Tuesday, February 28, 2017

പതിനാറുകാരിയുടെ അച്ചനിൽ നിന്നുള്ള അവിഹിത ഗർഭവും പിതൃത്വം അച്ഛനു വിറ്റതും



ചില ഓൺലൈൻ പത്രങ്ങളിലും സോഷ്യൽ മീഡിയാകളിലും വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഒരു ലേഖനമാണിത്. കത്തോലിക്കാ സഭ എക്കാലത്തേക്കാളും അതിദയനീയമായ അവസ്ഥകളാണ് തരണം ചെയ്യുന്നത്. കുട്ടികളെ പീഡിപ്പിക്കുന്ന പുരോഹിതരോടൊപ്പം തട്ടിപ്പും കൊള്ളയും നടത്തുന്ന പുരോഹിതരും മെത്രാൻമാർ വരെയും സഭയിൽ പെരുകി കഴിഞ്ഞിരിക്കുന്നു. അവരിൽ പലരും മാന്യമായി സഭയുടെ ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്നതും ശോചനീയമാണ്. റോമിൽ നിന്ന് ഫ്രാൻസീസ് മാർപ്പാപ്പാ നേരിട്ടു വന്നാലും തീരാത്ത പ്രശ്നങ്ങളുമായി സീറോ മലബാർ സഭ അത്രമാത്രം അധഃപതിച്ചിരിക്കുന്നു. സഭയെ ഇഷ്ടമില്ലാത്തവർ സഭ വിട്ടു പോകരുതോയെന്നാണ് എതിർക്കുന്നവരോട് ഈ പുരോഹിതരും ചില കുഞ്ഞാടുകളും ചോദിക്കുന്നത്. സഭയെന്നാൽ അവരുടെ തന്തമാർ സ്ഥാപിച്ചതെന്നാണ് വിചാരം. സഭയുടെ സ്വത്തുക്കളും കോളേജുകളും, ആശുപത്രികളും കുഞ്ഞുങ്ങളും വീട്ടിൽ പ്രായമാകുന്ന പെൺകുട്ടികളും ഇവരുടെ തറവാട്ടു സ്വത്തായി മാറി കഴിഞ്ഞിരിക്കുന്നു. എവിടെയും വ്യപിചാരം ചെയ്തു നടക്കാമെന്ന ലൈസൻസ് സഭ പുരോഹിതർക്കു നൽകിയോയെന്നും തോന്നിപ്പോവും. അടുത്തകാലത്ത് കഴുത്തിൽ ബെൽറ്റില്ലാതെ ഇത്തരക്കാരുടെ കർട്ടനു പുറകിലുള്ള നാടകങ്ങളുടെ എണ്ണം വർദ്ധിച്ചതായും കേൾക്കുന്നു. 

എങ്കിലും നല്ല പുരോഹിതരും സഭയിൽ ഉണ്ടെന്നും അവരെ ബഹുമാനിക്കുന്നുവെന്നും അറിയിക്കട്ടെ. കപടതയില്ലാത്ത അത്തരക്കാരെ അധികാര സ്ഥാനങ്ങളിൽ കാണാനും പ്രയാസമാണ്. 

പുരോഹിതരുടെ കൊള്ളരുതായമകളും സ്ത്രീ ബാലപീഡനങ്ങളും സംബന്ധിച്ച വാർത്തകളെല്ലാം  ഒറ്റപ്പെട്ട സംഭവങ്ങളായി സാധാരണ തള്ളി കളയുകയാണ് പതിവായിട്ടുള്ളത്. ഏറ്റവും പുതിയതായി കേട്ടത് കൊട്ടിയൂർ പള്ളി വികാരി ഫാദർ റോബിൻ പതിനാറു വയസുള്ള ഒരു കുട്ടിയെ ഗർഭിണീയാക്കിയ കഥയാണ്. അദ്ദേഹത്തിന് ജീവകാരുണ്യ പ്രവർത്തനങ്ങളുമുള്ളതുകൊണ്ട് ഫാദർ റോബിൻഹുഡ് എന്നു വിളിക്കുന്നതിലും തെറ്റില്ല. സിനിമാനടി ഭാവനയെ പീഡിപ്പിച്ചപ്പോൾ സിനിമാ ലോകത്തിലെ വൻതോക്കുകളുടെ കഥകൾ പുറത്തു വരാൻ തുടങ്ങി. എന്നാൽ പൗരാഹിത്യ ലോകത്ത് അതിലും ഭീകരമായ സംഭവങ്ങൾ നടക്കുന്നുവെന്ന തെളിവാണ് നാല്പത്തിയെട്ടു വയസുള്ള ഈ പുരോഹിതൻ ഒരു പെൺകുട്ടിയെ ഗർഭണിയാക്കിയശേഷം കളിച്ച കളികളെല്ലാം! സഭയിലെ വമ്പന്മാർ അദ്ദേഹത്തെ പരിരക്ഷിക്കാൻ ശ്രമിക്കുന്നു. 

ഫാദർ റോബിൻ സഭയുടെ ഉന്നത സ്ഥാനങ്ങൾ വഹിക്കുകയും കോടിക്കണക്കിനു രൂപായുടെ സഭാവക സ്ഥാവര സ്വത്തുക്കളും സ്‌കൂളുകളും ആശുപത്രി സ്ഥാപനങ്ങളും കൈകാര്യവും ചെയ്യുന്നു. ഉത്തരവാദിത്വപ്പെട്ട പല കോർപ്പറേറ്റു സ്ഥാപനങ്ങളും ഇദ്ദേഹത്തിന്റെ കീഴിലാണ്. ഒരു കുട്ടിയ്ക്ക് ഗർഭം കൊടുത്ത തന്റെ കഥകൾ പുറത്തു വന്നശേഷം വീണ്ടും സമൂഹത്തിന്റെ മുമ്പിൽ മാന്യനായി നടക്കാൻ അങ്ങേയറ്റം പരിശ്രമിച്ചു. സഭയുടെയും പുരോഹിതന്റെയും മാനം രക്ഷിക്കാനും ഒപ്പം മറ്റു പുരോഹിതരും അഭിവന്ദ്യരുമുണ്ടായിരുന്നു. ഏതായാലും അവസരോചിതമായി വേണ്ടപ്പെട്ടവർ ഇടപെട്ടതുമൂലം റോബിന്റെ പദ്ധതികൾ മുഴുവൻ പാളിപ്പോയി.

കൊട്ടിയൂർ പള്ളി വികാരിയായി ജനസമ്മതനായി കഴിഞ്ഞിരുന്ന അദ്ദേഹം ഗർഭിണിയാക്കിയ പെൺകുട്ടി പ്രസവിച്ചു കഴിഞ്ഞാണ് പുറംലോകം കഥകളറിയുവാൻ തുടങ്ങിയത്. അതുവരെ സമർത്ഥമായി പൊതുജനങ്ങളുടെ കണ്ണിൽ മണ്ണിട്ടുകൊണ്ടിരുന്നു. അനേക മാസങ്ങളായി ഈ പെൺകുട്ടിയെ പള്ളി മുറിയിൽ വിളിച്ചു വരുത്തി പുരോഹിതൻ പീഡിപ്പിക്കുന്നുണ്ടായിരുന്നു. പ്രസവിച്ച പെൺകുട്ടിയുടെ ഗർഭത്തിന്റെ ഉത്തരവാദിത്വവും കുഞ്ഞിന്റെ പിതൃത്വവും പെൺകുട്ടിയുടെ മാതാവിന്റെ സമ്മതത്തോടെ സ്വന്തം പിതാവേറ്റെടുത്തു. പത്തു ലക്ഷം രൂപ അത്തരം ഒരു സാഹസത്തിനു തയ്യാറായ പെൺകുട്ടിയുടെ പിതാവിന് ഈ പുരോഹിതൻ നൽകുകയും ചെയ്തു.

പെൺകുട്ടി ഗർഭം ധരിച്ച നാളുകൾ മുതൽ മാതാപിതാക്കൾ ഗർഭവിവരം പൊതുജനമറിയാതെ അതീവ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടിയെ സഭയുടെ രഹസ്യ സങ്കേതത്തിലുള്ള 'തൊക്കിലങ്ങാടി' ക്രിസ്തുരാജ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ ഒരു ആൺകുഞ്ഞിനെ അവൾ പ്രസവിക്കുകയും ചെയ്തു. ഹോസ്പിറ്റൽ ചെലവുകൾ മുഴുവൻ ജനിച്ച കുഞ്ഞിന്റെ പിതൃത്വത്തിനുത്തരവാദിയായ പുരോഹിതൻ വഹിക്കുകയും ചെയ്തു. പ്രസവ ശുശ്രുഷകൾക്കായി ഇദ്ദേഹം മറ്റൊരു യുവതിയെ ചുമതലപ്പെടുത്തിയിട്ടുമുണ്ടായിരുന്നു. ഈ യുവതിയെപ്പറ്റിയും അനേക കഥകൾ നാട് മുഴുവൻ പാട്ടായി പ്രചരിച്ചിട്ടുണ്ട്. അവരുമായും പുരോഹിതനു അവിഹിത ബന്ധങ്ങളുണ്ടായിരുന്നുവെന്നും പറയുന്നു. കൊട്ടിയൂർ ഇടവകയിലെ തന്നെ ഒരു ഇടവകാംഗമാണവർ.

പ്രസവം കഴിഞ്ഞയുടൻ അമ്മയെയും കുഞ്ഞിനേയും മാനന്തവാടിയിൽ എവിടെയോ ഒളിപ്പിച്ചു താമസിപ്പിച്ചിരിക്കുകയായിരുന്നു. അതിന് സഭയിലെ വമ്പന്മാരുടെ സഹായവും ഉണ്ടായിരുന്നു. പ്രസവിച്ച പെൺകുട്ടിയുടെ മാതാപിതാക്കളുമായുള്ള തീരുമാനമനുസരിച്ച് ജനിച്ച കുഞ്ഞിന്റെ പിതൃത്വത്തിനുത്തരവാദിയായ പുരോഹിതൻ പത്തു ലക്ഷം രൂപാ കൈ മാറുകയും ചെയ്തു. കുട്ടിയുടെ ഭാവി കാര്യങ്ങളും വിദ്യാഭ്യാസവും നോക്കിക്കൊള്ളാമെന്നു സമ്മതിക്കുകയും ചെയ്തു. പ്രത്യുപകാരമായി എല്ലാം രഹസ്യമായി സൂക്ഷിക്കണമെന്ന് മാത്രം വ്യവസ്ഥയുമുണ്ടായിരുന്നു. ഇതിനിടയിൽ ജനിച്ച കുഞ്ഞിനെ അനാഥാലയത്തിൽ എത്തിക്കുകയും ചെയ്തു. പ്രസവിച്ച ഈ പെൺകുട്ടിയ്ക്ക് വിവാഹ സമയമാകുമ്പോൾ ഒരാളിനെ കണ്ടുപിടിച്ചു കൊടുത്തുകൊള്ളാമെന്നും വിവാഹ ചെലവുകൾ വഹിച്ചുകൊള്ളാമെന്നും പുരോഹിതൻ വാക്കും കൊടുത്തിരുന്നു.

പ്രസവിച്ച ഈ പെൺകുട്ടിയ്ക്ക് വൈദികനെ ഇഷ്ടമായിരുന്നു. സ്വന്തം പിതാവ് തന്നെ ഗർഭത്തിനുത്തരവാദിയെന്ന് പറയാൻ താത്പര്യമുണ്ടായിരുന്നില്ല. സ്വന്തം അപ്പൻ ഈ കുഞ്ഞിന്റെ പിതാവ് കൂടിയെന്ന് പറഞ്ഞാൽ അത് കൂടുതൽ അപമാനകരമാകുമെന്നും പറഞ്ഞു. അതിന്റെ പേരിൽ മാതാപിതാക്കളുമായി ശണ്ഠ കൂടുകയും ഭീഷണിക്കു മുമ്പിൽ ആ പെൺകുട്ടി അങ്ങനെയൊരു ലജ്‌ജാകരമായ തീരുമാനത്തിന് സമ്മതിക്കുകയും ചെയ്തു.

സ്വന്തം പിതാവ് മകളെ ഗർഭിണിയാക്കിയെന്ന വാർത്ത നാട് മുഴുവൻ പരന്നു. പ്രസവിച്ച പെണ്ണിന്റെ സമപ്രായക്കാരായ കൂട്ടുകാരും ടെലിഫോൺ വഴി എല്ലായിടങ്ങളിലും സന്ദേശം എത്തിച്ചുകൊണ്ടിരുന്നു. ഒടുവിൽ ചൈൽഡ് കെയർകാരുടെ ശ്രദ്ധയിൽപ്പെടുകയുണ്ടായി. അവർ പിതാവിനെയും മാതാവിനെയും ചോദ്യം ചെയ്ത സമയത്തും ഗർഭത്തിന്റെ ഉത്തരവാദിത്വം പിതാവ് തന്നെയെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു. മാതാപിതാക്കൾക്ക് പരാതിയില്ലെന്നും ജനിച്ച കുഞ്ഞിനെ നോക്കിക്കൊള്ളാമെന്നും അവർ അറിയിച്ചു.

പത്തു ലക്ഷം രൂപയ്ക്ക് പിതൃത്വം ഏറ്റെടുത്തെങ്കിലും ചൈൽഡ് കെയർകാർ അന്വേഷണം തുടർന്നുകൊണ്ടിരുന്നു. പ്രസവിച്ച കുഞ്ഞിന്റെ അമ്മയായ പതിനാറുകാരി പെൺകുട്ടിയെയും ചോദ്യം ചെയ്തു. എന്നാൽ പെൺകുട്ടി പ്രായപൂർത്തിയാകാത്തതാണെന്നും ജനിച്ച കുഞ്ഞിന്റെ പിതൃത്വം ചുമത്തി പിതാവിനെ അറസ്റ്റു ചെയ്യാൻ പോവുന്നുവെന്നു ചൈൽഡ് കെയർകാർ അറിയിച്ചപ്പോൾ പെൺകുട്ടി തളർന്നു പോയിരുന്നു. ഉണ്ടായ വിവരം മുഴുവനായി ചൈൽഡ് കെയറുകാരെ അറിയിക്കുകയും ജനിച്ച കുഞ്ഞിന്റെ ഉത്തരവാദി പുരോഹിതനാണെന്നു പറയുകയും ചെയ്തു.

ഫാദർ റോബിനെ സംബന്ധിച്ച് മറ്റുള്ള അഴിമതികളും പുറത്തു വന്നിട്ടുണ്ട്. ഇദ്ദേഹം സഭാവക സ്‌കൂളുകളുടെയെല്ലാം മേലെ കോർപറേറ്റ് മാനേജരായിരുന്നു. സഭയുടെ സ്‌കൂളിൽ ജോലി വേണമെങ്കിൽ ആദ്യം സ്ത്രീകൾ അവരുടെ ശരീരം ഈ പുരോഹിതന് കാഴ്‌ച വെക്കണമായിരുന്നു. ലക്ഷങ്ങൾ മേടിച്ചു ജോലി കൊടുക്കുന്ന ഈ സ്ഥാപനം അങ്ങനെ ചെയ്‌താൽ കോഴ കുറച്ചുകൊടുത്തുകൊണ്ട് ജോലി കൊടുക്കുമായിരുന്നു. അത്തരത്തിൽ ജോലി മേടിക്കുന്നവരെയും അവരുടെ കല്യാണം വരെ റോബിൻ  ഉപയോഗിക്കുമായിരുന്നു. മാനേജരെന്ന നിലയിൽ പുരോഹിതന്റെ കാമാവേശത്തെ ജോലിയിലിരിക്കുന്ന പെൺകുട്ടികൾക്ക് തടയാനും സാധിക്കുമായിരുന്നില്ല.

ആദ്യകാലങ്ങളിൽ ഈ കണ്ണൻ പുരോഹിതൻ ദീപികയുടെ ഡയറ്കടർമാരിൽ ഒരാളായിരുന്നു. ഒരു പ്രബലനായ ബിഷപ്പുമൊത്തു കോടിക്കണക്കിനു രൂപാ അവിടെനിന്നും വഹിച്ചെടുത്തു. വിദേശങ്ങളിലേയ്ക്കു പെൺകുട്ടികളെ കയറ്റിയയക്കുന്ന തൊഴിലുമുണ്ടായിരുന്നു. അവരെയെല്ലാം പണവും വാങ്ങി ലൈംഗികമായും ചൂഷണം ചെയ്യുമായിരുന്നു. കൂടാതെ കൂടെ കൂടെ യൂറോപ്പും ക്യാനഡായും രാജ്യങ്ങൾ സന്ദർശിക്കാറുണ്ട്. അങ്ങനെ പോവുമ്പോഴെല്ലാം ഇദ്ദേഹം റിക്രൂട്ട് ചെയ്തയച്ച പെൺകുട്ടികളെ സന്ദർശിക്കുകയും വികാരങ്ങൾ ശമിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് നല്ലയൊരു മനുഷ്യനായി നിസ്ക്കാരം ചെയ്യുന്ന ഒരു ഉസ്താദിനേപ്പോലെയോ, ജോൺ പോൾ രണ്ടാമൻ പേരുവിളിച്ച ഒരു വിശുദ്ധനെപ്പോലെയോ ഒന്നുമറിയാത്തപോലെ മടങ്ങി വരുകയും ചെയ്തിരുന്നു.

ഇടയ ജനങ്ങളെ സന്മാർഗ ജീവിതം നയിക്കുവാൻ ഉപദേശിക്കുന്നതിനും മിടുക്കനായിരുന്നു. പെൺകുട്ടികളും ആൺകുട്ടികളും തമ്മിൽ സംസാരിക്കാൻ പോലും അനുവദിക്കില്ലായിരുന്നു. പെൺകുട്ടികൾക്ക് തന്നെയായ കൗൺസിലിംഗും ഇയാൾ നടത്തുമായിരുന്നു. അവരുടെ ദേഹത്തു തലോടാനും കെട്ടിപിടിച്ചു കൊഞ്ചിക്കാനും മിടുക്കനായിരുന്നു. വെളുത്ത കുപ്പായമിട്ടിരിക്കുന്നതുകൊണ്ടു കുട്ടികളുടെ മാതാപിതാക്കൾക്കും അദ്ദേഹത്തെ വലിയ വിശ്വാസമായിരുന്നു. കള്ളൻപൂച്ച കട്ടു പാലു കുടിക്കുന്ന വിവരം പാവം കുഞ്ഞാടുകൾക്കാർക്കും അറിയില്ലായിരുന്നു.

തമിഴ്‌നാട്ടിലും കർണ്ണാടകയിലും ഈ പുരോഹിതന് ജീവകാരുണ്യ പ്രവർത്തനങ്ങളുമുണ്ട്. അങ്ങനെ നല്ലയൊരു പുതിയ റോബിൻഹുഡായും തെളിയിച്ചിട്ടുണ്ട്. പെൺകുട്ടികൾക്കു മാത്രം  വിദ്യാഭ്യാസത്തിനായി പണവും അയച്ചു കൊടുക്കുമായിരുന്നു. അയാളുടെ ലൈംഗിക അരാജകത്വങ്ങൾ അതീവ രഹസ്യമായിരുന്നതുകൊണ്ടു പുറം ലോകത്തിനറിയില്ലായിരുന്നു. അതുകൊണ്ടു കഥാനായകനായ ഈ പുരോഹിതന് സമൂഹത്തിൽ നല്ല മാന്യതയും കല്പിച്ചിരുന്നു. ഏതു വീട്ടിൽ കയറി ചെന്നാലും അടുക്കളയിൽ പെണ്ണുങ്ങളോട് കുശലം നടത്തിയാലും ഭർത്താക്കന്മാർക്ക് യാതൊരു പരാതിയുമില്ലായിരുന്നു. സുന്ദരികളായ സ്ത്രീകളെ കണ്ടാൽ ഇയാൾക്ക് മണിക്കൂറോളം വർത്തമാനവും പറയണമായിരുന്നു. കുഞ്ഞു പെൺകുട്ടികളെങ്കിലും മടിയിലിരുത്തി ചക്കരവർത്തമാനം പറയാനും മിടുക്കനായിരുന്നു. സുന്ദരികൾ കുമ്പസാരക്കൂട്ടിൽ കയറിയാൽ കുമ്പസാരിക്കാൻ കാത്തിരിക്കുന്നവരുടെ ക്ഷമയും നശിപ്പിക്കുമായിരുന്നു.

പതിനാറുകാരിയുടെ ഗർഭത്തിനുത്തരവാദിയായ ഫാദർ റോബിനെതിരെ ചൈൽഡ് കെയർകാർ കേസ് ചാർജ് ചെയ്തു. ഇതറിഞ്ഞ പുരോഹിതൻ ഉടൻതന്നെ പള്ളിയിൽ നിന്നുമുങ്ങി. ഇടവകജനത്തോട് ക്യാനഡായിൽ ഒരു ധ്യാനം നയിക്കാൻ പോവുന്നുവെന്നും അറിയിച്ചു. നെടുമ്പാശേരിവഴി വിദേശത്ത് കടക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. അതിനുള്ള സൗകര്യങ്ങളൊക്കെ മുകളിലുള്ള അധികാരികൾ ചെയ്തു കൊടുത്തിരുന്നു. അദ്ദേഹത്തിൻറെ കൈവശമുള്ള മൊബൈൽ ഫോണിന്റെ ദിശ മനസിലാക്കി ചാലക്കുടിക്കു സമീപം വെച്ച് അറസ്റ്റ് ചെയ്തു. മൂന്നു മണിക്കൂർകൂടി കഴിഞ്ഞാൽ അദ്ദേഹം ക്യാനഡായ്ക്ക് സ്ഥലം വിടുമായിരുന്നു. ക്യാനഡായിലെ സീറോ മലബാർ ബിഷപ്പുമായി നല്ല മൈത്രിയിലായതുകൊണ്ടു അവിടെ രഹസ്യമായി താമസിക്കാനും സാധിക്കുമായിരുന്നു. പക്ഷെ അതിനു മുമ്പ് പോലീസിനു പുരോഹിതനെ അറസ്റ്റ് ചെയ്യാൻ സാധിച്ചു. കൈവശമുണ്ടായിരുന്ന പാസ്പ്പോർട്ടും ടിക്കറ്റും വിസായും പോലീസ് പിടിച്ചെടുത്തു. അവിടെ രക്ഷപെടാനുള്ള പദ്ധതികൾ മുഴുവൻ പാളിപ്പോയി.

