Sunday, December 23, 2018

ന്യൂയോർക്ക് സിറ്റിയുടെ ചരിത്രവും പാശ്ചാത്തലവും , അവലോകനം


ജോസഫ് പടന്നമാക്കൽ

ന്യൂയോർക്ക് സ്റ്റേറ്റിന്റെ ഭാഗമായ  'ന്യൂയോർക്ക് സിറ്റി'  അമേരിക്കൻ ഐക്യനാടുകളുടെ  സാമ്പത്തിക തലസ്ഥാന നഗരമായി അറിയപ്പെടുന്നു.  കലകളുടെയും സാംസ്ക്കാരിക മേഖലകളുടെയും കേന്ദ്രമാണ് ന്യൂയോർക്ക്.  'ലോങ്ങ് ഐലണ്ടി'ലുള്ള അറ്റലാന്റിക്ക് തീരത്തും മൻഹാട്ടൻറെ സമീപമുള്ള ഹഡ്സൺ നദിക്കു ചുറ്റും ന്യുയോർക്ക് സിറ്റി നിലകൊള്ളുന്നു. പട്ടണത്തിന്റ ഹൃദയഭാഗത്തുള്ള അംബരച്ചുംബികളായ കെട്ടിടങ്ങൾ ഓരോ സന്ദർശകന്റെയും മനസിനുള്ളിൽ വിസ്മയാനുഭൂതികൾ സൃഷ്ടിക്കുന്നതും കാണാം.   ഇവിടം  കവികളുടെയും കലാകാരന്മാരുടെയും ഒരു സ്വപ്നഭൂമിയാണ്. പ്രകൃതിയുടെ അനുഗ്രഹീതമായ ഈ പുണ്യഭൂമിയുടെ  മനോഹാരിത ദർശിച്ച ഒരാൾക്ക്  പിന്നീട്  മറ്റൊരു പട്ടണവും ആസ്വദിക്കാൻ സാധിക്കില്ല.

ന്യൂയോർക്ക് സിറ്റിയെ ബിഗ് ആപ്പിൾ എന്നും വിളിക്കുന്നു.  ബിഗ് ആപ്പിൾ എന്ന പേര് സിറ്റിക്ക് ലഭിച്ചതെങ്ങനെയെന്ന് വ്യക്തമല്ല. ജീവിക്കാൻവേണ്ടി ആദ്യകാലങ്ങളിൽ ഭേദപ്പെട്ട കുടുംബക്കാരും   വഴികളിൽക്കൂടി ആപ്പിൾ വിറ്റിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ സാമ്പത്തിക മാന്ദ്യം നിരവധി കുടുംബങ്ങളെ ആപ്പിൾക്കച്ചവടത്തിന് പ്രേരിപ്പിച്ചിരുന്നു. കാലക്രമേണ 'ആപ്പിൾ'  സുലഭമായ ന്യൂയോർക്കിനെ 'ബിഗ് ആപ്പിൾ' എന്ന് വിളിക്കാൻ തുടങ്ങിയിരിക്കാം.  കൂടാതെ അമേരിക്കയിൽ ഏറ്റവുമധികം ആപ്പിൾവളരുന്ന ഭൂപ്രദേശവും ന്യൂയോർക്കാണ്. ഒരിക്കലും ഉറങ്ങാത്ത പട്ടണമെന്നും (The City That Never Sleeps) ന്യൂയോർക്ക് സിറ്റിയെ  വിളിക്കാറുണ്ട്.

1524-ൽ 'ജിയോവാന്നി ഡാ വേരസ്സനോ (Giovanni da Verrazzano) എന്ന ഇറ്റാലിയൻ നാവികൻ ഏഷ്യയിലേക്കുള്ള യാത്രാമധ്യേ അറ്റലാന്റിക്ക് സമുദ്രം വഴി ന്യൂയോർക്കിന്റെ സമീപപ്രദേശങ്ങളിലൂടെ യാത്രചെയ്യുകയും ന്യൂയോർക്കിനെപ്പറ്റിയുള്ള വിവരങ്ങൾ ആദ്യമായി ലോകത്തോട് വെളിപ്പെടുത്തുകയുമുണ്ടായി.  'ഹെൻറി ഹഡ്സൺ' എന്ന ഇംഗ്ലീഷ്കാരൻ 1609 ൽ ന്യൂയോർക്കിനു വടക്കുഭാഗമുള്ള 'ഹെൻറി ഹഡ്സൺ നദി'യും കണ്ടെത്തി.  ഒരു ഡച്ച് കോളനിയായിട്ടാണ് ന്യൂയോർക്കിന്റെ ആദ്യകാല ചരിത്രമാരംഭിക്കുന്നത്. ഡച്ചുകാരുടെ അധീനതയിലായിരുന്ന കാലത്ത് ന്യൂയോർക്കിനെ അറിയപ്പെട്ടിരുന്നത് 'ന്യൂ ആംസ്റ്റർഡാം' എന്നായിരുന്നു. ഈ പട്ടണത്തെ 'ന്യൂ നെതർലാൻഡ്' എന്നും അറിയപ്പെട്ടിരുന്നു. 1624-ൽ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി 30 കുടുംബങ്ങളെ ന്യൂയോർക്കിൽ തൊഴിലുകൾ നൽകി താമസിപ്പിച്ചു. ഇന്ന്, 'ഗവർണ്ണേഴ്സ് ഐലൻഡ്' എന്നറിയപ്പെടുന്ന സ്ഥലത്ത് അവർ താമസം തുടങ്ങി. ഡച്ചുകാരുടെ കാലത്ത് ആ സ്ഥലത്തെ ന്യൂട്ടൻ ഐലൻഡ് (Nutten Island) എന്ന് വിളിച്ചിരുന്നു.

