Tuesday, June 16, 2015

സർജൻ ജനറൽ ഡോ. വിവേക് മൂർത്തി - ഒരു അവലോകനം

 
By ജോസഫ് പടന്നമാക്കൽ

മുപ്പത്തിയേഴ് വയസുള്ള  ഡോ. വിവേക് മൂർത്തി 2014 ഡിസംബർ പതിനഞ്ചാം തിയതി  അമേരിക്കയുടെ പത്തൊൻപതാം വൈസ് അഡ്മിറൽ സർജൻ  ജനറലായി വൈസ് പ്രസിഡന്റ്  'ജോ ബൈഡൻ' മുമ്പാകെ   സത്യപ്രതിജ്ഞ ചെയ്തു. 'യോഗ' പരിശീലിക്കുന്ന ഇന്ത്യൻ അമേരിക്കൻ, പാവങ്ങൾക്ക് മെഡിക്കൽ ശുശ്രുഷ നല്കാൻ വർഷം തോറും ഇന്ത്യാ സന്ദർശിക്കുന്ന ഭിഷ്വഗ്രൻ, അമേരിക്കയുടെ ചരിത്രത്തിലെ നിയമനം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ സർജൻ ജനറൽ എന്നീ നിലകളിൽ ശ്രീ വിവേക് മൂർത്തിയെ  അറിയപ്പെടുന്നു. ബോസ്റ്റണിൽ  ബ്രിഗാം ആൻഡ് വിമൻസ് ഹോസ്പ്പിറ്റലിലെ  ഭിഷ്വഗ്വരനും ഹാർവാർഡ്  മെഡിക്കൽ സ്കൂളിലെ അദ്ധ്യാപകനുമായ ഡോ.മൂർത്തിയുടെ ഈ നിയമനം ശരിപ്പെടുത്താൻ ഒരു വർഷത്തിൽ കൂടുതൽ സമയമെടുത്തു.

മെഡിക്കൽ പരമായ വിഷയങ്ങളിലും പ്രശ്നങ്ങളിലും  സർജൻ ജനറൽ അമേരിക്കയുടെ പ്രധാന വക്താവായിരിക്കും. ആരോഗ്യ രക്ഷാ കാര്യങ്ങളിൽ രാജ്യത്തിലെ പൗരന്മാരെ ബോധവാൻമാരാക്കുക,   സുപ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ  രാജ്യത്തിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നല്കുക മുതലായവ അദ്ദേഹത്തിൻറെ ചുമതലകളാണ്. നാലു  വർഷമാണ്  നിയമന കാലാവധി.

ആരോഗ്യമുള്ള ഒരു ജനതയാണ് രാഷ്ട്രത്തിന്റെ ശക്തിയെന്ന് ഡോ. മൂർത്തി വിശ്വസിക്കുന്നു. ഇന്ന് നിലവിലുള്ള പാരമ്പര്യമായ ആരോഗ്യ സംവിധാനങ്ങൾക്ക്  മാറ്റങ്ങൾ വരുത്തി അമേരിക്കയെ ആരോഗ്യ സുരക്ഷാ മേഖലയായി രൂപാന്തരപ്പെടുത്തുകയെന്നത്   ഒരു വെല്ലുവിളിയാണെന്നും  ഡോ.മൂർത്തി കരുതുന്നു. സമൂഹത്തിന്റെ കെട്ടുറപ്പും അചഞ്ചലമായ വിശ്വാസവും അർപ്പിച്ചാലെ രോഗ വിമുക്തമായ ഒരു അമേരിക്കയെ കണ്ടെത്താൻ സാധിക്കുള്ളൂവെന്നും  അദ്ദേഹം വിശ്വസിക്കുന്നു. അതിനായി തൊഴിൽ ശാലകളിലും   വിദ്യാ നിലയങ്ങളിലും  ആരാധനാലയങ്ങളിലും  ആരോഗ്യപരമായ വ്യായാമ ശാലകൾകൂടി  ഉൾപ്പെടുത്താൻ  ഡോ .മൂർത്തി ആഗ്രഹിക്കുന്നു. സമൂഹം ഒത്തൊരുമിച്ചുള്ള  വ്യായാമങ്ങൾ മാനസികമായ ഉല്ലാസത്തെയും പ്രദാനം ചെയ്യും.

ശാസ്ത്രീയ മുന്നേറ്റത്തിൽ വൈദ്യശാസ്ത്രം നേടുന്ന നേട്ടങ്ങളെ പരിചിന്തനം ചെയ്ത് ഔദ്യോഗികമായി രാഷ്ട്രത്തെ അറിയിക്കേണ്ട ചുമതല അമേരിക്കയുടെ സുപ്രധാന ഡോക്ടറെന്ന  നിലയിൽ  ഇനിമേൽ ഡോക്ടർ  മൂർത്തിയ്ക്കായിരിക്കും.  അദ്ദേഹത്തിന് രാഷ്ട്രത്തിന്റെ മുഴുവനായ  ആരോഗ്യ മേഖലകളുടെ  പുരോഗതി തേടേണ്ടതുമായ ചുമതലകളുമുണ്ട്.  കൂടാതെ   6700 മിലിറ്ററി യൂണിഫോമിലുള്ള  ഡോക്ടർമാരുടെ  ചുമതലയുള്ള വൈസ് അഡ്മിറൽ കൂടിയായിരിക്കും.  വൈസ് അഡ് മിറലിന്റെ  നിയന്ത്രണത്തിലുള്ള ഡോക്ടർമാർ   ആരോഗ്യ  പരിപാലനത്തിനായി  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ  800 സ്ഥലങ്ങളിലായി ജോലി ചെയ്യുന്നുണ്ട്‌.

