Monday, July 30, 2018

ഹനാൻ എന്ന പെൺകുട്ടിയുടെ അതി ജീവനത്തിന്റെ കഥ



ജോസഫ് പടന്നമാക്കൽ 

തകർന്ന ഒരു കുടുംബത്തിൽനിന്നുമുള്ള പാവപ്പെട്ട ഒരു പെൺകുട്ടിയുടെ ജീവിത കഥ അടുത്തയിടെ മാദ്ധ്യമങ്ങളിൽ വൻവാർത്തയായിരുന്നു. 'ഹനാൻ' എന്നാണ് അവളുടെ പേര്. അവൾ പഠനവും ഒപ്പം മത്സ്യക്കച്ചവടവും ചെയ്തുകൊണ്ട് ഉപജീവനവുമായി അനാഥയെപ്പോലെ ജീവിക്കുന്നു. തൊടുപുഴയിലുള്ള 'അൽ അസർ കോളേജിൽ' കെമിസ്ട്രി മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്.  ഹനാന്റെ പിതാവ് ഒരു മദ്യപാനിയായിരുന്നു. 'അമ്മ മാനസിക രോഗിയും. അവൾക്കു  ഒരു ഇളയ സഹോദരനുമുണ്ട്. രണ്ടു മക്കളെയും വഴിയാധാരമാക്കിക്കൊണ്ടു അവളുടെ ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കൾ വിവാഹമോചനം നേടിയിരുന്നു.

ബാല്യത്തിൽ അവൾ അപ്പനും അമ്മയും അവളുടെ കുഞ്ഞങ്ങളായുമൊത്തു വാടക വീട്ടിൽ താമസിച്ചിരുന്നു. കാർമേഘങ്ങൾ നിറഞ്ഞ ജീവിതവുമായി നിത്യവും ഏറ്റുമുട്ടി പഠനവും തുടർന്നു. സാമൂഹിക മാദ്ധ്യമങ്ങളുടെയിടയിൽ 'ഹനാൻ' ഒരു തിളങ്ങുന്ന നക്ഷത്രമായത് മാതൃഭൂമി പ്രസിദ്ധീകരിച്ച ഒരു വാർത്തയിൽക്കൂടിയായിരുന്നു. ഇന്ന്, അവളെപ്പറ്റി നല്ലതും ചീത്തയുമായ വാർത്തകൾ സോഷ്യൽ മീഡിയാകളിൽ വൈറൽ പോലെ പ്രചരിക്കുന്നു. കോളേജ് യൂണിഫോമിൽ മത്സ്യം വിൽക്കുന്ന ഈ യുവതിയുടെ വീഡിയോകൾ സാമൂഹിക മാദ്ധ്യമങ്ങൾക്കു ഒരു ഹരമാണ്. അതേ സോഷ്യൽ മീഡിയാ തന്നെ അവളെ അപമാനിക്കാനും മുന്നിൽത്തന്നെ നിൽക്കുന്നു. 'ഹനാൻറെ കഥ കെട്ടി ചമച്ചതെന്നായിരുന്നു ചിലരുടെ വാദം. ഒരു സിനിമയിൽ അഭിനയിക്കാനുള്ള അവസരം കിട്ടിയതിന്റെ  പേരിൽ ട്വിറ്ററും ഫേസ്ബുക്കും പോലുളള സോഷ്യൽ മീഡിയാകൾ അവൾക്കെതിരെ അപവാദ പ്രചാരണങ്ങളും വ്യാജവാർത്തകളും  നിത്യം തൊടുത്തുവിട്ടുകൊണ്ടിരിക്കുന്നുമുണ്ട്‌.

എന്താണ് ഹനാൻറെ ജീവിതവുമായി ബന്ധപ്പെട്ട ആ സത്യം. ആരാണ് ഹനാൻ? അവൾ എന്തിനുവേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്നു? സ്വന്തം ജീവിതം കരുപിടിപ്പിക്കാനായി പൊരുതുന്നു? പത്തൊമ്പതു വയസുകാരിയായ അവളുടെ ജീവിതാനുഭവങ്ങളെപ്പറ്റി അവൾ തന്നെ വാർത്താ വീഡിയോകളിൽ പറയുന്നുണ്ട്. അവളുടെ സ്വപ്നങ്ങളും ഉച്ചത്തിൽ വിളിച്ചു പറയുന്നു. ദൈനം ദിന ജീവിതത്തിനുള്ള പണം മാത്രമല്ല അവൾ തേടുന്നത്. ഭാവിയെ കരുപിടിപ്പിക്കാനായും അഭിലാഷങ്ങളെ പൂർത്തിയാക്കാനും പണം കണ്ടെത്തണം. അവൾക്കൊരു ഡോക്ടറാകണം. അതിനുവേണ്ടി കൂലിപ്പണി ചെയ്തും മത്സ്യം വിറ്റും ജീവിക്കാനുള്ള പോരാട്ടത്തിലാണ്.

ഹമീദിന്റെയും സൈറബിയുടെയും രണ്ടു കുട്ടികളിൽ മൂത്തവളാണ് അവൾ. ഹമീദ് ഇലക്ട്രീഷ്യനും  സൈറാബി കുടുംബിനിയുമായിരുന്നു. തൃശൂരിൽ സാമ്പത്തികമായി മെച്ചപ്പെട്ട ഒരു കൂട്ടുകുടുംബമായിരുന്നു പിതാവിന്റേത്. ബാല്യകാലത്ത് അവളുടെ കസിൻ സഹോദരികളുമൊത്ത് കളിച്ചു വളർന്നെങ്കിലും മുതിർന്നപ്പോൾ അവരെല്ലാം ആ കുട്ടിയ അറിഞ്ഞ ഭാവം പോലും നടിക്കാതെ അകന്നു പോയിരുന്നു. അവർക്കൊപ്പം അവൾക്ക് ആഡംബര വേഷങ്ങളോ ആഭരണങ്ങളോ ഉണ്ടായിരുന്നില്ല. അവരെപ്പോലെ നല്ല ഭക്ഷണം കഴിച്ചിരുന്നില്ല.

കുടുംബത്തിൽ നിന്നും വീതം ലഭിച്ച ശേഷം ഹമീദ് ഭാര്യയുമൊത്ത് ഒരു വാടക വീട്ടിൽ താമസം തുടങ്ങി. ഹനാന് അന്ന് എട്ടു വയസു മാത്രം പ്രായം. ഹനാൻ പറയുന്നു, "ബാപ്പയ്ക്ക്  നിരവധി ബിസിനസുകളുണ്ടായിരുന്നു. പിക്കിളുണ്ടാക്കുന്ന കമ്പനി, ഇലക്ട്രോണിക്സ് ബിസിനസ്സ്, ജൂവലറി ഉണ്ടാക്കൽ, എന്നിങ്ങനെ ബിസിനസ്സുകളുമായി കുടുംബത്തിന്റെ അന്നത്തിനായി കഠിനാധ്വാനം ചെയ്തിരുന്നു. ഞാനും എന്റെ ഉമ്മയും കഴിയും വിധം ബാപ്പായെ സഹായിക്കുമായിരുന്നു. പട്ടണത്തിലെ ഏറ്റവും നല്ല ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ഞങ്ങളെ പഠിപ്പിച്ചു. അവിടെ പണമുള്ള വീട്ടിലെ കുട്ടികളുമായി ഇടപെട്ടിരുന്നു. ഒരു പ്രസിദ്ധമായ ബാർ ഹോട്ടലിന്റെ ഇലക്ട്രിക്കൽ ജോലിക്കുശേഷം എന്റെ പിതാവ് ഒരു മുഴുക്കുടിയനായി മാറി. അന്നുമുതൽ ദിവസവും കള്ളു കുടിക്കാൻ തുടങ്ങി. ഞങ്ങളുടെ കുടുംബം പൊട്ടിയൊഴുകുന്ന ഒരു വോൾക്കാനയ്ക്ക് തുല്യമായി തീർന്നു. എന്റെ ബാപ്പ വടി ഒടിയുന്നതുവരെ കയ്യിൽ കിട്ടുന്നതു വെച്ച് പാവം ഉമ്മയെ അടിക്കാനും ഉപദ്രവിക്കാനും തുടങ്ങി. ഒരിക്കൽ ഉമ്മയുടെ തലയ്ക്കിട്ടു ഒരു സീലിംഗ് ഫാൻ വെച്ച് അടിച്ചു. അന്നുമുതലാണ് 'ഉമ്മ മാനസികമായി തകർന്നതും പെരുമാറാനും തുടങ്ങിയത്. എന്നിട്ടും ബാപ്പായിൽ മാറ്റങ്ങൾ ഒന്നും സംഭവിച്ചില്ല. ജീവിക്കാൻ മാർഗ്ഗമില്ലാത്തതുകൊണ്ടു ഞാൻ ബാപ്പായുടെ ബിസിനസായ ജൂവലറി ഏറ്റെടുത്തു. മുത്തുകൾ കൊണ്ടുള്ള മാലകളും സ്വർണ്ണ നിറമുള്ള കമ്മലുകളും നെക്‌ലേസുകളും വിറ്റു ജീവിക്കാനുള്ള മാർഗങ്ങൾ തേടിയിരുന്നു. എന്റെ അദ്ധ്യാപകർക്കും കൂട്ടുകാർക്കും അയൽവക്കക്കാർക്കും ജൂവലറി വിറ്റു ജീവിച്ചു വന്നു. പ്രൈമറി സ്‌കൂളിലെ കുട്ടികൾക്ക് ട്യൂഷനും എടുക്കുമായിരുന്നു. അന്ന് ഞാൻ ഏഴാം ക്ലാസിലാണ് പഠിക്കുന്നത്."

അങ്ങനെ, കുട്ടിയായ ഹനാൻ അവളുടെ വിദ്യാഭ്യാസത്തിനും അമ്മയുടെ മരുന്നിനും അനുജന്റെ സ്‌കൂൾ ഫീസിനും വീട്ടിലെ ചെലവുകൾക്കുമായി കഷ്ടിച്ച് പണം ഉണ്ടാക്കിയിരുന്നു. 'സായിറാബി' ഒരു അക്കൗണ്ട് കമ്പനിയിൽ കുറച്ചുകാലം ജോലി ചെയ്തിരുന്നു. എന്നാൽ ഹമീദിന്റെ ക്രൂര പെരുമാറ്റം മൂലവും രോഗിയായതിനാലും വീട്ടിൽ തന്നെ മറ്റു ജോലികളില്ലാതെ താമസിക്കേണ്ടി വന്നു. ഹനാൻ ഹയർ സെക്കണ്ടറി സ്‌കൂളിൽ പഠിക്കുന്ന സമയം അവളുടെ മാതാപിതാക്കൾ നിയമപരമായി വിവാഹ ബന്ധം വേർപെടുത്തി. ഹമീദ് മകനെ ഒപ്പം കൊണ്ടുപോയി. സൈറാബിയുടെ സഹോദരൻ ഹനാന്റെ ചുമതല ഏറ്റെടുത്തിരുന്നെങ്കിലും കാര്യമായ സഹായങ്ങളൊന്നും ലഭിച്ചിരുന്നില്ല.

അവൾ എസ്എസ്എൽസി പരീക്ഷ എഴുതുന്ന സമയം സ്വന്തമായി വീടില്ലാത്ത സ്ഥിതിവിശേഷവും വന്നുകൂടി. ഹനാൻ പറയുന്നു, "വീടില്ലാത്ത ഞാൻ ആദ്യം എന്റെ ഉത്തമ സുഹൃത്തായ ആതിരയുടെ വീട്ടിൽ ഏകദേശം ഒരു മാസത്തോളം താമസിച്ചു. എന്റെ പരീക്ഷാഫലം വന്നു കഴിഞ്ഞപ്പോൾ ഞാൻ കൊച്ചിയിൽ ജോലി അന്വേഷിച്ചു പുറപ്പെട്ടു. ഒരു കാൾ സെന്ററിൽ രാത്രിയും പകലും ഷിഫ്റ്റുകൾ മാറിമാറി ജോലി ചെയ്തു. ആദ്യത്തെ മാസത്തെ ശമ്പളം കിട്ടുന്നവരെ എനിക്ക് താമസിക്കാനായി ഒരു മുറിയുടെ വാടക കൊടുക്കാനുള്ള കഴിവുണ്ടായിരുന്നില്ല. ഒരു മാസം പണമോ പാർപ്പിടമോ ഇല്ലാതെയുള്ള ക്ലേശം മൂലവും തുടർച്ചയായ ചെവിയിലേക്കുള്ള ടെലിഫോണിലെ സൗണ്ട് മൂലവും എന്റെ ഇടത്തെ ചെവിക്ക് തകരാറു സംഭവിച്ചിരുന്നു. ഭാഗികമായി എന്റെ ചെവിയുടെ കേൾവി നഷ്ടപ്പെട്ടു. ആദ്യത്തെ ജോലിയിൽനിന്ന് എന്നെ പുറത്താക്കി. അതിനുശേഷം 'ഡേറ്റ എൻട്രി' സ്റ്റാഫായി ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി തുടങ്ങി."

അവളുടെ ഉമ്മയെ കൊച്ചിയിൽ ഒരു അതിഥി മന്ദിരത്തിൽ താമസിപ്പിച്ചു. മടവനയിൽ പിന്നീട് ഒരു വീട് വാടകയ്‌ക്കെടുത്തു. ഉമ്മയുമൊത്ത് ആ വീട്ടിൽ താമസമാക്കി. ജീവിക്കാൻ വേണ്ടി വിശ്രമമില്ലാതെ പഠനവും മീൻകച്ചവടവുമായി നടക്കുന്ന ഹനാനു തന്റെ സ്വന്തം ഭാവി കരുപിടിപ്പിക്കുമെന്നുള്ള ശുപാപ്തി വിശ്വാസവുമുണ്ട്. കുഞ്ഞായിരുന്നപ്പോൾ മുതൽ അവൾക്ക് ഒരു ഡോക്ടറാകണമെന്ന ആഗ്രഹമാണുള്ളത്. അവൾ പറയുന്നു, "ഞാൻ ഒരു മെഡിക്കൽ ഡോക്ടറാകാൻ സ്വപ്നം കാണുന്നു. എങ്കിലും എന്റെ സാഹചര്യങ്ങൾ അതിന്റെ വഴിയേ പോവുന്നു. മാടവന വീട്ടിലേക്ക് മാറിയ ശേഷം ഞാൻ തൊടുപുഴയിലുള്ള 'അൽ അസർ കോളേജിൽ' കെമിസ്ട്രി ബിഎസ്സി യ്ക്ക് ചേർന്നു. എന്നാൽ എന്റെ പഠനം തുടരാനും രോഗിയായ ഉമ്മയെ നോക്കാനും വരുമാനം തേടി പോവണമായിരുന്നു."

അവൾ ചിക്കൻ ഫ്രയ് (Chicken Fry) ഉണ്ടാക്കി കോളേജ് കാന്റീനിൽ വിൽക്കുമായിരുന്നു. നല്ലൊരു പാചകക്കാരിയെന്നും അവകാശപ്പെടുന്നു. അവളുടെ കെഎഫ്‌സി സ്റ്റയിലിൽ ഉണ്ടാക്കുന്ന 'ചിക്കൻ' കോളേജിലെ കുട്ടികളുടെയിടയിൽ പ്രസിദ്ധമാണ്‌. അദ്ധ്യാപകർക്കും സഹപാഠികൾക്കും ചിക്കൻ വിൽക്കുന്ന സമയത്താണ് അവൾക്ക് ചെവിക്കു കേൾവി കുറവുണ്ടെന്ന് അവളുടെ ഗുരുക്കൾ  മനസിലാക്കിയത്. കോളേജ് മാനേജ്‌മെന്റിന്റെ ഹോസ്പിറ്റലിൽ സൗജന്യമായി ചീകത്സ നൽകുകയും  ചെവി സർജറി ചെയ്യുകയും ചെയ്തു.

