Monday, December 8, 2014

വോളിബോളിന്റെ ഹെർമീസ് ദേവനായ ജിമ്മി ജോർജും സ്മാഷുകളും




By ജോസഫ് പടന്നമാക്കൽ


മലയാളക്കരയുടെ കായിക വിനോദചരിത്രത്തിൽ തങ്കക്കുറി ചാർത്തിക്കൊണ്ട് അത്യുജ്ജല താരമായി വെട്ടിത്തിളങ്ങിയിരുന്ന ജിമ്മി ജോർജ് ജീവിച്ചിരിക്കെ തന്നെ ഭാരതീയ വോളിബോൾ ചരിത്രത്തിലെ ഇതിഹാസ പുരുഷനായിരുന്നു. ഭൂഗോളമാപ്പിൽ വളരെ ചെറിയ അക്ഷരത്തിൽ കുറിച്ചിരിക്കുന്ന പേരാവൂരെന്ന ഗ്രാമത്തിള്ള കളിസ്ഥലത്തിലെ നെറ്റിന്റെ മുകളിൽക്കൂടി കൊള്ളിയാന്റെ വേഗത്തിൽ ഇടിനാദം പോലെ എതിരാളിയുടെ കോർട്ടിൽ പന്തടിച്ച് വളർന്ന ഈ ചെക്കൻ ഇന്നും ലോക മലയാളികളുടെ ഹൃദയം കവർന്ന ആരാധനാമൂർത്തിയാണ്. 1980 കളിൽ ലോകം കണ്ടിട്ടുള്ള ഏറ്റവും നല്ല വോളിബോൾ  കളിക്കാരിൽ ഒരാളായിരുന്നു ജിമ്മി ജോർജ്. ആർക്കും തടയാൻ കഴിയാത്ത പ്രഗത്ഭനായ  'അറ്റാക്കർ' എന്ന നിലയിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. ഒരു കാലത്ത് തകർന്നു തരിപ്പണമായ വോളിബോൾ പ്രസ്ഥാനത്തെ കൈപിടിച്ചു രക്ഷിച്ച് കരയ്ക്കടുപ്പിച്ചതും ജിമ്മി ജോർജായിരുന്നു. വോളിബോളിന്റെ മഹാരാജാവായിരുന്ന ജിമ്മിയുടെ സിംഹാസനം നാളിതുവരെയായിട്ടും ആരും കീഴടക്കാതെ ഇന്നും ശ്യൂന്യതയിൽ തന്നെയാണ്. ഒഴിഞ്ഞു കിടക്കുന്ന ആ സിംഹാസനം അപൂർവ ജന്മങ്ങളിൽക്കൂടി നേടിയെടുക്കേണ്ടതാണ്. വീണ്ടും ആ കിരീടം അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവർ തന്നെ പിടിച്ചെടുക്കുമോയെന്നും അറിയില്ല.  

പ്രസിദ്ധനായ ഈ വോളിബോൾ രാജാവിന് കേരളനാട് ജന്മം നൽകിയതിൽ ഓരോ മലയാളിക്കും അഭിമാനിക്കാൻ സാധിക്കുന്നു. ഭാരതത്തിലെ സ്പോർട്സ് പ്രേമികളായവരുടെ ഹൃദയങ്ങളിൽ അന്നും ഇന്നും അദ്ദേഹം പൂജ്യതനായി തന്നെ വസിക്കുന്നു. ഒരു മനുഷ്യജീവിതത്തിൽ ഒരാൾ ഇത്തരം പ്രതിഭകളെ അസുലഭമായി മാത്രമേ കാണുകയുള്ളൂ. ജീവിച്ചിരുന്ന കാലങ്ങളിൽ ജിമ്മി പോവുന്ന സ്ഥലങ്ങളിലെല്ലാം അദ്ദേഹത്തെ ഒരു നോക്കു ദർശിക്കാൻ ആയിരക്കണക്കിനു കായിക പ്രേമികൾ തിങ്ങിക്കൂടുമായിരുന്നു. വോളിബോൾ കളിക്കാരനെന്ന നിലയിൽ ഭാരതത്തിനുള്ളിൽതന്നെ കേരളാപോലീസിന് പേരും പ്രശസ്ഥിയും നേടികൊടുത്തത് ജിമ്മി ജോർജായിരുന്നു. ജീവിച്ചിരുന്ന കാലങ്ങളിൽ സർവ്വവല്ലഭ കായികതാരമായി വോളിബോളിൽ അത്യുഗ്ര പ്രകടനം കാഴ്ച്ച വെച്ചുകൊണ്ടിരുന്ന ജിമ്മി ജോർജ് കേരളാ യൂണിവെഴ്സിറ്റിയുടെ പ്രസിദ്ധനായ നീന്തൽ, ചെസ് കളികളിലും വിദഗ്ദ്ധനായിരുന്നു. 1971-ലും 1972 ലും കാലിക്കറ്റ് യൂണി വേഴ്സിറ്റിയുടെ നീന്തൽ, ചെസ്സ് മത്സരങ്ങളിൽ ചാമ്പ്യൻ ഷിപ്പുകളും നാലു സുവർണ്ണ മെഡലുകളും ജിമ്മി കരസ്ഥമാക്കിയിട്ടുണ്ട്. 

