Saturday, September 1, 2018

ഡോ ശശിതരൂരിന്റെ പ്രളയ ചിന്തകളും ഐക്യരാഷ്ട്രസഭയുടെ വാഗ്ദാനങ്ങളും




ജോസഫ് പടന്നമാക്കൽ 

കേരളത്തിൽ സംഭവിച്ച ജലപ്രളയം ഈ നൂറ്റാണ്ടിലെ ഏറ്റവും അതിഘോരവും ഗുരുതരവുമായിരുന്നു. അതുമൂലം വന്ന നാശനഷ്ടങ്ങൾ കൃത്യമായി തിട്ടപ്പെടുത്തുവാൻ പ്രയാസമേറിയതുമാണ്. ഈ ഘട്ടത്തിൽ നമുക്ക് കിട്ടാവുന്ന സഹായങ്ങൾ എവിടെനിന്നു ലഭിച്ചാലും അത് സ്വീകരിക്കുകയാണ് വേണ്ടത്. കേന്ദ്രം ധന സഹായം നൽകുന്നതിനൊപ്പം ലോകരാജ്യങ്ങൾ തരാൻ തയാറാകുന്നുവെങ്കിൽ അത് യാതൊരു മടിയുമില്ലാതെ സ്വീകരിക്കേണ്ട സ്ഥിതി വിശേഷങ്ങളാണ് ഇന്ന് കേരളത്തിനുള്ളത്. ഇന്നത്തെ നാശനഷ്ടങ്ങൾ ഏകദേശം ഇരുപതിനായിരം കോടി രൂപയിൽ അധികം വരുമെന്നാണ് കണക്കു കൂട്ടിയിരിക്കുന്നത്. അത്രയും ഭീമമായ തുക കേന്ദ്ര സർക്കാരിനോ കേരള സർക്കാരിനോ താങ്ങാൻ സാധിക്കില്ല. കേന്ദ്രത്തിലെ ബഡ്ജറ്റ് അനുസരിച്ചു ഉള്ളത് മാത്രമേ സർക്കാരുകൾക്ക് നൽകാൻ സാധിക്കുള്ളൂ. കേരളത്തെ സംബന്ധിച്ച് 39 പാലങ്ങൾ പൊളിഞ്ഞു പോയി. 50000 കിലോമീറ്ററുകളോളം റോഡുകൾ താറുമാറായി കിടക്കുന്നു. അമ്പതിനായിരം വീടുകൾ നാശോന്മുഖമാകുകയും പത്തു ലക്ഷം പേര് ഓരോ തരത്തിൽ ദുരന്തത്തിന് അടിമപ്പെടുകയും ചെയ്തു.

കേരളത്തിന്റെ പ്രളയ കെടുതികളെ വിശദീകരിക്കാനായി ഡോ. ശശി തരൂർ ജനീവാ ആസ്ഥാനമായ യുണൈറ്റഡ് നാഷൻ സന്ദർശിക്കുകയുണ്ടായി. ഇരുപത്തിയൊമ്പതു വർഷത്തോളം ഐക്യ രാഷ്ട്രസഭയിൽ പ്രവർത്തിക്കുകയും സഭയുടെ അണ്ടർ സെക്രട്ടറിയായി ഉയർന്ന സ്ഥാനങ്ങൾ അലങ്കരിക്കുകയും ചെയ്ത ഡോ തരൂരിന് കിട്ടാവുന്ന അന്തർ ദേശീയ ഫണ്ടുകൾ സ്വരൂപിക്കാൻ ആധികാരികമായ കഴിവുകളുമുണ്ട്. ഐക്യരാഷ്ട്രസഭയുടെ രീതികളും അവിടുത്തെ പ്രവർത്തനങ്ങളും അദ്ദേഹത്തിന് വളരെ വ്യക്തമായും അറിയാം. ഒരു ന്യൂസ് ചാനലിന് നൽകുന്ന അഭിമുഖ സംഭാഷണത്തിൽ പ്രളയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വളരെ തന്മയത്വമായി മലയാളത്തിൽ അദ്ദേഹം വിവരിക്കുന്നുണ്ട്.

മുൻ യുഎൻ അണ്ടർ സെക്രട്ടറി എന്ന നിലയിൽ ഡോ ശശി തരൂരിന് എല്ലാവിധ ആദരവും ഐക്യരാഷ്ട്രസഭയിൽ ലഭിച്ചിരുന്നു. ആവശ്യപ്പെട്ടവരെല്ലാം അവരുടെ മറ്റ് സമയപരിപാടികൾ മാറ്റി അദ്ദേഹത്തിനു സമയം അനുവദിച്ചിരുന്നു. ഐക്യരാഷ്ട്ര സഭയിൽനിന്ന് അദ്ദേഹത്തിനു ലഭിച്ച വാഗ്ദാനങ്ങൾ മുഴുവനായി യഥാസമയം മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു. അവിടുത്തെ പ്രതിനിധികളുമായുള്ള അഭിമുഖ സംഭാഷണങ്ങൾ നാൽപ്പത്തിയഞ്ച് മിനിറ്റും ഒരു  മണിക്കൂറും വരെ നീണ്ടു നിന്നിരുന്നു. കേരളത്തിൽ ഇത്രമാത്രം നഷ്ടമുണ്ടായിയെന്ന് അവർക്ക് അറിയില്ലായിരുന്നു. അതെല്ലാം ഐക്യരാഷ്ട്ര സംഘടനയിലെ വേണ്ടപ്പെട്ടവരെ ബോധിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു. കേരളത്തിന്റെ എന്താവശ്യത്തിനും ഐക്യരാഷ്ട്ര സഭ കൂടെയുണ്ടായിരിക്കുമെന്നു വാഗ്ദാനവും നൽകി. 

