Tuesday, December 30, 2014

അടല്‍ ബിഹാരി വാജ്പയിയുടെ ഭാരത രത്നം രാഷ്ട്രത്തിന്റെ സ്വപ്നം



By ജോസഫ് പടന്നമാക്കൽ

1953 മെയ് എട്ടാംതിയതി  28 വയസുള്ള ചെറുപ്പക്കാരനായ  ഒരു യുവാവ്  ഒരു തകരപ്പെട്ടിയും അതിനുമുകളിൽ ബ്ലാങ്കറ്റും  യാത്രാ കിറ്റുകളുമായി  ഡൽഹി റയിൽവേ   സ്റ്റേഷനിൽ  റിസർവേഷനില്ലാത്ത ട്രെയിനിലെ  ഒരു കംപാർട്ട്മെന്റിൽ  ഇടിച്ചു കയറുന്നവരുടെ മുമ്പിലുണ്ടായിരുന്നു. തന്റെ നേതാവായ ശ്യാമ പ്രസാദ മുക്കർജിക്കു വേണ്ടിയും തനിക്കു വേണ്ടിയും സീറ്റു  പിടിക്കാൻ മുമ്പിലുണ്ടായിരുന്ന ആ ചെറുപ്പക്കാരനായ വാജ്പയി  ഇന്ത്യയുടെ പ്രധാന മന്ത്രി  പദം മൂന്നു പ്രാവിശ്യം അലങ്കരിക്കുകയും  2014 ഡിസംബറിൽ ഭാരത രത്നമായി അവരോധിക്കുകയും  ചെയ്തു.  ജമ്മു കാശ്മീരിനെ ഇന്ത്യൻ യൂണിയനിൽ  ചേർക്കണമെന്ന സമരകാഹളവുമായി കാശ്മീരിലേക്ക്  തിരിച്ച മുക്കർജിയെ യാത്രയയക്കാൻ  റയിൽവേ  സ്റ്റേഷനിൽ  ആരാധകരായവരുടെ ഒരു ജനക്കൂട്ടവുമുണ്ടായിരുന്നു. അന്നുവരെ ഒരു പത്ര പ്രവർത്തകനായിരുന്ന വാജ്പയി    മുക്കർജിയോടൊപ്പം യാത്രതിരിച്ചത് അദ്ദേഹത്തിൻറെ രാഷ്ട്രീയ കാര്യ സെക്രട്ടറിയെന്ന നിലയിലായിരുന്നു. വാജ്പയി  അന്നും പില്ക്കാലജീവിതത്തിലും  മുക്കർജിയെ   ആരാധന പാത്രമായി തന്റെ മനസിനുള്ളിൽ  എന്നും പ്രതിഷ്ഠിച്ചിരുന്നു. മുക്കർജിയുടെ  അന്നത്തെ യാത്രയുടെ  ലക്ഷ്യം  ജമ്മു കാഷ്മീരിലേക്കുള്ള പ്രവേശനനിരോധനം ലംഘിക്കുകയെന്നതായിരുന്നു. കാശ്മീരിനെ പൂർണ്ണമായി ഇന്ത്യൻ യൂണിയനോട് ലയിപ്പിക്കണമെന്ന ഒരു വിപ്ലവ മുന്നേറ്റം അന്ന് നയിച്ചിരുന്നത് ശ്യാമ പ്രസാദ മുക്കർജിയായിരുന്നു.  


നിയമം ലംഘിച്ച് ജമ്മു കാശ്മീരിൽ അതിർത്തി കടക്കാൻ ശ്രമിക്കവേ മുക്കർജിയെ 1953- മെയ് പത്താം തിയതി അറസ്റ്റുചെയ്ത് ശ്രീ നഗർ ജയിലിലാക്കി. ഈ സന്ദേശം ജനങ്ങളോടു പറയാൻ അന്ന് യുവാവായിരുന്ന വാജ്പയിയെ അദ്ദേഹം ഡൽഹിയിലേക്ക് മടക്കി അയയ്ക്കുകയാണുണ്ടായത്. "പാർട്ടിയണികളോട് സമരം തുടരാനും  ഒരു രാജ്യത്ത് രണ്ടു ഭരണ ഘടനകളോ രണ്ടു പ്രധാന മന്ത്രിമാരോ   രണ്ടു ദേശീയ പതാകകളോ  പാടില്ലാന്നും" അദ്ദേഹം സന്ദേശത്തിൽ  എഴുതിയിരുന്നു. അവിടുന്ന് 'വാജ്പയി ' എന്ന യുവസിംഹം കടഞ്ഞെഴുന്നേറ്റ് ഭാവി ഭാരതത്തിന്റെ വാഗ്ദാന പ്രധാനമന്ത്രിയാകുവാനുള്ള ഓട്ടത്തിന്റെ ആരംഭം കുറിച്ചു. പിന്നീട്  അദ്ദേഹത്തിന് വിശ്രമമില്ലാത്ത ഒരു ജീവിതമായിരുന്നുണ്ടായിരുന്നത്. 1953 ജൂണ്‍  ഇരുപത്തിമൂന്നാം തിയതി ദുരഹ സാഹചര്യത്തിൽ ശ്രീ നഗർ ജയിലിൽ വെച്ച് ശ്യാമ പ്രസാദ് മുക്കർജി അന്തരിച്ചു. അതിനുശേഷം ജന്മ സിദ്ധമായ പ്രസംഗ ചാതുരിയോടെ തന്റെ പ്രിയപ്പെട്ട ആചാര്യന്റെ സന്ദേശം വാജ്പയി  ഭാരതം മുഴുവൻ പ്രചരിപ്പിക്കാൻ തുടങ്ങി. സ്വതന്ത്ര ഇന്ത്യയുടെ പ്രകാശമായ ഈ രാഷ്ട്രീയയോദ്ധാവിന്റെ ഗർജിക്കുന്ന  യുവശബ്ദം  ദേശങ്ങൾതോറും പട്ടണങ്ങളും ഗ്രാമങ്ങളും   ശ്രവിക്കുന്നുണ്ടായിരുന്നു.


വാജ്പയി  ഗ്വാളിയറിലെ ഒരു സാധാരണ കുടുംബത്തിൽ 1924 ഡിസംബർ  25ന് ജനിച്ചു.  പിതാവായ കൃഷ്ണ ബിഹാരി വാജ്പയിയും  അദ്ദേഹത്തെപ്പോലെ അദ്ധ്യാപകനും കവിയുമായിരുന്നു. അമ്മയുടെ പേര് കൃഷ്ണ ദേവിയെന്നായിരുന്നു.  സരസ്വതി ശിശു മന്ദിരം സ്കൂളിൽ നിന്ന് ആദ്യ പാഠങ്ങൾ പഠിച്ചു. പിന്നീട് വിക്റ്റോറിയാ കോളേജിൽ നിന്ന് ബിരുദമെടുത്തു. ഹിന്ദിയിലും ഇംഗ്ലീഷിലും സംസ്കൃതത്തിലും ഒന്നാം ക്ലാസ്സോടെ ബിരുദങ്ങൾ നേടി. കോണ്‍പൂരിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും (M.A.) കരസ്ഥമാക്കി. മനസുനിറയെ എക്കാലവും ദേശസ്നേഹം നിറഞ്ഞിരുന്നു. പഠന ശേഷം ഹിന്ദി ഭാഷയിലുള്ള നിരവധി പത്രമാധ്യമങ്ങളുടെ പത്രാധിപരായും എഡിറ്ററായും  ജോലി ചെയ്തു. ശ്യാമ പ്രസാദ് മുക്കർജി സ്ഥാപിച്ച വലതുപക്ഷ ചിന്താഗതിയുള്ള ഭാരതീയ ജനസംഘത്തിൽ 1951-മുതൽ അദ്ദേഹം പ്രവർത്തിക്കാൻ തുടങ്ങി. മുക്കർജിയുടെ കടുത്ത  ആരാധകനായി രാഷ്ട്രീയക്കളരിയിൽ അങ്കം വെട്ടാനുള്ള തുടക്കവുമിട്ടു. 1954-ൽ കാശ്മീരിൽ വെച്ച് മുക്കർജി മരിക്കുംവരെ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിരുന്നു.


1957-ലെ പൊതു തെരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിലെ ബൽറാം മണ്ഡലത്തിൽ നിന്നും വാജ്പയി ലോകസഭയിലേക്ക് ആദ്യമായി  തെരഞ്ഞെടുക്കപ്പെട്ടു. അന്നത്തെ അദ്ദേഹത്തിൻറെ പാർലമെന്റിലെ കന്നിപ്രസംഗം പണ്ഡിറ്റ് നെഹ്റു ഉൾപ്പടെയുള്ള  മുതിർന്ന നേതാക്കന്മാരുടെ പ്രശംസയ്ക്കർഹമായി. വിദേശ രാജ്യത്തിലെ ഒരു മുതിർന്ന  നേതാവ് വന്നപ്പോൾ വാജ്പയിയെ പരിചയപ്പെടുത്തിക്കൊണ്ട്   നെഹ്റു പറഞ്ഞത് 'ഒരിക്കൽ ഈ യുവാവായ മനുഷ്യൻ  ഭാരതത്തെ നയിക്കേണ്ട പ്രധാനമന്ത്രി'യാകുമെന്നായിരുന്നു.  47 വർഷം ഇന്ത്യൻ പാർലമെന്റിന്റെ തിളങ്ങുന്ന താരമായി അദ്ദേഹം ശോഭിച്ചു. പതിനൊന്നു പ്രാവിശ്യം ലോക സഭയിലേക്കും രണ്ടു പ്രാവിശ്യം രാജ്യസഭയിലേക്കും  തെരഞ്ഞെടുത്തു. എങ്കിലും അദ്ദേഹത്തിൻറെ മനസിലെന്നും ജമ്മു കാശ്മീരായിരുന്നു. ജമ്മു കാശ്മീർ നയത്തിൽ നെഹ്റുവിന്റെ  ഏറ്റവും വലിയ വിമർശകനും വാജ്പയിയായിരുന്നു.


1977-ൽ ജനതാ പാർട്ടി സർക്കാരിന്റെ വിദേശ മന്ത്രിയായിരുന്നപ്പോഴും പാക്കിസ്ഥാനുൾപ്പടെ ഇന്ത്യയുടെ അയൽരാജ്യങ്ങളുമായി  സൌഹാർദ്ദം പുലർത്താനായിരുന്നു അദ്ദേഹം ശ്രമിച്ചിരുന്നത്.  'സുഹൃത്തുക്കളെ  നിങ്ങൾക്ക് വേണ്ടെന്നു വെയ്ക്കാൻ സാധിക്കും ; എന്നാൽ അയല്ക്കാരനെ ഉപേക്ഷിക്കാൻ സാധിക്കില്ലന്ന്'   വാജ്പയി കൂടെ കൂടെ പറയുന്ന ഒരു പല്ലവിയായിരുന്നു. ചർച്ചകളിൽക്കൂടി ജമ്മു കാശ്മീർ പ്രശ്നം പരിഹരിക്കണമെന്നുള്ളത് അദ്ദേഹത്തിൻറെ എന്നുമുണ്ടായിരുന്ന അജണ്ടയായിരുന്നു.  1996-ൽ വാജ്പയി വെറും പതിമൂന്നു ദിവസം പ്രധാനമന്ത്രിയായി. 1998-ൽ പതിമൂന്നു മാസവും 1999-ൽ അഞ്ചു വർഷം പൂർത്തികരിച്ചും  ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തിരുന്നു.  1992-ൽ പത്മവിഭൂഷണ്‍   ലഭിച്ചിരുന്നു. 1994-ൽ  ഏറ്റവും നല്ല പാർലമെന്ററിയനായി  തെരഞ്ഞെടുത്തു. ഭാരത രത്ന ലഭിക്കാൻ  ജീവിത സായാഹ്നത്തിലെ 2014 ഡിസംബർവരെ കാത്തിരിക്കേണ്ടി വന്നു.


വ്യത്യസ്തങ്ങളായ  നാലു സ്റ്റേറ്റുകളിൽ നിന്ന് അദ്ദേഹം പാർലമെന്ററിയനായി തെരഞ്ഞെടുക്കപ്പെട്ടതും  ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഒറ്റപ്പെട്ട സംഭവമായിരുന്നു.  ഗുജറാത്ത്, ഉത്തർ പ്രദേശ്, മദ്ധ്യ പ്രദേശ്,  ദൽഹി എന്നീ സംസ്ഥാനങ്ങളിൽ നിന്നായിരുന്നു  എം.പി.യായി വിജയിച്ചത്. അദ്ദേഹം ഭാരതത്തിന്‌ സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പുതന്നെ  രാഷ്ട്രീയത്തിന്റെ ചുവടുകൾ നീട്ടാൻ തുടങ്ങിയിരുന്നു. ഭാരതീയ ജനസംഘ പാർട്ടിയുടെ സ്ഥാപക പിതാക്കന്മാരിൽ ഒരാളായിരുന്നു.  മഹാത്മാ ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ചുള്ള  ക്വിറ്റ്  ഇന്ത്യാ (Quit India ) സമരത്തിൽ അന്ന് അദ്ദേഹത്തെ  അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ ഹിന്ദി ഭാഷയെ അഗാധമായി സ്നേഹിച്ചിരുന്നു. യുണൈറ്റഡ് നാഷണിൽ ആദ്യമായി ഹിന്ദിയിൽ  സംസാരിച്ച പ്രധാനമന്ത്രിയെന്ന  നിലയിലും വാജ്പയിയെന്ന മഹാനെ  അറിയപ്പെടുന്നു.


വാജ്പയി ഒരിക്കലും വിവാഹം കഴിച്ചിരുന്നില്ല. 'നമിതാ' എന്ന മകളെ ദത്തെടുത്തിരുന്നു. അവർ അദ്ദേഹത്തിൻറെ സുഹൃത്തുക്കളും ബന്ധുക്കളുമായി നല്ല മൈത്രിയിലും  ബന്ധങ്ങൾ  പരിപാലിച്ചും അദ്ദേഹത്തെ ശുശ്രുഷിച്ചും  കുടുംബത്തിൽ കഴിയുന്നു.  കവിയായ വാജ്പയി  തന്റെ പ്രസംഗ കലയിലെ   കവിതകളിൽക്കൂടി ആസ്വാദകരെയെന്നും ആനന്ദിപ്പിച്ചിരുന്നു. പ്രസംഗത്തിലും കവിതകൾ ചൊല്ലി ജനങ്ങളുടെ ശ്രദ്ധയെ ആകർഷിക്കാൻ അദ്ദേഹത്തിന് അസാമാന്യമായ ചാതുര്യവുമുണ്ടായിരുന്നു. മിക്ക പ്രസംഗങ്ങളുടെ മദ്ധ്യേയും അദ്ദേഹമെഴുതിയ ഒരു കവിതാശകലം പരായണം ചെയ്യുക പതിവായിരുന്നു.


