Friday, January 19, 2018

നാടിന്റെ ഇതിഹാസം എ.കെ.ജിയും അധിക്ഷേപങ്ങളും


ജോസഫ് പടന്നമാക്കൽ

ഇന്ത്യൻ കമ്മ്യുണിസ്റ്റുചരിത്രത്തിലെ ജനകോടികളുടെ ഹൃദയം കവർന്ന മഹാനായ ഒരു ഐതിഹാസിക നായകനായിരുന്നു, ശ്രീ എ.കെ. ഗോപാലൻ. സ്നേഹപൂർവ്വം ജനങ്ങൾ അദ്ദേഹത്തെ മൂന്നക്ഷരം മാത്രമുള്ള ഏ.കെ.ജി യെന്നു വിളിച്ചിരുന്നു. ഓരോ കമ്യുണിസ്റ്റുകാരന്റെയും ഹൃദയത്തിൽ ഈ നാമം അഗാധമായി പതിഞ്ഞിരിക്കുകയും ചെയ്യുന്നു. ആയില്യത്ത് കുട്ട്യേരി ഗോപാലനെന്നാണ് അദ്ദേഹത്തിൻറെ മുഴുവൻ പേര്. അദ്വിതീയമായ ആത്മസമർപ്പണം ചെയ്ത  ഒരു സേവനത്തിന്റെ ചരിത്രം എ.കെ.ജി.യ്ക്കുണ്ട്. വ്യത്യസ്തങ്ങളായ രാഷ്ട്രീയ അഭിപ്രായങ്ങൾക്കു മീതെ എല്ലാ ജനവിഭാഗങ്ങളും അദ്ദേഹത്തെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ കോഫീ ഹൌസ് എന്ന റസ്റ്റോറന്റ് ശൃംഖലകൾക്ക് തുടക്കമിടാൻ കാരണമായത് എ.കെ.ജി യായിരുന്നു. 1940-ൽ കോഫീ ബോർഡിന്റെ കീഴിൽ ഇന്ത്യൻ കോഫീ ഹൌസ്‌ രാജ്യമെമ്പാടും ആരംഭിച്ചു. 

1904-ഒക്ടോബർ ഒന്നാം തിയതി കണ്ണൂരിൽ പെരിളിശേരിക്കടുത്തു മക്രേരി ഗ്രാമത്തിൽ ആയില്യത്ത് കുറ്റിയരി എന്ന ജന്മി വീട്ടിൽ അദ്ദേഹം ജനിച്ചു. പിതാവ് വെള്ളുവ കണ്ണോത്ത് റൈരു നമ്പ്യാരും മാതാവ് ആയില്ലിയത് കുട്ടിയേരി മാധവി അമ്മയുമായിരുന്നു. തലശേരിയിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. അധികം താമസിയാതെ ഒരു സ്‌കൂൾ അധ്യാപകനായി ജോലി ആരംഭിച്ചു. എ.കെ.ജിയുടെ മകൾ ലൈലയുടെ ഭർത്താവ് ശ്രീ. പി. കരുണാകരൻ കാസർകോട് മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ലോകസഭാംഗമാണ്.

1930-ൽ അദ്ദേഹം ജോലി രാജി വെച്ചുകൊണ്ട് മുഴുവൻ സമയവും പൊതു സേവനത്തിനായും രാഷ്ട്രീയ പ്രവർത്തനത്തിനായും രംഗത്തിറങ്ങി. കോൺഗ്രസ്സിന്റെ മുന്നണിയിലും നേതൃസ്ഥാനത്തും പ്രവർത്തിച്ചിരുന്നു. കേരള പ്രദേശ് കോൺഗ്രസിന്റെ സെക്രട്ടറിയായും കുറേക്കാലം പ്രസിഡന്റായും സേവനം ചെയ്തു. നീണ്ട കാലം ഏ.ഐ.സി.സി അംഗവുമായിരുന്നു. പ്രക്ഷോപണങ്ങൾ ജീവ വായുവായി കണ്ടു ജനലക്ഷങ്ങളെ നയിച്ചിരുന്ന ഒരു മഹാവിപ്ലവകാരിയായിരുന്നു. ദരിദ്രരുടെയും ദളിതരുടെയും സാധാരണക്കാരുടെയും ഇടയിൽ പ്രവർത്തിച്ചും ജനങ്ങൾക്കൊപ്പം ജീവിച്ചും രാഷ്ട്രീയ ജീവിതം തുടർന്നു. ഇന്ത്യയുടെ സോഷ്യലിസ്റ്റ് കമ്മ്യുണിസ്റ്റ് യുഗങ്ങളടങ്ങിയ അദ്ധ്യായങ്ങൾ കോർത്തിണക്കിയ ഒരു ജീവിതമാണ് അദ്ദേഹത്തിന്റേത്. സമൂഹത്തിൽ താണ വർഗക്കാരുമായി ഒത്തു ചേർന്നു പട പൊരുതിയതുകൊണ്ടാണ് അദ്ദേഹത്തെ പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെടുന്നത്.

ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ അദ്ദേഹവും ഒരു പടയാളിയായിരുന്നു. 1930-ലെ ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തു. അതിനുശേഷം മരിക്കുംവരെ സംഭവബഹുലമായ ഒരു ജീവിതമായിരുന്നു ശ്രീ ഏ.കെ.ജി. നയിച്ചുകൊണ്ടിരുന്നത്. ജീവിതത്തിൽ വിശ്രമമെന്തെന്ന് ഒരിക്കലും അറിഞ്ഞിട്ടില്ലായിരുന്നു. സമൂലമായ രാഷ്ട്ര പരിവർത്തനത്തിനായുള്ള വിപ്ലവം അദ്ദേഹത്തിൻറെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ജനങ്ങളുമായി ഒത്തുചേർന്നു ജീവിച്ച് അവരുടെ ദുഖങ്ങളിൽ പങ്കുചേർന്ന് പ്രശ്നങ്ങളുമായി മല്ലിട്ടുകൊണ്ടായിരുന്നു ആ വിപ്ലവകാരി തന്റെ ജൈത്ര യാത്ര തുടർന്നിരുന്നത്. എക്കാലത്തെയും കമ്മ്യുണിസ്റ്റുകാർക്ക് അദ്ദേഹത്തിന്റെ ജീവിതം എന്നും ഒരു ആവേശമായിരുന്നു. വിവാദപുരുഷനായ അദ്ദേഹത്തിൻറെ സ്മാരക മണ്ഡപങ്ങളിൽ തലകുനിക്കാത്ത കമ്മ്യുണിസ്റ്റുകാർ വിരളമായേ കാണുകയുള്ളൂ.

1930-ൽ ഏ.കെ.ജിയ്ക്ക് 26 വയസുള്ളപ്പോൾ അദ്ദേഹത്തിന് ജയിലിൽ പോവേണ്ടി വന്നു. ഉപ്പു സത്യാഗ്രഹത്തിൽ പങ്കു കൊണ്ടതിനാലാണ് അറസ്റ്റ് ചെയ്തത്. ഖിലാഫത്ത് മുന്നേറ്റത്തിലും ഗോപാലൻ പങ്കു ചേർന്നിരുന്നു. 1927-ൽ കോൺഗ്രസ് പ്രവർത്തകനെന്ന നിലയിൽ ഖാദി പ്രസ്ഥാനത്തിലും സഹകരിച്ചിരുന്നു. പിന്നീട് സാമൂഹിക പ്രവർത്തകനെന്ന നിലയിൽ ഹരിജനങ്ങളുടെ ഉന്നമനത്തിനായും പ്രവർത്തിച്ചുകൊണ്ടിരുന്നു. 1937-ൽ മലബാറിൽ നിന്ന് ചെന്നൈ വരെ ഒരു നിരാഹാര ജാഥാ സംഘടിപ്പിക്കുകയും അദ്ദേഹം അതിനു നേതൃത്വം കൊടുക്കുകയും ചെയ്തു. 750 മൈൽ കാൽനടയായി സഞ്ചരിച്ച കോൺഗ്രസിന്റെ നേതൃത്വത്തിൽ നയിച്ച ഒരു നീക്കമായിരുന്നു അത്. എ.കെ.ജി ബ്രിട്ടീഷുകാരിൽനിന്നും മാത്രമല്ല, സാമൂഹിക, സാമ്പത്തിക തലങ്ങളിലുള്ള ദുരിതമനുഭവിക്കുന്നവർക്കായും മോചനമാഗ്രഹിച്ചിരുന്നു.

കോൺഗ്രസിലെ വലതുപക്ഷ ഗ്രുപ്പിൽപ്പെട്ട ചിലരുടെ ഫാസിസ്റ്റ് ചിന്താഗതികളുമായി അദ്ദേഹത്തിന് യോജിക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് കോൺഗ്രസിൽ നിന്നും വിട്ടു കോൺഗ്രസ്സ് സോഷ്യലിസ്റ്റിക്ക് പാർട്ടിയിൽ ചേരുകയും 1939-ൽ അതിന്റെ പ്രവർത്തനങ്ങൾ കമ്മ്യുണിസ്റ്റ് പാർട്ടിയെന്ന് അറിയപ്പെടുകയും ചെയ്തു. രണ്ടാം ലോക മഹായുദ്ധം പൊട്ടി പുറപ്പെട്ട നാളുകളിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. 1942-ൽ ജയിൽ ചാടുകയും 1945-ൽ അദ്ദേഹത്തെ വീണ്ടും പിടിക്കപ്പെടുകയും ചെയ്തു.

സോഷ്യലിസ്റ്റ് സാമൂഹിക വ്യവസ്ഥിതിയിൽ ജീവിതമാരംഭിച്ച ആദ്ദേഹം ദരിദ്രരുടെ ഇടയിൽ പ്രവർത്തിക്കുകയും അവരുടെ പ്രശ്നങ്ങളെ സ്വന്തം ജീവിതത്തിൽക്കൂടി കണ്ടറിയുകയും ചെയ്തു.  സമസ്തമേഖലകളിലും കർമ്മോന്മുഖനായി പ്രവർത്തിച്ച ഒരു വ്യക്തിയേക്കാളുപരി ഒരു പ്രസ്ഥാനമായി അദ്ദേഹത്തെ അറിയപ്പെട്ടിരുന്നു. കമ്മ്യുണിസ്റ്റ് വിരോധികളായിരുന്നവർക്കു പോലും അദ്ദേഹം  ബഹുമാനിതനായിരുന്നു. 1977-ൽ മരിക്കും വരെ അദ്ദേഹത്തെ അഞ്ചു പ്രാവിശ്യം ഇന്ത്യയുടെ  പാർലമെന്റ് അംഗമായി തിരഞ്ഞെടുത്തിരുന്നു.

