Thursday, September 18, 2014

മദ്യനിരോധനം സർക്കാരിന്റെ ഭ്രാന്തൻ നയം, ശുദ്ധ വിഡ്ഡിത്തരം



By ജോസഫ് പടന്നമാക്കൽ 

'മതം മനുഷ്യനെ മയക്കുന്ന കറുപ്പുമരുന്നെന്ന്' കാറൽ മാർക്സ് പറഞ്ഞു. മതത്തെ മദ്യം മയക്കുമെന്ന പുതിയ കാഴ്ച്ചപ്പാടുകൾമൂലം മതവും മദ്യവും തമ്മിൽ ഒരു തുറന്ന യുദ്ധം ആരംഭിച്ചിരിക്കുകയാണ്. അൾത്താരയിലെ വീഞ്ഞ് നിരോധിക്കണമെന്ന നിർദ്ദേശവുമായി മതനിരീക്ഷണ വാദികളും രംഗത്തുണ്ട്. കുർബാനയിലെ വീഞ്ഞ് ചെറിയ ലഹരിയെങ്കിലും അത് പിന്നീട് പുരോഹിതരെ പൂർണ്ണമായ  മദ്യപാനികളാക്കുമെന്നും അഭിപ്രായങ്ങളുണ്ട്. ശ്രീ വെള്ളാപ്പള്ളി നടേശൻ അൾത്താരയിലെ വീഞ്ഞ് നിരോധിക്കണമെന്ന് പറഞ്ഞതിന്റെ കാരണവും അതുതന്നെയാകാം.
 
 
പുരോഹിതരുടെയിടയിലും മദ്യം ഒരു പ്രശ്നമാണ്. അരമനകളിലും കൊവേന്ത ആശ്രമങ്ങളിലും അത്തരം വിവരങ്ങൾ ഒളിച്ചുവെച്ചിരിക്കുന്നതുകൊണ്ട് പുറം ലോകം അറിയുന്നില്ലന്നേയുള്ളൂ. ഒരു പക്ഷെ സഭ മദ്യനിരോധനത്തിന് തീവ്രമായ പിന്തുണ നല്കുന്നതും പുരോഹിതരുടെയിടയിൽ മദ്യം വ്യാപിക്കുന്നതുകൊണ്ടായിരിക്കാം.  യൂറോപ്പിലും അമേരിക്കയിലുമുള്ള പുരോഹിതന്റെ ജോലി 24 മണിക്കൂറുമാണ്. രോഗികൾക്കും  മരിക്കാൻ പോകുന്നവർക്കും  അന്ത്യലേപനം ഏതു സമയത്തും കൊടുക്കണം. സമൂഹത്തിൽ പുരോഹിതന് സ്ഥാനം കൽപ്പിച്ചിരിക്കുന്നതുകൊണ്ട് എല്ലാ സാമൂഹികചടങ്ങുകളിലും അവരെ വിളിക്കും. അവിടെയെല്ലാം 'ഡ്രിങ്ക്' എടുക്കാൻ പ്രേരിപ്പിക്കും. പാശ്ചാത്യരാജ്യങ്ങളിലുള്ള ക്ലബുകളിൽ മിതമായി മദ്യം കഴിക്കുകയെന്നതും കത്തോലിക്കരുടെ സാമൂഹിക സംസ്ക്കാരമാണ്. ഏകാന്തതയും പള്ളിയിലെ ബോറടിച്ച ജീവിതവും അവരെ കുടിയന്മാരാക്കുന്നു.  (റഫ: ഫാദർ ഡോ.  അലക്സാണ്ടർ സ്മിത്ത്, കത്തോലിക്  ഹെറാൾഡ്‌-യൂ.കെ.ആഗസ്റ്റ് 5, 2014 ) 
 

മദ്യം സമൂഹത്തിൽനിന്നും തികച്ചും ഇല്ലായ്മ ചെയ്യാൻ മദ്യനിരോധനം വേണമെന്നു വാദിക്കുന്നവർക്ക് അനേക കാരണങ്ങളുണ്ടാവാം. മദ്യം മനുഷ്യന്റെ ജീവിതനിലവാരം താഴ്ത്തി ദാരിദ്ര്യത്തിലേക്ക് നയിക്കും.  സ്വപ്നങ്ങളുമായി പടുത്തുയർത്തിയ കുടുംബജീവിതം തകർക്കും. കുടുംബത്തിന്റെ താങ്ങും തണലുമായിരുന്ന മനുഷ്യൻ മദ്യത്തിനടിമയാകുമ്പോൾ മക്കളും മാതാപിതാക്കളുമായുള്ള ബന്ധം അവിടെ തകരുകയാണ്. കുടുംബം പോറ്റാൻ ഗ്രഹനാഥൻറെ  വരുമാനമായുണ്ടായിരുന്ന ജോലിയും  ലഹരിയിൽ നഷ്ടപ്പെടാം.  സമൂഹം ഗൗനിക്കാതെ വരുമ്പോൾ അവർതന്നെ  സ്വയം മാനസികമായി തകർന്നു നശിക്കും. ഭാര്യയും ഭർത്താവും മക്കളും തമ്മിൽ  തല്ലും വാശിയുമായി വൈരാഗ്യത്തോടെ കഴിയുന്ന പരിതാപകരമായ ചുറ്റുപാടുകളുമുണ്ടാകാം.വിവാഹമോചനവും സംഭവിക്കാം. അമിതമായ കുടിയാസക്തി ആരോഗ്യത്തെയും ബാധിക്കും. കിഡ്നിയും കരളും നശിച്ച് ഒടുവിൽ മരണത്തിലും കലാശിക്കാം.
 
മതങ്ങളെല്ലാം  തന്നെ മദ്യത്തെ നിരുത്സാഹപ്പെടുത്തുന്നതു  കാണാം.  മദ്യത്തിന്റെ ലഹരിമൂലം കുറ്റകൃത്യങ്ങൾ വർദ്ധിക്കുമെന്നും  കരുതുന്നു. നടുറോഡുകളിലും കുടുംബത്തിലും അടിപിടിയ്ക്കും    അസഭ്യ ശകാരങ്ങൾക്കും   കാരണം മദ്യമാണെന്നു  മതം കരുതുന്നു.ക്രിസ്ത്യൻ വിഭാഗങ്ങളിൽ ഇവാഞ്ചലിസ്റ്റും യഹോവാ സാക്ഷികളും മദ്യത്തെ പിശാചിന്റെ പാനീയമെന്നാണ് വിളിക്കുന്നത്. വിശുദ്ധ പുസ്തകത്തിൽനിന്നും അവർക്ക് അനുകൂലമായ വചനങ്ങൾ തപ്പി കണ്ടു പിടിക്കാനും സാധിക്കും.   മദ്യം പൂർണ്ണമായും പാടില്ലായെന്നും ,ഉപേക്ഷിക്കണമെന്നും  ദൈവംത്തിന്റെ കല്പ്പനയുണ്ടെന്നു മത തീവ്രതയിൽ മുഴുകിയിരിക്കുന്നവർ പറയും. സ്വവർഗ  രതിപോലെ മദ്യവും നാശം വിതക്കുമെന്ന് യാഥാസ്തിതികരായവർ  പ്രചരണം നടത്തുന്നു. രാഷ്ട്രീയക്കാരെ കൂട്ടുപിടിച്ച്  അവരെ  മതത്തിന്റെ  നിയന്ത്രണത്തിൽ കൊണ്ടുവരുന്നതു മൂലം  ജനത്തിന്  ഇന്ന് രാഷ്ട്രീയക്കാരോടൊപ്പം  മതത്തെയും ബഹുമാനമില്ലാതായി.
 
മദ്യം കഴിക്കാത്തവർ മദ്യപാനികളെക്കൊണ്ട് കുറ്റ കൃത്യങ്ങൾ ചെയ്യിപ്പിച്ച്  സ്വാർഥതാല്പര്യങ്ങളെ  സംരക്ഷിക്കുന്നത്   മദ്യനിരോധന വാദികൾ അറിഞ്ഞില്ലെന്നും ഭാവിക്കുന്നു.  കുടിച്ചു വണ്ടിയോടിക്കുന്നവർ  മദ്യം നിരോധിച്ചാൽ നിരത്തുകളിൽ കുറയുമെന്നും കണക്കാക്കുന്നു. മദ്യവും ചാരായവും എവിടെയും  സുലഭമായി ലഭിക്കുന്ന സ്ഥിതിക്ക് അത്തരം ഒരു അനുമാനത്തിന് പ്രസക്തിയുണ്ടെന്നും തോന്നുന്നില്ല. മദ്യം കഴിക്കുന്ന കുടുംബങ്ങൾ പാപ്പരാകുമെന്ന  കണക്കാക്കലുമുണ്ട്. ഖജനാവ് കാലിയായിക്കൊണ്ടിരിക്കുന്ന  കേരള സംസ്ഥാനത്തിന്റെ കമ്മി നികത്തുന്നതെങ്ങനെയെന്ന്  ചിന്തിക്കാൻ സർക്കാരിന് സമയമില്ല. മദ്യനിരോധനം മൂലം സംസ്ഥാനത്ത് നികുതിയിനത്തിൽ  ലഭിച്ചിരുന്ന വരുമാനം ഇല്ലാതാകുമ്പോൾ  സാമ്പത്തിക അരാജകത്വം  നാട് മുഴവൻ അനുഭവപ്പെടും. അതൊന്നും അറിയണ്ടായെന്നു ഭാവിച്ച് മതത്തെ  പ്രീതി പ്പെടുത്തി സർക്കാരിനെ  എങ്ങനെ നില നിർത്താൻ  സാധിക്കുമെന്നാണ് കേരളം ഭരിക്കുന്നവർ  ചിന്തിക്കുന്നത്.
 
ന്യൂനപക്ഷമായ ഒരു ജനം  മദ്യം ദുരുപയോഗം ചെയ്യുന്നതിന്റെ പേരിൽ  സമ്പൂർണ്ണമായ മദ്യനിരോധനം മുഴുവൻ ജനങ്ങളുടെ ചുമലിൽ നടപ്പാക്കുന്നത് നീതികരിക്കാവുന്നതല്ല. അത് ഒരാളിന്റെ വ്യക്തി സ്വാതന്ത്ര്യത്തെ  ചോദ്യം ചെയ്യലാണ്. ഓരോരുത്തർക്കും കുടിക്കുകയോ കുടിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യമോ  ഉണ്ട്.  ചിലർക്ക് പശു ഇറച്ചിയും മറ്റു ചിലർക്ക് പന്നിയിറച്ചിയും നിഷിക്തമാണെങ്കിൽ അവർ കഴിക്കാതെയിരിക്കട്ടെ.  സമൂഹം മുഴുവനും അതിന്റെ ശിക്ഷ അനുഭവിക്കണോ?  അതുപോലെ  ഏതാനും മദ്യപാനികൾ നിമിത്തം   മദ്യനിരോധനം നടപ്പിലാക്കുന്നത്  സമൂഹത്തെ മുഴുവനായി  ശിക്ഷിക്കുകയാണ്.  അവരുടെ  വ്യക്തി സ്വാതന്ത്ര്യത്തിന് തടസ്സമാവുകയും ചെയ്യുന്നു. ലഹരി കഴിക്കുന്നവർ തമ്മിലാണ് സാധാരണ തല്ലു കൂടാറുള്ളത്. ലഹരി കഴിക്കാത്തവർ  ലഹരിക്കടിമയാകുന്നവരിൽനിന്ന് അകന്നിരിക്കുകയാണ് പതിവ്. അമിത മദ്യപാനിയ്ക്ക് മദ്യം കഴിക്കാത്തവരെ അക്രമിച്ചു കീഴടക്കാൻ സാധിക്കില്ല. അത്തരക്കാരിൽനിന്നും അകന്നു ജീവിക്കാനും ആഗ്രഹിക്കുന്നു.  മദ്യനിരോധനം  കരിഞ്ചന്തക്കാർക്കുള്ള പ്രോത്സാഹനമാണ്. കാട്ടിലും ഭൂമിക്കടിയിലും  ഒളിച്ചുവെച്ചിരിക്കുന്ന ചാരായ കുപ്പികൾ പുറത്തിറക്കിയുള്ള  വ്യവസായങ്ങൾ രഹസ്യമായി വളരാനും തുടങ്ങും .  കുടിക്കേണ്ടവൻ  കുടിക്കേണ്ട മറ്റു വഴികൾ തേടി  അവന്റെ മദ്യപാനം തുടർന്നുകൊണ്ടിരിക്കും. കൂടുതൽ വില കൊടുത്ത് വാങ്ങുന്നതുമൂലം മദ്യപാനിയുടെ  കുടുംബം വീണ്ടും  തകർച്ചയിലേക്കു മാത്രമേ നിലം പതിക്കുകയുള്ളൂ.  രഹസ്യ സങ്കേതങ്ങളിൽനിന്നും  കിട്ടുന്ന ലഹരികളിൽ സർക്കാർ നിയന്ത്രണമോ ആരോഗ്യ വകുപ്പിൽനിന്ന് പരിശോധനയോ ഇല്ലാത്തതുകൊണ്ട് ഈ നിരോധനം മൂലം  ജനങ്ങളുടെ ആരോഗ്യം കൂടുതൽ വഷളാകാനെ  സാധ്യതയുള്ളൂ.  
 

