Sunday, August 21, 2016

നഗ്നസന്യാസികളും ഭാരതീയ ദര്‍ശനങ്ങളും



ജോസഫ് പടന്നമാക്കൽ

പ്രാചീനകാലം മുതൽ ഭാരതം വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളുമായ ആചാരങ്ങളുടെ സംസ്ക്കാര .കേന്ദ്രങ്ങളായിരുന്നു.  നാനാത്വത്തിൽ ഏകത്വമെന്ന താത്ത്വികത അക്ഷരംപ്രതി യാഥാർഥ്യമാകുന്നതും വേദങ്ങളുടെയും ഉപനിഷത്തുക്കളുടെയും നാടായ ഭാരത ഭൂമിയിൽ തന്നെയാണ്. അന്ധവിശ്വാസങ്ങളടങ്ങിയ ആചാരങ്ങളും ഭാഷയും സംസ്ക്കാരവും ജാതിവ്യവസ്ഥകളും വസ്ത്രധാരണ രീതികളും ഭാരതത്തിലുടനീളം വ്യത്യസ്തമായി കാണാൻ സാധിക്കും. പാമ്പാട്ടികളും കുഴലൂത്തും പള്ളിപ്പെരുന്നാളും അമ്പല പൂരങ്ങളും ചെണ്ടകൊട്ടുകളും വെടിക്കെട്ടും ബാങ്ക് വിളികളും ജ്യോതിഷവും പ്രവചനവും അങ്ങനെയങ്ങനെ ഈ നാടിനെ വിവിധ സംസ്ക്കാര പാരമ്പര്യങ്ങളാൽ നിറമുള്ളതാക്കിയിരിക്കുന്നു. ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളിൽ ദിഗംബരം സന്യാസികൾ വിചിത്രങ്ങളായ വിശ്വാസങ്ങളെ പുലർത്തുന്നതും കാണാം. മോഷ പ്രാപ്തിക്കായി നഗ്നതയെ അവർ സ്വീകരിക്കുന്നു. അവരുടെ വിശ്വാസപ്രകാരം സ്ത്രീകൾക്ക് മോഷമില്ല. ജന്മജന്മാന്തരങ്ങളിൽക്കൂടി അവർ പുരുഷന്മാരായി ജനിച്ചു നഗ്നത സ്വീകരിച്ചാൽ മാത്രമേ മോഷം ലഭിക്കുമെന്നും ദിഗംബര സന്യാസികൾ വിശ്വസിക്കുന്നു. ലൗകിക സുഖങ്ങളെല്ലാം വെടിഞ്ഞുള്ള ഒരു ജീവിതമാണ് അവർ കൈക്കൊണ്ടിരിക്കുന്നത്.


ദിഗംബരന്മാരെപ്പറ്റിയും അവരുടെ നഗ്നത ജീവിതത്തെപ്പറ്റിയും പരിഹസിച്ചുള്ള ലേഖനങ്ങൾ പത്രങ്ങളിലും  മറ്റു മാധ്യമങ്ങളിലും സാധാരണമാണ്. താത്ത്വികമായി ചിന്തിക്കുകയാണെങ്കിൽ അവരുടെ ആത്മാവിൽ കുടികൊണ്ടിരിക്കുന്ന നഗ്നത പരബ്രഹ്മത്തിൽ ലയിക്കാനുള്ള ഒരു പ്രയാണമെന്നും കാണാം. സന്യാസിമാർ നഗ്നരായി നടക്കുന്ന കാര്യങ്ങളെപ്പറ്റി ധാരാളം ചോദ്യങ്ങൾ ലോകത്തിന്റെ നാനാഭാഗത്തുനിന്നും പൊന്തിവരാറുണ്ട്. അതിനുള്ള ഉത്തരങ്ങൾ വളരെ താണ നിലവാരം മുതൽ ഉപനിഷത്തു വരെയുണ്ട്. അവർ നഗ്നരായി നടക്കുന്നത് സാംസ്ക്കാരികതയ്ക്ക് എതിരെങ്കിൽ സർക്കാരിന് നിയമപരമായ നടപടികൾ കൈക്കൊള്ളാൻ സാധിക്കുമായിരുന്നു. അങ്ങനെയൊരു നിയമം ഇല്ലാത്തതിനാൽ അവരുടെ നഗ്നതയെ ആർക്കും ചോദ്യം ചെയ്യാനും സാധിക്കില്ല.