കോണ്‍ഗ്രസിന്റെ മുപ്പതു വർഷത്തെ ഭരണശേഷം ഡൽഹിയിൽ ഒരു പുതിയ ഭരണകൂടം അധികാരമെടുത്ത ദിനം, വാജ്പയി വിദേശ കാര്യമന്ത്രിയായി തന്റെ ഓഫീസിൽ ആഗതനായ ദിവസത്തിൽ, ചുറ്റുമുള്ള ഭിത്തികളിൽ അപ്രത്യക്ഷ്യങ്ങളായിരിക്കുന്ന ഫോട്ടോകളെപ്പറ്റി അന്വേഷിച്ചു.  അതിനുമുമ്പ് പലവട്ടം അദ്ദേഹം ആ ഓഫീസ് സന്ദർശിച്ചിട്ടുള്ളതായിരുന്നു. അന്നുള്ള കാര്യാലയങ്ങളിൽനിന്നും   അനേക വർഷം രാജ്യം ഭരിച്ച നേതാക്കന്മാരുടെ ഫോട്ടോകൾ ഒളിച്ചു വെയ്ക്കുകയോ നീക്കം ചെയ്യുകയോ ചെയ്തിരുന്നു. വാജ്പയി തന്റെ മുറിയിലുണ്ടായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ  പടം എവിടെയെന്നു  ചോദിച്ചു.  ആ പടം ഉടൻ മടക്കി വേണമെന്നും അദ്ദേഹമാവശ്യപ്പെട്ടു.  നെഹ്റു ജീവിച്ചിരുന്ന നാളുകളിൽ വാജ്പയുടെ പാർട്ടിയും  നെഹ്റുവുമായി ആശയപരമായി ഒരു കാര്യങ്ങളിലും യോജിച്ചിരുന്നില്ല. നെഹ്റുവിന്റെ നയങ്ങളെയും സംസ്ക്കാരത്തെയും രാഷ്ട്രീയത്തെയും സാമ്പത്തിക ശാസ്ത്രത്തെയും വാജ്പയി  ശക്തമായി എതിർത്തിരുന്നു. അർ.എസ്.എസ്. പാർട്ടിയുടെ വക്താവായി  അദ്ദേഹമന്നു  സർക്കാരിന്റെ നയങ്ങൾക്കെതിരെ പാർലമെന്റിൽ കാര്യ കാരണ വിവരങ്ങളോടെ സംസാരിക്കുമായിരുന്നു.   നെഹ്റുവിന്റെ  ആംഗളേയ സംസ്ക്കാരത്തെയും  അദ്ദേഹത്തിൻറെ ന്യൂനപക്ഷങ്ങളോടുള്ള  മൃദുലസമീപനത്തെയും   ഭൂരിപക്ഷ സമുദായത്തെ അവഗണിക്കലും   ആർ എസ് എസ് പാർട്ടിയെ അക്കാലങ്ങളിൽ ചൊടിപ്പിച്ചിരുന്നു. കാശ്മീരിന്റെ പകുതി വിഭജിച്ചവനെന്ന ലേബലും നെഹ്റുവിനുണ്ടായിരുന്നു.  നാസ്തികനായിരുന്ന നെഹ്റു   സോവിയറ്റ് യൂണിയനുമായി മൈത്രിയുണ്ടാക്കുന്നതിലും വാജ്പയിക്കും പാർട്ടിയ്ക്കും എതിർപ്പുണ്ടായിരുന്നു.   വാജ്പയി വിദേശകാര്യമന്ത്രിയായി ചുമതലയെടുക്കുന്നതിനു രണ്ടു വർഷം മുമ്പ് അടിയന്തിരാവസ്ഥ കാലത്ത് നെഹ്റുവിന്റെ മകൾ  ഇന്ദിരാ ഗാന്ധി അദ്ദേഹത്തെ കൽത്തുറങ്കലിൽ അടച്ചിരുന്നു.  തുടർച്ചയായി അനന്തരാവകാശികൾ രാജ്യം ഭരിക്കുന്നതിലും അദ്ദേഹത്തിനു എതിർപ്പുണ്ടായിരുന്നു. എന്നിട്ടും നെഹ്റുവിന്റെ ഫോട്ടോ തന്റെ ഓഫീസിലേക്ക് മടക്കി കൊണ്ടുവരാൻ ആവശ്യപ്പെട്ടതും  നിഷ്കളങ്ക ഹൃദയനായ  ആ മഹാന്റെ മഹാ മനസ്കതയെ പ്രകടീകരിക്കുന്നു . സ്വതന്ത്ര ഇന്ത്യയുടെ വിദേശകാര്യം പതിനേഴു വർഷത്തോളം  കൈകാര്യം ചെയ്തിരുന്നത് നെഹ്റുവായിരുന്നു.


1964-മെയ്മാസം  പാർലമെന്റിൽ  വാജ്പയും  നെഹ്‌റുവുമായി  പരസ്പരം മുഖാമുഖമായ  ചൂടുപിടിച്ചൊരു  വാദ പ്രതിവാദമുണ്ടായി.  അത്   നെഹ്റു മരിക്കുന്നതിനു  തൊട്ടുള്ള ദിവസങ്ങളിലായിരുന്നു. കാശ്മീരിലെ ഷേക്ക് അബ്ദുള്ളായെ ജയിൽ വിമുക്തനാക്കിയതിനുശേഷം   അദ്ദേഹത്തെ അധികം താമസിയാതെ പാക്കിസ്ഥാൻ  പ്രസിഡണ്ട്  ഫീൽഡ് മാർഷൽ അയൂബ്ഖാനുമായി ഉടമ്പടിയുണ്ടാക്കാൻ  പാക്കിസ്ഥാനിലേക്ക് അയച്ചതായിരുന്നു അന്ന് വാജ്പയിയെ ചൊടിപ്പിച്ചത്.  ശതൃരാജ്യമായ പാക്കിസ്ഥാനുമൊത്ത്  ഇന്ത്യാ സംഭാഷണത്തിനു തുനിഞ്ഞതിൽ  ആർ എസ് എസ് എതിർത്തിരുന്നു. ഷേക്ക് അബ്ദുള്ളയ്ക്ക് കാശ്മീരിനെ   സ്വതന്ത്ര കാശ്മീരാക്കണമെന്നുള്ള  നയമായിരുന്നുണ്ടായിരുന്നത്. അതിനായി കാശ്മീരിനു പരമാധികാരം നല്കിക്കൊണ്ട്   ഇന്ത്യാ, പാക്കിസ്താൻ, കാശ്മീർ എന്നിങ്ങനെ  മൂന്നു രാജ്യങ്ങളുൾപ്പെട്ട ഉടമ്പടിയുണ്ടാക്കാൻ അണികളെ വിപ്ലവത്തിനു  പ്രേരിപ്പിച്ചിരുന്നു.  ഷേക്ക് അബ്ദുള്ള  അന്ന് പാക്കിസ്ഥാനിലായിരിക്കുമ്പോൾ  നെഹ്റു മരിച്ചു. പാക്കിസ്ഥാന്റെ കൈവശമുള്ള ജമ്മുവിലെ മുസാഫാറാസ് നഗരത്തിൽ  ഷേക്ക് അബ്ദുള്ള തന്റെ പ്രസംഗ മദ്ധ്യേ നെഹ്‌റു  മരിച്ച വാർത്തയറിഞ്ഞയുടൻ പ്രസംഗിയ്ക്കാൻ കഴിയാതെ  പൊട്ടിക്കരഞ്ഞു. ഡൽഹിയിലെ തീൻമൂർത്തി  ഭവനിൽ നിശബ്ദനായി നിന്ന് ഷെയ്ക്കബ്ദുള്ള  ഏങ്ങലടിച്ചു കരയുന്നതും ജനശ്രദ്ധയിൽപ്പെട്ടിരുന്നു.


നെഹ്‌റു മരിച്ച ശേഷമുള്ള  വാജ്പയുടെ  പാർലമെന്റിലെ പ്രസംഗം സദസ് മുഴവനും വികാരാധീനമാക്കിയിരുന്നു. വാജ്പയ്  പറഞ്ഞു, "നെഹ്റു യുഗമവസാനിച്ചു. കടന്നു പോയ പ്രധാനമന്ത്രിയുടെ പകുതി സ്വപ്നങ്ങളും ഇനിയും ബാക്കി നില്ക്കുന്നു. നിശ്ചലമായ ഏകാന്തതയിൽ ആ പ്രകാശം സംഗീതത്തിന്റെ ധ്വനിപോലെ എവിടെയോ നിത്യതയിൽ ലയിച്ചു. പ്രിയപ്പെട്ട രാജകുമാരന്റെ വേർപാടിൽ ഭാരതാംബികേ,  നിന്റെ ദുഃഖങ്ങളും ഞങ്ങൾ കാണുന്നു. തങ്ങളുടെ സേവകന്റെ അഭാവത്തിൽ മനുഷ്യകുലമൊന്നാകെ ദുഖിക്കുന്നു. ഇനിയൊരിക്കലും അത്തരമൊരു  വ്യക്തിത്വത്തെ പകരം കൊണ്ടുവരാൻ സാധിക്കില്ല.  എങ്കിലും അദ്ദേഹത്തിൻറെ അനുയായികൾ അവശേഷിക്കുന്നുണ്ട്. സൂര്യനസ്തമിച്ചെങ്കിലും നക്ഷത്രങ്ങളുടെ നിഴലുകൾ നാം പിന്തുടരണം." വാജ്പയുടെ ചരിത്ര പ്രസിദ്ധമായ പ്രസംഗം ഇന്ത്യൻ പാർലമെന്റിനെ മുഴുവൻ അന്ന് കോരിത്തരിപ്പിച്ചു.  എതിർ പക്ഷത്തിലെ ഒരു നേതാവിന്റെ വേർപാടിൽ സ്തുതി ഗീതങ്ങൾ ആലപിക്കുകയെന്നതും കർമ്മനിരതനായ അദ്ദേഹത്തിൻറെ ശുദ്ധ മനസിനുള്ള  തെളിവായിരുന്നു. നിർമ്മലവും പരിപാവനവുമായ ഹൃദയത്തിൽ നിന്നുള്ള  അത്തരം വാക്കുകൾ വളരെ വിരളമായ കഴിവുകളുള്ളവർക്കേ സാധിക്കുള്ളൂ.


കവി,  രാഷ്ട്രീയാചാര്യൻ, ന്യൂക്ലിയർ ഭാരതം എന്നൊരു രാജ്യം ലോകത്തെയറിയിച്ച  മഹാൻ, പാക്കിസ്ഥാനുമായി യുദ്ധത്തിന്റെ വക്കിൽ നിന്നും  വഴുതി മാറി സമാധാനത്തിന്റെ പാത തെരഞ്ഞെടുത്ത  ശാന്തിയുടെ സന്ദേശവാഹകൻ, നെഹ്റു രാഷ്ട്രീയത്തിനെതിരെയുണ്ടായിരുന്ന വലതുപക്ഷ ചിന്തകൻ എന്നീ വിശേഷണങ്ങളിൽക്കൂടി വാജ്പയിയെ ഇന്ത്യൻ രാഷ്ട്രീയത്തിൽ  വ്യത്യസ്തനാക്കുന്നു.   കോണ്‍ഗ്രസല്ലാത്തവരിൽ നിന്നും അഞ്ചു വർഷം പ്രധാന മന്ത്രി പദം  പൂർത്തിയാക്കുകയും ചെയ്തു. രാഷ്ട്രീയ സ്വയം സേവക സംഘത്തിൽ 1959-മുതൽ പ്രവർത്തിക്കാൻ തുടങ്ങി. 1984- ലിൽ   അദ്ദേഹത്തിൻറെ രാഷ്ട്രീയ ഭാവിയ്ക്ക് മങ്ങലേറ്റ വർഷമായിരുന്നു.  ഇന്ദിരാ ഗാന്ധിയുടെ വധ ശേഷം നടന്ന തെരഞ്ഞെടുപ്പിൽ 545 അംഗങ്ങളുള്ള പാർലമെന്റിൽ ബീ.ജെ.പി. യ്ക്ക് രണ്ടു സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടെണ്ടി വന്നു. ജനിച്ച സ്ഥലമായ ഗ്വാളിയറിലെ പാർലമെന്റ് മണ്ഡലത്തിൽ നിന്നും വാജ്പയി അക്കൊല്ലം പരാജയമേറ്റു വാങ്ങേണ്ടി വന്നു. അയോദ്ധ്യായിലെ രാമ ജന്മഭൂമിയിലെക്കുള്ള അദ്വാനിയുടെ ജൈത്ര യാത്രയും പതിനാറാം നൂറ്റാണ്ടിലെ വാസ്തു ശിൽപ്പത്തിൽ നിർമ്മിച്ച  അയോദ്ധ്യായിലെ  ബാബറി മസ്ജിദ് തകർക്കലും വർഗീയ വികാരങ്ങൾ പൊട്ടിപ്പുറപ്പെട്ടതും  തെറ്റായ കണക്കുകൂട്ടലെന്നു വിധിയെഴുതിയ പാർട്ടിയണിയിലെ ഏക രാഷ്ട്രീയ നേതാവും വാജ്പയിയായിരുന്നു. 2002-ലെ ഗുജറാത്ത് കലാപത്തെപ്പറ്റി അഭിപ്രായമാരാഞ്ഞ് വാർത്താലേഖകർ  വാജ്പയിയോട്  ചോദ്യം ചോദിച്ചപ്പോൾ,  നരേന്ദ്ര മോഡിയുടെ  അശ്രദ്ധക്കുറവിനെ അദ്ദേഹം  വിമർശിച്ചതിന്  പാർട്ടിയിൽ  അന്നൊരു  പൊട്ടിത്തെറിയുണ്ടായിരുന്നു. 1998-ൽ രാജസ്ഥാനിലെ പൊക്രാനിൽ ന്യൂക്ലീയർ ബോംബു  പൊട്ടിച്ചപ്പോൾ അമേരിക്കയും ജപ്പാനും ഇന്ത്യക്കെതിരെ ഉപരോധമേർപ്പെടുത്തി. അതേ സമയം ആ കാലയളവിൽ സമാധാനത്തിന്റെ സന്ദേശവും നല്കി,  ഡൽഹിയും ലാഹോറുമായി  ബസ് സർവീസാരംഭിച്ചു. കാർഗിൽ യുദ്ധത്തിൽ മുറിവേറ്റു പരാജിതരായ പാക്കിസ്ഥാനുമായി ആഗ്രാ ഉച്ചകോടി സമ്മേളനവും വിളിച്ചുകൂട്ടി.


വാജ്പയിക്ക് ഭാരതരത്നം  നല്കുവാൻ മോഡി  സർക്കാർ തീരുമാനിച്ചത് തികച്ചും ബുദ്ധിപരമായ കാര്യമാണ്.   യൂ പി.എ  സർക്കാരിന്റെ ഭരണകൂടത്തിൽ   മഹാനായ ഈ പ്രധാനമന്ത്രിക്ക്   ഭാരതരത്നം കൊടുക്കാൻ കഴിയാതെ പോയതിൽ അന്നത്തെ അവാർഡുകമ്മറ്റികൾക്ക്   കുറ്റബോധമുണ്ടായിരിക്കണം.  വാജ്പയി ജീവിക്കുന്ന കാലയളവിൽ തന്നെ ഇന്ത്യയുടെ ഈ പരമോന്നത അവാർഡ് നല്കിയതും അദ്ദേഹത്തെ അനുഗ്രഹീതമാക്കിയിരിക്കുന്നു. കോണ്‍ഗ്രസുകാരല്ലാത്തവർക്കും  കുടുംബ രാഷ്ട്രീയമില്ലാത്തവർക്കും ഭാരത രത്നം അവാർഡ് മരിച്ചു കഴിഞ്ഞേ ലഭിക്കാറുള്ളൂ. അവരെ ബഹുമാനിക്കാൻ ചിലപ്പോൾ പതിറ്റാണ്ടുകൾ വേണ്ടി വരും. വല്ലഭായി പട്ടേലിന്  ഭാരത രത്നം നല്കിയത്  മരിച്ച് നാലു പതിറ്റാണ്ടുകൾ കഴിഞ്ഞായിരുന്നു. അംബേദ്ക്കറിനും  ജയപ്രകാശ നാരായണനും ഭാരത രത്നം കൊടുക്കാൻ അവർ മരിച്ചു കഴിഞ്ഞ് പതിറ്റാണ്ടുകൾ കഴിഞ്ഞ് കോണ്‍ഗ്രസേതര   സർക്കാരുകൾ വരേണ്ടി വന്നു. 1991-ൽ മൊറാർജി ദേശായിക്ക്   മരണശേഷം   പന്ത്രണ്ടു വർഷങ്ങൾ കഴിഞ്ഞു ഭാരത രത്നം നല്കി.


രജീവ് ഗാന്ധിയെ വധിച്ചയുടൻ  നരസിംഹറാവൂ സർക്കാർ  അദ്ദേഹത്തെ മരണാനന്തര ബഹുമതിയായി ഭാരത രത്നം നല്കി ബഹുമാനിച്ചു.  പണ്ഡിറ്റ് ജവർഹാർലാൽ നെഹ്രുറുവും ഇന്ദിരാ ഗാന്ധിയും പ്രാധാനമന്ത്രിയായിരിക്കെ ജീവിച്ചിരിക്കുന്ന നാളുകളിൽ അവരിരുവർക്കും
ഭാരത രത്നം നല്കി. വാജ്പയി നല്ലൊരു പ്രധാനമന്ത്രി മാത്രമല്ല മഹാന്മാരിൽ മഹാനായ പ്രധാനമന്ത്രിയുമായിരുന്നു. അദ്ദേഹം പൂർണ്ണനായിരുന്നില്ല. ആരും പൂർണ്ണത കൈവരിച്ചിട്ടില്ല. തെറ്റുകുറ്റങ്ങൾ മനുഷ്യ സഹജമാണ്. അദ്ദേഹം ആറു വർഷം കൊണ്ട് മറ്റാരേക്കാളും അനേക തവണകൾ പ്രധാനമന്ത്രിയായവരെക്കാളും വളരെയേറെ രാജ്യത്തിന് നേട്ടങ്ങളുണ്ടാക്കുകയും രാജ്യത്തിന്റെ അഭിമാനം വർദ്ധിപ്പിക്കുകയും ചെയ്തു. ചരിത്രം അദ്ദേഹത്തിൻറെ നേട്ടങ്ങൾ  സുവർണ്ണ ലിപികൾകൊണ്ട് വിലയിരുത്തുമെന്നതിലും  സംശയമില്ല. .


