Wednesday, July 24, 2019

ബഹിരാകാശ യാത്രാചരിത്രവും ചന്ദ്രനിൽ ആദ്യത്തെ കാൽവെപ്പും



ജോസഫ് പടന്നമാക്കൽ

ബഹിരാകാശ യാത്രികനായിരുന്ന 'നീൽ ആംസ്‌ട്രോങ്ങ്' ഇന്നേക്ക് അരനൂറ്റാണ്ടു മുമ്പ് 1969-ജൂലൈ ഇരുപതാംതീയതി ചന്ദ്രനിൽ കാലുകുത്തിയനിമിഷം മനുഷ്യചരിത്രത്തിലെ ആദ്യത്തെ കാൽവെപ്പായ ഒരു യുഗത്തിന്റെ തുടക്കമായിരുന്നു.  ചന്ദ്രനിൽക്കൂടി നടന്ന ആദ്യ വ്യക്തിയും 'നീൽ ആംസ്ട്രോങ്' തന്നെ. നീലിനൊപ്പം സഹയാത്രികനായി 'എഡ്വിൻ ആൽഡ്രി'നുമുണ്ടായിരുന്നു. ചന്ദ്രനിൽ കാലുകുത്താൻ അവസരം ലഭിക്കാതെ അവർക്കു ചുറ്റും രക്ഷകനായി പേടക വാഹനത്തിൽ പറന്ന 'മൈക്കിൾ കോളിൻസും' ചരിത്രത്തിന്റെ ഏടുകളിൽ അന്നു സ്ഥാനം നേടിയിരുന്നു. നീൽ ആംസ്‌ട്രോങ്ങ് ഭൂമിയിലുള്ളവരോട് പറഞ്ഞു, "ചന്ദ്രനിൽ പതിഞ്ഞ ആദ്യത്തെ മനുഷ്യപാദങ്ങൾ മാനവജാതിയുടെ വിജയമാണ്. ചരിത്രത്തിന്റെ  കുതിച്ചുചാട്ടവും വിജ്ഞാനത്തിന്റെ നവനേട്ടവുമായി മാനിക്കപ്പെടുന്നു."  അപ്പോളോ പതിനൊന്നാണ്' ചന്ദ്രയാത്രയുടെ അന്നത്തെ  മിഷ്യൻ ഏറ്റെടുത്തത്.


ആധുനിക ബഹിരാകാശ യാത്രകളുടെ പുരോഗതിയും മനുഷ്യ പ്രയത്നവും അപ്പോളോ പദ്ധതികളും അവലോകനം ചെയ്യണമെങ്കിൽ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള കാലഘട്ടങ്ങൾ മുതൽ പരിശോധിക്കേണ്ടതായുണ്ട്. ആദ്യകാലങ്ങളിൽ സൗണ്ടിനേക്കാൾ സ്പീഡിൽ വിമാനം പറപ്പിക്കുന്ന ടെസ്‌റ്റുകൾ പൈലറ്റുമാർ നടത്തിക്കൊണ്ടിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം  ഈ പൈലറ്റുമാർ നേവിയിൽനിന്നോ എയർ ഫോഴ്സിൽനിന്നോ ബഹിരാകാശ പദ്ധതികൾക്കായി വന്നവരായിരുന്നു. അമേരിക്കൻ ചേരികളും റഷ്യൻ ചേരികളും തമ്മിലുള്ള ശീത സമരം ലോകത്ത് അസ്വസ്ഥതകളുണ്ടാക്കിയിരുന്നു. ജനാധിപത്യ ക്യാപിറ്റലിസ്റ്റ് രാജ്യമായ അമേരിക്ക ഒരു വശത്തും കമ്മ്യുണിസ്റ്റ് രാജ്യങ്ങളുടെ ചേരികളും സോവിയറ്റ് യൂണിയനും മറുവശത്തുമായി പരസ്പ്പരം വെല്ലുവിളികളും പോർവിളികളും നടത്തികൊണ്ടിരുന്നു. ലോകം മുഴുവൻ ഏതു സമയവും ഒരു യുദ്ധമുണ്ടാവാമെന്നുള്ള പ്രതീതികളുമുണ്ടായിരുന്നു. 1950 കളിൽ റഷ്യയും അമേരിക്കയും തമ്മിൽ ശൂന്യാകാശ ഗവേഷണ മത്സരങ്ങളുമാരംഭിച്ചു. ഇരു രാജ്യങ്ങളും ന്യുക്‌ളീയർ ആയുധങ്ങളുടെ ഗവേഷണങ്ങളും തുടർന്നു. അതുമൂലം ലോകത്ത് അസമാധാനവും ഭീതിയും ജ്വലിപ്പിച്ചുകൊണ്ടിരുന്നു.  അമേരിക്ക പങ്കാളിയായിരുന്ന കൊറിയൻ യുദ്ധവും വാർത്താപ്രാധാന്യം നേടി. 1961-ലെ ബർലിൻ മതിൽ പണി, 1962-ലെ ക്യൂബൻ മിസൈൽ മുതലായ ആഗോള ചേരിതിരിവുകൾ ഒരു മൂന്നാം ലോക മഹായുദ്ധത്തിന്റെ സാധ്യതകളും ജനിപ്പിച്ചിരുന്നു.


NACA (നാഷണല്‍ അഡൈ്വസറി കമ്മിറ്റി ഫോര്‍ എയ്‌റോനോട്ടിക്‌സ്) 1915-ല്‍ സ്ഥാപിക്കപ്പെട്ടു. 1958 ല്‍ അത് നാസ (നാഷണല്‍ എയറോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്റ്റ്രേഷന്‍) ആയി. 'ഹൊവാര്‍ഡ് സി ടിക്ക് ലില്ലി' നാകായുടെ ആദ്യത്തെ  എഞ്ചിനീയറിംഗ് പൈലറ്റായിരുന്നു. കാലിഫോര്‍ണിയ മരുഭൂമിയുടെ ആകാശത്തില്‍ സൗണ്ടിനേക്കാള്‍ വേഗത്തില്‍ വിമാനം പറപ്പിച്ച  പൈലറ്റാണ് അദ്ദേഹം. 1948 മെയ് മൂന്നാം തിയതി 'ലില്ലി' ഓടിച്ച ഡി.558 വിമാനത്തിന്റെ എന്‍ജിന്‍ തകരാറിലാവുകയും  അദ്ദേഹം മരിക്കുകയും ചെയ്തു. ഔദ്യോഗിക ജോലിയിലായിരുന്നപ്പോള്‍ ആദ്യമായി മരിച്ച നാകാ പൈലറ്റും അദ്ദേഹമായിരുന്നു. ഒരു മാസത്തിനു ശേഷം 'ക്യപ്റ്റന്‍ ഗ്ലെന്‍ ഡബ്ലിയു എഡ്വേര്‍ഡും' നാല് വൈമാനിക സഹപ്രവര്‍ത്തകരും കൊല്ലപ്പെട്ടു. കാലിഫോര്‍ണിയയിലെ പരീക്ഷണങ്ങള്‍ക്കായുള്ള വിമാനത്താവളത്തിന് 'എഡ്വേഡ് എയര്‍ ഫോഴ്‌സ് ബേസ്' എന്ന് പേരിടുകയും ചെയ്തു. 1952-ൽ വിമാനം ടെസ്റ്റ് ചെയ്യുന്നതിനിടയിൽ തുടർച്ചയായി   ഏഴു പൈലറ്റുകളും മരിച്ചിരുന്നു. 1953-ൽ ലൂന-3 ചന്ദ്രന്റെ മറുഭാഗം ചിത്രം എടുത്തു. 1969-ൽ ലൂന '9' എന്ന മനുഷ്യരഹിതമായ വാഹനം ചന്ദ്രനിൽ അപകട രഹിതമായി ഇറക്കി. അപ്പോളോ '8' മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ചന്ദ്രയാത്ര നടത്തിയെങ്കിലും പരാജയപ്പെടുകയാണുണ്ടായത്.


ശൂന്യാകാശം കീഴടക്കുകയെന്നത് ശീതസമര മത്സരങ്ങളുടെ ഭാഗമായിരുന്നു. 1957 ഒക്ടോബർ നാലാം തിയതി സോവിയറ്റ് യൂണിയൻ ആദ്യത്തെ R-7 ബാലിസ്റ്റിക്ക് മിസൈൽ ബഹിരാകാശത്തേക്ക് അയച്ചു. ഭൂമിയുടെ ഭ്രമണപദം വിട്ടു തൊടുത്തുവിട്ട ആദ്യത്തെ മനുഷ്യനിർമ്മിതമായ സ്പുട്നിക്കായിരുന്നു അത്. റഷ്യ ബാഹ്യാകാശത്തേക്ക് സ്പുട്നിക്ക് അയച്ചെങ്കിലും അത് അമേരിക്കയെ സംബന്ധിച്ചിടത്തോളം സന്തോഷമുളവാക്കുന്ന കാര്യമായിരുന്നില്ല. സോവിയറ്റ് ടെക്കനോളജി അമേരിക്കയെ കടത്തിവെട്ടാൻ അമേരിക്കൻ ജനതയും ആഗ്രഹിച്ചിരുന്നില്ല. R-7 മിസ്സൈലിനു അമേരിക്കയുടെ മേൽ ന്യുക്‌ളീയർ ബോംബുകൾ വർഷിക്കാൻ കഴിവുള്ളതുമായിരുന്നു. കൂടാതെ അമേരിക്കയുടെമേൽ ചാര പ്രവർത്തിയും നടത്താൻ സാധിക്കുമായിരുന്നു.


1958-ൽ അമേരിക്ക സ്വന്തമായി ഭ്രമണപദത്തിനപ്പുറത്തേയ്ക്ക് 'സാറ്റലൈറ്റ്' അയച്ചു. അതേ വർഷം പ്രസിഡന്റ് ഐസനോവർ ശൂന്യാകാശം കിഴടക്കുന്നതിനും ബഹിരാകാശ ശാസ്ത്രീയ ഗവേഷണങ്ങൾക്കും ഒരു ഏജൻസി നാസായിൽ സ്ഥാപിക്കാൻ ഒപ്പുവെച്ചു. 1959-ൽ സോവിയറ്റ് യൂണിയൻ ചന്ദ്രനിൽ ലൂണ 2 അയച്ച് ബഹിരാകാശത്തിൽ ആധിപത്യം നേടിയിരുന്നു. 1961 ഏപ്രിലിൽ റഷ്യയുടെ 'യൂറി ഗഗാറിൻ' ബഹിരാകാശത്ത് കറങ്ങിയ ആദ്യത്തെ സഞ്ചാരിയായിരുന്നു. 1961-ൽ  അമേരിക്കയുടെ 'അലൻ ഷെപ്പേർഡ്' ശൂന്യാകാശത്ത് സഞ്ചരിച്ച ആദ്യത്തെ അമേരിക്കൻ സഞ്ചാരിയായി തീർന്നു. 1962-ൽ 'ജോൺ ഗ്ലെൻ' ഭൂമിയുടെ ഭ്രമണ പദത്തിൽ നിന്നും യാത്ര ചെയ്ത  ശൂന്യാകാശ യാത്രികനായി. 1961 മുതൽ 1964 വരെയുള്ള കാലഘട്ടത്തിൽ നാസായുടെ ബഡ്‌ജറ്റ്‌ 500 ശതമാനം വർദ്ധിപ്പിച്ചിരുന്നു. ചന്ദ്ര യാത്രയോട് അനുബന്ധിച്ച് ഏകദേശം 34000 ജോലിക്കാർ നാസായ്ക്കുണ്ടായിരുന്നു. 3,75,000 പുറം കമ്പനികളിലുള്ള കോണ്ട്രാക്റ്റ് ജോലിക്കാരും നാസയുടെ പ്രവർത്തനങ്ങളോടനുബന്ധിച്ച് പ്രവർത്തിക്കുന്നുണ്ടായിരുന്നു. 1967 മുതൽ അപ്പോളോയുടെ പ്രവർത്തനങ്ങൾക്ക് മങ്ങലേറ്റു. ബഹിരാകാശ വാഹനത്തിനു തീപിടിച്ചതു മൂലം അക്കൊല്ലം മൂന്നു ബഹിരാകാശ യാത്രികർ കൊല്ലപ്പെട്ടു. 1969-ൽ ചന്ദ്രയാത്രയിൽ അമേരിക്ക വിജയിച്ചതോടെ ബഹിരാകാശത്ത് അമേരിക്കയുടെ ആധിപത്യം സ്ഥാപിക്കാൻ സാധിച്ചു. അത് ശീതസമര യുദ്ധത്തിലെ വിജയമായും അറിയപ്പെടാൻ തുടങ്ങി.


1961 മെയ് ഇരുപത്തിയഞ്ചാം തിയതി ചന്ദ്രയാത്ര സംരംഭങ്ങൾക്കായി പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ നിർദേശപ്രകാരം കോൺഗ്രസിൽ ഒരു പ്രമേയം അവതരിപ്പിച്ചിരുന്നു. പ്രമേയത്തിന്റെ ചുരുക്കം ഇങ്ങനെ, "ഈ പതിറ്റാണ്ടവസാനിക്കും മുമ്പ് നമ്മുടെ രാഷ്ട്രം മറ്റു രാഷ്ട്രങ്ങളെക്കാളും മുമ്പിലായി ചന്ദ്രനെ കീഴടക്കാനായുള്ള പദ്ധതികളാവിഷ്‌ക്കരിക്കണം. അതിനായുള്ള ലക്‌ഷ്യവും വേണം. ബഡ്ജറ്റും അനുവദിക്കണം. സുരക്ഷിതമായി നമ്മുടെ ബഹിരാകാശ യാത്രികർ മടങ്ങി വരുകയും  വേണം." അക്കാലത്ത് ബഹിരാകാശത്തെ കീഴടക്കുന്നതിൽ അമേരിക്ക സോവിയറ്റ് യൂണിയന്റെ  പിന്നിലായിരുന്നു. സാങ്കേതികതയിലും ബഹിരാകാശ ശാസ്ത്രീയ മുന്നേറ്റങ്ങളിലും സോവിയറ്റ് യൂണിയൻ  മുമ്പിൽ തന്നെയുണ്ടായിരുന്നു. ശീതസമര യുദ്ധം മൂർച്ഛിച്ചിരുന്ന നാളുകളായിരുന്നതിനാൽ കെന്നഡിയുടെ ധീരമായ നിലപാടിനെ അമേരിക്കൻ കോൺഗ്രസ്സ് സ്വാഗതം ചെയ്യുകയും ചെയ്തു. തന്മൂലം ലക്ഷ്യപ്രാപ്തിക്കായി അമേരിക്കയുടെ എഞ്ചിനീയർമാരും ശാസ്ത്രജ്ഞരും അഞ്ചു വർഷങ്ങൾ കഠിനാദ്ധ്വാനം ചെയ്യുകയുമുണ്ടായി. 1960 ആയപ്പോൾ ശൂന്യാകാശ പദ്ധതികൾ വളരെയധികം പുരോഗമനം നേടിയിരുന്നു. പരീക്ഷണങ്ങളെയും മരണത്തെയും അതിജീവിച്ച നിരവധി പരിചയ സമ്പന്നരായ പൈലറ്റുമാർ നാസായ്ക്കുണ്ടായിരുന്നു. കൂടാതെ 'നീൽ ആംസ്‌ട്രോങിനെ'പ്പോലെയും 'ബുസ് ആൽഡ്രിനെ'പ്പോലെയും സാങ്കേതികമായി പഠിച്ച എൻജിനീയർമാരും നാസയുടെ ശക്തി വർദ്ധിപ്പിച്ചുകൊണ്ടിരുന്നു. എല്ലാവിധ അപകട സാധ്യതകളും സ്വന്തം ജീവനുള്ള അപായഹേതുകളും എടുക്കാൻ തയ്യാറുമായിരുന്നു. ടെസ്റ്റ് പൈലറ്റുകളായി പ്രായോഗിക പരിശീലനം നേടിയ ഇവർ പിന്നീട് ശൂന്യാകാശ യാത്രികരായും ചുമതലകൾ വഹിച്ചു.


