Tuesday, January 27, 2015

ഫ്രാൻസീസ് മാർപ്പാപ്പയും സഭയുടെ പെറ്റു പെരുകുന്ന മുയലുകളും വിമർശനങ്ങളും


By ജോസഫ് പടന്നമാക്കൽ

'മണൽത്തരി പോലെ നിനക്ക് സന്തതികളുണ്ടാകട്ടെയെന്ന്'  ദൈവം  എബ്രാഹമിനോട്  കല്പ്പിച്ചു. പുതിയതിലെയും പഴയതിലേയും   വിശുദ്ധ വചനങ്ങൾ  അക്ഷരംപ്രതി പാലിക്കാൻ  യാഥാസ്ഥിതിക ലോകം   അനുയായികളെ പ്രേരിപ്പിക്കും.  കര്‍ദ്ദിനാള്‍ ആലഞ്ചേരി അടുത്തകാലത്ത് അംഗസംഖ്യ കൂടുതലുള്ള കുടുംബങ്ങളുടെ ഒരു സമ്മേളനം വിളിച്ചുകൂട്ടിയതും ഒരുവാര്‍ത്തയായിരുന്നു. കൂടുതൽ ‍ സന്താനോത്ഭാദനത്തിനായുള്ള അദ്ദേഹത്തിന്‍റെ ആഹ്വാനം വളരെ വിചിത്രമായിരിക്കുന്നു.  ജനസംഖ്യ കുറവായിരുന്നതുമൂലം കഴിഞ്ഞ നൂറ്റാണ്ടുകളിലെ കൃഷിഭുമിയിൽ പണിയുവാൻ കൂടുതല്‍ മക്കളെ മാതാപിതാക്കള്‍ക്ക്  ആവശ്യമായിരുന്നു. അന്നു സ്കൂളിലോ കോളെജിലോ പോയിട്ടുള്ളവരായി വളരെ വിരളം ജനത മാത്രമേയുണ്ടായിരുന്നുള്ളൂ. ജനം മെത്രാന്മാരുടെ രാജവിളംബരം കൈയും കെട്ടി വായുംപൊത്തി ശ്രവിക്കുമായിരുന്നു. ജനസംഖ്യ കൂടിയാൽ പട്ടിണികൂടും. സഭയ്ക്ക് അവരെ ചൂഷണം ചെയ്യുകയും ചെയ്യാം. കൂടുതൽ വൈദികരെ സൃഷ്ടിച്ച്  അവരെ ആത്മീയ ജോലിക്കായി പറഞ്ഞുവിടുകയും ചെയ്യാം.


'നിനക്ക്  ശരിയായി കുഞ്ഞുങ്ങളെ പാലിക്കാൻ കഴിയുമെങ്കിൽ മാത്രം ജനിപ്പിക്കൂ'വെന്ന് മാർപ്പാപ്പാ പറഞ്ഞെങ്കിൽ അതിലുള്ള തെറ്റെന്തെന്നും മനസിലാകുന്നില്ല. ദൈവം തരുന്നുവെന്നു പറഞ്ഞ് കുഞ്ഞുങ്ങളെ ചേറുനിറഞ്ഞ വെള്ളത്തിലും തെരുവുകളിലും വളർത്തണോ? നിയന്ത്രണമില്ലാതെ സ്ത്രീകളെക്കൊണ്ട്  പ്രസവിപ്പിച്ച് ആരുമാരുമില്ലാത്ത കുഞ്ഞുങ്ങളെ  തെരുവിന്റെ മക്കളാക്കണോ?   അനാഥാലയങ്ങളിൽ വളർത്താൻ അനുവദിക്കണമോ?  ദൈവം കൊടുത്ത ബുദ്ധിയും വൈഭവവും ബോധവും വിനിയോഗിച്ച്  സന്താന നിയന്ത്രണം നടത്തുകയെന്നത്  മാറ്റത്തിന്റെ വഴിത്തിരിവുകൂടിയാണെന്നും സഭ  നാളിതുവരെ മനസിലാക്കിയിട്ടുമില്ല. വലിയ കുടുംബം, ചെറിയ വരുമാനം, റേഷനരിയും  ചേമ്പുതാളു  കറികളും ദാരിദ്രവും  കൊള്ളകളും,  കുത്സിത പ്രചരണങ്ങളും സഭയിലെവിടെയും മുഴങ്ങി കേൾക്കാം.


പ്രാചീന തത്ത്വങ്ങളിലടിയുറച്ചു വിശ്വസിക്കുന്ന സഭയുടെ  മുഖച്ഛായ മാറ്റി  സ്വതന്ത്രമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും  മാർപ്പാപ്പയ്ക്ക് ബുദ്ധിമുട്ടുകളുണ്ട്. സ്ത്രീത്വത്തെ  മാനിക്കാത്ത തത്ത്വ ചിന്തകളിൽ സഭയിന്നും മയങ്ങി കിടക്കുകയാണ്.  കാലത്തിനനുയോജ്യമായി മനുഷ്യന്റെ ചിന്താ ഗതികൾക്കൊപ്പം സഭ വളർന്നിട്ടില്ല. യാഥാസ്ഥിതികർ  തിങ്ങിക്കൂടിയിരിക്കുന്ന ഒരു പ്രസ്ഥാനത്തിൽ ഒറ്റ ദിവസം കൊണ്ട് വിപ്ലവകരമായ ഒരു മുന്നേറ്റം നടത്തിയാൽ സഭ പൊട്ടിത്തെറിക്കുമെന്നും മാർപാപ്പാ  ഭയപ്പെടുന്നുണ്ടാകാം.   ഒരേ വായിൽ നിന്ന് രണ്ടുതരത്തിൽ നയതന്ത്രം വെടിയാതെ മാർപ്പാപ്പാ സംസാരിക്കുന്നു. സത്യമേതെന്ന് സഭാ മക്കളെ  മനസിലാക്കേണ്ടതായുമുണ്ട്.  സഭ പുലർത്തിക്കൊണ്ടു വരുന്ന പല മാമൂലുകൾക്കുമെതിരെ മാനവികതയുടെ പേരിൽ  സാഹചര്യങ്ങളനുസരിച്ച് ഒരു മാർപ്പാപ്പായ്ക്ക് പലപ്പോഴും സംസാരിക്കേണ്ടതായി  വരും.  പട്ടിണിയും ദാരിദ്ര്യവുമായി കഴിയുന്ന ഫിലിപ്പയിൻ  രാജ്യത്തുനിന്നുമാണ് മാർപ്പാപ്പാ സന്താന നിയന്ത്രണത്തെപ്പറ്റി സംസാരിച്ചത്.


ദരിദ്രകുടുംബം നയിക്കുന്ന ഒരാൾ  അനേക   മക്കൾക്ക് ജന്മം നല്കി തന്റെ കുട്ടികളെ അന്തസ്സോടെ തന്നെ വളർത്തിയാൽ അയാളെ   ഭാഗ്യവാനായി കരുതാം. മക്കളും ബുദ്ധിശക്തിയ്ക്കൊപ്പം  വിദ്യ നേടുന്നവരുമായിരിക്കണം. കുടുംബം പെറ്റു പെരുകി കുട്ടികളെ വളർത്തിയ അയാളുടെ അജ്ഞത ഒരളവുവരെ മറച്ചു വെക്കാനും സാധിക്കുന്നു. പരിഷ്കൃത രാജ്യങ്ങളിൽ കുഞ്ഞുങ്ങൾക്ക് വളരാനുള്ള സാഹചര്യങ്ങളും  ആരോഗ്യ സുരക്ഷാ പദ്ധതികളുമുണ്ടെങ്കിലും ഭൂരിഭാഗം കുടുംബങ്ങളും ചെറിയ കുടുംബങ്ങളായിട്ടാണ്  കഴിയുന്നത്. എന്നാൽ മൂന്നാം ലോകത്തിന്റെ ഗതി അതല്ല. ദരിദ്രനായ ഒരുവന് കുഞ്ഞുങ്ങൾക്ക് ആരോഗ്യ രക്ഷാ, വിദ്യാഭ്യാസം,  ഭക്ഷണം, വസ്ത്രം  എന്നിവകൾ നല്കുക എളുപ്പമല്ല. മൂന്നാം ചേരി രാജ്യങ്ങളിൽ  ആവശ്യത്തിന് ഭക്ഷണം ലഭിക്കാതെ  കുഞ്ഞുങ്ങൾ ശൈശവത്തിൽ തന്നെ മൃതിയാകുന്നു. മാറാ രോഗങ്ങളും ബാധിക്കുന്നു. അവിടെയാണ് ക്രിസ്ത്യൻ കൾട്ടുകൾ  'പെറ്റു പെരുകുക'യെന്ന  സാരോപദേശങ്ങളുമായി മനുഷ്യരെ മയക്കാൻ നടക്കുന്നത്.


അനേകമനേകം  കുഞ്ഞുങ്ങൾക്ക്  ജന്മം നല്കി  ഊണു മേശയ്ക്ക്  ചുറ്റുമിരുത്താൻ  ബൈബിളിലെ ദൈവം   പറയുന്നു. സഭയും അതേ  ദൈവിക തത്ത്വങ്ങൾ  പ്രായോഗികമാക്കാനും ശ്രമിക്കുന്നു.  മേശയിൽ ഭക്ഷണം നിരത്തുന്നതെങ്ങനെയെന്ന് സഭയ്ക്കറിയുകയും വേണ്ടാ. പുര നിറഞ്ഞിരിക്കുന്ന  പിള്ളേരെ സംരക്ഷിക്കാനുള്ള  മറ്റു  കാര്യങ്ങൾ പറയാൻ ദൈവവും മറന്നു പോയി. പാറ്റാകളെ പോലെ കുഞ്ഞുങ്ങളെ മനുഷ്യജാതി പെരുപ്പിക്കുന്നുവെങ്കിൽ ലോകത്തെ തന്നെ നശിപ്പിക്കുമെന്ന കാര്യവും  മത മൌലികതയിൽ  മറക്കുന്നു. കത്തോലിക്കരും മുസ്ലിമുകളും കുടുംബാസൂത്രണത്തെ അംഗീകരിക്കില്ല.  ലോകത്തിന്റെ പുരോഗതിയെ തടയുന്നുവെന്ന യാഥാർത്യവും അവർക്കറിയുകയും  വേണ്ടാ. ചൈനാക്കാരുപോലും കുടുംബങ്ങളുടെ എണ്ണം നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ  സഭയുടെ പെറ്റു പെരുകാനുള്ള ആഹ്വാനത്തിൽ  ഈ ഭൂമിയേയും ആധുനിക മുന്നേറ്റത്തേയും നശിപ്പിക്കുകയും ചെയ്യുന്നു.


മരുന്നുകൾ കണ്ടു പിടിക്കുന്നതിനു മുമ്പ്   വൈദ്യ സഹായം വിരളമായി ലഭിച്ചിരുന്ന കാലങ്ങളിൽ  ജനനനിരക്കുകളെക്കാൾ   മരണനിരക്ക്  കൂടുതലായിരുന്നു. തന്മൂലം ജനസംഖ്യയും  കുറവായിരുന്നു. ഒരു കുടുംബത്തെ സംരക്ഷിക്കാൻ  അക്കാലങ്ങളിൽ ആശ്രയം കൃഷി മാത്രമായിരുന്നു.  കൃഷി സ്ഥലങ്ങളിൽ വിഭവങ്ങൾ ഉത്ഭാദിപ്പിക്കാൻ  കൂടുതൽ മനുഷ്യകരങ്ങൾ ആവശ്യമായിരുന്നു.  ഒരു കുടുംബത്തിനാവശ്യമായ തൊഴിലാളികൾ  ആ കുടുംബംതന്നെ 'പെറ്റു പെരുകലിൽ' നേടുമായിരുന്നു.  എന്നാലിന്ന് കാലം മാറി. പണ്ടു കാലങ്ങളിൽ ആൾ ബലവും കൂടുതൽ കുഞ്ഞുങ്ങളുമുള്ള കുടുംബങ്ങളെ  'സ്റ്റാറ്റസിന്റെ അടയാളമായി   കരുതിയിരുന്നു. വലിയ കുടുംബങ്ങൾ  സഭയ്ക്ക് അലങ്കാരമാണെങ്കിലും സാമൂഹിക വ്യവസ്ഥക്ക് അതൊരു ഭീഷണിയായിരിക്കും. രാഷ്ട്ര ത്തിനും അതിനനുപാതമായി  കൂടുതൽ വിഭവങ്ങൾ കണ്ടെത്തേണ്ടിയും വരും. കൂടുതൽ കുഞ്ഞുങ്ങളെ ഉത്ഭാദിപ്പിച്ചാൽ ദാരിദ്ര്യം കൊണ്ട് പലരും അസന്മാർഗിക ലൈംഗിക തൊഴിലുകൾക്കു വരെ പ്രേരകമായിയെന്നും വരും. സഭ വിഭാവന ചെയ്യുന്ന ദരിദ്രകുടുംബങ്ങളിലും ആത്മീയത  നശിക്കുന്നതായി കാണാം. ദാരിദ്ര്യം അവരെ പുരോഹിതരും കന്യാസ്ത്രികളുമാകാനും മോഹിപ്പിച്ചേക്കാം.  അംഗ സംഖ്യ കൂടുതലായുള്ള വലിയ കുടുംബങ്ങൾ  സമൂഹത്തിനു ഭാരമായി  ദാരിദ്ര്യത്തിലേക്ക് വഴുതി പോവാനാണ്  സാധ്യതകളുള്ളത്.


 മനുഷ്യന്റെ  ചിന്താ ശക്തി  വർദ്ധിക്കുംതോറും മതങ്ങളും ആചാരങ്ങളും  അനാവശ്യമായി  അനുഭവപ്പെടും.  യൂറോപ്പിലും അമേരിക്കയിലും പള്ളികൾ പൂട്ടിക്കൊണ്ട്   ആ സ്ഥാനങ്ങളിൽ  മറ്റു സ്ഥാപനങ്ങൾ ഉയരുന്ന കാഴ്ചകളാണ്  നാം കാണുന്നത്.  സഭയൊരിക്കലും പരിവർത്തന വിധേയമാകാതെ  പഴഞ്ചനായ ആശയങ്ങളിൽ തന്നെ ഇന്നും നിലകൊള്ളുന്നതു കാണാം.  സഞ്ചരിക്കുന്നതും  മൂന്നു നൂറ്റാണ്ടുകളപ്പുറത്തുള്ള  കാലഘട്ടത്തിൽ തന്നെയാണ്.  മാറ്റം വരുത്താതെ  ആധുനികതയുടെ മുന്നേറ്റത്തിൽ   സ്വയം ശവക്കുഴി തോണ്ടി ബലഹീനമായി കൊണ്ടിരിക്കുന്ന  സഭ  വർത്തമാന ചരിത്രമായും മാറിക്കഴിഞ്ഞു.


മാർപ്പാപ്പായുടെ  മനിലായിലെ യാത്രയ്ക്കിടയിൽ അദ്ദേഹം  പറഞ്ഞ   അഭിപ്രായങ്ങളുടെ മീതെ      വിമർശനങ്ങളുണ്ടായതും  സഭാ തലപ്പത്തുള്ളവരുടെ  ശ്രദ്ധയിൽപ്പെട്ടിരുന്നു.   "കത്തോലിക്കർ തങ്ങളുടെ മക്കളെ നേരായ രീതിയിൽ വളർത്താൻ കഴിവില്ലാത്തവരെങ്കിൽ കുഞ്ഞുങ്ങളുടെ എണ്ണം കുറയ്ക്കുന്നതായിരിക്കും അഭികാമ്യമെന്ന്"  മാർപ്പാപ്പാ പറഞ്ഞിരുന്നു.  മനിലയിൽ നിന്നും മാർപ്പായുടെ റോമിലേക്കുള്ള മടക്കയാത്രയ്ക്ക് മുമ്പായി എട്ടാമത്തെ കുഞ്ഞിനെ  പ്രതീഷിക്കുന്ന  ഒരു സ്ത്രീയോട് മാർപ്പാപ്പാ ചോദിച്ചു, "മറ്റേഴു  കുഞ്ഞുങ്ങളെയും അനാഥ ശാലകളിൽ വളർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?" 'കത്തോലിക്കരെ മുയലുകളെപ്പോലെ പെറ്റു പെരുകാൻ അനുവദിക്കരുതെന്ന ' മാർപ്പാപ്പായുടെ വാക്കുകൾ ലോക മാധ്യമങ്ങളിൽ  വിവാദങ്ങളാവുകയും ചെയ്തു.  


മനിലായിൽവെച്ച് മാർപാപ്പാ പറഞ്ഞ  അഭിപ്രായം ലഘുകരിച്ച്  വ്യത്യസ്തമായി അദ്ദേഹം വീണ്ടും  പറഞ്ഞു, "കുഞ്ഞുങ്ങൾ  കുടുംബങ്ങൾക്ക് ദൈവത്തിന്റെ ദാനമാണെന്ന്  അവർക്കറിയാം;  ഓരോ കുഞ്ഞും സൃഷ്ടി കർത്താവിന്റെ  അനുഗ്രഹമാണ്.  വിഭവങ്ങൾ കുറഞ്ഞ കുടുംബങ്ങളിൽ കുഞ്ഞുങ്ങളുണ്ടാകും തോറും  ലളിതമായ ജീവിതം നയിക്കാനിടയാകുന്നു. എങ്കിലും വലിയ കുടുംബം ദാരിദ്ര്യത്തിലേക്ക് നയിക്കും. ലോക സമ്പത്തുകൾ വിതരണം ചെയ്തിരിക്കുന്നത് നീതി പൂർവ്വമല്ല.  ഇന്ന് ആഗോള തലത്തിൽ പ്രകടിതമായിരിക്കുന്ന സാമ്പത്തിക അസമത്വങ്ങൾക്കു കാരണം മനുഷ്യൻ പണത്തെ ദൈവമായി കാണുന്നതുകൊണ്ടാണ്.  സമ്പത്തുകൾ ശരിയായ വിതരണത്തിന്റെ അഭാവത്തിൽ ദാരിദ്ര്യം വർദ്ധിക്കാനിടയാക്കി. പണത്തിനെ ദൈവമായി മനുഷ്യൻ പൂജിക്കുന്നത് ലോകത്തിന്റെ അസമാധാനത്തിനും കാരണമാണ്."


