Saturday, March 17, 2018

പുരോഹിതരുടെ ബ്രഹ്മചര്യവ്രതവും വിവാദങ്ങളും




ജോസഫ് പടന്നമാക്കൽ 

പുരോഹിതരുടെ അവിവാഹിതാവസ്ഥ കത്തോലിക്ക സഭയിലെ കാലാകാലങ്ങളായുള്ള ഒരു വിവാദ വിഷയമാണ്. പൗരാഹിത്യത്തെപ്പറ്റിയും അതിന്റെ അനുഷ്ഠാനങ്ങളെ സംബന്ധിച്ചും യേശു ഒന്നും തന്നെ പറഞ്ഞിട്ടില്ല. പകരം, യേശു പുരോഹിതരോട് പലപ്പോഴും കലഹമുണ്ടാക്കുന്നതായിട്ടാണ് വചനങ്ങളിൽ നാം വായിക്കുന്നത്. യേശു ബ്രഹ്മചര്യം അനുഷ്ടിച്ചിരുന്നുവെന്നും അവിവാഹിതനായിരുന്നുവെന്നും സഭ വിശ്വസിക്കുന്നു. അപ്പോസ്തോലന്മാർ വിവാഹിതരായിരുന്നെങ്കിലും അവർ തങ്ങളുടെ ഭാര്യമാരും കുടുംബങ്ങളുമായി യേശുവിനെ അനുഗമിച്ചതായി ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ല. കാനോൻ നിയമത്തിൽ പുരോഹിതരുടെ ബ്രഹ്മചര്യവ്രതമെന്നത്, ദൈവത്തിന്റെ വരദാനമെന്നും സഭയുടെ അനുസരണവ്രതം എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. വിവാഹിതർക്ക് ആദ്ധ്യാത്മിക കാര്യങ്ങളിൽ ശ്രദ്ധിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നുള്ള മുടന്തൻ ന്യായങ്ങളിലും സഭ വിശ്വസിക്കുന്നു. അവിവാഹിതർക്ക് ആത്മീയ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ കൂടുതൽ സമയം ലഭിക്കുമെന്നും കരുതുന്നു.

ഒരു സ്ത്രീക്ക് ഒരു പുരുഷൻ വേണം. അത് പ്രകൃതി നിയമമാണ്. സന്താനോത്‌പാദനം, പക്ഷി മൃഗാദികൾ തൊട്ട് മനുഷ്യൻവരെ പ്രകൃതി നിശ്ചയിച്ചിട്ടുള്ളതാണ്. നമുക്കു വരുന്ന വികാരങ്ങളെ അടിച്ചമർത്തുന്നതു ഒരു മാനസിക സംഘർഷത്തിനു കാരണമാകുന്നു. അത് പ്രകൃതിയുടെ നിശ്ചയത്തിനും എതിരാണ്. തീവ്രമായ വികാരങ്ങളിൽ അടിമപ്പെട്ടു ജീവിച്ചാൽ മനസിന്റെ സമനില തെറ്റുന്നതിനും കാരണമാകുന്നു. പൂർണ്ണമായി വളർച്ചയെത്തേണ്ട ഒരു മനുഷ്യന്റെ വ്യക്തിത്വം മിക്ക പുരോഹിതർക്കും ഇല്ലാതെ പോവുന്നതും പ്രകൃതി അനുഗ്രഹിച്ച വികാരങ്ങളെ സ്വയം പീഢിപ്പിക്കുന്നതുകൊണ്ടാണ്.

പുരോഹിതർ അവിവാഹിതരായിരിക്കണമെന്ന് പുതിയ നിയമത്തിലോ പഴയ നിയമത്തിലോ പറഞ്ഞിട്ടില്ല. പുരോഹിതരോ സഭാശുശ്രുഷകരോ വിവാഹം അരുതെന്ന് കൃസ്തുവും പറഞ്ഞിട്ടില്ല. ക്രിസ്തു പൗരാഹിത്യം സ്ഥാപിച്ചിട്ടുമില്ല. പോളിന്റെ ലേഖനത്തിൽ കൊരിന്ത്യാക്കാർക്ക് എഴുതിയ ആദ്യത്തെ കത്തിൽ ബ്രഹ്മചര്യത്തെപ്പറ്റി പറഞ്ഞിട്ടുണ്ടെങ്കിലും അത് പുരോഹിതരുടെ അവിവാഹിതാവസ്ഥയെ സംബന്ധിച്ചല്ല. ആദ്യത്തെ മാർപാപ്പായെന്നു കരുതുന്ന പീറ്റർ വിവാഹിതനായിരുന്നുവെന്ന് 'മാത്യു'എഴുതിയ സുവിശേഷത്തിൽ 8:14 വാക്യത്തിൽ പറഞ്ഞിട്ടുണ്ട്. യേശു പത്രോസിന്റെ അമ്മായിയമ്മയെ സുഖപ്പെടുത്തുന്ന കാര്യവും ബൈബിളിൽ വിവരിച്ചിട്ടുണ്ട്. അപ്പോസ്തോലരിൽ കുറെ പേർ വിവാഹിതരും മറ്റുള്ളവർ അവിവാഹിതരുമായിരുന്നു. യേശുവിന്റെ കാലത്ത് സുവിശേഷം പ്രസംഗിക്കുന്നവർ വിവാഹിതരാകണമോ അവിവാഹിതരായി ജീവിക്കണമോയെന്നു പ്രത്യേകമായ ഒരു നിയമം ഇല്ലായിരുന്നു. മദ്ധ്യകാല യുഗത്തിൽ പുരോഹിതർ അവിവാഹിതരായിരിക്കണമെന്നുള്ള സങ്കല്പം സഭയിൽ എങ്ങനെയോ വന്നുകൂടി. പുരോഹിതർ വിവാഹം ചെയ്യരുതെന്നുള്ള തീരുമാനം എപ്പോൾ വേണമെങ്കിലും സഭയ്ക്ക് മാറ്റാവുന്നതേയുള്ളൂ. പുരോഹിതരുടെ ബ്രഹ്മചര്യാനുഷ്ഠ സഭയുടെ പ്രാമാണിക തത്ത്വങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ല.

