Friday, March 31, 2017

ആദിത്യ യോഗിയുടെ തീവ്ര ദേശീയതയും സ്വപ്നങ്ങളും





ജോസഫ് പടന്നമാക്കൽ

സനാതന ധർമ്മം  ഉൾക്കൊള്ളുന്ന   ഹിന്ദുമതത്തെ വൈകൃതമാക്കുന്ന തത്ത്വ സംഹിതകളാണ്  വിനായക് ദാമോദർ സവർക്കർ  (Vinayak Damodar Savarkar) സ്ഥാപിച്ച ഹിന്ദുത്വയ്ക്കുള്ളത്.   യൂ.പി. മുഖ്യമന്ത്രിയും അമ്പല പൂജാരിയുമായ   ആദിത്യന്റെ വെറുപ്പിൽനിന്നുമുണ്ടായ രാഷ്ട്രീയവും പ്രഭാഷണങ്ങളും  അതിനുള്ള തെളിവുകളാണ്. ആദിത്യ യോഗിയെന്ന കാവിവസ്ത്രധാരി ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രി പദമേറ്റെടുത്തപ്പോൾ ഇന്ത്യൻ ജനാധിപത്യം വർഗീയ രാഷ്ട്രീയത്തിലേക്ക് വീണടിഞ്ഞുവോയെന്നും തോന്നിപ്പോയി.   ഇന്ത്യയുടെ മതേതരത്വം കൈവെടിഞ്ഞുകൊണ്ട് ഇവിടം ഒരു ഹിന്ദുരാഷ്ട്രം കെട്ടിപൊക്കണമെന്ന മോഹങ്ങളായി നടക്കുന്നവർ! സവർണ്ണ മേധാവിത്വം രാജ്യത്തു പുനഃസ്ഥാപിക്കണമെന്നു ചിന്തിക്കുന്നവരാണ്.

ഹിന്ദുമതം ഒരു മതമല്ല മറിച്ച്  അനേക ഋഷിമാരാൽ എഴുതപ്പെട്ട ധർമ്മിഷ്ട തത്ത്വങ്ങളടങ്ങിയ  ജീവിതത്തിലേക്കുള്ള ഒരു വഴികാട്ടിയാണ്. ക്രിസ്തുവിനു മുമ്പ് ജീവിച്ചിരുന്ന അനേകമനേകം ഋഷിമാരുടെ ചിന്തകളിൽ നിന്നും രൂപം പ്രാപിച്ച  ധർമ്മശാസ്ത്ര ഗ്രന്ഥങ്ങൾ അവരുടെ  ഗ്രന്ഥപ്പുരകളിൽ നിറഞ്ഞിരിക്കുന്നു. ചരിത്രാതീത കാലം മുതൽ പൊതുവെ ഹിന്ദുക്കൾ നല്ലവരും സമാധാന പ്രിയരുമാണ്. പുറമെയുള്ള ശക്തികൾ ഇന്ത്യയെ ആക്രമിച്ച ചരിത്രമുണ്ട്. എന്നാൽ ഹിന്ദുക്കൾ മറ്റു മത വിഭാഗങ്ങൾ കൈയടക്കി വെച്ചിരിക്കുന്ന രാജ്യങ്ങളിൽ പോയി ആക്രമിച്ച ചരിത്രമില്ല. ക്രിസ്ത്യാനികളും മുസ്ലിമുകളും ഇന്ത്യാ ഭരിച്ചു. സത്യം, ധർമ്മം, അഹിംസാ തത്ത്വങ്ങൾ പ്രായോഗിഗ  തലങ്ങളിൽ വിശ്വസിച്ചിരുന്ന ഹിന്ദുക്കൾ  പ്രതിരോധിച്ചതല്ലാതെ, അവരുടെ ഭരണം ഏറ്റുവാങ്ങിയതല്ലാതെ ശത്രുവിനെ കീഴ്പ്പെടുത്താൻ ശ്രമിച്ചിട്ടില്ല. സ്വതന്ത്ര ഇന്ത്യയിൽ എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്ന ഒരു ഭരണഘടനയും നമുക്കുണ്ട്. നമ്മുടെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും ഓരോ ഭാരതീയനും അഭിമാനിക്കേണ്ടതു തന്നെയാണ്. എന്നാൽ ആ കാഴ്ചപ്പാട് ഹിന്ദുത്വയെന്ന പുതിയ മതത്തിന്റെ വരവോടെ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു. മൗലിക ചിന്തകൾ മാത്രം ഉൾക്കൊള്ളുന്ന ഹിന്ദുമഹാസഭയുടെയും ആർ.എസ്.എസ് എന്ന മതസംഘടനയുടെയും സ്വാധീനം വർധിച്ചതുമൂലം ഹിന്ദുമതത്തിലുണ്ടായിരുന്ന ധർമ്മ ചിന്താഗതികൾക്ക് പാളിച്ചകൾ സംഭവിച്ചു. പകരം ഹിന്ദുത്വ മതം അക്രമ ചിന്താഗതികൾ പ്രചരിപ്പിക്കുകയും ജനദ്രോഹ പരിപാടികൾ നടപ്പാക്കുകയും ചെയ്യുന്നു.

ഒരു പൂജാരി മുഖ്യമന്ത്രിയാകുന്നതും അദ്ദേഹത്തിൻറെ കഴിഞ്ഞകാല വർഗീയ ചിന്താഗതികളും അഹിന്ദുക്കളെയും ദളിതരെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നുണ്ട്. വർണ്ണാശ്രമ ധർമ്മത്തിനു  വെളിയിലുണ്ടായിരുന്ന ഈഴവ ജാതി മുതൽ താഴോട്ടുള്ളവർ ബ്രാഹ്മണ വൈഷ്‌ണവ ജാതികൾക്കെതിരെ അവകാശങ്ങൾക്കായി സമരം ചെയ്തവരാണ്. തീണ്ടലും തൊടീലും സഹികെട്ട വലിയൊരു ജനവിഭാഗം ഹൈന്ദവ മതം ഉപേക്ഷിച്ച് മറ്റു മതങ്ങളിലേക്ക് ചെക്കേറി.  വടക്കേ ഇന്ത്യയിൽ ഇന്നും ദളിതരെ പച്ചയായി ചുട്ടു കരിക്കുന്ന കഥകളാണ് വാർത്തകളിൽ വായിക്കുന്നത്. ഭാവിയിൽ 'ഹിന്ദുത്വ' എന്ന പുതിയ മതസിദ്ധാന്തം  ബ്രാഹ്മണരൊഴിച്ചുള്ള  മറ്റുള്ളവർക്കും ഭീഷണിയാകുമെന്നു ചിന്തിക്കുന്നവരുമുണ്ട്.

യോഗി ആദിത്യ നാഥൻ ഉത്തർക്കണ്ഡിലെ പഞ്ചുർ ഗ്രാമത്തിൽ ഗർവാൾ ഡിസ്ട്രിക്ടിൽ 1972 ജൂൺ അഞ്ചാം തിയതി ജനിച്ചു. ബാല്യത്തിൽ 'അജയ് സിംഗ് ബിഷ്ട'നെന്നു വിളിച്ചിരുന്നു. അച്ഛൻ 'ആനന്ദ് സിംഗ് ബിഷ്ട്' വനം വകുപ്പ് ഓഫീസറായിരുന്നു. ഈ കുടുംബം രജപുത്രന്മാരുടെ പരമ്പരകളായി അറിയപ്പെടുന്നു. ഉത്തർഖണ്ഡിലുള്ള ഒരു യൂണിവേഴ്സിറ്റിയിൽ നിന്നും ഗണിത ശാസ്ത്രത്തിൽ  ബിരുദം നേടി. അയോദ്ധ്യാ ശ്രീ രാമ ക്ഷേത്ര പ്രവർത്തനങ്ങൾക്കായുള്ള സംഘടനയിൽ ചേർന്നു. പിന്നീട് 1990-ൽ വീട് വിട്ടിറങ്ങി. ഗോരഖ് നാഥ് മഠം അധിപൻ മഹന്ത് അവൈദ്യനാഥിന്റെ ശിക്ഷ്യത്വം സ്വീകരിച്ചു. അവിടെ ആശ്രമ അന്തേവാസിയും പുരോഹിതനുമായി. അതിനുശേഷം 'യോഗി ആദിത്യനാഥ്' എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. യോഗി അവൈദ്യനാഥിന്റെ പിൻഗാമിയായും തിരഞ്ഞെടുത്തു. പിന്നീട് അദ്ദേഹം സ്വന്തം നാട്ടിൽ കൂടെക്കൂടെ സന്ദർശിച്ചുകൊണ്ടിരുന്നു. 1998-ൽ ജന്മ നാട്ടിൽ  ഒരു സ്കൂൾ സ്ഥാപിക്കുകയും ചെയ്തു.

ഉത്തർപ്രദേശ് അസംബ്ലി തിരഞ്ഞെടുപ്പിൽ ബി.ജെ.പി. ഭൂരിപക്ഷം നേടിയതുകൊണ്ട് 2017 മാർച്ചുമുതൽ മുഖ്യമന്ത്രിയായും തിരഞ്ഞെടുത്തു. വർഗീയത ഇളക്കി വിട്ടുകൊണ്ട് അതിതീവ്രമായ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുക്കാൻ പിടിച്ചതും യോഗിയായിരുന്നു. 1998 മുതൽ അഞ്ചു പ്രാവിശ്യം തുടർച്ചയായി ഇന്ത്യൻ പാർലമെന്റിൽ തിരഞ്ഞെടുക്കപ്പെട്ടു. 'യോഗി ആദിത്യൻ' ഗോരഖ് പുർ മഠത്തിലെ പ്രധാന മഠാധിപതി കൂടിയാണ്. അദ്ദേഹത്തിൻറെ ആത്മീയ ഗുരു മഹന്ത് അവൈദ്യനാഥ് 2014 സെപ്റ്റമ്പറിൽ മരിച്ചു. അതിനുശേഷം ആ സ്ഥാനത്തേയ്ക്ക് ആദിത്യനെ തിരഞ്ഞെടുത്തിരുന്നു. ഇദ്ദേഹം പട്ടാളമുറയിലുള്ള 'ഹിന്ദു യുവ വാഹിനി'യെന്ന സംഘടനയുടെ സ്ഥാപകനാണ്. ഈ സംഘടന അനേക വർഗീയ ലഹളകൾക്കും കാരണമായിട്ടുണ്ട്. കോടതി വിധികളെ തിരസ്ക്കരിച്ചുകൊണ്ടും നിയമം കൈകളിലെടുത്തുകൊണ്ടുമാണ് പ്രതിയോഗികളെ പലപ്പോഴും ഇവരുടെ മിലിറ്റന്റ് (Militant) സംഘടന അക്രമിക്കാറുള്ളത്.

ചതുർ വേദങ്ങളിൽ ഏകദൈവ വിശ്വാസങ്ങളാണുള്ളതെങ്കിലും  പുരാണങ്ങളും മനുവിയൻ തത്ത്വങ്ങളും പാലിക്കുന്നവർ ജാതിയിൽ കൂടിയവരെന്ന ചിന്തകളുമായി നടക്കുന്നവരാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ സംഭവവികാസങ്ങളിൽ കൂടുതലും സാമൂഹിക തിന്മകൾക്കെതിരെയുള്ള പോരാട്ടങ്ങളുടെ ചരിത്രങ്ങളുൾപ്പെട്ടതായിരുന്നു. ശ്രീ നാരായണഗുരുവും അയ്യങ്കാളിയും പൽപ്പുവും സഹോദരൻ അയ്യപ്പനും ഹൈന്ദവ മ്ലേച്ഛന്മാരുടെ മനോഭാവത്തിനെതിരെ വിപ്ലവം നടത്തി. ജനാധിപത്യത്തിൽ മതവികാരങ്ങൾ വളർന്നാൽ അവിടം ഫാസിസമാകുമെന്നും മുസോളിനിയുടെ ഇറ്റലിയോ ഹിറ്റ്ലറിൻറെ ജർമ്മനിയോ ആവർത്തിക്കുമെന്നും ലോക ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. എങ്കിലും ആദിത്യ നാഥിന്റെ  മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യപ്രകടനങ്ങൾ ജനാധിപത്യ മൂല്യങ്ങൾക്ക് ആശ നൽകുന്നതാണ്. ഇത് അദ്ദേഹത്തിൻറെ കഴിഞ്ഞ കാല പ്രവർത്തനങ്ങൾ കണക്കിൽപ്പെടുത്തുമ്പോൾ 'കപടതയോ' 'ആത്മാർത്ഥതയോ' ഏതെന്നു നിശ്ചയമില്ല. 'ബുദ്ധിശൂന്യന്റെ ഏറ്റവും വലിയ ആയുധം  വർഗീയതയെന്നുള്ള' വിവേകാനന്ദന്റെ ആപ്തവാക്യം ആദിത്യനെ  ബാധിക്കില്ലെന്നും ചിന്തിക്കാം.

മുഖ്യമന്ത്രിയായി ചാർജെടുത്ത ശേഷമുള്ള ആദിത്യനാഥിന്റെ അഴിമതിയ്‌ക്കെതിരെയുള്ള സുധീരമായ തീരുമാനങ്ങൾ അഭിനന്ദനീയമാണ്‌. കൈക്കൂലിയും കൈനീട്ടവുമായി ജനങ്ങളെ ഞെക്കിപ്പിഴിഞ്ഞുകൊണ്ടു നടന്ന അഴിമതിക്കാരായ നൂറു പോലീസുദ്യോഗസ്ഥരെ ജോലിയിൽനിന്നു പുറത്താക്കിയത്  ധീരമായ നടപടികളിൽ ഒന്നായിരുന്നു. സാധാരണക്കാരെ സംബന്ധിച്ചടത്തോളം ആ വാർത്ത ആശ്വാസവും നൽകുന്നു. അഴിമതിക്കാരോട് യാതൊരു വിട്ടുവീഴ്ചയുമില്ലെന്നുള്ള അദ്ദേഹത്തിൻറെ  പ്രഖ്യാപനം നിലവിലുള്ള നിയമ വ്യവസ്ഥിതികളെ  നേരാംവണ്ണം ബലപ്പെടുത്തുമെന്നുള്ള സൂചനകൾ നൽകുന്നു.  സംസ്ഥാനത്തെ  പോലീസുദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിയതിനു ശേഷമായിരുന്നു അദ്ദേഹം ഇത്തരമൊരു തീരുമാനം എടുത്തത്.  

രാജ്യത്ത് എന്തുതന്നെ പീഢനങ്ങളും കൊലപാതകങ്ങളും സംഭവിച്ചാലും അതിനുള്ള തെളിവുകൾ മുഴുവൻ നശിപ്പിക്കുന്നത് അഴിമതിയിൽ പൂണ്ട പോലീസുകാരും അവരുടെ മേലുദ്യോഗസ്ഥരുമാണ്. കേരളത്തിന്റെ പശ്ചാത്തലം അവലോകനം ചെയ്താലും ജനമനഃസാക്ഷിയെ മുറിവേൽപ്പിച്ച അനേകമനേക ക്രൂരതയുടെ ചരിത്രങ്ങൾ  തെളിഞ്ഞു വരുന്നത് കാണാം. ഇവിടം കമ്മ്യൂണിസവും കോൺഗ്രസ്സും മാറി മാറി ഭരിച്ചിട്ടും കുറ്റകൃത്യങ്ങൾക്ക് യാതൊരു കുറവും വന്നിട്ടില്ല. യു.പി.യിൽ ആയിരക്കണക്കിന് ദളിതരെയാണ് സവർണ്ണ രാഷ്ട്രീയക്കാർ വർഷംതോറും ചുട്ടുകരിക്കുന്നത്.  അവിടെ കൊലപാതക രാഷ്ട്രീയങ്ങൾ നിത്യ സംഭവങ്ങളുമാണ്.

ലക്‌നോവിൽ സോണിയാ ഗാന്ധിയുടെ മണ്ഡലത്തിൽ എട്ടുവർഷം മുമ്പ് ഒരു ദളിത യുവതി അതിദാരുണമാം വിധം ബലാൽസംഗത്തിനിരയായിരുന്നു. അതിനുശേഷം വർഷം തോറും അവർ സവർണ്ണ മേധാവികളിൽനിന്നും പീഢനങ്ങൾ  ഏറ്റുകൊണ്ടിരുന്നു. ഈ വർഷവും അവരെ അതിക്രൂരതകൾക്കിരയായി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്! കൂട്ടബലാത്സംഗത്തിനും, തുടർച്ചയായ ആസിഡ് ആക്രമണങ്ങൾക്കും ഇരയായ ദളിത് യുവതിയെ ലഖ്‌നൗ, കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ചെന്നു സന്ദർശിച്ചു. നിരവധി തവണകൾ അവർ ആസിഡ് ആക്രമണത്തിനു ഇരയായിരുന്നു. കഴിഞ്ഞ ഭരണകൂടങ്ങൾ ഒരിക്കലും  കുറ്റക്കാർക്കെതിരെ കേസുകളെടുക്കാൻ തയ്യാറായിരുന്നില്ല. യോഗി ഒരു ലക്ഷം രൂപയുടെ ചെക്ക് അവരുടെ ഭർത്താവിനെ ഏൽപ്പിച്ചു. നീണ്ട എട്ടു വർഷത്തെ യുവതിയുടെ യാതനകൾക്കു ശേഷം നാളിതുവരെ മറ്റാരിൽനിന്നും കിട്ടാതിരുന്ന സഹായം മുഖ്യമന്ത്രി തന്നെ നേരിട്ടെത്തിച്ചത് തികച്ചും മാനുഷിക പരിഗണനകൾ തന്നെയായിരുന്നു.

കുറ്റവാളികൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ കർശന നടപടികളെടുക്കാനും ആജ്ഞാപിച്ചു. എത്രയും വേഗം അവരെ പിടികൂടാനും നിർദ്ദേശങ്ങൾ നൽകി. സമാജ്‌വാദി പാർട്ടിയുടെ ഭരണകാലത്ത് ഈ വിഷയത്തിൽ ഒരു ഇടപെടലും ഉണ്ടായിരുന്നില്ല. ഇക്കാലമത്രയും കുറ്റവാളികൾ യാതൊരു ശിക്ഷണ നടപടികളുമില്ലാതെ സ്വതന്ത്രമായി വിഹരിക്കുകയായിരുന്നു. യോഗിയുടെ ഉത്തരവിനെ തുടർന്ന് പോലീസന്വേഷണം ആരംഭിച്ചു. നേരത്തെ ആക്രമിച്ച സംഘങ്ങൾ തന്നെയാണ് അടുത്ത കാലത്തും അവരെ ആക്രമിച്ചത്. ഏതോ ദ്രാവകം ബലമായി അവരെ കുടിപ്പിക്കുകയും ചെയ്തു. ഈ സംഭവങ്ങളിൽ അധികൃതർ ഒരിക്കലും ചെറുവിരൽ പോലും അനക്കിയിട്ടുണ്ടായിരുന്നില്ല.

പ്രധാനമന്ത്രി മോദിയുടെ കേന്ദ്രത്തിലെ  പദ്ധതികൾ യൂ.പി.യിലും നടപ്പാക്കുമെന്ന്  അദ്ദേഹം  വാഗ്ദാനം ചെയ്യുന്നുണ്ട്. അതിൽ മതമോ വർഗ്ഗമോ വർണ്ണ ചിന്തകളോ ഉണ്ടായിരിക്കില്ലാന്നുള്ള അദ്ദേഹത്തിൻറെ പ്രസ്താവനകളും അഹിന്ദുക്കൾക്ക് ആശ്വാസം നൽകുന്നു. 'ഒരു പ്രത്യേക സമൂഹത്തെയോ സമുദായത്തെയോ പ്രീതിപ്പെടുത്തുന്ന നയങ്ങളും ഉണ്ടായിരിക്കില്ല. സ്ത്രീകളുടെ സുരക്ഷിതത്തിനും ജോലിക്കും പ്രാധാന്യം നൽകും. ഗുണ്ടാ വിളയാട്ടം, അഴിമതികൾ, സർക്കാരിന്റെ ചുവപ്പുനാടകൾ മുതലായവകൾ അവസാനിപ്പിക്കും. രാജ്യത്തിലെ അരാജകത്വവും രാഷ്ട്രീയ കുഴപ്പങ്ങളും ഇല്ലാതാക്കും. നിയമരാഹിത്യവും അനുവദിക്കില്ല'. ഇങ്ങനെ രാജ്യധർമ്മത്തിനായുള്ള മൗലിക ചിന്തകൾ അദ്ദേഹത്തിൻറെ നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടുത്തിയിരുന്നു.

ഭാരതത്തിന്റെ ഹൃദയസ്ഥാനമായ ഉത്തർപ്രദേശിൽ ഇനിമുതൽ നീതിയിൽ അധിഷ്ഠിതമായ ഒരു ഭരണം സ്ഥാപിക്കുമെന്നാണ് അദ്ദേഹം വാഗ്ദാനം ചെയ്തിരിക്കുന്നത്. ജാതിയോ, മതമോ, രാഷ്ട്രീയമോ വിത്യാസമില്ലാതെ എല്ലാവരും ഇന്ത്യക്കാരെന്ന കാഴ്ചപ്പാടിൽ ഭരണം നടപ്പാക്കുമെന്നും പറഞ്ഞു. തുല്യനീതിയും തുല്യനിയമവും തന്റെ ഭരണത്തിൻറെ സവിശേഷതകളായിരിക്കുമെന്നും അദ്ദേഹം ആവർത്തിച്ചു പറയുന്നുണ്ട്. കഴിഞ്ഞ കാലങ്ങളിൽ പ്ലാറ്റ്ഫോറങ്ങൾ പങ്കിട്ടിരുന്ന സമയങ്ങളിൽ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഹിറ്റ്ലറിന്റെയും മുസോളിനിയുടെയും ഭാഷയിലായിരുന്നു സംസാരിച്ചിരുന്നത്.  അധികാരം ലഭിച്ച നാളുമുതൽ അദ്ദേഹത്തിൽ ഒരു പാകത നിറഞ്ഞ രാഷ്ട്രീയക്കാരനെയും നിരീക്ഷകർ കാണുന്നു.

