Tuesday, December 26, 2017

കഥ പറയുന്ന കലണ്ടറും പുതുവത്സരവും ആഘോഷങ്ങളും



ജോസഫ് പടന്നമാക്കൽ

ചുവരിന്മേൽ നാം തൂക്കിയിട്ടിരിക്കുന്ന പന്ത്രണ്ടു മാസങ്ങളടങ്ങിയ കലണ്ടറുകൾ പ്രയോജനകരമാക്കാത്തവർ  ആരും തന്നെ കാണുകയില്ല. എന്നാൽ അതിന്റെ ചരിത്രകഥകളെപ്പറ്റി ചിന്തിച്ചിട്ടുള്ളവർ വളരെ വിരളമായിരിക്കും.  ഇന്ന് നാം ഉപയോഗിക്കുന്ന കലണ്ടറിനെ ഗ്രിഗോറിയൻ കലണ്ടർ എന്നാണ് പറയുന്നത്. ഏ,ഡി  1582-ൽ പോപ്പ് ഗ്രിഗറി പതിമൂന്നാമൻ മാർപ്പാപ്പയാണ് ജൂലിയൻ കലണ്ടറിൽ നിന്നും പരിഷ്ക്കരിച്ച ഗ്രിഗോറിയൻ കലണ്ടർ രൂപ കൽപ്പന ചെയ്തത്. ജൂലിയൻ കലണ്ടറിന്റെ ഉപജ്ഞാതാവ് റോമ്മൻ ഏകാധിപതിയായിരുന്ന ജൂലിയസ് സീസറായിരുന്നു. അദ്ദേഹം ബി.സി 44നും ബി.സി. 100 നുമിടയിലുള്ള കാലഘട്ടങ്ങളിൽ ജീവിച്ചിരുന്നു. ജൂലിയൻ കലണ്ടറിനു മുമ്പുണ്ടായിരുന്ന റോമ്മൻ കലണ്ടറിനു പത്തു മാസങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. റോമ്മാ സാമ്രാജ്യം സ്ഥാപിച്ച റോമുലൂസും റീമൂസും ഒത്തുകൂടി ബി.സി. 738-ൽ റോമ്മാ കലണ്ടർ നിർമ്മിച്ചു. കലണ്ടറുകളുടെ ചരിത്രം വിശകലനം ചെയ്യുമ്പോൾ അതിന്റെ വലിയൊരു ശതമാനം ക്രെഡിറ്റ് റോമ്മാക്കാർക്ക് നൽകണം.

ഓരോ ദിവസങ്ങളെയും മാസങ്ങളെയും വർഷത്തെയും തരം തിരിച്ചുകൊണ്ടുള്ള കലണ്ടറുകളുടെ ആരംഭം പൗരാണിക കാലം മുതലുണ്ടായിരുന്നതായി കാണാം. സാംസ്‌കാരികമായുള്ള മനുഷ്യന്റെ ഉയർച്ചയോടൊപ്പം പുതുവർഷാഘോഷങ്ങളുടെ ചരിത്രവും തുടങ്ങിയെന്നു വേണം അനുമാനിക്കാൻ. സഹസ്രാബ്‌ദങ്ങളായി ഈ ആഘോഷങ്ങൾ തുടരുന്നു. ആധുനിക കാലത്ത് പുതുവർഷങ്ങൾ കൂടുതലായും ആഘോഷിക്കാറുള്ളത് ഗ്രിഗോറിയൻ കലണ്ടർ പ്രകാരമാണ്. ഏ,ഡി 1582-ൽ പോപ്പ് ഗ്രിഗറി പതിമൂന്നാമൻ, ജനുവരി ഒന്നാം തിയതി പുതു വത്സര ദിനമായി പ്രഖ്യാപിച്ചു. ഒപ്പം ഡിസംബർ ഇരുപത്തിയഞ്ചാം തിയതി ക്രിസ്തു ജനിച്ച ദിനമായി  ഔദ്യോഗികമായി സ്ഥിതികരിക്കുകയും ചെയ്തു.

ആദ്യകാലങ്ങളിലുള്ള റോമ്മൻ കലണ്ടർ 304 ദിവസങ്ങൾ ഉൾപ്പെട്ട പത്തു മാസങ്ങളായി വീതിച്ചിരുന്നു. തുല്യദിനങ്ങളും തുല്യ രാത്രികളും അതിനു മാനദണ്ഡങ്ങളായി  കണക്കായിരുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങൾ അന്നുണ്ടായിരുന്നില്ല.  സൂര്യന്റെ അവസ്ഥാ വിശേഷങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു, കലണ്ടർ പ്രായോഗികമായി നടപ്പാക്കിയിരുന്നത്. ബി.സി. 46-ൽ ചക്രവർത്തി ജൂലിയസ് സീസർ അക്കാലത്തെ ജ്യോതിഷന്മാരുമായി ആലോചിച്ചു ജൂലിയൻ കലണ്ടറുണ്ടാക്കി. ഈ കലണ്ടർ ഇന്നത്തെ ആധുനിക ഗ്രിഗോറിയൻ കലണ്ടറിനോട് വളരെയധികം സാമ്യമുണ്ട്. ജൂലിയസ് സീസറാണ് ജനുവരി ഒന്ന് എന്നുള്ളത് മാസത്തിന്റെ ആദ്യത്തെ ദിവസമായി നിശ്ചയിച്ചത്. അദ്ദേഹത്തിൻറെ കലണ്ടറിൽ ഒരു വർഷത്തിൽ 365 ദിവസങ്ങളുണ്ടായിരുന്നു. ഓരോ നാലുവർഷം കൂടുംതോറും ഫെബ്രുവരി 28 എന്നുള്ളത് 29 ആക്കി അധിവർഷം കൊണ്ടുവന്നതും ജൂലിയൻ കലണ്ടറാണ്.