ഭാരതരത്നമെന്ന ഭാരതത്തിൻറെ  പരമോന്നത പദവി കോണ്‍ഗ്രസ് സർക്കാരുകളുടെ ഭരണകാലങ്ങളിൽ
 വാജ്പയിക്ക് ലഭിക്കാതെ പോയെങ്കിലും രാഷ്ട്രമിന്ന്  അർഹമായ ആ ബഹുമതി  നല്കി അദ്ദേഹത്തെ ആദരിക്കുന്നതിൽ ഓരോ ഭാരതീയനും അഭിമാനിക്കാം.  രണ്ടാം മൂഴത്തിൽ  തെരഞ്ഞെടുക്കപ്പെട്ട എൻ.ഡി.എ .സർക്കാരും   നരേന്ദ്ര മോഡിയുടെ നേതൃത്വവും   വാജ്പയി തുടങ്ങി വെച്ച  പൂർത്തികരിക്കാത്ത ദൌത്യം ഏറ്റെടുത്തിരിക്കുകയാണ്. ഭാരതമിന്നും ഏഷ്യാ ഭൂഖണ്ഡത്തിലെ ഭീകരതയ്ക്കെതിരായ അതിശക്തമായ പോരാട്ടത്തിലാണ്. പ്രധാന മന്ത്രി മോഡിയുടെ സത്യ പ്രതിജ്ഞാ വേളയിൽ രാഷ്ട്രപതി ഭവനിലെ രാജകീയ മന്ദിരത്തിലേക്ക് അയൽ രാജ്യങ്ങളിലെയും സാർക്ക് രാജ്യങ്ങളിലെയും നേതാക്കന്മാരെ  ക്ഷണിച്ചതും വാജ്പയി തുടങ്ങിവച്ച സമാധാനത്തിന്റെ ചുവടുകൾ വെച്ചായിരുന്നു. അതുമൂലം ഭാരതത്തിന്റെ യശസ്സ് ലോക രാഷ്ട്രങ്ങളുടെ മുമ്പിൽ കൂടുതൽ തിളക്കമാവുകയും ചെയ്തു.


90 വയസുള്ള വാജ്പയി ഇന്ന്  അനാരോഗ്യവാനായി രോഗക്കിടക്കയിലാണ്‌. മൂന്നു പ്രാവിശ്യം  പ്രധാനമന്ത്രി സ്ഥാനം  വഹിച്ച വാജ്പയുടെ  ആരോഗ്യ നില മെച്ചമല്ല.  2009-ൽ അദ്ദേഹത്തെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച  കാലം മുതൽ പൊതു ജീവിതത്തിൽനിന്നും അകന്ന് ഡൽഹിയിലുള്ള  സ്വന്തം  വീട്ടിൽ ഏകാന്ത തടവുകാരനെപ്പോലെ രോഗത്തോടു മല്ലടിച്ചുകൊണ്ട്  വിശ്രമ ജീവിതം നയിച്ചുകൊണ്ടിരിക്കുന്നു.
Syama Prasad Mukarji 


Monday, December 15, 2014

ക്രിസ്തുമസും ആഘോഷങ്ങളും ചരിത്ര വിമർശനങ്ങളും.


By ജോസഫ് പടന്നമാക്കൽ


രണ്ടായിരം വർഷങ്ങൾക്കു  മുമ്പ്  ഒരു ഡിസംബർ  ഇരുപത്തിയഞ്ചാം തിയതി  മേരി  ബത് ലഹേമിൽക്കൂടി  കഴുതപ്പുറത്തു സഞ്ചരിച്ചെന്നും  അവളൊരു കുഞ്ഞിനെ പ്രസവിക്കാനിടമില്ലാതെ ജോസഫുമൊത്തു വഴിയോരങ്ങളിൽക്കൂടി  അലഞ്ഞെന്നും  അവർക്കാരും അഭയം കൊടുത്തില്ലെന്നും സത്രങ്ങളും വഴിയമ്പലങ്ങളും അവർക്കു മുമ്പിൽ വാതിലുകളടച്ചെന്നും  ഒടുവിൽ ഒരു പുൽക്കൂട്ടിൽ മേരി യേശുവിനെ പ്രസവിച്ചുവെന്നുമാണ് ചരിത്രം പഠിപ്പിക്കുന്നത്‌. പുസ്തകങ്ങളിലും നാടകങ്ങളിലും സിനിമാകളിലും കവിതകളിലും കഥകളിങ്ങനെ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. സത്യത്തിൽ മേരി കഴുതപ്പുറത്തു  സഞ്ചരിച്ചതായി  ബൈബിളിൽ  എഴുതപ്പെട്ടിട്ടില്ല. വഴിയമ്പലങ്ങളോ  സത്രങ്ങളോ അക്കാലങ്ങളിൽ ഉണ്ടായിരുന്നതായും  അറിയില്ല.   ജോസഫും മേരിയും  താമസിക്കാനായി  സത്രത്തിലെ മുറി തേടിയ  കഥയും വചനത്തിലില്ല.  യേശുവിനെ കാണാൻ വന്ന വിജ്ഞാനികളായ ബുദ്ധിമാന്മാരെ  പിന്നീട് കെട്ടു കഥകളിൽക്കൂടി   കഴുത്തപ്പുറത്തു വന്ന മൂന്നു രാജാക്കന്മാരായി വാഴിക്കുകയും ചെയ്തു.

യേശുവിന്റെ ജനനത്തെപ്പറ്റി ലൂക്കിന്റെയും മാത്യൂവിന്റെയും സുവിശേഷങ്ങളിൽ വിവരിച്ചിട്ടുണ്ട്. ബത്'ലഹേമിൽ കന്യകയിൽനിന്നും രക്ഷകൻ പിറന്ന വാർത്ത ദൈവത്തിന്റെ ദൂതൻ ഇടയന്മാരെ വന്നറിയിച്ചു. "ദൂതൻ പറഞ്ഞു, ദാവിദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു. ഇതായിരിക്കും നിങ്ങൾക്ക് അടയാളം, പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ്, പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും."  അവർ അതിവേഗം പോയി മറിയത്തെയും ജോസഫിനെയും പുൽത്തൊ ട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു."(ലൂക്ക്:2:10-17) ക്രിസ്തു ജനിച്ച ദിവസത്തെപ്പറ്റി   വചനത്തിൽ  എഴുതപ്പെട്ടിട്ടില്ല. പഴയകാല  മാനുസ്ക്രിപ്റ്റുകളിൽ ക്രിസ്തുവിന്റെ ജനന തിയതികൾ വ്യത്യസ്തങ്ങളായി  രേഖപ്പെടുത്തിയിരിക്കുന്നതും കാണാം.


പുതിയ നിയമത്തിലെ വചനങ്ങളെ   സൂക്ഷ്മമായി പഠിക്കുകയാണെങ്കിൽ ക്രിസ്തു ജനിച്ചത് ഡിസംബർ ഇരുപത്തിയഞ്ചാകാൻ സാധ്യതയുമില്ല.  സുവിശേഷ  വാക്യങ്ങളിൽ യേശു   ജനിച്ച ദിവസം 'ആട്ടിടയർ  ആടുമാടുകളെ മേയ്ച്ചിരുന്നതായി'   കാണുന്നു.    ഡിസംബർ മാസത്തിലെ അതികഠിനമായ ശൈത്യകാലങ്ങളിൽ   ആട്ടിടയർ ആടുകളെ മേയ്ച്ചിരുന്നുവെന്നതും അവിശ്വസിനീയമാണ്.  അങ്ങനെയെങ്കിൽ ലൂക്കിന്റെ വചനമനുസരിച്ച് ആട്ടിടയർ ഉഷ്ണകാലത്തിലോ   മഴയില്ലാത്ത പകൽ സമയങ്ങളിലോ  ആടുകളെ മേയ്ക്കാനാണ് സാധ്യത.  യേശുവിന്റെ ജനനവും ശൈത്യകാലത്തായിരിക്കില്ല. ഡിസംബർ മാസം ജൂഡിയാ മുഴുവൻ തണുപ്പും മഴയുമുള്ള  കാലങ്ങളാണ്. ആട്ടിടയർക്ക് പ്രത്യേകിച്ച് രാത്രി കാലങ്ങളിൽ വയലുകളിലിറങ്ങാൻ ഡിസംബർ മാസത്തിലെ കാലാവസ്ഥ ഒട്ടും യോജിച്ചതുമല്ല. ചരിത്രത്തിലെ ക്രിസ്തുമസ്   എന്നും ഡിസംബർ ഇരുപത്തിയഞ്ചാതിയതിയായിരുന്നു.   ക്രിസ്തു ജനിക്കുന്നതിനുമുമ്പേ  ഡിസംബർ  മാസത്തിൽ   പേഗൻദൈവമായ  സൂര്യ ദേവന്റെ ജന്മദിനവും   റോമാക്കാർ ആഘോഷിച്ചിരുന്നതായി  ചരിത്രം വ്യക്തമാക്കുന്നു.


സീസറിന്റെ കൽപ്പനയനുസരിച്ച്  യേശുവിന്റെ മാതാ പിതാക്കൾ റോമൻ സെൻസസിനുള്ള  വിവരങ്ങൾ   രജിസ്റ്റർ ചെയ്യാൻ   ബത് ലഹേമിൽ വന്നതായി ലൂക്കിന്റെ സുവിശേഷം രണ്ടാമദ്ധ്യായം ഒന്നു മുതൽ നാലുവരെയുള്ള വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഓരോ ഗോത്രങ്ങളും അതാത് ഗോത്രങ്ങളുടെ ഉറവിടസ്ഥാനത്ത് സെൻസസിനുള്ള വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്നായിരുന്നു രാജ കല്പ്പന.  നസ്രത്തിലെ ഗലീലിയോയെന്ന നഗരത്തിൽ താമസിച്ചിരുന്ന   ജോസഫും മേരിയും  ദാവീദിന്റെ ഗോത്രത്തിൽ ജനിച്ചതുകൊണ്ട്   ദാവിദിന്റെ ജന്മ സ്ഥലമായ ബത്'ലഹേമിലെക്ക്   യാത്ര ചെയ്യണമായിരുന്നു.  അതി ശൈത്യകാലത്ത് അത്തരം  സെൻസസിനുള്ള രാജവിളംബരമുണ്ടാകാൻ സാധ്യതയില്ല. ആ സമയങ്ങളിൽ കുണ്ടും കുഴിയും ചെളിയും നിറഞ്ഞ   റോഡിന്റെ അവസ്ഥയും പരിതാപകരമായിരിക്കും. അങ്ങനെയുള്ള ദുർഘടകരമായ സമയത്ത്  സീസറിനെപ്പോലുള്ള  ബുദ്ധിമാൻ അത്തരം കൽപ്പനകൾ പുറപ്പെടുവിച്ചാൽ  നികുതിയടയ്ക്കണമെന്നുള്ള സെൻസസിന്റെ ലക്ഷ്യം സാധിക്കാതെയും വരും.


ലോകത്തുള്ള ഒട്ടു മിക്ക രാജ്യങ്ങളിലും ശൈത്യകാലങ്ങളിൽ   തങ്ങളുടെ   സാംസ്ക്കാരിക  ഉത്സവങ്ങൾ   സംഘടിപ്പിക്കാറുണ്ട്. യേശു ജനിക്കുന്നതിനുമുമ്പ് യൂറോപ്യന്മാർ ആകാശത്ത് സൂര്യനില്ലാതെ ഇരുളടഞ്ഞ സമയങ്ങളിൽ   പ്രകാശ ദീപങ്ങൾ കൊളുത്തിക്കൊണ്ട്   ശൈത്യദിനങ്ങൾ കൊണ്ടാടിയിരുന്നു.  സ്കാൻഡിനേവിയൻ   രാജ്യങ്ങളിൽ  നീണ്ട മാസങ്ങളോളം സൂര്യൻ പ്രകാശിക്കാത്തതുകൊണ്ട്  അവിടുത്തെ ജനങ്ങൾ  ഇരുട്ടിൽ ജീവിക്കേണ്ടി വരുന്നു.  ഇരുളിനെ ജനങ്ങൾ ഭയപ്പെടുകയും ചെയ്യുന്നു.  ഇതിനു പരിഹാരമായി  ഓരോ വർഷവും ഡിസംബർ  ഇരുപത്തിയൊന്നാം തിയതി അവർ കൂനയായി കൂട്ടിയിട്ടിരിക്കുന്ന   തടികഷണങ്ങളിൽ  തീ കത്തിച്ച്   ഉത്സവങ്ങൾ സംഘടിപ്പിക്കാറുണ്ടായിരുന്നു. ആഘോഷങ്ങൾ പന്ത്രണ്ടു ദിവസങ്ങൾവരെ നീണ്ടു നിന്നിരുന്നു.   നോഴ്സ് വർഗക്കാർ  കത്തുന്ന തങ്ങളുടെ തടികളുടെ പ്രകാശത്തിലും  ഓരോ തീക്കനലിലെ പ്രസരത്തിലും   ആടുമാടുകളും   കന്നുകാലികളും   പന്നികളും പെറ്റുപെരുകുമെന്നു വിശ്വസിച്ചിരുന്നു.   തണുപ്പുള്ള കാലങ്ങളിൽ കന്നുകാലികളെ പരിപാലിക്കുക പ്രയാസമുള്ള കാര്യമാണ്.  ശൈത്യം അതി കഠിനമാകുമ്പോൾ  ആടുമാടുകളെ തീറ്റാനും   സംരക്ഷിക്കാനും ബുദ്ധിമുട്ടായതുകൊണ്ട്   കൂട്ടത്തോടെ  മൃഗങ്ങളെ ഇറച്ചിക്കായി കൊല്ലുന്നതും ഡിസംബർ മാസത്തിലായിരുന്നു. അങ്ങനെയവർക്കു   തണുപ്പുകാലത്ത്   മൃഗങ്ങളെ  തീറ്റേണ്ട  ബുദ്ധിമുട്ടുകൾ വരില്ല.   കൂടാതെ വീഞ്ഞ് വീര്യം കൂടി പാകപ്പെടുന്നതും ഡിസംബർ  മാസമാണ്.  ക്രിസ്തുവിനു മുമ്പുള്ള കാലം മുതൽതന്നെ ഇങ്ങനെ എല്ലാം കൊണ്ടും സമുചിതമായ  ഡിസംബർ  മാസം ആഘോഷങ്ങൾക്കു   യോജിച്ചതായി  കരുതിയിരുന്നു. കൂടാതെ  പച്ച മാംസം പാകപ്പെടുത്തിക്കൊണ്ടുള്ള   ഭക്ഷണവിഭവങ്ങളും പുത്തൻ ലഹരി വീഞ്ഞും ആഘോഷങ്ങൾക്ക് മോഡിയും പകിട്ടും  കൂട്ടിയിരുന്നു.


ജർമ്മനിയിൽ  'ഒടൻ' എന്ന ദൈവത്തിന്റെ ആഘോഷവും ഡിസംബർ മാസത്തിലാണ്. ഈ ദൈവം സകലവിധ ഐശ്വര്യവും സമാധാനവും കുടുംബങ്ങളിൽ സൃഷ്ടിക്കുന്നുവെന്നും വിശ്വസിച്ചിരുന്നു. മനുഷ്യ ദ്രോഹവും ക്രൂരതയും   നിരീക്ഷിക്കാൻ  ദൈവമായ 'ഓടൻ' ആകാശത്തിനു  ചുറ്റും കറങ്ങുന്നുവെന്ന വിശ്വാസവും ഉണ്ട്. റോമ്മാക്കാരുടെ  'സാറ്റേണ്‍'  ദൈവത്തെ കൃഷിയുടെ ദേവനായി കരുതുന്നു. ശൈത്യ കാലത്തിൽ അടിമകളെ മോചിപ്പിച്ചു കൊണ്ട് ഇവർ ആഘോഷങ്ങൾ  നടത്തിയിരുന്നു. ദൈവത്തെ പ്രീതിപ്പെടുത്താൻ  അടിമകളെ  ഏതാനും ദിവസങ്ങൾ   മാത്രം    യജമാനരായി ഉയർത്തുന്ന  പാരമ്പര്യവും ഇവരുടെയിടയിലുണ്ടായിരുന്നു. ആ ദിനങ്ങളിൽ അടിമകൾ ആജ്ഞാപിക്കുന്നത്  യജമാനർ കീഴ്വഴങ്ങിക്കൊണ്ട് അനുസരിക്കുകയും വേണമായിരുന്നു.  പുരാതന   റോമിൽ  യുവജനങ്ങളുടെ ദിനവും കൊണ്ടാടിയിരുന്നത് ഡിസംബർ  മാസത്തിലായിരുന്നു.  ഡിസംബർ   ഇരുപത്തിയഞ്ചാം തിയതി പേഗൻ ദൈവമായ 'മിത്രാ' യുടെ ദിനമായും ആഘോഷിച്ചു വരുന്നു. ഈ ദൈവം പാറയിൽ നിന്ന് മുളച്ചു വന്നതെന്നും വിശ്വസിക്കുന്നു.    മിത്രാ ദേവന്റെ  ദിനം  നൈർമല്യത്തിന്റെയും പരിശുദ്ധിയുടെയും ദിനമായി റോമായിലിന്നും കരുതുന്നു.