ജിമ്മിയും ഏഴു സഹോദരങ്ങളുമൊന്നിച്ച് കളത്തിലിറങ്ങുന്ന ജോർജ്കുടുംബം ഒരിക്കൽ നാടിനും നാട്ടുകാർക്കും ഹരമായിക്കൊണ്ട് ഉണർവും ഉന്മേഷവും നല്കിയിരുന്നു. പേരാവൂരിന്റെ ചരിത്രബിംബമായി ആ കുടുംബം ഇന്നുമറിയപ്പെടുന്നു. വോളിബോൾ കോർട്ടിലെ പറക്കും മനുഷ്യനെന്നായിരുന്നു ജിമ്മിയെ അറിയപ്പെട്ടിരുന്നത്. നോക്കെത്താത്ത ദൂരത്തും ഭാരതത്തിനു വെളിയിലും യൂറോപ്യൻ നാടുകളിലും വോളിബോൾ തരംഗങ്ങളിൽ ഇന്ത്യയുടെ യശസുയർത്തിക്കൊണ്ട് ഉജ്ജലതാരമായി ജിമ്മി അതിശീഘ്രം വളർന്നുവന്നു. വോളിബോളെന്ന വെള്ളിക്കരണ്ടിയുമായി ജോർജ് സഹോദരന്മാർ ജനിച്ചുവെന്നു കായിക പ്രേമികൾക്ക് തോന്നിപൊവുമായിരുന്നു. കാരണം വോളിബോളിന്റെ ചൈതന്യം അവരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിരുന്നു. അത്രയ്ക്ക് തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ച് ഈ കുടുംബം നാടിന്റെ സ്പന്ദനമായി മാറിയിരുന്നു. ഇടിവെട്ടൻ കട്ടിംഗും ബോൾ പറപ്പിക്കലും എതിരാളികളുടെ കൈകാലുകൾ തത്സമയം നിശ്ചലമാകുന്നതും വോളിബോൾ കോർട്ടിലെ നിത്യ സംഭവങ്ങളായിരുന്നു. ജിമ്മി സഹോദരന്മാരുടെ തീർത്ഥക യാഗകുതിരയെ പിടിച്ചുകെട്ടാൻ കഴിവുള്ളവർ അക്കാലങ്ങളിൽ ആരുമുണ്ടായിരുന്നില്ല. ഏതു പ്രഗത്ഭനായ കളിക്കാരനെക്കാളും ഒരു സെക്കണ്ട് മുമ്പേ ആകാശത്തു പറക്കുന്ന ബോളിനെ തട്ടി എതിരാളിയുടെ കോർട്ടിലിടാനുള്ള കഴിവ് ജിമ്മിയ്ക്കുണ്ടായിരുന്നു. 

