Tuesday, June 10, 2014

കേരള കത്തോലിക്കാ സഭയുടെ ഒളിഞ്ഞിരിക്കുന്ന കാനോൻ നിയമങ്ങൾ


By ജോസഫ് പടന്നമാക്കൽ   

പ്രശസ്ത സിനിമാനടി  അമലാപോളും തമിഴ് സിനിമാ സംവിധായകൻ ശ്രീ വിജയിയും  തമ്മിലുള്ള വിവാഹനിശ്ചയം പള്ളിയിൽ നടത്തിയതിന്റെ പേരിലുള്ള പ്രതിഷേധവാർത്തകൾ സൈബർപത്രങ്ങളിലും ഫേസ്ബുക്കിലും ബ്ലോഗുകളിലും  നിറഞ്ഞിരിക്കുന്നതായി കാണാം. താരജോഡികളുടെ വിവാഹവാർത്തകൾ ചൂടുള്ള വാർത്തകളായി കൊട്ടിഘോഷിക്കുകയെന്നതും പത്രപ്രസാധകരെ  സംബന്ധിച്ച് രസകരവുമാണ്. അമലാ പോളിന്റെ മനസുചോദ്യം പള്ളിയിൽ നടത്തിയെന്നുള്ളതാണ് വിവാദ വിഷയമായിരിക്കുന്നത്.   പണക്കാർക്ക് ഒരു നിയമവും പാവങ്ങൾക്ക് മറ്റൊരു നിയമവുമെന്ന  കുറ്റാരോപണമാണ് മുഖ്യവിഷയം. സഭാമക്കളുടെ ആശങ്കയ്ക്ക് പരിഹാരമായി സഭയുടെ തലപ്പത്തുനിന്നും നാളിതുവരെ യാതൊരുവിധ  പ്രതികരണങ്ങളും കണ്ടില്ല. സഭയുടെ മൌനം അമലാ പോളിന്റെ പള്ളിയിലുള്ള വിവാഹനിശ്ചയം നീതികരിക്കുന്നതായും കണക്കാക്കാം.  സഭാനിയമങ്ങളിൽ അല്മെനികൾ സംശയത്തിന്റെ നിഴലിൽ  അജ്ഞരായി കഴിയണമെന്നും പുരോഹിതർ കരുതുന്നു. കാനോൻനിയമം പഠിച്ച അവർക്ക് സത്യം വെളിപ്പെടുത്താൻ തന്റേടം കണ്ടെന്നുമിരിക്കില്ല. അതുമൂലം വ്യത്യസ്തമായ നിയമങ്ങൾ സഭയ്ക്കുള്ളിലുണ്ടെന്ന തോന്നൽ  സഭാമക്കളെ അസ്വസ്തരാക്കുകയും ചെയ്യും.
  
ശ്രീ മതി അമലാ പോളും പ്രതിശ്രുത വരനായ  വിജയിയും  വിവാഹിതരാകുന്നത് ക്ഷേത്രത്തിലാണ്. ആ സ്ഥിതിക്ക് പള്ളിയിൽനിന്നും അവർക്ക് വിവാഹമെന്ന കൂദാശ ലഭിക്കുന്നില്ല. ഹിന്ദുവിനെ വിവാഹം ചെയ്യുന്ന അമലാ പോളിനെ പള്ളിയിൽ അനുഗ്രഹിച്ചാൽ സഭാവിരുദ്ധമല്ല. മതം മാറി പിരിഞ്ഞു പോവുന്ന ഒരാൾക്ക് അത് സഭ  നല്കുന്ന അനുഗ്രഹാശംസകളാണ്. ഒരു പക്ഷെ കുടിലിലെ വിവാഹത്തിന് പുരോഹിതർ പ്രാധാന്യം കല്പ്പിച്ചില്ലെന്നു വരാം. പണവും പ്രതാപവും എന്തിനെയും വിലക്കെടുക്കാൻ കഴിയുമെന്ന ജനങ്ങളുടെ തെറ്റിധാരണകളിലും കുറ്റം കാണാൻ സാധിക്കുന്നില്ല. അവിടെ സഭയുടെ വശത്തും ന്യായികരണങ്ങളുണ്ട്. മാത്രവുമല്ല അക്രൈസ്തവനായ  ഒരാളെ അനുഗ്രഹീതമായ മിശ്രവിവാഹംവഴി ക്രിസ്തുമതത്തിലേക്ക് ആകർഷിപ്പിക്കാൻ സാധിക്കുമെന്നും സഭ വിശ്വസിക്കുന്നു. പോരാഞ്ഞ് വിവാഹിതരാകുന്നവർ ലക്ഷക്കണക്കിന് ആരാധകരുള്ള പ്രസിദ്ധരായവരുമാണ്. അമലാ പോളിന്റെ മനസുചോദ്യം സഭയുടെ നിയമങ്ങൾക്കും എതിരല്ല. അവർ കൂദാശകൾ സ്വീകരിക്കുന്നതായും വാർത്തകളിൽ കണ്ടില്ല.  
  
