Tuesday, April 5, 2016

ദളിതരുടെ ചരിത്രം, ഒരു പഠനം (ലേഖനം-7)



ഡോ പൽപ്പുവിന്റെ  വർണ്ണ വിവേചനത്തിനെതിരെയുള്ള  ധിര പോരാട്ടങ്ങൾ
By ജോസഫ് പടന്നമാക്കൽ
ഡോ. പത്ഭനാഭൻ പൽപു, കേരളത്തിലെ പിന്നോക്ക സമുദായമായിരുന്ന ഈഴവ സമൂഹങ്ങളുടെ നവോത്വാന ശിൽപ്പിയും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പുള്ള  ചരിത്രത്തിലെ അനശ്വരനായ നേതാവുമായിരുന്നു. തൊഴിലുകൊണ്ട് അദ്ദേഹം ബാക്റ്റീരിയാ  രോഗാണുക്കൾ സംബന്ധിച്ചുള്ള ഡോക്ടറായിരുന്നെങ്കിലും   സാഹചര്യങ്ങൾ അദ്ദേഹത്തെ ഒരു സാമൂഹിക വിപ്ലവകാരനാക്കി.  അസമത്വങ്ങൾക്കെതിരെ പോരാടുന്ന   അചഞ്ചലമായ അദ്ദേഹത്തിന്റെ  മനസും ശക്തിയേറിയ തൂലികയും അതിനായി പ്രവർത്തിച്ചുകൊണ്ടിരുന്നു. ഈഴവ സമൂഹങ്ങളെ  താണവരെന്നു കരുതുന്ന ഉന്നത ജാതികൾക്കെതിരെയും ഹിന്ദു പുരോഹിത വർഗങ്ങൾക്കെതിരെയും സന്ധിയില്ലാ സമരം നടത്തിക്കൊണ്ട്‌ ശത്രുക്കളുടെ നാവടപ്പിച്ചിരുന്നു. എല്ലാ സംഘിടിത ശക്തികൾക്കെതിരെയും സർക്കാരിന്റെ ചുവപ്പു നാടകൾക്കും അവരുടെ മനുഷ്യത്വമില്ലാത്ത വിവേചനങ്ങൾക്കെതിരെയും പ്രവർത്തിച്ച സ്വാതന്ത്ര്യത്തിന്റെ പ്രവാചകനുമായിരുന്നു.  പീഡിതരായവരുടെയും   അടിച്ചമർത്തപ്പെട്ടവരുടെയും അജയ്യനായ നേതാവും. ഡോക്ടർ പല്പ്പുവിനെ ഈഴവരുടെ രാഷ്ട്രീയ പിതാവെന്നും അറിയപ്പെടുന്നു. 'ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ലവകാരി' എന്ന്  സരോജിനി നായിഡു വിശേഷിപ്പിച്ച ,ഈ മഹാന് കേരളത്തിൻറെ സാമൂഹിക പരിഷ്കരണ ചരിത്രത്തിൽ അർഹമായ സ്ഥാനം കിട്ടിയില്ലായെന്നതും ദുഖകരമായ ഒരു സത്യമാണ്.



1863 നവംബർ രണ്ടാം തിയതി   പഴയ തിരുവിതാംകൂറിലെ തിരുവനന്തപുരം ജില്ലയിൽ പേട്ടയിലുള്ള ഒരു ഈഴവ കുടുംബമായ നെടുങ്ങോട്ട്  ഒരു സാധാരണ കുടുംബത്തിലായിരുന്നു അദ്ദേഹം ജനിച്ചത്‌.  പിതാവ് ഭഗവതി പത്ഭനാഭൻ  അക്കാലത്ത് തിരുവിതാംകൂർ പ്രദേശങ്ങളിൽ ആദ്യമായി ഇംഗ്ലീഷ് പഠിച്ചവരിൽ ഒരാളായിരുന്നു.  പഠിക്കാൻ അതി മിടുക്കനായിരുന്ന പല്പ്പുവിനു  ഉയർന്ന ജാതികളും  ഭരണകൂടങ്ങളും  അവർണ്ണനെന്നു വിധിയെഴുതിയ കാരണം  മുമ്പോട്ടുള്ള ജീവിതാവസരങ്ങൾ നിഷേധിച്ചിരുന്നു. ശ്രീ നാരായണ ഗുരുവിന്റെ സമകാലീകനും ശിക്ഷ്യനുമായിരുന്നു. പ്രസിദ്ധനായ എഴുത്തുകാരൻ, ഭിഷ്വഗരൻ,  പരോപകാരി, സാമൂഹിക ചിന്തകൻ, പ്രവർത്തകൻ എന്നീ നിലകളിലെല്ലാം അദ്ദേഹം തന്റെ വ്യക്തി മുദ്ര പതിപ്പിച്ചു കൊണ്ടിരുന്നു. ലണ്ടനിൽ പ്രായോഗിക പരിശീലനം നേടിയ ഡോ പൽപ്പു പിന്നീട് സമുദായ ഉന്നമനത്തിനായും  സേവനത്തിനായും ജോലി വേണ്ടെന്നു വെച്ചു. അക്കാലത്ത് പിന്നോക്ക സമുദായക്കാർ സഹിച്ചിരുന്ന എല്ലാ യാതനകളും പല്പുവിനും  സഹിക്കേണ്ടി വന്നു.