ന്യൂയോർക്ക് പ്രദേശങ്ങളിൽ ആദ്യമുണ്ടായിരുന്നവർ 'ലിനപ്പെ അൽഗോങ്ക്വിൻ' (Lenape, an Algonquin) എന്ന വിഭാഗത്തിലുള്ള പ്രാകൃതരായ ഒരു ജനവിഭാഗമായിരുന്നു. അവർ വേട്ടയാടിയും മത്സ്യം പിടിച്ചും കൃഷിചെയ്തും 'ഡെലവെയർ', 'ഹഡ്സൺ' നദിതീരങ്ങളിൽ താമസിച്ചിരുന്നു. 1626-ൽ കുടിയേറ്റക്കാരുടെ ഗവർണ്ണർ ജനറലെന്നറിയപ്പെടുന്ന 'പീറ്റർ മൈന്യുട്' (Peter Minuit) അന്നുണ്ടായിരുന്ന ദേശീയരോട് 'മൻഹാട്ടൻ ഐലൻഡ്' വിലയ്ക്ക് വാങ്ങിച്ചു. 'ബാർട്ടർ ഇക്കോണമി' സമ്പ്രദായപ്രകാരം പകരം പണി ആയുധങ്ങളും കൃഷി ഉപകരണങ്ങളൂം വസ്ത്രവും വിലയായി നൽകി. ന്യൂആംസ്റ്റർഡാമിൽ അക്കാലങ്ങളിൽ മുന്നൂറിനടുത്ത് ജനങ്ങൾ കുടിയേറിയിരുന്നു. 1760-ൽ ജനസംഖ്യ പതിനെണ്ണായിരമായി. അമേരിക്കൻ കോളനികളിൽ 'ന്യൂ ആംസ്റ്റർഡാം' എന്നറിയപ്പെട്ടിരുന്ന ന്യൂയോർക്ക് പിന്നീട് ഏറ്റവും കൂടുതൽ ജനങ്ങൾ വസിച്ചിരുന്ന സ്ഥലമായി മാറിയിരുന്നു. രണ്ടാമത് ജനങ്ങൾ തിങ്ങി പാർത്തിരുന്നത് ബോസ്റ്റൺ പ്രദേശങ്ങളിലായിരുന്നു. വീണ്ടും അമ്പതുവർഷങ്ങൾ കൂടി കഴിഞ്ഞപ്പോൾ ജനസംഖ്യ രണ്ടേകാൽ ലക്ഷമായി. പടിഞ്ഞാറൻ ഹെമിസ്പിയറിൽ ന്യൂ ആംസ്റ്റർഡാം (ന്യൂ യോർക്ക്) ഏറ്റവും വലിയ പട്ടണമായിരുന്നു. ഇന്ന് ന്യൂയോർക്കു നഗരത്തിലുള്ള എട്ടു മില്യൺ ജനങ്ങൾ നഗരത്തിന്റെ അഞ്ചു ബോറോകളിലായി (boroughs) താമസിക്കുന്നു.

1664-ൽ ഡച്ചുകാർ കാര്യമായ ഒരു യുദ്ധമില്ലാതെ തന്നെ ബ്രിട്ടീഷുകാർക്ക്  കീഴടങ്ങി. ബ്രിട്ടൻ പിടിച്ചെടുത്ത ഡച്ചുകാരുടെ വകയായ 'ന്യൂആംസ്റ്റർഡാമിന്'! ന്യൂയോർക്ക് സിറ്റിയെന്നു പേരിട്ടു.1664-നുശേഷം ഒരു നൂറ്റാണ്ടുകൂടി കഴിഞ്ഞപ്പോൾ ജനസംഖ്യ വളരെയേറെ വർദ്ധിച്ചിരുന്നു. നെതർ ലാൻഡ്, ഫ്രാൻസ്, ഇംഗ്ലണ്ട്, ജർമ്മനി എന്നീ സ്ഥലങ്ങളിൽനിന്ന് വലിയ തോതിൽ കുടിയേറ്റവും ആരംഭിച്ചു. കൂടാതെ ആഫ്രിക്കയിൽ നിന്ന് അടിമകളെയും കൊണ്ടുവരാൻ തുടങ്ങി. 1785 മുതൽ 1790- വരെ ന്യൂയോർക്ക് പട്ടണം അമേരിക്കയുടെ തലസ്ഥാന നഗരമായിരുന്നു. അമേരിക്കയിലെ ആദ്യ പ്രസിഡണ്ടായ ജോർജ്ജ് വാഷിംഗ്ടൺ സ്ഥാനാരോഹണം ചെയ്തതും ന്യൂയോർക്കിലായിരുന്നു. 'ഡ്യൂക്ക് ഓഫ് യോർക്കി'ന്റെ പേരിലാണ് പട്ടണം അറിയപ്പെടാൻ തുടങ്ങിയത്. 'ഡ്യൂക്ക് ഓഫ് യോർക്ക്' പിന്നീട് ജെയിംസ് രണ്ടാമൻ രാജാവെന്നും അറിയപ്പെട്ടു. അദ്ദേഹം ഇംഗ്ലണ്ടിലെയും സ്കോട്ട്ലണ്ടിലെയും അയർലണ്ടിലെയും അവസാനത്തെ 'റോമൻ കത്തോലിക്ക' രാജാവായിരുന്നു.