 നിരോധനം മൂലം സർക്കാരിന്റെ സാമ്പത്തിക ഖജനാവിനെയും ബാധിക്കും.  മദ്യവിൽപ്പനകളിൽനിന്നു കിട്ടേണ്ട നികുതി മുഴുവനായി നഷ്ടപ്പെടും. അതുമൂലം വികസന പ്രവർത്തനങ്ങൾക്ക് തടസമാകും. അനേകം പേരുടെ ജോലിയും നഷ്ടപ്പെടും. മദ്യവുമായി തൊഴിൽ ചെയ്യുന്നവർ തൊഴിൽ രഹിതരാകേണ്ടി വരുന്നു.   ഇതും കുറ്റവാളികളുടെ  വളർച്ചയ്ക്ക് കാരണമാകും. തൊഴിൽ കണ്ടു പിടിക്കാൻ സാധിക്കാതെ വരുമ്പോൾ തൊഴിൽ രഹിതരായവർ  മയക്കു മരുന്നു വ്യവസായങ്ങളിൽ അകപ്പെടാനും സാധ്യതകളുണ്ട്.
 
പരിഷ്കൃതരാജ്യങ്ങളിൽ സാമൂഹികമായ  ലഹരിയുപയോഗം അനുവദനീയമാണ്. മിക്ക സംസ്ക്കാരങ്ങളിലുമുള്ള  വിവാഹ ദിനങ്ങളിലും  ആചാരങ്ങളിലും    മിതമായ മദ്യം ഉപയോഗിക്കാം. ഗാന്ധിജിയും ലഹരി ഉപയോഗിക്കുന്നത് ഒരു സാമൂഹിക  ദ്രോഹമായിട്ടായിരുന്നു കണ്ടിരുന്നത്. ആരോഗ്യപരിപാലനയിൽ മുൻഗണന നല്കുന്നതിനായി  മദ്യം നിരോധിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നല്കിയതും ഗാന്ധിജിയുടെ മദ്യനയങ്ങളുടെ വെളിച്ചത്തിലായിരുന്നു. എന്നാൽ ഗാന്ധിജിയുടെ  ചിന്താഗതികളെ സ്വാതന്ത്ര്യം ലഭിച്ച ശേഷം മിക്ക സംസ്ഥാനങ്ങളും പരിഗണനയിൽ എടുത്തില്ല.  മദ്യത്തിൽനിന്ന് ലഭിക്കുന്ന നികുതി വരുമാനം ഇല്ലാതാക്കുവാൻ  സംസ്ഥാനങ്ങൾ  തയ്യാറായിരുന്നില്ല. ഗാന്ധിജി മദ്യനിരോധനത്തിനായി ആഹ്വാനം ചെയ്തെങ്കിലും അദ്ദേഹത്തിൻറെ സുഹൃത്തുക്കൾ മദ്യം ഉപയോഗിക്കുന്നവരായിരുന്നു. അവരെ അദ്ദേഹം മദ്യം വർജിക്കാൻ പ്രേരിപ്പിച്ച ചരിത്രമില്ല.എന്നിരുന്നാലും കേരളത്തിലെ മദ്യനിരോധനം വെറും ഭാഗികമായേ നടപ്പിലാക്കുന്നുള്ളൂ. കേരളത്തിലെ ബാറുകൾ അടച്ചിടാൻ പദ്ധതിയിട്ടെങ്കിലും തെങ്ങും കള്ളുകളും പനം കള്ളും വിൽക്കുന്ന ഷാപ്പുകൾക്ക്  നിയമം ബാധകമല്ല. പഞ്ചനക്ഷത്ര ഹോട്ടലുകളിലും മദ്യം വിൽക്കുന്നതിൽ തടസമില്ല. 
 

1920-1933 കാലങ്ങളിൽ അമേരിക്കയിലും മദ്യ നിരോധനം നടപ്പിലാക്കിയ ചരിത്രമുണ്ട്. ഇന്ത്യയിലെ നാലിലൊന്ന് ജനവിഭാഗങ്ങൾ 1954 വരെ മദ്യനിരോധന മേഖലകളിൽ വസിക്കുന്നവരായിരുന്നു. എന്നാൽ ഇന്ന് ഭൂരിഭാഗം സംസ്ഥാനങ്ങളും മദ്യ നിരോധനം നടപ്പിലാക്കാൻ തയ്യാറല്ല. നാഗാലാന്റിലും, മണിപ്പൂരിലും ഗുജറാത്തിലും ലക്ഷദ്വീപിലും മദ്യനിരോധനം നടപ്പാക്കിയിട്ടുള്ള  സംസ്ഥാനങ്ങളാണ്. കോടതികൾ അനുവദിച്ച സ്ഥിതിക്ക് കേരളസർക്കാരും മദ്യം നിരോധിക്കാനുള്ള നടപടികളുമായി മുമ്പോട്ടു  തന്നെയാണ്. 
 
ഇത്തരം ഒരു സാമൂഹിക വിപത്തിനെ നേരിടാൻ  സർക്കാർ  ഒരു തീരുമാനമെടുത്തത് കേരളത്തിലെ കുടിയന്മാരുടെ എണ്ണം വർദ്ധിച്ചതുകൊണ്ടായിരിക്കാം. അമേരിക്കയിലെയും ഇന്ത്യയിലെയും ചരിത്രമൊന്നു  പരിശോധിക്കുകയാണെങ്കിൽ മദ്യനിരോധനംകൊണ്ട് പിന്നീട് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായതായി കാണാം.  വൻതോതിലുള്ള ചാരായം വാറ്റും വിപ്ലാവാരിഷ്ടവും കരിഞ്ചന്ത മാർക്കറ്റിലിറങ്ങും. ഒരു കൂട്ടം   ചാരായ വാറ്റുകാരായ ഇത്തരം സംഘിടിത കുറ്റവാളികളെ സൃഷ്ടിക്കുന്നതിനും കാരണമാകും. ഇവരെ നിയന്ത്രിക്കാനായി സർക്കാരിന് കൂടുതൽ പോലീസിന്റെ സഹായവും വേണ്ടി വരും. നിയമം  തന്നെ ആരാജകത്തിലാകുകയും ചെയ്യും. സർക്കാരിന്റെ  നികുതിയിനത്തിലുള്ള ഭീമമായ വരുമാനവും നഷ്ടപ്പെടും. മദ്യ നിരൊധനമൂലം ആറായിരം കൊടിയോളം നഷ്ടമുണ്ടാകുമെന്നും കണക്കാക്കിയിട്ടുണ്ട്. ഈ കമ്മി  കേരളത്തിന്റെ വികസന പദ്ധതികളെയും  ഇല്ലാതാക്കും.  നികുതിദായകരിൽ നിന്നു ലഭിച്ചിരുന്ന നഷ്ടം  നികത്താൻ  കൂടുതൽ നികുതിയും ചുമത്തേണ്ടി  വരും. അധിക നികുതി പെട്രോളിലും നിത്യ ഉപയോഗ സാധനങ്ങളിലും ചുമത്തുന്നതുമൂലം  സാധാരണണക്കാരന്റെ ജീവിതം കൂടുതൽ സങ്കീർണ്ണമാവുകയും ചെയ്യും.

 

ലഹരി വിപത്ത് സാമൂഹിക തിന്മയെന്ന് ജനങ്ങളെ ബോധവല്ക്കരിക്കുന്ന ശ്രമങ്ങൾ നല്ലതാണ്. എന്നിരുന്നാലും  മദ്യ നിരോധനത്തിൽക്കൂടി ആ ലക്ഷ്യം പ്രാപിക്കില്ല. മദ്യ ദുരന്തത്തിന്റെ പരിണിത ഫലങ്ങളെയും അതിന്റെ ദൂക്ഷ്യവശങ്ങളെയും സർക്കാർ ജനങ്ങളെ ബോധവാന്മാരാക്കുകയാണ് വേണ്ടത്. അതിനായി അവരെ പഠിപ്പിക്കാനുള്ള  സംവിധാനങ്ങളും സെമിനാറുകളും ക്ലാസ്സുകളും സംഘടിപ്പിക്കണം.  സർക്കാരിന്റെ  മദ്യനിരോധനം  മദ്യത്തിനടിമകളാകുന്നവരെ സഹായിക്കാൻ ഉതകുകയില്ല. മാത്രവുമല്ല ചില പാർട്ടികളിലും കൂട്ടായ്മയിലും സാമൂഹിക  കൂടികാഴ്ചകളിലും നല്കുന്ന   മിതമായ മദ്യം   നിയന്ത്രിക്കുന്നത്  ഒരു  സാമൂഹിക ദ്രോഹമാണ്.
 

അടുത്തുള്ള ഒരു അയൽ വാസി  ചാരായക്കടയിൽ പോയി ബ്രാണ്ടിയും വിസ്ക്കിയും കഴിച്ചാലോ മറ്റൊരാൾ ലഹരി കഴിച്ചു വണ്ടി  ഓടിച്ചാലോ അവരെ ശിക്ഷിച്ചാൽ പോരെ?  മിതമായ സാമൂഹിക 'ഡ്രിങ്ക്' കഴിക്കുന്നവരെ  എന്തിനു ശിക്ഷിക്കണം?  കുറച്ചു പേർ ചെയ്ത തെറ്റിന്  സമൂഹമാകെ മദ്യനിരോധനം മൂലം ശിക്ഷിച്ചാൽ  അവിടെ നീതിയെവിടെ? മദ്യനിരോധനം മൂലം സർക്കാർതന്നെ നിയമത്തിന്റെ അതിരൂം ലംഘിക്കുകയാണ്.  ഒരു സർക്കാരിന്റെ ജോലിയെന്നാൽ  രാജ്യത്തിലെ  പൌരന്മാരുടെ ജീവനും  സ്വത്തുക്കൾക്കും  സുരക്ഷ നൽകുകയെന്നതാണ്. ഒരുവന്റെ സാമൂഹികമായ കൂട്ടായ്മയും മിതമായ ലഹരി ഉപയോഗിക്കുന്നതിലുള്ള സന്തോഷവും   ഇല്ലാതാക്കുകയെന്നതല്ല.  കേസുമായി  സർക്കാരിനെതിരെ ബാറുടമകൾ പോവുന്നതു കാരണം   സർക്കാരിന്  കോടതി ചിലവുകളായി   വലിയ നഷ്ടങ്ങളുമുണ്ടാകാം.
 
മദ്യ നിരോധനം നടപ്പിലാക്കുന്നതുമൂലം പൊതു ജനത്തിനു സർക്കാരിന്റെ നിയമ വ്യവസ്ഥകളോടുള്ള  മതിപ്പില്ലാതാകും. മയക്കു മരുന്നുകളുടെയും ചാരായ വാറ്റുകാരുടെയും എണ്ണം വർദ്ധിക്കുന്നതിനൊപ്പം നിയമം ലംഘിക്കുന്നവരുടെ എണ്ണവും വർദ്ധിക്കും.   "ഒരു ജനം മുഴുവനായി  നിയമത്തെ ലംഘിക്കുന്ന സ്ഥിതിവിശേഷം വന്നാൽ   രാജ്യത്തെയും രാജ്യത്തിലെ നിയമത്തെയും ബഹുമാനിക്കുന്നില്ലായെന്നു  മനസിലാക്കണമെന്ന്"എബ്രാഹം ലിങ്കണ്‍  പറഞ്ഞിട്ടുണ്ട്.   മദ്യനിരോധനം ഭൂരിഭാഗം ജനങ്ങളും അനുസരിക്കില്ലെങ്കിൽ രാജ്യം മുഴുവൻ കുറ്റവാളികളാകും.  അല്പ്പം മദ്യം സന്തോഷത്തിനു വേണ്ടിയും ഉണ്മേഷത്തിനായും കഴിക്കുന്നതും നിരോധിക്കുന്നുവെങ്കിൽ  നിരോധനം കൊണ്ടു  എന്ത്  നന്മയാണ് ജനങ്ങൾക്ക് ലഭിക്കാൻ പോവുന്നത്? നിലവിലുള്ള നിയമത്തെ മാനിക്കുന്ന  മനുഷ്യ മനസുകളിൽ  നിന്ദയുണ്ടാക്കാൻ മാത്രമേ  മദ്യനിരോധനം കൊണ്ട് പ്രയോജനപ്പെടുകയുള്ളൂ.
 
 
മദ്യം  കരിഞ്ചന്തയിൽനിന്നു മേടിക്കാൻ അതിനായി മെരുക്കിയെടുത്ത  ഗുണ്ടാകളുടെ സംഘടനകളും ഉണ്ടാകാം.  മദ്യം മൂലം  അമിത പണമൊഴുക്കുള്ള കച്ചവട രഹസ്യങ്ങളെ ഒറ്റു കൊടുക്കുന്നവരെ വകവരുത്താനും ഈ മാഫിയാകൾ മടി കാണിക്കില്ല. ചാരായ ബ്രാണ്ടി കുപ്പികൾ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കടത്തുന്നതിനൊപ്പം സംസ്ഥാനാതിർത്തിയിലുള്ള പോലീസും പണത്തിന്റെ തണലിൽ അവരോടൊപ്പം നില്ക്കും. കൊലപാതകവും മോഷണവും ഈ മദ്യനിരോധനത്തിൽക്കൂടി വർദ്ധിക്കാനും സാധ്യതയുണ്ട്. ചൂതുകളിയും വ്യപിചാരവും മയക്കു മരുന്നും ഇതോടൊപ്പം വിപുലവുമാകാനും ഇടയാകുന്നു.  മദ്യ നിരോധനം പോലീസിനെയും ഉദ്യോഗസ്ഥരെയും  രാഷ്ട്രീയക്കാരെയും കൂടുതൽ അഴിമതിയ്ക്കു കാരണമാക്കും.  സഹികെട്ട ജനങ്ങൾക്ക് സർക്കാരിനോടുള്ള വിശ്വാസവും  ക്രമേണ നഷ്ടപ്പെടുകയും  ചെയ്യും.
 