ചരിത്രത്തിലേക്ക് ഒന്ന് അവലോകനം ചെയ്യുകയാണെങ്കിൽ അനാദിയായ കാലം മുതൽ സന്യാസാശ്രമങ്ങൾ ഭാരതത്തിലുണ്ടായിരുന്നതായി കാണാൻ സാധിക്കും.  പാശ്ചാത്യരുടെ ചിന്താഗതികൾക്കുപരി സന്യാസജീവിതം ആരംഭിച്ചത് മനുഷ്യരാരും തുണി ധരിക്കാത്ത കാലങ്ങളിലായിരുന്നുവെന്നും അനുമാനിക്കുന്നു. തുണികൾ നെയ്തെടുക്കാൻ തുടങ്ങിയ കാലഘട്ടത്തിലും സിൽക്കിന്റ ആവീർഭാവത്തിലും സന്യാസിമാരുടെ നഗ്നത തുടർന്നുകൊണ്ടിരുന്നു. അക്കാലത്തെ ആദ്ധ്യാത്മിക ഗുരുക്കൾ അവരനുഷ്ഠിച്ചു വന്നിരുന്ന ആത്മീയാചാരങ്ങൾക്ക് മാറ്റങ്ങൾ വരുത്താതെ അതിന്റെ തനിമയിൽ നിലനിർത്താനാഗ്രഹിച്ചു. പിന്നീട് പരിഷ്‌ക്കാരത്തിന്റെയും മാറ്റത്തിന്റേതുമായ പരിവർത്തന കാലഘട്ടങ്ങളിൽ സാധാരണക്കാരായ ജനങ്ങൾ അത്തരം ആചാരങ്ങളെ തിരസ്ക്കരിക്കുകയാണുണ്ടായത്.


വിവിധ സംസ്ക്കാരങ്ങളുടെയും ജാതികളുടെയും ഭാഷകളുടെയും നാടായ ഭാരതത്തിൽ അദ്ധ്യാത്മികതയുടെ പരിവേഷവുമായി കാണപ്പെടുന്ന നഗ്നസന്യാസികൾ ഗവേഷണ തല്പരരായവർക്കു കൗതുകകരമാണ്. ഭാരതത്തിലെ പൗരാണികമായ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളിൽ അവരെപ്പറ്റി പരാമർശിച്ചിട്ടുണ്ട്. ആര്യന്മാരുടെ വേദമായ ഋഗ് വേദത്തിലും പുരാണങ്ങളിലും നഗ്‌ന ഗുരുക്കളെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്. വേദബ്രാഹ്മണർ നഗ്നഗുരുക്കളെ ശരിയായി മനസിലാക്കിയിട്ടില്ലെങ്കിലും എന്തോ ആത്മീയമായ ഒരു ശക്തിവിശേഷം അവരിലുണ്ടെന്നു വിശ്വസിച്ചിരുന്നു. ഭാരതത്തിൽ വേദിക്ക് മതങ്ങളുടെയും ആര്യൻ മതങ്ങളുടെയും ഉത്ഭവങ്ങൾക്കു മുമ്പുതന്നെ നഗ്ന സന്യാസിമാരുണ്ടായിരുന്നുവെന്നും അനുമാനിക്കുന്നു. അവരുടെ വേദഗ്രന്ഥങ്ങളെ 'ആഗമാസ്(Agamas)' എന്ന് പറയുന്നു. ആഗമാസ്,(Agamas)ജൈനന്മാരുടെ ആചാര്യനായ തീർത്ഥങ്കര സ്വാമികളരുളിയ വേദപുരാണമാണ്. പിന്നീട് വൈദികകാലങ്ങളിലുണ്ടായ തന്ത്രശാസ്ത്രങ്ങളിലും  ഉൾക്കൊള്ളിച്ചിരിക്കുന്നത്'  അതേ തത്ത്വസംഹിതകൾ തന്നെയാണ്. ആദ്യകാലങ്ങളിലുണ്ടായിരുന്ന 'ആഗമാസ്' തത്ത്വങ്ങൾ സംഭാഷണരൂപത്തിലുള്ള കൃതികളായിരുന്നു.  പരമ ശിവന്റെ വായിൽനിന്നും പൊഴിയുന്ന  തത്ത്വങ്ങൾ  പാർവതിദേവി ഒരു ശിഷ്യയെപ്പോലെ സസൂഷ്മം ശ്രദ്ധിക്കുന്നതായിരുന്നു. അതേ  തത്ത്വങ്ങൾ വേദിക്ക് പുസ്തകങ്ങളിൽ ഉപനിഷത്തുകളിലുമുണ്ട്. ആഗമാസ് വേദഗ്രന്ഥം പറയുന്നത്, സന്യാസത്തിന്റെ അത്യുച്ഛകോടിയിൽ എത്തുന്നവർക്കേ നഗ്‌ന സന്യസ്‌തം സ്വീകരിക്കാൻ സാധിക്കൂവെന്നാണ്. പരിത്യാഗികളായി ലോകത്ത് ജീവിക്കുന്നവർക്ക് ഒരു പഴുന്തുണിയുടെ ആവശ്യംപോലുമില്ല.