ഉത്തർ പ്രദേശം മുഴുവൻ തെരുവുകളിൽ പ്രേമിച്ചു നടക്കുന്നവർക്കെതിരെ 'ആന്റി റോമിയോ' സ്‌ക്വാഡ് (Anti Romeo squad)രൂപീകരിച്ചു. പരസ്പ്പര സമ്മതത്തോടെ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വഴിയേ പ്രേമിച്ചുനടക്കാനും ബുദ്ധിമുട്ടാവും. സ്ത്രീകൾക്ക് തെരുവുകൾ സുരക്ഷിതമാക്കാനുള്ള പദ്ധതികളാണ് അദ്ദേഹം ആസൂത്രണം ചെയ്തിരിക്കുന്നത്. ഏതു പാതിരാത്രിക്കും സ്ത്രീകൾക്ക് പേടിക്കാതെ നടക്കാമെന്നും ആദിത്യ പറയുന്നു. നിയമവിരുദ്ധമായി നടത്തുന്ന കന്നുകാലികളുടെ അറവുശാലകൾ മുഖ്യമന്ത്രിയായ ശേഷം അദ്ദേഹം നിരോധിച്ചു. ഗോക്കളെ കള്ളക്കടത്തു നടത്തുന്നവർക്കെതിരെ കടുത്ത ശിക്ഷണ നടപടികൾ നടപ്പാക്കി. ടുബാക്കോ, പാൻ എന്നിവകൾ സർക്കാർ ഓഫിസുകളിൽ നിരോധിച്ചു. ഒരോ ജോലിക്കാരും വർഷത്തിൽ 100 മണിക്കൂർ സ്വച്ഛ ഭാരതത്തിനായി യത്നിക്കാൻ പ്രതിജ്ഞ ചെയ്യണമെന്നും നിർദേശിച്ചു.

2005-ൽ ആദിത്യ യോഗിയുടെ നേതൃത്വത്തിൽ ക്രിസ്ത്യാനികളെ ശുദ്ധികലശം നടത്തി ഹിന്ദു മതത്തിലേക്ക്  മതം മാറ്റാനുള്ള യജ്ഞം ആരംഭിച്ചു.  ഉത്തർപ്രദേശിലെ എട്ടായിൽ ഒരു തവണ 1800 ക്രിസ്ത്യാനികളെ മതം മാറ്റി. ഉത്തർപ്രദേശിനെ പൂർണ്ണമായും ഹിന്ദു സംസ്ഥാനം ആക്കുന്നവരെ തനിക്കു വിശ്രമമില്ലെന്നാണ് ആദിത്യ പ്രഖ്യാപിച്ചിരിക്കുന്നത്. മദർ തെരേസായെ അദ്ദേഹം വെറുത്തിരുന്നു. ദാരിദ്ര്യം മുതലെടുത്ത് ദരിദ്രരായ ഹിന്ദുക്കളെ മതം മാറ്റുകയെന്നത് അവരുടെ ലക്ഷ്യമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അവർക്കു വേണ്ടിയിരുന്നത് ദരിദ്രരെയല്ല ദാരിദ്ര്യമായിരുന്നുവെന്നും പറഞ്ഞു. പാർലമെന്റ് മെമ്പറും അമ്പലപൂജാരിയുമായ ആദിത്യന്റെ മുഖ്യമന്ത്രിപദം തികച്ചും അയാളുടെ ഇസ്‌ലാമിയ ക്രിസ്തീയ വിരോധത്തിൽനിന്നും നേടിയെടുത്തതായിരുന്നു.

കഴിഞ്ഞ വർഷം ഉത്തർ പ്രദേശിൽ ഒരു മുസ്ലിം യുവാവ് പശുവിനെ കൊന്നതിന് വർഗീയവാദികൾ അയാളെ പച്ചയോടെ പിച്ചിക്കീറി. ആ മനുഷ്യന്റെ കുടുംബത്തെ മുഴുവനും കുറ്റക്കാരാക്കിക്കൊണ്ട് കേസ് കൊടുക്കണമെന്നാണ് ആദിത്യനും അയാളുടെ അനുയായികളും അന്നു പറഞ്ഞത്. യൂ.പി. യെ ഒറ്റ മുസ്ലിമില്ലാത്ത സ്വതന്ത്ര സംസ്ഥാനമാക്കാമെന്നാണ് അയാൾ ഉൾനാടൻ ഗ്രാമങ്ങളിൽ തിരഞ്ഞെടുപ്പുപ്രചരണങ്ങൾ നടത്തിയിരുന്നത്. ദളിതർക്ക് മോഹനങ്ങളായ വാഗ്ദാനങ്ങൾ നൽകിക്കൊണ്ട് വോട്ടു ബാങ്കിൽ നേട്ടങ്ങൾ കൊയ്തു.  നിരുത്തരവാദപരങ്ങളായ പ്രസ്ഥാനവനകളുമായി വോട്ടുകളിൽക്കൂടി അധികാരം പിടിച്ചെടുത്ത ആദിത്യൻ ഭരണത്തിലും അങ്ങനെയുള്ള ചിന്തകൾ തുടർന്നാൽ രാജ്യം അരാജകത്തിലാകുമെന്നും ബോധ്യപ്പെട്ടുവരുന്നു.

2007 ജനുവരിയിൽ ഹിന്ദു മുസ്ലിം ലഹളയിൽ അപകടപ്പെട്ട 'രാജ് കുമാർ അഗ്രഹാരി' എന്ന ഒരു ഹിന്ദു യുവാവിനെ ഗുരുതരമായ പരിക്കുപറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കൂടുതൽ പ്രകോപനപരമായ അന്തരീക്ഷം ഉണ്ടാകാതിരിക്കാൻ സ്ഥലത്തെ മജിസ്‌ട്രേറ്റ് ആദിത്യനെ അവിടം സന്ദർശിക്കുന്നതിൽനിന്നും വിലക്കിയിരുന്നു. ആദ്യം അദ്ദേഹം സമ്മതിച്ചെങ്കിലും അഗ്രഹാരിയുടെ മരണശേഷം മജിസ്ടേറ്റിന്റെ ഉത്തരവിനെ വകവെക്കാതെ ഒരു കൂട്ടം അനുയായികളുമായി അവിടേയ്ക്ക് യാത്ര ചെയ്തു. ആദിത്യനും അനുയായികളും അഗ്രഹാരിയുടെ മരണത്തിൽ വികാരഭരിതരായി  സത്യാഗ്രഹം ആരംഭിച്ചു.  പ്രകോപനപരമായ പ്രസംഗം ചെയ്യുകയും അദ്ദേഹത്തിൻറെ അനുയായികൾ സമീപത്തുള്ള ഒരു മുസ്ലിം പള്ളി തീ വെച്ച് നശിപ്പിക്കുകയുമുണ്ടായി. പോലീസ് അവിടെ കർഫ്യു ഏർപ്പെടുത്തി. ആദിത്യൻ നിയമം ലംഘിക്കുകയും പോലീസ് ഉടനടി  അറസ്റ്റ് ചെയ്യുകയുമുണ്ടായി. സമാധാന ലംഘനത്തിന് ഇരുപത്തിനാല് മണിക്കൂറുകൾ ജയിലിൽ ഇട്ടു. അദ്ദേഹത്തിൻറെ അറസ്റ്റ് നാടു മുഴുവൻ പ്രത്യാഘാതത്തിനു കാരണമായി. മുംബൈ ഗോരഖ്‌പൂർ ട്രെയിനിന്റെ അനേക കോച്ചുകൾ 'ഹിന്ദു യുവ വാഹിനികൾ' കത്തിച്ചു നശിപ്പിച്ചു. അറസ്റ്റിനുശേഷം ഡിസ്ട്രിക്റ്റ് ജഡ്ജിയെയും സ്ഥലത്തെ പോലീസ് ചീഫിനെയും സ്ഥലം മാറ്റം നടത്തിയിരുന്നു. ഗോരഖ്‌പൂർ മുഴുവൻ ലഹള പൊട്ടിപ്പുറപ്പെട്ടു. മോസ്ക്കുകളും ഭവനങ്ങളും, ബസുകളും ട്രെയിനും ലഹളക്കാർ കത്തിച്ചു. അദ്ദേഹം ജയിൽ വിമുക്തനായശേഷം പാർലമെന്റിലും പ്രതിഷേധങ്ങളുണ്ടായിരുന്നു.

2011 മാർച്ചിൽ ഒരു ഡോക്യുമെന്ററി ഫിലിമിൽ ഹിന്ദുമത മൗലിക വാദിയായ ആദിത്യനാഥനെ സമുദായ മൈത്രി നശിപ്പിക്കുന്ന പ്രവർത്തനങ്ങളിലും റാലികൾ സംഘടിപ്പിക്കുന്നതിലും വിമർശിക്കുന്നുണ്ട്. ആദിത്യനാഥൻ സന്നിഹിതനായിരുന്ന  ഒരു സ്റ്റേജിലെ മറ്റൊരു പ്രാസംഗികന്റെ  വെറുപ്പിന്റെ പ്രസംഗം  വിവാദപരവും ക്രൂരവുമായിരുന്നു. മുസ്ലിം സ്ത്രീകളുടെ ശവങ്ങൾ കുഴിമാടത്തിൽ നിന്നുപോലും മാന്തി പുറത്തെടുത്ത് ലൈംഗിക ഭോഗത്തിലേർപ്പെടണമെന്ന് സ്റ്റേജിലുണ്ടായിരുന്ന ഒരുവൻ പ്രസംഗിച്ചതും കോളിളക്കം സൃഷ്ടിച്ചിരുന്നു.   അയാളുടെ പ്രസംഗം സോഷ്യൽ മീഡിയാകളിൽ വൈറലാവുകയും ചെയ്തു. 2014-ൽ പുറത്തുവന്ന യൂട്യൂബിൽ ആദിത്യന്റെ വർഗീയ വിദ്വേഷം  നിറഞ്ഞ ഒരു പ്രസംഗം ശ്രവിക്കാൻ സാധിക്കും. "ഒരു ഹിന്ദുവായ  പെൺകുട്ടിയെ ഒരു മുസ്ലിം വിവാഹം ചെയ്യുകയാണെങ്കിൽ നൂറു മുസ്ലിം യുവതികളെ ഹിന്ദുക്കളാക്കി വിവാഹം ചെയ്യണമെന്നു" അദ്ദേഹം പറഞ്ഞു. അവർ ഒരു ഹിന്ദുവിനെ കൊല്ലുന്നുവെങ്കിൽ നാം നൂറു മുസ്ലിമുകളെ വധിക്കണമെന്നും അതേ വീഡിയോയിൽ പറയുന്നുണ്ട്.

യോഗ പ്രാക്റ്റീസ് ചെയ്യാൻ ആഗ്രഹമില്ലാത്തവർ ഇന്ത്യ വിടണമെന്നും ആഹ്വാനം ചെയ്തു.  സുപ്രിസിദ്ധ നടൻ ഷാരൂഖാനെ പാകിസ്ഥാനിലെ ഒരു ഭീകരനായ 'ഹഫീസ് സായിദ്നോടും ഉപമിച്ചു.  'ഷാരൂഖാനെ ഒരു താരമാക്കിയത് രാജ്യത്തിലെ ഭൂരിഭാഗം ജനമെന്നും അവരെല്ലാം ഒത്തുചേർന്നുകൊണ്ട് ഷാരൂഖാന്റെ സിനിമ ബോയ്‌ക്കോട്ട് ചെയ്യുന്നുവെങ്കിൽ അയാൾ പിന്നെ തെരുവിൽക്കൂടി നടക്കേണ്ടി വരുമെന്നും' ആദിത്യൻ പറഞ്ഞു. അറബി നാടുകളിലും ഗൾഫ് മേഖലകളിലുമുള്ള തൊഴിലുടമകൾ രാജ്യത്തുനിന്നും  ഹിന്ദുക്കളെ നീക്കം ചെയ്താലുള്ള ഒരു സ്ഥിതിവിശേഷത്തെപ്പറ്റി ശ്രീ ആദിത്യനാഥ് ചിന്തിച്ചിട്ടുണ്ടോ? താങ്കൾ പറയുന്ന ഒരു ഷാരൂഖാൻ തെരുവിൽ നടന്നേക്കാം. ഗൾഫ് നാടുകളിൽ മുസ്ലിമുകളുടെ ഔദാര്യ മനസ്ഥിതിയില്ലായിരുന്നെങ്കിൽ  എത്രയായിരം ഹിന്ദു ജനങ്ങൾ തെരുവുകളിൽക്കൂടി അലയുമായിരുന്നുവെന്ന സത്യം മനസിലാക്കാനുള്ള കഴിവ് ശ്രീ യോഗി ആദിത്യനില്ലാതെ പോയി.

ഇന്ത്യൻ രാഷ്ട്രീയത്തിൽ മോദിയും ആദിത്യനും രണ്ടു ഭിന്ന ധ്രുവങ്ങളിലാണ് പ്രവർത്തിക്കുന്നതെങ്കിലും സമയാസമയങ്ങളിൽ ആശയപരമായി അവർ ഇരുവരും ഐക്യപ്പെടാറുണ്ട്.  2002-ൽ നടന്ന ഗുജറാത്ത് കലാപം മോദിയെ ദേശീയ രാഷ്ട്രീയത്തിലും സ്വന്തം പാർട്ടിയിലും പ്രസിദ്ധനാക്കി. ആദിത്യൻ പാർട്ടിയിൽ പ്രസിദ്ധനല്ലായിരുന്നെങ്കിലും അദ്ദേഹവും ജന പ്രിയനായി അറിയപ്പെട്ടു കഴിഞ്ഞു.   കാരണം, രണ്ടുപേരും ഹിന്ദുത്വയുടെ വക്താക്കളും പശുവിനെ അമ്മയായി കരുതുന്നവരും അയോദ്ധ്യായിൽ രാമക്ഷേത്രം പണിയണമെന്ന് ചിന്തിക്കുന്നവരുമാണ്. മുസ്ലിമുകളെ വെറുപ്പിച്ചുകൊണ്ടു രണ്ടുപേരും അധികാരം നേടുകയും ചെയ്തു. അയോദ്ധ്യാ പ്രശ്‍നം വടക്കേ ഇന്ത്യയിലുള്ള ഓരോ  ഹിന്ദുവിന്റെയും മനസുകളിൽ ആളിക്കത്തുന്ന ഒരു വിഷയമാണ്. അതുപോലെ പശുവിനോടുള്ള അത്യഗാധമായ ആരാധന വിദ്യാഹീനരായ ഹിന്ദുക്കളിൽ മേലെക്കിടയിലുള്ള ഹിന്ദുക്കൾ കുത്തി നിറച്ചു. ഭൂരിഭാഗം ജനങ്ങളും പശുക്കളെ കൊല്ലുന്നവരെ ശിക്ഷിക്കണമെന്ന അഭിപ്രായക്കാരാണ്. മോദിയുടെ കറൻസി റദ്ദാക്കൽ (ഡീമോണിറ്റഷൻ) പദ്ധതികൾക്കും ആദിത്യന്റെ പിന്തുണയുമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് 'മോദിക്കണോമിസ്' ശക്തി നൽകുകയും ചെയ്തു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനം സംബന്ധിച്ച് ആദിത്യനാഥും ബി.ജെ.പി യും തമ്മിൽ വലിയ തർക്കങ്ങളുണ്ടായിരുന്നു.  എങ്കിലും ആദിത്യനാഥ് സ്വാധീനമുള്ള രാഷ്ട്രീയക്കാരനായതിനാൽ ബി.ജെ.പി. വിട്ടുവീഴ്ചകൾ ചെയ്തുകൊണ്ട് സൗമ്യമായി പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തു.  ഏതാനും വർഷങ്ങളായി ബിജെപി യുമായി ആദിത്യനാഥിന് നല്ല ബന്ധമുണ്ടായിരുന്നില്ല. ഹിന്ദുത്വ വിഭാവന ചെയ്ത ആശയങ്ങളിൽനിന്ന് ബി.ജെ.പി. വ്യത്യസ്തങ്ങളായി പ്രവർത്തിക്കുന്നതിനാൽ അദ്ദേഹം അസന്തുഷ്ടനായിരുന്നു. 'ഹിന്ദു യുവ വാഹിനി'യുടെയും ഗോരഖ് പുർ മഠത്തിന്റെയും  പിന്തുണ ബലത്തോടെ  ബി.ജെ.പി.യുടെ രാഷ്ട്രീയ അജണ്ടകളെ അദ്ദേഹം അംഗീകരിക്കില്ലായിരുന്നു. ബിജെപി അദ്ദേഹത്തെ ശ്രദ്ധിക്കാതെ വന്നപ്പോൾ അവരുടെ പാർട്ടിയുടെ  ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ അദ്ദേഹത്തിൻറെ സ്ഥാനാർഥികളെ നിർത്താൻ തുടങ്ങി. ഉദാഹരണമായി 2002-ൽ ഗോരഖ് പുരിൽ ഹിന്ദുമഹാസഭയുടെ സ്ഥാനാർഥി രാധ മോഹൻ ദാസ് അഗർവാൾനെ ബി.ജെ.പി യ്ക്ക് എതിരായി മത്സരിപ്പിച്ചു. ആദിത്യന്റെ നിലപാടുമൂലംക്യാബിനറ്റ് മന്ത്രിയായിരുന്ന  ബിജെപി യുടെ സ്ഥാനാർഥി 'ശിവ് പ്രതാപ് ശുക്ല'  ദയനീയമായി പരാജയയപ്പെടുകയുമുണ്ടായി. എതിർപ്പുകളും ആശയസംഘട്ടനങ്ങളും സാധാരണമെങ്കിലും ആദിത്യ ബിജെപി നേതാക്കന്മാരുമായി നല്ല ബന്ധത്തിലാണ് കഴിയുന്നത്. സുപ്രധാനങ്ങളായ തീരുമാനങ്ങൾ എടുക്കുന്ന സമയം എൽ.കെ.അദ്വാനിയും രാജേന്ദ്ര സിങ്ങും അശോക സിങ്ങും അദ്ദേഹത്തെ വ്യക്തിപരമായി സന്ദർശിക്കാറുണ്ടായിരുന്നു.

ആദിത്യ നാഥ്, ഡൊണാൾഡ് ട്രംപിന്റെ വലിയ ആരാധകനാണ്. ഏഴു മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെ നിരോധിച്ചതിൽ അദ്ദേഹം ട്രംപിനെ അഭിനന്ദിക്കുന്നുണ്ട്. ഭീകരതയെ തടയാൻ ഇന്ത്യയും അതേ വഴികൾ തുടരണമെന്നാണ് ആദിത്യൻ ആഹ്വാനം ചെയ്തത്. ഇന്ത്യയ്ക്ക് മുസ്ലിം രാജ്യങ്ങൾ ഓയിൽ നല്കില്ലെന്നു തീരുമാനിച്ചാൽ ആദിത്യന്റെ വിഷം ചീറ്റുന്ന ഇത്തരം ചിന്തകളും വാക്കുകളും നിർവീര്യമാകും.

മതമെന്നു പറയുന്നത് മനുഷ്യനെ മയക്കുന്ന കറുപ്പെന്നു കാറൽ മാർക്സ് പറഞ്ഞിരുന്നു. അത് ഇന്ത്യയെ സംബന്ധിച്ച് സത്യമല്ലെന്നാണ് ആദിത്യന്റെ അഭിപ്രായം. എങ്കിലും ജനാധിപത്യത്തിൽ, മതത്തിന്റെ വിഷം കലർത്താതെ ഒരു പാർട്ടിക്കും നിലനിൽക്കാൻ സാധിക്കില്ലെന്നുള്ളതും  സത്യങ്ങളാണ്.  മതത്തിന്റെ രക്ഷകരെന്നു പ്രഖ്യാപിച്ചുകൊണ്ട് വാസ്തവത്തിൽ അവർ ഹിന്ദുമതത്തെ നശിപ്പിക്കാൻ ശ്രമിക്കുകയാണ്. പശുവാണ് അവരുടെ പരിശുദ്ധ ദൈവമെങ്കിൽ ആയിക്കൊള്ളട്ടെ, വിരോധമില്ല. പശുവിന്റെ ഇറച്ചി നിങ്ങൾ തിന്നരുത്. കാരണം അത് നിങ്ങളുടെ ദൈവം മാത്രം. എന്നാൽ പശു ഹിന്ദുക്കൾ അല്ലാത്തവരുടെ ദൈവമല്ല. സനാതന ധർമ്മത്തിലെ വേദങ്ങളുടെ ദൈവമല്ല. പശുവിന്റെ ചാണകവും മൂത്രവും ദിവ്യ ഔഷധങ്ങളായി കരുതാൻ അഹിന്ദുക്കൾക്ക് ബുദ്ധിമുട്ടുണ്ട്. മുസ്ലിമുകളും ക്രിസ്ത്യാനികളും കാളയിറച്ചിയും പശുവിറച്ചിയും തിന്നരുതെന്നു പറയാൻ നിങ്ങൾക്കെന്തവകാശം? പശുവിനെ കൊന്നാൽ ജീവപര്യന്തം. മനുഷ്യനെ കൊന്നാൽ ഒന്നുമില്ല. അത് കിരാത യുഗത്തിലെ അപരിഷ്കൃത മനുഷ്യരുടെയും ഇന്നത്തെ കാവിവസ്ത്ര ധാരികളുടെയും മതമൗലിക വാദികളുടെയും ചിന്തകളാണ്. അറവു ശാലകൾ അടച്ചുപൂട്ടിയവഴി ആയിരക്കണക്കിന് മുസ്ലിമുകളും ഹിന്ദുക്കളും തെരുവുകളിൽ പട്ടിണിയായി കഴിയുമ്പോൾ ആദിത്യ യോഗി പശുക്കളെ തീറ്റിയും കുരങ്ങന്മാരെ കൊഞ്ചിച്ചും നീറോയുടെ അതേ വീണ വായിച്ചുകൊണ്ടിരിക്കുന്നു.










