Padannamakkel Blog

Thursday, January 30, 2020

ശ്രീ ഫ്രാൻസിസ് തടത്തിലിന്റെ നാലാം തൂണിനപ്പുറം, അവലോകനം



ജോസഫ് പടന്നമാക്കൽ

പത്രപ്രവർത്തകനായ ശ്രീ ഫ്രാൻസീസ്‌ തടത്തിലിന്റെ  'നാലാം തൂണിനപ്പുറം' എന്ന ഗ്രന്ഥം വളരെയേറെ ജിജ്ഞാസയോടെയാണ് വായിച്ചു തീർത്തത്. അദ്ദേഹത്തിൻറെ  ജീവിതത്തെ സ്പർശിക്കുന്ന വിവരങ്ങൾ വായിച്ചപ്പോൾ എന്റെ കണ്ണുകൾ നിറയുകയും മുമ്പോട്ടുള്ള പേജുകൾ മറിക്കാൻ  സാധിക്കാതെ  മനസുരുകുകയും ചെയ്തു.  ഈ ചെറു ജീവിതത്തിനുള്ളിൽ  നേടിയ നേട്ടങ്ങളിൽ  വിസ്മയഭരിതനാവുകയും ചെയ്തു.  രോഗവുമായി മല്ലിട്ടു ജീവിക്കുമ്പോഴും സ്വന്തം ജീവിതം തന്നെ വെല്ലുവിളിയായിരുന്നപ്പോഴും ജീവിതത്തെ ഒരിക്കലും പരാജയത്തിന് വിട്ടുകൊടുക്കില്ലെന്നുള്ള ദൃഢനിശ്ചയവുമുണ്ടായിരുന്നു.  സമകാലീക രാഷ്ട്രീയവും അധികാര ദുർവിനിയോഗവും കോടതികളും കേസുകളും എന്നുവേണ്ട സമസ്ത മേഖലകളിലും ഈ പത്രപ്രവർത്തകൻ പ്രവർത്തിച്ചിട്ടുണ്ട്. സ്വന്തം പ്രൊഫഷണലിസം മെച്ചമാക്കാനുള്ള മത്സരയോട്ടം ഓരോ അദ്ധ്യായത്തിലും  പ്രതിഫലിച്ചു കാണാം.  ഒരു പത്രപ്രവർത്തകന്റെ ധർമ്മം ഇത്രമാത്രം കാഠിന്യമേറിയതെന്നും ആഴത്തിലുള്ളതെന്നും  മനസ്സിലായതും ഈ പുസ്തകത്തിൽകൂടിയാണ്. രാവെന്നോ പകലെന്നോ  വ്യത്യാസമില്ലാതെ കഠിനമായ പ്രയത്നങ്ങളും യാതനകളും ഒരു  പത്രപ്രവർത്തകന്റെ വിജയത്തിനാവിശ്യമെന്നും മനസിലാക്കുന്നു. സ്നേഹവും ജീവകാരുണ്യവും സ്വന്തം തൊഴിലിനോടുള്ള ആത്മാർത്ഥതയും ഒത്തു ചേർന്നുള്ള ഒരു ത്രിവേണി സംഗമമാണ്  ഈ ഗ്രന്ഥം.

അകാലത്തിൽ തന്നെ അർബുദരോഗം പിടിപെട്ട്  ജീവിതവുമായി പടപൊരുതിയ ഫ്രാൻസീസിന്റെ ഈ പുസ്തകം കണ്ണുകൾ  ഈറനായി മാത്രമേ  വായനക്കാർക്ക് വായിച്ചു തീർക്കാൻ സാധിക്കുകയുള്ളൂ! സ്വന്തം തൊഴിലിൽ  ഉയരങ്ങൾ കീഴടക്കിയ കാലഘട്ടത്തിലായിരുന്നു അദ്ദേഹം  രോഗബാധിതനായത്. എങ്കിലും   മനസു  പതറാതെ ജീവിതത്തെ തന്നെ ഒരു വെല്ലുവിളിയായി അദ്ദേഹം  സ്വീകരിച്ചു.  എന്നും നേട്ടങ്ങളുടേതായ ഒരു ഘോഷയാത്ര തന്നെ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.  കൂടാതെ സ്നേഹനിധിയായ ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമടങ്ങുന്നതാണ് അദ്ദേഹത്തിൻറെ കുടുംബം.

ശ്രീ ഫ്രാൻസീസ് തടത്തിലിനെ ഒരിക്കൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. ഇ-മലയാളിയുടെ അവാർഡ് ചടങ്ങിൽ വെച്ചു ആദ്യമായി ഞങ്ങൾ തമ്മിൽ കണ്ടുമുട്ടി.  എങ്ങനെയോ  ഒരു ആത്മബന്ധം ഈ ചെറുപ്പക്കാരനുമായി അന്നെനിക്ക്  സ്ഥാപിക്കാൻ സാധിച്ചു.  അദ്ദേഹം, കോഴിക്കോട് ദേവഗിരി കോളേജിന്റെ പ്രൊഫസറായിരുന്ന എന്റെ പ്രിയ ഗുരുനാഥൻ മാണിസാറിന്റെ മകനാണെന്നറിഞ്ഞപ്പോൾ ഫ്രാൻസീസിൽ ഞാനും അഭിമാനം കൊണ്ടു.  യുവത്വത്തിൽതന്നെ നിരവധി നേട്ടങ്ങൾ നേടിയ   ജ്ഞാനിയായ  ഈ ചെറുപ്പക്കാരന്റെ മുമ്പിൽ ഞാനൊന്നും അല്ലെന്നു തോന്നി. അവാർഡുകളുടെ കൂമ്പാരങ്ങൾ നേടിയ ഫ്രാൻസീസ് തടത്തിലിന്റെ വ്യക്തി മാഹാത്മ്യം ഈ പുസ്തകത്തിലുള്ള  പ്രസിദ്ധരായവരുടെ അഭിപ്രായങ്ങളിൽനിന്നും മനസിലാക്കാൻ സാധിക്കും. ഇ-മലയാളി എഡിറ്റർ ശ്രീ ജോർജ് ജോസഫിന്റെ സൗന്ദര്യാത്മകമായ ഭാഷയോടെയുള്ള അവതാരികയോടെയാണ്  പുസ്തകത്തിന്റെ തുടക്കം.

 ''ഒരു രക്തബന്ധത്തിന്റെ കഥ"എന്നാണ്, ആദ്യ അദ്ധ്യായത്തിനു  പേരു  കൊടുത്തിരിക്കുന്നത്.  പത്രപ്രവർത്തകനെന്നതിലുപരി  ആർദ്രതയുടെയും സഹാനുഭൂതിയുടെയും നിർമ്മല ഹൃദയംകൊണ്ടു ആവരണം ചെയ്ത ഒരു  ഫ്രാൻസിസിനെയാണ്  കാണാൻ സാധിക്കുന്നത്.  അതിരപ്പള്ളി വൈദ്യുതി പദ്ധതിക്ക് പത്രറിപ്പോർട്ട് തയാറാക്കിയ ഫ്രാൻസീസിന്റെ നേരെ ആക്രോശിക്കുന്ന കട്ടക്കൊമ്പൻ  മീശക്കാരൻ ഫ്രാങ്കോ ലൂയിസിനെയാണ്   ആദ്യം പരിചയപ്പെടുത്തുന്നത്.  പത്തുപേജുള്ള റിപ്പോർട്ട് ഏഴു പ്രാവിശ്യം എഴുതിയിട്ടും തൃപ്തി വരാത്ത മീശക്കാരനിലെ ലോല ഹൃദയം ഫ്രാൻസീസിന് മനസിലാവുന്നത്,  അയാളുമൊത്ത് റസ്റ്റോറന്റ് ബാറിൽ ഹൃദയം തുറന്നു സംസാരിച്ച  ശേഷമാണ്.

ഫ്രാൻസീസിനോടുള്ള  കടപ്പാടും ഫ്രാങ്കോ ലൂയീസ് അന്ന് അറിയിക്കുന്നു.  ഫ്രാങ്കോയുടെ പിതാവ് മരിക്കുന്ന സമയം ഒരു സർജറിക്ക് വിധേയമായിരുന്നു. ഫ്രാങ്കോയുടെ കൂട്ടുകാരന്റെ കൂട്ടുകാരനെന്ന  നിലയിൽ രാത്രി മുഴുവൻ സഞ്ചരിച്ച് പതിനഞ്ചു കുപ്പി രക്തത്തോളം  പിതാവിനുവേണ്ടി ഫ്രാൻസീസ് ശേഖരിച്ചു. ഫ്രാൻസീസ് എന്ന യുവ പത്രപ്രവർത്തകന്റെ മനുഷ്യ സ്നേഹത്തിനു  മുമ്പിൽ കട്ട കൊമ്പൻ മീശക്കാരൻ ഫ്രാങ്കോ കീഴടങ്ങുന്ന കഥ വികാരാധീനമായി വിവരിച്ചിരിക്കുന്നു. പിന്നീട് ഫ്രാൻസിസിന്റെ എല്ലാ നേട്ടങ്ങളുടെയും പുറകിൽ ഫ്രാങ്കോ ലൂയിസിന്റെ  പിന്തുണയുമുണ്ടായിരുന്നു. രക്തത്തിൽ കുതിർത്ത, രക്താവരണം കൊണ്ട് എഴുതിവെച്ച  ഒരു ആത്മബന്ധമായിരുന്നു ഇത്. ഓർക്കാപ്പുറത്ത് ഫ്രാൻസീസിനെ  ബ്ലഡ് ക്യാൻസർ രോഗിയായി ഡോക്ടർമാർ വിധിയെഴുതിയപ്പോൾ ഏറ്റവും വാവിട്ടു കരഞ്ഞ വ്യക്തിയും ഫ്രാങ്കോ സാറായിരുന്നു. തുടക്കം മുതൽ  ജീവിതവുമായുള്ള ഏറ്റുമുട്ടലുകളിൽ എന്നും സഹായമായി നിലകൊണ്ടതും ഫ്രാൻസീസിന്റെ ഈ ഗുരു തന്നെ. ആവശ്യത്തിനുതകുന്നവനാണ് യഥാർത്ഥ  സുഹൃത്തെന്ന പൗരാണിക ചിന്തകളും ഫ്രാങ്കോയിൽക്കൂടി അർത്ഥവത്താവുകയാണ്. ഫ്രാൻസീസ് എഴുതിയ അതിരപ്പള്ളി, വാഴച്ചാൽ റിപ്പോർട്ട് ദീപികയിൽ പേരു  വെച്ച് പ്രസിദ്ധീകരിച്ചതും  അനുമോദനങ്ങളുടെ പൂച്ചെണ്ടുകൾ നേടിയതും അദ്ദേഹത്തന്റെ പ്രൊഫഷണൽ ജീവിതത്തിന്റെ ഒരു വഴിത്തിരിവായിരുന്നു. പിന്നീട് ഓരോ കാൽചുവടുകളും പ്രസിദ്ധനായ ഒരു ജേർണലിസ്റ്റിലേക്കുള്ള വളർച്ചയായിരുന്നു.  ഫ്രാങ്കോ ലൂയീസ്  അദ്ദേഹത്തെ  ഹൃദയത്തോട് ചേർത്തുപിടിച്ച് എല്ലാവിധ പ്രോത്സാഹനങ്ങളും  സ്‌നേഹാദരവുകളും നൽകിയിരുന്നു.

'ആദ്യ സ്‌കൂപ്പ് വരമൊഴിയായി' എന്നാണ് രണ്ടാം അദ്ധ്യായത്തിന്റെ തലവാചകം. ജേർണലിസം കോഴ്‌സുകൾ പൂർത്തിയാക്കി കോട്ടയത്തുനിന്നും തൃശൂർ ട്രെയിനിൽ  ഇടിച്ചു കയറുന്ന സമയം. ഒരു ഭീമാ കായനായ മനുഷ്യനെ അവിടെ ബന്ധിച്ചിട്ടിരിക്കുന്നതു കണ്ടു. അയാൾ പത്തു പവൻ മാല മോഷ്ടിച്ച ശേഷം ട്രെയിനിനുള്ളിൽ 'സെലീനാമ്മ' എന്ന സ്ത്രീയെ  കൊന്നു. ഈ വാർത്ത ദീപികയിൽ വിളിച്ചറിയച്ചപ്പോൾ വാർത്തകളുടെ പൂർണ്ണവിവരം റിപ്പോർട്ട് ചെയ്യുവാൻ ചുമതലപ്പെടുത്തിയത് ഫ്രാൻസിസിനെയായിരുന്നു. എന്നാൽ ട്രെയിനിങ് കഴിഞ്ഞു വീട്ടിൽ പോവാൻ ധൃതി വെച്ചിരുന്ന അദ്ദേഹം ഒഴിവു കഴിവു പറഞ്ഞു വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ തയ്യാറായില്ല. അടുത്ത ദിവസം  വാർത്ത  ദീപികയിൽ വന്നപ്പോഴാണ് അവസരങ്ങൾ തേടിവന്നിട്ടും താൻ അത് സ്വീകരിക്കാതെ പോയാല്ലോയെന്ന നഷ്ടബോധമുണ്ടായത്.

തൃശൂർ ദീപിക ഓഫീസിലാണ് ഫ്രാൻസീസ് ജോലി ആരംഭിക്കുന്നത്. തൃശൂരിന്റെ നാടോടി ഭാഷ മനസിലാക്കാനുള്ള ബുദ്ധിമുട്ടുകൾ അദ്ദേഹം വിവരിക്കുന്നുണ്ട്.  പൂരപ്പറമ്പിലുള്ള ആൽ മരത്തിൽ ഒരാൾ തൂങ്ങി മരിച്ചുവെന്ന വാർത്ത പോലീസ് ഓഫിസർ ജോസഫ് നൽകിയത് ''നമ്മുടെ മണികണ്ഠനാലിന്റെ മേലേരാളു ഞാന്നു കിടക്കുന്നു." പത്രക്കെട്ടുകൾ മെത്തയാക്കി കിടന്നുറങ്ങുന്ന കാലവുമായിരുന്നു അന്ന്.  ഫ്രാൻസീസിനു  കിട്ടുന്ന ആദ്യത്തെ വാർത്തയും.  മൂന്നു നാല് മാസങ്ങൾക്കുള്ളിൽ തൃശൂർ ഭാഷ വശമാക്കുകയുമുണ്ടായി. ആദ്യത്തെ വാർത്ത തന്ന ജോസഫിനോടുമുള്ള നന്ദി പ്രകടനവും ഈ അദ്ധ്യായത്തിൽ വിവരിക്കുന്നുണ്ട്.

1200 രൂപ ശമ്പളം ഉണ്ടായിരുന്നെങ്കിലും സ്വന്തം വീട്ടിൽ നിന്നും 500 രൂപ കൂടി ചെലവിന് കിട്ടിയാൽ മാത്രമേ ജീവിച്ചു പോവാൻ സാധിക്കുമായിരുന്നുള്ളൂ. മറ്റു കൂട്ടുകാർ തുച്ഛമായ ഈ ശമ്പളം കൊണ്ട് ജീവിക്കുമായിരുന്നു. അന്നൊക്കെ ഫ്രാൻസിസും കൂട്ടുകാരും ചില കല്യാണ മണ്ഡപങ്ങളിൽ പോയി കുശാലായി ശാപ്പാട് കഴിക്കുമായിരുന്നു. വരന്റെയോ  വധുവിന്റെയോ പേരിൽ, കല്ല്യാണ മണ്ഡപങ്ങളിൽ  ചക്കാത്തിൽ ഊണ് കഴിക്കുന്ന സമയങ്ങളിൽ ലജ്ജ തോന്നിയിരുന്നില്ല. വിശക്കുന്ന വയറിനു എന്തിനു നാണിക്കണമെന്ന ചിന്തകളായിരുന്നു അന്നുണ്ടായിരുന്നത്. രാജൻ ചേട്ടന്റെ കടയിലെ ചെലവ് കുറഞ്ഞ ഊണും കല്യാണ മണ്ഡപങ്ങളിലെ സദ്യയും  കഴിച്ചുകൊണ്ടുള്ള പ്രൊഫഷണൽ ജീവിതം സന്തോഷപ്രദമായിരുന്നുവെന്നും ഫ്രാൻസീസ് കുറിച്ചിരിക്കുന്നു.

കേരള രാഷ്ട്രീയത്തിലെ 'ചാണക്യൻ' എന്നറിയപ്പെടുന്ന ബുദ്ധിശാലിയായ കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്തെ രാഷ്ട്രീയ ചരിത്രമാണ് 'കരുണാകരൻ എന്ന ന്യൂസ് മേക്കറിൽ കൂടി' ഫ്രാൻസീസ് അവതരിപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയത്തിലെ ഭീമാചാര്യനായിരുന്ന കരുണാകരന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽക്കൂടിയാണ് 'ഫ്രാൻസിസ് തടത്തിൽ' എന്ന ജേർണലിസ്റ്റിന്റെ വളർച്ചയെന്നും മനസിലാക്കുന്നു.  കരുണാകരന്റെ പത്ര സമ്മേളങ്ങളിൽ സംബന്ധിക്കുക  മാത്രമല്ല അദ്ദേഹത്തിൻറെ വാക്കുകളും നോട്ടങ്ങളും ചേഷ്ടകളും വരെ അടിമുടി പഠിക്കുകയെന്നതും  ഫ്രാൻസീസിന് താല്പര്യമേറിയ കാര്യമായിരുന്നു.  ചാണക്യനെന്നു പേരിനു  തികച്ചും  കരുണാകരൻ അർഹനായിരുന്നു. തിരുവനന്തപുരം രാമനിലയത്തിൽ പത്രക്കാരോട് ഒന്ന് പറയും; പിന്നീട് തിരുവനന്തപുരത്ത് എത്തുമ്പോൾ താൻ അങ്ങനെ പറഞ്ഞില്ലെന്നും അത് പത്രക്കാരുടെ മെനഞ്ഞെടുത്ത  കഥയാണെന്നും പറഞ്ഞുകൊണ്ട്  അഭിപ്രായങ്ങളെ മാറ്റി പറയുകയും ചെയ്യുമായിരുന്നു. പലപ്പോഴും പത്രസമ്മേളനങ്ങളിൽ കരുണാകരനു ചുറ്റും തിക്കും തിരക്കുമായിരിക്കും. വളരെ പതുങ്ങിയ സ്വരത്തിൽ സംസാരിക്കുന്ന അദ്ദേഹത്തിന്റെ  വാക്കുകൾ ഒപ്പിയെടുക്കാൻ പ്രയാസമായിരുന്നുവെന്നും ഫ്രാൻസീസ് പറയുന്നു. ഒരിക്കൽ കരുണാകരന്റെ തൊട്ടടുത്തിരിക്കാനും റിപ്പോർട്ട് തയാറാക്കാനും കഴിഞ്ഞത്,  ഫ്രാൻസീസ് വളരെ അഭിമാനത്തോടെയാണ് ഓർമ്മിക്കുന്നത്.  'പത്രപ്രവർത്തകരോട്  ഇത്രമാത്രം സൗഹാർദ്ദം പുലർത്തിയിട്ടുള്ള മറ്റൊരു നേതാവ്' ഇല്ലെന്നും  ഫ്രാൻസീസ് പറയുന്നു. കരുണാകരനുമായി പത്ര സമ്മേളനങ്ങളിൽ വാർത്തകൾ ശേഖരിക്കാനും ദീപികയുടെ സായാന്ഹ പത്രത്തിൽ ഉടനടി പ്രസിദ്ധീകരിക്കാൻ സാധിച്ചിരുന്നതും അദ്ദേഹത്തിൻറെ ജേർണലിസ  വിജയത്തിന്റെ  ചുവടുവെപ്പുകളായിരുന്നു.  ലീഡറോട് ബുദ്ധിപൂർവമായ ചോദ്യങ്ങൾ ചോദിക്കുന്ന കാര്യത്തിലും ഫ്രാൻസീസ് ശ്രദ്ധാലുവായിരുന്നു. മക്കൾ രാഷ്ട്രീയത്തെ സംബന്ധിച്ച് ഒരിക്കൽ അദ്ദേഹം ചോദിച്ച ചോദ്യങ്ങൾക്ക് രാഷ്ട്രീയത്തിൽ പാരമ്പര്യമുള്ള കുടുംബങ്ങളിൽ നിന്നും വേണം നിയമസാമാജികരെ തിരഞ്ഞെടുക്കേണ്ടതെന്നും കരുണാകരൻ പറഞ്ഞു. ലീഡറോട്, വെറും വീട്ടമ്മയായ പത്മജയുടെ രാഷ്ട്രീയ പ്രവേശനവും  കാര്യമായ രാഷ്ട്രീയത്തിൽ പരിചയമില്ലാത്ത മുരളിയുടെ കാര്യവും ചോദിക്കുന്നുണ്ട്. പത്മജയുടെ കാര്യം ഒന്നും പറയാതെ മുരളി മുൻ'മന്ത്രിയെന്ന നിലയിലും കെപിസിസി പ്രസിഡണ്ടെന്ന നിലയിലും  തിരഞ്ഞെടുപ്പിൽ നിൽക്കാൻ യോഗ്യനെന്നും കരുണാകരൻ ഉത്തരം നൽകുന്നുണ്ട്.

മാളയിൽ കരുണാകരന്റെ പരാജയം അദ്ദേഹത്തെ  വല്ലാതെ വേദനിപ്പിച്ചിരുന്നു. സ്വന്തം അണികളിൽനിന്നുമുള്ള കുതികാൽ വെട്ടായിരുന്നു കാരണം.  ഫ്രാൻസീസ്,  ഫ്രാങ്കോ സാറും കരുണാകരനുമായുള്ള അന്നത്തെ പത്രസമ്മേളനത്തിൽ സംബന്ധിച്ചിരുന്നു. 'തിരഞ്ഞെടുപ്പു  പരാജയത്തെ എങ്ങനെ കാണുന്നുവെന്ന' ചോദ്യത്തിനും ലീഡറിന്റെ മറുപടി "തന്നെ പിന്നിൽ നിന്നും കുത്തിയെന്നായിരുന്നു". ലീഡറിന്റെ പരാജയം കാണാൻ കൊതിച്ചിരുന്ന രണ്ടു വ്യക്തികളായിരുന്നു കൃഷി മന്ത്രി രാജനും മറ്റൊരു വ്യക്തിയായ നവാബ് രാജനും.  ഇവർ രണ്ടുപേരും കരുണാകരനോട് ചെയ്ത പ്രതികാരം വളരെ തന്മയത്വമായി തന്നെ ശ്രീ തടത്തിൽ  വിവരിച്ചിട്ടുണ്ട്. കരുണാകരനോട് നിത്യ ശത്രുത പുലർത്തിയിരുന്ന നവാബ് രാജേന്ദ്രനെപ്പറ്റി പ്രത്യേകം അദ്ധ്യായങ്ങൾ തന്നെയുണ്ട്. വ്യവഹാരങ്ങളുടെ തോഴനെന്നാണ് രാജേന്ദ്രനെ ശ്രീ തടത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്.

കരുണാകരനെതിരെയും മറ്റു അഴിമതിക്കാർക്കെതിരെയും വ്യവഹാരങ്ങൾ നടത്തിക്കൊണ്ടിരുന്ന നവാബ് രാജേന്ദന്റെ ജീവിത കഥ 'നവാബിന്റെ കുടിപ്പക' എന്ന അദ്ധ്യായത്തിൽ വിവരിച്ചിരിക്കുന്നു. നല്ലയൊരു മദ്യപാനിയാണയാൾ. എന്നും വാർത്തകൾ സൃഷ്ടിച്ചുകൊണ്ടിരുന്ന രാജേന്ദ്രൻ, ഫ്രാൻസിസിനെ സംബന്ധിച്ചടത്തോളം വലിയ ഒരു സഹായിയായിരുന്നു.  മുഖ്യമന്ത്രി കരുണാകരനോട് തീർത്താൽ തീരാത്ത പക മൂലം രാജേന്ദ്രന്റെ വ്യവഹാരമായുള്ള  വാർത്തകൾ ഫ്രാൻസിസും മാദ്ധ്യമങ്ങളും ആഘോഷിച്ചിരുന്നു.  'നവാബ് ' പത്രത്തിന്റെ' ഉടമസ്ഥനായ രാജേന്ദ്രനെ  അടിയന്തിരാവസ്ഥ കാലത്ത് ജയിലിൽ അടയ്ക്കുകയും കരുണാകരന്റെ പോലീസ് മൃഗീയമായി അദ്ദേഹത്തെ പീഡിപ്പിക്കുകയും ചെയ്തു. അന്നു തുടങ്ങിയതാണ് കരുണാകരനോടുള്ള പക. അന്ന് അയാളുടെ പ്രായം 25  വയസ്സ്!  55 വയസ്സായപ്പോൾ കാൻസർ രോഗം അദ്ദേഹത്തെ കീഴടക്കുകയും അതുവരെ നിയമ യുദ്ധങ്ങളുമായി പോരാടുകയും ചെയ്തു.