പൗരാണിക കാലങ്ങളിൽ സംസ്‌കാരങ്ങളുടെ വളർച്ചയനുസരിച്ച് കലണ്ടറുകൾക്കും മാറ്റങ്ങൾ വന്നുകൊണ്ടിരുന്നു. പ്രത്യേകിച്ച് കൊയ്ത്തുകാലത്തിനു പ്രാധാന്യം കല്പിച്ചുകൊണ്ടു പുതിയ ദിനവും ആഘോഷിച്ചു വന്നു. ചൈനാക്കാരുടെ പുതുവർഷം തുടങ്ങുന്നത് തണുപ്പുകാലം കഴിഞ്ഞുള്ള രണ്ടാമത്തെ പൗർണ്ണമി ദിനത്തിലാണ്. ബാബിലോണിയായിൽ നാലു സഹസ്രാബ്ദങ്ങൾ മുമ്പുമുതൽ പുതുവർഷം ആഘോഷിച്ചിരുന്നതായി കാണാം. ബാബിലോണിയാക്കാർ മതപരമായ ആചാര രീതികളുടെ  ഭാഗമായി പുതുവർഷം ആഘോഷിച്ചിരുന്നു. ഈ ആഘോഷങ്ങളെ 'അകിതു' എന്ന് പറഞ്ഞിരുന്നു. 'അകിതു' എന്നത് ബാർലി ചെടിയുടെ സുമേരിയൻ വാക്കാണ്. വസന്തകാലത്ത് ബാർലി കൊയ്യുന്നതിനോടനുബന്ധിച്ചു പുതുവത്സരങ്ങളും ആഘോഷിച്ചിരുന്നു. പതിനൊന്നു ദിവസങ്ങൾ ആചാരങ്ങളുണ്ടായിരുന്നു. 'മാർദുക്' എന്ന ബാബിലോണിയൻ ആകാശ ദേവൻ ഒരു സമുദ്ര ദുർദേവതയുമായി പോരാടി വിജയിച്ചെന്നും അതിന്റെ ഓർമ്മയാണ് പുതുവത്സര ആഘോഷമെന്നും കഥയുണ്ട്. പുതുവത്സര ദിനങ്ങളിൽ രാജാക്കന്മാരുടെ കിരീട ധാരണ ചടങ്ങുകളും ആഘോഷിക്കാറുണ്ട്. ചില ആചാര ആഘോഷങ്ങളിൽക്കൂടി ഭരിക്കുന്ന രാജാവിന്റെ ദൈവികത്വം സ്ഥിതികരിക്കാറുമുണ്ട്.

പൗരാണിക ഈജിപ്റ്റുകാരുടെ കലണ്ടർ അയ്യായിരം വർഷങ്ങൾക്കു മുമ്പ് നിർമ്മിച്ചതെന്ന് അനുമാനിക്കുന്നു. ഒരു വർഷത്തെ പന്ത്രണ്ടായി തരം തിരിച്ച് ആദ്യം കലണ്ടറുണ്ടാക്കിയത് ഈജിപ്റ്റുകാരായിരുന്നു. ചന്ദ്രമാസങ്ങളെ അടിസ്ഥാനമാക്കിയുണ്ടാക്കിയ ഈ കലണ്ടറിനെ നാലുമാസങ്ങൾ വീതം മൂന്നു സീസണുകളായി തരം തിരിച്ചിരുന്നു. ഓരോ മാസത്തിനും മുപ്പതു ദിവസം വീതം ഒരു വർഷം 360 ദിവസങ്ങളുണ്ടായിരുന്നു. നൈൽ നദിയിലുള്ള വെള്ളപ്പൊക്കത്തിന്റെ അളവനുസരിച്ചായിരുന്നു കലണ്ടറുകളിലെ മാസങ്ങൾ നിശ്ചയിച്ചിരുന്നത്. ഏറ്റവും വെള്ളം കൂടിയിരിക്കുന്ന മാസത്തെ പുതുവർഷമായും ആദ്യത്തെ മാസമായും ഗണിച്ചു. വെള്ളം താഴുന്ന നിലയനുസരിച്ച് മുപ്പതു ദിവസങ്ങൾ വീതമുള്ള പന്ത്രണ്ടു മാസങ്ങളായും കലണ്ടറിനെ തരം തിരിച്ചിരുന്നു. ഡിസംബർ മാസത്തിൽ നൈൽ നദിയിൽ വെള്ളം കുറവായി കണക്കാക്കിയിരിക്കാം. പിന്നീട് ജ്യോതിർശാസ്ത്രം അനുസരിച്ച് അഞ്ചുദിവസം കൂടി കൂട്ടി മൊത്തം കലണ്ടർ ദിവസങ്ങൾ 365 ദിവസങ്ങളാക്കുകയായിരുന്നു.

