Wednesday, June 18, 2014

രണ്ടാം ധവളവിപ്ലവശിൽപ്പിയായ അരുണാചലം മുരുകാനന്ദം

By ജോസഫ് പടന്നമാക്കൽ 

അരുണാചലം മുരുകാനന്ദം ഇന്ത്യയിലെ രണ്ടാം ധവള വിപ്ലവത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നു. 1962-ൽ കോയമ്പത്തൂരിനു സമീപമായ ഒരു ഗ്രാമത്തിലാണ്  ജനിച്ചത്. കുത്തക മുതലാളിമാരിൽ നിന്നും വിഭിന്നമായി അദ്ദേഹത്തെ ഒരു സാമൂഹിക വിപ്ലവ വ്യവസായിയായി  മാദ്ധ്യമങ്ങൾ ചിത്രീകരിക്കുന്നതും കൌതുകകരമാണ്. അമേരിക്കയുടെ ടൈം മാഗസിൻ ഈ വർഷം പുറപ്പെടുവിച്ച ഇന്ത്യയിലെ നാലു സുപ്രധാന വ്യക്തികൾക്കൊപ്പം അദ്ദേഹത്തിൻറെ നാമവും  പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റു മൂന്നു വ്യക്തികളായ നരേന്ദ്ര മോഡി, കേജരിവാൾ, അരുന്ധതി റോയി എന്നിവരെ ലോകം അറിയും. പക്ഷെ തമിഴിലെ  സാധാരണക്കാരനായ ഈ മനുഷ്യൻ  ഒബാമയോടും മാർപ്പാപ്പയോടുമൊപ്പം  നൂറു വ്യക്തികളിലൊരാളായി ലോകശ്രദ്ധയിൽതന്നെ ഇടം നേടി. ആർത്തവ കാലങ്ങളിൽ സ്ത്രീകൾക്കാവശ്യമായ സാനിറ്ററി  പാഡ് ചുരുങ്ങിയ ചിലവിൽ ഉത്പ്പാതിപ്പിക്കുന്ന മെഷീൻ കണ്ടുപിടിച്ച്  ഉത്പാദന മേഖലയിൽ പുതിയൊരു അദ്ധ്യായം കുറിച്ചു. ഭാരതസ്ത്രീകൾ ആർത്തവമാസമുറകളിൽ പാരമ്പര്യമായി പഴുന്തുണി കഷണങ്ങൾ ഉപയോഗിച്ചു വന്നിരുന്നു. അതിനൊരു വിരാമം കണ്ടെത്തി ശ്വാശത പരിഹാരം കാണുവാൻ അരുണാചലം മുരുകാനന്ദം   അഹോരാത്രം പണിയെടുത്ത് ഗവേഷണങ്ങൾ നടത്തി വന്നിരുന്നു. വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്ന സാനിറ്ററിപാഡിന്റെ   വിൽപ്പനവഴി രാജ്യാന്തര കമ്പനികൾ വൻകൊള്ളകൾ നടത്തുന്നുവെന്നും അരുണാചലം മനസിലാക്കി. കുത്തക മുതലാളിമാരിൽനിന്നും ഇറക്കുമതി ചെയ്യുന്ന വ്യാവസായിക പാഡിനെക്കാളും മൂന്നിലൊന്ന് വിലയ്ക്കാണ്  അദ്ദേഹത്തിൻറെ കമ്പനി അതേ നിലവാരമുള്ള പാഡുകൾ വിറ്റുവരുന്നത്. ഇന്ത്യയിലെ ലക്ഷോപലക്ഷം സാധാരണക്കാരായ സ്ത്രീ ജനങ്ങള്ക്ക് അദ്ദേഹത്തിൻറെ ഭാവനയിലുണ്ടായ വിലകുറഞ്ഞ പാഡുകൾ  ഉപകാരപ്രദമായി. ഭൂരിഭാഗം സംസ്ഥാനങ്ങളിലും   കമ്പനി വിജയകരമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. നൂറുകണക്കിന് രാജ്യങ്ങളിൽ കമ്പനി പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു.   


