Saturday, August 18, 2018

പ്രളയ കേരളവും പ്രകൃതി ചൂഷണവും


ജോസഫ് പടന്നമാക്കൽ 

ചരിത്രത്തിലെ ഏറ്റവും അതിരൂക്ഷമായ പ്രളയ ദുരിതങ്ങളാണ് കേരള ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിനോടകം കേരളസംസ്ഥാനമാകെ മുന്നൂറ്റി എഴുപതോളം മനുഷ്യ ജീവിതങ്ങൾ നഷ്ടപ്പെട്ടതായി വാർത്തകളിൽ അറിയുന്നു. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനായി കേരളമൊന്നാകെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സോഷ്യൽ മീഡിയാകളിലും ഫേസ് ബുക്കിലും പലരുടെയും കരളലിയിക്കുന്ന നിലവിളികളും സഹായത്തിനായുള്ള അഭ്യർത്ഥനകളും കേൾക്കാം. നാട്ടിൽ ഉറ്റവരായ ബന്ധു ജനങ്ങളുടെ അപകട ഭീതിയിൽ വിദേശ മലയാളികളും എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ്. ദുരിത മേഖലയിൽ വസിക്കുന്നവരെക്കാളും വിദേശത്തു താമസിക്കുന്ന ബന്ധുജനങ്ങൾ കൂടുതൽ ആകുലരായും കാണുന്നു. പലരുടെയും നിസ്സഹായാവസ്ഥയിലുള്ള നിലവിളികൾ കേൾക്കുന്നവരുടെയും മനസുകളെ ചഞ്ചലവും ദുഃഖഭരിതവുമാക്കുന്നുണ്ട്.

പ്രളയ കെടുതിയിൽ നിന്ന് രക്ഷപെടാൻ, ജീവനെ നിലനിർത്താൻ, കിടപ്പാടം ഉപേക്ഷിച്ചും മനുഷ്യർ നെട്ടോട്ടം ഓടുന്ന കാഴ്‌ചകളാണ് ദൃശ്യ മാധ്യമങ്ങളിലും വാർത്തകളിലും ദിനം പ്രതി വായിക്കുന്നത്. പല സ്ഥലത്തും കുടിവെള്ളം പോലുമില്ല. മിക്ക സ്ഥലങ്ങളിലും വൈദ്യുതിയും നിലച്ചു. റയിൽ, വിമാനം ഗതാഗതങ്ങളും സ്തംഭിച്ചു. നെറ്റ് വർക്കുകൾ തകരാറിലായതിനാൽ ആശയ വിനിമയങ്ങളും ദുഷ്ക്കരമായിരിക്കുന്ന സ്ഥിതി വിശേഷമാണ് കേരളത്തിലുള്ളത്. സൈന്യങ്ങളും രക്ഷാപ്രവർത്തകരും രാവും പകലും പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്നുണ്ടെങ്കിലും ഇന്നും രക്ഷപെടാൻ സാധിക്കാതെ അനേകായിരങ്ങളാണ് വെള്ള തുരുത്തുകളിൽ കുടുങ്ങി കിടക്കുന്നത്. കുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധരായവരും എല്ലാം അക്കൂടെയുണ്ട്. പലയിടത്തും വീടുകൾ മുങ്ങി. ജീവനുവേണ്ടിയുള്ള നിലവിളികൾ നാടിൻറെ നാനാഭാഗത്തു നിന്നും കേൾക്കാം. അക്കൂടെ ഉരുൾ പൊട്ടലിൽക്കൂടിയും ദുരന്തങ്ങൾ സംഭവിക്കുന്നു. നദികളും ആറുകളും നിയന്ത്രണമില്ലാതെ മലവെള്ള പാച്ചിലോടെ പായുന്നു. ഫേസ്ബുക്കിലും മാദ്ധ്യമങ്ങളിലും രക്ഷിക്കണേയെന്നുള്ള നിലവിളികളോടെ സന്ദേശങ്ങളും തുടർച്ചയായി എത്തുന്നു. രക്ഷാ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്നുണ്ടെങ്കിലും പലയിടത്തും സേവനം ഇതുവരെയും എത്തിയിട്ടില്ല.

പ്രകൃതി ദുരന്തവും പേമാരിയും ഒരു നാടിന്റെ സംസ്ക്കാരത്തെ തന്നെ അട്ടിമറിക്കാറുണ്ട്. കേരളത്തിലും അത്തരം ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ക്ഷോപം ഉണ്ടായത് 1924 ആഗസ്റ്റിൽ എന്ന് കരുതുന്നു. മലയാള മാസം 1099 കർക്കിടകത്തിൽ ഈ ദുരന്തം സംഭവിച്ചതുകൊണ്ടു 99 ലെ വെള്ളപ്പൊക്കമെന്നു മുതിർന്ന തലമുറകൾ പറഞ്ഞിരുന്നു. കേരള നാടിന്റെ നാനാഭാഗങ്ങളിലുമുള്ള ജനവിഭാഗങ്ങളുടെ ദൈനം ദിന ജീവിതത്തെ തകിടം മറിച്ച ഒരു ചരിത്ര സംഭവമായിരുന്നു അത്. വാർത്താ സൗകര്യങ്ങൾ അധികം ഇല്ലാതിരുന്ന അന്നത്തെ കാലഘട്ടം കേട്ടറിവിനേക്കാൾ ഭയാനകമായിരുന്നു. മൂന്നാഴ്ചയോളം നീണ്ടു നിന്നിരുന്ന അന്നത്തെ പേമാരിയിൽ നാടുനീളെയുള്ള താണ പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിന്റെ അടിയിലായി പോയിരുന്നു. മദ്ധ്യ തിരുവിതാംകൂറിനെയും തെക്കേ മലബാറിനെയും പ്രളയം അതിരൂക്ഷമായി ബാധിച്ചിരുന്നു. അതിനു ശേഷം അത്രമാത്രം വലിയ ഒരു മഴ പെയ്തിട്ടില്ല.

