Sunday, July 16, 2017

പ്രവീണിന്റെ മരണവും ദുരൂഹതകളും ഒരു അമ്മയുടെ പോരാട്ടങ്ങളും



ജോസഫ് പടന്നമാക്കൽ

ഒരു മകന്റെ മരണത്തിൽ മൂന്നു വർഷത്തിൽപ്പരം നിയമ യുദ്ധം നടത്തിക്കൊണ്ടിരുന്ന ലവ്'ലി-വർഗീസ് കുടുംബത്തെ സംബന്ധിച്ച് പുതിയ കോടതി വിധി ആ കുടുംബത്തിന് ആശ്വാസകരമായിരുന്നു. നീതിക്കായുള്ള പോരാട്ടത്തിൽക്കൂടി പൊൻതൂവൽ വിരിച്ച 'ലവ്'ലി'യും വർഗീസ് കുടുംബവും ഇന്ന് വാർത്തകളിൽ പ്രധാന സ്ഥാനം നേടിക്കഴിഞ്ഞിരിക്കുന്നു. സതേൺ ഇല്ലിനോയി യൂണിവേഴ്സിറ്റിയിലെ പ്രവീൺ എന്ന വിദ്യാർത്ഥിയെ 2014-ൽ കൊലപ്പെടുത്തിയെന്ന കുറ്റമാരോപിച്ച് ഇക്കഴിഞ്ഞ ദിവസം 'ഗാജ് ബേത്തൂനെ' (Gaege Bethune) എന്ന വെളുത്തവനായ യുവാവിനെ കൊലപാതകത്തിനും മോഷണത്തിനും അറസ്റ്റു ചെയ്തിരുന്നു. ഈ കേസ് ശബ്ദമുയർത്തി പ്രതിയെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവന്നത് ലവ്'ലി യുടെ കുടുംബ സുഹൃത്തായ 'മോനിക്കാ സുക്കാ' എന്ന റേഡിയോ ഹോസ്റ്റസായിരുന്നു.  എത്രമാത്രം അവരെ പുകഴ്ത്തിയാലും മതിയാവില്ല.

പ്രോസിക്യൂട്ടറിൽനിന്നും കുറ്റാരോപിതനായവനെ ജയിലിലടച്ച വാർത്ത കേട്ടപ്പോൾ സന്തോഷം കൊണ്ട്  ലവ്'ലി പൊട്ടിക്കരഞ്ഞു. ഒരു നിയമ യുദ്ധത്തിന്റെ അവസാനത്തിന്റെ ആരംഭമായും ഈ വിധിയെ വിലയിരുത്തി. നീതി അവസാനം അനുകൂലമായപ്പോൾ വികാരങ്ങളെ അവർക്ക് അടക്കി നിർത്താൻ കഴിഞ്ഞില്ല. കൈ വളരുന്നു, കാലു വളരുന്നു എന്നൊക്കെ നോക്കി വളർത്തിയ ഒരു പൊന്നോമന മകന്റെ ആത്മാവുപോലും അന്ന് തുള്ളി ചാടിയെന്നു അവനെ സ്നേഹിക്കുന്നവർക്കെല്ലാം  തോന്നിക്കാണും. പ്രവീണിനെ പ്രസവിച്ച വയറിന്റെ വേദന അനുഭവിച്ച ആ 'അമ്മ സന്തോഷം കൊണ്ട് തുള്ളിച്ചാടിക്കൊണ്ട് ഈ വാർത്ത ഉടൻതന്നെ മറ്റുള്ളവരെ അറിയിക്കുകയും ചെയ്തു.

പ്രവീൺ 2014-ൽ  ഒരു കാട്ടിനുള്ളിൽ വെച്ച്  മരവിച്ച തണുപ്പിൽ മരിച്ചുവെന്ന വാദത്തെ വെല്ലുവിളിച്ചുകൊണ്ട് അവന്റെ  അമ്മ നീണ്ട മൂന്നു വർഷത്തോളം നിയമയുദ്ധം നടത്തിയതിന്റെ പ്രതിഫലനമായിരുന്നു ഈ അറസ്റ്റ്. പ്രവീണിന്റെ മരണത്തിന് ഒരാഴ്ചശേഷം മൃതദേഹം കോളേജ് ക്യാമ്പസ്സിന് വെളിയിലുള്ള ഒരു കാട്ടിൽ നിന്നും കണ്ടെടുത്തു. അതിഘോരമായ ശൈത്യമുണ്ടായിരുന്ന ഒരു ദിവസത്തിലായിരുന്നു പ്രവീൺ മരിച്ചത്.

പ്രവീണിന്റെ സ്വാഭാവിക മരണമെന്ന് സ്ഥാപിക്കാൻ ഓട്ടോപ്‌സിയിൽ (മൃതശരീര പരിശോധന) ഉത്തരവാദിത്വപ്പെട്ടവർ പലതും മൂടി വെച്ചിരുന്നു. പ്രവീണിനുണ്ടായിരുന്ന മുറിവുകളൊന്നും അതിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല.  ഈ സാഹചര്യത്തിൽ പ്രൈവറ്റായി വർഗീസ് കുടുംബം ഓട്ടോപ്സി വീണ്ടും നടത്തിച്ചു. അപ്പോഴാണ് ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്തു വന്നത്. പ്രവീൺ കാട്ടിനുള്ളിൽ തണുപ്പുകൊണ്ടല്ല മരിച്ചതെന്നും വ്യക്തമായി. നെറ്റിത്തടത്തിൽ അടിയേറ്റ മരണകരമായ ഒരു മുറിവുണ്ടായിരുന്നു. കൈകളിൽ എല്ലുവരെയും കാലിലും ഗുരുതരമായ മുറിവുകളുണ്ടായിരുന്നു. എന്നിട്ടും പോലീസ് റിപ്പോർട്ടിൽ ഈ മുറിവുകളൊന്നും രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. അവിടെ കപടതയുടെയും വഞ്ചനയുടെയും കളി നടന്നിട്ടുണ്ടായിരുന്നുവെന്നും വ്യക്തമായിരുന്നു.  