മറ്റൊരു അഭിപ്രായമുള്ളത് ചിലർ വേദങ്ങളുടെ പ്രാഥമികതത്ത്വങ്ങള്‍ ഉപദേശിക്കും. എന്നിട്ടു അവരുടെ ലിംഗത്തെ ഒളിച്ചു വെക്കും. ലിംഗമെന്നു പറയുന്നത് പരമശിവനായ ദൈവത്തിന്റെ പരിശുദ്ധമായ അടയാളമെന്ന് അവർ മനസിലാക്കുന്നില്ല. 'ശിവലിംഗം' പ്രപഞ്ച സൃഷ്ടിയുടെയും അടയാളമാണ്. സുഖോപഭോഗനിഷേധം തത്വങ്ങളായി കണക്കാക്കി തപസു ചെയ്തുകൊണ്ടുള്ള സന്ന്യാസം വേദങ്ങൾക്കു മുമ്പുള്ള മതങ്ങൾ അനുവർത്തിച്ചു പോന്നിരുന്നു. ആഡംബരത്തെ ത്യജിച്ചുള്ള ഈശ്വരനിലേക്കുള്ള ഒരു വഴിയാണിത്. ഒരു വശത്തു ഭൗതികമായ എല്ലാ സുഖ സൗകര്യങ്ങളെ ത്യജിക്കുകയും മറുവശത്ത് വിഷയാസക്തി തിരസ്ക്കരിക്കുകയും ചെയ്യുന്നുണ്ട്. ഈ സന്യാസിമാർ എന്തെങ്കിലും വാഗ്ദാനങ്ങളോ വൃതങ്ങളോ എടുക്കാറില്ല. നഗ്നമായി നടക്കുകയെന്നത് അവരുടെ ജീവിതത്തിന്റെ ഭാഗമെങ്കിലും വസ്ത്രങ്ങൾ ധരിക്കുന്നതിൽ നിയമത്തിനെതിരല്ല. തീവ്രമായ തണുപ്പിലും അസുഖം വരുമ്പോഴും അവർ വസ്ത്രങ്ങൾ ധരിക്കാറുണ്ട്.


മഹാവീര സ്ഥാപിച്ച  ജൈനന്മാരുടെ  പിൻഗാമികളിൽ  രണ്ടു ആത്മവിദ്യാലയങ്ങളാണ് ദിഗംബരയും  ശ്വേതംബരയും. ശ്വേതംബരക്കാരെ വെള്ളവസ്ത്രം ധരിച്ചവരെന്നും പറയും. ദിഗംബരയെ ആകാശം വസ്ത്രമായി ധരിച്ചവരെന്നും അറിയപ്പെടുന്നു.  സാധാരണ നഗ്നത എന്നാണ് ആ വാക്കിനർത്ഥം കല്പിക്കാറുള്ളത്.  'ദിഗംബരം' എന്ന പദത്തിനുള്ളിൽ നിഗൂഢമായ അർത്ഥങ്ങളും ഒളിഞ്ഞിരിപ്പുണ്ട്.   ദിഗംബരയെന്നത് 'ദിഗം, അമ്പര' എന്നീ സംസ്കൃതത്തിലെ രണ്ടു വാക്കുകൾ ലോപിച്ചുണ്ടായതാണ്. 'ദിഗ്' എന്നു പറഞ്ഞാൽ 'ദിക്ക്' അല്ലെങ്കിൽ 'മാർഗ'മെന്നും 'അമ്പര' എന്നു പറഞ്ഞാൽ വസ്ത്രമെന്നുമാണ് അർത്ഥം. അവരുടെ വസ്ത്രങ്ങൾ കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് എന്നീ നാല് ദിക്കുകളടങ്ങിയ നീലാകാശമാണ്. അവരുടെ സന്യാസികൾ വീണുകിടക്കുന്ന മയിൽപ്പീലികൾകൊണ്ട് നിർമ്മിച്ച ചൂലും വെള്ളം നിറച്ച പാത്രവും ഒപ്പം വേദ ഗ്രന്ഥവും കൂടെ കൊണ്ടുനടക്കുന്നു. ദിഗംബരന്മാരിൽ ഏറ്റവും പേരുകേട്ട പണ്ഡിതൻ 'കുണ്ട കുണ്ട' എന്ന സന്യാസിയാണ്. 'സമയ സാരാ', 'പ്രവചന സാരാ' എന്നീ പ്രാകൃത ഗ്രന്ഥങ്ങൾ രജിച്ചത് അദ്ദേഹമാണ്. 'ധവല'യെന്ന വേദഗ്രന്ഥം രജിച്ച വീരസേന മറ്റൊരു ആചാര്യനാണ്.


ഭൂരിഭാഗം സന്യാസിമാരും നഗ്നരായിരിക്കണമെന്ന നിയമ സംഹിതകളെപ്പറ്റി അറിവില്ല.  മഹാവീരായുടെയും ഗൗതമ ബുദ്ധന്റെയും കാലം മുതൽ തുടങ്ങിയ സന്യാസിമാരുടെ നഗ്നത്വം ഇന്നും തുടരുന്നുവെന്നതാണ് സത്യം. ശ്രീ ബുദ്ധൻ മരിക്കുന്നതുവരെ നഗ്നനായി ജീവിച്ചുവെന്നാണ് നഗ്ന ദിഗംബര സന്യാസികൾ വിശ്വസിക്കുന്നത്. ബുദ്ധന്റെ അനുയായികൾ പിന്നീട് കുപ്പായം നിർദേശിച്ചു കാണുമെന്നാണ് അനുമാനം. 'ശ്വേതംബര' ജൈനന്മാർ വെളുത്ത വസ്ത്രം ധരിക്കുമ്പോൾ ദിഗംബരന്മാർ ചില സമയങ്ങളിൽ മാത്രമേ വസ്ത്രം ധരിക്കുകയുള്ളൂ.  എന്നാൽ നഗ്നരായി സദാ ജീവിക്കണമെന്നും അവരുടെ മതം പ്രതീക്ഷിക്കുന്നുണ്ട്. ജൈനന്മാരിൽ സന്യാസികളല്ലാത്തവരായ സാധാരണക്കാർ ഒരിക്കലും നഗ്നത പരിപാലിച്ചിട്ടില്ല.


