Monday, February 3, 2014

മൻമോഹൻ സിംഗിന്റെ ഇന്ത്യയും മൻമോഹണോമിക്സും


 
By  ജോസഫ് പടന്നമാക്കൽ  

ആഗോളതലത്തിലെ സാമ്പത്തികശക്തിയായി കുതിച്ചുയരുന്ന ഇന്ത്യാമഹാരാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയിലാണ് മൻമോഹൻ സിംഗ് തന്റെ രണ്ടാം ഊഴം പൂർത്തിയാക്കുന്നത്. മൂന്നാമതൊരു തവണ പ്രധാനമന്ത്രി സ്ഥാനത്തിനായി അദ്ദേഹം ശ്രമിക്കുന്നില്ല. മൻമോഹൻ സിംഗിനെപ്പോലെ ബുദ്ധിജീവിയായ ഒരു രാഷ്ട്രനേതാവ് സമീപകാലചരിത്രത്തിൽ കാണില്ല. അദ്ദേഹത്തിന്റെ ജനസമ്മതി അടുത്തനാളിൽ കുറഞ്ഞെങ്കിലും ലോകനേതാക്കന്മാരുടെയിടയിൽ അദ്ദേഹമിന്നും ആദരണീയനാണ്. "ഒരു രാജ്യത്തിന്റെ നേതാവെന്നതിലുപരി  മൻമോഹൻ സിംഗ് താൻ ഏറ്റവും ബഹുമാനിക്കുന്ന വ്യക്തിയാണെണ്" അദ്ദേഹത്തിന്റെ  വൈറ്റ് ഹൌസ് സന്ദർശന വേളയിൽ ഒബാമ  പറയുകയുണ്ടായി.  ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ  അമേരിക്കയും ഇന്ത്യയും ബിസിനസ് പങ്കാളികളാകാൻ കാരണവും മൻമോഹൻ സിംഗാണ്. അതുപോലെ ജപ്പാൻപ്രധാനമന്ത്രി ചിൻസോ അസ്സെ ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽവെച്ച് മൻമോഹൻ സിംഗ് തന്റെ ഗുരുവും ആരാധകനുമെന്ന് വിശേഷിപ്പിക്കുകയുണ്ടായി. സാമ്പത്തിക മുന്നേറ്റത്തിൽ ലോകത്തിന്റെയധിപനാകാൻ തയ്യാറെടുക്കുന്ന ചൈനയുടെ കുതിച്ചുപായലിൽ അസൂയാവഹമായി ഇന്ത്യയും ശക്തിപ്രാപിക്കാൻ കാരണം മൻമോഹൻ സിംഗാണെന്ന്  ജപ്പാൻപ്രധാനമന്ത്രി എടുത്തുപറഞ്ഞത്‌ ശ്രദ്ധേയമാണ്. ജപ്പാൻ ഇന്ത്യയുടെ ഉറ്റമിത്രവും സാമ്പത്തിക  പങ്കാളിയുമാണ്‌.


ഇന്ത്യയുടെ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ സംബന്ധിച്ച് പ്രത്യേകമായ  ഒരു മുഖവുരയുടെ ആവശ്യമില്ല. ചരിത്രത്തിലെ  ഗ്രന്ഥപ്പുരയിലുള്ള ഭാരതശിൽപ്പികൾക്കൊപ്പം അദ്ദേഹത്തിൻറെ നാമവും  എഴുതപ്പെട്ടിരിക്കുന്നു. മൂന്നാം തവണയും പ്രധാനമന്ത്രിപദം കാംഷിക്കുന്നില്ലെന്നു തീരുമാനിച്ചതും ഭാരത ജനതയുടെ സ്നേഹാദരവുകൾ നേടികൊണ്ടായിരുന്നു.  മൻമോഹൻ  ഇന്ത്യൻ പ്രധാനമന്ത്രിയെന്ന ആദ്യത്തെ  സിക്കുകാരനായിരുന്നു.  അതിലുമുപരി നെഹ്രുവിനുശേഷം കാലാവധി പൂർത്തിയാക്കി വീണ്ടും പ്രധാനമന്ത്രിയായി അതേ ഓഫീസിൽ ചുമതലകൾ വഹിച്ചുവെന്നുള്ളതും വിശേഷണമാണ്.


