Tuesday, January 29, 2019

സിസ്റ്റർ ലൂസി കളപ്പുരക്കലിനെതിരെ സിനഡും ദീപികയും




ജോസഫ് പടന്നമാക്കൽ

ബിഷപ്പ് ഫ്രാങ്കോ ജയിൽ വിമുക്തനായപ്പോൾ അദ്ദേഹത്തിന് ജലന്ധറിൽ അതിവിപുലമായ സ്വീകരണമാണ് ഒരുക്കിയത്. പൂച്ചെണ്ടുകളുമായി കന്യാസ്ത്രികളും മറ്റു സ്ത്രീകളും പുരോഹിതരും അല്മായ ജനങ്ങളോടൊപ്പം സ്വീകരിക്കാൻ മുമ്പിലുണ്ടായിരുന്നു. എന്നാൽ പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ സ്ഥിതിഗതി അതി ദുഃഖകരമായിരുന്നു. സഭയ്ക്കുവേണ്ടി പീഡിപ്പിക്കപ്പെടുന്നവരെ വിശുദ്ധ പദവിലേക്ക് നാമകരണ ചടങ്ങുകൾ ആരംഭിക്കും. അതേസമയം,  സഭയിലെ പുരോഹിതരോ ബിഷപ്പോ സ്ത്രീകളെയോ കുട്ടികളെയോ പീഡിപ്പിച്ചാൽ ബലിയാടാവുന്നവരെ ചവുട്ടി താഴ്ത്തുകയും ചെയ്യും.  ബിഷപ്പ് ഫ്രാങ്കോയിൽനിന്ന് കന്യാസ്ത്രികൾക്കെതിരെ വന്ന പീഡന സംഭവങ്ങൾ അതിനുദാഹരണമാണ്. കത്തോലിക്ക സഭ പണിതീർത്തിരിക്കുന്നത് പുരുഷ മേധാവിത്വ ചിന്തകളിലാണ്. ഒരു പുരോഹിതനോ ബിഷപ്പോ തെറ്റുചെയ്താൽ കാനോൻ നിയമമനുസരിച്ച് അവരെ ശിക്ഷിക്കണമെങ്കിൽ പതിറ്റാണ്ടുകൾ വേണ്ടിവരും. പുരോഹിതരുടെ തെറ്റുകൾ ഒരു കന്യാസ്ത്രി ചൂണ്ടി കാണിച്ചാൽ സഭയ്ക്കു നേരെയുള്ള വെല്ലുവിളിയും ശത്രുതയുമായി കണക്കാക്കും. അനുസരണക്കേടിൻറെ പേരിൽ ശിക്ഷണ നടപടികൾ ഉടൻതന്നെ ഉണ്ടാവുകയും ചെയ്യും. ലോകത്തിന്റെ മുമ്പിൽ പുരോഹിതർ നിത്യം ബ്രഹ്മചാരികളായി ചമയും. ദാരിദ്ര്യം അനുസരണം വ്രതം മുതലായ നൂലാമാലകൾ കന്യാസ്ത്രികൾക്കു മാത്രമായി വിധിക്കപ്പെട്ടിരിക്കുന്നു. നിരവധി  പുരോഹിതരും ബിഷപ്പുമാരും ആഡംബര കാറുകളിൽ സഞ്ചരിക്കുന്നതൊന്നും ഇവർക്ക് പ്രശ്നമല്ല. സ്ത്രീത്വത്തെ ചവുട്ടി മെതിക്കുന്ന നയങ്ങളാണ് പുരോഹിതരും സഭയും കൈക്കൊണ്ടിരിക്കുന്നത്. സ്ത്രീയുടെ മാനം പോയാൽ അവർക്ക് പ്രശ്നമല്ല.

സിസ്റ്റർ ലൂസി കളപ്പുരയുടെ പേരിൽ സഭ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ കേട്ടാൽ വിസ്മയം തോന്നും. അവർ ചെയ്ത പാപങ്ങളുടെ ലിസ്റ്റിൽ അനുസരണക്കേടാണ് പൊന്തി നിൽക്കുന്നത്. എന്താണ് അവർ ചെയ്ത തെറ്റ്? നിരാലംബയായ ഒരു കന്യാസ്ത്രിയെ അഭിവന്ദ്യനെന്നു കരുതിയിരുന്ന ഒരു ബിഷപ്പ് ലൈംഗിക പീഡനം നടത്തിയപ്പോൾ സിസ്റ്റർ ലൂസി ഏതാനും കന്യാസ്ത്രികളോടൊപ്പം ഇരയായ കന്യാസ്ത്രിയെ പിന്താങ്ങി. മാനം നഷ്ടപ്പെട്ട കന്യാസ്ത്രിക്കു വേണ്ടി മറ്റു കന്യാസ്ത്രികൾ സമരം ചെയ്തപ്പോൾ അവരോടൊപ്പം ലൂസിയും സമര പന്തലിലുണ്ടായിരുന്നു. അവർ ചൂരിദാർ ധരിച്ചുകൊണ്ട് സ്ത്രീകളുടെ ഒരു പ്രകടനത്തിൽ പങ്കുകൊണ്ടതും സ്വന്തം ചിലവിൽ ഒരു കവിതാ  പുസ്തകം പ്രസിദ്ധീകരിച്ചതും സ്വന്തമായി കാറ് മേടിച്ചതും കുറ്റങ്ങളായിരുന്നു.  അദ്ധ്യാപിക എന്ന നിലയിൽ അവർ നേടിയ ശമ്പളം മുഴുവൻ കന്യാസ്ത്രി മഠം തട്ടിയെടുത്തതൊന്നും പാപമല്ല. ദരിദ്രയായി ജീവിക്കണമെന്നാണ് മഠം നിയമം. പുരോഹിതർക്കും ബിഷപ്പുമാർക്കും ആർഭാടമായി ജീവിക്കുകയും ചെയ്യാം.

ഇന്ത്യൻ ഭരണഘടനയേക്കാൾ വലുതാണോ പൗരാഹിത്യ കാനോൻ നിയമം! ഒരു സാധാരണ പൗരന് കൊടുക്കുന്ന അവകാശങ്ങൾ പോലും സ്ത്രീകൾക്കു നിഷേധിക്കുന്ന സഭയുടെ മേലാളന്മാർ സ്ത്രീത്വത്തെ ചവുട്ടി മെതിക്കാൻ ശ്രമിക്കുന്നു.  മഠത്തിനുള്ളിൽ തന്നെ ദുഷിച്ച മാമൂലുകളെയെതിർക്കുന്ന  സ്ത്രീകൾക്കെതിരെയുള്ള  കുത്തുവാക്കുകൾ ധാരാളം.  അച്ചടക്കം ലംഘിച്ചെന്ന കുറ്റാരോപണങ്ങൾ ചാർത്തി ലൂസിയോട് സഹകന്യാസ്ത്രികൾ നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുന്നു. കൂട്ടത്തിലുള്ള മറ്റു കന്യാസ്ത്രികൾ അവരോട് സംസാരിക്കില്ല.  അതൊന്നും ലൂസി വകവെക്കാതെ എന്തും കൽപ്പിച്ചു തന്നെ ശക്തമായ പ്രതികരണങ്ങളോടെ പോരാട്ടം നടത്തുന്നു. 'ഇന്നിന്റേയും നാളയുടെയും സന്യസ്തരായ  ആയിരക്കണക്കിന് കന്യാസ്ത്രികൾക്കുവേണ്ടിയുമാണ് താൻ ഒറ്റയാൻ യുദ്ധം നടത്തുന്നതെന്നും' അവർ പറഞ്ഞു. 'ഒന്നുമറിയാത്ത പ്രായത്തിൽ സർവ്വതുമുപേക്ഷിച്ച്, മാതാപിതാക്കളെയും ത്യജിച്ച് മഠത്തിൽ വന്നെത്തുന്ന ഒരു കുട്ടിയും ഇനിമേൽ മഠം ക്രൂരതകൾ അനുഭവിക്കാൻ ഇടയാകരുതെന്നും' ലൂസിയാഗ്രഹിക്കുന്നു.

പുരോഹിതർ കാണിക്കുന്ന സകല വൃത്തികേടുകൾക്കും കുടപിടിച്ചുകൊണ്ട് ഒപ്പം കന്യാസ്ത്രികളും നിൽക്കണം. പതിന്നാലുകാരിയിൽ അവിഹിത ഗർഭമുണ്ടാക്കിയ പുരോഹിതൻ റോബിനെവരെ സഭ സംരക്ഷിക്കുന്നു. രക്ഷിക്കാൻ ശ്രമിക്കുന്നു. അയാളുടെ കുഞ്ഞിന്റെ പിതൃത്വം പീഡിപ്പിക്കപ്പെട്ട പതിനാലുകാരിയുടെ പിതാവിന്റെ മേലും ചുമത്താൻ ശ്രമിച്ചു. റോബിനച്ചനുവേണ്ടി  കുട പിടിക്കാൻ ഹോസ്പിറ്റലിലെ ഡോക്ടറായ കന്യാസ്ത്രി മുതൽ നിരവധി മറ്റു കന്യാസ്ത്രികളുമുണ്ടായിരുന്നു. പുരോഹിതരെന്തു പറഞ്ഞാലും അല്മെനികളും കന്യാസ്ത്രികളും 'അതേയതേയച്ചോ, തിരുമേനി, പിതാവേ' എന്നെല്ലാം ഉരുവിട്ടുകൊണ്ടു അവരുടെ മുമ്പിൽ കുമ്പിട്ടു നിൽക്കണമെന്നുള്ള ധാരണകളുണ്ട്. കാലം മാറിയത് പുരോഹിത ലോകം അറിയുന്നില്ല. ഇന്ന് പ്രൈമറി സ്‌കൂളിൽ പഠിക്കുന്ന ഒരു കൊച്ചുകുട്ടിക്കുപോലും വിവരവും വിദ്യാഭ്യാസവുമുണ്ട്. എന്നാൽ അത്തരം വിവര സാങ്കേതിക വിദ്യകളെ തടസപ്പെടുത്തുന്ന തീരുമാനങ്ങളാണ് കേരളത്തിലെ ബിഷപ്പ് സംഘടനകൾ ഏറ്റെടുത്തിരിക്കുന്നത്. അന്യന്റെ വിയർപ്പിന്റെ മുതലുകൊണ്ടു ആഡംബര കാറിൽ സഞ്ചരിക്കുന്ന പുരോഹിതർ ഒരു കന്യാസ്ത്രി ചെറിയൊരു കാർ സ്വന്തമായ പണം കൊണ്ട് മേടിച്ചതിനു കുറ്റപ്പെടുത്തുന്നു. സഭയുടെ ചിന്തകൾ എത്രമാത്രം ഇടുങ്ങിയതും വൈവിദ്ധ്യങ്ങളെന്നും ചിന്തിക്കൂ!

സഭയുടെ അകത്തളത്തിലുള്ള അധർമ്മങ്ങളെ ലൂസി പുറം ലോകത്തെ അറിയിച്ചപ്പോൾ സഭയും മറ്റു കന്യാസ്ത്രികളും അവരെ തേജോവധം ചെയ്യാൻ തുടങ്ങി. അവർ സഭയ്ക്കു നാണക്കേടുണ്ടാക്കിയെന്ന ആരോപണങ്ങളും ഉന്നയിച്ചു. കേരളമെന്നു പറയുന്നത് ഇന്ത്യയിലെ തന്നെ സാംസ്‌കാരികമായി ഉയർന്ന സംസ്ഥാനമാണ്. നൂറു കണക്കിന് പുരോഹിതർ ഇവിടെ പുസ്തകങ്ങളെഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലൂസി പുസ്തകം പ്രസിദ്ധീകരിച്ചത് സഭയുടെ അനുവാദമില്ലാതെയാണുപോലും! ഉള്ളൂർ മഹാകവി പോലും പാടി പുകഴ്ത്തിയ കവിയായ 'സിസ്റ്റർ ബനീഞ്ഞ', ലൂസി സിസ്റ്ററിന്റെ ആന്റിയായിരുന്നു. അമ്പതുകൊല്ലം മുമ്പുപോലും കഥയും കവിതകളും എഴുതാൻ കന്യാസ്ത്രികൾക്ക് വിലക്കില്ലായിരുന്നു. സിസ്റ്റർ ലൂസിയെ സഭയിൽനിന്നു പുറത്താക്കാനായി അല്ലെങ്കിൽ സ്വയം പിരിഞ്ഞുപോവുന്നതിനായി അവരെ പരമാവധി പീഡിപ്പിക്കുന്നുവെന്നതാണ് സത്യം. നഷ്ടപരിഹാരങ്ങൾ കൊടുക്കാതെ വെറും കയ്യോടെ സഭയ്ക്കുള്ളിൽനിന്നും പുറത്തു ചാടിക്കാനുള്ള തന്ത്രങ്ങളാണ് നെയ്തു കൊണ്ടിരിക്കുന്നത്. തെറ്റു ചെയ്യാതെ ധരിച്ചിരിക്കുന്ന കുപ്പായം ഊരുന്ന പ്രശ്നമില്ലെന്ന് ലൂസി തുറന്നു പറഞ്ഞു.

ചൂരിദാറിടുന്ന കാര്യങ്ങളെ സംബന്ധിച്ചും സിസ്റ്റർ ലൂസി വിശദീകരിക്കുന്നുണ്ട്. ലൂസി ഒരു വർഷത്തോളം സഭാ കോഴ്‌സിന് പഠിക്കുന്ന സമയം മഠം തന്നെ അവർക്ക് ചൂരിദാർ മേടിച്ചു  കൊടുത്തിരുന്നു. അവിടെ മറ്റു സഹോദരികളുമൊത്ത് ചൂരിദാറും ധരിച്ചുകൊണ്ടായിരുന്നു ക്‌ളാസിൽ പോയിരുന്നത്. യോഗ പരിശീലിക്കുമ്പോഴും കായിക പരിപാടികളിൽ പങ്കെടുക്കുമ്പോഴും കലാപരിപാടികളിൽ സംബന്ധിക്കുമ്പോഴും ചൂരിദാർ തന്നെയായിരുന്നു വേഷം. അന്ന് ക്‌ളാസുകളിൽ പുരോഹിതരുമുണ്ടായിരുന്നു. ഇതൊന്നും സാധാരണ ആഡംബര വസ്ത്രങ്ങളായി കണക്കാക്കാൻ സാധിക്കില്ല. ഒരു സ്ത്രീ സാധാരണയായി ധരിക്കുന്ന വേഷങ്ങളാണ്.

പീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ച കന്യാസ്ത്രിയെ ഇന്ന് കൂട്ടമായി മറ്റു കന്യാസ്ത്രികൾ ഒറ്റപ്പെടുത്തിയിരിക്കുന്നപോലെയുള്ള അനുഭവങ്ങളാണ് ലൂസി ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. മറ്റു കന്യാസ്ത്രികൾ ആരും അവരോട് സംസാരിക്കുകയില്ല. ഭക്ഷണ മുറികളിലും ആരാധന സമയത്തും അവർ ലൂസിയിൽനിന്നും അകന്നു നിൽക്കാൻ ആഗ്രഹിക്കുന്നു. അധികാരികളുടെ ശാസനകൾക്ക് വിധേയമാകുമെന്നു കൂടെയുള്ള കന്യാസ്ത്രികൾ ഭയപ്പെടുന്നുണ്ടാകാം.

ലൂസി ചോദിക്കുന്നു, "പുരോഹിതർ തങ്ങളുടെമേൽ കാണിക്കുന്ന സകല വൃത്തികേടുകളും പീഡനങ്ങളും ഞങ്ങൾ സഹിക്കണോ! അതിനെ ചോദ്യം ചെയ്‌താൽ അതെങ്ങനെ  അനുസരണക്കേടാകും? 'പവിത്രമായ കുപ്പായത്തിനുള്ളിൽ പിശാചിനെപ്പോലെ പെരുമാറുന്ന പുരോഹിത വർഗത്തിന്റെ മുമ്പിൽ കന്യാസ്ത്രികൾ അടിമകളെപ്പോലെ എന്തിനു കഴിയണം? പുരോഹിതർ കാണിക്കുന്ന വൃത്തികേടുകൾക്കെല്ലാം കന്യാസ്ത്രികൾ കുടപിടിക്കുന്നതെന്തിന്? തരം കിട്ടുമ്പോൾ അവർ തങ്ങളുടെ കന്യാകത്വം നഷ്ടപ്പെടുത്താൻ ശ്രമിക്കും."

ബിഷപ്പ് ഫ്രാങ്കോയുടെ ലൈംഗിക ചൂഷണങ്ങൾക്കെതിരെ കന്യാസ്ത്രികൾ സമരത്തിൽ പങ്കെടുക്കുകയും സിസ്റ്റർ ലൂസി ചൂരിദാർ ധരിക്കുകയും ചെയ്തത് അച്ചടക്ക ലംഘനമായി ദീപികയുടെ മുഖപ്രസംഗത്തിൽ എഴുതിയിരിക്കുന്നു. 'കത്തോലിക്ക സന്യാസം വീണ്ടും അപഹസിക്കപ്പെടുമ്പോള്‍’ എന്ന  ലേഖനത്തിൽക്കൂടിയാണ് വാസ്തവ വിരുദ്ധങ്ങളായ വ്യക്തിഹത്യ നടത്തിയിരിക്കുന്നത്.  മാനന്തവാടി രൂപത വികാരിയായ ഫാദർ നോബിൾ പാറയ്ക്കലാണ്' ലേഖന കർത്താവ്!  പുരോഹിതരെപ്പോലെ ജീവിക്കാൻ കന്യാസ്ത്രികൾക്ക് ആകില്ലെന്നും അത് വ്രതങ്ങളുടെ ലംഘനമെന്നും ലേഖനത്തിൽ പറഞ്ഞിട്ടുണ്ട്.  ലൂസി കത്തോലിക്കാ സഭയെ അപഹസിക്കാനുള്ള പുറപ്പാടിലെന്നാണ് നോബിൾ പാറക്കൽ എഴുതിയിരിക്കുന്നത്. ലേഖനത്തിലെ ആരോപണങ്ങളും ശ്രദ്ധേയമാണ്. '2015-ൽ സിസ്റ്റർ ലൂസിക്ക് മദർ സുപ്പീരിയർ നൽകിയ സ്ഥലമാറ്റം അവർ അംഗീകരിച്ചില്ലെന്നും സഭയുടെ അനുവാദമില്ലാതെ ഒരു കവിതാ പുസ്തകം പ്രസിദ്ധീകരിച്ചെന്നും കാർ ഓടിക്കാൻ പഠിച്ചെന്നും ഡ്രൈവിങ് ലൈസൻസെടുത്ത് ഒരു കാർ വാങ്ങിയെന്നുമാണ് കുറ്റങ്ങൾ. സിസ്റ്റർ ലൂസിയോട് വിശദീകരണങ്ങൾ നൽകാനും മദർ സുപ്പീരിയറിന്റെ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.' സത്യമല്ലാത്ത കാര്യങ്ങൾ പ്രസംഗിക്കുകയും ചരിത്രം എഴുതുകയും കള്ളങ്ങൾ മാത്രം പ്രചരിപ്പിക്കുകയും ചെയ്യുകയെന്നത് ഒരു സാധാരണ പുരോഹിതന്റെ നിത്യ പതിവുകളാണ്. അസത്യത്തെ വളച്ചൊടിച്ചു സത്യമാക്കി അവർ വിശ്വാസികളുടെ തലയിൽ ചാർത്തും. ഇഷ്ടമില്ലാത്തവരെ അപഹസിക്കാൻ  സാമൂഹിക്ക മാധ്യമങ്ങൾ കരുവാക്കും. പ്രത്യേകിച്ച്  നിഷ്കളങ്കരായവരെ തേജോവധം ചെയ്യുന്ന പുരോഹിതർക്ക് ചുക്കാൻ പിടിക്കാൻ ദീപിക പത്രവുമുണ്ട്.

സിസ്റ്റർ ലൂസിയുടെ വാക്കുകൾ ഇങ്ങനെ "ഒരാളുടെ പ്രസക്തി അളക്കുന്നത് വസ്ത്രധാരണത്തിൽ കൂടിയോ? തിരുവസ്ത്രമണിഞ്ഞുകൊണ്ട് പാവപ്പെട്ട പെൺകുട്ടികളെ പീഡിപ്പിക്കുന്ന പുരോഹിത വർഗം വിശുദ്ധിയുടെ കാവൽക്കാരോ?" കർമ്മ മാർഗ്ഗേണ ഒരുവന്റെ വിശുദ്ധി പ്രകടിപ്പിക്കുന്നതിനു പകരം ആൺപെൺ വിത്യാസമില്ലാതെ കൊച്ചുകുട്ടികളെവരെ കുപ്പായത്തിനുള്ളിൽ നിന്നുകൊണ്ട് പുരോഹിത വർഗം പീഡിപ്പിക്കുന്ന വാർത്തകളാണ് ലോകമാകമാനം കേൾക്കുന്നത്. യൂറോപ്പിലും അമേരിക്കയിലും ബില്യൺ കണക്കിന് ഡോളർ സഭ നഷ്ടപരിഹാരമായി കൊടുത്തുകൊണ്ടിരിക്കുന്നു. കേരളത്തിൽ നടക്കുന്ന പീഡനങ്ങളെല്ലാം ഒളിച്ചു വെക്കും. സ്വാധീനത്തിന്റെ മറവിൽ കേസുകളില്ലാതെയാക്കും. ഭീഷണികൾ മുഴക്കി ബലഹീനരെയും സ്ത്രീകളെയും ഒതുക്കും.

