Tuesday, October 27, 2015

റഷ്യൻ ചരിത്രം ഒരു പഠനം (ലേഖനം 9)


ബ്രഷ്നേവും  സോവിയറ്റ്  പതനത്തിന്റെ തുടക്കവും 




By ജോസഫ് പടന്നമാക്കൽ


1906 ഡിസംബർ ആറാം തിയതി  റഷ്യാ സാമ്രാജ്യത്തിൽ യുക്രയിനിലള്ള ഒരു ചെറു ഗ്രാമപ്രദേശത്ത്   'എല്യാ യാക്കോവലെവിച്ചി ബ്രഷ്നെവിന്റെയും ' 'നാടല്യ ഡെനിസോവ്നായുടെയും'  മൂന്നൂ മക്കളിൽ ഒരാളായി  'ലിയോനിഡ് ബ്രഷ്നേവ്'  ജനിച്ചു.  അദ്ദേഹത്തിൻറെ പിതാവ് ഒരു സ്റ്റീൽ കമ്പനിയിലെ ജോലിക്കാരനായിരുന്നു. യുക്രയിനിലും  സമീപ പ്രദേശങ്ങളിലും  ആഭ്യന്തര യുദ്ധങ്ങൾ പൊട്ടി പുറപ്പെട്ട കാലവും.  റഷ്യൻ വിപ്ലവവും  ഒന്നാം ലോക മഹായുദ്ധവും കാരണങ്ങളാൽ നാടാകെ  ജന ജീവിതം താറുമാറായിരുന്നു. പതിനഞ്ചാം വയസിൽ  ജീവിക്കാൻ വേണ്ടി തൊഴിൽ ചെയ്യാൻ  ബ്രഷ്നേവിനു സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്നു. എങ്കിലും ഒരു സർവേ സ്കൂളിൽ രാത്രികാലങ്ങളിൽ പഠിച്ചു കൊണ്ടിരുന്നു. ഇരുപത്തിയൊന്നാം വയസ്സിൽ അവിടെനിന്നു ഗ്രാഡുവേറ്റു ചെയ്ത ശേഷം  സർക്കാരിന്റെ ചെറിയ ശമ്പളത്തിൽ ജോലി ചെയ്തുകൊണ്ട് കുടുംബത്തെ സഹായിച്ചു.


1923-ൽ  കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യുവജന സംഘടനയിൽ  ചേർന്നു. സ്റ്റലിൻറെ ഭീകര ഭരണകാലത്ത് അദ്ദേഹം   സ്റ്റലിന്റെ ആരാധകനും കൂറുള്ള  ഉത്തമ കമ്മ്യൂണിസ്റ്റുകാരനുമായിരുന്നു. കമ്മ്യൂണിസ്റ്റ്  പാർട്ടിയിലെ  ഉന്നത സ്ഥാനമാനങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു.സ്വന്തമായി വസ്തു വകകൾ കൈവശം വെയ്ക്കാൻ പാടില്ലാന്നും ഭൂമിയും അതിലെ ഉൽപ്പന്നങ്ങളും രാജ്യത്തിലെ എല്ലാ ജനങ്ങൾക്കും തുല്ല്യ അവകാശമാണെന്നും തുല്യമായി പങ്കു വെയ്ക്കണമെന്നും കമ്മ്യൂണിസം പഠിപ്പിക്കുന്നു.   സോവിയറ്റ് നേതാവ് ജോസഫ് സ്റ്റലിൻ  കൃഷിക്കാരോട് മിച്ചമുള്ള ധാന്യങ്ങൾ സർക്കാരിനു വിൽക്കാനും  സ്വന്തമായി മിച്ച  വിഭവങ്ങൾ സ്റ്റോക്ക് ചെയ്യരുതെന്നും  ഉത്തരവ് നല്കിയിരുന്നു.  സ്റ്റലിന്റെ ആജ്ഞയെ അനുസരിക്കാൻ ബ്രഷ്നേവും കമ്മ്യൂണിസ്റ്റ്കാരും  കൃഷിക്കാരെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു.  ക്രമേണ ബ്രഷ്നേവ് മെറ്റലർജി എഞ്ചിനീയറിംഗ് കോളേജിൽ ചേർന്ന് 1935-ൽ  എഞ്ചിനീയറായി  ഡിഗ്രി  നേടി.   സർക്കാരിനും പാർട്ടിക്കു  വേണ്ടി ജോലി ചെയ്യാൻ ചുരുങ്ങിയ കാലത്തിനുള്ളിൽ എഞ്ചിനീയർ ജോലി അദ്ദേഹം വേണ്ടെന്നു വെച്ചു. 1935-ൽ അദ്ദേഹം സർക്കാരിന്റെ ഒരു വകുപ്പധികാരിയായി നിയമിതനായി. 1941-ജൂണ്‍ ഇരുപത്തിരണ്ടാം തിയതി നാസികൾ റഷ്യയെ ആക്രമിച്ചപ്പോൾ മിലിട്ടറി വ്യവസായോപകരണങ്ങൾ  അദ്ദേഹത്തിൻറെ പട്ടണത്തിൽ നിന്നും നീക്കം ചെയ്യാനുള്ള ചുമതലയുണ്ടായിരുന്നു. 1945 -ൽ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചപ്പോൾ അദ്ദേഹം പ്രേഗിലായിരുന്നു.  ആ വർഷം ജൂണ്‍ ഇരുപത്തിരണ്ടാം തിയതി മോസ്ക്കൊയിലുള്ള റഡ് സ്കൊയറിൽ റഷ്യയുടെ രണ്ടാം ലോക മഹായുദ്ധ വിജയാഘോഷത്തിൽ  ലെനിൻ സ്മാരക മന്ദിരത്തിനു മുമ്പിൽ നിന്നിരുന്ന  'സ്റ്റലിനെ'  സല്യൂട്ട് ചെയ്യുന്ന പരേഡിൽ ബ്രഷ്നേവുമുണ്ടായിരുന്നു.


രണ്ടാം ലോക മഹായുദ്ധത്തിന്റെ തുടക്കകാലം മുതൽ ബ്രഷ്നേവ് സ്വന്തം നാട്ടിൽ അറിയപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റ്  നേതാവായി ഉയർന്നിരുന്നു .യുദ്ധം പൊട്ടി പുറപ്പെട്ട വേളയിൽ  റഷ്യയുടെ ചുവപ്പു പടയിൽ ചേർന്ന്  സ്റ്റലിന്റെ റഷ്യാവല്ക്കരണമെന്ന പദ്ധതിയെ വിജയിപ്പിക്കാൻ ശ്രമിച്ചു. അതനുസരിച്ച് സ്കൂളുകളിൽ കുട്ടികൾ റഷ്യൻ ഭാഷ മാത്രമേ പഠിക്കാവൂയെന്നും  പത്രങ്ങൾ മറ്റു ഭാഷകളിൽ അച്ചടിക്കരുതെന്നും  സ്റ്റലിന്റെ  നിയമങ്ങളുണ്ടായിരുന്നു. ബ്രഷ്നേവിന് ഉത്തരവാദിത്വമുള്ള  ഉയർന്ന  തസ്തികയിലുള്ള ജോലികൾ ലഭിച്ചു കൊണ്ടിരുന്നു.  ഒടുവിൽ മേജർ ജനറലെന്ന  റാങ്കും ലഭിച്ചു.  1946-ൽ ചുവപ്പ് പട്ടാളത്തിലെ ജോലി മതിയാക്കി മടങ്ങി വന്നപ്പോൾ പാർട്ടിയുടെ ഔദ്യോഗിക പദവികൾ വീണ്ടും ഏറ്റെടുത്തു. 1950-ൽ  അദ്ദേഹം ഒരു ദേശീയ നേതാവായി വളർന്നു. സോവിയറ്റ് യൂണിയനിലെ മോൾഡാവിയൻ റിപ്പബ്ലിക്കിന്റെ കേന്ദ്ര കമ്മിറ്റിയിലെ ഒന്നാം സെക്രട്ടറിയായി തെരഞ്ഞെടുത്തു. രണ്ടു വർഷങ്ങൾക്കു  ശേഷം അദ്ദേഹം മോൾഡേവിയൻ റിപ്പബ്ലിക്കിൽ നിന്നും മോസ്ക്കോയിൽ  സ്റ്റലിന്റെ  സെക്രട്ടറിയേറ്റിൽ  കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെൻട്രൽ കമ്മറ്റിയിൽ അധികാരമുള്ള ജോലിയേറ്റെടുത്തു.


1953-ൽ സ്റ്റലിന്റെ മരണശേഷം ബ്രഷ്നേവിന്റെ  ഔദ്യോഗികമായ സ്ഥാനമാനങ്ങൾക്ക്‌ മങ്ങലേറ്റിരുന്നു. സെക്രട്ടറിയേറ്റിലുള്ള  ചുമതലകളിൽ നിന്നും അദ്ദേഹത്തെ നീക്കി അതിലും താഴ്ന്ന തസ്തികയിലുള്ള പ്രതിരോധ വകുപ്പിലേയ്ക്ക് മാറ്റി. പിന്നീട് കസാക്ക് റിപ്പബ്ലിക്കിലെ സെൻട്രൽ കമ്മിറ്റിയിലും നിയമിച്ചു. അദ്ദേഹം നല്ലയൊരു ഭരണാധികാരിയായി തെളിയിച്ചതുകൊണ്ട്  1956-ൽ  വീണ്ടും സെക്രട്ടറിയേറ്റിൽ  ജോലി കൊടുത്തു. നികിതാ ക്രൂഷ്ചേവ് അദ്ദേഹത്തെ കൂടുതലധികാരങ്ങളോടെ സെക്രട്ടറിയേറ്റിന്റെ വകുപ്പു മേധാവിയായി നിയമിക്കുകയുമുണ്ടായി  .


1957-ൽ ക്രൂഷ്ചേവും മലങ്കോവും മൊളോട്ടോവും തമ്മിൽ അധികാര മത്സരമുണ്ടായപ്പോൾ ബ്രഷ്നേവ് ക്രൂഷ്ചേവിനൊപ്പമായിരുന്നു.     ക്രൂഷ്ചേവിനെ അധികാരത്തിൽ നിന്നും നീക്കം ചെയ്യാൻ  എതിർ ഗ്രൂപ്പുകൾ ശ്രമം  നടത്തിയെങ്കിലും വിജയിച്ചില്ല. 1959-ൽ  ബ്രഷ്നേവിനെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സെൻട്രൽ കമ്മിറ്റിയിൽ രണ്ടാം സെക്രട്ടറിയായി നിയമിച്ചു. മൂന്നു വർഷത്തിനു ശേഷം അദ്ദേഹം സെക്രട്ടറിയേറ്റിൽ മടങ്ങി വന്ന് ക്രൂഷ്ചെവിന്റെ ഭരണത്തിൽ  അതൃപ്തരായ നേതാക്കന്മാരെ സംഘടിപ്പിച്ചു. സ്റ്റലിന്റെ ഭരണകാലങ്ങളെ അതിരൂക്ഷമായി  വിമർശിച്ചതിന്  സോവിയറ്റ് കമ്മ്യൂണിസ്റ്റ്   പാർട്ടിയിൽ നിന്നും  ക്രൂഷ്ചേവിന്  എതിർപ്പുകളെ  നേരിടേണ്ടി വന്നിരുന്നു. സ്റ്റലിനോടൊപ്പം പ്രവർത്തിച്ചിരുന്ന  തീവ്രവാദികളായ മുതിർന്ന നേതാക്കന്മാർ അദ്ദേഹത്തിനെ  അധികാരത്തിൽ നിന്നു നീക്കം ചെയ്യാനും രഹസ്യാലോചനകൾ തുടങ്ങി.   ക്രൂഷ്ചേവ്  കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തോട്  ആലോചിക്കാതെ രാജ്യത്തിന്റെ നയപരിപാടികളെ സംബന്ധിച്ച തീരുമാനങ്ങളെടുക്കുക സാധാരണമായിരുന്നു. അതുകൊണ്ട് രാജ്യ തന്ത്രമായ കാര്യങ്ങളിൽ തെറ്റുകൾ   അദ്ദേഹത്തിൽ നിന്നും വരുക പതിവായിരുന്നു. ക്രൂഷ്ചേവിനെ സ്ഥാനഭ്രഷ്ടനാക്കാൻ  നേതൃത്വം കൊടുത്തത്   സഹപ്രവർത്തകനായ ബ്രഷ്നേവായിരുന്നു.


1950 കളിലെ അവസാന കാലങ്ങളിലും 1960 കളിലെ  ആരംഭഘട്ടത്തിലും നികിതാ ക്രൂഷ്ചേവിന്റെ നേതൃത്വത്തിൽ സോവിയറ്റ് യൂണിയൻ ഉദാരവലക്കരണ പദ്ധതികളും  സാമ്പത്തിക  പരിഷ്ക്കാരങ്ങളും ആവിഷ്ക്കരിച്ചിരുന്നു.  പാർട്ടിയിലെ ഉന്നതരായവരിൽ ചിലർക്ക് അദ്ദേഹത്തിന്റെ   ഭരണ പരിഷ്ക്കാരങ്ങൾ രസിച്ചിരുന്നില്ല. 1961-ൽ ജോസഫ് സ്റ്റലിന്റെ മൃതശരീരം റെഡ് സ്കൊയറിലിള്ള ലെനിൻ സ്മാരക മന്ദിരത്തിൽ നിന്ന് നീക്കം ചെയ്തത്  പാർട്ടിക്കുള്ളിൽ അദ്ദേഹത്തോട്  വിരോധത്തിനു കാരണമായി. ബർലിൻ മതിലുണ്ടാക്കിയതും  ക്യൂബൻ മിസൈൽ  പ്രശ്നവും അന്തർ ദേശീയ തലങ്ങളിൽ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു.  കാർഷിക പരിഷ്ക്കാരങ്ങൾ പാടേ പരാജയപ്പെട്ടു. ഭക്ഷണ വിഭവങ്ങളുടെ അപര്യാപ്തത രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ   ഭരണ പോരായ്മകളെയും തെറ്റുകളെയും മുതലെടുക്കാൻ അധികാരമോഹിയായ ബ്രഷ്നേവിനു  കഴിഞ്ഞു. ക്രൂഷ്ചേവിന്റെ ഭരണ പരിഷ്ക്കാരങ്ങൾക്കെതിരെ  പാർട്ടിയിലെ നേതാക്കന്മാരെ യോജിപ്പിച്ച്   ബ്രഷ്നേവിന്   കേന്ദ്ര നേതൃത്വത്തെ സ്വാധീനിക്കാനും സാധിച്ചു.  ഭരണം അട്ടിമറിക്കാൻ എല്ലാ ശ്രമങ്ങളും നടത്തിക്കൊണ്ടിരുന്നു. 1964- ഒക്ടോബർ പതിന്നാലാം തിയതി ബ്രഷ്നേവും അലക്സി കോസിജിനും നിക്കോളാ പോഡ്‌ഗോർനിയും മറ്റു ക്രൂഷ്ചേവിന്റെ പ്രതിയോഗികളുമൊത്തുചേർന്ന്  ക്രൂഷ്ചേവിനെ അധികാര സ്ഥാനത്തുനിന്നും നീക്കം ചെയ്തു. അധികാരത്തിൽനിന്നും പുറം തള്ളപ്പെട്ട  അദ്ദേഹത്തെ  പിന്നീട് മോസ്ക്കൊയ്ക്ക് വെളിയിലുള്ള ഒരു കൃഷിപുരയിടത്തിലെ  വീട്ടിൽ   തടങ്കലിലാക്കുകയാണുണ്ടായത്.


ക്രൂഷ്ചേവിന്റെ സ്ഥാനചലനശേഷം  കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം സെക്രട്ടറിയായി ബ്രഷ്നേവിനെ  തെരഞ്ഞെടുത്തു.  അലക്സി കോസിജിൻ പുതിയ പ്രധാനമന്ത്രിയുമായി. 1960-ൽ ക്രൂഷ്ചേവിന്റെ ഭരണശേഷം ഒരു കൂട്ടു ഭരണ വ്യവസ്ഥയാണ്‌ നിലവിൽ വന്നത്. അധികാര കേന്ദ്രീകരണം മുഴുവൻ സ്വന്തമാക്കിക്കൊണ്ട് ബ്രഷ്നേവ് സ്റ്റലിന്റെ ഏകാധിപത്യ ഭരണ മാതൃക വീണ്ടും പുനസ്ഥാപിച്ചു. രാജ്യത്തിന്റെ പ്രതിരോധ മിലിറ്ററി  ബഡ്ജറ്റ് വർദ്ധിപ്പിച്ചുകൊണ്ടു  റഷ്യൻ സാമ്പത്തിക വ്യവസ്ഥിതി തകർക്കുന്ന നയമാണ്‌ ബ്രഷ്നേവ് സ്വീകരിച്ചത്.  അതിന്റെ പ്രത്യാഘാതമെന്നോണം സോവിയറ്റ് യൂണിയൻ  അവസാനം തകരുകയും ചെയ്തു.


