Tuesday, September 26, 2017

പെരിയാറും ബ്രാഹ്മണിസവും ധാർമ്മിക രോഷങ്ങളും




ജോസഫ് പടന്നമാക്കൽ

തമിഴ് നാട്ടിലുള്ള ഈറോഡ് ടൗണിൽ 1879 സെപ്റ്റംബർ പതിനേഴാം തിയതി ഇ.വി. രാമസ്വാമി (പെരിയാർ)ജനിച്ചു. അദ്ദേഹത്തിന്റെ അച്ഛൻ വെങ്കട നായ്ക്കർ ധനികനായ ഒരു വ്യവസായി ആയിരുന്നു. ഹിന്ദു വൈഷ്ണവത്തിലെ ഒരു തീവ്ര ഭക്തനുമായിരുന്നു. 'അമ്മ മുത്തമ്മാൾ എന്ന് വിളിക്കുന്ന ചിന്ന തയ്യമ്മാൾ വീട്ടു കാര്യങ്ങളുമായി കഴിഞ്ഞിരുന്നു. കൃഷ്ണ സാമിയെന്ന  ഒരു മൂത്ത സഹോദരനും കണ്ണമ്മാൾ, പൊന്നുതോയ്‌ എന്നിങ്ങനെ രണ്ടു സഹോദരികളുമുണ്ടായിരുന്നു. ആറാം വയസിൽ സ്‌കൂൾ പഠനം തുടങ്ങി പത്താം വയസിൽ അവസാനിപ്പിച്ചു. പന്ത്രണ്ടാം വയസിൽ അപ്പനെ ബിസിനസ്സ് കാര്യങ്ങളിൽ സഹായിക്കാൻ തുടങ്ങി. 1898-ൽ പതിമൂന്നാം വയസിൽ അദ്ദേഹം നാഗമ്മാളിനെ വിവാഹം ചെയ്തു. യാഥാസ്ഥിതികയായിരുന്ന അദ്ദേഹത്തിൻറെ ഭാര്യയെ സാവധാനം തികഞ്ഞ യുക്തിവാദിയാക്കി. 1933 മെയ് പതിനൊന്നാം തിയതി നാഗമ്മാൾ നാല്പത്തിയെട്ടാം വയസിൽ മരിച്ചു. നാഗമ്മാളും പെരിയാറിനൊപ്പം വൈക്കം സത്യാഗ്രഹത്തിലും ഗാന്ധിജിയുടെ നിസഹകരണപ്രസ്ഥാനത്തിലും പങ്കെടുത്തിരുന്നു.

മതത്തിന്റെ വിശ്വാസത്തെപ്പറ്റി പെരിയാർ തന്റെ ജീവിതാനുഭവങ്ങൾ വിവരിക്കുന്നുണ്ട്. "ഞങ്ങളുടെ വീട്ടിൽ സന്യാസിമാരെയും പണ്ഡിറ്റുകളെയും പുരോഹിതരെയും ബഹുമാനിക്കണമെന്നുള്ള ഒരു ചിട്ടയുണ്ടായിരുന്നു. അവരെ ഞാൻ ഇഷ്ടപ്പെടാഞ്ഞതുകൊണ്ടു അവരെന്തു പറഞ്ഞാലും ഞാൻ അവരെ പരിഹസിക്കുമായിരുന്നു. അത് എന്റെ ഒരു വിനോദമായിരുന്നു. ഞാൻ പുരാണഗ്രന്ഥങ്ങൾ വായിച്ചിരുന്നില്ല. ആരുടേയും മതപ്രഭാഷണങ്ങൾ കേട്ടിട്ടുമുണ്ടായിരുന്നില്ല. ശൈവ-വൈഷ്‌ണവ പണ്ഡിതന്മാർ കൂടുതൽ പ്രഭാഷണങ്ങളും വിവരങ്ങളുമായി വരുമ്പോൾ അവരെ ഞാൻ ചോദ്യം ചെയ്യാനാരംഭിച്ചു. എന്റെ ചോദ്യങ്ങൾക്കുത്തരം പണ്ഡിതന്മാർ പരസ്‌പരവിരുദ്ധമായി പറയാൻ തുടങ്ങി. ഇത് എനിക്ക് പണ്ഡിതരുടെ പാണ്ഡ്യത്യത്തെ ചെളിവാരിയെറിയാനുള്ള അവസരവുമായിരുന്നു. പണ്ഡിതരോടുള്ള എന്റെ തർക്കമാണ് എന്നെ മത വിശ്വാസത്തിൽനിന്നും, പുരാണത്തിൽനിന്നും ശാസ്ത്രത്തിൽനിന്നും ദൈവത്തിൽനിന്നും അകറ്റി നിർത്തിയത്". ദ്രാവിഡരെ കീഴ്പ്പെടുത്തിയ ദൈവങ്ങളെ പൂജിക്കുന്നതിലും അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ബ്രാഹ്മണാധിപത്യത്തിനെതിരെ പെരിയാർ ഒരു സന്ധിയില്ലാ സമരമായിരുന്നു നടത്തിയത്.

1904-ൽ പിതാവിന്റെ നിർബന്ധപ്രകാരം പെരിയാർ ബ്രഹ്മചര്യം അനുഷ്ഠിച്ചുകൊണ്ടുള്ള സന്യാസിയായി. തന്റെ ഇരുപത്തിയഞ്ചാം വയസിൽ വാരണാസി പുണ്യസ്ഥലം സന്ദർശിക്കാൻ പോയി. അവിടെ വർണ്ണവിവേചനമില്ലാതെ ആർക്കും താമസിക്കാമെന്നു ചിന്തിച്ചു. ബ്രാഹ്മണരല്ലാത്തവരെ അവിടെയുള്ള സത്രങ്ങളിൽ താമസിക്കാൻ അനുവദിച്ചിരുന്നില്ല. ബ്രാഹ്മണൻ അല്ലാത്തതിനാൽ ഒരിടത്തും ഭക്ഷണം പോലും നൽകില്ലായിരുന്നു. വിശപ്പ് സഹിക്ക വയ്യാത്തതിനാൽ ബ്രാഹ്മണർ വലിച്ചെറിയുന്ന ഉച്ഛിഷ്ടം തിന്ന് ഭക്ഷിക്കേണ്ടി വന്നു. കുറച്ചു ദിവസങ്ങളായി ഭക്ഷണം കഴിക്കാതെ വയറു വിശന്നിരുന്ന രാമസാമി തെരുവ് പട്ടികളോട് മത്സരിച്ചു പുറത്തിട്ടിരുന്ന ഇല നക്കി വിശപ്പടക്കിയിരുന്നു. അങ്ങനെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ രാമസാമിയുടെ കണ്ണുകൾ ആ കെട്ടിടത്തിന്റെ മുകളിൽ കൊത്തിയിരുന്ന അക്ഷരങ്ങളിലേക്ക് തിരിഞ്ഞു. തമിഴ് നാട്ടിലെ ഒരു ധനികനായ ദ്രാവിഡൻ ബ്രാഹ്മണർക്ക് ദാനം കൊടുത്തതായിരുന്നു ആ കെട്ടിടം. പെട്ടെന്ന് യുവാവായിരുന്ന രാമസ്വാമികളുടെ മനസ്സിൽ പലതും വന്നുകൂടി. ഒരു ദ്രവീഡിയൻ മനുഷ്യ സ്‌നേഹി ദാനമായി കൊടുത്ത കെട്ടിടത്തിനുള്ളിൽ എന്തുകൊണ്ട് ഒരു ദ്രാവിഡന് പ്രവേശനം നിഷേധിക്കുകുകയും ഭക്ഷണം നിരസിക്കുകയും ചെയ്യുന്നുവെന്ന ചോദ്യമായിരുന്നു മനസ്സിൽ വന്നത്. ബ്രാഹ്‌മണരുടെ മനസ്സ് കഠിനവും ദയയില്ലാത്തതും വർഗീയതയും നിറഞ്ഞിരിക്കുന്നത് എന്തുകൊണ്ട്? വിശക്കുന്നവന് അന്നം കൊടുക്കാൻ മടിക്കുന്ന ഈ ബ്രാഹ്മണരുടെ ദൈവത്തെ ദ്രാവിഡർക്ക്‌ വേണോ? മരണം വരെ സവർണ്ണ മേധാവിത്വം അവർണ്ണന്റെ മേൽ അടിച്ചേൽപ്പിക്കുന്ന ബ്രാഹ്മണിസം നശിപ്പിക്കണ്ടേ? മുകളിൽ പറഞ്ഞ ചോദ്യങ്ങൾക്കൊന്നും നീതികരിക്കുന്ന ഉത്തരങ്ങൾ പെരിയാറിന്റെ മനസ്സിൽ വന്നു കൂടിയില്ല.

കാശിയിൽ(Banaras)നിന്ന് കിട്ടിയ അപമാനം അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ആര്യൻ വർഗക്കാരോടും അവരുടെ കണക്കില്ലാത്ത ദൈവങ്ങളോടും എന്തെന്നില്ലാത്ത വെറുപ്പ് അന്നുമുതൽ അദ്ദേഹത്തെ അലട്ടാൻ തുടങ്ങി. ബനാറസ് അഥവാ കാശി വിശുദ്ധമായ ഒരു സ്ഥലമായിട്ടാണ് കരുതുന്നെങ്കിലും എല്ലാ വൃത്തികേടുകളുടെയും അസാന്മാർഗികതയുടേയും വ്യപിചാര ശാലകളുടേയും സങ്കേതമെന്നും പെരിയാർ രേഖപ്പെടുത്തിയിട്ടുണ്ട്. ചതിയും വഞ്ചനയും യാചകരുടെ ശല്യവും വളരെയേറെയാണ്. ഗംഗാ നദികളിൽക്കൂടി ഒഴുകി നടക്കുന്ന ശവ ശരീരങ്ങളും അദ്ദേഹത്തിൽ വെറുപ്പുണ്ടാക്കി. ബ്രഹ്‌മചര്യം പ്രതിജ്ഞ ചെയ്ത അദ്ദേഹം പുനർചിന്തനത്തിൽ വീണ്ടും കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചു.

മതങ്ങൾ ഇന്ന് മനുഷ്യമനസ്സിൽ വിഷവും ഭയവും വർദ്ധിപ്പിക്കുന്നു. മനുഷ്യന്റെ നിസ്സഹായാവസ്ഥയെ ദൈവത്തിന്റെ മനുഷ്യർ ചൂഷണം ചെയ്യുന്നു. മതാന്ധതയുമായി നടക്കുന്ന ഭക്തജനങ്ങളെ നിത്യനരകമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി ചൂഷണം ചെയ്യുന്നു. പെരിയാർ മതത്തെ വാകൊണ്ടും പേനാകൊണ്ടും യുക്തിപൂർവം എതിർത്തിരുന്നു. നിഷ്കളങ്കരായവരെ മതത്തിന്റെ മുഖംമൂടി അണിഞ്ഞിരുന്നവർ ചതിക്കുന്നുവെന്ന് പെരിയാർ വിശ്വസിച്ചിരുന്നു. ഒരു തികഞ്ഞ യുക്തിവാദിയെന്ന് അദ്ദേഹം സ്വയം പ്രഖ്യാപിക്കുമായിരുന്നു. ഹൈന്ദവ ശാസ്ത്രങ്ങളെയും പുരാണങ്ങളെയും സ്മൃതികളെയും അദ്ദേഹം പരിഹസിച്ചിരുന്നു. ബ്രാഹ്മണ സൂക്തങ്ങൾക്കെതിരെ അക്രോശിച്ചിരുന്നു. ഈ പുരാണങ്ങളെല്ലാം മനുഷ്യനെ അന്ധവിശ്വാസത്തിലേയ്ക്ക് നയിക്കുന്നുവെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അദ്ദേഹം ഒരിക്കൽ മതങ്ങളുടെ അർത്ഥമില്ലാത്ത ഗവേഷണ പ്രബന്ധങ്ങളെല്ലാം കത്തിച്ചു ചാമ്പലാക്കണമെന്നും പറഞ്ഞു. ദൈവ വിശ്വാസം മനുഷ്യനെ അധൈര്യനാക്കുന്നുവെന്നും വിശ്വസിച്ചിരുന്നു. മനുഷ്യന് പ്രകൃതി കനിഞ്ഞു നൽകിയ ഗുണങ്ങളും സ്ഥിരോത്സാഹവും, ജിജ്ഞാസയും ഉന്മേഷവും ദൈവ വിശ്വാസികളിൽ മങ്ങലേൽപ്പിക്കുന്നു. ദൈവ ഭയമെന്നുള്ളത് ഒരുവന്റെ വിഡ്ഢി ചിന്തകളുടെ ആരംഭമാണ്. പെരിയാർ കൂടുതലായും ആക്രമിച്ചത് ഹിന്ദു മതങ്ങളെയും അവരുടെ ദൈവങ്ങളെയുമായിരുന്നു. ദൈവങ്ങൾ മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വിഘാതമെന്നും ആദ്ദേഹം വിശ്വസിച്ചു. ഒരു മനുഷ്യൻ സ്വയം അഭിമാനിയായി ജീവിക്കണമെങ്കിൽ മതം ഉപേക്ഷിക്കണമെന്നാണ് അദ്ദേഹം ഉപദേശിച്ചത്.

മനുഷ്യന്റെ പുരോഗതിക്ക് മതം തടസ്സമാകുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. മതം സാമൂഹിക അസമത്വങ്ങൾക്ക് ഇടയാക്കുന്നു. നീതിയും സത്യവും നിലനിർത്താൻ മതത്തിന്റെ സ്ഥാനത്ത് യുക്തിയാൽ അധിഷ്ഠിതമായ ആശയ സംവിധാനങ്ങൾ നടപ്പാക്കേണ്ടതുണ്ട്. അതിനു മതത്തെ ഇല്ലാതാക്കണം. വിശ്വാസവും അതിന്റെ കാര്യ കാരണങ്ങളാലുള്ള അന്വേഷണവും രണ്ടും വ്യത്യസ്തങ്ങളാണ്. ആദ്യം മനുഷ്യനെ സ്നേഹിക്കാനും ബഹുമാനിക്കാനും പഠിക്കൂ. അതിനു ദൈവത്തോട് സംസാരിക്കുന്നതിനേക്കാൾ മനുഷ്യൻ ആദ്യം വിവേകമുള്ളവനാകണം. യുക്തി ചിന്തകൾ മനുഷ്യനെ സമത്വത്തിലേക്ക് നയിക്കുമ്പോൾ മതം മനുഷ്യനെയും മനുഷ്യനെയും തമ്മിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു. അന്ധവിശ്വാസങ്ങളും പീഡനങ്ങളും ചൂഷണങ്ങളും അതിനുള്ളിലുണ്ട്. മതം മനുഷ്യരെ ഭീരുക്കളാക്കുന്നു. മടിയന്മാരുമാക്കുന്നു. സമൂഹത്തിൽ താണവരായവരെ മതം ചൂഷണം ചെയ്യുന്നു. യുക്തി ചിന്തകൾ മനുഷ്യനെ സ്വതന്ത്രമാക്കുകയും ചെയ്യും. 

ദൈവം എപ്പോൾ എങ്ങനെ വന്നു. പെരിയാറിനു അതിനുത്തരമുണ്ടായിരുന്നു. മനുഷ്യൻ ചിന്തിക്കാൻ തുടങ്ങിയപ്പോൾ ദൈവത്തെപ്പറ്റിയും അവൻ ചിന്തിക്കാൻ തുടങ്ങി. ഈ പ്രകൃതി ശക്തികളെ ശാസ്ത്രീയമായി ഉൾക്കൊള്ളാൻ സാധിക്കാതെ വന്നപ്പോൾ അവൻ അതിനെയെല്ലാം ദൈവമായി കണ്ടു. അവൻ ദൈവമായി കണ്ടത് പലതും തെറ്റെന്ന് ശാസ്ത്രീയമായും തെളിയിച്ചു. ഉദാഹരണമായി സൂര്യഗ്രഹണത്തെപ്പറ്റി അവനു ഉൾക്കൊള്ളാനോ വിവരിക്കാനോ അറിയില്ലായിരുന്നു. അവൻ അതിന്റെ രാശിയും കേതുവുമായുള്ള കഥകളുണ്ടാക്കി. രണ്ടു സർപ്പങ്ങൾ വന്നു സൂര്യനെയും ചന്ദ്രനെയും വിഴുങ്ങുന്നു. ദൈവത്തിന്റെ പ്രവർത്തനഫലമെന്ന ഒരു മിഥ്യാ ബോധവും അവനിലുണ്ടായി. ഒരുവന്റെ അറിവ് വർദ്ധിക്കുംതോറും ഇങ്ങനെയുള്ള അന്ധവിശ്വാസങ്ങൾ പാടെ ഇല്ലാതാവുകയും ചെയ്യുന്നു. പെരിയാറിന്റെ അഭിപ്രായമനുസരിച്ച് ഇന്ന് ലോകത്ത് ജീവിച്ച ഒരു ദൈവ ശാസ്ത്രജ്ഞനും ദൈവമെന്ന സത്തയെന്തെന്ന് വിവരിക്കാൻ സാധിക്കില്ലെന്നാണ്. ഓരോ ദൈവ ശാസ്ത്രജ്ഞനും ദൈവത്തെപ്പറ്റി തത്ത്വ ചിന്തകളുണ്ടാക്കും. 'അതാണ് ദൈവമെന്നു പറയും.' അവരുടെ സാങ്കൽപ്പികം ആർക്കും മനസിലാകുന്നതോ വിവരിക്കാൻ സാധിക്കുന്നതോ അല്ല. മനുഷ്യ ജാതിയെയും ഈ പ്രപഞ്ചത്തെയും നിയന്ത്രിക്കുന്നത് ദൈവമെന്നു വേദജ്ഞാനികൾ പറയും. ഒരു യാചകന് ഭിക്ഷ കിട്ടുമ്പോൾ അത് ദൈവത്തിന്റെ അനുഗ്രഹംകൊണ്ടെന്ന്  യാചകനും അങ്ങനെ പറയുമെന്ന് പെരിയാർ അഭിപ്രായപ്പെട്ടിരുന്നു. ഒരുവന് ജോലി കിട്ടുമ്പോഴും ദൈവാനുഗ്രഹം കൊണ്ടെന്നു പറയും. ഇത് സത്യമെങ്കിൽ ഒരു മനുഷ്യന് നന്മ ഉണ്ടാകുന്നതിനൊപ്പം ദുഖങ്ങളേയും വിലയിരുത്തിക്കൂടെ?  ജോലി കിട്ടാതെ അലയുന്നതും അനുഗ്രഹമോ? ദൈവം സർവ്വ ശക്തനെങ്കിൽ എന്തിനാണ് മനുഷ്യൻ പ്രാർത്ഥിക്കുന്നത്? ദൈവം കാരുണ്യവാനെങ്കിൽ എന്തിനവൻ ഈ പീഡനങ്ങളും ദുരിതങ്ങളും അനുഭവിക്കണം. തിന്മ ഈ ലോകത്ത് നടമാടുമ്പോൾ അമ്പല പൂജ നമുക്കെങ്ങനെ അംഗീകരിക്കാൻ സാധിക്കും. ഈ പുണ്യ യാത്രകളും ഉത്സവങ്ങളും നടത്തിയാലേ സർവ്വ ശക്തനായ അവൻ പ്രസാധിക്കുള്ളൂപോലും!

അമ്പലങ്ങളിലും പൂജകളിലും വഴിപാടുകളിലും അർപ്പിക്കുന്ന നമ്മുടെ പണം രാജ്യത്തിനുവേണ്ടി ചെലവഴിച്ചിരുന്നെങ്കിൽ ദരിദ്രരുടെയും താണ ജനങ്ങളുടെയും നിലവാരം ഉയരുമായിരുന്നു. എന്നാൽ ഇത്തരം യുക്തി ചിന്തകളുടെ ശത്രു ദൈവമെന്നും പെരിയാർ ചിന്തിച്ചിരുന്നു. ദൈവത്തിൽ അന്ധമായ വിശ്വാസം കാരണം ബൗദ്ധികമായി കാര്യകാരണ സഹിതം ചിന്തിക്കാനുള്ള മനുഷ്യന്റെ കഴിവുകളും അവിടെ ഇല്ലാതാവുന്നു. എല്ലാം ദൈവത്താൽ സാധ്യമെന്നു ദൈവിക ചിന്തകർ പറയും. 'അവനില്ലാതെ ഒന്നും സാധ്യമല്ല' യെന്ന് വഴിനീളെ പാസ്റ്റർമാരും പ്രസംഗിക്കുന്നുണ്ട്. ദൈവിക ജ്ഞാനികൾ പറയും, 'ദൈവത്തെ നമുക്ക് കാണാൻ സാധിക്കില്ലെങ്കിലും ദൈവം അവിടെ ഉണ്ടായിരുന്നു. അവൻ ആയിരിക്കുന്നവനാകുന്നു. അവൻ എന്നും അങ്ങനെയായിരിക്കും'. പെരിയാറിന്റെ അഭിപ്രായത്തിൽ അതെല്ലാം വിഡ്ഢിത്വ ചിന്തകളെന്നാണ്. ആധികാരികമായി അവർക്ക് ഒരു വിവരണവും ദൈവത്തെപ്പറ്റി നൽകാൻ സാധിക്കില്ല. നമ്മുടെ അറിവിനുപരി ഒരു ശക്തിയുണ്ടെങ്കിൽ ആ ശക്തിയെത്തേടി നമ്മളെ എന്തിനു സ്വയം വിഡ്ഢികളാക്കണം. ദൈവമെന്നു പറയുന്നത് വ്യാജവും കെട്ടുകഥയും ഭാവനയുമാണ്. ദൈവ വാദികൾ പറയും 'ദൈവത്തെ മനസിലാക്കാൻ സാധ്യമല്ലെന്ന്'. അങ്ങനെയെങ്കിൽ അവർക്കെങ്ങനെ ദൈവത്തെ മനസിലായി? ദൈവത്തിന്റെ പ്രതിപുരുഷന്മാരായി ഇത്തരം വേദം ഓതുവാൻ അവർക്കെന്തവകാശം? പെരിയാറിന്റെ യുക്തി ചിന്തകൾ ഇങ്ങനെ പോവുന്നു, 'ദൈവം ഇല്ല, ദൈവം ഒരിക്കലും ഉണ്ടായിരുന്നില്ല, ദൈവത്തെ സൃഷ്ടിക്കുന്നവൻ വിഡ്ഢിയാണ്. ദൈവത്തെപ്പറ്റി പ്രസംഗിക്കുന്നവർ സത്യമില്ലാത്തവരാണ്. ദൈവത്തോട് പ്രാത്ഥിക്കുന്നവർ വൈകൃത ചിന്തകളുള്ള അപരിഷ്കൃതരാണ്'.