1760 മുതൽ 1770 വരെ ബ്രിട്ടീഷ് സർക്കാരിന്റെ സ്റ്റാമ്പ് ആക്റ്റിനെതിരെ ന്യൂയോർക്കിൽ  പ്രക്ഷോപണങ്ങളും കലാപങ്ങളുമുണ്ടായിരുന്നു. 1765 ൽ ബ്രിട്ടീഷ് സർക്കാർ സ്റ്റാമ്പ് ആക്ട് പാസ്സാക്കി. ന്യുയോർക്കുകാർ, ബ്രിട്ടീഷുകാരുടെ നിയമത്തിനെതിരായി പോരാടുകയും നിരവധി വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു. രോക്ഷാകുലരായ ജനങ്ങൾ അന്നു ഭരിച്ചിരുന്ന ബ്രിട്ടീഷ് ഗവർണ്ണറുടെ കോലങ്ങൾ കത്തിക്കുകയും ചെയ്തു. സമരം അടിച്ചമർത്താൻ ബ്രിട്ടീഷുകാർ ശ്രമിച്ചുകൊണ്ടിരുന്നു. വിപ്ലവം നാടാകെ പൊട്ടിപ്പുറപ്പെട്ടു. ബ്രൂക്കിലിനും ഹാർലവും കേന്ദ്രമാക്കി 1776-ൽ ജോർജ് വാഷിംഗ്ടന്റെ പട്ടാളം സിറ്റി പിടിച്ചെടുക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. അമേരിക്കയിലുള്ള ബ്രിട്ടീഷ്  കോളനികളുടെ   യുദ്ധചിലവുകൾക്കായിരുന്നു ബ്രിട്ടന്റെ 'സ്റ്റാമ്പ് ആക്ട്' പാസാക്കിയത്. ഇതനുസരിച്ച് ഓരോ ഡോകുമെന്റുകൾക്കായി സ്റ്റാമ്പ് ഡ്യൂട്ടിയെന്ന പേരിൽ നികുതികൾ നല്കണമായിരുന്നു. നിരവധി പ്രതിക്ഷേധങ്ങൾക്കു ശേഷവും ബെഞ്ചമിൻ ഫ്രാങ്കലിന്റെ അപേക്ഷപ്രകാരവും 1766 മാർച്ചിൽ സ്റ്റാമ്പ് ഡ്യൂട്ടി നിയമം ബ്രിട്ടീഷ് സർക്കാർ റദ്ദുചെയ്തു.  ന്യൂയോർക്ക് സിറ്റി പഴയതുപോലെ ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങി. 1810 ആയപ്പോൾ ന്യൂയോർക്ക് അമേരിക്കയുടെ ഏറ്റവും വലിയ തുറമുഖമായി അറിയപ്പെട്ടു. തുണി വ്യവസായത്തിലും തുണിമില്ലിലും ന്യൂയോർക്ക് നഗരം പ്രസിദ്ധി നേടുകയും ചെയ്തു.

കൊളോണിയൽ അമേരിക്കയുടെ തെക്കുള്ള കൃഷിക്കാർ ഇംഗ്ലീഷുകാരുടെ നിയന്ത്രണത്തിലുള്ള പട്ടണങ്ങളിലെ മില്ലുകളിൽ, പഞ്ഞി അയച്ചുകൊണ്ടിരുന്നു. പഞ്ഞി വ്യവസായത്തിന് മാഞ്ചസ്റ്റർ വളരെയേറെ പ്രസിദ്ധമായിരുന്നു. മാഞ്ചസ്റ്ററിൽനിന്ന് ഫാക്ടറി ഉൽപ്പന്നങ്ങൾ ന്യൂയോർക്കിലും അയച്ചിരുന്നു. എന്നാൽ ഉൽപ്പാദിപ്പിക്കുന്ന ഉപഭോക്ത വസ്തുക്കൾ മറ്റു സ്ഥലങ്ങളിലേക്ക് ട്രാൻസ്‌പോർട്ട് ചെയ്യാനായുള്ള എളുപ്പ വഴികളുണ്ടായിരുന്നില്ല. 1817-ൽ '363' മൈൽ നീളത്തിൽ ഹഡ്സൺ നദിയിൽ നിന്നും 'ലേക്ക് ഏറി' വരെ കനാൽ നിർമ്മിച്ചു. 1825-ൽ എറിക്ക് കനാൽ പൂർത്തിയാക്കി. ടെക്സ്റ്റയിൽ വ്യവസായത്തിൽക്കൂടി പിന്നീട് ന്യൂയോർക്ക് നഗരം രാഷ്ട്രത്തിന്റെ പ്രധാന വ്യവസായ നഗരമായി അറിയപ്പെടുകയും ചെയ്തു. പട്ടണം വളർന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങൾക്കും ആന്തര ഘടനകൾക്കും മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങി. 1811-ൽ മൻഹാട്ടനിൽ 'സ്ട്രീറ്റുകളും അവന്യുകളും' നിർമ്മിക്കാനുള്ള പദ്ധതികൾ തയ്യാറാക്കി. സിറ്റിയിൽ മുനിസിപ്പൽ ഏജൻസിയും പോലീസ് ഡിപ്പാർട്മെന്റും 1819-ൽ സ്ഥാപിച്ചു.

വിദേശത്തുനിന്നുമുള്ള കുടിയേറ്റക്കാർ ഓരോ വർഷവും ന്യൂയോർക്കിൽ വർദ്ധിച്ചുകൊണ്ടിരുന്നു. 1840 മുതൽ 1850 വരെയുള്ള കാലങ്ങളിൽ ജർമ്മനിയിൽ നിന്നും അയർലണ്ടിൽ നിന്നും വൻതോതിലുള്ള കുടിയേറ്റം മൂലം പട്ടണത്തിന്റെ മുഖച്ഛായ തന്നെ മാറിപോയിരുന്നു. ഓരോ വിഭാഗങ്ങളും തങ്ങളുടെ സംസ്ക്കാരമനുസരിച്ച് വ്യവസായ സംരഭങ്ങളിൽ ഏർപ്പെട്ടിരുന്നു. പിന്നീട് തൊഴിലാളി സംഘടനകൾ രൂപീകരിക്കാൻ തുടങ്ങി. രാഷ്ട്രീയ സംഘടനകളും പ്രവർത്തിക്കാൻ തുടങ്ങി. പള്ളികളും സാമൂഹിക ക്ലബുകളും ഒപ്പം നിർമ്മാണവും ആരംഭിച്ചിരുന്നു. അമേരിക്കൻ വിപ്ലവത്തിനുമുമ്പ് ഡച്ചുകാരും ഇംഗ്ളീഷുകാരും സ്കോട്ട്ലന്റുകാരും ജർമ്മൻകാരുമായിരുന്നു മുഖ്യ കുടിയേറ്റക്കാർ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭഘട്ടത്തിൽ ന്യൂയോർക്കിലും ലോങ്ങ് ഐലണ്ടിലും വെസ്റ്റ് ചെസ്റ്റർ കൗണ്ടിയിലും കുടിയേറ്റക്കാർ വ്യാപകമായി വർദ്ധിച്ചിരുന്നു.

