Sunday, February 4, 2018

പ്രസിഡന്റ് ട്രംപിന്റെ പ്രസംഗവും ഊതിപ്പെരുപ്പിച്ച അവകാശവാദങ്ങളും



ജോസഫ് പടന്നമാക്കൽ 

ഡൊണാൾഡ് ട്രംപ്, 2018 ജനുവരി മുപ്പതാംതിയതി 'സ്റ്റേറ്റ് ഓഫ് ദി യൂണിയൻ' കോൺഗ്രസിനെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗം  ചരിത്രപരവും ഹൃദ്യവുമായിരുന്നു. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും രാജ്യാന്തര വിഷയങ്ങളുമടങ്ങിയ  പ്രസംഗം ഒരു മണിക്കൂറിലധികം നീണ്ടുനിന്നിരുന്നു. അതിലെ പ്രസക്തഭാഗങ്ങളെപ്പറ്റി ഒരു അവലോകനം നടത്തുന്നത് ഉചിതമായിരിക്കുമെന്നും കരുതുന്നു. ഉത്‌കടമായ അഭിലാഷങ്ങളും ഘോഷോച്ചാരണങ്ങളും പ്രസംഗത്തിൽ ഉടനീളം പ്രകടമായിരുന്നു. ട്രംപിന്റെ പ്രസംഗം ദേശസ്നേഹം ഉത്തേജിപ്പിക്കുന്നതും അമേരിക്കൻ പൗരനെന്ന ആത്മാഭിമാനം ഉണർത്തുന്നതുമായിരുന്നു.  മനസിന് കുളിർമ്മ നൽകുന്ന പ്രസംഗത്തിന്റെ ചാരുത്വം വളരെയധികം വിലമതിക്കേണ്ടതും വിവേചിച്ചറിയേണ്ടതുമാണ്.

ട്രംപ് പറഞ്ഞു, "അമേരിക്കൻ ഐക്യനാടുകൾ എക്കാലത്തേക്കാൾ ശക്തമാണ്. നാം പൗരന്മാർ ശക്തരായതുകൊണ്ടു രാജ്യം ശക്തിപ്രാപിച്ചിരിക്കുന്നു. ഒന്നായി ഐക്യമഹാബലത്തോടെ സുരക്ഷിതവും ശക്തവും അഭിമാനഭരിതവുമായ അമേരിക്കയെ നമുക്ക് പടുത്തുയർത്തണം. അമേരിക്കൻ ജനതയെപ്പോലെ ഭയരഹിതരായി എന്തിനെയും അഭിമുഖീകരിക്കാൻ തയാറാകുന്ന ഒരു ജനം ലോകത്തുണ്ടായിരിക്കില്ല. നിശ്ചയദാർഢ്യമാണ് നമ്മെ നയിക്കുന്നത്. ഇന്നു രാത്രിയിൽ എന്നോടൊപ്പം എന്റെ പ്രസംഗം ശ്രവിക്കുന്ന നിങ്ങൾ ഓരോരുത്തരുടെയും ദിനം വളരെ വിലയേറിയതാണ്. നിങ്ങൾ എവിടെയാണെങ്കിലും എവിടെനിന്നു വരുന്നവരാണെങ്കിലും ഒരേ ഹൃദയത്തിന്റെ ഭാഷയിൽ തന്നെ പരസ്പ്പരം സൗഹാർദം അർപ്പിക്കാൻ സാധിക്കും. യാതനകളോടെയും വിയർത്തും അദ്ധ്വാനിച്ചും നിങ്ങൾ കഠിനമായി ജോലി ചെയ്യുന്നവരാണെങ്കിൽ സ്വയം വിശ്വാസം നിങ്ങളിൽതന്നെ അർപ്പിക്കുന്നുവെങ്കിൽ നിങ്ങൾക്ക് എന്തിനെയും ഈ പുണ്യഭൂമിയെത്തന്നെയും സ്വപ്നം കാണാൻ സാധിക്കുന്നു. നമ്മുടെ ലക്ഷ്യങ്ങൾ എന്താണെങ്കിലും  ഒന്നിച്ചു നേടാൻ സാധിക്കുകയും ചെയ്യുന്നു. നാം ഒരേ ഭവനത്തിൽനിന്നുള്ളവരും ഒരേ മനദൃഢതയോടെ ഒരേ ഈശ്വര സങ്കൽപ്പങ്ങളുള്ളവരുമാണ്.   പാറിപ്പറക്കുന്ന അമേരിക്കയുടെ ദേശീയ പതാകയും ഒരേ മനസോടെ പങ്കിടുന്നു. നമ്മുടെ വിശ്വാസവും നമ്മുടെ കുടുംബവുമാണ് അമേരിക്കൻ ജീവിതമെന്നും അറിയുന്നു. അല്ലാതെ ഗവൺമെന്റോ അധികാരത്തിന്റെ ചുവപ്പുനാടകളോ നമ്മെ നയിക്കുന്നില്ല.

