Thursday, December 15, 2016

കൃഷ്ണനും ക്രിസ്തുവും വസുധൈവ കുടുംബകവും





ജോസഫ് പടന്നമാക്കൽ

ഭഗവാൻ ശ്രീകൃഷ്ണനെ അവതാരങ്ങളിൽ പൂർണ്ണാവതാരമായി കണക്കാക്കുന്നു. അതായത് സാക്ഷാൽ ദൈവവും സൃഷ്ടാവും ദ്വാപരയുഗത്തിലെ രാജാവും ഹൈന്ദവ ത്രിത്വദൈവങ്ങളിലെ വിഷ്ണുപുത്രനുമെന്നു ഹിന്ദുക്കൾ വിശ്വസിക്കുന്നു.
ക്രിസ്തു ദാവീദിന്റെ ഗോത്രത്തിൽ പിറന്നവനും ത്രിത്വത്തിലെ പുത്രൻ തമ്പുരാനും മേരിയുടെ പുത്രനും ജോസഫിന്റെ സംരക്ഷണയിൽ വളർന്നവനെന്നും ക്രിസ്തീയ വേദങ്ങളും പഠിപ്പിക്കുന്നു. കൃഷ്ണനും ക്രിസ്തുവും വ്യത്യസ്ത യുഗങ്ങളിൽ ജീവിച്ചിരുന്നുവെന്നും അനുമാനിക്കുന്നു. എങ്കിലും കാലഭേദങ്ങളെ മറികടന്നുള്ള ഇരുവരുടെയും വേദാന്തങ്ങളിലുള്ള സാദൃശ്യം ആത്മജ്ഞാനികളുടെ ഒരു പഠനവിഷയവുമാണ്. തന്നത്താൻ സ്നേഹിക്കുന്നപോലെ അയൽക്കാരനെയും സ്നേഹിക്കുക, അഹിംസ, കക്കരുത്, ക്ഷമ, ആത്മനിയന്ത്രണം, പ്രാർഥന, ഏകാന്തമായ മനസോടെയുള്ള ധ്യാനം ആദിയായ ആത്മബലത്തിനുതകുന്ന ചിന്തകൾ ഗീതയിലും ബൈബിളിലുമുണ്ട്.  

ദൈവത്തെ അന്വേഷിക്കുന്ന എല്ലാ മതവിശ്വാസികളും ദൈവത്തിന്റെ മക്കളെന്നുള്ള വസ്തുത  മറക്കരുതെന്നുള്ള ഫ്രാൻസീസ് മാർപ്പാപ്പായുടെ ആഗോള മതസമ്മേളന വേദിയിൽവെച്ചുള്ള ഒരു   പ്രസ്താവന തികച്ചും ശ്രദ്ധേയമായിരുന്നു. ക്രിസ്തുവിൽക്കൂടി മാത്രമേ രക്ഷ പ്രാപിക്കാൻ സാധിക്കുള്ളുവെന്നായിരുന്നു നമ്മുടെ പാരമ്പര്യമായ വിശ്വാസത്തിലുണ്ടായിരുന്നത്. അതിനെ നിഷേധിച്ചുകൊണ്ടുള്ള മാർപ്പാപ്പയുടെ വീക്ഷണം യാഥാസ്ഥിതിക ലോകത്തെ ഒന്നാകെ അസ്വസ്ഥമാക്കിയിരിക്കുന്നതും കാണാം.

മാർപ്പാപ്പാ പറഞ്ഞു, 'പരോപകാരവും സാമൂഹിക സേവനവും അയൽക്കാരനെ സ്നേഹിക്കുകയുംവഴി ദൈവത്തിൽ വിശ്വസിക്കാത്തവരും ദൈവത്തെ കാണുന്നുണ്ട്. അവരും മനുഷ്യ സ്നേഹത്തിന്റെ ഭാഗമാണ്.' നാം അങ്ങനെ പരിവർത്തനങ്ങളിൽക്കൂടി പുതിയ ഒരു തത്ത്വസംഹിതയെ കാണുകയാണ്. മനുഷ്യൻ കൊടുംയാതനകൾ അനുഭവിക്കുമെന്ന നരകമെന്ന സങ്കൽപ്പം വിശ്വസിനീയമല്ല. അത്തരം സങ്കല്പം, ദൈവ സ്നേഹമായി യോജിക്കുന്നതല്ല. ദൈവം നമ്മുടെ സുഹൃത്താണ്. വിധിക്കാനുള്ളതല്ല. നരകമെന്നു പറയുന്നത് അലഞ്ഞു നടക്കുന്ന ആത്മാക്കൾക്കുവേണ്ടിയുള്ള വെറും ആലങ്കാരികമായ സങ്കല്പം മാത്രമാണ്. മാർപ്പാപ്പായുടെ ക്രൈസ്തവമൂല്യങ്ങളിൽക്കൂടിയുള്ള നൂതനമായ ചിന്താഗതികൾ ഹൈന്ദവ ദർശനത്തിന്റെ പകർപ്പാണോയെന്നും തോന്നിപ്പോവും.! എല്ലാ ആത്മാക്കളും ദൈവസ്നേഹത്തിന്റെ മുമ്പിൽ ഒന്നായി പരബ്രഹ്മത്തിൽ ലയിക്കുമെന്നാണ് ഹൈന്ദവ തത്ത്വങ്ങളും പറയുന്നത്‌.