ആലുവാ ബീച്ചിൽ ഒരു ആഘോഷ വേളയിൽ 'ഏത്തക്കാ ബോളി' വിറ്റിരുന്ന സമയം രണ്ടു ചെറുപ്പക്കാരായ യുവാക്കളെ അവൾ കണ്ടുമുട്ടി. പതിനായിരം രൂപ മീൻ കച്ചവടത്തിൽ ഉണ്ടാക്കാൻ സാധിക്കുമെന്നും അതിനു തയ്യാറെങ്കിൽ അവരെ വിളിക്കാനും പറഞ്ഞു. അവർ അവളെ മീൻ വിൽക്കുന്ന മാർക്കറ്റിൽ കൊണ്ടുപോയി. അതിന്റെ അടുത്ത മാസം തന്നെ അവൾ മാർക്കറ്റിൽ മത്സ്യ വിൽപ്പന തുടങ്ങി. ആ സമയത്ത് തെരുവിൽ എങ്ങനെ കച്ചവടം നടത്താമെന്ന പ്രാഥമിക ജ്ഞാനവും നേടിയിരുന്നു. സിനിമകളിലും സീരിയലുകളിലും ജൂനിയർ ആർട്ടിസ്റ്റായി തൊഴിലിൽ ഏർപ്പെടാനും അവസരങ്ങൾ ലഭിച്ചിരുന്നു.

ഹനാന് വലിയ സ്വപ്നങ്ങളാണുള്ളത്. അവൾ കഠിനാദ്ധ്വാനം ചെയ്യുന്നത് ഒരു മെഡിക്കൽ ഡോക്ടറാകാനാണ്. അതിനായി നിരവധി ജോലികൾ ചെയ്യുന്നു. അവളുടെ അമ്മയെ ശുശ്രുഷിച്ചാൽ മാത്രം പോരാ അവൾക്ക് അവളുടെ വിദ്യാഭ്യാസ കാര്യങ്ങളും നോക്കണം. കൂടാതെ മൗറീഷ്യസിൽ എംബിബിഎസ്‌ പഠനത്തിനായി മുപ്പത്തിയഞ്ചു ലക്ഷം രൂപ കണ്ടെത്താനും ശ്രമിക്കുന്നു. നീറ്റ് (NEET)പരീക്ഷ പാസായ ശേഷം മൗറിഷ്യസിൽ പോയാൽ മെഡിക്കൽ ബിരുദമെടുക്കാമെന്ന് ഒരു സുഹൃത്തുവഴിയാണ് അവൾ അറിഞ്ഞത്‌. ശാസ്ത്രീയ വിഷയമായ കെമിസ്ട്രി മേജർ ചെയ്യുന്നു.

ഹനാൻ പറഞ്ഞു, "എന്റെ കഷ്ടപ്പാടുകൾക്കിടയിലും സ്വന്തമായി വരുമാനമുണ്ടാക്കി കോളേജ് വിദ്യാഭ്യാസം നടത്തുന്നതുകൊണ്ടാണ് മീഡിയായിൽ എന്നെപ്പറ്റിയുള്ള ശ്രദ്ധ പതിഞ്ഞത്. എന്നെപ്പോലെ അനേകം പെൺകുട്ടികൾ എന്റെ പ്രായത്തിലുള്ളവരും എന്നെക്കാൾ പ്രായം കുറഞ്ഞവരും ഈ തെരുവുകളിൽ മീൻ കച്ചവടം നടത്തുന്നുണ്ട്. പച്ചക്കറികളും മാംസവും വിൽക്കുന്നുണ്ട്. ഇരുപതു കുട്ടികളെയെങ്കിലും വ്യക്തിപരമായി എനിക്കറിയാം. ഓരോരുത്തർക്കും അവരുടെ പ്രയാസങ്ങളുടെയും ദുഖങ്ങളുടെയും കഷ്ടപ്പാടുകളുടെയും കഥകൾ പറയാനുണ്ടാകും. ധനികരായ പലരും എന്നെ വന്നു സഹായിച്ചിട്ടുണ്ട്. എന്റെ പഠനാവശ്യത്തിനായി പണം തന്നിട്ടുണ്ട്. എനിക്ക് ആവശ്യത്തിന് പണം ലഭിച്ചിട്ടുണ്ട്. എന്നെ സഹായിച്ചപോലെ ഹൃദയ വിശാലരായവർ തെരുവിൽക്കൂടെ നടക്കുന്ന കുട്ടികളെ സഹായിക്കണമെന്ന ഒരു അപേക്ഷ മാത്രമേ എനിക്ക് പറയാനുള്ളൂ."

ഹനാന്റെ കഥകൾ സോഷ്യൽ മീഡിയായിൽ പ്രചരിച്ചതോടെ അവൾക്ക് സഹായ ഹസ്തങ്ങളുമായി അനേകർ മുമ്പോട്ട് വന്നു. ചിലർ നല്ല ജോലികൾ വാഗ്ദാനം ചെയ്തു. ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളും സാമ്പത്തിക വാഗ്ദാനങ്ങളും നടത്തി. അവരിൽ ഒരാൾ ഫിലിം നിർമ്മാതാവായ അരുൺ ഗോപിയായിരുന്നു. 'രാമ ലീല' എന്ന സിനിമയുടെ നിർമ്മാണത്തോടെ കേരളത്തിൽ അറിയപ്പെടുന്ന വ്യക്തിയാണ് അരുൺ ഗോപി. തന്റെ അടുത്ത സിനിമയിൽ ഹനായ്ക്ക്  സുപ്രധാനമായ നടി സ്ഥാനം നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഹനായുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. അവൾ പറഞ്ഞു, "എനിക്ക് ഒരു നടിയാകണമെന്ന് കുഞ്ഞുനാൾ മുതലുള്ള മോഹമായിരുന്നു. എന്നാൽ സിനിമയിൽ അഭിനയിക്കാനുള്ള എന്റെ ശ്രമങ്ങൾ എന്നും പരാജയപ്പെടുകയാണുണ്ടായത്. അരുൺ ഗോപിയുടെ സിനിമയിൽ എനിക്ക് അഭിനയിക്കാനുള്ള അവസരം തരുമെന്ന വാഗ്ദാനം വളരെയധികം സന്തോഷത്തോടെയാണ് ഞാൻ സ്വീകരിച്ചത്. ആ വാഗ്ദാനം സ്വീകരിക്കാൻ രണ്ടാമതൊന്ന് എനിക്ക് ചിന്തിക്കേണ്ടി വന്നില്ല."

മാതൃഭൂമി പത്രമാണ് പ്രൈവറ്റ് കോളേജിൽ കെമിസ്ട്രി മൂന്നാം വർഷ വിദ്യാർഥിനിയായ ഹനായുടെ   കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതം ലോകത്തെ അറിയിച്ചത്. കോളേജിൽ പോവുന്ന ഈ കൊച്ചു കച്ചവടക്കാരത്തിയുടെ കഥകൾ മാതൃഭൂമി പത്രം റിപ്പോർട്ട് ചെയ്തപ്പോൾ അനേകായിരങ്ങൾ സ്നേഹാദരവോടെ ആ വാർത്തകൾ വായിച്ചു. വായിച്ചവരിൽ ഭൂരിഭാഗം പേരും അവളെ ആദരവോടെ കണ്ടു. അതെ സമയം അവളെ അപമാനിക്കാൻ വലിയ ഒരു വിഭാഗം മുമ്പോട്ട് വരുകയും ചെയ്തു.

മാതൃഭൂമിയിലെ വാർത്തയനുസരിച്ച് ഹനാന്റെ ദിവസം ആരംഭിക്കുന്നത് വെളുപ്പാൻ കാലം മൂന്നുമണി മുതലാണ്. 'മടവനയിലുള്ള വാടക വീട്ടിൽ അവൾ ആ സമയം പഠിക്കാൻ എഴുന്നേൽക്കുന്നു. ഒരു മണിക്കൂറിലെ പഠന ശേഷം അവൾ ചമ്പക്കരയിലുള്ള മത്സ്യ മൊത്ത മാർക്കറ്റിൽ മീൻ മേടിക്കാൻ പോകുന്നു. മൂന്നു കിലോമീറ്റർ സൈക്കിൾ ചവുട്ടിയാണ് പോവുന്നത്. മത്സ്യം സ്റ്റോക്ക് ചെയ്യാൻ അവിടെനിന്നും ഒരു ഓട്ടോ റിക്ഷയിൽ കൊച്ചിയിലെ തമ്മനത്തുള്ള ഒരു ബിസിനസ്സ് പങ്കാളിയുടെ വീട്ടിൽ എത്തുന്നു. വീണ്ടും വീട്ടിൽ മടങ്ങി വരുകയും സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസ്സിൽ അറുപതു കിലോമീറ്റർ ബസ് യാത്ര ചെയ്തു അവൾ തൊടുപുഴയിലുള്ള അൽ അസർ കോളേജിൽ എത്തുന്നു. ഒരു പകൽ മുഴുവൻ ക്‌ളാസിൽ ഇരുന്ന ശേഷം ഹനാൻ വീണ്ടും തമ്മനത്ത് എത്തുന്നു. വീട്ടിൽ മടങ്ങി പോവുന്നതിനുമുമ്പ് രാവിലെ മേടിച്ച മത്സ്യങ്ങൾ വിൽക്കുകയും ചെയ്യുന്നു. അവിടെ അഞ്ചര വരെ മത്സ്യ കച്ചവടം ചെയ്യും. ഹനാന്റെ 'അമ്മ ഡിന്നർ ഉണ്ടാക്കാനായി അവിടെ അവളെ കാത്തിരിക്കുന്നുണ്ടാവും. ഇളയ  സഹോദരനും ചിലപ്പോൾ കൂടെ താമസിക്കാൻ വരാറുണ്ട്.അതാണ്, അവളുടെ ഒരു ദിവസത്തെ പ്രവർത്തനമണ്ഡലങ്ങളുടെ കഥ.

ക്യാമറായുടെയും മൈക്കുകളുടെയും മുമ്പിൽ അവൾ വിങ്ങുന്ന ഹൃദയത്തോടെ പറഞ്ഞു "എന്നെ തേജോവധം ചെയ്യുന്ന പ്രിയപ്പെട്ടവരേ, നിങ്ങളൊന്നു മനസിലാക്കണം. ജീവിക്കാൻ വേണ്ടി പട്ടിണിയുടെ നാളുകളിൽക്കൂടി കടന്നുപോയ ഒരു പാവം പെൺകുട്ടിയാണ് ഞാൻ. വിശക്കുന്ന വയറുകളുമായി രാത്രിയും പകലും  കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ലോകത്തുള്ള എല്ലാ പെൺകുട്ടികളെ പ്പോലെ ഞാനും സ്വപ്നങ്ങളുടെ കൂമ്പാരങ്ങൾ പടുത്തുയർത്തിയിരുന്നു. നിങ്ങളെപ്പോലെ ജീവിക്കാൻ എനിക്കും മോഹങ്ങളുണ്ട്. സോഷ്യൽ മീഡിയാകൾ എന്നെ കല്ലെറിയരുതേ! മാദ്ധ്യമങ്ങളിൽ അവാസ്തവങ്ങളായ കമന്റുകൾ കാണുമ്പോൾ ഞാൻ തളർന്നു പോവുന്നു. എനിക്കു ചുറ്റുമുള്ള എന്റെ സമപ്രായക്കാർ തത്തിക്കളിച്ച് കോളേജുകുമാരികളായി അടിച്ചുമിന്നുമ്പോൾ ഞാൻ ഇവിടെ ഈ മത്സ്യമാർക്കറ്റിലെ തിരക്കുപിടിച്ച ജീവിതത്തിൽ ജീവിതവുമായി മല്ലിടുന്നു. ഏഴാം ക്ലാസ് മുതൽ മുത്തുമാല വിറ്റും ട്യൂഷനെടുത്തും ഞാൻ എന്റെ രോഗിണിയായ അമ്മയെ നോക്കുകയും വിദ്യാഭ്യാസം തുടരുകയും ചെയ്തിരുന്നു. ഇങ്ങനെയൊക്കെ ജീവിച്ചു വന്ന എന്നെയാണ് ഇന്ന് സാമൂഹിക മാദ്ധ്യമങ്ങൾ വിസ്തരിക്കുന്നത്."

സത്യത്തിന്റെ നിജസ്ഥിതി മനസിലാക്കാതെയാണ്, സോഷ്യൽ മീഡിയാകൾ അവളെ ക്രൂശിച്ചുകൊണ്ടിരിക്കുന്നത്. തന്റെ ഉമ്മയ്ക്ക് മരുന്നിനു പൈസക്കായി അവൾ തെരുവുകളിൽക്കൂടി  മുത്തുമാല വിറ്റു നടന്നിട്ടുണ്ട്. നാടകത്തിൽ അഭിനയിക്കാൻ പോയിട്ടുണ്ട്. സിനിമയിൽ തുച്ഛമായ പണത്തിനുവേണ്ടി ചെറിയ റോളുകളിൽ അഭിനയിച്ചിരുന്നു. ജൂനിയർ ആർട്ടിസ്റ്റായും ഫ്‌ളവർ ഗേൾ ആയും ജോലി ചെയ്തുകൊണ്ട് അലഞ്ഞു നടന്നിട്ടുണ്ട്. മനസ് നിറയെ ആഗ്രഹങ്ങൾ കുമിഞ്ഞു കൂടിയിരുന്നെങ്കിലും സിനിമയിൽ ഒരു അവസരം തേടി നാളിതുവരെ ഒരു സ്ഥലത്തും അവൾ പോയിട്ടില്ലെന്നും പറഞ്ഞു. ജീവിത ക്ലേശങ്ങളുമായി ഏറ്റുമുട്ടുന്ന സമയങ്ങളിൽ സ്വാന്തന വാക്കുകളുമായി ഓടിവന്ന് അവളെ സഹായിച്ചത് കലാഭവൻ മണി മാത്രമായിരുന്നു.

മാദ്ധ്യമങ്ങൾക്കെതിരെ പ്രതികരിച്ചുകൊണ്ട് ഹനാനെയെപ്പറ്റി സംസാരിക്കാൻ അവളുടെ കോളേജ് പ്രിൻസിപ്പാൾ രംഗത്തു വന്നിരുന്നു. 'സാമൂഹിക മാദ്ധ്യമങ്ങൾ പച്ചക്കള്ളങ്ങൾ തൊടുത്തു വിടുന്നുവെന്ന്' അദ്ദേഹം പറഞ്ഞു. അവൾ വളരെ കഷ്ട്ടപ്പെട്ടു കോളേജിൽ പഠിക്കുന്നവളെന്നും 'അമ്മ ഒരു മാനസിക രോഗിയെന്നും അവളുടെ അച്ഛൻ അമ്മയെ ഉപേക്ഷിച്ചു പോയിരുന്നുവെന്നുമുള്ള യാഥാർഥ്യം പ്രിൻസിപ്പാൾ സോഷ്യൽ മീഡിയാകൾ വഴി പ്രസ്താവിക്കുകയുമുണ്ടായി.