നൂറുകോടിയിലധികം ജനം വസിക്കുന്ന ബൃഹത്തായ ഭാരതത്തിൽ  വർഷത്തിൽ 1000 കോടിയിൽപ്പരം സാനിറ്ററി പാഡുകൾ ഇന്ന് ചിലവാകുന്നുണ്ട്. അത് ദിനംപ്രതി വർദ്ധിച്ചുകൊണ്ടുമിരിക്കുന്നു. ഇന്ത്യയിൽ അതിന്റെ ഉത്ഭാദനം വൻകിട വ്യവസായ രാജ്യങ്ങളുടെ കുത്തകയാണ്. സാനിറ്ററി പാഡുകൾ നിർമ്മിക്കുന്ന മെഷീന്റെ വില കോടി കണക്കിന് രൂപാ മുടക്കുമുതലു വരും. ഒരു ചെറുകിട വ്യവസായിക്ക് അത്തരം വ്യവസായം തുടങ്ങാനുള്ള കരുത്തില്ല.   അതിനാവശ്യമുള്ള അസംസ്കൃത പദാർത്ഥങ്ങളും പുറം രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യെണ്ടതായുമുണ്ട്. സാധാരണ ജനങ്ങൾക്ക് ആർത്തവ നിരോധക പാഡിന്റെ ചെലവുകൾ താങ്ങാനുള്ള  കഴിവുമില്ല. അതിനു പരിഹാരമായി സ്ത്രീ ജനങ്ങൾ പലയിടങ്ങളിലും അരുണാചലം മുരുകാനന്ദം തുടങ്ങിവെച്ച കുടിൽ വ്യവസായങ്ങൾ  ആരംഭിച്ചിട്ടുണ്ട്. മുതൽമുടക്ക് കുറവ്, സാധാരണക്കാർക്ക് താങ്ങാൻ കഴിയുംവിധം  മിതമായ ഉൽപ്പന്നവില, വികസന സാധ്യതയുള്ള ബിസിനസ് എന്നെല്ലാം  ഈ സംരംഭത്തിന്റെ പ്രത്യേകതകളാണ്. ദിനം പ്രതി സാനിറ്ററി പാഡിന്റെ ഉപയോഗവ്യാപ്തി വർദ്ധിച്ചുകൊണ്ടുമിരിക്കുന്നു. ഗ്രാമീണതലങ്ങളിൽ പരമ്പരാഗതമായി പഴുന്തുണികൾ ഉപയോഗിച്ചുവരുന്ന സ്ത്രീകള്ക്കും ഈ പാഡുകൾ കുറഞ്ഞ ചിലവിൽ ഉപയോഗിക്കാൻ സാധിക്കും. പഴുന്തുണികളിൽനിന്ന് രോഗാണുക്കളും സാംക്രമികരോഗങ്ങളും ക്രീടങ്ങളും സ്ത്രീകളുടെ ജനനേന്ദ്രിയങ്ങളിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങൾക്കും അമ്മമാർവഴി രോഗവും പകരാം. 


മുരുകാനന്ദന്റെ ഈ കണ്ടുപിടുത്തം ഇന്ത്യയിലെ സ്ത്രീജനങ്ങളുടെ സാമൂഹിക ജീവിത രീതികൾക്കുതന്നെ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നു. ആർത്തവ കാലങ്ങളിൽ സ്ത്രീകളിൽ ശുചിത്വ ബോധമുണ്ടാക്കി  അവരിലെ വ്യക്തിത്വ ബോധവല്ക്കരണം ഉത്തേജിപ്പിക്കാനും സാധിച്ചു.  കണക്കനുസരിച്ച് അഞ്ചുശതമാനം സ്ത്രീജനങ്ങൾ മാത്രമേ ഇന്ത്യയിൽ ആർത്തവപാഡുകൾ ഉപയോഗിക്കാറുള്ളൂ. ആർത്തവം തുടങ്ങുന്ന കൗമാരപിള്ളേർ സ്കൂൾ പഠനവും ഉപേക്ഷിക്കുന്ന സാമൂഹിക പരിതാപകരമായ സ്ഥിതിവിശേഷവും ഭാരതത്തിലുണ്ട്.   മുരുകാനന്ദന്റെ വില കുറഞ്ഞ ഈ മെഷീൻ ഇന്ന് സ്ത്രീ ജനങ്ങൾക്ക് ഒരു വരുമാന മാർഗവുമാണ്. ആർത്തവകാലങ്ങളിലും ബുദ്ധിമുട്ടുകളില്ലാതെ സ്ത്രീകൾക്ക് ജോലി ചെയ്യാനും സാധിക്കുന്നു. പഴത്തൊലികളും പഴുന്തുണികളും മണ്ണുംവരെ സ്ത്രീകൾ ആർത്തവത്തെ  തടയാൻ ഉപയോഗിച്ചിരുന്നു. അവിടെയെല്ലാം മുരുകാനന്ദൻ ഒരു സാമൂഹിക  വിപ്ലവകാരിയായി മാറി. ഐ.ഐ.റ്റി.യിലും ഐ.ഐ.എം. അഹമ്മദബാദിലും ഹാർവാർഡിലുംവരെ ഹൈസ്ക്കൂൾപോലും വിദ്യാഭ്യാസമില്ലാത്ത അരുണാചലം മുരുകാനന്ദം ക്ലാസുകൾ എടുക്കുന്നു.  ആർത്തവ മനുഷ്യനെന്ന പേരിലറിയപ്പെടുന്ന അദ്ദേഹത്തിൻറെ കഥകൾ അഭ്രപാളികൾവരെ പകർത്തിയെടുത്തു. ഇതിനകം  അനേക കീർത്തിമുദ്രകളും അദ്ദേഹത്തെ തേടിയെത്തി.   