എ.ഡി.304-ൽ പുരോഹിതർ അവിവാഹിതരായിരിക്കണമെന്ന കാനോൻ എഴുതപ്പെട്ടു. 'എൽവിറ കൗൺസിലിൽ' പുരോഹിതർ അവരുടെ ഭാര്യമാരിൽ നിന്നു അകന്ന് ജീവിക്കണമെന്നും അവർക്ക് കുട്ടികൾ പാടില്ലാന്നും നിർദ്ദേശിക്കുന്നുണ്ട്. കിഴക്കിന്റെ കത്തോലിക്കരും ഓർത്തോഡോക്സ് ക്രിസ്ത്യാനികളും കൗൺസിലിന്റെ അഭിപ്രായങ്ങളെ നിരാകരിച്ചിരുന്നു. വിവാഹിതരായവരെയും പുരോഹിതരായും ഡീക്കന്മാരായും അവരുടെ സഭകൾ വാഴിച്ചിരുന്നു.

എ.ഡി.325-ൽ കോൺസ്റ്റാന്റിൻ ചക്രവർത്തി, വിവാഹിതരായവർ പുരോഹിതരാകുന്നതിൽ നിന്നും വിലക്ക് കൽപ്പിച്ചു. പിന്നീട് ആയിരം വർഷങ്ങളോളം പുരോഹിതരുടെ വിവാഹത്തെ സംബന്ധിച്ച് വിവാദ വിഷയങ്ങളായി ചർച്ചകൾ തുടർന്നുകൊണ്ടിരുന്നു. ചില സ്ഥലങ്ങളിൽ വിവാഹിതരെയും പൗരാഹിത്യ ജോലിക്ക് അനുവദിച്ചിരുന്നു. ചിലയിടങ്ങളിൽ ഭാര്യയുമായി ലൈംഗിക ബന്ധങ്ങൾ പാടില്ലാന്നും നിയമങ്ങളുണ്ടാക്കി. മദ്ധ്യകാലങ്ങളിലാണ് പുരോഹിതർ പൂർണ്ണമായും അവിവാഹിതരായിരിക്കണമെന്നുള്ള നിയമം വന്നത്. പതിനൊന്നാം നൂറ്റാണ്ടിൽ ഗ്രിഗറി ഏഴാമൻ മാർപാപ്പാ, പുരോഹിതർ ബ്രഹ്മചാരികളായിരിക്കണമെന്നുള്ള ചാക്രിക ലേഖനമിറക്കി. ഈ നിയമം അതാത് രൂപതയിലെ ബിഷപ്പുമാർ നടപ്പാക്കണമെന്ന കൽപ്പനയും കൊടുത്തു. അന്നു മുതൽ ലത്തീൻ റീത്തനുസരിച്ച് പുരോഹിതർ അവിവാഹിതരായിരിക്കണമെന്നുള്ള സഭയുടെ നിയമം നിർബന്ധമാക്കി.

ഗ്രിഗറി ഏഴാമൻ മാർപാപ്പായുടെ ചാക്രിക ലേഖനങ്ങൾ ഉണ്ടായിരുന്നെങ്കിലും പുരോഹിതരും ബിഷപ്പുമാരും പോപ്പുമാർ വരെയും നിയമങ്ങളെ ലംഘിച്ച് ലൈംഗികതയിൽ ഏർപ്പെട്ടുകൊണ്ടിരുന്നു. ആദ്യത്തെ പത്തു നൂറ്റാണ്ടുകാലം പുരോഹിതർക്കും മാർപാപ്പാമാർക്കും കുടുംബവും ഭാര്യയും മക്കളുമുണ്ടായിരുന്നു. ചില മാർപാപ്പാമാർ വെപ്പാട്ടികളുമായി കഴിഞ്ഞവരുമുണ്ട്. ലൈംഗികത പാപമായി കരുതിയിരുന്നെങ്കിലും കുമ്പസാരവും പശ്ചാത്താപവും വഴി അവരുടെ പാപങ്ങൾക്ക് പരിഹാരം ചെയ്‌താൽ മതിയായിരുന്നു. ഇന്ന് കത്തോലിക്ക സഭയിൽ പുരോഹിതരായി പ്രതിജ്ഞ ചെയ്ത ശേഷം വിവാഹം അനുവദനീയമല്ല. എങ്കിലും കിഴക്കിന്റെ പുരോഹിതരായ കത്തോലിക്കർക്കും ഓർത്തോഡോക്സ്കാർക്കും വിവാഹിതരാകാം. വിവാഹം എന്നത് പൗരാഹിത്യത്തിനു മുമ്പായിരിക്കണം. വിവാഹം കഴിക്കാത്ത പുരോഹിതർക്കു മാത്രമേ അവരുടെയിടയിൽ ബിഷപ്പാകാൻ സാധിക്കുകയുള്ളൂ.