ഫാദർ റോബിനെപ്പറ്റി വേറെയും അഴിമതികൾ പരന്നിട്ടുണ്ട്. നസ്രാണികളുടെ പഴയ പത്രമായ ദീപിക പത്രം കട്ടുമുടിച്ചത് ഇദ്ദേഹവും മറ്റൊരു അറിയപ്പെടുന്ന ബിഷപ്പുമൊത്തായിരുന്നു. മോനിക്കായെന്ന സ്ത്രീയുടെ അഞ്ചേക്കർ സ്ഥലം തട്ടിയെടുത്ത ഈ ബിഷപ്പും ഫാദർ റോബിനും ഉറ്റ സുഹൃത്തുക്കളാണ്. ഏകദേശം മൂന്നു കോടിയോളം രൂപാ ആ ഇനത്തിൽ വെട്ടിച്ചുവെന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വാർത്തകൾ. ദീപിക പത്രം ഓരോ കുടുംബത്തിലും അദ്ദേഹം അടിച്ചേൽപ്പിക്കുകയായിരുന്നു. അവസരം കിട്ടുന്ന സമയങ്ങളിലെല്ലാം കുട്ടികളെ പീഡിപ്പിച്ചുകൊണ്ടിരിക്കും. എന്നിട്ടു രക്ഷാകർത്താക്കളോട് സദാചാരവും പ്രസംഗിക്കുമായിരുന്നു.  നാണവും മാനവും കരുതി ഇരയാകുന്നവർ ഇദ്ദേഹത്തിന്റെ ലൈംഗിക കേളികളെ രഹസ്യമായും വെക്കുമായിരുന്നു.

സാധാരണ കള്ളനാണയങ്ങളായ  പുരോഹിതരെപ്പറ്റി പറയുമ്പോൾ വിശ്വാസികൾക്ക് പ്രയാസമുണ്ടാകും. എന്നാൽ ഇത്തരം പിശാചുക്കളെ സഭയിൽനിന്നും ഇല്ലാതാക്കുന്നത് അവരുടെ ആത്മീയ വളർച്ചക്ക് ആവശ്യമെന്നും മനസിലാക്കണം. ഏതായാലും പോലീസ് പ്രതിയേയും കൊണ്ട് ഇടവകയിൽ എത്തിയപ്പോൾ ഇടവക ജനങ്ങൾ ഫാദർ റോബിനെതിരെ വലിയ പ്രകോപനങ്ങൾ സൃഷ്ടിച്ചു. അവിടെ അദ്ദേഹത്തിനെതിരെ കല്ലേറുമുണ്ടായിരുന്നു. ദീപികയ്ക്കും മനോരമയ്ക്കും ഇത്തരം വാർത്തകൾ ലഭിക്കാറില്ല. റോബിൻ ദീപികയിൽ ജോലി ചെയ്യുമ്പോഴും അവിഹിത ബന്ധങ്ങുളുണ്ടായിരുന്നു. പിന്നീട് ജീവൻ ടീവിയിൽ ജോലി ചെയ്യുന്ന സമയത്തും കലാകാരികളുമായി ബന്ധത്തിൽ ഏർപ്പെട്ടിരുന്നു.

മാനന്തവാടിയിലെ കോർപ്പറേറ്റ് മാനേജർ സ്ഥാനം ഫാദർ റോബിനായിരുന്നു. എവിടെ ചെന്നാലും കോടികൾ രൂപാ വെട്ടിച്ചുകൊണ്ടു വെട്ടുമേനികൾ ഉണ്ടാക്കാൻ ഈ പുരോഹിതൻ സമർത്ഥനുമായിരുന്നു. ദീപികയുടെ ചെയർമാനായിരുന്ന ഫാരീസ് അബൂബേക്കറെ (Pharis Aboobacker) പ്രസിദ്ധനായ ബിഷപ്പിനെ പരിചയപ്പെടുത്തി കൊടുത്തതും ഇദ്ദേഹമാണ്. എറണാകുളത്തുള്ള ദീപികയുടെ കെട്ടിടം ഫാരീസ് അബുബേക്കറിന് വിറ്റവഴി മെത്രാനും പുരോഹിതനും ഒത്തുകൂടി കോടികൾ വെട്ടുകയും ചെയ്തിരുന്നു. പണവും സ്ത്രീയും ശരീരവും ഫാദർ റോബിന്റെ മുദ്രാവാക്യമായിരുന്നു

പോലീസ് പിടിച്ചുകഴിഞ്ഞാണ് സഭ ഈ വൈദികനെ തള്ളിപ്പറഞ്ഞത്. അതിനുമുമ്പ് സഭയെതന്നെ അദ്ദേഹം വിലയ്ക്കു മേടിച്ചിരിക്കുകയായിരുന്നു. യഥാസമയം വേണ്ട വിധത്തിൽ സഭ ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ നടത്തിയിരുന്നെങ്കിൽ ഒരു മഹാവിപത്തിൽ നിന്നും മാനഹാനിയിൽ നിന്നും രക്ഷപെടാമായിരുന്നു. സഭയുടെ ഒരു തീരുമാനത്തിനായി ഒമ്പതു മാസം കാത്തിരിക്കേണ്ടി വന്നു. അപ്പോഴേക്കും പുരോഹിതൻ നിയമത്തിന്റെ കുടുക്കിലായി പോയി. ഇത്തരത്തിലുള്ള നൂറു കണക്കിന് പുരോഹിതർ സഭയ്ക്കുള്ളിലുണ്ട്. അവരെയെല്ലാം നേരാം വിധം കൈകാര്യം ചെയ്തില്ലെങ്കിൽ സഭ അഭിമുഖീകരിക്കാൻ പോവുന്നത് ഒരു വലിയ ദുരന്തത്തിലേയ്ക്കെന്നും മനസിലാക്കുക. ഇതിലേക്കായി കർദ്ദിനാൾ ആലഞ്ചേരിയുടെയും മറ്റു പ്രമുഖരായ സഭാനേതൃത്വത്തിന്റെയും ശ്രദ്ധ ആവശ്യമാണ്. വേലിതന്നെ വിളവ് തിന്നുന്ന നിലപാടുകളാണ് ഇന്ന് സഭയ്ക്കുള്ളിലുള്ളത്. തൃശൂർ, കോതമംഗലം, കാഞ്ഞിരപ്പള്ളി, ഇടുക്കി രൂപതകളിൽ മെത്രാന്മാരെ പുറത്താക്കാനുള്ള സമയവും അതിക്രമിച്ചിരിക്കുന്നു. പിണറായുടെ വെറുക്കപ്പെട്ടവരെന്നു അറിയപ്പെടുന്ന ഇത്തരം ഇത്തിക്കണ്ണികൾ ഉള്ളടത്തോളം കാലം  സഭയെന്നും ആത്മീയാന്ധകാരത്തിൽ ജീവിക്കും.

Saturday, February 25, 2017

നക്സൽ പ്രസ്ഥാനവും നീതി നിഷേധിക്കപ്പെട്ട ഐ.ജി. ലക്ഷ്മണയും -2



ജോസഫ് പടന്നമാക്കൽ 

നക്സൽ വർഗീസ് അഥവാ അരീക്കാട് വർഗീസ്, ആദിവാസികൾക്കും ദളിതർക്കും വേണ്ടി പോരാടിയിരുന്ന ഒരു വിപ്ലവകാരിയായിരുന്നു. വർഗീസിന്റെ മരണത്തെപ്പറ്റി പരസ്പ്പരവിരുദ്ധങ്ങളായ അഭിപ്രായങ്ങളാണ്‌ പൊതുജനങ്ങളുടെയിടയിലും  വാർത്തകളിലും നിറഞ്ഞിരിക്കുന്നത്.  1970-ൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ വർഗീസ് കൊല്ലപ്പെട്ടുവെന്നായിരുന്നു ഔദ്യോഗികമായി സ്ഥിതികരിച്ച വാർത്തകളിലുണ്ടായിരുന്നത്.  എന്നാൽ സെൻട്രൽ റിസർവ് പോലീസിലുണ്ടായിരുന്ന (CRPF)  രാമചന്ദ്രൻ നായരുടെ പരസ്യമായ ഒരു കുമ്പസാരത്തോടെ അതൊരു വ്യാജമായുണ്ടാക്കിയ ഏറ്റുമുട്ടലായിരുന്നുവെന്നു തെളിഞ്ഞു. കസ്റ്റഡിയിലായിരുന്ന വർഗീസിനെ കേരളാ പോലീസിലെ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ ഉത്തരവനുസരിച്ചു വധിക്കുകയായിരുന്നുവെന്നു ശ്രീ നായർ വെളിപ്പെടുത്തി. മരിക്കുമ്പോൾ വർഗീസിന് മുപ്പത്തിയൊന്നു വയസു മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിലൊന്നാകെ  കോളിളക്കം സൃഷ്ടിച്ച ഈ പുതിയ വാർത്ത  അമിത പ്രാധാന്യത്തോടെ കൊട്ടിഘോഷിക്കാനും കാരണമായി.


സെൻട്രൽ റിസർവ് പോലീസിലുണ്ടായിരുന്ന (സി.ആർ.പി)  രാമചന്ദ്രൻ നായരും എച്ച്. ഹനീഫയും ഒത്തൊരുമിച്ചുകൊണ്ട് കസ്റ്റഡിയിലിരുന്ന വർഗീസിനെ വെടി വെച്ചുകൊന്നുവെന്നുള്ള കുറ്റസമ്മതം സി.ബി.ഐ യുടെ ശ്രദ്ധയിൽപ്പെടുകയും കേസ് പുനരന്വേഷണത്തിനു ഉത്തരവിടുകയുമുണ്ടായി. കേരളാസ്റ്റേറ്റ് പോലീസ് ഓഫിസർമാരായ ലക്ഷ്മണനും വിജയനും വർഗീസിനെ വധിക്കാൻ ആജ്ഞ കൊടുത്തെന്നാണ് പുതിയതായി രേഖപ്പെടുത്തിയ  സി.ബി.ഐ. റിപ്പോർട്ടിലുള്ളത്.


വർഗീസ് ഏറ്റുമുട്ടലിലല്ല കസ്റ്റഡിയിലിരുന്നപ്പോഴാണ് മരിച്ചെന്ന കാര്യം രാമചന്ദ്രൻ നായർ സർവീസിൽനിന്നും പെൻഷൻ പറ്റുന്നവരെ രഹസ്യമായി സൂക്ഷിച്ചതു എന്തിനെന്നുള്ളതും ഒരു ചോദ്യമാണ്. സ്ഫോടനാത്മകമായ ഇത്തരം ഒരു വാർത്ത പുറത്തുവന്നയുടൻ വിവിധ രാഷ്ട്രീയ പാർട്ടികൾ അതിനെ രാഷ്ട്രീയവൽക്കരിക്കുകയും ചെയ്തു. നക്സൽ ബാരികളെ പിന്തുണക്കുന്നവർ എരിതീയിൽ എണ്ണയൊഴിക്കാനുള്ള ശ്രമവും തുടങ്ങി. വാർത്തകളുടെ അടിസ്ഥാനത്തിൽ 'സി.ബി.ഐ' സംശയമുള്ളവരെ സാക്ഷികളായും പ്രതികളായും ചേർത്ത് ചാർജ് ഷീറ്റുണ്ടാക്കി. അവരിൽ മുൻ സുബൈദാരായിരുന്ന ശ്രീ പീടികയിലിനെ മാത്രം കുറ്റപത്രത്തിലെ പേരിനോടുകൂടി ചേർത്തില്ല. എന്തുകൊണ്ട് പീടികയിൽ കുറ്റക്കാരനല്ലായെന്ന ചോദ്യത്തിനും ഉത്തരമില്ല. രാഷ്ട്രീയ ഇടപെടലുകളും ബാഹ്യസമ്മർദവും കാരണം കേസ് നീട്ടികൊണ്ടുപോയിരുന്നു. വർഷങ്ങൾ പിന്നെയും പിന്നിട്ടു. അവസാനം 2010-ൽ ലക്ഷ്മണനെ കുറ്റക്കാരനാക്കിക്കൊണ്ട് ഹൈക്കോടതിയിൽനിന്നും വിചിത്രമായ ഒരു വിധി വന്നു. ലക്ഷ്മണനു ജീവപര്യന്തം തടവു ശിക്ഷയും ലഭിച്ചു.


നക്സൽ നേതാവായിരുന്ന വർഗീസിന്റെ കൊലപാതകവുമായി ബന്ധപ്പെടുത്തി തടവിൽ കഴിഞ്ഞിരുന്ന ഐ.ജി യായിരുന്ന ആർ. ലക്ഷ്മയെ  അനാരോഗ്യവും 75 വയസു തികഞ്ഞതുകൊണ്ടും സ്വതന്ത്രനാക്കിയിരുന്നു. 1970 ഫെബ്രുവരി പതിനെട്ടാം തിയതി വയനാട്ടിലുള്ള കട്ടിക്കുളം വനാന്തരങ്ങളിൽ നക്സൽ വർഗീസുമായുള്ള ഏറ്റുമുട്ടലിൽ സെൻട്രൽ പോലീസിന്റെ വെടിയേറ്റ് വർഗീസ് മരിച്ചുവെന്നായിരുന്നു അന്നത്തെ വിലയിരുത്തൽ. നക്സൽബാരികളുമായുള്ള ഏറ്റുമുട്ടലിൽ വർഗീസ് മരിച്ചുവെന്ന നിഗമനത്തിൽ പിന്നീട് അന്വേഷണങ്ങളൊന്നും നടത്തിയില്ല. എന്നാൽ ആ കേസ് 1998-ൽ പുനഃപരിശോധിക്കുകയുണ്ടായി. പോലീസിൽ നിന്ന് വിരമിച്ച രാമചന്ദ്രൻ നായർ ആ സമയം വർഗീസിന്റെ മരണം നടന്ന സ്ഥലത്തുണ്ടായിരുന്നു. ജീവനോടെ പിടിച്ച വർഗീസിനെ പച്ചയായി കൊന്നത് താനെന്നായിരുന്നു രാമചന്ദ്രൻ നായരുടെ വെളിപ്പെടുത്തൽ. അന്ന് കേരളാപോലീസിലെ എസ്.പി.യായിരുന്ന ലക്ഷ്മണയുടെ ആജ്ഞപ്രകാരം ആ ക്രൂരകൃത്യം തനിക്കു ചെയ്യേണ്ടിവന്നുവെന്നു രാമചന്ദ്രൻനായർ പറഞ്ഞു. കേരള ഹൈക്കോടതിയിൽ വന്ന പെറ്റിഷൻ അനുസരിച്ചു കേസ് സി.ബി.ഐ യ്ക്ക് മാറുകയും ചെയ്തു. ഏതാനും സാക്ഷികളെ വിസ്തരിക്കുകയുമുണ്ടായി. കോടതി വിസ്തരിക്കുന്നതിനു മുമ്പ് രാമചന്ദ്രൻ നായർ മരിച്ചുപോയിരുന്നു.

പോലീസുകാർക്കും ബൂർഷാ മുതലാളികൾക്കുമെതിരെ ഒരു ഓപ്പറേഷൻ നടത്തിക്കഴിഞ്ഞ ശേഷം  ഉൾക്കാടുകളിലേയ്ക്ക് വലിയുകയെന്ന തന്ത്രമായിരുന്നു നക്സൽബാരികൾക്കുണ്ടായിരുന്നത്.  അവർക്കെതിരെ പോരാടാൻ പ്രത്യേകം പരിശീലനം ലഭിച്ച സി. ആർ. പി.യുടെ സുബേദാർ പീടികയിലിന്റെ നേതൃത്വമാണ് വർഗീസിനെ വധിക്കാനുള്ള പദ്ധതികളും നടത്തിയത്. അതിൽ കേരളാ പൊലീസിന് യാതൊരു പങ്കുമില്ലായിരുന്നു. കേരളാ പോലീസിലെ ഡി.ഐ.ജി.യായിരുന്ന ലക്ഷ്മണ  ജയിൽവിമുക്തനായ ശേഷം നൽകുന്ന വിവരങ്ങൾ ഈ ലേഖനത്തിൽ സംക്ഷിപ്‌തമായി വിവരിച്ചിട്ടുണ്ട്.


'1970 ഫെബ്രുവരി പതിനെട്ടിന് വർഗീസ് കൊല്ലപ്പെടുമ്പോൾ താൻ സ്ഥലത്തില്ലായിരുന്നുവെന്നും സി.ആർ പി. യുമായുള്ള ഏറ്റുമുട്ടലിലാണ് വർഗീസ് കൊല്ലപ്പെട്ട സന്ദേശം തനിക്ക് ലഭിച്ചതെന്നും' ഡി ഐ.ജി യായിരുന്ന ശ്രീ ലക്ഷ്മണ പറയുന്നു. അന്നത്തെ സംഭവങ്ങൾ വള്ളിപുള്ളിയില്ലാതെ ശ്രീ രാമചന്ദ്രൻ നായരുടെ ഡയറി കുറിപ്പിലുണ്ടായിരുന്നു. എന്നാൽ ഇത് കോടതിയിൽ എത്തിയില്ല. നക്സൽബാരിസം ഇന്നും പ്രത്യായ ശാസ്ത്രമായി കരുതുന്ന 'ഗ്രോവാസുവും' പോലീസ് അസോസിയേഷനിലെ ചിലരും കൂടി രാമചന്ദ്രൻ നായരെ ബ്ളാക്ക് മെയിൽ ചെയ്യുകയായിരുന്നു. കാരണം ലക്ഷ്മണനായിരുന്നു എല്ലാ കേസുകളും അന്വേഷിച്ചത്. തലശേരി, തിരുന്നേലി ഇവിടെങ്ങളിലുള്ള അന്വേഷണ കമ്മീഷനുകളിലെ പ്രധാന അന്വേഷകനും ലക്ഷ്മണൻ തന്നെയായിരുന്നു. വമ്പന്മാരായ പല നക്സൽ നേതാക്കളെയും അക്രമാസക്തരായ വിപ്ലവകാരികളെയും അദ്ദേഹത്തിന് നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. ദളിതനെന്ന പേരിലും സേവനത്തിന്റെ നിപുണതയിലും അദ്ദേഹത്തിന്റെ സഹപ്രവർത്തകർ പലപ്പോഴും നിസ്സഹകരണം പുലർത്തിയിരുന്നു. ജോലിയിൽ പ്രൊമോഷൻ ലഭിച്ചിരുന്ന സമയങ്ങളിലും ചിലർക്ക് നീരസവുമുണ്ടാവുമായിരുന്നു. കൂടാതെ നക്സൽ സിദ്ധാന്തങ്ങളുമായി നടന്ന പലരുടെയും നോട്ടപ്പുള്ളി ലക്ഷ്മനായിരുന്നു. അദ്ദേഹത്തോട് പ്രതികാരം വീട്ടുകയെന്നതും അവരുടെ താല്പര്യമായി മാറി.


കോടതികളിൽ രേഖപ്പെടുത്തിയ സാക്ഷികളുടെ മൊഴികളിൽ വ്യാജമായി പലതും എഴുതിച്ചേർത്തിരുന്നു. സാക്ഷികൾ പറയാത്തതുമുണ്ടായിരുന്നു. സാക്ഷികൾ പറഞ്ഞ പലതും സമർത്ഥമായ രീതിയിൽ തന്നെ കോടതിയുടെ റിക്കോർഡുകളിൽ വിരുതന്മാർ തിരുത്തി. നീതി ന്യായ വ്യവസ്ഥയിൽ നടക്കാൻ പാടില്ലാത്ത അട്ടിമറികൾ മുഴുവനും ലക്ഷ്‌മണനെതിരായി യ്‌ക്കെതിരായി നടന്നു. സാക്ഷികൾ പറഞ്ഞ മൊഴി വളച്ചൊടിച്ചു മറ്റൊരു തരത്തിൽ ലക്ഷ്‌മണനെതിരായി ഇംഗ്ലീഷിൽ പകർത്തി. സാക്ഷികളെ സത്യപ്രതിജ്ഞ ചെയ്തു ചൊല്ലിച്ച വാചകങ്ങൾ വിധിയിൽ പറയുമ്പോൾ ബോധപൂർവം അത് തിരുത്തി മറ്റൊരു തരത്തിലാക്കിയിരുന്നു. നീതി നിക്ഷേധത്തിനു ലക്ഷ്മണൻ ഫയൽ ചെയ്ത കേസ് ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.


വർഗീസ് മരിച്ച സാഹചര്യങ്ങളുൾപ്പെടുത്തി രാമചന്ദ്രൻ നായർ സ്വന്തം കൈപ്പടയിലെഴുതിയ ഡയറി കോടതിയിൽ ഹാജരാക്കിയില്ല. അയാൾ എഴുതിയ ഡയറി അയാളുടെ ഭാര്യ ശാന്തമ്മയുടെ കയ്യിലുണ്ട്. പകരം കോടതിയിൽ ഹാജരാക്കിയ രേഖ രാമചന്ദ്രന്റെ കൈപ്പടയിലുള്ളതല്ല. വ്യാജമായ സൃഷ്ടിയാണ്.  ലക്ഷ്‌മണനെതിരെ ഗൂഢാലോചന നടത്തിയ സ്ഥാപിത താല്പര്യമുള്ളവർ രാമചന്ദ്രൻ നായരുടെ കൂടെ നടന്നു ബ്ളാക്ക്മെയിൽ ചെയ്യുന്നുണ്ടായിരുന്നു. സത്യമല്ലാത്തത് പലതും പറയിപ്പിച്ചു. സ്വന്തം  മനഃസാക്ഷിക്കെതിരെയാണ് പറയുന്നതെന്ന് രാമചന്ദ്രൻ നായരുടെ മനസ് മന്ത്രിച്ചിട്ടുണ്ടാവാം.


വർഗീസ് മരിച്ച കാലങ്ങളിൽ ജൂണിയർ ഓഫീസറായിരുന്ന ലക്ഷ്മണനെ മാത്രം എന്തുകൊണ്ട് ശിക്ഷിക്കപ്പെട്ടു? ഒപ്പം ഉണ്ടായിരുന്നുവെന്നു പറയുന്ന സീനിയർ ഓഫിസർ, വിജയനെ ശിക്ഷിച്ചുമില്ല. അതുപോലെ രാമചന്ദ്രൻ നായർക്കൊപ്പം വർഗീസിനെ വെടിവെച്ച ജൂണിയർ കോൺസ്റ്റബിൾ ഹാനീഫയും ശിക്ഷകളില്ലാതെ ഹൈക്കോടതി സ്വതന്ത്രനാക്കി. ഇതൊരു രാഷ്ട്രീയ ഗൂഡാലോചനയോ? ഉത്തരം കിട്ടാത്ത ചോദ്യങ്ങളിൽ സംശയം മാത്രം ബാക്കി നിൽക്കുന്നു. കോടതിയെ അന്യായത്തിന്റെ മൂടുപടം അണിയിച്ചുകൊണ്ടു ആരൊക്കെയോ വമ്പന്മാർ ഈ കേസിൽ മായം കലർത്തിയെന്നും ചിന്തിക്കണം. ഒരു പക്ഷെ വിധി മറിച്ചായിരുന്നെങ്കിൽ അതിനുത്തരവാദിയായ രാഷ്ട്രീയ നേതൃത്വത്തിന്റെ അടിത്തറ തന്നെ ഇളകുമായിരുന്നു. സത്യം ഈ കോടതി വിധിയിലൂടെ വ്യഭിചരിക്കപ്പെട്ടുവെന്നും കരുതണം.