 ഒരു മനുഷ്യന്റെ മുറിവുകൾ ഒരു ഡോക്ടർക്ക് എങ്ങനെ മറച്ചു വെക്കാൻ സാധിക്കും. മെഡിക്കൽ എത്തിക്ക്സ് (Ethics)  പാലിക്കാഞ്ഞ അയാളുടെ മനുഷ്യത്വം എവിടെയായിരുന്നു? എങ്ങനെ പ്രവീണിന്റെ ശരീരത്തിലുണ്ടായ മുറിവുകളെ അയാൾക്ക് നിഷേധിക്കാൻ സാധിച്ചു? ദുരൂഹതകളാണ് ഈ കേസിന്റെ തുടക്കം മുതലുണ്ടായിരുന്നത്.  മരിച്ചു കിടക്കുന്ന പ്രവീണിന്റെ മുഖം മാത്രമേ കാണിക്കുമായിരുന്നുള്ളൂ. ബാക്കി കഴുത്തുവരെ കവർ ചെയ്തിരുന്നു. അവന്റെ നെറ്റിത്തടത്തിൽ മുറിവുകൾ കണ്ടു. മുഖത്ത് അടിച്ച പാടുണ്ടായിരുന്നു. മുറിവുകൾ ഉണ്ടെന്നു പറഞ്ഞിട്ടും ആരും ശ്രദ്ധിക്കുന്നില്ലായിരുന്നു. അത് കമിഴ്ന്നു വീണതുകൊണ്ടെന്നായിരുന്നു അവരുടെ വാദം.  പതോളജിസ്റ്റ് യാതൊരു മെഡിക്കൽ എത്തിൿസും പാലിച്ചില്ല. ഒരു മൃഗത്തിനെപ്പോലും  ഇങ്ങനെ ചെയ്യില്ല. പോലീസ് റിപ്പോർട്ടിൽ ചില സ്ഥലങ്ങളിൽ അവനെ കറുത്തവനായും വെളുത്തവനായും മിഡിൽ ഈസ്റ്റേൺ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതെന്തൊരു അസംബന്ധം.  ഒരു വലിയ കാപട്യം നിറഞ്ഞ കളി പോലീസ് ഡിപ്പാർട്ടമെന്റ് കളിച്ചിട്ടുണ്ട്. ആ കള്ളക്കളിയിൽ പതോളജിസ്റ്റും സ്റ്റേറ്റ് അറ്റോർണിയും ഒത്തു കൂടിയിരുന്നു.

'പ്രവീൺ'  മാത്യു വർഗീസിന്റെയും ലവ്‌ലിയുടെയും മകനായി 1994 ജൂലൈ ഇരുപത്തിയൊമ്പാതാം തിയതി ഇല്ലിനോയിൽ ജനിച്ചു. പ്രിയയും പ്രീതിയും എന്നിങ്ങനെ രണ്ടു സഹോദരിമാരുമുണ്ട്. പ്രവീൺ, നൈല്സ് വെസ്റ്റ് ഹൈസ്‌കൂളിൽ നിന്ന് 2012-ൽ ഹൈസ്കൂളിൽ നിന്നും ഗ്രാഡുവേറ്റ് ചെയ്തു. പാട്ട്, ഡാൻസ്, പ്രസംഗം എന്നിങ്ങനെ സർവ്വ കലകളിലും അവൻ കലാവല്ലഭനായിരുന്നു. ഹൈസ്‌കൂൾ കാലങ്ങളിലെ നാല് വർഷങ്ങളും ട്രാക്ക് ടീമിൽ (track teams) ഉണ്ടായിരുന്നു. ബാസ്‌ക്കറ്റ് ബാൾ, ഓട്ടം, ചാട്ടം എന്നിവകളിലും  പ്രവീണനായിരുന്നു. കൂടാതെ ബോഡി ബിൽഡിങ്ങും മസ്സിൽ വിപുലമാക്കുന്നതും അവന്റെ ഹോബിയായിരുന്നു.

പ്രവീൺ, ഹൈസ്‌കൂൾ പഠനശേഷം കാർബൺ ഡയിലുള്ള സതേൺ ഇല്ലിനോയി യൂണിവേഴ്സിറ്റിയിൽ ക്രിമിനൽ നിയമങ്ങൾ പഠിക്കാനാരംഭിച്ചു. ആ ചെറുപ്പക്കാരന്റെ സ്വപ്നം ഒരു 'പോലീസുദ്യോഗസ്ഥൻ' ആവണമെന്നായിരുന്നു. അതിനുള്ള ഗാംഭീര്യം തികഞ്ഞ വ്യക്തിത്വവും അവനുണ്ടായിരുന്നു. ആരെയും ചിരിപ്പിക്കാനുള്ള അസാധാരണമായ കഴിവുമുണ്ടായിരുന്നു. പ്രവീണിനെ ഒരിക്കൽ കണ്ടുമുട്ടിയവർ പിന്നീടൊരിക്കലും അവനെ മറക്കില്ലായിരുന്നു. അവനിലെ കുടികൊണ്ടിരുന്ന വാസനകളെപ്പറ്റി എന്തെങ്കിലും മറ്റുള്ളവർക്ക് പറയാൻ കാണും. അവൻ തൊടുത്തുവിടുന്ന തമാശകളിൽ പരസ്പ്പരമോർത്ത് ചിരിക്കാനും കാണും.

