Monday, September 24, 2018

ബിഷപ്പ് ഫ്രാങ്കോയും സ്ത്രീത്വത്തിന്റെ മാനം വില പറയുന്ന സഭയും

ജോസഫ് പടന്നമാക്കൽ 

ആരാണ് ഈ ഫ്രാങ്കോ മുളയ്ക്കൽ? ലത്തീൻ രൂപതയുടെ പരമോന്നത പീഠത്തിൽ ഇരുന്ന ഒരു മെത്രാൻ.  1964 മാർച്ചു ഇരുപത്തിയഞ്ചാം തിയതിയാണ് ഫ്രാങ്കോ മുളയ്ക്കൽ ജനിച്ചത്. 1990-ൽ പുരോഹിതനായി. 2009-ൽ ഡൽഹി രൂപതയിൽ സഹായ മെത്രാനായി സേവനം ചെയ്തു. 2013-ൽ മാർപാപ്പാ അദ്ദേഹത്തെ ജലന്ധർ രൂപതയുടെ ബിഷപ്പായി നിയമിച്ചുകൊണ്ടുള്ള പേപ്പൽ വിഞ്ജാപനം പുറപ്പെടുവിച്ചു. ബിഷപ്പ് ഫ്രാങ്കോയ്ക്ക് ദൈവശാസ്ത്രത്തിൽ പി.എച്ച്.ഡി യുണ്ട്. കൂടാതെ ഗുരു നാനാക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും എം.എ ബിരുദവും നേടിയിരുന്നു. 2018 സെപ്റ്റംബർ പതിനഞ്ചാം തിയതി വത്തിക്കാന്റെ നിർദ്ദേശപ്രകാരം അദ്ദേഹം മെത്രാൻ ചുമതലകളിലിൽനിന്നും താൽക്കാലികമായി വിരമിച്ചു.

സ്ത്രീ പീഢനം മൂലം കുറ്റാരോപിതനായ ഫ്രാങ്കോയ്ക്കെതിരെ പ്രതിക്ഷേധങ്ങൾ ഇതിനിടെ നാടിന്റെ നാനാ ഭാഗത്തുനിന്നും ഉയർന്നിരുന്നു. 2018 ജൂൺ മാസത്തിലാണ് കന്യാസ്ത്രീ കേരളപോലീസിൽ സ്ത്രീ പീഢനത്തിനെതിരെ പരാതി നൽകിയത്. അടുത്ത കാലത്ത് മൂന്നു കന്യാസ്ത്രികൾ കൂടി ഫ്രാങ്കോയുടെ സ്ത്രീകളോടുള്ള  പീഡനങ്ങൾക്കെതിരെ  പരാതികൾകൂടി സമർപ്പിച്ചിരുന്നു.. എന്നാൽ കന്യാസ്ത്രി മഠങ്ങളിലെ ഉന്നതാധികാരികൾ ഫ്രാങ്കോ നിർദ്ദോഷിയെന്ന നിലപാടായിരുന്നു എടുത്തിരുന്നത്. 2014 മുതൽ 2016 വരെ കന്യാസ്ത്രിയെ പീഢിപ്പിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേരളാ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. സ്ത്രീ പീഢനക്കേസിൽ ഇന്ത്യയിൽനിന്ന് ഒരു ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നത് ആദ്യത്തെ സംഭവമാണ്.

കേരളത്തിന്റെയെന്നല്ല ഭാരതത്തിന്റെ തന്നെ നവോധ്വാന ചരിത്രത്തിലേക്ക് കണ്ണോടിക്കുകയാണെങ്കിൽ കത്തോലിക്ക സഭ  വളരെയേറെ സംഭാവനകൾ ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്താണെങ്കിലും ആതുര സേവന രംഗത്താണെങ്കിലും സഭയുടെ സംഭാവന വിലമതിക്കേണ്ടതാണ്. എന്നാൽ ഇന്ന് കേരള കത്തോലിക്ക നവോധ്വാന സമിതികളും ചില സംഘടനകളും ശബ്ദമുയർത്തുന്നുണ്ടെങ്കിൽ അത് കത്തോലിക്ക സഭയ്‌ക്കെതിരെയെന്നു തോന്നുന്നില്ല. സഭയിലെ ചില പുഴുക്കുത്തുകളെ നീക്കം ചെയ്തുകൊണ്ട് പുത്തനായ ഒരു നവോധ്വാന ചൈതന്യം ഉൾക്കൊള്ളണമെന്നുള്ളതാണ് അവരുടെ ലക്ഷ്യം. സഭയെ തകർക്കണമെന്നുള്ള മോഹം സമരപന്തലിൽ ഇരിക്കുന്ന ആർക്കുമില്ല. ഇരയാക്കപ്പെട്ട ഒരു സ്ത്രീയുടെ രോദനമാണ് ഇവിടെ കേൾക്കാതെ ഇത്രയും കാലം ദീർഘിപ്പിച്ചിരുന്നത്. വെറും പാവങ്ങളായ ഈ കന്യാസ്ത്രീകളുടെ കണ്ണുനീരിനുമുമ്പിൽ  മുമ്പിൽ സകല വാതിലുകളും അടഞ്ഞപ്പോഴായിരുന്നു അവർ സമര പന്തലുകളിൽ പ്രവേശിച്ചത്.

സഭ ഈ കേസിനെ തേയ്ച്ചു മായിച്ചു ഇല്ലാതാക്കാൻ ശ്രമിച്ചുവോ?എന്തുകൊണ്ട് ഈ കന്യാസ്ത്രികൾ സ്ത്രീ പീഢനത്തിന് ഇരയായി? എന്തെല്ലാമാണ് കന്യാസ്ത്രികൾ ബിഷപ്പിനെതിരെ ആരോപണമുന്നയിച്ചത്? ഫ്രാങ്കോയുടെ സ്ത്രീ പീഢനക്കേസുകളുമായി അനുബന്ധിച്ചുള്ള ചോദ്യങ്ങൾ ഏറെയുണ്ട്. ഇന്ത്യൻ പീനൽ കോഡ് 164 വകുപ്പനുസരിച്ചാണ് ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത്. കന്യസ്ത്രിയെ പതിമൂന്നു പ്രാവിശ്യം മഠത്തിൽ വന്നു പീഢിപ്പിച്ചുവെന്ന് പരാതിപ്പെടുന്നു. കൂടാതെ അനേക തവണകൾ പ്രകൃതി വിരുദ്ധമായ ലൈംഗികതയ്ക്കും ഇരയായതായി ആരോപിക്കുന്നു. 'ബിഷപ്പ്' ജലന്തർ രൂപത വക കുറവിലങ്ങാട്ടുളള മഠം സന്ദർശിക്കുന്ന വേളകളിലായായിരുന്നു ലൈംഗികതയ്ക്കായി കൂടെകിടക്കാൻ കന്യാസ്ത്രിയെ പ്രേരിപ്പിച്ചുകൊണ്ടിരുന്നത്.

ക്രിസ്ത്യൻ വിശ്വാസമനുസരിച്ചും ബൈബിളിലെ വചനങ്ങൾ അനുസരിച്ചും പിശാച് പല രൂപത്തിൽ പ്രത്യക്ഷപ്പെടുന്നതായി വായിക്കാം. ആദാമിനെ പ്രലോഭിപ്പിക്കാൻ പിശാച് പാമ്പിന്റെ രൂപത്തിൽ വന്നെന്നു എഴുതിയിരിക്കുന്നു. യേശുവിന്റെ നേരെ പരീക്ഷണത്തിനായും വന്നെന്നും പുതിയ നിയമത്തിലുണ്ട്. എന്നാൽ ഒരു ബിഷപ്പിന്റെ രൂപത്തിൽ പിശാചായി വന്നു കോടിക്കണക്കിനു ജനങ്ങളെ ആശങ്കയിലാക്കികൊണ്ട് അവസാനം നിയമത്തിന്റെ മുമ്പിൽ കീഴടങ്ങിയത് ഭാരത കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ആദ്യത്തെ സംഭവമായിരുന്നു. ഫ്രാങ്കോ എന്ന ദുഷിച്ച ഒരു മെത്രാൻ ഭാരത സഭയൊന്നാകെ കളങ്കം വരുത്തിയപ്പോൾ ഇരയോടൊപ്പം നിൽക്കാതെ അയാളെ സംരക്ഷിച്ചുകൊണ്ടുള്ള നിലാപാടുകളായിരുന്നു കത്തോലിക്ക സഭ എടുത്തത്. അത് ഫ്രാങ്കോയുടെ അറസ്റ്റോടെ ആകമാന ഭാരതീയ കത്തോലിക്ക സഭയ്ക്ക് ഒരു പാഠമാവുകയും ചെയ്തു.

മെത്രാൻ എന്ന പദവി ഫ്രാങ്കോയ്ക്കു ലഭിച്ചതു അദ്ദേഹത്തിൻറെ ഇറ്റലിയിലുള്ള ചില മാഫിയാകളുടെ സഹായത്തോടെയെന്നു ഏതാനും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വത്തിക്കാനിലെ ചില കളങ്കിതരായ മെത്രാന്മാരുടെയും വൈദികരുടെയും ഗൂഡാലോചനപ്രകാരമാണ് അദ്ദേഹത്തിനു മെത്രാൻ പദവി ലഭിച്ചതെന്ന് പറയപ്പെടുന്നു. ഫ്രാൻസീസ് മാർപാപ്പാ അധികാരമേറ്റയുടൻ അവിടെ പ്രവർത്തിച്ചിരുന്ന ചില വൈദികരെയും മെത്രാന്മാരെയും ചുമതലകളിൽ നിന്നും നീക്കം ചെയ്തിരുന്നു. അവർ ഒരു മാഫിയ സംഘടന രൂപീകരിക്കുകയും അവരുടെ ഭാഗമായി ഫ്രാങ്കോ പ്രവർത്തിക്കുകയും ചെയ്തുവെന്ന കിംവദന്തികളും കേസിനോടനുബന്ധിച്ച് ഉയരുന്നുണ്ട്. വൈദികൻ എന്ന നിലയിൽ വലിയ ഉന്നത ബന്ധങ്ങൾ പുലർത്തിയതു കാരണം വിദേശത്തുനിന്നും പണം ധാരാളമായി ജലന്ധർ രൂപതയിലേക്ക് ഒഴുകുകയും ചെയ്തു. ഇന്ത്യയിലെ കത്തോലിക്ക സഭയെന്നു പറയുന്നത് ഏറ്റവും ശക്തമായ സഭയായ ലത്തീൻ രൂപത ഉൾപ്പെട്ടതാണ്. ഇന്ത്യയിലെ പ്രധാനപ്പെട്ട പട്ടണങ്ങളിലെ മെത്രാന്മാർ ലത്തീൻ രൂപതകളുടെ കീഴിൽപ്പെട്ടതാണ്. നന്നേ ചെറുപ്പത്തിൽത്തന്നെ ഡൽഹി പോലുള്ള ഒരു പ്രധാന നഗരത്തിന്റെ സഹായ മെത്രാനാകണമെങ്കിൽ അത്രമേൽ സ്വാധീനം അദ്ദേഹത്തിനു വത്തിക്കാനിൽ ഉണ്ടായിരിക്കണം.

ബിജെപിയും കോൺഗ്രസും എന്നിങ്ങനെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും അദ്ദേഹത്തിന് സുദൃഢമായ ഒരു ബന്ധം സ്ഥാപിക്കാൻ സാധിച്ചിരുന്നു. പല സാമ്പത്തിക അട്ടിമറികളും നടത്തിയിട്ടുള്ള ഫ്രാങ്കോയെ  ചോദ്യം ചെയ്യുന്ന വൈദ്യകർക്ക് പിന്നീട് അവിടെ ജീവിക്കാൻ സാധിക്കാത്ത അവസ്ഥ ഇദ്ദേഹം സൃഷ്ടിക്കുമായിരുന്നു. ഫ്രാങ്കോയ്ക്കെതിരായി ശബ്ദിക്കുന്ന വൈദികരെ സ്ഥലം മാറ്റുകയോ അവരെ സഭയിൽ നിന്ന് പുറത്താക്കുകയോ ചെയ്ത സംഭവങ്ങളും ജലന്തർ രൂപതയിൽ ഉണ്ടായിട്ടുണ്ട്. പഞ്ചാബിലെ മിക്ക പോലീസ് സ്റ്റേഷനിലും ഇദ്ദേഹത്തിന് ശക്തമായ ബന്ധങ്ങൾ ഉണ്ടായിരുന്നു. വൈദികരുടെ ഇടയിൽ ചാരപ്പണി നടത്തുന്ന സംവിധാനവും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിനിഷ്ടമില്ലാത്ത വൈദികരെപ്പോലും പീഢനക്കേസിൽ പ്രതികളാക്കിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയത്തിലേക്ക് വലിയ സ്വാധീനമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഒരു അധോലോക നായകനായിട്ടായിരുന്നു ഫ്രാങ്കോ മുളയ്ക്കലിന്റെ ആത്മീയതയെ മറയാക്കികൊണ്ടുള്ള ജൈത്ര യാത്ര.

അഞ്ചു മക്കളുള്ള ഒരു കുടുംബമായിരുന്നു ഇരയായ കന്യാസ്ത്രിയുടേത്. അവരിൽ ഇളയ ആൺകുട്ടിയൊഴിച്ച് ആ കുടുംബത്തിൽ എല്ലാവരും പെണ്മക്കളായിരുന്നു. ഇളയ മകന് രണ്ടര വയസുള്ളപ്പോൾ അവരുടെ 'അമ്മ കാൻസർ രോഗം വന്നു മരിച്ചു പോയിരുന്നു. അന്ന് പീഢനത്തിനിരയായ ഈ കന്യാസ്ത്രീയുടെ പ്രായം പന്ത്രണ്ടു വയസു മാത്രമായിരുന്നു. അമ്മയുടെ രോഗം മൂർച്ഛിച്ചപ്പോൾ സുഖപ്പെടുമെങ്കിൽ താൻ കന്യാസ്ത്രിയാകാമെന്നു നേർച്ച  നേർന്നിട്ടുണ്ടായിരുന്നു. ബാല്യം മുതൽ ഒരു കന്യാസ്ത്രിയാകണമെന്ന മോഹത്തോടെയാണ് അവർ വളർന്നത്. അപ്പൻ പട്ടാളത്തിൽ ജോലി ചെയ്തിരുന്നു. ഭാര്യയുടെ രോഗം വർദ്ധിച്ചതിനാൽ അപ്പൻ സൈന്യത്തിൽ നിന്നും വിടവാങ്ങി വീട്ടുകാര്യങ്ങളും അന്വേഷിച്ചു വന്നിരുന്നു. ചെറുകിട കച്ചവടങ്ങളും നടത്തി ഉപജീവനം നടത്തുകയും മക്കളുടെ വിദ്യാഭാസ കാര്യങ്ങളിൽ വ്യാപൃതനാവുകയും ചെയ്തിരുന്നു.