പതിറ്റാണ്ടുകളായി നാം അഭിമുഖീകരിച്ചിരുന്നത് നീതിയുക്തമല്ലാത്ത ഒരു വാണിജ്യ വ്യവസ്ഥയായിരുന്നു. നമ്മുടെതന്നെ അഭിവൃത്തിക്ക് അത് തടസവുമായിരുന്നു. നമ്മുടെ രാജ്യത്തിന്റെ ധനവും തൊഴിലുകളും തൊഴിലുടമകളും കമ്പനികളും മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു. വരുമാന വിഭവങ്ങളെ മറ്റുള്ളവർക്ക് കീഴ്പ്പെടുത്തിക്കൊണ്ടുള്ള ആ യുഗം അവസാനിച്ചു. ഇന്നുമുതൽ നീതിപൂർവമായ ഒരു ആഗോള വ്യവസായ ബന്ധം പ്രതീക്ഷിക്കുന്നു. അത് പരസ്‌പര പ്രവര്‍ത്തനസൂചകമായ ധർമ്മത്തിലധിഷ്ഠിതമായിരിക്കണം. നമ്മുടെ പൗരന്മാരെ സർക്കാരിന്റെ സാമ്പത്തികാശ്രയത്തിൽനിന്നും മുക്തിനേടിപ്പിച്ച് ജോലി ചെയ്യുന്നവരാക്കണം. മറ്റുള്ളവരെ ആശ്രയിച്ചു ജീവിതം തള്ളിനീക്കുന്നവരെ സ്വയം കാലിൽ നിൽക്കാനുള്ള ത്രാണിയുള്ളവരാക്കി അവരെ സ്വതന്ത്രരാക്കണം. ദാരിദ്ര്യത്തിൽനിന്ന് മുക്തി നൽകി സമ്പത്തിലേക്ക് ഉയർത്തണം.

അമേരിക്ക ശില്പികളുടെയും ആകാശം മുട്ടെയുളള മണിഗോപുര  കെട്ടിടം നിർമ്മാതാക്കളുടെയും നാടാണ്. ഒരു വർഷം കൊണ്ട് എമ്പയർ സ്റ്റേറ്റ് കെട്ടിടം പടുത്തുയർത്താൻ നമുക്ക് സാധിച്ചു. എന്നാൽ ഇന്ന് ഒരു ചെറിയ റോഡിന്റെ നിർമ്മാണത്തിന് അംഗീകാരം കിട്ടാൻപോലും പത്തു വർഷം എടുക്കുന്നത് രാഷ്ട്രത്തിന്റെ ഒരു പോരായ്മയല്ലേ? അത് നമ്മുടെ രാജ്യത്തിനുതന്നെ അപമാനഹേതുവാകുന്നില്ലേ?

അമേരിക്ക സാനുകമ്പ നിറഞ്ഞ മഹനീയമായ ഒരു രാഷ്ട്രമാണ്. നിലനിൽപ്പിനായി പൊരുതുന്നവർക്കും നിർദ്ധനർക്കും അടിസ്ഥാനജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടവർക്കും  മറ്റേതു രാജ്യങ്ങളെക്കാളും ഉദാരമായി നാം സഹായങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റെന്ന നിലയിൽ എന്റെ കൂറും എന്റെ സഹാനുഭൂതിയും, എന്റെ ഉത്‌കണ്‌ഠകളും അമേരിക്കൻ കുഞ്ഞുങ്ങൾക്കും, കഷ്ടപ്പെടുന്ന തൊഴിൽവിഭാഗത്തിനും നാം മറന്നുപോയ സമൂഹത്തിലെ ദുഃഖിതരായവർക്കും വേണ്ടി മാത്രമാണ്. വലിയ വലിയ കാര്യങ്ങൾ നേടാനായി നമ്മുടെ യുവാക്കൾ വളരാനും ആഗ്രഹിക്കുന്നു. രാജ്യത്തിലെ ദരിദ്രരായവർക്ക് ഉയരാനുള്ള അവസരങ്ങൾക്കുവേണ്ടിയും  ഇച്ഛിക്കുന്നു."

പോഡിയത്തിനു അഭിമുഖമായിനിന്നുകൊണ്ട് ട്രംപ് നടത്തിയ സ്റ്റേറ്റ് യൂണിയൻ പ്രസംഗത്തിൽ പലയിടങ്ങളിലും അതിശയോക്തി കലർത്തിയിട്ടുണ്ടായിരുന്നു. ചാനലുകാരുടെയും വാർത്താ മാധ്യമങ്ങളുടെയും ശ്രദ്ധയിൽപ്പെട്ട ചില വസ്തുതകളെ വിമർശന രൂപേണ പരിശോധിക്കാം. ശരിയോ തെറ്റോയെന്നു നിശ്ചയിക്കുന്നത് ഓരോരുത്തരുടെയും യുക്തികൾക്കനുസരിച്ചായിരിക്കും. അവിടെ വ്യാജ വാർത്തകളും സത്യത്തെ വളച്ചൊടിക്കുന്നവരും രാഷ്ട്രീയ ചേരിതിരിഞ്ഞുള്ളവരും വിഭിന്ന അഭിപ്രായങ്ങൾ പുറപ്പെടുവിക്കുന്നവരുമുണ്ടാകാം. ജനാധിപത്യത്തിന്റെ വൈകൃതങ്ങളായ ചിന്തകളാണ് അവകളെല്ലാം.

'അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും വലിയ നികുതിയിളവുകളാണ് തന്റെ നികുതി പരിഷ്ക്കരണത്തിലുള്ളതെന്ന' ട്രംപിന്റെ പ്രസ്താവന തികച്ചും യാഥാർഥ്യത്തിൽനിന്നും ഘടകവിരുദ്ധമാണെന്നു' കാണാം.  വിലപ്പെരുപ്പം അനുപാതമായി എടുക്കുകയാണെകിൽ 1940 നു ശേഷം ഇത് നാലാമത്തെ ഏറ്റവും വലിയ നികുതിയിളവാണ്‌. ജി.ഡി.പിയുടെ അനുപാതത്തിലെങ്കിൽ ഏഴാമത്തേതും. 2017-ൽ $150 ബില്യനും 2012-ൽ 321 ബില്യനും 2010-ൽ 210 ബില്യനും 1981-ൽ 208 ബില്യനും നികുതിയിളവുകൾ നൽകിയിരുന്നു. ജി.ഡി.പി യുടെ അനുപാതത്തിൽ 2017 ലുണ്ടായ നികുതിയിളവ് 0 .9 ശതമാനമാണ്.  1945-ൽ 2.67 ശതമാനവും 1981-ൽ 2.89 ശതമാനവും 2010-ൽ 1.31 ശതമാനവും 2013ൽ 1.78 ശതമാനവും  നികുതിയിളവുകളുണ്ടായിരുന്നു. അവിടെ ട്രംപിന്റെ വാദത്തിന് പ്രസക്തിയില്ല. ധനികരായവർക്ക് 35 ശതമാനത്തിൽനിന്നും 21 ശതമാനത്തിലേക്ക് നികുതിയിളവ് കൊടുത്തത് നീതിയുക്തമല്ല. അത് രാജ്യത്തിലെ സാധാരണ പൗരന്മാരോടുള്ള അധാർമ്മികത കൂടിയാണ്.

'മൂന്നു മില്യൺ ജോലിക്കാർക്ക് നികുതിയാനുകൂല്യമുള്ള ബോണസ് ലഭിക്കുമെന്നും' ട്രംപ് പറയുന്നു. ബോണസുകൾ താൽക്കാലികമായ ഒരു ആശ്വാസം മാത്രമേ നൽകുകയുള്ളൂ. . നികുതിയിളവുകൾ കൊണ്ട് കോർപ്പറേഷനുകൾ തങ്ങളുടെ ബിസിനസുകൾ വിപുലപ്പെടുത്തി പുതിയ ഫാക്ടറികൾ നിർമ്മിക്കുന്നുണ്ടോ, കൂടുതൽ മെഷിനറികൾ വാങ്ങിക്കുന്നുണ്ടോ, പുതിയ തൊഴിലുകൾ സൃഷ്ടിക്കുമോ മുതലായ വസ്തുതകളും ചിന്തിക്കേണ്ടതാണ്‌. നികുതിയിളവുകൾ കൊണ്ട് അതിന്റെ ഫലം അറിയണമെങ്കിൽ വർഷങ്ങൾ എടുക്കുമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു. 'ചെറുകിട ബിസിനസുകാരുടെ വിശ്വാസം അങ്ങേയറ്റം വർദ്ധിച്ചിരിക്കുന്നുവെന്നും' ട്രംപ് പറഞ്ഞിരുന്നു.

'സാമ്പത്തിക പരിഷ്‌കാരങ്ങളും മാറ്റങ്ങളും മൂലം വർഷത്തിൽ 4000 ഡോളർ ഒരു കുടുംബത്തിന് ലഭിക്കാൻ സാധിക്കുമെന്നാണ്' ട്രംപിന്റെ പ്രസ്താവന. 4000 ഡോളർ അധിക വരുമാനമുണ്ടാകുമെന്ന കണക്കും വ്യക്തമല്ല. വൻകിട കോർപ്പറേഷനുകൾ നികുതിയിളവിൽ ലഭിക്കുന്ന അധിക വരുമാനത്തിന്റെ പങ്ക് ജോലി ചെയ്യുന്നവർക്ക് കൊടുക്കണമെന്നില്ല. കമ്പനികൾക്ക് കിട്ടുന്ന ലാഭം ധനികരായവരുടെ പോക്കറ്റിൽ പോവുകയും ചെയ്യും. അതുകൊണ്ട് സാധാരണക്കാർക്ക് എന്ത് പ്രയോജനം?

'സ്റ്റോക്ക് മാർക്കറ്റ്, കുതിച്ചുയർന്നുകൊണ്ടിരിക്കുന്നു. അത് ചരിത്രത്തിലെ ഏറ്റവുമധികമുണ്ടായിരുന്ന നേട്ടമാണെന്നുമുള്ള' ട്രംപിന്റെ  പ്രസംഗവും ശ്രദ്ധേയമായിരുന്നു. സ്റ്റോക്ക് മാർക്കറ്റ് ഉയർന്നുവെന്നത് ശരിയാണ്. ട്രംപിന്റെ യൂണിയൻ അഡ്രസിനുശേഷം സ്റ്റോക്ക് താഴുന്ന വാർത്തകളും   വായിക്കുന്നു. 2013 മുതൽ സ്റ്റോക്ക് മാർക്കറ്റ് ഉയർന്നുകൊണ്ടിരിക്കുകയായിരുന്നു. സ്റ്റോക്കിന്റെ വളർച്ചയുടെ ആരംഭമിട്ടത് ഒബാമയുടെ ഭരണകാലത്താണ്.