മദ്യ നിരോധനത്തിന്റെ  പ്രതികരണമായി  പോലീസിനും   പ്രശ്നങ്ങളുണ്ടാകാൻ  സാധ്യതകളുണ്ട്.  മദ്യ നിരോധനത്തെ എതിർക്കുന്നവർ ചെറിയ ശതമാനമാണെങ്കിൽ  തന്നെയും അവരെയെല്ലാം ജയിലിൽ അടയ്ക്കാനും വമ്പിച്ച ചിലവുകൾ സർക്കാർ  വഹിക്കേണ്ടി വരും.  ജനങ്ങളുടെ സ്വത്തും ജീവനും രക്ഷിക്കാൻ ബാധ്യതപ്പെട്ട പോലീസിന്   മദ്യനിരോധനം കൊണ്ടുണ്ടായ മറ്റൊരു ക്രിമിനൽ  ദുരന്താവസ്ഥകളും  കൈകാര്യം ചെയ്യേണ്ടി വരുന്നു. അത് കോടതികളെയും  ഇന്ത്യൻ  നിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ടായിരിക്കും.  സർക്കാരിന്റെ നിയമപാലകർക്ക്  മദ്യ നിരോധനത്തിനെതിരായി പ്രതികരിക്കുന്ന  ജനത്തെ നിയന്ത്രിക്കേണ്ടിയും വരും.
 
മദ്യ നിരോധനം വൈകാരികമായും സാമ്പത്തികമായും അനേകരെ തകർക്കും. മദ്യവ്യവസാങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ആയിരക്കണക്കിനാളുകൾ തൊഴിൽ രഹിതരാകും. തൊഴിലില്ലായ്മ വർദ്ധന  രാഷ്ട്രത്തിനുതന്നെ ഭാരമാകും. തൊഴിൽ രഹിതരായവർ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുകയോ കുറ്റകൃത്യങ്ങളിൽ  പങ്കു ചേരുകയോ  മോഷണം, മയക്കു മരുന്ന് വ്യവസായങ്ങളിൽ ഇടപെടുകയോ ഉണ്ടാവാം.  മതങ്ങൾ മദ്യമെന്നുള്ളത് പിശാചിന്റെ കരവേലയെന്നു പ്രചരിപ്പിച്ചതു കാരണം മദ്യഷാപ്പിൽ ജോലി ചെയ്തവർക്ക് അന്തസ്സായി  ജീവിക്കാൻ മറ്റൊരു തൊഴിൽ കണ്ടു പിടിക്കാനും പ്രയാസമാകും.  
 
പഴവർഗങ്ങളിൽ നിന്നുള്ള മദ്യത്തിൽനിന്നും  കാര്യമായ  ഉപദ്രവം ഉണ്ടാവുകയില്ലെങ്കിലും  മദ്യം നിരോധിക്കുന്നതു കാരണം  കള്ള വാറ്റുകാർ വിഷവും നവസാരവുമിട്ടു വാറ്റു ചാരായം ഉണ്ടാക്കും. ഇത് ജനങ്ങളുടെ ആരോഗ്യത്തിനെ ബാധിക്കുകയും ആയിരക്കണക്കിന് ജനത്തിന്റെ അകാലത്തിലുള്ള  മരണത്തിൽ കലാശിക്കുകയും ചെയ്യും. ചിലർ അന്ധരാവുകയും  ശരീരത്തിലെ  അവയവങ്ങളിൽ കേടു പാടുകൾ  സംഭവിക്കുകയും ചെയ്യും. മദ്യവുമായുള്ള കേസ്സിൽ പോലീസ് സമയം ചെലവാക്കുന്നതുമൂലം മറ്റുള്ള ക്രിമിനൽ കേസുകളിൽ  അശ്രദ്ധരാവുകയും  നിലവിലുള്ള  ഭീകര കുറ്റവാളികൾ സ്വതന്ത്രരായി നടക്കുകയും ചെയ്യും. 
 
കുടിച്ചു ജീവിച്ചവർക്ക്  കുടിച്ചുമാത്രമേ   ജീവിക്കാൻ സാധിക്കുകയുള്ളൂ. കുടിയന്മാർ വീട്ടിലിരുന്നു കുടിക്കാൻ നിർബന്ധിതരാകും. അവർ  കുടിക്കാൻ രഹസ്യ ചാരായ വാറ്റുകാരുടെ സങ്കേതത്തിൽ പോവുന്ന സമയം അവിടെ വെച്ചുതന്നെ കുപ്പി കാലിയാക്കേണ്ടി വരും. കുപ്പിയുമായി മടങ്ങി വരുന്ന സമയം പിടി കൂടാനും സാധ്യതയുണ്ട്. മദ്യനിരോധനം മനുഷ്യരെ കൂടുതൽ മദ്യാസക്തിയുള്ളവരാക്കും. അവർ കുടിക്കുന്നതിന്റെ അളവും കൂട്ടും. കരളുപോലും വെളുപ്പിക്കുന്ന പട്ടചാരായങ്ങൾ കുടിക്കാനും കുടിയന്മാർക്ക് പ്രശ്നമല്ല.മദ്യം കിട്ടാത്ത സ്ഥിതി വിശേഷം വരുന്ന ചിലർ അമിതമായ പുകവലിയെ ആശ്രയിക്കാനും  തുടങ്ങും. പുകവലി മദ്യത്തെക്കാൾ ഹാനികരമാണ്. ചിലർ മദ്യത്തിലും പുകവലിയിലും ഒരു പോലെ മത്തു പിടിച്ചവരാകും.

മദ്യ നിരോധനം നന്മയോ തിന്മയോയെന്ന് വിധിയെഴുതാൻ  പ്രയാസമാണ്.  അമേരിക്കാപോലും മദ്യനിരോധനമെന്ന നിയമം നടപ്പിലാക്കാൻ പരാജയപ്പെട്ടു.മദ്യം പല വഴികളിൽക്കൂടി കേരളത്തിലെത്തുന്ന സ്ഥിതിക്ക് മദ്യ നിരോധന നയമെന്നത് സർക്കാരിന്റെ ഭ്രാന്തൻ നയമെന്നു മാത്രമേ പറയാൻ സാധിക്കുകയുള്ളൂ.   ഫാർമസികളിലും ആയുർവേദ വൈദ്യശാലകളിലും വിപ്ലവാരിഷ്ടമെന്ന പേരിൽ  മനുഷ്യനെ കുടഞ്ഞു നിലത്തിടുന്ന ഒരു തരം ലഹരിയും വൻതോതിൽ വിൽപ്പന തുടങ്ങും. സർക്കാരിന് നഷ്ടപ്പെടുന്ന നികുതി ചാരായ മാഫിയാകളുടെ പൊക്കറ്റിലുമെത്തും. അവർക്കു വേണ്ടി മണിമന്ദിരങ്ങളും വിലകൂടിയ കാറുകളും കാത്തു കിടക്കുന്നു. അതിന്റെ വീതം  താഴെക്കിടയിലുള്ള വെറും പോലീസുകാരൻ മുതൽ മന്ത്രിമന്ദിരങ്ങൾ വരെയെത്തും. മദ്യ നിരോധനം വെറും ഒരു തമാശ മാത്രം. നിയമവും കോടതികളും വിലയ്ക്കു മേടിക്കാൻ കഴിവുള്ള മദ്യ മാഫിയാകൾക്ക് സർക്കാരിനെ തന്നെ  വരച്ച വരയിൽ നിർത്താനുമറിയാം. നിയമമുണ്ടെങ്കിലും അനുസരിക്കാൻ ജനമില്ലാതെ മദ്യനിരോധനം കൊണ്ടെന്തു പ്രയോജനം?

Thursday, September 11, 2014

പായ്‌ വഞ്ചിയിൽ ഭൂമി ചുറ്റിയ 'അഭിലാഷ് ടോമിയെന്ന' മലയാളി നാവികൻ



By ജോസഫ് പടന്നമാക്കൽ 

നാവിക കമാണ്ടർ അഭിലാഷ് ടോമി ഒരു പായ് വഞ്ചിയിൽ ഏകനായി  ഭൂഗോളത്തെ ചുറ്റിക്കറങ്ങിയത് ഭാരതചരിത്രത്തിന്റെ താളുകളിൽ  പുതിയതായ ഒരു അദ്ധ്യായം കുറിച്ചുകൊണ്ടായിരുന്നു.   ഭൂഗോളത്തെ ചുറ്റുന്ന  ആദ്യത്തെ ഇന്ത്യൻ, രണ്ടാമത്തെ ഏഷ്യൻ, എഴുപത്തിയൊമ്പതാമത്തെ ലോകസഞ്ചാരി എന്നീ അതുല്യ നേട്ടങ്ങൾ കൈവരിച്ചു. നാവിക വണ്ടി നിറുത്താതെ  സമുദ്രത്തിൽക്കൂടെ വിശ്രമമില്ലാതെ യാത്ര ചെയ്തതും സാഹസികനായ  അഭിലാഷിന്റെ  നേട്ടമായിരുന്നു. ചരിത്രത്തിൽ ആറായിരം പേർ എവറസ്റ്റ്റ് കൊടുമുടി കീഴടക്കിയിട്ടുണ്ട്. അറുന്നൂറു പേർ  ബാഹ്യാകാശ യാത്രികരുമായി അറിയപ്പെടുന്നു. എന്നാൽ കരകാണാകടൽ കീഴടക്കിയവർ ലോകപുസ്തകത്തിൽ എഴുപത്തിയൊമ്പതു പേർ മാത്രമേയുള്ളൂ. മനുഷ്യചരിത്രത്തിൽ തന്നെ അഭിലാഷിന്റെ ഏകനായ നാവികസഞ്ചാരം  ഒരു വിസ്മയമായിരുന്നു. അനേക തുറകളിൽ കഴിവുകൾ നിറഞ്ഞ ഒരു പ്രതിഭയാണദ്ദേഹം. വായനാശീലം ചെറുപ്പകാലം മുതൽ സ്വയം പരിപോഷിപ്പിച്ചിരുന്നു. കൂടാതെ ഫോട്ടോ ഗ്രാഫിയിലും കൈനോട്ടത്തിലും നൈപുണ്യം നേടിയിട്ടുണ്ട്. 'അഭിലാഷ് ടോമി' വിമാനമോടിക്കുന്ന ഒരു പൈലറ്റുകൂടിയാണ്. .


ആലപ്പുഴ ജില്ലയിൽ ചേന്നങ്കരിയിൽ കാലാക്കൽ വല്ല്യാറ വീട്ടിൽ വി.സി. ടോമിയുടെയും നെടുങ്കുന്നം പുത്തൻപറമ്പിൽ  അന്നമ്മ (വത്സമ്മ) യുടെയും  മകനാണ് അഭിലാഷ് ടോമി. പച്ചവിരിച്ച കുട്ടനാടൻ നെല്പ്പാടത്തും കായലോരത്തുമായി  അദ്ദേഹത്തിൻറെ പൂർവിക തലമുറകൾ   വസിച്ചിരുന്നു..സാഗർ പരികർമ്മ ll (രണ്ട്) എന്നു പേരിട്ട നാവികപദ്ധതി പ്രകാരം അലറുന്ന കടലുകളെ കീഴടക്കി നാലു ലക്ഷത്തോളം കിലോ മീറ്റർ താണ്ടി 150 ദിവസം യാത്ര ചെയ്ത് അഭിലാഷ് തന്റെ ദൌത്യം പൂർത്തിയാക്കിക്കൊണ്ട്  മുംബയിൽ  മടങ്ങി വന്നത് ഇന്ത്യയുടെ ചരിത്ര മുഹൂർത്തമായിരുന്നു. 


ചെറുപ്പം മുതലേ  വിവിധ  മേഖലകളിൽ അസാധാരണമായ ബുദ്ധി സാമർദ്ധ്യവും നൈപുണ്യവും  അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.  സ്കൂൾ തലങ്ങൾ മുതൽ പഠിക്കാനും മിടുക്കനായിരുന്നു. അദ്ദേഹത്തിൻറെ പിതാവ് നേവി ഉദ്യോഗസ്തനായിരുന്നതു കൊണ്ട് സ്വാഭാവികമായും വെള്ളവും സമുദ്രവുമായ ഒരു ജീവിതത്തിൽ  മനസ് അലിഞ്ഞു ചേർന്നിരുന്നു. കൂടാതെ തലമുറകളായി പൂർവിക പിതാക്കന്മാർ കുട്ടനാട്ടിലെ    വെള്ളവും കായലുമായി ജീവിച്ചിരുന്ന കർഷക കുടുംബങ്ങളായിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം മെഡിക്കൽ എഞ്ചി നീയറിംഗ്  വിഷയങ്ങളിൽ ഉയർന്ന നിലവാരത്തിൽ തന്നെ  പ്രവേശന പരീക്ഷകൾ പാസായെങ്കിലും അദ്ദേഹം അതൊന്നും സ്വീകരിക്കാതെ നേവിയിൽ  ചേരുകയാണുണ്ടായത്. കുടുംബക്കാരും സുഹൃത്തുക്കളും ഒന്നുപോലെ അഭിലാഷിന്റെ ഈ തീരുമാനത്തെ നിരുത്സാപ്പെടുത്തിയെങ്കിലും  അദ്ദേഹം വെള്ളവുമായി മനസിനിണങ്ങിയ  തൊഴിൽ സ്വീകരിക്കുകയാണുണ്ടായത്.  സ്വന്തം ജീവിതം കരുപിടിപ്പിക്കാനുള്ള എളുപ്പവഴികൾ മുമ്പിൽ തെളിഞ്ഞിരുന്നിട്ടും അതെല്ലാം വേണ്ടെന്നു വെച്ച്  ജീവിതത്തെ   ഒരു വെല്ലുവിളിയോടെ നേരിട്ട്   കഠിനമായ  ഒരു തൊഴിൽ സ്വീകരിക്കുകയാണുണ്ടായത്.