എത്ര മനുഷ്യർ അന്നത്തെ വെള്ളപൊക്കത്തിൽ മരിച്ചുവെന്നതും വ്യക്തമല്ല. മരിച്ചവരുടെ സ്ഥിതി വിവര കണക്കുകൾ എടുക്കാനുള്ള സംവിധാനങ്ങൾ അന്നുണ്ടായിരുന്നില്ല. ഉയർന്ന പ്രദേശങ്ങൾ അഭയാർത്ഥികളെ കൊണ്ട് നിറഞ്ഞിരുന്നു. പട്ടിണിയും വസന്തയും നാടാകെ പടർന്നു പിടിച്ചിരുന്നു. എറണാകുളം പട്ടണത്തിന്റെ ഭൂരി ഭാഗം ഭൂപ്രദേശങ്ങളും വെള്ളത്തിന്റെ അടിയിലായിരുന്നു.  ഇരുപതടിയിൽ കൂടുതൽ വെള്ളത്തിന്റെ നിരപ്പ് ഉയർന്നിരുന്നു. കോഴിക്കോട് പട്ടണവും വെള്ളത്തിന്റെ അടിയിലായിരുന്നു. കേരളത്തിന് അനുഭവിക്കേണ്ടി വന്ന ഏറ്റവും ദുരിതം മൂന്നാറിലെ ബ്രിട്ടീഷ്കാർ സ്ഥാപിച്ച തേയില തോട്ടങ്ങളുടെ നാശമായിരുന്നു.

അന്ന് മൂന്നാറിൽ വൈദ്യുതിയും റെയിൽവേയും ഉണ്ടായിരുന്നു. മോണോ റെയിൽ സിസ്റ്റത്തിലുള്ള റയിൽവേ ആയിരുന്നു ഉണ്ടായിരുന്നത്. മൂന്നാർ പട്ടണവും റോഡുകളും റെയിൽവേയും നശിച്ചിരുന്നു. മലവെള്ള പാച്ചിലും ഒഴുകി വരുന്ന മരങ്ങളും തട്ടി ആയിരക്കണക്കിന് ഭവനങ്ങൾ ഇല്ലാതായി. ബ്രിട്ടീഷുകാർ പട്ടണം പുതുക്കി പണിതെങ്കിലും തേയിലത്തോട്ടങ്ങൾ കൃഷി ചെയ്‌തെങ്കിലും റോഡുകൾ നന്നാക്കിയെങ്കിലും അന്ന് സ്ഥാപിച്ച റെയിൽവേ ചരിത സ്മാരകമായി മാറി. കുണ്ടളവാലി റെയിൽവേ എന്നായിരുന്നു അത് അറിയപ്പെട്ടിരുന്നത്. മാസങ്ങളോളം നീണ്ട പ്രയത്നങ്ങളുടെ ഫലമായിട്ടാണ് റോഡുകൾ പുതുക്കി പണിയാനും യാത്രാസൗകര്യങ്ങൾ ഉണ്ടാക്കാനും സാധിച്ചത്.

കേരളത്തിലെ ഇപ്പോഴുള്ള അടിയന്തിര രക്ഷാപ്രവർത്തനങ്ങൾക്കായി ഇന്ത്യയുടെ എയർഫോഴ്സ്, നേവി, ആർമി സൈന്യങ്ങൾ ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ട്. യുദ്ധത്തിൽ മാത്രമല്ല സമാധാന കാലത്തും സൈന്യത്തിന്റെ ആവശ്യമുണ്ടെന്ന് ഈ പ്രളയ വേളകളിൽ കേരള ജനതയെ ബോധ്യപ്പെടുത്തുന്നു. ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങളും പട്ടാളവും വെള്ളപ്പൊക്കത്തിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള തീവ്ര ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതിനായി രക്ഷാപ്രവർത്തകർ റോഡുകൾ വൃത്തിയാക്കുകയും കേടായ പാലങ്ങൾ നന്നാക്കുകയും ചെയ്യുന്നു. കൊച്ചിൻ വിമാനത്താവളം വെള്ളം നിറഞ്ഞിരിക്കുന്നതിനാൽ താൽക്കാലികമായ വിമാന സർവീസുകളെല്ലാം റദ്ദാക്കിയിരിക്കുകയാണ്. അതുപോലെ ട്രെയിൻ സർവീസും മെട്രോ സർവീസും നിറുത്തി വെച്ചിരിക്കുന്നു. പുതിയ പത്ര വാർത്തകളിലെ റിപ്പോർട്ടുകളനുസരിച്ച് മഴയുടെ ശക്തി കുറയുന്നുവെന്നും ഡാമുകൾ സുരക്ഷിതമെന്നും വെള്ളം താഴോട്ട് വളരെയധികം ഇതിനോടകം ഒഴുകി കഴിഞ്ഞിരിക്കുന്നുവെന്നുമാണ്.