മാർപ്പാപ്പാ പറയുന്നു, "എല്ലാ മതങ്ങളും സത്യമാണ്. കാരണം, പാവനമായ മനസുകളിൽ അവരുടെ വിശ്വാസം അവർ സംരക്ഷിക്കുന്നു. അവരുടെ വിശ്വസത്തിനുമപ്പുറം എന്ത് സത്യമാണുള്ളത്? അവർ പാപികളെന്നു പരമ്പരാഗതമായി സഭ അവരെ മുദ്ര കുത്തി. സഭയൊരിക്കലും അവരോടു ദയാപൂർവം പെരുമാറിയിട്ടില്ല. ഇന്ന് നാം ആരെയും വിധിക്കുന്നില്ല. ഒരു സ്നേഹമുള്ള പിതാവിനെപ്പോലെ നമ്മുടെ കുഞ്ഞുങ്ങളെ ഇനിമേൽ ശിക്ഷിക്കുന്നില്ല." ' യാഥാസ്ഥിതികരെയും പുരോഗമനവാദികളെയും കമ്യൂണിസ്റ്റുകാർവരെയും സഭ സ്വാഗതം ചെയ്യണമെന്നും നാമെല്ലാം ഒരേ ദൈവത്തെ സ്നേഹിക്കുകയും ആരാധിക്കുകയും വേണമെന്നും' മാർപ്പാപ്പാ പറഞ്ഞു.  

യേശുവിന്റെ കഥയും കൃഷ്‌ണന്റെ കഥയുമായി വളരെയധികം സാമ്യമുണ്ട്. ഇരുവരും ദൈവികാത്മാവിനാൽ ജനിച്ചു. ബാവാ, പുത്രൻ, പരിശുദ്ധാത്മാവ് എന്നിങ്ങനെ ത്രീത്വത്തിലെ പുത്രനായി യേശു ഭൂമിയിൽ ജനിച്ചപ്പോൾ  ശിവ, വിഷ്ണു, ബ്രഹ്മാവു ത്രിത്വത്തിലെ വിഷ്ണുവിന്റെ അവതാരമായി കൃഷ്ണൻ ജനിച്ചു. ഇരുവരുടെയും പിതാവു ദിവ്യമായ ആത്മാവായിരുന്നു. ദേവദൂതന്മാർ കൃഷ്ണനും യേശുവും ജനിച്ച കാലങ്ങളിൽ അവരെ ഒരു ഏകാധിപതി വധിക്കുമെന്ന് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ടായിരുന്നു. കൃഷ്ണന്റെ ജനനത്തിൽ പരിഭ്രാന്തനായ 'കംസൻ' നിഷ്കളങ്കരായ കുഞ്ഞുങ്ങളെ വധിച്ചുവെന്നു പുരാണം സാക്ഷ്യപ്പെടുത്തുന്നു. യേശു ജനിച്ചപ്പോഴും ഹേറോദോസ് ചക്രവർത്തി നാടാകെയുള്ള കുഞ്ഞുങ്ങളെ കൊന്നൊടുക്കിയെന്നാണ് ക്രിസ്താനികളും വിശ്വസിക്കുന്നത്. ആത്മീയതലങ്ങളിൽ ഉണർവുണ്ടാകാൻ ഇരുവരും ധ്യാനവും ഉപവാസവും നടത്തിയിരുന്നു. ഈ രണ്ടു മഹാത്മാക്കളും  അത്ഭുതങ്ങൾ കാണിക്കുകയും മരിച്ചവരെ ഉയർപ്പിക്കുകയും ചെയ്തിട്ടുണ്ട്. നന്മ കൈവരുത്താൻ ക്രിസ്തുവും കൃഷ്ണനും സമാനമായ തത്ത്വചിന്തകളായിരുന്നു ശിക്ഷ്യഗണങ്ങളെ പഠിപ്പിച്ചിരുന്നത്. കൃഷ്ണന്റെ ജനനത്തെപ്പറ്റിയും യേശുവിന്റെ ജനനത്തെപ്പറ്റിയും പ്രവചനങ്ങളിലുണ്ടായിരുന്നു. കൃഷ്ണൻ വേടനാൽ കൊല്ലപ്പെടുമെന്നു മുൻകൂട്ടി പ്രവചിച്ചിരുന്നു. അതുപോലെ യേശുവിന്റെ മരണത്തെപ്പറ്റിയുള്ള ദീർഘദർശികളുടെ ദർശനങ്ങളും ചിന്തനീയമാണ്. കന്നുകാലികളും ആട്ടിൻ കൂട്ടങ്ങളും ആട്ടിടയന്മാരും യേശുവിന്റെയും കൃഷ്ണന്റെയും ജനന സമയങ്ങളിൽ സമീപ പ്രദേശങ്ങളിലുണ്ടായിരുന്നു. ആട്ടിടയന്മാരും ഗോപാലകരും രണ്ടു മതങ്ങളിലും പ്രതീകാത്മക രൂപങ്ങളായും കാണാം.