സാധാരണ സോവിയറ്റ്  നേതാക്കന്മാരുടെ ജീവിതചര്യപോലെ  ബ്രഷ്നേവും ആഡംബര പ്രിയനായിരുന്നു. സൗജന്യ ബംഗ്ലാവുകളും   ബീച്ച് കൊട്ടാരങ്ങളും സ്വന്തം ഉപയോഗത്തിനായുണ്ടായിരുന്നു.  നായാട്ട്, പാർട്ടികൾ, മദ്യപാനം,സ്ത്രീകളുമായുള്ള ലൈംഗിക കൂത്തുകൾ  മുതലായവ അദ്ദേഹത്തിൻറെ നേരമ്പോക്കുകളായിരുന്നു. ചെറിയ കാര്യങ്ങൾ സാധിച്ചു കൊടുത്താലും  മറ്റുള്ളവരിൽനിന്നും വിലകൂടിയ സമ്മാനങ്ങളും പ്രതീക്ഷിക്കും. സെക്രട്ടറിമാരെയും  പരിചരിക്കുന്നവരെയും ഓഫീസിലുള്ള മറ്റു സ്ത്രീകളെയും  ലൈംഗികമായി ഉപയോഗിക്കുമായിരുന്നു. ബ്രഷ്നെവിനെപ്പോലെ  സ്വന്തം മകൾ 'ഗലീനായും'  മദ്യപാനവും പാർട്ടിയും അവിഹിത ബന്ധങ്ങളും ഇഷ്ടപ്പെട്ടിരുന്നു.  ഗലീന നാലു പ്രാവിശ്യം വിവാഹം ചെയ്തു. അനേക പുരുഷന്മാരുമൊത്തു കിടക്കകളും  പങ്കിട്ടിരുന്നു.  അവർ സ്വന്തം പിതാവിന്റെ തണലിൽ സോവിയറ്റധികാരികളെപ്പോലും വക വെയ്ക്കാത്ത ധിക്കാരിയായ ഒരു സ്ത്രീയായിരുന്നു. അമിതമായ മദ്യപാനവും രാത്രി പാർട്ടികളും ഡാൻസും കൂത്തും അവരെക്കാളും പ്രായത്തിൽ കുറഞ്ഞ ചെറുപ്പക്കാരുമായി  രതി വിനോദവും  സ്ഥിരം പരിപാടിയായിരുന്നു.1961-ൽ മുപ്പത്തിരണ്ടു വയസുകാരിയായ അവർ വിവാഹിതയായിരിക്കെ തന്നെ പതിനെട്ടു വയസുള്ള സിനിമാ നടൻ 'ഇഗോർ കിയോ' എന്ന  ചെറുപ്പക്കാരനെ കണ്ടുമുട്ടി.  ഭർത്താവിനെ ഉപേക്ഷിച്ച്  ഈ യുവാവുമായി താമസം തുടങ്ങി. അവരുടെ മധുവിധു ഒമ്പതു ദിവസമേ നിലനിന്നുള്ളൂ. കുപിതനായ സോവിയറ്റ് നേതാവ് ബ്രഷ്നേവ്  'ഇഗോർ കിയോയുടെ'  കുടുംബത്തെ നശിപ്പിക്കാൻ കെ.ജി.ബി. (റഷ്യൻ ചാര സംഘടന) യെ അയച്ചു.  പിതാവിന്റെ ശക്തമായ പ്രേരണയാൽ മകൾ ഗലീനാ ആ  ബന്ധം അവസാനിപ്പിക്കുകയും ചെയ്തു. എങ്കിലും പിതാവിനോടുള്ള പ്രതികാരത്തോടെ വീണ്ടും ആ ബന്ധം മൂന്നു വർഷം കൂടി തുടർന്നു .  എന്നും  മകൾ അധികാരത്തിലിരിക്കുന്ന പിതാവിന് പ്രശ്നങ്ങൾ  കൊടുത്തുകൊണ്ടിരുന്നു.   1998-ൽ  അവർ മരിച്ചു.


ബ്രഷ്നേവ്  അധികാര സ്ഥാനത്ത് എത്തിയയുടൻ ക്രൂഷ്ചേവ് തുടങ്ങി വെച്ച ' പദ്ധതികളും  ഉദാരവല്ക്കരണവും പാടെ വേണ്ടന്നു വെച്ചു.  പത്രവാർത്താ മാധ്യമ സ്വാതന്ത്ര്യത്തിനും   വിവര സാങ്കേതിക സാമൂഹിക പ്രവർത്തനങ്ങൾക്കും നിയന്ത്രണമിട്ടു.  വിദ്യാഭ്യാസവും  പൂർണ്ണമായും സർക്കാരാധീനതയിലായി. 1965- മെയ് മാസത്തിൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഇരുപതാം വാർഷിക വിജയാഘോഷത്തിൽ ബ്രഷ്നേവ് ചെയ്ത പ്രസംഗം  സ്റ്റലിന്റെ നേട്ടങ്ങളെ പ്രശംസിച്ചുകൊണ്ടായിരുന്നു. ശീതസമരം മൂലം സോവിയറ്റ് സാമ്പത്തിക സ്ഥിതി തകർന്നുകൊണ്ടിരുന്നു. കരിഞ്ചന്തക്കാരും പൂഴ്ത്തി വെപ്പുകാരും രാജ്യത്തിൽ വിലപ്പെരുപ്പത്തിനു കാരണമായി. ആയുധ മത്സരം 1960 കഴിഞ്ഞപ്പോൾ സോവിയറ്റ് യൂണിയനു താങ്ങാൻ സാധിക്കാതെയായി. കുന്നു കൂടിയിരിക്കുന്ന ആയുധങ്ങളുടെ ശേഖരങ്ങൾ മൂലം സാധാരണക്കാരന്റെ ജീവിത നിലവാരവും താന്നു . ജനന നിരക്ക് കുറഞ്ഞത്‌ കാരണം അടിമ തൊഴിലാളികളുടെ ക്ഷാമവും വന്നു. രാജ്യം മുഴുവനായും സാമ്പത്തികമായി തകർന്നുകൊണ്ടിരുന്നു.


ജോസഫ്  സ്റ്റലിൻ  ജീവിച്ചിരുന്ന കാലങ്ങളിലെ  അതേ നയപരിപാടികളാണ് ബ്രഷ്നേവും  പിന്തുടർന്നത് . അതുമൂലം   മറ്റുള്ള രാജ്യങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങളിലും ഇടപെട്ടുകൊണ്ടിരുന്നു. രാജ്യം അരാജകത്വത്തിലേയ്ക്ക് നീങ്ങുന്നതുകൊണ്ട് പ്രതീക്ഷകളില്ലാത്ത ഒരു ജീവിതമായിരുന്നു ജനങ്ങൾക്കുണ്ടായിരുന്നത്.  കൂട്ടു കൃഷി സമ്പ്രദായത്തിൽ തൊഴിൽ ചെയ്യുന്നവന് ചെറിയ വേതനം കൊടുത്തിരുന്നു. 1960 മുതൽ ദാരിദ്ര്യം മൂലം ജനങ്ങൾ ഗ്രാമ പ്രദേശങ്ങളിൽനിന്നും പട്ടണങ്ങളിൽ മാറി താമസിക്കാൻ തുടങ്ങി. ലക്ഷക്കണക്കിന്‌ കുടുംബങ്ങൾ താമസിച്ചിരുന്ന  ഭവനങ്ങൾ പ്രാഥമികാവശ്യങ്ങൾ പോലും നിർവഹിക്കാൻ സാധിക്കാതെ വളരെ പരിതാപകരമായ സ്ഥിതിവിശേഷത്തിലായിരുന്നു.  തൊഴിൽ വേതനം സർക്കാർ നിശ്ചയിച്ചിരുന്നു. പഞ്ച വത്സര പദ്ധതികൾ  രാജ്യത്തിന്റെ സാമ്പത്തികം നിയന്ത്രിച്ചിരുന്നു. താഴ്ന്ന ക്ലാസ് മുതൽ യൂണിവേഴ്സിറ്റികൾ വരെ അദ്ധ്യാപകർക്ക് സ്വയം മനസാക്ഷിക്കെതിരെ കുട്ടികളെ കമ്മ്യൂണിസ്റ്റ് പ്രത്യായ ശാസ്ത്രം പഠിപ്പിക്കണമായിരുന്നു.   മിലിട്ടറി പരേഡിനൊപ്പം വ്യാവസായിക തൊഴിലാളികളും ശാസ്ത്രജ്ഞരും ഡോക്ടർമാരും അദ്ധ്യാപകരും വിദ്യാർത്ഥികളും നിർബന്ധിതമായി പങ്കു ചേരണമായിരുന്നു.   മനുഷ്യാവകാശങ്ങൾക്ക്  യാതൊരു വിലയും കല്പ്പിച്ചിരുന്നില്ല. മിടുക്കന്മാരായ കുട്ടികളെ ബൌദ്ധിക തലങ്ങളിൽ പറഞ്ഞു വിശ്വസിപ്പിച്ച് മിലിട്ടറിയിൽ ചേർക്കും . പിന്നീട് ജീവിതം മുഴുവൻ അവിടെ മറ്റവസരങ്ങൾ ലഭിക്കാതെ കഴിയേണ്ടി വരും. എതിർക്കുന്നവരെ  സൈബീരിയായിലുള്ള ' ഗുലാഗ്' ജയിലിൽ അടയ്ക്കും. ശിക്ഷ കിട്ടിയ  ലക്ഷക്കണക്കിന്‌ ജനം അവിടെ റെയിൽവേ ലൈനിലും സർക്കാരിന്റെ പ്രൊജക്റ്റിലും  കഠിനമായി ജോലിചെയ്തിരുന്നു. ബുദ്ധിജീവികളെ  നിയന്ത്രിക്കുകയെന്നത് ബ്രഷ്നേവിന്റെ നയമായിരുന്നു.  സോവിയറ്റ് വിദ്യാർത്ഥികൾ പുറംനാടുകളിൽ പഠിക്കാൻ പോകുന്നത് നിരോധിച്ചിരുന്നു. ദേശീയ വരുമാനം മുഴുവൻ പ്രതിരോധത്തിനും മിലിട്ടറിയ്ക്കും ചെലവഴിക്കുന്നതിനാൽ രാജ്യം മുഴുവൻ ആഭ്യന്തര പ്രശ്നങ്ങളിലും  ദാരിദ്ര്യത്തിലും കഴിയേണ്ടി വന്നു.


1968-ൽ  ചെക്കൊസ്ലോവോക്കിയായെ റഷ്യൻ പട്ടാളം ആക്രമിച്ചു.  ബ്രഷ്നേവ് മറ്റുള്ള രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലിടപ്പെട്ടുകൊണ്ട്  പട്ടാളത്തെ അയക്കുമായിരുന്നു.  കിഴക്കൻ യൂറോപ്പുകളിൽ കമ്മ്യൂണിസം നിലനിർത്താൻ ശതൃതാ മനോഭാവത്തോടെയാണ് അതാതു  രാജ്യങ്ങളോട്  റഷ്യൻ നയം പുലർത്തിയിരുന്നത്. 1969 -ൽ ബ്രഷ്നേവ്  ഭരണം  ചൈനയുമായി അതിർത്തി തർക്കത്തിൽ പരസ്പരം മല്ലടിച്ചിരുന്നു. 1970-ൽ ഇസ്രായിലെനെതിരെ ഈജിപ്റ്റിൽ സോവിയറ്റ് പട്ടാളത്തെ അയച്ചു. അതുപോലെ ഫ്രാൻസിനും അമേരിക്കയ്ക്കുമെതിരെ വടക്കേ വിയറ്റ് നാമിലും സോവിയറ്റ് പടയുണ്ടായിരുന്നു. 1979-ലെ അഫ്ഗാൻ ആക്രമണം അന്തർ ദേശീയ തലത്തിൽ സോവിയറ്റ് യൂണിയന്റെ വിലയിടിയാൻ കാരണമായി.  ബ്രഷ്നേവ് തുടങ്ങി വെച്ച അതിഘോരമായ അഫ്ഗാൻ യുദ്ധം അദ്ദേഹത്തിൻറെ മരണം വരെയുണ്ടായിരുന്നു. കൂടാതെ അഫ്ഗാൻ യുദ്ധം മൂലം സോവിയറ്റ് സാമ്പത്തികസ്ഥിതി അപ്പാടെ തകർന്നു പോയിരുന്നു.  ഉത്ഭാദനം, വിതരണം, ഉപഭോക്ത വസ്തുക്കളുടെ ഉപയോഗം, സേവന മേഖലകൾ  എന്നീ സാമ്പത്തിക തലങ്ങൾ ആദ്യഘട്ടങ്ങളിൽ പുരോഗമിച്ചിരുന്നെങ്കിലും പിന്നീട് യുദ്ധം മൂലം സോവിയറ്റ് നാട് മുഴുവൻ അരാജകത്വത്തിലും സാമ്പത്തിക മാന്ദ്യത്തിലുമായി.


1980-ൽ മോസ്ക്കോയിൽ നടത്തിയ ഒളിമ്പിക്സിൽ  അമ്പത് രാജ്യങ്ങൾ ബൊയ്ക്കോട്ട് ചെയ്തു. സോവിയറ്റ് നയതന്ത്രങ്ങൾക്കെതിരെ  വിമർശിക്കുന്ന ബുദ്ധി ജീവികളെ മാനസിക നിലയങ്ങളിൽ അടയ്ക്കുകയോ അറസ്റ്റ് ചെയ്യുകയോ നാടു  കടത്തുകയോ ചെയ്യുക   പതിവായിരുന്നു. മനുഷ്യാവകാശങ്ങളെ  ബ്രഷ്നേവ് ഭരണം വിലകല്പ്പിക്കാത്തതിലും രാജ്യത്തിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്കു പകരം ന്യൂക്ലീയറായുധങ്ങൾ കുന്നുകൂട്ടുന്നതിലും വിമർശിച്ചതിനു ശാസ്ത്രജ്ഞനായ 'അൻഡ്രൈ സക്കാറോവിനെ'  ജയിലിലടച്ചു.  കെ.ജി.ബി യുടെ തലവൻ യൂറി അണ്ട്രോപോവ്   അദ്ദേഹത്തെ സോവിയറ്റ് യൂണിയന്റെ ഒന്നാമത്തെ ശത്രുവായി കരുതിയിരുന്നു.  ബാഹ്യലോകമായും സ്വന്തപ്പെട്ടവരുമായും ബന്ധപ്പെടാതെ നിരീക്ഷണത്തിലുമായിരുന്നു. സക്കാറോവിന്റെ ഭാര്യ 'എലന ബോണ്ണറും'  കെ.ജി.ബി യുടെ നോട്ടത്തിലായിരുന്നു.


1970-ൽ ബ്രഷ്നേവിന്റെ ആരോഗ്യം ക്ഷയിക്കാൻ തുടങ്ങി. രോഗങ്ങളോട് മല്ലിടുന്നതിനൊപ്പം  രാജ്യത്തിനുള്ളിൽ അദ്ദേഹത്തിനെതിരായി വിമർശകരും കൂടി വന്നു. മദ്യപാനവും മയക്കുമരുന്നും ജീവിതത്തിന്റെ ഭാഗമായി മാറി. എഴുപതാം വയസ്സിൽ സോവിയറ്റ് യൂണിയന്റെ സ്വയം മാർഷലായി പ്രഖ്യാപിച്ചു. ജോസഫ് സ്റ്റലിനും ജീവിച്ചിരുന്നപ്പോൾ സ്വയം അലംകൃതമായ മാർഷൽ പദവിയുണ്ടായിരുന്നു. 1982-മെയ്മാസത്തിൽ  അദ്ദേഹത്തിന് ഹൃദുരോഗം പിടിപെട്ടു.   വർഷങ്ങളായുള്ള രോഗവും ആരോഗ്യം ക്ഷയിക്കലിനും  ശേഷം 1982 നവംബർ പത്താം തിയതി ബ്രഷ്നേവ് മോസ്ക്കോയിൽ വെച്ചു മരിച്ചു.  എല്ലാവിധ  രാഷ്ട്ര ബഹുമതികളോടെ ക്രംലിൻ വാളിൽ  ബ്രഷ്നേവിന്റെ മൃത ശരീരം മറവു ചെയ്തു. അദ്ദേഹത്തിനു ശേഷം മൈക്കിൽ ഗോർബചോവു വരെ സോവിയറ്റ് നാടിന്‌  നല്ലൊരു നേതൃത്വമുണ്ടായിരുന്നില്ല.  അദ്ദേഹത്തിൻറെ പിൻഗാമിയായി  'യൂറി അണ്ട്രോപ്പോവ്'  രാജ്യത്തിന്റെ ഭരണാധികാരിയായി.  പതിനാറു മാസങ്ങൾക്കു ശേഷം അദ്ദേഹവും മരിച്ചു. പിന്നീട് കോണ്‍സ്റ്റാന്റിൻ ചെർനെങ്കൊ സോവിയറ്റ് നാടിനെ നയിച്ചു.  പതിമൂന്നു മാസങ്ങൾക്കു  ശേഷം അദ്ദേഹവും മരിച്ചു. അതിനു ശേഷം  'മൈക്കിൽ ഗോർബചോവ് '  സോവിയറ്റ് യൂണിയന്റെ ചുമതല എടുത്തപ്പോൾ രാജ്യം മുഴുവൻ നിർജീവമായി തീർന്നിരുന്നു.