രാജേന്ദ്രന്റെ സ്വത്തുക്കളും ബന്ധുക്കളും ധനവും എല്ലാം നഷ്ടപ്പെടാനുള്ള കാരണം അടിയന്തിരാവസ്ഥ കാലത്തെ കരുണാകരന്റെ ക്രൂരതയായിരിന്നു. ഫ്രാൻസീസ് ഇക്കാര്യങ്ങൾ വളരെ ഭാഷാ സൗകുമാര്യത്തോടെ വർണ്ണിച്ചിട്ടുണ്ട്. 'മണ്ണൂത്തി' സർവ്വകലാശാലയിൽ ഭൂമിയെടുപ്പും സ്ഥലവുമായി ബന്ധപ്പെട്ട കോടിക്കണക്കിന് രൂപ കരുണാകരനും അനുയായികളും തട്ടിയെടുത്തതും  രാജേന്ദ്രന്റെ പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. ക്രൂരന്മാരായ പോലീസ് മേധാവികൾ, ജയറാം പടിക്കൽ, ലക്ഷ്മണൻ എന്നിവരുടെ ക്രൂര പീഡനങ്ങളും മനുഷ്യത്വത്തെ ചവുട്ടി മെതിക്കും വിധമായിരുന്നു. രേഖകൾ മുഴുവൻ അഴീക്കോടൻ രാഘവന്റെ കൈവശമായിരുന്നതിനാൽ രാജേന്ദ്രനിൽ നിന്നും രേഖകൾ പൊലീസിന് കൈവശപ്പെടുത്താൻ സാധിച്ചില്ല. 'അഴീക്കോടനെ'  ഗുണ്ടാകൾ കൊലപ്പെടുത്തുകയും ചെയ്തു. ' ഈശ്വര വാരിയ'രുടെ മകൻ രാജൻ വധവും രാജന്റെ മരണത്തിനുത്തരവാദികൾ ലക്ഷ്മണയും ജയരാജ് പടിക്കലുമെന്ന  സത്യവും രാജേന്ദ്രൻ എന്ന പത്രാധിപർ വിവരിക്കുന്നുണ്ട്. ശ്രീ ഫ്രാൻസീസ് തടത്തിൽ ഓരോ സംഭവങ്ങളും  ഭംഗിയായി  ഈ ലേഖനത്തിൽ വിവരിച്ചിരിക്കുന്നു. ഫ്രാൻസീസ് എഴുതിയിട്ടുള്ള ലേഖനങ്ങളിൽ  ഏറ്റവും മികച്ച ഒരു സംഭവശകലമായി  രാജേന്ദ്രനുമായുള്ള അഭിമുഖ സംഭാഷണത്തെ വിലയിരുത്താൻ സാധിക്കും.

'വിലാസം: നവാബ് രാജേന്ദ്രൻ,തൃശൂർ' എന്ന  അദ്ധ്യായത്തിനു കൊടുത്ത തലക്കെട്ട്  വളരെ കൗതുകം ഉണർത്തുന്നു.  കരുണാകരൻ കാരണം ഏതാണ്ട് ഹോംലെസ്സ്  പോലെ (വീടില്ലാത്തവനെപ്പോലെ) ജീവിക്കുന്ന രാജേന്ദ്രനുമായുള്ള ചങ്ങാത്തം ഫ്രാൻസീസ് വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. മദ്യഷാപ്പുകളിലും പാർക്കുകളിലും മാത്രമേ  അലയുന്ന സന്യാസിയെപ്പോലെ ജീവിക്കുന്ന രാജേന്ദനെ കണ്ടുമുട്ടുവാൻ സാധിക്കുള്ളു.  ഈ മനുഷ്യനിൽ നിന്നു  കിട്ടിയ വിവരങ്ങളാണ് ഫ്രാൻസിസിനെ ഒരു സുപ്രസിദ്ധ പത്ര ലേഖകനാക്കിയത്. വ്യവഹാരങ്ങളുടെ ലോകത്തു ജീവിക്കുന്ന രാജേന്ദ്രൻ മൂലം മന്ത്രിക്കസേരകൾ വരെ തെറിച്ചിട്ടുണ്ട്.  കരുണാകരനോടുള്ള കടുത്ത വിരോധമായിരുന്നു  അദ്ദേഹത്തെ ഈ സാഹസത്തിനെല്ലാം പ്രേരിപ്പിച്ചിരുന്നത്. പൈപ്പ് കുംഭകോണ കേസിൽ മന്ത്രി ഗംഗാധരനെ കുടുക്കിയതും രാജേന്ദ്രനാണ്. അതുപോലെ പതിനെട്ടു വയസുപോലുമില്ലാത്ത മകളെ 'മന്ത്രി' കെട്ടിച്ചതും  കേസിൽ കുടുങ്ങാൻ കാരണമായി. നിയമം നടപ്പാക്കേണ്ടവർ നിയമ ലംഘകരാകുന്നുവെന്ന കോടതിയുടെ പ്രതികരണം മന്ത്രി ഗംഗാധരനു  ലഭിക്കുകയും ചെയ്തു. ആഘോഷപൂർവം നടത്തിയ മകളുടെ വിവാഹം അസാധുവാകുകയും ചെയ്തു.  ഇതായിരുന്നു രാജേന്ദ്രൻ എന്ന വ്യവഹാരിയുടെ ജീവിതവും ഫ്രാൻസീസ് തടത്തിലിന്റെ പ്രൊഫഷണലിവും!

ഒരു കാലത്ത് ഇന്ത്യൻ റയിൽവേയിൽ അകത്തും പ്ലാറ്റ്'ഫോറത്തിലും ലഭിച്ചിരുന്ന കുടിവെള്ളത്തിന്റെ തീവില കുറയ്ക്കാൻ കാരണവും രാജേന്ദ്രൻ തന്നെ. കരുണാകരന്റെ ഉറ്റസുഹൃത്തുക്കളായ 'കല്യാൺ സിൽക്ക് ഹൌസു'മായുള്ള ഒരു കേസ് സുപ്രീം കോടതി വരെ പോയി  വ്യവഹാരം നടത്തി. കോടിക്കണക്കിന് രൂപ അവർക്ക് നഷ്ടമുണ്ടാക്കി. 'കല്യാൺ   സിൽക്ക് ഹൌസ്'  കെട്ടിടം പണിതപ്പോൾ കെട്ടിടം പബ്ലിക്ക് റോഡിൽ നാലടി മുന്തിയിരുന്നുവെന്നായിരുന്നു കേസ്. നിയമ സഭ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, രാഷ്ട്രീയ പ്രമുഖർ, എക്സൈസ് ഉദ്യോഗസ്‌ഥർ, എംഎൽഎ ഫണ്ട് ദുരുപയോഗം ചെയ്യുന്നവർ എന്നിങ്ങനെ സമൂഹത്തിലെ പ്രമുഖരായ നിരവധി പേരെ ഈ കൃശാഗ്ര മനുഷ്യൻ കുടുക്കിയിട്ടുണ്ട്.  വാർത്തകൾ മുഴുവനായി അറിയണമെങ്കിൽ  ഫ്രാൻസീസിന്റെ  പുസ്തകം തന്നെ വായിക്കണം.  ട്രെയിന്റെ ഉള്ളിലും  പുറത്തും പുക വലി നിരോധനം, പബ്ലിക്ക് സ്ഥലങ്ങളിൽ കാർ പാർക്ക് ചെയ്തുള്ള മദ്യപാനം മുതലായവകൾ  നിർത്തൽ ചെയ്തതും രാജേന്ദ്രന്റെ വ്യവഹാരഫലമാണ്. കരുണാകരൻ മാളയിൽ തോറ്റപ്പോൾ  രാജേന്ദ്രനെ സംബന്ധിച്ച്  അന്നൊരു  ഉത്സവമായിരുന്നു. അതിന്റെ പിന്നിൽ കഠിനമായി പരിശ്രമിച്ചതും രാജേന്ദ്രനായിരുന്നു.

'കടുവയെ പിടിച്ച കിടുവാകൾ' എന്ന ജിഞ്ജാസ വർദ്ധിപ്പിക്കുന്ന ഫ്രാൻസിസ് തടത്തിലിന്റെ ഒരു ലേഖനം ഉണ്ട്.  അതിൽ  ഫ്രാൻസിസും, കളക്ക്റ്റർ 'ടിക്ക റാം  മീന'യും ഡിഐജി സന്ധ്യയും മുഖ്യ താരങ്ങളാണ്. പത്രവാർത്തകളിൽ മുഖ്യസ്ഥാനം നേടാൻ അവരോടൊപ്പം  ഫ്രാൻസിസും  പ്രവർത്തിച്ചിരുന്നു.  ഒരു വാർത്ത ലഭിക്കുന്നതിനായി അങ്ങേയറ്റം  പരിശ്രമിക്കുമെന്ന് ഈ ജേർണലിസ്റ്റിന്റെ  അനുഭവകഥകളിൽ നിന്നും മനസിലാക്കാൻ സാധിക്കും.  എന്തെങ്കിലും വാർത്തയുടെ സൂചന കിട്ടിയാൽ മതി അത് കളക്റ്ററാണെങ്കിലും ഡിഐജിയാണെങ്കിലും വാർത്ത സ്വന്തം പോക്കറ്റിൽ വരുന്നവരെ ശല്യപ്പെടുത്തുന്ന സ്വഭാവവും ഈ ചെറുപ്പക്കാരനിലുണ്ട്. വ്യാജ കള്ളു വിറ്റുകൊണ്ടിരുന്ന പ്രമുഖ അബ്‌കാരി കോൺട്രാക്റ്റർ അശോകന്റെ വീട്ടിൽ നടന്ന റെയ്ഡും (Raid)അശോകൻ ഒളിവിൽ പോയ കഥയുമാണ് ഈ അദ്ധ്യായത്തിൽ വിവരിച്ചിരിക്കുന്നത്. ഒരു തുള്ളി കള്ളൂപോലും ഉപയോഗിക്കാതെ കെമിക്കലുകൾ, മറ്റു രാസ വസ്തുക്കൾ  ഉപയോഗിച്ച് വ്യാജ കള്ളു  നിർമ്മിക്കുന്ന 'ഗോഡൗൺ' എക്സൈസ് അധികാരികൾ  പിടിച്ചെടുത്തു. നിരവധി പത്രങ്ങളുടെ റിപ്പോർട്ടർമാർ അവിടെയുണ്ടായിരുന്നെങ്കിലും കളക്റ്റർ 'ടിക്കറാം', ഫ്രാൻസിസിനെ വിളിച്ച് വ്യക്തിപരമായി തന്നെ വിവരങ്ങൾ നല്കുകയായിരുന്നു. മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലുന്ന കടുത്ത മയക്കു മരുന്നുകളും ഈ കൃത്രിമ കള്ളിൽ ചേർക്കാറുണ്ടായിരുന്നു. കൂടാതെ അനധികൃത സ്വത്തു സമ്പാദിച്ച തെളിവുകളും കിട്ടിയിരുന്നു.  ഏതായാലും രാഷ്ട്രദീപികയ്ക്ക് ഫ്രാൻസിസിനെ സംബന്ധിച്ചിടത്തോളം ഇതൊരു കവർ പേജ് വാർത്തയായിരുന്നു.  പല വൻ പാർട്ടികളും മാഫിയാകളും  പോലീസ് ഉദ്യോഗസ്ഥരും  വ്യാജവാറ്റിന്  സഹായിച്ചിരുന്നുവെന്ന സൂചനകളും ലഭിച്ചിരുന്നു.  ഇതിനിടെ അശോകന്റെ ഗുണ്ടകൾ ശ്രീ ഫ്രാൻസിസിനെ ഭീഷണിപ്പെടുത്തുന്നുമുണ്ട്.

വ്യാജക്കള്ളു നിർമ്മാണത്തിനുപയോഗിച്ച രാസവസ്തുക്കൾ പരീക്ഷണ വിധേയമാക്കാൻ ബാംഗ്ളൂർ ലാബിൽ അയച്ചിരുന്നു. കൂടാതെ മറ്റു സ്വകാര്യ ലാബുകളിലും കള്ളിലെ മായം പരീക്ഷണ വിധേയമാക്കിയത് കള്ളുലോബികൾ അറിഞ്ഞിരുന്നില്ല. 'ബാംഗളൂർ ലാബ്' കള്ളിൽ മായമില്ലെന്ന് സർട്ടിഫൈ ചെയ്‌തെങ്കിലും അത് പണവും സ്വാധീനത്തിന്റെയും പുറത്താണെന്ന് കോടതി കണ്ടെത്തി.  ഹൈദ്രബാദ് ഫോറൻസിക്ക്' ലാബിലെ പരീക്ഷണവും ഹാജരാക്കിയതോടെ അശോകന്റെ സുപ്രസിദ്ധനായ വക്കീലിന്റെ ചിറകൊടിഞ്ഞു. ഈ സംഭവങ്ങൾ ഭാവനാധീതമായി  വിവരിക്കാൻ, ഫ്രാൻസീസിനെപ്പോലുള്ള  പാകത വന്ന  ഒരു ജേർണലിസ്റ്റിനു  മാത്രമേ കഴിയുള്ളൂ. ഇവിടെ, ഗോലിയാത്തിനെ വീഴ്ത്തിയ ദാവീദിനെപ്പോലെ കലക്റ്റർ ടിക്കറാം അഭിമാന പുളകിതനാകുന്നുമുണ്ട്. വാർത്തകൾ സത്യസന്ധതയോടെ റിപ്പോർട്ട് ചെയ്യുന്ന ഫ്രാൻസീസിനും ക്രെഡിറ്റ് ലഭിക്കുന്നു.  സമ്പത്താണോ അധികാരമാണോ എന്ന് ശ്രീ ഫ്രാൻസീസ് തടത്തിൽ ഒരു ചോദ്യം ചോദിക്കുന്നുണ്ട്. അതിനുത്തരവും ഈ അദ്ധ്യായത്തിൽ തന്നെയുണ്ട്. പണത്തിന്റെ മീതെ പരുന്തു പറക്കില്ലായെന്ന സംവിധാനമാണ് ഇന്ത്യൻ രാഷ്ട്രീയമൊന്നാകെയുള്ളത്. അത് മതത്തിലായാലും രാഷ്ട്രീയത്തിലായാലും നാം നിത്യം കണ്ടുകൊണ്ടിരിക്കുന്നു. രണ്ടു മാസത്തെ ജയിൽ മോചനശേഷം അശോകൻ വീണ്ടും ഇതേ വ്യവസായത്തിൽ പ്രവേശിക്കുന്നുമുണ്ട്.

തൃശൂർ കളക്റ്ററായി വന്ന  നാരായണസ്വാമി  വിഖ്യാതനായ, സിവിൽ റാങ്കുനേടിയ  ഒരു ഐഎഎസ് കാരനായിരുന്നു.  ഒരു ബുദ്ധിജീവിയായും അറിയപ്പെട്ടിരുന്നു. സത്യസന്ധനായ ഈ ഓഫിസർ, തിന്മകൾക്കെതിരെ പോരാടിയതിന് അദ്ദേഹത്തിനു വലിയ വില കൊടുക്കേണ്ടിയും  വന്നു.  അനീതിക്ക് കൂട്ടുനിൽക്കാൻ തയ്യാറാകാത്ത അദ്ദേഹത്തിൻറെ ഒന്നാം നമ്പർ ശത്രു ഭാര്യാപിതാവായിരുന്നു. ഒടുവിൽ വിവാഹ മോചനത്തിലും അവസാനിച്ചു. എങ്കിലും അദ്ദേഹം തളർന്നില്ല. നൈരാശ്യ ബോധം വരുമ്പോഴെല്ലാം  സഹായം അഭ്യർത്ഥിച്ചിരുന്നത് ഫ്രാൻസീസ് തടത്തിലിനോടായിരുന്നു. ഭാര്യവീട്ടുകാർ നാരായണസ്വാമിക്കെതിരെ അപമാന കഥകൾ പ്രചരിപ്പിക്കുമ്പോഴും ഫ്രാൻസീസ് എന്ന മനുഷ്യ സ്നേഹിയുടെ ശരിയായ പത്രപ്രവർത്തനവും വായനക്കാരനു  ആകാംഷ നൽകുന്നു. ഫ്രാൻസീസിന്റെ മുമ്പിൽ പ്രസിദ്ധനായ ഈ ഐഎ എസ്  ഓഫിസർ ചിലപ്പോൾ ഏങ്ങലടിച്ചു കരയുന്നുമുണ്ട്.  ഫ്രാൻസീസ് അദ്ദേഹത്തിൻറെ മുഖ്യ ഉപദേശകനായി മാറുന്നതും നാം കാണുന്നു. ഒരു ജില്ലാ കലക്റ്റർ പ്രസിദ്ധി നേടുന്നത് പത്രപ്രസ്താവനയിൽക്കൂടിയല്ല പ്രവർത്തിയിൽക്കൂടിയെന്ന തത്ത്വവും  ഫ്രാൻസീസ് ഇവിടെ എടുത്തു പറയുന്നുണ്ട്. സ്വാമിയുടെ എടുത്തുചാട്ടം മൂലം അദ്ദേഹം പല അബദ്ധങ്ങളിൽ പെട്ട കഥകളും വിവരിക്കുന്നുണ്ട്. സ്വാമിയുടെ നെഗറ്റിവ് പബ്ലിസിറ്റിയും   ജേർണലിസ്റ്റായ ഫ്രാൻസീസിന് ഗുണം ചെയ്യാറുമുണ്ട്. നാരായണ സ്വാമിയും  മന്ത്രിമാരുമായുള്ള ഏറ്റുമുട്ടലുകളും പലപ്പോഴും അപമാനിതനാകുന്നതും 'താൻ എന്ത് കലക്റ്റർ' എന്ന് ഒരു മന്ത്രി ചോദിക്കുന്ന സാഹചര്യങ്ങളും   തടത്തിലിന്റെ ഈ ജേർണലിസം പുസ്തകം വിവരിക്കുന്നു..

'മാനം മുട്ടെ അഗ്നികുണ്ഡം' എന്ന കഥയിലെ സ്ഫോടന അദ്ധ്യായം  ഞെട്ടിക്കുന്ന സംഭവവിവരണങ്ങളോടെയുള്ളതാണ്. അത് 'സ്റ്റോപ്പ് ദി പ്രസ്സ്' വാർത്തയായിരുന്നു. അന്നത്തെ സ്ഫോടന ശബ്ദം തൃശൂർ പട്ടണം മുഴുവൻ ഞടുക്കിയിരുന്നു. ഫ്രാൻസിസും കൂട്ടരും സംഭവസ്ഥലത്ത് പാഞ്ഞു ചെല്ലുമ്പോൾ കെട്ടിടങ്ങൾ മുഴുവൻ കത്തി  ചാമ്പലായി നിലം പതിച്ചു കിടക്കുന്നതാണ് കാണുന്നത്. ശക്തമായ കരിമരുന്നിന്റെ പുകയും പുകപടലങ്ങളും എങ്ങും. നാലുപേർ കൊല്ലപ്പെട്ടെങ്കിലും മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിച്ചില്ല. കടത്തിണ്ണകളിൽ കിടന്നുറങ്ങിയിരുന്നവർ  യാചകരായിരിക്കാമെന്ന അനുമാനങ്ങളാണുള്ളത്.  പൊടിപടലങ്ങൾ മൂലം ഒന്നും കാണാൻ സാധിക്കാത്തതിനാൽ  മനുഷ്യ ശരീരത്തിന്റെ മുകളിൽ ഫ്രാൻസിസും കൂട്ടരും അറിയാതെ നിന്ന കാര്യവും ഉദ്യോഗജനകമാണ്‌. ഭയം ജനിപ്പിക്കുന്നതുമാണ്. അവർ ഞെട്ടി വിറച്ചുകൊണ്ട് അവിടെ നിന്നും ചാടിയിറങ്ങുന്നു. അടർന്നു കിടക്കുന്ന കൈയും  കണ്ണിൽ പെട്ടു . ഇതെല്ലാം ശേഖരിച്ച് വാർത്തയാക്കിയപ്പോൾ ദീപികയുടെ ഫ്രണ്ട്  പേജിൽ തന്നെ വാർത്തകൾ സ്ഥാനം നേടി.   സായാഹ്നത്തിൽ വിൽക്കാൻ ഇരുപതിനായിരം പത്രങ്ങൾ അച്ചടിച്ചെങ്കിലും  ഏജന്റുമാരില്ലാത്തതുകൊണ്ട് ആ ജോലി ഫ്രാൻസിസും കൂട്ടരും ഏറ്റെടുത്തു. 300 രൂപ പ്രതിഫലം കിട്ടിയതും കുശാലായി അന്നത്തെ ദിവസങ്ങൾ ആഘോഷിക്കാൻ സാധിച്ചതും വിവരിക്കുന്നുണ്ട്.

തൃശൂർ ജില്ലയിലെ പീച്ചിക്കടുത്തുള്ള മറ്റൊരു ദുരന്തവും വിവരിക്കുന്നുണ്ട്.  മനുഷ്യ മാംസങ്ങൾ ഒരു കുടിലിനു മുമ്പിൽ തൂങ്ങി കിടക്കുന്ന ഭീഭത്സ രംഗങ്ങളും ക്യാമറായിൽ പകർത്തിയിരുന്നു.  ചുറ്റിനും പച്ചമാംസങ്ങൾ കരിയുന്ന  മണവും സഹിക്കണമായിരുന്നു. അരോചകമാം വിധം കരിഞ്ഞ മാംസക്കഷണങ്ങൾ എവിടെയും ദൃശ്യമായിരുന്നു. തൃശൂർ ജില്ലയിലെ 28 വയസുള്ള ഒരു യുവാവ്, 'തന്നെ' വഞ്ചിച്ച കാമുകിയെ ഉന്മൂലനം ചെയ്യാൻ വേണ്ടി അയാൾ സ്വയം ചാവേറായി ചെയ്ത കടുംകൈ ആയിരുന്നു ഇത്.  ദരിദ്രകുടുംബത്തിൽ പിറന്ന സുന്ദരിയായ മേഴ്സിയെ ഈ യുവാവ് പഠിപ്പിച്ചു നേഴ്സാക്കി. അവർ തമ്മിൽ പ്രേമമായിരുന്നു. അവളെ കുവൈറ്റിൽ മറ്റൊരുവൻ  വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ അയാളിലെ പ്രതികാരാഗ്നി  ആളിക്കത്തി.  അവളുണ്ടെന്നു കരുതിയ അവളുടെ വീട്ടിൽ അന്ന് അവളില്ലായിരുന്നു. അവളുടെ മാതാവും സഹോദരികളും ദാരുണമായി ബലിയാടുകളാകുകയായിരുന്നു.  പ്രേമം എന്ന ഭ്രാന്തൻ ജല്പനങ്ങളിൽ ഒരു കുടുംബം മുഴുവൻ ഇല്ലാതാവുകയായിരുന്നു. പണവും പ്രശസ്തിയും വന്നു ചേർന്നപ്പോൾ മെഴ്‌സിക്ക് പൂർവ കാമുകനെ ഉപേഷിച്ച് മറ്റൊരു കാമുകൻ ഡോക്ടറോടൊപ്പം പോകാൻ യാതൊരു സങ്കോചവുമില്ലായിരുന്നു.  അപകടശേഷം ഫ്രാൻസീസ് ഒരു റെസ്റ്റോറിന്റിൽ നിന്നും പൊറോട്ട കഴിച്ചുകൊണ്ടിരുന്നപ്പോൾ ഷൂസിനടിയിൽ മനുഷ്യ മാംസം ഒട്ടിയിരുന്നതും ഓക്കാനിച്ചു ശർദ്ദിച്ചതും വിവരിക്കുന്നുണ്ട്.  'നീയാടാ യഥാർത്ഥ പത്രപ്രവർത്തകൻ' എന്നും പറഞ്ഞുകൊണ്ടുള്ള സഹപ്രവർത്തകരുടെ അഭിനന്ദനങ്ങളും ഫ്രാൻസിസിനെ സ്വന്തം തൊഴിലിൽ അഭിമാനപുളകിതനാക്കുന്നു.

തൃശൂർ റെയിൽവേ സ്റ്റേഷനിലെ ഉഗ്ര സ്ഫോടനം റിപ്പോർട്ട് ചെയ്യാൻ പോവുമ്പോൾ വഴിയിൽ ഒരു കണ്ണ് അടർന്നു വീണു കിടക്കുന്നതും സംഭവബഹുലമായ ഒരു വാർത്തയായിരുന്നു.  പത്തുപേർ കൊല്ലപ്പെടുകയും 46 പേർ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തൃശൂർ നഗരത്തിൽ ബോംബ് സ്ഫോടനങ്ങളും വെടിക്കെട്ടു സംഭവങ്ങളും ഒരുകാലത്ത് നിത്യ സംഭവങ്ങളായിരുന്നു. 1988 -ലെ തൃശൂർ പൂരത്തോടനുബന്ധിച്ച   വെടിക്കെട്ടും അപകടങ്ങളും വിവരിക്കുന്നുണ്ട്.  കൺമുമ്പിൽ നിന്ന് മനുഷ്യർ മരിക്കുന്നതും ദീനരോദനങ്ങളും ഈ ജേർണലിസ്റ്റിനെ സംബന്ധിച്ച് ഭീതി ജനിപ്പിക്കുന്നതും സഹാനുഭൂതി നിറഞ്ഞതുമായിരുന്നു.  സംസാരിക്കുന്ന 'ആൾ' നിമിഷങ്ങൾക്കകം നിത്യതയിൽ പോവുന്ന സംഭവങ്ങൾ വികാരപരമായി വർണ്ണിച്ചിട്ടുണ്ട്. കൂട്ട നിലവിളികളും 70 ശതമാനം പൊള്ളലേറ്റവരും മരണത്തോടടുക്കുന്നവരും  ഫ്രാൻസീസ് എന്ന പത്രപ്രവർത്തകന്റെ ഡയറിയിൽ സ്ഥാനം പിടിച്ചിരുന്നു.