സാക്ഷിവിസ്താര വേളകളിൽ അനേക പോരായ്മകളും ചൂണ്ടിക്കാണിക്കാൻ സാധിക്കുമായിരുന്നു. അതൊരിക്കലും പൊതുജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടില്ല. ഇവിടെ ലക്ഷ്മണന്റെ  നിസ്സഹായാവസ്ഥയെപ്പറ്റി ഒരു അവലോകനം യുക്തമെന്നു തോന്നുന്നു. വർഗീസിന്റെ എഫ്.ഐ.ആർ റിപ്പോർട്ട് സിബിഐ തന്നെ എന്തൊക്കെയോ കൃത്രിമത്വം കാണിച്ചുള്ളതാണ്. വായിക്കാൻ സാധിക്കാതെ ആരൊക്കെയോ വെട്ടിക്കുത്തുകൾ നടത്തിയശേഷമുള്ള  അവ്യക്തമായ എഴുത്തുകളാണ് റിപ്പോർട്ടിനുള്ളിലുള്ളത്. രാമചന്ദ്രൻ നായർ റിപ്പോർട്ട് ചെയ്തതുപോലെ വർഗീസിന്റെ ദേഹത്ത് വെടിയുണ്ടകൾ പതിച്ചത് എവിടെയെന്നും മനസിലാക്കാൻ സാധിക്കില്ല. കോടതി വിസ്താരത്തിൽ പ്രധാന റിക്കോർഡുകളായ എഫ്‌ഐആർ, അന്വേഷണ റിപ്പോർട്ട്, പോസ്റ്റ് മാർട്ടം റിപ്പോർട്ട് എന്നിവകളൊന്നും വാദിഭാഗം ഹാജരാക്കിയില്ല. വ്യക്തികളെ തിരിച്ചറിഞ്ഞതും ശരിയായിരുന്നില്ല. അന്നുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ തിരിച്ചറിയൽ നടത്തിയ വേളയിൽ ലക്ഷ്മണൻ   അവിടെയുണ്ടായിരുന്നെങ്കിലും ഹനീഫയ്ക്ക് ലക്ഷ്മണനെ ചൂണ്ടിക്കാണിക്കാൻ കഴിഞ്ഞില്ല.


വർഗീസ് മരിച്ച ദിവസം ലക്ഷ്മണൻ സംഭവസ്ഥലത്തുനിന്നും മുപ്പത് കിലോമീറ്റർ അകലെ മാനന്തവാടി പി.ഡബ്ള്യൂ.ഡി. റസ്റ്റ്ഹൌസിൽ അന്വേഷണത്തിനായി താമസിക്കുകയായിരുന്നു. അതിനു സാക്ഷികളായി പലരുമുണ്ടെങ്കിലും കോടതി അവരെയാരും സാക്ഷികളാക്കാൻ തയ്യാറായില്ല. അവിടെയും ചുവപ്പുനാടകളുടെ കറുത്ത കൈകളുണ്ടായിരുന്നു. ആ രാത്രി വർഗീസിന്റെ മരണവിവരം അറിഞ്ഞതു തന്നെ സുബേദാർ എൻ.വി. പീടികയിലിൻറെ സന്ദേശത്തിൽ നിന്നായിരുന്നു. ഇക്കാര്യം സി.ബി.ഐ. ഡോക്യൂമെന്റിലുള്ള തെളിവുകളിൽ നിന്നും പൂർണ്ണമായും വ്യക്തമായിരുന്നു. സുബേദാർ പീടികയിൽ ഇതുസംബന്ധിച്ചുള്ള ഏതാനും തെളിവുകൾ നിരത്തുന്നുമുണ്ട്.


സി.ആർ.പി.എഫ്-ലെ എല്ലാ സീനിയർ ഓഫിസർമാരും 1970 ഫെബ്രുവരി പത്തൊമ്പതാം തിയതി രാവിലെ ഒത്തുകൂടി സുബേദാർ എൻ.വി. പീടികയിലിനെയും ടീമിനെയും വർഗീസിനെ വെടിവെച്ചു  വീഴ്ത്തിയതിൽ അഭിനന്ദിച്ചിരുന്നു. പ്രത്യേകിച്ച്, ഉന്നം തെറ്റാതെ വെടി വെച്ച രാമചന്ദ്രൻ നായരുടെയും ഹനീഫായുടെയും കഴിവുകളെ വിലമതിക്കുകയും ചെയ്തു. ഡോക്യൂമെന്റുകളായി സൂക്ഷിച്ചിട്ടുള്ള സി.ആർ.പി.എഫ്. ചരിത്ര ഷീറ്റിൽ, ഏറ്റുമുട്ടലിൽ വർഗീസ് കൊല ചെയ്യപ്പെട്ടതിൽ എൻ.വി. പീടികയിലിനും രാമചന്ദ്രൻ നായർക്കും പാരിതോഷികം കൊടുത്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. ആ ചരിത്ര ഡോക്യൂമെന്റിലൊന്നും ലക്ഷ്മണന്റെ പേര് ചേർത്തിട്ടില്ല. സെൻട്രൽ റിസർവ് പൊലീസിലെ (CRPF) മേലാധികാരികളെ മാത്രമേ സുബേദാർ എൻ.വി. പീടികയിലിനും മറ്റുപൊലീസുകാർക്കും അനുസരിക്കാനുള്ള ബാധ്യതയുള്ളൂവെന്നു അവരുടെ അന്നത്തെ ഡി.ഐ.ജി.യുടെ റിപ്പോർട്ടിലുണ്ട്.  കേരളാ പൊലീസിന് അവരുടെ പേരിൽ അധികാരം ഒന്നും തന്നെ ഇല്ലായിരുന്നു. ഔദ്യോഗിക നിലയിൽ ലക്ഷ്മണനു സി.ആർ.പി. രാമചന്ദ്രൻ നായരുടെ മേലെ യാതൊരു ആജ്ഞകളും നടത്താൻ സാധിക്കുകയുമില്ലായിരുന്നു. ആ സത്യവും കോടതി അംഗീകരിക്കാതെ പോയി.


സി.ആർ.പി.എഫ്. ന്റെ കമാൻഡറായിരുന്ന 'മൻമോഹൻ സിങ് ഒബറോയ്' വർഗീസ് കേസിലെ മറ്റൊരു സാക്ഷിയായിരുന്നു. അദ്ദേഹം പറഞ്ഞത് 'സി.ആർ.പി.എഫ് നീക്കങ്ങളുടെ അധികാരി എൻ.വി. പീടികയിൽ മാത്രമെന്നായിരുന്നു.' സി.ബി ഐ കോടതിയിൽ ഹാജരാക്കിയ സി.ആർ.പി.എഫ് റിപ്പോർട്ടിൽ ലക്ഷ്മണയുടെ യാതൊരു പങ്കും സൂചിപ്പിച്ചിട്ടില്ല. അതേ സമയം സുബേദാർ എൻ.വി. പീടികയിലിന്റെ പങ്ക് അതിൽ വിവരിച്ചിട്ടുണ്ട്. ഇതിൽനിന്നും ലക്ഷ്മണനു സി.ആർ.പി.യുടെ മേൽ യാതൊരു അധികാരമോ നിയന്ത്രണമോ ഇല്ലായിരുന്നുവെന്നും നക്സൽബാരി ഓപ്പറേഷന്റെ തീരുമാനങ്ങളെടുക്കാനുള്ള സമ്പൂർണ്ണമായ അധികാരം സുബേദാർ പീടികയിലിനായിരുന്നുവെന്നും വ്യക്തമാണ്. പാരാമിലിട്ടറിയായ സി.ആർ.പി യ്ക്ക് അവരുടേതായ കമാണ്ടർമാർ ഉണ്ടായിരുന്നു. സി.ആർ.പി ബെറ്റാലിയനിൽപ്പെട്ട രാമചന്ദ്രൻ നായരുടെയോ ഹനീഫായുടെയോമേൽ ലക്ഷ്മണനു  നിയന്ത്രണവും ഉണ്ടായിരുന്നില്ല. അവർക്കു തന്നെ സുപ്പീരിയർ ഓഫിസർമാരുള്ളപ്പോൾ രാമചന്ദ്രൻ നായരോട് ആജ്ഞാപിക്കാൻ ലക്ഷ്മണനു സാധിക്കുമായിരുന്നുമില്ല.


വർഗീസിന്റെ മരണത്തെപ്പറ്റി ഏറ്റവും ആധികാരികമായി സംസാരിക്കാൻ ചുമതലപ്പെട്ട വ്യക്തി സുബേദാർ പീടികയിലായിരുന്നു. പക്ഷെ അദ്ദേഹത്തെ സാക്ഷിയായി പോലും വെക്കാൻ സി.ബി.ഐ തയ്യാറായില്ല. വർഗീസിനെ വധിച്ച കേസിൽ നേരിട്ട് ബന്ധമുണ്ടായിരുന്നതും കുറ്റവാളിയും അദ്ദേഹമായിരുന്നു. എങ്കിലും കുറ്റം മുഴുവൻ മനഃപൂർവം ലക്ഷ്മണനിൽ ചുമത്തി. സി.ആർ.പി. യും സി.ബി.ഐ യും ഒത്തുകൂടി കോടതിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടു സുബേദാർ പീടികയിലിനെ രക്ഷിക്കുകയും ചെയ്തു. കോടതി, സി.ആർ.പി യുടെയും സി.ബി.ഐ യുടെയും വാദങ്ങൾ മാത്രമേ കേൾക്കുമായിരുന്നുള്ളൂ. ഇത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയോടുള്ള ഒരു കളങ്കമായിരുന്നു. ലക്ഷ്മണന് നീതിപൂർവമായ വിസ്താരം (Trial) കിട്ടിയില്ല. നീതിന്യായ കോടതിയും കുറ്റവാളികളെ രക്ഷിക്കാനുള്ള തന്ത്രത്തിലായിരുന്നു. പക്ഷാപാതപരമായി മീഡിയാകളും വാർത്തകളെ വളച്ചൊടിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്തിരുന്നു. പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും വരുന്ന വാർത്തകളും നിരീക്ഷണങ്ങളും കോടതികളെ തെറ്റി ധരിപ്പിച്ചുകൊണ്ടുള്ളതുമായിരുന്നു.


രാമചന്ദ്രൻ നായർ സി.ബി.ഐ.യോട് പറഞ്ഞതെല്ലാം മുഖവിലയ്ക്ക് വിശ്വസിച്ചു. ഒരു ഉദ്യോഗസ്ഥനെന്ന നിലയിൽ അയാളുടെ സേവനകാല റിക്കോർഡോ, സന്മാർഗികതയോ, കാര്യക്ഷമതയോ പരിശോധിച്ചില്ല. ഇപ്പറഞ്ഞ പൊരുത്തമില്ലായ്‌മകൾ പരിഗണിച്ചുമില്ല. കാര്യഗൗരവും സത്യസന്ധതയും ആത്മാർത്ഥതയും ഉണ്ടായിരുന്ന ലക്ഷ്മണന്റെ ഔദ്യോഗിക ജീവിതകാലങ്ങളും ധാർമ്മിക ബോധവും ഹൈക്കോടതി മനസിലാക്കാതെ പോയി. അദ്ദേഹത്തിൻറെ ജോലിയിലുണ്ടായിരുന്ന ആത്മാർത്ഥതമൂലം പലരുടെയും ശത്രുവാകാനും കാരണമായി. അവസാനം പൊതുജനങ്ങളുടെ ദൃഷ്ടിയിൽ ആത്മാഭിമാനത്തിനും ക്ഷതമേറ്റു. ഈ അനീതിയെ വെളിച്ചത്തു കൊണ്ടുവരേണ്ട ആവശ്യമുണ്ട്. ഒരു നല്ല മനുഷ്യന് നീതി നിക്ഷേധിക്കപ്പെട്ടു. സത്യം വെളിച്ചത്താക്കി അദ്ദേഹത്തിൻറെ നിഷ്കളങ്കത്വം തെളിയുന്ന സുവർണ്ണ യുഗം വരട്ടെയെന്നും പ്രതീക്ഷിക്കാം.


ദളിതനായ ലക്ഷ്മണനെ ന്യായികരിക്കാൻ പത്രങ്ങളും ഉണ്ടായിരുന്നില്ല. നാൽപ്പതു കൊല്ലം മുമ്പുള്ള ചരിത്രത്തെപ്പറ്റി അധികമാരും ചിന്തിക്കാൻ സാധ്യതയില്ല. സമൂഹത്തിൽ അറിഞ്ഞോ അറിയാതെയോ ധനികരായതുകൊണ്ട് മാത്രം നക്സൽബാരികൾ അന്ന് നിഷ്കളങ്കരായ ജനത്തെ കൊന്നുകൊണ്ടിരിക്കുകയായിരുന്നു. കേരളമൊന്നാകെ ജനം നക്സലുകളെ ഭയപ്പെട്ടിരുന്നു. ബലം പ്രയോഗിച്ചുതന്നെ നക്സലുകളെ തകർക്കാൻ കഴിവുള്ള സർക്കാരിനെയും പോലീസിനെയും കേരള ജനത ആഗ്രഹിച്ചിരുന്നു. അത്തരം ഭീകരരെ അമർച്ച ചെയ്യാൻ പുറപ്പെട്ട ലക്ഷ്മണന്റെ സേവനം കേരളജനത പിന്നീട് മറന്നുവെന്നുള്ളതാണ് സത്യം. ലക്ഷ്മണനു ജീവപര്യന്തം നൽകിയ ലോകം നന്ദിയില്ലാത്തവരല്ലേയെന്നു മുൻ നിയമസഭാ സ്പീക്കറായിരുന്ന ജി. കാർത്തികേയൻ ഒരിക്കൽ ചോദിക്കുകയുമുണ്ടായി. ഇന്ത്യയുടെ പ്രധാന ഭീക്ഷണി നക്സൽ ബാരികളെന്നു മാറി മാറി വരുന്ന   ഇന്ത്യൻ പ്രധാനമന്ത്രിമാർ പറയുന്നു, ഇന്ത്യയിലെ പതിമൂന്നു സ്റ്റേറ്റുകളിൽ നക്സൽ ബാരികളെ അമർച്ച ചെയ്യാൻ 67 ബറ്റാലിയൻ സി.ആർ.പി പോലീസിനെയാണ് നിയമിച്ചിരിക്കുന്നത്.


നാൽപ്പതു വർഷങ്ങൾക്കു മുമ്പുള്ള സംഭവങ്ങളുടെ പൂർവ്വ ദൃശ്യങ്ങളിലേക്ക് ഒന്ന് ചിന്തിക്കുക. അതിൽ സത്യമായിട്ടുള്ളത് 1970- ൽ തിരുനെല്ലി വനത്തിനുള്ളിൽ നക്സൽ ബാരിയായ വർഗീസ് മരിച്ചുവെന്നുള്ളതാണ്. കേരള ജനതയെ നടുക്കിക്കൊണ്ടിരുന്ന ക്രൂരമായ അനേക കുറ്റ കൃത്യങ്ങൾ ചെയ്തുകൊണ്ടിരുന്ന ഒരു മനുഷ്യനായിരുന്നു അയാൾ. ബാക്കി വന്ന വാർത്തകൾ മുഴുവൻ ഒരു വശം മാത്രമുള്ളതായിരുന്നു. അത് മുഴുവനും അയാളുടെ കൂട്ടുകാരും പിന്തുണക്കുന്നവരും വളച്ചുകെട്ടിയ വാർത്തകളുമായിരുന്നു. വർഗീസിനെ വധിച്ച കുറ്റവിസ്താര വേളയിൽ ലക്ഷ്മണൻ സ്വന്തം കാര്യത്തിൽ നിശ്ശബ്ദനായിരുന്നു. മറ്റുള്ളവർക്കുവേണ്ടി സംസാരിക്കുന്നുമുണ്ടായിരുന്നു. അദ്ദേഹം നിശ്ശബ്ദനായിരുന്നെങ്കിലും എന്തുകൊണ്ട് മീഡിയാകൾ രണ്ടു വശവും കാണാൻ ശ്രമിച്ചില്ല. ഒരു നാണയത്തിനു രണ്ടു വശങ്ങളുണ്ട്. ഒരു മനുഷ്യൻ നിശബ്ദനായി ഇരുന്നാൽ അതിന്റെ അർത്ഥം  നാണയത്തിനു രണ്ടു വശങ്ങൾ ഇല്ലെന്നുള്ളതല്ല. ലക്ഷ്മണനെതിരെയുള്ള ഗൂഢാലോചനകളെപ്പറ്റി   അന്വേഷിക്കാൻ മീഡിയാകൾ മെനക്കെട്ടുമില്ല.


ലക്ഷ്മണൻ വർഗീസിനെ വധിക്കാൻ നിർദേശം കൊടുത്തുവെന്ന യാതൊരു തെളിവുകളും വാദിഭാഗത്തിന് കോടതിയിൽ ഹാജരാക്കാൻ കഴിഞ്ഞില്ല. വസ്തുതകൾ സത്യമല്ലെന്നു ബോധ്യമുള്ളതിനാൽ ലക്ഷ്മണനെ സ്വതന്ത്രനാക്കുവാൻ വർഗീസിന്റെ ബന്ധുക്കളും ശ്രമിച്ചിരുന്നു. ഉത്തരവാദിത്വത്തോടെ ജോലി ചെയ്തുകൊണ്ടിരുന്ന ഒരു ഉദ്യോഗസ്ഥനെതിരെ തെറ്റായ വിവരങ്ങൾ സ്വീകരിച്ച നീതിന്യായ വ്യവസ്ഥയുടെ അനീതിയെന്നു വേണം ഈ വിധിയെ കരുതാൻ. ഇന്ന് 81 വയസുള്ള ഈ പോലീസ് ഉദ്യോഗസ്ഥന് ഉദ്യോഗകാലത്ത് അങ്ങേയറ്റം നല്ലതായ ഒരു സേവന റിക്കോർഡുണ്ടായിരുന്നു. നക്സലിസത്തോട് പടപൊരുതുകയും അതിനൊപ്പം നാട്ടിൽ ക്രമസമാധാനം വരുത്തുകയെന്നതുമായിരുന്നു അദ്ദേഹം നിർവഹിച്ചുകൊണ്ടിരുന്നത്. ശ്രീ ലക്ഷ്മണൻ നല്ലയൊരു  കുടുംബനാഥനും കൂടിയാണ്. കേരളാസ്റ്റേറ്റ് പോലീസിൽ ആദ്യമായി ഉയർന്ന റാങ്ക് നേടിയ ദളിത ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. എന്നും അവഗണനകളിൽക്കൂടിയായിരുന്നു, ഉദ്യോഗക്കയറ്റങ്ങൾ ലഭിച്ചിരുന്നതും പടിപടിയായി ഉയർന്നുവന്നതും. ആ മനുഷ്യനെയാണ് ജീവിതകാലം മുഴുവനായി കോടതി ശിക്ഷിച്ചതെന്നും ഓർക്കണം. എന്ത് കുറ്റമാണ് അദ്ദേഹം ചെയ്തത്? നീതി ന്യായ വ്യവസ്ഥയുടെ യുക്തിഹീനവും പക്ഷാപാതവുമായ വിധിയെന്നേ കരുതാൻ സാധിക്കുന്നുള്ളൂ. ഒപ്പം വാർത്താ മീഡിയാകളും എരുവും പുളിയും ചേർത്ത് വാർത്തകൾ പ്രചരിപ്പിച്ചുകൊണ്ടിരുന്നു. പത്രങ്ങൾ നൽകുന്ന വിവരങ്ങൾ സാധാരണ ജനങ്ങൾ വിശ്വസിച്ചുകൊണ്ടുമിരുന്നു.


നക്സൽ വർഗീസിനെ കൊന്ന കേസിന്റെമേലുള്ള ഈ വിധി ഒന്നുകിൽ വാർത്തകളുടെ ബലത്തിലായിരിക്കാം. അല്ലെങ്കിൽ അധികാരത്തിന്റെയും പണത്തിന്റെയും മേലെ ആയിരിക്കാം. മുകളിൽനിന്നുള്ള രാഷ്ട്രീയ ഇടപെടലുകളുമുണ്ടായിരിക്കാം. ദളിതനായി പിറന്നത് കുറ്റമെന്നു കരുതാൻ നീതിന്യായത്തിൽ വ്യവസ്ഥയില്ല. ഇന്ത്യയുടെ നീതിന്യായം അധികാരത്തിന്റെയും പണത്തിന്റെയും മീതെ പറക്കുന്നുവെന്നു ഈ വിധിയിൽനിന്നു മനസിലാക്കാം. കോടതികളിൽ അഴിമതികൾ നിറഞ്ഞിരിക്കുന്നു. നിഷ്കളങ്കരായവർ ജയിലിൽ പോയാലും അതിൽ സന്തോഷിതരായി ഹല്ലേലൂയാ പാടാനും കൊട്ടിഘോഷിക്കാനും ജനവും പത്രമാദ്ധ്യമങ്ങളുമുണ്ട്. സമാനങ്ങളായ  ഇത്തരം മറ്റു കേസുകളും നീതിന്യായ കോടതിയിൽ വന്നിട്ടുണ്ട്. നീതിക്കായി പോരാടാൻ ഒരു സംഘടന രൂപീകരിച്ചു പ്രവർത്തിക്കാനാണ് ഭാവിപരിപാടികളെന്നും ലക്ഷ്മണൻ പറയുന്നു.
(തുടരും)

Police Man Ramachandran Nair 

Grow Vasu 











Monday, February 20, 2017

നക്സൽ പ്രസ്ഥാനവും വർഗീസിന്റെ ജീവിതാന്ത്യവും-1



ജോസഫ് പടന്നമാക്കൽ 

1967-ൽ വെസ്റ്റ് ബംഗാൾ മേഖലകളിലുള്ള മാർസിസ്റ്റ് പാർട്ടിയിൽനിന്നു പൊട്ടിമുളച്ച നക്സൽബാരി പ്രസ്ഥാനം രാഷ്ട്രമാകെ വളർന്നു പന്തലിച്ചിരുന്നു. അവിടെ നക്സൽബാരിയെന്ന ഗ്രാമത്തിൽനിന്നാണ് നക്സലിസത്തിന്റെ തുടക്കം. മജുൻദാർ, കനുസന്യാൽ എന്നീ നക്സലുകളുടെ നേതൃത്വത്തിൽ കൃഷിക്കാരുടെ ഒരു സായുധ വിപ്ളവം 1967 മെയ്മാസത്തിൽ പൊട്ടിപ്പുറപ്പെട്ടു. 1967 ജൂലൈയിൽ പൊലീസിന് ആ വിപ്ലവം അടിച്ചമർത്താൻ കഴിഞ്ഞു. അക്കാലയളവിൽ ഭൂരിഭാഗം റെബൽ നേതാക്കളെ അറസ്റ്റും ചെയ്തു. അന്നത്തെ സായുധ ലഹളയിൽ കാര്യമായ നേട്ടങ്ങളൊന്നും നേടാൻ സാധിച്ചില്ല. പക്ഷെ നക്സൽബാരി നീക്കം ഇൻഡ്യയൊന്നാകെയുളള കാർഷിക വ്യവസ്ഥിതികളെ പരിവർത്തനവിധേയമാക്കി. ഇത്തരം സായുധ വിപ്ലവങ്ങൾക്കായി ഇന്ത്യയിലെ അനേക ഗ്രാമങ്ങളിലെ കർഷകരിലും തൊഴിലാളികളിലും നക്സലുകൾ പ്രേരണ നൽകിക്കൊണ്ടിരുന്നു. 1968-ൽ വയനാടിലുള്ള പുൽപ്പള്ളിയിലും 1969-ൽ കുറ്റിയാടിയിലും തലശേരിയിലും പിന്നീട് 1970-ൽ തിരുനെല്ലിയിലും നക്സലുകളുടെ ആക്രമവും കൊടും ക്രൂരതകളുമുണ്ടായിരുന്നു.