ബ്രാഹ്മണിസത്തിനെതിരായുളള യുദ്ധം പെരിയാറിനെ യുക്തിവാദത്തിൽ കൂടുതൽ ദൃഢവിശ്വസിയാക്കി. പാരമ്പര്യമായി ബ്രാഹ്മണർക്ക് പൂജാരികളെന്ന നിലയിൽ അമിതമായി ബഹുമാനം കല്പ്പിച്ചിരുന്നു. ബ്രാഹ്മണർ അവരുടെ സ്ഥാനം ദുരുപയോഗം ചെയ്യുന്നതിൽ പെരിയാർ അവരെ അമിതമായി വിമർശിച്ചിരുന്നു. മതത്തിന്റെ പാരമ്പര്യമായുള്ള വ്യവസ്തമൂലം ബ്രാഹ്മണർ ജനത്തെ ചൂഷണം ചെയ്യുന്നു. ദൈവവും മതവും ശാസ്ത്രവും പുരാണങ്ങളും ഇതിഹാസങ്ങളും ഉയർന്ന ജാതിക്കാരുടെ ആയുധങ്ങളാണ്. മണ്ണിന്റെ മക്കളെ അവർ അടിമകളാക്കുന്നു. അവരെ വർണ്ണാശ്രമ ധർമ്മമെന്നു പറഞ്ഞു നാലാംതരമോ അഞ്ചാം തരമോ ആയി വിഭജിക്കുന്നു. ബ്രാഹ്മണരെ സമൂഹത്തിലെ ഉന്നതരായി കരുതുന്നമൂലം അവർ ബ്രാഹ്മണരല്ലാത്തവരെ പീഡിപ്പിക്കുന്ന ഒരു മനസ്ഥിതിയാണുള്ളത്. ബ്രാഹ്മണരുണ്ടാക്കിയിരുന്ന നിയമങ്ങളും അനീതി നിറഞ്ഞതാണ്. മതമെന്ന് പറയുന്നത് ബ്രാഹ്മണരുടെ മേധാവിത്വം നിലനിർത്തുന്നതിനാണ്. മതത്തെ ഇല്ലാതാക്കി അവിടെ യുക്തി ചിന്തകൾ നടപ്പാക്കണമെന്ന് പെരിയാർ വാദിച്ചിരുന്നു.

പെരിയാറിന്റെ എല്ലാ പ്രസ്ഥാനങ്ങളുടെയും അടിസ്ഥാന തത്ത്വം യുക്തിവാദമെന്നു കാണാം. രാജ്യത്തുള്ള അരാജകത്വത്തിന് കാരണം നമ്മുടെ യുക്തി ചിന്തകളെ അടിച്ചമർത്തുന്നതാണെന്നു പെരിയാർ വിശ്വസിച്ചിരുന്നു. എന്ത് കാര്യങ്ങളാണെങ്കിലും വെറും വിശ്വാസത്തിന്റെ പുറത്തുപോകാതെ കാര്യ കാരണങ്ങൾ സഹിതം ചിന്തിക്കാനും പഠിക്കണം. മറ്റുളളവരുടെ ഉപദേശങ്ങളെ കണക്കാക്കാതെ തനതായി വിചിന്തനം ചെയ്യണം. ബുദ്ധിപരമായി മുന്നേറണം. നിഷേധിക്കേണ്ടത് നിഷേധിക്കണം. എന്തിനെങ്കിലും നമ്മുടെ സേവനം ആവശ്യമുണ്ടെങ്കിൽ അതിനും തയാറാകണം. നവീകരണം ആവശ്യമെങ്കിൽ ഭയരഹിതമായി നടപ്പാക്കണം. വർഗ വിവേചനമായിരുന്നു പെരിയാറിന്റെ ഏറ്റവും വലിയ പ്രശ്‍നം. ചാതുർവർണ്യ വ്യവസ്ഥ ഇല്ലാതാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.

ഹിന്ദു മതത്തിന്റെ ആരാധനയിൽ പങ്കെടുക്കുന്നുവെങ്കിൽ ബ്രാഹ്മണരെ ഉയർത്തി പിടിച്ചിരിക്കുന്നതായി കാണാം. ദ്രാവിഡരെ ശൂദ്രന്മാരും പഞ്ചമന്മാരും ആയി ചിത്രീകരിച്ചിരിക്കുന്നു. പെരിയാർ പറഞ്ഞു, ഹിന്ദു മതമെന്ന് പറയുന്നത് ഒരു മതമല്ല. ചില സ്ഥാപിത താല്പര്യക്കാരുടെ താൽപ്പര്യം അനുസരിച്ച് അജ്ഞത നിറഞ്ഞ നിരക്ഷരരെ ചൂഷണം ചെയ്യാൻ വേണ്ടി ഈ മതം സ്ഥാപിച്ചു. നാം ഈ മതം സ്വീകരിക്കണോ വേണ്ടയോ എന്ന് പെരിയാർ ചോദിക്കുന്നു? സാമൂഹിക വളർച്ചയ്ക്ക് ഈ മതം സഹായകമാണോ? പെരിയാറിന്റെ കാഴ്ചപ്പാടിൽ ദൈവവും മതവും മനുഷ്യനും ബ്രാഹ്മണരായവരുടെ സൃഷ്ടിയാണ്. ബ്രാഹ്‌മണ പ്രതാപത്തിനായുള്ളതാണ്. അദ്ദേഹം പറയുന്നു, 'ഓയിൽ വിളക്കിനു പകരം ഇലെക്ട്രിക്കൽ ബൾബ് വന്നു. കാളവണ്ടി യുഗത്തിൽ നിന്ന് ഏവിയേഷൻ വിപ്ലവം സാർവത്രികമായി. അതുപോലെ പൗരാണികവും കാലഹരണപ്പെട്ടതുമായ ദൈവത്തെയും മതത്തെയും പരിഷ്‌ക്കരിക്കേണ്ടതായുണ്ട്. 'ദൈവത്തെ മറന്ന് മനുഷ്യനെ സ്നേഹിക്കുകയെന്നതായിരുന്നു' അദ്ദേഹത്തിൻറെ ആപ്തവാക്യം.

ഭൗതിക വാദിയും യുക്തിവാദിയുമായ പെരിയാറിനു ഒരു മതങ്ങളിലും വിശ്വസമില്ലായിരുന്നു. മതങ്ങൾ നീതിയ്ക്കും സാമൂഹിക നന്മയ്ക്കും എതിരായി പ്രവർത്തിക്കുന്നുവെന്ന വിശ്വാസമായിരുന്നു അദ്ദേഹത്തിന് എന്നുമുണ്ടായിരുന്നത്. ഹിന്ദുമതം കൂടാതെ മറ്റു മതങ്ങളോടും അദ്ദേഹം മല്ലിട്ടിരുന്നു. മതങ്ങളിൽ നീതി നൽകുന്നത് ഇസ്‌ലാം മതം മാത്രമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 'ഞാൻ ഹിന്ദുവായി ജനിച്ചതിൽ ലജ്ജിക്കുന്നു. ഞാൻ മുസ്ലിമായി മരിക്കാനും തയ്യാറായിരുന്നു. ബ്രാഹ്മണരല്ലാത്തവർ ഇസ്‌ലാമിലേക്ക് മതം മാറാനും ഒരിക്കൽ അദ്ദേഹം ആഹ്വാനം ചെയ്തു. അങ്ങനെയെങ്കിൽ അവർ ഹിന്ദുമതത്തിലെ ദുരാചാരങ്ങളിൽ നിന്ന് വിമുക്തമാകും. ഇസ്‌ലാമിൽ വർഗ വിവേചനമോ ചാതുർവർണ്യ വ്യവസ്ഥകളോയില്ല. അതെ സമയം അദ്ദേഹം മറ്റൊരു തരത്തിലും പറഞ്ഞു, ഇസ്‌ലാം നിങ്ങൾക്ക് സ്വീകാര്യമല്ലെങ്കിൽ ബുദ്ധമതവും പരിഗണിക്കാം. പെരിയാർ സ്വന്തം ജീവിതത്തിൽ ഗൗതമ ബുദ്ധനെ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. കാരണം ബുദ്ധൻ ഹിന്ദു മതത്തിലെ ബ്രഹ്മനിലോ ആത്മത്തിലോ വിശ്വസിച്ചിരുന്നില്ല.

ക്രിസ്ത്യൻ മതത്തെ വിമർശിക്കാനും അദ്ദേഹം ശ്രദ്ധ ചെലുത്തിയിരുന്നു. ഇസ്ലാം മതവും ക്രിസ്തുമതവും സമൂഹത്തിൽനിന്ന് ഇല്ലാതാക്കാൻ സാധിക്കില്ല. ക്രിസ്തുമതത്തിൽ രണ്ടായിരം കൊല്ലം മുമ്പ് പറഞ്ഞ കാര്യങ്ങൾ ഇന്ന് കാലത്തിനു യോജിച്ചതല്ല. സ്വർഗ്ഗമെന്നു പറയുന്നത് എല്ലാ മതങ്ങൾക്കും പണം ശേഖരിക്കാനുള്ള ഒരു ഉപാധിയാണ്. "കാര്യകാരണ സഹിതം നിങ്ങൾക്ക് ക്രിസ്തുവിനെ സ്വീകരിക്കാൻ സാധിക്കുമോ? ബൈബിൾ അപകടം പിടിച്ച സന്മാർഗ്ഗത്തിലേക്കുള്ള വഴി എന്നുള്ള ആശയങ്ങൾ ഉൾക്കൊള്ളിച്ച് 'ദി ബൈബിൾ ഈസ് എ ഡേഞ്ചറസ് മോറൽ ഗൈഡ്' എന്ന ഒരു ലേഖനവും അദ്ദേഹം എഴുതിയിട്ടുണ്ട്. ബ്രാഹ്മണ സിദ്ധാന്തങ്ങളെ തകർക്കാൻ ക്രിസ്തു മതം പ്രാപ്തമല്ലെന്നും അദ്ദേഹം വിശ്വസിച്ചു. ഇന്ത്യയിലെ പ്രാചീന മതങ്ങളിലെല്ലാം ക്രിസ്തുമതമുൾപ്പടെ ബ്രാഹ്മണ സിദ്ധാന്തങ്ങൾ സ്വാധീനിച്ചിട്ടുണ്ടെന്നും പെരിയാർ വിശ്വസിച്ചിരുന്നു.

"മനുഷ്യൻ എന്ത് കൊടും പാപം ചെയ്താലും ദൈവ പ്രീതിക്കായി പാപപരിഹാരം ചെയ്‌താൽ മതിയെന്നും പുരോഹിതന് പണം നൽകിയാൽ മതിയെന്നുമുള്ള വിഡ്ഢിത്തരങ്ങളെ അദ്ദേഹം ആക്ഷേപിച്ചിരുന്നു. കുഞ്ഞുങ്ങൾ ജനിക്കാൻ മതപുരോഹിതരുടെ മന്ത്രവും വേദോച്ഛാരണങ്ങളും ദൈവത്തെ ഉണർത്തുമെന്ന വിശ്വാസവും വെറും കബളിപ്പിക്കലാണ്. പുരോഹിതന് പണം കൊടുത്താൽ ഏതു സത്യമല്ലാത്തവനും ക്രൂരനും സ്വർഗം കിട്ടും. അതേ സമയം നീതിമാനായ ഒരുവന് അമ്പല പൂജകളിൽ പങ്കാളിയായില്ലെങ്കിൽ അതേ  ദൈവം അവനു മുക്തി നൽകില്ല. എന്തു തരം പ്രാകൃത വിശ്വാസമെന്നും പെരിയാർ ചോദിക്കുന്നു. തല മുണ്ഡനം ചെയ്‌താൽ മാത്രമേ ദൈവത്തിനു പ്രീതി വരുമെന്നുള്ളത് മറ്റൊരു അന്ധവിശ്വാസമാണ്. ഒരു സമുദായത്തിൽ മാത്രം ജനിക്കുന്നവർക്ക് പൂജ ചെയ്യാൻ അനുവദിക്കുന്ന ദൈവവും യുക്തിക്ക് അനുയോജ്യമല്ല. "മതമാണ് മനുഷ്യരുടെ തിന്മകൾക്ക് കാരണം. മതം അല്ലെങ്കിൽ അന്ധവിശ്വാസം മനുഷ്യന്റെ പുരോഗതിക്ക് തടസം നിൽക്കുന്നു. യുക്തി ചിന്തകൾകൊണ്ട് മതങ്ങളെ നിരോധിക്കണം. ചാതുർ വർണ്ണ വ്യവസ്ഥയും ബ്രാഹ്മണ മേധാവിത്വവും അവസാനിപ്പിക്കണം." പെരിയാറിന്റെ ഇത്തരം തത്ത്വചിന്തകൾ അദ്ദേഹത്തിൻറെ അനുയായികളെ സ്വാഭിമാന ബോധമുള്ളവരാക്കിയിരുന്നു.

ഈറോഡിലെ ധനികനായ ഒരു വ്യാപാരിയായിരുന്നെങ്കിലും അദ്ദേഹം സ്വന്തം വ്യവസായ സ്ഥാപനങ്ങൾ ഉപേക്ഷിച്ച് 1905 മുതൽ പൊതു ജീവിതത്തിലേക്ക് പ്രവേശിച്ചു. സാമൂഹിക സേവനമായിരുന്നു ലക്ഷ്യം. ഒരിക്കൽ ഈറോഡ് മുഴുവൻ വസന്ത എന്ന പകർച്ച വ്യാധി ബാധിച്ചു. നൂറു കണക്കിന് ജനം മരിക്കുകയും ആയിരക്കണക്കിനു ജനം ജീവനുവേണ്ടിയുള്ള മുറവിളിയും മുഴക്കിയിരുന്നു. എന്നാൽ മനുഷ്യ സ്നേഹിയായ പെരിയാർ മറ്റു ധനികരെപ്പോലെ നാട്ടിലെ ദുരവസ്ഥകൾ കണ്ടില്ലെന്ന് നടിച്ചില്ല. മരിച്ച ശരീരങ്ങൾ അദ്ദേഹം തോളിൽ ചുമന്നുകൊണ്ട് അടക്കുന്ന സ്ഥലങ്ങളിൽ എത്തിച്ചു കൊണ്ടിരുന്നു. പകരുന്ന പ്ളേഗ് ബാധിതരായവരെ ആരും കൈകൾ കൊണ്ട് സ്പർശിക്കാൻ തയ്യാറാകുമായിരുന്നില്ല. മരണാചാരങ്ങളിലും പങ്കു കൊള്ളില്ലായിരുന്നു.

1918-ൽ പെരിയാർ ഈറോഡ് മുനിസിപ്പാലിറ്റിയുടെ ചെയർമാനായിരുന്നു. അക്കാലങ്ങളിൽ  രാജഗോപാലാചാരിയുമായി അടുത്ത സൗഹാർദ്ദ ബന്ധമുണ്ടായിരുന്നു. 1919-ൽ രാജഗോപാലാചാരിയുടെ നാഷണൽ കോൺഗ്രസ്സ് പാർട്ടിയിൽ ചേരാൻ പെരിയാറിനെ ക്ഷണിച്ചു. ഈറോഡ് മുനിസിപ്പാലിറ്റിയുടെ ചെയർമാൻ സ്ഥാനം രാജി വെച്ച് അദ്ദേഹം കോൺഗ്രസിൽ പ്രവർത്തിക്കാൻ തുടങ്ങി. 1920ൽ മഹാത്മാ ഗാന്ധിയോടൊപ്പം ബ്രിട്ടീഷുകാർക്കെതിരെ നിസഹകരണ പ്രസ്ഥാനത്തിൽ പങ്കു ചേർന്നു. നിസഹകരണ പ്രസ്ഥാനമായി സഹകരിച്ച കാരണം അറസ്റ്റുകൾ ഒന്നൊന്നായി സ്വീകരിച്ചുകൊണ്ടിരുന്നു. മഹാത്മാ ഗാന്ധിയെ മനസുകൊണ്ട് ആദർശവാനായി സ്വീകരിച്ച കാരണം ഗാന്ധിയുടെ ഓരോ വാക്കും പെരിയാർ ദൈവ വാക്കായി കരുതിയിരുന്നു. ഉദാഹരണമായി ഖാദി വസ്ത്രം ധരിക്കാൻ ഗാന്ധി ആഹ്വാനം ചെയ്തപ്പോൾ അദ്ദേഹത്തിനുണ്ടായിരുന്ന വിശിഷ്ട വിദേശ വസ്ത്രങ്ങൾ ഒന്നായി ബഹിഷ്‌കരിച്ചു. അദ്ദേഹത്തിൻറെ കുടുംബത്തിലുള്ള എല്ലാവരെയും എൺപതു വയസുള്ള അമ്മയെയും ഖാദി വസ്ത്രം ഉടുപ്പിച്ചു. പിന്നീട് പെരിയാർ തമിഴ് നാട് കോൺഗ്രസിന്റെ പ്രസിഡണ്ടായി.

അമ്പലങ്ങളുടെ പട്ടണമെന്നറിയപ്പെട്ടിരുന്ന വൈക്കത്ത് ഈഴവർക്ക് അമ്പല വഴികളിൽക്കൂടി നടക്കാൻ അനുവാദമില്ലായിരുന്നു. അതുകൊണ്ടു കോൺഗ്രസ്സ് പാർട്ടി അവിടെ സത്യാഗ്രഹം തുടങ്ങി. സമരങ്ങളുടെ വിജയത്തിനായി തമിഴ്‌നാട്ടിൽ നിന്നും പെരിയാറിനോട് അവിടെ വരുവാനും സത്യാഗ്രഹത്തിന്റെ നേതൃത്വം എടുക്കാനും ആവശ്യപ്പെട്ടു. അദ്ദേഹം നേതൃത്വം ഏറ്റെടുക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തു. ഒരു വർഷത്തോളം ജയിൽ ശിക്ഷ കിട്ടി. സത്യാഗ്രഹം ഏകദേശം ഒരു വർഷത്തോളം നീണ്ടു നിന്നു'. അതിനുശേഷം തെരുവുകൾ താണ ജാതികൾക്കും തുറന്നു കൊടുത്തു. വൈക്കം സത്യാഗ്രഹത്തിന്റെ വിജയം പെരിയാറിനെ സംബന്ധിച്ച ഒരു ചരിത്ര നേട്ടമായിരുന്നു. കോടാനുകോടി ജനങ്ങളുടെ ആരാധ്യ പുരുഷനായും അറിയപ്പെടാൻ തുടങ്ങി.

1950-ൽ 'പൊന്മൊഴികൾ' എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിന് അദ്ദേഹത്തെ ശിക്ഷിക്കുകയും ജയിലിൽ അടയ്ക്കുകയും ചെയ്തു. അമ്പലങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ബിംബങ്ങൾക്ക് യാതൊരു ദൈവികമായ ശക്തിയില്ലെന്ന പ്രചാരണങ്ങളും റാലികളും സംഘടിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിൻറെ അനുയായികൾ പൊതുസ്ഥലങ്ങളിൽ വിനായകന്റെ ബിംബങ്ങൾ തകർക്കാൻ തുടങ്ങി.1958-ൽ വർണ്ണ വിവേചനത്തിനെതിരെയും പെരിയാറിന്റെ സമരങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ബ്രാഹ്മണരുടെ ഹോട്ടലുകളുടെ മുമ്പിൽ 'ബ്രാഹ്മണ ഹോട്ടൽ' എന്ന് പേരുകളുള്ള ബോർഡുകൾ അവർ ഉയർന്ന ജാതിയെന്നു കാണിക്കാൻ തൂക്കിയിടാറുണ്ടായിരുന്നു. 'ബ്രാഹ്മണ' എന്ന പേരുള്ള ഹോട്ടലിലെ ബോർഡുകൾ നശിപ്പിക്കാൻ പെരിയാർ ആഹ്വാനം ചെയ്തു. അതുമൂലം 'ബ്രാഹ്മണ' എന്ന് പേരുള്ള ബോർഡുകളെല്ലാം തമിഴ്‌നാട്ടിലെ ഹോട്ടലുകളിൽ നിന്നും നീക്കം ചെയ്തു. അദ്ദേഹത്തിൻറെ അനുയായികൾ ബ്രാഹ്മണരുമായി ഏറ്റുമുട്ടലുകൾ ആരംഭിച്ചപ്പോൾ പെരിയാറിനെ അറസ്റ്റ് ചെയ്തു ആറു മാസം ശിക്ഷിച്ചു.

1967-ൽ സി.എൻ. അണ്ണാദുരെ തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി. അദ്ദേഹത്തിന്റെ  'ഡി. എം. കെ.' പാർട്ടിയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടിയിരുന്നു. തിരുച്ചിറപ്പള്ളിയിൽ പോയി പെരിയാറിന്റെ ഉപദേശവും അനുഗ്രഹവും മേടിച്ച ശേഷമാണ് അണ്ണാദുരെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പദം ഏറ്റെടുത്തത്. പെരിയാറിന്റെ വലംകൈ ആയിരുന്ന അണ്ണാദുരെ മദ്രാസ് സ്റ്റേറ്റിന് 'തമിഴ്‌നാട്' എന്ന പേര് നൽകി. കേന്ദ്ര സർക്കാർ നിർദ്ദേശിച്ച മൂന്നു ഭാഷകൾക്ക് പകരം തമിഴും ഇംഗ്ലീഷും മാത്രം പഠിച്ചാൽ മതിയെന്ന നിയമം പാസ്സാക്കി.പെരിയാറിന്റെ യുക്തിവാദി ആശയങ്ങൾ ഉൾക്കൊണ്ട അണ്ണാദുരെ, ഗവണ്മെന്റ് ഓഫിസുകളിൽ നിന്നും ഹിന്ദു ദേവന്മാരുടെ പടങ്ങളും പ്രതിമകളും നീക്കം ചെയ്യാൻ സർക്കുലർ കത്തുകൾ അയച്ചു. അണ്ണാദുരയുടെ ചീഫ് സെക്രട്ടറി ഒരു ബ്രാഹ്മണനായിരുന്നു.

1973 ഡിസംബർ ഇരുപത്തി നാലാം തിയതി മഹാനായ ചിന്തകനും ലോകം അറിയപ്പെട്ടിരുന്ന യുക്തിവാദിയും ആയ പെരിയാർ മരണമടഞ്ഞു. ലക്ഷോപലക്ഷം ആരാധകരായ തമിഴരെ പെരിയാറിന്റെ വേർപാട് ദുഃഖിതരാക്കിയിരുന്നു. തമിഴ്‌നാട് മുഴുവൻ ദുഃഖ ആചരണം പ്രഖ്യാപിക്കുകയും ഔദ്യോഗികമായി ശവസംസ്‌ക്കാര ചടങ്ങുകൾ സ്റ്റേറ്റിന്റെ ചുമതലയിൽ നിർവഹിക്കുകയും ചെയ്തു.

