Saturday, February 27, 2016

ദളിതരുടെ ചരിത്രം, ഒരു പഠനം (ലേഖനം- 1)



വർണ്ണാശ്രമ ധർമ്മവും  തൊട്ടുകൂടാ ജാതികളും  

By ജോസഫ് പടന്നമാക്കൽ

വടക്കേന്ത്യയിൽ തുടക്കമിട്ട വർണ്ണാശ്രമ ധർമ്മം ആര്യൻ സമൂഹത്തിന്റെ ഘടകമായിരുന്നു. പ്രാകൃത ചിന്തകളിൽനിന്നും ഉരുവിട്ട സൃഷ്ടിയുടെ കെട്ടുകഥയെ ആധാരമാക്കിയാണ് വർണ്ണാശ്രമ ധർമ്മത്തിനു തുടക്കം കുറിച്ചിരിക്കുന്നത്. സൃഷ്ടാവിന്റെ വായിൽനിന്നു ബ്രാഹ്മണ പുരോഹിതരും കൈകളിൽനിന്നു രാജകീയ യോദ്ധാക്കളും തുടകളിൽനിന്നു കൃഷിക്കാരും കച്ചവടക്കാരുമായ വൈശ്യരും പാദങ്ങളിൽനിന്നു ശൂദ്ര ജാതിക്കാരായ കൈപ്പണിക്കാരും സേവകരുമുണ്ടായിയെന്നാണ് ബ്രാഹ്മണ വേദാന്തങ്ങൾ പഠിപ്പിക്കുന്നത്‌. പിന്നീട് മുൻ ജന്മത്തിൽ പാപികളായി ജനിച്ച അവർണ്ണ ജാതികളായ പറയ, പുലയരെപ്പോലുള്ള തീണ്ടാ ജാതികളുമുണ്ടായി. ഈഴവരും വർണ്ണാശ്രമത്തിനു പുറത്തുള്ളവരാണ്.   

കാലക്രമേണ വർഗ വിവേചനം ഹൈന്ദവ മതത്തിന്റെ അവിഭാജ്യ ഘടകമായി മാറി. ഒപ്പം നിന്ദ്യമായ തൊട്ടു കൂടായ്മയും പുനർ ജന്മവും. അവകളെല്ലാം തന്ത്രപൂർവ്വം ബ്രാഹ്മണർ പുരാണങ്ങളിലും കൂട്ടിച്ചേർത്തു. അവരുടെ ഗ്രന്ഥങ്ങൾ താണ ജാതികളെ മേല്ജാതിക്കാരുടെ ഇഷ്ടാനുഷ്ടാനങ്ങളനുസരിച്ച് നിസ്സഹായരായി വഴങ്ങുന്നവരാക്കാനും സഹായിച്ചു. പുനർ ജന്മം അധകൃതരായവരെ അടിമകളാക്കാൻ ഒരു ഉപാധിയായും മാറി. ജനിക്കുമ്പോഴെ മുൻജന്മ പാപത്തിൽ ജീവിക്കുന്ന കീഴ്ജാതിക്കാർ ജന്മ ജന്മാന്തരങ്ങളിൽക്കൂടിയെങ്കിലും പുനർ ജന്മത്തെ   ഒരു ആശ്വാസമായി കണ്ടു. കീഴ്ജാതിക്കാരും അവർക്കുണ്ടാകുന്ന കുട്ടികളും മൃഗങ്ങളെപ്പോലെ മേൽജാതിക്കാർക്കു കീഴ്പ്പെട്ടു ജീവിക്കണമായിരുന്നു.

മൂന്നാം നൂറ്റാണ്ടിൽ രചിച്ചതെന്നു വിശ്വസിക്കുന്ന മനുവിന്റെ നിയമങ്ങൾ ഇന്നും ഗുജറാത്ത് സർവ്വകലാശാലയിലെ പാഠ പുസ്തകമാണ്. തൊഴിലടിസ്ഥാനമായ വർണ്ണ ജാതി വ്യവസ്ഥകൾ ഉത്തമമെന്നും പഠിപ്പിക്കുന്നു. തൊട്ടുകൂടായ്മയും താണ ജാതികളുടെ അശുദ്ധിയും സവർണ്ണ മേധാവിത്വവും ഭാരതത്തിന്റെ സംസ്ക്കാര പാരമ്പര്യവുമായി വിശേഷിപ്പിക്കുന്നു. ജാതി വ്യവസ്ഥകളനുസരിച്ച് താണ ജാതികൾ ജനിച്ചതു അവരുടെ മുൻജന്മ പാപം കൊണ്ടെന്നും പഠിപ്പിക്കുന്നു. പാപ പരിഹാരത്തിനായി ഉയർന്ന ജാതികൾക്ക് താണവരെ ശിക്ഷിക്കുകയോ പീഡിപ്പിക്കുകയോ കൊല്ലുകയോ ചെയ്യാം. താണ ജാതിക്കാരുടെ പെൺക്കുട്ടികളെ ലൈംഗിക ഭോഗം ചെയ്യുന്നതിന് ഉന്നത ജാതികൾക്ക് തൊട്ടുകൂടായ്മ പ്രശ്നവുമല്ല. മനുഷ്യൻ മനുഷ്യനെ നിന്ദിക്കാനും   ചെളിയിലും മാലിന്യത്തിലും പണിയെടുപ്പിക്കാനും സ്ത്രീത്വത്തെ അപമാനിക്കാനും മനുസ്മൃതിയിലുള്ള സാമൂഹിക വിവേചനങ്ങൾ   ആധികാരികമായി യുവ തലമുറകളെ പഠിപ്പിക്കുന്നു.  

ഇന്ത്യൻ ജനതയിൽ പതിനേഴു ശതമാനത്തോളം ദളിതരുണ്ട്. എന്നാൽ രാജ്യത്തുള്ള വിഭവങ്ങളുടെ പങ്ക് ദളിതർക്കു ലഭിക്കുന്നത് അഞ്ചു ശതമാനം മാത്രവുമാണ്. പകുതിയിലധികം ദളിതജനം കഴിയുന്നത്‌ ദാരിദ്ര്യ രേഖയ്ക്ക് താഴെയും. അവരിൽ അറുപത്തി രണ്ടു ശതമാനം വിദ്യാഹീനരുമാണ്. ഭൂരിഭാഗവും ഭൂമിയില്ലാതെ മറ്റുള്ളവരുടെ ഭൂമിയിൽ പാട്ടത്തിനു കൃഷി ചെയ്തു ജീവിക്കുന്നു. പത്തു ശതമാനം ജനങ്ങൾക്കേ ശുദ്ധജലവും വൈദ്യുതി സൌകര്യങ്ങളും ലഭിക്കുന്നുള്ളൂ. കക്കൂസുകൾ തുറസ്സായ പുറംപ്രദേശങ്ങളും റയിൽവേ പാളങ്ങളുടെ സമീപവുമായിരിക്കും. കൂടാതെ രാജ്യത്തിലെ കുറ്റ കൃത്യങ്ങൾക്ക് എക്കാലവും ബലിയാടാകുന്നതും ദളിതരായിരിക്കും. ഭയം കൊണ്ട് ഉന്നത ജാതികൾ നടത്തുന്ന കുറ്റകൃത്യങ്ങൾ ദളിതർ റിപ്പൊർട്ട് ചെയ്യുകയോ ബന്ധപ്പെട്ടവരെ അറിയിക്കുകയോ ചെയ്യാറില്ല. അഥവാ റിപ്പോർട്ട് ചെയ്താലും പണത്തിന്റെ പുറത്തു കേസുകൾ പോലീസു ചാർജു ചെയ്യുകയുമില്ല. പണത്തിന്റെ മേലിൽ പരുന്തും പറക്കില്ലായെന്നു പറഞ്ഞപോലെ കോടതികളെ സ്വാധീനിച്ചുകൊണ്ട്‌ കേസുകൾ തള്ളിയും ഇല്ലാതെയുമാക്കും. ദളിതർക്ക് നീതികിട്ടാത്ത ലക്ഷക്കണക്കിനു കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും മാറ്റങ്ങളില്ലാതെ ദളിതർ ഭാരതമാകെ തകർക്കപ്പെട്ട അധകൃത ജനതയായി ജീവിക്കുന്നു.

ഭാരതത്തിൽ ദളിതരും അവരുടെ സ്ത്രീകളും നൂറ്റാണ്ടുകളായി പീഡിപ്പിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളായിരുന്നു. ദളിത സ്ത്രീയായി ഭാരത മണ്ണിൽ ഒരുവൾ ജനിച്ചാൽ പിന്നീടവരുടെ ജീവിതം യാതനകളിൽക്കൂടിയായിരിക്കും. ദുരിതങ്ങളും പീഡനങ്ങളും അവരുടെ ജീവിതത്തിന്റെ ഭാഗമായിത്തീരും. ഇന്ത്യയിലെ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും തെരുവുകൾ വൃത്തിയാക്കുന്നത് ദളിത സ്ത്രീകളെന്നു കാണാം. മനുഷ്യൻ വിസർജിക്കുന്നതും മലമൂത്രങ്ങളും  കൈകൾ കൊണ്ട് തൊട്ടിക്കുള്ളിലാക്കി തലയിൽ വെച്ചുകൊണ്ട് പോകുന്ന കാഴ്ചകൾ ഇന്ത്യയിലെ ഉൾനാടുകളിൽ ഇന്നും സാധാരണമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യാ തിളങ്ങുന്നുവെന്നു രാഷ്ട്രീയ നേതാക്കൾ ലോകത്തിന്റെ മുമ്പിൽ പറഞ്ഞു കൊണ്ടിരിക്കും. ഇന്ത്യയുടെ ഇരുണ്ട ചരിത്ര വശങ്ങൾ പുറത്തു പറയുകയുമില്ല. 