ലവ്'ലിയുടെയും വർഗീസിന്റെയും കുടുംബം കൂടുതൽ കാലവും ഷിക്കാഗോയിലാണ് താമസിച്ചിരുന്നത്. രണ്ടുപേരും മെഡിക്കൽ മേഖലകളിൽ ജോലി ചെയ്യുന്നു. പത്തൊമ്പത് വയസുണ്ടായിരുന്ന മകൻ അവന്റെ സമപ്രായക്കാരുടെയിടയിലും മുതിർന്നവരുടെയിടയിലും ഒരു പോലെ പ്രസിദ്ധനായിരുന്നു. ഷിക്കാഗോയിലുള്ള എല്ലാ ഇന്ത്യൻ പരിപാടികളിലും അവൻ സംബന്ധിക്കുമായിരുന്നു. സദാ പ്രസന്നമായ പ്രകൃതത്തോടെയുള്ള ഒരു ചെറുക്കാനായിരുന്നു അവൻ. മാതാപിതാക്കളെന്നും   പെങ്ങന്മാരെന്നും വെച്ചാൽ അവനു ജീവനു തുല്യമായിരുന്നു. കോളേജ് ഡോർമിറ്ററിൽ (Dormitry) ചെന്നാൽ ഒരു ദിവസം പോലും അവിടെനിന്നും അവരെ വിളിക്കാതിരിക്കില്ലായിരുന്നു. എന്നും സാഹസിക നേട്ടങ്ങൾ കൈവരിക്കുന്നതിനും കൂട്ടുകാരുമൊത്ത് സമയം ചെലവഴിക്കുന്നതിലും അവൻ ഇഷ്ടപ്പെട്ടിരുന്നു. അതുപോലെ അപ്പന്റെയും അമ്മയുടെയും പെങ്ങന്മാരുടെയും നടുവിലിരുന്ന് കൊഞ്ചുകയും ചെയ്യണമായിരുന്നു.

പ്രവീണിന് മസിലു കാണിക്കാൻ വലിയ ഇഷ്ടമായിരുന്നു. അമ്മയുടെ സമീപം കൊഞ്ചാൻ ചെല്ലുന്ന സമയമെല്ലാം 'അമ്മേ നോക്കൂ എന്റെ മസിലെന്നു' പറഞ്ഞു അഭ്യാസം കാണിക്കുമായിരുന്നു. പ്രവീണും അവന്റെ രണ്ടു സഹോദരികളായ പ്രിയയും പ്രീതിയും എന്നും വലിയ കൂട്ടായിരുന്നു.  'പ്രിയ' അവന്റെ മൂത്ത ചേച്ചി, അവർ തമ്മിൽ ഒന്നര വയസു വിത്യാസത്തിൽ വളർന്നു.  അവനെ നോക്കിക്കൊണ്ടിരുന്നത് അവന്റെ ഈ കുഞ്ഞേച്ചിയായിരുന്നു. കൂടാതെ അവന്റെ രഹസ്യ സൂക്ഷിപ്പുകാരിയും. അവനു സ്‌കൂളിൽ 'സി' കിട്ടിയാൽ ആദ്യം അറിയുന്നത് പ്രിയയായിരുന്നു. മാർക്ക് കുറഞ്ഞാൽ മാതാപിതാക്കൾ വഴക്കു പറയുമെന്ന ഭയമായിരുന്നു കാരണം! അവന്റെ കുഞ്ഞു കുഞ്ഞു പരാതികൾക്ക് ശമനമുണ്ടാക്കുന്നതും പ്രിയതന്നെയായിരുന്നു. പ്രീതി, ഇളയവൾ, അവൾക്കെപ്പോഴും പ്രവീണിന്റേയും പ്രിയയുടെയും ലാളന വേണമായിരുന്നു. അമ്മ ജോലിക്ക് പോകുമ്പോൾ അവന്റെ മുഖത്ത് ഉമ്മ കൊടുത്തില്ലായിരുന്നെങ്കിൽ അവൻ കരയുമായിരുന്നു.

പ്രവീൺ നല്ല പാട്ടുകാരനായിരുന്നു. പാട്ടിന്റെ താളത്തിനൊത്ത് അവൻ ഡാൻസും ചെയ്യുമായിരുന്നു. ഒപ്പം പ്രിയയും അവനോടൊപ്പം ഡാൻസ് ചെയ്തിരുന്നു. ഇന്നും അവന്റെ കൂട്ടുകാരിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ലവ്'ലിയ്ക്ക് കത്തുകൾ ലഭിക്കാറുണ്ട്. അവൻ എത്രമാത്രം പ്രിയപ്പെട്ടവനും ഏവരുടെയും കണ്ണിലുണ്ണിയായിരുന്നുവെന്നും മരിച്ചിട്ടും മരിക്കാത്ത ഓർമ്മകളുമായി നടക്കുന്ന അവന്റെ കൂട്ടുകാരെ തന്നെ ചൂണ്ടിക്കാണിക്കാൻ സാധിക്കും. അവനെ അറിയുന്നവർക്കെല്ലാം നല്ല കാര്യങ്ങൾ മാത്രമേ അവനെപ്പറ്റി പറയാനുള്ളൂ.

