Saturday, March 21, 2020

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

WASHINGTON DC, USA - FEBRUARY 26: U.S. President Donald Trump holds a press conference announcing U.S. Vice President Mike Pence to lead the effort combating the spread of the coronavirus in Washington DC, United States on February 26, 2020. (Photo by Yasin Ozturk/Anadolu Agency via Getty Images)

ജോസഫ് പടന്നമാക്കൽ

കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുതീ പോലെ പടർന്നു വരുന്ന കൊറോണയെ പ്രതികരിക്കുകയെന്നത് രാഷ്ട്രത്തിലെ ഓരോ പൗരന്റെയും കടമയാണ്. ആഘോഷങ്ങളും പാർട്ടികളും അമേരിക്കയിൽ നിയന്ത്രിച്ചിരിക്കുകയാണ്.  കടകളെല്ലാം പ്രവർത്തന രഹിതമായി മാറിയിരിക്കുന്നു.  ക്രയവിക്രയങ്ങൾ ഇല്ലാതെ മനുഷ്യരുടെ 'കയറ്റം ഇറക്കം' കുറഞ്ഞിരിക്കുന്നു.  കൊറോണ വൈറസ് മൂലം സ്റ്റോക്ക് മാർക്കറ്റ് ചരിത്രത്തിൽ തന്നെ വലിയ ഇടിവ് ഉണ്ടാക്കിയിരിക്കുന്നു. എങ്കിലും ദൈനം ദിന ജീവിതത്തിൽ  ചിലരുമായി സഹകരണം  കൂടിയേ തീരൂ. ഡോക്ടർമാരുടെ ഓഫിസ് സന്ദർശനം, ഷോപ്പിംഗ്, തലമുടി വെട്ടിക്കൽ ഇത്യാദി  ഒഴിച്ചുകൂടാൻ സാധിക്കാത്ത  നിത്യജീവിതത്തിന്റെ ഭാഗങ്ങളാണ്.

ലോകം മുഴുവൻ പടർന്നുപിടിച്ചിരിക്കുന്ന 'കൊറോണ  വൈറസ്'  ഏതൊരു  രാജ്യത്തിന്റെയും  അടിയന്തിരാവസ്ഥയ്ക്ക് തുല്യമായ ഒരു സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്.  പരിഷ്കൃത രാജ്യങ്ങൾ പോലും കൊറോണയെ എങ്ങനെ നേരിടാമെന്നറിയാതെ പകച്ചു നിൽക്കുകയാണ്. 'ഒരു യുദ്ധകാലവസ്ഥ  പോലെ  പടർന്നിരിക്കുന്ന കൊറോണ എന്ന മാരക രോഗത്തെ എതിരിടണമെന്നാണ്' പ്രസിഡന്റ് ട്രംപ് രാഷ്ട്രത്തോടായി ആഹ്വാനം ചെയ്തത്. ഒരു യുദ്ധം വരുമ്പോൾ സാധാരണ പ്രതിരോധ സംവിധാനങ്ങൾക്ക് ഏതൊരു രാജ്യവും  ഒരുങ്ങാറുണ്ട്. ഒന്നാം ലോക മഹായുദ്ധത്തിലും രണ്ടാം ലോക മഹായുദ്ധത്തിലും ശത്രുകളുടെ  പാളയം കീഴടക്കിയ ശേഷമായിരുന്നില്ല,  യുദ്ധകാഹളവുമായി രാജ്യങ്ങൾ രംഗപ്രവേശനം ചെയ്തത്. ട്രംപ് ഒരു യുദ്ധ കാല പ്രസിഡണ്ടിന്റെ സ്ഥാനം അവകാശപ്പെടുന്നുണ്ടെങ്കിലും അതിനുള്ള തയ്യാറെടുപ്പുകളിൽ അമാന്തിക്കുന്നു. കൊറോണ വൈറസ് പ്രതിരോധത്തിന് സജ്ജമാകണമെങ്കിൽ ദേശീയ ലെവലിൽ മുഴുവനായി രോഗം ബാധിക്കണമെന്ന അഭിപ്രായത്തിലേക്ക് അദ്ദേഹം നീങ്ങുകയാണ്.