പുരോഹിതർക്ക് ബ്രഹ്മചര്യം നിർബന്ധമില്ലെന്നും ദീപികയിൽ നോബിൾ പാറക്കൽ  അഭിപ്രായപ്പെട്ടിട്ടുണ്ട്. സഭയുടെ താത്ത്വികമായ ഈ നിലപാടിന്റെ വെളിച്ചത്തിൽ റോബിനച്ചനും ഫ്രാങ്കോയ്ക്കും വ്യപിചാരം തുടരാമെന്നുള്ള ധ്വാനിയും ലേഖനത്തിൽക്കൂടി വ്യക്തവുമാണ്. അതായിരിക്കാം സഭ ഫ്രാങ്കോയുടെയും റോബിൻറെയും പേരിൽ മൗനം പാലിക്കുന്നത്. ബ്രഹ്മചര്യവ്രതം വളരെ കുറച്ചു പുരോഹിതർ മാത്രം കാത്തു സൂക്ഷിക്കുന്നതും സഭയുടെ പാരമ്പര്യവിശ്വാസമോ?

ദീപികയിലെ ലേഖനത്തിൽക്കൂടി സിസ്റ്ററെ അധിക്ഷേപിച്ച ഈ പുരോഹിതൻ കുറെ നാളായി അവർക്കെതിരെ ആരോപണം ഉന്നയിക്കുന്നുണ്ടായിരുന്നു. 'ഒരു കുടുംബത്തിൽ ഒരു അംഗം ദു:ഖിതയാകുമ്പോൾ കുടുംബത്തിലുള്ള മറ്റുള്ളവരും ദുഃഖത്തിൽ പങ്കു ചേരാറുണ്ട്. അതുപോലെ താനും പീഢിതയായ ഒരു സഹോദരിയുടെ ദുഃഖത്തിൽ പങ്കുചേർന്നു. വാസ്തവത്തിൽ അവരുടെ ദുഖങ്ങളിൽ പങ്കുചേരാത്തവരാണ് കുറ്റക്കാരിയെന്നും' ലൂസി പറഞ്ഞു. എന്തുകൊണ്ട് മഠത്തിലുള്ള മറ്റു  കന്യാസ്ത്രികൾ സിസ്റ്ററെ രക്ഷിക്കാൻ വന്നെത്തിയില്ല? ബ്രഹ്മചര്യം നിർബന്ധമില്ലെന്ന് പറയുന്ന ഈ വൈദികൻ വിവാഹിതനാവാത്തത് എന്തുകൊണ്ടെന്നും സ്വയം ആത്മ പരിശോധന നടത്തുന്നതു  നന്നായിരിക്കും.

റോമൻ കത്തോലിക്കാ പുരോഹിതർ ബ്രഹ്മചരികളായിരിക്കണമെന്ന്' പ്രത്യേകമായ ഒരു നിയമം സഭയ്ക്കില്ല. ശരി തന്നെ. എങ്കിലും സഭയെ നയിച്ച മാർപാപ്പാമാർ എല്ലാവരും തന്നെ പുരോഹിതർ ബ്രഹ്മചര്യം പാലിക്കണമെന്ന നിയമം കർശനമായി പുലർത്തുന്നവരായിരുന്നു. പോൾ ആറാമൻ, ജോൺ പോൾ 2, ബെനഡിക്റ്റ് മാർപാപ്പ മുതൽപേർ പുരോഹിതരിൽ ബ്രഹ്മചര്യം നിഷ്ക്കർഷിച്ചിരുന്നു.   പശ്ചിമേഷ്യൻ സന്ദർശനത്തിനു ശേഷം ഫ്രാൻസീസ് മാർപാപ്പാ തന്നെ ബ്രഹ്മചര്യത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്. 'പുരോഹിതർ ബ്രഹ്മചരികളായിരിക്കണമെന്നുള്ള കീഴ്വഴക്കം സഭയ്ക്ക് എന്നുവേണമെങ്കിലും മാറ്റാനുള്ളതേയുള്ളൂവെന്നും' ഫ്രാൻസീസ് മാർപാപ്പാ പറഞ്ഞു. എങ്കിലും ബ്രഹ്മചര്യത്തെ മാർപാപ്പാ അഭിനന്ദിക്കുന്നുമുണ്ട്. 'ബ്രഹ്മചര്യമെന്നത് ഒരു പുരോഹിതൻ സഭയ്ക്ക് കൊടുക്കുന്ന സമ്മാനമെന്നും അത് പുരോഹിത ജീവിതത്തിൽ പാലിക്കേണ്ട ഒരു നിയമമെന്നും' അദ്ദേഹം പറഞ്ഞു. മാറ്റങ്ങൾക്കായി സഭ കാത്തിരിക്കുന്നു. ഇതേ അഭിപ്രായം തന്നെ പുരോഹിതരുടെ ബ്രഹ്മചര്യത്തെപ്പറ്റി ഇതിനുമുമ്പും മാർപാപ്പ സംസാരിച്ചിട്ടുണ്ട്. 'പുരോഹിതർക്ക് വിവാഹം കഴിക്കാമെന്നുള്ള ഒരു വ്യവസ്ഥിതിക്കുവേണ്ടി, ഭാവിയിലെ മാറ്റങ്ങൾക്കായി സഭയുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നു' മാർപാപ്പാ പറഞ്ഞു. ക്രിസ്തുവിനെപ്പോലെ ബ്രഹ്മചരിയായി ജീവിക്കണമെന്നാണ് സഭ ഉദ്ദേശിക്കുന്നത്. ബ്രഹ്മചര്യം എടുത്തു കളഞ്ഞാൽ പുരോഹിതരുടെ അന്തസ് ഇടിഞ്ഞു പോവുമെന്നും ഭയപ്പെടുന്നു.

ലോകം മുഴുവൻ പുരോഹിത ക്ഷാമമുണ്ട്. വിവാഹിതരെ പുരോഹിതരാക്കുന്നുവെങ്കിൽ സഭയിലുള്ള പുരോഹിത ക്ഷാമം പരിഹരിക്കാൻ സാധിക്കുമായിരുന്നു. ക്രിസ്തുമതത്തിന്റെ മദ്ധ്യകാലങ്ങൾ വരെ പുരോഹിതർ വിവാഹിതരായിരുന്നു. എന്നാൽ പൗരാഹിത്യം സ്വീകരിച്ച ശേഷം വിവാഹം പാടില്ലായിരുന്നു. അതുപോലെ ഭാര്യ മരിച്ച ഒരു പുരോഹിതന് പുനർവിവാഹം അനുവദനീയമായിരുന്നില്ല. പതിനാറാം നൂറ്റാണ്ടിനുശേഷമാണ് ലാറ്റിൻ സഭയിൽ ബ്രഹ്മചര്യം നിർബന്ധമാക്കിയത്. ഇന്നും കത്തോലിക്കാ സഭയിൽ രണ്ടു ശതമാനത്തോളം വിവാഹിതരായ പുരോഹിതരുണ്ട്. അവരെല്ലാം റോമുമായി സഹകരിച്ചു പ്രവർത്തിക്കുന്നു. അവരിൽ പൗരസ്ത്യ സഭകളായ ഓർത്തോഡോക്സ് കത്തോലിക്കരുമുണ്ട്. 1980 നു ശേഷം വിവാഹിതരായ പ്രൊട്ടസ്റ്റന്റ് പുരോഹിതരും കത്തോലിക്കാ സഭയിൽ ചേർന്നിരുന്നു. സ്ത്രീകൾക്ക് പ്രൊട്ടസ്റ്റന്റ് സഭയിൽ പൗരാഹിത്യം അനുവദിച്ചതിലുള്ള പ്രതിക്ഷേധം കൊണ്ടായിരുന്നു അവർ കത്തോലിക്കാ സഭയിൽ ചെക്കേറിയത്. രണ്ടാം വത്തിക്കാൻ കൗൺസിലിൽ പുരോഹിതർക്ക് വിവാഹം കഴിക്കാമെന്ന് ചർച്ച വന്നപ്പോൾ അത്തരം നിലപാടുകളിൽ എതിർക്കുന്ന ചിന്തകളാണ് മാർപ്പാമാർക്കുണ്ടായിരുന്നത്. പോൾ ആറാമൻ, ജോൺ പോൾ രണ്ടാമൻ, ബെനഡിക്ക് പതിനാറാമൻ മാർപാപ്പാമാർ എല്ലാവരും തന്നെ വിവാഹിതരായവർക്ക് പൗരാഹിത്യം കൊടുക്കുന്നതിൽ എതിർത്തിരുന്നു.

2019 ജനുവരി ഏഴുമുതൽ ജനുവരി പതിനെട്ടു വരെയുള്ള ദിവസങ്ങളിൽ കേരളത്തിലെ 52 മെത്രാന്മാർ ഒന്നിച്ച് സീറോ മലബാർ സഭയുടെ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടിലുള്ള കെട്ടിടത്തിൽവെച്ച് സിനഡ് കൂടിയിരുന്നു. സിനഡിൽ പാസായ തീരുമാനങ്ങൾ ഇടയ ലേഖനമായി കേരളത്തിലുള്ള പള്ളികളിൽ വായിക്കുകയും ചെയ്തു. വാസ്തവത്തിൽ മനുഷ്യാവകാശങ്ങളെ ധ്വംസിക്കുന്ന രീതിയിലായിരുന്നു ഇടയലേഖനം. അടുത്തകാലത്തെ സഭയിലെ ഭൂമിയിടപാടു ക്രമക്കേടുകൾ സീറോ മലബാറിൽ തലപ്പത്തിരിക്കുന്നവരെ ഞെട്ടിച്ചിരുന്നു. കേരളത്തിലെ പത്ര മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയാകളും വിവാദപരമായ ഭൂമിയിടപാടിലിനെപ്പറ്റി വ്യത്യസ്തമായ നിരവധി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. അത് സഭയ്ക്ക് അപമാനവും പല വാർത്തകളും സഭയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുമായിരുന്നു. സഭയുടെ വിഷയങ്ങളുമായി പരസ്യ പ്രസ്താവങ്ങൾ നടത്തുന്നതിൽ നിന്നും വിട്ടു നിൽക്കണമെന്ന് അഭ്യത്ഥിച്ചിട്ടുണ്ട്. അതുപോലെ മാദ്ധ്യമങ്ങളിൽ ദുഷ്പ്രചരണം നടത്തുന്നവരിൽ നിന്നും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. സമീപകാലത്ത് ചില വൈദികരും കന്യാസ്ത്രികളും നടത്തിയ പരസ്യ പ്രസ്താവനകൾ സഭയുടെ അന്തസ്സിന് കോട്ടം തട്ടിയതായി വിലയിരുത്തി. അവർ സഭാ വിരുദ്ധരുടെ പാവകളായോ സജീവ സഹകാരികളായോ മാറുന്നതായി സഭയ്ക്ക് തോന്നി.

അച്ചടക്കം ലംഘിക്കുന്ന വ്യക്തികൾക്ക് 'കാരണം കാണിക്കൽ നോട്ടീസ്' കൊടുക്കാനും വിശദീകരണം തൃപ്തികരമല്ലെങ്കിൽ നിയമാനുസ്രതമായ നടപടികൾ സ്വീകരിക്കാനും സിനഡ് തീരുമാനിച്ചു. സഭയെയും സഭാധ്യക്ഷന്മാരെയും നിരന്തരം അപമാനിക്കുന്ന ചില ഓൺലൈൻ പത്രങ്ങൾക്കെതിരെയും വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുന്നവർക്കെതിരെയും ജാഗ്രത പുലർത്താനും സിനഡ് ആവശ്യപ്പെട്ടു. സഭ നിർദേശിക്കുന്ന മാദ്ധ്യമങ്ങളിൽക്കൂടി മാത്രമേ സഭാപരമായ കാര്യങ്ങൾ ചർച്ച ചെയ്യാവൂയെന്നും തീരുമാനമെടുത്തു. സഭയുടെ വക്താക്കളല്ലാത്തവരുടെ വാർത്തകൾ ആരും തെറ്റി ധരിക്കരുതെന്നും നിർദേശിച്ചു. ചാനൽ ചർച്ചകളിലും അഭിമുഖങ്ങളിലും സംബന്ധിക്കാൻ രൂപതാ അദ്ധ്യക്ഷന്റെ അനുവാദവും ആവശ്യമാണ്. പൊതുസമരങ്ങളിലും പ്രകടനങ്ങളിലും പങ്കെടുക്കുന്ന പുരോഹിതരും സന്യസ്തരും കാനോനിക നിയമം ലംഘിക്കുന്നു. ഇക്കാര്യത്തിൽ വരുത്തുന്ന വീഴ്ച അച്ചടക്ക ലംഘനമായി കരുതുമെന്നും ഇടയലേഖനത്തിലുണ്ട്. സഭയിലെ എന്തെങ്കിലും ആശയത്തിന്റെ പേരിലോ വ്യക്തിയുടെ പേരിലോ വിഭാഗിയത സൃഷ്ടിക്കുന്നവരും ചേരി തിരിഞ്ഞു ആരോപണം ഉന്നയിക്കുന്നവരും അച്ചടക്ക ലംഘനത്തിനു വിധേയമായിരിക്കുമെന്നും ഇടയലേഖനം  ചൂണ്ടികാണിക്കുന്നു. അവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും സിനഡ് തീരുമാനിച്ചു. ചില സംഘടനകൾ സഭയുടെ സ്വത്തുക്കൾ സർക്കാരിനെ ഏൽപ്പിക്കണമെന്ന് വാദിക്കുന്നു. അത്തരക്കാരുടെ ആവശ്യങ്ങളെ സിനഡ് പൂർണ്ണമായി തള്ളിക്കളഞ്ഞുവെന്നും ലേഖനത്തിലുണ്ട്. ഔദ്യോഗിക സംഘടനയെന്നു തോന്നത്തക്ക വിധം ചിലർ സംഘടനകൾക്ക് പേരുകൾ നൽകി സഭാമക്കളെ തെറ്റി ധരിപ്പിക്കുന്നുണ്ട്. സഭാ വിരുദ്ധത നടത്തുന്ന അത്തരം വ്യക്തികളെയും സംഘടനകളെയും തിരിച്ചറിഞ്ഞു ജാഗ്രത പുലർത്തണമെന്നും സിനഡ് നിർദേശിച്ചു.

പുരോഹിത ലോകം സ്മാർട്ട് ഫോണുകൾ വഴിയും സോഷ്യൽ മീഡിയ വഴിയും വിവരങ്ങൾ ലോകം മുഴുവൻ അറിയിക്കുന്നു. ഫാദർ നോബിൾ പാറക്കലിന്റെ നിരവധി വീഡിയോകൾ നെറ്റ്‌വർക്കിൽ കാണാം. പുരോഹിത വേഷത്തിലും അല്ലാതെയും അദ്ദേഹം ചാനലുകാരോടൊപ്പം ഇരിക്കാറുണ്ട്. അതിനൊന്നും ആരും പരാതിയുമായി മുമ്പോട്ട് വരുന്നതു കാണുന്നില്ല. ലോകം മുഴുവൻ സ്മാർട്ട് ഫോണും കൊണ്ട് നടക്കുന്ന സമയത്താണ് പഴഞ്ചൻ കാലത്തേക്ക് കന്യാസ്ത്രികൾ പോവണമെന്നു സഭ നിർദേശിക്കുന്നത്. ചിലർക്കു മാത്രം ടെക്കനോളജിക്കൽ സൗകര്യങ്ങൾ ഉപയോഗിക്കാമെന്നുള്ള സഭയുടെ നിയമം തീർത്തും വിവേചനമാണ്. വിചിത്രവുമായിരിക്കുന്നു.

സിനഡിന്റെ തീരുമാനങ്ങൾക്കു വില നൽകില്ലെന്നും അനീതിക്കെതിരെ ശബ്ദം ഉയർത്തുമെന്നും എതിർപ്പുകൾ പ്രകടിപ്പിച്ചുകൊണ്ട് ചില വൈദികർ പ്രസ്താവനകളിറക്കിയിട്ടുണ്ട്. വിരലിൽ എണ്ണാവുന്ന വൈദികരുടെയും വിശ്വാസികളുടെയും പ്രവർത്തികൾ പോലും സഭ ഭയപ്പെടുന്നു. സഭാംഗങ്ങളായ കന്യാസ്ത്രികൾക്ക് നീതി കിട്ടാനുള്ള അവകാശങ്ങൾ വരെ ഇടയലേഖനം വഴി തടയാനുള്ള ശ്രമത്തിലാണ് കെസിബിസി സംഘടന. നീതിക്കായി പൊരുതുന്ന കന്യാസ്ത്രികളും ഏതാനും പുരോഹിതരും സമരത്തിൽ പങ്കെടുത്താൽ വിശ്വാസം ഇടിഞ്ഞുപോകുമെന്നും ഇവർ ഭയപ്പെടുന്നു. ക്രിസ്തുവിന്റെ കാലത്ത് കാനോനിക നിയമങ്ങൾ ഉണ്ടായിരുന്നില്ല. ക്രിസ്തുവിന്റെ വാക്കുകൾ ശ്രവിക്കുന്നതിനുപകരം കാനോനിക നിയമങ്ങളോ സിനഡ് തീരുമാനങ്ങളോ അനുസരിച്ച് ഒരുവൻ ജീവിക്കണമോയെന്ന ചോദ്യങ്ങളും ഉയർന്നു വന്നിരിക്കുന്നു.

സിസ്റ്റർ ലൂസി തനിക്കെതിരെ മദർ സുപ്പീരിയർ നൽകിയ ആരോപണങ്ങളെ പാടെ തള്ളിക്കളഞ്ഞു.  ജീവിതം മുഴുവൻ സാമൂഹിക പ്രവർത്തനങ്ങൾക്കായി അടിയറ വെച്ച അവർ  തന്റെ ജോലി ഭാരത്തിന് അൽപ്പം അയവു വരുത്താൻ ഒരു കാർ മേടിച്ചതിൽ സഭക്ക് പിടിച്ചിട്ടില്ല. സിസ്റ്റർ പ്രസിദ്ധീകരിച്ചത് ക്രൈസ്തവ മൂല്യങ്ങൾ നിറഞ്ഞ ഒരു പുസ്തകമായിരുന്നു. അതെങ്ങനെ കുറ്റമാകുമെന്ന് അവർ ചോദിക്കുന്നു. പുസ്തകം പ്രസിദ്ധീകരിക്കാനായി അനുവാദം ചോദിച്ചപ്പോൾ മഠം അനുവദിച്ചില്ല. ഇവിടെ കുറ്റക്കാർ മഠം ആണെന്ന് സിസ്റ്റർ പറയുന്നു. സാങ്കേതിക വിദ്യ അങ്ങേയറ്റം പുരോഗമിച്ച ഒരു ലോകത്ത് ഡ്രൈവിങ്ങ് ലൈസൻസ് എടുക്കുന്നത് എങ്ങനെ തെറ്റാകും? ഇതെല്ലാം കുറ്റമാക്കി അവരുടെ മേൽ പീഡനങ്ങൾ തൊടുത്തുവിടുന്ന സഭയുടെ നയങ്ങളെയും മനസിലാകുന്നില്ല. 'കുറ്റം ചെയ്യാത്ത ഒരാൾ മനഃപൂർവം കുറ്റമാണെന്ന് ആരോപിക്കുമ്പോൾ അവരോട് വിശദീകരണം നൽകാൻ താല്പര്യമില്ലെന്നും' സിസ്റ്റർ പറഞ്ഞു.

സഭയുടെ ചരിത്രം തെറ്റുകളുടെ കൂമ്പാരം കൊണ്ട് മൂടപ്പെട്ടിരിക്കുകയാണ്. അതെല്ലാം മറച്ചുവെച്ചുകൊണ്ട് തെറ്റ് ചെയ്യാത്ത ഈ സഹോദരിയെ ശിക്ഷിക്കാനാണ് സഭയുടെ ഭാവമെങ്കിൽ അവർ ഒരിക്കലും തളരുകയില്ലെന്നും പറഞ്ഞു. നീതിക്കായുള്ള ഈ പോരാട്ടങ്ങൾ കന്യാസ്ത്രികൾക്കു സമൂഹത്തിന്റെ മുമ്പിൽ ഭാവിയിലും മാന്യതയോടെ ജീവിക്കാനുള്ള വഴികളൊരുക്കുമെന്നു  കരുതുന്നു. വൈദികരും കന്യാസ്ത്രികളും തെറ്റുചെയ്താൽ സഭയ്ക്ക് പ്രശ്നമില്ല. ബ്രഹ്മചര്യം തെറ്റിച്ചാലും കുഴപ്പമില്ല. പൊതുജനം അറിയാതെ രഹസ്യമായിരിക്കണമെന്ന് മാത്രം. സിസ്റ്റർ പറയുന്നു, "അനീതിക്കെതിരെ പ്രതികരിക്കരുതെന്ന് യേശു ക്രിസ്തു പറഞ്ഞിട്ടില്ല. അധികാര വർഗത്തിനെതിരെ യേശു ക്രിസ്തു പ്രതികരിച്ചിരുന്നു. യേശുവിന്റെ പ്രബോധനങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് താനിന്നുവരെ ജീവിച്ചിരുന്നതെന്നും ദൈവ സന്നിധിയിൽ ചെയ്ത പ്രതിജ്ഞ പാലിക്കുമെന്നും" അവർ  വെളിപ്പെടുത്തി.