പുരോഹിതർ വിവാഹിതരായാൽ! സ്വവർഗ രതിക്ക് ശമനം വരുമെന്ന് ചിന്തിക്കുന്നവരുമുണ്ട്. അത് സത്യമാണൊയെന്നറിയില്ല. ആഗോള തലത്തിൽ സ്വവർഗ രതിക്കാരായ പുരോഹിതർ ഒരു ശതമാനത്തിൽ താഴെയുള്ളൂവെന്നാണ് വെപ്പ്. ബാക്കിയുള്ളവർ എതിർ ലിംഗത്തോട് താല്പര്യമുള്ളവരാണ്. കത്തോലിക്കാ പുരോഹിതരിൽ രണ്ടു ശതമാനത്തിൽ താഴെ ലൈംഗികത ദുരുപയോഗം ചെയ്യുന്നതായും വത്തിക്കാനിൽ നിന്നുള്ള സർവ്വേ കണക്കാക്കുന്നു. കുടുംബമായി ജീവിക്കുന്ന വിവാഹിതരായ പുരുഷന്മാരും അത്രയും തന്നെ പരസ്ത്രീകളെ പ്രാപിക്കുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. വിവാഹം കഴിക്കാവുന്ന പ്രൊട്ടസ്റ്റന്റ് പുരോഹിതർക്കും ഇതേ പ്രശ്നങ്ങൾ തന്നെയുണ്ട്. പുരോഹിതരെ വിവാഹം കഴിക്കാൻ അനുവദിക്കാത്തത് വെറും സാമ്പത്തിക ലക്ഷ്യമാണെന്ന് വ്യക്തമാണ്.

ഒരിയ്ക്കൽ വിവാഹിതരായി എപ്പിസ്ക്കോപ്പൽ സഭകളിൽ നിന്ന് വന്ന പുരോഹിതർക്കും വിവാഹം കഴിച്ച അല്മായർക്കും പൗരാഹിത്യം സ്വീകരിക്കാൻ കത്തോലിക്കാ സഭ അനുവദിച്ചിട്ടുണ്ട്. ചില പൗരസ്ത്യ സഭകളിലെ പുരോഹിതർക്കും വിവാഹം കഴിക്കാൻ അനുവദനീയമാണ്.  പുരോഹിതപ്പട്ടം അവസാന കൂദാശയെന്നാണ് വെപ്പ്. ആ നിലയിൽ ഒരാൾ പുരോഹിതനായ ശേഷം പൗരാഹിത്യത്തിൽ നിന്നുകൊണ്ട് വിവാഹം കഴിക്കാൻ അനുവദിക്കില്ല. അതുപോലെ ഭാര്യ മരിച്ച പുരോഹിതരെയും പിന്നീട് വിവാഹിതരാകാൻ സഭയിൽ അനുവദനീയമല്ല. അക്കാര്യം മാർപാപ്പാ വത്തിക്കാനിൽ എടുത്തു പറയുകയും ചെയ്തിരുന്നു.

എപ്പിസ്‌കോപ്പൽ സഭകളിലും മറ്റു സഭകളിലും വിവാഹിതരായവർ, പള്ളിക്കാര്യങ്ങൾ വളരെ കാര്യക്ഷമതയോടെ നോക്കുന്നതു കാണാം. കൂടാതെ വിവാഹിതരായ പുരോഹിതരുടെ ഭാര്യമാർ പള്ളിക്കാര്യങ്ങളിൽ വളരെ താല്പര്യം കാണിക്കുന്നതും സാധാരണമാണ്. പുരോഹിതനായ ഭർത്താവിന്റെ പോരായ്മകൾ ഭാര്യ അവിടെ പരിഹരിക്കുന്നു. മക്കളും കുടുംബവുമുണ്ടെങ്കിൽ പുരോഹിതർ കൂടുതൽ മനുഷ്യത്വമുള്ളവരായും പ്രവർത്തിക്കും. സന്മനസ്സുള്ള മക്കളുണ്ടെങ്കിൽ, ആത്മീയ പ്രവർത്തനങ്ങളിലും പിതാവിനെ സഹായിക്കാൻ ഒപ്പം കാണും. 