മനസുനിറയെ പരവശനായിരുന്ന അർജുനൻ ചാഞ്ചല്യഹൃദയത്തോടെ തേരോടിക്കുമ്പോഴും, യുദ്ധക്കളത്തിൽനിന്നും ഭീരുവിനെപ്പോലെ ദുർബലഹൃദയനായി പിന്തിരിയാൻ ശ്രമിച്ചപ്പോഴും തേരിനെ നിയന്ത്രിച്ചുകൊണ്ടിരുന്ന ഭഗവാൻ കൃഷ്‌ണൻ അർജുനനുവേണ്ട ആത്മബലം നൽകിക്കൊണ്ടിരുന്നു. ‘സർവ്വ ചരാചരങ്ങളെയും ഭഗവാൻ  കൃഷ്ണൻ സൃഷ്ടിച്ചുവെന്നു ഭഗവദ് ഗീതയിൽ നാം പഠിക്കുന്നുണ്ട്. അവിടുത്തെ സ്വർഗീയ മഹത്വത്തിൽ സർവ്വതും നിലനിർത്തുകയും ചെയ്യുന്നു. അവിടുന്ന് ഇക്കാണുന്ന ഭൗതിക പ്രപഞ്ചങ്ങളുടെ സൃഷ്ടാവുമാണ്. സർവത്തിന്റെയും ഉറവിടവും അസ്‌തിത്വവും ഭഗവാൻ കൃഷ്ണനിൽ നിന്നുമാണ്. ഭഗവദ് ഗീത പറയുന്നു, "ഞാനാകുന്നു സൃഷ്ടിയുടെ വിത്ത്. ജഗത്തിന്റെ ആരംഭവും അവസാനവും എന്നിൽനിന്നുതന്നെ. ജീവന്റെ ചൈതന്യവും ഞാൻ തന്നെയാകുന്നു. ഞാനില്ലെങ്കിൽ ഒന്നുമില്ല, ജീവനുമില്ല. സർവ്വതും നിത്യമായ നിർജീവമായ ശൂന്യതനിറഞ്ഞ സത്യത്തിലായിരിക്കും.’

പുതിയനിയമത്തിൽ ജോണിന്റെ സുവിശേഷം  ഒന്നാം അദ്ധ്യായത്തിൽ പഠിപ്പിക്കുന്നു, ‘ആദിയിൽ വചനമുണ്ടായിരുന്നു. വചനം ദൈവത്തോടൊപ്പമായിരുന്നു. വചനം ദൈവമായിരുന്നു." ആദിയും അന്തവും അവൻതന്നെ, സർവ്വതും അവൻ സൃഷ്ടിച്ചു. അവനില്ലാതെ സൃഷ്ടിയില്ല. വചനം മാംസമായി തീർന്നു. നമ്മിൽ വചനം കുടികൊള്ളുന്നു. അവന്റെ മഹത്വം നാം ദർശിക്കുന്നു. പിതാവിങ്കലും അവന്റെ ഏകജാതനിലും മഹിമയുടെ തിലകമണിയിക്കുന്നു. അവനിൽ സത്യവും കൃപയും  നിറഞ്ഞിരിക്കുന്നു. ഗാഭീര്യമായ   സൗകുമാര്യവും പ്രപഞ്ച സത്യങ്ങളും സൃഷ്ടാവായ യേശുവിൽ മുഴങ്ങി കേൾക്കുന്നു.' പ്രപഞ്ചത്തിനും സകല സൃഷ്ടി വസ്തുക്കൾക്കും മുന്നേ അവനുണ്ടായിരുന്നു.

ഭഗവദ് ഗീത പഠിപ്പിക്കുന്നതു  കൃഷ്ണ ഭക്തനായ ഒരുവൻ നിത്യജീവിതത്തിൽ പ്രവേശിക്കുമെന്നാണ്. മരണം വീണ്ടുമില്ല. പുതിയ നിയമത്തിലും നാം പഠിക്കുന്നതായത് ക്രിസ്തു വഴിയും സത്യവുമാകുന്നു. അവന്റെ വഴി മാത്രം സത്യം. അവനിൽ വിശ്വസിക്കുന്നവർ നശിക്കുന്നില്ല. നിത്യമായ ജീവിതം അവർക്കുണ്ട്.  