'വർഷങ്ങളോളം മരവിച്ചിരുന്ന തൊഴിൽ വേതനം ഇന്ന് വർദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്നുള്ള' ട്രംപിന്റെ പ്രസ്താവന മുഴുവൻ ശരിയല്ല. ട്രംപിന്റെ ഭരണത്തിൽ ആദ്യത്തെ ഒമ്പതു മാസത്തിൽ തൊഴിൽ വേതനം കൂടുന്നുണ്ടായിരുന്നു. എന്നാൽ അവസാന മൂന്നു മാസം വീണ്ടും വേതനം കുറഞ്ഞു. തൊഴിൽ വേതനം വർദ്ധിക്കാൻ ആരംഭിച്ചത് ഒബാമയുടെ അവസാന വർഷത്തെ ഭരണകാലങ്ങളിലായിരുന്നു. ചരിത്രത്തിൽ ആഫ്രിക്കൻ അമേരിക്കൻ, ഹിസ്പാനിക്ക് തൊഴിലില്ലായ്മ ഏറ്റവും കുറവുള്ള വർഷമാണെന്ന് ട്രംപ് അഭിമാനിക്കുന്നുണ്ടെങ്കിലും ഈ പുരോഗമനം ഒബാമയുടെ ഭരണകാലത്തിലെ തുടർച്ചയുംകൂടിയായിരുന്നു.  തൊഴിലില്ലായമയുടെ സാമ്പത്തിക വിഷയം പരിഗണിക്കുമ്പോൾ രാജ്യം മുഴുവനുള്ള ധനതത്ത്വശാസ്ത്രം ഗഹനമായി പഠിക്കേണ്ടതായുണ്ട്. ഉൽപ്പാദന മേഖലകളുടെ വളർച്ചയും സപ്ലൈ ആൻഡ് ഡിമാൻഡും മാർക്കറ്റിങ്ങും തൊഴിൽനിപുണതകളും സാമ്പത്തിക മേഖലകളുടെ ഭാഗമാണ്. തൊഴിൽ മേഖലകളുടെ പുരോഗമനവും തൊഴിലില്ലായ്മ കുറഞ്ഞുവരുന്നതും ഒരു പ്രസിഡണ്ടിന്റെ കഴിവിൽ ഒതുങ്ങുന്നതല്ല.

വിസാ ലോട്ടറിയെപ്പറ്റി ട്രംപിന്റെ പരാമർശം ഇങ്ങനെ, " ലോട്ടറി വിസായിൽക്കൂടെ ഗ്രീൻകാർഡുകൾ ലഭിക്കുന്നവരുടെ തൊഴിലിലുള്ള നൈപുണ്യമോ കഴിവോ മാനദണ്ഡമായി കണക്കാക്കാറില്ല.  ക്രിമിനലുകളും അക്കൂടെ കാണും. അമേരിക്കയുടെ സുരക്ഷിതത്വവും കണക്കാക്കാൻ സാധിക്കില്ല."  ട്രംപിന്റെ പ്രസ്താവനയിൽ,  വൈരുദ്ധ്യങ്ങളുണ്ട്. ഗ്രീൻകാർഡിനുളള ഇത്തരം അപേക്ഷകരെ ലോട്ടറിപോലെ തിരഞ്ഞെടുക്കുന്നുവെങ്കിലും അതിന് അപേക്ഷിക്കുന്നവർ ചില വിദ്യാഭ്യാസ മാനദണ്ഡങ്ങളും പൂലർത്തണം. അപേക്ഷിക്കുന്നവർക്ക് മുൻകാല തൊഴിൽ പരിചയവും ഉണ്ടായിരിക്കണം. അവർ അമേരിക്കയിൽ വരുന്നതിനുമുമ്പ് അവരുടെ ജീവിത പശ്ചാത്തല ചരിത്രവും അന്വേഷിക്കാറുണ്ട്. പന്ത്രണ്ട് വർഷമുള്ള സീനിയർ ഹയർ സെക്കണ്ടറി വിദ്യാഭ്യാസവും രണ്ടുവർഷത്തെ തൊഴിൽ പരിചയവും ഉണ്ടായിരിക്കണം. ലോട്ടറി വിസാ കിട്ടുന്നവർക്ക് ഭാര്യയേയും കുട്ടികളെയും കൂടെ കൊണ്ടുവരാം.  കൂടെ വരുന്നവരെ  സൂക്ഷ്മ നിരീക്ഷണങ്ങളും നടത്താറുണ്ട്. പരിപൂർണ്ണമായി സ്‌ക്രീൻ ചെയ്യാതെ ആർക്കും ഈ രാജ്യത്തേക്ക് വിസാ കൊടുക്കാറില്ല.

'കുടിയേറ്റ നിയമം അനുസരിച്ച് ഒരു കുടിയേറ്റക്കാരന് എത്ര അകന്ന ബന്ധു ജനങ്ങളെയും  അമേരിക്കയിൽ കൊണ്ടുവരാൻ സാധിക്കുമെന്നുള്ള' ട്രംപിന്റെ ആരോപണം ശരിയല്ല. അമേരിക്കൻ കുടിയേറ്റക്കാർക്കോ പൗരന്മാർക്കോ അകന്ന ബന്ധുക്കളായ അമ്മായിമാരെയോ വല്യച്ഛൻ, വല്യമ്മ എന്നിവരെയോ കസിൻ, മരുമക്കൾ എന്നിവരെയോ കൊണ്ടുവരാൻ സാധിക്കില്ല. പൗരത്വമുള്ളവർക്ക്, സ്വന്തം മാതാപിതാക്കളെയോ, സഹോദരങ്ങളെയോ കൊണ്ടുവരാം. എന്നാൽ അവരുടെ വിസാ ലഭിക്കാനായി പതിമൂന്നിൽ കൂടുതൽ വർഷങ്ങൾ കാത്തിരിക്കേണ്ടി വരുന്നു. ഗ്രീൻ കാർഡുകാർക്ക് അവരുടെ ഭാര്യ അല്ലെങ്കിൽ ഭർത്താവിനെയോ പ്രായപൂർത്തിയാകാത്ത മക്കളെയോ കൊണ്ടുവരാം.