ഇതിനുമുമ്പും അഭിലാഷ് കേപ് ടൌണിൽനിന്ന് ഗോവയിലേക്ക് പായ്  വഞ്ചിയിൽ യാത്ര നടത്തിയിട്ടുണ്ട്. റിയോഡി ജനിറോയിൽ നിന്ന് കേപ് ടൗണിലെക്കായിരുന്നു മറ്റൊരു സമുദ്രയാത്ര. കടലിനെ ഭയപ്പെടുന്ന ഭൂരിപക്ഷത്തിനു മുമ്പിൽ വേറിട്ട മനുഷ്യനായി പുത്തനായ ഒരു സന്ദേശം നൽകിക്കൊണ്ട് അദ്ദേഹം ലോകത്തിന് മാതൃക കാണിച്ചുകൊടുത്തു. പായ് വഞ്ചിയിൽ  ലോകം മുഴുവൻ കറങ്ങിയ അഭിലാഷിനെ ഭാരതം കീർത്തിമുദ്ര നല്കി ബഹുമാനിച്ചു. ഇത് രാഷ്ട്രത്തിന്റെ സമാധാനത്തിനായുള്ള രണ്ടാമത്തെ വലിയ ബഹുമതിയാണ്. 2013 ആഗസ്റ്റ് പതിനഞ്ചാം തിയതി സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രസിഡന്റിൽനിന്നും ഈ മുദ്ര അഭിലാഷ് നേരിട്ടു വാങ്ങി. തീരം തൊടാതെ ലോകം ചുറ്റിയ മലയാളി നാവികനായ    അഭിലാഷിനു ദക്ഷിണനാവിക സേനയുടെ  സല്യൂട്ടോടു കൂടിയ ആദരണവും ലഭിച്ചിരുന്നു.


ദുർഘടവും അപായപ്പെടുത്തുന്നതുമായ ഒരു പായ് വഞ്ചി യാത്രയായിരുന്നു അഭിലാഷ് പൂർത്തിയാക്കിയത്.  തിരമാലകൾ ചിലപ്പോൾ ഏഴു നിലകളുള്ള കെട്ടിടത്തിനെക്കാളും ഉയരത്തിൽ  ആഞ്ഞടിച്ചു പൊങ്ങുമായിരുന്നു. അഭിലാഷങ്ങൾ ആകാശത്തോളമുണ്ടായിരുന്ന  അദ്ദേഹത്തിന് വെറും പായ് വഞ്ചിയിൽ  ലോകം ചുറ്റി കറങ്ങാൻ  ഭാഗ്യമുണ്ടായി. ചരിത്രത്തിലാദ്യമായി ഇന്ത്യൻ പതാക കേപ് ഹോണിൽ ഉയർത്തിയ ഇന്ത്യാക്കാരനും അദ്ദേഹമാണ്. 2013 മാർച്ച് മുപ്പത്തിയൊന്നാം തിയതി യാത്ര ചെയ്ത് മടങ്ങി വന്നപ്പോൾ ഇന്ത്യൻ രാഷ്ട്രപതി പ്രണാബ് മുക്കർജി അദ്ദേഹത്തെ സ്വീകരിക്കാൻ മുംബൈ  തുറമുഖത്തുണ്ടായിരുന്നു.   ഇന്ത്യയുടെ രാഷ്ട്രപതി നേരിട്ട് സ്വീകരിക്കാനെത്തുന്നുവെന്ന് അറിഞ്ഞപ്പോൾ അഭിലാഷിനുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. അന്നുകിട്ടിയ സ്വീകരണ സമ്മേളനത്തിൽ അഭിമാനത്തോടെ അദ്ദേഹം പറഞ്ഞു, "2008-ൽ ഞാൻ  ഒരു ഗാർഡ് ഓഫ് ഓണറിന്റെ കമാണ്ടർ എന്ന നിലയിൽ  അദ്ദേഹത്തെ വരവേല്ക്കാൻ  മുംബൈയിൽ പോയിരുന്നു. രാഷ്ട്രപതി  എന്നെ വരവേല്ക്കുകയെന്നത്  ഒരു നാവികസേനാ ലഫ്റ്റനന്റ് കമാന്ഡറായ എന്നെ സംബന്ധിച്ചിടത്തോളം വലിയ ഒരു നേട്ടമാണ്."




വെള്ളത്തിൽക്കൂടിയുള്ള സവാരി കുഞ്ഞായിരുന്നപ്പോൾ മുതൽ അദ്ദേഹത്തിനിഷ്ടമായിരുന്നു. വിമാനം ഓടിക്കാൻ പഠിച്ചതും യാദൃശ്ചികമെന്ന്  അദ്ദേഹം പറയുന്നു. അതുപോലെ കൈനോട്ടവും ഫോട്ടോ ഗ്രാഫിയും മറ്റൊരു ഹോബിയാണ്. വിമാനം പറപ്പിക്കാൻ വോളന്റീർ ചെയ്യുന്നതിന് കൈപൊക്കാൻ നേവി ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം ആദ്യം കൈപൊക്കി അവസരങ്ങൾ മുതലാക്കിയെന്നും   പറയുന്നു. വൈസ് അഡ്മിറൽ  മനോഹർ ആവതി,  സാഗർപരിക്രമ എന്ന പദ്ധതിക്ക് പരിപാടിയിട്ടപ്പോൾ   പായ് നൌകയിൽ  ഏകനായി ലോകസഞ്ചാരം  നടത്താൻ തയ്യാറുള്ള  ഒരാളെ നേവിയിൽനിന്നും അന്വേഷിച്ചിരുന്നു.   കമാണ്ടർ 'ദലിസ് ഡോണ്ടേയെ'  ആ പ്രൊജക്റ്റിലേയ്ക്ക് അന്ന് തെരഞ്ഞെടുത്തു. അഭിലാഷിനെ  ഈ പ്രൊജക്റ്റിലേക്ക് അദ്ദേഹത്തെ സഹായിക്കാൻ രണ്ടാമനായും തെരഞ്ഞെടുത്തു. കമാണ്ടർ ഡോണ്ടേ (Dhonde)  അന്ന് ഭൂമിയെ   വിജയകരമായി വലയം വെച്ചെങ്കിലും   അദ്ദേഹം നാലു സ്ഥലങ്ങളിൽ യാത്ര മുടക്കി വിശ്രമിക്കേണ്ടി വന്നു. കൂടുതൽ സാഹസികതയോടെ സാഗർ പരിക്രമയെ രണ്ടാമതും കമ്മീഷൻ ചെയ്യുവാൻ നേവി തീരുമാനിച്ചു. 



അഭിലാഷ് പറയുന്നു, "സാഗർ പരിക്രമയിൽ കമാണ്ടർ ഡോണ്ടേക്കൊപ്പം രണ്ടാമനായി തെരഞ്ഞെടുത്തപ്പോൾ  ഈ പദ്ധതിയുടെ പ്രാധാന്യത്തെയും രാജ്യത്തിൻറെ  ചരിത്രമാകുന്ന മുഹൂർത്തത്തെയും   അന്ന് ഞാൻ മനസിലാക്കി.  സാഗർ പരിക്രമ  പദ്ധതിയിലൂടെ ലോകം ചുറ്റിയുള്ള  ഈ സഞ്ചാരം ഭാരത സാഹസീക ചരിത്രത്തിന്റെ എഴുതപ്പെടുന്ന  നാഴികക്കല്ലായിരിക്കുമെന്നും അറിഞ്ഞതുകൊണ്ട്‌ ഞാൻ എന്നെ തന്നെ അതിന്റെ ഭാഗമായി സ്വയം തയ്യാറാക്കുകയായിരുന്നു."


സാഗർ പരിക്രമപദ്ധതിയ്ക്കുള്ള   പരിശീലനം നേടി വേണ്ടവിധം തയ്യാറെടുപ്പു നടത്തിയെങ്കിലും, മറ്റുള്ളവരെപ്പോലെ  അതിനായി അഭിലാഷ്  സമയം ചെലവഴിച്ചില്ല.  ലോകം ചുറ്റി കറങ്ങാനുള്ള ആഗ്രഹവുമായി നടക്കുന്ന  അതികായന്മാരുടെ ഒരു മസ്സിൽ ഗ്രൂപ്പുതന്നെ അവിടെയുണ്ടായിരുന്നു. ഈ യാത്രയ്ക്കുള്ള തയ്യാറെടുപ്പിനായി ദിവസം നൂറു കിലോ ഭാരം തന്നെ എടുക്കുകയും താഴത്തു വെക്കുകയും ചെയ്യണമായിരുന്നു. മൂന്നു വർഷത്തോളം അതിനായി പ്രായോഗിക പരിശീലനം നേടി. മുംബൈ പോർട്ടിൽ നിന്ന്  2012 നവംബറിൽ ആദ്യത്തെ പായ്  വഞ്ചി  യാത്ര നടത്തിയിരുന്നു .  ആ യാത്രയ്ക്ക് പ്രശ്നങ്ങൾ അധികമില്ലായിരുന്നെങ്കിലും പല ജോലികളും ഒറ്റയ്ക്ക് കൈകാര്യം ചെയ്യുവാൻ ഏറെ  ബുദ്ധി മുട്ടുള്ളതായിരുന്നു. 


അഭിലാഷ് ടോമി ആദ്യത്തെ യാത്രയിൽ ഡോണ്ട യുടെ സഹായിയായിരുന്നു.  ആ യാത്രയിൽ നാലു പ്രാവിശ്യം വിവിധ സ്ഥലങ്ങളിൽ നിറുത്തേണ്ടി വന്നു. രണ്ടാം സാഗർ പരിക്രമയിലെ  വഞ്ചി യാത്ര  മുറിയാതെ ഒരിടത്തും നിറുത്താതെയായിരുന്നു. യാത്ര പൂർത്തിയാക്കാൻ ഏകദേശം 150 ദിവസങ്ങൾ വേണ്ടി വന്നു. സൌത്ത് ആഫ്രിക്കയിലും ഗോവായിലും   'പായ വഞ്ചിയിൽ'   യാത്രാ പരിചയമുള്ളതുകൊണ്ട് ഇന്ത്യൻ നേവി അഭിലാഷിനു  ഈ ദൌത്യം നിർവഹിക്കാൻ അവസരങ്ങൾ കൊടുത്തു. ഉണങ്ങിയ മരവിച്ച ഭക്ഷണവും യാത്രകളിൽ ഉപയോഗിച്ചിരുന്നു. ഇന്ത്യൻ നേവിയുടെ മേൽനോട്ടത്തിൽ  കസ്റ്റം ബിൽറ്റായി ഉണ്ടാക്കിയ വണ്ടിയിലാണ് വെള്ളത്തിൽക്കൂടി അഭിലാഷ് യാത്ര ചെയ്തത്. ഈ വഞ്ചിക്ക് അമ്പത്തിയാറടി നീളമുണ്ട്. ഐ.എൻ.എസ്.വി. മാദെയി .(INSV Mhadei) എന്ന് ഈ വഞ്ചിക്ക് നാമകരണം നല്കി. ഗോവായിലാണ് 'മാദേയി' എന്ന പേരോടുകൂടിയ ഈ 'പായ വഞ്ചി' നിർമ്മിച്ചത്.  ഗോവയിലെ മുക്കുവരുടെ ദൈവമാണ് മാദേയി. സാഹസ ദിനങ്ങൾ കടന്ന് നൗക തീരത്തു മടക്കി കൊണ്ടുവന്നതിൽ ദൈവത്തെ മഹത്വപ്പെടുത്തുന്നുവെന്നും  അഭിലാഷ്.പറഞ്ഞു. 


രാത്രിയും പകലുമില്ലാതെ  കടലിലേക്ക് കണ്ണുകളുറപ്പിച്ച്,  വേലിയേറ്റങ്ങളും വേലിയിറക്കങ്ങളിൽക്കൂടി  വഞ്ചിയെ നിയന്ത്രിച്ച്  തിരമാലകളും കാറ്റും കൊടുങ്കാറ്റും തണുപ്പും ചൂടും താണ്ടി  സമുദ്രാന്തർ ഭാഗത്ത് സഞ്ചരിക്കുന്ന യാത്രികന്റെ ഒരു ദിവസം എങ്ങനെയെന്ന് മനസ്സിൽ പൊന്തി വരാവുന്ന ഒരു ചോദ്യചിന്ഹമാണ്.  വെള്ളത്തിനു മീതേ ദൃഷ്ടികൾ പതറാതെ യാത്ര തുടർന്ന അഭിലാഷ് തന്റെ ഡയറി കുറിപ്പിൽക്കൂടി  ഇതിനു ഉത്തരം നല്കുന്നുണ്ട്. അദ്ദേഹം പറയുന്നു, ‘’ഓരോ ദിവസത്തെയും  സമയപരിപാടി കൃത്യമായി തന്നെ ഞാൻ അനുഷ്ടിച്ചിരുന്നു. ഉറങ്ങാൻ പ്രത്യേകമായ ഒരു സമയമുണ്ടായിരുന്നില്ല.  പായ വഞ്ചി  എപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കും. അതൊരിടത്തും നിറുത്തില്ല. അവസരം കിട്ടിയാൽ പതിനഞ്ചും മുപ്പതും മിനിറ്റ് ഉറങ്ങും. അങ്ങനെ നാലഞ്ചു മണിക്കൂറുകൾ ഒരു ദിവസം ഉറങ്ങിയെങ്കിലായി.  ഓരോ ദിവസവും ആരംഭിക്കുന്നത് സൂര്യനെ  കാണുന്നതനുസരിച്ചായിരുന്നു. അരമണിക്കൂർ ധ്യാന നിരതനാകുമ്പോൾ  ഒരു ഗ്ലാസ് പാല് കുടിച്ചെങ്കിലായി.  ഓരോ മണിക്കൂറിലും സംഭവിക്കാവുന്ന കാലാവസ്തകളുടെ ചാർട്ടുകൾ പരിശോധിക്കും.  എട്ടു മണിയാകുമ്പോൾ അതാതു ദിവസത്തെ റിപ്പോർട്ടുകളും സമുദ്രത്തിലെ കാഴ്ചകളും നേവൽ ഓഫീസ്സിൽ അറിയിക്കണമായിരുന്നു. സൂര്യനസ്തമിക്കുന്നതിനു മുമ്പ് ജോലികളെല്ലാം പൂർത്തിയാക്കുകയും വേണമായിരുന്നു. പ്രഭാതത്തിലെ  ഭക്ഷണം കഴിഞ്ഞ് ചെയ്യാനുള്ള  ജോലി ഞാൻ പൂർത്തിയാക്കിയിരുന്നു. ഉച്ചയാകുമ്പോഴേക്കും  സമുദ്ര യാത്രയിലെ  പുതിയ കാഴ്ചകളും നിരീക്ഷിച്ചുകൊണ്ടിരിക്കും. രണ്ടു മണിയാകുമ്പോൾ ഉച്ച ഭക്ഷണം കഴിക്കും. അതിനു ശേഷം സൂര്യാസ്തമയം വരെ വഞ്ചിയിൽ എന്റെ ജോലി തുടർന്നു കൊണ്ടിരിക്കും. കാലാവസ്തകളെയും നിരീക്ഷിച്ചു കൊണ്ടിരിക്കും.രാത്രി എട്ടുമണിയാകുമ്പോൾ അന്ന് സംഭവിച്ചതെല്ലാമുള്ള റിപ്പോർട്ട്  രണ്ടാമതും തയ്യാറാക്കണം. ഇതിനിടയിൽ വീഡിയോയിൽ പടങ്ങളെടുക്കണം,ബ്ലോഗിലും യാത്രാ വിവരണങ്ങൾ അപ്പോഴപ്പോൾ എഴുതിയിരുന്നു. വാർത്താ റിപ്പോർട്ടുകൾ,  യാത്രയുടെ മാറ്റങ്ങൾ, പായ് വഞ്ചിക്കെന്തെങ്കിലും   തകരാറുണ്ടായാൽ നന്നാക്കൽ എന്നിങ്ങനെ ദിനംപ്രതിയുള്ള  ജോലിയുടെ ഭാഗങ്ങളായിരുന്നു."