'ജാനസ്' എന്ന റോമ്മൻ ദേവനോടുള്ള ആദരവിലാണ് ജനുവരി മാസത്തിന്റെ തുടക്കം. ആ ദേവന്റെ രണ്ടു മുഖങ്ങൾ വർത്തമാന കാലത്തിനൊപ്പം ഭൂതവും ഭാവിയും പ്രവചിക്കുന്നു. റോമ്മാക്കാർ പൗരാണിക കാലത്ത് 'ജാനസ് ദേവന്' ബലികളർപ്പിച്ചിരുന്നു. അന്നേ ദിവസം വീടുകൾ അലങ്കരിക്കുകയും പരസ്പ്പരം സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തിരുന്നു. മദ്ധ്യകാലങ്ങളിൽ ക്രിസ്ത്യൻ പുരോഹിതരും മത തീക്ഷ്ണതയുള്ളവരും ജനുവരി ഒന്നിനെ കൂടുതലും മതപരമായ ദിനമായി ആചരിച്ചിരുന്നു. ലാറ്റിൻ ഭാഷയിൽ ജനുവരി മാസത്തിനു വാതിലെന്നാണ് അർത്ഥം.  ജനുവരി, മറ്റുമാസങ്ങളുടെ തുടക്കമെന്ന നിലയിൽ മാറ്റത്തിന്റെ പുത്തനായ ഒരു വാതിലാവുകയും ചെയ്യുന്നു. റോമ്മായിലെ കൃഷിക്കാരുടെ ദേവനായ ജൂനോയുടെ പേരിലും ജനുവരി മാസം ആചരിക്കാറുണ്ട്. പാരമ്പര്യമായി റോമ്മിന്റെ കലണ്ടറിനു 304 ദിവസങ്ങൾ അടങ്ങിയ പത്തുമാസങ്ങളെയുണ്ടായിരുന്നുള്ളൂ. തണുപ്പുകാലങ്ങളിൽ ദിവസങ്ങൾ കുറവായിരുന്നു. ബി.സി.713-ൽ റോമുലസ് ചക്രവത്തിയുടെ പിൽക്കാല തലമുറയിൽപ്പെട്ട 'ന്യുമാ പോംപില്ലിയസ്' രാജാവ് (Numa Pompilius) ജനുവരി മാസത്തെയും ഫെബ്രുവരി മാസത്തെയും കലണ്ടറിനൊപ്പം കൂട്ടി ചേർത്തെന്ന് വിശ്വസിക്കുന്നു. 354 ദിവസം ചന്ദ്ര മാസങ്ങളടങ്ങിയ കലണ്ടറായിരുന്നു അത്. മദ്ധ്യകാലങ്ങളിൽ ക്രിസ്ത്യൻ സഭകളുടെ ആഘോഷങ്ങളിൽ പലതും ജനുവരി മാസത്തിൽ നടത്തിയിരുന്നു. പതിനാറാം നൂറ്റാണ്ടു മുതൽ യൂറോപ്യന്മാർ ജനുവരി ഒന്നിനെ വർഷത്തിന്റെ ആരംഭദിനമായി തിരഞ്ഞെടുത്തു.  ച്ഛേദാചാരത്തിരുന്നാൾ ആഘോഷിച്ചിരുന്നതു ഡിസംബർ ഇരുപത്തിയഞ്ചിന് ശേഷമുള്ള ജനുവരി ഒന്നാം തിയതിയായിരുന്നു. ചെന്നായ്ക്കളുടെ മാസമെന്നും തണുപ്പുകാലത്തെ മാസമെന്നും ജനുവരിയെ പറയാറുണ്ട്.