വിപുലമായ ആധുനിക ന്യൂയോർക്ക് സിറ്റി ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വികസിച്ചതാണ്. 1895 വരെ ബ്രോൺസും സ്റ്റാറ്റൻ ഐലൻഡും ബ്രൂക്കിലിനും ക്വിൻസും വെവ്വേറെ വ്യത്യസ്ത ഭരണസംവിധാനങ്ങളുടെ നിയന്ത്രണത്തിലായിരുന്നു. അഞ്ചായി വേർതിരിഞ്ഞിരുന്ന പട്ടണങ്ങൾ പിന്നീട് മൻഹാട്ടൻറെ ഭരണത്തിൻ കീഴിലായ ശേഷം ഗ്രെയ്റ്റർ ന്യൂയോർക്ക് (Greater New York) എന്നറിയപ്പെടാൻ തുടങ്ങി. 1897 ഡിസംബർ മുപ്പത്തിയൊന്നുവരെ ന്യൂയോർക്ക് സിറ്റിയുടെ വലിപ്പം അറുപതു ചതുരശ്ര മൈലുകളായിരുന്നു. ജനസംഖ്യ നിരക്ക് രണ്ടു മില്യൺ എന്നും കണക്കാക്കിയിരുന്നു. 1898 ജനുവരി ഒന്നാം തിയതി അഞ്ചു ബോറോകളിലുള്ള സിറ്റികളും യോജിച്ചു കഴിഞ്ഞപ്പോൾ ഗ്രെയ്റ്റർ ന്യൂയോർക്ക് സിറ്റിയുടെ വിസ്തീർണ്ണം 360 ചതുരശ്ര മൈലായി മാറി. ജനസംഖ്യ മൂന്നര മില്യനായും വർദ്ധിച്ചു.

ഇരുപതാം നൂറ്റാണ്ടിൽ അമേരിക്കൻ പട്ടണങ്ങളിൽ ഒന്നാകെ പ്രശ്ന സങ്കീർണ്ണമായ നാളുകളായിരുന്നു.   നിർമ്മാണ രംഗത്തായിരുന്ന ന്യൂയോർക്കിനും നിരവധി വിഷമഘട്ടങ്ങളും വിതർക്കവിഷയങ്ങളും കൈകാര്യം ചെയ്യേണ്ടി വന്നു. ലോകമഹായുദ്ധത്തിനു ശേഷം 'ഇന്റർ സ്റ്റേറ്റ് ഹൈവേ' നിർമ്മാണവും 'സബെർബ് കമ്മ്യൂണിറ്റി' (Subburb) നിർമ്മാണവും ധൃതഗതിയിൽ നടന്നുകൊണ്ടിരുന്നു. ധനികരായവർ സിറ്റി വിട്ട് സമീപത്തുള്ള സ്ഥലങ്ങളിൽ താമസം തുടങ്ങി. അത് പട്ടണത്തിലെ വ്യവസായങ്ങളെ സാരമായി ബാധിക്കാൻ കാരണവുമായി. അതുമൂലം ന്യൂയോർക്കിലെ വ്യവസായങ്ങൾ തകർന്നുകൊണ്ടിരുന്നു. നികുതി വരുമാനം കുറഞ്ഞപ്പോൾ സർക്കാരിൽനിന്നും പൊതു സേവനവും പൊതുമരാമത്ത് പണികളും സാധിക്കാതെ വന്നു. എന്നിരുന്നാലും 1965-ൽ കുടിയേറ്റ നിയമം പാസാക്കിയതു മൂലം ഏഷ്യ, ഇന്ത്യ, ആഫ്രിക്കാ, കരീബിയൻ സ്ഥലങ്ങളിൽനിന്ന് കുടിയേറ്റം വൻതോതിൽ ആരംഭിച്ചു. ജോലിസാധ്യത പരിഗണിച്ച് ഭൂരിഭാഗവും ന്യൂയോർക്ക് പട്ടണത്തിൽ താമസിക്കാൻ തുടങ്ങി.

ഇരുപത്തിയൊന്നാം നൂറ്റാണ്ട് ന്യൂയോർക്ക് പട്ടണത്തെ കിടുകിടാ വിറപ്പിച്ചുകൊണ്ടായിരുന്നു കടന്നു വന്നത്. 2001 സെപ്റ്റംബർ പതിനൊന്നാം തിയതി ന്യൂയോർക്ക് പട്ടണം ഭീകരരുടെ അതിഘോരമായ ആക്രമണത്തിനിരയായി. ഭീകരർ ഹൈജാക്ക് ചെയ്ത രണ്ടു വിമാനങ്ങൾ അമേരിക്കയിലെ ഉയരം കൂടിയ കെട്ടിടങ്ങളായ 'വേൾഡ് ട്രേഡ് സെന്റർ' ഇടിച്ചു നിരപ്പിലാക്കി. ഏകദേശം മൂവായിരം ജനങ്ങളോളം അന്നേ ദിവസം മരണമടഞ്ഞു. ലോകത്തിന്റെ തന്നെ സാമ്പത്തിക കേന്ദ്രമായ ന്യൂയോർക്ക് പട്ടണം പ്രവർത്തന രഹിതമായി. വർഷത്തിൽ മില്യൺ കണക്കിന് വിനോദ സഞ്ചാരികൾ വന്നുകൊണ്ടിരുന്ന പട്ടണം ആ ദിവസങ്ങളിലെല്ലാം ഭയം കൊണ്ട് വിറച്ചിരുന്നു.