ഒരു പക്ഷെ കേന്ദ്രം ഐക്യരാഷ്ട്രസഭയോട് കേരളത്തിന്റെ ജലപ്രളയ കെടുതികൾക്കായി സഹായം ആവശ്യപ്പെട്ടാൽ എന്തെല്ലാം സഹായം ഐക്യരാഷ്ട്ര സഭയ്ക്ക് നൽകാൻ സാധിക്കുമെന്ന സാധ്യതകളും തരൂർ തേടിയിരുന്നു. അതിനായി അദ്ദേഹം ഐക്യരാഷ്ട്ര സഭയിലെ ഉത്തരവാദിത്വപ്പെട്ടവരെ കാണുകയും പലരുമായി മണിക്കൂറോളം ചർച്ചകൾ നടത്തുകയും ചെയ്തു. സ്വന്തം ചെലവിലാണ് ഐക്യരാഷ്ട്ര സഭയിൽ ഈ സന്ദർശനം നടത്തിയത്. രാജ്യങ്ങൾക്കു സഹായം നൽകുമ്പോൾ ഐക്യരാഷ്ട്ര സംഘടനയ്ക്ക് അതിന്റേതായ നിയമങ്ങൾ പാലിക്കേണ്ടതായുണ്ട്. കേരളത്തിനായി ഐക്യരാഷ്ട്ര സംഘടനയിൽ നിന്നും എന്തുതരത്തിലുള്ള സഹായവും ലഭിക്കാൻ സാധിക്കുമെന്നും തരൂർ സ്ഥിതികരിച്ചിരിക്കുന്നു. അതിനായി അദ്ദേഹം അവിടുത്തെ വിവിധ വകുപ്പു മേധാവികളുമായി ചർച്ചകളിൽ ഏർപ്പെടുകയും അനുകൂലമായ മറുപടികൾ ലഭിക്കുകയുമുണ്ടായി. ഐക്യരാഷ്ട്ര സഭയിൽ നിന്ന് സഹായം ആഗ്രഹിക്കുന്നെങ്കിൽ കേന്ദ്ര സർക്കാർ ആദ്യം അതിനായി അപേക്ഷകൾ സമർപ്പിക്കണം. സംസ്ഥാനത്തിന് പ്രത്യേകമായ അപേക്ഷകൾ സമർപ്പിക്കാൻ അവകാശമില്ല.

ഐക്യരാഷ്ട്ര സഭയുടെ ഭാരവാഹികളുമായുള്ള സംഭാഷണത്തിനു ശേഷം ശശിതരൂർ കേരള സർക്കാരുമായി തനിക്കു ലഭിച്ച വിവരങ്ങൾ പങ്കു വെച്ചിരുന്നു. കേരളസർക്കാരിന് ഐക്യരാഷ്ട്രസഭയുടെ ഏജൻസികളുമായി ദുരന്തനിവാരണ മാർഗങ്ങളെ വിലയിരുത്തുവാനും മുഖ്യമന്ത്രിയുമായുള്ള സംഭാഷണം പ്രയോജനപ്പെടുത്താനും സാധിക്കുന്നു. അതനുസരിച്ച് സഹായം ആവശ്യമുണ്ടോ എന്ന പ്രായോഗിക വശങ്ങളെപ്പറ്റി ആരായാനും കഴിയും. ഐക്യരാഷ്ട്രസഭ കേരളത്തിലെ ദുരിതാശ്വാസ മേഖലകളിൽ നല്കാനുദ്ദേശിക്കുന്ന സഹായങ്ങളെപ്പറ്റി മുഖ്യമന്ത്രിയുടെ പരിഗണയ്ക്കായി തരൂർ സമർപ്പിക്കുകയും ചെയ്തു. അതിൽ താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധേയവുമാണ്. 

1. പ്രളയം മൂലം കേരളത്തിന് സംഭവിച്ച കെടുതികളിൽനിന്നും കര കയറാൻ ദീർഘകാല അടിസ്ഥാനത്തിലുള്ള സ്റ്റേറ്റിന്റെ കേന്ദ്ര സഹായം മതിയാകുമോ? കേരളത്തിന്റെ പുനരുദ്ധാരണത്തിനായി ആവശ്യത്തിനുള്ള പണം കേന്ദ്ര സർക്കാർ തരാത്ത പക്ഷം സ്റ്റേറ്റിന് പുനരുദ്ധാരണ പദ്ധതികൾക്കായുള്ള സഹായത്തിന് ഐക്യരാഷ്ട്രസഭയിലെ പ്രതിനിധികളെ ക്ഷണിച്ച് ചർച്ച ചെയ്യാം. ഐക്യരാഷ്ട്രസഭയുടെ പങ്കാളിത്വത്തോടെ കേരളത്തിന്റെ പുനർനിർമ്മാണ പദ്ധതികൾ ആരംഭിക്കാനും സാധിക്കും. 

2. മലിന വെള്ളം ഉപയോഗിക്കുന്ന കാരണം കോളറ സംസ്ഥാനമാകെ വ്യാപിക്കാൻ ഇടയുണ്ട്. അതിനെ തടയാൻ ലോകാരോഗ്യ സംഘടന മൂന്നു മില്യൺ പ്രതിരോധ കുത്തിവെപ്പിനുള്ള വാക്സിനേഷൻ തരാൻ തയാറാണ്.   

