Sunday, March 25, 2018

സോണിയ ഗാന്ധിയും ജീവിത രേഖയും രാഷ്ട്രീയവും




ജോസഫ് പടന്നമാക്കൽ 

സോണിയ ഗാന്ധി, 1946 ഡിസംബർ ഒമ്പതാം തിയതി ഇറ്റലിയിൽ ലൂയിസിയാനയിൽ കോണ്ട്രാട  എന്ന ഗ്രാമത്തിൽ ജനിച്ചു. അത് ഇറ്റലിയിലെ വിസെൻസ, വെനെറ്റോയിൽ നിന്നും മുപ്പതു മൈൽ ദൂരത്തായുള്ള പ്രദേശമാണ്. തലമുറകളായി അവരുടെ കുടുംബം ജീവിച്ചിരുന്നതും ആ ഗ്രാമ പ്രദേശത്തായിരുന്നു. മാതാപിതാക്കളായ  സ്‌റ്റെഫാനോ മൈനോയുടെയും പൗലോയുടെയും മൂന്നു പെണ്മക്കളിൽ ഒരാളായിരുന്നു അവർ. പിതാവ് കെട്ടിട നിർമ്മാണ വ്യവസായത്തിൽ ഉപജീവനം നടത്തിയിരുന്നു. വിവാഹിതയാകുന്നതിനു മുമ്പ് അവരെ എഡ്‌വിജ് അന്റോണിയ ആൽബിന മൈനോ എന്നറിയപ്പെട്ടിരുന്നു. ഒരു റോമൻ കത്തോലിക്കാ കുടുംബത്തിലാണ് ജനിച്ചു വളർന്നത്.

പ്രാഥമിക വിദ്യാഭ്യാസം കത്തോലിക്ക സ്‌കൂളിലായിരുന്നു. ട്യൂറിനു സമീപമുള്ള ഓർബസ്സാണോ (Orbassano) എന്ന സ്ഥലത്ത് കൗമാരം കഴിച്ചു കൂട്ടി. 1964-ൽ കെയിംബ്രിഡ്ജിലെ ഒരു ഭാഷാ സ്ഥാപനത്തിൽ ഇംഗ്ലീഷ് പഠിക്കാനാരംഭിച്ചു. പഠനത്തോടൊപ്പം സ്‌കൂളിലെ ട്യൂഷൻ ഫീ കൊടുക്കാനായി ഒരു ഗ്രീക്ക് റെസ്റ്റോറന്റിൽ വെയിറ്ററസായി (Waitress) ജോലി ചെയ്തു. അവിടെ വെച്ചാണ് നെഹ്‌റു കുടുംബത്തിലെ ഇളം തലമുറക്കാരനായ രജീവ് ഗാന്ധിയെ കണ്ടുമുട്ടിയത്. കെയിംബ്രിഡ്ജ് യുണിവേസിറ്റിയിൽ രജീവ് ഗാന്ധി അന്ന് മെക്കാനിക്കൽ എഞ്ചിനീറിങ്ങിനു പഠിക്കുകയായിരുന്നു. സോണിയയും രജീവും തമ്മിൽ സ്നേഹത്തിലാവുകയും വിവാഹിതരാവുകയും ചെയ്തു. ഇന്ത്യയുടെ ദത്തുപുത്രീയായി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അമരത്ത് നീണ്ടകാലം അവർ പ്രവർത്തിച്ചുകൊണ്ടിരുന്നു.

രജീവ് ഗാന്ധിയും സോണിയാ ഗാന്ധിയും തമ്മിലുള്ള പ്രേമം പൊട്ടിമുളച്ച് അവസാനിച്ചത് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാവിയിലേക്കായിരുന്നു. നിർണ്ണായകമായ കാലഘട്ടത്തിൽ അവർ കോൺഗ്രസിനെ ധീരമായി നയിച്ചു. ഇന്ന് ലോകം അവരെപ്പറ്റി രാഷ്ട്രീയ ജീവിതം മാത്രമല്ല വ്യക്തിപരമായ ജീവിതവും അറിയപ്പെടാത്ത സത്യങ്ങളും വെളിവാക്കികൊണ്ടിരിക്കുന്നു. ഒരു ചെറിയ ഇറ്റാലിയൻ ഗ്രാമത്തിൽനിന്നും ന്യൂ ഡൽഹിയിൽ 10 ജനപത് വരെയുള്ള യാത്രയാണ് അവർക്കു  മുമ്പിലുള്ളത്.