അമ്മ മരിച്ചതോടെ മൂത്ത മകൾ അവരുടെ ഇളയ സഹോദരികളുടെയും സഹോദരന്റെയും വളർത്തമ്മയുടെ ചുമതലകൾ വഹിച്ചു പൊന്നു. ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കാതെ മൂത്ത സഹോദരിക്ക് സ്‌കൂൾ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്നു. ഒരു ഈസ്റ്റര്‍ കുര്‍ബ്ബാന കഴിഞ്ഞു വരുന്ന വഴി അവരുടെ  ഭർത്താവ് വാഹനാപകടത്തില്‍ മരിച്ചു പോയി. അവരുടെ അപ്പന്റെ ചേട്ടന്റെ മകന്‍ വർഷങ്ങളായി ജലന്ധര്‍ രൂപതയുടെ കീഴില്‍ പുരോഹിതനായി  ജോലി ചെയ്തിരുന്നതുകൊണ്ടാണ് ഇവരിൽ രണ്ടു സഹോദരികൾ ജലന്ധറിലെ മിഷ്യൻ മഠം തിരഞ്ഞെടുത്തത്

പീഢനത്തിനിരയായ ഈ കന്യാസ്ത്രി ഒമ്പതു വര്‍ഷക്കാലം മഠത്തിന്റെ ജനറാളമ്മയായിരുന്നു. "ഞാനിവള്‍ക്ക് കല്ലും മണ്ണും മാത്രമേ കൊടുത്തിട്ടുള്ളൂ. പിന്നെ പ്രാര്‍ത്ഥനയും കൂട്ടി ഇവള്‍ പണിതെടുത്താണ് ഈ സന്യാസിനിസഭയെന്ന്" ഫ്രാങ്കോയ്ക്കു മുമ്പുണ്ടായിരുന്ന അന്നത്തെ ബിഷപ്പ് പറഞ്ഞിരുന്നതായും അവരുടെ ചേച്ചി പറഞ്ഞിരുന്നു. ചേച്ചി പറയുന്നു, ”അവൾ സുന്ദരിയായ പെണ്‍കുട്ടിയായിരുന്നു. പണം കൊടുക്കാതെ പോലും ആരും അവളെ കെട്ടുമായിരുന്നു. ഇങ്ങനെ മഠത്തിൽ നിര്‍ത്തി ജീവിതം നശിപ്പിക്കേണ്ടതില്ലായിരുന്നു. അമ്മ മരിച്ചിട്ടും എന്റ ഭര്‍ത്താവ് മരിച്ചിട്ടും യാതൊരു ചീത്തപ്പേരും കേള്‍പ്പിക്കാതെയാണ് ഞങ്ങളിവിടെ ജീവിച്ചത്”-

പീഢനത്തിനിരയായ കന്യാസ്ത്രീയുടെ കുടുംബവുമായി ഫ്രാങ്കോയ്ക്ക് നല്ല ബന്ധമുണ്ടായിരുന്നു. രണ്ടു കന്യാസ്ത്രികൾ ആ കുടുംബത്തിൽ നിന്നുമുണ്ടായിരുന്നു.  അവരുടെ സഹോദരിയുടെ കുട്ടിയുടെ ആദ്യ കുർബാന നടത്തുവാനായി ഫ്രാങ്കോയെ ക്ഷണിച്ചിരുന്നു. ആദ്യകുർബാന ആഘോഷമായി നടത്തുകയും ചെയ്തു. ബിഷപ്പ് ഫ്രാങ്കോ കുട്ടിയുടെ ആദ്യകുർബാനയ്ക്കെത്തുന്ന വിവരം അറിഞ്ഞപ്പോൾ കുടുംബം ഒന്നാകെ സന്തോഷിച്ചിരുന്നു. തന്റെ അനുജത്തിയെ പീഢിപ്പിച്ചിരുന്നുവെന്ന് അറിഞ്ഞപ്പോൾ മുതൽ അവരുടെ  ചേച്ചിക്ക്  ഫ്രാങ്കോയോട് കടുത്ത വിരോധവുമായി. ഇത്ര മാത്രം അധഃപതിച്ച ഒരു ബിഷപ്പിനെക്കൊണ്ട് ആദ്യകുർബാന നടത്തിച്ചതിൽ അവർ ഖേദിക്കുന്നുമുണ്ട്. ഈ വിവരങ്ങൾ പോലീസിനോട് സഹോദരി കൈമാറിയതും അടക്കാൻ വയ്യാത്ത അമർഷത്തോടെയായിരുന്നു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തന്റെ അധീനതയിലുള്ള ജലന്ധർ രൂപതയിലെ കന്യാസ്ത്രിയെ പീഡിപ്പിച്ചതിന്റെ പേരിൽ ജയിലിൽ പോയെങ്കിലും ഇന്നും മെത്രാൻ പദവിയിൽ തന്നെ പിന്തുടരുന്നു. അച്ചൻ പട്ടത്തിന്റെ കുപ്പായം ഊരാൻ സഭ ഇതുവരെ അദ്ദേഹത്തോട് നിർദ്ദേശിച്ചിട്ടില്ല. ജയിലിൽ ആണെങ്കിലും കത്തോലിക്കാ സഭയുടെ മഹനീയ സ്ഥാനമായ മെത്രാൻ പദവിയിൽ തന്നെ അദ്ദേഹം തുടരുന്നു. താൽക്കാലികമായി കേസ് തീരുന്നവരെ ജലന്തർ രൂപതയിൽ നിന്ന് മാറി നിൽക്കുന്നുവെന്ന് മാത്രം. മിണ്ടാപ്രാണികളായ കന്യാസ്ത്രികളെ പീഢിപ്പിച്ചുകൊണ്ടിരുന്ന ഇയാൾ നിരവധി തലമുറകൾ കടന്നുപോയാലും സഭയ്ക്കെന്നും കരിംനിഴലായിക്കും. 2014 മുതലാണ് ഫ്രാങ്കോയുടെ ബലാൽസംഗ കഥകൾ പുറത്തു വരാൻ ആരംഭിക്കുന്നത്. തുടർച്ചയായുള്ള ബലാൽസംഗ വിവരങ്ങൾ പോലീസിന്റെ അന്വേഷണത്തിൽക്കൂടി തെളിവുകൾ സഹിതം കണ്ടെത്തിയിട്ടുണ്ട്.

പീഢനം നടന്ന ദിവസത്തെക്കുറിച്ച് ഫ്രാങ്കോ നല്‍കിയ മൊഴികളിലെ പൊരുത്തക്കേടാണ് അദ്ദേഹത്തെ  കൂടുതല്‍ കേസ്സുകാര്യങ്ങൾക്കായി കുടുക്കിയത്. ഉഭയസമ്മതത്തോടെ നടന്ന ലൈംഗിക ബന്ധമാണ് എന്നു കാണിക്കാന്‍ ആദ്യ കുര്‍ബ്ബാന ചടങ്ങിനെത്തിയ ദിവസത്തെ ചിത്രങ്ങള്‍ ബിഷപ്പ് തെളിവെടുപ്പിനിടയില്‍ ഹാജരാക്കി. എന്നാല്‍, പൊലീസ് കുര്‍ബ്ബാന ദിവസത്തെ ചിത്രങ്ങളും വീഡിയോയും നേരത്തെ തന്നെ ശേഖരിച്ചിരുന്നു. ആ ദിവസം കന്യാസ്ത്രീ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നു ഫോട്ടോകളിൽനിന്നു വ്യക്തവുമാണ്. ചിരിക്കുന്ന ഒരു ചിത്രം പോലുമില്ല. 2012-ൽ കന്യാസ്ത്രീയുടെ വളർത്തമ്മയായ മൂത്ത സഹോദരിയുടെ ഭര്‍ത്താവ് മരിച്ചുപോയിരിന്നു. 2016 മെയിലായിരുന്നു ആദ്യ കുര്‍ബാന. ഭർത്താവില്ലാതെ ആദ്യ കുര്‍ബാന നടത്തുന്നതോര്‍ത്ത് അവരും കുടുംബക്കാരും ആ ദിവസം നല്ല സങ്കടത്തിലായിരുന്നു. അന്ന് പീഢിതയായ അനിയത്തിയും സങ്കടത്തിലായിരുന്നെങ്കിലും അതായിരിക്കാം കാരണമെന്നാണ് എല്ലാവരും കരുതിയിരുന്നത്”-

ബിഷപ്പിനെ അറസ്റ്റ് ചെയ്യുവാൻ പ്രഥമദൃഷ്ട്യാ തക്കതായ തെളിവുകൾ ലഭിച്ചെന്നു കേരള പോലീസ് അവകാശപ്പെടുന്നു. വിവരങ്ങൾ ശേഖരിക്കാനും ചോദ്യം ചെയ്യാനും പോലീസ് ബിഷപ്പിന്റെ വാസസ്ഥലമായ ജലന്ധർ വരെ പോയിരുന്നു. കന്യാസ്ത്രിയെ ഒരു ഡോക്ടർ പരിശോധിച്ചതിൽനിന്നും അവർ ലൈംഗിക പീഢനത്തിനിരയായതായും തെളിഞ്ഞിരുന്നു. കേരളാപോലീസ് ബിഷപ്പിന്റെ വിവരങ്ങൾ ശേഖരിക്കാനായി പഞ്ചാബ് പോലീസിന്റെ സഹായവും അപേക്ഷിച്ചിരുന്നു. രാജ്യത്തുനിന്ന് പുറത്തു പോകാതിരിക്കാനായി പോലീസ് എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതയായി നിലകൊള്ളാൻ മുന്നറിയിപ്പും കൊടുത്തിട്ടുണ്ടായിരുന്നു. .

പതിമൂന്നു തവണകൾ മഠത്തില്‍ താമസിച്ച് തന്നെ ബലാത്സംഗം ചെയ്ത ബിഷപ്പിനെക്കുറിച്ച് ആദ്യമായി ഈ കന്യാസ്ത്രീ വ്യക്തമാക്കിയത് തന്റെ വളർത്തമ്മയായ ചേച്ചിയോടായിരുന്നു. അവരുടെ ചേച്ചി പറഞ്ഞു, ”എപ്പോഴും ഞങ്ങള്‍ കൂടപ്പിറപ്പുകൾ തമ്മിൽ ഒന്നിച്ചു സല്ലപിക്കാറുണ്ടായിരുന്നു. എന്നാല്‍ കുറേ തവണ എന്തിനു  വിളിച്ചാലും ഒരു നിസഹകരണ മനോഭാവത്തോടെ അവള്‍ വരില്ലായിരുന്നു. തലവേദനയാണെന്ന് പറയും. ഇടയ്ക്കിടെ ഞങ്ങള്‍ വേളാങ്കണ്ണിക്കു പോകാറുണ്ടായിരുന്നു. അതിനു പോലും അവള്‍ വരാൻ തയ്യാറായിരുന്നില്ല. പലതവണ ചോദിച്ചപ്പോഴും ഒന്നും പറഞ്ഞിരുന്നില്ല. ഒരു ദിവസം മഠത്തില്‍ ചെന്ന് കാര്യം അന്വേഷിച്ചു. അപ്പോള്‍ അവൾ ഞാൻ മഠം ഉപേക്ഷിച്ച് വീട്ടിലേക്ക് വരികയാണെന്ന് പറഞ്ഞു.  ‘പിതാവിന്റെ കൂടെ കിടക്കാന്‍’ തനിക്ക് പറ്റില്ലെന്നു പറഞ്ഞു. അപ്പോഴും ഞങ്ങള്‍ സ്വപ്നത്തില്‍ പോലും അങ്ങനെ വിചാരിച്ചിരുന്നില്ല. സഭയേയും ഞങ്ങളേയും അയാള്‍ നശിപ്പിച്ചു." 'നീ മഠത്തിൽ നിന്ന് പിരിഞ്ഞു പോന്നാൽ ആളുകള്‍ ആവശ്യമില്ലാത്തതൊക്കെ പറഞ്ഞുണ്ടാക്കുമെന്നു'പറഞ്ഞപ്പോൾ അവൾ പിന്നീട് മറ്റൊന്നും പറഞ്ഞില്ല.

കന്യാസ്ത്രി പറയുന്നു, "അവരെ ബിഷപ്പ് പതിനാലു പ്രാവിശ്യം അധികാരത്തിന്റെ മറവിൽ ലൈംഗികതയ്ക്കായി ചൂഷണം ചെയ്തു.  അതിനുശേഷം തുടർച്ചയായി രണ്ടു വർഷത്തോളം മഠത്തിൽ വരുന്ന സമയങ്ങളിലെല്ലാം കൂടെ കിടക്കാൻ നിർബന്ധിച്ചിരുന്നു."പരാതികൾ കന്യാസ്ത്രി ഉന്നയിച്ചപ്പോൾ കന്യാസ്ത്രീയുടെ പരാതിയെ ഇല്ലാതാക്കാൻ ബിഷപ്പ് സകലവിധ തന്ത്രങ്ങളും മേഞ്ഞിരുന്നു. ഈ കന്യാസ്ത്രിക്കെതിരായി കള്ളസാക്ഷി പറയാൻ മറ്റുള്ള കന്യാസ്ത്രീകളെ പ്രേരിപ്പിച്ചുകൊണ്ടുമിരുന്നു. സഭയിൽ നിന്നു പുറത്താക്കുമെന്ന ഭീഷണികളും മുഴക്കിക്കൊണ്ടിരുന്നു. രാത്രി കാലങ്ങളിൽ അന്തസില്ലാത്ത ലൈംഗിക സന്ദേശങ്ങൾ ബിഷപ്പ് അയച്ചിരുന്നതായും ഇരയായ കന്യാസ്ത്രിയും മറ്റു കന്യാസ്ത്രികളും പറയുന്നു.

സീറോ മലബാർ സഭയിൽ ആലഞ്ചേരി വഹിക്കുന്നതിനേക്കാൾ മറ്റൊരു വലിയ പദവിയില്ല.  അത്രയേറെ പ്രാധാന്യത്തോടെ സഭാമക്കൾ ബഹുമാനിക്കുന്ന ആലഞ്ചേരിയുടെ അടുത്തു കന്യാസ്ത്രി കുടുംബം പരാതിയുമായി ചെന്നിട്ടും യാതൊരു നടപടിയും എടുത്തില്ല. ഈ പാവപ്പെട്ട കന്യാസ്ത്രീകളുടെ കണ്ണുനീരിനെ കാണാനോ അവരെ സ്വാന്തനിപ്പിക്കാനോ കർദ്ദിനാൾ മെനക്കെട്ടില്ല. കർദ്ദിനാൾ എന്ന മഹനീയ സ്ഥാനത്തിനുവരെ അദ്ദേഹം കളങ്കം വരുത്തിയിരിക്കുകയാണ്. കന്യാസ്ത്രീകളുടെ ദുഃഖം കേട്ടിരുന്നെങ്കിൽ അതിനനുസരിച്ചു ധീരമായ നടപടികൾ അന്ന് സ്വീകരിച്ചിരുന്നെങ്കിൽ, സഭയ്ക്ക് ഇന്നു കൂടിയ അപമാനം ഒഴിവാക്കാമായിരുന്നു. ഒരു ഇടയന്റെ ജോലി ആടുകളെ പരിപാലിക്കാനുള്ളതായിരുന്നു. അതിനുപകരം ആലഞ്ചേരി മെനക്കെട്ടത് ഇടയൻ ഇടയനെ സംരക്ഷിക്കാനായിരുന്നു. ഫ്രാങ്കോയെ രക്ഷിക്കണമെന്നായിരുന്നു കർദ്ദിനാളും ചിന്തിച്ചിരുന്നത്.  അതിനു പുറമെ അന്വേഷക സംഘത്തെ വഴി തെറ്റിക്കാൻ നുണകളും തൊടുത്തുവിട്ടുകൊണ്ടിരുന്നു.