പാക്കിസ്ഥാനിലുള്ള 'ഗാഹ്' എന്ന അപ്രധാനമായ ഒരു ഗ്രാമത്തിലായിരുന്നു 1932 സെപ്റ്റംബർ ഇരുപത്തിയാറാം തിയതി സിംഗ് ജനിച്ചത്‌. സിംഗിന്റെ പിതാവ് ഗുർമുഖസിംഗും മാതാവ് അമ്രിത കൌറുമായിരുന്നു.  മാതാവ് അമ്രിത നന്നേ ചെറുപ്പത്തിൽ മരിച്ചുപോയി. പിന്നീട് സിംഗിനെ വളർത്തിയത് പിതൃമാതാവായിരുന്നു. കഷ്ടിച്ചുജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിലെ അംഗമായി മൻ മോഹനെന്ന ബാലൻ വളർന്നു. ആ ഗ്രാമത്തിൽ അന്ന് വൈദ്യുതിയൊ സ്കൂളോ ഹോസ്പ്പിറ്റലോ ഉണ്ടായിരുന്നില്ല. മൈലുകൾ കാൽനടയായി നടന്നാണ് സ്കൂളിൽ പോയിരുന്നത്. രാത്രികാലങ്ങളിൽ മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ സ്കൂളിലെ പാഠങ്ങൾ പഠിച്ചിരുന്നു. മണിക്കൂറോളം മണ്ണെണ്ണ വിളക്കിന്റെ നേരിയ പ്രകാശത്തിൽ പഠിച്ചതുകൊണ്ടാണ് തന്റെ കണ്ണിന്റെ കാഴ്ച കുറഞ്ഞതെന്നും മൻമോഹൻ ചിലപ്പോൾ നേരംപോക്കായി പറയാറുണ്ട്‌. ഇന്ത്യാ പാക്കിസ്ഥാൻ വിഭജനശേഷം അദ്ദേഹത്തിൻറെ കുടുംബം ഉത്തര പ്രദേശിലുള്ള അമൃത്‌സറിൽ താമസം തുടങ്ങി. അവിടെ അദ്ദേഹം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. 

 
'അങ്ങയുടെ ജീവിതത്തിലെ  വിജയരഹസ്യമെന്തെന്ന്ആരെങ്കിലും മൻമോഹനോട് ചോദിച്ചാൽ 'വിദ്യ ലഭിച്ചതുകൊണ്ടാണ് നിലവിലുള്ള തന്റെ നേട്ടങ്ങൾക്കെല്ലാം കാരണമെന്നു' പറയും. ഇന്നുള്ള യുവജനങ്ങൾക്ക്‌ മഹാനായ മൻമോഹൻ സിംഗ് ഒരു  മാതൃകയാണ്. പഠിച്ചുയരാൻ സ്വയം കഴിവുകളും അവസരങ്ങളും സ്വയമുണ്ടാക്കിയെന്നും തന്റെ ഉയർച്ചയിൽ ജന്മംതന്ന മാതാപിതാക്കളോടും ബന്ധുജനങ്ങളോടും കടപ്പാടുകളുമുണ്ടെന്നും മൻമോഹൻ വിശ്വസിക്കുന്നു. കോളേജുവിദ്യാഭ്യാസ കാലംമുതൽ പരീക്ഷകളിലെന്നും ഒന്നാമനായി പാസ്സായിക്കൊണ്ട് അർഹമായ എല്ലാ  സ്കോളർഷീപ്പുകളും  നേടിയിരുന്നു. പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നിന്ന് 1954 -ൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി.  അവിടെനിന്ന് സ്കോളർഷിപ്പ്സഹിതം കേംബ്രിഡ്‌ജ് (Cambridge)യൂണിവേഴ്സിറ്റിയിൽനിന്ന് മാസ്റ്റെഴ്സും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽനിന്നു പി.എച്ച്. ഡി.യും കരസ്ഥമാക്കി.

