ്ദേഹത്തിന്റെ പടമുള്ളത് ചെറുപ്പക്കാർക്ക് ഒരു ഹരമായിരുന്നു.

1992-ൽ അദ്ദേഹത്തിൻറെ ജീവചരിത്രം ആധാരമാക്കി 'മാല്ക്കം എക്സ് ഫിലിം' പുറത്തായി.  ഡൻസൽ  വാഷിംഗ്ടണ്‍  അതിൽ മാല്കം എക്സ് ആയി അഭിനയിച്ചു. 1990 കളിലെ പത്തു ഫിലിമുകളിൽ മാല്ക്കം എക്സ് ഒരു മികച്ച ഫിലിമായിരുന്നു. 1998-ൽ മാല്ക്കമിന്റെ ആത്മകഥാ  പുസ്തകം  'റ്റയിം' മാഗസിൻ മികച്ച പത്തു പുസ്തകങ്ങളിൽ  ഒന്നായി തെരഞ്ഞെടുത്തു.

നെബ്രാസ്ക്കായിൽ അദ്ദേഹം ജനിച്ച വീട് ചരിത്ര സ്മാരകമായി  ദേശീയ രജിസ്റ്ററിൽ ചേർത്തു.  മിച്ചിഗണിൽ ലിറ്റിൽ മാല്ക്കം കൗമാര പ്രായത്തിൽ ചെലവഴിച്ച ഭവനവും ചരിത്ര സ്മാരകമാണ്. സ്കൂളുകൾ, ലൈബ്രറികൾ, റോഡുകൾ,കോളേജ്, യൂണിവേഴ്സിറ്റി വരെ അദ്ദേഹത്തിൻറെ നാമത്തിലുണ്ട്.   മാല്ക്കം എക്സ് ബുലവാഡ് ന്യൂയോർക്കിൽ മേയർ കോച്ചിന്റെ കാലത്ത് നല്കിയ പേരാണ്. ഡാളസ്, മിച്ചിഗണ്‍  നഗരങ്ങളിലും അദ്ദേഹത്തിന്റെ നാമത്തിൽ റോഡുകൾ കാണാം.   ഡസൻ കണക്കിന് സ്കൂളുകളും മാൽക്കൻ എക്സ്  ലിബറേഷൻ യൂണിവേഴ്സിറ്റിയും ഷിക്കാഗോയിലെ മാല്ക്കം എക്സ് കോളേജും സാൻഡി യോഗയിലെ മാൽക്കമിന്റെ പേരിലുള്ള ലൈബ്രറിയും ആ മഹാന്റെ വ്യക്തിത്വത്തെ അറിയിക്കുന്ന സ്മാരകങ്ങളാണ്. 1999-ൽ അമേരിക്കാ അദ്ദേഹത്തിൻറെ പേരിൽ സ്റ്റാമ്പ് പുറത്തിറക്കി.   കൊളംബിയാ യൂണിവേഴ്സിറ്റി മാല്ക്കം എക്സിന്റെ പേരിൽ കറുത്തവരുടെ ചരിത്രം സംബന്ധിച്ച ഗവേഷണത്തിനായി പ്രത്യേക വിദ്യാഭ്യാസ  കേന്ദ്രം തുടങ്ങി.

മാൽക്കം ഇംഗ്ലീഷിൽ  എഴുതിയ ഒരു കവിതയുടെ  സാരാംശം ഇങ്ങനെ:   'ഞാൻ ജനിച്ചപ്പോൾ കറുത്തവനായിരുന്നു. വളർന്നപ്പോഴും സൂര്യന്റെ ചൂടിൽ നടന്നപ്പോഴും ഭയം കൊണ്ട് വിറച്ചപ്പോഴും പനി പിടിച്ചു കിടന്നപ്പോഴും കറുത്തവനായിരുന്നു.  മരിക്കുമ്പോഴും കറുത്തവൻ തന്നെ. ഹേ, വെളുത്ത മനുഷ്യാ, ഇളം ചുവപ്പായി നീ ജനിച്ചു. വെളുത്തവനായി വളർന്നു. സൂര്യന്റെ ചൂടിൽ നീ ചുവന്നവനായി. ശൈത്യത്തിൽ നീ നീലയും ഭയപ്പെട്ടപ്പോൾ മഞ്ഞയും പനിച്ചപ്പോൾ പച്ചയുമായി. നീ മരിക്കുമ്പോൾ കരിഞ്ചുവപ്പായവനും. എന്നിട്ടും വെളുത്തവനേ,  നീ എന്തേ കറുത്തവനെ നിറമുള്ളവനെന്നു വിളിക്കുന്നു.?'മാല്ക്കമിന്റെ അകാലത്തിലുള്ള മരണം സ്വാതന്ത്ര്യ ദാഹികളായ ലോകത്തെ അന്ന് ഒന്നാകെ കരയിപ്പിച്ചു.  'രക്തസാക്ഷികളുടെ സുവർണ്ണ കുടീരങ്ങളിൽ  മാല്ക്കം സുവർണ്ണ ദീപമായി എന്നും തെളിയപ്പെടും. സമത്വ സാഹോദര്യ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയതുകൊണ്ട് ആ മഹാന് തന്റെ ജീവനെ  നഷ്ടപ്പെടുത്തേണ്ടി വന്നു.



