Sunday, July 31, 2016

ഹിലാരി ക്ലിന്റനും ഡൊണാൾഡ് ട്രമ്പും വാക്‌ പോരാട്ടങ്ങളും



By ജോസഫ് പടന്നമാക്കൽ

റിപ്പബ്ലിക്കൻ പാർട്ടിയിൽനിന്ന് ഡൊണാൾഡ് ട്രമ്പിനെയും ഡെമോക്രാറ്റിക്ക് പാർട്ടിയിൽ നിന്ന് ഹിലാരി ക്ലിന്റനെയും അമേരിക്കയുടെ അടുത്ത പ്രസിഡന്റാകാൻ ഔദ്യോഗികമായി നോമിനേറ്റ് ചെയ്ത സ്ഥിതിക്ക് അവരുടെ നയങ്ങളെയും പരസ്പരം പഴി ചാരിയുള്ള ആരോപണങ്ങളെയും വിലയിരുത്തുന്നത് സമുചിതമായിരിക്കുമെന്നു കരുതുന്നു. തിരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥികൾ വിവിധ പ്ലാറ്റ്ഫോറങ്ങളിൽ പല തവണ പ്രസ്താവിച്ച ആശയങ്ങളും വസ്തുതകളും മാത്രമാണ് ഈ ലേഖനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ വിവേകപൂർവം വിലയിരുത്താനും പൗരാവകാശങ്ങളെ മാനിക്കാനും മനഃസാക്ഷിയ്ക്കനുസരിച്ചു വോട്ടു രേഖപ്പെടുത്താനും ഇരുവരുടെയും നയങ്ങളെ സസൂക്ഷ്മം പഠിക്കേണ്ടതായുണ്ട്.ഇൻഡ്യാന   ഗവർണ്ണർ 'മൈക്ക് ഫെൻസ്' ട്രമ്പിനൊപ്പം വൈസ് പ്രസിഡന്റായി  മത്സരിക്കുന്നു. മനുഷ്യാവകാശ പ്രവർത്തകനും നിയമജ്ഞനുമായ വെർജിനിയായിലെ 'റ്റിം കെയിൻ' ഹിലാരിക്കൊപ്പമുള്ള വൈസ് പ്രസിഡന്റ് സ്ഥാനാർഥിയുമാണ്.  


രാഷ്ട്രീയ പാരമ്പര്യമോ ഭരണപരമായ നൈപുണ്യമോ നേടിയിട്ടില്ലാത്ത ഡൊണാൾഡ് ട്രമ്പ്  അമേരിക്കൻ പ്രസിഡന്റായി 2016-ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് എന്തുകൊണ്ടും വൈവിധ്യമാർന്ന ഒരു ചരിത്രത്തിന്റെ തുടക്കമാണ്. വ്യാവസായിക രാജാവായ ട്രമ്പിന്റെ കൈകളിൽ അമേരിക്ക സുരക്ഷിതമായിരിക്കുമെന്നു രാജ്യത്തിലെ വലിയൊരു ജനവിഭാഗം വിശ്വസിക്കുന്നു. അതുപോലെ ഹിലാരി ക്ലിന്റനും ചരിത്രത്തിൽ കുറിക്കപ്പെട്ട മറ്റൊരു അദ്ധ്യായമായി മാറിക്കഴിഞ്ഞു. സുപ്രധാനമായ ഒരു പാർട്ടിയിൽ ഒരു വനിതയെ പ്രസിഡന്റായി നോമിനേറ്റ് ചെയ്യുന്നതും അമേരിക്കയുടെ ആദ്യത്തെ ചരിത്ര സംഭവമാണ്. മുൻപ്രസിഡന്റ് ബിൽ ക്ലിന്റന്റെ ഭാര്യയെന്ന നിലയിലും ഹിലാരിയുടെ വ്യക്തിത്വം അമേരിക്കൻ ജനതയെ ആകർഷിക്കുന്നു.


ട്രമ്പും ഹിലാരിയും ഒരിക്കൽ വലിയ സുഹൃത്തുക്കളായിരുന്നു. സാമൂഹിക സാംസ്ക്കാരിക  തലങ്ങളിൽ അവർ ഒന്നിച്ചു പ്രവർത്തിച്ചിരുന്നു. ട്രമ്പിന്റെ മൂന്നാം വിവാഹത്തിൽ ഹിലാരിയും സംബന്ധിച്ചിരുന്നു. പ്രസിഡണ്ടായി മത്സരിക്കാൻ ആരംഭിച്ചപ്പോൾ മുതലാണ് ഇരുവരും കുറ്റാരോപണങ്ങൾ നടത്താനാരംഭിച്ചത്.ആശയ സംഘട്ടനങ്ങളൊഴിവാക്കി താത്ത്വികമായി ചിന്തിച്ചാൽ അവർ ഇരുവരും രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ വ്യത്യസ്തരല്ലെന്നും കാണാം.  രാഷ്ട്രീയ പരിജ്ഞാനക്കുറവുമൂലം ട്രമ്പ് പറയുന്നത് അപ്രായോഗികങ്ങളെന്നും തോന്നിപ്പോവും.  


വൈറ്റ് ഹൌസിലേക്കുള്ള മത്സരയോട്ടത്തിൽ ട്രമ്പും ഹിലാരിയും പരസ്പരം പഴി ചാരികൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ നടത്തുന്നത് മാദ്ധ്യമങ്ങളിൽ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്നുണ്ട്.   'ഹിലാരി ക്ലിന്റൺ അമേരിക്കയുടെ വിദേശ നയത്തിന്റെ ചുമതലകൾ വഹിച്ചതിനുശേഷം അമേരിക്കാ സുരക്ഷിതമല്ലെന്നു ട്രമ്പ് പറയുന്നു. രാജ്യഭദ്രതയുമില്ല. ഹിലാരിയെ സെക്രട്ടറിയാക്കിയതിൽ ഇന്ന് ഒബാമ ഭരണകൂടം ഖേദിക്കുന്നുവെന്നും ട്രമ്പ് വിശ്വസിക്കുന്നു. ബർണി സാൻഡേഴ്‌സും വൈറ്റ് ഹൌസിലേക്കുള്ള ശ്രമത്തിൽ ഹിലാരിയെ കുറ്റപ്പെടുത്തിയിരുന്നു. അവരുടെ ബുദ്ധിഹീനമായ തീരുമാനങ്ങളും തീർപ്പുകളും കാരണം രാജ്യം അപകടത്തിൽ കൂടി കടന്നു പോവുന്നുവെന്നാണ് തിരഞ്ഞെടുപ്പിന്റെ ചുടലരാഷ്ട്രീയത്തിൽ സാന്ഡേഴ്സ് അവർക്കെതിരായി ആരോപണം ആരോപിച്ചത്.


ട്രമ്പ്,  ശരിയായ രേഖകളില്ലാതെ അമേരിക്കയിൽ താമസിക്കുന്ന കുടിയേറ്റക്കാരെ പുറത്താക്കാൻ ആഗ്രഹിക്കുമ്പോൾ ഹിലാരി അത്തരം പദ്ധതികളെ എതിർക്കുന്നു. മെക്സിക്കോയുടെ അതിർത്തിയിൽ മതിലുകൾ പണിയാൻ ട്രമ്പ് ആഗ്രഹം പ്രകടിപ്പിക്കുമ്പോൾ ഹിലാരി അത്തരം ചിന്താഗതികൾ ബാലിശമെന്ന് കരുതുന്നു. അമേരിക്കയുടെ മണ്ണിൽ ജീവിച്ച് ജോലി ചെയ്തു ജീവിക്കുന്നവർക്കെല്ലാം   പൗരത്വം കൊടുക്കുമെന്ന് ഹിലാരി പറയുമ്പോൾ ട്രമ്പ് അത് ദേശീയ താല്പര്യത്തിനു ദോഷം വരുമെന്ന് വിചാരിക്കുന്നു. ഇസ്‌ലാമിക ഭീകര രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് കുടിയേറ്റ നിയമങ്ങളിൽ നിയന്ത്രണം വരുത്തണമെന്ന് ട്രമ്പ് പറയുമ്പോൾ ഹിലാരി അത് പാടില്ലായെന്നും വാദിക്കുന്നു.


സ്റ്റേറ്റ്സെക്രട്ടറിയെന്ന നിലയിൽ ഹിലാരി ഒരു പരാജയമായിരുന്നുവെന്നു ട്രമ്പ് വിശ്വസിക്കുന്നു. 2009 -ൽ ഹിലാരി സ്റ്റേറ്റ് സെക്രട്ടറി ചുമതലകൾ വഹിക്കുന്നതിനു മുമ്പ് ഐ.സി.ഐ.എസ് (ISIS) ഭീകരവാദികൾ ഭൂമുഖത്തുണ്ടായിരുന്നില്ല. ലിബിയായിലും പ്രശ്നങ്ങളുണ്ടായിരുന്നില്ല. ഈജിപ്റ്റ് സമാധാനമുള്ള ഒരു രാജ്യമായിരുന്നു. ഇറാക്കിലും വിപ്ലവങ്ങൾക്ക് ശാന്തതയുണ്ടായിരുന്നു. ഇറാൻ ഉപരോധം മൂലം രാജ്യത്തിന്റെ ബലഹീനത ഇരട്ടിച്ചു. 'സിറിയാ' ഭീകരരിൽ നിന്നും മുക്തമായിരുന്നു. നാലു വർഷങ്ങൾ സെക്രട്ടറിയായിരുന്ന ഹിലാരിയുടെ ഭരണശേഷം നാം എന്തു നേടിയെന്നും ട്രമ്പ് ചോദിക്കുന്നു. ഐ.സി.ഐ.എസ് ഭീകരസംഘടന മിഡിൽ ഈസ്റ്റ് മേഖലയിലും ലോകം മുഴുവനും വ്യാപിച്ചു കഴിഞ്ഞു. ലിബിയാ നാശത്തിലേയ്ക്കും നിലം പതിച്ചു. ഭീകരന്മാരായ കഴുകരിൽനിന്നും അമേരിക്കയുടെ ലിബിയാ അംബാസഡറും ഉദ്യോഗസ്ഥരും ജീവനുംകൊണ്ട് ആ രാജ്യം വിട്ടു. ഈജിപ്റ്റ്, ഭീകര ഇസ്‌ലാമിക മതഭീകരരുടെ നിയന്ത്രണത്തിലായി. ഇറാഖ് അതിന്റെ പഴയ പ്രതാപം നശിച്ച് അരാജകത്വത്തിലും നിലം പതിച്ചു. ഇറാൻ ലോകത്തിലെ മറ്റു ശക്തിരാഷ്ട്രങ്ങളെ തിരസ്ക്കരിച്ചുകൊണ്ട് ഇന്ന് ന്യൂക്‌ളീയർ പാതയിലാണ്. സിറിയായിൽ ആഭ്യന്തര യുദ്ധം മൂലം അഭയാർത്ഥികൾ പടിഞ്ഞാറൻ രാജ്യങ്ങളിൽ പ്രവഹിച്ചുകൊണ്ടിരിക്കുന്നു. അവരുടെ ജീവനുംകൊണ്ടുള്ള പ്രവാഹം ലോകത്തിനു മറ്റൊരു ഭീഷണിയായും മാറി. മിഡിൽ ഈസ്റ്റിൽ ട്രില്ലിയൻ കണക്കിന് ഡോളർ ചെലവാക്കി. പതിനഞ്ചു വർഷത്തെ യുദ്ധത്തിനുശേഷം ആയിരക്കണക്കിന് ജീവനുകൾ നഷ്ടപ്പെടുത്തി. ഇന്നും ആ രാജ്യങ്ങളിലെ ദുരവസ്ഥകൾ എന്നത്തേക്കാളും കഷ്ടമാണ്. ഇതാണ് ഹിലാരി ക്ലിന്റന്റെ പാരമ്പര്യം. അവരുടെ ബലഹീനതയിൽ രാജ്യം നാശത്തിലേക്കും അശക്തിയിലേയ്ക്കും വഴുതിപ്പോയി. മരണ കാഹള നാദങ്ങൾ അസമാധാനത്തിലേയ്ക്ക് വഴിയൊരുക്കുന്നു.


അമിതവാചാടോപം കലര്‍ന്ന ഭാഷയിൽ ട്രമ്പ് ഇവിടെ ഹിലാരിയ്‌ക്കെതിരെ ആഞ്ഞടിച്ചുവെന്നത് ശരി തന്നെ. പക്ഷെ അദ്ദേഹത്തിന്റെ താർക്കിക വാക്സമരത്തിൽ ബുഷിന്റെ കാലഘട്ടങ്ങളിലെ വിദേശനയങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. കൺസർവേറ്റിവ് മീഡിയാ ട്രമ്പിനെ എതിർക്കുന്നതും  ഇത്തരം വിമർശനങ്ങൾ കാരണങ്ങളാകാം. കൺസർവേറ്റുകൾ വിദേശ രാജ്യങ്ങളിൽ സദാ യുദ്ധമാഗ്രഹിക്കുന്ന ചരിത്രമാണ് അമേരിക്കയ്ക്കുള്ളത്. ഒരു പക്ഷെ ട്രമ്പ് വികാരാധീനമായി കുറ്റപ്പെടുത്തുന്നതു  ബുഷ് ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെയുമാവാം.


ഇന്നുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ പരാജയങ്ങൾ പ്രസിഡന്റ് റൊണാൾഡ് റീഗൻ ഓഫീസിൽ നിന്നും വിരമിച്ച കാലം മുതൽ തുടങ്ങിയതെന്നു 'പാറ്റ് ബുച്ചാനൻ' പറയുന്നു. ജോർജ് ബുഷ് സീനിയറിന്റ  കാലങ്ങളിലും അമേരിക്ക അനേക വെല്ലുവിളികളെ നേരിട്ടിരുന്നു. 1991-ൽ അമേരിക്കയുടെയും മെക്സിക്കോയുടെയും അതിർത്തികളിൽ രക്തച്ചൊരിച്ചിലിന്റെ നാളുകളായിരുന്നു. ആഴ്ചകൾ തോറും ആയിരക്കണക്കിന് മെക്സിക്കക്കാർ അതിർത്തി കടന്നെത്തുന്നു. അനേകായിരങ്ങൾ നിയമപരമായും വരുന്നു. മൂന്നാം ലോകത്തിൽനിന്ന് വരുന്നവരിൽ ഭൂരിഭാഗവും ദരിദ്രരാണ്. കുടിയേറ്റക്കാരായി വരുന്ന നവാഗതർ ഉടൻ തന്നെ വെൽഫേയറിനും അപേക്ഷിക്കും. അവരുടെ കുടുംബങ്ങളും വെൽഫെയറിൽ ജീവിക്കും. വെൽഫെയറിനെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടിക്കും സർക്കാരിനും അവർ വോട്ടും ചെയ്യും. അമേരിക്കയിലെ നികുതിദായകരുടെ പണമാണ് കുടിയേറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്ന മൂലം നഷ്ടപ്പെടുന്നതെന്നും ട്രമ്പ് ഓർമ്മിപ്പിച്ചു. 1991-മുതൽ അമേരിക്കൻ ഫാക്റ്ററികൾ പുറം നാടുകളിൽ പ്രവർത്തിക്കാൻ തുടങ്ങി. അമേരിക്കയുടെ വ്യവസായം തകർത്ത് ഇവിടെ തൊഴിലില്ലായ്മ വർദ്ധിപ്പിച്ചു.


തോക്കിൻ മുനയിൽ അമേരിക്കയിൽ ഒരു വർഷത്തിൽ 33000 മനുഷ്യർ മരിക്കുന്നുണ്ട്. ഒരാൾക്ക് തോക്കിനു ലൈസൻസ് കൊടുക്കുന്നതിനു മുമ്പ് സമൂലമായ പരിശോധന ആവശ്യമെന്ന് ഹിലരി അഭിപ്രായപ്പെടുന്നു. മനുഷ്യന്റെ സുരക്ഷിതമാണ് ആവശ്യമെന്നും ട്രമ്പ് പറയുന്നു. സ്വന്തം വീടിനുള്ളിൽ സമാധാനത്തോടെ കിടന്നുറങ്ങാൻ സ്വയ രക്ഷക്കായി തോക്ക് ആവശ്യമായി വരും. അതുകൊണ്ട് അമ്പത് സംസ്ഥാനങ്ങൾക്കും ഗണ്ണിന്റെ ലൈസൻസ് നയം തുടരുക തന്നെ ചെയ്യുമെന്നു ട്രമ്പ് ചിന്തിക്കുന്നു.


കുറ്റവാളികൾ തിങ്ങി പാർക്കുന്ന സ്ഥലങ്ങളിലും സ്വയരക്ഷ ആഗ്രഹിക്കുന്നവരെ നിരായുധരാക്കണമെന്നാണ് ഹിലാരി ചിന്തിക്കുന്നത്. ചെറുപ്പക്കാരോ, ഒറ്റയ്ക്ക് കുഞ്ഞിനേയും കൊണ്ട് താമസിക്കുന്ന അമ്മമാരോ വൃദ്ധ ജനങ്ങളോ ആരാണെങ്കിലും ഹിലാരി അവരെ നിരായുധരാക്കാൻ ആഗ്രഹിക്കുന്നു. ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നു. ഇത് തികച്ചും ഹൃദയ ശൂന്യതയെന്നു ട്രമ്പ് വിശേഷിപ്പിക്കുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് 'കണക്റ്റിക്കട്ട്' സംസ്ഥാനത്ത്  ന്യൂടൗണിൽ കുട്ടികളുടെ നേരെയുള്ള വെടിവെപ്പിനുശേഷം ട്രമ്പ് ഒരവസരത്തിൽ തോക്കുകളുടെ നിയന്ത്രണം സംബന്ധിച്ച് ഒബാമയെ പുകഴ്ത്തിയിരുന്നു. അവസരത്തിനൊപ്പിച്ചു പ്രവർത്തിക്കുന്ന ട്രമ്പിന്റെ രാഷ്ട്രീയ തന്ത്രങ്ങളേയും എതിരാളികൾ പരിഹസിക്കുന്നുണ്ട്.


രാജ്യം സുരക്ഷിതമെന്ന് നാം ആഗ്രഹിക്കുന്നെങ്കിൽ തോക്കുകൾ കൊണ്ടുള്ള ഒരു പ്രസിഡൻറ്റിന്റെ ലോബി സഹായകമാകില്ലന്നാണ് ഹിലാരി വിശ്വസിക്കുന്നത്. ഹിലാരി തോക്കിന്റെ നയങ്ങളെപ്പറ്റി പറയുന്നത്, ഭരണഘടനയുടെ രണ്ടാം അമൻഡ്മെന്റ് റദ്ദു ചെയ്യാൻ താൻ ആളല്ലെന്നും ആരുടേയും   തോക്കുകൾ പിടിച്ചെടുക്കാൻ വരുന്നില്ലന്നുമാണ്. 'നിരായുധനായ നിങ്ങളെ ഒരു ആയൂധധാരി വെടി വെച്ചിടുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും യുക്തിയോടെ ചിന്തിക്കുന്ന ഉത്തരവാദിത്വമുള്ള തോക്കുധാരികൾ നമ്മുടെ സുരക്ഷിതത്വത്തിനു പ്രശ്നമാകില്ലെന്നും ഹിലാരി വിശ്വസിക്കുന്നു. 'കുറ്റവാളികളുടെ കൈകളിൽ നിന്നും ഭീകരരുടെ കൈകളിൽ നിന്നും നാം ആയുധ വിമുക്തമാകണമെന്നും അവർ പറയുന്നു.