കോറോണവൈറസ് ലക്ഷണങ്ങൾ  (COVID-19) തുടക്കത്തിൽ തിരിച്ചറിയുവാൻ പ്രയാസമായിരിക്കും. മൂക്കൊലിപ്പ്, തൊണ്ണവേദന, കഫം, പനി എല്ലാം ആദ്യ ലക്ഷണങ്ങളാണ്. രോഗലക്ഷണം വർദ്ധിക്കുമ്പോൾ ശ്വാസം മുട്ടലുകളും അനുഭവപ്പെടും.  വളരെ അപൂർവമായി മാത്രമേ ഈ 'വൈറസ്' ജീവനു  ഭീക്ഷണിയായി അപകടകാരിയാവുള്ളൂ. ആരോഗ്യമുള്ള ശരീര പ്രകൃതിയുള്ളവർക്ക് അധികം ഭയപ്പെടേണ്ടതില്ല. എന്നാൽ പ്രായമായവരും ആസ്മ, ഡയബറ്റിക്‌സ് ഉള്ളവരും ഹൃദ്രോഗം ഉള്ളവരും ശ്രദ്ധിക്കണം. ഇമ്മ്യൂണിറ്റി കുറവായതിനാൽ അത്തരക്കാർക്ക് വൈറസ് പിടിപെട്ടാൽ അവരുടെ ആരോഗ്യം വളരെ മോശമാകാൻ സാധ്യതയുണ്ട്. ന്യുമോണിയായും ബാധിക്കാം.

ചൂടുള്ള പ്രദേശമാണെങ്കിലും തണുപ്പുള്ള പ്രദേശമാണെങ്കിലും കൊറോണ വൈറസിന് വ്യത്യാസമില്ലെന്ന് അതിന്റ വ്യാപ്തി തെളിയിച്ചു കഴിഞ്ഞു. അതി ശൈത്യത്തിനും സ്നോയ്ക്കും ഈ വൈറസിനെ കൊല്ലാൻ സാധിക്കില്ല. സോപ്പും വെള്ളവും ഉപയോഗിച്ച് കൂടെ കൂടെ കൈകൾ കഴുകുകയെന്നതാണ് ഈ വൈറസിനുള്ള പ്രതിവിധി. 'കോവിഡ് 19' എന്ന് പേരിട്ടിരിക്കുന്നത് കൊറോണ വൈറസ് 2019 -ൽ മനുഷ്യ ശരീരത്തിൽ  കണ്ടുപിടിച്ചതുകൊണ്ടാണ്. ഈ വൈറസ്  മൃഗങ്ങളിലും മനുഷ്യരിലും പകരാം. രോഗം വഷളാവുമ്പോൾ കിഡ്‌നി പരാജയവും മരണം വരെയും സംഭവിക്കാം.ന്യൂമോണിയയ്ക്കുള്ള കുത്തിവെപ്പുകൊണ്ട് 'കൊറോണ' വൈറസിന് പ്രയോജനപ്പെടുകയില്ല. ഗവേഷകർ കൊറോണായ്ക്കുള്ള പുതിയ മരുന്ന് കണ്ടുപിടിക്കാനായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. കൊറോണ വൈറസ് ബാധിച്ചാൽ 'ആന്റി ബയോട്ടിക്കും' ഫലപ്രദമല്ല.  കൊറോണ ബാധിച്ചവർ ഏകാന്തമായി  മറ്റുള്ളവരിൽ നിന്നും അകന്നുള്ള വിശ്രമത്തിൽ ഏർപ്പെടണം.

രണ്ടാം ലോകമഹായുദ്ധത്തിലെ 'ഫ്രാൻക്ലിൻ റൂസ്‌വെൽറ്റിനെ'പ്പോലെ  ഹീറോ ആവണമെങ്കിൽ ട്രംപിന് കൊറോണ വൈറസിനെ വ്യാപിച്ചു, ശക്തികൂട്ടി പ്രതിരോധം തുടങ്ങേണ്ടിയിരിക്കുന്നു. എങ്കിലേ അമേരിക്കയുടെ ശക്തനായ ഒരു കമാണ്ടർ ഇൻ ചീഫ് എന്ന സ്ഥാനത്ത് എത്താൻ സാധിക്കുള്ളൂ. തിരഞ്ഞെടുപ്പ് വേളകളിലെല്ലാം വാചാലമായി അദ്ദേഹം സംസാരിക്കാറുണ്ട്. പ്രസംഗങ്ങൾ യുദ്ധകാല രാഷ്ട്രതന്ത്രജ്ഞരായ  ചർച്ചിലിനെയും റൂസ്‌വെൽറ്റിനെയും കിടപിടിക്കുന്നതാണ്. "ത്യാഗങ്ങളിൽക്കൂടി കൊറോണയോട് നാം മല്ലടിക്കണം. നാം ഒന്നായി പ്രവർത്തിക്കണം. നാം എല്ലാം ഒന്നാണ്. ഈ അജ്ഞാത ശത്രുവിനെ നാം തോൽപ്പിക്കും. നാം വിചാരിക്കുന്നതിലും അതിവേഗം ഈ രോഗത്തെ തരണം ചെയ്യും. പൂർണ്ണമായ വിജയം നേടും. അത് നമ്മുടെ സർവകാല വിജയത്തേക്കാളും അത്യുജ്ജല വിജയമായിരിക്കുമെന്ന്"  ഒരു ഐതിഹാസിക  യുദ്ധ തന്ത്രജനെപ്പോലെ ട്രംപ് ചിലപ്പോൾ സംസാരിക്കാറുണ്ട്.