1955 മാർച്ച് എട്ടാംതിയതി ജോർജ് ജോസഫിന്റെയും മേരി ജോസഫിന്റെയും മകനായി പേരാവൂരിലുള്ള പ്രസിദ്ധമായ കുടക്കച്ചിറ തറവാട്ടിൽ ജിമ്മി ജോർജ് ജനിച്ചു. ജിമ്മിയും ജിമ്മിയുടെ സഹോദരന്മാരും വോളിബാൾ കളിയിൽ പ്രസിദ്ധനായിരുന്ന സ്വന്തം പിതാവിൽനിന്ന് ആത്മചൈതന്യം ഉള്ക്കൊണ്ടായിരുന്നു വളർന്നത്. വോളിബോളിന്റെ പ്രാഥമിക പാഠങ്ങൾ സ്വായത്തമാക്കിയതും സ്വന്തം പിതാവിൽ നിന്നായിരുന്നു. മക്കളോരോരുത്തരും പിതാവിന്റെ കാലടികൾ പിന്തുടർന്ന് വോളിബോളിന്റെ ചരിത്രതാരങ്ങളായി വളരുകയും ചെയ്തു. കേരവൃഷങ്ങൾ തിങ്ങി നിറഞ്ഞ ഒരു നാട്ടിൽ വരിക്കച്ചക്ക, കൂഴച്ചക്കകൾ തിന്ന്, തേൻ മാവിൻ കൊമ്പത്തും കയറി കന്നുകാലിക്കൂട്ടിലെ ആടുമാടുകളുമായി സല്ലപിച്ച്, കുട്ടിയും കോലും കളിച്ച്, ഓണം വരുമ്പോൾ അടുത്തുള്ള കാപ്പിത്തോട്ടത്തിൽ   കുട്ടികൾക്ക്' ഊഞ്ഞാലും കെട്ടി, വലരിയിലും നീന്തൽക്കുളത്തിലും തത്തി കളിച്ചുനടന്ന ഒരു ബാലനാണ് പിൽക്കാലത്ത് വോളിബോൾ ചരിത്രത്തിന്റെ ഇതിഹാസമായതെന്നും ഓർക്കണം. ചെറുപ്പം മുതലേ കാറ്റും മഴയും മിന്നലും വകവെയ്ക്കാതെ പ്രകൃതിയുമായി ഇടപഴുകിയുള്ള നാട്ടിൻപുറത്തെ ഈ പരിശീലനം ജിമ്മിയുടെ വളർച്ചയ്ക്ക് എന്നും സഹായകമായിരുന്നു. പതിനഞ്ചാം വയസ്സിൽ കാലിക്കെട്ട് യൂണിവേഴ്സിറ്റി വോളിബോൾ ടീമിൽ അംഗമായതും അദ്ദേഹത്തിൻറെ ജീവിതത്തിലെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു. അവിടുന്നു ഉയർച്ചയുടെതായ പടവുകൾ ഓരോന്നായി ജിമ്മിയെന്ന ബാലൻ കീഴടക്കിക്കൊണ്ടിരുന്നു.

ആറടി രണ്ടിഞ്ച് പൊക്കമുള്ള ജിമ്മിയുടെ ആകാശത്തിലേക്കുള്ള ചാട്ടവും വില്ലുപോലെ കുതിച്ചുയർന്ന് ഒരു സെക്കന്റ് വായുവിൽ നില്ക്കുന്ന കായിക കഴിവും സ്പോർട്സ് ലോകത്ത് ഇന്നും വിസ്മയകരമാണ്. അത്തരം പ്രകടനം ഇന്നും ആർക്കും വോളിബാൾ ലോകത്ത് കാഴ്ച വെക്കാൻ സാധിച്ചിട്ടില്ല. ഇന്ത്യയുടെ സുവർണ്ണകാല വോളിബാൾ ചരിത്രത്തിന്റെ വക്താവ് ഇന്നും ജിമ്മി തന്നെയാണ്. അദ്ദേഹത്തിൻറെ നിലവാരമുള്ള മറ്റൊരു വോളിബോൾ താരത്തിനെ നാളിതുവരെയും നമ്മുടെ രാഷ്ട്രത്തിനു കണ്ടെത്താൻ സാധിച്ചിട്ടില്ല. ജിമ്മിയുടെ സഹകളിക്കാരനായ രമണറാവു പറഞ്ഞത് "കായിക വിനോദമായ വോളിബോളെന്നു പറയുന്നത് ഭൂമിയുടെ ആപേക്ഷികതയും  ഭേദിച്ച്' ദേവഗണങ്ങളിലേക്കുള്ള ഒരു കുതിച്ചു ചാട്ടമെന്നാണ്." "കോർട്ടിനുള്ളിൽ പ്രത്യേകതരമായ സ്റ്റൈലിലുള്ള ജിമ്മിയുടെ ചാട്ടം എന്നും കാഴ്ചക്കാർക്ക് നയനമനോഹരമായിരുന്നു." 'വായു ശ്വസിച്ചുതീരും മുമ്പേ പറന്നുയരുന്ന ഒരു വിമാനത്തെവരെ തടയാനുള്ള കഴിവും ഈ കായിക ദേവനുണ്ടായിരുന്നുവെന്നു' വോളിബോൾ കളിയിലെ പ്രഗത്ഭന്മാർ ഇന്നും പറയാറുണ്ട്‌.      