പൊതു ജനാരോഗ്യ വകുപ്പുമായി ബന്ധപ്പെടുത്തി ഡോ. മൂർത്തി അനേക  ക്ലിനിക്കുകളിലും ഗവേഷണങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും  ഉത്തരവാദിത്തപ്പെട്ട ചുമതലകൾ വഹിച്ചിട്ടുണ്ട്‌. മൂർത്തി ജനിച്ചത്  ഇംഗ്ള ണ്ടിലായിരുന്നു. അദ്ദേഹത്തിനു മൂന്നു വയസുള്ളപ്പോൾ കുടുംബം ഫ്ളോറിഡായിലുള്ള  മയാമിയിൽ കുടിയേറി. അദ്ദേഹത്തിൻറെ പിതാവും പൂർവിക കുടുംബവും കർണ്ണാടകയിലെ   ഒരു ഗ്രാമ പ്രദേശത്തുനിന്നുള്ളവരായിരുന്നു.  ഹാർവാർഡു  യൂണിവേഴ്സിറ്റിയിൽ നിന്നും പഠിച്ചിറങ്ങിയ ഉടനെ ഇന്ത്യയിലും അമേരിക്കയിലും എയിഡ്സ് ബാധകൾ തടയാനായി 'വിഷൻ ഓഫ് വേൾഡ് വൈഡ്' എന്ന സംഘടനയുടെ  ഉപസ്ഥാപകനായി പ്രവർത്തിച്ചു.   വർഷം തോറും ഈ ഡോക്ടർ ഇന്ത്യാ സന്ദർശിച്ച്  പാവങ്ങള്ക്ക് സൗജന്യ ചീകത്സ നല്കിയിരുന്നു.

കുടിയേറ്റക്കാരുടെ മകനായ ഡോക്ടർ മൂർത്തി വൈദ്യ ശാസ്ത്ര  ശുശ്രൂഷകളിലും  ആതുര സേവന  മേഖലകളിലും എന്നും തല്പ്പരനായിരുന്നു. ബാലനായിരുന്നപ്പോൾ മുതൽ  ഒഴിവുള്ള  ദിവസങ്ങളിൽ  ഫ്ലോറിഡായിലെ മയാമിയിൽ അദ്ദേഹത്തിൻറെ പിതാവിന്റെ മെഡിക്കൽ ക്ലിനിക്കലിൽ ഗവേഷണ കൌതുകത്തോടെ  സമയം ചിലവഴിക്കുമായിരുന്നു. മയാമിയിലുള്ള പാൽമെറ്റോ സീനിയർ ഹൈസ്കൂളിൽ പഠനം പൂർത്തിയാക്കിയശേഷം ഡിഗ്രീ പഠനം ഹാർവാർഡിലായിരുന്നു.   യേൽ യൂണിവേഴ്സിറ്റിയിൽ   എം.ഡി.യും എം.ബി..ഏ   യും ഒന്നിച്ചു പൂർത്തിയാക്കി. അവിടെ ഇന്റേർനൽ മെഡിസിനിൽ റെസിഡന്റായും അദ്ധ്യാപകനായും സേവനം ചെയ്തു. ക്ലിനിക്കൽ വിദ്യാഭ്യാസ പ്രവർത്തകനായി ആയിരക്കണക്കിന് രോഗികളെ  ശുശ്രൂഷിച്ചു.   നൂറു കണക്കിന് റസിഡൻസിനും മെഡിക്കൽ വിദ്യാർത്ഥികൾക്കും  പ്രായോഗിക പരിശീലനം  നല്കി. അനേകായിരം രോഗികളെ പരിചരിക്കാൻ സാധിച്ചതിൽ ഡോക്ടർ മൂർത്തി തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളായി കരുതുന്നു.  