രജീവ് ഗാന്ധി യാദൃച്ഛികമായി കെയിംബ്രിഡ്‌ജിലുള്ള ഗ്രീക്ക് റെസ്റ്റോറന്റിൽ ഒരു ഇറ്റാലിയൻ പെൺകുട്ടിയെ കണ്ടയുടൻ അവളിൽ ആകൃഷ്ടനായി. ആ പെൺകുട്ടി മറ്റാരുമായിരുന്നില്ല, ഭാവിയിൽ' ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ തങ്കത്തിലകം കുറിക്കാൻ വിധിച്ച വിശ്വപ്രസിദ്ധയായ സോണിയാ ഗാന്ധി തന്നെയായിരുന്നു. സദാ പുഞ്ചിരിക്കുന്ന മുഖഭാവമുള്ള രജീവ് ഗാന്ധി, ഗ്രീക്ക് ഹോട്ടൽ ഉടമയായ ചാൾസ് അന്റോണിയോട് ആ പെൺകുട്ടിയെ തനിക്ക് പരിചയപ്പെടുത്തണമെന്നും പറഞ്ഞു. രണ്ടു രാജ്യങ്ങളിൽ ജനിച്ചു വളർന്ന വ്യത്യസ്ത സാമൂഹിക സാംസ്ക്കാരിക പശ്ചാത്തലമുള്ള രജീവും സോണിയയും ജീവിതം ഒന്നായി പങ്കുവെച്ചത് ഈശ്വര സങ്കല്പമോ, വിധിയുടെ തിരുവെഴുത്തോ എങ്ങനെ വേണമെങ്കിലും ചിന്തിക്കാം. സോണിയയുടെയും രജീവിന്റെയും പ്രേമ കഥ അധികമൊന്നും ജനസംസാരമായിരുന്നില്ല. അവരുടെ ഹൃദയങ്ങൾ തമ്മിൽ ഐക്യപ്പെട്ട കൊച്ചു പ്രേമത്തിന്റെ നാൾവഴികൾ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ തന്നെ ഗതി തിരിക്കുന്നതിന് കാരണമായി. രജീവിന്റെയും സോണിയയുടെയും പ്രേമത്തിന്റെ കഥ വൈകാരികത സൃഷ്ടിക്കുന്നതാണ്. ഒരു എഴുത്തുകാരന്റെ പേന വിശ്രമമില്ലാതെ ചലിപ്പിക്കുംവിധം ആവേശവും നൽകും.

സോണിയയും രജീവും  തമ്മിൽ പരസ്പ്പരം കണ്ടുമുട്ടിയ ദിവസം സോണിയ എന്ന സുന്ദരി രജീവിന്റെ മനസ്സിൽ ഒരു സ്വപ്ന മാലാഖയായി മാറിക്കഴിഞ്ഞിരുന്നു. ഉടൻ തന്നെ അവൾക്കുവേണ്ടി ഒരു കടലാസ്സിൽ രജീവ് ഒരു കവിത എഴുതി. ഒരു കുപ്പി വൈനും ഒപ്പം പ്രേമ ലഹരിയിൽ രജീവ് എഴുതിയ കവിതയും ചാൾസ് വഴി സോണിയാക്ക് കൊടുത്തു. പ്രേമത്തിന്റെ മാദകലഹരിയിൽ അടിമപ്പെട്ടിരുന്ന അനുഭവകാലങ്ങളെപ്പറ്റി രജീവ് പറയുമായിരുന്നു, "ഞാൻ ആദ്യമായി സോണിയയേ കണ്ടുമുട്ടിയപ്പോൾ അവൾ എനിക്കുവേണ്ടിയുള്ളവളെന്ന് എന്റെ മനസ് മന്ത്രിച്ചുകൊണ്ടിരുന്നു. കളങ്കമില്ലാത്ത അവളുടെ മനസിനെ എന്റെ ഹൃദയം കീഴ്‌പ്പെടുത്തി. എന്തും തുറന്നു സംസാരിക്കുന്ന പ്രകൃതക്കാരിയായിരുന്നു,  വായാടിയായ അവൾ ഒന്നും മനസ്സിൽ ഒളിച്ചു വെക്കില്ലായിരുന്നു. ഒരു വ്യക്തിയെന്ന നിലയിൽ അവൾ എന്നെ പരിപൂർണ്ണമായും മനസിലാക്കിയിരുന്നു. അവളുടെയും എന്റെയും പാവനമായ  സ്നേഹത്തിനുമുമ്പിൽ ഞാൻ സ്വയം ഒരു സ്വപ്ന തീർത്ഥാടകനായി മാറിക്കഴിഞ്ഞിരുന്നു."

സായം കാലങ്ങളിൽ ഇരുവരും പട്ടണം ചുറ്റി കറങ്ങാൻ പോവുമായിരുന്നു. സത്യജിത്ത് റേയുടെ 'പഥേർ പാഞ്ചാലി'യാണ് അവർ ഒന്നിച്ചു കണ്ട ആദ്യത്തെ സിനിമ. ഒരു സാധാരണക്കാരനെപ്പോലെയാണ്, രജീവ് കെയിംബ്രിഡ്ജിൽ കഴിഞ്ഞതെങ്കിലും മഹത്തായ ഒരു രാഷ്ട്രീയ പാരമ്പര്യത്തിന്റെയും നെഹ്‌റു കുടുംബത്തിന്റെയും പിന്തുടർച്ചക്കാരനായിരുന്ന വസ്തുത കെയിംബ്രിഡ്ജിൽ അധികം പേർക്ക് അറിയില്ലായിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പുത്രനായിരുന്ന വിവരവും അടുത്തുള്ളവർക്കു മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. സോണിയയോടുള്ള അത്യാഗാതമായ സ്നേഹം പ്രകടമാക്കിക്കൊണ്ടും തന്റെ ഭാവി വധുവാണെന്നു അറിയിച്ചുകൊണ്ടും രജീവ് അമ്മയ്ക്ക് ഒരു കത്തെഴുതിയിരുന്നു. ഇന്ദിരക്ക് കത്ത് ലഭിക്കുകയും ഇക്കാര്യം അവരുടെ അമ്മായിയായ വിജയ ലക്ഷ്മി പണ്ഡിറ്റുമായി ആലോചിക്കുകയും ചെയ്തു. അതിനുശേഷം ഭാവി മരുമകളെ കാണാനും തീരുമാനിച്ചു.

