Thursday, February 8, 2018

മുത്തച്ഛൻ വല്യകുഞ്ഞിനെപ്പറ്റിയുള്ള ഓർമ്മക്കുറിപ്പുകൾ


ജോസഫ് പടന്നമാക്കൽ 

കുടുംബചരിത്രത്തിൽ എഴുതാത്തതും മുതിർന്ന തലമുറകളിൽ നിന്നും കേട്ടറിവുള്ള കാര്യങ്ങളുമാണ്  ഓർമ്മക്കുറിപ്പുകളായി ഞാനിന്നു കുറിക്കുന്നത്.  കുടുംബത്തിലെ പഴങ്കാലകഥകൾ ചിലർക്കു കേൾക്കാൻ താല്പര്യമുണ്ടെന്നും അറിയാം. പഴയ കാലത്തുള്ളവരെ അനുസ്മരിക്കവഴി  ഒരു കാലഘട്ടത്തിന്റെ ചരിത്രബോധം നമ്മിലേക്ക് പകരുകയും ചെയ്യും. അനേക വർഷങ്ങളായി  അമേരിക്കയിൽ സ്ഥിരതാമസമായിരുന്നതുകൊണ്ടു കുടുംബത്തെപ്പറ്റിയുള്ള എന്റെ അറിവുകളും പരിമിതമായിരുന്നു. എങ്കിലും അന്വേഷണങ്ങളിൽക്കൂടി വളരെയേറെ കുടുംബ ബന്ധങ്ങളും ചരിത്രവും എനിക്ക് ചികഞ്ഞെടുക്കാൻ സാധിച്ചു. വിവര സാങ്കേതിക സഹായത്തോടെ അമൂല്യങ്ങളായ പല കുടുംബവിശേഷങ്ങളും കോർത്തിണക്കി 2007-ൽ നിറമാർന്ന ബൃഹത്തായ ഒരു കുടുംബ ചരിത്രം രചിക്കാൻ എനിക്കു സാധിച്ചതും ഭാഗ്യമായി കരുതുന്നു. 

പുറകോട്ടുള്ള കാലത്തിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ ഇന്ന് മനസ്സിൽ വന്ന രൂപം മുത്തച്ഛനായിരുന്ന(വല്ല്യച്ചായൻ) വല്യകുഞ്ഞിനെപ്പറ്റിയായിരുന്നു. അമേരിക്കയിൽ മഞ്ഞുപെയ്യുമ്പോഴും കഠോരമായ തണുപ്പുണ്ടാകുമ്പോഴും പഴയ ഗ്രാമീണ ജീവിതത്തിലേക്ക് മടങ്ങിപ്പോവാറുണ്ട്. ഓടിച്ചാടി നടന്നിരുന്ന കുന്നും മലകളും പ്രകൃതിയുടെ വൈകൃതങ്ങളായിരുന്ന വേനലും വസന്തവും മഴക്കാലവും ഓർമ്മകളിൽ വന്നെത്തും. മഞ്ഞു പെയ്യാത്ത മലകളും നദികളും എന്നും നിത്യ ഹരിതകം നിറഞ്ഞ നമ്മുടെ നാടിനെ ധന്യമാക്കിക്കൊണ്ടിരുന്നു. വല്ല്യച്ചായന്റെ കാലഘട്ടത്തിലെ കേരളം മുഴുവൻതന്നെ പച്ച നിറഞ്ഞ ഭൂപ്രദേശങ്ങൾ കൊണ്ടു നിറഞ്ഞിരുന്നു. അന്ന് മേലരിയാറും ചിറ്റാറും തെളിമയാർന്ന ശുദ്ധജലം കൊണ്ട് കരകവിഞ്ഞൊഴുകുന്നുണ്ടായിരുന്നു.