ഒരു കർദ്ദിനാളിനു ചേർന്ന അന്തസുള്ള കാര്യങ്ങളായിരുന്നില്ല ആലഞ്ചേരിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. അത് ലത്തീൻ രൂപതയാണെന്നു പറഞ്ഞു കൈകഴുകിക്കൊണ്ടു  പീലാത്തോസിന്റെ റോൾ ഭംഗിയായി അഭിനയിക്കുകയും ചെയ്തു. ഒരു വ്യക്തി സങ്കടം ബോധിപ്പിച്ചുകൊണ്ടു വന്നപ്പോൾ മനുഷ്യത്വത്തിന്‌ വിലമതിക്കുന്നതിനു പകരം റീത്ത് നോക്കി പ്രശ്ന പരിഹാരം കാണാനാണ് ആലഞ്ചേരി ശ്രമിച്ചത്. ഒരു പീഢനവീരനെ പിന്താങ്ങുന്ന മനസ്ഥിതിയാണ് അദ്ദേഹം കന്യാസ്ത്രി വിഷയത്തിൽ സ്വീകരിച്ചത്. ഉന്നതമായ പദവികൾ അലങ്കരിക്കുന്ന കർദ്ദിനാൾ ആലഞ്ചേരി നുണകൾ മാത്രം പറയുന്ന ഒരാളായി മാറി. അടുത്ത കാലത്തായി സഭയ്ക്ക് നിരവധി അപമാനങ്ങൾ വരുത്തിയ അദ്ദേഹം സഭയുടെ ഉന്നതമായ സ്ഥാനമാനങ്ങൾ ത്യജിച്ചു വിശ്വാസികളോടു നീതി പുലർത്തുകയായിരിക്കും ഉത്തമം.

സമരപ്പന്തലിലിരുന്ന കന്യാസ്ത്രികൾ സഭയുടെ വിരോധികളെന്ന് ചില പുരോഹിത മൂലകളിൽ നിന്നും ശബ്ദം ഉയരുന്നുണ്ട്. നീതിക്കായി പോരാടിയ ഈ കന്യാസ്ത്രീകളെ എങ്ങനെ സഭയിൽ നിന്ന് പുകച്ചു തള്ളാൻ സാധിക്കും. അപ്പോൾ സഭയെന്നു പറയുന്നത് പീഢകനായ ഫ്രാങ്കോ മാത്രമായിരുന്നോ? സഭാ നിയമങ്ങൾ അനുസരിച്ച് മാമ്മോദീസാ സ്വീകരിച്ച ഏതൊരാളും സഭയുടെ അംഗം തന്നെയാണ്. അവരെ പുറത്താക്കാൻ സഭാനേതൃത്വം ഏതു കാനോൻ നിയമമാണ് തിരഞ്ഞെടുക്കാൻ പോവുന്നതെന്നും വ്യക്തമല്ല. ഫ്രാങ്കോ പീഢിപ്പിച്ചതായി കേരളത്തിനു പുറത്തുനിന്നും നിരവധി കന്യാസ്ത്രികളുടെ മൊഴികളുണ്ട്. അങ്ങനെയുള്ള ഫ്രാങ്കോയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്ന പുരോഹിത അല്മായ കന്യാസ്ത്രീകളുടെ ബുദ്ധിമാന്ദ്യം എത്ര മാത്രമെന്ന് ഊഹിക്കാൻ മാത്രമേ സാധിക്കുള്ളൂ.

കന്യാസ്ത്രീകളുടെ ഈ സമരം വിജയിച്ചാൽ സഭയ്ക്കുള്ളിൽ ഒരു അഗ്നിപർവ്വതം പൊട്ടി പുറപ്പെടുമെന്നു സഭ ഭയപ്പെടുന്നു. അതുകൊണ്ടു എല്ലാ വിധത്തിലും ഫ്രാങ്കോയെ രക്ഷിക്കാൻ സഭ ശ്രമിക്കുകയും ചെയ്യും. ഈ അഞ്ചു കന്യാസ്ത്രികൾ ആരോപിച്ചിരിക്കുന്ന ആരോപണങ്ങൾ പോലെ സഭയുടെ അലമാരിക്കുള്ളിൽ നൂറുകണക്കിന് ഫയലുകൾ ചിതലരിക്കാറായ നിലയിൽ കിടപ്പുണ്ട്. അവകളെല്ലാം പുറത്തെടുത്താൽ നിരവധി നാറ്റക്കേസുകളായി സഭ ചീഞ്ഞളിയുമെന്നും ഭയപ്പെടുന്നു. ഇന്ന് രാജതുല്യമായി ജീവിക്കുന്ന പുരോഹിത മൽപ്പാന്മാർ പലരും ജയിലഴികൾ എണ്ണേണ്ടി വരുകയും ചെയ്യും. അത്തരം സാഹചര്യങ്ങളും സഭയെ ഭയപ്പെടുത്തുന്നുണ്ട്.

ഒരു സ്ത്രീ ബലാൽസംഗത്തിനു ഇരയാകുന്നുവെങ്കിൽ ഇരയാക്കപ്പെട്ട സ്ത്രീയുടെ പീഡനത്തിന് ഉത്തരവാദിയായവനെ നിയമം കൊണ്ട് കൈകാര്യം ചെയ്യണമെന്ന് 2013-ൽ പാസാക്കിയ ക്രിമിനൽ നിയമം വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇരയാകുന്ന സ്ത്രീയോടൊപ്പം നിൽക്കണമെന്നാണ് കോടതി വിധികളിൽ ഏറെയും. മുട്ടാവുന്ന വാതിലുകളെല്ലാം ഈ കന്യാസ്ത്രി മുട്ടി. എന്നിട്ടും അധികാര സ്ഥാനങ്ങളിലുള്ളവരുടെ കണ്ണുകൾ തുറന്നില്ലായിരുന്നു. ഇവരെ തെരുവിൽ ഇറക്കുന്നതിനുള്ള ഉത്തരവാദിത്വം ആലഞ്ചേരി മുതൽ  സഭയുടെ ഉന്നതങ്ങളിൽ സ്ഥാനമാനങ്ങൾ വഹിക്കുന്ന എല്ലാവർക്കുമുണ്ട്. .  കേരളത്തിലെ ഒരു രാഷ്ട്രീയ കക്ഷിയും ഈ മിണ്ടാപ്രാണികളായ കന്യാസ്ത്രികൾക്ക് പിന്തുണ നൽകാൻ എത്തിയില്ല. അവരെല്ലാം വോട്ടു ബാങ്കിനെ ഭയപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവുൾപ്പടെ മത രാഷ്ട്രീയ സാമൂഹിക നേതാക്കന്മാരെല്ലാം നിശബ്ദരായി നിലകൊള്ളുകയായിരുന്നു.

ഈ സമരത്തിൽ സാധാരണക്കാരായവർപോലും കന്യാസ്ത്രിക്കൊപ്പം സഹതപിച്ചിരുന്നു.  പതിനായിരക്കണക്കിന് കന്യാസ്ത്രീകളുടെ കുടുംബങ്ങളെയും സംഭവങ്ങളോരോന്നും  വികാരാധീനമാക്കിയിരുന്നു. ഒരു ബിഷപ്പിന്റെ മുമ്പിൽ താണുനിൽക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളെയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ കേരളം കണ്ടത്. സ്ത്രീ ശക്തികരണത്തിനായി പ്രവർത്തിക്കുന്ന മഹിളാ സമ്മേളനത്തിന്റെ പ്രവർത്തകരും എത്തിയില്ല. ഇവരിൽ ആരും തങ്ങൾ ഇരയോടൊപ്പം ഉണ്ടെന്നു പറയാൻ തയ്യാറായില്ല. മെത്രാൻ സമിതികളും ശരിയായ ഒരു നിലപാട് എടുക്കാതെ വേട്ടക്കാരനൊപ്പമായിരുന്നു. "നീതിക്കുവേണ്ടി ദാഹിക്കുന്നവരെ എന്റെ പക്കൽ വരൂവെന്ന്" പറയുന്ന യേശുദേവന്റെ വാക്കുകളാണ് സമരം നടത്തിയ ഈ കന്യാസ്ത്രികൾക്ക്  ഉത്തേജനം നല്കിക്കൊണ്ടിരുന്നത്. മുപ്പത്തിനായിരത്തിൽപ്പരം കന്യാസ്ത്രീകളുടെ ആത്മാഭിമാനത്തിന്റെ പ്രശ്നവും ഈ ജീവന്മരണ സമരത്തിന്റെ പിന്നിലുണ്ടായിരുന്നു.

ഹിറ്റ്ലറെപ്പോലെ ഏകാധിപത്യ ചിന്താഗതികളുമായി സഭയെ നയിച്ച ജലന്തർ രൂപതയുടെ മെത്രാൻ ഫ്രാങ്കോ  എന്നും ചരിത്ര സത്യമായി നിലകൊള്ളും. ബിഷപ്പിന്റെ ഔദ്യോഗിക വേഷങ്ങൾ നീക്കം ചെയ്തു ജൂബായും വസ്ത്രവും ധരിച്ചാണ് തൃപ്പൂണിത്തുറയിലെ ചോദ്യം ചെയ്യൽ സ്ഥലത്തുനിന്നും ഫ്രാങ്കോയെ പുറത്തുകൊണ്ടുവന്നത്. വഴിമദ്ധ്യേ ജനങ്ങൾ രണ്ടു വശത്തുനിന്നും ആർത്തു വിളിക്കുകയും കൂവുന്നുമുണ്ടായിരുന്നു.   നീതിക്കായി പൊരുതിയ ഈ കന്യാസ്ത്രീകളുടെ ഭാവി എന്താണെന്നുള്ളതാണ് അടുത്ത വിഷയം. പന്തലിൽ ഇരുന്ന കന്യാസ്ത്രികളെ സഭാ വിരോധികളെന്നു മുദ്ര കുത്താനാണ് ചില പുരോഹിത നേതൃത്വം ആഗ്രഹിക്കുന്നത്. കന്യാസ്ത്രീയുടെ മൊഴി സത്യമാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ ജനക്കൂട്ടത്തെ അറിയിച്ചിരുന്നു.

ജയിലിനകത്തുള്ള ഫ്രാങ്കോ പുറത്തുള്ള ഫ്രാങ്കോയെക്കാളും ശക്തനെന്നു തോന്നിപ്പോവും. സഭ ഫ്രാങ്കോയെ കുറ്റകൃത്യങ്ങളിൽനിന്നും വിമുക്തനാക്കാൻ അങ്ങേയറ്റം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. യുക്തി വാദികളും സഭാവിരുദ്ധരും നടത്തുന്ന സമരമാണ് ഇതെന്ന് സഭയുടെ ഉന്നതരും ചില രാഷ്ട്രീയ പ്രവർത്തകരും പ്രഖ്യാപിക്കുകയുണ്ടായി. വാസ്തവത്തിൽ ഈ സമരത്തിൽ സഭാ വിരുദ്ധരായ ആരും  പങ്കു ചേർന്നിട്ടില്ല. ക്രിസ്തു ദേവന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനു പകരം സഭയെ ഒരു വ്യവസായ സ്ഥാപനമാക്കാൻ ശ്രമിക്കുന്നവർക്കെതിരെ പ്രവർത്തിക്കുന്നവരാണ് കന്യാസ്ത്രികൾക്കൊപ്പം ഈ സമര പന്തലിൽ പങ്കു ചേർന്നത്. സമരത്തിൽ ഉൾപ്പെട്ടിരുന്നവർ വെറും നാലു കന്യാസ്ത്രികൾ മാത്രമായിരുന്നെകിലും സമരം കേരള മനസാക്ഷിയെ തട്ടിയുണർത്തും വിധം വളർന്നു കഴിഞ്ഞിരുന്നു. മാതൃഭൂമി പത്രം ഉൾപ്പടെ മിക്ക ചാനലുകളും സമരത്തിന്റെ ആഹ്വാനങ്ങളുമായി മുമ്പിലുണ്ടായിരുന്നു. അവരുടെ മുമ്പിൽ രാഷ്ട്രീയ നേതൃത്വവും സഭാ മേൽക്കോയ്മയും മുട്ടു മടക്കേണ്ടി വന്നുവെന്നുള്ളതും യാഥാർഥ്യമാണ്.

സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമെന്നു കരുതിയിരുന്ന കന്യാസ്ത്രി മഠങ്ങൾ സുരക്ഷിതമല്ലെന്ന് ഈ സമരം മൂലം ലോകത്തിനു ബോധ്യമായതും ഒരു വസ്തുതയാണ്. കേരളത്തിലെ പ്രബലമായ ഒരു സമുദായത്തെ പിണക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയും ആഗ്രഹിച്ചിരുന്നില്ല. കന്യാസ്ത്രികൾ സമര പന്തലിൽ വരുന്നവരെ ഇങ്ങനെ ഒരു സംഭവം നടന്നെന്നുള്ള വസ്തുത മറച്ചുവെക്കാനായിരുന്നു മിക്ക നേതാക്കളും ശ്രമിച്ചിരുന്നത്. ശ്രീ പി.സി. ജോർജിനെപ്പോലുള്ള രാഷ്ട്രീയ നേതാക്കൾ കന്യാസ്ത്രീകളെ വ്യക്തിഹത്യ നടത്താനായി ദുഷിച്ച പ്രസ്താവനകളും ഇറക്കിക്കൊണ്ടിരുന്നു.

സമരത്തിൽ അനുഭാവം കാണിച്ചതിന്റെ പേരിൽ മാനന്തവാടി രൂപതയിലെ സിസ്റ്റർ ലൂസിയെ സഭാ സംബന്ധമായ കാര്യങ്ങളിൽ പ്രവർത്തിക്കുന്നതിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. അവർക്ക് വേദം പഠിപ്പിക്കാനോ, സഭാ സംബന്ധമായ സംഘടനകളിൽ പ്രവർത്തിക്കാനോ സാധിക്കില്ല.  അവർക്കു കുർബാന കൊടുക്കാനും അനുവാദമില്ല. ഈ വിലക്ക് ഏർപ്പെടുത്തിയത് സ്ഥലത്തെ വികാരിയാണ്. എന്നാൽ സോഷ്യൽ മീഡിയാകളിൽ പ്രതിക്ഷേധം ഉയർന്നതോടെ ഈ നടപടികളിൽ നിന്നും മാനന്തവാടി രൂപതയുടെ വികാരി പിന്മാറിയെന്നും വാർത്തകളുണ്ട്.