ജിമ്മി കളിച്ചുകൊണ്ടിരുന്നത് ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ഇറ്റാലിയൻ വോളിബാൾ ലീഗിനുവേണ്ടിയായിരുന്നു. അസാധാരണമായ മാനസിക ശക്തിയുടെ ഉടമയായിരുന്നു ജിമ്മിയെന്ന് കൂടെയുള്ള കളിക്കാർ പറയുമായിരുന്നു. അദ്ദേഹം കളിക്കാത്ത സമയം ഒരു മുനിയെപ്പോലെ മനസിന്‌ വ്യായാമം കൊടുക്കുമായിരുന്നു. ധ്യാനനിരതനായി ഏകാന്തത കൈവരിച്ച് സർവ്വ ഊർജവും സമാഹരിച്ച ശേഷമേ ജിമ്മി കോർട്ടിലിറങ്ങിയിരുന്നുള്ളൂ. ലോകം മുഴുവനും ആ മനസ് ഒരു ചെറിയ കോർട്ടിനുള്ളിൽ പിടിച്ചു നിർത്തും. അതിഗാംഭീരതയോടെ നിശബ്ദലോകത്തെന്നോണം ശാന്തനായി കോർട്ടിലിറങ്ങുന്ന അദ്ദേഹത്തിലെ സമാഹരിച്ച ശക്തിരൂപാന്തീകരണം ആർക്കും തടുക്കാനാവാതെ ബോളിലടിച്ചുതകർത്തു തീർക്കുമായിരുന്നു. ആഞ്ഞടിച്ച പന്ത് എതിരാളിയുടെ കോർട്ടിലിടുമ്പോൾ ഒരു മഹാസ്പോടനം പോലെ നോക്കിനില്ക്കുന്നവർക്കു രോമാഞ്ചവും ഉണർത്തിയിരുന്നു. അതിനുശേഷമുള്ള ജിമ്മിയുടെ പ്രകടനങ്ങൾ അക്കാലങ്ങളിൽ സ്പോര്ട്സ് പ്രേമികളെ പുളകം കൊള്ളിക്കുമായിരുന്നു. ഏകാഗ്രമായ ആ മനസ് ശരീരത്തിനുള്ളിൽ ആവഹിച്ചുകൊണ്ടുള്ള ചാട്ടം അദ്ദേഹത്തിനു മാത്രമായ വ്യക്തിവൈഭവമായിരുന്നു. ദൈവവും പ്രകൃതിയുമായി അലിഞ്ഞ് മനസും ശരീരവും ഒന്നായി രൂപാന്തികരണം സംഭവിച്ച ആ ധ്യാനവര്യൻ വോളിബാൾ കോർട്ടിലിറങ്ങുമ്പോൾ നിശബ്ദതയെ ഭേദിച്ച് ഒരു അക്രമാസക്തനെപ്പോലെ കാണികൾക്കനുഭവപ്പെടുമായിരുന്നു. കൂടാതെ തന്നോടൊപ്പം കളിക്കുന്ന സ്വന്തം ടീമിന് എല്ലാവിധ ആശ്വാസവും പ്രോത്സാഹനവും നല്കിയിരുന്നു. 