എങ്കിലെന്താണ് അയുക്തങ്ങളായി തോന്നാവുന്ന ഈ മതങ്ങളുടെ യുക്തി? നമ്മുടെതന്നെ യുക്തിയെന്തായിരിക്കണം? 'സർവ്വ ചരാചരങ്ങളുടെയും സ്രഷ്ടാവ് ഒന്നുതന്നെയാണെന്ന്' രണ്ടു വിഭിന്ന മതങ്ങളായ ക്രിസ്തുമതവും ഹിന്ദുമതവും  പറയുന്നു. അതേ, ഒരേ സൃഷ്ടാവ് അവൻ തന്നെയാണ്; അവൻതന്നെ 'സത്യവും ജീവനുമാകുന്നു.  നിത്യതയിലേക്കുള്ള വഴി അവൻ മാത്രമെന്നും പറയുന്നു. അവനിൽക്കൂടി മാത്രമേ ബ്രഹ്മാനന്ദം കൈവരിക്കുകയുള്ളൂ. ഒന്നുകിൽ ഈ രണ്ടു മതങ്ങളിൽ ഏതെങ്കിലുമൊരു മതം വ്യാജനിർമ്മിതമോ തട്ടിപ്പോ കപടതയോ, ആയിരിക്കാം. അല്ലെങ്കിൽ രണ്ടു മതങ്ങളും വിശുദ്ധിയുടെ കിരീടമണിഞ്ഞുകൊണ്ട് രണ്ടുകാലങ്ങളായി, രണ്ടു സംസ്‌കാരങ്ങളിൽ, ചരിത്രത്തിന്റെ ഏടുകളിൽ ലിഖിതമായതായിരിക്കാം.

ഹിന്ദുമതത്തിന്റെ പൗരാണിക യുഗത്തിലുണ്ടായിരുന്ന കൃഷ്ണനും ക്രിസ്ത്യാനികളുടെ ക്രിസ്തുവും വിശകലനം ചെയ്‌താൽ ഒന്നുതന്നെയെന്നു തോന്നിപ്പോവും. 'ക്രിസ്റ്റോസെന്ന' ഗ്രീക്ക് പദത്തിൽനിന്നാണ് 'ക്രൈസ്റ്റെന്ന' പദമുണ്ടായത്. 'കൃഷ്ണാ'യെന്ന സംസ്കൃതവാക്കിന്റെ ശബ്‌ദോല്‍പത്തിയിൽ നിന്നും ഗ്രീക്കുപദമായ 'ക്രിസ്റ്റോസെന്ന' വാക്കുണ്ടായതായി ഭാഷാപണ്ഡിതർ വിശ്വസിക്കുന്നു. 'ക്രിസ്റ്റാ ക്രിസ്റ്റാ'യെന്നു വിളിക്കുന്ന ഭക്തരായ ഹിന്ദുജനങ്ങളുമുണ്ട്. 'കൃഷ്ണാ'യെന്നു പറഞ്ഞാൽ സംസ്കൃതത്തിൽ ആകർഷണ ശക്തിയെന്നും അർത്ഥമുണ്ട്. നാം ക്രിസ്തുവിനെയോ, കൃഷ്ണനെയോ, ക്രിസ്റ്റായെയോ, ദൈവമേയെന്നു വിളിക്കുമ്പോൾ ഒരേ സത്യത്തിന്റെ വഴിയിൽക്കൂടി ആ ശബ്ദം പരമാത്മാവിലാണ് ലയിക്കുന്നത്. പിതാവേ അങ്ങയുടെ നാമം പൂജിതമാകണം, അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേയെന്ന  പ്രാർഥന സത്യത്തിൽ ഒരേ ദൈവമായ കൃഷ്ണനോടും ഗ്രീക്ക് ദേവനായ കൃസ്റ്റായോടുംകൂടിയാണ്. ക്രിസ്തു പിതാവിങ്കലേക്കുള്ള ഒരു വഴിയും കൃഷ്ണനും ക്രിസ്റ്റായും അതേ ലക്ഷ്യങ്ങളോടെയുള്ള മറ്റു ദൈവിക വഴികളുമാണ്. യേശു പറഞ്ഞതുപോലെ അവിടുന്നു സഞ്ചരിക്കുന്ന പരമാത്മാവിലേക്കുള്ള വഴി ഇടുങ്ങിയതും മുള്ളുകൾ നിറഞ്ഞതുമാകാം.

എല്ലാ മതങ്ങളും തുല്യമെന്ന് ഹിന്ദുക്കൾ പറയാറുണ്ട്. ഒന്ന് ഒന്നിനേക്കാൾ മെച്ചമെന്നു പറയാൻ ബൗദ്ധിക തലങ്ങളിൽ ഉയർന്ന നിലവാരം പുലർത്തുന്ന ഒരു ഹിന്ദു പറയാൻ ആഗ്രഹിക്കില്ല. ക്രിസ്ത്യാനികൾ ഹൈന്ദവരുടെ ആ തത്ത്വം അംഗീകരിക്കില്ല. ഞങ്ങളുടെ മതം മാത്രം സത്യമായതെന്നു കൃസ്ത്യാനികൾ വിശ്വസിക്കുന്നു. ഞങ്ങളുടെ ദൈവം മാത്രം സത്യം. എല്ലാ മതങ്ങളും തുല്യമെന്ന് പറയുന്ന ഹിന്ദുക്കളെ സഹതാപത്തോടെയാണ് കൃസ്ത്യാനികൾ കാണുന്നത്. എല്ലാ മതങ്ങളെയും തുല്യങ്ങളായി കാണുകയെന്ന ആചാര്യന്മാരുടെ ചിന്തകൾ ഹൈന്ദവരുടേ ഉത്കൃഷ്ടങ്ങളായ തത്ത്വങ്ങളായിരിക്കാം. എന്നാൽ സത്യമായതെന്നു സ്വയം അവകാശപ്പെടുന്ന മതങ്ങൾ ഹിന്ദുമതത്തെ തുല്യമായി കാണാൻ ആഗ്രഹിക്കില്ല.