ബഹിരാകാശ യാത്രികൻ, മിലിറ്ററി പൈലറ്റ്, വിദ്യാഭ്യാസ ചിന്തകൻ എന്നിങ്ങനെ ആംസ്‌ട്രോങ്ങിനെ  ലോകം അറിയപ്പെടുന്നു. ഒഹായോയിൽ 1930 ആഗസ്റ്റ് അഞ്ചാംതീയതി ജനിച്ചു. ചെറുപ്പകാലം മുതൽ വിമാനം പറപ്പിക്കലിനോട് അതിയായ സ്നേഹമുണ്ടായിരുന്നു. പതിനാറു വയസുള്ളപ്പോൾ തന്നെ 1947-ൽ പൈലറ്റ് ലൈസൻസ് കരസ്ഥമാക്കിയിരുന്നു. പിന്നീട് പെർഡ്യൂ യൂണിവേഴ്സിറ്റിയിൽ എയ്റോ നോട്ടിക്കൽ എഞ്ചിനീയറിംഗ് പഠിക്കാനാരംഭിച്ചു. നേവിയുടെ സ്‌കൊളാഷിപ്പ് വഴിയായിരുന്നു പഠനം തുടർന്നിരുന്നത്. കൊറിയൻയുദ്ധം തുടങ്ങിയപ്പോൾ അദ്ദേഹത്തെ മിലിറ്ററി സേവനത്തിനു വിളിച്ചതിനാൽ പഠിപ്പ് മുടക്കേണ്ടി വന്നു. 'മിലിറ്ററി പൈലറ്റ്' എന്ന നിലയിൽ യുദ്ധമുന്നണിയിൽ 78 തവണകൾ ശത്രുപാളയങ്ങളിൽ വിമാനം പറപ്പിച്ചു. 1952-ൽ മിലിട്ടറി സേവനം മതിയാക്കി മടങ്ങി വന്നു. വീണ്ടും കോളേജിൽ പഠനം തുടങ്ങി. അതിനുശേഷം നാസായുടെ എഞ്ചിനീറിങ് ഡിപ്പാർട്മെന്റിൽ ജോലി തുടർന്നു. അവിടെ നിരവധി ഡിപ്പാർട്മെന്റുകളിൽ ചുമതലകൾ വഹിച്ചുവന്നു. 'എഞ്ചിനീറിങ്' വകുപ്പുകളിലും ടെസ്റ്റ് പൈലറ്റായും ജോലി തുടർന്നു. ഒരു മണിക്കൂറിൽ 4000 മൈൽ സ്പീഡിൽ പോവുന്ന വിമാനവും പറപ്പിച്ചുകൊണ്ട് സ്വന്തം കഴിവിനെ പ്രകടിപ്പിച്ചുകൊണ്ടിരുന്നു.


'ആംസ്ട്രോങ്' 1956 ജനുവരി 28ന്‌ 'ജാനറ്റ് ഷെറോൺ'നെ വിവാഹം ചെയ്തു. 1957-ൽ 'എറിക്ക്' എന്ന പുത്രനുണ്ടായി. മകൾ 'കരൺ' 1959-ൽ ജനിച്ചു. ദൗർഭാഗ്യവശാൽ തലച്ചോറിലുള്ള ക്യാൻസർ മൂലം 1962-ൽ 'കരൺ' മരിച്ചു പോയി. ആംസ്ട്രോങ് ആദ്യത്തെ ഭാര്യയുമായി വിവാഹ മോചനം നടത്തിയശേഷം കരോളിനെ വിവാഹം ചെയ്തിരുന്നു. രണ്ടാം ഭാര്യ കരോളുമായി മരണംവരെ ജീവിച്ചു. 1971 വരെ ആംസ്ട്രോങ്ങ് നാസയിൽ ഡെപ്യൂട്ടി അസോസിയേറ്റഡ് അഡ്മിനിസ്ട്രേറ്റർ ആയി ജോലി തുടർന്നിരുന്നു. നാസയിൽനിന്ന് പിരിഞ്ഞ ശേഷം അദ്ദേഹം സിൻസിനാറ്റി (Cincinnati) ഏറോസ്പേസ് എഞ്ചിനീയറിംഗ് പ്രൊഫസറായി സേവനമാരംഭിച്ചു. എട്ടു വർഷം അവിടെ പ്രൊഫസറായി ജോലി തുടർന്നു. 1982 മുതൽ 1992 വരെ ഏവിയേഷൻ കമ്പ്യൂട്ടിങ് ടെക്കനോളജിയുടെ ചെയർമാനായും പ്രവർത്തിച്ചു. 1986-ൽ ഒരു ബഹിരാകാശ വാഹനം അപകടപ്പെട്ടപ്പോൾ വാഹനാപകടകാര്യങ്ങൾ സംബന്ധിച്ച അന്വേഷണ കമ്മീഷന്റെ വൈസ് ചെയർമാനുമായിരുന്നു. അന്നുണ്ടായ ബഹിരാകാശപേടകത്തിൽ സഞ്ചരിച്ചവരെല്ലാം മരണപ്പെട്ടിരുന്നു. അക്കൂടെ സ്കൂൾ ടീച്ചർ 'ക്രിസ്റ്റ മക്ലിഫും' ഉണ്ടായിരുന്നു.


'ആംസ്‌ട്രോങ്ങ്'  പ്രസിദ്ധനായ ബഹിരാകാശ യാത്രികനായിരുന്നെങ്കിലും പൊതുജന സംസർഗ്ഗത്തിൽനിന്ന് എന്നും അകന്നു നിൽക്കാനാണ് ആഗ്രഹിച്ചിരുന്നത്. 2005-ൽ അദ്ദേഹം എബിസി ചാനലിന് അത്യപൂർവമായ ഒരു ഇന്റർവ്യൂ നൽകിയിരുന്നു. സൂര്യതാപത്തിന്റെ നിയന്ത്രണത്തിലുള്ള ചന്ദ്രോപരിതലം മനോഹരമായ പ്രദേശങ്ങളെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. 'ജയിംസ് ആർ ഹാൻസൺ' ആദ്യമായി ആംസ്‌ട്രോങ്ങിന്റെ ജീവചരിത്രമെഴുതി. അദ്ദേഹത്തിന്റെ കുടുംബത്തെയും  സുഹൃത്തുക്കളെയും വിശദമായി പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്.


1966-ൽ മനുഷ്യനില്ലാത്ത ഒരു വാഹനം ചന്ദ്രനിൽ എത്തിച്ചിരുന്നു. അതിനുശേഷം ഭാവിയിൽ മനുഷ്യനെ അയക്കാനുള്ള സാങ്കേതികതകളെപ്പറ്റി വിശദമായി പഠിച്ചുകൊണ്ടുമിരുന്നു. ബഹിരാകാശ യാത്രകൾ സോവിയറ്റ് യുണിയനോട് മത്സരിച്ചുള്ളതായിരുന്നു. 1961 -ലെ പ്രസിഡന്റ് കെന്നഡിയുടെ 'ഈ പതിറ്റാണ്ടിൽ മനുഷ്യരെ ചന്ദ്രനിൽ ഇറക്കുമെന്നുള്ള വാക്കുകളെ യാഥാർഥ്യമാക്കണമെന്ന' മോഹവുമുണ്ടായിരുന്നു. 1969 ജൂലൈ ഇരുപതാംതീയതി അമേരിക്കയുടെ ആ സ്വപ്നം യാഥാർഥ്യമാവുകയുണ്ടായി. വളരെയധികം ത്യാഗങ്ങളും ദുഖകരമായ സംഭവ പരമ്പരകളും ലക്ഷ്യപ്രാപ്തിക്കായി അഭിമുഖീകരിക്കേണ്ടി വന്നു. ബഹിരാകാശ വാഹനങ്ങളുടെ പരീക്ഷണങ്ങൾക്കിടയിൽ വിമാനാപകടത്തിൽ എട്ടു യാത്രികർ അതിനിടയിൽ നഷ്ടപ്പെട്ടു. താഴെക്കിടയിൽ ജോലി ചെയ്തിരുന്ന  നിരവധി ഉദ്യോഗസ്ഥരുടെയും ജീവൻ നഷ്ടപ്പെടുത്തേണ്ടി വന്നു. പരീക്ഷണങ്ങൾ നടത്തിയ പൈലറ്റുകളും അപ്പോളോ പരീക്ഷണങ്ങൾക്കിടയിൽ മരണപ്പെട്ടിരുന്നു. പന്ത്രണ്ടിൽപ്പരം പൈലറ്റുകൾ യുദ്ധക്കളത്തിൽ നടക്കുന്ന യുദ്ധംപോലെ ജീവൻ പണയം വെച്ച് പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരുന്നു. 1967 ജനുവരി ഇരുപത്തിയേഴാം തിയതി ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ മനുഷ്യരെ ഉൾപ്പെടുത്തിയുള്ള ഒരു ബഹിരാകാശ വാഹനം തീ പിടിക്കുകയും അതിലുണ്ടായിരുന്ന മൂന്നു ബഹിരാകാശ യാത്രികർ കൊല്ലപ്പെടുകയുമുണ്ടായി.


'നീൽ ആംസ്‌ട്രോങ്ങി'ന്റെ ആദ്യ ശൂന്യാകാശ യാത്രകൾ വളരെയധികം അപകടം പിടിച്ചതായിരുന്നു. 'ജെമിനി-8' ലുള്ള ആദ്യത്തെ യാത്രയിൽ വാഹനം വിക്ഷേപിക്കുന്ന സമയം വാഹനത്തിനും ബഹിരാകാശ യാത്രികനുമുള്ള (astronaut) അപകടകട സാധ്യതകളെ മുൻകൂട്ടി പ്രവചിച്ചിരുന്നു. ബഹിരാകാശ വാഹനം തകരാറിലാകുമെന്നുള്ള മുന്നറിയിപ്പും കൊടുത്തിരുന്നു. ആ യാത്രയിൽ ആംസ്‌ട്രോങും പൈലറ്റ് ഡേവിഡും ഒത്തൊരുമിച്ച് വാഹനത്തിന്റ കേടുപാടുകൾ നന്നാക്കി കൊണ്ടിരുന്നു. വാഹനം നിയന്ത്രണത്തിലാക്കാൻ നന്നേ ബുദ്ധിമുട്ടേണ്ടി വന്നു. അവസാനം തങ്ങൾ സഞ്ചരിച്ചിരുന്ന ബഹിരാകാശ വാഹനം നിയന്ത്രണത്തിലാക്കുകയും സുരക്ഷിതമായി വാഹനത്തെ ഭൂമിയിൽ ഇറക്കുകയും ചെയ്തു.


ബഹിരാകാശത്തേക്ക് യാത്രപുറപ്പെടാനായി വിമാനങ്ങളുടെ പരിചയസമ്പന്നരായ പൈലറ്റുമാർ പരിശീലനത്തിനായി താവളങ്ങൾ തോറും വിമാനങ്ങൾ പറപ്പിക്കാറുണ്ട്. ഇങ്ങനെ പരിശീലനം നേടിക്കൊണ്ടിരുന്ന പൈലറ്റുമാരുടെ കൂട്ടത്തിലുണ്ടായിരുന്ന 'തീയോഡോർ ഫ്രീമാൻ' 1964-ൽ വിമാനം പറപ്പിക്കലിനിടെ അപകടപ്പെട്ടു മരിക്കുകയുമുണ്ടായി. 1966 ഫെബ്രുവരിയിൽ 'എലിയട്ട്' എന്ന ശൂന്യാകാശ യാത്രികനും മറ്റൊരു യാത്രികനായ പൈലറ്റ് 'ചാറൽസ് ബസ്സെറ്റും കാലാവസ്ഥ മോശമായതിനാൽ വിമാനാപകടത്തിൽ മരണപ്പെട്ടു. ബഹിരാകാശ യാത്രയ്ക്ക് പരിശീലനം നേടുന്ന സമയങ്ങളിൽ പലർക്കും ജീവൻ പണയം വെക്കേണ്ടി വന്നു. 1967 ജനുവരി 27-ന് 'ഗുസ് ഗ്രിസ്സമും' 'എഡ് വൈറ്റ് റോഗർ ചാഫീ'യും കെന്നഡി സ്പേസ് സെന്ററിൽ വിമാനം തീ പിടിച്ചുള്ള  അപകടത്തിൽ മരിച്ചു.


ചന്ദ്രയാത്രയിൽ, മനുഷ്യ ജീവിതങ്ങൾ നഷ്ടപ്പെടുന്നതിലും ഭീമമായ സാമ്പത്തിക ചെലവുകളിലും  അമേരിക്കൻ കോൺഗ്രസിലും പൊതുജനങ്ങളിലും ശക്തമായ എതിർപ്പുകളുണ്ടായിരുന്നു. ജനങ്ങളുടെ നികുതിപ്പണം നിരുപയോഗമായി ചെലവാക്കുന്നത് ന്യായ യുക്തമോയെന്ന ചിന്തകളും വ്യാപകമായി പടർന്നിരുന്നു. രാജ്യത്ത് ദാരിദ്ര്യം അനുഭവിക്കുമ്പോൾ ചന്ദ്രയാത്രകൾക്ക് പണം ചെലവഴിക്കുന്നതിൽ  പ്രതിക്ഷേധിച്ച് മനുഷ്യാവകാശ പ്രവർത്തകനായ റെവ. ജെയിംസ് അബെർണാതിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധങ്ങളും പ്രകടനങ്ങളുമുണ്ടായിരുന്നു. ബഹിരാകാശ വാഹനങ്ങളുടെ തീപിടുത്തവും നാശനഷ്ടങ്ങളും കോൺഗ്രസിൽ ആശങ്കകൾ സൃഷ്ടിച്ചു. “നാസായിലുള്ളവരും ചന്ദ്രയാത്രകൾ വിജയകരമാവുമോയെന്നുള്ളതിൽ സംശയം പ്രകടിപ്പിച്ചിരുന്നു! നാസായ്ക്കുള്ളിലും അതിന്റെ പേരിൽ തീവ്രമായ ചർച്ചകളും തുടർന്നുകൊണ്ടിരുന്നു.


1969-ൽ യാത്രികരായ ആംസ്‌ട്രോങ്ങിനും ആൽഡ്രിനും ചന്ദ്രനിലേക്കുള്ള മിഷൻ വിജയപ്രദമാവുമെന്നുള്ള ശുഭ പ്രതീക്ഷകളുണ്ടായിരുന്നു. ദിവസം ഏഴും എട്ടും മണിക്കൂറുകൾ പരിശീലനം നേടി സർവ്വവിധ ടെക്ക്നിക്കൽ കഴിവുകളും നേടിയ ശേഷമാണ് അവർ ചന്ദ്രനിലേക്കുള്ള യാത്രക്കായി ഒരുമ്പെട്ടത്. 1969 ജൂലൈ പതിനാറാം തിയതി മൂന്നുപേരെയും ഒരുമിച്ച് ശൂന്യാകാശത്തിലയച്ചു. ചന്ദ്രന്റെ ഉപരിതലത്തിൽ 1969 ജൂലൈ ഇരുപതാം തിയതി 'ആംസ്ട്രോങ്' പൈലറ്റായി ഓടിച്ച വാഹനമെത്തി. രണ്ടര മണിക്കൂറോളം ചന്ദ്രനിൽനിന്നും അവർ രണ്ടുപേരുമൊത്ത് ചന്ദ്രക്കല്ലുകൾ ശേഖരിച്ചുകൊണ്ടിരുന്നു. തത്സമയങ്ങളിലെല്ലാം 'മൈക്കിൾ കോളിൻസ്' അവരെ നിരീക്ഷിച്ചുകൊണ്ട് ചന്ദ്രോപരിതലത്തിൽ വാഹനങ്ങൾ ഓടിച്ചുകൊണ്ടിരുന്നു. ചന്ദ്രനിൽ കണ്ട കാഴ്ചകളുടെയും ചന്ദ്രോപരിതലം പരീക്ഷണങ്ങൾക്കിടയിൽ കാലിൽ ധരിച്ചിരുന്ന മെതിയടികളുടെയും ഫോട്ടോകളുമെടുത്തു. 1969 ജൂലൈ ഇരുപത്തിനാലാം തിയതി ചന്ദ്രനിൽനിന്നുള്ള മടക്കയാത്രയ്ക്കുശേഷം 'അപ്പോളോ പതിനൊന്ന്' 'ഹാവായ് ഐലൻഡിന്റെ പടിഞ്ഞാറുള്ള പസഫിക്ക് സമുദ്രത്തിൽ ഇറക്കി. ഉടൻതന്നെ അതിനുള്ളിലെ യാത്രികരെയും വാഹനവും യൂ.എസ് കപ്പലുകൾക്കുള്ളിലാക്കി. പകർച്ച വ്യാധിയോ മറ്റുള്ള അസുഖങ്ങളോ തടയാനായി മൂന്നുപേരെയും കരയിലിറങ്ങാൻ അനുവദിക്കാതെ മറ്റുള്ളവരുമായി സംസർഗ്ഗമില്ലാതെ കപ്പലിനുള്ളിൽ മൂന്നാഴ്ചയോളം താമസിപ്പിച്ചു. മൂന്നു വൈമാനികർക്കും രാജ്യം മുഴുവൻ ഗാംഭീര സ്വീകരണമാണ് നൽകിയത്. ന്യൂയോർക്ക് പട്ടണം മുഴുവൻ ജനലക്ഷങ്ങൾ ചന്ദ്രയാത്രികരെ സ്വീകരിക്കാൻ അണിനിരന്നിരുന്നു. ജനങ്ങൾ  ചന്ദ്രനിലെത്തി മടങ്ങിവന്ന  ശൂന്യാകാശ യാത്രികരെ കണ്ടു ആർത്തു വിളിച്ചുകൊണ്ടിരുന്നു.