Fr. Nobil Parackal 


Thursday, January 24, 2019

അരവിന്ദ് കെജ്രിവാളിന്റെ രാഷ്ട്രീയ ചരിത്രവും വിമർശനങ്ങളും



ജോസഫ് പടന്നമാക്കൽ
'അരവിന്ദ കെജ്രിവാൾ' ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രസിദ്ധനായ   രാഷ്ട്രീയ കർമ്മോന്മുഖനും മാറ്റത്തിനായി നിലകൊള്ളുന്ന  രാജ്യസേവകനും  മുൻ സർക്കാർ ജോയിന്റ്' കമ്മീഷണറുമാണ്.   2013 ഡിസംബർ മുതൽ 2014 ഫെബ്രുവരി വരെ ഇടക്കാല മുഖ്യമന്ത്രിയായി ഡൽഹി ഭരിക്കുകയും 49 ദിവസത്തിനുള്ളിൽ അധികാരം ഒഴിയുകയും ചെയ്തു. 2015 ഫെബ്രുവരി മുതൽ ഡൽഹിയുടെ ഏഴാമത്തെ മുഖ്യമന്ത്രിയായി ഭരണം നിർവഹിക്കുന്നു. ഐ.ഐ.റ്റി (IIT) ഗോരഖ്‌പൂർ സർവകലാശാലയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീറിംഗിൽ ബിരുദം നേടി. ഇന്ത്യയിൽ ഏറ്റവുമധികം ശമ്പളമുള്ള മുഖ്യമന്ത്രിയാണ് അദ്ദേഹം. ശമ്പളം മാസം മൂന്നുലക്ഷത്തി അമ്പതിനായിരം രൂപയുണ്ടെങ്കിലും അത്രയും ശമ്പളം കൈപ്പറ്റാറില്ല. കെജ്രിവാൾ, 'ലോക പാൽ' ബില്ല് പാസാക്കുന്നതിനായുള്ള നീക്കത്തിന്റെ മുന്നണി നേതാവായിരുന്നു. അണ്ണാ ഹസാരെയും ഒന്നിച്ച് പ്രവർത്തിച്ചു. സർക്കാർ വകുപ്പുകളായ ഡൽഹി ഇലക്ട്രിസിറ്റി ബോർഡ്, ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ്, മുനിസിപ്പൽ ഓഫിസുകൾ എന്നിവടങ്ങളിലുള്ള അഴിമതികളെ ബോധവൽക്കരിക്കാൻ 'കേജരിവാൾ' അത്യുജ്വലങ്ങളായ പ്രകടനങ്ങളും പ്രതിക്ഷേധങ്ങളും സംഘടിപ്പിച്ചുകൊണ്ടിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ നീതികേടും സർക്കാർ ഏജൻസികളുടെ അഴിമതികളും പൊതുജനങ്ങളെ ബോധ്യപ്പെടുത്തിയിരുന്നു.

അരവിന്ദ കെജ്രിവാൾ 1968 ആഗസ്റ്റ് പതിനാറാം തിയതി ജനിച്ചു. ഹരിയാനയിലുളള ഭിവാനി ജില്ലയിൽ ശിവാനി എന്ന സ്ഥലത്ത് സാമാന്യം സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തിൽ വളർന്നു. ബാല്യകാലം കൂടുതലും ചെലവഴിച്ചിരുന്നത് സോനിപ്പട്ട്, ഗാസിയാബാദ്, ഹിസാർ എന്നീ പട്ടണങ്ങളിലായിരുന്നു. 'ക്രിസ്ത്യൻ മിഷിനറി ഹോളി ചൈൽഡ്ഹുഡ്' സ്‌കൂളിൽ ബാല്യത്തിൽ വിദ്യാഭ്യാസം നടത്തി. വിദ്യാഭ്യാസപരമായി വളരെ ഉയർന്ന നിലവാരം പുലർത്തുന്ന കുടുംബമാണ് അദ്ദേഹത്തിന്റേത്. 'ഗോബിന്ദ് റാം കേജരി വാളിന്റെയും' 'ഗീതാ ദേവിയുടെ'യും മൂന്നു മക്കളിൽ മൂത്തവനായിരുന്നു. അദ്ദേഹത്തിൻറെ പിതാവ് ബിർള ഇൻസ്റ്റിറ്റ്യൂട്ട് ടെക്കനോളജിയിൽ നിന്നും ബിരുദമെടുത്ത ഒരു ഇലക്ട്രിക്കൽ എൻജിനീയറും. 1985-ൽ അദ്ദേഹം ഐ.ഐ.റ്റി പ്രവേശന പരീക്ഷ പാസാകുകയും 1989-ൽ മെക്കാനിക്കൽ എഞ്ചിനീറിംഗിൽ ബിരുദം നേടുകയും ചെയ്തു. 1989-ൽ ടാറ്റാ സ്റ്റീൽ കമ്പനിയിൽ ജംഷെദ്‌പൂരിൽ ജോലി ചെയ്തു. 1992-ൽ ജോലി രാജി വെച്ച് ഐ.എ.എസ് പഠനം ആരംഭിച്ചു. കൽക്കട്ടയിൽ മദർ തെരേസയ്ക്കൊപ്പം കുറച്ചുകാലം വോളന്റീർ ആയി ജോലി ചെയ്തു. അവിടെ മദർ തെരേസായെ പരിചയപ്പെടുകയുമുണ്ടായി. കൂടാതെ അദ്ദേഹം നോർത്ത് ഈസ്റ്റ് ഇന്ത്യയിലുള്ള രാമകൃഷ്ണൻ മിഷ്യനിലും വോളന്റീർ ആയി പ്രവർത്തിച്ചു. നെഹ്‌റു യുവ കേന്ദ്രത്തിലും ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. 1994-ൽ സുനിത കെജ്രിവാളിനെ വിവാഹം ചെയ്തു.  'ഹർഷിത കെജ്‌രിവാൾ', 'പുൽകിത് കെജ്‌രിവാൾ' എന്നിങ്ങനെ രണ്ടു മക്കളും അദ്ദേഹത്തിനുണ്ട്.'

റവന്യൂ ബോർഡിലേക്കുള്ള സിവിൽ സർവീസ് പരീക്ഷയുടെ യോഗ്യത നേടിയശേഷം 1995-ൽ ഐ.ആർ.എസിൽ അസിസ്റ്റന്റ് കമ്മീഷണറായി അദ്ദേഹം ജോലി ആരംഭിച്ചിരുന്നു. 2000-ത്തിൽ ഉന്നത വിദ്യാഭ്യാസത്തിനായി രണ്ടു വർഷത്തേക്ക് ശമ്പളത്തോടെയുള്ള അവധിയെടുത്തു. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ മടങ്ങി വരുമ്പോൾ മൂന്നുവർഷംകൂടി ജോലി ചെയ്യണമെന്നുള്ള ഒരു കരാറിൽ ഒപ്പിട്ടിട്ടുണ്ടായിരുന്നു. അതിനുള്ളിൽ ജോലിയിൽനിന്നും വിരമിച്ചാൽ അവധിക്കാല ശമ്പളം മടക്കികൊടുക്കാൻ ബാധ്യസ്ഥനുമായിരുന്നു. 2002 നവംബറിൽ അദ്ദേഹം വീണ്ടും ജോലിയിൽ ചേർന്നു. പതിനെട്ടു മാസത്തിനു ശേഷം ശമ്പളം കൂടാതെ വീണ്ടും അവധി ആവശ്യപ്പെട്ടു. അടുത്ത പതിനെട്ടു മാസത്തേക്ക് ശമ്പളം ഇല്ലാതെയുള്ള അവധി അനുവദിക്കുകയും ചെയ്തു. 2006 ഫെബ്രുവരിയിൽ അദ്ദേഹം ഡൽഹി ഇൻകം ടാക്സ് ജോയിന്റ് കമ്മീഷണർ എന്ന ജോലി രാജി വെച്ചു.   'മൂന്നു വർഷം ജോലി ചെയ്യാമെന്നുള്ള  കരാർ ലംഘിച്ചുവെന്നു' സർക്കാർ, അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ചു.

കേജരി വാളിന്റെ അഭിപ്രായത്തിൽ അദ്ദേഹത്തിൻറെ പതിനെട്ടു മാസം ശമ്പളത്തോടു കൂടിയ അവധിയും അടുത്ത പതിനെട്ടു മാസം ശമ്പളം ഇല്ലാതെയുള്ള അവധിയും കണക്കാക്കുമ്പോൾ മൂന്നു കൊല്ലമാകുമായിരുന്നുവെന്നും ജോലി ചെയ്യാമെന്നുള്ള വ്യവസ്ഥ ലംഘിച്ചില്ലെന്നുമായിരുന്നു. ആദ്യത്തെ ഒരു വർഷത്തേക്ക് അദ്ദേഹത്തെ ഒരു സ്ഥലത്തും ജോലിക്കായി പോസ്റ്റ് ചെയ്തില്ലായിരുന്നു. ജോലി ചെയ്യാതെ തന്നെ ശമ്പളം നൽകിയിരുന്നു. അഴിമതിക്കെതിരായി താൻ സമരം ചെയ്തതിന് സർക്കാർ മനഃപൂർവം സൃഷ്ടിക്കുന്ന ആരോപണമെന്നും കേജരിവാൾ കുറ്റപ്പെടുത്തി.  2011 വരെ ഈ ആരോപണം തുടർന്നിരുന്നു. പിന്നീട് സുഹൃത്തുക്കളിൽ നിന്നും കടം മേടിച്ച് ഒമ്പതു ലക്ഷത്തി ഇരുപത്തിയെണ്ണായിരം രൂപ മടക്കി കൊടുക്കേണ്ടി വന്നു. അങ്ങനെ കേസ് പരിഹരിച്ചെങ്കിലും  അദ്ദേഹം തെറ്റ് ചെയ്തതായി സമ്മതിക്കുന്നില്ല.

ഇന്ത്യയുടെ രാഷ്ട്രീയ അഴിമതികളെ തുടച്ചു നീക്കാൻ 2011-ൽ ഇന്ത്യ ആകമാനം പ്രതിക്ഷേധങ്ങൾ  ഉയർന്നിരുന്നു. ഗാന്ധിയനായ അണ്ണാ ഹസാരെ അതിനായി നിരാഹാര സത്യാഗ്രഹവും അനുഷ്ഠിച്ചിരുന്നു. 'അഴിമതികളെ തുടച്ചു നീക്കാൻ ശക്തമായ ഒരു നിയമം രാജ്യത്തു നടപ്പാക്കണമെന്നായിരുന്നു' ഹസാരയുടെയും പ്രവർത്തകരുടെയും ഡിമാൻഡ്. 2011-ലെ ടൈം മാഗസിനിൽ ഈ വാർത്ത വളരെ പ്രാധാന്യമുള്ളതായി പ്രസിദ്ധീകരിച്ചു. ന്യൂഡൽഹിയിൽ ജെൻ'താർ മന്ദറിൽ അണ്ണാ ഹസാരെ അനുഷ്ടിച്ച ഈ സത്യാഗ്രഹം ലോക മാധ്യമങ്ങളിൽ തന്നെ സ്ഥാനം പിടിച്ചിരുന്നു. അതിനായി ജൻ ലോക്പാൽ ബില്ല് പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കണമെന്നായിരുന്നു ഡിമാൻഡ്. സ്വിസ് ബാങ്കിലെയും വിദേശ ബാങ്കിലെയും 'ബ്ളാക്ക് മണി' ഇന്ത്യയിൽ മടക്കി കൊണ്ടുവരണമെന്നും  ഡിമാന്റുണ്ടായിരുന്നു. ഹസാരയുടെ നേതൃത്വത്തിലുള്ള നിരാഹാര സത്യാഗ്രഹവും സമാധാനപരമായ മാർച്ചും ജനശ്രദ്ധയെ ആകർഷിച്ചു. പ്രതിപക്ഷത്തുണ്ടായിരുന്ന മിക്ക രാഷ്ട്രീയ പാർട്ടികളും  അവരുടെ അണികളെ ശക്തിപ്പെടുത്താൻ ഈ സമരത്തിൽ പങ്കുചേർന്നിരുന്നു.

ഇന്ത്യയുടെ അഴിമിതിക്കെതിരായ 'ജന ലോക്പാൽ ബില്ല്' പാസാക്കാനുള്ള യത്നത്തിൽക്കൂടിയാണ് കേജരിവാളിനെ ദേശീയ രാഷ്ട്രീയത്തിൽ അറിയപ്പെടാൻ തുടങ്ങിയത്. അരവിന്ദ കെജ്രിവാളിനെയും ഉൾപ്പെടുത്തി ഇന്ത്യ സർക്കാർ ലോക്പാൽ ബിൽ രചിക്കുന്ന കമ്മറ്റി രൂപീകരിച്ചിരുന്നു. 'ജന ലോക്പാൽ' ഡ്രാഫ്റ്റ് ചെയ്യുന്നതിലും അദ്ദേഹം പങ്കാളിയായിരുന്നു. ലോക്പാൽ ബില്ലിനെ ഹസാരെയും കോൺഗ്രസ്സ് പാർട്ടിയും ഭേദഗതിയോടെ അംഗീകരിച്ചപ്പോൾ കേജരിവാൾ ബില്ലിനെ എതിർത്തു. ബില്ലിനെ 'ഹസാരെ' അംഗീകരിച്ച മുതലാണ് ഹസാരയിൽ നിന്നും കേജരിവാൾ അകന്നത്. ഹസാരെ നിരാഹാരം അവസാനിപ്പിക്കുകയും ചെയ്തു. 'ബില്ലിനെപ്പറ്റി ഹസാരെ മനസിലാക്കിയിട്ടില്ലെന്നും' കേജരി വാൾ ആരോപിച്ചു. 'പാസ്സാക്കിയ നിർദ്ദിഷ്ട ബില്ല് അഴിമതി തടയാൻ ഉപകാരപ്പെടുകയില്ലെന്നു  മാത്രമല്ല അഴിമതിക്കാരെ സംരക്ഷിക്കുന്ന വിധമാണ് തയ്യാറാക്കിയതെന്നും' കുറ്റപ്പെടുത്തി. 'ഈ ബിൽ പാസായാൽ ഒരു മന്ത്രി പോയിട്ട് ഒരു എലിപോലും ജയിലിൽ പോവില്ലെന്നും' അദ്ദേഹം പരിഹസിച്ചു.

'ജൻ ലോക്പാൽ' ബില്ല് രാഷ്ട്രീയമായി അഭിപ്രായൈക്യം പാലിക്കണമെന്ന ആശയമായിരുന്നു ഹസാരയ്ക്ക് ഉണ്ടായിരുന്നത്. 'വിവിധ രാഷ്ട്രീയ പാർട്ടികളുമായി സംസാരിച്ചതുകൊണ്ട് യാതൊരു പുരോഗമനവും നേടാൻ പോവുന്നില്ലെന്ന്' കേജരിവാളും വാദിച്ചു. 'സ്വന്തമായി പാർട്ടി രൂപീകരിച്ച് പ്രശ്നങ്ങൾ കൈകാര്യം ചെയ്യണമെന്നും' കേജരിവാൾ  അഭിപ്രായപ്പെട്ടു. ഇതേ സംബന്ധിച്ച് അഭിപ്രായ രൂപീകണത്തിനായി ഒരു സർവേ നടത്താൻ സംഘടന രൂപീകരിച്ചു. പുതിയതായി രൂപീകരിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ ആവശ്യത്തെ സർവ്വേ ഫലം വെളിപ്പെടുത്തിയിരുന്നു. അഴിമതിക്കെതിരായ പോരാട്ടക്കാരിൽ  അഭിപ്രായ ഭിന്നതകളുണ്ടായി. എതിരഭിപ്രായക്കാർ  കെജ്രിവാളുമായി ഒരു ഒത്തുതീർപ്പിനു ശ്രമിച്ചെങ്കിലും ഫലവത്തായില്ല. 2012 ഒക്ടോബർ രണ്ടാംതിയതി  മഹാത്മാഗാന്ധിയുടെ ജന്മദിനത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകൃതമായി. 2012 നവംബർ 26-നു ഇന്ത്യൻ ഭരണഘടന രചിച്ച ദിവസം പാർട്ടിയുടെ നയപരിപാടികളും പ്രഖ്യാപിച്ചു. സാധാരണക്കാരുടെ പാർട്ടിയെന്നർത്ഥത്തിൽ  പാർട്ടിയ്ക്ക് 'ആം ആദ്മി പാർട്ടി' (എ.എ.പി) എന്ന് നാമകരണം ചെയ്തു.

കേജരിവാൾ മുഖ്യമന്ത്രിയാകുന്നതിനു  മുമ്പ്' അദ്ദേഹം   'ആം ആദ്മി പാർട്ടി'യുടെ ദേശീയ കൺവീനറായിരുന്നു. ഡൽഹിയിൽ അന്ന് പ്രസിഡന്റ് ഭരണമായിരുന്നു നടപ്പിലുണ്ടായിരുന്നത്. അദ്ദേഹത്തിനു മുമ്പ് 'ഷീല ദിക്ഷിത്ത്' ഡൽഹിയുടെ മുഖ്യമന്ത്രിയായിരുന്നു. 2013 ഡിസംബർ നാലാം തിയതി ഡൽഹി അസംബ്ലിയിലേക്ക് പുതിയ പാർട്ടി മത്സരിച്ചു.   തുടർച്ചയായി മൂന്നുപ്രാവശ്യം മുഖ്യമന്ത്രിയായിരുന്ന ഷീലാ ദിക്ഷിതിനെ 'കേജരി വാൾ' തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി. 2013 ഡിസംബർ ഇരുപത്തിയെട്ടാം തിയതി അദ്ദേഹം മുഖ്യമന്ത്രിയായി ചുമതലയെടുത്തു. ദൗർഭാഗ്യവശാൽ ഭരണം 49 ദിവസം മാത്രമേ നീണ്ടു നിന്നുള്ളൂ. ഇടക്കാല മന്ത്രി സഭയുടെ കാലത്ത് അദ്ദേഹത്തിന് അഴിമതി നിരോധന ബില്ല് പാസാക്കാൻ സാധിക്കാഞ്ഞതിനാൽ ഡൽഹി മുഖ്യമന്ത്രി പദം ഒഴിയേണ്ടി വന്നു.  മറ്റുള്ള രാഷ്ട്രീയ പാർട്ടികൾ ഒന്നടങ്കം ബില്ലിനെ എതിർക്കുകയും പിന്തുണ നല്കാതെയുമിരുന്നു. 2013 ഡിസംബർ 28 മുതൽ 2014 ഫെബ്രുവരി പതിനാലുവരെ പ്രസിഡന്റ് ഭരണത്തിൽ 'നജീബ് ജംഗ്' ഡൽഹിയുടെ ഗവർണ്ണറായി ചുമതലകൾ വഹിച്ചിരുന്നു. 2015-ലെ ഡൽഹി അസംബ്ലി തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിൻറെ പാർട്ടി വിജയിക്കുകയും 70 സീറ്റിൽ 67 അസംബ്ലി സീറ്റുകളും കരസ്ഥമാക്കുകയുമുണ്ടായി. നല്ല ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട പാർട്ടിയുടെ നേതാവെന്ന നിലയിൽ ഡൽഹി മുഖ്യമന്ത്രിയാവുകയും 2015 ഫെബ്രുവരി പതിനാലാം തിയതി സത്യപ്രതിജ്ഞ കർമ്മം നിർവഹിക്കുകയുമുണ്ടായി.

കേജരിവാളും പാർട്ടിയും ഡൽഹിയുടെ ഭരണം പിടിച്ചെടുത്തപ്പോൾ 'അഞ്ചു വർഷം, ഭരണം' എന്ന മുദ്രാവാക്യം മുഴക്കിയിരുന്നു. കെജ്രിവാൾ സർക്കാരിന് ഡൽഹി സ്റ്റേറ്റിനെ സാംസ്‌കാരികമായും സാമൂഹികമായും സാമ്പത്തികമായും മെച്ചപ്പെടുത്തണമെന്ന ലക്ഷ്യമുണ്ടായിരുന്നു. ജനങ്ങളുടെ സുരക്ഷിതത്വത്തിനായി സി.സി. ടിവി എവിടെയും ഇൻസ്റ്റാൾ ചെയ്യുക, 10000 ബസുകൾ റോഡുഗതാഗതത്തിനായി വാങ്ങിക്കുക, സർക്കാർ സേവനങ്ങൾ ഓരോരുത്തരുടെയും വീടുകളിൽ എത്തിക്കുക എന്നീ പദ്ധതികൾ ആരംഭിച്ചു. രണ്ടു വർഷത്തിനുള്ളിൽ ആയിരം എ.സി ഇലക്ട്രിക്ക് ബസുകൾ വാങ്ങാനുള്ള പദ്ധതികളും ഉൾപ്പെടുത്തിയിട്ടുണ്ട്. താമസസ്ഥലങ്ങളിൽ ഒന്നേകാൽ ലക്ഷം സി.സി.വി  ക്യമാറകൾ  വീടുകൾക്ക് സമീപം സ്ഥാപിക്കുന്നതും നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ബസുകളിലും സ്‌കൂളിലും ക്യാമറ സംഘടിപ്പിക്കുന്ന സംവിധാനങ്ങളും പുരോഗമിക്കുന്നു. ആരോഗ്യ മേഖലകളിലും വിദ്യാഭ്യാസ പദ്ധതികളിലും എ.എ.പി സർക്കാർ മെച്ചമായ പ്രവർത്തനങ്ങൾക്കും തുടക്കമിട്ടു.