'മതങ്ങളെല്ലാം തുല്യമെന്ന് ഞങ്ങൾ ഞങ്ങളുടെ കുഞ്ഞുങ്ങളെയും പഠിപ്പിക്കുന്നുവെന്നു' ഹിന്ദു മതത്തിലുള്ളവർ പറയും. കൃസ്തുമതത്തെയും ഇസ്‌ലാം മതത്തെയും തങ്ങളുടെ കുഞ്ഞുങ്ങൾ ശ്രവിക്കുന്നുണ്ടെന്നും ഒരു മതത്തിനും എതിരല്ലെന്നും ഹിന്ദുക്കൾ പറയും. വാസ്തവത്തിൽ ഹിന്ദു കുഞ്ഞുങ്ങൾ പഠിക്കുന്നത് ഹൈന്ദവ മതത്തെപ്പറ്റിയുള്ള ആഴമില്ലാത്ത കാര്യങ്ങളാണ്. ഹിന്ദുമതത്തെ സംബന്ധിച്ച് വളരെ കുറച്ചുമാത്രം പഠിപ്പിക്കുന്നു. ഹൈന്ദവ ആചാരങ്ങളും ഉത്സവങ്ങളും പോലുള്ള വിവരങ്ങൾ ഹിന്ദുക്കളുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നുണ്ട്. അഗാധമായ തത്ത്വചിന്തകളോ, ഹൈന്ദവ പുരാണങ്ങളിലെ ശാസ്ത്രീയ ഉള്കാഴ്ചകളോ വിശദമായി പഠിപ്പിക്കാറില്ല. ഹിന്ദു മതത്തിന്റെ നല്ല വശങ്ങൾ പഠിപ്പിക്കാൻ മുതിർന്നാൽ തന്നെയും മറ്റുള്ള മതങ്ങൾക്ക് അത് വെറുപ്പ് ജനിപ്പിക്കാൻ ഇടയാക്കും. ഉദാഹരണമായി യോഗയും ഹിന്ദു ആചാരങ്ങളും ഭരത നാട്യവും ദേവീദേവന്മാരുടെ പ്രാചീന കൊത്തുപണികളും കഥകളിയും കലകളും പലപ്പോഴും മറ്റുള്ള മതങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിച്ചെന്നു വരില്ല.

ക്രിസ്ത്യാനികളും മുസ്ലിമുകളും ഹിന്ദുമതത്തെയും സംസ്‌കാരങ്ങളെയും ആചാരങ്ങളെയും സ്വീകരിക്കണമെന്നാണ് ഹിന്ദുക്കൾ ആഗ്രഹിക്കുന്നത്. ഭാരതത്തിന്റെ പൗരാണികതയും അനുഷ്ഠാനങ്ങളുമൊക്കെ  അതിനു കാരണങ്ങളായി ചൂണ്ടിക്കാണിക്കാം. ക്രൈസ്തവ മതങ്ങളിലെ പുരോഹിതർ മുഖാമുഖം ഹൈന്ദവ മതത്തെ നിന്ദിക്കില്ലെങ്കിലും തങ്ങളുടെ സത്യമായ മതത്തിൽ ഹൈന്ദവർ ചേർന്നില്ലെങ്കിൽ അവർ നരകത്തിൽ പോവുമെന്നും പ്രചരണം നടത്തും. 'അവർ പാപികളാണ്. യേശുവിനെപ്പറ്റിയും അവന്റെ പിതാവിനെപ്പറ്റിയും ഞങ്ങൾ അവരോടു പറഞ്ഞിരുന്നു. അവർ കേൾക്കാഞ്ഞത് അവരുടെ തെറ്റാണ്. എന്നിട്ടും അവർ തെറ്റായ ദൈവങ്ങളെ പൂജിക്കുകവഴി അഹങ്കാരവും ധിക്കാരവും നിറഞ്ഞ വിഡ്ഢികളായി ജീവിക്കുന്നു. അവർക്കു വിധിച്ചിരിക്കുന്നത് നിത്യമായ തീയാലെരിയുന്ന നരകമാണ്.' അതേ സമയം ഹൈന്ദവ തത്ത്വങ്ങൾ പറയുന്നു, എല്ലാ മതങ്ങളെയും തുല്യമായി ഏക മനസോടെ ആദരിക്കണം. നന്മയുടെ മഹത്വം ഉത്‌ഘോഷിച്ചുകൊണ്ട് എല്ലാ മതങ്ങളും മനുഷ്യത്വമാണ് പഠിപ്പിക്കുന്നത്. മതങ്ങൾ മനുഷ്യനെ നേരായ വഴിയിൽക്കൂടി സ്രഷ്ടാവിങ്കലേയ്ക്ക് എത്തിക്കുന്നു. 'വസുധൈവ  കുടുംബകമെന്ന ' വേദതത്ത്വങ്ങളുൾക്കൊണ്ടു മതങ്ങളുടെ സാരാംശം കൈക്കൊള്ളാൻ ഹൈന്ദവർ സർവ്വമത സമ്മേളനങ്ങളിൽ പങ്കുകൊള്ളാറുണ്ട്. എല്ലാ മതങ്ങൾക്കും നന്മയുണ്ട്. നല്ലവരുമുണ്ട്. എന്നാലും മതങ്ങൾ പരസ്പര സ്പർത്തയോടെ പ്രവർത്തിക്കുന്നുവെന്നാണ് സത്യം. ഉള്ളിന്റെ ഉള്ളിൽ അവൻ ക്രിസ്ത്യാനി, മുസ്ലിം അല്ലെങ്കിൽ ഹിന്ദുവാണ്. മറ്റുള്ള മതങ്ങളെ വെറുക്കാനാണ് സ്വന്തം ജനതയെ പുരോഹിതർ പഠിപ്പിക്കുന്നത്.

