
അമേരിക്കയിലെ ഒരു യൂണിവേഴ്സിറ്റി, മതവിശ്വാസവുമായി അനുബന്ധിച്ച് ഒരു സർവ്വേ ബോണ്‍ എഗയിൻ ക്രിസ്ത്യാനികളിൽ (Born again Christians) നടത്തുകയുണ്ടായി. ക്രിസ്തീയസമൂഹത്തിൽ ചേരുന്നതിനുമുമ്പ് പുതിയ വിശ്വാസം സ്വീകരിച്ച ഇവരിൽ നാലുശതമാനം മദ്യത്തിന് അടിമകളായിരുന്നു. മദ്യം പാടില്ലായെന്ന് അനുശാസിക്കുന്ന പുതിയ മതം സ്വീകരിച്ചുകഴിഞ്ഞ് കുടിയന്മാരുടെ എണ്ണം പന്ത്രണ്ട് ശതമാനമായി. മതത്തിൽ ചേരുന്നതിനുമുമ്പ് അഞ്ചു ശതമാനം മയക്കുമരുന്നിനടിമയായവർ ഒമ്പത് ശതമാനമായി വർദ്ധിച്ചു. മതം മാറുന്നതിനുമുമ്പ് രണ്ടുശതമാനം അസന്മാർഗികമായ ലൈംഗികത നടത്തിയവരുടെ എണ്ണം അഞ്ചു ശതമാനമായി. ഇവരിൽ കൂടുതൽപേരും കൗമാരപ്രായത്തിൽ മതം മാറിയവരാണ്. അപകടം പിടിച്ച യുവത്വകാലഘട്ടങ്ങളിലാണ് വഴിപിഴച്ച ജീവിതത്തിൽക്കൂടി ലൈംഗികതയിലും ഊർജത നേടുന്നത്. മുകളിൽ പറഞ്ഞ സർവ്വേയിലെ തെളിവുകളുടെ ബലത്തിൽ ഇതില്നിന്നും മനസിലാക്കേണ്ടത് ക്രിസ്തുമതത്തിന് ഒരാളിന്റെ സന്മാർഗനിലവാരം മെച്ചമാക്കാൻ സാധിക്കുകയില്ലന്നല്ലേ?
നാസ്തികർക്ക് ധാർമ്മികതയില്ലെന്ന് ഈശ്വരനിരതരായവർ പ്രചരിപ്പിക്കുന്നത് കാണാം. അത് ശരിയല്ല. മതത്തിൽ വിശ്വസിക്കുന്നവരെപ്പോലെ നാസ്തികരും തുല്യമായി ധാർമ്മികതയിൽ വിശ്വസിക്കുന്നുണ്ട്. എങ്കിൽ നാസ്തികരുടെ എഴുതപ്പെട്ട ധാർമ്മികനിയമങ്ങൾ എന്തെല്ലാമെന്നും അടുത്ത ചോദ്യം ഉദിച്ചേക്കാം. മതം കല്പ്പിക്കുന്നപോലെ കർശനമായ നിയമസംഹിതകളിലുള്ള ഒരു പുസ്തകത്തിൽ നാസ്തികൻ വിശ്വസിക്കുന്നില്ല. മതത്തിൽ അടിയുറച്ചു വിശ്വസിക്കുന്നവരുടെ അതേ ധാർമ്മികതയാണ് നാസ്തികനും പിന്തുടരുന്നത്. മനുഷ്യരുണ്ടാക്കുന്ന ധാർമ്മിക നിയമങ്ങളിൽ അവർ വിശ്വസിക്കുന്നുവെന്ന വ്യത്യാസമേയുള്ളൂ. ദൈവം മനുഷ്യനായി ജനിച്ചുതരുന്ന വചനങ്ങളോ ദൈവം മുഖേന പ്രവാചകർ കൽപ്പിക്കുന്ന നിയമങ്ങളോ നാസ്തികൻ വിശ്വസിക്കില്ല. നാസ്തികരായവർ ഭൂരിഭാഗവും അവിശ്വാസികളായത് മതം അവർക്ക് അനുയോജ്യമല്ലെന്ന് ബോദ്ധ്യമായതുകൊണ്ടാണ്. ഒന്നിൽക്കൂടുതൽ മതങ്ങളെ അഗാധമായി പഠിച്ചശേഷമായിരിക്കും സാധാരണഗതിയിൽ നാസ്തികർ തീരുമാനം എടുക്കാറുള്ളത്. മതവിശ്വാസങ്ങളെ തള്ളിക്കളയുന്നതും ശ്രദ്ധാപൂർവ്വം പഠിച്ചശേഷമായിരിക്കും.