കൊറോണാ വയറസിനൊപ്പം പ്രസിഡണ്ടിന് മറ്റു വിദേശ  ശത്രുക്കളെയും നേരിടേണ്ടതായുണ്ട്. ഈ പകർച്ച വ്യാധി ലോകത്ത് വ്യാപിക്കാൻ കാരണം ചൈനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതിൽ ചൈനീസ് ഭരണകൂടം  അമേരിക്കയോട് കടുത്ത വിരോധവും പുലർത്തുന്നു. മൂന്നുനാലു പ്രസ്സ് റിപ്പോർട്ടർമാരെ ചൈന പുറത്താക്കുകയും ചെയ്തു. കൊറോണ വയറസിനെ രാഷ്ട്രീയവൽക്കരിച്ചുകൊണ്ടുള്ള പ്രസ്താവനയാണ് അമേരിക്ക നടത്തുന്നതെന്ന് ചൈന കുറ്റപ്പെടുത്തുകയും ചെയ്തു. 'അമേരിക്കയെ ആക്രമിക്കുന്നത് കാണപ്പെടാത്ത കൊറോണാ  വൈറസ് മാത്രമല്ല, ചൈനക്കാരുമുണ്ടെന്ന്' ട്രംപിന്റെ പ്രസ്താവന ചൈനക്കാരെ കുപിതരാക്കിയിരുന്നു.  അതേ സമയം 'ജോ ബൈഡൻ' ചൈനയുടെ വശം ചേർന്നുള്ള  പ്രസ്താവനകളും ഇറക്കുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ സ്ഥിതി ഗതികൾ ഗൗരവമായി എടുക്കുമെന്ന പ്രതീക്ഷയിൽ ട്രംപിനെതിരെ ശക്തിയായുള്ള  വിമർശനങ്ങളും അമേരിക്കൻ ജനതയിൽ തുടരുന്നു.

കൊറോണ വൈറസിനെ തടയാനായി ഒരു വാക്‌സിൻ ഇന്നുവരെ മാർക്കറ്റിൽ വന്നിട്ടില്ല. കണ്ടുപിടിച്ചിട്ടുമില്ല. നാം തന്നെ വൈറസ് പിടിപെടാതെ നമ്മുടെ ദിനചര്യകൾക്ക് മാറ്റം വരുത്തേണ്ടതായുണ്ട്. വളരെ ശ്രദ്ധാപൂർവം സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട അടിയന്തിര സാഹചര്യമാണ് ഇന്ന് ഓരോരുത്തരും അഭിമുഖീകരിക്കുന്നത്. അസുഖം  വരാതെ മനുഷ്യ സമ്പർക്കം കഴിയുന്നതും കുറയ്ക്കുക എന്നുള്ളതാണ് ഏറ്റവും വലിയ പ്രതിവിധി. കൊറോണ ബാധയുള്ള പ്രദേശങ്ങളിൽ  രോഗം തടയാനുള്ള മാർഗങ്ങൾക്കായി മെഡിക്കൽ ബുള്ളറ്റിനിലും ഡോക്ടർമാർ പറഞ്ഞതുമായ അഭിപ്രായങ്ങൾ താഴെ അക്കമിട്ടു കുറിക്കുന്നു.

1. കൊറോണ  വൈറസ് ബാധിക്കുന്നത് സാധാരണ വൈറസു ബാധിച്ച മറ്റൊരാളിൽ നിന്നായിരിക്കും.  അസുഖം ബാധിച്ചവരുമായി ഇടപെടേണ്ടി വരുന്നുവെങ്കിൽ ആറടി അകലം പാലിക്കേണ്ടതും ആവശ്യമാണ്. കൂടുതൽ അടുത്ത് നിൽക്കുംതോറും വൈറസ് ചാടിപിടിക്കാൻ സാധ്യത കൂടുകയും ചെയ്യും. അടുത്തുനിന്നു  രോഗം ബാധിച്ചവർ മൂക്കുചീറ്റുകയോ കഫം തുപ്പുന്നതു  തെറിക്കുകയോ ചെയ്‌താൽ വൈറസ് പകരാൻ സാധ്യതയുണ്ട്.  സമീപത്തുള്ളവരുടെ 'തുപ്പൽ' മൂക്കിലോ വായിലോ തെറിച്ചാൽ  അത് ശ്വസിക്കുകയും  വൈറസ് പകരുകയും ചെയ്യാം.  ശ്വാസ കോശത്തിന് തകരാറു വരുന്നതുമൂലം ശ്വസിക്കാനും ബുദ്ധിമുട്ടു വരും.