ക്രൂരവും നിന്ദ്യവുമായ ആരോപണങ്ങളാണ് അവൾക്കെതിരെ കുബുദ്ധികളായവർ സാമൂഹിക മാദ്ധ്യമങ്ങൾവഴി പ്രചരിപ്പിച്ചിരുന്നത്. ഒരു സിനിമയുടെ പ്രചാരണത്തിനു വേണ്ടിയായിരുന്നു ഈ  വ്യാജ വാർത്തകളെന്ന് സോഷ്യൽ മീഡിയ പ്രചരിപ്പിച്ചിരുന്നു. സിനിമ താരങ്ങൾക്കൊപ്പം അവൾ നിൽക്കുന്ന ഫോട്ടോകൾ കണ്ടാണ് പലരും അവളെ വിമർശിക്കുന്നത്. ജൂനിയർ ആർട്ടിസ്റ്റായി സിനിമാ താരങ്ങൾക്കൊപ്പം അഭിനയിച്ചപ്പോഴുള്ള ഫോട്ടോകൾ ചേർത്താണ് ഈ  പെൺകുട്ടിയെ നിർദ്ദയരായ ഒരു സമൂഹം അപമാനിച്ചുകൊണ്ടിരിക്കുന്നത്.

ഹനാനയ്ക്ക് ചെവിയിൽ കടുത്ത അസുഖമുണ്ട്. പോരാഞ്ഞു പുറം വേദനയും അലട്ടുന്നുണ്ട്. അൽ അസർ കോളേജിൽ പഠിക്കാനെത്തിയത് കലാഭവൻ മണിയുടെ നിർദേശപ്രകാരമായിരുന്നു. എം.ജി യുണിവേസിറ്റിയിൽ ഒരു കലോത്സവത്തിൽ ഒപ്പന ഡാൻസിന് പോയ സമയം അവൾ സ്റ്റേജിൽ വീഴുകയുണ്ടായി. ചെവിയുടെ സമ്മർദ്ദമായിരുന്നു കാരണം. കോളേജിന്റെ ഉത്തരവാദിത്വത്തിൽ അവൾക്ക് സൗജന്യമായ ചീകത്സ നൽകിക്കൊണ്ടിരിക്കുന്നു.

ജൂനിയർ ആർട്ടിസ്റ്റായി പോവുന്ന ഒരു കുട്ടി എന്തുകൊണ്ട് മീൻ കച്ചവടം ചെയ്തുവെന്നാണ് സാമൂഹിക മാദ്ധ്യമങ്ങൾ അവളോടു ചോദിക്കുന്നത്. ആർട്ടിസ്റ്റായി എല്ലാ സമയത്തും അവൾക്ക് അവസരങ്ങൾ ലഭിക്കാറില്ല. മാത്രമല്ല അവധി ദിവസങ്ങളിൽ മാത്രമേ അവൾക്ക് ആർട്ടിസ്റ്റായി ജോലി ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ. തുച്ഛമായി ലഭിക്കുന്ന ആ പണം കൊണ്ട് ജീവിക്കാൻ സാധിക്കുമായിരുന്നില്ല. മീൻകച്ചവടം ആദായകരമായ ഒരു തൊഴിലായതിനാൽ ഈ പെൺകുട്ടി അങ്ങനെയൊരു സാഹസത്തിനു മുതിർന്നു. അതുമൂലം അവളുടെ പ്രാരാബ്ധങ്ങൾക്ക് ആശ്വാസവും ലഭിച്ചിരുന്നു.

മാതൃഭൂമിയിൽ ഹനാനെയെപ്പറ്റി വാർത്തകൾ വന്ന ശേഷമാണ് സിനിമയിൽ അവൾക്ക് അവസരങ്ങൾ തേടി വന്നത്. വാർത്ത വരുന്നതിനുമുമ്പ് സിനിമയിൽ അഭിനയിക്കാനായി അവസരങ്ങളൊന്നും ഒരു സംവിധായകരും നൽകിയിട്ടില്ല. ജീവിതത്തിൽ ആശകൾ നൽകിയിരുന്നത് കലാഭവൻ മണിയായിരുന്നുവെന്നു അവൾ പറയുന്നു. അദ്ദേഹത്തിൻറെ മരണ ശേഷം കൊതിച്ചുപോയ അവളുടെ ആശകളും ഒപ്പം അസ്തമിച്ചുപോയിരുന്നു. കാര്യങ്ങൾ പ്രശ്ന സങ്കീർണ്ണമായതോടെ ജീവിക്കാൻ നിവൃത്തിയില്ലാതെ ആ പെൺകുട്ടി മീൻ കച്ചവടത്തിൽ ഏർപ്പെടുകയും ചെയ്തു.

ഹനാൻ പറയുന്ന വാക്കുകൾ കോളേജ് പ്രിൻസിപ്പാളും അവളുടെ ഡോക്ടറും പ്രൊഫസർമാരും ഒരുപോലെ ശരിവെക്കുന്നുണ്ട്. പലപ്പോഴും കോളേജിലെ ഫീസ് അടക്കാൻ നിവൃത്തിയില്ലാതെ വരുന്ന സമയങ്ങളിൽ കോളേജ് മാനേജ്‌മെന്റ് അവൾക്ക് ഇളവുകൾ നൽകാറുണ്ട്. അവളുടെ പ്രിൻസിപ്പാൾ പറഞ്ഞു, "ഹനാൻ പറയുന്നത് സത്യമാണ്. ഹൃദയം നിറഞ്ഞുള്ള അവളുടെ ക്യാമറായുടെ മുമ്പിലുള്ള ആ പൊട്ടിക്കരച്ചിലുകൾ യഥാർത്ഥ ജീവിതത്തിന്റെ പ്രതിഫലനങ്ങളായിരുന്നു. ഇത്തരത്തിൽ ജീവിക്കുന്ന ഒരു പെൺകുട്ടിയെ സമൂഹം ആക്രമിക്കുന്ന ലക്ഷ്യങ്ങളും മനസിലാകുന്നില്ല."

ജീവിത യാഥാർഥ്യങ്ങൾക്കുമുമ്പിൽ പകച്ചുപോയ ഒരു പെൺകുട്ടി അതിജീവനത്തിനു വേണ്ടി പോരാടുമ്പോൾ അവളോട് സ്നേഹവാത്സ്യങ്ങൾ പ്രകടിപ്പിക്കുന്നതിനു പകരം ദയയില്ലാത്ത  ട്രോളർമാരുടെ അപവാദ കഥകൾ തികച്ചും ദുഃഖകരവും സാമൂഹിക ദ്രോഹവുമാണ്. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരേണ്ടതാണ്. അവൾക്കെതിരെയുള്ള ആരോപണങ്ങൾ ഒരു സമൂഹത്തെ മുഴുവൻ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. സാമൂഹിക മാദ്ധ്യമങ്ങളിൽ അസംബന്ധം പ്രചരിപ്പിച്ച ഏതാനും കുത്സിത ചിന്താഗതിക്കാരുടെ  പേരുകളിൽ കേസുകൾ ചാർജ് ചെയ്തതും ആശ്വസകരമാണ്.

വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ നമ്മൾ ഉൾപ്പടെയുള്ളവർ പ്രവർത്തിച്ചെങ്കിൽ അതിനൊരു പുനർചിന്തനം ആവശ്യമാണ്. അറിഞ്ഞും അറിയാതെയും കൂട്ടുനിന്നവർ ആ പാവം പെൺകുട്ടിയുടെ ഹൃദയ വികാരങ്ങൾ മനസിലാക്കിയില്ല. സോഷ്യൽ മീഡിയാകളുടെയും മുഖ്യമാദ്ധ്യമങ്ങളുടെയും  റിപ്പോർട്ടുകൾ ആധികാരികമായി അന്വേഷിക്കാതെ സ്വീകരിക്കുന്ന നയവും ശരിയല്ല. ഒരു വാർത്ത കണ്ടാലുടൻ അതിന്റെ സത്യാവസ്ഥ മനസിലാക്കാതെ ഫോർവേർഡ് ചെയ്യുന്നതിനു മുന്നെ വാർത്തയുടെ നിജസ്ഥിതി ഉറപ്പു വരുത്തുകയും വേണം. സഹായിച്ചില്ലെങ്കിലും ഒരു കൊച്ചു പെൺകുട്ടിയെ ഇങ്ങനെ ഉപദ്രവിക്കുന്നതും മനുഷ്യത്വരഹിതമാണ്.

ഹനാൻന്റെ ജീവിതാനുഭവങ്ങള്‍ മനസ്സിലാക്കുമ്പോള്‍ ആ കുട്ടിയില്‍ അഭിമാനം തോന്നുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുകയുണ്ടായി. കേരളം മുഴുവന്‍ അവളെ പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ന് സാമൂഹിക മാദ്ധ്യമങ്ങൾ മനുഷ്യനെ ദ്രോഹിക്കാനുള്ള ഇരുതല വാളുകളേക്കാൾ ശക്തിയേറിയതായിരിയ്ക്കുന്നു. സോഷ്യൽ മീഡിയയിലെ ഇടപെടലില്‍ അതി സൂക്ഷ്മത പാലിക്കേണ്ടതായുമുണ്ട്.

അനുഭവങ്ങളുടെയും പാളിച്ചകളുടെയും മദ്ധ്യേ നിറഞ്ഞ പുഞ്ചിരിയോടെ  ജീവിതം തള്ളി നീക്കുന്ന ഈ മലയാളി പെൺകുട്ടിയെ ഇന്ന് സ്വന്തം മകളാക്കാൻ ആഗ്രഹിക്കുന്നവർ അനവധി. തിരക്കുപിടിച്ച ജനജീവിതത്തിനിടയിൽ പാലാരി വട്ടം തമ്മനം കവലയിൽ മീൻ വിൽക്കുന്ന അവളെ അടുത്ത ദിവസം വരെ ആരും ശ്രദ്ധിച്ചിരുന്നില്ല. ഇന്ന് പതിനായിരങ്ങൾ അവളുടെ വാക്കുകളെ ശ്രവിക്കുന്നു. പേരിന്റെ അർത്ഥം പോലെ ആർദ്രയാണവൾ. മനസുനിറയെ ദുഃഖങ്ങൾ പേറുന്നുണ്ടെങ്കിലും അവളുടെ നിഷ്കളങ്കമായ മുഖഭാവങ്ങളിൽ അതൊന്നും പ്രകടമാവുന്നില്ല. മീൻ വിൽക്കാനായി അവൾ സൈക്കിൾ ചവിട്ടുന്നു. ഉമ്മയെയും അവളുടെ ആങ്ങളയെയും പോറ്റുന്നു. നാളത്തെ ശുഭദിനങ്ങളുടെ പ്രതീക്ഷകളുമായി കാലചക്രങ്ങളും അവൾക്കൊപ്പം ചലിക്കുന്നു. വലിയ ഭാഗ്യശാലിയായി അവളിനി കുതിച്ചുയരുന്നത് പരിഹസിച്ചവരും കളിയാക്കിയവരും അറിയുന്ന  സമയം അതി വിദൂരമല്ല. കേരളമണ്ണിന്‌ അഭിമാനമായ ഹനാൻ എന്ന ഈ ചുണക്കുട്ടീ  യുവ തലമുറകൾക്ക് മാതൃകയാണ്. ഉണർവും ആവേശവും നൽകുന്നു.  അവൾ പ്രകാശത്തിന്റെ കൈത്തിരിയും തെളിയിക്കുന്നു.


















Friday, July 13, 2018

അസാന്മാർഗിക വൈദീകരും വിശുദ്ധ നുണകളും


ജോസഫ് പടന്നമാക്കൽ 

'ഓർത്തോഡോക്സ്', 'കത്തോലിക്ക' എന്ന രണ്ടു പ്രബല ക്രിസ്ത്യൻ സമൂഹങ്ങളിലുള്ള പുരോഹിതരുടെ ലൈംഗിക കുറ്റകൃത്യങ്ങൾ അടുത്ത കാലത്തായി ദൃശ്യ മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയാകളിലും  പ്രധാന വാർത്തകളായി സ്ഥാനം പിടിച്ചു കഴിഞ്ഞിരിക്കുന്നു. മലങ്കര ഓർത്തോഡോക്സ് പുരോഹിതരുടെയിടെയിലാണ് പുതിയ സംഭവവികാസങ്ങളിൽ ആദ്യത്തെ പീഡന കഥയാരംഭിച്ചത്. സാധാരണ ഇത്തരം കേസുകൾ കത്തോലിക്ക പുരോഹിതരുടെ ഇടയിലാണ് സംഭവിക്കുന്നത്. അതുകൊണ്ടു ഓർത്തോഡോക്സ് പുരോഹിതരുടെ ലൈംഗിക കുറ്റാരോപണങ്ങളിലും സാമൂഹിക മാദ്ധ്യമങ്ങൾ പഴി ചാരുന്നത് കത്തോലിക്കാ സഭയെയാണ്. ഓർത്തോഡോക്സ് സഭയിൽ അഞ്ചു പുരോഹിതർ വിവാഹിതയായ ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആ സ്ത്രീയുടെ ഭർത്താവ് പരാതി നൽകിയിരിക്കുന്നത്. അവരിൽ നാലു പുരോഹിതരുടെ പേരിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് ചാർജ് ചെയ്യുകയും ചെയ്തു.

കത്തോലിക്ക സഭയിൽ ലൈംഗിക അപവാദത്തിൽ പ്രതി ഒരു ബിഷപ്പായതുകൊണ്ടാണ് വാർത്തകൾക്കു കോളിളക്കം സൃഷ്ടിക്കാൻ കാരണമായത്. ബിഷപ്പിനെതിരെ കുറ്റം ആരോപിച്ചത് ഒരു കന്യാസ്ത്രീയും. 2016 മുതൽ ജലന്ധറിലെ ബിഷപ്പായ ഫ്രാങ്കോ മുളയ്ക്കൽ തന്റെ കീഴിലുള്ള ഒരു കോൺവെന്റിലെ കന്യാസ്ത്രിയെ പല കാലങ്ങളായി പതിമൂന്നു തവണകൾ പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. പക്ഷെ ഈ രണ്ടു കേസുകളിലെയും സഭാ നേതൃത്വങ്ങൾ കേസുകളെ മറച്ചുവെക്കാനാണ് ശ്രമിച്ചിട്ടുള്ളത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറവിലങ്ങാട്ട് കന്യാസ്ത്രീകളുടെ മഠം വക അതിഥി മന്ദിരത്തിലെ ഇരുപതാം നമ്പർ മുറിയിൽ വെച്ച് കന്യാസ്ത്രിയെ പീഡിപ്പിച്ചുവെന്നാണ്, പൊലീസിനു മൊഴി നൽകിയിരിക്കുന്നത്. ജലന്ധറിൽ നിന്നും കൂടെ കൂടെ ബിഷപ്പ് അശ്ളീല സന്ദേശങ്ങൾ അയച്ചിരുന്നുവെന്നും മഠത്തിൽ വെച്ച് അവരെ പ്രകൃതി വിരുദ്ധത ഉൾപ്പടെ പതിമൂന്നു തവണകൾ പീഡിപ്പിച്ചുവെന്നും   പീഡനം 2014 മുതൽ 2016 വരെയെന്നും പരാതിയിൽ ബോധിപ്പിച്ചിരുന്നു. 2014 മെയ് എട്ടാം തിയതി വൈദികരുടെ പട്ടം കൊടുക്കുന്ന ചടങ്ങിൽ ബിഷപ്പ് കാർമ്മികനായിരുന്നു. അതിനുശേഷമാണ് കുറവിലങ്ങാട്ട് ബിഷപ്പ് താമസിക്കാൻ വന്നത്. തൊട്ടടുത്ത ദിവസം തന്നെ കന്യാസ്ത്രീയുടെ കുടുംബത്തിലുള്ള ഒരു കുട്ടിയുടെ ആദ്യ കുർബാനയിലും ബിഷപ്പ് പങ്കുകൊണ്ടിരുന്നു. പീഡനം നടത്തിയ നാളുകളിലെല്ലാം ഫ്രാങ്കോ മഠത്തിൽ താമസിച്ചിരുന്നതായുള്ള രേഖകൾ മഠം വക രജിസ്റ്ററിൽനിന്നു പോലീസിനു ലഭിച്ചിട്ടുമുണ്ട്.