ഡോക് ടർ  മൂർത്തി  ക്ലീനിക്കൽ സേവനങ്ങൾക്കുപരി  രണ്ടു പതിറ്റാണ്ട് കാലത്തോളം ലോകമാകമാനമുള്ള സമൂഹത്തിൽ ആരോഗ്യ രക്ഷാ പരിപാലന സേവനത്തിലും മുഴുകിയിരുന്നു. ഇന്ത്യയിലും അമേരിക്കയിലും  എയിഡ്സ് രോഗ ബാധിതരെ ബോധവാന്മാരാക്കുന്നതിനും അറിവുകൾ പ്രദാനം ചെയ്യുന്നതിനും എച്ച് ഐവി,  എയിഡ്സ്  പദ്ധതികളും  അതിനായുള്ള  സ്ഥാപനങ്ങളും ആരംഭിച്ചു.  ഏകദേശം എട്ടു വർഷക്കാലത്തോളം  അങ്ങനെയുള്ള പ്രസ്ഥാനങ്ങളിൽ നേതൃത്വവും  കൊടുത്തു.  നിരവധി  സംഘടനകളുടെ  പ്രസിഡന്റായി   നൂറു കണക്കിന് വോളന്റീയർമാരുടെ   സഹായത്തോടെ ആതുര സേവനത്തിൽ 45000  യുവ ജനങ്ങൾക്ക് ഇന്ത്യയിലും അമേരിക്കയിലുമായി  പ്രായോഗിക പരിശീലനവും നല്കിയിരുന്നു.    ആരോഗ്യ പരിപാലനത്തിനായുള്ള  'സ്വാസ്ത്തിയ' എന്ന പദ്ധതിയുടെ സഹ സ്ഥാപകൻ ഡോക്ടർ മൂർത്തിയാണ്. ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളിലുള്ള  സ്ത്രീകളെ  ഉദ്ദേശിച്ച്   ആരോഗ്യ രക്ഷാകാര്യങ്ങളിൽ  പരിശീലന കേന്ദ്രങ്ങളും തുടങ്ങി.  അഞ്ചു വർഷത്തെ അദ്ദേഹത്തിൻറെ  ഇന്ത്യയിലെ സേവന കാലയളവിൽ പതിനായിരക്കണക്കിന് ഗ്രാമീണ ജനങ്ങൾക്ക്  വൈദ്യ സഹായവും  ശുശ്രൂഷകളും  ലഭിച്ചു.
വൈദ്യശാസ്ത്രത്തിലെ  ഗവേഷകനെന്ന നിലയിൽ ഡോ.മൂർത്തി   ശാസ്ത്ര മാസികകളിലും അമേരിക്കൻ മെഡിക്കൽ അസൊസിയേഷൻ  ബുള്ളറ്റിലിലും നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട്  ജെർണലിലും  ലേഖനങ്ങൾ   പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്ലിനിക്കൽ ആവശ്യങ്ങൾക്കായി   ഒരു സോഫ്റ്റുവെയറും  വികസിപ്പിച്ചെടുത്തു. ലോകം മുഴുവനും മൂർത്തിയുടെ ക്ലിനിക്കൽ  സോഫ്റ്റ് വെയർ  പ്രയോജനപ്പെടുത്തുന്നു.  അദ്ദേഹം  ആരോഗ്യ മേഖലയിലെ  ഒരു വ്യവസായ  പ്രമുഖനും  വിദഗ്ധനുമായി അറിയപ്പെടാനും തുടങ്ങി. 75 രാജ്യങ്ങളിലായി അമ്പതിനായിരം രോഗികൾക്ക്  ഈ സോഫ്റ്റ് വെയർ  കമ്പനി കൊണ്ട് പ്രയോജനമുണ്ടായിട്ടുണ്ട്. അമ്പത് സ്റ്റേറ്റിൽ നിന്നായി 16000 ഡോക്ടർമാരുള്ള സംഘടനയുടെ പ്രസിഡന്റായും  സേവനം അനുഷ്ടിച്ചിട്ടുണ്ട്.

അമേരിക്കയിലും  ലോകം മുഴുവനുമുള്ള പുകയില ദുരുപയോഗം, മാനസിക രോഗം, ആരോഗ്യ രക്ഷക്കായുള്ള വാസിനേഷൻ  മുതലായ പദ്ധതികൾക്കായും ഡോ.മൂർത്തി  സർജന്റ് ജനറൽ എന്ന നിലയിൽ പരിപാടിയിടുന്നുണ്ട്. അമേരിക്കൻ ജനതയുടെയും ലോകത്തുള്ള മറ്റു ജനതയുടെയും ആരോഗ്യ പരിപാലനമാണ് തന്റെ ലക്ഷ്യമെന്നും  മൂർത്തി കൂടെ കൂടെ   പറയാറുണ്ട്‌.  അദ്ദേഹത്തെ സർജൻ  ജനറലായി  നോമിനേറ്റു ചെയ്തുകൊണ്ട് പ്രസിഡന്റ്  ഒബാമ പറഞ്ഞു, "അമേരിക്കയുടെ ഡോക്ടർ എന്ന നിലയിൽ  'വിവേക്' ഓരോ അമേരിക്കനും അവരുടെ കുടുംബങ്ങൾക്കും  ആരോഗ്യ പരിപാലന സുരക്ഷാ വിവരങ്ങൾക്ക് വഴികാട്ടിയായിരിക്കും. രാജ്യത്തിലെ പൌരന്മാരുടെ ആരോഗ്യ രക്ഷയ്ക്കായി അദ്ദേഹത്തിൻറെ പ്രായോഗിക ജീവിതത്തിൽ നേടിയ നേട്ടങ്ങൾ വിനിയോഗിക്കുകയും ചെയ്യും. പുതിയ രോഗങ്ങൾ നിയന്ത്രിക്കാനും കുട്ടികൾ ആരോഗ്യത്തോടെ വളരാനും അദ്ദേഹത്തിൻറെ സേവനങ്ങൾക്ക് മുൻഗണന നൽകും "