  
25 മീറ്ററോളം ഉയരമുള്ള പായ്മരത്തിൽ  അള്ളിപ്പിടിച്ചുകൊണ്ട്  മുകളിൽ  കയറിയതും അതിന്റെ  അറ്റകുറ്റപ്പണികൾ നടത്തിയതും ഭീമാകാരമായ  ചരക്കുകപ്പലുകളുടെ പാതയിൽ  അകപ്പെട്ടുപോയതും അഭിലാഷിനു മറക്കാനാവാത്ത  അനുഭവങ്ങളായിരുന്നു.  മൗറീഷ്യസ് തീരം കടന്നുപോയപ്പോൾ  ടാങ്കിലെ വെളളം മലിനമായി കഴിഞ്ഞിരുന്നു. പായ് വഞ്ചിക്കു മീതെ വിരിക്കുന്ന ഷീറ്റും കാറ്റുപിടിക്കാനുള്ള പായും ഉപയോഗിച്ച് മഴവെള്ളം ശേഖരിക്കുകയാണുണ്ടായത്. മരണത്തെ അഭിമുഖീകരിച്ച അനുഭവംവരെ യാത്രയിൽ  ഉണ്ടായതായി അഭിലാഷ് പറയുന്നു. കേപ് ഓഫ് ഗുഡ് ഹോപ്  വെച്ചായിരുന്നു മരണത്തോട് മല്ലിടേണ്ടി  വന്നത്. 130 കിലോമീറ്റ വേഗത്തിൽ  ആഞ്ഞടിച്ച കാറ്റിൽ പായ് വഞ്ചി ആടിയുലയുകയായിരുന്നു. കാറ്റ് ഒട്ടുമില്ലാത്തതും കൊടുങ്കാറ്റ് വീശുന്നപോലെ വെല്ലുവിളി നിറഞ്ഞതാണ്. കാറ്റില്ലെങ്കിൽ പായ് വഞ്ചിക്ക് മുന്നോട്ടുപോകാനാവില്ല. അത്തരം അവസ്ഥകളും അഭിലാഷിന് തരണംചെയ്യേണ്ടിവന്നു.
 
സമുദ്രത്തിലെ ജീവിതം സുഖമാണെന്നു ആരാണ് പറഞ്ഞത്? കാറ്റിനഭിമുഖമായിപ്പോവുന്ന പായ് വഞ്ചിയിലെ  കൊടും  സമുദ്ര യാത്രയിൽ യാതനകളേറെയുണ്ട്. യാത്ര ചെയ്യുമ്പോൾ ചെറിയ കാറ്റുകൾ അപ്രതീക്ഷിതമായി ചിലപ്പോൾ കൊടുങ്കാറ്റായി മാറും. താപനില 40 ഡിഗ്രിയിൽ നിന്ന് പൂജ്യം ഡിഗ്രിയായി മാറാം. 'അഭിലാഷ്'  തന്റെ സ്വപ്നങ്ങൾ  പൂർത്തികരിക്കാൻ   ഭൂമി ഗോളത്തിലെ   കരകളായ കരകളെല്ലാം വീക്ഷിച്ച്  സമുദ്രത്തിൽക്കൂടി സഞ്ചരിച്ചു. യാതൊരു നിയമങ്ങളുമില്ലാതെ ദൈവത്തെപ്പോലും  ചിന്തിക്കാൻ സമയമില്ലാതെ  സുബൊധം പോലുമില്ലാതെയുള്ള യാത്രയായിരുന്നുവെന്ന് അഭിലാഷ് പറയുന്നു. ഗുഡ് ഹോപ്പ്   മുനമ്പുകൾ  കപ്പലുകളുടെ ശവക്കുഴികളെന്നാണ് അറിയപ്പെടുന്നത്. അതിശക്തിയായ കൊടുങ്കാറ്റിനെ ഭേദിച്ച് അദ്ദേഹത്തിൻറെ  പായ് വഞ്ചി നീങ്ങികൊണ്ടിരുന്നു. തിരമാലകൾ ആഞ്ഞടിച്ചിരുന്നത് പതിനഞ്ചു മീറ്ററിലും ഉയരത്തിലായിരുന്നു . കേപ്പ് ഓഫ് ഗുഡ് ഹോപ്പ്  കടന്നപ്പോളുണ്ടായ അനുഭവത്തിൽ   അതിനിർണ്ണായമായ ഒരു സുന്ദരദിനവും  അഭിലാഷ് ഡയറിയിൽ വിവരിക്കുന്നുണ്ട്.  സമുദ്രങ്ങളുടെ എവറസ്റ്റ് കൊടുമുടിയെന്നും  ആ സമുദ്രച്ചുഴികളെ പറയും. സമുദ്ര യാത്രക്കാരുടെ ഏറ്റവും ബുദ്ധിമുട്ടേറിയ നാവിക ചുഴിയിൽക്കൂടി  കടന്നു പോയപ്പോഴായിരുന്നു ഇന്ത്യയുടെ  ത്രിവർണ്ണ പതാക റിപബ്ലിക്ക് ദിനത്തിൽ  പായ് വഞ്ചിയുടെ  അമരത്തിൽ അന്നുയർത്തിയത്. 

   
കരകാണാ കടലിലെ വിസ്തൃതമായ ജലവിതാനങ്ങളിൽക്കൂടി 150 ദിവസങ്ങൾ  അദ്ദേഹം കഴിച്ചുകൂട്ടി.  ഏകാന്തതയുടെ ചുരുളുകളഴിഞ്ഞുള്ള ദിനരാത്രങ്ങളിൽ ചങ്ങാതികളായി  കടൽജന്തുക്കളും കടൽപക്ഷികളും ഡോൾഫിനുകളും കൂട്ടുകാരായി ഉണ്ടായിരുന്നു. അഞ്ചുമാസത്തോളം മനുഷ്യരുമായി സഹവാസമില്ലാത്ത ഒരു ജീവിതം വിചിത്രമായ ഒരു ലോകമെന്നു കേൾക്കുന്നവർക്ക് തോന്നാം. യാത്രികനെന്നതിലുമുപരി പായ് വഞ്ചിക്കുള്ളിലെ ജോലികളെല്ലാം സ്വയം ചെയ്യണമായിരുന്നു. രാത്രിയോ  പകലോ  വിത്യാസം കൽപ്പിക്കാതെ ജോലികൾ ദിനചര്യകളോടൊപ്പം തുടർന്നുകൊണ്ടിരിക്കണം. വഞ്ചിക്കകം  ദിവസവും അടിച്ചു വൃത്തിയാക്കണം, വഞ്ചിയുടെ കേടുപാടുകൾ വൈദഗ്ദ്ധ്യത്തോടെ സ്വയം പരിഹരിക്കണം, വാർത്താ വിനിമയം കൈകാര്യം ചെയ്യണം, ഓടുന്ന വഞ്ചിയിൽനിന്നും കടലിന്റെ പടങ്ങളെടുക്കണം. അഭിലാഷിന്റെ കടലിലെ ഓരോ ദിവസങ്ങളിലും ജോലികൾ കൃത്യമായി ചെയ്യണമായിരുന്നു. എഴുത്തുകാരനും  ഫോട്ടോസ്പെഷ്യലിസ്റ്റുമായ  അദ്ദേഹം തന്റെ പാടവം  എന്നും തെളിയിച്ചുകൊണ്ടിരുന്നു. കൂടാതെ കടലിന്റെ ഇമ്പത്തിൽ തിരമാലകളിൽക്കൂടി വഞ്ചി നീങ്ങുമ്പോൾ നിശബ്ദതയിൽ മനസ് ചഞ്ചലിക്കുമ്പോൾ  സ്വരമാധുരിയോടെ അദ്ദേഹം പാടുമായിരുന്നു. വെട്ടിത്തിളങ്ങുന്ന പൂനിലാവിലെ നീല സമുദ്രത്തെ നോക്കിയും തെളിമയാർന്ന  നക്ഷത്ര സമൂഹങ്ങളുള്ള ആകാശത്തെ നോക്കിയും ചിറകുകളുണ്ടായിരുന്നെങ്കിൽ മാലാഖമാരെപ്പോലെ തത്തി കളിക്കാമായിരുന്നുവെന്ന്  അദ്ദേഹത്തിനു തോന്നിക്കാണും ..   




പതിനായിരങ്ങളുടെ മനം കവർന്ന അഭിലാഷ് ടോമി ഈ സാഹസ യാത്രയിൽ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ  വിവരിക്കുന്നത് ഇങ്ങനെ, "ആരംഭത്തിൽ  ഈ സാഹസത്തിന് തടസങ്ങളേറെയുണ്ടായിരുന്നു. സ്വന്തത്തിൽപ്പെട്ടവരും  സുഹൃത്തുക്കളും മാതാപിതാക്കളും ഒരുപോലെയെതിർത്തു. ലോകത്തിലുള്ള ഒരു മാതാപിതാക്കളും തങ്ങളുടെ മകന്റെ ജീവൻ പണയം വെച്ചുകൊണ്ടുള്ള ഇത്തരം ഒരു സാഹസത്തിന് പോകാനാഗ്രഹിക്കില്ല. കൂട്ടുകാരും എന്നെ നിരുത്സാഹപ്പെടുത്തി. ഞാൻ ഇന്ത്യൻ നേവിയുടെ പൈലറ്റാണ്. സൂര്യതാപവും കഠിനമായ കാലാവസ്ഥയും വകവെക്കാതെ പല തവണകൾ സമുദ്ര യാത്രകൾ നടത്തിയിട്ടുണ്ടായിരുന്നു. മനുഷ്യസഹജമായ മരണഭയം എനിക്കുമുണ്ടായിരുന്നു. പക്ഷെ അതെന്റെ യാത്രയ്ക്ക് തടസമാകാൻ മനസനുവദിച്ചില്ല. എന്റെ യത്നം ഉപേക്ഷിക്കാൻ സത്യമായും ഞാനൊരിക്കലും ആഗ്രഹിച്ചില്ല. ദുരിതങ്ങളുടെയും കഷ്ടപ്പാടുകളുടെയും ദിനങ്ങളുണ്ടായിരുന്നെങ്കിലും എന്നെയത് നിരാശനാക്കിയില്ല. നൈരാശ്യമല്ല പ്രത്യാശകളാണ് ജീവിത വിജയത്തിന്  വേണ്ടതെന്ന പ്രമാണത്തിൽ ഞാൻ വിശ്വസിച്ചു. എനിയ്ക്ക് ധൈര്യം തന്നത് എന്റെ ധ്യാനവും സമുദ്രത്തെ കാക്കുന്ന മാദെയിലുമുള്ള വിശ്വാസവുമായിരുന്നു. "



ഭാവിയിലേക്കും അഭിലാഷിന് പദ്ധതികളേറെയുണ്ട്. ഒരു കുഞ്ഞുവിമാനത്തിൽ ഏകനായി ഭൂഗോളം കറങ്ങാനാണ് മനസ്സിൽ പദ്ധതികൾ ഇട്ടിരിക്കുന്നത്. അങ്ങനെയെങ്കിൽ  വെള്ളത്തിലും ആകാശത്തിനു മീതെയും   ഒരുപോലെ യാത്ര ചെയ്തു ഭൂഗോളം  കീഴടക്കിയ ആദ്യത്തെ യാത്രികനെന്ന സ്ഥാനം അദ്ദേഹത്തിനു  നേടാൻ സാധിക്കും. മുമ്പോട്ട് കുതിക്കാൻ സ്വപ്നങ്ങൾ നെയ്തെടുക്കുന്നവർക്ക് അഭിലാഷിന് ഒരു അഭ്യർത്ഥനയുണ്ട് 'ഏകനായി ജീവിക്കൂ'



 ഭാരതത്തിന്റെ യശസ് ലോകത്തിന്റെ മുമ്പിലുയർത്തിയ ഈ കുട്ടനാട്ടുകാരൻ ഇന്ന് ഈ നാടിന്റെ അഭിമാനമാണ്. കഠിനമായ യാതനകളിൽക്കൂടി നേടിയെടുത്ത അദ്ദേഹത്തിൻറെ നേട്ടം ഇന്ത്യയുടെ സ്വപ്നമായിരുന്നു. ഭാരതത്തിന്റെ കായിക നേട്ടത്തിൽ അതൊരു  തിളക്കം  ചാർത്തിയ ദിനമായിരുന്നു.  നേട്ടങ്ങൾ കൈവരിച്ചിട്ടും മനസ്സിലങ്ങനെയൊന്നു  നേടിയെന്നു ചിന്തിക്കാതെ   ലാളിത്യത്തിന്റെയും എളിമയുടെയും   ജീവിതമാണ്  അഭിലാഷ് എന്നും   നയിക്കുന്നത്. വെള്ളവും കരയും  ചുറ്റിയ ജീവിത കഥകളുടെ  ഒരു ബാല്യമായിരുന്നു അഭിലാഷിൽ പ്രകാശിച്ചിരുന്നെങ്കിലും  കുട്ടനാടിന്റെ ഐശ്വര്യവും ലാളിത്യവും കുലീനത്വവും  അദ്ദേഹത്തിൻറെ മുഖത്ത് സദാ പ്രസരിക്കുന്നതും   കാണാം.  വിനയത്തിന്റെയും സൗഹാർദത്തിന്റെയും    ഉടമയാണ് അദ്ദേഹമെന്ന്  വ്യക്തമായി ഒരാൾക്ക്  കാണാൻ സാധിക്കും. 
 