ആദികാല ക്രിസ്ത്യാനികൾ യേശുവിന്റെ ജന്മദിനമായ ക്രിസ്തുമസ്  ഒരിക്കലും ആഘോഷിച്ചിരുന്നില്ല. ഈസ്റ്റർ ദിനങ്ങൾ മാത്രമേ ആചരിച്ചിരുന്നുള്ളൂ. ബൈബിളിൽ  ക്രിസ്തുവിന്റെ ജന്മ ദിനത്തെ  പരാമർശിക്കാത്തതുകൊണ്ടു പ്യൂരിറ്റൻ മതവിഭാഗക്കാർ ക്രിസ്തുവിന്റെ ജന്മദിനം കൊണ്ടാടുമായിരുന്നില്ല. നാലാം നൂറ്റാണ്ടിൽ  ജൂലിയസ് ഒന്നാമൻ മാർപ്പാപ്പയാണ് ഡിസംബർ  ഇരുപത്തിയഞ്ചാം തിയതി  യേശു ജനിച്ച ദിനമായി ആചരിക്കാൻ   തീരുമാനിച്ചത്.   റോമ്മായിലെ 'സാറ്റെണ്‍'  പേഗനീസ ദൈവത്തിന്റെ   ദിനവും   ഡിസംബർ ഇരുപത്തിയഞ്ചുതന്നെയാണ്.  ഈ ദിവസം തെരഞ്ഞടുത്തത് പേഗൻ മതക്കാരെയും ക്രിസ്തുമതത്തിലേക്ക് ആകർക്കുന്നതിനായിരിക്കണം. റോമിന്റെ ഈ ദേശീയാഘോഷം എ.ഡി 432-.ൽ ഈജിപ്റ്റിലേക്കും  ആറാം നൂറ്റാണ്ടിൽ  ഇംഗ്ലണ്ടിലേക്കും എട്ടാം നൂറ്റാണ്ടിൽ സ്കാൻഡിനേവിയൻ രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഡിസംബർ ഇരുപത്തിയഞ്ചിനു ശേഷം പതിമൂന്നു  ദിവസങ്ങളോളം ഗ്രീക്ക് ഓർത്തഡോക്സ് സഭകൾ ക്രിസ്തുമസ് ആഘോഷിച്ചിരുന്നു. മൂന്നു രാജാക്കന്മാരുടെ ദിനവും ആഘോഷങ്ങളുടെ ഭാഗമായിരുന്നു. ഈ ദിവസങ്ങളിൽ കിഴക്കുനിന്നു മൂന്നു പണ്ഡിതർ പുൽക്കൂട്ടിൽ കിടക്കുന്ന ശിശുവിനെ  കാണാൻ വന്നെത്തിയെന്നും  വിശുദ്ധ ഗ്രന്ഥങ്ങളിലുണ്ട്.


മദ്ധ്യകാലങ്ങളിൽ പേഗൻ മതങ്ങളുടെ തുടർച്ചയായി  ക്രിസ്തുമതം പ്രചരിച്ചുവെന്ന്   പണ്ഡിതർ ചിന്തിക്കുന്നു.  പതിനേഴാം നൂറ്റാണ്ടിൽ യൂറോപ്പിലുണ്ടായ സാമൂഹിക പരിഷ്ക്കാരങ്ങൾ മതപരമായ മാറ്റങ്ങൾക്കും ആചാരങ്ങൾക്കും  കാരണമായി. ഏ.ഡി.  1645-ൽ ഒലിവർ ക്രോം വെല്ലും അയാളുടെ പ്യൂരിറ്റൻ ശക്തികളും  ഇംഗ്ലണ്ടിന്റെ അധികാരം കൈവശപ്പെടുത്തി. അവരുടെ എകാധിപത്യവലയത്തിൽ ക്രിസ്തുമസാഘോഷിക്കാൻ അനുവദിക്കില്ലായിരുന്നു. പതിറ്റാണ്ടുകൾക്കു ശേഷം  ഇംഗ്ലണ്ടിൽ ചാർല്സ് രണ്ടാമൻ അധികാരത്തിൽ വന്ന ശേഷമാണ്' വീണ്ടും ക്രിസ്തുമസാഘോഷിക്കാൻ അനുവാദം കൊടുത്തത്. പിന്നീട് ക്രിസ്തുമസ് ദിനം അവിടെ വിശേഷദിനമായി  (holiday) മാറി.


അമേരിക്കയിൽ തീർത്ഥാടകരായ ഇംഗ്ലീഷ്കാർ വന്നു തുടങ്ങിയത് A.D. 1620 മുതലാണ്.  ക്രോം വെല്ലിന്റെ പ്യൂരിറ്റൻ വിഭാഗക്കാരെക്കാളും അവർ യാഥാസ്ഥിതിക ചിന്താഗതിക്കാരായിരുന്നു.  അതുകൊണ്ട് ആദികാല അമേരിക്കക്കാർ ക്രിസ്തുമസിന് യാതൊരു പ്രാധാന്യവും കൊടുത്തിരുന്നില്ല. A.D. 1659--1681 കാലയളവിൽ ബോസ്റ്റണിൽ ക്രിസ്തുമസ് ആഘോഷിക്കുന്നത് നിരോധിച്ചിരുന്നു. നിയമ വിരുദ്ധമായ ഈ ആഘോഷങ്ങളിൽ പങ്കു ചേരുന്നവർക്ക് അഞ്ചു ഷില്ലിംഗ് പിഴയും കൊടുക്കണമായിരുന്നു. അക്കാലത്ത് അഞ്ചു ഷില്ലിങ്ങെന്നു പറഞ്ഞാൽ വലിയൊരു തുകയുമായിരുന്നു.


അമേരിക്കൻ  വിപ്ളവത്തിനുശേഷം  ഇംഗ്ലീഷ്കാരുടെ നിലവിലുണ്ടായിരുന്ന ആചാരങ്ങളേറെയും  ഐക്യനാടുകളിൽ കാലഹരണപ്പെട്ടുകൊണ്ടിരുന്നു.എ.ഡി. 1870 ജൂണ് ഇരുപത്തിയാറാം തിയതി   ക്രിസ്തുമസ്  ദിനം അമേരിക്കയിൽ ഫെഡറൽ വിശേഷ ദിനമായി  നടപ്പിലാക്കി. പത്തൊമ്പതാം നൂറ്റാണ്ടു മുതൽ  അമേരിക്കക്കാർ ക്രിസ്തുമസാഘോഷങ്ങളെ ഇഷ്ടപ്പെടാൻ തുടങ്ങി. അങ്ങനെ   ക്രിസ്തുമസിന്  പുനർജന്മം നല്കിയത്' വിവിധ സംസ്ക്കാരങ്ങൾ നിറഞ്ഞ അമേരിക്കൻ സമൂഹമാണ്. കുടുംബങ്ങളുടെ ഐക്യത്തിനും സ്നേഹത്തിനുമായുള്ള  ക്രിസ്തുമസ് സന്ദേശങ്ങൾ  അക്കാലത്തെ ജനങ്ങൾക്ക് ഉണർവും ആത്മീയവെളിച്ചവും പ്രദാനം ചെയ്തിരുന്നു.  പത്തൊമ്പതാം നൂറ്റാണ്ടിൽ വർഗസമരം ഏറ്റവുമധികം മൂർച്ഛിച്ചിരുന്ന കാലവുമായിരുന്നു. തൊഴിൽരഹിതരായവരുടെ എണ്ണം  രൂക്ഷമായിക്കൊണ്ടിരുന്നു. കൊള്ളയും കൊള്ളി വെപ്പും കൂട്ട വിപ്ലവങ്ങളും നിത്യ സംഭവങ്ങളായി മാറി. ജനങ്ങളുടെ ജീവൻപോലും സുരക്ഷിതമായിരുന്നില്ല. എ.ഡി. 1828-ൽ  ക്രിസ്തുമസ് കാലത്തെ അരാജകത്വം മൂലം ന്യൂയോർക്ക് സിറ്റിയധികാരികൾ   ജനങ്ങളുടെ സുരക്ഷക്കായി കൂടുതൽ പോലീസ് സൈന്യത്തെ  വികസിപ്പിച്ചു. കുത്തഴിഞ്ഞ ജനജീവിതംമൂലം ക്രിസ്തുമസാഘോഷങ്ങൾ  സ്വന്തം വീടിനുള്ളിൽമാത്രം സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊത്ത്   ആഘോഷിക്കാൻ തുടങ്ങി.  ഉള്ളവനും ഇല്ലാത്തവനും തമ്മിൽ വ്യത്യാസമില്ലാതെ പരസ്പര സ്നേഹത്തോടെ   ക്രിസ്തുമസിന്റെ പവിത്രതയ്ക്കും  ആഘോഷങ്ങൾക്കും   അർത്ഥ പുഷ്ടികൾ നല്കുകയും ചെയ്തു. പാരമ്പര്യാചാരങ്ങളിൽ നല്ലതിനെ സ്വീകരിച്ച്  സമത്വം സാഹോദര്യം എന്നീ അടിസ്ഥാന തത്ത്വങ്ങളിൽ ക്രിസ്തുമസ് ആഘോഷിച്ചിരുന്നതും  അക്കാലത്തെ  ജനങ്ങളിലെ പ്രത്യേകതയായിരുന്നു.


ഫ്രഞ്ച് വിപ്ലവ കാലം  മാറ്റങ്ങളുടെതായ സാംസ്ക്കാരിക മൂല്യങ്ങളുടെ  പരിവർത്തനഘട്ടമായിരുന്നു. ക്ലാസ്സിക്കൽ ചിന്താഗതിക്കാരനായ ചാർല്സ് ഡിക്കൻസ്  പ്രഞ്ച് വിപ്ളവത്തിന്റെ  ചൈതന്യത്തിൽ    ക്രിസ്തുമസിന്റെയും ക്രിസ്തുമസ്  കരോളിന്റെയും  നൈർമല്യത്തെപ്പറ്റി ഉത്കൃഷ്ടമായ കഥകളെഴുതിയിട്ടുണ്ട്.  ക്രിസ്തുമസ് കരോളിന്റെ  പാശ്ചാത്തലത്തിലെഴുതിയ ഹൃദ്യമായ കഥയിൽ കരുണയും  ദയയും പരസ്പര സ്നേഹവും ചിത്രീകരിച്ചിട്ടുണ്ട്. ഡിക്കൻസിന്റെ കഥയിൽ  ക്രിസ്തുമസ് കരോളിന്റെ ഉദ്ദേശശുദ്ധിയും സന്ദേശവും കുട്ടികളുടെയും മുതിർന്നവരുടെയും ആത്മീയതയെ  ഉത്തേജിപ്പിച്ചിരുന്നു.  ക്രിസ്തുമസ് കാലത്തുള്ള കരോൾ സംഘടനകൾക്ക്  തുടക്കമാരംഭിച്ചത് എ.ഡി 1800-ലായിരുന്നു. കരോളുകളുടെ   സന്ദേശം   വളരുന്ന കുഞ്ഞുങ്ങളിൽ  വൈകാരികമായും ആവേശമുണ്ടാക്കിയിരുന്നു. സമ്മാനങ്ങൾ ലഭിക്കുന്നത്' കുഞ്ഞുങ്ങൾക്ക്   ആഹ്ലാദവും ആവേശവും  ഉന്മേഷവും  ഉത്തേജനവും ലഭിച്ചിരുന്നു.


ക്രിസ്ത്യാനികൾക്ക് 'ക്രിസ്തുമസ്' മതപരമായ ഒരു ചടങ്ങാണെങ്കിലും അമേരിക്കയെ സംബന്ധിച്ച് അതൊരു സാംസ്ക്കാരിക വിശേഷ ദിനമാണ്. ക്രിസ്തുമസ് ഒരു പ്രത്യേക മതത്തിന്റെ കുത്തകയല്ല.   ക്രിസ്തുമസെന്നു പറയുന്നത് വൈവിദ്ധ്യമാർന്ന വിവിധ സംസ്ക്കാരങ്ങളുടെ ഒത്തുചേരലും ആഘോഷങ്ങളുമാണ്. ക്രിസ്തുമസ് ദിനത്തെ ഫെഡറൽ  വിശേഷ ദിനമായി കരുതുന്നതിൽ ചോദ്യങ്ങളുണ്ടായപ്പോഴെല്ലാം   അമേരിക്കൻ കോടതികൾ ക്രിസ്തുമസിന്റെ  സാംസ്ക്കാരിക സാധുതയെ എന്നും   ന്യായികരിക്കുകയായിരുന്നു.  പതിനാറാം നൂറ്റാണ്ടിൽ അലംകൃതമായ ക്രിസ്തുമസ് മരങ്ങളുടെ തുടക്കമിട്ടത് ജർമ്മനിയായിരുന്നു. നവീകരണ പിതാവായ' മാർട്ടിൻ ലൂതർ' കുഞ്ഞുങ്ങളുമൊത്ത് ക്രിസ്തുമസ് മരങ്ങളലങ്കരിച്ച്,  ദീപം കത്തിച്ച് ക്രിസ്തുമസാഘോഷിച്ചിരുന്നതായി പറയപ്പെടുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലാണ് അമേരിക്കയിലും ബ്രിട്ടണിലും നക്ഷത്രക്കൂട്ടങ്ങളടങ്ങിയ  അലങ്കരിച്ച ക്രിസ്തുമസ് മരങ്ങൾ വ്യാപിക്കാൻ തുടങ്ങിയത്. കുഞ്ഞുങ്ങൾക്കു സമ്മാനങ്ങളുമായി വ്യാപകമായ ക്രിസ്തുമസാഘോഷങ്ങൾ തുടങ്ങിയതും  പത്തൊമ്പതാം നൂറ്റാണ്ടിലായിരുന്നു. 'സാന്റാ ക്ലൗസെ'ന്നുള്ളത്   ജർമ്മൻ വിശുദ്ധനായ സെന്റ്‌  നിക്കളാവോസിൽനിന്നും  ഉത്ഭവിച്ച പദത്തിന്റെ  വികസന  സ്വരമാണ്. 1828-ൽ രചിച്ചതായ  'സെന്റ്‌   നിക്കളവൂസിന്റെ വരവ്'  എന്ന പദ്യം   സാന്റാ ക്ലൌസുകളുടെ ആവീർഭാവങ്ങൾക്ക് ആവേശവും നല്കിയിരുന്നു. വ്യവസായിക ക്രിസ്തുമസ് കാർഡുകൾ വിപണിയിൽ പ്രചരിക്കാൻ തുടങ്ങിയത് പത്തൊമ്പതാം നൂറ്റാണ്ടിലായിരുന്നു.


ക്രിസ്തുമസാഘോഷങ്ങൾ   കുടുംബങ്ങളുടെ നിയന്ത്രണത്തിലായതോടെ  പഴയ പാരമ്പര്യങ്ങൾ പലതും ഇല്ലാതായി.  കത്തോലിക്കരുടെയും എപ്പിസ്കോപ്പൽ കാരുടെയും  അമേരിക്കയിലേക്കുള്ള കുടിയേറ്റത്തോടെ യാഥാസ്ഥികരുടെ നിലവിലുണ്ടായിരുന്ന  നിബന്ധനകളും  പാരമ്പര്യങ്ങളും ക്രമേണ അപ്രത്യക്ഷ്യമാവുകയും ചെയ്തു.  പുതിയതായി വന്നവരുടെ ആചാരങ്ങളെ ആദി കുടിയേറ്റക്കാർ പകർത്താൻ തുടങ്ങി.  കൊളോണിയൽ കാലത്തിനു ശേഷം പടിപടിയായി അമേരിക്കക്കാർ   നൂതനമായ പരിഷ്ക്കാരങ്ങൾ തനതായ ആചാരങ്ങളിൽ കണ്ടെത്തിക്കൊണ്ടിരുന്നു.  ക്രിസ്തുമസ് മരങ്ങളെ അലങ്കരിക്കുക, സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ആദ്ധ്യാത്മികതയുടെ സന്ദേശങ്ങൾ നല്കുക ,   ക്രിസ്തുമസ് കാർഡുകൾ അയക്കുക,  സമ്മാനങ്ങൾ കൈമാറുക എന്നിങ്ങനെ ക്രിസ്തുമസിനെ പരിവർത്തന വിധേയമാക്കിക്കൊണ്ടിരുന്നു.  കാലത്തിനനുസരിച്ചുള്ള  ഓരോ പരിവർത്തനങ്ങൾക്കും  നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്.  അങ്ങനെ കുടിയേറ്റക്കാരായ ജനങ്ങളുടെ   സമ്മിശ്ര സംസ്ക്കാരത്തിൽ  ക്രിസ്തുമസാഘോഷങ്ങൾക്ക്  പുനരാവിഷ്ക്കരണം നല്കിയത് അമേരിക്കൻ ഐക്യനാടുകളാണ്.