മുരുകാനന്ദന്റെ കഠിനാധ്വാന വ്രതങ്ങളോടെയുള്ള വിജയകരമായ ജീവിതം വളരുന്ന തലമുറകൾക്ക് മാതൃകയും ഉത്തേജനവുമാണ്. അദ്ദേഹത്തിന് സ്കൂൾ വിദ്യാഭ്യാസമില്ലായിരിക്കാം. എങ്കിലും ഒരു ബുദ്ധിരാക്ഷസനാണ്. ഒരുവൻ ജന്മനാ ബുദ്ധിയുള്ളവനെങ്കിൽ  അക്കാദമിക്ക് വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ല. ഇത്രമാത്രം ഉയരങ്ങളിൽ എത്തിയിട്ടും എളിമയും വിനയവും ഇന്നും ആ മനുഷ്യനെ വിട്ടുമാറിയിട്ടില്ല. അദ്ദേഹം ഒരു  വാഗ്മിയല്ലെങ്കിലും മാതൃകാപരമായ വ്യക്തിത്വത്തിന്റെ ഉടമയാണെന്നു പ്രസംഗങ്ങളിൽനിന്നും  കേൾവിക്കാർക്ക് മനസിലാകും. സ്ത്രീജീവിതം സുഗമമാക്കാൻ  സ്ത്രീകളുടെ ക്ഷേമത്തിനായി മല്ലിടുന്ന ആ മനുഷ്യൻ അവരുടെ  നിത്യസഹായിയായി ചരിത്രത്തിന്റെ താളുകളിലും കുറിക്കപ്പെട്ടു.


സ്കൂൾ വിദ്യാഭ്യാസം നേടാത്ത മുരുകാനന്ദന്റെ ശൈലിയിലുള്ള  പ്രസംഗങ്ങൾ ഇംഗ്ലീഷിൽ കേള്ക്കാൻ സമൂഹത്തിലെ ഉന്നതരായ വ്യവസായികളും ശാസ്ത്രജ്ഞരും സമ്മേളിക്കാറുണ്ട്. .അവരോട് അദ്ദേഹം പറയും, "അടുത്ത ഏതാനും മിനിറ്റുകൾ എന്റേതായ  ഇംഗ്ലീഷിൽ വ്യാകരണമോ ഉച്ഛാരണമോ ഇല്ലാതെ ഞാൻ നിങ്ങളോട് സംസാരിക്കട്ടെ. എന്റെ  ഇംഗ്ലീഷ്ഭാഷയെ പരിഹസിച്ചുകൊള്ളൂ.  ഇവിടെ ഇന്ന് സന്നിഹിതരായിരിക്കുന്ന ജനം എന്നെക്കാൾ വളരെയേറെ  വിദ്യാഭ്യാസം ലഭിച്ചവരാണ്. വിവരംകെട്ട ഞാൻ സംസാരിക്കുന്ന ഭാഷ  ഭൂരിഭാഗം ജനങ്ങൾക്കു  മനസിലാകുമെന്നും അറിയാം. അതുകൊണ്ട് നിങ്ങളുടെ മനസുകൾ എന്റെ ഉച്ഛാരണവും ഗ്രാമറും മറന്ന് എന്റെ പോരായ്മകളെ മനസിലാക്കി സ്വയം തിരുത്തണം. പതിനെട്ടു വയസ്സിൽ താഴെയുള്ളവർ ഞാൻ പറയുന്നത് മനസിലാക്കണമെങ്കിൽ  അവരുടെ മാതാപിതാക്കളുടെ സഹായവും തേടണം."