3. സംസ്ഥാന സർക്കാർ ഐസിആർസി/ ഗുജറാത്ത് ഫോറൻസിക്ക് സർവ്വകലാശാലയുടെ (ICRC/Gujarat Forensics University) പങ്കാളിത്വം ആവശ്യമെങ്കിൽ സ്വീകരിക്കണം. എങ്കിൽ മെഡിക്കൽ ശാസ്ത്രത്തിലെ നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടുതൽ സുതാര്യതയോടെ കൈകാര്യം ചെയ്യാൻ സാധിക്കും.  

4. കേന്ദ്രസർക്കാർ മറ്റു രാജ്യങ്ങളോട് സഹായം അഭ്യർത്ഥിക്കാൻ താല്പര്യപ്പെടാത്തതു കൊണ്ടും മറ്റു നിയമതടസങ്ങൾ കേന്ദ്രത്തിന്റെ തീരുമാനങ്ങൾക്ക് ബാധകമായതിനാലും ഐക്യരാഷ്ട്രസംഘടനയുമായി സഹകരിക്കാൻ കേരളസംസ്ഥാനത്തിനു കഴിയുന്നു. സംസ്ഥാനത്തിന്റെ പുനരുദ്ധാരണത്തിനായി അവർ വാഗ്ദാനം ചെയ്യുന്ന നമ്മുടെ ആവശ്യങ്ങൾ കേന്ദസർക്കാർ നിരസിക്കാതിരുന്നാൽ മാത്രം മതിയാകും. 

5. കേരളത്തെ സംബന്ധിച്ച് എത്രമാത്രം പണം ദുരിത പ്രദേശങ്ങളുടെ നവീകരണത്തിനായി ആവശ്യം വരുമെന്ന് കണക്കുകൂട്ടി അറിയിക്കാനും ഐക്യരാഷ്ട്ര സംഘടനയിലെ വിദഗ്ദ്ധർ ഉപദേശങ്ങൾ നൽകും. ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ സമ്മേളനങ്ങൾ വിളിച്ചുകൂട്ടി പഠിക്കാനും അടുത്ത പത്തു വർഷത്തേക്ക് എത്ര പണം ആവശ്യമുണ്ടെന്നു വിലയിരുത്താനും ഐക്യരാഷ്ട്രസഭ തയ്യാറാണ്.

6. അപ്രതീക്ഷിതമായി വെള്ളപ്പൊക്കമുണ്ടായതിനെപ്പറ്റിയും അതിൽ വന്ന നാശനഷ്ടങ്ങളെപ്പറ്റിയും സമയോചിതമായി ഒരു അന്വേഷണം വേണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 'അത് ഇന്നോ നാളെയോ ചെയ്യണമെന്നല്ല ആവശ്യപ്പെടുന്നത്. രാഷ്ട്രീയത്തിന്റെ മറവിൽ വിരലു ചൂണ്ടി ആരെയും കുറ്റപ്പെടുത്തുവാനുള്ള സാഹചര്യവും സൃഷ്ടിക്കരുത്. ഒരു അന്വേഷണത്തിന്റെ പ്രയോജനമെന്തെന്നാൽ എന്ത് സംഭവിച്ചെന്ന് നാം അറിഞ്ഞാലേ പിന്നീട് അത്തരം പാകപ്പിഴകൾ വീണ്ടും സംഭവിക്കാതെ നമ്മൾ ശ്രദ്ധിക്കുള്ളൂ.' നിഷ്പക്ഷമായ അന്വേഷണങ്ങൾക്കായി അന്തർദേശീയ വിദഗ്ദ്ധരെ ചുമതലപ്പെടുത്തണം. 

കേരളത്തിലുള്ള ദുരന്ത പ്രശ്ന പരിഹാരങ്ങൾക്കായി ഒരു ദീർഘകാല പദ്ധതി ആവശ്യമുണ്ടെന്നാണ് തരൂർ അഭിപ്രായപ്പെട്ടിരിക്കുന്നത്. അങ്ങനെയുള്ള സാഹചര്യങ്ങൾ വന്നു ചേരുമ്പോഴാണ് നമുക്ക് ലോക രാജ്യങ്ങളോട് സഹായം ആവശ്യപ്പെടേണ്ടി വരുന്നത്. ദീർഘകാല അടിസ്ഥാനത്തിൽ കാര്യങ്ങളുടെ നിജസ്ഥിതികളെപ്പറ്റിയും ചിന്തിക്കണം. മലിനമായ വെള്ളം ദുരിത ബാധിതരായ പ്രദേശത്തിലെ ജനം കുടിക്കേണ്ടി വരുന്നു. അതിൽ നിന്നും കൊളറാ പോലുള്ള മാരകമായ രോഗം നാടുമുഴുവൻ പകരാൻ സാധ്യതയുണ്ട്. ദുരിതം അനുഭവിക്കുന്നവരെ അഴുക്കു കനാലുകളിലെ മലിന വെള്ളം കുടിക്കാൻ അനുവദിക്കാതെ ശുദ്ധജലം വിതരണം ചെയ്യേണ്ടി വരുന്നു. ആവശ്യം വന്നാൽ അടിയന്തിരമായി പകർച്ചവ്യാധിയിൽ നിന്നും അവരെ രക്ഷിക്കേണ്ടതായുമുണ്ട്. ഇക്കാര്യം തരൂർ ഐക്യരാഷ്ട്ര സംഘടനയിൽ ഉത്തരവാദിത്വപ്പെട്ടവരെ ബോധിപ്പിക്കുകയും അവർ കോളറ പ്രതിരോധത്തിനായി സഹായം നൽകാൻ തയ്യാറാവുകയും ചെയ്തു. വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ കൈവശം ഇരുപതു മില്യൺ വാക്സിൻ ഉണ്ടെന്നാണ് അറിയിച്ചത്. കോളറ തടയാനായി ഒരു പ്രതിരോധ സംവിധാനം നടപ്പാക്കണമെന്ന് ഇന്ത്യ പരിഗണിക്കുന്ന പക്ഷം അവർ സഹായിക്കാൻ തയ്യാറെന്നും തരൂർ അറിയിച്ചു. അങ്ങനെ ആവശ്യം വരുന്ന പക്ഷം തീരുമാനങ്ങൾ എടുക്കേണ്ടത് മുഖ്യമന്ത്രീയും കേന്ദ്ര ക്യാബിനറ്റുമാണ്. കേരളത്തിലെ പ്രഗത്ഭരായ ഡോക്ടർമാരുടെ നിർദ്ദേശങ്ങളും പരിഗണനയിൽ എടുക്കേണ്ടതായുണ്ട്. തരൂരിന്റെ ചർച്ചകളുടെ ഫലമായി വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ എല്ലാം സൗജന്യമായി നൽകാമെന്നും സമ്മതിച്ചിട്ടുണ്ട്.