സ്ത്രീകൾ മാത്രം താമസിക്കാറുള്ള ഒരു മഠത്തിനുള്ളിൽ ബിഷപ്പിന് താമസിക്കാനുള്ള അനുവാദമുണ്ടായിരുന്നില്ല. ഫോണിൽക്കൂടി നിത്യം ബിഷപ്പിന്റെ ശല്യം സഹിക്ക വയ്യാതെ സന്യാസിനി ജീവിതം ഉപേക്ഷിക്കാനായും ആത്മഹത്യയെപ്പറ്റി ചിന്തിച്ചിരുന്നതായും  പോലീസിനോടു ഇരയായ ഈ കന്യാസ്ത്രി  പറഞ്ഞു.  പള്ളി വികാരിയോട് പീഡന കഥകൾ പറഞ്ഞപ്പോൾ അദ്ദേഹം ഈ വിവരം പാലാ ബിഷപ്പിനെ അറിയിച്ചതായും കന്യാസ്ത്രീയുടെ മൊഴിയിലുണ്ട്. പാലാ ബിഷപ്പ് കുറവിലങ്ങാട്ടുള്ള പള്ളി മേടയിൽ വെച്ച് നേരിട്ട് കന്യാസ്ത്രിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. അതിനുശേഷം താൻ അനുഭവിച്ചതായ പീഡന കഥകളെപ്പറ്റി കന്യാസ്ത്രി ആലഞ്ചേരിക്ക് നേരിട്ട് പരാതി കൊടുക്കുകയും ചെയ്തു. വിവരങ്ങൾ ഒന്നൊന്നായി സത്യാവസ്ഥകൾ സഹിതം പുറത്തു വന്നതോടെ ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യങ്ങളും തെളിഞ്ഞു വന്നുകൊണ്ടിരിക്കുന്നു. ഇന്ത്യൻ ശിക്ഷാ നിയമം നൂറ്റി അറുപത്തിനാലാം വകുപ്പനുസരിച്ചാണ് പോലീസ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. കന്യാസ്ത്രിയോട് മജിസ്‌ട്രേറ്റിന്റെ മുമ്പിൽ രഹസ്യ മൊഴി നൽകാനും പോലീസ് ആവശ്യപ്പെടുകയും അതനുസരിച്ച് അവർ മൊഴി നൽകുകയും ചെയ്തു. കന്യാസ്ത്രീയുടെ കന്യകാത്വത്തെ അറിയാൻ വൈദ്യ പരിശോധന നടത്തിയതിലും പീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ട്. അക്കാര്യം ഡോക്ടറും സ്ഥിതീകരിച്ചു. പതിമൂന്നു തവണകൾ പീഡിപ്പിച്ച ദിനങ്ങളിലെല്ലാം ബിഷപ്പ് മഠത്തിൽ വന്നതായി രജിസ്റ്റർ ബുക്കിൽ രേഖകളുമുണ്ട്. ഇക്കാലയളവിൽ മഠത്തിലുണ്ടായിരുന്ന മറ്റു കന്യാസ്ത്രീകളുടെ മൊഴികളും ബിഷപ്പിന് അനുകൂലമായിരുന്നില്ല.

കന്യാസ്ത്രീയെ പീഡിപ്പിച്ച വിവരങ്ങൾ കർദ്ദിനാൾ ആലഞ്ചേരിയെ അറിയിച്ചിട്ടും അദ്ദേഹത്തിൻറെ ഭാഗത്തുനിന്നു യാതൊരു പ്രതികരണവും ഉണ്ടായില്ലെന്ന് ജലന്ധർ രൂപതയിലെ ഒരു പുരോഹിതന്റെ റിപ്പോർട്ടിൽ പറയുന്നു. അദ്ദേഹം പറയുന്നു, "കേരള കത്തോലിക്ക സഭകളുടെ തലവനെന്ന നിലയിൽ കർദ്ദിനാൾ ആലഞ്ചേരിയിൽനിന്ന് മാന്യമായ പ്രതികരണം പ്രതീക്ഷിച്ചു. അദ്ദേഹത്തിന് ഫോൺ നമ്പറും ഇമെയിലും കൊടുത്തിരുന്നു. കന്യാസ്ത്രീയുടെ ദുഃഖത്തിൽ പങ്കുചേർന്നുള്ള ഒരു മറുപടി പോലും ആലഞ്ചേരിയുടെ അരമനയിൽ നിന്നും ലഭിച്ചില്ല. അദ്ദേഹത്തെ കർദ്ദിനാളായി ഉയർത്തിയത് റോമിൽ നിന്നാണ്. റോമ്മാ സഭയിലെ കർദ്ദിനാളെന്ന സ്ഥാനത്തിന്റെ പേരിൽ ജലന്ധർ ബിഷപ്പിനു മുകളിൽ ആലഞ്ചേരിക്ക് തീർച്ചയായും ആദ്ധ്യാത്മിക അധികാരവും കാണേണ്ടതാണ്. എന്നാൽ അദ്ദേഹം സംസാരിക്കുന്നതെല്ലാം വസ്തുതകളെ മറച്ചുവെച്ചുകൊണ്ടായിരുന്നു. ചാനലുകാരുടെ മുമ്പിൽ ഒന്നും അറിഞ്ഞില്ലാത്ത വിധം കാര്യ കാരണ വിരുദ്ധമായി സംസാരിക്കുകയും ചെയ്യുന്നു. റോമിൽ നിന്ന് തുടങ്ങിയ സീറോ മലബാർ സഭ നിരുത്തരവാദപരമായ ഒരു സമീപനമാണ് കന്യാസ്ത്രീയുടെ കാര്യത്തിൽ സ്വീകരിച്ചിരിക്കുന്നത്."

ഒരു കന്യാസ്ത്രീയുടെ ജീവിതം തുടങ്ങുന്നത് കൂട്ടിനകത്ത് അടച്ചിട്ട കിളിയെപ്പോലെയാണ്. പല പുരോഹിതരും കന്യാസ്ത്രീകളെ വീക്ഷിക്കുന്നത് അവരുടെ ഭോഗ വസ്തുവായിട്ടും. സഭയെ വിശ്വസിച്ചേൽപ്പിച്ച പെൺകുട്ടികളെ കന്യാസ്ത്രി മഠങ്ങളിൽ ചിലർ അധികാരത്തിന്റെ മറവിൽ  ചവുട്ടി മെതിക്കുകയാണ് ചെയ്യുന്നത്. വീടും സ്വന്തം മാതാപിതാക്കളെയും സഹോദരരേയും ഉപേക്ഷിച്ചുകൊണ്ടാണ് ഒരു പെൺക്കുട്ടി മഠത്തിൽ ചേരുന്നത്. അങ്ങനെയുള്ള ഒരു കന്യാസ്ത്രീയുടെ ഹൃദയം തകർന്നുള്ള ശബ്ദമാണ് ജലന്ധർ ബിഷപ്പിനെതിരെ പ്രതികരിച്ചത്.

ശബ്ദിക്കാൻ കഴിയാത്തവരെ അതിക്രമിച്ചു കീഴടക്കുകയെന്നതാണ്, അധികാരം കൈമുതലായുള്ള  പുരോഹിതരുടെ നയം. സ്വന്തം കാമം പൂർത്തികരിക്കപ്പെട്ടശേഷം ഇവർ പാവപ്പെട്ട കന്യാസ്ത്രീകളെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഒരു മുതിർന്ന സിസ്റ്ററിനോട് ഇത്രമാത്രം അപകീർത്തികരമായ പ്രവർത്തികൾ ചെയ്ത ഈ ബിഷപ്പ് തീർച്ചയായും കൊച്ചു കന്യാസ്ത്രികളുടെയും കന്യകാത്വം അപഹരിച്ചു കാണും. സഭയ്ക്ക് അപകീർത്തികരമായ ലൈംഗിക കഥകൾ പുറത്തു വരുമെന്ന് ഭയപ്പെട്ട് 'ജലന്തർ രൂപത', കന്യാസ്‌ത്രിയെയും കന്യാസ്ത്രീയുടെ കുടുംബത്തെയും ഭീക്ഷണിപ്പെടുത്തിയതായ വാർത്തകളും പുറത്തു വരുന്നു.

പണവും പ്രതാപവും അധികാരവുമില്ലാത്ത പാവപ്പെട്ട ഒരു സാധാരണ വ്യക്തി എന്തെങ്കിലും കുറ്റകൃത്യങ്ങൾ ചെയ്‌താൽ യാതൊരു ദയാ ദാക്ഷണ്യവും ഇല്ലാതെ നിയമവും വ്യവസ്ഥിതികളും പ്രതിയെ ഉടൻ അറസ്റ്റു ചെയ്യും. എന്നാൽ ഭാരതത്തിൽ ബിഷപ്പിനും പുരോഹിതർക്കും മറ്റൊരു നിയമമാണ് നിലവിലുള്ളത്. പരാതി കൊടുത്ത കന്യാസ്‌ത്രിയെയും കുടുംബത്തെയും കേസിൽ നിന്ന് പിൻവാങ്ങാനായി സമ്മർദ്ദവും കൊടുക്കുന്നുണ്ട്. കുറ്റക്കാരെ രക്ഷിക്കാൻ സഭ എത്ര പണം ചെലവാക്കിയും അധികാരികളെ പ്രീതിപ്പെടുത്തുകയും ചെയ്യും.

കന്യാസ്ത്രി മഠങ്ങളിൽ പോയി കന്യാസ്ത്രീകളെ പീഡിപ്പിക്കുകയെന്നത് ജലന്ധർ ബിഷപ്പിന്റെ വർഷങ്ങളായുള്ള പ്രവൃത്തികളായിരുന്നുവെന്ന് മറ്റു കന്യാസ്ത്രികളും ആരോപിക്കുന്നു. ഇന്ത്യയുടെ ശിക്ഷാ വിധിയനുസരിച്ച് ലൈംഗികാക്രമണ കേസുകളിൽ അറസ്റ്റ് ഉടൻ ഉണ്ടാവേണ്ടതാണ്. എന്നാൽ അങ്ങനെയൊന്ന് നിയമവ്യവസ്ഥ പാലിക്കേണ്ടവരുടെ വശത്തുനിന്നും ഉണ്ടായില്ല. നിരപരാധികളെ സ്വന്തം വീട്ടിൽനിന്നും പുറത്തിറക്കി ചവുട്ടി കൊല്ലാനുള്ള തന്റേടം പോലീസ് പ്രകടിപ്പിക്കാറുണ്ട്. കന്യാസ്ത്രിയുടെയും അവരുടെ സുഹൃത്തുക്കളായ കന്യാസ്ത്രികളുടെയും സ്വന്തം പിതാവിന്റെയും പരാതികൾ പോലീസിന്റെ കൈവശമുണ്ട്. പുരോഹിതർ കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷപെടാൻ മതവും പൗരാഹിത്യവും അവരുടെ കുപ്പായങ്ങളും ദുരുപയോഗപ്പെടുത്തുന്നു. ഇന്ത്യയിലെ നിയമങ്ങൾ അവർക്ക് ബാധകമല്ലെന്നുള്ള മട്ടിൽ പെരുമാറുകയും ചെയ്യുന്നു. ഇതെല്ലാം മനസ്സിലാക്കിയിട്ടും വിശ്വാസികൾ അഴിമതിക്കാരായ പുരോഹിതരോടും വിധേയത്വം പുലർത്തി അവരെ ദൈവതുല്യരായി കരുതുകയും ചെയ്യുന്നു. ചൂഷണവും പീഡനവും അനുഭവിക്കുകയെന്നത് അല്മെനികളുടെ മതപരമായ താല്പര്യത്തിനും ആവശ്യമാണ്. അതുകൊണ്ടു ബിഷപ്പിന് ഒരു നീതിയും സാധാരണക്കാർക്ക് മറ്റൊരു നീതിയുമായിരിക്കും.

ഒരു പുരോഹിതൻ വ്യപിചാരക്കുറ്റത്തിനു പിടിക്കപ്പെട്ടാൽ സഭ കുറ്റം ചെയ്തവന്റെ പക്ഷത്തായിരിക്കും. ക്രിസ്തുവിന്റെ പന്ത്രണ്ടു ശിക്ഷ്യരിൽ ഒരാളായ യൂദാ പിഴച്ച കഥയും വിളമ്പും. കൂടാതെ അനേകം പുരോഹിതർ നല്ലവരായി ജീവിക്കുന്ന മഹത്വവും മാതൃകയായി അവതരിപ്പിക്കും.  പിഴച്ചു പോയ പുരോഹിതരല്ല ക്രിസ്തുവാണ് സഭയെന്നൊക്കെ പറഞ്ഞു വിശ്വാസികളുടെ കണ്ണിൽ പൊടിയിടും. ഒരിക്കലും കുറ്റകൃത്യങ്ങൾക്കു ബലിയാടാകുന്നവരുടെ പക്ഷം കൂടി സംസാരിക്കുന്ന ഒരു ചരിത്രം സഭയ്ക്കുണ്ടായിട്ടില്ല. 2017 ഫെബ്രുവരിയിൽ റോബിൻ വടക്കഞ്ചേരി എന്ന ലൈംഗിക കുറ്റവാളിയായ പുരോഹിതൻ പ്രായ പൂർത്തിയാകാത്ത പെൺക്കുട്ടിയെ ഗർഭിണിയാക്കി. അയാൾ മാനേജരായിരുന്ന സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്നു, ആ കുട്ടി. എന്നാൽ പോലീസ് കുറ്റവാളിയെപ്പറ്റി അന്വേഷണം നടത്തുന്ന വേളകളിൽ അയാളുടെ കുറ്റകൃത്യങ്ങളെ മാനന്തവാടി ബിഷപ്പ് ജോസ് പൊരുന്നേടൻ മറച്ചു വെക്കാനാണ് ശ്രമിച്ചിരുന്നത്.

ഒരു പുരോഹിതനിൽ നിന്നും അവിഹിത ബന്ധത്തിൽ കുട്ടികളുണ്ടായാൽ അക്കാര്യം രഹസ്യമാക്കുവാൻ ഹോസ്പിറ്റലുകളും അനാഥാലയങ്ങളും സഭയ്ക്കുവേണ്ടി പ്രവർത്തിക്കുന്നു. പ്രായ പൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചാലും സഭാവക ഹോസ്പിറ്റലുകളോ അവിടുത്തെ ഡോക്ടർമാരോ ഈ വിവരം അധികാരികളെ അറിയിക്കുകയുമില്ല. അവിഹിതമായി ജനിക്കുന്ന കുഞ്ഞുങ്ങളെ കന്യാസ്ത്രികൾ എടുത്തുകൊണ്ടു പോയി സഭാവക അനാഥാലയങ്ങളിൽ വളർത്തുകയും ചെയ്യും.