ഒരു ഗൃഹനാഥൻ അവന്റെ വസ്ത്രങ്ങളാൽ ബാഹ്യ പരിസ്ഥിതിയുമായി വേറിട്ടിരിക്കുന്നു. അവൻ വസ്ത്രങ്ങൾ മാറ്റുമ്പോൾ വസ്ത്രങ്ങളുടെ സ്ഥാനത്ത് ചർമ്മങ്ങൾ അവന്റെ ചുറ്റുമുള്ള പരിസ്ഥിതിയുമായി വേർതിരിക്കുന്നു. അവൻ ജീവന്റെയും പ്രകൃതിയുടെയും അഖണ്‌ഡതയെ മനസിലാക്കുന്നില്ല. എന്നാൽ ഒരു സന്യാസിയെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല. അവൻ 'ദിഗംബരൻ' ആയിരിക്കുമ്പോൾ അവനെന്ന സത്തയിൽ ആത്മത്തെ തിരിച്ചറിയുന്നു. ഏകതാ മനോഭാവം പുലർത്തുന്നു. അവൻ സ്വയാധിപത്യമുള്ള പരിപൂർണ്ണനും എല്ലാമടങ്ങിയവനെന്നും വിശ്വസിക്കുന്നു. അവരിലെ അദ്ധ്യാത്മികതയെ കൂടുതൽ ഉറപ്പിച്ചുകൊണ്ട് മിഥ്യാബോധത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.


ദിഗംബര ജൈനന്മാർ അവരുടെ ദേവനായ തീർത്ഥങ്കര സ്വാമികളുടെ നഗ്നപ്രതിമകളെ ആരാധിക്കുന്നു. തീർത്ഥങ്കര സ്വാമികൾ സര്‍വ്വജ്ഞരെന്നാണ് വെപ്പ്. ജൈനബിംബങ്ങൾ സാധാരണ യോഗാസന രീതികളിലായിരിക്കും പ്രതിഷ്ഠിച്ചിരിക്കുന്നത്. ദിഗംബര ജൈനർ നഗ്നദേവ ബിംബങ്ങളുടെ മുമ്പിൽ നിന്നുകൊണ്ട് അവരുടെ ശേഷിച്ച ജീവിതം മുഴുവൻ പൂർണ്ണമായ നഗ്നരൂപങ്ങളായിരിക്കുമെന്നും പ്രതിജ്ഞ ചെയ്യുന്നു. അവരുടേതായ നിയമ പരിപാലനങ്ങൾ കൂടുതലും വ്യക്തിഗതവും നിരുപാധികവുമാണ്. നഗ്നതയുടെ മാഹാത്മ്യത്തിൽക്കൂടി ഒരുവനിൽ എളിമയുണ്ടാക്കുന്നു.


വേദങ്ങൾക്കും മുമ്പുണ്ടായിരുന്ന ആദ്യഭാരതീയരുടെ വേദശാസ്ത്രമായ 'ആഗമാസിനു' പടിഞ്ഞാറുള്ള എഴുത്തുകാർ പ്രാധാന്യമൊന്നും കല്പിച്ചിരുന്നില്ല. ഋഗ്‌വേദം, സാമവേദം പോലുള്ള ചതുർവേദങ്ങളുടെ തർജ്ജിമകൾക്കാണ് പാശ്ചാത്യർ സമയം ചെലവഴിച്ചിരുന്നത്. വേദങ്ങളുടെ ഗ്രന്ഥപ്പുരയിൽനിന്നും അടുക്കിവെച്ചിരുന്ന സനാതന കൃതികൾ ആദ്യമായി വെളിച്ചത്തു കൊണ്ടുവന്ന് തർജ്ജിമകൾ നടത്തിയതും യൂറോപ്യന്മാരായിരുന്നു. വാസ്തവത്തിൽ ഇന്ത്യയുടെ നാലായിരം വർഷത്തോളമുള്ള ചരിത്രത്തിൽ അദ്ധ്യാത്മകതയെ കാത്തു സൂക്ഷിച്ചിരുന്നത് ആഗമാസ്' പഠനങ്ങളായിരുന്നു. പുരാണങ്ങളിൽ പറഞ്ഞിരിക്കുന്ന തത്ത്വസംഹിതകൾ 'ആഗമാസ്' വേദഗ്രന്ഥത്തെ അടിസ്ഥാനമാക്കിയുള്ളതെന്നും സ്പഷ്ടമാണ്. ഇന്ത്യയുടെ ആദ്ധ്യാത്മികതയുടെ അടിസ്ഥാനം വേദങ്ങളോ പുരാണങ്ങളോ ഉപനിഷത്തുകളോ ഭഗവദ്ഗീതയോ അല്ല. 'ആഗമാസ്' വേദപുരാണങ്ങളെന്നു ചരിത്ര ഗവേഷകർ സാക്ഷ്യം വഹിക്കുന്നു. ആവാതു ഗീതയും ജീവന്മുക്തി ഗീതയും സാധാരണ സന്യാസിമാർ മാത്രമേ പഠിക്കുകയുള്ളൂ. ആദ്ധ്യാത്മികതയുടെ ഉയർന്ന പഠനങ്ങളായിട്ടാണ് ഈ കൃതികളെ കണക്കാക്കുന്നത്. ആര്യൻ വേദങ്ങൾ പഠിപ്പിക്കുന്നതിനെയെല്ലാം ഈ കൃതികൾ തിരസ്ക്കരിക്കുന്നതും കാണാം.