ബ്രഷ് നേവിന്റെ അവസാന കാലങ്ങളിൽ അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിൽ  പിരിമുറുക്കങ്ങളുണ്ടായിരുന്നെങ്കിലും  ഈ രണ്ടു മഹാശക്തികൾ  പരസ്പര ബഹുമാനത്തോടെ കാര്യങ്ങൾ നിർവഹിച്ചിരുന്നു. 1969 മുതൽ 1974 വരെ പ്രസിഡണ്ട്  റിച്ചാർഡ് നിക്സണ്‍ ഓഫീസിലുണ്ടായിരുന്ന കാലങ്ങളിൽ അമേരിക്കയുടെയും സോവിയറ്റ് യൂണിയൻറെയും രണ്ടു നേതാക്കന്മാരും പരസ്പരം  സന്ദർശനങ്ങൾ  നടത്തുമായിരുന്നു. 1975-ൽ റഷ്യയും അമേരിക്കയും സഹകരിച്ചുള്ള ശൂന്യാകാശ   പദ്ധതികളും നടപ്പാക്കി. അമേരിക്കയുടെ ഗോതമ്പ് വൻതോതിൽ റഷ്യാ വാങ്ങിക്കാനും തുടങ്ങി. മറ്റുള്ള മേഖലകളിലും രണ്ടു രാജ്യങ്ങളും ഒത്തൊരുമിച്ചു സഹകരണത്തോടെ പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു.1970-ൽ സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മിൽ നല്ലൊരു സൗഹാർദ്ദ ബന്ധം സ്ഥാപിക്കുന്നതിന് ബ്രഷ് നേവിനു കഴിഞ്ഞു. അദ്ദേഹം ഇന്ത്യയുടെ ഒരു ഉറ്റമിത്രവുമായിരുന്നു.





With Galina (daugher)







Kosigin

Brashnev (1936)






Wednesday, October 21, 2015

റഷ്യൻ ചരിത്രം ഒരു പഠനം (ലേഖനം 8)



മലങ്കോവ് - ക്രൂഷ്ചേവ്‌  പോരാട്ടങ്ങളും   ശീതസമരവും  

By ജോസഫ് പടന്നമാക്കൽ

സ്റ്റലിൻ മരിച്ച ശേഷം 1953-മാർച്ച് അഞ്ചാംതിയതി  സോവിയറ്റ് നേതൃത്വം കയ്യടക്കാൻ അധികാര മോഹികളുടെ തീവ്രമായ ഒരു  മത്സര വേദി തന്നെയുണ്ടായിരുന്നു. 1920 മുതൽ സ്റ്റലിൻ റഷ്യയെ ഭരിച്ചിരുന്നു. ഭരണ കൈമാറ്റമനുസരിച്ച്  ആ സ്ഥാനങ്ങളലങ്കരിക്കാൻ 'മലങ്കോവ്' എല്ലാംകൊണ്ടും യോഗ്യനായിരുന്നു. രക്തപങ്കിലമായ   ഏകാധിപത്യ ഭരണത്തോടെ സോവിയറ്റ് യൂണിയനെ നീണ്ടകാലം നയിച്ച  സ്റ്റലിന്റെ മരണശേഷം  ഒരു ദിവസം കൂടി കഴിഞ്ഞ് സോവിയറ്റ് യൂണിയന്റെ പ്രധാന മന്ത്രിയായും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാമത്തെ  സെക്രട്ടറിയായും ജോർജ് മലങ്കോവിനെ തെരഞ്ഞെടുത്തു. എന്നാൽ മലങ്കോവും ക്രൂഷ്ചേവും തമ്മിൽ റഷ്യയുടെ സാരഥ്യം വഹിക്കാൻ അധികാര വടംവലി തുടങ്ങി.  മലങ്കോവിന്റെ ഭരണകാലം ഹൃസ്വമായിരുന്നു.  പാർട്ടിയിലെ നികിതാ ക്രൂഷ്ചേവും കൂട്ടരും അദ്ദേഹത്തെ അധികാര സ്ഥാനത്തു നിന്ന് നീക്കവും ചെയ്തു.  മലങ്കോവ്  റഷ്യയുടെ സ്റ്റലിൻ ഭീകര ഭരണത്തിനും  മിതവാദിയായ ക്രൂഷ്ചേവിന്റെ ഭരണത്തിനും മദ്ധ്യേ ഇടക്കാല പ്രധാന മന്ത്രിയായി  റഷ്യയെ നയിച്ചു.


മലങ്കോവ്, ബോൾഷേവിക്ക് വിപ്ലവകാലത്തിലെ അവശേഷിച്ചിരുന്ന ഏതാനും നേതാക്കന്മാരിൽ ഒരാളായിരുന്നു . 1930-ൽ രക്തച്ചൊരിച്ചിലൂടെ എതിരാളികളെ ഇല്ലായ്മ ചെയ്തുകൊണ്ടിരുന്ന സ്റ്റലിന്റെ ക്രൂരപ്രവർത്തികളിൽ അദ്ദേഹം ബലിയാടാകേണ്ടി വന്നില്ല.  ആർക്കും പിടികൊടുക്കാതെ പിൻനിരയിലെ നേതാക്കന്മാർക്കൊപ്പം പ്രവർത്തിച്ചിരുന്ന  ശാന്തനായ ഒരു നേതാവായിരുന്നു. സ്റ്റലിന്റെ നോട്ടപ്പുള്ളിയായി 1930  മുതൽ പാർട്ടിയുടെ ഉന്നത മേഖലകളിൽ പ്രവർത്തിച്ചുകൊണ്ടുമിരുന്നു.  1940  മുതൽ സ്റ്റലിന്റെ പിൻഗാമിയായി അദ്ദേഹത്തിൻറെ പേരാണ് അറിയപ്പെട്ടിരുന്നത്.  ഒരു നവീകരണ ചിന്താഗതിക്കാരനെന്ന പ്രധാന മന്ത്രിയെന്ന നിലയിൽ  രാജ്യത്തിന്റെ പ്രതിരോധ ചിലവുകൾ അദ്ദേഹം വെട്ടിക്കുറച്ചു. രാഷ്ട്രീയ നേതൃത്വത്തിലെ വടം വലികൾ ഇല്ലായ്മ ചെയ്യുവാനും ശ്രമിച്ചു. സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള കിഴക്കൻ രാഷ്ട്രങ്ങളെ അടിച്ചമർത്തി ഭരിക്കുന്ന ഭരണ നയങ്ങൾക്കും അയവു വരുത്തി. മലങ്കോവിന്റെ ചിന്താഗതികളെയും നയങ്ങളെയും  എതിർത്തുകൊണ്ട് രണ്ടാഴ്ച്ചയ്ക്കുള്ളിൽ
അദ്ദേഹത്തിൻറെ എതിരാളി നികിതാ ക്രൂഷ്ചേവ്  രാഷ്ട്രീയ കൂട്ടാളികളുടെയും മിലിറ്ററി മേധാവികളുടെയും സഹായത്തോടെ  പാർട്ടിയുടെ ഒന്നാം സെക്രട്ടറി സ്ഥാനം   കരസ്ഥമാക്കി.   അതുവരെ പ്രധാനമന്ത്രിയും പാർട്ടി സെക്രട്ടറിയും മലങ്കോവ് തന്നെയായിരുന്നു.


1924-ൽ ലെനിന്റെ മരണശേഷം  അധികാരമേറ്റെടുത്ത  ഏകാധിപതിയായ സ്റ്റലിന്റെ ഏറ്റവും വിശ്വസ്ഥ മിത്രം ക്രൂഷ്ചേവായിരുന്നു. കൂടാതെ ബോൾഷേവിക്ക് വിപ്ലവ കാലത്തെ ജീവിച്ചിരുന്ന നേതാക്കന്മാരും ലെനിന്റെ കാലം മുതൽ പാർട്ടിയ്ക്കുവേണ്ടി പ്രവർത്തിച്ചവരും മുതിർന്ന  നേതാവായ   ക്രൂഷ്ചേവിനു പിന്തുണ നല്കി.  1940 മുതൽ ക്രൂഷ്ചേവ്  വിവിധ നിലകളിലുള്ള അധികാര സ്ഥാനങ്ങളിൽ ഇരുന്നിരുന്നു. എങ്കിലും മലങ്കോവിനെ അധികാരത്തിൽ നിന്നും താഴെയിറക്കേണ്ടത് ക്രൂഷ്ചേവിന്റെ രാഷ്ട്രീയ ഭാവിയ്ക്ക് ആവശ്യമായിരുന്നു. മലങ്കോവിനെ പുകച്ചു കളഞ്ഞ് അധികാരം സ്വായത്തമാക്കാൻ  അദ്ദേഹത്തിന്  അധികകാലം വേണ്ടിവന്നില്ല. അദ്ദേഹം രാഷ്ട്രീയ നേതൃത്വത്തിലെ കൂട്ടാളികളെ സംഘടിപ്പിച്ച്  സോവിയറ്റ് യൂണിയൻ നിയന്ത്രിക്കുന്ന സുപ്രധാന പോസ്റ്റായ പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്നും  മലങ്കോവിനെ രാജി വെപ്പിച്ചു.  പാർട്ടി ഉത്തരവാദിത്വങ്ങൾ തുല്യമായി പങ്കുവെക്കാൻ താൻ രാജി വെക്കുന്നുവെന്നു മലങ്കോവ് പൊതുവായ ഒരു  പ്രസ്താവനയും ഇറക്കിയിരുന്നു. വാസ്തവത്തിൽ മലങ്കോവിന്റെ രാജി ക്രൂഷ്ചേവിന്റെ വിജയമായിരുന്നു. മലങ്കോവിന്റെ സ്ഥാനത്ത് പാർട്ടി അഞ്ചംഗ സെക്രട്ടിയേറ്റിനെ നിയമിച്ചു. പുതിയതായി നിയമിച്ച അഞ്ചു സെക്രട്ടറിമാരിൽ   ക്രൂഷ്ചേവായിരുന്നു  പ്രമുഖൻ. മറ്റുള്ളവർ അദ്ദേഹത്തോടൊപ്പം വ്യക്തി പ്രഭാവമുള്ളവരായിരുന്നില്ല.   1953-ൽ ക്രൂഷ്ചേവിനെ പാർട്ടി സെക്രട്ടറിയായി തെരഞ്ഞെടുത്തു. 1955 -ൽ അദ്ദേഹവും അദ്ദേഹത്തിന് പിന്തുണ നല്കിയവരുമൊത്തു മലങ്കൊവിനെ പ്രധാന മന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കി പകരം ക്രൂഷ്ചേവിന്റെ പാവ പോലെ പ്രവർത്തിക്കുന്ന 'നിക്കോളായ് ബുള്ഗാനിനെ' പ്രധാന മന്ത്രിയാക്കി. 1958-ൽ അധികാരം മുഴുവൻ സ്വന്തമാക്കിക്കൊണ്ട് ക്രൂഷ്ചേവ് റഷ്യയുടെ പ്രധാന മന്ത്രിയായി ചുമതലയേറ്റു. സ്റ്റലിന്റെ ഭീകര ഭരണ കാലത്തെ ദുരന്ത ഫലങ്ങൾ അനുഭവിച്ച ക്രൂഷ്ചേവ് മലങ്കോവിന്റെ  അതേ നയപരിപാടികളും ഭരണ പരിഷ്ക്കാരങ്ങളും തന്നെയാണ് പിന്നീടുള്ള കാലങ്ങളിൽ  സോവിയറ്റ് യൂണിയനിൽ നടപ്പിലാക്കിയത്.


1958-ൽ ക്രൂഷ്ചേവിനെ അധികാര സ്ഥാനത്തുനിന്ന് പുറത്തു ചാടിക്കാൻ മലങ്കോവ് ചില വിപ്ലവകാരികളുടെ സഹായത്തോടെ ഒരു ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. അതുമൂലം മലങ്കോവിനെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും പുറത്താക്കി. ജയിലിൽ അടയ്ക്കുന്നതിന് പകരം അദ്ദേഹത്തെ  കസാക്കിസ്ഥാനിലുള്ള ഹൈഡ്രോ ഇലക്ട്രിക്കൽ പ്രവർത്തനങ്ങളുടെ വെറും മാനേജരായി സേവനം ചെയ്യാനയച്ചു. അത് മലങ്കോവിന്റെ വ്യക്തിപരമായ ജീവിതത്തിന് ഒരപമാനമായിരുന്നു.


ശീതസമരം ചൂടു പിടിച്ചിരുന്ന കാലങ്ങളിൽ  സോവിയറ്റ് യൂണിയനെ നയിച്ചിരുന്നത് നികിതാ ക്രൂഷ്ചേവായിരുന്നു. അദ്ദേഹം  1958 മുതൽ 1964 വരെ സോവിയറ്റ് യൂണിയന്റെ  പ്രധാന മന്ത്രിയായി അധികാര കസേരയിലിരുന്നു.    അദ്ദേഹത്തിന്റെ ഭരണകാലം അവസാനിച്ചത്‌, സംഭവബഹുലമായ ഒരു കാലഘട്ടത്തിന്റെ ചരിത്രം കുറിച്ചുകൊണ്ടായിരുന്നു. പടിഞ്ഞാറൻ  രാജ്യങ്ങളുമായി സമാധാനത്തിലും സഹവർത്തിത്വത്തിലും കഴിയാനുള്ള  ഒരു നയമാണ് അദ്ദേഹം സ്വീകരിച്ചിരുന്നതെങ്കിലും ക്യൂബൻ  മിസൈൽ  പ്രതിസന്ധിയിൽ ന്യൂക്ലീയർ യുദ്ധം വരെ ഉണ്ടാകാവുന്ന സംഭവ വികാസങ്ങൾക്ക് സാഹചര്യം ഒരുക്കേണ്ടി വന്നു.  ഫ്ലോറിഡായിൽ നിന്ന് അമ്പതു  മൈലകലെ  ക്യൂബായിൽ ശേഖരിച്ചിരുന്ന ന്യൂക്ലീയർ മിസൈലുകൾ അമേരിക്കയുടെ ഭീഷണിയിൽ പൊളിച്ചു മാറ്റേണ്ടി വന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പരാജയമായിരുന്നു. രാജ്യത്തിനുള്ളിൽ  സ്റ്റലിന്റെ  ഭീകര ഭരണകാലങ്ങളെ അപലപിച്ചുകൊണ്ട് സ്റ്റലിനിസത്തെ ഇല്ലാതാക്കി. ഹംഗറിയിലെ വിപ്ലവം അടിച്ചമർത്താൻ സാധിച്ചതും ബെർലിൻ മതിൽ പണിതതും അദ്ദേഹത്തിൻറെ ഭരണകാല നേട്ടങ്ങളാണ്. യുണൈറ്റഡ്  നാഷനിൽ അതിഗംഭീരങ്ങളായ പ്രസംഗങ്ങൾ നടത്തി ലോക നേതാക്കന്മാരെ ആശ്ചര്യപ്പെടുത്തിയിരുന്നു.


1894- ഏപ്രിൽ പതിനഞ്ചാം തിയതി 'കലിനോവ്കാ' എന്ന റഷ്യയുടെ ഒരു ചെറിയ ഗ്രാമത്തിൽ ക്രൂഷ്ചേവ് ജനിച്ചു. പതിനാലാം വയസ്സിൽ  സ്വന്തം കുടുംബത്തോടൊപ്പം യുക്രൈനിലുള്ള 'യുസോവ്കാ' എന്ന മൈനിനിഗ് പട്ടണത്തിൽ താമസമാക്കി. അവിടെ അദ്ദേഹം മെറ്റൽ തൊഴിലാളിയായി പരിശീലനം ആരംഭിച്ചു.  അതിനുശേഷം തൊഴിലാളിയായി സ്വന്തം കുടുംബത്തെയും മാതാപിതാക്കളെയും പരിപാലിച്ചിരുന്നു. മതവിശ്വാസിയായി വളർന്നെങ്കിലും 1918-ൽ അദ്ദേഹം കമ്മ്യൂണിസ്റ്റ് ബോൾഷേവിക്ക്  പാർട്ടിയിൽ അംഗമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി. ഒരു വർഷത്തിനുള്ളിൽ  ബോൾഷേവിക്കുകൾ റഷ്യയുടെ അധികാരം പിടിച്ചെടുത്തിരുന്നു. ക്രൂഷ്ചേവിന്റെ ആദ്യ ഭാര്യ ടൈഫോയിഡ് വന്നു മരിച്ചു പോയി . അവരിൽ  രണ്ടു മക്കളുമുണ്ടായിരുന്നു. 1965-ൽ    നീനാ ക്രൂഷ്ചേവിനെ വിവാഹം കഴിച്ചു. അവരിൽ നാലു  മക്കളുണ്ടായിരുന്നു.