 ഡോ.  മൂർത്തി ഹാർവാർഡു യൂണി വേഴ്സിറ്റിയുടെ ഫാക്കുൽറ്റി  അംഗമായിരുന്നു. സർജൻ ജനറലായിരുന്ന  ബോറിസ് ഡി ലൂഷ്നിയാക്കിന്റെ പിന്ഗാമിയായി ഈ സ്ഥാനം വഹിക്കുന്നു.   മൂർത്തി അവിവാഹിതനാണ്.  സസ്യാഹാരം മാത്രം കഴിക്കുന്ന അദ്ദേഹത്തിൻറെ  ഫ്രിഡ്ജിനുള്ളിൽ   ആൽമണ്ട് മിൽക്ക്, പച്ച കാരറ്റ്, പ്രോട്ടീനുള്ള മറ്റു ധാന്യങ്ങൾ മുതലായ  ആഹാര പദാർത്ഥങ്ങൾ  നിറച്ചിരിക്കും.  കൂടാതെ യോഗയും ധ്യാനവും അദ്ദേഹത്തിൻറെ  നിത്യ ജീവിതത്തിന്റെ ഭാഗമാണ്.  ചുരുക്കത്തിൽ രാജ്യത്തിന്റെ ഉന്നത പോസ്റ്റിൽ നിയമിതനായിരിക്കുന്ന ഈ യുവാവിൽ അമേരിക്കൻ ജനതയ്ക്കാവശ്യമായ   എല്ലാ ആരോഗ്യ പരിപാലന വിവരങ്ങളുമുണ്ട്.

ഇന്നുള്ള വ്യവസ്ഥിതികളിൽ നിന്നും  ഹെൽത്ത്കെയർ നയങ്ങളിൽ  മാറ്റം വരുത്തി രോഗം വരാതിരിക്കാനുള്ള പ്രതിരോധ നടപടികൾ ആവിഷ്ക്കരിക്കണമെന്ന്   ഡോ.മൂർത്തി  ആഗ്രഹിക്കുന്നു. അദ്ദേഹത്തിൻറെ നിയമനം സെനറ്റ് ഒരു വർഷത്തോളം തടഞ്ഞു വെച്ചിരിക്കുകയായിരുന്നു.  തോക്കുകൾക്ക് നിയന്ത്രണം വേണമെന്നുള്ള  അദ്ദേഹത്തിൻറെ അഭിപ്രായങ്ങൾ  യഥാസ്ഥിതിക റിപ്പബ്ലിക്കൻ ലോകം അംഗീകരിക്കാൻ തയാറായില്ല. തോക്കുധാരികളുടെ നിയമ ലംഘനങ്ങൾ മൂലം അപകടങ്ങൾ ഉണ്ടാകുന്ന സഥിതിവിശേഷങ്ങൾ ജനങ്ങളുടെ ആരോഗ്യ പ്രശ്നമായി കരുതണമെന്ന മൂർത്തിയുടെ പ്രസ്താവന വിവാദമായി തീരുകയും ചെയ്തു.  തോക്കുകൾ കൈവശം വെയ്ക്കുന്നവർ ദുരുപയോഗം ചെയ്യുന്നത് പൊതു ജനാരോഗ്യ പ്രശ്നമായി കരുതണമെന്നാണ്   മൂർത്തി  ആവശ്യപ്പെട്ടിരിക്കുന്നത്. സുരക്ഷിതയുടെ പേരിൽ  തോക്കുധാരികൾ അനേകരുടെ ജീവൻ നഷ്ടപ്പെടുത്തുന്നു. കൈകാലുകൾ വിച്ഛേദിക്കപ്പെടുന്നു.  പ്രതിരോധ  നിവാരണങ്ങൾ നടത്താറുള്ള ഡയബിറ്റീസ് പോലെയോ ഹൃദയാഘാതം പോലെയോ തോക്കുകളെ നിയന്ത്രിക്കണമെന്ന്  മൂർത്തി പറയുന്നു. തോക്കുകളെ നിയന്ത്രിച്ച് നിവാരണ മാർഗങ്ങൾ ആരാഞ്ഞാൽ അനേകരുടെ ജീവനെ രക്ഷപ്പെടുത്താൻ സാധിക്കും. മോട്ടോർ അപകടങ്ങളും  പൊതു നിരത്തിലെ ആക്രമങ്ങളും  ഒഴിവാക്കാൻ  നിയമങ്ങളുണ്ട്. അതുപോലെ തോക്കുകൾ കൈവശം വെക്കുന്നവരുടെ കാര്യത്തിലും നിയന്ത്രണം വേണമെന്ന വാദഗതിയിൽ   ഇന്നും അദ്ദേഹം ഉറച്ചു നില്ക്കുന്നു.   തോക്കുകൾ മൂലം പ്രതിരോധമില്ലാതെ അനേകർ മരിക്കുന്നുണ്ടെങ്കിൽ അത് സമൂഹത്തിന്റെ  പ്രശ്നമാണ്. ജീവന്റെ വെല്ലുവിളികളിൽ നല്ലൊരു ഡോക്ടർ അതിന്റെ മദ്ധ്യ വഴിയേ  തന്നെ സഞ്ചരിക്കും.