ആഗോള വ്യാവസായിക ഉടമ്പടികൾ പുനഃ പരിശോധിക്കുമെന്നും പകരം ഓരോ രാജ്യങ്ങളുമായി വ്യത്യസ്തമായ പ്രത്യേക ഉടമ്പടികൾ ഉണ്ടാക്കുമെന്നും ഉടമ്പടികൾ അമേരിക്കയുടെ താല്പര്യങ്ങൾ പരിരക്ഷിച്ചുകൊണ്ടായിരിക്കുമെന്നും ട്രമ്പ് പറയുന്നു. നടപ്പിലുള്ള വ്യവസായിക ഉടമ്പടികൾ അനേക രാജ്യങ്ങളുമായുള്ള ഒത്തൊരുമിച്ച ഏകോപന വ്യവസായിക ഉടമ്പടികളാണ്.  ആയിരക്കണക്കിന് പേജുകളുള്ള അത്തരം ഉടമ്പടികൾ ഭൂരിഭാഗം ജനതയ്ക്കും മനസിലാവില്ല. ആരും വായിച്ചു നോക്കുക പോലുമില്ല. നമ്മെ ചതിക്കുന്ന രാജ്യങ്ങളെയും വ്യവസായ ഉടമ്പടികളെ മാനിക്കാത്ത രാജ്യങ്ങളെയും നികുതി വെട്ടിപ്പ് നടത്തുന്നവരെയും അർഹമായ രീതിയിൽ അകറ്റിനിർത്തുമെന്നും വ്യവസായിക ബന്ധം അവസാനിപ്പിക്കുകയോ വ്യാവസായിക നിയമങ്ങൾ കർശനമാക്കുകയോ ചെയ്യുമെന്നും ട്രമ്പ് പ്രസ്താവിക്കുന്നു. നമ്മുടെ ബൗദ്ധികപരമായ വസ്തുക്കളുടെ 'പേറ്റന്റ് റൈറ്റും' 'കോപ്പി റൈറ്റും' ചൈനാ മുതലായ രാജ്യങ്ങൾ അപഹരിക്കുന്നതു  ട്രമ്പിനു ഭരണം കിട്ടിയാൽ നിർത്തൽ ചെയ്യുകയും അവരുടെ നിയമാനുസ്രതമല്ലാത്ത ഉത്പന്നങ്ങൾ ഈ രാജ്യത്തു ചിലവഴിക്കുന്നതു നിരോധിക്കുകയും ചെയ്യും. വിദേശ രാജ്യങ്ങൾ അവരുടെ കറൻസികൾ വിലയിടിച്ചുകൊണ്ടു  ഈ രാജ്യത്ത് മാർക്കറ്റുകൾ പിടിക്കുന്നതിലും ട്രമ്പ് വ്യാകുലനാണ്. അന്യായമായ അത്തരം വ്യാവസായിക ഉടമ്പടികൾ സമൂലം ഉന്മൂലനം ചെയ്തു രാജ്യത്തിനുപകാരപ്രദമായ ഉടമ്പടകളിൽ പങ്കാളികളാകുമെന്നും നോർത്ത് അമേരിക്കയിലെ സ്വതന്ത്ര വാണിജ്യ ഉടമ്പടിയായ നാഫ്റ്റാ(NAFTA) യുടെ നിയമഘടനയിൽ മാറ്റം വരുത്തുമെന്നും നമ്മൾ ആഗ്രഹിക്കുന്ന ഉടമ്പടികൾക്ക് മറ്റു രാജ്യങ്ങൾ തയാറായില്ലെങ്കിൽ അവരുമായി കച്ചവട ബന്ധങ്ങൾ വേണ്ടെന്നു വെക്കുമെന്നും ട്രമ്പ് പറഞ്ഞു.


കൺവെൻഷൻ പ്രസംഗത്തിൽ നാഫ്റ്റാ (NAFTA) ഉടമ്പടിയിൽ അദ്ദേഹം ശ്രദ്ധപതിക്കുമെന്നു ആരും കരുതിയിരുന്നില്ല. ഹോം ലാൻഡ് സെക്യൂരിറ്റിയും ഒബാമ കെയറും അദ്ദേഹത്തിൻറെ പ്രസംഗത്തിൽ  സൂചിപ്പിച്ചില്ലായെന്നതും കൺവെൻഷൻ പ്രസംഗത്തിന്റെ ഒരു പ്രത്യേകതയായിരുന്നു. ഇമ്മിഗ്രേഷൻ, ഗ്ലോബലിസം, ഫ്രീട്രേഡ് (Immigration, Globalism, Free trade) എന്നീ മൂന്നു കാര്യങ്ങളിലാണ് അദ്ദേഹം പ്രസംഗത്തിലുടനീളം ശ്രദ്ധ പതിപ്പിച്ചത്. തോക്കിന്റെ നിയന്ത്രണ  (Gun control) നിയമങ്ങളെപ്പറ്റിയും പ്രത്യേകമായി ഒന്നും തന്നെ അദ്ദേഹം എടുത്തു പറഞ്ഞില്ല. അത്തരമുള്ള സാമ്പത്തിക മുന്നോടികൾക്ക് ട്രമ്പ് ഒരു പക്ഷെ തയാറല്ലായിരിക്കാം.


ആഗോള വ്യവസ്ഥിതികളെയും ആഗോളവൽക്കരണത്തെയും ട്രമ്പ് എതിർക്കുന്നതായി കാണാം. 'അമേരിക്ക ആദ്യം' (America first) എന്ന മുദ്രാവാക്യം അണികളോട് ഉരുവിടാൻ ട്രമ്പ് ആഹ്വാനം ചെയ്യുന്നു. അമേരിക്കാ ആദ്യമെന്നു അദ്ദേഹം പറയുന്നുണ്ടെങ്കിലും വാചാലതയ്ക്ക് കുറവില്ലെങ്കിലും വളഞ്ഞവഴിയിൽക്കൂടി ആഗോളവൽക്കരണത്തെയും മനസിൽ താലോലിക്കുന്നതായി കാണാം. ആഗോളവൽക്കരണത്തെ നിരസിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനവഴി കേൾവിക്കാരുടെ കണ്ണിൽ മണ്ണിടാനും അദ്ദേഹത്തിനു സാധിച്ചു. ഇസ്‌ലാമിക മൗലിക വാദികളുടെ ഭീകരത കൂടെ കൂടെ ആവർത്തിക്കുന്നുണ്ട്. വേൾഡ് ട്രേഡ് സെന്റർ മുതൽ ടെന്നസിയിലും ഫ്ലോറിഡായിലും നടന്ന ഭീകര പോരാട്ടങ്ങളുടെ ചരിത്രവും ട്രമ്പിന്റെ പ്രസംഗ വേദികളിലെ വിഷയങ്ങളായിരുന്നു. ട്രമ്പ് വിഭാവന ചെയ്യുന്ന ആശയങ്ങളും പദ്ധതികളും അദ്ദേഹത്തെ എതിർക്കുന്ന ഹിലാരിയുടെ പദ്ധതികളും പരസ്പര വിരുദ്ധമായി വ്യത്യസ്ത ധ്രുവങ്ങളിൽ സഞ്ചരിക്കുന്നതായി കാണാം. അവസാനം ഒരേ ദിശാമണ്ഡലത്തിൽ ആശയങ്ങൾ ഒന്നായി തീരുകയും ചെയ്യുന്നു.


ട്രമ്പിന്റെ വിൽപ്പന ശാലകളിലുള്ള പല ഉൽപ്പന്നങ്ങളും ഇന്ത്യയിലും ചൈനയിലും നിർമ്മിച്ചതെന്നു ഹിലാരി കൺവെൺഷനിൽ നടന്ന പ്രസംഗത്തിൽ സൂചിപ്പിച്ചു. പടങ്ങൾ വെയ്ക്കുന്ന ഫ്രേയും വരെയും (Made in India) ഇന്ത്യൻ ഉല്പന്നങ്ങളെന്നു കാണാം. വിദേശത്തുനിന്നും ജോലികൾ അമേരിക്കയിൽ കൊണ്ടുവരുമെന്ന ട്രംബിന്റെ വാദങ്ങൾക്ക് എന്തർഥമെന്നും ഹിലാരി ചോദിക്കുന്നു. 'മേക്ക് ഇൻ അമേരിക്കാ' യെന്ന മുദ്രാവാക്യവുമായി പ്രചരണം നടത്തുന്ന ട്രംബിന്റെ വ്യവസായിക ഉൽപ്പന്നങ്ങളിൽ ഭൂരിഭാഗവും വിദേശ നിർമ്മിതമെന്നും കാണാം. ട്രമ്പിന്റെ വാക്കുകളും പ്രവർത്തികളും രണ്ടുതരത്തിലെന്നും ഇതിൽനിന്നു വ്യക്തമാണ്. ഡൊണാൾഡ് ട്രമ്പ് പാർക്ക് അവന്യു കളക്ഷനിൽ ചെന്നാൽ ഇക്കാര്യം വ്യക്തമായി കാണാൻ സാധിക്കും.


'ഞാൻ' അമേരിക്കയുടെ കുത്തഴിഞ്ഞ സാമൂഹിക സാമ്പത്തിക അസമത്വങ്ങൾ ഇല്ലാതാക്കുമെന്ന്' ട്രമ്പ്  പ്രസംഗിക്കാറുണ്ട്. എന്നാൽ ഹിലാരി, 'ഞാനെന്ന'   ട്രമ്പിന്റെ മാവോയിൻ സ്റ്റൈലിലുള്ള  വാക്കുകളെ പരിഹസിക്കുന്നു. 'അമേരിക്കയെ നേരായ വഴിയിൽ നയിക്കുന്നത് ഞാൻ ഒറ്റയ്ക്കായിരിക്കില്ല. നമ്മൾ ഒന്നിച്ചു രാജ്യത്തെ പുരോഗമന പന്ഥാവിൽ നയിക്കുമെന്ന്' അവർ പറഞ്ഞു. 'ശുദ്ധമായ പ്രകൃതി വിഭവങ്ങളും ഊർജവും രാജ്യത്തിനാവശ്യമാണ്. കഠിനമായി ജോലിചെയ്യുന്ന കുടിയേറ്റക്കാരെ പ്രോത്സാഹിപ്പിക്കണം. പഠിക്കാനാഗ്രഹിക്കുന്ന കുട്ടികളുടെ കോളേജ് വിദ്യാഭ്യാസം സൗജന്യമാക്കണം. ജീവിക്കാനുള്ള നല്ല അവസരങ്ങൾക്കായി അവർക്കുവേണ്ട പ്രായോഗിക പരിശീലനവും നല്കണം. സാമ്പത്തിക സഹായങ്ങൾ നൽകി ചെറുകിട കച്ചവടക്കാരെയും പ്രോത്സാഹിപ്പിക്കണം.' പ്രസിഡണ്ടായാലുള്ള ക്ലിന്റന്റെ കർമ്മോന്മുഖ പദ്ധതികളാണിവകളെല്ലാം.


'നാം മെക്സിക്കൻ അതിരിൽ മതിലുകൾ പണിയാൻ പോവുന്നില്ലന്നും പകരം നമ്മുടെ സാമ്പത്തിക സ്ഥിതിയെ പണിതുയർത്തുമെന്നും' ക്ലിന്റൺ കൺവെൻഷനിൽ വന്ന ഡെലിഗേറ്റുകളോട് സംസാരിച്ചു.  എല്ലാവർക്കും സുഭീഷിതമായി ജീവിക്കാൻ തൊഴിലുകൾ കണ്ടെത്തുകയെന്നതായിരിക്കും അവരുടെ പദ്ധതി. ഈ നാട്ടിൽ കഠിനാധ്വാനം ചെയ്യുന്ന ആയിരങ്ങൾക്ക് പൗരത്വം നൽകുമെന്നും അവർ വാഗ്ദാനം ചെയ്യുന്നു. ഈ നാടിനുവേണ്ടി പ്രയത്നിക്കുന്ന അവരോടു നീതികേടു സാധ്യമല്ല. അതിനായി ഒരു മതവും നിരോധിക്കേണ്ട ആവശ്യമില്ല. ഭീകരതയേ മറ്റുള്ള രാജ്യങ്ങളുമായി സഹകരിച്ചുകൊണ്ടു  തോൽപ്പിക്കുമെന്നാണ് ക്ലിന്റൺ പറയുന്നത്. അത് സഫലീകരിക്കാൻ നീണ്ട കാലത്തെ ശ്രമങ്ങൾ തന്നെ വേണ്ടി വരുമെന്നും അവർ ചിന്തിക്കുന്നു.


ക്ലിന്റൺ തുടരുന്നു, "കഴിഞ്ഞ സ്റ്റോക്ക് മാർക്കറ്റ് തകർന്ന ശേഷം അനേകായിരം ജനങ്ങൾക്ക് അവരുടെ ശമ്പള വർദ്ധന ലഭിച്ചിട്ടില്ല. അസമത്വം എവിടെയും. അമേരിക്കയിലും വിദേശത്തും ഭീഷണികളുണ്ട്. ഈ വെല്ലുവിളികളെ നേരിടാൻ നമ്മുടെ ശക്തിയേയും വിലയിരുത്തണം. ലോകത്തു മറ്റുള്ള എല്ലാ രാജ്യങ്ങളെക്കാളും പരിവർത്തനാത്മകമായ ഒരു ജനത നമുക്കുണ്ട്. നമ്മുടെ ശക്തിയെപ്പറ്റി ഒന്ന് അവലോകനം ചെയ്യൂ. നമ്മുടെ യുവാക്കൾ മറ്റെല്ലാ രാജ്യങ്ങളിലുള്ള ജനതയെക്കാൾ സഹനശക്തിയും ഔദാര്യമതികളുമാണ്. ലോകത്തു ഏതു ശക്തിയേക്കാളും നമ്മുടെ മിലിറ്ററി മെച്ചമാണ്. ക്രിയാത്മകമായ ഒരു വ്യവസായ സമൂഹവും നമുക്കുണ്ട്. സ്വാതന്ത്ര്യത്തിലും, സമത്വത്തിലും നീതിയിലും ഈ രാജ്യം നിലകൊള്ളുന്നു. ഈ വാക്കുകൾക്ക് നിർവചനം അമേരിക്കായെന്ന പുണ്യ ഭൂമിക്കു മാത്രമുള്ളതാണ്. അവസരങ്ങൾ തേടി വരുന്നവരെ സ്വപ്നഭൂമിയായ ഈ രാജ്യം  സ്വാഗതം ചെയ്യുന്നു. ഇതൊന്നും നമ്മുടെ നാടിനെ സംബന്ധിച്ച് ആലങ്കാരിക വാക്കുകളല്ല. വിശിഷ്ട പദങ്ങൾകൊണ്ടു നാടിനെ അലംകൃതമാക്കാൻ സാധിക്കുന്നതിൽ നാം അഭിമാന പുളകിതരാകണം. നമ്മുടെ രാജ്യം ശക്തിയില്ലാത്ത ദുർബല രാഷ്ട്രമെന്ന് ഞാൻ ആരെയും പറയാൻ അനുവദിക്കില്ല. നമ്മൾ ശക്തിയില്ലാത്തവരല്ല. നമുക്കുള്ളത് ഇല്ലെന്നു പറയാൻ അനുവദിക്കില്ല. ഞാൻ മാത്രം, എനിക്കു മാത്രം പ്രശ്നങ്ങൾ തീർക്കാൻ സാധിക്കുമെന്ന് നമ്മിൽ ആരും പറയില്ല. എന്നാൽ 'ഞാൻ' മാത്രമെന്ന മിഥ്യാബോധം ഡൊണാൾഡ് ട്രമ്പിന്റെ വാക്കുകളിൽ മുഴങ്ങി കേൾക്കുന്നു.   എനിക്കു  മാത്രം പ്രശ്നങ്ങൾ തീർക്കാൻ കഴിയൂവെന്നു പറയുന്നവരുടെ വാക്കുകൾക്ക് വില കൽപ്പിക്കരുത്."


ഹിലാരി ക്ലിന്റന്റെ വികാരോജ്വലമായ പ്രസംഗത്തിൽ സദസ് നിറയെ ആഹ്ലാദോന്മാദത്തോടെ കയ്യടികളുണ്ടായിരുന്നു. രാജ്യത്തിന്റെ പട്ടാളം തീവ്രവാദത്തിനെതിരെ എന്നും ജാഗരൂകരായിരുന്നുവെന്നും ട്രമ്പിൻറെ വാക്കുകളെ നിഷേധിച്ചുകൊണ്ട് അവർ പറഞ്ഞു. 'പോലീസ് ഉദ്യോഗസ്ഥരും ഫയർ ഫൈറ്റേഴ്സും എന്നും അപകട മേഖലയിൽ. ഡോക്ടേഴ്‌സും നേഴ്‌സസും സേവനങ്ങൾ അർപ്പിക്കുന്നു. അക്രമങ്ങൾകൊണ്ട് മക്കളെ നഷ്ടപ്പെട്ട അമ്മമാരും കുട്ടികളുടെ സുരക്ഷിതത്വം നോക്കേണ്ട അമ്മമാരും ഈ രാജ്യത്തുണ്ട്. 'എനിയ്ക്കു മാത്രം' ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്ന അഹന്തയുടെ ഭാഷ അമേരിക്കക്കാരൻ പറയില്ല. നമ്മൾ പറയുന്നു, പ്രശ്നങ്ങൾ നമുക്കൊന്നിച്ചു പരിഹരിക്കാമെന്ന്." ഓർമ്മിക്കുക, ഈ രാഷ്ട്രം പടുത്തുയർത്തിയ പിതാക്കന്മാർ ഒരു വിപ്ലവത്തിൽക്കൂടി ഭരണഘടന എഴുതിയുണ്ടാക്കി. ആ ഭരണഘടനയിൽ ഒരാളിൽ മാത്രം അധികാരം നിഷിപ്തമെന്നു ഒരു സ്ഥലത്തും പറഞ്ഞിട്ടില്ല. ഒരാളിൽ മാത്രം അധികാരം അർപ്പിച്ചുകൊണ്ട് അമേരിക്കയിൽ ഒരു ഭരണകൂടം ഉണ്ടായിട്ടില്ല. ഇരുനൂറ്റിയമ്പതു വർഷങ്ങൾക്കു ശേഷവും പരസ്പരം ബന്ധങ്ങൾ കലർത്തിക്കൊണ്ടുള്ള അതേ വിശ്വാസം തന്നെ നാം പുലർത്തുന്നുവെന്നും ഹിലാരി സമ്മേളന നഗരത്തിൽ വന്ന ഡെലിഗേറ്റുകളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.


