Thursday, December 22, 2016

മാതാ ഹരിയെന്ന നർത്തകിയെ ക്രിസ്തുവായി കാണുന്നവരും പ്രതികരണങ്ങളും





ജോസഫ് പടന്നമാക്കൽ 

പഴയകാലങ്ങളിൽ പുരോഹിതരായിരുന്നവർ സാംസ്‌കാരികമായും പാരമ്പര്യമായും മെച്ചപ്പെട്ട കുടുംബങ്ങളിൽ നിന്നും ജനിച്ചു വളർന്നവരായിരുന്നു. അമ്പലപൂജാദി കർമ്മങ്ങൾ  നമ്പൂതിരിമാർ കൈവശപ്പെടുത്തിയതുപോലെ ക്രിസ്ത്യൻ പൗരാഹിത്യത്തിന്റെ കുത്തകയും ഉയർന്ന കുടുംബ മഹിമയുള്ളവരിൽ നിക്ഷിപ്തമായിരുന്നു. കുടുംബത്ത് ഡോക്ടർ, എഞ്ചിനീയർ പോലെ പുരോഹിതനും സമൂഹത്തിൽ ബഹുമാന്യമായ സ്ഥാനമുണ്ടായിരുന്നു. ഇന്നത്തെ സ്ഥിതി അതല്ല, പത്താം ക്ലാസ് പാസാകുന്ന ആർക്കും ഏതു തെമ്മാടിയുടെയും ഷൈലോക്കുകളുടെയും മക്കൾക്ക് പുരോഹിതരാകാമെന്നായി. പൗരാഹിത്യന്റെ വിലയിടിഞ്ഞതും അത്തരക്കാരുടെ തള്ളിക്കയറ്റത്തിനു ശേഷമായിരുന്നു. കേരളത്തെ സംബന്ധിച്ചടത്തോളം മറിയക്കുട്ടിക്കൊലക്കേസ് മുതൽ  അധഃപതിച്ച പുരോഹിതരെയും മാന്യന്മാരായവരോടൊപ്പം ജനം ശ്രദ്ധിക്കാൻ തുടങ്ങി.

കുപ്രസിദ്ധമായ മറിയക്കുട്ടി കൊലക്കേസിന്റെ വിസ്താര നാളുകളിൽ ദീപികയും മനോരമയും ഒരുപോലെ ഫാദർ ബെനഡിക്റ്റ് നിരപരാധിയെന്ന് വിധിയെഴുതി. എങ്കിലും അന്നത്തെ ചങ്ങനാശേരി ബിഷപ്പ് മാർ മാത്യു കാവുകാട്ട്, "നീതിയും സത്യവും അതിന്റെ വഴിക്കു നടക്കട്ടെ, കുറ്റം ചെയ്തവൻ ശിക്ഷിക്കപ്പെടണമെന്നു" പറഞ്ഞതും ഓർക്കുന്നു. കാവുകാട്ട് ബിഷപ്പിനെപ്പോലെ ദിവ്യന്മാരായ മഹാന്മാരും ഈ സഭയിലുണ്ടായിരുന്നുവെന്ന കാര്യവും മറക്കുന്നില്ല. അതേ രൂപതയിലുള്ള ഒരു വൈദികനായ ഫാദർ ജോസഫ് ഇലഞ്ഞിമറ്റത്തിന്റെ സുപ്രസിദ്ധ സാഹിത്യകാരനായ ബെന്യാമിനുള്ള മറുപടി തികച്ചും രുചികരമായിരുന്നില്ല.

പുരോഹിതരുൾപ്പടെയുള്ള  എല്ലാ ക്രിമിനൽ കേസുകളിലും മനോരമ എക്കാലവും കത്തോലിക്കാസഭയ്‌ക്കൊപ്പമുണ്ടായിരുന്നു.  കോട്ടയം കോൺവെന്റിൽ അന്തേവാസിയായിരുന്ന അഭയായെന്ന യുവതിയായ കന്യാസ്ത്രിയെ കൊന്നു കിണറ്റിലിട്ടപ്പോഴും മനോരമ പത്രം പുരോഹിതരെ രക്ഷിക്കാൻ ശ്രമിച്ചു. ഇങ്ങനെ നീതികേടു കാണിക്കുന്ന പുരോഹിതരുടെ ധാർമ്മിക ബോധം എത്രമാത്രം അധഃപതിച്ചതെന്നും കേരളത്തിലെ കഴിഞ്ഞകാല സംഭവപരമ്പരകളിൽനിന്നും വ്യക്തമാണ്.