അധികാര ഗർവ്വിൽ ഓരോ പ്രദേശങ്ങളിലെ കാക്കി കുപ്പായങ്ങളണിഞ്ഞ പോലീസുകാർ പ്രതിഫലമില്ലാതെ എന്തു വൃത്തികെട്ട ജോലി ചെയ്യാൻ ദളിതരോട് ആവശ്യപ്പെട്ടാലും പീഡനങ്ങൾ ഭയന്ന് ദളിതർ അവരെ അനുസരിക്കാറുണ്ട്. അനാഥമായി തള്ളി നീക്കുന്ന ചീഞ്ഞളിഞ്ഞ ശവ ശരീരങ്ങൾ വരെ മാറ്റേണ്ട ചുമതലകളും ദളിതർക്കുള്ളതാണ്. നിഷേധിക്കാൻ അവർക്ക് അവകാശമില്ല. കയ്യുറകൾ ധരിക്കാതെ നഗ്നമായ കൈകൾ കൊണ്ട്  ഓടയിലെ ഒഴുകുന്ന മലിന വസ്തുക്കളും വൃത്തിയാക്കുന്നു. തൊഴിൽ ചെയ്യുന്നവരുടെ സുരക്ഷിതത്വവും ഭദ്രതയും നിയമങ്ങളിൽ അനുശാസിക്കുന്നുണ്ടെങ്കിലും തൊഴിലിനാവശ്യമായ വസ്ത്രങ്ങളോ, ഗ്ലൗസുകളൊ കോൺട്രാക്റ്റർമാർ അവർക്കു നല്കാറില്ല. സർക്കാരിൽ നിന്നും നിയമം തെറ്റിക്കുന്ന കോൺട്രാക്ടർമാരെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌താൽ ചോദ്യം ചെയ്യുന്നവർക്ക് കൈനീട്ടം കിട്ടുമ്പോൾ അവർ തൃപ്തരാകും. അല്ലെങ്കിൽ  അവരുടെ വീടുകൾ സൗജന്യമായി വൃത്തിയാക്കി കൊടുത്തുകൊണ്ട് ദളിതരെ ചൂഷണം ചെയ്യുന്നത് തുടരുകയും ചെയ്യുന്നു. ദാരിദ്ര്യവും താണവരെന്ന ജാതിയുമാണ് അവരെ ഇത്തരം ജോലികൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. 

'ദളിത്‌' എന്ന വാക്ക് 'ദാൽ' എന്ന സംസ്കൃത പദത്തിൽ നിന്നും ഭേദഗതി വരുത്തി വന്നതാണ്. തകർന്ന ജാതികളെന്നും ദളിതെന്ന പദത്തിനു അർത്ഥം കല്പ്പിച്ചിരിക്കുന്നു. ശബ്ദിക്കാൻ അവകാശമില്ലാതെ അടിച്ചമർത്തപ്പെട്ട തലമുറകളായി ഹൃദയം തകർന്ന ഹതാശയരായ ഒരു ജനതയായിരുന്നു അവർ. അവരെ 'തൊട്ടുകൂടാ' ജാതികളെന്നും പറയും. ഹിന്ദു വർണ്ണ വ്യവസ്ഥയിലെ ചതുർ വർണ്ണത്തിനു വെളിയിലുള്ള അഞ്ചാം തരക്കാരായി അവരെ കരുതുന്നു.


ബ്രാഹ്മണരല്ലാത്തവരുടെ സംഘടനയായ 'സത്യ ഷോതക് സമാജം' സ്ഥാപിച്ച ' ജ്യോതിബ ഫുലെ' ആദ്യമായി 'ദളിത്' എന്ന പദം പൊതുജനമദ്ധ്യേ അവതരിപ്പിച്ചതായി കരുതുന്നു. വർണ്ണാശ്രമത്തിനു പുറത്തുള്ളവരെയും ചതുർ വർണ്ണ വ്യവസ്ഥകളുടെ ബലിയാടായവരെയും തൊട്ടുകൂടാ ജാതികളെയും ദളിതരെന്ന സംജ്ഞയിൽ സമൂഹത്തിലറിയപ്പെടാൻ തുടങ്ങി. 1919-ൽ ബ്രിട്ടീഷ്കാർ ഇവരെ അവശ ജാതികളെന്നു വിളിച്ചിരുന്നു. ദൈവത്തിന്റെ മക്കളെന്നുള്ള അർത്ഥത്തിൽ ഗാന്ധിജി ഹരിജനങ്ങളെന്നും വിളിച്ചു. ഗാന്ധിജിയുടെ ഹരിജനെന്ന വിളി അംബേദ്ക്കർക്ക്‌ സ്വീകാര്യമായിരുന്നില്ല. അവശരായ ഹിന്ദുക്കൾക്ക് പ്രത്യേകമായ ഒരു തെരഞ്ഞെടുപ്പു സമ്പ്രദായം വേണമെന്നും അവരെ പ്രതിഷേധ (Protestant) ഹിന്ദുക്കളെന്നു വിളിക്കണമെന്നും അംബേദ്ക്കർ ആവശ്യപ്പെട്ടു.1935-ൽ ബ്രിട്ടീഷ്‌ സർക്കാർ അവരെ ഷെഡ്യൂൾ ക്ലാസ്സെന്നു തരം തിരിച്ചു.

1970-കളിൽ മഹാരാഷ്ട്രയിൽ 'ദളിത കരിംപുലി'കളെന്ന സംഘടന രൂപീകരിച്ചു. ഈ സംഘടന 'ദളിത്' എന്ന വാക്ക് ഇന്ത്യാ മുഴുവനായി വ്യാപിപ്പിക്കാൻ ഇടയാക്കി. ഇന്ന് എല്ലാ ജാതികളിലുമുള്ള അവശരായ അവർണ്ണ ജാതികൾ ദളിതരെന്ന പേരിൽ അറിയപ്പെടുന്നു. അവരുടെ പ്രതിഷേധ റാലികളിലും ഈ വാക്കാണ്‌ ഉപയോഗിക്കുന്നത്. വർണ്ണ വ്യവസ്ഥയനുസരിച്ച് ദളിതരെ താണ ജാതികളായി കണക്കാക്കുന്നു. താണ നിലവാരമുള്ള തൊഴിലുകളും അശുദ്ധിയും കല്പ്പിച്ചുകൊണ്ട് അവരെ വർണ്ണാശ്രമ ധർമ്മത്തിന് പുറത്താണ് നിറുത്തിയിരിക്കുന്നത്‌. ചതുർവർണ്ണത്തിൽ പെടാത്തതുകൊണ്ട് പഞ്ചമ ജാതികളെന്നും വിളിക്കും. ചരിത്രാദി കാലം മുതൽ അവർ ഭാരതത്തിൽ അടിച്ചമർത്തപ്പെട്ട ജനതയായായിരുന്നു. മനുഷ്യൻ മനുഷ്യനെ വെറുക്കുന്ന സങ്കുചിത ചിന്താഗതി ഇന്നും പിന്തുടരുന്നു. മനുഷ്യ ശരീരങ്ങൾ  കുഴിച്ചിടുകയും ഓടയിലൂടെ ഒഴുകുന്ന  മലിനവസ്‌തുക്കളും  കക്കൂസുകളും ‍ വൃത്തിയാക്കുകയും പാടത്തു പണിയുകയും അവരുടെ തൊഴിലുകളായി കരുതുന്നു. അവരുടെ അഭിമാനത്തിനും മാന്യതയ്ക്കും ഉയർന്ന കുലജാതികൾ മുറിവുകളുണ്ടാക്കിയിരുന്നു. നിന്ദ്യമായ പെരുമാറ്റങ്ങളിൽക്കൂടി അവരെ ഉയർന്ന ജാതികൾ പീഡിപ്പിച്ചു കൊണ്ടിരുന്നു. അവർ തൊട്ടുകൂടാ ജാതികളായിരുന്നതു കൊണ്ട് ആരെങ്കിലും അവരെ സ്പർശിച്ചാൽ അവരും അശുദ്ധരാകുമായിരുന്നു. മറ്റുള്ള ഉയർന്ന ജാതികളിൽ പിറന്ന കുട്ടികൾ  അശുദ്ധരാകാതിരിക്കാൻ തൊട്ടുകൂടാ ജാതികൾക്ക് സ്കൂളുകളും അമ്പലങ്ങളും പൊതുവഴികളും നിഷേധിച്ചിരുന്നു.

ഇന്നും  ദളിതർക്ക്‌ താമസിക്കാനായി ഭാരതമൊട്ടാകെ  പ്രത്യേക ഗ്രാമങ്ങളും കുടിവെള്ളത്തിനായി കിണറുകളുമുണ്ട്. സ്കൂളിൽ ക്ലാസ് മുറികളിൽ ദളിത കുട്ടികൾ പ്രത്യേക സ്ഥലത്തിരിക്കണം. ചായക്കടകളിൽ ദളിതർക്കിരിക്കാൻ വേർതിരിച്ച സ്ഥലങ്ങളുണ്ട്. അത്തരം പെരുമാറ്റങ്ങൾ ഭാരതത്തിലെ നിയമങ്ങൾക്കെതിരാണെങ്കിലും ഉയർന്ന ജാതികൾ നിയമങ്ങൾക്കൊന്നും യാതൊരു പ്രാധാന്യവും കൽപ്പിക്കാറില്ല. നൂറ്റാണ്ടുകളായുള്ള ദളിതർക്കെതിരെയുള്ള വിവേചനം അവരെ നിത്യ ദരിദ്ര ജനതയാക്കി മാറ്റിയിരിക്കുന്നു. ആധുനിക കാലഘട്ടത്തിലും ദാരിദ്ര്യമാണ് ദളിതരുടെ മുഖ്യ പ്രശ്നവും. ഉന്നത ജാതികളിൽ നിന്നുമുള്ള പീഡനത്തിൽ അസഹ്യരായ ദളിതരിൽ അനേക ജനങ്ങൾ  ബുദ്ധ മതവും ഇസ്ലാമിക, ക്രിസ്തു മതവും സിക്കു മതവും സ്വീകരിച്ചു. നിഷേധിക്കപ്പെട്ട മനുഷ്യാവകാശങ്ങൾക്കു വേണ്ടിയായിരുന്നു അവർ മതം മാറിക്കൊണ്ടിരുന്നത്. യാഥാസ്ഥിതിക മനോഭാവം പുലര്‍ത്തുന്ന ദേശീയതയോ മാർക്സിസമോ, ജനായത്ത ഭരണ സിദ്ധാന്തങ്ങളോ വർണ്ണ വിവേചന  പ്രശ്നങ്ങൾക്ക് പരിഹാരം കാണില്ലെന്ന്  അംബേദ്ക്കർ വിശ്വസിച്ചിരുന്നു. ക്രിസ്തുമതവും ഇസ്ലാം മതവും അദ്ദേഹത്തിനു താല്പര്യമില്ലായിരുന്നു. കാരണം ഈ മതങ്ങൾ കാര്യമായി വർണ്ണ വ്യവസ്ഥകൾക്കെതിരെ പോരാടിയിട്ടില്ലായിരുന്നു. ലക്ഷക്കണക്കിന് ദളിതരുമായി അദ്ദേഹം ബുദ്ധമതത്തിൽ  ചേർന്നു. ബുദ്ധൻ ഭാവന കണ്ടത് വർണ്ണ വ്യവസ്ഥയില്ലാത്ത ഒരു സമൂഹത്തെയായിരുന്നുവെന്നു അംബേദ്ക്കർ  വിശ്വസിച്ചിരുന്നു.