പ്രസംഗ മദ്ധ്യേ ഹിലാരിയെഴുതിയ ഒരു പുസ്തകത്തെപ്പറ്റിയും അവർ സൂചന നൽകിയിരുന്നു. ഇരുപതു വർഷങ്ങൾക്കുമുമ്പ്  'ഇറ്റ് ടേക്സ് എ വില്ലേജ്' (It takes a village) എന്ന ഒരു പുസ്തകം ഹിലാരി എഴുതിയിരുന്നു. 'ഇതെന്താണ്, നിങ്ങൾ ഈ പുസ്തകം കൊണ്ട് ഉദ്ദേശിക്കുന്നതന്തെന്നും പലരും അന്ന് അവരോടു ചോദിച്ചിരുന്നു. ഹിലാരി ആ പുസ്തകത്തിൽ എഴുതിയിരുന്നത്, 'ഒരാൾക്ക് ഒരു കുടുംബത്തെയോ സ്വന്തം ബിസിനസോ ഒറ്റയ്ക്ക് നയിക്കാൻ സാധിക്കില്ല, ഒരു സമൂഹത്തെ നന്നാക്കാൻ സാധിക്കില്ല, ഒരു രാജ്യം മുഴുവനായും ഒറ്റയ്ക്ക് ഉയർത്താൻ സാധിക്കില്ല. അമേരിക്കയ്ക്ക് ഓരോരുത്തരുടെയും ഊർജവും കഴിവുകളും പ്രതീക്ഷകളും ആവശ്യമാണ്. ' തന്റെ മനസാക്ഷിയുടെ അടിത്തട്ടിൽനിന്നു അങ്ങനെ വിശ്വസിക്കുന്നുവെന്നും ഹിലാരി പറഞ്ഞു.


ഭീകരരെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളോ ഭീകരർ അധിവസിക്കുന്ന രാജ്യങ്ങളിൽനിന്നോ വരുന്ന കുടിയേറ്റക്കാർക്ക് അമേരിക്കാ വിസാ കൊടുക്കുകയില്ലെന്നും ട്രമ്പിന്റെ അജണ്ടയിലുണ്ട്. അങ്ങനെയുള്ള രാജ്യങ്ങളിൽനിന്നുമെത്തുന്ന കുടിയേറ്റ വിസ റദ്ദു ചെയ്യുമെന്നും അദ്ദേഹം പറയുന്നു. അതേ സമയം ഹിലാരി ക്ലിന്റൺ കൂടുതൽ കുടിയേറ്റക്കാരെ അമേരിക്കൻ മണ്ണിൽ അധിവസിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഒബാമ ഭരണ കൂടത്തിലെ ഈ രാജ്യത്തേയ്ക്ക് പ്രവഹിക്കുന്ന നിയന്ത്രണമില്ലാതെയുള്ള കുടിയേറ്റക്കാർക്കുപരിയാണ് അവരുടെ തീരുമാനവും. ഈ രാജ്യത്തിലേക്ക് വരുന്ന കുടിയേറ്റക്കാർക്ക് ഒരു സ്‌ക്രീനിംഗ് പദ്ധതികളും ഹിലാരി ആവിഷ്‌ക്കരിച്ചിട്ടില്ല. വരുന്ന കുടിയേറ്റക്കാർ ആരെന്നോ എവിടെനിന്നു വരുന്നുവെന്നോ ഒരു അന്വേഷണവും നടത്താറില്ല.  രാജ്യത്തിന്റെ മൂല്യങ്ങളെ ഉൾക്കൊള്ളുവാൻ സാധിക്കുന്നവരെയും നമ്മുടെ ജനങ്ങളെ സ്നേഹിക്കുന്നവരെയും മാത്രമേ കുടിയേറാൻ സമ്മതിക്കുകയുള്ളൂവെന്നും ട്രമ്പിന്റെ കൺവെൻഷണൽ പ്രസംഗത്തിൽ ശ്രവിക്കാം. .


ഈ രാജ്യത്തിലേക്ക് ഭീകര മൗലിക വാദികളായ മുസ്ലിമുകൾ പാടില്ലായെന്ന നിലപാടാണ് ട്രമ്പ്  സ്വീകരിച്ചിരിക്കുന്നത്. കുടിയേറ്റക്കാർ നല്ല സ്വഭാവമുള്ളവരുമായിരിക്കണം. മത വൈകാരികത ജ്വലിപ്പിക്കുന്ന ഇത്തരം പ്രസ്താവനകൾ വിളിച്ചു പറയുന്നതിൽ ട്രമ്പിനു യാതൊരു മടിയുമില്ല. മെക്സിക്കോയുടെ അതിരുകളിൽ ഒരു മതിൽ പണിതുകൊണ്ട് നിയമരഹിതമായ കുടിയേറ്റങ്ങൾ അതുവഴി നിരോധിക്കാൻ സാധിക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. ഇത്തരം സ്വപ്ന പദ്ധതികൾ ഒന്നുകിൽ ട്രമ്പ് അമേരിക്കൻ ജനതയോട് കള്ളം പറയുന്നതായിരിക്കാം. അല്ലെകിൽ പ്രമുഖ മീഡിയാകളെ കബളിപ്പിക്കുകയായിരിക്കാം.


ഹിലാരിയുടെ കാഴ്ചപ്പാടിൽ വിസാ കാലാവധി കഴിഞ്ഞ അമേരിക്കയിലെ മില്യൻ കണക്കിനു അനധികൃത കുടിയേറ്റക്കാരെ നിയമം പരിരക്ഷിച്ചുകൊണ്ട് സംരക്ഷണം നൽകുമെന്നാണ്. അവരെ ആദരിക്കുകയും രാജ്യത്തു അവസരങ്ങൾ നൽകുകയും ചെയ്യും. അവരെ രാജ്യത്തുനിന്നു പുറത്താക്കാതിരിക്കാനുള്ള നിയമ നിർമ്മാണം നടത്തുമെന്നും ഹിലാരി വാഗ്ദാനം ചെയ്യുന്നു. നമ്മുടെ സ്വാതന്ത്ര്യത്തെ മാനിച്ചുകൊണ്ട് തൊഴിൽ ചെയ്തു ജീവിക്കുന്നവർക്കെതിരെ ഒരു ഉടമ്പടിയും ഒപ്പു വെക്കുകയില്ലെന്നും ഹിലാരി പ്രതിജ്ഞ ചെയ്യുന്നുണ്ട്. ഇതൊരു മനുഷ്യത്വത്തിന്റെ പ്രശ്നമായും അവർ കാണുന്നു.

















Wednesday, July 20, 2016

ശ്രേയ ജയ ദീപ്: കൊച്ചു വാനമ്പാടി






By ജോസഫ് പടന്നമാക്കൽ 

കലയുടെ കേന്ദ്രമായ കോഴിക്കോടു നഗരത്തിൽനിന്നും ഉദിച്ചുയർന്ന അനുഗ്രഹീതയായ ശ്രേയകുട്ടിയെന്ന കൊച്ചു കലാകാരി പാട്ടിന്റെ ലോകത്തിലെ ഇതിഹാസമായി മാറിയ വാനമ്പാടിയാണ്. അവൾ ആലപിക്കുന്ന മനോഹരമായ ഗാനങ്ങൾ ആരുടെയും മനസിനെ പിടിച്ചുകുലുക്കും. പ്രായത്തിൽ കവിഞ്ഞ ഭാവുകങ്ങൾ നിറഞ്ഞ ഗാനങ്ങൾ കൊണ്ടും ഹൃദയ നൈർമല്യം കര കവിഞ്ഞൊഴുകുന്ന പുഞ്ചിരികൊണ്ടും അവൾ മുതിർന്നവരുടെയും കുട്ടികളുടെയും പ്രിയങ്കരിയായി മാറിയിരിക്കുന്നു. അവൾ പാടിയ ഗാനങ്ങൾ ഒന്നു ശ്രവിച്ചാലും, "ഓരോ നിമിഷവും ദൈവമേ നിൻ സ്തുതി പാടീടും, ഞാൻ ഓരോ ശ്വാസത്തിലും ദൈവമേ നിൻ നാമം വാഴ്ത്തീടും. നിൻ സ്നേഹ മാധുര്യം ആസ്വദിച്ചങ്ങനെ ഭൂമിയിൽ മാലാഖയായി പാറി പറക്കും. വാനിലെ ദൂതുമായി പാടി നടന്നീടും..." ശ്രേയകുട്ടി ഇങ്ങനെ പാടുമ്പോൾ താളങ്ങൾകൊണ്ട് ആസ്വാദകർ കൈകൾ കൊട്ടികൊണ്ടിരിക്കും. അവളുടെ പാട്ടുകൾ ദിനം പ്രതി ലക്ഷക്കണക്കിനാളുകളാണ് ആസ്വദിക്കുന്നത്. സിനിമാ ലോകം മുഴുവനും അവളിലെ ഗായികയെ തേടി വരുന്നു. കണ്ണുകൾ മേൽപ്പോട്ടും കീഴുമായും ഇമകൾ വെട്ടിയടച്ചും താളം പിടിച്ചും പാടുന്ന ഈ കൊച്ചുഗായികയുടെ പാട്ടൊന്നു കേട്ടാൽ ആരുടെയും മനസ് ചഞ്ചലമായി പോവും. 

'ശ്രേയ ജയദീപ്‌' എന്ന പത്തു വയസുകാരി ഈ പതിറ്റാണ്ടിലെ സംഗീത ആലാപ ലോകത്തിൽ കൊടുങ്കാറ്റു വിതച്ച മഹാത്ഭുതമാണ്. ഇവൾ അഖിലേന്ത്യാ തലത്തിൽ തന്നെ  ഇന്നറിയപ്പെടുന്നവരിൽ ഏറ്റവും പ്രായം കുറഞ്ഞ പാട്ടുകാരിയും. 2013-ൽ അവൾക്ക് എട്ടു വയസു പ്രായമുള്ളപ്പോൾ ജൂണിയർ പാട്ടുകാരിൽ ഏറ്റവും നല്ല പാട്ടുകാരിയായി സൂര്യ ടീവിയുടെ കിരീടമണിഞ്ഞിരുന്നു. ഇന്നവൾ സംഗീതത്തെ സ്നേഹിക്കുന്ന ഏവരുടെയും ഹൃദയ താളങ്ങളായി മാറിക്കഴിഞ്ഞു. ശ്രേയ കുട്ടി പാടുമ്പോൾ അതിനൊപ്പിച്ച അവളുടെ കൈകൾ കൊണ്ടുള്ള താളങ്ങൾ ശ്രോതാക്കളുടെ മനസുകളിൽ ഈണം വെച്ച പാട്ടുകളുടെ മുദ്രകളായി പതിയുകയും ചെയ്യും. അവരും ഒപ്പം താളം പിടിക്കുന്നു. ഉയരങ്ങളുടെ കൊടുമുടികൾ കീഴടക്കാൻ ആ കുട്ടിയിൽ എല്ലാവിധ കഴിവുകളും നിറഞ്ഞിട്ടുണ്ടെന്നു വീക്ഷിച്ചുകൊണ്ടിരിക്കുന്ന സംഗീത സാമ്രാട്ടുകളായ ജഡ്ജിമാർ ഒന്നടങ്കം വിലയിരുത്തുന്നുമുണ്ട്. 

കോഴിക്കോടുള്ള ഒരു ഹൈന്ദവ കുടുംബത്തിൽ ജയദീപിന്റെയും പ്രസീതായുടെയും മകളായി 2005-ൽ 'ശ്രേയ കുട്ടി' ജനിച്ചു. അവളിപ്പോൾ കോഴിക്കോട് ദേവഗിരിയിൽ, മെഡിക്കൽ കോളേജിനു സമീപമുള്ള സി.എം.ഐ ക്കാരുടെ സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്. അവൾക്ക് 'സൗരവ'യെന്ന ഒരു കുഞ്ഞാങ്ങളയുമുണ്ട്. മലയാളം ഫിലിം വ്യവസായത്തിൽ ഈ കൊച്ചുകുട്ടിയുടെ പാട്ടുകൾ പ്രേഷകരുടെ ഹൃദയങ്ങളിൽ ഇതിനോടകം സ്ഥാനംപിടിച്ചു കഴിഞ്ഞു. അമ്പതിൽപ്പരം ഭക്തിഗാനങ്ങളും സിനിമാ ഗാനങ്ങളുമായി അവൾ ഇന്ത്യ മുഴുവൻ പ്രശസ്‌തയായിരിക്കുന്നു.

കുഞ്ഞായിരുന്നപ്പോൾ മുതൽ അവളുടെ പാട്ടിന്റെ പാടവം മാതാപിതാക്കൾ തിരിച്ചറിഞ്ഞിരുന്നു. അവൾ ഏകയായിരിക്കുന്ന വേളയിൽ ആകാശത്തിലേക്ക് കണ്ണുകളുയർത്തിക്കൊണ്ട് ഈണം വെച്ചു തനിയെ പാടുമായിരുന്നു. അവളുടെ കലാചാതുര്യത്തെ അച്ഛൻ ജയ ദീപ് അവൾ കാണാതെ ഒളിഞ്ഞിരുന്നു ശ്രവിക്കുമായിരുന്നു. അവളിലെ സംഗീത കലയെ മനസിലാക്കി ഭാവഗാനങ്ങളായ കവിതകളുടെയും കീർത്തന കവിതകളുടെയും പുസ്തകങ്ങൾ  അവൾക്കു പഠിക്കാനായും പാട്ടു പാടാനായും അച്ഛൻ വാങ്ങിച്ചുകൊണ്ടു വരുമായിരുന്നു. സ്‌കൂളിൽ പാട്ടുകാരിയായി അറിയപ്പെടുന്നതിനു മുമ്പേതന്നെ അവൾ ആ ബുക്കുകളുടെ സഹായത്തോടെ പാട്ടുകൾ ഹൃദ്യസ്ഥമാക്കുകയും നല്ലൊരു പാട്ടുകാരിയായി മാറുകയും ചെയ്തിരുന്നു. മാതാപിതാക്കൾക്ക് കുട്ടിയെ പാട്ടു പഠിപ്പിക്കാനായി സ്‌കൂളിൽ നിന്നും പ്രോത്സാഹനവും ലഭിച്ചിരുന്നു. സ്‌കൂൾ പ്രോഗ്രാമുകളിൽ പങ്കു ചേർന്നും പാടിക്കൊണ്ടും ശ്രേയ കുട്ടി അദ്ധ്യാപകരിൽനിന്നും സഹപാഠികളിൽനിന്നും ഒരുപോലെ കയ്യടികൾ നേടിക്കൊണ്ടിരുന്നു. 

രണ്ടു വയസുമുതൽ ടീ.വിയിലും റേഡിയോയിലും വരുന്ന പാട്ടുകളുടെ ഈരടികൾ തെറ്റാതെ അതേപടി ആവർത്തിച്ചു പാടുമായിരുന്നു. നാലു വയസുമുതൽ ക്ലാസ്സിക്കൽ സംഗീതം പഠിക്കാൻ തുടങ്ങി. സൂര്യയുടെ അഭിമാനമായ പാട്ടുകാരിയെന്ന നിലയിൽ, സൂര്യ റിയാലിറ്റി ഷോയിൽ കൂടി വളർന്നു വന്ന അവളെ 'സൂര്യാ സിംഗറെ'ന്നും അറിയപ്പെടുന്നു. എട്ടാം വയസിൽ സൂര്യയുടെ കുട്ടികൾക്കായുള്ള റിയാലിറ്റി ഷോയുടെ 'സിംഗർ കിരീടം' അണിഞ്ഞു. അന്നവൾ മത്സരത്തിൽ ഏറ്റവും ചെറിയ കുട്ടിയായിരുന്നു. സൂര്യാടീവിയിൽനിന്നും പാട്ടിനുള്ള ഒന്നാം സമ്മാനം നേടി അത്ഭുതകരമായ വിജയം നേടിയശേഷം സിനിമയിലും പാടാനുള്ള അവസരങ്ങൾ വന്നു ചേർന്നു. 

അമ്മയുടെ മടിയിൽ കിടക്കുന്ന കാലം മുതൽ ശ്രേയ കുട്ടി പാട്ടിൽ താൽപ്പര്യം കാണിച്ചിരുന്നു. അവൾ  ബോറടിച്ചിരിക്കുന്ന സമയങ്ങളിലെല്ലാം പാട്ടിന്റെ ലോകത്തു  പാടി നടക്കുമായിരുന്നു.  പാടാനുള്ള കഴിവുകൾ കുഞ്ഞായിരുന്നപ്പോൾ മുതൽ പഠിക്കുന്ന സ്‌കൂളിലും പ്രകടിപ്പിച്ചിരുന്നു.
ശ്രേയ കുട്ടിയുടെ ഗുരു പാട്ടുകൾ പഠിപ്പിക്കുന്ന 'താമരക്കാട് കൃഷ്ണൻ നമ്പൂതിരി'പ്പാടാണ്.  പ്രഗത്ഭനായ ഗുരുവിന്റെ കഴിവുകളും ശ്രേയ കുട്ടിയിൽ നേട്ടങ്ങളുണ്ടാക്കിയിരുന്നു. 2013-ൽ അവൾ ആല്ബങ്ങൾക്കും സിനിമയ്ക്കുമായി പാടി തുടങ്ങി. നിരവധി ആല്ബങ്ങളിൽകൂടി ഈ കൊച്ചു വാനമ്പാടി ഇന്ന് ലോകശ്രദ്ധയെ ആകർഷിച്ചുകൊണ്ടിരിക്കുന്നു. സംഗീതലോകത്തിൽ കിരീടങ്ങളണിഞ്ഞ പ്രമുഖരായവരുമൊത്ത് അവളിന്നു ആൽബങ്ങളിലുണ്ട്. കൂടുതലും ക്രിസ്തീയ ഭക്തിഗാനങ്ങളാണ് പാടിയിട്ടുള്ളത്. 'ഗോഡ്' എന്ന സിനിമയിൽ 'മാനത്തെ ഈശോയെ' എന്ന പാട്ട് ജയചന്ദ്രനുമൊപ്പം പാടി. അയപ്പതിന്തകത്തോം, ശ്രീശബരീശനെ, ശിവരാത്രി മുതലായ ഹിന്ദു ഗാനങ്ങളും ശ്രേയ കുട്ടി പാടിയിട്ടുണ്ട്. ക്രാന്തിയെന്ന ചിത്രത്തിനുവേണ്ടിയും വേണുഗോപാലനും ജയചന്ദ്രനുമൊപ്പവും പാടി. പരിസ്ഥിതി സംരക്ഷണ വിഷയത്തെ ആധാരമാക്കി സുഗതകുമാരി രചിച്ച ഗാനമായ 'ഒരു തൈ നടാം നമുക്ക് അമ്മയ്ക്ക് വേണ്ടി.. ഒരു തൈ നടാം നമുക്ക് കൊച്ചുമക്കള്‍ക്ക് വേണ്ടി…' എന്ന വരികളാണ് ശ്രേയ കുട്ടി വേണുഗോപാലിനൊപ്പം പാടിയത്.