   കൈക്കൂലി വാങ്ങുന്ന ആന്റി റോമിയോ സ്‌ക്വാഡ് . 

CM Yogi visits gang-rape survivor in hospital


Saturday, March 25, 2017

മരിച്ചിട്ടും മകനു ചിതയൊരുക്കാനാവാതെ നീതി തേടിയലഞ്ഞ ഒരു അച്ഛൻ -4




ജോസഫ് പടന്നമാക്കൽ

നാൽപ്പതു വർഷങ്ങൾക്കു മുമ്പുള്ള അടിയന്തിരാവസ്ഥയെപ്പറ്റി ചിന്തിക്കുമ്പോൾ ആദ്യം നമ്മുടെ ഓർമ്മയിലെത്തുന്നത് കക്കയം ക്യാമ്പിൽ പോലീസിന്‍റെ ഇടികൊണ്ട് ദാരുണമായി കൊലചെയ്യപ്പെട്ട രാജനെന്ന കലാലയ വിദ്യാർത്ഥിയെപ്പറ്റിയായിരിക്കും. സ്വതന്ത്ര ഇന്ത്യയിലെ ഓരോ പൗരന്‍റെയും വ്യക്തിസ്വാതന്ത്ര്യത്തിന്മേൽ കൊളുത്തുകളിട്ടുകൊണ്ടുള്ള കരിനിയമങ്ങൾ അന്ന് നടപ്പിലാക്കിയിരുന്നു.  വാര്യര്‍  സമുദായത്തിൽപ്പെട്ട രാജൻ 1976-ൽ കോഴിക്കോട് റീജിണൽ എഞ്ചിനീയറിംഗ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയായിരുന്നു. ഭാവി വാഗ്ദാനങ്ങളുമായുള്ള ഈ യുവാവ് പഠിക്കാൻ അതി സമർത്ഥനായിരുന്നു. നല്ലയൊരു പാട്ടുകാരനായിരുന്ന രാജൻ കോളേജ് യൂണിയൻ സാംസ്ക്കാരിക  കലാ സെക്രട്ടറിയും അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഒരുപോലെ പ്രിയപ്പെട്ടവനുമായിരുന്നു. പോലീസ് കസ്റ്റഡിയിലിരുന്ന രാജന്‍റെ മരണം എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമായ തെളിവുകൾ ഒന്നും തന്നെയില്ല.

രാജന്‍റെ പിതാവായിരുന്ന പ്രൊഫ. ടി വി ഈച്ചര വാര്യര്‍ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട തന്‍റെ  മകനെ തേടി  മരണം വരെ അലഞ്ഞു നടന്നു. ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായിട്ടായിരുന്നു,  ആ പിതാവിന്റെ കഥയും അവസാനിച്ചത്. 1928 ഒക്ടോബർ ഇരുപത്തിയെട്ടാം തിയതി ചിറങ്കരയിൽ കൃഷ്ണ വാര്യറിന്‍റെയും മിസ്സസ് തിരുവുള്ളക്കാവ് വാരിയത്ത് കൊച്ചുകുട്ടിയുടെയും മകനായി ഈച്ചര വാര്യര്‍  ജനിച്ചു. വാര്യര്‍, സ്വാതന്ത്ര്യ സമരത്തിൽ തീവ്രമായി പ്രവർത്തിച്ചിരുന്നു. കൊച്ചിൻ പ്രജാമണ്ഡലം രാഷ്ട്രീയ പാർട്ടിയിലും അംഗമായിരുന്നു. പിന്നീട് കമ്മ്യുണിസ്റ്റ് പാർട്ടിയിലും ചേർന്നു. ഹിന്ദി ഭാഷയിൽ മഹാരാജാസ് കോളേജിലും ചിറ്റൂർ ഗവണ്മെന്റ് കോളേജിലും പ്രൊഫസറായിരുന്നു. രാധാ വാര്യരെ വിവാഹം കഴിച്ചു. മകൻ രാജൻ മരിച്ച ശേഷം അദ്ദേഹം മനുഷ്യാവകാശത്തിനു വേണ്ടി പ്രവർത്തിക്കുന്ന വക്താവുമായിരുന്നു. രാജനെ കൂടാതെ രമയും ചാന്ദിനിയും രണ്ടു പെണ്മക്കളുമുണ്ടായിരുന്നു..

1975 മുതൽ 1977 വരെയുള്ള ഇന്ത്യയുടെ അടിയന്തിരാവസ്ഥ മൂലം ജനങ്ങളുടെ പൗരാവകാശങ്ങൾ ഇല്ലാതാക്കിയിരുന്നു. അക്കാലത്ത് പോലീസിന്‍റെ ക്രൂരതകൾ നാടു മുഴുവൻ വ്യാപിച്ചിരുന്നു. നക്സൽ നീക്കങ്ങൾ ശക്തി പ്രാപിച്ച കാലവുമായിരുന്നു. ഗ്രാമീണ പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകൾ ആക്രമിക്കുകയെന്നത് സാധാരണവുമായിരുന്നു. പോലീസും പ്രതികാരം ചെയ്തുകൊണ്ടിരുന്നു. സർക്കാരിനും അടിയന്തിരാവസ്ഥയ്ക്കും എതിരായി നിൽക്കുന്നവരെ നക്സലെന്നു മുദ്ര കുത്തിയിരുന്നു.

കോഴിക്കോട് ഫറോഖ് കോളേജിൽ നടത്തിയ ഒരു കലോത്സവത്തിൽ രാജൻ സംഗീതം ആലപിച്ച ശേഷം മടങ്ങി വരവെയാണ് രാജനെയും കൂട്ടുകാരെയും അറസ്റ്റു ചെയ്തത്. നക്സൽ സംഘടനകളുമായി കൂട്ടുകെട്ടുണ്ടായിരുന്നുവെന്നായിരുന്നു ആരോപണം. രാജനെ ബലം പ്രയോഗിച്ചു പോലീസ് ജീപ്പിൽ കയറ്റിയ സമയം അനേക വിദ്യാർത്ഥികൾ കാഴ്ചക്കാരായി നോക്കി നിന്നു. കണ്ടുനിന്നവർ പോലീസിന്‍റെ പീഡനമുറ പേടിച്ചു തെളിവുകൾ കൊടുക്കാൻ മുമ്പോട്ട് വന്നുമില്ല. ആരെങ്കിലും തെളിവുകൾ കൊടുക്കാൻ തയ്യാറായി വന്നാൽ അവരെ പിന്നീട് ശത്രുക്കളായി അധികാരത്തിലുള്ളവർ കണ്ടിരുന്നു. അത്തരക്കാർക്ക് ഭീഷണിയോ പണം കൊടുത്ത് പിൻവാങ്ങിപ്പിക്കുകയോ ചെയ്യുമായിരുന്നു.

മകനെ തേടിയ പിതാവ് നീതിക്കായി ഇറങ്ങി തിരിച്ചു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോനെ കണ്ടിട്ടും നീതി ലഭിച്ചില്ല. അടിയന്തിരാവസ്ഥ കൊടുമ്പിരി കൊണ്ടിരുന്ന കാലഘട്ടത്തിലാണ് ഇത് സംഭവിച്ചത്. മേനോനിൽ നിന്ന് മോശമായ പെരുമാറ്റമാണ് ലഭിച്ചതെന്ന് വാര്യര്‍ തന്‍റെ ഓർമ്മക്കുറിപ്പുകളിൽ എഴുതിയിട്ടുണ്ട്. കരുണാകരനായിരുന്നു ആഭ്യന്തര മന്ത്രി. അടിയന്തിരാവസ്ഥ കാലത്ത് പീഢനം കൊടുക്കാൻ പൊലീസിന് സമ്മതം കൊടുത്തിരുന്നതും കരുണാകരനായിരുന്നു. രാജനെന്തു സംഭവിച്ചെന്ന് വ്യക്തമായി കരുണാകരന് അറിയാമായിരുന്നു. അന്നത്തെ നക്സൽകാരെ വേട്ടയാടാനായി നിയമിച്ചിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരായിരുന്നു ജയറാം പടിക്കലും പുലിക്കോടൻ നാരായണനും. മൃഗതുല്യമായ പീഢനങ്ങളും മൂന്നാം മുറകളും കസ്റ്റഡിയിലുള്ളവരെ അവർ ചെയ്തുകൊണ്ടിരുന്നു. നാസികളുടെ പീഢനങ്ങളെക്കാൾ ഭയാനകമായിരുന്നു ഇവരുടെ ക്രൂരതകൾ. ഈ പോലീസ് ഉദ്യോഗസ്ഥർ നിർദോഷികൾക്കെതിരെ നടത്തിയ തേരോട്ടങ്ങൾ ചരിത്രത്തിനു പോലും മാപ്പു നൽകാൻ സാധിക്കില്ല.

എന്തുകൊണ്ട് രാജനെ പോലീസ് പിടിച്ചു? സർക്കാരും പോലീസുകാരും അക്കാലങ്ങളിൽ അടിയന്തിരാവസ്ഥയെ വിമർശിക്കുന്നവരെയെല്ലാം സംശയത്തോടെയായിരുന്നു വീക്ഷിച്ചിരുന്നത്. നക്സലൈറ്റിലെ ഏതാനും ചെറുപ്പക്കാർ ഒരു പോലീസ് സ്റ്റേഷൻ ആക്രമിച്ചിരുന്നു. രാജൻ തന്‍റെ പിതാവിന്റെ ആശയങ്ങളെ പിന്തുടർന്ന് മാർക്സിസ്റ്റ് ചിന്താഗതിക്കാരനായിരുന്നു. അവനൊരിക്കലും നക്സലറ്റിൽ ഉണ്ടായിരുന്നില്ല. പോലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ അവൻ പങ്കാളിയുമായിരുന്നില്ല. അവന്‍റെ പിതാവ് പ്രൊഫസർ വാര്യര്‍ അറിയപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റ് ചിന്തകനായിരുന്നു. സ്വാഭാവികമായും മാർക്സിസ്റ്റ് ചിന്താഗതിക്കാരനെന്ന നിലയിൽ രാജനെയും നക്സലായി സംശയിച്ചു. കൂടാതെ അന്നത്തെ ആഭ്യന്തരമന്ത്രിയായി ഭരണകാര്യങ്ങൾ വഹിച്ചിരുന്നത് കെ. കരുണാകരനായിരുന്നു. തികഞ്ഞ കമ്മ്യൂണിസ്റ്റ് വിരോധിയും ഏതു സമയത്തും ഈച്ചിര വാര്യരോട് എതിരിടാൻ അവസരം കാത്തിരുന്ന ഒരു ചാണക്യനുമായിരുന്നു. ഇന്ദിരാ ഗാന്ധിയെ ദൈവമായി പൂജിച്ചിരുന്ന ആളും ഗുരുവായൂർ അമ്പലത്തിന്‍റെ വലിയ ഭക്തനുമായിരുന്നു.

അതേ മാനദണ്ഡങ്ങളോടെയുള്ള ഇന്ദിരാ ഗാന്ധിയുടെ ഭക്തനായ ശ്രീ ജയറാം പടിക്കലിനെയാണ് അന്വേഷണ കമ്മീഷന്‍റെ ചുമതലയും ഏൽപ്പിച്ചത്. ഭരണഘടന വാഗ്ദാനം ചെയ്തുകൊണ്ടുള്ള നിയമങ്ങൾ കാറ്റിൽ പറപ്പിച്ചുകൊണ്ടു പ്രവർത്തിച്ചിരുന്ന ഒരു ഉദ്യോഗസ്ഥനായിരുന്നു ശ്രീ ജയ റാം പടിക്കൽ. പോലീസ് സ്റ്റേഷൻ ആക്രമിച്ച യഥാർത്ഥ പ്രതികളെപ്പറ്റി യാതൊരു തെളിവും കിട്ടാത്ത സ്ഥിതിക്ക് അവർക്കൊരു കുറ്റകൃത്യം വഹിക്കുന്നതിനായി ബലിയാടിനെ വേണമായിരുന്നു.  കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും തമ്മിൽ തീവ്രമായ ശത്രുതാ മനോഭാവം പുലർത്തുന്ന കാലവുമായിരുന്നു. ഓരോ തിരഞ്ഞെടുപ്പിലും മാറി മാറി ഈ പാർട്ടികൾ ഭരിച്ചു പോന്നിരുന്നു.

രാജനെ കാണാതായ ശേഷം അവന്‍റെ അമ്മ രാധയ്ക്ക് ഭ്രാന്ത് പിടിച്ച് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. പിന്നീടുള്ള അവരുടെ ജീവിച്ചിരുന്ന അടുത്ത ഇരുപത്തിനാലു വർഷക്കാലവും  മാനസികാസുഖത്തിൽ നിന്നും ഒരിക്കലും മുക്തി നേടിയിട്ടുണ്ടായിരുന്നില്ല. രാജന്‍റെ അപ്പൻ ഈച്ചിര വാര്യര്‍ സമ്പാദിച്ച പണം മുഴുവൻ കേസിനായി ചിലവഴിച്ചു. അവസാനം അദ്ദേഹം പാപ്പരായി. എന്നിട്ടും അദ്ദേഹത്തിന്‍റെ മകനെ എന്തിനു അറസ്റ്റു ചെയ്‌തെന്നും അറിയാൻ സാധിച്ചിട്ടില്ല. അദ്ദേഹം  മകനെവിടെയെന്നന്വേഷിച്ച് അറിയാവുന്ന സ്ഥലങ്ങൾ മുഴുവൻ യാത്ര ചെയ്തു. സകല പോലീസ് ഉദ്യോഗസ്ഥന്മാരുടെയും വാതിക്കൽ മുട്ടി യാചിച്ചു. യാതൊരു ഫലവുമുണ്ടായില്ല. ഡി.ഐ.ജി. ജയ റാം പടിക്കലിന്റെ ഉത്തരവോടെ രാജനെ അറസ്റ്റു ചെയ്ത വിവരം അദ്ദേഹം മനസിലാക്കി. അന്ന് സ്റ്റേറ്റ് ആഭ്യന്തര മന്ത്രിയായിരുന്ന കരുണാകരനെ കണ്ടു. കേരളാസ്റ്റേറ്റ് സെക്രട്ടറിക്ക് പലതവണകൾ പെറ്റിഷൻ അയച്ചുകൊണ്ടിരുന്നു. ഒരു മറുപടിയും കൈപ്പറ്റിയതായ രേഖകളും കിട്ടിയില്ല. കണ്ണീരിൽ കുതിർന്ന കണ്ണുകളുമായി തന്‍റെ മകൻ എവിടെയെന്നുള്ള അന്വേഷണം തുടർന്നു കൊണ്ടിരുന്നു.

ശ്രീ വാര്യര്‍ തന്‍റെ മകനെ തേടി ഇന്ത്യയുടെ പ്രസിഡന്‍റിനും ആഭ്യന്തര മന്ത്രിക്കും ലോകസഭാംഗങ്ങൾക്കും കത്തുകൾ എഴുതിയിരുന്നു. പ്രധാനമന്ത്രിക്കും കത്തയച്ചു. യാതൊരു മറുപടിയും ലഭിച്ചില്ല. അതിനോടനുബന്ധിച്ചുള്ള എല്ലാ പോലീസുദ്യോഗസ്ഥരെയും കണ്ടു. ഏതാനും വിദ്യാർഥികളെ ഇതേ കാലയളവിൽ കോളേജിൽനിന്നും അറസ്റ്റ് ചെയ്തിരുന്നുവെന്ന് വിവരം കിട്ടി. അവർ സെൻട്രൽ ജയിലിൽ ഉണ്ടെന്നും മനസിലാക്കി. അദ്ദേഹം മൂന്നു സെൻട്രൽ ജയിലുകളും  സന്ദർശിച്ചു. മറ്റുള്ള പോലീസ് ക്യാമ്പുകളും തേടി. മുഖ്യമന്ത്രി അച്യുതമേനോന് രാജന്‍റെ അറസ്റ്റിനെപ്പറ്റി വ്യക്‌തിപരമായി അറിവുണ്ടെന്നു മനസിലാക്കി പല തവണകൾ സന്ദർശിച്ചു. അവസാനം അച്യുത മേനോൻ നിസ്സഹായനെപ്പോലെ അക്കാര്യങ്ങളിൽ തനിക്കൊന്നും ചെയ്യാൻ സാധിക്കില്ലെന്നും ആഭ്യന്തര മന്ത്രിയായ കരുണാകരന്‍റെ ചുമതലയിൽപ്പെട്ട വകുപ്പാണ് രാജന്‍റെ കേസെന്നും അറിയിച്ചു.

അതിനുശേഷം അദ്ദേഹം പൊതുജനങ്ങളുടെ സഹായം അപേക്ഷിച്ച് നാടുമുഴുവൻ ലഘുലേഖകൾ വിതരണം ചെയ്യാൻ തുടങ്ങി. അക്കാലത്തായിരുന്നു തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരുന്നത്. കരുണാകരൻ തിരഞ്ഞെടുപ്പ് സംബന്ധിച്ച് കൽപ്പറ്റയിലും മറ്റു മണ്ഡലങ്ങളിലും പ്രസംഗിച്ചു നടന്നിരുന്ന കാലവുമായിരുന്നു. ചില തിരഞ്ഞെടുപ്പു വേളകളിൽ രാജൻ ഒരു കൊലക്കേസ് പ്രതിയായിരുന്നുവെന്നും സൂചിപ്പിച്ചു. അതുകൊണ്ടാണ് രാജനെ അറസ്റ്റു ചെയ്തു തടങ്കിലിലാക്കിയതെന്നും പ്രഖ്യാപിച്ചു. മജിസ്ട്രേറ്റിന്റെ മുമ്പിൽ നിയമാനുസൃതമായി രാജനെ ഒരിക്കലും ഹാജരാക്കിയിട്ടുമില്ലായിരുന്നു.

കരുണാകരനും വാര്യരും തൃശൂരുള്ള ഒരേ പ്രദേശങ്ങളിൽ നിന്നുമുള്ളവരായിരുന്നു. ജാതിയുടെ കാര്യത്തിലും വലിയ വ്യത്യാസമില്ലാതെ ഒരാൾ 'മാരാരും' മറ്റെയാൾ 'വാര്യരു'മായിരുന്നു. എങ്കിലും രാഷ്ട്രീയ കാര്യങ്ങളിൽ രണ്ടുപേരും രണ്ടു വിഭിന്ന ചിന്തകളിലായിരുന്നത് മത്സരത്തിന് കാരണമായി.  പ്രൊഫ. വാര്യര്‍ കമ്മ്യൂണിസ്റ്റ് ചിന്തകനായിരുന്നെങ്കിലും പാർട്ടിക്കു വേണ്ടി ഒരിക്കലും പ്രവർത്തിച്ചിട്ടില്ല. അടിയന്തിരാവസ്ഥ കാലത്ത് അച്യുത മേനോനായിരുന്നു മുഖ്യമന്ത്രി. വലതു കമ്മ്യൂണിസ്റ്റും കോൺഗ്രസ്സും ഒന്നിച്ചുള്ള മന്ത്രി സഭയായിരുന്നതുകൊണ്ട് അച്യുതമേനോൻ കരുണാകരനെ എന്നും ഭയപ്പെട്ടിരുന്നു. കരുണാകരൻ കമ്മ്യൂണിസ്റ്റുകാരെ വെറുക്കന്നപോലെ അച്യുതമേനോനെയും വെറുത്തിരുന്നു. ജയറാം പടിക്കലും കരുണാകരനും സംസ്ഥാനത്ത് ഒരു മുഷ്ടിഭരണമായിരുന്നു നടത്തിയിരുന്നത്. ഒരിക്കൽ ധീരനായിരുന്ന അച്യുതമേനോന് കരുണാകരനോടും ജയറാം പടിക്കലിനോടും മല്ലിടാനുള്ള കഴിവുണ്ടായിരുന്നില്ല.

ഈച്ചിര വാര്യര്‍ മകനെ തേടി തന്റെ കൈകൾ കൂപ്പിക്കൊണ്ട് കരുണാകരന്‍റെ ഓഫിസിലെത്തുമ്പോൾ അദ്ദേഹം പറയും, "മിസ്റ്റർ വാര്യര്‍! നാം തമ്മിൽ ചെറുപ്പം മുതൽ പരസ്പ്പരം അറിയുന്നവരല്ലേ, കഴിയുന്നതെല്ലാം ഞാൻ ചെയ്യുന്നതായിരിക്കും." എന്നു പറഞ്ഞുകൊണ്ട് ആശ്വസിപ്പിച്ചു വിടുമായിരുന്നു. രാജൻ മരിച്ചുവെന്ന് കരുണാകരന് അറിയാമായിരുന്നു. പിതാവിന്‍റെ മുമ്പിൽ നല്ലപിള്ള ചമഞ്ഞുകൊണ്ട് ഒരു ഒളിച്ചു കളി നടത്തിയിരുന്നുവെന്നു മാത്രം. രാജന്‍റെ പ്രശ്നങ്ങളുമായി കരുണാകരനെ സന്ദർശിച്ചിരുന്നപ്പോഴെല്ലാം കരുണാകരൻ എന്തൊക്കെയോ ഒളിച്ചു വെക്കുന്നുണ്ടെന്നു സംസാരത്തിൽ മനസിലാകുമായിരുന്നുവെന്ന് ശ്രീ വാര്യർ തന്‍റെ ഓർമ്മക്കുറിപ്പുകളിൽ സൂചിപ്പിച്ചിട്ടുണ്ട്. ശ്രീ വാര്യറിന് കരുണാകരനോട് പരിഭവമില്ല. വിഭിന്ന രാഷ്ട്രീയ ചിന്താഗതികളിൽ വ്യക്തിപരമായ വൈരാഗ്യങ്ങൾ വീട്ടാനും കരുണാകരൻ അവസരം നോക്കി നിൽക്കുകയായിരുന്നു.