'ഫെബ്രുയും' എന്ന ലത്തീൻ പദത്തിൽനിന്നാണ് ഫെബ്രുവരി എന്ന പേരുണ്ടായത്. വിശുദ്ധീകരിക്കുകയെന്ന അർത്ഥമാണ് ആ വാക്കിനുള്ളത്. പഴയ ചാന്ദ്രിക (ലൂണാർ) റോമ്മൻ കലണ്ടറിൽ ഫെബ്രുവരി പതിനഞ്ചിൽ പൗർണ്ണമി ആചരിച്ചിരുന്നതായും കാണുന്നു. ചരിത്രപരമായി ഈ മാസത്തെ വെള്ളം കലർന്ന മണ്ണിന്റെ (Mud) മാസമെന്നും പറയുന്നു. കൂടാതെ ചില രാജ്യങ്ങളിൽ കാബേജിന്റെ (Cabbage) മാസമെന്നും പവിഴത്തിന്റെ മാസമെന്നും പറയാറുണ്ട്. ഫെബ്രുവരി മാസം മരങ്ങളുടെ ശിഖരങ്ങളിൽനിന്നും സ്നോ ഉരുകുന്ന കാലം കൂടിയാണ്. മഞ്ഞുകട്ടയുടെ മാസമെന്നും അറിയപ്പെടുന്നുണ്ട്. മരം വെട്ടുന്ന മാസമെന്നും മഞ്ഞുകട്ടകൾ നദിയിലേക്ക് ഒഴുകുന്ന മാസമെന്നും അതാതു രാജ്യങ്ങളിലെ ഭൂപ്രകൃതിക്കനുസരണമായി ഫെബ്രുവരി മാസത്തെ വിശേഷിപ്പിക്കുകയും ചെയ്യുന്നു.

മാർച്ചെന്ന പദം ഗ്രീക്ക് പദമായ മാർഷ്യസ് (Martius) എന്ന വാക്കിൽ നിന്നും വന്നതാണ്. ഈ വാക്ക് ഇംഗ്ലീഷിൽ മാർസ് (കുജൻ അഥവാ ചൊവ്വാ ഗ്രഹം) എന്ന ദേവനിൽനിന്നു ഉത്ഭവിച്ചതെന്നും വിശ്വസിക്കുന്നു. കുജഗ്രഹം റോമ്മാക്കാരുടെ യുദ്ധ ദേവനും കൃഷിയുടെ പരിരക്ഷകനുമാണ്. കുജന്റെ പാരമ്പര്യത്തിൽനിന്നും റോമ്മൻ ജനതയുടെ തലമുറകൾ വന്നുവെന്നും വിശ്വസിക്കുന്നു. മക്കൾ റോമുലസ്, റെമ്യൂസ് എന്നിവരും ഈ തായ്‌വഴികളിൽ ഉള്ളവരെന്നാണ് റോമ്മാക്കാരുടെ വിശ്വാസം. കൃഷികൾ നടത്താൻ അനുയോജ്യമായ മാസമായി മാർച്ചിനെ കരുതുന്നു. സാധാരണ കാലാവസ്ഥ അനുകൂലമായതുകൊണ്ടു യുദ്ധങ്ങൾ നടത്തിക്കൊണ്ടിരുന്നതും മാർച്ചു മാസത്തിലായിരുന്നു. ഈ മാസത്തിൽ നിരവധി ആഘോഷങ്ങളും കൊണ്ടാടുന്നു. ബി.സി. 713 വരെ മാർച്ചു മാസത്തെ ആദ്യത്തെ മാസമായി കരുതിയിരുന്നു. റോമ്മായിലെ പൗരാണിക ശിലകളിൽ മാർച്ചു മാസം ആദ്യത്തെ മാസമായി ലിഖിതം ചെയ്തിട്ടുണ്ട്. പതിനഞ്ചാം നൂറ്റാണ്ടു വരെ റക്ഷ്യയിലും മാർച്ച് ആദ്യത്തെ മാസമായി കണക്കാക്കിയിരുന്നു. ഏ.ഡി 1752 വരെ ഗ്രേറ്റ് ബ്രിട്ടനും ഈ കലണ്ടർ തന്നെ പിന്തുടർന്നു. പിന്നീട് അവർ ഗ്രിഗോറിയൻ കലണ്ടർ സ്വീകരിച്ചു. ഇന്നും പല സംസ്‌കാരങ്ങളും മാർച്ചു മാസം കൊല്ലത്തിന്റെ ആദ്യമാസമായും വസന്തകാലത്തിന്റെ തുടക്കമായും കരുതുന്നു. ദക്ഷിണ പൂർവങ്ങളിൽ ശരൽക്കാലവും. ഫലവർഗ്ഗങ്ങൾ ധാരാളം ഉണ്ടാകുന്ന മാസവുമാണിത്.

റോമ്മാക്കാർ 'ഏപ്രിൽ' എന്ന ലാറ്റിൻ പേര് ഏപ്രിൽ മാസത്തിനു നൽകി. 'തുറക്കുക' എന്ന അർത്ഥവും ഈ മാസത്തിന്റെ പേരിനോട് ധ്വാനിക്കുന്നുണ്ട്. പൂക്കളും ഇലകളും പൊട്ടി മുളയ്ക്കുന്ന കാലവുമാണ്. വസന്തകാലം ആരംഭിക്കുന്നതും ഈ മാസമാണ്. അപ്രോഡിറ്റ് (Aphrodite) എന്ന ഗ്രീക്ക് ദേവതയുടെ പേരിലാണ് ഏപ്രിൽ മാസം ആരംഭിച്ചതെന്നും വിശ്വാസമുണ്ട്. റോമ്മൻ കലണ്ടറിൽ ജനുവരിയും ഫെബ്രുവരിയും ആരംഭിക്കുന്നതിനുമുമ്പ് ഏപ്രിൽ രണ്ടാമത്തെ മാസമായിരുന്നു. ബി.സി.40-നോട് അടുത്ത കാലഘട്ടത്തിൽ കലണ്ടർ പരിഷ്‌ക്കരിച്ചപ്പോൾ ഏപ്രിൽ മാസത്തിനു മുപ്പതു ദിവസം നിശ്ചയിച്ചിരുന്നു. ജൂലിയസ് സീസറായിരുന്നു ആ തീരുമാനം എടുത്തത്. ഏപ്രിൽ മാസം ഈസ്റ്ററിന്റെ മാസമെന്നും പറയുന്നു. ഓസ്‌ട്രേ (Eostre) എന്ന ദേവതയുടെ പേരിലാണ് ഏപ്രിൽ മാസമെന്നും സങ്കല്പമുണ്ട്.