ഭ്രാന്തു പിടിച്ച ലോകം ഇന്ന് മതത്തിന്റെ പേരിൽ ക്രൂരമായ പീഡനങ്ങൾ അഴിച്ചുവിടുന്ന കാഴ്ചകളാണ് ദൈനംദിന ജീവിതത്തിൽ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഓരോരുത്തരുടെയും  ഭാവനയിലുള്ള ദൈവത്തെ പൂജിക്കാൻ ഒരുവന്റെ മതം മറ്റൊരുവന്റെ മതത്തിനെതിരെ യുദ്ധം അഴിച്ചുവിടുന്നു. അവിശ്വാസിയെന്നു മുദ്രകുത്തി അവനെ വെറുപ്പിക്കാൻ പഠിപ്പിക്കുന്നു. ഒരേ ദൈവത്തിനു വേണ്ടി പട കൂടുന്നവർ മതപരിവർത്തനം കൊണ്ട് സംതൃപ്തരാകുമോ? വിവേകാനന്ദൻ പറഞ്ഞതുപോലെ 'ഒരുവൻ മറ്റൊരു മതത്തിലേക്ക് മതപരിവർത്തനം ചെയ്യുമ്പോൾ അവൻ സ്വന്തം വിശ്വാസം ഉപേക്ഷിക്കുന്നതിനൊപ്പം ജനിച്ചു വീണ മതത്തിന്റെ ശത്രു'വുമാകുകയാണ്.

ഭാരതീയ സന്യാസികൾ പുരാതനകാലം മുതൽ ദർശിച്ചിരുന്നത് നാനാത്വത്തിൽ ഏകത്വമായിരുന്നു. ദൈവത്തിന്റെ 'സത്ത' ഓരോരുത്തരുടെയും ഉപബോധമനസുകൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്നു. അത് അന്തഃകരണത്തിനുള്ളിലെ സനാതനമായ സത്ത മാത്രം. അവനുമാത്രമേ ദിവ്യമായ ആ പരമാര്‍ത്ഥം തിരിച്ചറിയാൻ കഴിയുള്ളൂ.  അതിലേക്കുള്ള വഴികൾ കഠിനവും മുള്ളുകൾ നിറഞ്ഞതുമായിരിക്കാം. മുൾക്കിരീടമണിഞ്ഞ യേശു ആത്മത്തെ കണ്ടെത്തി. അങ്ങനെ നാമെല്ലാം ആ യാത്രയിലെ അനന്തതയുടെ കിരണങ്ങളായ ദൈവികമക്കളാണ്. ഈശ്വരന്റെ ഒരേ തറവാട്ടിൽ ജനിക്കുകയും മരിക്കുകയുമെന്ന പ്രക്രീയകൾ യുഗങ്ങളായി അനുവർത്തിച്ചുകൊണ്ടിരിക്കുന്നു. ജനിച്ചു ഭൂമിയിൽ വീഴുന്ന ഓരോരുത്തരും 'വസുധൈവ   കുടുംബകമെന്ന ' ആ വലിയ കുടുംബത്തിലെ അംഗങ്ങളാണ്. അവിടെയാണ് ഭാരതീയ സംസ്ക്കാരത്തിന്റെ മഹത്വം കുടികൊള്ളുന്നത്. സത്യമവിടെ ശ്രുതിമനോഹരമായ ഐക്യമത്യത്തിന്റെ ഒരു ലോകം പ്രദാനവും ചെയ്യുന്നു.