1929-ൽ  ക്രൂഷ് ചെവ്  തന്റെ രാഷ്ട്രീയ ഭാവിയെ ലാക്കാക്കി മോസ്ക്കൊയിൽ  താമസമാക്കി. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുകയും  ഉയർന്ന സ്ഥാനമാനങ്ങൾ ലഭിച്ചുകൊണ്ടുമിരുന്നു. അവസാനം  ജോസഫ് സ്റ്റലിന്റെ  അടുത്ത സഹകാരികളുമായി പ്രവർത്തനം തുടങ്ങി.  അക്കാലത്ത് സോവിയറ്റ് യൂണിയൻ മുഴുവനായി നിയന്ത്രിച്ചിരുന്നത് സ്റ്റലിനായിരുന്നു. ഈ ഭീകര ഭരണാധികാരി  ശത്രുക്കളെ കൊന്നൊടുക്കുന്ന സമയവുമായിരുന്നു. മില്ലിയൻ കണക്കിന് മനുഷ്യരെ കൊല്ലുകയോ, ജയിലിൽ അടയ്ക്കുകയോ, 'ഗുലാഗ് തൊഴിൽ നിലയങ്ങളിൽ' കഠിന ജോലിയ്ക്ക് അയക്കുകയോ ചെയ്തിരുന്നു. കൂടാതെ പഞ്ഞം കിടന്നും ബലം പ്രയോഗിച്ച് കൂട്ടു കൃഷികൾ ചെയ്യിപ്പിച്ചും ക്ഷക്കണക്കിനു ജനം മരിക്കുകയും ചെയ്തു. രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസി ജർമ്മനിയോട് യുദ്ധം ചെയ്യാൻ ഉക്രൈനിൽ നിന്നും സ്റ്റലിൻ ഗാർഡിൽ നിന്നും ക്രൂഷ്ചെവ്  യുവാക്കളായവരെ  സൈനിക സേവനത്തിനെത്തിക്കുമായിരുന്നു. യുദ്ധത്തിനു ശേഷം  താറുമാറായ  ഗ്രാമങ്ങളും പട്ടണങ്ങളും പുതുക്കി പണിയാനുള്ള ശ്രമത്തിലുമായിരുന്നു.


സ്റ്റലിന്റെ മരണം സ്ഥിതികരിച്ചുകൊണ്ടുള്ള  ഔദ്യോഗിക പ്രഖ്യാപനശേഷം മോസ്ക്കൊയുടെ തെരുവുകൾ നിറയെ ദുഃഖിതരായ ലക്ഷക്കണക്കിന്‌ ജനക്കൂട്ടങ്ങളുടെ പ്രളയമുണ്ടായിരുന്നു. ലെനിന്റെ ഭൌതിക ശരീരമടക്കിയിരിക്കുന്ന സ്മാരക മണ്ഡപത്തിനു  സമീപമായി  സ്റ്റലിന്റെ ശവശരീരവും അടക്കം ചെയ്തു.  രാജ്യത്തിന്‌ നാശ നഷ്ടങ്ങളുണ്ടാക്കി ഭീകരഭരണം നടത്തിയ  ക്രൂരനായ ഈ ഏകാധിപതിയോടുള്ള ബഹുമാനം അധികകാലം നീണ്ടു നിന്നില്ല.  ഒരിയ്ക്കൽ സ്റ്റലിന്റെ  വിശ്വസ്തനായിരുന്ന ക്രൂഷ്ചേവ് 1956-ഫെബ്രുവരിയിൽ  ഇരുപതാം പാർട്ടി കോണ്‍ഗ്രസ്സിൽ സ്റ്റലിനെ കുറ്റപ്പെടുത്തിക്കൊണ്ട് നീണ്ട മൂന്നു മണിക്കൂറുകൾ  ചെലവഴിച്ചു. സ്റ്റലിൻ ചെയ്ത ക്രൂരപ്രവർത്തികളെയും പാർട്ടിക്കുപരി സ്വയം അധികാരം കയ്യടക്കി ഏകാധിപതിയായതും യുദ്ധകാലത്തെ  മണ്ടത്തരങ്ങളും   അദ്ദേഹത്തിൻറെ ബലഹീന നേതൃത്വത്തെപ്പറ്റിയും   എതിരാളികളെ വക വരുത്തി ഇല്ലാതാക്കിയതും  അവരെ അറസ്റ്റു ചെയ്തും നാടുകടത്തിയതും പരാമർശിച്ചുകൊണ്ട്  ക്രൂഷ്ചേവ് കമ്മ്യൂണിസ്റ്റ് പാർട്ടി വേദികളിൽ  നീണ്ട ചർച്ചകളും പ്രമേയങ്ങളും അവതരിപ്പിച്ചു.  ക്രൂഷ്ചേവ് അന്നുമുതൽ സ്റ്റലിനിസത്തിനെതിരായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.  പൊതു സ്ഥലങ്ങളിൽ നിന്നും തെരുവുകളിൽ നിന്നും പട്ടണങ്ങളിൽ നിന്നും അന്തരിച്ച സ്റ്റലിന്റെ  പേരുകൾ നീക്കം ചെയ്തു.  ക്രൂഷ്ചേവിന്റെ ഭരണകാലങ്ങളിൽ സ്റ്റലിന്റെ വ്യക്തിത്വം എവിടെയും ഇടിച്ചു താഴ്ത്തിക്കൊണ്ടിരുന്നു. ക്രൂഷ്ചേവിന്റെ സ്റ്റലിനെതിരായ  പ്രസംഗം പാർട്ടിയധികൃതർ  രഹസ്യമായി   സൂക്ഷിച്ചുവെങ്കിലും ആ വർഷം ജൂണിൽ യൂ.എസ്‌  സ്റ്റേറ്റ്  ഡിപ്പാർട്ട്മെന്റ്  ഈ പ്രസംഗം മുഴുവനായി പുറത്തുവിട്ടു. 1957-ൽ  പാർട്ടിയിൽ നിന്നുള്ള വിമർശനം ഭയന്ന് സ്റ്റലിന്റെ പ്രതിച്ഛായ മെച്ചമാക്കാൻ ക്രൂഷ്ചേവ് ചെറിയ ശ്രമങ്ങളും നടത്തിയിരുന്നു. എങ്കിലും ആ ചിന്താഗതിയ്ക്ക് മാറ്റം വരുത്തി 1961-ൽ റെഡ് സ്കൊയറിലെ  സ്റ്റലിൻ ഗ്രാർഡ്  എന്ന പേരു മാറ്റി വോള്ഗോ ഗ്രാഡെന്നാക്കി. സുഗന്ധദ്രവ്യങ്ങൾകൊണ്ട്  കേടുവരാതെ സൂക്ഷിച്ച  സ്റ്റലിന്റെ ഭൌതികാവശിഷ്ടങ്ങൾ റെഡ് സ്കൊയറിൽ നിന്ന് മാറ്റുകയും ചെയ്തു.


ക്രൂഷ്ചേവിന്റെ  പ്രസ്താവനകളെ അനുകൂലിച്ചുകൊണ്ടും  സ്റ്റലിന്റെ  ക്രൂര പ്രവർത്തികളെ പ്രതിഷേധിച്ചുകൊണ്ടും  പോളണ്ടിലും ഹംഗറിയിലും വൻകിട പ്രകടനങ്ങളുണ്ടായിരുന്നു. പോളീഷ് വിപ്ലവം സമാധാനമായി പരിഹരിച്ചെങ്കിലും ഹംഗേറിയൻ വിപ്ലവം പട്ടാളത്തെക്കൊണ്ടും പട്ടാള ടാങ്കുകൾ കൊണ്ടും അടിച്ചമർത്തേണ്ടി  വന്നു. 1956-ലെ  ഈ വിപ്ലവത്തിൽ 2500 ഹംഗറിയൻ ജനത കൊല്ലപ്പെട്ടു.  13000 ജനത മുറിവേറ്റു.അനേകായിരങ്ങൾ പടിഞ്ഞാറേ രാജ്യങ്ങളിൽ പലായനം ചെയ്തു. അനേകരെ അറസ്റ്റു ചെയ്യുകയും നാട് കടത്തുകയും ചെയ്തു.


ആഭ്യന്തര രംഗത്ത് ക്രൂഷ്ചേവിന്റെ ഭരണം എല്ലായ്പ്പോഴും വിജയമായിരുന്നില്ല .  കൃഷിയുത്ഭാദനം വർദ്ധിപ്പിക്കുന്നതിനും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും അദ്ദേഹത്തിനു സാധിച്ചില്ല.  റഷ്യൻ രഹസ്യാന്വേഷണ പോലിസിന്റെ അധികാരം വെട്ടി കുറച്ചു. അനേക രാഷ്ട്രീയ തടവുകാരെ മോചിപ്പിച്ചു. വിദേശ യാത്രക്കാരായ  ടൂറിസ്റ്റുകളെ രാജ്യത്തിലേയ്ക്ക് സ്വാഗതം ചെയ്തു. 1957-ൽ  സാറ്റലെറ്റ്  സ്പുട്നിക്ക് അയച്ച് റഷ്യയുടെ  ശൂന്യാകാശ  ദൌത്യം ഉത്ഘാടനം ചെയ്തു. രണ്ടു വർഷത്തിനു ശേഷം സോവിയറ്റ് റോക്കറ്റ്  ചന്ദ്രനിൽ എത്തി. സോവിയറ്റ് ശൂന്യാകാശ സഞ്ചാരി  'യൂറി ഗാഗാറി' 1961ൽ ആദ്യ ശൂന്യാകാശ സഞ്ചാരിയായി ചരിത്രം കുറിച്ചു.


പടിഞ്ഞാറൻ രാജ്യങ്ങളുമായി ക്രൂഷ്ചേവിന്‌  സങ്കീർണ്ണങ്ങളും പ്രശ്നങ്ങളുമടങ്ങിയ ബന്ധങ്ങളായിരുന്നുണ്ടായിരുന്നത്. കമ്മ്യൂണിസത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന അദ്ദേഹം മുതലാളിത്ത രാജ്യങ്ങളുമായും സമാധാനത്തിലും   സഹവർത്തിത്വത്തിലും കഴിയാനാണ് ആഗ്രഹിച്ചിരുന്നത്. സ്റ്റലിന്റെ ചിന്താഗതികളിൽനിന്നും   വ്യത്യസ്ഥനായി അദ്ദേഹം ചിന്തിച്ചിരുന്നു. എതിർപ്പുകളെ വകവെക്കാതെ  അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും സന്ദർശിക്കുകയും ചെയ്തിരുന്നു.


1960-ൽ സോവിയറ്റ് യൂണിയൻ  അമേരിക്കയുടെ ചാരവിമാനമായ   യൂ -2 വിമാനം വെടി  വെച്ചിട്ടത് റഷ്യയെ അത്യധികം പ്രകോപിപ്പിച്ചിരുന്നു. റഷ്യയുടെ ഉൾനാടുകളിൽ കൂടി പറന്ന യൂ 2  ചാര വിമാന സംഭവത്തിൽ രണ്ടു രാഷ്ട്രങ്ങളും തമ്മിൽ പരസ്പരം ഇടയേണ്ടി വന്നു.  അടുത്ത വർഷം ഈസ്റ്റ് ജർമ്മനിയുടെയും വെസ്റ്റ് ജർമ്മനിയുടെയും  മദ്ധ്യേ  ബർലിൻ മതിൽക്കെട്ടുകൾ പണിയാൻ അനുവാദം കൊടുത്തു. കിഴക്കേ ജർമ്മനിയിലുള്ള ജനം മുതലാളിത്ത  പിന്തുണയുള്ള പശ്ചിമ ജർമ്മനിയിൽ യാത്ര ചെയ്യാതിരിക്കാനാണ് ഈ മതിൽ പടുത്തുയർത്തിയത്.


1962- ഒക്ടോബർ മാസം ക്യൂബയിൽ സ്ഥാപിച്ച  സോവിയറ്റ് യൂണിയന്റെ ന്യൂക്ലിയർ മിസൈൽ  അമേരിക്കാ കണ്ടു പിടിച്ചത്  ശീത സമര യുദ്ധം വഷളാകാൻ  കാരണമായി. ഒരു ന്യൂക്ലീയർ യുദ്ധം ഉണ്ടാകുമോയെന്നുപോലും ലോകം ഭയപ്പെട്ടു. യുദ്ധ ഭീഷണികളുമായി 'ജോണ്‍ കെന്നഡി' റഷ്യക്ക് അന്ത്യശാസനവും കൊടുത്തിരുന്നു.  പതിമൂന്നു ദിവസത്തെ കാത്തിരിപ്പിനു ശേഷം ക്രൂഷ്ചേവ്‌ ക്യൂബയിൽ നിന്ന് ന്യൂക്ലിയർ മിസൈലുകൾ പൊളിച്ചു മാറ്റാമെന്ന് സമ്മതിച്ചു. പകരമായി ക്യൂബയെ ആക്രമിക്കില്ലെന്ന് കെന്നഡി സമ്മതിച്ചു. അതിനു ഒരു വർഷം മുമ്പ് ക്യൂബയിലെ' ബേ ഓഫ് പിഗ്സ്'  എന്ന സ്ഥലത്ത് അമേരിക്കാ  രഹസ്യാക്രമണം നടത്തിയെങ്കിലും പരാജയപ്പെട്ടു പോയിരുന്നു. ടർക്കിയിൽ നിന്ന് റഷ്യയ്ക്ക്  ഭീക്ഷണിയായിരുന്ന ന്യൂക്ലീയറായുധങ്ങൾ നീക്കി കൊള്ളാമെന്നും കെന്നഡി സമ്മതിച്ചു. 1963-ൽ അമേരിക്കയും ബ്രിട്ടനും റഷ്യയും ഒത്തുചേർന്ന് ഭാഗികമായ ഒരു ന്യൂക്ലിയർ ഉടമ്പടിയിൽ ഒപ്പു വെച്ചു.


റഷ്യയുടെ  സുഹൃത്തു രാജ്യമായിരുന്ന ചൈനയുമായി യുദ്ധത്തിന്റെ ഭീഷണികൾ വന്നത് ക്രൂഷ്ചേവിന്റെ ഭരണകാലത്തെ ഏറ്റവും ഗുരുതരമായിരുന്ന ഒരു  കാലഘട്ടമായിരുന്നു. മാവോയും ക്രൂഷ്ചേവും തമ്മിൽ  വാക്കുകൾ കൊണ്ടുള്ള യുദ്ധവും തുടങ്ങി.  ആശയ യുദ്ധത്തിന്റെ പേരിൽ കമ്മ്യൂണിസം രണ്ടായി പിളർന്നു. 'ആധുനിക യുദ്ധ മുറകളിൽ അജ്ഞനായ  ഇടതു പക്ഷ ചിന്താഗതിക്കാരനെന്നു'  മാവോയെ ക്രൂഷ്ചേവ് വിശേഷിപ്പിച്ചു. ''പാശ്ചാത്യ മുതലാത്ത വ്യവസ്ഥിതിയെ ശരിയായി മനസിലാക്കാൻ  കഴിയാതെ എന്നും  അവർക്കെതിരെ കീർത്തനങ്ങൾ പാടുന്ന വെറും ബഫൂണെന്നും '  ക്രൂഷ്ചേവിനെപ്പറ്റി മാവോ പ്രതികരിക്കുകയും ചെയ്തു.


ക്യൂബൻ പ്രശ്നവും  ചൈനയുമായുള്ള ശത്രുതയും  അകൽച്ചയും  ഭക്ഷണ വിഭവങ്ങളുടെ അപര്യാപ്തതയും ക്രൂഷ്ചേവിന്റെ കഴിവില്ലായ്മയായി സോവിയറ്റ് യൂണിയൻ നേതൃത്വം വിലയിരുത്തി. 1964- ഒക്ടോബറിൽ ജോർജിയായിലെ , പിറ്റ്സുണ്ടായിൽ  വിശ്രമ ജീവിതത്തിലായിരുന്ന സമയം ക്രൂഷ്ചേവിനെ പാർട്ടി നേതൃത്വം തിരികെ വിളിപ്പിച്ചു. അദ്ദേഹത്തോട് പ്രധാനമന്ത്രി പദവും പാർട്ടി സെക്രട്ടറി സ്ഥാനവും രാജി വെക്കാൻ ആവശ്യപ്പെട്ടു. പിന്നീട് ക്രൂഷ്ചേവ് തന്റെ ആത്മകഥയുമെഴുതി  ശേഷിച്ച കാലം വിശ്രമ ജീവിതത്തിലായിരുന്നു.  1971- ഏപ്രിൽ പതിനഞ്ചാം തിയതി മോസ്ക്കോയിൽ വെച്ച്  ഹൃദയ സ്തംഭനമൂലം  അദ്ദേഹം മരിച്ചു.