നെഹൃവിന്റെ ജീവിതവുമായി ബന്ധപ്പെടുത്തിയുള്ള ഒരു പൊതു പ്രദർശനത്തിനു (exhibition) സംബന്ധിക്കാൻ 1965-ൽ ഇന്ദിരാ ഗാന്ധി ഇംഗ്ളണ്ടിലെത്തി. അവിടെ വെച്ച് സോണിയയെ രജീവ് പരിചയപ്പെടുത്തി. അപ്പോഴേക്കും യുവ കമിതാക്കളായ രജീവും സോണിയയും വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു. തുറന്ന ചിന്താഗതിയുണ്ടായിരുന്ന ഇന്ദിരാഗാന്ധി അവരുടെ ബന്ധത്തിന് തടസം നിന്നില്ല. താൻ എന്തെങ്കിലും അഭിപ്രായം പറയുന്നതിനുമുമ്പ് മറ്റു ബന്ധുജനങ്ങളോടും ആലോചിക്കാനായി സോണിയ ഇന്ത്യ സന്ദർശിക്കണമെന്നും  ആവശ്യപ്പെട്ടു.

ഇന്ദിരാഗാന്ധി സമ്മതിച്ചെങ്കിലും സോണിയയുടെ പിതാവ് മിസ്റ്റർ സ്‌റ്റെഫാനോ മൈനോയ്ക്ക് ഇവരുടെ വിവാഹ കാര്യത്തിൽ ഭയമുണ്ടായിരുന്നു. രജീവിനെ അദ്ദേഹത്തിന് ഇഷ്ടമായിരുന്നെങ്കിലും പ്രബലമായ ഒരു രാഷ്ട്രീയ കുടുംബത്തിലെ അംഗമെന്ന നിലയിലും ഇന്ത്യൻ പ്രധാന മന്ത്രി ഇന്ദിരാഗാന്ധിയുടെ മകനെനെന്ന നിലയിലും രജീവിനെ സോണിയ വിവാഹം കഴിക്കുന്നതിൽ ആ പിതാവിനു ദുഃഖമുണ്ടായിരുന്നു.

രണ്ടു മഹനീയ വ്യക്തികളായ രജീവിന്റെയും സോണിയയുടെയും വിശ്വപ്രേമത്തിനു സാക്ഷ്യം വഹിച്ച കെയിംബ്രിഡ്ജിൽ നിന്നും എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കാതെ 1967-ൽ രജീവ് ഗാന്ധി ഇന്ത്യയിൽ മടങ്ങിയെത്തി. 1968-ൽ സോണിയായ്ക്ക് 21 വയസു തികഞ്ഞപ്പോൾ അവരും രജീവിനൊപ്പം കൂട്ടുകാരിയായി ജീവിക്കാൻ ഇന്ത്യയിൽ എത്തി. രജീവ് കെയിംബ്രിഡ്‌ജിൽ നിന്ന് മടങ്ങി വന്നയുടൻ പൈലറ്റായി ജോലിചെയ്യുകയായിരുന്നു. സോണിയ വിവാഹിതയാകുംമുമ്പ് ബച്ചൻ കുടുംബത്തിലായിരുന്നു താമസിച്ചിരുന്നത്. അതിനിടയിൽ ഇന്ദിര കുടുംബം കല്യാണത്തിനുള്ള ഒരുക്കങ്ങളും തുടങ്ങിയിരുന്നു. രജീവും സോണിയയും തമ്മിലുള്ള ബന്ധം ഗൗരവപൂർവമായതിനാൽ അവരുടെ വിവാഹം എത്രയും പെട്ടെന്ന് നടത്താൻ തീരുമാനിക്കുകയാണുണ്ടായത്. ബന്ധുക്കളുടെയും മിത്രങ്ങളുടേയുമിടയിൽ വേണ്ടാത്ത കിംവദന്തികളും തുടങ്ങിയിരുന്നു. ഇന്ദിരാ ഗാന്ധി തന്നെ വിവാഹ  ഒരുക്കങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു.