നവാബ്  രാജേന്ദ്രന്റെ പിൻഗാമി  പി.ഡി. ജോസഫിന്റെ കോടതി വ്യവഹാരങ്ങളുമായുള്ള ഒറ്റയാൾ പോരാട്ടങ്ങളും ഒരു അദ്ധ്യായം മുഴുവനായി വിവരിച്ചിരിക്കുന്നു. ജോസഫിന്റെ തൊഴിൽ, ഹോട്ടൽ ഉടമകൾക്ക് അച്ചാർ ഉണ്ടാക്കുന്ന പണിയും. അദ്ദേഹം അയച്ച ഒരു ടെലഗ്രാം സന്ദേശം ഹൈക്കോടതി സ്വീകരിക്കുകയും 'സുശീൽ ശർമ്മ'യെന്ന യുവ കോൺഗ്രസുകാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തത് ഹൈകോടതിയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമായിരുന്നു.  മാതൃഭുമി, ദേശാഭിമാനി, മനോരമ , ഇന്ത്യൻ എക്സ്പ്രസ്സ് പത്രക്കാർക്കെല്ലാം ജോസഫ് ഒരു വാർത്തയായി മാറുകയാണ്. 'തിരൂരുള്ള' അയാളുടെ വീട് നിറയെ വാർത്താലേഖകരെക്കൊണ്ട് നിറയാറുമുണ്ട്. ടെലിഗ്രാഫിൽക്കൂടി 'ഹൈക്കോടതി  റിട്ട്' ഫയലിൽ സ്വീകരിച്ച വിവരം ഇന്ത്യയിലെ ദേശീയ പത്രങ്ങൾ ഒന്നാകെ പ്രസിദ്ധീകരിച്ചിരുന്നു. സംശയരോഗിയായ  സുശീൽ കുമാർ സ്വന്തം ഭാര്യയെ കൊന്നശേഷം ഒളിവിൽ താമസിക്കുകയായിരുന്നു. ഹൈക്കോടതി അയാളെ തൂക്കാൻ വിധിച്ചെങ്കിലും സുപ്രീം കോടതി അയാളുടെ ശിക്ഷ ജീവപര്യന്തമാക്കി. വാർത്തകൾ ശേഖരിക്കാൻ ഫ്രാൻസിസും  ചങ്ങാതികളും ജോസഫിനെ തേടി തിരൂരു  പോവുന്നതും അതിനുശേഷമുള്ള സംഭവവികാസങ്ങളും കൗതുകമേറിയതാണ്.  കരുണാകരൻ മുഖ്യമന്ത്രിയായ കാലത്ത് പാലം ഉത്‌ഘാടനം ചെയ്യാൻ ശവപ്പെട്ടിയിൽ കിടന്നുള്ള ജോസഫിന്റെ ഉപവാസം പ്രസിദ്ധമായിരുന്നു.  കൊതുകു നിവാരണത്തിനു  വേണ്ടി കവറിനുള്ളിൽ  കൊതുകിന്റെ കൂത്താടികൾ പൊതിഞ്ഞു കൗൺസിലർമാർക്കും പഞ്ചായത്തു മെമ്പർമാർക്കും  കൊടുത്തതും  പകരം അടി കിട്ടിയതും ചൂടുള്ള വാർത്തകളായിരുന്നു. 

ശ്രീ  തടത്തിലിന്റെ സുഹൃത്തായ ഫാദർ ഡോ. ഫ്രാൻസീസ് ആലപ്പാടിൻറെ  മനുഷ്യ സ്നേഹപരമായ പ്രവർത്തനങ്ങളും പ്രത്യേകം ശ്രദ്ധ പതിയുന്നു.  'കേരള ബ്ലഡ് ഡോണേഴ്സ് ഫോറം' എന്ന സംഘടന സ്ഥാപിച്ചതിലൂടെ   കൊല്ലും കൊലയ്ക്കും കുപ്രസിദ്ധമായ  'ഇരവി മംഗലം' ഗ്രാമത്തിന്റെ സമാധാന ദൂതനാവുകയാണ് ഈ വന്ദ്യ പുരോഹിതൻ. പരസ്പ്പരം മല്ലടിച്ചു പ്രതികാരവുമായി കഴിയുന്ന ജനങ്ങളെ ഒന്നിപ്പിക്കാനുള്ള അച്ചന്റെ  കഴിവു അപാരമായിരുന്നു. ആ ഗ്രാമത്തിലെ അബാലവൃദ്ധ ജനങ്ങളുടെ രക്തഗ്രൂപ്പ് നിർണ്ണയ്ക്കാനുള്ള സംവിധാനം വഴി ആവശ്യക്കാർക്ക്  രക്തവും എത്തിച്ചിരുന്നു. വർഗ രാഷ്ട്രീയ പാർട്ടികളെ ഒന്നിപ്പിക്കാനുള്ള ഈ അച്ചന്റെ  കഴിവും അപാരമായിരുന്നു. 'സമ്പൂർണ്ണ രക്തഗ്രൂപ്പ് സാക്ഷരത' കൈവരിച്ച ലോകത്തിലെ ആദ്യത്തെ ഗ്രാമമായും ഇരവിമംഗലം  പ്രസിദ്ധമായി. രക്തച്ചൊരിച്ചിലിലൂടെ കുടിപ്പക തീർത്തുകൊണ്ടിരുന്ന ഒരു ഗ്രാമത്തെ സ്നേഹത്തിന്റെ അത്യുജലമായ  പ്രതീകമാക്കിയത് ജീവകാരുണ്യ പ്രവർത്തകനായ  ഈ ഡോക്ടർ വൈദികനായിരുന്നു. അച്ചനുമായി സഹോദര തുല്യമായുള്ള ഫ്രാൻസീസിന്റെ സ്നേഹവും അച്ചന്റെ വൈകാരിക ജീവിതവും  ശ്രീ ഫ്രാൻസീസ് തടത്തിലിന്റെ തൂലികയിൽ നന്നായി ഒപ്പിയെടുത്തിട്ടുണ്ട്. കാലഘട്ടത്തിനാവശ്യമായ പുരോഹിതർക്ക് ആലപ്പാട്ടച്ചൻ  എന്ന ജീവകാരുണ്യ പ്രവർത്തകൻ  ഒരു മാതൃകകൂടിയാണ്.

വയറ്റിൽ കിടക്കുമ്പോൾ 'അമ്മ മകനെ, മകളെ സ്വപ്‍നം കാണും. കൈ വളരുന്നതും കാലു വളരുന്നതും നോക്കി നിൽക്കും. കുഞ്ഞിന്റെ പുഞ്ചിരിയിൽ 'അമ്മ സന്തോഷിക്കും. കുഞ്ഞിനെ ലാളിച്ചുകൊണ്ട് പിച്ച പിച്ച നടത്തിക്കും. അമ്മയോടൊപ്പം മാത്രം അവനു, അവൾക്കു കിടന്നാൽ മതിയായിരുന്നു. ഇന്നവന് അമ്മയെ വേണ്ട. ഭാര്യയുടെ തലയിണ മന്ത്രം അവനു വേദവാക്യം. 'അമ്മ അവനു ഭാരവും. അമ്മയുടെ കണ്ണുനീർ അവനു ഗൗനിക്കേണ്ടതില്ല. 'അമ്മ താഴെ തറയിൽ പായിൽ കിടക്കുമ്പോൾ അവൻ മെത്തയിലും കിടക്കും. അമ്മയെന്ന സ്നേഹത്തിന്റെ ആഴത്തിലേക്ക് 'മകനെ നിനക്കായി മാത്രം' എന്ന അദ്ധ്യായം നീക്കിവെച്ചിരിക്കുന്നു. സാമാന്യം സമ്പത്തും പ്രതാപവുമുള്ള വീട്ടിൽ നിന്നും സ്വത്തുക്കൾ മുഴവൻ കൈക്കലാക്കിയ മക്കൾ ഇറക്കി വിട്ട പാവം ഒരു അമ്മയുടെയും ഒരു മകന്റെയും തെരുവു ജീവിതത്തെപ്പറ്റി ഫ്രാൻസീസ് നന്നായി പ്രതികരിച്ചിട്ടുണ്ട്. അമ്മയോടൊപ്പം തെരുവുകൾ തോറും നടന്നിരുന്ന മകൻ മനസികരോഗിയും വിദ്യാസമ്പന്നനുമായിരുന്നു. അവരെ അറിയാത്ത തൃശൂർ നിവാസികൾ വിരളമായിരുന്നു. ശ്രീ ഫ്രാൻസീസ് തടത്തിലിന്റെ വൈകാരികത ഈ ലേഖനത്തിൽ നിറകവിഞ്ഞൊഴുകുന്നു. മാനസിക നില തെറ്റിയ മകൻ അമ്മയോട് വഴക്കടിക്കും. അമ്മയെ ഉന്തിയിടും. വീണ്ടും ലക്ഷ്യമില്ലാതെ അമ്മയുടെയും മകന്റെയും യാത്ര തുടരും. ഈ അമ്മയും മകനും എവിടേക്കാണ് അലഞ്ഞു തിരിഞ്ഞു പോവുന്നതെന്ന ജിജ്ഞാസയോടെ ഫ്രാൻസിസും അവരുടെ പിന്നാലെ നടന്നിട്ടുണ്ട്.   ഒരിക്കൽ നിശബ്ദമായ ലോകത്തിൽ ആ അമ്മയും മകനും ഇല്ലാതായി.

ഇവിടെ ശ്രീ ഫ്രാൻസീസ് തടത്തിൽ തന്റെ സ്വന്തം അമ്മയിൽക്കൂടി അലഞ്ഞു തിരിഞ്ഞു നടന്ന അമ്മയെ കാണുന്നു. അമ്മയുടെ ഉടുത്തിരിക്കുന്ന കച്ചമുറിയുടെ  വാലിൽ തൂങ്ങുന്നതും ഒക്കത്തിരിക്കുന്നതുമായ ഓർമ്മകൾ  അദ്ദേഹം പകർത്തുന്നു. ചാച്ചനും അമ്മച്ചിക്കും ഒപ്പം കിടന്നുറങ്ങിയ രാത്രികളും വറുത്ത മീനോ ചിക്കനോ  ഉണ്ടാക്കിയാൽ മോനെയെന്നു വിളിച്ചുകൊണ്ടു മറ്റു സഹോദരങ്ങളെക്കാൾ പ്രത്യേക പരിഗണന നൽകുന്ന നാളുകളും ഫ്രാന്സീസിനെ വികാരഭരിതനാക്കുന്നു.

പ്രിയ ഫ്രാൻസീസ് തടത്തിൽ, താങ്കളുടെ ചാച്ചൻ എനിക്ക്  പ്രിയപ്പെട്ട  ഒരു അദ്ധ്യാപകനായിരുന്നു. എന്നെയും ഇഷ്ടപ്പെട്ടിരുന്നു. കോഴിക്കോട് ദേവഗിരി കോളേജിൽ പഠിച്ചിരുന്ന നാളുകളിൽ സ്നേഹമുള്ള താങ്കളുടെ അമ്മയെയും ഞാൻ ഓർമ്മിക്കുന്നുണ്ട്.  അവരുടെ പ്രിയപ്പെട്ട മകനായ ശ്രീ ഫ്രാൻസീസ് തടത്തിലിനും കുടുംബത്തിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു. നന്മകൾ മാത്രം പകർന്നു നൽകുന്ന താങ്കളുടെ യത്നം എന്നും തുടരട്ടെയെന്നും അഭിലഷിക്കുന്നു. വായനക്കാരന്റെ മനസിനെ പിടിച്ചുകുലുക്കുന്ന  അനുഭവകഥകൾ അടങ്ങുന്ന ഈ പുസ്തകം ഭാവി തലമുറകൾക്കും ഒരു ഉത്തേജനമാണ്. യുവത്വത്തിന്റെ മാദക ലഹരിയിൽ താങ്കൾ പിടിച്ചെടുത്തത് വിജ്ഞാനത്തിന്റെ വലിയ ഒരു ശ്രീകോവിലായിരുന്നു. അറിവുകൾ പകർന്നു നൽകുന്ന ഇത്തരം നല്ല പുസ്തകങ്ങൾ ഭാവിയിലും താങ്കളുടെ തൂലികയിൽ വിടരട്ടെയെന്നും  ദൃഢമായ മനസും ആരോഗ്യവും താങ്കളെ നയിക്കട്ടെയെന്നും അഭിലഷിക്കുന്നു.


Francis-thadathil

- January 30, 2020 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Friday, January 24, 2020

പണിക്കവീട്ടിലെഴുതിയ 'സുധീറിന്റെ കഥകൾ': അവലോകനം



ജോസഫ് പടന്നമാക്കൽ

സുധീർ പണിക്കവീട്ടിലെഴുതിയ 'സുധീറിന്റെ കഥകൾ'  ഹൃദ്യവും വായനക്കാരുടെ മനസിനെ സ്പർശിക്കുന്നതും ഹാസ്യഭാവങ്ങൾ നിറഞ്ഞതുമാണ്.  ഓരോ ചെറുകഥയും  വായിച്ചുകഴിഞ്ഞപ്പോൾ  ഈ കഥാസമാഹാരം താത്ത്വികമോ കഥയോ സാമൂഹിക ചിന്തകളോയെന്നു  വേർതിരിക്കാനും പ്രയാസമായിരുന്നു.  പുസ്തകത്തിനുള്ളിലെ  കഥാപാത്രങ്ങൾ എനിക്കുചുറ്റും എവിടെയോ ജീവിച്ചിരുന്നവരാണെന്നുള്ള  അനുഭൂതികളുമുണ്ടായി. അമ്പതു  കഥകളാണ് ഈ വിശിഷ്ടരചനയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഓരോ കഥയിലും തുടക്കം മുതൽ അവസാനമെന്തെന്നു അറിയാനുള്ള ഒരു സന്ദിഗ്ദ്ധാവസ്ഥ വായനക്കാരിൽ സൃഷ്ടിക്കുന്നു. അനുഭൂതികളുണ്ടാക്കുന്നു.  അറിയാതെ തന്നെ പരിസരബോധം നോക്കാതെ പൊട്ടിച്ചിരിക്കുകയും ചെയ്യും.  സുദീർഘമായ ചിന്താധാരയിൽ നിരവധി കഥാപാത്രങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുന്ന ഈ പുസ്തകത്തെപ്പറ്റി ഒരു അവലോകനമെഴുതുകയെന്നതിനും വാക്കുകൾ മതിയാകുന്നില്ല. ഇതിലെ കഥകളും കഥാപാത്രങ്ങളും നമ്മുടെയിടയിൽ നിന്നും ഒപ്പിയെടുത്തതാണെന്ന് ഗ്രന്ഥകാരൻ തന്നെ ആമുഖത്തിൽ പറയുന്നുണ്ട്. ഈ ലേഖകനും അദ്ദേഹത്തിൻറെ കഥാപാത്രങ്ങളിൽ ഉണ്ടെന്നുള്ള  തോന്നലുമുണ്ട്. അനുഭവങ്ങളും പാളീച്ചകളും സുധീറിന്റെ കഥാപാത്രങ്ങളിൽക്കൂടി ജീവിക്കുന്നു.

എഴുപതുകൾക്കുശേഷമാണ് മലയാളികൾ അമേരിക്കയിലേക്ക് കുടിയേറ്റക്കാരായി  വന്നെത്തുവാൻ തുടങ്ങിയത്. അതിനുമുമ്പും ഇവിടെയുള്ള സർവ്വകലാശാലകളിൽ നിരവധിപേർ പഠിക്കുകയും ജോലിചെയ്യുകയും ചെയ്യുന്നുണ്ടായിരുന്നു. ആദ്യകുടിയേറ്റക്കാരായി ഇവിടെയെത്തിയ ഓരോ മലയാളിയും  ഇന്ന് അമേരിക്കയുടെ സാംസ്ക്കാരിക രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. വേനലിലിലും ശിശിരകാലത്തിലും  തണുപ്പിലും കാലഭേദങ്ങളെ ഭേദിച്ചുകൊണ്ട് സായിപ്പിന്റെ നാട്ടിലെ ഈ മണ്ണിൽ ജീവിക്കാൻ പടവെട്ടിയ നാം ഓരോരുത്തരും ചരിത്ര  കഥാപാത്രങ്ങളാണ്.  ചിലർ ജീവിതത്തിൽ വന്ന പാളീച്ചകളും പാകപ്പിഴകളും  മനസിനുള്ളിൽ ഒളിച്ചുവെച്ചു. വൈരുദ്ധ്യങ്ങളും വൈവിധ്യങ്ങളുമായുള്ള രണ്ടു സാംസാക്കാരങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ നമ്മുടെ മക്കളും ചിന്താക്കുഴപ്പത്തിലാണ് വളർന്നത്.  താറുമാറായ കുടുംബജീവിതം നയിച്ചവരുമുണ്ട്. ഒരേ പാത്രത്തിൽ വെച്ചുവിളമ്പിയ  ബന്ധുമിത്രാദികളിൽ പലരും  കാലത്തിന്റെ പ്രയാണത്തിൽ ഭൂമിയിൽ നിന്നും ഇല്ലാതായി. ഓർക്കുമ്പോൾ നാം ഏകനാണെന്നു തോന്നും.   ശ്രീ പണിക്കവീട്ടിലിന്റെ കഥകളിലെ കഥാപാത്രങ്ങൾ  നമുക്ക് ചുറ്റുമുണ്ടായിരുന്നവർ തന്നെ. അല്ലെങ്കിൽ അവർ എവിടെയോ  ഇന്നും ജീവിച്ചിരിപ്പുണ്ടെന്നു  തോന്നിപ്പോവുന്നു.

ഗ്രന്ഥകാരൻ സ്വന്തം അനുഭവങ്ങളുടെ സാക്ഷ്യങ്ങളും കഥകളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വായനയിൽക്കൂടി ചിലർ അദ്ധ്യാത്‌മികതയുടെ പൂർണ്ണത പ്രാപിക്കാൻ ശ്രമിക്കുന്നു.   പരബ്രഹ്മം ഉണ്ടെന്നും മനുഷ്യ കോശങ്ങളിൽ എവിടെയോ സ്ഥിതിചെയ്യുന്ന 'ആത്മം' ജന്മ ജന്മാന്തരങ്ങളിലൂടെ  പരമാത്മാവിൽ ലയിക്കുമെന്നെല്ലാമുള്ള മൂഢ സ്വർഗത്തിൽ ചിലർ ജീവിക്കുന്നു. സ്വധർമ്മം നിലനിർത്താൻ, അധർമ്മത്തെ  ഇല്ലാതാകാൻ 'കൊല്ലുക' 'കൊല്ലുക' എന്നും  ആത്മീയ പുരാണങ്ങൾ ഉരുവിടുന്നു.  പാപ ബോധം മനസിലുയർത്തി മതപഠനങ്ങളെ കച്ചവടങ്ങളാക്കാനും സെമിറ്റിക് മതങ്ങൾ മത്സരിക്കുന്നു. ഓരോ മതങ്ങളും സ്വകാര്യവൽക്കരിയ്ക്കപ്പെട്ടിരിക്കുന്നു. അന്യന്റെ മതത്തെ പുച്ഛം. പേരുനോക്കി സൗഹാർദം സ്ഥാപിക്കുന്നവരുമുണ്ട്. മുള്ളാമാരുടെയും പൂജാരിമാരുടെയും പുരോഹിതരുടെയും മതബോധനങ്ങൾ കേൾക്കാൻ ഭൂരിഭാഗത്തിനും താൽപ്പര്യമാണ്. സ്വന്തം ഭാഷയോ, ഭാഷയുടെ വൈജ്ഞാനിക ചിന്തകളോ ഗ്രഹിക്കാൻ ഇക്കൂട്ടർ താൽപ്പര്യം കാണിക്കാറില്ല. പള്ളി പ്രസംഗം സത്യമെന്ന് വിശ്വസിച്ചു നടക്കുന്ന വലിയൊരു അമേരിക്കൻ മലയാളി സമൂഹത്തിന് മലയാള സാഹിത്യ കൃതികളോ അമേരിക്കൻ ജീവിതത്തെ പങ്കുവെക്കുന്ന പുസ്തകങ്ങളോ വായിക്കാൻ താല്പര്യം കാണില്ല.

ശ്രീ പണിക്കവീട്ടിലിന്റെ  കൃതിയിൽ ആദ്ധ്യാത്മിക പരിവേഷം അണിഞ്ഞിട്ടുള്ള കപട വിശ്വാസികളെ നോവിച്ചു വിട്ടിട്ടുണ്ട്.  ഒളിച്ചു വെച്ചുകൊണ്ടു  ഒന്നും തന്നെ അദ്ദേഹം എഴുതിയിട്ടില്ല. ആരെയും കൂസാതെ  പരസ്യമായി സത്യം പുലമ്പാനുള്ള ചങ്കൂറ്റവും കഥാകൃത്തിനുണ്ട്.  കഥകളെല്ലാം അനുകരണങ്ങളില്ലാതെ സ്വന്തം മനസ്സിൽ നിന്നും ഉത്തേജിച്ചതുമാണ്.  നിശ്ചിതമായ പ്രശ്നങ്ങളെ വിലയിരുത്തുന്ന ഗ്രന്ഥകാരന്റെ  ആവിഷ്ക്കാര സ്വതന്ത്ര്യത്തിൽ ചിലർ നീരസം പ്രകടിപ്പിച്ചേക്കാം.  ഈ പുസ്തകത്തിലെ ഓരോ താളുകളും ജീവിതാനുഭവങ്ങളുമായി സ്വച്ഛന്ദം സഞ്ചരിക്കുന്നവരുടെ  മനസിന്റെ ഉള്ളിലേക്ക് കടന്നുകയറുമെന്നതിലും സംശയമില്ല. സത്യത്തിന്റെ കാഹളവും മുഴങ്ങുന്നതായി  അനുഭവപ്പെടും.

ഇരുപത്തിയഞ്ചുകാരൻ യുവാവിന്റെ  'പ്രണയ പുഷ്പ്പമേ' എന്ന പാട്ടോടെയാണ് ആദ്യ അദ്ധ്യായത്തിലെ കഥ ആരംഭിക്കുന്നത്. ആർത്തവം നിന്നു  കഴിയുമ്പോൾ അയാളിലെ സഹധർമ്മണിയോടുള്ള ആർദ്രത അവിടെയില്ലാതാവുന്നു. 'എന്റെ കഷ്ടകാലം ആരംഭിച്ചത് നിന്നെ കെട്ടിയ നാളു മുതലെന്നു' അമ്പതുകാരൻ മദ്ധ്യ വയസ്‌ക്കൻ മുറുമുറുക്കാനും തുടങ്ങും. ഇരുപത്തൊന്നു വയസിൽ കാമാഗ്നി കൊണ്ടു ദഹിച്ചിരുന്ന ഭാര്യയും വിട്ടുകൊടുക്കില്ല. 'ഇതിയാൻ എന്റെ തലയിൽ കയറിയല്ലോ ദൈവമെയെന്നും ഇതിയാനെക്കൊണ്ടു  മടുത്തുവെന്നുമുള്ള'  നാല്പത്തിയഞ്ചു വയസുകാരിയായ  ഭാര്യയുടെ മുറുമുറുപ്പും ഈ കഥയിൽ ആലങ്കാരികമായി വർണ്ണിച്ചിട്ടുണ്ട് . അയൽവക്കത്തെ സ്ത്രീയെ കാണുമ്പോഴുള്ള മദ്ധ്യവയസ്‌ക്കന്റെ പ്രേമവും കണ്ണടച്ചുകാണിക്കലും ഭാര്യയിൽ നിന്നുള്ള ഒളിച്ചു കളിയും കഥയിൽ നന്നായി അവതരിപ്പിച്ചിരിക്കുന്നു. പശു പുല്ലു തിന്നുകയില്ല മറ്റുള്ളവരെക്കൊണ്ട് തീറ്റിക്കുകയുമില്ലയെന്ന മനോഭാവമാണ് ഭർത്താവിന് ഭാര്യയോടുള്ളത്.  ഇന്നും നമ്മുടെയിടെയിൽ നിത്യം ജീവിക്കുന്ന ഭാര്യ ഭർത്താക്കന്മാരാണിവർ.

ചാക്കോച്ചന്റെ തെറ്റിദ്ധാരണയിലുണ്ടായ ഒരു  പ്രേമം ഒടുവിൽ ഹാസ്യത്തിൽ അവസാനിക്കുകയാണ്. ഒരാളിന്റെ ചുറ്റുമുള്ള  ഭാവനാ ലോകം തലകീഴായി മറിക്കാൻ ഒരു പെണ്ണൊരുമ്പെട്ടാൽ സാധിക്കുമെന്ന തത്ത്വവും  കഥയിൽ വെളിപ്പെടുത്തുന്നു. സഹപ്രവർത്തകയായ  പെണ്ണിനോടുള്ള ഒരു  പ്രേമ സാമ്രാജ്യം ചാക്കോച്ചൻ കെട്ടിപ്പൊക്കുന്നു. അതിന്  ഒരു കാരണവുമുണ്ട്. അവൾ ചാക്കോച്ചനെ കാണുമ്പോഴൊക്കെ 'കാമ'മുണ്ടെന്നു പറയും. പാവം അത് വിശ്വസിച്ചു. ഒരിക്കൽ  അവളുടെ വിവാഹത്തിനുള്ള ക്ഷണക്കത്ത് കിട്ടി. ചാക്കോച്ചൻ അന്ന് ഞെട്ടിപ്പോയി. വിഷണ്ണനായ ചാക്കോച്ചന്റെ മുമ്പിൽ ലോകം മുഴുവൻ കറങ്ങുന്നതായി തോന്നി.  ജോലിയുണ്ടെന്നർത്ഥത്തിൽ ഹിന്ദിയിലെ വാക്കായ 'കാം' ഉണ്ടെന്നായിരുന്നു ആ പെൺകുട്ടി നിത്യം പറഞ്ഞുകൊണ്ടിരുന്നത്. വാക്കുകളുടെ പദപ്രയോഗങ്ങളിൽ സായിപ്പിന്റെ മുമ്പിൽ തെറ്റുപറ്റാത്തവർ ചുരുക്കമായിരിക്കും. അല്ലെങ്കിൽ ഉച്ഛാരണ ശൈലി വ്യത്യസ്തമായിരിക്കാം.    പാവം ചാക്കോച്ചനും അങ്ങനെയൊരു മൂഢസ്വർഗം പണിതുണ്ടാക്കിയെന്നു മാത്രം.

