Tuesday, February 19, 2019
ട്രംപിന്റെ നികുതി പരിഷ്ക്കരണം: പാവങ്ങള്‍ക്കോ പണക്കാര്‍ക്കോ ഗുണം?
ജോസഫ് പടന്നമാക്കൽ
ലോകമൊന്നാകെ അവലോകനം ചെയ്യുമ്പോൾ ചില രാജ്യങ്ങളിലുള്ള ജനങ്ങൾക്ക് നികുതി കൊടുക്കേണ്ടതില്ല. ബെർമുഡ, മൊണോക്കോ, ബഹാമാസ്, അംഡോറാ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവടങ്ങളിലുള്ള ജനങ്ങൾ തങ്ങളുടെ രാജ്യങ്ങളിൽ നികുതി കൊടുക്കുന്നില്ല. നികുതിയില്ലെങ്കിലും അവിടുത്തെ ജനങ്ങൾ വളരെ സന്തോഷപൂർവം ജീവിക്കുന്നതും ശ്രദ്ധേയമാണ്. പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ച 2018 ലെ നികുതി നിയമങ്ങൾ എത്രമാത്രം ലളിതമാക്കാമോ അത്രയും ലളിതമാക്കണമെന്ന ഉദ്ദേശമായിരുന്നു നികുതി പരിഷ്ക്കരണത്തിൽക്കൂടി ഉദ്ദേശിച്ചിരുന്നത്. സ്റ്റാൻഡേർഡ് ഡിഡക്ഷൻ രണ്ടിരട്ടി വർദ്ധിപ്പിച്ചതോടെ ടാക്സ് ഫോം പൂരിപ്പിക്കുന്നത് ഒന്നുകൂടി ലളിതമാവുകയും ചെയ്തു. ചരിത്രത്തിന് എന്നും അതിന്റേതായ പ്രാധാന്യമുണ്ട്. നികുതി പരിഷ്‌ക്കാരങ്ങൾ കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നു. നികുതിയുടെ വ്യതിയാനങ്ങൾ കൂടെക്കൂടെ ശ്രദ്ധിക്കുന്നത് ഗുണപ്രദമായിരിക്കും. അതനുസരിച്ച് നിക്ഷേപങ്ങൾ നടത്താൻ സാധിക്കുന്നു. ഫെഡറൽ വ്യവസ്ഥയിലുള്ള ഇൻകം ടാക്‌സിന്റെ മാറ്റങ്ങൾ നമ്മുടെ നിക്ഷേപ പദ്ധതികളെ (ഇൻവെസ്റ്റ്മെന്റ്) ബാധിക്കും. നാം വസിക്കുന്ന സ്വന്തം വീടിന്റെ വിലയേയും ബാധിക്കും.
2018 ഡിസംബർ 22 ന് ചരിത്രപ്രസിദ്ധമായ ടാക്സ് ബില്ല് പ്രസിഡന്റ് ട്രംപ് ഒപ്പിട്ടിരുന്നു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളിൽ നടന്ന പരിവർത്തനാത്മകമായ ഒരു നികുതി പരിഷ്ക്കരണമായിരുന്നു ഈ ബില്ല്. പരിഷ്‌ക്കരിച്ച നികുതികളുടെ അടിസ്ഥാനത്തിൽ ടാക്സ് ബ്രാക്കറ്റുകൾ പരിശോധിച്ചാൽ നികുതി വളരെ കുറവാണെന്നു കാണാം. ഉദാഹരണമായി ഭാര്യയും ഭർത്താവുമടങ്ങിയ 2017-ലെ ഇൻകം ടാക്സ് ബ്രാക്കറ്റുകൾ പരിശോധിക്കുക. $19,400,$78950,$168,400 $321,450, $408,200 എന്നിങ്ങനെ ടാക്സ് ബ്രാക്കറ്റുള്ളവർ യഥാക്രമം നികുതി കൊടുക്കേണ്ടിയിരുന്നത് 10%,15%,25%,28%,33%,37% നിരക്കിലായിരുന്നു. പുതിയ ടാക്സ് പരിഷ്ക്കരണത്തിൽ 10%,12%,22%,24%,32%,35% എന്നീ നിരക്കിൽ ടാക്സ് നിരക്കുകൾ കുറഞ്ഞിരിക്കുന്നതായി കാണാം. കഴിഞ്ഞ മുപ്പതു വർഷത്തിനുള്ളിലെ നികുതി രൂപാന്തരീകരണത്തിൽ ട്രംപിന്റെ 2018-ൽ പാസാക്കിയ റവന്യൂ ആക്റ്റ് പ്രകാരമുള്ള പരിഷ്‌ക്കാരങ്ങൾ ചരിത്രപരമാണ്. ആഡംബരമേറിയ വീടുകളും അമിത പ്രോപ്പർട്ടി ടാക്‌സും കൊടുക്കുന്നവർക്ക് 2018 -ൽ പാസാക്കിയ നിയമങ്ങൾ ഗുണപ്രദമായിരിക്കില്ല. കാര്യമായ മെഡിക്കൽ ചെലവുകളില്ലാത്തവർക്കും ധർമ്മ സ്‌ഥാപനങ്ങൾക്ക് കൈ നിറയെ പണം വാരി കൊടുക്കാത്തവർക്കും പ്രൊഫഷണൽ ചെലവുകൾ അധികമില്ലാത്തവർക്കും പുതിയ നികുതി നയങ്ങൾ ഗുണപ്രദമായേക്കാം. അംഗസംഖ്യ കൂടുതലുള്ള കുടുംബങ്ങൾക്ക്' പുതിയ നിയമപ്രകാരം അധിക നികുതി കൊടുക്കേണ്ടി വരും. എങ്കിലും ഓരോരുത്തർക്കും 500 ഡോളർ ക്രെഡിറ്റ് അനുവദിച്ചിട്ടുണ്ട്. 2017-ൽ കിഴിക്കാമായിരുന്ന വ്യക്തിഗത അലവൻസായിരുന്ന (പേഴ്സണൽ അലവൻസ്) '4050 ഡോളർ' 2018-ലെ നികുതിയിൽ ഉൾപ്പെടുത്തിയിട്ടില്ല.