ക്രിസ്ത്യൻ സഭകളുടെ പ്രസിദ്ധീകരണമായ ശാലോം മാഗസിനിൽ വന്ന വാർത്തയും വിചിത്രമായിരുന്നു. ലൈംഗിക കുറ്റാരോപണ വിധേയനായ ഫാദർ റോബിനെ ന്യായികരിച്ചുകൊണ്ടുള്ള വാർത്തയായിരുന്നു അത്. ശാലോം മാസിക റോബിന്റെ കുഞ്ഞിനെ പ്രസവിച്ച കൗമാരക്കാരിയായ  അമ്മയെ ഉപദേശിച്ചുകൊണ്ടു എഴുതി, "മോളെ നിനക്ക് പതിനഞ്ചു വയസു കഴിഞ്ഞവളായിരുന്നു. എന്റെ മകളെപ്പോലെ നിന്നോട് ഞാൻ പറയട്ടെ, നീയും തെറ്റുകാരിയാണ്. ദൈവത്തിന്റെ മുമ്പിൽ ആദ്യം ഉത്തരം പറയേണ്ടത് നീയായിരിക്കും. നീ ഫാദർ റോബിനുമായി ലൈംഗിക ബന്ധം തുടർന്നപ്പോൾ അദ്ദേഹം ഒരു പുരോഹിതനായിരുന്ന കാര്യം നീ എന്തുകൊണ്ട് ചിന്തിച്ചില്ല? ദുർബല നിമിഷങ്ങളിൽ ബലഹീനതകൾ ഏതു മനുഷ്യനും വന്നു ഭവിക്കാം. അദ്ദേഹം ഒരു പുരോഹിതനെന്ന കാര്യവും ഓർത്തുകാണില്ലായിരിക്കാം. പരിശുദ്ധ കുർബാന സ്വീകരിക്കുന്ന കുഞ്ഞേ നീ എന്തുകൊണ്ട് അദ്ദേഹത്തെ തടഞ്ഞില്ല! തെറ്റാണെന്ന് അദ്ദേഹത്തെ ബോധവൽക്കരിച്ചുകൊണ്ടു തിരുത്തിയില്ല?"

2016 ഫെബ്രുവരിയിൽ 'എഡ്വിൻ ഫിഗരേസ്' എന്ന പുരോഹിതൻ! പതിന്നാലു വയസുള്ള ഒരു കുട്ടിയെ  പീഡിപ്പിച്ചിരുന്നു. 2015 ജനുവരിക്കും മാർച്ചിനും ഇടയ്ക്കായിരുന്നു അയാൾ കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചുകൊണ്ടിരുന്നത്. അതിന് അയാൾക്ക് ഇരട്ടി ജീവപര്യന്തം ലഭിക്കുകയും ചെയ്തു. ഒമ്പതു വയസുള്ള കുട്ടിയെ പീഡിപ്പിച്ചതിന് 2014-ൽ തൃശൂരുള്ള 'രാജു കൊക്ക'നെന്ന മറ്റൊരു പുരോഹിതനെയും   അറസ്റ്റ് ചെയ്തിരുന്നു. ആദ്യകുർബാനയ്ക്കുള്ള ഡ്രസ്സിന്റെ അളവെടുക്കുന്ന വ്യാജേനയാണ് ഈ പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചത്. 2016-ൽ കോയമ്പത്തൂരിൽ ഫാദർ ആരോഗ്യ രാജിനെ പ്രായപൂർത്തിയാകാത്ത പതിനേഴു വയസുളള പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കൊന്നു കളഞ്ഞതിലും അറസ്റ്റു ചെയ്തു. നാളിതു വരെയായിട്ടും കേരള ഹൈക്കോടതി കേസിനു യാതൊരു തീരുമാനവും എടുത്തിട്ടില്ല. 2013ൽ ദുരൂഹ സാഹചര്യത്തിൽ ഈ പെൺകുട്ടി ഫാദർ ആരോഗ്യ രാജിന്റെ മുറിയിൽ മരിച്ചുകിടക്കുന്നതായിരുന്നു കണ്ടത്. ആദ്യം ഈ കേസ് ആത്മഹത്യയായി വരുത്തി വെച്ചു. എന്നാൽ കുട്ടിയുടെ അമ്മയുടെ തീവ്ര പരിശ്രമം മൂലം അതൊരു കൊലപാതകമെന്നും തെളിഞ്ഞു. പുരോഹിതൻ ആ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നു സമ്മതിച്ച പ്രകാരം പൗരാഹിത്യത്തിന്റെ ചുമതലകളിൽ നിന്നും അയാളെ മാറ്റുകയും ചെയ്തു.

മദ്ധ്യപ്രദേശിലെ ഒരു കോൺവെന്റിലുണ്ടായിരുന്ന യുവ കന്യാസ്ത്രിയായ 'സിസ്റ്റർ അനിതയുടെ' പരാതിയും വാർത്തകളിൽ പ്രാധാന്യം നേടിയിരുന്നു. 2011-ൽ അവർ ഒരു ഹൈസ്‌കൂൾ അദ്ധ്യാപികയായിരുന്ന സമയം ഒരു പുരോഹിതൻ അവരെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ അവർ നിന്നുകൊടുത്തില്ല. അതിന്റെ പേരിൽ ആ പുരോഹിതൻ കന്യാസ്ത്രിയ്ക്കെതിരെ അധികാരം ഉപയോഗിച്ച് പലവിധ മാനസിക പീഡനങ്ങളും നല്കിപ്പോന്നു. കാമഭ്രാന്തു പിടിച്ച ആ പുരോഹിതന്റെ പീഡന വിവരം അധികാരികളെ അറിയിച്ചതിന് എല്ലാവിധ സഹനങ്ങളും ആ യുവ കന്യാസ്ത്രിക്ക് മഠത്തിലെ സഹ സിസ്റ്റേഴ്‌സിൽനിന്നും സഹിക്കേണ്ടി വന്നു. അതിന്റെ പേരിൽ ഇറ്റലിയിലേക്ക് അവർക്കു സ്ഥലം മാറ്റം കൊടുക്കുകയും ചെയ്തു. അവിടെയും ഇതിന്റെ പേരിൽ കൂടുതൽ പീഡനങ്ങൾ നേരിടേണ്ടി വന്നു. പാതിരാത്രിക്ക് യുവതിയായ ഈ കന്യാസ്ത്രിയെ മഠത്തിൽ നിന്നു ഇറക്കി വിടുകയുമുണ്ടായി. ചില മലയാളി സംഘടനകളുടെ സഹായത്തോടെ അവർ ഇന്ത്യയിൽ മടങ്ങി വന്നു. അവരുടെ ആലുവായിലുള്ള മഠം അവരെ അകത്തു കയറാൻ അനുവദിക്കാതെ വീണ്ടും പുറത്താക്കുകയും ചെയ്തു. കൊണ്ടുവന്ന പെട്ടിയും കിടക്കയും പുറത്തേക്ക് അവിടുത്തെ ക്രൂരരായ കന്യാസ്ത്രികൾ വലിച്ചെറിഞ്ഞു. സിസ്റ്റർ അനിത കോൺവെന്റിനു മുമ്പിൽ നിരാഹാര സത്യാഗ്രഹം കിടക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ എറണാകുളം രൂപത ഇതിൽ ഇടപെടുകയുണ്ടായി. പന്ത്രണ്ടു ലക്ഷം രൂപ കൊടുത്ത് കേസ് ഒത്തുതീർപ്പിലാക്കുകയും ചെയ്തു.

മാടത്തരുവി കേസും അഭയാ കേസും സഭയുടെ ചരിത്രത്തിൽ ഏറ്റവും വിവാദപരമായ രണ്ടു കേസുകളായിരുന്നു. മാടത്തരുവി കേസ്സിൽ മറിയക്കുട്ടിയെന്ന വിധവയായ സ്ത്രീയെ ഫാദർ ബെനഡിക്ക്റ്റ് കത്തികൊണ്ട് കുത്തി കൊന്നശേഷം മൃതദേഹം റാന്നിയ്ക്കടുത്തുള്ള മാടത്തരുവിൽ ഉപേക്ഷിച്ചു. ഈ കേസിൽ കീഴ്കോടതി അയാളെ തൂക്കാൻ വിധിച്ചിരുന്നു. ഹൈക്കോടതിയിൽ സുപ്രസിദ്ധനായ വക്കീൽ 'ചാരി'യുടെ വാദത്താൽ ബെനഡിക്റ്റ് മോചിതനാവുകയും ചെയ്തു.  ബെനഡിക്റ്റ് കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി കണ്ടെത്തിയില്ലെങ്കിലും തെളിവുകളുടെ അഭാവത്തിൽ നിരുപാധികം മോചിപ്പിക്കുന്നുവെന്നായിരുന്നു വിധി.

1992-ൽ സിസ്റ്റർ അഭയ എന്ന ഇരുപതു വയസുകാരി കോട്ടയം പയസ് മൗണ്ടിലുള്ള കിണറിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സ്ഥലത്തെ പോലീസ് ഈ കേസ് ഒരു ആത്മഹത്യയാക്കി മാറ്റി കേസ് ഇല്ലാതാക്കിയിരുന്നു. എന്നാൽ ഒരു വർഷത്തിനു ശേഷം 1993-ൽ കേസ് വീണ്ടും പുനാരാരംഭിച്ചു. സി.ബി.ഐ കേസ് ഏറ്റെടുക്കുകയും ചെയ്തു. ഫാദർ പുതൃക്കയിലും ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും ഈ കുറ്റകൃത്യത്തിൽ പങ്കാളികളായിരുന്നുവെന്ന ആരോപണവും ഉയർന്നു. കുറ്റവാളികളെന്നു കരുതുന്ന ഇവർ മൂവരെയും അറസ്റ്റു ചെയ്യുകയും ചെയ്തു. സി.ബി.ഐ.യുടെ അന്വേഷണത്തിൽ ഈ രണ്ടു പുരോഹിതരും ഒന്നിച്ച് സിസ്റ്റർ സെഫിയുമായി പ്രകൃതി വിരുദ്ധ ലൈംഗികതയിൽ ഏർപ്പെട്ടിരുന്നത് സിസ്റ്റർ അഭയ കണ്ടുവെന്നായിരുന്നു. സിസ്റ്റർ സെഫി കോടാലിയുടെ കൈകൊണ്ട് സിസ്റ്റർ അഭയയുടെ തലക്കിട്ടു അടിച്ചുവെന്നും സി.ബി.ഐ. കരുതുന്നു. അതിനു ശേഷം പുരോഹിതരും കന്യാസ്ത്രിയുംകൂടി അഭയായെ കിണറ്റിൽ തള്ളിയെന്നും അനുമാനിക്കുന്നു. കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും നീണ്ട ഒരു കുറ്റാന്വേഷണ ചരിത്രമാണിത്. ആ കേസ് ഇന്നും കോടതിയിൽ തീരുമാനമാകാതെ കിടക്കുന്നു.

സഭയ്ക്കുള്ളിലെ പീഡനങ്ങൾമൂലം ബലിയാടാകുന്നവർ മറ്റാരോടും പറയാതെ രഹസ്യമായി സൂക്ഷിക്കുകയാണ് പതിവ്. എന്നാൽ തൃശൂർ സെന്റ് മേരീസ് കോളേജിലെ പ്രിൻസിപ്പാളായിരുന്ന സിസ്റ്റർ ജെസ്മി 'ആമേൻ' എന്ന തന്റെ ആത്മകഥയിൽ പുരോഹിതരുടെ ലൈംഗിക അസാന്മാർഗിക ജീവിതത്തെപ്പറ്റി വിവരിച്ചിട്ടുണ്ട്. കോൺവെന്റിലെ സ്വവര്‍ഗ്ഗാനുരാഗികളായ കന്യാസ്ത്രികളുടെ വിവരങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. പുരോഹിതരുമൊത്തുളള ലൈംഗികതയിൽ ഏർപ്പെടുന്ന കന്യാസ്ത്രികളും അവരുടെ മറ്റു ബന്ധങ്ങളും ജെസ്മിയുടെ പുസ്തകത്തിലുണ്ട്. 178 പേജുകളുള്ള ഈ പുസ്തകം സഭയ്ക്കുള്ളിലും പുറംലോകത്തും വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

സിസ്റ്റര്‍ മേരി ചാണ്ടിയുടെ "നന്മ നിറഞ്ഞവരേ സ്വസ്തി"യെന്ന ആത്മകഥാപുസ്തകം ഒരു കന്യാസ്ത്രീയുടെ നൊമ്പരപ്പെടുത്തുന്ന അനുഭവങ്ങള്‍നിറഞ്ഞ ജീവിതകഥയാണ്. സഭയെ ഞെട്ടിപ്പിക്കുന്ന പൌരാഹിത്യ ലൈംഗിക വാര്‍ത്തകളുമായി ഗ്രന്ഥപ്പുരയില്‍ ഈ പുസ്തകം സ്ഥാനം പിടിച്ചു കഴിഞ്ഞു. നാല്‍പ്പതില്‍പ്പരം വര്‍ഷങ്ങള്‍ അമ്മ മതിൽക്കെട്ടിനുള്ളില്‍, ജീവിതം ഹോമിച്ച് സന്യാസിനീജീവിതം ഉപേക്ഷിച്ച മേരി ചാണ്ടിയുടെ സ്വാനുഭവങ്ങളാണ് ഇതിലെ ഉള്ളടക്കം. പണമുള്ള വീടുകളിലെ അവിഹിതഗര്‍ഭങ്ങളെല്ലാം സാധാരണ പുറത്തു വരുന്നതിനുമുമ്പു ആ കഥതന്നെ നാമാവിശേഷമാകും. അരമനക്കു പണം ഉള്ളടത്തോളംകാലം കന്യാസ്ത്രീമതില്‍ക്കെട്ടിലുള്ളിലെ അരമനരഹസ്യങ്ങളും ക്രൂരതകളും തുടരുക തന്നെചെയ്യും. അസഹ്യമായ അപമാനത്തിന്‍റെയും വേദനകളുടെയും കഥകളാണ് ആശ്രമ ജീവിതത്തിനുള്ളിലുള്ളത്. ചില പെൺകുട്ടികൾ ആശ്രമത്തില്‍‍നിന്നും രക്ഷപ്പെട്ട് ഒളിച്ചോടുന്നു. മറ്റു ചിലർ ആത്മഹത്യ ചെയ്യുന്നു. പെണ്‍ക്കുട്ടികളെ ബലാല്‍സംഗം ചെയ്യുന്ന പല പുരോഹിതരെയും കന്യാസ്ത്രീവളപ്പില്‍ കാണാം. അത്തരം സംഭവങ്ങളില്‍ ആരെങ്കിലും പ്രതികരിച്ചാല്‍ ‍കുറ്റവാളിയായ പുരോഹിതനൊപ്പമേ സഹകന്യാസ്ത്രീകളും നില്‍ക്കുകയുള്ളൂ.