ഭ്രൂണഹത്യ പാപമാണെന്നുള്ള വത്തിക്കാന്റെ നിലപാട് കുറെയെങ്കിലും മനസ്സിലാക്കാൻ  സാധിക്കും. പക്ഷേ  മറ്റു ഗർഭനിരോധന മാർഗങ്ങളെ  എതിർക്കുന്നതിൻറെ യുക്തി  മനസ്സിലാകുന്നില്ല. ഒരു പുരുഷൻ ഓരോ സെക്കൻറിലും കോടാനുകോടി ബീജങ്ങളെ പുറപ്പെടുവിക്കും. അത് തലയിൽനിന്നു  ജീവനുള്ള തലമുടി പൊഴിയുന്നതുപോലെയേയുള്ളൂ. ബീജകോശം അണ്ഡകോശത്തിലെത്താതെ എങ്ങനെ ജീവൻ തുടിക്കും.സ്വാഭാവികമായ ഗർഭനിവാരണ മാർഗങ്ങൾ  സഭ നിർദേശിക്കുന്നുണ്ടെങ്കിലും  പ്രകൃതി വിരുദ്ധമായ 'കോണ്ടം'  'ഗർഭ നിരോധക ഗുളികകൾ'  വിലക്കിയിരിക്കുകയാണ്. കത്തോലിക്കാ സഭ വാസ്തവത്തിൽ സഭാമക്കളെ പഠിപ്പിക്കുന്നത് കടും ക്രൂരതയാണ്. ഗർഭ നിരോധക നിയന്ത്രണങ്ങൾ  പാടില്ലായെന്ന സഭയുടെ നിർദ്ദേശം   ഭൂമിയിലേക്ക് വരുന്ന കോടാനുകോടി കുഞ്ഞുങ്ങളെ   ദാരിദ്ര്യത്തിലേക്ക് നയിക്കാൻ പ്രേരണ നല്കുന്നു. കാലഹരണപ്പെട്ട  മൗലിക തത്ത്വങ്ങളുമായി മുമ്പോട്ടു പോകുന്ന സഭ കുടുംബാസൂത്രണ പദ്ധതികളെ നിരോധിക്കുന്നതുകൊണ്ട് വേണ്ടാതെ   ജനിക്കുന്ന ബില്ല്യൻ കണക്കിന് കുഞ്ഞുങ്ങളുടെ യാതനകൾ  കണ്ടില്ലെന്നു നടിക്കുകയും ചെയ്യും. വിശക്കുന്ന വയറുകൾക്ക്  ഭക്ഷണം നല്കാനും തയാറല്ല. അവർക്ക് പാർക്കാൻ വീടുകളില്ലെങ്കിൽ സഭയ്ക്കെന്ത് ? അൾത്താരയിൽ നിന്ന് പുരോഹിതൻ വിളിച്ചു പറയും ,'ആകാശത്തിലെ പറവകളെ നോക്കൂ, അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല". വിശുദ്ധ പുസ്തകത്തിൽ നിന്ന് ദരിദ്രരെ ആശ്വസിപ്പിക്കാൻ പുരോഹിതൻ  വചനങ്ങൾ ഉരുവിട്ടുകൊണ്ടിരിക്കും. പക്ഷെ അതൊന്നും വിശക്കുന്നവന്റെ വിശപ്പടങ്ങില്ല. വളരുന്ന കുഞ്ഞുങ്ങളുടെ  ആരോഗ്യ പരിപാലനവും വിദ്യാഭ്യാസവും എങ്ങനെ നടക്കുമെന്നും സഭയ്ക്കറിയേണ്ട ആവശ്യമില്ല. ഇത്തരം  ജീവിതത്തിന്റെ നാനാവശങ്ങളെപ്പറ്റി ചിന്തിച്ച്  സഭയുടെ കണ്ണ് തുറപ്പിക്കാൻ ഫ്രാൻസീസ് മാർപ്പാപ്പാ ശ്രമിക്കുന്നുവെങ്കിൽ അതിൽ എന്തു തെറ്റാണുള്ളത്? മുമ്പുള്ള മാർപ്പാമാർ ഇത്തരം പ്രശ്നങ്ങൾ സമൂഹത്തിൽ അവതരിപ്പിക്കില്ലായിരുന്നു.


മാർപ്പാപ്പ ഒരേ അഭിപ്രായങ്ങൾ   വ്യത്യസ്ഥമായി  സംസാരിക്കുന്നത്   പരിഭ്രാന്തിയും വിസ്മയങ്ങളുമുണ്ടാക്കാം. മനിലായിൽ മാർപ്പാപ്പാ  മാനുഷിക മൂല്യങ്ങൾ കണക്കാക്കുന്ന ഒരു സാധാരണ പുരോഹിതനെപ്പോലെ സംസാരിച്ചെങ്കിൽ റോമിൽ അദ്ദേഹം സഭയുടെ പാരമ്പര്യ  മൂല്യങ്ങളെ മുറുകെപ്പിടിച്ചു സംസാരിക്കുന്നു. മുമ്പുള്ള മാർപാപ്പാമാർ സഭയുടെ തത്ത്വ സംഹിതകൾ ആദ്യം സംസാരിച്ചെങ്കിൽ ഫ്രാൻസീസ് മാർപ്പാപ്പാ ഒരു സാധാരണ വ്യക്തിയെന്ന നിലയിൽ യുക്തിബോധത്തോടെ ജനം സ്വീകരിക്കാൻ സ്വന്തം അഭിപ്രായങ്ങളാണ് ആദ്യം സംസാരിക്കാറുള്ളത്.


സഭയുടെ  പാരമ്പര്യമായി പുലർത്തി വരുന്ന ചില   വിശ്വാസങ്ങൾക്കെതിരെ ഒരു മാർപാപ്പാ സംസാരിക്കുമ്പോൾ കേൾക്കുന്നവർ അവരുടെ യുക്തിപോലെ വിമർശിക്കാനും തുടങ്ങും. ഫ്രാൻസീസ് മാർപ്പാപ്പാ യാഥാസ്ഥിതികനോ മനോവിശാല ചിന്തകനോ ആരുമായിക്കൊള്ളട്ടെ, മഹാനായ  ഒരു മാർപ്പാപ്പയുടെ അഭിപ്രായ സ്വാതന്ത്ര്യം  മാനിച്ചേ  തീരൂ. വൈവിധ്യമാർന്ന രണ്ടു ചിന്താഗതികളിൽ  ഫ്രാൻസീസ് മാർപ്പാപ്പാ ആരെന്നു ചോദിച്ചാൽ ഫ്രാൻസീസ് മാർപ്പാപ്പാ,  ഫ്രാൻസീസ് മാർപ്പാപ്പായെന്നേ ഉത്തരം പറയാൻ സാധിക്കുള്ളൂ.അവിടെ അദ്ദേഹത്തിൻറെ വ്യക്തിപ്രഭാവത്തിൽ മറ്റൊരാളില്ല.  സഭയുടെ നയങ്ങൾ ഒരു വ്യക്തിയിൽ രൂപീകരിച്ചതല്ല. നൂറ്റാണ്ടുകളായി കാലത്തിനനുസരിച്ച് അനേകരുടെ ചിന്തകളിൽ നിന്നും ഉദിച്ചതാണ്. ആധുനിക  ചിന്തകളുടെ ഒഴുക്കിനഭിമുഖമായി സഞ്ചരിക്കുന്ന മാർപ്പാപ്പായുടെ വാക്കുകൾ  ഒരു പക്ഷെ മത മൗലിക വാദികളുടെ അഭിപ്രായങ്ങൾക്കെതിരായിരിക്കാം.  വിശുദ്ധ ഗ്രന്ഥങ്ങളിൽ പഴങ്കാല ജനങ്ങൾ എഴുതിപ്പിടിപ്പിച്ച  വചനങ്ങളെ  യാഥാസ്ഥികരായവർ   ആരാധിക്കുന്നു. യേശുവിന്റെ ചൈതന്യം   കാലത്തിന്റെ ഒഴുക്കിൽ സഞ്ചരിക്കേണ്ടതാണ്.  ലോകത്തിലുള്ള സകല അസമാധാനങ്ങൾക്കും കാരണം  'സോദോം ഗോമോറയും ഉല്പ്പത്തിയും' മുറുകെ പിടിച്ചു നടക്കുന്ന മൗലിക വാദികളാണ്. പുരോഹിതരും വചനങ്ങളും മാത്രമേ അത്തരക്കാരുടെ അറിവിൽ ഉൾക്കൊണ്ടിട്ടുള്ളൂ.  ലോകത്തിന്റെ പുരോഗമനമോ, ശാസ്ത്രത്തിന്റെ നേട്ടങ്ങളോ മനുഷ്യരുടെ ചിന്താശക്തിയുടെ വളർച്ചയോ   അറിയാനവർ മെനക്കെടുകയുമില്ല.


സഭയുടെ പാരമ്പര്യ വിശ്വാസങ്ങളിൽ  സ്വവർഗ രതി കടുത്ത പാപമായി കരുതുന്നു. "ഞാനാരാണ്, അവരെ വിധിക്കാനെന്നു മാർപ്പാപ്പാ പറയുന്നു". സ്വവർഗ രതി കഠിനമായ പാപമായിട്ടാണ് മുമ്പുള്ള മാർപ്പാപ്പാമാർ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാൽ മറ്റുള്ള പുരോഹിതരുടെ ലൈംഗിക ചേഷ്ടകളെ ചോദ്യം ചെയ്യാൻ ഫ്രാൻസീസ് മാർപ്പാപ്പാ തയ്യാറല്ല. സ്നേഹവും ദയയും മാർപ്പാപ്പാ അവരോടു പ്രകടിപ്പിക്കുകയാണ്. യേശു ഒരിക്കലും സ്വവർഗാനുരാഗികൾക്കെതിരെ സംസാരിച്ചിട്ടില്ല. സാധാരണ യാത്രകൾക്കിടയിലാണ്  മാർപ്പാപ്പാ സ്വയം മാർപ്പാപ്പായെന്നത്  മറന്നു കൊണ്ട് ആധുനിക ചിന്തകൾ  സംസാരിക്കാറുള്ളത്.  മാനുഷിക മൂല്യങ്ങൾ   നിറഞ്ഞു നിൽക്കുന്ന ഒരു നല്ല മനുഷ്യനായി  വിവേകമുള്ളവർ അപ്പോഴെല്ലാം മാർപ്പാപ്പയെ  കാണുന്നു.  യാത്രയ്ക്കിടയിൽ സഭയുടെ തത്ത്വങ്ങൾ പാടേ മറന്നുപോയതുപോലെയും അദ്ദേഹം സംസാരിക്കുന്നു. "സ്വവർഗ  രതിക്കാർ നന്മയെ തേടുന്നുവെങ്കിൽ, ദൈവത്തെ അന്വേഷിക്കുന്നുവെങ്കിൽ അവരെ ചോദ്യം ചെയ്യാൻ ഞാൻ ആരാണെ'ന്ന് മാർപ്പാപ്പാ ചോദിച്ചതും തന്റെ ബ്രസീൽ യാത്രയ്ക്കിടയിലായിരുന്നു.


ബനഡിക്റ്റ്  മാർപ്പാപ്പാ  സ്വവർഗാനുരാഗികളെ   വ്യത്യസ്തമായ ഒരു കാഴ്ച്ചപ്പാടിൽ കണ്ടിരുന്നു. "പുരുഷനും പുരുഷനും സ്ത്രീയും സ്ത്രീയും തമ്മിലുള്ള രതി ലീലകളെ അദ്ദേഹം സഭയുടെ സന്മാർഗങ്ങൾക്കെതിരായും  പാപമായും കരുതിയിരുന്നു. സ്വവർഗ രതിയിൽ ഉറച്ചു നിൽക്കുന്നവൻ സഭയിൽ പുരോഹിതരാകരുതെന്ന കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.  സ്വവർഗക്കാർ പുരോഹിതരാകണമെന്ന്  ഫ്രാൻസീസ് മാർപ്പാപ്പാ ഒരിക്കലും പറഞ്ഞിട്ടില്ല. സഭയുടെ തത്ത്വത്തിൽ പ്രകൃതി വിരുദ്ധമായ ഏതു  ലൈംഗികതയും പാപം തന്നെയാണ്. പക്ഷെ മാർപ്പാപ്പായുടെ ഇംഗ്ലീഷിലെ 'ഗേയ് ' എന്ന പദം പലരിലും ആശയക്കുഴപ്പങ്ങളുണ്ടാക്കി.  ബിഷപ്പുമാർ തമ്മിലും അതിന്റെ പേരിൽ ശക്തിയേറിയ വാദ പ്രതി വാദങ്ങൾ ഉണ്ടാവുകയും ചെയ്തു. ബ്രഹ്മചര്യം  കാക്കാതെ സ്വവർഗരതികളിൽ പങ്കാളികളായ പുരോഹിതരെ സഭ അംഗീകരിക്കണമോയെന്നതും  വിവാദങ്ങളായി മാറിയിരുന്നു. ദൈവത്തിന്റെ ചൈതന്യത്തെ ചോദ്യം ചെയ്തപ്പോഴാണ്  ഫ്രാൻസീസ് മാർപ്പാപ്പ അങ്ങനെയൊരുത്തരം പറഞ്ഞത്. ദൈവത്തിന്റെ കണക്കു കൂട്ടലുകളിൽ  നിസാരനായ മനുഷ്യന് എങ്ങനെ  ദൈവത്തിന്റെ  നിശ്ചിതമായ  രൂപഭാവാദികളെ  ചോദ്യം ചെയ്യാൻ സാധിക്കും? ദൈവം നല്കുന്ന അന്തിമമായ വിധി തീരുമാനിക്കുന്നത് മനുഷ്യരോ? ബൌദ്ധികമായുള്ള  ഫ്രാൻസീസ് മാർപ്പാപ്പായുടെ ചിന്താഗതികളിൽ മത മൗലിക വാദികൾ ആകുലരാണ്. ബൈബിളിലെ വചനങ്ങളുമായി അടഞ്ഞ മനസുമായി ചിന്തിച്ചാൽ മാർപാപ്പായുടെ അഭിപ്രായങ്ങളിൽ നീരസമേ  തോന്നുകയുള്ളൂ. സ്വവർഗം പാപമാണെന്നുള്ള തന്റെ  മുൻഗാമിയുടെ അഭിപ്രായത്തെ മാർപ്പാപ്പാ തിരുത്താൻ തയ്യാറാകുമെന്നും തോന്നുന്നില്ല. സ്ത്രീകൾക്ക് പൌരാഹിത്യം കൊടുക്കാൻ പാടില്ലായെന്നു  പറഞ്ഞുകൊണ്ട്   ജോണ്‍  പോൾ രണ്ടാമനും അവർക്കെതിരെ  വാതിലുകളടച്ചിരുന്നു.


വിദ്യാഹീനരും മനസ്ഥിരതയില്ലാത്തവരും ദാരിദ്ര്യം കൊണ്ട് കഷ്ടപ്പെടുന്നവരും   മില്ല്യൻ കണക്കിന് കുഞ്ഞുങ്ങളെയാണ് ജനിപ്പിക്കുന്നത്. അവരിൽ അനേകർ തെരുവിന്റെ സന്തതികളായും  വളരുന്നു. ആ കുഞ്ഞുങ്ങൾ ജീവിതത്തിലെ എല്ലാ ദുരിതങ്ങളും ദുഃഖങ്ങളും തങ്ങളുടെ വളർച്ചയ്ക്കൊപ്പം സഹിക്കുന്നു. വളരുന്ന പെണ്‍ക്കുട്ടികളെ വേശ്യാ വൃത്തിക്കും പ്രേരിപ്പിക്കുന്നു. വചനം മാത്രം ജീവിതമായി തെരഞ്ഞെടുത്ത  മതമൗലിക വാദികളുടെ  കൾട്ടുകൾ സമൂഹത്തോടും രാഷ്ട്രത്തോടും ദ്രോഹമാണ് ചെയ്യുന്നത്. ബില്ല്യൻ കണക്കിന് സ്ഥാവര ജംഗമ സ്വത്തുക്കൾ കൈവശം വെച്ചിരിക്കുന്ന മതമേധാവികളുടെ സ്വത്തുക്കൾക്ക് നികുതിയും കൊടുക്കേണ്ടാ. നികുതിയിൽ നേടുന്ന ഈ സൌജന്യം ആഫ്രിക്കയിലെയും മെക്സിക്കോയിലെയും കുട്ടികളുടെ  ക്ഷേമത്തിനായി നീക്കി വെയ്ക്കരുതോ?  ജനസംഖ്യ വർദ്ധിക്കുംതോറും ദാരിദ്ര്യത്തിനു പുറമേ വിഭവങ്ങളുടെ അപര്യാപ്തതയുമുണ്ടാകും. രാജ്യത്തെ തന്നെ അത് സാമ്പത്തിക മാന്ദ്യത്തിലെത്തിക്കുന്നു.