ആരംഭം മുതലുള്ള ദുരിതപൂർണ്ണമായ ജീവിതകഥകൾ പേരും പെരുമയും ആർജിച്ച പ്രതിഭകൾ നിറഞ്ഞ സദസുകളിൽ അദ്ദേഹം  അവതരിപ്പിക്കാറുണ്ട്. കമ്പനിയുടെ തുടക്കം മുതൽ നാളിതു വരെയുള്ള വിജയത്തിന്റെ കഥകളും വിവരിക്കും. എവിടെയും ജനങ്ങൾ അദ്ദേഹത്തെ ഹർഷാരവത്തോടെ കൈകൊട്ടി സ്വീകരിക്കുകയെന്നതും സദസുകളിലെ നിത്യ സംഭവങ്ങളുമാണ്. ഒരു കൂട്ടുകുടുംബത്തിലാണ് മുരുകാനന്ദൻ വളർന്നത്. വിവാഹം കഴിക്കുംവരെ ഒരു സാധാരണ ചെറുപ്പക്കാരനെപ്പോലെ ജീവിതം നയിച്ചു. തന്റെ വിവാഹശേഷം സ്വന്തം അമ്മയുടെ സ്വഭാവം പാടേ മാറിയെന്നാണ് മുരുകാനന്ദൻ പറയുന്നത്. ഭാരതത്തിലെ കുപ്രസിദ്ധരായ അമ്മായിമ്മമാരുടെ സ്വഭാവം മുഴുവനും മുരുകാനന്ദന്റെ അമ്മയിലും പ്രകടമായിരുന്നു. മരുമകൾ എന്തു ചെയ്താലും കുറ്റം കണ്ടുപിടിക്കുന്ന സ്വഭാവമായിരുന്നു. സ്വന്തം ഭാര്യയോട് സ്നേഹം പ്രകടിപ്പിക്കുന്നത് അമ്മയ്ക്കിഷ്ടമായിരുന്നില്ല. മരുമകളോട് ഒരു യക്ഷിയെപ്പോലെ പെരുമാറുന്നതുകൊണ്ട് ഭാര്യയുടെ ദുഖത്തിൽ മുരുകാനന്ദനും ഒപ്പം പങ്കു ചേർന്നിരുന്നു. നാട്ടുനടപ്പനുസരിച്ച് അവരുടെ വിവാഹം ബന്ധുക്കൾ നടത്തികൊടുത്തതായിരുന്നു. 


ഒരിക്കൽ മുരുകാനന്ദൻ തന്റെ ഭാര്യ എന്തോ കൈകൾ പുറകോട്ടാക്കി തന്നിൽനിന്നും മറച്ചുവെയ്ക്കുന്നത് കണ്ടു. അതെന്തെന്നറിയാൻ അദ്ദേഹത്തിലന്ന് ജിജ്ഞാസയുണ്ടായി. എന്താണ് കൈകൾ  പുറകിലാക്കികൊണ്ട്  ഒളിച്ചു വെച്ചിരിക്കുന്നതെന്ന് ചോദിച്ചപ്പോൾ അത് പുരുഷന്മാർ അറിയേണ്ടതല്ലെന്നും മറുപടി കൊടുത്തു. തന്റെ ഭാര്യ തന്നോടു  കളിക്കുകയാണെന്ന് വിചാരിച്ച് അറിയാൻ ശ്രമിച്ചപ്പോൾ 'നിങ്ങളുടെ  ബിസിനസല്ലെന്ന്' പറഞ്ഞ് തമാശക്ക് മുരുകാനന്ദന്റെ കവിളത്ത് ഒരടി കൊടുത്ത് അവർ  ഓടിപ്പോയി. എന്തായാലും സംഗതി മനസിലാക്കിയ മുരുകാനന്ദൻ തന്റെ ഭാര്യ കുറെ പഴുന്തുണികൾ  ശേഖരിച്ചിരിക്കുന്നത് കണ്ടു. 'നീ  എന്തുകൊണ്ട്  സാനിറ്ററി പാഡുകൾ  മാർക്കറ്റിൽനിന്ന് മേടിക്കുന്നില്ലായെന്ന്' ഭാര്യയോടു ചോദിച്ചപ്പോൾ,   'നമ്മുടെ കുഞ്ഞുങ്ങൾക്ക്  അങ്ങനെയെങ്കിൽ പാല് കൊടുക്കാൻ സാധിക്കാതെ വരുമെന്ന്' ഭാര്യ മറുപടിയും നല്കി. 