വളരെയധികം എളുപ്പത്തിൽ ലാഘവത്തോടെ കൈകാര്യം ചെയ്യാവുന്ന ഈ വിഷയം ഇത്രമാത്രം വഷളാകാൻ കാരണം സഭയുടെ തലപ്പത്തിരിക്കുന്ന ആലഞ്ചേരി മുതൽ കേരളത്തിലെ മെത്രാന്മാർ വരെയുണ്ട്. തക്ക സമയത്ത് ഫ്രാങ്കോയുടെ കുപ്പായമൂരി പുറത്താക്കിയിരുന്നെങ്കിൽ ഇത്രമാത്രം സഭ വഷളാകില്ലായിരുന്നു. നാറില്ലായിരുന്നു. ഇര പുരോഹിതനാണെങ്കിൽ എന്തു വില കൊടുത്തും പുരോഹിതനെ രക്ഷിക്കുന്ന ഒരു അവസ്ഥയാണ് കേരള സഭകളിലുള്ളത്. മറിയക്കുട്ടി കൊലക്കേസിൽ കുറ്റവാളിയായ ഫാദർ ബെനഡിക്ക്റ്റിനെ പിന്താങ്ങിയ കാലം മുതൽ സഭയുടെ ഈ നിലപാടുകൾ നാം കണ്ടുവരുന്നതാണ്. അഭയക്കേസിലെ പ്രതികൾ ഇന്നും സഭയുടെ ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ചു നടക്കുന്നതു കാണുമ്പോൾ ആത്മാഭിമാനമുള്ള സഭാമക്കൾ തല താഴ്ത്തേണ്ടി വരും. അതുതന്നെയാണ് ബിഷപ്പ് ഫ്രാങ്കോയുടെ കാര്യത്തിൽ സംഭവിച്ചതും ഫ്രാങ്കോ എന്ന ബിഷപ്പ് കേരളത്തിന്റെ ചരിത്രമായി മാറിയതും.








Monday, September 17, 2018

ഇ-മലയാളിയുടെ അവാർഡ് നൈറ്റിലെ എന്റെ പ്രസംഗം


ജോസഫ് പടന്നമാക്കൽ 

പ്രിയപ്പെട്ട സുഹൃത്തുക്കളെ വിശിഷ്ട്ട അതിഥികളെ 

എന്റെ പേര് ജോസഫ് പടന്നമാക്കൽ. ന്യൂയോർക്കിൽ റോക്ലാൻഡ് കൗണ്ടിയിൽ താമസിക്കുന്നു.

ഇ-മലയാളിയുടെ ഈ സമ്മേളനത്തിൽ പങ്കു ചേരാൻ സാധിച്ചതിൽ അത്യധികം സന്തോഷം ഉണ്ട്. കേരളത്തിന്റെ തനതായ കലകളെയും സംസ്‌കാരങ്ങളെയും സാഹിത്യത്തെയും പരിപോഷിപ്പിക്കുന്ന ഈ പത്രം  തികച്ചും അഭിനന്ദനീയം തന്നെ. ഇതിലെ പ്രവർത്തകർക്ക് എന്റെ അകം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു.

ഇ-മലയാളീ അവാർഡ് സ്വീകരിക്കുന്നതു വഴി ഞാൻ ഇന്ന് അഭിമാനാർഹനായിരിക്കുന്നു. അത്യധികം ആദരിക്കപ്പെട്ട ഈ അവാർഡ് എളിമയോടെ ഞാൻ സ്വീകരിക്കട്ടെ. മറ്റു അവാർഡ് നേടിയവരോടൊപ്പവും എന്റെ സന്തോഷം ഞാൻ പങ്കിടുന്നു. സാഹിത്യ ലോകത്തിന് അതുല്യമായ സംഭാവനകളാണ്  അവർ നൽകിയിരിക്കുന്നത്.

ഇ-മലയാളീ ടീമിന് എന്റെ സവിശേഷമായ നന്ദി രേഖപ്പെടുത്തട്ടെ. പ്രത്യേകിച്ച് പത്രാധിപരായ ശ്രീ ജോർജ് ജോസഫ്, അങ്ങേയ്ക്ക് എന്റെ വക വലിയ ഒരു സല്യൂട്ടുമുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരനായി, ലേഖകനായി  എന്നെ തിരഞ്ഞെടുത്ത എല്ലാ വായനക്കാർക്കും   കൃതജ്ഞതയുടെ പൂച്ചെണ്ടുകളുമുണ്ട്. തീർച്ചയായും എന്നെ പിന്താങ്ങിയ സുഹൃത്തുക്കൾക്കും ഇവിടെ സന്നിഹിതരായിരിക്കുന്ന ഏവർക്കും പ്രത്യേക നന്ദിയുമുണ്ട്. എന്നെ മുമ്പോട്ടും എഴുതാൻ പ്രേരിപ്പിക്കുന്നതും ഈ ആദരവ് തന്നെയാണ്.

വിഷയത്തിലേക്ക് കടക്കട്ടെ. "മലയാളത്തിലെ മുഖ്യധാരാ എഴുത്തുകാരുമായി അമേരിക്കന്‍ മലയാളി എഴുത്തുകാരെ പരിഗണിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ അതിനു എന്ത് കാരണം നിങ്ങള്‍ കാണുന്നു." ഇ-മലയാളി ചോദിച്ച ചോദ്യമാണ്, ഇത്. 

ഒരേ ഭാഷയുടെ ഒരേ സംസ്ക്കാരത്തിന്റെ മക്കളായ അമേരിക്കൻ മലയാളി എഴുത്തുകാരെ മുഖ്യധാര മലയാളി എഴുത്തുകാർക്കു അംഗീകരിക്കാൻ സാധിക്കുന്നില്ലെങ്കിൽ അത് അവരുടെ പ്രശ്‍നം. മറ്റൊരു കൂട്ടർ പെണ്ണെഴുത്തെന്നു പറഞ്ഞു സ്ത്രീകളുടെ എഴുത്തിനെ പുച്ഛിക്കുന്നു. മുഖ്യധാരാ മലയാള സാഹിത്യത്തിൽനിന്ന് വേറിട്ട് അമേരിക്കൻ മലയാള സാഹിത്യമെന്നുണ്ടെന്നു തോന്നുന്നില്ല. അക്കാര്യം മനസിലാക്കാൻ സാഹിത്യം എന്താണെന്നുള്ളതിന്റെ ലളിതമായ നിർവചനം മാത്രം ഒന്ന് ചിന്തിച്ചാൽ മതിയാകും. സാഹിത്യം എന്നാൽ പദങ്ങൾ ഒത്തു ചേർന്ന ഒരു ഭാഷ (group of works of words), അമേരിക്കൻ മലയാള സാഹിത്യം ഈ നിർവചനത്തിന് വെളിയിൽ അല്ല. അവിടെ വേർതിരിവിന്റെ ആവശ്യമില്ല.

മലയാളത്തിലെ മുഖ്യധാരാ എഴുത്തുകാർക്ക് വല്യേട്ടൻ മനോഭാവം ഉണ്ടെങ്കിലും ഒരു അളവ് വരെ അമേരിക്കൻ എഴുത്തുകാരെയും പരിഗണിക്കുന്ന ട്രെൻഡ് തുടങ്ങിയെന്നാണ് തോന്നുന്നത്. അമേരിക്കൻ മലയാളി എഴുത്തുകാരെ പലരെയും നാട്ടിൽ പുരസ്ക്കാരം നൽകി ബഹുമാനിക്കുന്നതായും അറിയാൻ സാധിച്ചു. ബുക്‌നർ സമ്മാനത്തിന് ശുപാർശ ചെയ്ത 'രതി ദേവി' ഇന്ന് അമേരിക്കൻ എഴുത്തുകാരിയാണ്. അറബിയുടെ കീഴിൽ അടിമപ്പണി എടുക്കുന്ന മലയാളികളുടെ ജീവിതത്തെ സ്പർശിക്കുന്നതാണ് ബന്യാമിന്റെ ആട് ജീവിതം. അതിലെ കഥാപാത്രങ്ങളും കഥയും മുഖ്യധാരാ മലയാള സാഹിത്യത്തിൽനിന്നും വേറിട്ട് നിൽക്കുന്നു. അവിടെ ഒരു എഴുത്തുകാരന്റെ വികാരങ്ങളും ഭാവനകളും അനുഭൂതികളും വിദേശത്തുനിന്നും ലഭിച്ചതാണ്. ബന്യാമിന്റെ അനുഭവ ചിന്തകൾ മുഖ്യധാരാ സാഹിത്യം അംഗീകരിച്ചിട്ടുള്ളതും അമേരിക്കൻ മലയാള എഴുത്തുകാർക്ക് പ്രതീക്ഷ നൽകുന്നതുമാണ്. പോരാഞ്ഞ് അമേരിക്കയിൽ നടത്തുന്ന സാഹിത്യ സമ്മേളനങ്ങളിൽ സംബന്ധിക്കാൻ കേരളത്തിൽ നിന്നുമുള്ള എഴുത്തുകാർക്ക് വലിയ ഉത്സാഹമാണ്. അതിന്റെ അർത്ഥം നാട്ടിലുള്ള പ്രമുഖ എഴുത്തുകാർ അമേരിക്കൻ എഴുത്തുകാരെയും അവരോടൊപ്പം പരിഗണിക്കുന്നുണ്ടോയെന്നും അറിയില്ല. 

സാഹിത്യം എന്നാൽ പദ്യമാകാം, നാടകമാകാം, നോവലാകാം. അമേരിക്കയിൽ നിന്ന് എഴുതിയാലും തൃശൂരിൽ നിന്ന് എഴുതിയാലും കോട്ടയത്തു നിന്നെഴുതിയാലും ഒരേ ഭാഷ, ഒരേ സംസ്ക്കാരം തന്നെയാണ്. തൃശൂർ മലയാളം, കോട്ടയം മലയാളം അമേരിക്കൻ മലയാളം എന്ന് വേർതിരിക്കേണ്ട ആവശ്യമില്ല. മുഖ്യധാരാ മലയാളത്തിലും അമേരിക്കൻ മലയാളത്തിലും ഗ്രാമറും വാക്കുകളുടെ ഘടനയും ഒരുപോലെ. പദ്യങ്ങൾക്ക് ഒരേ അലങ്കാരവും വൃത്തവും. ഭാഷയുടെ പുരോഗതിക്കുള്ള ഗവേഷണ കേന്ദ്രങ്ങൾ, സർവ്വകലാശാലകൾ എല്ലാം കേരളത്തിൽ മാത്രം. ഒരേ നിയമത്തിൽ പോവുന്ന ഒരു ഭാഷയെ അമേരിക്കനെന്നും മുഖ്യധാരായെന്നും എങ്ങനെ വേർതിരിക്കാൻ സാധിക്കും.

കേരളത്തിലെ എഴുത്തുകാർ അമേരിക്കയിലെ എഴുത്തുകാരെയുൾപ്പടെ പ്രവാസികൾ എന്നാണ് വിളിക്കുന്നത്. പ്രവാസിത എന്ന് പറഞ്ഞാൽ നാട് കടത്തപ്പെട്ടവരെന്നാണ്. ബ്രിട്ടീഷുകാർ കുറ്റക്കാരായവരെ ആന്ഡമാനിലേക്ക് നാടുകടത്തുമായിരുന്നു. അവർ അവിടെ പ്രവാസികളായിരുന്നു. അതിനു തത്തുല്യമായ പ്രവാസിയെന്നു അമേരിക്കൻ മലയാളിയും അറിയപ്പെടുന്നു. ചിലർ പ്രവാസി എന്ന ഓമനപ്പേര് അഭിമാന പൂർവ്വമായിട്ടാണ് കരുതുന്നത്. സാഹിത്യത്തെയും അവർ വേർതിരിച്ചിരിക്കുകയാണ്. മലയാള സാഹിത്യത്തിൽ നിന്നും അവരെ വേർപെടുത്തി അവരുടെ സാഹിത്യ രചനകളെ പ്രവാസി സാഹിത്യമെന്നാക്കി. മലയാളത്തിൽ സാഹിത്യം അല്ലെങ്കിൽ പ്രവാസി സാഹിത്യം എന്ന രണ്ടെന്ന സാഹിത്യമില്ല. സാഹിത്യമൊന്നേയുള്ളൂ. ഇവിടുത്തെ എഴുത്തുകാരെ വേറിട്ട് കാണണമെങ്കിൽ അമേരിക്കൻ എഴുത്തുകാർ എന്ന് പറഞ്ഞുകൊള്ളൂ. അവരുടെ തൂലികയിൽ നിന്ന് വരുന്നതും മലയാള സാഹിത്യം തന്നെയാണ്.

മലയാളത്തിലെ മുഖ്യധാരാ എഴുത്തുകാരെപ്പറ്റി പറയുമ്പോൾ ക്‌ളാസിക്കൽ എഴുത്തുകാരെപ്പറ്റിയാണെങ്കിൽ ഞാൻ ഒന്നും പ്രതിപാദിക്കുന്നില്ല. ഇന്നുള്ള എഴുത്തുകാരെപ്പറ്റിയാണെങ്കിൽ അവരുടെ എഴുത്തുകൾക്കൊന്നും പഴങ്കാലത്തിലെപ്പോലെ ആത്മാവില്ല. അസ്തിത്വം മാത്രമേയുള്ളൂ. അതിന് കാരണങ്ങളുമുണ്ട്. എവിടെ തിരിഞ്ഞു നോക്കിയാലും അവിടെയെല്ലാം വരണ്ട സസ്യ ലതാതികളും പൂക്കളും മാത്രം. ഇന്ന് വീണു കിടക്കുന്ന പൂവിന് സൗന്ദര്യമില്ല. സൗരഭ്യമില്ല. ആസ്വാദിക്കാൻ മുഖ്യധാരാ എഴുത്തുകാർക്ക് സമയവുമില്ല. യാന്ത്രിക യുഗത്തിൽ ജീവിക്കുന്ന കവിയുടെ ഹൃദയസൗന്ദര്യം മുഴുവനായി നശിച്ചു പോയി. ഒരു കവിയാണെങ്കിലും അവന്റെ ജീവിതം ഒരു യന്ത്രം പോലെയാണ്. കവിത യാന്ത്രിക യുഗത്തിലെയും.

ഇന്ന് മലയാളത്തിലെ മുഖ്യധാരാ എഴുത്തുകാർ സാഹിത്യമെന്നു കരുതുന്നത് നോവലും കവിതകളും മാത്രമാണ്. അതുതന്നെ ജീവിതവുമായി പൊരുത്തപ്പെടാത്ത ചപ്പു ചവറുകളാണ് കൂടുതലും. ചില സഞ്ചാര സാഹിത്യം ഉണ്ടെങ്കിലും അവരുടെ പുസ്‌തകങ്ങളിലൊന്നിലും ആ രാജ്യങ്ങളിൽ ജീവിക്കുന്ന ജനങ്ങളുടെ ആത്മാവ് ഉണ്ടായിരിക്കില്ല. ഇവിടെ ജീവിക്കുന്ന ഒരു എഴുത്തുകാരനു മാത്രമേ നമ്മുടെ കണ്ണുനീരിനെയും കഷ്ടപ്പാടുകളെയും ദൈനം ദിന ജീവിതത്തിലുള്ള ഏറ്റുമുട്ടലുകളെപ്പറ്റിയും കടലാസിൽ പകർത്താൻ സാധിക്കുള്ളൂ. അത് കവിതയാകാം. കഥയാകാം, നർമ്മമാകാം. അവിടെ ആ കൃതികളിൽ ഹൃദയത്തിന്റെ ഭാഷയുണ്ട്. അവിടെ അവന്റെ ഭാഷ കേരളത്തിലെ മുഖ്യധാരാ എഴുത്തുകാരിൽ നിന്നും വേറിട്ട് നിൽക്കുന്നു. അമേരിക്കൻ എഴുത്തുകാരൻ അവിടെ മുഖ്യധാരൻ എഴുത്തുകാരിൽനിന്നും ശ്രദ്ധിക്കപ്പെടാതെയും വരുന്നു. 