സ്വയം യുക്തിബോധത്തോടെ ചിന്തിക്കാൻ കഴിവുള്ളവർ കുഞ്ഞുങ്ങളെ പെരുപ്പിച്ച്   ലോകം മുഴുവൻ  എത്യോപ്യാപോലെ  പട്ടിണിരാജ്യങ്ങളാക്കണോ? എന്തേ,  വിശക്കുന്ന വയറുകളിൽ സഭയുടെ ക്രൂരത നിറച്ച ആത്മനികൃഷ്ടികരണമോ?   മനുഷ്യനു ചിന്തിക്കുവാൻ കഴിവു തന്നിരിക്കുന്നതു വിവേകപൂർവ്വം നല്ലതിനെ തിരിച്ചറിയാനാണ്. ബിബ്ലിക്കൽക്കാലത്ത് ഗർഭനിരോധക ഉപാധികൾ  ഉണ്ടായിരിന്നില്ലല്ലോ? ബൈബിളിന്  എതിരല്ലാത്ത സ്ഥിതിക്കു പിന്നെ എന്തിനാണ് വത്തിക്കാൻറെ ഈ കടുംപിടിത്തം. സ്ത്രീത്വത്തിൻറെ മൌലികതയെ ഇവർ ചോദ്യം ചെയ്യുകയാണ്. സ്ത്രീയല്ലയോ; അവളെ അടിച്ചമർത്തപ്പെട്ടാലും ഭക്തിയാദരവകളോടെ കൈയും കൂപ്പി നിന്നു കൊള്ളുമെന്ന ഒരു ചിന്താഗതിയും  പൌരാഹിത്യ മേധാവിത്വത്തിനുണ്ട്. സ്വതന്ത്രമായ അഭിപ്രായങ്ങൾ തുറന്നു പറയാൻ ആർക്കുമവകാശമുണ്ട്. മാനുഷിക മൂല്യങ്ങളിൽ വിശ്വസിച്ച്  മാർപ്പാപ്പാ അഭിപ്രായങ്ങൾ  തുറന്നു പറഞ്ഞതിൽ  യാഥാസ്ഥിതിക ലോകം ദുഖിതരാവേണ്ടതില്ല.  സത്യവും ധർമ്മവും  അന്വേഷിക്കുന്നവർ അഭിപ്രായങ്ങളും  തുറന്നു പറയും. സഭ വിശ്വസിക്കുന്ന  കാലഹരണപ്പെട്ടതായ പഴഞ്ചൻ തത്ത്വങ്ങൾക്ക്  ശാസ്ത്രത്തിൽ യാതൊരു സ്ഥാനവുമില്ല.  സഭയിന്നും സഞ്ചരിക്കുന്നത്   മൂന്നൂറു വർഷം മുമ്പുള്ള  പുറകോട്ടുള്ള കാലഘട്ടത്തിൽക്കൂടിയെന്നും ചിന്തിക്കണം.


മനിലയിൽ പോപ്പിന്റെ സഞ്ചാര വഴികളിൽനിന്നും  പോലീസ് ബന്ദികളാക്കിയ തെരുവുകുട്ടികൾ  






'ഞാനാര് അവരെ വിധിക്കാൻ' ?

Sunday, January 11, 2015

ഇതിഹാസത്തിലെ ഗംഗയും മലിനമാക്കപ്പെട്ട ഗംഗയും


By ജോസഫ് പടന്നമാക്കൽ
ഗംഗയെന്ന അപ്സരകന്യക  ഹൈന്ദവ പുരാണങ്ങളിലെ  ഒരു  ദേവിയും ദുഃഖ പര്യവസായിയായ  ഒരു പ്രേമ കഥയിലെ  ഇതിഹാസ നായികയുമാണ്.   അവർ   കാലത്തിനെയും അതിജീവിക്കുന്നുവെന്നാണ് വിശ്വാസം.  ഹസ്തിനപുരത്ത്  ശാന്തനുവെന്നൊരു  രാജകുമാരനുണ്ടായിരുന്നു. പതിവുപോലെ  ഒരു ദിവസം  സായം സവാരിയ്ക്കായി  അദ്ദേഹം   നദിതീരത്തുകൂടി നടക്കുകയായിരുന്നു.   പ്രശാന്ത സുന്ദരമായ  പ്രകൃതിയും  നീലാകാശവും   നദിയിൽക്കൂടി തെളിമയാർന്ന  വെള്ളവും  നിറ കവിഞ്ഞ ദിനത്തിൽ    സുന്ദരിയായ ഒരു പെണ്‍ക്കുട്ടിയെ   നദി തടത്തിൽ കണ്ടു. അവൾ ഗംഗയാണെന്നു പറഞ്ഞു. കണ്ട മാത്രയിൽ ശാന്തനുവിനു  അവളിൽ പ്രേമം മൊട്ടിട്ടു. അവൾ ചെയ്യുന്ന പ്രവർത്തികളെ അവൻ ഒരിയ്ക്കലും തടയരുതെന്ന വ്യവസ്ഥയിൽ അവളവനെ  വിവാഹം കഴിച്ചു. ഏഴു കുഞ്ഞുങ്ങളുണ്ടായി. ഉണ്ടായ കുഞ്ഞുങ്ങളെ അവൾ നദിയിലേക്കെറിഞ്ഞു . അവളവരെ  ദേവലോകത്തിലെത്തിച്ചു. എട്ടാമത്തെ കുഞ്ഞുണ്ടായപ്പോൾ ' അരുതെയെന്നു പറഞ്ഞ്' ശാന്തനു തടഞ്ഞു. വ്യവസ്ഥകൾ പാലിക്കാത്ത ശാന്തനുവിനെ ഏകനാക്കി നദിയിൽ  അവൾ അപ്രത്യക്ഷയായി. അവൾ അപ്സര കന്യകയായിരുന്നുവെന്ന് ശാന്തനുവിനറിയില്ലായിരുന്നു.   ഗംഗയെ പ്രതീക്ഷിച്ച്   നദിതീരത്തെന്നും അവൻ  കാത്തിരിക്കുമായിരുന്നു. അവൾ വന്നില്ല. ദുഃഖം നിറഞ്ഞ പ്രേമത്തിന്റെ കണ്ണുനീരും ഗംഗാ നദിയിൽക്കൂടി ഒഴുകുന്നുണ്ട്.

ആരാണ് ഗംഗാ?  അവളൊരിക്കൽ ഹിമാലയത്തിൽ മഞ്ഞു കട്ടിയായിരുന്നു. ഇന്നവൾ വെള്ളത്തിന്റെ കാവല്ക്കാരി, വലുതും ചെറുതുമായ അനേകമരുവികൾ അവളിൽ വന്നുചേരുന്നു. തപസനുഷ്ഠിക്കുന്നവരുടെ സംരക്ഷകയായി അവളെന്നും  താഴ്വരകളിലും കുന്നിന്മേടുകളിലുമുണ്ട്.  മീൻ പിടിക്കുന്ന മുക്കവരുടെ കൂട്ടുകാരിയും  കുഞ്ഞുങ്ങൾക്ക് കളിക്കാനുള്ള കടലാസു ബോട്ടുമാണ്.

പുരാണ ദേവിദേവ സങ്കല്പ്പങ്ങളിൽ  ഭാരതത്തിലെ നദികളെല്ലാം പുണ്യ നദികളായി കരുതുന്നു.  കവികൾ  നദികളെ സുന്ദരികളായി  ചിത്രീകരിച്ചിട്ടുണ്ട്.  ചിത്ര കലകളിലും  സംഗീത കലകളിലും  ഗംഗയും യമുനയും സരസ്വതിയും കാവേരിയും സുന്ദരികൾ തന്നെ.  നിരവധി സംസ്ക്കാരങ്ങളുടെ  ഉദയവും അസ്തമയവും  ഈ പുണ്യനദിയുടെ തീരത്തുണ്ടായിരുന്നു.  ഗംഗയെന്നാൽ ഹൈന്ദവ സംസ്ക്കാരത്തിന്റെ വൈകാരികത ഉയർത്തുന്നതാണ്. ഗംഗയുടെ തീരങ്ങളിലുള്ള ഓരോ ഭവനങ്ങളിലും  പരിശുദ്ധിയുടെ  ഗംഗാജലം നിറഞ്ഞ പാത്രങ്ങൾ  കാണും. ഭക്ഷണത്തിനൊപ്പം ഗംഗാ ജലം വേണം. വീട് ശുദ്ധിയാക്കാനും  ഈ പുണ്യ ജലം തളിക്കുന്നു. ആയിരക്കണക്കിന് ദേവി ദേവന്മാരുടെ പ്രതിമകൾ  ഗംഗയുടെ ആഴങ്ങളിൽ  താക്കാറുണ്ട്.

ഗംഗാ നദി ലോക രാജ്യങ്ങളിലെ  ഏറ്റവും നീളം കൂടിയ നദികളിലൊന്നാണ്. 2500 കിലോമീറ്ററോളം ഈ നദിയ്ക്ക് നീളമുണ്ട്. ഹിമാലയത്തിൽ നിന്നാണ്  നദിയുടെ ഉത്ഭവം.  ബംഗാൾ ഉൾക്കടലിൽ അവസാനിക്കുന്നു.  ഗംഗയൊഴുകുന്നത് ഹൈന്ദവരുടെ പുണ്യനഗരമായ വരണാസിയിൽക്കൂടിയെന്നതും  നദിയുടെ പ്രത്യേകതയാണ്.

ഗംഗാനദി ഇന്ത്യയിലെ പത്തു ലക്ഷം ചതുരശ്ര മൈൽ വസിക്കുന്ന ജനങ്ങൾക്ക് ഉപകാരപ്പെടാറുണ്ട്.  420 മില്ല്യൻ ജനങ്ങൾ ഈ നദിയെ  പ്രത്യക്ഷമായും  പരോക്ഷമായും  പ്രയോജനപ്പെടുത്തുന്നു. അത് ഏകദേശം ഇന്ത്യയിലെ അമ്പതു ശതമാനം ജനങ്ങൾക്ക് തുല്യമാണ്. ബ്രിട്ടന്റെ അഞ്ചിരട്ടി ജനസംഖ്യയ്ക്ക്  തുല്യവും. ഉത്തർഖണ്ടിൽനിന്നും തുടങ്ങി കോണ്‍പൂ ർ,  അലഹബാദ്, വരണാസ്സി, പാറ്റ്നാ, ഭഗൽപ്പൂർ പട്ടണങ്ങളിൽക്കൂടി  ഈ നദി ഒഴുകുന്നു. മിർസാപ്പൂരും കടന്ന് അവസാനം ബംഗാൾ ഉൾക്കടലിൽ  ഗംഗാ നദി പതിക്കുന്നു.  

ഗംഗാ നദിയോളം  മലിനവെള്ളമൊഴുകുന്ന മറ്റൊരു നദി ലോകത്തുണ്ടാവില്ല.  ലോകാരോഗ്യ സംഘടന  ചുവപ്പു വര വരച്ചിരിക്കുന്ന  ഗംഗയുടെ പരിസരത്തെ  ദുർഗന്ധം നിറഞ്ഞ മാലിന്യങ്ങളുടെ കൂമ്പാരം  മറ്റേതു  നദികളിലും  പരിസരങ്ങളിലും അടിഞ്ഞിരിക്കുന്നതിനേക്കാൾ  മൂവായിരമിരട്ടി കൂടുതലായുണ്ട്.  മലിനമായ വസ്തുക്കളും   രാസപദാർത്ഥങ്ങളും കൂടാതെ  മാരകമായ രോഗാണുക്കളും ഗംഗയുടെ പരിസരങ്ങളിൽ തളം കെട്ടി കിടപ്പുണ്ട്. പ്രത്യക്ഷമായോ പരോക്ഷമായോ ഈ നദി ഏകദേശം 420 മില്ല്യൻ ജനങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്നു.  കുടി വെള്ളത്തിനും ഭക്ഷണത്തിനും കൃഷിയാവശ്യത്തിനും ജനങ്ങൾ ഗംഗയെയാണ് ആശ്രയിക്കുന്നത്. കൂടാതെ കോടാനുകോടി തീർത്ഥാടകരും  ഗംഗയുടെ പരിസരങ്ങളിൽ തിങ്ങി കൂടാറുണ്ട്. അവരുടെ കുളിയും ജപമാലയും പ്രാർത്ഥനയും അനുഷ്ടിക്കുന്നത്  പുണ്യനദിയായ ഗംഗയുടെ പരിസരങ്ങളിലാണ്.

ദേശീയരെയും വിദേശീയരേയും ഒരുപോലെ ആകർഷിക്കുന്ന ഈ നദി എന്തുകൊണ്ട്   ജുഗുപ്സാവഹമായ രീതിയിൽ ദുർഗന്ധം നിറഞ്ഞിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനകൾ കൂടെ കൂടെ ചോദ്യം ചെയ്യാറുണ്ട്.  രാഷ്ട്ര ഭരണ കൂടങ്ങൾ ഒന്നിനു പുറകെ ഒന്നായി  കടന്നു പോയിട്ടും ഗംഗയുടെ ഈ ശോചനീയാവസ്ഥ   ശ്രദ്ധിക്കപ്പെടാതെ പോയതും പരീസ്ഥിതിയെ അവഗണിക്കലായിരുന്നു.  പുരാണങ്ങളിൽ വിശുദ്ധ ജലം ഒഴികിയിരുന്ന ഗംഗാ ഇന്ന് ചീഞ്ഞളിഞ്ഞ ചപ്പ് , ചവറ്, എച്ചിൽ, ഉച്ഛിഷ്ട  വസ്തുക്കളുടെ സംഭരണിയായത് രാഷ്ട്രത്തിനു തന്നെ ഒരു തലവേദനയായി  മാറിയിരിക്കുന്നു.    

ഗംഗയുടെ സമീപ പ്രദേശങ്ങളിലെ  ഫാക്റ്ററികളിലുള്ള നിരുത്തരവാദമായി തൊഴിലിൽ എർപ്പെട്ടിരിക്കുന്നവർ  ഉപയോഗരഹിതമായ  അസംസ്കൃത പദാർത്ഥങ്ങളും ചീഞ്ഞു മണം പിടിച്ച പാഴ്വസ്തുക്കളും  ഏകദേശം ഒരു മില്ല്യൻ ലിറ്ററോളം    ദിനംപ്രതി ഗംഗയിലേയ്ക്ക്   വലിച്ചെറിയുന്നു.  കഴിഞ്ഞ ഇരുപതുവർഷം കൊണ്ട് മനുഷ്യർ  വലിച്ചെറിയുന്ന പാഴ്വസ്തുക്കൾ  ഗംഗാ നദിയിൽ  അനേക മടങ്ങുകൾ ഇരട്ടിക്കുകയും ചെയ്തു. അടുത്ത ഇരുപതു വർഷം കൊണ്ട്  എറിയുന്ന  പാഴായവകളുടെ  അളവു നൂറിരട്ടിയാകുമെന്നും കണക്കാക്കുന്നു.

ഗംഗയുടെ തീരങ്ങളിലുള്ള  ചെറുകിട വ്യവസായികളും  മാലിന്യങ്ങൾ  നിക്ഷേപിക്കുന്നത്  നദിയ്ക്കുള്ളിൽ തന്നെയാണ്. ലെതർ വ്യവസായികളാണ് ഗംഗയിലെ പരിസരങ്ങളിൽ  കൂടുതലായുള്ളത്. പാഴായ  കെമിക്കൽ വസ്തുക്കളും ആവശ്യമില്ലാത്ത അസംസ്കുത ഉൽപ്പന്നങ്ങളും അവർ നിത്യേന നദിയിലേക്ക് വലിച്ചെറിയുന്നു. വരൾച്ചക്കാലത്തും  ഒഴുക്കില്ലാ വെള്ളത്തിലും വിഷമയങ്ങളായ രാസ വസ്തുക്കൾ വെള്ളത്തിന്റെ അടിഭാഗത്ത് അടിഞ്ഞുകിടക്കും.   ആഗോള നിലവാരമുള്ള ഫാക്റ്ററികളും അസംസ്കൃത സാധനങ്ങൾ പരിസരശുദ്ധിയോടെ  കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങളും  ഗംഗയുടെ തീരങ്ങളിൽ നടപ്പാക്കാനുള്ള പദ്ധതികൾ സർക്കാർ നാളിതുവരെയായും  ഗൌനിച്ചിട്ടില്ല.

ജനസംഖ്യ വർദ്ധിച്ചതും വ്യവസായങ്ങളുടെ വളർച്ചയും ഗംഗാനദിയുടെ നില ഗുരുതരമാവാനും കാരണമായി.  ആയിരക്കണക്കിന് മൃതദേഹങ്ങൾ  ഗംഗയുടെ തീരത്ത് കത്തിക്കാറുണ്ട്. അനേകർ മോക്ഷ പ്രാപ്തിക്കായി  മൃതദേഹങ്ങൾ  ഗംഗയിൽ നിക്ഷേപിക്കുന്നു. അനാഥമായി അലയുന്ന ചത്ത ശരീരങ്ങളിൽനിന്നും  ആത്മാക്കൾ നേരിട്ട് പരമാത്മാവിൽ  പ്രാപിക്കുമെന്ന  വിശ്വാസമാണ് പരമ്പരാഗതമായി അവിടെ മനുഷ്യർ  പുലർത്തി വരുന്നത്.
നിയമ പരമല്ലാതെ വിവാഹം കഴിക്കാത്ത സ്ത്രീകളിൽനിന്നുമുണ്ടാകുന്ന  കുഞ്ഞുങ്ങളെയും ഗംഗയിൽ വലിച്ചെറിയാറുണ്ട്.  കുടുംബത്തിൻറെ  മാനഹാനി ഭയന്നും മരിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർഗം കിട്ടുമെന്നുള്ള വിശ്വാസവുമാണ് അവിവാഹിത സ്ത്രീകളെ അത്തരം കടുംകൈകൾക്ക് പ്രേരിപ്പിക്കുന്നത്. വടക്കേന്ത്യൻ മാമൂലുകളനുസരിച്ച്  പെണ്ണായി പിറക്കുന്ന  കുഞ്ഞുങ്ങൾ ചില കുടുംബങ്ങളുടെ ശാപമായി കരുതുന്നു. അങ്ങനെയുള്ള പെണ്‍കുഞ്ഞുങ്ങളെ ഗംഗയിലൊഴുക്കി ജീവനോടെ കൊല്ലാനും മടിക്കില്ല. രാത്രിയുടെ ഒളിവിൽ നടക്കുന്ന ഇത്തരം ക്രൂരകൃത്യങ്ങൾ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരാനും പ്രയാസമാണ്.