സർജന്റ് ജനറലായി   സത്യ പ്രതിജ്ഞ ചെയ്ത ശേഷം ഡോ. മൂർത്തി പറഞ്ഞു, "രാജ്യത്തിലെ ഓരോ പൌരനും  ഇവിടെ  നിലകൊള്ളുന്ന ഓരോ സ്ഥാപനങ്ങളും ഭരണ സംവിധാന ഘടകങ്ങളും  സ്വയം ചോദിക്കേണ്ട ചോദ്യം,  നമ്മുടെ രാജ്യത്തിന്റെ  ശക്തിയും ആരോഗ്യവും എങ്ങനെ വർദ്ധിപ്പിക്കണമെന്നുള്ളതായിരിക്കണം. നാം ഇന്നു നേരിടുന്ന ആരോഗ്യ രക്ഷാ വെല്ലുവിളികളെ നേരിടാൻ രാജ്യത്തിന് ആവശ്യമായുള്ളതു  കൂടുതൽ ഹോസ്പിറ്റലുകളും ക്ളിനിക്കലുകളുമല്ല . എന്റെ ജീവിതാനുഭവത്തിൽ  അനേകായിരം രോഗികളെ ഞാൻ കണ്ടിട്ടുണ്ട്.  രോഗങ്ങളാൽ വലയുന്ന രോഗികളുടെ വേദനകളും ദുഖങ്ങളും ഞാൻ കാണുന്നു. അവരിൽ ഭൂരിഭാഗം പേരുടെയും രോഗ നിവാരണത്തിനുള്ള മാർഗങ്ങൾ മുൻ കൂട്ടി കണ്ടിരുന്നുവെങ്കിൽ  നിത്യേന കഷ്ടപ്പെടുന്നവരായ ഈ രോഗികൾ ദുരിതങ്ങളും പേറി ജീവിക്കേണ്ടി വരില്ലായിരുന്നു.  നമുക്ക് രോഗങ്ങൾ വരാതിരിക്കാനുള്ള പ്രതിരോധ പദ്ധതികൾ ഉണ്ടായിരുന്നെങ്കിൽ ഇന്ന് കാണുന്ന രോഗങ്ങളെല്ലാം അമേരിക്കൻ മണ്ണിൽനിന്നു തുടച്ചു മാറ്റാൻ കഴിയുമായിരുന്നു. ഇത്രമാത്രം ഭീമമായ ആരോഗ്യ പദ്ധതികൾക്കായുള്ള ഫണ്ടുകൾ സർക്കാർ ചെലവാക്കേണ്ടി വരില്ലായിരുന്നു. "  

ഒരു രോഗ നിവാരണ  സമൂഹം കെട്ടി പെടുക്കുവാനുള്ള ഉദ്യമത്തിൽ  ഹോസ്പിറ്റൽ, ക്ലിനിക്കൽ, വിദ്യാലയങ്ങൾ , തൊഴിൽ ദാദാവ്,  മത സ്ഥാപനങ്ങൾ എന്തു തന്നെയാവട്ടെ ഓരോ സ്ഥാപനങ്ങൾക്കും  രാഷ്ട്രത്തിന്റെ ആരോഗ്യ പരിപാലനത്തിൽ സുപ്രധാന പങ്ക് വഹിക്കാൻ സാധിക്കുമെന്നും മൂർത്തി കരുതുന്നു.  ഹോസ്പിറ്റലുകളും  ക്ലിനിക്കും പാരമ്പര്യമായി ആരോഗ്യ മേഖലകളിലെ  പങ്കാളികളാണെങ്കിലും ഓരോരുത്തരുടെയും സ്വകാര്യ ജീവിതം നിയന്ത്രിക്കുന്നത് അവരവരു തന്നെയാണ്.  എന്താണ് ഭക്ഷിക്കേണ്ടത്, സിഗററ്റ് വലിക്കണോ, മയക്കു മരുന്നുകളുടെ ഉപയോഗം മുതലായ വ്യക്തിഗത തീരുമാനങ്ങൾ ഹോസ്പ്പിറ്റലുകളുടെയോ  ക്ലിനിക്കലുകളുടെയോ സ്വാധീന വലയത്തിൽ  പെടുന്നതല്ല.  പലപ്പോഴും ചുറ്റുമുള്ള സമൂഹത്തിന്റെ സ്വാധീനവും കാണാം. ജോലിസ്ഥലത്തു  കാഫീറ്റിരിയായിൽ നിന്നു ലഭിക്കുന  ഭക്ഷണം  നമ്മുടെ ഭക്ഷണ രീതികൾക്ക് മാറ്റം വരുത്താം.സ്കൂളിൽ ആണെങ്കിലും എന്ത് കഴിക്കണമെന്നതും മറ്റുള്ളവരുടെ സ്വാധീന വലയങ്ങളിൽ ഉൾപ്പെടാം. കൂട്ടുകാരും കുടുംബത്തിലെ മറ്റു ചിലരുടെ പ്രവർത്തനങ്ങളും സ്വാധിനിച്ചേക്കാം. അങ്ങനെ സമൂഹത്തിൻറെ  സ്വാധീന വലയത്തിൽപ്പെട്ടും നമ്മുടെ ആരോഗ്യത്തിന്റെ ഹാനിയിൽ പ്രതിഫലനമുണ്ടാകാം.  അതിനായി സമൂഹത്തിന്റെ മുഴുവൻ ആരോഗ്യ രക്ഷയ്ക്കായി ഓരോരുത്തരുടെയും സഹകരണം ആവശ്യമാണ്.  ഡോക്ടർ മൂർത്തി  ഓരോ വ്യവസായ ശാലകളിലും വ്യായാമ പരിശീലനങ്ങൾ  ആരംഭിക്കാൻ ആഗ്രഹിക്കുന്നു.  ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നതിനു  പകരം നടന്നു കൊണ്ട്  ജോലി ചെയ്യുന്ന പദ്ധതികളും ആവിഷ്ക്കരിക്കാൻ താല്പര്യപ്പെടുന്നു. വ്യായാമത്തിൽക്കൂടി ദേഹ പരിപാലന മാത്രമല്ല മാനസികമായ ഒരു ഉല്ലാസവും ലഭിക്കുമെന്ന് ഡോ മൂർത്തി കരുതുന്നു .