അമേരിക്കയിൽ ഓരോ വർഷവും നാൽപ്പതു മില്ല്യൻ മരങ്ങളാണ് ക്രിസ്തുമസ് സമയങ്ങളിൽ   വില്പ്പന നടത്തുന്നത്. ക്രിസ്തുമസ് മരങ്ങൾ വളർത്തുന്ന തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരായ  ഇരുപത്തിയയ്യായിരം ജനങ്ങൾ അമേരിക്കയിലുണ്ട്. പതിനഞ്ചു വർഷം വളർച്ച  പ്രാപിച്ച മരങ്ങൾവരെ ക്രിസ്തുമസ് കാലത്തു വില്ക്കുന്നു. 1890 മുതൽ 'സാന്റാ ക്ലവുസിനെ  ' സാൽവേഷൻ ആർമിയിൽ ആവിഷ്ക്കരിച്ചു. അവരുടെ ചാരിറ്റി പ്രവർത്തനങ്ങൾ   പട്ടണങ്ങൾ തോറും വ്യാപിപ്പിക്കാനും തുടങ്ങി. ന്യൂയോർക്കിലെ റോക്ക്ഫെല്ലർ കെട്ടിട നിർമ്മാണത്തിൽ ഏർപ്പിട്ടിരുന്നവർ എ.ഡി.1931 മുതൽ അവിടുത്തെ  ടവ്വറിനു  മുമ്പിൽ ക്രിസ്തുമസ് മരം നടുന്ന പാരമ്പര്യത്തിനും തുടക്കമിട്ടു.  റോക്ക് ഫെല്ലറിലെ കൂറ്റൻ ക്രിസ്തുമസ്  മരവും മിന്നിത്തിളങ്ങുന്ന ലൈറ്റുകളും  അലങ്കാരങ്ങളും അനേകായിരം ടൂറിസ്റ്റുകളെ ക്രിസ്തുമസ് കാലങ്ങളിൽ ആകർഷിക്കാറുണ്ട്.  പതിനെണ്ണായിരത്തിൽപ്പരം ലൈറ്റുകളോടെ എഴുപത്തിയഞ്ചടി മുതൽ നൂറടി വരെ പൊക്കമുള്ള ഈ ക്രിസ്തുമസ് മരം  റോക്ക് ഫെല്ലർ കെട്ടിടങ്ങളിലെ വിനോദയാത്രക്കാർക്ക് ഒരു ഹരവുംകൂടിയാണ്.











Monday, December 8, 2014

വോളിബോളിന്റെ ഹെർമീസ് ദേവനായ ജിമ്മി ജോർജും സ്മാഷുകളും




By ജോസഫ് പടന്നമാക്കൽ


മലയാളക്കരയുടെ കായിക വിനോദചരിത്രത്തിൽ തങ്കക്കുറി ചാർത്തിക്കൊണ്ട് അത്യുജ്ജല താരമായി വെട്ടിത്തിളങ്ങിയിരുന്ന ജിമ്മി ജോർജ് ജീവിച്ചിരിക്കെ തന്നെ ഭാരതീയ വോളിബോൾ ചരിത്രത്തിലെ ഇതിഹാസ പുരുഷനായിരുന്നു. ഭൂഗോളമാപ്പിൽ വളരെ ചെറിയ അക്ഷരത്തിൽ കുറിച്ചിരിക്കുന്ന പേരാവൂരെന്ന ഗ്രാമത്തിള്ള കളിസ്ഥലത്തിലെ നെറ്റിന്റെ മുകളിൽക്കൂടി കൊള്ളിയാന്റെ വേഗത്തിൽ ഇടിനാദം പോലെ എതിരാളിയുടെ കോർട്ടിൽ പന്തടിച്ച് വളർന്ന ഈ ചെക്കൻ ഇന്നും ലോക മലയാളികളുടെ ഹൃദയം കവർന്ന ആരാധനാമൂർത്തിയാണ്. 1980 കളിൽ ലോകം കണ്ടിട്ടുള്ള ഏറ്റവും നല്ല വോളിബോൾ  കളിക്കാരിൽ ഒരാളായിരുന്നു ജിമ്മി ജോർജ്. ആർക്കും തടയാൻ കഴിയാത്ത പ്രഗത്ഭനായ  'അറ്റാക്കർ' എന്ന നിലയിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. ഒരു കാലത്ത് തകർന്നു തരിപ്പണമായ വോളിബോൾ പ്രസ്ഥാനത്തെ കൈപിടിച്ചു രക്ഷിച്ച് കരയ്ക്കടുപ്പിച്ചതും ജിമ്മി ജോർജായിരുന്നു. വോളിബോളിന്റെ മഹാരാജാവായിരുന്ന ജിമ്മിയുടെ സിംഹാസനം നാളിതുവരെയായിട്ടും ആരും കീഴടക്കാതെ ഇന്നും ശ്യൂന്യതയിൽ തന്നെയാണ്. ഒഴിഞ്ഞു കിടക്കുന്ന ആ സിംഹാസനം അപൂർവ ജന്മങ്ങളിൽക്കൂടി നേടിയെടുക്കേണ്ടതാണ്. വീണ്ടും ആ കിരീടം അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവർ തന്നെ പിടിച്ചെടുക്കുമോയെന്നും അറിയില്ല.  

പ്രസിദ്ധനായ ഈ വോളിബോൾ രാജാവിന് കേരളനാട് ജന്മം നൽകിയതിൽ ഓരോ മലയാളിക്കും അഭിമാനിക്കാൻ സാധിക്കുന്നു. ഭാരതത്തിലെ സ്പോർട്സ് പ്രേമികളായവരുടെ ഹൃദയങ്ങളിൽ അന്നും ഇന്നും അദ്ദേഹം പൂജ്യതനായി തന്നെ വസിക്കുന്നു. ഒരു മനുഷ്യജീവിതത്തിൽ ഒരാൾ ഇത്തരം പ്രതിഭകളെ അസുലഭമായി മാത്രമേ കാണുകയുള്ളൂ. ജീവിച്ചിരുന്ന കാലങ്ങളിൽ ജിമ്മി പോവുന്ന സ്ഥലങ്ങളിലെല്ലാം അദ്ദേഹത്തെ ഒരു നോക്കു ദർശിക്കാൻ ആയിരക്കണക്കിനു കായിക പ്രേമികൾ തിങ്ങിക്കൂടുമായിരുന്നു. വോളിബോൾ കളിക്കാരനെന്ന നിലയിൽ ഭാരതത്തിനുള്ളിൽതന്നെ കേരളാപോലീസിന് പേരും പ്രശസ്ഥിയും നേടികൊടുത്തത് ജിമ്മി ജോർജായിരുന്നു. ജീവിച്ചിരുന്ന കാലങ്ങളിൽ സർവ്വവല്ലഭ കായികതാരമായി വോളിബോളിൽ അത്യുഗ്ര പ്രകടനം കാഴ്ച്ച വെച്ചുകൊണ്ടിരുന്ന ജിമ്മി ജോർജ് കേരളാ യൂണിവെഴ്സിറ്റിയുടെ പ്രസിദ്ധനായ നീന്തൽ, ചെസ് കളികളിലും വിദഗ്ദ്ധനായിരുന്നു. 1971-ലും 1972 ലും കാലിക്കറ്റ് യൂണി വേഴ്സിറ്റിയുടെ നീന്തൽ, ചെസ്സ് മത്സരങ്ങളിൽ ചാമ്പ്യൻ ഷിപ്പുകളും നാലു സുവർണ്ണ മെഡലുകളും ജിമ്മി കരസ്ഥമാക്കിയിട്ടുണ്ട്. 

ജിമ്മിയും ഏഴു സഹോദരങ്ങളുമൊന്നിച്ച് കളത്തിലിറങ്ങുന്ന ജോർജ്കുടുംബം ഒരിക്കൽ നാടിനും നാട്ടുകാർക്കും ഹരമായിക്കൊണ്ട് ഉണർവും ഉന്മേഷവും നല്കിയിരുന്നു. പേരാവൂരിന്റെ ചരിത്രബിംബമായി ആ കുടുംബം ഇന്നുമറിയപ്പെടുന്നു. വോളിബോൾ കോർട്ടിലെ പറക്കും മനുഷ്യനെന്നായിരുന്നു ജിമ്മിയെ അറിയപ്പെട്ടിരുന്നത്. നോക്കെത്താത്ത ദൂരത്തും ഭാരതത്തിനു വെളിയിലും യൂറോപ്യൻ നാടുകളിലും വോളിബോൾ തരംഗങ്ങളിൽ ഇന്ത്യയുടെ യശസുയർത്തിക്കൊണ്ട് ഉജ്ജലതാരമായി ജിമ്മി അതിശീഘ്രം വളർന്നുവന്നു. വോളിബോളെന്ന വെള്ളിക്കരണ്ടിയുമായി ജോർജ് സഹോദരന്മാർ ജനിച്ചുവെന്നു കായിക പ്രേമികൾക്ക് തോന്നിപൊവുമായിരുന്നു. കാരണം വോളിബോളിന്റെ ചൈതന്യം അവരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിരുന്നു. അത്രയ്ക്ക് തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ച് ഈ കുടുംബം നാടിന്റെ സ്പന്ദനമായി മാറിയിരുന്നു. ഇടിവെട്ടൻ കട്ടിംഗും ബോൾ പറപ്പിക്കലും എതിരാളികളുടെ കൈകാലുകൾ തത്സമയം നിശ്ചലമാകുന്നതും വോളിബോൾ കോർട്ടിലെ നിത്യ സംഭവങ്ങളായിരുന്നു. ജിമ്മി സഹോദരന്മാരുടെ തീർത്ഥക യാഗകുതിരയെ പിടിച്ചുകെട്ടാൻ കഴിവുള്ളവർ അക്കാലങ്ങളിൽ ആരുമുണ്ടായിരുന്നില്ല. ഏതു പ്രഗത്ഭനായ കളിക്കാരനെക്കാളും ഒരു സെക്കണ്ട് മുമ്പേ ആകാശത്തു പറക്കുന്ന ബോളിനെ തട്ടി എതിരാളിയുടെ കോർട്ടിലിടാനുള്ള കഴിവ് ജിമ്മിയ്ക്കുണ്ടായിരുന്നു. 

1955 മാർച്ച് എട്ടാംതിയതി ജോർജ് ജോസഫിന്റെയും മേരി ജോസഫിന്റെയും മകനായി പേരാവൂരിലുള്ള പ്രസിദ്ധമായ കുടക്കച്ചിറ തറവാട്ടിൽ ജിമ്മി ജോർജ് ജനിച്ചു. ജിമ്മിയും ജിമ്മിയുടെ സഹോദരന്മാരും വോളിബാൾ കളിയിൽ പ്രസിദ്ധനായിരുന്ന സ്വന്തം പിതാവിൽനിന്ന് ആത്മചൈതന്യം ഉള്ക്കൊണ്ടായിരുന്നു വളർന്നത്. വോളിബോളിന്റെ പ്രാഥമിക പാഠങ്ങൾ സ്വായത്തമാക്കിയതും സ്വന്തം പിതാവിൽ നിന്നായിരുന്നു. മക്കളോരോരുത്തരും പിതാവിന്റെ കാലടികൾ പിന്തുടർന്ന് വോളിബോളിന്റെ ചരിത്രതാരങ്ങളായി വളരുകയും ചെയ്തു. കേരവൃഷങ്ങൾ തിങ്ങി നിറഞ്ഞ ഒരു നാട്ടിൽ വരിക്കച്ചക്ക, കൂഴച്ചക്കകൾ തിന്ന്, തേൻ മാവിൻ കൊമ്പത്തും കയറി കന്നുകാലിക്കൂട്ടിലെ ആടുമാടുകളുമായി സല്ലപിച്ച്, കുട്ടിയും കോലും കളിച്ച്, ഓണം വരുമ്പോൾ അടുത്തുള്ള കാപ്പിത്തോട്ടത്തിൽ   കുട്ടികൾക്ക്' ഊഞ്ഞാലും കെട്ടി, വലരിയിലും നീന്തൽക്കുളത്തിലും തത്തി കളിച്ചുനടന്ന ഒരു ബാലനാണ് പിൽക്കാലത്ത് വോളിബോൾ ചരിത്രത്തിന്റെ ഇതിഹാസമായതെന്നും ഓർക്കണം. ചെറുപ്പം മുതലേ കാറ്റും മഴയും മിന്നലും വകവെയ്ക്കാതെ പ്രകൃതിയുമായി ഇടപഴുകിയുള്ള നാട്ടിൻപുറത്തെ ഈ പരിശീലനം ജിമ്മിയുടെ വളർച്ചയ്ക്ക് എന്നും സഹായകമായിരുന്നു. പതിനഞ്ചാം വയസ്സിൽ കാലിക്കെട്ട് യൂണിവേഴ്സിറ്റി വോളിബോൾ ടീമിൽ അംഗമായതും അദ്ദേഹത്തിൻറെ ജീവിതത്തിലെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു. അവിടുന്നു ഉയർച്ചയുടെതായ പടവുകൾ ഓരോന്നായി ജിമ്മിയെന്ന ബാലൻ കീഴടക്കിക്കൊണ്ടിരുന്നു.

ആറടി രണ്ടിഞ്ച് പൊക്കമുള്ള ജിമ്മിയുടെ ആകാശത്തിലേക്കുള്ള ചാട്ടവും വില്ലുപോലെ കുതിച്ചുയർന്ന് ഒരു സെക്കന്റ് വായുവിൽ നില്ക്കുന്ന കായിക കഴിവും സ്പോർട്സ് ലോകത്ത് ഇന്നും വിസ്മയകരമാണ്. അത്തരം പ്രകടനം ഇന്നും ആർക്കും വോളിബാൾ ലോകത്ത് കാഴ്ച വെക്കാൻ സാധിച്ചിട്ടില്ല. ഇന്ത്യയുടെ സുവർണ്ണകാല വോളിബാൾ ചരിത്രത്തിന്റെ വക്താവ് ഇന്നും ജിമ്മി തന്നെയാണ്. അദ്ദേഹത്തിൻറെ നിലവാരമുള്ള മറ്റൊരു വോളിബോൾ താരത്തിനെ നാളിതുവരെയും നമ്മുടെ രാഷ്ട്രത്തിനു കണ്ടെത്താൻ സാധിച്ചിട്ടില്ല. ജിമ്മിയുടെ സഹകളിക്കാരനായ രമണറാവു പറഞ്ഞത് "കായിക വിനോദമായ വോളിബോളെന്നു പറയുന്നത് ഭൂമിയുടെ ആപേക്ഷികതയും  ഭേദിച്ച്' ദേവഗണങ്ങളിലേക്കുള്ള ഒരു കുതിച്ചു ചാട്ടമെന്നാണ്." "കോർട്ടിനുള്ളിൽ പ്രത്യേകതരമായ സ്റ്റൈലിലുള്ള ജിമ്മിയുടെ ചാട്ടം എന്നും കാഴ്ചക്കാർക്ക് നയനമനോഹരമായിരുന്നു." 'വായു ശ്വസിച്ചുതീരും മുമ്പേ പറന്നുയരുന്ന ഒരു വിമാനത്തെവരെ തടയാനുള്ള കഴിവും ഈ കായിക ദേവനുണ്ടായിരുന്നുവെന്നു' വോളിബോൾ കളിയിലെ പ്രഗത്ഭന്മാർ ഇന്നും പറയാറുണ്ട്‌.      

ജിമ്മി കളിച്ചുകൊണ്ടിരുന്നത് ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ഇറ്റാലിയൻ വോളിബാൾ ലീഗിനുവേണ്ടിയായിരുന്നു. അസാധാരണമായ മാനസിക ശക്തിയുടെ ഉടമയായിരുന്നു ജിമ്മിയെന്ന് കൂടെയുള്ള കളിക്കാർ പറയുമായിരുന്നു. അദ്ദേഹം കളിക്കാത്ത സമയം ഒരു മുനിയെപ്പോലെ മനസിന്‌ വ്യായാമം കൊടുക്കുമായിരുന്നു. ധ്യാനനിരതനായി ഏകാന്തത കൈവരിച്ച് സർവ്വ ഊർജവും സമാഹരിച്ച ശേഷമേ ജിമ്മി കോർട്ടിലിറങ്ങിയിരുന്നുള്ളൂ. ലോകം മുഴുവനും ആ മനസ് ഒരു ചെറിയ കോർട്ടിനുള്ളിൽ പിടിച്ചു നിർത്തും. അതിഗാംഭീരതയോടെ നിശബ്ദലോകത്തെന്നോണം ശാന്തനായി കോർട്ടിലിറങ്ങുന്ന അദ്ദേഹത്തിലെ സമാഹരിച്ച ശക്തിരൂപാന്തീകരണം ആർക്കും തടുക്കാനാവാതെ ബോളിലടിച്ചുതകർത്തു തീർക്കുമായിരുന്നു. ആഞ്ഞടിച്ച പന്ത് എതിരാളിയുടെ കോർട്ടിലിടുമ്പോൾ ഒരു മഹാസ്പോടനം പോലെ നോക്കിനില്ക്കുന്നവർക്കു രോമാഞ്ചവും ഉണർത്തിയിരുന്നു. അതിനുശേഷമുള്ള ജിമ്മിയുടെ പ്രകടനങ്ങൾ അക്കാലങ്ങളിൽ സ്പോര്ട്സ് പ്രേമികളെ പുളകം കൊള്ളിക്കുമായിരുന്നു. ഏകാഗ്രമായ ആ മനസ് ശരീരത്തിനുള്ളിൽ ആവഹിച്ചുകൊണ്ടുള്ള ചാട്ടം അദ്ദേഹത്തിനു മാത്രമായ വ്യക്തിവൈഭവമായിരുന്നു. ദൈവവും പ്രകൃതിയുമായി അലിഞ്ഞ് മനസും ശരീരവും ഒന്നായി രൂപാന്തികരണം സംഭവിച്ച ആ ധ്യാനവര്യൻ വോളിബാൾ കോർട്ടിലിറങ്ങുമ്പോൾ നിശബ്ദതയെ ഭേദിച്ച് ഒരു അക്രമാസക്തനെപ്പോലെ കാണികൾക്കനുഭവപ്പെടുമായിരുന്നു. കൂടാതെ തന്നോടൊപ്പം കളിക്കുന്ന സ്വന്തം ടീമിന് എല്ലാവിധ ആശ്വാസവും പ്രോത്സാഹനവും നല്കിയിരുന്നു. 