പതിറ്റാണ്ടോളം അവർ ശേഖരിച്ച കല്ലുകളെപ്പറ്റി ശാസ്ത്രജ്ഞർ പഠനം നടത്തിക്കൊണ്ടിരുന്നു.  അപ്പൊളോ പതിനൊന്നിലെ ദൗത്യത്തിൽ നിന്നും ലഭിച്ച ചന്ദ്രനുള്ളിലെ പാറക്കഷണങ്ങൾ ഭൂമിയിൽ വരുന്നതിനുമുമ്പ് ചന്ദ്രനെപ്പറ്റിയുള്ള നമ്മുടെ അറിവുകൾ വളരെ പരിമിതമായിരുന്നു. ചന്ദ്രന്റെ പ്രായമെന്തെന്ന് ഇന്ന് നമുക്കറിയാം! 4.5 ബില്ലിൻ വർഷങ്ങൾ ചന്ദ്രന് പഴക്കമുണ്ട്. ചന്ദ്രന്റെ ഉപരിതലം ഭൂമിയിൽ നിന്നും എത്രമാത്രം അകലെയാണെന്നും ശാസ്ത്രജ്ഞർ കണക്കുകൂട്ടി കഴിഞ്ഞു. അതിന് അപ്പോളോ പതിനൊന്നിന്റെ മിഷ്യനോട്‌ നാം കടപ്പെട്ടവരാണ്. എങ്ങനെയാണ് ചന്ദ്രൻ ഉണ്ടായത്? ചന്ദ്രനും ഭൂമിയുമായുള്ള ആകർഷണശക്തിയുടെ രഹസ്യങ്ങളും ശാസ്ത്ര ലോകം കണ്ടുപിടിച്ചു കഴിഞ്ഞു. ഭ്രമണതലത്തിൽനിന്നും വ്യതിചലിച്ച്! മറ്റൊരു ഗ്രഹവുമായി ഭൂമി കൂട്ടിയിടിച്ചപ്പോൾ ചന്ദ്രനുണ്ടായിയെന്നും ശാസ്ത്രം ഗ്രഹിക്കുന്നു. ചന്ദ്രനെപ്പറ്റിയും അതിന്റെ ഉത്ഭവത്തെപ്പറ്റിയും ശാസ്ത്രജ്ഞർ വിവിധ അഭിപ്രായങ്ങൾ പുറപ്പെടുവിക്കാറുണ്ട്. ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹമായ ചന്ദ്രൻ ഭൂമിയിൽ നിന്നും അടർന്നുപോയി ഉണ്ടായതെന്നു പറയുന്നു. ഒരിക്കൽ രണ്ടു ചന്ദ്രന്മാർ ഉണ്ടായിരുന്നുവെന്നും അവ ലോപിച്ച് ഒന്നായ പൂർണ്ണ ചന്ദ്രനായിയെന്നും മറ്റൊരു തീയറിയുമുണ്ട്. ചന്ദ്രന്റെ വ്യാസം 3475 കിലോമീറ്ററെന്നും കണക്കാക്കുന്നു. ഇത് ഭൂമിയുടെ വ്യാസത്തിന്റെ നാലിലൊന്ന് ഭാഗമായി കരുതുന്നു. ചുറ്റളവ് 10917 കിലോമീറ്ററും. ചന്ദ്രനിൽ ജലമുണ്ടോയെന്നുള്ള ശാസ്ത്ര പരീക്ഷണങ്ങൾ ഇന്നും തുടരുന്നു. അപ്പോളോ പതിനഞ്ചു  മിഷ്യൻ വഴി കൊണ്ടുവന്ന വോൾക്കാനിക്ക് മുത്തുകളിൽ (Volcanic pearls) ജലാംശം ഉണ്ടായിരുന്നുവെന്ന് പറയുന്നു. ഇന്ത്യയുടെ 'ചന്ദ്രയാൻ ദൗത്യം' ചന്ദ്രോപരി തലത്തിൽ ജലാംശം കണ്ടെന്നും അവകാശപ്പെടുന്നു. ഇന്ത്യ 2009 സെപ്റ്റമ്പറിലാണ് ചന്ദ്രയാൻ ദൗത്യം നിർവഹിച്ചത്. ചന്ദ്രന്റെ ധ്രുവ പ്രദേശങ്ങളിലെ സൂര്യന്റെ പ്രകാശമെത്താത്ത സ്ഥലങ്ങളിൽ ജലമുണ്ടെന്നുള്ള തെളിവുകളും പഠിച്ചുകൊണ്ടിരിക്കുന്നു.


ബഹിരാകാശ മത്സരത്തിൽ അമേരിക്കൻ പൊതുജനങ്ങളുടെ ശ്രദ്ധ എന്നുമുണ്ടായിരുന്നു. ദേശീയ മാദ്ധ്യമങ്ങളിൽ ബഹിരാകാശ രംഗത്ത് അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയും വിജയം സമയാസമയങ്ങളിൽ പ്രസിദ്ധീകരിച്ചുകൊണ്ടുമിരുന്നു. ടെലിവിഷന്റെ ആവിർഭാവത്തോടെ ലോകത്തിന് അപ്പോഴപ്പോൾ വാർത്തകൾ ലഭിച്ചിരുന്നു. ശൂന്യാകാശ യാത്രക്കാർ എന്നും അമേരിക്കൻ ജനതയുടെ ഹീറോകളായിരുന്നു. സോവിയറ്റ് യൂണിയനെ ബഹിരാകാശ യാത്രകളിലെ മത്സരത്തിൽ വില്ലനായും കരുതിയിരുന്നു. കമ്മ്യുണിസത്തിന്റെ അധികാര മേൽക്കോയ്മയിൽ സോവിയറ്റ് യൂണിയൻ മുന്നേറുന്നത് അമേരിക്ക ഇഷ്ടപ്പെട്ടിരുന്നില്ല. ശീത സമരത്തിനു ശേഷം സോവിയറ്റ് യൂണിയനുമായി ശൂന്യാകാശ മത്സരം കൂടുതൽ സൗഹാർദ്ദതയിലേക്ക് വഴിതെളിയിച്ചിരുന്നു. സോവിയറ്റ് ബഹിരാകാശ മിഷനും അമേരിക്കൻ അപ്പോളോ മിഷ്യനും പരസ്പ്പരം സഹകരിച്ചു പ്രവർത്തിക്കാനും തുടങ്ങി. അതുവഴി ശീതസമരത്തിലുണ്ടായിരുന്ന വിടവുകൾ മാറ്റി ശത്രുതകൾ അവസാനിക്കുകയുമുണ്ടായി. സോവിയറ്റ് യൂണിയനുമായി മെച്ചപ്പെട്ട സൗഹാർദ്ദ അന്തരീക്ഷം സൃഷ്ടിക്കാനുമിടയായി.


2012 ആഗസ്റ്റ് ഇരുപത്തിയഞ്ചാം തിയതി ഹൃദയാഘാതം മൂലം നീൽ ആംസ്ട്രോങ് തന്റെ എൺപത്തി രണ്ടാം വയസിൽ മരിച്ചു. മരണശേഷം നീലിന്റെ കുടുംബം ഒരു പ്രസ്താവന ഇറക്കിയിരുന്നു. അതിൽ പറഞ്ഞതിങ്ങനെ, "നീലിനെ ബഹുമാനിക്കുന്നവർ അദ്ദേഹം ചന്ദ്രയാത്രയിലൂടെ മാനവികതയ്ക്ക് നൽകിയ സംഭവനകളെ ഓർമ്മിക്കുക! നിലാവുള്ള രാത്രികളിൽ പുറം പ്രദേശങ്ങളിൽക്കൂടി സഞ്ചരിക്കുമ്പോൾ ചന്ദ്രപ്രഭ നമ്മെ നോക്കി പുഞ്ചരിക്കുന്നതായി തോന്നും. അപ്പോഴെല്ലാം നീൽ  ആംസ്‌ട്രോങിനെയും ചിന്തിക്കുക.  ഇമ വെട്ടുന്ന നമ്മുടെ കണ്ണുകളിൽ അദ്ദേഹത്തിൻറെ ചൈതന്യവും പ്രസരിക്കുന്നുണ്ടാവാം." 'ആംസ്ട്രോങ്ങ്' മരിച്ചുവെന്ന വാർത്ത പരന്നതോടെ ലോകത്തെ മുഴുവൻ ദുഃഖത്തിലാഴ്ത്തിയിരുന്നു. പ്രസിഡന്റ് ഒബാമ ആ കുടുംബത്തിന്റെ ദുഃഖത്തിൽ അനുശോചനം അറിയിച്ചിരുന്നു. അമേരിക്കയുടെ മഹാനായ 'നീൽ ആംസ്ട്രോങ്ങ്' കാലത്തെയും അതിജീവിച്ച് മനുഷ്യ മനസുകളിൽ നിത്യം ജീവിക്കുന്നുവെന്നു' ഒബാമ പറഞ്ഞു. അപ്പോളൊ പതിനൊന്നിൽ സഹയാത്രികനായിരുന്ന 'ആൽഡ്രിൻ' പറഞ്ഞതിങ്ങനെ, "കോടാനു കോടി ജനങ്ങളോടൊപ്പം ഞാനും ഇന്ന് നീലിന്റെ മരണത്തിൽ ദുഖിതനാണ്‌. അമേരിക്കൻ 'ഹീറോ' ആയ അദ്ദേഹം ലോകം കണ്ട ഏറ്റവും നല്ല പ്രഗത്ഭനായ ഒരു പൈലറ്റായിരുന്നു. മനുഷ്യ ചരിത്രത്തിൽ എന്നും അദ്ദേഹത്തിൻറെ പേര് തിളങ്ങി നിൽക്കും".









John F Kennedy and Alan Shepard 
Buzz Aldrin

Neil Armstrong (1930–2012)

Michael Collins

Thursday, July 18, 2019

തുഞ്ചത്ത് രാമാനുജം എഴുത്തച്ഛനും രാമായണവും പാരായണവും



ജോസഫ് പടന്നമാക്കൽ

ഹൈന്ദവ ഭവനങ്ങളിൽ ഓരോ വർഷങ്ങളിലുമുള്ള കർക്കിടക മാസങ്ങളിൽ കുടുംബാംഗങ്ങൾ ഒന്നിച്ച് ആദ്ധ്യാത്മിക രാമായണത്തിലെ ശ്ലോകങ്ങൾ ഭക്ത്യാദരവോടെ ഉരുവിടാറുണ്ട്. കർക്കിടമാസത്തെ ഹൈന്ദവർ രാമായണ മാസമായി ആചരിക്കുന്നു. പ്രഭാത സ്നാനത്തിനു ശേഷം ദീപവും കത്തിച്ചുകൊണ്ടാണ് പാരായണം ആരംഭിക്കുന്നത്. കർക്കിടക മാസത്തിനുശേഷം ഒരു വർഷം എങ്ങനെ ജീവിക്കണമെന്ന തയ്യാറെടുപ്പുകളും നടത്തുന്നു. ഭവനങ്ങളിൽ ശാന്തിയും സമാധാനവും കൈവരിക്കാൻ വേണ്ടിയാണ് രാമായണ പാരായണം നടത്തുന്നത്. തിന്മയുടെ ശക്തി ബലമാർജിക്കുന്നതിനു മുമ്പ് നന്മ ജയിക്കണമെന്ന ആന്തരിക ചൈതന്യവും വായനയിൽക്കൂടി ലഭിക്കുന്നു. കൂടാതെ ചിങ്ങപ്പുലരി കാത്തിരിക്കൽ കൂടി ഈ മാസത്തിന്റെ ഒരു പ്രത്യേകതയാണ്. പ്രഭാതത്തിൽ കുളിച്ച് ദീപവും കത്തിച്ച ശേഷമാണ് രാമായണം വായിക്കുന്നത്.

ഭൂരിഭാഗം ഹിന്ദുക്കളും തുഞ്ചത്ത് എഴുത്തച്ഛന്റെ രാമായണം വായിക്കാൻ താല്പര്യപ്പെടുന്നു. രാമായണത്തിന് നിരവധി ഭാഷ്യങ്ങളും വ്യാഖ്യാനങ്ങളുമുണ്ട്. മഹത്തായ ഈ വിശുദ്ധ ഗ്രന്ഥം നിരവധിയാളുകൾ സംസ്കൃതത്തിൽനിന്നും മറ്റുഭാഷകളിലേക്ക് തർജ്ജിമകളും ചെയ്തിട്ടുണ്ട്. വാല്മീകി രാമായണത്തിൽ ഈശ്വര തുല്യമായ രാമസ്തുതികൾ വളരെ കുറവാണ്. അതുകൊണ്ടാണ് മലയാളക്കരയിൽ ഹിന്ദുക്കൾ 'എഴുത്തച്ഛൻ രാമായണം' ഇഷ്ടപ്പെടുന്നത്. കർക്കിടക മാസത്തിലെ അദ്ധ്യാത്മരാമായണ പാരായണം കിളിപ്പാട്ടിന്റെ രൂപത്തോടെ പാടുന്നു. കിളിയെക്കൊണ്ട് പാടിക്കുന്നപോലെ രാമായാണത്തിനു തുടക്കം കുറിക്കുന്നതായും കാണാം. രാമായണ കിളിപ്പാട്ടിൽ എഴുത്തച്ഛന്റെ സങ്കൽപ്പ കിളി പാടുന്ന കീർത്തനത്തിന്റെ തുടക്കം  ഇങ്ങനെ:

"ശ്രീരാമനാമം പാടിവന്ന പൈങ്കിളിപ്പെണ്ണേ
ശ്രീരാമചരിതം നീ ചൊല്ലിടൂ മടിയാതെ
ശാരികപ്പൈതൽ താനും വന്ദിച്ചു വന്ദ്യന്മാരെ
ശ്രീരാമസ്മൃതിയോടെ പറഞ്ഞുതുടങ്ങിനാൾ"

കേരളത്തിലെ വാർത്താമീഡിയാകൾ മുഴുവനായി രാമായണ പാരായണത്തിന് മുൻഗണന നൽകുന്നതായി കാണാം. രാമായണം വായിച്ചിട്ടില്ലാത്ത അഹിന്ദുക്കൾപോലും രാമന്റെയും സീതയുടെയും ഗുണഗണങ്ങൾ വിശേഷിപ്പിക്കുന്നതായി കേൾക്കാം. രാമായണം ഭാരതീയ സാഹിത്യ ശൃഖലകളിൽ ആദ്യത്തെ ഗ്രന്ഥമായി കരുതുന്നു. അതുപോലെ വാല്മീകിയെ ആദ്യ കവിയായി ആദരിക്കുകയും ചെയ്യുന്നു.

ഭാരതം ആദ്ധ്യാത്മികതയുടെ നാടായി കരുതുന്നു. ആത്മത്യാഗത്തിൽക്കൂടി സത്യത്തെ കണ്ടെത്താമെന്നും അതുവഴി സന്തോഷവും സഹജീവികളോടുള്ള സ്നേഹവും കൈവരിക്കാമെന്നും അതിപുരാതന കാലം മുതൽ ഭാരതത്തിൽ ഋഷിവര്യന്മാർ ചിന്തിച്ചിരുന്നു. രാമായണവും മഹാഭാരതവും ഭാരതീയർക്ക് ദിവ്യജ്ഞാനത്തിനായുള്ള പ്രചോദനം നൽകിയിരുന്നു. ജീവിതത്തിന്റെ അടിസ്ഥാന തത്ത്വങ്ങളും ജീവിതോദ്ദേശ്യവും എന്താണെന്നു രാമായണവും മഹാഭാരതവും പഠിപ്പിക്കുന്നു. രാമായണത്തിലെ നിരവധി കഥാപാത്രങ്ങൾ വളരെയേറെ വൈകാരികത ഉണർത്തുന്നതാണ്. അതിനുള്ളിലെ മാനവികത നിറഞ്ഞ തത്ത്വചിന്തകൾ തലമുറകളായി ഓരോ ഭക്തനിലും ഈശ്വര പ്രേരണയ്ക്കായി ആവേശം കൊള്ളിപ്പിക്കുന്നു. രാമന്റെയും കൃഷ്ണന്റെയും ആദർശങ്ങളെ ഉൾക്കൊണ്ടുള്ള  ഇതിഹാസക്കവിതകൾ! ധന്യവും മാതൃകാപരവുമായ ഒരു ജീവിതത്തിനുള്ള വഴികളും കാട്ടിത്തരുന്നു.