ടെലിവിഷൻ പരിപാടികളിൽ കാണപ്പെടുന്ന റീയാലിറ്റി ഷോകളിൽ ഒരു ചാനലിലും ശ്രേയ കുട്ടി പങ്കു ചേരാൻ ശ്രമിച്ചിട്ടുണ്ടായിരുന്നില്ല. പാട്ടിലുള്ള അവളുടെ അഭിരുചി മനസിലാക്കി മാതാപിതാക്കൾ അവളെ എല്ലാ വിധത്തിലും സഹായിച്ചുകൊണ്ടിരുന്നു. അങ്ങനെയിരിക്കെ സ്‌കൂൾ അധികൃതരും മാതാപിതാക്കളും കോഴിക്കോടുള്ള ഒരു ഹോട്ടലിൽ 'സൂര്യാ ടീവി' കുട്ടികൾക്കായി മത്സാരാർത്ഥികളെ അന്വേഷിക്കുന്നതായി അറിഞ്ഞു. സംഗീതത്തിൽ അഭിരുചിയുള്ള ആറു വയസുമുതൽ പതിമൂന്നു വയസ്സുവരെയുള്ള കുട്ടികൾക്കുവേണ്ടി റിയാലിറ്റി ഷോയിൽ പങ്കെടുക്കാനായി ടെസ്റ്റുകൾ നടത്തിയിരുന്നു. 'സൂര്യാ ജൂണിയർ സിംഗർ' എന്നായിരുന്നു പരിപാടിയുടെ പേര്. കുട്ടിയുടെ പാട്ടിലുള്ള അഭിരുചി മനസിലാക്കിയ മാതാപിതാക്കൾ അവളുടെ ഫോട്ടോയും മറ്റു വിവരങ്ങളും സൂര്യാ ടീവി ഓഡിഷന് അയച്ചു കൊടുത്തു. ഒരു ഡിസ്ക്ക് നിറയെ 'ശ്രേയ കുട്ടി' പാടിയ പാട്ടുകളുമുണ്ടായിരുന്നു. അവളെ ഓഡിഷൻ ടെസ്റ്റിനും ഇന്റർവ്യൂവിനും താമസിയാതെ വിളിക്കുകയുമുണ്ടായി. മാതാപിതാക്കളുമൊത്താണ് ആദ്യദിവസം ഓഡിഷന് പോയത്. എല്ലാവരും പ്രതീക്ഷിച്ചപോലെ ഓഡിഷൻ ടെസ്റ്റ് ഭംഗിയായി ശ്രേയ കുട്ടി അവതരിപ്പിക്കുകയും ചെയ്തു. വിജയിയായി പുറത്തു വരുകയും ടെസ്റ്റു നടത്തിയ ജഡ്ജിമാരുടെ അഭിനന്ദനങ്ങൾ നേടുകയുമുണ്ടായി. അന്ന് വൈകുന്നേരം തന്നെ ഓഡിഷൻടെസ്റ്റിൽ വിജയികളായവരുടെ പേര് പ്രഖ്യാപിച്ചിരുന്നു. ഇരുപതു കുട്ടികളിൽ തങ്ങളുടെ കുഞ്ഞുമാലാഖയെ തിരഞ്ഞെടുത്തതിൽ മാതാപിതാക്കൾ അത്യന്ത സന്തോഷത്തിലുമായിരുന്നു.

സൂര്യാ ജൂണിയർ സിംഗറായി തിരഞ്ഞെടുത്ത ശേഷം ആദ്യത്തെ റിയാലിറ്റിഷോയിൽ ശ്രേയ കുട്ടി അവളുടെ മാതാപിതാക്കളും കൂട്ടുകാരുമായി സ്റ്റുഡിയോയിൽ വന്നെത്തി. സ്വയവേ വാചാലയായ അവൾ ആദ്യദിവസം തന്നെ മറ്റു റിയാലിറ്റി പാട്ടുകാരും അതിലെ പ്രവർത്തകരും ജഡ്‌ജിമാരുമായി സൗഹാർദത്തിലായിരുന്നു. പാട്ടുകാരായി മത്സര രംഗത്തെത്തുന്ന കുട്ടികൾക്കായി ജഡ്ജിമാർ ചില ഉപദേശങ്ങളും നൽകിയിരുന്നു. പാട്ടിന്റെ നാനാവശങ്ങളെപ്പറ്റിയും കുട്ടികളോടായി സംസാരിച്ചിരുന്നു. സൂര്യാ റിയാലിറ്റി ഷോയുടെ ആരംഭം മുതൽ ശ്രേയ കുട്ടി ഭംഗിയായി പാട്ടുകൾ അവതരിപ്പിച്ചുകൊണ്ടിരുന്നു. എല്ലാ ഷോകളും ഒരുപോലെ അവൾ മികച്ച പ്രകടനങ്ങൾ ശ്രോതാക്കൾക്കായി കാഴ്ച വെച്ചിരുന്നുവെന്നു ജഡ്ജിമാർ അഭിപ്രായപ്പെട്ടിരുന്നു. ജഡ്ജിമാർ പറയുന്ന നിർദേശങ്ങളും അഭിപ്രായങ്ങളും ശ്രദ്ധയോടെ സ്വീകരിച്ച് തെറ്റുകുറ്റങ്ങൾ അവൾ പരിഹരിച്ചുകൊണ്ടിരുന്നു. അവളുടെ ഓരോ പാട്ടുകളിലും റിയാലിറ്റി ഷോകളിലെ സ്റ്റേജുകളിൽ പാടുന്ന പാട്ടിലുമുള്ള പുരോഗതികളിലും ജഡ്ജിമാർ അതീവ സന്തുഷ്ടരായിരുന്നു. തുടർച്ചയായ മത്സരങ്ങളിൽ അവൾ ഏറ്റവും നല്ല പാട്ടുകാരിൽ അഞ്ചുപേരിൽ ഒരാളായിരുന്നു. സൂര്യയുടെ റീയാലിറ്റി ഷോകളിലെ ഒരു ഷോകളിലും അവളൊരിക്കലും ഡേഞ്ചർസോണിൽ വന്നിട്ടില്ല. അവസാനത്തേതിനു തൊട്ടുമുമ്പുള്ള   ഉപാന്ത്യ റിയാലിറ്റിഷോയിൽ ശ്രേയകുട്ടി ഉൾപ്പടെ എട്ടു മത്സാരാർത്ഥികളെ മാത്രം തിരഞ്ഞെടുത്തിരുന്നു.      


റീയാലിറ്റി ഷോകളിലെ മറ്റു മത്സരാർത്ഥികളെപ്പോലെ ശ്രേയ കുട്ടിയുടെ മുഖത്തും പാടുന്നതിനു മുമ്പും പാടുന്ന സമയത്തും മാനസിക പിരിമുറക്കങ്ങൾ ദൃശ്യമായിരുന്നു. എങ്കിലും മറ്റെല്ലാവരേക്കാളും മുമ്പേ അവൾക്ക് ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിച്ചു. അവളിലെ മാനസിക സമ്മർദങ്ങളിൽ അയവു വരുന്നത് ജഡ്ജിമാരുടെ ഉപദേശങ്ങൾ ശ്രവിക്കുമ്പോഴായിരുന്നു. പിന്നീട് അതേ തെറ്റുകൾ ആവർത്തിക്കാതിരിക്കാനും കഴിഞ്ഞിരുന്നു. മത്സരത്തിന്റെ അന്ത്യഘട്ടംവരെ അവളെ പാട്ടു പഠിപ്പിക്കുന്ന 'ഗുരു' അവളുടെ പാട്ടുകൾ പുരോഗമിക്കാൻ വേണ്ടവിധം സഹായിച്ചുകൊണ്ടിരുന്നു. പാട്ടിനെപ്പറ്റിയും നല്ല ഗാനങ്ങൾ കാഴ്ച്ച വെയ്ക്കാനും ഗുരു ക്ളാസുകളും എടുക്കുമായിരുന്നു. ഗുരു അവൾക്കുവേണ്ടി പാട്ടു പാടുകയും ജഡ്‌ജിമാർ ചൂണ്ടികാണിച്ച തെറ്റുകൾ പരിഹരിക്കാൻ പരിശീലനവും നല്കുമായിരുന്നു. അവൾക്കു ലഭിക്കുന്ന നീണ്ട പരിശീലനങ്ങൾമൂലം  ജഡ്ജിമാരിൽനിന്നു നല്ല മാർക്കുകൾ നേടാനും കാരണമായി. അവസാനത്തെ ഷോയ്ക്ക് മുമ്പുള്ള പരിപാടിയിൽ നല്ല കാഴ്ച വെച്ച ശ്രേയ കുട്ടിയ്‌ക്ക്‌ ഏറ്റവും ഉയർന്ന പോയിന്റ് ലഭിച്ചു. മറ്റു മത്സരാർത്ഥികളെ പിന്തള്ളി വിജയത്തിലേക്ക് കുതിച്ചുകൊണ്ട് അവൾ ഗ്രാന്റ് ഫയ്‌നാലയിൽ വന്നെത്തി. മറ്റു അഞ്ചുപേരും കൂടി അവളോടൊത്തു ഗ്രാൻഡ് ഫയ്‌നാലയിൽ (grand finale) സ്റ്റേജിലുണ്ടായിരുന്നു. 

ശ്രേയ കുട്ടി ഗ്രാൻഡ് ഫൈനാലെ മത്സരത്തിനെത്തിയപ്പോൾ   സംഗീതാവിഷ്‌ക്കരണത്തിനായി നല്ല പ്രകടനങ്ങൾ കാഴ്ചവെക്കാൻ കഠിനമായി പരിശ്രമിക്കേണ്ടി വന്നു. ഒരു തെറ്റും കൂടാതെ പാടിയെങ്കിൽ മാത്രമേ ഫയിനാലെയിൽ വിജയിയാകൂവെന്ന് അവൾക്കറിയാമായിരുന്നു. മത്സരാർത്ഥികൾ എല്ലാവരും ഓരോ വിധത്തിൽ പ്രഗത്ഭരായ കുട്ടികളുമായിരുന്നു. വലിയൊരു  ജനക്കൂട്ടത്തിന്റെ  മുമ്പിൽ അവളൊരിക്കലും പാട്ടു പാടിയിട്ടുമുണ്ടായിരുന്നില്ല. സെമി ഫൈനലിലും ഗ്രാൻഡ് ഫൈനലിലും പാട്ടുകൾ അങ്ങേയറ്റം ഭംഗിയാക്കാൻ അവൾ കഠിനമായി ശ്രമിച്ചു. ജൂറികൾ പറയുന്ന നിർദേശങ്ങൾ ശ്രദ്ധിച്ചുകൊണ്ടിരുന്നു. സ്റ്റേജ് ഭയം ഇല്ലാതാക്കാൻ ജൂറികൾ പ്രത്യേക  കൗൺസിലിംഗും നൽകിയിരുന്നു. പ്രേക്ഷകരുടെ മുമ്പിൽ ഒരോ മത്സരാർത്ഥിക്കും അതുമൂലം നല്ല പാട്ടുകൾ അവതരിപ്പിക്കാനും സാധിച്ചു.

ശ്രേയ കുട്ടി നല്ലവണ്ണം പാട്ടുകൾ പഠിച്ചു പാടാൻ തയ്യാറായി സംഗീത പ്രകടനങ്ങളിൽ വന്നതിനാൽ മറ്റെല്ലാ മത്സരാർത്ഥികളെക്കാൾ നല്ല മാർക്കുകൾ നേടുവാൻ സാധിച്ചു. അതുകൊണ്ട് സ്ഥിരം ജഡ്‌ജികളിൽ നിന്നും ക്ഷണിക്കപ്പെട്ട ജഡ്ജിമാരിൽ നിന്നും നല്ല  അഭിപ്രായങ്ങളും അഭിനന്ദനങ്ങളും  ലഭിച്ചു. അവൾ സംഗീതം ആലപിച്ചു കഴിയുമ്പോഴെല്ലാം സദസിൽനിന്നും നീണ്ട കയ്യടികളാണ് ലഭിച്ചിരുന്നത്.  മറ്റുള്ളവരും പാടുന്നത് എങ്ങനെയെന്നു ശ്രദ്ധാപൂർവം  വീക്ഷിച്ചുകൊണ്ടിരുന്നു. എല്ലാ മത്സരാർത്ഥികളും പാടുന്നത് കേട്ടശേഷം ശ്രേയ കുട്ടിയ്ക്ക് എന്തെങ്കിലും സമ്മാനം കിട്ടുമെന്ന് പ്രതീക്ഷകളുമുണ്ടായി. ഫലം പ്രഖ്യാപിച്ചപ്പോൾ ശ്രേയ കുട്ടിയ്ക്കായിരുന്നു ഒന്നാം സമ്മാനം. അത് അവളൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സന്തോഷംകൊണ്ടു മതി മറന്ന അവളുടെ കണ്ണുകളിൽ അന്നു ആനന്ദാശ്രുകൊണ്ട്   കണ്ണുനീരു നിറഞ്ഞിരുന്നു. റിയാലിറ്റി ഷോയുടെ ഒന്നാം സമ്മാനമായ പത്തുലക്ഷം രൂപാ നേടുവാനും അവൾക്കു സാധിച്ചു. കൂടാതെ സിനിമയിൽ പാടാനുള്ള അവസരങ്ങൾ ലഭിക്കുകയുമുണ്ടായി.

സൂര്യാ റിയാലിറ്റി ഷോയിലെ വിജയിയായ ശ്രേയ കുട്ടിയ്ക്ക് 'വീപ്പിങ്ങ് ബോയി'യെന്ന മോളിവുഡ് സിനിമയിൽ പാട്ടു പാടാൻ അവസരം കിട്ടി. അതിൽ അവൾക്ക് രണ്ടു പാട്ടുകളുണ്ടായിരുന്നു. ആദ്യത്തെ പാട്ടു 'ചെമ ചെമ ചെമനൊരു ' എന്നതും രണ്ടാമത്തെ പാടിയ പാട്ടു താരാട്ടു പാട്ടുമായിരുന്നു. ഈ ഗാനങ്ങൾ സിനിമയിലെ 'ഹിറ്റ്‌' ഗാനങ്ങളായി ആസ്വാദകർ സ്വീകരിച്ചു.
യാദൃച്ഛികമായിട്ടായിരുന്നു സിനിമായിൽ പാടാനവസരം ലഭിച്ചതെന്ന് അവൾ പറയുന്നു. പുതിയതായി സിനിമായിൽ അരങ്ങേറിയ 'ഫെലിക്സ് ജോസഫ്' ആയിരുന്നു ഫിലിം ഡയറക്ട് ചെയ്തത്. സിനിമയിൽ ആദ്യമായി രംഗപ്രവേശനം ചെയ്ത ഫെലിക്സ് നഷ്ടം വരുമെന്നുള്ള സന്ദേഹത്തോടെയായിരുന്നു ശ്രേയ കുട്ടിയ്ക്ക് സിനിമയിൽ പാടാനുള്ള അവസരം കൊടുത്തത്. സിനിമയിൽ അഭിനയിച്ചു പരിചയമുള്ള സിനിമാ ആചാര്യന്മാരുടെയും കൊമേഡിയൻമാരുടെയും പ്രസിദ്ധ നടന്മാരുടെയും സഹായം ഈ സിനിമയുടെ വിജയത്തിനായി ലഭിച്ചിരുന്നു. സിനിമയിൽ ശ്രേയ കുട്ടി മനോഹരമായി പാടുകയും ആയിരക്കണക്കിനു ആരാധകർ ഉണ്ടാവുകയും ചെയ്തു. അന്നുമുതൽ ശ്രേയ കുട്ടിയുടെ പേര് നാടെങ്ങും പ്രസിദ്ധിയായി. സോഷ്യൽ മീഡിയാകളിൽ അവളുടെ പാട്ടുകൾ വൈറലാവുകയും ചെയ്തു. വമ്പിച്ച ആരാധകരാണ് പിന്നീട് അവൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അവളുടെ കുഞ്ഞുപ്രായത്തിൽ തന്നെ മുതിർന്ന ഗായകരെപ്പോലെ പാടാൻ സാധിക്കുന്നുവെന്നതും ഒരു അത്ഭുതം പോലെയാണ്.

അവളൊരു മികച്ച ഗായികയായി, പാട്ടിന്റെ റാണിയായി ഇന്ന് സംഗീതലോകം കീഴടക്കി കഴിഞ്ഞിരിക്കുന്നു. വൻകിട വാഗ്ദാനങ്ങളുമായി അനേക മ്യൂസിക്ക് ഡിറക്റ്റർമാർ  അവളെ തേടി സിനിമയിൽ പാട്ടു പാടിക്കാൻ  കാത്തു നിൽക്കുന്നു. മോളിവുഡ് ഫിലിമുകളിൽ തുടർച്ചയായി ശ്രേയയുടെ പാട്ടുകൾ റെക്കോർഡ് ചെയ്തുകൊണ്ടിരിക്കുന്നു. 'അമയ ഒരു ബാവുൽ പെൺകുട്ടി (Amaya oru Bavool penkutty) അമർ അക്ബർ അന്തോണി(Amar Akbar Anthony)  എന്നീ ഈണം വെച്ച അവളുടെ പാട്ടുകൾ പ്രസിദ്ധങ്ങളാണ്. മലയാളികളുടെ ഓമനയായ ശ്രേയ കുട്ടി പാടിയ 'അലൈക്കുതിക്കിത്'… എന്നു തുടങ്ങുന്ന തമിഴ് ഗാനവും യുട്യൂബില്‍ ഹിറ്റാകുന്നു. തമിഴ് പ്രേക്ഷകരെയും ആവേശംകൊള്ളിക്കുന്നു. അവൾ വളരെ കുഞ്ഞായതുകൊണ്ട് പാടേണ്ട പാട്ടുകൾ മാതാപിതാക്കളാണ് തിരഞ്ഞെടുക്കുന്നത്. പാട്ടിനോടൊപ്പം പഠനം തടസപ്പെടാതിരിക്കാനും അവർ ശ്രദ്ധിക്കുന്നുണ്ട്. സിനിമകളിലും ചാനലുകളിലും പാട്ടുകൾ പാടുന്നതിനായുള്ള കരാറുകൾ ചുരുക്കുന്നതു മൂലം അവളുടെ മനസിനെ സദാ ഉന്മേഷവതിയായി കാത്തു സൂക്ഷിക്കാനും സാധിക്കുന്നു. പഠിക്കാൻ കൂടുതൽ സമയം കണ്ടെത്താനും കഴിയുന്നു.

ശ്രേയ കുട്ടിയ്‌ക്ക് പാട്ടു പാടാനുള്ള അസാധാരണമായ കഴിവുകൾ എങ്ങനെ ലഭിച്ചുവെന്നതും വിസ്മയകരമാണ്. കുടുംബത്തിൽ എടുത്തു പറയത്തക്ക പ്രസിദ്ധരായ പാട്ടുകാർ ആരും തന്നെ ഉണ്ടായിരുന്നില്ല. എങ്കിലും ചിലരൊക്കെ തട്ടിയും മുട്ടിയും മൂളിയും പാടുന്നവരുണ്ട്. അവളുടെ വല്യമ്മ പുഷ്പ പാടും. വല്യമ്മയാണ് പാട്ടിനുള്ള പ്രചോദനങ്ങൾ നല്കിയിരുന്നതെന്നു ശ്രേയ കുട്ടി  പറയുന്നു. പാട്ടു പാടുന്നതിനായി അവളുടെ അമ്മയുടേയും അച്ഛന്റെയും സ്‌കൂളിലെ അദ്ധ്യാപകരുടെയും പൂർണ്ണമായ പിന്തുണയുണ്ടായിരുന്നു. ശ്രേയ കുട്ടി സ്‌കൂളിലും നാട്ടുകാരുടെയിടയിലും ഒരു താരമാണ്. അവളെ കാണാൻ, അവളുടെ നിഷ്കളങ്കമായ പുഞ്ചിരി ദർശിക്കാൻ മിക്ക ദിവസങ്ങളും നാട്ടുകാർ തള്ളി കയറി അവൾക്കു ചുറ്റും കൂടും. ഏവരുടെയും കണ്ണിലുണ്ണിയാണവൾ. തനിയ്ക്ക് ആരാകാനാണ് ഇഷ്ടമെന്ന് ഈ കൊച്ചു ഗായികയോട് ആരെങ്കിലും ചോദിച്ചാൽ അദ്ധ്യാപികയാകണമെന്നു പറയും. ശ്രേയ കുട്ടിയുടെ മുത്തച്ഛന്മാരുടെ സഹോദരർ പാടുന്നവരായിരുന്നു. പാട്ടു പഠിക്കുന്നതിൽ സ്‌കൂളിലെ പ്രിൻസിപ്പാളായിരുന്ന ഫാദർ  ജോണി കളത്തിങ്കലിനോടും കടപ്പാടുണ്ടെന്നു ഈ കുട്ടി പറയും. അവൾ ചിത്രങ്ങളും വരക്കും. അവധിക്കാലങ്ങളിൽ അവളുടെ കുഞ്ഞാങ്ങള സൗരവിയുമൊത്തു ബന്ധു വീടുകളിൽ സമയം ചെലവഴിക്കും.  ഇന്ന് പ്രസിദ്ധിയിലായിരിക്കുന്ന ശ്രേയ കുട്ടി സ്വന്തം വീട്ടിലായിരിക്കുമ്പോൾ സൂര്യാ ടീവിയൊഴികെ സംഗീതകച്ചേരിയുമായി ബന്ധപ്പെട്ട മറ്റു ചാനലുകാരെ മുഖം കാണിക്കാറില്ല. മാതാപിതാക്കളുടെ താത്പര്യമനുസരിച്ചു മാത്രമേ അവളുടെ സംഗീത ലോകവുമായി ബന്ധപ്പെടുകയുള്ളൂ. 