പ്രവീൺ മരിച്ചുവെന്ന വിവരം ആ കുടുംബത്തിന് താങ്ങാൻ കഴിയില്ലായിരുന്നു. അഞ്ചു ദിവസം കഴിഞ്ഞാണ് അവന്റെ മൃത ശരീരം കണ്ടെത്തിയത്. മരണം അധികാര സ്ഥാനത്തുള്ളവർ ആരും ഗൗരവമായി എടുക്കില്ലായിരുന്നു. അവനെപ്പറ്റി അന്വേഷിക്കുന്ന സമയമെല്ലാം പോലീസ് ഉദ്യോഗസ്ഥർ  യാതൊരു ഗൗരവും കാണിക്കാതെ വളരെ നിസാരമായി കണക്കാക്കിയിരുന്നു. 'എല്ലാ കോളേജ് വിദ്യാർത്ഥികളും ഇങ്ങനെ തന്നെയാണ്, അവൻ മടങ്ങി വരുമെന്ന' അഭിപ്രായങ്ങൾ ഉദ്യോഗസ്ഥർ ഒഴുക്കൻ മട്ടിൽ പറയുമായിരുന്നു. അന്വേഷണവും നടത്തില്ലായിരുന്നു. അന്വേഷിക്കാൻ വരുന്നവരെ ശ്രദ്ധിക്കുകയുമില്ലായിരുന്നു. മാദ്ധ്യമങ്ങളോട് സംസാരിച്ചതിലും പോലീസ് ഓഫീസർമാർക്ക് ഇഷ്ടപ്പെട്ടില്ല. അത് അവരുടെ അന്വേഷണത്തെ ബാധിക്കുമെന്നാണ് പറഞ്ഞത്. പ്രവീണിന്റെ അവസാന ടെലിഫോൺ ശബ്ദം പോലും അവർ കണ്ടുപിടിക്കാൻ തയ്യാറായിരുന്നില്ല. വർഗീസ്-ലവ്'ലി കുടുംബത്തെ പണമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും കുറ്റപ്പെടുത്തി. 'പണത്തിനു തങ്ങളുടെ മകനെ മടക്കിക്കൊണ്ടുവരാൻ സാധിക്കില്ലെന്നും'  ലവ്'ലി അതിനുത്തരം കൊടുത്തിരുന്നു.  പ്രവീൺ മരിച്ചു കിടന്ന സ്ഥലത്തെപ്പറ്റിയും സമ്മിശ്രങ്ങളായ വിവരങ്ങളാണ് നൽകുന്നത്. അവർ എന്തടിസ്ഥാനത്തിൽ പ്രവീണിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നു പറയുന്നു?  വെറും അനുമാനത്തിൽ കേസ് അവസാനിപ്പിക്കാൻ ശ്രമിക്കുന്ന അന്വേഷകർക്കും അതിനുത്തരമില്ലായിരുന്നു.

കുറ്റാരോപിതനായ 'ഗാജ് ബേത്തൂനെ' ഒരു കോടി ഡോളർ ജാമ്യം ആവശ്യപ്പെട്ടുകൊണ്ടാണ് ജയിലറകളിൽ അടച്ചിരിക്കുന്നത്. ഇരുപത്തി രണ്ടു വയസുകാരനായ അയാളെ 2014-ൽ പ്രവീണിന്റെ മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. പ്രവീൺ അപ്രത്യക്ഷമായ ദിവസം ഒരു രാത്രിയിൽ അയാളുടെ കാറിലായിരുന്നു ഹോസ്റ്റലിൽ മടങ്ങിപ്പോയത്. ബേത്തൂനെ അന്ന് പോലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. 2015-ലെ സ്റ്റേറ്റ് അറ്റോർണിയുടെ റിപ്പോർട്ടിൽ വഴിക്കു വെച്ച് രണ്ടുപേരും വഴക്കുണ്ടാക്കിയെന്നു രേഖപ്പെടുത്തിയിരുന്നു. പ്രവീൺ 'ഹൈപോതെർമിയ' വന്നു മരിച്ചെന്നും ബേത്തൂനിയായുടെ കാറിൽ നിന്ന് ഇറങ്ങിയപ്പോൾ പ്രവീൺ മദ്യം കഴിച്ചിരിക്കാമെന്നും റിപ്പോർട്ടിൽ എഴുതിയിരുന്നു. അവന്റെ ടോക്സിക്കോളജി (Toxicology) റിപ്പോർട്ട് കിട്ടിയപ്പോൾ അവർ നിശബ്ദരായി. അവന്റെ ശരീരത്തിൽ മദ്യത്തിൻറെ അംശംപോലും ഉണ്ടായിരുന്നില്ല.

ലവ്'ലി പറഞ്ഞു " ലോകത്തിൽ മറ്റാരേക്കാളും അവനെ എനിക്കറിയാം, അവനൊരു കാരിരുമ്പുപോലെ ദൃഢമായ മനസിന്റെ ഉടമയായിരുന്നു! മരിച്ച ദിനത്തിലെ അന്നത്തെ ഘോര രാത്രിയിലെ തണുപ്പിൽ കാട്ടിൽക്കൂടി ഇഴഞ്ഞിരുന്നെങ്കിൽപ്പോലും അവൻ ഫോണിൽക്കൂടി ആരുടെയെങ്കിലും സഹായം തേടുമായിരുന്നു."   ഈ കേസുമായി ബന്ധപ്പെട്ട സ്റ്റേറ്റ് അറ്റോർണി മൈക്കിൾ കാർ (Michael Carr) 2015-ൽ വിരമിച്ച ശേഷം ഇല്ലിനോയി 'സ്റ്റേറ്റ് അറ്റോർണി' കേസിന്റെ ചുമതല ഏറ്റെടുത്തിരുന്നു.

പ്രവീണിനു നീതി ലഭിക്കാത്തതിൽ ലവ്'ലി കുടുംബം കടുത്ത നിരാശയിലായിരുന്നു. ന്യൂനപക്ഷങ്ങൾക്ക് വിശ്വാസം തന്നെ നഷ്ടപ്പെട്ട സ്ഥിതി വിശേഷമാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്ത് നടമാടിക്കൊണ്ടിരുന്നത്. ക്രൂരമായ മർദ്ദനമേറ്റു മരണമടഞ്ഞ ഒരു മകന്റെ മരണത്തിൽ ബലിയാടായ ഒരു കുടുംബം നീതിക്കായി പൊരുതുമ്പോൾ നീതിയും നിയമവും അവിടെ നിയമം നടപ്പാക്കേണ്ടവർ കാറ്റിൽ പറപ്പിച്ചു. ഇനി ഒരിക്കലും ഈ നാട്ടിലെ അമ്മമാരും അപ്പന്മാരും ഇതുപോലെയുള്ള മാനസിക പീഡനം അനുഭവിക്കരുതെന്നും ലവ്‌'ലീയുടെ കാഴ്ചപ്പാടീലുണ്ട്‌.