ഹൈജിനിക്കല്ലാത്ത   രോഗങ്ങളുണ്ടാകാൻ സാധ്യതയുള്ള ഇത്തരം പഴുന്തുണികൾ തന്റെ ഭാര്യ ഉപയൊഗിക്കുന്നുവെന്നറിഞ്ഞപ്പോൾ മുരുകാനന്ദന് പ്രയാസ്സമുണ്ടാക്കി..അന്നുതന്നെ മെഡിക്കൽ ഷോപ്പിൽനിന്നും  ഭാര്യക്കായി ഒരു പായ്ക്കറ്റ് സാനിറ്ററി പാഡ് മേടിച്ചു. ആ കഥ മുരുകാനന്ദൻ തന്റെ പ്രസംഗങ്ങളിൽ സരസമായി വർണ്ണിക്കാറുണ്ട്.  പുതിയതായി വിവാഹം ചെയ്ത ഒരു പുരുഷൻ വന്ന് സ്ത്രീകളുടെ ആർത്തവ കാലത്തുപയോഗിക്കുന്ന പാഡ് മേടിച്ചപ്പോൾ ഷോപ്പുടമ  തുറിച്ചുനോക്കിതും പുരുഷനായ താൻ ഇത്രമാത്രം താണു പോയോയെന്നു കടക്കാരൻ  ചോദിച്ചതും മുരുകാനന്ദൻ  സദസുകളിൽ  അവതരിപ്പിക്കാറുണ്ട്. അന്ന് നാടുമുഴുവൻ വസിക്കുന്ന ജനം പഴയ മാമൂലുകളെ മുറുകെ പിടിച്ചിരുന്നു. ഭാര്യമാർക്കായി ഇത്തരം പാഡുകൾ കടയിൽ മേടിക്കാൻ പോവുകയെന്നത് പുരുഷന്മാർക്ക് അപമാനവുമായിരുന്നു. പത്രത്തിൽ പൊതിഞ്ഞ് കടക്കാരൻ നാലുവശവും നോക്കി ഒരു കള്ളനെപ്പോലെ  പാഡ് നല്കിയതും മുരുകാനന്ദന്റെ കുറിപ്പുകളിലുണ്ട്. താൻ അയാളോട്  കോണ്ടോം' (ഗർഭനിരോധക്)ചോദിച്ചില്ലല്ലോ, പിന്നെ അയാള് എന്തിന് സാനിറ്ററി പാഡിന്റെ പേരിൽ ഒളിച്ചുകളിച്ചുവെന്നും  മുരുകാനന്ദന് മനസിലായിരുന്നില്ല. മെഡിക്കൽ ഷോപ്പിൽനിന്നും  വാങ്ങിയ പാഡുകൾ മുരുകാനന്ദൻ പരിശോധിച്ചപ്പോൾ കുത്തകകമ്പനികൾ അതിൽനിന്നുമുണ്ടാക്കുന്ന കൊള്ളലാഭവും  എത്രത്തോളമുണ്ടെന്നും മനസിലാക്കി.  


ഇന്ത്യയിൽ അഞ്ചു ശതമാനം ജനങ്ങളേ സാനിറ്ററി പാഡുകൾ ഉപയോഗിക്കുന്നുള്ളൂവെന്നും കണക്കുകൾ പറയുന്നു. ഗ്രാമീണപ്രദേശങ്ങളിൽ വസിക്കുന്ന മില്ല്യൻ കണക്കിനു സ്ത്രീകൾക്ക്   തൊഴിലവസരങ്ങൾ നേടണമെങ്കിൽ പരമ്പരാഗതമായ സാമൂഹിക പഴുന്തുണി ചുറ്റുപാടുകളിൽനിന്നും സാനിറ്ററിപാഡ് വിപ്ളവത്തിലേക്ക് പരിവർത്തന വിധേയമാകേണ്ടതുമുണ്ട്. അഞ്ചു ശതമാനമെന്നുള്ളത് പത്തു ശതമാനമാക്കിയാലും തന്റെ ജീവിതത്തിലെ വലിയ നേട്ടമായിരിക്കുമെന്നും മുരുകാനന്ദ പറയുന്നു. 106 രാജ്യങ്ങൾ ഈ ഉല്പ്പന്നം പരീക്ഷിക്കാൻ തയ്യാറായിട്ടുമുണ്ട്. ഇന്ത്യയുടെ കുടിൽ വ്യവസായമായി വളർന്നുകൊണ്ടിരിക്കുന്ന ഈ  സാംസ്ക്കാരിക മുന്നേറ്റത്തെ രണ്ടാം ധവളവിപ്ലവമെന്നും വിളിക്കാം. മുരുകാനന്ദ പറയുന്നു, "നിശബ്ദമായ അന്ധകാരത്തിൽ ഒരു മുറിയിൽ ഏകനായി ലൈറ്റുകളണച്ച് ചിന്തിക്കൂ. അപ്പോൾ  ഒളിഞ്ഞിരിക്കുന്ന ജീവിത ലക്ഷ്യത്തെ കണ്ടെത്തും. നിങ്ങളുടെ പ്രശ്നങ്ങൾ സ്വയം പരിഹരിച്ചാൽ  നല്ലൊരു  ബിസിനസുകാരനുമാകും. ഒരുവൻ ജീവിതത്തിൽ നേടാൻ പോവുന്നത് എന്തെന്നും മനസിലാകും".  