ക്യൂബൻ  പ്രതിസന്ധി പരിഹരിച്ചത്  കെന്നഡിയുടെ  വിജയമായിരുന്നു. ക്രൂഷ്ചേവിന്റെ പരാജയവും. അദ്ദേഹത്തിന് റഷ്യയിൽ അധികാരവും നഷ്ടപ്പെട്ടു. ക്രൂഷ്ചേവു  തന്റെ ആത്മകഥയിൽ എഴുതി, " ക്യൂബൻ പ്രതിസന്ധിയിൽ കെന്നഡിയുടെ അന്ത്യശാസനത്തിൽ താൻ കീഴടങ്ങി. ചെറുപ്പക്കാരനായ അദ്ദേഹത്തിൻറെ മുമ്പിൽ വ്യക്തിപരമായി താൻ പരാജിതനായെങ്കിലും ലോകത്തിന്റെ മുമ്പിൽ വിജയം വരിക്കുകയാണുണ്ടായത്." കെന്നഡിയുടെ ചിന്താഗതിയിൽ പകരത്തിനു പകരമായി ക്രൂഷ്ചേവും ചിന്തിച്ചിരുന്നെങ്കിൽ ആൽബെർട്ട്  ഐൻസ്റ്റീൻ പറഞ്ഞപോലെ 'പിന്നീട് ചത്തു ജീവിക്കുന്ന ജീവജാലങ്ങളുമായി  ലോകം കല്ലും മണ്ണുമായും അവശേഷിക്കുമായിരുന്നു'. മൂന്നാം ലോക മഹായുദ്ധത്തിന്റെ വക്കത്തോളമെത്തിയ ക്യൂബൻ പ്രതിസന്ധിയിൽ  ജോണ്‍ ഇരുപത്തിമൂന്നാമൻ മാർപ്പാപ്പ സമാധാനത്തിനായി ഇരുരാജ്യങ്ങളോടും അഭ്യർത്ഥിച്ചിരുന്നു.  അതേ സമയം  പശ്ചിമ  ജർമ്മനിയിൽനിന്നും 'പ്രസിഡന്റ്  അഡനോവർ'   റഷ്യക്കെതിരെ അമേരിക്കയോടൊത്തു യുദ്ധത്തിന്റെ കാഹളം മുഴക്കി. ക്രൂഷ്ചേവ് പറഞ്ഞു, 'സമാധാനത്തിനായി അഭ്യർത്ഥിച്ച  മഹാനായ ജോണ്‍ ഇരുപത്തി മൂന്നാമന്റെ ആഹ്വാനത്തെ നാസ്തികനായ താൻ ബഹുമാനിക്കുന്നു. കത്തോലിക്കനായ അഡനോവർ  ആ മഹാന്റെ വാക്കുകളെ ശ്രവിക്കേണ്ടതായിരുന്നു. യുദ്ധത്തിന്റെ  ശബ്ദം താനും മുഴക്കിയിരുന്നെങ്കിൽ പശ്ചിമ ജർമ്മനി ദിവസങ്ങൾക്കുള്ളിൽ  കത്തി ചാമ്പലാവുമായിരുന്നുവെന്ന വസ്തുത അഡനോവർ മനസിലാക്കാതെ പോയിയെന്നും'  ക്രൂഷ്ചേവ് പ്രതികരിച്ചിരുന്നു.




Castro




Krushchev Family 

Mrs Krushchev, Mrs Nassar



ക്രൂഷ്ചേവ്-മലങ്കോവ്  

With Bulganin, India

Young Krushchev

Wednesday, October 14, 2015

റഷ്യൻ ചരിത്രം ഒരു പഠനം (ലേഖനം 7)


ജോസഫ്  സ്റ്റലിനും  റഷ്യയുടെ  ഭീകര ഭരണവും 

By ജോസഫ് പടന്നമാക്കൽ

റഷ്യയുടെ ഉരുക്കുമനുഷ്യനെന്നറിയപ്പെട്ടിരുന്ന  ജോസഫ് സ്റ്റലിൻ ഇരുപതാം നൂറ്റാണ്ടിലെ അതി ക്രൂരനായ  ഭരണാധികാരിയായി അറിയപ്പെടുന്നു. യുദ്ധമുന്നണിയിൽ നാസിസത്തെ പരാജയപ്പെടുത്തിക്കൊണ്ട്  ഇരുപത്തിയഞ്ച് വർഷത്തോളം സോവിയറ്റ്  യൂണിയനിൽ കിരാത ഭരണം നടത്തി. സ്റ്റലിന്റെ ഭരണം മൂലം മില്ലിയൻ കണക്കിനു മനുഷ്യ ജീവിതങ്ങളാണ് മരണപ്പെട്ടതും ദുരിതമനുഭവിച്ചതും.  ഒരു മുഴുക്കുടിയനായ ചെരുപ്പുകുത്തിയുടെയും ഒരു തുണിയലക്കുകാരത്തിയുടെയും മകനായി സ്റ്റലിൻ ജീവിതം തുടങ്ങി. മാതാപിതാക്കൾ നിർബന്ധിച്ച  കാരണം  സെമിനാരിയിൽ പുരോഹിതനാകാൻ പഠനം ആരംഭിച്ചു.  ആത്മീയത തെല്ലുപൊലുമില്ലാത്ത നാസ്തികനായ അദ്ദേഹത്തെ സെമിനാരിയിൽ നിന്നു 1899-ൽ പുറത്താക്കിയതുമൂലം വൈദിക പഠനം  പൂർത്തികരിച്ചില്ല. സെമിനാരിയിലെ പരീക്ഷകളും എഴുതില്ലായിരുന്നു.


റഷ്യയിൽ ജോർജിയായിലുള്ള ഗോറിയിൽ 1879 ഡിസംബർ പതിനെട്ടാം തിയതി സ്റ്റലിൻ ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ചു. വളർന്നതു പട്ടിണിയും കഷ്ടതകളും അനുഭവിച്ചായിരുന്നു. ഏഴുവയസുള്ളപ്പോൾ വസൂരി വന്ന് മുഖം മുഴുവൻ വികൃതമായിരുന്നു. ഇടത്തെ കൈയ്ക്കും  വൈകല്യമുണ്ടായിരുന്നു. കുടിയനായ അപ്പൻ വീട്ടിൽ വരുന്ന സമയം പ്രത്യേക കാരണമില്ലാതെ  മകനെ തല്ലുമായിരുന്നു.  പുരോഹിതനായി സെമിനാരിയിൽ പഠിക്കുന്ന സമയത്തും ദൈവ ശാസ്ത്രം പഠിക്കുന്നതിനു പകരം കാറൽ മാർക്സിന്റെ തത്ത്വ ചിന്തകൾ വായിക്കാനായിരുന്നു കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത്. സ്ഥലത്തെ സോഷ്യൽ സംഘടനയിൽ അംഗത്വം എടുത്തു. കൂടുതൽ സമയവും വിപ്ലവ ചിന്തകൾ വായിക്കാനിഷ്ടപ്പെട്ടിരുന്നു. രാജകുടുംബത്തിനെതിരെയും പ്രവർത്തിച്ചുകൊണ്ടിരുന്നു. പഠനത്തിൽ യാതൊരു താല്പര്യവുമില്ലാതായി. പള്ളിയും ഭക്തിയുമായി കഴിഞ്ഞിരുന്ന അമ്മയുടെ ആഗ്രഹത്തിനു വിരോധമായി ഒരു നിരീശ്വരവാദിയുമായി.  കണ്ടുമുട്ടുന്ന പുരോഹിതരുമായി ദൈവമില്ലെന്നു വാദിക്കുകയും ചെയ്യും. സ്റ്റലിൻ പറയുന്നതിങ്ങനെ, 'നിങ്ങൾക്കറിയാമോ, ദൈവമെന്ന ഒന്നില്ല.   ദൈവമെന്നു കൊട്ടി ഘോഷിക്കുന്നവർ  നമ്മെ വിഡ്ഢികളാക്കുന്നു.  ദൈവത്തെപ്പറ്റിയുള്ള മനുഷ്യന്റെ സംസാരങ്ങളെല്ലാം യുക്തിഹീനങ്ങളാണ്. '


സ്റ്റലിൻ ആദ്യം മെട്രോലോജിക്കൽ നിരീക്ഷണാലയത്തിൽ ക്ലാർക്കായി ജോലി ചെയ്ത സമയം വിപ്ലവ  പ്രവർത്തനങ്ങളിലും സ്റ്റ്രൈക്കിലും പങ്കെടുക്കുമായിരുന്നു. സാറിസ്റ്റ്   രഹസ്യാന്വേഷണ പോലീസ് അദ്ദേഹത്തിൻറെ വിപ്ലവ പ്രവർത്തനങ്ങളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പിന്നീട് രാജകീയ ഭരണത്തിനെതിരെ ഒളിസ്ഥലങ്ങളിൽ നിന്ന് പ്രവർത്തനം തുടങ്ങി. ബോൾഷേവിക്ക് പാർട്ടിയിൽ ചേരുകയും പാർട്ടിയുടെ വിശ്വസ്തനായി മാറുകയും ചെയ്തു. 1905-ൽ ബോൾഷേവിക്ക് പാർട്ടിയ്ക്ക് വേണ്ടി ഗോറില്ലാ യുദ്ധം ചെയ്യുകയും ചെയ്തു. ഫിൻലാൻഡിൽ ഒരു പാർട്ടി മീറ്റിങ്ങിൽ വെച്ചാണ് അദ്ദേഹം ആദ്യം ബോൾഷേവിക്ക് നേതാവായ ലെനിനെ കണ്ടു മുട്ടിയത്‌. ഒളിത്താവളങ്ങളിൽ നിന്ന് വിപ്ലവം നടത്തുന്ന നിഷ്ക്കരുണനായ ഈ മനുഷ്യനിൽ ലെനിന് ആദ്യം നല്ല അഭിപ്രായമായിരുന്നു. 1907-ൽ സ്റ്റലിൻ 'റ്റിഫീസി'ലുള്ള  ഒരു ബാങ്കിൽ
കൊള്ള  നടത്തി പാർട്ടിയുടെ പ്രവർത്തനങ്ങൾക്കുവേണ്ടി  മൂന്നര മില്ലിയൻ ഡോളറിന് തുല്യമായ റഷ്യൻ റൂബിൾ   സംഭാവന ചെയ്തു.


1906-ൽ സ്റ്റലിൻ തന്റെ ആദ്യത്തെ ഭാര്യയായ 'കെദെവാൻ സ്വാനിസേയെ' ( Ketevan Svanidze) വിവാഹം ചെയ്തു. അവർ ദരിദ്ര കുടുംബത്തിൽ നിന്നു  വന്ന സ്ത്രീയായിരുന്നു. അടുത്ത വർഷം  സ്റ്റലിൻ-കെദെവാൻ ദമ്പതികൾക്ക് 'യാക്കോവ് ഷുഗാസ് വില്ലി' എന്ന കുട്ടി ജനിച്ചു. 1907-ൽ  'കെദെവാൻ' റ്റൈഫോയിഡ് വന്നു  മരിച്ചു. സ്റ്റലിന് ആ സ്ത്രീയെ ഇഷ്ടമായിരുന്നു. അവരുടെ മരണത്തിൽ ദുഃഖം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, "ഈ സൃഷ്ടി കല്ലുപോലെ ഉറച്ചതായിരുന്ന എന്റെ ഹൃദയത്തെ മൃദലമാക്കി.  അവർ മരിച്ചു. അവരുടെ മരണത്തോടെ മനുഷ്യത്വം എന്നിലും നശിച്ചു പോയിരുന്നു. " റ്റിഫീസിലെ ബാങ്ക് കൊള്ളയ്ക്കു ശേഷം സ്റ്റലിനും  കുടുംബവും സാറിസ്റ്റ്കളിൽനിന്നും ഒളിച്ചു താമസിക്കുകയായിരുന്നു. ഭാര്യയുടെ മരണശേഷം കുട്ടിയെ ഉപേക്ഷിച്ച് അവരുടെ ബന്ധുക്കളെ ഏൽപ്പിച്ചു. വിപ്ലവ പ്രസ്ഥാനങ്ങളിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരുന്നു.   അനേക തവണകൾ സ്റ്റലിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 1910-ൽ  സൈബീരിയായിലേയ്ക്ക് നാട് കടത്തി.


പാർക്കാൻ വീടും കൃഷിക്കാരന് കൃഷിയിടവും വിശക്കുന്നവന് ഭക്ഷണവും രാജ്യത്ത് സമാധാനവും   വാഗ്ദാനങ്ങൾ ചെയ്തുകൊണ്ട് ലെനിൻ ജനലക്ഷങ്ങളെ ഇളക്കിക്കൊണ്ടിരുന്ന കാലമായിരുന്നു. അക്കാലത്തെ ബോൾഷേവിക്ക് പത്രമായ 'പ്രവദാ' പ്രചരിപ്പിക്കാൻ സ്റ്റലിൻ നിർണ്ണായകമായ ഒരു പങ്കു വഹിച്ചിട്ടുണ്ട്‌. ഫിൻലാൻഡിൽ സാറിസ്റ്റ് പട്ടാളത്തിന്റെ പിടിയിൽ ലെനിൻ അകപ്പെട്ടപ്പോൾ  അദ്ദേഹത്തെ രക്ഷിക്കാൻ സ്റ്റലിൻ നിർണ്ണായകമായ ഒരു പങ്കു വഹിച്ചിരുന്നു.  അതുവഴി സ്റ്റലിൻ    ബോൾഷേവിക്ക് പാർട്ടിയ്ക്കുള്ളിലെ എല്ലാവരാലും ആരാധിക്കപ്പെടുന്ന  ഒരു ധീര നേതാവായും വളർന്നു. ലെനിന് ഭരണത്തിൽ അധികാരം കിട്ടിയപ്പോൾ സ്റ്റലിനെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയാക്കി. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ മദ്ധ്യസ്ഥത വഴി പരിഹരിക്കാൻ സ്റ്റലിന്   പ്രത്യേകമായ ഒരു പാടവവും നേടിയിരുന്നു. അദ്ദേഹത്തിൻറെ അഭിപ്രായങ്ങൾ ആദരവോടെ മറ്റു പ്രവർത്തകർ അനുസരിച്ചിരുന്നു.


1924-ൽ ലെനിന്റെ മരണശേഷം കഠിന ഹൃദയനായ  സ്റ്റലിൻ ലെനിന്റെ  രാഷ്ട്രീയ പിന്തുടർച്ചക്കാരനാകാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.  പാർട്ടിയിലെ ഭൂരിഭാഗം ചിന്തിച്ചിരുന്നത് സ്വാഭാവികമായും വിപ്ലവ നേതാവായ ലീയോ ട്രോഡ്സ്ക്കി ലെനിന്റെ പിന്തുടർച്ചക്കാരനാകുമെന്നായിരുന്നു. പക്ഷെ അദ്ദേഹത്തിൻറെ ആശയങ്ങൾ അങ്ങേയറ്റം  ആദർശപരങ്ങളായിരുന്നു. മാർക്സിസത്തിന് പുതിയ നിർവചനങ്ങളുമായി സ്റ്റലിൻ രംഗത്തു വന്നു. സോവിയറ്റ് യൂണിയനെ ശക്തിപ്പെടുത്താൻ സോഷ്യലിസം  അദ്ദേഹം വിഭാവന ചെയ്തു. ട്രോഡ്‌ സ്ക്കിയുടെ ആദർശങ്ങളെ സ്റ്റലിൻ  തള്ളിക്കളഞ്ഞു.  സ്റ്റലിന്റെ ആശയങ്ങൾക്കായിരുന്നു പാർട്ടി വില കൽപ്പിച്ചത്.1920-ൽ അദ്ദേഹം സോവിയറ്റ് യൂണിയന്റെ ഏകാധിപതിയായി ഭരണം ആരംഭിച്ചു.      
സോവിയറ്റ് യൂണിയനെ വ്യാവസായിക രാജ്യമാക്കാൻ സ്റ്റലിൻ പഞ്ചവത്സര പദ്ധതികൾ ആവിഷ്ക്കരിച്ചു. സോവിയറ്റ് യൂണിയനെ ആധുനികരിച്ചില്ലെങ്കിൽ രാജ്യം തകരുകയും മുതലാളിത്ത രാജ്യങ്ങൾ കമ്മ്യൂണിസം നശിപ്പിക്കുകയും ചെയ്യുമെന്നും സ്റ്റലിൻ ഭയപ്പെട്ടിരുന്നു. രാജ്യം വൻതോതിൽ വ്യവസായത്തിനാവശ്യമായ കല്ക്കരി ഉത്ഭാതിപ്പിച്ചു. അദ്ദേഹത്തിന്റെ കാലത്ത് റഷ്യാ  ലോകത്തിലെ ഒന്നാം കിട സാമ്പത്തിക ശക്തിയായി വളർന്നു. സ്റ്റലിൻ ഒരു പദ്ധതിയാരംഭിച്ചാൽ അത് ദയയില്ലാതെ നടപ്പാക്കുകയെന്നത് അദ്ദേഹത്തിൻറെ നയമായിരുന്നു. ഫാക്റ്ററികളിൽ ഉത്തരവാദിത്വത്തോടെ തൊഴിലാളികൾ ജോലിചെയ്യാൻ കർശനമായ നിയമങ്ങൾ നടപ്പാക്കി. നിയമങ്ങൾ തെറ്റിക്കുന്നവരെ കുറ്റവാളികളായി ജയിലിൽ അടയ്ക്കുമായിരുന്നു.  സ്റ്റലിൻ പറയുമായിരുന്നു, "നാം പുരോഗമിച്ച രാഷ്ട്രങ്ങളെക്കാൾ അമ്പത് നൂറു വർഷങ്ങൾ  പുറകിലാണ്. ഈ അകലം പത്തു വർഷമാക്കണം. ഒന്നുകിൽ പത്തു വർഷം മുമ്പിൽ അല്ലെങ്കിൽ പുറകിൽ. അതു നടപ്പാക്കാകുന്നത്  ഓരോരുത്തരുടെയും കഠിന പ്രയത്നത്തെ ആശ്രയിച്ചായിരിക്കും."