ശ്രീ രാമൻ എവിടെയാണ് ജനിച്ചതെന്ന് വ്യക്തമായി ഒരു അഭിപ്രായ ഐക്യമില്ല. ഇന്ത്യയിൽ തന്നെ ജനവിഭാഗങ്ങൾ രാമന്റെ ജന്മസ്ഥലം തങ്ങളുടെ നാട്ടിലാണെന്നു വാദിക്കുന്നതും കാണാം.  ഇന്ത്യയിൽ മാത്രമാണ് രാമായണത്തെ ഭക്തി ഭാവനകളോടെ കാണുന്നത്. മറ്റു രാജ്യങ്ങളിൽ രാമായണം വെറും ഒരു ഇതിഹാസമെന്നതിൽ കവിഞ്ഞ് അതിനപ്പുറം ചിന്തിക്കാറില്ല. രാമായണത്തിൽ ഓരോ കാലഘട്ടത്തിലും കൂട്ടിച്ചേർക്കലുകൾ ധാരാളം നടത്തിയിട്ടുണ്ട്. സ്ഥലകാലങ്ങൾ അനുസരിച്ച് രാമായണ കഥകളും വ്യത്യസ്തമായി കാണാം. ഓരോ കാലത്തിലുള്ള  ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുസരിച്ച് വ്യാഖ്യാനങ്ങളും വ്യത്യസ്തമായി അവതരിപ്പിക്കുന്നു.  ജൈന രാമായണത്തിൽ രാമന് എണ്ണായിരം ഭാര്യമാരുള്ളതിൽ സീതയ്ക്ക് പ്രഥമ സ്ഥാനം കല്പിച്ചിരിക്കുന്നു. 'തേത്രാ യുഗത്തിൽ' ജീവിച്ച രാമൻ ജീവിച്ചിരുന്നത് ബിസി 300-ലെന്നും ചരിത്രകൃതികൾ രേഖപ്പെടുത്തിയിരിക്കുന്നതായി കാണാം.

രാമായണം ഒരു സ്നേഹത്തിന്റെ കഥയാണ്. രാമനും സീതയും വ്യത്യസ്തരെങ്കിലും 'സീത' വിഷ്ണുവിന്റെ ഭാര്യയായ ലക്ഷ്മി ദേവിയുടെ അവതാരമായിരുന്നു. 'സീത' പല ഭാവങ്ങളിൽ ചൈതന്യം നിറഞ്ഞതായിരുന്നു. സൗന്ദര്യവും സഹിഷ്ണതയും വിധേയത്വവും സഹനശീലവും പാതിവൃത്യവും അനുസരണയും സീതയിൽ നിറഞ്ഞിരുന്നു. രാമൻ സീതയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലും സീത അവരുടെ പരിശുദ്ധിയെ കാത്തു സൂക്ഷിച്ചിരുന്നു. രാമായണം ഹിന്ദു ഇതിഹാസങ്ങളുടെ പ്രധാന ഉറവിടമാണ്‌. അസുരന്മാരും ദൈവങ്ങൾക്ക് തുല്യമാണെങ്കിലും അവർ തിന്മയുടെ ശക്തികളായിരുന്നു. സത്യമായ ദൈവങ്ങളെ അവർ നിത്യം എതിർത്തിരുന്നു. രാമന്റെ രൂപത്തിൽ ഭൂമിയിൽ അവതാരമായി വന്ന വിഷ്ണു അസുരന്മാരെ നശിപ്പിച്ചുകൊണ്ട് 'നന്മ' തിന്മയേക്കാൾ ശക്തമെന്നും തെളിയിച്ചു. ലോകത്ത് ധർമ്മം മാത്രം നിലനിൽക്കണമെന്നും ആഗ്രഹിച്ചു.

ഇൻഡോ യൂറോപ്യൻ മതങ്ങൾക്കു മുമ്പേ അസുരന്മാരായ രാക്ഷസന്മാരുണ്ടായിരുന്നു. ഹിന്ദു ദൈവമായ വിഷ്ണുവിന്റെ അവതാരമാണ് രാമൻ. ജീവന്റെ ഭൗതികതയും ജീവൻ നിലനിർത്തുന്നതും  വിഷ്ണുവായ ദൈവത്തിന്റെ ചുമതലയിൽപ്പെടുന്നു. അയോദ്ധ്യ ഭരിച്ചിരുന്ന ദശരഥൻ തനിക്കു കുഞ്ഞുങ്ങൾ ജനിക്കാനായി  പ്രാർത്ഥിച്ചപ്പോൾ അസുരന്മാരെ നശിപ്പിക്കാനായി ദൈവം ഭൂമിയിൽ അവതരിക്കണമെന്നും താല്പര്യപ്പെട്ടു. 'വിഷ്ണു' ദശരഥന്റെ ഒരു മകനായി ജന്മവുമെടുത്തു. രാമൻ വളരുന്ന സമയത്ത് അസുരന്മാരുമായി ഏറ്റുമുട്ടലുകൾ ഉണ്ടായിരുന്നില്ല. അവരുമായുള്ള പോരാട്ടങ്ങളാരംഭിച്ചത്! സീതയെ തട്ടിക്കൊണ്ടു പോയ നാളുകൾ മുതലായിരുന്നു. വാസ്തവത്തിൽ ഇവിടെ നായകനായ ശ്രീരാമനെതിരെ അധർമ്മം പ്രവർത്തിച്ചപ്പോൾ മുതലാണ് ധർമ്മത്തിനായി അദ്ദേഹം അസുരന്മാരുമായി ഏറ്റുമുട്ടലിന് തയ്യാറായത്.

തുഞ്ചത്ത് രാമാനുജം എഴുത്തച്ഛനെ ആധുനിക മലയാള സാഹിത്യത്തിന്റെ പിതാവായി കരുതുന്നു. അദ്ദേഹത്തിൻറെ ജനനത്തെപ്പറ്റിയും ജീവിതത്തെപ്പറ്റിയും ഐതിഹിക പരമായ നിരവധി കഥകളുണ്ട്. കൃത്യമായ അദ്ദേഹത്തിൻറെ ജീവിതവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ലഭ്യമല്ല. എഴുത്തച്ഛൻ ജനിച്ച കാലവും സ്ഥലവും ചരിത്രകാരുടെയിടയിൽ വിവാദമാണ്. തിരൂർ മുനിസിപ്പാലിറ്റിയിൽ ത്രിക്കടിയൂർ എന്ന സ്ഥലത്ത് ജനിച്ചുവെന്ന് അനുമാനിക്കുന്നു.  സന്യാസിയായി ദക്ഷിണ ഇന്ത്യ മുഴുവൻ അലഞ്ഞു നടന്നിരുന്നുവെന്നും കഥകളുണ്ട്. പാലക്കാടുള്ള ചിറ്റൂരിൽ ഒരു ആശ്രമം പണിതെന്നും വിശ്വസിക്കുന്നുണ്ട്. എന്തുതന്നെയാണെങ്കിലും ഭാഷയ്ക്ക് അടിസ്ഥാന മാറ്റങ്ങൾ വരുത്തിയത് എഴുത്തച്ഛനായിരുന്നു. അതിൽ ചരിത്രകാരുടെയിടയിൽ വിഭിന്നാഭിപ്രായങ്ങൾ കുറവാണ്. സുപ്രധാനങ്ങളായ രണ്ടു ഹൈന്ദവ പുരാണങ്ങൾ, രാമായണവും മഹാഭാരതവും അദ്ദേഹം സംസ്കൃതത്തിൽനിന്നും മലയാളത്തിലേക്ക് തർജ്ജിമ ചെയ്തു. സംസ്കൃതവും ദ്രാവിഡിയൻ സങ്കര ഭാഷയും കലർത്തിയായിരുന്നു പുരാണങ്ങൾ തർജ്ജിമ ചെയ്തിരുന്നത്.

എഴുത്തച്ഛൻ ജീവിച്ചിരുന്നത് പതിനാറാം നൂറ്റാണ്ടിലെന്ന് കരുതുന്നു. ഉള്ളൂർ പരമേശ്വര അയ്യരും മറ്റു ചില ചരിത്രകാരും എഴുത്തച്ഛൻ ജനിച്ചത് 1495-ലെന്നും മരിച്ചത് 1575-ലെന്നും വാദിക്കുന്നു. മറ്റു ചില പണ്ഡിതർക്ക് അദ്ദേഹത്തിൻറെ ജനനത്തെപ്പറ്റി തീർച്ചയില്ല. മാതാപിതാക്കളുടെ പേരുകളും വ്യക്തമല്ല. അതുപോലെ എഴുത്തച്ഛന്റെ ശരിയായ പേരും ആർക്കും നിശ്ചയമില്ല. വിവാഹിതനായിരുന്നുവെന്നും  ഇല്ലെന്നും സന്യാസം സ്വീകരിച്ച് ആന്ധ്രയിലും തമിഴ്‌നാട്ടിലും അലഞ്ഞു നടക്കുകയായിരുന്നുവെന്നും കഥകളുണ്ട്. ഒരു മകൾ ഉണ്ടായിരുന്നുവെന്നും ഇല്ലെന്നും പറയുന്നു. ഇതിനിടയിൽ തെലുങ്കും തമിഴും വശമാക്കിയിരുന്നു. അദ്ദേഹത്തിൻറെ 'രാമായണം' സംസ്കൃതത്തിൽ നിന്നും തർജ്ജിമ ചെയ്ത തെലുങ്കുഭാഷയിൽ നിന്നായിരുന്നുവെന്നും വാദങ്ങളുണ്ട്.

തമിഴ്‌നാട്ടിൽ നിന്നും തീർത്ഥാടനം കഴിഞ്ഞുവന്ന എഴുത്തച്ഛൻ പാലക്കാടുള്ള ചിറ്റൂർ, ആനിക്കോടിന്‌ സമീപമുള്ള തെക്കേ ഗ്രാമം എന്ന സ്ഥലത്ത് താമസിച്ചുവെന്നും പറയപ്പെടുന്നു. 'രാമാനന്ദാശ്രമം' സ്ഥാപിച്ചുവെന്നും വിശ്വസിക്കുന്നു. ഒരു ഭൂപ്രഭുവിൽനിന്നും മേടിച്ച ആ സ്ഥലത്തെ 'ചിറ്റൂർ ഗുരുമഠം' എന്നറിയപ്പെടുന്നു. അവിടെ പന്ത്രണ്ട് ബ്രാഹ്മണരുമായി അഗ്രഹാരങ്ങൾ സ്ഥാപിച്ച് എഴുത്തച്ഛൻ താമസിച്ചിരുന്നുവെന്നും പറയപ്പെടുന്നു. ശ്രീ രാമന്റെയും ശിവന്റെയും പേരിൽ അവിടെ അമ്പലങ്ങളുമുണ്ട്. മഠത്തിൽ എഴുത്തച്ഛൻ ഉപയോഗിച്ചിരുന്ന ചില സംഗീത ഉപകരണങ്ങൾ ഇന്നും സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ചില പ്രതിമകളും ശ്രീ ചക്രയും തടികൊണ്ടുള്ള മെതിയടികളും പഴയ മാനുസ്ക്രിപ്റ്റുകളും സന്ദർശകർക്കായി പ്രദർശിപ്പിച്ചിരിക്കുന്നു. എഴുത്തച്ഛന്റെ ശവകുടീരവും ഈ മഠത്തിനു സമീപമായി നിലകൊള്ളുന്നു.

തുഞ്ചത്ത് എഴുത്തച്ഛന്റെ ജാതി ഏതെന്ന് വ്യക്തമല്ല. അദ്ദേഹം 'എഴുത്തഛൻ' എന്ന ജാതിയിൽ പെട്ടെതെന്ന് അനുമാനിക്കുന്നു. അത് പള്ളിക്കൂടം അദ്ധ്യാപകരുടെ സാമൂഹിക പശ്ചാത്തലമുള്ള ഒരു ജാതി സമൂഹമായിരുന്നു. അദ്ദേഹത്തിൻറെ ജാതിയെ സംബന്ധിച്ചുള്ള കാര്യങ്ങളിൽ ചരിത്രകാരുടെയിടയിൽ വിഭിന്ന അഭിപ്രായങ്ങളാണുള്ളത്‌. തുഞ്ചത്ത് എഴുത്തച്ഛന്റെ കാലം മുതൽ പണ്ഡിതരായ പലരും 'എഴുത്തച്ഛൻ' എന്ന ജാതിപ്പേരിൽ അറിയപ്പെടാൻ ഇഷ്ടപ്പെട്ടിരുന്നു. ഗ്രാമീണ സ്‌കൂളുകളിൽ പഠിപ്പിക്കുകയെന്നത് എഴുത്തച്ഛന്മാരുടെ തൊഴിലുകളായിരുന്നു. 'വില്യം ലോഗന്റെ' മലബാർ മാനുവലിൽ (പേജ് 92) എഴുത്തച്ഛൻ ശൂദ്രനായർ വിഭാഗത്തിലുള്ള ജാതിയായിരുന്നുവെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. 'ആർതർ കോക്ക് ബർണേലിന്റെ' ബുക്കിൽ എഴുത്തച്ഛൻ താണ ജാതിയിൽ പെട്ടയാളെന്നും പരാമർശിച്ചിട്ടുണ്ട്. 'എഴുത്തച്ഛൻ' എന്നാൽ 'സ്‌കൂൾ അദ്ധ്യാപകനെന്നാണ്' അർത്ഥം. ചരിത്രകാരനായ 'വേലായുധൻ പണിക്കശേരി'യും ഇതേ അഭിപ്രായം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

 'എഴുത്തച്ഛൻ' ജ്യോതിഷം തൊഴിലാക്കിയിട്ടുള്ള 'കണിയാർ' ജാതിയിൽ പെട്ടതെന്നും അഭിപ്രായങ്ങളുണ്ട്. സാധാരണ കണിയാന്മാർ സംസ്കൃതത്തിലും മലയാളത്തിലും പ്രാവിണ്യം നേടിയവരായിരിക്കും. മദ്ധ്യകാല യുഗങ്ങളിൽ ജ്യോതിഷ ശാസ്ത്രത്തിൽ കഴിവ് പ്രകടിപ്പിച്ചിരുന്നവർ കണിയാന്മാരായിരുന്നു. ബ്രാഹ്മണരല്ലാത്തവർക്ക് സംസ്കൃതം പഠിക്കാൻ അനുവാദമില്ലാത്ത കാലവും! എന്നാൽ 'കണിയാർ സമൂഹം' സംസ്കൃതത്തിലും പ്രാഗൽഭ്യം നേടിയിരുന്നു. അവരുടെ ജ്യോതിഷ ബോധന ശാസ്ത്രത്തിന് സംസ്കൃതം ആവശ്യമായിരുന്നു. അവർ ജ്യോതിഷവും കണക്കും പുരാണേതിഹാസങ്ങളും  ആയുർവേദവും പഠിച്ചിരുന്നു. കളരിപ്പയറ്റിനും സമർത്ഥരായിരുന്നു. പേരിനൊപ്പം പണിക്കർ, ആശാൻ, എഴുത്ത് ആശാൻ, എഴുത്തച്ഛൻ എന്നിങ്ങനെ ചേർത്തിരുന്നു. ബ്രാഹ്മണരിൽ നിന്നും വ്യത്യസ്തരെന്നറിയാനാണ് പേരിനൊപ്പം ജാതിപ്പേരും വെച്ചിരുന്നത്.