ശാസ്ത്രവും മതവും തമ്മിൽ രണ്ടു ധ്രുവങ്ങളിലാണ് സഞ്ചരിക്കുന്നത്. മതത്തിന്റെ ഏറ്റവും വലിയ ശത്രു ശാസ്ത്രമാണ്. നമ്മുക്കു ലഭിച്ചിരിക്കുന്ന സാംസ്ക്കാരികതയുടെ ഈ യുഗം ആകാശത്തുനിന്ന് പൊട്ടി മുളച്ചതല്ല. ഓരോ സംസ്ക്കാരങ്ങളും ആധുനികതയുടെ വളർച്ചയും അറിവിന്റെ പരിണിതഫലമായി ഉണ്ടായതാണ്. ശാസ്ത്രത്തിന്റെ കുതിച്ചുകയറ്റം അതിനൊരു നിദാനമായിരുന്നു. വാസ്തവത്തിൽ ശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് മതം എന്നുമൊരു വിലങ്ങു തടിയായിരുന്നു. ശാസ്ത്രീയമായി ചിന്തിക്കാൻ മതമൊരിക്കലും നമ്മെ അനുവദിച്ചിരുന്നില്ല. മതത്തെ ലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്ന ഒരു വ്യവസായ സ്ഥാപനമോ ഫാക്ടറിയോടോ ഉപമിക്കാം. അതൊരു ബിസിനസ്സ് സ്ഥാപനമല്ലെങ്കിൽ പുരോഹിതരും മെത്രാന്മാരും രൂപത മേധാവികളും ശങ്കര മഠങ്ങളും ആശ്രമങ്ങളും ശങ്കരാചാര്യന്മാരും സായി ബാബായും കുന്നുകൂട്ടിയിട്ടിരിക്കുന്ന ഇത്രമാത്രം സ്വത്തുക്കളുടെ അധിപന്മാരായതെങ്ങനെ? തിരുപ്പതിയിലെ അമ്പലങ്ങളും വേളാങ്കണ്ണി പള്ളിയും ഓരോ മാസവും സമാഹരിക്കുന്ന സ്വർണ്ണം, വെള്ളികൾക്ക് ഒരു അതിരില്ല. അതിന്റെ ഉത്തരം വളരെ ലളിതമാണ്. മതമെന്ന് പറയുന്നത് ലാഭമുണ്ടാക്കുന്ന ഒരു വ്യവസായം മാത്രം. മതവും ബ്രാഹ്മണിസവും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ചെറുത്തു നിന്ന ഇരുപതാം നൂറ്റാണ്ടിലെ വീരനായകനായ ഇ.വി. രാമസ്വാമി പെരിയാറെന്ന  യുക്തിവാദി ചരിത്രത്തിൽ എന്നുമെന്നും സ്ഥായിയായ ഒരു നക്ഷത്രമായി അണയാത്ത ദീപമായി ജ്വലിച്ചുകൊണ്ടിരിക്കും.


Raja Gopalachari 

Periyar University 

Annadurai 

With Mohammad Ali Jinna, Ambedkar 



Wednesday, September 20, 2017

നായർ സമുദായവും സാംസ്ക്കാരിക ചരിത്രവും


ജോസഫ് പടന്നമാക്കൽ

ഹിന്ദുമതത്തിലെ പുരാതന ജനവിഭാഗമായ നായന്മാരുടെ വ്യക്തമായ ഒരു ചരിത്രം എഴുതുക എളുപ്പമല്ല. വർണ്ണ വിഭാഗങ്ങളിൽ നായർ സമൂഹങ്ങൾ ചാതുർ വർണ്ണ്യത്തിനു പുറത്തുള്ളവരെങ്കിലും ബ്രാഹ്മണരുടെ വരവോടെ ഇവരെ സവർണ്ണരായി പരിഗണിച്ചിരുന്നു. സത് ശൂദ്രന്മാരെന്നും അറിയപ്പെട്ടിരുന്നു. ഭൂരിഭാഗം ചരിത്ര ചിന്തകരുടെ നായന്മാരെപ്പറ്റിയുള്ള വീക്ഷണങ്ങൾ വെറും അനുമാനങ്ങളിൽ ഒതുങ്ങിയിരിക്കുന്നതായി കാണാം. അവരുടെ പഴങ്കാല മൂല്യങ്ങളെപ്പറ്റി ചരിത്രകാരുടെ ഗ്രന്ഥപ്പുരകളിൽ അധികമൊന്നുമില്ല. അവരെപ്പറ്റി പോർട്ടുഗീസുകാരുടെ വരവിനു മുമ്പുള്ള ചരിത്ര വസ്തുതകൾ അവ്യക്തവും അപൂർണ്ണവുമാണ്. 

നായന്മാരിൽ അനേകം ഉപാന്തരവിഭാഗങ്ങളുണ്ട്. പൊതുവായി അവരെ കിരിയത്തുനായർ, ഇല്ലത്തുനായർ, സ്വരൂപത്തു നായർ, പാദമംഗലം നായർ എന്നിങ്ങനെ നാലുതരങ്ങളായും തിരിച്ചിട്ടുണ്ട്. കിരിയത്തു നായന്മാർ മലബാറിലും കൊച്ചിയിലും കൂടുതലായും കാണപ്പെടുന്നു. ബ്രാഹ്മണരുമായി സംബന്ധത്തിൽ ഏർപ്പെടാതെ വർഗശുദ്ധി ഇവർ പാലിച്ചിരുന്നു. രാജാവിനു വേണ്ടി യുദ്ധത്തിൽ ഏർപ്പെട്ടിരുന്ന ക്ഷത്രീയ വർഗങ്ങളായി ഇവരെ കരുതുന്നു. ഇല്ലത്തു നായന്മാർ നമ്പൂതിരി കുടുംബങ്ങളുമായി കൂടുതൽ ബന്ധപ്പെട്ടു കഴിഞ്ഞിരുന്നു. കൃഷിയും സൈനിക ജോലിയുമായി ഇവർ ഉപജീവനം നടത്തിയിരുന്നു. സ്വരൂപത്തുനായന്മാർ രാജാക്കന്മാരുടെയും നാടുവാഴികളുടെയും സഹായികളായിരുന്നു. എന്നാൽ ഇവരേക്കാൾ കൂടിയ നായർ ജാതിയായ ഇല്ലത്തു നായന്മാരും രാജസേവ ചെയ്തിരുന്നു. പാദമംഗലം നായന്മാർ തമിഴ്‌നാട്ടിൽനിന്ന് വന്നവരാണ്. ഇവരെ നായന്മാരായി നാട്ടു നായന്മാർ അംഗീകരിക്കുന്നില്ല. ഇവർ വിവാഹ സമയം വരൻ വധുവിന്റെ കഴുത്തിൽ താലി കെട്ടുന്നത് ദേവന്റെ സന്നിധാനത്തിലായതുകൊണ്ടാകാം പാദ മംഗലം നായന്മാരെന്നു വിളിക്കുന്നത്.

'നായർ' എന്നുള്ളത് സംസ്കൃത വാക്കായ നായകനിൽനിന്നു വന്നുവെന്നു വ്യഖ്യാനിക്കുന്നു. അതിന്റെ അർത്ഥം നേതാവെന്നാണ്. തെക്കേ ഇന്ത്യയിൽ നായകനെന്ന വാക്ക് പല വിധത്തിൽ അറിയപ്പെടുന്നു. നായകൻ, നായ്ക്കർ, നായക് എന്നെല്ലാം പദങ്ങളുണ്ട്. മറ്റുള്ള സംസ്ഥാനങ്ങളിലെ പദങ്ങളുമായി നായർ എന്ന വാക്കിനു എന്തെങ്കിലും ബന്ധമുള്ളതായി സ്ഥിതികരിച്ചിട്ടില്ല. നായന്മാരുടെ എല്ലാ ഉപവിഭാഗങ്ങളും പേരിന്റെ കൂടെ ജാതിപ്പേരും ഉപയോഗിക്കുന്നുണ്ട്. ബഹുമാന സൂചകമായിട്ടാണ് അവർ കുലനാമം പേരിന്റെകൂടെ ചേർക്കാറുള്ളത്. ഫ്യൂഡൽ മനസ്ഥിതി ചിന്തകളാണ് പേരിന്റെ കൂടെ ജാതിപ്പേരും കൂട്ടി ചേർക്കാൻ അവരെ പ്രേരിപ്പിക്കുന്നതും. അടിയോടി, ഇളയിടം, കൈമൾ, കർത്താ, കുറുപ്പ്, മന്നാഡിയാർ, മേനോൻ, നമ്പിയാർ, നായനാർ, നെടുങ്ങാടി, പണിക്കർ, പിള്ളൈ, തമ്പി, ഉണ്ണിത്താൻ, വല്യത്താൻ, വാഴുന്നോർ, എന്നിങ്ങനെ അനേക കുലനാമങ്ങളിൽ നായന്മാരെ അറിയപ്പെടുന്നു. 

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ ജീവിച്ചിരുന്ന ശ്രീ ചട്ടമ്പി സ്വാമികൾ തന്റെ പ്രാചീന മലയാളത്തിൽ രചിച്ച പുസ്തകങ്ങളിൽ നായന്മാരുടെ ഉത്ഭവത്തെപ്പറ്റി വിവരിച്ചിട്ടുണ്ട്. തമിഴ് പുസ്തകങ്ങളിൽ നായന്മാരുടെ ആരംഭ ചരിത്രത്തെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. പക്ഷെ അനുബന്ധമായി ഒരു തമിഴ് പുസ്തകത്തിന്റെ പേരും അദ്ദേഹത്തിൻറെ കൃതികളിലില്ല. നായന്മാർ സർപ്പാരാധനക്കാരായിരുന്നെന്നും ചരിത്രത്തിന്റെ തുടക്കം മുതൽ അവർ കേരളത്തിൽ ഉണ്ടായിരുന്നെന്നും നെടുനീളം സ്വാമിയുടെ പുസ്തകങ്ങളിൽ വിവരിച്ചിട്ടുണ്ട്. ഭൂമിക്കവകാശികൾ നായന്മാർ മാത്രമായിരുന്നുവെന്നും ഉറപ്പിച്ചു പറയുന്നു.  

തമിഴ് നാട്ടിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും സർപ്പാരാധനയുണ്ട്. പ്രാകൃത ജാതികളും സർപ്പത്തെ ആരാധിച്ചിരുന്നു. ആ സ്ഥിതിക്ക് സർപ്പാരാധനയുടെ അടിസ്ഥാനത്തിൽ നായന്മാരുടെ ചരിത്രം നിർണ്ണയിക്കാൻ സാധിക്കില്ല. കൂടാതെ കേരളത്തിലെ സർപ്പാരാധനയിൽ ഒപ്പം പ്രത്യേക രീതിയിലുള്ള ആചാരങ്ങളും നാടൻ പാട്ടുകളുമുണ്ട്. അത് വേറിട്ട മറ്റൊരു ജാതിയായ പുള്ളുവരാണ് പാടുന്നത്. നായന്മാരല്ല. സർപ്പാരാധന നടത്തുമ്പോൾ അമ്പലത്തിനുള്ളിലോ പുറമെയോ നായന്മാർക്കുള്ള പങ്ക് വ്യക്തമല്ല. ഈ സ്ഥിതിക്ക് സർപ്പാരാധനയുടെ അടിസ്ഥാനത്തിൽ നായന്മാരുടെ ചരിത്രം എഴുതുന്നവർ തെറ്റായ വിവരങ്ങൾ ചരിത്രമായി പ്രചരിപ്പിക്കുന്നുവെന്ന് വേണം അനുമാനിക്കാൻ. നാഗന്മാർ ഇന്ത്യ ഭരിച്ചിരുന്നുവെന്നും നായന്മാർ നാഗന്മാരുമായി ബന്ധമുണ്ടെന്നുമാണ് മറ്റൊരു തത്ത്വം. എന്നാൽ നാഗാലാൻഡിൽ ഉള്ളവർ മംഗോളിയൻ വർഗക്കാരാണ്. ചൈനയിൽ മംഗോൾ രാജവംശം നശിച്ചപ്പോൾ പതിനാറാം നൂറ്റാണ്ടിൽ കുടിയേറിയവരാണ് നാഗന്മാർ. അവർക്ക് സർപ്പത്തെ ആരാധിക്കുന്ന ഒരു പാരമ്പര്യവും ഇല്ല. വാസ്തവത്തിൽ നാഗന്മാർ എന്നത് ഒരു വർഗ്ഗമല്ല.

കേരളത്തിൽ സർപ്പാരാധനയോടനുബന്ധിച്ചുള്ള കഥകളിൽ നിരവധി വ്യാഖ്യാനങ്ങളുണ്ട്. ഈ വ്യാഖ്യാനങ്ങളെല്ലാം ഇതര സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തവുമാണ്. സർപ്പാരാധന, 'രാഹുവും കേതുവും' എന്ന ജ്യോതിഷ ഭാവനകളിലുള്ള രണ്ടു ഗ്രഹങ്ങളോട് ബന്ധപ്പെട്ടിരിക്കുന്നു. അത് സൂര്യഗ്രഹണത്തെ സംബന്ധിച്ച് ഹിന്ദുക്കളുടെ ഇടയിലുള്ള വിശ്വാസമാണ്. സൂര്യഗ്രഹണ സമയം രാഹു, ചന്ദ്രനെ വിഴുങ്ങുന്നുവെന്ന് ഒരു വിശ്വാസമാണ് അവരുടെയിടയിലുള്ളത്. ചന്ദ്രനെ സർപ്പം വിഴുങ്ങുന്നുവെന്നും വിശ്വാസം ഉണ്ട്. ഭയംകൊണ്ട് രാഹുവിൽനിന്നും സംഭവിക്കാവുന്ന വിനാശ കാലം ഒഴിവാക്കാൻ സർപ്പാരാധന നടത്തുന്നു. സർപ്പത്തെ അവർ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതാണ് കാരണം.

സാമൂഹിക വിജ്ഞാനികളായ ചിലരുടെ അഭിപ്രായത്തിൽ നായന്മാർക്ക് തദ്ദേശജന്യമായ ഒരു  സംസ്ക്കാരത്തെ ചൂണ്ടി കാണിക്കാൻ സാധിക്കില്ലെന്നുള്ളതാണ്. അവരെ, പാരമ്പര്യങ്ങളും ആചാരങ്ങളുമനുസരിച്ച് കേരളത്തിലെ മറ്റു ജനവിഭാഗങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നു. നായന്മാർ നേപ്പാളിലെ 'നേവാർ' വർഗക്കാരെന്ന ഒരു തത്ത്വമുണ്ട്. അവരുടെ തനതായ ഭവന നിർമ്മാണ കലാശൈലിയും ചാതുര്യവും അതിനു തെളിവാണ്. മരുമക്കത്തായം നായന്മാർക്കും നേപ്പാളിലെ നേവാർ സമൂഹത്തിനും പൊതുവിലുള്ളതാണ്. അതുപോലെ സ്വത്തവകാശവും 'അമ്മ വഴികളിൽ മരുമക്കൾക്കു ലഭിക്കുമായിരുന്നു. 

പരിശുരാമൻ എന്ന ഐതിഹ്യ കഥയുടെ അടിസ്ഥാനത്തിലും നായന്മാരെപ്പറ്റി പരാമർശനങ്ങളുണ്ട്. നായന്മാരുടെ പൂർവിക വംശം ബ്രാഹ്മണരെന്നാണ് ഒരു കഥ. പരിശുരാമന്റെ ക്ഷത്രീയ വിരോധം മൂലമുള്ള ശാപമോചനത്തിനായി ബ്രാഹ്മണരായിരുന്ന ഇവർ പൂണൂൽ പൊട്ടിച്ചു തെക്ക് താമസം തുടങ്ങിയെന്നും വിശ്വസിക്കുന്നു. അവരുടെ നാഗാരാധനയും കളരിപ്പയറ്റും അഭ്യാസങ്ങളും പൂണൂലു ധരിക്കാത്തതും ഈ തത്ത്വങ്ങൾക്ക് ബലം നൽകുന്നു. പഴയ തമിഴ് പുസ്തകങ്ങൾ വിശകലനം ചെയ്തിരുന്ന ചട്ടമ്പി സ്വാമികളുടെ അഭിപ്രായത്തിൽ നാഗന്മാർ നാഗ പ്രഭുക്കളായിരുന്നുവെന്നും ചേര രാജ്യത്തിലെ ജന്മികളായിരുന്നുവെന്നും എഴുതിയിട്ടുണ്ട്. നായന്മാർ ബ്രാഹ്മണർക്ക് മുമ്പ് ഇവിടെയുണ്ടായിരുന്നുവെന്നും ക്ഷത്രിയന്മാരുടെയും രാജാക്കന്മാരുടെയും പിന്തുടർച്ചക്കാരെന്നുമാണ് ചട്ടമ്പി സ്വാമി എഴുതിയിരിക്കുന്നത്. 

വിദേശത്തുനിന്നു വന്ന ചില യാത്രക്കാരുടെ രേഖകളിൽ നിന്നും നായന്മാർ വളരെ കുലമഹിമയുള്ള യോദ്ധാക്കളായിരുന്നുവെന്നു എഴുതപ്പെട്ടിട്ടുണ്ട്. ഒരു ഗ്രീക്ക്സഞ്ചാരിയായ മേഗസ്തീനോസ് എന്ന യാത്രികന്റെ രേഖകളിൽ മലബാറിലെ നായന്മാരെപ്പറ്റിയും ചേര രാജാക്കന്മാരുടെ ഭരണത്തെപ്പറ്റിയുമുള്ള പരാമർശനം ഏറ്റവും പഴക്കമേറിയതെന്നും കരുതുന്നു. എന്നിരുന്നാലും നായന്മാരുടെ ഉത്ഭവകഥ തികച്ചും അനശ്ചിതത്വത്തിലും പരസ്പ്പര വിരുദ്ധങ്ങളായ സംഭാവ്യകതകൾ നിറഞ്ഞതുമാണ്. 

വർണ്ണ വ്യവസ്ഥകൾക്ക് തുടക്കമിട്ടത് നമ്പൂതിരിമാരുടെ വരവിനുശേഷമാണ്. രണ്ടാം ചേരവംശ രാജാവായിരുന്ന രാമ വർമ്മ കുലശേഖര രാജാവിന്റെ കാലത്ത് (1020-1102) ചോളന്മാർ ചേര രാജ്യത്തെ ആക്രമിച്ചിരുന്നു. നായന്മാർ ചാവേറുകളായി ചേര രാജാക്കന്മാർക്കുവേണ്ടി യുദ്ധം ചെയ്തു. ചേരന്മാർ നായന്മാരായിരുന്നോ, അതോ നായന്മാർ ചേരരാജാക്കന്മാരുടെ യോദ്ധാക്കളോയെന്നത്, ചരിത്ര രേഖകളിൽ അവ്യക്തമാണ്.

'ശ്രീ നാഗം അയ്യ' 1901-ൽ എഴുതിയ ട്രാവൻകൂർ സ്റ്റേറ്റ് മാനുവലിൽ നായന്മാരുടെ സാമൂഹിക ജീവിതത്തെപ്പറ്റി വിവരിച്ചിട്ടുണ്ട്. ആരോഗ്യവാന്മാരായ നായന്മാരും നായർ സ്ത്രീകളും ഇന്ത്യയിൽ ഏറ്റവും സൗന്ദര്യമുള്ളവരെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. വളരെയധികം ശുചിത്വ ബോധമുള്ളവരാണ് നായന്മാർ. അവരുടെ വേഷങ്ങളിലും ലാളിത്യമുണ്ട്. ഭക്ഷണ രീതികളും ജീവിത രീതികളും വ്യത്യസ്തവും സസ്യാഹാരികളുമായിരുന്നു. പുരുഷന്മാർ തലയിൽ മുമ്പിൽ കിടക്കുന്ന തലമുടി കൂട്ടിക്കെട്ടി ഒരു കുടുമ വെച്ചിരിക്കും. 'കുടുമ' തമിഴ് ബ്രാഹ്മണരുടെ രീതിയിൽ വലതു ഭാഗത്തോ ഇടത്തു ഭാഗത്തോ ആകാം. സ്ത്രീകൾക്ക് നീണ്ട തലമുടി കാണും. അവർ അത് വൃത്തിയായി സൂക്ഷിക്കുകയും ചെയ്യും. കൂടെ കൂടെ കുളിക്കുകയും തലമുടിയിൽ എണ്ണ പെരട്ടിയും തലമുടി ചീപ്പുകൊണ്ട് ചീകിക്കൊണ്ടുമിരിക്കും. തലമുടി ബണ്ണുപോലെ ഉച്ചിയിലോ സൈഡിലോ കെട്ടി വെക്കും. അവരുടെ അന്നുള്ള വേഷവിധാനങ്ങൾ പരിഷ്കൃതമായ രാജ്യങ്ങൾക്കും മാതൃകയായിരുന്നു. 

നായന്മാരിലെ പുരുഷന്മാർ കൗപീനം ധരിച്ചിരുന്നു. നാലടി നീളത്തിലുള്ള ഒരു മുണ്ടും അരയ്ക്ക് ചുറ്റും ഉടുത്തിരിക്കും. തോളിൽ ഒരു തുകർത്തുമുണ്ടായിരിക്കും. ഉടുത്തിരിക്കുന്ന മുണ്ടു വടക്കേ ഇന്ത്യക്കാർ കാലിനോട് ചേർത്തു താറു പാച്ചുന്നതുപോലെ നായന്മാർ ചെയ്തിരുന്നില്ല. പാദം വരെ എത്തുന്ന മുണ്ടായിരുന്നു ധരിച്ചിരുന്നത്. തോളിൽ ഇട്ടിരിക്കുന്നതിനെ നേര്യത് എന്ന് പറയുന്നു. പുറത്തു പോകുന്ന സമയം നേര്യതു തലയിൽ ചുറ്റിയിരിക്കും. സ്ത്രീകൾ കൂടുതലും പട്ടുകരയുള്ള മുണ്ടുകൾ ഉടുത്തിരുന്നു. ഇരുപതാം നൂറ്റാണ്ടു വരെ റൗക്ക വേഷങ്ങളായിരുന്നു സ്ത്രീകൾ ധരിച്ചിരുന്നത്. അവരുടെ വേഷവിധാനങ്ങൾ ഇന്ന് നിലവിലില്ല. ആധുനിക വേഷങ്ങൾ പാടെ പഴയ സാംസ്ക്കാരിക വേഷങ്ങളെ  പരിപൂർണ്ണമായും മാറ്റിക്കളഞ്ഞു. പുരുഷന്മാർ കഴുത്തിൽ മന്ത്രതകിട് കെട്ടുന്നതുകൂടാതെ കാതും കിഴിച്ചു കമ്മലിട്ടിരുന്നു. സാമ്പത്തിക സ്ഥിതിയുള്ളവർ വിലകൂടിയ മുത്തുകൾ പതിച്ച കമ്മലുകൾ ധരിക്കുമ്പോൾ സ്ത്രീകൾ കഴുത്തു നിറയെ ആഭരണങ്ങളും ധരിച്ചിരുന്നു. ധനികരായ സ്ത്രീകൾ വജ്ര രത്നം പതിപ്പിച്ച മുക്കുത്തിയും വെള്ളി, സ്വർണ്ണ പാദസ്വരങ്ങളും അണിഞ്ഞിരുന്നു. 

ധനികരായ നായന്മാർക്ക് നാലുകെട്ട് വീടുകളും ചിലർക്ക് എട്ടുകെട്ടു വീടുകളും പടിപ്പുരകളുമുണ്ടായിരുന്നു. മരങ്ങൾ ഉൾപ്പടെ ഓരോ കുലത്തിനും സർപ്പക്കാവുകളും കാണും. ചുരുക്കം ധനികരായ നായന്മാർക്ക് സർപ്പക്കാവിനടുത്ത് അമ്പലവും ഉണ്ടായിരിക്കും. സർപ്പാക്കാവിൽ താന്ത്രിക മന്ത്രങ്ങളടങ്ങിയ ആരാധനയ്‌ക്കൊപ്പം പൂജാവിധി അനുസരിച്ചുള്ള സ്നാനവും എടുക്കാറുണ്ട്. ശുദ്ധ ജലം നിറഞ്ഞ കുളവും വീടിനോടു അനുബന്ധിച്ചു കാണും.