സ്റ്റലിൻ അധികാരമേറ്റ സമയം നാടാകെ അരഷിതാവസ്തയും പട്ടിണിയുമായിരുന്നു. ഭക്ഷണ വിഭവങ്ങളുടെ അഭാവവും കാര്യക്ഷമതയോടെയുള്ള വിതരണത്തിന്റെ അപര്യാപ്തതയും രാജ്യത്തിന്റെ ദുരവസ്ഥയ്ക്ക് കാരണങ്ങളായിരുന്നു. രാജ്യമാകെ കൃഷിഭൂമികൾ പൊതുവേ ചെറുകിട ഭൂവുടമകളായിരുന്നു നിയന്ത്രിച്ചിരുന്നത്. സർക്കാരിന്റെ നിയന്ത്രണത്തിൽ സ്റ്റലിന്റെ പദ്ധതിപ്രകാരം കൂട്ടുകൃഷി സമ്പ്രദായത്തിൽക്കൂടി   കൃഷിയെ ആധുനികരിച്ചു. സാധാരണക്കാരായ കൃഷിക്കാർ സ്റ്റലിന്റെ ഈ പുതിയ കൃഷി പരിഷ്ക്കാരങ്ങളെ എതിർത്തു. അക്കൂടെ ധാന്യങ്ങൾ പൂഴ്ത്തി വെപ്പുകാരുമുണ്ടായിരുന്നു. നാടാകെ പഞ്ഞം വന്ന്  അഞ്ചു മില്ല്യൻ ജനങ്ങളോളം മരിച്ചു. പൂഴ്ത്തി വെപ്പുകാരെ കൊല്ലുകയോ ജയിലിൽ അടയ്ക്കുകയോ ചെയ്യുക ഉത്തമമെന്ന് സ്റ്റലിൻ കരുതി. 1930 ൽ റഷ്യയിലെ കൃഷി മുഴുവൻ കൂട്ടു കൃഷി സമ്പ്രദായമാക്കി. വിജയകരമായ ഈ ധാന്യവിള വിപ്ലവത്തിൽ രാജ്യത്തിന്റെ കൃഷിയുത്ഭാദനം വർദ്ധിക്കാൻ തുടങ്ങി.


സ്റ്റലിൻ സ്വയം മനുഷ്യാവകാശ പ്രവർത്തകനെന്നു  ലോകത്തെ ധരിപ്പിക്കാനും ശ്രമം നടത്തിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ സ്വന്തം അണികളെയും പട്ടാളത്തെയും സംശയങ്ങളോടെയായിരുന്നു സ്റ്റലിൻ കണ്ടിരുന്നത്‌. എതിർക്കുന്നവർ  അധികാരത്തിൽനിന്നും താഴെയിറക്കുമോയെന്ന  ഭയവും തോന്നലും അദ്ദേഹത്തെ അലട്ടിയിരുന്നു. 139 കമ്മറ്റി അംഗങ്ങളുണ്ടായിരുന്ന പാർട്ടിയിലെ 81 പേരെ സ്റ്റലിന്റെ രഹസ്യ  ഭീകരർ  കൊന്നു. പട്ടാള അട്ടിമറിയിലൂടെ അദ്ദേഹത്തെ എതിർക്കാൻ സാധ്യതയുള്ള 103 അഡ് മിറൽ -ജനറൽമാരിൽ  81 പേർക്ക് വധശിക്ഷ വിധിച്ചു. രഹസ്യാന്വേഷക പോലീസ് എവിടെയും സ്റ്റലിനിസം നടപ്പാക്കിക്കൊണ്ടിരുന്നു. സ്റ്റലിനെ എതിർക്കുന്നവരെ വക വരുത്താൻ ജനങ്ങളുടെയിടയിലും ചാരന്മാരുണ്ടായിരുന്നു. കമ്മ്യൂണിസത്തെ എതിർത്ത മൂന്നു മില്ല്യൻ ജനങ്ങളെ സൈബീരിയയിലെ തൊഴിലാളി ക്യാമ്പുകളിൽ കഠിന ജോലിക്കയച്ചു.  ഏകദേശം ഒരു മില്ലിയൻ ജനങ്ങളെ കൊന്നു.


അധികാരക്കളരിയിൽ ജോസഫ്  സ്റ്റലിന്റെ  പ്രധാന രാഷ്ട്രീയ പ്രതിയോഗി ട്രോഡ്സ്ക്കിയായിരുന്നു.   സ്റ്റലിന്റെ ഏകാധിപത്യത്തിനെതിരെയും നയങ്ങൾക്കെതിരെയും  ട്രോഡ്സ്ക്കി ഒരു സമരം നയിച്ചത് പരാജയപ്പെട്ടിരുന്നു. കുപിതനായ സ്റ്റലിൻ 1927-ൽ അദ്ദേഹത്തെ അധികാരങ്ങളിൽ നിന്ന് നീക്കം  ചെയ്യുകയും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നു പുറത്താക്കുകയും ചെയ്തു. അവസാനം  1929-ൽ അദ്ദേഹത്തെ സോവിയറ്റ് യൂണിയനിൽ നിന്നും പുറത്താക്കി. പുറം രാജ്യങ്ങളിൽ നിന്നും സ്റ്റലിന്റെ സോവിയറ്റ്  യൂണിയനിലെ അധികാര ദുർവിനിയൊഗത്തിനെതിരെ പ്രവർത്തിച്ചുകൊണ്ടിരുന്നു. സ്റ്റലിന്റെ ആജ്ഞ പ്രകാരം മെക്സിക്കോയിൽ വെച്ചു സോവിയറ്റ് ചാരനായ 'റാമോണ്‍  മെർകാഡർ' എന്ന സ്പാനിഷ്കാരൻ അദ്ദേഹത്തെ വധിച്ചു. മാർക്സിസ്റ്റ് സ്കൂളിലെ ചിന്താധാരയിൽ  'ട്രോഡ്സ്ക്കിസവും' സുപ്രധാനമായ ഒരു വിഷയമാണ്.  സ്റ്റലിൻ തത്ത്വ ചിന്തകളെ മൊത്തമായി  'ട്രോഡ്സ്ക്കിസം എതിർക്കുന്നു. 1980-ലാണ്‌ സോവിയറ്റ് യൂണിയൻ അദ്ദേഹത്തിൻറെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ പുറത്തുവിട്ടത്. 


1919-ൽ  സ്റ്റലിൻ രണ്ടാമതും വിവാഹം ചെയ്തു. രണ്ടാം ഭാര്യ 'നദേഷ്ഡാ അല്ലിലുയെവാ'യിൽ നിന്നും  'സ്വറ്റ്ലാനാ' എന്ന ഒരു മകളും 'വാസ്സിലി' എന്ന ഒരു മകനും ജനിച്ചു. ഭാര്യ 'നദേഷ്ഡായെ' അസഭ്യ വാക്കുകൾ പറഞ്ഞു അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്യുമായിരുന്നു. സഹികെട്ട അവർ 1932-ൽ ആത്മഹത്യ ചെയ്തു.  വയറിൽ രോഗം വന്നു മരിച്ചെന്ന്  റിപ്പോർട്ടും ഉണ്ടാക്കിച്ചു. നദേഷ്ഡായുടെ   മരണത്തെ സംബന്ധിച്ച് പല ഊഹോപാഹങ്ങളുമുണ്ട്.സ്റ്റലിൻ കൊല്ലിച്ചെന്നും സ്റ്റലിൻ തന്നെ വിഷം കൊടുത്തു കൊന്നുവെന്നും വിവാദങ്ങളുണ്ടായിരുന്നു.  ആദ്യത്തെ ഭാര്യയിൽ നിന്നും ജനിച്ച മകനായ യാക്കോവ് ചുവപ്പു പടയിലെ ഒരു പട്ടാളക്കാരനായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത യാക്കോവിനെ  ജർമ്മൻ പട്ടാളം  തടവുകാരനായി പിടിച്ചിരുന്നു. സ്റ്റലിന്റെ മകനെന്നു വിവരം കിട്ടിയ ജർമ്മനി   അയാളെ തടവുകാരുടെ ക്യാമ്പിൽ നിന്നു സ്വതന്ത്രമാക്കാമെന്നു വാഗ്ദാനം നല്കിയിരുന്നു. തന്റെ മകൻ സ്വയം കീഴടങ്ങിയതെന്നു  പറഞ്ഞു സ്വതന്ത്രനാക്കാൻ  സമ്മതിച്ചില്ല. നാസി ക്യാമ്പിൽ വെച്ച് 1943-ൽ യാക്കോവ് മരിച്ചു.  മകൾ സ്വെറ്റ് ലാനാ, അലക്സി കാപ്പ്ലർ എന്ന ഒരു യഹൂദനുമായി സ്നേഹ ബന്ധത്തിലായിരുന്നു.   ആ സ്നേഹ ബന്ധത്തെ സ്റ്റലിൻ അനുവദിച്ചില്ല. പിന്നീട് കാപ്ലറിനെ പത്തു വർഷത്തേയ്ക്ക് ശിക്ഷിച്ച് നാടു കടത്തി.


അഡോൾഫ്  ഹിറ്റ്‌ലറിന്റെ ജർമ്മനിയും  ജോസഫ്  സ്റ്റലിന്റെ റഷ്യയും തമ്മിൽ പരസ്പരം ആക്രമിക്കില്ലെന്ന് ഒരു ഉടമ്പടിയുണ്ടാക്കിയിരുന്നു. കിഴക്കേ യൂറോപ്പിന്റെ അതിരുകളും ഇരുകൂട്ടരും  തിരിച്ചിരുന്നു. ഹിറ്റ്ലറിന്റെ പട്ടാളക്കാർക്ക് ഫ്രാൻസിനെയും ബ്രിട്ടനെയും പിന്തിരിപ്പിക്കാൻ കഴിഞ്ഞു. സ്റ്റലിന്റെ ജനറൽമാർ ഹിറ്റ്ലർ  ഏതു സമയത്തും രാജ്യത്തെ ആക്രമിക്കാൻ സാധ്യതയുണ്ടെന്നു മുന്നറിയിപ്പ് കൊടുത്തിട്ടും സ്റ്റലിൻ കാര്യമായി ഗൗനിച്ചില്ല. 1941 ജൂണിൽ നാസികൾ റഷ്യയെ ആക്രമിച്ചത് തികച്ചും അപ്രതീഷിതമായിരുന്നു.  പോളണ്ടിനെ തകർത്തുകൊണ്ട് ജർമ്മൻ പട്ടാളം റഷ്യയിൽ പ്രവേശിക്കുകയായിരുന്നു. ഓർക്കാപ്പുറത്തുള്ള അടിയിൽ സോവിയറ്റ് പട്ടാളത്തിന് ഭീമമായ നാശ നഷ്ടങ്ങളുമുണ്ടായി. ഹിറ്റ്ലറിന്റെ ചതിയിൽ നിരാശനായ സ്റ്റലിൻ പറഞ്ഞു, "ലെനിൻ നമ്മുടെ രാജ്യത്തിന്‌ അടിസ്ഥാനമിട്ടു. നാം രാജ്യത്തെ അപകടത്തിലുമാക്കി. അനിശ്ചിതത്വമായ നമ്മുടെ രാജ്യത്തിനുവേണ്ടി എന്തു ചെയ്യണമെന്നും എനിയ്ക്കിനി അറിഞ്ഞുകൂടാ. ഇനി ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നത് രാജ്യത്തിന്റെ നിലനില്പ്പ്  കാത്തു രക്ഷിക്കാൻ രക്തവും കഠിനാദ്ധ്വാനവുമാണ്."


ഹിറ്റ്ലറിന്റെ പട്ടാളം വാതിൽക്കൽ വന്നു നിൽക്കുമ്പോൾ ശരിയായ തീരുമാനങ്ങളെടുക്കാൻ  സാധിക്കാതെ  റഷ്യയുടെ ഭാവി ത്രാസിൽ തൂങ്ങുകയായിരുന്നു. നാസികളിൽനിന്നും വിജയം നേടാൻ സ്റ്റലിൻ  മില്ലിൻ കണക്കിന് ജനങ്ങളെയും പട്ടാളക്കാരെയും  കുരുതി  കൊടുത്തു. 1941-ൽ ജർമ്മൻ പട്ടാളം രാജ്യം മുഴുവൻ പട്ടാള വിളയാട്ടം നടത്തുന്ന കാലം. 1941 ഡിസംബറിൽ പട്ടാളം മോസ്ക്കൊയ്ക്ക് അടുത്ത് എത്തിയിരുന്നു. സ്റ്റലിൻ പട്ടണം ഉപേക്ഷിക്കാതെ മോസ്ക്കോയിൽ തന്നെ താമസിച്ചു. എന്തു  വില കൊണ്ടുത്തെങ്കിലും വിജയം നേടുമെന്ന ഉറച്ച വിശ്വാസത്തോടെ തീരുമാനങ്ങൾ എടുത്തുകൊണ്ടിരുന്നു. സ്റ്റലിൻ ഗാർഡിൽ നടന്ന യുദ്ധം റഷ്യയെ സംബന്ധിച്ചുളള  നിർണ്ണായകമായ ഒരു വഴിത്തിരിവായിരുന്നു. സ്റ്റലിന്റെ പട്ടാളക്കാർ മോസ്ക്കോയിൽ പ്രതിരോധത്തിനായി  നില്ക്കെ ഹിറ്റ്ലർ ആക്രമിച്ചു. ആരും പുറകോട്ടോരടി വെയ്ക്കരുതെന്നു സ്റ്റാലിൻ പട്ടാളക്കാർക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നു. ഒരു മില്ലിയൻ ആൾക്കാരെയാണ് ഈ യുദ്ധത്തിൽ നഷ്ടപ്പെട്ടത്. എങ്കിലും 1943-ൽ നാസികളെ റഷ്യാ പരാജയപ്പെടുത്തി. സ്റ്റലിന്റെ പട്ടാളക്കാർ അവരെ ബർലിൻ വരെ പിന്തിരീപ്പിച്ചു.
ജർമ്മനിയെ പരാജയപ്പെടുത്തിയതിൽ സ്റ്റലിനു നിർണ്ണായകമായ പങ്കുണ്ട്. സോവിയറ്റ് യൂണിയന് കിഴക്കേ യൂറോപ്പിന്റെയും വിവിധ ഭാഗങ്ങൾ കൈവശപ്പെടുത്താൻ കഴിഞ്ഞു. കിഴക്കേ ബെർലിനും സോവിയറ്റ് യൂണിയന്റെ കൈവശമായി.  യുദ്ധകാലത്ത് സഖ്യ കക്ഷികളായിരുന്ന ബ്രിട്ടനും അമേരിക്കയും യുദ്ധം കഴിഞ്ഞപ്പോൾ എതിർ രാജ്യങ്ങളായി മാറി. ബർലിന്റെ നിയന്ത്രണത്തിനായി സഖ്യ കഷികളുടെ നിയന്ത്രണത്തിലായ പശ്ചിമ ബെർലിനിലെയ്ക്കുള്ള കവാടം റഷ്യാ  മതിലുകൾ കൊണ്ട് അടച്ചു. പശ്ചിമ ജർമ്മനിയിൽ കുടുങ്ങിയ അമേരിക്കക്കാർക്ക് ഭക്ഷണം  പതിനൊന്നു മാസത്തോളം വിമാനങ്ങൾ വഴി വിതരണം ചെയ്യേണ്ടി വന്നു. 1949 ആഗസ്റ്റിൽ സോവിയറ്റ് യൂണിയൻ ആദ്യത്തെ ആറ്റം ബോംബു പരീക്ഷിച്ചു.