ബാല്യത്തിലെ കുസൃതി നിറഞ്ഞ ദിനങ്ങളിലായിരുന്നു വല്ല്യച്ചായനുമൊത്തുള്ള എന്റെ ജീവിതം. പിന്നീട് അദ്ദേഹം ജനിച്ചു വളർന്ന നാടിനെയും സുഹൃത്തുക്കളെയും വിട്ട് മലബാറിൽ താമസത്തിനു പോവുന്ന സമയം അവസാനമായി കുടുംബഫോട്ടോ എടുത്തതും അതിൽ വല്ല്യച്ചായനും മക്കളും കൊച്ചുമക്കളും ഫോട്ടോയിൽ പോസ് ചെയ്യുന്നന്നതും ഓർമ്മയിൽ വന്നെത്തി. യാത്രാ സൗകര്യങ്ങൾ ഇല്ലാതിരുന്ന അന്ന് മലബാറെന്നു പറഞ്ഞാൽ ഏതോ വിദൂരമായ പ്രദേശങ്ങളെന്നു സങ്കല്പമായിരുന്നുണ്ടായിരുന്നത്.

വല്ല്യച്ചായനെ മലബാറിനു കൊണ്ടുപോകാൻ കുഞ്ഞൂഞ്ഞ് (ഡോ. പി.സി.എബ്രാഹം) കാറുംകൊണ്ടു  കാഞ്ഞിരപ്പള്ളി പുളിമാക്കൽ വീട്ടിൽ വരുന്നതും ഇന്നലെപോലെ ഓർക്കുന്നു. യാത്ര പറയുന്ന സമയം ഓരോരുത്തരെയും അദ്ദേഹം കെട്ടിപിടിച്ചു കരഞ്ഞു. എന്റെ അടുത്തു വന്നു 'മോനെ ഞാൻ മലബാറിന് പോവുന്നുവെന്നു' പറയുന്നതും ഇന്നലെപോലെ. ജനിച്ച നാടിനെയും  സുഹൃത്തുക്കളെയും ബന്ധുക്കളെയും പിരിഞ്ഞുകൊണ്ട്, അദ്ദേഹത്തിന് മലബാറിലേക്ക് പോകാൻ ഒട്ടും താല്പര്യമില്ലായിരുന്നു. എന്നും കുട്ടികളുടെ കളിക്കൂട്ടുകാരനായ ആ മുത്തച്ഛനെ ഇനിയൊരിക്കലും കാണില്ലല്ലോയെന്നുള്ള വൈകാരിക മാനസിക സംഘട്ടനം എനിക്കുമുണ്ടായിരുന്നു. അതിനുശേഷം ഒരു വർഷം കൂടി കഴിഞ്ഞു മലബാറിൽ ശിവപുരം എസ്റ്റേറ്റിൽ വെച്ച് 1957 മാർച്ച് മുപ്പത്തിയൊന്നാം തിയതി ആ വലിയ മനുഷ്യൻ ഈ ലോകത്തോട് യാത്ര പറഞ്ഞു. തലശേരി ബിഷപ്പ് മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി കാർമ്മീകനായി പേരാവൂർ പള്ളിയിൽ ശവസംസ്ക്കാര കർമ്മങ്ങൾ നിർവഹിക്കുകയും ചെയ്തു.

വല്ല്യച്ചായൻ ഞങ്ങൾക്ക് ഒരു കളിക്കൂട്ടുകാരനെപ്പോലെയായിരുന്നു. പ്രൈമറി സ്‌കൂളിൽ പഠിക്കുന്ന കാലത്ത് കഥകൾ കേൾക്കാൻ ഞങ്ങൾ പിള്ളേർ മിക്ക ദിവസങ്ങളും അദ്ദേഹത്തിനു  ചുറ്റും കൂടുമായിരുന്നു. നമ്മുടെ പൂർവികരുടെ ജീവിതാചാരങ്ങളെപ്പറ്റിയും മുത്തശ്ശി കഥകളും മുത്തച്ഛൻ കഥകളും അദ്ദേഹത്തിൽനിന്നും കേൾക്കാൻ വളരെ രസമായിരുന്നു. നർമ്മം നിറഞ്ഞ  പുഞ്ചിരിച്ചുകൊണ്ടുള്ള വർത്തമാനങ്ങൾ ഓർമ്മയിലെത്തുമ്പോൾ ഒരിക്കലും അദ്ദേഹം മരിക്കുന്നില്ലായെന്നുള്ള തോന്നലുകളും എനിക്കുണ്ടാകാറുണ്ട്.