മേരി ചാണ്ടിയുടെ ജീവിതത്തിലും ദുഖകരമായ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. ആറാംവയസ്സുമുതല്‍ യേശുവിനെമാത്രം ഹൃദയത്തിലെന്നും താലോലിച്ചുനടന്ന ഈ സഹോദരിയെ ഒരു പുരോഹിതന്‍ ബലാല്‍സംഗം ചെയ്യാനായി ശ്രമിച്ചതും സംഭവിക്കരുതാത്ത ഒരു അനുഭവം ആയിരുന്നു. ‍തന്‍റെ ചാരിത്രത്തിനു കളങ്കം വരുത്തുവാന്‍ ശ്രമിച്ച അയാളെ മേരി നല്ലവണ്ണം കൈകാര്യം  ചെയ്തു. പുരോഹിതൻ എന്തു  തെറ്റുചെയ്താലും പ്രതികരിക്കരുതെന്നുള്ള എഴുതപ്പെടാത്ത ഒരു നിയമവും കന്യാസ്ത്രി മഠങ്ങളിലുണ്ടായിരുന്നു. അന്നു മേരിക്കു പ്രായം ഇരുപതുവയസ്സു മാത്രം. ചേവായൂര്‍മഠം ആശ്രമത്തിലാണു ബലാല്‍സംഗത്തിനു പുരോഹിതൻ തുനിഞ്ഞത്. ഒരു സുപ്രഭാതത്തില്‍ കുര്‍‍ബാനയ്ക്കുശേഷം രാവിലത്തെ ഭക്ഷണം നല്കിയപ്പോഴായിരുന്നു സംഭവം. പുരോഹിതന്‍റെ കള്ളനോട്ടം കണ്ടപ്പോഴേ മേരി വിറക്കുവാൻ തുടങ്ങിയിരുന്നു. പ്രഭാതഭക്ഷണം കൊടുക്കാതെ പിന്‍‍വാങ്ങാൻ ശ്രമിച്ചു. പുരോഹിതന്‍, ‍കസേരയില്‍നിന്നും എഴുന്നേറ്റു വാതിലിനു കുറ്റിയിടുകയും ബലമായി കൈകളില്‍ കയറിപ്പിടിക്കുകയും ചെയ്തു. "മേരി നിനക്ക് ഇതൊക്കെ അറിയില്ലേ" എന്നു പറഞ്ഞു അയാള്‍ മേരിയെ മാറോടമര്‍‍ത്തി. തന്‍റെ നിലവിളിച്ചുള്ള കരച്ചിലിന് ആരും ചെവികൊടുത്തില്ല. അയാളില്‍നിന്നും വിടുവിച്ച് ഓടിയ ഈ സഹോദരിയുടെ പിന്നാലെ പിടിക്കുവാന്‍ അയാൾ വീണ്ടും വന്നു. അപ്പോഴാണു കയ്യില്‍കിട്ടിയ സ്റ്റൂള്‍വെച്ച് നിര്‍ദ്ദയമായി പുരോഹിതനെ മര്‍ദ്ദിക്കേണ്ടിവന്നത്. അയാളുടെ നെറ്റിത്തടത്തില്‍നിന്നും രക്തം ചീറ്റുന്നുണ്ടായിരുന്നു. മേരിയെ മഠം അധികാരികൾ ദ്രോഹിയായും കുറ്റവാളിയായും ചിത്രീകരിച്ചു.

ജെസ്മിയുടെ ചോദ്യമാണ് ഇവിടെ പ്രസക്തമാകുന്നത് !"ഒരു സ്ത്രീയുടെ ചാരിത്രം കവർ‍ന്നെടുത്താൽ, ലൈംഗികമായി പീഡിപ്പിച്ചാൽ‍ പ്രതികരിക്കുന്നവരില്ലേ? ആയിരത്തിലൊരാളെങ്കിലും പ്രതികരിക്കുകയില്ലേ? കന്യാസ്ത്രീ സഹോദരികളെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കൂ? നിസ്സഹായരായ അവർ ഒരിക്കലും പ്രതികരിക്കുകയില്ല. കന്യകാത്വം നഷ്ടപ്പെട്ടാൽ, സന്യാസിനിജീവിതം നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നു."

ബിഷപ്പ് ഫ്രാങ്കോയുടെ ഇരയായ കന്യാസ്ത്രീ കരഞ്ഞു. ചാരിത്രവ്രതം നഷ്ടപ്പെട്ടതിൽ ഒറ്റക്കും കരഞ്ഞു. ഒരു തീരുമാനത്തിനായി മുട്ടാവുന്ന വാതിലുകൾ എല്ലാം അവർ മുട്ടി. സഭയുടെ മൗനം മാത്രമായിരുന്നു അവർക്കുള്ള മറുപടി. പൂർവികരുടെ അദ്ധ്വാനഫലവും പിടിയരിയും കൊടുത്തു സമ്പാദിച്ച സ്വത്തുക്കൾ പുരോഹിതരുടെ ലൈംഗിക പീഡന കേസുകൾക്കായി ചെലവഴിക്കുന്ന കാഴ്ചകളാണ് ഇന്ന് കേരള കത്തോലിക്ക സഭയിൽ കാണുന്നത്. മറിയക്കുട്ടി കൊലക്കേസ് വന്നപ്പോഴും അഭയാക്കേസ് വന്നപ്പോഴും സഭയുടെ അളവില്ലാത്ത അൾത്താരപ്പണം കുറ്റവാളികളായ പുരോഹിതർക്കു വേണ്ടി ചെലവഴിക്കുകയായിരുന്നു. പണവും പ്രതാപവും പിടിപാടും കാരണം ഈ രണ്ടു കേസുകളിലും ഉൾപ്പെട്ടിരുന്ന പുരോഹിതർ ഇന്ത്യൻ നിയമവ്യവസ്ഥയെ തന്നെ വിലയ്ക്കു വാങ്ങുകയും ചെയ്തു. ബെനഡിക്റ്റ് ഓണംകുളവും, സെഫിയും, കൊട്ടൂരും പുതൃക്കയുമെല്ലാം കുറ്റക്കാരെന്ന് യുക്തിപൂർവം ചിന്തിക്കുന്നവർക്ക് അറിയാമെങ്കിലും ഭൂരിഭാഗം വിശ്വാസികളും പുരോഹിതരുടെ നെയ്തെടുത്ത നുണകളേ വിശ്വസിക്കുള്ളൂ. അതുപോലെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും വിശുദ്ധ നുണകൾകൊണ്ട് വിശ്വാസികളെ അഭിഷേകം ചെയ്തുകൊണ്ടിരിക്കുന്നു.











Saturday, July 7, 2018

ഗ്ലോക്കോമയും കാറ്ററാക്റ്റ്സും, ഒരു പഠനം



ജോസഫ് പടന്നമാക്കൽ 

നാം അറിയാതെ പോവുന്ന രണ്ടു നേത്ര രോഗങ്ങളാണ് ഗ്ലോക്കോമയും തിമിരം അഥവാ കാറ്ററാക്റ്റ്സും. ഗ്ലോക്കോമയെ കണ്ണിന്റെ നിശബ്ദമായ കൊലയാളിയെന്നും വിളിക്കുന്നു. നമ്മുടെ ശരീരത്തെപ്പറ്റി സ്വയം ബോധവാന്മാരെങ്കിൽ ആരോഗ്യത്തിനെ തുരങ്കം വെക്കുന്ന പല രോഗങ്ങളിൽനിന്നും നമുക്ക് വിമുക്തി നേടാൻ സാധിക്കും. നാം തന്നെയും നാം ഉൾക്കൊള്ളുന്ന മനസ്സും നമ്മുടെ ശരീരവുമാണ് ഏറ്റവും നല്ല വൈദ്യനെന്നു ആരോ പറഞ്ഞിട്ടുള്ളതും ഓർമ്മിക്കുന്നു.  ഏകദേശം ഇരുപത്തിയഞ്ചു വർഷം മുമ്പ് അവിചാരിതമായിട്ടായിരുന്നു ഞാൻ എന്റെ കണ്ണുകൾ ന്യൂയോർക്കിലുള്ള  'ന്യൂ റോഷലിലെ' കണ്ണു ഡോക്ടറായ ഡോക്ടർ മോറോല്ലോയെക്കൊണ്ട് പരിശോധിപ്പിച്ചത്. എന്റെ കണ്ണുകൾക്കും ഗ്ലോക്കോമ ബാധിച്ചുവെന്ന കാര്യം  അന്നാണ് തിരിച്ചറിഞ്ഞത്. അതിനുശേഷം നാളിതുവരെ വർഷത്തിൽ രണ്ടു പ്രാവിശ്യം ഡോക്ടറെ കാണുകയും കണ്ണിൽ ദിവസവും മരുന്നൊഴിക്കുകയും കണ്ണുകൾ സൂക്ഷ്മതയോടെ പരിപാലിക്കുകയും ചെയ്യുന്നു.

ഗ്ലോക്കോമ ഒരു പാരമ്പര്യ രോഗമായി കണക്കാക്കുന്നു. എന്റെ മുത്തച്ഛനും പിതാവിനും ബന്ധുജനങ്ങളിൽ പലർക്കും കണ്ണുകളിൽ ഗ്ലോക്കോമയുണ്ടായിരുന്നു. ഈ രോഗം മൂലം മുത്തച്ഛന്റെ കണ്ണുകൾ നഷ്ടപ്പെടുകയുമുണ്ടായി. കണ്ണു കാണില്ലാത്ത മുത്തച്ഛന്റെ വടിയെ പിടിച്ച് അദ്ദേഹത്തെ സഹായിച്ചിരുന്ന ബാല്യകാലങ്ങളും ഓർമ്മയിലുണ്ട്. എന്റെ കണ്ണുകൾ ശരിയാം വിധം  സംരക്ഷിച്ചിരുന്നതുകൊണ്ടു നാളിതു വരെ   സർജറിയില്ലാതെ ജീവിതം തള്ളി നീക്കാൻ സാധിച്ചു. എന്നാൽ ഈ അടുത്ത ദിവസം ഓർക്കാപ്പുറത്ത് പ്രായമാകുമ്പോഴുണ്ടാകുന്ന കാറ്ററാക്റ്റ്സുകൂടി ബാധിച്ചപ്പോഴാണ് കണ്ണിന്റെ ഈ രണ്ടു രോഗങ്ങളെപ്പറ്റി ഒരു ലേഖനം എഴുതണമെന്നുള്ള ആശയമുണ്ടായത്. കാറ്ററാക്റ്റ്സിനുള്ള സർജറി ഈ മാസം ചെയ്യുകയും വേണം.

പ്രായം കഴിയുംതോറും ആരോഗ്യം ക്ഷയിക്കുകയെന്നത് പ്രകൃതിയുടെ നിശ്ചയമാണ്. ഒരുവന്റെ ജീവിതത്തിലെ കടന്നുപോവുന്ന കാലങ്ങളിൽ വാർദ്ധക്യത്തിന്റെ നൊമ്പരങ്ങൾ അഭിമുഖീകരിക്കുകയും വേണം. അക്കൂടെ ഡയബീറ്റിക്സ്, ഹൃദയാഘാത പ്രശ്നങ്ങൾ എന്നിവകളെല്ലാം കാരണങ്ങളാകാം. അതുപോലെ പ്രായമാകുമ്പോൾ കണ്ണിനും രോഗം വരുകയെന്നത് സാധാരണമാണ്.  പതിവായി ഡോക്ടറെ സന്ദർശിച്ച് കണ്ണുകൾ പരിശോധിച്ചുകൊണ്ടിരുന്നാൽ നമ്മുടെ കണ്ണുകളെ സംരക്ഷിക്കാൻ നമ്മളാൽ കഴിയുന്നതു ചെയ്തുവെന്ന സംതൃപ്തിയും  ലഭിക്കും. ഗ്ലോക്കോമായും  കാറ്ററാക്റ്റ്സും (തിമിരം)  പ്രായമായശേഷമുള്ള കണ്ണിന്റെ മറ്റു രോഗങ്ങളും പെട്ടെന്ന് കാണപ്പെടാനോ അറിയാനോ സാധിക്കില്ല. കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്നത് വളരെ സാവധാനമായിരിക്കും. ഈ രോഗങ്ങൾ  ആരംഭത്തിൽ തന്നെ കണ്ടുപിടിച്ചാൽ രോഗം നിയന്ത്രിച്ചുകൊണ്ടു കണ്ണിനെ പരിപാലിക്കാൻ സാധിക്കും.

ഡയബീറ്റിക്സുള്ളവർ കണ്ണുകൾ പരിശോധിച്ചുകൊണ്ടിരിക്കണം. കാരണം ഡയബീറ്റിക്സ് പെട്ടെന്ന് കണ്ണുകളെ ബാധിക്കുകയും കാറ്ററാക്റ്റ്സിനു വഴി തെളിയിക്കുകയും ചെയ്യും. അമേരിക്കൻ ഡയബെറ്റിക്സ് സംഘടനയുടെ സ്ഥിതിവിവര കണക്കുകളനുസരിച്ച് ഏകദേശം 22 മില്യൺ രോഗികൾ തങ്ങൾക്കു ഡയബെറ്റിക്സുണ്ടെന്നുള്ള വസ്തുത അറിയുന്നില്ല. കണ്ണുകൾ ഡോക്ടർ പരിശോധിക്കുമ്പോഴാണ് ഡയബെറ്റിക്സ് ഉള്ള വിവരം അറിയുന്നത്. 'റേറ്റിനായിൽ' രക്ത വാഹിനിയിൽ ഷുഗർ ലവൽ ശേഖരിക്കുമ്പോൾ പ്രോട്ടീൻ ചോരാൻ സാധ്യതയുണ്ട്. അങ്ങനെ കണ്ണിന്റെ റെറ്റിനയ്ക്ക് തകരാറ് സംഭവിക്കുന്നു. ഡയബീറ്റിക്സ് ഉള്ളവർക്ക് കണ്ണിന്റെ കാഴ്‌ച കുറയാൻ സാധ്യതയുണ്ട്. ഓക്സിജനും ന്യുട്രിജനും കണ്ണിൽ എത്താത്തതാണ് കാരണം. വർഷം തോറും കണ്ണിന്റെ പരിശോധനയ്ക്ക് പോയാൽ പ്രശ്നങ്ങൾ കണ്ടുപിടിക്കാൻ സാധിക്കും. ബ്ലഡ് ഷുഗർ ലെവൽ നിയന്ത്രിച്ച് കണ്ണിനെ രക്ഷിക്കാനും സാധിക്കും.

നാം അറിയാതെ പതിയെ നമ്മുടെ കണ്ണിനെ അന്ധമാക്കുന്ന ഒരു രോഗമാണ് ഗ്ലോക്കോമ. ഒരിക്കൽ കാഴ്ച കുറഞ്ഞാൽ പിന്നീട് പൂർവ്വ സ്ഥിതിയിൽ ഒരിക്കലും കണ്ണിനെ കൊണ്ടുവരാൻ സാധിക്കില്ല. ഗ്ലോക്കോമയുടെ ആരംഭത്തിൽ നേരെയുള്ള വസ്തുക്കൾ വ്യക്തമായി നാം കാണുന്നുണ്ടെങ്കിലും പാർശ വശങ്ങൾ അദൃശ്യങ്ങളായിരിക്കും. കണ്ണിന്റെ മർദ്ദം സാധാരണ ലെവലിൽ നിന്ന് അധികമായാൽ ചീകത്സ തുടങ്ങേണ്ടതാണ്. വർഷത്തിൽ ഒന്നു രണ്ടു പ്രാവശ്യം ഡോക്ടറെ കണ്ടുകൊണ്ടിരിക്കണം. കണ്ണിലെ റെറ്റിനയുടെ ആവരണത്തിൽ സെല്ലുകൾ നശിക്കുന്ന കാരണം മങ്ങിയ വെളിച്ചത്തിൽ വസ്തുക്കൾ കാണാൻ ബുദ്ധിമുട്ടാകും. ചിലപ്പോൾ വസ്തുക്കളെ രണ്ടായി കാണും. രണ്ടു വശങ്ങളും സൂക്ഷ്മ ദൃഷ്ടിയോടെ കാണാൻ സാധിക്കാത്തതുകൊണ്ടു ഗ്ലോക്കോമയുള്ളവർ ഡ്രൈവ് ചെയ്യുമ്പോൾ കൂടുതൽ അപകടങ്ങൾ ഉണ്ടാക്കാറുണ്ട്. കണ്ണ് വീർക്കുകയും ചുമക്കുകയും അമിതമായി കണ്ണിൽ വെള്ളം വരുകയും ചെയ്യാം. ഗ്ലോക്കോമയുടെ ആരംഭ പ്രശ്നങ്ങളെല്ലാം കണ്ണിൽ മരുന്നൊഴിച്ച് പരിഹരിക്കാനും സാധിക്കുന്നു.