ഗംഗയുടെ സമീപത്തു താമസിക്കുന്നവർ പരിസരം ശുദ്ധിയായി സൂക്ഷിക്കുന്നതിന് തികച്ചും ഉദാസീനരാണ്.  ചത്ത കന്നുകാലികളെയും മൃഗങ്ങളെയും  വീടുകളിൽ വേണ്ടാത്ത പാഴ്വസ്തുക്കളെയും ഗംഗയിലേയ്ക്ക്  വലിച്ചെറിയും. മരിച്ചവരുടെ ശരീരങ്ങളും ഗംഗയിൽ ഒഴുക്കാറുണ്ട്. ഗംഗയിലൊഴുകുന്ന ശവ ശരീരത്തിൽ നിന്നും ആത്മാവ്  പുനർജന്മമില്ലാതെ മുക്തി പ്രാപിക്കുമെന്ന വിശ്വാസവും   ഗംഗാ ഭക്തരുടെയിടയിലുണ്ട്.   നദിയിൽ സ്നാനം ചെയ്യുന്നവർ ശവ ശരീരം തൊട്ടു മുമ്പിൽക്കൂടി ഒഴുകി നടന്നാലും ഗൌനിക്കാറില്ല. ദൈവം ഒഴുകി നടക്കുന്ന പ്രേതങ്ങളുടെ ആത്മാക്കളെ വഹിക്കാൻ ഏതു സമയത്തും വന്നെത്തുമെന്ന വിശ്വാസമാണ്   വെള്ളത്തിൽ സ്നാനം ചെയ്യുന്നവർക്കുമുള്ളത്.   ചത്ത മാംസ കഷണങ്ങൾ   സ്വർഗത്തിലേക്കുള്ള  ആത്മാവിന്റെ വിശാലമായ വഴിയാണെന്നുമുള്ള അന്ധവിശ്വാസവും  മരിച്ചവരുടെ  ബന്ധുക്കളിലുണ്ട്.  ഗംഗയിലെ ദുർഗന്ധമേറിയ വെള്ളം ദൈവത്തിന്റെ മാധുര്യമേറിയ പാലും തേനുമെന്നാണ് കരുതുന്നത്.

ഗംഗയിലെ  മാലിന്യങ്ങൾക്ക്  പ്രധാന കാരണം മനുഷ്യരുടെ അജ്ഞതയും പ്രാകൃത ചിന്തകളും അന്ധവിശ്വാസങ്ങളുമാണ്. ഗംഗയിലെ സ്നാനം കൊണ്ട്  കുടുംബം ഐശ്വര്യവും സമ്പത്തുള്ളതുമായി തീരുമെന്ന് കുബേര ദരിദ്ര വിത്യാസമില്ലാതെ  ജനം  വിശ്വസിക്കുന്നു. പാപ പങ്കിലമായ സ്വന്തം ആത്മാവ് ഗംഗയിലെ സ്നാനത്തോടെ ശുദ്ധമാകുമെന്ന വിശ്വാസവും അവരിലുണ്ട്.  കൊടും രോഗങ്ങൾക്കുള്ള ശമനം തേടിയും ഗംഗാ സ്നാനം നിർവഹിക്കുന്നു. ഗംഗയുടെ പരിസരങ്ങളിലുള്ള  ആചാരാനുഷ്ഠാനങ്ങൾ   പ്രകൃതിയും വായുവും അന്തരീക്ഷവും മലിനങ്ങളാക്കുമെന്ന് ജനങ്ങളെ ബോധവൽക്കരിച്ചാലും അവർ   അന്ധവിശ്വാസങ്ങളിൽ തന്നെ ഉറച്ചു നിൽക്കും.

പുണ്യ നദിയായ ഗംഗയുടെ തീരങ്ങളിൽ തീർത്ഥാടകർക്കായി  താമസിക്കാനുള്ള  കേന്ദ്രങ്ങളും റിസോർട്ടുകളുമുണ്ടെങ്കിലും പുണ്യം തേടി വരുന്ന   യാത്രാക്കാർ വഴിയോരങ്ങളിൽ  ടെന്റുകൾ  കെട്ടി താമസം തുടങ്ങും. ചുറ്റുമുള്ള ഗംഗയുടെ തീരങ്ങളിൽ പ്രാഥമികാവശ്യങ്ങളും  നടത്തി നിരുപയോഗ വസ്തുക്കൾ നദിയിലേക്കും വലിച്ചെറിയും. ദിനം പ്രതി ലക്ഷക്കണക്കിനു തീർത്ഥാടകരാണ് പട്ടണത്തിലെത്തുന്നത്. ഗംഗയിലെ വെള്ളത്തിൽ കുളിക്കുകയും  തുണി കഴുകയും പൊങ്ങി നടക്കുന്ന മനുഷ്യരുടെയും മൃഗങ്ങളുടെയും കാഷ്ടം കണക്കാക്കാതെ ആ വെള്ളം കുടിക്കുകയും ചെയ്യുന്നു. നദിയിലെ മലിന വെള്ളത്തിൽ കുളി ജപ കർമ്മാദികൾ നടത്തുന്നതു മൂലം ആ പ്രദേശങ്ങളിൽ ശിശു മരണം സാധാരണമാണ്. കുഞ്ഞുങ്ങളിലും പ്രായമായവരിലും ഗുരുതരമായ ത്വക്കുരോഗങ്ങളും ബാധിക്കാറുണ്ട്.   മാലിന്യവും കെമിക്കലും കെട്ടി കിടക്കുന്ന പ്രകൃതിയിൽ ജീവിക്കുന്ന കാരണം അംഗവൈകല്യവും വൈരൂപ്യവുമുള്ള  കുഞ്ഞുങ്ങളും മാതാപിതാക്കൾക്ക് ജനിക്കാറുമുണ്ട്.

 ഗംഗയുടെ ശുചീകരണത്തിനായി സർക്കാർ തീവ്രമായ  തീരുമാനങ്ങൾ കൈക്കൊള്ളാത്ത പക്ഷം  ഗംഗാ നദിയും പരിസരങ്ങളും നശിക്കാൻ അധിക കാലം വേണ്ടി വരില്ല. അടുത്ത കാലത്തൊന്നും ഉടനൊരു പരിഹാരം കണ്ടെത്താൻ സാധിക്കുമെന്നും തോന്നുന്നില്ല. സർക്കാരിന്റെ അനാസ്ഥ, ജനങ്ങളുടെ അന്ധവിശ്വാസം, രാഷ്ട്രീയക്കാരുടെ വോട്ടു ബാങ്ക് എന്നിങ്ങനെ  നദീ തട പരിഷ്ക്കാരത്തിനായി തടസങ്ങളേറെയുണ്ട്. സമൂഹത്തിന്റെ എല്ലാ വിഡ്ഢിത്തരങ്ങൾക്കു കൂട്ടു നില്ക്കുന്ന സർക്കാരിന്റെ മനോഭാവം മാറാത്തിടത്തോളം കാലം ഗംഗയുടെ പരീസ്ഥിതി പ്രശ്നങ്ങൾ തുടർന്നുകൊണ്ടിരിക്കും.  പകർച്ച വ്യാധികൾ ബാധിച്ച ചില തീർത്ഥാടകർ ഗംഗയിലെ വെള്ളമുപയോഗിച്ചു്  സമീപ വാസികൾക്ക് കോളറാ മുതലായ മാരക രോഗങ്ങൾ  പകർന്നു കൊടുത്തിട്ടു പോവാറുണ്ട്. ലോക രാജ്യങ്ങളും ലോകാരോഗ്യ സംഘടനകളും ലോകബാങ്കും ഗുരുതരമായ ഈ പ്രശ്നത്തിനു പരിഹാരം കാണാൻ മുമ്പോട്ടു വന്നതുകൊണ്ട് ആശയ്ക്ക് വകയുമുണ്ട്.

ഗംഗാ നദിയെ വേണ്ടവിധം പരിരക്ഷിച്ചില്ലെങ്കിൽ നദി തികച്ചും ഇല്ലാതാകുന്ന അവസ്ത വരുമെന്ന്  ബനാറസ് യൂണിവേഴ്സിറ്റിയിലെ പരീസ്ഥിതി ശാസ്ത്രജ്ഞൻ   ഡോ . സി.സി. ത്രിപാഠിയുടെ പഠന റിപ്പോർട്ടിൽ കാണുന്നു. മൂന്നു മില്ല്യൻ ഗ്യാലൻ ഓടയിൽ നിന്നൊഴുകുന്ന മലിന വസ്തുക്കളാണ്  ഗംഗയിൽ പതിക്കുന്നത്. ശരിയായ സംരക്ഷണം നല്കി ഇതിനെ തടയാത്ത പക്ഷം കാലാന്തരത്തിൽ ഗംഗാനദി  മുറിഞ്ഞ് ജലാശയങ്ങൾ നിറഞ്ഞ തടാകങ്ങളായി മാറുമെന്നും പഠന റിപ്പോർട്ടിലുണ്ട്.

ഗംഗയോടനുബന്ധിച്ച് രണ്ട് അണക്കെട്ടുകൾ  നിർമ്മിച്ചിട്ടുണ്ട്. 1854-ൽ ഹരിദ്വാരയിൽ ബ്രിട്ടീഷുകാർ ഒരണക്കെട്ടുണ്ടാക്കിയിരുന്നു. ഗംഗയുടെ ഉപരിതലങ്ങളിൽ നിന്നു വരുന്ന ഈ വെള്ളം ഹിമാലയ താഴ്വരകളിലെ  ഗംഗയുടെ  തടാക തീരങ്ങളിലുള്ള  ജനം   ഉപയോഗിക്കുന്നു.  അണക്കെട്ട് കാരണം ഗംഗയിൽ വെള്ളമൊഴുക്കിനു തടസമുണ്ടാകാറുണ്ട്.  ബംഗ്ലാദേശത്തെയ്ക്ക്  ഒഴുകുന്ന പ്രദേശത്ത് ഹൈഡ്രോ ഇലക്ട്രിക്കിൽ  വിധത്തിലുള്ള ഒരു കൂറ്റൻ അണക്കെട്ട് പടുത്തുയർത്തിയിട്ടുണ്ട്. ആ അണക്കെട്ടുമൂലം ഗംഗയിൽ ഒഴുകി നടന്ന ഡോൾഫിൻ കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്നു. പക്ഷി മൃഗാദികളും അപ്രത്യക്ഷ്യമായിക്കൊണ്ടിരിക്കുന്നു.

 നദി തടങ്ങൾ ഫലഭൂയിഷ്ട മായതുകൊണ്ട്  ധാന്യങ്ങൾ സമൃദ്ധമായി വളരാറുണ്ട്. സ്വാഭാവിക വളക്കൂറുള്ള  മണ്ണും പുല്ലുമുള്ളതുകൊണ്ട് ഗംഗയുടെ പരിസരത്ത് കന്നുകാലികളെ വളർത്താൻ അനുയോജ്യമായ ഭൂപ്രദേശമാണ്.  ഇതുമൂലം നിയന്ത്രിക്കാൻ പാടില്ലാത്ത വിധം ലക്ഷക്കണക്കിന് ബംഗ്ലാദേശികളാണ് അനധീകൃതമായി ഗംഗയുടെ തീരങ്ങളിൽ കുടിയേറുന്നത്.കനാലുകൾ വഴി ഗംഗയിലെ മലിനവെള്ളം   കൃഷി ഭൂമികളിലും  ഒഴുകുന്നു.  ഉപനദികളിലും കനാലുകളിലും ഗംഗയിലെ മാലിന്യം ഒഴുകിയടിഞ്ഞു  കൂടാറുമുണ്ട്.   കൃഷി സ്ഥലങ്ങളിലേക്ക്   ഗംഗയിലെ  വെള്ളം കൊണ്ടുപോവുന്നതുകൊണ്ട്  വേനൽക്കാലമാകുമ്പോൾ ഗംഗാ മുഴുവൻ വരണ്ടിരിക്കും.

ഗംഗാ നദിയെ  നാശത്തിലേക്ക് നയിക്കാൻ മൂന്നു കാരണങ്ങളാണ്  പ്രധാനമായുമുള്ളത്. അതിനുള്ള നടപടിക്രമങ്ങൾ സർക്കാർ തീവ്രമായി നടപ്പിലാക്കേണ്ടതുണ്ട്.  (1)വാരണാസിയിലും  സമീപ പ്രദേശങ്ങളിലുമുള്ള  ശവദാഹ പ്രക്രീയകളും ദഹിപ്പിക്കലും, അന്തരീക്ഷ മലിനീകരണമുൾപ്പടെ പ്രകൃതിയെ ദുരിതമാക്കാറുണ്ട്. ഗംഗയുടെ പരിസരത്തുള്ള ക്രിമേഷൻ  ഗ്രൗണ്ടുകൾ   ഗംഗാ ശുദ്ധികരിക്കുന്ന പ്രവർത്തനങ്ങൾക്ക് തടസവുമാവുന്നു. അതിനുള്ള നിവാരണ മാർഗങ്ങളും വിലയിരുത്തേണ്ടതായുണ്ട്.  (2)വീടുകളിലെ ഉപയോഗമില്ലാത്ത  പാഴ്വസ്തുക്കളെ  ഗംഗയിലെറിയുന്ന പ്രവണത കർശനമായി നിയന്ത്രിക്കണം. അതിനായി ജനങ്ങളിൽ ബോധവല്ക്കരണ ക്ലാസ്സുകളും നൽകേണ്ടതായി വരും.  (3)വ്യവസായികൾ തള്ളി കളയുന്ന വിഷം നിറഞ്ഞ കെമിക്കലുകളും അസംസ്കൃത സാധനങ്ങളും  മെറ്റലുകളും  ഗംഗയിൽ സംസ്ക്കരിക്കുന്ന പ്രവണത അവസാനിപ്പിക്കണം.

സാമ്പത്തികമായി വളരുന്ന ഇന്ത്യയോടൊപ്പം ആരോഗ്യ പരിപാലനത്തിനും മാറ്റം വരുത്തണം. അമ്പതു വർഷങ്ങൾക്കു മുമ്പ് ഗംഗാ നദിയിൽ ശുദ്ധമായ വെള്ളം ഒഴുകിയിരുന്നുവെന്ന് അവിടുത്തെ പഴമക്കാർ പറയും. ഇന്ന് ആ വെള്ളം ഉപയോഗിച്ചാൽ മനുഷ്യൻ രോഗാണുക്കൾ ബാധിച്ച് രോഗികളാകും.  വൻകിട ബിസിനസുകാരെയും ഫാക്റ്ററി ഉടമകളെയും ആദ്യം നിയന്ത്രിക്കണമെന്ന്  അവിടെയുള്ള ചെറുകിട ബിസിനസുകാർ പറയും. സാധുക്കളെ ഉപദ്രവിക്കാനാണ് സർക്കാർ കൂടുതലും താല്പര്യം കാണിക്കുന്നതെന്നും അഭിപ്രായങ്ങളുണ്ട്. അടുത്ത കാലത്ത് താണ വർഗക്കാരായ ഏതാനും ദളിതരെ ഗംഗയിലെ വിശുദ്ധ ജലം എടുക്കാൻ അനുവദിച്ചു. അതുകൊണ്ട് സാമൂഹിക ഉച്ഛനീചത്വങ്ങൾ ഇല്ലാതാവുകയോ ഗംഗാ ശുദ്ധിയാവുകയോ ഇല്ലെന്നുള്ള സത്യവും ഗംഗയെ മലിനമാക്കുന്നവർ ചിന്തിക്കേണ്ടതുമുണ്ട്.

ഇന്ത്യാ പുരോഗമിക്കുന്നതിനൊപ്പം  ആകാശത്തിൽക്കൂടി ഷട്ടിൽ സർവീസ് തുടങ്ങാനും   മെട്രോ പട്ടണങ്ങളുണ്ടാക്കാനും  ന്യൂക്ലീയർ ബോംബ് പൊട്ടിക്കാനും താല്പര്യം കാണിക്കാറുണ്ട്.  എങ്കിൽ എന്തുകൊണ്ട് മലിനം കെട്ടി കിടക്കുന്ന നമ്മുടെ പരീസ്ഥിതികളെ  ശുദ്ധീകരിക്കുന്ന പദ്ധതികളാവിഷ്ക്കരിച്ചു കൂടാ?  പ്രധാനമന്ത്രി മോഡിയുടെ വാഗ്ദാനങ്ങളിലൊന്ന്   ഗംഗാനദി വൃത്തിയാക്കുമെന്നുള്ളതാണ്. അദ്ദേഹത്തിനത്‌  സാധിച്ചില്ലെങ്കിൽ  ഇനി മറ്റാരിലും   പ്രതീക്ഷിച്ചതുകൊണ്ട്  കാര്യമില്ല. ഗംഗയുടെ പരിതാപാവസ്ഥയിൽ   നിരാശനായ പ്രധാനമന്ത്രി മോഡി  പരിഹാരം കാണുമെന്ന്  ഉറപ്പിച്ചു പറയുന്നു.

 ഗംഗയുടെ തീരങ്ങൾ കാണാൻ ദിനംപ്രതി വിദേശികളുടെ  തന്നെ വൻപ്രവാഹമുണ്ട്.  അവിടുത്തെ ദുർഗന്ധവും പ്ലാസ്റ്റിക്ക് കൂട്ടങ്ങളും കുപ്പികളും പശുവിൻ ചാണകവും ദഹിപ്പിച്ച ശവശരീരങ്ങളുടെ അവശിഷ്ടവും മൃഗങ്ങളുടെ  കാഷ്ടവും പാഴായ മരാമത്തു വസ്തുക്കളും അഴുക്കുകൾ ഒഴുകി നടക്കുന്ന ഗംഗയും കാണുമ്പോൾ ഈ പുണ്യഭൂമിയെ ശപിച്ചുകൊണ്ട്  ഇനി ഒരിയ്ക്കലും മടങ്ങി വരില്ലന്ന് പറഞ്ഞ്  അവർ തിരിയെ പോവുന്നു.