നിശ്ചിതകാലത്തേക്കുള്ള ജിമ്മിയുടെ ഇറ്റലിയിലെ പ്രായോഗിക പരിശീലനം ഇന്ത്യയ്ക്കും നേട്ടമുണ്ടായിട്ടുണ്ട്. 1986-ൽ സാബൂളിൽ വെച്ചു നടത്തിയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ ജേതാവായിരുന്നു. ലോകത്തിലെ സുപ്രധാനരായ പത്തു കളിക്കാരിലൊരുവനെന്ന നിലയിൽ കൊറിയായിൽ പോയി ബ്രോണ്സ്മെഡൽ കരസ്ഥമാക്കി. തിരുവനന്തപുരത്ത് സ്മാരകങ്ങൾ വരുന്നതിനു മുമ്പേ ഇറ്റലിയിൽ അദ്ദേഹത്തിൻറെ പേരിൽ ഒരു ഇൻഡോർ സ്റ്റേഡിയം നിലവിലുണ്ടായിരുന്നു. ഇറ്റലിയിൽ മിലാനു സമീപമുള്ള ഒരു റോഡും ജിമ്മി ജോർജിന്റെ പേരിലാണ്. ഇന്നും ഇറ്റാലിയൻ കായികപ്രേമികൾ അത്രമാത്രം പൂജിതനായിട്ടാണ് ജിമ്മിയെ ബഹുമാനിക്കുന്നത്. 

ജിമ്മിയുടെ ചരിത്രം ഇന്ത്യൻ വോളിബാൾ ചരിത്രത്തിന്റെ സുവർണ്ണ കാലമെന്നും പറയാം. ഭാരതത്തിനു വെളിയിൽ വോളിബോളിനു മേൽവിലാസമുണ്ടാക്കി കൊടുത്തതും ജിമ്മിയായിരുന്നു.ഒരിക്കൽ നമ്മുടെ നാടിനഭിമാനമായിരുന്ന വോളിബാൾ ക്ഷയിച്ചു പോയിയെന്നുള്ളത് ദുഖകരമായ വസ്തുതയാണ്. ലക്ഷക്കണക്കിന് സ്പോര്ട്സ് പ്രേമികളെ ദുഖത്തിലാഴ്ത്തികൊണ്ട് അകാലത്തിൽ പൊലിഞ്ഞ ഈ താരത്തെപ്പറ്റി ഓർമ്മകൾ പുതുക്കുന്നത് ഇന്ത്യൻ വോളിബാളിൻറെ ചൈതന്യം നശിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ കൂടിയെന്നതും ഇവിടെ പ്രസ്താവ്യമാണ്. ജിമ്മിയുടെ ഓർമ്മകൾ പുതിയ തലമുറകളിൽ വിസ്മൃതിയിലേക്ക് ഒഴുകി പൊയ്ക്കോണ്ടിരിക്കുന്നു. അർഹമായ ചരിത്രസത്യങ്ങൾ പലപ്പോഴും ചരിത്രത്തിൽ മാഞ്ഞു പോവാറുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കാൻ ജിമ്മിയുടെ സഹോദരന്മാർ ജിമ്മിയെന്ന ഇതിഹാസ പുരുഷന്റെ ജീവിച്ചിരുന്നപ്പോഴുണ്ടായ നേട്ടങ്ങളെ ഗവേഷണതുല്യമാക്കി പൊതുജനങ്ങളെ ബോധവാന്മാരാക്കുന്നതും കായിക പ്രേമികൾക്ക് ആശ്വാസപ്രദമാണ്.