Mohammad Ali with Malcolm X




Malcolm in Africa


Betty Shabazz (May 28, 1934a[›] – June 23, 1997)
Denzel Washington as Malcolm

Saturday, August 1, 2015

അടിമത്തവും അമേരിക്കയിലെ കറുത്തവരുടെ ചരിത്രവും



By ജോസഫ് പടന്നമാക്കൽ

കൊളോണിയൽ അമേരിക്കയുടെ കാലത്ത് കറുത്തവരായ ആഫ്രിക്കൻ അമേരിയ്ക്കരെ  അറ്റ്ലാന്റിക്ക് സമുദ്രത്തിൽക്കൂടിയുള്ള വാണിജ്യോത്ഭന്നങ്ങളിലൊന്നായി അന്നത്തെ വെളുത്ത വർഗക്കാരായവർ  കരുതിയിരുന്നു. കന്നുകാലികളെയും ആടുമാടുകളെയും  വില്ക്കുന്ന മാതിരി അടിമ വ്യാപാരത്തിൽക്കൂടി വിലപേശലുമുണ്ടായിരുന്നു. ആരോഗ്യമുള്ള അടിമകൾക്ക് കൂടുതൽ വിലയും നല്കണമായിരുന്നു.   അതിശൈത്യവും കഠിന കാലാവസ്ഥകളും സഹിച്ച് പാക്കപ്പൽ നിറയെ   തിക്കിനിറച്ചുകൊണ്ട്  അടിമകളെ  അമേരിക്കൻ തീരത്ത് കൊണ്ടു വന്നിരുന്നു. മാസങ്ങളോളമെടുക്കുന്ന   കപ്പലുകളുടെ യാത്രാ  ദൈർഘ്യവും  കാലാവസ്തയുടെ  മാറ്റങ്ങളും   കാരണം  മില്ല്യൻ കണക്കിന് ആഫ്രിക്കക്കാർക്ക്  ജീവഹാനിയും സംഭവിച്ചിട്ടുണ്ട്.

ദേശീയ റെഡ്‌ ഇന്ത്യൻ അമേരിക്കരെ അടിമകളായി ഉപയോഗിക്കാതെ ആഫ്രിക്കരെ അടിമകളായി കൊണ്ടുവന്നതും  ചരിത്രാന്വേഷകർക്ക് കൗതുകകരം തന്നെയാണ്. വേട്ടയാടി ജീവിച്ചിരുന്ന ദേശീയ റെഡ്‌ ഇന്ത്യൻസ് കൃഷിയിടങ്ങളിൽ പണിയാൻ സമർത്ഥരായിരുന്നില്ല. മാത്രമല്ല അവരുടെയിടയിൽ സാധാരണ കണ്ടുവന്നിരുന്ന ഒരു തരം മാറാ രോഗങ്ങളെ തടയാൻ യൂറോപ്യന്മാർക്ക് സാധിക്കുമായിരുന്നില്ല. പൊതുവേ  റെഡ് ഇന്ത്യൻസ് ആരോഗ്യമില്ലാത്ത ഒരു ജനതയായിരുന്നു. കാടും നാടും അവർക്ക് വശമായിരുന്നതു കൊണ്ട് യൂറോപ്യന്മാരുടെ കണ്ണുകൾ  വെട്ടിച്ച് അവർക്ക് എപ്പോൾ വേണമെങ്കിലും രക്ഷപെടാനും അറിയാമായിരുന്നു. അതേസമയം ആഫ്രിക്കർ ആരോഗ്യമുള്ളവരും ശക്തന്മാരുമായിരുന്നു. കൃഷിയിൽ നല്ല വൈഭവം ഉള്ളവരുമായിരുന്നു. അവരുടെ നിറം പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്നതുകൊണ്ട് അവർക്ക് അടിമവ്യവസ്ഥയിൽ നിന്നും രക്ഷപെടാൻ എളുപ്പവുമല്ലായിരുന്നു.

കൊളോണിയൽ  അമേരിക്കയിലെ അടിമകൾ യുദ്ധകാലങ്ങളിൽ  അമേരിക്കയുടെ റോഡുകൾ, റയിൽവേ, കെട്ടിട നിർമ്മാണ പണികൾക്കും    യുദ്ധങ്ങളുടെ മുന്നേറ്റങ്ങൾക്കും  സഹായിച്ചിരുന്നു.  സ്വതന്ത്രമാകുന്ന കോളനികളിൽ അടിമകളുടെ മോചനത്തിനായി  പ്രസിഡണ്ട് എബ്രഹാം ലിങ്കണ്‍  1863-ൽ നിയമം പാസാക്കുകയും ചെയ്തു. അടിമത്തം , രാജ്യ പുനരുദ്ധാരണം, പൌരാവകാശ സമരങ്ങൾ എന്നിങ്ങനെ അമേരിക്കയിലെ നൂറ്റാണ്ടുകളോളമുള്ള കറുത്തവരായവരുടെ  ചരിത്രം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഓരോ ഘട്ടങ്ങളിലും ചരിത്രത്തിനു സാക്ഷിയായ   സംഭവപരമ്പരകളുടെ  കഥകളുമുണ്ട്.  ഹാരി ട്യൂബ്മാൻ പോലുള്ള സ്വാതന്ത്ര്യ ദാഹികൾ അനേകം അടിമകളെ മോചിപ്പിച്ച്  രക്ഷിച്ച ചരിത്രവും ഉണ്ട്. മേരി മാക് ലിയോഡു ബെത്യൂണ്‍ ,  ആന്റണി ഒവെർറ്റൊൻ മുതലായവർ കറുത്തവർക്കായി സ്കൂളുകളും പള്ളികളും പണികഴിപ്പിച്ചു. ബിസിനസ് സ്ഥാപനങ്ങളും ആരംഭിച്ചു. 1960- കളിൽ മാല്ക്കം എക്സ്, മാർട്ടിൻ ലൂതർ കിംഗ് മുതൽ പേർ പൌരാവകാശങ്ങൾക്കായുള്ള  സമരങ്ങളുമാരംഭിച്ചു.

പഴയ കാല അമേരിക്കൻ  ചരിത്രത്തിൽ ആഫ്രിക്കൻ അമേരിക്കരെ അഫ്രിക്കൻ,  കളേർഡ്, നീഗ്രോ, ബ്ലാക്ക്  എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു. ഭൂരിഭാഗം ജനങ്ങളുടെയും ആഫ്രിക്കൻ വംശാവലിയെ സംബന്ധിച്ച വ്യക്തമായ ഒരു ചരിത്രമില്ല. കഴിഞ്ഞ മുന്നൂറു വർഷങ്ങൾക്കുള്ളിൽ വിവിധ സംസ്ക്കാരങ്ങളും വർണ്ണ വർഗങ്ങളും തമ്മിൽ കറുത്തവരുമായി ഒത്തൊരുമിച്ചു ജീവിച്ച കാരണം അനേകർ സങ്കര വർണ്ണമായും അറിയപ്പെടുന്നു.  യൂറോപ്യന്മാരും റെഡ് ഇന്ത്യൻ അമേരിക്കരുമായ സങ്കര ജാതികളും ഈ രാജ്യത്തിന്റെ സംസ്ക്കാരത്തിൽ അലിഞ്ഞു ചേർന്നുകഴിഞ്ഞു.