എവിടെയെല്ലാം ഏ.കെ.ജി. സമരങ്ങൾ നയിച്ചിട്ടുണ്ടോ അവിടെയെല്ലാം വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് വിതച്ചിട്ടായിരുന്നു അദ്ദേഹം മടങ്ങി പോയിരുന്നത്. വർഗ മേധാവിത്വത്തിനെതിരായി ആരംഭിച്ച കമ്യുണിസ്റ്റ് പ്രസ്ഥാനം പത്തൊമ്പതാം നൂറ്റാണ്ടായപ്പോൾ രാജ്യമെങ്ങും തഴച്ചു വളർന്നിരുന്നു. നവോദ്ധാന ചിന്തകൾ പ്രസ്ഥാനത്തെ അരക്കിട്ടുറപ്പിച്ചിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായും സാമൂഹിക പുനരുദ്ധാരണത്തിനായും നടത്തിയ ഗുരുവായൂർ സത്യാഗ്രഹത്തിൽ ഏ.കെ.ജി. യും പങ്കു ചേർന്നിരുന്നു. തൊട്ടുകൂടാ ജാതികൾക്ക് വഴി നടക്കാനുള്ള കൊച്ചിയിൽ നടത്തിയ പാലിയം സമരവും പ്രസിദ്ധമാണ്. പി. കൃഷ്ണപിള്ളയുമൊത്ത് കോഴിക്കോട് തൊഴിലാളി യൂണിയനുകളും ഉണ്ടാക്കി. കേരളത്തിലെ വടക്കൻ പ്രദേശങ്ങളിൽ കൃഷിക്കാരുടെ സായുധ വിപ്ലവത്തിനും നേതൃത്വം കൊടുത്തിരുന്നു. അത് കേരള ചരിത്രത്തിലെ ഐതിഹാസിക സമരമായി അറിയപ്പെടുന്നു.

എവിടെ അനീതി കണ്ടാലും അവിടെയെല്ലാം ഓടിയെത്തുകയെന്നത് അദ്ദേഹത്തിൻറെ രക്തത്തിലലിഞ്ഞ സ്വഭാവമായിരുന്നു. ജയിലിൽ അടച്ചാൽ എ.കെ.ജി യുടെ സമര പോരാട്ടങ്ങൾക്ക് അറുതി വരുത്താമെന്നായിരുന്നു അന്ന് അധികൃതർ കരുതിയിരുന്നത്. എന്നാൽ ജയിലിൽ ഉള്ളവരെയും സംഘടിപ്പിച്ചു സമരത്തിന്റെ വ്യാപ്തി അദ്ദേഹം വിപുലപ്പെടുത്തുകയാണുണ്ടായത്. 1947 ആഗസ്റ്റ് പതിനഞ്ചാം തിയതി ഇന്ത്യ സ്വതന്ത്രമായപ്പോൾ ഏ.കെ.ജി. ജയിൽ അഴിക്കുള്ളിലായിരുന്നു. ജനങ്ങൾ സമര കോലാഹലങ്ങളുമായി വന്ന ശേഷമാണ് ആ വർഷം ഒക്ടോബറിൽ അദ്ദേഹത്തെ ജയിൽ വിമുക്തനാക്കിയത്. ഹരി ജനങ്ങൾക്ക് വഴി നടക്കാനായി സംഘടിപ്പിച്ച 'കണ്ടോത്ത്' സമരം പ്രസിദ്ധമാണ്. കോടതികളും അദ്ദേഹം വളരെ നിസ്സാരമായിട്ടായിരുന്നു കൈകാര്യം ചെയ്തിരുന്നത്. കോടതികളെയും തന്റെ പ്രത്യേയ ശാസ്ത്രത്തിന്റെ പ്രതീകമായും സമരവേദികളായും കണ്ടിരുന്നു. 'മുടവൻ മുകൾ' കേസുമായി അദ്ദേഹത്തെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചപ്പോൾ കോടതിയിൽ സ്വയം വാദിച്ചുകൊണ്ട് ജയിൽ മോചിതനായ ചരിത്രവും പ്രസിദ്ധമാണ്.

ഭരണഘടനയുടെ ഇരുപത്തിരണ്ടാം വകുപ്പിന്റെ പശ്ചാത്തലത്തിൽ ചില നിയമങ്ങൾ കൂട്ടിച്ചേർത്ത് കരുതൽ തടവുകാരെ കൂടുതൽ കാലം ജയിലിൽ അടയ്ക്കാമെന്ന ഒരു നിയമം ഉണ്ടാക്കിയിരുന്നു. എ.കെ.ജി ആ നിയമത്തെ ശക്തിയുക്തം എതിർക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഇത് ഭരണഘടന അനുസരിച്ച് ഒരു പൗരന്റെ മൗലികാവകാശത്തെ ചോദ്യം ചെയ്യുകയാണെന്ന് കാണിച്ചുകൊണ്ട് എ.കെ.ജി സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്യുകയും വിജയിക്കുകയും ചെയ്തു. ഇന്ത്യൻ കോടതികളുടെ ചരിത്രത്തിലെ സുപ്രധാനമായ ഈ കേസിനെ എ.കെ. ഗോപാലൻ വേഴ്സസ് സ്റ്റേറ്റ് ഓഫ് മദ്രാസ് എന്നറിയപ്പെടുന്നു. നിയമ വിദ്യാർത്ഥികൾക്ക് പഠിക്കാൻ വളരെ താല്പര്യമുള്ള ഒരു കേസ്സായിരുന്നു അത്.