അടിപതറാതെ ചഞ്ചലിക്കാത്ത ഒരു മനസിന്റെ വളർച്ചയും അദ്ദേഹത്തിന്റെ വിജയ രഹസ്യമായിരുന്നു. 1971-ൽ പതിനേഴാം വയസ്സിൽ അദ്ദേഹം കേരളാ സ്റ്റേറ്റ് വോളിബാൾ ടീമിൽ അംഗമായി. ഒന്നാംതരം നീന്തൽ വിദഗ്ദ്ധനായിരുന്നെങ്കിലും തന്റെ പ്രൊഫഷൻ വോളിബോൾ കളിയായി തെരഞ്ഞെടുത്തതുകൊണ്ട് നീന്തൽ കായിക വിനോദത്തിൽ അദ്ദേഹം വേണ്ടത്ര ശ്രദ്ധ ചെലുത്തിയിരുന്നില്ല. 1971-1972-ൽ കോഴിക്കോട് സർവ്വ കലാശാലയുടെ നീന്തൽ ചാമ്പ്യൻ ഷിപ്പും കരസ്ഥമാക്കി. 1973- കാലങ്ങളിൽ അഖിലേന്ത്യാ സർവകലാശാലകളുമായി കേരള യൂണിവേഴ്സിറ്റി ടീമിനെ പ്രതിനിധാനം ചെയ്ത് കളിക്കുമായിരുന്നു. 1973-1975 കാലഘട്ടത്തിൽ പ്രീമിയർ ടീമിനു വേണ്ടി കളിച്ചു. 1975-ൽ കേരളാ സ്റ്റേറ്റിന്റെ ക്യാപ്റ്റനായിരുന്നു. വോളിബാളിനെ ജീവനുതുല്യമായി സ്നേഹിച്ചിരുന്നതു കൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്നും മെഡിക്കൽ പഠനം ഉപേക്ഷിച്ച് കേരളാ പോലീസ് ടീമിൽ ചേർന്നു. മറ്റൊരു പ്രൊഫഷൻ അദ്ദേഹത്തിനു ചിന്തിക്കാൻപോലും സാധിച്ചിരുന്നില്ല. കേരളാ പോലീസിനു അഖിലേന്ത്യാ തലത്തിൽ അഭിമാനിക്കത്തക്ക അനേക നേട്ടങ്ങൾ ജിമ്മി മുഖാന്തിരം നേടുവാനും സാധിച്ചു. 1976-ൽ ഇന്ത്യൻ പ്രസിഡന്റിൽ നിന്നും അർജുനാ അവാർഡു സ്വീകരിച്ചത് ജിമ്മിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ധന്യ മുഹൂർത്തമായിരുന്നു. അത്രയും ചെറുപ്രായത്തിൽ ഇന്ത്യയുടെ വിശിഷ്ടമായ അവാർഡ് ഒരാൾ കരസ്ഥമാക്കുന്നതും ആദ്യ സംഭവമായിരുന്നു.

1978-ൽ ബാങ്കോങ്ങ് ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തുകൊണ്ട് നല്ലൊരു പ്രകടനം കാഴ്ച്ച വെച്ചു. 1978-1982 കാലഘട്ടത്തിൽ അബൂദാബി സ്പോർട്സ് ക്ലബ് അംഗമായിരുന്നു. 1986- ഇന്ത്യാ ഏഷ്യാഡ് വോളിബാളിൽ വെങ്കൽ മെഡൽ നേടി ജപ്പാനെ തകർത്തത് ജിമ്മി ജോർജിന്റെ ശക്തിയായ കായിക പ്രകടനത്തിന്റെ പരിണിത ഫലമായിരുന്നു.1982-1986 കാലങ്ങളിൽ ഇറ്റാലിയൻ ടീമിൽ കളിച്ചത് ജിമ്മിയുടെ പ്രൊഫഷന്റെ ഒരു വഴിത്തിരിവായി മാറി. സർവ്വ കായിക ലോകത്തിലെ ജനങ്ങളെയും രോമാഞ്ചം കൊള്ളിച്ചുകൊണ്ട് മിന്നിത്തിളങ്ങുന്ന താരമായി പ്രശോഭിച്ച ജിമ്മി അതി വേഗത്തിൽ താനേ ഇറ്റാലിയൻ ജനതയുടെ പ്രിയപ്പെട്ട കായിക താരമായി തീർന്നു. പറന്നു വരുന്ന വോളിബോളിന്റെ ബ്ലോക്കുകൾക്കപ്പുറം ശക്തമായ എതിരാളിയുടെ കോർട്ടിലേക്കുള്ള തിരിച്ചടി കാണികളെ ആവേശഭരിതരാക്കിയിരുന്നു. ജിമ്മിയുടെ ഉജ്ജലമായ തകർത്ത ബോളടികൾ ജനം ഹർഷാരവത്തോടെ കയ്യടിച്ചു സ്വീകരിക്കുമായിരുന്നു. പന്ത്രണ്ടടി ഉയരത്തിൽ ചാടി എതിരാളിയുടെ ബോളിനെ തകർക്കുന്ന ജിമ്മിയുടെ മുമ്പിൽ പലപ്പോഴും എതിർ ടീം ഭയത്തോടെയായിരുന്നു മറു കോർട്ടിൽ സ്ഥാനങ്ങൾ ഉറപ്പിച്ചിരുന്നത്. പ്രതിരോധിക്കാൻ സാധിക്കാതെ എതിരാളികൾ നിസഹായരായി പകച്ചും നിൽക്കുമായിരുന്നു.