നെഞ്ചു നിറയെ ദുഃഖങ്ങളും പേറി 'ലവ്'ലി' ഈ നാട്ടിലെ വിവേചനം നിറഞ്ഞ നിയമത്തെ ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു, "ഒരു വെളുത്തവൻ എന്റെ കുഞ്ഞിന്റെ സ്ഥാനത്ത് മരണപ്പെട്ടിരുന്നെങ്കിൽ ഏഴുദിവസവും ദിവസത്തിലെ ഇരുപത്തിനാലു മണിക്കൂറും ഹെലികോപ്റ്ററുകളും പോലീസും അന്വേഷണോദ്യോഗസ്ഥരും അവിടമൊരു കോലാഹലം സൃഷ്ടിക്കുമായിരുന്നു." ഒരു കറുത്ത മനുഷ്യൻ വെളുത്തവനെ കൊന്നിരുന്നെങ്കിൽ കൊലയ്ക്കു ശേഷം കാട്ടിൽനിന്ന് പുറത്തു വന്നിരുന്നെങ്കിൽ പോലീസ് അയാളെ ചോദ്യം ചെയ്യുകയും സാധ്യതയുള്ള സ്ഥലമെല്ലാം അന്വേഷിക്കുകയും ഉടൻതന്നെ മരിച്ചു കിടന്ന സ്ഥലം കണ്ടുപിടിക്കുകയും ചെയ്യുമായിരുന്നു. അടുത്ത ദിവസം തന്നെ കറുത്തവൻ ജയിലിലുമാകുമായിരുന്നു. നോക്കൂ, പ്രവീണിനെ കൊന്നയാൾ ഇത്രമാത്രം തെളിവുകൾ ഉണ്ടായിട്ടും കഴിഞ്ഞ മൂന്നു വർഷമായി അയാൾ സ്വതന്ത്രമായി നടന്നു. ഇന്ന് ആ ഘാതകന് ഒരു കൊച്ചുമുണ്ട്. അവനെതിരായുള്ള സ്പഷ്ടമായ തെളിവുകൾ പകൽപോലെ സത്യമെങ്കിലും ആരു ശ്രദ്ധിക്കുന്നു!  എന്നിട്ടും, ഇന്നലെ വരെയും നിയമം പാലിക്കുന്നവരുടെ കണ്ണ് തുറന്നില്ലായിരുന്നു. പ്രവീണിനുമേൽ നീതിയുറങ്ങി കിടക്കുകയായിരുന്നു. നിഷ്കളങ്കനായ ഒരു യുവാവ് കൊല്ലപ്പെട്ടപ്പോൾ നിയമം പാലിക്കുന്നവർ കേസുകൾ മായ്ച്ചു കളയാൻ ശ്രമിച്ചു. കാരണം അവന്റെ നിറമോ വംശീയതയോ എന്തെന്നറിഞ്ഞു കൂടായിരുന്നു.

പ്രവീൺ കൊലചെയ്യപ്പെട്ട സമയം അർദ്ധരാത്രിയിൽ ഒരുവൻ അവൻ മരിച്ചുകിടന്ന കാട്ടിൽനിന്ന് പുറത്തു വന്നു. അത് സംശയിക്കേണ്ടതല്ലേ? കൊലയാളിയെ രക്ഷിക്കുന്നത് ഈ നാടിന്റെ നിയമ വ്യവസ്ഥയ്ക്കു തന്നെ കളങ്കമല്ലെ? രക്ഷിക്കുന്നവനും കുറ്റവാളിയും ഒരുപോലെ തെറ്റുകാരാണ്. പ്രവീണിന്റെ കൊലയാളിയായ 'ഗാജ് ബേത്തൂനെ' ഒരിക്കലും സംശയിക്കാതിരുന്നത് തികച്ചും നിയമത്തോടുള്ള ഒരു അവഹേളനമായിരുന്നു. ഏതോ ഒരു മനുഷ്യൻ പ്രവീൺ കൊലചെയ്യപ്പെട്ട സമയം മറ്റൊരു മനുഷ്യനെ ചുമലിൽ ചുമന്നുകൊണ്ട് പോവുന്നതായി കണ്ടെന്നും പറയുന്നു.