വാര്യരെ പ്രയാസപ്പെടുത്തിയിരുന്നത് ശ്രീ അച്യുത മേനോന്റെ പെരുമാറ്റമായിരുന്നു. ഒരു മുഖ്യ മന്ത്രിയെന്ന നിലയിൽ അദ്ദേഹത്തെ കാണാൻ ചെന്നാൽ ജയറാം പടിക്കലിനോടോ കരുണാകരനോടോ ചോദിക്കാൻ പറയും. അദ്ദേഹത്തിന്‍റെ താഴെയുള്ള ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങൾ ലഭിക്കാൻ മുഖ്യമന്ത്രിക്ക് സാധിക്കില്ലെന്നറിഞ്ഞപ്പോൾ ഈച്ചരവാര്യരിൽ വിസ്മയമുണ്ടാകുമായിരുന്നു. ഒരിക്കൽ ഈച്ചിര വാര്യരോടും അദ്ദേഹത്തിന്റെ സഹോദരൻ മാധവനോടും വളരെ പരുക്കനായും നീചമായും സംസാരിച്ചു. "നിങ്ങളുടെ മകനുവേണ്ടി കേരളം മുഴുവനുമുള്ള ജയിലുകളിൽ അന്വേഷിച്ചിറങ്ങാൻ എനിക്ക് സമയമില്ലെന്ന്" അസഭ്യമായ ഭാഷയിലായിരുന്നു സംസാരിച്ചത്.  വാര്യര്‍ നിശബ്ദനായി മുഖ്യമന്ത്രി പറയുന്നത് കേട്ടു. പിന്നെ ഒരിക്കലും അദ്ദേഹത്തെ കാണാൻ പോയിട്ടില്ല,

വാര്യരെ ദുഖിപ്പിച്ചത് അച്യുത മേനോനെ രക്ഷിച്ച ഒരു പഴങ്കാല കഥ ഓർത്തപ്പോഴാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിയ ശേഷം അന്നുള്ള സർക്കാരുകൾ കമ്മ്യുണിസ്റ്റുകാരെ വേട്ടയാടുന്ന കാലങ്ങളായിരുന്നു. വാര്യരുടെ കുടുംബവും അച്യുത മേനൊന്‍റെ കുടുംബവും അടുത്തടുത്തായിരുന്നു താമസിച്ചിരുന്നത്. 1949-ൽ രാത്രിയിൽ പോലീസ് അച്യുതമേനോനെ അറസ്റ്റു ചെയ്യാൻ അദ്ദേഹത്തിൻറെ വീട്ടിൽ എത്തി. അദ്ദേഹം പുറം വാതിൽക്കൽക്കൂടി ജീവനുംകൊണ്ടോടി, പാതിരാത്രിക്ക് ഈച്ചിര വാര്യരുടെ തറവാട്ടിൽ രക്ഷിക്കണമേയെന്നു പറഞ്ഞോടിയെത്തി. അന്ന് വാര്യറിന്‍റെ പിതാവും കുടുംബവും കോൺഗ്രസ് അനുഭാവികളായിരുന്നു. സർക്കാരിനെ പിന്തുണക്കുന്ന കുടുംബമായിരുന്നതുകൊണ്ട് മേനോന് അഭയം കൊടുത്താലും ആർക്കും സംശയമുണ്ടാവുമായിരുന്നില്ല. അറസ്റ്റ് ചെയ്യുന്നവരെ രാജ്യദ്രോഹികളെന്നു മുദ്ര കുത്തി വധിക്കുകയായിരുന്നു പതിവ്. വാര്യറിന്‍റെ സഹോദരൻ മാധവനും മറ്റൊരു സഹോദരനും രാത്രിയിൽ തന്നെ അവിടെ നിന്ന് എട്ടു പത്ത് കിലോ മീറ്റർ അകലെയുള്ള വാര്യരുടെ അകന്ന ഒരു ബന്ധുവീട്ടിൽ മേനോനെ ഒളിപ്പിച്ചു താമസിപ്പിച്ചു. അനുജന്മാരുമൊത്ത് പോവുന്ന വഴിയിൽ പോലീസിന്‍റെ പിടിയിൽ അകപ്പെട്ടിരുന്നെങ്കിൽ എല്ലാവരുടെയും ജീവൻ അപകടപ്പെടുമായിരുന്നു. അവിടെയാണ് കരുണാകരനേക്കാളൂം മേനോന്‍റെ പ്രവർത്തനങ്ങളിൽ വാര്യർക്ക് പ്രയാസം വന്നത്. അനുജന്മാർ വീട്ടിൽ മടങ്ങി വരുന്നവരെ ഈച്ചിര വാര്യർ രാത്രിമുഴുവൻ ഉറങ്ങാതെ പരിഭ്രാന്തിയിലായിരുന്നു.

വാര്യര്‍ കാണാതായ മകനെ തേടി അറിയാവുന്ന അധികാര സ്ഥാനങ്ങളിൽ മുഴുവൻ പരാതി കൊടുത്തു. ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് കേസ് ഫയൽ ചെയ്തു. അദ്ദേഹത്തിൻറെ മകൻ പോലീസ് കസ്റ്റഡിയിലായിരുന്നുവെന്നും അതുകൊണ്ടു കോടതിയുടെ മുമ്പിൽ ഹാജരാക്കണമെന്നുമായിരുന്നു കേസ്. കേരളാ ഹൈക്കോടതിയുടെ ചരിത്രത്തിൽ അങ്ങനെയൊരു കേസ് ആദ്യമായിരുന്നു. മുഖ്യമന്ത്രിയായിരുന്ന കരുണാകരന്‍റെ രാജിക്കു വരെ അത് കാരണമായി. ദുരൂഹസാഹചര്യത്തിൽ നഷ്ടപ്പെട്ടുപോയ മകനെ തേടിയുള്ള ഈച്ചര വാരിയരുടെ യാതനകൾ കേരള മനഃസാക്ഷിയെ തന്നെ പിടിച്ചുകുലുക്കിയിരുന്നു.  പക്ഷെ സർക്കാർ കള്ളസാക്ഷികളെ കൊണ്ട് കോടതികളിൽ മൊഴി കൊടുപ്പിച്ചു. സർക്കാരിന്‍റെ അവിശ്വസിനീയമായ രേഖകളും കൃത്രിമമായി എഴുതിയുണ്ടാക്കി. രാജനെ കസ്റ്റഡിയിൽ എടുത്തില്ലായെന്നു, ഡി ഐ ജി ജയറാം പടിക്കൽ കോടതിയിൽ പറഞ്ഞു. രാജൻ ഏതോ നക്സൽ സങ്കേതത്തിലെന്നു വിദ്യാർഥികൾ പറഞ്ഞെന്നും പോലീസ് അവനെ അന്വേഷിക്കുന്നുവെന്നും അവൻ എവിടെയെന്നു കണ്ടു പിടിക്കാൻ സാധിച്ചിട്ടില്ലന്നും കോടതിയെ അറിയിച്ചു.

കോടതി വിധിയുടെ വെളിച്ചത്തിൽ രാജനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നുവെന്നും ഒരു പക്ഷെ രാജൻ മരിച്ചത് പോലീസ് കസ്റ്റഡിയിൽ നിന്നുമായിരുന്നുവെന്നും വാര്യർക്ക് മനസിലായി. മൃതദേഹം കണ്ടെത്താഞ്ഞതിനാൽ അവന്‍റെ പേരിലുള്ള കുറ്റാരോപണങ്ങളും എടുത്തുകളഞ്ഞിരുന്നു. കുറ്റവാളികളുടെ പട്ടിക കൈകാര്യം ചെയ്തിരുന്ന ക്രൈം ബ്രാഞ്ചിന്റെ ചീഫ് ആയിരുന്ന ജയറാം പടിക്കലിനെയും കേസിൽ പ്രതിയായി ഉൾപ്പെടുത്തിയിരുന്നു. കോടതി ജയറാം പടിക്കൽ കുറ്റം ചെയ്‌തെന്ന് വിധിക്കുകയും ചെയ്തു. പക്ഷെ വീണ്ടും അപ്പീൽ കൊടുത്തു കഴിഞ്ഞപ്പോൾ ആ വിധി അസ്ഥിരപ്പെടുത്തുകയും ചെയ്തു. വിധിയുടെ അടിസ്ഥാനത്തിൽ 1978-ൽ കരുണാകരൻ ആഭ്യന്തര മന്ത്രിയെന്ന നിലയിൽ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുകയും ചെയ്തു.

നക്സൽ വർഗീസിനെ വധിച്ചതുമായി ബന്ധപ്പെട്ട കേസിലുണ്ടായിരുന്ന ലക്ഷ്‌മണയെ രാജൻ വധക്കേസിലും കുറ്റപ്പെടുത്തുന്നുണ്ട്. കാരണം അദ്ദേഹം അന്ന് ഡി.ഐ.ജി. യായിരുന്നു. അടിയന്തിരാവസ്ഥ കാലത്ത്, രാജനെ പോലീസിന്‍റെ മൂന്നാം മുറയനുസരിച്ചു ഉരുട്ടുന്ന സമയങ്ങളിൽ ലക്ഷ്മണ കോഴിക്കോട് കക്കയം ക്യാമ്പിലുണ്ടായിരുന്നു. എങ്കിലും ലക്ഷ്മണയ്‌ക്കെതിരെ തെളിവില്ലാഞ്ഞതുകൊണ്ടു കോടതിയിൽ നിന്നും ശിക്ഷ കിട്ടിയില്ല. അദ്ദേഹത്തിന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സി.എച്. മുഹമ്മദ് കോയയുമായി അടുത്ത സൗഹാർദമുണ്ടായിരുന്നു. ആഭ്യന്തര മന്ത്രി അദ്ദേഹത്തിന്‍റെ കുടുംബ സുഹൃത്തുമായിരുന്നു. രാഷ്ട്രീയ ചിന്താഗതികളിൽ ലക്ഷ്മണ കരുണാകരന്‍റെ കടുത്ത ആരാധകനും കോൺഗ്രസുകാരനുമായിരുന്നു. കോടതി കുറ്റവിമുക്തനാക്കിയ ശേഷം ലക്ഷ്മണ ഡി.ഐ.ജി. യാവുകയും പിന്നീട് ഐ.ജി യായി വിരമിക്കുകയുമുണ്ടായി.

അടുത്ത കാലത്ത് രാജന്‍റെ മൃതദേഹത്തെ സംബന്ധിച്ച് ചില കഥകളും പുറത്തു വരുന്നുണ്ട്. 2005 ഡിസംബർ ഇരുപത്തിരണ്ടാം തിയതി വന്ന ഹിന്ദു പത്രത്തിൽ രാജൻ മരിച്ചത് കക്കയം ക്യാമ്പിലെ ഉരുട്ടൽ മൂലമല്ലെന്നു റിപ്പോർട്ടു ചെയ്തിട്ടുണ്ട്. രാജന്‍റെ ശരീരത്തിന്‍റെ സ്വകാര്യ ഭാഗത്ത് ഒരു പോലീസുകാരന്‍റെ തോക്കുകൊണ്ടുള്ള അടികാരണം  മരിച്ചതെന്നാണ് വാർത്ത. അതിനുശേഷം രാജന്‍റെ മൃതദേഹം കക്കയം ക്യാമ്പിന്‍റെ പുറകുവശത്തുള്ള സ്ഥലത്തിട്ടു കത്തിക്കുകയായിരുന്നു. കൊച്ചിയടുത്തുള്ള വരാപ്പുഴ താമസിക്കുന്ന സാമൂഹിക പ്രവർത്തകനായ എഴുപത്തി നാല് വയസുള്ള 'ഡേവിസ് ചക്കി'യെത്താണ് ഈ വാർത്ത പുറത്തു വിട്ടത്. അന്ന് ചക്കിയത്ത് പോലീസ് ഡിപ്പാർട്ട്മെന്‍റിൽ ഉണ്ടായിരുന്നു. പലരും വിചാരിച്ചിരുന്നത് അവന്‍റെ ശരീരം കക്കയം അണക്കെട്ടിൽ വലിച്ചെറിഞ്ഞെന്നായിരുന്നു. രാജൻ മരിച്ചുവെന്ന് ഉറപ്പായ ശേഷം സീനിയർ പോലീസ് ഓഫീസറായ ജയറാം പടിക്കൽ മൃതദേഹം കത്തിക്കാൻ മറ്റു പോലീസുകാരോട് ആജ്ഞ നൽകുകയായിരുന്നു. കക്കയം ക്യാമ്പിലെ അന്നുണ്ടായിരുന്ന സുലൈമാനും രാജൻ മരിച്ചതെങ്ങനെയെന്ന ചക്കിയത്തിന്‍റെ അതേ അഭിപ്രായം തന്നെ വിവരിച്ചിരുന്നു. സ്വകാര്യ ഭാഗത്ത് ഇടികിട്ടിയ ഉടനെ രാജൻ വലിയൊരു അലർച്ചയോടെ ബോധംകെട്ടു വീഴുകയും നിമിഷങ്ങൾക്കുള്ളിൽ മരിക്കുകയും ചെയ്തെന്നുള്ള കഥയാണ് സുലൈമാനും പറയാനുള്ളത്.

രാജൻ മരിച്ച ദിവസം സ്പെഷ്യൽ പോലീസ് ക്യാമ്പിന്‍റെ ചുമതലയുണ്ടായിരുന്നത് ജയറാം പടിക്കലിനായിരുന്നു. ക്യാമ്പിന്‍റെ ഗേറ്റുകളും വാതിലുകളും അടയ്ക്കാൻ ആജ്ഞ കൊടുത്തു. മൃതശരീരം ക്യാമ്പിന്‍റെ പുറകിൽ കൊണ്ടുവരാൻ പോലീസുകാരോട് ജയറാം പടിക്കൽ ആവശ്യപ്പെട്ടു. പിന്നീട് കത്തിക്കുകയായിരുന്നു. ഒരേ അഭിപ്രായങ്ങൾ തന്നെ അന്ന് പോലീസിലുണ്ടായിരുന്ന ചക്കിയത്തും സുലൈമാനും രാമഭദ്രനും പറഞ്ഞപ്പോൾ അതിൽ സത്യമുണ്ടെന്ന് അനുമാനിക്കണം. ഈ വിവരങ്ങൾ പറയുമ്പോൾ ഈച്ചിര വാര്യര്‍ ജീവിച്ചിരുന്നില്ല.

ദൈവത്തിന്‍റെ പുണ്യഭൂമിയിൽ രാജനോടൊപ്പം ഉരുട്ടിയ മറ്റൊരു പ്രതി പോലീസ് സ്റ്റേഷനിലെ പീഡനത്തെ വിവരിക്കുന്നുണ്ട്. രാജന്‍റെ തുടകൾ കൂട്ടി ഭാരമേറിയ തടിക്കഷണവും ചങ്ങലയും കെട്ടി ഉരുട്ടുന്ന സമയം ജയറാം പടിക്കൽ അത് നോക്കി നിൽക്കുന്നുണ്ടായിരുന്നു. ഭീമാകാരന്മാരായ രണ്ടു തടിയന്മാരും ആ തടിക്കഷണത്തിന്‍റെ രണ്ടറ്റത്തും ഇരിക്കുന്നുണ്ടായിരുന്നു. അവശനായ രാജൻ കരഞ്ഞപ്പോൾ ഒരു പോലീസുകാരൻ മുമ്പിൽക്കൂടി വന്നു തോക്കുകൊണ്ട് വന്നു രാജന്‍റെ നാഭികൂട്ടി  അടിച്ചു താഴെയിട്ടു. "കക്കയം പോലീസ് സ്റ്റേഷനിൽ നിന്ന് തോക്ക് കട്ടത് ആരെന്നു" ജയറാം പടിക്കൽ ചോദിച്ചു. രാജന് കുറ്റം സമ്മതിക്കാൻ കഴിവില്ലായിരുന്നു. അവശശബ്ദത്തിൽ അവൻ പറഞ്ഞു, "സർ, ദയവായി എന്നെ വിശ്വസിച്ചാലും, സത്യമായും 'സർ' എനിക്കറിയില്ല, ഞാൻ അപ്പോൾ അവിടെയില്ലായിരുന്നു. ആരോ കുട്ടികൾ ചെയ്തതാണ്." പിന്നീടവൻ ശബ്ദിച്ചില്ല. അവന്‍റെ ശബ്ദം നിലച്ചിരുന്നു. അപ്പോഴേക്കും അവൻ മരിച്ചിരുന്നു. രാജനെ ഉരുട്ടി കൊല്ലുന്നത് കണ്ടവരായ അമ്പതിനും അറുപത്തിനുമിടയ്ക്കുള്ള സാക്ഷികൾ ഇന്നും ജീവിച്ചിരിപ്പുണ്ട്. പലരും സംഭവങ്ങൾ പുറത്തു പറയാൻ പേടിക്കുന്നു. ജീവനുതന്നെ ഭീഷണി വരുമെന്ന് ഭയപ്പെടുന്നു. ഡെപ്യുട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസായിരുന്ന ജയറാം പടിക്കലാണ് ഉരുട്ടൽ പരിപാടികൾക്ക് ആജ്ഞ നൽകിയത്.

മാതൃഭൂമി പത്രം ഒരിക്കൽ എഴുതി, കക്കയം പോലീസ് സ്റ്റേഷനിലെ ഒരു കോൺട്രാക്ട് ഡ്രൈവർ നാൽപ്പതു വർഷങ്ങൾക്കു ശേഷം പുതിയ വിവരങ്ങളുമായി വന്നിരിക്കുന്നു. 'രാജന്‍റെ പീഡിതമായ ശരീരം ആദ്യം ഐസിനകത്തു സൂക്ഷിച്ചു. പന്നികളുടെ തീറ്റിക്കായി ഒരു സർക്കാർ ഫാക്ടറിയിൽ പൊടിച്ചു. കൂത്താട്ടുകുളം മീറ്റ് പ്രോഡക്ട് ഓഫ് ഇൻഡ്യായെന്ന (Meat Products of India’, Koothattukulam) കമ്പനിയാണ് ഈ പ്രക്രിയകൾ നടത്തിയത്.' മരിച്ച ഒരാളിന്‍റെ ശവശരീരം കാണാൻ സാധിക്കുന്നില്ലെങ്കിൽ ആരെയും കൊലക്കുറ്റം ചുമത്താൻ സാധിക്കില്ലെന്നാണ് നിയമം. മറ്റുള്ളവരുടെ ദൃക്‌സാക്ഷി വിവരണങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ കഥ ഇവിടെ വിവരിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്.

ഈച്ചിര വാര്യര്‍ തന്‍റെ മകനെ തേടി അവസാനം വരെ പൊരുതി. അദ്ദേഹത്തിന്‍റെ  തീരാ ദുഃഖത്തിനുള്ള ഉത്തരം ഒരിക്കലും കിട്ടിയില്ല. 'ഒരു പിതാവിന്‍റെ ഓർമ്മകുറിപ്പുകൾ ' എന്ന പേരിൽ വാര്യര്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാണാതായ മകനെ തേടിയുള്ള ഒരു അപ്പന്‍റെ കരളലിയിക്കുന്ന കഥകൾ ആ പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. രാജന് എന്താണ് സംഭവിച്ചതെന്ന് കേരളത്തിലുടനീളം എന്നുമുണ്ടായിരുന്ന ഒരു ചോദ്യമായിരുന്നു. മലയാളികൾ ഒരുപാടു കാലം ഈ ചെറുപ്പക്കാരന്‍റെ ദുരന്തകഥ മനസ്സിൽ കൊണ്ടുനടന്നിരുന്നു.അതിനായി നീതി കിട്ടാൻ ഈച്ചിര വാര്യര്‍  മുട്ടാത്ത വാതിലുകൾ ഇല്ല. ആരും അദ്ദേഹത്തോട് നീതി പാലിക്കാൻ തയാറായുമില്ല. വാര്യർക്ക് മകൻ ഒരിക്കൽ തിരിച്ചുവരുമെന്ന വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസം മരിക്കുന്നവരെയും അദ്ദേഹം പുലർത്തിയിരുന്നു. രാത്രിയുടെ അന്തിയാമങ്ങളിൽ വീടിനു പുറത്ത് എന്തെങ്കിലും ശബ്ദം കേട്ടാൽ മതി അദ്ദേഹം ടോർച്ചടിച്ചു വാതില് തുറന്നു നോക്കുമായിരുന്നു. ഭാര്യയോട് പറയുമായിരുന്നു, "രാധേ, ഒരു പാത്രം ചോറും ഒരു വാഴയിലയും അവന്റെ ഊൺമേശയിൽ നീ എന്നും കരുതിയിരിക്കണം. ഏതു സമയവും അവൻ പടി കയറി വീടിനുള്ളിൽ വരാം. അവൻ വിശന്നായിരിക്കാം വരുന്നത്. അവൻ വരും. തീർച്ചയായും അവൻ..."

മൂന്നു മക്കളിൽ രാധയ്ക്കെപ്പോഴും രാജനോടായിരുന്നു ഇഷ്ടം. അമ്മയും മകനും തമ്മിൽ കാണുന്ന സമയമെല്ലാം ഈണം വെച്ച് ഒന്നിച്ചു പാടുമായിരുന്നു. സ്‌കൂളിൽ നിന്ന് വരുമ്പോഴേ അവനെന്തെങ്കിലും കഴിക്കാൻ അമ്മയുടെ അടുത്തു കൂടും. കൊഞ്ചിക്കൊണ്ട് അവൻ പാട്ടു പാടി അമ്മയെ സുഖിപ്പിക്കും. 'അമ്മ അതിൽ ആനന്ദം കണ്ടെത്തിയിരുന്നു. അവധി ദിവസങ്ങളിൽ പാതിരാ കഴിഞ്ഞാലും ഒന്നിച്ചു പാട്ടു പാടിക്കൊണ്ടിരിക്കും. ആരെയും ഉറക്കില്ലായിരുന്നു. അവൻ എന്നും അമ്മയുടെ മോനായിരുന്നു. രണ്ടായിരാമാണ്ട് മാർച്ചു മൂന്നാം തിയതി രാജന്‍റെ 'അമ്മ' രാധ ഈ ലോകത്തോട് യാത്ര പറഞ്ഞു. മരിക്കുന്നതിന് ഒരാഴ്ച മുമ്പ് അവശയായി അവർ ബെഡിൽ കിടക്കുന്ന സമയം ഭർത്താവിന്‍റെ കൈകൾ പിടിച്ചുകൊണ്ടു ഒരു സഞ്ചി നിറയെ ചില്ലറ നാണയങ്ങൾ അദ്ദേഹത്തെ ഏൽപ്പിച്ചു. അത് രാജൻ വരുമ്പോൾ കൊടുക്കണമെന്നു പറഞ്ഞു.