നായന്മാരുടെയിടയിൽ മരുമക്കത്തായ സമ്പ്രദായം സാമൂഹിക വ്യവസ്ഥകളുടെ ഭാഗമായിരുന്നു. ഇന്ന് മരുമക്കത്തായവും വൈകൃതങ്ങളായ നായന്മാരുടെ മറ്റു ആചാരങ്ങളും ചരിത്രത്തിന്റെ നീർക്കുഴിയിൽ വെറും കൊമളകളായി മാത്രം അവശേഷിക്കുന്നു. സാംസ്‌കാരികവും സാമൂഹികമായുള്ള മുന്നേറ്റത്തോടെ മരുമക്കത്തായം പാടെ ഇല്ലാതായി. ആധുനിക വിദ്യാഭാസത്തോടെ സാമൂഹിക നിലപാടുകളിലും മാറ്റങ്ങൾ വന്നു. നായന്മാർ മരുമക്കത്തായ സമ്പ്രാദായത്തിൽ നിന്ന് മക്കത്തായ സമ്പ്രദായം തിരഞ്ഞെടുത്തു. മാതാപിതാക്കളുടെ തറവാട്ടിൽ നിന്നും മാറി മക്കൾ വെവ്വേറെ വീടുകളിൽ മാറി താമസിക്കാൻ തുടങ്ങി. ജന്മിത്വം അവസാനിക്കുകയും നാലുകെട്ടും എട്ടുകെട്ടും വീടുകൾ ഇല്ലാതാവുകയും ചെയ്തു. ഇന്നും ചില പുരാതന കുടുംബങ്ങളിൽ ജീർണ്ണാവസ്ഥയിലുള്ള പണിപ്പുരകളും നാലുക്കെട്ടും കാണാം. 

വടക്കൻ കളരിപ്പയറ്റ് നായന്മാരുമായി ബന്ധിതമാണ്. പുരാതനകാലത്ത് കളരിപ്പയറ്റ് അവരുടെ വിദ്യാഭ്യാസമായി അനുബന്ധിതമായിരുന്നു. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ചെറുപ്പം മുതൽ കളരിപ്പയറ്റ് പഠിക്കുകയും യുദ്ധം വരുമ്പോൾ അവർക്ക് ലഭിച്ച പാടവം രാജ്യത്തിനുവേണ്ടി പ്രയോജനപ്പെടുത്തുകയും ചെയ്യുമായിരുന്നു. കളരിപ്പയറ്റിൽ 'മർമ്മം അടി' വികസിതമായ ഒരു വിദ്യയാണ്. മർമ്മ ശാസ്ത്രം വശത്താക്കിയവർക്ക് താൽക്കാലികമായി ശത്രുവിനെ ബലഹീനനോ വികലാംഗനോ ആക്കുവാൻ സാധിക്കുമായിരുന്നു. ഒരു പ്രത്യേക ഞരമ്പിൽ ഒരു വിരൽ അമർത്തി ഒരാളെ കൊല്ലാനും സാധിക്കുമായിരുന്നു. മർമ്മത്തിൽ അടിക്കാനുള്ള കഴിവ് ചൈനാക്കാരുടെ മർമ്മ ചീകത്സയുടെ തത്ത്വം പോലെയായിരുന്നു. ഇന്ന് മർമ്മ ശാസ്ത്രം രോഗ ചീകത്സയ്ക്ക് മാത്രമേ ഉപയോഗിക്കുള്ളൂ. നായർ വിഭാഗത്തിലുള്ള കുറുപ്പുമാരും പണിക്കർമാരും കളരിപ്പയറ്റ് പഠിപ്പിച്ചിരുന്നവരായിരുന്നു. 

മദ്ധ്യകാല സമൂഹത്തിൽ നായന്മാരുടെയിടയിൽ ഫ്യൂഡൽ പ്രഭുക്കന്മാർ ഉണ്ടായിരുന്നുവെന്ന് ചരിത്രത്തിൽ സൂചനകളുണ്ട്. ബ്രിട്ടീഷ്കാർ വരുന്നതിനുമുമ്പ് അവർ മിലിട്ടറിയിലും സർക്കാരിലും പ്രധാന ജോലികൾ വഹിച്ചിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് നായന്മാർ ഭരണകൂടത്തിന് ഒരു ഭീക്ഷണിയായിട്ടായിരുന്നു കരുതിയിരുന്നത്. അവരുടെ ശാരീരിക പ്രകൃതിയും അഭ്യാസങ്ങളും കളരിപ്പയറ്റും യുദ്ധ സാമർഥ്യവും കൊളോണിയൽ ഭരണകൂടം ഭയപ്പെട്ടിരുന്നു. 1793-ൽ കളരിപ്പയറ്റും നായന്മാരുടെ ആയുധം കൈവശം വെക്കാനുള്ള അധികാരവും ബ്രിട്ടീഷ്കാർ നിയമം മൂലം ഇല്ലാതാക്കി. അങ്ങനെയൊരു നിയമം കൊണ്ടുവന്നത് നായന്മാരെ സംബന്ധിച്ച് അവരുടെ അഭിമാന ക്ഷതത്തിനും കാരണമായി. 1950-ൽ ഭൂനിയമം വന്നത് ജന്മിമാരായ ഭൂ ഉടമകൾക്ക് ഒരു തിരിച്ചടിയായിരുന്നു. അത് ഏറ്റവും ബാധിച്ചത് നായന്മാരെയായിരുന്നു. ജന്മിമാരായ നായന്മാർക്ക് വൻതോതിൽ ഭൂമി നഷ്ടപ്പെടുകയും ചെയ്തു. ഒറ്റ രാത്രികൊണ്ട് പലരും ദാരിദ്ര്യത്തിലുമായി. അങ്ങനെ ഇരുപതാം നൂറ്റാണ്ടായപ്പോൾ നായന്മാരുടെ അധഃപതനവും തുടങ്ങി.  

കെട്ടുകല്യാണം, തിരണ്ടുകല്യാണം എന്നീ ആചാരങ്ങൾ നായർമാർക്കിടയിലും ഈ അടുത്ത കാലം വരെ പതിവുണ്ടായിരുന്നു. ഒരു പെൺക്കുട്ടി ഋഗുമതിയാകുന്നതിനു മുമ്പുമുതൽ താലികെട്ടെന്ന ചടങ്ങുണ്ട്. സാധാരണ രീതിയിൽ പെൺക്കുട്ടിയുടെ കഴുത്തിൽ താലികെട്ടുന്നത് സ്വന്തം അമ്മാവന്റെ മകൻ മുറചിറക്കനോ അല്ലെങ്കിൽ ഒരു നമ്പൂതിരിയോ ആയിരിക്കും. അവർ തമ്മിൽ വിവാഹിതരാവുന്നെങ്കിലും വൈവാഹിക ജീവിതമോ ലൈംഗിക ബന്ധമോ ഉണ്ടായിരിക്കണമെന്നില്ല. നായരാണ് കഴുത്തിൽ താലി കെട്ടുന്നതെങ്കിൽ അവരെ ഇണങ്ങന്മാരെന്നു പറയുന്നു. ഈ കല്യാണത്തിനെ കെട്ടുകല്യാണമെന്നു പറയുന്നു. ഒരു പെൺകുട്ടി ആദ്യമായി ഋഗുമതിയായ ശേഷം തിരണ്ടു കല്യാണമെന്ന ചടങ്ങുണ്ട്. ഈ ആചാരം ഈഴവരുടെയിടയിലുമുണ്ടായിരുന്നു. ഋഗുമതിയാകുന്ന ദിനം മുതൽ പെൺക്കുട്ടിയെ വീടിനു പുറത്തുള്ള ചാവടിയിൽ താമസിപ്പിക്കുന്നു. ഈ ദിവസങ്ങളിൽ മറ്റുള്ളവർ ഉപയോഗിക്കുന്ന പാത്രങ്ങളോ, വസ്ത്രങ്ങളോ ഉപയോഗിക്കാനോ സ്പർശിക്കാനോ പാടില്ല. പെൺക്കുട്ടിയ്ക്ക് തൊട്ടുകൂടാ എന്ന അയിത്തം കൽപ്പിക്കുന്നു.

ആർത്തവ ദിനങ്ങൾ കഴിഞ്ഞശേഷം അഞ്ചാം ദിവസം പുലർച്ചേ, മറ്റു സ്ത്രീകളോടൊപ്പം സംഘമായി പെൺക്കുട്ടിയെ വീടിനു സമീപത്തുള്ള കുളത്തിലോ പുഴയിലോ കൊണ്ടുപോയി 'തീണ്ടാരിക്കുളി'യ്ക്കായി പ്രത്യേകം നിശ്ചയിക്കപ്പെട്ടിട്ടുള്ള കുളിക്കടവിലിറക്കി തേച്ചുകുളിപ്പിക്കുന്നു. അതോടൊപ്പം, സമീപക്ഷേത്രത്തിൽനിന്നും ലഭ്യമാക്കിയ 'പുണ്യാഹം' കൊണ്ടു് തീണ്ടാരിപ്പുരയും വീടും തളിച്ചു ശുദ്ധമാക്കുന്നു. ഇതിനുശേഷം, പെൺക്കുട്ടിയെ പുതിയ വസ്ത്രവും അലങ്കാരങ്ങളും ധരിപ്പിച്ച് വീട്ടിൽ കൊണ്ടുവരുകയും സമീപവാസികൾക്കു് സദ്യ നൽകുകയും ചെയ്യുന്നു. ചെണ്ടകൊട്ടും വാദ്യമേളങ്ങളും സഹിതം തീണ്ടാരിക്കല്ല്യാണം ആഘോഷിച്ചിരുന്നു. ചട്ടമ്പി സ്വാമി മുതൽ നായന്മാരുടെയിടയിലുണ്ടായിരുന്ന പരിഷ്‌കാരവാദികൾ യുക്തിഹീനമായ ഇത്തരം ആചാരങ്ങളെ ശക്തിയുക്തം എതിർത്തിരുന്നു. ഇരുപതാംനൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി, അപ്രായോഗികവും സാമൂഹ്യനീതിയനുസരിച്ച് വിവേകശൂന്യവുമായ ഇത്തരം ആചാരങ്ങൾ ഒട്ടുമിക്കവാറും കാലഹരണപ്പെട്ടു പോവുകയും ചെയ്തു. 

നായന്മാരുടെ ഇടയിലുള്ള വിവാഹരീതികൾ സാമൂഹിക പരിഷ്കർത്താക്കളുടെ ശ്രമം മൂലവും പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ സ്വാധീനം മൂലവും പരിവർത്തന വിധേയമായിക്കൊണ്ടിരുന്നു. തീണ്ടാരിക്കല്യാണം പോലുള്ള ചടങ്ങുകൾ തികച്ചും നിലവിലില്ലാതായി. 1955-ലെ ഹിന്ദു വിവാഹമനുസരിച്ചുള്ള നിയമം നായന്മാർ പാലിക്കേണ്ടതായുണ്ട്. സാംസ്ക്കാരികപരമായി വളരെയേറെ പുരോഗമിച്ച നായന്മാർ വിവാഹ ചടങ്ങുകളും വളരെ ലളിതമാക്കി. എങ്കിലും വിവാഹിതരാകാൻ പോകുന്ന വധുവരന്മാരുടെ ജാതക പൊരുത്തം നോക്കാറുണ്ട്. ഇന്നും യാഥാസ്ഥിതികരായ നായന്മാർ ജാതകപൊരുത്തം ഒത്താലെ  വിവാഹ നിശ്ചയം നടത്തുള്ളൂ. ജ്യോതിഷം തീർപ്പുകല്പിച്ചാൽ വധുവരന്മാർ തമ്മിൽ പൊരുത്തപ്പെട്ടാൽ കല്യാണം നടത്താനുള്ള അനുയോജ്യമായ ശുഭ മുഹൂർത്തവും നിശ്ചയിക്കും. ആഘോഷങ്ങളിൽ ബ്രാഹ്മണർക്ക് ദാനം കൊടുക്കുന്ന ഒരു ഏർപ്പാടുമുണ്ട്. വധുവും വരനും പ്രധാന പന്തലിൽ ഹാജരാകുമ്പോൾ അവരുടെ തലയിൽമേൽ വരന്റെയും വധുവിന്റെയും ആൾക്കാർ 'അരി' വിതറി വർഷിക്കാറുണ്ട്. സാധാരണയായി വധുവിന്റെ ഗൃഹത്തിലാകും വിവാഹവേദി ഒരുക്കപ്പെടുന്നത്. വിവാഹമണ്ഡപത്തിലേക്കു പുറപ്പെടുന്നതിനുമുമ്പ് കുടുംബത്തിലെ മുതിർന്നവർക്ക് മുറുക്കാനും പണവും ചേർത്തു് ദക്ഷിണ നല്കുന്ന ചടങ്ങും പതിവായിരുന്നു.

ശ്രീ രാമകൃഷ്‌ണനെപ്പോലെയോ സ്വാമി വിവേകാനന്ദനെപ്പോലെയോ ആദരിക്കുന്ന മഹാനായ ഒരു ഗുരുവാണ് ചട്ടമ്പി സ്വാമികൾ. ശ്രീ ചട്ടമ്പി സ്വാമി 1853 ആഗസ്റ്റ് ഇരുപത്തിയഞ്ചാം തിയതി തിരുവനന്തപുരത്ത് കണ്ണാമലയിൽ ജനിച്ചു. അധഃകൃതരായ ജനവിഭാഗത്തിന്റെ ഉന്നമനമായിരുന്നു അദ്ദേഹത്തിൻറെ ലക്ഷ്യം. പഴയ കുടുംബങ്ങളിൽ നിന്നും അമ്പലങ്ങളിൽനിന്നും വേദങ്ങളുടെ മാനുസ്ക്രിപ്റ്റുകൾ ശേഖരിച്ചു ഗവേഷണങ്ങൾ നടത്തി ഗ്രന്ഥങ്ങൾ രചിച്ചിരുന്നു. 1892-ൽ സ്വാമിജി കൊച്ചിയിൽവെച്ച് വിവേകാനന്ദനെ സന്ദർശിച്ചതും ചരിത്രമായി ജ്വലിക്കുന്നു. കുട്ടിക്കാലം മുതൽ ഉയർന്ന ജാതികളിലുണ്ടായിരുന്ന ഐത്യാചാരങ്ങളെ എതിർത്തിരുന്നു. യാഥാസ്ഥിതിക സമൂഹങ്ങളെ ഒന്നടങ്കം വെല്ലുവിളിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിൻറെ ജീവിത യാത്രകളുടെ തുടക്കം. സ്ത്രീകൾക്കും വേദം പഠിക്കാമെന്ന് ചട്ടമ്പി സ്വാമികൾ സമർത്ഥിച്ചിരുന്നു. ബ്രാഹ്മണ മേധാവിത്വത്തെ അടിച്ചുപൊളിച്ചെഴുതിയതായിരുന്നു സ്വാമിജിയുടെ പ്രസക്തി. 'ഐത്യം' അറബിക്കടലിൽ താഴ്ത്താൻ ചട്ടമ്പി സ്വാമി പ്രഖ്യാപിച്ചു. 

സ്വാമികൾ പറഞ്ഞു, "നായന്മാർ കേരളത്തിന്റെ നേതൃ നിരയിലുള്ളവരായിരുന്നു. കേരളമെന്നു പറയുന്നത് ബ്രാഹ്മണർക്ക് തീറെഴുതി കൊടുത്തിരിക്കുന്നതല്ല. എന്നാൽ ബ്രാഹ്മണർ ഇവിടെ കുടിയേറി നായന്മാരുടെ വസ്തു വകകളും സ്വത്തുക്കളും തട്ടിയെടുത്തു. പിന്നീട് നായന്മാരെ ബ്രാഹ്മണരുടെ അടിയാളന്മാരാക്കി." സ്വാമിജി എഴുതിയ 'വേദാധികാര നിരൂപണം' വേദങ്ങൾ ബ്രാഹ്മണരുടെ കുത്തകയല്ലെന്നും വേദങ്ങൾ എല്ലാ ഹിന്ദുക്കൾക്കും ഉള്ളതെന്നും' തെളിയിച്ചിട്ടുണ്ട്. 'ഐത്യം' കല്പിച്ചിരുന്ന വീടുകളിൽപ്പോലും അദ്ദേഹം ഭക്ഷണം കഴിച്ചിരുന്നു. ചട്ടമ്പി സ്വാമികൾ കാവി വസ്ത്രമില്ലാത്ത ഒരു വിശുദ്ധനായിരുന്നു. വേദങ്ങൾ, ജ്യോതിഷം, വ്യാകരണം, യോഗ, തർക്ക ശാസ്ത്രം, ആയുർവേദം, സിദ്ധം, എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ സ്വാമികൾ,പ്രാവിണ്യം നേടിയിരുന്നു. എല്ലാവരും ഒരേ ജാതിയിൽ, ഒരേ മതത്തിൽ ജനിച്ചുവെന്നും മതങ്ങളിൽ 'മാനവികത' എന്ന  മതം മാത്രമേയുള്ളൂവെന്നും ഒരുവനും വർഗ വർണ്ണ വ്യവസ്ഥിതിയിൽ ജനിച്ചുവെന്നു ഒരു വേദ ഗ്രന്ഥത്തിലുമില്ലെന്നും എല്ലാവർക്കും തുല്യമായ സാമൂഹിക, സാമുദായിക, രാഷ്ട്രീയ അവകാശങ്ങൾ ഉണ്ടെന്നും സ്വാമികൾ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. 1924 മെയ് അഞ്ചാം തിയതി സ്വാമിജി സമാധിയടഞ്ഞു. സമാധി പീഠത്തിൽ ശിവന്റെ ഒരു അമ്പലവുമുണ്ട്.

ഭാരതകേസരി ശ്രീ മന്നത്തു പത്ഭനാഭൻ ആധുനിക നായർ സമൂഹത്തിന്റെ വിജ്ഞാനാഭ്യുദയ പിതാവെന്ന് അറിയപ്പെടുന്നു. നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനും കേരളം കണ്ട ഏറ്റവും വലിയ വിദ്യാഭ്യാസ ചിന്തകനുമായിരുന്നു. 

സ്വാതന്ത്ര്യ സമരപോരാട്ടത്തിൽ നായന്മാർ കേരളത്തിലെ മറ്റേതു സമുദായങ്ങളേക്കാൾ സംഭാവനകൾ നൽകിയിട്ടുണ്ട്. തിരുവിതാംകൂർ രാജ്യത്തിലെ ദളവായായിരുന്ന വേലുത്തമ്പി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പോരാടിയ ആദ്യത്തെ പോരാളിയും രക്തസാക്ഷിയുമായിരുന്നു. സർ ചേറ്റൂർ ശങ്കരൻ നായർ മഹാത്മാ ഗാന്ധിക്കു മുമ്പു തന്നെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ടായി ചുമതലകൾ വഹിച്ചിരുന്നു. ബുദ്ധിജീവിയും സ്വാതന്ത്ര്യ സമരപോരാളിയുമായ വി.കെ. കൃഷ്ണമേനോൻ ഇന്ത്യയുടെ പ്രതിരോധ മന്ത്രി പദം അലങ്കരിച്ചു. അദ്ദേഹം ഇംഗ്ലണ്ടിൽ ലേബർ പാർട്ടി അംഗവും ഇന്ത്യ ലീഗിന്റെ പ്രസിഡണ്ടുമായിരുന്നു. പാലക്കാടുകാരിയായിരുന്ന ക്യാപ്റ്റൻ 'ലക്ഷ്മി സെഗാൾ' സുബാഷ് ചന്ദ്രബോസിനൊപ്പം ഇന്ത്യൻ നാഷണൽ ആർമിയിൽ പ്രവർത്തിച്ചു. മറ്റൊരു സ്വാതന്ത്ര്യ സമര പോരാളി കെ. കേളപ്പനെ കേരള ഗാന്ധിയെന്ന് വിളിക്കുന്നു. മാതൃഭൂമി എഡിറ്ററായിരുന്ന കെ.പി.കേശവമേനോനും ഇന്ത്യൻ നാഷണൽ ആർമിയിൽ പ്രവർത്തിച്ചിരുന്നു. ഗാന്ധിജിയോടൊപ്പം സി. കൃഷ്ണൻ നായർ ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തു. കൂടാതെ ജപ്പാൻ വ്യവസായ പ്രമുഖനായിരുന്ന 'നായർ സാൻ' എന്നറിയപ്പെട്ടിരുന്ന മാധവൻ നായർ ഇന്ത്യൻ നാഷണൽ ആർമിയുടെ അംഗമായിരുന്നു. ജപ്പാൻ പട്ടാളത്തോടൊപ്പം അദ്ദേഹവും ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്തു. 'കുതിര പക്കി'യെന്നു അറിയപ്പെട്ടിരുന്ന വൈക്കം പത്ഭനാഭ പിള്ള തിരുവിതാംകൂർ പട്ടാളത്തിന്റെ നായകനായിരുന്നു. ടിപ്പു സുൽത്താനെ തോൽപ്പിച്ചത് അദ്ദേഹത്തിൻറെ നേതൃത്വത്തിലായിരുന്നു. ഇങ്ങനെ രാജ്യത്തിനുവേണ്ടി സേവനമർപ്പിച്ച നൂറു കണക്കിന് ധീര ദേശാഭിമാനികളായ നായന്മാരുടെ ചരിത്രം ഇന്ത്യ ചരിത്രത്തെ പ്രശോഭിതമാക്കുന്നു. 





King of Cochin attended by Nairs 

Nalukettu




Friday, September 15, 2017

ഈഴവ സമുദായത്തിന്റെ ഉത്ഭവവും ചരിത്രാന്വേഷണങ്ങളും





ജോസഫ് പടന്നമാക്കൽ

ഈഴവർ കേരളത്തിലെ  പ്രബലമായ ഒരു സമുദായമായി അറിയപ്പെടുന്നു. കേരള ജനസംഖ്യയിൽ നാൽപ്പതു ശതമാനത്തോളം ഈഴവരാണ്. നീണ്ടകാലം സമൂഹത്തിൽനിന്നും വിലക്കുകൽപ്പിച്ചിരുന്നതിനാൽ അവരെ പുറം ജാതികളായി വർണ്ണജാതികൾ കരുതിയിരുന്നു. അതേ സമയം നായന്മാരോട് ജാതിയിൽ കൂടിയവർക്ക് വിവേചനമുണ്ടായിരുന്നില്ല. കേരളത്തിൽ മറ്റെല്ലാ ജാതികൾക്കുമുമ്പേ ആദ്യമായി കുടിയേറിയവരും ഈഴവരെന്നു അനുമാനിക്കുന്നു. കാലക്രമേണ അവർ ഹിന്ദു മതം സ്വീകരിക്കുകയും ശ്രീ നാരായണ ഗുരുവിനെപ്പോലുള്ളവരുടെ ഉപദേശങ്ങൾ പഠിക്കുകയും ചെയ്തു. സമുദായ ഉയർച്ചക്കായി വിദ്യാഭ്യാസ മേഖലകളിലും ഈഴവർ പ്രവർത്തിക്കാൻ തുടങ്ങി. സ്വന്തമായി സ്‌കൂളുകളും തുടങ്ങി. ബ്രിട്ടീഷ് സർക്കാരിന്റെ കാലത്ത് അവർക്ക് മലബാർ സിവിൽ സർവീസ് നിയമനങ്ങൾ നൽകിയും മറ്റു സമുദായ പുരോഗതികൾക്കും സഹായിച്ചിരുന്നു. അനേകർ രാഷ്ട്രീയത്തിലും ഉയർച്ചകൾ പ്രാപിച്ചിരുന്നു. ഭൂരിഭാഗം ഈഴവരും മാർക്സിറ്റ്‌ പാർട്ടിയിലാണ് പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസപരമായും രാഷ്ട്രീയ ഉയർച്ചകളിലും ഈഴവർ വളരെയേറെ നേട്ടങ്ങൾ നേടിയിട്ടുണ്ട്. ഇന്നവർ ഹിന്ദു സമുദായത്തിന് പുറത്തുള്ളവരല്ല. സാമൂഹികമായ അന്തസ്സ് പൂർണ്ണമായും നേടി കഴിഞ്ഞിരിക്കുന്നു. ഈഴവർ ഇന്ന് ബലവത്തും സാമ്പത്തികമായി പുരോഗമിച്ച ഒരു സമുദായവുമാണ്.