സ്റ്റലിന്റെ അവസാന കാലങ്ങളിൽ അദ്ദേഹം പാർട്ടി പ്രവർത്തകരെ വിശ്വസിച്ചിരുന്നില്ല. അവരെ പാർട്ടിയിൽ ഇല്ലാതാക്കാൻ സ്റ്റലിൻ  സർവ്വവിധ നീചമാർഗങ്ങളും സ്വീകരിക്കുമായിരുന്നു. 1953 മാർച്ച് അഞ്ചാംതിയതി അമിതമായ മദ്യം കഴിച്ച സ്റ്റലിൻ  ഹൃദയാഘാതം വന്നു മരിച്ചു. അനേകായിരങ്ങൾ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിച്ചു. ഫ്യൂഡൽ സാമ്പത്തിക ശാസ്ത്രത്തിൽ നിന്നും റഷ്യയെ വ്യവസായ സാമ്രാജ്യമാക്കിയതിലും  ഹിറ്റ്ലറെ  തോല്പ്പിച്ചതിലും സ്റ്റലിൻ പങ്കു വഹിച്ചുവെങ്കിലും മില്ല്യൻ കണക്കിന് ജനം ഈ ഏകാധിപതിയുടെ മരണത്തിൽ സന്തോഷിക്കുകയും ചെയ്തു. സ്റ്റലിന്റെ മരണശേഷം അധികാരത്തിൽ വന്ന ക്രൂഷ്ചേവ് സ്റ്റലിനെ തള്ളി പറയുകയും റഷ്യൻ ചരിത്രത്തിൽ രക്തപങ്കിലമായ ക്രൂരതയുടെ ഇതിഹാസമാക്കുകയും ചെയ്തു.

(തുടരും)
----------------------------------------------------------

സ്റ്റലിൻ,റൂസ് വെൽറ്റ് ,ചർച്ചിൽ   

'സ്വറ്റ്ലാനാ'
സ്റ്റലിൻ- ട്രോഡ്സ്ക്കി
സ്റ്റലിന്റെ  മകൻ യാക്കോവ് ഷുഗാസ് വില്ലി

'സ്വറ്റ്ലാനാ'

രണ്ടാം ഭാര്യ 'നദേഷ്ഡാ അല്ലിലുയെവാ'


യുവാവായ  സ്റ്റലിൻ 

'സ്വറ്റ്ലാനാ' എന്ന  മകളും 'വാസ്സിലി' എന്ന  മകനും
Joseph Stalin


Churchil, Truman, Stalin 
Clament Atlee, Truman, Stalin

Thursday, October 8, 2015

റഷ്യൻ ചരിത്രം ഒരു പഠനം (ലേഖനം 6)




വിപ്ലവത്തിന്റെ  നായകൻ വ്ലാഡിമിർ  ലെനിനും സോവിയറ്റ് യൂണിയനെന്ന  കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തിന്റെ ഉദയവും

By ജോസഫ് പടന്നമാക്കൽ

മാർക്സിസ്റ്റ്‌ ചിന്തകൻ, സോവിയറ്റ് റിപ്പബ്ലിക്കിന്റെ സ്ഥാപകൻ, കമ്മ്യൂണിസ്റ്റ് തത്ത്വജ്ഞാനി, ബോൾഷേവിക്ക്   പാർട്ടിയുടെ നേതാവ്, എന്നീ നിലകളിൽ 'ലെനിൻ' ചരിത്രത്തിലെ മഹാന്മാരിൽ മഹാനായി അറിയപ്പെടുന്നു. ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ റഷ്യയെ വാർത്തെടുക്കുന്നതിൽ അദ്ദേഹത്തിന് അതിപ്രധാനമായ പങ്കുണ്ട്. എന്നും വിവാദ നായകനായി റഷ്യൻ രാഷ്ട്രീയത്തിൽ തിളങ്ങി നിന്ന ലെനിനെ   മഹാനായ നേതാവായും അതേ സമയം മറ്റു ചിലർ അദ്ദേഹത്തെ ഏകാധിപതിയായും കരുതുന്നു. ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവുമധികം വാർത്തകളിലും ചർച്ചകളിലും വന്ന അദ്ദേഹം റഷ്യയെ ലോക രാഷ്ട്രങ്ങളുടെയിടയിൽ വികസന  വിധേയമാക്കി.  റഷ്യാ മുഴുവൻ ബോൾഷേവിക്ക് വിപ്ലവത്തിന് തീ കൊളുത്തിക്കൊണ്ട്  മുതലാളിത്ത ധനതത്ത്വ ശാസ്ത്രത്തിന്റെ സ്ഥാനത്ത്  മാറ്റങ്ങളുടെതായ കമ്മ്യൂണിസ്റ്റ് പ്രത്യോയ ശാസ്ത്രം നടപ്പാക്കി. ലെനിനെന്നുള്ളത് അദ്ദേഹത്തിൻറെ മാതാപിതാക്കൾ നല്കിയ യഥാർത്ഥ പേരല്ല. ജനിച്ചപ്പോൾ അദ്ദേഹത്തിൻറെ പേര് 'വ്ലാഡിമിർ  ലിച്ച് യുല്യനോവ്' എന്നായിരുന്നു.വിപ്ലവമായി നടന്നതുകൊണ്ട്‌ അധികാരികളുടെ കണ്ണിൽ പൊടിയിടാൻ  ഓരോ കാലങ്ങളിൽ പല പേരുകളിൽ അറിയപ്പെട്ടിരുന്നു.'ലെനിൻ'  എന്നപേര് സ്വീകരിക്കുന്നതിനു മുമ്പ്  'കെ. ടുലിൻ', 'പെട്രോവ്', എന്നീ പേരുകളിൽ  അദ്ദേഹത്തെ അറിയപ്പെട്ടിരുന്നു. 1902-ലാണ് ലെനിൻ എന്ന പേര് തിരഞ്ഞെടുത്തത്.സൈബീരിയായിലെ 'ലേനാ നദിയുടെ' പേര് അദ്ദേഹം തിരഞ്ഞെടുത്തതാകാമെന്ന്  ചരിത്രകാർ കരുതുന്നു. മറ്റു വിപ്ലവകാരികളിൽ  ജോസഫ് സ്റ്റലിന്റെ പേരും   യഥാർത്ഥ പേരല്ല. 'ലോസീഫ് ഷുഗാഷ് വിലി' വിപ്ലവ കാലഘട്ടത്തിൽ ജോസഫ് സ്റ്റലിനെന്ന പേര് സ്വീകരിക്കുകയായിരുന്നു. അതുപോലെ 'ലെവ് ബ്രോണ്‍ഷ്ടിൻ'  പിന്നീട് ലിയോണ്‍ ട്രോഡ്‌സ്ക്കിയായി.


ലെനിന്റെ മാതാപിതാക്കളായ  'ല്ലിയാ നികൊലയെവിച് ഉൽ യനോവിയുടെയും  മരിയാ അലക്സാന്ദ്രോവനയുടേയും  ആറു മക്കളിൽ അദ്ദേഹം  മൂന്നാമനായിരുന്നു. 1870-ലാണ് വ്ലാഡിമിർ   ലെനിൻ ജനിച്ചത്. മാതാപിതാക്കൾ സമൂഹത്തിൽ വിലമതിക്കുന്നവരും ബഹുമതിയുണ്ടായിരുന്നവരും വിദ്യാസമ്പന്നരുമായിരുന്നു. അദ്ദേഹത്തിൻറെ പിതാവ് പ്രസിദ്ധനായ ഒരു സ്കൂൾ മാസ്റ്ററായിരുന്നു.വിദ്യാഭ്യാസ വിഷയങ്ങളെ സംബന്ധിച്ച്  അനേക ബഹുമതികളും ലഭിച്ചിട്ടുണ്ടായിരുന്നു. മാതാവ് ഒരു യഹൂദ ഡോക്ടറുടെ മകളായിരുന്നു.   റഷ്യൻ സാഹിത്യത്തിൽ പണ്ഡിതയുമായിരുന്നു.  മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ അവർ പ്രത്യേകം ശ്രദ്ധ നല്കുമായിരുന്നു.


റഷ്യയിലെ സാർ ചക്രവർത്തി ഭരണത്തിനു ശേഷം വന്ന താല്ക്കാലിക സർക്കാരിനെതിരെ വിപ്ലവം നയിച്ചിരുന്നത് ബോൾഷേവിക്ക് പാർട്ടി നേതാവായ  വ്ലാഡിമിർ   ലെനിനായിരുന്നു.   രക്തരഹിത വിപ്ലവത്തിൽക്കൂടി അധികാരം കയ്യടക്കി. ബോൾഷേവിക്കുകൾ  സർക്കാർ നിയന്ത്രണത്തിലുള്ള സങ്കേതങ്ങളും കെട്ടിടങ്ങളും പിടിച്ചെടുത്തു. തലസ്ഥാനമായ സെന്റ്‌ പീറ്റേഴ്സ് ബർഗ് അവരുടെ അധീനതയിലാക്കി.  ഭരണം പിടിച്ചെടുത്ത് രണ്ടു ദിവസത്തിനുള്ളിൽ ലെനിന്റെ നേതൃത്വത്തിൽ സർക്കാരൂം രൂപീകരിച്ചു. ലെനിൻ പുതിയ സർക്കാരിന്റെ തലവനായും പ്രഖ്യാപിച്ചു. പിന്നീട് 'യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കെന്ന്' പേരും നല്കി. അങ്ങനെ ലോകത്തിലെ ആദ്യത്തെ മാർക്സിസ്റ്റ് രാജ്യമായി റഷ്യ അറിയപ്പെട്ടു.


1868-ൽ ജനിച്ച  ലെനിന്റെ മൂത്ത സഹോദരൻ  അലക്സാണ്ടർ  സെന്റ്‌ പീറ്റേഴ്സ് ബർഗ് യൂണിവേഴ്സിറ്റിയിൽനിന്നും   സ്വർണ്ണ മെഡലോടെയാണ് ബിരുദം നേടിയത്. സൂവോളജി വിദ്യാർത്ഥിയായിരുന്നു. പിന്നീട് അലക്സാണ്ടർ മൂന്നാമൻ സാർചക്രവർത്തിയ്ക്കെതിരെ വിപ്ലവ രാഷ്ട്രീയത്തിൽ ഇടപെട്ടു. ചക്രവർത്തിക്കെതിരെ അനേക പ്രതിഷേധപ്രകടനങ്ങൾക്കും നേതൃത്വം കൊടുത്തു. 1887-ഏപ്രിൽ 25-ന് അറസ്റ്റു ചെയ്യുകയും ചെയ്തു. സാർചക്രവർത്തിയെ വധിക്കാൻ  ഗൂഢാലോചന   നടത്തിയതിന്റെ പേരിൽ കോടതി വിചാരണയെ  നേരിടേണ്ടി വന്നു. ചിലർ ക്ഷമാപണം നടത്തിയതുകൊണ്ട് രാജകീയ കോടതി ശിക്ഷ ഇളവു നല്കിയിരുന്നു. എന്നാൽ അലക്സാണ്ടർ  ക്ഷമ പറയാൻ തയാറായില്ല. അത് താൻ വിശ്വസിക്കുന്ന തത്ത്വങ്ങളോടുള്ള  ആത്മവഞ്ചനയെന്നും  അദ്ദേഹം ചിന്തിച്ചു.   അവസാനം മറ്റുള്ളവരുടെ പ്രേരണയാൽ 'താൻ ചെയ്തത് തെറ്റാണെന്നു' അനുതപിക്കാതെ ഒരു കത്തെഴുതി. 'തന്റെ മാതാവിന്റെ ആരോഗ്യനില മോശമാണെന്നും മാതാവിനുവേണ്ടി ശിക്ഷ ഇളവു നലകണമെന്നുമായിരുന്നു' കത്തിലെ ഉള്ളടക്കം. 'തൻറെ വധ ശിക്ഷ നടപ്പിലായാൽ അവരുടെ ജീവിതം തകരാറാകുമെന്നും കത്തിൽ സൂചിപ്പിച്ചു. ആ യുവ വിപ്ലവകാരിയുടെ അപേക്ഷ നിരസിക്കുകയും വധശിക്ഷ നടപ്പാക്കുകയും ചെയ്തു.


സഹോദരന് വധ ശിക്ഷ നൽകിയതിൽ ലെനിന് ഒടുങ്ങാത്ത പക രാജകുടുംബത്തോടുണ്ടായിരുന്നു.  ലെനിന്  അന്നു  പതിനേഴു വയസു പ്രായമായിരുന്നു.കൗമാര പ്രായത്തിലെ ചോരത്തിളപ്പിൽ അദ്ദേഹത്തിലും ഒരു വിപ്ലവകാരി ജനിച്ചു.  സഹോദരന്റെ മരണ ശേക്ഷം അദ്ദേഹം 'കസാൻ യൂണിവേഴ്സിറ്റിയിൽ നിയമം പഠിക്കാൻ ചേർന്നു. വിദ്യാർത്ഥി പ്രക്ഷോപണത്തിൽ പങ്കു ചേർന്നതിന്  ആ ഡിസംബറിൽ  കോളേജിൽ നിന്ന് പുറത്താക്കി. തിരിച്ചെടുക്കാൻ പല ശ്രമങ്ങൾ നടത്തിയിട്ടും സാധിച്ചില്ല. പിന്നീട് 1891-ൽ സെന്റ്‌ പീറ്റേഴ്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ ബിരുദമെടുത്തു. അതിനു ശേഷം 'ഡിഫൻസ്'  നിയമജ്ഞനായി പരിശീലനം തുടങ്ങി. ആ കാലയളവിനുള്ളിൽ  കാറൽ മാർക്‌സിന്റെ തത്ത്വ ചിന്തകൾ പഠിച്ച് ഒരു കമ്മ്യൂണിസ്റ്റ് ചിന്തകനായി മാറിക്കഴിഞ്ഞിരുന്നു. 1895- ൽ മാർക്സിസ്റ്റ് പാർട്ടിയിൽ പ്രവർത്തനവും തുടങ്ങി. തൊഴിലാളികളുടെ ക്ഷേമവും അവരുടെ തൊഴിൽപരമായ അന്തസ്സും കൈവരിക്കുകയെന്ന ലക്ഷ്യത്തിലായിരുന്നു മാർക്‌സിസ്റ്റ്  പാർട്ടിയിൽ ചേർന്നത്‌. അതിനായി യൂണിയനുകൾ ഉണ്ടാക്കി വിപ്ലവങ്ങളും ആരംഭിച്ചു.


1896 -ൽ ലെനിൻ തന്റെ മാർസിസ്റ്റ്  ചിന്താഗതിയിലുള്ള ആദ്യത്തെ ലേഖനം പ്രസിദ്ധീകരിച്ചു. അതിനുശേഷം അദ്ദേഹം ഫ്രാൻസ്, ജർമ്മനി, സ്വിറ്റ്സർലണ്ട് എന്നീ രാജ്യങ്ങൾ സന്ദർശിക്കുകയും അവിടങ്ങളിൽ ഒരേ ചിന്താഗതിയിലുള്ള മാർക്സിസ്റ്റ് നേതാക്കന്മാരുമായി സഹവർത്തിത്വത്തിൽ  ഏർപ്പെടുകയും ചെയ്തു. റഷ്യയിലെത്തിയ ഉടൻ മാർക്സിസ്റ്റ് ചിന്താഗതിയിൽ ഒരു വാർത്താ പേപ്പർ ആരംഭിക്കുകയും അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയും ചെയ്തു. ഒരു വർഷം  ജയിലിൽ അടയ്ക്കുകയും അതിനുശേഷം സൈബീരിയായിൽ നാട് കടത്തുകയും ചെയ്തു. അവിടെ നാട് കടത്തപ്പെട്ടവരുടെ കൂടെയുണ്ടായിരുന്ന ഒരു കൂട്ടുകാരി, 'നദേഴ്ദ  ക്രുപ്സ്കയയെ' 1898 ജൂലൈ പത്താംതിയതി വിവാഹം ചെയ്തു.   സൈബീരിയായിൽ അദ്ദേഹം ഉല്ലാസ നടപ്പ്, എഴുത്ത്, നായാട്ട്, നീന്തൽ മുതലായ ഹോബികളിൽക്കൂടി സമയം ചിലവഴിച്ചിരുന്നു. 1900- ത്തിൽ  രാജ്യം വിടാനുള്ള അനുവാദം കൊടുത്തു. അതിനു ശേഷം  പതിനേഴു വർഷം വിദേശത്തു താമസിച്ചു.  1905-ലെ പരാജയപ്പെട്ട ഒരു വിപ്ലവ കാലഘട്ടത്തിലാണ്  അദ്ദേഹം വീണ്ടും റഷ്യയിൽ മടങ്ങി വന്നത്.