എഴുത്തച്ഛന്റെ ജീവിതകഥകളുമായി ബന്ധപ്പെട്ട നിരവധി നാട്ടു കഥകളുണ്ട്. അതിലൊരു കഥയുടെ പശ്ചാത്തലമാണ് താഴെ വിവരിച്ചിരിക്കുന്നത്. ഒരിക്കൽ ശ്രീ രാമന്റെ ഭക്തനായിരുന്ന ഒരു ബ്രാഹ്മണൻ രാമായണം സ്വന്തം ഭാവനകൾ കലർത്തി എഴുതിയതായി ഐതിഹ്യകഥയുണ്ട്. അദ്ദേഹത്തിന്റ 'രാമായണം', കഥകളേക്കാളുപരി ഭക്തി ഭാവങ്ങൾ നിറഞ്ഞതായിരുന്നു. ആ രാമായണത്തെ 'ആദ്ധ്യാത്മിക രാമായണം' എന്നു പറഞ്ഞിരുന്നു. ആദ്ധ്യാത്മിക ചിന്തകളോടെയുള്ള അദ്ദേഹത്തിൻറെ രാമായണം മറ്റു കഥകൾ നിറഞ്ഞ രാമായണ കൃതികളെക്കാൾ ഭക്തജനങ്ങൾക്ക് സ്വീകാര്യമായിരിക്കുമെന്നും ബ്രാഹ്മണൻ കരുതിയിരുന്നു. ദൗർഭാഗ്യവശാൽ ആ   കൃതിക്ക് ആരും പ്രാധാന്യം നൽകിയില്ല. പണ്ഡിതർപോലും പുസ്തകത്തെ കാര്യമായി ഗൗനിക്കുന്നുണ്ടായിരുന്നില്ല. പകരം അപമാനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നു. ജനങ്ങൾ അദ്ദേഹത്തെ ഭ്രാന്തനെന്നും വിളിക്കാൻ തുടങ്ങി. കഥകളെഴുതാൻ ധൈര്യപ്പെടാത്ത ഭീരുവെന്നും വിളിച്ചു.

അപമാനം സഹിക്ക വയ്യാതെ അദ്ദേഹം പിന്നീട് നാട് വിടേണ്ടതായി വന്നു. ലക്ഷ്യമില്ലാതെ ഏകനായി അലഞ്ഞു നടന്നു. ഒടുവിൽ നടന്നു അവശനായി ഒരു വനാന്തരത്തിനുള്ളിൽ എത്തി. വിശപ്പും ദാഹവും ക്ഷീണവും അമിതമായുണ്ടായിരുന്നു. രാത്രി അധികമായതിനാൽ ഒരു വന്മരത്തിനു താഴെ വിശ്രമിക്കുവാനും തുടങ്ങി. പെട്ടെന്ന് തന്നെ ഗാഢ നിന്ദ്രയിലാവുകയും ചെയ്തു. കണ്ണു തുറന്നപ്പോൾ ആരോ അദ്ദേഹത്തെ ഉണർത്താൻ ശ്രമിക്കുന്നതു കണ്ടു. ഉണർന്നപ്പോൾ സുന്ദരനും യുവാവുമായ ഒരു മനുഷ്യരൂപം മുമ്പിൽ നിൽക്കുന്നു. 'അല്ലയോ ബ്രാഹ്മണ! താങ്കൾ ഈ അർദ്ധരാത്രിയിൽ കൊടും വനത്തിൽ എങ്ങനെ എത്തിയെന്നു' ബ്രാഹ്മണനോട് യുവാവ് ചോദിച്ചു. നിഷ്കളങ്കനായ ആ ബ്രാഹ്മണൻ തനിക്ക് സംഭവിച്ചതെല്ലാം ആ യുവാവിനെ വിവരിച്ചു കേൾപ്പിച്ചു. യുവാവായ ആ സുന്ദരൻ മഹാ ശിവരാത്രി ദിവസം മൂകാംബിക ക്ഷേത്രത്തിൽ യാത്ര പുറപ്പെടാനും അവിടെ ദർശനം നടത്താനും ഉപദേശിച്ചു. 'അവിടെ ക്ഷേത്ര നടയിങ്കൽ ഒരു ഋഷിവര്യനായ സന്യാസി നാല് നായ്കളുമായി വന്നെത്തുമെന്നും' പറഞ്ഞു. 'സന്യാസിക്ക് തന്റെ രാമായണ പുസ്തകം കൊടുക്കണമെന്നും' യുവാവ് ആവശ്യപ്പെട്ടു. 'താങ്കളുടെ ജീവിതം അതിനുശേഷം ധന്യമാകുമെന്നും' അറിയിച്ചു. 'ആരു പറഞ്ഞിട്ടാണ് ഈ പുസ്തകം തന്നതെന്ന് സന്യാസി ചോദിച്ചേക്കാം! 'ഇക്കാര്യം അദ്ദേഹത്തോട് വെളിപ്പെടുത്തരുതെന്നും' യുവാവ് ആവശ്യപ്പെട്ടു.

ബ്രാഹ്മണൻ യാത്ര തുടങ്ങുകയും ഒരു ശിവരാത്രി ദിവസം മൂകാംബിക ക്ഷേത്രത്തിൽ എത്തുകയുമുണ്ടായി. സൂര്യാസ്തമയമായപ്പോൾ ഒരു സന്യാസിമുനി നാലു നായ്ക്കളെയുംകൊണ്ട്  മൂകാംബിക ക്ഷേത്രത്തിൽ വരുന്നതു കണ്ടു. ജനക്കൂട്ടത്തെ ഇടിച്ചുകയറിക്കൊണ്ട് ബ്രാഹ്മണൻ സന്യാസിയുടെ അടുത്തെത്തി. യുവാവ് പറഞ്ഞതനുസരിച്ച് ബ്രാഹ്മണൻ സന്യാസിക്ക് രാമായണത്തിന്റെ പതിപ്പ് കൊടുത്തു. 'തന്നെ അനുഗ്രഹിക്കണമേയെന്നു' പറഞ്ഞുകൊണ്ട് പ്രാർത്ഥിച്ചു. 'ഇങ്ങനെ ചെയ്യാൻ ആരാണ് അങ്ങയെ ഇവിടേയ്ക്ക് അയച്ചതെന്ന്' സന്യാസിവര്യൻ ചോദിച്ചു. പാവം ആ ബ്രാഹ്മണൻ യുവാവിനോടുള്ള വാക്കു പാലിക്കാനായി നിശബ്ദനായി നിന്നു. പറയാൻ സാധിക്കാത്തതിൽ കൈകൾ കൂപ്പിക്കൊണ്ട് 'ക്ഷമിക്കണമേയെന്ന്' അപേക്ഷിച്ചു. 'ആരാണ് താങ്കളെ എന്റെ പക്കൽ അയച്ചതെന്ന് അറിയാമെന്നു' സന്യാസി ബ്രാഹ്മണനോട് പറഞ്ഞു. 'വീണ വായിക്കാനും ഓടക്കുഴലൂതാനും നിരവധി കലകളിൽ പ്രാപ്തനുമായ ഒരു യുവാവാണ്! താങ്കളെ ഇങ്ങോട്ട് അയച്ചതെന്നും ആ യുവാവ് നീലാകാശത്തിൽ വസിക്കുന്ന ഒരു ഗാന ഗാന്ധർവനെന്നും' സന്യസി ബ്രാഹ്മണനെ അറിയിച്ചു.

അതിനുശേഷം സന്യാസി, ബ്രാഹ്മണനോടായി 'താൻ ഗാന്ധർവനെ ഒരു മനുഷ്യനായി ഭൂമിയിൽ പിറക്കാൻ ശപിക്കാൻ പോവുന്നുവെന്നും' അറിയിച്ചു. സന്യാസി ഒരു പാത്രത്തിനുള്ളിൽനിന്നും കുറച്ചു വിശുദ്ധ ജലം പുസ്തകത്തിനു മേലെ തളിച്ചു. അതിനുശേഷം ബ്രാഹ്മണനോടായി പറഞ്ഞു, 'ഈ പുസ്തകം വിശ്വവിഖ്യാതമാവും. മറ്റെല്ലാ വ്യാഖ്യാനങ്ങളടങ്ങിയ പുസ്തകങ്ങളേക്കാൾ നിങ്ങളുടെ പുസ്തകം പ്രസിദ്ധമായിരിക്കും'. സന്തുഷ്ടനായ ബ്രാഹ്മണൻ തന്റെ ഗ്രാമത്തിലേക്കുള്ള മടക്കയാത്രയിൽ വീണ്ടും യുവാവായ ഗാന്ധർവനെ കണ്ടുമുട്ടി. സംഭവിച്ചതെല്ലാം ബ്രാഹ്മണൻ ഗാന്ധർവനെ അറിയിച്ചു. 'സന്യാസിക്ക് എല്ലാമറിയാമായിരുന്നുവെന്നും ഭൂമിയിൽ മനുഷ്യ ജന്മത്തിനായി തയ്യാറാകാനും' ബ്രാഹ്മണൻ ഗാന്ധർവനെ അറിയിച്ചു. ഈ സന്യാസി, വേദങ്ങളുടെ കർത്താവായ വേദ വ്യാസനായിരുന്നു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന നാലു നായ്ക്കൾ നാലു വേദങ്ങളും.

തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ ഈ ഗാന്ധർവന്റെ മനുഷ്യ രൂപത്തിലുള്ള അവതാരമാണെന്നും വിശ്വസിക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം അദ്ധ്യാത്മ രാമായണം മലയാളത്തിലേക്ക് തർജ്ജിമ ചെയ്തത്. പ്രാരഭത്തിൽ ഗാന്ധർവൻ ആയിരുന്നതുകൊണ്ട് എഴുത്തച്ഛൻ സംഗീതത്തിൽ വലിയ തല്പരനും വിദഗ്ദ്ധനുമായിരുന്നു. അങ്ങനെ രാമായണം 'കിളിപ്പാട്ട്' രൂപത്തിൽ  ഒരു പക്ഷി പാടുന്നപോലെ അദ്ദേഹം എഴുതി.

എഴുത്തച്ഛനു ശേഷമാണ് മലയാള ഭാഷയ്ക്ക് തനതായ വ്യക്തിത്വം നേടിയെടുക്കാൻ സാധിച്ചത്. മലയാളം ഒരു സ്വതന്ത്ര ഭാഷയായി അറിയപ്പെടാൻ തുടങ്ങിയതും എഴുത്തച്ഛന്റെ കൃതികളിൽക്കൂടിയായിരുന്നു. അബ്രാഹ്മണർക്കും മനസിലാകുന്ന ഭാഷയിലാണ് അദ്ദേഹം ഗ്രന്ഥങ്ങൾ രചിച്ചിരുന്നത്. അന്നുണ്ടായിരുന്ന സാമൂഹിക വ്യവസ്ഥകളെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു കൃതികളെല്ലാം രചിച്ചിരുന്നത്. സമൂഹത്തിൽ താണവരായവർക്കും അദ്ദേഹത്തിൻറെ രചനകൾ   സഹായകമായിരുന്നു. ഭക്തികാലങ്ങളിൽ 'എഴുത്തച്ഛൻ കൃതികൾ' ഒരുവന്റെ സന്മാർഗികതയിൽ മാർഗ ദർശിയും ആവേശവും ജനിപ്പിച്ചിരുന്നു.

മലയാളത്തിൽ വട്ടെഴുത്തിന്റെ സ്ഥാനത്ത് സംസ്കൃതത്തിനു തുല്യമായ ലിപികൾ നടപ്പാക്കിയത് എഴുത്തച്ഛനായിരുന്നു. അന്നുവരെ വട്ടെഴുത്തു ഭാഷക്ക് 30 ലിപികൾ മാത്രമേയുണ്ടായിരുന്നുള്ളൂ. 'എഴുത്തച്ഛൻ പുരസ്ക്കാരം' ഏറ്റവും വലിയ അഭിമാനകരമായ അവാർഡായി കരുതുന്നു. ആദ്യത്തെ എഴുത്തച്ഛൻ പുരസ്ക്കാരം നേടിയത് ശൂരനാട്ടു കുഞ്ഞൻപിള്ളയായിരുന്നു.

ക്ലാസിക്കൽ കവിയായ 'മേൽപ്പത്തൂർ നാരായണ ഭട്ടതിരി' എഴുത്തച്ഛന്റെ ഉറ്റ സുഹൃത്തായിരുന്നു. അദ്ദേഹത്തിൻറെ പ്രസിദ്ധ കൃതിയായ 'നാരായണീയം' എഴുതുന്നതിനുമുമ്പ് 'ഭട്ടതിരി' എഴുത്തച്ഛന്റെ ഉപദേശം തേടിയിരുന്നു. എഴുത്ത് എവിടെനിന്ന് ആരംഭിക്കണമെന്ന് ഭട്ടതിരി സംശയത്തിലായിരുന്നു. 'മത്സ്യം തൊട്ടു തുടങ്ങൂവെന്ന' എഴുത്തച്ഛന്റെ അഭിപ്രായത്തിലെ ആന്തരീകാർത്ഥം മേൽപ്പത്തൂർ മനസ്സിലാക്കിക്കൊണ്ട് വിഷ്ണു വർണ്ണനയിൽ മത്സ്യാവതാരം മുതൽ മഹാകാവ്യ രചനയാരംഭിച്ചു. എഴുത്തച്ഛന്റെ സന്ദേശങ്ങളിൽ ആകൃഷ്ടനായ ഭട്ടതിരി ഗുരുവായൂർ അമ്പലത്തിൽവെച്ചായിരുന്നു 'നാരായണീയം' പൂർത്തിയാക്കിയത്.

എഴുത്തച്ഛൻ പതിനാറാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നതെങ്കിലും മലയാളത്തിന്റെ പിതാവെന്നറിയപ്പെടുന്നുവെങ്കിലും അദ്ദേഹത്തിൻറെ കൈകൾകൊണ്ടെഴുതിയ പൗരാണിക ലിപികൾ  (മാനുസ്ക്രിപ്റ്റ്) ഒന്നും തന്നെ ലഭിക്കാൻ സാധിച്ചിട്ടില്ല. എങ്കിലും അദ്ദേഹത്തിൻറെ സംഭാവനയായ 'ആദ്ധ്യാത്മിക രാമായണത്തിനു' പകരം വെക്കാൻ മറ്റൊരു പുസ്തകം നാളിതുവരെ ഗ്രന്ഥപ്പുരകളിൽ കണ്ടെടുത്തിട്ടില്ല. പദ്യരൂപത്തിലുള്ള അദ്ദേഹത്തിൻറെ 'രാമായണം' നിരവധി  ദ്രാവിഡ വൃത്തങ്ങളുടെ സങ്കരങ്ങളായിട്ടാണ് രചിച്ചിരിക്കുന്നത്. ബാലകാണ്ഡ 'കേക' വൃത്താലങ്കാരത്തിൽ രചിച്ചിരിക്കുന്നു. 'ആരണ്യകാണ്ഡ' കാകളിയിലും യുദ്ധകാണ്ഡ കളകാഞ്ചി വൃത്തത്തിലും രചിച്ചു. ആദ്ധ്യാത്മിക രാമായണം വെറും ഭക്ത ഗ്രന്ഥമായി കാണുന്നവർ ക്ലാസ്സിക്കൽ സാഹിത്യത്തെ അപമാനിക്കുന്നുവെന്നും പ്രസിദ്ധ സാഹിത്യകാരനായ 'അയ്യപ്പ പണിക്കർ' അഭിപ്രായപ്പെട്ടു.

എഴുത്തച്ഛൻ 'ആദ്ധ്യാത്മിക രാമായണം' രചിച്ചതിലുപരി അദ്ദേഹം സാംസ്ക്കാരിക സന്മാർഗ ചിന്തകൾക്കും വില കല്പിച്ചിരുന്നു. 'രാമായണം' എന്നുള്ളത് ഭാരത സംസ്ക്കാരത്തിന്റെ രത്നച്ചുരുക്കമാണ്. ഒപ്പം ഇതിഹാസങ്ങളും പുരാണങ്ങളും ഭാരതീയരുടെ സാംസ്ക്കാരിക പരമ്പരയെ വെളിപ്പെടുത്തുന്നു. രാമന്റെ ജീവിതത്തിൽ സീതയല്ലാതെ മറ്റൊരു സ്ത്രീയുണ്ടായിരുന്നില്ല. സീതയെ പാതിവൃതയായ സ്ത്രീയെന്നാണ് അറിയപ്പെടുന്നത്. മാതൃഭക്തിയ്ക്കൊപ്പം അമ്മയുടെ സ്ഥാനത്തുള്ള പിതാവിന്റെ മറ്റു സഹധർമ്മിണികളെയും 'രാമൻ' അമ്മയെപ്പോലെ ബഹുമാനിച്ചിരുന്നു.

