Tuesday, December 10, 2019

തിരുവിതാംകൂർ രാജവാഴ്ചയുടെ അസ്തമയവും ജനാധിപത്യത്തിന്റെ ഉദയവും -3



ജോസഫ് പടന്നമാക്കൽ

ഇൻഡ്യയുടെ ചരിത്രം പുനഃ പരിശോധിക്കുകയാണെങ്കിൽ തിരുവിതാംകൂർ എന്ന കൊച്ചു രാജ്യത്തുണ്ടായിരുന്ന നിരവധി രാഷ്ട്രീയ സാമൂഹിക തീരുമാനങ്ങൾ അഭിമാനിക്കത്തക്കതാണെന്ന്  നമുക്കു മനസിലാക്കാൻ സാധിക്കും.  നാട്ടുരാജ്യങ്ങളിൽ ഒരു നിയമനിർമ്മാണ സഭ നിലവിലുണ്ടായിരുന്ന ഏക രാജ്യവും തിരുവിതാംകൂറായിരുന്നു. ആറു ഔദ്യോഗിക അംഗങ്ങളും രണ്ടു അനൗദ്യോഗിക അംഗങ്ങളും ഉൾപ്പെട്ട ഒരു നിയമ കൗൺസിൽ 1888-ൽ തിരുവിതാകൂറിലുണ്ടായിരുന്നു. പിന്നീട് 1898-ൽ നിയമോപദേശകരുടെ അംഗംസംഖ്യ എട്ടുമുതൽ പതിനഞ്ചു വരെ വർദ്ധിപ്പിക്കുകയുണ്ടായി. അവരിൽ അഞ്ചിൽ രണ്ടുപേർ അനൗദ്യോഗമായുള്ളവരുമായിരുന്നു. ഒരു തിരഞ്ഞെടുപ്പിനെ അക്കാലങ്ങളിൽ അംഗീകരിച്ചിരുന്നില്ല. 1920ലും 1922 ലും രാജ്യത്തിന്റെ നിയമങ്ങളെ സംബന്ധിച്ച് പരിഷ്‌ക്കാരങ്ങളുണ്ടായിരുന്നു.

1932-ൽ തിരുവിതാംകൂർ രാജാവായി കിരീട ധാരണം ചെയ്ത ശ്രീ ചിത്തിര തിരുന്നാളിന്റെ ഭരണകാലത്ത് വിപ്ളവപരമായ നിരവധി നിയമ പരിഷ്ക്കാരങ്ങളും നടപ്പിലാക്കിയിരുന്നു. നിയമ നിർമ്മാണ സഭകളെ ശ്രീ മൂലം അസംബ്ലിയെന്നും ശ്രീ ചിത്തിര സ്റ്റേറ്റ് കൗൺസിൽ എന്നും രണ്ടായി തിരിച്ചിരുന്നു. 1932-ൽ നിയമ സഭകളുടെ ഭരണ പരിഷ്‌ക്കാരങ്ങളിൽ തൃപ്തരല്ലാത്ത ഒരു വിഭാഗം ജനങ്ങൾ നിവർത്തന പ്രസ്ഥാനമെന്ന സംഘടന രൂപീകരിച്ചു. അന്നത്തെ ജനസംഖ്യയിൽ ക്രിസ്ത്യാനികളും ഈഴവരും മുസ്ലിമുകളും മൊത്തം ജനസംഖ്യയുടെ  എഴുപതു ശതമാനം ഉണ്ടായിരുന്നെങ്കിലും നിയമ നിർമ്മാണ സഭകളിലെ അംഗങ്ങളിൽ ഭൂരിപക്ഷവും നായന്മാരും മറ്റു സവർണ്ണ ജാതികളുമായിരുന്നു. വസ്തു ഉള്ളവർക്കു മാത്രം നിയമ സഭയിൽ പ്രാതിനിധ്യം ലഭിച്ചിരുന്നതിനാൽ! നായന്മാർക്ക് അതൊരു നേട്ടമായിരുന്നു. രാജ്യം മുഴുവൻ ഭരണസ്വാതന്ത്ര്യം അനുഭവിക്കുന്നതും നിയന്ത്രിക്കുന്നതും നായന്മാർ മാത്രമായിരുന്നു. ഈഴവരും മതന്യുന പക്ഷങ്ങളും അസംബ്ളി അംഗത്വം തങ്ങളുടെ ജനസംഖ്യയുടെ  അനുപാതത്തിൽ വേണമെന്നു ആവശ്യപ്പെട്ടിട്ടും സർക്കാർ ചെവികൊള്ളുന്നില്ലായിരുന്നു. അതുമൂലം ഈഴവരും മറ്റു മത ന്യുന പക്ഷങ്ങളും വോട്ടിങ്ങിൽ നിന്ന് വേറിട്ടുനിന്നുകൊണ്ടു പ്രതിക്ഷേധങ്ങൾ അറിയിച്ചുകൊണ്ടിരുന്നു.