ഗ്ളാക്കോമ (തിമിരം) വന്നു അദ്ദേഹത്തിന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതിനാൽ ടോയ്‌ലെറ്റിലും പുറത്തേയ്ക്ക് ഒക്കെ നടക്കുന്നതിലും പരസഹായവും വടിയും വേണമായിരുന്നു. വെളുത്ത ഡബിൾക്കരയൻ മന്മൽമുണ്ടും കഴുത്തിൽ ഒരു ദാവണിയും ധരിച്ചു നടന്നിരുന്ന വല്ല്യച്ചായൻ ആകാരഭംഗിയോടെയുള്ള നല്ലയൊരു വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്നു. സാമാന്യം നല്ല വെളുത്ത നിറവുമുണ്ടായിരുന്നു. അദ്ദേഹത്തിൻറെ ചില ച്ഛായാപടങ്ങൾ വരച്ചിരിക്കുന്നതിൽ വെന്തിങ്ങം ധരിപ്പിച്ചിരിക്കുന്നതായും കാണുന്നു. അത് അദ്ദേഹത്തിൻറെ ജീവിതത്തെ സംബന്ധിച്ചിടത്തോളം ഒരു വിരോധാഭാസമായിരുന്നു. വെന്തിങ്ങം ഒരിക്കലും വല്ല്യച്ചായൻ ധരിക്കുമായിരുന്നില്ല. പ്രായമായവരുടെ കഴുത്തിൽ അന്ന് വെന്തിങ്ങ സാധാരണമായിരുന്നു. പടന്നമാക്കലെ കാരണവന്മാർ ഭൂരിഭാഗം പേരും വെന്തിങ്ങ ധരിക്കാത്ത പുരോഗമന വാദികളായിരുന്നു. വല്ല്യച്ചായന്റെ കൈവശം ഒരു കൊന്തയുണ്ടായിരുന്നതായി ഓർക്കുന്നുണ്ട്. ആ കൊന്ത പത്താം പിയൂസ് മാർപ്പാപ്പാ വെഞ്ചരിച്ചതാണെന്നും പറയുമായിരുന്നു. ഞാൻ വളരുന്ന കാലഘട്ടത്തിൽ വീട്ടിൽ കുടുംബ പ്രാർത്ഥന  ചൊല്ലുമായിരുന്നില്ല. വല്ല്യച്ചായൻ ഒറ്റക്കിരുന്ന് അധരങ്ങളനക്കിക്കൊണ്ടു കൊന്തയുരുട്ടുന്നതും   ഓർക്കുന്നുണ്ട്. വീട്ടിൽ എന്റെ ഇച്ചായന്റെ വഴക്കടി ശക്തമാകുമ്പോൾ വല്യച്ചായന്റെ കൊന്തയുരുട്ടിന്റെ സ്പീഡും കൂടുമായിരുന്നു. ഒടുവിൽ സഹികെടുമ്പോൾ 'മതിയെടാ മത്തായി'യെന്നും പറയും.

കാഞ്ഞിരപ്പള്ളിയിലെ വല്ല്യച്ചായന്റെ അന്നത്തെ സുഹൃത്തുക്കൾ പണക്കാരായിരുന്ന ചില മുതിർന്ന കാരണവന്മാരെയും ഓർമ്മിക്കുന്നുണ്ട്. കടമപ്പുഴയിലെ മറിയാമ്മ ചേടത്തി അദ്ദേഹത്തിൻറെ കഥകൾ കേൾക്കാൻ എന്നും തന്നെ പുളിമാക്കൽ വീട്ടിൽ വരുമായിരുന്നു. ഡോക്ടർ ഈപ്പച്ചന്റെ അമ്മയായിരുന്നു മറിയാമ്മ ചേടത്തി. അവർ തമ്മിൽ കുടുംബ ചരിത്ര കഥകൾ പറയുക പതിവായിരുന്നു. കുടുംബ വിവരങ്ങളും ചരിത്രങ്ങളും സംസാരിക്കുമ്പോൾ ഞാനും താൽപ്പര്യത്തോടെ ശ്രവിക്കുമായിരുന്നു. എന്നാൽ അവർ പറയുന്നതൊന്നും ഗ്രഹിക്കാനുള്ള കഴിവ് എനിക്കുണ്ടായിരുന്നില്ല. ഒരിക്കൽ മറിയാമ്മ ചേടത്തി എന്നോടായി പറഞ്ഞത് ഓർക്കുന്നുണ്ട്, 'എടാ നമ്മൾ ഒരു കുടുംബമാണ്. നമ്മൾ തമ്മിൽ അഞ്ചു തലമുറകളാണ് വ്യത്യാസമുള്ളത്.' അന്ന് അവരുടെ സംഭാഷണങ്ങളൊക്കെ കുറിച്ചുവെച്ചിരുന്നെങ്കിൽ കുടുംബ ചരിത്രത്തിൽ താല്പര്യമുള്ള പില്ക്കാല തലമുറകൾക്ക് അതെല്ലാം പ്രയോജനപ്പെടുമായിരുന്നു. കുടുംബ പാരമ്പര്യങ്ങളെപ്പറ്റി അഭിമാനപൂർവം സംസാരിക്കാൻ വല്യച്ചായന്‌ എന്നും താല്പര്യമായിരുന്നു.