കടയിൽനിന്ന് സാനിറ്ററി പാഡ് മേടിച്ചനാൾ മുതൽ അത് വിലകുറച്ച് ഉണ്ടാക്കണമെന്ന ചിന്തകളും മുരുകാനന്ദനിൽ കടന്നുകൂടി. കോട്ടൻപഞ്ഞികൾകൊണ്ട് ഒരു പാഡ് ഉണ്ടാക്കി. അത് ടെസ്റ്റ് ചെയ്യുവാൻ സ്ത്രീവോളണ്ടീയർമാരുടെ സഹായവും ആവശ്യമായിരുന്നു. ഇന്ത്യയിൽ സ്വാമിജിയുടെയും ഗുരുവിന്റെയും മുമ്പിൽ എന്തും ചെയ്യാൻ സ്ത്രീജനങ്ങൾ വോളണ്ടീയർമാരായി തിങ്ങി കൂടും. എന്നാൽ മുരുകാനന്ദന്റെ ഈ സാമൂഹിക വിപ്ലവത്തെ പിന്താങ്ങാൻ സ്ത്രീ ജനങ്ങൾ മുമ്പോട്ട് വരില്ലായിരുന്നു. അദ്ദേഹം കോട്ടൻ പഞ്ഞികൊണ്ടുണ്ടാക്കിയ പാഡ് ഭാര്യയ്ക്കും സഹോദരിക്കും കൊടുത്ത് അതിന്റെ ഫലമറിഞ്ഞും ഗവേഷണങ്ങൾ ആരംഭിച്ചു. അവരിൽനിന്ന് അനുകൂലമായ മറുപടിയൊന്നും കിട്ടിയില്ല.  മാസത്തിൽ രണ്ടോ മൂന്നോ സ്ത്രീകളുടെ   മാസമുറകളിൽ ഇത്തരം പരീക്ഷണങ്ങളുമായി പോയാൽ തന്റെ ലക്ഷ്യം പ്രാപിക്കില്ലെന്നും മുരുകാനന്ദനു മനസിലായി. കൂടുതൽ സ്ത്രീകളെ പരീക്ഷണങ്ങളിൽ ആവശ്യമായിരുന്നു. പെങ്ങന്മാരും ഭാര്യയും അദ്ദേഹത്തിൻറെ സാനിറ്ററി പാഡിൽ തൃപ്തരല്ലായിരുന്നു. ഭാര്യ അറിയാതെ മെഡിക്കൽ കോളേജിലെ വിദ്യാർഥിനികളെ പരിചയപ്പെട്ടു. അവർക്ക് പാഡുകൾ നൽകി രണ്ടു കൊല്ലം പരീക്ഷണങ്ങൾ തുടർന്നുകൊണ്ടിരുന്നു. അവരും ഇത്തരം കാര്യങ്ങൾ ഒരു പുരുഷനോട് സംസാരിക്കാൻ താല്പര്യമില്ലെന്ന് പറഞ്ഞ് മുരുകാനന്ദനെ തഴഞ്ഞു.  മുരുകാനന്ദന്റെ ആർത്തവ പാഡിനോട് പെണ്‍പിള്ളേർ  താല്പര്യക്കുറവും പ്രകടിപ്പിച്ചു.


സ്ത്രീജനങ്ങളുടെ സഹകരണം കിട്ടാതെ വന്നപ്പോൾ അദ്ദേഹം സ്വയം സാനിറ്ററി പാഡ് അരയിൽ കെട്ടി പരീക്ഷണം നടത്തുവാൻ തുടങ്ങി. അതിനായി ബോളാകൃതിയിൽ  ഒരു ഗർഭപാത്രമുണ്ടാക്കി സ്വന്തം ശരീരത്തോട് ബന്ധിച്ചു. മൃഗങ്ങളുടെ രക്തവും സമാഹരിച്ച്  അരയിൽ കെട്ടിയ കൃത്രിമ ഗർഭപാത്രത്തിൽ ശേഖരിച്ചിരുന്നു 'ഹിമാലയം കീഴടക്കിയ 'ടെൻസിംഗിനെ'പ്പോലെയും ചന്ദ്രനിൽ കാലുകുത്തിയ  'നീൽ  ആംസ്ട്രോങ്ങിനെ'പ്പോലെയും ലോകത്തിലാദ്യമായി കൃത്രിമമായ  ഗർഭപാത്രം ചുമന്ന പുരുഷനെന്നും അദ്ദേഹം അവകാശപ്പെടുന്നു.  ഗർഭ പുരുഷനെന്നും അദ്ദേഹത്തെ ജനം പരിഹസിച്ചിരുന്നു. ഭർത്താവിന്റെ ഭ്രാന്തൻ ചിന്താഗതികളിൽ മനം മടുത്ത് ഭാര്യ അദ്ദേഹത്തെ ഉപേക്ഷിച്ചുപോയി. ഒരിക്കൽ സ്ത്രീജനങ്ങൾ ഉപയോഗിച്ച ആർത്തവ പാഡുകൾ സ്വന്തം മുറിയിൽ പരീക്ഷിക്കുന്നത് കണ്ട് അമ്മയും അദ്ദേഹത്തെ വീടിനു പുറത്താക്കി. സമീപത്തുള്ള കുളങ്ങളിൽ  മൃഗരക്തം കലർത്തുന്നതുമൂലം നാട്ടുകാരും അദ്ദേഹത്തിൽ അസഹ്യമായിരുന്നു. താൻ ഭ്രാന്തനാണെന്ന് ഗ്രാമീണവാസികൾ ഒന്നാകെ ചിന്തിച്ചു. അവരെല്ലാം  പിശാചിന്റെ ബാധയെന്ന് വിചാരിച്ച്  അദ്ദേഹത്തെ  ഗ്രാമത്തിൽ നിന്നും പുറത്താക്കി.