എ.കെ.ജിയുടെ വിപ്ലവ നീക്കങ്ങൾ കേരളത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്നില്ല. 1951-ലെ കൽക്കട്ടാ കോൺഫറൻസ് തീരുമാനമനുസരിച്ച് അദ്ദേഹം അഖിലേന്ത്യാ കിസാൻ സഭയുടെ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രാജ്യത്ത് എവിടെ കർഷകരുടെ സമരമുണ്ടായാലും ഏ.കെ.ജി. എന്നും അവരോടൊപ്പവും മുമ്പിലുമുണ്ടായിരുന്നു. ഈ സമര കോലാഹലങ്ങളിൽ പങ്കെടുത്തതതുകൊണ്ടു ഇന്ത്യയുടെ ഏതു ഗ്രാമ പ്രദേശങ്ങളിലും ഏ.കെ.ജി. യുടെ പേര് അറിയപ്പെട്ടിരുന്നു. ഗുജറാത്തിൽ നടന്ന ഒരു കാർഷിക വിപ്ലവത്തിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. പഞ്ചാബിൽ വെള്ളത്തിനു കരം ചുമത്തിയ പ്രതിക്ഷേധത്തിൽ അദ്ദേഹത്തെ പഞ്ചാബിൽ നിന്നും നാടുകടത്തി.

സർ സി.പി.യുടെ കാലത്ത് തിരുവിതാംകൂറിൽ സ്വയം ഭരണത്തിനായും അദ്ദേഹം മലബാറിൽ ഒരു മാർച്ച് സംഘടിപ്പിച്ചിരുന്നു. 1960-ൽ കൃഷിക്കാരെ സംഘടിപ്പിച്ചുകൊണ്ട് കാസർകോട് നിന്നും തിരുവനന്തപുരം വരെ പ്രകടന ജാഥ നടത്തിയതും ചരിത്രപരമായിരുന്നു. ഇടുക്കിയിൽ അമരാവതിയിൽ പാവപ്പെട്ട കർഷകരെ കുടിയിറക്കിയപ്പോൾ അതിനെതിരായി വിപ്ലവ കൊടുങ്കാറ്റ് അഴിച്ചുവിട്ടതും എ.കെ.ജി.യായിരുന്നു. ചുരളിയിലും, കീരിത്തോടും കോട്ടിയൂരും വ്യാപകമായ കുടിയിറക്കുവന്നപ്പോൾ  പ്രതികരിക്കാനും അവരുടെ അവകാശങ്ങൾ വീണ്ടെടുക്കാനും അദ്ദേഹം നേതൃനിരയിലുണ്ടായിരുന്നു.

1952 മുതൽ അദ്ദേഹം പാർലമെന്റിൽ പ്രതിപക്ഷത്തിരുന്നുകൊണ്ട് കമ്മ്യുണിസ്റ്റ് എംപി മാരെ നയിച്ചുകൊണ്ടിരുന്നു. ഇന്ത്യ ചൈന യുദ്ധ കാലങ്ങളിൽ ചൈനയുടെ ഏജന്റ് എന്ന് പറഞ്ഞു 1962ൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. 1964-ൽ കമ്യുണിസ്റ്റ് പാർട്ടിയിൽ തിരുത്തൽ വാദികൾക്കെതിരെ ഏ.കെ.ജി ശക്തമായി പ്രതികരിച്ചിരുന്നു. സി.പി.എം ന്റെ പോളിറ്റ് ബ്യുറോ അംഗമാവുകയും ചെയ്തു. ആരോഗ്യം മോശമായെങ്കിലും1975-ലെ അടിയന്തിരാവസ്ഥക്കെതിരെ സ്വന്തം ആരോഗ്യസ്ഥിതി വകവെക്കാതെപോലും അദ്ദേഹം പ്രതികരിച്ചുകൊണ്ടിരുന്നു. അടിയന്തിരാവസ്ഥയെ ജനങ്ങൾ എതിർത്തിരുന്ന കാലങ്ങളിൽ അദ്ദേഹത്തിനു മരണം സംഭവിച്ചു.