തൊട്ടുകൂടായമയുടെ ചരിത്രം ക്രിസ്തുവിനുമുമ്പ് ആര്യന്മാരുടെ കുടിയേറ്റ ചരിത്രം മുതൽ കണക്കാക്കാം. ആര്യന്മാർ ഇന്ത്യയെ ആക്രമിച്ചെന്നു ബ്രിട്ടീഷ് ചരിത്രകാരും ഭാരതീയ ചരിത്രകാരും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആര്യ കുടിയേറ്റത്തിൽ അങ്ങനെയൊരു ചരിത്രം തെളിയിക്കാൻ സാധിക്കുകയില്ല. അംബേദ്‌ക്കറും അങ്ങനെയൊരു ചരിത്രം ബ്രിട്ടീഷ് സൃഷ്ടിയെന്നു വിശ്വസിച്ചിരുന്നു. ആര്യന്മാർ ദേശീയരായവരെ, അവരുടെ സംസ്ക്കാര പാരമ്പര്യങ്ങളെ  വെറുപ്പോടെയായിരുന്നു കണ്ടിരുന്നത്‌. ദേശീയരായവരിൽ ചിലർ കാട്ടിൽ നിന്നു രക്ഷപ്പെട്ടെങ്കിലും ഭൂരിഭാഗവും ആര്യൻ സമൂഹത്തിനു അടിമപ്പെട്ടുകൊണ്ട്  താണ ജാതിക്കാരായി ജീവിക്കുകയായിരുന്നു.  വേദ കാലങ്ങളിൽ കാട്ടിൽ നിന്നു രക്ഷപ്പെട്ടവരെ ചണ്ഡാളന്മാരെന്നു വിളിച്ചിരുന്നു.

ബ്രഹ്മാവിന്റെ വായിൽ നിന്നും തുടകളിൽ നിന്നും കൈകളിൽ നിന്നും പാദങ്ങളിൽ നിന്നും ചതുർ വർണ്ണ ജാതികൾ ഉണ്ടായിയെന്നുള്ള മനൂവിയൻ  തത്ത്വങ്ങൾ ബ്രാഹ്മണ ജാതികൾ പ്രചരിപ്പിച്ചു കൊണ്ടിരുന്നു. ചതുർ വർണ്ണത്തിൽപ്പെടാത്തവർ തീണ്ടൽ ജാതിക്കാരായി ബ്രാഹ്മണർ താണ ജാതികളുടെ മനസ്സിൽ കുത്തിക്കുറിച്ചു.  വർണ്ണാശ്രമത്തിലെ നാലു ജാതികൾ ദൈവികമായി ഉണ്ടായിയെന്നും മറ്റുള്ളവർ നിയമപരമല്ലാതെ ലൈംഗിക അഴിഞ്ഞാട്ടങ്ങൾ നടത്തിയതുകൊണ്ട് അവർണ്ണ ജാതികളുണ്ടായിയെന്നും ഉയർന്ന ജാതികൾ പ്രചരിപ്പിക്കാനും തുടങ്ങി. ചണ്ഡാളന്മാർ ബ്രാഹ്മണ സ്ത്രീകളിൽ നിന്നും ശുദ്ര പുരുഷന്മാരിൽ നിന്നും ജനിച്ചവരെന്ന തത്ത്വവും ബ്രാഹ്മണർ സൃഷ്ടിച്ചു.

ചരിത്രത്തിലാദ്യം വർഗ വിവേചനത്തെ എതിർത്തവർ ശ്രീ ബുദ്ധനും മഹാവീരനുമെന്നു വിശ്വസിക്കുന്നു. മദ്ധ്യകാലഘട്ടത്തിലുള്ള ഭക്തി മാർഗങ്ങൾ ഹിന്ദു മതത്തിന്റെ നവോത്വാന ചരിത്രമായി കണക്കാക്കുന്നു. രാമാനുജയുടെ പ്രവർത്തനങ്ങളിൽ ദളിതരെയും പങ്കെടുപ്പിച്ചിരുന്നു. ദളിത ശിക്ഷ്യഗണങ്ങളെയും രാമാനുജാ പരസ്യമായി അമ്പലത്തിൽ കൊണ്ടുപോയിരുന്നു.  ദളിതനായ 'നമ്മാൽവരനെ' വേദങ്ങളുടെ പ്രചാരകനായും താത്ത്വിക സംഘടനകളുടെ നേതാവായും  അദ്ദേഹം നിയമിച്ചു. ദ്രാവിഡ വേദങ്ങളെപ്പറ്റി   'നമ്മാൽവരൻ'  കൃതികൾ രചിച്ചിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രഹ്മസമാജവും ആര്യസമാജവും രാമകൃഷ്ണാ മിഷ്യനും ദളിതരുടെ മോചനത്തിനായി പ്രവർത്തിക്കാൻ തുടങ്ങി. പഞ്ചാബിലെ ദളിത ഗുരുവായ 'ഘാസിദാസെന്നു' പേരുള്ള  ദളിത മഹാൻ  'സത്നാമി' എന്ന പേരിൽ ഒരു  ദളിത ക്ഷേമ സംഘടന സ്ഥാപിച്ചു. ഗുരു രവിദാസും ദളിതനായിരുന്നു. ദളിതരെ മതം മാറ്റി 'ജിയാനി ദിത്ത് സിംഗ്' പഞ്ചാബിൽ ദളിതർക്കായി പ്രവർത്തിച്ചുകൊണ്ടിരുന്നു. ജ്യോതി ഫുലെ, കേരളത്തിലെ അയ്യങ്കാളി, തമിഴ് നാട്ടിലെ യോതി താസ് മുതലായവർ ദളിതരുടെ ക്ഷേമത്തിനു  വേണ്ടി പ്രവർത്തിച്ച സാമൂഹിക പ്രവർത്തകരാണ്. 1928-ൽ ഉന്നത ജാതിയിൽ പിറന്ന 'ലക്ഷ്മി നാരായൻ' ദളിതർക്കായി ഒരു അമ്പലം വാർദ്ധായിൽ തുറന്നു കൊടുത്തു. 1936-ൽ തിരുവിതാംകൂർ രാജാവ് ദളിതർക്കായി അമ്പല പ്രവേശനത്തിനുള്ള രാജ വിളംബരം ചെയ്തു. ഗാന്ധിജി ദളിതരെ സഹായിക്കാൻ  ഹരിജന യാത്ര നടത്തിക്കൊണ്ടിരുന്നു.

ഇന്ത്യാ സർക്കാർ 1995 മാർച്ച്‌ മുപ്പത്തിയൊന്നാം തിയതി  ദളിതരുടെ മേലുള്ള പീഡനങ്ങളും കയ്യേറ്റങ്ങളും തടയാൻ പ്രത്യേകമായ നിയമം പാസാക്കിയിട്ടുണ്ട്. 1932-ൽ ബ്രിട്ടീഷ് സർക്കാർ ദളിതരുടെ ക്ഷേമത്തിനായും അവരുടെ  നേതാക്കന്മാരെ തെരഞ്ഞെടുക്കാനും പ്രത്യേക സമ്മതിദായകവകാശവും നിയോജക മണ്ഡലവും വാഗ്ദാനം ചെയ്തിരുന്നു. മഹാത്മാ ഗാന്ധി ആ തീരുമാനത്തെ എതിർത്തു. പൂനാ പദ്ധതി പ്രകാരം അംബെദ്ക്കറുമായി ചർച്ചകളിൽക്കൂടി ആ പ്രശ്നം പരിഹരിക്കപ്പെട്ടു. 1947-ൽ സ്വാതന്ത്ര്യം കിട്ടിയ കാലം മുതൽ ദളിതർക്ക് വിദ്യാഭ്യാസ സൌകര്യങ്ങളിലും ജോലികളിലും മുൻഗണന നല്കി വരുന്നു. 1997-ൽ ദളിതനായ കെ.ആർ നാരായണനെ ഇന്ത്യയുടെ പ്രസിഡണ്ടായി തെരഞ്ഞെടുത്തുകൊണ്ട് ഒരു ചരിത്രനിയോഗം കുറിച്ചു. നാലാം തരമുള്ള സർക്കാർ ജോലികളിലെ  തൊഴിൽ മേഖലകളിൽ പതിനെട്ടു ശതമാനത്തോളം ദളിതർ വഹിക്കുന്നു. അനേക സാമൂഹിക സംഘടനകൾ ദളിതരുടെ ക്ഷേമാന്വേഷണത്തിനായും ആരോഗ്യ സംരക്ഷണത്തിനായും വിദ്യാഭ്യാസ പുരോഗമനത്തിനായും തൊഴിലവസരങ്ങൾക്കായും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. വർഗ വിവേചനവും തൊട്ടു കൂടായ്മയും നിയമത്തിനെതിരെങ്കിലും ഇന്നും ആ പ്രാകൃത ചിന്താഗതികൾ ഉന്നത ജാതികൾ പുലർത്തിക്കൊണ്ടിരിക്കുന്നതും ഈ നൂറ്റാണ്ടിനു തന്നെ ഒരു അപമാനവുമാണ്. (തുടരും) 









Sunday, February 14, 2016

The light at the end of the tunnel when living with PRP




By Joseph Padannamakkel

This essay is about ‘Pityriasis Rubra Pilaris’. PRP stands for Pityriasis Rubra Pilaris which is a rare disease, hardly known to the medical world.  I was diagnosed with this condition in October 2015. This write up may be an adventurous attempt for me because I have no medical knowledge regarding this subject. My personal experiences with this condition, and the enormous amount of suffering it has caused are what inspired me to write this essay, so that I may bring awareness to other PRP patients especially in our  community. It may be useful for people who are suffering from this illness and could also be helpful to their loving families. I hope that my personal trials and tribulations with this condition inspire and encourage others who are suffering with Pityriasis Rubra Pilaris.

Being a patient that suffered from PRP I believe that I have every right to bring this topic to public attention.  I believe that the patient should study the disease and its effects because they are the ones managing their day to day life. Patients have the right to accept or to reject the medication, once they study the consequences and side effects. We must find a responsible doctor with compassion, patience and good bed side manner. There will be many ups and downs of emotions with PRP, and many questions. The future may seem incredibly bleak. The choice of an undependable caregiver in the sea of uncertainty that PRP brings will cause us to break down even further.

 Luckily I found a phenomenal Dermatologist (Dr. Scott Sanders, MD Dermatology, New City, NY). I am able to control my disease because of  his direction and expert advice. He is the most compassionate doctor I have ever met. Whenever I visit his office for light therapy he is there with a cordial smile. His accomplishments are a magical blessing to the medical field. Even with his busy schedule, he cares so much about the progress of my health. He was incredibly happy that he was able to diagnose my symptoms as being due to PRP because it is an extremely tough diagnosis to make. I go to his office three days a week for light therapy and I take Soriatane Capsules twice a day. This has given me immense relief, and for the first time since this nightmare started, I can smile. All of the credit goes to my amazing dermatologist, and I know with full confidence that I can beat this disease because of him.