അമേരിക്കൻ ഐക്യനാടുകളുടെ ഫെഡറൽ ഇൻകം ടാക്സ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത് 1913 മുതൽ 2019 വരെയുള്ള കാലഘട്ടങ്ങളിലാണ്. 1913-ൽ ഭരണഘടന പതിനാറാം പരിഷ്‌ക്കരണ ഭേദഗതി വരുത്തി (അമെൻഡ്മെന്റ്) ഫെഡറൽ ഇൻകം ടാക്സ് നടപ്പാക്കുന്നതിനുള്ള ഔപചാരിക അംഗീകാരം നൽകി. 1913-ൽ നടപ്പാക്കിയ നികുതി ഇന്നുള്ള നികുതി സമ്പ്രദായവുമായി യാതൊരു സാമ്യവുമില്ല. ഇന്നു നാം കാണുന്ന ടാക്സ് വ്യവസ്ഥകൾ ഓരോ കാലഘട്ടത്തിൽക്കൂടി പരിവർത്തനങ്ങളിൽക്കൂടി മെനഞ്ഞെടുത്തതാണ്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താനും സർക്കാരിന് വരുമാനം ഉണ്ടാക്കാനും കാലത്തിനനുസരിച്ച് ടാക്സ് നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരുന്നു. 1913-ൽ അഞ്ചുലക്ഷം ഡോളറിൽ കൂടുതൽ വരുമാനമുള്ളവരിൽ നിന്നും ഏഴുശതമാനം നികുതി ചുമത്തിയിരുന്നു. അതായിരുന്നു അന്നത്തെ ഏറ്റവും കൂടിയ ടാക്സ് ബ്രാക്കറ്റ്. ഇന്ന് ആ തുക 11 മില്യൺ ഡോളറിനു തുല്യമായി കണക്കാക്കാം. അന്നുണ്ടായിരുന്ന താണ നികുതി നിരക്ക് ഒരു ശതമാനമായിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിൽ പങ്കെടുക്കുന്നതിനായി കോൺഗ്രസ്സ് 1916-ൽ റവന്യൂ ആക്റ്റ് പാസ്സാക്കി. പിന്നീട് 1917-ൽ യുദ്ധത്തിനുള്ള ഫണ്ടിനായും റെവന്യൂ ആക്ട് പുതുക്കിയിരുന്നു. യുദ്ധം വളരെയേറെ ചെലവ് കൂടിയതായിരുന്നതുകൊണ്ട് സർക്കാരിന് സാമ്പത്തിക ഭാരം താങ്ങാൻ സാധിക്കുമായിരുന്നില്ല. 1916-ൽ' പരമാവധി നികുതി നിരക്ക് പതിനഞ്ചു ശതമാനത്തിൽ നിന്നും 67 ശതമാനമായും 1917-ൽ 77 ശതമാനമായും വർദ്ധിപ്പിച്ചു. യുദ്ധകാല ശേഷം 1920 മുതൽ ടാക്സ് നിയമങ്ങളിൽ കാര്യമായ മാറ്റങ്ങളുണ്ടായിരുന്നില്ല. 1925 മുതൽ 1931 വരെ നികുതി നിരക്ക് 25 ശതമാനമായി കുറച്ചിരുന്നു. 1932-ൽ രാജ്യം മുഴുവൻ സാമ്പത്തിക മാന്ദ്യത്തിൽ (ഡിപ്രെഷൻ)അടിമപ്പെട്ടപ്പോൾ വീണ്ടും 25 ശതമാനത്തിൽ നിന്ന് പരമാവധി 63 ശതമാനമായി നികുതി വർദ്ധിപ്പിക്കേണ്ടി വന്നു. 1944-45-കളിൽ രണ്ടുലക്ഷം ഡോളറിൽ കൂടുതൽ വരുമാനമുണ്ടായിരുന്നവർക്ക് 94% നികുതി കൊടുക്കണമായിരുന്നു. വിലപ്പെരുപ്പത്തിന്റെ അനുപാതത്തിൽ ആ തുകയെ ഇന്ന് മാനദണ്ഡമാക്കുകയാണെങ്കിൽ രണ്ടര മില്യൺ ഡോളറിനു തുല്യമാകും.