സീറോ മലബാർ പരമാദ്ധ്യക്ഷനായ കർദ്ദിനാൾ അലഞ്ചേരിയുടെ 2013 ഡിസംബറിൽ ഇറക്കിയ ഇടയലേഖനത്തിൽ കത്തോലിക്കർ അന്യമതസ്തരെ വിവാഹം കഴിക്കുന്നത് നിരുത്സാഹപ്പെടുത്തിയിരിക്കുന്നു. കത്തോലിക്കർ അക്രൈസ്തവരുമായി നടത്തുന്ന വിവാഹം കൂദാശയല്ലെന്നും കർദ്ദിനാൾ പറഞ്ഞു. കർദ്ദിനാളിന്റെ ഈ അഭിപ്രായം ആഗോള കത്തോലിക്കാ കാഴ്ചപ്പാടുമായി യോജിക്കാൻ സാധിക്കുന്നില്ല. "ക്രിസ്തുവിൽ വിശ്വസിച്ച് മാമ്മൊദീസ്സാ സ്വീകരിക്കാത്ത വ്യക്തിയുമായുള്ള വിവാഹത്തിൽ ക്രിസ്തുവിനോട് ഐക്യപ്പെടാനാവില്ല" യെന്ന് പുറത്തിറക്കിയ ഇടയലേഖനത്തിലുണ്ട്. ഇത് തികച്ചും കത്തോലിക്കാ സഭകളുടെ നിലപാടുകൾക്ക് വിരുദ്ധമായ അഭിപ്രായമാണ്. സീറോ മലബാർ  പൌരസ്ത്യസഭയുടെ ഈ തീരുമാനം മിശ്രവിവാഹിതരായവരെ ചിന്താക്കുഴപ്പത്തിലുമാക്കും. യഹൂദരായിരുന്ന ക്രിസ്തുശിക്ഷ്യർ വിവാഹം ചെയ്തിരുന്നതും യഹൂദ സ്ത്രീകളെയായിരിക്കണം. ക്രിസ്തുവുമായി ശിക്ഷ്യന്മാർ ഐക്യപ്പെട്ട് ഏകവിശ്വാസത്തിൽ സ്വരൂമയോടെ കഴിഞ്ഞിരുന്നുവെന്ന തിരുവചനങ്ങൾ   ഇടയലേഖനവുമായി പൊരുത്തപ്പെടുന്നുമില്ല. 
 