സമപ്രായക്കാരെല്ലാം അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾക്കു വിലയും മാന്യതയും കല്പിച്ചിരുന്നു. മലയാളഭാഷ കൂടാതെ തമിഴും വട്ടെഴുത്തും എഴുതാനും വായിക്കാനുമറിയാമായിരുന്നു. ദൗർഭാഗ്യവശാൽ ഞാൻ വളരുന്ന കാലങ്ങളിൽ അദ്ദേഹത്തിന് കണ്ണിനുള്ള കാഴ്ച്ച നഷ്ടപ്പെട്ടതിനാൽ വട്ടെഴുത്തിന്റെയോ നാനം മോനം നാടോടി ഭാഷയുടെയോ അക്ഷരമാലകളൊന്നും കാണാൻ സാധിക്കാതെ പോയി. വല്ല്യച്ചായൻ പറയുന്ന കഥകൾ കേൾക്കാൻ അയൽവക്കത്തെ കുട്ടികളും വീട്ടിൽ വരുമായിരുന്നു. പുളിമാക്കൽ വീട്ടിൽ ചാവടി പോലുള്ള ഒരു മുറിയിലായിരുന്നു വിശ്രമിച്ചിരുന്നതും ഉറങ്ങിയിരുന്നതും. അദ്ദേഹത്തെ കാണാനായി വീട്ടിൽ എന്നും സന്ദർശകരുമുണ്ടായിരുന്നു.

ഒരിക്കൽ വല്ല്യച്ചായൻ ഇരുന്നിരുന്ന കട്ടിലിൽ ഒരു പയ്യൻ ഒപ്പം ഇരിക്കുന്നതു കണ്ട ഒരു കാരണവർ അവനെ ശാസിക്കുന്നതും ഓർക്കുന്നു. "നീ പ്രായമായവർക്കൊപ്പം ഇരിക്കുന്നുവോയെന്നു" അവനോടു ചോദിച്ചപ്പോൾ വല്ല്യച്ചായൻ അതിനു മറുപടിയും കൊടുത്തു. "എടോ, ഒരു തെങ്ങേൽ തേങ്ങായിടാൻ കയറുന്ന ആൾ ആദ്യം മൂത്ത തേങ്ങാ താഴെയിടും. ഇളം തേങ്ങാകൾ അപ്പോൾ മുകളിൽ ചിരിച്ചുകൊണ്ടിരിക്കും. ഒരു പ്ലാവിൽ പഴുത്ത ഇലകൾ ആദ്യം നിലത്തു വീഴും. പച്ച ഇലകൾ അപ്പോൾ പരിഹസിച്ചുകൊണ്ട് പ്ലാവിൽ തന്നെ കാണും. അതുകൊണ്ടു ആ കുട്ടി കട്ടിലിൽ ഇരിക്കട്ടെ. തനിക്കു വേണമെങ്കിൽ നിലത്തിരിക്കാം." അന്ന് അദ്ദേഹം സരസമായി ഇങ്ങനെ പറഞ്ഞെങ്കിലും അതിനുള്ളിൽ ഒരു തത്ത്വ ചിന്തയുണ്ടായിരുന്നുവെന്ന് പിൽക്കാലങ്ങളിൽ മനസിലാക്കാനും സാധിച്ചിരുന്നു.