ഈ കൊച്ചു വാനമ്പാടി ഗാനങ്ങൾ പാടുമ്പോൾ കേട്ടു നിൽക്കുന്നവരുടെയും മനസുകൾ താളങ്ങളൊപ്പം തുള്ളി ചാടിക്കൊണ്ടിരിക്കും. അവൾ പുഞ്ചിരിയോടെ പാടുന്നു. അവൾ ഗാനങ്ങൾ പാടുന്നതിനൊപ്പം  കണ്ണുകൾ ഇമവെട്ടിക്കുന്നു. കൈകളും കൈവിരലുകളും കാർകൂന്തലും ഒപ്പം ഡാൻസ് ചെയ്യുന്നു. മധുരമായ ഗാനാമൃതം കൊണ്ടു സദസിനെ മുഴുവൻ കീഴടക്കുന്നു. അവളുടെ ഇമ്പമേറിയ ഗാനങ്ങളിൽ അറിയാതെ സഹൃദയ മനസുകൾ ലയിച്ചുപോവും. സ്വർഗം താണു വന്നു ഭൂമിയിൽ മറ്റൊരു സ്വർഗം പണിയുന്നുവെന്നു തോന്നി പോവും. ശ്രേയ കുട്ടിയുടെ ഗാനതരംഗങ്ങളെ ഇന്ന് ലക്ഷോപലക്ഷം ജനങ്ങൾ സ്നേഹിക്കുന്നു. അവളുടെ ഗാനാമൃതം അവരുടെ ഹൃദയങ്ങളെ കീഴടക്കുന്നു. പാട്ടറിയാത്തവരും ഗാനത്തിനൊപ്പം അധരങ്ങൾ ചലിപ്പിച്ചു പോവും.  അവളുടെ ശബ്ദവിഹായസിങ്കലെ താളൈക്യത്തോടെയുള്ള മധുരഗാനം  ശ്രവിക്കുന്നവരുടെ  മനസുകൾ സ്വതന്ത്രമാകുന്നു. പാട്ടറിയാത്തവരും പടം വരയ്ക്കാത്തവരും പിയാനോ വായിക്കാത്തവരും പാട്ടിന്റെ ഈ രാജകുമാരിയെ ഒന്നടങ്കം സ്നേഹിക്കുന്നു. അവളുടെ ദൈവത്തെ സ്തുതിച്ചുള്ള ഗാനങ്ങൾ ഹൃദയങ്ങളിൽ ദേവാലയങ്ങൾ പണിയുന്നതായും അനുഭവപ്പെടും. മനുഷ്യർ അംബരചുംബികളായി പണിയുന്ന ദേവാലയങ്ങൾ പാഴായതായും തോന്നും.





Saturday, July 9, 2016

അമേരിക്കൻ പ്രസിഡന്റായി മത്സരിച്ച ആദ്യത്തെ വനിത വിക്റ്റോറിയ വുഡ്‌ഹോൾ, ചരിത്രവും അവലോകനവും




By ജോസഫ് പടന്നമാക്കൽ 

അമേരിക്കയുടെ  തിരഞ്ഞെടുപ്പു വാർത്തകളിൽ ഒരു വനിത   പ്രസിഡന്റാകാനുള്ള  സംഭാവ്യതയുടെ  ഔദ്യോഗിക പ്രഖ്യാപനം ചരിത്രപരമായിട്ടാണ് കരുതുന്നത്. സ്ത്രീജനങ്ങളിൽ ദേശീയ ടിക്കറ്റിനുവേണ്ടി വൈസ് പ്രസിഡന്റ് സ്ഥാനാർഥികളായി 2008ൽ സാറാ പാലിനും 1984-ൽ ജെറാൾഡിൻ ഫെറോറായും മത്സരിച്ചിരുന്നു. എങ്കിലും രാഷ്ട്രത്തിന്റെ ഉന്നതമായ പ്രസിഡന്റ് പദവിയിൽ സ്ത്രീകൾക്ക് നാളിതുവരെ എത്തപ്പെടാൻ സാധിച്ചിട്ടില്ല.  ക്ലിന്റന്റെ തിരഞ്ഞെടുപ്പുനേട്ടം പ്രാമാണികമായി ചിന്തിക്കുന്നവർക്ക് ആശയ കുഴപ്പം സൃഷ്ടിക്കുന്നു. അവർക്കു മുമ്പേ നോമിനേഷൻ കിട്ടിയ മറ്റൊരു വനിതാസ്ഥാനാർത്ഥിയായ വിക്റ്റോറിയ വുഡ്ഹോൾ (Victoria Woodhull) പ്രസിഡന്റ് യുളീസിസ് ഗ്രാന്റിനെതിരെ (Ulysses S. Grant) മത്സരിച്ച വിവരം ഭൂരിഭാഗം ജനതയ്ക്കും അറിയില്ല. വാഗ്പാടവശാസ്ത്രത്തിൽ മികച്ച പ്രാസംഗികയെന്ന ചരിത്രപാരമ്പര്യവും 2008-ൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിച്ച നിലയിലും 2016 -ലെ മത്സരത്തിൽ പ്രസിഡന്റാകാനുള്ള സാധ്യതയുടെ വെളിച്ചത്തിലും  മിസസ് ക്ലിന്റൻറെ അമേരിക്കയിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് സ്ഥാനാർഥിവാദം ശ്രദ്ധേയമാണ്. ക്ലിന്റന്റെ അവകാശവാദം തെറ്റെന്നും അമേരിക്കയുടെ ഉന്നതസ്ഥാനമായ പ്രസിഡന്റ് പദവിയിൽ  ആദ്യമായി മത്സരിച്ച സ്ത്രീ മറ്റൊരാളെന്നും വളരെ കുറച്ചു ജനത്തിനേ അറിയുള്ളൂ. 2008-ൽ ക്ലിന്റൺ മത്സരിക്കുന്നതിനു 136 വർഷം മുമ്പ്, 1872-ൽ ഒരു പാർട്ടിയുടെ കൺവെൻഷനില്ക്കൂടി വിക്റ്റോറിയ വുഡ്ഹോൾ' എന്ന സുന്ദരിയായൊരു വനിത ആ പദവി ചരിത്രത്തിൽ നേടിയിട്ടുണ്ടായിരുന്നു. ക്ലിന്റൺ ജനിക്കുന്നതിനു ഇരുപതു വർഷം മുമ്പ് വിക്റ്റോറിയ മരിച്ചുപോയി. 1922--ൽ പാസാക്കിയ ഭരണഘടനയുടെ പത്തൊമ്പതാം അമൻഡ്മെന്റ് പ്രകാരം സ്ത്രീകളുടെ വോട്ടവകാശത്തിനു അമ്പതു കൊല്ലം മുമ്പാണ് അവർ സ്ഥാനാർത്ഥിനിയായി മത്സരിച്ചത്. 1872 നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ വിക്ടോറിയായ്‌ക്ക് വോട്ടവകാശമില്ലായിരുന്നു.


കൂടാതെ വോട്ടിന്റെ സമയത്ത് ഒരു പാസ്റ്റർക്കെതിരായി അപകീർത്തിപരമായി ലേഖനമെഴുതിയതിൽ  വിക്റ്റോറിയ ന്യൂയോർക്ക് സിറ്റിയിൽ ലുഡ്‌ലോ സ്ട്രീറ്റിൽ ജയിലിലുമായിരുന്നു. 'ഈക്വൽ റൈറ്റ്സ് പാർട്ടിയുടെ' (Equal rights) ലേബലിലാണ് അവർ മത്സരിച്ചത്. 1872 മെയ്മാസത്തിൽ വിക്റ്റോറിയായെ  സ്ഥാനാർത്ഥിയായി പാർട്ടി നോമിനേറ്റു ചെയ്തു. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി യുളീസസ് ഗ്രാന്റിനും (Ulysses S. Grant) ഡെമൊക്രാറ്റിക്ക് സ്ഥാനാർത്ഥി ഹൊറേസ് ഗ്രീലേക്കുമെതിരായിയാണ് (Horace Greeley) അവർ മത്സരിച്ചത്. അടിമപ്പാളയത്തിൽനിന്നും രക്ഷപ്പെട്ടയാളും അടിമകൾക്കുവേണ്ടി പ്രവർത്തിച്ച സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ ഫ്രഡറിക്ക് ഡഗ്ലസായിരുന്നു അവർക്കൊപ്പം വൈസ് പ്രസിഡന്റാ യി മത്സരിച്ചത്. വിക്റ്റോറിയായുടെ വൈസ് പ്രസിഡന്റ്  സ്ഥാനാനാർത്ഥിയെന്ന പദവിയിൽ ഡഗ്ലസ് അവർക്കൊരു സഹകരണവും നൽകിയില്ല. പകരം റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രചരണം നടത്തുകയായിരുന്നു.


സ്ത്രീകളുടെ പൗരാവകാശങ്ങൾക്കുവേണ്ടി പോരാടിയ വിക്റ്റോറിയ വൂഡ്ഹോളിനെ  സംബന്ധിച്ചു അധികമൊന്നും അമേരിക്കൻ ജനതയ്ക്ക് അറിയാമെന്നു തോന്നുന്നില്ല. വിവര സാങ്കേതിക രംഗത്തും അവരെപ്പറ്റിയുള്ള  വിഷയങ്ങൾ  ചുരുക്കമായേ വിവരിച്ചിട്ടുള്ളൂ. ഇന്നവർ പ്രസിദ്ധയല്ലെങ്കിലും ഒരു കാലത്ത് മറ്റേതു സ്ത്രീകളേക്കാളും അമേരിക്കയുടെ മുഖ്യധാരാ മാധ്യമങ്ങളിൽ അവരുടെ പേര് നിറഞ്ഞുനിന്നിരുന്നു. സ്റ്റോക്ക് ബ്രോക്കർ, പത്രപ്രവർത്തക, പൊതുവേദികളിലെ ഉജ്ജല പ്രാസംഗിക, ജ്യോത്സ്യ ശാസ്ത്രജ്ഞ, സാമൂഹിക പ്രവർത്തക, മനുഷ്യസ്നേഹി എന്നീ നിലകളിൽ അവർ ചരിത്രത്തിലെ ഒരു ഇതിഹാസമായിരുന്നു. കൂടാതെ സ്ത്രീകൾക്കു വോട്ടവകാശം ലഭിക്കുന്നതിനുമുമ്പുതന്നെ  അവർ  അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിച്ചുവെന്നുള്ളതും  പ്രാധാന്യം അർഹിക്കുന്നു.   സ്വതസിദ്ധമായ ജീവിതരീതികളിൽക്കൂടിയും വിപ്ലവാത്മകമായ രാഷ്ട്രീയ ചിന്തകളാലും അവർക്ക്‌ വലിയൊരു സുഹൃദ്‌വലയം സൃഷ്ടിക്കാൻ സാധിച്ചു. ഒപ്പം ശത്രുക്കളും നാടിന്റെ നാനാഭാഗത്തുമുണ്ടായിരുന്നു. വിവാദപരമായ ഒരു ജീവിതം നയിച്ച ഈ അമേരിക്കൻ ധീരനായികയെപ്പറ്റി നാം അറിയുന്നുവങ്കിൽ അത്‌ ചരിത്രബോധമുള്ളവർക്ക് കൂടുതൽ മനക്കരുത്തു നൽകുമെന്നതിൽ സംശയമില്ല.


വിക്റ്റോറിയാ വൂഡ്ഹോളിനു കാര്യമായ വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല. അവരുടെ ആദ്യത്തെ പേര് വിക്റ്റോറിയാ ക്ളഫി എന്നായിരുന്നു. പിന്നീട് വൂഡ്ഹോളെന്നു പേര് മാറ്റുകയാണുണ്ടായത്. 1838 സെപ്റ്റംബർ ഇരുപത്തിമൂന്നാം തിയതി പഠിപ്പില്ലാത്ത ഒരു അമ്മയിൽനിന്നു അവർ ജനിച്ചു. പിതാവ് ചെറിയ കുറ്റങ്ങൾ നടത്തിയിരുന്ന അറിയപ്പെട്ടിരുന്ന കുറ്റവാളിയുമായിരുന്നു. മോഷ്ടാവുമായിരുന്നു. പത്തു മക്കളുള്ള ഒരു കുടുംബത്തിലെ അംഗമായ വിക്റ്റോറിയാ പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചത് എട്ടാം വയസിലാണ്. അവിടെ മൂന്നു വർഷത്തെ പഠനശേഷം സ്‌കൂൾ പഠനം അവസാനിപ്പിച്ചു. പതിനഞ്ചാം വയസുവരെ പിന്നീട് പഠിക്കാനുള്ള അവസരങ്ങളൊന്നും ഉണ്ടായിരുന്നില്ല. അവരൊരു ഡോക്ടറെ വിവാഹം ചെയ്തു. എന്നാൽ അയാൾ ഒരു മദ്യപാനിയും സ്‌ത്രീലോലുപനുമായിരുന്നു. അവരുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമാവുകയും ചെയ്തു. 1854-ൽ വിക്റ്റോറിയാ മാനസികമായി പ്രശ്നമുള്ള ഒരു കുഞ്ഞിന് ജന്മം നൽകി.


വിക്റ്റോറിയ വുഡ്ഹോൾ പിന്നീട് ഭാവികാര്യങ്ങൾ പ്രവചിക്കുന്ന ഒരു ജോത്സ്യസ്ത്രീയായി പ്രവർത്തിച്ചു. അവർക്ക് അതീന്ദ്രിയ ജ്ഞാനമുണ്ടെന്നും ഭാവിഫലം പ്രവചിക്കാൻ കഴിവുണ്ടെന്നും അക്കാലത്തുള്ളവർ വിശ്വസിച്ചിരുന്നു. ഒഹായോവിലെ ഗ്രാമപ്രദേശങ്ങളിൽ അവർ കുട്ടിയായിരുന്നപ്പോൾ മരിച്ചുപോയ മൂന്നു സഹോദരികളുടെ ആത്മാക്കളുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നും ദൃഢമായി വിശ്വസിച്ചിരുന്നു. കൂടാതെ രോഗം ബാധിച്ചവരുടെ അസുഖം ഭേദപ്പെടുത്താൻ കഴിവുണ്ടെന്നും ഒരു ധാരണയുണ്ടായിരുന്നു. ഭാവി പ്രവചനങ്ങളിലൂടെയും രോഗികളിലെ പൈശാചിക ബാധ ഒഴിപ്പിക്കുന്ന വഴിയും പണമുണ്ടാക്കാനുള്ള പഴുതുകളും തെളിഞ്ഞു വന്നു. അവരുടെ പിതാവ് പണമുണ്ടാക്കാനായി അവരെയും സഹോദരി ടെന്നസിയേയും ഭാവിഫലം പ്രവചിപ്പിക്കാനും ദുരാത്മാക്കളെ ദൂരീകരിക്കാനും പൈശാചിക സേവ നടത്താനും ആത്മാക്കളുമായി സമ്പർക്കം പുലർത്താനും ഒരു വീടെടുത്ത് താമസിപ്പിച്ചു. പൈശാചിക സേവയിൽക്കൂടി രോഗങ്ങൾ ഭേദപ്പെടുത്തുന്ന ബിസിനസും തുടങ്ങി. മരുന്നിനു പകരം ഒരിക്കലും രോഗം വരില്ലെന്നുള്ള ഉറപ്പിൽ ഒരുതരം സുഗന്ധദ്രാവകവും വിറ്റിരുന്നു. കാൻസർ രോഗറും ആസ്തമായും ഇവരുടെ സഹായത്താൽ സുഖപ്പെടുമെന്നും പ്രചരണം നടത്തിയിരുന്നു. നാടുകൾതോറും നാടോടികളെപ്പോലെ നടന്നു രോഗങ്ങൾ ഭേദമാക്കിയും ഭാവിഫലങ്ങൾ പ്രവചിച്ചുകൊണ്ടും  ജീവിച്ചിരുന്നതുകൊണ്ട് സാമ്പത്തികമായി വിക്റ്റോറിയായും കുടുംബവും നേട്ടങ്ങൾ കൈവരിച്ചെങ്കിലും അവർക്കും സഹോദരി ടെന്നസിക്കും പ്രശ്നങ്ങളുമുണ്ടായിരുന്നു. ഇല്ലിനോയിലുള്ള ഒരു കാൻസർ രോഗി അവരുടെ ചീകിത്സാരീതികളിൽ മരിച്ചതും കുഴപ്പത്തിലാക്കി.