I think back to the beginning of this journey… how it all began. I had minor glaucoma since 1990 and my health insurance required that I get a referral from a primary doctor in order to see an eye specialist. I chose a Malayalee lady as my primary doctor. I visited her office for a routine checkup and to get a referral for an eye specialist. On that day, her office took my weight, BP, etc. My weight was 160 pounds.  That was the normal weight that I had always maintained in the past. They found my cholesterol level was high, so to bring it down, she prescribed Crestor tablets. I began to take this medication every day. All of a sudden, I saw hives on my entire  face and body. It was like my face and body were marked with red bruises, and there was intolerable itching from head to toe.  I thought that I was probably just experiencing the side effects of the Crestor pills.  The hives went away after six weeks. Then, out of nowhere, my skin got incredibly dry with rashes and it was shedding. I had been diagnosed with Psoriasis since 1998, and I thought that maybe I was having a flair up of my Psoriasis. The rashes on my body were bothering me from morning to night without any break in between. I could hardly eat or sleep. I was afraid that I would lose my mental capacity because the continuous itching was bothering me to a point that I could not even think. My palms and feet began to swell, I lost hair on my arms and my legs, and the hair on my head became malformed and thin. Both of my feet had immense swelling and I was unable to walk without the support of a cane or without others to help me. I also lost 30 pounds and I had to wear my belt buckles on the tightest fitting in order to fit my pants.  The dry skin was shedding like snow everywhere and I became extremely depressed and insecure. I began to hate myself because anywhere and everywhere that I looked, my skin had shed. As my life became hard, I became more depressed. I took oat meal baths everyday with the hope of relief. I peeled my itching skin from all over my body while I was in the tub. I know that peeling our skin on our own is not advisable but I did not know what else to do, because I was unable to control the itching. I used every cream available on the market to no avail. It was very difficult for me to even tie my shoes or shave my face because I had no sensation in my fingers or my hands. My feet were also swollen and without any sensation. I was unable to eat food with my hands and even write. There was no problem when I typed, so I continued my hobby as a writer and kept writing articles for newspapers, so that I could keep my mind occupied. I looked up in my mirror and saw my strange face with scars every single day.  I walked everywhere with my disabled feet that were swollen. I felt like a crazy man being of no use to anybody, and I felt as if I was a burden to all those around me. As my problems became at their worst, I went to a nearby Emergency hospital. They could not diagnose my symptoms even after running a battery of tests. The doctor from the emergency room advised me to see a dermatologist to find the cause of my symptoms and its solution. They sent me back home without any answers and without any relief to my symptoms. Shortly after this, I found Dr. Scott Sanders, MD Dermatology who is located in New City, NY, and for the first time since this all began, I started to feel hope.

Usually Pityriasis Rubra Pilaris affects middle aged people and is very difficult to diagnose by an ordinary doctor. We need an expert dermatologist to diagnose and to explain the reasons the symptoms are generated by this disease. Its treatment can only be done under the care of an efficient dermatologist. It is extremely difficult for the victims of PRP to cope with their day to day life.  Statistics show hardly one patient is affected by PRP out of five thousand dermatology patients.

PRP is not a life threating disease. It is not contagious to other people. The root cause of how it is implanted in body is unknown. During the year 1800 a medical research group released information about this disease and what it is. The findings of their research were the first in medical history. The letters in PRP denotes a meaning and explanation.
·         Pityriasis: characterized by fine, small peeling skin-like plaques;
·         Rubra: red;
·         Pilaris: relating to the hair follicle.
PRP problems are hard to get rid of once we have the disease. The skin is always peeling and shedding, and new skin is rapidly forming which continues to peel. It is a vicious cycle, and as the new skin comes and goes, there is an immense amount of itching. The color of new skin could be red or orange depending upon our ethnic race.

 There are many creams available on the market for temporary relief.  We should use the cream or lotion at least two to three times a day in order to prevent loss of moisture from the skin. It also helps in reducing the itching. Perfumed lotions are not good for PRP patients because they contain alcohol. We have to drink plenty of water for the best of our skin. Always take a cold bath rather than a long hot bath in the tub. The hot water may feel more comfortable at first, but it could cause more drying of the skin in the long run.

There is limited research on PRP and it is still a very much unknown disease. Researchers find it could be hereditary in origin, or without any reason; It could be viral or bacterial. Anti-biotics, mental stress, major surgery, and heavy sun light could cause PRP.  So far, there is no medicine available on the market that can completely cure PRP. But there are medicines that can cause temporary relief. The medication prescribed for PRP are the same as the prescription for severe Psoriasis patients. The PRP and Psoriasis diseases belong to the same family.

As the cycle of  reviving skin, and itching as its consequence continues, our mind and body are always disturbed and uncomfortable. The symptoms on our body are noticeable from the very beginning as yellowish bumps. The signs of PRP could begin on any part of the body. Extremely dry and flaky skin forms all over the body. The skin sheds even by simply touching it with our hands.  The hair from the head and body also sheds. The patient may get non-sensitive palms and feet. It is a characteristic of PRP patients that their fingers might be weak with no sensation. The nails could be shed down. The palms of the hands might be hard like rock or wood. The eye lids might be pasted up.   PRP is usually an extension of psoriasis or eczema. It could be the impact of certain medications. The patients constantly feel ill and extremely tired. The body temperature is uncontrolled and patients feel cold, even when it is hot.  PRP can cause problems to the organs because of insufficient water in the body. The liver can also be enlarged.

Patients get very confused as to what they should do next when they get the first symptoms of PRP. They wonder whom they should contact regarding their symptoms. It is quite natural for people who are suffering with PRP for the first time in their life. The dermatologist’s expertise is needed to get the right diagnosis from the very beginning. The dermatologist does the biopsy test to determine what it is, along with the help of an expert pathologist.
Once the dermatologist decides the diagnosis of PRP, the next step is they would tell the patient what kind of PRP the patient is suffering from. The treatment depends upon each individual and his or her past medical history. There are different types of treatment options available. During the course of medication, the patients should be closely monitored. They have to do blood tests according to the doctor’s instruction. If the patient takes a retinoid or immune suppressant medicine there are chances there may be side effects, so patients have to think about the side effects of  medication too. The medicine will cause more dry skin to shed. Patients should remain as hydrated as possible and try to drink as much water as they can.  Each month the doctor decides what kind of blood test is required for the patient.

PRP patients should be careful of their emotional feelings too.  Mental health is just as important as physical health. It is very difficult to distinguish between mental health and physical health. It would really help the patient to have a strong support system. It is better to talk to others whom we trust about this illness. We have to consider our mental balance at all times, and avoid stress. Those who are close to the patient should also carefully monitor the patient’s mental balance. Those patients who are unable to handle the stress or their emotions should seek the help of a psychiatrist

Usually, PRP patients will not sweat at any weather condition even if the temperature is extremely hot. The cause for the patients not sweating is unclear in medical science. It could be the heavy loss of skin from our body. The sweating by our body controls our body temperature. PRP patients are unable to tolerate the cold because of loss of skin. It is very hard to tolerate the hot temperature too. The reason might be the loss of insulin and skin from our body.  Patients sometimes complain of feeling cold in hot temperature. The air conditions in shops and theaters will be bothersome to PRP patients and make them feel intolerable cold. They should carry warm clothing and accessories (such as sweaters and blankets) while they are travelling regardless of the season.  While most passengers in a car may enjoy the air condition, PRP patients are in constant discomfort from it and need blankets to protect themselves from cold. The persistent itching causes a disturbance to social life, and social activities. The itching can cause wounds to the body which could cause further complications. Wounds can be a source of infection.  Long baths in hot water is not good for the skin. It could trigger more dry skin on the body.

It is required that PRP patients should maintain healthy diets. As the skin is shedding, the body needs more nourishment from food.  Plenty of fruits and vegetables should be added with our dishes. Patients should avoid food that contains heavy salt (such as potato chips) because this will cause edema. If the patient gets help from a nutrition doctor, they should inform the nutrition doctor about the conditions of their PRP. The patient should avoid sunlight as that causes damage to the skin. PRP patients may require wearing long sleeve shirts and caps to protect their body from sun light.

PRP patients need to use cream and lotion lavishly to prevent itching and control moisture to the best of their ability. As the skin is shedding, the patient may need a vacuum cleaner nearby. It is very difficult to wear black clothing, because the shedding white skin shows clearly on black colored materials. The skin shown on our clothes is embarrassing in front of others.

The three words ‘pityriasis rubra pilaris’ are not happy words for me. These words are not easy to explain to other people. These three words give me conflicting emotions that threaten to break my spirit. There are ups and downs…a roller coaster ride of happiness and sorrow as I muddle through life with PRP. I feel as though my life changed in an instant when I began experiencing the effects of PRP. My inner mind sometimes feels like a ball of fire. It is in every single thought of my daily life. I have looked in the mirror and I was brought to tears…I felt trapped and lost…as if all of my wishes are disintegrating right before my very own eyes. A feeling of helplessness and hopelessness as I remember that the truth is divergent…that it may continue for many years or for the rest of my life.

The shedding skin of my scalp would always fly up in the air. My feet have been swollen like I had elephantiasis. The itching of my body has become a constant part of my life, and everything in life must be planned around the effects of the disease. I hesitate to meet other people, visit their homes and to even attend family events. Family and friends often try to console me by telling me that I will be cured, but in all honesty, nobody can predict when or if that is going to happen. It seems like such a brief period of time when I feel happy and comfortable, before my skin begins to shed again…the cycle continues with no end in sight and again the happiness melts away to a mind in pathetic condition.



 I am now reminiscing about my healthier days. I was a different person while I had a healthier life. Today, I am a new man with a transformed and tranquil mind. I no longer have the temper that I had in my younger days. The medical condition of PRP is not a joke to anybody physically or mentally. It also has the potential to break our finances. Still, it is a consolation that having PRP is far better than many other medical conditions such as cancer or heart disease- with this thought, I suppress my sorrow within my heart even as I am fighting the effects of PRP. On a positive note, the shedding of skin from our face and body can be considered as a blessing in disguise. As the old skin sheds and new skin is revealed, that makes us look fresh and youthful. I feel younger when I see luminous and shiny skin being generated on my face and body.  It causes me to remember the good old days of my youthful age.

Though occasionally I see tears in my eyes because of my symptoms, sometimes I feel like my young age is back again when I am looking in the mirror.  I feel that my wrinkles are disappearing when fresh and soft skin is covering my face. I transport my mind to the days of my youth whenever the fresh skin appears on my face and body. In my mind, I am cheating the effects of old age, at least aesthetically. I feel as though I have hidden the scars of my old age.