 
അഭിലാഷിന്റെ നൗക പോയ  ഭൂവിഭാഗങ്ങളുടെയും സമുദ്ര വിസ്മയങ്ങളുടെയും നൂറുകണക്കിന് ഫോട്ടോകളും വീഡിയോകളും  സൈബർ പേജുകളിൽ കാണാം. പ്രകൃതിയുമായി അലിഞ്ഞു ചേർന്നിരിക്കുന്ന ചിത്രങ്ങൾ മനുഷ്യമനസുകളിൽ ദൈവവുമായ ഒരു  ബന്ധം സൃഷ്ടിക്കും. ചിത്രങ്ങൾ കണ്ടാൽ സ്വപ്നാടന ലോകമോ ഹോളിവുഡ് സിനിമായോ എന്ന് ഓർത്തുപോകും. യാത്രകളുടെ പടങ്ങൾ കാണുന്നവർ അങ്ങനെ തെറ്റിദ്ധരിക്കും. പ്രകൃതിയും സത്യവും അലിഞ്ഞു ചേർന്ന കഥയുമായി  ലോകം ചുറ്റിയുള്ള സാഹസികതയുടെ യാത്രയാണ് അഭിലാഷിന് പറയാനുള്ളത്. കടലിന്റെ ഇരമ്പും  കാറ്റും കൊടുങ്കാറ്റും  തിരമാലകളുടെ ആഞ്ഞടിയും യാത്രികന്റെ ഹൃദയ സ്പന്ദനവും പകർത്തിയെടുത്ത  പടങ്ങൾ  ആത്മാവിന്  അനുഭൂതികൾ നല്കുന്നതാണ്. ദൈവവുമായ ഒരു സംവാദവും അവിടെ കാണാം.


Malayalam Daily News:
 
EMalayalee: http://emalayalee.com/varthaFull.php?newsId=84724




 

 







 

Sunday, September 7, 2014

ഓണവും അദ്ധ്യാത്മിക ചിന്തകളും



By ജോസഫ് പടന്നമാക്കൽ 

ഓണമെന്നുള്ളത്  ദൈവത്തിന്റെ കരങ്ങൾകൊണ്ട് ബലിയാടാകുന്ന ഒരു മഹാരാജാവിന്റെ ഓർമ്മപുതുക്കലാണ്.  ‘മഹാബലി വാണിടും കാലം മാനവരെല്ലാമൊന്നുപോലെ ‘എന്ന ആപ്ത  വാക്യം  ലോകം മുഴുവനുമായ  ഓണാഘോഷങ്ങളിൽ  മുഴങ്ങി കേള്ക്കുന്നുണ്ട് .  സാമൂഹിക ആദ്ധ്യാത്മിക മണ്ഡലങ്ങളിൽ  സമത്വം വിഭാവന ചെയ്യുന്ന  ഒരു  സാംസ്ക്കാരിക  മുന്നേറ്റവും മലയാളിയുടെ അഭിമാനമായ ഓണത്തോടൊപ്പം  ദൃശ്യമാണ്.   ഓണവും ദൈവവുമായ ഒത്തുചേരലിൽ ഓരോരുത്തരുടെയും ഭാവനകളനുസരിച്ച് ചിന്തകളിലും  മാറ്റം വരാം.  കാലത്തിനനുസരിച്ചും ദേശാന്തരങ്ങൾ മറി കടക്കുമ്പോഴും വീക്ഷണങ്ങളിലും അന്വേഷണങ്ങളിലും വ്യത്യസ്തതകൾ സംഭവിക്കാറുണ്ട്.  ഓണമെന്നാൽ എന്തെന്നും അതിന്റെ അർത്ഥവും ചോദിച്ചുകൊണ്ട്  സാധാരണ മലയാളികളല്ലാത്തവർ  ചോദ്യങ്ങളുമായി വരാറുണ്ട്.  ലോകത്തിന്റെ ഒട്ടുമിക്ക രാജ്യങ്ങളിലും മലയാളികൾ  ഓണം ആഘോഷിക്കുന്നു. അഭിനന്ദനങ്ങൾ അർപ്പിക്കാനും സമ്മാനങ്ങൾ കൈമാറാനും ഈ ദിവസങ്ങളെ  വിശിഷ്ട ദിനങ്ങളായി കരുതുകയും  ചെയ്യുന്നു. ഭാരതത്തിലെ എല്ലാ പാരമ്പര്യ ആഘോഷങ്ങൾക്കും  താത്ത്വികമായ കാഴ്ചപ്പാടുകൾ പണ്ഡിതരുടെയിടയിൽ  കാണാം. ആദ്ധ്യാത്മികതയുടെ വെളിച്ചത്തിൽ അർത്ഥം കല്പ്പിച്ചുകൊണ്ടാണ്   ഓരോ ആഘോഷ പരമ്പരകളിലുള്ള ദൈവങ്ങളെയും എഴുന്നള്ളിക്കാറുള്ളത്.








ബലിയെന്ന വാക്കിന് രണ്ട് അർത്ഥങ്ങളാണ് കല്പ്പിച്ചിരിക്കുന്നത്. ബലി ഇവിടെ ഒരു രാജാവിന്റെ പേരാണ്. ബലിയെന്നാൽ 'ശക്തിമാൻ'   എന്നർത്ഥമുണ്ട്. മഹാ ശക്തിമാനായ ഈ രാജാവ്   ഭീമാകൃതിയിലുള്ള ശരീരഘടനയോടെയുള്ള   വ്യക്തിയായിരിക്കാം.  നല്ല കായിക പുഷ്ടിയോടെ ആരോടും മല്ലാൻ കരുത്തനുമായിരിക്കാം. രണ്ടാമത്തെ അർത്ഥം പരിത്യാഗിയെന്നാണ്. ദാനശീലനായ   മഹാബലിയെ  അസുരഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 'സുര' എന്ന സംസ്കൃത വാക്കിൽ നന്മയെന്നാണ് അർത്ഥം.' അസുര' യെന്നാൽ അതിന്റെ വിപരീതമായ തിന്മയുമായി കണക്കാക്കുന്നു. കുഞ്ഞുങ്ങളുടെ ഭാവനയിൽ അസുരന്മാരെ ദുർഭൂതങ്ങളായി കാണുന്നു. ഈ ദുർദേവൻമാർക്ക് നീണ്ട മീശയും തലമുടിയും ഭയാനകമായ കണ്ണുകളുമുണ്ടായിരിക്കും. രാത്രിയിൽ ഞെട്ടിക്കുന്ന ഭീകര സ്വപ്നങ്ങളായി കുഞ്ഞുങ്ങളുടെ മനസ്സിൽ വന്നു കൂടും. വാസ്തവത്തിൽ ഇങ്ങനെയുള്ള ദുർഭൂതങ്ങളെ  മനുഷ്യനുണ്ടാക്കിയ ഭാവനകളാണ്.എല്ലാ മനുഷ്യരിലും അസുര മനോഭാവമുണ്ട്. പക്ഷെ നന്മയുള്ള   ദൈവങ്ങളെത്തേടി നാം പൂജാദി കർമ്മങ്ങളും ബലിയനുഷ്ടാനങ്ങളും നടത്താറുണ്ട്. വാസ്തവത്തിൽ നമ്മിലുള്ള അസുര ചിന്താഗതിപോലെ മഹാബലിയും അസുരനായിരുന്നുവെന്ന്  ഇതിഹാസങ്ങൾ പുലമ്പുന്നു.






മഹാബലി  മനസിനെ കീഴടക്കാനാഗ്രഹിച്ചു. മനസു മുഴുവൻ ദൈവത്തിങ്കൽ അർപ്പിക്കുമ്പോൾ  ദൈവവുമായി ഒരു ഒത്തുചേരലിന്റെ   മനസ്സായി  അവിടം രൂപാന്തരപ്പെടുന്നു.  പ്രപഞ്ച സൃഷ്ടാവായ ബ്രഹ്മനിൽ പരിപൂർണ്ണമായും  ലയിക്കാൻ മഹാബലി കഠിനാധ്വാനവും  ചെയ്തു. അദ്ദേഹത്തിന്റെ ലക്‌ഷ്യം  ഉപബോധ മനസിലെ ആത്മം കണ്ടെത്തുകയെന്നതായിരുന്നു.  യാഗങ്ങളിലും യജ്ഞങ്ങളിലും തപസുകളിലുംക്കൂടി  അത് നേടാൻ  ശ്രമവും   തുടങ്ങി.


ബലി യജ്ഞങ്ങളും  യാഗങ്ങളും നടത്താൻ തീരുമാനിച്ചാൽ എന്താണ് മനസിലാക്കേണ്ടത്. യജ്ഞങ്ങളും യാഗങ്ങളുമെന്നാൽ ആദ്ധ്യാത്മികതയുടെ ഭാഗങ്ങളാണ്. യാഗങ്ങളിൽക്കൂടി നമ്മിലെ ത്രിഗുണങ്ങളെ തിരിച്ചറിഞ്ഞാൽ  സത്യത്തിന്റെ വഴി തുറന്നു തരും. നമ്മിലുള്ള മൃഗീയ  ചേതനകളെ തമോഗുണമെന്നു പറയും. നമ്മുടെ വികാരങ്ങളും അതി താല്പര്യങ്ങളും മന ക്ഷോപങ്ങളും ത്യാഗങ്ങളും പീഡാനുഭവങ്ങളും ഉൾപ്പെട്ട സത്തകളെ രാജ ഗുണങ്ങളെന്നു  പറയും. ഈശ്വരഭക്തിയും ഗുരുഭക്തിയും ധർമ്മാനിഷ്ഠയും ധർമ്മ ശീലവും മൂന്നാമത്തെ സത്ഗുണയിലുണ്ട്.   






യാഗങ്ങളിൽക്കൂടി ഭൌതിക  സുഖങ്ങൾക്കായി നേടുന്ന    നേട്ടങ്ങളെല്ലാം  താല്ക്കാലികമാണ്.  ത്രിഗുണങ്ങൾക്കായുള്ള  യാഗങ്ങളും യജ്ഞങ്ങളും സമയകാല ബന്ധിതവുമാണ്. മഹാബലി യാഗമാരംഭിച്ചത് അധികാരത്തിനായ താത്ക്കാലിക  നേട്ടങ്ങൾക്കു വേണ്ടിയായിരുന്നു.  ഇന്ദ്രന്റെ സ്ഥാനവും മോഹിച്ചു. മഹാബലിയുടെ യജ്ഞങ്ങൾ ശരിയായ  പാതയിലല്ലെന്നുള്ള തിരിച്ചറിവ് അദ്ദേഹത്തിനില്ലാതെ പോയി. യജ്ഞങ്ങളും യാഗങ്ങളും ഭൌതിക നേട്ടങ്ങൾ കൈവരിക്കാനുള്ളതാണ്. 'ചൊദിപ്പിൻ കൊടുക്കപ്പെടും' എന്ന തത്ത്വം പോലെ നാം ക്ഷീണിതരാകുന്നവരെ നേട്ടങ്ങൾ കൊയ്തുകൊണ്ടിരിക്കും. അവസാനം നാം ഉച്ചത്തിൽ പറയും, 'എനിക്കിനി ഒന്നും വേണ്ടാ, നേടാനുള്ളതെല്ലാം ഞാൻ നേടിക്കഴിഞ്ഞു.'  