സപ്ത സ്വരങ്ങളുടെ ലോകത്ത് പാടുന്ന ഒരു തവളയെയും അവതരിപ്പിച്ചിരിക്കുന്നു. കരയിലും വെള്ളത്തിലും ചാടിക്കൊണ്ടുള്ള  അതിന്റെ പാട്ടുകൾ ശ്രവണ മനോഹരമാക്കുന്നു. ഗാനഗന്ധർവനായ  ഈ തവള ഒരു അഹങ്കാര ജീവിയായും കഥയിൽ പറഞ്ഞിരിക്കുന്നു. വണ്ടത്താന്മാരുടെ സംഗീതം, തൊഴുത്തിലെ പശുക്കുട്ടികളുടെ സ്നേഹം, തെക്കൻകാറ്റിലെ മൂളലുകൾ  അങ്ങനെ പ്രകൃതി തന്നെ സ്നേഹഗീതം കൊണ്ട് നിറഞ്ഞിരിക്കുന്നു. ഏട്ടന്റെ പോക്കറ്റിൽ കുങ്കുമം കണ്ട അനുജത്തിയുടെ വിചാരണ പിന്നീട് പൊട്ടിച്ചിരികൾക്ക് കാരണമാകുന്നു. ഏട്ടന്റെ സുജാത അവിടെ രാധയെന്നു സംശയിക്കുകയാണ്. കാലചക്രങ്ങൾ കടന്നുപോയി. ഇന്ന് ആ രാധ എവിടെയെന്നും ഏട്ടനറിയില്ല.

കണ്ഠകോണീശ്വരൻ  എന്ന ഒരു പുതിയ ദൈവത്തെയും  കഥയിൽ അവതരിപ്പിച്ചിരിക്കുന്നു. പാരമ്പര്യ ദൈവങ്ങളുടെ ശക്തി ക്ഷയിക്കുമ്പോഴാണ് അമേരിക്കക്കാർക്കായി ശക്തിയുള്ള ഈ ദൈവത്തിന്റെ പേരിൽ ഒരു അമ്പലം അവിടെ ഉയരുന്നത്. ആഡംബരം ഏറിയ ഈ അമ്പലത്തിൽ ദേവി ദേവന്മാർ പാശ്ചാത്യ വേഷങ്ങളിൽ കാണുന്നു.  പാന്റും ഷർട്ടും ധരിച്ചിരിക്കുന്നു. അതിന്റകത്ത് സ്യുട്ടുധാരിയായ 'ജോർജ് ബുഷെ'ന്ന ദേവനുമുണ്ട്.  ഈ ദേവന് ഓരോ ദിവസവും കഴുത്തിലുള്ള ടൈ മാറി മാറി കെട്ടും. ടൈ കെട്ടുന്ന ദൈവമെന്ന അർത്ഥത്തിൽ ഈ അമ്പലം  'കണ്ഠകോണേശ്വരം'  അമ്പലം എന്നറിയപ്പെടാൻ തുടങ്ങി. സ്യുട്ടിട്ട ഈ ദൈവത്തിന്റെ പേരിൽ  അന്ധവിശ്വാസങ്ങൾ നിറഞ്ഞ നാടോടി കഥകളും പ്രചരിച്ചിട്ടുണ്ട്.   ജോർജ് ബുഷിനേയും നൈഷ്ഠിക ബ്രഹ്മചാരിയാക്കി  മന്ത്രം ചെയ്തു കഴിഞ്ഞാൽ പിന്നീട് അവിടെ സ്ത്രീകൾക്ക് പ്രവേശനമില്ലാതാകും.

'നിങ്കൾ  ഒരു നാരിയല്ലേ' എന്ന കഥയിലും കഥാകൃത്ത്  ഒരു താത്ത്വികനാകുന്നു.   പഴങ്കാലത്തിലെ  ഓല പന്തുകളിയും തുളസിച്ചെടിയും കണ്ണുകെട്ടി കളികളും നമ്മുടെ മനസുകളെ ഇക്കിളികൂട്ടുന്നു. പുറകോട്ടുള്ള  യാത്രകളിലേക്ക് നയിക്കുന്നു. അരക്കിഴവന്മാരുടെയും മുക്കാൽ കിഴവന്മാരുടെയും സദസിൽ ഒരു പെൺകുട്ടിയുടെ പകച്ചു നിൽക്കലും ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു.  കിളവന്മാരുടെ സദസിൽ ഒരു കിളവന്റെ നേരെ  കൈചൂണ്ടിക്കൊണ്ട്   പെൺകുട്ടിയുടെ ചോദ്യം 'നിങ്ങൾ ഒരു നാരിയല്ലേ'യെന്നായിരുന്നു.  ആതിഥേയന്റെ മുഖം വല്ലാതെ ചുവക്കുന്നു. അവളുടെ 'പപ്പാ' വീടിനുള്ളിൽ  നിത്യം ഉപയോഗിക്കുന്ന വാക്കായ 'നാറി' അവളിലൂടെ നാരി യാവുകയായിരുന്നു.  വീട്ടിൽ  കുട്ടികളുടെമുമ്പിൽ മാതാപിതാക്കൾ വാക്കുകൾ ഉപയോഗിക്കുന്നതു സൂക്ഷിക്കണമെന്ന ചിന്തകളാണ് ഈ കഥയിൽ അടങ്ങിയിരിക്കുന്നത്.

അമേരിക്കയിലെ മലയാളികളുടെ 'സ്റ്റാറ്റസ്'  നിർണ്ണയിക്കുന്നതിനും പലതരം മാനദണ്ഡങ്ങളുണ്ട്.  'ചെറിയവനും അവാർഡ്' എന്ന ചെറുകഥ അത് സരസമായി വർണ്ണിച്ചിരിക്കുന്നു. പരദൂഷണ വീര അളിയൻ, ജോലി ചെയ്യാതെ  ഭാര്യയുടെ ചെലവിൽ ജീവിക്കുന്ന  ഭർത്തൃ ഉദ്യോഗസ്ഥൻ, അക്കാദമി അവാർഡ് കാശു കൊടുത്തു വാങ്ങാൻ സാധിക്കുമോയെന്നു തിരയുന്ന എഴുത്തുകാരൻ,  വൃദ്ധനായ ഒരു എഴുത്തുകാരന്റെ താഴ്ന്ന ജാതിക്കാരോടുള്ള പുച്ഛവും പരിഹാസവും എന്നിങ്ങനെ വ്യത്യസ്തമായി അറിയപ്പെടുന്ന  നിരവധി കഥാപാത്രങ്ങൾ ഈ കഥയിലുണ്ട്.  മാവേലിയുടെ വരവും ഒരു കഥയായി മാറി.  മഹാബലിയെ ഭൂമിക്കടിയിൽ താഴ്ത്തി വിട്ട വാമന അവതാരത്തെപ്പറ്റിയുള്ള വാദപ്രദിവാദങ്ങൾ, ഒരു വീട്ടിൽ തന്നെ പല ദൈവങ്ങൾ, പല മതങ്ങൾ, അങ്ങനെ വൈവിധ്യങ്ങളായ നിരവധി സംസ്‌കാരങ്ങളും ഒരേ വീട്ടിനുള്ളിൽ തന്നെ!  ഓണമല്ലേ, വീട്ടു മുറ്റത്ത് ഒരു പൂക്കളം. മറ്റൊരു കൂട്ടർ വന്നു ചൂലുകൊണ്ടു പൂക്കളം അടിച്ചു മാറ്റുന്നു. വീടിനുള്ളിൽ തന്നെ ഒരു കൂട്ടർക്ക് ആഴ്ചയിൽ ഒരു ദിവസം പള്ളിയിൽ  പോവണം. ഓണം ആഘോഷിക്കുന്ന ആ പണം തെരുവ് പിള്ളേർക്കൊ അനാഥർക്കൊ കൊടുക്കുകയെന്ന ഉപദേശവും പള്ളിയിൽ പോവുന്നവർ നൽകുന്നു.  ചവുട്ടി താഴ്ത്താൻ വരുന്ന വാമനന്മാർക്കുമുമ്പിൽ കാലുപൊക്കിയാൽ അവനു തല താഴ്ത്തി കൊടുക്കരുതെന്നാണ് കഥാകൃത്തിന്റെ സാരോപദേശം.

റപ്പായി മാപ്പിളയുടെ വിളിയിൽ ശരിക്കും അമേരിക്കൻ എഴുത്തുകാരുടെ മനഃശാസ്ത്രമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. എഴുത്തുകാരിൽ തന്നെ പലവിധ വിശേഷ ഗുണങ്ങളുണ്ട്. കാശു കൊടുത്തു എഴുതിക്കുന്ന എഴുത്തുകാരനും കഥാകാരനും കവിയും പ്രവാസി മലയാളസാഹിത്യത്തിന് അമൂല്യ സംഭാവനകൾ നൽകുന്നുണ്ട്.  പ്രതിഫലമായി  നാട്ടിലുള്ള എഴുത്തുകാരെ ഡോളർ നീട്ടി പ്രസാദിപ്പിക്കുന്നു. എഴുത്തുകാരെക്കൊണ്ട് അമേരിക്കയിൽ മുട്ടി നടക്കുന്ന ഗതികേടിലാണിപ്പോൾ. ഷോപ്പിങ്ങിനു പോയാലും പള്ളിയിൽ പോയാലും മുറിയെഴുത്തുകാരുടെ ലോകം കാണാം.  കഥകൾക്കും കവിതകൾക്കും അസോസിയേഷനുകൾ സമ്മാനങ്ങളും നൽകാറുണ്ട്.  എഴുത്തുകാർ യവ്വനകാലത്തെ ഫോട്ടോകൾ ഇട്ടുകൊണ്ട് വായനക്കാരെ ആകർഷിക്കുന്നു.  എഴുത്തുകാരോ നിരവധി!  നൂറും ഇരുന്നൂറും എഴുത്തുകാർക്ക് വായനക്കാർ ഏഴുപേർ മാത്രമെന്നുള്ളതും കഥാകൃത്തിന്റെ  വിവര ശേഖരത്തിൽനിന്നുള്ളതാണ്. ചിലർ കഥകൾ എഴുതുമ്പോൾ വായനക്കാർക്ക് മനസിലാകാത്ത സാഹിത്യ ഭാഷകൾ കുത്തി നിറയ്ക്കും. എഴുതുന്നവനും വായിക്കുന്നവനും മനസിലാകണമെന്നില്ല.

'രാമനോ  റഹീമോ' എന്ന കഥയിൽ ദൈവശാസ്ത്രമാണ് വിഷയം. ദൈവം മനുഷ്യനെ തന്റെ  മുഖച്ഛായയിൽ സൃഷ്ടിച്ചുവെന്നു ബൈബിൾ കൊട്ടിഘോഷിക്കുന്നവർ വിശ്വസിക്കുന്നു. എങ്കിൽ ഈ സർവ ചരാചരങ്ങളെയും മനുഷ്യ ജീവനുകളെയും  വൈകൃത ഭാവങ്ങളിൽ സൃഷ്ടിക്കണമായിരുന്നുവോയെന്ന് കഥാകൃത്ത് ചോദിക്കുന്നു. ദൈവത്തിന്റെ പൂർണ്ണമായ മുഖച്ഛായയിൽ  വൈരൂപ്യങ്ങളായവരും  അംഗ വൈകല്യമുള്ളവരുമുണ്ട്. പല നിറഭേദങ്ങളോടെയുള്ളവർ, കഷണ്ടികൾ, ഭ്രാന്തന്മാർ എന്നിവരെയും ദൈവത്തിന്റെ പ്രതിച്ഛായയിൽ കാണാം. ഓരോ മനുഷ്യന്റെയും പ്രാണൻ അറ്റുപോവുമ്പോഴും ദൈവത്തിന്റെ കഴിവുകേടുകൾ അവിടെ ദൃശ്യമാവുകയാണ്. ഒരു ജാതി, ഒരു മതം, ഒരു ദൈവമെന്ന തത്ത്വവും മതങ്ങളുടെ ചുരുളുകളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

'എഴുത്തുകാരുടെ ശല്യം' എന്ന 'കഥ'  കഥാകൃത്തിന്റെ ഹാസ്യഭാവനയിൽ രചിച്ച ഒന്നാണ്.  ദൈവത്തിന്റെ മലയാളനാട്ടിനെ തേടിയുള്ള ഒരു അന്വേഷണവും കഥയിൽ സ്പുരിക്കുന്നു. നിരവധി നിറമുള്ള ദൈവങ്ങളെ തട്ടിയിട്ട് നടക്കാൻ സാധിക്കുന്നില്ല. 'ഹര ഹരോ' എന്നു തുടങ്ങി ബാങ്ക് വിളി, കൂട്ട മണിയടി, കിടന്നുതുള്ളൽ കേട്ട് ദൈവം ഞെട്ടുന്ന വിവരങ്ങൾ ഈ കഥയിൽ അവതരിപ്പിച്ചിട്ടുണ്ട്. തമിഴ് നാട് സിനിമാ താരങ്ങൾ വരെ ജീവിക്കുന്ന ദൈവങ്ങളായി  സഞ്ചരിക്കുന്നു. ദൈവങ്ങളുടെയെല്ലാം നടുവിൽക്കൂടി 'എല്ലാം പുല്ലാണ്, പുല്ലാണെന്നു' വിളിച്ചുകൊണ്ടുള്ള ജാഥ,  പോലീസ് വെടിവെപ്പ്, കണ്ണീർ വാതകം, പിന്നെ  സ്വർഗത്തിലേക്കുള്ള ഒരു യാത്രയും.  സ്വർഗം  എഴുത്തുകാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. ബോറടിയന്മാരായ എഴുത്തുകാരുടെ ശല്യം കൊണ്ട് സ്വർഗ്ഗത്തിലും ജീവിക്കാൻ സാധിക്കുന്നില്ല. എഴുതുന്നവർക്കും കണ്ണ് കാണാൻ വയ്യാതായി. എല്ലാവരും  മദ്ധ്യ വയസു കഴിഞ്ഞവർ. ഗ്യാസ് ട്രബിൾ, പ്രഷർ, ഷുഗർ, ഹാർട്ട് ട്രബിൾ രോഗമുള്ളവർ. നേഴ്‌സുമാരെ കളിയാക്കി കഥകളെഴുതിക്കൊണ്ടിരുന്ന  ഞരമ്പുരോഗികളുടെ സ്വർഗം ദൈവം അവിടെ ശീതീകരിച്ചിട്ടുണ്ട്.

'ഒരു സുന്ദരിയും രണ്ടു തലയിണയും' എന്ന ഹാസ്യ ചെറുകഥയിൽ  തലയിണകളെ  പർവതങ്ങളോടാണ്  ഉപമിച്ചിരിക്കുന്നത്. ഡൽഹി നഗരത്തിൽക്കൂടി മുറി അന്വേഷിച്ചു നടന്ന  പർവതാരോഹകന് രാത്രിയിൽ ശയിക്കാനിടം കിട്ടിയത്  ഒരു 'കാബറേ ഡാൻസുകാരി'യുടെ മുറിയിലായിരുന്നു. ഗാഢനിദ്രയിലായിരുന്ന അവരോടൊപ്പം രണ്ടു തലയിണ മറകൾക്കപ്പുറം  അയാളും അന്ന് രാത്രിയിൽ അന്തിയുറങ്ങാൻ കിടന്നു. അയാൾക്ക്  ഉറക്കം വന്നില്ല.  കൊച്ചുവെളുപ്പാൻ കാലത്ത് അഞ്ചുമണിക്ക് ആ സ്ത്രീ ഉണരുംമുമ്പ് മുറി ഒഴിഞ്ഞു കൊടുക്കണമെന്നായിരുന്നു വ്യവസ്ഥ.  രാത്രിയുടെ മങ്ങിയ വെളിച്ചത്തിൽ  അവളുടെ അഴകാർന്ന അഴിഞ്ഞ തലമുടിയിൽ തലോടണമെന്നു തോന്നിയെങ്കിലും അയാൾ മനസിനെ നിയന്ത്രിച്ചുകൊണ്ടിരുന്നു. അയാളിൽ കാമാവേശം ഉണർത്തി. പ്രഭാതത്തിൽ അവൾ ഉണർന്നു. അവളുടെ മൃദുല സ്പർശനം അയാളിൽ  കോൾമയിർ കൊള്ളിച്ചു. താനൊരു പർവതാരോഹകനെന്നു അവളോടു അയാൾ പറഞ്ഞു.  'ഒരു രാത്രി മുഴുവൻ തന്നോടൊത്തു  ഉണ്ടായിരുന്നിട്ടും ഈ തലയിണകൾ  മറികടക്കാൻ കഴിവില്ലാത്ത താനാണോ പർവതാരോഹകൻ ' എന്ന് നർത്തകി ചോദിക്കുന്നുണ്ട്. കഥ മുഴുവൻ വായിച്ചാലെ അതിലെ നവരസങ്ങൾ വായനക്കാരിൽ പ്രതിഫലിക്കുകയുള്ളൂ.

മുത്തശിയുടെ ഭാവനയിൽ ഉണ്ണിക്കുട്ടന് വെളുത്തു സുന്ദരിയായ ഒരു പെണ്ണുണ്ടായിരുന്നു.  അവളുടെ കഴുത്തിൽ കുരിശു കാണുന്നു. ജാതി വരമ്പുകൾ മറി കടക്കാൻ കഴിവില്ലാത്ത മുത്തശിയുടെ ആഗ്രഹം അവിടെ നടക്കാതെ പോവുകയാണ്.   'ഉണ്ണിക്കുട്ടന്'  വെളുത്ത സുന്ദരിയോടു  അനുരാഗമുണ്ടായിരുന്നു.  കാലഭേദങ്ങൾ ഭേദിച്ച് വീണ്ടും അവർ കാണുന്നു.  അവളായിരിക്കാം സുന്ദരിയായ ആ മേഴ്‌സിയെന്നും അയാൾ സങ്കല്പിക്കുകയാണ്.  എന്നാൽ മേഴ്സിയെ വിവാഹം കഴിച്ചത് ഒരു ഉണക്ക മത്തായിയായിരുന്നു. വൈരുദ്ധ്യങ്ങളും വൈവിധ്യങ്ങളും ഒരുപോലെ ഏറ്റുമുട്ടുന്ന സുന്ദരമായ ഒരു കഥ. വർത്തമാന കാല ചിന്തകളിൽക്കൂടി സഞ്ചരിക്കുന്ന ഇന്നത്തെ  ലോകത്തിലും  ജാതി ചിന്തകൾ മനുഷ്യരുടെയിടയിൽ മതിലുകൾ പണിതുയർത്തിയിരിക്കുന്നു.

ആർഷ ഭാരത സംസ്ക്കാരവും സ്ത്രീകളുടെ പാതിവൃതവും കഥകളിൽക്കൂടി കഥാകൃത്ത് അവതരിപ്പിച്ചിട്ടുണ്ട്. ഏഴാം കടലിനക്കരെ ജീവിച്ചാലും ഭർത്താവ് ഈശ്വരനു  തുല്യം.  പരപുരുഷനെ നോക്കുന്നത് പാപം. അമേരിക്കൻ സംസ്‌കാരവുമായി ഇടപെഴുകാൻ പാതിവൃതമെന്ന  തത്ത്വ ശാസ്ത്രം മുറുകെ പിടിക്കുന്ന ഭർത്താക്കന്മാർ സമ്മതിക്കില്ല. അന്യ പുരുഷൻ പുറത്തുപോകുമ്പോൾ സ്ത്രീ വാതിൽ തുറന്നു പിടിച്ചാൽ അവളുടെ പാതിവ്രതം നഷ്ടപ്പെടുമെന്നും പുരുഷൻ ചിന്തിക്കുന്നു. 'പെങ്ങളേ! അകത്തോട്ട് കയറ്റാനല്ലല്ലോ വാതിൽ തുറന്നു കൊടുത്തത്, പുറത്തേക്ക് പോകാനല്ലേയെന്ന' കഥാകൃത്തിന്റ  അർഥം വെച്ചുള്ള ചോദ്യവും കഥയുടെ മാറ്റ് കൂട്ടുന്നു.

ചിലർക്കു കോപം  വരുമ്പോൾ മറ്റൊരു മലയാളിയെ പട്ടിയെന്നു വിളിക്കുന്നവരുണ്ട്.  പതിവുകൾക്കു  മാറ്റം വന്നുവെന്നാണ് ഒരു കഥയിൽ പറഞ്ഞിരിക്കുന്നത്. അമേരിക്കൻ പട്ടികൾ ഇവിടെ മനുഷ്യരേക്കാൾ വളരെ ആഡംബരത്തിലാണ്‌ കഴിയുന്നത്.  സുഖസൗകര്യങ്ങളോടെ, മാന്യതയോടെ കഴിയുന്ന  ആ പട്ടികളുടെ പേരു വിളിച്ച് അപരനെ ആക്ഷേപിച്ചാൽ അത് അയാൾക്ക് ആക്ഷേപമാകുമെന്നു തോന്നുകയില്ല. ആ  വിളി കേൾക്കുന്നവനു അഭിമാനം മാത്രമേ തോന്നുള്ളൂ. അതുകൊണ്ട് വിളികൾക്കും കാലോചിതമായി മാറ്റം വരുത്തിക്കൊണ്ട് 'നീ പോടാ നാടൻ പട്ടി അല്ലെങ്കിൽ കില്ലപ്പട്ടി'യെന്നു വിളിക്കാൻ ആരംഭിച്ചിരിക്കുന്നുവെന്നാണ് ഒരു കഥയിലെ പ്രമേയം. മൃഗങ്ങളിലും അന്തഃസത്ത പകർന്നുവെന്നുള്ള ഒരു സന്ദേശവും നൽകുന്നുണ്ട്.

വിരൂപനായ ഭർത്താവിനെ കെട്ടുമ്പോൾ സുന്ദരികളായ സ്ത്രീകളുടെ മനസ്സിൽ വരുന്ന വികാരങ്ങളും തന്മയത്വത്തോടെ ഒരു കഥയിൽ വർണ്ണിച്ചിട്ടുണ്ട്.  'ദൈവമേ ഇയാളെയാണല്ലോ ഞാൻ കെട്ടേണ്ടത്, അയാളോടൊത്തു എങ്ങനെ ശയിക്കും, എന്നിങ്ങനെയുള്ള വികാരഭാവങ്ങളും കഥയിൽക്കൂടി  അവതരിപ്പിച്ചിട്ടുണ്ട്. വിരൂപന്മാരെ കാണുമ്പോൾ അവരുടെ വൈരൂപ്യം സഹിക്കേണ്ടി വരുമല്ലോയെന്ന ഭയവും സ്ത്രീകളെ അലട്ടുന്നു.

'മാസാതിഥിയിൽ'  വിദ്യാഭ്യാസമില്ലാത്ത ഒരു അച്ചായന്റെ ചിന്തകളാണ് പ്രതിഫലിപ്പിച്ചിരിക്കുന്നത്.  എഴുത്തുകാരോടും വായനയോടും  വിരോധമുള്ള ഒരു ഭർത്താവിനെ അവതരിപ്പിച്ചിരിക്കുന്നു.  ലഹരിയും പുകയുമൊക്കെ അച്ചായന്റെ വിനോദം. മക്കളെ ഡോക്ടറാക്കണം, കാശുണ്ടാക്കണമെന്നുള്ള ചിന്തകൾ അച്ചായനെ കൂടുതൽ ലഹരി പിടിപ്പിക്കുന്നു. ദൈവം  യോജിപ്പിച്ചത്  മനുഷ്യൻ വേർപിരിക്കാതെയിരിക്കട്ടെയെന്ന താത്ത്വിക പ്രമാണങ്ങളിലും അച്ചായൻ ജ്ഞാനിയാണ്.  മരണം വരെ ഭാര്യ വെച്ചു വിളമ്പി ചോറു  കൊടുക്കണം! ഡബിൾ ഡ്യൂട്ടിക്ക് പ്രേരിപ്പിക്കും. മറ്റൊരിടത്ത് ഭർത്താവിനെ പങ്കുവെക്കുന്ന ഭാര്യമാരാണ്. ബീവിമാരുടെ  മാസമുറകൾ  അന്വേഷിച്ചു നടക്കുന്ന 'കാക്കാ ഭർത്താവ്'. ഭർത്താവിനെ അവിടെ പങ്കുവെക്കലാണ്.  ഇരു ഭാര്യമാരുള്ള പുരുഷന്റെ  മനസിലെ കോളിളക്കങ്ങളും ഇടിയും മിന്നലും കഥയെ  അലംകൃതമാക്കുന്നു.

അസൂയക്കും കഷണ്ടിക്കും മരുന്നില്ലെന്ന് പഴമക്കാർ പറയാറുണ്ട്. അതിനുള്ള മരുന്ന്  ഒരു സ്വാമി നിർദ്ദേശിക്കുന്നുണ്ട്.  "നിങ്ങൾ അസൂയാവഹമായി പുരോഗമിക്കുന്നുവെങ്കിൽ  ജീവിതം ധന്യമായി തന്നെ മുന്നേറുന്നുണ്ടെങ്കിൽ സന്തോഷിക്കുകയല്ലേ വേണ്ടത്. വിജയത്തിന്റെ പാതയിലേക്ക് കുതിച്ചുയരുന്ന നിങ്ങളുടെ നേരെ  കവല പട്ടികൾ കുരച്ചാൽ നിങ്ങളെന്തിനു  പരവശനാകണം! ആവലാതിപ്പെടണം?"  പോസ്റ്റ് ഗ്രാഡുവേറ്റ് ബിരുദത്തിന് തപാൽ ബിരുദമെന്നാണ് മലയാളം തർജ്ജിമ നൽകിയിരിക്കുന്നത്. സ്ത്രൈണ ഭാവമുള്ള ഒരു പരദൂഷ വീരനും കഥയിലുണ്ട്.  അയാളുടെ കുയിൽനാദം പോലുള്ള സംസാരവും രസിപ്പിക്കുന്നു.  ഇത്തരക്കാരെല്ലാം നാം ദൈനം ദിന ജീവിതത്തിൽ കണ്ടുമുട്ടുന്നവരെന്നുള്ളതും  ഓർമ്മിക്കണം.