നിശ്ചിതകാലത്തേക്കുള്ള ജിമ്മിയുടെ ഇറ്റലിയിലെ പ്രായോഗിക പരിശീലനം ഇന്ത്യയ്ക്കും നേട്ടമുണ്ടായിട്ടുണ്ട്. 1986-ൽ സാബൂളിൽ വെച്ചു നടത്തിയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ ജേതാവായിരുന്നു. ലോകത്തിലെ സുപ്രധാനരായ പത്തു കളിക്കാരിലൊരുവനെന്ന നിലയിൽ കൊറിയായിൽ പോയി ബ്രോണ്സ്മെഡൽ കരസ്ഥമാക്കി. തിരുവനന്തപുരത്ത് സ്മാരകങ്ങൾ വരുന്നതിനു മുമ്പേ ഇറ്റലിയിൽ അദ്ദേഹത്തിൻറെ പേരിൽ ഒരു ഇൻഡോർ സ്റ്റേഡിയം നിലവിലുണ്ടായിരുന്നു. ഇറ്റലിയിൽ മിലാനു സമീപമുള്ള ഒരു റോഡും ജിമ്മി ജോർജിന്റെ പേരിലാണ്. ഇന്നും ഇറ്റാലിയൻ കായികപ്രേമികൾ അത്രമാത്രം പൂജിതനായിട്ടാണ് ജിമ്മിയെ ബഹുമാനിക്കുന്നത്. 

ജിമ്മിയുടെ ചരിത്രം ഇന്ത്യൻ വോളിബാൾ ചരിത്രത്തിന്റെ സുവർണ്ണ കാലമെന്നും പറയാം. ഭാരതത്തിനു വെളിയിൽ വോളിബോളിനു മേൽവിലാസമുണ്ടാക്കി കൊടുത്തതും ജിമ്മിയായിരുന്നു.ഒരിക്കൽ നമ്മുടെ നാടിനഭിമാനമായിരുന്ന വോളിബാൾ ക്ഷയിച്ചു പോയിയെന്നുള്ളത് ദുഖകരമായ വസ്തുതയാണ്. ലക്ഷക്കണക്കിന് സ്പോര്ട്സ് പ്രേമികളെ ദുഖത്തിലാഴ്ത്തികൊണ്ട് അകാലത്തിൽ പൊലിഞ്ഞ ഈ താരത്തെപ്പറ്റി ഓർമ്മകൾ പുതുക്കുന്നത് ഇന്ത്യൻ വോളിബാളിൻറെ ചൈതന്യം നശിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ കൂടിയെന്നതും ഇവിടെ പ്രസ്താവ്യമാണ്. ജിമ്മിയുടെ ഓർമ്മകൾ പുതിയ തലമുറകളിൽ വിസ്മൃതിയിലേക്ക് ഒഴുകി പൊയ്ക്കോണ്ടിരിക്കുന്നു. അർഹമായ ചരിത്രസത്യങ്ങൾ പലപ്പോഴും ചരിത്രത്തിൽ മാഞ്ഞു പോവാറുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കാൻ ജിമ്മിയുടെ സഹോദരന്മാർ ജിമ്മിയെന്ന ഇതിഹാസ പുരുഷന്റെ ജീവിച്ചിരുന്നപ്പോഴുണ്ടായ നേട്ടങ്ങളെ ഗവേഷണതുല്യമാക്കി പൊതുജനങ്ങളെ ബോധവാന്മാരാക്കുന്നതും കായിക പ്രേമികൾക്ക് ആശ്വാസപ്രദമാണ്.

അടിപതറാതെ ചഞ്ചലിക്കാത്ത ഒരു മനസിന്റെ വളർച്ചയും അദ്ദേഹത്തിന്റെ വിജയ രഹസ്യമായിരുന്നു. 1971-ൽ പതിനേഴാം വയസ്സിൽ അദ്ദേഹം കേരളാ സ്റ്റേറ്റ് വോളിബാൾ ടീമിൽ അംഗമായി. ഒന്നാംതരം നീന്തൽ വിദഗ്ദ്ധനായിരുന്നെങ്കിലും തന്റെ പ്രൊഫഷൻ വോളിബോൾ കളിയായി തെരഞ്ഞെടുത്തതുകൊണ്ട് നീന്തൽ കായിക വിനോദത്തിൽ അദ്ദേഹം വേണ്ടത്ര ശ്രദ്ധ ചെലുത്തിയിരുന്നില്ല. 1971-1972-ൽ കോഴിക്കോട് സർവ്വ കലാശാലയുടെ നീന്തൽ ചാമ്പ്യൻ ഷിപ്പും കരസ്ഥമാക്കി. 1973- കാലങ്ങളിൽ അഖിലേന്ത്യാ സർവകലാശാലകളുമായി കേരള യൂണിവേഴ്സിറ്റി ടീമിനെ പ്രതിനിധാനം ചെയ്ത് കളിക്കുമായിരുന്നു. 1973-1975 കാലഘട്ടത്തിൽ പ്രീമിയർ ടീമിനു വേണ്ടി കളിച്ചു. 1975-ൽ കേരളാ സ്റ്റേറ്റിന്റെ ക്യാപ്റ്റനായിരുന്നു. വോളിബാളിനെ ജീവനുതുല്യമായി സ്നേഹിച്ചിരുന്നതു കൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്നും മെഡിക്കൽ പഠനം ഉപേക്ഷിച്ച് കേരളാ പോലീസ് ടീമിൽ ചേർന്നു. മറ്റൊരു പ്രൊഫഷൻ അദ്ദേഹത്തിനു ചിന്തിക്കാൻപോലും സാധിച്ചിരുന്നില്ല. കേരളാ പോലീസിനു അഖിലേന്ത്യാ തലത്തിൽ അഭിമാനിക്കത്തക്ക അനേക നേട്ടങ്ങൾ ജിമ്മി മുഖാന്തിരം നേടുവാനും സാധിച്ചു. 1976-ൽ ഇന്ത്യൻ പ്രസിഡന്റിൽ നിന്നും അർജുനാ അവാർഡു സ്വീകരിച്ചത് ജിമ്മിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ധന്യ മുഹൂർത്തമായിരുന്നു. അത്രയും ചെറുപ്രായത്തിൽ ഇന്ത്യയുടെ വിശിഷ്ടമായ അവാർഡ് ഒരാൾ കരസ്ഥമാക്കുന്നതും ആദ്യ സംഭവമായിരുന്നു.

1978-ൽ ബാങ്കോങ്ങ് ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തുകൊണ്ട് നല്ലൊരു പ്രകടനം കാഴ്ച്ച വെച്ചു. 1978-1982 കാലഘട്ടത്തിൽ അബൂദാബി സ്പോർട്സ് ക്ലബ് അംഗമായിരുന്നു. 1986- ഇന്ത്യാ ഏഷ്യാഡ് വോളിബാളിൽ വെങ്കൽ മെഡൽ നേടി ജപ്പാനെ തകർത്തത് ജിമ്മി ജോർജിന്റെ ശക്തിയായ കായിക പ്രകടനത്തിന്റെ പരിണിത ഫലമായിരുന്നു.1982-1986 കാലങ്ങളിൽ ഇറ്റാലിയൻ ടീമിൽ കളിച്ചത് ജിമ്മിയുടെ പ്രൊഫഷന്റെ ഒരു വഴിത്തിരിവായി മാറി. സർവ്വ കായിക ലോകത്തിലെ ജനങ്ങളെയും രോമാഞ്ചം കൊള്ളിച്ചുകൊണ്ട് മിന്നിത്തിളങ്ങുന്ന താരമായി പ്രശോഭിച്ച ജിമ്മി അതി വേഗത്തിൽ താനേ ഇറ്റാലിയൻ ജനതയുടെ പ്രിയപ്പെട്ട കായിക താരമായി തീർന്നു. പറന്നു വരുന്ന വോളിബോളിന്റെ ബ്ലോക്കുകൾക്കപ്പുറം ശക്തമായ എതിരാളിയുടെ കോർട്ടിലേക്കുള്ള തിരിച്ചടി കാണികളെ ആവേശഭരിതരാക്കിയിരുന്നു. ജിമ്മിയുടെ ഉജ്ജലമായ തകർത്ത ബോളടികൾ ജനം ഹർഷാരവത്തോടെ കയ്യടിച്ചു സ്വീകരിക്കുമായിരുന്നു. പന്ത്രണ്ടടി ഉയരത്തിൽ ചാടി എതിരാളിയുടെ ബോളിനെ തകർക്കുന്ന ജിമ്മിയുടെ മുമ്പിൽ പലപ്പോഴും എതിർ ടീം ഭയത്തോടെയായിരുന്നു മറു കോർട്ടിൽ സ്ഥാനങ്ങൾ ഉറപ്പിച്ചിരുന്നത്. പ്രതിരോധിക്കാൻ സാധിക്കാതെ എതിരാളികൾ നിസഹായരായി പകച്ചും നിൽക്കുമായിരുന്നു.

കണ്ണഞ്ചിക്കും വിധം പറക്കും തളികപോലെ ആർക്കും തടയാൻ സാധിക്കാത്ത ബോളിനെ അടിച്ചു മറുകോർട്ടിൽ തകർത്തിട്ടിരുന്ന   ജിമ്മിയുടെ വൈഭവത്തിൽ സന്തോഷം പൂണ്ട ഇറ്റാലിയൻ ജനത അദ്ദേഹത്തെ ഹെർമീസ് ദേവനെന്നു വിളിച്ചിരുന്നു. വളഞ്ഞുള്ള ആകൃതിയിൽ കാലിൽ ചിറകുമായി സഞ്ചരിക്കുന്ന ഹെർമീസ് ഇറ്റാലിയൻ ജനതയുടെ ദേവനാണ്. വില്ലാകൃതിയിൽ ദേഹം വളച്ചു പറക്കുന്ന ഹെർമീസ് ദേവനെപ്പോലെ ജിമ്മിയും വോളിബാൾ കോർട്ട് കീഴടക്കിക്കൊണ്ട് എതിരാളിയുടെ ബോളിനെ പറന്നുയർന്നു വായുവിൽ നിന്നുകൊണ്ട് അടിച്ചു തകർക്കുമായിരുന്നു. ജിമ്മിയടിക്കുന്ന ബോളുകൾക്ക് ബ്ലോക്കുകൾ ഒരിക്കലുമില്ലായിരുന്നുവെന്നു തന്നെ പറയാം.

എണ്‍പതുകളിൽ ജിമ്മി ലോകത്തിലെ തന്നെ മികച്ച കളിക്കാരിൽ ഒരാളായിരുന്നു. ഇറ്റാലിയൻ ടീമിന് വിലയേറിയ താരമായി തെളിഞ്ഞിരുന്ന കാലഘട്ടത്തിലും ജിമ്മി സമയം കിട്ടുന്ന സമയങ്ങളിൽ കേരള പോലീസ് ടീമിനു വേണ്ടി കളിക്കുമായിരുന്നു നേട്ടങ്ങളുടെ ഉയരങ്ങളിലുള്ള കൊടുമുടി കീഴടക്കുമ്പോഴും അദ്ദേഹത്തിന് ജന്മസിദ്ധമായുണ്ടായിരുന്ന ലാളിത്യം ജീവിച്ചിരുന്ന കാലങ്ങളിൽ ഒരിക്കലും കൈവെടിഞ്ഞിരുന്നില്ല. അനേകായിരങ്ങളുടെ ആരാധകനാകാൻ കാരണവും ജന്മനാ നേടിയെടുത്ത അദ്ദേഹത്തിൻറെ തലക്കനമില്ലാത്ത മാഹാത്മ്യം കൊണ്ടായിരുന്നു. വിജയ മംഗളവാർത്തകൾ വഴിനീളെ അറിയിക്കാൻ അദ്ദേഹത്തെ ജനക്കൂട്ടം കയ്യടിയുമായി ആഹ്ലാദതിമിർപ്പോടെ പൊക്കിയെടുത്തുകൊണ്ട് നടക്കുമായിരുന്നു.

ഇങ്ങനെയെല്ലാം സുവർണ്ണ നേട്ടങ്ങൾ കൈവരിച്ചിരുന്ന നാളുകളിലായിരുന്നു ഒരു കാറപകടമെന്നു പറയുന്ന വിധി അദ്ദേഹത്തിന്റെ ജീവൻ കവർന്നത്. ആ നഷ്ടം ഭാരതത്തിനും മലയാളക്കരയ്ക്കും മാത്രമല്ല സമസ്ത ലോകത്തിലെ വോളിബോൾ പ്രേമികളുടെയും തീരാനഷ്ടമായിരുന്നു. 1987 നവംബർ മുപ്പതാം തിയതി ഇറ്റലിയിലുണ്ടായ കാറപകടത്തിൽ ആ കായികതാരം അപകടപ്പെട്ട് അകാല മൃത്യുവിനിരയായി. മരിക്കുമ്പോൾ അദ്ദേഹത്തിന് 33 വയസ് തികഞ്ഞില്ലായിരുന്നു. മരിക്കുന്ന ദിവസം ജിമ്മി ജോർജ് പതിവുപോലെ ഇറ്റലിയിലെ മിലാൻ പട്ടണത്തിലെ ക്ലബിൽ പ്രായോഗിക പരിശീലനം കഴിഞ്ഞ് താമസിക്കുന്ന സ്ഥലത്തേയ്ക്ക് നടന്നു പോവുകയായിരുന്നു. അദ്ദേഹത്തോടൊപ്പം കളിക്കുന്ന മറ്റു രണ്ടു കൂട്ടുകാരുമുണ്ടായിരുന്നു. പെട്ടെന്നായിരുന്നു വിധിയുടെ സുനിശ്ചിത ദിനത്തിൽ ഒരു കാറ് തട്ടി തെറിപ്പിച്ച് അദ്ദേഹത്തിൻറെ ജീവൻ അപഹരിച്ചത്.

ജിമ്മിയെന്ന മഹാന്റെ ഓർമ്മകൾ നിലനിർത്താൻ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അനേക സ്മാരകങ്ങളും പണുതയർത്തിയിട്ടുണ്ട്. 28 വർഷം കഴിഞ്ഞിട്ടും കായിക പ്രേമികളുടെ ജിമ്മിയോടുള്ള നെഞ്ചോടുചേർന്ന ആ വേദനകൾക്ക് ശമനം വന്നിട്ടില്ല. ലോകത്തിന്റെ നാനാഭാഗത്തും മലയാളികളുള്ളടത്തെല്ലാം മരിക്കാത്ത ജിമ്മിയുടെ സ്മാരകങ്ങൾ എവിടെയും സ്ഥാപിക്കുന്നുണ്ട്. ജിമ്മിയുടെ കടുത്ത ബോളുകളുടെ സ്മാഷ് ഇന്ന് ഉയരങ്ങളുടെ കൊടുമുടികൾക്കപ്പുറത്താണെങ്കിലും മലയാളി മനസുകളിൽ നിന്നും അതൊരിക്കലും മാഞ്ഞു പോവുകയില്ല. വോളിബോളിന്റെ ആത്മാവ് എവിടെയെല്ലാമുണ്ടോ അവിടെയെല്ലാം ഒരിക്കലുമൊരിക്കലും മരിക്കാത്ത ഓർമ്മകളുമായി ജിമ്മിയുടെ ചൈതന്യം നിറഞ്ഞിരുപ്പുണ്ട്. ജിമ്മിയെന്ന വോളിബാളിന്റെ നായകൻ ഭാരതത്തിന്റെ ചരിത്ര കുടീരത്തിലെ നിത്യസ്മാരകമായി എന്നുമെന്നും തിളങ്ങിക്കൊണ്ടുതന്നെ വരുംതലമുറകൾക്ക് പ്രചോദനമരുളട്ടെയെന്നും പ്രതീക്ഷിക്കാം.

