ആരാണ് സത്യമായ ക്രിസ്ത്യാനി, അല്ലെങ്കിൽ വിശ്വാസി? അനേക മതങ്ങളുണ്ടെങ്കിലും ഏതാണ് സത്യമതമെന്ന് തിരിച്ചറിയാനും സാധിക്കില്ല. തങ്ങളുടേത് മാത്രം സത്യമെന്ന് പറഞ്ഞ് മതങ്ങൾ തമ്മിൽ പരസ്‌പരം മത്സരമാണ്. അങ്ങനെ മല്ലടിക്കുമ്പോൾ മതങ്ങളിലെ ധാർമ്മിക ചിന്തകളെവിടെയെന്നും ചിന്തിച്ചുപോവും. മതത്തിന്റെ പേരിൽ തമ്മിൽതമ്മിൽ കൊലകൾവരെ നടത്തും. അങ്ങനെയെങ്കിൽ ഒരു അന്വേഷിക്ക് സത്യമതം അല്ലെങ്കിൽ അധാർമ്മിക മതം ഏതെന്നും തിരിച്ചറിയാൻ കഴിയില്ല. തങ്ങളുടേത് മാത്രം സത്യമെന്ന് പറഞ്ഞ് നവീകരണസഭകളും കത്തോലിക്കരും തമ്മിൽ മത്സരത്തിലാണ്. ആ സാഹചര്യങ്ങളിലാണ് നാസ്തികൻ തന്റെ അനുഭവജ്ഞാനത്തിലൂടെ പ്രായോഗികമായി ചിന്തിക്കുന്നത്. ക്രിസ്തുമതം പരസ്പരവിരുദ്ധമായ തത്ത്വമൂല്യങ്ങളുള്ള മതമെന്നും നാസ്തികൻ ചിന്തിക്കും. അക്കൂടെ അധാർമ്മികമായി ജീവിക്കുന്ന ക്രിസ്ത്യാനികളെയും കാണാം. ചിലർ സ്വാർഥതാൽപര്യത്തിന് മതവചനങ്ങളെ തെറ്റായും വ്യാഖ്യാനിക്കാറുണ്ട്. ബൈബിൾ ധാർമ്മിക നിയമങ്ങൾ മാത്രമുള്ള പുസ്തകമെങ്കിൽ വഴിപിഴച്ച ക്രിസ്ത്യാനിയ്ക്ക് സ്വന്തം താല്പര്യം സംരക്ഷിക്കാൻ ബൈബിളിനെ അവന്റെ യുക്തിയിൽ കൊണ്ടുവരാൻ സാധിക്കും. വിശുദ്ധ ബൈബിൾ ദൈവവചനമെങ്കിൽ എന്തുകൊണ്ട് മനസിലാകുന്ന ഭാഷയിൽ രചിച്ചില്ല. സ്വന്തം വിശ്വാസംതന്നെ ദൈവനിശ്ചയത്തിന് എതിരെന്ന് എങ്ങനെ നാം മനസിലാക്കും? ബൈബിളിനെ ഏതു വിധത്തിൽ വ്യാഖ്യാനിക്കുന്നവനും ക്രിസ്ത്യാനി തന്നെ. യേശുവിൽ വിശ്വസിക്കുന്നവൻ കൊലയും പിടിച്ചുപറിയും നടത്തിയാലും അയാൾ ക്രിസ്ത്യാനി തന്നെ. ബൈബിളിലെ വചനം അവന്റെ ന്യായികരണത്തിലും മൂർച്ച കൂട്ടും
.