ലൌകിക ലോകത്തിന്റെ സുഖങ്ങൾ തേടി അർഹതയില്ലാത്ത  ആഗ്രഹങ്ങൾക്കായുള്ള   യാഗങ്ങളും യജ്ഞങ്ങളും  നമ്മെ ഒരിടത്തും ചെന്നെത്തിക്കില്ല. ലോക സുഖം മാത്രമേ കൈവരിക്കുകയുള്ളൂ. ഇന്ദ്രൻറെ സ്ഥാനം ലഭിക്കണമെന്നുള്ള   അത്യാഗ്രഹം മഹാബലിയുടെ പതനത്തിൽ അവസാനിച്ചു. ദൈവം അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കണമെന്നു   തീരുമാനിച്ചു. എന്തുകൊണ്ടാണ് മറ്റാരെയും  ശിക്ഷിക്കാതെ  മഹാബലിയെ മാത്രം ശിക്ഷിക്കുന്നതെന്നും ഒരു ചോദ്യമുണ്ടാകാം. ഒരു ജീവിതത്തിൽ  ഒരാൾക്കു  ലഭിക്കാവുന്ന ആഗ്രഹങ്ങൾ മുഴുവനായി മഹാബലി നേടിയെടുത്തിരുന്നു.  അതുകൊണ്ട്  ദൈവത്തിൽനിന്ന്  ഒരു പാഠം പഠിക്കാനും മഹാബലി  അർഹനായി. ദൈവത്തിന്റെ ശ്രദ്ധ നേടാൻ മഹാബലി നല്ലവനായി ജീവിച്ചു. സ്നേഹവും കരുണയും ദയയും അദ്ദേഹത്തിൽ പൂർണ്ണമായും ഉദയം ചെയ്തു. അദ്ദേഹം പ്രജകൾക്കു ഉത്തമനായ ഒരു രാജാവായിരുന്നു. രാജാക്കന്മാർക്കും മാതൃകാപരമായി രാജ്യവും ഭരിച്ചിരുന്നു. ജനങ്ങളെ പ്രീതിപ്പെടുത്താൻ, അവർക്കുവേണ്ടി എന്തു പരിത്യാഗം ചെയ്യാനും  മഹാബലി  തയ്യാറായിരുന്നു. ഈ ഗുണങ്ങൾ ദൈവത്തിൽ നിന്നുള്ള പാഠം പഠിക്കാനും മഹാബലിയെ യോഗ്യനാക്കി. 'എനിക്കതു വേണം ഇതു വേണം' എന്ന് ഒരുവൻ പറയുന്നുവെങ്കിൽ അവിടെ അവൻ ആഗ്രഹങ്ങൾക്ക് തടയിടുകയാണ്.അവനർഹിക്കാത്തത് ആഗ്രഹിക്കാൻ പാടില്ലായെന്ന്  അവനറിയാം.  ഇത്  കർമ്മ നിരതനായി ജീവിച്ച മഹാബലിക്ക് ദൈവത്തിൽനിന്നു  ലഭിക്കുന്ന സമ്മാനമായിരുന്നു. മനോഹരവും നിത്യവുമായ ആ ദൈവ കൽപ്പനകൾ സ്വീകരീക്കാൻ മഹാബലി യോഗ്യനുമായിരുന്നു. വിഷ്ണുവായ ദൈവം ഒരു കുരുളന്റെ രൂപത്തിൽ വാമനനായി വന്നു. മഹാബലിയ്ക്ക് ആ കുറുകിയ മനുഷ്യൻ ഒരു സുന്ദര രൂപമായിരുന്നു. ദൈവം ചെറുതും വലുതുമാണ്. പരമാണുവായും  പ്രപഞ്ചമാകയും ഉൾക്കൊള്ളുന്ന മൂർത്തികരണമായും രൂപാന്തരീകരണം നടത്തും. ദൈവത്തിൽ മാക്രോയും മൈക്രോയും തത്ത്വങ്ങളുണ്ട്. ചെറുതിൽ ചെറുതും വലുതിൽ വലുതുമാണ്. വാമനിൽ ദൈവരൂപം ചെറുതും വലുതുമുണ്ടായിരുന്നു.  സർവ്വ  വ്യാപിയായ ദൈവം  മഹാബലിയോടു ചോദിച്ചത് വെറും മൂന്നടി സ്ഥലം മാത്രമായിരുന്നു.





ദൈവത്തിനെങ്ങനെ മൂന്നടിയെന്നോർത്ത് മനുഷ്യർ വിസ്മയിച്ചേക്കാം.  ഈ  പൊക്കം കുറഞ്ഞ  അവതാരപുരുഷന് രാജ്യം മുഴുവൻ കൊടുക്കാൻ മഹാ ബലി തയ്യാറുമായിരിക്കുന്നു. . ചോദിക്കുന്നതെന്തും നല്കാമെന്ന് വാഗ്ദാനവും നല്കുന്നു. വാമനൻ ചോദിച്ചത്  മൂന്നു കാൽപ്പാദം സ്ഥലം മാത്രം. 'പ്രഭോ, അങ്ങ് താല്പര്യപ്പെടുന്ന മൂന്നു കാല്പ്പാദം അങ്ങേടുത്താലു'മെന്ന്'  മഹാബലി പറഞ്ഞു  മഹാബലിയുടെ ദാനം സ്വീകരിച്ചയുടൻ മൂന്നടിയായ അവതാരം  മൂന്നു മുക്കൊടിയും കവിഞ്ഞുള്ള  വലിപ്പത്തിൽ വളരാനും  തുടങ്ങി. അവതാരത്തിങ്കൽ ദൈവികമായ പ്രഭയുമുണ്ടായിരുനു.






വാമനൻ  തന്റെ ഒരു പാദം കൊണ്ട്   ഭൂമി മുഴുവനും അളന്നപ്പോൾ  മഹാബലിയിൽനിന്നും ഭൂതലത്തെ കൈവശപ്പെടുത്താൻ കഴിഞ്ഞു. അടുത്ത പാദം കൊണ്ട് ശൂന്യമായ ആകാശവും   പ്രപഞ്ചവും കീഴ്പ്പെടുത്തി. വാമനന്റെ മൂന്നാം പാദം  വെക്കാനായി ഇടമില്ല. മഹാബലി പറഞ്ഞു, 'പ്രഭോ അങ്ങയുടെ ദിവ്യമായ പാദം എന്റെ ശിരസ്സിൽ വെച്ചാലും.  അങ്ങ് ഭൂമിയും പ്രപഞ്ചാദി ഗോളങ്ങളും സൌരയുധങ്ങളും കീഴ്പ്പെടുത്തി. ഇതാ അങ്ങേയ്ക്ക് മുമ്പിൽ എന്റെ സിരസുകളെ ഞാൻ അർപ്പിക്കുന്നു."


ഒരു അസുരനെന്ന  നിലയിൽ മഹാബലി മഹാരാജാവിൽ   അധികാരം  മത്തു പിടിപ്പിച്ചിരിക്കാം. ദേവദൈവങ്ങളുടെയിടയിൽ  രാജാധിരാജനായി വാണരുളാൻ   ഉന്നത രാജ പീഠവും   അദ്ദേഹം കാംക്ഷിച്ചിരുന്നു. ഇന്ദ്രന്റെ അധികാരവും മഹാബലി മോഹിച്ചു. അധികാരത്തിനായി മനുഷ്യരെല്ലാം പരക്കം പായും. അതിനായി എന്തധർമ്മവും ചെയ്യാൻ മനുഷ്യന് മടി കാണില്ല. മറ്റുള്ളവർ അയാളെ സല്യൂട്ട് ചെയ്യണം, അയാളുടെ കീഴിൽ ദാസന്മാരായിരിക്കണം, അർഹിക്കാത്ത ബഹുമാനം വേണമെന്നെല്ലാമുള്ള ചിന്തകൾ മനുഷ്യനിൽ അടിയുറച്ചിട്ടുള്ളതാണ്. മഹാബലി ഭൂമിയിലെ രാജാവായിരുന്നിട്ടും ദേവന്മാരുടെയും ദൈവങ്ങളുടെയും മീതെ അധികാരം മോഹിച്ചു.  ദേവന്മാരുടെ നിയന്ത്രണത്തിനായി  അധികാരത്തിലുണ്ടായിരുന്നത് ഇന്ദ്രനായിരുന്നു . ഇന്ദ്രനെ സ്ഥാനഭ്രഷ്ടനാക്കാൻ മഹാബലി ബഹു മുഖങ്ങളായ  യജ്ഞങ്ങൾ തുടങ്ങിയിരുന്നു.







മഹാബലിയുടെയും വാമനന്റെയും കഥ വിദേശികളായവരുടെ സൃഷ്ടിയെന്ന്  സ്വാമി ഉധിത ചൈതന്യാജിയുടെ ചിന്തകളും പ്രഭാഷണങ്ങളും വെളിപ്പെടുത്തുന്നുണ്ട്. ഓണത്തെപ്പറ്റിയും അതിന്റെ ആധ്യാത്മികതയെപ്പറ്റിയും  സ്വാമി ഉധിത ചൈതന്യാജിയ്ക്ക്  മറ്റൊരു കാഴ്ചപ്പാടാണുള്ളത്. വാമനനായ ദൈവത്തെ അപമാനിക്കാൻ  സ്വാർത്ഥമതികളായ  ചിലർ കരുതിക്കൂട്ടി   മഹാ ഭാഗവതത്തിൽനിന്നും വ്യത്യസ്തമായി സത്യത്തെ വക്രീകരിച്ചുവെന്നു സ്വാമിജി വിശ്വസിക്കുന്നു. സർവ്വജന ബന്ധിയായ,  മഹാമനസ്ക്കത നിറഞ്ഞ  ഒരു രാജാവിന്റെ  സ്വയം ദൈവാർപ്പണത്തെ  വിദേശികൾ  ഭാവനകൾ നിറച്ച്  മറ്റൊരു കഥയായി വികൃതമാക്കിയിരിക്കുന്നു.  ദൈവത്തെപ്പോലും അസൂയയും കാപട്യവും നിറഞ്ഞവനായി ഓണ ഇതിഹാസങ്ങളിൽ ചിത്രീകരിച്ചിരീക്കുന്നതും  ഭാരതീയ മൂല്യങ്ങളെ അപമാനിക്കൽ കൂടിയാണ്. മഹാബലിയെ പാതാളത്തിലാക്കിയ   സ്വാർഥനും   അഹങ്കാരിയുമായ വാമനൻ എന്ന  വിഷ്ണു അവതാരത്തെ  ഒരു ഭക്തന്   ഉൾക്കൊള്ളാൻ  സാധിച്ചെന്നു വരില്ല. വാമനന്റെ ദൈവികത്ത്വത്തെ ഭക്തന്റെ മനസ്സിൽ ഉത്തേജിപ്പിക്കാൻ പഠനവും ആവശ്യമാണ്.




ഓണമെന്നുള്ളത് വെറും കാർഷിക ഉത്സവങ്ങളായി  പണ്ഡിതതരായവർ തങ്ങളുടെ   ഗ്രന്ഥങ്ങളിൽ എഴുതിച്ചേർത്തു. മഹാബലിയെന്ന ദാനശീലനായ ഒരു മഹാരാജാവിനെ ചായം പൂശി നരകത്തിലേക്ക് തള്ളി വിടുന്ന പരമാത്മാവിനെ സൃഷ്ടിച്ചതും വിദേശികളാണ്. വാസ്തവത്തിൽ ഈ കഥ നമ്മുടെ സംസ്ക്കാരത്തിനുതന്നെ   അപമാനമാണ്.  ഹൈന്ദവരുടെ ആധ്യാത്മിക ഗ്രന്ഥമായ ഭാഗവതത്തിൽ മഹാബലിയെപ്പറ്റി  വിവരിച്ചിട്ടുണ്ട്. തിരുവോണ ദിവസമാണ് വാമന പ്രഭു മഹാബലിക്ക് പ്രത്യഷനാകുന്നത്. ദൈവ തുല്ല്യനായ ഒരു രാജാവിന്റെ സമീപം  വാമന പ്രഭു വന്നതും ജുഗുപ്സാ വഹമായി  വളർച്ച  നശിച്ച ഒരു ഹൃസകായനായവന്റെ  രൂപത്തിലായിരുന്നു. തന്റെ സ്വത്തും പ്രതാപവും രാജ്യവും സകലതും ദൈവത്തിനടിയറ വെച്ച  മഹാബലിയെ കപടതയും അസൂയയും നിറഞ്ഞ ഒരു ദൈവത്തിന്റെ മുമ്പിൽ ബലി മൃഗമാക്കിയാണ് ഓണത്തിന്റെ കഥ വിദേശികൾ സൃഷ്ടിച്ചിരിക്കുന്നത്.  അത് നമ്മുടെ സംസ്ക്കാര മുന്നേറ്റത്തെ ചെളി വാരിയെറിയാൻ അവരുടെ കുതന്ത്രങ്ങൾക്ക് സാധിച്ചു.  സത്യം തേടി അലയുന്ന ഒരു തീർഥാടകൻ  ദൈവത്തെ  ഭയപ്പെടില്ല. അവനിലെ ആത്മം ദൈവമാണ്. അവനത് ലഭിച്ചത് കഠിനാധ്വാനത്തിൽക്കൂടിയാണ്. അവൻ ദൈവത്തെ ഭയപ്പെടാത്തത് 'ഞാൻ ദൈവമെന്ന' പരമ സത്യത്തിൽ വിശ്വ സിക്കുന്നതുകൊണ്ടാണ്. സത്യവാനായ ഒരുവനിൽ പരമാത്മാവിന്റെ സ്പുരണങ്ങൾ   നിറഞ്ഞിരിക്കുന്നു. വേദങ്ങളിലെ 'തത്ത്വം  അസി'  പഠിപ്പിക്കുന്നതും അതുതന്നെയാണ്.   മനുഷ്യ ധർമ്മങ്ങൾ പൂർത്തിയാക്കിയ മഹാബലി  സ്വയം ദൈവത്തിനർപ്പിക്കുന്നതായി ഭാഗവതത്തിലെ  മഹാബലിയിൽ വിവരിച്ചിട്ടുണ്ട്. മഹാ ഭാഗവതത്തിലെ ഈ വിഷയത്തിൽ  ആത്മീയത നിറഞ്ഞിരിക്കുന്നതായും കാണാം.  മഹാവിഷ്ണു വാമനരൂപത്തിൽ വന്ന് മഹാബലിയെ അനുഗ്രഹിച്ച് സ്വർഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന കഥയാണ് ഭാഗവതത്തിലുള്ളത്.