പ്രഭാത സൂര്യന്റെ കിരണങ്ങളിൽ  പ്രേമത്തിന്റെ വീണയും വായിച്ചു കൊണ്ട് നിത്യവും  ശാന്തനു  മഹാരാജാവ് ആ നദി തീരത്തുണ്ടായിരുന്നു.  അപ്സര കന്യകയായ ഗംഗാ അയാളുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. അവൾ മാറ്റമില്ലാത്ത നിത്യ സുന്ദരിയായിരുന്നു. 'നീ ആരെന്ന് 'അവൾ അയാളോട് ചോദിച്ചു.' ഞാൻ ദ്വാപരയുഗത്തിൽ  ഹസ്തിനപുരം  ഭരിച്ചിരുന്ന  രാജാവായ  ശാന്തനുവെന്നു' പറഞ്ഞു. മുമ്പിൽ നില്ക്കുന്ന സുന്ദരി തന്റെ ഭാര്യ ഗംഗയെന്നറിഞ്ഞപ്പോൾ   വികാര തരംഗങ്ങൾകൊണ്ട്  ശാന്തനുവിന് സ്വയം നിയന്ത്രിക്കാൻ സാധിക്കില്ലായിരുന്നു. 'തന്റെ മക്കളെല്ലാം ദേവലോകത്ത് സുഖമായി കഴിയുന്നുവെന്നു പറഞ്ഞ് ' ഗംഗാ അദ്ദേഹത്തോട് യാത്ര പറഞ്ഞപ്പോൾ 'പ്രിയേ നീ പോവരുതെന്നും  താൻ എകനാണെന്നും 'ശാന്തനു അവളോട്‌ പറഞ്ഞു.  ഗംഗ പറഞ്ഞു, "ഞാൻ മഞ്ഞുകട്ടകൾ തട്ടി നിരത്തി ഉയരത്തിലെ കൊടുമുടികളില്നിന്നും പുണ്യമായ ഈ നദിയിൽക്കൂടി  നിന്നെ കാണാൻ ഒഴുകി വന്നു. അഴുക്കു ചാലുകൾ നിറഞ്ഞ ഗ്രാമങ്ങളും പട്ടണങ്ങളും  ദുർഗന്ധം നിറഞ്ഞ കുഴികളും ഓടകളും ഞാൻ കണ്ടു. പാപികൾ ശുദ്ധമാകാൻ എന്നിൽ മുങ്ങുന്നു. അവരുടെ പാപങ്ങളും ഈ നദിയിൽ നിറച്ചു. നിന്റെ രാജ്യത്ത് താമസിക്കാൻ ഞാനില്ല. ദുഃഖങ്ങൾ നല്കിക്കൊണ്ട് അവൾ അവനിൽ നിന്നും മറഞ്ഞു.





 Video on the River Ganga

Thursday, January 8, 2015

പൌരാഹിത്യം ത്യജിച്ച സഹോദരരേ നിങ്ങൾക്ക് ഹോശാന ഹോശാന !



By ജോസഫ് പടന്നമാക്കൽ

ചിന്തിക്കാൻ പ്രായമാകാത്ത നാളുകളിൽ ഒരു കുമാരൻ അല്ലെങ്കിൽ ഒരു കുമാരി  തങ്ങളുടെ സെമിനാരി അല്ലെങ്കിൽ മഠം മതിൽക്കെട്ടിനുള്ളിലെ ആത്മീയ ജയിൽ വാസത്തിന്റെ തുടക്കമിടും. കൂട്ടുകാരുമൊത്ത് കളിച്ചു നടക്കേണ്ട പ്രായത്തിൽ ചെയ്യാത്ത കുറ്റത്തിനാണ് അവർ  ശിക്ഷയനുഭവിക്കുന്നത്. സ്ത്രീയാണെങ്കിൽ അവളുടെ ദേഹം മുഴുവനും കറുത്ത പഴുന്തുണി പോലുള്ള കുപ്പായമിട്ടു നടത്തും. എത്ര സുന്ദരിയാണെങ്കിലും   പഴുന്തുണി വേഷത്തിൽ കാണുന്ന  കന്യാസ്തിയെ  പ്രേമിക്കാൻ വരുന്നവരും ചുരുക്കമായിരിക്കും.  അറബി നാട്ടിലെ നീളമുള്ള കുപ്പായമിട്ട് പുരുഷനും നടക്കണം.  പൌരാഹിത്യം  മറ്റെല്ലാ തൊഴിലുകളെക്കാളും  കർമ്മങ്ങളെക്കാളും  ഉത്തമമെന്ന്  ചിന്തിക്കാൻ കഴിവില്ലാത്ത പ്രായത്തിൽ  കൗമാരക്കാരെ വിശ്വസിപ്പിക്കും. അവൻ പിന്നീട് ദൈവത്തിങ്കലേക്കുള്ള സ്വപ്നങ്ങളും മനക്കോട്ടയും കെട്ടി   അൾത്താര ബാലനായി  ധൂപ ക്കുറ്റി വീശാൻ തുടങ്ങും. പുരോഹിതൻ അവിടെ ഒരു കുഞ്ഞാടിനെ ബലിമൃഗമാക്കുകയാണ്. കുടുംബത്തിലൊരു അച്ചനെ കാണാൻ അല്ലെങ്കിൽ  മകൾ കന്യാസ്ത്രിയെ കാണാൻ സ്വന്തം മാതാപിതാക്കൾ പ്രാർഥനകളും  വഴിപാടും നേർച്ചകളുമായി മറ്റൊരു ലോകത്തായിരിക്കും. പെറ്റമ്മയുടെ സ്വപ്നവും മകന്റെ ദൈവവിളിയിലായിരിക്കും. മനസുനിറയെ ദൈവത്തെ നിറച്ച അവൻ സെമിനാരിയിൽ അല്ലെങ്കിൽ അവൾ മഠത്തിൽ  ചേരുന്നു. അവരുടെ പാഴായ ജീവിതം അവിടെ  തുടങ്ങുകയാണ്.

വീപ്പക്കുറ്റിയ്ക്കകത്തുരുട്ടുന്ന  പോലെ സെമിനാരിയ്ക്കുള്ളിൽ ഉരുട്ടിയ  ജീവിതം കഴിയുമ്പോൾ  മാതാപിതാക്കളുടെ സ്വപ്നങ്ങൾ  പൂവണഞ്ഞുകൊണ്ട് മകൻ പുരോഹിതനാവുകയാണ്. പുത്തൻ കുർബാനയ്ക്ക് വടിയും പിടിച്ച് മെത്രാനും കാണും. കൈ മുത്തുന്നതും ഭക്തമനസുകൾക്ക് ഏതോ ദിവ്യമായ അനുഭവം പോലെയാണ്.   പൌരാഹിത്യത്തിൽ നിന്ന് പിരിഞ്ഞു വന്നാലും  അയാളുടെ പാകപ്പെടുത്തിയ മനസ് പെട്ടെന്ന് മാറ്റിയെടുക്കാനും പ്രയാസമാണ്.അന്നും  മനസു നിറയെ  പുരോഹിത മനസായിരിക്കും. അതിനു മാറ്റം വരണമെങ്കിൽ  കാലങ്ങളെ  പിന്നെയും അതിജീവിക്കണം.  ഭക്തിയും സാമൂഹിക പ്രവർത്തനകളും സാമൂഹിക നീതിയും പരോപകാര പ്രവർത്തനങ്ങളുമായി മുമ്പോട്ടു പോകാൻ അയാൾ വീണ്ടും ആഗ്രഹിക്കും. ദൈവശാസ്ത്രത്തിൽ മാത്രം പരിജ്ഞാനം നേടിയ അദ്ദേഹത്തിൻറെ കഴിവിനുതകുന്ന  ഒരു തൊഴിൽ കണ്ടുപിടിക്കുകയെന്നതും എളുപ്പമല്ല.

പൌരാഹിത്യം ഉപേക്ഷിച്ച ദുഃഖം അവരിൽ നിറഞ്ഞിരിക്കുന്നതായും കാണാം. കുറ്റ ബോധം അവരുടെ മനസുകളെ അലട്ടിക്കൊണ്ടിരിക്കും. വ്യക്തിപരമായ  ഒരാളിന്റെ സ്വതന്ത്ര ജീവിതത്തിൽ തടസങ്ങൾ  വരുമ്പോഴാണ്  പൌരാഹിത്യം ഉപേക്ഷിക്കാൻ പ്രേരിപ്പിക്കാറുള്ളത്.  പൌരാഹിത്യം ഉപേക്ഷിച്ചാലും പലരുടെയും  വ്യക്തി ജീവിതത്തിൽ അവരുടെ ഉള്ളിന്റെയുള്ളിൽ പുരോഹിതമനസ്സ് പിന്നീടുള്ള കാലങ്ങളിലും നിറഞ്ഞിരിക്കുന്നതായും കാണാം. മുമ്പ് പുരോഹിതരായിരുന്നവരുമായി ഇടപെടുകയാണെങ്കിൽ അവരിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകളും ദീന ദയാ മയമായ അനുകമ്പയും മനോഭാവവും തിരിച്ചറിയാൻ കഴിയും. അവർ പുരോഹിതരായിരുന്നുവെന്ന വസ്തുത അറിയത്തില്ലെങ്കിൽ പോലും കാഴ്ചയിൽ ഒറ്റ നോട്ടത്തിൽ തന്നെ  മനസിലാക്കാൻ സാധിക്കും.

 സഭയുടെ തത്ത്വങ്ങളുമായി പൊരുത്തപ്പെട്ട  ജീവിതം സാധിക്കാത്തതു കൊണ്ട് ചിലർ പൌരാഹിത്യം ഉപേക്ഷിക്കുന്നു. മറ്റു ചിലർ  ജീവിതകാലം മുഴുവൻ  അവിവാഹിതരായി കഴിഞ്ഞുകൊള്ളാമെന്നുള്ള വ്രതവാഗ്ദാനം കാറ്റിൽ പറത്തിക്കൊണ്ട്  സ്നേഹിച്ച പെണ്ണിനെ വിവാഹം കഴിക്കാൻ പൌരാഹിത്യം ഉപേക്ഷിക്കുന്നു. വാസ്തവത്തിൽ അത് തെറ്റല്ല. സ്നേഹം അവിടെ പങ്കിടുകയാണ്.

പൌരാഹിത്യം ഉപേക്ഷിച്ച് വിവാഹിതരാകാൻ  കത്തോലിക്കാ സഭ തടസമാണെങ്കിൽ അത് ദൈവ ശാസ്ത്രം വിലക്കുന്നില്ല. ക്രിസ്തു നിയമങ്ങളുണ്ടാക്കിയത്  കത്തോലിക്കാ സഭയ്ക്കുള്ളിൽ നിന്നല്ലായിരുന്നു. യേശുവിന്റെ യാത്രയിൽ ഒപ്പം വിവാഹിതരും അവിവാഹിതരുമുണ്ടായിരുന്നു. അവിടുത്തെ കാഴ്ചപ്പാടിൽ വൈവാഹിക  ജീവിതവും പരിശുദ്ധമാണ്. പരിശുദ്ധാത്മാവ് വിവാഹിതരായവരെയും നയിക്കുന്നുവെന്ന് സുവിശേഷങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

സഭയെന്നാൽ ദൈവമല്ല. പള്ളിയിലും ദിവ്യബലികളിലും കൂദാശകളിലും സഭയ്ക്കാരും ദൈവികാധികാരം  കൊടുത്തിട്ടില്ല. സഭ ഒരു സംഘടന മാത്രം. ആ സംഘടനയെ ഭരിക്കാൻ അധികാരമുള്ള യാഥാസ്ഥിതികരായ പുരോഹിതരും അഭിഷിക്തരും  നിറഞ്ഞിരിക്കും. സഭയ്ക്ക് ദൈവിക ശക്തിയൊന്നുമില്ല. മറ്റുള്ള സഭകളിലുള്ളതു പോലെ സഭയ്ക്കുള്ളിൽ  യേശുവുമുണ്ടായിരിക്കാം.  സഭയ്ക്ക് ദൈവികമായി യാതൊരധികാരവുമില്ലാത്ത സ്ഥിതിക്ക് ഒരു പുരോഹിതൻ സഭ വിട്ടു പോയെങ്കിൽ അത് ദൈവത്തോടുള്ള പ്രതിജ്ഞാ ലംഘനമല്ല. സഭയ്ക്ക് മനുഷ്യന്റെ അധികാരമേയുള്ളൂ. ആ സഭയിൽ അധികാരമോഹികളായ പണത്തിന്റെ പിന്നാലെ പായുന്ന കുറെ സ്വാർത്ഥ മതികളായ പുരോഹിതരെയും കാണാം.

സഭയ്ക്ക് തെറ്റാ വരമുണ്ടെന്ന്  മാർപ്പായ്ക്കു പോലും പറയാൻ സാധിക്കില്ല. ദൈവം മാത്രമാണ് തെറ്റാവരമുള്ളവൻ.  മാർപ്പാപ്പയുടെ  തെറ്റാവരമെന്ന തത്ത്വം അധികാരത്തിൽ കടിച്ചു തൂങ്ങാൻ സഭ തന്നെ കണ്ടുപിടിച്ച ഒരു പോംവഴിയാണ്. 1870-ലെ ഒന്നാം വത്തിക്കാൻ കൌണ്സിൽ കണ്ടുപിടിച്ച ഒരു കുതന്ത്രം  മാത്രം. ക്രിസ്ത്യൻ നവീകരണ തീവ്ര വാദികൾ ബൈബിൾ തെറ്റാവരമെന്ന്  പ്രഖ്യാപിച്ചപ്പോൾ കാനോൻ നിയമങ്ങൾ നടപ്പാക്കുന്ന മാർപ്പാപ്പായും തെറ്റാവരമെന്ന് അന്നത്തെ സുനഹദോസ് തീരുമാനിച്ചു. മനുഷ്യനെഴുതിയ ബൈബിളും കാനോൻ നിയമങ്ങളും തെറ്റാവരമായി കരുതുന്നവർ വിഡ്ഢികളുടെ സ്വർഗഭൂമിയിൽ  കുരയ്ക്കുന്നവരന്നേ  പറയാൻ സാധിക്കൂ.  ശാസ്ത്രം പുരോഗമിച്ചപ്പോഴും  പരിണാമ തത്ത്വങ്ങൾ അവതരിപ്പിച്ചപ്പോഴും മഹാ സ്പോടന തത്ത്വം  പരിഗണിച്ചപ്പോഴും മതം പഠിപ്പിച്ചത് പൊള്ളയായിരുന്നുവെന്ന് സാമാന്യ ജനങ്ങൾ മനസിലാക്കാനും തുടങ്ങി. 1859-ൽ ജീവ ജാലങ്ങളുടെ ആരംഭത്തെപ്പറ്റി  ഡാർവിൻ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പിന്നാലെയായിരുന്നു  മാർപ്പാപ്പായുടെ  തെറ്റാവരമെന്ന   അബദ്ധ തത്ത്വം മാർക്കറ്റിലിറക്കിയത്.

ബൈബിളെന്ന പുസ്തകം നവീകരണക്കാരുടെ തെറ്റാവരമുള്ള കടലാസ്സു മാർപ്പാപ്പായായപ്പോൾ മാർപ്പായ്ക്ക് തെറ്റാവരമുണ്ടന്നു കത്തോലിക്കാ സഭയും സ്ഥാപിച്ചു. മനുഷ്യരുടെ മനസ്സിൽ ഭയം സൃഷ്ടിച്ചതിനൊപ്പം ലോകത്തിനും  മാറ്റങ്ങൾ  വന്നു.  സാമാന്യ ബോധമുള്ളവർ  സഭ പഠിപ്പിച്ച തെറ്റായ ചിന്തകളെ അകത്തി മാറ്റി ലോകത്തിന്റെ മാറ്റങ്ങൾക്കനുസരിച്ചു  ചിന്തിക്കാനും തുടങ്ങി.  

സഭയ്ക്ക് തെറ്റു പറ്റിയെന്നു പറഞ്ഞാൽ സഭയിലടിയുറച്ചു  വിശ്വസിക്കുന്നവർ 'അതിനുള്ള തെളിവെന്തെന്ന്' മറുചോദ്യം ചോദിക്കും. ദൈവം  നമുക്ക് ബുദ്ധിയും മനസും ചിന്തിക്കാനുള്ള കഴിവും തന്നിരിക്കുന്നത് പുരോഹിതരുടെ സാരോപദേശം കേട്ടിട്ട് അടിമയെപ്പോലെ നേർച്ചയും പ്രാർത്ഥനയുമായി കഴിയാൻ വേണ്ടിയല്ല. സ്വയം യുക്തിപരമായി ചിന്തിക്കാനാണ്' ദൈവം നിശ്ചയിച്ചത്. മ റ്റുള്ളവർ എഴുതിവെച്ച  പഴംപുരാണങ്ങൾ അപ്പാടെ വിശ്വസിച്ച് സ്വീകരിക്കാനല്ല. മാർപ്പായ്ക്ക് തെറ്റാവരമുണ്ടെന്ന് സഭയുടെ പക്കലുള്ള തെളിവെന്താണ്? ബുദ്ധിയും ബോധവും ത്യജിച്ച് തെറ്റാ വരമെന്ന ബിംബത്തെയും  കടലാസ്സു മാർപാപ്പായെയും സഭാ മക്കൾ ആരാധിക്കണോ?  സഭയിൽ നിന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്ന ഏതാനും പുരോഹിതരാണ് തെറ്റാവരത്തിന്റെ ഉറവിടം.  മെത്രാനോ കർദ്ദിനാളിനോ ലോകത്തിലൊരു പുരോഹിതനോ  തെറ്റാവരമെന്ന അധികാരം കൊടുത്തിട്ടില്ല.  മനുഷ്യമനസുകൊണ്ട് അവർ പുരോഹിതരായി. അതേ മനസുകൊണ്ട് അവർ പൌരാഹിത്യം വേണ്ടെന്നു വെച്ചു. മനുഷ്യനാണ് തലയിൽ കൈവെച്ച് ഒരു പുരോഹിതന് പൌരാഹിത്യം നല്കുന്നത്. അല്ലാതെ അത് ദൈവം കല്പ്പിച്ച കൈവെപ്പു പാരമ്പര്യമൊന്നുമല്ല.  ദ്രവ്യാഗ്രഹമുള്ള  മനുഷ്യത്വം നശിച്ച  പുരോഹിതരുടെ പ്രവർത്തനത്തിൽ മനംനൊന്ത് ഒരുവൻ  പൌരാഹിത്യം വേണ്ടെന്നു വെച്ചാൽ  അതിൽ  തെറ്റൊന്നും  കാണാൻ സാധിക്കില്ല.