നിയമസഭ സാമാജികനായ ശ്രീ വി.ടി. ബലറാമന്, സഖാവ് എകെ ഗോപാലന്റെ ത്യാഗപൂർവ്വമായ  ജീവിതത്തെപ്പറ്റി അധികമൊന്നും അറിയില്ലെന്നും ചരിത്രബോധമില്ലെന്നും വിചാരിക്കണം. കാരണം അദ്ദേഹം പുതിയ തലമുറയുടെ വക്താവാണ്. ബാലിശമായ ഇത്തരം പ്രസ്താവനകൾ അറിവിന്റെ കുറവുകൊണ്ടുമാണ് സംഭവിക്കുന്നതും. ചരിത്രത്തെ വളച്ചൊടിച്ചുകൊണ്ടുള്ള സ്വീകാര്യമല്ലാത്ത ഒരു പ്രസ്താവന ഏ.കെ.ജി യ്ക്കെതിരെ യുവാവായ ബൽറാം പുറപ്പെടുവിച്ചതിന്റെ കാരണം എന്തെന്നും മനസിലാകുന്നില്ല. ബൽറാം അവഹേളിച്ച വ്യക്തി ഒരു കാലത്തു കോൺഗ്രസിന്റെ തന്നെ പാർട്ടി സെക്രട്ടറിയായിരുന്നു. എ.കെ.ജി. യുടെ ജീവിതവുമായി ബന്ധപ്പെട്ടു നൂറായിരം നല്ല കാര്യങ്ങൾ ചികയാനുള്ളപ്പോൾ അതിൽ ലൈംഗികത മാത്രം മനസ്സിൽ വന്ന ശ്രീ ബലറാമന് കാര്യമായ എന്തോ മാനസിക വൈകല്യമുണ്ടെന്നും മനസിലാക്കണം.

എ.കെ. ഗോപാലനെതിരായുള്ള ബൽറാമിന്റെ പ്രസ്താവനയിൽ നാടിന്റെ നാനാഭാഗത്തുനിന്നും എതിർപ്പുകളുണ്ടായി. എതിർത്തവരെ ഒന്നടങ്കം ബൽറാം 'ഗോപാൽ സേനാ' എന്ന് വിളിച്ചു പരിഹസിച്ചു. പ്രകാശ് കാരാട്ടു പറഞ്ഞു; "ബൽറാമിന്റെ പ്രസ്താവന തികച്ചും പാകതയില്ലാത്ത   വ്യക്തിയെപ്പേലെയായിരുന്നു. ഒരു രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന ആൾക്ക് മറ്റൊരു രാഷ്ട്രീയ പാർട്ടിയിലെ നേതാവിനെ രാഷ്ട്രീയ പരമായി ഏതു വിധത്തിലും വിമർശിക്കാൻ അധികാരമുണ്ട്. ഞങ്ങൾ കോൺഗ്രസ്സ് നേതാക്കന്മാരെ വിമർശിക്കാറുണ്ട്. എന്നാൽ ഒരിക്കലും ഒരാളുടെ വ്യക്തി ജീവിതത്തെപ്പറ്റി പാർട്ടിയിലെ ഒരു നേതാക്കന്മാരും വിമർശിച്ചിട്ടില്ല. ഇത്തരം ബാലിശമായ കുറ്റാരോപണങ്ങൾ തീർച്ചയായും ഒരു സാമാജികന് യോജിച്ചതല്ല." ഇന്ന് അതിന്റെ പ്രതികരണം ലഭിച്ചിരിക്കുന്നത് പാർട്ടി പ്രവർത്തകരിൽ നിന്ന് മാത്രമല്ല, കേരളത്തിലെ നാനാതുറകളിലുള്ള സാധാരണ ജനങ്ങളെയും ഇതുമൂലം അസമാധാനമുണ്ടാക്കുകയും കുപിതരുമാക്കിയിരിക്കുന്നു.

'ബാലപീഢനം നടത്തിയ നേതാവ് എ.കെ.ജി മുതൽ ഒളിവു കാലത്തു അഭയം നൽകിയ വീടുകളിൽ നടത്തിയ വിപ്ലവ പ്രവർത്തനങ്ങൾ വരെയുള്ളതിന്റെ വിശദാംശങ്ങൾക്ക് തെളിവുകളായി 2001-ൽ ഹിന്ദു പ്രസിദ്ധീകരിച്ച വാർത്തയും എ.കെ.ജി. യുടെ ആത്മകഥയുമായിരുന്നുവെന്നു' ബലറാം പറഞ്ഞു.  പോരാട്ട കാലങ്ങളിലെ പ്രണയമെന്ന തലക്കെട്ടോടു കൂടിയ ഹിന്ദുപത്രം ബലറാം തെളിവായി നിരത്തുന്നു. വിവാഹം കഴിച്ചപ്പോൾ സുശീലയ്ക്ക് 22 വയസ്സ്. ആ നിലയ്ക്ക് പത്തുവർഷത്തോളമുള്ള ഈ മധ്യ വയസ്‌ക്കന്റെ പ്രേമം ബൽറാം ബാലപീഢനമായി കാണുന്നു.

എ.കെ.ജി കമ്മ്യുണിസ്റ്റ് പാർട്ടിയുടെ പ്രതീകമെന്നു കോൺഗ്രസ് ഉൾപ്പടെ എല്ലാ പാർട്ടികളിലെയും ജനവിഭാഗങ്ങൾക്കറിയാം. അങ്ങനെ ആരാധ്യനായ ഒരു നേതാവിനെ ഇടിച്ചുതാഴ്ത്തിയാൽ വോട്ടു ബാങ്കിൽ കമ്മ്യുണിസ്റ്റ് പാർട്ടിയെ തകർക്കാമെന്ന വ്യാമോഹവും ചില കേന്ദ്രങ്ങളിൽ ഉണ്ട്. അതുകൊണ്ടാണ് കോൺഗ്രസ് പാർട്ടി ബലറാമിന്റെ ഈ പ്രസ്താവനയ്ക്ക് മൗനാനുവാദം നൽകുന്നതെന്നും കമ്മ്യുണിസ്റ്റ് കേന്ദ്രങ്ങൾ കരുതുന്നു.