പത്തിരുപതു വർഷങ്ങൾക്കു മുമ്പ് കത്തോലിക്കർ മറ്റു വിശ്വാസികളുമായി വിവാഹം ചെയ്യുന്നത് അപൂർവ്വമായിരുന്നു. അമേരിക്കൻ ഐക്യനാടുകളിലും യൂറോപ്പിലും ഇന്ന് മിശ്രവിവാഹം സർവ്വസാധാരണമായി മാറിക്കഴിഞ്ഞു. മാറുന്ന പരിതസ്ഥിതിയിൽ സഭയുടെ നയങ്ങളിലും മാറ്റം കണ്ടുതുടങ്ങി. മിശ്രവിവാഹങ്ങൾ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ  അൾത്താരയുടെ മുമ്പിൽ നടത്താതെ പള്ളിവക മറ്റു കെട്ടിടങ്ങളിൽ  സ്വകാര്യമായി നടത്താനും തുടങ്ങി. ആധുനികകാലത്ത് അനേകർ മതത്തിനുപരിയായി ചിന്തിച്ചുകൊണ്ട് മറ്റു മതത്തിലുള്ളവരെ ജീവിത പങ്കാളികളായി കണ്ടെത്തുന്നു. ലോകത്തിലെ മിക്കരാജ്യങ്ങളിലും മിശ്രവിവാഹിതരുടെ എണ്ണം വർദ്ധിച്ചുകൊണ്ടുമിരിക്കുന്നു.  അമേരിക്കയിൽ നാൽപ്പതുശതമാനം ജനങ്ങളും മിശ്രവിവാഹിതരെന്നും കണക്കാക്കുന്നു. കത്തോലിക്കരായവർ മറ്റു മതക്കാരെ വിവാഹം കഴിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും സഭയിന്ന്   അന്യമതത്തിലുള്ളവരായുള്ള വിവാഹങ്ങളും നടത്തിക്കൊടുക്കാറുണ്ട്. ദൈവശാസ്ത്രജ്ഞൻ റോബർട്ട് ഹേറ്റർ എഴുതിയ പുസ്തകത്തിൽ ഒരു കത്തോലിക്കൻ അകത്തൊലിക്കനെ വിവാഹം കഴിക്കുന്നതിനെപ്പറ്റി  പറഞ്ഞിരിക്കുന്നത്"മിശ്രവിവാഹങ്ങളിൽ നിഷേധപരമായ ന്യൂനതകളുണ്ടെങ്കിലും വിവാഹംവഴി  മിശ്രവിവാഹിതരും  പരിശുദ്ധാത്മവിനാൽ ഒന്നാകുന്നുവെന്നാണ്."
  
അക്രൈസ്തവരുമായുള്ള സഭയുടെ വിവാഹനിയമങ്ങൾ ദൈവ ശാസ്ത്രജ്ഞരുടെയിടയിലും വിഭിന്നതരങ്ങളിലാണ് എഴുതിയിരിക്കുന്നത്. വിവാഹത്തെ രണ്ട് ശ്രേണികളിലായി തിരിച്ചിരിക്കുന്നു. ആദ്യത്തേത് സഭ വിവാഹത്തെ കൂദാശയായി കണക്കാക്കാതെ നിയമപരമായി  സാധുകരിക്കുന്നു. രണ്ടാമത്തേത് സഭയുടെ കൂദാശയുമായി കരുതുന്നു. ഇതിൽ അമലാ പോളിന്റെ മനസമ്മതം ആദ്യത്തെ ശ്രേണിയിൽ ഉൾപ്പെടുത്താം. വിവാഹിതർ രണ്ടുപേരും മാമ്മോദീസാ മുങ്ങിയവരെങ്കിൽ വിവാഹത്തെ കൂദാശയായി കരുതും. പങ്കാളി ഹിന്ദുവോ മുസ്ലിമോ, യഹൂദനോയെങ്കിൽ വിവാഹം സഭയുടെ നിയമചട്ടകൂട്ടിൽ സാധുവായി പരിഗണിക്കും. ക്രിസ്ത്യാനിയല്ലാത്ത പങ്കാളിക്ക് ലഭിക്കുന്നത് കൂദാശയല്ല. നിയമപരമായ വിവാഹത്തിനായി രൂപതാ ബിഷപ്പിന്റെ സമ്മതവും ആവശ്യമാണ്. മറ്റു പ്രതിബന്ധങ്ങൾ ഒന്നുമില്ലെങ്കിൽ കത്തോലിക്കരും ഇതര ക്രിസ്ത്യാനികളും തമ്മിലുള്ള  വിവാഹബന്ധം സഭയുടെ കൂദാശയായി പരിഗണിക്കും. ഹേറ്റർ വിവരിക്കുന്നതുപോലെ "അവരുടെ വിവാഹത്തിന്റെ അടിത്തറ ക്രിസ്ത്യൻ വിശ്വാസത്തിൽ" നിന്നാണ്. ക്രിസ്ത്യൻ വിശ്വാസികളെങ്കിലും  ചില തീവ്രക്രിസ്ത്യൻ വിഭാഗക്കാരുമായ വിവാഹബന്ധത്തിൽ സഭ കൂടുതൽ കരുതലെടുക്കുന്നു. അത്തരക്കാരുമായുള്ള നിയമപരമായ വിവാഹത്തിന് ബിഷപ്പിന്റെ അനുവാദം കിട്ടാനും പ്രയാസമാണ്.  പൊതുവേ ഓർത്തോഡോക്സ്, യാക്കൊബാ, സി.എസ.ഐ.ക്കാരുമായുള്ള വിവാഹബന്ധത്തിന് സഭയുടെ നിയമം അനുസരിച്ച് തടസമില്ല.  അക്രൈസ്തവരുമായ വിവാഹം കൂദാശയായി അംഗീകരിച്ചില്ലെങ്കിലും  നല്ല ജീവിതത്തിൽക്കൂടി ദൈവത്തിന്റെ സ്നേഹം പങ്കാളികൾക്ക് തുല്യമായി ലഭിക്കുന്നുമുണ്ട്.   
  