കേരളത്തിലെ എഴുത്തുകാരിൽ ഒരു വിശേഷത കാണുന്നു. അവർക്ക് അവാർഡ് കരസ്ഥമാക്കണം. സ്വന്തം പേര് പ്രസിദ്ധമാകണം. അതിനായി മറ്റൊരുവൻ കവിയല്ലെന്നുള്ള സാഹ്യത്യ കൃതികളും എഴുതും. 'ഞാൻ ഞാൻ' എന്ന ചിന്ത മാത്രം. കേരളത്തിലുള്ള മലയാള സാഹിത്യകാരന്മാർ വായനക്കാരുടെ ചിന്താഗതികൾക്കനുസരിച്ചല്ല എഴുതുന്നത്. അവർക്ക് രാഷ്ട്രീയക്കാരെ തൃപ്തിപ്പെടുത്തണം. സ്വന്തം മതത്തെ തൃപ്തിപ്പെടുത്തണം. അവിടെ ഭൂരിഭാഗം എഴുത്തുകാരും സങ്കുചിത ചിന്താഗതിക്കാരാണ്. അതേ സമയം അമേരിക്കൻ മലയാളീ എഴുത്തുകാർക്ക് കേരള സാഹിത്യകാരന്മാരുടെ ചിന്താഗതികൾക്കനുസരിച്ച് പോകുവാൻ സാധിച്ചെന്നിരിക്കില്ല. അവർക്ക് ഒരു രാഷ്ട്രീയക്കാരന്റെയോ മതത്തിന്റെയോ ചട്ടക്കൂട്ടിൽ ഒതുങ്ങി നിൽക്കാതെ എഴുതാൻ സാധിക്കും. ഇങ്ങനെയുള്ള ആശയ സമരങ്ങളും പോരാട്ടങ്ങളും കാരണം കേരളത്തിലുള്ള മലയാള സാഹിത്യകാരന്മാർക്ക് അമേരിക്കൻ എഴുത്തുകാരെ അംഗീകരിക്കാൻ സാധിക്കാതെ വന്നേക്കാം. 

മനുഷ്യൻ സ്വാതന്ത്ര്യമാണ് ആഗ്രഹിക്കുന്നത്. ആ സ്വാതന്ത്ര്യത്തിനു തടസം വന്നാൽ അവൻ പ്രതികരിക്കും. അമേരിക്കൻ മലയാളിക്ക് എന്തും എഴുതാൻ സ്വാതന്ത്ര്യമുണ്ട്. മറിച്ച് മുഖ്യധാരാ മലയാളത്തിൽ ആ സ്വാതന്ത്ര്യം ലഭിക്കില്ല. മതത്തെ വിമർശിച്ചാൽ അവിടെ ഉടൻ ഫത്‌വ പ്രഖ്യാപിക്കുകയായി. മാതാ ഹരിയെപ്പറ്റി മനോരമയിൽ ലേഖനം വന്നപ്പോൾ അത് ബ്ലാസ്പ്പമിയായി. ഫ്രഞ്ച് വിപ്ലവത്തിൽ ബ്രിട്ടീഷ് ചാരയെന്ന് മുദ്ര കുത്തി വെടി വെച്ചുകൊല്ലാൻ വിധിക്കപ്പെട്ട ഒരു സ്ത്രീയായിരുന്നു മാതാ ഹരി.  മാതാ ഹരി യുടെ ഛായാചിത്രം ക്രിസ്തുവിനെ അവഹേളിക്കുന്നുവെന്നുപോലും. അവരുടെ മാറിടം കാണിച്ചുകൊണ്ടുള്ള അന്ത്യത്താഴം ക്രിസ്തുവിനെ അപഹസിക്കുന്നുവെന്നായിരുന്നു പരാതി. സുപ്രസിദ്ധമായ കലാമൂല്യങ്ങളെപ്പോലും ബ്ലാസ്പ്പമ്മി പ്രഖ്യാപിക്കുന്നതിനാൽ എഴുത്തുകാർക്ക് സ്വതന്ത്രമായി ചിന്തിക്കാൻ സാധിക്കാതെ വരുന്നു.  കുറേക്കാലം മുമ്പ് കേരളത്തിലാകമാനം ക്രിസ്തുവിന്റെ ആറാംപ്രമാണത്തിൽ അവിടെ ഒച്ചപ്പാട് ഉണ്ടാക്കിയെങ്കിലും അമേരിക്കൻ മലയാളിക്ക് ഏഴാം പ്രമാണത്തിനപ്പുറവും എഴുതാൻ സാധിക്കും. ഈ വൈരുദ്ധ്യങ്ങളും കേരളസാഹിത്യകാരന്മാർക്ക് ഇവിടുത്തെ എഴുത്തുകാരെ അംഗീകരിക്കാൻ സാധിക്കാതെ വരുന്നു. 

കേശവദേവിന്റെ 'ഓടയിൽ നിന്നിലെ' കഥയിൽ ലൈംഗിക ചുവയുണ്ടെന്നു പറഞ്ഞു പള്ളിയും പുരോഹിതരും നടത്തിയ സമര ജാഥകളും ഞാൻ ഓർമ്മിക്കുന്നുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളെ ഗൗനിക്കാത്ത അമേരിക്കൻ മലയാള സാഹിത്യകാരന്മാരുടെ വ്യത്യസ്ത ചിന്താഗതികളും കേരളത്തിലെ മുഖ്യധാരാ എഴുത്തുകാർക്ക് ഉൾക്കൊള്ളാൻ സാധിക്കാതെ വരുന്നു. അവർ അതുമൂലം അമേരിക്കൻ മലയാളി എഴുത്തുകാരോട് നീരസം പ്രകടിപ്പിക്കുകയോ എതിർക്കുകയോ പരിഗണിക്കാതെ വരുകയോ ചെയ്തേക്കാം.   

കേരളത്തിലെ എഴുത്തുകാർ വായനക്കാർക്ക് പ്രയോജനപ്പെട്ട വസ്തുതകളൊന്നും എഴുതാൻ ആഗ്രഹിക്കില്ല. പലരും ചിന്തിക്കുന്നത് എഴുത്തിൽകൂടി പ്രസിദ്ധനാകണം. അവാർഡ് നേടണം. അതിനായി എത്ര പണം മുടക്കിയും അവർ ശ്രമിക്കും. സ്വജന പക്ഷാപാതം സാധാരണമെന്ന് മുഖ്യധാരാ കേരള സാഹിത്യകാരന്മാർ തന്നെ സമ്മതിച്ചിട്ടുളള വസ്തുതയാണ്. അവിടെ രാഷ്ട്രീയവും മതവും സ്വാധീനവും ഒരുപോലെ ഒത്തുചേർന്നു പ്രവർത്തിക്കും. സ്വാധീനിക്കേണ്ടവരെ സ്വാധീനിച്ചും അവാർഡ് കരസ്ഥമാക്കാൻ ശ്രമിക്കും. അങ്ങനെയുള്ള സുനിശ്ചിതമായ ഒരു അവാർഡ് തീരുമാനത്തിൽ അമേരിക്കൻ മലയാള സാഹിത്യകാരന്മാരെ അംഗീകരിക്കാനും ബുദ്ധിമുട്ടാണ്. അവരെ തഴയുകയും ചെയ്യും. 

ഇ-മലയാളിയുടെ അവാർഡ്‌ ഒന്ന് ചിന്തിക്കൂ. ഈ അവാർഡ് നിശ്ചയം, എഴുത്തുകാരെ തിരിച്ചുവ്യത്യാസമില്ലാതെ നൂറു ശതമാനവും  അവരുടെ ജൂറിയുടെ തീരുമാനത്തിലായിരുന്നു. ഇങ്ങനെയുള്ള മനസ്ഥിതിയോടെ കറയില്ലാത്ത ഒരു സാഹിത്യസദസ്സ് കേരളത്തിലെ സാഹിത്യ ലോകത്ത് സ്വപ്നത്തിൽപ്പോലും കാണാൻ സാധിക്കില്ല. അവിടെ അമേരിക്കൻ മലയാളി എഴുത്തുകാർ തഴയപ്പെടാനേ സാധ്യതയുള്ളൂ. 

ചില മുഖ്യധാരാ എഴുത്തുകാർ അഭിമാനത്തിന്റെ പ്രതീകമായി കട്ടിയുള്ള സംസ്കൃത പദങ്ങൾ മലയാളത്തിൽ കുത്തിക്കേറ്റാൻ ആഗ്രഹിക്കുന്നത് കാണാം. സംസ്കൃതം ഇൻഡോ ആര്യൻ ഭാഷയായി കാണുന്നു. അത് ആഢ്യബ്രാഹ്മണരുടെയും പൂജാരികളുടെയും ഭാഷയായിരുന്നു. അതൊരിക്കലും സംസാര ഭാഷയായിരുന്നില്ല. ജനകീയമായിരുന്നില്ല. ഒരു എഴുത്തുകാരൻ വായനക്കാരനു മനസിലാകുന്ന ഭാഷയിൽ എഴുതണം. സംസ്കൃത ഡിക്ഷ്ണറിയുമായി വന്നു ഒരാളിന്റെ രചന വായിക്കാൻ ആരും മെനക്കെടണമെന്നില്ല. ഒരു പക്ഷെ അമേരിക്കൻ എഴുത്തുകാരിൽ ഭൂരിഭാഗം പേർക്കും  സംസ്കൃതത്തിൽ പ്രാവിണ്യം ഇല്ലാത്തതും  മുഖ്യധാര എഴുത്തുകാർ അവരെ പരിഗണിക്കാത്ത കാരണമാകാം. 

അമേരിക്കൻ എഴുത്തുകാരെ സംബന്ധിച്ച് അവരുടെ ഭാഷ കൂടുതൽ ജനവൽക്കരിച്ചതാണ്. ഇവിടുത്തെ ഭൂരിഭാഗം എഴുത്തുകാരുടെയും ഭാഷ ഹൃദ്യമാണ്. സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിലാണ്. അമേരിക്കൻ എഴുത്തുകാർ ലോകം കണ്ടവരാണ്. അമേരിക്കൻ മലയാളിയുടെ ഹൃദയത്തുടിപ്പുകൾ ഇവിടെ ജീവിതം പടുത്തുയർത്തിയവർക്കു മാത്രമേ കാണാൻ സാധിക്കുള്ളൂ. നാട്ടിലെ എഴുത്തുകാർ തനിക്കു മീതെ ലോകം എന്ന് ചിന്തിക്കുന്നു.  അമേരിക്കൻ എഴുത്തുകാർ അങ്ങനെ ചിന്തിക്കാറില്ല. അവർ ലോകം കണ്ടവരാണ്. ഈ വൈരുധ്യങ്ങളും അമേരിക്കൻ എഴുത്തുകാരെ മുഖ്യധാരാ എഴുത്തുകാരിൽ നിന്നും വേറിട്ടു ചിന്തിക്കുന്നതിനു കാരണമാകാം. 

ഒരു പക്ഷെ മുഖ്യധാരാ എഴുത്തുകാരുടെ ഗ്രാമവും ഗ്രാമഭംഗിയും അവർ ഭംഗിയായി എഴുതുമായിരിക്കും. എന്നാൽ അതിലും മെച്ചമായി അമേരിക്കൻ മലയാളിക്ക് അവൻ ജനിച്ചു വളർന്ന ഗ്രാമവും ഗ്രാമത്തിലെ പശുക്കളും പച്ച വിരിച്ച നെൽപ്പാടങ്ങളും അതിന്റെ മനോഹാരിതയും എഴുതാൻ സാധിക്കും. അമേരിക്കയിൽ ജീവിക്കുന്ന ഒരോ മലയാളിയുടെ മനസിലും അവന്റെ   സ്വപ്ന ഭൂമിയുണ്ട്. അമേരിക്കൻ മലയാളിയുടെ അന്നത്തെ ഗ്രാമീണർ നിഷ്‍കളങ്കരായ കർഷകരായിരുന്നു. എന്നാൽ കേരളത്തിലെ എഴുത്തുകാർ ഇന്ന് ജീവിക്കുന്നത് വ്യത്യസ്‍തമായ ഒരു കാലഘട്ടത്തിൽക്കൂടിയാണ്. കാലം പല ഗ്രാമങ്ങളെയും വിഷതുല്യമാക്കി. അവിടെയുള്ള ചില എഴുത്തുകാരുടെ പേനയിലും ചില സമയങ്ങളിൽ വിഷക്കറകൾ കാണാം. അവർ അമേരിക്കൻ എഴുത്തുകാരെ തരം താഴ്ത്താൻ ശ്രമിക്കുന്നു. അവരുടെ 'അജ്ഞത' അവിടെ  പ്രകടമാക്കുകയും അമേരിക്കൻ എഴുത്തുകാരുടെ ചിന്താഗതികളിൽ നിന്ന് വേറിട്ട് പ്രവർത്തിക്കുകയും ചെയ്യുന്നു. അമേരിക്കൻ എഴുത്തുകാരെ മുഖ്യധാരാ എഴുത്തിൽ നിന്നും മാറ്റി  നിറുത്തുകയും ചെയ്യുന്നു. 

എല്ലാ തൊഴിലിനും മാഹാത്മ്യമുണ്ടെന്ന് ഈ നാട്ടിൽ വന്നാണ് നമ്മൾ പഠിച്ചത്. നമ്മുടെ കഷ്ട്ടപ്പാടുകളും കുടുംബം പടുത്തുയർത്തിയതും, സഹോദരങ്ങളെയും അവരുടെ കുടുംബത്തെയും രക്ഷപെടുത്തിയതും ശരിയായി കടലാസിൽ പകർത്തുമ്പോൾ അത് അമേരിക്കൻ ജീവിതത്തെ സ്പർശിക്കുന്ന സാഹിത്യമാകും. അങ്ങനെയുള്ള അമേരിക്കയിലെ അനുഭവ വികാരങ്ങളൊന്നും നാട്ടിലെ സാഹിത്യകാരന്മാർക്ക് ഉൾക്കൊള്ളാൻ സാധിച്ചെന്നിരിക്കില്ല. അമേരിക്കൻ എഴുത്തുകാർക്ക് ആശയ പോരാട്ടങ്ങളിൽ അവരുടെ പരിഗണനകൾ ലഭിക്കാതെ പോവുകയും ചെയ്യുന്നു. 