ആരോഗ്യ സുരക്ഷാ പദ്ധതികളിൽ വൻ നേട്ടങ്ങൾ കെജ്രിവാൾ സർക്കാരിന് നേടാൻ കഴിഞ്ഞു. 'മൊഹല്ല ക്ലിനിക്ക്' പദ്ധതികൾ വിജയകരമായിരുന്നു. അത് ലോകാരോഗ്യ സംഘടനകളും മുൻ യുണൈറ്റഡ് നാഷൻ സെക്രട്ടറി ജനറൽ കോഫി അണ്ണനും അഭിനന്ദിക്കുകയുണ്ടായി. വികസിച്ച രാജ്യങ്ങളെപ്പോലെ മെച്ചമായ ആരോഗ്യ സുരക്ഷ പദ്ധതി ഡൽഹിയിലും നടപ്പാക്കാൻ സാധിച്ചു. അഞ്ചു കിലോമീറ്റർ റേഡിയസിൽ ഓരോ ക്ലിനിക്ക് വീതം മൊത്തം 1000 ക്ലിനിക്കുകൾ തുറക്കാനായിരുന്നു പദ്ധതി. എന്നാൽ പൂർണ്ണമായും ക്ലിനിക്കുകൾ വിപുലീകരിക്കാൻ സാധിച്ചിട്ടില്ല. അതിനുള്ള ഏജൻസികൾക്ക് സ്ഥലവും കെട്ടിടങ്ങളും ആവശ്യമാണ്. 160 ക്ലിനിക്കുകൾ മാത്രമേ നാളിതു വരെയായി തുടങ്ങാൻ സാധിച്ചിട്ടുള്ളൂ. 668 ക്ലിനിക്കുകൾ പുതിയ സ്ഥലങ്ങളിൽ ഉടൻ തുടങ്ങും.  ക്ലിനിക്കുകൾ അടുത്തടുത്ത് സ്ഥാപിച്ചിരിക്കുന്നതുമൂലം ഡയബെറ്റിക്‌സും ഹൈപ്പർ ടെൻഷൻ പോലുള്ള അസുഖങ്ങളും കണ്ടെത്തി അവിടെ രോഗനിർണ്ണയം നടത്താൻ സാധിക്കും. താണ വരുമാനക്കാരായ രോഗികൾക്ക് ക്ലിനിക്കുകൾ പ്രയോജനപ്രദവുമാണ്. സൗജന്യമായ സർജറി, റേഡിയോ ഡയഗ്‌നോസിസ് ടെസ്റ്റുകൾ (radio-diagnosis tests) മുതലായവകൾ ക്ലിനിക്കുകൾ വഴി നടത്തുന്നതുകൊണ്ട് ഹോസ്പിറ്റലിലെപ്പോലെ നീണ്ട ലൈനിൽ  രോഗികൾക്ക് നിൽക്കേണ്ടതില്ല.

 പരിഷ്ക്കരണപ്രകാരം വൈദ്യുതി ബില്ലിൽ 50 ശതമാനം സബ്‌സിഡി അനുവദിക്കുന്നു. വൈദുതിക്ക് നികുതി കൂട്ടിയില്ല. ഇരുപതു കിലോ ലിറ്റർ സൗജന്യ വെള്ളം റേഷനിങ് തുടരുന്നു. വിദ്യാഭ്യാസത്തിനായി 2017-2018 സാമ്പത്തിക ബഡ്ജറ്റിൽ 11300 കോടി രൂപ അനുവദിച്ചിരുന്നു. അത് മൊത്തം ബഡ്ജറ്റിന്റെ നാലിലൊന്ന് പണം വരും. അങ്ങനെ അനുവദിച്ച പണത്തിൽ നിന്നും 8000 പുതിയ ക്ലാസ് മുറികൾ ഉണ്ടാക്കി. 400 പുതിയ ലൈബ്രറികളും സ്ഥാപിച്ചു.  അദ്ധ്യാപകർക്ക് സ്‌പെഷ്യൽ ട്രെയിനിങ് നിർബന്ധമാക്കി. പ്രൈവറ്റ് സ്‌കൂളുകൾ യാതൊരു കാരണവശാലും ഫീസ് കൂട്ടാൻ പാടില്ലെന്നും കർശനമായ നിർദേശങ്ങളും നൽകിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന് ഒരു വിദ്യാർത്ഥിക്ക് പത്തു ലക്ഷം രൂപവരെ വായ്പ്പ അനുവദിച്ചിട്ടുണ്ട്.ഇരുപത് പുതിയ ഡിഗ്രി കോളേജുകൾ തുറക്കുന്നതിനായി ഡൽഹി യുണിവേഴ്സിറ്റിയുടെ  അംഗീകാരത്തിനായി കാത്തിരിക്കുന്നു.

സൗജന്യ ആരോഗ്യ ഇൻഷുറൻസ് നൽകുന്നതും കെജ്രിവാൾ സർക്കാരിന്റ നേട്ടമാണ്. മാസം 9724 രൂപ കുറഞ്ഞ വേതനമായിരുന്നത് 13350 രൂപയായി വർദ്ധിപ്പിച്ചു. സാങ്കേതികമായി ചെറിയ പരിജ്ഞാനം ഉള്ളവരുടെ മാസ ശമ്പളം 10764 രൂപയായിരുന്നത് 14698 രൂപയാക്കി. സാങ്കേതിക പരിജ്ഞാനം ഉള്ള തൊഴിലാളികളുടെ ശമ്പളം 11830 രൂപയിൽനിന്നും 16182 രൂപയായി നിശ്ചയിച്ചു. നിലവിലുണ്ടായിരുന്ന പെൻഷൻ തുക വർദ്ധിപ്പിച്ചു. വൃദ്ധ ജനങ്ങൾക്കും ഭർത്താവ് മരിച്ച നിരാലംബരായ സ്ത്രീകൾക്കും മാസം 1000 രൂപ നൽകാനും തുടങ്ങി. നിയമപരമല്ലാത്ത കോളനികളിലും അവിടെ താമസിക്കുന്നവരിലും ശുചിത്വ ബോധം ഉണർത്തുകയും കോളനികളിലെ അഴുക്കു ചാലുകൾ വൃത്തിയാക്കുന്ന പദ്ധതികളും ആവിഷ്ക്കരിച്ചു. മലിന വസ്തുക്കൾ ഒഴുകിപോകാനുള്ള ചാലുകളും കോൺക്രീറ്റുകൾകൊണ്ട് (sewer line) നിർമ്മിക്കുന്നു. ഡ്രൈനേജ് സംവിധാനങ്ങളും വിപുലീകരിക്കുന്നുണ്ട്. 600 കോളനികളിലെ മലിന ദുരീകരണ പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. 500 കിലോമീറ്റർ പിഡബ്ള്യു റോഡ് വിസ്തൃതികൂട്ടി നന്നാക്കുകയും ചെയ്യുന്നു. ശുദ്ധജലം കൊണ്ടുവരാനായുള്ള പൈപ്പ് ലൈൻ ജോലികളും പുരോഗമിക്കുന്നുണ്ട്. ഒന്നര ലക്ഷം പബ്ലിക്ക് ബാത്ത്റൂം പണിയുമെന്നുള്ള പദ്ധതിയിൽ 21000 പബ്ലിക്ക് ബാത്തുകൾ  നാളിതുവരെ തീർത്തിട്ടുണ്ട്.

ഇനിമേൽ സർക്കാർ ഡോകുമെന്റുകൾ ലഭിക്കാൻ മജിസ്‌ട്രേറ്റിന്റെയോ ഗസറ്റഡ് ഓഫിസർമാരുടെയോ ഒപ്പുകൾക്ക് ആവശ്യമില്ല. പ്രധാന ഡോകുമെന്റുകളിൽ സ്വയം ഒപ്പു മതിയാകും. സർക്കാർ ഡോക്യൂമെന്റുകളും സർട്ടിഫിക്കേറ്റുകളും വീട്ടിൽ കൊണ്ടുപോയി കൊടുക്കുന്നതു കാരണം പൊതുജനങ്ങൾക്ക് ഉദ്യോഗസ്ഥരുടെ മുമ്പിൽ ലൈനിൽ  നിന്ന് സമയം പാഴാക്കേണ്ടതില്ല. ജനനം, മരണം, വരുമാനം, ജാതി സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, വിവാഹ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, വാട്ടർ, ഇലക്ട്രിസിറ്റി കണക്ഷൻ, എന്നിവകൾക്കുള്ള ഡോകുമെന്റുകൾ ഓരോരുത്തരുടെയും വീട്ടുപടിക്കൽ എത്തിക്കും. മെഡിക്കൽ ചരിത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഹെൽത്ത് കാർഡ് ഓരോ പൗരനും നൽകുന്നു. '1076' എന്ന നമ്പറിൽ വിളിച്ചാൽ സർക്കാർ സേവനം  അമ്പതു രൂപയ്ക്ക് ലഭ്യമാണ്. ഡൽഹിയുടെ പതിനൊന്ന് ജില്ലകളിലും ആവശ്യക്കാർക്ക് ഡോക്കുമെന്റുകൾ എത്തിക്കുന്നു. ഡൽഹി ഇന്ത്യയ്ക്ക്  ഒരു മാതൃക പട്ടണവും സംസ്ഥാനവുമായി മാറിയിരിക്കുന്നു.

എ.എ.പി പാർട്ടി 'എല്ലാം സാധ്യമെന്ന' പുതിയ മുദ്രാവാക്യം മുഴക്കിയിരുന്നെങ്കിലും വിമർശനങ്ങളിൽക്കൂടിയും കടന്നുപോവുന്നു. ഡൽഹി സെക്രട്ടറിയേറ്റിൽ എല്ലാം സാധ്യമല്ലെന്ന് മൂന്നു വർഷത്തെ ഭരണത്തിൽക്കൂടി  മനസ്സിലാവുകയും ചെയ്തു. വൈദുതിയുടെ നിരക്കു കുറയ്ക്കുന്നതും 20 കിലോ ലിറ്റർ സൗജന്യ വെള്ളം നൽകലും, പെട്രോൾ റേഷനിംഗും നടപ്പാക്കുമെന്ന രാഷ്ട്രീയ അജണ്ട പരിപൂർണ്ണ വിജയമായിരുന്നില്ല.  അന്തരീക്ഷ മലിനീകരണത്തിലും ട്രാൻസ്‌പോർട്ട് സംവിധാനത്തിലും കാര്യമായ പുരോഗമനം ഉണ്ടായിട്ടില്ല. തിരഞ്ഞെടുപ്പുകാലങ്ങളിൽ  ഭരണ മുന്നണി ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ ഫലപ്രദമാകാതെ പലതും പാളിപോയിട്ടുണ്ട്. 2018-ൽ 3000 പുതിയ ബസുകളും 2000 എയർ കണ്ടീഷനില്ലാത്ത ബസുകളും 1000 ഇലട്രിക്ക്‌ ബസുകളും നിരത്തിൽ ഓടിക്കുമെന്നു വാഗ്ദാനങ്ങളുണ്ടായിരുന്നു. ഡിസംബറിനുള്ളിൽ മൊത്തം 10000  ബസുകൾ സേവനത്തിനുണ്ടാകുമെന്ന എ.എ.പി സർക്കാരിന്റ വാക്കുകളും ഫലവത്തായില്ല. പട്ടണങ്ങളിൽ ക്ലിനിക്കുകൾകൊണ്ട് വലിയ പ്രയോജനമില്ല. ചെറിയ സുഖക്കേടുകൾക്കു പോലും ക്ലിനിക്കുകളിൽ പോകാതെ രോഗികൾ ഹോസ്പിറ്റലിനെ അഭയം പ്രാപിക്കുന്നതാണ് കാരണം. ക്ലിനിക്കുകളുടെ ആരംഭത്തോടെ ഹോസ്പിറ്റലുകളിൽ രോഗികൾ എത്തുന്നതും കുറഞ്ഞു. അത്തരമുള്ള സ്ഥിതിവിശേഷങ്ങൾ ഹോസ്പിറ്റലുകളുടെ പ്രവർത്തനങ്ങൾക്ക് തടസമാവുകയും ചെയ്യുന്നു. ഡൽഹിയുടെ അന്തരീക്ഷം ഇന്നും മലിനം നിറഞ്ഞതാണ്. പൊതുഗതാഗതം വളരെ ശോചനീയമായി തുടരുന്നു. യമുനാ നദിയുടെ അഞ്ചു  കിലോമീറ്റർ ദൂരം വൃത്തിയാക്കുന്ന പദ്ധതിക്ക് വിജയം കാണാനായില്ല. മിതമായ നിരക്കിൽ ഭക്ഷണം വിതരണം ചെയ്യാൻ 100 ക്യാന്റീനുകൾക്കും പദ്ധതിയിട്ടിരുന്നു. എങ്കിലും എൽ.എൻ.ജെ.പി ഹോസ്പിറ്റലിനു സമീപം ഒരു ക്യാന്റീൻ മാത്രമേ നാളിതുവരെയായി തുടങ്ങിയിട്ടുള്ളൂ.

കെജ്രിവാളിന്റെ രാഷ്ട്രീയ ഗുരുവായ അണ്ണാ ഹസാരെ സർക്കാർ നയങ്ങളെ പൂർണ്ണമായും എതിർത്തുകൊണ്ടിരിക്കുന്നു. വിദ്വെഷത്തിന്റെ ഭാഷ കെജ്രിവാളിനെതിരെ ഉപയോഗിക്കാറുമുണ്ട്. ഹസാരെ പറഞ്ഞു, "ഷുങ്കളു' കമ്മിറ്റി റിപ്പോർട്ട്! തന്നെ വളരെയധികം വേദനിപ്പിച്ചു. അരവിന്ദ കേജരിവാളും ഞാനും അഴിമതിക്കെതിരായി, അഴിമതിയില്ലാത്ത നമ്മുടെ രാജ്യത്തിനായി ഒന്നിച്ചു പോരാടി. എന്നാൽ അദ്ദേഹം എന്റെ പ്രതീക്ഷകൾ മുഴുവനായി തകർത്തു. വിദ്യാഭ്യാസമുള്ള പുതിയ തലമുറ പുത്തനായ ചിന്തകളുമായി രാജ്യത്തെ അഴിമതികളിൽനിന്നും മോചനമാക്കുമെന്നാണ് ഞാൻ വിചാരിച്ചത്. വാസ്തവത്തിൽ എന്റെ സ്വപ്നങ്ങളെല്ലാം ചിതറിപ്പോയി. കേജരി വാൾ 'ആം ആദ്മി പാർട്ടി' ആരംഭിച്ചപ്പോൾ ദൈവം എന്നെ അദ്ദേഹത്തിൽനിന്നും അകറ്റാൻ സഹായിച്ചു. അല്ലായിരുന്നുവെങ്കിൽ സത്യത്തിന്റെ വഴി എന്റെ മുമ്പിൽ ഇല്ലാതാകുമായിരുന്നു. അദ്ദേഹം മുഖ്യ മന്ത്രിയായെങ്കിലും ഒരിക്കലും എനിക്ക് അദ്ദേഹത്തെ കാണാൻ പോലും താൽപ്പര്യമുണ്ടായിട്ടില്ല. അദ്ദേഹം എന്നെ ഗുരുവെന്നു സംബോധന ചെയ്യുന്നു. വാസ്തവത്തിൽ ദൈവം എന്നെ അദ്ദേഹത്തിൽ നിന്നും രക്ഷിക്കുകയായിരുന്നു."     

മൂന്നു വിദഗ്ദ്ധരായവർ ഒത്തൊരുമിച്ചാണ് 'ഷുങ്കളു കമ്മീഷൻ റിപ്പോർട്ട്' തയ്യാറാക്കിയത്. ഡൽഹി സ്റ്റേറ്റ് ഭരണകൂടത്തിൽ കെജ്രിവാൾ ഭരണത്തിലെ നിയമനങ്ങളിൽ കണ്ട സ്വജന പക്ഷപാതങ്ങളുടെ  പൂർണ്ണമായ റിപ്പോർട്ട്  2016 നവംബർ ഇരുപത്തിയേഴാം തിയതി കമ്മറ്റി പുറത്തുവിട്ടു. ഡൽഹി ആരോഗ്യ മന്ത്രി 'സത്യേന്ദർ ജെയ്‌നിന്റെ' മകൾ സൗമ്യ ജെയ്‌നിന്റെ ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ നിയമനത്തെ കമ്മറ്റി ചോദ്യം ചെയ്തിരുന്നു. ട്രാൻസ്‌പോർട്ട് മന്ത്രി തുടക്കമിട്ട ബസ് സർവീസിലും അഴിമതികളുണ്ടെന്ന് കണ്ടെത്തി. 'സർക്കാർ ഉദ്യോഗസ്ഥകളായ സ്ത്രീകൾക്കുവേണ്ടിയുള്ള ഡൽഹിയിലെ ഗവണ്മെന്റ് ക്വാർട്ടേഴ്‌സുകളുടെ കമ്മീഷണറായ 'സ്വാതി മലിവാൽ, എംഎൽഎ യായ  അഖിലേഷ് ത്രിപാഠിയ്ക്ക് ക്വാർട്ടേഴ്സ് നൽകിയതിലും ചോദ്യമുണ്ടായിരുന്നു. കേജരി വാളിന്റെ ഭാര്യയുടെ ബന്ധുവായ 'നികുഞ്ചി അഗർ വാളിന്' ആരോഗ്യ മന്ത്രിയുടെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായി നിയമനം കൊടുത്തതും നിയമ വിരുദ്ധമാണെന്നു കണ്ടു. പാർട്ടി ആവശ്യത്തിനായി സർക്കാരിന്റെ ബംഗ്ളാവ് എ.എ.പി ഉപയോഗിക്കുന്നതിലും വിമർശനമുണ്ടായിരുന്നു. നിയമാനുസ്രതമല്ലാതെ സർക്കാർ ഓഫിസ് ഉപയോഗിച്ചതിന് 27 ലക്ഷം രൂപ ഫൈൻ ഇടുകയും ചെയ്തു.

കേജരിവാൾ പുസ്തകങ്ങളെഴുതിയതു കൂടാതെ  അനേക അവാർഡുകളും നേടിയിട്ടുണ്ട്. 'രാമോൻ മാഗ്‌സായസായ അവാർഡ്'  കരസ്ഥമാക്കിയിരുന്നു. അഴിമതിക്കെതിരായുള്ള പോരാട്ടത്തിലെ നേട്ടങ്ങൾ മാനിച്ചാണ് അദ്ദേഹത്തിന് 2006-ൽ രാമോൻ മാഗ്‌സായസായ അവാർഡ് ലഭിച്ചത്. അങ്ങനെ ലഭിച്ച അവാർഡിന്റെ തുക പൊതുജന സേവനം നടത്തുന്ന ഒരു ഗവേഷണ കേന്ദ്രത്തിന് സംഭാവനയായി നൽകുകയും ചെയ്തു.

കെജ്രിവാൾ തുടക്കമിടുന്ന എത്ര നല്ല പരിഷ്‌ക്കാരങ്ങളെയും കേന്ദ്രസർക്കാർ എതിർക്കുകയെന്നത് പതിവായിരിക്കുന്നു. ഡൽഹിയുടെ ഗവർണ്ണർ പുരോഗമനപരമായ ഏതു പദ്ധതികൾക്കും വിഘാതമായിരിക്കും. കേന്ദ്ര സർക്കാരിന്റെ പരിധിയിലുള്ള ഡൽഹിയിൽ സി.സി.വി ക്യാമറകൾ സ്ഥാപിക്കണമെങ്കിൽ കേന്ദ്ര പോലീസിന്റെ അനുവാദം വേണമെന്ന് ഗവർണ്ണർ 'അനിൽ ബൈജാന്റെ' ഉത്തരവ് കേജരി വാൾ പരസ്യമായി കീറിക്കളഞ്ഞു. 'സ്ത്രീകൾക്കും ന്യുന പക്ഷങ്ങൾക്കും എതിരെ ആക്രമണങ്ങൾ വർദ്ധിച്ചിരിക്കുന്നതിനാലാണ്! സി.സി.വി ക്യാമറാകൾ സ്ഥാപിക്കുന്നതെന്നും' അദ്ദേഹം പറഞ്ഞു. 'ഡൽഹിയിൽ കുറ്റവാളികൾ പെരുകാൻ കേന്ദ്ര സർക്കാർ നയം കാരണമാകുന്നുവെന്നും' കേജരിവാൾ കുറ്റപ്പെടുത്തി.

ഫോർച്യൂൺ മാഗസിനിൽ ലോകത്തെ മികച്ച നേതാക്കന്മാരുടെ പട്ടികയിൽ കെജ്രിവാളുമുണ്ട്. പ്രബുദ്ധരായ ലോക നേതാക്കന്മാരിൽ അദ്ദേഹം നാല്പത്തിരണ്ടാം സ്ഥാനത്തു നിൽക്കുന്നു. ഒരു വർഷം മുമ്പ് അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന പ്രധാനമന്ത്രി മോദിയുടെ പേര് ഉൾപ്പെടുത്താതെ ഫോർച്യൂൺ മാഗസിൻ തഴഞ്ഞിരിക്കുന്നു. ഡൽഹിയിൽ അന്തരീക്ഷ മലിനീകരണത്തിനായി വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണമാണ് അദ്ദേഹത്തെ ലോക നേതാക്കളുടെ സ്ഥാനത്തേയ്ക്ക് എത്തിച്ചത്. കെജ്രിവാളിന്റെ അന്തരീക്ഷ ശുദ്ധീകരണ പദ്ധതി വൻ വിജയമായിരുന്നുവെന്ന് ഫോർച്യൂൺ മാഗസിൻ അഭിപ്രായപ്പെട്ടു.