സ്പാനീഷുകാരും പൊർട്ടുഗീസുകാരുമൊത്താണ് ആദ്യമായി ആഫ്രിക്കക്കാർ അമേരിക്കൻ മണ്ണിൽ പ്രവേശിക്കാൻ തുടങ്ങിയത്. എ.ഡി. 1600-ൽ  ഏകദേശം സ്വതന്ത്രരായവരും അടിമകളായവരും  ഉൾപ്പടെ  275,000 ആഫ്രിക്കക്കാർ തെക്ക്, വടക്ക്, മദ്ധ്യ അമേരിക്കാ, കരീബിയൻ പ്രദേശങ്ങളിൽ ഉണ്ടായിരുന്നതായി കണക്കാക്കുന്നു.  1619-ൽ   ആഫ്രിക്കക്കാർ കൂട്ടത്തോടെ അമേരിക്കൻ  ഭൂപ്രദേശങ്ങളിൽ  വരാൻ തുടങ്ങി. ഒരു ഡച്ചു ക്യാപ്റ്റൻ ഏതാനും ആഫ്രിക്കരെ  അമേരിക്കയിലെ ജെയിംസ് ടൌണിൽ  വിറ്റതായി രേഖകളുണ്ട്.  വിസ്തൃതമായ ഭൂപ്രദേശങ്ങളും  തൊഴിലാളികളുടെ അപര്യാപ്തതയും ആദിമ  ആഫ്രിക്കരെ ഈ രാജ്യത്തിലേയ്ക്ക് ആകർഷിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ടോടു കൂടി ഏകദേശം പതിമൂന്നു ലക്ഷം ആഫ്രിക്കർ ഈ പുതിയ ഭൂമിയിൽ ഉണ്ടായിരുന്നു. 1701 മുതൽ 1810 വരെ അവരുടെ എണ്ണം 60 ലക്ഷവുമായി. ഇംഗ്ലീഷ് കോളനിയിൽ നേരിട്ട് വന്നവരും അടിമകളായി വന്നവരും അടിമ വ്യാപാരത്തിൽക്കൂടി വന്നവരുമുണ്ട്. വെസ്റ്റ് ഇൻഡീസിൽ വന്ന അടിമകളെ  കമ്പോളങ്ങളിൽ  ലേല കച്ചവടങ്ങളിൽക്കൂടി  വീണ്ടും  വില്പ്പന നടത്തി അമേരിക്കയിലെത്തിയവരുമുണ്ട്.

പതിനേഴാം  നൂറ്റാണ്ടിന്റെ ആരംഭത്തിൽ ചെറുപ്പക്കാരായ യൂറോപ്യരെ  ചുരുങ്ങിയ കാലത്തെ വ്യവസ്ഥകളിൽ  കരാർ പണിക്കായി  പുതിയ ലോകമായ അമേരിക്കയിൽ കൊണ്ടുവരാറുണ്ടായിരുന്നു. തൊഴിലുടമ ജോലി വ്യവസ്ഥയിൽ യൂറോപ്പിൻ നാടുകളിൽ നിന്നും വേതനത്തിനുപുറമേ യാത്രാക്കൂലിയും വഹിക്കുമായിരുന്നു. ഏതാണ്ട് അതുപോലുള്ള വ്യവസ്ഥകളിലായിരുന്നു ആദ്യ ആഫ്രിക്കൻ തൊഴിലാളികളും അമേരിക്കയിൽ വന്നുകൊണ്ടിരുന്നത്. എന്നാൽ യൂറോപ്യന്മാർക്കുള്ള അത്തരം വ്യവസ്ഥകൾ പിന്നീട് ആഫ്രിക്കർക്ക്  നല്കിയിരുന്നില്ല. പതിനേഴാം നൂറ്റാണ്ടിന്റെ പകുതിയായപ്പോൾ ആഫ്രിക്കരും   വെളുത്തവരും തമ്മിലുള്ള വിവേചനം ശക്തിയായിക്കൊണ്ടിരുന്നു.  അമേരിക്കയുടെ ചരിത്രത്തിലാദ്യമായി   മസ്സാച്യൂസ് സംസ്ഥാനം  1641-ൽ നിയമപരമായി അടിമത്വം  നടപ്പിലാക്കി.പിന്നീട് പതിമൂന്നു കോളനികളിലും അതാതു കാലങ്ങളിൽ അടിമത്വം നിയമത്തിൽക്കൂടി  വ്യാപിപ്പിക്കുകയായിരുന്നു.

ആഫ്രിക്കരായ കറുത്തവർ  അമേരിക്കയിൽ വന്ന കാലംമുതൽ മൂന്നര നൂറ്റാണ്ടോളം അവരിൽ അടിച്ചേൽപ്പിച്ച അടിമവ്യവസ്ഥിതി  തുടർന്നുകൊണ്ടിരുന്നു.   കൊളോണിയൽ സാമ്രാജ്യത്തിന്‌  ബ്രിട്ടീഷുകാരുടെ അധീനതയിൽനിന്നും സ്വാതന്ത്ര്യം കിട്ടിയെങ്കിലും അടിമത്ത വ്യവസ്ഥിതിയ്ക്ക് ഒരു പരിഹാരമുണ്ടായില്ല. ആദർശങ്ങൾ അമേരിക്കൻ ഐക്യനാടുകളിൽ  എല്ലാ മേഖലകളിലും   പൊന്തി വന്നിരുന്നെങ്കിലും 1885- വരെ അടിമത്ത വ്യവസ്ഥിതി ഈ രാജ്യത്തു നിലനിന്നിരുന്നു. കറുത്തവർക്കെതിരെ   ക്രൂരതയുടെ ചരിത്രം  അമേരിക്കയുടെ ചരിത്രത്തിന്റെ ഇരുളടഞ്ഞ അദ്ധ്യായങ്ങളിൽ ഇന്നും  അവശേഷിക്കുന്നു.