ചേര രാജവംശം സ്ഥാപിച്ച 'വില്ലവർ' സമൂഹത്തിലെ അനന്തരഗാമികളാണ് ഈഴവർ എന്ന് വിശ്വസിക്കുന്നു. ദ്രാവിഡ വംശജരായ ചേര രാജാക്കന്മാർ ഒരിക്കൽ കേരളം ഭരിച്ചിരുന്നു. അവരുടെയിടയിൽ ആയുർവേദ വൈദ്യർ, യുദ്ധപ്പോരാളികൾ, കളരിപ്പയറ്റ് പഠിപ്പിക്കുന്നവർ, കൃഷിക്കാർ, സിദ്ധന്മാർ, കച്ചവടക്കാർ എന്നിങ്ങനെ എല്ലാ തുറകളിലും ജോലിചെയ്യുന്നവരുണ്ട്. ചിലർ വസ്ത്രങ്ങൾ നിർമ്മിയ്ക്കുന്നു. മദ്യം വിൽക്കുന്നവരും തെങ്ങും പനയും ചെത്തി മദ്യം എടുക്കുന്നവരുമുണ്ട്. ഇവരുടെ ഉപവിഭാഗമായ ചേകവർ രാജ്യം പരിരക്ഷിക്കുന്ന പോരാളികളായിരുന്നു. പേരു കേട്ട കളരിപ്പയറ്റുകാരും അവരുടെയിടയിൽ ഉണ്ടായിരുന്നു. പ്രസിദ്ധ സർക്കസ് കമ്പനികളും നടത്തിയിരുന്നത് ഈഴവരായിരുന്നു.

ഈഴവരുടെ ഉത്ഭവം എങ്ങനെയെന്ന് ദുരൂഹതകളിലും ഐത്യഹ്യ കഥകളിലും ഒളിഞ്ഞിരിക്കുന്നു.  പന്ത്രണ്ടാം നൂറ്റാണ്ടിൽ ആഘോഷിച്ചിരുന്ന വടക്കൻ പാട്ടുകളിൽ 'ആരോമൽ ചേവകർ തങ്ങളുടെ പൂർവികർക്ക് ലങ്കായെന്ന സ്ഥലത്ത് പുരാതനമായ വീടുകൾ ഉണ്ടായിരുന്നുവെന്നു' പാടുന്നുണ്ട്. ഈ പദ്യം പന്ത്രണ്ടാം നൂറ്റാണ്ടിൽ രചിച്ചതല്ലെന്നും രചിച്ചത് പതിനെട്ടാം നൂറ്റാണ്ടിലെന്നും വാദങ്ങളുമുണ്ട്.  ഈഴവരുടെ പൗരാണിക കാലം അറിയാൻ വില്ലടിച്ചാൻ പാട്ട് തെളിവല്ലെന്നും വാദിക്കുന്നു. തെങ്ങും പനയും ചെത്തുന്ന തൊഴിലുകളിൽ ഈഴവർ ഏർപ്പിട്ടിരുന്നതുകൊണ്ട് തെങ്ങിൻ തൈകളും പനയുടെ തൈകളും അവർ ശ്രീലങ്കയിൽ നിന്നും കൊണ്ടുവന്നുവെന്നു വിശ്വസിക്കുന്നു.

വടക്കേ മലബാറിൽ അവരെ തീയ്യന്മാർ എന്നും തെക്ക് അവരെ ഈഴവരെന്നും ചൊവോന്മാരെന്നും  പറയുന്നു. തീയ്യരും ഈഴവരും ഒന്നാണെന്ന് തീയ്യ സമുദായം അംഗീകരിക്കുന്നില്ല. തീയ്യർ ഒരു പ്രത്യേക വംശമാണെന്നും ഈഴവ ജാതിയിൽപ്പെട്ടവരല്ലെന്നും അവകാശവാദങ്ങളുണ്ട്. തീയ്യരുടെ 'ഇല്ലം ' സമ്പ്രദായം അതിനൊരു തെളിവാണ്. 'എട്ടു ഇല്ലങ്ങൾ' ചേർന്നതാണ് തീയ്യ വംശം. ഗോത്രീയതമായ ഈ സമ്പ്രദായം ഈഴവരുടെ സാമൂഹിക പശ്ചാത്തലത്തിൽ കാണപ്പെടുന്നില്ല. 'ഈഴവ' എന്നാൽ പരസ്പര ബന്ധമില്ലാത്ത പല ജാതികൾ കൂടിയതാണ്. ചൊവോൻ, പണിക്കർ, ചാന്നാർ, ഇരുവ, ഈഴവ, കാരണവർ എന്നിങ്ങനെ അനേക ഉപവിഭാഗങ്ങൾ ഈഴവരിൽ കാണാം. എന്നാൽ തീയ്യന്മാരിൽ തനതായ സാംസ്ക്കാരിക പാരമ്പര്യമുണ്ട്. അവർ വ്യക്തമായ ഒരു വംശമാണ്.

ഈഴവരും തീയ്യരും വിവാഹബന്ധങ്ങളിൽ ഏർപ്പെടാറില്ല. ബ്രിട്ടീഷ്കാർ ഭരിക്കുന്ന കാലത്ത് തീയ്യർക്ക് വോട്ടവകാശം നൽകിയപ്പോൾ ഈഴവർക്ക് നൽകിയിരുന്നില്ല. തീയ്യർ മരുമക്കത്തായം പിന്തുടരുമ്പോൾ ഈഴവർ മക്കത്തായം പിന്തുടരുന്നു. തീയ്യർക്കിടയിൽ സ്ത്രീധന സമ്പ്രദായം ഇല്ല. എന്നാൽ ഈഴവർക്കിടയിൽ സ്ത്രീധന സമ്പ്രദായമുണ്ട്. തീയ്യർക്കിടയിൽ സ്ത്രീകൾക്ക് സ്വത്തവകാശമുണ്ട്. പാരമ്പര്യ സ്വത്തുക്കൾ അമ്മയിലൂടെ മാത്രം. അതേ സമയം ഈഴവർക്ക് പാരമ്പര്യ സ്വത്ത് അച്ഛനിൽക്കൂടി മാത്രവുമാണ്. ഈഴവരുടെയും തീയ്യന്മാരുടെയും ഗ്രഹ നിർമ്മാണങ്ങൾ വ്യത്യസ്തമായ രീതിയിലെന്നും കാണാം.

ഈഴവർ ബുദ്ധമതക്കാരുടെ പാരമ്പര്യം അവകാശപ്പെടുമ്പോൾ തീയ്യർക്ക് അങ്ങനെയൊരു പാരമ്പര്യമില്ല. തീയ്യർ മെഡിറ്ററേനിയൻ ജനിതകം അവകാശപ്പെടുമ്പോൾ ഈഴവർ ശ്രീ ലങ്കൻ വംശാവലിയിൽ വിശ്വസിക്കുന്നു. മലബാർ പ്രവിശ്യയിലുണ്ടായിരുന്ന 'തീയ്യർ' ബ്രിട്ടീഷ് ഇന്ത്യയിൽ ഉയർന്ന ജോലികൾ നോക്കിയിരുന്നവരും പ്രബല വിഭാഗവുമായിരുന്നു. ശൈവാരാധനയും വൈഷ്ണാരാധനയും അവരുടെയിടയിൽ ഉണ്ടായിരുന്നു. ബ്രിട്ടീഷ്കാരുടെ കാലത്ത് അവരെ ഉന്നത ജാതികളായി കരുതിയിരുന്നു. എന്നാൽ ആർ. ശങ്കറുടെ കാലത്ത് 1960-ൽ അവരെ ഒബിസി വിഭാഗങ്ങളാക്കി. പിന്നീട് തീയ്യരും ഈഴവരും ഒന്നാണെന്ന് പ്രചരിപ്പിക്കാനും ആരംഭിച്ചു. തീയ്യന്മാർ ഇൻഡോ ആര്യന്മാരെന്ന് അവകാശപ്പെടുമ്പോൾ ഈഴവർ ശ്രീ ലങ്കയിലെ പാരമ്പര്യത്തിൽ വിശ്വസിക്കുന്നു.

കോഴിക്കോട് കോരപ്പുഴയ്ക്ക് അക്കരെ ജീവിച്ചിരുന്ന വിഭാഗമാണ് തീയ്യർ. എന്നാൽ ഈഴവർ തിരുവിതാംകൂർ ഭാഗത്തും. യാത്രാ സൗകര്യങ്ങളില്ലാത്ത കാലത്ത് ഇത്രമാത്രം വിദൂരതയിൽ താമസിച്ചിരുന്ന  ഈഴവരും തീയ്യരും തമ്മിൽ സാംസ്‌ക്കാരികപരമായി യാതൊരു ബന്ധത്തിനും സാധ്യതയില്ല. തീയ്യരുടെ വിവാഹ, മരണ ആചാരങ്ങളും ഈഴവരുടേതിൽ നിന്നും വ്യത്യസ്തമായി കാണാം. ഇന്ത്യ സർക്കാരിന്റെ രേഖകളിലും തീയ്യന്മാരെ പ്രത്യേക വിഭാഗമായിട്ടാണ് കണക്കാക്കിയിരിക്കുന്നത്.

ശബ്ദോത്ഭത്തി ശാസ്ത്രമനുസരിച്ച് 'ഈഴവൻ' എന്ന വാക്ക് 'ഈഴം' എന്ന വാക്കിൽനിന്നും ലോപിച്ചതെന്നു വിശ്വസിക്കുന്നു. ഈഴം എന്ന് പറഞ്ഞാൽ ശ്രീ ലങ്കയെ വിശേഷിപ്പിക്കുന്ന പദമാണ്.   ചൊവോൻ എന്ന പദം 'സേവകൻ' എന്ന് അർത്ഥം ധ്വാനിക്കുന്നു. ഈഴവർ കേരളത്തിലെ മറ്റേതു ജാതികളെക്കാളും ഏറ്റവും അതിപുരാതനമായ വംശമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. ഒമ്പതാം നൂറ്റാണ്ടിലുള്ള തരിശാ പള്ളി ചെപ്പേടിലും തഞ്ചാവൂർ ചെപ്പേടിലും ഈഴവരുടെ പേര് ലിഖിതം ചെയ്തിട്ടുണ്ട്. അവരുടെ തൊഴിൽ തെങ്ങു ചെത്തും പനചെത്തും മാത്രമായിരുന്നില്ല, കൃഷിക്കാരുമായിരുന്നു. തൊഴിലനുസരിച്ച് അവർ രാജാവിന്റെ സുരക്ഷിതാ സൈന്യകരുമായിരുന്നു.

കേരളം മുഴുവൻ നാഗാരാധന ഈഴവരുടെ ഇടയിലുമുണ്ട്. വീടിനോടനുബന്ധിച്ചുള്ള ചെറിയ കാടുകളിലായി സർപ്പക്കാവുകളും നിർമ്മിക്കുന്നു. സർപ്പത്തിന്റെ ബിംബം പ്രതിഷ്ഠിക്കുകയും ആരാധിക്കുകയും ചെയ്തിരുന്നു. വയനാട്ടു കുളവൻ, കതിവന്നൂർ വീരൻ, പൂമാരുതൻ, മുത്തപ്പൻ എന്നീ ദൈവങ്ങളെ ഈഴവർ പൂജിക്കുന്നു. ഈഴവരും ബുദ്ധന്മാരും തമ്മിലുള്ള ബന്ധം സംബന്ധിച്ചും ചരിത്രത്തിലെ ചർച്ചാവിഷയങ്ങളാണ്. 'ഈഴവരുടെ ദൈവങ്ങളായ ചിറ്റനും അരത്തനും ബുദ്ധന്മാരുടെ സിദ്ധനും അർഹതനുമെന്നു' സി.വി. കുഞ്ഞുരാമൻ അഭിപ്രായപ്പെട്ടിരിക്കുന്നു. കൂടാതെ ഈഴവരുടെ ആരാധന കർമ്മങ്ങളിൽ പങ്കുചേർന്നിരുന്ന പണ്ടാര സമൂഹങ്ങൾ ബുദ്ധ സന്യാസികളെന്നും പറയുന്നു.

ഈഴവർ പൊതുവെ പൂജകളിൽ വലിയ താല്പര്യമോ ദൈവ ശാസ്ത്രങ്ങളിൽ പ്രാധാന്യമോ കല്പിക്കാറില്ല. അത് അവരുടെ ബുദ്ധപാരമ്പര്യത്തെ കുറിക്കുന്നു. ഈസ്റ്റ് യൂറേഷ്യൻ സമതലങ്ങളിലുണ്ടായിരുന്ന മംഗോളിയൻ ജനിതകമായി സാമ്യമുണ്ടെന്നും അവരുടെ ജെനറ്റിക്ക് പഠനം വ്യക്തമാക്കുന്നുണ്ട്. ഈഴവരുടെ ആചാരങ്ങൾ വളരെ പ്രാചീനമായതുകൊണ്ടു അവരുടെ ഉത്ഭവം സംഘ കാലത്തു മുമ്പുള്ള തമിഴകത്ത് നിന്നുമാവാം. മുരുഗനെയും കാളിയെയും ആരാധിക്കുന്നത്  തമിഴു പാരമ്പര്യത്തെ ചൂണ്ടികാണിക്കുന്നു. ഈഴവർ പൂജിക്കുന്ന ചാത്തൻ, ചിത്തൻ, അരത്തൻ ദൈവങ്ങൾ തമിഴ്‌നാട്ടുകാർ ആചരിക്കുന്ന ദൈവങ്ങളുംകൂടിയാണ്.

ട്രാവൻകൂർ സ്റ്റേറ്റ് മാനുവൽ എഴുതിയ ടി.കെ.വേലുപ്പിള്ള വിശ്വസിച്ചിരുന്നത് 'തുളു ബ്രാഹ്മണർ കേരളത്തിൽ വരുന്നതിനുമുമ്പ് ഈഴവർ ധനികരായിരുന്ന ഒരു വർഗ്ഗവും അധികാരികളിൽ സ്വാധീനമുള്ളവരെന്നുമായിരുന്നു. കൂട്ടമായി ഇത്രമാത്രം ഈഴവർ ശ്രീലങ്കയിൽ നിന്ന് വന്നവരെന്നു വിശ്വസിക്കാനും പ്രയാസമെന്നു ചിന്തിക്കുന്നവരുമുണ്ട്. ഈഴവർ, അഞ്ചാം നൂറ്റാണ്ടിലും ഏഴാം നൂറ്റാണ്ടിലും മദ്ധ്യേ തമിഴ്‌നാട്ടിൽ നിന്നും കുടിയേറിയ 'മുണ്ടക ദ്രാവിഡ'രെന്നും ചരിത്രം വ്യാഖ്യാനിക്കുന്നു. അവർ രാഷ്ട്രീയ ശത്രുക്കളിൽ നിന്നും രക്ഷപെട്ടു ഓടി വന്നവരായിരുന്നു.

ഈഴവരുടെ പൂർവിക തലമുറകൾ രാജ സേവനത്തിലും രാജാക്കന്മാരുടെ സൈന്യങ്ങളിലും പ്രവർത്തിച്ചിരുന്നതായി ചരിത്ര രേഖകൾ സൂചിപ്പിക്കുന്നു. കേരളത്തിലെ എല്ലാ രാജാക്കന്മാരുടെ കീഴിലും സൈന്യ സേവനത്തിനായി ഈഴവർ സേവനം ചെയ്തിട്ടുണ്ട്. 'ഈഴവ' എന്ന വാക്ക് ആദ്യം കണ്ടത് ബി.സി.മൂന്നാം നൂറ്റാണ്ടിലുള്ള മധുരയ്ക്കടുത്തുളള അരിട്ടപ്പറ്റി കൊത്തുപണിയിൽ നിന്നാണ്. അതിൽ നെൽവേലി തലവനായിരുന്ന ഒരു 'ഈലവ പെരുമാളിനെപ്പറ്റി പരാമർശിച്ചിട്ടുണ്ട്. ബി.സി. മൂന്നാം നൂറ്റാണ്ടിൽ കിളവളവ് (Kilavalavu) ജൈനന്മാരുടെ ഗുഹയുടെ പരിസരങ്ങളിലും ഒരു ഈഴവൻ അവിടെ ബുദ്ധന്മാരുടെ ആശ്രമം പണിതുവെന്നു കൊത്തി വെച്ചിട്ടുണ്ട്. ബി.സി. രണ്ടാം നൂറ്റാണ്ടിൽ അലകർമലൈ കൊത്തുപണിയിൽ 'ഒരു ഈഴവ തേവൻ' വസ്ത്ര കച്ചവടക്കാരനെപ്പറ്റിയും പറഞ്ഞിട്ടുണ്ട്.

കർണ്ണാടകയിലെ 'നരസിംഹൻ' എന്ന രാജാവ് 'ആലി' എന്ന് പേരുള്ള പാണ്ഡിയൻ രാജകുമാരിയെ വിവാഹം ചെയ്തിരുന്നുവെന്നും ഒരു ഐതിഹ്യ കഥയുണ്ട്. രാജകീയ ദമ്പതികൾ സിലോണിൽ താമസമാക്കുകയും അവിടെ പ്രഭുക്കളെപ്പോലെ ജീവിക്കുകയും ചെയ്തു. അദ്ദേഹത്തിൻറെ കാലശേഷം ബന്ധു ജനങ്ങളും ആരാധകരും വീണ്ടും ജന്മസ്ഥലത്ത് മടങ്ങി വന്നു. ഈ രാജകീയ വംശാവലി ഈഴവരുടെ പൂർവികരെന്നും പറയപ്പെടുന്നു. രാജകീയ പരമ്പരകൾക്ക് പിൻബലം നൽകിക്കൊണ്ട് തെക്കേ തിരുവിതാംകൂറിലുള്ള ഈഴവരെ മുതലിയാറെന്നു വിളിക്കുന്നത് കാണാം. പുലയരും അതിൽ താണവരും ഈഴവരെ രാജാക്കന്മാർക്കു തുല്യമായി മൂത്ത തമ്പുരാനെന്നും നാനാരെന്നും വിളിച്ചിരുന്നു.

മലയാളത്തിലെ ചില നാടോടി പാട്ടുകളനുസരിച്ച് ഈഴവർ ശ്രീ ലങ്കയിൽനിന്ന് അവിടുത്തെ രാജാവയച്ച നാലു യുവാക്കളുടെ സന്തതി പരമ്പരകളെന്നും വിശ്വസിക്കുന്നു. ഒന്നാം നൂറ്റാണ്ടിൽ ഭാസ്ക്കര രവി വർമ്മ എന്ന ചേര രാജാവിന്റെ നിർദ്ദേശമനുസരിച്ചായിരുന്നു അവർ രാജകൊട്ടാരത്തിന്റെ ചുമതലകൾ വഹിക്കാൻ വന്നത്. ഇവരെ തെങ്ങു കൃഷിയുടെ ചുമതലകൾ ഏൽപ്പിച്ചുവെന്നു പറയപ്പെടുന്നു. മറ്റൊരു കഥ ചേര രാജാവിന്റെ അഭ്യർത്ഥന അനുസരിച്ച് രാജ്യത്തു ക്രമസമാധാനം പരിപാലിക്കാനും ആഭ്യന്തര യുദ്ധം ഒഴിവാക്കാനും ശ്രീ ലങ്കൻ രാജാവ് കളരിപ്പയറ്റിലെ വിദഗ്ദ്ധരെ കേരളത്തിലേയ്ക്ക് അയച്ചുവെന്നാണ്. ഈഴവർ ശ്രീലങ്കയിൽ നിന്നു വന്നെത്തിയ ഈ വിദഗ്ദ്ധരുടെ  സന്താന പരമ്പരകളായി കരുതപ്പെടുന്നു.

ചേരവംശത്തിന്റെ സ്ഥാപകർ 'വില്ലവർ' ഗോത്രക്കാരാണെന്ന് അനുമാനങ്ങളുണ്ട്.  വില്ലവരെ ഈലവർ എന്നും  തിരുവിതാംകൂറിൽ ഈഴവരെന്നും അറിയപ്പെടുന്നു. വില്ലവർ യോദ്ധാക്കളായി രാജാക്കന്മാർക്കുവേണ്ടി യുദ്ധം ചെയ്തിരുന്നു. മഹാകവി കുമാരനാശാന്റെ കവിതകളായ നളിനി, ലീല, കരുണ, ചണ്ടാല ഭിക്ഷുകി എന്നീ കവിതകളെല്ലാം ശ്രീലങ്കൻ ബുദ്ധന്മാരുടെ മഹത്വമാണ് കുറിക്കുന്നത്. കവി വിശ്വസിച്ചിരുന്നതും ശ്രീ ലങ്കയിലെ ബുദ്ധന്മാർ അദ്ദേഹത്തിൻറെ പൂർവികരുടെ ഗോത്ര
പരമ്പരകളിലുള്ളവരെന്നായിരുന്നു. ബുദ്ധമത പാരമ്പര്യം ഉപേക്ഷിക്കാത്തതിനാൽ ബ്രാഹ്മണർ അവരെ ജാതിക്കു പുറത്തുള്ളവരായി കരുതിയിരുന്നു. ശ്രീ ലങ്കയിലെ ഈഴം, ഈലം എന്നീ പദങ്ങളും അവരുടെ ഉത്ഭവം ശ്രീലങ്കയിൽ നിന്നുമെന്ന തെളിവുകൾക്കു ബലം നൽകുന്നു.