കത്തോലിക്കസഭയിൽ  വിവാഹമെന്ന കൂദാശ പരിശുദ്ധമായി കരുതുന്നതുകൊണ്ട് പങ്കാളി വ്യത്യസ്ത മതത്തിൽ  നിന്നുള്ളവരാണെങ്കിലും   ഇടവകപള്ളികളിൽ വിവാഹ കർമ്മങ്ങൾ  നടത്തുവാൻ സഭ താല്പര്യപ്പെടുന്നു. വിവാഹം മറ്റുള്ള സ്ഥലങ്ങളിലെങ്കിൽ സ്ഥലത്തെ ബിഷപ്പിന്റെ അനുവാദം ആവശ്യമാണ്. അകത്തോലിക്കാ പള്ളികളിലും വിവാഹ കാർമ്മികൻ അനുശാസിക്കുന്ന മറ്റുസ്ഥലങ്ങളിലും   തക്കതായ കാരണമുണ്ടെങ്കിൽ വിവാഹിതരാകുവാനുള്ള അനുവാദം   കൊടുക്കാൻ   രൂപതാബിഷപ്പിന്  അധികാരമുണ്ട്. അമേരിക്കൻ ബിഷപ്പ് സംഘടനയുടെ തീരുമാനമനുസരിച്ച്  ബിഷപ്പിന്റെ അനുവാദം കൂടാതെയുള്ള (ഡിസ്പെൻസേഷൻ) മിശ്രവിവാഹം   നിയമാനുസൃതമായിരിക്കില്ല.
  
വിവാഹം ആശിർവദിക്കുന്ന സമയം  പങ്കാളിയ്ക്കുവേണ്ടി    അകത്തോലിക്കാ പുരോഹിതനും കർമ്മങ്ങളിൽ പങ്കു ചേരാം.  എന്നാൽ കാനോൻ നിയമപ്രകാരം  കത്തോലിക്കാ പുരോഹിതനു മാത്രമേ കാർമ്മികത്വം വഹിക്കാൻ സാധിക്കുള്ളൂ.  അകത്തോലിക്കനായ  സഹകാർമ്മികന് വിവാഹ ചടങ്ങിലെ പ്രാർത്ഥനകളിൽ പങ്കുകൊണ്ട്  അനുഗ്രഹ പ്രഭാഷണം നടത്താം.   സാധാരണ മിശ്ര വിവാഹചടങ്ങുകളിൽ  അകത്തോലിക്കർ  പള്ളിയിൽ  സമ്മേളിക്കുന്നതുകൊണ്ട് കുർബാന കൊടുക്കുന്നത്  ദിവ്യബലിക്കു ശേഷമായിരിക്കും. മിശ്രവിവാഹിതരുടെ വിവാഹ ചടങ്ങിൽ  കുർബാന പുരോഹിതൻ അർപ്പിക്കണമെങ്കിൽ  ബിഷപ്പിന്റെ അനുവാദം കാലേകൂട്ടി  മേടിച്ചിരിക്കണം. വിവാഹ ചടങ്ങിൽ  കത്തോലിക്കരല്ലാത്ത  ജനം ദിവ്യകാരുണ്യം സ്വീകരിക്കാത്തതുകൊണ്ട് കുർബാനയും അന്നേ ദിവസം പള്ളിയിൽ സ്വാഗതാർഹമല്ല.  അകത്തോലിക്കനായ  പങ്കാളിക്ക് ബിഷപ്പിന്റെ അനുവാദത്തോടെ മാത്രമേ കുർബാനയപ്പം സ്വീകരിക്കാൻ സാധിക്കുള്ളൂ.
  