വിക്റ്റോറിയായും അവരുടെ സഹോദരിയും പങ്കുചേർന്ന് വാൾസ്ട്രീറ്റ് സ്റ്റോക്ക് മാർക്കറ്റിലും പ്രവർത്തിച്ചിരുന്നു. അങ്ങനെ അമേരിക്കയിലെ ആദ്യത്തെ സ്ത്രീ ബ്രോക്കർമാരെന്ന ക്രഡിറ്റും ഈ സഹോദരികൾക്കു ലഭിച്ചു. 1868-ൽ ഇവർ ന്യൂയോർക്കിൽ താമസമാക്കുകയും റയിൽറോഡുകളുടെ നിർമ്മാണ മാടമ്പിയായിരുന്ന കോർണലിയൂസ് വാണ്ടർബിൽറ്റിനു വേണ്ടി ജോലി തുടങ്ങുകയുമുണ്ടായി. വാണ്ടർബിൽറ്റ് പൈശാചിക സേവയിൽ വിശ്വസിക്കുകയും മെഡിക്കൽ ഡോക്ടർമാരിൽ അവിശ്വസിക്കുകയും ചെയ്തിരുന്നു. അത്തരം ദുർമന്ത്രവാദ സേവ നടത്തുകയെന്നായിരുന്നു ഈ സഹോദരികളുടെ ജോലി. ടെന്നസിയും വാണ്ടർ ബിൽറ്റുമായി പ്രേമത്തിലാവുകയും വിവാഹിതരാകാനുംവരെ തീരുമാനിച്ചിരുന്നു. ന്യൂയോർക്കിൽ ഗ്രാന്റ് സെൻട്രൽ ട്രെയിൻ നിലയത്തിന്റെ ഒരു വശത്തുകൂടി പോവുന്ന വാണ്ടർ ബിൽറ്റ് (Vanderbilt) അവന്യൂ അദ്ദേഹത്തിന്റെ പേരിലുള്ളതാണ്. 1869-ൽ സ്റ്റോക്ക് മാർക്കറ്റ് ബിസിനസിൽനിന്നും ഈ സഹോദരികൾ ഏഴു ലക്ഷം ഡോളർ നേടി ധനികരായി മാറി. അക്കാലത്തെ ധനികനായ വാണ്ടർ ബിൽറ്റിന്റെ സാമ്പത്തിക സഹായത്തോടെ വിക്ടോറിയായും ടെന്നസിയും പ്രസിദ്ധിയേറിയ വുഡ്ഹോൾ ആൻഡ് ക്ലാപ്പിൻ കമ്പനി ആരംഭിച്ചു. ഇതു വാൾ സ്ട്രീറ്റിൽ സ്ത്രീകൾ നടത്തിയ ആദ്യത്തെ സ്റ്റോക്ക് ബ്രോക്കർ കമ്പനിയായിരുന്നു. എങ്കിലും ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ അവർക്ക് അംഗത്വം നൽകിയില്ല. 1967-വരെ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ സ്ത്രീജനങ്ങൾക്ക് അംഗത്വം കൊടുക്കുമായിരുന്നില്ല.


1869-ജനുവരിയിൽ സ്ത്രീകളുടെ പൗരാവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സഫ്രാഗേറ്റ്സ്  (Suffragettes) കൺവെൻഷനിൽ വിക്റ്റോറിയ സംബന്ധിക്കുകയുണ്ടായി. പിന്നീട് ആ സംഘടനയിൽ അവർ  ആത്മാർത്ഥമായി പ്രവർത്തിക്കാനും തുടങ്ങി. 1871 ജനുവരി പതിനൊന്നാം തിയതി സ്ത്രീകൾക്ക് വോട്ടവകാശം നടത്താനുള്ള നിയമഭേദഗതി വരുത്തണമെന്നും അവർ ആവശ്യപ്പെട്ടു. സ്ത്രീകളും അമേരിക്കയിലെ പൗരജനങ്ങളാണെന്നും നികുതി കൊടുക്കുന്നവർക്ക് ഈ രാജ്യത്തിലെ നിയമനിർമാണത്തിൽ പങ്കു വേണമെന്നും വിക്റ്റോറിയ വാദിച്ചു. സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള അഭ്യർത്ഥനകൾ അന്നത്തെ നിയമ നിർമ്മാതാക്കൾക്ക് അയച്ചുവെങ്കിലും കാര്യമായ പ്രതികരണങ്ങളുണ്ടാകാതെ അതെല്ലാം നിരസിക്കുകയാണുണ്ടായത്. സ്ത്രീകളുടെ സംഘടനയായ സഫ്രാഗേറ്റ്സിൽ അവർക്ക് സുധീരമായൊരു നേതൃത്വം നൽകാനും സാധിച്ചു.


ബ്രോക്കറേജ് കമ്പനി തുടങ്ങിയ രണ്ടു മാസത്തിനുശേഷം വിക്റ്റോറിയ അമേരിക്കയുടെ പ്രസിഡന്റായി മത്സരിക്കാൻ പോകുന്ന വാർത്ത ജനങ്ങളെ അറിയിച്ചു. സ്ത്രീകളുടെ  സഫ്രാഗേറ്റ്സ്  (Suffragettes) സംഘടയുമായി സഹകരിച്ചുകൊണ്ട് തിരഞ്ഞെടുപ്പിനായുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ തുടർന്നു. സ്ത്രീകളുടെ പൗരവകാശങ്ങൾക്കു പുറമെ റയിൽറോഡുകൾ ദേശവൽക്കരിക്കാനും ജോലിക്കാർക്ക് എട്ടു മണിക്കൂർ ജോലിസ്ഥിരത വരുത്താനും, മരണശിക്ഷ അവസാനിപ്പിക്കാനും നേരിട്ടുള്ള നികുതി വ്യവസ്ഥകൾ നടപ്പാക്കാനും സാധുക്കളുടെ ക്ഷേമങ്ങളും തിരഞ്ഞെടുപ്പു പ്രകടന പത്രികകളിലുണ്ടായിരുന്നു. കൂടാതെ ആഴ്ചയിൽ ഒരിക്കൽ പ്രസിദ്ധീകരിക്കുന്ന പത്രവും പുറത്തിറക്കി. തുല്യാവകാശം മാനദണ്ഡമായി പ്രഖ്യാപിച്ചുകൊണ്ട് ഈക്വൽ റൈറ്സ് പാർട്ടിയെന്ന (equal rights party) രാഷ്ട്രീയ സംഘടനയും അവർക്കു പൂർണ്ണമായ പിന്തുണയും നൽകി. 1872-മെയ് മാസത്തിലെ ഈക്വൽ റൈറ്സ് പാർട്ടി നടത്തിയ കൺവെൻഷനിൽ വിക്റ്റോറിയാ വുഡ്ഹോളിനെ അമേരിക്കയുടെ പ്രസിഡന്റായി മത്സരിക്കാൻ തിരഞ്ഞെടുത്തു. പ്രസിദ്ധനായ അടിമത്വ വിരുദ്ധ പോരാളി ഫ്രഡറിക്ക് ഡഗ്ലാസായിരുന്നു ഒപ്പം വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി അവരോടൊപ്പം മത്സരിച്ചത്. പിന്നീട് വിക്റ്റോറിയായ്‌ക്കൊപ്പം അദ്ദേഹം വൈസ് പ്രസിഡന്റായി മത്സരിച്ച വിവരം വെളിപ്പെടുത്തുകയില്ലായിരുന്നു. കൂടാതെ വിക്റ്റോറിയായുടെ സ്വകാര്യ ജീവിതത്തിലും കളങ്കമുണ്ടായി. വിക്റ്റോറിയായുടെ രണ്ടാം ഭർത്താവിനെതിരെ അവരുടെ അമ്മ ഒരു കേസ് ഫയൽ ചെയ്തു. പ്രസിഡന്റ് സ്ഥാനാർഥിയെന്ന നിലയിൽ വിക്റ്റോറിയായുടെ പേര് ബാലറ്റ് പേപ്പറിലുണ്ടായിരുന്നെങ്കിലും എത്ര വോട്ടു കിട്ടിയെന്ന് ആർക്കുമറിഞ്ഞുകൂടാ. പല സ്റ്റേറ്റുകളിലും അവർക്കു കിട്ടിയ വോട്ടുകളെണ്ണുവാൻ പോലും അധികൃതർ തയാറായില്ല.

1872-ലെ പ്രസിഡന്റു തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് 'യൂലീസ്സിസ് ഗ്രാന്റ്' രണ്ടാമതും പ്രസിഡന്റായി ഓഫിസിൽ വരുന്നതിനുമുമ്പ് വിക്റ്റോറിയ വുഡ്ഹോൾ പ്രസിദ്ധനായ ഒരു മതപ്രസംഗകൻ ഹെൻറി വാർഡ് ബീച്ചറിനെ കുറ്റപ്പെടുത്തി പത്രത്തിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. അയാൾ ദുർവൃത്തനും വ്യപിചാര സ്വഭാവമുള്ളവനും കപടമത പ്രസംഗികനുമെന്നായിരുന്നു ആരോപണം. എഴുതാൻ പാടില്ലാത്ത കുത്സിത ഭാഷയിൽ ലേഖനമെഴുതിയതിന്റെ പേരിൽ വിക്ടോറിയായെയും ടെന്നസ്സിയെയും അറസ്റ്റു ചെയ്തു. മറ്റൊരു അപകീർത്തികരമായ ലേഖനത്തിനും കേസുണ്ടായിരുന്നു. അതിൽ ഒരു വാൾസ്ട്രീറ്റ് ബിസിനസുകാരൻ രണ്ടു കൗമാരക്കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കഥയായിരുന്നു. പോലീസ് രണ്ടു സഹോദരികളെയും ജയിലിൽ അടക്കുകയും ഒരു മാസം ജയിൽശിക്ഷ ലഭിക്കുകയും ചെയ്തു. മറ്റൊരു അവസരത്തിൽ അനുവാദമില്ലാതെ പ്രസംഗിക്കാൻ ഒരു സ്റ്റേജിൽ ഒളിച്ചു കയറിയതിനും അറസ്റ്റു ചെയ്തു. പിന്നീട് ഈ സഹോദരികൾ  കുറ്റക്കാരല്ലെന്നു വിധിയുമുണ്ടായി. അവരുടെ പ്രധാന വിമർശകരായിരുന്ന ഹാരിയത് ബീച്ചർ സ്റ്റോവും ബീച്ചറിന്റെ സഹോദരിയും 'അങ്കിൾ ടോം'സ് ക്യാബിൻ' എന്ന പുസ്തകത്തിന്റെ രചയിതാക്കളായിരുന്നു. വിക്റ്റോറിയാ വുഡ്ഹോളിനെ അവർ ജയിൽ കഴുകനെന്നായിരുന്നു വിളിച്ചിരുന്നത്. കൂടാതെ ലജ്ജയില്ലാത്ത ദുർമന്ത്രവാദിനിയെന്നും വിളിച്ചിരുന്നു. കാർട്ടൂണിസ്റ് തോമസ് നാസ്റ്റ് അവരെ 'മിസസ്  ശാത്താനായി' ചിത്രീകരിക്കുകയും പരിഹാസരൂപത്തിൽ കാർട്ടൂണുകൾ രചിക്കുകയും ചെയ്തിരുന്നു.



ലൈംഗിക കാര്യങ്ങളെപ്പറ്റിയും വിക്റ്റോറിയാ വുഡ്ഹോൾ പ്രസംഗിക്കുമായിരുന്നു. സന്തുഷ്ടമല്ലാത്ത വിവാഹ ജീവിതത്തിൽനിന്നും സ്ത്രീക്ക് മോചനം വേണമെന്നും അവർ പറയുമായിരുന്നു. അവരുടെ ശരീരത്തെ കാത്തു സൂക്ഷിക്കാനുള്ള അവകാശവും വ്യക്തമായി എടുത്തു പറഞ്ഞിരുന്നു. ഒരിക്കൽ അവർ പറഞ്ഞു, "നീ ആരാണെങ്കിലും നിങ്ങളുടെയെല്ലാം സ്നേഹം ഞാൻ കാംഷിക്കുന്നു. യുവാക്കളോ വൃദ്ധരോ ആരുമായിക്കൊള്ളട്ടെ, എനിയ്ക്ക് പ്രശ്നമില്ല. കറുത്തവരോ, വെളുത്തവരോ, പേഗനോ, ജ്യൂവിഷോ ക്രിസ്ത്യാനികളോ എനിക്കു പ്രശ്നമല്ല. ഞാൻ എല്ലാവരെയും സ്നേഹിക്കും. അവരുടെ സ്നേഹവും ഞാനാഗ്രഹിക്കുന്നു. സ്നേഹത്തിന് അതിരുകളില്ലെന്നും മനസിലാക്കണം"



1877-ൽ വാണ്ടർ ബിൽറ്റ് മരിച്ചപ്പോൾ അദ്ദേഹത്തിന്റെ നൂറുമില്യൻ ഡോളർ വിലപിടിപ്പുള്ള വസ്തുക്കൾക്കായി മക്കൾ വഴക്കടിക്കാൻ തുടങ്ങി. വാണ്ടർബിൽറ്റും (Vanderbilt) ടെന്നസിയുമായി പ്രേമബന്ധങ്ങളുണ്ടായിരുന്നതിനാൽ സ്വത്തുക്കളുടെ വീതം ടെന്നസിയും വിക്ടോറിയായും പങ്കുപറ്റി കാണും. കോടതിയിൽ വിസ്താരവേളകളിൽ ഈ സഹോദരിമാരും പോകണമായിരുന്നു. കോടതി വിസ്തരിക്കാതിരിക്കാൻ ഇവർ പണം കൊടുത്തുവെന്നും കിംവദന്തികളുണ്ട്. എന്തുതന്നെയാണെങ്കിലും അതേ വർഷം ആഗസ്റ്റിൽ സഹോദരികൾ പ്രവാസികളായി ഇംഗ്ലണ്ടിൽ പോയി. അവിടെ വിക്റ്റോറിയാ വുഡ്ഹോൾ ധനികനായ ഒരു ബാങ്കറെ കണ്ടുമുട്ടി മൂന്നാമതും വിവാഹം ചെയ്തു. 1927 മരണം വരെ അവർ അവിടെ ജീവിച്ചു. സ്വന്തമായ പത്രവും പത്രപ്രവർത്തകയുമായി പിന്നീടുള്ള ജീവിതകാലം അവിടെ കഴിച്ചുകൂട്ടി. ജോർജ് വാഷിഗ്ടൺന്റെ പൂർവികർ താമസിച്ചിരുന്ന ഇംഗ്ലീഷ് ഭവനത്തിന്റെ സംരക്ഷണ ചുമതലകളും വഹിച്ചിരുന്നു. വിക്റ്റോറിയായ്ക്ക് വാഹനങ്ങളോട് അതീവ താല്പര്യമായിരുന്നു. അവരുടെ എസ്റ്റേറ്റിനു സമീപമുള്ള സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ സഹായിച്ചിരുന്നു. 1892-ൽ വീണ്ടും പ്രസിഡന്റായി മത്സരിക്കാൻ അവർക്കു പദ്ധതിയുണ്ടായിരുന്നു. അതിനുള്ള പിന്തുണയ്ക്കായി അവർ പുറംരാജ്യങ്ങൾ സന്ദർശിക്കുമായിരുന്നു. കൃഷിക്കാർക്കായി ഒരു സ്‌കൂൾ സ്ഥാപിച്ചെങ്കിലും അധികകാലം അതിന്റെ പ്രവർത്തനങ്ങൾ നിലനിന്നില്ല. ഒന്നാം ലോകമഹായുദ്ധത്തിൽ റെഡ്ക്രോസ്സിൽ വോളന്റീയറായി അവർ പ്രവർത്തിച്ചിരുന്നു.
സ്ത്രീകളുടെ അവകാശങ്ങൾക്കായി പൊരുതുന്ന സംഘടനയായ സഫ്രാഗേറ്റ്സുകളുടെ (Suffragettes) പിന്തുണ പിന്നീട് വിക്റ്റോറിയാ വുഡ്ഹോളിന് നഷ്ടപ്പെട്ടു. അന്നത്തെ സ്ത്രീകളുടെ സഫ്രാഗേറ്റ്സ് മുന്നേറ്റത്തിന്റെ പ്രമുഖ നേതാക്കളായ സൂസൻ ബി ആന്റണി, എലിസബത്ത്‌ കാഡി സ്റ്റാന്റൻ മുതലായവർ  വിക്റ്റോറിയ പ്രസിഡന്റായി മത്സരിച്ച വേളയിൽ അവർക്കുവേണ്ടി പ്രവർത്തിച്ചിരുന്നു.  സ്ത്രീകളുടെ പ്രതിനിധികളടങ്ങിയ സഭാസംബന്ധമായ വിഷയങ്ങളിൽ നേതൃത്വവും നൽകിയിരുന്നു. അവരെല്ലാം വിക്റ്റോറിയായുടെ രാഷ്ട്രീയ സ്ഥാനകാംക്ഷയയെയും അധികാര മോഹത്തെയും ലോകപ്രശസ്തയാകാനുള്ള തീവ്രാഭിലാഷങ്ങളേയും വെറുത്തിരുന്നു. തന്മൂലം പ്രസിഡന്റാകാനുള്ള വിക്ടോറിയായുടെ  പദ്ധതിക്കുള്ള പിന്തുണ പിൻവലിച്ചു. ആദ്യത്തെ പ്രസിഡന്റ് മത്സരത്തിനുശേഷം സഫ്രാഗേറ്റ്സുകാർ അവരെ ഒരു പ്രതിനിധിയോഗങ്ങളിലും ക്ഷണിച്ചിരുന്നില്ല. ബ്രിട്ടീഷ് സഫ്രാഗേറ്റ്സ് നേതാവിന് അവരെപ്പറ്റി ആന്റണി ഒരു പരാതിയെഴുതി അയക്കുകയും ചെയ്തു. "രണ്ടു സഹോദരികളും ദുർനടപ്പുകാരും കാമാതുരരും അന്തസില്ലാത്ത സ്ത്രീകളെന്നുമായിരുന്നു" എഴുത്തിലെ ചുരുക്കം. കൂടാതെ ആന്റണിയും സ്റ്റാന്റനും മറ്റിൽഡാ ഗാജുവും ഒത്തൊരുമിച്ച് സഫ്രാഗ (suffrage movement) മുന്നേറ്റത്തിന്റെ ചരിത്രം 1880-ൽ പൂർത്തിയാക്കിയിരുന്നു. ആ പുസ്തകത്തിൽ വിക്റ്റോറിയാ വുഡ്ഹോളിന്റെ പേര് സൂചിപ്പിച്ചിട്ടില്ല.  


വിക്റ്റോറിയാ വുഡ്ഹോൾ പ്രസിഡന്റായി മത്സരിച്ച വേളയിൽ മുപ്പത്തിനാലു വയസു മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. ഭരണഘടന ആർട്ടിക്കിൾ-2- നിയമപ്രകാരം അമേരിക്കൻ പ്രസിഡന്റാകാൻ കുറഞ്ഞ പ്രായം മുപ്പത്തിയഞ്ചു വയസ്സായിരിക്കണം. അവരുടെ ബാല്യത്തിലും യൗവ്വനത്തിലുമുള്ള തെരുവുജീവിതവും മോഷ്ടാവായ പിതാവും മൂന്നു വിവാഹം കഴിച്ചതും ലൈംഗിക അരാജകത്തിൽ ജീവിച്ചതുകൊണ്ടും പ്രത്യേകിച്ചു ജോലിയോ വീടോ ഇല്ലാതെയും പിശാചു ബാധയൊഴിവാക്കിയും പ്രേതങ്ങളോട് സംസാരിച്ചും ഭാവിപ്രവചനങ്ങൾ നടത്തിയും നാടോടിയായി അലഞ്ഞു തിരിഞ്ഞു നടന്നതിനാലും ചരിത്രത്തിൽ അവർക്ക് വലിയ സ്ഥാനം കല്പിച്ചിട്ടില്ല. അവരുടെ പിതാവ് ഒരു കള്ളനും മക്കളെ ക്രൂരമായി ഉപദ്രവിക്കുന്ന മനുഷ്യനുമായിരുന്നു. അവരുടെ മാതാവ് 'ആനി'   തെരുവു  വേശ്യയെപ്പോലുള്ള ഒരു സ്ത്രീയായിരുന്നുവെന്നും ചരിത്രം കുറിച്ചിരിക്കുന്നു. പിതാവ് പാമ്പിന്റെ തൊലികളിൽ നിന്നും കടഞ്ഞെടുത്ത ഓയിലുമായി വീടുകൾതോറും നടന്നു വിൽപ്പന നടത്തിയിരുന്നു. ഡോക്ടറെന്നും വക്കീലെന്നും സ്വയം പറഞ്ഞു മറ്റുള്ളവരെ കബളിപ്പിച്ചും നടക്കുമായിരുന്നു. പ്രാകൃത ജീവിതമായിരുന്നു ആ കുടുംബം നയിച്ചിരുന്നത്. 