കഴിഞ്ഞ കാലങ്ങളിൽ രാജ്യത്ത് വസന്ത പടരുന്ന കാലങ്ങളിൽ മരുന്നിനായി നെട്ടോട്ടം ഓടുമായിരുന്നു. ഇനി അങ്ങനെയുള്ള സാഹചര്യത്തിൽ മരുന്നുകൾ മാർക്കറ്റിൽ ദിവസങ്ങൾക്കുള്ളിൽ എത്തിക്കാൻ സാധിക്കുന്നതും ശ്രീ തരൂരിന്റെ ഐക്യരാഷ്ട്ര സംഘടനയിലുള്ളവരുമായ കൂടിക്കാഴ്ചയുടെ ഫലവത്തായ വിജയമായിരുന്നു. പിൽക്കാലങ്ങളിൽ, 'ഇങ്ങനെ വേൾഡ് ഹെൽത് ഓർഗനൈസേഷന്റെ കൈവശം മരുന്നുകൾ ഉണ്ടായിരുന്നുവെന്നും അക്കാര്യം അറിയില്ലായിരുന്നുവെന്നുമുള്ള' സംസ്ഥാനത്തിലെ അധികാരികളുടെ പ്രസ്താവനകൾ അപ്രസക്തമാകുന്നുവെന്നുള്ള വസ്തുത തരൂർ മുൻകൂട്ടി അറിയിക്കുകയും ചെയ്തു. 

കേരളത്തിലെ പ്രളയം കഴിഞ്ഞതിൽ പിന്നീട് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടിലേക്ക് നാടിന്റെ നാനാ ഭാഗത്തുനിന്നും വിദേശ രാജ്യങ്ങളിൽ നിന്നും പണം വരുന്നുണ്ട്. പല സംഘടനകളും ഫണ്ട് എവിടേക്ക് അയക്കണമെന്നുള്ള ആശയക്കുഴപ്പത്തിലാണ്. ഇതിനോടകം ഏകദേശം ആയിരം കോടിയിലധികം ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിക്ഷേപത്തിൽ ലഭിച്ചു കഴിഞ്ഞു. പണം അയക്കുന്നവർ മുഖ്യ മന്ത്രിയുടെ ഫണ്ടിൽ അയക്കണമെന്നാണ് തരൂർ അഭിപ്രായപ്പെടുന്നത്. അദ്ദേഹം അങ്ങനെ എല്ലാവരെയും ഉപദേശിക്കുകയൂം ചെയ്യുന്നു. വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ടുള്ള മുഖ്യമന്ത്രിയുടെ സമയോചിതമായ പ്രവർത്തനങ്ങളെയും തരൂർ പുകഴ്ത്തുന്നുണ്ട്.

പുനർനിർമ്മാണ പദ്ധതികൾക്കായി നാം വ്യാപൃതരാവുകയാണെങ്കിൽ പഴയതിനേക്കാൾ മെച്ചമായ രീതികളിൽ പദ്ധതികൾ ആവിഷ്‌ക്കരിക്കേണ്ടതായി വരുന്നു. പുതിയതായി വീടുകളും പാലങ്ങളും പണിതുയർത്തുമ്പോൾ കൂടുതൽ ബലവത്തായ രീതിയിലായിരിക്കണം. അടുത്ത മഴയത്ത് ഒലിച്ചു പോവുന്ന തരത്തിലായിരിക്കരുത്.  അനുഭവങ്ങളായിരിക്കണം നമ്മെ എന്നും മുമ്പോട്ട് നയിക്കേണ്ടത്. ഇത്രമാത്രം മഴ വീണ്ടും ഇങ്ങനെ പെയ്യുന്നുവെങ്കിൽ ഈ മഴവെള്ളത്തെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾക്കായി നാം വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും തേടേണ്ടതായുണ്ട്. ഭൂമിയുടെ ഘടനയെപ്പറ്റി ശാസ്ത്രീയമായി പഠിച്ചിരിക്കുകയും വേണം. അങ്ങനെയുള്ള വിദദഗ്ദ്ധ സഹായങ്ങളും വിദഗ്‌ദ്ധന്മാരെയും ഐക്യരാഷ്ട്രസംഘടന തരാൻ തയ്യാറെന്നും അറിയിച്ചതായി തരൂർ പറഞ്ഞു. നാശപ്പെട്ട കേരളം പുനരുദ്ധരിക്കുമ്പോൾ അതിനു മുമ്പായി ഒരു വിദഗ്ദ്ധ വിലയിരുത്തൽ അത്യാവശ്യമാണ്. അടുത്ത തവണ ഒരു പ്രളയം ഉണ്ടാവുന്ന പക്ഷം ഇത്രമാത്രം നഷ്ടങ്ങൾ ഉണ്ടാവാൻ പാടില്ല. വീടിന്റെ അടിത്തറകൾ തന്നെ ശക്തിയായി കെട്ടിപ്പൊക്കുന്ന വിധമായിരിക്കണം.  