2. വൈറസ് അണുബാധ ശരീരത്തിൽ  പിടിച്ചിട്ടില്ലെങ്കിൽ മുഖം മൂടി ധരിക്കേണ്ട ആവശ്യമില്ല. എങ്കിലും  അസുഖം ഉള്ളവരെ പരിചരിക്കേണ്ട ആവശ്യം വരുമ്പോൾ മാസ്ക്ക് ധരിക്കേണ്ടതായി വരും. ശുശ്രുഷ കൾ ചെയ്യുന്നവർക്കായി ഫേസ് മാസ്‌ക്ക് കരുതൽ ആവശ്യമാണ്.

3. നമ്മൾ സ്പർശിക്കുന്ന സ്ഥലങ്ങൾ ദിവസവും ക്ളീൻ ചെയ്തുകൊണ്ടിരിക്കണം.  മേശ, വാതിൽ നോബുകൾ, (Knobs) സ്വിച്ചുകൾ, ഫോൺ, കംപ്യുട്ടർ കീ ബോർഡ്, ടോയ്‌ലറ്റ്, ഫോസെറ്റ്, സിങ്ക് എപ്പോഴും കഴുകി വെടിപ്പാക്കികൊണ്ടിരിക്കണം.  വൃത്തിയാക്കാൻ ഡിറ്റർജെന്റ് സോപ്പും വെള്ളവും ഉപയോഗിക്കണം.

4. ജോലി സ്ഥലത്തുനിന്നു വീട്ടിൽ വന്നാലും ദിവസവും ദേഹശുദ്ധി വരുത്തുകയും  കഴുകി വൃത്തിയാക്കിയ വസ്ത്രങ്ങൾ  മാറി മാറി ധരിക്കുകയും വേണം.  കൈകൾ കൂടെക്കൂടെ കഴുകിക്കൊണ്ടിരിക്കണം.  പൊതുസ്ഥലങ്ങളിലാണെങ്കിൽ കൈകൾ വൃത്തിയാക്കുന്ന കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.  പ്രത്യേകിച്ച് മൂക്ക് ചീറ്റേണ്ട  അവസ്ഥയോ കഫം പുറമെ കളയേണ്ട സ്ഥിതി വിശേഷമോ വരുന്നുവെങ്കിൽ കൈകൾ ശുദ്ധി വരുത്തേണ്ടത് അത്യാവശ്യമാണ്. സോപ്പുകൾ കൈവശമില്ലെങ്കിൽ  'ആൽക്കഹോൾ നാപ്ക്കിൻ' ഉപയോഗിക്കണം.  കഴുകാത്ത കൈകളാണെങ്കിൽ കണ്ണ്, മൂക്ക്, വായ് സ്പർശിക്കാതെ ഇരിക്കുക. തുടർച്ചയായ കൈകഴുകൽ, ജീവിതശൈലികളാക്കണം.

5. അസുഖമായവരുടെ സമീപത്ത് നിൽക്കാതിരിക്കുക. ആരോഗ്യം കുറഞ്ഞവർ ആൾകൂട്ടത്തിൽ നിന്നും അകന്നു നിൽക്കണം. വൈറസ് പിടിച്ചവർ വീട്ടിൽ തന്നെ വിശ്രമം എടുക്കുക. മെഡിക്കൽ കാര്യങ്ങൾക്കു മാത്രമേ പുറത്തു പോവാൻ പാടുള്ളൂ.

6. തുമ്മുമ്പോൾ 'ടിഷ്യു' കൈവശം ഇല്ലെങ്കിൽ  കൈകൾ കൊണ്ട്  മുഖം മൂടി തുമ്മണം. ടിഷ്യുകൾ ഉടൻ ട്രാഷ് കാനിൽ നിക്ഷേപിക്കുകയും വേണം.

7. അസുഖം ബാധിച്ചവരുടെ കാറിൽ സഞ്ചരിക്കേണ്ടി വന്നാലും മാസ്ക്ക് ധരിച്ചിരിക്കണം.

8. പ്രായമായവർക്കും കഠിനമായ അസുഖം ഉള്ളവർക്കും ശ്വാസ കോശ രോഗം ഉള്ളവർക്കും ഡയബറ്റിക് ഉള്ളവർക്കും വൈറസ് ബാധിക്കാൻ കൂടുതൽ സാധ്യതയുണ്ട്. അസുഖമുണ്ടായാൽ  കൂടുതൽ സുരക്ഷിതത്തിനായി ഹെൽത്ത് കെയർ പ്രൊവൈഡറെ സമീപിക്കുകയും വേണം.

9. ഏതെങ്കിലും ഒരു ഓഫീസിലോ ഡോക്ടർ ഓഫിസിലോ  പോവേണ്ടി വന്നാൽ അവിടെയുള്ള  വെയ്റ്റിംഗ് റൂമിൽ കാണുന്ന കസേരകളിൽ ഇരിക്കാതെ കഴിയുന്നതും മാറി നിൽക്കാൻ ശ്രമിക്കുക. ഇട്ടിരിക്കുന്ന ജാക്കറ്റ് അവിടെയുള്ള സന്ദർശകർക്കായുള്ള കസേരയിൽ  ഇടാതെ സൂക്ഷിക്കുക.