അമേരിക്കൻ സാഹിത്യത്തിൽ സ്വന്തം വീടും നാടും വിട്ട വേദനകളുണ്ട്. മാതാപിതാക്കൾ വൃദ്ധരായ സമയങ്ങളിൽ ഒപ്പം അവരെ പരിചരിക്കാൻ സാധിക്കാത്ത നാളുകളുണ്ട്. നമ്മുടെ ഡോളറുകൾക്ക് അവരെ സ്വാന്തനപ്പെടുത്താൻ കഴിയില്ലായിരുന്നു. ആദ്യം വന്ന തലമുറകൾ ഭൂരിഭാഗം പേരും ആയുസ് ഇവിടെ ജീവിച്ചു തീർത്തു. എങ്കിലും നമുക്ക് ഇന്നും ആ സ്വപ്നമുണ്ട്. നമ്മളായിരുന്ന കാലത്തിലെ മലയാളനാട്ടിലെ മരതകപ്പച്ച വിരിച്ച കാടുകളും ശുദ്ധജലം നിറഞ്ഞിരുന്ന തടാകങ്ങളും ആമ്പൽ പൂക്കളും. എന്നാൽ ആധുനിക മുഖ്യധാരാ സാഹിത്യകാരന് ആ സ്വപ്നമില്ല. അവന്റെ വീണു കിടന്നു കിട്ടിയ വീണപൂവ് കരിഞ്ഞുപോയിരിക്കുന്നു. അവന്റെ മുമ്പിൽ പ്ലാസ്റ്റിക്കും, മലിന വസ്തുക്കളും നിറഞ്ഞ പുഴകളായിരിക്കും.

നമ്മുടെ പ്രിയപ്പെട്ട ഗ്രാമത്തിൽക്കൂടി കാൽ നടകളായി നടന്ന ആ സ്വപ്നങ്ങളും പേറിയാണ് ഒരു അമേരിക്കൻ എഴുത്തുകാരൻ ജീവിക്കുന്നത്. ഇങ്ങനെ പുതിയ കാലഘട്ടത്തിൽ ജീവിക്കുന്ന മുഖ്യധാരാ എഴുത്തുകാരന്റെ ചിന്താഗതികളിൽ നിന്നും വേറിട്ട ചിന്താഗതികൾ അമേരിക്കയിലെ മുതിർന്ന എഴുത്തുകാരിൽ ഉള്ളതും ഇവിടുത്തെ എഴുത്തുകാരെ ശ്രദ്ധിക്കാതിരിക്കാൻ കാരണമാകുന്നു. അമേരിക്കൻ എഴുത്തുകാരൻ മുഖ്യധാരാ എഴുത്തുകാരനെക്കാളും കൂടുതൽ ജനകീയനായിരിക്കും. ചങ്ങമ്പുഴ ജനകീയ കവിയായിരുന്നു. രമണനും വാഴക്കുലയും ഉദാഹരണങ്ങളാണ്. രമണന്റെ പ്രേമഗീതങ്ങൾ പാടിയത് പാടത്തു പണിയെടുത്തിരുന്ന കർഷകരായിരുന്നു. ചങ്ങമ്പുഴ പ്രസിദ്ധമായത് അച്ചടിച്ച പുസ്തകത്തിൽക്കൂടിയല്ലായിരുന്നു. അതുപോലെ അമേരിക്കയിൽ ജീവിക്കുന്ന പല എഴുത്തുകാർക്കും കൂടുതൽ ജനകീയമാവാനും സാധിക്കുന്നു. അവിടെയാണ് അവരെ വേറിട്ടു കാണേണ്ടതും മുഖ്യധാരാ എഴുത്തുകാർക്ക് അംഗീകരിക്കാൻ സാധിക്കാത്തതും.


Saturday, September 1, 2018

ഡോ ശശിതരൂരിന്റെ പ്രളയ ചിന്തകളും ഐക്യരാഷ്ട്രസഭയുടെ വാഗ്ദാനങ്ങളും




ജോസഫ് പടന്നമാക്കൽ 

കേരളത്തിൽ സംഭവിച്ച ജലപ്രളയം ഈ നൂറ്റാണ്ടിലെ ഏറ്റവും അതിഘോരവും ഗുരുതരവുമായിരുന്നു. അതുമൂലം വന്ന നാശനഷ്ടങ്ങൾ കൃത്യമായി തിട്ടപ്പെടുത്തുവാൻ പ്രയാസമേറിയതുമാണ്. ഈ ഘട്ടത്തിൽ നമുക്ക് കിട്ടാവുന്ന സഹായങ്ങൾ എവിടെനിന്നു ലഭിച്ചാലും അത് സ്വീകരിക്കുകയാണ് വേണ്ടത്. കേന്ദ്രം ധന സഹായം നൽകുന്നതിനൊപ്പം ലോകരാജ്യങ്ങൾ തരാൻ തയാറാകുന്നുവെങ്കിൽ അത് യാതൊരു മടിയുമില്ലാതെ സ്വീകരിക്കേണ്ട സ്ഥിതി വിശേഷങ്ങളാണ് ഇന്ന് കേരളത്തിനുള്ളത്. ഇന്നത്തെ നാശനഷ്ടങ്ങൾ ഏകദേശം ഇരുപതിനായിരം കോടി രൂപയിൽ അധികം വരുമെന്നാണ് കണക്കു കൂട്ടിയിരിക്കുന്നത്. അത്രയും ഭീമമായ തുക കേന്ദ്ര സർക്കാരിനോ കേരള സർക്കാരിനോ താങ്ങാൻ സാധിക്കില്ല. കേന്ദ്രത്തിലെ ബഡ്ജറ്റ് അനുസരിച്ചു ഉള്ളത് മാത്രമേ സർക്കാരുകൾക്ക് നൽകാൻ സാധിക്കുള്ളൂ. കേരളത്തെ സംബന്ധിച്ച് 39 പാലങ്ങൾ പൊളിഞ്ഞു പോയി. 50000 കിലോമീറ്ററുകളോളം റോഡുകൾ താറുമാറായി കിടക്കുന്നു. അമ്പതിനായിരം വീടുകൾ നാശോന്മുഖമാകുകയും പത്തു ലക്ഷം പേര് ഓരോ തരത്തിൽ ദുരന്തത്തിന് അടിമപ്പെടുകയും ചെയ്തു.

കേരളത്തിന്റെ പ്രളയ കെടുതികളെ വിശദീകരിക്കാനായി ഡോ. ശശി തരൂർ ജനീവാ ആസ്ഥാനമായ യുണൈറ്റഡ് നാഷൻ സന്ദർശിക്കുകയുണ്ടായി. ഇരുപത്തിയൊമ്പതു വർഷത്തോളം ഐക്യ രാഷ്ട്രസഭയിൽ പ്രവർത്തിക്കുകയും സഭയുടെ അണ്ടർ സെക്രട്ടറിയായി ഉയർന്ന സ്ഥാനങ്ങൾ അലങ്കരിക്കുകയും ചെയ്ത ഡോ തരൂരിന് കിട്ടാവുന്ന അന്തർ ദേശീയ ഫണ്ടുകൾ സ്വരൂപിക്കാൻ ആധികാരികമായ കഴിവുകളുമുണ്ട്. ഐക്യരാഷ്ട്രസഭയുടെ രീതികളും അവിടുത്തെ പ്രവർത്തനങ്ങളും അദ്ദേഹത്തിന് വളരെ വ്യക്തമായും അറിയാം. ഒരു ന്യൂസ് ചാനലിന് നൽകുന്ന അഭിമുഖ സംഭാഷണത്തിൽ പ്രളയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വളരെ തന്മയത്വമായി മലയാളത്തിൽ അദ്ദേഹം വിവരിക്കുന്നുണ്ട്.

മുൻ യുഎൻ അണ്ടർ സെക്രട്ടറി എന്ന നിലയിൽ ഡോ ശശി തരൂരിന് എല്ലാവിധ ആദരവും ഐക്യരാഷ്ട്രസഭയിൽ ലഭിച്ചിരുന്നു. ആവശ്യപ്പെട്ടവരെല്ലാം അവരുടെ മറ്റ് സമയപരിപാടികൾ മാറ്റി അദ്ദേഹത്തിനു സമയം അനുവദിച്ചിരുന്നു. ഐക്യരാഷ്ട്ര സഭയിൽനിന്ന് അദ്ദേഹത്തിനു ലഭിച്ച വാഗ്ദാനങ്ങൾ മുഴുവനായി യഥാസമയം മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു. അവിടുത്തെ പ്രതിനിധികളുമായുള്ള അഭിമുഖ സംഭാഷണങ്ങൾ നാൽപ്പത്തിയഞ്ച് മിനിറ്റും ഒരു  മണിക്കൂറും വരെ നീണ്ടു നിന്നിരുന്നു. കേരളത്തിൽ ഇത്രമാത്രം നഷ്ടമുണ്ടായിയെന്ന് അവർക്ക് അറിയില്ലായിരുന്നു. അതെല്ലാം ഐക്യരാഷ്ട്ര സംഘടനയിലെ വേണ്ടപ്പെട്ടവരെ ബോധിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു. കേരളത്തിന്റെ എന്താവശ്യത്തിനും ഐക്യരാഷ്ട്ര സഭ കൂടെയുണ്ടായിരിക്കുമെന്നു വാഗ്ദാനവും നൽകി. 

ഒരു പക്ഷെ കേന്ദ്രം ഐക്യരാഷ്ട്രസഭയോട് കേരളത്തിന്റെ ജലപ്രളയ കെടുതികൾക്കായി സഹായം ആവശ്യപ്പെട്ടാൽ എന്തെല്ലാം സഹായം ഐക്യരാഷ്ട്ര സഭയ്ക്ക് നൽകാൻ സാധിക്കുമെന്ന സാധ്യതകളും തരൂർ തേടിയിരുന്നു. അതിനായി അദ്ദേഹം ഐക്യരാഷ്ട്ര സഭയിലെ ഉത്തരവാദിത്വപ്പെട്ടവരെ കാണുകയും പലരുമായി മണിക്കൂറോളം ചർച്ചകൾ നടത്തുകയും ചെയ്തു. സ്വന്തം ചെലവിലാണ് ഐക്യരാഷ്ട്ര സഭയിൽ ഈ സന്ദർശനം നടത്തിയത്. രാജ്യങ്ങൾക്കു സഹായം നൽകുമ്പോൾ ഐക്യരാഷ്ട്ര സംഘടനയ്ക്ക് അതിന്റേതായ നിയമങ്ങൾ പാലിക്കേണ്ടതായുണ്ട്. കേരളത്തിനായി ഐക്യരാഷ്ട്ര സംഘടനയിൽ നിന്നും എന്തുതരത്തിലുള്ള സഹായവും ലഭിക്കാൻ സാധിക്കുമെന്നും തരൂർ സ്ഥിതികരിച്ചിരിക്കുന്നു. അതിനായി അദ്ദേഹം അവിടുത്തെ വിവിധ വകുപ്പു മേധാവികളുമായി ചർച്ചകളിൽ ഏർപ്പെടുകയും അനുകൂലമായ മറുപടികൾ ലഭിക്കുകയുമുണ്ടായി. ഐക്യരാഷ്ട്ര സഭയിൽ നിന്ന് സഹായം ആഗ്രഹിക്കുന്നെങ്കിൽ കേന്ദ്ര സർക്കാർ ആദ്യം അതിനായി അപേക്ഷകൾ സമർപ്പിക്കണം. സംസ്ഥാനത്തിന് പ്രത്യേകമായ അപേക്ഷകൾ സമർപ്പിക്കാൻ അവകാശമില്ല.

ഐക്യരാഷ്ട്ര സഭയുടെ ഭാരവാഹികളുമായുള്ള സംഭാഷണത്തിനു ശേഷം ശശിതരൂർ കേരള സർക്കാരുമായി തനിക്കു ലഭിച്ച വിവരങ്ങൾ പങ്കു വെച്ചിരുന്നു. കേരളസർക്കാരിന് ഐക്യരാഷ്ട്രസഭയുടെ ഏജൻസികളുമായി ദുരന്തനിവാരണ മാർഗങ്ങളെ വിലയിരുത്തുവാനും മുഖ്യമന്ത്രിയുമായുള്ള സംഭാഷണം പ്രയോജനപ്പെടുത്താനും സാധിക്കുന്നു. അതനുസരിച്ച് സഹായം ആവശ്യമുണ്ടോ എന്ന പ്രായോഗിക വശങ്ങളെപ്പറ്റി ആരായാനും കഴിയും. ഐക്യരാഷ്ട്രസഭ കേരളത്തിലെ ദുരിതാശ്വാസ മേഖലകളിൽ നല്കാനുദ്ദേശിക്കുന്ന സഹായങ്ങളെപ്പറ്റി മുഖ്യമന്ത്രിയുടെ പരിഗണയ്ക്കായി തരൂർ സമർപ്പിക്കുകയും ചെയ്തു. അതിൽ താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധേയവുമാണ്. 

1. പ്രളയം മൂലം കേരളത്തിന് സംഭവിച്ച കെടുതികളിൽനിന്നും കര കയറാൻ ദീർഘകാല അടിസ്ഥാനത്തിലുള്ള സ്റ്റേറ്റിന്റെ കേന്ദ്ര സഹായം മതിയാകുമോ? കേരളത്തിന്റെ പുനരുദ്ധാരണത്തിനായി ആവശ്യത്തിനുള്ള പണം കേന്ദ്ര സർക്കാർ തരാത്ത പക്ഷം സ്റ്റേറ്റിന് പുനരുദ്ധാരണ പദ്ധതികൾക്കായുള്ള സഹായത്തിന് ഐക്യരാഷ്ട്രസഭയിലെ പ്രതിനിധികളെ ക്ഷണിച്ച് ചർച്ച ചെയ്യാം. ഐക്യരാഷ്ട്രസഭയുടെ പങ്കാളിത്വത്തോടെ കേരളത്തിന്റെ പുനർനിർമ്മാണ പദ്ധതികൾ ആരംഭിക്കാനും സാധിക്കും. 

2. മലിന വെള്ളം ഉപയോഗിക്കുന്ന കാരണം കോളറ സംസ്ഥാനമാകെ വ്യാപിക്കാൻ ഇടയുണ്ട്. അതിനെ തടയാൻ ലോകാരോഗ്യ സംഘടന മൂന്നു മില്യൺ പ്രതിരോധ കുത്തിവെപ്പിനുള്ള വാക്സിനേഷൻ തരാൻ തയാറാണ്.   

3. സംസ്ഥാന സർക്കാർ ഐസിആർസി/ ഗുജറാത്ത് ഫോറൻസിക്ക് സർവ്വകലാശാലയുടെ (ICRC/Gujarat Forensics University) പങ്കാളിത്വം ആവശ്യമെങ്കിൽ സ്വീകരിക്കണം. എങ്കിൽ മെഡിക്കൽ ശാസ്ത്രത്തിലെ നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടുതൽ സുതാര്യതയോടെ കൈകാര്യം ചെയ്യാൻ സാധിക്കും.  

4. കേന്ദ്രസർക്കാർ മറ്റു രാജ്യങ്ങളോട് സഹായം അഭ്യർത്ഥിക്കാൻ താല്പര്യപ്പെടാത്തതു കൊണ്ടും മറ്റു നിയമതടസങ്ങൾ കേന്ദ്രത്തിന്റെ തീരുമാനങ്ങൾക്ക് ബാധകമായതിനാലും ഐക്യരാഷ്ട്രസംഘടനയുമായി സഹകരിക്കാൻ കേരളസംസ്ഥാനത്തിനു കഴിയുന്നു. സംസ്ഥാനത്തിന്റെ പുനരുദ്ധാരണത്തിനായി അവർ വാഗ്ദാനം ചെയ്യുന്ന നമ്മുടെ ആവശ്യങ്ങൾ കേന്ദസർക്കാർ നിരസിക്കാതിരുന്നാൽ മാത്രം മതിയാകും. 