രണ്ടാം ലോക മഹായുദ്ധ കാലങ്ങളിൽ നികുതി പരിഷ്‌ക്കാരങ്ങൾ കോൺഗ്രസ്സ് പാസ്സാക്കിയിരുന്നു. അന്നുവരെ മൊത്തം ജനസംഖ്യയിൽ ഏഴു ശതമാനം ജനങ്ങൾ നികുതി കൊടുത്തിരുന്നത് 1940-1944 കാലഘട്ടത്തിൽ 64 ശതമാനമായി വർദ്ധിച്ചു. പിന്നീടുള്ള മൂന്നു പതിറ്റാണ്ടുകളും നികുതി നിരക്ക് വളരെയധികമായി തുടർന്നു. 1950, 1960, 1970 വർഷങ്ങളിൽ കൂടിയ നികുതി നിരക്ക് 70 ശതമാനത്തിൽ നിന്നും ഒരിക്കലും കുറഞ്ഞിരുന്നില്ല. 1981-ലെ ഇക്കണോമിക് റിക്കവറി ആക്ട് പ്രകാരം 70 ശതമാനത്തിൽ നിന്നും 50 ശതമാനമായി കുറച്ചു. 1988-ൽ അധികം തട്ടി കിഴിക്കാതെ, ഡിഡക്ഷൻസ് അനുവദിക്കാതെ 28 ശതമാനമാക്കി നികുതി നിരക്ക് കുറച്ചു. എങ്കിലും സർക്കാരിന്റ റെവന്യുവിന് കാര്യമായ മാറ്റങ്ങളൊന്നും വന്നില്ല. ഇരുപത്തിയെട്ടു ശതമാനത്തിൽനിന്നും നികുതി ഇനി വർദ്ധിപ്പിക്കില്ലെന്ന് നികുതി നിർമ്മാണക്കാർ അന്ന് വാഗ്ദാനം ചെയ്‌തെങ്കിലും വീണ്ടും മൂന്നു വർഷങ്ങൾ കഴിഞ്ഞപ്പോൾ നികുതി കൂട്ടേണ്ടി വന്നു. 1990-ൽ കൂടിയ നികുതി നിരക്ക് 39.6 ആക്കി. എങ്കിലും 2001-ൽ പാസ്സാക്കിയ റവന്യു ആക്ട് പ്രകാരം 2003 മുതൽ 2010 വരെ കൂടിയ നികുതി നിരക്ക് 35 ശതമാനമാക്കി. തൊഴിലില്ലായ്മ പരിഹരിക്കാനായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്നതായിരുന്നു അന്ന് ലക്ഷ്യമിട്ടിരുന്നത്. 2012 വരെ ഈ നികുതി നിരക്ക് തുടർന്നു. 2012-ൽ വീണ്ടും കൂടിയ നികുതി നിരക്ക് 39.6 ശതമാനമാക്കി. കൂടാതെ 'അഫൊർഡബിൾ കെയർ ആക്ട്' നിയമപ്രകാരം 3.8 ശതമാനം കൂടി ടാക്സ് കൂട്ടി മൊത്തം 43.4 ശതമാനമായി വർദ്ധിപ്പിച്ചു. എന്നാൽ 2018 മുതൽ രാജ്യത്തിന്റെ പരമാവധി നികുതി 37 ശതമാനമാക്കി. അധിക നികുതിയായ 3.8 ശതമാനമുൾപ്പടെ ഇന്ന് പരമാവധി നികുതി നിരക്ക് 40.8 ശതമാനമാണ്.