ഫാദർ ഇലഞ്ഞിമറ്റം ലൈംഗിക ചുവകൾ കലർത്തിയുള്ള ഒരു മറുപടിയാണ് ബെന്യാമിന് അയച്ചത്. ശ്രീ ബെന്യാമിനും അത്തരത്തിലുള്ള ഒരു ലേഖനം എഴുതിയില്ലേയെന്നു ചോദ്യം വരാം. മിക്ക  സാഹിത്യകാരന്മാരുടെ കൃതികളും ലൈംഗിക ചുവ കലർന്നിട്ടുള്ളതാണ്. ബഷീറിന്റെയും കേശവദേവിന്റെയും കൃതികളിൽ ലൈംഗിക വികാരങ്ങൾ പച്ചയായി വിവരിച്ചിരിക്കുന്നത് കാണാം. അങ്ങനെയൊരു അവകാശം മാത്രമേ സാഹിത്യകാരനായ ബെന്യാമിനുമെടുത്തുള്ളൂ. സദാചാരം പഠിപ്പിക്കാൻ അദ്ദേഹം സദാചാരവാദിയോ പുരോഹിതനോ അല്ല. അക്കാര്യം അദ്ദേഹത്തിൻറെ മറുപടിയിൽ വ്യക്തമായി വിവരിച്ചിട്ടുണ്ട്. സ്വന്തം കപട സംസ്ക്കാരങ്ങളെ മറച്ചുവെച്ചുകൊണ്ടു നടക്കുന്ന സഭയിലെ ഏതാനും ചില പുരോഹിതർക്ക് ഒരു സ്ത്രീയുടെ മാറിടത്തിന്റെ ചിത്രം കണ്ടപ്പോൾ കലിയിളകിയെന്നും മനസിലാക്കണം.

ബെന്യാമിൻ പ്രസിദ്ധനായ ഒരു എഴുത്തുകാരനാണ്.  എഴുത്തുലോകത്തിൽ കുരു പൊട്ടുവോ, ലൈംഗിക ചുവയുള്ള കാര്യങ്ങളോ എഴുതാം.  ഒരു എഴുത്തുകാരന്റെ ചിന്തകൾ ഭൗതിക ലോകത്തെപ്പറ്റിയാണ്. തന്റെ ഭാര്യ ഗർഭിണിയായിരുന്ന കാലഘട്ടങ്ങളിൽ വികാരങ്ങളെ എങ്ങനെ കീഴ്പ്പെടുത്താമെന്നു ശ്രീ ബെന്യാമിൻ തന്മയത്വമായി എഴുതിയിട്ടുമുണ്ട്. ഒരു എഴുത്തുകാരനു ഒരു ജനതയെ സാംസ്‌കാരികമായോ ആദ്ധ്യാത്മികമായോ പരിവർത്തനം ചെയ്യാനുള്ള കടമയില്ല. ജനങ്ങളുടെ മനോധർമ്മത്തിനനുസരിച്ചു എഴുതുകയെന്നതാണ് അയാളുടെ ജോലി. അയാളൊരു സാംസ്ക്കാരിക ചിന്തകനായിരിക്കണമെന്നില്ല. എന്നാൽ ഒരു സമൂഹത്തിനെ ദൈവത്തിങ്കിലേയ്ക്ക് അടുപ്പിക്കണമെന്നും സാംസ്ക്കാരികവും ആദ്ധ്യാത്മികവുമായ കാഴ്ചപ്പാട് സമൂഹത്തിനു കാഴ്ച വെക്കണമെന്നുമാണ് പുരോഹിതൻ ചിന്തിക്കേണ്ടത്.

സൽമാൻ റഷ്ദിയുടെ തലയ്ക്ക് വിലപറഞ്ഞ ഇസ്‌ലാമിക ഭീകരവാദികളെക്കാളും പുരോഹിതരുടെ സാംസ്ക്കാരികത താണു പോയതിന്റെ തെളിവാണ് ഫാദർ ഇലഞ്ഞിമറ്റത്തിന്റെ ബെന്യാമിനുള്ള   മറുപടി. അതിനദ്ദേഹം അല്മായർ ചെയ്യുന്ന കുറ്റകൃത്യങ്ങളുമായി തുലനംചെയ്തു തടിതപ്പാൻ ശ്രമിക്കുകയാണ്. ജിഷാക്കൊലക്കേസും അഭയാക്കൊലക്കേസും ഒരേ ത്രാസിൽ അളക്കാനും ഇലഞ്ഞിമറ്റം  ശ്രമിക്കുന്നു. ഇസ്‌ലാമിക മതത്തെ മൊത്തം അധിക്ഷേപിച്ചുകൊണ്ടുള്ള മറുപടിയും ഈ പുരോഹിതന്റെ ലേഖനത്തിൽ പ്രതിഫലിക്കുന്നുണ്ട്. എല്ലാ മതങ്ങളിലും ഭീകരരുണ്ട്. പതിനാലാം നൂറ്റാണ്ടിലെ ഭീകരർ ക്രിസ്ത്യാനികളായിരുന്നു. ഈ നൂറ്റാണ്ടിൽ ക്രിസ്ത്യാനികളും ക്രിസ്ത്യൻ രാജ്യങ്ങളും മറ്റൊരു ഭീകര സംഘടനയെ സൃഷ്ടിച്ചുവെന്നു മാത്രം. 'ഇസ്‌ലാമിക ഭീകരരെങ്കിൽ ബെന്യാമിന്റെ തലയ്ക്ക് കോടികൾ വിലമതിക്കുമായിരുന്നവെന്ന 'ആശ്വാസമാണ് ഫാദർ ഇലഞ്ഞിമറ്റത്തിനുള്ളത്. കോതമംഗലം ബിഷപ്പിന്റെയും തൊടുപുഴ ന്യുമാൻ കോളേജ് മലയാളം വകുപ്പുമേധാവിയായ ഒരു പുരോഹിതന്റെയും അനുഗ്രഹത്തോടെ പ്രൊഫസർ ജോസഫ് സാറിന്റെ   കൈവെട്ടിയതും അദ്ദേഹത്തിൻറെ ഭാര്യ സലോമിയുടെ ആത്മഹത്യയും ആ കുടുംബത്തോട് കാണിച്ച സഭയുടെ ക്രൂരതയും കേരള മനസാക്ഷിക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത സത്യങ്ങളാണ്.