അമേരിക്കൻ  വിപ്ലവത്തിനുമുമ്പ് 'അടിമത്തം ' അമേരിക്കയുടെ എല്ലാ കോളനികളിലും പ്രാബല്ല്യത്തിലുണ്ടായിരുന്നു. വിപ്ലവത്തിന്റെ ആദർശങ്ങളിലും അടിമത്ത  വ്യവസ്ഥയിൽ ലാഭം കുറഞ്ഞതുകൊണ്ടും പതിനെട്ടാം നൂറ്റാണ്ടായപ്പോൾ 'അടിമത്തം '   അമേരിക്കയുടെ വടക്കേ സംസ്ഥാനങ്ങളിൽ ഇല്ലാതെയായി.  അതേ സമയം തെക്കുള്ള സംസ്ഥാനങ്ങളിൽ 'അടിമത്തം ' കൂടുതൽ ശക്തമാവുകയും ചെയ്തു. തെക്കുള്ളവർക്ക്   പുകയില, പഞ്ഞി കൃഷികൾക്കായി തൊഴിലാളികളെ ആവശ്യവുമായിരുന്നു. 1850-ൽ  ഏകദേശം 90 ശതമാനം കറുത്തവരായവർ  തെക്കേ സംസ്ഥാനങ്ങളിൽ തിങ്ങി പാർത്തിരുന്നു . അവരിൽ 95 ശതമാനവും അടിമകളായിരുന്നു.   തൊഴിലുടമകളുടെ കൃഷി സ്ഥലങ്ങളിൽ ജീവിതം കഠിനവുമായിരുന്നു. കറുത്തവരുടെ സാംസ്ക്കാരിക പാരമ്പര്യങ്ങൾക്ക്  തൊഴിലുടമകൾ യാതൊരു പ്രാധാന്യവും വിലയും കൽപ്പിച്ചിരുന്നില്ല. അടിമ മാർക്കറ്റിൽ ഭാര്യയേയും ഭർത്താവിനെയും വേർതിരിച്ചിരുന്നു. അമ്മമാരിൽ നിന്ന് പണിയാൻ ആരോഗ്യമുള്ള കുട്ടികളെ  തൊഴിലുടമ കൊണ്ടുപോവുകയോ വില്ക്കുകയോ ചെയ്യുമായിരുന്നു. കറുത്തവരുടെ കുടുംബവും  കുടുംബ സംവിധാനങ്ങളും നിശേഷം തൊഴിലുടമകൾ അങ്ങനെ  തകർത്തുകൊണ്ടിരുന്നു.

പഞ്ഞി, പുകയില  തോട്ടങ്ങളിൽ  അനേകം  തൊഴിലാളികളെ ആവശ്യമുണ്ടായിരുന്നു. അവരെ നിയന്ത്രിക്കുന്ന കങ്കാണിമാരും തൊഴിൽ നല്കുന്നവരുടെ എജന്റമാരും അടിമകളെ നിർദ്ദയമായി   ഉപദ്രവിക്കുമായിരുന്നു. അടിമയുടമകളോ   തൊഴിലാളി ഏജന്റ്മാരോ ശിക്ഷാവിധി നടപ്പിലാക്കിയാൽ അതിനപ്പുറം തീർപ്പു കല്പ്പിക്കാൻ ഒരു നിയമ വ്യവസ്ഥിതിയുമുണ്ടായിരുന്നില്ല.  അടിമ പെണ്ണുങ്ങളെ  ദുരുപയോഗം ചെയ്യുകയോ ബലാത്സംഗം   നടത്തുകയോ ചെയ്താൽ കുറ്റകരമായി കരുതിയിരുന്നില്ല. വെളുത്തവർക്കെതിരെ കറുത്തവരുടെ തെളിവുകൾ കോടതികൾ അംഗികരിച്ചിരുന്നുമില്ല . കറുത്തവർക്ക് താമസിക്കാൻ നല്ല വീടോ,  ഭക്ഷണമോ, വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. തെക്കുള്ള അനേക സംസ്ഥാനങ്ങളിൽ കറുത്തവരെ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നത് നിയമ വിരുദ്ധമായിരുന്നു. അടിമകളെ നിയന്ത്രിക്കാനായുള്ള പ്രത്യേക നിയമ സംഹിതകളുമുണ്ടായിരുന്നു. അടിമകൾ എതിരഭിപ്രായങ്ങൾ പറയുന്നത് നിയമം മൂലം തടഞ്ഞിരുന്നു. കറുത്തവർക്ക് ആയുധങ്ങൾ കൈവശം വെയ്ക്കുവാൻ പാടില്ലായിരുന്നു. വെളുത്തവരുടെ അഭാവത്തിൽ കറുത്തവരായവർ കൂട്ടം കൂടി സമ്മേളിക്കാൻ അനുവദിച്ചിരുന്നില്ല.

തെക്കോ വടക്കോ വസിച്ചിരുന്ന സ്വതന്ത്രരായ  കറുത്ത വർഗക്കാർ തെക്കുള്ള കറുത്ത വർഗക്കാർ അനുഭവിക്കുന്ന യാതനകളിൽ രോഷാകുലരായി ശബ്ദമുയർത്തുന്നുണ്ടായിരുന്നു. സാമൂഹിക സാമ്പത്തിക തലങ്ങളിലും വോട്ടിംഗ്, വിദ്യാഭ്യാസ മേഖലകളിലും കറുത്തവർക്കെതിരെയുള്ള അസമത്വങ്ങൾ തുടർന്നുകൊണ്ടിരുന്നു. 1857-ലെ ഡ്രഡ്സ്കൊട്ടും സാൻഫോർഡും തമ്മിലുള്ള   കേസിലെ സുപ്രീം കോടതി വിധിയനുസരിച്ച് ആഫ്രിക്കൻ അമേരിക്കർ സ്വതന്ത്രരാണെങ്കിലും  രാജ്യത്തിലെ പൌരന്മാർ അല്ലായിരുന്നു. പൌരാവകാശങ്ങൾക്ക് അവർ അർഹരുമായിരുന്നില്ല.