 മതം പ്രസംഗിക്കുന്നവർ രോഗങ്ങളെയും മാനസിക രോഗങ്ങളെയും പറ്റി തെറ്റായ ധാരണകൾ രോഗികളെ ധരിപ്പിക്കുന്നതും  ആരോഗ്യ പ്രതിരോധത്തിന് തടസമാണെന്ന്  മൂർത്തി അഭിപ്രായപ്പെട്ടു. മാനസിക അസുഖം ഉള്ളവരെ പിശാചിന്റെ ബാധയെന്നു  പറഞ്ഞ് പരസ്പര വിരുദ്ധമായി രോഗ വിവരങ്ങൾ നല്കി അവരെ പീഡിപ്പിക്കാറുണ്ട്. അവർക്കാവശ്യമുള്ള മാനസികാരോഗ്യം  മത വചന പ്രഘോഷകർ കൊടുക്കാറുമില്ല.  തെറ്റായ വിവരങ്ങൾ നല്കുന്ന  മത പ്രഭാഷകരെ  സമൂഹം ഒറ്റപ്പെടുത്തണം.  മാനസിക അസുഖമെന്നുള്ളത് എല്ലാ മനുഷ്യർക്കും ഓരോ വിധത്തിലുള്ളതാണ്. മാനസിക സമതുലനാവസ്ഥ നഷ്ടപ്പെട്ടവരും  അവരുടെ കുടുംബാംഗങ്ങളും ഈ അസുഖത്തെ  ആദ്യത്തെ സ്റ്റേജിൽ  ഒളിച്ചുവെക്കാറുണ്ട്. അത്തരം രോഗങ്ങളെ രോഗമായി കണ്ട് സമൂഹത്തെ ബോധവാന്മാരാക്കി മനസിനെ ആരോഗ്യപ്രദമാക്കാനുള്ള  പ്രായോഗിക വശങ്ങളും  ഡോ.  മൂർത്തി ആരായുന്നുണ്ട്.