ഭാര്യയും ഭർത്താവും സഹകരിച്ചുകൊണ്ട് ഒന്നിച്ചു ടാക്സ് ഫയൽ ചെയ്യുന്നുവെങ്കിൽ വരുമാനത്തിൽ നിന്നും കുറക്കാവുന്ന അനുവദനീയമായ ആനുകൂല്യം (സ്റ്റാൻഡേർഡ് ഡിഡക്ഷൻ) 24000 ഡോളറായിരിക്കും. ഒരു വ്യക്തി മാത്രം ടാക്സ് ഫയൽ ചെയ്യുന്ന പക്ഷം സ്റ്റാൻഡേർഡ് ഡിഡക്ഷൻ 12700 ഡോളറുമായിരിക്കും. സ്റ്റേറ്റിന് കൊടുക്കുന്ന വിൽപ്പന നികുതി, വാഹന നികുതി, വസ്തു നികുതി എല്ലാംകൂടി ഉൾപ്പെടുത്തി ഫെഡറലിനു ഫയൽ ചെയ്യുമ്പോൾ കുറക്കാവുന്നത് 10000 ഡോളർ എന്ന് ക്ലിപ്‌തപ്പെടുത്തിയിരിക്കുന്നതിനാൽ വളരെ കുറച്ചുപേർ മാത്രം ഐറ്റമൈസ് ചെയ്യുന്നു. ഐറ്റമൈസ് ചെയ്തു കൂടുതൽ 'റീഫണ്ട്' മേടിക്കാനായുള്ള പഴുത് ചാരിറ്റബിൾ പ്രസ്ഥാനങ്ങൾക്ക് ഡൊണേഷൻ നൽകുകയെന്നതാണ്. തന്മൂലം ധാർമ്മിക സ്ഥാപനങ്ങൾക്ക് ഫണ്ട് നൽകാനും നികുതിദായകർ ഉത്സാഹം പ്രകടിപ്പിക്കും. ധാർമ്മിക, കാരുണ്യ ചാരിറ്റികൾക്ക് പണം ദാനം ചെയ്യുന്നത് സാമൂഹിക പ്രതിപത്തികൊണ്ടാണെങ്കിലും കൂടുതലും പേരും ചിന്തിക്കുന്നത് നികുതിയിലുള്ള ലാഭേച്ഛ തന്നെയാണ്. 2018-ൽ നടപ്പാക്കിയ നികുതി പരിഷ്‌ക്കാരത്തിനു മുമ്പ് ഏകദേശം 30 ശതമാനം നികുതിദായകർ ടാക്സ് ഫയൽ ചെയ്യുമ്പോൾ ഐറ്റമൈസ് ചെയ്തിരുന്നു. എന്നാൽ പുതുക്കിയ നികുതി വ്യവസ്ഥയിൽ അഞ്ചു ശതമാനം താഴെ മാത്രമേ ഐറ്റമൈസ് ചെയ്യുന്നവർ കാണുകയുള്ളൂ. എന്നിരുന്നാലും ധാർമ്മികവും കാരുണ്യപരവുമായ സ്ഥാപനങ്ങൾക്ക് കൊടുക്കുന്ന നികുതിമൂലം വലിയൊരു വിഭാഗം ജനങ്ങൾക്ക് നികുതിയിൽ ലാഭം വരുത്തുവാൻ സാധിക്കും.
2017-ൽ ചൈൽഡ് ടാക്സ് ക്രെഡിറ്റ് 1000 ഡോളർ എന്നതിൽ നിന്നും 2018-ൽ 2000 ഡോളർ ആക്കി മാറ്റി. അതുപോലെ സഹോദരങ്ങളോ, ബന്ധുക്കളോ, മറ്റു ആശ്രിതരോ കൂടെ താമസിക്കുന്നുണ്ടെങ്കിൽ അവർക്ക് 500 ഡോളർ വീതം ക്രെഡിറ്റ് ലഭിക്കും. 2017-ൽ ആശ്രിതരായ വ്യക്തികൾക്ക് (dependent) 4500 ഡോളർ നികുതിയിനത്തിൽ കിഴിക്കാമായിരുന്നു. 2018-ൽ അത് വീണ്ടും വർദ്ധിപ്പിക്കാനും പദ്ധതിയുണ്ടായിരുന്നു. വസ്‌തുവകകളുടെ (പ്രോപ്പർട്ടി) നികുതി 10000 ഡോളറായി ക്ലിപ്തപ്പെടുത്തിതും ഐറ്റമൈസ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. കഴിഞ്ഞകാലങ്ങളിൽ പ്രോപ്പർട്ടി ടാക്‌സും മറ്റു നികുതികളും മുഴുവനായി വരുമാനത്തിൽ നിന്നും കുറച്ചു അറ്റ വരുമാനത്തിന്റെ നികുതി കൊടുത്താൽ മതിയായിരുന്നു. ബിസിനസ്സ് തലങ്ങളിലും പുതിയ ബില്ലിൽ മാറ്റം വരുത്തിയിട്ടുണ്ട്. പങ്കാളിത്ത വ്യാപാരം, (പാർട്ണർഷിപ്പ്) ഏകാങ്ക വ്യാപാരം (സോൾ ട്രേഡിങ്) എസ് കോർപ്പറേഷൻ വ്യവസായ സ്ഥാപനങ്ങൾക്ക് കൊടുത്തിരുന്ന 21 ശതമാനം നികുതി പരിഷ്‌ക്കരിച്ച 2018-ലെ നികുതി സംവിധാനത്തിൽ 20 ശതമാനമാക്കി. വിവാഹ മോചനം നേടിയവർ 2020-ൽ ടാക്സ് ഫയൽ ചെയ്യുമ്പോൾ 2019-ൽ കൊടുത്ത അലിമോണി കിഴിക്കാൻ സാധിക്കില്ല. കഴിഞ്ഞ കാലങ്ങളിൽ അലിമോണി ലഭിക്കുന്നവർ അലിമോണിയെ ഇൻകം ആയി കണക്കാക്കുകയും കൊടുക്കുന്നവർ വരുമാനത്തിൽ നിന്നും കുറക്കുകയും ചെയ്തിരുന്നു. ഒബാമ കെയർ അനുസരിച്ച് ആരോഗ്യ സുരക്ഷതാ പദ്ധതിയിൽ (ഹെൽത്ത് ഇൻഷുറൻസ്) ചേരാത്തവർക്കുണ്ടായിരുന്ന പിഴ (പെനാൽറ്റി) എടുത്തു കളഞ്ഞു.