പുരോഹിതനായ ഒരുവന്റെ ജീവിതത്തിൽ പൌരാഹിത്യം  ഉപേക്ഷിക്കുകയെന്ന തീരുമാനമെടുക്കാൻ എളുപ്പമല്ല.  പൗരാഹിത്യമെന്ന കുരുക്കഴിക്കാൻ' മാസങ്ങളോളം ചിലപ്പോൾ വർഷങ്ങളോളം അയാൾ സ്വയം ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടാകാം.  സുപ്രധാനമായ ഈ തീരുമാനത്തിനായി ചിലപ്പോൾ കണ്ണീരോടെ അനേക തവണകൾ പ്രാർത്ഥിച്ചിട്ടുണ്ടാവാം. പൌരാഹിത്യത്തിൽ  ഒരുവൻ  പ്രവേശിക്കുന്നതിനെക്കാളും  പൌരാഹിത്യം ഉപേക്ഷിക്കുമ്പോൾ അയാൾക്ക് ഉറച്ച വിശ്വാസവും ധൈര്യവും ആവശ്യമാണ്. മുന്നോട്ടുള്ള അയാളുടെ ജീവിതം അന്ധകാരം നിറഞ്ഞതായിരിക്കുമെന്ന മാനസിക വിഭ്രാന്തിയും  അലട്ടിക്കൊണ്ടിരിക്കും.  പൌരാഹിത്യ ജീവിതത്തിലേക്ക് ഒരാളുടെ ജീവിതം അടിയറ വെയ്ക്കുമ്പോൾ ചുറ്റും ജനം "ഹോശാനാ ഹോശാന' എന്ന് പാടിക്കൊണ്ട് വാഴ്ത്തും. അയാൾ പൌരാഹിത്യം ത്യജിക്കുമ്പോൾ പിന്നീട് ഉച്ചത്തിലുള്ള അലർച്ചകളും ശബ്ദകോലാഹലങ്ങളും ശ്രവിക്കാം. ബന്ധുക്കളും സുഹൃത്തുക്കളും സഹിതം  "അവനെ ക്രൂശിക്കൂ, അവനെ ക്രൂശിക്കൂ" വെന്ന് പറഞ്ഞ് ഉച്ചത്തിൽ അട്ടഹസിക്കാൻ  തുടങ്ങും. പൌരാഹിത്യം  തെരഞ്ഞെടുക്കുന്നതും പൌരാഹിത്യം ഉപേക്ഷിക്കുന്നതും ഒരുപോലെ ദൈവത്തിങ്കലേക്കുള്ള വഴിയാണ്.പരിശുദ്ധി നശിച്ച  ദേവാലയത്തിൽ പ്രവേശിച്ച്  യേശു ചുങ്കക്കാരെയും ഫരീസിയരെയും  പുറത്താക്കിയപ്പോൾ ജനം അവിടുത്തെ ഹോശാന പാടി സ്വീകരിച്ചു. അതുപോലെ ദൈവത്തിങ്കലേയ്ക്ക് കുരിശുമായി പോവുന്ന യേശുവിനെയും ജനം ക്രൂശിക്കൂ, ക്രൂശിക്കൂവെന്ന്  പറഞ്ഞ് അക്രോശിച്ചിരുന്നു.      

പുരോഹിതർ പൌരാഹിത്യം ഉപേക്ഷിക്കുന്നത് അവരുടെ വിശ്വാസം നശിച്ചതുകൊണ്ടെന്നു മെത്രാനും കൂടെ നടക്കുന്ന പുരോഹിതരും ചിന്തിക്കുന്നു.  എന്നാൽ  അത് സത്യമല്ല.  പിരിഞ്ഞു പോകുന്ന പുരോഹിതർ  ക്രൈസ്തവ ചിന്തകളിൽ  മാറ്റമില്ലാതെ അഗാധമായി  വിശ്വസിക്കുന്നവരാണ്.വിശ്വാസം അവരിൽ കൂടുതൽ ബലവത്തായതുകൊണ്ടാണ് അവർ സഭ വിടുന്നത്. വാസ്തവത്തിൽ പൌരാഹിത്യം ഉപേക്ഷിക്കുന്നവർ  വിശ്വാസത്തിൽ പാകത നേടുന്നവരാണ്. ഒന്നുമറിയാത്ത പ്രായത്തിൽ അവരുടേതല്ലാത്ത തെറ്റുകൊണ്ട് അവരാഗ്രഹിക്കാത്ത പൌരാഹിത്യക്കുടുക്കിൽ അകപ്പെട്ടു പോയി. കുരുക്കുകൾ അഴിച്ച്  സ്വയം വിവേകവും അറിവും  വരുമ്പോഴാണ് അവർ പൌരാഹിത്യം വേണ്ടെന്നു വെയ്ക്കുന്നത്.

സഭയുടെ ചട്ടക്കൂടിനുള്ളിൽ ദൈവത്തിനു രണ്ടാം സ്ഥാനമേ കല്പ്പിച്ചിട്ടുള്ളൂ. പുരോഹിതരായിരിക്കുന്ന കാലഘട്ടത്തിൽ സ്വന്തം മനസാക്ഷിയിലെ ദൈവത്തെക്കാളുപരി സഭയുടെ കാനോനിക തത്ത്വങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കണം.  കാരണം കത്തോലിക്കാ സഭയെ നയിക്കുന്നത് എന്നും യാഥാസ്ഥിതികരുടെ ഒരു നേതൃത്വമാണ്. സ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ട് അടിച്ചേല്പ്പിക്കുന്ന ഒരു സ്വേച്ഛാധിപത്യമാണ് സഭയ്ക്കുള്ളത്. സ്വന്തം ഇഷ്ടപ്രകാരം  പൗരാഹിത്യമെന്ന കറക്കു കമ്പനിയിൽ നിന്നും സ്വതന്ത്രരായി പുറത്തിറങ്ങിയ പുരോഹിതരെ ഇനിമേൽ പീഡിപ്പിക്കാൻ അധികാരമത്തു  പിടിച്ച പുരോഹിത പ്രഭുക്കൾക്ക് സാധിക്കില്ല. ദൈവത്തിങ്കലേക്കുള്ള സ്വതന്ത്രമായ യാത്രയ്ക്കിടയിൽ ഭൂമിയിലെ മറ്റൊരുവന്റെ മാധ്യസ്ഥം സ്വതന്ത്രരാകുന്ന ഈ പുരോഹിതർക്ക് ആവശ്യമില്ല.  കൂലിയില്ലാ ജോലി ചെയ്ത പുരോഹിതരുടെയും കന്യാസ്ത്രികളുടെയും ആയുഷ്ക്കാല വേതനവും സഭ ഇവർക്ക് നല്കാനും ബാധ്യസ്ഥരാണ്.  ചർച്ച് ആക്റ്റിനെ അവഗണിച്ച് നിയമത്തിനു വിട്ടുകൊടുക്കാതെ   പിടിച്ചടക്കിയ സഭാ പൌരരുടെ  സ്വത്ത്  ഇന്നും  അഭിഷിക്ത കൊർപ്പറേഷന്റെ കൈവശം തന്നെയാണ്.

നിർബന്ധിതമായി  അടിച്ചേൽപ്പിച്ചിരിക്കുന്ന ബ്രഹ്മചര്യം പൊട്ടിച്ചെറിഞ്ഞ ഒരു പുരോഹിതന് ഒരു വിപ്ലവകാരിയുടെ  മനസുമുണ്ടായിരിക്കും. ബ്രഹ്മചര്യത്തോടല്ല, അയാളെ കൂച്ചിക്കെട്ടിയ സമൂഹത്തിനെതിരെയാണ്  വിപ്ളവ കൊടുങ്കാറ്റ് വീശുന്നത്. ദൈവ വിളിയെന്നു പറഞ്ഞ്, ക്രിസ്തുവിന്റെ മുന്തിരിത്തോപ്പിൽ ജോലി ചെയ്യാൻ യുവാക്കളെ ആവശ്യമുണ്ടെന്നു പറഞ്ഞ് പത്രങ്ങളിൽ പരസ്യം ചെയ്തും കള്ള വാഗ്ദാനങ്ങൾ നല്കിയുമാണ് പാവങ്ങളായ ഇവരെ പൌരാഹിത്യത്തിൽ ചാടിച്ചത്. ബ്രഹ്മചര്യത്തിന്റെ ഉള്ക്കാഴ്ചയോടെയാണ് പൌരാഹിത്യത്തിൽ പ്രവേശിക്കുന്നതെങ്കിലും അയാളുടെ ബ്രഹ്മചര്യത്തെ നിത്യവ്രതമായി കൈക്കൊള്ളാൻ സാധിക്കില്ല. മനുഷ്യനായ പുരോഹിതനിലും ബലഹീനതകളുണ്ട്.  ആത്മീയഗുരുക്കളും ബിഷപ്പുമാരും അയാളിലെ ബ്രഹ്മചര്യത്തെ അഴിഞ്ഞുപോവാതെ പിടിച്ചു കെട്ടി മുറുക്കിക്കൊണ്ടിരിക്കും.  ഇവിടെ ബ്രഹ്മചര്യമെന്നു പറയുന്നത് ഒരു സഹന ശക്തി മാത്രം. അത്യാഗാധമായ ഹൃദയത്തിനുള്ളിൽ അയാളെന്നും ഏകാകിയാണ്.  ബ്രഹ്മചര്യം പോലെ വയസാകുമെന്ന ചിന്തയും അയാളെ അലട്ടിക്കൊണ്ടിരിക്കും. ജീവിതത്തിന്റെ സായം കാലങ്ങളിൽ പുരോഹിതർക്കുള്ള  നേഴ്സിംഗ് ഹോമുകളിൽ  ബുദ്ധിയും ബോധവും നശിച്ച  മറ്റു പുരോഹിതരോടൊപ്പം കഴിയേണ്ട കാലങ്ങളെപ്പറ്റിയും  ചിന്തിക്കും. പൌരാഹിത്യത്തിൽക്കൂടി  യുവത്വത്തിൽ അനുഭവിക്കുന്ന സൌഭാഗ്യങ്ങൾ  അന്ന് കാത്തു കിടക്കുന്നത് കഠിനമായ ദുഖങ്ങളെയായിരിക്കും. ഏകാന്തതയ്ക്ക്  ശമനം  വരുമെങ്കിലും പുറകോട്ടുള്ള അന്ധകാര ജീവിതവും നഷ്ടബോധവും അനുഭവിച്ച ഏകാന്തതയും മനസ്സില് എന്നും  തളം കെട്ടി നില്ക്കും.

ഒരു പുരോഹിതൻ  ഒരു സ്ത്രീയുമായി പ്രണയത്തിലായാൽ പിന്നീടയാൾക്ക്  പൌരാഹിത്യം ജയിലറയാവുകയാണ്. സ്നേഹിച്ച ഹൃദയങ്ങൾ തമ്മിൽ പരസ്പരം അടുക്കണമെങ്കിൽ ചുറ്റുമുള്ള ഭ്രാന്തൻ സമൂഹത്തിന്റെ കഴുകന്റെ ദൃഷ്ടികളുള്ള കണ്ണുകളെയും അതിജീവിക്കണം. സ്നേഹം പരിശുദ്ധമാണെങ്കിലും പൌരാഹിത്യത്തിൽ അതൊരു മാനസിക വിപ്ലവമുണ്ടാക്കുന്നു. ലൈംഗികതയെ മാറ്റി നിർത്തി  ഇവിടെ രണ്ടു ഹൃദയങ്ങൾ തമ്മിൽ പരസ്പരം അടുക്കുകയാണ്. ശേഷിക്കുന്ന ജീവിതത്തിൽ ഏകാന്തതയിൽ നിന്നും മുക്തി നേടാൻ'  ഒരു പുരോഹിതൻ കൂട്ടുകാരിയെ തേടിയാൽ സമൂഹമൊന്നാകെ പൊട്ടിത്തെറിയുണ്ടാവുകയാണ്.   പൌരാഹിത്യം അയാളിൽ ചുറ്റിപ്പറ്റിയിരിക്കുന്നതുകൊണ്ട് സ്നേഹിക്കുന്നതും രഹസ്യമായി വേണം. ഒരു പുരോഹിതൻ മറ്റൊരുവളെ സ്നേഹിക്കുന്നുവെങ്കിൽ ആ സ്നേഹം പരിശുദ്ധമെങ്കിൽ എന്തിനയാളെ തടയണം. സ്നേഹം പൌരാഹിത്യത്തിന് തടസമാകുന്നതെങ്ങനെ?  "ദൈവം സ്നേഹമാണെന്ന്" യോഹന്നാൻ സുവിശേഷം നാലാം അദ്ധ്യായം  എട്ടാം വാക്യത്തിൽ പറയുന്നു,  എങ്കിലെന്തുകൊണ്ട് പുരോഹിതന് ദൈവത്തിന്റെ ആ സ്നേഹം നിഷേധിക്കണം?  "ബ്രഹ്മചര്യം സകലരെയും സ്നേഹിക്കാൻ കാരണമാകുമെന്ന്"  പഴം കാലത്തിലെ പുരോഹിതർ പറയും, സത്യമതെല്ലെന്നും  മനസിലാക്കണം. വിവാഹിതരും തുല്യമായി മറ്റുള്ളവരെ സ്നേഹിക്കാറുണ്ട്. പ്രേമിക്കുന്നത് തിന്മയായി സഭ കരുതുന്നു. പുരോഹിതരുടെ ലൈംഗികാസക്തി തടഞ്ഞ് അവരുടെമേൽ യജമാന അടിമത്വം സൃഷ്ടിക്കുകയാണ് അഭിഷിക്തർക്കെന്നും  താല്പര്യമുള്ളത്. പുരുഷമേധാവിത്വം സഭയിലെന്നും അഴിഞ്ഞാടുന്നു. സ്ത്രീകളെ സമൂഹത്തിൽ എന്നും താണവരായി കാണുന്നു. ഇതിൽ നിന്നും ഒരു സ്വതന്ത്ര വിമോചനത്തിനായിരിക്കാം  കന്യാസ്ത്രികളും കൂടു വിട്ട് അവരുടെ ജയിലറകളിൽനിന്നും പുറത്തു ചാടുന്നത്.

ക്രിസ്തുവിന്റെ സന്ദേശങ്ങളിൽ ആരും ബ്രഹ്മചര്യം കാക്കണമെന്ന് നിർദ്ദേശിച്ചിട്ടില്ല. പത്രോസിന്റെ അമ്മായിയമ്മയെ  യേശു രോഗ വിമുക്തനാക്കി. ദൈവത്തിന്റെ തീരുമാനം അങ്ങനെയെങ്കിൽ, കുടുംബ ജീവിതം നയിക്കുന്നവരെയും സ്നേഹിക്കുന്നുവെങ്കിൽ  സഭയെ എന്തിനു ഭയക്കണം?  സഭ ദൈവത്തെക്കാളും ഉപരിയോ? വിവാഹിതനായ പത്രോസിനെയും കുടുംബത്തെയും യേശുവിന് പ്രിയമെങ്കിൽ  പൌരാഹിത്യം ഉപേക്ഷിക്കുന്ന പുരോഹിതരെയും  വിവാഹിതരാകുന്നവരെയും യേശുവിന് പ്രിയം തന്നെയായിരിക്കും.

പൌരാഹിത്യം ഉപേക്ഷിച്ചു വരുന്നവരോട്  സ്നേഹമായി പെരുമാറാൻ  സമൂഹവും തയാറാകണം.   സമൂഹത്തിന്റെ തെറ്റായ ധാരണകൾക്കും മാറ്റം വരണം. പൌരാഹിത്യം വേണ്ടെന്നു വെച്ചു പുറത്തിറങ്ങുന്ന സഹോദരങ്ങളെ വെറുതെ വിടൂ,  കൊച്ചിയിൽ അറബിക്കടലിന്റെ മടിത്തട്ടിൽ അവരോടൊപ്പം  കൂടുന്ന ഈ മഹാസമ്മേളനം വഴി   അവർക്കൊപ്പം  ഒരു ജനശക്തിയുണ്ടെന്ന കാര്യവും സമൂഹത്തെ അറിയിക്കണം.  പൌരാഹിത്യം ഉപേക്ഷിക്കാൻ മനതന്റെടമുള്ള പുരോഹിതർ സമൂഹത്തിന്റെ വെല്ലുവിളികളും സ്വീകരിച്ചുകൊണ്ടു തന്നെയാണ് പുറത്തു ചാടിയത്. യേശുവിന്റെ ചൈതന്യവുമായാണ് അവർ പൌരാഹിത്യത്തോട് വിട പറഞ്ഞത്. അവർക്കു വേണ്ടി വീണ്ടും ഉച്ചത്തിൽത്തന്നെ   ഹോശാനാ പാടാം.

മനുഷ്യ ജീവിതം മാറ്റങ്ങൾക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും.  പുരോഹിതനായി ജീവിച്ചുകൊള്ളാമെന്ന് അന്ന് പുരോഹിതൻ മറ്റൊരു പുരോഹിതന്റെ മുമ്പിലാണ് പ്രതിജ്ഞ ചെയ്തതെങ്കിൽ പൌരാഹിത്യം ഉപേക്ഷിച്ച അതേ  മനുഷ്യൻ വീണ്ടും പ്രതിജ്ഞ ചെയ്യുകയാണ് "സമൂഹമേ ഞാനിനി നിങ്ങളിൽ ഒരാളായി നിങ്ങളോടൊപ്പമായിരിക്കും." തെറ്റാവരമെന്ന ബിംബത്തെ തട്ടിത്തെറിപ്പിച്ച ശേഷമാണ് ദൈവത്ത്ന്റെ നിയോഗം ഇവിടെ പൂർത്തികരിക്കുന്നത്.  പുതിയ ജീവിതം തുറന്നതുവഴി  പുരോഹിതനുണ്ടായിരുന്ന തുച്ഛമായ വരുമാനം നിലച്ചേക്കാം. ജോലി നഷ്ടപ്പെട്ടേക്കാം. കുടുംബവും സഹോദരങ്ങളും മാതാപിതാക്കളും ഉപേക്ഷിച്ചേക്കാം.  കുടുംബത്തിൽ നിന്നും കിട്ടേണ്ട ഓഹരികൾ മറ്റുളളവർ കവർന്നെടുത്തേക്കാം. ജനിച്ചു വീണ സഭയിൽനിന്നും പുറത്താക്കുമെന്ന ഭയവും ഉണ്ടായേക്കാം. പ്രശ്ന സങ്കീർണ്ണങ്ങളുമായി  പൌരാഹിത്യം  ഉപേക്ഷിച്ചു വരുന്ന ഇയാളുടെ  മനസും  തളർന്നിരിക്കാം. സമൂഹമനസാക്ഷിക്ക് ഇതു കണ്ട് കണ്ണടക്കാൻ സാധിക്കില്ല.