പ്രകൃതിയുമായി ഒത്തു ചേർന്നുകൊണ്ട് പ്രകൃതിയുടെ പുത്രനായി ജീവിക്കുകയെന്ന തത്ത്വമാണ് നഗ്നസന്യാസികൾ അവലംബിച്ചിരിക്കുന്നത്. അവർക്കെന്നും പ്രചോദനം നൽകിയിരുന്നത് പ്രകൃതിയും പച്ച വിരിച്ച മലകളും വൃക്ഷലതാതികളടങ്ങിയ കാടുകളും പൂർണ്ണ ചന്ദ്രനും സൂര്യോദയവുമായിരുന്നു. എല്ലാ ഉപനിഷത്തുകളും ഗീതയും പഠിപ്പിക്കുന്നത് വളരെ ലളിതവും എന്നാൽ അനിവാര്യമായ സത്യവുമെന്നും അവർ വിശ്വസിക്കുന്നുണ്ട്. നാമെല്ലാം സമായാധിഷ്ഠിതമായ, ഒരു പ്രത്യേക നിയമത്തിനധീനമായ മേനിയുടെ ചട്ടക്കൂട്ടിലുള്ളവരല്ല. എന്നാൽ നിത്യമായ ആത്മാവുമാകുന്നുവെന്ന് ഭഗവാൻ ശ്രീകൃഷ്ണനും പറയുന്നു. അതുകൊണ്ടു അനശ്വരമായ ആത്മത്തിനെ നാം എന്തിനു ഒളിച്ചുവെയ്ക്കണം. ആത്മാവും പ്രാപഞ്ചികത നിറഞ്ഞ മനുഷ്യനിൽ തന്നെ കുടി കൊള്ളുന്നു.


നഗ്‌നരായ ദിഗംബര സന്യാസികളാവുന്നവർക്ക് ചില വ്രതങ്ങളും അനുഷ്ഠിക്കേണ്ടതായുണ്ട്. അഹിംസാ സിദ്ധാന്തം അതിൽ പരമ പ്രാധാന്യം അർഹിക്കുന്നു. ഒരു ജീവജാലങ്ങളെപ്പോലും മുറിവേൽപ്പിക്കുകയോ കൊല്ലുവാനോ പാടില്ല. അങ്ങനെ ചിന്തിക്കുന്നതുപോലും പാപമാണ്. സദാ സത്യം മാത്രം പുലർത്തുകയും സംസാരിക്കുകയും വേണം . നന്മയുടെ പ്രവൃത്തികൾ മാത്രമേ പാടുള്ളൂ. അവരുടെ പ്രവർത്തികളും വാക്കുകളും നന്മ പ്രാദാനം ചെയ്യുന്നതും ആചാരോപചാരങ്ങളോടെയുമായിരിക്കണം. ഒരുവൻ സ്വമനസ്സാലെ തരാതെ യാതൊന്നും സ്വീകരിക്കരുത്. മറ്റുള്ളവരുടെ മനസിനെ ഒരിക്കലും വേദനിപ്പിക്കരുത്. സദാ കർമ്മനിരതരായിക്കൊണ്ട് മറ്റുള്ളവർക്ക് മാതൃകയായി ജീവിച്ചും ബ്രഹ്മചര്യവും അനുഷ്ടിക്കണം. ഒരു സന്യാസി സർവ്വതും ത്യജിച്ചുകൊണ്ടുള്ള  ആത്മത്യാഗപരമായ ഒരു ജീവിതമായിരിക്കണം നയിക്കേണ്ടത്. സന്യാസവൃതം ഒരിക്കൽ സ്വീകരിച്ചു കഴിഞ്ഞാൽ സ്വന്തം ജീവിതത്തെ ദർശിക്കേണ്ടത് അന്തഃസ്ഥിതവും ബാഹ്യവുമായ സംഗതികൾ കൈവെടിഞ്ഞും ഇഹലോകാസക്തി പൂർണ്ണമായും നിരസിച്ചുകൊണ്ടുമായിരിക്കണം.