പൗരാണിക വടക്കൻ പാട്ടുകളിലും ചരിത്രത്തിന്റെ മറ്റു ദർശനങ്ങളിലും ഈഴവരെ യുദ്ധക്കളങ്ങളിൽ രണവീരന്മാരായി ചിത്രീകരിച്ചിട്ടുണ്ട്. തിരുവിതാംകൂർ കൊച്ചി രാജാക്കന്മാരുടെ കീഴിലും സാമൂതിരിമാരുടെ കീഴിലും ഈഴവർ പട്ടാളക്കാരായി സേവനം ചെയ്തിരുന്നു. അനേകർ തിരുവിതാംകൂറിലെയും കൊച്ചിയിലെയും കൊട്ടാരം സൂക്ഷിപ്പുകാരായിരുന്നു. ചിലർ കളരിപ്പയറ്റ് പഠിപ്പിക്കുന്ന തൊഴിലുകളിൽ ഏർപ്പെട്ടിരുന്നു. ശബരിമല അയ്യപ്പൻ ഈഴവ കുടുംബമായ ചീരപ്പാഞ്ചിറ കുടുംബത്തിൽ നിന്ന് കളരിപ്പയറ്റ് പഠിച്ചുവെന്നും പറയപ്പെടുന്നു. കുളത്തൂരുള്ള ഒരു ഈഴവ തറവാട്ടിലെ പണിക്കർമാർ എട്ടുവീട്ടിൽ പിള്ളമാരെ കളരിപ്പയറ്റ് പഠിപ്പിച്ചിരുന്നു. അവരുടെ പിന്തലമുറകൾ തിരുവനന്തപുരത്ത് 'തൊഴുവൻകോഡ്' കളരി ദേവതയെ പ്രതിഷ്ഠിച്ചിട്ടുണ്ട്. പ്രസിദ്ധ യുദ്ധ വീരരായ ഉണ്ണിയാർച്ചയും ആരോമൽ ചേവരും ഈഴവരായിരുന്നു. ചേകവർ അഥവാ ചോവോന്മാർ രാജ്യത്തിലെ പട്ടാള വിഭാഗമായി പ്രവർത്തിച്ചിരുന്നു.

ആയുർവേദത്തിലും ഈഴവരിൽ അനേകർ പാണ്ഡ്യത്യം നേടിയവരുണ്ട്. 1675-ൽ ഒരു ഡച്ചുകാരൻ മലയാളത്തിലെ ആദ്യ ഗ്രന്ഥങ്ങളിലൊന്നായ 'ഹോർട്ടസ് ഇൻഡിക്കസ് മലബാറിക്കസ്' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ആലപ്പുഴ 'കരപ്പുറം കടക്കരപ്പള്ളി സ്ഥലത്തുള്ള കൊല്ലാട്ട്‌ വീട്ടിൽ, ഇട്ടി അച്യുതനെന്ന പ്രസിദ്ധനായ ഒരു ഈഴവ ആയുർവേദ വൈദ്യൻ ഈ പുസ്തകം എഡിറ്റു ചെയ്യുകയും പ്രസിദ്ധീകരിക്കാൻ സഹായിക്കുകയും ചെയ്തു. ആയുർവേദ പുസ്തകമായ 'അഷ്ടാംഗ ഹൃദയ' ആദ്യം തർജ്ജിമ ചെയ്തത് കായിക്കര ഗോവിന്ദ വൈദ്യരെന്ന ഒരു ഈഴവനായിരുന്നു. ഈഴവ പ്രമുഖരുൾപ്പെട്ട തൃശൂരുള്ള കുഴിപ്പള്ളി കുടുംബവും കോഴിക്കോടുള്ള പൊക്കാഞ്ചേരി കുടുംബവും ആയുർവേദത്തിലെ പാരമ്പര്യ ആചാര്യന്മാരുള്ള കുടുംബമായിരുന്നു. അതുപോലെ ചോലയിൽ കുടുംബവും പ്രസിദ്ധ ആയുർവേദ വൈദ്യ കുടുംബമാണ്. പതിനെട്ടാം നൂറ്റാണ്ടിലും പത്തൊമ്പതാം നൂറ്റാണ്ടിലും കൊല്ലത്തുള്ള ചാവർക്കോട് കുടുംബം തിരുവിതാംകൂർ രാജകുടുംബത്തിലെ പ്രസിദ്ധ ഭിഷ്വഗരന്മാരായിരുന്നു. വെണ്മണി കുടുംബ വൈദ്യന്മാർ സംസ്കൃതത്തിൽ നിന്നുള്ള ആയുവേദ പഠനം കൂടാതെ പാളി ഭാഷയിൽ നിന്നും ആദ്യമായി ആയുർവേദത്തിൽ പാണ്ഡിത്യം നേടിയിരുന്നു.

കോട്ടയ്ക്കൽ കെളിക്കൊടൻ അയ്യപ്പൻ വൈദ്യർ മർമ്മ ചീകത്സയിലെ പ്രസിദ്ധനായ ഒരു ആയുർവേദ വൈദ്യനായിരുന്നു. ചന്ദ്രികയുടെ സ്ഥാപകനായ സി.ആർ കേശവൻ വൈദ്യർക്കു വൈദ്യരത്‌നം അവാർഡ് 1953-ൽ കോഴിക്കോടുള്ള മാനവിക്രമൻ സാമൂതിരി നൽകി. അതുപോലെ ഈഴവ വൈദ്യന്മാർ നടത്തുന്ന അനേക ആയുർവേദ ഹോസ്പ്പിറ്റലുകൾ പത്തൊമ്പതാം നൂറ്റാണ്ടു മുതൽ നാടിന്റെ നാനാഭാഗത്തും ഉണ്ടായിരുന്നു. പ്രസിദ്ധ ആംഗ്ലേയ പണ്ഡിതനും മലയാളം ഡിക്ഷ്ണറിയിലെ രചയിതാവുമായ ഹെർമൻ ഗുണ്ടർട്ടിനെ ഈഴവ ഗുരു 'ഉരച്ചെരിൽ ഗുരുക്കൾ സംസ്കൃതവും ആയുർവേദവും പഠിപ്പിച്ചിരുന്നു. ഈഴവനായ 'ഉപ്പൊട്ട് കണ്ണൻ' യോഗാമൃതം വ്യഖ്യാനം എഴുതി. അത് സംസ്കൃതത്തിൽ അഷ്ടവൈദ്യന്മാർ ആയുർവേദത്തെപ്പറ്റി രചിച്ച പുസ്തകമായിരുന്നു. ഈഴവരിൽനിന്നും അനേകർ വിഷചീകത്സയ്ക്കും പ്രസിദ്ധരായിരുന്നു. പാമ്പ്, തേള് മുതലായ വിഷജീവികളുടെ കടികളിൽ നിന്നും ചീകിത്സ നൽകുന്ന വിഷചീകത്സ കേന്ദ്രങ്ങൾ ഈഴവ വൈദ്യന്മാരുടെ മേൽനോട്ടങ്ങളിലുണ്ടായിരുന്നു. ഹോസ്പിറ്റലുകളുടെ വളർച്ചയോടെയും നിയമം അനുവദിക്കാത്തതിനാലും പല കുടുംബങ്ങളും വിഷ ചീകത്സ കേന്ദ്രങ്ങൾ നിറുത്തൽ ചെയ്തു.

പത്തൊമ്പതാം നൂറ്റാണ്ടു മുതൽ ഈഴവരും ചാന്നാർമാരും വില്ലടിച്ചാൻ പാട്ടുകൾ, തെയ്യം അഥവാ കളിയാട്ടം മുതലാവകൾ അമ്പല ഉത്സവങ്ങളോടനുബന്ധിച്ചു അവതരിപ്പിക്കാറുണ്ടായിരുന്നു. വടക്കേ മലബാറിൽ 'തെയ്യം' എന്ന നൃത്തം  പ്രസിദ്ധമായിരുന്നു. ഈ നൃത്തത്തെ കാളിയാട്ടമെന്നും അറിയപ്പെടുന്നു. ഈഴവരിലെ പുരുഷന്മാരായവർ അവതരിപ്പിക്കുന്ന നാട്യകലകളിൽ ഒന്നാണ് 'അർജുന നൃത്തം'. അതിനെ മയൂര നൃത്തം എന്നും പറയും. കൊല്ലം, ആലപ്പുഴ, കോട്ടയം എന്നീ പ്രദേശങ്ങളിലെ ഭഗവതി അമ്പലങ്ങളുടെ ഉത്സവങ്ങളോട് അനുബന്ധിച്ചാണ് സാധാരണ ഈ നൃത്തം അവതരിപ്പിക്കാറുള്ളത്. മയിൽത്തൂവലുകൾ കൊണ്ട് ഡാൻസ് ചെയ്യുമ്പോൾ ദേഹം മുഴുവൻ അലംകൃതമാക്കിയിരിക്കും. കൂടുതലും നൃത്തം അവതരിപ്പിക്കുന്നത് കളരിപ്പയറ്റ് സാങ്കേതികത്വത്തോടെയായിരിക്കും. ഈ നൃത്തം അവതരിപ്പിക്കുന്നവരുടെ മുഖം പച്ചനിറമുള്ള ചായംകൊണ്ടു പൂശുന്നു. രണ്ടുപേരു കൂടിയോ ഒറ്റയ്ക്കോ നൃത്തം അവതരിപ്പിക്കാറുണ്ട്.

പൂരക്കളി സാധാരണ മീനമാസത്തിലുള്ള ഈഴവരുടെ ഒരു തരം നാടകീയ നൃത്തമാണ്. മലബാറിലെ ഭഗവതി ക്ഷേത്രങ്ങളിലാണ് ഈ ആചാരങ്ങൾ കൂടുതലുമായുള്ളത്. പാരമ്പര്യ നിലവിളക്കും സമീപമുണ്ടായിരിക്കണം. പൂരക്കളി അവതരിപ്പിക്കാൻ നല്ല പരിചയമുള്ളവർക്കേ സാധിക്കുകയുള്ളൂ. കാരണം ഈ കല അവതരിപ്പിക്കുന്നവർക്ക് കളരിപ്പയറ്റ് പരിചയവും ആവശ്യമാണ്. നല്ല വ്യായാമവും നടത്തണം. 'പരിച മുത്തു' കളിയിലും കളരിപ്പയറ്റ് അഭ്യസിച്ചിരിക്കണം. നൃത്തം ചെയ്യുന്നവർ വാളും പരിചയും ഉപയോഗിക്കുന്നു. വാളുകൊണ്ടുള്ള പയറ്റും 'പരിച' രക്ഷാ കവചമായി തടയലും, പ്രതിരോധിക്കലും വട്ടം കറങ്ങലും, ഓട്ടവും ആട്ടവും നൃത്തകലയുടെ പ്രത്യേകതയാണ്.

സർപ്പ നൃത്തങ്ങളും ഈഴവരുടെ ഒരു പ്രാചീന കലയായിരുന്നു. രണ്ടു പേരുകൂടി പാമ്പുകളെപ്പോലെ ഉയരുകയും താഴുകയും ചെയ്തു നൃത്തം ചെയ്യുന്നു. നെറ്റിയിൽ ചന്ദനവും ചുവന്ന ടൗവ്വൽ തലയിലും കെട്ടിയിരിക്കും. അരയിൽ ചുവന്ന സിൽക്കും കെട്ടിയിരിക്കും. കാൽ ചിലങ്കകളും ധരിച്ചിരിക്കും. വടികൊണ്ട് പയറ്റുകളും പ്രകടിപ്പിക്കും. ഈ കല സർപ്പാരാധനയുടെയും കളരിപ്പയറ്റിന്റെയും സമ്മിശ്രിതമായ ഒരു രൂപമാണ്. അതുപോലെ പുരാണത്തിലെ പാണ്ഡവ കളി, കേരളത്തിലെ അമ്പലങ്ങളിലുള്ള മറ്റൊരു ആചാരമാണ്. മഹാഭാരതത്തിലെ പഞ്ച പാണ്ഡവരായിട്ടായിരിക്കും ഈ കളി. നിലവിളക്ക് വെച്ച് അലംകൃതമായ ഒരു പന്തലിൽ വെച്ചായിരിക്കും കളികൾ അവതരിപ്പിക്കാറുള്ളത്. അവരുടെ നേതാവിനെ കാളിയച്ഛൻ എന്ന് വിളിക്കുന്നു. പൂജാ വിധി പ്രകാരമുള്ള കുളിയും കഴിഞ്ഞു നെറ്റി ത്തടത്തിൽ ചന്ദനവും പൂശി വെളുത്ത മുണ്ടും ഉടുത്തു, തലയിൽ ടൗവ്വലും കെട്ടി ഇവർ കളിക്കുന്നു. ആശാരി, മൂശാരി, തട്ടാൻ, കല്ലാശാരി മുതലായ സമൂഹങ്ങൾ മൊത്തമായി കളികളിൽ പങ്കു കൊള്ളുന്നു.

ഈഴവരുടെ സാംസ്ക്കാരിക സമ്പ്രദായങ്ങളിലും തറവാട് സമ്പ്രദായം പിന്തുടർന്നിരുന്നു. 'അമ്മ, അമ്മയുടെ സഹോദരങ്ങൾ, സഹോദരികൾ, അവരുടെ കുട്ടികൾ എല്ലാവരുമൊത്ത് ഒരേ മേൽക്കൂരയിൽ ഒന്നിച്ചു കഴിഞ്ഞിരുന്നു. ഏറ്റവും മൂത്തയാളിനെ കാരണവർ എന്നും മൂത്ത സ്ത്രീയെ കാരണവത്തിയെന്നും വിളിച്ചിരുന്നു. വീടിന്റെ ചുമതലകൾ മുഴുവൻ വഹിക്കേണ്ടത് അവരായിരുന്നു. കുടുംബ വക സ്വത്തുക്കളും പരിരക്ഷിക്കേണ്ട ഉത്തരവാദിത്വങ്ങളും ഉണ്ടായിരുന്നു. ഓരോ തറവാടും വ്യത്യസ്ത പേരുകളിൽ അറിയപ്പെട്ടിരുന്നു. മലബാറിലും തിരുവിതാംകൂറിലുമുള്ള ഈഴവരെ സംബന്ധിച്ച് ഓരോരുത്തരുടെയും തറവാടുകളെ തിരിച്ചറിഞ്ഞിരുന്നത് അമ്മ വഴികളിലുള്ള  പേരിലായിരുന്നു. എന്നാൽ കൊച്ചിയിൽ ഭൂരിഭാഗം കുടുംബങ്ങളും അപ്പൻ വഴികളിലുള്ള  പേരുകളിലറിയപ്പെട്ടിരുന്നു.

നായന്മാരെപ്പോലെയും ബ്രാഹ്മണരെപ്പോലെയും ഈഴവർ സാധാരണ പേരിന്റെകൂടെ ജാതിപ്പേര് ഉപയോഗിക്കാറില്ല. എന്നിരുന്നാലും ചെയ്യുന്ന തൊഴിൽ അവർ പേരിന്റെ കൂടെ വെക്കാറുണ്ട്. പണിക്കർ, ആശാൻ, ചാന്നാർ, വൈദ്യർ, മുതലാളി, ചേകോൻ, പണിക്കത്തി, കാരണവർ, എന്നിങ്ങനെ പേരുകൾ കൂട്ടി ഈഴവരെ വിളിച്ചിരുന്നു. 'ഈഴവ' എന്ന പദം വേദങ്ങളിലെ പദങ്ങളുമായി യാതൊരു സാമ്യവുമില്ല. ബുദ്ധമതക്കാരുടെ ആചാരരീതികളുമായിട്ടുള്ള വാക്കുകളുമായിട്ടാണ് കൂടുതൽ സാമ്യം. ഈഴവരുടെ ഒരു ഉപവിഭാഗമാണ് ചാന്നാർ. ചാന്നാർമാർ ഈഴവരേക്കാളും കൂടിയ ജാതിയായി കരുതുന്നു. ഈഴവരിലെ ഉപവിഭാഗങ്ങൾ എല്ലാം അസ്തമിച്ചുകൊണ്ടിരിക്കുന്നു. 'ഇല്ലം' എന്ന് പറഞ്ഞാൽ വാസ്തവത്തിൽ ഈഴവരുടെ വീടെന്നാണ് അർത്ഥം. പിന്നീട് കേരളത്തിൽ 'ഇല്ലം' നമ്പൂതിരിമാർക്ക് മാത്രമായി അവകാശപ്പെട്ടു.

അമ്പല പൂജാരികളും രാജ്യം ഭരിച്ചിരുന്നവരും ഈഴവരെ അവർണ്ണരായി കണക്കായിരുന്നു. അവരുടെ പൂർവികർ ക്ഷത്രിയരായിരുന്നുവെന്ന വസ്തുത സവർണ്ണർ വിസ്മരിക്കുകയും ചെയ്തിരുന്നു. അവരെ അവർണ്ണരായി കണക്കാക്കാൻ കാരണം അനേകർ ബുദ്ധമതം സ്വീകരിക്കുകയും പിന്നീട് ഹിന്ദുമതത്തിൽ മടങ്ങി വരുകയും ചെയ്തതുകൊണ്ടായിരുന്നു. സവർണ്ണ ജാതികൾ ഈഴവരെ എക്കാലവും താഴ്ത്തി കെട്ടാനെ ശ്രമിച്ചിട്ടുള്ളൂ. കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഈഴവ സ്ത്രീകളെ മാറിടം മറയ്ക്കാൻ അനുവദിച്ചിരുന്നില്ല. ആഭരണങ്ങളോ ചെരിപ്പുകളോ ധരിക്കുന്നത് നിരോധിച്ചിരുന്നു. ധനികരായ ചേകവർക്കോ, ചാന്നാർമാർക്കോ പണിക്കർമാർക്കോ താണ്ടാൻ സ്ത്രീകൾക്കോ മാറിടം മറക്കുന്നതിൽ പ്രശ്നമുണ്ടായിരുന്നില്ല.

ഹിന്ദു ഐക്യവേദിക്കായി ഹിന്ദുത്വ പ്രവർത്തകർ തീവ്രമായി ശ്രമിക്കുമ്പോൾ ഈഴവരിൽ വലിയൊരു വിഭാഗം അത് എതിർക്കുന്നത് കാണാം. ശ്രീ നാരായണ ഗുരു സവർണ്ണ വാദികൾക്ക് പരിപൂർണ്ണമായും എതിരായിരുന്നു. 1934 ല്‍ 'ഇ മാധവന്‍' എഴുതി പ്രസിദ്ധീകരിച്ച 'സ്വതന്ത്രസമുദായം' എന്ന പുസ്തകത്തിൽ ഈഴവർ ഹിന്ദുക്കളല്ലെന്നും ദേശീയ മതമായിരുന്ന ബുദ്ധ മതക്കാരായിരുന്നുവെന്നും എഴുതിയിട്ടുണ്ട്. സർ സി.പി. രാമസ്വാമി അയ്യർ ഈ പുസ്തകം നിരോധിച്ചിരുന്നു. കൊച്ചിയിലും തിരുവിതാംകൂറിലും മലബാറിലും ഒന്നുപോലെ മാധവന്റെ ബുക്കിന് നിരോധനമുണ്ടായിരുന്നു. 2011-ൽ കേരള സാഹിത്യ അക്കാദമി മാധവന്റെ വിപ്ലവകരമായ ഈ പുസ്തകം വീണ്ടും പ്രസിദ്ധീകരിച്ചു.

മാധവന്റെ പുസ്തകത്തിൽ പറയുന്നു, "നമ്മുടെ വിശ്വാസം നാം ഹിന്ദുക്കളെന്നാണ്. അല്ലെങ്കിൽ നാം ഹിന്ദുക്കളാകാൻ ശ്രമിക്കുമ്പോൾ ഉയർന്ന ജാതികൾ അംഗീകരിക്കുന്നില്ല. ക്രിസ്ത്യാനികൾക്കും മുസ്ലിമുകൾക്കും നമ്മുടെ ശുദ്ധിയിൽ പ്രശ്നമില്ല. അവരുടെ മോസ്ക്കിലും പള്ളിയിലും കയറുന്നതിൽ അവർക്ക് യാതൊരു പ്രശ്നവുമില്ല. എന്നാൽ നാം ഹിന്ദുക്കളെന്നു പറയുന്ന ഈഴവർ അമ്പലത്തിൽ കയറിയാൽ ഇടയ്ക്ക് വെച്ച് പുരോഹിതൻ മന്ത്രങ്ങൾ ഉരുവിടുന്നത് നിർത്തൽ ചെയ്യും. ഈഴവസ്പർശനമേറ്റ മന്ത്രപൂജാരിക്ക് പൂജകൾ ഇടയ്ക്കുവെച്ചു നിറുത്തുന്നതിൽ യാതൊരു സങ്കോചവുമില്ല. പൂജകൾ അനുഷ്ഠിക്കുന്ന സമയങ്ങളിൽ ഈഴവർ സന്നിഹിതരായാൽ അവർ കുപിതരാകുന്നു. സ്‌കൂളിൽ പോയാൽ വർണ്ണജാതിക്കാർ പഠനം ഉപേക്ഷിക്കും. വഴികളിൽക്കൂടി നാം യാത്ര ചെയ്‌താൽ അവർ ആ വഴി യാത്ര ചെയ്യാതിരിക്കും. അവരുടെ അമ്പലത്തിൽ നാം പോകണമെന്ന് ചിന്തിക്കുന്നതും വിഡ്ഢിത്തരമല്ലേ? അമ്പല നടയിൽനിന്നും അനേകം പാദങ്ങൾ മാറി നടക്കണമെന്ന് ആജ്ഞാപിക്കുമ്പോൾ പട്ടികളെപ്പോലെ ക്ഷണിക്കാതെ നാം എന്തിനു അവരുടെ അമ്പലത്തിൽ കയറണം? നമ്മൾ ഹിന്ദുക്കളായിരിക്കാൻ വർണ്ണ ജാതികൾ താൽപര്യപ്പെടുന്നത് അവർ നമ്മളെ അടിമകളാക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടാണ്!"

ശ്രീ നാരായണ ഗുരുവിന്റെ ആത്മീയ നേതൃത്വം ഈഴവരെ സാമൂഹികമായും ബൗദ്ധികമായും ഉന്നത നിലകളിൽ എത്തിച്ചു. വർണ്ണ വ്യവസ്ഥയില്ലാത്ത ഒരു സമൂഹമായി സ്വന്തം വ്യക്തിത്വം പുലർത്താൻ ഈഴവർക്കായുള്ള അമ്പലങ്ങൾ തുറക്കാൻ ശ്രീ നാരായണ ഗുരു ആവശ്യപ്പെട്ടു. ഹിന്ദു സമൂഹത്തിന്റെ ദാസന്മാരായി ഇരിക്കുന്നതിലും നല്ലത് ക്രിസ്ത്യാനികളായി മതം മാറുന്നതെന്നും ഈഴവർ ചർച്ച ചെയ്തിരുന്നു. മതം മാറുന്ന സ്ഥിതി വിശേഷം വന്നപ്പോൾ ദിവാൻ സി.പി. രാമസ്വാമി അയ്യർ അതിന്റെ പ്രത്യാഘാതങ്ങൾ മനസിലാക്കി. അദ്ദേഹം ശ്രീ ചിത്തിര തിരുന്നാൾ മഹാരാജാവിനെ ഈഴവർക്കും മറ്റു അവർണ്ണരായവർക്കും അമ്പല പ്രവേശനം കൊടുക്കുന്ന ആവശ്യകതയെ ബോധിപ്പിച്ചു. 1924-25 കാലങ്ങളിലെ വൈക്കം സത്യാഗ്രഹം ഹിന്ദു സമൂഹത്തിലെ 'തൊട്ടുകൂടാ നയത്തിനും ജാതി വ്യവസ്ഥക്കും' എതിരായുള്ളതായിരുന്നു. ഈ നീക്കം വൈക്കത്തുള്ള ശിവ അമ്പലത്തിലായിരുന്നു നടത്തിയത്. എസ്.എൻ.ഡി.പി. (SNDP) യോഗം വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയിരുന്നു. ഈഴവരുടെ ഈ സംഘടന നാരായണഗുരുവിന്റെയും ഡോ.പൽപ്പുവിന്റെയും ധർമ്മ ശാസ്ത്രത്തെപ്പറ്റിയും സന്മാർഗ ശാസ്ത്രത്തെപ്പറ്റിയും ജനങ്ങളെ ബോധവാന്മാരാക്കുന്നുണ്ടായിരുന്നു.