1938-ൽ ഹരിപുരയിൽ കൂടിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ, രാജാക്കന്മാർ ഭരിക്കുന്ന  സംസ്ഥാനങ്ങളുടെ പ്രശ്നങ്ങളിൽ നിന്നും പാർട്ടി അവരുടെ പ്രശ്നങ്ങളിലൊന്നും ഇടപെടാതെ  അകന്നുനിൽക്കാനും  തീരുമാനിച്ചിരുന്നു.  തിരുവിതാംകുർ സ്റ്റേറ്റ് കോൺഗ്രസും കൊച്ചിൻ സ്റ്റേറ്റ് കോൺഗ്രസ്സും അതേ വർഷം സ്ഥാപിതമായി. 1930-ലെ കാർഷിക തൊഴിലാളി മുന്നേറ്റം രാഷ്ട്രീയത്തിൽ ഇടതുമുന്നണികൾ ജന്മമെടുക്കാൻ കാരണമായി. അത്, പിന്നീട് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി എന്ന സംഘടനയായി മാറുകയും ചെയ്തു. മലബാറിലെ ദേശീയ മുസ്ലിമുകൾ ഇടതു മുന്നണികൾക്ക് പിന്തുണ കൊടുക്കുകയുമുണ്ടായി. ട്രാവൻകുർ സ്റ്റേറ്റ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ദിവാൻ ഭരണം അവസാനിപ്പിക്കണമെന്നുള്ള സമരങ്ങളും ആരംഭിച്ചു. എന്നാൽ ഗാന്ധിജി ഇടപെട്ട് അങ്ങനെയൊരു തീരുമാനത്തിൽനിന്നും സ്റ്റേറ്റ് കോൺഗ്രസിനെ പിൻവലിപ്പിച്ചു. ഇത് കോൺഗ്രസ്സ് പാർട്ടിയിൽ വിഭജനത്തിനു കാരണമായി. അന്ന്, ഇടതു ചായ്'വുള്ള യുവാക്കൾ ഒത്തുകൂടി സ്റ്റേറ്റ് കോൺഗ്രസ്സ് പ്രവർത്തനം അവസാനിപ്പിക്കുകയും കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കുകയുമുണ്ടായി.

തിരുവിതാംകൂറിനെ സംബന്ധിച്ചടത്തോളം സ്വാതന്ത്ര്യം നേടിയശേഷമുള്ള അധികാര കൈമാറ്റം സമാധാന പൂർവമായിരുന്നില്ല. 1946 ഒക്ടോബർ മാസം തിരുവിതാംകൂറിൽ എവിടെയും അക്രമങ്ങൾകൊണ്ട് പുകയുകയായിരുന്നു. സർ സിപി യുടെ കിരാത പോലീസു വേട്ടയ്ക്കും ഭരണത്തിനുമെതിരായുള്ള കാർഷിക തൊഴിലാളികളുടെ വാരിക്കുന്തവുമേന്തിയുള്ള സമരം തിരുവിതാംകൂറിനെ രക്തഭൂമിയായ ഒരു രാജ്യമാക്കി മാറ്റിയിരുന്നു. 1947-ൽ സ്വാതന്ത്ര്യം നേടിയശേഷം തിരുവിതാംകൂർ പൂർണ്ണ സ്വാതന്ത്ര്യമുള്ള, സർവ്വാധികാര സ്വതന്ത്ര രാഷ്ട്രമായിരിക്കുമെന്ന് സർ സിപി പ്രഖ്യാപിച്ചു. സിപിയുടെ ഈ പ്രഖ്യാപനം ജനങ്ങളെ പ്രകോപ്പിക്കുകയും ഒടുവിൽ അദ്ദേഹത്തിന്റെ വധശ്രമം വരെ എത്തുകയുമുണ്ടായി. സി.പി.  രഹസ്യമായി രാജ്യം വിടുകയും ചെയ്തു.

ഭാരതത്തിന്റെ സ്വാതന്ത്ര്യാനന്തരം ജനകീയമായ ഒരു സർക്കാരിന്റെ ആവശ്യമുന്നയിച്ചുകൊണ്ട് നാടിന്റെ നാനാ ഭാഗത്തുനിന്നും ശബ്ദതരംഗങ്ങൾ ഉയർന്നിരുന്നു. 1947 സെപ്റ്റംബർ നാലാം തിയതി തിരുവിതാംകൂറിൽ ഒരു ജനകീയ സർക്കാർ രൂപീകരിക്കുന്നതിനായുള്ള രാജ വിളംബരമുണ്ടായി. പ്രായപൂർത്തിയായവർക്ക് വോട്ടാവകാശം നിശ്ചയിച്ചുകൊണ്ട് ഒരു അസംബ്ലി രൂപീകരിക്കാൻ തീരുമാനിച്ചു. അതനുസരിച്ച് 1948 ഫെബ്രുവരിമാസത്തിൽ തിരുവിതാംകൂറിലെ 120 അസംബ്ലി മണ്ഡലങ്ങളിലായി ആദ്യത്തെ തിരഞ്ഞെടുപ്പ് നടത്തി. സ്വാതന്ത്ര്യം കിട്ടിയ ശേഷമുള്ള ഇന്ത്യയിലെ ഒരു നാട്ടുരാജ്യത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പുമായിരുന്നു അത്. കോൺഗ്രസിനു 97 സീറ്റും തമിഴ്‌നാട് കോൺഗ്രസ് 14 സീറ്റുകളും നേടി കോൺഗ്രസ്‌ ഭൂരിപക്ഷ കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടു. പതിനേഴു സീറ്റുകളിൽ നിരോധിച്ചിരുന്ന കമ്മ്യുണിസ്റ്റുകൾ പാർട്ടി ലേബലില്ലാതെ മത്സരിച്ചെങ്കിലും ഒരു സീറ്റുപോലും നേടിയില്ല.