'അപകടകാരികളായ ആയിരക്കണക്കിന് ഭീകരരെ തടവറകളിൽ നിന്നും ഇറാഖിൽനിന്നും നാം മോചിപ്പിച്ചിരുന്നുവെന്നും അവരിൽ ഐ.എസ്‌.ഐ,എസ് നേതാവ് 'അൽ ബാഗ്ദാദി'യുമുണ്ടായിരുന്നുവെന്നും  യുദ്ധക്കളത്തിൽനിന്നും പിടികൂടി പിന്നീട് തടവറയിൽ നിന്നും മോചിപ്പിച്ച അവർ വീണ്ടും നമ്മോട് ഏറ്റുമുട്ടിയെന്നുള്ള' ട്രംപിന്റെ പ്രസംഗം അതിശയോക്തി നിറഞ്ഞതാണ്. ആയിരക്കണക്കെന്ന കണക്കുകൾ ട്രംപ് പെരുപ്പിച്ചു പറഞ്ഞതെന്നു കരുതണം. 122 പേരെയാണ് മോചിതരാക്കിയത്. അൽ-ബാഗ്‌ദാദിയെ മോചിപ്പിച്ചത് അമേരിക്കയല്ല. 2004 -ൽ ഇസ്‌ലാമിക്ക് സ്റ്റേറ്റ് നേതാവിനെ ഇറാഖിന് കൈമാറിയിരുന്നു. അയാളെ ഇറാക്ക് പിന്നീട് മോചിതനാക്കി. കീഴടക്കുന്നവരെ ഇറാഖിന് കൈമാറണമെന്ന് അമേരിക്കയും ബ്രിട്ടനുമായി നിയമപരമായ ഒരു ഉടമ്പടിയുണ്ടാക്കിയിരുന്നു.

'ഭരണമേറ്റെടുത്ത ഒരു വർഷത്തിനുള്ളിൽത്തന്നെ ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഭീകരസഘടനയെ പൂർണ്ണമായും ഇല്ലാതാക്കിയെന്നും ഇറാക്കിലും സിറിയയിലും അവർ കൈവശം വെച്ചിരിക്കുന്ന സ്ഥലങ്ങൾ മോചിപ്പിച്ചുവെന്നും' ട്രംപ് പറഞ്ഞു. ട്രംപിന്റെ ഈ അവകാശ വാദങ്ങളിൽ വാസ്തവമുണ്ട്. ഈ വിജയം ഒബാമയ്ക്കും അവകാശപ്പെട്ടതാണ്. ഒബാമയുടെ കാലത്താണ് അമേരിക്കൻ മിലിട്ടറി ഇസ്‌ലാമിക സ്റ്റേറ്റിനെതിരെ ശക്തിയായ ആക്രമണങ്ങൾ ആരംഭിച്ചത്.

'എമ്പയർ സ്റ്റേറ്റ് ഒരു വർഷം കൊണ്ട് പണിതീർത്തുവെന്നും ഇന്നൊരു റോഡ് നിർമ്മിക്കണമെങ്കിൽ അതിന്റെ അനുവാദത്തിനായി പത്തുവർഷം കാത്തിരിക്കണമെന്നുള്ള' കണക്കുകൂട്ടലുകളിൽ ചെറിയ മാറ്റങ്ങളും വരുത്തേണ്ടതായുണ്ട്. എമ്പയർ സ്റ്റേറ്റ് കെട്ടിടം പണി തീർക്കാൻ ഒരു വർഷവും നാൽപ്പത്തിയഞ്ച് ദിവസവും എടുത്തു. പത്തു വർഷം ഒരു റോഡ് പണിയാൻ സമയമെടുക്കുന്നുവെന്ന പ്രസ്താവനയിൽ! അതിശയോക്തിയുണ്ട്. അടുത്ത കാലത്തെ ഒരു പഠനത്തിൽനിന്നും റോഡ് പണിക്കുള്ള അനുവാദത്തിനായുള്ള സമയം നാലര വർഷം മുതൽ ആറര വർഷം വരെയെന്ന നിഗമനമാണുള്ളത്.

'അമേരിക്കയിൽ ഊർജ്ജത്തിനായുള്ള യുദ്ധം അവസാനിച്ചുവെന്നും ശുദ്ധമായ കൽക്കരി ഊർജ്ജത്തിലും നാം സ്വയംപര്യാപ്തി നേടിക്കഴിഞ്ഞുവെന്നും' ട്രംപ് പറഞ്ഞു. കൂടാതെ ലോകത്തിനു അമേരിക്ക ഊർജം കയറ്റുമതി ചെയ്യുന്നുണ്ടെന്നുമാണ് അവകാശപ്പെട്ടത്. ഇത് തെറ്റായ പ്രസ്താവനയാണ്. ഇന്നും അമേരിക്ക ഊർജം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. അടുത്ത പത്തുകൊല്ലത്തേക്ക് അതിൽ മാറ്റമുണ്ടാകാനും സാധ്യതയില്ല.  കൽക്കരിയിൽ നിന്നുള്ള ശുദ്ധ വാതകത്തിനായി ശ്രമിക്കുന്നുണ്ടെങ്കിലും ഈ വ്യവസായത്തിൽ യാതൊരു പുരോഗമനവും കാണുന്നില്ല. പ്രകൃതി വാതകം അതിലും വിലകുറഞ്ഞു കിട്ടുന്നതാണ് കാരണം.