ബ്രിട്ടനിലെയും അമേരിക്കൻ ഐക്യനാടുകളിലെയും ആംഗ്ലിക്കൻ പുരോഹിതരായിരുന്ന കത്തോലിക്ക പുരോഹിതർ എല്ലാവരും തന്നെ വിവാഹിതരാണ്. ഉക്രൈനിൽ നിന്ന് അമേരിക്കയിൽ കുടിയേറിയ കത്തോലിക്കാ പുരോഹിതരും വിവാഹിതർ തന്നെ. അവരുടെ നാടുകളിലുള്ള കിഴക്കൻ സഭകളിൽ പുരോഹിതർക്ക് വിവാഹം ചെയ്യാം. എന്നാൽ ലോകം മുഴുവനുള്ള ബിഷപ്പുമാർ പുരോഹിതർ വിവാഹം ചെയ്യുന്നതിനെ അനുകൂലിക്കാൻ തയ്യാറാവുന്നില്ല. ഒരു തലമുറക്കുള്ളിൽ ഇന്നുള്ള വിവാഹിതരായ പുരോഹിതർ ഇല്ലാതാവും. ഇതര സഭകളിൽനിന്നും വന്നു ചേർന്ന അവിവാഹിതരായ പുരോഹിതർ കത്തോലിക്ക സഭയുടെ പൗരാഹിത്യം സ്വീകരിച്ചു കഴിഞ്ഞാൽ പിന്നീട് വിവാഹം അനുവദനീയമല്ല.

ആഗോളതലത്തിൽ ഏകദേശം 50,000 പുരോഹിതരുടെ കുറവുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. വിവാഹം കഴിച്ചവരെ പൗരാഹിത്യത്തിൽ പ്രവേശിപ്പിച്ചാൽ സഭയ്‌ക്ക്‌ ആ കുറവ് പരിഹരിക്കാൻ സാധിക്കും. അല്ലെങ്കിൽ എപ്പിസ്ക്കോപ്പൽ സഭകൾപോലെ സ്ത്രീകൾക്കും പൗരാഹിത്യം നൽകിയാൽ സഭയുടെ പുരോഹിത ക്ഷാമം പരിഹരിക്കാൻ സാധിച്ചേക്കാം. എന്നാൽ ഫ്രാൻസീസ് മാർപാപ്പാ സ്ത്രീകളെ പൗരാഹിത്യത്തിൽ പ്രവേശിപ്പിക്കുന്നതിൽ അനുകൂലിയല്ല.  അത് വീണ്ടും പ്രശ്നങ്ങളിലേക്ക് വഴി തെളിയിക്കുമെന്ന് സഭ വിലയിരുത്തുന്നു.

ഫ്രാൻസിൽ ശരാശരി പുരോഹിതരുടെ പ്രായം അറുപതു വയസ്സാണ്. അയർലണ്ടിൽ 'മെയ്നൂത്ത്‌ എന്ന സ്ഥലത്തുള്ള സെമിനാരി 500 വൈദിക വിദ്യാർത്ഥികൾക്കുവേണ്ടി പണിതുയർത്തിയതാണ്. അവിടെ ഈ വർഷം പഠിക്കാനെത്തിയ സെമിനാരി വിദ്യാർത്ഥികളുടെ എണ്ണം ആറുപേര് മാത്രമാണ്. പുരോഹിതരുടെ ബ്രഹ്മചര്യവ്രതം അവസാനിപ്പിച്ച് അവർക്കു വിവാഹം കഴിക്കാമെന്നുള്ള നിയമം കൊണ്ടുവരാൻ ഒരു മാർപാപ്പായ്ക്ക് പേനാത്തുമ്പിൽ ഒപ്പിടാനുള്ള കാര്യമേയുള്ളൂ. അപ്രമാദിത്വം വരദാനമായി മാർപ്പാപ്പാമാർക്കുള്ളപ്പോൾ ഇക്കാര്യം ഒരു സിനഡു സമ്മേളിച്ച് തീരുമാനിക്കേണ്ട ആവശ്യവുമില്ല. സഭയുടെ യാതൊരു തത്ത്വങ്ങളും മാറ്റേണ്ടതുമില്ല. അസാധാണ സന്ദർഭങ്ങളിൽ പുരോഹിതർക്കു വിവാഹം കഴിക്കാൻ സാധിക്കുമെന്നതു പടിഞ്ഞാറൻ സഭകളിൽപ്പോലും അനുവദിച്ചിട്ടുണ്ട്

വത്തിക്കാന്റെ റിപ്പോർട്ടനുസരിച്ച് ലോക ജനസംഖ്യയിൽ കത്തോലിക്കരുടെ എണ്ണം 1975 നു ശേഷം നേരെ ഇരട്ടിയായിട്ടുണ്ട്. 710 മില്യൺ ജനതയുണ്ടായിരുന്ന സഭ ഇന്ന് ആഗോളതലത്തിൽ രണ്ടുബില്യൺ  ജനങ്ങളിൽ കൂടുതലുണ്ട്. എന്നാൽ പുരോഹിതർ രണ്ടു ശതമാനം താഴെ മാത്രമേ വർദ്ധിച്ചിട്ടുള്ളൂ. മൊത്തം പുരോഹിതരിൽ കൂടുതലും യുറോപ്യന്മാരാണ്. അവരുടെ എണ്ണവും കുറഞ്ഞുകൊണ്ടിരിക്കുന്നു. 1975-ൽ 404,783 പുരോഹിതർ ഉണ്ടായിരുന്നു. ഇന്നും അവരുടെ എണ്ണത്തിനു കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ല.