2018-ൽ പ്രസിഡന്റ് ട്രംപ് ഒപ്പിട്ട നികുതി നിയമം വീട്ടുടമകളായ നികുതി ദായകർക്ക് ഗുണപ്രദമല്ല. പുതിയ നികുതി നിയമം വീടുകളുടെ വിലയെ ബാധിക്കുമോയെന്നുള്ള ആശങ്കകളുമുണ്ട്. 2018 മുതൽ ഭാര്യ ഭർത്താക്കന്മാർ ഒന്നിച്ച് ടാക്സ് ഫയൽ ചെയ്യുന്നുവെങ്കിൽ ഏഴുലക്ഷത്തി അമ്പതിനായിരം വരെ വിലയുള്ള വീടുകൾക്കു മാത്രമേ ഭൂപണയ പലിശ (മോർട്ട്ഗേജ്) കാണിക്കാൻ സാധിക്കുള്ളൂ. വിവാഹിതരായവർ രണ്ടായി ഫയൽ ചെയ്യുന്നുവെങ്കിൽ വീടിന്റെ പരമാവധി വില $375,000-ത്തിൽ കൂടാൻ പാടില്ല. അത് 2017-ൽ അഞ്ചുലക്ഷമായിരുന്നു. 2017-ൽ ടാക്സ് കിഴിക്കാനായി വീടിന്റെ വിലയുടെ നിയന്ത്രണം പരമാവധി ഒരു മില്യൺ ഡോളറായിരുന്നു. 2017-ലെ ടാക്സ് ഫോമിൽ വീടുള്ളവർക്ക് പ്രോപ്പർട്ടി ടാക്സ് മുഴുവനായി ഐറ്റമായിസ് ചെയ്ത് ഫെഡറിൽ നികുതി ലാഭിക്കാമായിരുന്നു. എന്നാൽ പുതിയ ഫെഡറൽ സംവിധാനത്തിൽ പ്രോപ്പർട്ടി ടാക്‌സിന് പരിധി പതിനായിരം ഡോളറായി നിശ്ചയിച്ചിരിക്കുന്നു. ന്യൂയോർക്ക്, ന്യൂജേഴ്‌സി, മെരിലാൻഡ്, കാലിഫോർണിയ എന്നീ പ്രദേശങ്ങളിൽ താമസിക്കുന്ന വീട്ടുടമകൾ ശരാശരി പതിനാലായിരം ഡോളർ മുതൽ പ്രോപ്പർട്ടി ടാക്സ് കൊടുക്കുന്നുണ്ട്. 2018-ന്റെ പ്രോപ്പർട്ടി ടാക്സ് 2017-ലെ നികുതിയോടൊപ്പം ഫയൽ ചെയ്യാമെന്നുള്ള ഒരു നിയമം വന്നിരുന്നു. എന്നാൽ 2018-ൽ മുൻകൂർ പണം അടച്ച ചിലരെ ഈ നിയമം നിരാശപ്പെടുത്തിയിരുന്നു. 2018ലെ നികുതി അസസ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ 2017 നികുതിയോടൊപ്പം 2018-ലെ പ്രോപ്പർട്ടി ടാക്സ് കാണിക്കാൻ സാധിക്കൂവെന്നായിരുന്നു ഗവണ്മെന്റിന്റെ നോട്ടിഫിക്കേഷൻ. ഇത് പലർക്കും തെറ്റിധാരണയ്ക്ക് കാരണമാവുകയും ചെയ്തു.