സമൂഹത്തിൽ നിലവിലിരിക്കുന്ന അന്ധമായ വിശ്വാസങ്ങളെ  'മയിൽ‌പ്പീലി തുണ്ടു'കളെന്ന ചെറുകഥയിൽ  വർണ്ണിച്ചിരിക്കുന്നു. പിണ്ഡം വെച്ച് പടിയടയ്ക്കുന്ന നമ്പൂതിരി പെണ്ണും ആ കഥയിലുണ്ട്.  കാമവെറി പിടിച്ച കഴുകന്മാർ ഹതഭാഗ്യയായ പെണ്ണിനേയും കൊത്തി പറക്കുന്നു. ആ നങ്ങമ്മയുടെ ആത്മാവ് അലഞ്ഞു നടക്കുന്നുവെന്ന വിശ്വാസവും നമ്പൂതിരി കുടുംബങ്ങൾ പുലർത്തുന്നു.  ചാരിത്രം നശിച്ചുവെന്ന പഴിചാരി അന്ധവിശ്വാസങ്ങൾ കൊണ്ട് നമ്പൂതിരി പെണ്ണുങ്ങളെ തെരുവിലിറക്കി വിടുന്ന 'സ്മാർത്ത വിചാണ'  പത്തൊമ്പതാം നൂറ്റാണ്ടുവരെ കേരളത്തിൽ നടപ്പിലുണ്ടായിരുന്നു.

ഏദനിലെ ആദിരാത്രിയിൽ ആ കനി ഭക്ഷിക്കരുതെന്ന് ദൈവം ഹാവയോട് കൽപ്പിക്കുന്നു.  ദൈവേച്ഛ ധിക്കരിച്ചുകൊണ്ടു ഹാവാ  കനി ഭക്ഷിക്കുന്നു. അന്നുമുതൽ അവളിലെ സ്ത്രീത്വം തിരിച്ചറിയുകയാണ്. അവൾ പച്ചയിലകൾ കൊണ്ട് നഗ്നത മറച്ചു. അവളിൽ മാസമുറകൾ വന്നെത്തി . അവളിൽ നിന്നും തലമുറകളുടെ തുടക്കവുമിടുന്നു. ഹാവായെ പ്രലോഭിപ്പിച്ച 'പാമ്പ്' പുരുഷനായി മാറുകയാണ്. പുരുഷന്റെ സൗന്ദര്യത്തിൽ ഹാവായും മയങ്ങുന്നു. പ്രേമത്തിന്റെ മധുരമായ ഗീതങ്ങൾ അവർ ഒന്നിച്ചു പാടി. ഏദൻ തോട്ടം അജ്ഞതയുടെ ലോകത്തിലെ ആദ്യത്തെ കാമുകി കാമുകന്മാരുടെ ലയനകേന്ദ്രമായിരുന്നു. പാമ്പായി വന്ന മനുഷ്യന്റെ പുത്രൻ കായേനും നല്ലവനായ  ആബേലും നന്മ തിന്മകളെ  വേർതിരിക്കുകയാണ്.

തൊഴിലുകളെ അടിസ്ഥാനപ്പെടുത്തി  അമേരിക്കയിൽ പലരെയും അറിയപ്പെടുന്നു. 'ഹാൻഡ്‌സം' ചാക്കോച്ചനിലെ കഥയിൽ എയർ ലൈൻസ് കുഞ്ഞുഞ്ഞ്, സബ്‌വേ കുട്ടിച്ചായൻ, റീയൽ എസ്റ്റേറ്റ് കോര മുതലായ കഥാപാത്രങ്ങളുമുണ്ട്.  മദാമ്മമാർക്ക് എല്ലാവരെയും 'ഹാൻസം' കൂട്ടി പറയുന്നത് ഹരമാണ്. ചാക്കോച്ചന് ഇംഗ്ലീഷ് പരിജ്ഞാനം കുറവായിരുന്നെങ്കിലും മദാമ്മായുടെ 'ഹാൻസം' വിളിയിൽ ചാക്കോച്ചനെ ഇക്കിളിപ്പെടുത്തിയിരുന്നു. ആ വിളി കേൾക്കുമ്പോൾ ചാക്കോച്ചൻ ചക്കര നീരിറക്കുമായിരുന്നു. ഒടുവിൽ ഹാൻസം ചാക്കോച്ചനെന്ന പേര് സ്ഥിരമാവുകയും ചെയ്തു.  'പിച്ചാത്തിയിലെ കൊച്ചാപ്പി' നമുക്കു ചുറ്റും ജീവിക്കുന്ന മനുഷ്യൻ തന്നെയാണ്. കള്ളു കുടിച്ചാൽ കൊച്ചാപ്പി കുഴപ്പക്കാരനാണ്.  തന്റെ ഉറ്റമിത്രവും സഹായിയുമായ നമ്പൂതിരിയെ  തെറിയും തുടങ്ങും.   കൊച്ചാപ്പി, കത്തി നിവർത്തി ഭീഷണികൾ  മുഴക്കുമെങ്കിലും ആളൊരു പേടിത്തൊണ്ടനാണ്. അടുത്തു വന്ന നമ്പൂതിരിയെ കണ്ടു കൊച്ചാപ്പിയുടെ മടുക്കുത്ത് താനേ വീഴുന്നു. കത്തിയും താഴുന്നു. കൊച്ചാപ്പിക്ക് മാമ്പുഴ പുളിശേരി കൊടുക്കാൻ അവിടെ ജോലിക്കു നിൽക്കുന്ന അമ്മുക്കുട്ടിയോട് നമ്പൂതിരി ആജ്ഞാപിക്കുന്നുമുണ്ട്. കൊച്ചാപ്പിയുടെ മനസ്സിൽ തിരുമേനിയുടെ നന്മയുടെ വിളക്കുകൾ അപ്പോഴാണ് പ്രകാശിക്കുന്നത്. ദ്രോഹം ചെയ്യാതെ നമ്പുതിരിയെ ഉപദ്രവിക്കാൻ ചെന്നുവെന്നറിഞ്ഞ ഭാര്യ കൊച്ചാപ്പിക്ക് നല്ല ശകാരവും കൊടുക്കുന്നുണ്ട്.

ജോണിവാക്കറിനെ സ്നേഹിക്കുന്ന 'ഒരു ഔസേപ്പച്ചനെ കാണാനില്ലാ'യെന്ന കഥയും ശ്രദ്ധേയമാണ്. ഔസേപ്പച്ചൻ ഒരു സാഹിത്യകാരനാണ്. അമേരിക്കൻ മലയാളിയിൽ സാധാരണമായ  ഷുഗർ, കൊളസ്‌ട്രോൾ , പ്രഷർ മുതലായ എല്ലാ അസുഖങ്ങളും ഔസേപ്പച്ചനുമുണ്ട്.  കാലത്തിനും പുറകോട്ടു  ചിന്തിക്കുന്ന ഈ എഴുത്തുകാരന്റെ കൃതികളിൽ പുഞ്ചൻ വയലുകളും മലയോരങ്ങളിലെ റബർ മരങ്ങളും കാണും.  തന്റെയുള്ളിലെ കവിത വിരിയുന്നതും മണിമലയാറിന്റെ തീരത്തു നിൽക്കുന്ന പ്രതീതിയോടെയാണ്. പുഴക്കരയിലെ 'ഏലമ്മയും' അവളെ അറിയാതെ മനസിനുള്ളിൽ ലഡു പൊട്ടിച്ചതും  നേഴ്‌സിനെ കെട്ടി അമേരിക്കയിൽ പറന്നതുമായ ഓർമ്മകൾ ഔസേപ്പച്ചനെ  വാർദ്ധക്യത്തിൽ  നിന്നും വിമുക്തനാക്കുന്നു.  എങ്കിലും തലമുടികൾ വെള്ളയായി ചിരിക്കുന്നതു  അങ്കലാപ്പിലാക്കുന്നുമുണ്ട്.  ഡബിൾ ഡ്യൂട്ടിയും കഴിഞ്ഞു ജോലി കഴിഞ്ഞു വരുന്ന ഭാര്യ, അലക്കു കല്ലിൽ തുണി കഴുകുന്ന 'ഏലമ്മ' ഇതെല്ലാം കള്ളിന്റെ ലഹരിയിലും ഔസേപ്പച്ചനെ  മത്തു പിടിപ്പിക്കും. പ്രാർത്ഥനയുടെ ശക്തിക്കായും അത്ഭുതത്തിനായും പ്രതീക്ഷിക്കുന്ന ഒരു കുടുംബമാണ് ഔസേപ്പച്ചന്റേത്!

ഗ്രാമത്തിന്റെ ഭംഗിയും തുള്ളിച്ചാടി വരുന്ന പശുക്കുട്ടികളും കുളിർകാറ്റും പൂക്കളും വണ്ടുകളും കൊണ്ട്  'മനസിനകത്തുള്ള പെണ്ണിൽ' എന്ന ഒരു കഥയിൽ  നിറഞ്ഞിരിക്കുന്നു. പ്രകൃതിയുടെ ആരവവും  കിളികളുടെ ശബ്ദവും  പുല്ലുവെട്ടുന്ന യന്ത്രമായ 'ലോൺ മോവറിന്റെ' ശബ്‌ദാരവത്തിൽ ലയിച്ചു പോവുന്നു. പഴയ ഓർമ്മകളുടെ തീരത്തുകൂടി കഥാകൃത്തിനൊപ്പം നാമും സഞ്ചരിക്കുന്നു.   കുഞ്ഞിക്കിളികൾ പറന്നുയരുന്നതും അണ്ണാറക്കണ്ണന്റെ ചാടലുകളും നാം ജനിച്ചു വളർന്ന ഗ്രാമത്തിലേക്ക് കൊണ്ടുപോവുകയാണ്.  മനസിനകത്തൊരു പെണ്ണുണ്ടെങ്കിൽ കവികളും കാമുകന്മാരും ഭ്രാന്തന്മാരാകും. ഈ കഥ കാൽപ്പനികതയുടെ ഒരു പ്രതിച്ഛായ സൃഷ്ടിക്കുന്നു.  പൊള്ളലേറ്റ ദാമ്പത്യത്തിന്റെ അനുരജ്ഞനത്തിൽ ഭാര്യ ഭർത്താക്കന്മാരുടെ മദ്ധ്യേ  കഥാകൃത്ത്  കഥ തുടങ്ങുന്നു.  ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള യുദ്ധത്തിൽ ഒരു വെടി നിർത്തൽ പ്രയാസമാണ്. സ്നേഹമാണ് വെടിനിർത്തലിന്റെ മരുന്നെന്ന് ഈ കഥയിൽ  നിർദേശിക്കുന്നു. പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ പരസ്പ്പരം സ്നേഹം വേണം. വിശ്വാസം  വേണം.  അതു തന്നെയായിരിക്കാം ആശാന്റെ "സ്‌നേഹം താന്‍ ശക്തി ജഗത്തില്‍, സ്‌നേഹം താനാനന്ദമാര്‍ക്കും"എന്നതും! സ്നേഹം പരാജയപ്പെടുമ്പോൾ യുദ്ധ കാഹളങ്ങളും മുഴങ്ങുന്നു.  പണിക്കവീട്ടിൽ ഇവിടെ ഏവർക്കും ഒരു സന്തുഷ്ട കുടുംബത്തിനുള്ള ഭാവുകങ്ങൾ നേരുകയാണ്.  ഭർത്താവ് എത്ര കള്ളു കുടിച്ചു വന്നാലും അയാളുടെ ഒരു 'ജനഗണമന'യിൽ ഒതുങ്ങുന്ന ഭാര്യമാരാണ് കൂടുതൽ സ്ത്രീകളും.

ചിലർ ഈശ്വരനെ തേടി അലയുന്നു. യുക്തി അവിടെ ജനിക്കുന്നുവെങ്കിൽ ഈശ്വരൻ മരിക്കുന്നു. സത്യമെന്നുള്ളത് മായയാണ്. അത് അദൃശ്യമാണ്. ഈശ്വരനെന്നുള്ളത് പഞ്ചഭൂത ഇന്ദ്രിയങ്ങളിൽ രുചിക്കാനുള്ളതല്ല. ഈശ്വരന്റെ പേരിൽ എത്രയെത്ര മനുഷ്യ ജീവിതങ്ങൾ ഭൂമിയിൽ ഇല്ലാതായിരിക്കുന്നു.  രക്തപ്പുഴകൾ ഒഴുക്കിയിരിക്കുന്നു. അതുതന്നെ ഈശ്വരനു  ജന്മം കൊടുക്കലും ഈശ്വരനെ കണ്ടെത്തലിലും എത്തിക്കുന്നു

സുധീറിന്റെ  ഓരോ കഥകളും ജീവിത യാഥാർഥ്യങ്ങളെ പച്ചയായി അവതരിപ്പിക്കുന്നതായി കാണാം. കഥകൾ ഹാസ്യ രൂപത്തിലെങ്കിലും കഥയിലെ ആത്മാവിൽ ജീവിത സത്യങ്ങളുമുണ്ട്. താത്ത്വിക  ദർശനങ്ങളും കഥകളിലുണ്ട്.  കഥകൾ പലതും  കാവ്യാത്മകതയും ഉൾക്കൊണ്ടതാണ്.  ജീവിതവുമായുള്ള ഏറ്റുമുട്ടലുകളും ബന്ധങ്ങളുടെ ഉലച്ചിലുകളും സാമൂഹിക ഉച്ഛനീചത്വങ്ങളും കഥകളിൽ  അലിഞ്ഞുചേർന്നിരിക്കുന്നു.   കഥാകൃത്തിന്റെ  സ്വതസിദ്ധമായ ശൈലിയിലുള്ള ഭാഷാപ്രയോഗങ്ങളും വളരെ മനോഹരമാണ്.  കഥകളെല്ലാം പൂർണ്ണമായി വിശകലനം ചെയ്യാൻ സ്ഥലപരിമിതി അനുവദിക്കുന്നില്ല.  മനോഹരമായ കവർ പേജിൽ, എടുപ്പോടെ, ഗാംഭീര്യതയുടെ ഭാഷയിൽ, സരളമായ ശൈലിയിൽ 'സുധീറിന്റെ കഥകൾ'  പ്രസിദ്ധീകരിച്ച ശ്രീ സുധീർ പണിക്കവീട്ടിലിന് എന്റെ അനുമോദനങ്ങൾ അർപ്പിക്കുന്നു.  അങ്ങയുടെ കുടുംബത്തിനും നന്മ നേരുന്നു. 




- January 24, 2020 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Tuesday, January 14, 2020

മെക്സിക്കോയിലെ കത്തോലിക്കമതവും രക്തച്ചൊരിച്ചിലുകളും ചെറുത്തുനിൽപ്പുകളും



ജോസഫ് പടന്നമാക്കൽ

പതിനാറാം നൂറ്റാണ്ടിൽ ഹെർനൻ കോർട്സ് (Hernán Cortés) എന്ന നാവികനാണ്  മെക്സിക്കോ കണ്ടുപിടിച്ചത്.  അദ്ദേഹത്തിന്റെ  മരണത്തിനുമുമ്പുതന്നെ സ്പാനിഷ് ഭരണം അവിടെ അസ്‌തിവാരമിടുകയും കത്തോലിക്ക സഭ  ശക്തിപ്രാപിക്കുകയുമുണ്ടായി. മെക്സിക്കോയിലെ ആദിവാസികൾ മറ്റു പോംവഴികളില്ലാതെ കത്തോലിക്കാ മതം സ്വീകരിച്ചു. അവർ  പുതിയ മതത്തിൽ ചേർന്നെങ്കിലും  പരമ്പരാഗതമായി അനുഷ്ടിച്ചുവന്ന തങ്ങളുടെ  ആചാരങ്ങളും വിശ്വാസങ്ങളും തുടർന്നിരുന്നു.  പള്ളികൾ  സ്പാനിഷ് പ്രതിച്ഛായകളിൽ  വാസ്തുശില്പ   കലകളോടെയുള്ളതായിരുന്നു.  പതിനാറാം നൂറ്റാണ്ടായപ്പോൾ സ്പാനിഷ്‌കാരുടെ നിരവധി മണിമാളിക മന്ദിരങ്ങൾ  മെക്സിക്കോയിൽ ഉയരാനും തുടങ്ങി.

മെക്സിക്കൻ ജനതയിൽ 75  ശതമാനം ജനങ്ങളിലും യൂറോപ്പ്യൻ ജനിതകമുണ്ട്.  അവിടെ  കത്തോലിക്കരുടെ  ചരിത്രം തുടങ്ങുന്നത് 1519-`21 മുതലുള്ള സ്പെയിനിന്റെ കുടിയേറ്റങ്ങൾക്കുശേഷമാണ്.  സ്പാനീഷ്  ഭാഷ ദേശീയഭാഷയാവുകയും ചെയ്തു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യഭാഗം വരെ   കത്തോലിക്ക സഭയെ  മാത്രമേ ആത്മീയ ശുശ്രുഷകൾ  നടത്താൻ അനുവദിച്ചിരുന്നുള്ളൂ. 1821 -ൽ റിപ്പബ്ലിക്കായപ്പോഴും സഭയുടെ ഏകാധിപത്യ പ്രവണത തുടർന്നിരുന്നു.  1824 -ൽ മെക്സിക്കോയുടെ ആദ്യ ഭരണഘടന എഴുതിയുണ്ടാക്കി.  ഭരണഘടനയിൽ റോമ്മൻ  കത്തോലിക്ക മതം ഔദ്യോഗിക മതമായി സ്വീകരിച്ചു. മറ്റുള്ള മതങ്ങളെല്ലാം  രാജ്യത്ത്  അന്ന് നിരോധിച്ചിരുന്നു.

നാഗരികത വളരുന്നതോടൊപ്പം ദേശീയ ഇന്ത്യക്കാർ  പാരമ്പര്യമായ വിശ്വാസങ്ങൾ  പരിത്യജിച്ചുകൊണ്ടിരുന്നു. പൗരാണിക കാലം മുതൽ അവർ ഹൃദയത്തിൽ കൊണ്ടു നടന്ന , പൂജിച്ചിരുന്ന  ദൈവങ്ങൾ പരാജയപ്പെട്ടെന്നും  ചിന്തിച്ചു. ആദ്യകാലങ്ങളിൽ തങ്ങളുടെ വിശ്വാസങ്ങളിൽ മാറ്റമുണ്ടായപ്പോൾ പുതിയതായി വന്നു ഭവിച്ച  നവമാറ്റങ്ങളെ അവർക്കു അംഗീകരിക്കാൻ സാധിച്ചിരുന്നില്ല.  സാവധാനം  ദൈവങ്ങളിൽനിന്നും അകന്ന് അവർ സ്‌പാനിയാർഡ് ദൈവത്തെ സ്വീകരിക്കാൻ ആരംഭിച്ചു.   മിഷ്യനറിമാർ ദേശീയ ഇന്ത്യൻസിൽ മതത്തിന്റെ സ്വാധീനം ചെലുത്തിക്കൊണ്ടിരുന്നു. ദേശീയ ഇന്ത്യക്കാർ  വിശ്വസിച്ചിരുന്ന അമ്പലങ്ങളുടെ സമീപം പള്ളികളും പണിയാനാരംഭിച്ചു. അതുമൂലം യൂറോപ്പിൽ നിന്നും മറ്റു പ്രദേശങ്ങളിൽ നിന്നും തീർത്ഥാടകരും പ്രവഹിക്കാൻ തുടങ്ങി. പുതിയ കോളനിവാസികളുടെ ഗ്രാമങ്ങളും പട്ടണങ്ങളും ഉയരാൻ തുടങ്ങി.

'ദേശീയ ഇന്ത്യൻസ്' കത്തോലിക്ക മതത്തിൽ ചേർന്നതോടെ അവരുടെയിടയിലുണ്ടായിരുന്ന മത വിരുദ്ധ ആശയങ്ങൾക്കിടയിൽ സമവായമുണ്ടാവുകയും ചരിത്രാതീതമായ അവരുടെ ദൈവങ്ങളെ  കത്തോലിക്കരിലെ  വിശുദ്ധരോടൊപ്പം എഴുന്നള്ളിക്കുകയും ചെയ്തിരുന്നു.  ദേശീയ ഇന്ത്യക്കാരുടെയിടയിലുണ്ടായിരുന്ന ആത്മീയ തലത്തിലുള്ള ശിക്ഷയും പ്രതിഫലവും കത്തോലിക്കാ വിശ്വാസത്തിൽ ഉൾക്കൊള്ളുകയും ചെയ്തു.  ആദ്യകാലത്തു  ആധിപത്യം സ്ഥാപിച്ചിരുന്ന യൂറോപ്പ്യന്മാർ  നിരവധി ദേശീയ ഇന്ത്യൻ മെക്സിക്കൻകാരെ കൊല  ചെയ്തുകൊണ്ടിരുന്നു. കൂടാതെ പതിനാറാം നൂറ്റാണ്ടിൽ യൂറോപ്പിൽ നിന്നും കപ്പലിലെത്തിയ  ഏതൊ മാരക രോഗം മൂലം അനേകായിരം മെക്സിക്കൻ ഇന്ത്യക്കാർ മരിക്കുന്നതിനിടയായി. മെക്സിക്കോയുടെ പ്രാന്ത പ്രദേശങ്ങളിൽ മത പരിവർത്തനത്തിന് ആദ്യം വന്നത് ഫ്രാൻസിക്കൻ  മിഷിണറിമാരായിരുന്നു. പിന്നീട് ഡൊമിനിക്കൻസും ഓഗസ്റിനെസും ജെസ്യൂട്ട്സും മിഷ്യനറിമാർ വേദപ്രചരണത്തിനായി മെക്സിക്കൻ വൻകരയിൽ വന്നെത്തി.   യൂറോപ്പ്യൻമാർ നടത്തിയ നിരവധി ക്രൂരതകൾ  കാരണം തകർന്നു പോയ അനേകം മെക്സിക്കൻ കുടുംബങ്ങൾക്ക് മിഷ്യനറിമാർ  ആശ്വാസമായിരുന്നു.

പള്ളികളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും മിഷ്യനറിമാർ' മെക്സിക്കൻ വൻകരയിൽ  സ്ഥാപിച്ചുകൊണ്ടിരുന്നു.  'ബർട്ടോലോമീ ഡീ ലാസ് കാസസ്'  എന്ന മിഷ്യനറി മെക്സിക്കൻ അടിമകളെ മോചിപ്പിക്കാനായുള്ള പ്രചരണങ്ങളും തുടങ്ങി. 1542-ൽ അതുമൂലം അടിമകളെ  മോചിച്ചിപ്പിക്കുകയുമുണ്ടായി. ദേശീയ ഇന്ത്യൻസിന്റെ കുട്ടികൾക്ക്   മതപരമായ ആത്മീയ വിദ്യാഭ്യാസം നിർബന്ധമായിരുന്നു. ചില ഇന്ത്യക്കാർ തങ്ങളുടെ ആചാരങ്ങളെ ത്യജിക്കാൻ സന്നദ്ധരല്ലാത്തതിനാൽ പർവ്വതങ്ങളിലും കാടുകളിലും ഒളിഞ്ഞു മറഞ്ഞു താമസിച്ചിരുന്നു.  എന്നാൽ ഭൂരിഭാഗം പേരും ക്രിസ്തുമത വിശ്വാസം സ്വീകരിക്കുകയാണുണ്ടായത്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യഘട്ടത്തിൽ  സഭയും സ്റ്റേറ്റും തമ്മിലുള്ള ബന്ധങ്ങൾ വഷളാവാൻ തുടങ്ങി. അന്നുണ്ടായിരുന്ന ഭരണനേതൃത്വം രാജ്യത്ത് ചില നവീകരണാശയങ്ങൾ നടപ്പാക്കാൻ ശ്രമിച്ചപ്പോൾ സഭ അതിനെ എതിർത്തു.  സഭയുടെ വിദ്യാഭ്യാസ മേഖലകളിലുള്ള കുത്തകയും പള്ളി  സ്വത്തുക്കൾ കൈവശം വെക്കലും ജനന മരണ വിവാഹ റിക്കോർഡുകൾ സൂക്ഷിക്കുന്നതും നിയമം മൂലം നിർത്തലാക്കി. 1857-ൽ എഴുതിയ ഭരണഘടനയിൽ പുരോഹിതരുടെ  ഈ അവകാശങ്ങളെല്ലാം നീക്കം ചെയ്തിരുന്നു.  സഭയെ നയിച്ചിരുന്നവർ കൂടുതലും  യാഥാസ്ഥിതികരായിരുന്നു.  മെക്സിക്കൻ വിപ്ലവം പൊട്ടിപുറപ്പെട്ടിരുന്ന കാലവുമായിരുന്നു. സഭ യാഥാസ്ഥിതികരോടൊപ്പം ചേർന്നു പുരോഗമന വാദികൾക്കെതിരെ വിപ്ലവത്തിൽ പങ്കു ചേർന്നു. പുരോഗമന വാദികൾ അധികാരം പിടിച്ചെടുത്തപ്പോൾ യാഥാസ്ഥിതികർക്കും  കത്തോലിക്കാ സഭയ്ക്കും പുരോഗമന സർക്കാരുകളിൽനിന്നു  പീഡനങ്ങളേൽക്കേണ്ടി  വന്നു.