ഈഴവർ പൊതുവെ കള്ളുചെത്തിലും കൃഷിപ്പണികളിലും എർപ്പെട്ടിരുന്നെങ്കിലും അവരുടെയിടയിൽ അനേക ആയൂർവേദ വൈദ്യന്മാരും ഉണ്ടായിരുന്നു.  പൽപ്പുവിന്റെ അമ്മ മാത പെരുമ്മാൾ ഈശ്വര ഭക്തിയും ചുറ്റുമുള്ളവരോട് ദീനദയാലുവും എല്ലാവരോടും വളരെയധികം സ്നേഹസമ്പന്നയുമായിരുന്നു. ശ്രീ നാരായണ ഗുരു അദ്ദേഹത്തിൻറെ ഭവനം സന്ദർശിക്കാറുണ്ടായിരുന്നു. പല്പ്പുവിനെ അക്ഷരങ്ങൾ പഠിപ്പിച്ചത് സ്വന്തം അച്ഛൻ തന്നെയായിരുന്നു. അഞ്ചാം വയസ്സിൽ 1868-ൽ രാമൻ പിള്ള ആശാന്റെ കുടിപ്പള്ളി കൂടത്തിൽ എഴുത്തിനിരുത്തി. പിന്നീട് 1875-ൽ എ.ജെ. ഫെർണാൺഡസ്  എന്ന ഒരു സായിപ്പ് അദ്ദേഹത്തിൻറെ അദ്ധ്യാപകനായിരുന്നു.   അക്കാലത്ത് അദ്ദേഹത്തിന്റെ പിതാവ് സാമ്പത്തികമായി അധപതിച്ചിരുന്നു.


1878 മാർച്ച് മാസത്തിൽ  തിരുവനന്തപുരത്തെ ഇംഗ്ലീഷ് ഹൈസ്കൂളിൽ പഠനം തുടങ്ങി.  അക്കാലത്ത് അവർണ്ണർക്കായി പ്രത്യേകം ബഞ്ചുകൾ നീക്കി വെച്ചിരുന്നു. ജ്യേഷ്ഠൻ വേലായുധനും അദ്ദേഹത്തോടൊപ്പം അവർണ്ണർക്കായി നീക്കിയിട്ടിരുന്ന  ബഞ്ചിലിരുന്ന് പഠിച്ചു. അന്ന് പല്പ്പുവിന്റെ കുടുംബം സാമ്പത്തികമായി തകർന്ന് ദാരിദ്ര്യത്തിലായിരുന്നു. പഠിക്കാൻ വളരെയധികം സമർത്ഥനായ  പല്പ്പുവിന്റെ അവസ്ഥ കണ്ട് ഫെർണാണ്ടസ്  സായിപ്പ് അദ്ദേഹത്തിനു ഭക്ഷണം വാങ്ങി കൊടുക്കുമായിരുന്നു. 1883-ൽ അദ്ദേഹം മെട്രിക്കുലേഷൻ പാസായെങ്കിലും   ജേഷ്ടൻ  വേലായുധൻ എഫ് എ യ്ക്ക് ഉപരി പഠനത്തിനായി പോയതിനാൽ പല്പ്പുവിനെയും കോളേജിൽ വിടാനുള്ള സാമ്പത്തിക സ്ഥിതി ആ കുടുംബത്തിനുണ്ടായിരുന്നില്ല. ഇംഗ്ലീഷ് പഠിപ്പിക്കാനുള്ള വാദ്ധ്യാരായി ജോലി ലഭിച്ചതുകൊണ്ട് കോളേജിൽ പഠിക്കാനുള്ള പണം കണ്ടെത്തി. പിറ്റേ വർഷം കോളേജിൽ ചേരുകയും, പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ടു  കോളേജു വിദ്യാഭ്യാസം 1884-ൽ പൂർത്തിയാക്കുകയും ചെയ്തു.