തുഞ്ചത്ത് ഏഴുത്തച്ഛന്റെ കാവ്യരൂപേണയുള്ള രാമായണം കിളിപ്പാട്ടുകൾ മൂലകൃതിയായ വാല്മീകി രാമായണത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. എഴുത്തച്ഛന്റെ രാമായണത്തിൽ നല്ലൊരു ഭാഗം സ്വന്തം ഭാവനയിൽ നിന്നും അദ്ദേഹം എഴുതി. രാമായണം രാജാക്കന്മാരുടെ കഥയായതുകൊണ്ടാണ് ഈ ഗ്രന്ഥത്തിന് ഇത്രമാത്രം പ്രാധാന്യം ലഭിച്ചത്. കിളിപ്പാട്ടുകൾ വളർന്നതോടെ കാവ്യ രചനകളിൽ അരയന്നവും പാടിക്കൊണ്ടുള്ള കഥ പറയുന്ന കൃതികളും മലയാള ക്‌ളാസിക്കൽ കാവ്യങ്ങളിലുണ്ട്. പഴയകാല കവികളിൽ അറം പറ്റുക എന്ന വിശ്വസമുണ്ടായിരുന്നു.  കാവ്യത്തിലൂടെ പറയുന്ന കാര്യങ്ങൾ കവിക്ക് ദോഷമായി തീരുമെന്നുള്ള വിശ്വാസം അന്ന് നിലവിലുണ്ടായിരുന്നു. കിളിപ്പാട്ട് പ്രസ്ഥാനത്തിന് ആരംഭമിട്ടതും എഴുത്തച്ഛനാണ്‌.

രാമായണവും മഹാഭാരതവും കേവലം വീരഭാവനകൾ നിറഞ്ഞ കഥകൾ മാത്രമല്ല; മറിച്ച്  കോടാനുകോടി ഹിന്ദുക്കളുടെ സാമൂഹികവും അദ്ധ്യാത്മികവുമായ വളർച്ചയ്ക്കും ഈ ഗ്രന്ഥങ്ങൾ  കാരണമായിരുന്നു. രാമനും കൃഷ്ണനും ദൈവത്തിന്റെ അവതാരങ്ങളാണ്‌. ദൈവത്തിങ്കലേക്കുള്ള ധർമ്മ മാർഗങ്ങൾ രാമനിലും കൃഷ്‌ണനിലും നിറഞ്ഞിരിക്കുന്നുവെന്ന് ഹൈന്ദവ ജനത വിശ്വസിക്കുന്നു. ഈ ദൈവങ്ങളെ ക്ഷേത്രങ്ങളിലും ഭവനങ്ങളിലും വ്യക്തിപരമായും പൂജിക്കുന്നു. സന്മാർഗ  ജീവിതത്തിനാവശ്യമായ സ്നേഹം, കടമ, സ്വാർത്ഥതയില്ലായ്മ, മാതൃപിതൃ ഭക്തി മുതലായവകൾ രാമായണം പഠിപ്പിക്കുന്നു. രാമനെന്ന കഥാപാത്രം സ്നേഹം, സഹാനുഭൂതി, ഭൂതാനുകമ്പ എന്നീ സത്ഗുണങ്ങൾ നിറഞ്ഞതാണ്. പാവങ്ങൾക്ക് സഹായങ്ങൾ നൽകുക, ദേശഭക്തി, സുദൃഢമായ വിവാഹബന്ധങ്ങൾ, പരസ്പ്പര സ്നേഹം, മാതാപിതാക്കളോടുള്ള അനുസരണ, അർപ്പണ മനോഭാവം,  ത്യാഗങ്ങൾ അനുഷ്ടിക്കുക മുതലായവകൾ രാമായണത്തിലെ അടിസ്ഥാന തത്ത്വങ്ങളിൽ ഉൾക്കൊള്ളുന്നു.  സീതയെ ആദർശവാദിനിയും ധർമ്മിഷ്ഠയുമായ ഒരു ദേവിയായി സ്ത്രീജനങ്ങൾ കരുതുന്നു. ഒരു മനുഷ്യൻ എങ്ങനെ നശിക്കുന്നുവെന്നുള്ളത് രാവണന്റെ പ്രതീകാത്മതയിൽക്കൂടി മനസിലാക്കാം.

രാവണനെതിരെ രാമന്റെ വിജയം പ്രമാണിച്ചുള്ള 'ദസറ' ഹിന്ദുക്കളുടെ വലിയൊരു ആഘോഷമാണ്. ഇന്ത്യ മുഴുവൻ 'ദസറ' ആഘോഷിക്കുന്നു. 'നവമി' വടക്കേ ഇന്ത്യയിലെ പ്രധാന ഒരു ഉത്സവമാണ്. തിന്മയെ നശിപ്പിക്കാനായി വിഷ്ണുവായ ദൈവം രാമനായ മനുഷ്യനായി ഭൂമിയിൽ ജനിച്ചുവെന്നു വിശ്വസിക്കുന്നു.

ഡോക്ടർ സർവ്വേപ്പള്ളി രാധാകൃഷ്ണന്റെ അഭിപ്രായത്തിൽ ശ്രീരാമനെ സംബന്ധിച്ചുള്ള സങ്കല്പം തികച്ചും വ്യത്യസ്തമാണ്. രാമൻ, തെക്കേ ഇന്ത്യയിലെ ദ്രാവിഡരുടെ സാമൂഹിക വ്യവസ്ഥ പരിപോഷിപ്പിക്കാൻ ജനിച്ച അവതാര പുരുഷനെന്നാണ് ഡോ. രാധാകൃഷ്ണന്റെ അഭിപ്രായം. അസുരവർഗ്ഗമെന്നത് തെക്കേ ഇന്ത്യയിലെ പ്രാകൃത വർഗമാണെന്നും അവരെ നവീകരിക്കുന്ന ലക്ഷ്യത്തിനായി പ്രയത്നിച്ച ദേവനായിരുന്നു രാമനെന്നും രാധാകൃഷ്ണൻ വിശ്വസിച്ചിരുന്നു. ആര്യദ്രാവിഡ യുദ്ധമെന്ന സങ്കൽപ്പവും രാമായണത്തിലുണ്ട്. ആര്യന്മാരുടെ അധിനിവേശ കാലത്ത് രാമൻ ഒരു ആര്യഗോത്ര തലവനായിരുന്നുവെന്ന സങ്കൽപ്പവുമുണ്ട്. അന്ന് ദ്രാവിഡ ജനങ്ങൾ വനാന്തരങ്ങളിലായിരുന്നു താമസിച്ചിരുന്നത്. അവരെ കുരങ്ങന്മാരായി രാമായണത്തിൽ ചിത്രീകരിച്ചുവെന്നും വിമർശനങ്ങളുണ്ട്.











Thursday, July 4, 2019

കർദ്ദിനാൾ ആലഞ്ചേരിയും ഭൂമി വിവാദങ്ങളും, ഒരു പഠനം




ജോസഫ് പടന്നമാക്കൽ

എറണാകുളം അതിരൂപതയിലെ ഭൂമിവിവാദത്തിന്റെ സത്യം എന്തെന്നു കർദ്ദിനാൾ മാർ ജോർജ്' ആലഞ്ചേരിയും ഏതാനും പുരോഹിതരുമൊഴികെ അല്മായലോകത്തിനോ മറ്റു പുരോഹിത ലോകത്തിനോ അറിയില്ല. ഒരു വശത്ത് മാർ ആലഞ്ചേരിയും അദ്ദേഹത്തെ പിന്താങ്ങുന്നവരും മറുവശത്ത് എറണാകുളം അതിരൂപതയിലെ മെത്രാന്മാരും പുരോഹിതരും പരസ്പ്പര ചേരികളായി അണിനിരന്നുകൊണ്ട് ആക്ഷേപങ്ങളുയർത്തുന്ന വാർത്തകൾ നിത്യം നാം വായിക്കുന്നു.

ഭൂമിവിവാദത്തെപ്പറ്റിയും അതിന്റെ ഉത്ഭവത്തെപ്പറ്റിയും ഒരു പരിശോധനയാണ് ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്. മാദ്ധ്യമങ്ങൾ പൊതുവേ മാർ ആലഞ്ചേരിയെ ന്യായികരിച്ചുകൊണ്ടുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുന്നു. അത് അവരുടെ ബിസിനസ് നയമാകാം! എതിർഭാഗത്തുള്ള പുരോഹിതരുടെ വാദങ്ങളും അവരുടെ  ശരിയും തെറ്റും വിലയിരുത്തേണ്ടത് നിഷ്‌പക്ഷചിന്തകൾക്കാവശ്യമാണ്.  മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ അതിരൂപത എടുത്ത തീരുമാനങ്ങളുടെയും ആലോചനസമിതികളുടെ ചർച്ചാവിഷയങ്ങളായ സാമ്പത്തിക കാര്യങ്ങളുടെയും ഒരു റിപ്പോർട്ട് വായിക്കാനിടയായി. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന വസ്തുതകളെ ആധാരമാക്കിയുള്ള കുറിപ്പുകളും വിൽപ്പന-വാങ്ങൽ സംബന്ധിച്ച ദുരൂഹതകളും ഈ ലേഖനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതിരൂപതയിൽ അധാർമ്മികമായ സാമ്പത്തിക തിരിമറികൾ നടന്നിട്ടുണ്ടെന്നു റിപ്പോർട്ട് വ്യക്തമാക്കുന്നു. ക്രമക്കേടുകളെ മറച്ചുവെച്ചുകൊണ്ട് സഭയുടെ അസ്തിത്വം തന്നെ ഇളകുന്ന വിധത്തിലാണ് ഇന്നുള്ള കർദ്ദിനാൾ, പുരോഹിത കൂട്ടായ്‌മകളുടെ പ്രവർത്തനങ്ങളിൽനിന്നും മനസിലാക്കുന്നത്. സഭയുടെ വ്യക്തിത്വം തന്നെ ചവറ്റുകൊട്ടയിലേക്കെറിയുന്ന പ്രവർത്തനങ്ങളാണ് സഭാനേതൃത്വത്തിൽനിന്നും സമീപകാലങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ഭൂമി വിവാദ പ്രശ്നങ്ങൾ അന്വേഷിക്കാൻ വന്ന വത്തിക്കാൻ അഡ്മിനിസ്ട്രേറ്ററിന്റെ കാലാവധി അവസാനിച്ചിരുന്നു. അതിരൂപതയുടെ ചുമതല പോലീസ് അകമ്പടിയോടെ മാർ ആലഞ്ചേരിയുടെ നേതൃത്വം രാത്രിയിൽ കയ്യേറിയ സംഭവം എതിർവിഭാഗം വൈദികരെ പ്രകോപിപ്പിച്ചിരുന്നു. പ്രശ്നങ്ങൾ വീണ്ടും വഷളായതുകാരണം ഇരുവിഭാഗങ്ങളും തമ്മിൽ രൂക്ഷമായ വിമർശനങ്ങളും തുടങ്ങി. മുന്നൂറോളം പുരോഹിതർ സമ്മേളിച്ച് പ്രതിക്ഷേധ റാലികൾ സംഘടിപ്പിച്ചതും മാർ ആലഞ്ചേരിയുടെ ധാർമ്മികത്വത്തെ ചോദ്യം ചെയ്യലായിരുന്നു. വ്യാജരേഖയെന്നത് വ്യാജമോ വിവാദമോയെന്നതും തർക്കവിഷയമാണ്‌.

എറണാകുളം ജില്ലയിലെ അഞ്ചു സ്ഥലങ്ങളിൽ സഭയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമി വിൽപ്പന നടത്തിയതുമുതലാണ് വിവാദങ്ങളുടെ കൊടുങ്കാറ്റ് സൃഷ്ടിക്കപ്പെടാൻ ആരംഭിച്ചത്. ഭൂമി വില്പ്പന  നടന്നപ്പോൾ പതിമൂന്നു കോടി രൂപയാണ് ആധാരത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആധാരത്തിലെ വിലയും വിറ്റ അസൽ വിലയും പൊരുത്തപ്പെടാതെ വന്നപ്പോൾ കൂടുതൽ ദുരൂഹതകൾ സൃഷ്ടിക്കുന്നതിന് കാരണമായി. 27 കോടി രൂപായ്ക്കാണ് വസ്തുക്കൾ മൊത്തമായി വിറ്റത്. അതിൽ ഒമ്പതു കോടി രൂപ അതിരൂപതയുടെ ബാങ്കിൽ പണമായി വന്നു. ബാക്കിയുള്ള പതിനെട്ടു കോടി രൂപയുടെ കണക്കിലാണ് അഭിപ്രായവ്യത്യാസങ്ങൾ പൊട്ടിമുളച്ചത്. വസ്തു വിൽപ്പന-വാങ്ങൽ നടത്തുന്ന ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കർ 'സാജു വർഗീസി'നാണ് വസ്തുക്കൾ വിറ്റത്. പണം രൊക്കം നല്കാനില്ലാത്തതിനാൽ ബാക്കി തരാനുണ്ടായിരുന്ന പതിനെട്ടു കോടി രൂപായ്ക്ക് പകരമായി രണ്ടിടത്തായി ഭൂമി തീറായി ഇടനിലക്കാരൻ തന്നു. തരാനുള്ള തുകയ്ക്കു തുല്യമായ വിലയുള്ള ഭൂമി സീറോ മലബാർ സഭയുടെ പേരിൽ രജിസ്റ്റർ ചെയ്തു നൽകുകയും ചെയ്തു. ഇതാണ് ഭൂമിയിടപാടിനെ സംബന്ധിച്ചുള്ള സീറോ മലബാർ സഭയുടെ സാമ്പത്തിക ശാസ്ത്രവും അതുമൂലം സംഭവിച്ചുപോയ പാളീച്ചകളും.

എന്തുകൊണ്ട് ഭൂമിവില്പനയുടെ ആധാര രേഖയിൽ പതിമൂന്നു കോടി രൂപ വെച്ചുവെന്നും ചോദ്യങ്ങളുയർന്നിരുന്നു. ഒരു വ്യക്തിയും ആധാരസമയം വസ്തുക്കളുടെ മുഴുവൻ വില വെക്കാറില്ല. നികുതിയിനത്തിൽ ലാഭിക്കാനുള്ള പഴുതുകളായി വസ്തുവിന്റെ വിലയേക്കാളും കുറച്ചുള്ള പൊന്നിൻ വില കാണിക്കുന്നു. ഒരു സെന്റിന് ഭൂമിക്ക് 50000 രൂപ സർക്കാർ നിശ്ചയിക്കുന്നത് ഒരുപക്ഷെ നാം അഞ്ചു ലക്ഷത്തിനും അമ്പതു ലക്ഷത്തിനുമൊക്കെ വിറ്റെന്നിരിക്കും. പക്ഷെ ആധാരത്തിൽ കാണിക്കുന്ന തുക സർക്കാർ നിശ്ചയിച്ച പൊന്നിൻ വില മാത്രം. കേരളത്തിൽ നാം നടത്തുന്ന ഭൂമിയിടപാടുകളുടെ പച്ചപരമാർത്ഥമല്ലേയിത്? അങ്ങനെയുള്ളവർക്ക് മാർ ആലഞ്ചേരിയുടെ ധർമ്മത്തെപ്പറ്റിയും നീതിയെപ്പറ്റിയും വിമർശിക്കാൻ അവകാശമുണ്ടോ? ഈ പ്രശ്നത്തിൽ മാർ ആലഞ്ചേരിയെ മാത്രം ക്രൂശിക്കണോ? സീറോ മലബാർ സഭയുടെ കൂട്ടുത്തരവാദിത്വത്തിൽ എടുത്ത തീരുമാനമല്ലേയിത്? അതോ മാർ ആലഞ്ചേരി ഒറ്റയ്ക്ക് സീറോ മലബാർ സഭയുടെ ഭൂമി കച്ചവടം ചെയ്തോ? മാർ ആലഞ്ചേരിയുടെ 'ഒപ്പ്' ഒരു വ്യക്തിയെന്ന നിലയിലല്ല. സീറോ മലബാർ സഭയെ പ്രതിനിധികരിച്ചാണ് അദ്ദേഹം ഒപ്പിട്ടിരിക്കുന്നത്. അങ്ങനെയെങ്കിൽ മാർ ആലഞ്ചേരിയെ ജയിലിൽ അടക്കണമെന്ന മുറവിളികൾ ആവശ്യമുണ്ടോ? ഭൂമിയിടപാടുകളിൽ ആരാണ് തെറ്റുകാരെന്നും പാളീച്ചകൾ എവിടെയെല്ലാമെന്നുള്ള സമഗ്രമായ ഒരു പരിശോധനയും  ആവശ്യമാണ്.