കുത്തക മുതലാളിമാർ ഉണ്ടാക്കുന്ന സാനിറ്ററി പാഡ് എങ്ങനെയുണ്ടാക്കണമെന്നും ചിന്തിച്ചുകൊണ്ടിരുന്നു. അവരുടെ മെഷീന് മില്ല്യൻ കണക്കിന് രൂപായും  മുടക്കണം. അതിനായുള്ള അസംസ്ര്കൃത ഉൽപ്പന്നങ്ങളും വേണം. പാഡ് ഉൽപ്പാദിപ്പിക്കാനുള്ള  ടെക്കനോളജിയും അറിയണം. അടിക്കടിയുള്ള പരാജയങ്ങളിൽക്കൂടി  ജീവിതവിജയം കൈവരിക്കാമെന്നും   വിശ്വസിച്ചിരുന്നു.


 അദ്ദേഹം പറയും, "ഒരു വ്യവസായ സംരഭത്തിന് റിസേർച്ച് നടത്തുവാൻ എട്ടുവർഷ വിദ്യാഭ്യാസം വേണം. എന്നാൽ എന്റെ പ്രസ്ഥാനത്തിന് പരീക്ഷണങ്ങളും പരാജയങ്ങളും നടത്താനുള്ള (ട്രയൽ ആൻഡ് എറർ) വിദ്യയാണ് വേണ്ടത്. അതിന് കോളേജിൽ പോവേണ്ട ആവശ്യമില്ല. തെറ്റുകൾ കൂടിയേ തീരൂ. റിസേർച്ച് ആൻഡ് ഡെവലപ്പ്മെന്റിന് പകരം ഇവിടെ പരീക്ഷണങ്ങളും പരാജയങ്ങളും (ട്രയൽ ആൻഡ് എറർ) ഡിപ്പാർട്ട്മെൻറ് ഉണ്ട്.  അവർക്ക് ബില്ല്യൻ കണക്കിന് ഡോളർ ചിലവഴിച്ച കെട്ടിടങ്ങൾ വേണം. എന്നാൽ പരീക്ഷണ പരാജയ ഡിപ്പാർട്ട്മെന്റിന് നൂറടി സ്ഥലം മതി."


വിദേശികൾ നിർമ്മിക്കുന്ന വ്യാവസായിക പാഡുകളുടെ അസംസ്കൃതവസ്തുക്കൾ പൈൻമരങ്ങളിലെ ചകരിനാരുപോലുള്ള പൾപ്പിൽ നിന്നുമെന്ന് നീണ്ട വർഷങ്ങൾക്കുശേഷം മുരുകാനന്ദൻ മനസിലാക്കി. അസംസ്കൃത വസ്തുക്കൾകൊണ്ട് പാഡുകൾ നിർമ്മിക്കുന്ന മെഷീൻ ഇറക്കുമതി ചെയ്യുന്നതിന് മൂന്നരകോടി രൂപാ ചിലവാകു,മായിരുന്നു. പയിൻമരത്തിലെ പള്പ്പിൽ നിന്നുമുള്ള അസംസ്കൃത വസ്തുക്കൾക്കായി മുംബയിലെ ഒരു കമ്പനിയുമായി  കരാറുകളുമുണ്ടാക്കി. അത് അരച്ചെടുത്ത് ഉൽപ്പന്നമാക്കുന്ന മെഷീൻ അദ്ദേഹം തന്നെ നിർമ്മിച്ചു. ചെറുപ്പകാലങ്ങളിൽ വെൽഡിങ്ങ്  പഠിച്ച അറിവും അതിന് സഹായകമായി. ഇന്നതിന്റെ വില ഒരു ലക്ഷം മുതൽ മൂന്നു ലക്ഷം രൂപാ വരെയാണ്. 2006-ൽ പ്രസിഡന്റ് പ്രതിഭാ പട്ടേലിൽ നിന്നും രാഷ്ട്രത്തിന്റെ അവാർഡ് ലഭിച്ചു. ആറു വർഷങ്ങളിലെ ഇടവേളയ്ക്കുശേഷം ഭാര്യയും മകളും മടങ്ങി വന്ന് അദ്ദേഹത്തോടൊപ്പം താമസമാക്കി. ഇന്നവർ സ്വന്തം അമ്മയുമൊപ്പം കോയമ്പത്തൂരുള്ള ഭവനത്തിൽ താമസിക്കുന്നു. കുത്തകരാജ്യങ്ങളുടെ ഭീമമായ മെഷീന്റെ മുമ്പിൽ അദ്ദേഹമുണ്ടാക്കിയ ഈ കുഞ്ഞു മെഷീന് എന്ത് ചെയ്യാൻ സാധിക്കുമെന്നും ആദ്യമൊക്കെ പലരും വിചാരിച്ചു. പക്ഷെ അദ്ദേഹം രൂപകല്പ്പന ചെയ്ത മെഷീൻ ഇന്ന് ഇന്ത്യാ മുഴുവനായി ഒരു വ്യവസായിക വിപ്ലവം സൃഷ്ടിക്കുകയാണുണ്ടായത്.   ആയിരക്കണക്കിന് തൊഴിൽ രഹിതരുടെ ആശ്രയവുമായി.