 
അക്കാഡമിക്ക് നിലവാരം പരിഗണിച്ച് 'ആഡം സ്മിത്ത്' സ്കോളർഷിപ്പും ലഭിച്ചിരുന്നു.  പഠിക്കുന്ന ക്ലാസുകളിൽ എന്നും ഒന്നാമനും ബുദ്ധിമാനുമായിരുന്നെങ്കിലും പൊതുസദസുകളിൽ അദ്ദേഹമൊരു നാണം കുണുങ്ങിയായിരുന്നു. ബി.ബി.സി. വാർത്താലേഖകൻ മാർക്ക് റ്റൂല്ലിയുമായ അഭിമുഖ സംഭാഷണത്തിൽ മൻമോഹൻ പറഞ്ഞു "ഇംഗ്ലണ്ടിൽ (Cambridge)) പഠിക്കുന്ന കാലത്ത് താൻ എന്നും തണുത്ത വെള്ളത്തിൽ കുളിച്ചിരുന്നു.  ഹോസ്റ്റലിൽ അക്കാലത്ത് ചൂടുവെള്ളം വരുന്ന നിമിഷത്തിൽ എല്ലാ വിദ്യാർത്ഥികളും ഒന്നിച്ചു കുളിക്കാൻ വരുമായിരുന്നു. തന്റെ നീണ്ട തലമുടി അവരെ കാണിക്കാൻ എന്നും നാണമായിരുന്നു." പലപ്പോഴും ഹോസ്റ്റലിലെ ഏക സിക്കുകാരനെന്ന നിലയിൽ തലമുണ്ടുമായി മറ്റുള്ളവരോട് സംസാരിക്കാനും മടിയായിരുന്നു. പഠിക്കാൻ മിടുക്കനായിരുന്നതുകൊണ്ട് കേംബ്രിഡ്ജിലെയും ഓക്സ്ഫോർഡിലേയും അദ്ധ്യാപകർക്ക് മൻ മോഹനെന്ന വിദ്യാർത്ഥി പ്രിയങ്കരനുമായിരുന്നു. 

 
ഇംഗ്ലണ്ടിലെ പഠനശേഷം മൻമോഹൻ സിംഗ് തന്റെ നാടായ അമൃത്‌സറിൽ മടങ്ങിയെത്തി. അവിടെയദ്ദേഹം കോളേജദ്ധ്യാപകനായി ജോലിയാരംഭിച്ചു. ഒരിക്കൽ മൻമോഹൻ പ്രസിദ്ധ എഴുത്തുകാരനും അയൽക്കാരനുമായ മുല്ക്ക് രാജ് ആനന്ദുമൊന്നിച്ച് പണ്ഡിറ്റ് ജവർലാലിനെ  സന്ദർശിച്ചു. പണ്ഡിറ്റ്ജി ഒരു സർക്കാർജോലി അദ്ദേഹത്തിന് വാഗ്ദാനം ചെയ്തെങ്കിലും അദ്ധ്യാപകജോലി തുടങ്ങിയതുകൊണ്ട് അതേ അക്കാഡമിക്ക് വർഷത്തിൽ  മറ്റൊരു ജോലി സ്വീകരിക്കാൻ അദ്ദേഹം തയ്യാറായില്ല. യുണൈറ്റഡ്‌ നാഷനിൽ രാഹുൽ പ്രഭീഷെന്ന വിഖ്യാതനായ ധനതത്ത്വ ശാസ്ത്രജ്ഞന്റെ കീഴിൽ ജോലിനോക്കവേ അദ്ദേഹത്തിന് ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ലക്ച്ററായി നിയമനം ലഭിച്ചു. അക്കാലത്ത് യൂഎന്നിലെ അതിപ്രധാനമായ ഈ ജോലിക്കുവേണ്ടി സാമ്പത്തികവിദക്തർ മത്സരിക്കുമ്പോൾ മൻമോഹൻ തന്റെ ജോലിയിൽനിന്ന് രാജിവെയ്ക്കുന്ന വാർത്ത ഡോ. പ്രബീഷിനുതന്നെ വിസ്‌മയമുണ്ടായി. നിലവിലുള്ള മാന്യമായ യൂ.എൻ. ജോലി രാജിവെച്ച് അദ്ധ്യാപകനായി സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോവുന്നത് അവിവേകമെന്ന് അദ്ദേഹം മൻമോഹനെ ഒർമ്മിപ്പിച്ചപ്പോൾ ജീവിതത്തിലെ ചില കാലങ്ങളിൽ മണ്ടനായിരിക്കുന്നതും ബുദ്ധിപരമെന്ന് മറുപടി കൊടുത്തു.

 
മടങ്ങിവന്നശേഷം മൻമോഹൻ സിംഗ് ആദ്യം ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പഠിപ്പിച്ചു. അതിനുശേഷം സർക്കാർ സർവീസിൽ ജോലിയാരംഭിച്ചു. സാമ്പത്തിക മേഖലകളിലെ സുപ്രധാന തീരുമാനങ്ങളെടുക്കുന്ന മിക്ക പദവികളും വഹിച്ചിട്ടുണ്ട്‌. സർക്കാരിന്റെ പ്രധാന സാമ്പത്തികോപദേഷ്ടാവ്, ഫൈനാൻസ് സെക്രട്ടറി, റിസർവ് ബാങ്ക് ഗവർണ്ണർ, പ്ലാനിംഗ് കമ്മീഷൻ ഡപ്യൂട്ടി ചെയർമാൻ, ഇന്ത്യയുടെ ധനകാര്യമന്ത്രി എന്നീ നിലകളിൽ സേവനമർപ്പിച്ചശേഷമാണ്‌  പ്രധാനമന്ത്രിപദം അദ്ദേഹം അലങ്കരിച്ചത്.