എന്തിനായിരുന്നു ഈച്ചിര വാര്യർ മനുഷ്യാവകാശത്തിനു വേണ്ടി പോരാടിയത്? സ്വതന്ത്ര ഇന്ത്യയിൽ പോലീസ് മേധാവികൾക്ക് ആരെയും അറസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടായിരുന്നു. എങ്ങനെ വേണമെങ്കിലും പീഢിപ്പിക്കാം. എപ്പോൾ വേണമെങ്കിലും കൊല്ലാം. മരിച്ച ശരീരത്തെ അജ്ഞാതമായി മറവു ചെയ്യാം. സീനിയർ പോലീസ് ഉദ്യോഗസ്ഥരും, രാഷ്ട്രീയക്കാരും സർക്കാരിന്‍റെ ചുവപ്പു നാടകളും ഇത്തരം ഹീനമായ കുറ്റകൃത്യങ്ങൾ, സമൂഹത്തിൽ നിന്നും ഇരയുടെ ബന്ധു ജനങ്ങളിൽ നിന്നും ഒളിച്ചു വെക്കും. ഇത് ഏതാനും സംഭവങ്ങളിൽ നിന്നുമുള്ള വെറും കഥകൾ മാത്രമല്ല. ഇന്നത്തെ ഭാരതത്തിന്‍റെ കഥയാണ്. സ്വന്തം അനുഭവപാഠത്തിൽ നിന്നും പഠിച്ച ഇങ്ങനെയുള്ള ഒരു വ്യവസ്ഥിതിയ്‌ക്കെതിരെ ശ്രീ ടി വി ഈച്ചര വാര്യര്‍ പൊരുതി. ദുർഗ്രാഹ്യമായ സാഹചര്യങ്ങളിൽ അപ്രത്യക്ഷ്യമായ ഒരു മകനെ തേടിയുള്ള യാത്രയുടെ നെടുവീർപ്പുകളും അദ്ദേഹത്തിന്‍റെ ജീവിതത്തിലുണ്ട്. ഭാരതത്തിന്റെ പതാക സ്വാതന്ത്ര്യ നാളുകളിൽ പാറി പറക്കുന്ന സമയം ആ പതാകയിൽ ഒരു പിതാവിന്‍റെയും ഒരു അമ്മയുടെയും ഒരു മകന്റെയും കണ്ണുനീർത്തുള്ളികളുടെ കഥകളും പറയുന്നുണ്ടാകാം.

(അവസാനിച്ചു)

K.Karunakaran and Indira at Guruvayur 


The film Piravi is  Rajan Eachara Warrier's case. 







Jayaram padikkal 

Saturday, March 18, 2017

ഇന്ദിരാഗാന്ധിയും അടിയന്തിരാവസ്ഥയും




ജോസഫ് പടന്നമാക്കൽ

1975-ജൂണിൽ  തുടങ്ങി  ഇരുപത്തിയൊന്നു മാസങ്ങളോളം നീണ്ടുനിന്ന അടിയന്തിരാവസ്ഥ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷമുണ്ടായ ചരിത്രത്തിന്റെ ഇടനാഴികയിലെ ഇരുണ്ട ഒരു അദ്ധ്യായമായി കരുതുന്നു. അസ്വാതന്ത്ര്യത്തിന്റെ അടിയന്തിരാവസ്ഥയിൽനിന്നും 1977 മാർച്ച്‌ 21-നു മോചനം ലഭിച്ചിട്ട് നാൽപ്പതു വർഷം തികയുന്നു. ഭരണഘടന വാഗ്ദാനം ചെയ്തിരുന്ന നിയമങ്ങളെ അവഗണിച്ചുകൊണ്ടായിരുന്നു അന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ആഭ്യന്തര പ്രശ്നങ്ങളുടെ പേരിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഉപദേശപ്രകാരം പ്രസിഡന്റ് ഫക്രൂദിൻ ആലി അഹമ്മദ് അടിയന്തിരാവസ്ഥ 1975 ജൂൺ ഇരുപത്തിയഞ്ചാം തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു‌. ഭരണഘടന 352 വകുപ്പുപ്രകാരം നടപ്പാക്കിയ ഒരു തീരുമാനമായിരുന്നു അത്.

സാധാരണ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത് യുദ്ധകാലങ്ങളിലും പ്രകൃതി ക്ഷോപമുണ്ടാവുമ്പോഴും ആഭ്യന്തര കലാപങ്ങൾ പൊട്ടിപ്പുറപ്പെടുമ്പോഴുമായിരുന്നു. എന്നാൽ ഏകാധിപതികളായ ഭരണാധികാരികൾ സ്വന്തം താല്പര്യങ്ങൾ പരിരക്ഷിക്കുന്നതിന് ഈ അധികാരം ദുർവിനിയോഗം ചെയ്യാറുണ്ട്. പാക്കിസ്ഥാനുമായും ചൈനയുമായും യുദ്ധമുണ്ടായപ്പോൾ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. എങ്കിലും യുദ്ധത്തിനുശേഷം അങ്ങനെയൊരു പ്രതിസന്ധി അവസാനിപ്പിക്കുകയും ചെയ്തു.

അടിയന്തിരാവസ്ഥയ്ക്ക് മുമ്പ് 1972 മുതൽ 1975 വരെ ഇന്ത്യയുടെ സാമ്പത്തിക മേഖലകൾ മൊത്തം  പ്രശ്ന സങ്കീർണ്ണങ്ങളായിരുന്നു. പാകിസ്താനുമായുള്ള യുദ്ധം മൂലം ദേശീയ വരുമാനത്തിനും സാരമായ ഇടിവുണ്ടായി. ബംഗ്ളാദേശിനെ പാക്കിസ്ഥാനിൽ നിന്നും സ്വതന്ത്രമാക്കിയതിലും യുദ്ധം വിജയിച്ചതിലും ഇന്ദിരാഗാന്ധി ഭാരതത്തിലെ ഭൂരിഭാഗം ജനങ്ങളുടെ വിശ്വാസം നേടിയിരുന്നു. എന്നാൽ യുദ്ധംമൂലം സംഭവിച്ച ബംഗ്ളാദേശിൽ നിന്നുള്ള അഭയാർഥികളുടെ പ്രശ്നങ്ങൾ ഇന്ത്യയ്ക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. ഏകദേശം എട്ടു മില്യൺ  അഭയാർഥികൾ ബംഗ്ളാദേശിൽനിന്നും ഇന്ത്യയിൽ അഭയം തേടി. ദൈനംദിനമുള്ള അഭയാർത്ഥികളുടെ പ്രവാഹംമൂലം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ   തകർന്നുകൊണ്ടിരുന്നു.

യുദ്ധത്തിനു ശേഷം അമേരിക്ക ഇന്ത്യക്കുള്ള സകല സാമ്പത്തിക സഹായങ്ങളും നിർത്തൽ ചെയ്തിരുന്നു. ആഗോള മാർക്കറ്റിൽ ഓയിൽ വില വർദ്ധിക്കുകയും ചെയ്തു. അതിനാൽ നിത്യോപയോഗ സാധനങ്ങൾക്ക് മുപ്പതു ശതമാനത്തിൽ കൂടുതൽ വില വർദ്ധിക്കുകയുമുണ്ടായി.  വിലപ്പെരുപ്പം സാധാരണ ജനങ്ങൾക്ക് താങ്ങാൻ സാധിക്കാത്ത വിധമായിരുന്നു. വ്യവസായ വളർച്ചയും ഇടിഞ്ഞു പോയിരുന്നു. ഫാക്റ്ററികൾ അടയ്ക്കുകയും തൊഴിലില്ലായ്മ വർദ്ധിക്കുകയും ചെയ്തു.  സർക്കാരിന്റെ വരുമാനം കുറഞ്ഞപ്പോൾ ഫെഡറൽ ജോലിക്കാർക്ക് ശമ്പളം കൊടുക്കാനും സാധിക്കാത്ത സ്ഥിതിവിശേഷമുണ്ടായി. അത് ഫെഡറൽ ജോലിക്കാരുടെയിടയിൽ ശക്തമായ പ്രതിഷേധങ്ങൾക്ക് കാരണമായി. 1972-1973 കാലങ്ങളിൽ മഴയില്ലാതാവുകയും കൃഷിഭൂമികൾ വരളുകയും ചെയ്തു. അതുമൂലം രാജ്യത്തിലെ ഉത്ഭാദന മേഖലയിൽ എട്ടു ശതമാനത്തോളം ഭക്ഷ്യ വിഭവങ്ങളും കുറഞ്ഞു. രാജ്യം മുഴുവനും സാമ്പത്തിക അരാജകത്വം അനുഭവപ്പെട്ടു. ഇന്ദിരാ ഗാന്ധി ഭരണത്തിനോട്  ജനങ്ങൾ അതൃപ്തി പ്രകടിപ്പിക്കാനും തുടങ്ങി.

ഗുജറാത്തിലും ബിഹാറിലും വിദ്യാർത്ഥി പ്രക്ഷോപണങ്ങൾ കൊടുമ്പിരികൊണ്ടിരുന്നു. അത്യാവശ്യ സാധനങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധങ്ങൾ നാടുമുഴുവൻ വ്യാപിച്ചു. കോൺഗ്രസിനെയും പ്രധാനമന്ത്രിയെപ്പറ്റിയുമുള്ള അഭിപ്രായങ്ങൾ ജനങ്ങളുടെയിടയിൽ മോശമായിത്തുടങ്ങി. അഴിമതികൾകൊണ്ട് ജനജീവിതം തന്നെ ക്ലേശകരമായിരുന്നു. മൊറാർജി ദേശായിയെപ്പോലെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കൾ പരസ്യമായി പ്രസ്താവനകൾ ഇറക്കിയും പ്രതിഷേധങ്ങൾ പ്രകടിപ്പിച്ചുകൊണ്ടും രംഗത്തു വന്നു.  പുതിയതായി ഒരു തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യങ്ങൾ രാജ്യം മുഴുവൻ വ്യാപിച്ചു. 1975 ജൂണിൽ ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടത്തുകയും അവിടെ കോൺഗ്രസ്സ് പരാജയപ്പെടുകയും ചെയ്തു.

തൊഴിലില്ലായ്‌മ, അഴിമതി, ഭക്ഷ്യവിഭവങ്ങളുടെ അപര്യാപ്തത, എന്നീ കാരണങ്ങളാൽ 1974-ൽ ബിഹാറിൽ പ്രക്ഷോപണം ആരംഭിച്ചു. അവരോടൊപ്പം ജയപ്രകാശ് നാരായനും സമരത്തിൽ പങ്കെടുക്കാൻ തുടങ്ങി. അദ്ദേഹത്തിൻറെ നേതൃത്വത്തിൽ സമരം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വ്യാപിച്ചു. ബിഹാറിലെ കോൺഗ്രസ്സ് സർക്കാരിനെ ഡിസ്മിസ് ചെയ്യാൻ ജയപ്രകാശ് ആവശ്യപ്പെട്ടു. സാമൂഹിക, സാമ്പത്തിക രാഷ്ട്രീയ തലങ്ങളിൽ ഒരു വിപ്ലവത്തിനായും അദ്ദേഹം ആഹ്വാനം ചെയ്തു. സ്ട്രെയ്ക്കുകളും പ്രതിഷേധങ്ങളും  അതിരൂക്ഷമായിക്കൊണ്ടിരുന്നു. സർക്കാർ രാജി വെക്കണമെന്നുള്ള സമരക്കാരുടെ ആവശ്യം കോൺഗ്രസ്സ് പാർട്ടി പൂർണ്ണമായും നിരസിക്കുകയും ചെയ്തു.

1971 -ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധി 'റായ് ബറേലി' മണ്ഡലത്തിൽ രാജനാരായണനെ തോൽപ്പിച്ചു ലോകസഭാ അംഗത്വം നേടിയിരുന്നു. സർക്കാരിന്റെ സംവിധാനങ്ങളും വാഹനങ്ങളും ഉപയോഗിച്ച് ഇന്ദിരാഗാന്ധി തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയെന്നുള്ള കുറ്റാരോപണം ശ്രീ രാജനാരായൻ ഉന്നയിച്ചു. അതിന്റെ വെളിച്ചത്തിൽ അദ്ദേഹം ഇന്ദിരാ ഗാന്ധിക്കെതിരെ അലഹബാദ് ഹൈക്കോടതിയിൽ കേസ് കൊടുത്തു. അലഹബാദ് കോടതിയിൽ പ്രധാനമന്ത്രി ഇന്ദിരയെ വിസ്തരിച്ചത്, ഇന്ത്യയുടെ കോടതികളുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമായിരുന്നു. 1975 ജൂൺ പന്ത്രണ്ടാം തിയതി ജഡ്ജി ജഗ്‌മോഹൻലാൽ സിൻഹ ഇന്ദിരാഗാന്ധി കുറ്റക്കാരിയെന്നു വിധിച്ചു. സർക്കാരിന്റെ സംവിധാനങ്ങൾ ഉപയോഗിച്ചും ജനങ്ങളെ പണം കൊടുത്ത് പ്രലോഭിപ്പിച്ചും  വോട്ടു നേടിയെന്നതായിരുന്നു, കുറ്റം. കൂടാതെ എം.പി സ്ഥാനം നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. അടുത്ത ആറു വർഷത്തേയ്ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ലാന്നും വിധിയിലുണ്ടായിരുന്നു. ഭരിക്കുന്ന കോൺഗ്രസ്സ് പാർട്ടി പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുംവരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരാൻ ഇന്ദിരയ്ക്ക് ഇരുപതു ദിവസം സാവകാശവും കൊടുത്തു.

അലഹബാദ് കോടതിവിധിയ്ക്കെതിരെ  ചോദ്യം ചെയ്തുകൊണ്ട്  ഇന്ദിരാ ഗാന്ധി സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തു. ജൂൺ ഇരുപത്തിനാലാം തിയതിയുള്ള സുപ്രീം കോടതിയുടെ വിധി ഇന്ദിരയ്ക്ക് എം.പിയായി തുടരാമെന്നും പക്ഷെ പാർലമെന്റ് സമ്മേളനങ്ങളിൽ പങ്കെടുക്കാൻ പാടില്ലാന്നുമായിരുന്നു. സുപ്രീം കോടതി ജഡ്ജിയായിരുന്ന വി.ആർ. കൃഷ്ണയ്യരായിരുന്നു വിധി പ്രസ്താവിച്ചത്.

സുപ്രീം കോടതി വിധിയിൽ ഇന്ദിരാഗാന്ധിയെ പൂർണ്ണമായും കുറ്റവിമുക്തയാക്കിയില്ലെന്നും   അവർക്ക് പാർലമെൻറ് സമ്മേളനങ്ങളിൽ സംബന്ധിക്കാൻ അവകാശമില്ലാത്ത സ്ഥിതിക്ക് പ്രധാനമന്ത്രിസ്ഥാനം രാജി വെക്കണമെന്നും പ്രതിപക്ഷങ്ങൾ ആവശ്യപ്പെട്ടു. 1975 ജൂൺ ഇരുപത്തിയഞ്ചാം തിയതി രാജ്യം മുഴുവൻ പ്രകടനങ്ങളും പണിമുടക്കുകളും തുടങ്ങി. സർക്കാരുമായി സമരം പ്രഖ്യാപിച്ചുകൊണ്ട് പ്രതിപക്ഷങ്ങളും രംഗത്തിറങ്ങി. രാജ്യത്ത് ആഭ്യന്തര സമാധാനം തകർന്നുവെന്നാരോപിച്ച്  പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഉപദേശപ്രകാരം പ്രസിഡന്റ് ഫക്രുദിൻ അലി അഹമ്മദ് ഉടൻ തന്നെ   അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയുണ്ടായി.

'ജനാധിപത്യത്തിന്റെ പേരിൽ ജനാധിപത്യത്തെ ഇല്ലാതാക്കുന്ന ഒരു പ്രവണത രാജ്യത്ത് ഉടലെടുത്തിരുന്നു' വെന്നു ഇന്ദിരാഗാന്ധി 1975 ജൂൺ 26നു റേഡിയോയിൽക്കൂടി ജനങ്ങളെ അറിയിച്ചു. അടിയന്തിരാവസ്ഥയെ ന്യായികരിച്ചുകൊണ്ട് ഇന്ദിര പറഞ്ഞു:-  "തിരഞ്ഞെടുത്ത സർക്കാരിനെ ചില തല്പരകഷികൾ ഭരിക്കാൻ സമ്മതിക്കാത്തത്, അടിയന്തിരാവസ്ഥയുടെ കാരണമായിരുന്നു. പ്രക്ഷോപണങ്ങൾ നിയന്ത്രിക്കാനാവാതെ അതിരു കടന്നിരുന്നു. രാജ്യത്തിന്റെ സമാധാനവും തകർന്നിരുന്നു. രാജ്യം മുഴുവനും അക്രമാസക്തമായി പ്രവർത്തിക്കാനും തുടങ്ങി. ചില വ്യക്തികൾ പട്ടാളത്തിൽ കലഹമുണ്ടാക്കാനും ശ്രമിച്ചു. പോലീസിനെ ഭരണകൂടത്തിന്റെ ശത്രുക്കളാക്കാൻ ശ്രമിക്കുകയുമുണ്ടായി. രാജ്യത്തിന്റെ ഐക്യം തകർക്കാനും ശ്രമങ്ങളുണ്ടായി. വർഗീയ ലഹളകളെ പ്രോത്സാഹിപ്പിക്കുന്ന പ്രവണതകളും എതിർപക്ഷം ആരംഭിച്ചിരുന്നു. ഒരു രാജ്യം അസ്വസ്ഥമാകുമ്പോൾ, അരാജകത്വത്തിൽ വഴുതി വീഴുമ്പോൾ ഒരു സർക്കാരിന് എങ്ങനെ നിശബ്ദമായി നിലകൊള്ളാൻ സാധിക്കും? ഏതാനും വ്യക്തികളുടെ അപകടകരമായ നീക്കം മൂലം ഭൂരിഭാഗം ജനതയുടെ അവകാശങ്ങളെയും ഇല്ലാതാക്കുന്നു."

അതേസമയം ജയപ്രകാശ് നാരായനും മറ്റു നേതാക്കന്മാരും ചിന്തിച്ചത്, 'ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ  സർക്കാരിനെതിരെ ജനങ്ങൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെ''ന്നായിരുന്നു. 'ബിഹാറിലും ഗുജറാത്തിലുമുള്ള പ്രകടനങ്ങൾ സമാധാനപരമായിരുന്നു. എന്തുതന്നെ സംഭവങ്ങളുണ്ടായാലും  സർക്കാരിന് അത് നിയന്ത്രിക്കാനും അധികാരമുണ്ടായിരുന്നു. ഭീഷണിയുണ്ടായിരുന്നത് രാജ്യത്തിന്റെ അഖണ്ഡതയ്ക്കല്ല മറിച്ചു കോൺഗ്രസ് ഭരണകൂടത്തിനും പ്രധാനമന്ത്രിക്കുമായിരുന്നു.'

രാജ്യത്തുണ്ടായിരുന്ന  പത്രങ്ങളുടെയും മാസികകളുടെയും  വൈദ്യുതി അന്നേദിവസം വിച്ഛേദിച്ചു. പത്രങ്ങൾക്കു  സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.  പിറ്റേദിവസം ജൂൺ ഇരുപത്തിയാറാം തിയതി രാവിലെ പ്രതിപക്ഷത്തുള്ള നേതാക്കന്മാരെ അറസ്റ്റ് ചെയ്യാനും ആരംഭിച്ചു. കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങളെ അടിയന്തിരാവസ്ഥയുടെ വിവരങ്ങൾ അറിയിച്ചത് പ്രസിഡന്റിന്റെ പ്രഖ്യാപനം കഴിഞ്ഞായിരുന്നു. ജനാധിപത്യ മര്യാദകൾ സമൂലം കാറ്റിൽ പറത്തിക്കൊണ്ടിരുന്നു. വിദേശമാധ്യമങ്ങൾ ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തെയും അടിയന്തിരാവസ്ഥയേയും  പത്രസ്വാതന്ത്ര്യ വിലക്കുകളെയും വിമർശിക്കുന്നുണ്ടായിരുന്നു.

1975 ജൂലൈ ഇരുപത്തിയഞ്ചാംതീയതി ജയപ്രകാശ് നാരായൻ ഡൽഹിയിൽ രാംലീല ഗ്രൗണ്ടിൽ ഒരു രാഷ്ട്രീയ പ്രതിഷേധ  റാലി സംഘടിപ്പിച്ചു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി  രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേശീയതലങ്ങളിൽ സത്യാഗ്രഹത്തിനായി ആഹ്വാനം ചെയ്തു. പട്ടാളത്തിനോടും, പോലീസുകാരോടും, സർക്കാർ ജോലിക്കാരോടും സർക്കാരിന്റെ അനീതി നിറഞ്ഞ യാതൊരു തീരുമാനങ്ങളെയും അനുസരിക്കേണ്ടതില്ലെന്നും പറഞ്ഞു. ജോർജ് ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ റയിൽവേ ജോലിക്കാരുടെ ദേശീയ സമരത്തിനും തുടക്കമിട്ടു.