ഭൂരിഭാഗം അമേരിക്കക്കാരും ഏഴുലക്ഷത്തി അമ്പതിനായിരം ഡോളർ വിലയിൽ താണ വീടുകളിലാണ് താമസിക്കുന്നത്. അങ്ങനെയുള്ള വീടുകൾ സ്വന്തമായിട്ടുള്ളവർക്ക് ടാക്സ് നിയമം അധികം ബാധകമായിരിക്കില്ല. എങ്കിലും തീരപ്രദേശങ്ങളിൽ ആഡംബര വീടുകളിൽ താമസിക്കുന്നവരെ നിയമം ബാധിക്കും. മോഡറേറ്റ് വീടുകളിൽ താമസിക്കുന്നവർ മെച്ചമായ ജീവിത നിലവാരം പുലർത്തുമ്പോൾ മില്യൺ ഡോളറോ അതിൽക്കൂടുതലോ വിലമതിക്കുന്ന വീടുകൾ വാങ്ങിക്കാൻ പലരും അമാന്തിക്കും. നികുതി ഭാരംകൊണ്ട് മാർക്കറ്റിൽ ആഡംബര വീടുകൾ വിൽക്കാനുള്ളവർ കൂടുകയും വാങ്ങാനുള്ളവർ കുറയുകയും ചെയ്യും. അതുമൂലം ആഡംബര വീടുകളുടെ മാർക്കറ്റും ഇടിയാൻ സാധ്യതയുണ്ട്. വിലകൂടിയ വീടുകളിൽ താമസിക്കുന്നവർ മീഡിയം വീടുകളിൽ താമസിക്കാൻ ശ്രമിക്കുകയും മീഡിയം വീടുകൾക്ക് അങ്ങനെ ഡിമാൻഡ് കൂടുകയും ചെയ്യുന്നു. സപ്ലൈ കുറയുമ്പോൾ ഡിമാൻഡ് കൂടുകയും ചെയ്യും.
സ്റ്റേറ്റ് ടാക്‌സും മോർട്ഗേജും എല്ലാ വീട്ടുടമകളെയും നേരിട്ട് ബാധിക്കണമെന്നില്ല. വീടിനുള്ള നികുതി ചെലവുകൾ ഒരുപോലെയുമായിരിക്കാം. സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഇരട്ടിയാക്കിയതുകൊണ്ട് ഒരു വ്യക്തിക്ക് 12000 ഡോളറും കുടുംബത്തിന് 24000 ഡോളറും 2018-ലെ വരുമാനത്തിൽ നിന്നും കുറക്കാൻ സാധിക്കുന്നു. കുടുംബമായി താമസിക്കുന്ന നിരവധി നികുതി ദായകർക്ക് ഐറ്റമൈസ് ചെയ്യുന്നതുകൊണ്ടുള്ള ഗുണം കിട്ടില്ലെങ്കിലും വർദ്ധിപ്പിച്ച സ്റ്റാൻഡേർഡ് ഡിഡക്ഷൻ കൂടുതൽ പ്രയോജനപ്രദമായിരിക്കും. ദേശീയ കണക്കനുസരിച്ച് പതിനാലു ശതമാനം വീടുകൾ മാത്രമേ പതിനായിരം ഡോളറിൽ കൂടുതൽ ടാക്സ് കൊടുക്കുന്നുള്ളു. വീടുള്ള എൺപതു ശതമാനം ഉടമകൾക്കും ഐറ്റമയ്‌സിനേക്കാൾ ലാഭകരം സ്റ്റാൻഡേർഡ് ഡിഡക്ഷൻ തന്നെയായിരിക്കും. പുതിയ ടാക്സ് നിയമത്തിൽ വീടിന്റെ വിൽപ്പനയിലുണ്ടാകുന്ന മൂലധന ലാഭത്തിന് (ക്യാപിറ്റൽ ഗെയിൻ) രണ്ടുലക്ഷത്തി അമ്പതിനായിരം ഡോളർ വരെയും ഭാര്യയും ഭർത്താവും ഒന്നിച്ച് ടാക്സ് ഫയൽ ചെയ്യുന്നുവെങ്കിൽ അഞ്ചുലക്ഷം ഡോളർ വരെയും നികുതി കൊടുക്കേണ്ട. അഞ്ചു വർഷമെങ്കിലും വീടിന്റ ഉടമസ്ഥാവകാശം ഉണ്ടായിരിക്കണമെന്ന് മാത്രം
ടാക്സ് ഫയലിൽ സ്റ്റാൻഡേർഡ് ഡിഡക്ഷനിൽക്കൂടിയോ ഐറ്റമയ്‌സ് ചെയ്തോ ഏതു വിധേന പണം ലഭിച്ചാലും 'പണം' പണം തന്നെയാണ്. അത് സ്റ്റാൻഡേർഡ് ഡിഡക്ഷൻകൂടിയാണെങ്കിലും ഐറ്റമൈസ് ചെയ്തതാണെങ്കിലും കൂടുതൽ പണം എങ്ങനെ ലഭിക്കണമെന്നാണ് എല്ലാവരും ചിന്തിക്കുന്നത്. ട്രംപിന്റെ ടാക്സ് നിയമം റീയൽ എസ്റ്റേറ്റ് ബിസിനസുകാരെ കാര്യമായി ബാധിച്ചിട്ടുണ്ട്. വീടുകൾ മേടിക്കുന്നുവെങ്കിൽ നികുതിയിൽ ലാഭിക്കാമെന്നായിരുന്നു മുമ്പൊക്കെ റീയൽ എസ്റ്റേറ്റ് കമ്പനികൾ പരസ്യം കൊടുത്തിരുന്നത്. എന്നാൽ പുതിയ നിയമത്തിൽ വീടുകളിൽ നിന്നും കാര്യമായ ടാക്സ് ലാഭമുണ്ടാവില്ല. ആദ്യമായി വീട് വാങ്ങുന്നവർ ടാക്സിൽ ലാഭം മോഹിക്കുന്നുണ്ടെങ്കിൽ അവർ വീട് മേടിക്കാൻ തയ്യാറാവുകയില്ല. അത് റീയൽ എസ്റ്റേറ്റ് മാർക്കറ്റിന്റെ തകർച്ചയിലേക്ക് നീങ്ങിയേക്കാം. മാർക്കറ്റിൽ വീടുകളുടെ സപ്ലൈ കൂടുമ്പോൾ സ്വാഭാവികമായി വീടിന്റെ വിലയും കുറയാം. വീട് മേടിക്കുന്നത് സാമ്പത്തിക മെച്ചമെന്ന് കണക്കാക്കിയിരുന്നവർ അപ്പാർട്മെന്റിൽ താമസിക്കാനും ആഗ്രഹിക്കും.