1884-ൽ  മെഡിസിൻ പഠിക്കാനായി സർക്കാർ ഒരു പരീക്ഷ നടത്തിയിരുന്നു. പത്തു പേരെ തെരഞ്ഞെടുത്ത കൂട്ടത്തിൽ പല്പുവിന് നാലാം സ്ഥാനമുണ്ടായിരുന്നെങ്കിലും ജാതിയിൽ  ഈഴവനായതു കൊണ്ട് അദ്ദേഹത്തിൻറെ മെഡിക്കൽ പ്രവേശനം സർക്കാർ  തടഞ്ഞു. എങ്കിലും മദ്രാസ് യൂണിവേഴ്റ്റിയിൽ അദ്ദേഹത്തിനു ബുദ്ധിമുട്ടു  കൂടാതെ മെഡിസിനു പ്രവേശനം കിട്ടി. മെഡിക്കൽ ഡിഗ്രി ലഭിച്ച ശേഷം  സ്വന്തം നാടായ തിരുവിതാംകൂറിൽ സർക്കാർ ജോലിക്കായി ശ്രമിച്ചെങ്കിലും അന്നും അദ്ദേഹത്തിൻറെ അപേക്ഷ പരിഗണിക്കാതെ ജാതിയുടെ പേരിൽ തള്ളി കളയുകയാണുണ്ടായത്. ഉന്നത വിദ്യാഭ്യാസത്തിനായി മദ്രാസ്സിൽ പോയതുപോലെ തന്നെ ജോലിയ്ക്കായി മൈസൂറിൽ പോവുകയും അവിടെ സർക്കാർ ജോലി ലഭിക്കുകയും ചെയ്തു. കഴിവിന്റെ മാനദണ്ഡത്തിൽ  ലഭിച്ച ഈ ജോലിയിൽ മാസം നൂറു രൂപാ ലഭിക്കുമായിരുന്നു. അക്കാലത്ത് അതൊരു വലിയ തുകയായിരുന്നു. അന്ന് ഡോക്ടർമാർക്ക്  തിരുവിതാംകൂറിൽ കൊടുത്തിരുന്ന ശമ്പളം അഞ്ചു രൂപയായിരുന്നു. സ്വന്തം സമുദായത്തിലെ സേവനം കൂടാതെ അദ്ദേഹം മറ്റു പിന്നോക്ക സമൂഹങ്ങൾക്കും വേണ്ടിയും പ്രയത്നിച്ചിരുന്നു.


സമൂഹത്തിൽ ദരിദ്രരായവരെയും പീഡനം അനുഭവിക്കുന്നവരെയും  ജാതി മത ഭേദമില്ലാതെ അദ്ദേഹം സഹായിച്ചിരുന്നു. മൈസൂറിലെ കടത്തിണ്ണകളിൽ തണുത്തു വിറങ്ങലിച്ചു കിടക്കുന്ന പാവങ്ങൾക്ക് തന്റെ ആദ്യത്തെ ശമ്പളം ഉപയോഗിച്ചുകൊണ്ട്  അവർക്ക് പുതയ്ക്കാൻ കമ്പളികൾ മേടിച്ചു കൊടുത്തു. മൈസൂറിൽ  താമസിക്കുന്ന കാലങ്ങളിൽ പൗരാവകാശത്തിനായി മുറവിളി കൂട്ടുവാൻ സംഘടനകളും സ്ഥാപിച്ചിരുന്നു. ഈഴവരുടെ പരിതാപ സ്ഥിതികളെയും ദുരിതങ്ങളേയും ഉൾക്കൊള്ളിച്ചുകൊണ്ട് മൈസൂറിലായിരിക്കേ ഇംഗ്ലീഷിൽ നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. സ്വന്തം ചിലവുകളിലാണ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്നത്. സാമൂഹിക വ്യവസ്ഥയെ വിലയിരുത്തുന്ന അദ്ദേഹത്തിൻറെ കൃതികൾ എല്ലാം തന്നെ ഗവേഷകരായ ചരിത്രകുതുകികൾക്ക് എന്നും   സഹായകമായിരിക്കും.


1896-ൽ ബാംഗ്ലൂർ നഗരത്തെ ഞെട്ടിക്കുന്ന വിധം പ്ലേഗ് ബാധയുണ്ടായപ്പോൾ സ്വന്തം ജീവിതം അപകടത്തിലായിട്ടും ഡോക്ടർ പൽപ്പു പ്ലേഗ് ബാധിത പ്രദേശങ്ങളിൽ രാത്രിയും പകലും ഒരു പോലെ രോഗികളെ രക്ഷിക്കാനായി കഠിനാധ്വാനം ചെയ്തുകൊണ്ടിരുന്നു. വസന്ത വന്നു ബാംഗളൂരിൽ പതിനയ്യായിരം ജനം മരിച്ച നാളുകളിൽ   അവരുടെയിടയിൽ പ്രവർത്തിക്കുകയും  ആയിരക്കണക്കിനു ജനത്തിന്റെ  ജീവൻ രക്ഷിക്കുകയും ചെയ്തു.അന്ന് ശ്മശാനങ്ങളിൽപ്പോലും രോഗികൾക്ക് വാക്സിനേഷൻ നല്കാൻ പണിയെടുക്കണമായിരുന്നു. അക്കാലത്തെ വസന്തയെന്ന മാരക രോഗം കൂടുതൽ പ്രദേശങ്ങളിലേയ്ക്കു പടരാതെ നിയന്ത്രിക്കാൻ പല്പ്പുവിനും സഹപ്രവർത്തകർക്കും കഴിഞ്ഞു. പല്പ്പുവിന്റെ പ്രവർത്തനങ്ങളെ  ഇന്ത്യാ സർക്കാരിലെ സർജന്റ് ജനറൽ നേരിട്ടു വന്നു വിലയിരുത്തുകയും പ്രശംസകൾ നല്കുകയുമുണ്ടായി. അദ്ദേഹത്തിൻറെ സേവനങ്ങളെ മാനിച്ച് കൂടുതൽ പ്രായോഗിക പരിശീലനം നേടാൻ ഇംഗ്ലണ്ടിൽ അവസരങ്ങൾ നല്കാനും ശുപാർശ ചെയ്തു.  ഇംഗ്ലണ്ടിലെ റോയൽ  ഇൻസ്റ്റിറ്റ്യൂട്ടിലെ ഒന്നര വർഷത്തെ പഠനം പൂർത്തിയാക്കിയ ശേഷം പാരീസ്, ജർമ്മനി , ജനീവാ, റോം, മുതലായ യൂറോപ്പ്യൻ രാജ്യങ്ങളിലും അദ്ദേഹം പഠിച്ചു. ലണ്ടനിൽനിന്ന് എഫ്.ആർ.പി.എച്ച്. ബിരുദവും മറ്റുള്ള രാജ്യങ്ങളിൽ നിന്ന് വൈദ്യ ശാസ്ത്രത്തിൽ ഡിപ്ലോമാകളും നേടി.  ഇന്ത്യയിൽ വിഖ്യാതനായ ഈ ഡോക്ടർക്ക്‌  വിദേശ രാജ്യങ്ങളിൽ സാമ്പത്തിക മെച്ചങ്ങൾ ലഭിക്കുന്ന ജോലികൾ  ലഭിച്ചിട്ടും അതൊന്നും സ്വീകരിക്കാതെ അദ്ദേഹം ഇന്ത്യയിൽ തന്നെ മടങ്ങിവന്നു സമൂഹ നന്മക്കായി പ്രവർത്തിക്കുകയാണുണ്ടായത്.