പിതാവേ ഇവരോട് ക്ഷമിക്കുകയെന്നു പറഞ്ഞ ഗുരുവിന്റെ പിൻഗാമികൾ വെളുത്ത കുപ്പായങ്ങളും ധരിച്ചുകൊണ്ടാണ് ചന്തകളിൽക്കൂടി പ്രതിക്ഷേധങ്ങളുമായി മുന്നേറുന്നതെന്നും ഓർക്കണം. കേരളത്തിൽ പണ്ട് മാറ് മറക്കാനുള്ള സമരം അധഃകൃത സമുദായങ്ങൾ നടത്തിയിരുന്നു. ഇത് സ്ത്രീയുടെ മാറു കണ്ടുവെന്ന പൗരാഹിത്യത്തിന്റെ സമരകാഹളമായും ചരിത്രത്തിൽ വിശേഷിപ്പിക്കാം. അല്ലെങ്കിൽ ഫ്രാൻ‌സിൽ ജീവിച്ചിരുന്ന മാതാ ഹരിയെന്ന നർത്തകിയുടെ മാറിടത്തിന്റെ പടം കണ്ടപ്പോൾ ക്രിസ്തുവാണെന്നു തോന്നിക്കാണാം.

സദാചാരം പഠിപ്പിക്കാനിറങ്ങുന്ന പുരോഹിതരുടെ പ്രകടനങ്ങളെ പരിഹസിച്ചുകൊണ്ടുള്ള ശ്രീ ബെന്യാമിന്റെ മറുപടി ഫാദർ ഇലഞ്ഞിമറ്റത്തിനു ഏറ്റിട്ടുണ്ടെന്നുള്ളതും വ്യക്തമാണ്.  1957 കാലങ്ങളിൽ കേശവദേവിന്റെ 'ഓടയിൽനിന്നുള്ള' പുസ്തകം സ്‌കൂളുകളിൽ പാഠപുസ്തകമാക്കിയപ്പോൾ പുരോഹിതരിൽനിന്നും ശക്തമായ പ്രതിക്ഷേധങ്ങളുണ്ടായിരുന്നു. അതിലെ കഥാപാത്രങ്ങളായ നായകനും നായികയും കിടക്ക പങ്കുവെച്ചെന്നുള്ള പരാമർശനമായിരുന്നു പുരോഹിതരെ ചൊടിപ്പിച്ചത്. അന്നും ശ്രീ ബെന്യാമിനെപ്പോലെ പ്രസിദ്ധരായ എഴുത്തുകാർ പുരോഹിതരുടെ ബാലിശമായ വക്രചിന്തകളെ എതിർത്തുകൊണ്ട് രംഗത്തു വന്നിരുന്നു. 'ബൈബിളിലെ അശ്ളീല കഥകൾ ആദ്യം നീക്കം ചെയ്യാനായിരുന്നു' അക്കാലങ്ങളിൽ കേശവ് ദേവ് പുരോഹിതരോടാവശ്യപ്പെട്ടത്.

ബ്രഹ്മചരിയെന്നു അഭിമാനിച്ചുകൊണ്ട് കുപ്പായമിട്ടിരിക്കുന്ന ഇലഞ്ഞിമറ്റത്തിന്റെ ചോദ്യങ്ങൾ ഒന്ന് ശ്രദ്ധിക്കുക. ഭാര്യ ഗർഭിണിയായിരിക്കുമ്പോൾ, ഭാര്യയിൽനിന്ന് അകന്നു ജീവിക്കുമ്പോൾ കുരു പൊട്ടുവോയെന്നുള്ള ചോദ്യങ്ങൾ എന്നും പവിത്രമായ അൾത്താരയിൽ കുർബാന ചെല്ലുന്ന ഒരു പുരോഹിതന്റെ അന്തസ്സിനു ചേർന്നതാണോ? ആദ്ധ്യാത്മികത എന്തെന്നു മറ്റുള്ളവരെ കാണിച്ചുകൊടുക്കേണ്ട ഒരു പുരോഹിതന്റെ അല്ലെങ്കിൽ അതേ പാതയിൽ സഞ്ചരിക്കേണ്ട ഒരു ബ്രഹ്മചര്യന്റെ ചോദ്യങ്ങളാണെന്നും മനസിലാക്കണം. പ്രകൃതിയേയും ഈശ്വരനെയും സൃഷ്ട്ടികർമ്മങ്ങളെയും മനസിലാക്കിയിരുന്ന ബ്രഹ്മചരിയായ ഒരു പുരോഹിതൻ ഇത്തരം വിഡ്ഢിചോദ്യങ്ങൾ ചോദിക്കില്ലായിരുന്നു.