വിവാഹിതർക്ക് പിന്നീടുള്ള ജീവിതത്തിന്റെ  വരും വരായ്കളെ ബോധ്യപ്പെടുത്താൻ രൂപതകൾ ക്ലാസ്സുകളും കൌണ്സിലും കൊടുക്കാറുണ്ട്. വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളുമായ  ഭാവി ജീവിതത്തെപ്പറ്റിയായിരിക്കും വധുവരന്മാരെ ബോധ്യപ്പെടുത്താറുള്ളത്. മിശ്രവിവാഹിതർ തുടരുന്ന വിശ്വാസം ഏതെന്നും കത്തോലിക്കാ വിശ്വാസമോ, പങ്കാളിയുടെ വിശ്വാസമോ അതോ സങ്കരമായ  വിശ്വാസമോ എന്നീ വിവരങ്ങളും സഭയുടെ ചോദ്യാവലിയിൽ വ്യക്തമാക്കേണ്ടി വരും. കുഞ്ഞുങ്ങളെ ഏതു വിശ്വാസത്തിൽ വളർത്തുമെന്നും വ്യക്തമാക്കണം. വ്യത്യസ്ത സംസ്ക്കാരത്തോടുകൂടിയ അകത്തോലിക്കരായ ബന്ധുജനങ്ങളോട് എങ്ങനെ പെരുമാറണമെന്നും  വിഷയമാണ്. രണ്ടു മതക്കാർ തമ്മിൽ പരിശുദ്ധാരൂപിയിൽ എങ്ങനെ ഐക്യം സ്ഥാപിക്കാമെന്നും വധുവരന്മാരെ കൌണ്‍സിലും ക്ലാസ്സുകളുംവഴി ബോധവാന്മാരാക്കും.
  
മിശ്രവിവാഹിതർ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം മക്കളെ ഏതു വിശ്വാസത്തിൽ വളർത്തുമെന്നുള്ളതാണ്. ഈ വെല്ലുവിളികൾ കാരണം കത്തോലിക്കാ വിശ്വാസത്തിൽ തന്റെ എല്ലാവിധ  കഴിവുകളുമുപയൊഗിച്ച് മാമ്മോദീസാ നല്കി മക്കളെ വളർത്തിക്കൊള്ളാമെന്ന് ഒരു വാഗ്ദാനപത്രത്തിൽ ഒപ്പു വെയ്ക്കേണ്ടിവരും. 1983ലെ പുതുക്കിയ കാനോൻനിയമം ജനിക്കാൻ പോവുന്ന കുഞ്ഞുങ്ങളെ കത്തോലിക്കനായ പങ്കാളി കത്തോലിക്കാ വിശ്വാസത്തിൽ വളർത്തണമെന്നും അനുശാസിയ്ക്കുന്നു.  
  
കത്തോലിക്കനല്ലാത്ത വിവാഹം ചെയ്യുന്ന പങ്കാളി തനിക്ക് ജനിക്കാൻ പോകുന്ന മക്കളെ കത്തോലിക്കരായി വളർത്താമെന്നുള്ള വാഗ്ദാനങ്ങൾ നല്കേണ്ടതില്ല. പക്ഷെ ഇരുകൂട്ടരും ഇങ്ങനെയൊരു കരാറിൽ ഒപ്പിട്ടുവെന്നും അറിഞ്ഞിരിക്കണം. അതുമൂലം അകത്തോലിക്കരായ ബന്ധുജനങ്ങളുടെ മൌനസമ്മതവും വ്യക്തമാക്കുന്നു. അകത്തൊലിക്കനായ വിവാഹപങ്കാളി മക്കളെ കത്തോലിക്കാന്തരീക്ഷത്തിൽ വളർത്തില്ലായെന്നു കട്ടായം പറഞ്ഞാലും വിവാഹത്തിന് തടസം വരില്ല. കത്തോലിക്കനായ വരൻ അല്ലെങ്കിൽ വധു സമ്മതപത്രം ഒപ്പിടുന്ന പക്ഷം വിവാഹം നടത്തി കൊടുക്കുവാനും കാനോൻനിയമം അനുവദിക്കുന്നുണ്ട്. പിന്നീടുള്ള കാലങ്ങളിൽ മക്കൾ വ്യത്യസ്ത മതത്തിൽ വളർന്നാലും കാനോൻ നിയമം അനുസരിച്ച് അവരുടെ വിവാഹം സാധു തന്നെയാണ്. കത്തോലിക്കാവിശ്വാസവും പാരമ്പര്യവും  മക്കളെ പ്രായപൂർത്തിയാകുംവരെ പഠിപ്പിക്കാൻ കത്തോലിക്കാപങ്കാളി  കടപ്പെട്ടുമിരിക്കും.
  