 
1958-ൽ മൻമോഹൻ സിംഗ് ഗുർഷറൽ കൌറിനെ വിവാഹം ചെയ്തു. ഈ ദമ്പതികൾക്ക് ഉപീദ്രർ, ഡാമൻ, അമ്രീത് എന്നിങ്ങനെ മൂന്നു പെണ്‍കുട്ടികൾ ജനിച്ചു. മൂത്ത മകൾ ഉപീദ്രർ ഡൽഹിയൂണിവേഴ്സിറ്റി പ്രൊഫസറും ആറേഴു ഗ്രന്ഥങ്ങളുടെ കർത്ത്രിയുമാണ്. രണ്ടാമത്തെ മകൾ ഡാമൻ ഡൽഹിയിലെ സെൻറ് സ്റ്റീഫൻ കോളേജിൽ നിന്ന് ബിരുദമെടുത്തശേഷം ഗുജറാത്തിലെ റൂറൽ ഇൻസ്റ്റുട്ടിൽനിന്നും മറ്റൊരു ബിരുദവും നേടി. സാഹിത്യ കൃതികളിൽ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. മൂന്നാമത്തെ മകൾ അമ്രീത് അമേരിക്കൻ സിവിൽ ലിബർട്ടി യൂണിയനിൽ അറ്റോർണിയും അമേരിക്കയിൽ സ്ഥിരതാമസക്കാരിയുമാണ്.

 
ഇന്ത്യയെ സംബന്ധിച്ച് 1991 കാലഘട്ടം സാമ്പത്തിക പ്രതിസന്ധികളുടെ നാളുകളായിരുന്നു. അന്ന് രാജ്യത്തിന്റെ രക്ഷകനായി ഉയർന്നുവന്ന നേതാവാണ്‌ മൻമോഹൻ സിംഗ്. പി.വി. നരസിംഹറാവു അദ്ദേഹത്തെ അന്നത്തെ ധനകാര്യമന്ത്രിയായി നിയമിച്ചു. സാമ്പത്തിക ശാസ്ത്രത്തിന് പുത്തനായ രൂപം നല്കികൊണ്ട് തകർന്നുകൊണ്ടിരുന്ന ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ പുനർജീവിപ്പിച്ചതും സിംഗായിരുന്നു. അദ്ദേഹം തുടങ്ങിവെച്ച സാമ്പത്തിക പരിഷ്ക്കാരനേട്ടങ്ങളിൽ ഇന്ത്യാ കുതിച്ചുയരുന്ന സമയത്ത് 1996-ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ്സ് പാർട്ടി പരാജയപ്പെട്ടു. അതിനുശേഷം അടൽ ബിഹാരി ബാജ്പൈ പ്രധാനമന്ത്രിയായിരുന്ന കാലത്ത് മൻമോഹൻ രാജ്യസഭാ നേതാവായിരുന്നു. 2004-ൽ വീണ്ടും കോണ്ഗ്രസ്സിന്റെ നേതൃത്വത്തിൽ കൂട്ടുമന്ത്രിസഭ വന്നപ്പോൾ സോണിയാ സ്വയം പ്രധാനമന്ത്രിപദം വേണ്ടെന്നുവെച്ച് മൻമോഹൻ സിംഗിനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി  ചുമതലകളേൽപ്പിച്ചു. 


2005-ൽ കോലാലംപൂരിൽ നടന്ന ഇന്ത്യാ ഏഷ്യൻ രാഷ്ട്രത്തലവന്മാരുടെ  സമ്മേളനത്തിൽ മൻമോഹൻ സിംഗും പങ്കുചേർന്നിരുന്നു. അന്നത്തെ സമ്മേളനത്തിൽ പങ്കെടുത്തവർ അദ്ദേഹത്തെ അഭിസംബോധന ചെയ്തത് 'സാമ്പത്തിക ബൌദ്ധികതലങ്ങളിൽ ആധികാരികമായി സംസാരിക്കാൻ യോഗ്യനായ ഇന്നുള്ള ലോകത്തിലെ രാഷ്ട്രത്തലവനെന്നായിരുന്നു'.   തീർച്ചയായും ഓരോ ഭാരതീയനും അദ്ദേഹത്തിൽ അഭിമാനിക്കണം.  അക്കാഡമിക്ക് നിലവാരത്തിൽ  അദ്ദേഹത്തിൻറെയത്രയും യോഗ്യതനേടിയ മറ്റൊരു പ്രധാനമന്ത്രി ഇന്ത്യയിലുണ്ടായിട്ടില്ല. അദ്ദേഹത്തോളം ബൌദ്ധികതലങ്ങളിലുയർന്ന വേറൊരു രാഷ്ട്രത്തലവനും  ഭൂമുഖത്തില്ല.  അദ്ദേഹത്തിന്റേത് അത്രയ്ക്കും അങ്ങേയറ്റം റെക്കോർഡാക്കിയ ഉൽകൃഷ്ടമായ ജീവിതമായിരുന്നു. നേടിയ നേട്ടങ്ങൾക്കെല്ലാം കാലം അർഹമായ പ്രതിഫലം നല്കുകയും ചെയ്തു. 