നമ്മുടെ സമൂഹത്തോട്  എനിക്കൊന്നേ  പറയാനുള്ളൂ ; നിസഹായരായ  പൌരാഹിത്യമുപേക്ഷിച്ചു വരുന്നവരുടെ  മനസിനെ തകർക്കാതെ അവരെ വെറുതെ വിടൂ.  പുരോഹിതരും നമ്മുടെ കുടുംബങ്ങളിൽ നിന്നുള്ളവരെന്ന്  അവർ പൌരാഹിത്യത്തിന്റെ ചട്ടക്കൂട്ടിലായിരുന്ന കാലത്ത് നിങ്ങൾ തന്നെയല്ലേ  പറഞ്ഞത്.  പുരോഹിതരായിരുന്ന്  നിങ്ങൾക്കുവേണ്ടി  മുമ്പ് ആത്മീയ ജോലി ചെയ്തിരുന്ന ഇവർ  ഇനി മുതൽ നമ്മോടൊപ്പം ജീവിക്കേണ്ടവരാണ്. മുടിയനായ പുത്രനെ സ്നേഹമുള്ള പിതാവ് സ്വീകരിച്ചു. എങ്കിൽ എന്തുകൊണ്ട് ദൈവത്തിനായി ജോലി ചെയ്ത നിങ്ങളുടെ മകനെ നിങ്ങൾ തള്ളി പറയുന്നു.  പൌരാഹിത്യം ഉപേക്ഷിച്ചവർക്കായി  കൂടുന്ന   കൊച്ചി സമ്മേളനത്തിന്റെ വിജയത്തിനായി ഹോശാന പാടാം. അധികാര ശ്രേണികളിലുള്ള  കയാഫാസിന്റെ മക്കൾ അങ്ങകലേനിന്ന് 'അവനെ ക്രൂശിക്കുക,  ക്രൂശിക്കുക ' എന്നട്ടഹസിക്കട്ടെ. അവരെയായിരുന്നു, യേശു അണലി സന്തതികളെന്നു വിളിച്ചത്. പത്രോസ് വാളൂരിയതും അവർക്കെതിരെയായിരുന്നു. സത്യമായ  ക്രിസ്തു ഇന്ന് ദുഖിതരായ സന്യസ്തമുപേക്ഷിച്ച സഹോദരി  സഹോദരന്മാരോടൊപ്പമുണ്ട്.

Saturday, January 3, 2015

പണ്ഡിറ്റ്‌ മാളവ്യാജിയുടെ ഭാരത രത്നവും 'സത്യ മേവ ജയതേ'യും


By ജോസഫ് പടന്നമാക്കൽ

ഭാരത രത്നം നേടിയ പണ്ഡിറ്റ് മദൻ മോഹൻ  മാളവ്യാ  പഴങ്കാല ചരിത്രത്തിൽ  തിളങ്ങിനിന്നിരുന്ന  ഒരു  മഹാത്മാവായിരുന്നു. അക്കാലങ്ങളിലുള്ള   ജനം അദ്ദേഹത്തെയും മഹാത്മാവെന്നായിരുന്നു  വിളിച്ചിരുന്നത്. അലഹാബാദിലെ  പണ്ഡിതന്മാരുടെ  പാരമ്പര്യമുള്ള   ഒരു   നിർദ്ധനബ്രാഹ്മണ  കുടുംബത്തിൽ  1861 ഡിസംബർ ഇരുപത്തിയഞ്ചാം തിയതി ജനിച്ചു.  ഏഴ് സഹോദരീ സഹോദരന്മാരുണ്ടായിരുന്നു.  ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടിയ ഈ പോരാളി  സ്കൂൾ ജീവിതം മുതൽ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിരുന്നു. 1886-ൽ രാഷ്ട്രീയത്തിലും പ്രവേശിച്ചു.  മാളവ്യായെ തന്റെ മൂത്ത സാഹോദരനെപ്പോലെ മഹാത്മാ ഗാന്ധി കരുതിയിരുന്നു.   ഒരു  ബൌദ്ധിക ചിന്തകനും  വിദ്യാഭ്യാസ വിചക്ഷണനും  സ്വാതന്ത്ര്യ യോദ്ധാവുമായിരുന്നു.  ഭാരതീയ ദേശീയതയിൽ  നവോദ്ധാന ചിന്തകൾക്കും അക്കാലത്ത് പ്രാമുഖ്യം നൽകിക്കൊണ്ടിരുന്നു. 


മാളവ്യാ  അഞ്ചാം  വയസുമുതൽ  സംസ്കൃതം പഠിക്കാൻ തുടങ്ങി. പണ്ഡിറ്റ് ഹർ ദേവ ധർമ്മാ ജ്ഞാനോപദേശ  പാഠശാലയിൽ നിന്നും പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കി.  വിധാ വർദിനി സഭാ സ്കൂളിലും പിന്നീട് അലഹാബാദ് ഡിസ്ട്രിക്റ്റ് സ്കൂളിലും പഠനം തുടർന്നു. ചെറുപ്പ കാലം മുതൽ കവിതകൾ പത്രങ്ങളിലും മാസികകളിലും പ്രസിദ്ധീകരിച്ചിരുന്നു. മെട്രിക്കുലേഷൻ പാസായ ശേഷം കൽക്കട്ടാ യൂണിവെഴ്സിറ്റിയിൽ നിന്നും ബി.എ. ബിരുദം നേടി. കുടുംബത്തിൽ കടുത്ത സാമ്പത്തിക പ്രശ്നം ഉണ്ടായിരുന്നെങ്കിലും സ്കോളർഷിപ്പ്  സഹിതമായിരുന്നു  അദ്ദേഹം പഠനം നടത്തിയിരുന്നത്.  സംസ്കൃതത്തിൽ എം.എ. പാസായ ശേഷം അദ്ദേഹത്തിൻറെ പിതാവിന്റെ കുലത്തൊഴിലായ അമ്പലങ്ങളിലെ ഭാഗവതം വായിക്കാൻ   പിതാവ് അദ്ദേഹത്തോട്  ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ  മുത്തച്ചൻ പണ്ഡിറ്റ് പ്രേംധറും പിതാവ് പണ്ഡിറ്റ്  ബൈജ നാഥും സംസ്കൃത പണ്ഡിതരായിരുന്നു. പിതാവ് ഭാഗവതം വായിച്ച് ശ്രോതാക്കളെ രസിപ്പിക്കുന്ന ഭാഗവത പാരായണ കാഥികനുമായിരുന്നു.  മാളവ്യാക്കും  ബാല്യത്തിൽ മൊട്ടിട്ടിരുന്ന ആഗ്രഹങ്ങൾ പിതാവിനെപ്പോലെ ഭാഗവതം വായിക്കാൻ പ്രാവിണ്യം നേടണമെന്നായിരുന്നു.  പിന്നീടുള്ള ജീവിതത്തിൽ വീട്ടിലെ ദാരിദ്ര്യം മൂലം അദ്ദേഹത്തിന്റെ അഭിലാഷങ്ങൾ മറ്റൊരു വഴിക്കു  തിരിഞ്ഞു. സാഹചര്യങ്ങളുടെ സമ്മർദം മൂലം 1884-ൽ  അടുത്തുള്ള  അലഹാബാദ് ഡിസ്ട്രിക്റ്റ് സ്കൂളിൽ  നാൽപ്പതു രൂപയ്ക്ക്   അദ്ധ്യാപകനായി   ജോലിയാരംഭിച്ചു.


പിന്നീട് അദ്ധ്യാപക ജോലിയുപേക്ഷിച്ചുകൊണ്ട്  1887-ൽ നാഷണൽ വീക്കിലിയിൽ എഡിറ്ററായി ജോലി തുടങ്ങി.  അതിനു ശേഷം നിയമത്തിൽ എൽ.എൽ. ബി.   ബിരുദം നേടി. അലഹാബാദ് ഡിസ്ട്രിക്റ്റ് കോർട്ടിൽ പ്രാക്റ്റീസും  തുടങ്ങിയിരുന്നു. 1893-ൽ ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു.   ചൌറി-ചോര കേസിൽ 177 സ്വാതന്ത്ര്യ സമര പോരാളികൾക്കുവേണ്ടി  കോടതിയിൽ ഹാജരായി. അദ്ദേഹം  1911-ൽ  ആനി ബസന്റിനെ  കണ്ടുമുട്ടി. ബനാറസിൽ ഒരു യൂണിവേഴ്സിറ്റി സ്ഥാപിക്കാൻ അവരോടൊപ്പം പ്രവർത്തിക്കാൻ  തുടങ്ങി. 


1878-ൽ പതിനാറാം വയസിൽ മിർസാ പൂരിൽ നിന്നുള്ള കുമാരി ദേവിയെ അദ്ദേഹം വിവാഹം കഴിച്ചു. അഞ്ചു പുത്രന്മാരും അഞ്ചു പുത്രികളുമുണ്ടായിരുന്നു.  അദ്ദേഹത്തിൻറെ ഇളയ പുത്രനായ ഗോവിന്ദ മാളവ്യാ സ്വാതന്ത്ര്യ സമര സേനാനിയും 1961-ൽ  മരിക്കുംവരെ പാർല മെന്റ് അംഗവും  ബനാറസ്   യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറുമായിരുന്നു.   


സിവിൽ ക്കേസുകളുടെ  ആധികാരിക  നിയമജ്ഞനായിട്ടാണ്  അദ്ദേഹം പ്രാക്റ്റീസാരംഭിച്ചത്.അക്കാലത്ത്   പ്രസിദ്ധനായ ഒരു വക്കീലായി അദ്ദേഹത്തെ അറിയപ്പെട്ടിരുന്നു. 1913-ൽ അമ്പതാം വയസിൽ ദേശീയ സ്വാതന്ത്ര്യ പ്രവർത്തനത്തിനായി  തന്റെ വരുമാനമാർഗമായ  വക്കീൽ ജോലി ഉപേക്ഷിച്ചു. നിയമ വിജ്ഞാനത്തിൽ അതിവേഗം കുതിച്ചുയർന്ന അദ്ദേഹത്തെ വെല്ലാൻ സിവിൽ നിയമങ്ങളിൽ  മറ്റൊരു  നിയമജ്ഞനില്ലായിരുന്നുവെന്ന് അക്കാലങ്ങളിൽ  ജീവിച്ചിരുന്ന  പ്രസിദ്ധരായവരുടെ  ഓർമ്മക്കുറിപ്പുകളിൽ  എഴുതിയിട്ടുണ്ട്. സർ മിർസാ ഇസ്മായൽ എഴുതിയിരിക്കുന്നത്  "മഹാനായ ഒരു നിയമജ്ഞൻ പറഞ്ഞതു  താൻ  കേട്ടിട്ടുണ്ടെന്നും മാളവ്യാ ഒന്നു മനസു വെച്ചിരുന്നുവെങ്കിൽ ഭാരതീയ നിയമ വ്യവസ്ഥയിൽ തന്നെ അദ്ദേഹമൊരു അഭിമാനമാകുമായിരുന്നുവെന്നുമാണ്". നിയമജ്ഞരിൽ നിയമജ്ഞനായി  തിളങ്ങി നിന്നിരുന്ന നാളുകളിൽ  ആ ദേശസ്നേഹി  രാജ്യ സേവനത്തിനു വേണ്ടി മഹത്തായ ആ തൊഴിൽ വേണ്ടെന്നു വച്ചു.  " ഗോപാല കൃഷ്ണ ഗോഖലെ പറഞ്ഞു,' മാളവ്യായുടെ സ്വയം ത്യാഗം ഒരു സത്യമായിരുന്നു. ദാരിദ്ര്യം നിറഞ്ഞ ഒരു കുടുംബത്തിൽ ജനിച്ചു. ദാരിദ്രത്തെ തിരിച്ചറിഞ്ഞു. സ്വയം പ്രയത്നിച്ച് മാസം ആയിരക്കണക്കിന് രൂപയുടെ വരുമാനവും നേടിയിരുന്നു.  ആഡംബരത്തെയും അദ്ദേഹം രുചിച്ചു. നേടിയ സാമ്പത്തിക നേട്ടങ്ങൾ രാഷ്ട്രത്തിനു വേണ്ടിയും വിനിയോഗിച്ചു. അതെല്ലാം ത്യജിച്ച് വീണ്ടും അദ്ദേഹം ദാരിദ്ര്യത്തെ തെരഞ്ഞെടുത്തു".    


1886-ലെ കല്ക്കട്ടാ കോണ്‍ഗ്രസിലെ വികാരോജ്ജലമായ ഒരു പ്രസംഗത്തിനു ശേഷം അദ്ദേഹം സ്വന്തം ഉപജീവനമായ വക്കീലുപണിയുപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക്  പ്രവേശിച്ചു. സരോജിനി  നായിഡുവിനെ അറസ്റ്റു ചെയ്ത ശേഷം അദ്ദേഹത്തെ കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുത്തു.  അമ്പതു വർഷത്തോളം അമ്പതു ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് പ്രസിഡന്റു മാരോടൊ പ്പം  പ്രവർത്തിച്ചു. 1909 മുതൽ നാലു പ്രാവിശ്യം ഇന്ത്യൻ നാഷണൽ  കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നു. 1937-ൽ  സാമൂഹിക ദീനാനുകമ്പ  പ്രവർത്തനങ്ങൾക്കായി കൂടുതൽ സമയം കണ്ടെത്താൻ  രാഷ്ട്രീയത്തോടു താല്ക്കാലികമായി വിട്ടുനിന്നു. രാഷ്ട്രീയത്തിൽ അദ്ദേഹം തീവ്ര ദേശീയ വാദികൾക്കും മിത വാദികൾക്കും  ഉദാര ചിന്താഗതിക്കാർക്കും മദ്ധ്യേയായിരുന്നു പ്രവർത്തിച്ചിരുന്നത്. തീവ്ര വാദിയായ തിലകന്റെയും  മിതവാദിയായ ഗോഖലയുടെയും  ചിന്തകൾക്കനുസരിച്ച് അനുയായികളും ഇരുകൂട്ടർക്കൊപ്പമുണ്ടായിരുന്നു.  1928-ലെ  സൈമണ്‍  കമ്മീഷൻ റിപ്പോർട്ടിനെ എതിർക്കാൻ അദ്ദേഹം ലജപുത് റായി, ജവഹർലാൽ നെഹ്റു, തുടങ്ങിയ അനേക സ്വാതന്ത്ര്യ യോദ്ധാക്കളുമായി പ്രവർത്തിച്ചിരുന്നു.ബ്രിട്ടീഷുകാർ ഭരണ സംവിധാനത്തിനായി   സൈമണ്‍  കമ്മീഷൻ  റിപ്പോർട്ടിന്റെ  നക്കലെഴുതിയുണ്ടാക്കിയത്   മുസ്ലിമുകളെയും ഹിന്ദുക്കളെയും ഭിന്നിപ്പിക്കുന്ന രൂപേണയായിരുന്നു


സ്വാതന്ത്ര്യ സമര യോദ്ധാവിനെക്കാളും  രാഷ്ട്രീയ നേതാവിനെക്കാളും  തികഞ്ഞൊരു  വിദ്യാഭ്യാസ ചിന്തകനായിട്ടാണ്  മാളവ്യായെ  ലോകമറിയുന്നത്‌.  അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ  ആവശ്യകതയെ   സ്വന്തം അനുഭവത്തിൽക്കൂടി അദ്ദേഹം നല്ലവണ്ണം മനസിലാക്കിയിരുന്നു. വിദ്യാർത്ഥികളുടെ പ്രാരഭ ജീവിതത്തിലെ ദുരിതങ്ങൾ അദ്ദെഹത്തിന്റെയും ജീവിതാനുഭവങ്ങളായിരുന്നു. 250 വിദ്യാർത്ഥികളെ താമസിപ്പിച്ചു പഠിപ്പിക്കുന്ന മാക്ഡോണാൾഡ്സ്  റസിഡൻസി  സ്കൂൾ 1903 -ൽ  തുടങ്ങി. 1.3 ലക്ഷം രൂപാ അക്കാലത്ത് പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുത്തു. ഈ സ്ഥാപനം താൻ സ്വപ്നം കണ്ടിരുന്ന ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ മുന്നോടിയായിരുന്നു.  അത് വാസ്തവികമാകാൻ 1916 വരെ കാത്തിരിക്കേണ്ടി വന്നു. ദീർഘ ചിന്താഗതിയുടെ ഫലമായാണ് ബനാറസ് ഹിന്ദു യൂണി വേഴ്സിറ്റിയെന്ന ചിരകാലാഭിലാഷം  അദ്ദേഹത്തിന്റെ ജീവിതത്തിൽ സാഫല്യമായത്. ശാസ്ത്ര സാങ്കേതിക എഞ്ചിനീയറിഗ് വിഷയങ്ങളിൽ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ അവിടെനിന്ന് വർഷംതോറും പഠിച്ചു പുറത്തിറങ്ങുന്നു.   1919-1938 കാലഘട്ടങ്ങളിൽ മാളവ്യാ ആ യൂണിവേഴ്സിറ്റിയുടെ  വൈസ് ചാൻസലറും കൂടിയായിരുന്നു.   ഒത്തൊരുമിച്ചു ജോലി ചെയ്യുക, പൊതു ജനങ്ങളിൽ നിന്ന് വൻ തുകകൾ സമാഹരിക്കുക, എന്നിവകളിൽക്കൂടി    കർമ്മനിരതനായി പ്രവർത്തിച്ചുകൊണ്ടിരുന്നു. വിശ്വപ്രസിദ്ധമായ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ സ്ഥാപകനെന്ന നിലയിൽ അദ്ദേഹത്തിൻറെ നാമം ഭാരത ചിന്താമണ്ഡലത്തിൽ എന്നും തെളിഞ്ഞു നില്ക്കുന്നതു  കാണാം.
   