1968 ജനുവരി അവസാനം രജീവും സോണിയയുമായുള്ള വിവാഹ നിശ്ചയവും ഉറപ്പിക്കലും നടന്നു. ന്യൂഡൽഹിയിലുള്ള ബച്ചന്റെ ഭവനത്തിലായിരുന്നു ആഘോഷങ്ങൾ നടന്നത്. പിന്നീട് പ്രധാനമന്ത്രിയുടെ വീടിനു പുറകിലായി ഔദ്യോഗികമായ വിവാഹവും നടന്നു. രാഷ്ട്രീയത്തിലെയും വ്യവസായത്തിലെയും പ്രമുഖരായ അനേകമാളുകൾ വിവാഹ ചടങ്ങുകളിൽ പങ്കുകൊള്ളാൻ വന്നിരുന്നു. ആഘോഷങ്ങളെ അപ്പോഴപ്പോൾ വാർത്തകളാക്കാൻ പത്രപ്രവർത്തകരുടെ തിക്കും തിരക്കും വളരെയധികമായിരുന്നു. പിറ്റേദിവസം ഹൈദ്രബാദ് ഹൌസിൽ വലിയ തോതിലുള്ള സദ്യയും വിവാഹത്തോടനുബന്ധിച്ചുള്ള ആചാരങ്ങളും പാട്ടുകച്ചേരി സഹിതമുള്ള ആഘോഷങ്ങളുമുണ്ടായിരുന്നു.

രാഷ്ട്രീയത്തിൽ ഇടപെടാതെ ഒരു കുടുംബനാഥനായി രജീവ് ഗാന്ധി ഒതുങ്ങി കഴിയുകയായിരുന്നു. 1970 ജൂൺ പത്തൊമ്പതാം തിയതി ഈ ദമ്പതികൾക്ക് രാഹുൽ ഗാന്ധിയുണ്ടായി. പ്രിയങ്ക 1972 ജനുവരി പന്ത്രണ്ടാം തിയതിയും ജനിച്ചു. സോണിയ ഒരു വീട്ടമ്മയായി കഴിഞ്ഞുകൂടി. തന്റെ ഭർത്താവ് രജീവ് ഒരിക്കലും രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ അവർ ആഗ്രഹക്കുന്നില്ലായിരുന്നു. രജീവിനും രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ  താല്പര്യമില്ലായിരുന്നു. താനൊരിക്കലും രാഷ്ട്രീയത്തിൽ പ്രവർത്തിക്കില്ലെന്ന് രജീവ് സോണിയാക്ക് വാക്കു കൊടുത്തിരുന്നു.

രാഷ്ട്രീയത്തിൽ നിന്നും പൊതു ജനങ്ങളുടെ ശ്രദ്ധയിൽ നിന്നും അകന്ന് ഒരു കുടുംബിനിയെപ്പോലെ സോണിയ ഗാന്ധി കഴിയുകയായിരുന്നു. സജ്ജയ ഗാന്ധിയുടെ അപ്രതീക്ഷിതമായ മരണശേഷം 'രജീവിന് താൻ രാഷ്ട്രീയത്തിൽ പ്രവർത്തിക്കില്ലെന്നുള്ള' സോണിയയ്ക്ക് കൊടുത്ത വാക്ക് പാലിക്കാൻ സാധിക്കാതെ വന്നു. ദുഃഖിതയായ തന്റെ അമ്മയെ രാഷ്ട്രീയ കാര്യങ്ങളിലും രാജ്യ കാര്യങ്ങളിലും സഹായിക്കേണ്ട ചുമതലകൾ അദ്ദേഹത്തിൽ വന്നു കൂടി. രജീവിന്റെ രാഷ്ട്രീയത്തിലുള്ള പ്രവേശനത്തെ എതിർത്തുകൊണ്ട് സോണിയ ദിവസങ്ങളോളം കരഞ്ഞു. അവർ തമ്മിലുള്ള സ്നേഹത്തിന്റെ ഏറ്റുമുട്ടലുകൾക്കുമീതെ  രജീവിന്റെ രാഷ്ട്രീയപ്രവേശനം ഒരു നിമിത്തമായി മാറി. ക്രമേണ രാജ്യത്തെ സേവിക്കേണ്ടത് തന്റെ ഭർത്താവിന്റെ കടമയെന്നും അവർ മനസിലാക്കി.

രജീവ് ഗാന്ധി രാഷ്ട്രീയത്തിൽ ഇറങ്ങിയ ശേഷം അവർ ജനങ്ങളുമായി സമ്പർക്കമാരംഭിച്ചു. രജീവ് ഗാന്ധി പ്രധാനമന്ത്രിയായി മത്സരിക്കുന്ന വേളയിൽ ഭർത്താവിനൊപ്പം പൊതുപരിപാടികളിലും സഹകരിച്ചുകൊണ്ടിരുന്നു. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മരണശേഷമാണ് കൂടുതലും രാഷ്ട്രീയ കാര്യങ്ങൾക്കായി അവർ ഭർത്താവിനൊപ്പം സമയം ചെലവഴിക്കാൻ ആരംഭിച്ചത്. 1984-ൽ മേനക ഗാന്ധിയ്ക്കെതിരെ തിരഞ്ഞെടുപ്പു പ്രചരണങ്ങളിൽ പങ്കുകൊണ്ടു. അന്ന് രജീവ് ഗാന്ധിക്കെതിരെ അമേത്തിയായിൽ മേനക ഗാന്ധി മത്സരിച്ചിരുന്നു. രജീവ് ഗാന്ധി വിജയിക്കുകയും ആ വർഷം അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാവുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ ഭാര്യയെന്ന നിലയിൽ അവർ അദ്ദേഹത്തോടൊപ്പം ഇന്ത്യയുടെ നാനാ ഭാഗങ്ങളിലും വിദേശങ്ങളിലും സഞ്ചരിച്ചിരുന്നു.  എന്നാൽ 1991-ൽ രജീവ് ചെന്നൈയിൽ വെച്ച് തമിഴ്പുലികളാൽ അതിക്രൂരമാം വിധം കൊല്ലപ്പെട്ടു. അന്ന് കുടുംബത്തിനും രാജ്യത്തിനും ആ വാർത്ത വലിയൊരു ഞെട്ടലായി മാറി. അതിനുശേഷം സോണിയ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. പിന്നീടുള്ള കഥകളെല്ലാം രാജ്യത്തിന്റെ ചരിത്രമായി സുവർണ്ണ താളുകളിൽ  എഴുതിക്കൊണ്ടിരിക്കുന്നു.