ഈ വർഷം ഇന്ത്യയാകെയുള്ള മൺസൂൺ കാലാവസ്ഥ ഏഴു സംസ്ഥാനങ്ങളെ ബാധിച്ചിട്ടുണ്ട്. മൊത്തം സംസ്ഥാനങ്ങളിൽ നിന്നായി ആയിരം പേർ മരിച്ചതായി ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അതിൽ 400 പേരോളം കേരളത്തിൽ നിന്നുമാണ്. അതി മഴയും മണ്ണൊലിപ്പും ഭൂമികുലുക്കവും വെള്ളപ്പൊക്കവും മരണകാരണങ്ങളായി കണക്കാക്കുന്നു. കേരളത്തിൽ പതിനാലു ജില്ലകളിലായി രണ്ടേകാൽ ലക്ഷം ജനങ്ങളാണ് മഴയുടെ തീവ്രത മൂലം കഷ്ടപ്പെടുന്നത്. സംസ്ഥാനത്ത് ഏകദേശം 32500 ഹെക്റ്റക്കർ ഭൂമിയിൽ മഴമൂലം കൃഷി നാശങ്ങൾ വന്നു. രണ്ടു ലക്ഷം ജനങ്ങൾ താൽക്കാലിക കേന്ദ്രങ്ങളിൽ താമസിക്കുന്നതും കേരളത്തെ സംബന്ധിച്ച് പുതുമയുള്ള ചരിത്രമാണ്. വെള്ളത്തിൽ കുടുങ്ങിയവരെ രക്ഷിക്കാൻ 165 ബോട്ടുകൾ രാവും പകലുമില്ലാതെ ശ്രമിക്കുന്നുണ്ട്. അതുപോലെ ഇന്ത്യൻ എയർ ഫോഴ്‌സിന്റെ 23 ഹെലികോപ്റ്ററുകളും 11 യാത്രാ വിമാനങ്ങളും ദുരിത മേഖലകളിൽ പ്രവർത്തിക്കുന്നു. ഇന്ത്യൻ നേവിയും എയർ ഫോഴ്സും ആർമിയും ഒരു പോലെ  ശ്രമകാരമായ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു.

കേരളം അഭിമുഖീകരിക്കുന്ന ഈ ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്ന ഉത്തരാവാദിത്വത്തിൽ കേരള സർക്കാരിനെ അഭിനന്ദിക്കാതെ വയ്യ. മനുഷ്യ നാശങ്ങൾ ഒഴിവാക്കാൻ സർക്കാർ വളരെ സമർത്ഥമായി കാര്യങ്ങൾ നിർവഹിക്കുന്നുവെന്നും കരുതണം. കേരളത്തിന്റെയും ഫെഡറലിന്റെയും കിട്ടാവുന്ന ഫണ്ട് മുഴുവൻ ഈ ദുരന്ത നിവാരണത്തിനായി ഉപയോഗിക്കുകയാണ്. ഇത്രമാത്രം വലിയ ദുരന്തങ്ങൾ ഉണ്ടായിട്ടും മുൻകാല അനുഭവങ്ങൾ തുലനം ചെയ്യുമ്പോൾ മരണം വളരെ കുറവു മാത്രമേ സംഭവിച്ചിട്ടുള്ളൂ. പ്രകൃതി ദുരന്തങ്ങൾ വളരെയധികം ഗുരുതരമായ സ്ഥിതിക്ക്, അതിനായി തന്നെ ഒരു ഡിപ്പാർട്മെന് രൂപീകരിച്ച് ദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കാനായി പ്രത്യേകം പരിശീലനം നൽകിയവരെ നിയമിക്കേണ്ടതാണ്. അത്തരം രക്ഷാപ്രവർത്തകർ തീരദേശ നിവാസികളിൽ നിന്നാണെങ്കിൽ പ്രശ്നങ്ങൾ വരുമ്പോൾ സമർഥമായി കൈകാര്യം ചെയ്യാൻ സാധിക്കുകയും ചെയ്യും.  ദുരന്തനിവാരണത്തിനായി ശ്രമിക്കുന്ന യത്നങ്ങൾ രാഷ്ട്രീയമായുള്ള മുതലെടുപ്പിനായിരിക്കരുത്.  രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് തീരുമാനങ്ങൾ എടുക്കാനുള്ള അധികാരവും നൽകണം.