Tuesday, January 15, 2019

ചിരിയുടെ അച്ചൻ ജോസഫ് പുത്തൻപുരക്കൽ, അവലോകനം




ജോസഫ് പടന്നമാക്കൽ

ഏകദേശം ഇരുപതു വർഷങ്ങൾക്കു മുമ്പാണ് ധ്യാനഗുരുക്കന്മാരുടെ പ്രവാഹം കേരളത്തിൽ വൻതോതിലാരംഭിച്ചതെന്നു തോന്നുന്നു. നിരവധി കരിഷ്മാറ്റിക്ക്' കേന്ദ്രങ്ങൾ കേരളം മുഴുവനായി ഉയർന്നുവന്നിട്ടുണ്ട്. പോട്ട ഡിവൈൻ ധ്യാനകേന്ദ്രം 1977-ൽ ആരംഭിച്ചു. മിക്ക ധ്യാനകേന്ദ്രങ്ങളിലും ആദ്ധ്യാത്മിക വിഷയങ്ങളായ പ്രസംഗങ്ങളും പ്രാർത്ഥനകളും അത്ഭുത രോഗശാന്തികളും പതിവാണ്. ഫാദർ ജോസഫ് പുത്തൻപുരക്കലിനേയും അറിയപ്പെടുന്നത് ഒരു ധ്യാന ഗുരുവായിട്ടാണ്. എന്നാൽ അദ്ദേഹം അത്ഭുതങ്ങളോ രോഗശാന്തികളോ നടത്താറില്ല. മറ്റു ധ്യാനഗുരുക്കന്മാരിൽനിന്നും വ്യത്യസ്തമായി ആയിരങ്ങളെ ചിരിപ്പിച്ചും സന്തോഷിപ്പിച്ചും പ്രഭാഷണങ്ങൾ നടത്തുന്ന ഒരു വൈദികനാണ് ഫാദർ ജോസഫ് പുത്തൻപുരക്കൽ. കൊട്ടും സംഗീതവും അടങ്ങിയ ധ്യാന പ്രസംഗങ്ങൾ അദ്ദേഹം സംഘടിപ്പിക്കാറില്ല. വഴിയോരങ്ങളിൽ പ്രാർത്ഥനകൾ നടത്തുന്നതിൽ  അച്ചൻ അനുകൂലിയല്ല. ദൈനംദിന ജീവിതത്തിൽ ട്രാഫിക്ക് തടസപ്പെടുത്തുന്ന കേരളത്തിലെ പബ്ലിക്ക് റോഡുകളിലുള്ള  കുരിശുകളും പള്ളികളും പൊളിച്ചു മാറ്റണമെന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകളും അടുത്ത കാലത്ത് വിവാദങ്ങളുണ്ടാക്കിയിരുന്നു.

ഫാദർ ജോസഫ് പുത്തൻപുരക്കലച്ചനും പ്രസിദ്ധ ജേർണലിസ്റ്റായ ജോൺ ബ്രിട്ടാസുമായുള്ള സുദീർഘമായ ഒരു അഭിമുഖ സംഭാഷണം യൂട്യൂബിൽ ശ്രവിക്കാനിടയായി. അച്ചന്റെ ചാനൽ ചർച്ചകളും ബ്രിട്ടാസിന്റെ ചോദ്യങ്ങളും അച്ചന്റെ ഉത്തരങ്ങളും ഈ ലേഖനത്തിനു സഹായകമായിട്ടുണ്ട്. അതിൽ കടപ്പാടുമുണ്ട്. സുപ്രസിദ്ധ ധ്യാനഗുരുവായി അച്ചൻ വളരുവാനുള്ള സാഹചര്യങ്ങൾ ചാനൽ ചർച്ചയിൽ വിവരിക്കുന്നുണ്ട്. ദൈവഭക്തിയും തീവ്ര മതസ്നേഹവുമുണ്ടായിരുന്ന അമ്മയാണ് ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിയെന്നു അച്ചൻ പറയുന്നു. അച്ചന്റെ അമ്മ വഴി ഞാനും അച്ചനും ഒരേ കുടുംബത്തിൽപ്പെട്ടവരെന്നതിലും അഭിമാനം തോന്നി. അച്ചന്റെ 'അമ്മ അന്നമ്മ (അച്ചാമ്മ) വളരെ വർഷങ്ങൾക്കു മുമ്പ് മരിച്ചുപോയിരുന്നു.

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന 'കാപ്പിപ്പൊടിയച്ചൻ' എന്നറിയപ്പെടുന്ന 'ഫാദർ ജോസഫ് പുത്തൻപുരയുടെ  സരസവും ഇമ്പവുമേറിയ പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കാം. ചിരിയുടെ തിരുമേനിയെന്നറിയപ്പെടുന്ന മാർത്തോമ്മ സഭയുടെ അധിപനായിരുന്ന ക്രിസ്റ്റൊസം തിരുമേനിയാണ് ഇദ്ദേഹത്തെ ആദ്യം കാപ്പിപ്പൊടിയച്ചൻ എന്ന് വിളിച്ചത്. ഒരു പക്ഷെ പൗരാഹിത്യ ലോകത്ത് ഇത്രമാത്രം ജനശ്രദ്ധ ആകർഷിച്ച മറ്റൊരു പുരോഹിതൻ മലയാളക്കരയിൽ ഉണ്ടാവുകയില്ല. അദ്ദേഹത്തിൻറെ നർമ്മ മധുരമായ പ്രഭാഷണങ്ങൾ ജാതിമത ഭേദമെന്യെ എല്ലാ ജനങ്ങളും ശ്രവിക്കാറുണ്ട്. കുടുംബബന്ധങ്ങളെ ചേർത്തിണക്കി കൊച്ചുകൊച്ചു വർത്തമാനങ്ങളായി ബന്ധപ്പിക്കുന്നതുകൊണ്ടാണ് അദ്ദേഹത്തിൻറെ പ്രസംഗങ്ങൾ യുട്യൂബിൽ പ്രസിദ്ധങ്ങളായത്. നർമ്മങ്ങളിൽക്കൂടി അവതരിപ്പിക്കുന്ന ഓരോ പ്രസംഗങ്ങളിലും ഉപകഥകളും കാണും. ഇടുക്കിയും സ്വന്തം ജീവിത ചുറ്റുപാടുകളും ജീവിച്ചിരുന്ന മാതാപിതാക്കളും എല്ലാം അദ്ദേഹത്തിൻറെ പ്രഭാഷണങ്ങളിൽ മുഴങ്ങാറുണ്ട്. അമ്പതിൽപ്പരം  രാജ്യങ്ങളിൽ ധ്യാന പ്രഭാഷണങ്ങളുമായി കറങ്ങിയിട്ടുണ്ട്. അത്രമാത്രം അച്ചന്റെ ആരാധകർ ലോകം മുഴുവൻ ഇന്ന് വ്യാപിച്ചുകിടക്കുന്നു.

നിരവധി പേരുകളിലാണ് അദ്ദേഹത്തെ ജനം അറിയുന്നത്. കഥ പറയുന്ന അച്ചൻ, രസികൻ, നർമ്മ പ്രഭാഷകൻ, ചിരിയുടെ അച്ചൻ, കാപ്പിപ്പൊടിയച്ചൻ എന്നിങ്ങനെയെല്ലാം അറിയപ്പെടുന്നു.  അദ്ദേഹത്തിന് നിയമ ബിരുദമുള്ളതുകൊണ്ട് തമാശു രൂപത്തിൽ 'ഫീസില്ലാത്ത വക്കീൽ' എന്നും വിളിക്കാറുണ്ട്. ചിലർ അമ്മായി അപ്പൻ എന്നും (ഫാദർ ഇൻ ലോ) വിളിക്കുന്നു.' ഹാസ്യരൂപേണയുള്ള അത്തരം വിളികളിൽ അച്ചൻ സന്തോഷിക്കാറുമുണ്ട്. 'ആദ്യകാലങ്ങളിൽ അദ്ദേഹത്തെ റെവറന്റ് ഫാദർ എന്നു സംബോധന ചെയ്തിരുന്നുവെന്നും കാലം കഴിഞ്ഞപ്പോൾ അത് വൈറൽ ഫാദറെന്നായിയെന്നും അച്ചൻ പറയാറുണ്ട്.

ഞാനുൾപ്പെടുന്ന ഞങ്ങളുടെ കുടുംബ സംഘടനയുടെ രക്ഷാധികാരിയെന്ന നിലയിൽ അച്ചനെ എനിക്ക് വളരെ വർഷങ്ങളായി അറിയാം. കുടുംബ യോഗങ്ങളിൽ അദ്ദേഹത്തോടൊപ്പം സംബന്ധിച്ചിട്ടുമുണ്ട്.
ഇടുക്കി ജില്ലയിൽ വലിയ തോവാളയിൽ ഒരു സാധാരണ കർഷക കുടുംബത്തിലാണ് ഫാദർ ജോസഫ് പുത്തൻപുരക്കലച്ചൻ ജനിച്ചത്. അച്ചനെക്കൂടാതെ 'തൊമ്മച്ചൻ' എന്ന ഒരു സഹോദരനും അദ്ദേഹത്തിനുണ്ട്‌. ആയുർവേദവും കൃഷിയുമായി സഹോദരൻ കഴിയുന്നു. ചെറുപ്പകാലം മുതൽ ഒരു വൈദികനാകണമെന്ന ആഗ്രഹം അദ്ദേഹത്തിൽ കൂടികൊണ്ടിരുന്നു. പള്ളിയിൽ അൾത്താര ബാലനായി പുരോഹിതരെ സഹായിച്ചിരുന്നു. സോഡാലിറ്റിയിലും മിഷ്യൻ ലീഗിലും സജീവ പ്രവർത്തകനായിരുന്നു. ഫലിതത്തോടുള്ള താൽപ്പര്യവും കഴിവും കുട്ടിക്കാലം മുതലുള്ള പരിശീലനത്തിൽ നിന്നും ലഭിച്ചതെന്ന് പുത്തൻ പുരക്കൽ അച്ചൻ പറയാറുണ്ട്. കുട്ടിക്കാലത്ത് ഫലിതം നിറഞ്ഞ സിനിമകളും നാടകങ്ങളും കാണുവാൻ പോവുകയും ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്തിരുന്നു. അന്നത്തെ നടന്മാരായ ബഹദുറിൻറെയും അടൂർ ഭാസിയുടെയും ശ്രീനിവാസന്റെയും സിനിമകൾ അദ്ദേഹത്തെ ആകർഷിച്ചിരുന്നു.

പഠിക്കുന്ന കാലങ്ങളിൽ നാടുമുഴുവൻ കഥാപ്രസംഗം കേൾക്കാൻ പോവുമായിരുന്നു. പ്രസിദ്ധരായ കൈമാപ്പറമ്പന്റെയും സാമ്പശിവന്റേയും കഥാ പ്രസംഗങ്ങളിലെ നർമ്മങ്ങൾ അദ്ദേഹം മനസ്സിൽ സൂക്ഷിക്കുകയും ചെയ്തിരുന്നു. സ്‌കൂളിലെ കലാവേദികളിൽ കഥാപ്രസംഗങ്ങൾ അച്ചനും അവതരിപ്പിക്കുമായിരുന്നു. നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുമുണ്ട്. അങ്ങനെ 'നർമ്മരസം' എന്ന കല കുഞ്ഞുന്നാൾ മുതൽ വളർത്തിയെടുത്തിരുന്നു. പ്രസംഗകലയിലും നർമ്മരസങ്ങൾ കലർത്തി സദസ്യരെ കീഴടക്കാനുള്ള കഴിവ് സ്വയം വികസിപ്പിച്ചെടുക്കുകയും ചെയ്തു.

പത്താം ക്ലാസിലെ പഠനത്തിനുശേഷം പുരോഹിതനാകണമെന്നുള്ള ആഗ്രഹങ്ങൾ സ്വന്തം കുടുംബത്തിൽ അവതരിപ്പിച്ചപ്പോൾ മാതാപിതാക്കൾ എതിർക്കുകയാണുണ്ടായത്. രണ്ടു മക്കൾ മാത്രമുള്ള ആ കുടുംബത്തിൽ ഒരാൾ പുരോഹിതനാകുന്നത് അവർ താല്പര്യപ്പെട്ടിരുന്നില്ല.  അക്കാലത്ത് നല്ലവരായ വൈദികരെ പരിചയപ്പെടുവാനും അവരുമായി ഇടപെഴുകാനും അവസരങ്ങൾ ലഭിച്ചിരുന്നു. അവരുടെ പ്രോത്സാഹനവും പിൽക്കാലത്ത് ഒരു പുരോഹിതനാകാനുള്ള ആവേശം വർദ്ധിക്കാനും കാരണമായി. വൈദിക വൃത്തിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് രാഷ്ട്രീയമായി ഉയരാനുള്ള അവസരങ്ങൾ കാരണം പുരോഹിതനാകണമെന്നുള്ള ആഗ്രഹത്തിനു മങ്ങലേറ്റിരുന്നു.

ഹൈറേഞ്ചിൽ നരിയാംപാറയിലുള്ള ദേവസ്വം ബോർഡ് കോളേജിലാണ് പ്രീഡിഗ്രിക്ക്‌ പഠിച്ചത്. ബിഎ ഡിഗ്രി കോഴിക്കോട് സർവ്വകലാശാലയിൽനിന്നും മൂന്നാം റാങ്കോടെ പാസ്സായി. തിരുവനന്തപുരം ലോ കോളേജിൽ നിയമം പഠിച്ച് എൽ എൽ ബി ഡിഗ്രിയും നേടിയിട്ടുണ്ട്. പാവങ്ങൾക്കും സൗജന്യമായി തൻറെ സേവനം പ്രയോജനപ്പെടുമെന്ന ചിന്ത തിരുവനന്തപുരം ലോകോളേജിൽ നിയമം പഠിക്കാൻ പ്രേരിപ്പിച്ചു. വിദ്യാഭ്യാസ കാലത്താണ് രാഷ്ട്രീയത്തിൽ ശക്തമായി പ്രവർത്തനമാരംഭിച്ചത്. കോളേജ് പഠനകാലത്ത് പേരുകേട്ട ഒരു പ്രാസംഗികനായിരുന്നു.  കേരളാകോൺഗ്രസ്, മാണി ഗ്രൂപ്പെന്നും ജോസഫ് ഗ്രൂപ്പെന്നും രണ്ടായി പിളർന്നപ്പോൾ അദ്ദേഹത്തിന് രാഷ്ട്രീയത്തോടുള്ള മതിപ്പു പോയി. പാർട്ടി പിളർന്നില്ലായിരുന്നെങ്കിൽ അദ്ദേഹം പാർട്ടിയിൽ തന്നെ സജീവമായി തുടരുമായിരുന്നു. 'അദ്ദേഹത്തെ പ്രസംഗകല പരിശീലിപ്പിച്ചത് മിഷ്യൻ ലീഗാണെങ്കിലും രാഷ്ട്രീയത്തിൽ വന്നുചേർന്നതുകൊണ്ടാണ് ഏതു സമൂഹത്തിനെയും അഭിമുഖീകരിക്കാനുള്ള കഴിവുണ്ടായതെന്ന്' അച്ചൻ പറയുന്നു. രാഷ്ട്രീയം പിളർന്നു കഴിഞ്ഞപ്പോൾ യുവാവായ പുത്തൻപുരക്കൽ നിരാശനായി തീർന്നിരുന്നു. ജീവിതത്തിൽ ഉയരുവാൻ മറ്റു മാർഗങ്ങൾ ഇല്ലെന്നും അദ്ദേഹത്തിനു തോന്നി. കുറച്ചുകാലം ഗുജറാത്തിൽ പോയി താമസിച്ചു. അവിടെ പുരോഹിതരുമായുള്ള സംസർഗം വീണ്ടുമുണ്ടായി. രാഷ്ട്രീയം ഉപേക്ഷിച്ച് പുരോഹിതനാകണമെന്നുള്ള ചിന്തകൾ അദ്ദേഹത്തിൽ വീണ്ടും മൊട്ടിട്ടു.

കപ്പൂച്ചിയൻ സഭയിൽ ചേർന്നാൽ തന്റെ ജന്മസിദ്ധമായ പ്രസംഗ കലയെ പരിപോഷിപ്പിക്കാമെന്നും അച്ചൻ കരുതി. അങ്ങനെയുള്ള തീക്ഷ്ണമായ ആഗ്രഹത്തിന്റെ വെളിച്ചത്തിലായിരുന്നു അദ്ദേഹം കപ്പൂച്ചിയൻ വൈദിക വൃദ്ധി സ്വീകരിക്കാൻ ഒരുമ്പെട്ടത്. വൈദികനായതിൽ നിരാശയുണ്ടോയെന്ന് ചാനൽ ചർച്ചയിൽ അദ്ദേഹം മറുപടി പറയുന്നുണ്ട്. "വൈദികനായതിൽ താൻ അഭിമാനിക്കുന്നു. കഴിവിനുപരിയായി 'ഞാനായ' വ്യക്തിത്വത്തെ തന്മൂലം വളർത്താൻ സാധിച്ചു. പുറകോട്ടു നോക്കുമ്പോൾ നിരാശയൊന്നുമില്ല. ലോകമാകമാനമുള്ള മലയാളികൾ ഇന്ന് തൻറെ വാക്കുകളെ ശ്രവിക്കുന്നു. നൂറുകണക്കിന് കുടുംബബന്ധങ്ങളെ യോജിപ്പിക്കാൻ സാധിച്ചു. ഒരു പക്ഷെ താൻ രാഷ്ട്രീയത്തിലായിരുന്നെങ്കിൽ ഇത്രമാത്രം മുന്നേറുവാൻ സാധിക്കുമായിരുന്നുവെന്ന് കരുതുന്നില്ല."


ജോസഫ് പുത്തൻപുരയ്ക്കലച്ചനെന്ന  ധ്യാനഗുരുവിന്റെ പ്രസംഗ ശൈലികൾ മറ്റു ധ്യാന ഗുരുക്കളിൽനിന്നും തികച്ചും വ്യത്യസ്തമാണ്. ആദ്ധ്യാത്മികതയുടെ പേരിൽ കാണിക്കുന്ന കപട ഭക്തികളെ പരിഹസിക്കുന്ന, തെറ്റുകൾ ഹാസ്യരൂപേണ ചൂണ്ടിക്കാണിക്കുന്ന ഒരു ഗുരുവാണ് അദ്ദേഹം. ഓരോ പ്രസംഗത്തിലും നൂറുകൂട്ടം നർമ്മരസങ്ങൾ നിറഞ്ഞിരിക്കും. ശ്രോതാക്കളുടെ മനസിലേക്ക് അഗാധമായി കയറി ചെല്ലുകയും ചെയ്യും. ഭക്തിയുടെ ശരിയായ വഴികൾ ലളിതമായ വാക്കുകളിൽക്കൂടി ചൂണ്ടിക്കാണിക്കുന്നു. ഏതു സംഗതികളും നർമ്മ ഭാവനകളോടെ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അവർണ്ണനീയമാണ്‌. അതുമൂലം ആയിരക്കണക്കിന് ആരാധകരാണ് ലോകമെമ്പാടുമുള്ളത്. സരസമായ വാക്കുകളിൽക്കൂടി മനുഷ്യ മനസുകളെ കീഴടക്കുകയെന്നതാണ് അച്ചന്റെ നയം. പറയുന്ന എല്ലാ വാക്കുകളും അർത്ഥ ഗാംഭീര്യം നിറഞ്ഞതാണ്. നർമ്മരസം നിറഞ്ഞ കഥകൾകൊണ്ട് ഈ കപ്പൂച്ചിയൻ അച്ചൻ ജനമനസുകളെ കീഴടക്കുന്നു. അച്ചന്റെ പ്രസംഗത്തിന് പ്രത്യേകമായ ഒരു ശൈലിയുണ്ട്. കൊച്ചുകുട്ടികൾ പോലും നിശബ്ദതയോടെ ചിരിച്ചും ആസ്വദിച്ചും പ്രസംഗങ്ങൾ ശ്രദ്ധയോടെ ശ്രവിക്കും. അക്രൈസ്തവർപോലും അച്ചന്റെ പ്രസംഗങ്ങൾ കേൾക്കുന്നു. ഹൈന്ദവ മുസ്ലിം പരിപാടികളിലും പ്രസംഗം ചെയ്യാൻ ക്ഷണിക്കുന്ന വേളകളിൽ സംബന്ധിക്കാറുണ്ട്.

അച്ചന്റെ പ്രസംഗങ്ങളിൽ കൂടുതലും കുടുംബവും ഭാര്യ ഭർത്താക്കന്മാരും മക്കളും തമ്മിലുള്ള ബന്ധങ്ങളെപ്പറ്റിയാണ്. ഏതു പ്രസംഗത്തിലും കുടുംബ ജീവിതത്തെപ്പറ്റി ഫലിതമായി പ്രസംഗങ്ങൾ അവതരിപ്പിക്കും. കുടുംബത്തിനുള്ളിലെ അന്തച്ഛിദ്രങ്ങളെ ഇത്രമാത്രം മനസ്സിലാക്കിയിട്ടുള്ള മറ്റൊരാൾ മലയാളക്കരയിൽ വിരളമായിരിക്കും. ദാമ്പത്യജീവിതം സന്തോഷമാക്കാൻ അച്ചൻ ഉപമകളിൽക്കൂടിയും നർമ്മ രസങ്ങളടങ്ങിയ  കഥകളിൽക്കൂടിയും പ്രസംഗങ്ങൾ സദസ്സിൽ അവതരിപ്പിക്കുന്നു. 'പകൽ മുഴുവൻ ജോലിയും ജോലി സ്ഥലത്തു നിന്ന് കിട്ടുന്ന ടെൻഷനുമായി വീട്ടിൽ വന്നെത്തുന്ന ഭർത്താവിന് ഭാര്യ ഹൃദയം നിറഞ്ഞ പുഞ്ചിരി അർപ്പിച്ചാൽ അത് ഏതു ഭർത്താവിനേയും ലോല ഹൃദയനാക്കുമെന്ന്' അച്ചൻ പറയുന്നു.  ഭാര്യയുടെ ഹൃദയം നിറഞ്ഞ ചിരിയുടെ മുമ്പിൽ കീഴടങ്ങാത്ത ഭർത്താക്കന്മാരില്ലെന്നാണ് അച്ചന്റെ  അഭിപ്രായം. ഭാര്യ ഭർതൃ ബന്ധത്തെ സ്പർശിച്ചുകൊണ്ട് "ഇണയും തുണയും" എന്ന പുസ്തകവും അച്ചൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുടുംബ ജീവിതത്തിന്റെ അടിസ്ഥാന കാരണം പരസ്പ്പര വിശ്വാസമാണെന്ന് അച്ചൻ പറയുന്നു. നിശബ്ദമായി കിടപ്പറയിൽ കിടന്നുറങ്ങുന്നതും ഒരു വിശ്വാസത്തിന്റെ പുറത്താണ്. പകലിന്റെ അരിശം മുഴുവൻ തീർക്കാൻ ഉറങ്ങി കിടക്കുന്ന ഭർത്താവിനെ രാത്രിയിൽ ചെരവയ്ക്കടിച്ച് ഒരു ഭാര്യക്ക് ഇല്ലാതാക്കാം. സ്വച്ഛമായും സമാധാനമായും ഭാര്യയും ഭർത്താവും ഒന്നിച്ച് കിടന്നുറങ്ങുന്നതുപോലും ഒരു വിശ്വാസത്തിന്റെ പുറത്താണ്. പരസ്പ്പര വിശ്വാസമുള്ള ഒരു പങ്കാളിയാണ് ജീവിത വിജയത്തിനാവശ്യമെന്ന ചിന്തകൾ തന്മയത്വമായി അവതരിപ്പിക്കാനുള്ള കഴിവുകൾ പുത്തൻപുരക്കലച്ചനു മാത്രമേയുള്ളൂ.