രജീവിന്റെ മരണശേഷം കോൺഗ്രസ്സ് പാർട്ടി സോണിയാ ഗാന്ധിയോട് രാജ്യത്തിന്റെ പ്രധാനമന്ത്രി പദം സ്വീകരിക്കാൻ ആവശ്യപ്പെട്ടെങ്കിലും നിരസിക്കുകയാണുണ്ടായത്. അവരുടെ ആഗ്രഹപ്രകാരം പി.വി. നരംസിംഹ റാവുവിനെ നേതാവായി തിരഞ്ഞെടുത്തു. പിന്നീട് സ്വന്തം കുടുംബത്തിൽപ്പെട്ടവരും രാഷ്ട്രീയത്തിലെ മുതിർന്നവരും നെഹ്‌റു കുടുംബത്തെ അവഗണിക്കാനുളള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. രാഷ്ട്രീയഭാവി കൈവിട്ടുപോകുമെന്നു ബോദ്ധ്യം വന്നപ്പോഴായിരുന്നു സോണിയ രാഷ്ട്രീയത്തിലേക്ക് കാലു കുത്താൻ തുടങ്ങിയത്. അവരുടെ പ്രവേശനം ബി.ജെ.പി.യിൽ പരിഭ്രാന്തിയുണ്ടാക്കാൻ തുടങ്ങി.

1999-ൽ അവർ ബെല്ലാരിയിൽ മത്സരിക്കാൻ തീരുമാനിച്ചപ്പോൾ ഏതു വിധേനയും തോൽപ്പിക്കാനുള്ള തന്ത്രങ്ങളും ബിജെപി നെയ്തെടുക്കുന്നുണ്ടായിരുന്നു. എതിരാളിയായി സുഷമാ സ്വരാജിനെയിറക്കി. പട്ടു വസ്ത്രവും സാരികളും അണിയിച്ച് കൈകൾ നിറയെ കുപ്പിവളകളും ധരിച്ചു ആരെയും ആകർഷിക്കത്തക്ക വിധം സുന്ദരിയായിട്ടായിരുന്നു സുഷമാ സ്വരാജ് പ്രചരണം നടത്തിയിരുന്നത്. സുഷമയുടെ ചന്തമുള്ള ചുവന്ന പൊട്ട് സ്ത്രീകളുടെ അനുകരണമായി മാറുകയും ചെയ്തു. എങ്കിലും രാഷ്ട്രീയ പാരമ്പര്യമുള്ള നെഹ്രുവിയൻ കുടുംബത്തിൽ ഇന്ദിരയുടെ മരുമകളായി വന്ന സോണിയയേ തോൽപ്പിക്കാൻ സുഷമയ്ക്ക് സാധിച്ചില്ല. സോണിയ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് പാർലമെന്റിൽ തിരഞ്ഞെടുക്കപ്പെട്ടത്. 1999-ൽ പതിമൂന്നാം ലോകസഭയിൽ പ്രധാന മന്ത്രി വാജ്‌പേയുടെ കീഴിൽ എൻ.ഡി.എ സർക്കാർ ഭരിച്ചിരുന്ന നാളുകളിൽ അവർ പ്രതിപക്ഷ നേതാവായി പ്രവർത്തിച്ചു.

ഉത്തർ പ്രദേശിലെ റായ് ബറേലിൽ നിന്ന് സോണിയ 2004-ലും 2009-ലും ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് സോണിയ 2004-ൽ റായ് ബറേലിൽ നിന്നും വിജയിച്ചത്. സോണിയ ഗാന്ധി പ്രസിഡന്റ് കെ.ആർ.നാരായണനെ കാണുകയും പാർലമെന്റിൽ 272 അംഗബലം ഉണ്ടെന്ന് അറിയിക്കുകയും ഇനിയും കൂടുതൽ അംഗങ്ങൾ മറ്റു പാർട്ടികളിൽ നിന്നും തങ്ങളോടൊപ്പം വരാൻ ആഗ്രഹിക്കുന്ന വിവരവും അറിയിച്ചു. പ്രധാനമന്ത്രിയാകാനുള്ള ആഗ്രഹവും സോണിയ പ്രസിഡന്റ് നാരായണൻ മുമ്പാകെ അവതരിപ്പിച്ചു. അതുവരെ രാഷ്ട്രീയത്തിൽ യാതൊരു പരിജ്ഞാനവുമില്ലാഞ്ഞ സോണിയ പ്രധാന മന്ത്രി പദം മോഹിക്കുന്ന വിവരം അന്നാണ് ഔദ്യോഗികമായി അറിയിച്ചത്.