10. കൈകൾ വൃത്തിയാക്കാൻ  'വെറ്റ് നാപ്ക്കിൻ' കാറിൽ എപ്പോഴും തയ്യാറാക്കി സ്റ്റോക്ക് ചെയ്തു വെച്ചിരിക്കണം.

11. രോഗബാധിതരായവരുടെ സമീപങ്ങളിൽ സഞ്ചരിച്ചിട്ടുണ്ടെങ്കിൽ മടങ്ങി വീട്ടിൽ വരുമ്പോൾ   ധരിച്ചിരിക്കുന്ന വേഷങ്ങൾ വീടിനുള്ളിൽ കയറ്റാതെ  കഴുകാനായി വാഷിംഗ് മെഷീനിൽ ഇടുകയും പകരം വേറെ ഡ്രസ്സുകൾ ധരിക്കുകയും വേണം.

12. സമൂഹമായും കൂട്ടമായും പ്രാർഥന ഗ്രുപ്പുകൾ നടത്തുന്ന പ്രാർത്ഥനകളിൽ സംബന്ധിക്കാതിരിക്കുക. പ്രാർത്ഥനകൾ പലരുടെയും വ്യക്തിപരമായ കാര്യങ്ങളാണെങ്കിലും ദേവാലയ സന്ദർശനവും, കുർബാന സ്വീകരണവും രൂപം മുത്തലും ഒഴിവാക്കാൻ ശ്രമിക്കുക. പകരം കുടുംബ പ്രാർത്ഥനകൾ സൗഹാർദ്ദ കുടുംബങ്ങളായി നടത്തേണ്ടവർ ടെലിഫോൺ  വഴിയാകാം.  രോഗം ഭേദമാകാൻ അത്ഭുത ധ്യാന ഗുരുക്കളുടെ ഉപദേശമല്ല വേണ്ടത്. ആവശ്യമെങ്കിൽ ആരോഗ്യ സുരക്ഷാ പ്രവർത്തകരുടെ ഉപദേശം തേടണം.

13.ഇറച്ചിയും മുട്ടയും കഴിക്കുന്നതിനു മുമ്പ് പരമാവധി വേവിക്കുക, ചുമയും തുമ്മലുമുള്ളവരിൽ നിന്നും അകന്നു നിൽക്കുക മുതലായവ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.  മനുഷ്യന്റെ തുപ്പലുവഴിയല്ലാതെ കൊതുകു വഴി ഈ രോഗം പരത്തില്ലെന്നു ശാസ്ത്രലോകം പറയുന്നു. സോപ്പിട്ട് കൈകൾ കഴുകിയ ശേഷം കൈകൾ ഉണങ്ങാൻ ടൗവ്വലുകൾ കൊണ്ട്  തുടക്കുകയും വേണം. പായ്‌ക്കറ്റിലല്ലാതെ തുറന്നിരിക്കുന്ന പച്ചക്കറികളോ, പഴവർഗങ്ങളോ കടയിൽനിന്നും മേടിക്കരുത്. നല്ലവണ്ണം കഴുകി വെടിപ്പായ ശേഷം പാകം ചെയ്യുകയും വേണം.

14. ചിലർ ആൽക്കഹോളും ക്ളോറിനും ദേഹത്ത് സ്പ്രേ ചെയ്യുന്നു. അത് ഉള്ളിലേക്ക് പോയ വൈറസിനെ പ്രതിരോധിക്കില്ല. അത്തരം സ്പ്രേകൾ നമ്മുടെ കണ്ണിനും മൂക്കിനും പ്രശ്നങ്ങളുണ്ടാക്കും. വസ്ത്രങ്ങളും കേടാകും.