വിവാഹം കഴിക്കാത്ത ഒരു പുരോഹിതൻ കുടുംബകാര്യങ്ങൾ ഇത്രമാത്രം മനസിലാക്കിയത് എങ്ങനെയെന്നും ചോദ്യങ്ങളുയരാറുണ്ട്‌. അതിനും അച്ചന് മറുപടിയുണ്ട്. 'ഒരു പന്തയ കുതിരയോട്ടത്തിൽ, ഒരു ഫുട്ബാൾ, അല്ലെങ്കിൽ വോളിബാൾ കോർട്ടിൽ 'റഫറീ' കളിക്കാറില്ല. പക്ഷെ കളിക്കാരേക്കാൾ നിയമങ്ങൾ അറിയാവുന്നത് റഫറീക്കായിരിക്കും. അതുപോലെ മാനുഷികമൂല്യങ്ങൾ വിലമതിക്കുന്ന ഒരു വൈദികനും ജീവിതമാകുന്ന കോർട്ടിലെ കളികൾ വായനയിൽക്കൂടി, മറ്റുള്ളവരിൽ നിന്നും മനസിലാക്കി അറിവുകൾ സമ്പാദിച്ചിരിക്കും. ഒരു ധ്യാന ഗുരുവെന്ന നിലയിൽ കുടുബപ്രശ്നങ്ങളുമായി നൂറു കണക്കിന് ജനം അച്ചനെ  സമീപിക്കാറുണ്ട്. ഓരോരുത്തർക്കും കുടുംബ ജീവിതത്തെപ്പറ്റി നിരവധി ചോദ്യങ്ങൾ ചോദിക്കാനുണ്ടാകും. അച്ചൻ പറയുന്നു, 'ഇങ്ങനെ നിരവധിയാളുകളുടെ ദൈനംദിന ജീവിതത്തിലുള്ള പ്രശ്നങ്ങൾ കേൾക്കുമ്പോൾ കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളെ ആധികാരികമായി വിലയിരുത്താനും കഴിവുണ്ടാകും. വിവാഹിതരായവരെക്കാളും വൈവാവിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഒരു പുരോഹിതനെന്ന നിലയിൽ പ്രത്യേകമായ കഴിവുമുണ്ടാകും.'  പ്രായോഗിക പരിജ്ഞാനം അങ്ങനെ ലഭിക്കുന്നതിന്റെ  വെളിച്ചത്തിൽ തന്റെ പ്രസംഗങ്ങൾ വികസിപ്പിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.

ഹൈന്ദവ കുടുംബങ്ങളിൽ നിന്നും മറ്റു കുടുംബങ്ങളിൽ നിന്നും പ്രശ്നങ്ങളുമായി വരുന്നവരുമായി  മണിക്കൂറോളം അച്ചൻ സമയം ചെലവഴിച്ചിട്ടുണ്ട്. 'പിരിയാൻ പോവുന്ന പലരും അതുമൂലം പിന്നീട് സന്തോഷമായി കഴിയുന്നതിൽ സംതൃപ്തിയുണ്ടാകാറുണ്ടെന്നും' അച്ചൻ പറയുന്നു. അച്ചൻ സ്ത്രീ പുരുഷ മനഃശാസ്ത്രം ധാരാളം വായിക്കാറുണ്ടെന്നും അവകാശപ്പെടുന്നു. വനിതയിലും മറ്റും എഴുതാറുണ്ട്. അങ്ങനെ എഴുതാൻ വേണ്ടി മനഃശാസ്ത്രത്തെപ്പറ്റി പഠനം നടത്താറുണ്ട്. അത്തരം കേട്ടും വായിച്ചുമുള്ള അറിവുകളാണ് അദ്ദേഹത്തെ മനഃശാസ്ത്രപരമായ ഏതു ചോദ്യങ്ങൾക്കും ഉത്തരം കണ്ടുപിടിക്കാൻ സഹായിക്കുന്നത്.

ഭാര്യാ ഭർതൃ ബന്ധത്തിന്റെ ഉലച്ചിലിനു കാരണങ്ങളും അതിനുള്ള പരിഹാരങ്ങളും അച്ചൻ മിക്ക പ്രഭാഷണങ്ങളിലും ഓർമ്മിപ്പിക്കാറുണ്ട്. 'ഭാര്യയും ഭർത്താവും പരസ്പ്പരം ബഹുമാനമില്ലാതുള്ള സ്ഥിതിവിശേഷങ്ങൾ വരുമ്പോഴാണ് പൊട്ടിത്തെറികൾ ആരംഭിക്കുന്നത്. പണ്ടുകാലങ്ങളിൽ സ്ത്രീകൾ ഭർത്താക്കന്മാരുടെ വരുമാനം കൊണ്ട് കഴിഞ്ഞിരുന്നു. എന്നാൽ ന്യുക്‌ളീയർ കുടുംബങ്ങളുടെ ആരംഭത്തോടെ ഭാര്യയും ഭർത്താവും ജോലി ചെയ്യുന്നു. സ്വയം പര്യാപ്തയായ ഭാര്യക്ക് ഭർത്താവിനോട് ബഹുമാനക്കുറവുമുണ്ടാകാം. അത് പിന്നീട് കുടുംബ പ്രശ്നങ്ങൾക്ക് വഴിതെളിയിക്കുന്നു. പരസ്പ്പരം ബഹുമാനമില്ലാതെ ഭാര്യയോട് സംസാരിക്കുക അതുപോലെ ബഹുമാനമില്ലാതെ ഭർത്താവിനോട് സംസാരിക്കുക എന്നുള്ളത് ഇന്ന് കുടുംബജീവിതത്തിൽ കയ്പ്പേറിയ അനുഭവങ്ങൾ സൃഷ്ടിക്കുന്നു. പുരുഷൻ വളരുന്നതും സാഹചര്യങ്ങളും ആണുങ്ങൾ മേൽക്കോയ്മയുള്ള ഒരു കുടുംബത്തിൽ നിന്നായിരിക്കും. അവിടെ ഈഗോ പ്രശ്നമായി വരുന്നു. ഒരുമിച്ച് ഇരിക്കുകയോ വർത്തമാനം പറയുകയോ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുകയോ ചെയ്യുന്ന പതിവും കുടുംബങ്ങളിൽ കുറവാണ്. പടിഞ്ഞാറൻ ചിന്തകൾ, സീരിയൽ കാണൽ, രണ്ടു പേരും ജോലിചെയുന്നതുകൊണ്ടുള്ള സമയക്കുറവ്, ജോലി മൂലം മാനസികമായും ശാരീരികമായുമുള്ള ക്ഷീണം എന്നീ കാര്യങ്ങളെല്ലാം കുടുംബ ബന്ധങ്ങൾ തകരാൻ കാരണമാകുന്നു.' പുരുഷന്റെ തലയും സ്ത്രീയുടെ ഹൃദയവുമാണ് കുടുംബ സമാധാനത്തിന് ഏറ്റവും അനുയോജ്യമെന്നും അച്ചൻ വിശ്വസിക്കുന്നു.

പുരുഷനും സ്ത്രീക്കും തുല്യ പ്രാധാന്യം നൽകിക്കൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗങ്ങൾ എല്ലാം ഫലിതരൂപത്തിൽ അവതരിപ്പിക്കാറുള്ളത്. 'ഭാര്യ ഭർത്താക്കന്മാർ തമ്മിൽ പ്രശ്നങ്ങളുണ്ടാവുമ്പോൾ ഭർത്താവ് പെട്ടെന്ന് മറക്കും. എന്നാൽ ഭാര്യ ക്ഷമിക്കും. മറക്കില്ല. ക്ഷമ താൽക്കാലികമായിരിക്കും. അതേ പ്രശ്നങ്ങൾ തന്നെ വീണ്ടും വീണ്ടും ഒരു പക്ഷെ നീണ്ട വർഷങ്ങളോളം ആവർത്തിച്ചുകൊണ്ടിരിക്കുമെന്നും' അദ്ദേഹം പറയുന്നു.

താത്ത്വികമായ ഈ അഭിപ്രായത്തിന്റെ വെളിച്ചത്തിൽ ഒരു മാത്യുസാറിന്റെ ഉദാഹരണം അച്ചൻ കഥയുടെ രൂപത്തിൽ പറയാറുണ്ട്‌. മാത്യസാർ സ്‌കൂളിലെ അറിയപ്പെടുന്ന പ്രമുഖനായ ഒരു മാതൃകാധ്യാപകനാണ്. എല്ലാവരാലും സമ്മതനായ ഒരു വ്യക്തി. പക്ഷെ അദ്ദേഹത്തിൻറെ ഭാര്യ മാത്രം അത് അംഗീകരിക്കാറില്ല. മാത്യു സാറിന്റെ വാക്കുകളിലും പ്രവർത്തിയിലും അവർക്ക് എന്നും സംശയരോഗം. ഒരിക്കൽ അത്താഴം കഴിക്കുന്നതിനിടെ മാതു സാർ സ്‌കൂളിലെ ഒരു വിശേഷം ഭാര്യയോട് പറഞ്ഞു. "എടീ സ്‌കൂളിൽ ഇന്ന് സുന്ദരിയായ ഒരു സിസിലി ടീച്ചർ വന്നിട്ടുണ്ട്. എല്ലാവരുടെയും കണ്ണുകൾ ടീച്ചറിന്റെ മുഖത്തേക്കാണ്. അവളുടെ മുഖത്ത് മീശയുണ്ടെന്നുള്ള ഒരു കുറവ് മാത്രമേയുള്ളൂ." ഒരു സ്ത്രീ മറ്റൊരു സ്ത്രീ സുന്ദരിയാണെന്ന് പറയുന്നത് സാധാരണയുള്ള സ്ത്രീകൾ  സഹിക്കാറില്ല. എന്നാൽ മാത്യു സാറിന്റെ ഭാര്യ കുറച്ചുകൂടി പാകതയുള്ള സ്ത്രീയായിരുന്നു. അവർ മാത്യുസാർ പറഞ്ഞ കഥ കേട്ട് ചിരിച്ചു. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ മാത്യു സാർ വീട്ടിലില്ലാതിരുന്ന സമയത്ത് വീടിന്റെ മുറ്റത്ത് ഒരു കുളിമുറി പണിയാനായി ഇഷ്ടിക നിരത്തിയിരുന്നു. അന്ന് രാത്രിയോടെ വീട്ടിൽ വന്നെത്തിയ മാത്യ സാർ വീടിന്റെ മുറ്റത്ത് ഇഷ്ടിക നിരത്തിയിട്ടുണ്ടെന്ന് മനസിലാക്കാതെ അതിൽ തട്ടി മുറ്റത്തു വീണു. അതിൽ ഭാര്യയോട് ക്ഷുപിതനായ മാത്യുസാറിനോട് ഭാര്യ പറഞ്ഞത് 'എവിടെയായിരുന്നു മനുഷ്യാ നിങ്ങളുടെ കണ്ണ്! നിങ്ങൾക്ക് സിസിലി ടീച്ചറിന്റെ മീശ കാണാൻ കണ്ണുണ്ടായിരുന്നു. ഇഷ്ടിക മുമ്പിൽ കണ്ടപ്പോൾ നിങ്ങളുടെ കണ്ണെവിടെ പോയി?" ഇങ്ങനെ സ്ത്രീയുടെയും പുരുഷന്റെയും മനഃശാസ്ത്രം നല്ലവണ്ണം പഠിച്ചിട്ടാണ് സരസ രൂപത്തിൽ അദ്ദേഹം ഓരോ പ്രസംഗവും അവതരിപ്പിക്കാറുള്ളത്," ചില  സ്ത്രീകൾക്ക് കള്ളുകുടിക്കുന്ന ഭർത്താക്കന്മാരെ ഇഷ്ടം. കാരണം കള്ളുകുടിയൻ ഭർത്താവിന്റെ പോക്കറ്റിൽ നിന്നും പണം എടുത്താൽ അയാൾ അറിയില്ലായിരുന്നു. ചില ഭാര്യമാർക്ക് ഭർത്താവിന്റെ അടി കിട്ടിയില്ലെങ്കിൽ സമാധാനം വരില്ല.' ഇങ്ങനെ പോവുന്നു അദ്ദേഹത്തിൻറെ കുടുംബവുമായി ബന്ധപ്പെടുത്തിയിട്ടുള്ള സരസകഥകൾ.

അച്ചൻ ആദ്ധ്യാത്മിക പ്രഭാഷണം മാത്രമല്ല സാമൂഹികവും രാഷ്ട്രീയവുമായ കാര്യങ്ങളെ സംബന്ധിച്ചും സംസാരിക്കാറുണ്ട്. 'രാഷ്ട്രീയത്തിൽ നിൽക്കുന്നവർ സ്വന്തം വ്യക്തിത്വത്തെ നശിപ്പിച്ചുകൊണ്ട് വിദ്യാർത്ഥി പ്രസ്ഥാനമായി പോവുമ്പോഴാണ് അവർ സ്വയം നശിക്കുന്നത്. ഒരു പക്ഷെ കേരളാകോൺഗ്രസ് പിളർന്നില്ലായിരുന്നെങ്കിൽ താൻ ഇന്ന് രാഷ്ട്രീയത്തിലെ ഉന്നത വ്യക്തിയാവുമായിരുന്നുവെന്നും അച്ചൻ വിചാരിക്കുന്നു. രാഷ്ട്രീയം കൊണ്ട് ഉയർന്നവരുണ്ട്. അതേസമയം രാഷ്ട്രീയം കൊണ്ട് തകർന്നവരുമുണ്ട്. നല്ല രീതിയിൽ രാഷ്ട്രീയമുണ്ടെങ്കിൽ അത് സൗഹാർദപരവും ജനനന്മയും പ്രദാനം ചെയ്യും. സമരവും കോലാഹലവും തല്ലുമായുള്ള രാഷ്ട്രീയം ജനാധിപത്യ മൂല്യങ്ങളെ തകർക്കുകയേയുള്ളൂ. ലോകത്തിൽ ഏതു പ്രസ്ഥാനങ്ങളിലും നന്മകളും തിന്മകളുമുണ്ട്. അതിൽ നന്മയെ വളർത്താൻ പ്രയോജനപ്പെടുമെങ്കിൽ വിദ്യാർത്ഥി രാഷ്ട്രീയത്തെ പിന്താങ്ങുന്നുവെന്നായിരുന്നു' അച്ചന്റെ അഭിപ്രായം. സ്‌കൂളിലെ പഠനകാര്യങ്ങളിൽ ശ്രദ്ധാലുവാണെങ്കിൽ സ്വന്തം വ്യക്തിത്വത്തെ വളർത്താൻ വിദ്യാർഥി പ്രസ്ഥാനം സഹായിക്കുമെന്ന്‌ അച്ചൻ വിശ്വസിക്കുന്നു.

അച്ചന്! മനഃശാസ്ത്ര ഡിഗ്രിയോ ഫിലോസഫി ഡിഗ്രിയോ ഇല്ലാതെ ജനങ്ങളുടെ ഹൃദയം മനസിലാക്കി പ്രശ്നങ്ങളെ കൈകാര്യം ചെയ്യാൻ എങ്ങനെ സാധിക്കുന്നുവെന്നും ചോദ്യങ്ങൾ ഉയർന്നിരുന്നു. അതിനും അച്ചന് ഉത്തരമുണ്ടായിരുന്നു. 'തട്ടുകടയിൽ പോവുമ്പോഴും ബാർബർ ഷോപ്പിൽ പോവുമ്പോഴും മനുഷ്യബന്ധങ്ങളെപ്പറ്റി ഗഹനമായി പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ഒരു ഡോക്ടറുടെ ചീകത്സയേക്കാളും ഒരു കമ്പോണ്ടറുടെ ചികത്സയോ ഒരു നേഴ്‌സിന്റെ തലോടലോ ചിലപ്പോൾ പ്രയോജനപ്പെട്ടേക്കാം'. അച്ചൻ പറയുന്നത് ചിലർക്ക് അശ്ളീലങ്ങളെന്നും തോന്നാം. 'എന്തും മൂടിക്കെട്ടി സംസാരിക്കുമ്പോഴാണ് മനുഷ്യന്റെ നിരവധി വൈകാരിക ചിന്തകൾ മനസിലാകാതെ പോവുന്നത്. തുറന്ന സംസാരങ്ങൾ പലപ്പോഴും നമ്മുടെ ജീവിത തുടിപ്പുകളറിയാനും ജീവിത പ്രശ്നങ്ങൾ പരിഹരിക്കാനും ഉപകാരപ്പെടും'. അത്തരം ഒരു മനഃശാസ്ത്രം അച്ചൻ സ്വയം വികസിപ്പിച്ചെടുത്തതെന്നും അവകാശപ്പെടുന്നു. അച്ചൻ തുടർന്നും പറയുന്നു, " ഒരു മനഃശാസ്ത്രഞൻ പറഞ്ഞാൽ ചിലപ്പോൾ ആരും കേൾക്കണമെന്നില്ല. എന്നാൽ ഒരു പുരോഹിതൻ അല്ലെങ്കിൽ ഒരു ആചാര്യൻ പറഞ്ഞാൽ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നവർ കേട്ടെന്നിരിക്കും." അങ്ങനെയൊരു ഉറപ്പിന്മേലാണ് പലപ്പോഴും അദ്ദേഹം മനഃശാസ്ത്രപരമായ വിഷയങ്ങൾ കൈകാര്യം ചെയ്തു കൊണ്ടിരിക്കുന്നത്.

പുതിയ തലമുറകളുടെ ജീവിത സാഹചര്യങ്ങളെയും കാലത്തിന്റെ മാറ്റങ്ങളെയും അച്ചൻ വിലയിരുത്താറുണ്ട്. അന്യജാതി മതസ്ഥരുമായുള്ള വിവാഹത്തെപ്പറ്റിയും അച്ചന് പ്രത്യേകമായ ഒരു കാഴ്ചപ്പാടാണുള്ളത്. "ഇന്നുള്ള യുവ തലമുറകൾ വൈവാഹിക ജീവിതത്തിൽ ഹൃദയം കൊണ്ടല്ല സ്നേഹിക്കുന്നത്. പലപ്പോഴും യാന്ത്രികമായ സ്നേഹമാണ് പരസ്പ്പരം പ്രകടിപ്പിക്കുന്നത്. ഭാര്യയും ഭർത്താവും രണ്ടു മതങ്ങളെങ്കിൽ മതം അവരുടെ മുമ്പിൽ പ്രശ്നമായിരിക്കും. സ്നേഹത്തേക്കാൾ ഇരുവരുടെയും മുമ്പിൽ ഈഗോ പൊന്തി നിൽക്കുകയും ചെയ്യും. ഈശ്വരനെ തന്നെ പങ്കുവെച്ചുകൊണ്ടുള്ള വർത്തമാനങ്ങളും അവരുടെയിടയിൽ കലഹത്തിന് കാരണമാകും."

ഫ്രാൻസീസ് മാർപാപ്പായോട് അച്ചൻ അതിയായ ബഹുമാനം പ്രകടിപ്പിക്കുന്നത് കാണാം. കപ്പൂച്ചിയൻ സഭാസ്ഥാപകനായ അസ്സീസിയുടെ പേരാണ് ഫ്രാൻസീസ് മാർപാപ്പ സ്വീകരിച്ചിരിക്കുന്നത്. നിലവിലുള്ള സാമൂഹിക വ്യവസ്ഥിതിയോടാണ് ഫ്രാൻസീസ് മാർപാപ്പാ പൊരുതുന്നത്. ആയിരക്കണക്കിന് വർഷങ്ങളായി നിലകൊണ്ടിരുന്ന സഭയുടെ പല ചിന്തകളും കാലഹരണപ്പെട്ടുപോയി. അതുകൊണ്ടു നിലവിലുള്ള ഒരു വ്യവസ്ഥിതിക്ക് മാറ്റങ്ങൾ ആവശ്യമുണ്ടെന്നും ഫ്രാൻസീസ് മാർപാപ്പ ചിന്തിക്കുന്നു.  സന്യാസം എന്ന് പറഞ്ഞാൽ കൂടുതൽ എളിമയുള്ളവരാകണമെന്നും ഓർമ്മിപ്പിക്കുന്നു. അതാണ് ക്രിസ്തീയ സഭയുടെ ലക്ഷ്യവും. ധനിക കുടുംബത്തിൽ ജനിച്ച ഫ്രാൻസീസ് അസീസി ഒരു ദരിദ്രനെപ്പോലെ ജീവിച്ചു. അതുപോലെ ഉത്തമമായ ഒരു സന്യാസ ജീവിതത്തെയാണ് ഫ്രാൻസീസ് മാർപാപ്പയും സ്വപ്നം കാണുന്നത്. 'ഫ്രാൻസീസ് അസ്സീസിയുടെ ആദ്ധ്യാത്മിക ചൈതന്യമുൾക്കൊള്ളുന്ന കപ്പുച്ചിയൻ സഭയിൽ സേവനം ചെയ്യാൻ കഴിയുന്നതും സഭയുടെ പ്രൊവിൻഷ്യൽ വരെ തനിക്കുയരാൻ സാധിച്ചതും' ഒരു നേട്ടം തന്നെയാണെന്നും' അച്ചൻ പറയുന്നു.