സോഷ്യൽമീഡിയ അന്നുണ്ടായിരുന്നെങ്കിൽ വികാരാധീനയായി വിക്റ്റോറിയാ വുഡ്ഹോൾ  പറയുമായിരുന്നു, "ആരെയും സ്നേഹിക്കാനുള്ള സ്വാതന്ത്ര്യമെനിക്കുണ്ട്. സ്നേഹത്തിനൊരു അതിരില്ല. സ്നേഹം അല്പകാലമോ ദീർഘകാലമോ ആവാം. സ്വതന്ത്രയായ ഞാൻ നിരുപാധികമായ എന്റെ സ്നേഹം ആർക്കും വാരിക്കൊടുക്കും. ആരെയും സ്നേഹിക്കാനുള്ള എന്റെ അവകാശം അന്യാധീനപ്പെടുത്താനും സാദ്ധ്യമല്ല. സ്ത്രീകൾ നിലവിലുള്ള ചട്ടത്തിനെതിരെ പ്രതികരിക്കുന്നുവെങ്കിൽ, അവർ പുരുഷ മേധാവിത്വത്തിൽ നിന്നും വിമോചനം ആഗ്രഹിക്കുന്നുവെങ്കിൽ പുരുഷൻ അവൾക്ക് സ്വാതന്ത്ര്യം നൽകണം. പുരുഷനിൽനിന്നും വേർപെടാൻ ആഗ്രഹിച്ചാലും നിയമപരമായും സഹകരിക്കണം. സ്ത്രീയുടെ സ്നേഹമെന്നു പറയുന്നത് ഒരു പുരുഷനു മാത്രമുള്ളതല്ല. പുരുഷനെപ്പോലെ തന്നെ അവൾക്കും അനേക പുരുഷന്മാരുടെ സ്നേഹലാളനകൾ ലഭിക്കാനുള്ള മോഹങ്ങളുമുണ്ട്." അവരുടെ പ്രസംഗ പീഠങ്ങളിലുള്ള ഉദ്ധരണികൾ ഇന്നും കാലത്തെ അതിജീവിക്കുന്നു. "നല്ല കാലം വരണമേയെന്നു മറ്റുള്ളവർ പ്രാർത്ഥിക്കുമ്പോൾ ഞാൻ കർമ്മനിരതയായി എന്റെ കർത്തവ്യങ്ങളിൽ മുഴുകിയിരിക്കും. പ്രതീക്ഷകളുടേതായ ആ സ്വപ്നങ്ങൾക്ക് വിശ്രമമില്ലാതെ പണിയെടുക്കും." സ്ത്രീകളുടെ അവകാശങ്ങൾ നേടാനായി അവർ ഭരണ വർഗങ്ങളോട് ചോദിച്ച ചോദ്യമാണ്, 'അമേരിക്കൻ പൗരാവകാശത്തെ അവഗണിച്ചുകൊണ്ട് സ്ത്രീക്ക് വോട്ടവകാശം നിഷേധിക്കാൻ നിങ്ങൾക്കെന്തവകാശമാണുള്ളത്?' 'നിയമത്തിന്റെ മുമ്പിൽ സ്ത്രീ പുരുഷനു തുല്യമെങ്കിൽ അവളുടെ എല്ലാ അവകാശങ്ങളും പുരുഷനെപ്പോലെ തുല്യമായിരിക്കണം.'  ഒരു അമ്മയുടെ വിലാപവും അവരിലുണ്ടായിരുന്നു. "ഉടഞ്ഞ കപ്പലുപോലെ ഞാനൊരു ബുദ്ധിശൂന്യനായ, ശാരീരിക ദൗര്‍ബല്യമുള്ള ‍മനുഷ്യകുഞ്ഞിനു ജന്മം കൊടുത്തപ്പോൾ എന്റെ ഹൃദയം തകർന്നുപോയിരുന്നു." 


Ulysses S. Grant
CORNELIUS VANDERBILT
Frederick Douglass, former-slave

Woodhill sisters as they try to cast votes in Tennessee.





Mrs. Satan, Victoria Woodhull "


Sunday, July 3, 2016

സ്റ്റാച്ച്യൂ ഓഫ് ലിബർട്ടിയും അവളുടെ കഥയും






By ജോസഫ് പടന്നമാക്കൽ 

അമേരിക്കയുടെ അതിമനോഹരമായ സ്മാരകസൗധമേതെന്നു ചോദിച്ചാൽ അതിനൊരുത്തരമേയുള്ളൂ, അതേ, സ്റ്റാച്ച്യൂ ഓഫ് ലിബർട്ടി മാത്രം. ദേശീയ സ്നേഹത്തിന്റെ പ്രതീകമാണ് ആ സ്തൂപം. തലമുറകളുടെ ചരിത്രം അവൾക്കു പറയാനുണ്ട്. എങ്കിലും അവളുടെ രൂപം എങ്ങനെ അമേരിക്കൻ തീരത്തു വന്നതെന്ന കഥ ചരിത്രം വിസ്മരിക്കുന്നു. പലർക്കും അവളുടെ കഥ അറിഞ്ഞുകൂടാ. സ്റ്റാച്ച്യൂ ഓഫ് ലിബേർട്ടിയെന്ന സ്തൂപത്തിനു രൂപകൽപ്പന ചെയ്തതും ഓളങ്ങളെയും തിരമാലകളെയും അടിയൊഴുക്കുകളെയും ഭീകര കൊടുംകാറ്റുകളെയും വകവെക്കാതെ ന്യൂയോർക്കിന്റെ തീരത്തു പ്രതിമ സ്ഥാപിക്കുകയും ചെയ്തത് ഫ്രഡറിക് അഗസ്റ്റ ബർതോൾഡിയെന്ന ശില്പിയായിരുന്നു. താജ്മഹൽ സ്ഥാപിച്ചത് ഷാജഹാനെന്നു എല്ലാവർക്കുമറിയാം. എന്നാൽ അതിനുള്ളിൽ പ്രവർത്തിച്ച ശില്പിയുടെ കഥ അജ്ഞാതമാണ്. സ്റ്റാച്ച്യൂ ഓഫ് ലിബർട്ടിയുടെ കഥയും ഏതാണ്ട് അതുപോലെ തന്നെ.


ബൃഹത്തായൊരു സ്തൂപസ്മാരകം അമേരിക്കയിൽ പണിയണമെന്ന ആശയം ആദ്യമായി നിര്‍ദ്ദേശിച്ചത് 1865-ൽ ഫ്രഞ്ചുകാരനും കവിയും നിയമജ്ഞനും എഴുത്തുകാരനുമായിരുന്ന എഡൗർഡ് ഡി ലബൗളയെ(Edouard de Laboulaye) ആയിരുന്നു. ഒരു സാമൂഹിക പ്രവർത്തകനുംകൂടിയായിരുന്ന അദ്ദേഹം അടിമകളുടെ മോചനത്തിനായുള്ള പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. അത്തരമൊരു പ്രതിമയുണ്ടാക്കാൻ ഫ്രഡറിക് അഗസ്റ്റ ബർതോൾഡിയെന്ന (Frederic Auguste Bartholdi) ശില്പിയ്ക്ക് അധികാരവും നൽകി. 1876 അമേരിക്കൻ സ്വാതന്ത്ര്യദിനത്തിൽ പ്രതിമയുടെ പണി പൂർത്തിയായി അനാച്ഛാദനം ചെയ്യണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. പുതിയതായി ഉദയം ചെയ്ത 'സ്റ്റാച്ച്യു ഓഫ് ലിബർട്ടി' 'നിത്യവും സ്വാതന്ത്യ്രത്തിന്റെ മൂര്‍ത്തിമദ്‌ഭാവമായി ലോകത്തിനു വഴികാട്ടിയായി വെളിച്ചം വീശട്ടെയെന്നുള്ള' തത്വവും ലിഖിതം ചെയ്തിരുന്നു. അമേരിക്കയിലെയും  ഫ്രാൻസിലെയും ഉദാരമതികളായ അനേകരുടെ ഒത്തൊരുമിച്ചുള്ള പ്രയത്ന ഫലവും കൊണ്ടാണ് ഇങ്ങനെയൊരു സൗധം ഉയർത്താനും സാധിച്ചത്. ഫ്രാൻസിൽ ശില്പിയായിരുന്ന ഫ്രഡറിക് അഗസ്റ്റ ബർതോൾഡി ഈ മഹാ സൗധത്തിന്റെ കോപ്പർ ഫ്രേയും നിർമ്മിക്കുന്നതിനായി അലക്സാണ്ടറെ ഗുസ്താവ് ഈഫൽ (Alexandre Gustave Eiffel)എന്ന എഞ്ചിനീയറെ അധികാരപ്പെടുത്തി.


1892-ൽ സ്ഥാപിച്ച ഈ സ്മാരകം നാല്പതേക്കർ സ്ഥലത്ത് 305 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. അലങ്കാര മേലങ്കി ധരിച്ച ഒരു സ്ത്രീയുടെ രൂപമാണ് ഈ പ്രതിമ. ദീപം പിടിച്ചിരിക്കുന്ന ലിബ്രറ്റാസെന്ന റോമൻ ദേവതയോട് സാമ്യവുമുണ്ട്. അമേരിക്കൻ സ്വാതന്ത്ര്യ ദിനമായ 1776 ജൂലൈ നാലെന്നും മേലങ്കിയിൽ ലിഖിതം ചെയ്തിട്ടുണ്ട്. അവളുടെ  കാൽപാദങ്ങളിൽ അടിമത്വത്തിന്റെ മോചനം നേടിയ പ്രതീകമായി പൊട്ടിയ ഒരു ചങ്ങലയുമുണ്ട്. ഗ്രീസിൽ നിന്നു വന്ന ഒരു കുടിയേറ്റക്കാരൻ പറഞ്ഞത്, " സ്വാതന്ത്ര്യത്തിന്റെ ചിന്ഹമായ ആ പ്രതിമയെ ഞാൻ കണ്ടു. എന്നോടായി ഞാൻ പറഞ്ഞു, സ്ത്രീയെ നീ സുന്ദരിയാകുന്നു. കൈകൾ സ്വാഗതാർഹമായി വിടർത്തികൊണ്ട് വിദൂരദേശങ്ങളിൽനിന്നു വരുന്ന വിദേശികളെയും നീ സ്വീകരിക്കുന്നു. ഈ രാജ്യത്തിനുവേണ്ടി ഞാനൊരു മുതലെന്നു തെളിയിക്കാൻ എനിക്കും അവസരങ്ങൾ തരൂ. അമേരിക്കായെന്ന ഈ സ്വപ്ന ഭൂമിയിൽ ഞാനും കർമ്മോന്മുഖനായി പവിത്രമായ ഈ മണ്ണിന്റെ ആത്മാവിനെ തേടട്ടെ. അനുഗ്രഹിച്ചാലും. എന്നുമെന്നും നീയാകുന്ന സ്വാതന്ത്ര്യത്തിന്റെ ഈ പ്രതിമ എന്റെയും മനസിന്റെ പ്രതിബിംബമായിരുന്നു."


കഴിഞ്ഞ നൂറ്റിമുപ്പതു വർഷങ്ങളിൽപ്പരമായി സ്റ്റാച്ച്യു ഓഫ് ലിബർട്ടിയെന്ന സ്തൂപം സ്വാതന്ത്ര്യത്തിന്റെ ദീപവും കൈകളിൽ വഹിച്ചുകൊണ്ട് അനേകായിരം സഞ്ചാരികളെ ദിനംപ്രതി സ്വാഗതം ചെയ്യുന്നതായി കാണാം. അണയാത്ത തേജസുമായി ഒരു കൊച്ചുതുരുത്തിൽ സ്ഥിതിചെയ്യുന്ന സ്ത്രീയുടെ രൂപമുള്ള ഭീമാകാരമായ ഈ പ്രതിമയുടെ മുമ്പിൽ രാജാക്കന്മാരും ഭരണാധികാരികളും പ്രഭുക്കളും സമൂഹത്തിന്റെ നാനാ തുറകളിലുള്ളവരും വന്നും പോയും വിസ്മയകരമായി നോക്കി നിന്നിട്ടുണ്ട്.  സ്റ്റാച്ച്യു ഓഫ് ലിബർട്ടിയും അവൾ വസിക്കുന്ന ദ്വീപും എന്നുമെന്നും മാറ്റത്തിന്റേതായ ഒരു ചരിത്ര മുഹൂർത്തമായിരുന്നു. അമേരിക്കയിലേക്ക് വരുന്ന കുടിയേറ്റക്കാരുടെ മുമ്പിൽ അവൾ പ്രഭാവവതിയായി പട്ടണത്തിനു ചുറ്റുമുള്ള സകലർക്കും കാണത്തക്ക വിധത്തിൽ ഗാംഭീര്യത്തോടെ തലയുയർത്തി നിൽക്കുന്നതും കാണാം. വെട്ടിത്തിളങ്ങുന്ന ഗ്രാനേറ്റ്‌കൊണ്ടു പടുത്തുയർത്തിയ ഒരു പീഠത്തിലാണ് അവളെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അവളെങ്ങനെ ഈ കരയിൽ വന്നെത്തിയതെന്നും അവളൊരു കാഴ്ചവസ്തുവായതും ചുരുക്കം പേർക്കേ അറിഞ്ഞുകൂടൂ.


ഈ സ്തൂപത്തിങ്കൽ പകിട്ടാർന്ന ഒരു കഥയുണ്ട്.  ഗ്രീക്കിലെ റോഡെന്ന പട്ടണത്തിലുള്ള ദ്വീപിലെ സൂര്യദേവനായ ഹെലിയോസിന്റെ സ്തൂപം പോലെ, പൗരാണിക സംസ്‌കാരങ്ങളുടെ പ്രതീകമായ റോമൻ ദേവതകളെപ്പോലെ, സ്വാതന്ത്ര്യത്തിന്റെ പവിഴദ്വീപായ എല്ലീസ് ഐലൻഡിൽ കരയ്ക്കടുക്കുന്ന കുടിയേറ്റക്കാർക്കായി പ്രതീക്ഷകളും നൽകിക്കൊണ്ട് ആ ദേവത അവിടെ കാത്തു നിൽക്കുന്നു. അണയാത്ത സൗന്ദര്യം മുറ്റിനിൽക്കുന്ന അവൾക്ക് തലമുറകളായുള്ള ഒരു കാത്തിരിപ്പിന്റെ ചരിത്രമുണ്ട്. വൈമാനിക യാത്രകളുടെ തുടക്കത്തോടെ കുടിയേറ്റക്കാരുടെ ആ ദേവതയോടുള്ള അഭിവാദന സാംസ്ക്കാരിക പാരമ്പര്യത്തിന് മങ്ങലേറ്റിട്ടുണ്ടെന്നുള്ളതും ഇന്നിന്റെ യാഥാർഥ്യമാണ്. എങ്കിലും ഓരോ കുടിയേറ്റ മനസിലും അവളിന്നും മൂര്‍ത്തികരണഭാവമായി നിത്യം വെട്ടി തിളങ്ങുന്നതും കാണാം.


സ്റ്റാച്ച്യൂ ഓഫ് ലിബർട്ടി ഫ്രാൻസിൽനിന്നു അമേരിക്കയ്ക്ക് ലഭിച്ച സമ്മാനമെന്നു പലരും വിചാരിക്കുന്നു. എന്നാലത് ചരിത്രത്തിൽ മായം ചേർത്തുകൊണ്ടുള്ള ഒരു അയഥാർഥ്യം മാത്രമാണ്.  വാസ്തവത്തിൽ ഈ പ്രതിമയും അതിന്റെ സ്ഥാപനവും ഫ്രഡറിക് അഗസ്റ്റ ബർതോൾഡിയെന്ന ഒരു സാധാരണ പ്രതിമ നിർമ്മാതാവിന്റെ ചിന്തയിൽനിന്നു വന്ന രൂപാശയമായിരുന്നു. അനുയോജ്യമായ ഒരു രാജ്യം തിരഞ്ഞെടുത്ത് ഒരു സ്ത്രീയുടെ രൂപത്തിലുള്ള  പ്രതിമ നിർമ്മിക്കാനാണ് അദ്ദേഹം പദ്ധതിയിട്ടത്. ഇതിനായി അമേരിക്കയിലെ ഉചിതമായ സ്ഥാനം കണ്ടുപിടിക്കുന്നതിനായി വിവിധ സ്ഥലങ്ങൾ  സന്ദർശിച്ചതായി അദ്ദേഹത്തിന്റെ ഡയറിയിലും എഴുത്തുകുത്തിലും കാണുന്നു. അദ്ദേഹം നയാഗ്രാ വെള്ളച്ചാട്ടം മുതൽ വാഷിംഗ്ടൺ ഡിസി, ഷിക്കാഗോ, ലോസ് ഏഞ്ചൽസ്, മുതലായ സ്ഥലങ്ങളിൽ ആകർഷകമായ സ്ഥലം തേടി നടന്നു. തന്റെ സ്വപ്ന സാഷാത്ക്കരത്തിനായി ജനപിന്തുണയും ആഗ്രഹിച്ചു.


സ്റ്റാച്ച്യൂ ഓഫ് ലിബർട്ടി നിർമ്മാണ പ്രവർത്തനങ്ങളുമായി ധനം സമാഹരിക്കാൻ അദ്ദേഹം സമൂഹത്തിലെ ഉന്നതരായ പലരെയും സമീപിച്ചു. ഗവർണ്മെന്റിന്റെ ഭാഗത്തുനിന്നും സാമ്പത്തിക സഹായം ലഭിക്കാൻ സാധ്യതയില്ലായിരുന്നു. ടിക്കറ്റു വെച്ചുകൊണ്ട് മാന്ത്രികരുടെ ചില അത്ഭുത കാഴ്ചകളും കലാ സാംസ്ക്കാരിക പരിപാടികളും  നടത്തി. സ്റ്റാച്ച്യൂവിന്റെ പദ്ധതികളും പ്ലാനും ജനങ്ങളെ അറിയിച്ചുകൊണ്ടിരുന്നു. പണസമ്പാദനത്തിനായുള്ള സുവനീറും വിറ്റുകൊണ്ടിരുന്നു. ഒരു ദേശീയലോട്ടറി നടത്താനുള്ള അനുവാദവും ഫ്രഞ്ചുസർക്കാരിൽ നിന്നു ലഭിച്ചു. അവസാനം അമേരിക്കൻ പത്രാധിപരായ ജോസഫ് പുലിറ്റ്‌സറിനെ കണ്ടുമുട്ടി. ഈ പ്രതിമ പണിയാൻ ഒരു പെനി സംഭാവന തരുന്നവരുടെ പേരുപോലും പുലിറ്റ്സർ  പത്രത്തിൽ പ്രസിദ്ധീകരിച്ചു. അതുമൂലം പുലിറ്റ്സറിന്റെ പത്രത്തിന്റെ പ്രചരണവും വളരെ മടങ്ങു വർദ്ധിച്ചു. വായനക്കാർ തങ്ങളുടെ പേര് പത്രത്തിലച്ചടിച്ചു വരുന്നത് കാണാനും കൗതുകമേറിക്കൊണ്ടു പത്രങ്ങൾ മേടിച്ചുകൊണ്ടിരുന്നു.  സ്റ്റാച്ച്യൂവിനു പണമുണ്ടാക്കാൻ അതൊരു നല്ല മാർക്കറ്റിങ് തന്ത്രവൈദഗ്‌ദ്ധ്യവുമായിരുന്നു.