പോപ്പ് ബെനഡിക്റ്റിന്റെ രാജിക്കുശേഷം അമേരിക്കയിൽ പുരോഹിതരുടെ ബ്രഹ്മചര്യവസ്ഥയെ സംബന്ധിച്ച് ഒരു സർവ്വേ എടുത്തപ്പോഴും 60 ശതമാനം പുരോഹിതരും വിവാഹം കഴിക്കണമെന്ന താൽപ്പര്യമാണ് പ്രകടിപ്പിച്ചത്. പള്ളിയിൽ നിത്യം പോവുന്നവരുടെ ഇടയിലും ഒരു സർവേയിൽ 46 ശതമാനം ജനങ്ങൾ പുരോഹിതരുടെ വൈവാഹിക ജീവിതത്തെ പിന്താങ്ങി. പള്ളിയിൽ വല്ലപ്പോഴും കുർബാനക്ക് പോവുന്ന വിശ്വാസികളിൽ 70 ശതമാനം പേരും പുരോഹിതർ വിവാഹം കഴിക്കണമെന്നുള്ള അഭിപ്രായക്കാരായിരുന്നു.

കോൺവെന്റ് സ്‌കൂളിലും പുരോഹിതർ നടത്തുന്ന സ്‌കൂളിലും പഠിക്കുന്ന കുട്ടികൾ കുഞ്ഞായിരിക്കുമ്പോൾ അവർ റോൾ മോഡലായി കാണിക്കുന്നത് കന്യാസ്ത്രികളെയും പുരോഹിതരേയുമായിരിക്കും. അവരുടെ കുപ്പായങ്ങൾ പരിശുദ്ധങ്ങളെന്നു കുഞ്ഞുങ്ങളെ ധരിപ്പിക്കും. പുരോഹിതരുടെയും കന്യാസ്ത്രികളുടെയും സേവനം ലോകത്ത് ഏറ്റവും ഉത്തമമെന്ന് പഠിപ്പിക്കും.  കുട്ടികൾ കൗമാരമാകുമ്പോഴേ അവരെ സ്വാധീനിക്കാനും തുടങ്ങും. ക്രിസ്തുവിന്റെ മണവാട്ടിയെന്നുള്ള സുന്ദരമായ പദങ്ങൾ കുട്ടി മനസ്സിൽ അലങ്കരിക്കും. കന്യാസ്ത്രിയാകാൻ അവരെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കും. 'കുഞ്ഞനുജന്മാരെ, കർത്താവിന്റെ മുന്തിരിത്തോട്ടത്തിൽ ജോലിചെയ്യാൻ വരൂവെന്നു' സ്വാഗതം ചെയ്തുകൊണ്ടുള്ള പരസ്യങ്ങൾ നൽകി കൗമാരപിള്ളേരുടെ മനസ്സുകളിലും വിഷയമ്പുകൾ എയ്തു കൊണ്ടിരിക്കും. ഇങ്ങനെയുള്ള പ്രലോഭനങ്ങളിൽപ്പെട്ടു പുരോഹിതരാകുന്നവർ പിന്നീട് സഭയ്ക്ക് തലവേദനയാവുകയേയുള്ളൂ. കുടുംബമായി ജീവിക്കണമെന്ന മോഹന സ്വപ്നങ്ങൾ മനസ്സിൽ വന്നടിയുന്ന സമയം അവരിൽ പൗരാഹിത്യത്തിന്റെ കുരുക്കുകൾ വീണു കഴിഞ്ഞിരിക്കും. ഒരിക്കൽ മഠത്തിൽ ചേർന്നു കഴിയുമ്പോഴാണ് ഈ പെൺകുട്ടികൾ, പള്ളിയിലെ വികാരിയാണ് മണവാളനെന്ന സത്യം മനസിലാക്കുന്നത്. പിന്നീട് അവർക്ക് അവിടെനിന്നും രക്ഷപ്പെടാനും എളുപ്പമല്ല. സെമിനാരിയിൽ ചേരുന്ന കുട്ടികൾ മുന്തിരിത്തോപ്പിനു പകരം കാണുന്നത് സ്വയം കഴുത്തിൽ നുകം വെച്ച കാളകളെപ്പോലെയുള്ള ജീവിതമായിരിക്കും. സെമിനാരിയിൽനിന്നു പഠനം കഴിഞ്ഞു പുറത്തുവരുമ്പോൾ അയാൾ പിന്നീട് വ്യത്യസ്തനായ ഒരു വിചിത്ര വ്യക്തിത്വത്തിന്റെ ഉടമയുമാകും.