വല്യമ്മ (വല്യച്ചായന്റെ ഭാര്യ അറക്കൽ ത്രസ്യാമ്മ) മരിക്കുമ്പോൾ അദ്ദേഹത്തിന് മുപ്പത്തിയേഴു മുപ്പത്തിയെട്ടു വയസിൽ കൂടുതൽ പ്രായമുണ്ടായിരുന്നില്ല. 1915 -ലായിരിക്കണം വല്ല്യമ്മ മരിച്ചത്. വല്ല്യമ്മയുടെ മരണശേഷം വല്ല്യച്ചായൻ മാനസികമായി തകർന്നു പോയിരുന്നു. മക്കളെല്ലാം പറക്കപറ്റാത്ത കുഞ്ഞുങ്ങളുമായിരുന്നു. പിന്നീട് നിശബ്ദമായ ഒരു ജീവിതമാണ് ബാക്കികാലം മക്കളോടൊന്നിച്ചു കഴിഞ്ഞത്. ഭക്ഷണം ഉണ്ടാക്കാൻ പോലും ആരുമുണ്ടായിരുന്നില്ല. മക്കളിൽ അന്ന് ഇച്ചായന്റെ (പി.സി.മാത്യൂ) പ്രായം മൂന്നു വയസും ഇളയ മകൾ മറിയെളമ്മയുടെ പ്രായം ഒന്നര വയസുമായിരുന്നു. ഒമ്പതു വയസുകാരിയായ ഇഞ്ചിക്കാല അമ്മായി ഒരു അമ്മയുടെ സ്ഥാനത്തുനിന്നുകൊണ്ടു വീട്ടിൽ ഭക്ഷണവും ഉണ്ടാക്കിയിരുന്നു.

വല്ല്യമ്മ വളരെയധികം കാര്യപ്രാപ്തിയുണ്ടായിരുന്ന ഒരു സ്ത്രീയായിരുന്നു. വേനൽക്കാലത്ത് വെള്ളം ഒരു മൈൽദൂരെയുള്ള മേലരിത്തോട്ടിൽ നിന്ന് കൊണ്ടുവരണമായിരുന്നു. ഒരു തണ്ടിയക്കോലിൽ രണ്ടറ്റത്തും വെള്ളം നിറച്ച പാളകൾ തൂക്കിയിട്ടുകൊണ്ടു വെള്ളം ചുമന്നു വീട്ടിൽ വരുന്ന കഥകളൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. അന്നുള്ള സ്ത്രീകൾക്ക് കഠിനമായി വീടിനുള്ളിൽ ജോലിചെയ്യണമായിരുന്നു.

ഒരിക്കൽ അടുത്തുള്ള പ്രമുഖ വീട്ടിലെ കാരണവരിൽനിന്നും ഒരു സ്വർണ്ണമാല വല്യമ്മ വിലയ്ക്കുവാങ്ങിയിരുന്നു. അതിന്റെ പേരിൽ ഒരു കോലാഹലമുണ്ടായ കഥ ഞാൻ എന്റെ ഇച്ചായനിൽനിന്നും കേട്ടിട്ടുണ്ട്. അയാളിൽനിന്നും വാങ്ങിച്ച സ്വർണ്ണം വ്യാജമായിരുന്നു. വ്യാജ സ്വർണ്ണമാല കൊടുത്തു കബളിപ്പിച്ച അയാളെ വല്ല്യമ്മ വഴിയിൽവെച്ച് പിടികൂടി. തണ്ടിയക്കോലിന് അയാളെ അടിക്കുന്ന ഘട്ടം വരെയെത്തിയിരുന്നു. നാട്ടുകാരുടെ മദ്ധ്യേ ആ മാന്യനിൽനിന്നും പണം മേടിക്കുകയും ചെയ്തു. ശാന്തനായിരുന്ന വല്യച്ചായന്റെ മക്കൾ പിൽക്കാലത്ത് ഉഗ്രകോപികളായത് എങ്ങനെയെന്ന് ഞാൻ ചിലപ്പോൾ ഓർക്കാറുണ്ട്. അവരുടെ ക്ഷിപ്ര കോപം വല്ല്യമ്മയിൽ നിന്ന് കിട്ടിയതായിരിക്കണം. എന്റെ ഓർമ്മയിൽ ഇഞ്ചിക്കാല അമ്മായിയൊഴിച്ചു മറ്റു നാല് മക്കളും അസാധാരണമായ മുൻകോപികളായിരുന്നു.