മതങ്ങൾക്കുള്ളതുപോലെ നാസ്തിക വിശ്വാസത്തിന് പ്രത്യേകമായ ഗ്രന്ഥങ്ങളോ നിയമ സംഹിതകളോയില്ല.എങ്കിലും സ്വീകാര്യമായ ചില ചിട്ടകൾ നാസ്തികനിൽ കാണാം. നാസ്തികരും ആശയങ്ങൾ പ്രചരിപ്പിക്കാറുണ്ട്. മതത്തിലെ നിയമങ്ങളെ അന്ധമായി അനുകരിക്കുന്നവരെക്കാളും നാസ്തികർ ധാർമികനിലവാരം പുലർത്തുന്നുണ്ട്. ജീവിതം അർത്ഥ പൂർണ്ണമാകണമെങ്കിൽ സ്വയം കണ്ടെത്തണമെന്ന് ചിന്തിക്കുന്നു. നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും സത്യത്തെ കണ്ടെത്തുക,സത്യമേതെന്ന് മനസിലായി ഉചിതമായത് തെരഞ്ഞെടുക്കുക, നമുക്കുള്ളതുകൊണ്ട് ജീവിതം ആസ്വദിക്കുക, നമ്മെ സ്വയം ആത്മബോധം ഉള്ളവരാക്കുക, മറ്റുള്ളവരെ ആശ്രയിക്കാതെ സ്വയം യുക്തമെന്നുള്ളത് കണ്ടെത്തുക, എന്നെല്ലാം നാസ്തികന്റെ എഴുതപ്പെടാത്ത നിയമങ്ങളാണ്. ഒന്നിനെ സത്യമാക്കാൻ അന്ധമായി വിശ്വസിക്കരുതെന്നും എന്തുവിശ്വാസമെങ്കിലും ചോദ്യം ചെയ്യണമെന്നും നാസ്തിക ഡയറിയിലുണ്ട്.
ലക്ഷ്യമില്ലാതെ അമേരിക്കയിലേക്കുള്ള യാത്രാമദ്ധ്യേ കൊളംബസിന്റെ കപ്പൽ സമുദ്രത്തിൽ അലഞ്ഞിരുന്ന സമയം അദ്ദേഹത്തിൻറെ കൂടെയുള്ളവരുടെ ക്ഷമ നശിച്ചിരുന്നു. ശേഖരിച്ചിരുന്ന ഭഷണവിഭവങ്ങളും തീർന്നിരുന്നു. ഒരു സമയത്ത് സഹയാത്രികർ കൊളംബസിന്റെ നേരെ തോക്കുയർത്തി. അവരുടെ വിശപ്പും ദാഹവും അക്ഷമയും സകല ധാർമ്മികതയേയും കാറ്റിൽ പറത്തിയിരുന്നു. ധാർമ്മികമായ ചിന്താഗതി ജീവജാലങ്ങളിൽ മനുഷ്യനുമാത്രമേ ജന്മസഹജമായി ലഭിച്ചിരിക്കുന്നതെന്ന് സെമറ്റിക്ക് മതങ്ങൾ വിശ്വസിക്കുന്നു. അത് സത്യമല്ല. മനുഷ്യനെപ്പോലെ മൃഗങ്ങൾക്കും സഹജമായ വികാരങ്ങളുണ്ട്. കാട്ടിൽ ഗർജിച്ചുനടക്കുന്ന സിംഹം അതിന്റെ ഇരയെ പിടിക്കുന്നത് വിശക്കുമ്പോഴാണ്. സിംഹത്തിന് വയറു നിറഞ്ഞിരിക്കുന്നെങ്കിൽ അതൊരു ജീവിയേയും കൊല്ലാൻ മെനക്കെടില്ല. മാൻപേടകൾ സിംഹത്തിനു ചുറ്റും കളിച്ചുനടക്കുന്നത് ഡിസ്ക്കവറി ചാനലിലും നാഷണൽ ജിയോ ഗ്രാഫിക്ക് മാസികകളിലും കാണാം. ‘നായ’ തമ്മിൽ കടി കൂടുമ്പോൾ ഒരു നായ് വാലും ചുരുട്ടി കീഴടങ്ങിയാൽ മറ്റേ നായ് പിന്നെ ഉപദ്രവിക്കില്ല. തള്ളക്കോഴി പരുന്തുകൾ വരുമ്പോൾ പിള്ളക്കോഴികളെ ചിറകിനുള്ളിൽ കാത്തുസൂക്ഷിക്കുന്നത് കാണാം. പക്ഷികൾ കൂടുവെയ്ക്കുന്നു. കുഞ്ഞുങ്ങൾക്ക് തീറ്റികൊടുക്കുന്നു. മനോഹരമായ കലാവിരുതുകളും പക്ഷികൂട്ടിന്മേൽ കാണാം. കൂടുതൽ സുരക്ഷിതത്വം തേടി തള്ളപ്പൂച്ച കുഞ്ഞുങ്ങളെയും കടിച്ചുതൂക്കി മറ്റൊരു താവളത്തിലെത്തിക്കുന്നു. ഇതിൽ നിന്നെല്ലാം ധാർമ്മികതയുടെ അംശം മൃഗങ്ങളിലുണ്ടെന്നും ജന്മസിദ്ധമായ ഗുണമാണെന്നും സ്പഷ്ടമാണ്. ഇതിനെ ധാർമ്മികതയെന്ന് വിളിക്കാമോയെന്നറിയില്ല.