മായിയാ (Maia)എന്ന റോമ്മൻ ദേവതയോട് കൂട്ടി മെയ് മാസമുണ്ടായിയെന്നും ഗണിക്കുന്നു. റോമ്മൻ ദേവത 'മായിയാ' വിളവിന്റെ ദേവതയായും ഐശ്വര്യ ദേവതയായും പഴമയുടെ പുരാണം പറയുന്നു.  വടക്കേ ധ്രുവങ്ങളിൽ മെയ് മാസം വസന്തകാലവും തെക്കേ ധ്രുവങ്ങളിൽ ശരത്ക്കാലവും അനുഭവപ്പെടുന്നു. മെയ് അവസാനം വേനൽക്കാല അവധിയുടെ തുടക്കവുമായിരിക്കും.

റോമ്മാ കലണ്ടറുകളിൽ ജൂൺ മാസത്തെ നാലാമത്തെ മാസമായും ഗ്രിഗോറിയൻ കലണ്ടറിൽ ആറാമത്തെ മാസമായും കണക്കാക്കുന്നു. തെക്കേ ധ്രുവങ്ങളിലെല്ലാം ജൂൺമാസം വേനല്ക്കാലമായിരിക്കും. മുപ്പത് ദിവസമാണ് ജൂൺ മാസത്തിനുള്ളത്. ഏറ്റവും പകൽ അനുഭവപ്പെടുന്നതും ഇതേ മാസത്തിലായിരിക്കും. വടക്കേ അര്‍ദ്ധഗോളത്തിൽ തണുപ്പും പകൽ വെളിച്ചം കുറവുമായിരിക്കും.

ബി.സി. 713-ൽ ജനുവരി, ഫെബ്രുവരി മാസങ്ങളെ കലണ്ടറിൽ ഉൾപ്പെടുത്തുന്നവരെ ജൂലൈ മാസത്തെ അഞ്ചാമത്തെ മാസമായി കരുതിയിരുന്നു. 'അഞ്ച്' എന്ന അർത്ഥത്തിലുള്ള ലാറ്റിൻ വാക്കിൽ നിന്നാണ് ഈ പദം ആരംഭിച്ചത്. പിന്നീട് ഈ വാക്കു ജൂലിയസ് സീസറിനോടുള്ള ആദരവിന്റെ മാസമായി പരിഗണിക്കുകയും ചെയ്തു. ജൂലൈ സീസർ ജനിച്ചത് ജൂലൈ പന്ത്രണ്ടാം തിയതി എന്ന് കരുതുന്നു. അതിനുമുമ്പ് ഈ മാസത്തെ 'ക്വിന്റലിസ്' എന്നാണ് പറഞ്ഞിരുന്നത്. ദക്ഷിണ ധ്രുവങ്ങളിലും ഉത്തര ധ്രുവങ്ങളിലും ജൂലൈ മാസം പൊതുവെ ചൂടുള്ള കാലമായും കരുതുന്നു. ഒരു വർഷത്തിന്റെ പകുതി തുടങ്ങുന്നതും ജൂലൈയിലാണ്.

ബി.സി. 45-ൽ ജൂലിയസ് സീസ്സർ ജൂലിയൻ കലണ്ടർ ഉണ്ടാക്കിയപ്പോൾ ആഗസ്റ്റ് മാസത്തിനു 31 ദിനങ്ങൾ നൽകിയിരുന്നു. പിന്നീട് സീസർ അഗസ്റ്റസിന്റെ പേരിൽ ഈ മാസം അറിയപ്പെട്ടു. ഓഗസ്റ്റസ്, റോമ്മായുടെ ചക്രവർത്തിയായിരുന്നു. റോമ്മൻ കലണ്ടറിൽ ആഗസ്റ്റ് ആറാം മാസവും ജൂലിയൻ കലണ്ടറും ഗ്രിഗോറിയൻ കലണ്ടറുമനുസരിച്ച് എട്ടാമത്തെ മാസവുമാണ്. ബി.സി. 713-ൽ 'ന്യുമാ  പൊമ്പിളിയസ്' (Numa pompilius) രാജാവിന്റെ കാലത്ത് ജനുവരിയും ഫെബ്രുവരിയും കൂട്ടി ചേർക്കപ്പെട്ടുകൊണ്ട് ഒരു വർഷത്തെ പന്ത്രണ്ടു മാസങ്ങളായി തരം തിരിക്കുകയുണ്ടായി.