കൗമാര പ്രായത്തിൽ ഒരു പെൺക്കുട്ടിയോട് വൈകാരികമായ വികാരവും പ്രേമവും തോന്നിയാൽ അതെങ്ങനെ ബാലപീഢനം  ആകുന്നുവെന്നും വ്യക്തമായ ഒരു ഉത്തരമില്ല. എ.കെ.ജി യെ അറിയാവുന്ന പഴയ കോൺഗ്രസ് നേതാക്കന്മാർ ഇത്തരം ഒരു ആരോപണം ഉന്നയിക്കാൻ ഒരിക്കലും തയ്യാറാവുകയില്ല. കാരണം, ജീവിതത്തിലെ നാനാതുറകളിലുമുള്ളവർ എ.കെ.ജിയെ കണ്ടിരുന്നത് ആദർശവാനായ, ജനങ്ങളുടെ പ്രിയങ്കരനായ ഒരു രാഷ്ട്രീയ പ്രവർത്തകനായിട്ടായിരുന്നു. കറതീർന്ന അഴിമതിയില്ലാത്ത എ.കെ.ജിയെപ്പോലുള്ള രാഷ്ട്രീയ പ്രവർത്തകർ ഇന്ത്യയുടെ ചരിത്രത്തിൽ വളരെ ചുരുക്കമായേ കാണൂ.

ബൽറാം പറയുന്ന പോലെ അദ്ദേഹം രൂപീകരിച്ചത് ഗുണ്ടാ സേനയോ ഗോപാൽ സേനയോ അല്ലായിരുന്നു. അത് പട്ടിണി സേനയായിരുന്നു. കാസർകോടു മുതൽ തിരുവനന്തപുരം വരെയാണ് അദ്ദേഹം അന്ന് പട്ടിണി ജാഥ സംഘടിപ്പിച്ചത്. എ.കെ.ജി സ്മാരകം പോലും കോൺഗ്രസ്സ് മുഖ്യമന്ത്രിയായ എ.കെ. ആന്റണിയായിരുന്നു സംഭാവന ചെയ്തത്.

ആദ്യത്തെ ഭാര്യയുമായി വിവാഹമോചനം നേടാതെ ജീവിച്ചിരിക്കെ തന്നെ ഗോപാലൻ സുശീലയെ വിവാഹം ചെയ്തുവെന്ന ബൽറാമിന്റെ പ്രസ്താവന തികച്ചും അസംബന്ധമാണ്. ഗോപാലൻ രണ്ടാമത് വിവാഹം കഴിക്കുന്ന സമയം അവർ മറ്റൊരാളിന്റെ ഭാര്യയായിരുന്നു. ഏ.കെ.ജി ഒരിക്കലും തന്റെ ആദ്യത്തെ ഭാര്യയെ ഉപേക്ഷിച്ചില്ല. അവരോട് അനീതി കാണിച്ചിട്ടില്ല. അപവാദം പറഞ്ഞു നടക്കുന്ന ബൽറാം ആദ്യം ആരാണ്, ബന്ധം ഉപേക്ഷിച്ചതെന്ന വസ്തുതയും വെളിപ്പെടുത്തണമായിരുന്നു. ഭാര്യ വീട്ടുകാരുടെ സമ്മർദ്ദമായിരുന്നു ആ ബന്ധം വേർപെടുത്തുന്നതിനു കാരണമായത്. ഭാര്യയെ ഹരിജൻ കോളനിയിൽ കൊണ്ടുപോയി എന്ന് ആരോപിച്ചുകൊണ്ടു അവരെ ബലമായി പിടിച്ചുകൊണ്ടു പോവുകയായിരുന്നു.

ജാതിവ്യവസ്ഥ അങ്ങേയറ്റം നിലവിലുണ്ടായിരുന്ന ഒരു കാലത്ത് അന്നത്തെ മാമൂലുകൾ അനുസരിച്ച് നമ്പ്യാർ പാരമ്പര്യമുള്ള ഭാര്യ വീട്ടുകാർക്ക് അത് ക്ഷമിക്കാൻ സാധിക്കുമായിരുന്നില്ല. ആദ്യഭാര്യക്ക് ഏ.കെ.ജി യെ ഉപേക്ഷിക്കാൻ മനസ്സില്ലായിരുന്നു. പക്ഷെ അവർ ബന്ധുജനങ്ങളുടെ മുമ്പിൽ നിസ്സഹായയായിരുന്നു. സ്വന്തം വീട്ടുകാരുടെ ഇഷ്ടത്തിന് വിരോധമായി ഭാര്യ എ.കെ.ജിയോടൊപ്പം താമസിക്കുകയായിരുന്നു. പിന്നീട് അദ്ദേഹം ജയിലിലായിരുന്നപ്പോഴാണ് അവരെ ഭാര്യ വീട്ടുകാർ നിർബന്ധിച്ച് കൊണ്ടുപോവുകയും വിവാഹ മോചനം നടത്തിയതും.