സർജൻ ജനറലെന്ന നിലയിൽ ആരോഗ്യ രക്ഷാപരിപാലനത്തിനായി  ജനങ്ങളെ ബോധവൽക്കരിക്കുകയും  അവർക്ക് നേതൃത്വം കൊടുത്ത്, പ്രവർത്തനങ്ങളെ സമൂഹത്തിന്റെ നാനാ തുറകളിൽ വ്യാപിപ്പിക്കുകയുമെന്നതാണ് മൂർത്തിയുടെ ലക്ഷ്യം. അതിനായി സംഘടനാ തലങ്ങളിലുള്ളവരെയും തൊഴിൽ ദാതാക്കളെയും സമൂഹത്തെയും ഒരേ മേശയ്ക്കു ചുറ്റുമിരുത്തി ചർച്ചകളും ആവശ്യമാണ്. 'ഇരുന്നു കൊണ്ടുള്ള മീറ്റിംഗുകളെക്കാൾ  നടന്നുകൊണ്ടുള്ള മീറ്റിംഗ്,  തൊഴിൽ ശാലകളിൽ നടപ്പ് മത്സരങ്ങൾ സംഘടിപ്പിക്കുക,   കമ്പനികളിലെ കാഫീറ്റീരിയായിലും   മെഷീനുകളിലും ആരോഗ്യ പ്രദമായ  ഭക്ഷണം വിതരണം ചെയ്യുക,  തൊഴിൽ ചെയ്യുന്നവർക്ക്  ഭക്ഷണം വിതരണം ചെയ്യുന്ന കാര്യത്തിൽ കമ്പനികളും സ്ഥാപനങ്ങളും കർശനമായ വ്യവസ്ഥകൾ പാലിക്കുക മുതലായവകൾ ഡോ. മൂർത്തിയുടെ നിർദ്ദേശങ്ങളാണ്. സ്കൂൾ കുട്ടികളുടെയിടയിൽ സിഗരറ്റ് വലിയിൽ നിന്നും മുക്തി നേടാൻ വ്യാപകമായ  'ഈ- സിഗരറ്റ്'  ഉപയോഗത്തിലുണ്ട്.  'ഈ-സിഗരറ്റിന്റെ ദൂഷ്യ ഫലങ്ങളെ ശാസ്ത്രീയമായി വിലയിരുത്തണമെന്ന് ഡോ.മൂർത്തി അഭിപ്രായപ്പെടുന്നു. സ്ഥിരമായി സിഗരറ്റ്  വലിക്കുന്നവർക്ക്  പുകവലി നിർത്താൻ 'ഈ   സിഗരറ്റ്' പ്രയോജനപ്പെടുമോയെന്ന്  ഇനിയും ഗവേഷണങ്ങൾ  നടത്തേണ്ടതായുണ്ട്. ശാസ്ത്രീയ കാഴ്ചപ്പാടിൽ  'ഈ സിഗരറ്റിന്' മറ്റു ദോഷ വശങ്ങളില്ലെങ്കിൽ  മാർക്കറ്റിൽ ആകാമെന്നും മൂർത്തി അഭിപ്രായപ്പെട്ടു.

വിവാദങ്ങളിൽ നീണ്ട  കാലം കുരുങ്ങി കിടന്ന   മൂർത്തിയുടെ പുതിയ സ്ഥാനലബ്ധിയിൽ വിമർശകരുമുണ്ട്. 2009-ൽ  ഡോ. സജയ ഗുപ്തയെ സർജന്റ്  ജനറൽ സ്ഥാനത്തേയ്ക്ക് നോമിനേറ്റു ചെയ്യാൻ തീരുമാനങ്ങളുണ്ടായിരുനു.   അനേക വർഷങ്ങൾ ന്യൂറോ സർജനായി  മെഡിക്കൽ ലോകത്ത് പ്രവർത്തിച്ച അദ്ദേഹം  ആ സ്ഥാനത്തേയ്ക്ക് അർഹനായിരുന്നു.  കൂടാതെ ലോകം മുഴുവൻ സഞ്ചരിച്ച് ജനങ്ങളുടെ ആരോഗ്യ നിലവാരത്തെ നല്ലവണ്ണം വിലയിരുത്തിയ അമേരിക്കയുടെ പ്രതാപവാനായ ഒരു ഡോക്ടറുമായിരുന്നു. എന്തുകൊണ്ടും ആ സ്ഥാനത്തിന് യോഗ്യനായ അദ്ദേഹത്തെ രാഷ്ട്രീയ ബലിയാടാക്കുകയാണുണ്ടായത്.

ഡോ.മൂർത്തി രാജ്യത്തിന്റെ മഹാ ഡോക്ടറാകാൻ യോഗ്യനല്ലെന്നാണ് മാധ്യമങ്ങളിൽ പലരും  അഭിപ്രായപ്പെട്ടിരിക്കുന്നത്. മുപ്പത്തിയേഴ് വയസുകാരനായ അദ്ദേഹം ലോകപ്രസിദ്ധമായ ഹാർവാർഡ്, യേൽ  യൂണിവെഴ്സിറ്റികളിൽ നിന്നും ഡിഗ്രീയെടുത്തുവെന്നത് ശരി തന്നെ.   അതിനുള്ള ക്രഡിറ്റും അദ്ദേഹത്തിനു കൊടുക്കണം. പക്ഷെ പേരു കേട്ട ഒരു മെഡിക്കൽ സ്കൂൾ നല്ലൊരു ഡോക്ടറെ  സൃഷ്ടിക്കണമെന്നില്ല.   ഒരു ഡോക്ടറെന്നു പറഞ്ഞാൽ  സ്വന്തം ജീവിതം മുഴുവൻ രോഗികളെ സുഖപ്പെടുത്തുന്നതിനു വേണ്ടി  അർപ്പിതമായ മനസോടെ പ്രവർത്തിക്കുന്ന ആളായിരിക്കണം. ഒറ്റ രാത്രി കൊണ്ട് ആ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കില്ല. അമേരിക്കയുടെ സർജൻ ജനറലിന്റെ  പ്രധാന കടമ രോഗങ്ങളെ തടയാനുള്ള ശാസ്ത്രീയ വശങ്ങൾ  പൊതു ജനങ്ങളെ ബോധവല്ക്കരിക്കുകയെന്നതാണ്.കൂടാതെ സ്വന്തം നാട്ടിലും വിദേശത്തും ജോലി ചെയ്യുന്ന നൂറു കണക്കിന് യൂണിഫോം ധരിച്ച മെഡിക്കൽ ഡോക്ടർമാരുടെ നിയന്ത്രണവും സർജന്റ്  ജനറാലിന്റെ ചുമതലകളിലുള്ളതാണ്.  വോളന്റീയേഴ്സും  രാജ്യത്തെ രോഗ വിമുക്തമാക്കുന്ന സന്നദ്ധ സേനയിൽ പ്രവർത്തിക്കുന്നുണ്ട്.  അവരുടെ ചുമതലകളും സർജന്റ് ജനറലിനാണ്.  ഇതെല്ലാം നിയന്ത്രിക്കാൻ മൂർത്തി യോഗ്യനോയെന്നാണ്  വിവാദമായിരിക്കുന്നത്. വിമർശകരുടെ  കാഴ്ചപ്പാടിൽ ഒരു   മെഡിക്കൽ ഡിപ്പാർട്ട്മെന്റിന്റെ   ഭരണത്തിൽ ഇരിക്കാൻ പോലും അദ്ദേഹം  യോഗ്യനല്ല.