വല്ല്യമ്മയുടെ മരണശേഷം വല്യച്ചായന്‌ സാമ്പത്തികാധപതനം തുടങ്ങി. ഒന്നൊഴിയാതെ വസ്തുക്കളും വിൽക്കാൻ തുടങ്ങി. ഒടുവിൽ താമസിക്കുന്ന പുരയിടം മാത്രം മിച്ചം വന്നു. വല്യച്ചായന്റെ പിതാവായ അച്ഛ വസ്തുക്കളിൽമേലുള്ള മേലാദായം വെച്ചിരുന്നത് വല്ല്യച്ചായന്റെ അനുജൻ കൊച്ചായനായിരുന്നു. അതുകൊണ്ടു പൊഴിഞ്ഞു വീഴുന്ന തേങ്ങാവരെ കൊച്ചായന്റെ അമ്മായിയെ ഏൽപ്പിക്കണമായിരുന്നു. മേലാദായം വെച്ചിരുന്നത് അവർ അച്ഛയെ വാർദ്ധക്യകാലത്ത് നോക്കണമെന്ന വ്യവസ്ഥയിലായിരുന്നു.  കൊച്ചായന്റെ അമ്മായി ആദായം എടുത്തുകൊണ്ടിരുന്നു.

ഒരിക്കൽ പുരയിടത്തിൽ നിന്നും ഒമ്പതുവയസുകാരിയായിരുന്ന മകൾ ഇഞ്ചിക്കാല അമ്മായി ഒരു 'കടച്ചക്ക' പറിച്ചതിനു കൊച്ചായന്റെ അമ്മായി അവരെ തല്ലിയെന്നു കേട്ടിട്ടുണ്ട്. പുറത്തെവിടെയോ പോയിരുന്ന വല്യച്ചായൻ മടങ്ങി വന്നപ്പോൾ ഇഞ്ചിക്കാല അമ്മായി കരഞ്ഞുകൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടത്. അമ്മയില്ലാതെ വളരുന്ന മകളുടെ ദുഃഖം കാണാൻ അദ്ദേഹത്തിന് കഴിവുണ്ടായിരുന്നില്ല. സ്വന്തം പുരയിടത്തിലുള്ള ഒരു കടച്ചക്ക പറിച്ചതിനാണ് മേലാദായമെടുക്കാനുള്ള അവകാശത്തിന്മേൽ തല്ലിയതെന്നറിഞ്ഞപ്പോൾ അദ്ദേഹത്തിൽ കൊച്ചായന്റെ അമ്മായിയോടുള്ള കോപം ആളിക്കത്തി. അദ്ദേഹം ഒരു കോടാലി കൊണ്ടുവന്നു ആ കടപ്ലാവ്‌ മൂട്ടിൽനിന്ന് വെട്ടിക്കളഞ്ഞു. സമീപത്തുള്ള തെങ്ങിൽ വലിഞ്ഞുകയറി കരിക്കും കൂമ്പ് മുതൽ വെട്ടി താഴെയിട്ടു. അടുത്തുള്ള പ്ലാവിലെ ഇളംചക്കകളും പറിച്ചു താഴെയിട്ടു. കുലയ്ക്കാറായ വാഴകളും വെട്ടി നിരപ്പാക്കി കോപത്തിന് ശമനം വരുത്തി. അങ്ങനെ മക്കളോട് സ്നേഹമുള്ള ആ അപ്പൻ കൊച്ചായന്റെ അമ്മായിയോട് പ്രതികാരം ചെയ്ത കഥയും കേട്ടിട്ടുണ്ട്.

വല്ല്യച്ചായൻ നായാട്ടിനുപോയ ഒരു വീരകഥ കുടുംബത്തിനുള്ളിൽ ഒരു നാടോടി കഥയായി മാറിയിരുന്നു. അദ്ദേഹത്തിൻറെ ഭാവനയിൽ കുരുത്ത ഈ കഥ തന്മയത്വമായി കുട്ടികളോട് അവതരിപ്പിക്കുകയും ചെയ്തിരുന്നു. കഥ ഇവിടെ കുറിക്കാം.