'ഇന്ന് നാം കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കായി വിവിധ മേഖലകളിൽനിന്നും ഫണ്ടുകൾ ശേഖരിക്കുന്നു. അതുപോലെ ജനങ്ങൾക്ക് നിത്യോപയോഗ പ്രദമായ സാധന സാമഗ്രികളും ശേഖരിക്കുന്നു. നല്ല രീതിയിൽ വിതരണവും ചെയ്യുന്നുണ്ട്. ഈ ദുർഘട നിമിഷങ്ങളിൽ ഏത് പാർട്ടി, ഏതു മതമെന്ന് ആരും ചിന്തിച്ചില്ല. ആരാണ് ഭരിക്കുന്നതെന്നും ആരുമാരും ചിന്തിച്ചില്ല. മലയാളികളുടെ ഐക്യദാർഢ്യത്തിന്റെ ദിനങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ കടന്നു പോയത്.' ഇന്നത്തെ ലക്‌ഷ്യം സർക്കാരുമായി സഹകരിക്കുകയെന്നതാണെന്നും ശ്രീ തരൂർ പറഞ്ഞു. അങ്ങനെ താൽക്കാലികമായ ആശ്വാസം നേടിയെടുക്കണം. നഷ്ടപ്പെട്ടതെല്ലാം നീണ്ടകാല പദ്ധതികളിൽക്കൂടി വീണ്ടെടുക്കാനുള്ള പ്രയത്നങ്ങളും ആരംഭിക്കേണ്ടതായുണ്ട്.

അന്തർദേശീയ സഹായങ്ങൾ നാം തേടിയാൽ അത് രാജ്യത്തിനു മാനക്കേടെന്നു കരുതിയാണ് കേന്ദ്രം രാജ്യത്തിനു വേണ്ടിയുള്ള ദുരിതാശ്വാസ സഹായങ്ങൾ നിക്ഷേധിക്കുന്നത്. അതിനും തരൂർ വ്യക്തമായ മറുപടി ഗുജറാത്തിലെ ഭൂമികുലുക്കം ഉദാഹരണമായി ചൂണ്ടി കാണിച്ച് പറയുന്നുണ്ട്. അന്തർദേശീയ സഹായം എപ്പോഴെല്ലാം ആവശ്യം വരുന്നുവെന്ന കാര്യങ്ങളും അദ്ദേഹം വിവരിക്കുന്നുണ്ട്. അന്ന് ഗുജറാത്തിന് ലഭിച്ച വിദേശ സഹായം 1.7 ബില്യൺ ഡോളറായിരുന്നു. അത്തരം അന്തർദേശീയ സഹായം കൊണ്ടാണ് ഗുജറാത്തിലെ ഭൂമി കുലുക്കം മൂലമുണ്ടായ ദുരിത പ്രദേശങ്ങളെ നവീകരിക്കാൻ സാധിച്ചത്. അതിൽ നമുക്ക് ഐക്യരാഷ്ട്രസഭയിൽ നിന്നും നാൽപ്പത്തി രണ്ടു മില്യൺ ഡോളർ ലഭിച്ചിരുന്നതും തരൂർ ചൂണ്ടി കാണിക്കുന്നുണ്ട്. ഗുജറാത്തിൽ ഭൂമി കുലുക്കമുണ്ടായ സന്ദർഭത്തിൽ മൻമോഹൻ സിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. ഗുജറാത്തിനു ദുരിത നിവാരണത്തിൽനിന്നും രക്ഷപെടാൻ പുറം രാജ്യങ്ങളുടെ സഹായം ആവശ്യമായിരുന്നു. ഇന്ത്യ വിദേശ രാജ്യങ്ങളുടെ സഹായം അഭ്യർത്ഥിക്കുകയും സ്വീകരിക്കുകയും ചെയ്തു. അതേ സമയം 2004-ൽ സുനാമി വന്ന ദിനങ്ങളിൽ സർക്കാരിന് വിദേശ സഹായം ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചു. സുനാമി ബാധിത പ്രദേശങ്ങളിലെല്ലാം ആവശ്യമായ സഹായങ്ങൾ സർക്കാർ നൽകി. കേന്ദ്ര സഹായത്തോടെ നഷ്ടപ്പെട്ട നാശനഷ്ടങ്ങൾ പുനരുദ്ധരിക്കുകയും ചെയ്തു. പുതിയ കെട്ടിടങ്ങളും റോഡുകളും പണിതു. അന്ന് അന്താരാഷ്ട്ര സഹായം ആവശ്യമുണ്ടായിരുന്നില്ല.