1876 മുതൽ 1911 വരെ പുരോഗമന വാദിയായിരുന്ന 'പോർഫിറിയോ ഡയസ്' (Porfirio Díaz) പ്രസിഡണ്ടായിരുന്നപ്പോൾ കത്തോലിക്ക സഭയ്ക്കനുകൂലമായ നയപരിപാടികൾ തുടർന്നിരുന്നു.  നവീകരിച്ച ഭരണഘടനയിൽ   പുരോഹിതരുടെ താല്പര്യത്തിനെതിരായ നിരവധി നിയമങ്ങളുണ്ടായിരുന്നു. എങ്കിലും സഭയ്ക്ക് സ്വതന്ത്രമായ എല്ലാ പ്രവർത്തനങ്ങൾക്കും അനുവാദം നൽകിയിരുന്നു. 1911-ൽ 'ഡയസ്' അധികാരത്തിൽ നിന്നും പുറത്തായി. അതിനുശേഷം പതിറ്റാണ്ടോളം മെക്സിക്കൻ ആഭ്യന്തര കലാപം തുടർന്നിരുന്നു. കലാപത്തിൽ വിജയികളായവർ 1917-ൽ  ഭരണഘടന മാറ്റിയെഴുതി. പുരോഹിതരുടെ പള്ളിസ്വത്തു കൈവശം വെക്കുന്നതുൾപ്പടെയുള്ള  അന്യായമായ നിരവധി അവകാശങ്ങൾ എടുത്തുകളഞ്ഞുകൊണ്ടുള്ള ഭരണഘടനയായിരുന്നു അത്.

സഭയുടെയും പുരോഹിതരുടെയും  വിരോധിയായ വിപ്ലവ ജനറൽ പ്ലൂട്ടാർക്കോ എലിയാസ് കാലിസ് (Plutarco Elías Calles) രാജ്യത്തിന്റെ  പ്രസിഡണ്ടായി ചുമതലയെടുത്തു.  അയാൾ അധികാരമെടുത്ത നാളുകൾമുതൽ  1917 -ലെ ഭരണഘടന നടപ്പാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അതിന്റെ പേരിൽ കത്തോലിക്കാസഭയുടെ എതിർപ്പുകളും കലാപങ്ങളും മെക്സിക്കോയുടെ നാനാഭാഗങ്ങളിലുമുണ്ടായി.  കത്തോലിക്ക സഭ മെക്സിക്കോയിൽ പ്രവർത്തനം തുടങ്ങിയിട്ട് നാന്നൂറു വർഷങ്ങളായിരുന്നെങ്കിലും  സഭയെ  സർക്കാർ  ശത്രുത മനോഭാവത്തോടെയാണ് കണ്ടിരുന്നത്. സഭാവിരോധം നിറഞ്ഞ ഒരു രാഷ്ട്രീയ അന്തരീക്ഷമായിരുന്നു രാജ്യം മുഴുവനുണ്ടായിരുന്നത്.

യൂറോപ്യന്മാർ മെക്സിക്കോയിൽ താവളമടിക്കാൻ തുടങ്ങിയശേഷം  നാലു  നൂറ്റാണ്ടോളം  നിരവധി  വിപ്ലവങ്ങൾ അവിടെ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്.  പ്രഭുക്കന്മാരുടെയും ഏകാധിപതികളുടെയും ഉയർച്ചയ്ക്കു  വിപ്ലവങ്ങൾ സാക്ഷിയായിരുന്നു. സഭയും പള്ളികളും ഭൂവുടമകളുടെയും ധനികരുടെയും  അധീനതയിലായിരുന്നതിനാൽ അനേകമായിരം സാധു ജനങ്ങൾ പള്ളിയോട് ശത്രുത പുലർത്താനും ആരംഭിച്ചു. പുരോഹിതരും ഭൂപ്രഭുക്കളും സാധാരണക്കാരോട് അടിമത്വ മനോഭാവവും പുലർത്താൻ തുടങ്ങി. സഭയോട് അസന്തുഷ്ടരായവർ  പുരോഹിതരെ ആക്രമിക്കാനും ആരംഭിച്ചു. അക്കാലത്താണ്  'നൈറ്റ്സ്  ഓഫ് കൊളംബസ്' എന്ന സംഘടന രംഗപ്രവേശനം ചെയ്തത്. എന്നാൽ, സർക്കാരിലുള്ള ഔദ്യോഗിക വക്താക്കൾക്ക് ഈ സംഘടന രാജ്യദ്രോഹം ചെയ്യുന്നവരുമായിരുന്നു.  സർക്കാരിനെ ചോദ്യം ചെയ്തതിനാൽ,  സംഘടനയുടെ  പ്രവർത്തകനായിരുന്ന  'ഡുറാൻ' എന്നയാളെ  പരസ്യമായി വധിച്ചു.  ഇങ്ങനെയുള്ള ക്രൂര കൃത്യങ്ങൾ 1920-ൽ സാധാരണമായിരുന്നു. 'ജലിസ്‌കോ' റയിൽവെ സ്റ്റേഷനു സമീപം കത്തോലിക്കരെ വധിച്ചു  കെട്ടി തൂക്കുന്ന സ്ഥലമുണ്ടായിരുന്നു. സർക്കാരിനെ തരം താഴ്ത്തിക്കൊണ്ടു  അന്നുള്ള പത്രമാസികകൾ  ഈ ഫോട്ടോകൾ പ്രചരിപ്പിച്ചിരുന്നതുകൊണ്ട് പ്രസിഡന്റ് 'കാലിസ്'  മനുഷ്യരെ തൂക്കിലേറ്റുന്നത് റെയിൽവെ പാലത്തിനു വിദൂരതയിൽ വേണമെന്നും ആജ്ഞ കൊടുത്തിരുന്നു.

'പ്രസിഡന്റ്  കാലിസ്' സർക്കാരിന്റെയും സഭാവിരോധികളുടെയും വെല്ലുവിളികളെ നേരിട്ടുകൊണ്ട് 'നൈറ്റ്സ് ഓഫ് കൊളംബസ്' പ്രതികരണങ്ങളുമായി മുന്നേറുന്നുണ്ടായിരുന്നു.  നാന്നൂറു  അംഗങ്ങൾ മാത്രമായിരുന്ന 'നൈറ്റ്‌സ്'   ആറു വർഷം  കൊണ്ട് 1918-ൽ  6000  അംഗങ്ങളുള്ള സംഘടനയായി വളർന്നു.  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘടനയുടെ കീഴിൽ 51 കൗൺസിലുകളുമുണ്ടായി. 1926നും 1929 നുമിടയിൽ  ക്രിസ്ത്യൻ പീഡന നിയമങ്ങളിൽ അസ്വസ്ഥരായി സർക്കാരിനെതിരെ ഒരു തുറന്ന യുദ്ധം തന്നെ 'നൈറ്റ്സ്' പ്രഖ്യാപിച്ചു.

 ക്രിസ്ത്യൻ പീഡന നിയമത്തെ അറിയപ്പെട്ടിരുന്നത് 'കാലിസ് ' നിയമം എന്നായിരുന്നു.  'നൈറ്റ്സ്' ആദ്യം സർക്കാരിനെതിരെ സമാധാനപരമായി പ്രതിഷേധങ്ങൾ നടത്തിയിരുന്നു.  പെറ്റിഷൻ അയക്കുകയും സാമ്പത്തിക തലങ്ങളിലുള്ള ബോയ്കോട്ടും പ്രകടനങ്ങളും  നാടെങ്ങും അരങ്ങേറുകയും ചെയ്തു. എന്നാൽ ഒപ്പം പ്രവർത്തിച്ചിരുന്ന 'ക്രിസ്റ്ററോ' സംഘടന  ഭീകര സ്വഭാവമുള്ളവരായിരുന്നു. 1926 ആഗസ്റ്റായപ്പോൾ 'ക്രിസ്റ്ററോ'  ശക്തമാവുകയും   രാജ്യമെങ്ങും സമരങ്ങൾ വ്യാപിക്കുകയും ചെയ്തു. വിശ്വാസ സംരക്ഷണത്തിനായുള്ള വിപ്ലവ മുന്നേറ്റത്തിൽ ഏകദേശം 70 'നൈറ്റുകൾ' മരണപ്പെടുകയുണ്ടായി.

1926 -ൽ  പ്രസിഡന്റ്  'കാലീസ്'  പുരോഹിതർക്കെതിരെയുള്ള നിയമങ്ങൾ രാജ്യം മുഴുവൻ ഏകീകൃതമായി നടപ്പാക്കി. നിയമം ലംഘിക്കുന്നവരെയും നിയമം നടപ്പാക്കാത്ത ഉദ്യോഗസ്ഥരെയും  കഠിനമായ ശിക്ഷിച്ചിരുന്നു.  താൻ പ്രസിഡണ്ടായിരിക്കുന്ന  കാലത്തോളം 1917 -ലെ ഭരണഘടന മാനിക്കണമെന്നായിരുന്നു 'കാലീസിന്റെ  ആവശ്യം.  നിരവധി നൈറ്റുകൾ ആക്രമിക്കപ്പെട്ടുകൊണ്ടിരുന്നു. നൈറ്റുകളെ ക്രൂരമായി പീഡിപ്പിക്കുന്നതിൽ പതിനൊന്നാം പിയൂസ് മാർപാപ്പാ പ്രതിഷേധം അറിയിച്ചു. മെക്സിക്കൻ സർക്കാർ  കത്തോലിക്കരെ പീഡിപ്പിക്കുന്നുവെന്നു കാണിച്ചു 1926-ൽ  വത്തിക്കാൻ പ്രസ്താവനയും  ഇറക്കിയിരുന്നു. അതിനു പ്രതികാരമായി സർക്കാർ അനുകൂലികൾ നൈറ്റ് ഓഫ് കൊളംബസിന്റെ ഹെഡ് ക്വാർട്ടേഴ്‌സ് ആക്രമിക്കുകയും നിരവധി റിക്കോർഡുകൾ നശിപ്പിക്കുകയുമുണ്ടായി.  ഫെഡറിലും സ്റ്റേറ്റിലും  ജോലി ചെയ്യുന്നവർ  നൈറ്റ് ഓഫ് കൊളംബസ് എന്ന സംഘടനയുടെ അംഗമല്ലെന്നു പ്രതിജ്ഞ ചെയ്യണമായിരുന്നു.

കാലിസ് ഭരണകൂടം  നിയമാനുസൃതമായി  പള്ളികൾ  ദേശവൽക്കരിച്ചു. 'വിദേശികൾ' പുരോഹിതരാകാൻ  പാടില്ലെന്നും മെക്സിക്കോക്കാർ മാത്രമേ പുരോഹിതരാകാൻ അനുവദിനീയമെന്നുള്ള നിയമം വന്നു. മതപരമായ ആഘോഷങ്ങളും രൂപങ്ങൾ എഴുന്നള്ളിപ്പും  ചടങ്ങുകളും നിരോധിച്ചു. പൊതു സ്ഥലങ്ങളിൽ പുരോഹിതർ കുപ്പായം ധരിച്ച് നടക്കാൻ പാടില്ലെന്നും നിയമം വന്നു. രാഷ്ട്രീയവും സംസാരിക്കാൻ പാടില്ലെന്ന് വിലക്കുണ്ടാക്കി. വിദ്യാഭ്യാസ ചുമതലകളിൽ നിന്നും പുരോഹിതരെ ഒഴിവാക്കിക്കൊണ്ടിരുന്നു. 1926-ൽ പുരോഹിതനായി സേവനം ചെയ്യണമെങ്കിൽ പ്രത്യേകം ലൈസൻസും എടുക്കണമെന്ന നിയമവും വന്നു. ഈ നിയമങ്ങളെ ശക്തമായി പ്രതികരിക്കാൻ സഭ ആഹ്വാനം ചെയ്തു. മെക്സിക്കോയിലെ  കൃഷിക്കാർ പുരോഹിതരുടെ നേതൃത്വത്തിൽ ഭരിക്കുന്ന സർക്കാരിനെതിരെ ഗൊറില്ല യുദ്ധം ആരംഭിച്ചു. 'ക്രിസ്തുരാജൻ നീണാൾ വാഴട്ടെ'യെന്ന മുദ്രാവാക്യവും പേറി ഭരണകൂടത്തിനെതിരെ 'ക്രിസ്റ്റോസ്'  സംഘടന അതിശക്തമായി പ്രതികരിച്ചുകൊണ്ടിരുന്നു.  ക്രിസ്തുവിന്റെ പേരിൽ കൊലപാതകങ്ങളും ഭീകര പ്രവർത്തനങ്ങളും നാടെങ്ങും വ്യാപിച്ചിരുന്നു.

1926-ൽ ഫിലാഡൽഫിയയിലെ നൈറ്റ് ഓഫ് കൊളംബസിന്റെ ഒരു സമ്മേളനത്തിൽ  നൈറ്റിന്റെ അമേരിക്കയിലെ കമാണ്ടറായ ജെയിംസ് ഫ്ലാഹെർട്ടി ( James A. Flaherty ) മെക്സിക്കോയിലെ സർക്കാരിന്റെ മതപീഡനത്തെ അപലപിക്കുകയും യുഎസ് എ  ഈ  പീഡനങ്ങളിൽ നിശ്ശബ്ദരായിരിക്കുന്നതിൽ കുറ്റപ്പെടുത്തുകയും  ചെയ്തു. ഈ വാർത്ത  മറ്റൊരു രാജ്യത്തിലെ മാദ്ധ്യമമായ  കൊളംബിയ മാഗസിനിൽ  പ്രസിദ്ധീകരിച്ചിരുന്നു.  അത്, കൊളംബിയായിലെ  നിയമസഭ ചർച്ച ചെയ്യുകയുമുണ്ടായി. കുപിതനായ മെക്സിക്കൻ വക്താവ് അസംബ്ലിയിലും റേഡിയോയിലൂമായി നൈറ്റ് ഓഫ് കൊളംബസിനെ രാജ്യ ദ്രോഹ സംഘടനയായി മുദ്ര കുത്തി. അവർ രാജ്യത്തെ വഞ്ചിച്ചുവെന്നും പ്രസ്താവിച്ചു. കത്തോലിക്ക പുരോഹിതരും നൈറ്റും രാജ്യത്തിന്റെ ശത്രുക്കളായി പ്രഖ്യാപിച്ചു. ഭീകരരും ദുഷിച്ചവരും നുണയരുമെന്നും പ്രഖ്യാപിച്ചു. ഫിലാഡൽഫിയ സമ്മേളനത്തിലെ പ്രമേയം അപ്പാടെ തള്ളി കളഞ്ഞു.  രാജ്യം ശരിയായ ദിശയിൽ  പോവുന്നുവെന്നും  ഭ്രാന്തന്മാരായ  പുരോഹിതർ രാജ്യത്തിന്റെ രാഷ്ട്രീയ സംവിധാനവും ഭരണവും കൈക്കലാക്കാൻ ശ്രമിക്കുന്നുവെന്നും കുറ്റപ്പെടുത്തി. ഫിലാഡെല്ഫിയായിൽ നോർത്ത് അമേരിക്കൻ നൈറ്സ് സമ്മേളനത്തിൽ സംബന്ധിച്ചവരെ രാജ്യത്തു നിന്ന് പുറത്താക്കുകയും ചെയ്തു.

നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഗവൺമെന്റും ശക്തമായി പ്രതികരിക്കുകയും കഠിന ശിക്ഷകൾ നൽകുകയും ചെയ്തിരുന്നു.  രാജ്യം മുഴുവനും കത്തോലിക്കരെ വേട്ടായാടലും  പുരോഹിതരെ വധിക്കാനും ആരംഭിച്ചു. അനേകം ക്രിസ്ടോമാരെയും പുരോഹിതരെയും തൂക്കിലേറ്റി. മെക്സിക്കോയ്ക്ക് തെക്കുള്ള ടബാസ്ക്കോ  ഗവർണ്ണർ പുരോഹിതരെ ആക്രമിക്കാനായി 'റെഡ് ഷർട്ട്' എന്ന സംഘടന രൂപീകരിച്ചു. ഈ സംഘടന കൂട്ടമായി സംഘടിച്ച് പള്ളികൾ നശിപ്പിക്കാൻ ആരംഭിച്ചു. മെക്സിക്കോ പട്ടണത്തിൽ പള്ളികൾ കൊള്ള ചെയ്യുകയും കൊളോണിയൽ കലാമൂല്യങ്ങൾ കൈവശപ്പെടുത്തുകയും ചെയ്യുകയെന്നതും നിത്യ പതിവായി തീർന്നു. 1932-ൽ ആർച്ച് ബിഷപ്പ് 'മൊറേലിയായെ'  രാജ്യത്തുനിന്ന് പുറത്താക്കി. പള്ളികളും  സ്‌കൂളുകളും പണിശാലകൾ  ആക്കുന്നതിനെതിരെ പ്രതികരിച്ചതിനായിരുന്നു രാജ്യത്തുനിന്ന് പുറത്താക്കിയത്. 1935-ലും കത്തോലിക്കരും  റെഡ് ഷർട്ടുകാരും തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടായിരുന്നു.

ഈ കാലഘട്ടത്തിൽ 'സർക്കാർ' കത്തോലിക്ക സ്‌കൂളുകളും പള്ളികളും സെമിനാരികളും  പിടിച്ചെടുത്തു. സഭയുടെ സ്വത്തുക്കളും കൈക്കലാക്കി. മതപഠനം നിയമ വിരുദ്ധമാക്കി. കത്തോലിക്ക ഹോസ്പിറ്റലുകൾ നിർബന്ധമായി പൂട്ടിച്ചു. അനാഥ  ശാലകളും മത പഠന കേന്ദ്രങ്ങളും അടപ്പിച്ചു.  സർക്കാരിനെ വിമർശിക്കാൻ പാടില്ലാന്നുള്ള നിയമം കർശനമാക്കി. മതപരമായ യാതൊരു വേഷങ്ങളും പൊതു സ്ഥലങ്ങളിൽ ധരിക്കാൻ പാടില്ലെന്നുള്ള നിയവും പ്രാബല്യത്തിൽ കൊണ്ടുവന്നു.  നിയമങ്ങൾ തെറ്റിച്ചാൽ വിസ്താരമില്ലാതെ ശിക്ഷിക്കുകയും ചെയ്തിരുന്നു. സമരത്തിനു പ്രേരണ നൽകുന്ന മെക്സിക്കൻ ബിഷപ്പുമാരെ രാജ്യത്തുനിന്നും  പുറത്താക്കിയിരുന്നു. നിരവധി പുരോഹിതരെ വർഷങ്ങളോളം രാജ്യത്തു  തിരികെ വരുവാൻ അനുവദിച്ചിരുന്നില്ല.  പുരോഹിതരെക്കൊണ്ടു  നിർബന്ധപൂർവം കഠിനമായി ജോലി ചെയ്യിപ്പിക്കാനും തുടങ്ങി.

സർക്കാർ നിയന്ത്രണം മൂലം സഭയുടെ വക  സ്‌കൂളുകളും ഹോസ്പിറ്റലുകളും നിർത്തൽ ചെയ്തപ്പോൾ നൈറ്റ് ഓഫ് കൊളമ്പസ് സ്‌കൂളുകൾ നടത്താനുള്ള  ദൗത്യം ഏറ്റെടുത്തു.  ഓരോ ഇടവകയിലെയും ജനങ്ങളെ സംഘടിപ്പിക്കുകയും അവരിൽ ആത്മീയത പരിപോഷിപ്പിക്കുകയും ചെയ്തു.   കരുത്തരായ,  കർമ്മോന്മുഖരായി  പ്രവർത്തിക്കുന്ന  കത്തോലിക്കരെന്നുള്ള  ഒരു സൽപ്പേര് അവർക്കു  സൃഷ്ടിക്കാൻ സാധിച്ചു. സമൂഹത്തിലെ പ്രസിദ്ധരായവരും, ഡോക്ടർമാരും വക്കീലന്മാരും വ്യവസായികളും കത്തോലിക്ക മതപീഡനങ്ങളെ എതിർത്തുകൊണ്ടു  രംഗത്തു വന്നു.  സർക്കാർ, നൈറ്റുകളുടെ പ്രവർത്തങ്ങളെ വീക്ഷിക്കുന്നുണ്ടായിരുന്നു. അനേകരെ അവരുടെ വീടുകളിൽ നിന്നും പുറത്താക്കി.

1923-ൽ  ക്രിസ്റ്ററോ വിപ്ലവത്തിൽ ചരിത്രപരമായ ഒരു സംഭവമുണ്ടായി.  ക്രിസ്തുരാജന്റെ ഒരു വലിയ പ്രതിമ 'ക്യൂബിലേറെ' മലമുകളിൽ  സ്ഥാപിക്കാൻ  'ലിയോൺ' രൂപതയിലെ ബിഷപ്പ് തീരുമാനിച്ചു. ആ ചടങ്ങ് പാടില്ലെന്നും അത് നിയമ വിരുദ്ധമാണെന്നും സർക്കാർ പ്രഖ്യാപിച്ചു. ഇതിന്റെ തറക്കല്ലിടുന്ന പരിപാടിയിൽ നിരവധി ബിഷപ്പുമാർ സംബന്ധിച്ചിരുന്നു. മാർപാപ്പായുടെ പ്രതിനിധി പേപ്പൽ നുൺഷിയോ 'മോൺസിഞ്ഞോർ ഏർനെസ്റ്റോ ഫിലിപ്പി' യും ചടങ്ങിൽ സംബന്ധിച്ചു. രണ്ടു ദിവസത്തിനുള്ളിൽ അധികാരികൾ ഫിലിപ്പിയെ രാജ്യത്തിന് പുറത്താക്കി. ഒരു വിദേശ അംബാസഡറെന്ന നിലയിൽ  ഫിലിപ്പിയെ പുറത്താക്കിയ  ഗവൺമെന്റിന്റെ  ഈ നടപടി തികച്ചും പ്രകോപനപരമായ ഒരു പ്രവർത്തിയായിരുന്നു.

'കാലിസ് സർക്കാർ ' സ്പോൺസർ ചെയ്തുകൊണ്ടിരുന്ന പുരോഹിത ശത്രുത നാടെങ്ങും അരങ്ങേറി.  1925 ഫെബ്രുവരിയിൽ  സ്റ്റേറ്റിന്റെ മൗനാനുവാദത്തോടെ  നൂറോളം കത്തോലിക്ക വിരോധികൾ  മെക്സിക്കൻ പട്ടണത്തിലെ കത്തോലിക്ക ദേവാലയം പിടിച്ചെടുത്തു. ആ പള്ളിയിലെ വികാരിയെ പുറത്താക്കിയ ശേഷം അവരെല്ലാം ഒത്തു ചേർന്ന് അപ്പോസ്തോലിക്ക് കത്തോലിക്ക മതം (ICAM)   എന്ന പേരിൽ പുതിയ മതമുണ്ടാക്കി. ' ജോഅക്വിൻ പെരെസ്' (Joaquín Pérez) എന്ന ഒരു മുൻ പുരോഹിതൻ ഈ സഭയുടെ പാത്രിയാർക്കായി പ്രഖ്യാപിച്ചു.  റോമ്മായിലുള്ള ' മാർപാപ്പാ' സഭയുടെ തലവനല്ലെന്നും  മെക്സിക്കൻ സർക്കാരിനോട് 'സഭ' വിധേയത്വം പുലർത്തണമെന്നും അഭ്യർഥിച്ചു.   കത്തോലിക്ക വിശ്വാസവും  ആചാരങ്ങളും അവർ പിന്തുടർന്നു . പുതിയ 'സഭ' പുരോഹിതരെ വിവാഹം ചെയ്യാൻ അനുവദിച്ചു.  ലത്തീൻ കുർബാനയ്ക്ക് പകരം സ്പാനിഷിൽ കുർബാന ചെല്ലാൻ തുടങ്ങി.  ഇതിലെ അംഗങ്ങൾ പള്ളിക്ക് ദശാംശം കൊടുക്കണ്ടെന്നും തീരുമാനിച്ചു.  പുതിയതായി രൂപം കൊണ്ട ഈ സഭ  കത്തോലിക്ക പുരോഹിതരെയും മതത്തെയും പീഡിപ്പിക്കാൻ തുടങ്ങി.  ഈ മതത്തിനു  ബദലായി 'ക്രിസ്റ്റോ' വിപ്ലവകാരികളും ശക്തമായിക്കൊണ്ടിരുന്നു. റോമ്മൻ  കത്തോലിക്ക സഭയുടെ അവകാശങ്ങൾ  മെക്സിക്കോയിൽ പുനഃസ്ഥാപിക്കാനായി കൃഷിക്കാരായ കത്തോലിക്കർ സർക്കാരിനെതിരെ ആയുധങ്ങൾ എടുത്തു.

ഐസിഎഎം സഭയുടെ (ICAM)   ലക്ഷ്യം മെക്സിക്കൻ കത്തോലിക്കർ റോമ്മാ  സഭയിൽ നിന്നും അകന്നുപോവണമെന്നായിരുന്നു. അതിനായി പള്ളി പിടുത്തം തുടരുമെന്നും ഐസിഎഎം (ICAM) പ്രഖ്യാപിച്ചു. അവർ പൂർണ്ണമായും മെക്സിക്കോയുടെ ദേശീയതക്കും ദേശീയ താല്പര്യത്തിനും  പ്രാധാന്യം നൽകി. 'മെക്സിക്കോ, മെക്സിക്കർക്കെന്നുള്ള' മുദ്രാവാക്യവും ലിഖിതം ചെയ്തു.  അതേ സമയം റോമ്മായോട് കൂറു  പുലർത്തുന്ന കത്തോലിക്കർ 'പോപ്പ് നീണാൾ വാഴട്ടെ'യെന്നുള്ള ലഘുലേഖകൾ  വിതരണം ചെയ്യുമ്പോൾ എതിർ പക്ഷം മെക്സിക്കോ ജീവിക്കട്ടെ, മാർപാപ്പാ മരിക്കട്ടെയെന്നും മുദ്രാ വാക്യങ്ങളുള്ള ലഘുലേഖകൾ വിതരണം ചെയ്തിരുന്നു.