മനുഷ്യന് കുറച്ചുകൂടി വിശാലമായ ധാർമ്മിക ബോധമുണ്ട്. അത് മനുഷ്യൻ വളർന്നുവന്ന സാഹചര്യങ്ങളിൽ പതിയെ പതിയെ വികസിച്ചുവന്നതാണ്. ആദിമഗോത്രത്തിൽ കണ്ടിരുന്ന ധാർമ്മികതയല്ല കുറച്ചുകൂടി വികസിച്ച സമൂഹത്തിൽ കണ്ടിരുന്നത്. ഓരോ ഗോത്രത്തലവന്മാരും തങ്ങളുടെ ഗോത്രങ്ങളെ മാത്രം സംരക്ഷിക്കുന്നതായി പഴയനിയമത്തിൽ വായിക്കാം. ഗോത്രത്തിൽ പുറത്തുള്ളവരെയും സഹായിക്കുകയെന്ന ധാർമ്മികത വന്നത് മനുഷ്യന്റെ മനസ് വികസിച്ച ശേഷമാണ്. അന്യന്റെ ഭാര്യ, അന്യന്റെ സ്വത്ത് ആഗ്രഹിക്കരുതെന്നൊക്കെ എല്ലാ മതങ്ങളുടെയും പ്രത്യേകതയായിരുന്നു. ആദിമമനുഷ്യനിൽ അങ്ങനെ ഒരു അടിസ്ഥാന തത്ത്വം ഉണ്ടായിരുന്നില്ല. സമൂഹത്തിന്റെ വികസനഘട്ടത്തിലാണ് സ്വത്ത് സമ്പാദികയെന്നുള്ള ആശയം മനുഷ്യനിൽ ഉണ്ടായത്.
ഗോത്രങ്ങൾ കൂട്ടമായി കൃഷിചെയ്ത് വികസിച്ചുകഴിഞ്ഞപ്പോൾ ഗോത്രങ്ങൾ തമ്മിൽ ഐക്യം വന്നു. മിച്ചമുള്ള ധാന്യങ്ങൾ മറ്റുഗോത്രങ്ങൾക്ക് കൈമാറുവാനും തുടങ്ങി. അവിടെയാണ് അന്യന്റെ മുതൽ കക്കരുത്, അന്യന്റെ സ്വത്ത് ആഗ്രഹിക്കരുതെന്നുള്ള ധാർമ്മിക തത്ത്വങ്ങൾ ഉടലെടുത്തത്. അതുകൊണ്ട് പത്തു പ്രമാണങ്ങളിൽ കാണുന്നപോലെ ഇതൊന്നും ദൈവികമായ മൂല്യങ്ങളല്ല. മനുഷ്യന്റെ വികസനഫലമായി മനുഷ്യൻ തന്നെ കണ്ടെത്തിയ മൂല്യങ്ങളാണ്. അന്യന്റെ മുതൽ ആഗ്രഹിക്കരുതെന്നും കക്കരുതെന്നുമുള്ള ധാർമ്മികമൂല്യങ്ങൾ മനുഷ്യന്റെയിടയിൽ സാർവ്വത്രികമായി. അല്ലാതെ മോസസിന് ദൈവം കൊടുത്തതല്ല. ഓരോ രാജ്യത്തിലും ധാർമ്മിക മൂല്യങ്ങളിൽ വ്യത്യസ്തമായ നിയമങ്ങൾ കാണാം. സെമറ്റിക്ക് മതങ്ങളിൽ അടിമയോട് സ്നേഹത്തോടെ പെരുമാറാൻ പറയുന്നുണ്ട്. എന്നാൽ അടിമത്തം തെറ്റാണെന്ന് അവരുടെ മതഗ്രന്ഥങ്ങളിൽ ഇല്ല. അടിമത്തം ഇല്ലാതാക്കിയത് മനുഷ്യൻ വികസിപ്പിച്ച ഒരു സാമൂഹികചിന്തയാണ്. ആ കാലഘട്ടത്തിന്റെ മൂല്യവും നാം അവിടെ കാണുന്നു. എല്ലാ മതപ്രവാചകരും അവതരിപ്പിച്ചത് അതാതുകാലത്തെ മൂല്യങ്ങളായിരുന്നു.