'അമേരിക്കയിൽ ആപ്പിൾ കമ്പനി 350 ബില്യൺ ഡോളർ മുതൽ മുടക്കാൻ പോകുന്നുവെന്നും അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ആപ്പിൾ 20,000 ജോലിക്കാരെ നിയമിക്കുകയും ചെയ്യുമെന്നുള്ള പ്രസ്താവനയും' തെറ്റിധാരണ ജനിപ്പിക്കുന്നതാണ്.ആപ്പിൾകമ്പനി 350 ബില്യൺ ഡോളർ തുക പദ്ധതിയിട്ടിരിക്കുന്നത് അവർക്ക് ബിസിനസ്സ് തുടങ്ങാനുള്ള അടിസ്ഥാന ധനവിനിയോഗങ്ങൾക്കു വേണ്ടിയാണ്.  അല്ലാതെ അത് മുതൽമുടക്കല്ല. പ്ലാന്റിനാവശ്യമുള്ള സ്ഥലത്തിനും കെട്ടിടങ്ങൾക്കും, മെഷീനുകൾക്കും പണം ചെലവാക്കിയശേഷം 37 ബില്യൺ ഡോളറിൽ കൂടുതൽ മിച്ചം വരില്ലെന്ന് സ്റ്റാഫോർഡ് ഗ്രാഡുവേറ്റ് പ്രൊഫസർ 'ചാൾസ് ലീ'  അഭിപ്രായപ്പെട്ടിരിക്കുന്നു. ആപ്പിളിന്റെ പ്രസ്സ് റിലീസിൽ ഇൻവെസ്റ്റുമെന്റിനായി മിച്ചം വരുന്ന തുക 34 ബില്യനായിരിക്കുമെന്നും റിപ്പോർട്ടുണ്ട്.

'ക്രൈസലറിന്റെ പ്രധാന പ്ലാന്റുകൾ മെക്സിക്കോയിൽനിന്ന് മിച്ചിഗനിലേയ്ക്ക് മാറുന്നുവെന്നു' ട്രംപ് പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു. ഈ അഭിപ്രായത്തിൽ ശരിയുമുണ്ട്. തെറ്റുമുണ്ട്. ക്രൈസലർ തങ്ങളുടെ മെക്സിക്കോയിലുള്ള ട്രക്ക് നിർമാണം 2020-ൽ മിച്ചിഗനിലേക്ക് മാറ്റും. എന്നാൽ മെക്സിക്കോയിൽ മറ്റൊരു വാഹന നിർമ്മാണമാരംഭിക്കും. അവിടെനിന്നുള്ള തൊഴിൽക്കാരെ മെക്സിക്കോയിൽ തന്നെ നിലനിർത്തുകയും ചെയ്യും.

'അമേരിക്കയിൽ മുമ്പുള്ള പ്രസിഡന്റുമാരുടെ ഭരണകാലയളവിൽ പ്രാബല്യത്തിലിരുന്ന രാജ്യാന്തര വാണിജ്യ ഉടമ്പടികൾ നീതീകരിക്കാൻ സാധിക്കില്ലന്നും അമേരിക്കയുടെ അഭിവൃത്തിയെ തന്നെ തുരങ്കം വെച്ചിരുന്നുവെന്നും നമ്മുടെ കമ്പനികളും ജോലികളും ദേശീയ സമ്പത്തും വിദേശ രാജ്യങ്ങളിൽ പോയി മറ്റു രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നുവെന്നും' ട്രംപ് പ്രസംഗത്തിൽ ഊന്നി പറഞ്ഞിരുന്നു. 'അമേരിക്ക ആദ്യം, പിന്നെ മറ്റു രാജ്യങ്ങളെന്ന മുദ്രാവാക്യം പ്രാവർത്തികമാക്കേണ്ടതുണ്ടെന്നും' അദ്ദേഹം ഓർമ്മിപ്പിച്ചു. വ്യവസായ ഉടമ്പടികൾ വിദേശ രാജ്യങ്ങളുമായി ഒപ്പു വെക്കാൻ കാരണങ്ങളുണ്ടായിരുന്നു. ഉൽപ്പാദന മേഖലയിലെ തൊഴിലുകൾ കംപ്യുട്ടറിന്റെയും അതി യന്ത്രവൽക്കരണക്കരണത്തിന്റെയും ആവിർഭാവത്തോടെ ഇല്ലാതായി.  ചൈനയുടെ ലോക മാർക്കറ്റിലെ പ്രവേശനവും അമേരിക്കയുടെ വ്യവസായ തകർച്ചയ്ക്ക് കാരണമാക്കി.