ഉപബോധമനസിൽ കുടികൊള്ളുന്ന ആത്മത്തെ കണ്ടെത്തി സത്തയായ ദൈവത്തെ പൂജിക്കുന്നതിനേക്കാളും ഒരു വ്യക്തിഗത ദൈവത്തെ പൂജിക്കുകയാണ് എളുപ്പം. വ്യക്തിഗത ദൈവമെന്നുള്ളത് ദൈവത്തെയറിയാൻ ആഗ്രഹിക്കുന്നവന്റെ ബാലപാഠമാണ്. ക്രിസ്തു ഏകമായ ഒരേ ദൈവത്തെപ്പറ്റി സംസാരിച്ചു. 'സ്വർഗ്ഗസ്ഥനായ പിതാവിനോട് പ്രാർത്ഥിക്കൂവെന്നു' പറഞ്ഞു. എന്നാൽ ബൗദ്ധികതലങ്ങളിൽ ഒന്നുകൂടി ഉയർന്നവൻ ക്രിസ്തുവചനം മറ്റൊരു വിധത്തിൽ പറയും, "ഞാൻ മുന്തിരിച്ചെടിയാകുന്നു, നീ അതിന്റെ ശാഖകളും." ആത്മത്തിൽ പൂർണ്ണത പ്രാപിച്ചവന്റെ നാവിൽനിന്നും  ക്രിസ്തുവചനം പറയുന്നതിങ്ങനെ, "ഞാനും പിതാവും ഒന്നാകുന്നു." ക്രിസ്തു ആത്മത്തെ കണ്ടെത്തി. കഠിനമായ യാതനകളിൽക്കൂടി പിതാവിലും ലയിച്ചു. 'ഞാനും പിതാവും ഒന്നാണെന്നുള്ള' അതേ ക്രിസ്തുവചനങ്ങൾ തന്നെയായിരുന്നു, ശ്രീ രാമ കൃഷ്ണ പരമഹംസന്റെ തത്ത്വചിന്തകളിലും മുഴങ്ങി കേട്ടിരുന്നതെന്ന് സ്വാമി വിവേകാനന്ദൻ പറയുന്നു.  

ശ്രീ രാമകൃഷ്ണ പരമഹംസൻ തന്റെ പ്രിയപ്പെട്ട ശിക്ഷ്യനായ നരേനോട് (വിവേകാനന്ദൻ)  വെളിപ്പെടുത്തിയത്, രാമനെയും കൃഷ്ണനെയും അറിയുന്നവന്റെ ഉപബോധ മനസ്സിൽ കുടികൊള്ളുന്ന ആത്മം രാമകൃഷ്ണനാണ്. അതായത് പരമാത്മാവിന്റെ 'സത്ത'.  വാസ്തവത്തിൽ പരമപീഠങ്ങളിൽ അലംകൃതങ്ങളായിരുന്ന ഗുരുക്കന്മാരുടെ ശിക്ഷ്യന്മാർ പിൽക്കാലങ്ങളിൽ പഠിപ്പിക്കുന്നത് തങ്ങളുടെ ഗുരുക്കന്മാർ പഠിപ്പിച്ചതിനു വിപരീതങ്ങളായിട്ടെന്നുള്ളതും ഇന്നിന്റെ ദുഖസത്യങ്ങളാണ്. പിന്നീട് വന്ന ശിക്ഷ്യഗണങ്ങൾ ഗുരുവിന്റെ വാക്യങ്ങളെ തെറ്റായി ദുർവ്യാഖ്യാനം ചെയ്യുന്നതും സാധാരണമാണ്. അവരുടെ ഗുരു മാത്രം സത്യമെന്നും വിശ്വസിക്കുന്നു. അങ്ങനെ ചിന്തിക്കുന്നതിലൂടെ അവർ തങ്ങളുടെ ഗുരുക്കളെ വെറും സാധാരണ മനുഷ്യരാക്കുന്നു.

വിവേകാനന്ദൻ ഇവിടെ ഒരു ഉപമ പറയുന്നുണ്ട്. 'നസറത്തിലെ യേശു ശിക്ഷ്യഗണങ്ങളെ പഠിപ്പിച്ചുകൊണ്ടിരുന്ന സമയം ഒരു മനുഷ്യൻ യേശുവിനോടായി, ഗുരോ അങ്ങ് പഠിപ്പിക്കുന്നതെല്ലാം മനോഹരം. അങ്ങ് പറഞ്ഞതെല്ലാം ഉല്‍കൃഷ്‌ടതയിലേക്കുള്ള വഴിയും സത്യവുമായി ഞാൻ വിശ്വസിക്കുന്നു. ഞാൻ അങ്ങയുടെ പിന്നാലെ വരാനും ആഗ്രഹിക്കുന്നു. എന്നാൽ അങ്ങയെ മാത്രം ദൈവപുത്രനായി ആരാധിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.' നസ്രത്തിലെ യേശുവിന്റെ ഉത്തരം എന്തായിരിക്കും? യേശു പറയും, 'പ്രിയ സഹോദരാ നീ പറഞ്ഞത് ശരിയാണ്. ദൈവത്തിങ്കലേക്കുള്ള വഴി നീ മാത്രം തെരഞ്ഞെടുക്കേണ്ടതാണ്. എന്റെ വാക്കുകൾക്ക് വില കൊടുത്താലും വിലകൊടുത്തില്ലെങ്കിലും ഞാനത് കാര്യമാക്കില്ല. ഞാൻ സത്യം പഠിപ്പിക്കുന്നു. സത്യമെന്നുള്ളത് ആരുടേയും കുത്തകയല്ല. അത് ഒരുവന് മാത്രം അവകാശമുള്ളതല്ല. സത്യം ദൈവം മാത്രം. നിന്റെ അന്വേഷണം തുടരട്ടെ.' എന്നാൽ അവിടുത്തെ ഇന്നുള്ള ശിക്ഷ്യന്മാർ പറയുന്നതിങ്ങനെ, 'നിങ്ങൾ ആ മനുഷ്യന്റെ വാക്കുകൾക്ക് വില കല്പിക്കുമോ? നിങ്ങൾ യേശുവിന്റെ വചനം മാത്രം ശ്രവിച്ചാൽ രക്ഷപെടും. ഇല്ലായെങ്കിൽ നിങ്ങൾക്ക് രക്ഷയില്ല. അറിയുക സഹോദരാ, നിത്യമായ നരകം നിങ്ങളെ മാടിവിളിക്കുന്നു. ഉണരുവിൻ, ജാഗ്രതയോടെ യേശുവിനെ നമിക്കൂ.'