1948 മാർച്ച് ഇരുപത്തിനാലാം തിയതി അസംബ്ലിയെ നിയമങ്ങൾ രൂപീകരിക്കാനുള്ള ലെജിസ്ലേറ്റീവ് അസംബ്ലിയായി രാജാവ് പ്രഖ്യാപിച്ചു. താൽക്കാലികമായി ഒരു സർക്കാർ രൂപീകരിക്കാനും ആവശ്യപ്പെട്ടു. ചില പ്രധാനപ്പെട്ട വകുപ്പുകൾ രാജാവ് സ്വന്തം ചുമതലയിൽ വഹിച്ചുകൊണ്ട് മറ്റു വകുപ്പുകൾ കൈകാര്യം ചെയ്യുന്ന ചുമതല താൽക്കാലിക സർക്കാരിനു നൽകാനും തീരുമാനിച്ചു. 1948 മാർച്ച് ഇരുപത്തിനാലാം തിയതി പട്ടം താണുപിള്ള തിരുവിതാംകൂറിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായി ചുമതലയെടുത്തു. സി.കേശവനും ടി.എം. വർഗീസും ഉൾപ്പടെ മൂന്നംഗ മന്ത്രിസഭാ കവടിയാർ കൊട്ടാരത്തിൽ മഹാരാജാവിന്റ മുമ്പാകെ സത്യപ്രതിജ്ഞയും  ചെയ്തു. രാജകീയ ഭരണം അവസാനിപ്പിച്ച് ഒരു ജനാധിപത്യ സംവിധാനത്തിലുള്ള സർക്കാരിന്റെ തുടക്കമായിരുന്നു അത്. പ്രായപൂർത്തി വോട്ടവകാശത്തിന്റെ പേരിൽ തിരഞ്ഞെടുപ്പ് നടത്തിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായും തിരുവിതാംകൂർ അറിയപ്പെട്ടു. പട്ടം താണുപിള്ളയുടെ മന്ത്രിസഭ കാര്യക്ഷമമായി പ്രവർത്തിച്ചില്ല. മന്ത്രിമാർ മൂന്നുപേരും തമ്മിൽ സ്വരച്ചേർച്ചയില്ലാതായി തീർന്നു. ആരാണ് വലിയവനെന്നുള്ള പേഴ്സണാലിറ്റി കോംപ്ലക്സ് ഒരു കാരണമായിരുന്നു. നായർ, ക്രിസ്ത്യൻ, ഈഴവ എന്നുള്ള ചേരി തിരിവും ആരംഭിച്ചു. മൂന്നംഗം മാത്രമുള്ള മന്ത്രിസഭയ്ക്ക് ശരിയായി ഭരിക്കാനും സാധിക്കുന്നില്ലായിരുന്നു. വർഗീയതയും ചേരി തിരിഞ്ഞുള്ള കളിയും തുടങ്ങി. ടി.എം.വർഗീസിനെതിരെ ശക്തമായ ഒരു ഗ്രുപ്പ് പ്രവർത്തിക്കുന്നുണ്ടായിരുന്നു. ടി.എം. വർഗീസിനെപ്പോലെ തെറ്റിദ്ധരിക്കപ്പെട്ട ഒരു നേതാവ് അക്കാലത്തുണ്ടായിരുന്നില്ല. അദ്ദേഹത്തെ വർഗീയവാദിയും സൂത്രശാലിയുമായി പ്രതിയോഗികൾ വിലയിരുത്തിക്കൊണ്ടിരുന്നു. നിഷ്കളങ്കനും ആത്മാർത്ഥതയുള്ളവനും ജനങ്ങളെ സ്നേഹിക്കുന്നവനുമായ ഒരു നേതാവായിരുന്നു അദ്ദേഹം.

അന്ന് ദേശീയ ലെവലിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പാർട്ടി ഘടകം തിരുവിതാംകൂറിൽ രൂപീകരിച്ചിട്ടില്ലായിരുന്നു. സ്റ്റേറ്റ് കോൺഗ്രസ്സ് മുഖ്യമന്ത്രിയായ പട്ടം താണുപിള്ള ഏകാധിപത്യ മനോഭാവമാണ് പുലർത്തിയിരുന്നത്. സി.കേശവനോടോ, ടി.എം. വർഗീസിനോടോ ആലോചിക്കാതെ തീരുമാനങ്ങൾ മുഴുവൻ പട്ടം താണുപിള്ള സ്വയം നിർവഹിച്ചുകൊണ്ടിരുന്നു. എങ്കിലും പട്ടത്തിന്റെ ഏകാധിപത്യത്തിന്റെ പേരിൽ ടി.എം. വർഗീസോ സി. കേശവനോ മന്ത്രിസഭയിൽ നിന്നും രാജി വെക്കാൻ മുതിർന്നില്ല. നിശബ്ദമായി ക്യാബിനറ്റിന്റെ അന്തസ് കാത്തു സൂക്ഷിക്കാൻ ശ്രമിച്ചു.