ഉത്തര മലബാറിൽ നക്സൽബാരിസം ചിന്തകൾ പ്രചരിക്കാൻ കാരണം മാവോയിസത്തിൽ നിന്നുള്ള പ്രചോദനമായിരുന്നു. ബൂർഷാ മുതലാളിത്വ വ്യവസ്ഥിതികൾക്കെതിരെ ചില ബുദ്ധിജീവികളും പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു. മാവോ തത്ത്വങ്ങൾ ആദിവാസികളുടെയും ഇടത്തരം കൃഷിക്കാരുടെയും മദ്ധ്യേ പ്രചരിക്കാനും തുടങ്ങി. കൂടാതെ ചൈനയിൽനിന്നും പ്രോത്സാഹനങ്ങൾ ലഭിച്ചുകൊണ്ടിരുന്നു. നക്സലുകൾ വയനാട് തെരഞ്ഞെടുക്കാൻ കാരണവും ആ സ്ഥലങ്ങൾ വിപ്ലവ മുന്നേറ്റത്തിന് അനുയോജ്യ പ്രദേശങ്ങളായതുകൊണ്ടായിരുന്നു. കൊടുംവനങ്ങൾ ചുറ്റുമുണ്ടായിരുന്നതു മൂലം അക്രമകാരികൾക്ക് ഒളിക്കാനുള്ള സങ്കേതങ്ങളും സുലഭമായി വനത്തിനുള്ളിലുണ്ടായിരുന്നു.

ആദിവാസികൾ കൂടുതലായും താമസിച്ചിരുന്നത്  വയനാടൻ പ്രദേശങ്ങളിലായിരുന്നു. ഭൂരിഭാഗവും നിത്യവൃത്തിക്കുപോലും വകയില്ലാത്ത ദരിദ്രരുമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ അവിടെ കൃഷി ഭൂമിയിൽ പണിയെടുക്കാൻ ജോലിക്കാർ കുറവായിരുന്നു. അക്കാലങ്ങളിലുണ്ടായിരുന്ന ഭൂവുടമകൾ പാണന്മാരെയും പണിയാ, അടിയാ മുതലായ വർഗക്കാരെയും തമിഴ്‌നാട്ടിൽ നിന്നും കർണ്ണാടകയിൽനിന്നും കൊണ്ടുവരാൻ തുടങ്ങി. കൃഷിഭൂമിയില്ലാത്ത പാവങ്ങളായിരുന്നു ഭൂരിഭാഗവും. നിത്യചെലവിന് ഭൂവുടമകളിൽ നിന്നും പലപ്പോഴും അവർക്ക് പണം കടം മേടിക്കേണ്ടതായും വരുമായിരുന്നു. കൃഷിയല്ലാതെ മറ്റു തൊഴിലുകളൊന്നും അവർക്കറിയില്ലായിരുന്നു. കടങ്ങൾ വീട്ടാൻ മുതലാളികൾക്ക് അടിമ ജോലിയും ചെയ്യേണ്ടി വരുമായിരുന്നു. അങ്ങനെയുള്ള സാഹചര്യത്തിൽ നക്സൽബാരിസം പ്രാചീന വർഗ്ഗക്കാരിൽ സ്വാധീനം ചെലുത്താൻ കാരണമായി.

ചൈനയിൽനിന്നും ഇന്ത്യൻ വിപ്ലവകാരികൾക്ക് എല്ലാവിധ സഹായങ്ങളും ലഭിക്കുന്നുണ്ടായിരുന്നു.  അക്കാലത്ത് 'പീക്കിങ്ങ്' ഭരണകൂടം കോൺഗ്രസ്സ് സർക്കാരിനെതിരെ റേഡിയോയിൽ പ്രചരണങ്ങളും  നടത്തിക്കൊണ്ടിരുന്നു. ഇന്ത്യയിൽ ഒരു സായുധ വിപ്ലവം നടക്കുന്നതിനായി വിപ്ലവകാരികൾക്ക് സാമ്പത്തിക സഹായവും നൽകിയിരുന്നു. മാവോ തത്ത്വങ്ങളിൽ ആകൃഷ്ടരായി 1960-കളിൽ കേരളത്തിൽ നക്സൽബാരി പ്രസ്ഥാനം വേരുറയ്ക്കാൻ തുടങ്ങി. മാവോ സിദ്ധാന്തം പ്രചരിപ്പിച്ചുകൊണ്ട് തീവ്രവിപ്ലവ പ്രത്യായ ശാസ്ത്രം വ്യാപിപ്പിക്കാനായിരുന്നു അവർ ശ്രമിച്ചത്. മനുഷ്യത്വരഹിതമായ ആ പ്രസ്ഥാനത്തിന് ഭാരതമൊട്ടാകെ രക്തപങ്കിലമായ ഒരു ചരിത്രവുമുണ്ട്.

നക്സൽബാരി പ്രസ്ഥാനത്തിന്റെ പുത്രിയായ 'അജിത' 1950 ഏപ്രിലിൽ കുന്നിക്കൽ നാരായണന്റെയും മന്ദാകിനിയുടെയും മകളായി കോഴിക്കോട് ജനിച്ചു. കുട്ടിക്കാലം മുതൽ മാർക്സിയൻ തത്ത്വങ്ങൾ പഠിക്കാൻ വലിയ താല്പര്യമായിരുന്നു. അച്ഛൻ കുന്നിക്കൽ നാരായണൻ തന്റെ രാഷ്ട്രീയത്തിലെ വഴികാട്ടിയായിരുന്നുവെന്ന് അജിത തന്റെ ഓർമ്മക്കുറിപ്പുകളിൽ എഴുതിയിട്ടുണ്ട്. 1979-ൽ അജിതയുടെ അച്ഛൻ മരിച്ചു. 'അമ്മ മന്ദാകിനി ഗുജറാത്തിലെ ഒരു ബ്രാഹ്‌മണ കുടുംബത്തിലാണ് ജനിച്ചത്. കമ്മ്യൂണിസ്റ്റ് പ്രവർത്തനങ്ങളിൽക്കൂടിയാണ് മലയാളിയായ കുന്നിക്കൽ നാരായണനെ മന്ദാകിനി കണ്ടുമുട്ടിയതും പിന്നീട് വിവാഹം കഴിച്ചതും. കർഷകരുടെയും തൊഴിലാളികളുടെയും പോരാട്ടങ്ങൾക്ക് നാരായണനും മന്ദാകിനിയും നേതൃത്വം കൊടുത്തിരുന്നു. പുൽപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമത്തിലെ പ്രതിയായ മന്ദാകിനിയെ പോലീസ് സ്റ്റേഷനുകളിൽ ക്രൂരമായി മർദ്ദിച്ചിരുന്നു. 1971-ലും 1975-ലും അടിയന്തിരാവസ്ഥ കാലങ്ങളിൽ അവരെ ജയിലിൽ അടച്ചിരുന്നു. കോഴിക്കോടുള്ള ഗുജറാത്തി സ്‌കൂളിൽ അദ്ധ്യാപികയായിരുന്ന അവർ മരണം വരെ മാർക്സിസ്റ്റ്-ലെനിനിസ്റ്റ് തത്ത്വങ്ങളിൽ വിശ്വസിച്ചിരുന്നു. സംഗീത പഠനം, ചിത്ര രചന, കാവ്യ രചനയിൽ ജീവിത സായാഹ്നം ചെലവഴിച്ചിരുന്നു. അജിത പ്രീ ഡിഗ്രി പൂർത്തിയാക്കാതെ വിപ്ലവ പ്രസ്ഥാനങ്ങളിൽ പങ്കുചേരാൻ തുടങ്ങി. 1970 കളിലെ നക്സൽ ബാരി പ്രസ്ഥാനത്തിൽ അവർ സജീവമായിരുന്നു. തലശേരി, പുൽപ്പള്ളി ആക്രമത്തിൽ മുന്നണി പോരാളിയായിരുന്നു. പോലീസ് സ്റ്റേഷനുകൾ സാമ്രാജ്യത്വത്തിന്റെയും ഭരണകൂടങ്ങളുടെയും മർദ്ദനോപകരണങ്ങളായി നക്സൽ പ്രസ്ഥാനം വീക്ഷിച്ചു. പുൽപ്പള്ളി പോലീസ് സ്റ്റേഷനാക്രമത്തിൽ പങ്കുചേർന്ന അജിതയുൾപ്പടെ പതിമൂന്നു പേരെ ജീവപര്യന്തം ശിക്ഷിച്ചു. പോലീസ് സ്റ്റേഷനിൽ കൊടിയ ക്രൂരതകളും യാതനകളും അനുഭവിക്കേണ്ടി വന്നു.  ജയിൽ മോചിതയായശേഷം കലാകൗമുദിയിൽ പ്രസിദ്ധീകരിച്ച ആത്മകഥാ കുറിപ്പുകൾ മലയാള സാഹിത്യത്തിൽ ശ്രദ്ധേയമായ  സ്ഥാനവും നേടിയിരുന്നു.

വടക്കേ മലബാറിലെ വയനാടൻ ഉൾപ്രദേശങ്ങളിൽ താമസിച്ചിരുന്ന വർഗീസ് എന്ന നക്സൽ യുവാവ്  ചെഗുവേര എന്നു പേരുള്ള ലാറ്റിൻ അമേരിക്കയിലുണ്ടായിരുന്ന തീവ്ര വിപ്ലവകാരിയുടെ ആരാധകനായിരുന്നു. ചെഗുവേരയെപ്പോലെ  വർഗീസും 1960 കാലങ്ങളിൽ ചൂഷിത ജന്മിത്വ മുതലാളികൾക്കെതിരെ സായുധ വിപ്ലവം നയിക്കുകയായിരുന്നു. വർഗീസും അയാളുടെ അനുയായികളും വയനാടൻ വനാന്തരങ്ങളിൽക്കൂടി പാത്തും പതുങ്ങിയും  ഒളിച്ചുമിരുന്നും ജന്മി മുതലാളിത്വ വ്യവസ്ഥിതികൾക്കെതിരെ ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. കൊല്ലും കൊലയും നക്സലിസത്തിന്റെ മുദ്രിതമായ നയങ്ങളായിരുന്നു. മാർക്സിസത്തിൽനിന്നും അകൽച്ച പാലിച്ചുകൊണ്ട്‌ രക്തപങ്കിലമായ ഒരു വിപ്ലവ വ്യവസ്ഥിതിക്കാണ് അവരുടെ നയങ്ങൾ രൂപീകരിച്ചിരുന്നത്‌. അടിയോരുടെ ഗ്രാമങ്ങൾ വർഗീസിനെ 'പെരുമൻ' എന്നു വിളിച്ചിരുന്നു.

'നക്സൽ വർഗീസ്' എന്ന പേരുള്ള അരീക്കാട് വർഗീസ് 1938 ജൂൺ പതിനാലിനു ജനിക്കുകയും 1970 ഫെബ്രുവരി പതിനെട്ടാംതീയതി പോലീസുകാരുടെ വെടിയേറ്റ് മരിക്കുകയും ചെയ്തു. ഫ്യൂഡൽ പ്രഭുക്കന്മാരുടെ ചൂഷണത്തിനെതിരെയായിരുന്നു ഈ വിപ്ലവ പ്രസ്ഥാനം രൂപം പ്രാപിച്ചത്. നിയമവും പോലീസുകാരും കർഷകരെ പീഡിപ്പിക്കുന്നതിൽ കൂട്ടു നിൽക്കുമായിരുന്നു. വയനാട്ടിലെ ആദിവാസികളെയായിരുന്നു പണവും സ്വാധീനവുമുണ്ടായിരുന്നവർ ചൂഷണം ചെയ്തുകൊണ്ടിരുന്നത്. 1960 കാലങ്ങളിൽ വിപ്ലവ പ്രസ്ഥാനങ്ങളുടെ കൊടുങ്കാറ്റ് ഇൻഡ്യ മുഴുവൻ ആഞ്ഞടിച്ചിരിക്കുമ്പോൾ തന്നെ  'നക്സൽ വർഗീസ്' കേരള ചരിത്രത്തിലെ ശ്രദ്ധിക്കപ്പെടേണ്ട ഒരു വ്യക്തിയായി വളർന്നു കഴിഞ്ഞിരുന്നു.വർഗീസിന്റെ നക്സൽ പ്രവർത്തനങ്ങൾ ആസ്പദമാക്കി 2008-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാള ചിത്രമാണ് 'തലപ്പാവ്'. ഇതിൽ പൃഥ്വിരാജ്, ധന്യ മേരി വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

വർഗീസിനൊപ്പം പത്തൊമ്പതു വയസുകാരിയായ അജിതയും  ശങ്കരൻ മാസ്റ്റർ, ഗ്രോ വാസു എന്നിവരും നക്സൽ പ്രസ്ഥാനത്തിലുണ്ടായിരുന്നു. അജിത, പ്രീഡിഗ്രി വിദ്യാഭ്യാസം നടത്തിയിരുന്ന കാലങ്ങളിൽ തന്നെ പഠനം ഉപേക്ഷിച്ചു നക്സൽ പ്രസ്ഥാനത്തിൽ ചേർന്നിരുന്നു. വിദ്യാഹീനരായ ആദിവാസികളെ ചൂഷണം ചെയ്യുന്നതിനെതിരെ 'വർഗീസ്' നക്സലാകുന്നതിനു മുമ്പും പോരാടിയിരുന്നു. നക്‌സലൈറ്റുകൾ ഏതാനും ഭൂപ്രഭുക്കന്മാരെ അക്കാലങ്ങളിൽ വധിക്കുകയും അവരുടെ സമ്പത്ത് കൊള്ളയടിച്ച് പാവങ്ങളായ ആദിവാസികൾക്ക് വിതരണം ചെയ്യുകയും ചെയ്തു. 1970 ആയപ്പോൾ പോലീസ് അവരുടെ ശക്തിയെ ക്ഷയിപ്പിച്ചു.

വർഗീസിന്റെ നേതൃത്വത്തിലുള്ള തലശേരിയിലും പുൽപ്പള്ളിയിലുമുണ്ടായ പോലീസ് ആക്രമണം  കുപ്രസിദ്ധമാണ്. വയനാട്ടിലെ പോലീസിനെയും ഭൂപ്രഭുക്കന്മാരെയും നേരിടാൻ ആയുധം ധരിച്ചുകൊണ്ടുള്ള ഒരു ഗ്രുപ്പ് ഇവരുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ടു. അജിത മാത്രമായിരുന്നു ആ ഗ്രുപ്പിലെ ഏക സ്ത്രീ. 1968 നവംബർ ഇരുപത്തിരണ്ടാം തിയതി 300 പേരോളമുള്ള നക്സൽ ഗറില്ലാകൾ കുന്നിക്കൽ നാരായണന്റെ നേതൃത്വത്തിൽ തലശേരി പോലീസ് സ്റ്റേഷൻ ആക്രമിച്ചെങ്കിലും വിജയിച്ചില്ല. പോലീസുകാരുടെ കൈകളിൽനിന്നും ആയുധങ്ങൾ തട്ടിയെടുക്കണമെന്നായിരുന്നു ഉദ്ദേശ്യം. അതിനു രണ്ടു ദിവസം കഴിഞ്ഞു 1968 നവംബർ ഇരുപത്തിനാലാം തിയതി വർഗീസിന്റെ നേതൃത്വത്തിൽ തേറ്റമല കൃഷ്ണൻ കുട്ടി, കുറിച്ചിയൻ, കുഞ്ഞിരാമൻ, കിസാൻ തൊമ്മൻ, ഫിലിഫ് എം പ്രസാദ്, അജിത എന്നിവരുമൊത്തു മദ്രാസ് പോലീസ് ക്യാമ്പായ പുൽപ്പള്ളി ആക്രമിച്ചു. പുൽപ്പള്ളി ദേവസ്വം ബോർഡ് 7000 കുടുംബങ്ങളെ കുടിയിറക്കുന്നതിൽ പ്രതിക്ഷേധിച്ചായിരുന്നു ഈ ആക്രമം. അന്നത്തെ സായുധ ആക്രമത്തിൽ സ്ഥലത്തെ ഒരു സബ് ഇൻസ്പെക്ടറും രണ്ടു പോലീസുകാരും ഒരു വയർലസ് ഓപ്പറേറ്ററും മരിച്ചു. പിന്നീട് ആ ഗ്രൂപ്പ് രണ്ടു ഭൂഉടമകളെ ആക്രമിച്ചു വധിക്കുകയും അവരുടെ സ്റ്റോക്കിലുണ്ടായിരുന്ന നെല്ലും ഗോതമ്പും പാവങ്ങൾക്ക് വിതരണം ചെയ്യുകയുമുണ്ടായി. അതിനുശേഷം ഭീകരർ വയനാട്ടിലെ കൊടുംവനത്തിൽ പോയി ഒളിച്ചു. എന്നാൽ പോലീസിന്റെ സൂക്ഷ്മമായ അന്വേഷണത്തിൽ അവരെയെല്ലാം പിടികൂടി. വർഗീസ് ഒരു പോലീസുകാരന്റെ വെടിയേറ്റ് മരിച്ചു. കിസാൻ തൊമ്മൻ ഒരു ബോംമ്പു പൊട്ടലിൽ മരിക്കുകയും ചെയ്തു.

വർഗീസ് എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന സത്യം ഇന്നും കേരളചരിത്രത്തിൽ അജ്ഞാതമായി തന്നെ നിലനിൽക്കുന്നു. സംഘിടിത ഏറ്റുമുട്ടലിൽ നക്സൽ നേതാവായ വർഗീസിനെ കൊല്ലാനായി രാമചന്ദ്രൻ നായർ എന്ന 'സി.ആർ. പി.' പോലീസുകാരൻ തോക്കിന്റെ കാഞ്ചി വലിച്ചുവെന്നു വിശ്വസിച്ചുവന്നിരുന്നു. നാൽപ്പതു വർഷങ്ങൾക്ക് ശേഷം രാമചന്ദ്രൻ നായർ, വർഗീസിന്റെ മറ്റൊരു കഥ അവതരിപ്പിച്ചുകൊണ്ട് വാർത്തകളിൽ മുഖ്യ താരമായി മാറി. 'വർഗീസിനെ വയനാടൻ കാട്ടിൽ വെടിവെച്ചതു താനാണെന്നും വർഗീസ് ഏറ്റുമുട്ടലില്ല മരിച്ചതെന്നും പറഞ്ഞുകൊണ്ടുള്ള വെളിപ്പെടുത്തലായിരുന്നു അത്. കേസ് കോടതിയിൽ പുനർ വിചാരണം ചെയ്യുകയും ചെയ്തു. എന്നാൽ കോടതിയിൽ മൊഴി നല്കുന്നതിനുമുമ്പ് രാമചന്ദ്രൻ നായർ മരിക്കുകയും ചെയ്തു. അയാളുടെ മറ്റൊരു സഹപ്രവർത്തകനെ വിസ്തരിക്കുകയും അതനുസരിച്ചു അന്ന് വെടിവെക്കാൻ ആജ്ഞ കൊടുത്ത സീനിയർ പോലീസ് ഓഫിസറായ ശ്രീ ലക്ഷ്മണനെ ജീവപര്യന്ത്യം ശിക്ഷിക്കുകയും ചെയ്തു. അക്കാലത്തെ ചില ഉയർന്ന ഉദ്യോഗസ്ഥരെ കുടുക്കാനായി കമ്യുണിസ്റ്റ് സിദ്ധാന്തങ്ങളിൽ വിശ്വസിക്കുന്ന ചില തീവ്രവാദികൾ രാമചന്ദ്രൻ നായരെ ബ്ലാക്ക് മെയിൽ ചെയ്തതായും പറയപ്പെടുന്നു.

നക്സൽ വർഗീസ് എങ്ങനെ കൊല്ലപ്പെട്ടുവെന്നു വെളിപ്പെടുത്തിയ രാമചന്ദ്രൻ നായരുടെ പുതിയ  കഥയിൽ എത്രമാത്രം വാസ്തവമുണ്ടെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. അക്കാര്യം കോടതിയിൽ 'നായർ' സവിസ്തരം മൊഴിയായി നൽകിയ ചുരുക്കമാണ് താഴെ പ്രതിപാദിച്ചിരിക്കുന്നത്. 'കേന്ദ്ര റിസർവ് പോലീസ് (CRP) നക്സലുകളെ കീഴടക്കാനായി തിരുന്നെല്ലി വനം രണ്ടുദിവസം ചികഞ്ഞു തേടിയിരുന്നു. അതിനുശേഷം സമീപമുള്ള ഒരു അമ്പലത്തിനു സമീപം താവളമടിച്ചു. പക്ഷെ നക്സൽബാരികൾ അവർക്ക് നേരെ ബോംബെറിയുകയും അതിൽ ഒരു പോലീസുകാരന് ഗുരുതരമായ പരിക്കേൽക്കുകയുമുണ്ടായി. അന്നത്തെ ദിവസം തന്നെ നക്സൽബാരികളായ വർഗീസും കൂട്ടുകാരും നടന്നു പോയ വഴി അവർ കണ്ടുപിടിച്ചു.

നക്സൽബാരി ബന്ധമുള്ള ഏതോ ഒരു ശിവരാമൻ നായരുടെ വീട്ടിൽ വർഗീസുണ്ടെന്ന് വിവരവും കിട്ടി. 1970 ഫെബ്രുവരി പതിനേഴാം തിയതി വർഗീസ് കരിമത് ശിവരാമൻ നായരുടെ വീട്ടിൽ അഭയം തേടിയിരുന്നു. അവിടെനിന്നു ഭക്ഷണവും കഴിച്ചിരുന്നു. അയാൾ ഉറങ്ങി കിടക്കുന്ന സമയം ആരോ പോലീസിൽ അറിയിക്കുകയും അവിടെനിന്ന് വർഗീസിനെ അറസ്റ്റു ചെയ്യുകയും ചെയ്തു. സി.ആർ. പി. (CRP) ബറ്റാലിയൻ ആ വീടിന്റെ മുമ്പിൽ തടിച്ചുകൂടിയപ്പോൾ അക്കൂടെ രാമചന്ദ്രനായരും ഉണ്ടായിരുന്നു. അകത്തു നിന്ന് ഒരു ശബ്ദം കേൾക്കുകയൂം പോലീസുകാർ വീടിന്റെ വാതിൽ തള്ളിത്തുറക്കുകയൂം ചെയ്തത് ഒരേ സമയമായിരുന്നു. വർഗീസ് കീഴടങ്ങി കൈകൾ ഉയർത്തി അവിടെ നിൽപ്പുണ്ടായിരുന്നു. "നിങ്ങൾ ആരും ഭയപ്പെടേണ്ട, ഞാൻ ഏകനാണ്, നിരായുധനുമാണെന്ന്" വർഗീസ് ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു. ഉടൻ തന്നെ നക്സലൈറ് നേതാവിനെ കൈകൾ പുറകോട്ടു കെട്ടി ജീപ്പിൽ കയറ്റി. മുപ്പതു മിനിറ്റു ഡ്രൈവ് ചെയ്തശേഷം   റോഡിന്റെ താഴ്വരയിൽ മാനന്തവാടി ടൗണിനു സമീപമെത്തിയപ്പോൾ അകമ്പടിയായി മറ്റു പോലീസ് വാഹനങ്ങളും ഉണ്ടായിരുന്നു. കോൺസ്റ്റബിൾ രാമചന്ദ്രൻ നായർ അക്കൂടെ കേരളാപോലീസിന്റെ ഡെപ്യൂട്ടി എസ്.പി. ലക്ഷ്മണനെയും ഡി.ഐ.ജി. വിജയനെയും ഒരു ജീപ്പിൽ തിരിച്ചറിഞ്ഞു.