ഇന്ത്യയിലെ ബനാറസ് പട്ടണത്തിൽക്കൂടി ആർക്കു വേണമെങ്കിലും നഗ്നരായി നടക്കാം. പുണ്യതീർത്ഥം തേടി വരുന്ന ജനമായതുകൊണ്ട് ആരും ആരെയും അവിടെ ശ്രദ്ധിക്കില്ല. യാചകരാണെങ്കിലും സർവ്വതും ത്യജിച്ചവരെപ്പോലെ ത്യാഗികളെപ്പോലെ തങ്ങളുടെ ലിംഗാവയവങ്ങളെ മറയ്ക്കാതെ നടക്കുന്നത് കാണാം. ബ്രഹ്മചര്യവും അവർ അനുഷ്ഠിക്കുന്നു.  കഠിനമായ കുറ്റകൃത്യങ്ങൾ ചെയ്തവരും കൊലയാളികളുംവരെ പാപ പരിഹാരാർത്ഥം ഗംഗയുടെ സമീപത്തുകൂടി നഗ്നരായി നടക്കും.


വിദേശത്തുനിന്ന് ഇന്ത്യയുടെ ആദ്ധ്യാത്മികവും സാംസ്‌കാരികവുമായ ചരിത്രങ്ങളെ പഠനവിഷയങ്ങളാക്കാൻ വരുന്ന സന്ദർശകർക്ക് ഇന്ന് അധികമൊന്നും നഗ്നസന്യാസിമാരെ കാണാൻ സാധിക്കുന്നില്ല. വിദേശ സഞ്ചാരികൾ ഒത്തുകൂടുന്ന സ്ഥലങ്ങളിലോ പട്ടണ പ്രദേശങ്ങളിലോ ഇവർ ഇന്ന് സമ്മേളിക്കാറില്ലന്നുള്ളതാണ് കാരണം. ആധുനിക വിദ്യാഭ്യാസം മൂലവും സാക്ഷരത വർദ്ധിച്ചതുകൊണ്ടും പാശ്ചാത്യ സാംസ്ക്കാരിക സ്വാധീനംമൂലവും ഇവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുകളും വന്നിട്ടുണ്ട്. സ്‌കൂൾ വിദ്യാർത്ഥികളും യുവാക്കളും നഗ്നഗുരുക്കളെ കണ്ടാൽ പരിഹസിക്കുന്നതുകൊണ്ട്   പൊതുസ്ഥലങ്ങളിൽ അവർ അപ്രത്യക്ഷരാകാൻ  കാരണമായി. ജൈനന്മാർ നഗ്നത്വം ആദ്ധ്യാത്മികതയുടെ ഭാഗമായി ഇന്നും ആചരിക്കുന്നുണ്ടെങ്കിലും ഹിന്ദുക്കളായ നഗ്നഗുരുക്കളുടെ എണ്ണം വളരെയധികം കുറഞ്ഞിട്ടുണ്ട്. വഴിയോരങ്ങളിൽ കാണുന്ന നഗ്നഗുരുക്കൾ ഭൂരിഭാഗവും ജൈനന്മാരാണെന്നും കാണാം. പൊതുസ്ഥലങ്ങളിൽ നഗ്നത പാടില്ലാന്നു പല പട്ടണങ്ങളിലും നിയമം പാസ്സാക്കിയതും ഇവരുടെ എണ്ണത്തിനെ സാരമായി ബാധിച്ചു. പാശ്ചാത്യ ചിന്താഗതികളും പരിഷ്‌ക്കാരവും ചെറുപ്പക്കാരിൽ വന്നു കൂടിയതും നഗ്‌ന ഗുരുക്കളുടെ സഞ്ചാര വഴികൾക്ക് തടസമായി. ചില സിക്കുകാരായ യുവാക്കൾ ഇവരെ കണ്ടാൽ മർദ്ദിക്കുകയും ചെയ്യാറുണ്ട്. ഇത്തരം അതിരൂക്ഷ ധാര്‍മ്മികമതാചാരങ്ങളുള്ള ഭ്രാന്തന്‍മാർ ഭാരതത്തിനു അലങ്കാരികമല്ലെന്നും യുവതലമുറകൾക്ക് ബോധ്യമായി തുടങ്ങിയിരിക്കുന്നു.


സനാതന ധർമ്മത്തിലേയും ജൈനപാരമ്പര്യത്തിലെയും പ്രസിദ്ധരായ അനേക സന്യാസിമാർ നഗ്ന ഗുരുക്കളായിരുന്നുവെന്ന് ഭാരതത്തിന്റെ ചരിത്രം പഠിക്കുന്നവർക്ക് മനസിലാക്കാൻ സാധിക്കും.  മുസ്ലിമുകൾ ഇന്ത്യയെ ആക്രമിച്ച നാളുകളിൽ ഇന്ത്യയിലുണ്ടായിരുന്ന ഇത്തരം പേഗൻ മതങ്ങളെ അവർക്ക് ഉൾക്കൊള്ളുവാൻ സാധിച്ചിരുന്നില്ല. നഗ്നമായി കണ്ടിരുന്ന ദേവീ ദേവന്മാരുടെ ബിംബങ്ങളും അത്തരം ദേവപൂജ നടത്തിയിരുന്ന അമ്പലങ്ങളും അവർ അടിച്ചു തകർത്തിരുന്നു.  നഗ്നരായ സന്യാസികളെ വഴിയിൽ കണ്ടാൽ അവർ ബലമായി തുണി ഉടുപ്പിച്ചിരുന്നു. എങ്കിലും അവരുടെ ആദ്ധ്യാത്മിക കാര്യങ്ങളിൽ ഇടപെടാൻ മുസ്ലിം ഭരണാധികാരികൾ ഭയപ്പെട്ടിരുന്നു. ഒരു പരിധിവരെ നഗ്നസന്യാസികളുടെ ജീവിത രീതികളിൽ അവർ കണ്ണടക്കുകയായിരുന്നു.