ഈ കേസിൽ ഒരു പ്രതിയെ അറസ്റ്റ് ചെയ്യാൻ സർവ്വവിധ തെളിവുകളുമുണ്ടായിരുന്നു. അതേസമയം  യാതൊരു തെളിവുകളുമില്ലാത്ത നിഷ്കളങ്കരായവർ ജയിലിലും പോവുന്നു. കാരണം, പ്രവീണിനെ കൊലചെയ്‌തെന്ന് വിശ്വസിക്കുന്ന ഇയാൾക്ക് സ്റ്റേറ്റിലെ അറ്റോർണി മുതൽ നിയമം കളിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ വരെ സുഹൃത്തുക്കളുണ്ടായിരുന്നു. നിയമം കൈപ്പത്തിയിൽ സൂക്ഷിക്കുന്നവരുള്ളടത്തോളം കാലം ഇരയായവർക്ക് നീതി നിഷേധിക്കപ്പെടും.സകല സ്വാധീനവും ഉപയോഗിച്ച് കുറ്റവാളി ജയിലിൽ പോകാതിരിക്കാൻ അയാളുടെ അപ്പനു കഴിഞ്ഞു. ഇല്ലിനോയ് ജാക്സൺ കൗണ്ടി പോലീസ് ഡിപ്പാർട്ട്മെന്റ് പക്ഷാപാതം അങ്ങേയറ്റം ഉള്ള സ്ഥലമാണ്. അഴിമതി നിറഞ്ഞ പോലീസുകാരായിരുന്നു അന്ന് ആ കൗണ്ടി ഭരിച്ചിരുന്നത്. കേസുകൾ അവർക്ക് അനുകൂലമായവർക്ക് തിരിക്കാൻ എന്ത് ഹീനകൃത്യവും ചെയ്യുമായിരുന്നു. നീതി പുലർത്തുന്ന പോലീസുകാർ അവിടെയില്ലായിരുന്നു. അവരുടെ കുടുംബത്തിലുള്ളവരെ സംരക്ഷിക്കുകയും സമൂഹത്തെ ഒറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

ലവ്'ലി കുടുംബത്തെ എല്ലാ വിധത്തിലും നിയമവും നിയമപാലകരും അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. പ്രവീൺ മദ്യം സേവിച്ചിരുന്നു, മയക്കുമരുന്നിനടിമ, മയക്കു മരുന്ന് വിൽക്കുന്നവൻ എന്നിങ്ങനെയെല്ലാം ആരോപണങ്ങൾ അവന്റെ മേൽ ചാർത്തിയിരുന്നു. നിഷ്കളങ്കനായവനും നല്ലയൊരു കുടുംബത്തിൽ പിറന്നവനും മാതാപിതാക്കളെ അനുസരിച്ചും പള്ളിയും ആത്മീയതയുമായ നടന്ന അവന്റെ   പേരിലാണ് ക്രൂരവും നിന്ദ്യവുമായ കുറ്റാരോപണങ്ങൾ വധാന്വേഷണവുമായി നടന്നവർ നടത്തിയത്. പ്രവീണിന്റെ കുടുംബത്തിന് അന്വേഷണവുമായി നടന്ന ഉദ്യോഗസ്ഥർ യാതൊരു മാനുഷിക പരിഗണനയും നല്കിയില്ലെന്നുള്ളതാണ് സത്യം. നല്ല നിലയിൽ വളർത്തിയ ഒരു ചെറുക്കന്റെ ജീവിച്ചിരുന്ന കാലങ്ങളിലുള്ള വ്യക്തിത്വത്തെ തേജോവധം ചെയ്യാനായിരുന്നു പോലീസുകാർ ശ്രമിച്ചത്. നിന്ദ്യവും ക്രൂരവുമായ അധികൃതരുടെ കള്ളങ്ങൾ മാത്രം നിറഞ്ഞ ആരോപണങ്ങൾക്ക് മീതെ ഹൃദയം പൊട്ടിയായിരുന്നു അവന്റെ അമ്മയും അപ്പനും സഹോദരികളും മൃതദേഹത്തിനുമുമ്പിൽ മൂകമായി നിന്നതും മൃതദേഹം മറവു ചെയ്തതും. അവനെ അറിയുന്നവർക്കെല്ലാം അവൻ ഒരു കുഞ്ഞനുജനോ, സഹോദരനോ മകനോ, കൊച്ചുമകനോ ആയിരുന്നു. അവന്റെ ജീവിതത്തിലെ അഭിലാക്ഷം എഫ്.ബി.ഐ. യിൽ ഒരു പോലീസ് ഓഫിസർ ആകണമെന്നായിരുന്നു. എല്ലാ സ്വപ്നങ്ങളും അവിടെ തകർന്നു വീഴുകയായിരുന്നു. പക്ഷെ അവന്റെ മരണം എഫ്.ബി.ഐ ഏജൻസിയ്ക്ക് വെറും ദുരൂഹത മാത്രമായി അവശേഷിച്ചു.

പ്രവീൺ എങ്ങനെ മരിച്ചുവെന്നറിയാൻ അവന്റെ മാതാപിതാക്കൾ അനേക തവണകൾ പോലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും അധികാരികൾ നൽകാൻ തയ്യാറായിരുന്നില്ല.  പതിനെട്ടു മാസം കഴിഞ്ഞപ്പോൾ പോലീസ് റിപ്പോർട്ടിനു പകരം കിട്ടിയ പായ്ക്കറ്റ് വെറും പത്ര റിപ്പോർട്ടുകളായിരുന്നു. ആ കെട്ടിനുള്ളിൽ പോലീസിന്റെ റിപ്പോർട്ടുണ്ടായിരുന്നില്ല. ഇത്തരം ഉത്തരവാദിത്വമില്ലാതെ പെരുമാറുന്ന പോലീസ് ഡിപ്പാർട്ട്‌മെന്റ് വാസ്തവത്തിൽ അവരുടെ കുടുംബത്തെ അപമാനിക്കുകയായിരുന്നു. ഒരു പൗരനുള്ള അവകാശങ്ങളെ ധിക്കരിക്കുന്ന പ്രവർത്തികളായിരുന്നു പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്.  ലവ്'ലിയ്ക്കറിയേണ്ടത് ഒരു കാര്യം മാത്രമേയുള്ളൂ,  'മദ്യത്തിനടിമയല്ലാതിരുന്ന ആരോഗ്യമുള്ള തന്റെ മകൻ ആ കാട്ടിനുള്ളിൽ എങ്ങനെ മരിച്ചെന്നു' അറിയണം.