ഐസിഎഎം (ICAM)  സഭ  ഭരണഘടനക്ക് വിധേയമായി പ്രവർത്തിക്കണമായിരുന്നു. 1917-ലെ ഭരണഘടനയനുസരിച്ച്! സഭയുടെ സ്വത്തുക്കൾ മുഴുവൻ സർക്കാരിന്റെ നിയന്ത്രണത്തിൽ വേണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. പുതിയ സഭയായ  ഐസിഎഎം നും ഈ തടസങ്ങൾ ഉണ്ടായിരുന്നു. അവരുടെ കൈവശമുള്ള പള്ളികളും  സ്വത്തുക്കളും സ്വകാര്യ ഉടമകൾ കൈകാര്യം ചെയ്തിരുന്നു.  വിദേശമിഷ്യനറിമാരെ നീക്കി പകരം നാട്ടുകാരായ മെക്സിക്കൻസിനെ നിയമിക്കണമെന്നും നിയമത്തിലുണ്ടായിരുന്നു.  കത്തോലിക്ക സഭ വൈദേശിക മിഷ്യനറിമാരിൽനിന്നു സ്വദേശികൾ ഏറ്റു കഴിഞ്ഞപ്പോൾ ഐസിഐഎം സഭയുടെ സന്ദേശങ്ങളും പ്രവർത്തനങ്ങളും  ക്ഷയിക്കാൻ തുടങ്ങി. ശരിയായ ഒരു നേതൃത്വം ഇല്ലാഞ്ഞതും ഈ സഭയുടെ നിലനിൽപ്പിന് പ്രശ്നമായി. ഐസിഎഎം  ആത്മീയതയെക്കാൾ കൂടുതൽ രാഷ്ട്രീയത്തിനു  പ്രാധാന്യം കൊടുത്തതും  അവരുടെ സഭയുടെ  പരാജയമായിരുന്നു.

1926 മുതൽ 1929 വരെ പടർന്നു പന്തലിച്ച ക്രിസ്റ്ററോ (Cristero Rebellion൦) വിഘടനവാദികളെ യോജിപ്പിച്ചുകൊണ്ട് യുഎസ്എ യുടെ  മെക്സിക്കൻ അംബാസഡറിന്റെ മദ്ധ്യസ്ഥതയിൽ സമാധാന കരാറുണ്ടാക്കി. എങ്കിലും പുരോഹിതർക്കെതിരെയുള്ള ഭരണഘടനയിൽ മാറ്റങ്ങളൊന്നും വരുത്തിയില്ല.  1988 മുതൽ 1994 വരെ 'കാർലോസ് ഡി സലീനസ് ഗോർട്ടറി' പ്രസിഡണ്ടായി ചുമതലയേറ്റപ്പോൾ മെക്സിക്കോയെ ആധുനികരിക്കാൻ അദ്ദേഹം നിരവധി പദ്ധതികൾ നടപ്പാക്കിയിരുന്നു.  മെക്സിക്കൻ ഭരണഘടനയ്ക്ക് മാറ്റങ്ങൾ വരുത്തികൊണ്ട് പുരോഹിതർക്കനുകൂലമായ നിയമങ്ങൾ എഴുതി ചേർത്തു.  കത്തോലിക്ക സഭ നിയമപരമായി തന്നെ പഴയ പ്രതാപം വീണ്ടെടുത്തു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മെക്സിക്കോയിൽ ഭൂരിഭാഗം ജനതയും കത്തോലിക്കരാണ്.  എങ്കിലും ഇവാഞ്ചലിക്കൽ സഭകളും അവിടെ ശക്തി പ്രാപിച്ചു വരുന്നുണ്ട്.

1930 വരെ സർക്കാരും സഭകളും തമ്മിലുള്ള വഴക്കിൽ രണ്ടു ലക്ഷത്തിൽ കൂടുതൽ  ജനം  കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. 2000 മെയ് മാസത്തിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പാ മെക്സിക്കോയിലെ 25 രക്തസാക്ഷികളെ വിശുദ്ധരായി വാഴിച്ചിരുന്നു. അവരിൽ ക്രിസ്റ്ററോയിൽ പ്രവർത്തിച്ചവരും   ആറു 'നൈറ്റു'കളും ഉണ്ടായിരുന്നു. ആധുനിക മെക്സിക്കോയിൽ 18  കത്തോലിക്ക അതിരൂപകൾ ഉണ്ട്.  90 രൂപതകളും പ്രവർത്തിക്കുന്നു. പതിനായിരക്കണക്കിന് പുരോഹിതരും ആത്മീയശുശ്രുഷ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു.




Image result for mexican catholics pictures



Image result for Plutarco Elías Calles pictures
- January 14, 2020 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Sunday, January 5, 2020

ട്രംപണോമിക്സിന്റെ വളർച്ച ഗംഭീര്യമോ വിമര്‍ശനാത്മകമോ?




ജോസഫ് പടന്നമാക്കൽ

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണനേട്ടങ്ങളെ തെറ്റായി വിലയിരുത്തിയും  പുരോഗമനങ്ങളെ  വളച്ചൊടിച്ചുമാണ്  വാർത്തകൾ സാധാരണ  പ്രത്യക്ഷപ്പെടാറുള്ളത്.  ട്രംപ്  അമേരിക്കൻ പ്രസിഡണ്ടായി ഭരണം തുടങ്ങിയിട്ട് മൂന്നു വർഷം  കഴിഞ്ഞു. 2020-ൽ നടക്കാൻ പോകുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ  മത്സരിക്കുന്നവർ! ട്രംപിന്റെ പ്രഖ്യാപിത നയങ്ങളെ  വിമർശിക്കുന്നതു  സമകാലീക വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നു. ട്രംപിനെതിരെയുള്ള വിമർശനങ്ങളുടെ തുടർക്കഥകൾ സോഷ്യൽ മീഡിയാകളിലും നിറയെ  പ്രാധാന്യം നൽകാറുണ്ട്. 'ധനികർക്ക് നികുതിയിളവുകൾ നൽകുന്നു; തുറന്ന അതിർത്തികൾ, അതിർത്തി മതിലുകൾ,  സാമൂഹിക സുരക്ഷിതമില്ലായ്‌മ,  വർഗ വിവേചനത്തിൽക്കൂടിയുള്ള വോട്ടു തേടൽ മുതലായവകൾ  ട്രംപിനെതിരായുള്ള പ്രതിയോഗികളുടെ തിരഞ്ഞെടുപ്പിലെ  വജ്രായുധങ്ങളാണ്.  നിഷ്പക്ഷമായ ട്രംപിന്റെ സാമ്പത്തിക പരിഷ്‌ക്കാരങ്ങളിലുള്ള വിലയിരുത്തലുകളിൽ  എതിരാളികൾ നിശ്ശബ്ദരാവുകയും ചെയ്യുന്നു. എങ്കിലും അടുത്ത കാലത്തെ ഉക്രേനിയൻ പ്രശ്‍നം, ട്രംപിനെ പ്രതിക്കൂട്ടിലാക്കിയതുമൂലം  വോട്ടർമാർ അതിനെ എങ്ങനെ വിലയിരുത്തുന്നുവെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. ഇറാനുമായുള്ള പുതിയ സംഭവവികാസങ്ങളും ട്രംപിനൊരു വെല്ലുവിളിയാണ്.

2019-ലെ   അമേരിക്കൻ  സമ്പദ്‌വ്യവസ്ഥ  അഭിവൃദ്ധി പ്രാപിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നുണ്ട് .   ദാരിദ്ര രേഖയിൽ  താണു  ജീവിക്കുന്നവരുടെ നിലവാരം ഉയരുകയും അവരുടെ എണ്ണം കുറയുകയും ചെയ്തു.  കഴിഞ്ഞുപോയ വർഷത്തിൽ  താണ വരുമാനക്കാരുടെ  വളർച്ച പ്രത്യക്ഷത്തിൽ തന്നെ വിലയിരുത്താൻ സാധിക്കും.  ഭരണകൂടത്തിന്റെ  വ്യവസായ നയങ്ങൾ ഫലവത്തും വിജയകരവുമായിരുന്നു.   കഴിഞ്ഞ 65 വർഷങ്ങളിലുള്ള അതിർത്തിയിലെ   കുടിയേറ്റങ്ങൾ  രേഖപ്പെടുത്തിയതനുസരിച്ച്  അനധികൃത കുടിയേറ്റക്കാരുടെ  വരവു ഗണ്യമായി  കുറഞ്ഞു.   അമേരിക്കയിൽ ഇറക്കുമതി ചെയ്തുകൊണ്ടിരുന്ന ഓയിൽ ഇപ്പോൾ കയറ്റുമതി ചെയ്യാള്ള ഒരുക്കങ്ങളും  തുടങ്ങിയിരിക്കുന്നു.  2019-ൽ നേടിയ നേട്ടങ്ങളെല്ലാം  പ്രസിഡന്റ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലുണ്ടായിരുന്നു.  പ്രസിഡന്റ്  ട്രംപിന്റെ മുൻഗാമികൾ പരാജയപ്പെട്ട സാമ്പത്തിക മേഖലകളിൽ  നേട്ടങ്ങൾ കൊയ്യാൻ സാധിച്ചതും ട്രംപിനെ വീണ്ടും വൈറ്റ് ഹൌസിലേക്ക് യോഗ്യനാക്കുന്നു. സാമ്പത്തിക വിദഗ്ദ്ധരുടെ പ്രതീക്ഷകൾക്കും അപ്പുറം  അമേരിക്കൻ സമ്പദ്‌വ്യവസ്ഥ വളർന്നുവെന്നതും വിസ്മയകരമാണ്‌.  അമ്പതു  കൊല്ലം മുമ്പ്  ഭരിച്ച  ലിണ്ടൻ ജോൺസന്റെ കാലംമുതൽ പരിശോധിച്ചാലും തൊഴിലില്ലായ്‌മ  ഇത്രമാത്രം  താണ ഒരു വർഷം ചരിത്രത്തിലില്ല.

പ്രസിഡന്റ് ട്രംപ് സാധാരണ പറയുന്ന ഒരു പല്ലവിയാണ്,  'അമേരിക്കൻ സമ്പദ്‌വ്യവസ്ഥ എല്ലാക്കാലത്തേക്കാളും  നേട്ടങ്ങൾ   കൈവരിച്ചിരിക്കുന്നു. ഒരു പക്ഷെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വളർച്ചയായിരിക്കാം ഇത്.'  യുഎൻ അസംബ്ലിയിൽ അദ്ദേഹം ചെയ്ത പ്രസംഗത്തിൽ,  അമേരിക്കയുടെ തൊഴിലുകളും വേതനവും വർദ്ധിച്ചതെങ്ങനെയെന്നു  ഊന്നി പറയുകയുണ്ടായി.  പ്രസിഡന്റ് ട്രംപ് അവകാശപ്പെടുന്നത് മുഴുവനായി  മുഖവിലക്ക് എടുക്കാൻ സാധിക്കില്ലെങ്കിലും അമേരിക്കയ്ക്ക് സാമ്പത്തിക വളർച്ചയുണ്ടായി എന്നുള്ളത് യാഥാർഥ്യമാണ്. എന്നാൽ അമേരിക്കയുടെ ചരിത്രത്തിൽ ഇതിലും സാമ്പത്തികമായി ഉയർന്നു നിന്ന  കാലങ്ങളും ഉണ്ടായിരുന്നു. ചൈനയുമായുള്ള വ്യവസായ യുദ്ധം, മിഡിൽ ഈസ്റ്റിലെ ടെൻഷൻ, ആഗോള സാമ്പത്തിക മാർക്കറ്റിന്റെ  ഇടിവ്, യുഎസ് സെൻട്രൽ ബാങ്കുകളെ പലിശ നിരക്കു  കുറക്കാൻ പ്രേരിപ്പിച്ചു. സമ്പദ്ഘടനയ്ക്ക്  അനുകൂലമായ വളർച്ച ഏറ്റവും കൂടുതൽ അനുഭവപ്പെട്ടത് ട്രംപ് ഭരണകൂടത്തിലായിരുന്നു.

രാഷ്ട്രത്തിന്റെ മൊത്തം ഉത്പാദന  സൂചികയായ 'ജിഡിപി'  വളർന്നു. രാജ്യത്ത് മെച്ചമായ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വളർച്ചയുണ്ടായി.  വളർച്ചക്കാവശ്യമായ   വസ്തുതകൾ എന്തെല്ലാമെന്നു സാമ്പത്തിക വിദഗ്ദ്ധരും ചൂണ്ടി കാണിക്കുന്നു. 2019 -ൽ ആദ്യത്തെ ക്വാർട്ടറിൽ  ജിഡിപി യുടെ വളർച്ച 3.1 ശതമാനമാണ്.  എന്നാൽ അത് രണ്ടാമത്തെ ക്വാർട്ടറിൽ 2.1  ശതമാനമായി കുറഞ്ഞിരിക്കുന്നു.  ഒബാമയുടെ പ്രസിഡൻസി കാലഘട്ടത്തിൽ 2014 -ൽ രണ്ടാം ക്വാർട്ടറിൽ 5.5 ശതമാനം വളർച്ചയുണ്ടായിരുന്നു.  പുറകോട്ടു പോവുകയാണെങ്കിലും 1950 -ലും 1960 -ലും ഇതിലും മെച്ചമായ വളർച്ചകൾ കാണാൻ സാധിക്കും. യുദ്ധകാല ശേഷമുള്ള വളർച്ച നിരക്ക് കണക്കാക്കുമ്പോൾ ട്രംപ് പറയുന്നതിൽ എത്രമാത്രം വാസ്തവമുണ്ടെന്നും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

തൊഴിലില്ലായ്‌മ അര നൂറ്റാണ്ടിനുള്ളിലെ ചരിത്രത്തിൽ  ഏറ്റവും താണുവെന്നും ട്രംപിന്റെ പ്രസംഗത്തിലുടനീളം   കേൾക്കാം.   കഴിഞ്ഞ മൂന്നു വർഷം കൊണ്ട് ഏകദേശം ആറു മില്യൺ  പുതിയ തൊഴിലുകൾ അമേരിക്കൻ മാർക്കറ്റിൽ കണ്ടെത്തിയെന്നും അവകാശപ്പെടുന്നു.  കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ തൊഴിലില്ലായ്മ  3.7% ശതമാനമായിരുന്നു. എന്നാൽ 1969 കണക്കിലും തൊഴിലില്ലായ്മ അതേ  അനുപാതം തന്നെ കാണിക്കുന്നു.  1969  നവംബറിലും ഡിസംബറിലും തൊഴിലില്ലായ്മ 3.5 ശതമാനമായിരുന്നു. ഈ സൂചികയാണ്  അമ്പതു വർഷങ്ങളിലെ  തൊഴിലില്ലായ്മയുടെ  ഏറ്റവും താണ സൂചിക.

2019-ൽ   ആറു  മില്യൺ  ജോലികൾ സൃഷ്ടിച്ചുവെന്നതും ശരിതന്നെ .  ചില പ്രത്യേക  സാമൂഹിക വർഗ വിഭാഗങ്ങളിലും തൊഴിലില്ലായ് ഏറ്റവും കുറവെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. ആഫ്രിക്കൻ അമേരിക്കൻ  തൊഴിലില്ലായ്‌മ ചരിത്രത്തിലെ തന്നെ കുറഞ്ഞ സൂചിക കാണിക്കുന്നു.  1972 മുതൽ ചിന്തിച്ചാലും 2019-ലെ ആഫ്രോ   അമേരിക്കൻ തൊഴിലില്ലായ്മ 5.5 ശതമാനമായി കുറഞ്ഞത് റിക്കോർഡ് ഭേദിക്കുന്നതാണ്.  1973 മുതലുള്ള ഹിസ്പാനിക്ക് തൊഴിലില്ലായ്മ കണക്കാക്കിയാലും ട്രംപിന്റെ തൊഴിൽ ധനതത്വ ശാസ്ത്രത്തിലെ 4.2 ശതമാനമെന്നുള്ളതും ചരിത്രത്തിലെ താണ സൂചികയാണ്

ഏഷ്യനമേരിക്കക്കാരെ  സംബന്ധിച്ച് 2003 മുതലുള്ള 'തൊഴിലില്ലായ്മ' റിക്കോർഡുകൾ മാത്രമേ നിലവിലുള്ളൂ. അവരുടെയിടയിലുള്ള  2019-ലെ    തൊഴിലില്ലായ്‌മ 2.8 ശതമാനമാണ് .  ഇത് ഏഷ്യൻ അമേരിക്കരുടെ   രേഖപ്പെടുത്തിയ തൊഴിലില്ലായ്മയുടെ ഏറ്റവും  താണ സൂചികയാണ്. കഴിഞ്ഞ ജൂണിൽ അവരുടെ തൊഴിലില്ലായ്മ  2.1  ശതമാനമായിരുന്നു. 2009-ലെ സാമ്പത്തിക മാന്ദ്യത്തിനുശേഷം  ഒബാമയുടെ കാലത്തും ഏഷ്യൻ അമേരിക്കരുടെയിടയിൽ ഓരോവർഷവും  തൊഴിലില്ലായ്‌മ കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

ജോലി ചെയ്യുന്നവരുടെ വേതനം ഓരോ വർഷവും വർദ്ധിക്കുന്നുണ്ടെന്നും  അതനുസരിച്ച്  ആളോഹരി വരുമാനവും (പെർ ക്യാപിറ്റ ഇൻകം) വർദ്ധിക്കുന്നുവെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. ട്രംപിന്റെ ഈ അഭിപ്രായം വ്യക്തമായ അടിസ്ഥാനത്തിലെന്നു തോന്നുന്നില്ല. ദേശീയ ലെവലിൽ തൊഴിലാളികളുടെ മണിക്കൂറിലുള്ള മിനിമം കൂലി വർദ്ധിച്ചു.  ഈ വർദ്ധനവ്  ഒബാമയുടെ കാലം മുതലുള്ളതാണ്.  കഴിഞ്ഞ ഫെബ്രുവരിയിൽ വിലപ്പെരുപ്പം 3.4  ശതമാനമായിരുന്നു. ഇപ്പോൾ അത് കുറഞ്ഞു

അമേരിക്കയുടെ തൊഴിൽ മാർക്കറ്റ്   ശക്തമായിതുടരുന്നു.   ഇക്കഴിഞ്ഞ നവംബർ മാസത്തിലെ റിപ്പോർട്ട് പ്രതീക്ഷിച്ചതിനേക്കാളൂം മെച്ചമായിരുന്നു. കഴിഞ്ഞ ഒക്ടോബർ മാസത്തിലും തൊഴിൽനിലവാരം ഉയർന്നു നിന്നിരുന്നു. പതിറ്റാണ്ടുകളുടെ ചരിത്രമെടുത്താലും തൊഴിലില്ലായ്മ സൂചിക ട്രംപിന്റെ ഭരണത്തിൽ വളരെ താണുനിന്നിരുന്നു.  സാമ്പത്തിക ഭദ്രത കൂടിയതുകൊണ്ടു ഉപഭോക്താക്കളുടെ എണ്ണവും കൂടി.  സാമ്പത്തിക  വളർച്ച കൂടുകയും ചെയ്തു. 2019 നവംബറിൽ  ഉൽപ്പാദന മേഖലകളിൽ തൊഴിൽ വർദ്ധിച്ചതിനു  കാരണം ജനറൽ മോട്ടോർസ് പുനഃസ്ഥാപിക്കുകയും വിദേശങ്ങളിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾ അമേരിക്കയിൽ വന്നതുകൊണ്ടുമായിരുന്നു.   ആഗോള മാർക്കറ്റ് താണ സമയത്തും അമേരിക്കൻ ഇക്കോണമി  ഉയർന്നു തന്നെ നിന്നിരുന്നു.

2020 നവംബറിൽ  നടക്കാൻ പോവുന്ന തിരഞ്ഞെടുപ്പിൽ,  രണ്ടാം തവണയും പ്രസിഡന്റ് ട്രംപ് തിരഞ്ഞെടുക്കാനുള്ള സാധ്യതയ്ക്ക് അമേരിക്കൻ സമ്പദ് വ്യവസ്ഥ നന്നാകേണ്ടതുമുണ്ട്. ഈ വർഷം  തന്നെ ഫെഡറൽ റിസർവ് മൂന്നു പ്രാവിശ്യം പലിശ നിരക്ക് കുറച്ചു.  ഫെഡറിലിന്റെ 'പലിശ വെട്ടിച്ചുരുക്കൽ'  മാർക്കറ്റിന്റെ ചലനങ്ങളെ  ഉണർത്താനും സാധിച്ചു.  വിലപ്പെരുപ്പം 3 .2 ശതമാനമായിട്ടുണ്ട്. വിലപ്പെരുപ്പം കണക്കിലെടുത്തുകൊണ്ട് കഴിഞ്ഞ ആഗസ്റ്റ്  2018  മുതൽ ആഗസ്റ്റ് 2019  വരെ 1.5  ശതമാനം തൊഴിൽ വേതനം വർദ്ധിച്ചിട്ടുണ്ട്.  ഓരോരുത്തരുടെയും  വീട്ടു വരുമാനം വർദ്ധിക്കുന്നുണ്ടെങ്കിലും വ്യക്തിപരമായ സാമ്പത്തിക വളർച്ച വളരെ സാവധാനമാണ്.  2018-ൽ   ഒരാളിന്റെ കുടുംബ വരുമാനം ശരാശരി  63179 ഡോളറായിരുന്നു.  എന്നാൽ അതിനുമുമ്പുള്ള വർഷങ്ങളെ തുലനം ചെയ്യുമ്പോൾ അത്  തൃപ്തികരമല്ലെന്ന്  വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

തൊഴിൽ ക്ഷേമങ്ങളുടെ കാര്യത്തിൽ '2019'-ലെ സാമ്പത്തിക വർഷം  ട്രംപിന് അനുകൂലമായിരുന്നുവെന്നു കാണാം. ബ്ലൂ കോളർ തൊഴിലാളികളുടെ വേതനം 34  ശതമാനം വർദ്ധിച്ചുവെന്ന്  കണക്കുകൾ പറയുന്നു. പ്രസിഡണ്ട് റൊണാൾഡ്‌ റീഗന്റെ കാലത്തുപോലും ഇത്രമാത്രം ഒരു വർദ്ധനവുണ്ടായിട്ടില്ല. ദാരിദ്യ്രരേഖ 8.8  ശതമാനം താണു .  ക്ലിന്റൻ ഭരണകാലം തൊട്ടുള്ള കണക്കുകൾ നോക്കിയാലും  2019-ലെ ഈ  സൂചിക ഒരു   റിക്കോർഡു തന്നെയായിരുന്നു.  ന്യുന പക്ഷങ്ങളാണ് ട്രംപിന്റെ സാമ്പത്തിക ശാസ്ത്രത്തിൽ കൂടുതൽ പ്രയോജനം നേടിയത്.  മെച്ചപ്പെട്ടുകൊണ്ടിരുന്ന  അവരുടെ ക്ഷേമ നിലവാരം വീണ്ടും ഉയർന്നുകൊണ്ടിരിക്കുന്നു.  ഒരു വിധവയോ  അല്ലെങ്കിൽ ഒരു സ്ത്രീ തന്നെയോ കുടുംബിനിയായ  മക്കളടങ്ങിയ  ഒരു കുടുംബത്തിന്റെ വരുമാനം 7.6  ശതമാനം  വർദ്ധിച്ചു. വ്യവസായങ്ങൾ കൂടുതലും സ്ത്രീ തൊഴിലാളികളെക്കൊണ്ട് നിറഞ്ഞു.  സമീപകാലംവരെ സ്ത്രീകളെ ചൂഷണം ചെയ്യുന്ന വ്യവസ്ഥയായിരുന്നുണ്ടായിരുന്നത്.  ആഫ്രോ അമേരിക്കൻ സ്ത്രീകളിലും ഹിസ്പ്പാനിക്ക് സ്ത്രീകളിലും തൊഴിലില്ലായ്മ 4.5  ശതമാനം കുറഞ്ഞു.

മദ്ധ്യ വരുമാനക്കാരായ  സാധാരണക്കാരുടെ  വരുമാനം  കുറഞ്ഞുവെന്നു  ഡെമോക്രറ്റുകൾ ആരോപിക്കുന്നു.  അത് തെറ്റാണെന്ന് കണക്കുകൾ ബോദ്ധ്യപ്പെടുത്തുന്നുമുണ്ട്.  50000  ഡോളർ മുതൽ രണ്ടു ലക്ഷം ഡോളർ വരെയുള്ളവരുടെ  വരുമാനം  ഒരു ശതമാനം വർദ്ധിച്ചതായും കാണുന്നു. മുപ്പത്തിനാലു  വയസു താഴെയുള്ള ചെറുപ്പക്കാരുടെ വരുമാനം  വർദ്ധിച്ചതായും കണക്കുകൾ പ്രകടമാക്കുന്നു.

2019-ലെ  അമേരിക്കയുടെ 'ജിഡിപി'  നിരവധി  സാമ്പത്തിക വിദഗ്ദ്ധരുടെ പ്രതീക്ഷകളേക്കാൾ മെച്ചമായിരുന്നു.  ചുരുക്കി പറഞ്ഞാൽ   സാമ്പത്തിക വിദഗ്ദ്ധരെ വിസ്മയിപ്പിച്ചുകൊണ്ടും അവരുടെ കണക്കുകൾ തെറ്റിച്ചുകൊണ്ടും  സ്റ്റോക്കിന്റെ വില കുതിച്ചുകയറുകയും ചെയ്തു.  സ്റ്റോക്ക് മാർക്കറ്റിന്റെ വളർച്ച 2019-ൽ മെച്ചമായിരുന്നതിനാൽ  2020-ൽ സ്റ്റോക്ക് മാർക്കറ്റ്  അതേ  നിലവാരം പുലർത്തുമെന്നു തീർച്ചയില്ല. സാമ്പത്തിക മാന്ദ്യം സംഭവിക്കുമോ ഇല്ലയോ എന്നും പറയാൻ സാധിക്കില്ല. അതുകൊണ്ടു  വളർച്ച ഉയരാനോ താഴാനോ  നിയന്ത്രിതമാവാനോ   സാധ്യതയുണ്ടായിരിക്കുമെന്നും  നിരീക്ഷകർ കരുതുന്നു.
കോർപ്പറേറ്റുകൾക്കുള്ള നികുതി ഇളവ്,  സാമ്പത്തിക ദിശയിൽ നേരാംവണ്ണം സഞ്ചരിക്കൽ, സർക്കാരിന്റെ ചുവപ്പു നാടകളെ തകർക്കൽ,  രാജ്യത്തിന്റെ ആന്തരിക ഘടന മുടക്കുമുതൽ (ഇൻഫ്രാ സ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ്)മുതലായവകൾ സ്റ്റോക്കിന്റെ വിലകൾ വർദ്ധിക്കുന്നതിനു  കാരണമായി. എങ്കിലും അടുത്തയിടെ സ്റ്റോക്ക് സൂചികയ്ക്ക് ഇളക്കം സംഭവിച്ചിട്ടുണ്ട്.  സ്റ്റോക്കുകൾ താണുപോവുന്ന കലുഷിതാവസ്ഥയിൽ  മുതൽ മുടക്കുന്നവരിൽ പരിഭ്രാന്തി ഉണ്ടാക്കുന്നുണ്ട്. ഇറാനുമായുള്ള രൂക്ഷമായ പ്രശ്നങ്ങൾ സ്റ്റോക്കിന്റ വിലയെ ഇടിക്കാനും സാധ്യതയുണ്ട്.