താമസിയാതെ അന്തരാഷ്ട്ര നിലവാരമുള്ള വാക്സിൻ നിർമ്മിക്കാൻ പല്പ്പുവിനെ ചുമതലപ്പെടുത്തി. എന്നാൽ  കുത്സിത ബുദ്ധികളായ ചിലരുടെ പ്രേരണ മൂലം അദ്ദേഹത്തെ   ആ ചുമതലകളിൽ നിന്നും നീക്കം ചെയ്തു. അദ്ദേഹത്തിന്  ആ അവസരം നഷ്ടപ്പെടുകയും ജോലിയിൽ തരം  താഴ്ത്തുകയും ചെയ്തു. അവർ മറ്റു രീതിയിൽ വാക്സിൻ ഉണ്ടാക്കുകയും ജനങ്ങളുടെ പരാതി മൂലം  വീണ്ടും അദ്ദേഹത്തെ  വിളിക്കുകയും പുതിയതായ  രീതിയിൽ വാക്സിനുണ്ടാക്കാനുള്ള  ഗവേഷണങ്ങൾക്കായി ചുമതലപ്പെടുത്തുകയും ചെയ്തു. അതിൽ  കാര്യക്ഷമതയോടെ പ്രവർത്തിച്ച് വിജയിയാകുകയും ചെയ്തു.  വീണ്ടും മേലുദ്യോഗസ്ഥർ അദ്ദേഹത്തെ പ്ലേഗ് ബാധയുടെ ചുമതലയേല്പ്പിച്ചു. അക്കാലയളവിൽ കുഷ്ഠ രോഗാശുപത്രി, ഭ്രാന്താശുപത്രി എന്നിവകളുടെ ചുമതലകളുമുണ്ടായിരുന്നു.


ഡോ പല്പു‌ 28 വയസ്സുള്ളപ്പോൾ  കുട്ടിയപ്പിയുടെയും കാളി കൊച്ചപ്പിയുടെയും മകളായിരുന്ന പി.കെ. ഭാഗവതിയമ്മയെ  1891 സെപ്റ്റംബർ 13-നു കല്യാണം കഴിച്ചിരുന്നു. അവർ നാരായണഗുരുവിന്റെ സഹപാഠിയായിരുന്ന കൃഷ്ണൻ വൈദ്യന്റെ സഹോദരിയായിരുന്നു.  രണ്ട് പെണ്മക്കളും മൂന്ന് ആണ്മക്കളും ഈ  ദമ്പതികൾക്കുണ്ടായി. ഗഗാധരൻ, ദാക്ഷ്യാമണി, നടരാജ ഗുരു, ഹരിഹരൻ, ആനന്ദവല്ലി എന്നിവർ മക്കളായിരുന്നു.


സ്വന്തം സമുദായത്തിലെ അംഗങ്ങൾക്ക് പൊതു സമൂഹത്തോടൊപ്പം സമത്വം കൈവരിക്കണമെന്ന  ചിന്തകളോടെ  അദ്ദേഹം പ്രവർത്തിക്കാൻ തുടങ്ങി. 1903-ൽ എസ് എൻ ഡി പി സ്ഥാപിക്കാൻ തുടക്കമിട്ടത് അദ്ദേഹമാണ്.  ഏതെങ്കിലും ധർമ്മിഷ്ടനായ ഗുരുവിനെ കണ്ടുമുട്ടി അദ്ധ്യാത്മികതയുടെ  പാതയിൽക്കൂടി സ്വന്തം സമുദായത്തിനു വേണ്ടി പ്രവർത്തിക്കാൻ സ്വാമി വിവേകാനന്ദൻ പല്പുവിന് മാർഗനിർദേശം നല്കിയിരുന്നു. ഭാരതത്തിൽ സമൂഹ വിജയത്തിനായും കാര്യക്ഷമമായ സംഘടനാ പ്രവർത്തനങ്ങൾക്കും അദ്ധ്യാത്മികത  ആവശ്യമെന്നു  വിവേകാനന്ദൻ ഉപദേശിച്ചു. കേരളത്തിലെ സാമൂഹിക മുന്നേറ്റത്തിനായി  എസ്‌ എൻ ഡി പി  ഒരു ദീപസ്‌തംഭംപോലെ കാലത്തിന്റെ പോക്കിൽ  വഴിത്തിരിവാകുകയും ചെയ്തു.