യൂറോപ്പ്യൻ രാജ്യങ്ങളിൽ പൊതുവെയും ഇറ്റലിയിൽ പ്രത്യേകിച്ചും കത്തോലിക്കരും മുസ്ലിമുകളുമായുള്ള വിവാഹം വർദ്ധിച്ചുവരുന്നതായി കാണുന്നു. മുസ്ലിമുകളും കത്തോലിക്കരുമായുള്ള വിവാഹത്തിലും വെല്ലുവിളികളുണ്ട്. മുസ്ലിമുകൾ സാധാരണ ക്രിസ്ത്യാനിയേയോ  യഹൂദരായവരെയോ വിവാഹം കഴിക്കാൻ താല്പ്പര്യപ്പെടുന്നു. മതങ്ങൾ തമ്മിലുള്ള സാമ്യതയാണ് കാരണം. വാസ്തവത്തിൽ പ്രവാചകനായ മുഹമ്മദിന്റെ ഭാര്യയും ക്രിസ്ത്യാനിയായിരുന്നു. മുസ്ലിം സ്ത്രീകൾക്ക് വിവാഹിതനാകുന്നയാൾ മതം മാറാതെ മറ്റുള്ള മതങ്ങളിൽനിന്നും വിവാഹം കഴിക്കാൻ അനുവാദമില്ല. മക്കളെ വളർത്തുന്ന കാര്യത്തിൽ മുസ്ലിമുകളുടെ മതനിയമവും കത്തോലിക്കാ നിയമവും ഒന്നുതന്നെയാണ്. കത്തോലിക്കരും മുസ്ലിമുകളുമായി വിവാഹത്തിന്റെ പ്രതിബന്ധവും മക്കളുടെ മതപ്രശ്നം തന്നെ. രണ്ടുമതങ്ങളും ജനിക്കാൻ പോകുന്ന  മക്കളെ തങ്ങളുടെ മതത്തിൽ വളർത്തണമെന്നും നിഷ്കർഷിക്കുന്നു.  അത്തരം വിവാഹങ്ങളും സഭ വിട്ടുവീഴ്ച നല്കി അംഗീകരിക്കാറുണ്ട്. പരസ്പരം വിശ്വാസത്തോടെയുള്ള അവരുടെ ജീവിതത്തിലും  ദൈവത്തിന്റെ സ്നേഹം പ്രതിഫലിക്കുമെന്നും വിശ്വസിക്കുന്നു. മറ്റുള്ള മതങ്ങളിൽ കുടുംബജീവിതം നയിക്കാൻ മിശ്രവിവാഹത്തിലെ ദമ്പതികളെ പള്ളികളിൽ അനുഗ്രഹിക്കാറുണ്ട്. കാനോൻ നിയമമനുസരിച്ച് അത് അനുവദനീയവുമാണ്. 
  
ഒരുവന് യഹൂദനായോ ക്രിസ്ത്യാനിയായോ അല്ലെങ്കിൽ ക്രിസ്ത്യാനിയായോ ഹിന്ദുവായൊ ഒരേസമയം രണ്ടുമതങ്ങളിലും വിശ്വാസിയാകാൻ സാധിക്കില്ല. മിശ്രവിവാഹിതരായ ദമ്പതികൾ മറ്റു മതങ്ങളുടെ പാരമ്പര്യങ്ങളെയും സത്യങ്ങളെയും വിലമതിക്കാൻ കഴിവുള്ളവരായിരിക്കണം. അവരുടെ കുടുംബജീവിതത്തിൽ ഒരിക്കലും മതമൊരു പ്രശ്നമാകരുത്. ഇങ്ങനെയെല്ലാമുള്ള തത്ത്വങ്ങളായി ജീവിച്ചാലും സ്വന്തം വിശ്വാസത്തെപ്പറ്റി ബോധവാന്മാരാകുന്നത് അവർ മക്കളുമായി ജീവിക്കാൻ തുടങ്ങുന്ന കാലങ്ങളിലായിരിക്കും.
  