സ്വാതന്ത്ര്യ സമര പോരാളിയായ സി. കേശവൻ സാവധാനം പട്ടം തണുപിള്ളയുടെ ഏകാധിപത്യ പ്രവണതയെ എതിർക്കാൻ തുടങ്ങി. അങ്ങനെ പാർട്ടിയിൽ പിളർപ്പ് ആരംഭിച്ചു. 1948 ഒക്ടോബർ ഒമ്പതാം തിയതി ട്രാവൻകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് 'കേരളാ പ്രദേശ് കോൺഗ്രസ്സ്' എന്ന ലേബലിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ലയിക്കാൻ തീരുമാനിച്ചു. അതനുസരിച്ച് പട്ടം മന്ത്രിസഭ രാജി വെക്കാനും പ്രമേയം പാസാക്കി. എന്നാൽ പട്ടം താണുപിള്ള രാജി വെക്കാൻ തയ്യാറായില്ല. പാർട്ടിയുടെ അച്ചടക്കത്തിനും പാർട്ടി വിഭജിക്കുന്നതിനും അത് കാരണമായി. പട്ടം താണുപിള്ളയ്ക്ക് ഭൂരിപക്ഷം അസംബ്ലിയുടെ പിന്തുണയുണ്ടായിരുന്നില്ല. മുഖ്യമന്ത്രി ശ്രീ പട്ടം താണുപിള്ള 'നാഷണൽ കോൺഗ്രസ്സ് പാർട്ടിയുടെ' തീരുമാനം തിരസ്ക്കരിച്ചതുമൂലം സ്റ്റേറ്റ് കോൺഗ്രസ്സ് അസംബ്ലിയിൽ പട്ടം താണുപിള്ളയ്ക്കെതിരെ അവിശ്വസപ്രമേയം കൊണ്ടുവന്നു. ആ സാഹചര്യത്തിൽ പട്ടം താണുപിള്ള 1949 ഒക്ടോബർ പതിനേഴാം തിയതി മുഖ്യമന്ത്രിപദം രാജി വെച്ചു.

പട്ടം താണുപിള്ള രാജി വെച്ചയുടൻ പറവൂർ ടി.കെ. നാരായണപിള്ളയെ കോൺഗ്രസ്സ് നിയമസഭാ കഷിയുടെ നേതാവായും മുഖ്യമന്ത്രിയായും തിരഞ്ഞെടുത്തു. മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം എ.ജെ ജോൺ, കെ.ആർ ഇലങ്കത്ത്, വി.ഓ.മാർക്കോസ്, എൻ.കുഞ്ഞുരാമൻ, ഇ.കെ. മാധവൻ എന്നിവർ അംഗങ്ങളായി മന്ത്രി സഭ രൂപീകരിച്ചു. ആർ.വി. തോമസിനെ നിയമസഭയുടെ സ്പീക്കറായും തിരഞ്ഞെടുത്തു. 1948 ഒക്ടോബർ ഇരുപത്തിരണ്ടാം തിയതി പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞയും ചെയ്തു. പുത്തനായി രൂപീകരിച്ച രാഷ്ട്രീയ സംവിധാനത്തിൽ പട്ടം താണുപിള്ളയ്ക്ക് യാതൊരു സ്ഥാനവും കൊടുക്കാഞ്ഞതിനാൽ അദ്ദേഹം കോൺഗ്രസ്സ് പാർട്ടി വിടുകയും 'പ്രജാ സോഷ്യലിസ്റ്റ് പാർട്ടി' എന്ന ഒരു പാർട്ടി രൂപീകരിക്കുകയും ചെയ്തു.

1948 ഡിസംബറിൽ 'ട്രാവൻകൂർ സ്റ്റേറ്റ് കോൺഗ്രസ്സ്' എന്ന പ്രാദേശിക പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസിനോട് ചേർന്നു. സി.കേശവൻ പ്രസിഡണ്ടായി ട്രാവൻകൂർ ഡിസ്ട്രിക്റ്റ് കോൺഗ്രസ്സ് രൂപീകരിക്കുകയുമുണ്ടായി. സമുദായ സൗഹാർദ്ദത്തോടെ ഭരണം നിർവഹിക്കാൻ പറവൂർ ടി.കെ. നാരായണപിള്ള അങ്ങേയറ്റം ശ്രമിക്കുന്നുണ്ടായിരുന്നു. മന്ത്രിസഭയ്ക്ക് നായന്മാരുടെയും ഈഴവരുടെയും സഹകരണം ലഭിക്കാൻ അങ്ങേയറ്റം നയതന്ത്രരൂപേണ കാര്യങ്ങൾ നിർവഹിച്ചിരുന്നു. മന്നത്തു പത്ഭനാഭനെയും ആർ. ശങ്കറെയും ദേവസ്വം ബോർഡിന്റെ ചുമതല ഏൽപ്പിച്ചു. എന്നാൽ ഈ നിയമനം കൊണ്ട് പ്രയോജനമൊന്നുമുണ്ടായില്ല. മന്നത്തിന്റെയും ശങ്കറിന്റെയും വാചാലമായ പ്രസംഗങ്ങൾ സർക്കാരിനെ ക്രിസ്ത്യൻ സർക്കാരായി ചിത്രീകരിച്ചു. ദേവസ്വം ബോർഡിന്റെ ചുമതലക്കാരെന്ന നിലയിൽ അവർ ഹിന്ദുക്കളെ സംഘടിപ്പിച്ച് മന്ത്രിസഭയുടെ പേരിൽ അങ്ങനെയൊരു വൈകാരികത സൃഷ്ടിച്ചു. തിരുവിതാംകൂർ സ്റ്റേറ്റ് മുഴുവൻ ജാതി വർഗീയത സൃഷ്ടിക്കാൻ ഇവർക്കു  സാധിച്ചു.