കണ്ണഞ്ചിക്കും വിധം പറക്കും തളികപോലെ ആർക്കും തടയാൻ സാധിക്കാത്ത ബോളിനെ അടിച്ചു മറുകോർട്ടിൽ തകർത്തിട്ടിരുന്ന   ജിമ്മിയുടെ വൈഭവത്തിൽ സന്തോഷം പൂണ്ട ഇറ്റാലിയൻ ജനത അദ്ദേഹത്തെ ഹെർമീസ് ദേവനെന്നു വിളിച്ചിരുന്നു. വളഞ്ഞുള്ള ആകൃതിയിൽ കാലിൽ ചിറകുമായി സഞ്ചരിക്കുന്ന ഹെർമീസ് ഇറ്റാലിയൻ ജനതയുടെ ദേവനാണ്. വില്ലാകൃതിയിൽ ദേഹം വളച്ചു പറക്കുന്ന ഹെർമീസ് ദേവനെപ്പോലെ ജിമ്മിയും വോളിബാൾ കോർട്ട് കീഴടക്കിക്കൊണ്ട് എതിരാളിയുടെ ബോളിനെ പറന്നുയർന്നു വായുവിൽ നിന്നുകൊണ്ട് അടിച്ചു തകർക്കുമായിരുന്നു. ജിമ്മിയടിക്കുന്ന ബോളുകൾക്ക് ബ്ലോക്കുകൾ ഒരിക്കലുമില്ലായിരുന്നുവെന്നു തന്നെ പറയാം.

എണ്‍പതുകളിൽ ജിമ്മി ലോകത്തിലെ തന്നെ മികച്ച കളിക്കാരിൽ ഒരാളായിരുന്നു. ഇറ്റാലിയൻ ടീമിന് വിലയേറിയ താരമായി തെളിഞ്ഞിരുന്ന കാലഘട്ടത്തിലും ജിമ്മി സമയം കിട്ടുന്ന സമയങ്ങളിൽ കേരള പോലീസ് ടീമിനു വേണ്ടി കളിക്കുമായിരുന്നു നേട്ടങ്ങളുടെ ഉയരങ്ങളിലുള്ള കൊടുമുടി കീഴടക്കുമ്പോഴും അദ്ദേഹത്തിന് ജന്മസിദ്ധമായുണ്ടായിരുന്ന ലാളിത്യം ജീവിച്ചിരുന്ന കാലങ്ങളിൽ ഒരിക്കലും കൈവെടിഞ്ഞിരുന്നില്ല. അനേകായിരങ്ങളുടെ ആരാധകനാകാൻ കാരണവും ജന്മനാ നേടിയെടുത്ത അദ്ദേഹത്തിൻറെ തലക്കനമില്ലാത്ത മാഹാത്മ്യം കൊണ്ടായിരുന്നു. വിജയ മംഗളവാർത്തകൾ വഴിനീളെ അറിയിക്കാൻ അദ്ദേഹത്തെ ജനക്കൂട്ടം കയ്യടിയുമായി ആഹ്ലാദതിമിർപ്പോടെ പൊക്കിയെടുത്തുകൊണ്ട് നടക്കുമായിരുന്നു.