സെപ്റ്റംബർ മാസം റോമൻ കലണ്ടറിൽ ഏഴാം മാസമായി ആരംഭിച്ചു. പിന്നീട് ജനുവരിയും ഫെബ്രുവരിയും കലണ്ടറിൽ വന്നപ്പോൾ സെപ്റ്റംബർ ഒമ്പതാം മാസമായി. സെപ്റ്റംബറിന് മുപ്പതു ദിവസം ദൈഘ്യമാണുള്ളത്. പല രാജ്യങ്ങളിലും സ്‌കൂളുകളിൽ അക്കാദമിക്ക് വർഷം തുടങ്ങുന്നത് സെപ്റ്റംബർ മാസത്തിലാണ്. വേനലവധി കഴിഞ്ഞു കുട്ടികൾ സ്‌കൂളിൽ പോവാൻ തുടങ്ങുന്നതും ഈ മാസങ്ങളിൽ ആയിരിക്കും. ലാറ്റിനിൽ 'സെപ്റ്റം' എന്ന് പറഞ്ഞാൽ ഏഴെന്നാണ് അർഥം. സെപ്റ്റംബർ മാസത്തെ ജൂലിയൻ കലണ്ടറിൽ ഇരുപത്തൊമ്പതു ദിവസമായിരുന്നത് ഒരു ദിവസം കൂടി കൂട്ടി മുപ്പതു ദിവസമാക്കി. സെപ്റ്റംബർ മാസം കൃഷി കൊയ്യുന്ന കാലമായും കണക്കാക്കുന്നു. ഈ മാസത്തിൽ വടക്കേ ധ്രുവ പ്രദേശങ്ങളിൽ ശരത് കാലവും തെക്കേ ധ്രുവങ്ങളിൽ വസന്തകാലവുമായിരിക്കും.

ജൂലിയൻ കലണ്ടറും ഗ്രിഗോറിയൻ കലണ്ടറുമനുസരിച്ച് ഒക്ടോബറെന്ന് പറയുന്നത് പത്താം മാസവും പഴയ റോമൻ കലണ്ടറുനുസരിച്ച് എട്ടാം മാസവും. 'എട്ടു' എന്ന അർത്ഥത്തിൽ 'ഒക്ടോ' അതിന്റ ലാറ്റിനിലുള്ള പേര് നിലനിർത്തിയിട്ടുണ്ട്. ഒക്ടോബർ മാസം വടക്കേ ധ്രുവങ്ങളിൽ ശരത്ക്കാലവും തെക്കേ ധ്രുവങ്ങളിൽ വസന്ത കാലവുമായിരിക്കും.

പൗരാണിക റോമ്മൻ കലണ്ടറിൽ നവംബറിനെ ഒമ്പതാം മാസമായി കരുതുന്നു. 'ഒമ്പത്' എന്ന അർത്ഥമുള്ള അതിന്റെ ലാറ്റിൻ പേരും നിലനിർത്തുന്നു. ജനുവരിയും ഫെബ്രുവരിയും കലണ്ടറിനൊപ്പം ചേർത്ത ശേഷം നവംബർ പതിനൊന്നാം മാസമായി അറിയപ്പെട്ടു. തെക്കേ ധ്രുവ പ്രദേശങ്ങളിൽ വസന്തകാലത്തിന്റെ അവസാന ഭാഗവും വടക്കേ ധ്രുവത്തിൽ ശരത് കാലത്തിന്റെ അവസാന ഭാഗവുമായി നവംബർ മാസം അറിയപ്പെടുന്നു. അങ്ങനെ നവംബർ മാസം തെക്കും വടക്കുമുള്ള ധ്രുവങ്ങൾ ശരത്കാലവും വസന്തകാലവുമായി ഭാഗിച്ചെടുക്കുന്നു.

ഡിസംബർ മാസത്തെ വർഷത്തിന്റെ അവസാന മാസമായി കരുതുന്നു. മുപ്പത്തിയൊന്നു ദിവസങ്ങളുള്ള മാസമാണിത്.ഡിസംബർ എന്ന വാക്കും ലാറ്റിനിൽ നിന്നും വന്നതാണ്. 'ഡിസം' എന്നാൽ ലാറ്റിനിൽ പത്തെന്നാണ് അർഥം ധ്വാനിക്കുന്നത്. റോമൻ കലണ്ടറിൽ പത്തുമാസമേയുണ്ടായിരുന്നുള്ളൂ. ജനുവരി, ഫെബ്രുവരി മാസങ്ങൾ തുടക്കത്തിൽ ചേർത്തെങ്കിലും ഡിസംബർ അവസാന മാസമായി തുടർന്നുകൊണ്ടിരുന്നു.