ന്യൂയോർക്ക് സ്റ്റേറ്റിനെ പന്ത്രണ്ട് ജുഡീഷ്യൽ ഡിസ്ട്രിക്റ്റുകളായി തരം തിരിച്ചിട്ടുണ്ട്. ഓരോ ഡിസ്ട്രിക്റ്റിലും തിരഞ്ഞെടുക്കപ്പെട്ട ജഡ്ജിമാരുണ്ടായിരിക്കും. ഈ ജഡ്ജിമാർ ഒന്നായി 'സുപ്രീം കോർട്ട്' എന്നു പറയുന്നു. നാലു ജുഡീഷ്യൽ ഡിപ്പാർട്ടുമെന്റുകൾ സുപ്രീം കോർട്ടിലേയും താഴെയുള്ള കോർട്ടുകളിലെയും അപ്പീൽ കേൾക്കാൻ നിലകൊള്ളുന്നു. അപ്പീൽ കേൾക്കുന്ന കോടതിയാണ് അവസാനമായി സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. സെനറ്റിന്റെ അംഗീകാരത്തോടെ അപ്പീൽ കേൾക്കുന്ന ജഡ്ജിമാരെ ഗവർണ്ണർ നിയമിക്കുന്നു. സ്റ്റേറ്റുകൾ തമ്മിലുള്ള കേസുകളും സുപ്രിം കോടതി കൈകാര്യം ചെയ്യുന്നു. കൗണ്ടി കോർട്ട്, കുടുംബ കോടതികൾ, ന്യൂയോർക്ക് സിറ്റിയുടെ കോടതികൾ മുതലായവ കീഴ്കോടതികളായി അറിയപ്പെടുന്നു. നിയമപരമായ വാദങ്ങളിൽ മുഖ്യമായത്, സ്റ്റേറ്റിന്റെ ഫണ്ടുകൾ  കൗണ്ടികൾക്കും സിറ്റികൾക്കും എങ്ങനെ വീതിക്കണമെന്നുള്ളതു സംബന്ധിച്ചായിരിക്കും. 1896 മുതൽ ലോക്കൽ സർക്കാരുകളുടെ 'സ്വയം ഭരണാവകാശം' ഭരണഘടന അനുവദിച്ചിട്ടുള്ളതാണ്. എന്നാൽ സ്റ്റേറ്റിന്റെ ഇടപെടൽ അവസാന തീരുമാനമായതുകൊണ്ടു സിറ്റിയുടെ സ്വയംഭരണാവകാശങ്ങൾ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു.

ന്യൂയോർക്ക് സ്റ്റേറ്റിനെ മൊത്തം 62 കൗണ്ടികളായി വിഭജിച്ചിട്ടുണ്ട്. ഈ കൗണ്ടികളെ വീണ്ടും 1500  ടൗണുകളായും വില്ലേജുകളായും തരം തിരിച്ചിരിക്കുന്നു. നാഗരികമായ പട്ടണങ്ങൾ കോർപ്പറേഷൻ ആയി രജിസ്റ്റർ ചെയ്തിരിക്കും. ചില കൗണ്ടി ഗവണ്മെന്റുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെങ്കിലും ന്യൂയോർക്ക് സ്റ്റേറ്റിന് ശക്തമായ ഒരു ഭരണ സംവിധാനമുണ്ട്. പോർട്ട് ആൻഡ് ബ്രിഡ്ജ്, ആരോഗ്യ മേഖലകൾ, ഫയർ ഡിസ്ട്രിക്റ്റ്, മാർക്കെറ്റ്, പോർട്ട് അതോറിട്ടി, എന്നിങ്ങനെ ഭരണ സംവിധാനത്തിനായി തരം തിരിച്ചിട്ടുണ്ട്. 'പോർട്ട് അതോറിറ്റിയാണ് ഏറ്റവും വലിയ ഡിസ്ട്രിക്റ്റ്. പാലങ്ങൾ, ഹാർബർ, ന്യൂയോർക്ക് സിറ്റിയുടെ ചുമതലകൾ മുതലായവ പോർട്ട് അതോറിറ്റിയുടെ കീഴിലാണ്. മേയറും കൗൺസിലുമാണ് ന്യൂ യോർക്ക് സിറ്റി നിയന്ത്രിക്കുന്നത്. ന്യൂയോർക്കിൽ സിറ്റിമേയർ, കൌൺസിൽ, കൌൺസിൽ പ്രസിഡന്റ്, കംട്രോളർ, അഞ്ചു ബോറോകളിലെയും പ്രസിഡണ്ടുമാർ, എന്നിവർ ഭരണ സംവിധാനത്തിൽ ഉൾപ്പെടുന്നു. ന്യൂയോർക്ക് സ്റ്റേറ്റിന്റെ വരുമാനത്തിൽ പകുതിയോളം ലോക്കൽ സർക്കാരുകൾക്കായി ചിലവഴിക്കുന്നു. പബ്ലിക്ക് സ്‌കൂൾ, വെൽഫെയർ, ആരോഗ്യം, ഹൈവേകൾ, ഹൌസിങ്, നാഗരിക പുനരുത്ഥാരണം മുതലായ ചുമതലകൾ മുഴുവൻ സ്റ്റേറ്റിന്റെ പരിധിയിൽ വരുന്നു.