കേരളത്തിലെ പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിലെ ചരിത്രത്തിൽ അവകാശങ്ങൾക്കായുള്ള ഈഴവ സമരങ്ങളും  അവർക്ക് അർഹമായ ജോലികളിൽ തുല്യതയ്ക്കായുള്ള  സർക്കാരിൽ സമർപ്പിച്ച നിവേദനങ്ങളും പ്രാധാന്യം അർഹിക്കുന്നു. ഭ്രാന്തൻ സാമൂഹിക വ്യവസ്ഥയായിരുന്നു അക്കാലത്ത് നിലവിലുണ്ടായിരുന്നത്. 1891-ൽ ഡോക്ടർ പല്പ്പുവിന്റെ നേതൃത്വത്തിൽ അന്നത്തെ ദിവാനെതിരായി മഹാരാജാവിന്‌ ആയിരക്കണക്കിന് ജനം ഒപ്പിട്ട ഒരു നിവേദനം കൊടുത്തു. തിരുവിതാംകൂറിലെ ദിവാനായി പുറത്തുനിന്ന് ഒരാളെ നിയമിക്കുന്നതിലും നിവേദനത്തിൽ എതിർപ്പു പ്രകടിപ്പിച്ചിരുന്നു. ഭൂരിഭാഗം സർക്കാർ ജോലികളും ദിവാൻ ഭരണകൂടം സ്വന്തക്കാർക്ക് കൊടുക്കുന്നുവെന്നും കുറ്റപ്പെടുത്തി. ഈഴവരുടെ ദയനീയ അവസ്ഥ ചൂണ്ടി കാണിച്ചുകൊണ്ട് താണ ജോലികൾ പോലും അവർക്ക് നൽകാറില്ലെന്നും നിവേദനത്തിൽ കുറിച്ചുട്ടുണ്ടായിരുന്നു. ജോലികൾ മുഴുവൻ ഉന്നത ജാതികൾക്കു നല്കുന്ന സാമൂഹിക വ്യവസ്ഥിതിയും വിവേചനവും  മാറ്റണമെന്നും ആവശ്യപ്പെട്ടു.1891-ൽ മലയാളം മെമ്മോറിയൽ എന്ന പേരിൽ ഒരു ഭീമ ഹർജി തയാറാക്കി മഹാരാജാവായ ശ്രീമൂലം തിരുന്നാളിന് സമർപ്പിച്ചു. പിന്നോക്കം നില്ക്കുന്ന സമുദായങ്ങളുടെ പ്രശ്നങ്ങൾ ഉള്ക്കൊണ്ട ആ മെമ്മോറാണ്ടം രാജാവിന്റെ ശ്രദ്ധയിൽ പ്പെടുകയും ചെയ്തു.


1891-ഏപ്രിൽ രണ്ടാം തിയതി  സർക്കാരിൽ നിന്നും പൽപ്പുവിന്റെ നേതൃത്വത്തിലയച്ച മെമ്മോറാണ്ടത്തിനു മറുപടി കിട്ടി.   'ഈഴവർ വിദ്യാഭ്യാസമില്ലാത്തവരെന്നും  വിദ്യ അഭ്യസിക്കുന്നതിനു പകരം അവരുടെ തൊഴിലുകളായ കൃഷിയിലും കയറുണ്ടാക്കലും  കള്ളിനായി തെങ്ങും പനകളും ചെത്തുന്ന തൊഴിലുകൾ തുടരാനും സർക്കാർ അയച്ച മറുപടിയിലുണ്ടായിരുന്നു. സർക്കാരിന്റെ അവഗണനയിൽ  പൽപ്പു നിരാശനായിരുന്നു. മനുഷ്യത്വപരമല്ലാത്ത മറുപടിയിൽ ഡോ പൽപ്പുവിനു സർക്കാരിനോട് പുച്ഛമാണുണ്ടായത്‌. സർക്കാരിന്റെ പ്രകോപനപരമായ മറുപടിയിൽ  പല്പ്പുവിനെ കുപിതനാക്കുകയും ചെയ്തു. ഔദ്യോഗികമായ ആ കത്ത് ഈഴവ സമുദായത്തെ മുഴുവൻ അവഹേളിക്കും വിധമെന്നു പൽപ്പു ജനങ്ങളെ ബോധ്യപ്പെടുത്തികൊണ്ടിരുന്നു. അതിനു ശേഷം അദ്ദേഹം സ്വന്തം നാട്ടിൽ  ഇടയ്ക്കിടെ സന്ദർശിക്കുകയും പിന്നോക്ക വിഭാഗങ്ങളായ ഈഴവരെ സംഘടിപ്പിച്ച് രാജാവിനെതിരെ പ്രതിഷേധങ്ങളുയർത്തുകയും ചെയ്തിരുന്നു. സംഘിടത ശക്തിയുടെ ആവശ്യകതയും അദ്ദേഹം മനസിലാക്കി. അതിനായി, സർക്കാരിന്റെ വിവേചനങ്ങൾക്കെതിരെ  ഈഴവ സംഘടനകളും അദ്ദേഹത്തിൻറെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ തുടങ്ങി.