 
വിദ്യയിൽക്കൂടി, കഠിനാദ്ധ്വാനത്തിൽക്കൂടി ജീവിതായോധനത്തിലെ നേട്ടങ്ങൾ കൈവരിക്കാനാഗ്രഹിക്കുന്ന യുവജനങ്ങൾക്ക്‌ മൻമോഹൻ സിംഗ് എന്നുമൊരു വഴികാട്ടിയും മാതൃകയും പ്രചോദനവുമായിരിക്കും. അദ്ദേഹത്തിന് ധനികരായ മാതാപിതാക്കളോ സ്വാധീനമുള്ള ബന്ധുക്കളോ ധനമോ പാരമ്പര്യസ്വത്തുക്കളോ ശുപാർശ നടത്താൻ സ്വാധീനമുള്ളവരോ ഉണ്ടായിരുന്നില്ല. എല്ലാം സ്വന്തമായി നേടിയെടുത്ത യോഗ്യതയും കഠിനാധ്വാനവുമായിരുന്നു. കൂടാതെ സത്യസന്ധതയും ബുദ്ധിശക്തിയും അദ്ദേഹത്തെയെന്നും കർമ്മനിരതനാക്കിയിരുന്നു.  മാതൃഭൂമിയോടുള്ള അടങ്ങാത്ത അമിതസ്നേഹം ഈ മഹാനെ രാജ്യത്തിന്റെ ഉന്നതപീഠംവരെയെത്തിച്ചു. 

 
സിംഗിന്റെ രാഷ്ട്രീയഭാവി എന്നും സങ്കീർണ്ണത നിറഞ്ഞതായിരുന്നു. മറ്റുള്ള രാഷ്ട്രീയപ്രഭകളെപ്പോലെ അദ്ദേഹത്തിന് നൈസർഗീകമായ ഒരു വ്യക്തിപ്രഭാവമോ അനുയായികളോ ഉണ്ടായിരുന്നില്ല. ഉന്നതരാഷ്ട്രീയപാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചയാളായിരുന്നില്ല. ആദ്യതവണ പ്രധാനമന്ത്രിയായി ഇന്ത്യയെ നയിച്ചെങ്കിലും ഇന്ത്യയുടെ വികസനപദ്ധതികളെ എതിർത്തുകൊണ്ടിരുന്ന രാഷ്ട്രീയ കൂട്ടുകെട്ടോടെയുള്ള സങ്കരമന്ത്രിസഭയെ സിംഗിനന്ന് നേതൃത്വം കൊടുക്കേണ്ടി വന്നു. എങ്കിലും അദ്ദേഹത്തിൻറെ നയപരമായ സമീപനംമൂലം ഇന്ത്യയുടെ സാമ്പത്തികഭദ്രത  കെട്ടുറപ്പുള്ളതായിക്കൊണ്ടിരുന്നു. കാശ്മീർ പ്രശ്നത്തിന് പുരോഗമനമുണ്ടായില്ലെങ്കിലും അയൽരാജ്യമായ പാക്കിസ്ഥാനുമായി കൂടുതൽ മൈത്രിയിലാകുവാനും ബന്ധം മെച്ചപ്പെടുത്തുവാനും സാധിച്ചു. അമേരിക്കയുമായി ശക്തമായ ഒരു വ്യവസായ പങ്കാളിത്തബന്ധം സ്ഥാപിക്കാൻ സാധിച്ചതും സിംഗിന്റെ നേട്ടമാണ്. ദാരിദ്ര്യത്തെ ഉന്മൂലനം ചെയ്യുവാൻ വിപ്ലവകരമായ പല പദ്ധതികളും നടപ്പിലാക്കി. ആഗോള തലത്തിൽ ഇന്ത്യാ ഇന്ന് സാമ്പത്തിക ശക്തിയെന്ന അംഗീകാരം നേടിയതും ചരിത്രപരമായ നേട്ടമാണ്. 