"അവർ എന്നെ കൊല്ലാൻ പോവുന്നുവോ"യെന്നു വർഗീസ് തിരിഞ്ഞുനിന്ന് ചോദിക്കുന്നതും" രാമചന്ദ്രൻ നായരുടെ ഓർമ്മക്കുറിപ്പിലുണ്ട്. വർഗീസ് പറഞ്ഞു, "നിങ്ങളിൽ ഒരാൾക്ക് ആ ദൗത്യം നിർവഹിക്കേണ്ടി വരും. എനിക്കൊരപേക്ഷയുണ്ട്, നിങ്ങൾ എന്നെ കൊല്ലുന്നതിനുമുമ്പ് എനിക്കൊരടയാളം തരൂ, ഞാൻ വിശ്വസിക്കുന്നതായ വിപ്ലവ പ്രത്യായ ശാസ്ത്രത്തിന്റെ ചൈതന്യം ആകാശം മുഴങ്ങുമാറ്‌ ഉച്ചത്തിൽ എനിക്ക് വിളിച്ചുപറയണം." അതു പറഞ്ഞ ശേഷം വർഗീസ് നിശബ്ദനും ശാന്തനുമായിരുന്നു.

വർഗീസിനെ വഹിച്ചുകൊണ്ട് പോയ പോലീസ് ജീപ്പ് ഒരു പാറമട കണ്ടപ്പോൾ അവിടെ നിർത്തി.  അന്നത്തെ ദിവസം രണ്ടുമണിയായപ്പോൾ ഒരു പോലീസുകാരൻ വർഗീസിന്റെ കണ്ണുകൾ രണ്ടും മൂടിക്കെട്ടി. അതിനുശേഷം അയാളെ ഒരു പാറമേൽ ഇരുത്തി. കോൺസ്റ്റബിൾ നായർ അയാൾക്ക് ഭക്ഷണവും ഒരു ബീഡിയും കൊടുത്തു. ആറരമണിയായപ്പോൾ ഡപ്യുട്ടി എസ്.പി. ലക്ഷ്മണൻ നക്സലേറ്റ് നേതാവിനു ചുറ്റും പോലീസുകാരോട് നിൽക്കാൻ പറഞ്ഞു. വർഗീസിനെ വെടിവെച്ചു വധിക്കാൻ പോവുന്നുവെന്നു കോൺസ്റ്റബിൾമാരെ ലക്ഷ്മണൻ അറിയിക്കുകയും ചെയ്തു. ഡി.ഐ.ജി വിജയനും തൊട്ടടുത്തുണ്ടായിരുന്നു.

ലക്ഷ്മണൻ എല്ലാവരുടെയും മുമ്പിൽ ചെന്ന് വർഗീസിനെ വെടി വെക്കാൻ തയ്യാറുള്ളവർ കൈപൊക്കാൻ ആജ്ഞാപിച്ചു. അക്കൂടെ റപ്പായിയും ശ്രീധരനും കൈകൾ പൊക്കി. ഹനീഫ ആദ്യം കൈകൾ പൊക്കാൻ മടിച്ചെങ്കിലും അവസാനം കൈപൊക്കി. "താൻ മാത്രം കൈകളുയർത്തിയില്ലന്നും" രാമചന്ദ്രൻ നായർ പറഞ്ഞു. കാരണമെന്തെന്ന് ലക്ഷ്മണൻ ചോദിച്ചപ്പോൾ "അറസ്റ്റു ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കണമെന്നായിരുന്നു" കോൺസ്റ്റബിൾ നായരുടെ മറുപടി. ഇത് കേട്ട ലക്ഷ്മണൻ "ഒരു പോലീസുകാരനും ഇതോടൊപ്പം അപകടപ്പെട്ട രീതിയിൽ മരിക്കുമെന്നും" നായരോടായി   മുന്നറിയിപ്പ് കൊടുത്തു. നായർ ലക്ഷ്മണനിൽ നിന്നുള്ള ഭീക്ഷണികളെപ്പറ്റി ചിന്തിച്ചു. 'താൻ വർഗീസിനെ  വധിച്ചാലും ഇല്ലെങ്കിലും അയാൾ ഏതായാലും വധിക്കപ്പെടും. താൻ മരിച്ചാൽ സ്വന്തം  കുടുംബം അനാഥരായി തീരുമെന്നും ചിന്തിച്ചു. ഭാര്യ, മക്കൾ വഴിയാധാരമാകും.' അങ്ങനെയെങ്കിൽ ലക്ഷ്മണന്റെ ആജ്ഞ അനുസരിച്ചുകൊണ്ട് ദൗത്യം പൂർത്തിയാക്കുകയെന്ന മാർഗമേ നായരുടെ മുമ്പിലുണ്ടായിരുന്നുള്ളൂ.

വർഗീസിനെ വെടിവെക്കുന്നതിനുള്ള തീരുമാനത്തിൽ ഭിന്നാഭിപ്രായം പറഞ്ഞ നായരെ തന്നെ തോക്കിന്റെ കാഞ്ചി വലിക്കാൻ ലക്ഷ്മണൻ ചുമതലപ്പെടുത്തി. നായർ തോക്കിന്റെ മുന വർഗീസിന്റെ നേരെ ചൂണ്ടി. കണ്ണുകൾ മൂടപ്പെട്ടിരുന്ന വർഗീസ് നിശബ്ദനായി ഒന്നുമറിയാത്തപോലെ ആ പാറമടയിൽ ഇരിപ്പുണ്ടായിരുന്നു. അയാൾ ശാന്തനായിരുന്നെങ്കിലും സംഭവിക്കാൻ പോവുന്നതിൽ ബോധവാനായിരുന്നു. എന്തുകൊണ്ട് പെട്ടെന്ന് സംഭവിക്കുന്നില്ലായെന്നതിലും വിസ്മയഭരിതനായിരുന്നു. നായർ തോക്കിൻ മുനകൾ അവന്റെ ചങ്കിനു നേരെയുയർത്തി. അപ്പോഴാണ് അവന്റെ അപേക്ഷയെപ്പറ്റി ഓർത്തത്. വെടിവെക്കുന്നതിനു മുമ്പ് നാക്കുകൊണ്ട് ഒരു ശബ്ദമുണ്ടാക്കി. "വിപ്ലവം നീണാൾ വാഴട്ടെയെന്നു" വർഗീസ് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. അയാളുടെ ശബ്ദം ആകാശം മുഴങ്ങത്തക്കവണ്ണമായിരുന്നു. വർഷങ്ങൾക്കുശേഷം ഓർമ്മകൾ കോർത്തിണക്കിക്കൊണ്ടുള്ള വർഗീസിന്റെ ഈ കഥ രാമചന്ദ്രൻ നായർ ചാനലുകാരുടെ ക്യാമറായുടെ മുമ്പിൽനിന്നു പറയുമ്പോൾ സ്വയം പൊട്ടി കരയുന്നുണ്ടായിരുന്നു.  നായർ പറഞ്ഞു, "നിസ്സഹായനായ താൻ തോക്കിന്റെ കാഞ്ചി വലിച്ചു. അവൻ താഴെ വീണു. മരണം സ്ഥിതികരിക്കുകയുമുണ്ടായി."

തിരുനെല്ലി പോലീസ് സ്റ്റേഷനടുത്ത്  കൂമ്പാരക്കുനിക്കു സമീപം വർഗീസിന്റെ ശരീരം കണ്ടെടുക്കപ്പെട്ടു. പള്ളി അയാളുടെ ശരീരം അടക്കാൻ സമ്മതിക്കാത്ത കാരണം വെള്ളമുണ്ടയിലുള്ള ഒഴുക്കൻമൂല പൂർവിക തറവാട്ടിൽ മൃതദേഹം സംസ്‌ക്കരിച്ചു. 1998-ൽ കോൺസ്റ്റബിൾ രാമചന്ദ്രൻ നായരുടെ മൊഴി അനുസരിച്ചു ലക്ഷ്മണനെ ജീവപര്യന്തവും പതിനായിരം രൂപാ പിഴയും നൽകി ശിക്ഷിച്ചു.

അറുപതുകളിലും എഴുപതുകളിലും നക്സൽബാരിയിൽ പ്രവർത്തിച്ചിരുന്ന പ്രസിദ്ധരായവരിൽ  പലരും കാലത്തിന്റെ ഒഴുക്കിൽ പുരോഗമന വാദികളായി മാറിക്കഴിഞ്ഞിരിക്കുന്നു. വർഗീസിന്റെ കൂടെ പ്രവർത്തിച്ചിരുന്ന ഫിലിപ്പ് എം പ്രസാദ് ചിന്തിക്കുന്നത് നക്സൽ പ്രസ്ഥാനവും തത്ത്വചിന്തകളും കാലഹരണപ്പെട്ടു പോയിയെന്നാണ്. അദ്ദേഹം 'സത്യസായി ബാബാ' ആശ്രമത്തിന്റെ ഒരു തീവ്രഭക്തനുമാണ്. അജിത ഇന്ന് ഭാര്യയും അമ്മയുമാണ്. സ്ത്രീകളുടെ ക്ഷേമാന്വേഷണത്തിനായുള്ള സാമൂഹിക സംഘടനകളിൽ പ്രവർത്തിച്ചു വരുന്നു. ഭൂനയങ്ങളും പരിഷ്‌കാരങ്ങളും മൂലം നക്സൽ തത്ത്വസംഹിതകൾക്ക് പ്രസക്തിയില്ലാതായിരിക്കുന്നു. ഇന്നലെകളുടെ നക്സൽ നേതാവായിരുന്ന കെ. വേണു തൃശൂരിൽ കെട്ടിട നിർമ്മാണങ്ങളും കോൺട്രാക്ടുമായി നടക്കുന്നു. കൂടാതെ മതസിദ്ധാന്തങ്ങളും രാഷ്ട്രീയ വിഷയങ്ങളും ഉൾക്കൊള്ളുന്ന പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. തീവ്രമായ ഇടതുപക്ഷ ചിന്താഗതിക്കാരനായിരുന്ന ഇദ്ദേഹം ഇന്ന് വിശ്വസിക്കുന്നത് സ്വതന്ത്രമായ മാർക്കറ്റ് ധനതത്ത്വ ശാസ്ത്രത്തിലാണ്. ചെറുപ്പമായിരുന്ന കാലങ്ങളിൽ ഇവരെയെല്ലാം ആകർഷിച്ചിരുന്നത് മാവോയുടെ തത്ത്വ സംഹിതകളായിരുന്നു. (തുടരും)



ലക്ഷ്മണൻ 




ഗ്രോവ് വാസു 




Ajitha 

Philip M Prasad 




Tuesday, February 14, 2017

ജയലളിതയും ശശികലയും നിഗൂഢതകളും



ജോസഫ് പടന്നമാക്കൽ 

ജയലളിതയുടെ പിൻഗാമിയായി തമിഴ്‌നാട് മുഖ്യമന്ത്രിപദം വരെ അലങ്കരിക്കാൻ തയ്യാറായി വന്ന  ശശികലയുടെ മോഹം സുപ്രീം കോടതിയുടെ വിധിയുടെ വെളിച്ചത്തിൽ ഇല്ലാതായത് അവരുടെ രാഷ്ട്രീയ ഭാവിക്ക് ഒരു തിരിച്ചടിയായിരുന്നു. അനധികൃതമായി സ്വത്തു സമ്പാദിച്ചതിന് നാലുവർഷത്തെ തടവും പത്തുകോടി രൂപ പിഴയുമാണ് ഇന്ത്യൻ സുപ്രീം കോടതി അവർക്കെതിരെ വിധിച്ചിരിക്കുന്നത്. ഈ വിധി തമിഴ്നാട് രാഷ്ട്രീയത്തെ തന്നെ തകിടം മറിക്കുന്നതായിരുന്നു. ശശികല വളരെ കഴിവും ബുദ്ധിയുമുള്ള സ്ത്രീയാണ്. അതിനേക്കാളും ഉപരി പഠിച്ച ഒരു കള്ളിയുമാണ്. തമിഴ്‌നാടിന്റെ ചരിത്രം തന്നെ മാറ്റിയെടുക്കാൻ ഈ സ്ത്രീക്ക് ഇതിനോടകം കഴിഞ്ഞു. അധികാരം കയ്യടക്കാൻ അവർ എല്ലാ വിധ തന്ത്രങ്ങളും ഇതിനിടയിൽ നെയ്തിരുന്നു. അഭിപ്രായ വോട്ടെടുപ്പിൽ അവർക്കെതിരെ തിരിയാതിരിക്കാനും എതിർ കക്ഷികൾ നിയമസാമാജികരെ ചാക്കിട്ടു പിടിക്കാതിരിക്കാനും  എം.എൽ.എ. മാരെ  തടവിലെന്ന പോലെ അവർ പ്രത്യേക സ്ഥലങ്ങളിൽ പാർപ്പിച്ചിരുന്നു.  ജയലളിതയുടെ പിൻഗാമിയായി പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്ന നാളുകളിൽ ഇനി ശശികലയും ഒപ്പമുള്ള മറ്റു അഴിമതിക്കാരും കൽത്തുറുങ്കിനുള്ളിലായിരിക്കും. അമ്മയുടെ പിൻഗാമി ചിന്നമ്മയെന്ന അദ്ധ്യായം അവിടെ അണയുകയാണ്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ മഹോന്നത പീഠം അതിനു സാക്ഷിയും.

മുപ്പതു വർഷങ്ങളോളം തമിഴ്‌നാടിന്റെ ഭരണ നേതൃത്വത്തിൽ ഇരുന്ന ജയലളിത ദീർഘകാലം മുഖ്യമന്ത്രിയായിരുന്നുവെന്നതും ചരിത്രമാണ്. എം.ജി. രാമചന്ദ്രനുശേഷം തമിഴ്‌നാടിന്റെ ഹൃദയം കവർന്ന ഒരു നേതാവായിരുന്നു  അവർ.  ഈ ചരിത്രകഥയിൽ സ്നേഹമുണ്ട്, വാത്സല്യമുണ്ട്, വൈകാരിതയുമുണ്ട്. ഒപ്പം ചതിയുടെ മുഖവും നിഴലിക്കുന്നത് കാണാം. ബോളിവുഡിനെപ്പോലും വെല്ലുന്ന ഈ കഥയിലെ രണ്ട് നായികമാരാണ് ജയലളിതയും ശശികല നടരാജനും.

ജയലളിതയുടെ യാദൃശ്ചികമായ മരണം തമിഴ്‌നാടിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ അനിശ്ചിതത്തിന് കാരണമായി തീർന്നു. അവരുടെ മരണം സ്വാഭാവികതയല്ലെന്നും ദുരൂഹതകളുണ്ടെന്നും  ശക്തമായ അഭിപ്രായങ്ങൾ ഇന്ത്യ  മുഴുവൻ വ്യാപിച്ചിരിക്കുന്നു. മരണത്തിൽ ശശികലയുടെ കൈകളുണ്ടെന്നുള്ള   ജനസംസാരം നാടുമുഴുവനുമുണ്ട്. ഒരു ചെറിയ പനി കാരണം ജയലളിതയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. വയറിളക്കവും ശരീരത്തിലെ ജലാംശം ഇല്ലാതായതുമായിരുന്നു കാരണം. ചെന്നൈയിലുള്ള അപ്പോളോ ഹോസ്പിറ്റൽ അവരെ ചികത്സയ്ക്കായി   പ്രവേശിപ്പിച്ചു. അധികാരികൾ അവരെ സിംഗപ്പൂരുള്ള സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ ഉപദേശിക്കുകയും ചെയ്തു. എന്നാൽ ജയലളിതയുടെ കാര്യങ്ങൾ നോക്കിക്കൊണ്ടിരുന്ന ശശികല അതിനു തടസംനിന്നു. സിംഗപ്പുർ ഹോസ്പിറ്റലിൽ കൊണ്ടുപോകേണ്ടായെന്നു അവർ പറഞ്ഞു. ഡോക്ടർമാരുടെ അഭിപ്രായങ്ങൾക്ക് മാറ്റം വരുത്തിക്കൊണ്ടു ശശികല അവരുടെ തനതായ തീരുമാനത്തിൽ ഉറച്ചുനിന്നു. പിന്നീട് പരസ്പര വിരുദ്ധങ്ങളായ വാർത്തകളാണ് ഹോസ്പിറ്റലിൽ നിന്നും വന്നുകൊണ്ടിരുന്നത്. അതിലെല്ലാം ശശികലയുടെ പ്രവർത്തനങ്ങളില്ലേയെന്നും സംശയിക്കുന്നു.

അപ്പോളോ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് ഒന്നുരണ്ടു ദിവസത്തിനകം ജയലളിത സാധാരണ നിലയിലെന്നു വിഞ്ജാപനം പുറപ്പെടുവിച്ചു. ഇതുകേട്ട് അവരുടെ ആരാധകരെല്ലാം സന്തോഷിക്കുകയും ജയലളിത ഉടൻ ഹോസ്പിറ്റലിൽ നിന്ന് വിടുതലാകുമെന്നു പ്രതീക്ഷിക്കുകയും ചെയ്തു. എ.ഐ.ഡി.എം കെ യുടെ ഏതാനും നേതാക്കന്മാരും ജയലളിതയുടെ ആരോഗ്യം മെച്ചമെന്നും പ്രസ്താവിച്ചു. അവർ ഹോസ്പിറ്റലിൽ നിന്നും ഓഫിസ് ജോലികളും സംസ്ഥാനത്തിന്റെ  സുപ്രധാന തീരുമാനങ്ങളും എടുക്കുന്നുണ്ടെന്നും അറിയിച്ചു. എന്നാൽ തൊട്ടടുത്ത ദിവസം മുതൽ അപ്പോളോ ഹോസ്പിറ്റൽ ഒരു തരം നാടകം കളിയാരംഭിച്ചു. ഒക്ടോബർ രണ്ടാം തിയതി മുതൽ ജയലളിതയ്ക്ക് ആന്റി ബൈയോട്ടിക്ക് കൊടുക്കാൻ ആരംഭിച്ചുവെന്നു ഹോസ്പിറ്റൽ പ്രവർത്തകർ പ്രസ്താവിച്ചു. ബുദ്ധിമതിയായ ശശികല ഇതേ സമയം ഇംഗ്ലണ്ടിലുള്ള ഇന്റൻസീവ് സ്പെഷ്യലിസ്റ്റ് ഡോക്ടർ റിച്ചാർഡുമായി സംസാരിക്കുന്നുണ്ടായിരുന്നു. ഒക്ടോബർ ഏഴാം തിയതി ജയലളിതയ്ക്ക് റെസ്പിറേറ്ററി സപ്പോർട്ടും ആന്റി ബയോട്ടിക്കും മറ്റു സപ്പോർട്ടീവ് തെറാപ്പിയും നൽകിയെന്ന് പറഞ്ഞു. ചെറിയ പനിയുണ്ടെന്നും അറിയിച്ചു.

ഇതിനിടയിൽ ജയലളിതയുടെ ആരോഗ്യസ്ഥിതി അന്വേഷിക്കാൻ കരുണാനിധിയുടെ ഭാര്യ ഹോസ്പിറ്റലിൽ എത്തി. എന്നാൽ അവരെ ജയലളിതയെ കാണാൻ അനുവദിച്ചില്ല. അവരുടെ ആരോഗ്യ സ്ഥിതിയെപ്പറ്റി പറയാൻ ശശികലയാണ് അവിടെയെത്തിയത്. അതുപോലെ സമുദായ രാഷ്ട്രീയ നിലവാരങ്ങളിൽ പ്രസിദ്ധരായവരും, രാഷ്ട്രീയക്കാരും സിനിമാ ലോകത്തുള്ളവരും ജയലളിതയെ കാണാൻ ശ്രമിച്ചെങ്കിലും ആരെയും ഹോസ്പിറ്റലിലേക്ക് കടത്തിവിട്ടില്ല. അക്കൂടെ രജനികാന്തും രാജ്യസഭയിലെയും പാർലമെന്റിലെയും അംഗങ്ങളും ഉൾപ്പെടുന്നു. അവരുടെയെല്ലാം മദ്ധ്യവർത്തിയായി സംസാരിച്ചിരുന്നത് ശശികലയായിരുന്നു. ശശികലയ്ക്കല്ലാതെ മറ്റാർക്കും ഹോസ്പിറ്റലിൽ പ്രവേശനമില്ലായിരുന്നു,

നവംബർ ആറാം തിയതി അപ്പോളോ ഹോസ്പിറ്റൽ  കാര്യനിര്‍വ്വാഹകർ ജയലളിത സുഖമായതായി പൊതുജനത്തെ അറിയിച്ചു. അവർ സാധാരണ നിലയിൽ ചുറ്റുപാടുമുള്ള കാര്യങ്ങളെ ഗ്രഹിക്കുന്നുണ്ടെന്നും പറഞ്ഞു. പിന്നീടുള്ള രണ്ടാഴ്ച കഴിഞ്ഞും അപ്പോളോ ഹോസ്പിറ്റലിൽ നിന്നുമുള്ള അറിയിപ്പിൽ അവരുടെ രോഗം ശാന്തമായിയെന്നായിരുന്നു. ഏതാനും ആഴ്ചകൾക്കുള്ളിൽ അവർക്ക് സ്വന്തം ജോലികൾ ചെയ്യാൻ സാധിക്കുമെന്നും അറിയിച്ചു. ശശികല ജയലളിതയുടെ അടുത്ത സഹകാരിയും ഉറ്റ തോഴിയുമായിരുന്നതുകൊണ്ടു എല്ലാവരും അവരുടെ  വാക്കുകളെ വിശ്വസിച്ചിരുന്നു. നവംബർ പതിനെട്ടാം തിയതിയും അപ്പൊളോ ഹോസ്പിറ്റലിലെ  'റെഡി'യെന്നു പേരുള്ള ഒരു ഡോക്ടറും ജയലളിത സാധാരണ നിലയിലായെന്നും അവരുടെ ആരോഗ്യനില മെച്ചമാണെന്നുമാണ് പറഞ്ഞത്. എപ്പോൾ വേണമെങ്കിലും അവർക്ക് ഡിസ്ചാർജായി വീട്ടിൽ പോകാമെന്നും അറിയിച്ചു. തമിഴ് ജനത ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് പ്രാർത്ഥിക്കാനും തുടങ്ങി. എന്നാൽ പിന്നീട് നവംബർ പത്തൊമ്പതുമുതൽ ഡിസംബർ നാലുവരെ ജയലളിതയെ സംബന്ധിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ല. ഈ പതിനഞ്ചു ദിവസങ്ങൾക്കുള്ളിൽ എന്തെങ്കിലും സംഭവിച്ചുവെന്നാണ് എല്ലാവരും കരുതുന്നത്. ആരും പ്രതീക്ഷിക്കാതെ പെട്ടെന്ന് എ.ഡി.എം.കെ യുടെ  വക്താവ് ജയ ലളിത മരിച്ചവിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

വാസ്തവത്തിൽ അപ്പോളോ ഹോസ്പിറ്റലിൽ നടന്ന സംഭവങ്ങളെന്താല്ലാമെന്നു പുറം ലോകത്തിനറിവില്ല. ഇതൊരു ദുർഗ്രാഹ്യമായ  ചരിത്രസത്യമായി മാറിക്കഴിഞ്ഞു. ജയലളിതയുടെ അവസാന കാലത്ത് അവരുടെ ബന്ധുക്കാരെ ആരെയും ഹോസ്പിറ്റലിൽ പരിചരണത്തിലിരിക്കുന്ന അവരെ കാണാൻ അനുവദിക്കാത്തതിലും നിഗൂഢതയുണ്ടെന്ന് അനുമാനിക്കുന്നു.