1949 ജൂലൈ ഒന്നാം തിയതി സർദാർ പട്ടേലിന്റെയും വി.പി.മേനോന്റെയും നേതൃത്വത്തിൽ തിരുവിതാംകൂറും കൊച്ചിയും രാജ്യങ്ങൾ തമ്മിൽ സംയോജനം നിലവിൽവന്നു. അക്കാലത്ത് അനേകം നാട്ടുരാജ്യങ്ങൾ തമ്മിൽ യോജിപ്പിക്കുന്ന ശ്രമത്തിലുമായിരുന്നു. തിരുവിതാംകൂർ രാജാവ് രാജപ്രമുഖനായി സ്ഥാനമേറ്റെടുത്തു. പറവൂർ ടി.കെ. നാരായണ പിള്ളയുടെ നേതൃത്വത്തിൽ തിരുകൊച്ചിയുടെ ആദ്യത്തെ മന്ത്രിസഭയും സ്ഥാനാരോഹിതരായി. ഈ.ജോൺ ഫിലിപ്പോസ്, കുഞ്ഞിരാമൻ, ആനി മസ്ക്രീൻ, ഇ.കെ. മാധവൻ, ഇക്കണ്ട വാരിയർ, കെ. അയ്യപ്പൻ, പനമ്പള്ളി ഗോവിന്ദമേനോൻ, റ്റി.എ. അബ്ദുള്ള എന്നിവർ സഹമന്ത്രിമാരുമായിരുന്നു. പിന്നീട് റ്റി.എ.അബ്ദുള്ളയും, ആനി മസ്‌ക്രീനിനും, കെ. അയ്യപ്പനും മന്ത്രിസഭയിൽ നിന്ന് രാജി വെച്ചു. ജോൺ പീലിപ്പോസിനെതിരെ ചില കുറ്റാരോപണങ്ങൾ ഉണ്ടാവുകയും അതുമൂലം ആനി മാസ്ക്രീൻ ഉൾപ്പടെയുള്ളവർ അദ്ദേഹത്തോട് രാജി വെക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഈ വിഷയത്തിൽ ക്യാബിനറ്റിന് സ്വതന്ത്രമായ തീരുമാനം എടുക്കാൻ  സാധിക്കാത്തതിനാൽ പറവൂർ ടി. കെ. നാരായണപിള്ളയുടെ മന്ത്രിസഭ 1951 ഫെബ്രുവരി ഇരുപത്തിനാലാം തിയതി രാജി വെക്കുകയും ചെയ്തു.

1951 ഫെബ്രുവരി ഇരുപത്തിയെട്ടാം തിയതി സി കേശവനെ അസംബ്ലിയുടെ നേതാവായും മുഖ്യമന്ത്രിയായും തിരഞ്ഞെടുത്തു. പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹം ഇല്ലാതാക്കാൻ സി കേശവൻ കഴിവിന്റെ പരമാവധി ശ്രമിച്ചു. ക്യാബിനറ്റിന്റെ ഐക്യമത്യവും അദ്ദേഹം ആഗ്രഹിച്ചു. നിയമസഭയിലെ പ്രഗത്ഭരായ എ.ജെ.ജോണിനെയും ടി.കെ.നാരായണപിള്ളയെയും പനമ്പള്ളി ഗോവിന്ദമേനോനെയും മന്ത്രിസഭയിൽ ചേർത്തു. എന്നാൽ സി കേശവൻ വിചാരിച്ചപോലെ കാര്യങ്ങൾ നീങ്ങിയില്ല. പനമ്പള്ളിയെ  ക്യാബിനറ്റിൽ എടുത്തതിൽ എ. ജെ. ജോണും പറവൂർ ടി.കെ. നാരായണപിള്ളയും എതിർത്തു. പനമ്പള്ളിയും അതുപോലെ ജോണും പറവൂർ ടികെയും മന്ത്രിസഭയിൽ പ്രവർത്തിക്കുന്നതിൽ ഇഷ്ടപ്പെട്ടില്ല. ഈ രാഷ്ട്രീയക്കളരിയിൽ സി. കേശവന് ഒന്നുകിൽ എ.ജെ ജോണിനെയും പറവൂർ ടി.കെ നാരായണ പിള്ളയെയും മന്ത്രിസഭയിൽ നിന്ന് നീക്കം ചെയ്യുകയോ അല്ലെങ്കിൽ പനമ്പള്ളിയെ  പുറത്താക്കുകയോ ചെയ്യണമായിരുന്നു. അദ്ദേഹം ഒരു വ്യക്തമായ തീരുമാനമെടുക്കാനാവാതെ പനമ്പള്ളിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. അത് വലിയ പ്രശ്നങ്ങൾക്ക് ഇടയാവുകയും ചെയ്തു.

പനമ്പള്ളിയും പാർട്ടിയും തമ്മിൽ ഇടയാൻ തുടങ്ങി. കൊച്ചി രാജ്യവും തിരുവിതാംകൂറും തമ്മിലുള്ള പ്രാദേശിക നിലവാരങ്ങളിലുള്ള രാഷ്ട്രീയ ചിന്താഗതികൾ ഉടലെടുക്കാനും തുടങ്ങി. കൊച്ചിയിലെ എം.എൽ.എ മാർ ഒന്നായി സി.കേശവനെതിരെ റാലി സംഘടിപ്പിച്ചു. പനമ്പള്ളി ഒഴിച്ച് ആരെ വേണമെങ്കിലും കൊച്ചിയിൽ നിന്നു മന്ത്രി സഭയിൽ ചേർക്കാമെന്നു സി കേശവൻ പ്രഖ്യാപിച്ചു. എന്നാൽ കൊച്ചിയിലെ എംഎൽഎ മാർ അത് തിരസ്ക്കരിക്കുകയും പ്രശ്ന പരിഹാരത്തിനായി കോൺഗ്രസ് ഹൈക്കമാൻഡിന്റെ സഹായം തേടുകയും ചെയ്തു.