എ.കെ.ജി അതിനെപ്പറ്റി എഴുതി, "അവളും എന്നെ ഉപേക്ഷിച്ചു. ജീവിതത്തിൽ സുഖദുഃഖങ്ങൾ പങ്കിടാൻ ഉണ്ടായിരുന്ന എന്റെ പങ്കാളി. എന്തിന്! അൽപ്പം ചിന്തിച്ചാൽ മറുപടി കിട്ടും. ഞാനൊരു രാഷ്ട്രീയ പ്രവർത്തകനാണ്. ജീവിതത്തിലെ ദുരിതങ്ങളെയും കഷ്ടപ്പാടുകളെയും വരിച്ച ഒരു പ്രവർത്തകൻ." ബൽറാം ഈ വാചകം വായിച്ചിരുന്നെങ്കിൽ എ.കെ.ജിയുടെ ധാർമ്മികതയെപ്പറ്റി അറിഞ്ഞിരുന്നുവെങ്കിൽ സ്വന്തം മനഃസാക്ഷിക്കെതിരെ ആ മഹാനെതിരെ ഇത്തരം ഒരു ആരോപണം ഉന്നയിക്കില്ലായിരുന്നു.

ജീവിതം തന്നെ ഭീക്ഷണിയും വെല്ലുവിളിയുമായി കഴിഞ്ഞിരുന്ന എ.കെ.ജിയ്ക്ക് വിവാഹമോ പ്രേമമോ ചിന്തിക്കാൻപോലും സാധിക്കില്ലായിരുന്നു. ഒളിവിൽ ജീവിതമെന്നു പറയുന്നത് സാഹസികതയുടെയും ആത്മ ത്യാഗത്തിന്റെതുമായിരുന്നു. ഭക്ഷണം കഴിക്കുമ്പോഴും മനസ് നിറയെ ഭയത്തോടെ ചുറ്റുപാടുകളും നോക്കണമായിരുന്നു. അനശ്ചിതത്തിന്റെ നാളുകളിൽ എപ്പോഴാണ് ആയുധധാരികളായ പോലീസുകാർ എത്തുന്നതെന്നും അറിവുണ്ടായിരുന്നില്ല. അങ്ങനെയുള്ള കാലഘട്ടത്തിൽ ജീവിച്ച എ.കെ.ജിയുടെ മേലുള്ള ബൽറാമിന്റെ ആരോപണം നീതികരിക്കാവുന്നതല്ല. ആ ഒളിവു ജീവിതത്തിനെ ലൈംഗികാസ്വാദനമായി തിരുത്തുന്നതും ചരിത്രത്തോട് ചെയ്യുന്ന ഒരു അനീതി കൂടിയാണ്. ഒളിവു ജീവിത കാലത്ത് മനുഷ്യ ബന്ധങ്ങളുണ്ടാവാം. വൈകാരികമായി മനസിലടിഞ്ഞു കൂടുന്ന ആ സ്നേഹബന്ധങ്ങളെ മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കുന്നതും ശരിയല്ല. 1947-ൽ എ.കെ.ജി ജയിൽ മോചിതനായെങ്കിലും അദ്ദേഹം വിവാഹം കഴിക്കാൻ തയ്യാറല്ലായിരുന്നു. അഞ്ചു വർഷം കൂടി കഴിഞ്ഞാണ് അങ്ങനെയൊരു തീരുമാനമെടുത്തത്.

1952-ൽ നാല്പത്തിയെട്ടാം വയസിൽ ഏ.കെ.ജി സുശീലയെ വിവാഹം ചെയ്തു. സുശീലയ്ക്ക് അന്ന് 22 വയസ്സ് പ്രായം. പ്രായ വ്യത്യാസത്തിൽ ഒരാൾ വിവാഹം ചെയ്യുന്നത് ക്രിമിനൽ കുറ്റമല്ല. ആ ചെറിയ കുട്ടിയോടുള്ള സ്നേഹ വാത്സല്യത്തെപ്പറ്റി ഏ.കെ.ജി തന്റെ ആത്മകഥയിൽ എഴുതിയിട്ടുണ്ട്. പന്ത്രണ്ടു വയസുള്ള ഒരു കുട്ടിയോട് ആകർഷണം ഉണ്ടായെങ്കിൽ അത് ബാലപീഢനമല്ല. അവർ തമ്മിൽ പരസ്പ്പരം സ്നേഹമുണ്ടായിരുന്നു. ഒരു കൊച്ചുകുട്ടിയോടുള്ള സ്നേഹം പീഢനമാവുന്നതെങ്ങനെ? അവൾ മുതിർന്നപ്പോൾ ആ സ്നേഹം പ്രേമമായി പരിണമിച്ചേക്കാം! അദ്ദേഹം, സുശീലയെ ബാല്യത്തിൽ വിവാഹം കഴിക്കുകയോ സദാചാര വിരുദ്ധമായി പെരുമാറിയതായോ ചരിത്രമില്ല. വിവാഹം വരെ സുശീല മാതാപിതാക്കളുടെ സുരക്ഷിതത്വത്തിലും സംരക്ഷണയിലുമായിരുന്നു.