ഭാര്യയും ഭർത്താവുമടങ്ങിയ ഒരു കുടുംബം വർഷത്തിൽ 6000 ഡോളർ 'മോർട്ട്ഗേജ്' നൽകുന്നുവെന്ന് കരുതുക! പുതുക്കിയ നിയമമനുസരിച്ചുള്ള പ്രോപ്പർട്ടി ടാക്സിന്റെ പരിധി പതിനായിരം ഡോളറും. 2018ലെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 24000 ഡോളർ നിശ്ചയിച്ച സ്ഥിതിക്ക് ഈ ദമ്പതികൾക്ക് ഐറ്റമൈസ് ചെയ്യാൻ സാധിക്കില്ല. ഇവർ 8000 ഡോളർ ചാരിറ്റബിൾ നലികിയാലും 24000 ഡോളർ ക്യാപ്പുള്ളതുകൊണ്ട് ചാരിറ്റബിൾ കുറക്കാൻ സാധിക്കില്ല. അതേ സമയം ഒന്നിരാടൻ വർഷങ്ങളായി പതിനാറായിരം ഡോളർ ചാരിറ്റബിളിന് നല്കുന്നുവെങ്കിൽ ആ വർഷം 24000 ഡോളർ കഴിഞ്ഞു വരുന്ന 8000 ഡോളറിന്റെ നികുതി ലാഭിക്കാം. ($6000+10000+ ചാരിറ്റബിൾ 16000= 32000)
2018-ലെ ടാക്സ് ഇളവുകൾമൂലം ബില്യൺ കണക്കിനു ഡോളർ വൻകിട കോർപ്പറേറ്റുകൾക്ക് ലാഭമുണ്ടാക്കും. കമ്പനികൾ ലാഭത്തിലാകുമ്പോൾ സ്റ്റോക്ക് വിലയും കൂടും. കോർപ്പറേറ്റുകൾ തങ്ങൾക്കു കിട്ടിയ നികുതിയിളവ് എങ്ങനെ പ്രയോജനപ്പെടുത്തുന്നുവെന്നും പരിഗണിക്കണം. കോർപ്പറേറ്റ് ടാക്സ് കുറച്ചുകൊണ്ടുള്ള ഇളവുകൾ രാജ്യത്തിന് ഗുണപ്രദമാകുമോയെന്നാണ് ചിന്തിക്കേണ്ടത്. നികുതിയിളവ് എങ്ങനെ വേണമെങ്കിലും, ഏതുവിധേനയും കോർപ്പറേറ്റുകൾക്ക് വിനിയോഗിക്കാൻ സാധിക്കുന്നു. ആർക്കും അത് ചോദ്യം ചെയ്യാൻ സാധിക്കില്ല. കോർപറേറ്റ് ടാക്സ് മുഖേന പ്രധാനമായി രണ്ടു കാര്യങ്ങളാണ് സാമ്പത്തിക വിദഗ്ദ്ധർ പരിഗണനയിൽ എടുത്തിരിക്കുന്നത്. ആദ്യത്തേത് നികുതിയിളവ് നൽകിയാൽ അതിൽ നിന്നും കിട്ടുന്ന അധിക പണം സാമ്പത്തിക മേഖലകളിൽ നിക്ഷേപിക്കുമോ? രണ്ടാമത്തേത്, കോർപ്പറേറ്റ് ടാക്സ് കുറച്ചിരിക്കുന്നതുമൂലം ബിസിനസ്സ് ലോകത്ത് കൂടുതൽ പേർ വ്യവസായങ്ങളും ഫാക്ടറികളും തുടങ്ങാൻ മുമ്പോട്ട് വരുമോ? പുതിയതായുള്ള വ്യവസായ സ്ഥാപനങ്ങൾ ഉയരുന്നതുമൂലം തൊഴിലവസരങ്ങളും സാമ്പത്തിക വളർച്ചയുമുണ്ടാകും. പുത്തനായ വ്യവസായങ്ങൾ മൂലം പരസ്യ വിപണിക്കാരുടെ നിക്ഷേപങ്ങളും വർദ്ധിക്കും. നികുതി ദായകരുടെ പണം കൊണ്ട് വ്യവസായ മുതലാളിമാർ കൂടുതൽ ധനം ആർജിക്കുകയും ചെയ്യും.