ഹൈക്കമാന്റ് പ്രാദേശിക പ്രശ്നത്തിന് ഇടപെടരുതെന്നു സി.കേശവൻ ആവശ്യപ്പെട്ടു. ഒടുവിൽ കൊച്ചിയിൽ നിന്നുള്ള പതിനെട്ട് എം.എൽ.എ മാർ സി കേശവൻ മന്ത്രിസഭയ്‌ക്കെതിരെ വോട്ടു ചെയ്യാൻ തീരുമാനിച്ചു. എന്നാൽ ഡെമോക്രറ്റിക്ക് രാഷ്ട്രീയ പാർട്ടി നേതാക്കന്മാരായ മന്നത്തു പത്ഭനാഭനും ആർ ശങ്കറും സി കേശവന്റെ മന്ത്രിസഭയെ പിന്താങ്ങി. പനമ്പള്ളിയ്ക്കു പകരം കൊച്ചിയിൽ നിന്നുള്ള മറ്റേതെങ്കിലും എം.എൽ.എ യെ മന്ത്രിസഭയിൽ എടുക്കുന്നതിന് യോജിക്കുകയും ചെയ്തു. എങ്കിലും എ.ജെ. ജോണും പറവൂർ ടി.കെ. നാരായണ പിള്ളയും രാജി വെക്കണമെന്ന തീരുമാനത്തിൽ ഉറച്ചു നിന്നു. കോൺഗ്രസ്സിന്റെ ഐക്യമത്യം ആവശ്യമെന്ന് ഹൈക്കമാൻഡിന് തോന്നി. അതനുസരിച്ച് എ.ജെ.ജോണും പറവൂർ റ്റീ.കെയും മന്ത്രിസഭയിൽ നിന്ന് രാജി വെക്കുകയും ചെയ്തു. മന്ത്രിസഭ ഉടച്ചു വാർക്കുകയും പുതിയ മന്ത്രിമാരായി കുട്ടി കൃഷ്ണമേനോൻ, എൽ.എം പൈലി, എന്നിവരെ കൊച്ചിയിൽനിന്നും കെ.എം കോര, സി. ചന്ദ്ര ശേഖരപിള്ള എന്നിവരെ മന്ത്രിമാരായി തിരുവിതാംകൂർ പ്രദേശങ്ങളിൽ നിന്നും തിരഞ്ഞെടുക്കുകയും ചെയ്തു.

1950 ജനുവരി ഇരുപത്തിയാറാം തിയതി ഇന്ത്യയെ ഒരു ജനാധിപത്യ റിപ്പബ്ലിക്ക് രാഷ്ട്രമായി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് 1951-1952 -ൽ പട്ടംതാണുപിള്ള പ്രജാസോഷ്യലിസ്റ്റ് പാർട്ടി എന്ന പേരിൽ ഒരു രാഷ്ട്രീയ സംഘടന രൂപീകരിച്ചിരുന്നു. മന്നത്തു പത്മനാഭനും ആർ ശങ്കറും നേതാക്കന്മാരായി ഡെമോക്രറ്റിക്ക് കോൺഗ്രസ്സ് പാർട്ടിയെന്ന മറ്റൊരു രാഷ്ട്രീയ പാർട്ടിയും രൂപീകരിച്ചിട്ടുണ്ടായിരുന്നു.

1952 ആരംഭത്തോടെ ഇന്ത്യയുടെ ദേശീയ ലവലിലുള്ള പാർലമെന്റ് തെരഞ്ഞെടുപ്പുകളും അസംബ്ലി തിരഞ്ഞെടുപ്പുകളും നടന്നു. ഇരുപത്തിയൊന്നു വയസായിരുന്നു വോട്ടുചെയ്യാനുള്ള പ്രായപരിധി.   തിരുകൊച്ചിയിലും 1951 അവസാനത്തോടെയും 1952 ആരംഭത്തോടെയും തിരഞ്ഞെടുപ്പു പ്രചാരണങ്ങൾ ശക്തമായി നടക്കുന്നുണ്ടായിരുന്നു. 108 അസംബ്ലി സീറ്റുകളിലും പന്ത്രണ്ടു പാർലമെന്റ് സീറ്റുകളിലും തിരഞ്ഞെടുപ്പ് തകൃതിയായി നടന്നു. കോൺഗ്രസിന് 44 സീറ്റും സോഷ്യലിസ്റ്റുകൾക്ക് പതിനൊന്നും ബാക്കി 53 പേർ സ്വതന്ത്രരായവരും തിരഞ്ഞെടുപ്പിൽ വിജയിച്ചു. കമ്മ്യുണിസ്റ്റുകാരെ കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നതുകൊണ്ടു അവർക്ക് സ്വന്തം ലേബലിൽ മത്സരിക്കാൻ സാധിക്കില്ലായിരുന്നു. തന്മൂലം സ്വതന്ത്രരായി അവർ മത്സരിച്ചു. സ്വതന്ത്രരിൽ പകുതിയിൽ കൂടുതലും കമ്മ്യുണിസ്റ്റുകാരായിരുന്നു. എട്ടുപേർ തമിഴ്നാട് കോൺഗ്രസ്സും ആറു പേർ ആർ.എസ്പി പാർട്ടിയിലുള്ളവരുമായിരുന്നു.  സ്വതന്ത്രരുടെയും തമിഴ്നാട് കോൺഗ്രസിന്റെയും പിന്തുണയോടെ എ.ജെ. ജോണിന്റെ നേതൃത്വത്തിൽ മന്ത്രിസഭ രൂപീകരിച്ചു. അസംബ്ലിയിൽ എ.ജെ. ജോൺ രണ്ടു വോട്ടിനു പനമ്പള്ളിയെ തോൽപ്പിച്ചാണ് നേതൃത്വം കരസ്ഥമാക്കിയത്.