വർദ്ധിച്ച പേമാരിമൂലം ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇടുക്കി ഡാം തുറന്നു വിട്ടത്. ഡാമുകളിൽ  സംഭരിച്ച വെള്ളം അഞ്ചു ഷട്ടറുകളിൽ നിന്നായി തുറന്നു വിടേണ്ടി വന്നു. കേരളത്തിലുണ്ടായ ഈ വെള്ളപ്പൊക്കത്തിനു കാരണം പ്രകൃതിയാണോ മനുഷ്യൻ സൃഷ്ടിച്ചതോയെന്ന വിവാദങ്ങൾ തുടരുന്നു. വെള്ളപ്പൊക്കവും വരൾച്ചയും വനം കത്തുന്നതും ആഗോള തലത്തിൽ നിത്യം കേൾക്കുന്ന വാർത്തകളാണ്. കേരളത്തിലെ ഈ ദുരിതം ആഗോള താപനിലകൊണ്ടോ കാലാവസ്ഥ വ്യതിയാനം കൊണ്ടോ സംഭവിച്ചതാകുമോ എന്നാണ് ചോദ്യം ഉയർന്നിരിക്കുന്നത്. ആഗോള ഭൂമിയുടെ താപനില കണക്കാക്കുമ്പോൾ കേരളത്തിലെ പ്രശ്നങ്ങൾ എവിടെനിന്ന് തുടങ്ങിയതെന്ന് ഒരു തീരുമാനത്തിൽ വന്നെത്തുവാൻ സാധിക്കില്ല. ഒരു സ്ഥലത്തെ കാലാവസ്ഥ നിർണ്ണയങ്ങൾക്ക് നിരവധി കാരണങ്ങൾ കണക്കാക്കേണ്ടതായി ഉണ്ട്. സമുദ്രത്തിന്റെ താപനില ഒരു കാരണമാകും. അന്തരീക്ഷത്തിന്റെയും  കാറ്റിന്റെ ഗതികളും കാരണങ്ങളാകാം. എന്നാൽ സൂര്യ താപ തരംഗങ്ങളുടെ ഏറ്റക്കുറച്ചിലുകളാണ് കാലാവസ്ഥ വ്യതിയാനങ്ങൾക്ക് കാരണം. സമുദ്രത്തിൽ മഞ്ഞുരുകുന്നതും ആഗോള കാലാവസ്ഥക്ക് മാറ്റങ്ങൾ ഉണ്ടാക്കും. കേരളത്തെ സംബന്ധിച്ച് ഇപ്പറഞ്ഞതെല്ലാം കാരണങ്ങളെന്നും ഗൗനിക്കാൻ സാധിക്കില്ല.

കഴിഞ്ഞ നാലഞ്ചു വർഷമായി കേരളത്തിൽ കാര്യമായ മഴയൊന്നും ലഭിച്ചിട്ടില്ലായിരുന്നു. ശരാശരി മഴയെക്കാൾ കുറവാണ് ലഭിച്ചിരുന്നത്. ഈ വർഷം മഴ അതിനേക്കാൾ പതിന്മടങ്ങ് വളരെയധികം കൂടുതലായിരുന്നു. ഇത്രമാത്രം മഴയുണ്ടാകാൻ കാരണവും മനുഷ്യരുടെ നോട്ടക്കുറവായിരുന്നുവെന്നു കാണാം. നിയമ പരമല്ലാത്ത ഭൂമി കയ്യേറ്റം, വന ഭൂമി നശിപ്പിക്കൽ എന്നിവകൾ കാരണങ്ങളാകാം. മലം പ്രദേശങ്ങൾ കിളച്ചു മണ്ണ് ഇളക്കിയതിനാൽ പ്രകൃതിയുടെ പിന്തുണയും കുറഞ്ഞു. മണ്ണൊലിപ്പുകളും കൂടിയതുകൊണ്ടു കൂടുതൽ നാശ നഷ്ടങ്ങൾക്കും കാരണമായി. മരങ്ങൾ വെട്ടുന്നത് നിയന്ത്രാണാധീതമായി വർദ്ധിച്ചിട്ടും ഉണ്ട്. വനഭൂമിയെ രക്ഷിക്കാൻ കേരളം കാര്യമായ പരിഗണനകൾ നൽകാറുമില്ല. അതേസമയം പരിഷ്കൃത രാജ്യങ്ങളിൽ വനഭൂമിയെ രക്ഷിക്കാനും മരങ്ങൾ നട്ടു വളർത്താനും ബഡ്ജറ്റിൽ നല്ലൊരു തുക നീക്കി വെക്കുന്നുമുണ്ട്. വലിയ മരങ്ങൾ മലകളിലും പർവത നിരകളിലുമുണ്ടെങ്കിൽ വെള്ളം മുഴുവൻ മരങ്ങൾ സ്വീകരിക്കും. അതുകൊണ്ടു വലിയ മലയൊഴുക്ക് മലകളിൽ നിന്നും ഉണ്ടാവുകയില്ല.