E.Madhavan







Thursday, September 7, 2017

ബുദ്ധമതവും ബ്രാഹ്മണരുടെ ആധിപത്യവും നിഷ്ഠുരതകളും


ജോസഫ് പടന്നമാക്കൽ

ആര്യ ബ്രാഹ്മണരുടെ ചരിത്രം അവലോകനം ചെയ്‌താൽ ഭാരതത്തിൽ ഉദയം ചെയ്ത ബുദ്ധമതത്തെ സമൂലം ഇല്ലാതാക്കിയത് അവർ നേതൃത്വം കൊടുത്തിരുന്ന മതമായിരുന്നുവെന്നു കാണാം.  അഫ്‌ഗാനിസ്ഥാനിൽ താലിബൻകാർക്ക് തുല്യമായ ക്രൂരകൃത്യങ്ങൾ ബ്രാഹ്മണർ ബുദ്ധമതത്തോടു ചെയ്തിട്ടുണ്ട്. എക്കാലവും  ഹൈന്ദവ മതത്തിന്റെ മേൽക്കോയ്മകൾ ഉണ്ടായിരുന്നത് ബ്രാഹ്മണർക്കായിരുന്നു. ഹിന്ദുത്വ മുന്നണികൾ അഫ്‌ഗാനിസ്ഥാനിൽ താലിബൻകാർ ബുദ്ധമത വിഹാരങ്ങൾ തകർത്തപ്പോൾ വിമർശിച്ചിരുന്നു. അതേസമയം ഹിന്ദുത്വ ശക്തികളുടെ പൂർവിക തലമുറകൾ ബുദ്ധ മതക്കാരുടെ പ്രതിമകൾ നശിപ്പിക്കുക മാത്രമല്ല ചെയ്തത് അനേകായിരം ബുദ്ധമതാനുയായികളെ കൊല ചെയ്യുകയും ചെയ്തു.

ബുദ്ധമതം കൃസ്തുവിനു മുമ്പും കേരളത്തിലുണ്ടായിരുന്നതായ തെളിവുകൾ ചരിത്രകാർ നിരത്തിയിട്ടുണ്ട്. കേരളത്തിലെ നിരവധി നാട്ടു രാജാക്കന്മാരുടെ ശാസനങ്ങളും സംഘകാല കൃതികളും ബുദ്ധമതത്തിന്റെ പൗരാണികതയെ സൂചിപ്പിക്കുന്നു. അശോകന്റെ കല്ലിൽ കൊത്തി വെച്ച ചില ലിഖിതങ്ങളും കണ്ടു കിട്ടിയിട്ടുണ്ട്. അശോക ചക്രവർത്തിയുടെ കാലത്ത് ബുദ്ധമതം പ്രചാരണത്തിനായി ബുദ്ധ സന്യാസികളെ ലോകത്തിന്റെ നാനാഭാഗത്തും അയച്ചിരുന്നു. അവരിൽ ചിലർ കേരളത്തിൽ ബുദ്ധമതം പ്രചരിപ്പിച്ചിരുന്നു. അശോകന്റെ സൈന്യക ബലത്താലോ കേരളത്തിലെ ചേരമാൻ രാജാക്കന്മാരുടെ മതസഹിഷ്ണതയാലോ കേരളത്തിലെ ജനങ്ങൾ സൗഹാർദ്ദപരമായി തന്നെ ബുദ്ധമതം സ്വീകരിച്ചിരുന്നു.

ഹൈന്ദവ തത്ത്വങ്ങളായ സമത്വം, സാഹോദര്യം സഹാനുഭൂതി, അഹിംസ, എന്നിവകൾ ബുദ്ധ മതക്കാരിൽ നിന്നും പകർത്തിയെടുത്തതാണ്. സത്പത ബ്രാഹ്മണം പറയുന്നു, 'ഈ പ്രപഞ്ചത്തെ ദൈവം നിയന്ത്രിക്കുന്നു, ദൈവത്തെ നിയന്ത്രിക്കുന്നത് മന്ത്രമാണ്. മന്ത്രം ബ്രാഹ്മണന്റെ ഉള്ളിലും സ്ഥിതി ചെയ്യുന്നു. അതുകൊണ്ടു ബ്രാഹ്മണരാണ് ഭൂമിയിലെ ദൈവം.' ബ്രാഹ്മണരെ അനുസരിക്കാൻ, താഴ്ന്നവരിൽ ഭയം സൃഷ്ടിക്കാൻ അവർ മന്ത്രവും ശാപവും ഉപയോഗിച്ചിരുന്നു. എന്നാൽ ബുദ്ധമതക്കാർ നാം കാണുന്ന സത്യങ്ങളിൽ മാത്രം വിശ്വസിക്കാനും ഉപദേശിച്ചു. കാര്യ കാരണങ്ങളില്ലാതെ ഭയമരുതെന്നും ബുദ്ധമതം പഠിപ്പിച്ചിരുന്നു. നന്മ മാത്രം ചെയ്യാനും പ്രജകളുടെ ക്ഷേമത്തിനായി രാജാവിനെ സഹായിക്കാനും വേണ്ടവിധ പ്രോത്സാഹനങ്ങൾ നൽകിയിരുന്നു. ബുദ്ധമതം ജനങ്ങളുടെ ക്ഷേമത്തിനായി പൊതുനന്മ ആഗ്രഹിച്ചപ്പോൾ ബ്രാഹ്മണർ ലോകം സൃഷ്ടിച്ചത് തങ്ങൾക്കുമാത്രമെന്നും വാദിച്ചു. അങ്ങനെ പരസ്പ്പര വിരുദ്ധങ്ങളായ ആശയ സംഘട്ടനങ്ങൾ ബുദ്ധമതക്കാരും ബ്രാഹ്മണരും തമ്മിലാരംഭിച്ചു.

കേരളത്തിൽ 'പള്ളി' കൂട്ടി അനേക സ്ഥലനാമങ്ങൾ കാണാം. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, പള്ളിപ്പുറം, ഇടപ്പള്ളി ഇങ്ങനെ സ്ഥലനാമങ്ങൾ അറിയപ്പെടുന്നു. പള്ളിയെന്ന അർത്ഥം ബുദ്ധ വിഹാരമെന്നാണ്. കേരളത്തിൽ 1200 വർഷങ്ങളോളം ബുദ്ധ പാരമ്പര്യമുണ്ടെന്ന് അനുമാനിക്കുന്നു. സ്‌കൂളിനെ തന്നെ വിളിച്ചിരുന്നത് എഴുത്തുപള്ളി അല്ലെങ്കിൽ പള്ളിക്കൂടമെന്നായിരുന്നു. ക്രിസ്ത്യാനികളും മുസ്ലിമുകളും അവരുടെ ആരാധനാലയങ്ങളെ പള്ളിയെന്നു വിളിക്കുന്നു. ബുദ്ധമത വിരോധിയായിരുന്ന 'കുമാരില ഭട്ട ' യുടെയും ശങ്കരാചാര്യരുടെയും നേതൃത്വത്തിൽ ബുദ്ധന്മാരുടെ  പള്ളികളെല്ലാം നശിപ്പിച്ചു കളഞ്ഞു. 1200 വർഷം പഴക്കമുള്ള ബുദ്ധസംസ്ക്കാരത്തെ നശിപ്പിച്ചുകൊണ്ട് അവർ ചാതുർവർണ്യം നടപ്പാക്കി. ഈഴവരും അതിൽ താണവരും ചാതുർ വർണ്യത്തിനു പുറത്തുള്ള അടിമകളായിരുന്നു. ബുദ്ധ വിഹാരങ്ങൾ അമ്പലങ്ങളായി മാറ്റി. ഭൂരിഭാഗം ജനതയ്ക്ക് അമ്പലങ്ങളിൽ തീണ്ടൽ കല്പിച്ചിരുന്നു. 'കേരള' എന്ന വാക്കുപോലും ദ്രവീഡിയൻ ബുദ്ധമത പദമായ 'ചേരള' എന്ന പദത്തിൽ നിന്നു വന്നതാണ്. പിന്നീട് കേര വൃക്ഷങ്ങളുടെ നാടെന്ന അർത്ഥത്തിൽ സംസ്കൃതീകരിക്കുകയും ചെയ്തു.

ബുദ്ധ മതക്കാർക്കുണ്ടായ അതേ വിധിയാണ് തെക്കേ ഇന്ത്യയിൽ ജൈനമതത്തിനും ഉണ്ടായത്. എ.ഡി.  300-400 കാലങ്ങളിലുള്ള ജൈനന്മാരെപ്പറ്റിയുള്ള അറിവുകൾ വളരെ പരിമിതമാണെന്ന് പ്രൊഫ. ബഹാഹുദ്ദിന്റെ പ്രബന്ധത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. സംഘകാലത്തിന്റെ ആരംഭത്തിൽ ക്രിസ്തുവർഷം 470 AD യിൽ ജൈനമതം വളർന്നുവെന്നും അഞ്ചും ആറും നൂറ്റാണ്ടുകളിൽ ജൈനമതം സർവ്വയിടങ്ങളിലും വ്യാപിച്ചിരുന്നുവെന്നും പ്രസിദ്ധ ചരിത്രകാരനായ കുമാര സ്വാമി അയ്യങ്കാർ രേഖപ്പെടുത്തിയിരിക്കുന്നു. ബ്രാഹ്മണന്മാരുടെ ആചാരം പോലെ ജൈനന്മാരും അവരുടെ വിശുദ്ധരെ ബിംബങ്ങളായി ആരാധിച്ചിരുന്നു. തമിഴ്‌നാട്ടിൽ ജൈനന്മാരുടെ ആരാധനാലയങ്ങൾ നീക്കപ്പെട്ടതിനു ശേഷമായിരിക്കണം ഹിന്ദുക്കളുടെ അമ്പലങ്ങളുടെ തുടക്കം. ജൈനന്മാരെ നശിപ്പിച്ച 63 സന്യാസിമാരുടെ ബിംബങ്ങൾ തമിഴ്‌നാട്ടിലെ ഏതാനും അമ്പലങ്ങളിൽ ഇന്നും പൂജിക്കുന്നുണ്ട്. ജൈന ബിംബങ്ങളുടെ അവശിഷ്ടങ്ങൾ തമിഴ് നാടിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. തകർക്കപ്പെട്ട ഓരോ ജൈന വിഗ്രഹങ്ങൾക്കും അതിന്റേതായ കഥകൾ പറയാനുണ്ടാകും. മധുര മീനാക്ഷി അമ്പല ഭിത്തികളിൽ ജൈന രാജാക്കന്മാരുടെ ഛായാ പടങ്ങൾ കാണാം.

ബുദ്ധന്മാർ ആദ്ധ്യാത്മിക ചിന്തകളിലും സന്യാസിമാരുടെ ജീവിതത്തിനും മാത്രമേ പ്രാധാന്യം കല്പിച്ചിരുന്നുള്ളൂ. കുടുംബ ജീവിതം നയിക്കുന്നവരിൽ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അതിനാൽ ശരിയായ കാഴ്ചപ്പാടില്ലാതെ ജീവിതം എങ്ങനെ നയിക്കണമെന്ന കാര്യത്തിൽ സാധാരണ ജനങ്ങൾ ആശയക്കുഴപ്പത്തിലായിരുന്നു. രാഷ്ട്രീയമായുള്ള സ്വാധീനം ഇല്ലാതാകുകയും സാമ്പത്തികമായുള്ള അധഃപതനവും കാരണങ്ങളാൽ ബുദ്ധമതം ക്ഷയിക്കുകയുണ്ടായി. അശോകനെപ്പോലുള്ള രാജാക്കന്മാരും ജനങ്ങളും ബുദ്ധന്മാരുടെ ആശ്രമങ്ങളെ സഹായിച്ചുകൊണ്ടിരുന്നു. സാമ്പത്തിക പിന്തുണ അവസാനിച്ചപ്പോൾ ബുദ്ധമതത്തിനു ക്ഷീണം സംഭവിക്കാൻ തുടങ്ങി. അശോകന്റെ അഹിംസാ മുന്നേറ്റത്തിന് ഏതാനും നൂറ്റാണ്ടുകൾക്ക് ശേഷമായിരുന്നു അലക്‌സാണ്ടർ ഇന്ത്യയെ ആക്രമിച്ചത്. സന്യാസവും പരിത്യാഗവും കഠിനമായ വൃതവും പാലിക്കുന്നവർക്കു മാത്രം ജനങ്ങളുടെ പിന്തുണ ലഭിച്ചിരുന്നു. ആശ്രമ നിയമങ്ങൾ അനുസരിച്ച് ജീവിക്കുന്നവരെ മാത്രം ജനങ്ങൾക്കു സ്വീകാര്യമായിരുന്നു.

ബുദ്ധമതം അവരുടെ ആശ്രമത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്നു. ആശ്രമ ജീവിതം അവസാനിക്കുന്നതിനൊപ്പം അവിടെ ബുദ്ധമതവും ഇല്ലാതാകുമായിരുന്നു. ബിഹാറിലെ 'ഉത്തന്ധപുര' ആശ്രമം നിറുത്തേണ്ടി വന്നത് മുസ്ലിം ആക്രമണ ശേഷമായിരുന്നു. നളന്ദയിലെയും വിക്രമശിലയിലെയും കൂട്ടക്കൊലകളും ബുദ്ധമതത്തിന്റെ അവസാനത്തിന്റെ നാഴികക്കല്ലുകളായിരുന്നു. വിവിധ സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും വിചാരങ്ങളും ആശയങ്ങളും തത്ത്വചിന്തകളും ബുദ്ധമതം പകർത്തിയിരുന്നു. ഒന്നാം നൂറ്റാണ്ടിൽ തന്നെ പലവിധ ആത്മീയ പരിശീലനവും ഐതിഹ്യ കഥകളും ബുദ്ധമതത്തിൽ വന്നുകൂടി. ഉദാഹരണമായി ആറാം നൂറ്റാണ്ടിൽ ചില ബുദ്ധമതക്കാർ താന്ത്രിക്ക് സാധനകൾ സ്വീകരിച്ചു. എന്നിട്ടു സ്വയം സുഖ സൗകര്യങ്ങൾക്കായി ആത്മീയതയെ ദുർവിനിയോഗം ചെയ്തു. താന്ത്രിക്കിലെ അറിവ് അവർക്ക് ദഹിക്കില്ലായിരുന്നു. താന്ത്രിക ബുദ്ധമതം അതുമൂലം അധഃപതിക്കാൻ തുടങ്ങി.

ഹിമാലയൻ ഇൻസ്റ്റിട്യൂട്ടിലെ ആദ്ധ്യാത്മിക നേതാവായ 'പണ്ഡിറ്റ് രാജ്മണി ട്യുഗുനൈറ്റോ (Rajmani Tugnait൦) എഴുതിയിരിക്കുന്നു, 'അഞ്ചു മുതൽ പത്താം നൂറ്റാണ്ടു വരെ ബുദ്ധമതത്തിൽ വജ്രയാന, സിദ്ധയാന, സഹജയാന, എന്നിങ്ങനെ മൂന്നു സ്‌കൂളുകൾ വടക്കു കിഴക്കേ ഇന്ത്യയിൽ ഉണ്ടായിരുന്നു. നേപ്പാളിലും, സിക്കിമിലും ടിബറ്റിലും സ്‌കൂളിന്റെ പ്രവർത്തനം വ്യാപിച്ചിരുന്നു. വലിയ ജ്ഞാനികളായ ഗുരുക്കന്മാരും യോഗികളുമായിരുന്നു ആ സ്‌കൂളിന്റെ സ്ഥാപകർ. എന്നാൽ അനുയായികൾ സ്‌കൂളിന്റെ തത്ത്വങ്ങളെ ദുരുപയോഗപ്പെടുത്തുകയും അസാന്മാര്‍ഗ്ഗികമായ ജീവിതം ആരംഭിക്കുകയും ചെയ്തു.' പലരും അദ്ധ്യാത്മികതയ്ക്കുപരി ജീവിക്കാൻ വേണ്ടി സന്യാസിമാരാകാൻ തുടങ്ങി. അതുമൂലം വർദ്ധിച്ചു വരുന്ന സന്യാസികളെ തീറ്റി പോറ്റേണ്ട കടമ സമൂഹത്തിനു വന്നു. കാര്യങ്ങൾ വഷളായപ്പോൾ ശങ്കരാചാര്യരും കുമാരില ഭട്ടായും ബുദ്ധമതത്തെ ഇന്ത്യയിൽ ഇല്ലാതാക്കി.

കേരളമുൾപ്പടെ ഇന്ത്യയൊന്നാകെ സാമൂഹികമായ ഒരു പരിവർത്തനത്തിനു കാരണക്കാർ ബുദ്ധമതക്കാരായിരുന്നു. ജൈനന്മാരും പരിവർത്തനത്തിന് കൂട്ടാളികളായിരുന്നു. ഇരുമ്പുകൊണ്ടുള്ള പണി ആയുധങ്ങളുടെ സഹായത്തോടെ കൃഷി ചെയ്യാനാരംഭിച്ചതും ബുദ്ധമതക്കാരായിരുന്നു. അത് കൃഷിയുടെ വളർച്ചയ്ക്കു കാരണമായിരുന്നു. അതിന്റെ ഫലമായി കൃഷിസ്ഥലങ്ങളുടെ വ്യാപ്തിയും വർദ്ധിച്ചു. കൃഷി ഉത്ഭാദനവും വർദ്ധിച്ചു. ഒപ്പം വാണിജ്യവും പുരോഗമിച്ചുകൊണ്ടിരുന്നു. നവീകരിച്ച റോഡുകളും റോഡുകൾ തമ്മിൽ പരസ്പ്പരം ബന്ധിച്ചും നാടിന്റെ നാനാ ഭാഗങ്ങളിലും കാണപ്പെടാൻ  തുടങ്ങി. ആവശ്യത്തിനു മാത്രം ഭക്ഷ്യ വിഭവങ്ങൾ ഉണ്ടായിരുന്ന ഒരു സാമ്പത്തിക വ്യവസ്ഥയിൽ വിഭവങ്ങൾ മിച്ചവുമായി. ജനങ്ങളുടെ സാമ്പത്തിക ഭദ്രത കൂടുതൽ ദൃഢമുള്ളതായി തീർന്നു. ഭക്ഷ്യ വിഭവങ്ങൾ സൂക്ഷിക്കാനുള്ള സ്റ്റോറുകളും നിലവിൽ വന്നു. കൃഷിയുൽപ്പന്നങ്ങളും കന്നുകാലികളും കൈമാറ്റം ചെയ്യുന്ന ബാർട്ടർ സംവിധാനമായിരുന്നു അന്നു നിലവിലുണ്ടായിരുന്നത്. അതുമൂലം വാണിജ്യമേഖല ഏതാനും പേരുടെ നിയന്ത്രണത്തിലുമായി തീർന്നു. ഒരേ സാമൂഹിക ചുറ്റുപാടുകളിൽ മനുഷ്യർതമ്മിൽ പലതരം വർഗങ്ങളായും തിരിയാനിടയായി.

അദ്ധ്വാനിക്കുന്ന കൃഷിക്കാരുടെയിടയിൽ വേറിട്ട ചിന്താഗതിക്കാരായ ബ്രാഹ്മണരുടെ കഥ മറ്റൊരു തരത്തിലായിരുന്നു. ബ്രാഹ്മണർ ധർമ്മം സ്വീകരിക്കുകയും കൊടുക്കുകയും ചെയ്യുന്ന ജോലികൾ മാത്രമേ ചെയ്തിരുന്നുള്ളൂ. കൃഷി ചെയ്യുകയോ കച്ചവടം ചെയ്യുകയോ ഇല്ലായിരുന്നു. ധർമ്മം മേടിക്കുന്നവരും കൊടുക്കുന്നവരും ദൈവത്തോട് അടുത്തു പ്രവർത്തിച്ചിരുന്നു. കൃഷിക്കാരെയും കച്ചവടക്കാരെയും അവർ താണ ജാതികളിലുള്ളവരായി കരുതാൻ തുടങ്ങി. മനുസ്മ്രിതി അനുസരിച്ച് ഒരു ശൂദ്രൻ സ്വത്ത് സമ്പാദിക്കാൻ പാടില്ലെന്നാണ്. അവന്റെ സ്വത്തുക്കൾ ബ്രാഹ്മണന് യാതൊരു സന്ദേഹമില്ലാതെ എടുത്തുകൊണ്ടു പോവാൻ സാധിക്കുമായിരുന്നു. ബ്രാഹ്മണനു ദാനം കൊടുക്കാത്തവനെ കൊല്ലാനും പുരാണങ്ങൾ പറയുന്നുണ്ട്. അതേ സമയം കൃഷി ഉത്തമമെന്ന് ബുദ്ധന്മാർ വിശ്വസിച്ചിരുന്നു. കൃഷി ചെയ്യുന്നവരെ ചെറുതാക്കുന്നതും ബുദ്ധമത പ്രമാണഗ്രന്ഥങ്ങൾക്ക് എതിരായിരുന്നു.

ബുദ്ധമതത്തിന്റെ വൈഭവം തെളിയിച്ചത് വൈദ്യ ശാസ്ത്രത്തിന്റെ നിപുണതയിൽ കൂടിയായിരുന്നു. വൈദ്യവും മരുന്ന് നിർമ്മാണവും അവരുടെ സാമൂഹിക ജീവിതത്തിന്റെ ഭാഗമായി തീർന്നു. മന്ത്രവാദവും കാട്ടു മരുന്നുകളും മാത്രം ഉപയോഗിച്ചിരുന്ന ഒരു ജനതയുടെയിടയിൽ അവർ വിജ്ഞാനത്തിന്റ വേരുകൾ പാകിയിരുന്നു. അശോക മഹാരാജാവ് തന്നെ നിരവധി ഔഷധ തോട്ടങ്ങൾ നിർമ്മിച്ചിരുന്നു. മരുന്നുകൾ നിർമ്മിക്കുന്ന അറിവുകൾ നൽകാൻ പഠന ശാലകളും ഉണ്ടായിരുന്നു. തമിഴ്‌നാട്ടിലെ മരുത്വമല അവകളിൽ ഒന്നാണ്. ആയുർവേദത്തിന്റെ വളർച്ചയുടെ കാരണക്കാരും ബുദ്ധ സന്യാസികളായിരുന്നു.