Friday, January 11, 2019

നസ്രത്തിലെ യേശു ചരിത്രമോ കാല്പനികകഥയോ?

 

ജോസഫ് പടന്നമാക്കൽ

മാനവികതയുടെ  നിത്യ പ്രകാശമായി നിലകൊള്ളുന്ന യേശു ആരായിരുന്നു, മനുഷ്യനോ, ഗുരുവോ, രക്ഷകനോ? പൂർണ്ണമായും അറിയാൻ യേശുവിനെപ്പറ്റി കൂടുതലായി പഠിക്കേണ്ടിയിരിക്കുന്നു. ചരിത്രം രചിക്കുന്നവർ യേശുവിന്റെ അസ്തിത്വത്തെ സംബന്ധിച്ച് നിരവധി തെളിവുകൾ നിരത്താൻ ശ്രമിച്ചിട്ടണ്ട്.  ഒരു ചോദ്യം ഇവിടെ പൊന്തി വരുന്നത് യേശുവെന്ന നസ്രായക്കാരൻ ജീവിച്ചിരുന്നുവോ, അങ്ങനെയെങ്കിൽ നിങ്ങൾ വിശ്വസിക്കുന്നുവോ?  യേശു മനുഷ്യ രൂപത്തിൽ വന്ന ദൈവമാണെന്നു തെളിയിക്കാനുള്ള ഉദ്യമമല്ല ഈ ലേഖനത്തിലുള്ളത്! നല്ല മനുഷ്യനായി ജനിച്ച ചരിത്രപരമായ തെളിവുകൾ നിരാത്താതെ യേശു ദൈവമാണെന്ന് സങ്കല്പിക്കുന്നതും അർത്ഥശൂന്യമായിരിക്കും. യേശുവിനെ ക്രൂശിക്കുന്നതിനു മുമ്പ് ജെറുസലേമിനു ചുറ്റുമായി യേശുവിന്റേതായ ഒരു പൗരോഹിത്യം ഉണ്ടായിരുന്നുവോ? എങ്കിൽ അതിനുള്ള തെളിവുകളും ചരിത്രത്തിൽ കണ്ടെത്തണം. യേശുവിന്റെ ജീവിതത്തെ സംബന്ധിച്ച നിരവധി ചോദ്യങ്ങൾ ഒരു സാധാരണക്കാരന്റെ മനസ്സിലുണ്ടായാലും അതിശയിക്കേണ്ടതില്ല.

നമ്മുടെ വിവാദം യേശു ദൈവമാണെന്നുള്ളതല്ല. അങ്ങനെയൊന്ന് ചരിത്രപരമായി തെളിയിക്കാൻ സാധിക്കില്ല. യേശു മനുഷ്യനായി ഭൂമിയിൽ ജനിച്ചുവോയെന്നാണ് ചിന്തിക്കാനുള്ളത്. ചരിത്രപരമായ ഒരു മനുഷ്യൻ അങ്ങനെ ജനിച്ചില്ലെങ്കിൽ പുതിയ നിയമം വായന നിരർത്ഥകമായിരിക്കും. ക്രിസ്തുമതത്തിന്റെ അടിത്തറ തന്നെ ഇളകാൻ കാരണമാകും. യേശുവിനെപ്പോലെ ഐതിഹ്യങ്ങളും കെട്ടുകഥകളും നിറഞ്ഞ മറ്റൊരാളും ചരിത്രത്തിലുണ്ടായിരിക്കില്ല. ആദ്യക്രിസ്ത്യാനികൾക്ക് യേശുവിന്റെ ജീവിതത്തെപ്പറ്റി പഠിക്കാൻ താല്പര്യമില്ലായിരുന്നുവെന്നും മനസിലാക്കുന്നു. യേശുവിന്റെ ജനനവും, ബാല്യവും സംബന്ധിച്ച  പ്രമാണങ്ങളിലെല്ലാം അവ്യക്തത നിറഞ്ഞതുമാണ്. എന്നാൽ പിന്നീടുള്ള കാലഘട്ടത്തിലുണ്ടായിരുന്ന ക്രിസ്ത്യാനികൾക്കെല്ലാം ചരിത്ര പുരുഷനായ യേശുവിനെപ്പറ്റി അറിയാൻ താല്പര്യവുമുണ്ടായിരുന്നു.

ചരിത്രത്തിലെ യേശു തെളിഞ്ഞു നിൽക്കുന്നത് നാലു സുവിശേഷങ്ങളടങ്ങിയ പുതിയ നിയമ ഗ്രന്ഥത്തിലും സുവിശേഷങ്ങളിലുൾപ്പെടാത്ത മറ്റു പഴങ്കാല ഗ്രന്ഥങ്ങളിലുമാണ്. പുതിയ നിയമത്തിൽ യേശുവിനെ നേരിട്ടു കണ്ടവരുടെ ദൃക്‌സാക്ഷി വിവരങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. 'മാർക്കിന്റെ' സുവിശേഷത്തിൽ ഇക്കാര്യം വ്യക്തമായി വിവരിച്ചിട്ടണ്ട്. എന്നാൽ മറ്റു മൂന്നു സുവിശേഷങ്ങളിൽ കേട്ടറിവുകൾ മാത്രം അടങ്ങിയ ചരിത്രമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. പോളിന്റെ കത്തുകളും യേശുവിന്റെ ജീവിതത്തെപ്പറ്റിയുള്ള ഒരു ഉൾക്കാഴ്‌ച നൽകുന്നുണ്ട്. ചരിത്രത്തിലെ യേശുവിനെ തേടുന്നവർക്ക് സുവിശേഷത്തിലെ പോളിന്റെ എഴുത്തുകൾ പ്രസക്തമാണ്. യേശു മരിച്ച ശേഷം രണ്ടു വർഷത്തിനുള്ളിൽ പോൾ ക്രിസ്ത്യാനികളെ വേട്ടയാടാൻ തുടങ്ങിയിരുന്നു. യേശു തന്റെ ദർശനത്തിൽ വന്നുവെന്ന് പോൾ പൂർണ്ണമായും വിശ്വസിച്ചിരുന്നു. പോൾ യേശുവിനെ നേരിട്ട് കണ്ടിട്ടില്ലെന്ന് ചരിത്രകാർ ഒന്നടങ്കം സമ്മതിക്കുന്നു. യേശുവുമായി സമ്പർക്കമുണ്ടായിരുന്നവരെ പോളിനറിയാമായിരുന്നു. പീറ്ററുമായും ജെയിംസുമായും പോൾ സമയം ചെലവഴിച്ചതായി സുവിശേഷം പറയുന്നു. പീറ്ററും പോളും വിശ്വാസ സംരക്ഷണത്തിനായി സഭയുടെ രക്തസാക്ഷികളാവുകയായിരുന്നു.

പോൾ എഴുതിയ സുവിശേഷ വചനത്തിൽ നിന്നും യേശു ജീവിച്ചിരുന്നുവെന്നും ഒരു യഥാർത്ഥ മനുഷ്യനായിരുന്നുവെന്നും വ്യക്തമാണ്. പോൾ യേശുവിനെ കണ്ടിരുന്നത് ഒരു പാലസ്തീൻ യഹൂദനായിട്ടായിരുന്നു. ഗുരു, പ്രഭാഷകൻ, കന്യകയുടെ മകൻ, മറ്റു സഹോദരരിൽ ഒരാൾ, മനുഷ്യ പുത്രനും ദൈവവും എന്നിങ്ങനെ യേശുവിനെപ്പറ്റി പോളിന്റെ കാഴ്‌ചപ്പാടുകളിലുണ്ടായിരുന്നു. യേശു ക്രൂശിതനായ രക്ഷകനെന്നു പോൾ വിശ്വസിച്ചിരുന്നു. പോരാഞ്ഞ് യഹൂദർ ഒരു മിശിഹായെ ദീർഘനാളായി പ്രതീക്ഷിക്കുന്നുമുണ്ടായിരുന്നു. യഹൂദർക്ക് അടയാളങ്ങൾ വേണമായിരുന്നു. യഹൂദർ തങ്ങളുടെ രക്ഷകനെ പ്രതീക്ഷിച്ചിരുന്നത് ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കുമെന്നുള്ള പ്രതീക്ഷയിലായിരുന്നു. ആധുനിക ബൈബിളിലെ അപ്പോസ്തോല കത്തുകൾ ആദ്യസഭയിലെ വിശ്വാസികൾ എഴുതിയതെന്ന് വ്യക്തമാണ്. ആരാണ് ആ കത്തുകൾ എഴുതിയതെന്നതിലും ദുരൂഹതകൾ ബാക്കി നിൽക്കുന്നു. ബൈബിൾ പണ്ഡിതർ ഭൂരിഭാഗം ചിന്തിക്കുന്നത് അപ്പോസ്തോല പ്രവർത്തനങ്ങൾ എഴുതിയത് അപ്പോസ്തോലന്മാരോ യേശുവിന്റെ ബന്ധുക്കളായിരുന്ന ജെയിംസോ ജൂഡോ ആയിരിക്കുമെന്നാണ്. അപ്പോസ്തോല കത്തുകളുടെ പഠനവും യേശു ഒരു ചരിത്ര പുരുഷനായിരുന്നുവെന്നുള്ള നിഗമനത്തിന് ശക്തി നൽകുന്നുണ്ട്.

ബൈബിളിൽ പറഞ്ഞിട്ടുള്ള എല്ലാ ഗ്രാമങ്ങളുടെയും പട്ടണങ്ങളുടെയും സ്ഥലനാമങ്ങളെപ്പറ്റിയുള്ള ആധികാരികത പുരാവസ്തു ഗവേഷകർ ശരിവെച്ചിട്ടുണ്ട്.   കന്യകാ മറിയത്തെ നിത്യകന്യകയായി കത്തോലിക്കാസഭ വാഴ്ത്തുന്നുണ്ടെങ്കിലും ചരിത്രത്തിലെ യേശു വലിയ ഒരു കുടുംബത്തിലെ അംഗമെന്നും കാണാം. കുറഞ്ഞ പക്ഷം അദ്ദേഹത്തിന് നാലു  സഹോദരന്മാരുണ്ടായിരുന്നെന്ന് സുവിശേഷങ്ങൾ വ്യക്തമാക്കുന്നു. ജെയിംസ്, ജോസഫ്, സൈമൺ, ജൂഡസ് എന്നിവരെ കൂടാതെ അദ്ദേഹത്തിന് സഹോദരിമാരുമുണ്ടായിരുന്നു. കത്തോലിക്ക ദൈവശാസ്ത്രജ്ഞർക്ക് അതിൽ വിഭിന്ന അഭിപ്രായമുണ്ട്. സുവിശേഷത്തിൽ യേശുവിന്റെ ശിക്ഷ്യന്മാരായ സഹോദരന്മാരെ ഗ്രീക്ക് വാക്കായ അദേൽഫോസ് (“adelphos”) എന്ന് വിളിച്ചിരുന്നു. ആ വാക്കിന് 'കസിൻസ്' എന്നും പിതാവിന്റെ മറ്റു വിവാഹത്തിൽനിന്നുമുണ്ടായ മക്കളെന്നും അർത്ഥമുണ്ട്. ഈ സഹോദരന്മാർ ജോസഫിന്റെ മുൻ വിവാഹത്തിലെ ഭാര്യയിൽ നിന്നും ജനിച്ചതാകാം. അതിൽ യുക്തിപരമായ ഒരു തീരുമാനമെടുക്കാൻ ബുദ്ധിമുട്ടാണ്.

സുവിശേഷ കൃതികളിൽ ഉൾപ്പെടാത്ത യേശുവിനെപ്പറ്റിയുള്ള മറ്റനേകം രചനകളുണ്ട്. സുവിശേഷത്തിലെ യേശുവിനേക്കാളും തികച്ചും വ്യത്യസ്തമായിട്ടാണ് മറ്റു ഗ്രന്ഥങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത്. നാലു സുവിശേഷങ്ങളിൽ ചേർക്കപ്പെടാത്തതും കണ്ടെടുക്കപ്പെട്ടതുമായ യേശുവിന്റെ ജീവചരിത്രം ഉൾപ്പെട്ട സുവിശേഷങ്ങൾ എന്തുകൊണ്ട് ബൈബിളിലെ സുവിശേഷങ്ങളോടൊപ്പം കൂട്ടി വായിക്കാൻ തയ്യാറാകാത്തതെന്ന ചോദ്യങ്ങൾക്കും ഉത്തരമില്ല. രണ്ടാം നൂറ്റാണ്ടിലും മൂന്നാം നൂറ്റാണ്ടിലും അത്തരം ജ്ഞാന വിഷയകമായ നിരവധി കൃതികൾ രചിക്കപ്പെട്ടിട്ടുണ്ട്. യേശുവിനെപ്പറ്റി അറിയാവുന്ന ഏതാനും ശിക്ഷ്യന്മാർക്ക് രഹസ്യമായ സന്ദേശങ്ങൾ മാത്രമാണ് യേശു നൽകിയതെന്നും സൂചിപ്പിച്ചിരുന്നു. എന്നാൽ അത്തരം ചിന്തകളൊന്നും പണ്ഡിതർ അംഗീകരിച്ചിട്ടില്ല.

ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യൻ പിതാക്കന്മാരുടെ എഴുത്തുകളിൽ നിന്നും ചരിത്രത്തിലെ യേശുവിനെ കണ്ടുപിടിക്കാൻ സഹായിക്കും. റോമിലെ ക്ലെമെന്റും ഇഗ്നേഷ്യസും ചരിത്രത്തിലെ യേശുവിനെ വെളിപ്പെടുത്തുന്നുണ്ട്. ക്ലമന്റ് വ്യക്തിപരമായി യേശു ശിക്ഷ്യരെ അറിഞ്ഞിരുന്നുവെന്ന് ചരിത്രം വിശദമാക്കുന്നു. പീറ്ററെയും പോളിനെയും ക്ലമന്റ് അടുത്തറിഞ്ഞിരുന്നു. പീറ്ററിന്റെയും  പോളിന്റെയും രക്തസാക്ഷികളായുള്ള മരണശേഷം റോമ്മാ സഭയുടെ ആദ്ധ്യാത്മിക നേതാവ് ക്ലമന്റായിരുന്നു. ക്ലെമന്റിനെപ്പറ്റി  അധികമൊന്നും ചരിത്ര രേഖകളിൽ പറയപ്പെടുന്നില്ല. എങ്കിലും അദ്ദേഹത്തിൻറെ ഏതാനും എഴുത്തുകളിൽ നിന്നും യേശുവിനെപ്പറ്റിയുള്ള കാഴ്ചപ്പാടുകളിൽ  വ്യക്തത നൽകുന്നു. കൊരിന്ത്യർക്കെഴുതിയ ക്ലമന്റിന്റെ കത്ത് പുതിയ നിയമത്തിനു വെളിയിലുള്ള ഏറ്റവും പഴക്കം ചെന്ന ഡോക്കുമെന്റായി കരുതുന്നു. യേശുവിന്റെ ശിക്ഷ്യന്മാരുമായുള്ള അദ്ദേഹത്തിൻറെ ബന്ധം ചരിത്രത്തിലെ യേശുവിനെ തിരിച്ചറിയാൻ സഹായിക്കുകയും ചെയ്യുന്നു. അദ്ദേഹം പഠിച്ചതെല്ലാം ക്രിസ്തു ശിക്ഷ്യന്മാരിൽനിന്നാണെന്നും സ്ഥിതികരിച്ചിട്ടുണ്ട്. ഇഗ്‌നേഷ്യസ് യേശുവിനെ ചരിത്രപുരുക്ഷനാക്കാനുള്ള ശ്രമങ്ങളും നടത്തിയിട്ടുണ്ട്. ആദിമ സഭ വളർന്നതും ഇഗ്നേഷ്യസിന് കൃസ്തുവിലുണ്ടായിരുന്ന അഗാധമായ വിശ്വാസംകൊണ്ടായിരുന്നു.  അന്ത്യോഖ്യ ബിഷപ്പായിരുന്ന ഇഗ്നേഷ്യസിനെ മരണശിക്ഷക്ക് റോമൻ കോടതി വിധിച്ചിരുന്നു.

ഫ്‌ലാവിയസ് ജോസഫസ്‌ ഒരു യഹൂദ ചരിത്രകാരനും പട്ടാളക്കാരനും രാഷ്ട്രീയ ചിന്തകനുമായിരുന്നു. അദ്ദേഹം എ.ഡി. 37 നും 100 നുമിടയിൽ ജീവിച്ചുവെന്ന് കണക്കാക്കുന്നു. ക്രിസ്തുവിന്റ കുരിശുമരണം കഴിഞ്ഞ് അധികം താമസിയാതെയുള്ള കാലഘട്ടത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിൻറെ പിതാവ് 'മത്ത്യാസ്' വളരെ ബഹുമാനിതനായ ഒരു പുരോഹിതനുമായിരുന്നു. യേശുവിന്റെ ആദ്യകാല ശിക്ഷ്യന്മാരെപ്പറ്റി വ്യക്തമായി ഈ കുടുംബത്തിലുള്ള മറ്റ്‌ അംഗങ്ങൾക്ക് അറിയാമായിരുന്നു. യഹൂദ മതത്തിന് ഭീക്ഷണിയായിട്ടുള്ള ഒരു കൾട്ടായിട്ടാണ് യേശു മതം ആദ്യകാലങ്ങളിൽ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. അദ്ദേഹം അപ്പോസ്തോലന്മാർ ജയിലിൽ കിടന്നപ്പോഴുണ്ടായിരുന്ന പ്രസംഗങ്ങളും ശ്രവിച്ചിരുന്നിരിക്കാം. ജോസഫ്സിന്റെ കൃതികളിൽ യഹൂദരുടെ പൗരാണികതയെ വിവരിക്കുന്നുണ്ട്. യേശുവിനെപ്പറ്റിയുള്ള ചരിത്ര വസ്തുതകൾ അറിയുവാൻ ജോസഫ്സിന്റെ ചരിത്രകൃതികളും ചൂണ്ടുപലകയാകാം. ജോസഫ്സിന്റെ ചരിത്രത്തിൽ ജെയിംസിന്റെ മരണത്തെപ്പറ്റി പറയുന്നുണ്ട്. അന്നത്തെ മഹാപുരോഹിതനായ അനനസിനെപ്പറ്റിയും പറയുന്നുണ്ട്. ജെയിംസ് യേശുവിന്റെ സഹോദരനെന്നു ജോസഫസ് വ്യക്തമായി പറയുന്നു. ഈ വിവരങ്ങൾ വെളിപ്പെടുത്തി ചരിത്രം കുറിച്ചാൽ അത് അക്രൈസ്തവ ചിന്താഗതികളുമാകും.

'കോർണിലിയൂസ് ടാസിറ്റസ്' ഒരു റോമൻ ചരിത്രകാരനായിരുന്നു. അദ്ദേഹം എഡി 56 നും 120 നു മിടയിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. 'ടാസിറ്റസ്' സഭയ്‌ക്കെഴുതിയ കത്തിൽ ഇപ്രകാരം പറയുന്നു. "യേശു ദാവീദിന്റെ വംശാവലിയിൽപ്പെട്ടയാളായിരുന്നു. മേരിയുടെ പുത്രൻ. അദ്ദേഹം ജനിക്കുകയും എല്ലാ മനുഷ്യരെപ്പോലെ ഭക്ഷണം കഴിക്കുകയും പാനം ചെയ്യുകയും ചെയ്തിരുന്നു. പൊന്തിയോസ് പീലാത്തോസിന്റെ നാളുകളിൽ അദ്ദേഹത്തെ പീഡിപ്പിക്കുകയും കുരിശിൽ തറക്കുകയും ചെയ്തു. മരണശേഷം മരിച്ചവരിൽ നിന്നും ഉയർക്കുകയും ചെയ്തു." ടാസിറ്റസ് (Tacitus) എഴുതി, "നമുക്കെല്ലാം അറിയാം, റോമിലെ നീറോ ചക്രവർത്തിയുടെ കാലത്ത് ഏ.ഡി 64-ൽ റോമിൽ ഭീകരമായ ഒരു തീപിടുത്തമുണ്ടായിരുന്നു. തീപിടുത്തം ഉണ്ടായതിൽ രാജാവ് അക്കാലത്തെ ക്രിസ്ത്യാനികളിൽ കുറ്റമാരോപിച്ചിരുന്നു. അന്നത്തെ സാധാരണക്കാരായ ക്രിസ്ത്യാനികളെ നീറോ ചക്രവർത്തി തീപിടുത്തത്തിന്റെ കാരണക്കാരായി മുദ്ര കുത്തിയിരുന്നു. നീറോ ചക്രവർത്തി അന്നുള്ള ക്രിസ്ത്യാനികളെ കഠിനമായി പീഡിപ്പിക്കുകയും വധിക്കുകയും ചെയ്തു'. റോമൻ ചക്രവർത്തിമാരായ അഗസ്റ്റസിനും നീറോയ്ക്കും ഇടയിലുള്ളവരുടെ ചരിത്രങ്ങൾ യേശുവിനെപ്പറ്റി അറിയുവാൻ സഹായകമാകുമെന്നും ആധുനിക ചരിത്രകാരന്മാർ ചിന്തിക്കുന്നു.