1952 മാർച്ച് പന്ത്രണ്ടാം തിയതി എ.ജെ. ജോൺ മന്ത്രി സഭ സത്യപ്രതിജ്ഞ ചെയ്തു. മന്ത്രി സഭയിൽ പനമ്പള്ളി ഗോവിന്ദ മേനോൻ, ടി.എം. വർഗീസ്, കളത്തിൽ വേലായുധൻ നായർ, വി. മാധവൻ, കെ. കൊച്ചുകുട്ടൻ എന്നിവർ മന്ത്രിമാരായിരുന്നു. തമിഴ്നാട് കോൺഗ്രസിനെ പ്രതിനിധികരിച്ച് ചിദംബര നാടാരും ക്യാബിനറ്റിലുണ്ടായിരുന്നു. ജോൺ മന്ത്രിസഭയും അധിക കാലം നീണ്ടു നിന്നില്ല. തമിഴ്നാട് കോൺഗ്രസ്സ്, തെക്കുള്ള തിരുവിതാംകൂർ പ്രദേശങ്ങൾ മദ്രാസുമായി ചേരണമെന്ന് ആവശ്യപ്പെട്ടു. തെക്കുള്ളവർ കൂടുതൽ ജനങ്ങളും തമിഴ് സംസാരിക്കുന്നതായിരുന്നു കാരണം. തമിഴ്നാട് കോൺഗ്രസ് പിന്തുണ പിൻവലിക്കുകയും 'ചിദമ്പര നാടാർ' മന്ത്രി സ്ഥാനം രാജി വെക്കുകയുമുണ്ടായി. തമിഴ് നാട് കോൺഗ്രസ്സ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ മന്ത്രിസഭ പുറത്താവുകയുമുണ്ടായി.അങ്ങനെ, ഭാഷാപ്രശ്നത്തിന്റെ പേരിൽ എ.ജെ. ജോൺ മന്ത്രിസഭ അവിശ്വാസ പ്രമേയത്തിലൂടെ താഴെ വീണു. താൽക്കാലിക സർക്കാരായി മന്ത്രിസഭ തുടർന്നു.

1954 ഫെബ്രുവരിയിൽ തിരുകൊച്ചിയുടെ രണ്ടാമത്തെ തിരഞ്ഞെടുപ്പ് നടന്നു. അപ്രാവിശ്യം മൊത്തം 118 അസംബ്ലി മണ്ഡലങ്ങളുണ്ടായിരുന്നു. കോൺഗ്രസ്സ് 45, തമിഴ്നാട് കോൺഗ്രസ്സ് 12, പിഎസ്പി 19, കമ്മ്യൂണിസ്റ്റ് 23, ആർഎസ്പി 9, കെ.എസ് പി മൂന്ന് എന്നിങ്ങനെയായിരുന്നു, അന്നത്തെ  കക്ഷി നില!തിരഞ്ഞെടുപ്പിനുമുമ്പ് പിഎസ്പിയും കോൺഗ്രസും തമ്മിൽ മന്ത്രിസഭ രൂപീകരിക്കുന്ന കാര്യത്തിൽ ഒരു ധാരണയുണ്ടായിരുന്നെങ്കിലും പിഎസ്പി കോൺഗ്രസിനെ പിന്താങ്ങുന്നതിൽനിന്നും പിൻവാങ്ങിയിരുന്നു. രാഷ്ട്രീയ അനശ്ചിതത്വം ഉണ്ടായിരുന്നതിനാൽ 'കോൺഗ്രസ്സ്' പിഎസ്പിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ പിന്താങ്ങാൻ തീരുമാനിച്ചു. അങ്ങനെ പട്ടം താണുപിള്ളയുടെ നേതൃത്വത്തിൽ ഒരു നാലംഗ മന്ത്രിസഭ നിലവിൽ വന്നു. ഗവൺമെന്റിന്, കോൺഗ്രസിൽനിന്നും തമിഴ്നാട് കോൺഗ്രസിൽ നിന്നും എതിർപ്പുകൾ ഉണ്ടായിക്കൊണ്ടിരുന്നു. ഗവൺമെന്റ് എൻ.എസ്.എസ്-നു ശരിയായ പ്രാതിനിധ്യം   കൊടുത്തില്ലെന്നായിരുന്നു ഒരു പ്രധാന കാരണം. ആറു കോൺഗ്രസ്സ് എം.എൽ.എ മാരുടെ സഹായത്തോടെ തമിഴ്നാട് കോൺഗ്രസ്സ് അവിശ്വാസ പ്രമേയം കൊണ്ടുവരുകയും മന്ത്രിസഭ താഴെ വീഴുകയും 1956-ൽ മന്ത്രിസഭാ രാജി വെക്കുകയുമുണ്ടായി. ഇതിനിടയിൽ രണ്ടു പിഎസ്‌പി ക്കാർ കോൺഗ്രസിനെ പിന്താങ്ങി. തമിഴ്‌നാട് കോൺഗ്രസിന്റെ സഹായത്തോടെ പനമ്പള്ളി ഗോവിന്ദമേനോന്റെ നേതൃത്വത്തിൽ അഞ്ചംഗ മന്ത്രിസഭ തിരുകൊച്ചിയിൽ നിലവിൽ വന്നു. പനമ്പള്ളി മന്ത്രിസഭയും നിലനിൽക്കാതെ വന്നപ്പോൾ തിരുകൊച്ചിയിൽ പ്രസിഡന്റ് ഭരണം നടപ്പാക്കി. പി.എസ്. റാവു രാജപ്രമുഖന്റെ ഉപദേശകനായി ഭരണം തുടർന്നു.