ജയലളിത മരിച്ചത് വിഷം മൂലമോ, ഹ്രദയാഘാതമോ, സംശയങ്ങൾ ബാക്കി നിൽക്കുന്നു. ഗൂഢാലോചനകൾ അതിലുണ്ടോ, ജയലളിതയുടെ കാര്യങ്ങളിൽ തീരുമാനങ്ങൾ എടുത്തത് ആരെല്ലാം,  എന്നിങ്ങനെ ഉത്തരമില്ലാത്ത അനേക ചോദ്യങ്ങൾ അവശേഷിക്കുന്നു. അടുത്ത കാലംവരെ ചോദ്യം ചെയ്യാതിരുന്ന വസ്തുതകൾ ഇന്ന് പൊതു പ്ലാറ്റ്ഫോമുകളിൽ പ്രധാന ചർച്ചാ വിഷയങ്ങളായി മാറി.   ഒരു സീനിയർ ജേർണലിസ്റ്റ് ഹുസാനിയുടെ അഭിപ്രായവും ഇവിടെ പ്രസ്താവ്യമാണ്. 'കഴിഞ്ഞ സെപ്റ്റംബറിൽ ജയലളിതയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുന്നതിനു മുമ്പായി അവർക്ക്  തെറ്റായ ഡയബീറ്റിക്കസ് മെഡിസിൻ കൊടുത്തുവെന്നാണ്' റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2012-ൽ തെഹൽഖ (Tehelka magazine) യെന്ന ഒരു മാഗസിനും പ്രസിദ്ധീകരിച്ചിരിക്കുന്നത് 'അവർക്ക് മെല്ലേ  കൊല്ലുന്ന ഏതോ മാരകമായ മെഡിസിൻ കൊടുത്തിരിക്കുമെ'ന്നാണ്. ബോധം കെടാനും, പയ്യെ മരിക്കാനും എന്തോ കെമിക്കലായിട്ടുള്ള പദാർത്ഥം അവരുടെ ഉള്ളിൽ ചെന്നുവെന്നാണ് അനുമാനം. ശശികലയുടെ നിർദേശത്തിൽ  ഒരു നേഴ്‌സിന്റെ സഹായത്തോടെ വിഷം ജയലളിതയ്ക്ക് കൊടുത്തുവെന്ന ആരോപണം തമിഴ്നാട് മുഴുവൻ ഇന്ന് ചർച്ചാവിഷയമാണ്.

ഈ.സി.എം.ഓ (ECMO(Extra corporeal membrane oxygenation) കൊടുത്താണ് അവർ ഹോസ്പിറ്റലിൽ കിടന്നതെന്നു പറയുന്നു. എങ്കിൽ അവർ ജീവിച്ചിരുന്നതും കൃത്രിമമായുള്ള മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്താലായിരിക്കണം. അവരുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന മെഡിക്കൽ ഉപകരണങ്ങൾ പുറത്തെടുക്കാൻ ആരാണ് അനുവാദം കൊടുത്തതെന്നും വ്യക്തമല്ല. മരണകാരണം അതായിരിക്കുമോയെന്നും സംശയങ്ങൾ ബാക്കി നിൽക്കുന്നു.

'സൗത്ത് സ്റ്റാർ' ജേർണൽ ലേഖികയായ ഗൗതമി റ്റഡിമല്ലായുടെ (Gautami Tadimalla) ലേഖനത്തിൽ ചില ചോദ്യങ്ങൾ അവർ ചോദിച്ചിട്ടുണ്ട്."തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയും ഒരു പൊതു പ്രവർത്തകയുമായ ജയലളിതയുടെ രോഗ വിവരങ്ങൾ എന്തുകൊണ്ട് രഹസ്യമായി സൂക്ഷിച്ചു?--മരിച്ചു പോയ മുഖ്യമന്ത്രിയുടെ പേരിൽ ആർക്കായിരുന്നു അധികാരം ഉണ്ടായിരുന്നത്?--ആരൊക്കെയായിരുന്നു ജയലളിതയുടെ മേൽ തീരുമാനങ്ങൾ എടുത്തിതിരുന്നത്?--ഒരു സംസ്ഥാനത്തിന്റെ മുഴുവനായുള്ള   പ്രശ്നങ്ങളിൽ അവർ നിർജീവമായി കിടന്നിരുന്ന സമയത്ത് ആരായിരുന്നു അവരുടെ ഔദ്യോഗികമായ  പ്രധാനപ്പെട്ട തീരുമാനങ്ങൾ കൈകാര്യം ചെയ്തിരുന്നത്?--ജനങ്ങളോട് ഇത്തരം വിഷയങ്ങളിൽ ഉത്തരം പറയാൻ ആർക്കാണ് ഉത്തരവാദിത്വം ഉള്ളത്?" ഇങ്ങനെ ഗൗതമി റ്റഡിമല്ലായുടെ നിരവധി ചോദ്യങ്ങൾ ഉത്തരങ്ങളില്ലാതെ അവശേഷിക്കുന്നു.

യുകെയിലെ ഡോക്ടർ റിച്ചാർഡ് ബീൽ (Dr.Richard Beale) ജയലളിതയുടെ മരണത്തെസംബന്ധിച്ച,   വാർത്താ ലേഖകരോട് നൽകുന്ന കാര്യങ്ങൾ  കൂടുതൽ ദുരൂഹതകൾക്കും സംശയങ്ങൾക്കും ഇടനൽകുന്നു. ഡോക്ടർ റിച്ചാർഡ് ബെയ്ൽ,  ലണ്ടൻ ബ്രിഡ്ജ് ഹോസ്പിറ്റലിലെ തീവ്ര പരിചരണ വിഭാഗത്തിലെ സ്പെഷ്യലിസ്റ്റാണ്. ജയലളിതയെ നോക്കാനായി മാസത്തിൽ രണ്ടുതവണകൾ ലണ്ടനിൽ നിന്നും ചെന്നൈയിൽ സഞ്ചരിക്കുമായിരുന്നു.ശശികലയാണ് ഈ ഡോക്ടറെ ലണ്ടനിൽ നിന്നും ജയലളിതയ്ക്ക് വേണ്ടി ക്ഷണിച്ചു വരുത്തിയത്. ' ജയലളിതയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച സമയം അവരുടെ ആരോഗ്യ സ്ഥിതി വളരെയധികം പുരോഗമിച്ചിരുന്നുവെന്നും  പെട്ടെന്നായിരുന്നു അവരുടെ നില ഗുരുതരാവസ്ഥയിൽ ആയതെന്നും ' അവരെ ചീകത്സിച്ച ഡോക്ടർമാർ പറയുന്നു. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചുവെന്നും മരണത്തിനുമുമ്പ് അവരുടെ നില മെച്ചമായിരുന്നുവെന്നുള്ള  ഹോസ്പിറ്റൽ പ്രസ്താവന വന്നതെന്തുകൊണ്ടെന്നും ഹോസ്പിറ്റലിന് പിഴവ് സംഭവിച്ചുവോയെന്നുമുള്ള   വിവരങ്ങൾ ജനത്തിനറിയണം.  എന്തോ അക്ഷരപ്പിശക് ജയലളിതയുടെ മരണത്തിൽ സംഭവിച്ചിട്ടുണ്ടെന്നുള്ള ഊഹോപാഹങ്ങൾക്കിടയിൽ ലണ്ടനിൽനിന്നുള്ള ഒരു ഡോക്ടർ കൂടുതൽ ആധികാരികമായ അഭിപ്രായങ്ങളോടെ രംഗത്ത് വന്നിരിക്കുന്നതും സംശയങ്ങൾക്കേ കാരണമാവുകയുള്ളൂ. അപ്പോളോ ഹോസ്പിറ്റലിനെയും ഡോക്ടർമാരെയും അവിഹിതമായി സ്വാധീനം ചെലുത്തി  പണംകൊണ്ട് മൂടിയെന്ന വാർത്തകളാണ് എവിടെയും പ്രചരിക്കുന്നത്.

ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ശശികലയുടെ ആദികാല ജീവിതത്തെപ്പറ്റിയും ചികയേണ്ടിയിരിക്കുന്നു. ജയലളിതയെ പരിചയപ്പെടുന്നതിനു മുമ്പ് അവർ ഇരുപത്തിയൊമ്പതു വയസുള്ള ഗ്രാമീണയായ കുടുംബിനിയായിരുന്നു. സിനിമാ കാണാൻ വലിയ താല്പര്യവും ഒരു നടിയാകണമെന്നുള്ള ആഗ്രഹവുമുണ്ടായിരുന്നു. അവരുടെ ഭർത്താവ് നടരാജൻ തമിഴ്നാട്ടിലെ സർക്കാർ ജോലിയുള്ള പബ്ലിക്ക് റിലേഷൻ ഓഫിസറുമായിരുന്നു. കൂടലൂർ ഡിസ്ട്രിക്റ്റിലെ കലക്ടറായ ചന്ദ്രലേഖ (I.A.S)യുടെ കീഴിലായിരുന്നു അവരുടെ ഭർത്താവ് ജോലി ചെയ്തിരുന്നത്. അക്കാലത്ത് എം. ജി. രാമചന്ദ്രനുമായി കലക്റ്റർ നല്ല സൗഹാർദത്തിലുമായിരുന്നു.

എംജി ആറിന്റെ സഹനടിയായിരുന്നു ജയലളിത. ജയലളിതയെ തന്റെ രാഷ്ട്രീയ പിൻഗാമിയാക്കാനും എം.ജി.ആർ. ആഗ്രഹിച്ചിരുന്നു. ജയലളിത സമ്മേളിക്കുന്ന സ്ഥലങ്ങളിലെല്ലാം കൂട്ടമായി ജനക്കൂട്ടം തിങ്ങി കൂടുന്ന കാരണം എം.ജി.ആർ അവരെ പാർട്ടിയുടെ എ.ഐ.എ.ഡി.എം കെ യുടെ പ്രധാന വക്താവായി നിയമിച്ചിരുന്നു. ശശികലയ്ക്ക് സിനിമ  കാണാൻ  വലിയ ഭ്രമമായിരുന്നു.  അവർ ഒരു വീഡിയോ ക്യാമറ വാങ്ങി സ്ഥലത്തെ വിവാഹങ്ങളുടെ പടങ്ങൾ പിടിച്ചുകൊണ്ട് തൊഴിൽ ചെയ്തുകൊണ്ടിരുന്നു. അങ്ങനെ അവരുടെ അത്യാവശ്യ കാര്യങ്ങൾക്കായി കുറച്ചു പോക്കറ്റുമണിയും നേടിക്കൊണ്ടിരുന്നു. ഒരിക്കൽ തനിക്ക് ജയലളിതയുടെ വീഡിയോ എടുക്കാൻ ആഗ്രഹമുണ്ടെന്നും അതിനായി ചന്ദ്രലേഖ ഐ.എ.എസിനോട് (I.A.S) ശുപാർശ ചെയ്യാനും ശശികല ഭർത്താവിനോട് ആവശ്യപ്പെട്ടു. ചന്ദ്രലേഖയുടെ മകൻ അഭിജീത്തിനെ ബേബി സിറ്റിംഗ് ചെയ്യുന്നത് ശശികലയായതുകൊണ്ടു അവർ   അത് സമ്മതിച്ചു. ചന്ദ്രലേഖ ശശികലയെ ജയലളിതയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു.

അങ്ങനെ ഈ രണ്ടു സ്ത്രീകളും ആദ്യമായി കണ്ടുമുട്ടി. കാലങ്ങൾ കഴിഞ്ഞപ്പോൾ ജയലളിതയ്ക്ക് ശശികല വിശ്വസിക്കാവുന്ന ഒരാളായി മാറി. ഒടുവിൽ അവരുടെ മനസ് സൂക്ഷിപ്പുകാരിയുമായി. നല്ല കാലങ്ങളിലും ദൗർഭാഗ്യം നിറഞ്ഞ കാലങ്ങളിലും  ഒരുപോലെ ശശികല ജയലളിതയോടൊപ്പമുണ്ടായിരുന്നു.  നാനാവിധ രാഷ്ട്രീയ കലക്കങ്ങൾക്കുശേഷം 1991-ൽ ജയലളിത വമ്പിച്ച ഭൂരിപക്ഷത്തോടെ തമിഴ്നാട് മുഖ്യ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. അക്കൂടെ ശശികലയും രാഷ്ട്രീയത്തിൽ ശക്തിയുള്ള സ്ത്രീയായി വളർന്നു കഴിഞ്ഞിരുന്നു. വാസ്തവത്തിൽ അവർക്കു ജയലളിതയേക്കാൾ അധികാരം ഉണ്ടായിരുന്നു. സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്ന സമയങ്ങളിൽ മന്ത്രിമാർ സാധാരണ ശശികലയോടായിരുന്നു ആലോചിച്ചിരുന്നത്.

സുരക്ഷിത കാര്യങ്ങൾക്കായി ജയലളിതയുടെ ചുറ്റും ശശികലയുടെ ബന്ധുക്കളെ നിയമിച്ചിരുന്നു. ശശികലയുടെ ബന്ധുജനങ്ങളെ മന്നാർഗുഡി മാഫിയാ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. മന്നാർഗുഡിയിലാണ് ശശികല ജനിച്ചത്. ശശികല ആദ്യം ജയലളിതയുടെ വീട്ടിൽ മാറിത്താമസിച്ച കാലങ്ങളിൽ അവർ ജയലളിതയുടെ താമസസ്ഥലമായ ആഡംബര ബംഗ്ളാവിൽ (Posh Garden) മണ്ണാർ ഗുഡിയിൽ നിന്നും നാൽപ്പതു സേവകരുമായിട്ടായിരുന്നു വന്നെത്തിയത്. അവരിൽ പാചകക്കാർ, സെക്യൂരിറ്റികൾ, ഡ്രൈവർമാർ, സന്ദേശം കൊടുക്കുന്നവർ എന്നിവരെല്ലാം ഉൾപ്പെട്ടിരുന്നു. ശശികലയുടെ സഹായത്താൽ അവരുടെ ബന്ധുജനങ്ങളെല്ലാം ധനികരായി തീർന്നിരുന്നു. അഴിമതിയും കൈക്കൂലിയും മൂലം പണം സമ്പാദിക്കുന്നുവെന്നു തമിഴ്‌നാടുമുഴുവൻ പൊതുവെ സംസാരമുണ്ടായിരുന്നു. 1996-ൽ ജയലളിതയുടെ പാർട്ടി പരാജയപ്പെടാൻ കാരണവുമതായിരുന്നു.

1998-ൽ ഒരിക്കൽക്കൂടി ജയലളിതയുടെ സമയം തെളിഞ്ഞു. എ.ഐ.ഡി.എം.കെ (AIADMK) യുടെ സഹായത്തോടെ കേന്ദ്രത്തിൽ  ബാജ്പയുടെ സർക്കാർ അധികാരത്തിൽ വന്നു. അധികം താമസിയാതെ ബാജ്പയി മന്ത്രിസഭയെ തകിടം മറിക്കാനും സാധിച്ചു. അതിന് ശശികലയുടെ ഒരു പ്രധാന പങ്കുമുണ്ടായിരുന്നു. 1999-ൽ ഹോട്ടൽ അശോകയിൽ ശശികല സോണിയായ്ക്കും ജയലളിതയ്ക്കും ഒരു പാർട്ടി കൊടുത്തു. സുബ്രമണ്യ സ്വാമി അന്നത്തെ നേതാക്കന്മാർ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക്  നേതൃത്വം കൊടുത്തിരുന്നു. സുബ്രമണ്യം സ്വാമിക്ക് ക്യാബിനറ്റ് റാങ്കിൽ മന്ത്രിസ്ഥാനം കൊടുക്കാത്തതിൽ ബാജ്പയിയോട് വിദ്വെഷവുമുണ്ടായിരുന്നു. പിന്നീട്, ജയലളിതയ്ക്കും ശശികലയ്ക്കുമെതിരെ അനധികൃത സ്വത്തു സമ്പാദന കേസിനു തിരികൊളുത്തിയതും അവസര രാഷ്ട്രീയത്തിന്റെ പിതാവായ സുബ്രഹ്മണ്യ സ്വാമിയായിരുന്നുവെന്നതും ശ്രദ്ധേയമാണ്.ശശികലയുടെ അശോകാ ഹോട്ടലിൽ നടത്തിയ ഈ ടീപാർട്ടി ഇന്ത്യൻ രാഷ്ട്രീയത്തിന്റെ തന്നെ ഒരു ഭൂമികുലുക്കത്തിനു കാരണമായി. എ.ഐ.ഡി.എം.കെ (AIADMK) അന്ന് ബാജ്പയി സർക്കാരിന് പിന്തുണ പിൻവലിച്ചതുകൊണ്ട് സർക്കാർ ഒരു വോട്ടിനു പരാജയപ്പെടുകയാണുണ്ടായത്. കേന്ദ്ര മന്ത്രിസഭ താഴെ വീഴുകയും ചെയ്തു. ജയലളിത ഹൈക്കോടതിയുടെ ഒരു ഓർഡർപ്രകാരം 2003-ൽ തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരത്തിൽ വരുകയും 2006-ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും ചെയ്തു. അങ്ങനെ ജയലളിതയുടെ ഉയർച്ചയിലും താഴ്ച്ചയിലും ശശികല എക്കാലവും ഒപ്പമുണ്ടായിരുന്നു.

2011-ൽ ജയലളിത വീണ്ടും അധികാരത്തിൽ വന്നു. അപ്പോഴാണ് മന്നാർഗുഡി ഗുണ്ടകൾ ശശികലയെ മുഖ്യമന്ത്രിയാക്കാൻ പദ്ധതിയിട്ടത്. ജയലളിത അനധികൃത സ്വത്തു സമ്പാദിച്ചതിൽ ജയിലിൽ പോകുമെന്നാണ് വിചാരിച്ചത്. ശശികലയ്ക്ക് അതിപ്രധാനമായ ജയലളിതയുടെ മുഖ്യമന്ത്രി പോസ്റ്റ് ലഭിക്കുമെന്നും വിചാരിച്ചു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ജയലളിതയുടെ സുഹൃത്തുമായിരുന്നു. മന്നാർഗുഡി ഗുണ്ടാ വിളയാട്ടം കാരണം തമിഴ് നാട്ടിൽ വ്യവസായങ്ങൾ തുടങ്ങാൻ ആരും പണം നിക്ഷേപിക്കുന്നില്ലെന്നും കമ്പനികൾ തമിഴ്നാട്ടിൽ നിന്നും പോവാൻ തുടങ്ങുന്നുവെന്നും നരേന്ദ്ര മോദി ജയലളിതയ്ക്ക് മുന്നറിയിപ്പ് കൊടുത്തു. ശശികലയുടെ കുടുംബം തമിഴ് നാട്ടിലെ ബിസിനസ്സ് തുടങ്ങുന്നവരിൽനിന്ന് കോഴയായി അമിത പണം ഈടാക്കുന്നുവെന്നായിരുന്നു ആരോപണം.

ഒരിക്കൽ ജയലളിത ശശികലയെ അറിയിക്കാതെ മെഡിക്കൽ ടെസ്റ്റിന് പോയി. അവരുടെ ഉള്ളിൽ എന്തോ വിഷം ചെന്നിരുന്നതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. ശശികല ഒരു നേഴ്‌സിനെ നിയമിച്ചിട്ടുണ്ടായിരുന്നു. പഴവർഗങ്ങളും മെഡിസിനും അവരായിരുന്നു ജയലളിതയ്ക്ക് കൊടുത്തുകൊണ്ടിരുന്നത്. ആ സമയം ജയലളിതയുടെ ക്ഷമ മുഴുവൻ നശിച്ചിരുന്നു. ബാഗ്ലൂർ മീറ്റിംഗിൽ ജയലളിത ജയിലിൽ പോവുകയാണെകിൽ അവരുടെ പിൻഗാമിയുടെ കാര്യം ശശികലയുടെ ബന്ധുക്കൾ സംസാരിച്ചതായും വിവരം കിട്ടി. 2011 ഡിസംബർ പതിനേഴാം തിയതി ശശികലയുടെ ബന്ധുജനങ്ങളെയും ശശികലയെയും വീട്ടിൽ നിന്നും പാർട്ടിയിൽനിന്നും പുറത്താക്കി. രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം ജയലളിത തന്റെ തോഴിയായ ശശികല നടരാജനെ പാർട്ടിയിൽനിന്നു പുറത്താക്കിയത് ഒരു ഞെട്ടലോടു കൂടിയായിരുന്നു കേട്ടത്. നിയമപരമല്ലാതെ പണമുണ്ടാക്കിയതിനു ശശികലയുടെ കുടുംബത്തിലുള്ള ഏതാനും പേരെ ജയിലിലുമാക്കി. പതിറ്റാണ്ടുകൾ നീണ്ടുനിന്ന ഒരു സൗഹാർദ ബന്ധത്തിന് അവിടെ ഉലച്ചിൽ വന്നു. തമിഴ്നാട് രാഷ്ട്രീയ ചരിത്രത്തിൽ തന്നെ അത് ദുഖകരമായ ഒരു സംഭവവുമായിരുന്നു. എന്നാൽ ആ പിണക്കം അധികകാലം നീണ്ടുനിന്നില്ല. 2012 മാർച്ചിൽ ജയലളിത അവരെ തിരികെ വിളിച്ചു. ശശികലയുടെ കുടുംബത്തിലുള്ളവർ ഇങ്ങനെ ഒരു ഗൂഢാലോചന നടത്തിയ വിവരം അവർക്ക് അറിയില്ലായിരുന്നുവെന്നു പറഞ്ഞു ക്ഷമ ചോദിച്ചു പ്രശ്നങ്ങൾ തീർക്കുകയും ചെയ്തു.