അധികാര വർഗങ്ങളുടെ സഹായത്തോടെ അനന്തപുരിയിലും തിരുവിതാംകൂറിന്റെ ഇതരഭാഗങ്ങളിലും മലബാറിലും കൊച്ചിയിലും ഈഴവരെ പീഡിപ്പിക്കുന്ന സംഭവ പരമ്പരകൾ ഡോ പൽപ്പുവിനെ വേദനിപ്പിച്ചിരുന്നു. ഈഴവർ ഒറ്റക്കെട്ടായി  അനീതിയ്ക്കെതിരെ പോരാടണമെന്നുള്ള  അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും വികാരങ്ങളും   ജനങ്ങളെ പറഞ്ഞു മനസ്സിലാക്കിയിരുന്നു.  അതിനായി 'വിശാല ഈഴവ സംഘടന' യെന്ന പേരിൽ ഒരു സംഘടനയുമുണ്ടാക്കി.  തിരുവനന്തപുരത്തു കൂടിയ ആദ്യ സമ്മേളനത്തിൽ മുന്നൂറിൽപ്പരം ജനം അന്ന് പങ്കെടുത്തിരുന്നു. 1900-ത്തിൽ ലോർഡ്‌ കർസൻ പ്രഭു തിരുവിതാംകൂർ സന്ദർശിച്ചപ്പോൾ പതിനായിരക്കണക്കിനു ഒപ്പുകൾ ശേഖരിച്ചുകൊണ്ട് ഒരു ഭീമ ഹരജി സർക്കാരിനു  സമർപ്പിക്കാൻ  ഈ സമ്മേളനത്തിനു  സാധിച്ചു.  ഈഴവരായി ജനിച്ചതുകൊണ്ടു തനിക്കും തന്റെ സ്വന്തം കുടുംബത്തിനുമുണ്ടായ കഷ്ടപ്പാടുകളെ സംബന്ധിച്ചും ഹർജിയിൽ വിവരിച്ചിട്ടുണ്ടായിരുന്നു. ഈ ഹർജിയെ' ഈഴവ മെമ്മോറിയൽ' എന്നറിയപ്പെടുന്നു. ആ നിവേദനം ഈഴവ ചരിത്രത്തെ മാറ്റിയെഴുതുന്ന ഒരു നാഴികക്കല്ലായിരുന്നു.


തിരുവിതാംകൂർ സർക്കാരിന്റെ ഈഴവർക്കെതിരെയുള്ള സാമൂഹിക അനീതിയ്ക്കെതിരെ പൽപ്പു ബ്രിട്ടീഷ് പാർല മെന്റെനെയും സ്വാധീനിക്കാൻ ശ്രമിച്ചു.  അദ്ദേഹത്തിൻറെ സ്വാധീനത്തിനു പുറമേ  പ്രസിദ്ധരായ ബാരിസ്റ്റർ ജീ.പി. പിള്ള, സ്വാമി വിവേകാനന്ദന്റെ  ശിക്ഷ്യ  സിസ്റ്റർ നിവിദിത്ത, എന്നിവരുടെ സഹകരണവും ലഭിച്ചിരുന്നു. ഇംഗ്ലണ്ടിൽ നിവേദനവുമായി പോകാനുള്ള ചെലവുകൾ കൂടുതലും വഹിച്ചിരുന്നത് പൽപ്പുവായിരുന്നു. അദ്ദേഹം  ഇംഗ്ലണ്ടിൽ  ഉപരി പഠനത്തിനു പോയപ്പോൾ ബ്രിട്ടീഷ് പാർലമെന്റ് അംഗം ദാദാബായി നവറോജിയെ കണ്ടുമുട്ടുകയും ഈഴവരുടെ പ്രശ്നം അവതരിപ്പിക്കുകയും ചെയ്തു. പൽപ്പുവിന്റെ ശ്രമഫലങ്ങൾ ഫലവത്താകുകയും ഈഴവരുടെ സ്ഥിതിവിവരങ്ങളറിയാൻ ഇന്ത്യയിലെ ബ്രിട്ടീഷ് സർക്കാർ ഒരു കമ്മീഷനെ നിയമിക്കുകയും ചെയ്തു.