ഭരണഘടനയുടെ 352 വകുപ്പുപ്രകാരം ഭരണം നടത്താൻ അസാധ്യമാവുമ്പോൾ ജനാധിപത്യ നടത്തിപ്പിന്  അപകടം സംഭവിക്കുമ്പോൾ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാമെന്നുണ്ട്. അടിയന്തിരാവസ്തയിൽ  കേന്ദ്രസർക്കാരിന് സംസ്ഥാന സർക്കാരുകളുടെ അധികാരങ്ങൾ വെട്ടി കുറയ്ക്കാനും സാധിക്കും. തീരുമാനങ്ങൾ മുഴുവനും എടുക്കാനുള്ള അവകാശം കേന്ദ്ര സർക്കാരിൽ നിക്ഷിപ്തവുമായിരിക്കും. ഒരു പൗരനു നൽകിയിട്ടുള്ള മൗലികവകാശങ്ങൾ ഇല്ലാതാക്കാൻ കേന്ദ്രസർക്കാരിനു കഴിയും. അടിയന്തിരാവസ്ഥയിൽ ഒരുവന്റെ മൗലികവകാശങ്ങൾ പുനഃസ്ഥാപിക്കാനായി കോടതിയെ സമീപിക്കാനും സാധിക്കില്ല.

പത്രക്കാർക്ക് വാർത്തകൾ പ്രസിദ്ധീകരിക്കണമെങ്കിൽ സെൻസർ ബോർഡിൽനിന്ന് മുൻകൂട്ടി അനുവാദം വേണമായിരുന്നു. പത്രസ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്തുകൊണ്ട് പ്രസ്സ് സെൻസർഷിപ്പ് കർശനമാക്കി. പത്രപ്രവർത്തന സ്വാതന്ത്ര്യം തടഞ്ഞതുകൊണ്ടു പല പത്രങ്ങളും മുഖ പ്രസംഗം ഇല്ലാതെ പ്രസിദ്ധീകരിച്ചു. അച്ചടിച്ച പത്രങ്ങൾ പൊലീസുകാരെ ഉപയോഗിച്ച് കത്തിച്ചു കളഞ്ഞു. ഇരുന്നൂറിൽപ്പരം പത്രങ്ങളുടെയും ആയിരത്തിൽപ്പരം മാസികകളുടെയും പ്രവർത്തനങ്ങൾ നിലപ്പിച്ചു. പത്രസ്വാതന്ത്ര്യം തടഞ്ഞതിൽ ഇന്ത്യൻ എക്സ്പ്രസ്സും സ്റ്റേറ്റ്സ്മാൻ പത്രങ്ങളും എതിർത്തിരുന്നു. പലപ്പോഴും സെൻസർഷിപ്പ് കാരണം വാർത്തകൾ നീക്കം ചെയ്തതു കൊണ്ട് പത്രത്തിന്റെ പേജുകൾ ശൂന്യമായി അച്ചടിക്കാതെ പ്രസിദ്ധികരിച്ചിരുന്നു.

കേന്ദ്രസർക്കാർ അവസരങ്ങൾ പാഴാക്കാതെ അധികാരം ദുർവിനിയോഗം ചെയ്തുകൊണ്ടിരുന്നു. സർക്കാരിനെ എതിർക്കുന്നവരെയെല്ലാം അറസ്റ്റു ചെയ്തു.  ഏകദേശം ഒരു ലക്ഷത്തി പതിനോരായിരം ജനങ്ങളെ ജയിലിനുള്ളിലാക്കിയിരുന്നു.  പോലീസ് കസ്റ്റഡിയിലുള്ള പീഡനങ്ങളും അതി ഭീകരമായിരുന്നു. പോലീസ് ക്യാമ്പുകളിൽ അനേകരെ പീഡിപ്പിച്ചു കൊല്ലുകയുമുണ്ടായി.മതമൈത്രി നശിപ്പിക്കുന്ന ആർ.എസ്‌.എസ്, ജമാ ഇ ഇസ്‌ലാമി പോലുള്ള വർഗീയ സംഘടനകൾ നിരോധിച്ചു. പൊതുസമരങ്ങൾക്കും ജാഥാകൾക്കും ഹർത്താലുകൾക്കും വിലക്ക് കൽപ്പിച്ചു.

ഇന്ദിരാഗാന്ധിയുടെ മകൻ സജ്ജയ ഗാന്ധിക്ക് അന്ന് ഔദ്യോഗികമായ സ്ഥാനമാനങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. എന്നിട്ടും അദ്ദേഹം ഭരണ സംവിധാനങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു.  ഡൽഹിയിലെ ചേരികൾ മുഴുവൻ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തി. കിടക്കാൻ കൂരയില്ലാത്ത ആയിരക്കണക്കിന് പട്ടിണി പാവങ്ങളെയാണ് ചേരിയിൽ നിന്നും മാറ്റിയത്. അനേകരെ നിർബന്ധിതമായി വന്ധീകരണം നടത്തി. നിർബന്ധിത വന്ധീകരണം അതിക്രൂരമായിരുന്നു. ഇരയായവരിൽ തൊണ്ണൂറു ശതമാനം ജനങ്ങളും ദരിദ്രരായിരുന്നു. വന്ധീകരണത്തിനു  തയ്യാറാകാത്തവരെ പോലീസ് വേട്ടയാടി ക്രൂരമായി മർദ്ദിക്കുകയും  ചെയ്യുമായിരുന്നു. പ്രതിഷേധിക്കുന്നവരിൽ നിരവധി പേർ വെടിവെപ്പിലും മരിച്ചു.

കേരളത്തിലും അടിയന്തിരാവസ്ഥമൂലം ജനങ്ങൾക്ക് ഭീതിയും ഭയവും ദുരന്തങ്ങളുമുണ്ടായിരുന്നു. അന്ന് അച്യുത മേനോൻ മുഖ്യമന്ത്രിയും കെ കരുണാകരൻ ആഭ്യന്തര മന്ത്രിയുമായിരുന്നു. നക്സലൈറ്റ് പ്രവർത്തകർ, സിപിഎം പ്രവർത്തകർ എന്നിങ്ങനെ വിഭാഗങ്ങളായി തിരിച്ച് ആയിരക്കണക്കിന്  പൗരന്മാരെ തടങ്കലിലാക്കി. അടിയന്തിരാവസ്ഥയെ പ്രതിഷേധിച്ചവരെയും  മുന്നറിയിപ്പില്ലാതെ ജയിലഴികളിൽ ആക്കിയിരുന്നു. നിരപരാധികളായ  ജനങ്ങളെ അടിച്ചവശരാക്കിയിരുന്നു. ചിലർക്ക് ലോക്കപ്പ് മരണങ്ങളും ഉണ്ടായി.  പ്രൊഫ. ഈച്ചിര വാരിയരുടെ മകൻ രാജൻ ഉൾപ്പടെ അനേകർ പോലീസ് കസ്റ്റഡികളിൽ അക്കാലങ്ങളിൽ മരിച്ചിരുന്നു.

പാർലമെന്റിൽ ഭൂരിപക്ഷം ഉണ്ടായിരുന്നതുകൊണ്ട് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി  ഭരണഘടനയുടെ നാല്പത്തിരണ്ടാം വകുപ്പ് ഭേദഗതി വരുത്തി. അലഹബാദ് കോടതി വിധിപോലുള്ള നിയമങ്ങൾ അസ്ഥിരപ്പെടുത്തി. ഒരു പ്രധാന മന്ത്രീയുടെയോ, പ്രസിഡണ്ടിന്റെയോ, വൈസ് പ്രസിഡണ്ടിന്റെയോ തിരഞ്ഞെടുപ്പിനെ കോടതിയ്ക്ക് ചോദ്യം ചെയ്യാൻ അവകാശമില്ലെന്നുള്ള നിയമവും നടപ്പിലാക്കി.  ഇന്ദിരാഗാന്ധിയുടെ നിലനിൽപ്പിനാവശ്യമുള്ള ഭരണഘടനാ ഭേദഗതികളും പാർലമെന്റിൽ പാസ്സാക്കികൊണ്ടിരുന്നു. ജനങ്ങളും നേതാക്കളും അടിയന്തിരാവസ്ഥയെ ഭയപ്പെട്ടിരുന്നമൂലം നിയമങ്ങൾ പാസ്സാക്കിയെടുക്കുന്ന സമയം പ്രതിപക്ഷങ്ങളിൽനിന്ന് അധികം എതിർപ്പുകളുണ്ടാകാറില്ലായിരുന്നു.

1977 മാർച്ചു ഇരുപത്തിയൊന്നിന് അടിയന്തിരാവസ്ഥ പിൻവലിച്ചു. അതിനു ഒരു മാസം മുമ്പ് പ്രസിഡന്റ് ഫക്രുദിൻ ആലി മരിച്ചു പോയതുകൊണ്ട് രാഷ്ടപതിയുടെ ചുമതലയുണ്ടായിരുന്ന ഉപരാഷ്ട്രപതി ബി.ഡി. ജെട്ടി യാണ് അടിയന്തിരാവസ്ഥ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവിട്ടത്. എങ്കിലും ജയിലുകളിലായിരുന്ന  പ്രതിപക്ഷ നേതാക്കന്മാർ കൂടുതൽ കരുത്തോടെ ജനപിന്തുണ ആർജിച്ചിരുന്നു. ഇരുപത്തിയൊന്നു മാസത്തെ അടിയന്തിരാവസ്ഥയ്ക്കുശേഷം 1977 മാർച്ചിൽ ഇന്ദിരാ സർക്കാർ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചു. ജയിലിൽ നിന്നും എല്ലാ നേതാക്കന്മാരെയും പ്രവർത്തകരെയും മോചിപ്പിച്ചു. തിരഞ്ഞെടുപ്പ് നടത്താൻ സമയക്കുറവായിരുന്നെങ്കിലും പ്രതിപക്ഷങ്ങൾ യോജിച്ചുകൊണ്ട് ജനതാപാർട്ടിയെന്ന രാഷ്ട്രീയ സംഘടന രൂപീകരിച്ചു.  ജയപ്രകാശ് നാരായനെ പുതിയതായി രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയുടെ അദ്ധ്യക്ഷനായി തെരഞ്ഞെടുത്തു.  ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യവും അടിയന്തിരാവസ്ഥയുമായിരുന്നു തിരഞ്ഞെടുപ്പുകാലങ്ങളിൽ ദേശീയ വിഷയങ്ങളായി ചർച്ചചെയ്യപ്പെട്ടിരുന്നത്. പൊതു ജനങ്ങൾക്ക് കോൺഗ്രസ്സ് സർക്കാരിനോട് കടുത്ത അമർഷമുണ്ടായിരുന്നു. കോൺഗ്രസ്സ് അല്ലാത്തവരുടെ വോട്ടുകൾ വിഭജിക്കാതെ ഒന്നിച്ചുനിന്ന് പോരാടാനായിരുന്നു സർവ്വ പാർട്ടികളും തീരുമാനിച്ചത്.

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടി പരാജയപ്പെട്ടു. അത്തവണ നടത്തിയ തിരഞ്ഞെടുപ്പിൽ പുതിയതായി രൂപംകൊണ്ട ജനതാ പാർട്ടി 345 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസിന് 187 സീറ്റുകൾ മാത്രമേ നേടാൻ സാധിച്ചുള്ളൂ. ഇന്ദിരാ ഗാന്ധി 'റായി ബറേലി'യിലും മകൻ സജ്ജയ ഗാന്ധി അമേത്തിയായിലും പരാജയപ്പെട്ടു. പുതിയ സർക്കാർ പാസാക്കിയ നിയമ ഭേദഗതിപ്രകാരം ഭാവിയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ കേന്ദ്ര മന്ത്രിസഭ ഒന്നടങ്കം തീരുമാനം എടുക്കണമെന്നായിരുന്നു. ആഭ്യന്തര സമാധാനത്തിനു കോട്ടംതട്ടിയാൽ  അടിയന്തിരാവസ്ഥ ഒരു പ്രതിവിധിയല്ലെന്നും നിയമത്തിലുൾപ്പെടുത്തി. ആയുധം വെച്ചുള്ള വിപ്ളവങ്ങളുണ്ടായാലേ അടിയന്തിരാവസ്ഥയ്ക്ക് പ്രാബല്യമുള്ളൂവെന്നുള്ള നിയമവും പാസാക്കി.

അടിയന്തിരാവസ്ഥ രാജ്യത്തിന് അത്യന്താപേക്ഷിതമായിരുന്നുവെന്നു ചിന്തിച്ചിരുന്നവരുമുണ്ടായിരുന്നു. ഇന്ദിരാ ഗാന്ധിയുടെ 'ഇരുപതു ഇനം' പദ്ധതികൾ രാജ്യപുരോഗതിക്കായുള്ള കർമ്മ പരിപാടികളായിരുന്നു. അതുമൂലം രാജ്യത്തിന്റെ കൃഷിയുത്ഭാദനം വർദ്ധിച്ചു. പുതിയതായ വ്യവസായങ്ങളും ഫാക്റ്ററികളും ഉടലെടുത്തു. ഉത്പ്പാദനമേഖലകളിലും കാര്യമായ പുരോഗതിയുണ്ടായി. കയറ്റുമതികൾ വർദ്ധിപ്പിക്കാൻ സാധിച്ചു. വിദേശ നാണയ സംഭരണം വർദ്ധിച്ചു. ഹിന്ദു മുസ്ലിം വർഗീയ ലഹളകൾക്ക് ശമനമുണ്ടായി. 1960 മുതൽ 1970 വരെ വർഗീയ ലഹളകൾ ഇന്ത്യയിൽ പൊട്ടിപ്പുറപ്പെടുകയെന്നത് സാധാരണമായിരുന്നു. രാഷ്ട്രീയ വർഗീയ ലഹളകൾക്ക് ശമനം വന്നു. കൊലപാതക രാഷ്ട്രീയവും ഇല്ലായിരുന്നു. സർക്കാർ ഓഫിസുകൾ വളരെ കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നു. കൈക്കൂലി മേടിക്കാൻ ഉദ്യോഗസ്ഥർ ഭയപ്പെട്ടിരുന്നു. കൃത്യ സമയങ്ങളിൽ ജോലിക്കാർ ഓഫിസുകളിൽ ഹാജരായിക്കൊണ്ടിരുന്നു. നിയമം അനുസരിച്ചും പൗരധർമ്മങ്ങൾ മാനിച്ചും ജനജീവിതം തുടർന്നിരുന്നു. പൗര ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വമുണ്ടായിരുന്നു. സ്ത്രീകൾക്ക് ഭയരഹിതരായി വഴികളിൽ സഞ്ചരിക്കാമായിരുന്നു. രാഷ്ട്രീയക്കാരുടെ പ്രകടനങ്ങൾക്കും സമരങ്ങൾക്കും ഹർത്താലുകൾക്കും കുറവുണ്ടായിരുന്നു. സ്‌കൂളുകളും ഹോസ്പിറ്റലുകളും സമരങ്ങളില്ലാതെ പ്രവർത്തിച്ചിരുന്നു. ജനങ്ങളുടെയിടയിൽ അച്ചടക്ക ബോധം ഉണ്ടാവുന്നതിനും കാരണമായി.

അടിയന്തിരാവസ്ഥയുടെ മറവിൽ നടത്തിയ ബലമായ വന്ധീകരണം ചില കുടുംബങ്ങൾക്ക് പ്രയോജനപ്പെട്ടിട്ടുണ്ട്. ദരിദ്ര കുടുംബങ്ങളിൽ പത്തും അതിലധികവും മക്കളെ സൃഷ്ടിക്കുന്നവരുണ്ടായിരുന്നു.  ഇങ്ങനെ കുഞ്ഞുങ്ങളെ സൃഷ്ടിക്കുകയല്ലാതെ അവർക്ക് വേണ്ട വിദ്യാഭ്യാസമോ ആഹാരമോ നൽകില്ല. അങ്ങനെയുള്ള സാഹചര്യങ്ങളിൽ  ബലമായ വന്ധീകരണം ആവശ്യവുമായിരുന്നു. നിയന്ത്രണമില്ലാതെ മക്കളെ സൃഷ്ടിക്കുന്നവരെ അടിയന്തിരാവസ്ഥ നല്ലയൊരു പാഠം പഠിപ്പിച്ചുവെന്നതും മറ്റൊരു യാഥാർഥ്യമാണ്.

അടിയന്തിരാവസ്ഥയുടെ ഭീകരത സംബന്ധിച്ചും അനുകൂലിച്ചും  എഴുത്തുകാർ പുസ്തകങ്ങൾ എഴുതിക്കൊണ്ടിരുന്നു. സാഹിത്യമേഖലകളും കലകളും വികസിക്കുകയും ചെയ്തു. ചിലർ രണ്ടാം സ്വാതന്ത്ര്യ സമരമായും അടിയന്തിരാവസ്ഥയെ ചിത്രീകരിച്ചു. സൽമാൻ റഷ്ദിയുടെ മിഡ് നൈറ്റ് ചിൽഡ്രൻ,('Midnight Children') വി എസ് നൈപാൾസ്ന്റെ ഇന്ത്യ എ വൂണ്ടഡ് കൺട്രി (India: A wounded Country') എന്നീ ഗ്രന്ഥങ്ങൾ കണക്കില്ലാതെ വിറ്റഴിഞ്ഞിരുന്നു. അടിയന്തിരാവസ്ഥയെ സംബന്ധിച്ച സിനിമകളും അന്നത്തെ ഇന്ത്യയുടെ സ്ഥിതിഗതികളെ  വിവരിച്ചിട്ടുണ്ട്. ഗാന്ധി ശിക്ഷ്യൻ വിനോബാ ഭാവെ അടിയന്തിരാവസ്ഥയെ പുകഴ്ത്തിയിരുന്നു. ജനങ്ങളിൽ അച്ചടക്കം സൃഷ്ടിക്കാൻ സാധിച്ചുവെന്നായിരുന്നു അടിയന്തിരാവസ്ഥയെ വിനോബാ ഭാവെ വിശേഷിപ്പിച്ചത്. കോൺഗ്രസ് പാർട്ടിയുടെ എതിരാളികൾ അദ്ദേഹത്തെ സർക്കാരിന്റെ വിശുദ്ധനെന്നു വിളിച്ചവഹേളിച്ചു. പ്രസിദ്ധ മറാട്ടി എഴുത്തുകാരൻ പുരുഷോത്തം ലക്ഷ്മൺ (Purushottam Laxman) വിനോബാഭാവെയെ 'വാനരോബാ'യെന്നു (വാനരൻ) പരിഹസിച്ചുകൊണ്ട്  അപകീർത്തികരമായ ലേഖനങ്ങൾ എഴുതിയിരുന്നു.








Jayaprakash Narayan


Friday, March 10, 2017

ഫാത്തിമ സോഫിയാ വധക്കേസും വഴിതെറ്റിക്കുന്ന ഇടയന്മാരും





ജോസഫ് പടന്നമാക്കൽ

2013 ജൂലൈ ഇരുപത്തിമൂന്നാതിയതി പാലക്കാട് വാളയാറിലുള്ള സ്റ്റാനിസ്ലോവൂസ് പള്ളിയിലെ വികാരിയായിരുന്ന 'ആരോക്കിയരാജിന്റെ' മുറിയിൽ 'ഫാത്തിമ സോഫീയ' എന്ന പതിനെട്ടുകാരി കൊലചെയ്യപ്പെട്ടു. കൊലചെയ്തത് വികാരിയെന്നു വ്യക്തമായിട്ടും വിസ്താരംപോലുമാകാതെ ഫാത്തിമാ സോഫി വധക്കേസ് ഇന്നും കോടതിയുടെ ഫയലിൽ നീക്കമില്ലാതെ തന്നെ കിടക്കുന്നു. ഒരു 'അമ്മ സ്വന്തം മകളുടെ മരണത്തിനുത്തരവാദികളായ പുരോഹിതരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരുവാനായി പൊരുതുന്ന പോരാട്ടങ്ങളാണ് ഈ ലേഖനത്തിൽ വിവരിച്ചിരിക്കുന്നത്.

കോയമ്പത്തൂർ സ്വദേശികളായ സഹായ രാജുവിന്റെയും ശാന്തിനി റോസിലിയുടെയും (സ്വാമിയാർ സ്ട്രീറ്റ്, കോയമ്പത്തുർ) മൂത്ത മകളായിരുന്നു ഫാത്തിമ സോഫിയ. സോഫിയായ്ക്ക് ഒരു ഇളയ സഹോദരനുമുണ്ട്. അവരുടെ ഇടവകയായ സെന്റ് മൈക്കിൾസ് പള്ളിയിലേക്ക് അധിക ദൂരമില്ല. 2007-ൽ ആരോക്കിയരാജ് എന്ന പുരോഹിതൻ അവിടെ സഹവികാരിയായി ചുമതലയെടുത്തു. അന്ന് സോഫിയായുടെ പ്രായം പതിനൊന്നു വയസ്. പള്ളിയും ഭക്തിയുമായി കഴിയുന്ന ഒരു സാധാരണ കുടുംബമായിരുന്നു അവരുടേത്. പള്ളിയുടെ പ്രവർത്തനങ്ങളിലും ഏതു പള്ളി ആവശ്യത്തിനും എന്നും മുമ്പിൽ തന്നെ ഈ കുടുംബം സഹകരിച്ചിരുന്നു. ആരോടും അധികമൊന്നും സംസാരിക്കാതെയും മുതിർന്നവരെ ബഹുമാനിച്ചും നാണം കുണുങ്ങിയും വളരെയധികം അടക്കവും ഒതുക്കവുമായി കഴിഞ്ഞിരുന്ന ഒരു പെൺകുട്ടിയായിരുന്നു സോഫീയ. ആരോക്കിയരാജ് ശാന്തിനിയുടെ കുടുംബമായി നല്ല സൗഹാർദബന്ധം ഇതിനിടെ സ്ഥാപിച്ചു. സോഫിയാ വളരെ ഭയഭക്തി ബഹുമാനത്തോടെയാണ് ആരോക്കിയരാജിനെ കണ്ടത്. 