ആദ്യം ഈ സ്റ്റാച്ച്യൂ സൂയസ് കനാലിന്റെ തീരത്തു സ്ഥാപിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. അമേരിക്കയിൽ ഈ സ്തൂപം സ്ഥാപിക്കാൻ അന്നു ബർതോൾഡിയ്ക്ക് ചിന്തകളുണ്ടായിരുന്നില്ല.  യുവാവായിരുന്നപ്പോൾ തന്നെ അദ്ദേഹം സ്തൂപ സ്ഥാപനവുമായി ബന്ധപ്പെട്ട് ഈജിപ്റ്റ് സന്ദർശിച്ചു. മെഡിറ്ററേനിയനും റെഡ്സീയ്ക്കും മദ്ധ്യേ അനുയോജ്യമായ ഒരു സ്ഥലം നിർണ്ണയിക്കുകയും ചെയ്തു. 1867-ൽ ഒരു ലോകമേള നടന്നപ്പോൾ ഈജിപ്റ്റിലെ ഒരു നേതാവായ 'ഖേദിവയെ' കണ്ടുമുട്ടി. പിരമിഡ് പോലെ വിസ്മയകരമായ ഒരു സ്തൂപം സ്ഥാപിക്കുന്ന ആഗ്രഹം പ്രകടിപ്പിച്ചു. സൂയസ് കനാലിന്റെ തീരത്ത് ദേവത പോലുള്ള ഒരു സ്ത്രീ  കൈകളിൽ  ദീപവും പിടിച്ചുകൊണ്ടു അയഞ്ഞ വേഷത്തിൽ നിൽക്കുന്ന രൂപം ഡിസൈൻ ചെയ്തത് ഖേദിവയെ കാണിച്ചു. ദൗർഭാഗ്യവശാൽ ഈജിപ്റ്റുമായി ഒരു സമ്മതപത്രത്തിൽ ഒപ്പിടാൻ സാധിക്കാത്തതിനാൽ ഈ പദ്ധതിയുടെ നക്കലുമായി അദ്ദേഹം അമേരിക്കയിലേയ്ക്ക് യാത്ര തിരിച്ചു.


അമേരിക്കക്കാർക്ക് ബർതോൾഡിയുടെ സ്വപ്നത്തിലുള്ള ഈ പ്രതിമ സ്ഥാപിക്കുന്നതിൽ വലിയ താത്പര്യമുണ്ടായിരുന്നില്ല. ആദ്യകാലങ്ങളിൽ അമേരിക്കയിൽനിന്നും കാര്യമായി സഹകരണമോ ധനശേഖരണമോ സാധിച്ചില്ല. പാരിസിൽ സ്റ്റാച്ച്യൂവിന്റെ നിർമ്മാണം പൂർത്തിയാക്കാൻ പതിനഞ്ചു നീണ്ട വർഷത്തോളമെടുത്തു. അമേരിക്കക്കാർ ഇത്തരം ഒരു പ്രതിമ സ്ഥാപിക്കാനുള്ള ആഗ്രഹങ്ങൾ പ്രകടിപ്പിക്കാനും വീണ്ടും കാലങ്ങളെടുത്തു. പ്രതിമയ്ക്കുവേണ്ടി നിർമ്മിച്ച ദീപം ആദ്യം ഫിലാഡൽഫിയായിൽ പ്രദർശിപ്പിച്ചു. അവിടെനിന്നു ജനങ്ങളുടെ നല്ല പിന്തുണ കിട്ടിയതുകൊണ്ട് സ്റ്റാച്ച്യൂ ഫിലാഡല്ഫിയായിൽ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. തന്മൂലം സ്റ്റാച്ച്യൂവിന്റെ തല നിർമ്മിക്കാനുള്ള പണം ശേഖരിക്കാനും സാധിച്ചു. ഫിലാഡൽഫിയാക്കാരുടെ ഈ പ്രതിമയുടെ കലാനിർമ്മാണത്തിനുള്ള ആവേശത്തിൽ ബർതോൾഡി വളരെയധികം സന്തുഷ്ടനായിരുന്നു.


ഒരിക്കൽ സ്റ്റാച്ച്യൂ ഓഫ് ലിബർട്ടി ബോസ്റ്റണിൽ സ്ഥാപിക്കാനുമൊരുങ്ങി. സ്റ്റാച്ച്യൂവിന്റെ പണി 1882-ൽ പാരീസിൽ മിക്കവാറും പൂർത്തിയാവുകയുമുണ്ടായി. ന്യൂയോർക്കിൽ അതിനുള്ള ധന സമാഹരണം കാര്യമായി സമാഹരിക്കാൻ സാധിച്ചില്ല. അക്കാലത്ത് ബോസ്റ്റൻകാർ സ്റ്റാച്ച്യൂ അവിടെ സ്ഥാപിക്കാനും  ശ്രമം തുടങ്ങി. ന്യൂയോർക്കുകാർ സ്റ്റാച്ച്യൂവിനു വേണ്ട പ്രോത്സാഹനം നല്കുന്നില്ലെന്നാരോപിച്ചുകൊണ്ട് അക്കാലങ്ങളിൽ ന്യൂയോർക്ക് ടൈംസ് ഒരു മുഖപ്രസംഗമെഴുതിയിരുന്നു. സ്റ്റാച്ച്യൂ സ്ഥാപിച്ചാൽ ബോസ്റ്റന്റെ പുരോഗമനം അതുമൂലം നേടുമെന്നും കണക്കുകൂട്ടലുകളുണ്ടായിരുന്നു. ബോസ്റ്റന്റെ തീരദേശങ്ങളിൽ പ്രതിമയുടെ സംയോജിപ്പിക്കാത്ത ഭാഗങ്ങൾ കൊണ്ടുവരാൻ ബുദ്ധിമുട്ടായതുകൊണ്ടു അവിടെ പ്രതിമ സ്ഥാപിക്കാമെന്നുള്ള പദ്ധതി നടന്നില്ല.


ന്യൂയോർക്ക് സിറ്റിയിലെ സെൻട്രൽ പാർക്കും പ്രോസ്‌പ്പെറ്റ് പാർക്കും ഒരു പോലെ പ്രതിമ  സ്ഥാപിക്കാൻ പരിഗണയുണ്ടായിരുന്നു. 1871-ൽ ബർതോൾഡി ന്യൂയോർക്കിലെത്തിയപ്പോൾ അദ്ദേഹം ബ്രൂക്കിലിനിലുള്ള പുതിയ പാർക്കായ പ്രോസ്‌പ്പെറ്റും പുതിയതായി മൻഹാട്ടനിൽ പണിത സെൻട്രൽ പാർക്കും പ്രതിമ സ്ഥാപിക്കാനായി പരിഗണനയിലെടുത്തിരുന്നു. ആദ്യം സ്റ്റാച്ച്യൂവും അതിനോടനുബന്ധിച്ചുകൊണ്ടു ഒരു ലൈറ്റ്ഹൗസും പണിയാനായിരുന്നു പദ്ധതിയിട്ടിരുന്നത്. അമേരിക്കയുടെ പതിനെട്ടാം പ്രസിഡന്റായ  യുളീസിസ് ഗ്രാന്റ് പ്രതിമ സ്ഥാപിക്കാൻ അനുവാദം കൊടുത്തപ്പോൾ അതു ലൈറ്റ് ഹൗസായിരിക്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. അക്കാലത്തെ എൻജിനീയർമാർക്ക് ലൈറ്റുകൾ കൊടുത്തുകൊണ്ടുള്ള ഭീമാകാരമായ ഈ പ്രതിമ പണിയാൻ സാധിച്ചില്ല. അത് ബർതോൾഡിയെ വ്യാകുലപ്പെടുത്തിയിരുന്നു. പിന്നീട് ലൈറ്റ് ഹൗസിനു അനുയോജ്യമായ സ്ഥലമല്ല അവിടമെന്നും മനസിലാക്കി. രാത്രികാലങ്ങളിൽ പ്രതിമ കൂടുതൽ ദൃശ്യമാവുന്നതിനായി ശില്പിയായ ബർതോൾഡി പ്രതിമയൊന്നാകെ സ്വർണ്ണം പൂശണമെന്നും പദ്ധതിയിട്ടിരുന്നു. ന്യൂയോർക്ക് ഹാർബറിൽ സ്ഥാപിച്ച പ്രതിമയെ സ്വർണ്ണം പൂശുന്നതിനു മില്ല്യൻ കണക്കിനനു ഭീമമായ തുക ചെലവുകൾ വരുന്നതിനാൽ അത്രയും വലിയൊരു തുക നൽകാൻ ആരും തയാറായിരുന്നില്ല. അതുകൊണ്ടു അദ്ദേഹം അത്തരമൊരു പദ്ധതി ഉപേക്ഷിക്കുകയാണുണ്ടായത്.


പ്രതിമയിൽ  സംസാരിക്കുന്ന ഒരു സംവിധാനം സൃഷ്ടിക്കാൻ തോമസ് എഡിസൺ ആഗ്രഹിച്ചിരുന്നു. 1878-ൽ എഡിസൺ ഫോണോഗ്രാഫ് പൊതുജനത്തിനായി അവതരിപ്പിച്ചു. പ്രതിമയ്ക്കുള്ളിൽ ഒരു മോൺസ്റ്റർ ഡിസ്ക് സംഘടിപ്പിച്ചുകൊണ്ടു മൻഹാട്ടനിലുള്ളവർ ശ്രവിക്കത്തക്കവിധം പ്രതിമയെക്കൊണ്ട് പ്രസംഗിപ്പിക്കുകയെന്നുള്ളതായിരുന്നു എഡിസന്റെ ഭാവനയിലുണ്ടായിരുന്നത്. ആരും അതിനു താല്പര്യം കാണിക്കാഞ്ഞതിനാൽ എഡിസന്റെ ചിന്തകൾ പ്രായോഗികമായില്ല.


1886-ൽ ലിബർട്ടി ഐലൻഡിൽ പ്രതിമ അനാച്ഛാദനം ചെയ്ത വേളയിൽ സഫറാഗെറ്റ്സ് എന്ന സ്ത്രീസംഘടനകളുടെ പ്രതിഷേധങ്ങളുമുണ്ടായിരുന്നു. സ്ത്രീകളുടെ വോട്ടവകാശം നേടുകയെന്നതായിരുന്നു ഈ സംഘടനയുടെ ലക്ഷ്യം. അക്കാലത്തു മിക്ക സ്റ്റേറ്റുകളിലും സ്ത്രീകൾക്ക് വോട്ടവകാശമുണ്ടായിരുന്നില്ല. പ്രതിമയുടെ അനാച്ഛാദന വേളയിൽ സ്ത്രീകളായി ബർതോൾഡിയുടെ ഭാര്യയും ഫ്രഞ്ച് എൻജിനീയറായ ഫെർഡിനാൻഡ് ഡി ലാസപ്പോയുടെ പതിമൂന്നു വയസുകാരി മകളും മാത്രമേ സന്നിഹിതരായിരുന്നുള്ളൂ. സൂയസ് കനാൽ ഡിസൈൻ ചെയ്തതും ഈ ഫ്രഞ്ച് എഞ്ചിനീയറായിരുന്നു. സഫരാഗേറ്റുകൾ ഒരു ബോട്ടിൽ ചുറ്റും യാത്ര ചെയ്തുകൊണ്ട് പ്രതിക്ഷേധ ശബ്ദം അന്നു മുഴക്കിക്കൊണ്ടുമിരുന്നു.


1956-ൽ സ്റ്റാച്ച്യൂ ഓഫ് ലിബർട്ടി സ്ഥിതി ചെയ്യുന്ന ദ്വീപിനു 'ലിബർട്ടി ഐലൻഡെന്നു പേരു നൽകി. 1965 മെയ് പതിനൊന്നാം തിയതി എല്ലീസ് ദ്വീപും നാഷണൽ പാർക്കിനു കൈമാറുകയും ദേശീയ സ്മാരകമാക്കുകയും ചെയ്തു. 1982 -ൽ സ്റ്റാച്ച്യൂ ഓഫ് ലിബർട്ടി നവീകരിക്കാനായി പ്രസിഡന്റ് റൊണാൾഡ് റീഗൻ ക്രൈസലർ കോർപ്പറേഷൻ അധ്യക്ഷനായ 'ലീലാക്കോക്കാ' യെ ചുമതലപ്പെടുത്തി. എൺപത്തിയേഴു മില്യൻ ഡോളർ ശേഖരിച്ചുകൊണ്ട് പ്രതിമ നവീകരിക്കുകയും ചെയ്തു. ഫ്രാൻസിൽനിന്നും അമേരിക്കയിൽനിന്നും എൻജിനീയർമാർ ഒത്തൊരുമിച്ചു കൂടിയാണ് ഇതിന്റെ അറ്റകുറ്റപ്പണികൾ നടത്തിയത്. തുരുമ്പു പിടിച്ച ഭാഗങ്ങൾ മാറ്റി സ്റ്റെയിൻലെസ് സ്റ്റീൽ പകരം മാറ്റി വെക്കുകയും ചെയ്തു. 1984-ൽ പ്രതിമയ്ക്ക് ചുറ്റും താൽക്കാലിക മഞ്ചങ്ങളുണ്ടാക്കി. പ്രതിമയുടെ ഉൾഭാഗങ്ങളിൽ പണികളും ആരംഭിച്ചു. തുരുമ്പു പിടിച്ച പുറംഭാഗങ്ങൾ നന്നാക്കുകയോ മാറ്റുകയോ ചെയ്തുകൊണ്ട് പെയിന്റടിച്ചു. പ്രതിമയുടെ കൈകളിൽ പിടിച്ചിരുന്ന ദീപം ജീർണ്ണിച്ചു പോയതുകൊണ്ട് ആദ്യത്തെ പോലെ തന്നെ മറ്റൊന്നു പുനഃസ്ഥാപിക്കുകയും ചെയ്തു. അതിലെ കോപ്പർകൊണ്ടുള്ള പുറംചട്ട മൊത്തമായി പെയിന്റ് ചെയ്യുകയും പഴുതുകൾ അടയ്ക്കുകയുമുണ്ടായി. 1986 ജൂലൈ അഞ്ചാംതീയതി നവീകരിച്ച സ്റ്റാച്ച്യൂ കാണാൻ പൊതുജനങ്ങൾക്കു തുറന്നുകൊടുക്കയും പ്രതിമ നിർമ്മിച്ച നൂറാം വർഷം ആഘോഷിക്കുകയുമുണ്ടായി. അമേരിക്കയിലെയും ഫ്രഞ്ചിലെയും എഞ്ചിനീയർമാർ ഒത്തൊരുമിച്ച് പ്രതിമയുടെ നേട്ടകോട്ടങ്ങൾ എന്തെല്ലാമെന്നും വിലയിരുത്തുകയും ചെയ്തു.

അടുത്ത കാലത്ത് ഡിസ്‌കവറി ചാനലിൽ സ്റ്റാച്ച്യൂ ഓഫ് ലിബർട്ടിയിൽ കാണുന്ന രൂപം പുരുഷനോ സ്ത്രീയോയെന്ന വിവാദമുണ്ടായിരുന്നു. സ്റ്റാച്ച്യൂ ഓഫ് ലിബർട്ടിയിലെ രൂപം ബർതോൾഡിയുടെ അമ്മയുടെ പ്രതിരൂപമെന്നായിരുന്നു വെപ്പ്. സമീപകാലത്തെ വാർത്തകളിൽ ആ രൂപത്തിന്റെ പ്രതിച്ഛായ അദ്ദേഹത്തിന്റെ സഹോദരന്റേതെന്നും ചരിത്രകാർ വിശ്വസിക്കുന്നു. വിവിധ  ഫോട്ടോകളുടെ നിരീക്ഷണങ്ങളിൽക്കൂടി  പ്രതിമയുടെ മുഖം സഹോദരന്റെ തന്നെയെന്ന നിഗമനവും ശക്തമായിട്ടുണ്ട്.   ഫോക്സ് ന്യൂസിലെ യുവാവായ വാർത്താ ലേഖകൻ 'പീറ്റർ ഡൂസി' ലിബർട്ടിയുടെ മുഖം പുരുഷന്റേതെന്നോ സ്ത്രീയുടേതെന്നോ ചോദ്യമായി വന്നപ്പോൾ അനേകരെ ആ വാർത്ത അതിശയിപ്പിച്ചിരുന്നു. ലിബർട്ടിയുടെ രൂപം പുരുഷനും സ്ത്രീയുമായി കൂടിയ ഭിന്നലിംഗമെന്നും അഭിപ്രായമുണ്ടായിരുന്നു. എന്തു തന്നെയെങ്കിലും ഈ പ്രതിമ അമേരിക്കയുടെ സ്വാതന്ത്യ്രത്തിന്റെ മൂര്‍ത്തി‌ഭാവമായി നിത്യം ജനഹൃദയങ്ങളിൽ കുടികൊള്ളുന്നു.

എമ്മാ ലാസറെന്ന കവിയുടെ  കവിതാസമാഹാരത്തിലെ അവളെപ്പറ്റിയുള്ള ഹൃദയംഗമമായ വാക്കുകളും ശ്രദ്ധേയമാണ്. "സ്വാതന്ത്ര്യം തേടിവരുന്ന പുത്തനായ കുടിയേറ്റക്കാരായവരേ ... പവിത്രമായ പാരമ്പര്യത്താൽ അധിഷ്ഠിതമായ നമ്മുടെ  പുണ്യഭൂമിയെ ഇനിമേൽ പരിപാലിച്ചാലും. നീണ്ട ദിനങ്ങളോളം കടലും താണ്ടി നിങ്ങളിവിടെയെത്തി. നിശബ്ദതയുടെ ഈ ഏകാന്തതയിൽ ഇന്നുമുതൽ നിങ്ങളുടെ കഷ്ടപ്പാടുകളും വേദനകളും എനിക്കു തരൂ. തണുപ്പുകൊണ്ടോ ഭയംകൊണ്ടോ ഇനിമേൽ വിറങ്ങലിക്കേണ്ടാ. തീവ്രാഭിലാഷങ്ങളുമായി വന്ന നിങ്ങൾ സ്വാതന്ത്ര്യത്തിന്റെ വായൂ ശ്വസിച്ചാലും. ഭവനരഹിതരായും ദാരിദ്ര്യത്തിലും കാറ്റത്തും കൊടുങ്കാറ്റത്തും വന്നെത്തിയവരുമായ  പ്രിയ കുടിയേറ്റക്കാരെ നിങ്ങളെന്റെ  അഭിവാദനങ്ങൾ സ്വീകരിച്ചാലും. നിങ്ങൾക്കു മുമ്പിൽ തുറന്നിരിക്കുന്ന സുവർണ്ണ വാതിലുകൾക്കൊപ്പം ഞാനെന്റെ ദീപത്തെ നിത്യവും  പ്രകാശിപ്പിച്ചുകൊണ്ട്  ഉയരങ്ങളിലുയർത്തട്ടെ."



Frederic Auguste Bartholdi
Ulysses S. Grant 

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...