Many years ago Mikle Ottorbi’s daughter asked her dad who had PRP, “Does PRP mean pretty red people?” Mikle laughed at his daughter’s question. (Pretty Red People). That saying in America causes laughter to PRP patients all over. Even today people are laughing because of this saying.  I am also laughing, even though I have ethnic dark color. I have the full support of my family and my friends to console me during my illness and I am being treated by the most brilliant and kind dermatologist.  I am confident that one day I will get well from my PRP. This confidence is allowing me to go forward in my life full of optimism… It has been a tough journey, but I am finally starting to see the light at the end of the tunnel.



Saturday, February 6, 2016

ദിവാൻ സർ സി.പി. രാമസ്വാമി അയ്യരും തിരുവിതാംകൂറും




By ജോസഫ് പടന്നമാക്കൽ

സർ സി.പി. യെന്ന പേരിൽ വിഖ്യാതനായിരുന്ന  സചീവോത്തമ സർ ചെത്പത് പട്ടാഭിരാമ രാമസ്വാമി അയ്യർ,  തിരുവിതാംകൂർ  ദിവാനും രാഷ്ട്ര തന്ത്രജ്ഞനും പ്രസിദ്ധനായ വക്കീലും ഭരണാധികാരിയും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്നു. രാജവംശം നിലവിൽ നിന്നിരുന്ന തിരുവിതാംകൂറിൽ 1936 മുതൽ 1947 വരെ ദിവാനുമായിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ നിയമം, രാഷ്ട്രീയം, രാജ്യഭരണം, സാമൂഹികം, വിദ്യാഭ്യാസം  ജീവ കാരുണ്യം, സാഹിത്യം, ബൌദ്ധികം എന്നീ തലങ്ങളിൽ ആറു പതിറ്റാണ്ടോളം വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ട് അദ്ദേഹം തന്റെ ആധിപത്യം സ്ഥാപിച്ചു.സ്വതന്ത്ര ഭാരതത്തിന്റെ ഉദയത്തിൽ രാഷ്ട്ര നിർമ്മാണത്തിനുള്ള സി. പി യുടെ അമൂല്യ സംഭാവനകൾ  സ്തുത്യർഹമായിരുന്നു.


ലോർഡ്‌ വേവലിന്റെ പേരിലുള്ള വൈസറോയി ജേർണലിൽ തിരുവിതാംകൂറിലെ ദിവാനായിരുന്ന സർ സി. പി. രാമസ്വാമി അയ്യരെ വിശേഷിപ്പിച്ചിരിക്കുന്നത് 'അദ്ദേഹം ഇന്ത്യയിലെ ഏറ്റവും വിദഗ്ധനായ ഭരണാധികാരിയായിരുന്ന മഹത് വ്യക്തി'യെന്നായിരുന്നു.   തിരുവിതാം കൂർ മഹാരാജാവ് ശ്രീ  ഉത്രാടം തിരുന്നാൾ മാർത്താണ്ഡ വർമ്മ പറഞ്ഞത്  'സത്യമോ അസത്യമോ എന്താണെങ്കിലും  നാം  സി.പി. യെ അവഹേളിക്കരുതെന്നായിരുന്നു'. അദ്ദേഹത്തെപ്പറ്റി തിരുവിതാംകൂറിലെ ഒരു പ്രമുഖ വ്യക്തിയിൽ നിന്നും അത്തരം ഒരു അഭിപ്രായം വന്നത് ആദ്യമായിട്ടായിരുന്നു. സി.പി. യുടെ ശാപം കേരളമണ്ണിൽ പതിച്ചുവെന്നു വേണം കരുതാൻ.  ആദ്ദേഹം തിരുവിതാം കൂറിനു നല്കിയ സംഭാവനകൾ അതുല്യമാണ്. അദ്ദേഹത്തെപ്പോലെ മിടുക്കനായ ഒരു ഭരണാധികാരി ഇന്ത്യയ്ക്ക് ലഭിച്ചിട്ടില്ല. ഒരു പക്ഷെ സ്വതന്ത്ര തിരുവിതാംകൂറെന്ന  നിലപാട് അദ്ദേഹം എടുത്തില്ലായിരുന്നെങ്കിൽ  ഇന്ത്യയുടെ പ്രസിഡന്റ് വരെയുള്ള സമുന്നതമായ പോസ്റ്റുകൾ അലങ്കരിക്കുമായിരുന്നു.


1879 നവംബർ മൂന്നാം തിയതി സി ആർ പട്ടാഭിരാമന്റെയും സീതാലക്ഷ്മി അമ്മാളിന്റെയും മകനായി സി. പി. മദ്രാസ്സിൽ ജനിച്ചു. പട്ടാഭി രാമയ്യർ പ്രസിദ്ധനായ ഒരു ന്യായാധിപനായിരുന്നു.  സ്വാമി വിവേകാനന്ദനെ മതങ്ങളുടെ സമ്മേളനങ്ങളിൽ പങ്കെടുക്കുവാൻ അമേരിക്കയിലയച്ചതും അദ്ദേഹം അദ്ധ്യക്ഷനായുള്ള സംഘടനയായിരുന്നു. രാമ സ്വാമി അയ്യർ ചെറുപ്പം മുതലേ വായനയിൽ വളരെ തല്പ്പരനായിരുന്നു. പിതാവ് കൊടുക്കുന്ന പോക്കറ്റുമണി കൊണ്ട് അദ്ദേഹം പഠിക്കുന്ന കാലങ്ങളിൽത്തന്നെ പുസ്തകങ്ങളുടെ  വലിയ ഒരു ശേഖരണം തന്നെ നടത്തി. സുഹൃത്തുക്കളെയും തന്റെ സ്വകാര്യ ഗ്രന്ഥശാലയിൽ നിന്ന് പുസ്തകങ്ങൾ വായിക്കാൻ അനുവദിച്ചിരുന്നു. പില്ക്കാലത്ത് മദ്രാസ് പട്ടണത്തിലെ ഒരു സ്വകാര്യ വ്യക്തിയുടെ വകയായ വലിയൊരു  ലൈബ്രറിയായി  വളർന്നു.   എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ അദ്ദേഹത്തിൻറെ പിതാവ് ഇംഗ്ലീഷ് സാഹിത്യത്തിലെ പലതരം സാഹിത്യകൃതികൾ  ഉൾക്കൊള്ളുന്ന  ഇരുപത്തി നാലു വാല്യങ്ങളടങ്ങിയ ഗ്രന്ഥങ്ങൾ മേടിച്ചു കൊടുത്തു. ഒന്നു രണ്ടു വർഷങ്ങൾക്കുള്ളിൽ സി. പി. ആ പുസ്തകങ്ങൾ മുഴുവൻ പഠിച്ച് ഇംഗ്ലീഷ് സാഹിത്യത്തിൽ നല്ല പ്രാവീണ്യം നേടി.


രാമസ്വാമി ആദ്യം മദ്രാസിലെ വെസലി സ്കൂളിൽ പഠിച്ചു.  അവിടെനിന്നു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി 1894-ൽ മദ്രാസ് പ്രസിഡൻസി കോളേജിൽ ഇന്റർ മെഡിയറ്റിനു ചേർന്നു. 1895-ൽ പതിനാറു വയസുള്ളപ്പോൾ ഒമ്പതു വയസുള്ള സീതാമ്മയെന്ന കുട്ടിയെ വിവാഹം ചെയ്തു. ഇംഗ്ലീഷിലും സംസ്കൃതത്തിലും ബി എ ഡിഗ്രികൾ ഒന്നാം സ്ഥാനത്തോടെ കരസ്ഥമാക്കി. ഇംഗ്ലീഷ് സാഹിത്യത്തിൽ ക്രിസ്ത്യൻ മെഡലും സംസ്കൃതത്തിൽ സർവ്വ കലാശാല മെഡലും നേടി. അദ്ദേഹത്തിനു ആഗ്രഹമുണ്ടായിരുന്നത് ഒരു ഇംഗ്ലീഷ് പ്രൊഫസറാകുവാനായിരുന്നു  എന്നാൽ പിതാവിന്റെ ഇംഗിതമനുസരിച്ച് 1901-ൽ മദ്രാസ് ലോ കോളേജിൽ ചേർന്നു.  ഒന്നാം ക്ലാസ്സിൽ തന്നെ നിയമ ബിരുദം എടുത്തു.  അദ്ദേഹം വക്കീലാകാതെ ഗോപാല കൃഷണ ഗോഖലയുടെ സാമൂഹിക സംഘടനയിൽ പ്രവർത്തിക്കാൻ തുടങ്ങി. ഗോഖലെയുമായി മൈത്രിയിലായിരുന്നു. പിന്നീട് ആനി ബസന്റുമായി സഹകരിച്ച് ഹോം റൂൾ ലീഗിൽ ചേർന്നു. നെഹ്രുവിനോടൊപ്പം അദ്ദേഹവും ആ സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു. ന്യൂ ഇന്ത്യാ ജേർണൽ എഡിറ്ററായി സേവനം ചെയ്തു. 1917-ൽ ആനി ബസന്റ് ഇന്ത്യൻ നാഷണൽ കൊൺഗ്രസിന്റെ പ്രസിഡണ്ടായിരുന്ന കാലങ്ങളിൽ   രാമസ്വാമിയായിരുന്നു സെക്രട്ടറി. ഗാന്ധിജിയുടെ സ്വദേശിവൽക്കരണത്തോടും നിസഹകരണ പ്രസ്ഥാനത്തോടും   എതിർപ്പുണ്ടായിരുന്നതിനാൽ ഗാന്ധിജിയുമായി അകന്നു നിന്നു.