പുരോഹിതരുടെ ബ്രഹ്മചര്യത്തെ ചോദ്യം ചെയ്തതിലുള്ള അമർഷം മുഴുവനായും ഫാദർ ഇലഞ്ഞിമറ്റത്തിന്റെ ബെന്യാമിനുള്ള മറുപടിയിൽ വ്യക്തമായിരുന്നു. ബ്രഹ്മചര്യമെന്നു പറഞ്ഞാൽ  ഇലഞ്ഞിമറ്റം തെറ്റായി ധരിച്ചിരിക്കുന്നുവെന്നു തോന്നുന്നു. അവിവാഹിതനായി ജീവിക്കുന്നുവെന്നാണ് അദ്ദേഹം ധരിച്ചുവെച്ചിരിക്കുന്നത്. ഹൈന്ദവ ആചാര്യന്മാർ പവിത്രമായി കരുതുന്ന ബ്രഹ്മചര്യം എന്ന വാക്കുപയോഗിക്കാൻ തന്നെ ക്രൈസ്തവ പുരോഹിതർക്കവകാശമില്ല.
ഹൈന്ദവത്തിൽ ബ്രഹ്മചര്യം ജീവിതകാലം മുഴുവൻ നോക്കണമെന്ന പ്രതിജ്ഞയുമില്ല.

മതത്തിന്റെ കപടതയെ എഴുത്തുകാർ മറച്ചുവെക്കണമെന്നാണ് ഇലഞ്ഞിമറ്റത്തിനെപ്പോലുള്ള  പുരോഹിതർ ചിന്തിക്കുന്നത്. ശ്രീ എം.പി. പോൾ, മുണ്ടശേരി, പൊൻകുന്നം വർക്കി, എന്നിവരെ തേജോവധം ചെയ്യാൻ പുരോഹിതർ ആവുന്നത്ര ശ്രമിച്ചു. പുരോഹിതരുടെ കൊള്ളരുതായ്മകൾ കണ്ടില്ലെന്നു നടിച്ചുകൊണ്ട് എഴുത്തുകാർ അവരുടെ ചൊൽപ്പടിക്ക് നിൽക്കണമെന്നാണ്  ആഗ്രഹിക്കുന്നത്‌. അല്ലെങ്കിൽ കൂദാശകൾ മുടക്കാനുള്ള അധികാരം പ്രയോഗിക്കും. ഒന്നുരണ്ടു കോടതിക്കേസുകൾ പുരോഹിതർക്ക് പ്രതികൂലമായി വന്നതിനാൽ അത്തരം നീചമായ തീരുമാനങ്ങൾ ഇനി നടപ്പാക്കാൻ പ്രയാസമാണ്. മഹാനായ എം.പി. പോളിന്റെ ശവത്തെ അപമാനിച്ച കഥ കേരള കത്തോലിക്കാ സഭയുടെ കറുത്ത അദ്ധ്യായത്തിലുമുണ്ട്.

അദ്ധ്യാത്മികതയെ നാലുവിധേനയുള്ള ആശ്രമങ്ങളായി വേദങ്ങൾ തരം തിരിച്ചിരിക്കുന്നു. ബ്രഹ്മചര്യം, ഗൃഹസ്ഥം, വാനപ്രസ്ഥം, സന്യസ്‌തം, എന്നിവകളാണ് ചതുരാശ്രമങ്ങളായി  ഗണിച്ചിരിക്കുന്നത്. അതിൽ ബ്രഹ്മചര്യമെന്നുള്ളത് അദ്ധ്യാത്മികതയിലെ ഒരു വഴിമാത്രമേയുള്ളൂ. പുരോഹിതർക്ക് ആ വാക്ക് ഉപയോഗിക്കാൻ തന്നെ അവകാശമില്ല. ബൈബിളിൽ ബ്രഹ്മചര്യത്തെപ്പറ്റി ഒരു സ്ഥലത്തും പറഞ്ഞിട്ടുമില്ല. ബ്രഹ്മചര്യമെന്നു പറഞ്ഞാൽ ബ്രഹ്മനെയറിയുന്ന ആചാര്യനെന്നാണ്. അല്ലാതെ സ്ത്രീയുടെ മാറിടവും മാറിടത്തിന്റെ പടവും പഠിക്കുന്നവനെന്നല്ല. ഈശ്വരനെ അല്ലെങ്കിൽ ആത്മത്തെ തേടുന്നവനെയാണ് ബ്രഹ്മചര്യനെന്നു പറയുന്നത്.