രണ്ടാം ലോക മഹായുദ്ധത്തിന്റെ ആവേശത്തോടെയാണ് ഇന്ന് അമേരിക്കൻ ജനത  കൊറോണ വൈറസിനെതിരെ പോരാടിക്കൊണ്ടിരിക്കുന്നത്.  കാണാൻ സാധിക്കാത്ത അജ്ഞാത  ശത്രുവിനെതിരെയാണ് പോരാട്ടം. മനുഷ്യരാശിക്കെതിരായുള്ള  ശത്രുവിനെതിരെയാണ് ഈ ധാർമ്മിക യുദ്ധം.  യുദ്ധത്തിൽ നാം ജയിക്കുമെന്ന് പ്രസിഡന്റ് ട്രംപ് പറയുന്നു. കൊറോണയ്ക്കെതിരെ സമര പ്രഖ്യാപനമായി അദ്ദേഹം 'ഡിഫെൻസ് പ്രൊഡക്ഷൻ ആക്ട്' എന്ന  പുതിയ ഒരു ബില്ലിൽ ഒപ്പിട്ടിരുന്നു. എന്നാൽ, ഖേദകരമെന്നു പറയട്ടെ,  ബില്ല്  നടപ്പാക്കുന്ന കാര്യത്തിൽ  ട്രംപ് ഇപ്പോൾ സംശയം പ്രകടിപ്പിക്കുന്നു. ആവശ്യത്തിനു  ഫണ്ടുകൾ അനുവദിച്ചു ഹോസ്പിറ്റൽ ജോലിക്കാർക്കുള്ള അത്യാവശ്യ രക്ഷാ കവചങ്ങളും മാസ്ക്കും  ഉൽപ്പാദിപ്പിക്കാനുള്ള ശ്രമമായിരുന്നു അത്.   ഹോം ലാൻഡ് ഡിഫൻസിനു ഒർഡർ ലഭിക്കത്തക്ക വിധം ഒരു ബില്ലിൽ ഒപ്പിടുകയും ചെയ്തിരുന്നു.   കൊറോണ വൈറസിന്റെ പ്രതിരോധങ്ങൾക്കായുള്ള ഈ തീരുമാനത്തിൽ ട്രംപ് ഇപ്പോൾ അഭിപ്രായങ്ങൾ  മാറ്റുന്ന രീതികളിലാണ് പുതിയ  പ്രസ്താവനകൾ ഇറക്കിക്കൊണ്ടിരിക്കുന്നത്.

കൊറോണ വൈറസിനെ സംബന്ധിച്ചുള്ള പ്രസിഡന്റ് ട്രംപിന്റെ പ്രാരംഭ തീരുമാനത്തെ സ്റ്റേറ്റ് ഗവർണ്ണർമാരും കോൺഗ്രസ് അംഗങ്ങളും മെഡിക്കൽ തൊഴിലുകളിൽ ഉള്ളവരും സ്വാഗതം ചെയ്തിരുന്നു. അപ്രതീക്ഷിതമായുണ്ടായ ഈ വസന്ത മൂലം അമേരിക്കയിലെ ഹോസ്പിറ്റലുകളിൽ  സുരക്ഷിതമായ രക്ഷാകവചങ്ങളുടെ കുറവുകൾ തീവ്രമായി അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു. ഹോസ്പിറ്റലുകളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരും നെഴ്സുമാരും സ്വന്തം ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും ഭയത്തിലാണ്. നിയന്ത്രിക്കാൻ പാടില്ലാത്ത വിധം കൊറോണ അതിവേഗം പടർന്നു പിടിക്കുമെന്നും ഭയപ്പെടുന്നു.

അമേരിക്കയിൽ ആരോഗ്യമേഖല രൂക്ഷമായിരിക്കുന്ന സമയത്ത്  പ്രസിഡന്റ്  ട്രംപ്  മുമ്പു പറഞ്ഞ അഭിപ്രായങ്ങൾക്ക് മാറ്റം വരുത്തിയിരിക്കുന്നു. ഭാവിയിൽ 'കൊറോണ' രൂക്ഷമായി വളരുന്ന സാഹചര്യത്തിൽ മാത്രമേ സുരക്ഷിത സംവിധാനങ്ങൾക്കായി ഫണ്ട് അനുവദിക്കാൻ കഴിയൂവെന്ന അഭിപ്രായമാണ് ഇപ്പോൾ ട്രംപിനുള്ളത്. ട്രംപ് ആദ്യം പറഞ്ഞ അഭിപ്രായങ്ങളിൽ നിന്നും വ്യത്യസ്തമായി പറഞ്ഞപ്പോൾ പലരിലും  ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. കൊറോണ വൈറസു ആയുധമായി കൈകളിലേന്തി പ്രസിഡന്റ് ട്രംപ് രാഷ്ട്രീയം കളിക്കുകയാണോയെന്നും ചിലരിൽ സംശയങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. സുരക്ഷിത കവചങ്ങളുടെ, മാസ്‌ക്കുകളുടെ ഉൽപ്പാദനം മന്ദീഭവിച്ചാൽ ആരോഗ്യ സുരക്ഷാമേഖലയിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് 'നാൻസി പെലോസിയെ' പ്പോലുള്ളവർ മുന്നറിയിപ്പും കൊടുത്തിട്ടുണ്ട്.' ഡിഫൻസ് പ്രൊഡക്ഷൻ നിയമം' ശക്തമാക്കിയില്ലെങ്കിൽ അത്യാവശ്യ സുരക്ഷ നടപ്പാക്കുന്നതിൽ അമേരിക്ക പരാജയപ്പെടുമെന്നും മുന്നറിയിപ്പ് കൊടുത്തു കഴിഞ്ഞു.