ജെറുസലേം ഇസ്രായിലിന്റെ തലസ്ഥാനമായി അംഗീകരിച്ചതിലും അമേരിക്കൻ എംബസി ജെറുസലേമിൽ സ്ഥാപിക്കുന്നതിലും ട്രംപ് വാചാലനായിരുന്നു. അത്തരം ഒരു തീരുമാനത്തിന്റെ പാർശ്വഫലങ്ങളെ സംബന്ധിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല. ലോക രാഷ്ട്രങ്ങളുടെയിടയിൽ അത് അമേരിക്കയെ ഒറ്റപ്പെടുത്താനും അതിന്റെ പേരിൽ മിഡിൽ ഈസ്റ്റിൽ ഒരു യുദ്ധത്തിനു വഴി തെളിയിക്കാനും കാരണമായി. മെക്സിക്കൻ അതിർത്തിയിൽ മതിൽ കെട്ടുകയെന്ന  പദ്ധതികളും അദ്ദേഹം വിശദീകരിച്ചിരുന്നു. നിയമപരമല്ലാത്ത കുടിയേറ്റക്കാരെയും മയക്കുമരുന്നുകാരെയും നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് അതുകൊണ്ടു കരുതുന്നത്. എന്നാൽ മതിലു കെട്ടിയതുകൊണ്ട് അനധികൃത കുടിയേറ്റക്കാരെ തടയാൻ സാധിക്കില്ല. കുടിയേറ്റക്കാർ കൂടുതലായും കടന്നു വരുന്നത് മതിലുകളോ വേലികളോ ഉള്ള സ്ഥലങ്ങളിൽ നിന്നാണ്.

ടെലിവിഷൻ സ്റ്റാർ എന്ന നിലയിൽ ഡൊണാൾഡ് ട്രംപ് എന്നും തെളിഞ്ഞു നിന്നിരുന്നു. അതുപോലെ സ്റ്റേറ്റ് ഓഫ് യൂണിയൻ അഡ്രസിൽ  ടെലിവിഷൻ ചാനലുകളിൽ പലതും നല്ല റേറ്റിംഗ് ട്രംപിന് കൊടുത്തിട്ടുണ്ട്. 45.6 മില്യൺ ജനങ്ങൾ അദ്ദേഹത്തിൻറെ ചരിത്രപ്രസിദ്ധമായ ഈ പ്രസംഗം ശ്രദ്ധിച്ചുവെന്ന് അവകാശപ്പെടുന്നു. നല്ല അഭിപ്രായങ്ങൾ രേഖപ്പെടുത്തിയവർക്കെല്ലാം അദ്ദേഹം നന്ദിയും പറഞ്ഞു. 11.7 മില്യൺ ജനം ഫോക്സ് ന്യൂസ് ശ്രദ്ധിച്ചതും  ചരിത്ര റിക്കോർഡായിരുന്നു.  ടെലിവിഷൻ റേറ്റിംഗ് നടത്തുന്ന 'നിൽസേന കമ്പനിയുടെ റിപ്പോർട്ട്' ട്രംപിന്റെ ഈ റേറ്റിങ്ങിനെ  തിരസ്ക്കരിച്ചിരിക്കുന്നു. 1993 മുതൽ നെൽസൺ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയ കാലം മുതലുള്ള റേറ്റിങ്ങിൽ ട്രംപിന് ആറാം സ്ഥാനമേ നൽകുന്നുള്ളൂ. ജോർജ് ബുഷ് 62 മില്യൺ (2003) ബില് ക്ലിന്റൺ 53 മില്യൺ (1998) ഡബ്ള്യൂ ബുഷ് 51.8 മില്യൺ (2002) ഒബാമ 48 മില്യൺ (2010) എന്നിങ്ങനെ ചാനൽ റേറ്റിംഗ് പോവുന്നു. എന്നാൽ കേബിൾ വാർത്തകളുടെ ചരിത്രത്തിൽ ട്രംപ് ഒന്നാംസ്ഥാനത്ത് നിൽക്കുന്നു.

വാചാടോപത്തോടെ ട്രംപ് തന്റെ ആലങ്കാരികമായ ഭാഷയിൽ പറഞ്ഞു, "നമുക്കിടയിലുള്ള അഭിപ്രായ വിത്യാസങ്ങൾ മാറ്റി വെക്കുക. നമുക്കു വേണ്ടത് ഐക്യമത്യമാണ്. ജനം നമ്മെ തിരഞ്ഞെടുത്തത് ജനത്തെ സേവിക്കാനാണ്." വാസ്തവത്തിൽ ഐക്യമത്യത്തിനായുള്ള താല്പര്യം ട്രംപ് ഒരിക്കലും പ്രകടിപ്പിച്ചുട്ടുണ്ടായിരുന്നില്ല. രണ്ടായി ചിന്തിക്കുന്ന കോൺഗ്രസ് അംഗങ്ങളുടെയിടയിൽ കുടിയേറ്റക്കാരെ നിയന്ത്രിക്കുന്ന പ്രശ്നങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു. ഡെമോക്രറ്റുകളും റിപ്പബ്ലിക്കനും ആശയ വൈരുദ്ധ്യങ്ങൾ മാറ്റിവെച്ചുകൊണ്ട് ട്രംപിന്റെ പ്രസ്താവനയെ കയ്യടിയോടെ സ്വാഗതം ചെയ്യുകയും ഒരു പുതുദിനത്തിന്റെ തുടക്കമായും വിലയിരുത്തുകയും ചെയ്തു.