ക്രിസ്തീയ സഭകളിൽ ബിംബാരാധന ഇല്ലെന്നു പറയും. പിന്നെയെന്തിനാണ് പുരോഹിതർ ക്രിസ്തുവിനെ ലൈംഗിക ചുവ പൂശിക്കൊണ്ടു സമരത്തിനിറങ്ങുന്നതെന്നു മനസിലാകുന്നില്ല. ഈ സമരം ആദ്ധ്യാത്മികതയുമായി യാതൊരു ബന്ധവുമില്ലാത്ത സ്ഥിതിക്ക് പുരോഹിതർക്ക് മറ്റു ലക്ഷ്യങ്ങളും കാണാം. ഒരു വലിയ കോർപ്പറേറ്റ് സ്ഥാപനമായ മനോരമയെ തകർക്കുക വഴി അനേകരെ തൊഴിലില്ലാതെയാക്കാനും സാധിക്കുമെന്ന് ഇവർ ചിന്തിക്കുന്നുണ്ടാകാം. ചരമയറിയിപ്പ് മാത്രം വായിക്കാൻ കൊള്ളാവുന്ന നിലവാരം കുറഞ്ഞ ദീപിക പത്രത്തിന്റെ പ്രചാരവും വർദ്ധിപ്പിക്കാമെന്നു പുരോഹിതർ കരുതുന്നുണ്ടാവാം. മെത്രാനെ വാഴ്ത്തുന്നതും പുരോഹിതന്റെ പുത്തൻ കുർബാനയുടെ വാർത്തകൾക്ക് മാത്രം പ്രാധാന്യം കൽപ്പിക്കുന്നതുമായ ദീപികയെന്ന പുരോഹിത പത്രത്തിന് സാംസ്ക്കാരിക കേരളം വലിയ പ്രാധാന്യം കൽപ്പിക്കുമെന്നും തോന്നുന്നില്ല. സർ സി.പി.യുടെ ആജ്ഞപ്രകാരം പത്രം മുടക്കി മുദ്രവെച്ചുകൊണ്ടുള്ള കാലങ്ങളെയും അതിജീവിച്ച പത്രമാണ് മലയാള മനോരമയെന്നും  മനസിലാക്കണം.

ഒരു പത്രധർമ്മമെന്നു പറഞ്ഞാൽ പ്രത്യേകമായ ഒരു ജാതിയെ
പ്രീതിപ്പെടുത്താനുള്ളതല്ല. വാർത്തകളും അറിവുകളും പകർന്നു കൊടുക്കുകയെന്നത് ഒരു പത്രത്തിന്റെ മൗലികാവകാശമാണ്. കാരണം, വായനക്കാരിൽ യുക്തിവാദികളും, കലാകാരന്മാരും, ക്രിസ്ത്യാനികളും, ഹിന്ദുക്കളും മുസ്ലിമുകളും കാണും. മദ്ധ്യകാല യുഗങ്ങളിൽ ഏതോ കലാകാരൻ വരച്ച അന്ത്യയത്താഴത്തിലെ ക്രിസ്തുവിന്റെ ചിത്രം ബേതലഹേമിൽ ജീവിച്ചിരുന്ന യഥാർത്ഥ ക്രിസ്തുവിന്റെതല്ല. ജീവിച്ചിരുന്ന ക്രിസ്തു യഹൂദനായിരുന്നു. ഇന്ന് മാർക്കറ്റിൽ വിൽക്കാനിട്ടിരിക്കുന്ന പടങ്ങളിൽ നടുക്കിരിക്കുന്ന ക്രിസ്തു  യൂറോപ്യനായ ഒരാളിന്റെ ഭാവനയിലുണ്ടായ പടമാണ്. അതുപോലെ ആഫ്രിക്കൻ ക്രിസ്തുവിന്റെ പടങ്ങളും കാണാം. ചിലർ മേരിയെ സാരിയുടുപ്പിക്കുകയും ഗർഭിണിയാക്കി പ്രതിമകളുമുണ്ടാക്കുകയും ചെയ്യുന്നു. അതുപോലെ കലയെ സ്നേഹിക്കുന്നവർ നർത്തകിയായിരുന്ന മാതാ ഹരിയുടെയും പടങ്ങൾ നടുക്കു വെച്ച് ഭാവനകൾ സൃഷ്ടിച്ചെന്ന് വരാം. അതിൽ പുരോഹിത ലോകം ഇത്രമാത്രം കലികൊള്ളേണ്ട കാര്യമില്ല. രവി വർമ്മയുടെ പടങ്ങളിൽ ഒരു യുവതി മാറിടം കാണിച്ചുകൊണ്ട് കുഞ്ഞിന് മുലയൂട്ടുന്നതായുണ്ട്. അതുപോലെ മേരിയും ശിശുവായ യേശുവിനു മാറിടം കാണിച്ചുകൊണ്ട് മുലയൂട്ടുന്നതായ കലാമൂല്യങ്ങൾ മദ്ധ്യകാല യുഗങ്ങൾ മുതലുണ്ട്. അതിലൊന്നും പുരോഹിതർക്ക് പ്രതിക്ഷേധമില്ല. അറിവും കലാചിന്തകളുമുള്ളവർ ഒരു പടം കണ്ടാൽ വികാരക്ഷോപിതരാകുകയല്ല വേണ്ടത്, മറിച്ചു ആ കലാമൂല്യങ്ങളെ കലയുടെ മഹത്വത്തിൽത്തന്നെ ആദരിക്കുകയാണ് ചെയ്യേണ്ടത്.