സ്വാമി വിവേകാനന്ദൻ, സരോജനീ നായിഡു എന്നിവരെപ്പോലുള്ള ദേശീയ നേതാക്കളുമായി ഡോക്ടർ പല്പ്പുവിനു സൗഹാർദ ബന്ധങ്ങളുണ്ടായിരുന്നു. വർഗീയ വാദിയെന്ന്  ചിലർ പല്പ്പുവിനെ മുദ്ര കുത്തിയപ്പോൾ 'മഹാനായ വിപ്ലവകാരി'യെന്നു സരോജനി നായിഡു അദ്ദേഹത്തെ വിശേഷിപ്പിച്ചു. വിവേകാനന്ദൻ മൈസൂറിൽ സന്ദർശിക്കുന്ന   വേളകളിലെല്ലാം  പല്പ്പുവും വിവേകാനന്ദനും തമ്മിൽ  ഒന്നിച്ചു യാത്രകൾ ചെയ്യുകയും ആത്മീയമായ ബന്ധങ്ങൾ ഇരുവരും സുസ്ഥിരമാക്കുകയും ചെയ്തിരുന്നു.


ഡോക്ടർ പല്പു ജോലിയിൽ നിന്നു  വിരമിച്ച ശേഷം 'മലബാർ സാമ്പത്തിക യൂണിയൻ' എന്നൊരു വ്യവസായ സ്ഥാപനം തുടങ്ങി. അതിലെ ആദായം പൊതു ജനങ്ങളുടെ ക്ഷേമത്തിനായും ഉപയോഗിച്ചു. കേരളത്തിലാണെങ്കിലും പിന്നോക്ക സമുദായക്കാർക്കു വേണ്ടി അദ്ദേഹം  സാമൂഹിക സേവനങ്ങളിൽ ഏർപ്പെട്ടിരുന്നു.  ഈഴവരുടെ ദുരവസ്തകളെ സംബന്ധിച്ച് ഇംഗ്ലീഷ് പത്രങ്ങളിൽ  ലേഖനങ്ങളെഴുതിയിരുന്നു.  രചിച്ച പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത് സ്വന്തം ചെലവിലായിരുന്നു.  തീയരോടുള്ള അവഗണനകൾ, തിരുവിതാം കൂർ  സർക്കാരിന് സമർപ്പിച്ച മെമ്മോറാണ്ടങ്ങൾ, പത്രങ്ങളിൽ വന്ന സാമൂഹിക കുറിപ്പുകൾ മുതലായ ലേഖന സമാഹാരങ്ങൾ പുസ്തകരൂപത്തിലുമുണ്ട്.  കേരളത്തിലെ ഈഴവരുടെ സാമൂഹിക പശ്ചാത്തലങ്ങളെ വിശകലനം ചെയ്തുകൊണ്ടുള്ള ലേഖനങ്ങൾ അദ്ദേഹം ഇംഗ്ലീഷിലുളള മാസികകളിലും ദിനപത്രങ്ങളിലും പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. ലേഖനങ്ങൾ സമാഹരിച്ച് 'കേരളത്തിലെ തീയരോടുള്ള പെരുമാറ്റം' എന്ന പേരിൽ ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിരുന്നു. സി കേശവന്റെ രാഷ്ട്രീയ ചിന്തകളിൽ അദ്ദേഹത്തിന്റെ പിന്തുണയുമുണ്ടായിരുന്നു.  പുറത്തുനിന്നു വരുന്ന ദിവാന്മാർ അവരുടെ നാട്ടുകാർക്ക് ഉയർന്ന ജോലികളിൽ മുൻഗണന നല്കുന്നതിലും ഈഴവരെ ജാതിയുടെ പേരിൽ സർക്കാർ ജോലികളിൽ അകറ്റി നിർത്തുന്നതിലും പൽപ്പു പ്രതിഷേധിച്ചിരുന്നു. ബ്രിട്ടീഷ് പാർലമെന്റ്  അംഗമായിരുന്ന ദാദാബായി നവറോജി ദളിതരുടെ പ്രശ്നങ്ങൾ അവിടെ പാർലിമെന്റിൽ അവതരിപ്പിച്ചതും പല്പ്പുവിന്റെ ശ്രമഫലങ്ങൾ കൊണ്ടായിരുന്നു.


സാമൂഹിക വ്യവസ്ഥകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കൊപ്പം ആദ്ധ്യാത്മിക ചിന്തകളിലേയ്ക്കും  ഡോ പൽപ്പു സമയം കണ്ടെത്തിയിരുന്നു. വേദങ്ങളിലും സത്യത്തിന്റെ വഴിയായ ധർമ്മത്തിലും അദ്ദേഹം വിശ്വസിച്ചിരുന്നു. പരമമായ സത്യം, നിസ്വാർത്ഥമായ സ്നേഹം, മറ്റുള്ളവർക്കുവേണ്ടിയുള്ള  ആത്മാർത്ഥമായ  സേവനം  എന്നിവകൾ പൽപ്പുവിന്റെ ജീവിത ദർശനങ്ങളായിരുന്നു. ശ്രീ നാരായണ ഗുരുവിന്റെ വലം കൈയായി  ജീവകാരുണ്യ പ്രവർത്തനങ്ങളിൽക്കൂടി  അദ്ദേഹവും കർമ്മ നിരതനായി പ്രവർത്തിച്ചു.  മിഥ്യാചാരങ്ങളെയും കപട വിശ്വാസങ്ങളെയും സാമൂഹിക ദ്രോഹങ്ങളെയും പുരോഹിത കുടിലിതകളെയും എതിർക്കുകയെന്നതു സ്വന്തം ധർമ്മമായി അദ്ദേഹം കരുതിയിരുന്നു. നാരായണ ഗുരുവിന്റെ തത്ത്വജ്ഞാനപരമായ സന്ദേശങ്ങളായിരുന്നു അദ്ദേഹം ഹൃദയത്തിൽ ഉള്ക്കൊണ്ടിരുന്നത്. "ധർമ്മത്തിൽ ഒരു ജാതി മാത്രമേയുള്ളൂ, ഒരു മതവും ആ മതത്തിൽ ഒരു ദൈവവും. ആ ധർമ്മമാണ് നമ്മുടെ ദൈവവും സത്യവും.   മനുഷ്യരെല്ലാം ധർമ്മാനുവർത്തിയായി നിയമങ്ങൾ പാലിക്കേണ്ടതും  ഒരേ ദൈവത്തിൽ മാത്രം."