എന്താണ് ഇതിലെ സത്യമെന്നുള്ളതിൽ  അഭ്യൂഹങ്ങളുണ്ട്. രണ്ടു പതിറ്റാണ്ടുകളോളം അവർ കാത്തു സൂക്ഷിച്ചിരുന്ന ബന്ധത്തിന് വിള്ളൽ വരാൻ കാരണമെന്ത്? ജയലളിതയുടെ ആത്മസുഹൃത്തായ ശശികലയുടെ പേരിൽ ഇങ്ങനെ ഒരു ശിക്ഷണ നടപടി എന്തിനെടുത്തു? വീണ്ടും ശശികലയുടെ സഹായം ജയലളിത എന്തുകൊണ്ട് മേടിച്ചുവെന്നതും ജയലളിതയെ അതിനു പ്രേരിപ്പിച്ചതെന്തെന്നും ആർക്കുമറിയില്ല. ശശികലയുടെ ഗുണ്ടകളുടെ സമ്മർദം മൂലം ജയലളിതയുടെ ജീവനു ഭീക്ഷണിയായിട്ടും അവർ എന്തുകൊണ്ട് ശശികലയോട് ക്ഷമിച്ചു. അതിനെല്ലാം ഉത്തരം കിട്ടണമെങ്കിൽ ഗഹനമായ അന്വേഷണം ആവശ്യമാണ്. മഞ്ഞപത്രങ്ങൾ അവരുടെ വ്യക്തിപരമായ ജീവിതത്തെ സ്പർശിച്ചുകൊണ്ട് കഥകൾ ഇറക്കുന്നുണ്ട്. ശശികലയെയും ജയലളിതയെപ്പറ്റിയും അവരുടെ സദാചാര നിരതമായ ധാർമ്മിക നീതിയെപ്പറ്റിയും  ദുരൂഹതകളുമുണ്ട്. ജയലളിത മരിച്ചെന്നും കൊല്ലപ്പെട്ടെന്നും പറയുന്നു. അത് എത്രമാത്രം സത്യമുണ്ടെന്നും വ്യക്തമല്ല. ജയലളിതയുടെ സമീപകാലങ്ങളിലെ ദുരന്തപൂര്‍ണ്ണങ്ങളായ  ഈ കഥയിൽ  സംശയത്തിന്റെ നിഴലുകളും ബാക്കി നിൽക്കുന്നതായി  കാണാം.






Friday, February 10, 2017

ജവഹർലാൽ നെഹ്‌റുവിന്റെ ചരിത്രവും ദർശനങ്ങളും



ജോസഫ് പടന്നമാക്കൽ 

ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്വാതന്ത്ര്യത്തിനുമുമ്പും അതിനുശേഷവും ഇന്ത്യൻ രാഷ്ട്രീയത്തിൽ തിളങ്ങിനിന്നിരുന്ന ഉജ്വലപ്രതിഭയും സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ കെട്ടുകെട്ടിച്ച വീരനായകരിൽ ഒരാളുമായിരുന്നു.  നിത്യവും അണയാത്ത ദീപമായി ജനകോടികളുടെ ഹൃദയങ്ങളിൽ കുടികൊള്ളുന്ന മഹാനുഭാവന്മാരിൽ മഹാനുമാണ്. മഹാത്മാ ഗാന്ധിജിയുടെ രാഷ്ട്രീയ പിന്തുടർച്ചാവകാശി, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഐതിഹാസിക നായകൻ, 1947 മുതൽ മരണം വരെ ഇന്ത്യയുടെ പ്രധാനമന്ത്രി എന്നീ നിലകളിൽ നെഹ്‌റുവിനെ ചരിത്രത്തിലറിയപ്പെടുന്നു. മഹാത്മാ ഗാന്ധിജിയുടെ ബ്രിട്ടീഷ്കാർക്കെതിരെയുള്ള നിസഹകരണ പ്രസ്ഥാനത്തിലൂടെ ഉയർന്നുവന്ന നെഹ്‌റു 1947 മുതൽ 1967 മെയ് ഇരുപത്തിയേഴാംതീയതി മരിക്കുന്നതുവരെ ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന ഭരണസാരഥ്യം വഹിച്ചിരുന്നു. ആധുനിക ഇന്ത്യയുടെ ശില്പിയായി നെഹ്‌റുവിനെ രാഷ്ട്രം ബഹുമാനിക്കുന്നു. കാശ്മീരിലെ പണ്ഡിറ്റ് സമൂഹത്തിലുള്ള ബ്രാഹ്മണ കുടുബത്തിൽ ജനിച്ചതിനാൽ, അദ്ദേഹത്തെ പണ്ഡിറ്റ് ജവഹർലാൽ എന്നറിയപ്പെട്ടു. കുട്ടികൾ ബഹുമാന പുരസ്സരം ചാച്ചാ നെഹ്‌റുവെന്നു വിളിച്ചിരുന്നു.  ഇന്ത്യയുടെ സ്വാതന്ത്ര്യ ലക്ഷ്യപ്രാപ്തിക്കായി നെഹ്‌റുവും കോൺഗ്രസ്സും 1930 മുതൽ നേതൃത്വം കൊടുത്തുകൊണ്ടിരുന്നു.

മഹാത്മാഗാന്ധി ഇന്ത്യയുടെ പിതാവെങ്കിൽ ഇന്ത്യൻ ഭരണഘടനയുടെ പിതാവ് അംബേദ്ക്കറെങ്കിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ പിതാവ് നെഹ്‌റുവെന്നും ഉച്ചത്തിൽ നമുക്കോരോരുത്തർക്കും വിളിച്ചു പറയാൻ സാധിക്കും.വിവിധ സംസ്‌കാരങ്ങളും, ഭാഷകളും മതങ്ങളും ഉൾപ്പെട്ട ഒരു ജനതയെ നിയന്ത്രിക്കുകയെന്നത് അദ്ദേഹത്തെ സംബന്ധിച്ച് ഒരു വെല്ലുവിളിയായിരുന്നു. പ്രധാന മന്ത്രിയെന്ന നിലയിൽ ഭാരതത്തിന്റെ സാമൂഹിക, സാംസ്ക്കാരിക വിദ്യാഭ്യാസ തലങ്ങളിൽ ബൃഹത്തായ പലവിധ പദ്ധതികളും അദ്ദേഹത്തിന് നടപ്പാക്കാൻ സാധിച്ചു. കോടാനുകോടി ജനങ്ങൾ വിശ്വാസവും സ്നേഹവും അദ്ദേഹത്തിലർപ്പിച്ചിരുന്നു. ചേരിചേരാ നയവും പഞ്ചശീല തത്വങ്ങളും നെഹ്‌റുവിനെ വിശ്വപൗരനാക്കിയിരുന്നു. 1962-ലെ സീനോ-ഇന്ത്യാ യുദ്ധം അദ്ദേഹത്തെ മാനസികമായി തകർത്തിരുന്നു. അന്നുമുതൽ ആരോഗ്യം ക്ഷയിക്കുകയും പതിനേഴു വർഷം പ്രധാന മന്ത്രിയായിരുന്ന ശേഷം 1964-ൽ മരിക്കുകയും ചെയ്തു. 

പൂക്കളെയും കുട്ടികളെയും ഇത്രമാത്രം സ്നേഹിച്ച ഒരു മഹാൻ ഉണ്ടായിരിക്കില്ല. ഏതു ജോലിത്തിരക്കിനിടയിലും സമയം കിട്ടുമ്പോഴൊക്കെ അദ്ദേഹം കുട്ടികളുമായി കളിക്കാൻ ഉത്സാഹം കാണിച്ചിരുന്നു. അതുകൊണ്ടാണ് സ്നേഹപൂർവ്വം അദ്ദേഹത്തെ ചാച്ചാ നെഹ്‌റുവെന്നു അവർ വിളിച്ചിരുന്നത്.

1889 നവംബർ പതിനാലാം തിയതി ബ്രിട്ടീഷ് ഇന്ത്യയിൽ അലഹാബാദിൽ ഒരു ധനിക കുടുംമ്പത്തിൽ നെഹ്‌റു ജനിച്ചു. അദ്ദേഹത്തിൻറെ പിതാവ് മോത്തിലാൽ നെഹ്‌റു  (1861–1931) ക്രിമിനലും സിവിലുമായ നിയമങ്ങൾ കൈകാര്യം ചെയ്തുകൊണ്ടിരുന്ന ഒരു ബാരിസ്റ്ററായിരുന്നു. സ്വാതന്ത്ര്യത്തിനായി സമരം ചെയ്തുകൊണ്ടിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് പദം രണ്ടുതവണ മോത്തിലാൽ അലങ്കരിച്ചിരുന്നു. ജവഹർലാലിന്റെ അമ്മ 'സ്വരൂപറാണി തുശൂ(1868–1938)', കാശ്മീരിൽ പേരും പെരുമയുമുണ്ടായിരുന്ന ഒരു കുടുംബത്തിലെ അംഗമായിരുന്നു. അവർ മോത്തിലാലിന്റെ രണ്ടാമത്തെ ഭാര്യയും. ഒരു കുഞ്ഞിന്റെ ജനനത്തോടെ ആദ്യത്തെ ഭാര്യ മരിച്ചുപോയിരുന്നു. മൂന്നു മക്കളിൽ ജവഹർലാൽ ഏറ്റവും മൂത്തയാളായിരുന്നു. മറ്റു രണ്ടു സഹോദരികളിൽ വിജയലക്ഷ്മി പണ്ഡിറ്റ് യുണൈറ്റഡ് നാഷണൽ അസംബ്ലിയുടെ ആദ്യത്തെ വനിതാ പ്രസിഡണ്ടായിരുന്നു. ഇളയ സഹോദരി കൃഷ്ണ പ്രസിദ്ധയായ ഒരു എഴുത്തുകാരിയും അനേക പുസ്തകങ്ങളുടെ ഗ്രന്ഥകർത്രിയുമായിരുന്നു. രാജഹര്‍മ്മ്യോപമമായ ആനന്ദഭവനിലാണ് ജവഹർലാൽ  വളർന്നത്. ജവഹറെന്ന വാക്കിന്റെ അർത്ഥം അമൂല്യമായ പവിഴ രത്നമെന്നാണ്.

കുഞ്ഞുനാളിലുള്ള നെഹ്‌റുവിന്റെ ജീവിതത്തെപ്പറ്റി എഴുതപ്പെടേണ്ടതായ സംഭവങ്ങളൊന്നും തന്നെയില്ല. പ്രാഥമിക വിദ്യാഭ്യാസം വീട്ടിൽ വന്നു പ്രൈവറ്റായി പഠിപ്പിക്കുന്ന ട്യൂട്ടർമാരിയിൽ നിന്നായിരുന്നു.ശാസ്ത്രവും ബ്രഹ്മജ്ഞാനവും അദ്ദേഹത്തിന് പ്രിയങ്കരങ്ങളായ വിഷയങ്ങളായിരുന്നു. പിന്നീട് ദൈവശാസ്ത്രപരമായ വിഷയങ്ങളിൽ തല്പരനായതുകൊണ്ട്, പതിമൂന്നാം വയസിൽ തീയോസഫിക്കൽ സൊസൈറ്റിയിൽ പ്രവർത്തിക്കാൻ തുടങ്ങി. കുടുംബ സുഹൃത്തായ ആനി ബസന്റായിരുന്നു ആ സംഘടനയെ നയിച്ചിരുന്നത്. പിന്നീട് അദ്ദേഹത്തിന് ദൈവിക വിഷയങ്ങളിൽ താൽപ്പര്യം കുറയുകയും  ആ സംഘടന വിടുകയും ചെയ്തു. ആനന്ദ ഭവനുമായി നിത്യം മൈത്രിയിലായിരുന്ന ആനിബസന്റിനെ ജവഹർലാൽ ഒരു അമ്മായിയുടെ സ്ഥാനത്തായിരുന്നു കണ്ടിരുന്നത്. ദൈവശാസ്ത്രപരമായ വിഷയങ്ങളിൽ അഭിരുചിയുണ്ടായിരുന്ന നെഹ്‌റു പിന്നീട് ബുദ്ധമതത്തെപ്പറ്റിയും വേദങ്ങളെപ്പറ്റിയും പഠിക്കാനാരംഭിച്ചു. ഈ പഠനങ്ങളാണ് ആദ്യം അദ്ദേഹത്തിന് ഇന്ത്യയെ മനസിലാക്കാനുള്ള പ്രചോദനം ലഭിച്ചത്. ഇത്തരം വിഷയങ്ങളിൽ അദ്ദേഹത്തിൻറെ മനസ് അഗാതമായും ബൗദ്ധിക തലങ്ങളിലും വ്യാപരിച്ചുകൊണ്ടിരുന്നു.

യുവാവായിരുന്നപ്പോൾത്തന്നെ നെഹ്‌റു  ഒരു ദേശീയവാദിയായി വളർന്നു കഴിഞ്ഞിരുന്നു. 1905-ൽ അദ്ദേഹം ഇംഗ്ലണ്ടിൽ പഠിക്കാൻ പോയി. അവിടെ ജി.എം.ട്രെവെല്യൻ  (G.M. Trevelyan's) എഴുതിയ ഗാരിബാള്ഡിയെപ്പറ്റിയുള്ള പുസ്തകങ്ങൾ വായിക്കാൻ താല്പര്യപ്പെട്ടിരുന്നു. ഗാരിബാള്ഡിയെ ഒരു വിപ്ലവ നേതാവായി അദ്ദേഹം മനസ്സിൽ സ്വീകരിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതുന്നതിനായി ഉത്തേജനം നേടിയതും ഗാരിബാള്ഡിന്റെ വിപ്ലവചിന്തകളിൽ നിന്നായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ രണശൂരനായിരുന്ന ഗാരിബാൾഡിയെ  (Giuseppe Garibaldi) ചിന്നിച്ചിതറി കിടന്നിരുന്ന ഇറ്റലിയെ ഏകീകരിപ്പിച്ച ദേശീയ നേതാവായി ആദരിച്ചിരുന്നു.

1907-ൽ ഇംഗ്ലണ്ടിലെ പ്രസിദ്ധിയേറിയ  കെയിംബ്രിഡ്‌ജ് യൂണിവേഴ്‌സിറ്റിയിൽ നെഹ്‌റു  പഠനം ആരംഭിച്ചു.  1910-ൽ ട്രിനിറ്റി കോളേജിൽ നിന്നും പ്രകൃതിശാസ്ത്രത്തിൽ ഹോണേഴ്‌സോടുകൂടി ബിരുദം നേടി. ഈ കാലഘട്ടത്തിൽ രാഷ്ട്രീയ തത്ത്വശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, ചരിത്രം, സാഹിത്യം എന്നീ വിഷയങ്ങളും പഠിച്ചിരുന്നു. ബെർണാഡ് ഷാ, എച്ച്.ജി. വെൽസ്, കെയിൻസ്, ബെർട്രൻ റസ്സൽ, ലൗസ് ഡിക്കിൻസൻ   മുതലായ ചിന്തകരുടെ പുസ്തകങ്ങളും പഠിച്ചുകൊണ്ടിരുന്നു. ഇതിനിടയിൽ വായിക്കുന്ന വിഷയങ്ങളിലെല്ലാം അഗാധമായ പാണ്ഡ്യത്യവും നേടിയിരുന്നു.  

1910-ൽ ഡിഗ്രി നേടിയശേഷം നിയമം പഠിക്കാൻ ലണ്ടനിൽ രണ്ടു വർഷംകൂടി ചെലവഴിച്ചു. ഇൻസ് ഓഫ് കോർട്ട് ലോ സ്‌കൂളിൽ (Inns of Court School of Law) നിയമം പഠിച്ചു. 1912-ൽ ബാർ അറ്റ് ലോ  (Bar at Law) പരീക്ഷ പാസ്സായി. 1912-ൽ ഇന്ത്യയിലെത്തി,  അലഹബാദ് ഹൈകോർട്ടിൽ പ്രാക്ടീസ് തുടങ്ങി. പക്ഷെ അദ്ദേഹത്തിന് നിയമത്തിൽ തുടരാൻ താത്പര്യമുണ്ടായിരുന്നില്ല. അവിടെ അദ്ദേഹത്തിൻറെ അഭിരുചിയനുസരിച്ചും ബൗദ്ധികമായും ഉയരാനുള്ള സാഹചര്യങ്ങൾ ലഭിച്ചില്ലെന്നു   ആത്മകഥാ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. പിന്നീടുള്ള കാലങ്ങളിലെല്ലാം   അദ്ദേഹം ദേശീയ രാഷ്ട്രീയത്തിൽ മുഴുവൻ സമയവും പ്രവർത്തിക്കാൻ തുടങ്ങി. നിയമ പരിശീലനം പാടെ ഉപേക്ഷിക്കുകയും ചെയ്തു.

ബ്രിട്ടനിൽ താമസിക്കുന്ന കാലം മുതൽ നെഹ്‌റുവിനു ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രവർത്തിക്കണമെന്ന  മോഹമുണ്ടായിരുന്നു. 1912-ൽ ഇംഗ്ലണ്ടിൽനിന്നും വന്നെത്തിയ അദ്ദേഹത്തിന് ഏതാനും ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ തന്നെ പാറ്റ്നയിൽ നടന്ന കോൺഗ്രസ്സിന്റെ വാർഷിക സമ്മേളനത്തിൽ സംബന്ധിക്കാൻ സാധിച്ചു. ഇംഗ്ലീഷ് അറിയാവുന്ന ഉന്നതകുല ജാതരായവർ മാത്രം സമ്മേളന സ്ഥലത്തിൽ വന്നെത്തിയതിൽ നെഹ്‌റുവിനു സമ്മേളനത്തോട് അന്ന് അതൃപ്തിയുണ്ടായി. എങ്കിലും ഇന്ത്യൻ പൗരാവകാശ ഫണ്ടിനായി പണം സമാഹരിക്കുന്ന കാര്യത്തിൽ ഗാന്ധിജിയുമായി ഒത്തൊരുമിച്ചു സഹകരിച്ചു.

1914-ൽ ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. കോൺഗ്രസിൽ ഒരു കൂട്ടർ ജർമ്മനിയുടെ ഭാഗം കൂടി പിന്തുണ നൽകാൻ ആഗ്രഹിച്ചു. എങ്കിലും വിദ്യാഭ്യാസമുള്ള ഉയർന്ന സമൂഹം ബ്രിട്ടീഷ് സഖ്യസേനയ്ക്ക് പിന്തുണ നൽകാനാണ് ആഗ്രഹിച്ചത്. നെഹ്‌റു അന്ന് ബ്രിട്ടന് പിന്തുണ നല്കുകയാണുണ്ടായത്. അക്കാലയളവിൽ അലഹബാദിലുള്ള സെന്റ് ജോൺ ആമ്പുലൻസ് വാനിൽ നെഹ്‌റു വോളന്റീർ ജോലി ചെയ്യുകയും ചെയ്തു. ബ്രിട്ടീഷ് സർക്കാർ കൊണ്ടുവന്ന സെൻസർഷിപ് ആക്റ്റിനെയും അദ്ദേഹം എതിർത്തു. ആ നിയമം അനുസരിച്ചു ബ്രിട്ടീഷ് സർക്കാരിനെ ആരും വിമർശിക്കാൻ പാടില്ലായിരുന്നു.

യുവാവായ നെഹ്‌റുവിന്റെ ദേശീയ സ്വാതന്ത്ര്യത്തിനായുള്ള ആശയങ്ങൾ അക്കാലത്തു തികച്ചും വിപ്ലവകരങ്ങളായിരുന്നു. യുദ്ധകാല അവസ്ഥകളിൽ സ്വാതന്ത്ര്യത്തിനുവേണ്ടി സമരം ചെയ്യുന്നത് വിവേകമല്ലെന്നു ഗോപാല കൃഷ്ണ ഗോഖലെയെപ്പോലുള്ള മിതവാദികൾ അക്കാലത്ത് വാദിച്ചിരുന്നു. നെഹ്‌റു ബ്രിട്ടീഷ് സർക്കാരിനോട് എല്ലാ വിധത്തിലും നിസഹകരണമാണ് വേണ്ടതെന്നും വാദിച്ചു. ബ്രിട്ടീഷ്കാരുടെ നയത്തെ പിന്തുടരുന്ന ഐ.സി.എസ് (I.C.S.)മുതലായ ഹോണററി സ്ഥാനമാനങ്ങളെ അദ്ദേഹം പരിഹസിച്ചു. ആ ബഹുമതി ഇന്ത്യനുമല്ല, (Indian) സിവിലുമല്ല(civil) സേവനവുമല്ലെന്നു(Service) പറഞ്ഞുകൊണ്ട് ബ്രിട്ടീഷ് സിവിൽ സർവീസ് പരീക്ഷകളെ ഇന്ത്യൻ ജനത ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പിതാവ് മിതവാദികളുടെ കൂടെയായിരുന്നെങ്കിലും നെഹ്‌റു അക്കാലത്തു തീവ്രവാദികളോടൊപ്പം പ്രവർത്തിക്കാനാണ് താല്പര്യപ്പെട്ടത്. 

1915-ൽ ഗോഖലെ മരിച്ചശേഷം സ്വാതന്ത്ര്യസമരത്തിനുവേണ്ടിയുള്ള മിതവാദികളുടെ സ്വാധീനം കുറഞ്ഞു. 'ലോകമാന്യ തിലകനെയും' 'ആനി ബസന്റി'നെയും പോലുള്ള തീവ്രചിന്താഗതിക്കാർ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനായുള്ള പുതിയ സമരമുഖങ്ങൾ തുറന്നുവിട്ടു. അവരുടെ സമരാഹ്വാനങ്ങൾക്ക് കോൺഗ്രസിന്റെ സമ്മതം അന്ന് കിട്ടിയില്ല.1916-ൽ തിലകനും ആനിബസന്റും കോൺഗ്രസിന് ബദലായി മറ്റൊരു സംഘടനയുണ്ടാക്കി. എന്നാൽ നെഹ്‌റു രണ്ടു പാർട്ടികൾക്കും അനുകൂലമായി നിന്നു. അതിന്റെ കാരണവും നെഹ്‌റു പറഞ്ഞിട്ടുണ്ട്. കുഞ്ഞായിരുന്നപ്പോൾ മുതൽ ആനി ബസന്റ് തന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച വ്യക്തിയായിരുന്നുവെന്നും രാഷ്ട്രീയ കാൽവെപ്പിനും കാരണക്കാരി അവരായിരുന്നുവെന്നും നെഹ്‌റു പറയുമായിരുന്നു. 1916-ൽ ഹിന്ദു മുസ്ലിം ഐക്യം സംബന്ധിച്ച ഒരു ഉടമ്പടി കോൺഗ്രസും മുസ്ലിം ലീഗും ഒപ്പുവെച്ചിരുന്നു. അന്ന് അത്തരം ഒരു ഉടമ്പടി ഒപ്പുവെച്ചതും ആനന്ദഭവനിലായിരുന്നു. നെഹ്രുവിന്റെ രാഷ്ട്രീയ ഭാവിക്ക് അതും ഒരു കാരണമായിരുന്നു. രണ്ടു മതങ്ങൾ തമ്മിലുള്ള ആ യോജിപ്പിനെ നെഹ്‌റു സ്വാഗതം ചെയ്തിരുന്നു. അതിനെ ലക്‌നൗ ഉടമ്പടിയെന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്.