ഇന്ന് കേരളത്തിൽ നമ്മുടെ ആവശ്യങ്ങളെ പരിഹരിക്കാനുള്ള മാർഗങ്ങളാണ് ആരായേണ്ടത്. അതിൽ കേന്ദ്രത്തിന് സംസ്ഥാനത്തെ സഹായിക്കാൻ എത്രമാത്രം സാധിക്കുമെന്ന് ചിന്തിക്കണം. സ്ഥിതിഗതികൾ സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും നിയന്ത്രണത്തിലെങ്കിൽ വിദേശ സഹായം തേടേണ്ട ആവശ്യം വരുന്നില്ല. ദുരിതങ്ങൾ സംഭവിക്കുന്ന കാലങ്ങളിൽ വിദേശ സഹായം സ്വീകരിക്കേണ്ട എന്ന ഒരു നിയമം മൻമോഹൻ സിംഗിന്റെ കാലത്തുണ്ടായിരുന്നില്ല. എന്നാൽ 2016-ൽ ഇന്നത്തെ സർക്കാർ ദേശീയ ദുരന്തം സംഭവിക്കുന്ന കാലങ്ങളിൽ വിദേശത്തുനിന്ന് സഹായം മേടിക്കണ്ടായെന്നു ഒരു തീരുമാനത്തിലെത്തിയിരുന്നു. ദുരിതങ്ങൾ ഉണ്ടാവുമ്പോൾ മറ്റൊരു രാജ്യത്തോട് സഹായം ആവശ്യപ്പെടില്ലെന്നായിരുന്നു തീരുമാനം. 

കേന്ദ്ര ദുരിതാശ്വാസ വകുപ്പ് കേവലം വിദേശ സഹായം സ്വീകരിക്കുന്നത് നിയമപരമല്ലെന്നു കരുതാം. അന്തർ ദേശീയ സഹായത്തിന് നാം ആവശ്യപ്പെടുകയില്ല. പക്ഷെ സഹായം തന്നാൽ നമുക്ക് സ്വീകരിക്കുന്ന പതിവുണ്ട്. കേരളത്തിന് മറ്റൊരു രാജ്യം സഹായം നൽകാമെന്ന് വാഗ്ദാനം ചെയ്തപ്പോൾ പ്രധാനമന്ത്രിയുടെ വക്താവ് വന്നിട്ട് ഇത് നിയമപ്രകാരമല്ലെന്ന് പറയുന്നതും യുക്തമല്ല. യു.എ.ഇ എന്ന രാഷ്ട്രത്തിൽനിന്നും സഹായ വാഗ്ദാനം ലഭിച്ചിട്ടുണ്ടെങ്കിൽ അത് മറ്റൊരു വിദേശ രാജ്യവുമായുള്ള പ്രശ്നമായി കണക്കാക്കാം. എന്നാൽ ഐക്യരാഷ്ട്രസംഘടന എന്ന് പറയുന്നത് നമ്മുടെ സംഘടനയാണെന്ന് തരൂർ ഓർമ്മിപ്പിക്കുന്നു.

തരൂർ പറയുന്നു, "നമ്മളും ഐക്യ രാഷ്ട്ര സഭയിലെ അംഗങ്ങളാണ്. അവിടെ ഒരു വലിയ വിഭാഗം ഇന്ത്യൻ ജനങ്ങൾ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു. ആ സ്ഥിതിക്ക് ഐക്യരാഷ്ട്രസംഘടനയെ ഒരു വിദേശമെന്നു കണക്കാക്കുവാൻ സാധിക്കില്ല. ഇന്ത്യ ഐക്യരാഷ്ട്രസംഘടനയിൽ ഒരു അംഗം എന്ന നിലയിൽ സഹായം തേടുന്നതിൽ ഒരു നാണക്കേടും വിചാരിക്കേണ്ട കാര്യമില്ല. ഐക്യരാഷ്ട്രസഭയോട് നാം കാര്യങ്ങൾ ആവശ്യമുണ്ടെന്ന് പറഞ്ഞാൽ അവർ തന്നെ വാഗ്ദാനങ്ങളുമായി വന്നെത്തും. അല്ലാതെ കൈനീട്ടി സഹായം ആവശ്യപ്പെടേണ്ടി വരുന്നില്ല. അവർ അങ്ങനെ ഒരു വാഗ്ദാനം തന്നു കഴിഞ്ഞാൽ നമുക്ക് വേണോ വേണ്ടയോ എന്ന് പറയേണ്ട ആവശ്യമേ വരുന്നുള്ളൂ. കേരളത്തെ സഹായിക്കാൻ അവർ തയ്യാറാണ്."