'രാസവൈശേഷിക സൂത്ര' എന്ന കൃതി രചിച്ചത് ബുദ്ധസന്യാസിയായ നാഗാർജുനന്റെ ശിക്ഷ്യനായ നരസിംഹനായിരുന്നു. നരസിഹന്റെ പ്രയത്ന ഫലമായിട്ടാണ് കേരളീയ ജനതയ്ക്ക് ഔഷധ സസ്യങ്ങളെ സംബന്ധിച്ച ജ്ഞാനം ലഭിച്ചത്. വാസ്തു ശിൽപ്പ ശാസ്ത്രവും ബുദ്ധമതക്കാരുടെ സംഭാവനയായിരുന്നു. ബുദ്ധ മതക്കാരാണ് കേരളത്തിലെ പൗരാണിക ക്ഷേത്രങ്ങളെല്ലാം പണി തീർത്തത്. പിന്നീട് ബുദ്ധമത ക്ഷേത്രങ്ങൾ ഹിന്ദു മതത്തിലേക്ക് പരിവർത്തനം ചെയ്തപ്പോഴും ബുദ്ധന്മാരുടെ ശിൽപ്പകല ഹിന്ദുക്കൾ പിന്തുടർന്നു. ക്ഷേത്രോത്സവങ്ങളും വെടിക്കെട്ടും പൂരവും രഥോത്സവവും ബുദ്ധന്മാരുടെ പകർപ്പാണ്. 'അമര കോശം' രചിച്ചയാൾ മാവേലിക്കരയ്ക്കടുത്ത് തകഴിയിലാണ് ജനിച്ചത്. അമരകോശം രചിക്കാൻ ഇരുപതു വർഷങ്ങൾ എടുത്തു. അതിനു ശേഷം അദ്ദേഹം ശ്രീ ലങ്കയിൽ പോയി സിംഹൻ എന്ന നാമം സ്വീകരിച്ചു. വിക്രമാദിത്യ കൊട്ടാരത്തിലെ നവരത്നങ്ങൾ എന്നറിയപ്പെട്ടിരുന്ന പണ്ഡിത സദസിൽ 'അമര സിംഹ'നുമുണ്ടായിരുന്നു. അമരകോശം രചിച്ചത് ബുദ്ധമതക്കാരനാണെങ്കിലും ഇത് ബ്രാഹ്മണരുടെയും ജൈനന്മാരുടെയും  ആധികാര ഗ്രന്ഥംകൂടിയാണ്.

കൊടുങ്ങല്ലൂരിൽ 'മേത്തല ഗ്രാമത്തിൽ' തൃക്കണാമതിലകം തെക്കായി ബുദ്ധന്റെ സ്തൂപങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ബുദ്ധ വിഹാരങ്ങളുടെ വളരെയേറെ നാശനഷ്ടങ്ങളും കാണാം. 'സത്യപുത്രൻ' എന്ന ചേര രാജാവിന്റെ കാലത്ത് 'മഹിഷ്മതിപട്ടണം 'ചേരരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. 'മണിമേഖല' എന്ന പ്രാചീന ഗ്രന്ഥത്തിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. തൃശൂരുള്ള വടക്കുംനാഥ അമ്പലവും കൊടുങ്ങലൂരുള്ള കുറുമ്പ അമ്പലവും ബുദ്ധന്മാരുടെ അമ്പലങ്ങളായിരുന്നു. കൊല്ലം, ആലപ്പുഴ, മാവേലിക്കര, കറുമാടി എന്നീ സ്ഥലങ്ങളിൽനിന്നെല്ലാം ബുദ്ധന്റെ വിഗ്രഹങ്ങൾ കണ്ടു കിട്ടിയിട്ടുണ്ട്. മാനസിക രോഗികളെ ചീകത്സിക്കുന്ന തിരുവാടി അമ്പലവും കുഷ്ഠ രോഗികളെ ചീകത്സിക്കുന്ന തകഴി അമ്പലവും ബുദ്ധന്മാരുടെ അമ്പലങ്ങളായിരുന്നു. ഇങ്ങനെയുള്ള മാനുഷിക സേവനങ്ങൾ സാധാരണ ഹൈന്ദവ അമ്പലങ്ങളിൽ കാണപ്പെടുന്നതല്ല. A.D. 900-ത്തിൽ ബുദ്ധ മതവും ജൈന മതവും തമിഴ്‌നാട്ടിൽനിന്നും പൂർണ്ണമായും നിർമ്മാജനം ചെയ്തിരുന്നു. ഒമ്പതാം നൂറ്റാണ്ടിൽ പാണ്ഡിയൻ രാജാക്കന്മാരുടെ പിന്തുണയോടെ ബ്രാഹ്മണർ കൂട്ടത്തോടെ കേരളത്തിൽ കുടിയേറാൻ തുടങ്ങി. ബ്രാഹ്മണരുടെ ഈ കുടിയേറ്റ പ്രവാഹം കേരളത്തിലുള്ള ബുദ്ധ മതക്കാരെ പലായനം ചെയ്യിപ്പിച്ചിരിക്കാം.

സാമൂഹിക തലങ്ങളിൽ വിവിധ മേഖലകളിലായി ബുദ്ധസന്യാസികൾ പരിഷ്ക്കാരങ്ങൾ നടത്തിയിരുന്നു. ആദിമ ദ്രാവിഡരുടെ മൃഗബലിയും മനുഷ്യ ബലികളും അവസാനിപ്പിക്കാൻ ബുദ്ധമതത്തിന്റെ സ്വാധീനം കൊണ്ട് സാധിച്ചു. ഇന്നു കാണുന്ന കേരളത്തിലെ അമ്പല ഉത്സവങ്ങൾക്ക് കാരണവും ബുദ്ധമതത്തിന്റെ പ്രഭാവം മൂലമായിരുന്നു.  കൃഷി ചെയ്യുന്ന രീതികളും കലപ്പ ഉപയോഗിക്കുന്നതും ബുദ്ധമത സന്യാസികളിൽ നിന്ന് പകർത്തിയതാണ്. പള്ളിക്കൂടങ്ങളും നിരവധി ചീകത്സാ കേന്ദ്രങ്ങളും അവരുടെ സംഭാവനയാണ്. അതുവരെ മന്ത്രവാദവും പ്രാകൃത ചീകത്സകളും പരിശീലിച്ചിരുന്ന കേരള ജനതയ്ക്ക് ബുദ്ധമതക്കാർ പുത്തനായ സാമൂഹിക വ്യവസ്ഥകളിലുള്ള പരിഷ്‌കാരങ്ങൾ നൽകിക്കൊണ്ടിരുന്നു.

സംഘകാലത്ത് ജീവിച്ചിരുന്ന പ്രസിദ്ധരായ രാജാക്കന്മാർ ബുദ്ധ മതക്കാരായിരുന്നു.  തമിഴ് കൃതിയായ 'ചിലപ്പതികാരം' അക്കാലത്തെ ബുദ്ധമത സ്വാധീനം ചെലുത്തിയിരുന്നു. തമിഴിലെ മറ്റൊരു കൃതിയായ മണിമേഖല എഴുതിയത് 'ചിത്തലൈ ചാത്തനാർ' എന്ന ബുദ്ധ സന്യാസിയായിരുന്നു. ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബുദ്ധ പണ്ഡിതനാണ് ആര്യദേവൻ അഥവാ ആര്യഭട്ടൻ. നാഗാർജുനയുടെ അനുയായി ആയിരുന്ന അദ്ദേഹം 'ചാത്തൂസ്സിക' എന്ന ഗ്രന്ഥം എഴുതി. അദ്ദേഹം കൊടുങ്ങലൂരിൽ  ജീവിച്ചിരുന്നു. പൂജ്യം കണ്ടുപിടിച്ചത് ആര്യഭട്ടൻ ആണ്.

ബി.സി. 483-273 മുതൽ ബുദ്ധന്റെ മരണശേഷം അശോകന്റെ കാലം വരെ ബുദ്ധമതത്തിൽ ബ്രാഹ്‌മണരുടെ ചിന്താഗതികളും ആശയങ്ങളും കൂട്ടിച്ചേർക്കാൻ ശ്രമിച്ചിരുന്നു. ബുദ്ധമതം ഇന്ത്യ മുഴുവൻ വ്യാപിച്ചപ്പോൾ ബുദ്ധമതത്തെ നശിപ്പിക്കുന്ന പ്രവണത തുടങ്ങി. ബുദ്ധ മതത്തിൽ വിശ്വസിക്കുന്നവർക്കെതിരെ  കൊല്ലും കൊലയും ആരംഭിച്ചു. അവരുടെ തത്ത്വങ്ങളെ ഉന്മൂലനം ചെയ്യാനും തുടങ്ങി. അതിന്റെ ഫലമായി ബുദ്ധമതം പതിനെട്ടു ഉപവിഭാഗങ്ങളായി പിരിഞ്ഞിരുന്നു.  അതിൽ ഹീനയാനവും മഹായാനവും പ്രധാന വിഭാഗങ്ങളായി കരുതുന്നു. വടക്കേ ഇന്ത്യയിൽ ബ്രാഹ്മണ മേധാവിത്വം വളർന്നപ്പോൾ ബുദ്ധമതക്കാരെ പുറത്താക്കാനുള്ള ശ്രമങ്ങളും തുടങ്ങി. തെക്കെ ഇന്ത്യയിൽ നിന്ന് ജൈനന്മാരെയും പുറത്താക്കിക്കൊണ്ടിരുന്നു. ക്രിസ്തു വർഷം  700-1100 വരെയുള്ള കാലഘട്ടങ്ങളിൽ തെക്കേ ഇന്ത്യയിലും ബ്രാഹ്മണരുടെ ആധിപത്യം നേടിയിരുന്നു. എ.ഡി. 1100-1400 മുതൽ കർണ്ണാടകയിലും കേരളത്തിലും പരിപൂർണ്ണമായും ബുദ്ധമതം നശിച്ചിരുന്നു. കാലക്രമേണ ഇന്ത്യ മുഴുവനും ബ്രാഹ്മണർക്ക് ആർക്കും ചോദ്യം ചെയ്യാൻ സാധിക്കാത്തവണ്ണം ആധിപത്യം നേടാൻ കഴിഞ്ഞു.

എ.ഡി.830-നും 966 നുമിടയിൽ ഹിന്ദു നവോത്ഥാനത്തിൻറെ മറവിൽ ബുദ്ധന്റെ പ്രതിമകളും സ്തൂപങ്ങളും വിഹാരങ്ങളും നശിപ്പിച്ചുകൊണ്ടിരുന്നു. അദ്വൈത വേദാന്തികളുടെ വർഗീയതമൂലം കണക്കില്ലാത്ത ബുദ്ധമതാനുയായികളെ കൊന്നതായി പുരാതന  ഗ്രന്ഥങ്ങളും സാഹിത്യ കൃതികളും വ്യക്തമാക്കുന്നു. ആത്മീയ ഗുരുക്കളും ശങ്കരാചാര്യരും രാജാക്കന്മാരും ബുദ്ധവിഹാരങ്ങളെയും അവരുടെ സംസ്‌കാരങ്ങളെയും നശിപ്പിച്ചതിൽ അഭിമാനിക്കുന്നതായ ചരിത്ര കൃതികളുമുണ്ട്. ഇന്ന് അവരുടെ അനുയായികൾ ബാബ്‌റി മസ്ജീതും തകർത്തു. ഭാവിയിൽ തകർക്കാനുള്ള മുസ്ലിം ദേവാലയങ്ങളുടെ ലിസ്റ്റും അവർ തയ്യാറാക്കിയിട്ടുണ്ട്.

'പുഷ്യമിത്ര സംഗ' എന്ന ഹിന്ദു രാജാവ് '84000' ബുദ്ധ സ്തൂപങ്ങൾ നശിപ്പിച്ചു. അവകളെല്ലാം അശോക ചക്രവർത്തി പണി കഴിപ്പിച്ചതായിരുന്നു. ബുദ്ധന്മാരുടെ വാസസ്ഥലങ്ങൾ നശിപ്പിക്കുകയും അനേകായിരം ബുദ്ധ ഭിഷുക്കളെ കൊന്നൊടുക്കുകയും ചെയ്തു. 'ജലാലുക' എന്ന രാജാവ് അയാളുടെ രാജ്യാതിർത്തിയിലുണ്ടായിരുന്ന ബുദ്ധന്മാരെ കൊന്നൊടുക്കി. ബുദ്ധഗീതങ്ങൾ പാടുമ്പോഴുള്ള ശബ്ദം രാജാവിന്റെ ഉറക്കത്തിനെ തടസപ്പെടുത്തിയെന്നത് കൊലകൾക്ക് കാരണമായിരുന്നു. കാശ്മീരിൽ 'കിന്നാര' എന്ന രാജാവ് ആയിരക്കണക്കിന് ബുദ്ധ വിഹാരങ്ങൾ പിടിച്ചെടുത്തു. ബ്രാഹ്മണരെ പ്രീതിപ്പെടുത്താൻ ഗ്രാമങ്ങളും കൈയ്യടക്കി. ബുദ്ധ വിഹാരങ്ങൾ പിടിച്ചെടുത്ത ശേഷം അവകളെ ഹിന്ദുക്കളുടെ അമ്പലങ്ങളായും മാറ്റപ്പെടുമായിരുന്നു. സമൂഹത്തിൽ താണവർക്കും തൊട്ടുകൂടാ ജാതികൾക്കും അമ്പലങ്ങളിൽ പ്രവേശനം നൽകിയിരുന്നില്ല. ബുദ്ധന്മാരുടെ ആരാധനാലയങ്ങൾ പിടിച്ചെടുത്ത ശേഷം അമ്പലത്തിനോടനുബന്ധിച്ച് അർത്ഥ സത്യങ്ങളായ ചരിത്രങ്ങളോ കെട്ടുകഥകളോ,പുരാണങ്ങളോ എഴുതുമായിരുന്നു. തിരുപ്പതിയും എല്ലോറയും പൂരിയും ബദരീനാഥും അയോദ്ധ്യായും ശൃംഗരിയും ബോധി ഗയയും സാരനാഥും നളന്ദയും ശബരി മലയും  ബുദ്ധന്മാരുടെ അധീനതയിലുള്ളതായിരുന്നു. ഓരോ കാലത്തും ബ്രാഹ്മണരുടെ പ്രേരണമൂലം അവകളെല്ലാം പിടിച്ചെടുത്തുവെന്നു പുരാവസ്തു ശാസ്ത്രം തെളിയിക്കുന്നു.

ശങ്കരാചാര്യരുടെ വർഗീയ വിദ്വെഷത്തെപ്പറ്റി ഡോ. ജയപ്രകാശ് നൽകുന്ന വിവരണം, "കേരളത്തിൽ ശങ്കരാചാര്യർക്ക് കുമാരില ഭട്ടയെന്ന സുഹൃത്തുണ്ടായിരുന്നു. അയാൾ കടുത്ത ബുദ്ധമത വിരോധിയുമായിരുന്നു. ബുദ്ധമതക്കാരെ അയാളുടെ ഭീകര സംഘടന ഇല്ലായ്‌മ ചെയ്തുകൊണ്ടിരുന്നു. ബ്രാഹ്മണ വിശ്വസമില്ലാത്തവരെ തീയിലിട്ടു കൊല്ലുന്നത് അയാളുടെ വിനോദമായിരുന്നുവെന്ന് 'ശങ്കര ദിഗ്‌വിജയ' എന്ന കൃതിയിലുണ്ട്. 'കുമാരിലഭട്ട' ഉജ്ജയിനിലെ രാജാവായിരുന്ന 'ശുദ്ധൻവാനെ' പ്രേരിപ്പിച്ച് ബുദ്ധമതക്കാരെ ഇല്ലായ്മ ചെയ്തിരുന്നു. ബുദ്ധ സന്യാസികളെ കാളകളോടൊപ്പം കഴുത്തിൽ വളകളിട്ടു വണ്ടികളിൽ ബന്ധിച്ചും പീഡിപ്പിച്ചിരുന്നു. ബുദ്ധമതം ഇല്ലാതാക്കിയ 'കുമാരില'യുടെ ക്രൂരമായ നശീകരണങ്ങളുടെയും കൂട്ടക്കൊലകളുടെയും വിവരങ്ങൾ കേരളോൽപത്തിയിലും വിവരിച്ചിട്ടുണ്ട്.

ഡോ. ജയപ്രകാശിന്റെ ഗവേഷണപ്പണിപ്പുരയിലെ വിവരങ്ങളനുസരിച്ച് അമ്പലപ്പുഴ, കരുനാഗപ്പള്ളി, പള്ളിക്കൽ, മാവേലിക്കര, നീലം പേരൂർ എന്നീ സ്ഥലങ്ങളിൽ ബുദ്ധന്റെ അനേക ബിംബങ്ങൾ കണ്ടുകിട്ടിയിട്ടുണ്ടെന്നാണ്. അവകളെല്ലാം ഒന്നുകിൽ ഉടച്ചതോ അല്ലെങ്കിൽ ബുദ്ധ വിഹാരങ്ങളിൽ നിന്ന് എറിഞ്ഞു കളഞ്ഞതോ ആവാം. ശബരിമല അയ്യപ്പന്റെയും തിരുവനന്തപുരത്തെ ശ്രീ പത്മനാഭന്റെയും ബിംബങ്ങൾ ബുദ്ധന്റെ സാദൃശ്യത്തിലെന്നും കാണാം. പത്മനാഭ വിഗ്രഹത്തെ വിഷ്ണുവായി ആരാധിക്കുന്നു. ആലുവാ നദിയുടെ തീരത്ത് ആയിരക്കണക്കിന് ബുദ്ധമതക്കാരെ കൊന്നടുക്കിയ ചരിത്രവുമുണ്ട്. 'ആലവൈ' എന്ന വാക്കിന്റെ അർത്ഥം ത്രിശൂലം എന്നാണ്. ഈ ആയുധം വെച്ചാണ് ഹിന്ദു വർഗീയ വാദികൾ ബുദ്ധന്മാരെ കൊന്നൊടുക്കിയത്. അതുപോലെ തമിഴ് നാട്ടിലെ 'വൈഗൈ' നദിയുടെ തീരത്ത് വൈഷ്ണവർ ആയിരക്കണക്കിന് ബുദ്ധമതക്കാരെ കൊന്നൊടുക്കി. ക്രൂരമായ ഈ കൊലകളെപ്പറ്റി തമിഴിലെ പ്രാചീന കൃതികൾ രേഖപ്പെടുത്തിയിട്ടുണ്ട്.

തമിഴ് നാട്ടിൽ ചുവടുറച്ച ശൈവ മതവും വൈഷ്‌ണവ മതവും ബുദ്ധമതത്തിന്റെ അധഃപതനത്തിനു കാരണമായി. ഈ രണ്ടു മതങ്ങളും ബുദ്ധമതത്തെ നശിപ്പിക്കാൻ ശ്രമിച്ചതായി ചരിത്ര രേഖകളുണ്ട്. ഒമ്പതാം നൂറ്റാണ്ടിൽ തഞ്ചാവൂരിൽ ജീവിച്ചിരുന്ന സംബന്ധ മൂർത്തിയുടെ കിങ്കരന്മാർ ബുദ്ധ മതക്കാരെ കൂട്ടത്തോടെ കൊന്നൊടുക്കിയിരുന്നു. 'കുമാരീല ഭട്ടന്റെ' അനുയായി ആയിരുന്നു അയാൾ. ഏഴാം നൂറ്റാണ്ടിൽ രചിച്ച തമിഴിലെ 'ആലവൈപതികം' എന്ന കൃതിയിൽ ഇയാൾ '8ooo' ബുദ്ധസന്യാസികളെ കൊന്നൊടുക്കിയതായി എഴുതപ്പെട്ടിരിക്കുന്നു. അവരുടെ സ്ത്രീകളെ അമ്പല കൂത്തച്ചികളായും വെപ്പാട്ടികളായും സംബന്ധ മൂർത്തിയുടെ കിങ്കരന്മാർ ഉപയോഗിച്ചുകൊണ്ടിരുന്നു. വേദങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു മതവും 'കുമാരില ഭട്ടൻ' സ്വീകരിക്കില്ലായിരുന്നു. ബുദ്ധ മത പ്രചാരണം അയാൾ അനുവദിക്കാതിരുന്നത് കൊണ്ട് ഭാരതത്തിൽ ബുദ്ധമതം ക്ഷയിക്കാൻ തുടങ്ങി. വാഗ്‌വാദങ്ങളിൽ ബുദ്ധസന്യാസിമാരെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.

ഇന്ത്യയിൽ ബുദ്ധമതത്തിന്റെ അധഃപതനം കാരണമെന്തെന്ന് യുവാക്കളായ ബുദ്ധമത അനുയായികളോട് അംബേദ്ക്കർ വിവരിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു, 'ജഡികങ്ങളായ ലോകത്ത് ബുദ്ധമതം ഇന്ത്യയിൽ നിന്ന് അപ്രത്യക്ഷമായിയെന്നു തോന്നാം. എങ്കിലും ബുദ്ധമതത്തിലെ അദ്ധ്യാത്മികത ഭാരതത്തിന്റെ ആത്മാവിൽ പ്രതിഫലിക്കുന്നുണ്ടായിരുന്നു. ബുദ്ധന്മാരുടെ ചില ആരാധന രീതികളും പരിപാലനവും വൈഷ്‌ണവർക്കും ശൈവ മതക്കാർക്കും രുചിക്കിന്നില്ലായിരുന്നു. അവർ ബുദ്ധ മതത്തിനെതിരായി തീവ്രമായ പ്രചാരണം നടത്തിയിരുന്നതുകൊണ്ടു ബുദ്ധമതം ഇന്ത്യയിൽ ക്ഷയിക്കാൻ കാരണമായി.' അലാവുദിൻ കില്ജിയുടെ ആക്രമത്തിലും ബീഹാറിൽ ആയിരക്കണക്കിന് ബുദ്ധ മതാനുയായികൾ മരണപ്പെട്ടു. അനേകർ ടിബറ്റിലേയ്ക്കും നേപ്പാളിലേയ്ക്കും ചൈനയിലേക്കും പലായനം ചെയ്തു. ഭൂരിഭാഗം ജനവും ഹിന്ദുമതത്തിൽ ചേർന്നു. മറ്റൊരു കാരണം ബുദ്ധ മതം പ്രായോഗിക ജീവിതത്തിൽ ആചരിക്കാൻ ബുദ്ധിമുട്ടായിരുന്നു. ഹിന്ദു മതത്തിലെ ആചാരങ്ങൾ പാലിക്കാൻ പ്രയാസമുണ്ടായിരുന്നില്ല. കൂടാതെ അന്നത്തെ രാഷ്ട്രീയ സ്ഥിതികൾ ബുദ്ധമതത്തിന്റെ വളർച്ചക്ക് അനുകൂലമായിരുന്നില്ല.

അമേരിക്ക ഭൂഖണ്ഡത്തിൽ വെളുത്തവരായവർ വലതു കൈയിൽ തോക്കുകളുമേന്തി ഇടതു കൈയിൽ ബൈബിളുമായി റെഡ് ഇന്ത്യക്കാരുടെ സംസ്‌കാരങ്ങൾ നശിപ്പിച്ചെങ്കിൽ കിഴക്കിന്റെ ഈ ഉപഭൂഖണ്ഡത്തിൽ ബ്രാഹ്മണ പുരോഹിതർ അധരങ്ങളിൽ മന്ത്രങ്ങൾ ഉരുവിട്ട് ഇടതുകൈകളിൽ ത്രിശൂലവുമായി ബുദ്ധന്മാരെ പീഡിപ്പിച്ചും കൊന്നും അവരുടെ മതം ഇല്ലാതാക്കി.  കൂടാതെ ബുദ്ധ,ജൈന  സംസ്‌കാരങ്ങളെ കവർന്നെടുക്കുകയും ചെയ്തു.















Ayyappa was Buddha 

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...