നാൽപ്പതിനായിരം പേരുടെ ഒപ്പു ശേഖരിച്ചുകൊണ്ട് പ്രവീണിന്റെ മരണത്തിനുത്തരവാദിയായവർക്കെതിരെ നീതിപൂർവമായ ഒരു അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മുൻ മേയറിന്റെ മുമ്പാകെ ഒരു ഹർജി സമർപ്പിച്ചിരുന്നു. ഉദ്ദേശ്യം പ്രതികാരം ചെയ്യുകയെന്നതല്ലായിരുന്നു. അന്വേഷണോദ്യോഗസ്ഥരെ വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കാനും ആഗ്രഹിച്ചിരുന്നില്ല. അവർ മുട്ടാവുന്ന വാതിലുകൾ മുഴുവൻ മുട്ടിയിരുന്നു. പലപ്പോഴും നിരാശയായി മടങ്ങണമെന്നും തോന്നി. അപ്പോഴെല്ലാം ഇളയ മകൾ പ്രീതി അടുത്തുവന്ന് 'മമ്മി പിന്തിരിയരുതെന്നു' വന്നു പറയുമായിരുന്നു.

തന്റെ മകന്റെ മരണത്തിനുത്തരവാദി ആരെന്നു കണ്ടുപിടിക്കാൻ ഇനി എങ്ങോട്ടെന്ന ലക്ഷ്യവും അറിയത്തില്ലായിരുന്നു. ഉറച്ച തെളിവുകളുണ്ടായിട്ടും കുറ്റവാളിയിൽ കുറ്റം ചാർത്താത്തത് ഒന്നുകിൽ ഇത് മനഃപൂർവം അല്ലെങ്കിൽ നിയമത്തിന്റെ കഴിവില്ലായ്മയെന്നും ഓർത്തു. ഇതുപോലെ എത്രയെത്ര കേസുകൾ ആരുമാരും ശ്രദ്ധിക്കാതെ ഈ മണ്ണിൽ നിന്ന് കടന്നു പോയിരിക്കണം. ആർക്കും ഇത് സംഭവിക്കാവുന്നതാണ്. വായനക്കാരെ ശ്രദ്ധിച്ചാലും,  നാളെ ഈ നീതിനിഷേധം നിങ്ങൾക്കോ നിങ്ങളുടെ കുഞ്ഞുങ്ങൾക്കോ സംഭവിക്കാവുന്നതേയുള്ളൂ! സുരക്ഷിതമായി നമ്മുടെ ഭവനത്തിൽ നമുക്കും നമ്മുടെ മക്കൾക്കും കിടന്നുറങ്ങണം. നമ്മുടെ കുഞ്ഞുങ്ങൾക്കും മറ്റു പൗരന്മാർക്കൊപ്പം തുല്യ നീതിയും  വേണം. ഒരു നിയമമുണ്ടെങ്കിൽ,  ഈ രാജ്യത്തുണ്ടെങ്കിൽ അത് എല്ലാ പൗരന്മാർക്കും തുല്യ നീതിയിൽ അധിഷ്ഠിതമായിരിക്കണം.

അമേരിക്കയുടെ നാനാഭാഗത്തുനിന്നും ലവ്'ലിയ്ക്ക് കത്തുകൾ വരുന്നുണ്ടെന്നു പറഞ്ഞു. അവരുടെയെല്ലാം  സ്നേഹത്തിന്റെ മുമ്പിലും സ്വാന്തനവാക്കുകളിലും അവർ വികാരാധീനയാകാറുണ്ട്.  മകന്റെ നീതിക്കുവേണ്ടി ധീരതയോടെ പട പൊരുതുന്ന ലവ്'ലിയേ ചില കുഞ്ഞുങ്ങൾക്ക് അമ്മയാക്കണമെന്ന കത്തുകളും വരാറുണ്ട്. പ്രവീണിന്റെ പ്രായത്തിലുള്ളവരെല്ലാം അവന്റെ അമ്മയിൽ ആവേശഭരിതരാണ്. ഒരു ഒറ്റയാൻ പോരാട്ടത്തിൽ കൂടിയാണ് ഇത്രമാത്രം അവർ നേട്ടങ്ങളുണ്ടാക്കിയത്. കുറ്റാരോപിതനായവനെ താൽക്കാലികമായിയെങ്കിലും ജയിലിൽ അടച്ചപ്പോൾ അവർ സന്തോഷംകൊണ്ട് മതിമറന്നിരുന്നു. മലയാളി സമൂഹത്തിന്റെ ഒത്തൊരുമയും സഹവർത്തിത്വവും ഈ വിജയത്തിന്റെ മുമ്പിലുണ്ടെന്നുള്ളതും അഭിമാനകരമാണ്. ലവ്'ലിയുടെ കുട്ടികൾക്കും മലയാളി ഐക്യമത്യത്തിന്റെ ബലം മനസിലാക്കാൻ സാധിച്ചെന്ന് അവർ അവകാശപ്പെടുന്നു.

പുറം രാജ്യങ്ങളിൽ താമസിക്കുമ്പോൾ 'മലയാളി ആദ്യം, പിന്നീട് മതവും രാഷ്ട്രീയവും' എന്ന കാഴ്ചപ്പാടാണ് ലവ്'ലിക്കുള്ളത്. പ്രവീണിന്റെ നീതി തേടിയുള്ള യാത്ര തുടങ്ങിയതേയുള്ളൂ, ഇതവസാനമല്ലെന്നാണ് അവരുടെ അഭിപ്രായം. സമൂഹത്തിന്റെ വിലയെന്തെന്നു പ്രവീണിന്റെ മരണത്തോടെ സമൂഹത്തിനുതന്നെ  ബോദ്ധ്യമായിക്കഴിഞ്ഞിരിക്കുന്നു.  അവന്റെ ചൈതന്യം ഇന്നും ആ കുടുംബത്തു പ്രകാശിപ്പിക്കുന്നുണ്ടെന്നാണ് അവന്റെ 'അമ്മ' വിശ്വസിക്കുന്നത്. മനോഹരമായ ഒരു ചിത്രശലഭം പറന്ന് അവിടെ വരാറുണ്ട്. നിറമാർന്ന ആ ശലഭത്തിലും ഓമനത്വമുള്ള നഷ്ടപ്പെട്ടുപോയ പ്രവീൺ എന്ന മകനെയാണ് ലവ്'ലി കാണുന്നത്. അവൻ മരിച്ചിട്ടില്ല! ഇന്നും ജീവിക്കുന്നുവെന്നും വിശ്വസിക്കുന്നു.