ഇന്ത്യൻ രാഷ്ട്രീയത്തിൽ സിംഗ് ഒരിക്കലും തെരഞ്ഞെടുപ്പിൽ ജയിക്കുകയോ ഇന്ത്യയുടെ പാർലമെൻറ് അംഗമോ ആയിട്ടില്ല.  2010 ലെ ടൈംമാഗസിനിലെ ലിസ്റ്റനുസരിച്ച് മൻമോഹൻ ലോകത്തിലെ സുപ്രധാനമായ നൂറ് വ്യക്തികളിൽ ഒരാളായി കരുതുന്നു. അതുപോലെ ലോകരാഷ്ട്രത്തലവന്മാരിലെ പ്രശസ്തരായ വ്യക്തികളിൽ പത്തുപേരെ തെരഞ്ഞെടുത്തതിൽ ഒരാൾ സിംഗാണ്. കോണ്ഗ്രസ് പാർട്ടിയുടെ വളർച്ചയിലും തളർച്ചയിലും മൻമോഹൻസിംഗ് എക്കാലവും   കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്നു. 1996 ലും 1998 ലും 1999 ലും കോണ്ഗ്രസിന്റെ തുടർച്ചയായ പരാജയവേളകളിലെല്ലാം മൻ മോഹൻ സിംഗ് തന്റെ കൂറ് എന്നും കോണ്ഗ്രസ് പാർട്ടിയോടൊപ്പം പ്രകടിപ്പിച്ചുകൊണ്ട് അടിയുറച്ചുനിന്നു. 

 
2013 ആഗസ്റ്റ് പതിനഞ്ചാംതിയതി ഡൽഹിയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ രാഷ്ട്രത്തോടായി  മൻമോഹൻ ചെയ്ത പ്രസംഗം വികാരഭരിതമായിരുന്നു. പ്രകൃതിദുരന്തങ്ങളിൽ ജീവനും സ്വത്തും ഭവനങ്ങളും നഷ്ടപ്പെട്ടവർക്കായി കേഴുന്ന ഭാരതം ദുരിതമനുഭവിക്കുന്നവരോടു കൂടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നഷ്ടപ്പെട്ട അവരുടെ ഭവനങ്ങൾ പുനരുദ്ധരിക്കാനും അവരെ കർമ്മ മേഖലയിലേക്കു കൊണ്ടുവരുവാനുള്ള പദ്ധതികളും ആവിഷ്ക്കരിച്ചതായി പ്രസംഗത്തിൽ അദ്ദേഹം ഊന്നിപ്പറയുകയുണ്ടായി. ഇന്ത്യൻ നേവിയുടെ മുങ്ങപ്പെട്ട കപ്പ ലിൽ ജീവൻ നഷ്ടപ്പെട്ട പതിനെട്ടു നാവികരുടെ കുടുംബാംഗങ്ങളുടെ ദുഃഖം രാഷ്ട്രത്തിന്റെ ദുഖമാണെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി. 


ഭാരതം റിപ്പബ്ലിക്കായതുമുതൽ ഇന്ത്യയ്ക്കുണ്ടായ പുരോഗതികളെപ്പറ്റിയുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം ഒരു ചരിത്ര വിദ്യാർത്ഥിയ്ക്ക്‌ വളരെയധികം പ്രയോജനപ്പെടും. ഭാരതത്തിൽ ഓരോ ദശകത്തിലുമുണ്ടായ അഭിവൃദ്ധിയുടെ പാതകൾ പ്രസംഗത്തിലുടനീളമുണ്ട്. അദ്ദേഹത്തിൻറെ റിപ്പബ്ലിക്ക് ദിനപ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ താഴെ വിവരിക്കുന്നു.

 

1.      1950-ൽ പണ്ഡിറ്റ്‌ ജവർലാൽ നെഹ്രുവിന്റെ നേതൃത്വത്തിൽ ഇന്ത്യയെ പരമാധികാരമുള്ള ഒരു ജനാധിപത്യ റിപ്പബ്ലിക്കാക്കി. ആദ്യത്തെ പത്തു കൊല്ലത്തിനുള്ളിൽ സ്ഥാപിച്ച അറ്റോമിക്ക് എനർജികമ്മീഷൻപ്ലാനിംഗ് കമ്മീഷൻ, ഇലക്ഷൻ കമ്മീഷൻ എന്നീ സ്ഥാപനങ്ങൾ പിന്നീടുള്ള രാഷ്ട്രനിർമ്മാണ പ്രവർത്തനങ്ങൾക്കായി പ്രയോജനപ്പെട്ടു. ആദ്യതെരഞ്ഞെടുപ്പും പഞ്ചവത്സര പദ്ധതികളും ഈ കാലഘട്ടത്തിന്റെ തുടക്കമായിരുന്നു. 
 