ശാസ്ത്രത്തിന്റെ പുരോഗതിയിലും കാലഘട്ടങ്ങളുടെ പരിവർത്തനങ്ങളിലും മനുഷ്യന്റെ മനസുകൾക്ക് മാറ്റം വരും. പഴയ തലമുറകൾ ചിന്തിച്ചിരുന്ന മാമൂലുകൾക്കു മാറ്റം വന്നത് അതിനുള്ള തെളിവുകളാണ്. കീഴ്ജാതിയും ഉയർന്ന ജാതിയും തമ്മിലുള്ള വേർതിരുവുകളിൽ വിടവുകൾ കുറഞ്ഞത് മതത്തിന്റെ നിർദ്ദേശം കൊണ്ടല്ല മറിച്ച് മനുഷ്യന്റെ സാമൂഹിക കാഴ്ചപ്പാടിൽ വന്ന വ്യത്യാസം കൊണ്ടാണ്. ശാസ്ത്രത്തിന്റെ പുരോഗതിയിൽ മനുഷ്യനും ചിന്തകൾക്കും വ്യതിയാനങ്ങൾ വരും. ഹൈന്ദവരുടെ കൂട്ടുകുടുംബ വ്യവസ്ഥയിൽനിന്ന് ന്യൂക്ലിയർ കുടുംബങ്ങൾ പടുത്തുയർത്തി. അന്ന് പ്രായത്തിൽ കൂടിയവരെയും സ്വന്തം അമ്മാവന്മാരെയും ബഹുമാനിക്കുകയെന്ന ചട്ടങ്ങൾ പാലിക്കണമായിരുന്നു. ഇന്ന് മുതിർന്നവരെ ആരാധിക്കുക, ബഹുമാനിക്കുകയെന്ന വ്യവസ്ഥിതി അടിച്ചേൽപ്പിക്കാൻ ചെന്നാൽ നടക്കില്ല. ഇതെല്ലാം നവോഥാന ചിന്തകളിലെ ധാർമ്മിക നേട്ടങ്ങളായിരുന്നു. മാറ്റങ്ങൾക്ക് മതം തടസം നിന്നിട്ടേയുള്ളൂ.
അമേരിക്കയിൽ കുറ്റവാളികളുടെയിടയിൽ നടത്തിയ ഒരു സർവ്വേയിൽ 92 ശതമാനം മതവിശ്വാസികളായി കാണുന്നു. വിശ്വാസംകൊണ്ട് അവരാരും നന്മയുള്ളവരായി കണ്ടില്ല. സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ നോർവേ, സ്വീഡൻ, സ്വിറ്റ്സർലണ്ട് എന്നീ രാജ്യങ്ങൾ മതവിശ്വാസം കുറഞ്ഞ രാജ്യങ്ങളാണ്. അവിടെയുള്ളവർ പള്ളിയിൽ പോവും. പക്ഷെ കൃസ്തു ഉയർത്തുവെന്നു പറഞ്ഞാൽ ചിരിക്കും. കന്യക പുരുഷനില്ലാതെ ഗർഭം ധരിച്ചെന്നു പറഞ്ഞാലും അവർ ചിരിക്കും. 80 ശതമാനം വിശ്വാസമില്ലാത്ത ജനതയാണവിടെയുള്ളത്. പള്ളിയും ആചാരങ്ങളും സാമൂഹിക ജീവിതത്തിന്റെ ഭാഗമെന്നുമാത്രം കരുതുന്നു. എന്നാൽ ഇന്ന് ലോകത്തിൽ ഏറ്റവും സാമൂഹിക സുരക്ഷിതത്വമുള്ളത് മത വിശ്വാസമില്ലാത്ത ഈ രാജ്യങ്ങളിലാണ്. കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും ആ രാജ്യങ്ങളിൽ വിരളമായേ നടക്കാറുള്ളൂ. വിശ്വാസവും നന്മതിന്മകളും തമ്മിൽ നേരിട്ട് ബന്ധമില്ലെന്നുള്ളത് ഈ രാജ്യങ്ങൾ തെളിവാണ്.

EMalayalee.com
http://www.emalayalee.com/varthaFull.php?newsId=73179
No comments:
Post a Comment