യഹൂദരും കത്തോലിക്കരുമായുള്ള വിവാഹം കൂടുതൽ പ്രശ്നസങ്കീർണ്ണമായി കാണുന്നു. യഹൂദ യാഥാസ്തിതിക നിയമങ്ങളെക്കാൾ കത്തോലിക്കാ നിയമങ്ങളാണ് ഉദാരമായി കാണുന്നത്. കത്തോലിക്കാ പുരോഹിതർ നിയമങ്ങൾ മറച്ചു വെയ്ക്കുമെങ്കിലും  വിവാഹത്തിൽ ഒരു പുരോഹിതന്റെ മാദ്ധ്യസ്ഥം ആവശ്യമില്ല.   വിവാഹം അനുഗ്രഹിക്കാൻ പുരോഹിതൻ കാർമ്മികനാകണമെന്നുമില്ല. കാർമ്മികർ വിവാഹിതരാകുന്ന വരനും വധുവുമെന്നാണ് വെപ്പ്. കോടതിയിലെ വിവാഹമാണെങ്കിലും നിയമാനുസൃതമായി സാധുവാക്കാൻ സഭയുടെ നിയമങ്ങൾക്ക് സാധിക്കും. യഹൂദവിശ്വാസം അതിന് സമ്മതിക്കില്ല. അവരുടെ റാബിതന്നെ വിവാഹം കഴിപ്പിക്കണം. വിവാഹത്തിന്റെ കാർമ്മികൻ റാബിയാണെങ്കിൽ തന്നെയും സഭ അവരുടെ കത്തോലിക്കാ വിശ്വാസിയുമായ വിവാഹത്തേയും അനുഗ്രഹിക്കാറുണ്ട്. വിവാഹം സഭയുടെ നിയമങ്ങളിൽ ഉൾപ്പെടുത്താറുമുണ്ട്. മക്കളെ വളർത്തുന്ന പ്രശ്നത്തിന്റെ പേരിൽ പലപ്പോഴും കത്തോലിക്കാസഭ യഹൂദരും മുസ്ലിമുകളുമായുള്ള വിവാഹം പ്രോത്സാഹിപ്പിക്കാറില്ല. 
  
വിവാഹമോചനവും  പുനർവിവാഹവും സഭ നിരുത്സാഹപ്പെടുത്തുന്നു. ദൈവം ബന്ധിച്ചത് മനുഷ്യനൊരിക്കലും വേർപെടുത്തരുതെന്നുള്ള വൈവാഹിക നിയമങ്ങളെ സഭ ഉയർത്തിപ്പിടിക്കുന്നു. പുനർവിവാഹം  അനുവദിച്ചു കൊടുക്കുകയില്ലാത്ത സ്ഥിതിക്കു പുനർ വിവാഹത്തിലുണ്ടാകുന്ന  മക്കളുടെ കാര്യം എന്തെന്ന് സഭ ഗൌനിച്ചിട്ടുണ്ടോ? കത്തോലിക്കാ ജീവിതരീതികളിൽനിന്നും മാറിനില്ക്കുന്ന പുനർവിവാഹത്തിലെ കുട്ടികൾ സഭയിൽനിന്നും അകന്നുപോവുന്ന വസ്തുതയും എന്തുകൊണ്ടു ഗൌനിക്കുന്നില്ല? അവർക്കുമുമ്പിൽ സഭ ഒരു അടഞ്ഞ അധ്യായമാവുകയാണ്.
  