അടിമത്തത്തെ  ആഫ്രിക്കൻ അമേരിയ്ക്കർ  പ്രതിഷേധങ്ങളും വിമർശനങ്ങളും  വഴി  വിവിധ നിലകളിൽ പ്രതികരിച്ചിരുന്നു. കൂടാതെ പ്രോസർ, വെസ്സെ, ടേണർ തുടങ്ങിയ സാമൂഹിക പ്രവർത്തകർ അടിമത്തത്തിനെതിരെ ശബ്ദിക്കുകയും തന്മൂലം ആയിരക്കണക്കിന് അടിമകൾ  അടിമത്തത്തിൽ നിന്നും മോചിതരായി വടക്കേ അമേരിക്കയിലേയ്ക്കും കാനഡായിലേക്കും രക്ഷപ്പെടുകയുണ്ടായി. ചിലർ അവരുടെ   വ്യക്തിത്വവും പാരമ്പര്യവും നിലനിർത്തികൊണ്ട് വെളുത്തവരോട് ചെറുത്തു നിന്നു. ഭൂരിഭാഗം കറുത്തവരും ജീവിക്കാൻ മറ്റു മാർഗങ്ങൾ  കാണാതെ വെളുമ്പർക്ക് കീഴ്പ്പെട്ടു ജീവിച്ചു. വെളുത്തവർ കറുത്തവരെക്കാളും ഉന്നതരെന്ന ഒരു സാമൂഹിക കാഴ്ചപ്പാട് അക്കാലത്തുള്ള ജനങ്ങളുടെ മനസ്സിൽ വളർത്താൻ വെളുത്തവർക്കു  കഴിഞ്ഞു.

1955 ഡിസംബർ  ഒന്നുമുതൽ  1956 ഡിസംബർ  ഇരുപതുവരെയുള്ള ചരിത്രപ്രസിദ്ധമായ 'മോണ്ട്ഗോമറി ബസ് ബോയ്ക്കോട്ട്' സമരം കറുത്തവരുടെ സാമൂഹിക നവോദ്ധാനത്തിന്റെ വിജയ മുന്നേറ്റമായി കരുതുന്നു. മോണ്ട്ഗോമറി സിറ്റി നിയമം അനുസരിച്ച് പൊതുവാഹനങ്ങളിൽ വർണ്ണ വിവേചനം അനുവദിനീയമായിരുന്നു. ബസിലെ ഡ്രൈവർക്ക് നിയമം നടപ്പിലാക്കാൻ പോലീസ് ഒഫീസറിന്റെ  പോലുള്ള അധികാരവുമുണ്ടായിരുന്നു.   ബസിന്റെ മദ്ധ്യഭാഗത്തു നിന്ന് പുറകോട്ടുള്ള സീറ്റുകൾ കറുത്തവർക്കും  മുമ്പോട്ടുള്ള നിരയിലെ സീറ്റുകൾ വെളുത്തവർക്കുമായിരുന്നു നിശ്ചയിച്ചിരുന്നത്.  ബസിന്റെ മുമ്പിലുള്ള സീറ്റുകൾ വെളുത്തവരെക്കൊണ്ട് നിറയുമ്പോൾ,വീണ്ടും വെളുത്തവരായ യാത്രക്കാർ  ബസിനുള്ളിൽ പ്രവേശിക്കുമ്പോൾ  കറുത്തവരുടെ നിരയിൽ മുമ്പിലിരിക്കുന്നവരോട്  സീറ്റ് മാറി  പുറകോട്ടു പോകാൻ ഡ്രൈവർ ആംഗ്യം കാണിക്കുമായിരുന്നു.  ആവശ്യമെങ്കിൽ കറുത്തവർ  വെളുത്തവർക്കുവേണ്ടി  സീറ്റൊഴിഞ്ഞു കൊടുക്കുകയും വേണമായിരുന്നു.  1955-ഡിസംബർ ഒന്നാതിയതി മോണ്ട്ഗോമാറിയിലെ ബസിൽ 'റോസാ പാർക്ക്' എന്നൊരു ജോലിക്കാരത്തി   ജോലി കഴിഞ്ഞു സഞ്ചരിക്കുകയായിരുന്നു.  അന്നവർക്ക് 39 വയസ് പ്രായം. കറുത്തവർക്കായി നിശ്ചയിച്ചിരുന്ന സീറ്റുകളിൽ മുമ്പിലത്തെ നിരയിലായിരുന്നു അവർ ഇരുന്നിരുന്നത്.   മുമ്പിലത്തെ സീറ്റിൽ ഇരുന്നുകൊണ്ട് 'റോസാ' യാത്ര തുടരുന്നവേളയിൽ യാത്രക്കാരെക്കൊണ്ട് ബസ് നിറയാൻ തുടങ്ങി. വെളുത്തവരായവർ ബസ്സിൽ നിന്നുകൊണ്ട് യാത്ര ചെയ്യുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽ പെട്ടു.  ഡ്രൈവർ ബസ് നിറുത്തിക്കൊണ്ട്  മുമ്പിലത്തെ നിരയിലുള്ള നാല്  യാത്രക്കാർ സീറ്റുകൾ വെളുത്ത യാത്രക്കാർക്കായി ഒഴിഞ്ഞു കൊടുക്കാനും ആവശ്യപ്പെട്ടു. മൂന്നു പേർ അനുസരിച്ചെങ്കിലും 'റോസാ' ഡ്രൈവറുടെ വാക്കുകളെ പുച്ഛിച്ചു തള്ളിക്കൊണ്ട് അതേ സീറ്റിൽ തന്നെയിരുന്നു. 'നിനക്ക് എന്തുകൊണ്ട് നിന്നുകൂടായെന്ന്' റോസായോട് ഡ്രൈവർ ചോദിച്ചപ്പോൾ 'തനിക്കതിന് സൌകര്യപ്പെടില്ലായെന്നു' മറുപടി കൊടുത്തു.   ഡ്രൈവർ പോലീസിനെ  വിളിക്കുകയും മോണ്ട്ഗോമറി സിറ്റിനിയമം തെറ്റിച്ചതിന് റോസായെ അറസ്റ്റു ചെയ്യുകയും ചെയ്തു. അന്നുതന്നെ ജാമ്യത്തിലും വിട്ടു.