5. കേരളത്തെ സംബന്ധിച്ച് എത്രമാത്രം പണം ദുരിത പ്രദേശങ്ങളുടെ നവീകരണത്തിനായി ആവശ്യം വരുമെന്ന് കണക്കുകൂട്ടി അറിയിക്കാനും ഐക്യരാഷ്ട്ര സംഘടനയിലെ വിദഗ്ദ്ധർ ഉപദേശങ്ങൾ നൽകും. ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ സമ്മേളനങ്ങൾ വിളിച്ചുകൂട്ടി പഠിക്കാനും അടുത്ത പത്തു വർഷത്തേക്ക് എത്ര പണം ആവശ്യമുണ്ടെന്നു വിലയിരുത്താനും ഐക്യരാഷ്ട്രസഭ തയ്യാറാണ്.

6. അപ്രതീക്ഷിതമായി വെള്ളപ്പൊക്കമുണ്ടായതിനെപ്പറ്റിയും അതിൽ വന്ന നാശനഷ്ടങ്ങളെപ്പറ്റിയും സമയോചിതമായി ഒരു അന്വേഷണം വേണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 'അത് ഇന്നോ നാളെയോ ചെയ്യണമെന്നല്ല ആവശ്യപ്പെടുന്നത്. രാഷ്ട്രീയത്തിന്റെ മറവിൽ വിരലു ചൂണ്ടി ആരെയും കുറ്റപ്പെടുത്തുവാനുള്ള സാഹചര്യവും സൃഷ്ടിക്കരുത്. ഒരു അന്വേഷണത്തിന്റെ പ്രയോജനമെന്തെന്നാൽ എന്ത് സംഭവിച്ചെന്ന് നാം അറിഞ്ഞാലേ പിന്നീട് അത്തരം പാകപ്പിഴകൾ വീണ്ടും സംഭവിക്കാതെ നമ്മൾ ശ്രദ്ധിക്കുള്ളൂ.' നിഷ്പക്ഷമായ അന്വേഷണങ്ങൾക്കായി അന്തർദേശീയ വിദഗ്ദ്ധരെ ചുമതലപ്പെടുത്തണം. 

കേരളത്തിലുള്ള ദുരന്ത പ്രശ്ന പരിഹാരങ്ങൾക്കായി ഒരു ദീർഘകാല പദ്ധതി ആവശ്യമുണ്ടെന്നാണ് തരൂർ അഭിപ്രായപ്പെട്ടിരിക്കുന്നത്. അങ്ങനെയുള്ള സാഹചര്യങ്ങൾ വന്നു ചേരുമ്പോഴാണ് നമുക്ക് ലോക രാജ്യങ്ങളോട് സഹായം ആവശ്യപ്പെടേണ്ടി വരുന്നത്. ദീർഘകാല അടിസ്ഥാനത്തിൽ കാര്യങ്ങളുടെ നിജസ്ഥിതികളെപ്പറ്റിയും ചിന്തിക്കണം. മലിനമായ വെള്ളം ദുരിത ബാധിതരായ പ്രദേശത്തിലെ ജനം കുടിക്കേണ്ടി വരുന്നു. അതിൽ നിന്നും കൊളറാ പോലുള്ള മാരകമായ രോഗം നാടുമുഴുവൻ പകരാൻ സാധ്യതയുണ്ട്. ദുരിതം അനുഭവിക്കുന്നവരെ അഴുക്കു കനാലുകളിലെ മലിന വെള്ളം കുടിക്കാൻ അനുവദിക്കാതെ ശുദ്ധജലം വിതരണം ചെയ്യേണ്ടി വരുന്നു. ആവശ്യം വന്നാൽ അടിയന്തിരമായി പകർച്ചവ്യാധിയിൽ നിന്നും അവരെ രക്ഷിക്കേണ്ടതായുമുണ്ട്. ഇക്കാര്യം തരൂർ ഐക്യരാഷ്ട്ര സംഘടനയിൽ ഉത്തരവാദിത്വപ്പെട്ടവരെ ബോധിപ്പിക്കുകയും അവർ കോളറ പ്രതിരോധത്തിനായി സഹായം നൽകാൻ തയ്യാറാവുകയും ചെയ്തു. വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ കൈവശം ഇരുപതു മില്യൺ വാക്സിൻ ഉണ്ടെന്നാണ് അറിയിച്ചത്. കോളറ തടയാനായി ഒരു പ്രതിരോധ സംവിധാനം നടപ്പാക്കണമെന്ന് ഇന്ത്യ പരിഗണിക്കുന്ന പക്ഷം അവർ സഹായിക്കാൻ തയ്യാറെന്നും തരൂർ അറിയിച്ചു. അങ്ങനെ ആവശ്യം വരുന്ന പക്ഷം തീരുമാനങ്ങൾ എടുക്കേണ്ടത് മുഖ്യമന്ത്രീയും കേന്ദ്ര ക്യാബിനറ്റുമാണ്. കേരളത്തിലെ പ്രഗത്ഭരായ ഡോക്ടർമാരുടെ നിർദ്ദേശങ്ങളും പരിഗണനയിൽ എടുക്കേണ്ടതായുണ്ട്. തരൂരിന്റെ ചർച്ചകളുടെ ഫലമായി വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ എല്ലാം സൗജന്യമായി നൽകാമെന്നും സമ്മതിച്ചിട്ടുണ്ട്.

കഴിഞ്ഞ കാലങ്ങളിൽ രാജ്യത്ത് വസന്ത പടരുന്ന കാലങ്ങളിൽ മരുന്നിനായി നെട്ടോട്ടം ഓടുമായിരുന്നു. ഇനി അങ്ങനെയുള്ള സാഹചര്യത്തിൽ മരുന്നുകൾ മാർക്കറ്റിൽ ദിവസങ്ങൾക്കുള്ളിൽ എത്തിക്കാൻ സാധിക്കുന്നതും ശ്രീ തരൂരിന്റെ ഐക്യരാഷ്ട്ര സംഘടനയിലുള്ളവരുമായ കൂടിക്കാഴ്ചയുടെ ഫലവത്തായ വിജയമായിരുന്നു. പിൽക്കാലങ്ങളിൽ, 'ഇങ്ങനെ വേൾഡ് ഹെൽത് ഓർഗനൈസേഷന്റെ കൈവശം മരുന്നുകൾ ഉണ്ടായിരുന്നുവെന്നും അക്കാര്യം അറിയില്ലായിരുന്നുവെന്നുമുള്ള' സംസ്ഥാനത്തിലെ അധികാരികളുടെ പ്രസ്താവനകൾ അപ്രസക്തമാകുന്നുവെന്നുള്ള വസ്തുത തരൂർ മുൻകൂട്ടി അറിയിക്കുകയും ചെയ്തു. 

കേരളത്തിലെ പ്രളയം കഴിഞ്ഞതിൽ പിന്നീട് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടിലേക്ക് നാടിന്റെ നാനാ ഭാഗത്തുനിന്നും വിദേശ രാജ്യങ്ങളിൽ നിന്നും പണം വരുന്നുണ്ട്. പല സംഘടനകളും ഫണ്ട് എവിടേക്ക് അയക്കണമെന്നുള്ള ആശയക്കുഴപ്പത്തിലാണ്. ഇതിനോടകം ഏകദേശം ആയിരം കോടിയിലധികം ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിക്ഷേപത്തിൽ ലഭിച്ചു കഴിഞ്ഞു. പണം അയക്കുന്നവർ മുഖ്യ മന്ത്രിയുടെ ഫണ്ടിൽ അയക്കണമെന്നാണ് തരൂർ അഭിപ്രായപ്പെടുന്നത്. അദ്ദേഹം അങ്ങനെ എല്ലാവരെയും ഉപദേശിക്കുകയൂം ചെയ്യുന്നു. വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ടുള്ള മുഖ്യമന്ത്രിയുടെ സമയോചിതമായ പ്രവർത്തനങ്ങളെയും തരൂർ പുകഴ്ത്തുന്നുണ്ട്.

പുനർനിർമ്മാണ പദ്ധതികൾക്കായി നാം വ്യാപൃതരാവുകയാണെങ്കിൽ പഴയതിനേക്കാൾ മെച്ചമായ രീതികളിൽ പദ്ധതികൾ ആവിഷ്‌ക്കരിക്കേണ്ടതായി വരുന്നു. പുതിയതായി വീടുകളും പാലങ്ങളും പണിതുയർത്തുമ്പോൾ കൂടുതൽ ബലവത്തായ രീതിയിലായിരിക്കണം. അടുത്ത മഴയത്ത് ഒലിച്ചു പോവുന്ന തരത്തിലായിരിക്കരുത്.  അനുഭവങ്ങളായിരിക്കണം നമ്മെ എന്നും മുമ്പോട്ട് നയിക്കേണ്ടത്. ഇത്രമാത്രം മഴ വീണ്ടും ഇങ്ങനെ പെയ്യുന്നുവെങ്കിൽ ഈ മഴവെള്ളത്തെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾക്കായി നാം വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും തേടേണ്ടതായുണ്ട്. ഭൂമിയുടെ ഘടനയെപ്പറ്റി ശാസ്ത്രീയമായി പഠിച്ചിരിക്കുകയും വേണം. അങ്ങനെയുള്ള വിദദഗ്ദ്ധ സഹായങ്ങളും വിദഗ്‌ദ്ധന്മാരെയും ഐക്യരാഷ്ട്രസംഘടന തരാൻ തയ്യാറെന്നും അറിയിച്ചതായി തരൂർ പറഞ്ഞു. നാശപ്പെട്ട കേരളം പുനരുദ്ധരിക്കുമ്പോൾ അതിനു മുമ്പായി ഒരു വിദഗ്ദ്ധ വിലയിരുത്തൽ അത്യാവശ്യമാണ്. അടുത്ത തവണ ഒരു പ്രളയം ഉണ്ടാവുന്ന പക്ഷം ഇത്രമാത്രം നഷ്ടങ്ങൾ ഉണ്ടാവാൻ പാടില്ല. വീടിന്റെ അടിത്തറകൾ തന്നെ ശക്തിയായി കെട്ടിപ്പൊക്കുന്ന വിധമായിരിക്കണം.  

'ഇന്ന് നാം കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കായി വിവിധ മേഖലകളിൽനിന്നും ഫണ്ടുകൾ ശേഖരിക്കുന്നു. അതുപോലെ ജനങ്ങൾക്ക് നിത്യോപയോഗ പ്രദമായ സാധന സാമഗ്രികളും ശേഖരിക്കുന്നു. നല്ല രീതിയിൽ വിതരണവും ചെയ്യുന്നുണ്ട്. ഈ ദുർഘട നിമിഷങ്ങളിൽ ഏത് പാർട്ടി, ഏതു മതമെന്ന് ആരും ചിന്തിച്ചില്ല. ആരാണ് ഭരിക്കുന്നതെന്നും ആരുമാരും ചിന്തിച്ചില്ല. മലയാളികളുടെ ഐക്യദാർഢ്യത്തിന്റെ ദിനങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ കടന്നു പോയത്.' ഇന്നത്തെ ലക്‌ഷ്യം സർക്കാരുമായി സഹകരിക്കുകയെന്നതാണെന്നും ശ്രീ തരൂർ പറഞ്ഞു. അങ്ങനെ താൽക്കാലികമായ ആശ്വാസം നേടിയെടുക്കണം. നഷ്ടപ്പെട്ടതെല്ലാം നീണ്ടകാല പദ്ധതികളിൽക്കൂടി വീണ്ടെടുക്കാനുള്ള പ്രയത്നങ്ങളും ആരംഭിക്കേണ്ടതായുണ്ട്.

അന്തർദേശീയ സഹായങ്ങൾ നാം തേടിയാൽ അത് രാജ്യത്തിനു മാനക്കേടെന്നു കരുതിയാണ് കേന്ദ്രം രാജ്യത്തിനു വേണ്ടിയുള്ള ദുരിതാശ്വാസ സഹായങ്ങൾ നിക്ഷേധിക്കുന്നത്. അതിനും തരൂർ വ്യക്തമായ മറുപടി ഗുജറാത്തിലെ ഭൂമികുലുക്കം ഉദാഹരണമായി ചൂണ്ടി കാണിച്ച് പറയുന്നുണ്ട്. അന്തർദേശീയ സഹായം എപ്പോഴെല്ലാം ആവശ്യം വരുന്നുവെന്ന കാര്യങ്ങളും അദ്ദേഹം വിവരിക്കുന്നുണ്ട്. അന്ന് ഗുജറാത്തിന് ലഭിച്ച വിദേശ സഹായം 1.7 ബില്യൺ ഡോളറായിരുന്നു. അത്തരം അന്തർദേശീയ സഹായം കൊണ്ടാണ് ഗുജറാത്തിലെ ഭൂമി കുലുക്കം മൂലമുണ്ടായ ദുരിത പ്രദേശങ്ങളെ നവീകരിക്കാൻ സാധിച്ചത്. അതിൽ നമുക്ക് ഐക്യരാഷ്ട്രസഭയിൽ നിന്നും നാൽപ്പത്തി രണ്ടു മില്യൺ ഡോളർ ലഭിച്ചിരുന്നതും തരൂർ ചൂണ്ടി കാണിക്കുന്നുണ്ട്. ഗുജറാത്തിൽ ഭൂമി കുലുക്കമുണ്ടായ സന്ദർഭത്തിൽ മൻമോഹൻ സിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. ഗുജറാത്തിനു ദുരിത നിവാരണത്തിൽനിന്നും രക്ഷപെടാൻ പുറം രാജ്യങ്ങളുടെ സഹായം ആവശ്യമായിരുന്നു. ഇന്ത്യ വിദേശ രാജ്യങ്ങളുടെ സഹായം അഭ്യർത്ഥിക്കുകയും സ്വീകരിക്കുകയും ചെയ്തു. അതേ സമയം 2004-ൽ സുനാമി വന്ന ദിനങ്ങളിൽ സർക്കാരിന് വിദേശ സഹായം ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചു. സുനാമി ബാധിത പ്രദേശങ്ങളിലെല്ലാം ആവശ്യമായ സഹായങ്ങൾ സർക്കാർ നൽകി. കേന്ദ്ര സഹായത്തോടെ നഷ്ടപ്പെട്ട നാശനഷ്ടങ്ങൾ പുനരുദ്ധരിക്കുകയും ചെയ്തു. പുതിയ കെട്ടിടങ്ങളും റോഡുകളും പണിതു. അന്ന് അന്താരാഷ്ട്ര സഹായം ആവശ്യമുണ്ടായിരുന്നില്ല.