ഭൂമിവിവാദത്തിൽക്കൂടി സഭയ്ക്ക് ധാർമ്മികമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നു കരുതുന്നതിലും തെറ്റില്ല. സഭയിലെ ചില കള്ളക്കളികൾ ചോദ്യം ചെയ്യാൻ ശ്രമിച്ച എറണാകുളം അതിരൂപതയിലെ പുരോഹിതരെയും രണ്ടു മെത്രാന്മാരെയും  പ്രതിക്കൂട്ടിലാക്കികൊണ്ടുള്ള സംഭവവികാസങ്ങളാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. മാദ്ധ്യമങ്ങൾ കൂടുതലും അധികാരവും പണവുമുള്ള പക്ഷത്തെ ന്യായീകരിക്കുന്നതും പതിവാണ്. മാദ്ധ്യമങ്ങളുടെ വരുമാനമായ പരസ്യവിപണികളാണ് അവരുടെ ലക്ഷ്യവും. ശക്തമായ പോലീസകമ്പടി അധികാരക്കസേര കയ്യാളുന്നവരുടെ അധീനതയിലുണ്ട്. സത്യത്തെ മറച്ചുവെച്ചുകൊണ്ടുള്ള ക്രിമിനൽ മനസുള്ള നിരവധി വൈദ്യകരുടെയും അവരുടെ കൂട്ടാളികളുടെയും പ്രചരണ തന്ത്രങ്ങളും ശക്തമാണ്. സത്യം അറിയാവുന്നവർ സഭയുടെ അച്ചടക്കത്തെ ഭയന്ന് നിശബ്ദരായി കളികൾ കണ്ടുകൊണ്ടിരിക്കുന്നു.

ചരിത്ര വസ്തുതകളിലേക്ക് തിരിഞ്ഞാൽ എറണാകുളം അതിരൂപതയുടെ പ്രശ്നങ്ങൾ വാസ്തവത്തിൽ തുടക്കമിടുന്നത് കർദ്ദിനാൾ വർക്കി വിതയത്തിന്റെ കാലംമുതലാണെന്ന് കാണാം. അതിരൂപത വകയായി എറണാകുളത്ത് ഒരു മെഡിക്കൽ കോളേജ് തുടങ്ങുന്ന കാര്യം ചർച്ച വന്നപ്പോൾ 'കർദ്ദിനാൾ വർക്കി വിതയത്തിൽ' ആ ഉദ്യമം വേണ്ടെന്നു വെക്കുകയാണുണ്ടായത്. എന്നാൽ 2013 ഏപ്രിൽ മാസത്തിൽ നടന്ന വൈദികരുടെ സാമ്പത്തികാലോചന യോഗത്തിൽ എറണാകുളത്ത് ഒരു മെഡിക്കൽ കോളേജ് തുടങ്ങുന്ന വിഷയം വീണ്ടും ചർച്ച ചെയ്യപ്പെട്ടു. അന്നു നടന്ന സാമ്പത്തിക ചർച്ച സമ്മേളനത്തിൽ ഒരു മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിനായും മെഡിക്കൽ കോളേജിന് സ്ഥലം വാങ്ങുന്നതിനായും 125 കോടി രൂപ ബാങ്കിൽ നിന്നും കടമെടുക്കാൻ തീരുമാനിക്കുന്നു.

2013 ആഗസ്റ്റ് രണ്ടാം തിയതി കേരളസർക്കാരിൽനിന്നും കോളേജ് തുടങ്ങാൻ അനുവാദം ലഭിച്ചതായും അതിനായി 20 ഏക്കർ സ്ഥലം വാങ്ങുന്നതിന് തീരുമാനിച്ചതായും അന്നത്തെ പ്രൊക്കുറേറ്ററായ ഫാദർ മാത്യു മണവാളൻ അറിയിക്കുന്നു. 2014 ഏപ്രിൽ ഏഴാം തിയതി കർദ്ദിനാളിന്റെ നേതൃത്വത്തിൽ വീണ്ടും ആലോചന സമിതി യോഗം കൂടി കോളേജിന് ഭൂമി വാങ്ങുന്ന കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്തുകയും ചെയ്തു. 2015 ഡിസംബർ രണ്ടാം തിയതി കൂടിയ അതിരൂപതയുടെ സാമ്പത്തികാലോചന യോഗത്തിൽ 'മറ്റൂരെന്ന സ്ഥലത്ത് 23.3 ഏക്കർ സ്ഥലം മെഡിക്കൽ കോളേജിനായി വാങ്ങിയെന്നും രജിസ്‌ട്രേഷൻ പൂർത്തിയാക്കിയെന്നും ഫാദർ ജോഷി അറിയിച്ചു. വസ്തു വാങ്ങിയതിൽ മൊത്തം വന്ന ചെലവ് 59 കോടി രൂപായെന്നും അതിനായി രൂപതവക നാലഞ്ച് സ്ഥലങ്ങൾ വിൽക്കാനുള്ള തീരുമാനങ്ങളും അറിയിച്ചു. വരാന്തരപ്പള്ളി, പൂക്കാട് പള്ളി, കളമശേരി എന്നീ പ്രദേശങ്ങളിലുള്ള സ്ഥലങ്ങൾ വിൽക്കാനാണ് തീരുമാനിച്ചത്. ഫാദർ ജോഷിയെ വസ്തുവിൽപ്പനയ്ക്ക് സഹായിക്കാൻ മിസ്റ്റർ ജേക്കബ് മാപ്പിളശേരിയെയും പി.പി. സണ്ണിയെയും ചുമതലപ്പെടുത്തി. പിന്നീട് കണ്ടന്നൂർ, മരട്‌, തൃക്കാക്കര എന്നിവിടങ്ങളിലുള്ള സ്ഥലങ്ങൾ കൂടി വിൽക്കാൻ തീരുമാനിച്ചു.

2016 ജൂലൈയിൽ കൂടിയ സാമ്പത്തിക സമ്മേളനത്തിൽ അതിരൂപതക്ക് 68 കോടി രൂപ ബാധ്യതയുണ്ടെന്നും അതിനായി മറ്റു അഞ്ചു സ്ഥലങ്ങളും കൂടി വിൽക്കാൻ തീരുമാനിക്കുന്നുവെന്നും അറിയിച്ചു. ഭാരത മാതാ എതിർവശത്തുള്ള സ്ഥലം, എയർ പോർട്ടിന് സമീപമുള്ള സ്ഥലങ്ങൾ ഉൾപ്പടെ 'സാജു വർഗീസ്' എന്നയാൾക്ക് സെന്റിന് 9 ലക്ഷം രൂപയ്ക്ക് വിൽക്കാൻ തീരുമാനിക്കുന്നു. എന്നാൽ ഈ തീരുമാനത്തിന് ഒരു മാസം മുമ്പ് 2016 ജൂൺ മാസത്തിൽ കൂടിയ സാമ്പത്തിക പൊതുയോഗത്തിൽ 'ഫാദർ ജോഷിയെ' പ്രസ്തുത സ്ഥലങ്ങൾ 9.5 ലക്ഷം രൂപയ്ക്ക് വിൽക്കാൻ മാർ ഇടയന്ത്രത്ത് ചുമതലപ്പെടുത്തിയിരുന്നു. ഫാദർ ജോഷി ഈ വസ്തു വിൽക്കാനായി വി.കെ.ഏജൻസീസ് എന്ന റീയൽ എസ്റ്റേറ്റുകാരെ ചുമതലപ്പെടുത്തിയിരുന്നു. ഈ തീരുമാനങ്ങളെ മറികടന്നാണ് അതിനേക്കാളൂം കുറഞ്ഞ വിലയ്ക്ക് സാജു വർഗീസിന് വസ്തു വിൽക്കാൻ തീരുമാനിച്ചത്.  കച്ചവടങ്ങളുടെ വിവരങ്ങൾ സാമ്പത്തിക സമിതികളെ അറിയിക്കാതെ രഹസ്യമായി നടത്തിക്കൊണ്ടിരുന്നു. ഈ സ്ഥലവിൽപ്പനയാണ് അതിരൂപതയ്ക്ക് ഭീമമായ നഷ്ടം വരുത്തിയത്. അതുമൂലം മെത്രാപ്പോലീത്തായും അതിരൂപതയും ഇന്ന് കള്ളപ്പണ കൈമാറ്റമെന്ന സംശയത്തിന്റെ നിഴലിൽ വസ്തുതകൾ കൈകാര്യം ചെയ്യുകയും ചെയ്യുന്നു.

2017 മാർച്ച് 9-നു അതിരൂപതയുടെ സാമ്പത്തിക നഷ്ടങ്ങൾ പരിഹരിക്കാൻ വീണ്ടും സാമ്പത്തിക യോഗം കൂടി. പെരുമാണൂർ, കണ്ടന്നൂർ എന്നിവടങ്ങളിലുള്ള സ്ഥലം കോട്ടപ്പടിയിലുള്ള 70 ഏക്കർ സ്ഥലവുമായി വെച്ചുമാറുകയെന്നതായിരുന്നു നിർദ്ദേശം. അതിനുശേഷം 70 ഏക്കർ സ്ഥലം സെന്റിന് 1.5 ലക്ഷം രൂപയ്ക്ക് മറിച്ചു വിൽക്കാനായിരുന്നു പദ്ധതിയിട്ടത്. സാജു വർഗീസ് സ്ഥലം വാങ്ങാനായി തയ്യാറുമായിരുന്നു. 70 ഏക്കർ സ്ഥലത്തെപ്പറ്റി വിശദമായ അന്വേഷണം ആവശ്യമാണെന്ന് സമിതി യോഗം ആവശ്യപ്പെട്ടു. എന്നാൽ ഈ 70 ഏക്കർ വിൽക്കുന്നതിന് മറ്റു പല ടെക്ക്നിക്കൽ തടസങ്ങളുണ്ടെന്ന് പ്രൊക്കുറേറ്റർ അറിയിക്കുകയും ചെയ്തു. അതുകൊണ്ട് സ്ഥല ക്രയവിക്രയങ്ങൾ നടന്നില്ല. സ്ഥലത്തിന് അഡ്വാൻസ് കൊടുത്തുവോ ഇല്ലയോ നഷ്ടപ്പെട്ടോയെന്നു നിശ്ചയമില്ല.

ഇവിടെ ഗുരുതരമായ വീഴ്ച വരുത്തിയ മറ്റൊരു കാര്യവും ചിന്തനീയമാണ്. 2017 ഫെബ്രുവരി 22 ന് ദേവികുളത്ത് 17 ഏക്കർ സ്ഥലം വാങ്ങിക്കാൻ രജിസ്റ്റർ ചെയ്തിരുന്നു. ഈ വിവരം ആരെയും സാമ്പത്തിക ഉപദേശ സമിതിയെയും അറിയിച്ചിട്ടില്ല. അതുപോലെ കോട്ടപ്പടിയിൽ 2017 ഏപ്രിൽ മാസം 25 ഏക്കർ സ്ഥലവും രജിസ്റ്റർ ചെയ്ത വിവരങ്ങളും ആർക്കും അറിഞ്ഞുകൂടായിരുന്നു. 2017 ഏപ്രിൽ മാസത്തിൽ നടന്ന സാമ്പത്തിക സമ്മേളനത്തിൽ അതിരൂപത എവിടെയെങ്കിലും സ്ഥലം വാങ്ങുവാൻ ഉദ്ദേശമുണ്ടോയെന്ന ചോദ്യത്തിന്! ഇല്ലായെന്നുള്ള മറുപടിയായിരുന്നു മെത്രാപ്പോലീത്തായിൽ നിന്നും പ്രൊക്കുറേറ്ററിൽ നിന്നും ലഭിച്ചത്. ആ യോഗത്തിന് മൂന്നു ദിവസത്തിനുശേഷമാണ്, ആരോടും ആലോചിക്കാതെ കോതമംഗലത്തിനടുത്ത് കോട്ടപ്പടിയിൽ 25 ഏക്കർ സ്ഥലം വാങ്ങിയത്. വാസ്തവത്തിൽ ഈ കച്ചവടം സാമ്പത്തിക ഉപദേശസമിതിയോട് ചെയ്ത വഞ്ചനയും കാനോൻ നിയമങ്ങൾ ലംഘിക്കുകയുമായിരുന്നു. പിന്നീടാണ് ആ വസ്തുവിന്മേൽ ആർച്ച് ബിഷപ്പിന്റെ സ്ഥലമെന്ന ബോർഡ് തൂക്കുന്നത്. അതിനെപ്പറ്റി വൈദികർ ചോദ്യം ചെയ്തപ്പോൾ മെത്രാപ്പോലീത്താ മാർ ആലഞ്ചേരി വ്യക്തമായി മറുപടി പറയാതെ ഒഴിഞ്ഞു പോവുകയും പ്രൊക്കുറേറ്ററോട് ചോദിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പ്രൊക്കുറേറ്ററോട് വൈദിക സമിതി ചോദിച്ചപ്പോൾ രൂക്ഷമായ പ്രതികരണം ലഭിക്കുകയാണുണ്ടായത്. ഈ കച്ചവടത്തിനു പിന്നിൽ നിഗൂഢത ഉണ്ടെന്ന് ചോദ്യം ചെയ്ത പുരോഹിതർ മനസിലാക്കുകയും ചെയ്തു. അതിനുശേഷമാണ് അങ്കമാലി രൂപതയിലെ ഏതാനും വൈദികർ വസ്തുതകൾ തേടിയുള്ള, സത്യം പുറത്തുവരാനായുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ആ അന്വേഷണത്തിൽ സ്ഥലം വാങ്ങിയതും വിറ്റതുമെല്ലാം അനധികൃതമായ ക്രയവിക്രയത്തിൽക്കൂടിയെന്നു മനസിലാക്കുകയും ചെയ്തു.

2017 സെപ്റ്റമ്പറിൽ കൂടിയ സാമ്പത്തിക പൊതുയോഗത്തിൽ അഞ്ചു സ്ഥലങ്ങൾ സെന്റിന് 9.5 ലക്ഷം രൂപക്ക് വിറ്റ കാര്യം സാമ്പത്തിക സമ്മേളനത്തിൽ പ്രൊക്യൂറേറ്റർ അറിയിക്കുന്നു. അതുവഴി 27  കോടി രൂപ ലഭിച്ചുവെന്നും അറിയിച്ചു. വാങ്ങിയവർ 9 കോടി അക്കൗണ്ടിൽ ഇടുകയും ബാക്കി 18 കോടി പിന്നീട് തരാമെന്നും സമ്മതിക്കുകയും ചെയ്യുന്നു. എന്നാൽ സെന്റിന് 4.47 ലക്ഷം രൂപയ്ക്ക് വിറ്റതെന്ന് വിൽപ്പനയിൽ രേഖപ്പെടുത്തിയിരിക്കുന്നു. രേഖകൾ പ്രകാരം വസ്തു വിറ്റത് 13,31,44,000 രൂപയെന്നും രജിസ്റ്റർ ചെയ്തിരിക്കുന്നു. ബാക്കി പണം കള്ളപ്പണമോ, ലഭിച്ചോ, എവിടെ പോയിയെന്നോ ആർക്കും നിശ്ചയമില്ലായിരുന്നു.

എറണാകുളം അതിരൂപതയിൽ തുടർച്ചയായി നടന്ന വസ്തു ക്രയവിക്രയങ്ങളിൽ നിരവധി സംശയങ്ങൾ ബാക്കി നിൽക്കുകയാണ്. അതിരൂപത കടങ്ങൾകൊണ്ടു വലയുമ്പോൾ വീണ്ടും വസ്തുക്കൾ മേടിച്ചുകൂട്ടിയത് എന്തിനായിരുന്നു? കോട്ടപ്പടിയിൽ 25 ഏക്കർ സ്ഥലം മേടിച്ച വിവരം അറിയാവുന്നവർ കർദ്ദിനാളിനും ഒപ്പം അദ്ദേഹത്തോട് ചേർന്നു നിൽക്കുന്ന ഒന്നുരണ്ടു പുരോഹിതർക്കും മാത്രമായിരുന്നു. ഈ സാഹചര്യങ്ങളിലാണ് അനധികൃത വിൽപ്പന-വാങ്ങൽ നടത്തുന്ന രൂപതയുടെ കള്ളക്കളികൾ അറിയിച്ചുകൊണ്ടുള്ള വിവരങ്ങൾ പുറത്താക്കാൻ വൈദികർ തയ്യാറായത്. വസ്തു ക്രയവിക്രയ കാര്യങ്ങൾ വൈദികർ എല്ലാ ഫൊറോനാ വികാരികളെയും അറിയിക്കുകയുമുണ്ടായി. കർദ്ദിനാൾ ഉൾപ്പടെയുള്ള സംഘത്തിന്റെ കള്ളത്തരങ്ങൾ ഒന്നൊന്നായി പുറത്തു വരാനും തുടങ്ങി.