മുപ്പത്തിയൊന്നാം വയസിൽ അദ്ദേഹം സ്വന്തം നിലയിൽ വക്കീലായി പരിശീലനം തുടങ്ങി.  മദ്രാസ് ഹൈ കോടതിയിലെ ഏറ്റവും പേരുകേട്ട വക്കീലായി അറിയപ്പെടാൻ തുടങ്ങി. മുന്നൂറിൽപ്പരം കേസുകൾ  കൈകാര്യം ചെയ്തു വിജയിയായി. മദ്രാസ് ഹൈകോടതിയിൽ ജഡ്ജിയായി അദ്ദേഹം നിയമതിനായെങ്കിലും സ്വീകരിക്കാതെ നിരസിക്കുകയാണുണ്ടായത്.  മദ്രാസ് ഗവർണ്ണർ  വില്ലിംഗ്ടൻ പ്രഭു അദ്ദേഹത്തെ 1920  മുതൽ 1923 വരെ മദ്രാസ് പ്രവിശ്യയുടെ  അഡ്വക്കേറ്റ്  ജനറാലായി  തിരഞ്ഞെടുത്തു.  അലഹബാദിൽ നടത്തിയ അഖിലേന്ത്യാ അറ്റോർണിമാരുടെ സമ്മേളനത്തിന്റെ പ്രസിഡണ്ടായിരുന്നു.  1923 മുതൽ 1928 വരെ മദ്രാസ് ഗവർണ്ണരുടെ എക്സിക്യൂട്ടിവ് നിയമ സമിതിയിൽ അംഗമായിരുന്നു.  1931 മുതൽ 1936 വരെ ഇന്ത്യാ വൈസ്രോയുടെ കൌൺസിലിലെ സുപ്രധാന നിയമജ്ഞനായും സേവനം ചെയ്തു. 1926-ലും 1927-ലും ജനീവായിലെ ലീഗ് ഓഫ് നാഷൻസിൽ ഇന്ത്യയുടെ പ്രതിനിധിയായിരുന്നു.1932-ൽ ലണ്ടനിലെ മൂന്നാം വട്ട മേശ സമ്മേളനത്തിൽ അദ്ദേഹം സംബന്ധിച്ചിരുന്നു.  1933 -ൽ ആഗോള തത്ത്വ ശാസ്ത്ര സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധികരിച്ചു. 1934-ൽ കാശ്മീർ സ്റ്റേറ്റിന്റെ ഭരണഘടനാ നക്കൽ ഉണ്ടാക്കിയതും സി. പി. യായിരുന്നു. ഇന്ത്യയിലെ പല യൂണിവേഴ്സിറ്റികളുടെയും ബോർഡ്‌ മെമ്പറായിരുന്നു. 1941-ൽ  കമാണ്ടർ ഒഫ് സ്റ്റാർ ഓഫ് ഇന്ത്യാ ( Knight Commander of the Star of India )(KCSI). എന്ന പദവിയും നേടി.


1931-ൽ ശ്രീമൂലം തിരുന്നാൾ മഹാരാജാവ് മരിച്ചപ്പോൾ അടുത്ത കിരീടാവകാശിയായ ചിത്തിര തിരുന്നാളിന് പ്രായപൂർത്തിയാകാത്തതിനാൽ ചിത്തിരയ്ക്ക് രാജാവായി കിരീടം നല്കാൻ സാങ്കേതികമായ തടസങ്ങളുണ്ടായിരുന്നു. സി.പി. ചിത്തിരയുടെ കിരീട ധാരണത്തിനു അനുവാദം തേടി ഇന്ത്യയുടെ വൈസ്രോയിയോട് നേരിട്ടു  സംസാരിച്ചു.  സി. പി. രാജാവിന്റെ ഉപദേഷ്ടാവെന്ന ചുമതല വഹിക്കുന്ന വ്യവസ്തയിൽ ചിത്തിരയെ രാജാവായി വാഴിക്കാനുള്ള  അനുവാദം വൈസ്രോയി  നല്കി. 1931 മുതൽ 1936 വരെ രാജാവിന്റെ പ്രധാന ഉപദേശകാനായി സി. പി യുടെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. നിയമ നിർമ്മാണങ്ങൾക്കായി ശ്രീ മൂലം പ്രജാ സഭകൾ ഉണ്ടാക്കിയതും സി പി.യുടെ ഉപദേശ പ്രകാരമായിരുന്നു.   അന്ന് നിലവിലുണ്ടായിരുന്ന രണ്ടു പ്രജാ സഭാ അസമ്പ്ലികളായിരുന്ന ശ്രീ മൂലം സഭയുടെയും രണ്ടാം മണ്ഡലമായിരുന്ന ശ്രീ ചിത്തിര സ്റ്റേറ്റ് കൌൺസിലിന്റെയും അദ്ധ്യക്ഷ പദം അലങ്കരിച്ചിരുന്നത് സി. പി യായിരുന്നു. ശ്രീ ചിത്തിര തിരുന്നാൾ മഹാരാജാവ് അദ്ദേഹത്തോട് രാജ്യത്തിന്റെ ദിവാനാകാൻ ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹം ആ പദവി സ്വീകരിക്കുകയും ചെയ്തു.


1936 -ൽ ദളിതരായ ഹിന്ദു ജനങ്ങൾക്ക്‌ അമ്പലത്തിൽ പ്രവേശിക്കാനുള്ള രാജവിളമ്പരം തയാറാക്കിയത് ദിവാനായിരുന്ന സി.പി. യായിരുന്നു. അക്കാലത്ത് മഹാത്മാ ഗാന്ധി സി.പി യേയും രാജാവിനെയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. യഥാസ്ഥിതികരായ ഹിന്ദുക്കളുടെ എതിർപ്പ്  സി.പി യ്ക്ക് അന്ന് നേരിടേണ്ടിയും വന്നു.  തിരുവിതാംകൂറിൽ ഹൈഡ്രോ ഇലക്ട്രിക്ക്‌  പദ്ധതികൾ കൊണ്ടുവന്നതും സി.പി യായിരുന്നു. പള്ളിവാസൽ ഇലക്ട്രിക്ക് പദ്ധതി,  പീച്ചിപ്പാറ ഇലക്ട്രിക്ക് പദ്ധതി, പെരിയാർ വന്യമൃഗ സംരക്ഷണം  എന്നിങ്ങനെ സി. പി യുടെ ഭരണ നേട്ടങ്ങളുടെ ഭാഗമാണ്.1940 കാലങ്ങളിൽ  തിരുവനന്തപുരം കന്യാകുമാരി റോഡു ദേശവൽക്കരിച്ചത് ഇന്ത്യയുടെ റോഡു ഗതാഗത ചരിത്രത്തിലെ ആദ്യത്തെ സംഭവമായിരുന്നു. എൺപെത്തിയെട്ടു  മൈയിൽ ദൂരം  തിരുവനന്തപുരം കന്യാകുമാരി റോഡു റബ്ബർ ടാറിംഗ് നടത്തിയതും  ചരിത്രത്തിലെ ആദ്യ സംഭവമായിരുന്നു.


പാവപ്പെട്ട കുട്ടികൾക്കായി  പഠിക്കാനവസരങ്ങളുണ്ടാക്കാൻ വേണ്ടി സ്കൂളുകളിൽ ഉച്ച ഭക്ഷണം നടപ്പിലാക്കിയ ആദ്യത്തെ ഭരണാധികാരിയും സർ സി. പി. യായിരുന്നു. അതിനായി തിരുവിതാംകൂർ സാധുജന ഫണ്ടും ഉണ്ടാക്കി. അന്നാ  ചാണ്ടിയെ  ജില്ലാ ജഡ്ജിയായി നിയമിച്ചതും അദ്ദേഹമായിരുന്നു. പിന്നീട് അന്നാ ചാണ്ടി ഹൈക്കോടതിയിലെ ആദ്യത്തെ സ്ത്രീ  ജഡ്ജിയായി വിരമിച്ചു. ട്രാവൻകൂർ ബാങ്ക് സ്ഥാപിച്ചതും സി. പിയാണ്.  ആ  സ്ഥാപനം അതിനുശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറായി ഉയർന്നു. അദ്ദേഹത്തിൻറെ ഭരണകാലത്ത് തിരുവിതാംകൂർ  വ്യവസായപരമായി വളരെയധികം ഉയർന്നിരുന്നു.   അലൂമിനിയം ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന ആലുവാ അലൂമിനിയം ഫാക്ടറി വന്നത് അദ്ദേഹത്തിൻറെ ശ്രമഫലമായിരുന്നു. കൂടാതെ ഇന്ത്യയിൽ ആദ്യമായി  അമേരിക്കൻ സഹായത്തോടെ തിരുവിതാംകൂർ ഫെർട്ടി ലൈസർ ഫാക്റ്ററി സ്ഥാപിച്ചു. തിരുവിതാംകൂർ  സിമന്റ് ഫാക്റ്ററി, തിരുവിതാംകൂർ  ടൈറ്റാനിയം കമ്പനി, തിരുവിതാം കൂർ  റയൻസ് ലിമിറ്റഡ്‌ മുതലായ വ്യവസായ സ്ഥാപനങ്ങൾ തിരുവിതാംകൂറിൽ സ്ഥാപിച്ചത് അദ്ദേഹമായിരുന്നു. ദിവാനെന്ന നിലയിൽ തിരുവിതാംകൂറിന്റെ വരുമാനം അന്ന് നാലിരട്ടി വർദ്ധിക്കുകയും ചെയ്തു.


തിരുവിതാകൂർ സർവ്വകലാശാലയുടെ സ്ഥാപകൻ സർ സി.പി. യായിരുന്നു. പിന്നീട് അത് കേരള സർവ്വ കലാശാലയായി പേരു മാറ്റി. 1937-ൽ സർവ്വകലാശാലയുടെ ചാൻസലർ  ചിത്തിര തിരുന്നാൾ മഹാരാജാവും വൈസ് ചാൻസലർ സി .പി. യുമായിരുന്നു. 1939--ൽ തിരുവിതാംകൂർ സർവ്വ കലാശാല അദ്ദേഹത്തിനു ഡോക്ട്രെറ്റ് ബിരുദം നല്കി ബഹുമാനിച്ചു. പത്മനാഭ ക്ഷേത്രം പുതുക്കി പണിയുകയും തിരുവനന്തപുരം ആർട്ട് ഗ്യാലറി വിപുലമാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ദിവാൻ ഭരണകാലത്ത് തൂക്കിക്കൊല  നിറുത്തൽ ചെയ്തതു.  മരണ ശിക്ഷ നിറുത്തൽ ചെയ്ത ഇന്ത്യയിലെ ആദ്യത്തെ രാജഭരണമുള്ള രാജ്യമെന്ന പദവിയും തിരുവിതാംകൂറിനു ലഭിച്ചു.  ഇന്ത്യയിൽ ആദ്യമായി സൗജന്യമായ നിർബന്ധിത വിദ്യാഭ്യാസവും നടപ്പാക്കി.