ഇങ്ങനെയെല്ലാം സുവർണ്ണ നേട്ടങ്ങൾ കൈവരിച്ചിരുന്ന നാളുകളിലായിരുന്നു ഒരു കാറപകടമെന്നു പറയുന്ന വിധി അദ്ദേഹത്തിന്റെ ജീവൻ കവർന്നത്. ആ നഷ്ടം ഭാരതത്തിനും മലയാളക്കരയ്ക്കും മാത്രമല്ല സമസ്ത ലോകത്തിലെ വോളിബോൾ പ്രേമികളുടെയും തീരാനഷ്ടമായിരുന്നു. 1987 നവംബർ മുപ്പതാം തിയതി ഇറ്റലിയിലുണ്ടായ കാറപകടത്തിൽ ആ കായികതാരം അപകടപ്പെട്ട് അകാല മൃത്യുവിനിരയായി. മരിക്കുമ്പോൾ അദ്ദേഹത്തിന് 33 വയസ് തികഞ്ഞില്ലായിരുന്നു. മരിക്കുന്ന ദിവസം ജിമ്മി ജോർജ് പതിവുപോലെ ഇറ്റലിയിലെ മിലാൻ പട്ടണത്തിലെ ക്ലബിൽ പ്രായോഗിക പരിശീലനം കഴിഞ്ഞ് താമസിക്കുന്ന സ്ഥലത്തേയ്ക്ക് നടന്നു പോവുകയായിരുന്നു. അദ്ദേഹത്തോടൊപ്പം കളിക്കുന്ന മറ്റു രണ്ടു കൂട്ടുകാരുമുണ്ടായിരുന്നു. പെട്ടെന്നായിരുന്നു വിധിയുടെ സുനിശ്ചിത ദിനത്തിൽ ഒരു കാറ് തട്ടി തെറിപ്പിച്ച് അദ്ദേഹത്തിൻറെ ജീവൻ അപഹരിച്ചത്.

ജിമ്മിയെന്ന മഹാന്റെ ഓർമ്മകൾ നിലനിർത്താൻ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അനേക സ്മാരകങ്ങളും പണുതയർത്തിയിട്ടുണ്ട്. 28 വർഷം കഴിഞ്ഞിട്ടും കായിക പ്രേമികളുടെ ജിമ്മിയോടുള്ള നെഞ്ചോടുചേർന്ന ആ വേദനകൾക്ക് ശമനം വന്നിട്ടില്ല. ലോകത്തിന്റെ നാനാഭാഗത്തും മലയാളികളുള്ളടത്തെല്ലാം മരിക്കാത്ത ജിമ്മിയുടെ സ്മാരകങ്ങൾ എവിടെയും സ്ഥാപിക്കുന്നുണ്ട്. ജിമ്മിയുടെ കടുത്ത ബോളുകളുടെ സ്മാഷ് ഇന്ന് ഉയരങ്ങളുടെ കൊടുമുടികൾക്കപ്പുറത്താണെങ്കിലും മലയാളി മനസുകളിൽ നിന്നും അതൊരിക്കലും മാഞ്ഞു പോവുകയില്ല. വോളിബോളിന്റെ ആത്മാവ് എവിടെയെല്ലാമുണ്ടോ അവിടെയെല്ലാം ഒരിക്കലുമൊരിക്കലും മരിക്കാത്ത ഓർമ്മകളുമായി ജിമ്മിയുടെ ചൈതന്യം നിറഞ്ഞിരുപ്പുണ്ട്. ജിമ്മിയെന്ന വോളിബാളിന്റെ നായകൻ ഭാരതത്തിന്റെ ചരിത്ര കുടീരത്തിലെ നിത്യസ്മാരകമായി എന്നുമെന്നും തിളങ്ങിക്കൊണ്ടുതന്നെ വരുംതലമുറകൾക്ക് പ്രചോദനമരുളട്ടെയെന്നും പ്രതീക്ഷിക്കാം.

















No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...