ട്രംപ് പറയുന്നു, "അമേരിക്ക എക്കാലത്തേക്കാളും ശക്തമായിരിക്കുന്നത് നാം ശക്തമായതുകൊണ്ടാണ്. ദൗർബല്യങ്ങളും തളർച്ചകളും സംഘട്ടനങ്ങളുടെ വഴികൾ തുറക്കും. അതുല്യമായ നമ്മുടെ ശക്തി തീർച്ചയായും നമ്മുടെ പ്രതിരോധത്തിന്റെ മുഖാന്തരമാണ്‌. ചൈനയെയും റക്ഷ്യയെയും നാം കൈകാര്യം ചെയ്യുന്നതും നമ്മുടെ അജയ്യമായ ശക്തിയുടെ മാനദണ്ഡത്തിലാണ്. ഇസ്‌ലാമിക്ക് സ്റ്റേറ്റുമായുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കഴിഞ്ഞകാല അനുഭവങ്ങൾ നമ്മെ പഠിപ്പിച്ചത് അനുനയങ്ങളും അലംഭാവങ്ങളും ഔദാര്യങ്ങളും വിലപ്പോവില്ലെന്നായിരുന്നു. ശത്രുവിന്റെ കൈയേറ്റത്തെയും ആക്രമണങ്ങളെയും സഹികെട്ട് നമ്മുടെ ക്ഷമയെയും നശിപ്പിച്ചിരുന്നു. ശത്രു എക്കാലവും പ്രകോപനങ്ങളും  സൃഷ്ടിച്ചുകൊണ്ടിരുന്നു."

ട്രംപിന്റെ പ്രസംഗത്തിലുടനീളം രാജ്യസ്നേഹവും പൈതൃകമായ കാഴ്ചപ്പാടുകളും നിറഞ്ഞിരുന്നു. രാഷ്ട്ര ശില്പികളുടെ ഐതിഹാസിക സമരങ്ങളും രാജ്യത്തിനുവേണ്ടി ബലികഴിച്ചവരെപ്പറ്റിയുള്ള ഓർമ്മകളും കേൾവിക്കാരെ വികാരഭരിതരാക്കി.

 "അമേരിക്കക്കാർ ഭാവിയെപ്പറ്റി സ്വപ്നം കാണുന്നവരാണ്. ക്യാപിറ്റോളിന്റെ താഴികക്കുടത്തിൽ സ്വാതന്ത്ര്യത്തിന്റെ പ്രതിമ മറ്റുള്ള സ്മാരകങ്ങളോടൊപ്പം തലയുയർത്തി തന്നെ അഭിമാനപൂർവം നിലകൊള്ളുന്നു. സ്വാതന്ത്ര്യത്തിന്റെ ദീപം പൊലിയാതെ അവളെ സംരക്ഷിക്കാനായി നമ്മുടെ പൂർവിക തലമുറകൾ ജീവിക്കുകയും പൊരുതുകയും ഈ മണ്ണിൽ മരിക്കുകയും ചെയ്തു. വാഷിംഗ്‌ടനും   ജെഫേഴ്സണും ലിങ്കണും കിങ്ങും സ്മാരകങ്ങളായി ഇവിടെ നിലകൊള്ളുന്നു. യോർക്ടൗണിലെയും സറടോഗയിലെയും (Yorktown and Saratoga) വീര ആരാധ്യ പുരുഷന്മാരും യുവാക്കളായ അമേരിക്കക്കാരും നോർമാൻഡിയുടെ തീരത്തും അതിനുമപ്പുറവും രക്തം ചൊരിഞ്ഞിരുന്നു. മറ്റുള്ളവർ പസഫിക്ക് സമുദ്രത്തിന്റെ ജലനിരപ്പിൽക്കൂടിയും ഏഷ്യയുടെ മീതെയുള്ള ആകാശത്തിൽക്കൂടിയും രാജ്യരക്ഷക്കായി യാത്ര ചെയ്തും യുദ്ധം ചെയ്തും രാജ്യത്തിന്റെ അഭിമാനം കാത്തു സൂക്ഷിച്ചു. സ്വാതന്ത്ര്യം അവിടെ ഒന്നുകൂടി സ്മാരകമായി ഉയർന്നു നിൽക്കുന്നു. അഭിമാനത്തോടെ ഉയർന്നു നിൽക്കുന്ന ഈ ക്യാപിറ്റോൾ അമേരിക്കൻ ജനതയുടെ ജീവിക്കുന്ന സ്മാരകമാണ്. കഴിഞ്ഞ കാലത്തിലെ വീരപുരുഷന്മാർ മാത്രമല്ല അവിടെ ജീവിക്കുന്നത്.  ഇന്ന് നമുക്ക് ചുറ്റുമുള്ളവരും അമേരിക്കൻ വഴിയേ സഞ്ചരിക്കുന്നവരും നമ്മുടെ അഭിമാനത്തെയും പ്രതീക്ഷകളെയും കാത്തുസൂക്ഷിക്കുന്നവരും ഈ സ്മാരകത്തോടോപ്പം ജീവിക്കുന്നുണ്ട്. നമ്മുടെ ജനങ്ങളുടെ സാംസ്ക്കാരിക മൂല്യങ്ങളിലും അന്തഃസത്തയിലും വിശ്വാസം പുലർത്തുകയും ദൈവത്തിൽ പ്രത്യാശകളുൾക്കൊള്ളുകയും ചെയ്താൽ നാം ഒരിക്കലും പരാജയപ്പെടില്ല."











No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...