ഇന്ന് രാഷ്ട്രീയക്കാരുടെയിടയിൽ നടക്കുന്ന ചർച്ചകളും വിവാദങ്ങളും അനാവശ്യമായ സമയനഷ്ടമായി തരൂർ ചിന്തിക്കുന്നു. 'ജനങ്ങൾക്ക് ആവശ്യമുള്ളത് എന്തെന്ന് നോക്കുക. നമുക്ക് പുനരുദ്ധാരണ പ്രവർത്തനങ്ങൾ മറ്റു സഹായമില്ലാതെ ചെയ്യാൻ കഴിയുമെങ്കിൽ അങ്ങനെയുമാവാം. അത്തരം സാഹചര്യങ്ങളിൽ നമുക്ക് ദുരിത നിവാരണ പ്രവർത്തനങ്ങൾക്കുള്ള മാർഗങ്ങൾ സ്വയം കണ്ടെത്തുവാൻ സാധിച്ചുവെന്നു അഭിമാനത്തോടെ പറയാനും സാധിക്കും. നമ്മുടെ ആവശ്യങ്ങൾ വിലയിരുത്തി അതിൽ എത്രമാത്രം നഷ്ടം വന്നുവെന്നും കണക്കുകൂട്ടി നഷ്ടങ്ങൾ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും വഹിക്കാൻ സാധിക്കില്ലെങ്കിൽ എന്തുകൊണ്ട് അന്തർദേശീയ സഹായം സ്വീകരിച്ചു കൂടാ? മാത്രവുമല്ല, നമ്മുടെ ആളുകൾ അനേകർ വിദേശത്ത് ജോലി ചെയ്യുന്നു. ആവശ്യമുള്ള വിദേശപ്പണം ലഭിക്കുന്ന സാധ്യതകൾ മാത്രമേ നാം ആരായുന്നുള്ളൂ. നമ്മുടെ സർക്കാരിന് വഹിക്കാൻ സാധിക്കുന്നില്ലെങ്കിൽ ആ പണം പുറം രാജ്യങ്ങളിൽ നിന്നും തേടുന്നതിൽ യാതൊരു സങ്കോചവും ഉണ്ടാവേണ്ട ആവശ്യമില്ല.'

ആഗോള താപവ്യതിയാനം കേരളത്തിലും നല്ലവണ്ണം അനുഭവപ്പെടുന്നുണ്ട്. അങ്ങനെയുള്ള സാഹചര്യത്തിൽ മഴ ഏതു കാലത്തും വരാൻ സാധ്യതയുണ്ട്. നാം എക്കാലവും പ്രതീക്ഷിച്ച മഴയെക്കാളും രണ്ടര ഇരട്ടിയാണ് ഇക്കൊല്ലം പെയ്തത്. അതുപോലെ വീണ്ടും സംഭവിക്കാവുന്ന സാഹചര്യങ്ങളാണ് കേരളത്തിലുള്ളത്. ഇതിൽ മനുഷ്യ നിർമ്മിതമായ ചില കാരണങ്ങളും ഉണ്ട്. നമുക്ക് പ്രകൃത്യാ വെള്ളം ഒഴുകുന്ന കനാലുകളും ഭൂപ്രകൃതിയുമുണ്ട്. കനാലുകളിൽ നിന്നും വെള്ളം നദികളിലേക്കും പിന്നീട് കായലുകളിലും സമുദ്രത്തിലേക്കും പതിക്കുന്നു. വെള്ളത്തിന്റെ ഒഴുക്കുപാച്ചിലിൽ മാലിന്യം എറിഞ്ഞിട്ടോ, കെട്ടിടങ്ങൾ പണി തീർത്തിട്ടോ മനുഷ്യ നിർമ്മിതമായ വസ്തുക്കൾ വഴിയോ തടസങ്ങൾ ഉണ്ടാകുന്നു. ഈ പ്രകൃതി ദുരന്തങ്ങൾ സംഭവിച്ചെന്ന കാര്യങ്ങളിൽ എത്രമാത്രം സത്യം ഉണ്ടെന്നുള്ളതും നാം അറിയണം. അടുത്ത തവണ പ്രളയം വരാതിരിക്കാനുള്ള മാർഗങ്ങൾ അറിയുകയും വേണം. 

ഇന്ന് നാശോന്മുഖമായ ഈ കെട്ടിടങ്ങൾ പണി തീർത്തത് ഓരോ കാലഘട്ടത്തിലും അശാസ്ത്രീയമായിട്ടായിരിക്കാം. നമ്മൾ വെള്ളപ്പൊക്ക വഴികളുടെ ഒരു ഭൂപടം തയ്യാറാക്കാതെ കെട്ടിടങ്ങൾ പണിതീർത്തിട്ടുണ്ടെങ്കിൽ നാളെയും ഇത്തരം വെള്ളപ്പൊക്കം വരാൻ സാധ്യതയുണ്ട്. നമ്മുടെ തെറ്റുകളെ മനസിലാക്കാൻ സാധിച്ചില്ലെങ്കിൽ നാളെ എങ്ങനെ നാം പ്രളയ നിരോധന മാർഗങ്ങളെപ്പറ്റി അറിയും. 'രാഷ്ട്രീയം ഒന്നും ഇല്ലാതെ ഉദ്യോഗസ്ഥ മേധാവിത്വം ഇല്ലാതെ എല്ലാവർക്കും സമ്മതമായ ഒരു അന്വേഷണം ആവശ്യമാണെന്നും' തരൂർ അഭിപ്രായപ്പെടുന്നു. അതെല്ലാം അന്തർ രാഷ്ട്ര പ്രാവിണ്യമുള്ളവരെക്കൊണ്ടു അന്വേഷിപ്പിക്കേണ്ടതായുമുണ്ട്. ഡാം മാനേജുമെന്റ് പഠിച്ച വിദഗ്ദ്ധരെ  അന്വേഷണത്തിനായി നിയമിക്കണം. 'ഇന്നലെ സംഭവിച്ചത് മനസിലാക്കിയില്ലെങ്കിൽ നാളെ എങ്ങനെ വീണ്ടും സംഭവിക്കാൻ പോവുന്നത് മനസിലാക്കാൻ സാധിക്കുമെന്നും' തരൂർ ചോദിക്കുന്നു. 