ഒരുസ്ത്രീയെ അവരുടെ ഭർത്താവ് തന്റേതല്ലാത്തകാരണം കൊണ്ട് ഉപേക്ഷിച്ചുവെന്നിരിക്കട്ടെ. മൂന്നുമക്കളുമായി കഴിയുന്ന അവർ, സ്വന്തം നിലനില്പ്പിനുവേണ്ടി വീണ്ടും ഒരു കൂട്ടുകാരനെ കണ്ടുമുട്ടുന്നു. അയാൾ, അവരെയും മൂന്നു മക്കളെയും സ്നേഹിച്ചു പരിപാലിക്കുന്നു. രണ്ടാംവിവാഹം വിജയകരമായിട്ടു സന്തുഷ്ടകുടുംബമായി കഴിയുന്നു. ഈ കുടുംബത്തോടു വിവേചനം കാണിക്കുന്നുവെങ്കിൽ, വീണ്ടും വിവാഹം കഴിച്ച ഈ സ്ത്രീയും മക്കളും ഒരുപോലെ സഭയെ വെറുക്കുകയില്ലേ? മാതാപിതാക്കൾ സഭക്കു വെളിയിലാവുമ്പോൾ  ഭാവിതലമുറകളായ ഈ കുഞ്ഞുങ്ങളും സഭയ്ക്കു നഷ്ടപ്പെടുകയും ചെയ്യും. വിവാഹ മോചനംനേടിയ ദമ്പതികള്ക്കു കുര്ബാന സ്വീകരിക്കുവാനും സാധിക്കുകയില്ല. കൊലപാതകം ചെയ്തവനും വ്യഭിചാരിക്കും സ്ഥിരംമോഷ്ടാവിനും കൂദാശകളെ നിഷേധിച്ചിട്ടുമില്ല.  എങ്ങനെ ഈ കൊടുംപാപങ്ങൾകൊണ്ടു കഠിനഹൃദയരായിരിക്കുന്നവര്ക്കു കൂദാശകളാൽ, പരിശുദ്ധാത്മാവിന്റെ ശക്തി ആവഹിക്കുന്നതെന്നു മനസ്സിലാകുന്നില്ല. കത്തോലിക്കാ പള്ളിയിൽ  സഭയുടെ  നിയമപ്രകാരം  വിവാഹിതരാകാതെ  ഇതരസമുദാത്തിൽ വിവാഹിതരായി ജീവിച്ചശേഷം   വിവാഹമോചനം നേടിയവരെ  വീണ്ടും വിവാഹം കഴിപ്പിക്കുന്നതിൽ  സഭയ്ക്ക് പ്രശ്നമില്ല. സഭയുടെ അനുവാദം കൂടാതെയുള്ള അവരുടെ ആദ്യവിവാഹം അസാധുവായിരിക്കും.
  
ഇതര മതക്കാരുമായുള്ള വിവാഹത്തിൽ അകത്തോലിക്കനായ  പങ്കാളിയേ സഭയുടെ ദൌത്യങ്ങൾ പഠിപ്പിക്കാനുള്ള ബാധ്യത കത്തോലിക്കാ പങ്കാളിക്കുണ്ട്. "അവിശ്വാസിയായ ഭർത്താവ് ഭാര്യ മുഖേനയും അവിശ്വാസിയായ ഭാര്യ ഭർത്താവ് മുഖേനയും  വിശുദ്ധീകരിക്കപ്പെടുന്നു"വെന്ന് തിരുവചനം പറയുന്നു. ഈ  വിശുദ്ധീകരണംമൂലം ക്രൈസ്തവ വിശ്വാസത്തിലേക്ക് സ്വന്തം മനസാലെ  അക്രൈസ്തവർ വന്നുചേരണമെന്നും സഭ കാംക്ഷിക്കുന്നു.
 
മിശ്രവിവാഹത്തിലുണ്ടാകുന്ന മക്കൾ സഭയോട് ദുർബലവിശ്വാസം പുലർത്തുന്നതും സാധാരണമാണ്. മത ബോധാവൽക്കരണത്തിൽ അവരിൽ ചിന്താകുഴപ്പങ്ങളും അനുഭവപ്പെടുന്നു. സഭ, മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും സഭയ്ക്ക് വെളിയിൽ വിവാഹം ചെയ്യാൻ അനുവാദം കൊടുക്കാറുണ്ട്. രണ്ടുപേരും പരസ്പര ധാരണയോടെ ഒരേ വിശ്വാസം തിരഞ്ഞെടുക്കുകയാണെങ്കിൽ ഉണ്ടാകുന്ന മക്കളിൽ ചിന്താക്കുഴപ്പത്തിന് കാരണമാവില്ലെന്നും പ്രായോഗികമായി ചിന്തിക്കുന്നവർ വെളിപ്പെടുത്തുന്നു.

E Malayalee: http://www.emalayalee.com/varthaFull.php?newsId=79117

Malayalama Daily News: http://www.malayalamdailynews.com/?p=93254
 

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...