കേരളത്തിൽ ഇപ്പോഴത്തെ പ്രകൃതി ദുരന്തത്തിനും പ്രളയത്തിനും കാരണം പ്രകൃതി ക്ഷോപം മാത്രമല്ലെന്നും നിരുത്തരവാദ പരമായ മനുഷ്യന്റെ പ്രവർത്തന ഫലമാണെന്നും പ്രസിദ്ധ പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ ഗാഡ്ഗിൽ അഭിപ്രായപ്പെടുകയുണ്ടായി. പശ്ചിമഘട്ട സുരക്ഷയ്ക്ക് വേണ്ടി തയ്യാറാക്കിയിരുന്ന ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കിയിരുന്നെങ്കിൽ പ്രകൃതി ക്ഷോപം വളരെ പരിമിതമായേ ഉണ്ടാവുമായിരുന്നുള്ളൂവെന്ന് ഗാഡ്ഗിൽ അഭിപ്രായപ്പെട്ടു. ദുരന്തം സംഭവിക്കുമായിരുന്നെങ്കിലും അതിന്റെ വ്യാപ്തിയെ കുറക്കാൻ സാധിക്കുമായിരുന്നുവെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

ഭൂമിയും മണ്ണും പശ്ചിമഘട്ടങ്ങളിൽ ദുരുപയോഗം ചെയ്തു. പ്രകൃതി വിഭവങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ ശരിയായി ഉപയോഗിക്കണമെന്ന് ഗാഡ്ഗിൽ കമ്മറ്റി ശുപാർശ ചെയ്തിരുന്നു. കമ്മറ്റിയുടെ റിപ്പോർട്ടിനെ കാറ്റിൽ പറത്തിക്കൊണ്ട് പശ്ചിമ ഘട്ടത്തിലെ ഭൂമിയുടെ കയ്യേറ്റം ഇരട്ടിയായി വർദ്ധിച്ചു. ഭൂമി മാഫിയാക്കാരും രാഷ്ട്രീയക്കാരും അവിടെ സാമ്പത്തിക താൽപ്പര്യത്തിനുവേണ്ടി ആധിപത്യം സ്ഥാപിച്ചു. ജലാശയങ്ങളും ഭൂഗർഭ ജലങ്ങൾ സൂക്ഷിച്ചിരുന്ന പ്രദേശങ്ങളും ഇടിച്ചു നിരപ്പാക്കി. വെള്ളത്തിന്റെ ഒഴുക്കിന്റെ ഗതി മാറി. പാറ പൊട്ടീര് കാരണം മണ്ണിടിച്ചിലും വർദ്ധിച്ചു. പശ്ചിമ ഘട്ടം സ്വന്തമാക്കാനുള്ള സ്ഥാപിത താല്പര്യക്കാരുടെ പ്രവർത്തന ഫലമാണ് ഈ ദുരന്തങ്ങൾക്ക് നിദാനമെന്നു ഗാഡ്ഗിലും പരിസ്ഥിതി വാദികളും വാദിക്കുന്നു.

കേരളത്തില്‍ വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന വ്യാപകമായ വനനശീകരണവും  വൃഷങ്ങളുണ്ടായിരുന്ന പ്രദേശങ്ങളിലെ മണ്ണൊലിപ്പുകളും കാരണം ഡാമുകളുടെ ജലസംഭരണശേഷി കുറച്ചിരിക്കുന്നു. പരമ്പരാഗത ജലസംഭരണികളായ ജലാശയങ്ങൾക്കും കൃഷിയിടങ്ങൾക്കും വെള്ളം ശേഖരിക്കാൻ സാധിക്കാതെ വരുന്നു. കുന്നുകളിടിച്ചു നികത്തിയതുവഴി, പെയ്ത മഴയത്രയും തത്സമയം തന്നെ ഒഴുകി നദികളില്‍ ചെന്നുചേരാന്‍ ഇടയാക്കുന്നു. ഡാമുകള്‍ തുറക്കുകകൂടി ചെയ്തതോടെ ഏറെനാളത്തെ കയ്യേറ്റങ്ങളെ തുടര്‍ന്നു വിസ്തൃതി കുറഞ്ഞ നദികള്‍ കരകവിഞ്ഞു ജനവാസകേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്താനും ഇടയായി.

അമിതമായ പ്രകൃതി വിഭവ ചൂഷണത്തിന് ആക്കം കൂട്ടുന്ന വികലമായ വികസന നയങ്ങളുടെ സൃഷ്ടിയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്ന വെള്ളപ്പൊക്കക്കെടുതികള്‍. കേരളത്തില്‍ ഇന്ന് അവശേഷിക്കുന്ന വനങ്ങളും മലകളും തണ്ണീര്‍തടങ്ങളും കൃഷിയിടങ്ങളും സംരക്ഷിക്കുന്ന വികസന നയങ്ങൾ നടപ്പാക്കിയാൽ മലവെള്ള പാച്ചിലിനെ തടയാൻ സാധിക്കും. അതുപോലെ വനവിസ്തൃതി വര്‍ധിപ്പിക്കുകയും ചെയ്യുന്ന നയങ്ങള്‍ പിന്തുടരുകയുമാണ് യഥാര്‍ത്ഥ ദുരന്തനിവാരണ മാര്‍ഗം. ‘പ്രകൃതിയില്‍ എല്ലാവര്‍ക്കും ആവശ്യത്തിനുള്ള വിഭവങ്ങളുണ്ട്. 'എന്നാൽ പ്രകൃതി വിഭവങ്ങൾ ധൂര്‍ത്തടിക്കാനുള്ളതല്ല' എന്ന ഗാന്ധിജിയുടെ ഉദ്ധരണി വികസന നയങ്ങളുടെ  ആവശ്യകതയും ചൂണ്ടി കാണിക്കുന്നു.