'ഒരിക്കൽ അദ്ദേഹവും ജോലിക്കാരനായിരുന്ന വെളുത്തച്ചോവോനുമൊത്ത് കാട്ടിൽക്കൂടി സഞ്ചരിക്കുകയായിരുന്നു. അപ്പോഴാണ് എതിരെ ഒരു കാട്ടാന വരുന്നതു കണ്ടത്. കാട്ടാനയെ  കണ്ടപ്പോഴേ ഇരുവരും തിരിഞ്ഞോടാൻ തുടങ്ങി. രക്ഷപെടാൻ ചുറ്റും നോക്കിയിട്ട് ഒരു മരവും കാണുന്നില്ലായിരുന്നു. ഒരു കുറുംതോട്ടി മരം കാണുകയും ഇരുവരും മരത്തിൽ അള്ളിപ്പിടിച്ച് മുകളിൽ കയറുകയും ചെയ്തു. ആന തുമ്പിക്കൈ നീട്ടി ഇവരെ പിടിക്കാൻ ശ്രമിച്ചിട്ടും സാധിക്കാതെ തിരിഞ്ഞു നടക്കുകയും ചെയ്തു.' കുറുംതോട്ടി മരമെന്നൊക്കെ വിവരിക്കുമ്പോൾ അങ്ങനെയൊരു മരം ഉണ്ടെന്നുള്ള സങ്കല്പമായിരുന്നു ഞങ്ങൾക്കെല്ലാം ഉണ്ടായിരുന്നത്. അതുകൊണ്ടു അദ്ദേഹത്തെ ആരും ചോദ്യം ചെയ്തുമില്ല. പിന്നീട് പ്രായപൂർത്തിയായി കഴിഞ്ഞപ്പോഴാണ്, കുറുംതോട്ടി എന്ന് പറയുന്നത് ആയുർവേദത്തിലെ ഒരു ഔഷധച്ചെടി മാത്രമാണെന്നു മനസിലായത്. ഈ കഥയ്ക്ക് പൊടിപ്പും ഭാവനകളും നൽകണമെങ്കിൽ വല്യച്ചായൻ തന്നെ വർണ്ണിക്കണമായിരുന്നു. കഥ ഇന്ന് കുടുംബത്തിനുള്ളിലെ ഒരു മുത്തച്ഛൻ കഥയായി മാറിക്കഴിഞ്ഞിരിക്കുന്നു.

അലവാങ്കുകൊണ്ടു ഭൂമികിഴിച്ചു അദ്ദേഹം അമേരിക്കയിൽ പോയ മറ്റൊരു കഥയുമുണ്ട്. വെളുത്തച്ചോവോനും ഒന്നിച്ചു രാത്രിയും പകലും ഭൂമി കുഴിച്ചു കൊണ്ടിരുന്നു. മാസങ്ങളോളം ഊണും ഉറക്കവുമില്ലാതെ ഭൂമിയുടെ അടിഭാഗം കാണാൻവേണ്ടി മണ്ണ് മാന്തിക്കൊണ്ടിരുന്നു. അങ്ങനെ കുഴിച്ചു കുഴിച്ചു ഭൂമിയുടെ അന്തർഭാഗം വരെ പോയപ്പോൾ പെട്ടെന്ന് വല്യച്ചായനും വെളുത്തചോവോനുമൊന്നിച്ച് താഴോട്ട് വീണു. ആ വീണ സ്ഥലം അമേരിക്കയായിരുന്നു. പരിചയമുള്ള ഒരു സായിപ്പിന്റെ മുമ്പിലേക്കാണ് വീണത്. 'ഹലോ വല്യകുഞ്ഞേട്ടാ സുഖമാണോയെന്ന്' സായിപ്പ് ചോദിച്ചു. സായിപ്പ് കുറേക്കാലം മുണ്ടക്കയത്ത് ഒരു തോട്ടത്തിൽ അന്ന് മകൻ പി.സി. ചാക്കോയ്ക്കുണ്ടായിരുന്ന ഒരു ബംഗ്ളാവിൽ സുഖവാസത്തിനായി താമസിക്കാൻ വരുമായിരുന്നു. വല്ല്യകുഞ്ഞു ബിസിനസ്സ് കാര്യങ്ങളിൽ സഞ്ചരിക്കുന്ന കാലങ്ങളിൽ ഈ സായിപ്പ് അദ്ദേഹത്തിൻറെ സുഹൃത്തായിരുന്നു. അമേരിക്കയിൽ സാഹസരൂപേണ വന്നെത്തിയ വല്യച്ചായനെയും വെളുത്ത ചോവോനെയും സായിപ്പ് അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടുപോയി ചെണ്ടക്കപ്പയും ഉണക്കമീനും നൽകി സൽക്കരിച്ചെന്നൊക്കെ പറയുമ്പോൾ ഞങ്ങൾ പൊട്ടൻ പിള്ളേർ അതെല്ലാം സത്യമാണെന്നു വിചാരിക്കുമായിരുന്നു. അങ്ങനെ ഞങ്ങൾക്കെല്ലാം നല്ലൊരു ബാല്യകാലമുണ്ടായിരുന്നു.