പുതുവത്സരം ലോകമെമ്പാടും ആഘോഷിക്കാറുണ്ട്. വിശേഷ ഭക്ഷണങ്ങളുൾപ്പടെ പരസ്പ്പരം അഭിവാദനങ്ങളും മംഗളങ്ങൾ നേരലും പുതുവർഷത്തിന്റെ ഭാഗമാണ്. ബന്ധുജനങ്ങളും സുഹൃത്തുക്കളും ഗ്രീറ്റിംഗ് കാർഡുകളും സമ്മാനങ്ങളും കൈമാറും. പുതുവർഷം വളരെ ആഘോഷമായി കൊണ്ടാടുന്ന ഒരു രാജ്യമാണ് സ്‌പെയിൻ. സുഹൃത്തുക്കളും കുടുംബങ്ങളുമൊത്ത് പന്ത്രണ്ടു മുന്തിരിങ്ങാകൾ ഒരേ സമയം തിന്നുന്ന പരമ്പരാഗതമായ ഒരു ആചാരം അവിടെയുണ്ട്. അങ്ങനെ ഓരോരുത്തരും പന്ത്രണ്ടു മുന്തിരങ്ങാകൾ തിന്നുന്ന വഴി കുടുംബത്ത് വർഷാവസാനംവരെയും ഐശ്വര്യവും സമാധാനവും ഉണ്ടാവുമെന്ന വിശ്വാസമാണ് സ്‌പെയിൻ ജനതയ്ക്കുള്ളത്. പാതിരായ്ക്ക് മുമ്പായിരിക്കും ഇവർ ഈ ചടങ്ങുകൾ അനുഷ്ഠിക്കുന്നതും.

ഇറ്റലിയിൽ പച്ചപ്പയറുകളും തെക്കേ അമേരിക്കയിൽ പീച്ചിപ്പഴവും, ആഘോഷത്തിൽ ഉപയോഗിക്കുന്നു. ചില സംസ്‌കാരങ്ങളിൽ പന്നി ഇറച്ചി പ്രധാന വിഭവമായിരിക്കും. ക്യൂബാ, ആസ്‌ത്രേലിയ, ഹംഗറി, പോർട്ടുഗൽ എന്നീ രാജ്യങ്ങൾ പന്നിയിറച്ചി വിഭവങ്ങൾകൊണ്ട് പുതുവർഷത്തെ ആഘോഷപൂർണ്ണമാക്കുന്നു. അൽമോണ്ട് (Almond) നിറച്ച കേക്കുകൾ സ്വീഡൻ, നോർവേ, മെക്സിക്കോ, ഗ്രീസ് എന്നിവടങ്ങളിൽ സുലഭമാണ്. റൈസ് പുഡിങ്ങും അന്നത്തെ ആഘോഷത്തിന്റെ പ്രത്യേകതയാണ്. ഏതെങ്കിലും ഭക്ഷണ വിഭവങ്ങളടങ്ങിയ ഡിഷിൽ അൽമോണ്ട് ഒളിച്ചു വെക്കുന്ന ആഘോഷവുമുണ്ട്.   ഒളിച്ചുവെച്ചിരിക്കുന്ന അൽമോണ്ട് ലഭിക്കുന്നവർക്ക് വർഷാവസാനം വരെയും ഐശ്വര്യവും ധനവും ലഭിക്കുമെന്ന വിശ്വാസവും അവിടെയുള്ള ജനങ്ങളിലുണ്ട്. പടക്കം പൊട്ടീരും കരിമരുന്നാഘോഷങ്ങളും പുതുവത്സരപ്പിറവയുടെ ഭാഗങ്ങളാണ്. ഗ്രാമീണ ഗീതങ്ങളും പാട്ടുകളും കൂട്ടമായി പാടിയും ആഘോഷങ്ങളുടെ മോഡി പിടിപ്പിക്കാറുണ്ട്. ചില സംസ്‌കാരങ്ങളിൽ ദൈവങ്ങളുടെ പ്രീതിയ്ക്കായി വാഗ്ദാനങ്ങളും ചെയ്യുന്നു. കടങ്ങൾ വീട്ടിക്കൊള്ളാമെന്നും കാർഷിക ഉപകരണങ്ങൾ മടക്കി നൽകാമെന്നും പ്രതിജ്ഞയും ചെയ്യുന്നു.

അമേരിക്കയിലും യൂറോപ്പ്യൻ രാജ്യങ്ങളിലും പുതുവർഷം നിർണ്ണയിക്കാൻ ഗ്രിഗോറിയൻ കലണ്ടറിനെയാണ് അടിസ്ഥാനമാക്കിയിരിക്കുന്നത്. പുതുവർഷത്തിന്റെ ആരംഭത്തോടൊപ്പം കൊഴിഞ്ഞുപോയ കഴിഞ്ഞ വർഷത്തെ സംഭവങ്ങൾ!  ഓർമ്മിക്കാനായുള്ള അവസരങ്ങളും  ലഭിക്കുന്നു.  സുഹൃത്തുക്കളും കുടുംബങ്ങളുമൊത്തുള്ള പാർട്ടികളും മേളകളും ഈ മാസത്തിന്റെ പ്രത്യേകതയാണ്. ടെലിവിഷനുകൾ നിറയെ പ്രത്യേക പ്രോഗ്രാമുകൾ കൊണ്ട് നിറഞ്ഞിരിക്കും. അന്ന് അവധി ദിനമായതിനാൽ കുടുംബവുമൊത്തുള്ള ആഘോഷങ്ങളും പതിവായിരിക്കും. ചില പട്ടണങ്ങളിൽ  പരേഡുകളുമുണ്ടായിരിക്കും.  ഫുട്ബാൾ  ഗെയിംസും പുതുവർഷപ്പിറവി കാത്തിരിക്കുന്നവരുടെ താല്പര്യത്തിലുള്ളതാണ്.