സ്ത്രീകളുടെ മാറിടം കാണിച്ചുകൊണ്ടുള്ള കലാമൂല്യങ്ങളായ ചിത്രങ്ങൾ കണ്ടാൽ  സാംസ്ക്കാരിക കേരളത്തിന്റെ സംസ്ക്കാരം ഇടിഞ്ഞുപോകുമെന്ന പുരോഹിത സങ്കൽപ്പത്തിന് മാറ്റം വരണം. അത്തരം ചിന്തകൾ അവരിലുണ്ടാകുന്നത് സെമിനാരികളിലെ അടച്ചുപൂട്ടിയ വാതിലുകൾക്കുള്ളിൽ വികാരങ്ങൾ കീഴ്‌പ്പെടുത്തി കൗമാരം ചെലവഴിച്ചതുകൊണ്ടാണ്. അശ്ലീലമെന്നു പ്രചരിപ്പിച്ചുകൊണ്ടു പുരോഹിതർ നടത്തുന്ന പ്രകടനങ്ങൾ മൂന്നാം ക്ലാസ് രാഷ്ട്രീയക്കാരേക്കാളും തരം താണതാണ്.   കുപ്പായങ്ങളണിഞ്ഞുകൊണ്ടുള്ള ഇവരുടെ പ്രകടനങ്ങൾ കത്തോലിക്കാ സഭയെ ലോകത്തിന്റെ മുമ്പിൽ കരിതേക്കുകയും ചെയ്യുന്നു.ഇന്റർനെറ്റ് തേടിയാൽ ഇതുമാതിരിയുള്ള അനേക ചിത്രങ്ങൾ കാണാം. അക്കൂടെ യേശുവിനെ നഗ്നമായി നിർത്തികൊണ്ടുള്ള അന്ത്യ അത്താഴ പടങ്ങളുമുണ്ട്. മാറിടം കാണിച്ചുകൊണ്ടുള്ള കന്യാസ്ത്രീകളുടെ നടുവിൽ യേശു ബാറിലിരുന്ന് മദ്യപിക്കുന്നതായുള്ള പടങ്ങളും കാണാം. ഇതിനൊക്കെ പ്രതിക്ഷേധിക്കാൻ പോയാൽ പുരോഹിതർ എത്രമാത്രം പോകുമെന്നും അറിഞ്ഞുകൂടാ.

പ്രകൃതിയും ജീവജാലങ്ങളും പുരുഷനും സ്ത്രീയും സൃഷ്ടി കർമ്മങ്ങളിൽ ഉള്ളതാണ്. സ്ത്രീയെ കാണുമ്പോൾ പുരുഷനുണ്ടാകുന്ന വികാരം പ്രകൃതിയുടെയും ഈശ്വരന്റെയും വരദാനവുമാണ്. അതിനെ നിഷേധിച്ചുകൊണ്ട് സ്ത്രീയെ കാണുമ്പോൾ അടക്കിപിടിച്ചുകൊണ്ടുള്ള പുരോഹിതന്റെ ജീവിതം പ്രകൃതി വിരുദ്ധവുമാണ്. പന്ത്രണ്ടുമാസവും വൈകാരിക ജീവിതം അമർത്തിപ്പിടിച്ചു ജീവിക്കുന്നതുകൊണ്ടാണ് സ്ത്രീയുടെ മാറിടത്തിന്റെ പടം കണ്ടാൽ പുരോഹിതർക്ക് കലിയിളകുന്നത്. ദേവി ദേവന്മാരുടെ മാറിടങ്ങളുള്ള ബിംബങ്ങൾ നിത്യം അമ്പലപൂജാരികൾ പൂജാവേളകളിൽ ദർശിക്കുന്നതുകൊണ്ടു അവർക്കങ്ങനെയൊരു വൈകാരികത സംഭവിക്കാൻ സാധ്യത കുറവാണ്.  മേരിയുടെ നഗ്നമായ മാറിടത്തിൽ നിന്നും ഉണ്ണിയേശുവിനു മുല കൊടുക്കുന്നതായ ലോകപ്രസിദ്ധങ്ങളായ കലാമൂല്യങ്ങളുണ്ട്. അതിലൊന്നും പുരോഹിതർ വ്യാകുലരല്ല.