ന്യൂയോർക്ക് സ്റ്റേറ്റിലെ രാഷ്ട്രീയം വിവരിക്കുമ്പോൾ ന്യൂയോർക്ക് പട്ടണം ഡെമോക്രറ്റുകളുടെ കോട്ടയായിട്ടാണ് അറിയപ്പെടുന്നത്. 'ലോങ്ങ് ഐലണ്ടിലും' 'അപ്സ്റ്റേറ്റിലും' ശക്തമായ റിപ്പബ്ലിക്കൻ നിയന്ത്രണവുമുണ്ട്. 1920 മുതൽ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും ഗവർണ്ണർമാരായി ന്യൂയോർക്ക് സ്റ്റേറ്റിൽ ഭരിച്ചിട്ടുണ്ട്. 1970 മുതൽ 'അസംബ്‌ളി' ഡെമോക്രറ്റുകളുടെ നിയന്ത്രണത്തിലുമായിരുന്നു. ന്യൂയോർക്ക് സ്റ്റേറ്റിനെ സംബന്ധിച്ച് ഡെമോക്രറ്റുകളും റിപ്പബ്ലിക്കനും തുല്യശക്തികളെങ്കിലും മറ്റുള്ള പാർട്ടികളും രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പുകളിലും പങ്കുകൾ വഹിച്ചിട്ടുണ്ട്.

അമേരിക്കയിൽ പ്രസിദ്ധ ഹോസ്പിറ്റലുകളും മെഡിക്കൽ കോളേജുകളും ന്യൂയോർക്കിലാണുള്ളത്.  ബേത്ത് ഇസ്‌റായെൽ, മൌണ്ട് സീനായ്, കൊളംബിയ മെഡിക്കൽ സ്‌കൂൾ, ന്യൂയോർക്ക് യൂണിവേഴ്സിറ്റി മുതലായ ലോകപ്രസിദ്ധമായ സ്ഥാപനങ്ങൾ ന്യൂയോർക്ക് പട്ടണത്തിൽ നിലകൊള്ളുന്നു. ന്യൂയോർക്ക് പട്ടണത്തിനു വെളിയിൽ 'സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്ക്', 'കോർണൽ യൂണിവേഴ്സിറ്റികൾ' എന്നിവകളും പ്രസിദ്ധങ്ങളാണ്‌. സ്‌കൂൾ വിദ്യാഭ്യാസത്തിനായി ഏറ്റവുമധികം ഫണ്ടുകൾ അനുവദിക്കുന്ന സ്റ്റേറ്റാണ് ന്യൂയോർക്ക്. ആറുമുതൽ പതിനേഴു വയസുവരെ സ്‌കൂൾ വിദ്യാഭ്യാസം  കൊളോണിയൽ കാലം മുതൽ നിർബന്ധവുമായിരുന്നു. 1638-നു മുമ്പ് പള്ളികളുടെ സഹായത്തോടെ 'ന്യൂ ആംസ്റ്റർഡാമിൽ' (ന്യൂ യോർക്ക്) സ്‌കൂളുകൾ നടത്തിയിരുന്നു. 1791-ലാണ് സ്റ്റേറ്റിന്റെ ആദ്യത്തെ പബ്ലിക്ക് സ്‌കൂൾ സിസ്റ്റം നടപ്പാക്കിയത്. 1795 വരെ ചെറിയ തോതിൽ എലിമെന്ററി പബ്ലിക്ക് സ്‌കൂൾ സിസ്റ്റത്തിന് പണം കൊടുത്തിരുന്നു. 1812 മുതൽ സർക്കാരിന്റെ പൂർണ്ണമായ ഉത്തരവാദിത്വത്തിൽ പബ്ലിക്ക് സ്‌കൂളുകൾ  നടപ്പാക്കി. 1867 വരെ മാതാപിതാക്കൾ സ്‌കൂൾ ഫീസിന്റെ  ഒരു വീതം കൊടുക്കണമായിരുന്നു. വളരെ കുറച്ചു പബ്ലിക്ക് സ്‌കൂളുകൾ മാത്രമേ ഇരുപതാം നൂറ്റാണ്ടിൻറെ ആരംഭത്തിലുണ്ടായിരുന്നുള്ളൂ. പിന്നീട് രാഷ്ട്രത്തിന്റെ നാനാഭാഗത്തും പബ്ലിക്ക് സ്‌കൂളുകൾ നടപ്പാക്കാൻ തുടങ്ങി.

ഭൂരിഭാഗം ന്യൂയോർക്ക് നിവാസികൾക്കും ഹെൽത്ത് ഇൻഷുറൻസ് കവറേജ് ഉണ്ട്. അഞ്ച് ന്യൂയോർക്കുകാരിൽ ശരാശരി ഒരാൾക്കു വീതം 'മെഡിക്കെയ്ഡ്' ആനുകൂല്യം ലഭിക്കുന്നു. വരുമാനം കുറവായ കുടുംബങ്ങൾക്കും കുട്ടികൾക്കുമാണ് 'മെഡിക്കെയ്ഡ്' നല്കുന്നത്. അനേകം പേർക്ക് ഫുഡ് സ്റ്റാമ്പും ലഭിക്കുന്നു. വരുമാനമില്ലെങ്കിൽ, അസുഖം ബാധിച്ചവർക്കും പ്രായമായവർക്കും നേഴ്സിങ് ഹോം ചെലവുകൾ   മെഡിക്കെയ്ഡ് നൽകും.