2004-ൽ, യു.പി.എ എന്ന പേരിൽ പതിനഞ്ചു പാർട്ടികൾ യോജിച്ചുകൊണ്ടു അവർ ഒരു കൂട്ടുനേതൃത്വം അടങ്ങിയ സംഘടന രൂപീകരിച്ചു. പതിനഞ്ചു പാർട്ടികൾ കൂടിയ യു.പി.എ സർക്കാർ കേന്ദ്ര മന്ത്രിസഭയുണ്ടാക്കി ഭരണമാരംഭിച്ചു. സോണിയ പ്രധാന മന്ത്രിയാകാൻ ആഗ്രഹിച്ചിരുന്നെങ്കിലും  എൻ.ഡി.എ പാർട്ടികളിൽ നിന്നും ശക്തമായ എതിർപ്പുകളുണ്ടായതു കാരണം അന്നത്തെ മോഹം സാധിച്ചില്ല. വിദേശ ജന്മം പ്രധാനമന്ത്രിയാകാൻ അവർക്ക് തടസമായി തീർന്നു. അതുമൂലം ഇന്ത്യയുടെ പ്രധാനമന്ത്രിയായി മൻമോഹൻ സിംഗിനെ സോണിയ ശുപാർശ ചെയ്തു.

2006 മാർച്ചിൽ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയഗാന്ധി എം.പി സ്ഥാനവും ദേശീയ ഉപദേശക സമിതി അദ്ധ്യക്ഷസ്ഥാനവും രാജിവയ്ക്കേണ്ടി വന്നു. കോൺഗ്രസിന്റെ ഉപാദ്ധ്യക്ഷ എന്ന നിലയിൽ അവർ പ്രതിഫലവും പറ്റുന്നുണ്ടായിരുന്നു. എം.പിയായിരിക്കെ പ്രതിഫലം പറ്റുന്ന പദവി വഹിക്കുന്നുവെന്നതിന്റെ പേരില്‍ സോണിയയ്ക്കെതിരെ പ്രതിപക്ഷം രാഷ്ട്രപതിയെ സമീപിക്കുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് രാജി. സോണിയ സ്വയം ന്യായികരിക്കാൻ സർക്കാരിനെയും പാര്‍ലമെന്റിനെയും ഉപയോഗിക്കുകയാണെന്ന ആരോപണവുമുണ്ടായിരുന്നു. അത് സോണിയയെ വളരെയധികം വേദനിപ്പിക്കുകയും ചെയ്തു. 2006- മെയ് മാസത്തിൽ സോണിയ റായ് ബറേലിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

രാഷ്ട്രീയത്തിലും സോണിയ ഗാന്ധി സർവ്വവിധ അടവുകളോടെ മറ്റെല്ലാ രാഷ്ട്രീയക്കാരെപ്പോലെതന്നെ   സമർത്ഥമായി പ്രവർത്തിച്ചിട്ടുണ്ട്. രജീവ് ഗാന്ധിയുടെ വധക്കേസിൽ സംശയത്തിന്റെ നിഴൽ വീശിയിരുന്ന ഡി.എം.കെ.യുമായി സഖ്യത്തിലേർപ്പെട്ടത് അവരുടെ വിജയമായിരുന്നു. പ്രധാനമന്ത്രി പദം വേണ്ടെന്നു വെച്ച ത്യാഗോജ്ജലമായ ഒരു മനസും അവർക്കുണ്ടായിരുന്നു. നെഹ്രുവിയൻ സോഷ്യലിസത്തെ തന്റെ രാഷ്ട്രീയ അജണ്ടയിൽ കൊണ്ടുവരാൻ സാധിച്ചതും നേട്ടമായിരുന്നു. 2002-ലെ ഗുജറാത്ത് കലാപം മുൻനിർത്തി സോണിയ ഗാന്ധി നടത്തിയ പ്രചരണവും രാഷ്ട്രീയ നേട്ടങ്ങൾ കൊയ്യാൻ സാധിച്ചു. ഗുജറാത്ത് കലാപം സോണിയ ഗാന്ധി തിരഞ്ഞെടുപ്പു കാലങ്ങളിൽ വിവാദവിഷയമായി അവതരിപ്പിച്ചത് തന്റെ പാർട്ടിയുടെ പരാജയത്തിന് കാരണമായിയെന്നു വാജ്‌പേയി പറഞ്ഞിരുന്നു. ഇന്ത്യൻ ജനാധിപത്യം അപമാനിക്കപ്പെട്ടിരുന്ന നാളുകളിൽ സോണിയ ഗാന്ധിയുടെ നേതൃത്വം പാർട്ടിക്ക് ഉന്മേഷവും ഉണർവും നൽകിക്കൊണ്ടിരുന്നു. അവരുടെ ഇന്ത്യയെന്ന സങ്കല്പം മതഭ്രാന്തന്മാരുടെ വിഷം നിറഞ്ഞ മനസായിരുന്നില്ല. മതേതര സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിൽ വിശ്വസിച്ചുകൊണ്ടുള്ള ആശയ പോരാട്ടങ്ങൾക്കായിരുന്നു അവർ മുൻഗണന നൽകിയിരുന്നത്.