ഇന്ന് കേരളത്തിൽ നമ്മുടെ ആവശ്യങ്ങളെ പരിഹരിക്കാനുള്ള മാർഗങ്ങളാണ് ആരായേണ്ടത്. അതിൽ കേന്ദ്രത്തിന് സംസ്ഥാനത്തെ സഹായിക്കാൻ എത്രമാത്രം സാധിക്കുമെന്ന് ചിന്തിക്കണം. സ്ഥിതിഗതികൾ സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും നിയന്ത്രണത്തിലെങ്കിൽ വിദേശ സഹായം തേടേണ്ട ആവശ്യം വരുന്നില്ല. ദുരിതങ്ങൾ സംഭവിക്കുന്ന കാലങ്ങളിൽ വിദേശ സഹായം സ്വീകരിക്കേണ്ട എന്ന ഒരു നിയമം മൻമോഹൻ സിംഗിന്റെ കാലത്തുണ്ടായിരുന്നില്ല. എന്നാൽ 2016-ൽ ഇന്നത്തെ സർക്കാർ ദേശീയ ദുരന്തം സംഭവിക്കുന്ന കാലങ്ങളിൽ വിദേശത്തുനിന്ന് സഹായം മേടിക്കണ്ടായെന്നു ഒരു തീരുമാനത്തിലെത്തിയിരുന്നു. ദുരിതങ്ങൾ ഉണ്ടാവുമ്പോൾ മറ്റൊരു രാജ്യത്തോട് സഹായം ആവശ്യപ്പെടില്ലെന്നായിരുന്നു തീരുമാനം. 

കേന്ദ്ര ദുരിതാശ്വാസ വകുപ്പ് കേവലം വിദേശ സഹായം സ്വീകരിക്കുന്നത് നിയമപരമല്ലെന്നു കരുതാം. അന്തർ ദേശീയ സഹായത്തിന് നാം ആവശ്യപ്പെടുകയില്ല. പക്ഷെ സഹായം തന്നാൽ നമുക്ക് സ്വീകരിക്കുന്ന പതിവുണ്ട്. കേരളത്തിന് മറ്റൊരു രാജ്യം സഹായം നൽകാമെന്ന് വാഗ്ദാനം ചെയ്തപ്പോൾ പ്രധാനമന്ത്രിയുടെ വക്താവ് വന്നിട്ട് ഇത് നിയമപ്രകാരമല്ലെന്ന് പറയുന്നതും യുക്തമല്ല. യു.എ.ഇ എന്ന രാഷ്ട്രത്തിൽനിന്നും സഹായ വാഗ്ദാനം ലഭിച്ചിട്ടുണ്ടെങ്കിൽ അത് മറ്റൊരു വിദേശ രാജ്യവുമായുള്ള പ്രശ്നമായി കണക്കാക്കാം. എന്നാൽ ഐക്യരാഷ്ട്രസംഘടന എന്ന് പറയുന്നത് നമ്മുടെ സംഘടനയാണെന്ന് തരൂർ ഓർമ്മിപ്പിക്കുന്നു.

തരൂർ പറയുന്നു, "നമ്മളും ഐക്യ രാഷ്ട്ര സഭയിലെ അംഗങ്ങളാണ്. അവിടെ ഒരു വലിയ വിഭാഗം ഇന്ത്യൻ ജനങ്ങൾ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു. ആ സ്ഥിതിക്ക് ഐക്യരാഷ്ട്രസംഘടനയെ ഒരു വിദേശമെന്നു കണക്കാക്കുവാൻ സാധിക്കില്ല. ഇന്ത്യ ഐക്യരാഷ്ട്രസംഘടനയിൽ ഒരു അംഗം എന്ന നിലയിൽ സഹായം തേടുന്നതിൽ ഒരു നാണക്കേടും വിചാരിക്കേണ്ട കാര്യമില്ല. ഐക്യരാഷ്ട്രസഭയോട് നാം കാര്യങ്ങൾ ആവശ്യമുണ്ടെന്ന് പറഞ്ഞാൽ അവർ തന്നെ വാഗ്ദാനങ്ങളുമായി വന്നെത്തും. അല്ലാതെ കൈനീട്ടി സഹായം ആവശ്യപ്പെടേണ്ടി വരുന്നില്ല. അവർ അങ്ങനെ ഒരു വാഗ്ദാനം തന്നു കഴിഞ്ഞാൽ നമുക്ക് വേണോ വേണ്ടയോ എന്ന് പറയേണ്ട ആവശ്യമേ വരുന്നുള്ളൂ. കേരളത്തെ സഹായിക്കാൻ അവർ തയ്യാറാണ്."

ഇന്ന് രാഷ്ട്രീയക്കാരുടെയിടയിൽ നടക്കുന്ന ചർച്ചകളും വിവാദങ്ങളും അനാവശ്യമായ സമയനഷ്ടമായി തരൂർ ചിന്തിക്കുന്നു. 'ജനങ്ങൾക്ക് ആവശ്യമുള്ളത് എന്തെന്ന് നോക്കുക. നമുക്ക് പുനരുദ്ധാരണ പ്രവർത്തനങ്ങൾ മറ്റു സഹായമില്ലാതെ ചെയ്യാൻ കഴിയുമെങ്കിൽ അങ്ങനെയുമാവാം. അത്തരം സാഹചര്യങ്ങളിൽ നമുക്ക് ദുരിത നിവാരണ പ്രവർത്തനങ്ങൾക്കുള്ള മാർഗങ്ങൾ സ്വയം കണ്ടെത്തുവാൻ സാധിച്ചുവെന്നു അഭിമാനത്തോടെ പറയാനും സാധിക്കും. നമ്മുടെ ആവശ്യങ്ങൾ വിലയിരുത്തി അതിൽ എത്രമാത്രം നഷ്ടം വന്നുവെന്നും കണക്കുകൂട്ടി നഷ്ടങ്ങൾ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും വഹിക്കാൻ സാധിക്കില്ലെങ്കിൽ എന്തുകൊണ്ട് അന്തർദേശീയ സഹായം സ്വീകരിച്ചു കൂടാ? മാത്രവുമല്ല, നമ്മുടെ ആളുകൾ അനേകർ വിദേശത്ത് ജോലി ചെയ്യുന്നു. ആവശ്യമുള്ള വിദേശപ്പണം ലഭിക്കുന്ന സാധ്യതകൾ മാത്രമേ നാം ആരായുന്നുള്ളൂ. നമ്മുടെ സർക്കാരിന് വഹിക്കാൻ സാധിക്കുന്നില്ലെങ്കിൽ ആ പണം പുറം രാജ്യങ്ങളിൽ നിന്നും തേടുന്നതിൽ യാതൊരു സങ്കോചവും ഉണ്ടാവേണ്ട ആവശ്യമില്ല.'

ആഗോള താപവ്യതിയാനം കേരളത്തിലും നല്ലവണ്ണം അനുഭവപ്പെടുന്നുണ്ട്. അങ്ങനെയുള്ള സാഹചര്യത്തിൽ മഴ ഏതു കാലത്തും വരാൻ സാധ്യതയുണ്ട്. നാം എക്കാലവും പ്രതീക്ഷിച്ച മഴയെക്കാളും രണ്ടര ഇരട്ടിയാണ് ഇക്കൊല്ലം പെയ്തത്. അതുപോലെ വീണ്ടും സംഭവിക്കാവുന്ന സാഹചര്യങ്ങളാണ് കേരളത്തിലുള്ളത്. ഇതിൽ മനുഷ്യ നിർമ്മിതമായ ചില കാരണങ്ങളും ഉണ്ട്. നമുക്ക് പ്രകൃത്യാ വെള്ളം ഒഴുകുന്ന കനാലുകളും ഭൂപ്രകൃതിയുമുണ്ട്. കനാലുകളിൽ നിന്നും വെള്ളം നദികളിലേക്കും പിന്നീട് കായലുകളിലും സമുദ്രത്തിലേക്കും പതിക്കുന്നു. വെള്ളത്തിന്റെ ഒഴുക്കുപാച്ചിലിൽ മാലിന്യം എറിഞ്ഞിട്ടോ, കെട്ടിടങ്ങൾ പണി തീർത്തിട്ടോ മനുഷ്യ നിർമ്മിതമായ വസ്തുക്കൾ വഴിയോ തടസങ്ങൾ ഉണ്ടാകുന്നു. ഈ പ്രകൃതി ദുരന്തങ്ങൾ സംഭവിച്ചെന്ന കാര്യങ്ങളിൽ എത്രമാത്രം സത്യം ഉണ്ടെന്നുള്ളതും നാം അറിയണം. അടുത്ത തവണ പ്രളയം വരാതിരിക്കാനുള്ള മാർഗങ്ങൾ അറിയുകയും വേണം. 

ഇന്ന് നാശോന്മുഖമായ ഈ കെട്ടിടങ്ങൾ പണി തീർത്തത് ഓരോ കാലഘട്ടത്തിലും അശാസ്ത്രീയമായിട്ടായിരിക്കാം. നമ്മൾ വെള്ളപ്പൊക്ക വഴികളുടെ ഒരു ഭൂപടം തയ്യാറാക്കാതെ കെട്ടിടങ്ങൾ പണിതീർത്തിട്ടുണ്ടെങ്കിൽ നാളെയും ഇത്തരം വെള്ളപ്പൊക്കം വരാൻ സാധ്യതയുണ്ട്. നമ്മുടെ തെറ്റുകളെ മനസിലാക്കാൻ സാധിച്ചില്ലെങ്കിൽ നാളെ എങ്ങനെ നാം പ്രളയ നിരോധന മാർഗങ്ങളെപ്പറ്റി അറിയും. 'രാഷ്ട്രീയം ഒന്നും ഇല്ലാതെ ഉദ്യോഗസ്ഥ മേധാവിത്വം ഇല്ലാതെ എല്ലാവർക്കും സമ്മതമായ ഒരു അന്വേഷണം ആവശ്യമാണെന്നും' തരൂർ അഭിപ്രായപ്പെടുന്നു. അതെല്ലാം അന്തർ രാഷ്ട്ര പ്രാവിണ്യമുള്ളവരെക്കൊണ്ടു അന്വേഷിപ്പിക്കേണ്ടതായുമുണ്ട്. ഡാം മാനേജുമെന്റ് പഠിച്ച വിദഗ്ദ്ധരെ  അന്വേഷണത്തിനായി നിയമിക്കണം. 'ഇന്നലെ സംഭവിച്ചത് മനസിലാക്കിയില്ലെങ്കിൽ നാളെ എങ്ങനെ വീണ്ടും സംഭവിക്കാൻ പോവുന്നത് മനസിലാക്കാൻ സാധിക്കുമെന്നും' തരൂർ ചോദിക്കുന്നു. 

വിദേശത്തും സ്വദേശത്തുനിന്നുമായി അയക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിക്ഷേപിക്കണമെന്ന് ശ്രീ തരൂർ പറയുന്നുണ്ടെങ്കിലും ഫണ്ട് മാനേജ്‌മെന്റിനെപ്പറ്റി തരൂർ അഭിപ്രായങ്ങൾ ഒന്നും പറയുന്നില്ല. കഴിഞ്ഞകാല അനുഭവങ്ങൾ വെച്ച് മുഖ്യമന്ത്രിയുടെ ഈ ഫണ്ട് അർഹരായവർക്ക് ലഭിച്ചില്ലെന്നുമുള്ള പരാതികൾ നാടിന്റെ നാനാഭാഗത്തുനിന്നും വരുന്നുണ്ട്. കേരളത്തിൽ ദുരന്തങ്ങൾ സംഭവിക്കുന്ന കാലങ്ങളിലെല്ലാം സഹായങ്ങൾ നൽകാറുള്ളത് മുഖ്യമന്ത്രിയുടെ ഫണ്ടിൽ നിന്നാണ്. പല സന്ദർഭങ്ങളിലും ഇത്തരം ഫണ്ടുകൾ സർക്കാരിന്റെ ചുവപ്പുനാടകളുടെ കുരുക്കിൽപ്പെട്ടു ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളുണ്ട്. പലപ്പോഴും അർഹരായവർക്ക് ഫണ്ട് ലഭിക്കുകയുമില്ല.

ഓരോ ഫണ്ടുകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിൽ എത്തുന്നത് പ്രത്യേകമായ ഒരു ഉദ്ദേശത്തോടെയായിരിക്കും. ഇപ്പോൾ സ്വരൂപിച്ചിരിക്കുന്ന ഫണ്ട് പ്രളയ ദുരിതർക്കുവേണ്ടിയുള്ള ക്ഷേമാന്വേഷണത്തിനായിട്ടാണ്. ഈ ഫണ്ട് മറ്റു ദുരിതാശ്വാസ കാര്യങ്ങൾക്കായി ഉപയോഗിക്കില്ലെന്ന് സർക്കാർ ഉറപ്പു നൽകേണ്ടിയിരിക്കുന്നു. സർക്കാർ ദുരന്ത സാഹചര്യങ്ങളിൽ പ്രത്യേകമായ ഒരു ഫണ്ട് രൂപീകരിക്കുന്ന പക്ഷം ഫണ്ടിന്റെ ശരിയായ വിനിയോഗത്തെ ശ്രദ്ധിക്കുകയും വേണം. സുനാമി ഫണ്ട് രൂപീകരിച്ചപ്പോൾ അർഹരായവർക്ക് കൊടുക്കാതെ ഇടുക്കിയിലും പാലായിലുമുള്ളവർക്ക് ഫണ്ട് വിനിയോഗിച്ചതായ ചരിത്രവുമുണ്ട്. കടലുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾക്കായി ഫണ്ട് ദുരുപയോഗം ചെയ്തിട്ടും അതിന്റെ പേരിൽ ഒരു അന്വേഷണവും നടന്നിട്ടില്ല. ഒക്കി ഫണ്ട് സമാഹരിച്ചിട്ടും അതിന്റെ പകുതിയോളം ഫണ്ട് മാത്രമേ ഉപയോഗിക്കാൻ സാധിച്ചുള്ളൂവെന്ന് മുഖ്യമന്തി നിയമസഭയിൽ പറയുകയും ചെയ്തു. ഇങ്ങനെ സ്വരൂപിക്കുന്ന ഫണ്ട് ഏതെങ്കിലും ഉദ്യോഗസ്ഥന്റെയോ രാഷ്ട്രീയ നേതാവിന്റെയോ പ്രേരണയാൽ നഷ്ടപ്പെടാനും പാടില്ല. അർഹപ്പെട്ടവരെ സഹായിക്കുമ്പോൾ സംഭാവന കൊടുക്കുന്നവക്ക് കൂടുതൽ ആത്മവിശ്വസം ലഭിക്കേണ്ടതായുമുണ്ട്. ഫണ്ട് നൽകുന്നവർക്ക് ആത്മവിശ്വാസം നൽകുന്ന രീതിയിലല്ല ഇന്നത്തെ മുഖ്യമന്ത്രിയുടെ ഫണ്ടിന്റെ വിതരണം. അത് കഴിഞ്ഞ കാല അനുഭവങ്ങളിൽനിന്നും വ്യക്തവുമാണ്.

നിയമസഭയിൽ ഫണ്ടുകൾ സംബന്ധിച്ച ചർച്ചകൾ അടുത്ത ദിവസങ്ങളിലുണ്ടായിരുന്നു. കോടികൾ മുടക്കിയ ശേഷമുളള ഈ സമ്മേളനം ക്രിയാത്മകമായ തീരുമാനങ്ങൾ ഒന്നും എടുക്കാതെ പിരിയുകയും ചെയ്തു. പരസ്പ്പരം രാഷ്ട്രീയ പാർട്ടികൾ ചെളി വാരി എറിഞ്ഞതല്ലാതെ കാര്യപ്രസക്തമായ ചർച്ചകളൊന്നും മുഖവിലക്കെടുത്തില്ല.

(കടപ്പാട്: തരൂരിന്റെ വീഡിയോ സംഭാഷണങ്ങൾ )












കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...