മാറി മാറി വരുന്ന സർക്കാരുകളെ തങ്ങളുടെ ഇഷ്ടത്തിനൊപ്പം വരുതിയിൽ വരുത്താൻ സഭാ മേലാദ്ധ്യഷന്മാർ ഇടയലേഖനങ്ങൾ ഇറക്കാറുണ്ട്‌. ഇടയ ലേഖനങ്ങൾ അക്ഷരാർത്ഥത്തിൽ വിശ്വസിച്ചുകൊണ്ട് ഇടയമക്കൾ കേരളത്തിൽ അനേക പ്രക്ഷോപങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. കേരള ചരിത്രത്തിൽ ഇടയ ലേഖനമെന്ന വാള് അന്നുള്ള സർക്കാരിനെതിരെ ആദ്യമായി വീശിയത് ചങ്ങനാശേരി ബിഷപ്പായിരുന്ന ജയിംസ് കാളാശേരിയായിരുന്നു. സ്വകാര്യ സ്കൂളുകൾ ദേശവല്ക്കരിക്കാനുള്ള സി.പിയുടെ നീക്കത്തെ ക്രിസ്ത്യൻ സമൂഹമൊന്നാകെ എതിർത്തിരുന്നു.  ഒരു സായുധ വിപ്ലവത്തിന്റെ ഭാഷയിലായിരുന്നു  ബിഷപ്പ് കാളാശേരി ഇടയലേഖനം ഇറക്കിയത്. കേരള ചരിത്രത്തിൽ സർക്കാരിനെതിരെയുള്ള ആദ്യത്തെ ഇടയ ലേഖനമായിരുന്നു അന്ന് ബിഷപ്പ് പുറപ്പെടുവിച്ചത്. കുപിതനായ സി.പി. രാമ സ്വാമി അയ്യർ ബിഷപ്പിനെതിരെ പ്രകോപനപരമായ നടപടികൾ എടുക്കുമെന്ന് ഭയന്ന് ചങ്ങനാശേരി പട്ടണം ജനബാഹുല്യം കൊണ്ട് നിറഞ്ഞിരുന്നു. പാലായിൽ നിന്നും കാഞ്ഞിരപ്പള്ളിയിൽ നിന്നും ആയിരക്കണക്കിന് സായുധ മക്കളാണ് അക്കാലങ്ങളിൽ മെത്രാന്റെ അരമനയ്ക്കു ചുറ്റും കാവൽ നിന്നിരുന്നത്. സി.പി. സർക്കാരിന് മെത്രാനെ അറസ്റ്റു ചെയ്യാനും പദ്ധതികളുണ്ടായിരുന്നു. ഒന്നും ചെയ്യാൻ സാധിക്കാതെ സി.പി. രാമസ്വാമി അയ്യർ ആ ഉദ്യമത്തിൽ നിന്നും പിന്മാറുകയാണുണ്ടായത്. വാസ്തവത്തിൽ ഇടയലേഖനത്തിന്റെ ഭാഷ സർ സി.പി.  തെറ്റി ധരിക്കുകയായിരുന്നു.  1945 ഓഗസ്റ്റു പതിനഞ്ചാം തിയതി പുറപ്പെടുവിച്ച ഇടയ ലേഖനത്തിന്റെ ആമുഖമായി ബിഷപ്പ് ഉപയോഗിച്ചിരുന്ന ആലങ്കാരിക വാക്കുകൾ സി.പി. യെ കുപിതനാക്കി. ലൂക്കായുടെ ബൈബിൾ വചനങ്ങൾ ഉപയോഗിച്ച് ഒരു സായുധ വിപ്ലവ ഭാഷയിലായിരുന്നു ഇടയ ലേഖനം തയ്യാറാക്കിയിരുന്നത്.


ബിഷപ്പ് കാളാശേരി ഇടയ ലേഖനത്തിലെഴുതിയ ഉദ്ധരണികൾ ഇങ്ങനെ, "അവൻ അവരോടു അരുൾ  ചെയ്തു, "ഇപ്പോൾ മുതൽ മടിശീലയുള്ളവൻ അതെടുക്കട്ടെ. വാളില്ലാത്തവൻ തന്റെ കുപ്പായം വിറ്റു വാൾ വാങ്ങട്ടെ. അവർ പറഞ്ഞു, കർത്താവേ ഇവിടെ രണ്ടു വാളുണ്ട്. മതി. " ഇടയ ലേഖനം തുടരുന്നു, "നമ്മുടെ കൈവശം സൂക്ഷിച്ചിരിക്കുന്ന ആദ്യത്തെ വാൾ നാം നിരീശ്വര വാദികളായ കമ്മ്യൂണിസത്തിനെതിരെ വീശിക്കഴിഞ്ഞു.  ഇനി നമ്മുടെ കൈവശമുള്ള രണ്ടാമത്തെ വാളിനെ, അദ്ധ്യാത്മിക അണുബോംബിനെ പ്രയോഗിക്കേണ്ടതായ ആവശ്യം ഇതാ കൈ വന്നിരിക്കുന്നു. മടിശീലയുള്ളവൻ അതെടുത്തു കൊള്ളാനുള്ള അവസരവും ഇതാ സമാഗതമായിരിക്കുന്നു. എങ്കിലും നാം ഉടനെ ആ  വാൾ ഊരുന്നില്ല. അദ്ധ്യാത്മിക ബോംബു പൊട്ടിക്കുന്നുമില്ല. "  സായുധ വിപ്ലവ  ഭാഷയിൽ മെത്രാനെഴുതിയ ഇടയ ലേഖനത്തിൽ സി.പി. നടുങ്ങി. സഭ, ഒരു സായുധ വിപ്ലവത്തിന് തയാറാകുന്നുവെന്ന്  സി.പി. യും കരുതി. ഇടയ ലേഖനത്തിന്റെ ധ്വനി മുഴക്കിക്കൊണ്ട് കുഞ്ഞാടുകൾ അതനുസരിച്ച് കുറുവടികളുമായി ചങ്ങനാശേരി പട്ടണം മുഴുവൻ സമര ഭൂമിപോലെയാക്കിയിരുന്നു.


ഈഴവ മുസ്ലിം ക്രിസ്ത്യൻ സമുദായങ്ങളുടെ അവശതകൾ പരിഹരിക്കാനായി 1932-ൽ ആരംഭിച്ച പ്രക്ഷോപത്തെയാണ്  'നിവർത്തന പ്രക്ഷോപ'മെന്നു പറയുന്നത്.  അന്നുണ്ടായിരുന്ന തിരുവിതാംകൂർ നിയമസഭയിലും സർക്കാർ തൊഴിൽ മേഖലകളിലും  ജനസംഖ്യാനുപാതികമായി പ്രാധിനിത്യം വേണമെന്ന് പ്രക്ഷോപ നേതാക്കൾ ആവശ്യപ്പെട്ടു. ദേശീയ വാദികൾ അഴിച്ചു വിട്ട നിസഹരകരണ പ്രസ്ഥാനമോ, സിവിൽ നിയമ ലംഘനമോ നിവർത്തന വാദികൾ പിന്തുടരുമെന്നു ഭയപ്പെട്ട് സി.പി. ആദ്യം പ്രക്ഷോപകാരികളോട് ശത്രുതാ മനോഭാവമാണ് പുലർത്തിയത്‌. പിന്നീട് അവരുടെ ആവശ്യങ്ങൾ സി.പി. പരിഗണിക്കുകയും ചെയ്തു. അതിനുശേഷം ക്രിസ്ത്യൻ ശക്തികളുടെ പിന്തുണയോടെ ദിവാൻ ഭരണത്തിനെതിരെ അതിശക്തമായ ഒരു പ്രസ്ഥാനം തന്നെ രൂപാന്തരപ്പെട്ടു. ദിവാനെതിരെ സ്റ്റേറ്റ് കോൺഗ്രസ്സ്  നിലവിൽ വന്നു. അന്ന് സ്റ്റേറ്റ് കോൺഗ്രസിനെ നയിച്ചത് അക്കാമ്മ ചെറിയാനായിരുന്നു.


സ്വാതന്ത്ര്യത്തിനു തൊട്ടുമുമ്പ്, 1947-ൽ അനന്തപുരിയൊന്നാകെ രാജാവിന്റെ ജന്മദിനം ആഘോഷിക്കുകയായിരുന്നു. പാളയം മുതല്‍ തമ്പാന്നൂര്‍വരെയും അവിടെനിന്നു കിഴക്കേകോട്ടവരെയും സർ സി. പി. യുടെ നേതൃത്വത്തില്‍ കുതിരപ്പട്ടാളം നിരനിരയായി ഉണ്ടായിരുന്നു. പെട്ടെന്നാണ് തമ്പാന്നൂരില്‍ ഗാന്ധിതൊപ്പി ധരിച്ച ആയിരങ്ങള്‍ പ്രത്യക്ഷമായത്. അവരുടെ മുമ്പില്‍ ഒരു തുറന്ന വണ്ടിയില്‍ ചട്ടയും മുണ്ടും നേര്യതുമിട്ടു ഗാന്ധി തൊപ്പിയും ധരിച്ചു ഒരു ധീര വനിതയുണ്ടായിരുന്നു. കാഞ്ഞിരപ്പള്ളിക്കാരത്തി അക്കാമ്മ ചെറിയാനായിരുന്നു ധീര ധീരയായി അന്നത്തെ ജനത്തെ നയിച്ച ആ നേതാവ്. സ്വാതന്ത്ര്യത്തിനുള്ള ദാഹത്താല്‍ മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ചുകൊണ്ടു നൂറുകണക്കിന് പ്രവര്‍ത്തകരും ഒപ്പം ഉണ്ടായിരുന്നു. ലക്‌ഷ്യം രാജാവിനെയും സി. പി.യേയും കാണുകയെന്നതായിരുന്നു. രാജാവിനെ കാണുവാൻ അന്നവർക്ക് സാധിച്ചില്ല. . ജയിലിലായിരുന്ന സ്വാതന്ത്ര്യ സമരനേതാക്കളായ പട്ടം താണുപിള്ളയേയും  സി. കേശവനെയും  പറവൂര്‍ ടി.കെ. നാരായനപിള്ളയേയും മറ്റു നേതാക്കന്മാരെയും ജയില്‍ വിമുക്തമാക്കണമെന്നായിരുന്നു അക്കാമ്മ ചെറിയാന്റെ ആവശ്യം. അന്ന് വൈകുന്നേരംതന്നെ നേതാക്കന്മാരെ ദിവാന്‍ ജയില്‍ വിമുക്തരാക്കി. തമ്പാന്നൂരില്‍ അന്നുതന്നെ പട്ടത്തിന്റെ നേതൃത്വത്തില്‍ ഒരു മഹായോഗവും ഉണ്ടായിരുന്നു.


കമ്മ്യൂണിസ്റ്റുർക്ക് സി. പി. യോടു  വിരോധം വരുവാൻ കാരണമുണ്ട്. കാരണം സി.പി.  കമ്മ്യൂണിസത്തെ എതിർത്തിരുന്നു. അദ്ദേഹത്തിന്റെ അധികാരത്തിളപ്പിൽ കമ്മ്യൂണിസത്തെ നശിപ്പിക്കുമെന്നും പ്രതിജ്ഞ ചെയ്തിരുന്നു. സർ സി. പി. യെ ഏകാധിപതിയും കമ്മ്യൂണിസ്റ്റ് വിരോധിയുമായിട്ടാണ് കണക്കാക്കുന്നത്. എങ്കിലും 1959ൽ ജനാധിപത്യ വ്യവസ്ഥയിൽ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പുറത്താക്കിയപ്പോൾ അദ്ദേഹം എതിർത്തിരുന്നു. അത് ഭരണഘടനാ ലംഘനമാണെന്നും  ഈ നിയമജ്ഞൻ പറയുകയുണ്ടായി.