'റോസായെ' അറസ്റ്റു ചെയ്ത  ദിവസം   'ഈ.ഡി. നിക്സണ്‍' എന്ന  സാമൂഹിക നേതാവിന്റെ നേതൃത്വത്തിൽ (ഹെഡ് ഓഫ് എൻ.എ.സി പി) മോണ്ട്ഗോമാറി  ബസുകളിൽ യാത്രക്കാരെ ഉപരോധിച്ചുകൊണ്ട് സമരങ്ങൾക്ക് തുടക്കമിട്ടു. സ്ഥലത്തെ പത്രങ്ങളിൽ പരസ്യങ്ങൾ കൊടുക്കുകയും എവിടെയും പോസ്റ്ററുകൾ ഒട്ടിക്കുകയും ചെയ്തു. വീടുകളിൽ നോട്ടീസുകൾ വിതരണം ചെയ്യുകയും ചെയ്തു. റോസായുടെ  കോടതിയിലെ വിസ്താരദിനമായ  1955 ഡിസംബർ അഞ്ചാംതിയതി തിങ്കളാഴ്ച പ്രതിഷേധദിനമായി ആചരിക്കാനും കറുത്തവരായവർ ബസുകളിൽ അന്നേദിവസം യാത്ര ചെയ്യാതിരിക്കാനും  തീരുമാനമെടുത്തു. പുറത്തേയ്ക്ക് പോകാതെ വീടുകളിൽ തന്നെ കഴിയാനോ, ടാക്സിയെടുത്തു ജോലിക്ക് പോകാനോ ജോലിക്ക് നടന്നു പോകാനോ ആയിരുന്നു  തീരുമാനം. ഭൂരിഭാഗം ആഫ്രോ അമേരിക്കർ അന്ന് ബസ്സിൽ കയറിയില്ല. സംഘാടകർ സമരം വിജയപ്രദമാക്കുന്നതിന് നീണ്ടകാല ബസ് യാത്രാ ഉപരോധനത്തിനായും   തീരുമാനിച്ചു.

ഏതാനും നേതാക്കന്മാർ മോണ്ട്ഗോമറിയിലുള്ള മൌണ്ട് സിയോ ചർച്ചിൽ സമ്മേളിക്കുകയും ബോയ്ക്കോട്ടിനുള്ള ഭാവി പരിപാടികളെപ്പറ്റി പദ്ധതികളിടുകയും ചെയ്തു. അവർ മോണ്ട് ഗോമറിയിൽ '  സമരങ്ങൾക്കായി ഒരു വിപ്ലവ സംഘടന രൂപീകരിച്ചു. മാർട്ടിൻ ലൂതർ കിംഗ് ജൂണിയറിനെ സംഘടനയുടെ പ്രസിഡന്റായി  തെരഞ്ഞെടുക്കുകയും ചെയ്തു. സമൂഹത്തിലെ  അനീതിയ്ക്കെതിരെയുള്ള മാറ്റത്തിന് റോസായുടെ കേസ്  ഒരവസരമായും വിപ്ലവ കമ്മിറ്റി കരുതി.

റോസായെ വിസ്തരിക്കാനായി   അറ്റോർണി ഫ്രെഡ് ഗ്രെയുമായി കോടതിയിലെത്തിയ സമയം അവർക്കു പിന്തുണ നല്കാൻ  ആയിരക്കണക്കിന്  ജനം  അന്ന് കോടതി വളപ്പിലുണ്ടായിരുന്നു. മുപ്പതു മിനിറ്റിലെ വിസ്താര വേളയ്ക്കു ശേഷം  സ്ഥലത്തെ നിയമം തെറ്റിച്ചതിന് പത്തു ഡോളർ പിഴയും കോടതി ചെലവു നാലു ഡോളറും റോസാ കൊടുക്കേണ്ടി വന്നു. അന്നുമുതൽ കറുത്തവർ ബസ് ബോയ്ക്കോട്ട് പൂർണ്ണമായും ആരംഭിച്ചു.  ബസുകൾ യാത്രക്കാരില്ലാതെ പലപ്പോഴും കാലിയായി  ഓടിക്കേണ്ടി വന്നു. ചിലർ കാർ പൂൾ വഴി ജോലിക്ക് പോയിക്കൊണ്ടിരുന്നു. മറ്റു ചിലർ ആഫ്രിക്കൻ അമേരിക്കർ ഓടിക്കുന്ന വണ്ടികളിൽ യാത്ര ചെയ്തു. നാല്പ്പതിനായിരം ആഫ്രിക്കൻ അമേരിക്കർ നടന്നു ജോലിക്ക് പോയിക്കൊണ്ടിരുന്നു. ചിലർ ദിവസം 20 മൈയിലുകൾ നടന്നും  പോകുമായിരുന്നു.

മോണ്ട്ഗോമറിയിലെ  ആഫ്രിക്കൻ അമേരിക്കരിൽ  ഭൂരിഭാഗം ജനങ്ങളും സമരത്തിൽ   പങ്കെടുത്തതുകൊണ്ട്  'ബസ് ബോയ്ക്കോട്ട്'  വിജയകരമായിരുന്നു. അനേക മാസങ്ങളോളം സമരം തുടർന്നുകൊണ്ടിരുന്നു.  സിറ്റി ട്രാൻസ്പോർട്ട് കമ്പനിയുടെ സാമ്പത്തിക നില തകരാനും തുടങ്ങി. ബോയ്ക്കോട്ട് പുരോഗമിക്കുംതോറും   വെളുത്തവരിൽ നിന്നും ആക്രമണങ്ങളും പ്രതിഷേധങ്ങളും ഉണ്ടായിക്കൊണ്ടിരുന്നു.  കറുത്ത വർഗക്കാരുടെ പള്ളികൾ കത്തിച്ചു. മാർട്ടിൻ ലൂതർ കിംഗിന്റെയും ഈ.ഡി. നിക്സന്റെയും വീടുകൾ ബോംമ്പിട്ടു നശിപ്പിച്ചു.  കറുത്തവർ നടത്തി വന്നിരുന്ന ടാക്സി കമ്പനികളുടെ ഇൻഷുറൻസ് നിറുത്തൽ ചെയ്തു.  അനേക കറുത്തവരായവരെ കാരണങ്ങളില്ലാതെയും നിയമ  ലംഘനത്തിനും  അറസ്റ്റു ചെയ്തു.