മുരുകാനന്ദൻ തന്റെ ബിസിനസ് വിജയത്തെപ്പറ്റി പറയുന്നു, "എല്ലാവരും ബിസിനസെന്നു  കരുതുന്നത് പണമാണ്. എന്നാൽ .പണം ബിസിനസിന്റെ ഒരു ഘടകം മാത്രം. സത്യത്തിൽ, എന്റെ ബിസിനസിന്  പണമല്ലായിരുന്നു മുഖ്യം. സാമൂഹിക ബന്ധത്തിൽക്കൂടി പരസ്പരസ്നേഹം വളർത്തി ജീവിതത്തിന് ഒരു അർത്ഥമുണ്ടാക്കുകയെന്നായിരുന്നു. അതുകൊണ്ടാണ് എന്റെ ബിസിനസിനെ മാക്രോ കുത്തക വ്യവസായത്തിൽനിന്നും വിമുക്തമാക്കി മൈക്രോ വ്യക്തിഗത വ്യവസായമായി വളർത്തുവാൻ സാധിച്ചത്."


ഇന്ന് ബീഹാറിലെ കുഗ്രാമങ്ങളിലും ഹിമാലയ താഴ്വരകളിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും സ്ത്രീജനങ്ങൾ ഈ നാപ്ക്കിൻ നിർമ്മിക്കുന്നുണ്ട്. എളിമയും വിനയവും ജീവിതത്തിൽ കൈമുതലായ മുരുകാനന്ദൻ ഭാരതത്തിന്റെ ഇതിഹാസ ചരിത്ര താളുകളിൽ പ്രവേശനം തേടിയിരിക്കുന്നു. പത്മഭൂഷനും നോബൽ സമ്മാനവുമല്ല അദ്ദേഹത്തിന്റെ ലക്ഷ്യം. ഒരു കോർപ്പറെറ്റ് സ്ഥാപനത്തിന് മുരുകാനന്ദന്റെ ലക്ഷ്യം നേടണമെങ്കിൽ കുറഞ്ഞത് ഇരുപതു കൊല്ലം വേണം. എന്നാൽ ചുരുങ്ങിയ കാലം കൊണ്ട് ഈ ഒറ്റയാൻ ആ ലക്ഷ്യം സാധിച്ചുവെന്നതാണ് അദ്ദേഹത്തിൻറെ ബിസിനസ്സിന്റെ പ്രത്യേകത. ഈ കമ്പനി സി.ഓ.യുടെ വിജയരഹസ്യവും അദ്ദേഹം തന്നെ പറയുന്നു ; "നിങ്ങൾക്ക്  അർഥമുള്ള ഒരു ജീവിതമുണ്ടാകണമെങ്കിൽ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടായിരിക്കണം. നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുക. അതിന്റെ പരിഹാരത്തിനെ ബിസിനസ്സെന്നു വിളിച്ചോളൂ." ഹൈസ്കൂൾ പോലും വിദ്യാഭ്യാസമില്ലാത്ത ഒരുവന്റെ തത്ത്വമാംസിയിലെ വിജയത്തിന്റെ ഒരു ജൈത്രയാത്രയാണ് ഈ കഥയെന്നും മനസിലാക്കണം. 

മുരുകാനന്ദൻ ഒരിക്കലും പണത്തിന്റെ പുറകെ ഓടിയില്ല. സമ്പത്ത് അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. പണം നേടുകയെന്നത് കാലഹരണപ്പെട്ട ജീവിത ചിന്താഗതികളായി അദ്ദേഹം  കരുതുന്നു.  ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഈ വ്യവസായം വിജയകരമായി മുന്നേറുന്നു. അതുമൂലം പതിനായിരക്കണക്കിന് സ്ത്രീജനങ്ങൾക്ക് നേരിട്ട് തൊഴിൽ കിട്ടി. അഞ്ചു മില്ല്യൻ സ്ത്രീ ജനങ്ങൾ ഹൈജിനിക്കല്ലാത്ത പഴുന്തുണിയിൽനിന്നും സാനിറ്ററി പാഡുകൾ ഉപയോഗിക്കാൻ തുടങ്ങി. അദ്ദേത്തിന്റെ മഹത്തായ  ജീവിതം തലമുറകൾക്ക് മാതൃകയും ഉത്തേജനവും നല്കിക്കൊണ്ടിരിക്കുന്നു.






No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...