Wednesday, December 3, 2014

അദ്ധ്യാത്മികതയിലെ യേശുവും ചരിത്രത്തിലെ യേശുവും (അവലോകനം)



By ജോസഫ് പടന്നമാക്കൽ
 യേശുവിന്റെ  ജീവിതവുമായി ബന്ധപ്പെട്ട  കഥകളാണ്  പുതിയ നിയമത്തിലെ സുവിശേഷ   വചനങ്ങളിൽക്കൂടി   നാം പഠിക്കുന്നത്.  മനുഷ്യമനസിന്റെ ആഴങ്ങളിൽ  പ്രതിഫലിക്കുന്ന  ആധ്യാത്മിക താത്ത്വിക ചിന്തകൾ  യേശുവിന്റെ പ്രഭാഷണങ്ങളിൽ  നിറഞ്ഞിരിക്കുന്നതായും  കാണാം. സത്യവും ദയയും  കരുണാർദ്ര മായ സ്നേഹവും ദീനാനുകമ്പയും  ഉപമകളിൽക്കൂടി യേശു തന്നെ ശിഷ്യഗണങ്ങളെ പഠിപ്പിക്കുന്നുമുണ്ട്.  ആദ്ധ്യാത്മികതയിൽ ഒളിഞ്ഞിരിക്കുന്ന ചരിത്രത്തിലെ യേശുവിനെ കണ്ടെത്താനും പ്രയാസമാണ്.   ക്രിസ്ത്യൻ മതങ്ങളുടെ ജീവനും ആത്മാവുമായ യേശുവിന്റെ ചരിത്രം പണ്ഡിതരുടെയിടയിൽ എന്നും  വിവാദമായിരുന്നു.  യേശുവിന്റെ ജീവിതത്തെ പ്പറ്റി  ബൈബിളിലെ വിഷയങ്ങല്ലാതെ മറ്റു യാതൊരു സമകാലീക തെളിവുകളും ലഭിച്ചിട്ടില്ലായെന്നതും വിമർശകർ ചൂണ്ടി കാണിക്കുന്നു.  അതുകൊണ്ട് ചരിത്രത്തിന് എക്കാലവും ജീവിക്കുന്ന ക്രിസ്തുവിനെ കണ്ടുപിടിക്കാൻ അനുമാനങ്ങളെയും വ്യാഖ്യാങ്ങളെയും ആശ്രയിക്കേണ്ടി വരുന്നു.


യേശു ഒരിക്കലും ഒരു പുസ്തകം എഴുതിയിട്ടില്ല. ഒരു പട്ടാളത്തെ നയിച്ചില്ല. ഒരു ഭരണാധികാരിയായിരുന്നില്ല. വസ്തുക്കളും സ്വത്തും സമ്പാദിച്ചിട്ടില്ല. അവന്റെ ഗ്രാമം വിട്ട് നൂറു കാതങ്ങൾക്കപ്പുറം  അവനൊരിക്കലും  സഞ്ചരിച്ചിട്ടില്ല. അവന്റെ വാക്കുകൾ കേട്ട്  കർമ്മനിരതരായ ജനം    വിദൂര ദേശങ്ങളിൽനിന്നുപോലും   വന്നുകൊണ്ടിരുന്നു.അവന്റെ  പിന്നാലെ ജനവും സഞ്ചരിച്ചിരുന്നു. അജ്ഞേയവും  അദൃശ്യവുമായ സത്ഗുണങ്ങൾ അവനിൽ  കണ്ടിരുന്നു.  അവന്റെ വാക്കുകൾ ശ്രവിച്ചവർക്കെല്ലാം അവൻ സാധാരണ മനുഷ്യരിൽ നിന്ന് വ്യത്യസ്തനായിരുന്നു.   ജീവിച്ചിരുന്ന യേശുവിനെപ്പറ്റിയുള്ള  തെളിവുകൾ  ചരിത്ര താളുകളിൽ ഒളിഞ്ഞിരിക്കുകയാണെങ്കിലും ആയിരമായിരം പുസ്തകങ്ങളിലും മീഡിയാകളിലും  അവിടുത്തെ  മഹത്വം നിറഞ്ഞിരുപ്പുണ്ട്.  വിപ്ലവകാരികൾക്കും വിശ്വാസികൾക്കും ഒരുപോലെ അവൻ  ആവേശഭരിതനായിരുന്നു.    യഹൂദ ഗോത്രങ്ങൾക്കും റോമനധികാരികൾക്കും  വെല്ലുവിളിയുമായിരുന്നു. അഭിമാനിക്കത്തക്ക  സമ കാലീകമായ  നേട്ടങ്ങളോ രാഷ്ട്രീയധികാരമോ ഉണ്ടായിരുന്നില്ലെങ്കിലും ഇരുപത്തിയൊന്നു നൂറ്റാണ്ടുകളും യേശുവെന്ന നസ്രായത്തുകാരൻ  ലോകത്തെ  തന്നെ  പരിവർത്തന വിധേയമാക്കിക്കൊണ്ടിരുന്നു.  അനേക പ്രവാചക ഗണങ്ങളും മത പ്രചാരകരും ലോകത്തു നിന്ന് മണ്മറഞ്ഞിട്ടുണ്ടെങ്കിലും നസ്രത്തിലെ ആശാരി ചെറുക്കനെപ്പോലെ ചൈതന്യം  നൽകിയവരാരും ലോകത്തുണ്ടായിട്ടില്ല.


യേശുവിൽ വ്യത്യസ്തമായി നാം കാണുന്നത്   എന്താണ്? അദ്ദേഹം ഒരു മഹാനോ അതോ അതിലുമുപരിയോ? ഇത് നാം ഓരോരുത്തരുടെയും ഹൃദയത്തോടു ചോദിക്കേണ്ട ചോദ്യമാണ്. സന്മാർഗ ഗുരുവായി ചിലർ അദ്ദേഹത്തെ കാണുന്നു. മറ്റുള്ളവർ  ലോകത്തിലെ ഏറ്റവും വലിയ മതത്തിന്റെ ആദ്ധ്യാത്മിക നേതാവായി മാത്രം കരുതുന്നു. എന്നാൽ ഭൂരിഭാഗം ജനം അതിലുമുപരി വിശ്വസിക്കുന്നു.  ദൈവം മനുഷ്യ രൂപത്തിൽ വന്നുവെന്ന് ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു. അതിനുള്ള തെളിവുകളും ദൈവ ശാസ്ത്രം വഴി  പണ്ഡിതർ നിരത്താറുണ്ട്.ആരാണ് ജീസസ്. അദ്ദേഹം ആദ്ധ്യാത്മിക ഗുരു മാത്രമോ? ഈ വിവാദ മനുഷ്യനെ അഗാധമായി പഠിക്കുംതോറും നാം സ്വയം ചോദിച്ചു പോകും, അദ്ദേഹം മഹാനായ ഒരു ഗുരു മാത്രമോ?


ക്രിസ്തുവിനെ ഒരു ചരിത്ര പുരുഷനായിട്ടാണ്  കോടാനുകോടി ജനങ്ങൾ  തലമുറകളായി കരുതുന്നത്. സുവിശേഷത്തിനു പുറമേ യേശുവിന്റെ  ജീവിതവുമായി ബന്ധപ്പെട്ട ചരിത്ര കഥകൾ ഒരു  ഗ്രന്ഥപ്പുരയിലും  കാണില്ല. എന്നാൽ സുവിശേഷങ്ങളിൽ യേശു സത്യമായിരുന്നുവെന്ന് അനേക പരാമർശനങ്ങളുണ്ട്. അതുപോലെ യേശുവിന്റെ ജീവിതവുമായി അലിഞ്ഞു ചേർന്നിരിക്കുന്ന  കെട്ടുകഥകൾക്കും രണ്ടായിരം വർഷങ്ങൾ പഴക്കമുണ്ട്.  ചരിത്രത്തിലെ യേശുവിനെ ചിലർ  ഇതിഹാസങ്ങളാക്കുന്നു. ചിലർ  മനുഷ്യനായി  ഗണിക്കാതെ അദ്ധ്യാത്മികതയുടെ പൂർണ്ണരൂപത്തിൽ മാത്രം മനസിലാക്കുന്നു. യേശു വെറും ഭാവനാ സങ്കൽപ്പമായിരുന്നുവെന്നും  അങ്ങനെയൊരാൾ ഭൂമിയിൽ ജീവിച്ചിട്ടില്ലായെന്നും ചരിത്രത്തിലേക്ക് നുഴഞ്ഞു കയറുന്നവർ അഭിപ്രായങ്ങൾ പുറപ്പെടുവിക്കാറുണ്ട്.  യേശുവിന്റെ ജീവിത കഥകളുമായി താരതമ്യപ്പെടുത്തി  അനേക  പൌരാണിക ഡോക്കുമെന്റുകളും പുസ്തകങ്ങളുമുണ്ടെങ്കിലും വിവാദ നായകനായി   കെട്ടു കഥകളിൽക്കൂടി  യേശുവിനെ കാണാൻ യുക്തിവാദികൾ ശ്രമിക്കുന്നതും കാണാം.  ക്രിസ്തുമതം സ്ഥാപിച്ചതു സംബന്ധിച്ച് യേശുവിന് യാതൊരു ബന്ധവുമില്ലെന്ന  ഒരു നിഗമനവുമുണ്ട്. സുവിശേഷങ്ങളിലെ വചനങ്ങളുമായി യേശുവിന്റെ പ്രവർത്തനങ്ങളിൽ  സാമ്യവുമില്ലെന്നും കരുതുന്നു. പുതിയ നിയമത്തിന്    ചരിത്രമൂല്യങ്ങളും കൽപ്പിച്ചിട്ടുമില്ല.   ചിലരുടെ വിമർശനങ്ങളിൽ    പുതിയ നിയമത്തെ ഒരു താത്ത്വിക നോവലിനു തുല്യമായി കാണുന്നു.  ബൈബിൾ പണ്ഡിതർ  കൃസ്തുവിന്റെ വരവിനു മുന്നോടിയായി സ്നാപകന്റെ വരവും യേശുവിന് മാമ്മോദീസാ നല്കുന്നതും കുരിശുമരണവും ചരിത്ര സത്യങ്ങളായി അംഗീകരിച്ചിട്ടുണ്ട്. മരിക്കുകയും ഉയർക്കുകയും ചെയ്യുന്ന അനേക ദൈവങ്ങളുള്ള പേഗൻ ദൈവങ്ങളുടെ തുടർച്ചയാണ് യേശുവെന്ന് യുക്തി വാദികൾ പറയും. ഏക ദൈവത്തിൽ വിശ്വസിക്കുന്ന ക്രിസ്ത്യൻ പണ്ഡിതർ ബഹുദൈവങ്ങളുള്ള പേഗൻ മതങ്ങളുമായി തുലനം ചെയ്യാൻ    തയ്യാറാവുകയില്ല.  കാരണം മരിക്കുകയും ഉയർക്കുകയും ചെയ്യുന്ന പേഗനീസത്തിന്റെ ദൈവങ്ങൾ  ക്രൈസ്തവ മൂല്യങ്ങളുടെ വിശ്വാസത്തിന് സമമായി കരുതാൻ ഒരിക്കലും സാധിക്കില്ല.


ചരിത്ര വിഷയങ്ങളുമായി കൈകാര്യം ചെയ്യുന്നവർക്ക്  യേശുവിന്റെ ജീവിതത്തെപ്പറ്റി പഠിക്കാൻ  പുതിയ നിയമത്തിലെ നാല് സുവിശേഷങ്ങളെ മാത്രം  ആശ്രയിക്കേണ്ടിയിരിക്കുന്നു.  അതിൽ പല വിവരങ്ങളും ക്രിസ്തുവിന്റെ മരണശേഷം പല നൂറ്റാണ്ടുകൾ കഴിഞ്ഞ് കണ്ടെടുത്തിട്ടുള്ളതാണ്.   അനേകമനേക കെട്ടുകഥകൾ ക്രിസ്തുവിന്റെ ജീവിതവുമായി ചുറ്റപ്പെട്ടിട്ടുണ്ടെങ്കിലും വിശ്വാസികൾ അത്തരം ഗഹനമായ വിഷയങ്ങൾ ചിന്തിക്കാൻ തയാറാവുകയില്ല.   ചോദ്യങ്ങൾ ചോദിക്കുകയെന്നുള്ളതിൽ മനുഷ്യ മനസുകൾ ജിജ്ഞാസുക്കളാണെങ്കിലും  ബൈബിളിനെ സംബന്ധിച്ച വിഷയങ്ങളിൽ ചോദ്യങ്ങളുമായി വിശ്വാസത്തെ പ്രശ്ന സങ്കീർണ്ണമാക്കാൻ  ആരും താൽപര്യപ്പെടുകയില്ല.   ഒരു പക്ഷെ അത് അന്ധമായി വിശ്വസിക്കുന്ന ക്രിസ്ത്യാനികൾക്കും വിമർശിക്കുന്ന  ക്രിസ്ത്യനികൾക്കും ഒരു പോലെ പ്രയോജനപ്പെട്ടേക്കാം. അങ്ങനെയെങ്കിൽ  മതവിശ്വാസവും പ്രായോഗിക ജ്ഞാനവും ഉൾപ്പെടുത്തി ചരിത്ര വസ്തുതകളുമായി തുലനം  ചെയ്ത് ചരിത്രത്തിന് ഒരു അനുമാനത്തിലെത്താൻ സാധിക്കുമായിരുന്നു.  ഇവിടെ എന്തെല്ലാം ചരിത്ര വസ്തുതകളുണ്ടെന്നും പരിശോധിക്കണം.  മതത്തിന്റെ അടിസ്ഥാന വിശ്വാസം മാത്രം ഉൾപ്പെടുത്തിയ വചനങ്ങളെ വേർപെടുത്തി ചരിത്രത്തിനുതകുന്ന വചനങ്ങളെ വിലയിരുത്താനും വിമർശകർക്ക് സാധിക്കണം. യേശുവിന്റെ കഥ പൂർണ്ണമായും ഒരു കെട്ടുകഥയെന്ന് ആർക്കും സ്ഥാപിക്കാൻ സാധിക്കില്ല.   ബൈബിളിലെ വചനങ്ങളിൽ  ഗവേഷണം നടത്തുന്നവർ മനുഷ്യനായ യേശുവും ദൈവമായ യേശുവും തമ്മിലുള്ള ആന്തരിക മൂല്യങ്ങളെ  വേർതിരിച്ചു തുലനം ചെയ്യാറുണ്ട്.


യേശുവിന്റെ പുല്ക്കുടിലിലെ ജനനം മുതൽ ഗാഗുൽത്തായിൽ ക്രൂശിതനാകുന്ന വരെയുള്ള രംഗങ്ങൾ ചരിത്രാവിഷ്ക്കരണമായി ചിത്രീകരിക്കാൻ  ഏതു ക്രിസ്ത്യാനിയും ആഗ്രഹിക്കും.  ജിജ്ഞാസുവുമായിരിക്കും.  ചരിത്രത്തിലെ യേശുവിനെപ്പറ്റിയുള്ള അന്വേഷണം ഒരു യുക്തിവാദിയുടെ ചിന്തയിൽ  മറ്റൊരു വിധത്തിലായിരിക്കാം. ആട്ടിടയരുടെ നടുവിൽ  ബദ്'ലഹേമിലെ കാലിത്തൊഴുത്തിൽ കിഴക്കുനിന്നു വന്ന ജ്ഞാനികൾക്കു  ദൃശ്യമായി   വഴിയാത്രക്കാരായ ജോസഫിനും മേരിയ്ക്കും  ഒരു ദിവ്യശിശു ജനിച്ച സന്ദേശം ചരിത്രത്തിൽ ചികഞ്ഞാൽ കണ്ടെന്നിരിക്കില്ല. യേശുവിന്റെ ബാല്യവും യൌവനവും ബന്ധിപ്പിച്ച  കണ്ണി   കണ്ടുപിടിക്കാനും സാധിക്കില്ല. യേശുവിന്റെ ജനനം ആദികാല ക്രിസ്ത്യാനികളുടെ താല്പര്യങ്ങളനുസരിച്ച്  അന്നത്തെ സഭയുടെ തലപ്പത്തിരുന്നവർ  യഹൂദരുടെ വിശുദ്ധ ഗ്രന്ഥത്തിലെ  ഹീബ്രു വചനങ്ങളുമായി യോജിപ്പിക്കുകയായിരുന്നു. രക്ഷകനെന്നർത്ഥ'ത്തിൽ  'മിശിഹാ' യുടെ വരവെന്ന  പ്രവചനവും  ഏതോ താത്ത്വികന്റെ ബുദ്ധി വൈഭവത്തിൽനിന്നും  ഉടലെടുത്തു. അസാധാരണ ചിന്താമൂല്യങ്ങളും  വൈരുദ്ധ്യങ്ങളുമടങ്ങിയ ദിവ്യമായ ഒരു ജീവിതമായിരുന്നു യേശു എന്ന  ദേവൻ ലോകത്തിനായി  കാഴ്ച വെച്ചത്.