ജ്ഞാനം തേടി സഞ്ചരിക്കുന്നവൻ കെട്ടുകഥകളാണെങ്കിലും മനസിനുതകുന്ന അനുയോജ്യമായ  തത്ത്വചിന്തകളെ കണ്ടുപിടിക്കും. യേശു ഉപമകളിൽക്കൂടി തന്റെ ശിക്ഷ്യഗണങ്ങൾക്ക് ജ്ഞാനത്തിന്റെ പാത്രം പകർന്നു കൊടുത്തുകൊണ്ടിരുന്നു. ദൈവം തന്നെ ഒരു പുണ്യപുരുഷനായ  മഹാബലിയെ അപമാനിച്ചാൽ അവിടെ താത്ത്വികമായി ചിന്തിക്കാൻ സാധിക്കില്ല. സത്യത്തിന്റെ മഹാബലി നമ്മുടെ മനസിനെയാണ്  പ്രതിപാദിക്കുന്നത്. സ്വാർത്ഥതയെ പരിത്യജിച്ച് മനസിനെ സ്വതന്ത്രമാക്കി മഹാബലി സ്വയം  ദൈവത്തിൽ അർപ്പിക്കുകയാണ്. 'നിനക്കുള്ളതെല്ലാം വിറ്റ് എന്റെ പിന്നാലെ വരൂവെന്ന് യേശു ധനികനോട് പറയുന്നുണ്ട്.' മഹാബലിയിൽ പ്രകടമായിരിക്കുന്ന സത്യവും അതുതന്നെയാണ്. ഉപബോധ മനസ്സു നിറയെ ആത്മീയത പ്രകാശിച്ചിരുന്ന മഹാബലിയും തനിക്കുള്ളതെല്ലാം ദൈവത്തിങ്കൽ അർപ്പിക്കുകയാണ്. രാജാധിരാജനായിരുന്ന മഹാബലി  തന്റെ ഭൌതിക സുഖങ്ങളെ പരിത്യജിച്ച് പരമാനന്ദം നേടി സ്വർഗത്തിങ്കലെ മുക്തി പ്രാപിക്കുന്നതായി ഭാഗവതം പറയുന്നു. മഹാവിഷ്ണുവിന്റെ അവതാരമായ ‘വാമനൻ’ മഹാബലിക്കു നല്കിയത് പാതാളമല്ല പര ബ്രഹ്മം തന്നെയാണ്. മഹാബലിയെ പാതാളത്തിൽ ചവട്ടിതാത്തുവെന്ന കഥ ഭാരത സംസ്ക്കാരങ്ങളെയും  നേട്ടങ്ങളെയും അപമാനിക്കാൻ വിദേശികൾ മനപൂർവ്വം കുറിച്ചുവെച്ച വെറുമൊരു കെട്ടുകഥയാണ്‌. ഇതിൽ  ആത്മീയതയുടെ ലവലേശം പോലും കാണില്ല.






ഒരുവന്റെ മനസാണ് ഉത്തമവും സനാതന ശ്രേഷ്ടവും. മനസെന്നുള്ളത് ഭൌതികത ലോകത്തിനും ഉപരിയായ ധനമാണെന്ന് വേദങ്ങളും ഹൈന്ദവ ശാസ്ത്രവും  പഠിപ്പിക്കുന്നു.  മഹാബലി പഠിപ്പിക്കുന്ന  വേദവും അതുതന്നെയാണ്. മനസാകുന്ന അനുഭൂതി നമ്മിൽനിന്ന് കൈവിട്ടാൽ സർവ്വതും  നഷ്ടപ്പെടും.  ചഞ്ചലിക്കുന്ന  മനസിനെ സ്വന്തമാക്കിയാൽ  സമസ്തവും നാം നേടുന്നു. തന്റെയുള്ളിലെ രഹസ്യമായിരുന്ന   മനശക്തിയെ  മഹാബലി ഒരിയ്ക്കലും കൈവെടിഞ്ഞില്ല. ആധുനിക ചിന്താഗതികളിലും  ഈ തത്ത്വങ്ങൾ പ്രായോഗികവും വിശ്വസിനീയവുമെന്ന് അനുഭവ പാഠങ്ങൾ  പഠിപ്പിക്കുന്നുണ്ട്.  നാമാരും  മനസിനുള്ളിലെ ശക്തി പ്രവാഹത്തെ വിലയിരുത്താറില്ല. വൈദിക മതങ്ങൾ പഠിപ്പിച്ചിരുന്നത് ദൈവം സർവ്വവ്യാപിയെന്നായിരുന്നു.  വിവേകവും   ബുദ്ധിയും നിറഞ്ഞ   മനസ്സിൽ  ദൈവം എപ്പോഴും ഒപ്പം സഞ്ചരിക്കും. മനസിനെ പുഷ്ടിപ്പെടുത്തുന്നതായ  ബുദ്ധിയും വിവേകവും ദൈവവും ഒന്നു തന്നെയാണ്. ആ ദൈവം തന്നെയാണ് നന്മ തിന്മകളെ വേർതിരിച്ചറിയാനുള്ള  മനസാകുന്ന ശക്തി വിശേഷവും വിതയ്ക്കുന്നത്. അതിനെ ആദ്ധ്യാത്മിക ചൈതന്യമെന്നും വിളിക്കാം.


മനസാണ് നമ്മുടെ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നത്. ഓരോ ഇന്ദ്രീയങ്ങൾക്കും ആത്മീയതയുടെ പരിവേഷം കല്പ്പിച്ചിട്ടുണ്ട്.  'ഇന്ദ്രൻ' എന്നു പറഞ്ഞാൽ എന്താണ്?  ശരീരത്തിന് അനേക ഭാഗങ്ങളുണ്ടെന്നു  നമുക്കറിയാം.  ശ്രവണം, കാഴ്ച , രുചി ഇവകൾ ഇന്ദ്രിയങ്ങളുടെ അനുഭൂതികളാണ്. ഇതെല്ലാം പ്രവർത്തന മണ്ഡലങ്ങളിൽ ആവഹിക്കുന്ന ഇന്ദ്രിയങ്ങളുടെ കേന്ദ്രത്തിനെ 'ഇന്ദിര'നെന്നു പറയുന്നു. ശരീരമാകെയുള്ള പ്രവർത്തനത്തിന്റെ പ്രധാന ഊർജ ബിന്ദു   ഇന്ദ്രനാണ്. മനസനുവദിച്ചില്ലെങ്കിൽ നമുക്കൊന്നും കാണാൻ കഴിയില്ല. മനസു തീരുമാനിച്ചില്ലെങ്കിൽ കേൾക്കാനും  കഴിയില്ല.  നാം സ്വപ്ന ലോകത്തിലെങ്കിൽ മനസെവിടെയോ ദൂരദൂരങ്ങളിൽ സഞ്ചരിക്കുകയാണെങ്കിൽ   മുമ്പിലുള്ള വസ്തുക്കളും നാം കണ്ടെന്നിരിക്കില്ല. അപ്പോൾ ഇന്ദ്രനെന്നു പറഞ്ഞാൽ മനസാണ്. അവിടമാണ് എല്ലാ ഇന്ദ്രിയങ്ങളുടെയും ശരീര പ്രവർത്തനങ്ങളുടെയും  ഊർജം നല്കുന്ന  പ്രഭവസ്ഥാനം.






മാതൃകാപരമായ ഒരു ജീവിത വീക്ഷണമാണ് മഹാബലിയുടെ കഥയിലൂടെ നാം പഠിക്കേണ്ടത്. മഹാബലി സ്വയം ദൈവത്തിനർപ്പിച്ചപ്പോൾ ദൈവവും ഞാനും ഒന്നാണെന്ന സത്യം വെളിപ്പെടുത്തുകയായിരുന്നു. 'ഞാനും പിതാവും ഒന്നാണെന്ന്' യേശു പറഞ്ഞതും സത്യത്തിലേക്കുള്ള വഴി തന്നെയായിരുന്നു. ഞാനെന്ന സത്യത്തിൽക്കൂടിയല്ലാതെ ഒരുവൻ പിതാവിങ്കൽ എത്തുകയില്ല. യേശുവിനെ മഹത്തുക്കൾ ദർശിച്ചതും അങ്ങനെയായിരുന്നു. മനസും ദൈവവും ഒന്നാകുമ്പോൾ നാം പുറകോട്ടു തിരിയരുത്. കഴിഞ്ഞതിനെയോർത്തു വിസ്മൃതിയിലാണ്ട കൊഴിഞ്ഞുപോയ കാലങ്ങളെ ചിന്തിച്ച് ഒരിക്കലും നിരാശരാകാൻ പാടില്ല. മനസ്സവിടെ സ്വയം സത്യമായ പരബ്രഹ്മത്തിൽ അർപ്പിതമാവുകയാണ്. നമുക്കനുഭവപ്പെടുന്ന ദൈവവും ദൈവിക ചൈതന്യവും, അദ്വൈത വാദികൾ വിശ്വസിക്കുന്നതും  അതുതന്നെയാണ്.





ഒരു മനുഷ്യൻ തന്റെ ജീവിത ഭ്രമണത്തിൽ നല്ലതും ദുരിതവുമായ കാലങ്ങളിൽക്കൂടി  കടന്നുപോവേണ്ടതായുണ്ട്. കാലം എന്നും എല്ലായ്പ്പോഴും എല്ലാവരെയും ചുറ്റിപുണർന്നിരിക്കും. കാലഭേദങ്ങളനുസരിച്ച് മനസ്സെന്നും ചഞ്ചലമായിക്കൊണ്ടിരിക്കും. മനസിനെ ശക്തമാക്കി സത്യത്തെ കണ്ടെത്തുന്നവൻ, സർവ്വതും ത്യജിക്കുന്നവൻ, സമയത്തിനനുഷ്ഠിതമായി ദൈവത്തിൽ സമർപ്പിക്കുന്നവൻ,  മഹത്തായ  ചിന്താഗതികളിൽക്കൂടി മനസിനെ നിയന്ത്രിക്കുന്നവൻ  ദൈവചൈതന്യം ലഭിച്ചവരാണ്. ദൈവത്തിങ്കൽ അവൻ ഒന്നാകും. ദൈവവും അവനോടൊപ്പം കാണും. നല്ല മനസിനെയാണ് നാം ബഹുമാനിക്കേണ്ടത്. നമ്മുടെ മനസും ദൈവികമായ ചൈതന്യം കുടികൊണ്ട മഹാ ബലിയെപ്പോലെയായിരിക്കണം. മറിച്ച് ഞാനെന്ന ഭാവം അഹങ്കാരിയുടെ ഭാഷയാണ്. മനസിനെ അപമാനിക്കലാണ്. സമൂഹം അത്തരക്കാരെ ഒറ്റപ്പെടുത്തും. നമ്മുടെ മനസിനെ നമുക്കു ചുറ്റുമായുള്ള സമൂഹം വാഴ്ത്തട്ടെ. മഹാബലിയുടെ ഐശ്വര്യ പൂർണ്ണമായ ജീവിതം കൈവരിക്കേണ്ടത്  അഹംബോധത്തീലെ അഹങ്കാര മനസ്സിൽനിന്നാകാതെ പരിശുദ്ധവും നിർമ്മലവുമായ ശുദ്ധമനസ്സിൽ നിന്നായിരിക്കണം.






മഹാബലിയെ ശിക്ഷിച്ച് പാതാളത്തിലയച്ചതായി ഭാഗവതത്തിൽ  ഒരു സ്ഥലത്തും പറഞ്ഞിട്ടില്ല. വിദേശികൾ പഠിപ്പിച്ച ഈ തത്ത്വചിതകൾ പ്രചരിപ്പിക്കുന്നത്   സാംസ്ക്കാരിക കേരളത്തിനുതന്നെ അപമാനമാണെന്നും ഓർക്കണം. ഓണമെന്ന സുദിനത്തിൽ ദൈവമായ വാമനനെയും മഹാബലിയേയും ഒരുപോലെ ബഹുമാനിക്കേണ്ടതാണ്. ചായം തേച്ച സ്വാർഥതയും അസൂയയും നിറഞ്ഞ സർവ്വപീഠം അലങ്കരിക്കുന്ന വാമനനെന്ന ദൈവമല്ല നമ്മുടെ സാംസ്ക്കാരിക ചിന്താഗതികളിൽ കൊണ്ടുവരേണ്ടത്. വാമനൻ വിഷ്ണുവിന്റെ അവതാരമാണ്. സത്യത്തിന്റെ അവതാരമായ ഈ മൂർത്തി എങ്ങനെ ധർമ്മിഷ്ടനായ സർവ്വരാലും പൂജിതനായ മഹാബലിയെന്ന മഹാരാജാവിനെ ശിക്ഷിക്കും? വസന്തത്തിലെ ഓണക്കാല പൂക്കൾ ഓരോ മനസുകളുടെയും പരിശുദ്ധിയേ കാണിക്കുന്നു. വിടർന്ന പൂക്കളിൽ ദൈവിക ചൈതന്യത്തെ നാം ദർശിക്കുന്നു. പ്രകൃതിയും സർവ്വ ചരാചരങ്ങളും ഹരിതക ഭൂതലവും പ്രപഞ്ചവും ഇവിടവും ഒന്നുപോലെ  നിർവൃതിയിലൊരു ഒത്തു ചേരലാണ്. വിവിധങ്ങളായ സംസ്ക്കാരങ്ങളിൽ  'ഓണം'  നമ്മെ നാം ഒന്നാണെന്ന തത്ത്വം പഠിപ്പിക്കുന്നു. 

Malayalam Daily News: http://www.malayalamdailynews.com/?p=111073
E Malayalee: http://emalayalee.com/varthaFull.php?newsId=84498



 

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...