പ്രായപൂർത്തിയാകാത്ത, പാകത വരാത്ത കുട്ടികളെ സെമിനാരികളിൽ പഠനത്തിനായി അയക്കുന്നത് നിരോധിക്കണം. സെമിനാരിയിലും കോൺവെന്റുകളിലും കുട്ടികളുടെ മാതാപിതാക്കന്മാർക്ക് യാതൊരു നിയന്ത്രണവുമില്ല. സീനിയർ സെമിനാരിയൻ മുതൽ അറുപതു വയസുകഴിഞ്ഞ കിളവൻ അച്ചന്മാർ വരെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന വാർത്തകൾ നിത്യവും നാം വായിക്കുന്നു. ഇന്ത്യൻ നിയമമനുസരിച്ചു സ്ത്രീകൾക്കും പുരുഷന്മാർക്കും വിവാഹപ്രായം നിശ്ചയിച്ചിട്ടുണ്ട്. അതേ നിയമം തന്നെ സെമിനാരിയിൽ പോവുന്ന ഒരു ആൺകുട്ടി അല്ലെങ്കിൽ കന്യാസ്ത്രിയാകാൻ പോവുന്ന പെൺകുട്ടിയ്ക്കും നിശ്ചയിക്കണം. അതിനുശേഷം അവരുടെ ദൈവവിളിയെന്ന സങ്കല്പം തെരഞ്ഞെടുക്കട്ടെ.

ലോകമാകമാനം ലക്ഷക്കണക്കിന് വൈദികർ പൗരാഹിത്യം ഉപേക്ഷിച്ചതായി സർവേകളിൽ കാണുന്നു. കേരളത്തിൽ ആകാശം മുട്ടെ പള്ളികളും കത്തീഡ്രലുകളും പണിതുയരുമ്പോൾ യൂറോപ്പിൽ ദേവാലയങ്ങൾ നിശാശാലകളും മദ്യ വിൽപ്പന ശാലകളുമായി പരിവർത്തനം ചെയ്തുകൊണ്ടിരിക്കുന്ന  കാഴ്ചകളാണ് നാം കാണുന്നത്. മനുഷ്യർക്ക് പുരോഹിതരോടും സഭയോടുമുളള വിശ്വാസം കുറയുന്നതാണ് കാരണം. സഭ അനുവർത്തിക്കുന്ന ചില നയങ്ങൾ, യാഥാസ്ഥിതികവും കാലഹരണപ്പെട്ടതും മാറ്റമില്ലാത്തതുമാണ്. അത്തരം പഴഞ്ചൻ ചിന്തകളിൽ നിന്നു വിശ്വാസസമൂഹം സ്വതന്ത്രമാകാനും ആഗ്രഹിക്കുന്നു.

തൊണ്ണൂറു ശതമാനം വിവാഹിതരായ കത്തോലിക്കരും കുടുംബാസൂത്രണത്തിൽ വിശ്വസിക്കുന്നവരാണ്. ഭ്രൂണഹത്യ സഭയിൽ പാപമായി കരുതുന്നു. അതുപോലെ ഗർഭച്ഛിദ്രവും അനുവദനീയമല്ല. എച്ച്.ഐ. വി. രോഗ ബാധിതർക്കു പോലും ഗർഭ നിരോധക ഉറകൾ ഉപയോഗിക്കുന്നതിൽ സഭയിൽ നിയന്ത്രണമുണ്ട്. സഭയിൽ ഒരു ചെറിയ മാറ്റമുണ്ടാകണമെങ്കിലും നൂറ്റാണ്ടുകളെടുക്കും. ഇത്തരം മാറ്റമില്ലാത്ത സഭയിൽ നിന്നും വിശ്വാസികൾ അകന്നു പോവുമ്പോൾ സമൂഹത്തിൽ പുരോഹിതരുടെ ആവശ്യങ്ങൾ ഇല്ലാതെയാവുന്നു. ദേവാലയങ്ങൾ വിശ്വാസികളുടെ അഭാവംമൂലം പൂട്ടേണ്ട ഗതികേടും സംഭവിക്കുന്നു.

സ്ത്രീ പുരുഷ ബന്ധം സന്താനോത്ഭാദനത്തിനു മാത്രമേ പാടുള്ളുവെന്ന സഭയുടെ പ്രാചീന നിയമം ഇന്നുമുണ്ട്. അല്ലാത്ത പക്ഷം വൈദികരുടെ മുമ്പാകെ കുമ്പസാരിക്കണം. കുടുംബാസൂത്രണത്തിനു ഉറകൾ ഉപയോഗിക്കുന്നതിനു പകരം സ്ത്രീകളുടെ ആർത്തവ കണക്കിൻപ്രകാരം മാത്രം ലൈംഗികത അനുവദനീയമാണ്. കൂടുതൽ കൂടുതൽ സന്താനങ്ങളെ ഉത്ഭാദിപ്പിക്കാനാണ് സഭ ഉപദേശിക്കുന്നത്. കർദ്ദിനാൾ ന്യുമാൻ പറയുമായിരുന്നു, "കത്തോലിക്കാ സഭയെപ്പോലെ സുന്ദരമായതും അതിനേക്കാൾ വൈരൂപ്യമേറിയതുമായ മറ്റൊരു സഭയില്ല. അതുകൊണ്ടു കാലത്തിന്റെ ഇന്നത്തെ ആവശ്യം സഭയിലുള്ള വൈരൂപ്യങ്ങൾ ഇല്ലാതാക്കുകയെന്നതാണ്. എത്രമാത്രം സഭയുടെ ചെളിപുരണ്ട മുഖം കഴുകി
വൃത്തിയാക്കുന്നുവോ അത്രമാത്രം സഭ വീണ്ടും സൗന്ദര്യാത്മകമായി പ്രത്യക്ഷപ്പെടും."