സാധാരണ, ഒരു യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ  മെഡിസിൻ, സർജറി,  അനസ്തിയോളജി, ട്രൌമ എന്നിങ്ങനെ അനേക ഡിപ്പാർട്ടുമെന്റുകളായി  തരം  തിരിച്ചിരിക്കും.  ഒരേ കെട്ടിടത്തിനുള്ളിൽ ചില ഡിപ്പാർട്ടുമെന്റിൽ രണ്ടും മൂന്നും ഡോക്ടർമാരും മറ്റു ചിലയിടങ്ങളിൽ നൂറു കണക്കിന് ഡോക്ടർമാരും ശാസ്ത്രജ്ഞരും ജോലി ചെയ്യുന്നുണ്ട്. ഓരോ ഡിപ്പാർട്ട്മെന്റിനും  അതാതു വിഷയങ്ങളിൽ നിപുണരായ   ചെയർമാന്മാരും  കാണും.  അനേക വർഷങ്ങൾ ക്ലിനിക്കൽ പരിചയമുള്ളവരാണ്  അത്തരം സ്ഥാനങ്ങൾ വഹിക്കാറുള്ളത്. ചെയർമാനെ   സാധാരണ  ക്ലിനിക്കൽ പരിചയമുള്ളവരും ശാസ്ത്രജ്ഞരും  കൂടിയ കമ്മറ്റിയാണ് തെരഞ്ഞെടുക്കാറുള്ളത്. യുവാവായ മൂർത്തി   ഒരു മെഡിക്കൽ ഡിപ്പാർട്ട്മെന്റ്   നിയന്ത്രിക്കാനോ അക്കാഡമിക്ക്    മെഡിക്കൽ സെന്റർ മാനേജു ചെയ്യാൻ പോലുമോ യോഗ്യനല്ല. ഡോക്ടറെന്ന നിലയിൽ  സമൂഹത്തിന് കാര്യമായ ഒന്നും അദ്ദേഹത്തിന് സംഭാവന ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഒരു മെഡിക്കൽ നേതാവാകാൻ കാര്യമായ മെഡിക്കൽ ബുക്കുകളോ, മെഡിക്കൽ ലേഖനങ്ങളോ പ്രസിദ്ധീകരിച്ചിട്ടുമില്ല.

2008 മുതൽ ഡോ. മൂർത്തിയുടെ ഔദ്യോഗിക ജോലികൾ രാഷ്ട്രീയ അജണ്ടയിൽ അർപ്പിച്ചുകൊണ്ടുള്ളതായിരുന്നു. അമേരിക്കയിൽ ഡോകടർമാരുടെ ഗ്രൂപ്പുണ്ടാക്കിയും അവരുടെ സഹായത്തോടെ ഒബാമാ കെയറിനുവേണ്ടി പ്രചരണം നടത്തുകയുമായിരുന്നു. അന്നത്തെ രാഷ്ട്രീയ പ്രചരണം കൊണ്ട് വിസ്മയകരമായ വിധം ഡോ. മൂർത്തിയ്ക്ക് പ്രതിഫലം ലഭിക്കുകയും ചെയ്തു. തന്മൂലം 'വൈസ് അഡ്മിറൽ- സർജൻ ജനറൽ' എന്ന ഔദ്യോഗിക സ്ഥാനം   നേടുകയും ചെയ്തു. 'ഹെൽത്ത് കെയർ' എന്നുള്ളത് രാഷ്ട്രീയമായി മാറി. ഉത്തരവാദിത്തപ്പെട്ട ഈ വലിയ പോസ്റ്റ് രാഷ്ട്രീയത്തെക്കാളുപരി ശാസ്ത്രീയ നേട്ടങ്ങൾക്ക് പരിഗണന നൽകണമായിരുന്നു. ഡോ മൂർത്തിക്ക് ലഭിച്ച അമേരിക്കയുടെ ഈ വലിയ ഔദ്യോഗിക പദവി തികച്ചും രാഷ്ട്രീയത്തിൽ അടിമപ്പെട്ട വ്യക്തിപരമായ നിയമനം മാത്രമായി നിരീക്ഷകർ കരുതുന്നു.















No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...