എൺപതു വയസിനുമുകളിൽ അന്ന് വല്ല്യച്ചായനു പ്രായമുണ്ടായിരുന്നെകിലും എന്നും നല്ല ആരോഗ്യവാനായിരുന്നു. ഒരു പല്ലിനു പോലും കേടില്ലാതെ സുന്ദരമായ പല്ലുകൾ മരിക്കുന്നവരെയുണ്ടായിരുന്നു. എണ്ണയും കുഴമ്പും പിരട്ടി ദിവസവും മുടക്കാതെ കുളിക്കുന്ന പതിവുമുണ്ടായിരുന്നു. നല്ല ഉമിക്കിരിയും ഉപ്പും ഉപയോഗിച്ച് സമയമെടുത്ത് പല്ലുകൾ വൃത്തിയാക്കിയിരുന്നു. നാലുവയസുകാരനായിരുന്ന കുഞ്ഞപ്പച്ചനായിരുന്നു കണ്ണ് കാണാൻ സാധിക്കാതിരുന്ന വല്യച്ചായനെ കൂടുതലും സഹായിച്ചുകൊണ്ടിരുന്നത്. കുഞ്ഞപ്പച്ചൻ വല്ല്യച്ചായന്റെ കൊച്ചുമക്കളിൽ ഏറ്റവും ഇളയവനായിരുന്നതുകൊണ്ടു അദ്ദേഹത്തിന് പ്രത്യേകമായ ഒരു സ്നേഹം  അവനോടുണ്ടായിരുന്നു.

അമ്മച്ചി തല്ലാൻ വരുന്ന സമയം അന്നെല്ലാവരും അഭയം കാണുന്നത് വല്ല്യച്ചായന്റെ കട്ടിൽക്കീഴെയായിരുന്നു. ഇച്ചായൻ ഞങ്ങളെ തല്ലാറില്ലായിരുന്നു. എങ്കിലും കലിപൂണ്ടു ചീറ്റി തല്ലുന്നതുപോലെ വരുമ്പോഴും ഒളിച്ചിരിക്കാൻ അഭയം തേടിയിരുന്നത് വല്യച്ചായന്റെ കട്ടിൽ കീഴായിരുന്നു. പിള്ളേരെ ശിക്ഷിക്കാൻ മിടുക്കി അമ്മച്ചി തന്നെയായിരുന്നു. പുളയുന്ന വടികൊണ്ട് കൂടുതലും അടി കിട്ടിയിരുന്നത് എനിക്കിട്ടായിരുന്നു. ഞാനായിരുന്നു കൂടുതൽ കുസൃതിക്കാരനെന്നും അമ്മച്ചി പറയുമായിരുന്നു.

വല്യകുഞ്ഞു മരിച്ചിട്ട് അറുപതു വർഷം പിന്നിട്ടിരിക്കുന്നു. മാർച്ചു മുപ്പത്തിയൊന്നാം തിയതി അദ്ദേഹത്തിൻറെ ഓർമ്മദിനമാണ്‌. പേരാവൂർ സെന്റ് ജോസഫ്സ്‌ സെമിത്തേരിയിൽ അന്ത്യവിശ്രമം കൊള്ളുന്ന പ്രിയപ്പെട്ട മുത്തച്ഛന്റെ ഓർമ്മകൾകൾക്ക് മുമ്പിൽ ഞാൻ സവിനയം എന്റെ ശിരസ്സു നമിക്കട്ടെ.

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...