കേരളത്തിൽ ഇത്രമാത്രം മഴ ഭീകരത സൃഷ്ടിച്ചത് മനുഷ്യ സൃഷ്ടി തന്നെയെന്നുള്ളതിലും നീതികരണമുണ്ട്. ഇടുക്കിയെ തന്നെ രണ്ടു വിധത്തിൽ വിശകലനം ചെയ്യാൻ സാധിക്കും. ആദ്യത്തേത് നമ്മൾ പ്രകൃതിയെ നശിപ്പിച്ചുവെന്നുള്ളതാണ്. മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ട് സ്വാർത്ഥത പ്രകടിപ്പിക്കുന്നു. രണ്ടാമത്തേത് കാലാവസ്ഥ വ്യതിചലനം മൂലവും. കാലാവസ്ഥ വ്യതിചലനമെന്നുള്ളത് ഒരു ആഗോള പ്രശ്നമാണ്. അതിൽ നമുക്ക് ഒന്നുംതന്നെ ചെയ്യാൻ സാധിക്കില്ല. എന്നാൽ അന്തരീക്ഷത്തിലുള്ള വാതകങ്ങളിൽ നിന്നും കാർബൺ ഡയ് ഓക്‌സൈഡ്, മെതേൻ വാതകങ്ങൾ നിയന്ത്രിക്കാൻ സാധിക്കും. അങ്ങനെ ഒരു ശ്രമത്തിൽ വിജയിച്ചാൽ കാലാവസ്ഥ വ്യതിയാനത്തിലും മാറ്റങ്ങൾ വരുത്താൻ സാധിക്കും.

നദി തീരം സംരക്ഷിയ്ക്കേണ്ടത് ഇന്ന് അത്യാവശ്യമായിരിക്കുന്നു. ഏറ്റവും കൂടുതൽ വെള്ളപ്പൊക്കം മൂലം ദുരിതമുണ്ടാക്കിയത് കുട്ടനാട്ടിലാണ്. കൃഷിഭൂമികളിൽ വൻകിട കെട്ടിടങ്ങൾ പണിയുന്നതുമൂലം   വെള്ളം ഒഴുക്കിനെ ആ പ്രദേശങ്ങൾ തടയുന്നു. വെള്ളത്തിനു നദികളിലേക്ക് ഒഴുകി പോവാൻ സാധിക്കാതെ വരുന്നു.

പ്രളയമെന്നു പറയുന്നത് ചരിത്രാതീത കാലം മുതലുള്ളതാണ്. പഴയ കാലങ്ങളിൽ പ്രളയം ഉണ്ടായാൽ അത് നിയന്ത്രിക്കാൻ മറ്റു മാർഗ്ഗങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പ്രാർത്ഥന മാത്രമായിരുന്നു മനുഷ്യൻ പരിഹാരമായി കണ്ടത്. എന്നാൽ ഇന്ന് ടെക്‌നോളജി വളർച്ചയോടെ പ്രകൃതിയുടെ ദുരന്തങ്ങളെ നേരത്തെ മനസിലാക്കാനും അതനുസരിച്ച് പദ്ധതികൾ തയാറാക്കാനും സാധിക്കുന്നു. അതുകൊണ്ട് വെള്ളപ്പൊക്കത്തിൽ സംഭവിക്കാവുന്ന നഷ്ടം ഒരു അളവുവരെ മുൻകൂട്ടിക്കണ്ട് പരിഹരിക്കാനും സാധിക്കുന്നു. പ്രകൃതി ദുരിതങ്ങൾ സാമ്പത്തിക പുരോഗതി നേടിയ രാജ്യങ്ങളും അഭിമുഖീകരിക്കാറുണ്ട്. കേരളത്തിൽ വെള്ളപ്പൊക്കം കൊണ്ട് ജനലക്ഷങ്ങൾ കഷ്ടപ്പെടുമ്പോലെ ഫ്രാൻസിലും പ്രളയ പ്രശ്നങ്ങളുണ്ട്. അവിടെയും വെള്ളപ്പൊക്ക കെടുതികൾ വരാറുണ്ട്. ഇന്ത്യയിലെ തീരദേശങ്ങളിൽ താമസിക്കുന്നവർ ഫ്രാൻസിനേക്കാളും പതിന്മടങ്ങാണെന്നു കാണാം. ഫ്രാൻസിൽ നദീ തീരത്ത് ആരും വീടുകൾ ഉണ്ടാക്കാറില്ല. ഒരു കെട്ടിടം പണിയുന്നതിന് മുമ്പ് സമുദ്ര തീരത്തുനിന്നും മാറി എത്രമാത്രം ദൂരത്തിലാണെന്നു കണക്കാക്കും. അത്തരം പദ്ധതികളോടെ ജീവിക്കുന്ന കാരണം വെള്ളം ഉയർന്നാലും അവിടെ നഷ്ടങ്ങൾ സംഭവിക്കുന്നത് വളരെ കുറവായിരിക്കും. ചിലപ്പോൾ അവരുടെ പ്രതീക്ഷകൾക്കും അപ്പുറത്ത് വെള്ളം ഉയർന്നാൽ അവരുടെ പട്ടണങ്ങളും വെള്ളപ്പൊക്കത്തിൽ അകപ്പെടാറുണ്ട്. ഫ്രാൻസിൽ ദുരിത നിർമ്മാണത്തിനായി പ്രത്യേകം ഡിപ്പാർട്ടുന്റുകൾ പ്രവർത്തിക്കുന്നുണ്ട്. അത്തരം സാഹചര്യങ്ങൾ നേരിടാൻ നല്ല പ്രായോഗിക പരിശീലനം ലഭിച്ചവരുമുണ്ടായിരിക്കും.