സോണിയ 2007-ൽ മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടാംതിയതി യുണൈറ്റഡ് നാഷനെ അഭിസംബോധന ചെയ്തു പ്രസംഗിച്ചിരുന്നു. 2007 ജൂലൈ പതിനഞ്ചാം തിയതി ഒക്ടോബർ രണ്ടിനെ ആഗോള അഹിംസാ ദിനമായി യുണൈറ്റഡ് നാഷൻ പ്രഖ്യാപിക്കുകയുണ്ടായി. 2009-ലെ പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് നയിക്കുന്ന യു.പി.എ സർക്കാർ വീണ്ടും അധികാരത്തിൽ വന്നു. കോൺഗ്രസ്സ് 206 സീറ്റു നേടി ഏറ്റവും വലിയ പാർട്ടിയായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയും മൻമോഹൻ സിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലകളും വഹിച്ചു.

സോണിയ ഗാന്ധിയെ എതിരാളികൾ മതേതര കോർപ്പറേറ്റ് സോഷ്യലിസ്റ്റെന്ന് വിളിക്കാറുണ്ട്. രണ്ടാം യു.പി.എ സർക്കാരിന്റെ അഴിമതികളെ നിശബ്ദമായി നോക്കി നിന്നതും അവരുടെ പരാജയമായി കരുതുന്നു. സ്വാതന്ത്ര്യം കിട്ടിയ കാലം മുതൽ ഒരു ഡൈനാസ്റ്റി ഭരണം നീണ്ട കാലത്തോളം ഇന്ത്യയിലുണ്ടായിരുന്നു. നെഹ്‌റു കുടുംബം കോൺഗ്രസിനെ കുടുംബസ്വത്തായി കൊണ്ടുനടന്നുവെന്നും ആരോപിക്കുന്നു.  നശിച്ചു പോകാറായ കോൺഗ്രസിനെ പുനർ ജീവിപ്പിച്ച് അടുത്ത തലമുറക്ക് കൈമാറണമെന്നുള്ള ദൗത്യവും അവർ നിർവഹിച്ചു. അവസാനം കോൺഗ്രസ്സെന്ന പ്രസ്ഥാനം രാഹുലിന്റെ കൈകളിൽ ഭദ്രമായി ഏൽപ്പിച്ച ശേഷമാണ് അവർ കോൺഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തുനിന്നും വിട വാങ്ങിയത്. നെഹ്‌റു കുടുംബത്തെ പിന്താങ്ങിയവരെ മാത്രം വളർത്തുകയും മറ്റുള്ളവരെ രാഷ്ട്രീയക്കളരിയിൽനിന്നും പുറം തള്ളിയ ചരിത്രവും സോണിയായിൽ ആരോപിക്കുന്നുണ്ട്.

ബോഫേഴ്സ് വിവാദത്തിൽ സംഭവിച്ചതെന്തെന്ന് ഇന്നും വ്യക്തമല്ലെങ്കിലും അത്തരം ഒരു ആരോപണത്തിന്റ പേരിൽ സോണിയയേയും അപകീർത്തിപ്പെടുത്തുകയുണ്ടായി. ഇറ്റാലിയൻ വ്യവസായി ഒട്ടാവോ ക്വട്ടറോച്ചി (Ottavio Quattrocchi) സോണിയയുടെ അടുത്ത സുഹൃത്തെന്ന നിലയിൽ പ്രധാന മന്ത്രിയുടെ ഓഫിസുമായി നല്ല സൗഹാർദ്ദ ബന്ധം സ്ഥാപിച്ചിരുന്നു. ഒട്ടാവിയോ ക്വട്ടറോച്ചി  ഇന്ത്യൻ സൈന്യത്തിനുവേണ്ടി ആയുധം വിറ്റ വകയിൽ അഞ്ചുമില്ലിയൻ പൗണ്ട് കമ്മീഷൻ നേടിയെന്നുള്ള ആരോപണമായിരുന്നു ഒച്ചപ്പാടുകൾക്ക് കാരണമായത്. 2009-ൽ ഇറ്റാലിയൻ വ്യവസായിക്കെതിരെയുള്ള ക്രിമിനൽ കേസ് കോൺഗ്രസ്സ് സർക്കാർ തേച്ചു മായിച്ചു കളഞ്ഞെങ്കിലും ആദായ നികുതി വകുപ്പ് കേസുമായി രംഗത്ത് വന്നു. അഞ്ചുമില്ലിയൻ കമ്മീഷൻ കാരണം നികുതിയിനത്തിൽ കിട്ടാനുള്ള വരവ് ലഭിച്ചില്ലെന്ന പേരിലായിരുന്നു ആദായ നികുതി വകുപ്പ് കേസ്സെടുത്തത്.  ബിജെപി ഇതിൽ അവസരം മുതലാക്കിക്കൊണ്ടു പാർലമെന്റിൽ ഒച്ചപ്പാടുമുണ്ടാക്കിയിരുന്നു.