1900-ൽ  ലെനിൻ തന്റെ നാടുകടത്തലിനുശേഷം  പടിഞ്ഞാറേ യൂറോപ്പിൽ യാത്രചെയ്ത്  വിപ്ളവ പ്രവർത്തനങ്ങളെക്കുറിച്ച്  തീഷ്ണമായി പഠിച്ചുകൊണ്ടിരുന്നു. അക്കാലത്ത് തൊഴിലാളികളെ ആവേശഭരിതരാക്കാൻ അവരുടെ ക്ഷേമ പ്രവർത്തനങ്ങളും അവകാശങ്ങളും സംബന്ധിച്ച വിവാദപരമായ   ചെറു പുസ്തകങ്ങൾ  എഴുതിക്കൊണ്ടിരുന്നു. 'അനുസരണയോടെയുള്ള  പ്രവർത്തകർ ഉണ്ടെങ്കിലേ പാർട്ടിയുടെ ലക്ഷ്യമായ സോഷ്യലിസമെന്ന പുത്തനായ സാമൂഹിക വ്യവസ്ഥിതി നടപ്പാക്കാൻ സാധിക്കൂവെന്ന്' അദ്ദേഹം വിശ്വസിച്ചിരുന്നു.  1903-ൽ ലെനിൻ  ലണ്ടനിലെ മാർക്സിസ്റ്റ്  നേതാക്കന്മാരുമായി ചർച്ചകൾ നടത്തിക്കൊണ്ടിരുന്നു. 'സോഷ്യലിസ്റ്റ്  ഡമോക്രാറ്റിക്ക്  വർക്കേഴ്സ് പാർട്ടി' എന്നൊരു പാർട്ടി ഉണ്ടാക്കിയെങ്കിലും ആരംഭത്തിൽ തന്നെ ആ പാർട്ടി  രണ്ടായി പിളർന്നു. ലെനിന്റെ ബോൾഷേവിക്ക്  പാർട്ടി അനുവർത്തിച്ചു വന്നത്   തീവ്രമായ ചിന്തകളും ലക്ഷ്യം കൈവരിക്കാൻ ബലപ്രയോഗവുമായിരുന്നു.  എതിർ ഗ്രൂപ്പായ 'മെൻഷെവിക്സ്   പാർട്ടി' മിതവാദികളായിരുന്നു.    ജനാധിപത്യ സോഷ്യലിസമായിരുന്നു അവർ വിഭാവന ചെയ്തത്. 1912-ൽ  പാർട്ടി രണ്ടാവുകയും ലെനിൻ ഔദ്യോഗികമായി ബോൾഷേവിക്കുകളുടെ നേതാവാകുകയും ചെയ്തു.


1914-ൽ  നടന്ന ഒന്നാം ലോക മഹായുദ്ധത്തെ ലെനിൻ എതിർത്തിരുന്നു. സാമ്രാജ്യത്വ വാദികളുടെ യുദ്ധമെന്ന് ലെനിൻ വിശേഷിപ്പിച്ചു. റഷ്യൻ പട്ടാളത്തോട്   മുതലാളിത്ത വ്യവസ്ഥ പാലിക്കുന്നവർക്കെതിരെ തോക്കുകൾ ചൂണ്ടാൻ ലെനിൻ ആവശ്യപ്പെട്ടു. റഷ്യയെ സംബന്ധിച്ച് ഒന്നാം ലോക മഹായുദ്ധം അതിഭീമമായ  നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു.  മറ്റേത് രാഷ്ടങ്ങളേക്കാൾ റഷ്യയ്ക്ക് കടുത്ത നഷ്ടങ്ങളുണ്ടാക്കി. സാമ്പത്തികമായി റഷ്യ കരകേറാൻ സാധിക്കാത്തവണ്ണം അടിപതറി വീണു. തെരുവുകൾ നിറയെ വിശക്കുന്ന വയറുകൾ അലഞ്ഞു നടന്നിരുന്നു. അതേ സമയം സാർ ചക്രവർത്തി കുടുംബം ജനങ്ങളെ ഗൗനിക്കാതെ ആഘോഷങ്ങളും സംഗീത മേളകളുമായി ആർഭാടങ്ങളിലും ജീവിച്ചു.


1905-ൽ റഷ്യൻ വിപ്ലവം പൊട്ടിപ്പുറപ്പെട്ടപ്പോൾ ലെനിൻ റഷ്യയിൽ മടങ്ങി വന്നു. മെച്ചമായ ജീവിതസൌകര്യങ്ങൾ ആവശ്യപ്പെട്ട്  തൊഴിലാളികൾ നാടു മുഴുവൻ സമരത്തിലും പണിമുടക്കിലുമായിരുന്നു.  സമരക്കാരുടെ ആവശ്യങ്ങൾ പരിഹരിക്കാമെന്നും നവീകരിച്ച റഷ്യൻ ഭരണഘടനയും ജനാധിപത്യ  നിയമസഭകളും നടപ്പാക്കാമെന്നും സമരക്കാർക്ക്‌  സാർ നിക്ലൗവൂസ്  രണ്ടാമൻ വാക്കു കൊടുത്തു. വാഗ്ദാനങ്ങൾ നല്കി പരിഷ്ക്കാരങ്ങൾക്ക് തയ്യാറായ രാജാവിന്റെ ഉറപ്പിൻമേൽ  സമരം പിൻവലിക്കുകയും ചെയ്തു.  എന്നാൽ വാക്കുകൾ പാലിക്കാതെ വിപ്ലവക്കാരുമായുണ്ടാക്കിയ കരാർ കാറ്റിൽ പറത്തിക്കൊണ്ടു രാജാവിന്റെ തന്നിഷ്ടംപോലെ ഭരണം തുടർന്നു.  1907-ൽ ലെനിനെ വീണ്ടും രാജ്യത്തുനിന്നും പുറത്താക്കി.  യുദ്ധം മൂലം റഷ്യയുടെ സാമ്പത്തികം അപ്പാടെ തകർന്നു. നാടു മുഴുവൻ ഭക്ഷണത്തിന്റെ അപര്യാപ്തമൂലം  പെട്രോഗാഡിൽ അതിരൂക്ഷമായ സമരം വീണ്ടും പൊട്ടിപുറപ്പെട്ടു. നിരാശരായ റഷ്യൻ പട്ടാളവും സമരക്കാരോടൊപ്പം പങ്കുചേർന്നു.  വെടിവെപ്പും ലാത്തി ചാർജുകളുമായി നാടുമുഴുവൻ അരാജകത്തം തുടർന്നു. ഗത്യന്തരമില്ലാതെ മാർച്ച് പതിനഞ്ചാം തിയതി നിക്ലൗവൂസ് രാജാവ് രാജകിരീടം ഉപേക്ഷിച്ച് സ്ഥാനത്യാഗം ചെയ്തു. അങ്ങനെ മൂന്നു നൂറ്റാണ്ടുകൾ പിന്തുടർന്ന റഷ്യയുടെ 'സാർ' വംശ രാജഭരണം അവസാനിച്ചു. രാജവംശത്തിന്റെ നയങ്ങൾ പിന്തുടർന്ന  പാകതയും പക്വതയുമില്ലാത്ത ഏതാനും പേരെ താല്ക്കാലിക ഭരണവും ഏൽപ്പിച്ചു. താല്ക്കാലിക സർക്കാരിൽ പട്ടാളക്കാരും സമരക്കാരുടെ  കമ്മറ്റിയും ഉണ്ടായിരുന്നു.


ഫെബ്രുവരി വിപ്ലവത്തിനുശേഷം ജർമ്മനധികാരികൾ ലെനിനേയും സഹകാരികളെയും ജർമ്മനിയിൽ കടക്കാൻ അനുവദിച്ചു. സ്വിറ്റ്സർലണ്ട്-സ്വീഡൻ വഴി മുദ്രവെച്ച് അടച്ച ഒരു വാഗനുള്ളിൽ രഹസ്യമായി അവർ യാത്ര ചെയ്തു. യുദ്ധത്തിനെതിരായ ലെനിന്റെ പ്രവർത്തനങ്ങൾമൂലം   ജർമ്മനി ലെനിനെ സഹായിക്കാൻ തയ്യാറായി.  നിലവിലുള്ള സർക്കാരിനെ താഴെയിറക്കി  ലെനിന്റെ സോഷ്യലിസ്റ്റ് പാർട്ടി അധികാരത്തിൽ വരേണ്ടത് ജർമ്മനിയുടെ താല്പര്യം കൂടിയായിരുന്നു. രാജവംശത്തിനു പകരമായി  വന്ന റഷ്യയിലെ പുതിയ താല്ക്കാലിക  സർക്കാർ ലെനിനെ ഒരു ജർമ്മൻ ചാരനായി മുദ്ര കുത്തി. 'താമസിക്കാനിടവും, കൃഷി ചെയ്യുന്നവനു  ഭൂമിയും വിശക്കുന്നവന് അപ്പവും സമാധാനവും' എന്നീ മുദ്രാവാക്യങ്ങൾ ലെനിൻ റഷ്യൻ ജനതയുടെയിടയിൽ പ്രചരിപ്പിച്ചു.  ആവേശഭരിതരായ റഷ്യൻ ജനത്തിന്റെ പിന്തുണ അദ്ദേഹത്തിനു നല്കിക്കൊണ്ടിരുന്നു. ഒക്ടോബറിൽ ലെനിൻ രഹസ്യമായി പെട്രോഗ്രാഡിൽ വന്നു. നവംബർ എട്ടാം തിയതി രാജഭരണത്തിനു ശേഷം വന്ന റഷ്യ ഭരിക്കുന്നവരെ താഴെയിറക്കി അധികാരം ബോൾഷേവിക്കുകൾ  കൈക്കലാക്കി.


ലോകത്തിലെ ആദ്യത്തെ മാർക്‌സിസ്റ്റ് രാജ്യത്തിന്റെ ഏകാധിപതിയായി ലെനിൻ അറിയപ്പെടുന്നു.  അധികാരം കിട്ടിയ ഉടൻ അദ്ദേഹത്തിൻറെ സർക്കാർ ജർമ്മനിയുമായി സമാധാനയുടമ്പടിയുണ്ടാക്കി. വ്യവസായങ്ങൾ ദേശവൽക്കരിച്ചു. ജന്മിത്വം അവസാനിപ്പിച്ചുകൊണ്ട് ഭൂമി കൃഷി ചെയ്യുന്നവന് വിതരണം ചെയ്തു. എന്നാൽ 1918-ൽ സാറിസ്റ്റ് ശക്തികളുമായി   മല്ലിടേണ്ടി വന്നു. അഭ്യന്തര യുദ്ധം വീണ്ടും പൊട്ടി പുറപ്പെട്ടു. 1920-ൽ സാറിസ്റ്റ് ലഹളക്കാരെ അടിച്ചമർത്തി.1922-ൽ 'യൂണിയൻ ഒഫ് സോവിയറ്റ് റിപ്പബ്ലിക്ക് (USSR)' നിലവിൽ വന്നു.


ലെനിനെ വധിക്കാനുള്ള  സാറിസ്റ്റ് പ്രഭുക്കന്മാരുടെ രണ്ടുമൂന്നു ശ്രമങ്ങളിൽ ലെനിൻ രണ്ടു വെടിയുണ്ടകളോടെ മുറിവേറ്റു. അദ്ദേഹത്തിനെതിരെ ഗൂഢാലോചന  നടത്തിയെന്നു  വിശ്വസിക്കുന്ന പ്രഭുക്കന്മാരെയും  സാറിസ്റ്റ് മന്ത്രിമാരെയും  വിചാരണ ചെയ്യുവാനും  ആജ്ഞ കൊടുത്തു. സാർ ഭരണത്തെ പിന്താങ്ങുന്നവരെ പീഡിപ്പിക്കൽ 1920 വരെ തുടർന്നു. ഈ ഭീകര ചുവപ്പു വിപ്ലവ ദിനങ്ങളിൽ ഏകദേശം അഞ്ചു ലക്ഷം  ജനം വധിക്കപ്പെട്ടു. സാമ്പത്തിക തകർച്ച തടയാൻ യുദ്ധ കാലങ്ങളെപ്പോലെ കൃഷിക്കാരിൽ നിന്നും അവരുടെ ഉൽപ്പന്നങ്ങൾ ബലമായി പിടിച്ചെടുത്തു. ഈ ഭക്ഷണ വിഭവങ്ങൾ ബോൾഷേവിക്ക് പട്ടാളത്തിനു ഭക്ഷിക്കാനും യുദ്ധം മൂലം കഷ്ടപ്പെടുന്ന ജനങ്ങൾക്കായും പട്ടണങ്ങളിലെത്തിച്ചു.  1921-ൽ അദ്ദേഹം സാമ്പത്തിക നയങ്ങളിൽ ഉദാരനയങ്ങൾ സ്വീകരിച്ചു. അതുമൂലം റഷ്യയുടെ സാമ്പത്തികം മെച്ചപ്പെട്ടു.


1922-ഏപ്രിലിൽ ലെനിന്റെ സഹകാരിയായ ജോസഫ്  സ്റ്റലിൻ കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയായി. സ്റ്റലിനെ സെക്രട്ടറിയാക്കിയതിൽ  പിന്നീട് ലെനിൻ ഖേദിച്ചിരുന്നു. 1922 ലും 1923-ലും ലെനിൻ മരിക്കുന്നവരെ പ്രസിദ്ധീകരിക്കാത്ത അദ്ദേഹത്തിൻറെ ഒരു കത്തിൽ സ്റ്റലിൻ ഒരു ഉഗ്രധിക്കാരിയെന്നും  ജനറൽ സെക്രട്ടറിയെന്ന നിലയിൽ അദ്ദേഹത്തെ സഹിക്കാൻ സാധിക്കുന്നില്ലാന്നും എഴുതിയിട്ടുണ്ട്. സ്റ്റലിന്റെ സ്ഥാനത്ത് ക്ഷമയുള്ളവനെയും ആത്മാർത്ഥതയുള്ളവനെയും   കൂടുതൽ ബഹുമാനിതനായവനെയും സഹപ്രവർത്തകരെ ശ്രദ്ധിക്കുന്നവനെയും അവരോട് മര്യാദയുള്ളവനെയും  മാറി മാറി വരുന്ന  ചഞ്ചല മാനസിക പ്രകൃതമല്ലാത്തവനെയും തിരഞ്ഞെടുക്കേണ്ടിയിരുന്നുവെന്നും കത്തിലുണ്ട്. മറ്റൊരു കത്തിലെ ഉള്ളടക്കത്തിൽ ' ലെനിന്റെ ഭാര്യയോട്  സ്റ്റലിൻ അപമര്യാദയായി പെരുമാറിയെന്നും  ടെലഫോണിൽക്കൂടി അസഭ്യ വാക്കുകൾ പ്രയോഗിച്ചെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.  മൂന്നാമതും ലെനിന് ഹൃദയാഘാതം ഉണ്ടായിക്കഴിഞ്ഞ് അദ്ദേഹത്തിന് സംസാരിക്കാൻ സാധിക്കില്ലായിരുന്നു.വലതു വശം തളർന്നു പോവുകയും ചെയ്തു.   മരണംവരെ ലെനിൻ അവശനായി വിശ്രമത്തിലായിരുന്നു. അതുകൊണ്ട് സ്റ്റലിനെപ്പറ്റി പൊതുവേദികളിൽ  അഭിപ്രായങ്ങളൊന്നും പറഞ്ഞിട്ടില്ല.


 1924 ജനുവരി ഇരുപത്തിയൊന്നാം തിയതി ലെനിൻ  അമ്പത്തി മൂന്നാം വയസ്സിൽ  ഹൃദയസ്തംഭനം  മൂലം മരിച്ചു. അദ്ദേഹത്തിൻറെ മൃതശരീരം  ക്രംലിനിൽ സുഗന്ധ തൈലങ്ങളിട്ടു കേടുപാടുകൾ വരാതെ സംരക്ഷിക്കുകയും ചെയ്യുന്നു. പെട്രോഗ്രാഡിനു  ആ മഹാന്റെ  ബഹുമാനസൂചകമായി   'ലെനിൻ  ഗ്രാഡെ'ന്നു പേരു  നല്കി. ലെനിന്റെ മരണശേഷം ഭരണത്തിനുള്ള അധികാര വടംവലി രൂക്ഷമായിരുന്നു. ലെനിന്റെ വിപ്ലവസേനയിലെ സഹകാരി ജോസഫ് സ്റ്റലിൻ  സോവിയറ്റ് ഭരണത്തിന്റെ തലവനായി.  സ്റ്റലിൻ ഇരുപതാം നൂറ്റാണ്ടിലെ ക്രൂരനായ ഏകാധിപതി ഭരണാധികാരിയായി അറിയപ്പെടുന്നു.
(തുടരും)




young Lenin



Lenin with relatives 

മുമ്പിലിരിക്കുന്നവർലെനിൻ, ഭാര്യ നദേഴ്ദ ക്രുപ്സ്കയ, സഹോദരി




ലെനിനും(Sitting right)മാതാപിതാക്കളും കുടുംബവും 

  Lenin's mother, Maria Alexandrovna Ulyanova 

Trotsky, Lenin and Kamenev at the II Party Congress in 1919
Bolshevik leaders arrive by train at Brest-Litovsk and are met by German officers

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...