പ്രകൃതി ദുരന്തങ്ങളെ തടയൻ മനുഷ്യന് സാധിക്കില്ല. പകരം നമ്മൾ പ്രകൃതി ദുരന്തത്തെ എങ്ങനെ അഭിമുഖീകരിക്കണമെന്നു മനസിലാക്കണം. പ്രകൃതി ക്ഷോപങ്ങൾ സമുദ്രത്തിന്റെ ഗതിയും ഭൂമിയുടെ സമതുലനാവസ്ഥയും ആശ്രയിച്ചിരിക്കും. പ്രകൃതിയുടെ ഊർജം മനുഷ്യന്റെ കഴിവിനേക്കാളും  ശക്തിയേറിയതാണ്. കൊടുങ്കാറ്റും കൊടുമഴയും സമുദ്രവും ഭൂതലവായുവും പ്രകൃതി ദുരന്തത്തിലേക്ക് നയിക്കുന്നു. നമുക്ക് താൽക്കാലികമായുള്ള കാലാവസ്ഥ നിർണ്ണയം മാത്രമേ സാധിക്കുള്ളൂ. കാലാവസ്ഥ നിർണ്ണയത്തിൽ കൊടുങ്കാറ്റും മഴയും ആഞ്ഞടിക്കുന്ന സമയവും പ്രദേശങ്ങളും നിർണയിക്കും. ദുരിതം സംഭവിക്കുന്ന സ്ഥലങ്ങളിൽ അധികാരികളെ അറിയിക്കുകയും അതനുസരിച്ച് ആ പ്രദേശങ്ങളിൽ നിന്ന് അപകടം സംഭവിക്കുന്നതിനു മുമ്പ് ജനങ്ങളെ ഒഴിപ്പിക്കാനും സാധിക്കുന്നു.

രണ്ടു വർഷം മുമ്പ് മനിലയിൽ കൊടുങ്കാറ്റ് വീശി പതിനായിരക്കണക്കിന് ജനം മരിച്ചു. അതേ കാലയളവിൽ തന്നെ ഒറീസ്സയിൽ കൊടുങ്കാറ്റ് വീശിയിരുന്നു. എന്നാൽ ടെക്‌നോളജി മുഖേന വിവരങ്ങൾ നേരത്തെ ലഭിച്ചതുകൊണ്ട് തീര ദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റി പാർപ്പിക്കുകയും അതുമൂലം മരണം നൂറിൽത്താഴെയാവുകയും ചെയ്തു. അതുകൊണ്ടു നമുക്ക് കാര്യക്ഷമമായ കാലാവസ്ഥ നിർണ്ണയ  സംവിധാനങ്ങളും ആവശ്യമാണ്. എന്നാൽ ചില സ്ഥലങ്ങളിൽ മുന്നറിയിപ്പു വന്നാലും അതിൽ ഉത്തരവാദിത്വപ്പെട്ടവർ മുന്നറിയുപ്പുകളെ അവഗണിക്കുകയോ കാര്യക്ഷമമായി പ്രശ്ന പരിഹാരങ്ങൾക്കായി പ്രവർത്തിക്കാൻ കഴിയാതെയോ പോവാറുണ്ട്. കേരളതീരത്ത് 'ഒക്കി' അടിച്ചപ്പോഴും അതുതന്നെയാണ് സംഭവിച്ചത്. നാല്പത്തിയെട്ടു മണിക്കൂർ മുമ്പ് തന്നെ ഡൽഹി കാലാവസ്ഥ നിർണ്ണയ ഡിപ്പാർട്മെന്റിൽ നിന്ന് പ്രകൃതി ദുരന്തത്തെപ്പറ്റി മുന്നറിയിപ്പുണ്ടായിരുന്നു. എന്നാൽ ആ സന്ദേശം സ്വീകരിക്കാൻ കേരളത്തിൽ പ്രത്യേക ഡിപ്പാർട്മെന്റുകളോ ഉദ്യോഗസ്ഥരോ ഉണ്ടായിരുന്നില്ല. 'ഒക്കി' അവർ നേരം വെളുത്തുണർന്നപ്പോൾ മാത്രമാണ് അതിന്റെ ഭീകരതയെപ്പറ്റി മനസിലാക്കിയത്. ഇരുപത്തിനാലു മണിക്കൂറും ഏഴുദിവസവും പ്രവർത്തിക്കുന്ന അത്യാധുനിക രീതിയിലുള്ള ഒരു കാലാവസ്ഥ നിരീക്ഷണ സംവിധാനം കേരളത്തിൽ ഇല്ലാത്തത് മുന്നറിയിപ്പുകൾ ലഭിക്കുന്നതിൽ പരാജയപ്പെടാൻ കാരണമാകുന്നു. എല്ലാ പട്ടണങ്ങളുടെയും താപ നിലകളെപ്പറ്റിയും ആകാശത്തെപ്പറ്റിയും അതിനുള്ള സെകുരിറ്റി നിർണ്ണയത്തെപ്പറ്റിയും പഠിക്കാനുള്ള സുരക്ഷിതമായ ഒരു സംവിധാനം ഇന്ത്യയിൽ ഉണ്ടായിട്ടില്ല.