ആളോഹരി വരുമാനം വർദ്ധിച്ചതുകൊണ്ടു മില്യൺ കണക്കിന്  ജനങ്ങൾക്ക് കൂടുതൽ ഷോപ്പിംഗ് നടത്താനും വാങ്ങാനുമുള്ള ത്രാണി ഉണ്ടാവുന്നു.   ഉപഭോക്താക്കളുടെ  എണ്ണം കൂടുംതോറും ഫാക്റ്ററികളിലും വ്യവസായ മേഖലകളിലും ഉത്ഭാദനം  വർദ്ധിക്കുന്നു. തൊഴിലവസരങ്ങളും വർദ്ധിക്കുന്നു.  ദാരിദ്ര രേഖയിൽ താണവരുടെയും മദ്ധ്യ വരുമാനക്കാരുടെയും വരുമാനം വർദ്ധിച്ചതുകൊണ്ട് ക്ഷേമ നിധികളെ (വെൽഫെയർ) ആശ്രയിച്ചു ജീവിക്കുന്നവരുടെ എണ്ണവും കുറഞ്ഞു.  സാമൂഹിക സഹായങ്ങൾ  മേടിക്കുന്നവരിൽ  കുറവു  വന്നിട്ടുണ്ട്.  എങ്കിലും ഡെമോക്രറ്റുകളുടെ വിമർശനങ്ങൾ  തുടരുന്നു.  പക്ഷെ, അതിനുള്ള തെളിവുകൾ സ്പഷ്ടമല്ല. ഹോളിവുഡ്, സിലിക്കോൺ വാലി, വാൾ സ്ട്രീറ്റ്  മുതലായ സാമ്പത്തിക പ്രസ്ഥാനങ്ങളുടെ വളർച്ച കോർപ്പറേറ്റുകളുടെ മാത്രമെന്ന വിമർശനങ്ങളുമുണ്ട്.  വാസ്തവത്തിൽ ട്രംപിന്റെ ധനതത്വ ശാസ്ത്രത്തിൽ ഏറ്റവും വിജയിച്ചവർ ദരിദ്രരായ ജനവിഭാഗമാണ്.  അക്കാര്യം  സ്ഥിതിവിവരകണക്കുകളിൽ  പ്രകടമായി കാണുകയും ചെയ്യാം.

പ്രസിഡന്റ് ട്രംപ്, വൈറ്റ് ഹൌസിൽ ഭരണമേറ്റ സമയം മുതൽ ചൈനയുമായുള്ള വ്യവസായ യുദ്ധം ശക്തമായിരുന്നു. ഇപ്പോൾ സ്ഥിതിഗതികൾ മാറിക്കൊണ്ടിരിക്കുന്നു.  വ്യവസായ തർക്കങ്ങളും കുറഞ്ഞു വരുന്നു. 'ചൈനയുടെ പതിനെട്ടു വർഷത്തെ ചരിത്രമനുസരിച്ചുള്ള   കണക്കിൽ വ്യവസായ ഉത്ഭാദനം വളരെ താണു പോയിയെന്നു' ചൈനയുടെ  പ്രധാനമന്ത്രി 'ലി കെക്വിയാങ്',   പറയുകയുണ്ടായി.  അമേരിക്കയുമായുള്ള വ്യവസായ യുദ്ധമാണ് കാരണമെന്നും  അദ്ദേഹം ആരോപിച്ചു.  കഴിഞ്ഞ വർഷം 6 .5  ശതമാനം സാമ്പത്തിക വളർച്ച ചൈന പ്രതീക്ഷിച്ചിരുന്നു.  എന്നാൽ പടിഞ്ഞാറേ സാമ്പത്തിക  വിദഗ്ദ്ധരുടെ  കണക്കുകൂട്ടലിൽ ചൈനയുടെ സാമ്പത്തിക വളർച്ച  പ്രതീക്ഷിച്ചതിൽനിന്നും രണ്ടു ശതമാനം കുറഞ്ഞുവെന്നു സ്ഥിതികരിച്ചിരിക്കുന്നു.  ചൈനയുടെ മൊത്തം ദേശീയ ഉത്ഭാദനം  (ജിഡിപി-ഗ്രോസ് നാഷണൽ പ്രോഡക്റ്റ് ) 10.9 ത്രില്ല്യൻ ഡോളറാണ്.  ചൈന  അവകാശപ്പെടുന്നപോലെ 13.4 ത്രില്ല്യൻ  ഡോളർ ജിഡിപി എന്നത് തെറ്റാണെന്നും പാശ്ചാത്യ സാമ്പത്തിക വിദഗ്ദ്ധർ കരുതുന്നു. അതിൽനിന്നും മനസിലാക്കേണ്ടത്  ചൈനയുടെ ജിഡിപി  അമേരിക്കയുടെ ജിഡിപി യുടെ പകുതി മാത്രമേയുള്ളൂവെന്നാണ്. ഇന്നത്തെ വളർച്ചയനുസരിച്ച് ചൈനയ്ക്ക് ഒരിക്കലും അമേരിക്കയുടെ ജിഡിപി യെ മറി കടന്നുകൊണ്ടുള്ള ഒരു സാമ്പത്തിക ശക്തിയാവാൻ കഴിയില്ല.

ചൈനയുടെ ഏറ്റവും വൈകാരികമായ ഒരു കാലഘട്ടത്തിലാണ് അമേരിക്കയുടെ വ്യവസായ നികുതി നയം നടപ്പിലാക്കിയതും അത് ചൈനയെ പ്രശ്നത്തിലാക്കിയതും!  അമേരിക്കയുടെ നയം ചൈനയുടെ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുകയും ചെയ്തു. ചൈനയുടെ ഭക്ഷണ രീതിയിൽ പോർക്കിന് അതുല്യമായ ഒരു സ്ഥാനമുണ്ട്.  അമേരിക്ക ചൈനയിലേക്കുള്ള പോർക്ക് കയറ്റുമതിയിൽ 12 ശതമാനം   നികുതിയെന്നുള്ളത്  നാലിരട്ടി വർദ്ധിപ്പിച്ചു.  അമേരിക്കൻ കയറ്റുമതികളിൽ നാലിരട്ടിയുള്ള  വില വർദ്ധനവ്  ചൈനയുടെ ഗ്രോസറി ബില്ലിനെയും ബാധിച്ചു. ആഫ്രിക്കൻ താറാവ് ഒരു തരം അസുഖം പിടിച്ചതുകൊണ്ട് ചൈനയ്ക്ക് ഇറക്കുമതി ചെയ്യാൻ സാധിക്കാതെയും വന്നു. പോർക്കിന്റെ ഉത്ഭാദനം ചൈനയിൽ അമ്പതു  ശതമാനം കുറയുകയും ചെയ്തു. തൽഫലമായി പോർക്കിന്റെ വില ചൈനയിൽ ക്രമാധീതമായി  വർദ്ധിക്കുകയും ചെയ്തു. അങ്ങനെ അവിടെ വിലപ്പെരുപ്പം അനുഭവപ്പെട്ടു. കൂടാതെ കയറ്റുമതി ചെയ്യുന്ന അമേരിക്കയുടെ ഭക്ഷ്യ വിളകൾക്ക് കൂടുതൽ നികുതി ചുമത്തുന്ന  നയവും അമേരിക്ക സ്വീകരിച്ചു.

അമേരിക്കയുടെ ഇറാനിയൻ നയം മൂലം ഓയിൽ വില കൂടുമ്പോഴും ചൈനയെ അത് കൂടുതൽ ബാധിക്കുകയും ചെയ്യുന്നു. പുതിയ വ്യവസായ നയം മൂലം അമേരിക്കയ്ക്ക് 68  ബില്യൺ  ഡോളർ അധികം ലഭിച്ചുവെന്നും പ്രസിഡന്റ് ട്രംപ് അവകാശപ്പെടുന്നു. അമേരിക്കൻ കൃഷിക്കാരെ സംരക്ഷിക്കാനായി  16 ബില്യൺ ഡോളർ ചിലവഴിച്ചു. അതുമൂലം കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന സ്റ്റേറ്റുകൾ ട്രംപിനെ പിന്താങ്ങുന്നു. ചൈനയുമായുള്ള ആരോഗ്യപരമായ വ്യവസായ നയത്തിനായി ട്രംപ് ഭരണകൂടം ഒരുങ്ങുന്നു.  മാന്യമായ ഒരു വ്യവസായ നയമാണ് ചൈനയുമായി അമേരിക്കൻ ഭരണകൂടം പ്രതീക്ഷിക്കുന്നത്.

ലോകത്തിലെ രണ്ടു സാമ്പത്തിക ശക്തികളായ ചൈനയുടെയും യുഎസ്എ യുടെയും ചാർട്ടുകൾ (Charts) അമേരിക്കൻ ഇക്കണോമിയുടെ പുരോഗതിയെ വിലയിരുത്താൻ സഹായിക്കും. കഴിഞ്ഞ വർഷം  ചൈനയിലും യു എസ്‌ഐ യിലും ഉത്ഭാദന മേഖലകൾ കുറവായി കാണിക്കുന്നു. ദേശീയ ഉത്ഭാദന വളർച്ച ഇരു രാജ്യങ്ങളും വെല്ലുവിളിയായി സ്വീകരിച്ചതുകൊണ്ട് 2020 -ൽ ഉത്ഭാദന മേഖല മെച്ചപ്പെട്ടതായിരിക്കുമെന്ന് ഇരു രാജ്യങ്ങളും ചിന്തിക്കുന്നു. അത് താറുമാറായി കിടക്കുന്ന ആഗോള സാമ്പത്തിക ഭദ്രതയ്ക്കു  ഗുണകരമെന്നും കരുതുന്നു.

2019-ലെ ആദ്യത്തെ പത്തു മാസങ്ങളിലും  ചൈനയുടെയും അമേരിക്കയുടെയും  കയറ്റുമതിയും ഇറക്കുമതി കുറഞ്ഞു.  അത് ആഗോളതലത്തിൽ  വ്യവസായ മാന്ദ്യത്തിനും കാരണമായി. 2018-ൽ  344.5 ബില്യൺ ഡോളർ  വ്യവസായ ഉൽപ്പന്നങ്ങളുടെ നിയന്ത്രണം ചൈനയുമായുള്ള  കയറ്റുമതി ഇറക്കുമതികളെ  ബാധിച്ചു.   2019 -ൽ 294.5  ബില്യൺ ഡോളർ അമേരിക്കൻ ഉൽപ്പന്നങ്ങൾ കയറ്റുമതിയിൽ കുറയുകയും ചെയ്തു. 2019-ൽ  തൊഴിൽ മാർക്കറ്റും  ഉൽപ്പന്നങ്ങളുടെ ഉപഭോഗങ്ങളും (കൺസ്യൂമർ സ്‌പെൻഡിങ്‌ ) ഇരു രാജ്യങ്ങളിലും മെച്ചമായിരുന്നു. ചൈനയുടെ കറൻസിയായ 'യെൻ' ഈ വർഷം  വില കുറച്ചതുകൊണ്ട്  ചൈനയ്ക്ക് കയറ്റുമതി ഗണ്യമായി വർദ്ധിപ്പിക്കാൻ സാധിച്ചു. അമേരിക്കയെ സംബന്ധിച്ചടത്തോളം ഫെഡറൽ റിസർവ് പലിശ കുറച്ചത് സ്റ്റോക്കിന്റെ വളർച്ചയ്ക്ക് കാരണമായി.   ചൈനയിലും സ്റ്റോക്ക് മാർക്കറ്റിന്റെ കാര്യത്തിൽ  ഡബിൾ ഡിജിറ്റിന്റ  വർദ്ധനവുണ്ടായി.

തിരഞ്ഞെടുപ്പു  കാലത്ത് ട്രംപ് പറഞ്ഞത് 'മെക്സിക്കോയുടെ തെക്കേ അതിർത്തിയിൽ മതിൽ പണിയുമെന്നായിരുന്നു. മെക്സിക്കോ   തവണകളായി  മതിൽപണിക്കുള്ള ചെലവുകൾ  മടക്കി നൽകുകയും വേണം.' എന്നാൽ മെക്സിക്കോയുടെ പ്രസിഡന്റ് 'വിൻസെന്റ് ഫോക്സ്' ട്രംപിന്റെ ഈ നിർദേശത്തെ ശക്തമായി എതിർക്കുകയും  അത് സാധ്യമല്ലെന്നു  പ്രഖ്യാപിക്കുകയുമുണ്ടായി.  മെക്സിക്കോയുടെ പുതിയ പ്രസിഡന്റ് 'ആൻഡ്രെസ്  മാനുവൽ' അതിർത്തിയിൽ   മതിൽ കെട്ടാൻ അനുവദിക്കാമെന്നും അനുകൂലമായ വ്യാപാര ഉടമ്പടികൾ ഉണ്ടാക്കുന്ന പക്ഷം തവണകളായി മതിൽപണിക്കുള്ള ചെലവുകൾ വഹിക്കാമെന്നും  സമ്മതിച്ചു.  മുമ്പുണ്ടായിരുന്ന മെക്സിക്കൻ പ്രസിഡന്റ് അമേരിക്കയിലേക്കുള്ള മെക്സിക്കോക്കാരുടെ  കുടിയേറ്റം പ്രോത്സാഹിപ്പിച്ചിരുന്നെങ്കിൽ പുതിയ പ്രസിഡന്റ് കുടിയേറ്റക്കാരെ നിയന്ത്രിക്കാൻ മെക്സിക്കൻ അതിർത്തിയിൽ 27000  പട്ടാളക്കാരെ നിയോഗിച്ചു. ട്രംപിനു മുമ്പുണ്ടായിരുന്ന  പ്രസിഡണ്ടുമാർ  20  മില്യൺ അനധികൃത  കുടിയേറ്റക്കാരെ അമേരിക്കയിൽ താമസിക്കാൻ അനുവദിച്ചിരുന്നു. ഡെമോക്രറ്റിക് പ്രസിഡണ്ടുമാർ കുടിയേറ്റക്കാരുടെ വോട്ട് ആഗ്രഹിച്ചപ്പോൾ റിപ്പബ്ലിക്കൻ പ്രസിഡണ്ടുമാർ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ പ്രതീക്ഷിച്ചു. അമേരിക്കയുടെ  മുൻകാല പ്രസിഡണ്ടുമാർ തുടങ്ങി വെച്ച പ്രയത്നങ്ങളുടെ പരാജയത്തിൽ പ്രസിഡന്റ് ട്രംപ് വിജയിക്കുകയാണുണ്ടായത്.

കഴിഞ്ഞ കാലങ്ങളിൽ,  കമ്പനികളും ഫാക്ടറികളും അമേരിക്കയിൽ  നിർത്തലാക്കി  കുറഞ്ഞ വേതനത്തിൽ  മെക്സിക്കോയിൽ പ്രവർത്തനം  തുടങ്ങിയതും കുറഞ്ഞു. വിദേശത്ത് ഉൽപ്പാദിപ്പിക്കുന്ന  ഉൽപ്പന്നങ്ങൾക്ക് അമിത നികുതി ചുമത്തിയതു  കാരണം വിദേശത്ത് കമ്പനി പ്രവർത്തിച്ചാൽ ആദായമില്ലാതായി.  ചൈനയുമായി വ്യവസായ ബന്ധത്തിനു  ഉലച്ചിൽ തട്ടിയപ്പോൾ അതിന്റെ ഗുണം കിട്ടിയത് മെക്സിക്കോയ്ക്കാണ്. മെക്സിക്കോയിൽ നിന്നും ധാരാളം ഉൽപ്പന്നങ്ങൾ അമേരിക്ക ഇറക്കുമതി ചെയ്യാൻ തുടങ്ങി.  മെക്സിക്കോയിലും തൊഴിലില്ലായ്‌മ കുറഞ്ഞതുമൂലം  നിയമാനുസൃതമല്ലാത്ത തൊഴിലാളികളുടെ അമേരിക്കയിലേക്കുള്ള വരവും കുറഞ്ഞു.

അമേരിക്കയുടെ സാമ്പത്തി വളർച്ച  റിക്കോർഡ് ഭേദിച്ചിരിക്കുന്നുവെന്നു   ട്രംപ്  പ്രസംഗങ്ങളിൽ ആവർത്തിക്കാറുണ്ടെങ്കിലും   രാജ്യം അധികം താമസിയാതെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്നും പ്രവചിക്കുന്നു. സ്റ്റോക്ക് മാർക്കറ്റ് താഴെ വീഴുന്ന സമയമായിയെന്നും എതിർ പ്രചരണങ്ങൾ  നടത്താറുണ്ട്.  ട്രംപിന്റെ സാമ്പത്തിക നയങ്ങളാണ്  വളർച്ചയ്ക്ക് നിദാനമെന്നു ട്രംപ് അവകാശപ്പെടുന്നു.  2019 സാമ്പത്തിക  വർഷം  തന്നെ  ഡൗ ( Dow ) 18.65%, എസ് ആൻഡ് പി (S&P) 24.36%,  നാസ്ഡാക് (Nasdaq) 29.17%.” വളർച്ച നിരക്ക് കാണുന്നു.  ചില സാമ്പത്തിക നിരീക്ഷകർ സാമ്പത്തിക  മാന്ദ്യം ഉടൻ തന്നെയോ അല്ലാത്ത പക്ഷം ഒരു വർഷത്തിനുള്ളിലോയെന്നു  പ്രവചിക്കുന്നു. സാമ്പത്തിക മാന്ദ്യത്തിന്റെ ധാരാളം ലക്ഷണങ്ങളും അവർ ചൂണ്ടി കാണിക്കുന്നുണ്ട്. എന്താണെങ്കിലും ട്രംപിന്റെ ഒന്നാം മുഴം ഭരണകാലത്തെ കാലയളവിൽ രാജ്യത്തു ഒരു സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യത കാണുന്നില്ല.  2019 ലെ  ജിഡിപി വളർച്ച വളരെയധികം പ്രതീക്ഷ നല്കുന്നവയായിരുന്നു. 2018-ൽ ട്രംപ് തന്റെ പ്രസംഗ വേളകളിൽ സ്റ്റോക്ക് വാങ്ങിക്കുവാനും നിക്ഷേപിക്കുവാനും   അവസരമെന്ന് പറയുമായിരുന്നു.

ഐസനോവറിന്റെ  കാലം മുതൽ അമേരിക്ക ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമായിരുന്നു.  400 ബില്യൺ ബാറൽ ഒയിൽ ഒരു വർഷം ഇറക്കുമതി വേണമായിരുന്നു.  പ്രസിഡന്റ് ക്ലിന്റന്റെ കാലത്ത് ഒരു ദിവസം 15  ബില്യൺ ബാറൽ ഓയിൽ  ഇറക്കുമതി ചെയ്തിരുന്നു. ജോർജ് ബുഷിന്റെ കാലത്ത് അത് പത്തു ബില്യൺ ബാറൽ  ആയി കുറഞ്ഞു.  പ്രസിഡന്റ് ഒബാമയുടെ കാലത്ത് 5 ബില്യൺ ബാറൽ ഓയിൽ  ഇറക്കുമതി ചെയ്താൽ മതിയായിരുന്നു.  ട്രംപിന്റെ ഭരണത്തിൽ ഓയിൽ  ഇറക്കുമതി ചെയ്യുന്നില്ല. വിദേശത്തുള്ള  വർദ്ധിച്ച  അമേരിക്കൻ കമ്പനികളുടെ  ഓയിലിനായുള്ള ഡ്രില്ലിങ്ങും  പകരമുള്ള പ്രകൃതി വാതകവും ഓയിൽ ശേഖരണവും അമേരിക്കയെ ഓയിലിന്റെ കാര്യത്തിൽ സ്വയം പര്യാപ്തമാക്കി. എങ്കിലും സോളാർ എനർജി സംസ്ക്കരണത്തെപ്പറ്റി  ഒന്നും തന്നെ ട്രംപിന്റെ സാമ്പത്തിക അവലോകനത്തിൽ പരാമർശിക്കുന്നില്ല.

Image result for chinese president trump pictures"




a screenshot of a cell phone

Chart shows Dow Jones index under president Trump


- January 05, 2020 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Newer Posts Older Posts Home
Subscribe to: Posts (Atom)

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...

  • 35. വേദങ്ങളും പ്രജാപതിയായ യേശുവും
        പ്രജാപതിയായ പുരുഷന്‍ അനന്തമായ പ്രപഞ്ചത്തില്‍ ഏകനായി സഞ്ചരിച്ചു. തന്റെ പിതാവായ ബ്രഹ്മനില്‍നിന്നും അകന്നു സൃഷ്ടി കര്‍മ്മങ്ങളില്...
  • ഉപനിഷത്തുക്കളിലെ പഞ്ചകോശങ്ങൾ
    (2013 മാർച്ച് ഇരുപത്തിയഞ്ചാം തിയതി അല്മയശബ്ദം ബ്ലോഗിൽ പ്രസിദ്ധികരിച്ചത്) ജോസഫ് പടന്നമാക്കൽ എന്താണ് ഹിന്ദു മതം? വേദങ്ങൾ, വേദാംഗങ്ങൾ, പു...
  • അടിച്ചമർത്തപ്പെട്ട സ്ത്രീകളും സാമൂഹിക മാറ്റങ്ങളും
    ജോസഫ് പ ടന്നമാക്കൽ 'പെണ്ണായി ജനിക്കുന്നവൾ ബാല്യത്തിൽ അച്ഛന്റെയും അമ്മയുടെയും യൗവ്വനത്തിൽ  ഭർത്താവിന്റെയും വാർദ്ധക്യത്തിൽ മക്കള...

Search This Blog

  • Home

About Me

Joseph Matthew
View my complete profile

Blog Archive

  • ▼  2020 (10)
    • ►  March (2)
    • ►  February (4)
    • ▼  January (4)
      • ശ്രീ ഫ്രാൻസിസ് തടത്തിലിന്റെ നാലാം തൂണിനപ്പുറം, അവല...
      • പണിക്കവീട്ടിലെഴുതിയ 'സുധീറിന്റെ കഥകൾ': അവലോകനം
      • മെക്സിക്കോയിലെ കത്തോലിക്കമതവും രക്തച്ചൊരിച്ചിലുകള...
      • ട്രംപണോമിക്സിന്റെ വളർച്ച ഗംഭീര്യമോ വിമര്‍ശനാത്മകമോ?
  • ►  2019 (45)
    • ►  December (6)
    • ►  November (5)
    • ►  October (4)
    • ►  September (4)
    • ►  August (4)
    • ►  July (3)
    • ►  June (3)
    • ►  May (3)
    • ►  April (3)
    • ►  March (3)
    • ►  February (3)
    • ►  January (4)
  • ►  2018 (50)
    • ►  December (5)
    • ►  November (4)
    • ►  October (4)
    • ►  September (3)
    • ►  August (4)
    • ►  July (3)
    • ►  June (4)
    • ►  May (4)
    • ►  April (5)
    • ►  March (4)
    • ►  February (5)
    • ►  January (5)
  • ►  2017 (61)
    • ►  December (4)
    • ►  November (5)
    • ►  October (5)
    • ►  September (4)
    • ►  August (6)
    • ►  July (6)
    • ►  June (6)
    • ►  May (4)
    • ►  April (3)
    • ►  March (5)
    • ►  February (8)
    • ►  January (5)
  • ►  2016 (54)
    • ►  December (7)
    • ►  November (5)
    • ►  October (6)
    • ►  September (3)
    • ►  August (4)
    • ►  July (4)
    • ►  June (4)
    • ►  May (6)
    • ►  April (4)
    • ►  March (5)
    • ►  February (3)
    • ►  January (3)
  • ►  2015 (46)
    • ►  December (3)
    • ►  November (8)
    • ►  October (5)
    • ►  September (4)
    • ►  August (4)
    • ►  July (3)
    • ►  June (3)
    • ►  May (2)
    • ►  April (3)
    • ►  March (4)
    • ►  February (3)
    • ►  January (4)
  • ►  2014 (50)
    • ►  December (4)
    • ►  November (3)
    • ►  October (5)
    • ►  September (3)
    • ►  August (4)
    • ►  July (3)
    • ►  June (4)
    • ►  May (4)
    • ►  April (5)
    • ►  March (7)
    • ►  February (3)
    • ►  January (5)
  • ►  2013 (79)
    • ►  December (5)
    • ►  November (6)
    • ►  October (5)
    • ►  September (6)
    • ►  August (6)
    • ►  July (2)
    • ►  June (36)
    • ►  May (7)
    • ►  February (1)
    • ►  January (5)
  • ►  2012 (1)
    • ►  October (1)

Report Abuse

Translate

Facebook Badge

Matthew Joseph

Create Your Badge
Simple theme. Powered by Blogger.