2.      1960 മുതൽ അടുത്ത പത്തുവർഷത്തിലുള്ള നെഹ്രുവിന്റെ കാലഘട്ടത്തിൽ വ്യവസായങ്ങളും ഫാക്റ്ററികളും സ്ഥാപിച്ചു. ജലസേചന പദ്ധതികളും യൂണിവേഴ്സിറ്റികളും തുടങ്ങി. ശാസ്ത്രത്തിനും സാങ്കേതിക വിദ്യകൾക്കും പ്രാധാന്യം കൽപ്പിച്ചുകൊണ്ടുള്ള  നവഭാരതത്തിനായുള്ള പദ്ധതികളുടെ തുടക്കവും ഈ കാലഘട്ടത്തിന്റെ പ്രത്യേകതയായിരുന്നു. 
 

3.      1970-ൽ ഇന്ദിരാജി ഇന്ത്യയുടെ ആദ്യത്തെ മനുഷ്യനിർമ്മിതമായ ഉപഗ്രഹം ശ്യൂന്യാകാശത്തിലയച്ചു. ഇന്ത്യയുടെ ഹരിതക വിപ്ലവത്തിന്റെ ഫലമായി ഭക്ഷണധാന്യങ്ങൾ ഉത്ഭാദിപ്പിക്കുന്നതിൽ നാം സ്വയം പര്യപ്തയായി. അന്നുവരെ ഭക്ഷണവിഭവങ്ങൾ വിദേശത്തുനിന്നും ഇറക്കുമതി ചെയ്തിരുന്നു.


4.      1980 മുതലുള്ള ദശകങ്ങളിൽ പ്രധാനമന്ത്രി രജീവ്‌ ഗാന്ധിയുടെ നേതൃത്വത്തിൽ അടിസ്ഥാന സാങ്കേതിക വിദ്യയുടെയും സാമ്പത്തിക രാജ്യപരിപാലന ശാസ്ത്രത്തിന്റെയും പുരോഗമനമായിരുന്നു. പഞ്ചായത്ത് രാജും ഗ്രാമീണ ജനതയെ പുനരുദ്ധരിക്കുന്ന പദ്ധതികളും നടപ്പിലാക്കിയത് ഈ കാലഘട്ടത്തിലാണ്.  

5.      1991 മുതലുളള നരസിംഹ റാവുവിന്റെ ഭരണ നാളുകൾ ഇന്ത്യാ സാമ്പത്തിക വിപ്ലവത്തിൽക്കൂടി വിജയം വരിച്ച കാലഘട്ടങ്ങളായിരുന്നു. ആരംഭത്തിൽ പ്രതിപക്ഷത്തിലെ രാഷ്ട്രീയപാർട്ടികൾ സാമ്പത്തിക നവീകരണപരിപാടികളുടെ പ്രായോഗികവശങ്ങളെ മനസിലാക്കാതെ എതിർത്തിരുന്നു. എങ്കിലും അന്നു തുടങ്ങിവെച്ച ഉദാരവല്ക്കരണ പദ്ധതികൾ ദേശീയ താല്പര്യമനുസരിച്ചായിരുന്നു. അതിനുശേഷം അധികാരത്തിൽ വന്ന എല്ലാ സർക്കാരുകളും ഉദാരവൽക്കരണ പദ്ധതികളുമായി മുമ്പോട്ടുപോയി. അന്നുമുതൽ നമ്മുടെ രാജ്യം  ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാമ്പത്തിക ശാക്തികചേരികളോടൊപ്പം പുരോഗമന പാതയിൽക്കൂടി മുമ്പോട്ടുകുതിക്കുന്നു. 


6.      വാജ്പേയി ഭരിച്ചിരുന്ന കഴിഞ്ഞ ദശകങ്ങളിലും സാമ്പത്തിക മേഖലയിൽ രാജ്യം അതിവേഗം പുരോഗമിച്ചുകൊണ്ടിരുന്നു.
 

7.       ഈ ദശകത്തിലുളള  മൻമോഹൻ സിംഗിന്റെ കാലം രാഷ്ട്രത്തിന്റെ ചരിത്രത്തിലെ സുവർണ്ണകാലഘട്ടമായി കരുതുന്നു. ഒരു പതിറ്റാണ്ടിലും രാജ്യത്തിന്‌ ഇത്രമാത്രം പുരോഗതിയുണ്ടായിട്ടില്ല.