വെളുത്തവരിൽനിന്നും  തുടർച്ചയായ ആക്രമണങ്ങളും ഉപദ്രവങ്ങളും തുടർന്നപ്പോൾ   ആഫ്രിക്കൻ അമേരിക്കൻ സമൂഹം നിയമപരമായ നടപടികൾക്കും തയ്യാറായി. പൊതു ഗതാഗതങ്ങളിൽ വർണ്ണ വിവേചനം അനീതിയാണെന്ന് കാണിച്ച് 'റോസായുടെ' അറ്റോർണി ഫ്രെഡ് ഗ്രേ വഴി 1956 ജൂണിൽ അലബാമ, നൊർത്തേണ്‍,   മോണ്ട് ഗമറി ഡിസ്ട്രിക്റ്റ് കോർട്ടിൽ   ഒരു കേസ് ഫയൽ ചെയ്തു.   കോടതി വർണ്ണ വിവേചന നിയമം (ജിം ക്രോ നിയമങ്ങൾ) ഭരണഘടനയ്ക്കെതിരെന്നു വിധി പ്രസ്താവിച്ചു. മോണ്ട് ഗോമറി സിറ്റിയിലെ അധികൃതർ കോടതിയുടെ ഈ തീരുമാനത്തിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ കൊടുത്തു. എന്നാൽ 1956 നവംബർ  പതിനാറാം തിയതി സുപ്രീം കോടതി കീഴ്കോടതിയുടെ വിധി ശരി വെക്കുകയാണുണ്ടായത്.

ട്രാൻസ്പോർട്ട് കമ്പനിയും സിറ്റിയിലെ ബിസിനസുകളും സാമ്പത്തിക നഷ്ടംമൂലം തകർന്നുകൊണ്ടിരുന്നു. കറുത്തവർക്കെതിരെ നിയമപരമായ നടപടികൾ തുടരുന്നതു മൂലം സിറ്റിയുടെ സാമ്പത്തിക ഭദ്രതയും മോശമായി തുടങ്ങി. പൊതു വാഹനങ്ങളിൽ  നിലവിലുള്ള വർണ്ണ വിവേചന വ്യവസ്ഥ ഇല്ലാതാക്കാൻ ചുമതലപ്പെട്ടവർ നിർബന്ധിതരായി. 1956 ഡിസംബർ ഇരുപത്തിയാറാം തിയതി ബോയ്ക്കോട്ട്   ഔദ്യോഗികമായി അവസാനിപ്പിച്ചു. അമേരിക്കൻ ചരിത്രത്തിലെ 381 ദിവസങ്ങൾ നീണ്ടു നിന്ന വിജയകരമായ ഈ സമരം  വർണ്ണ വിവേചന വ്യവസ്ഥയ്ക്കെതിരെയുള്ള   കറുത്തവരുടെ  ഒരു  ജനകീയ മുന്നേറ്റമായിരുന്നു.

1955 ഡിസംബർ മുതൽ 1968 ഏപ്രിൽ വരെയുള്ള  പതിമൂന്നു വർഷത്തെ  മാർട്ടിൻ ലൂതർ കിംഗിന്റെ നേതൃത്വം   കറുത്തവരുടെ പൌരാവകാശങ്ങൾക്കു വേണ്ടിയായിരുന്നു. അമേരിക്കൻ ചരിത്രത്തിലെ 350 വർഷങ്ങൾ കൊണ്ട് നേടാൻ സാധിക്കാതിരുന്ന   പൌരാവകാശങ്ങൾ  അദ്ദേഹത്തിന്റെ ഹൃസ്വമായ ജീവിതത്തിൽ  നേടാൻ സാധിച്ചു.  കറുത്തവർക്കും തുല്ല്യാവകാശം വേണമെന്നുള്ള  സമാധാന വിപ്ലവത്തിന് മാർട്ടിൻ ലൂതറിനാവേശം ലഭിച്ചത്  ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തിൽ നിന്നായിരുന്നു.  ക്രിസ്തുവും ക്രിസ്തീയ ചൈതന്യവും ആ മഹാനെ നയിച്ചുകൊണ്ടിരുന്നു. മറ്റുളളവർ അക്രമ പരമായ വിപ്ലവ മാർഗങ്ങൾ തുടർന്നപ്പോൾ അദ്ദേഹം ശക്തമായ ഭാഷയിൽക്കൂടി അക്രമത്തെ  എതിർത്തു. ദാരിദ്ര്യത്തിനെതിരെയും സ്ത്രീ അസമത്വത്തിനെതിരെയും ആഗോള സമാധാനത്തിനായും  സമരം ചെയ്തു. കറുത്തവരും വെളുത്തവരും തുല്യരാണെന്ന് ഉച്ചത്തിൽ പ്ലാറ്റ് ഫോറങ്ങളിൽ നിന്നും വിളിച്ചു പറഞ്ഞു. എനിക്ക് ഒരു സ്വപ്നമുണ്ട്, (I have a dream) നോബൽ സമ്മാനം ലഭിച്ച ദിനത്തിലെ പ്രസംഗം, ബിർമിൻഗാം ജയിലിൽ നിന്നും അയച്ച കത്ത് എന്നീ വാക്കുവൈഭവങ്ങൾ  ഇംഗ്ലീഷ് ഭാഷയിൽ അതുല്യ സാഹിത്യ കണികങ്ങളായി കണക്കാക്കുന്നു. അദ്ദേഹത്തിൻറെ മഹനീയമായ ജീവിതത്തെപ്പറ്റിയും നേട്ടങ്ങളെപ്പറ്റിയും  ഇന്ന് വെളുത്തവരെയും കറുത്തവരെയും ഒരുപോലെ സ്കൂളുകളിൽ പഠിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളും  പണ്ഡിതരും ഒരുപോലെ   ആ മഹാനെപ്പറ്റി ഗവേഷണങ്ങൾ നടത്തി പ്രബന്ധങ്ങളും തയ്യാറാക്കുന്നു. അമേരിക്കൻ പ്രസിഡന്റല്ലാത്ത  ഒരാളെ ആദരിച്ചുകൊണ്ടുള്ള ഫെഡറൽ  അവധി  ദിനം ' മാർട്ടിൻ ലൂതർ കിംഗ്‌ 'ഡേ മാത്രമേയുള്ളൂ. അദ്ദേഹത്തിൻറെ പേരിൽ നൂറു കണക്കിന് പ്രതിമകളും റോഡുകളും പാർക്കുകളും പള്ളികളുമുണ്ട്. പതിമൂന്നു വർഷം മാത്രം  സമാധാനത്തിന്റെ സന്ദേശവുമായി   വിപ്ളവം  നയിച്ച  മാർട്ടിൻ ലൂതർ കിങ്ങിന്റെ  ജീവിതം 1968-ഏപ്രിൽ നാലാം തിയതി  ടെന്നസ്സിയിലെ മെമ്പീസിലുള്ള ലോറയിൻ  മോട്ടലിൽ നടന്ന വെടിവെപ്പിൽ   അവസാനിച്ചു. ഡോ. കിംഗ് വളർന്ന ജോർജിയായിലെ അറ്റ്ലാന്റായിൽ   നടന്ന കിംഗിന്റെ  സംസ്ക്കാര ചടങ്ങുകളിൽ  ദേശീയ തലത്തിലുള്ള ഉന്നതരായ നേതാക്കന്മാർ  പങ്കു കൊണ്ടിരുന്നു.