പരസ്യമായി നഗ്നത പ്രദർശിപ്പിച്ചുകൊണ്ട് പൊതുവഴികളിൽക്കൂടി നൃത്തം ചെയ്തിരുന്ന ഒരാളിനെ  ഔറഗസീബ് ചക്രവർത്തി വധിച്ചതായി ചരിത്രത്തിലുണ്ട്. വധശിക്ഷ കിട്ടിയ നഗ്നനായിരുന്ന ആ മനുഷ്യൻ വാസ്തവത്തിൽ സന്യാസിയായിരുന്നില്ല. പേർഷ്യൻ യഹൂദനായിരുന്ന അയാൾ ഇസ്‌ലാമിലേക്ക് മതപരിവർത്തനം നടത്തിയിരുന്നു. മുസ്ലിമായി ഇന്ത്യയിൽ വന്ന അയാൾ എംബ്രോയിഡറി ചെയ്ത തുണിത്തരങ്ങൾ വിറ്റ് ഡൽഹിയിൽ ഉപജീവനം നടത്തിയിരുന്നു. വീണ്ടും അയാൾ മതം മാറി ഹിന്ദുമതത്തിൽ ചേർന്നു. അതിനുശേഷം രാമന്റെ വലിയ ഭക്തനായി തീർന്നിരുന്നു. ദൈവത്തെ സ്തുതിച്ചുള്ള നല്ല നല്ല പാട്ടുകളും സ്തുതിഗീതങ്ങളും എഴുതാൻ തുടങ്ങി. ഇത്തരം കാര്യങ്ങൾ ആദ്യകാലങ്ങളിൽ ചക്രവർത്തിയുടെ ആൾക്കാർ കണ്ടില്ലെന്നു നടിക്കുമായിരുന്നു. എന്നാൽ അയാൾ തെരുവുകളിൽ നഗ്നനായി ഡാൻസും ചെയ്യാൻ തുടങ്ങി. ഒരു മുസ്ലിം മനുഷ്യൻ മറ്റൊരു മതത്തിൽ ചേർന്നാൽ മുസ്ലിമുകൾക്ക് സഹിക്കാൻ സാധിക്കില്ല. ഇസ്‌ലാമിനെ അപകീർത്തിപ്പെടുത്തി പരസ്യമായി തെരുവുകളിൽ ഡാൻസ് ചെയ്യുന്നുവെന്ന കുറ്റാരോപണത്തിലായിരുന്നു അന്ന് ചക്രവർത്തി അയാളെ വധിക്കാൻ ആജ്ഞ നൽകിയത്.


ഇന്ത്യയിലെ പേഗനീസം ഒരളവുവരെ ഇന്ത്യ മുഴുവനായും മുസ്ലിം സമുദായത്തെയും സ്വാധീനിച്ചിരുന്നു. ധാരാളം സൂഫികൾ നഗ്നത തെരഞ്ഞെടുത്തതായി കാണാം. സൂഫികളിൽ ഇന്നും നഗ്നരായ സന്യാസികളുണ്ട്. 'ഹിന്ദു' എന്ന വാക്ക് ആദ്യം ഉപയോഗിച്ചത് മുസ്ലിമുകളെന്നു പറയപ്പെടുന്നു. പിന്നീട് ബ്രിട്ടീഷുകാർ ആ പദം വിപുലീകരിക്കുകയായിരുന്നു. അതുകൊണ്ടു ഹിന്ദുവെന്ന വാക്കു തന്നെ ഇന്ത്യൻ നിഘണ്ടുവിൽ പുതിയതായി കടന്നു വന്നതാണ്. സിന്ധുനദി തീരത്ത് താമസിക്കുന്നവർ  എന്നർത്ഥത്തിലാണ് ഹിന്ദുവെന്ന വാക്ക് പ്രായോഗിക തലങ്ങളിൽ നടപ്പിലായത്. ഹിന്ദുവെന്ന പദം ലോകം മുഴുവൻ അംഗീകരിച്ചതെങ്കിലും ഹിന്ദുക്കളിൽ ആത്മീയ മണ്ഡലങ്ങളിൽ ഉയർന്ന നിലവാരം പുലർത്തുന്നവർക്കും മറ്റനേക ആര്യബ്രാഹ്മണർക്കും  ആ പദം സ്വീകാര്യമല്ല. വേദങ്ങളിലോ, ഉപനിഷത്തുക്കളിലോ ഭഗവദ് ഗീതയിലോ ഹിന്ദുവെന്ന വാക്ക് കാണുവാൻ സാധിക്കില്ല. ആര്യൻമാർ ഇന്ത്യയിൽ കുടിയേറാൻ തുടങ്ങിയതിൽ പിന്നീട് 'സനാതന ധർമ്മ' എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. വേദിക്കും വേദിക്കുമല്ലാത്ത മതങ്ങൾ ഒന്നായപ്പോൾ 'സനാതനം' എന്ന വാക്ക് കൂടുതൽ പ്രാബല്യത്തിലാവുകയും ചെയ്തു. 'സനാതനം' എന്നാൽ 'അനാദ്യന്തമായ ജ്ഞാനം' എന്നാണർത്ഥം.