ധർമ്മം നിലനിർത്താൻ പൽപ്പു എന്തു സഹനങ്ങൾക്കും തയ്യാറായിരുന്നു. ധർമ്മത്തിനായി, കർമ്മ നിരതനായി പ്രവർത്തിക്കാൻ  സ്വന്തം കുട്ടികളുടെ ഭാവി പോലും ചിന്തിച്ചിരുന്നില്ല. ആദർശങ്ങൾ പ്രസംഗിക്കുന്നതിനൊപ്പം സ്വന്തം ജീവിതവും മറ്റുള്ളവർക്ക്  മാതൃകയായിരുന്നു. അദ്ദേഹത്തിനുണ്ടായിരുന്ന എല്ലാ സ്വത്തുക്കളും കുട്ടികളുടെയും ഭാര്യയുടെയും സ്വത്തുക്കളും സമൂഹത്തിനായി അവരുടെ പുരോഗതിക്കായി കൊടുത്തു. അദ്ദേഹം പറഞ്ഞതിങ്ങനെ, "നാം എല്ലാം പൊതു സേവകരാണ്. സമൂഹത്തിന്റെ നന്മക്കായി ഒത്തൊരുമിച്ചു പ്രവർത്തിക്കണം. അതിനായി സമൂഹത്തിന്റെ കെട്ടുറപ്പും  സാമ്പത്തിക സുസ്ഥിരതയും  നേടണം. പാവങ്ങൾക്കായി ഒരു പൊതു ഫണ്ടും രൂപീകരിക്കണം. ഞാൻ അതുകൊണ്ട് എനിക്കുള്ള സ്വത്തുക്കൾ മുഴുവനും ഭാവി വരുമാനവും എന്റെ ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും  സ്വത്തുക്കളും സമൂഹത്തിനു മൊത്തമായി നല്കുന്നു."


ഭാരതം റിപ്പബ്ലിക്കാകുന്നതിനു ഒരു ദിവസം മുമ്പ് 1950 ജനുവരി ഇരുപത്തിയഞ്ചാം തിയതി പൽപ്പു മരിച്ചു. അന്ന് രാഷ്ട്രത്തിനു മഹാനായ ഒരു നേതാവിനെ, ജീവകാരുണ്യ പ്രവർത്തകനെ  നഷ്ടപ്പെട്ടതിൽ മനുഷ്യ സ്നേഹികളായ എല്ലാവരും ഒന്നുപോലെ വിലപിച്ചു. വിപ്ലവകാരിയായ ആ മഹാന്റെ സ്വാധീനത്തിലാണ് പില്ക്കാലത്ത് കുമാരൻ ആശാൻ, ടീ.കെ. മാധവൻ, സഹോദരൻ അയ്യപ്പൻ എന്നിവർ ഈഴവരുടെ സാമൂഹിക പരിഷ്ക്കർത്താക്കളായി രംഗത്ത് വന്നത്. കുമാരനാശാനെ ചിന്നസ്വാമിയെന്നു പൽപ്പു വിളിച്ചിരുന്നു. പെരിയ സ്വാമി നാരായണ ഗുരുവും.  ശ്രീ നാരായണ ഗുരുവിന്റെ സന്ദേശം പ്രചരിപ്പിക്കാനായി ശ്രീ നാരായണ ഗുരുകുലം സ്ഥാപിച്ച സ്വാമി ഡോക്ടർ നടരാജ ഗുരു  ഡോക്ടർ പല്പ്പുവിന്റെ മകനായിരുന്നു. (തുടരും )
------------------------------------------------------

Narayana Guru, Dr. Palpu



Nadaraja Guru (Palpu's Son)
kumaran Asan, N.Guru, Palpu

Palpu's Home

Kumaran Asan

Palpu's Wife


1 comment:

  1. വളരെ നല്ല ഒരു ലേഖനം ആണ് അങ്ങ് എഴുതിയിരിക്കുന്നത്.
    അങ്ങയ്ക്ക് നല്ലത് വരട്ടെ എന്നും....

    ReplyDelete

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...