ഒരു സാധാരണ മനുഷ്യൻ വ്യപിചാരം ചെയ്‌താൽ അത് അയാളുടെ കുടുംബത്തെയും ഭാര്യയേയും കുഞ്ഞുങ്ങളെയുമെ ബാധിക്കുള്ളൂ. പക്ഷെ ഒരു പുരോഹിതനെന്നു പറഞ്ഞാൽ അയാളൊരു വ്യക്തിയല്ല. ഒരു സമൂഹത്തിനെയാണ് പ്രതിനിധികരിക്കുന്നത്. അയാൾ തെറ്റു ചെയ്‌താൽ സമൂഹമൊന്നാകെ പേരുദോഷമുണ്ടാക്കും. ക്രിസ്തുവിന്റെ ശിക്ഷ്യന്മാരിൽ ഒരാൾ പിഴച്ചുവെന്നാണ് പുരോഹിതരുടെ വാദം. ക്രിസ്തു ശിക്ഷ്യനായ യൂദാ സ്കറിയാത്തായിൽ വ്യപിചാരകുറ്റങ്ങൾ ചാർത്തിയതായി വചനങ്ങളിൽ പറഞ്ഞിട്ടില്ല. പണത്തോടുള്ള ആർത്തി മൂലം യൂദാ ഗുരുവിനെ ഒറ്റി കൊടുത്തു. ഒരു കാലത്തു സഭയേയും കത്തോലിക്കാ പുരോഹിതരെയും പിന്തുണച്ചിരുന്ന മനോരമയെ ഒറ്റികൊടുക്കാനും യൂദാസുകളായ പുരോഹിതർ ഇന്ന് മുമ്പിലുണ്ട്. അഭിനവ യൂദാമാർ കോളേജുകളും ഹോസ്പിറ്റലുകളും നടത്തി ഒറ്റുകാരനായ യൂദായെപ്പോലെ യേശുവാകുന്ന സഭയുടെ പേരിൽ കോഴ, കൈക്കൂലിവഴി ജനങ്ങളെ പറ്റിച്ചു ജീവിക്കുന്നു. ആത്മാക്കളെ രക്ഷിക്കാനെന്ന പേരും പറഞ്ഞു നടക്കുന്ന പുരോഹിതരുടെ കപടത നിറഞ്ഞ പാപങ്ങൾ നോക്കുമ്പോൾ ക്രിസ്തു ശിക്ഷ്യനായ യൂദായുടെ പാപം വെറും നിസാരമെന്നും കാണാം.

ടോം വട്ടക്കുഴി എന്ന ചിത്രകാരന്റെ ഭാവനയിൽ മുളച്ചുവന്ന  പടം ഫ്രാൻസിലെ പ്രസിദ്ധ നർത്തകിയായിരുന്ന
മാർഗരേത ഗീർട്രുയിഡാ  (Margaretha Geertruida Zelle) എന്ന ഒരു ഡച്ച് വനിതയുടെയായിരുന്നു. അവരുടെ സ്റ്റേജിലെ പേര് മാതാ ഹരിയെന്നായിരുന്നു. നഗ്നനർത്തകിയെന്ന നിലയിൽ അവർ അക്കാലങ്ങളിൽ പ്രസിദ്ധയായിരുന്നു. സമൂഹത്തിൽ പേരും പെരുമയുമുണ്ടായിരുന്നവരുടെയും ധനികരുടെയും പ്രഭുക്കന്മാരുടെയും കിടക്കകളും പങ്കിട്ടിരുന്നു. ഒന്നാം ലോക മഹായുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന കാലങ്ങളിൽ അവർ ജർമ്മനിയ്ക്കുവേണ്ടി ചാരവൃത്തി ചെയ്തുവെന്ന ആരോപണത്തിന്റെ പേരിൽ ഫ്രഞ്ച് സർക്കാർ  അവരെ അറസ്റ്റു ചെയ്തു. കുറ്റക്കാരിയെന്നു വിധിച്ചതിനാൽ ഫ്രഞ്ച് പട്ടാളക്കോടതി വെടിവെച്ചു കൊല്ലാൻ ഉത്തരവിടുകയാണുണ്ടായത്.

1876 ആഗസ്റ്റ് ഏഴാം തിയതി  അവർ ആഡം സെല്ലെയുടെയും (Adam Zelle) അഞ്ചേ വാൻ മെലന്റെയും (Antje van der Meulen) നാലുമക്കളിൽ മൂത്തവളായി ജനിച്ചു. പിതാവ് ഒരു ബിസിനസുകാരനും ധനികനുമായിരുന്നതു കൊണ്ട് നല്ലൊരു ബാല്യം അവർക്കുണ്ടായിരുന്നു. 1889-ൽ മാർഗരേതന്റെ പിതാവ് സാമ്പത്തികമായി തകരുകയും വിവാഹമോചിതനാവുകയും മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു. മാർഗരേത അമ്മയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്.  1891-ൽ 'അമ്മ മരിക്കുകയും അവർ 'മിസ്റ്റർ വിസർ' എന്ന തലതൊട്ടപ്പനുമൊത്തു താമസമാക്കുകയുമുണ്ടായി. അവിടെയവർ ചെറുകുട്ടികളെ പഠിപ്പിക്കുന്ന സ്‌കൂൾ അദ്ധ്യാപികയായിരുന്നു. ആ സ്‌കൂളിലെ ഹെഡ്മാസ്റ്ററുമായി പ്രേമ ബന്ധത്തിൽ ആയതിനാൽ അവിടെയുള്ള ജോലി നഷ്ടപ്പെട്ടു. വിസറിന്റെ   നിർദ്ദേശപ്രകാരമാണ് ജോലി പോയതും. അദ്ദേഹത്തിനു ആ ബന്ധം ഇഷ്ടമില്ലായിരുന്നു. അവിടെനിന്നും പിന്നീട് മാർഗരേത തന്റെ അമ്മാവന്റെ വീട്ടിൽ താമസമാക്കി.