ആരോഗ്യം സംരക്ഷിക്കാനുള്ള വ്യായാമങ്ങൾ നല്ലതു തന്നെ. എന്നാൽ ചില തരം വ്യായാമങ്ങൾ ചിലപ്പോൾ കണ്ണിന് തകരാറുണ്ടാക്കും. അമിതമായ ഭാരം എടുത്തുകൊണ്ടുള്ള വ്യായാമം (Weight Lifting)കണ്ണിന് നല്ലതല്ല. ഭാരം എടുത്തുകൊണ്ടു ശ്വസോച്ഛാസത്തെ നിയന്ത്രിച്ചാൽ കണ്ണിനെ ബാധിക്കുമെന്ന് ഗവേഷണപ്രബന്ധങ്ങളിൽ കാണുന്നു. നീണ്ട സമയം ഭാരം ചുമക്കുന്നതുമൂലം കണ്ണിന്റെ സമ്മർദ്ദം കൂടുകയും ഗ്ലോക്കോമ, തിമിരംപോലുള്ള കണ്ണിന്റെ അസുഖങ്ങൾ വഷളാവുകയും ചെയ്യും. കൂടാതെ ബ്ലഡ് പ്രഷർ കൂടിയാലും ഗ്ലോക്കോമയ്ക്കു വഴിയൊരുക്കും.

കണ്ണിൽ സ്വാഭാവികമായുണ്ടാകുന്ന ദ്രാവകം ഉത്ഭാദിപ്പിക്കുകയും ആ ദ്രാവകം ഒഴുകിപോവുകയും ചെയ്യുന്ന അനുപാതം തെറ്റുമ്പോഴാണ് ഗ്ലോക്കോമ ഉണ്ടാവുന്നത്. ഒരു ബാസ്‌ക്കറ്റ് ബോളിന്‌ അതിന്റെ ശരിയായ ആകൃതിക്ക് കാറ്റു നിറക്കേണ്ടത് ആവശ്യമാണ്. എങ്കിലേ അതിന്റെ വട്ടത്തിലുള്ള ആകൃതി നിലനിൽക്കുള്ളൂ. അതുപോലെ കണ്ണിലെ ഉണ്ണിക്ക് സ്വയം ഉണ്ടാവുന്ന ദ്രാവകം ആവശ്യമാണ്. എന്നാൽ മാത്രമേ അത് പന്തിന്റെ ആകൃതിയിലാവുകയും നമുക്ക് കാണാൻ സാധിക്കുകയുമുള്ളൂ. കണ്ണിന് എന്തെങ്കിലും തകരാറു സംഭവിച്ചാൽ ദ്രാവകം ഉത്ഭാദിപ്പിക്കാതെ വരുകയും ഗ്ലോക്കോമയുണ്ടാവുകയും ചെയ്യും. ശരിയായ പരിപാലനമില്ലെങ്കിൽ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും ചെയ്യും.

ഗ്ലോക്കോമ സൂക്ഷിച്ചില്ലെങ്കിൽ വളരെ വഷളാകുന്ന ഒരു കണ്ണു രോഗമാണ്. കണ്ണിനകത്തുള്ള സമ്മർദം (pressure) കൂടുന്നതുകൊണ്ടാണ് ഗ്ലോക്കോമയായി രൂപാന്തരപ്പെടുന്നത്. കണ്ണിലെ ഈ രോഗം ഏതു പ്രായത്തിലുള്ളവർക്കും ഉണ്ടാകാം. രോഗം മൂർച്ഛിച്ചാൽ കണ്ണിന്റെ കാഴ്ച ശക്തിയും നശിക്കാം. സാധാരണ ആരോഗ്യമുള്ള ഒരു കണ്ണിന്റെ മർദ്ദം പന്ത്രണ്ടു മുതൽ ഇരുപതുവരെയാണ് നിശ്ചയിച്ചിരിക്കുന്നത്. അതിന്റെ പരിധി കഴിഞ്ഞാൽ ഗ്ലോക്കോമ രോഗമായി മാറും. സമ്മർദം ഇരുപത്തിയഞ്ചു കഴിയുമ്പോൾ കണ്ണിന് ലേസർ സർജറി മുതലായ പരിഹാര മാർഗങ്ങൾ തേടേണ്ടി വരും. പരിധി കഴിഞ്ഞുള്ള സമ്മർദ്ദം കുറയ്ക്കാൻ ഡോക്ടറിന്റെ നിർദ്ദേശങ്ങളനുസരിച്ച് 'ലുമീഗൻ', 'കോംബിഗൻ' മുതലായ ഔഷധ ദ്രാവകങ്ങൾ കണ്ണിലൊഴിക്കേണ്ടി  വരുന്നു.

കണ്ണിന്റെ ബാഹ്യമായ അറകളിൽനിന്നും തെളിമയാർന്ന ഒരു ദ്രാവകം സാധാരണ ഊർന്നുകൊണ്ടിരിക്കും. അത് രക്തവാഹിനിക്കുഴലിൽ നിന്നും രൂപാന്തരം പ്രാപിച്ചു  വരുന്ന ദ്രാവകമാണ്. ഈ ദ്രാവകം മറുവശത്തുകൂടി പൊയ്ക്കൊണ്ടുമിരിക്കും. മനുഷ്യ ശരീരത്തിൽ പ്രായമനുസരിച്ച് മർദ്ദങ്ങളുടെ മാറ്റമുണ്ടാകാം. കണ്ണിന്റെ അളവുകോലായ പന്ത്രണ്ടിനും പത്തൊമ്പതിനുമിടക്ക് മർദ്ദം നിന്നില്ലെങ്കിൽ ദ്രാവകം അറയിൽ ശേഖരിച്ച് കണ്ണിന്റെ ലെൻസിനെ പുറകോട്ടു തള്ളാൻ കാരണമാകും. അത് കാഴ്ച്ചയെ  ബാധിക്കും.

ഗ്ലോക്കോമ കൂടാതെ കണ്ണിനെ പ്രായമാകുമ്പോൾ ബാധിക്കുന്ന മറ്റൊരു രോഗമാണ് കാറ്ററാക്റ്റ്സ് അഥവാ തിമിരം. കാറ്ററാക്റ്റ്സ്   തന്നെ പലവിധമുണ്ട്. ഏറ്റവും പ്രധാനമായത് പ്രായത്തിനെ അടിസ്ഥാനമാക്കിയുള്ള കാറ്ററാക്റ്റ്സാണ്.  അറുപതും എഴുപതും പ്രായമടുക്കുമ്പോൾ കണ്ണുകളിൽ ഈ രോഗമുണ്ടാകാം. മറ്റൊന്ന് മുറിവുകൾ കൊണ്ട് പരിക്കേൽക്കുമ്പോഴുള്ള കാറ്ററാക്റ്റ്സാണ്. അത് സാധാരണ കായിക കളി മേഖലകളിൽ ഏർപ്പെടുന്നവർക്കുണ്ടാവാം. അല്ലെങ്കിൽ കണ്ണിനുള്ളിൽ അപകടം സംഭവിക്കുന്ന വിധം ജോലി ചെയ്യുന്നവർക്കും വരാം. ജന്മനാലുള്ള കാറ്ററാക്റ്റ്‌സുകളുമുണ്ട്. അത് ഒരു വയസുള്ള കുഞ്ഞിനും സംഭവിക്കാം. അത്തരംകാറ്ററാക്റ്റ്സുകൾ അപൂർവമാണ്. കോർട്ടികൊ സ്റ്റിറോയ്ഡ്, ഡയബീറ്റിക്സ്, കൂടാതെ ചില മെഡിക്കേഷൻ മൂലവും കാറ്ററാക്റ്റ്സ് അപൂർവമായി സംഭവിക്കാറുണ്ട്.

കണ്ണ് ധാരാളം പ്രവർത്തിച്ചതുകൊണ്ടോ, വളരെയധികം വായിച്ചതുകൊണ്ടോ ടെലിവിഷൻ അമിതമായി കണ്ടതുകൊണ്ടോ നീണ്ട സമയം കംപ്യൂട്ടറിന്റെ മുമ്പിലിരുന്നതുകൊണ്ടോ, കുറച്ചു സമയം ഉറങ്ങിയതുകൊണ്ടോ കാറ്ററാക്റ്റ്സ് ഉണ്ടാവില്ല. നാം പുലർത്തുന്ന പല പാരമ്പര്യങ്ങളായ ധാരണകളും തെറ്റായ വിശ്വാസങ്ങളാണ്. കാറ്ററാക്റ്റ്സ് പാരമ്പര്യമായി ലഭിച്ച രോഗമാകാം. അതായത് മാതാപിതാക്കൾക്കോ അടുത്ത ബന്ധുക്കൾക്കോ കാറ്ററാക്റ്റ്സ് ഉണ്ടെങ്കിൽ അത് തലമുറകളിൽക്കൂടി ലഭിക്കുകയുമാവാം. കണ്ണിനു മുറിവ് പറ്റിയാലോ കണ്ണ് എവിടെയെങ്കിലും മുട്ടിയാലോ കാറ്ററാക്റ്റ്സിലേക്ക് നയിച്ചേക്കാം.

നിരവധി ടെസ്റ്റുകളിൽക്കൂടി കാറ്ററാക്റ്റ്സുണ്ടോയെന്നു അറിയാൻ സാധിക്കുന്നു. ടെസ്റ്റുകൾ നടത്തുന്നത് കണ്ണിന്റെ സ്പെഷ്യലിസ്റ്റുകളായിരിക്കും. പ്രകാശം നിറഞ്ഞ ലൈറ്റിൽക്കൂടി ഡോക്ടർമാർ  കണ്ണിന്റെ 'ബാൾ' ടെസ്റ്റ് ചെയ്യും. എന്നിട്ട് കാറ്ററാക്റ്റ്സ് ഉണ്ടോയെന്ന് തീരുമാനിക്കും. കണ്ണ് മുഴുവനായി ടെസ്റ്റ് ചെയ്യാതെ കാറ്ററാക്റ്റ്സ് നിശ്ചയിക്കുക സാധിക്കില്ല. കാറ്ററാക്റ്റ്സ് പഴകി പോയില്ലെങ്കിൽ, അടുത്ത നാളുകളിലാണ് കണ്ണിന്റെ കാഴ്ച്ച മങ്ങിയതെങ്കിൽ ഭയപ്പെടേണ്ട ആവശ്യവുമില്ല.

ചിലർക്ക് കാറ്ററാക്റ്റ്സ് അവരുടെ സുവർണ്ണ കാലത്തു തന്നെ സംഭവിക്കുന്നു. കൂടിയതും കുറഞ്ഞതുമായ കാറ്ററാക്റ്റ്സുകൾ ഭേദപ്പെടുത്തുവാൻ ആധുനിക മെഡിക്കൽ ശാസ്ത്രത്തിന് ഇന്ന് പല പോംവഴികളുണ്ട്. എങ്കിലും കാറ്ററാക്റ്റ്സ് എന്തെന്ന് രോഗം ബാധിച്ചവർ അറിഞ്ഞിരിക്കേണ്ടതായുമുണ്ട്. ഇത് പാരമ്പര്യ രോഗമായതുകൊണ്ടും പ്രായമായവർക്ക് ഉണ്ടാവുന്ന രോഗമായതുകൊണ്ടും അതിന്റെ വളർച്ചയെ തടയാൻ സാധിക്കില്ല. എങ്കിലും കണ്ണിന്റെ സുരക്ഷിതത്വത്തിനുവേണ്ടി പലതും ചെയ്യാൻ സാധിക്കും. പുറത്തിറങ്ങുമ്പോൾ സൂര്യ താപമേൽക്കേണ്ടി വരുന്നുവെങ്കിൽ, പ്രത്യേകിച്ച് വേനൽക്കാലങ്ങളിൽ  കണ്ണിനെ പ്രതിരോധിക്കാൻ കൂളിംഗ് ഗ്ളാസ് ധരിക്കുന്നത് നന്നായിരിക്കും. തലയിൽ തൊപ്പി ധരിക്കുന്നതും കണ്ണിന്റെ സുരക്ഷിതത്വത്തിനു സഹായകമാകും. അതുപോലെ വോളിബാൾ, ഫുട്ട്ബാൾ കളിക്കുന്നവരും കെട്ടിട നിർമാണ തൊഴിലുകളിൽ ഏർപ്പെടുന്നവരും കണ്ണിന് പരിക്കേൽക്കാതെ ശ്രദ്ധിക്കണം.  വേണ്ട രീതികളിൽ കണ്ണിനെ സംരക്ഷിച്ചില്ലെങ്കിൽ അവർക്ക് കണ്ണിന് കേടുകൾ സംഭവിക്കാൻ സാധ്യതകളുണ്ട്.

മനുഷ്യ ശരീരത്തിലെ അഞ്ച് ഇന്ദിരീയങ്ങളിൽ കണ്ണാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്. ഒരുവന് കാഴ്ച നഷ്ടപ്പെടുന്ന ഒരു സ്ഥിതിവിശേഷം ചിന്തിക്കാനും സാധിക്കില്ല. എല്ലാ പ്രായത്തിലുള്ളവർക്കും കണ്ണിന്റെ ലെൻസിൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. നമ്മുടെ ജീവിത സാഹചര്യങ്ങളായ പുകവലി, മദ്യപാനം കൊണ്ടും കണ്ണിലെ മൂടൽ അനുഭവപ്പെടാം. പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന് നമുക്കെല്ലാവർക്കും അറിയാം. അതിന്റ ദുരിത ഫലം അനുഭവിക്കുന്നതും നമ്മുടെ കണ്ണുകളാണ്. പുകവലിയും പ്രായം ഏറെയാകുന്നതും കാറ്ററാക്റ്റ്സിനു കാരണമാകും. പുകവലി നിർത്തുന്നവരിൽ കാറ്ററാക്റ്റ്സ് കുറവെന്നും കാണുന്നു. കുടിയന്മാർക്കും കാലക്രമത്തിൽ ഈ രോഗം ബാധിക്കാം. രോഗം ബാധിക്കുന്നത്
 കുടിക്കുന്ന കാലഘട്ടത്തിലായിരിക്കില്ല. കള്ളുകുടിയുടെ അളവ് കുറയ്ക്കുന്നതു ആരോഗ്യത്തിനും കണ്ണിനും നല്ലതായിരിക്കും. ഭക്ഷണം ശരിക്കു കഴിക്കാതിരുന്നാലും  സ്റ്റിറോയ്ഡ് പോലുള്ള മെഡിക്കേഷൻ എടുക്കുന്നവർക്കും കണ്ണിന്റെ പ്രശ്നങ്ങൾ അനുഭവപ്പെടാം. ചുവന്ന വൈൻ മിതമായി കുടിക്കുന്നത് കാറ്ററാക്റ്റ്സ് ഉണ്ടാകാതിരിക്കാൻ നല്ലതെന്നും പറയപ്പെടുന്നു. ഒരിക്കലും കുടിക്കാത്തവർക്കും അല്പം ചുവന്ന വൈൻ ആരോഗ്യത്തിനു നല്ലതു തന്നെ. കണ്ണിനു ശരിയാം വിധം  സുരക്ഷിതത്വം  നൽകാതെ സൂര്യ പ്രകാശത്തിൽ നടന്നാലും കൂടുതൽ സമയം നട്ടുച്ചകളിൽ സമയം ചെലവഴിച്ചാലും കണ്ണിന്റെ ആരോഗ്യം നശിച്ചേക്കാം.

കാറ്ററാക്റ്റ്സ് മൂലം കാഴ്ച്ചയുടെ പ്രശ്നമുണ്ടാവുന്നെങ്കിൽ ആദ്യം കണ്ണിനുള്ളിൽ മഴക്കാറുകൾ പോലെ കാണുക മാത്രമല്ല തീർത്തും ദൃശ്യങ്ങൾ അവ്യക്തവുമായിരിക്കും. അതിന്റെ കാരണം കാറ്ററാക്റ്റ്സിനു
ആവശ്യമുള്ള പ്രോട്ടീൻ ഒരു പ്രത്യേക സ്ഥലത്ത് കൂടിയിരിക്കുന്നതുകൊണ്ടാണ്. കാറ്ററാക്റ്റ്സ്  കൂടുതോറും പുറമെയുള്ള വസ്തുക്കൾ മഞ്ഞ നിറത്തിലോ ബ്രൗൺ നിറത്തിലോ കണ്ണുകളിൽ കാണപ്പെടും. ശരിയായി കണ്ണുകളുടെ സുരക്ഷിതത്വം പാലിക്കാത്തവർ ഈ രോഗം മൂലം കണ്ണിനെ അന്ധമാക്കും.