1956 നവംബർ ഒന്നാം തിയതി തിരുകൊച്ചിയും മലബാറും യോജിച്ചുകൊണ്ട് കേരളാസ്റ്റേറ്റ് നിലവിൽ വന്നു. കേരളാ പുനഃസംഘടനയിൽ കേരളത്തിന് തെക്കുള്ള പ്രദേശങ്ങൾ തമിഴ്‌നാടിന്റെ ഭാഗങ്ങളായി തീർന്നു. തോവാള, അഗസ്തീശ്വരം, കാൽക്കുളം, വിളവിൻകോട്, മുതലായ നാഞ്ചനാടൻ പ്രദേശങ്ങൾ നഷ്ടപ്പെട്ടപ്പോൾ മലബാറും കാസർകോട് താലൂക്കും കണ്ണൂരും കേരളത്തിനു ലഭിച്ചു.

1957-ൽ കേരളം രൂപീകരിച്ചതിനുശേഷമുള്ള ആദ്യത്തെ തിരഞ്ഞെടുപ്പ് നടന്നു. കമ്മ്യുണിസ്റ്റ് പാർട്ടി ഏറ്റവും കൂടുതൽ അംഗങ്ങളുള്ള നിയമസഭയിലെ വലിയ കക്ഷിയായെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷത്തിന് സ്വതന്ത്രരുടെ സഹായവും വേണ്ടി വന്നു. കോൺഗ്രസ്സ് 43, കമ്മ്യുണിസ്റ്റ് 60, പിഎസ്പി 9, മുസ്ലിം ലീഗ് 8, അഞ്ചു കമ്യുണിസ്റ്റ് അനുഭാവികളായ സ്വതന്ത്രർ, മറ്റൊരു സ്വതന്ത്രൻ എന്നിങ്ങനെയായിരുന്നു കഷി നില. 1957 ഏപ്രിൽ അഞ്ചാം തിയതി ഇ.എം.എസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ടിവിതോമസ്‌, അച്യുതമേനോൻ, കെ.സി. ജോർജ്, ജോസഫ് മുണ്ടശേരി, എ.ആർ. മേനോൻ, കെ.പി. ഗോപാലൻ, വി.ആർ.കൃഷ്ണയ്യർ, ടി.എ. മജീദ്, പി.കെ. ചാത്തൻ, കെ.ആർ. ഗൗരി എന്നിവർ ക്യാബിനറ്റ്  മന്ത്രിമാരുമായിരുന്നു. 28 മാസമേ ഈ മന്ത്രി സഭ ഭരിച്ചുള്ളൂ. മന്ത്രിസഭയെക്കെതിരെ വിമോചനസമരം ശക്തമായി ആഞ്ഞടിച്ചു. ഈ ഭരണകാലത്താണ് നിരവധി ആരോപണങ്ങൾ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ വന്നത്.

1959-ൽ വിദ്യാഭ്യാസബില്ലിനെതിരെ പ്രക്ഷോപണം ആഞ്ഞടിച്ചു. മതനേതാക്കന്മാരും പുരോഹിതരും മെത്രാന്മാരും നായർ സമുദായവും മന്നവും ശങ്കറും ചാക്കോയും സമര മുന്നണിയിലുണ്ടായിരുന്നു. കൃഷി പരിഷ്‌ക്കാരങ്ങൾ ഭൂഉടമകളെയും വേദനിപ്പിച്ചിരുന്നു. നാടു മുഴുവൻ പോലീസ് ലാത്തി ചാർജും വെടിവെപ്പും നടത്തി. രാജ്യത്ത് അസമാധാനം എവിടെയും വ്യാപിച്ചപ്പോൾ കേന്ദ്രം ഇടപെട്ടു. കേന്ദ്രം കമ്മ്യുണിസ്റ്റ് സർക്കാരിനെ അധികാരത്തിൽ നിന്ന് നീക്കം ചെയ്യുകയും 1959 ജൂൺ പന്ത്രണ്ടാം തിയതി തുടങ്ങിയ വിമോചന സമരം അവസാനിക്കുകയും ചെയ്തു. ഇതുമൂലം അനേകരുടെ ജീവൻ നഷ്ടപ്പെട്ടു. കോൺഗ്രസിനും ഇന്ദിരാഗാന്ധിക്കും കേരളത്തിൽ അധികാരം ഉറപ്പിക്കാമെന്ന ഉറച്ച വിശ്വാസവുമുണ്ടായി.








Paravur T.K. Narayana Pilla

A.J. John






4. വിമോചന സമരവും പറയപ്പെടാത്ത കഥകളും:

5. മഹാനായ  ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാടും കമ്മ്യൂണിസവും: 

6. ദിവാൻ സർ സി.പി. രാമസ്വാമി അയ്യരും തിരുവിതാംകൂറും:

7. പ്രാചീന കേരളത്തിലെ  ആട്ടവും കൂത്തും കഥകളിയും, ചരിത്രം:



1 comment:

  1. Casino - Vegas - Goyang Council on Hotel and Casino
    Casino in Titanium Metal Supply Las Vegas. Located on the strip at the heart 포커 배열 키보드 of 1 1 토토 the Las Vegas Strip, Casino Hotel is a perfect option for 토토 사이트 운영 those who want to indulge in 아르고캡쳐

    ReplyDelete

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...