കർദ്ദിനാൾ ആലഞ്ചേരിയുമായി ഭൂമിയിടപാടുകളെപ്പറ്റി സംസാരിക്കാൻ 22 വൈദികരെ തിരഞ്ഞെടുത്തിരുന്നു. 2017 നവംബർ ആറിന് ആലഞ്ചേരിയുമായി പുരോഹിതർ ഒരു കൂടിക്കാഴ്ച നടത്തി. അതിനു മുമ്പ് രഹസ്യമായി ദേവികുളത്തു മേടിച്ച സ്ഥലങ്ങളുടെ റെക്കോർഡും ഇവരുടെ കൈവശമുണ്ടായിരുന്നു. ഈ വിവരം കർദ്ദിനാളും ഫാദർ ജോഷിയും, മോൺ ഫാദർ വടക്കുംപാടനും ഒഴികെ മറ്റാർക്കും അറിവുണ്ടായിരുന്നില്ല. സാമ്പത്തിക ബാധ്യതകൾ നവംബർ മുപ്പത്തിനകം പരിഹരിക്കുമെന്ന് കർദ്ദിനാൾ അന്നു പുരോഹിതർക്ക് വാക്കു കൊടുക്കുകയും ചെയ്തു. വസ്തുവിൽപ്പനയിലുള്ള ബാക്കി തുക 'സാജു വർഗീസ്' നൽകുമെന്നും അറിയിച്ചു. എന്നാൽ സാജു വർഗീസ് ചതിയനെന്ന് പുരോഹിതർ അറിയിച്ചിട്ടും മാർ ആലഞ്ചേരി സാജു വർഗീസിനെ വെള്ളപൂശാനാണ് ശ്രമിച്ചത്. സാജു വിശ്വസ്തനെന്നു പറഞ്ഞു ന്യായികരിക്കുകയും ചെയ്തു.

വൈദികരും മാർ ആലഞ്ചേരിയുമായുള്ള ചർച്ചകൾക്കുശേഷം പ്രൊക്കുറേറ്റർ സാമ്പത്തികാലോചന യോഗത്തിൽ കോട്ടപ്പടിയിൽ 25 ഏക്കറും ദേവികുളത്ത് പതിനേഴ് ഏക്കറും വാങ്ങിയെന്ന് ഔദ്യോഗികമായി സഭയെ അറിയിക്കുന്നു. ഇടയന്ത്രത്തിനെ അറിയിക്കാതെ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും നിലവിലുള്ള കടം കൂടാതെ 10 കോടി രൂപകൂടി കടമെടുത്ത വിവരങ്ങളും അറിയിക്കുന്നു. സ്ഥലങ്ങൾ മേടിച്ചതും കടമെടുത്തതും ആലോചന സമിതിയോട് ആലോചിച്ചില്ലായെന്നുള്ള കുറ്റസമ്മതവും നടത്തുന്നുണ്ട്.

2017 നവംബർ ഒമ്പതാം തിയതി നടന്ന ആലോചന യോഗത്തിൽ സ്ഥലങ്ങളെല്ലാം സാജു വർഗീസിന് വിറ്റെന്നും അയാൾ നൽകാനുള്ള 27 കോടിയിൽ 8.97 കോടി രൂപ നൽകിയെന്നും ബാക്കി 18 കോടി രൂപയ്ക്കുള്ള സ്ഥലം ദേവികുളത്ത് 17 ഏക്കർ സ്ഥലം തീറു തന്നിട്ടുണ്ടെന്നും പ്രൊക്യൂറേറ്റർ അറിയിക്കുന്നു. സ്ഥലം താൽക്കാലികമായി അതിരൂപതക്ക് എഴുതി തന്നെന്നും പറഞ്ഞു. തരാനുള്ള തുക തന്നു കഴിയുമ്പോൾ ഈ സ്ഥലം തിരിച്ചെഴുതി കൊടുക്കുമെന്നും പ്രൊക്യൂറേറ്റർ അറിയിച്ചു.

ഇത്രമാത്രം വിവാദപരമായ ഭൂമി ഇടപാടുകൾ ഉണ്ടെന്നിരിക്കവേ ശ്രീ സി.എം. ജോസഫ്, ശ്രീ സി.വി. അലക്‌സാണ്ടർ എന്നിവരെ ഉൾപ്പെടുത്തി ഒരു കമ്മറ്റിയെ മാർ ആലഞ്ചേരി നിയമിക്കുന്നു. 2017 നവംബർ 27-നു ശ്രീ സി.എം. ജോസഫ് സാമ്പത്തിക കാര്യസമിതിയിൽ കമ്മീഷന്റെ റിപ്പോർട്ട് സമർപ്പിക്കുന്നു. അതിരൂപതയിൽ സാമ്പത്തിക അച്ചടക്ക ലംഘനവും സാമ്പത്തിക തിരിമറികളും നടന്നിട്ടുണ്ടെന്നു കണ്ടെത്തി. റിപ്പോർട്ട് അനുകൂലമല്ലാത്തതിനാൽ  കർദ്ദിനാൾ മൂന്നു വൈദികരെയും മൂന്ന് അൽമായരെയും ഉൾപ്പെടുത്തി ആറംഗ കമ്മീഷനെ തിരഞ്ഞെടുത്തു.

2017-ഡിസംബറിൽ കർദ്ദിനാൾ ചീകത്സക്കായി ഹോസ്‌പിറ്റലിൽ ആയിരിക്കവേ മാർ ഇടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ സാമ്പത്തിക കാര്യങ്ങളെ പരിഗണിക്കാൻ യോഗം കൂടി. അന്ന് സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ കാനോൻ നിയമങ്ങൾ ലംഘിച്ചതായും അതിരൂപതയിൽ കണ്ണായ സ്ഥലങ്ങൾ നഷ്ടപ്പെട്ടതായും അതി രൂപതയിലെ സാമ്പത്തിക ബാധ്യത വർദ്ധിച്ചതായും കണ്ടെത്തി. ശരിയായുള്ള സത്യാവസ്ഥകൾ മറച്ചു വെച്ചതായും മനസിലാക്കി. പിന്നീട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്ഷുപിതരായ കർദ്ദിനാളിന്റെ പക്ഷക്കാർ എതിർവിഭാഗത്തിനെതിരെ ആരോപണങ്ങൾ തൊടുത്തുവിട്ടിരുന്നു. ഇതിനിടെ കർദ്ദിനാളിനെ വധിക്കാൻ ശ്രമിച്ചുവെന്നും കിംവദന്തികള്‍ പരത്താനാരംഭിച്ചു. ‍എറണാകുളം രൂപതയിലെ വൈദികരെ അധിക്ഷേപിച്ചുകൊണ്ടും പ്രചരണങ്ങൾ തുടങ്ങി. ഇത്തരണം ദുഷ്പ്രചരണങ്ങളിൽ കർദ്ദിനാളും നിശ്ശബ്ദനായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സത്യം എന്തെന്നു അറിയിക്കുകയെന്നത് അതിരൂപതയിലെ വൈദികരുടെ ബാധ്യതയുമായി. നിരന്തരം കേരള സമൂഹമൊന്നാകെ, സോഷ്യൽ മീഡിയാകളിലും, ചാനൽ ചർച്ചകളിലും വിഷയങ്ങൾ അവതരിപ്പിച്ചുകൊണ്ടിരുന്നു. 2018 ജനുവരിയിൽ മാർ ആലഞ്ചേരി നിയമിച്ച കമ്മറ്റിയുടെ റിപ്പോർട്ട് അവതരിപ്പിക്കാൻ വൈദിക സമിതി യോഗം വിളിച്ചു കൂട്ടിയിരുന്നു. റിപ്പോർട്ടിൽ പല സത്യങ്ങളും പുറത്തു വരുന്നതുകൊണ്ട് ആലഞ്ചേരി സമ്മേളനത്തിൽ സന്നിഹിതനായില്ല. സമ്മേളനത്തിൽ വരാതിരിക്കാൻ അദ്ദേഹത്തെ മൂന്നുനാലു അല്മായർ തടഞ്ഞുവെച്ചുവെന്ന് ഒരു വ്യാജനാടകവും നടത്തി.

മാർ ആലഞ്ചേരിയെ തടഞ്ഞു വെച്ചുവെന്നുള്ള വാർത്ത യാഥാര്‍ത്യത്തില്‍നിന്നും ഒഴിഞ്ഞുമാറാനുള്ള ഒരു നാടകം കളിയായിരുന്നു. അന്ന് വൈദിക സമ്മേളന യോഗം നടന്നില്ല. പിറ്റേദിവസം കമ്മറ്റി അംഗങ്ങൾ റിപ്പോർട്ട് കർദ്ദിനാളിനെ നേരിട്ടേൽപ്പിച്ചു. വീണ്ടും ജനുവരി മുപ്പതിന് വൈദിക സമ്മേളനം വിളിച്ചുകൂട്ടി. അന്നും താൻ റിപ്പോർട്ട് പഠിച്ചില്ലെന്നു  പറഞ്ഞുകൊണ്ട് കർദ്ദിനാൾ യോഗത്തിൽനിന്നും ഇറങ്ങിപ്പോയി. പിന്നീട് വിഷയം സംബന്ധിച്ച് വൈദിക സമിതികളും സാമ്പത്തിക സമിതികളും പലതവണകൾ യോഗം കൂടിയെങ്കിലും കമ്മറ്റി റിപ്പോർട്ടിനെപ്പറ്റി ചർച്ചചെയ്യാതെ ഒഴിവു കഴിവുകൾ പറഞ്ഞു കർദ്ദിനാൾ നിശ്ശബ്ദനാവുകയായിരുന്നു. ഈ വിഷയം ചർച്ച ചെയ്യാൻ അദ്ദേഹം ഒരിക്കലും  തയ്യാറല്ലായിരുന്നു. മെത്രാൻ സിനഡും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പകരം സകലതും  മൂടിവെക്കാനാണ് ശ്രമിച്ചത്.

അതിരൂപതയിൽ സംഘർഷം മൂക്കുകയും കേസ് സിവിൽ കോടതിയിൽ വരുകയും ചെയ്തു. പിന്നീട് കോടതി ' മാർ ആലഞ്ചേരി'ക്കെതിരെ ക്രിമിനൽക്കേസുകളും ഫയൽ ചെയ്തു. നിരവധി മദ്ധ്യസ്ഥ  ശ്രമങ്ങൾ പരാജയപ്പെട്ട ശേഷമാണ് കേസ് കോടതിയിൽ പോയത്. ഇതിനിടെ മലങ്കര ആർച്ച് ബിഷപ്പ് ബസേലിയോസും ലത്തീൻ ആർച്ചു ബിഷപ്പ് സൂസായ്പാക്യവും ഭാരത മെത്രാൻ സമിതിയും പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചിരുന്നു. അന്വേഷണ കമ്മീഷനുകളുടെ കണ്ടെത്തലുകൾ പുറത്താക്കാതെ ചില പിഴവുകൾ സംഭവിച്ചതായി ആലഞ്ചേരി കുറ്റം സമ്മതിക്കുകയും ചെയ്യുന്നുണ്ട്. ഭൂമി വിവാദമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ ഇന്നും ദുരൂഹതയിൽ തന്നെ തുടരുന്നു.

കർദ്ദിനാൾ ആലഞ്ചേരിയ്ക്കും ഫിനാൻസ് ഡയറക്ടർ ഫാദർ ജോഷിക്കും ഇടനിലക്കാരൻ സാജു വർഗീസീനുമെതിരെ ഒന്നും രണ്ടും മൂന്നും പ്രതികളായി സിവിൽക്കേസുകളും ക്രിമിനൽ കേസ്സുകളുമുണ്ട്. പണാപഹരണം, ഗൂഢാലോചന, കളവുപറയൽ എന്നിവക്ക് ഐപിസി 406,423,120B വകുപ്പുകൾ ചേർത്താണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. കേസിൽ മാർ ആലഞ്ചേരിയെ ഒന്നാംപ്രതിയായി ചേർത്തിരിക്കുന്നു.  ഭൂമി കച്ചവടത്തിൽ സാമ്പത്തിക സമിതിയുടെ അനുവാദമില്ലാതെ ആധാരങ്ങളിൽ ഒപ്പിട്ടതുകൊണ്ട് കച്ചവടത്തിലെ ക്രമക്കേടുകളിൽ ആലഞ്ചേരിക്ക് വ്യക്തിപരമായും പങ്കുണ്ടെന്നാണ് നിഗമനം. സഭയുടെ വിറ്റ ഭൂമിയെല്ലാം  ഇടനിലക്കാരൻ സാജു അഞ്ചിരട്ടി വിലക്കായിരുന്നു മറിച്ചു വിറ്റുകൊണ്ടിരുന്നത്. കാക്കനാട്ടുള്ള 60 സെന്റ് സ്ഥലം 4 കോടി രൂപയ്ക്ക് വിറ്റ വകയിൽ പണം സാജുവർഗീസിൽ നിന്നും കൈപ്പറ്റിയതായി ആധാരത്തിൽ കർദ്ദിനാൾ ഒപ്പിട്ടിട്ടുണ്ട്. എന്നാൽ സഭയുടെ അക്കൗണ്ടിൽ ആ പണം എത്തിയില്ലാഞ്ഞതും  സാമ്പത്തിക ക്രമക്കേടുകളിലൊന്നാണ്.       

മാർ ആലഞ്ചേരി വരുത്തിവെച്ച വിനമൂലം സഭയുടെ ധാർമ്മിക നിലവാരം താണുപോയതിനാലും സഭയ്ക്ക് സംഭവിച്ചിരിക്കുന്ന സാമ്പത്തിക തകർച്ചയിൽനിന്നു കരകയറാനും ഭൂമി വിവാദത്തെപ്പറ്റി പഠിച്ച് പരിഹാരം കാണാനുമായി സ്വതന്ത്രാധികാരമുള്ള ഒരു കമ്മറ്റിയെ നിയമിക്കണമെന്നും അതുവരെ മാർ ആലഞ്ചേരി അധികാരസ്ഥാനത്തുനിന്ന് മാറി നിൽക്കണമെന്നും കാണിച്ച് എറണാകുളം അങ്കമാലിയിലെ വൈദികസമിതി റോമിലേക്ക് കത്തുകൾ എഴുതിയിരുന്നു. അതിന്റെ ഫലമായി അങ്കമാലി രൂപതയിലെ പ്രശ്നങ്ങളെ വിലയിരുത്താനും ഭൂമി വിവാദത്തെപ്പറ്റി സമഗ്രമായി അന്വേഷിക്കാനും വത്തിക്കാനിൽനിന്ന് ഒരു അഡ്മിനിസ്ട്രേറ്ററെ നിയമിച്ചു. അദ്ദേഹത്തിൻറെ നിർദ്ദേശപ്രകാരം സ്വതന്ത്ര ഏജൻസിയെ വെച്ച് അന്വേഷണം പൂർത്തിയാക്കുകയും റിപ്പോർട്ട് റോമിലേക്ക് അയക്കുകയും ചെയ്തു. അതിലെ റിപ്പോർട്ട് അനുകൂലമല്ലെന്ന് വന്നപ്പോൾ വ്യാജരേഖ എന്ന പുകമറ സൃഷ്ടിക്കുകയും റിപ്പോർട്ടിനെ ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്തു.

ബാങ്കിന്റെയും മറ്റു ഉന്നതസ്ഥാപനങ്ങളുടെയും പേരിൽ വ്യാജ രേഖയുണ്ടാക്കിയെങ്കിൽ എന്തുകൊണ്ട് ഈ സ്ഥാപനങ്ങൾ ഒരു പരാതിയും പോലീസിൽ കൊടുത്തില്ലെന്നുള്ളതും ശ്രദ്ധേയമാണ്. വ്യാജരേഖകൾ പൊതുജനങ്ങളുടെ മുമ്പിൽ പരസ്യപ്പെടുത്തിയതും ആലഞ്ചേരി തന്നെ. അതിനുശേഷം തന്നെ അപമാനിച്ചുവെന്നു പറഞ്ഞുകൊണ്ട് മാർ ആലഞ്ചേരി മുതലക്കണ്ണുനീർ പൊഴിക്കുന്നതും വിചിത്രം തന്നെ. സത്യമെന്തെന്ന് മനസ്സിലാക്കിയിട്ടും കേരളത്തിലെ മെത്രാൻമാർ മുഴുവൻ മൗനത്തിലാണെന്നുള്ളതാണ് മറ്റൊരു സംഗതി. ചോദ്യങ്ങൾക്ക് മുഴുവൻ മറുപടി പറയാതെ മാർ ആലഞ്ചേരി എന്നും ഒഴിഞ്ഞുമാറാനാണ് ശ്രമിച്ചിട്ടുള്ളത്. ഭൂമിവിവാദമായി അഴിമതിയില്ലെന്ന് തെളിയിക്കാൻ കെസിബിസി പരമാവധി ശ്രമിക്കുന്നുണ്ട്. നീതി ബോധമുള്ളവരും വിവരമുള്ളവരും മെത്രാൻ സമിതികളുടെ തൊടുത്തുവിടുന്ന നുണകൾ ഇനിമേൽ വിശ്വസിക്കാൻ തയ്യാറാവുകയില്ല.








കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...