എന്നാൽ വലതു പക്ഷ ചിന്താഗതിക്കാരായ മലയാള മനോരമ അദ്ദേഹത്തെ വ്യക്തിപരമായി വിമർശിച്ച് ശത്രുത പുലർത്താൻ  താത്പര്യപ്പെട്ടത് മത രാഷ്ട്രീയങ്ങളുടെ കൂട്ടിൽ  അകപ്പെട്ടതു കൊണ്ടായിരിക്കണം.  ക്രിസ്ത്യാനികൾ നടത്തിക്കൊണ്ടിരുന്ന നാഷണൽ കൊയിലോൺ ബാങ്കും മനോരമയും യാതൊരു കാരണവുമില്ലാതെ നിറുത്തലാക്കിച്ചത് സി. പിയുടെ  ക്രിസ്ത്യാനികളോടുള്ള പകകൊണ്ടായിരുന്നുവെന്നും വിമർശനങ്ങളുണ്ടായിരുന്നു. അന്ന് മനോരമയുടെ മുഖ്യ പത്രാധിപർ മാമ്മൻ മാപ്പിളയായിരുന്നു. നാഷണൽ കൊയിലോൺ ബാങ്കിൽ അഴിമതികൾ ധാരാളമുണ്ടായിരുന്നുവെന്നും സി.പി. യുടെ സമയോചിതമായ പ്രവർത്തനം കൊണ്ട് നിക്ഷേപകരുടെ നിക്ഷേപം നഷ്ടപ്പെട്ടില്ലെന്നുമാണ് ചരിത്രകാരനായ ശ്രീധരമേനോൻ രേഖപ്പെടുത്തിയിരിക്കുന്നത്.


തിരുവിതാംകൂർ നാഷണൽ കൊയിലൊൺ ബാങ്ക് അദ്ദേഹം ഇല്ലാതാക്കിയപ്പോൾ പൊതുജന വിമർശനങ്ങൾ വളരെയേറെയായിരുന്നു.   ആദ്യകാല പാർലമെന്റ് മെമ്പറും സുഡാൻ അംബാസിഡറുമായിരുന്ന സി.പി. മാത്തനായിരുന്നു ബാങ്കിന്റെ സ്ഥാപകനും ഡിറക്റ്ററും. മലയാള മനോരമ മുഖ്യപത്രാധിപർ മാമ്മൻ മാപ്പിള ബാങ്കിന്റെ ചെയർമാനും.  പിന്നീട് മാമ്മൻ മാപ്പിളയേയും സി.പി. മാത്തനെയും തിരുവിതാംകൂർ സർക്കാർ ജയിലിലടച്ചു. സർക്കാരിനെയും വ്യക്തിപരമായി  സി.പി.യെയും  വിമർശിച്ചതിന് മലയാള മനോരമ പൂട്ടി മുദ്ര വെച്ചു.


അമേരിക്കൻ മോഡലിൽ ഒരു സ്വതന്ത്ര തിരുവിതാംകൂർ സി.പി.രാമസ്വാമി അയ്യർ  വാഗ്ദാനം ചെയ്തു. അമേരിക്കൻ സംവിധാനത്തിലുള്ള ഭരണ മോഡലിലും സ്വാതന്ത തിരുവിതാകൂർ ആശയങ്ങളിലും  പ്രതിഷേധിച്ച് ആലപ്പുഴ പ്രദേശങ്ങളിൽ വയലാർ പുന്നപ്ര പ്രദേശങ്ങളിൽ   ശക്തിയേറിയ പ്രതിഷേധ പ്രകടനങ്ങളുണ്ടായി.  എന്നാൽ സി. പി. സമരക്കാരെ അടിച്ചമർത്തി. ആയിരക്കണക്കിനു ജനവിഭാഗങ്ങൾ വയലാർ പുന്നപ്ര ലഹളയിൽ മരണമടഞ്ഞു.


1947-ൽ ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് അധികാരം കൈമാറുന്ന സമയമായിരുന്നു. ഇന്ത്യയിലെ ഒരോ രാജ സംസ്ഥാനങ്ങൾക്കും  ഇന്ത്യയോടോ പാക്കിസ്ഥാനോടോ ചേരുകയോ സ്വതന്ത്രമായി ഭരിക്കുകയോ ചെയ്യാനുള്ള വ്യവസ്ഥയും അധികാര കൈമാറ്റലിൽ  ഉണ്ടായിരുന്നു. ബുദ്ധിമാനായ സി.പി. ഏകാധിപതിയായി സ്വതന്ത്ര തിരുവിതാംകൂറിനായി നിലകൊണ്ടു. തിരുവിതാംകൂറിനെ ദിവാന്റെ നിയന്ത്രണത്തിലുള്ള പരമാധികാര രാഷ്ട്രമായി രൂപപ്പെടുത്താനും ശ്രമങ്ങൾ തുടങ്ങി. .അമേരിക്കൻ മാതൃകയിലുള്ള ഭരണഘടനയും വാഗ്ദാനം ചെയ്തു. അധികാരം ഉപയോഗിച്ച് വിപ്ലവത്തെ അടിച്ചമർത്താനും ശ്രമിച്ചു. ദിവാന്റെ ഉപദേശം അനുസരിച്ച് ചിത്തിര തിരുന്നാൾ രാജാവ് തിരുവിതാംകൂറിനെ 1947  ആഗസ്റ്റ് ഇരുപത്തിയാറു മുതൽ പൂർണ്ണാധികാരമുള്ള രാജ്യമായി വിളംബരം ചെയ്തു.


ഓണാട്ടു മഠം ചിദംബരം സുബ്രമണിയ അയ്യർ, (കെ സി എസ് മണി )എന്ന സാമൂഹിക പ്രവർത്തകൻ സി.പി യെ വധിക്കാൻ  ശ്രമിച്ച വ്യക്തിയെന്ന പേരിൽ അറിയപ്പെടുന്നു. 1947 ജൂലൈ ഇരുപത്തിയഞ്ചാം തിയതി തിരുവനന്തപുരം സ്വാതിതിരുന്നാൾ സംഗീത അക്കാഡമിയുടെ മുമ്പിൽ വെച്ചു കെ സി എസ് മണി  സി.പി യെ ആക്രമിച്ചു. അന്നവിടെ പാട്ടു കച്ചേരി നടക്കുകയായിരുന്നു. ആക്രമത്തിൽ സി.പി. മുറിവേൽക്കപ്പെട്ടു. സി പി യുടെ നേരെയുള്ള ആക്രമണം കഴിഞ്ഞയുടൻ മഹാരാജാവ് ചിത്തിര തിരുന്നാൾ തിരുവിതാംകൂറിനെ ഇന്ത്യാ യൂണിയനിൽ ചേർക്കുന്ന തീരുമാനം അറിയിച്ചു. 1947 ആഗസ്റ്റ് പത്തൊമ്പതാം തിയതി  ദിവാൻ സ്ഥാനം സി. പി. രാജി വെച്ചു.


ദിവാൻപദവി രാജി  വെച്ചശേഷം 1948-ൽ അദ്ദേഹം ലണ്ടനിൽ പോയി. അവിടെനിന്നു ഗവർണ്ണർ ജനറലായിരുന്ന ലോർഡ്‌ മൗണ്ട് ബാറ്റന്റെ ശുപാർശയനുസരിച്ച് അനേക ബഹുമതികളോടെയും  ബ്രിട്ടീഷ് പദവികളോടെയും   മടങ്ങി വന്നു.   പിന്നീട് ബ്രസീൽ, അർജന്റീന, പെറു മുതലായ  രാജ്യങ്ങൾ സന്ദർശിച്ചു. അമേരിക്കയിൽ  പ്രസിഡണ്ട്  ഹാരി എസ് ട്രൂമാനെയും സന്ദർശിച്ചു.1952-53 കാലങ്ങളിൽ ആസ്ട്രേലിയാ, ന്യൂസിലാണ്ട്, യൂ എസ്  എന്നീ രാജ്യങ്ങളിൽ വിസിറ്റിംഗ് പ്രൊഫസറായിരുന്നു. 1960 ലും 1970-ലും അണ്ണാമല, ബനാറസ് യൂണിവേഴ്സിറ്റികളുടെ ഒരേ സമയം വൈസ് ചാൻസലർ ആയി ചുമതലകൾ വഹിച്ചിരുന്നു.  അദ്ദേഹത്തോടുള്ള ആദരസൂചകമായി അനേക യൂണിവേഴ്സിറ്റികൾ ഡോക്ടർ ബിരുദങ്ങൾ  (ഡി.ലിറ്റ്. എൽ എൽ ഡി) നല്കി ബഹുമാനിച്ചു.  വിവിധ വിഷയങ്ങളിലായി അനേക പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.


1966 സെപ്റ്റംബറിൽ  'ഹിസ്റ്ററി ഒഫ് മൈ ടൈംസ്‌ (history of my times)  എന്ന പുസ്തക രചനയുടെ ഗവേഷണങ്ങൾക്കായി അദ്ദേഹം  ഇംഗ്ലണ്ടിലായിരുന്നു. അവിടെ ഇന്ത്യാ ലൈബ്രറിയിൽ 1966 സെപ്റ്റംബർ ഇരുപത്തിയാറാം തിയതി   ഒരു ചാരുകസേരയിൽ ഇരുന്നുകൊണ്ട് വാർത്താ ലേഖകരോട് സംസാരിക്കവേ ബോധരഹിതനായി വീഴുകയും ഉടൻ തന്നെ മരിക്കുകയും ചെയ്തു. മരിക്കുമ്പോൾ അദ്ദേഹത്തിനു 86 വയസുണ്ടായിരുന്നു. അങ്ങനെ ജീവിതത്തിന്റെ പല മേഖലകളിലായി  അത്യുന്നത പദവികൾ അലങ്കരിച്ചിരുന്ന സർ സി. പി. യെന്ന മഹാനായ വിവാദ പുരുഷന്റെ അന്ത്യം കുറിച്ചു. പ്രസിദ്ധനായ ആ രാഷ്ട്രതന്ത്രജ്ഞന്റെ മരണം ഇന്ത്യയിലെ എല്ലാ പത്രങ്ങളും വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. ഇന്ത്യയുടെ പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയും പ്രസിഡന്റ് സക്കീർ  ഉസൈനും കാമരാജനും രാജഗോപാലാചാരിയും  സന്ദേശങ്ങൾ വഴി അനുശോചനങ്ങൾ രേഖപ്പെടുത്തിയിരുന്നു.

emalayalee: http://emalayalee.com/varthaFull.php?newsId=115264

Malayalam Daily News:http://www.malayalamdailynews.com/?p=204250




ശ്രീ മൂലം തിരുന്നാൾ മഹാരാജാവ് 



മാമ്മൻ മാപ്പിള 

ബിഷപ്പ്  ജയിംസ്  കാളാശേരി 


കെ. സി. എസ്. മണി

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...