ശാന്തിനി ഓർമ്മിക്കുന്നു, സോഫിയാ ഫാത്തിമയ്ക്ക് ആരോക്കിയരാജിനെ അങ്ങേയറ്റം ബഹുമാനമുണ്ടായിരുന്നു. പള്ളിയിലെ സഹവികാരിയെന്ന നിലയിൽ ആറു വർഷത്തെ താമസത്തിനു ശേഷം ആരോക്കിയരാജിനു അവിടുത്തെ പള്ളിയിൽനിന്നും പാലക്കാടുള്ള വാളയാർ സ്റ്റാനിസ്ലോവൂസ് പള്ളിയിയിലേയ്ക്ക് സ്ഥലമാറ്റം കിട്ടി. എങ്കിലും ആഴ്‌ചതോറും ആരോക്കിയരാജ് ശാന്തിനിയുടെ വീട്ടിൽ വരുകയും കുടുംബവുമായുള്ള ബന്ധം പുലർത്തുകയും ചെയ്തിരുന്നു. ഒരു പുരോഹിതൻ കുടുംബത്ത് വരുന്നത് വലിയ അഭിമാനവുമായിരുന്നു. അദ്ദേഹത്തെ വീട്ടിൽ സൽക്കരിക്കാനും വിഭവങ്ങളോടെയുള്ള ഭക്ഷണം കൊടുക്കാനും ശാന്തിനിയ്ക്കും ഭർത്താവിനും വലിയ താല്പര്യമായിരുന്നു. സോഫിയായെന്ന ബാലികയെ തലോടാനും കൊഞ്ചിക്കാനും ആരോക്കിയരാജിനിഷ്ടമായിരുന്നു. പാഠവിഷയങ്ങൾ പഠിപ്പിക്കുകയും ചെയ്യുമായിരുന്നു. സോഫിയായ്ക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകാൻ നല്ലയൊരു കൗൺസിലറുമായിരുന്നു.   
  
പത്താം ക്ലാസിൽ പഠിക്കുമ്പോൾ സോഫിയായ്ക്ക് കടുത്ത തലവേദന വരുമായിരുന്നു. ആരോ ഒരു സുഹൃത്തിന്റെ അഭിപ്രായമനുസരിച്ച് അതിനു ചീകത്സക്കായി തൊടുപുഴയിൽ പോകുവാൻ ഒരുങ്ങുകയായിരുന്നു. ബസ്സിന്‌ പോവുകയാണെങ്കിൽ കോയമ്പത്തൂരിൽ നിന്നും തൊടുപുഴ വരെ വളരെ ദൂരമാണെന്നും താൻ കാറിൽ കൊണ്ടുപോയി വിടാമെന്നും ശാന്തിനിയെ ഫാദർ ആരോക്കിയരാജ് അറിയിച്ചു. അപ്പോഴെല്ലാം ആരോക്കിയരാജ് എത്ര നല്ലവനെന്നും ദേവതുല്യനായ പുരോഹിതനാണെന്നും അദ്ദേഹത്തെപ്പറ്റി ശാന്തിനിയും കുടുംബവും വിചാരിച്ചിരുന്നു.  

സ്‌കൂൾ ഫൈനൽ പാസായ ശേഷം ശാന്തിനി അവളെ ആരോക്കിയരാജിന്റെ നിർദ്ദേശപ്രകാരം ശനിയും ഞായറും വേദപാഠം പഠിപ്പിക്കാൻ പാലക്കാട്, വാളയാറിലുള്ള ചന്ദ്രപുരം പള്ളിയിൽ വിടാൻ തുടങ്ങി. പെൺകുട്ടികൾ വിവാഹം കഴിക്കുന്നവരെ വിശ്വാസം പുലർത്താൻ വേദപാഠം പഠിപ്പിക്കുന്നത് ഉപകാരപ്രദമാവുമെന്നും ശാന്തിനിയെ ആരോക്കിയരാജ് വിശ്വസിപ്പിച്ചു. സോഫിയാക്കുള്ള യാത്രാ സൗകര്യങ്ങൾ നല്കിക്കൊള്ളാമെന്നും പറഞ്ഞു. സോഫിയായെ വാളയാർ പള്ളിയിൽ കൊണ്ടുപോകാൻ ആരോക്കിയരാജ്  കാറുമായി എല്ലാ ശനിയാഴ്ചയും രാവിലെ വന്നിരുന്നു. ശനിയാഴ്ചത്തെ ക്‌ളാസ് കഴിയുമ്പോൾ അന്ന് മഠത്തിൽ താമസിപ്പിച്ചിരുന്നു. ഞായറാഴ്ച ക്ലാസിനു ശേഷം അവളെ കോയമ്പത്തൂരുള്ള വീട്ടിൽ ആരോക്കിയരാജ്  കൊണ്ടുപോയി വിട്ടിരുന്നു. നീണ്ട കാലം അത് തുടർന്നുകൊണ്ടിരുന്നു.  

2013-ൽ ശാന്തിനിയുടെ ഭർത്താവിന്റെ 'അമ്മ അവിചാരിതമായി തലകറങ്ങി വീണു. അതിനൊരു മാസം മുമ്പായിരുന്നു ശാന്തിനിയുടെ പിതാവ് മരിച്ചത്. സോഫിയാ അന്ന് ബികോം ഒന്നാം വർഷം വിദ്യാർത്ഥിനിയായിരുന്നു. ശാന്തിനി തന്റെ ഭർത്താവിന്റെ അമ്മയേയുംകൊണ്ട് അടിയന്തിരമായി ഹോസ്പിറ്റലിൽ കൊണ്ടുപോയി. സോഫിയാ ഈ വിവരം അറിഞ്ഞത് കോളേജിൽ ചെന്നു കഴിഞ്ഞാണ്. അന്നേ ദിവസം ശാന്തിനിയെ ഹോസ്പിറ്റലിലേക്ക് ഫാദർ ആരോക്കിയരാജ് വിളിച്ചിരുന്നു. സോഫിയായെ കൂട്ടി ആരോക്കിയരാജ് ഹോസ്പിറ്റലിൽ വരാമെന്ന് അറിയിച്ചു. പിറ്റേദിവസം രാവിലെ വീട്ടിലെത്തുന്നുണ്ടെന്നും അതിന്റെയാവശ്യമില്ലെന്നും അവർ ആരോക്കിയരാജിനെ അറിയിച്ചു. രാവിലെ വീട്ടിൽ വന്നപ്പോൾ സോഫിയാ വളരെ ദുഃഖിതയായും ഗൗരവമുള്ള മുഖ ഭാവത്തോടെയും കാണപ്പെട്ടു. ഹോസ്പിറ്റലിൽ വരാൻ എത്ര നിർബന്ധിച്ചിട്ടും അവൾ തയ്യാറായില്ല. ഭർത്താവിന്റെ 'അമ്മ 'പാട്ടി' ഐ.സി.യു.വിലെന്നു പറഞ്ഞിട്ടും സോഫിയാ വീട്ടിൽ നിന്നുകൊള്ളാമെന്നു പറഞ്ഞു. അവസാനമായി മകൾ അമ്മയോട് ഗുഡ്‌ബൈ പറഞ്ഞു. പിന്നെ 'അമ്മ മകളെ കാണുന്നത് പാലക്കാടുള്ള വാളയാർ മോർച്ചറിയിലായിരുന്നു. 

ശാന്തിനി തന്റെ ഭർത്താവിന്റെ അമ്മയോടൊപ്പം ഐ.സി.യു (ICU) വിലായിരുന്ന സമയം അപരിചിതമായ ഒരു നമ്പരിൽ നിന്ന് ഒരു ടെലിഫോൺ വന്നു. അവർ ടെലിഫോൺ എടുത്തപ്പോൾ സോഫിയാ ഫോണിൽക്കൂടി കരയുന്ന ശബ്ദം കേട്ടു, കരയുന്നത് മകളാണെന്ന്‌ അന്നവർക്കു മനസിലായില്ലായിരുന്നു. 'അമ്മാ എന്നെ കൊന്നു, എന്നെ കൊന്നു...' എന്ന് കരയുന്ന ശബ്ദം അങ്ങേത്തലയിലെ ടെലിഫോണിൽനിന്നും ദൂരത്തിൽനിന്നാണ് കേട്ടത്. ഐ.സി.യുവിൽനിന്നു ശാന്തിനിക്ക് പെട്ടെന്ന് തിരിച്ചു വിളിക്കാൻ സാധിച്ചില്ല. പിന്നീട് ടെലിഫോൺ ആരും എടുക്കുന്നില്ലായിരുന്നു. ഒരു മണിക്കൂറിനുശേഷം ശാന്തിനി തിരിച്ചു വിളിച്ചപ്പോൾ ഫാദർ ആരോക്കിയരാജ് ഫോൺ എടുത്തിട്ടു പറഞ്ഞു, "അമ്മാ, സോഫിയാ ആത്മഹത്യ ചെയ്തു." അത് കേട്ടപ്പോൾ ശാന്തിനിയുടെ ലോകം തലയ്ക്കു ചുറ്റും കറങ്ങുന്നതായും എവിടെയും ഇരുൾ വ്യാപിച്ചതുപോലെയും തോന്നിപ്പോയി. എന്ത് ചെയ്യണമെന്നറിയാതെ തലയും മരവിച്ചു പോയിരുന്നു. 

മകളുടെ മരണ വാർത്ത അമ്മയ്ക്ക് വിശ്വസിക്കാൻ സാധിച്ചില്ല. കാരണം മകളെ കണ്ടിട്ടാണ് 'അമ്മ വീട്ടിൽ നിന്നും ഇറങ്ങിയത്. ആ വാർത്ത കേട്ടപ്പോൾ അമ്മയുടെ മനസ്സിൽ ഒരു അഗ്നി പർവതം പൊട്ടുകയായിരുന്നു. "അതെങ്ങനെ സംഭവിച്ചുവെന്നു ഫാദർ ആരോക്കിയരാജിനോട് വികാരപരവശയായി ആ 'അമ്മ ചോദിച്ചു. ഫാദർ പറഞ്ഞു, 'അമ്മ, നിങ്ങൾ പോയ ഉടൻ ഞാൻ അമ്മയുടെ വീട്ടിൽ വന്നിരുന്നു. ഫാത്തിമ സോഫിയായെ ഞാൻ വാളയാർ കൊണ്ടുവന്നു. മറ്റൊരു യുവാവുമായി അവൾ വർത്തമാനം പറയുന്നത് കണ്ടു. എന്നിട്ടു തുറന്നു കിടക്കുന്ന എന്റെ മുറിയിൽ കേറുന്നത് അകലെയൊരു സ്ഥലത്തുനിന്നിരുന്ന ഞാൻ ശ്രദ്ധിച്ചു. ഞാൻ മുറിയിൽ വന്നപ്പോൾ അവളുടെ തോളിലുണ്ടായിരുന്ന ദുപ്പട്ടയിൽ കുരുക്കുണ്ടാക്കി ഫാനിൽ കെട്ടിതൂങ്ങിക്കിടക്കുന്ന കാഴ്ചയാണ് കണ്ടത്. ഉടൻ തന്നെ ഞാൻ താഴെയിറക്കി. അപ്പോൾ ജീവനുണ്ടായിരുന്നു. ഹോസ്പിറ്റലിൽ പോവുന്ന വഴി എന്റെ മടിയിൽ കിടന്നാണ് സോഫിയാ മരിച്ചത്. മകളുടെ മരണവാർത്ത കേട്ടപ്പോൾ ശാന്തിനിയുടെ മനസ്സാകെ തളർന്നു. അവിടെനിന്ന് അവർ പിടിച്ചുനിൽക്കാനാവാതെ ഉറക്കെ കരഞ്ഞു. 

പാലക്കാട് ശാന്തിനി എത്തുമ്പോൾ ഏകദേശം സന്ധ്യാ സമയമായിരുന്നു. സമയം കഴിഞ്ഞതുകൊണ്ടു മോർച്ചറിയിൽ എത്ര യാചിച്ചിട്ടും സോഫിയായുടെ മരിച്ച ശരീരം കാണിച്ചില്ല. അവിടെനിന്നു വാളയാർ പോലീസ് സ്റ്റേഷനിൽ എത്തി. മനസ് നിറയെ കാർമേഘ പടലങ്ങൾ പോലെ ആവരണം ചെയ്തിരുന്നതിനാൽ ശാന്തിനിക്ക് ഒന്നും ചിന്തിക്കാനും സാധിക്കുന്നില്ലായിരുന്നു. ഒരു വനിതാ പോലീസ് പോസ്റ്റ് മാർട്ടം ചെയ്യുന്നതിനുള്ള സമ്മത പത്രത്തിൽ ഒപ്പിടുവിപ്പിച്ചു. 

പോസ്റ്റുമാർട്ടത്തിനുശേഷം മൃതദേഹം കിട്ടി. അവൾ ജനിച്ചു വളർന്ന പള്ളിപ്പരിസരത്തുള്ള സെമിത്തേരിയിൽ അടക്കി. ശാന്തിനിയുടെ ഭർത്താവിന്റെ അമ്മയും അധികം താമസിയാതെ മരിച്ചു. അങ്ങനെ അടുത്തടുത്ത മൂന്നു മരണങ്ങൾ ആ കുടുംബത്തിന് താങ്ങാവുന്നതിലും അധികമായിരുന്നു. മകൾ മരിച്ച പിന്നാലെ ശാന്തിനിക്ക് ഹൃദയാഘാതവും വന്നു. മൂന്നു മാസത്തോളം അവശയായി ഹോസ്പിറ്റലിൽ കിടക്കേണ്ടി വന്നു. മനസുമുഴുവൻ സോഫിയാ എവിടെയോ ഉണ്ടെന്നു മന്ത്രിച്ചുകൊണ്ടിരുന്നു. അവളുടെ കുഴിമാടത്തിൽ പോവുമ്പോൾ മാത്രം സോഫിയാ മരിച്ചെന്നുള്ള യാഥാർഥ്യം മനസിലാകും. അവളുടെ കല്ലറയിങ്കൽ മിക്ക ദിവസങ്ങളിലും പോയി ഏങ്ങലടിച്ചു കരയും. പൂക്കൾ കൊണ്ട് കല്ലറ അലങ്കരിക്കും. ഒരു കുഞ്ഞു വളരുമ്പോൾ കൈ വളരുന്നതും കാലു വളരുന്നതും ഒരു 'അമ്മ നോക്കി നില്ക്കും. യുവത്വത്തിന്റെ മനോഹാരിതയിൽ അവൾ മരിച്ചുവെന്ന യാഥാർഥ്യത്തെ അംഗീകരിക്കാൻ ആ അമ്മയ്ക്ക് സാധിക്കുമായിരുന്നില്ല. 

സോഫിയാ മരിച്ച ഒന്നര വർഷത്തിനുശേഷം ശാന്തിനിയുടെ അകന്ന ഒരു ബന്ധുവായ റോബർട്ടിനെ കണ്ടുമുട്ടി. അനേക കൊലപാതക കേസുകൾ തെളിയിച്ചിട്ടുള്ള പരിചയസമ്പന്നനായ ഒരു ഫ്രീലാൻസ് റിപ്പോർട്ടറും കൂടിയാണ് അദ്ദേഹം. സോഫിയായുടെ മരണത്തിന്റെ സാഹചര്യങ്ങൾ വിവരിച്ചപ്പോൾ 'ഇത് സ്വാഭാവികമരണമല്ല കൊലപാതകമെന്ന്' റോബർട്ട് പറഞ്ഞു. റോബർട്ടും ശാന്തിനിയും കൂടി വാളയാർ പോലീസ്‌റ്റേഷനിൽ നിന്നും എഫ്.ഐ.ആർ റിപ്പോർട്ട് എടുത്തു. അപ്പോഴേയ്ക്കും ആ കേസ് ആറുമാസത്തിനു ശേഷം ക്ലോസ്‌ ചെയ്തിരുന്നു. തൂങ്ങിമരണമെന്നാണ് കേസിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 'ഇക്കാലത്ത് സ്വന്തം അപ്പനെപ്പോലും വിശ്വസിക്കാൻ സാധിക്കാത്ത സ്ഥിതിക്ക് ഒരു പുരോഹിതന് നിങ്ങളുടെ വീട്ടിൽ ഇത്രമാത്രം സ്വാതന്ത്ര്യം കൊടുത്തത് എന്തിനാ അമ്മായെന്നും' മടങ്ങി പോകുംവഴി സബ് ഇൻസ്‌പെക്ടർ ശാന്തിനിയോട് ചോദിച്ചതും അവരിലെ കുറ്റബോധത്തെ പിടിച്ചുണർത്തിയിരുന്നു. 

സോഫീയായുടെ ദയനീയമായ രൂപത്തോടു കൂടിയ ഏതാനും ഫോട്ടോകൾ ശാന്തിനി ഒരു  ഫയലിൽ നിന്നും കണ്ടു. അത് ശാന്തിനി  വിഷമിക്കാതിരിക്കാൻ അവരുടെ ഭർത്താവ് ഒളിച്ചു വെച്ചിരുന്നതായിരുന്നു. മുഖം വികൃതമായും നാക്കു തള്ളിയും ഇരുന്നു.  ആ മുറിയിൽ മകളെഴുതിയ ഒരു എഴുത്തുമുണ്ടായിരുന്നു. അങ്ങനെ അവരുടെ അന്വേഷണം ആരംഭിച്ചു. പള്ളിയ്ക്കകത്തുള്ള ഒരു ക്രൂര മരണമായിരുന്നുവെന്നും അവർക്ക് മനസിലായി. പള്ളിമുറിയിലെ ഉയരത്തിലുള്ള ഫാനിൽ പൊക്കം കുറഞ്ഞ സോഫിയ തൂങ്ങി മരിച്ചെന്നു വിശ്വസിക്കാനും പ്രയാസമായിരുന്നു. സോഫിയായുടെ കത്തും വായിച്ചു. അതിലെഴുതിയിരുന്നത്, 'നീ എന്റെ ജീവിതം നശിപ്പിച്ചു. എന്റെ മരണത്തിനുത്തരവാദി നീ മാത്രമായിരിക്കും.' തമിഴിൽ തുടങ്ങി അവസാനിപ്പിക്കുന്നത് ഇംഗ്ലീഷിലായിരുന്നു. ഇത് അവളുടെ മരണത്തിനു ഒരു  മാസം മുമ്പെഴുതിയ കത്താണ്. ഇങ്ങനെ എഴുതാൻ മാത്രം അവൾക്കുണ്ടായിരുന്ന സുഹൃത്ത് ആരോക്കിയരാജ്  മാത്രമെന്ന് ശാന്തിനിക്കറിയാമായിരുന്നു.  

ശാന്തിനി സാധാരണ ബേസിക് ടെലിഫോൺ ആയിരുന്നു ഉപയോഗിച്ചുകൊണ്ടിരുന്നത്. അതുകൊണ്ടു സ്മാർട്ട് ഫോണിന്റെ ടെൿനോളജി സൗകര്യങ്ങളൊന്നും അറിഞ്ഞുകൂടായിരുന്നു. ഇംഗ്ലീഷ് ഭാഷയും കാര്യമായി വശമായിരുന്നില്ല. ശാന്തിനിയുടെ വിദ്യാഭ്യാസം വെറും പത്താം ക്ലാസ്സായിരുന്നു. എന്നിട്ടും സ്മാർട്ട് ഫോണിൽനിന്നും എല്ലാ കുറ്റവാളികളുടെ വിവരങ്ങളും ശേഖരിക്കാൻ കഴിഞ്ഞു. മകളെ കൊന്നതാരെന്നു ചോദിച്ചുകൊണ്ട് ആരോക്കിയരാജനോടും മറ്റുള്ള പുരോഹിതരോടും വളരെയേറെ ബുദ്ധിപൂർവം സംസാരിക്കുമായിരുന്നു. 

വാളയാറുളള പള്ളി മുറിയിൽ സോഫിയ മരിച്ചു ഒന്നര വർഷത്തിനുശേഷം ശാന്തിനിയ്ക്ക് തന്റെ മകളുടെ ഘാതകനെ കണ്ടുപിടിക്കാൻ സാധിച്ചു. അതും ഒരു നാടകീയമായ രീതിയിലാണ് ഘാതകനെ വലയിലകപ്പെടുത്താൻ സാധിച്ചത്. ഒരു പോലീസുദ്യോഗസ്ഥൻ ചെയ്യേണ്ട ജോലികൾപോലെ അവർ ബുദ്ധിപൂർവം തെളിവുകൾ ശേഖരിച്ചു കൊണ്ടിരുന്നു. ആരോക്കിയരാജിനെ മാത്രമല്ല അയാളെ റോമിൽ പോയി രക്ഷപെടാൻ സഹായിച്ച ബിഷപ്പിനെയും മറ്റു പുരോഹിതരെയും ഒപ്പം കുടുക്കി. കുറ്റവാളി കുറ്റം സമ്മതിച്ചുകൊണ്ടുള്ള ഓഡിയോ റെക്കോർഡും അവർക്ക് നേടാൻ സാധിച്ചു. സോഫിയായുടെ മരണം ആത്മഹത്യയല്ല കൊലപാതകമായിരുന്നുവെന്നു തീർച്ചയുമാക്കി. എങ്കിലും സോഫിയായുടെ മരണം സ്വാഭാവിക മരണമെന്ന നിലയിൽ ആത്മഹത്യയായി പോലീസ് മാറ്റിയെടുത്തിരുന്നു.

പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന റിക്കോർഡിൽ ശാന്തിനി റോസിലിയുടെ മകൾ ഫാത്തിമ സോഫീയ 2013 ജൂലൈ ഇരുപത്തിമൂന്നാതിയതി ആത്മഹത്യ ചെയ്‌തെന്നും മരിച്ച യുവതിയുടേത്  സ്വാഭാവിക മരണമെന്നുമായിരുന്നു.  എന്നാൽ അവളെ 'ആരോക്കിയരാജ് '  കഴുത്തു ഞെരിച്ചു ശ്വസം മുട്ടിച്ചു കൊല്ലുകയായിരുന്നുവെന്നു കണ്ടെത്തി. ആരോക്കിയരാജ്! മകൾ സോഫിയായെ കൊന്നുവെന്നു പറഞ്ഞു  പോലീസ് കമ്മീഷണർ ഓഫിസിൽ ശാന്തിനി പരാതി കൊടുത്തു. അവർ കൊടുത്തിരിക്കുന്ന പെറ്റിഷനിൽ പറഞ്ഞിരിക്കുന്നത് 'പുരോഹിതനായ ആരോക്കിയരാജ് നിർബന്ധിച്ചു തന്റെ മകളെ പള്ളിയിൽ കൊണ്ടുപോവുകയും അവളോട് അപമര്യാദയായി പെരുമാറുകയും' ചെയ്തുവെന്നാണ്.  "അതിനുശേഷം അവളെ ശ്വാസം മുട്ടിച്ചു കൊന്നു." പോലീസിന്റെ അന്വേഷണത്തിലും മെഡിക്കൽ റിപ്പോർട്ടിലും പറഞ്ഞിരിക്കുന്നത് സോഫീയ ആത്മഹത്യ ചെയ്തുവെന്നായിരുന്നു.എന്നാൽ അവളുടെ തന്നെ കൈപ്പടയിൽ എഴുതിയ ഒരു എഴുത്തിൽ എഴുതിയിരിക്കുന്നത് 'എന്തെങ്കിലും എനിക്ക് സംഭവിക്കുകയാണെങ്കിൽ അതിനുത്തരവാദി ഫാദർ ആരോക്കിയരാജ്  ആയിരിക്കുമെന്നാണ്.'. പരാതിയനുസരിച്ച് ഇക്കാര്യം സി ബി ഐ അന്വേഷണം ഉടൻ ആരംഭിക്കുമെന്നും അറിയിച്ചു. എങ്കിലും കേസുകാര്യങ്ങളുമായി തുടരന്വേഷണം നടന്നില്ല. ശാന്തിനി ഇക്കാര്യം വാർത്തയാക്കാൻ ടെലിവിഷൻ ചാനലിൽ പോയി സത്യം ബോധിപ്പിച്ചു. തന്റെ മകൾക്ക് നീതി കിട്ടാനാണ് അങ്ങനെ ചെയ്തതെന്നും അവർ പറഞ്ഞു.

ശാന്തിനിയുടെ അന്വേഷണങ്ങളിൽനിന്നും ആരോക്കിയരാജാണ് സോഫിയെ കൊന്നതെന്ന് അവർക്ക് മനസിലായെങ്കിലും കൊലപാതകം തെളിയിക്കാനുള്ള തെളിവുകളുണ്ടായിരുന്നില്ല. ഇക്കാര്യം സംപ്രേഷണം ചെയ്യാൻ അവർ ടെലിവിഷൻ ചാനലുകാരെയും അറിയിച്ചു. ശാന്തിനിയുടെ കാര്യം സത്യമെന്നു മനസിലാക്കിയ ചാനലുകാർ ആരോക്കിയരാജുമായി ഒരു അഭിമുഖ സംഭാഷണത്തിനായി റിപ്പോർട്ടറേയും അയച്ചു. ശാന്തിനിയുടെ സഹോദരനെന്നു ആരോക്കിയരാജിനെ പരിചയപ്പെടുത്തി. അതിനുശേഷം മകളുടെ മരണത്തെ പറ്റിയുള്ള സംഭാഷണം തുടങ്ങി. സോഫിയായുടെ മരണത്തിനു ഒന്നര വർഷങ്ങൾക്കു ശേഷമാണ് ശാന്തിനി റോസിലിൻ ആരോക്കിയരാജിനോട് സംസാരിച്ചത്. അദ്ദേഹം നടന്നപോലെ കുറ്റ സമ്മതം നടത്തി. അതെല്ലാം ചാനലുകാരൻ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന വിവരം ആരോക്കിയ രാജിനറിയില്ലായിരുന്നു. യാതൊരു സംശയവും തോന്നിയില്ല.

റോസിലി അയാളോട് പറഞ്ഞു, 'എന്റെ മകളെ ഞാൻ സ്വപ്നം കണ്ടു. അവൾ ഏങ്ങലടിച്ചു കരയുകയായിരുന്നു. എന്നിട്ട് അവളുടെ മരണത്തിന്റെ കാരണമെന്തെന്ന് ചോദിക്കുകയായിരുന്നു.' ആരോക്കിയരാജ്  പറഞ്ഞു, "ഞാൻ അവളെ സ്വാന്തനിപ്പിക്കാൻ ശ്രമിച്ചപ്പോൾ അവൾ അലറിക്കൊണ്ട് എന്നിൽ നിന്ന് മാറുകയും അവളുടെ ദുപ്പട്ട ഞാൻ പിടിച്ചു വലിക്കുകയും ചെയ്തു. പുറത്തു നിന്നാരോ വാതിൽ മുട്ടിയപ്പോൾ ഒരു പെണ്ണ് എന്റെ മുറിയിൽ ഉണ്ടെന്നറിയിക്കാതിരിക്കാൻ ഞാൻ അവളുടെ വായ് മൂടി കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചു." അവൾ തൂങ്ങി കിടക്കുകയായിരുന്നെന്നും ഹോസ്പിറ്റലിൽ പോയവഴി  മരിച്ചുവെന്നും പറയണമെന്ന്' പോലീസ് എന്നെ ഉപദേശിച്ചു. ഒന്നും മനഃപൂർവമായിരുന്നില്ല.'  ഈ വിവരം ബിഷപ്പിനും മറ്റു പുരോഹിതർക്കും അറിയാമായിരുന്നു. സംഭവം നടന്നിട്ടു വളരെക്കാലമായതുകൊണ്ടാണ് ഇന്നെല്ലാം തുറന്നു പറയാൻ ധൈര്യം വരുന്നത്. ഇനിയും അതിനെപ്പറ്റിയുള്ള അന്വേഷണം ഉണ്ടാവില്ലെന്നു പോലീസിൽ നിന്ന് ഉറപ്പു കിട്ടിയിരുന്നുവെന്നും"  ആരോക്കിയരാജ്
 പറഞ്ഞു.

ആരോക്കിയരാജിന്റെ കുറ്റസമ്മതമടങ്ങിയ ഓഡിയോയിൽ പകർത്തിയ ഈ റിപ്പോർട്ട് ചാനലുകാർ രണ്ടു എപ്പിസോഡുകളായിട്ടാണ് സംപ്രേഷണം ചെയ്തത്. ആദ്യത്തേത് മതം നൽകിയ വിലക്കിനെപ്പറ്റിയായിരുന്നു. അതിൽ സോഫിയായുടെ കൊലപാതകി ആരോക്കിയരാജെന്ന് പറയുന്നുണ്ട്. അന്ന് ശാന്തിനിയുടെ വീടിനു നേരെ കല്ലേറുണ്ടാവുകയും പോലീസ് ഇടപെട്ടു സംരക്ഷണം നൽകുകയും ചെയ്തു. തന്റെ മകൾക്ക് നീതി കിട്ടാൻവേണ്ടി അങ്ങേയറ്റം പോവുമെന്ന് അവർ 'നാരദാ' പത്രത്തിൽ പ്രതികരിച്ചിരുന്നു. സഭയും പള്ളിയുമെല്ലാം ഇതിനിടയിൽ വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. എങ്കിലും ചാനലുകാർ ഭയപ്പെട്ടില്ല. അവർ രണ്ടാമത്തെ എപ്പിസോഡും പുറത്തിറക്കി. അതിൽ ആരോക്കിയരാജിന്റെ കുറ്റം ഏറ്റു പറയുന്ന ശബ്ദവും ഉണ്ടായിരുന്നു. ആരോക്കിയരാജിന്റെ കുറ്റസമ്മതം ടെലിവിഷനിൽക്കൂടെ കേട്ടപ്പോൾ വീടിനു കല്ലെറിഞ്ഞവർ പോലും ഞെട്ടി. ശാന്തിനി വലിയ വിദ്യാഭ്യാസമുള്ള സ്ത്രീയല്ല.  എങ്കിലും ഒരു കുറ്റാന്വേഷക വിദഗ്ദ്ധയെപ്പോലെ നീതി ലഭിക്കുന്നവരെ സമരം തുടരുമെന്ന് പ്രതിജ്ഞ ചെയ്തിരിക്കുകയാണ്. ആരോക്കിയരാജിന്റെ ഈ ശബ്ദം ടെലിവിഷൻ ചാനലിൽ വന്നതിൽ പിന്നീട് അദ്ദേഹം ആരു ടെലിഫോൺ വിളിച്ചാലും എടുക്കില്ലായിരുന്നു.

ഇതിനിടയിൽ സഭാകോടതി കൂടുകയും ആരോക്കിയരാജിനെ അന്വേഷണ വിധേയമായി വൈദികവൃത്തിയിൽ നിന്നും പുറത്താക്കുകയും ചെയ്തു. പുറത്താക്കൽ കൊലപാതകത്തിന്റെ പേരിലല്ല മറിച്ചു ലൈംഗിക പീഡനത്തിന്റെ പേരിലായിരുന്നു. പിന്നീടുള്ള കേസിന്റെ സത്യാവസ്ഥ അറിയാനുള്ള ശാന്തിനിയുടെ ശ്രമങ്ങൾ മുഴുവനും വിജയകരമായിരുന്നു. ഒന്നര വർഷം മുമ്പ് നടന്ന ഈ കൊലപാതക കേസ് വീണ്ടും അന്വേഷിക്കാൻ കോടതി ഉത്തരവിട്ടു. തെളിവുകളായി പുരോഹിതൻ കുറ്റം സമ്മതിച്ച ഫോൺ റെക്കോർഡുകളുമുണ്ടായിരുന്നു. അതെല്ലാം കോടതിയ്ക്ക് കൈമാറി. അന്നത്തെ കേരളാ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ഡിജിപി സെൻകുമാറിനും കേസിന്റെ കോപ്പികൾ അയച്ചിരുന്നു. ബിഷപ്പിനെ കാണാൻ ശാന്തിനി മുപ്പത്തിമൂന്നു പ്രാവിശ്യം പോയിരുന്നു. അപ്പോഴെല്ലാം ബിഷപ്പ് അവരെ കാണാൻ കൂട്ടാക്കിയിരുന്നില്ല.

സഭയ്ക്കും ആരോക്കിയരാജിനുമെതിരെ പോരാട്ടം തുടങ്ങിയശേഷം ഈ കേസ് ഒത്തു തീർക്കാൻ അനേക ശ്രമങ്ങൾ ആരംഭിച്ചുവെന്നും ശാന്തിനി പറയുന്നു. അവർ സഭയുമായി യാതൊരു ഒത്തുതീർപ്പിനും തയ്യാറല്ലായിരുന്നു. അവസാനം സഭ പ്രതികാര നടപടികളുമായി ശാന്തിനിയെയും കുടുംബത്തെയും സഭയിൽ നിന്നും പുറത്താക്കി.

2015 ഡിസംബറിൽ ആരോക്കിയരാജിനെ വാളയാർ പോലീസ് അറസ്റ്റ് ചെയ്തു. തെളിവുകൾ ഹാജരാക്കിയപ്പോൾ നീതി പാലകർക്ക് നടപടികൾ നടത്താതെ നിവൃത്തിയില്ലെന്നുമായി. നീതിക്കു വേണ്ടി അവർ ലക്ഷക്കണക്കിന് രൂപ ചെലവാക്കി. കൂടെ ബിഷപ്പിനെയും അഞ്ചു പുരോഹിതരെയും പോലീസ് അറസ്റ്റു ചെയ്തു. അക്കൂടെ കോയമ്പത്തൂർ രൂപത ബിഷപ്പ് ഡോകടർ തോമസ് അക്വിനോർ, ഫാദർ മേൽക്കറെ, ലോറൻസ്, മദലൈ മുത്തു, കുളന്ത രാജ് എന്നിവരും ഉണ്ടായിരുന്നു.

ഇരുപത്തിരണ്ടു ദിവസത്തിനുശേഷം ആരോക്കിയരാജിന് ജാമ്യം കിട്ടി. ആഴ്ചയിൽ രണ്ടുദിവസം പോലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടണം. സോഫിയായുടെ ഫോൺ കോളുകൾ പരിശോധിച്ചുകൊണ്ടിരിക്കുന്നു.   ഡയറിയിൽ എഴുതിയ കയ്യക്ഷരവും സോഫിയാ എഴുതിയതെന്നു തെളിയണം. ഇപ്പോഴത്തെ തെളിവുകളുടെ അടിസ്ഥാനത്തിൽ ആരോക്കിയരാജ് ശിക്ഷിക്കപ്പെടാൻ സാധ്യതയുണ്ട്. പക്ഷെ ശാന്തിനി അതുകൊണ്ടു മാത്രം തൃപ്തയല്ല. ഈ കൊലപാതകത്തിന് ഉത്തരവാദികളായവരെയും ഈ കേസ് മൂടി വെക്കാൻ ശ്രമിച്ച ബിഷപ്പടക്കം പുരോഹിതരെയും നിയമത്തിന്റെ മുമ്പിൽ അവരുടെ കുറ്റങ്ങൾ തെളിയിക്കണമെന്നുള്ള വാശിയാണ് ശാന്തിനിക്കിന്നുള്ളത്. ആരോക്കിയരാജ്! തന്റെ കുറ്റസമ്മതം സഭാ നേതൃത്വത്തോട് പറഞ്ഞതാണ്. ഈ കേസ് ഒളിച്ചു വെച്ചത് പള്ളിയുടെ ഉന്നത തലത്തിൽ ഇരിക്കുന്നവരായിരുന്നു.

വൈദിക പട്ടത്തിൽ നിന്ന് പുറത്താക്കിയാൽ മാത്രം ഒരു കൊലപാതകിയ്ക്ക് ശിക്ഷയാവുകയില്ല. കോടതിയിൽ ഹാജരാകാതെ നാല് പുരോഹിതരും ബിഷപ്പും ഒളിച്ചു നടക്കുകയായിരുന്നു. അവർ നീതിക്കു വേണ്ടി പോരാടുമ്പോഴും സഭയുടെ അധികാരികൾ പണവും പ്രതാപവും കൊണ്ട് കേസിനെ നേരിടുകയായിരുന്നു. പ്രതികളായ ബിഷപ്പും പുരോഹിതരും എത്രയോ വലിയവരെന്നും ശാന്തിനിക്ക് തോന്നുന്നുണ്ട്. എന്തും സംഭവിക്കാമെന്നു അറിയാമെങ്കിലും തന്റെ മകളുടെ കരച്ചിൽ അവരുടെ ചെവിയിൽ മുഴങ്ങുന്നതുകൊണ്ട് തളർച്ചയിലും പൊരുതാൻ തന്നെയാണ് അവരുടെ തീരുമാനം.

കോടതി തെളിവുകൾ പല പ്രാവിശ്യം ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടും പോലീസ് നാളിതുവരെ അതിനു തയ്യാറാകുന്നുമില്ല. കഴുത്തിൽ കുരുക്കിട്ടെന്നു പറയുന്ന പ്രധാന തൊണ്ടിയായിരുന്ന 'ദുപ്പട്ടയും' കണ്ടെത്താനാവുന്നില്ല. പോലീസ് ഒരു ഒളിച്ചുകളിയാണ് നടത്തുന്നതെന്ന് ശാന്തിനി കരുതുന്നു. ഒരു ഭാഗത്ത് ശാന്തിനിയെ ആശ്വസിപ്പിക്കുകയും മറുഭാഗത്ത് ബിഷപ്പിനെ രഹസ്യമായി സഹായിക്കുകയും ചെയ്യുന്ന നയമാണ് പോലീസ് സ്വീകരിച്ചിട്ടുള്ളത്. ആരോക്കിയരാജിനെ ശിക്ഷിക്കുകയാണെങ്കിലും സ്ത്രീ പീഡനം എന്ന വകുപ്പിലെ ശിക്ഷിക്കുള്ളൂ. കൊല ചെയ്തുവെന്നുള്ള തെളിവുകൾ അവർ നശിപ്പിച്ചു കളഞ്ഞു. കൊലപാതകക്കുറ്റത്തിൽ ശിക്ഷിക്കുമെന്നും ഉറപ്പില്ല. അതേ സമയം ബിഷപ്പടക്കമുള്ളവർ ഈ കേസിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യും.

സോഫിയായെന്ന പെൺകുട്ടിയെ കൊലചെയ്തിട്ട് നാലുവർഷം കഴിയുന്നു. സ്വന്തം മകൾക്ക് നീതികിട്ടുമോയെന്ന സംശയത്തിലാണവർ. പ്രതികളായവർ ബിഷപ്പും പുരോഹിതരുമായതിനാൽ അവർക്ക് ശക്തമായ രാഷ്ട്രീയ സ്വാധീവും ലഭിക്കുന്നു. ഏറ്റവും അവസാനമായി കേൾക്കുന്ന വാർത്തകൾ അധികാരികൾ കിട്ടാവുന്ന തെളിവുകൾ മുഴുവൻ നശിപ്പിച്ചുവെന്നുള്ളതാണ്. കേസുമായി പോവുന്ന ഈ അമ്മയുടെ മകളെ അവർ ആദ്യം കൊന്നു. കേസിൽ നിന്ന് പിന്തിരിയാഞ്ഞതുകൊണ്ട് അവരെയും കുടുംബത്തെയും മതത്തിൽ നിന്നു പുറത്താക്കി. മതത്തിനെതിരെ കേസുമായി പോയതുകൊണ്ട് വിശ്വാസികൾ അവരുടെ വീടിനു നേരെ കല്ലെറിഞ്ഞു. അവരെപ്പറ്റി പുരോഹിതർ അപവാദങ്ങൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടും അടിപതറാതെ ആ 'അമ്മ കേസുമായി മുമ്പോട്ട് പോവുന്നു.

ചില പുരോഹിതരുടെ പെരുമാറ്റങ്ങൾമൂലം കേസുകാര്യങ്ങളുമായി നടന്ന ശാന്തിനിയെ  വളരെയധികം വേദനിപ്പിച്ചിരുന്നു. ഫാദര്‍ മതലൈമുത്തു ചാനലുകാരോടു പറഞ്ഞത്, ശാന്തിനി അവരുടെ മകളെ വിറ്റ് പണമുണ്ടാക്കിയിരുന്നു വെന്നാണ്. ഇത്തരം നീചരായ പുരോഹിതരാണ് സഭയിൽ നിറഞ്ഞിരിക്കുന്നത്.  ഇത്രമാത്രം ക്രൂര കൃത്യം  ചെയ്തിട്ടും അവർ ജയിക്കുന്നു. അതുതന്നെയാണോ മകളെ കൊന്ന ഘാതകനും അതിനു കൂട്ട് നിന്നവർക്കും ലഭിക്കാൻ പോകുന്നതെന്നും ശാന്തിനി ചിന്തിക്കാറുണ്ട്. ഇവിടെ പരാജയപ്പെട്ടാൽ കേസ് സിബിഐ യെ കൊണ്ടു അന്വേഷിപ്പിക്കാനും ശാന്തിനി ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്. ആ 'അമ്മ ആരോടും ഒത്തുതീർപ്പില്ലാതെ മരിച്ചുപോയ മകൾക്കു  നീതികിട്ടാനുള്ള പോരാട്ടം തുടർന്നു കൊണ്ടിരിക്കുന്നു.

അരമനയും പുരോഹിതരും ഒരു കേസിലുൾപ്പെട്ടാൽ  നീതിന്യായ പീഠങ്ങൾ പോലും തെളിവുകളുടെ അഭാവത്താൽ നിസ്സഹായരാവും. അത്തരം സ്ഥിതിവിശേഷങ്ങളാണ്‌ നമ്മുടെ നാടിന്റെ കഴിഞ്ഞകാല ചരിത്രങ്ങൾ വെളിപ്പെടുത്തുന്നത്. കുറച്ചു കഴിയുമ്പോൾ മാദ്ധ്യമങ്ങൾക്ക് ശബ്ദമുണ്ടാക്കാൻ മറ്റൊരു വാർത്ത കിട്ടും. അപ്പോൾ പഴയവാർത്തകൾ തമസ്ക്കരിക്കപ്പെടും. മതത്തിന്റെ അധീനതയിലുള്ള ഏതുതരം കേസുകളിലും ശക്തരായ പ്രതികൾ നിയമത്തിന്റെ കുടുക്കിൽനിന്നും എന്നും രക്ഷപെട്ടിട്ടേയുള്ളൂ. മാടത്തരുവിക്കേസ്, അഭയാക്കേസ് എന്നിങ്ങനെയുള്ള കേസുകളെല്ലാം സ്വാധീനത്തിന്റെ പുറത്ത് മാഞ്ഞു പോവുകയായിരുന്നു. പണത്തിന്റെ മീതെ ഒരു പരുന്തും പറക്കില്ലെന്നുള്ള നിയമവ്യവസ്ഥയാണ് ഭാരതത്തിലുള്ളത്. സഭയെ സംബന്ധിച്ചുള്ള പ്രമാദമായ ഒരു കേസ് വരുമ്പോൾ കുറെ പോലീസുദ്യോഗസ്ഥരും വക്കീലന്മാരും ഇടനിലക്കാരും പ്രശ്നങ്ങൾ സങ്കീർണ്ണമാക്കിക്കൊണ്ടു പണം കൊയ്തുകൊണ്ടിരിക്കും. സാക്ഷികളും പ്രതികളും കോടതിയിൽ ഹാജരാകാതെയും കോടതികൾ നീട്ടിക്കൊണ്ടുപോയും കേസിനു തീർപ്പു കൽപ്പിക്കാതെയും  ഫയലുകളെല്ലാം രഹസ്യ സങ്കേതങ്ങളിൽ ഒളിപ്പിച്ചും  വെച്ചിരിക്കും.
















കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...