ജറൂമിയായുടെ  പ്രവചനമനുസരിച്ച് അവൻ ദാവീദു ഗോത്രത്തിലെ പുത്രനായി ജനിച്ചിരിക്കണം.  ജനനവും ദാവീദിന്റെ പട്ടണത്തിലായിരിക്കണം. ദാവിദിന്റെ പട്ടണമായ ബതലഹേം  അവന്റെ  വരവിനായി കാത്തിരുന്നു. എന്നാൽ യേശുവിനെ അറിയുന്നത് നസ്രായേൽക്കാരനെന്നാണ്.  ജറൂമിയായുടെ  പ്രവചനം അവനിൽക്കൂടി  നിറവേറാൻ   യഹൂദജനം  ഇഷ്ടപ്പെട്ടിരുന്നില്ല. അന്നുള്ള യഹൂദരും ഫരീസിയരും യേശു നസ്രത്തിൽ ജനിച്ചുവെന്നാണ് .കരുതിയിരുന്നത്. യേശുവിന്റെ ആരംഭം മുതലുള്ള ജീവിതവും  ജനങ്ങളിൽ പ്രതിഫലിച്ചിരുന്നത് നസ്രായക്കാരനെന്ന നിലയിലായിരുന്നു . ആദ്യ നൂറ്റാണ്ടിലുള്ള ക്രിസ്ത്യാനികൾ അതിനുത്തരം കണ്ടുപിടിക്കാൻ ശ്രമിച്ചിരുന്നു.  യേശുവിന്റെ മാതാപിതാക്കൾ  ബതലഹേമിൽ ജനിച്ചതുകൊണ്ട് യേശുവും  ബതലഹേമിൽ  ജനിച്ചെന്നുള്ള  അനുമാനവും കണ്ടെത്തി.     .


യേശുവിന്റെ  ജനനത്തിനു മുമ്പായി  രാജ്യത്തിലെ പൌരന്മാർക്ക് തങ്ങളുടെ  ജനിച്ച സ്ഥലങ്ങളിൽനിന്നും   സെൻസസെടുക്കണമെന്ന്  അക്കാലത്ത് റോമായിലെ സീസറിന്റെ കല്പ്പനയുണ്ടായിരുന്നു. ജോസഫിന്റെയും മേരിയുടെയും  ജന്മം തന്ന സ്ഥലങ്ങൾ   ബതലഹേമിലായിരുന്നതു കൊണ്ട്   സെൻസസ്  വിവരങ്ങൾ  നല്കുവാൻ അവർക്ക് നസറേത്തിൽനിന്നും  ബതലഹേമിലേക്ക്  ദുർഘടവും  ദുരിത പൂർണ്ണവുമായ  വഴികളിൽക്കൂടി യാത്ര പുറപ്പെടേണ്ടി വന്നു. സീസറിന്റെ നിയമങ്ങളെ ആർക്കും ധിക്കരിക്കാൻ സാധിച്ചിരുന്നില്ല. നസറെത്ത്  പട്ടണം കടന്നു ബതലഹേമിലെത്തിയപ്പോൾ മേരി അവശയും പരവശയുമായിരുന്നു.  താമസിക്കാനോ വിശ്രമിക്കാനൊ ഇടമില്ലാതെ അവർ വലഞ്ഞു. അവർക്കു മുമ്പിൽ വഴിയമ്പലങ്ങളും സത്രങ്ങളും   വാതിലുകളടച്ചു.  ആടുമാടുകൾ മേഞ്ഞിരുന്ന മേച്ചിൽ സ്ഥലങ്ങൾക്ക്  സമീപമുള്ള പുൽക്കൂട്ടിനുള്ളിൽ മേരി യേശുവിനു ജന്മം നല്കി. അങ്ങനെ വാഗ്ദാന ഭൂമിയിലെ  ജറൂമിയായുടെ  പ്രവചനം  അവിടെ  പൂർത്തിയാക്കിക്കൊണ്ട്  ആദ്ധ്യാത്മികതയ്ക്ക്   മാറ്റുകൂട്ടി.


 സഭയുടെ പാരമ്പര്യ വിശ്വാസമനുസരിച്ച്  യേശുവിനു ജന്മം നല്കിയ മേരി നിത്യ കന്യകയാണ്. ചരിത്രത്തിലെ മേരിയിൽ നിത്യകന്യാകത്വം സ്ഥാപിക്കാൻ ബുദ്ധിമുട്ടുകളുണ്ട്. മേരിയെ സഭ നിത്യ കന്യകയായി വാഴ്ത്തുന്നുണ്ടെങ്കിലും  നിഷ്പക്ഷമായി ബൈബിൾ വായിക്കുന്നവർക്ക്  അത് പൂർണ്ണമായും സമ്മതിക്കാൻ സാധിക്കില്ല. ചരിത്രത്തിലുള്ള യേശുവിന്‌  വലിയ ഒരു കുടുംബവും സഹോദരങ്ങളും സഹോദരികളുമുണ്ടായിരുന്നതായി  വചനങ്ങളിൽ  കാണുന്നു.  സുവിശേഷങ്ങളിൽ പറഞ്ഞിരിക്കുന്നപോലെ 'ജയിംസ്, ജോസഫ്, സൈമണ്‍ , ജൂദാസ് (ഒറ്റുകാരനായ ജൂദായല്ല) എന്നിങ്ങനെ കുറഞ്ഞത് നാലു സഹോദരന്മാർ യേശുവിനുള്ളതായി പരാമർശനമുണ്ട്.    ഇക്കാര്യം ബൈബിളിൽ വ്യക്തമായി വിവരിച്ചിട്ടുമുണ്ട്. പോളിന്റെ കത്തുകളിലും സുവിശേഷങ്ങളിലും യേശുവിന്റെ സഹോദരന്മാരെപ്പറ്റി ആവർത്തിച്ചാവർത്തിച്ചു  പറഞ്ഞിട്ടുമുണ്ട്. അറിയപ്പെടാത്ത സഹോദരികളും സുവിശേഷത്തിലുണ്ട്.ഒന്നാം നൂറ്റാണ്ടിൽ ജീവിച്ച 'ജോസഫ്സെന്ന' യഹൂദ ചരിത്രകാരൻ രേഖപ്പെടുത്തിയിരിക്കുന്നത് 'യേശുവിന്റെ മരണശേഷം അവിടുത്തെ സഹോദരനായ ജയിംസ് ആദിമ സഭയുടെ നേതൃത്വം വഹിച്ചിരുന്നുവെന്നാണ്. .  


വചനത്തിലെ  'സഹോദരങ്ങളെന്ന' പ്രയോഗത്തിൽ സഭയുടെ  ദൈവ ശാസ്ത്രജ്ഞർക്ക്   വിഭിന്നങ്ങളായ  അഭിപ്രായങ്ങളാണുള്ളത്. 'സഹോദരൻ' എന്ന പദം ഗ്രീക്കു ഭാഷയിൽ നിന്നുള്ള തെറ്റായ വിവർത്തനമെന്നു  വാദിക്കുന്നു. ഗ്രീക്കു ഭാഷയിൽ  'അഡെൽഫോസ്' (Adelphos) എന്ന വാക്കിൻറെയർത്ഥം  കസ്യൻസെന്നാണ്.   അർദ്ധ  സഹോദരന്മാരെന്നും  അർത്ഥമുണ്ട്.  ക്രിസ്തുവിനൊപ്പം നടന്ന സഹോദരർ ജോസഫിന്റെ മുൻ'വിവാഹത്തിൽ നിന്നുള്ള  മക്കളുമാകാം. വ്യാഖ്യാനങ്ങളിൽ ക്കൂടി  വചനത്തിലെ വാക്കുകൾക്ക്  വേറെ അർത്ഥങ്ങൾ കൽപ്പിക്കാമെങ്കിലും പുതിയ നിയമത്തിൽ  'സഹോദരന്മാർ' എന്ന വാക്കിനു പകരമായി  മറ്റൊരു  വാക്ക്  ഒരു വചനത്തിലും  കാണുന്നില്ല.  യുക്തി പൂർവ്വം ചിന്തിക്കുന്നവർക്ക് യേശു ഏക ജാതനെന്നും കരുതാൻ   പ്രയാസമാണ്.


കുരിശു മരണശേഷം യേശുവിന്റെ ശരീരം താഴെയിറക്കുകയും കല്ലറയ്ക്കുള്ളിൽ അടക്കുകയും ചെയ്തെന്ന് സുവിശേഷം പറയുന്നു. അസാധാരണമായ ആ സംഭവം സത്യമെങ്കിൽ അന്നത്തെ റോമൻ ഭരണാധികാരികളെ  സഹാനുഭൂതിയുള്ളവരായി കണക്കാക്കണം. കുരിശു മരണമെന്നുള്ളത്   റോമിനെ സംബന്ധിച്ച് വെറും വധശിക്ഷ മാത്രമായിരുന്നില്ല. രാജ്യത്തിനും ജനങ്ങൾക്കും പൊതുവേ ഭീക്ഷണിയാകുന്നവരെയാണ് അക്കാലങ്ങളിൽ പരസ്യമായി കുരിശിൽ തറച്ചിരുന്നത്. കുറ്റവാളികളെ മരിച്ചു കഴിഞ്ഞാലും തൂക്കിയിടുകയാണ് പതിവ്. കുരിശിൽ തറയ്ക്കുന്നവരെ ഒരിക്കലും കുഴിച്ചിട്ടിരുന്നില്ല. കുരിശിൽ മരിക്കുംവരെ പീഡിപ്പിക്കുക, നരകിപ്പിക്കുക എന്ന മുറകളായിരുന്നു  ക്രിസ്തുവിന്റെ കാലങ്ങളിൽ നിലവിലുണ്ടായിരുന്നത്. മരിച്ച ശരീരം പിന്നീട് പട്ടികൾക്കും കഴുകന്മാർക്കും എറിഞ്ഞു കൊടുക്കും. എല്ലുകൾ നിക്ഷേപിക്കാനുള്ള കൂമ്പാരങ്ങളുമുണ്ടായിരുന്നു.   ഗോല്ഗോത്താ (ഗാഗുൽത്താ) എന്ന വാക്കിന്റെ അർത്ഥം തന്നെ തലയോട്ടികളും എല്ലുകളും സംക്ഷേപിക്കുന്ന സ്ഥലമെന്നാണ്. യഹൂദ രാജ്യത്ത് കുരിശിൽ മരിച്ച യേശുവിനെ  ഒരു ധനികന്റെ സംസ്ക്കാരാചാരങ്ങളോടെ  കല്ലറയിൽ ശവം മറവു  ചെയ്തുവെന്നുള്ളതും അവിശ്വസിനീയമാണ്.


യേശുവിന്റെ ജീവിതവുമായുള്ള പഠനത്തിൽ പന്ത്രണ്ടു ശിക്ഷ്യന്മാർ ഉള്ളതായി നാം അറിയുന്നു. ശിക്ഷ്യന്മാർ ആരോക്കെയെന്നുള്ളത് ഒരു കെട്ടുകഥയുടെ രൂപത്തിലേ  മനസിലാക്കാൻ സാധിക്കുള്ളൂ.  പുതിയ നിയമം വായിക്കുകയാണെങ്കിൽ സ്ത്രീ ജനങ്ങളും യേശുവിനെ പിന്തുടരുന്നതായി കാണാം. യേശുവിന്റെ സുവിശേഷം കേൾക്കാൻ അനേകർ വരുന്നു, സൌഖ്യം പ്രാപിക്കുന്നു, പട്ടണത്തിൽ പ്രവേശിക്കുന്ന യേശുവിനെ ജനക്കൂട്ടം ഒന്നായി പിന്തുടരുന്നുവെന്നും പുതിയ നിയമത്തിൽ വായിക്കാം. മറ്റൊരു കൂട്ടർ കരകൾ തോറും അവനോടൊപ്പം പിന്തുടരുന്നതായും കാണാം. എഴുപതിൽപ്പരം ജനങ്ങൾ  യേശുവിനെ പിന്തുടരുന്നതായി ലൂക്കിന്റെ സുവിശേഷത്തിലുണ്ട്.  അവരെല്ലാം യേശുവിന്റെ  ശിക്ഷ്യന്മാരായും  ഗണിക്കുന്നു. യേശുവിനെ പിന്തുടർന്ന പന്ത്രണ്ടു പേരെ അപ്പസ്തോലന്മാരായി  കരുതുന്നു. അവർ ശിക്ഷ്യന്മാർ മാത്രമല്ല, യേശുവിനെ പിന്തുടരുകയും  അതോടൊപ്പം മറ്റുള്ള പട്ടണങ്ങളിൽ പോയി അവന്റെ  വേദങ്ങൾ  പ്രസംഗിക്കുകയും ചെയ്തിരുന്നു. അവരുടെ പ്രവർത്തനങ്ങളെ വീക്ഷിക്കാൻ മറ്റാരുമുള്ളതായി വചനത്തിലില്ല. എന്തും സ്വതന്ത്രമായി അവന്റെ വചനങ്ങളെപ്പറ്റി  ജനത്തോടു സംസാരിക്കാൻ അനുവാദവുമുണ്ടായിരുന്നു. യേശുവിന്റെ പ്രേഷിത പ്രവർത്തനങ്ങളിൽ  അവരായിരുന്നു പ്രധാന മിഷ്യനറിമാർ.


പുതിയ നിയമം വായിക്കുന്നൊരാൾക്ക് റോമ്മായുടെ  ഗവർണ്ണരും  ന്യായാധിപതിയുമായിരുന്ന പൊന്തിയോസ് പീലാത്തൊസ് വളരെ സത്യവാനായി തോന്നും. അതെ സമയം ദുർബലമായ മനസോടുകൂടിയ ഒരു വിധികർത്താവായും ചിത്രികരിച്ചിരിക്കുന്നു.  യേശുവിനെ ശിക്ഷിക്കുന്ന സമയം  കാര്യ നിർവഹണങ്ങൾ  വഹിച്ചിരുന്നത് യഹൂദരായ  അധികാരികളായിരുന്നു. നിഷ്കളങ്കനായ ഒരുവനെയാണ് കുരിശിൽ തറയ്ക്കുന്നതെന്നും  പീലാത്തോസിനറിയാമായിരുന്നു. എന്നാൽ ചരിത്രത്തിലെ പീലാത്തോസിന്റെ കഥ മറ്റൊന്നാണ്. പീലാത്തോസുമായി അഭിപ്രായ ഭിന്നതയുള്ള യഹൂദരെ കൂട്ടക്കൊലകൾ നടത്തിയതായി പൌരാണിക കൃതികളിൽ  വിവരിക്കുന്നുണ്ട്.. അയാളുടെ പത്തു കൊല്ലത്തെ ഗവർണ്ണർ  ഭരണ കാലത്തിൽ വിചാരണ കൂടാതെ ആയിരക്കണക്കിന് യഹൂദ ജനങ്ങളെ കുരിശിൽ തറച്ചതായും ചരിത്രമുണ്ട്. റോമ്മായിൽനിന്ന്  യഹൂദർക്ക് ഒരിക്കലും നീതി ലഭിച്ചിരുന്നില്ല. ആ സാഹചര്യത്തിൽ യഹൂദർക്കെതിരെ വിപ്ലവം സൃഷ്ടിച്ച യേശുവിനെ വിധിക്കാൻ യഹൂദരോടൊപ്പം പീലാത്തൊസ് പങ്കുചേർന്നുവെന്നും  വിശ്വസിക്കാൻ പ്രയാസമാണ്.  യുക്തിക്ക് നിരക്കുന്നതുമല്ല. യേശുവിന്റെ കുരിശു മരണം വെറും ഭാവനകളായി മാത്രമേ ചിന്തിക്കുന്നവർക്ക് തോന്നുകയുള്ളൂ.  


അദ്ധ്യാത്മികതയിലെ യേശു ലോക രക്ഷകനായി വന്ന് പാപികൾക്കായി മരിച്ചു. ചരിത്രത്തിലെ യേശുവിനെ യഹൂദ പുരോഹിതരും റോമൻ അധികാരികളും കൂടി വധിച്ചു. ചരിത്രപരമായ വീക്ഷണത്തിൽ അവൻ ലോകത്തിന്റെ പാപവും പേറിക്കൊണ്ടല്ല മരിച്ചത്. മൌലികത തുളുമ്പുന്ന ഉപദേശിയുടെയും പുരോഹിതന്റെയും ഭാഷ ചരിത്രമായി കണക്കാക്കാൻ സാധിക്കില്ല. അവൻ മരിച്ചപ്പോൾ  അവന്റെ അനുയായികൾ അവന്റെ മരണത്തിൽ ഒരു അർത്ഥം കല്പ്പിച്ചു.  അങ്ങനെയവൻ പ്രവാചകനായി, മിശിഹായായി, ദൈവ പുത്രനായി  അറിയപ്പെട്ടു. ആദ്ധ്യാത്മികതയുടെ അദ്ധ്യായങ്ങളിൽ അവന്റെ പേര് വർണ്ണഭംഗികളോടെ  കൂട്ടിച്ചേർത്തു.  പൊന്നിൻ കുടത്തിന് തിലകമെന്തിനെന്ന  ചോദ്യംപോലെ യാതൊരു   ഭൂഷണാലങ്കാരവുമില്ലാത്ത യേശുവിനെയാണ്  നല്ലവന്റെ ഹൃദയം  കാക്കുന്ന മനുഷ്യ സംസ്ക്കാരത്തിന്റെ   യേശുവായ്‌  ചരിത്രം കരുതുന്നത്.




Jesus in front of Pilete

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...