അടുത്ത കാലത്ത് ഇറ്റലിയിൽ ഇരുപത്തിയാറ് യുവതികൾ തങ്ങൾ പുരോഹിതരായ കാമുകരുമൊത്ത് രഹസ്യബന്ധം തുടരുന്നുണ്ടെന്നും പൗരാഹിത്യം ഉപേക്ഷിക്കാതെ തന്നെ അവരെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്നും കാണിച്ച് ഫ്രാൻസീസ് മാർപാപ്പായ്ക്ക് ഒരു കത്ത് അയച്ചിരുന്നു. തങ്ങൾ സ്നേഹിക്കുന്നവർ പൗരാഹിത്യം ഉപേക്ഷിക്കുന്നതിൽ അതീവ ദുഃഖത്തിലാണെന്നും കത്തിൽ സൂചിപ്പിച്ചിരുന്നു. പുരോഹിതർക്ക് വിവാഹം ചെയ്യാൻ പാടില്ലാന്നുള്ള സഭയുടെ നയങ്ങൾക്ക് മാറ്റം വരുത്തണമെന്നും അഭ്യർത്ഥിച്ചിരുന്നു. പുരോഹിതരുടെ ബ്രഹ്മചര്യം സഭയുടെ നിയമം അല്ലെന്നും അത് പുരോഹിതർക്കിടയിലുള്ള അച്ചടക്കത്തിന്റെ ഒരു മാനദണ്ഡമാണെന്നും വിശ്വാസവുമായി പുരോഹിതരുടെ ബ്രഹ്മചര്യത്തിനു യാതൊരു ബന്ധവുമില്ലെന്നും സഭയ്ക്ക് ഏതു കാലത്തും അത്തരം തീരുമാനം മാറ്റാവുന്നതേയുള്ളുവെന്നും മാർപാപ്പാ എഴുതിയ 'സ്വർഗ്ഗത്തിലും ഭൂമിയിലും' (ഓൺ ഹെവൻ ആൻഡ് എർത്ത്) എന്ന പുസ്തകത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

2019 ഒക്ടോബറിൽ ലാറ്റിൻ അമേരിക്കയിലെ 'പാൻ ആമസോൺ' സ്ഥലത്തു കൂടുന്ന സഭാ സിനഡിൽ പുരോഹിതർക്ക് വിവാഹം കഴിക്കാമെന്നുള്ള പ്രഖ്യാപനം ഉണ്ടാവുമെന്നുള്ള വാർത്തകൾ  പ്രചരിക്കുന്നുണ്ട്. പുരോഹിതരുടെ ഈ നിയമം ലാറ്റിൻ അമേരിക്കൻ ഭൂപ്രദേശങ്ങൾക്കു മാത്രം ബാധകമായിരിക്കുമെന്നാണ് ഊഹോപാഹങ്ങൾ. അങ്ങനെ ഒരു തീരുമാനം സഭയെടുക്കുന്നുവെങ്കിൽ അത് സഭയുടെ നൂറ്റാണ്ടുകൾക്കുശേഷമുള്ള ചരിത്രത്തിലെ സുപ്രധാനമായ ഒരു കാൽവെപ്പായിരിക്കും. വാർത്തകൾ നാനാഭാഗങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും പുരോഹിതർക്ക് വിവാഹം അനുവദിക്കുമോയെന്ന വിഷയത്തെപ്പറ്റി ചർച്ച ചെയ്യുമോയെന്നതും സംശയത്തിലാണ്. അത് പിന്നീട് റോമിൽ നടക്കുന്ന സിനഡിലെ ചർച്ചാവിഷയങ്ങളായി മാറ്റിയേക്കാം. റോമിൽനിന്നും വേറിട്ട് മറ്റൊരു രാജ്യത്ത് സിനഡ് കൂടുന്നതും ഫ്രാൻസീസ് മാർപ്പാപ്പ ഭരണം ഏറ്റതിൽ പിന്നീടുള്ള ആദ്യത്തെ സംഭവമായിരിക്കും.

ബിഷപ്പുമാരുടെ ബ്രസീലിൽ നടക്കാൻ പോകുന്ന ഈ സിനഡിൽ പുരോഹിതരുടെ അവിവാഹിതാവസ്ഥ ചർച്ചാവിഷയമാക്കുകയാണെങ്കിൽ ശക്തമായ എതിർപ്പുകളും പ്രതീക്ഷിക്കാം. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ മാത്രം പുരോഹിതരുടെ ബ്രഹ്മചര്യവ്രതം ഫ്രാൻസീസ് മാർപാപ്പാ അവസാനിപ്പിക്കുമെന്നും പറയുന്നു. സിനഡിനെപ്പറ്റിയുള്ള റിപ്പോർട്ടുകൾ പലതരത്തിലാണ് പ്രചരിക്കുന്നത്. ഇന്ന് സെമിനാരി ജീവിതത്തിൽക്കൂടി വ്രതമെടുത്ത് പുരോഹിതരാകാൻ അധികമാളുകൾ രംഗത്ത് വരുന്നില്ല. പുരോഹിത ക്ഷാമം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് ലാറ്റിൻ അമേരിക്കൻ ഭൂവിഭാഗങ്ങളിലാണ്.