ആഗോളതലത്തിൽ പ്രസിദ്ധനായ മൻമോഹൻസിംഗിന് വിമർശനങ്ങളും വിമർശകരുമുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ച അഞ്ചു ശതമാനം കുറഞ്ഞു. എന്നാൽ സാമ്പത്തിക അസമത്വങ്ങൾ ഇക്കഴിഞ്ഞ കാലങ്ങളിൽ ഒരു ആഗോളപ്രശ്നമായിരുന്നു. അത് ഇന്ത്യയുടെ മാത്രം പ്രശ്നമായിരുന്നില്ല. യൂറോപ്പ്യൻ രാജ്യങ്ങളാകെ സാമ്പത്തിക അരാജകത്തം മൂലം പുകയുന്നുണ്ടായിരുന്നു. മൂന്നാംചേരിയിലെ രാജ്യങ്ങളിൽ കയറ്റുമതി ഗണ്യമായി കുറഞ്ഞിരുന്നു. കഴിഞ്ഞ ഒമ്പതുവർഷമായി ശരാശരി ഇന്ത്യയുടെ സാമ്പത്തിക വളർച്ച 8 ശതമാനമായിരുന്നത് 'മൻമോഹണോമിക്സ'ത്തിന്റെ വിജയവും അഭിമാനിക്കത്തക്ക സാമ്പത്തിക ചരിത്രവുമായിരുന്നു.


ആഭ്യന്തര പ്രശ്നങ്ങളിലും ഇന്ത്യയ്ക്കകത്തും പുറത്തും വിമർശനങ്ങളുണ്ട്‌.  ഇന്ത്യയുടെ സുരക്ഷാപദ്ധതികൾ വിജയകരമായിരുന്നെങ്കിലും വർഗീയ ഭീകരതയും നക്സൽ ബാരിസവും വർദ്ധിച്ചുകൊണ്ടിരിക്കുന്നു.  ഭാരതത്തിന്റെ നാനാത്വത്തിൽ ഏകത്വംമെന്ന ചിന്തകൾക്കും വ്യതിയാനം സംഭവിച്ചിട്ടുണ്ട്. അതിർത്തിയിൽനിന്നും നുഴഞ്ഞുകയറി ഭീകരർ ജവാന്മാരെ ആക്രമിക്കുകയെന്നതും സാധാരണമാണ്. അഴിമതികൾ നിവാരണം ചെയ്യാൻ ലോകപാൽബിൽ പാർലമെന്റ് പാസാക്കിയെങ്കിലും ആ ബില്ല് ഇന്നും രാജ്യസഭയുടെ പരിഗണനയിലിരിക്കുന്നു.  നമ്മുടെ രാഷ്ട്രീയ സംവിധാനത്തെ മൊത്തം ശുദ്ധീകരണം നടത്താൻ ഈ ബില്ല് ഉപകാരപ്രദമായേക്കും.

 
 ഓരോ പതിറ്റാണ്ടുകളിലും ഈ രാജ്യത്ത് മാറ്റങ്ങളുണ്ടാകുന്നുണ്ടായിരുന്നു. എന്നാൽ മൻമോഹൻ യുഗത്തിലെ മാറ്റങ്ങൾ സർവ്വകാല റിക്കോർഡും ഭേദിച്ചുകൊണ്ടായിരുന്നു. അജ്ഞതയും വിശപ്പും ദാരിദ്ര്യവും ദൂരീകരിക്കുന്നകാലം ഇനി വിദൂരമല്ല. ഇന്ത്യാ പുരോഗമിക്കുന്നുണ്ട്. ആ പുരോഗമനത്തിൽ മതമോ ഭാഷയോ വിഭാഗീയ ചിന്തകളോ കണക്കാക്കാതെ ഭാരതത്തിലെ എല്ലാ പൌരന്മാരും പങ്കാളികളാവണം. ജനാധിപത്യശക്തികൾ ഇന്ന് ഒന്നായി രാഷ്ട്രത്തെ ബലപ്പെടുത്താൻ കർമ്മരംഗത്തുണ്ട്. എന്നിരുന്നാലും ഭാരതത്തിന്റെ സാമ്പത്തിക കലയിലെ പുനർനിർമ്മാണശിൽപ്പി മൻമോഹൻ സിംഗെന്ന് ഇതിനകം ചരിത്രത്തിന്റെ താളുകൾ സാക്ഷ്യപ്പെടുത്തുകയും ചെയ്തു.




British Pathram:

Malayalam Daily:

EMalayalee:

 










 


 


 


No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...