ആധുനിക ലോകത്തിൽ യൂറോപ്പ്യൻ നാടുകളിലും ഇന്ത്യയിലും വരെ സ്ത്രീകൾ അർദ്ധ  നഗ്‌നരായി നടക്കുന്നത് കാണാം. അതിലൊന്നും വേദനയില്ലാതെ ആത്മീയ ലോകത്തിൽ ഈ സന്യാസികൾ നഗ്നരായി നടക്കുന്നതുകൊണ്ടു എന്തിനു വേദനിക്കുന്നുവെന്നും ഈ നഗ്നതയെ പിന്താങ്ങുന്നവർ ചോദിക്കുന്നു. നഗ്നസന്യാസികളെ കാണേണ്ടവർ അവരെ കണ്ടിട്ട് പോവാം. അവരുടെ അവയവങ്ങൾ കാണാൻ വരുന്നവർക്കും അങ്ങനെയുമാകാം. അതിന്റെ പേരിൽ ഹിന്ദു ധർമ്മത്തെ സോഷ്യൽ മീഡിയാകളിൽ എന്തിനു അപമാനിക്കുന്നുവെന്നും മതാചാരങ്ങളുമായി ബന്ധപ്പെട്ടവർ ചോദിക്കുന്നു. ദിഗംബര വേദഗ്രന്ഥങ്ങളിൽ സാധാരണക്കാർക്ക് ദഹിക്കാത്ത വിചിത്രങ്ങളായ പലതും എഴുതി വെച്ചിട്ടുണ്ട്. പല്ലു തേക്കാൻ ടൂത് പൗഡറോ പേസ്റ്റോ ഉപയോഗിക്കരുത്. ഉറങ്ങുന്നത് വെറും തറയിലായിരിക്കണം. ഒരിക്കലും കുളിക്കരുത്. ഭക്ഷണം കഴിക്കുന്നത് നിന്നുകൊണ്ടായിരിക്കണം. ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും ദിവസത്തിൽ ഒരു പ്രാവിശ്യമെയാകാവൂ. തലയിലെ തലമുടിയും മുഖത്തെ രോമവും കൈകൾകൊണ്ട് വലിച്ചു പറിക്കണം. വീടിനുള്ളിലും സഞ്ചാര പാതയിലും ദിഗംബരനായവൻ നഗ്നനായിരിക്കണം. അവരുടെ വിജ്ഞാന കോശത്തിൽ ഇങ്ങനെ വിസ്മയകരങ്ങളായ പലതും കാണാൻ സാധിക്കും.


കുറച്ചുകാലങ്ങൾക്ക് മുമ്പ് വെറും ഒരു കോണകം മാത്രം ഉടുത്തുകൊണ്ടു കൃഷിക്കാർ പാടങ്ങളിലും പണിശാലകളിലും പണിയെടുത്തിരുന്നു. പ്രകൃതിയുമായുള്ള അവരുടെ ബന്ധത്തിലെ മതിലുള്ളത് ആ കോണകത്തിൽ മാത്രമായിരുന്നു. യൂട്യൂബിൽ നോക്കിയാൽ ആഫ്രിക്കൻ രാജ്യങ്ങളിലെ വലിയൊരു വിഭാഗം ചരടുപോലുമില്ലാതെ ജീവിക്കുന്നുവെന്നു കാണാം. രമണ മഹർഷി കോണകമുടുത്തുകൊണ്ടായിരുന്നു ആയിരക്കണക്കിന് വ്യക്തികളെ സ്വാഗതം ചെയ്തുകൊണ്ടിരുന്നത്. അതാണ് ഉപനിഷത്ത് പറയുന്നതും, അതായത് അറിവിന്റെ പരമകോടിയിലെത്തിയാൽ മന്ത്രം വേണ്ട, ത്യാഗം വേണ്ട, ശരീരമെന്നോ യജ്ഞമോ എന്നൊന്നില്ല. ഒന്നും വേണ്ടാത്ത ഒരവസ്ഥ വരുമ്പോൾ മനുഷ്യൻ പ്രകൃതിയുമായി അലിഞ്ഞു ജീവിക്കാൻ തുടങ്ങും. ഉപനിഷത്തുകളുടെ കാതലായ തത്ത്വങ്ങളും അവിടെ പൂർത്തികരിക്കുകയാണ്.
https://www.youtube.com/watch?v=GkVB6ImBYKA







No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...