2004-ൽ സോണിയാ ഗാന്ധിയെ ഫോർബ്സ് മാഗസിൻ (Forbes) ലോകത്തിലെ മൂന്നാമത്തെ പ്രബലയും ശക്തയുമായ വനിതയായി വിശേഷിപ്പിച്ചിരുന്നു.  2006-ൽ ബ്രസ്സൽസ് യൂണിവേഴ്സിറ്റി അവരെ ഹോണററി ഡോക്ടർ ബിരുദം നൽകി ബഹുമാനിച്ചു. 2006-ൽ ബെൽജിയം സർക്കാർ കിംഗ് ലിയോപോൾഡ് എന്ന ബഹുമതി നൽകി ആദരിച്ചു. 2007-ലും 2008-ലുമുള്ള ടൈം മാഗസിനിൽ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളിൽ സോണിയാ ഗാന്ധിയുടെ പേരുമുണ്ടായിരുന്നു. 2008-ൽ മദ്രാസ് യൂണിവേഴ്സിറ്റി അവരെ സാഹിത്യത്തിൽ ഹോണററി ഡോക്റ്ററേറ്റ് നൽകി ആദരിച്ചു. 2010-ലെ ബ്രിട്ടീഷ് മാഗസിനിൽ പ്രസിദ്ധീകരിച്ച ലോകത്തിലെ അഞ്ചു സ്വാധീനമുള്ള സ്ത്രീകളുടെ ലിസ്റ്റിൽ  അവരുമുണ്ടായിരുന്നു.

സോണിയ ഗാന്ധി രണ്ടു പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ആദ്യത്തെ പുസ്തകം ഇന്ദിര ഗാന്ധിയുടെ തിരഞ്ഞെടുത്ത സുഭാഷിതങ്ങളെപ്പറ്റിയാണ്. ('Indira Gandhi: Selected Sayings') ഈ പുസ്തകത്തിൽ ഇന്ദിരയുടെ പ്രസംഗത്തിൽ നിന്നും വന്ന ഉദ്ധരണികളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതിൽ ഇന്ത്യയെ കണ്ടെത്തലും ഇന്ത്യയെപ്പറ്റിയുള്ള കാഴ്ചപ്പാടും പ്രകടമാക്കുന്നു. രാഷ്ട്രീയത്തിനുപരി അവരുടെ വ്യക്തിപരമായ ജീവിതവും പുസ്തകത്താളുകളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 'റ്റൂ എലോൺ, റ്റൂ റ്റുഗതർ'  ('Two Alone, Two Together') എന്ന പുസ്തകം ജവഹർലാൽ നെഹ്‌റുവിന്റെ 'ഒരു അച്ഛൻ മകൾ ഇന്ദിരയ്ക്കയച്ച കത്തുകളെ'പ്പറ്റിയാണ്.  ഒരു നാണം കുണുങ്ങിയായിരുന്ന  ഇന്ദിര എന്ന സ്‌കൂൾക്കുട്ടിയുടെ ജീവിത പശ്ചാത്തലം  മുതൽ ചരിത്രം തുടങ്ങുന്നു. പിന്നീട് ലോക രാഷ്ട്രീയത്തിൽ തന്നെ അത്ഭുത പ്രതിഭാസമായിരുന്ന ഉരുക്കു വനിത ഇന്ദിരയെപ്പറ്റി തന്നെയാണ് പുസ്തകത്തിലെ ഉള്ളടക്കം. രണ്ടു മഹത് വ്യക്തികളുടെ കാഴ്ചപ്പാടുകളാണ് പുസ്തകത്തിന്റെ സാരം. അതിൽ കുടുംബ വിവരങ്ങളുണ്ട്. രാഷ്ട്രീയവുമുണ്ട്. രാഷ്ട്രത്തിന്റെ സാമൂഹിക പ്രശ്നങ്ങളും  ഉൾക്കൊള്ളിച്ചിട്ടുണ്ട്.

സംഭവ ബഹുലമായ അവരുടെ ജീവിതവും പോരാട്ടങ്ങളും  അവർണ്ണനീയമാണ്. സങ്കീർണ്ണമായ നിരവധി പ്രശ്നങ്ങളുടെ ഒരു ജീവിതമായിരുന്നു  അവർ നയിച്ചിരുന്നത്. അധികാരത്തിനുള്ള മോഹങ്ങൾക്കായി  കലഹിച്ചില്ല. എന്നാൽ കൂടെക്കൂടെ ദുഃഖപൂർണ്ണമായ സംഭവങ്ങൾ അവരുടെ കുടുംബത്തിൽ ആഞ്ഞടിച്ചുകൊണ്ടിരുന്നു.  ഏറ്റവും കൂടുതല്‍ കാലം കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവി വഹിച്ച ശേഷമായിരുന്നു അവർ ആ സ്ഥാനത്തുനിന്നും പിന്മാറിയത്. മകൻ രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്തെങ്കിലും ഭാവിയിലും  കോൺഗ്രസ് പ്രവർത്തകയായി രാഷ്ട്ര ക്ഷേമത്തിനായി  പ്രവർത്തിക്കുമെന്നും   അവർ പറയുന്നു.





















No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...