യേശുവിന്റെ ജീവിതം ഒരു കെട്ടുകഥയല്ലെന്ന് ആദ്യമ നൂറ്റാണ്ടിലുണ്ടായിരുന്ന ചില ചരിത്ര കൃതികൾ  വ്യക്തമാക്കുന്നുണ്ട്. ചരിത്രത്തിലുള്ള യേശുവിനെ നിക്ഷേധിക്കുന്നവർ ആദ്യമ ക്രിസ്ത്യാനികളുടെ ചിന്തകളെ കെട്ടുകഥകളായി വരുത്തി തീർക്കാൻ ശ്രമിക്കുന്നവരാണ്. ക്രിസ്തുമതത്തിനു വെളിയിലുണ്ടായിരുന്ന ചില യഹൂദ ചരിത്രകാരുടെ എഴുത്തുകളിലും യേശു ഒരു ചരിത്ര പുരുഷനാണെന്നു വ്യക്തമാക്കുന്നു. ആദ്യ ക്രിസ്ത്യാനികളും യഹൂദരും പേഗൻ വിശ്വാസികളും ഒരുപോലെ ചരിത്ര പുരുഷനായ യേശുവിനെപ്പറ്റി വിശ്വസിച്ചിരുന്നപ്പോൾ യേശു ഒരു ചരിത്ര പുരുഷനല്ലായെന്നുള്ള ചിന്തകൾക്ക് പ്രസക്തിയില്ലാതാവുന്നു. യേശുവിനെ വധ ശിക്ഷയ്ക്ക് വിധിച്ച റോമൻ ഗവർണ്ണറായിരുന്ന പീലാത്തോസ്, ചരിത്ര പുരുഷനായിരുന്നുവെന്നും പണ്ഡിതർ ശരിവെച്ചിട്ടുണ്ട്.

യേശു ജീവിച്ചിരുന്നുവെന്ന നിരവധി തെളിവുകളുണ്ടെന്ന് നിഷ്പക്ഷമതികളും ദൈവശാസ്ത്രജ്ഞരും ഒരു പോലെ പറയുമ്പോൾ ചില പണ്ഡിതരുടെ ദൃഷ്ടിയിൽ യേശു ഒരിക്കലും ജനിക്കുകയോ കുരിശിൽ മരിക്കുകയോ ഇല്ലെന്നും വാദിക്കുന്നു. മറ്റു ചില എഴുത്തുകാർ യേശു പേഗൻ മതക്കാരനായോ, യഹൂദനായോ, ക്രിസ്ത്യാനിയായിട്ടോ ജീവിച്ചിരുന്നുവെന്നും വിശ്വസിക്കുന്നു. പുതിയ നിയമവും മറ്റു പൗരാണിക ഗ്രന്ഥങ്ങളും ചരിത്രത്തിലെ യേശുവിനെ കണ്ടെത്തുമ്പോൾ യേശുവെന്ന കഥാപാത്രം വെറും കൽപ്പിത കഥ മാത്രമെന്ന് ചില ചരിത്രകാരന്മാർ വാദിക്കുന്നു. ഒരു പുതിയ മതം ചിലർ കൂടി സ്ഥാപിച്ചതെന്നും ചരിത്രം രചിച്ചിരിക്കുന്നു. യേശു എന്ന ദൈവവും മനുഷ്യനും ഒരുപോലെയെന്നു വിശ്വസിക്കുന്നതിലും സ്വീകാര്യം മതം പഠിപ്പിക്കാൻ ഒരു അനുഗ്രഹ ജീവി മറ്റേതോ അന്യമായ ഗ്രഹത്തിൽനിന്നും ഭൂമിയിൽ വന്നെത്തിയെന്ന് വിശ്വസിക്കുകയായിരിക്കും എളുപ്പമെന്ന് യുക്തിവാദികൾ അഭിപ്രായങ്ങൾ പുറപ്പെടുവിക്കാറുമുണ്ട്. യേശുവിനെപ്പറ്റി ആധികാരികത നിലനിർത്താനും മറ്റുള്ളവരുടെ മേൽ അധീനത പുലർത്താനും സഭ ഓരോ കാലഘട്ടങ്ങളിലായി ചരിത്ര പ്രമാണങ്ങളിൽ കൃത്രിമത്വം കാണിച്ചിട്ടുണ്ടെന്നും ചില രേഖകളിൽ വ്യക്തവുമാണ്.

യേശുവിനെപ്പറ്റി നാളിതുവരെ നിരവധി സ്ഥലങ്ങളിൽനിന്നും ശേഖരിച്ച ഡോക്കുമെന്റുകൾ പരസ്പ്പര വിരുദ്ധങ്ങളായിട്ടാണ് ലഭിച്ചിട്ടുളളത്. അതിനുള്ളിലെ കഥകൾ ഭൂരിഭാഗവും പേഗൻ കഥകൾ മാത്രമാണ്. റോമ്മൻ കെട്ടുകഥകളും ഗ്രീക്ക് ഇതിഹാസങ്ങളും  യേശുവിന്റെ കഥകളോടുകൂടി കൂട്ടിക്കുഴച്ചിട്ടുണ്ട്. പലതും പേഗൻ ചരിത്രങ്ങളുടെ ആവർത്തനം മാത്രം. യേശുവിന്റെ മരണവും ഉയർപ്പും അക്കാലത്തുണ്ടായിരുന്ന പേഗൻ ദൈവങ്ങളുടെ കഥകൾക്കു സമാനമായിരുന്നു. ആദ്യകാലങ്ങളിലുണ്ടായിരുന്ന സഭാപിതാക്കന്മാർക്ക് പേഗൻ ചിന്തകരിൽനിന്ന് ശക്തമായ വിമർശനങ്ങൾ നേരിടേണ്ടിയും വന്നിരുന്നു. യേശുവിന്റെ കഥ പേഗൻ ദൈവങ്ങളുടെ അതേ കഥകളെന്ന് അവർ ആവർത്തിച്ചുകൊണ്ടിരുന്നു. യേശുവിനെ പോൾ ഒരിക്കലും കണ്ടുമുട്ടിയിട്ടില്ല. ആദ്യ നൂറ്റാണ്ടിൽ പേഗൻ കഥകളുൾപ്പെട്ട ഒരു പുതിയ മതം ചരിത്ര പുരുഷനായ യേശുവിന്റെ പേരിൽ പോൾ സ്ഥാപിച്ചതാകാമെന്നും അനുമാനങ്ങളുണ്ട്.

ക്രിസ്തുമതത്തിന്റെ ആരംഭകാലത്തിൽ  ഗലീലിയോയിലെ ജനങ്ങളാരും യേശുവിൽ ആവേശഭരിതരായിരുന്നില്ല. ബൈബിളിൽ വ്യക്തമായും യേശുവിന്റെ ജീവചരിത്രത്തെപ്പറ്റി പരാമർശിച്ചിട്ടുണ്ടെങ്കിലും ഒപ്പം ചോദ്യങ്ങൾ ഉയരുന്നവിധം കഴിഞ്ഞ രണ്ടായിരം വർഷങ്ങളിലുണ്ടായ അനേകം കെട്ടുകഥകളും അതിനോടനുബന്ധിച്ച് ചേർക്കപ്പെട്ടിട്ടുണ്ട്. യേശുവിന്റെ ജീവിതവും പ്രേഷിത ദൗത്യവും ഹീബ്രു സ്ക്രിപ്റ്റിലുള്ള  യഹൂദരുടെ മിശിഹായിൽ നിന്നും വ്യത്യസ്തമായിരുന്നു. യേശു ദാവീദിന്റെ ഗോത്രത്തിൽ ജനിക്കണമെന്ന് പ്രവചനമുണ്ടായിരുന്നു. അതുപോലെ ദാവീദിന്റെ പട്ടണമായ ബെതലഹേമിൽ മിശിഹാ ജനിക്കുമെന്നായിരുന്നു പ്രവചനമുണ്ടായിരുന്നത്. എന്നാൽ ചരിത്രത്തിലെ യേശുവിനെ നസ്രായക്കാരാനായി അറിയുന്നു. ആദ്യമ ക്രിസ്ത്യാനികൾ യേശുവിന്റെ വംശം ബെതലഹേമിലാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടത്തി കാണും. എല്ലാ പൗരന്മാരും പൂർവിക പട്ടണമായ ബെതലഹേമിൽ സെൻസസ് എടുക്കാൻ തയ്യാറാകണമെന്നായിരുന്നു റോമ്മായുടെ കൽപ്പന. യേശുവിന്റെ പിതാവ് ബെതലഹേമിൽ നിന്നായതുകൊണ്ടു പിതാവ് ജോസപ്പും മേരിയും യേശുവിന്റെ ജനനം അടുക്കാറായപ്പോൾ ദാവീദിന്റെ പട്ടണമായ ബെത്‌ലഹേമിലേക്ക് പുറപ്പെട്ടു. റോമൻ സെൻസസ് നടപ്പാക്കിയതു ജൂഡിയ പ്രദേശങ്ങളിലായിരുന്നു. ജോസഫ്   താമസിച്ചിരുന്ന ഗലീലിയയിൽ അല്ലായിരുന്നു. നികുതി പിരിക്കുകയെന്നതായിരുന്നു സെൻസസിന്റെ ലക്ഷ്യം. റോമൻ നിയമം അനുസരിച്ച് സെൻസസ് എടുക്കേണ്ടിയിരുന്നത് ഒരുവൻറെ വാസസ്ഥലത്തായിരുന്നു. എന്നാൽ ജോസഫിനും മേരിക്കും സെൻസസ് റിപ്പോർട്ട് ചെയ്യാൻ ബെത്'ലഹേം വരെ യാത്ര ചെയ്യേണ്ടി വന്നതും ചരിത്രമായി യോജിക്കാൻ സാധിക്കുന്നില്ല. യേശുവിന്റെ ജന്മം ബെത്‌ലെഹെമിൽ നിന്നായിരുന്നുവെന്ന് ലുക്കിന്റെ വചനങ്ങളിലുണ്ട്.

യേശുവിനു പന്ത്രണ്ടു ശിക്ഷ്യന്മാരുണ്ടായിരുന്നതായി വിശ്വസിക്കുന്നു. ഈ കണക്ക് എവിടെനിന്നു വന്നുവെന്ന് വ്യക്തമല്ല. യേശു ഗ്രാമത്തിലും പട്ടണത്തിലും പ്രവേശിക്കുമ്പോൾ യേശുവിന്റെ സന്ദേശങ്ങൾ ശ്രവിക്കാൻ വരുന്നവരെയും രോഗ സൗഖ്യത്തിനെത്തുന്നവരെയും ജനക്കൂട്ടമെന്നു സുവിശേഷത്തിൽ വിവരിച്ചിരിക്കുന്നു. അടുത്തത് പട്ടണങ്ങൾ തോറും യേശുവിനെ അനുഗമിക്കുന്നവരെ സംബന്ധിച്ചാണ്. അവരെ ശിക്ഷ്യന്മാർ എന്ന് വിളിച്ചിരുന്നു. ലുക്കിന്റെ സുവിശേഷത്തിൽ യേശുവിന് 70-72 ശിക്ഷ്യന്മാർ ഉണ്ടായിരുന്നതായി എഴുതിയിരിക്കുന്നു. മൂന്നാമത്തെ വിഭാഗത്തിലുള്ളവർ പന്ത്രണ്ടു അപ്പോസ്തോലന്മാരാണ്. അവർ ക്രിസ്തുവിനെ പിന്തുടർന്ന വെറും ശിക്ഷ്യന്മാർ മാത്രമല്ല. അവർക്ക് സ്വയം ഇഷ്ടം അനുസരിച്ച് സുവിശേഷങ്ങൾ പ്രസംഗിക്കാൻ അവകാശമുണ്ടായിരുന്നു. അവരെ യേശുവിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന പ്രധാന മിഷിനറിമാരായി കരുതിയിരുന്നു.

അമാനുഷകനായ യേശുവിനെപ്പറ്റി നൂറുകണക്കിനുള്ള ചരിത്രഗ്രന്ഥങ്ങൾ വാസ്തവത്തിൽ വിശ്വസിക്കാൻ സാധിക്കുമോ? തീർച്ചയായും അത്തരം ചരിത്ര വിശ്വാസങ്ങൾ വൈരുദ്ധ്യങ്ങളും വൈവിധ്യങ്ങളും നിറഞ്ഞതും ഭാവനകൾക്ക് അതീതവുമായിരിക്കും. യേശുവിനെപ്പറ്റി പറഞ്ഞിരിക്കുന്ന ചരിത്ര കൃതികളിൽ യഥാർത്ഥ യേശു ജീവിച്ചിരുന്നുവോയെന്ന ഒരു പഠനം നടത്തുകയെന്നതും എളുപ്പമല്ല. ചരിത്രത്തിലുള്ള യേശുവിനെ പൂർണ്ണമായി അസാധാരണമായ അത്ഭുത സിദ്ധി ലഭിച്ചിട്ടുള്ള ദിവ്യനായി സമ്മതിക്കാൻ സാധിക്കില്ലന്നും ചില ഗ്രന്ഥങ്ങൾ ഉദ്ധരിച്ചിരിക്കുന്നു. "ക്രിസ്തുമതമെന്നത് മറ്റു മതങ്ങളിൽ നിന്നും ചോർത്തിയെടുത്തതാണ്. അത് ഹെർക്കുലീസിന്റെ കഥപോലെ കെട്ടുകഥകൾ നിറഞ്ഞതാണ്. യേശുവിന്റെ കഥ ഒരു സൂപ്പർമാന്റെയോ ഐതിഹ്യ കഥയുടെ രൂപത്തിലോ ഉള്ളതാണ്. ഒരു മനുഷ്യൻ വെള്ളത്തിന്റെ മുകളിൽക്കൂടി നടക്കുക, സൂര്യ പ്രഭയോട് സമാനമായി വരുക, മരിച്ചവരിൽ നിന്നും ഉയർക്കുക" എന്നെല്ലാം കഥകൾ യേശുവെന്ന ചരിത്രപുരുഷനോട് ചേർത്ത് ആരോ എഴുതിയതാണ്. യാതൊരു തെളിവുമില്ലാത്ത ഇത്തരം വസ്തുതകൾ ചരിത്ര താളുകളിലും കൂട്ടിച്ചേർത്തിരിക്കുന്നു.

പൊന്തിയോസ് പീലാത്തോസിന്റെ മുമ്പിൽ യേശുവിനെ വിസ്തരിച്ചിരുന്നു. അദ്ദേഹം റോമിലെ ഗവർണറും തീരുമാനങ്ങളെടുക്കാൻ കഴിവില്ലാത്ത ആളുമായിരുന്നുവെന്ന് ബൈബിൾ വചനം വ്യക്തമാക്കുന്നു. യേശു നിഷ്കളങ്കനും കുരിശുമരണത്തിന് വിധിക്കാൻ അർഹനുമല്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. വാസ്തവത്തിൽ ചരിത്രത്തിലുള്ള പീലാത്തോസിന്റെ കഥ മറ്റൊരു വിധത്തിലാണ്. അയാൾ തന്റെ തീരുമാനങ്ങളിൽ അഭിപ്രായ ഭിന്നതയുള്ള യഹൂദന്മാരെ കൂട്ടക്കൊല ചെയ്യാൻ പട്ടണങ്ങൾ തോറും പട്ടാളത്തെ അയച്ചിരുന്നു. പത്തുകൊല്ലത്തെ അയാളുടെ ഭീകര ഭരണത്തിനുള്ളിൽ വിസ്താരമില്ലാതെ ആയിരക്കണക്കിന് പേരെ കുരിശിൽ തറച്ചിരുന്നു.  യഹൂദന്മാർ അയാൾക്കെതിരെ  റോമൻ ചക്രവർത്തിക്കു പരാതി കൊടുത്തിരുന്നു. യഹൂദന്മാർക്ക് പൊതുവെ റോമൻ വിസ്താരങ്ങൾ ലഭിച്ചിരുന്നില്ല. യഹൂദർ തന്നെ അവരുടെ വിധി നടപ്പാക്കുകയെന്ന രീതിയായിരുന്നുണ്ടായിരുന്നത്. എന്നാൽ യേശുവിനെ സംബന്ധിച്ച് ഏതെങ്കിലും റോമ്മൻ വിസ്താരം നടന്നിട്ടുണ്ടായിരുന്നെങ്കിൽ അത് റോമ്മയുടെ ചരിത്രത്തിൽ രേഖപ്പെടുത്തുമായിരുന്നു. അങ്ങനെ റോമ്മൻ ഗവർണ്ണർ നേരിട്ടു സംബന്ധിച്ച യേശുവിനെ വിസ്തരിച്ചതായുള്ള ഒരു രേഖ റോമ്മൻ  റിക്കോർഡുകളിൽ രേഖപ്പെടുത്തിയിട്ടില്ല. .

കുരിശു മരണ ശേഷം യേശുവിന്റെ ശരീരം താഴെയിറക്കുകയും കല്ലറക്കുള്ളിൽ അടക്കം ചെയ്തുവെന്നും സുവിശേഷം പറയുന്നു. അത് സത്യമാണെങ്കിൽ കുരിശു മരണത്തിന് വിധേയമായ ഒരാൾക്ക് അത്തരം ബഹുമാനം കല്പിക്കുന്നതും അക്കാലങ്ങളിൽ അസാധാരണമായിരിക്കും. റോമ്മൻകാർക്ക് അത്രമാത്രമുള്ള ദയ യേശുവിനുമേൽ ഉണ്ടായിരിക്കണം. കുരിശുമരണം സാധാരണ പരസ്യമായി റിബൽ നേതാക്കന്മാർക്ക് നൽകുന്ന ശിക്ഷയായിരുന്നു. അക്കാലത്തെ നിയമം അനുസരിച്ച് കുരിശിൽ മരിക്കുന്നവരെ പിന്നീട് കുഴിച്ചിടുമായിരുന്നില്ല. കുരിശുമരണത്തിനിടയായ ശവശരീരത്തോടുപോലും യേശുവിന്റെ കാലങ്ങളിൽ നിന്ദ കാണിച്ചിരുന്നു. മരിച്ച ശരീരം സാധാരണ പട്ടികൾ കടിച്ചുപറിച്ചു തിന്നുകയായിരുന്നു പതിവ്. ശിഷ്ടമുള്ളത് കഴുകന്മാരും കൊത്തി വലിച്ചു കൊണ്ടുപോകുമായിരുന്നു. അവശേഷിക്കുന്ന എല്ലുകൾ മുഴുവൻ ആ മലമുകളിൽ കുന്നുകൂട്ടുകയായിരുന്നു പതിവ്. അങ്ങനെയാണ് ആ കുന്നുകൾക്ക് 'അസ്ഥികളുടെ കൂമ്പാരം' എന്നർത്ഥമുള്ള 'ഗാഗുൽത്താ' എന്ന് പേര് ലഭിച്ചത്. റോമ്മിലെ കൊടും കുറ്റവാളികളെ കുരിശിൽ തറക്കുക പതിവായിരുന്നു. എന്നാൽ യേശുവിന്റെ മൃതദേഹത്തെ ആദരിച്ചുവെന്നു വേണം കരുതാൻ. യേശുവിന്റെ ശരീരം കുരിശിൽ നിന്ന് ഇറക്കുകയും ജൂദായിലെ ധനികരെ അടക്കം ചെയ്യുന്ന സ്ഥലത്തു മറവു ചെയ്യുകയും ചെയ്തു.

ദൈവം ഭൂമുഖത്തുവന്ന് മനുഷ്യ ജാതിക്കുവേണ്ടി മരിച്ചുവെന്ന ഒരു സാങ്കല്പികത്തെ സാധാരണ ബുദ്ധിക്ക് ചിന്തിക്കാൻ സാധിക്കില്ല. എന്തുകൊണ്ട് പരമ പിതാവായ ദൈവം സ്നേഹം പ്രകടിപ്പിക്കുന്നതിനുവേണ്ടി മനുഷ്യനായി ജനിച്ചു? ഡി എൻ എ സൃഷ്ടിച്ച പരമശക്തിക്ക് മനുഷ്യനായി ജനിക്കണമായിരുന്നോ? സ്നേഹം നിറഞ്ഞ സൃഷ്ടികർത്താവ് ഈ ഭൂമുഖത്തു ജനിച്ചിട്ടും ഒരു പപ്പി ഡോഗ് കാണിക്കുന്ന സ്നേഹപ്രകനങ്ങൾ പോലും മനുഷ്യർ പരസ്പ്പരം കാണിക്കുന്നില്ല. എങ്കിലും യേശുവെന്ന ചരിത്ര മനുഷ്യനെ നിഷേധിക്കുന്നവർ ഒരു കാര്യം ഓർക്കണം; വെറും സാധാരണ ജനമായ യഹൂദരിൽനിന്ന് ക്രൂശിതനായ ഒരു മിശിഹായെപ്പറ്റി ഭാവനകൾ സൃഷ്ടിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല. അങ്ങനെയെങ്കിൽ ക്രൂശിതനായ ക്രിസ്തുവെന്ന വസ്തുത എവിടെനിന്നു വന്നു. യഹൂദ നാട്ടിൽ ജനിച്ച യേശുവിനെപ്പറ്റി ഏതെങ്കിലും യഹൂദനു അങ്ങനെയൊരു കെട്ടുകഥ സൃഷ്ടിക്കാൻ സാധിക്കുമോ? പോരാഞ്ഞ് രണ്ടായിരം വർഷമെന്നാൽ ഒരു ചരിത്രത്തെ സംബന്ധിച്ച് വളരെ വിദൂരതയിലുള്ള കാലവുമല്ല.


കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...