പ്രവീണിനെപ്പറ്റി അമേരിക്ക മുഴുവൻ വാർത്തകളായി നിറഞ്ഞിരിക്കുന്നു. അവൻ പറയുമായിരുന്നു, "അമ്മേ ഞാൻ പ്രസിദ്ധനാകുന്നതിനൊപ്പം അമ്മയെയും നമ്മൾ എല്ലാവരെയും ഒരുപോലെ പ്രസിദ്ധരാക്കും." അത് സത്യമായിരുന്നു! ഷിക്കാഗോ ട്രിബുണിന്റെ പ്രധാന പേജിലാണ് പ്രവീണിന്റെ അമ്മയുടെ നീതി തേടിയുള്ള ഈ  വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. അത് പ്രവീണിനുള്ള മരണാനന്തര ബഹുമതി തന്നെയാണ്.

അടച്ചു വെച്ചിരുന്ന പ്രവീണിന്റെ കേസ് രണ്ടാമതും പൊക്കിക്കൊണ്ട് വരുകയെന്നുള്ളത് എളുപ്പമായിരുന്നില്ല. മകൻ മരിച്ച ഹൃദയ വേദനയോടെ നടന്ന ഒരു അമ്മയുടെ പരിശ്രമ ഫലമായിട്ടാണ് നീതിയുടെ കണ്ണുകൾ തുറക്കാൻ കാരണമായത്. നീതിക്കുവേണ്ടിയുള്ള ഈ പോരാട്ടം ഇനി സ്റ്റേറ്റ് ഏറ്റെടുത്തതും പ്രവീൺ കേസിന് ഒരു പുതിയ വഴിത്തിരിവ് തുറന്നു കിട്ടുകയായിരുന്നു. ഇത്രമാത്രം മലയാളി സമൂഹത്തെ യോജിപ്പിച്ച ഒരു കേസ് അമേരിക്കൻ ചരിത്രത്തിലുണ്ടായിട്ടില്ല. ലവ്‌'ലിയുടെ വാക്കുകൾ ഇവിടെ ശ്രദ്ധേയമാണ്.  "എന്റെ കുഞ്ഞിനെ കൊന്നവൻ ഒരു ദിവസമെങ്കിലും ജയിലിൽ കിടക്കണമെന്നുള്ള ആഗ്രഹമേയുണ്ടായിരുന്നുള്ളൂ. ഇനി അയാളെ ശിക്ഷിച്ചേക്കാം, ശിക്ഷിക്കാതിരിക്കാം. കുറ്റം ചെയ്തവന്റെ കുടുംബത്തെയോ പ്രതിയെയോ ശിക്ഷിക്കണമെന്നും പറയുന്നില്ല. സത്യം പുറത്തു വരണമെന്നുള്ളതായിരുന്നു ആഗ്രഹം.  അത് സംഭവിച്ചു."

"ബേത്തൂന ,  കുറ്റക്കാരനെന്നു വിധിച്ചാലും ഇല്ലെങ്കിലും ഞാനതിൽ പ്രയാസപ്പെടുന്നില്ലെന്നും എന്റെ മകനെ കൊന്നത് ആരെന്നറിഞ്ഞാൽ മാത്രം മതിയെന്നും ഭാവിയിൽ എന്തുതന്നെ സംഭവിച്ചാലും അവർക്കത് പ്രശ്നമല്ലെന്നും ജൂറി അവനെ മോചിപ്പിക്കുന്നുവെങ്കിൽ നല്ലത് തന്നെയെന്നും " ലവ്‌'ലി പറഞ്ഞു,  "ഗുണികൾ ഊഴിയിൽ നീണ്ട് വാഴാറില്ല" എന്ന് മലയാളത്തിലൊരു ചൊല്ലുണ്ട്. കൗമാരം മാറിയിട്ടില്ലാത്ത ചെറു പ്രായത്തിൽ തന്നെ അവൻ തന്റെ ജീവിതം അർത്ഥമുള്ളതാക്കി തീർത്തു.  അവന്റെ അപ്പനും അമ്മയും സഹോദരികളും കുടുംബമൊന്നാകെയും പവിത്രമായ അവന്റെ ആത്മാവിൽ ഇന്ന് ആത്മാഭിമാനം കൊള്ളുന്നതും ദൃശ്യമാണ്. സത്യവും സ്നേഹവും നിറഞ്ഞ സരള ഹൃദയനായ പ്രവീണെന്ന യുവാവ് ഇന്ന് ആയിരങ്ങളുടെ ഹൃദയങ്ങളെ കീഴടക്കിക്കഴിഞ്ഞിരിക്കുന്നു. അവനുചുറ്റുമുള്ള അവനെ സ്നേഹിച്ചിരുന്നവർക്ക് തോരാത്ത കണ്ണുനീരും നൽകിക്കൊണ്ടായിരുന്നു അന്നവൻ ഈ ലോകത്തോട് യാത്ര പറഞ്ഞത്. പ്രവീണിന്റെ ആത്മാവ്  സത്യം കണ്ടെത്തലിൽ സന്തോഷിക്കുന്നുവെന്നു അവന്റെ 'അമ്മ പറയുന്നു.


















No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...