ബ്രസീലിൽ വിവാഹിതരായ പുരോഹിതരുടെ ആവശ്യങ്ങൾ വരുന്നുവെന്നും സഭയ്ക്ക് ബോധ്യമുണ്ട്. 1970-ൽ 92 ശതമാനം ബ്രസീലിയൻ ജനത കത്തോലിക്കരായിരുന്നു. 2010-ൽ അവരുടെ എണ്ണം 65 ശതമാനമായി. പെന്തകോസ്റ്റൽ സഭകൾ അവിടെ ശക്തി പ്രാപിച്ചതുകൊണ്ടാണ് കത്തോലിക്കരുടെ എണ്ണം കുറഞ്ഞത്. കത്തോലിക്കരല്ലാത്ത സഭകളിൽ വിവാഹിതരായ പാസ്റ്റർമാരും സ്ത്രീകളും സഭാ പ്രവർത്തനങ്ങൾ നടത്തുന്നു. ബ്രസീലിൽ 140 മില്യൺ കത്തോലിക്കരുണ്ട്. അവരുടെ സേവനത്തിനായി ആകെ 18000 പുരോഹിതർ മാത്രമാണുള്ളത്. ആമസോൺ പ്രദേശങ്ങളിലാണ് അമിതമായ പുരോഹിത ക്ഷാമമുള്ളത്. രാജ്യത്ത് പുരോഹിതരെ ഇറക്കുമതി ചെയ്യാനുള്ള നീക്കങ്ങൾ മുഴുവൻ പരാജയപ്പെടുകയും ചെയ്തു. സാംസ്ക്കാരികമായ അന്തരമാണ് കാരണം. യൂറോപ്പിലും അമേരിക്കയിലും പുരോഹിത ക്ഷാമം പരിഹരിക്കാൻ വികസിക്കുന്ന രാഷ്ട്രങ്ങളിൽനിന്ന് അവരെ ഇറക്കുമതി ചെയ്യുന്നു. അവിടങ്ങളിലെല്ലാം ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളായതുകൊണ്ടു പുരോഹിതക്ഷാമം ഒരു അളവ് വരെ പരിഹരിക്കാൻ സാധിക്കുന്നു.  ബ്രസീലിൽ പുരോഹിതർ വിവാഹം കഴിക്കില്ലെന്നുള്ള ‌ പ്രതിജ്ഞയ്ക്കെതിരെ ബ്രസീലിലെ സിനഡിൽ തീരുമാനങ്ങൾ കൈക്കൊണ്ടില്ലെങ്കിൽ റോമ്മായിൽ നടത്തുന്ന സിനഡിൽ സഭ അവരുടെ കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങൾക്ക് പരിഹാരം തേടേണ്ടി വരും.

വിവാഹിതരായ പുരോഹിതരോടുള്ള ബിഷപ്പുമാരുടെ മനോഭാവം മനസിലാക്കാമെന്നേയുള്ളൂ! പുരോഹിതർ വിവാഹിതരായാൽ സഭയുടെ സാമ്പത്തികം തകർക്കുമെന്ന് ഭയപ്പെടുന്നു. സഭ പുലർത്തിവരുന്ന പാരമ്പര്യത്തെയും സംസ്‌കാരങ്ങളെയും നശിപ്പിക്കുമെന്നും കരുതുന്നു. ഇടവക ജനത്തിന് പുരോഹിതരുടെ കുടുംബത്തിനും ചെലവുകൾ കൊടുക്കേണ്ടി വരും. അവർക്ക് താമസിക്കാനുള്ള വീടും കുട്ടികളുടെ വിദ്യാഭ്യാസവും വഹിക്കേണ്ടി വരും. കുടുംബമായി താമസിക്കുമ്പോൾ ആദ്ധ്യാത്മിക കാര്യങ്ങളിലും അതിന്റേതായ കുറവുകൾ വരാം. വിവാഹിതരായ പുരോഹിതരുടെയിടയിൽ വിവാഹമോചനവുമുണ്ടാകാം. അവിവാഹിതരായി ജീവിക്കുന്ന പുരോഹിതരിലും എതിർപ്പുകൾ ഉണ്ടാവാം. അവർ സഹിച്ചതുപോലുള്ള ത്യാഗങ്ങൾ പുതിയതായി പുരോഹിതപ്പട്ടം ലഭിക്കുന്നവർക്ക് സഹിക്കേണ്ടതില്ലായെന്ന തീരുമാനം അവരിൽ എതിർപ്പുകൾ ഉണ്ടാക്കാം. തന്മൂലം ഇന്നത്തെ പുരോഹിതരുടെ ബ്രഹ്മചര്യവ്രതങ്ങളിൽ മാറ്റങ്ങളുണ്ടാവുമോയെന്നു കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.
Constantine the Great
Pope-Gregory-vii









No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...