വനസമ്പത്തും ഭൂമിയും സമ്പന്ന വിഭാഗങ്ങളാണ് ചൂഷണം ചെയ്യാറുള്ളത്. ഈ ഭൂമി ഇന്ന് ജീവിക്കുന്ന മനുഷ്യർക്കും ജീവജാലങ്ങൾക്കും മാത്രമുള്ളതല്ല മറിച്ചു സുരക്ഷിതമായി തന്നെ വരും തലമുറകൾക്കുവേണ്ടിയും കൂടിയുള്ളതാണ്. ഭൂമിയിൽ കുടികിടപ്പുകാരായ നാം വരും തലമുറയുടെ സുരക്ഷിതത്വവും കാത്തു സൂക്ഷിക്കേണ്ടതുണ്ട്. അത് ഇന്ന് ജീവിക്കുന്ന തലമുറകളുടെ കടപ്പാടുകൾക്കൂടിയാണ്. പ്രകൃതി ദുരന്തങ്ങളും പേമാരിയും കൊടുങ്കാറ്റും പ്രകൃതിയെ നശിപ്പിക്കുന്ന ചില വികസന പ്രവർത്തങ്ങൾ മൂലം സംഭവിക്കുന്നതാണ്. മലകൾ ഇടിച്ചു നിരത്തുക, കൃഷിയിടങ്ങൾ നികത്തുക, വനങ്ങൾ നശിപ്പിക്കുക, കോൺക്രീറ്റ് കെട്ടിടങ്ങളും സൗധങ്ങളും വലിയ പള്ളികളും പണിയുക മുതലായവകൾ യുക്തി രഹിതങ്ങളും ദുരന്തങ്ങൾക്ക് കാരണങ്ങളുമാണ്. അതിന്റെ ഫലമായി അന്തരീക്ഷത്തിന്റെ താപനില അമിതമായി ഉയരുന്നു. വരൾച്ചയും അനുഭവപ്പെടുന്നു. പോയ വർഷങ്ങളിലും കർക്കിട മഴ അമിതമായും ഉണ്ടായിരുന്നു. ഓരോ വർഷവും പെയ്യുന്ന ശക്തമായ മഴ ഉൾക്കൊള്ളാൻ ഉള്ള ഭൂപ്രകൃതി കേരളത്തിനുണ്ടായിരുന്നു. എന്നാൽ ഭൂമിയുടെ ചൂഷണം വർദ്ധിച്ചതോടെ പെയ്യുന്ന മഴ താങ്ങാനുള്ള കഴിവ് പ്രകൃതിക്ക് ഇല്ലാതെ പോയി. സ്വാർത്ഥ മനുഷ്യരുടെ മലയിടിക്കലും വനം നശീകരണവും മണ്ണൊലിപ്പുമാണ് ഈ വർഷം കൂടുതൽ നാശനഷ്ടങ്ങൾക്ക് കാരണമായത്.

കേരളത്തിലെ കാലവർഷ കെടുതികളുടെയും മലവെള്ള പാച്ചിലിന്റെയും ശമനത്തോടൊപ്പം രാഷ്ട്രീയ കുറ്റാരോപണങ്ങളും അതിരൂക്ഷമായി ആരംഭിച്ചിട്ടുണ്ട്. ഓരോ രാഷ്ട്രീയ പാർട്ടികളും ജനങ്ങളുടെ ദുരന്തത്തിൽ നിന്ന് വോട്ടു ബാങ്ക് ലക്ഷ്യമിട്ടുള്ള ആരോപണങ്ങളും ഉന്നയിക്കുന്നു. മതവും രാഷ്ട്രീയവും മാറ്റിവെച്ച് ഒത്തൊരുമിച്ചു പ്രവർത്തിക്കേണ്ട ഈ സമയത്ത് കിംവദന്തികൾ തൊടുത്തു വിടുന്നവർ ക്രിമിനലുകൾക്ക് തുല്യമാണ്. അടിയന്തിരാവസ്ഥക്ക് തുല്യമായ ഈ സാഹചര്യത്തിൽ മാനുഷിക മൂല്യങ്ങൾക്ക് അവർ വില കല്പിക്കാറില്ല. ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ നാസ്സാപോലുള്ള ഏജൻസികൾ ഭാരതത്തിലും നടപ്പാക്കേണ്ടതാണ്. കാലാവസ്ഥ നിർണയത്തിന് കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ രാജ്യത്ത് പ്രയോഗത്തിൽ വരുത്തേണ്ടതായുണ്ട്. അങ്ങനെയെങ്കിൽ മഹാ ദുരന്തത്തിന്റെ വിവരങ്ങൾ ജനങ്ങളെ മുൻകൂട്ടി അറിയിക്കാൻ സാധിക്കുകയും കൂടുതൽ മനുഷ്യ ജീവിതങ്ങളെ രക്ഷിക്കാൻ സാധിക്കുകയും ചെയ്യാമായിരുന്നു.

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...