ന്യൂയോർക്ക് മനോഹരവും സാമൂഹിക സാംസ്ക്കാരിക തലങ്ങളിൽ അങ്ങേയറ്റം പ്രബുദ്ധത നിറഞ്ഞ പട്ടണവുമായിട്ടാണ് അറിയപ്പെടുന്നത്. കുറഞ്ഞത് ഒരു മില്യൺ സന്ദർശകർ ഈ പട്ടണത്തിൽ ഓരോ വർഷവും വന്നും പൊയ്ക്കൊണ്ടുമിരിക്കുന്നു. ഓരോ സന്ദർശകന്റെയും പ്രതീക്ഷകളേക്കാൾ, ഭാവനകളെക്കാൾ അത്ഭുതകരമാണ് ന്യൂയോർക്ക് പട്ടണം. പട്ടണത്തിന്റെ ഹൃദയഭാഗത്തായുള്ള പച്ച പുൽപ്പാതകൾ നിറഞ്ഞ സെൻട്രൽ പാർക്ക് കാഴ്‌ചക്കാരുടെ കണ്ണുകൾക്ക് ഇമ്പം നൽകും. 'ടൈംസ് സ്‌ക്വയർ' ന്യൂ യോർക്ക് ടൈംസിന്റെ പേരിൽ അറിയപ്പെടുന്നു. 1904-ൽ സ്ഥാപിച്ച ന്യൂയോർക്ക് ടൈംസിന്റെ ചരിത്രവും 'ടൈംസ് സ്‌ക്വയർ' നമ്മെ ഓർമ്മിപ്പിക്കുന്നു. 'ഫാസ്റ്റ് ഫുഡി'ന്റെ പട്ടണമാണിത്. പിസാ, മക്‌ഡൊണാൾഡ്‌സ്, ബർഗർ കിംഗ്,  മുതലായ ഫാസ്റ്റ്ഫുഡുകൾ ഇഷ്ടപ്പെട്ടവർക്ക് ന്യൂയോർക്ക് അനുയോജ്യമായ സന്ദർശക സ്ഥലമാണ്. മഴയുള്ള ദിനങ്ങളാണെങ്കിൽ മ്യൂസിയത്തിലും ആർട്ട് ഗ്യാലറിയിലും തിക്കും തിരക്കുമായിരിക്കും. ന്യൂയോർക്ക് സിറ്റിയിൽ വന്നാൽ റോക്ക്‌ഫെല്ലർ സെന്റർ നിറയെ സന്ദർശകരെ കാണാം. സൂര്യാസ്തമയ സമയത്താണ് ഈ പ്രദേശം ഏറ്റവും മനോഹരമായ ദൃശ്യമായി അനുഭവപ്പെടുന്നത്.

മേയ്സിസ് (Maycy's) ലോകത്തിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റായി കരുതുന്നു. ടെക്സ്റ്റയിലുകളുടെ ഒരു സാമ്രാജ്യമാണവിടം. ടൂറിസ്റ്റുകൾ അവിടെ സന്ദർശിക്കുന്നു. ന്യൂയോർക്ക് പട്ടണത്തിൽനിന്നും മൂന്നു മണിക്കൂർ യാത്ര ചെയ്‌താൽ ബോസ്റ്റണിലും വാഷിംഗ്ടണിലും എത്താം. ആറേഴു മണിക്കൂർ യാത്ര ചെയ്‌താൽ നയാഗ്ര ഫാൾസിലുമെത്താം. സ്റ്റാച്യു ഓഫ് ലിബർട്ടി അമേരിക്കയിലെ ഏറ്റവും പൊക്കം കൂടിയ സുന്ദരമായ ഒരു പ്രതിമയാണ്. 1833-ൽ ബ്രൂക്കിലിൻ ബ്രിഡ്ജ് പണി കഴിപ്പിച്ചു. ഈ പാലം ബ്രൂക്കിലിനും മൻഹാട്ടനുമായി ബന്ധിപ്പിച്ചിരിക്കുന്നു. 1929-ൽ 'എംപയർ സ്റ്റേറ്റ് ബിൽഡിംഗ്' പണി തീർന്നു. അത് ന്യൂയോർക്കിലെ മദ്ധ്യ ഭാഗത്തായി സ്ഥിതി ചെയ്യുന്നു.

അമേരിക്കക്കാർ പൊതുവെ സൗഹാർദ്ദം പുലർത്തുന്നവരാണ്. സ്നേഹവും ദയയും അവർ പ്രകടിപ്പിക്കും. ആരെ കണ്ടാലും പുഞ്ചിരിക്കുന്ന മുഖത്തോടെ സ്വാഗതം ചെയ്യും. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്ഥിതിയുള്ളവരുമാണ്. യാത്ര ചെയ്യുമ്പോൾ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ അവർ സഹായിക്കാൻ തല്പരരുമാണ്. അത്ഭുതകരമായ 'ബ്രോഡ് വെ ഷോ' യാത്രക്കാരെ ആകർഷിക്കുന്ന സ്ഥലമാണ്. ഓരോ ഷോകളും  ഏതൊരു ഭാഷക്കാരനും മനസിലാകുന്നതുമാണ്‌. വസന്തകാലത്തും വേനൽക്കാലത്തും 'ബൊട്ടാനിക്ക് ഗാർഡൻ' ഒരു കാഴ്ചയായിരിക്കും. 'കോണി ഐലൻഡ്' യാത്രക്കാരുടെ തിരക്ക് നിറഞ്ഞ സ്ഥലങ്ങളാണ്. വ്യവസായ ലോകത്തിന് 'വാൾസ്ട്രീറ്റ്' അത്ഭുതകരമായിരിക്കും. ഒരിക്കൽ ന്യൂയോർക്ക് കണ്ടവർക്ക് പിന്നീടൊരിക്കലും ഭൂമിയിലെ ഈ പറുദീസ മറക്കാൻ സാധിക്കില്ല.