കാറ്ററാക്റ്റ്സിന്റെ ലക്ഷണങ്ങളെന്തെന്നും ഭാവിയിൽ കാറ്ററാക്റ്റ്സ് എങ്ങനെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നും അറിയേണ്ടിയിരിക്കുന്നു. കാറ്ററാക്റ്റ്സ് അനുഭവപ്പെടുന്നത് കണ്ണിനു മൂടൽ വരുകയോ, കാണുന്ന വസ്തുക്കൾ അവ്യക്തമായി കാണുമ്പോഴാണ്. ആരംഭത്തിൽ ഇടയ്ക്കിടെ മാത്രം മങ്ങലുകൾ അനുഭവപ്പെടാം. ഡ്രൈവിംഗ് സമയത്തോ ജോലി ചെയ്യുമ്പോഴോ മൂടലിനെപ്പറ്റി ശ്രദ്ധിച്ചേക്കാം. വളരെ സാവധാനം കണ്ണിന്റെ കാഴ്ച്ച മങ്ങുകയും ചെയ്യുന്നു. മനുഷ്യരുടെ മുഖം തിരിച്ചറിയാനും കാറോടിക്കാനും പ്രയാസമായി വരുകയും ചെയ്യും. രാത്രിയിൽ വസ്തുക്കൾ തിരിച്ചറിയാനും കാണാനും ബുദ്ധിമുട്ടായിരിക്കും. കാരണം, കാറ്ററാക്റ്റ്സ് കണ്ണിന്റെ കാഴ്ച്ച ഇരുട്ടാക്കുന്നു. കാറ്ററാക്റ്റ്സിന്റെ ആരംഭത്തിൽ, പകൽസമയങ്ങളിൽ കാഴ്ചയ്ക്ക് അധികം പ്രശ്നങ്ങൾ ഉണ്ടാവുകയില്ല. രാത്രികാലങ്ങളിൽ വണ്ടികൾ ഓടിക്കുന്നവർക്ക് കാറ്ററാക്റ്റ്സുമൂലം കാണാൻ സാധിക്കാതെ അപകടങ്ങളുണ്ടാകാം.

പ്രായേണ ആരോഗ്യമുള്ള ഒരു വ്യക്തിക്ക് കണ്ണിലേക്ക് ലൈറ്റ് വരുമ്പോൾ പെട്ടെന്നു കണ്ണിന് അസ്വസ്ഥത അനുഭവപ്പെടുക സാധാരണമാണ്. അതുപോലെ ഇരുട്ടുമുറിയിൽ നിന്നും പ്രകാശത്തിലേക്ക് പോവുമ്പോഴും കണ്ണിന് മഞ്ചലുണ്ടാവുന്നു. കണ്ണിലേക്ക് ഫ്‌ളാഷ് ലൈറ്റ് വന്നടിക്കുമ്പോഴും കണ്ണ് അറിയാതെ അടച്ചുപോകും. ലൈറ്റിൽ നിന്നും പെട്ടെന്നു ഭവിക്കുന്ന പ്രതിഫലനം മാറി പോവുകയും ചെയ്യും. എന്നാൽ കാറ്ററാക്റ്റ്സുള്ളവർക്കു ലൈറ്റിൽ നിന്നുള്ള പ്രകാശവും പ്രതിഫലനങ്ങളും കൂടുതൽ അസ്വസ്ഥതയുണ്ടാക്കുന്നു. ചിലപ്പോൾ അവർക്ക് വെളിച്ചം വേദനാജനകവും ആയിരിക്കും. കഴിഞ്ഞ കാലത്തേക്കാളും പ്രകാശത്തോട് കൂടുതൽ അലർജിയുണ്ടാവുകയും ചെയ്യും.

കത്തി നിൽക്കുന്ന ഒരു ബൾബിനു ചുറ്റും  കണ്ണുകൾക്ക് വ്യത്യസ്തമായി ദീപ്തി വലയം കാണുന്നുവെങ്കിൽ കാറ്ററാക്റ്റ്സുണ്ടന്നു അനുമാനിക്കാം. അങ്ങനെയുള്ളവർക്ക് രാത്രിയിൽ ഡ്രൈവ് ചെയ്യുമ്പോൾ എതിരെയുള്ള കാറിന്റെ പ്രകാശ വലയം അപകടത്തിലേക്ക് വലിച്ചിഴക്കാൻ കാരണമാകാം. പ്രത്യേകിച്ച് പട്ടണത്തിൽ കൂടി ഓടിക്കുമ്പോൾ കൂടുതൽ അപകട സാധ്യതകളും തെളിയും.

പുതിയ പുതിയ കണ്ണടകളും കോണ്ടാക്റ്റ് ലെൻസുകളും മാറി മാറി ആവശ്യം വരുന്നതും കാറ്ററാക്റ്റ്സിന്റെ ലക്ഷണമാണ്. സാധാരണ കണ്ണടയിലുള്ള ഗ്ലാസ്സുകൾക്ക് മാറ്റങ്ങളാവശ്യം വരുന്നത് മൂന്നും നാലും വർഷങ്ങൾക്കു ശേഷമായിരിക്കും. ഏതാനും മാസങ്ങൾക്കുള്ളിലോ ഒരു വർഷത്തിനു ശേഷമോ കണ്ണടകൾ മാറ്റേണ്ട ആവശ്യം വരില്ല. കണ്ണടകൾ കൂടെക്കൂടെ മാറേണ്ട ആവശ്യം വരുന്നുവെങ്കിൽ കണ്ണിന്റെ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമായി വരുന്നു. കാറ്ററാക്റ്റ്സ് അല്ലെങ്കിൽ കണ്ണിന് മറ്റെന്തെങ്കിലും പ്രശ്നവുമാകാനും സാധ്യതയേറും.

കണ്ണുകൾ കൊണ്ട് നോക്കുമ്പോൾ ഒരു വസ്തുവിനെ രണ്ടായി കാണുന്നതും കാറ്ററാക്റ്റ്സിന്റെ  അടയാളമാണ്. കണ്ണിന്റെ ലെൻസിനു ചുറ്റും പ്രോട്ടീൻ സമാഹരിക്കുന്നതുകൊണ്ടാണ് കാറ്ററാക്റ്റ്സ് ബാധിച്ചവർക്കു  കാണുവാൻ ബുദ്ധിമുട്ടാകുന്നത്. അത്തരം അടയാളങ്ങൾ കണ്ണിനു വീർപ്പോ, നീരോ, സ്ട്രോക്കോ, തലച്ചോറിന് ക്യാൻസറോ വന്നവർക്കും വരാം.

കാറ്ററാക്റ്റ്സ് രൂപീകരിക്കുന്ന ആദ്യഘട്ടത്തിൽ കണ്ണുകൾക്കു കാണാൻ ബുദ്ധിമുട്ടു വരണമെന്നില്ല. എന്നാൽ പ്രായമാകുംതോറും കണ്ണിലെ പ്രോട്ടീൻ വളരെയധികം ക്ഷയിക്കും. സാവധാനമേ കണ്ണിൽ ഈ രോഗം വളരുകയുള്ളൂ. ചിലപ്പോൾ കാറ്ററാക്റ്റ്സ് തുടങ്ങി പൂർണ്ണ വളർച്ചയെടുക്കാൻ വളരെ വർഷങ്ങൾ വേണ്ടി വരും. ചില സന്ദർഭങ്ങളിൽ കണ്ണിന്റെ ഈ രോഗം ബാധിക്കുന്നതു ഒരുവന്റെ എഴുപതും എൺപതും വയസുകൾ കഴിഞ്ഞ കാലഘട്ടങ്ങളിലായിരിക്കാം. ഒരു വസ്തു കാണുമ്പോൾ ചില ഭാഗങ്ങൾ അദൃശ്യങ്ങളായിരിക്കാം. നിറങ്ങളും മങ്ങിയതായി മാത്രമേ കാണാൻ സാധിക്കുള്ളൂ.

ആരോഗ്യ പരിപാലനത്തിന് ധാരാളം വെള്ളം കുടിക്കേണ്ടതും ആവശ്യമാണ്. കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാതിരിക്കാൻ ആവശ്യത്തിനുള്ള വ്യായാമവും വേണം. നടക്കുകയും ഓടുകയും നീന്തുകയും മുതലായ വ്യായാമങ്ങൾ ആരോഗ്യത്തിന് ഉത്തമമാണ്. ആരോഗ്യം മെച്ചമായിരിക്കുന്നടത്തോളം നമ്മുടെ കണ്ണുകളും ആരോഗ്യമായി തന്നെ നിലകൊള്ളും. പോഷകാംശമുള്ള ഭക്ഷണങ്ങൾ കഴിച്ചുകൊണ്ടിരുന്നാൽ പ്രായമാകുമ്പോഴുളള ആരോഗ്യ പ്രശ്നങ്ങൾക്ക് ശമനം വരാം. കണ്ണിന്റെ ആരോഗ്യ രക്ഷയ്ക്ക് വിറ്റാമിൻ എ.സി.ഇ ഭക്ഷണ പദാർത്ഥങ്ങൾ സഹായകമെന്നു ഗവേഷകരുടെ കുറിപ്പുകളിൽ കാണുന്നു. ഈ വിറ്റാമിനുകൾ പഴവർഗങ്ങളിലും പച്ചക്കറികളിലും ഉണ്ട്. ബ്രോക്കളിയും ഓറഞ്ചും ക്യാരറ്റും കണ്ണിന്റെ ആരോഗ്യം നിലനിർത്താൻ സഹായകമാണ്. ക്യാരറ്റുകൾ കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമെന്നു പഴമക്കാരും പറയാറുണ്ട്.  ശരീര ഭാരം അധികം കൂടാതെ വ്യായാമത്തിൽക്കൂടി ഡയബീറ്റിക്സിനെയും നിയന്ത്രിച്ചാൽ കണ്ണിന്റെ ആരോഗ്യം നില നിർത്താൻ സാധിക്കും.  പ്രായം കൂടുംതോറും കണ്ണിൽ പലയിടത്തും അന്ധമാകാനുള്ള ലക്ഷണങ്ങളുമുണ്ടാകും. മറ്റൊരാളിന്റെ മുഖം തന്നെ തിരിച്ചറിയാനുള്ള ബുദ്ധിമുട്ടുകളുമുണ്ടാകാം.

കാറ്ററാക്റ്റ്സ് മൂർച്ഛിക്കുമ്പോൾ സർജറി വേണ്ടി വരും. സർജറിയിൽക്കൂടി മൂടിക്കിടക്കുന്ന കണ്ണിന്റെ സ്വാഭാവിക ലെൻസിനെ നീക്കം ചെയ്തശേഷം അതേ സ്ഥാനത്ത് കൃത്രിമമായ മറ്റൊരു ലെൻസ് സ്ഥാപിക്കുന്നു. ഓരോ വർഷവും അമേരിക്കയിൽ നാലു മില്യൺ കാറ്ററാക്റ്റ്സ് സർജറികൾ നടത്തപ്പെടാറുണ്ട്. ഇത്തരം സർജറികൾ അമേരിക്കയിൽ സർവ്വ സാധാരണമാണ്. കാറ്ററാക്റ്റ്സ് രോഗത്തെ സ്വാഭാവിക രീതിയിൽ തടയാൻ സാധിക്കില്ല. സർജറിയിൽക്കൂടി മാത്രമേ മങ്ങിക്കിടക്കുന്ന കണ്ണിനു രോഗ നിവാരണം നടത്താൻ സാധിക്കുള്ളൂ.

കാറ്ററാക്റ്റ്സിനുള്ള സർജറി നടത്തിയ ഭൂരിഭാഗം പേരും സർജറിയിൽ തൃപ്തരും അത് ആവശ്യമെന്നു കരുതുകയും ചെയ്യുന്നു. തങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും രോഗ നിവാരണത്തിന് സർജറിയുടെ ആവശ്യകതയെപ്പറ്റി ശുപാർശ ചെയ്യുകയും ചെയ്യുന്നു. ഭൂരിഭാഗം പേർക്കും പിന്നീട് കണ്ണട വെക്കേണ്ട ആവശ്യം വരില്ല. ഇത് അമേരിക്കയിലെ ഏറ്റവും സുരക്ഷിതമായ സർജറിയായിട്ടാണ് കരുതുന്നത്‌. എന്നിരുന്നാലും പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. അണുബാധ, വ്രണം, പഴുപ്പ് മുതലായവകൾ കണ്ണിനെ ബാധിക്കാം. സർജറിക്കുമുമ്പ് സർജറി ചെയ്യുന്ന ഡോക്ടർ സംഭവിക്കാവുന്ന ഭവിഷ്യത്തുകൾ നേരത്തെ തന്നെ രോഗിയെ അറിയിക്കുകയും ചെയ്യും.

കാറ്ററാക്റ്റ്സിനു പല രീതികളിലുള്ള ചീകത്സാസമ്പ്രദായങ്ങളുണ്ട്. കൂടുതലും കേസുകളിൽ സർജറി വേണ്ടി വരും. കാറ്ററാക്റ്റ്സ് നീക്കം ചെയ്തിട്ട് അവിടെ കൃത്രിമമായ ലെൻസ് വെക്കുന്നു. സർജറിക്ക് മുമ്പ് ഏതു തരം ലെൻസാണ് അനുയോജ്യമെന്ന് ഡോക്ടർ തീരുമാനിക്കും. സർജറി മൂലം എസ്റ്റിമാറ്റിസം (Astimaticsm) പോലുള്ള കണ്ണിന്റെ പ്രശ്നവും ഒപ്പം പരിഹരിക്കാൻ സാധിക്കും. അതായത് ദൂരെയുള്ള കാഴ്ചകൾക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ സർജറിയിൽക്കൂടി പ്രശ്നങ്ങൾ പരിഹരിക്കുന്നു. സർജറിയല്ലാതെ കാറ്ററാക്റ്റ്സിന്റെ രോഗനിവാരണത്തിനായി പ്രത്യേകമായ ഒരു മെഡിക്കേഷനും മാർക്കറ്റിലില്ല.

സാധാരണ കാറ്ററാക്റ്റ്സ് സർജറിയ്ക്ക് ഹോസ്പിറ്റലിൽ കിടക്കേണ്ട ആവശ്യമില്ല. ലോക്കൽ അനസ്‌തേഷ്യ തരും. അതിനുശേഷം അന്നേ ദിവസം തന്നെ വീട്ടിൽ പോവാനും സാധിക്കുന്നു. സർജറിയുടെ എല്ലാ നടപടി ക്രമങ്ങളും അപ്പോൾത്തന്നെ പൂർത്തിയാക്കുകയും ചെയ്യും. സർജറിയുടെ ചിട്ടകൾ വളരെ ലളിതമാണെങ്കിലും സർജറി എപ്പോഴും ഗൗരവമേറിയതു തന്നെയാണ്. ഡോക്ടർമാരുമായി ഇതേപ്പറ്റി വിശദമായ ഒരു ചർച്ചയും സർജറിക്ക് മുമ്പ് ആവശ്യമാണ്. അതുപോലെ ഏറ്റവും അനുയോജ്യമായ സമയം നോക്കി സർജറി നടത്തുകയും ചെയ്യണം.











കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...