1896-ൽ മാർഗരേത അവരെക്കാൾ ഇരുപതു വയസു പ്രായക്കൂടുതലുണ്ടായിരുന്ന ഒരു ഡച്ച് ആർമി ഓഫിസറിനെ വിവാഹം ചെയ്തു. രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. അതിൽ ഒരു കുട്ടി ചെറുപ്പത്തിലേ മരിച്ചുപോയി. മാർഗരേതന്റെ ഭർത്താവ് അവരിൽ നിന്ന് വിവാഹമോചനം നേടുകയും മകളുടെ സംരക്ഷണ ചുമതല ഭർത്താവിന് ലഭിക്കുകയും ചെയ്തു. അമ്പലങ്ങളിൽ നൃത്തം പഠിപ്പിച്ചുകൊണ്ടിരുന്ന ഒരു ഹിന്ദു അദ്ധ്യാപകനെ മാർഗരേത കണ്ടുമുട്ടി.അദ്ദേഹം അവരെ അമ്പല നർത്തകികളെപ്പോലെ രതി ഭാവാദികളടങ്ങിയ കൂത്തുകളും ഡാൻസുകളും  പഠിപ്പിച്ചു.  കാമവികാരങ്ങൾ ഉണർത്തുന്ന വിധേനയുള്ള നഗ്നനൃത്തങ്ങളായിരുന്നു അവർ അവതരിപ്പിച്ചുകൊണ്ടിരുന്നത്. പാരീസിലും ബെർലിനിലും വിയന്നയിലും യുറോപ്പിയൻ പട്ടണങ്ങളിലും ആയിരക്കണക്കിന് പ്രേക്ഷകരുടെ മുമ്പിൽ അവർ നൃത്തം ചെയ്യുമായിരുന്നു.

ജർമ്മനിയുമായുള്ള അവരുടെ ബന്ധം ഫ്രാൻസിലെ അധികാരികൾ വീക്ഷിച്ചുകൊണ്ടിരുന്നു. 1917- ൽ  ജർമ്മനിയിൽ നിന്നു മടങ്ങി വന്നയുടനെ അവരെ അറസ്റ്റ് ചെയ്തു. ജർമ്മനിക്കുവേണ്ടി  ചാരപ്രവർത്തി നടത്തുന്നവരായി   മുദ്രകുത്തുകയും ചെയ്തു. കാര്യമായ തെളിവുകൾ ഒന്നും അവരുടെ പേരിൽ ഉണ്ടായിരുന്നില്ലെങ്കിലും ഫ്രഞ്ചു പട്ടാളക്കോടതി വെടി വെച്ച് കൊല്ലുകയാണുണ്ടായത്. അവരുടെ സ്വന്തം നിലപാടിനെപ്പറ്റി വിവരിക്കുവാനും അന്നവർക്കു കഴിഞ്ഞില്ല.

ജയിലിൽ ആയിരുന്നപ്പോൾ ജയിലിലെ വാർഡനും ജോലിക്കാരും കന്യാസ്ത്രികളായിരുന്നു. വെടിവെച്ചു കൊല്ലാൻ പോകുന്ന അന്ത്യസമയത്തു ജയിൽവാർഡനായ കന്യാസ്ത്രി അവർക്ക് അന്ത്യ ചുമ്പനം അർപ്പിക്കുന്നുണ്ട്. വിധിയുടേതായ അന്നത്തെ ഒക്ടോബർ പതിനഞ്ചിലെ സുപ്രഭാതത്തിൽ മാതാ ഹരി ഉണരുകയും അവരെ പാരിസിലെ ജയിലിൽനിന്നും കൊണ്ടുപോയി തുറസായ ഒരു സ്ഥലത്തിട്ടു വെടിവെച്ചു കൊല്ലുകയും ചെയ്തു. 

മരണത്തെ സ്വപ്നം കാണുന്ന മാതാഹരിയെന്ന നർത്തകിയുടെ വൈകാരിക ഭാവങ്ങളെ ശ്രീ വൈലോപ്പള്ളി ശ്രീധരമേനോൻ അദ്ദേഹത്തിൻറെ കാവ്യ ഭാവനകളിൽ വർണ്ണിച്ചിട്ടുണ്ട്. ജീവിക്കാനുള്ള മോഹങ്ങളുമായി അവസാനനിമിഷം വരെയും സുന്ദരിയായ ആ നർത്തകി തന്റെ ജീവനുവേണ്ടി നീതിപീഠത്തോടപേക്ഷിച്ചിരുന്നു. അവർക്കുവേണ്ടി കണ്ണീരർപ്പിക്കാൻ ഏതാനും നിഷ്കളങ്കരായ കന്യാസ്ത്രികൾ ചുറ്റുമുണ്ടായിരുന്നു. നർത്തകിയുടെ താളം വെച്ചുള്ള അവസാനത്തെ നൃത്തംകണ്ടു കന്യാസ്ത്രികൾ അലൗകികമായ ആനന്ദ ലഹരിയിൽ ലയിച്ചുപോയിരുന്നു. മാതാ ഹരിയെന്ന മദാലസയായ നർത്തകിയെ ക്രിസ്തുവായി സീറോ മലബാർ സഭ തെറ്റിദ്ധരിക്കുകയും ചെയ്യുന്നു.  









No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...