ന്യൂയോർക്കിൽ പകുതിയോളം കത്തോലിക്കാ വിശ്വാസികളാണുള്ളത്. എങ്കിലും ഭൂരിഭാഗവും പള്ളികളിലും ആചാരങ്ങളിലും സംബന്ധിക്കാറില്ല. യഹൂദന്മാർ പത്തു ശതമാനം വരും.  ഇരുപതാം നൂറ്റാണ്ടായപ്പോൾ വെള്ളക്കാരല്ലാത്തവരുടെയും ജനസംഖ്യ വർദ്ധിച്ചുകൊണ്ടിരുന്നു.   1940-ൽ അഞ്ചു ശതമാനത്തിനു താഴെ മാത്രമേ വെള്ളക്കാരല്ലാത്തവർ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ന്യൂയോർക്കിൽ ആറിലൊന്ന് ജനസംഖ്യ വെള്ളക്കാരല്ലാത്തവരായിരുന്നു. ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആഫ്രിക്കൻ വംശാവലിയിലുള്ള അനേകർ കരീബിയൻ ഐലൻഡിൽ നിന്നും ആഫ്രിക്കയിൽനിന്നും ഇവിടെ കുടിയേറി. അവരുടെയിടയിൽ നിരവധി വിശ്വാസങ്ങളും മതങ്ങളും പുലർത്തിയിരുന്നു. വിവിധ ഭാഷകളും സംസ്‌കാരങ്ങളും പ്രചരിച്ചിരുന്നു.

രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ന്യൂയോർക്കിന്റെ സംസ്ക്കാരികതയ്ക്ക് മാറ്റം വരുത്തിയവർ പോർട്ടറിക്കൻ സമൂഹമായിരുന്നു. 1950-1960 വരെയുള്ള സാമ്പത്തിക മാന്ദ്യം പോർട്ടറിക്കോയിൽനിന്ന് അനേകരെ ന്യൂയോർക്കിലേക്ക് കുടിയേറ്റത്തിനു നിർബന്ധിതരാക്കി. ഇന്ന് ലക്ഷക്കണക്കിന് പോർട്ടറിക്കന്മാർ ന്യൂയോർക്ക് പട്ടണത്തിലും ന്യൂയോർക്കിന്റെ സമീപ പ്രദേശങ്ങളിലും കുടുംബങ്ങളായി താമസിക്കുന്നു. ഡൊമിനിക്കൻകാരും ലാറ്റിനോകളും സ്പാനിഷ് സംസാരിക്കുന്നവരും ഇവിടെ വന്ന കുടിയേറ്റക്കാരുടെ പട്ടികയിലുണ്ട്.

ന്യൂയോർക്കിന്റെ സാമ്പത്തികം ലോകത്തിലെ പട്ടണങ്ങളിൽ ഒന്നാം നിരയിൽ നിൽക്കുന്നു.  ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ന്യൂയോർക്കിലെ സാമ്പത്തിക അന്തരീക്ഷം വളരെയധികം മെച്ചപ്പെട്ടു. പുതിയ  കോർപ്പറേറ്റ് കെട്ടിടങ്ങൾ ഉയർന്നു വന്നു. ജോലി സാധ്യതകളും വർദ്ധിച്ചു. എല്ലാവിധത്തിലുള്ള ട്രാൻസ്‌പോർട്ട് സൗകര്യങ്ങളും ന്യൂയോർക്കിനുണ്ട്. വൈദ്യതി സംഭരണം, ന്യൂക്ലിയർ കഴിവുകൾ, ഹൈഡ്രോ ഇലെക്ട്രിസിറ്റി, എന്നിവകളിൽ ന്യൂയോർക്ക് മുമ്പിൽ നിൽക്കുന്നു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങൾ അനുസരിച്ച് ന്യൂയോർക്കിലാണ് കുറഞ്ഞ തൊഴിലില്ലായ്മയുള്ളത്.

1930 മെയ് പതിനേഴാം തിയതി റോക്ക്ഫെല്ലർ സെന്ററിന്റെ നിർമ്മാണം ആരംഭിച്ചു. അമേരിക്കയിൽ സാമ്പത്തിക മാന്ദ്യം മൂർച്ഛിച്ചിരുന്ന ഒരു കാലഘട്ടത്തിലാണ് ഇങ്ങനെ ഒരു സംരഭത്തിന് തുടക്കമിട്ടത്. ന്യൂയോർക്കിലെ 65 ശതമാനം തൊഴിലാളികൾ തൊഴിലില്ലാതെ അലഞ്ഞിരുന്ന സമയങ്ങളിൽ  റോക്ക്ഫെല്ലർ കെട്ടിട നിർമ്മാണങ്ങളിൽക്കൂടി അറുപതിനായിരത്തോളം പേർക്കുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതും ചരിത്ര നേട്ടങ്ങളായിരുന്നു.  ക്രിസ്തുമസ് നാളുകളിൽ ആയിരക്കണക്കിന് സന്ദർശകർ റോക്ക്'ഫെല്ലർ സെന്ററിന്റെ മുമ്പിലുള്ള  നിറങ്ങൾ കലർന്ന പ്രകാശതരംഗങ്ങളാൽ അലംകൃതമായ ക്രിസ്തുമസ് മരത്തിനു ചുറ്റും സമ്മേളിക്കാറുണ്ട്. ഓരോ വർഷവും ഇരുപതടിയിൽ കൂടിയ ഭീമാകാരമായ ഒരു ക്രിസ്തുമസ് മരം അവിടെ ക്രിസ്തുമസ് നാളുകളിൽ പറിച്ചു നടാറുണ്ട്. 1931-ൽ ആരംഭിച്ച ന്യൂയോർക്കിന്റെ ഈ  പാരമ്പര്യം  മുടക്കമില്ലാതെ ഇന്നും  തുടരുന്നു. 





Duke York (King James ii)

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...