വിവേകാനന്ദൻ പറഞ്ഞു, 'ക്രിസ്തു സത്യത്തിന്റെ മുഖം കാണിച്ചു തന്നു. അവിടുന്നു പഠിപ്പിച്ചത്‌  സ്വർഗ്ഗരാജ്യം നിന്നിലാകുന്നുവെന്നായിരുന്നു. 'അത് നിന്നിൽത്തന്നെയുണ്ട്.' അതുതന്നെയാണ് ഗീതയുടെ സാരാംശവും. 'ഞാൻ മായയാണ്. എന്നെ തേടുന്നവൻ എന്നെ കണ്ടെത്തും. സർവ്വമായയായി ഞാനെന്നും നിത്യവും എവിടെയുമുണ്ട്.' യേശു പറഞ്ഞു 'എന്നെ പ്രതി ജീവൻ നഷ്ടപ്പെടുന്നവൻ അവനതു കണ്ടെത്തും. തേരോടിക്കുന്ന കൃഷ്ണൻ കൗരവ പാണ്ഡവ യുദ്ധത്തിലെ പോരാളിയായ അർജുനനോടു പറഞ്ഞതും അതുതന്നെയായിരുന്നു. അധർമ്മത്തെ നശിപ്പിച്ചുകൊണ്ടു ധർമ്മം സ്ഥാപിക്കാൻ  യുഗയുഗങ്ങളായി ഞാൻ ജനിക്കുന്നുവെന്നും ഭീരുത്വം കൈവെടിഞ്ഞുകൊണ്ട് യുദ്ധക്കളത്തിൽ പോരാടുകയാണ് ഒരു ക്ഷത്രിയന്റെ ധർമ്മവുമെന്നുമുള്ള ഭഗവാന്റെ ഉപദേശവും അർജുനനെ ആവേശഭരിതനാക്കിയിരുന്നു.

നസ്രത്തുകാരൻ യേശു കിഴക്കിന്റെ ദീപമാണ്. ആ സത്യം പടിഞ്ഞാറുള്ളവർ മറക്കുന്നു. ഈ ജീവിതത്തിലല്ലെങ്കിൽ മറ്റൊരു ജീവിതത്തിലെന്നു ക്രിസ്തു പറയുന്നുണ്ടെങ്കിൽ അവൻ സത്യമായും കിഴക്കിന്റെ പുത്രനായിരുന്നു. അവനുമുമ്പേ പരമാത്മാവിലേക്കുള്ള വഴികൾ തെളിച്ചവരുണ്ട്. അവനും അതേ വഴികളിൽ സഞ്ചരിച്ചുകൊണ്ട് പരബ്രഹ്മത്തെ പ്രാപിച്ചു. ആത്മത്തെ തേടിയുള്ള ആ യാത്രയിൽ എന്റെ പിന്നാലെ വരൂവെന്നു ശിക്ഷ്യ ഗണങ്ങളോടായി യേശു  പറഞ്ഞു. ചിലർ അവനെ തെറ്റിദ്ധരിച്ചു. മറ്റുചിലർ അവന്റെ വാക്കുകളെ ശ്രവിച്ചു.വിവേകാനന്ദന്റെ മഹത് വാക്യങ്ങൾ ഒന്നുകൂടി എടുത്തു പറയട്ടെ, "നസ്രത്തിലെ യേശുവിന്റെ ദിനങ്ങളിൽ ഞാൻ ജീവിച്ചിരുന്നെങ്കിൽ എന്റെ ഹൃദയംഗമമായ രക്തംകൊണ്ട് അവന്റെ പൂജ്യമായ കാൽപ്പാദങ്ങൾ കഴുകി നമിക്കുമായിരുന്നു. മഹാത്മാക്കളുടെ തത്ത്വങ്ങളായിരുന്നു നാളിന്നുവരെ എന്നെ നയിച്ചിരുന്നത്. ദൈവം വീണ്ടും വീണ്ടും വരുമെന്ന് എന്റെ പ്രഭാഷണങ്ങളിൽ എക്കാലവും മുഴങ്ങുന്നുണ്ടായിരുന്നു. അവൻ കൃഷ്ണനായും, രാമനായും ബുദ്ധനായും നമ്മുടെ പവിത്രഭൂമിയിൽ ജീവിച്ചിരുന്നു."







No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...