യുദ്ധകാല പ്രതീതിയുളവാക്കുന്ന തരത്തിൽ രാഷ്ട്രത്തോടായി അഭിപ്രായങ്ങൾ പുറപ്പെടുവിക്കുന്ന പ്രസിഡന്റ് ട്രംപ് രാഷ്ട്രീയമായും സ്വന്തം നേട്ടങ്ങളും നേടാൻ കൊറോണായെ കാണുന്നുവോ എന്നും തോന്നിപ്പോവുന്നു. 'പ്രസിഡന്റ് എബ്രഹാം ലിങ്കണും' 'ഫ്രാങ്ക്ളിൻ റൂസ്‌വെൽറ്റും' രാഷ്ട്രത്തിന്റെ അന്ധകാരമായ ദിനങ്ങളിൽ രാജ്യത്തിന്റെ ലക്ഷ്യമെന്തെന്ന് അറിഞ്ഞിരുന്നു. മഹാന്മാരായ അന്നത്തെ പ്രസിഡണ്ടുമാർ അന്നുള്ള സമകാലീക ചരിത്രവും കൃതികളും പഠിച്ച് ജനങ്ങളുടെ വികാരങ്ങളെ ശരിയായി ഒപ്പിയെടുത്തിരുന്നു. അവർ ജനങ്ങളോട് സത്യം പറഞ്ഞിരുന്നു. യുദ്ധകാലത്തിലെ അപകടസ്ഥിതിയെ മനസിലാക്കി രാജ്യം നയിച്ചിരുന്നു. 'റൂസ് വെൽറ്റ്'  വീൽ ചെയറിൽ ഇരുന്ന്  അമേരിക്കയ്ക്കുവേണ്ടി ധീരമായി പോരാടി രണ്ടാം ലോകമഹായുദ്ധത്തിൽ  വിജയിച്ചു.  ട്രംപിന്റെ പ്രഖ്യാപനങ്ങൾ  യുദ്ധകാല അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ടെങ്കിലും കൊറോണ വയറസിന്റെ അടിയന്തിരാവസ്ഥ ഒരു വശത്ത് മടക്കിവെച്ചുകൊണ്ടു രണ്ടാമതും പ്രസിഡണ്ടായി തിരഞ്ഞെടുക്കുന്നതിലുള്ള  സംരംഭങ്ങളിലാണ്.

അമേരിക്കയുടെ ചരിത്രത്തിലെ മഹാന്മാരായ രണ്ടു പ്രസിഡന്റുമാരുടെ ചരിത്രകാരോടൊപ്പം ട്രംപിന് സ്ഥാനം കൊടുക്കുന്നതും അഭികാമ്യമാണോ? കഴിഞ്ഞ മൂന്നര വർഷങ്ങൾക്കുള്ളിലെ അദ്ദേഹത്തിന്റെ ഭരണകാലത്തിൽ  ഒരു യുദ്ധം പ്രഖ്യാപിക്കുന്നത്  ആദ്യമാണ്; യുദ്ധം വൈറസിനെതിരെയെന്നു മാത്രം.  ദേശീയ ഐക്യം അദ്ദേഹം ആഹ്വാനം ചെയ്യുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു മുമ്പ് 'റൂസ്‌വെൽറ്റ്' നാസികളുടെ വളർച്ചയെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കാറുണ്ടായിരുന്നു. അതിലൂടെ ആഗോള സ്വാതന്ത്ര്യവും കാംഷിച്ചിരുന്നു. കൊറോണ വൈറസ് അമേരിക്കയിൽ പ്രവേശിക്കുന്നതിനു മുമ്പ് ഭീഷണി വരാതിരിക്കുന്നതിനെപ്പറ്റി ട്രംപ് ചിന്തിച്ചിരുന്നു. ഒരു ഫ്ലൂ പോലുള്ള അസുഖമാണ്; അത് വന്നും പോയുമിരിക്കുമെന്ന ലാഘവത്തിലായിരുന്നു പ്രസിഡന്റ് സംസാരിച്ചുകൊണ്ടിരുന്നത്. എന്നാൽ അത് ഇത്രമാത്രം ഗുരുതരമാണെന്നുള്ള വസ്തുത പ്രസിഡന്റ് പുറത്താക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നു.

യുദ്ധകാല നേതാക്കന്മാർ യുദ്ധത്തിൽ  പാകപ്പിഴകൾ വന്നാൽ  അവർ തന്നെ അതിന്റെ പരിപൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ് പതിവ്. 'ജനറൽ ഡ്യുവറ്റ് ഐസനോവറും', അമേരിക്കൻ പട്ടാളവും 1944 ജൂൺ ആറാംതീയതി  യുദ്ധകാഹളവുമായി നോർമാൻഡിയുടെ തീരത്ത് പോയപ്പോൾ പറഞ്ഞു, ഈ യുദ്ധത്തിൽ എന്തെങ്കിലും തെറ്റുകൾ വരുകയാണെങ്കിൽ , 'തെറ്റുകൾ' എന്റെ മാത്രമായിരിക്കും.  എന്നാൽ ട്രംപിന്റെ കൊറോണ വൈറസ്  യുദ്ധവുമായി ഐസനോവറിന്റെ വാക്കുകളിൽ യാതൊരു സാമ്യവും കാണുന്നില്ല. കൊറോണ വൈറസിന്റെ ഉത്തരവാദിത്തം  തനിക്കല്ലെന്ന് ട്രംപ് പ്രസ്താവിച്ചു കഴിഞ്ഞു.