മാളവ്യാ  നല്ലൊരു പത്ര പ്രവർത്തകനായിരുന്നു. 1886 ലെ  കൽകട്ടായിൽ നടന്ന രണ്ടാം കോണ്‍ഗ്രസ് സമ്മേളനത്തിൽ മാളവ്യാ ചെയ്ത ഒരു പ്രസംഗം ഹിന്ദുസ്ഥാൻ ടൈംസിന്റെ ചെയർമാൻ  രാജാ റമ്പാൽ സിംഗിന് (പ്രതാപ് ഗട്ട് ജില്ലാ)  വളരെയധികം ഇഷ്ടപ്പെട്ടു. 1887-ൽ  ഹിന്ദുസ്ഥാൻ ടൈംസ് എഡിറ്റു ചെയ്യുന്ന ചുമതല മാളവ്യായെ ഏൽപ്പിച്ചു.  മാളവ്യായുടെ വിവിധ വിഷയങ്ങളിലുള്ള പുസ്തകരചനകളും  കവിതകളും ഒരു പത്രപ്രവർത്തകനാകാനുള്ള  എല്ലാ യോഗ്യതകളും നേടിയിരുന്നു. 1883- ൽ  അദ്ദേഹത്തിന്റെ  അനേക കവിതകളും പ്രസിദ്ധപ്പെടുത്തിയിരുന്നു. 1908-ൽ ബ്രിട്ടീഷ്കാർ പ്രസ് ആക്റ്റ് കൊണ്ടുവന്നപ്പോൾ ആ നിയമത്തെ  ശക്തിയായി  പ്രതിക്ഷേധിച്ച് അഖിലേന്ത്യാ പ്രസ് കോണ്ഫ്രൻസ്  വിളിച്ചു കൂട്ടുകയുണ്ടായി.1912-1926 വരെ ഹിന്ദുസ്ഥാൻ ടൈംസ് ചെയർമാനുമായിരുന്നു. 1930-ൽ   ഹിന്ദുസ്ഥാൻ ടൈംസ് സാമ്പത്തികമായി തകർന്നപ്പോൾ  ആ പത്രത്തെ കടക്കെണിയിൽ നിന്നും കരകയറ്റി രക്ഷിച്ചത് മാളവ്യായായിരുന്നു. ബ്രിട്ടീഷ് കാർക്കെതിരെ  ശബ്ദമുയർത്താൻ ഒരു  ഇംഗ്ലീഷ് പത്രത്തിന്റെ ആവശ്യകതയും അദ്ദേഹത്തിനു തോന്നി. മോട്ടിലാൽ നെഹ്രുവിന്റെ സഹായത്തോടെ 1909- ൽ  'ലീഡർ' എന്ന പത്രം ആരംഭിച്ചു. 1909-മുതൽ അതിന്റെ എഡിറ്ററും 1911-1919 വരെ ആ പത്രത്തിന്റെ പ്രസിഡണ്ടുമായിരുന്നു. അദ്ദേഹം 'മര്യാദ' യെന്ന പേരിൽ ഒരു ഹിന്ദി പത്രവും ആരംഭിച്ചിരുന്നു. 1924-ൽ ഹിന്ദുസ്ഥാൻ പത്രത്തിന്റെ മുഴുവൻ ചുമതലകളും  മാളവ്യായ്ക്കായിരുന്നു. 1933-ൽ  ബനാറസ് യൂണിവേഴ്സിറ്റിയിൽ  നിന്ന് 'സനാതന ധർമ്മ' എന്ന പേരിൽ ഒരു ഹിന്ദു മാഗസിനും ആരംഭിച്ചു. 


ഹിന്ദു ധർമ്മത്തിലെ അടിയുറച്ച വിശ്വാസംകൊണ്ട് നേരായ വഴി, നേരായ ചിന്ത, നേരായ പ്രതികരണം നേരായ പ്രവർത്തന  മണ്ഡലങ്ങൾ   എന്നീ  തത്ത്വസംഹിതകൾ  പ്രായോഗിക ജീവിതത്തിൽ പ്രാബല്യമാക്കാൻ  അദ്ദേഹമെന്നും  ശ്രമിച്ചിരുന്നു.  പ്രയാഗ ഹിന്ദു സമാജം സെക്രട്ടറി, (1880)   മദ്ധ്യഭാരത ഹിന്ദു സമാജ  കോണ്‍ഫ്രൻസ് , അലഹാബാദ്, എന്നിങ്ങനെ വിവിധ സംഘടനകളിൽ സജീവമായി പ്രവർത്തിക്കുകയും സംഘടനകളെ നയിക്കുകയും ചെയ്തിരുന്നു. സനാതനവും ഭാരത ധർമ്മവും പ്രചരിപ്പിക്കുന്ന വിവിധ സംഘടനകളിലും അദ്ദേഹം വളരെ ഊർജ സ്വലതയോടെ പ്രവർത്തിച്ചിരുന്നു.  ഋഷികുലം  ബ്രഹ്മചര്യാശ്രമത്തിന്റെ രക്ഷാധികാരിയുമായിരുന്നു. വേദങ്ങളിലെ 'സത്യ മേവ ജയതേ' എന്ന ഹൈന്ദവത്വത്തിന്റെ ആപ്ത വാക്യം  ഭാരതം മുഴുവൻ പ്രചരിപ്പിച്ചതും മാളവ്യായായിരുന്നു.  അദ്ദേഹം രാഷ്ട്രീയ സാമൂഹിക  നേതാവിനൊപ്പം ഒരു മത നേതാവും കൂടിയായിരുന്നു. ഹരിദ്വാരിൽ അനേക ആചാരകർമ്മങ്ങളിലും മാളവ്യാ നേതൃത്വം കൊടുത്തിട്ടുണ്ട്. 


സാമൂഹിക  ഉച്ഛനീചത്വങ്ങളെ  ഇല്ലായ്മ ചെയ്യാനുള്ള   ശ്രമം  അദ്ദേഹത്തിൻറെ പ്രവർത്തന മണ്ഡലങ്ങളിൽ  ഉടനീളം കാണാം. മാളവ്യായുടെ നേതൃത്വത്തിലുള്ള തൊട്ടുകൂടായ്മയ്ക്കും തീണ്ടലിനുമെതിരെയുള്ള   സമരം  ജനലക്ഷങ്ങളെ ആകർഷിച്ചിരുന്നു. ചതുർവർണ്ണ   വ്യവസ്ഥിതിക്കെതിരെ  അദ്ദേഹത്തിന്റെ പോരാട്ടം സ്വന്തം സമുദായത്തിൽ ശതൃക്കളെ സൃഷ്ടിച്ചുകൊണ്ടിരുന്നു. ദളിതർക്കു വേണ്ടിയുള്ള  പ്രവർത്തനങ്ങളിൽ  അമർഷം പൂണ്ട്   ശ്രീ ഗൌഡബ്രാഹ്മണ സമുദായം അദ്ദേഹത്തെ  സമുദായത്തിൽനിന്ന് പുറത്താക്കി.  ഹിന്ദു ദളിതർക്ക് അമ്പലങ്ങളിൽ പ്രവേശനം നടത്തണമെന്ന സന്ദേശങ്ങളുമായി രഥയാത്രകൾ നടത്തിയിരുന്നു. ഗോദാവരിയിൽ മുങ്ങി മന്ത്രങ്ങളുമുച്ഛരിച്ച്  അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കലാരമമ്പലത്തിനു  സമീപത്ത് പ്രകടനങ്ങൾ സംഘടിപ്പിക്കുമായിരുന്നു.     
അദ്ദേഹം  അഖില ഭാരത സേവാ സംഘം എന്ന സംഘടനയുടെ രക്ഷാധികാരിയായിരുന്നു. വെള്ളപ്പൊക്കവും ഭൂമികുലുക്കവും പ്രകൃതി  ക്ഷോപവും കൊണ്ട് കഷ്ടപ്പെടുന്നവരെ സഹായിക്കുകയെന്നായിരുന്നു ഈ സംഘടനയുടെ ലക്ഷ്യം. അഖില ഭാരത സേവാ സമിതിയുടെ കീഴിൽ ബോയി സ്കൌട്ടും ആരംഭിച്ചു. ദേശഭക്തനായ ഒരാൾ  സ്കൌട്ടിനെ നയിക്കണമെന്ന നിർബന്ധമുണ്ടായിരുന്നു. ബ്രിട്ടീഷ് ദേശീയ ഗാനം ആലപിക്കുന്നതിനു പകരം വന്ദേ മാതരം ആലപിക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. 'വസന്ത' (Plague) വന്ന് നാടാകെ രോഗ ബാധിതരായിരുന്ന കാലത്ത് മാളവ്യാ രാവും പകലുമില്ലാതെ അവർക്കു വേണ്ടി കഠിനാധ്വാനം ചെയ്തു. രോഗ ബാധിതരായവരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച്  ചീകത്സിക്കുകയും  പകർച്ചവ്യാധി പിടിക്കാതെ മറ്റുള്ളവരിൽ നിന്ന് അകന്നു ദൂരെ സ്ഥലങ്ങളിൽ പാർപ്പിക്കുകയും രോഗികളുടെ  ശുശ്രുഷകൾ ഉത്തരവാദിത്വത്തോടെ നിർവഹിക്കുകയും ചെയ്തിരുന്നു.   കിടപ്പാടമില്ലാത്തവർക്ക് കിടപ്പാടം കൊടുത്തും ദരിദ്രർക്ക് ഭക്ഷണവും വസ്ത്രവും കൊടുത്തും ഈ സംഘടന  അനേകരെ സഹായിച്ചിരുന്നു.  കഷ്ടപ്പെടുന്നവർക്ക്  ആശ്വാസം നല്കുന്ന  മാളവ്യായെന്ന  മനുഷ്യ  സ്നേഹി അക്കാലങ്ങളിൽ ജനങ്ങളുടെ പ്രിയങ്കരനായിരുന്നു. സമൂഹത്തിൽ താണവരെ മനുഷ്യത്വത്തോടെ ദർശിക്കാനുള്ള ആവേശവും അദ്ദേഹത്തിൽ പ്രതിഫലിച്ചിരുന്നു. 1933-ൽ ഗാന്ധിജി ഹരിജന സേവനം തുടങ്ങുന്നതിനു വളരെ മുമ്പേ മാളവ്യാ അവർക്കു വേണ്ടി പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. സ്ത്രീ വിമോജനത്തിനായും  ശൈശവ  വിവാഹങ്ങൾക്കെതിരെയും പ്രവർത്തിച്ചിരുന്നു. തീണ്ടലും തൊടീലും സമൂഹത്തിൽനിന്നും തുടച്ചുമാറ്റാൻ വിപ്ലവം നയിക്കുന്ന സംഘടനയായ ബോംബെ കോണ്‍ഗ്രസിന്റെ പ്രസിഡന്റുമായിരുന്നു. 


1941-ൽ  പശു സംരക്ഷണ സമിതി ആദ്യമായി ആരംഭിച്ചത് മാളവ്യായാണ്. 'ധർമ്മ നിഷ്ഠയോടെയും   ഈശ്വര ഭക്തിയോടെയും ജീവിക്കുന്ന ആദർശവാനായ ഒരു വ്യക്തിത്വത്തിന്റെ ഉടമയെന്നാണ്' മാളവ്യായെപ്പറ്റി ഗാന്ധിജി പറഞ്ഞത്.  'തിലകനെ ഹിമാലയത്തോടും ഗോഖലയെ അഗാധമായ സമുദ്രത്തോടും ഉപമിച്ചപ്പോൾ മാളവ്യായെ ഉപമിച്ചത്  നിർമ്മലവും പരിശുദ്ധവുമായ വ്രതസ്നാന  പുണ്യജലമൊഴുകുന്ന നദിയോടായിരുന്നു. ഐശ്വര്യ സമ്പൂർണ്ണമായ  വ്യക്തി പ്രഭാവവും സുന്ദരവും ശാന്തവുമായ ജീവിതവും തീരാത്ത മനുഷ്യസ്നേഹവും അദ്ദേഹത്തെ മഹാത്മാവാക്കി. 'കറതീർന്ന പരിപാവനമായ ഒരു ജീവിതത്തിന്റെ പരിമളം പരത്തുന്ന  ഒരു വെളുത്ത റോസാപൂ പോലെയാണ്' മാളവ്യായെന്ന്   ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ അദ്ദേഹത്തെ  ഉപമിച്ചു.  ' ഒരു കുഞ്ഞിന്റെ ലാളിത്യവും ഒപ്പം   അനീതിക്കെതിരെയുള്ള ശക്തിയേറിയ വാക്കുകളും സുപ്രാധാന  തീരുമാനങ്ങളിൽ വിട്ടു വീഴ്ചയില്ലാത്ത  മനോഭാവവും വ്യക്തിത്വവും  താത്ത്വിക ചിന്തകനായ  മാളവ്യായിൽ നിറഞ്ഞിരുന്നുവെന്നു ' എഡ്ഗാർ സ്നോ എഴുതി. ഡോ. സർവ്വേപ്പള്ളി  രാധാകൃഷ്ണൻ പറഞ്ഞു, "പണ്ഡിറ്റ് മാളവ്യാ ഒരു കർമ്മ യോഗിയായിരുന്നു. ഹിന്ദു മതത്തിന്റെ പ്രവാചകൻ മാത്രമല്ല സനാതനത്വത്തിന്റെ ആത്മാവും കൂടിയായിരുന്നു. കഴിഞ്ഞ കാലങ്ങളിലെ ഹൈന്ദവ ചിന്താഗതികളെ ചികയുന്നതോടൊപ്പം കാലത്തിനനുസരിച്ചു മുന്നേറാനും അദ്ദേഹം ആവേശഭരിതനായിരുന്നു. പുണ്യ ഭൂമിയായ  കാശിയും  ജ്ഞാനത്തിന്റെ  കേദാര കേന്ദ്രമായ ബനാറസ് ഹിന്ദു   സർവ്വകലാശാലയും  മാളവ്യായും  പരിശുദ്ധിയുടെ  ത്രിവേണി സംഗമത്തിലെ ഘടകങ്ങളാണെന്ന് സനാതന ഭക്തർ കരുതുന്നു.


പണ്ഡിറ്റ് മദൻ മോഹൻ  മാളവ്യാ സ്വാതന്ത്ര്യത്തിന്റെ പുലരി കാണുന്നതിനു മുമ്പ് 1946-ൽ  മരിച്ചു. ബനാറസ് യൂണിവേഴ്സിറ്റിയുടെ  കവാടത്തിൽ   വലിയ ഒരു സ്തൂപത്തിൽ  മാളവ്യായുടെ ഒരു പ്രതിമ കാണാം.  അത്തരം പ്രതിമകൾ അലഹാബാദിലും ഭോപാലിലും  ലക്നൗവിലും വിവിധ പട്ടണങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്.  ഗോരഖ്പൂരിലും ജയപ്പൂരിലും അദ്ദേഹത്തിൻറെ നാമത്തിൽ എഞ്ചിനീയറിംഗ്  കോളെജുകളുമുണ്ട്.  ഇന്ത്യാ സർക്കാർ  മാളവ്യയുടെ പേരിൽ അഞ്ചു രൂപാ നാണയവും പോസ്റ്റേജ് സ്റ്റാമ്പും ഇറക്കിയിരുന്നു.


നരേന്ദ്ര മോഡി പ്രധാന മന്ത്രി സ്ഥാനാർത്ഥിയായിരുന്നപ്പോൾ  മാളവ്യായുടെ പ്രതിമയിൽ പുഷ്പ മാല ചാർത്തിയത്  വലിയ വിവാദമായിരുന്നു. ചിലർ പിറ്റേന്ന് ഗംഗാജലം കൊണ്ടുവന്ന് പ്രതിമ കഴുകി ശുദ്ധിയാക്കി. അന്ന് വിവാദമായ സംഭവത്തോടൊപ്പം പ്രതിമയെ പുണ്യ ജലംകൊണ്ട് ശുദ്ധിയാക്കിയവർ മാളവ്യായെയും മറന്നിരുന്നു. എന്നാൽ  പ്രധാനമന്ത്രി മോഡി  മറന്നില്ല.  അന്ന് മാലയണിയിച്ചു.  ഇന്ന് മാളവ്യായ്ക്ക് രത്നവും അണിയിച്ചു.ഭാരത   ഭൂമിയിലാകമാനം ഇന്ത്യൻ ദേശീയതയുടെ സവിശേഷ വ്യക്തിപ്രഭാവമുള്ള  മദന മോഹൻ മാളവ്യയുടെ വിസ്മരിക്കപ്പെട്ട ജീവിതത്തെ  'ഭാരത രത്നം' നല്കി ദേശീയ ശ്രദ്ധയിലെത്തിച്ചതിന്  മോഡിജി സർക്കാനൊപ്പം  ഓരോ ഭാരതീയനും അഭിമാനിക്കുകയും ചെയ്യാം. 


നൂറു ജന്മങ്ങൾ കൊണ്ട് ചെയ്തു തീർക്കേണ്ട സംഗതികൾ  ഒറ്റ ജന്മം കൊണ്ട് ഈ മനുഷ്യൻ നിർവഹിച്ച  കഥ വായിച്ചപ്പോൾ   അറിയാതെ ആ മഹാന്റെ മുമ്പിൽ  ഞാനും എന്റെ   ശിരസ്സ് നമിച്ചു പോയി.  'സത്യമേവ ജയതേ' മാളവ്യാ മന്ത്രിച്ചിരുന്ന  സനാതനം   മുണ്ടോകപനിഷത്തിന്റെ  ഒരു മന്ത്രമാണ്.  അധർമ്മത്തിന്റെ മേൽ  സത്യം മാത്രം ജയിക്കും. മാളവ്യായുടെ  ഹൃദയ മന്ത്രമായ ' സത്യ മേവ ജയതേ 'സ്വതന്ത്ര ഭാരതത്തിന്റെയും  ആപ്തവാക്യമാണ്. ഭാരതത്തിന്റെ ദേശീയ ചിന്ഹമായ  അശോകസ്തംഭത്തിൽ,   ദേവനാഗരിയിൽ ഈ ശ്ലോകം കൊത്തി വെച്ചിട്ടുണ്ട്. ഗാന്ധിജി പറഞ്ഞു, 'എന്റെ മതമെന്നാൽ സത്യമാണ്‌. അഹിംസയുമാണ്. അദൃശ്യമായ ആ സത്യം എന്റെ  ദൈവമാണ്. അഹിംസയെന്നാൽ   അധർമ്മത്തിനെതിരെ ആ ദൈവത്തെ പ്രാപിക്കാനുള്ള വഴിയും.'


Gandhi and the goats: Gandhi, Miraben (centre) and Pandit Madan Mohan Malaviya (right) visited the Dairy Show at the Royal Agricultural Hall, London, ...
















കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...