1970  മുതലാണ്  ആഫ്രോ  അമേരിക്കർ  ഉയർച്ചയുടെ പടവുകൾ കയറാൻ തുടങ്ങിയത്.  പ്രധാന നഗരങ്ങളിൽ മേയർമാരായും ഫോർച്യൂണ്‍  500 കമ്പനികളിലെ സി ഇ ഓ മാരായും ഉയർന്ന സ്ഥാനങ്ങളും അലങ്കരിക്കാൻ തുടങ്ങി. ഒടുവിൽ കിംഗിന്റെ സ്വപ്നം സാക്ഷാത്ക്കരിച്ചുകൊണ്ടു കറുത്ത വർഗക്കാരനായ ഒബാമ അമേരിക്കയുടെ നാൽപ്പത്തി നാലാം  പ്രസിഡന്റായി വൈറ്റ് ഹൗസും കീഴടക്കി.  ഇന്ന് ആഫ്രിക്കൻ അമേരിക്കൻ ജനതയിൽ സമൂലമായ മാറ്റങ്ങളും പരിവർത്തനങ്ങളും വന്നുകൊണ്ടിരിക്കുന്നു. ഒരു   ആഫ്രോ  അമേരിക്കനോട്  ആരും ബസിന്റെ പുറകിലിരിക്കാൻ പറയില്ല.  വോട്ടുചെയ്യാൻ വരുന്നവരെ  ഉപദ്രവിക്കാൻ ആരും തയ്യാറാവുകയില്ല. എങ്കിലും  നൂറ്റാണ്ടുകളിലെ അടിമത്ത്വ വ്യവസ്ഥിതി കറുത്ത വർഗക്കാരെ  സാമൂഹിക,വിദ്യാഭ്യാസ, സാമ്പത്തിക തലങ്ങളിൽ വളരെ പിന്നിലേക്ക് തള്ളിയെന്നുളത് ചരിത്ര സത്യമാണ്.

സ്വാതന്ത്ര്യം എന്തെന്നറിയാതെ മരിച്ചുപോയ അടിമകളായ അമ്മമാർ മടങ്ങി വരുകയാണെങ്കിൽ അവർ  പറയും, "മക്കളെ ഇരുളിനു  തുല്യമായ എന്റെ മുഖം നോക്കൂ.  സത്യത്തിന്റെ ദീപമായ  സൂര്യനെപ്പോലെ ഞാനിന്നു  പ്രകാശിക്കുന്നു. ഒരിക്കൽ ഞാനൊരു  കറുത്ത കുട്ടിയായിരുന്നു. ഞാൻ തന്നെയാണ് ചുവന്ന കടൽ. സാക്ഷാൽ കറുത്തമ്മ. കറുത്തവളായ ഞാൻ സ്വാതന്ത്ര്യത്തിനായി  സ്വപ്നങ്ങൾ പടുത്തുയർത്തി.വയലുകളിൽ പണിയെടുത്ത  സ്ത്രീയാണ് ഞാൻ. പഞ്ഞിക്കെട്ടുകളും ധാന്യ വിഭവങ്ങളും തലയിൽ ചുമന്നു കൊണ്ടുവന്നതും ഞാൻ തന്നെ. അടിമയായി ജോലി ചെയ്തവളും ഞാൻ തന്നെ.  പ്രതിഫലമായി അവരെന്നെ അടിക്കുകയും പീഡിപ്പിക്കുകയും ചെയ്തു.  എന്റെ മക്കളെ എന്നിൽ നിന്നും പിടിച്ചു വാങ്ങി വിറ്റു. ഭർത്താവിനെയും വിറ്റു. എനിക്ക്  സുരക്ഷിതം തന്നില്ല, സ്നേഹം തന്നില്ല. ബഹുമാനവും തന്നില്ല.  എന്നെ തട്ടിക്കൊണ്ടുപോയി  ചാരിത്ര്യം നശിപ്പിച്ചപ്പോൾ ക്രൂരതയുടെ  നിയമം എന്നെ നോക്കി പല്ലിളിച്ചു കാണിച്ചു."



















DR.Martin Luthar King (Jr)





Rosa Park




കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...