ആവർത്തിച്ചാവർത്തിച്ചുള്ള സ്വയം കഴിവിനെ പ്രശംസിക്കുന്ന ചിത്രങ്ങളൊന്നും  റൂസ്‌വെൽറ്റിന്റെയോ എബ്രഹാം ലിങ്കന്റെയോ ചരിത്രത്തിലില്ല.  ആധുനിക യുദ്ധ നേതാക്കന്മാരായ ലിണ്ടൻ  ബി ജോൺസണും ജോർജ് ബുഷും യുദ്ധത്തെ ഭയപ്പെട്ടുകൊണ്ടായിരുന്നു വൈറ്റ് ഹൌസിനെ  കൈകാര്യം ചെയ്തിരുന്നത്. രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്കൻ ജനത ഒറ്റകെട്ടായി റൂസ്‌വെൽറ്റിന്റെ പിന്നിൽ അണി നിരന്നിരുന്നു. ട്രംപിനെ സംബന്ധിച്ച് കൊറോണ യുദ്ധ സാഹചര്യത്തിൽ അമേരിക്കൻ ജനത വ്യത്യസ്ത അഭിപ്രായങ്ങൾ പുലർത്തുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം റൂസ്‌വെൽറ്റ് പടുത്തുയർത്തിയ പാശ്ചാത്യ രാജ്യങ്ങളുമായുള്ള സഹവർത്തിത്തവും  സഹകരണവും ട്രംപിന്റെ കാലത്ത് പരിപൂർണ്ണമായി ഇല്ലാതായിയെന്നുള്ളതാണ് വസ്തുത.  ലോകം മുഴുവൻ സാമ്പത്തിക അധഃപതനത്തിലേക്ക് വീഴുന്നു. ഓരോ രാജ്യത്തിലെയും സർക്കാരുകൾ അവരുടെ ജനങ്ങളെയും ജനജീവിതത്തെയും  ഒറ്റപ്പെടുത്തുന്നു. ഷോപ്പുകളും  റെസ്റ്റോറന്റുകളും ബിസിനസുകളും അടക്കുന്നു. റൂസ്‌വെൽറ്റിന്റെ കാലത്ത് വിമാനങ്ങളും കപ്പലുകളും ലോകത്തിന്റെ നാനാഭാഗത്തും ചുറ്റി തിരിഞ്ഞുകൊണ്ടിരുന്നു. യുദ്ധകാലത്തു, ബാങ്കിങ്ങും രാജ്യത്തിന്റെ സാമ്പത്തികവും ഭദ്രമായി നയിച്ചുകൊണ്ടിരുന്നു. അമേരിക്കയുടെ സാമ്പത്തിക മാന്ദ്യം (ഗ്രേറ്റ് ഡിപ്രെഷൻ) തളരാതെ അദ്ദേഹം കൈകാര്യം ചെയ്തു. സോഷ്യൽ സെക്യൂരിറ്റി നടപ്പാക്കിയതോടെ രാജ്യത്തിന്റെ ദാരിദ്ര്യത്തിനും അറുതി വരുത്തി. അന്ന് യാഥാസ്ഥിതികരുടെ ശക്തമായ എതിർപ്പുമുണ്ടായിരുന്നു. ട്രംപ് ഭരണകൂടവും ചിന്തിക്കുന്നത് വലിയ വലിയ കാര്യങ്ങൾ തന്നെ. നിർദ്ദേശിച്ചിരിക്കുന്ന 1.3 ട്രില്യൺ പദ്ധതി അമേരിക്കയുടെ സാമ്പത്തികം മെച്ചപ്പെടുത്താൻ സഹായിക്കും. കൊറോണ വൈറസ് എന്ന സുനാമി അവസാനിക്കുംവരെ ആശ്വാസവുമായിരിക്കും. എന്നാൽ ഈ വിപണനത്തെപ്പറ്റി  പിന്നീടൊന്നും വൈറ്റ് ഹൌസ്   സൂചിപ്പിക്കുന്നില്ല.




Italy's coronavirus deaths have surpassed those of China and are continuing to rise.


person washing hand on stainless steel faucet


U.S. President Donald Trump and Chinese President Xi Jinping meet in Japan.

1 comment:

  1. My beloved friend Jose Mathew, I missed you. I didn’t get a chance to give you a Farewell. Remembering you at this time. Your last words I still keeping in my phone. Good bye my friend, Rest In Peace. I love you brother.
    Thomas Koovalloor

    ReplyDelete

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...