പുതു വർഷത്തിൽ ചെയ്തു തീർക്കേണ്ട കാര്യങ്ങളെ ചിലർ അവലോകനം ചെയ്യും. ചിലപ്പോഴെല്ലാം പുതുവർഷംകൊണ്ടു ചിലർക്ക് സ്വന്തം ജീവിതത്തിൽ മാറ്റങ്ങളുണ്ടാകാറുണ്ട്. കൂടുതൽ പേരും പ്രതിജ്ഞ ചെയ്യുന്നത് പുകവലി നിർത്തണമെന്നായിരിക്കും.  കള്ളുകുടി നിർത്തണമെന്നും ഭാരം കുറയ്‌ക്കണമെന്നും വ്യായാമം ചെയ്യണമെന്നും ആരോഗ്യപരമായ ജീവിത നിലവാരമാവണമെന്നും ചിന്തിക്കും. കുടുംബ വഴക്കുകളും ജേഷ്ഠാനുജന്മാർ തമ്മിലുള്ള വഴക്കുകളും ഒത്തുതീർപ്പാക്കണമെന്നും ആഗ്രഹിക്കും. ചിലർ പുതുവത്സരത്തിലെ ആഘോഷങ്ങളിൽ ആ വർഷം ചെയ്തുതീർക്കേണ്ട കർത്തവ്യങ്ങളെപ്പറ്റി പ്രമേയം അവതരിപ്പിക്കും. പുതുവർഷം മുതൽ എന്തെല്ലാം ചെയ്യണമെന്നും പലരും മനസ്സിൽ മനക്കോട്ട കെട്ടും.

ന്യുയോർക്ക് സിറ്റിയിൽ ടൈം സ്‌കൊയറിൽ (Time Squre) ഭീമാകാരമായ ബോൾ ഉയർത്തുന്ന ആഘോഷം പ്രസിദ്ധമാണ്. പാതിരാക്കായിരിക്കും ഈ ആഘോഷങ്ങൾ ആരംഭിക്കുക. ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും മില്യൺ കണക്കിന് ജനം മനോഹരമായ ആ കാഴ്ച്ച വീക്ഷിക്കുന്നു. 1907 മുതൽ ഓരോ വർഷവും ഈ ആഘോഷം ഭംഗിയായി കൊണ്ടാടുന്നു. അമേരിക്കയിലെ പല പട്ടണങ്ങളും ടൈം സ്‌കൊയറിലുള്ളപോലെ (Time Squre) ബലൂൺ ആകാശത്തിലേക്ക് വിക്ഷേപിക്കുന്ന ആഘോഷങ്ങൾ നടത്താറുണ്ട്.

ആൽബർട്ട് ഐൻസ്റ്റിന്റെ വാക്കുകൾ ഇവിടെ പ്രസക്തമാണ്. "ഇന്നലെയുടെ ചരിത്രം പഠിക്കൂ! നാളെയുടെ പ്രതീക്ഷകളുമായി ഇന്ന് ജീവിക്കൂ!" 'നാളെ' എന്നത് 365 പേജുകൾ നിറഞ്ഞ എഴുതാത്ത, എഴുതാൻ ആരംഭിക്കേണ്ട ഒരു നൂതന പുസ്തകമാണ്. പുതിയ ഒരു ചരിത്രത്തിന്റെ ആരംഭവും. ആർക്കും ഇനി നവജീവിതത്തിനായി പുറകോട്ടു പോകാൻ സാധിക്കില്ല. എന്നാൽ ഇന്നുതന്നെ ആരംഭിക്കുകയും ചെയ്യാം. അവസാനം നാമെല്ലാം കഥകളാണ്. ചരിത്രമായി മാറുന്നു. നമുക്കും നന്മയുടെ ചരിത്രം സൃഷ്ടിക്കാം. പ്രിയപ്പെട്ട വായനക്കാർക്ക് പുതുവത്സരാശംസകൾ നേരുന്നു. എന്റെ ലേഖനങ്ങൾ ക്ഷമയോടെ വായിച്ച എല്ലാ വായനക്കാർക്കും അഭിപ്രായങ്ങൾ എഴുതിയവർക്കും നന്ദിയുമുണ്ട്.


Pope Gregary 

Egyption Calendar
julius caesar
Image result for numa pompilius

God Janus

1 comment:

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...