വിദേശത്തും സ്വദേശത്തുനിന്നുമായി അയക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിക്ഷേപിക്കണമെന്ന് ശ്രീ തരൂർ പറയുന്നുണ്ടെങ്കിലും ഫണ്ട് മാനേജ്‌മെന്റിനെപ്പറ്റി തരൂർ അഭിപ്രായങ്ങൾ ഒന്നും പറയുന്നില്ല. കഴിഞ്ഞകാല അനുഭവങ്ങൾ വെച്ച് മുഖ്യമന്ത്രിയുടെ ഈ ഫണ്ട് അർഹരായവർക്ക് ലഭിച്ചില്ലെന്നുമുള്ള പരാതികൾ നാടിന്റെ നാനാഭാഗത്തുനിന്നും വരുന്നുണ്ട്. കേരളത്തിൽ ദുരന്തങ്ങൾ സംഭവിക്കുന്ന കാലങ്ങളിലെല്ലാം സഹായങ്ങൾ നൽകാറുള്ളത് മുഖ്യമന്ത്രിയുടെ ഫണ്ടിൽ നിന്നാണ്. പല സന്ദർഭങ്ങളിലും ഇത്തരം ഫണ്ടുകൾ സർക്കാരിന്റെ ചുവപ്പുനാടകളുടെ കുരുക്കിൽപ്പെട്ടു ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളുണ്ട്. പലപ്പോഴും അർഹരായവർക്ക് ഫണ്ട് ലഭിക്കുകയുമില്ല.

ഓരോ ഫണ്ടുകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിൽ എത്തുന്നത് പ്രത്യേകമായ ഒരു ഉദ്ദേശത്തോടെയായിരിക്കും. ഇപ്പോൾ സ്വരൂപിച്ചിരിക്കുന്ന ഫണ്ട് പ്രളയ ദുരിതർക്കുവേണ്ടിയുള്ള ക്ഷേമാന്വേഷണത്തിനായിട്ടാണ്. ഈ ഫണ്ട് മറ്റു ദുരിതാശ്വാസ കാര്യങ്ങൾക്കായി ഉപയോഗിക്കില്ലെന്ന് സർക്കാർ ഉറപ്പു നൽകേണ്ടിയിരിക്കുന്നു. സർക്കാർ ദുരന്ത സാഹചര്യങ്ങളിൽ പ്രത്യേകമായ ഒരു ഫണ്ട് രൂപീകരിക്കുന്ന പക്ഷം ഫണ്ടിന്റെ ശരിയായ വിനിയോഗത്തെ ശ്രദ്ധിക്കുകയും വേണം. സുനാമി ഫണ്ട് രൂപീകരിച്ചപ്പോൾ അർഹരായവർക്ക് കൊടുക്കാതെ ഇടുക്കിയിലും പാലായിലുമുള്ളവർക്ക് ഫണ്ട് വിനിയോഗിച്ചതായ ചരിത്രവുമുണ്ട്. കടലുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾക്കായി ഫണ്ട് ദുരുപയോഗം ചെയ്തിട്ടും അതിന്റെ പേരിൽ ഒരു അന്വേഷണവും നടന്നിട്ടില്ല. ഒക്കി ഫണ്ട് സമാഹരിച്ചിട്ടും അതിന്റെ പകുതിയോളം ഫണ്ട് മാത്രമേ ഉപയോഗിക്കാൻ സാധിച്ചുള്ളൂവെന്ന് മുഖ്യമന്തി നിയമസഭയിൽ പറയുകയും ചെയ്തു. ഇങ്ങനെ സ്വരൂപിക്കുന്ന ഫണ്ട് ഏതെങ്കിലും ഉദ്യോഗസ്ഥന്റെയോ രാഷ്ട്രീയ നേതാവിന്റെയോ പ്രേരണയാൽ നഷ്ടപ്പെടാനും പാടില്ല. അർഹപ്പെട്ടവരെ സഹായിക്കുമ്പോൾ സംഭാവന കൊടുക്കുന്നവക്ക് കൂടുതൽ ആത്മവിശ്വസം ലഭിക്കേണ്ടതായുമുണ്ട്. ഫണ്ട് നൽകുന്നവർക്ക് ആത്മവിശ്വാസം നൽകുന്ന രീതിയിലല്ല ഇന്നത്തെ മുഖ്യമന്ത്രിയുടെ ഫണ്ടിന്റെ വിതരണം. അത് കഴിഞ്ഞ കാല അനുഭവങ്ങളിൽനിന്നും വ്യക്തവുമാണ്.

നിയമസഭയിൽ ഫണ്ടുകൾ സംബന്ധിച്ച ചർച്ചകൾ അടുത്ത ദിവസങ്ങളിലുണ്ടായിരുന്നു. കോടികൾ മുടക്കിയ ശേഷമുളള ഈ സമ്മേളനം ക്രിയാത്മകമായ തീരുമാനങ്ങൾ ഒന്നും എടുക്കാതെ പിരിയുകയും ചെയ്തു. പരസ്പ്പരം രാഷ്ട്രീയ പാർട്ടികൾ ചെളി വാരി എറിഞ്ഞതല്ലാതെ കാര്യപ്രസക്തമായ ചർച്ചകളൊന്നും മുഖവിലക്കെടുത്തില്ല.

(കടപ്പാട്: തരൂരിന്റെ വീഡിയോ സംഭാഷണങ്ങൾ )












No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...