എ.കെ.ഗോപാലൻ തന്റെ രാഷ്ട്രീയ യാത്രയിൽ പ്രധാനമന്ത്രി നെഹ്‌റുവിനെപോലും വെല്ലുവിളിച്ചിട്ടുണ്ട്. നെഹ്‌റു കാസർകോട് എത്തി എ.കെ.ഗോപാലനെതിരായി പാർലമെന്റിൽ എം.പി യായി ജയിക്കാനായിരുന്നു ആ വെല്ലുവിളി! നെഹ്‌റു മത്സരിക്കാൻ തയ്യാറായില്ലെങ്കിലും എ.കെ.ജി യെ തോൽപ്പിക്കാൻ കാസർകോട് എത്തിയിരുന്നു. എന്നാൽ എ.കെ. ഗോപാലൻ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുകയാണുണ്ടായത്. പാർലമെന്റിൽ ഒരു ചർച്ചാവേളയിൽ, ഏ.കെ.ജി സംസാരിക്കുന്ന സമയം അദ്ദേഹത്തിൻറെ ഇംഗ്ലീഷിനെ മറ്റു പാർലമെന്റ് അംഗങ്ങൾ പരിഹസിച്ചപ്പോൾ നെഹൃ ഇടപെട്ടുകൊണ്ട് പറഞ്ഞു, 'ശ്രീ ഗോപാലൻ ശുദ്ധമായ ഇംഗ്ലീഷ് സംസാരിക്കുന്നില്ലായിരിക്കാം. മുറിച്ചു മുറിച്ചുള്ള ഭാഷയെന്നു നിങ്ങൾ പരിഹസിക്കുന്നുണ്ടെങ്കിലും അദ്ദേഹം പറയുന്നതെല്ലാം സത്യമാണെന്നും മനസിലാക്കണം'. നെഹ്രുവിന്റെ അഭിപ്രായങ്ങൾ ശ്രവിച്ചയുടൻ മറ്റുള്ള പാർലമെന്റിലെ അംഗങ്ങൾ നിശബ്ദരാകുകയും ചെയ്തു. ലോകസഭാ രേഖകളിൽ നെഹ്രുവിന്റെ ഈ പ്രസ്താവന  രേഖപ്പെടുത്തിയിട്ടുണ്ട്.

എ.കെ.ജിയോട് ഏറ്റവും കൂടുതൽ സ്നേഹവും ആദരവും പ്രകടിപ്പിച്ചിട്ടുള്ളത് ജവർലാൽ നെഹ്രുവായിരുന്നു. പ്രതിപക്ഷത്തിരിക്കുന്ന ഒരു പ്രധാനിയെന്ന നിലയിൽ എ.കെ.ജിക്ക് നെഹ്‌റു  പ്രത്യേകമായ പരിഗണനകൾ നൽകിയിരുന്നു. രാജ്യത്തിന്റെ പ്രധാനപ്പെട്ട കാര്യങ്ങൾ അദ്ദേഹത്തോട് ആലോചിക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷത്തെ അനൗദ്യോഗികമായ നേതാവെന്ന നിലയിൽ എ.കെ.ജിയുടെ അഭിപ്രായങ്ങൾക്ക് ഗൗരവപരമായ പരിഗണനകൾ നൽകുകയും ചെയ്തിരുന്നു. അടിയന്തിരാവസ്ഥ രൂക്ഷമായിരുന്ന കാലത്തുപോലും ഇന്ദിരാ ഗാന്ധി എ.കെ.ജിയെ ആദരിച്ചിരുന്നു.

വടക്കേ മലബാറിൽ ഒരു ജന്മി കുടുംബത്തിൽ ജനിച്ചു വളർന്ന ഏ,കെ.ജി ജന്മിത്വത്തിന്റെ ക്രൂര മുഖങ്ങൾക്കെതിരായി പോരാടിയ മനുഷ്യ സ്നേഹിയായിരുന്നു. കപട രാഷ്ട്രീയക്കാരുടെ അയഥാര്‍ത്ഥമായ വ്യാജകഥകൾ നിഷ്കളങ്കനായ ആ മഹാന്റെ മഹാത്മ്യത്തിന് ഒട്ടും മങ്ങലേൽപ്പിക്കില്ല. എ.കെ.ജി യുടെ ആത്മകഥയിൽ പറയുന്നുണ്ട്, "ഞാനൊരു ഭ്രാന്തനാണ്. ഇവിടെ സാമ്രാജ്യത്വവും ജന്മിത്വവും നിലനിൽക്കുന്ന കാലത്തോളം ഈ ഭ്രാന്ത് തുടരണം." പ്രക്ഷോപങ്ങളെ മനസിന്റെ ഉള്ളറകളിൽ ആവഹിച്ച് ജനങ്ങളോടൊപ്പം തോളോട് തോൾ ചേർന്നുകൊണ്ട് അവരുടെ ജീവിതത്തെ പഠിച്ച് അവരെ നയിച്ച വിപ്ലവകാരിയായിരുന്നു സഖാവ് എ.കെ.ജി. അദ്ദേഹത്തിൻറെ ജീവിതം ഒരു കാലത്തിന്റെയും സമൂഹത്തിന്റെയും ചരിത്രമാണ്. അദ്ധ്വാനിക്കുന്നവരുടെയും സമൂഹത്തിൽ നിന്ദിതരായവരുടെയും ദുർബല ജനവിഭാഗങ്ങളുടെയും മോചനത്തിനായുള്ള മാറ്റൊലികൾ ആ ധന്യ ജീവിതത്തിൽ അർപ്പിതവുമായിരുന്നു.



Suseela, brinda, AKG, Prakash Karat









No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...