1919 ലാണ് നെഹ്‌റു ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചേർന്നത്. 1920-ലെ ഗാന്ധിജിയുമൊത്തു പ്രവർത്തിച്ച നിസഹകരണ പ്രസ്ഥാനമാണ് നെഹ്‌റുവിനെ ദേശീയ രാഷ്ട്രീയത്തിന്റെ തലപ്പത്തിലെത്തിച്ചത്. ഉത്തർപ്രദേശിൽ അതിനു നേതൃത്വം കൊടുത്തത് നെഹ്‌റുവായിരുന്നു. സർക്കാരിനെതിരെ പ്രവർത്തിച്ചുവെന്ന പേരിൽ അദ്ദേഹത്തെ അറസ്റ്റു ചെയ്തു. ഏതാനും മാസങ്ങൾക്കുശേഷം ജയിൽ വിമുക്തനാക്കി. നിസഹകരണ പ്രസ്ഥാനം പൊളിഞ്ഞതോടെ കോൺഗ്രസിൽ തന്നെ പിളർപ്പുണ്ടായി. തന്റെ പിതാവ് മോത്തിലാലും സി.ആർ. ദാസും നേതൃത്വം നൽകിയിരുന്ന സ്വരാജ് പാർട്ടിയിൽ നെഹ്‌റു ചേരാതെ ഗാന്ധിജിയ്‌ക്കൊപ്പം നിന്നു. കൂടാതെ 'ചൗരി ചൗരാ' സംഭവവും ഉണ്ടായത് അക്കാലത്താണ്. നിസഹകരണ വിപ്ലവകാരികൾ ഗോരഖ്‌പൂരിലുള്ള 'ചൗരി ചൗരാ'യിൽ ഒരു പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും തീ വെക്കുകയും ചെയ്തു. അതിനുള്ളിലുള്ള ഇരുപത്തിയെട്ടു പോലീസുകാരും മൂന്നു പൗരജനങ്ങളും മരണമടഞ്ഞിരുന്നു. അതുമൂലം ദേശീയ ലെവലിൽ നിസഹകരണ പ്രസ്ഥാനത്തിൽനിന്നും കോൺഗ്രസ്സ് പിന്മാറി. 'ചൗരി ചൗരാ'യെന്ന ദുരന്തം സംഭവിച്ചില്ലായിരുന്നെങ്കിൽ സ്വാതന്ത്ര്യത്തിന്റെ പോരാട്ടം മറ്റൊരു ദിശയിൽ ആകുമായിരുന്നുവെന്നു ഗാന്ധിജി പറയുമായിരുന്നു. 

1920 ലും 1930 ലും നെഹ്രുവിനു പൗരനിയമ ലംഘനം കൊണ്ട് ജയിൽശിക്ഷ അനുഭവിക്കേണ്ടി വന്നു. 1940 ഒക്ടോബര്‍ 31ന് അറസ്റ്റിലായ അദ്ദേഹത്തെ 1941 ഡിസംബറിൽ ‍മോചിതനാക്കി. 1942 ഓഗസ്റ്റ് ഏഴിനു ചരിത്രപ്രസിദ്ധമായ ‘ക്വിറ്റ് ഇന്ത്യ’ സമരത്തിലും അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. ഇതായിരുന്നു ഏറ്റവും ദൈര്‍ഘ്യമേറിയ അദ്ദേഹത്തിന്റെ ജയില്‍വാസം. ആകെ ഒമ്പതു തവണകൾ  ജയിലിലടയ്ക്കപ്പെട്ടു. 1946 ജൂലൈ ആറിന് നാലാമത്തെ തവണ കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1951നും 54നും ഇടയില്‍ മൂന്നു തവണകൾകൂടി പണ്ഡിറ്റ് നെഹ്‌റു ആ പദവിയിലെത്തി. സ്വാതന്ത്ര്യ സമര കാലങ്ങൾ മുഴുവനും ഗാന്ധിജിയുടെ അഹിംസാ തത്ത്വങ്ങളായിരുന്നു അദ്ദേഹം പിന്തുടർന്നത്. 

നെഹ്‌റു ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ ഒരു ആഗോള കാഴ്ചപ്പാടിൽ കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. ജനാധിപത്യത്തിന്റെ സന്ദേശവുമായി രാജ്യങ്ങൾ തോറും അക്കാലങ്ങളിൽ യാത്ര ചെയ്തിരുന്നു.1927-ൽ അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ ഫലപ്രദമാകാൻ ബ്രസീലിലും ബെൽജിയത്തിലും നടന്ന സമ്മേളനങ്ങളിൽ പങ്കു ചേർന്നിരുന്നു. സാമ്രാജ്യ ശക്തികൾക്കെതിരായുള്ള സമ്മേളനങ്ങളായിരുന്നു അതെല്ലാം. ഇന്ത്യയെ പ്രതിനിധികരിച്ചുകൊണ്ട് നെഹ്‌റുവിനെ ആ സംഘടനയുടെ എക്സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുത്തു.    

1936-ൽ നെഹ്‌റു ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ പിന്തുണകളും നേടി യൂറോപ്യൻ രാജ്യങ്ങളിൽ സന്ദർശിച്ചിരുന്നു. അദ്ദേഹത്തിൻറെ ഭാര്യ കമല കൗൾ നെഹ്‌റു (Kamala Kaul Nehru) മരിക്കുന്നതിനു മുമ്പ് സ്വിറ്റ്‌സർലണ്ടിലെ ഒരു ആരോഗ്യകേന്ദ്രത്തിൽ ചീകത്സയിലായിരുന്നു. ഇന്ത്യ സ്വതന്ത്രമായ ഒരു ജനാധിപത്യ രാജ്യമായാലും യുദ്ധത്തിൽ ഫ്രാൻസിനെയും ബ്രിട്ടനേയും മാത്രമേ പിന്തുണയ്ക്കുള്ളൂവെന്നും അദ്ദേഹം പറയുമായിരുന്നു. ലോക രാജ്യങ്ങളുമായി അഭിപ്രായ ഐക്യത്തിനും പിന്തുണയ്ക്കുമായി അതാത് രാജ്യങ്ങളിലെ നേതാക്കന്മാരുമായി ആശയവിനിമയവും നടത്തിയിരുന്നു. സുഭാഷ് ചന്ദ്ര ബോസുമായി നെഹ്‌റു കോൺഗ്രസ് സംഘടനയ്ക്കുള്ളിൽ ഒത്തൊരുമിച്ചു പ്രവർത്തിച്ചിരുന്നു. എങ്കിലും 1930-ൽ അവർ ഇരുവരും അഭിപ്രായ വ്യത്യസങ്ങൾമൂലം രണ്ടു ചേരികളിലായി പ്രവർത്തിച്ചിരുന്നു. ബ്രിട്ടീഷ്കാരെ പുറത്താക്കാൻ ജർമ്മനി പോലുള്ള ഫാസിസ്റ്റു രാജ്യങ്ങളുമായി സുബാഷ് ചന്ദ്ര ബോസ് സഹകരിക്കുന്നതിലും സഹായം അന്വേഷിക്കുന്നതിലും നെഹ്‌റുവിന് എതിർപ്പുണ്ടായിരുന്നു. ഇറ്റലിയിലെ ഏകാധിപതിയായ മുസ്സോലിനി നെഹ്‌റുവിനെ കാണാൻ താൽപ്പര്യം കാണിച്ചപ്പോൾ അദ്ദേഹം അത് നിരസിക്കുകയാണുണ്ടായത്. 

സ്വാതന്ത്ര്യത്തിനു മുമ്പേ രാജകീയ സംസ്ഥാനങ്ങളെ ഏകോപിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ സർദാർ വല്ലഭായി പട്ടേലുമൊത്തു നെഹ്‌റു ആരംഭിക്കുകയും ചെയ്തു. ഇന്ത്യ സ്വതന്ത്രമാവുമ്പോൾ രാജഭരണത്തിന്റെ കീഴിൽ സ്വന്തമായ പട്ടാളം അനുവദിക്കില്ലെന്നു 1946-ൽ നെഹ്‌റു വിളംബരം ചെയ്തു. ആരെങ്കിലും അതിനു ഒരുമ്പെടുമെങ്കിൽ അത് ഇന്ത്യൻ യുണിയനോടുള്ള ശത്രുതയായി കണക്കാക്കുമെന്നും അദ്ദേഹം രാജാക്കന്മാർക്കു മുന്നറിയിപ്പു കൊടുക്കുകയുമുണ്ടായി. 1935ലെ ബ്രിട്ടീഷ് സർക്കാരുമായുണ്ടാക്കിയ ഒരു ഉടമ്പടിയിൽ രാജഭരണ പ്രദേശങ്ങൾക്ക് ഫെഡറൽപോലെ വേറിട്ട സ്വതന്ത്ര രാജ്യമായി നിലനിൽക്കാനുള്ള അവകാശമുണ്ടായിരുന്നു. അതിനെ അന്നത്തെ കോൺഗ്രസ്സിൽ ഭൂരിഭാഗം നേതാക്കന്മാർ അനുകൂലിച്ചപ്പോൾ നെഹ്‌റു എതിർക്കുകയാണുണ്ടായത്. എല്ലാ രാജസ്റ്റേറ്റുകളും ഇന്ത്യൻ യൂണിയനിൽ ലയിക്കണമെന്ന ഭരണഘടനയുടെ നക്കലുണ്ടാക്കിയത് നെഹ്രുവിന്റെ സ്വാധീനം മൂലമായിരുന്നു.1971-ൽ ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കേ രാജാക്കന്മാരുടെ പ്രിവി പേഴ്സ് ഇല്ലാതാക്കിയതും രാജകീയാവകാശങ്ങൾ എടുത്തു കളഞ്ഞതും നെഹ്‌റു തുടങ്ങിവെച്ച പ്രവർത്തനങ്ങളുടെ പൂർത്തികരിക്കലായിരുന്നു.    

1947 ആഗസ്റ്റ് പതിനഞ്ചാംതീയതി ഇന്ത്യാ സ്വാതന്ത്ര്യം നേടിയ വേളകളിൽ, നാടുമുഴുവൻ കലാപവും രക്തപ്പുഴകളും ഒഴുകുകയായിരുന്നു. പാകിസ്ഥാൻ വിഭജനവും കാശ്മീർ പ്രശ്നവും അനേകായിരങ്ങളുടെ ജീവൻ നഷ്ടപ്പെടുന്നതിനും സ്വത്തുക്കൾ നഷ്ടപ്പെടുന്നതിനും കാരണമായി. 

പതിനേഴു വർഷത്തെ അദ്ദേഹത്തിൻറെ ഭരണകാലം സോഷ്യലിസ്റ്റു വ്യവസ്ഥയിലുള്ള ഒരു ജനാധിപത്യ സംവിധാനത്തിലായിരുന്നു. 1951 മുതൽ പഞ്ചവത്സര പദ്ധതികളിൽക്കൂടി വ്യവസായവൽക്കരണത്തിന്റെ ആരംഭം കുറിച്ചു. ധാന്യവിളകൾ വർദ്ധിപ്പിക്കാൻ കൃഷിയേയും ജലസേചന പദ്ധതികളെയും പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ശാസ്ത്ര സാങ്കേതിക വിദ്യകളെ പരിപോഷിപ്പിച്ചുകൊണ്ടുമിരുന്നു. സാമൂഹിക പരിഷ്‌ക്കാരങ്ങൾ നടപ്പാക്കുന്നതിനൊപ്പം പൊതു വിദ്യാഭ്യാസം സൗജന്യമാക്കിയിരുന്നു. സ്‌കൂളുകളിൽ കുഞ്ഞുങ്ങൾക്ക് സൗജന്യ ഭക്ഷണവും വിതരണം ചെയ്യുന്നുണ്ടായിരുന്നു. പാരമ്പര്യ സ്വത്തുക്കളിൽ സ്ത്രീകൾക്കും ഭർത്താക്കന്മാർക്കൊപ്പം തുല്യമായ അവകാശങ്ങളും ലഭിച്ചു. ജാതി മത വർഗ വ്യവസ്ഥയിലുള്ള വിവേചനത്തിനെതിരായി സംവരണവും നിയമങ്ങളും പാസ്സാക്കികൊണ്ടിരുന്നു. ഇന്ത്യയുടെ ദരിദ്രരായ ജനങ്ങളുടെ ക്ഷേമത്തിനായി നെഹ്‌റു നൽകിയ സംഭാവന അതുല്യമാണ്. പഞ്ചവത്സര പദ്ധതികളിൽകൂടി അദ്ദേഹം ഭാരതത്തിന്റെ സാധാരണ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ ശ്രമിച്ചു. കൃഷിയും കുടിൽവ്യവസായങ്ങളും പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ഗ്രാമീണ ജീവിതം മെച്ചപ്പെടുത്താനുള്ള എല്ലാ ക്രമീകരണങ്ങളും നടപ്പാക്കികൊണ്ടിരുന്നു.  

ശീതസമര കാലത്ത് നെഹ്‌റു ചേരിചേരാ നയമായിരുന്നു അവലംബിച്ചിരുന്നത്. എന്നാൽ 1956-ൽ സോവിയറ്റ് യൂണിയൻ ഹംഗറിയെ ആക്രമിച്ചപ്പോൾ നിശ്ശബ്ദനായിരുന്നതിൽ വിമർശനങ്ങളുണ്ടായിരുന്നു.. 

എഴുത്തുകാരനെന്ന നിലയിൽ അനേക ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. കൂടുതൽ പുസ്തകങ്ങളും അദ്ദേഹത്തിൻറെ രാഷ്ട്രീയപരമായ ജീവിത പശ്ചാത്തലങ്ങളിൽ രചിക്കപ്പെട്ടതായിരുന്നു. ജയിൽവാസ കാലങ്ങളിൽ മുഴുവൻ സമയവും പുസ്തക രചനയിൽ വ്യാപൃതനായിരുന്നു. 1937-ൽ അദ്ദേഹം സോവിയറ്റ് യൂണിയനെ സംബന്ധിച്ച യാത്രാ വിവരങ്ങൾ പ്രസിദ്ധീകരിച്ചു. ഒരച്ഛൻ മകൾക്കയച്ച കത്തുകൾ, ലോക ചരിത്ര അവലോകനം (Glimpses of World History) എന്നിവകളാണ് അദ്ദേഹത്തിൻറെ മറ്റു കൃതികൾ. 'ഇന്ത്യയെ കണ്ടെത്തൽ', 'ആത്മകഥ', 'ഇന്ത്യ ഇന്നും അന്നും നാളെയും' മുതലായ കൃതികൾ പ്രസിദ്ധങ്ങളാണ്. 'ഒരച്ഛൻ മകൾക്കയച്ച കത്തുകളെ'ന്നത് പത്തുവയസ്സായ മകൾ ഇന്ദിരയ്ക്ക് എഴുതുന്ന ലേഖനങ്ങളായിരുന്നു. പ്രകൃതിയും സർവ്വ ജീവജാലങ്ങളും അവകളുടെ  ഉത്ഭവവും ആദ്യമുണ്ടായ ജീവികളും കത്തിലെ വിഷയങ്ങളായിരുന്നു. കൂടാതെ ചരിത്രം, ഭൂമിശാസ്ത്രം മുതലായവകൾ ഉൾപ്പെടുത്തിക്കൊണ്ട് മുപ്പത്തിയൊന്നു അദ്ധ്യായങ്ങളിലായി ഗവേഷണ പാടവത്തോടെ വിഷയങ്ങളെ തന്മയത്വമായി വിവരിച്ചിട്ടുണ്ട്. കഥകളുടെ രൂപത്തിൽ സംഭവങ്ങളെയും ഹൃദ്യമായ രീതിയിൽ വിവരിച്ചുകൊണ്ടായിരുന്നു ആ അച്ഛൻ മകൾക്കുവേണ്ടി ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. 

പതിനെട്ടാം നൂറ്റാണ്ടിലെ ഇന്ത്യയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് ഒരു ദീർഘദൃഷ്ടിയോടെ എത്തിച്ചതാണ് നെഹ്‌റു രാഷ്ട്രത്തിനായി നൽകിയ ഏറ്റവും വലിയ സംഭാവന. കൊളോണിയൽ ഭരണത്തിൽ അടിച്ചമർത്തപ്പെട്ട ഒരു ദരിദ്രജനതയെ പുനരുദ്ധരിച്ചുകൊണ്ടു നവോത്ഥാന പാതയിൽ എത്തിച്ചതും നെഹ്‌റുവായിരുന്നു. പ്രധാന മന്ത്രിയെന്ന നിലയിൽ നെഹ്‌റു ആദ്യമായി അമേരിക്കയിൽ സന്ദർശനം തുടങ്ങുന്ന നാളുകളിൽ ഇൻഡ്യയിൽ രൂക്ഷമായ ഭക്ഷ്യപ്രശ്‍നമുണ്ടായിരുന്നു. ഗോതമ്പും അരിയും തുടങ്ങിയ ഭക്ഷണ പദാർഥങ്ങൾക്കായി അമേരിക്കയുടെ സഹായം അഭ്യർഥിക്കാൻ ചില ക്യാബിനറ്റ് മന്ത്രിമാർ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. 'ആദ്യമായി ഒരു രാജ്യം സന്ദർശിക്കുന്ന വേളയിൽ താൻ ഒരു പിച്ചപാത്രവും കൈകളിലേന്തി പോകാൻ തയ്യാറല്ലെന്നും' നെഹ്‌റു മറുപടി കൊടുത്തു. 'അത്തരം പ്രശ്നങ്ങൾ നാം തന്നെ പരിഹരിക്കണമെന്നും' അദ്ദേഹം പറഞ്ഞു. 

1954-ൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായ ഭക്രാനങ്കൽ നെഹ്‌റു ഉത്‌ഘാടനം ചെയ്തു. "ആധുനിക ഇന്ത്യയുടെ മഹത്തായ ഒരു പുണ്യസങ്കേതമെന്നാണ്" അദ്ദേഹം അണക്കെട്ടിനെ വിശേഷിപ്പിച്ചത്. വ്യവസായവൽക്കരണമാണ് ഇൻഡ്യയുടെ സാമ്പത്തിക പുരോഗതിക്ക് ആവശ്യമെന്നും അദ്ദേഹം വിശ്വസിച്ചു. എങ്കിൽ മാത്രമേ സ്വന്തം ജനതയുടെ അഭിവൃത്തിക്കൊപ്പം ലോക രാഷ്ട്രങ്ങളോടും മത്സരിക്കാൻ സാധിക്കുള്ളൂവെന്നും നെഹ്‌റു പറഞ്ഞു.     

നെഹ്‌റു ഒരു രാഷ്ട്രീയ ചിന്തകനുപരി ഒരു തത്ത്വചിന്തകനും കൂടിയായിരുന്നു. സ്വാതന്ത്ര്യത്തിനു മുമ്പും ഇന്ത്യയുടെ ഭാവിയെപ്പറ്റി ഗഹനമായി അദ്ദേഹം ചിന്തിക്കുമായിരുന്നു. അദ്ദേഹം ഗ്ലിമ്പ്സസ് ഓഫ് വേൾഡ് ഹിസ്റ്ററിയിൽ (glimpses of world history) എഴുതി, "സ്വാതന്ത്ര്യമെന്നു പറയുന്നത് നാം ബ്രിട്ടീഷ് കോളനിയിൽ നിന്ന് വിമുക്തി നേടുന്നതിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. തീർച്ചയായും നമുക്ക് സ്വാതന്ത്ര്യം വേണം. എന്നാൽ അതിൽ കൂടുതലായും നാം നേടേണ്ടതായുണ്ട്. ആദ്യം അകം വെടിപ്പാക്കണം. സമ്പൂർണ്ണമായ ദാരിദ്ര്യവും ജനങ്ങളുടെ കഷ്ടപ്പാടും നമ്മുടെ പുണ്യഭൂമിയിൽ നിന്നും ഇല്ലാതാക്കണം. താത്ത്വികനായ നെഹ്‌റുവിൽ വന്ന വൈകാരിക ഭാവങ്ങളെ താത്ത്വികമായും പ്രായാഗികമായും രാഷ്ട്രീയ ചിന്തകളിൽക്കൂടിയും പിന്നീട് അദ്ദേഹത്തിനു അഭിമുഖീകരിക്കേണ്ടി വന്നു.

മതം മനുഷ്യന്റെ പുരോഗതിയിൽ വളരെയേറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. നന്മയുടെയും മൂല്യതയുടെയും കാരണമായി മനുഷ്യരെ നയിച്ചിട്ടുണ്ട്. അതേ സമയം ഈ നന്മകൾക്കെല്ലാം ഉപരി സത്യത്തെ അതിന്റെ തടവറയിൽ ഒളിപ്പിച്ചും വെച്ചു. സത്യമെന്നത് ആരുടേയും കുത്തകയല്ലെന്ന് ശാസ്ത്രീയ ചിന്തകരും അറിയണം. ശാസ്ത്രീയ വീക്ഷണത്തോടെയായാലും മതമായാലും രണ്ടു തത്വങ്ങളും അപകടം പിടിച്ചതാണ്.

സത്യത്തെപ്പറ്റിയും അദ്ദേഹം തന്റെ ആത്മകഥയിൽ സൂചിപ്പിച്ചിട്ടുണ്ട്. എന്താണ് സത്യമെന്നുള്ളത്? പൗരാണിക കാലം മുതലുള്ള ചോദ്യമാണത്‌. ഓരോരുത്തരുടെയും ഭാവനകളിൽ ആയിരക്കണക്കിന് ഉത്തരങ്ങൾ ലഭിച്ചു കഴിഞ്ഞു. എങ്കിലും ആ ചോദ്യം ഇന്നും അവിടെയുണ്ട്. ചോദ്യങ്ങൾ സ്വയം ചോദിക്കുകയെന്നതാണ് അതിലേക്കുള്ള ശരിയായ വഴി. മറ്റുള്ളവരുടെ കാഴ്ചപ്പാടുകളെയും അംഗീകരിക്കണം. കാരണം സത്യമെന്നുള്ളത് അതിരില്ലാത്തതാണ്. സത്യത്തിലെ പൂർണ്ണതയുടെ അതിരിങ്കൽ നാം ഒരിക്കലും ചെന്നെത്തില്ല. നാം കണ്ടെത്താതിനെ കൈപ്പറ്റുവാൻ നിത്യം യാത്ര ചെയ്യുകയാണ്. ഭാരതത്തിന്റെ മഹാനായ ഈ പുത്രൻ തന്റെ അവസാന ശ്വാസം വരെയും ഇന്ത്യയുടെ ആത്മാവിനെ തേടിയുള്ള ഈ യാത്രയിലായിരുന്നു.


Dwight D. Eisenhower
Nehru with Krishna  on his right, Vijaya Lakshmi on his left, 






കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...