പ്രസിഡന്റ് ട്രംപിന്റെ പ്രസംഗത്തിൽ നികുതിയിളവു മൂലം കോർപ്പറേഷന് കൂടുതൽ പണം ലഭിക്കുകയും അവർ അത് ബോണസായി തൊഴിലാളികൾക്ക് നൽകുന്നുവെന്നും പറഞ്ഞു. കാര്യപ്രസക്തതയില്ലാതെ, ഒരു വാചാലനെപ്പോലെയാണ് കോർപ്പറേഷനുകൾക്കുള്ള നികുതിയിളവുകളെപ്പറ്റി അദ്ദേഹം പരാമർശിച്ചിരിക്കുന്നത്. നികുതിയിനത്തിൽ കിട്ടിയ ലാഭംകൊണ്ട് തൊഴിലാളികൾക്ക് ബോണസ് നല്കുന്നതിനെപ്പറ്റിയും വിമർശനങ്ങളുണ്ട്. നികുതിയിളവുകളിൽ നിന്നും ബോണസുകൾ നല്കുന്നമൂലം നിക്ഷേപങ്ങൾ വർദ്ധിക്കില്ല. കമ്പനികളുടെ ആസ്‌തിക്കും മാറ്റങ്ങൾ വരില്ല. കൂടുതൽ തൊഴിലവസരങ്ങൾ കമ്പനികൾക്ക് സൃഷ്ടിക്കാൻ സാധിക്കില്ല. കോർപ്പറേറ്റുകൾക്ക് നികുതി കുറയ്ക്കുന്നതുകൊണ്ടു പ്രയോജങ്ങളുമുണ്ട്. ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ ലഭിക്കുന്നു. അതുമൂലം ഉപഭോക്താക്കൾ കൂടുതൽ പണം ചെലവാക്കാൻ താല്പര്യപ്പെടുന്നു. ജനങ്ങളുടെ നിലവാരം ഉയരുന്നതിനൊപ്പം വാങ്ങിക്കാനുള്ള വിഭവശേഷിയും ഉപഭോക്താക്കൾക്കുണ്ടാകുന്നു. വ്യക്തിഗത ആദായ നികുതിയും (പേഴ്‌സണൽ ടാക്സ്) കുറക്കുകയാണെങ്കിൽ വാങ്ങിക്കുന്നവരുടെ ശേഷി കൂടുകയും ഫാക്ടറികളും കോർപ്പറേറ്റുകളും കൂടുതൽ ഉൽപ്പാദനത്തിനായി ശ്രമിക്കുകയും ചെയ്യും. അതുവഴി തൊഴിലുകൾ വർദ്ധിക്കുകയും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് നിദാനമാവുകയും ചെയ്യും.ബിസിനസ് ലോകത്ത് മത്സരം ഉണ്ടാവുന്നതും നന്നാണ്. അത് ഗുണമേന്മയുള്ള ഉത്‌പന്നങ്ങൾ മാർക്കറ്റിൽ വരുന്നതിനു കാരണമാകും.
2018-ൽ നടപ്പാക്കിയ നികുതി പരിഷ്‌ക്കാരങ്ങൾ ഒരുവന്റെ ഭാവി ജീവിതത്തെ എങ്ങനെ ബാധിക്കുമെന്നും പരിഗണിക്കേണ്ടിയിരിക്കുന്നു. നികുതിദായകന്റെ ജീവിത നിലവാരമുയരുമോ? നികുതിയുടെ ഭാരം ആദ്യം ബാധിക്കുന്നത് അത്യാവശ്യപ്പെട്ട സാധനങ്ങളുടെ ('സപ്ലൈ')വിതരണമായിരിക്കാം. നികുതി ദായകൻ കൂടിയ നികുതി കൊടുക്കുന്നുവെങ്കിൽ ജോലി ചെയ്യാനുള്ള ഉത്സാഹം കുറയാനും സാധ്യതയുണ്ട്. പണം നിക്ഷേപവും കുറയും. അതേ സമയം 2018-ൽ നികുതി വെട്ടിച്ചുരുക്കിയത് നീണ്ട കാലത്തേക്ക് ചിന്തിക്കുമ്പോൾ പ്രയോജനപ്രദമായേക്കാം. സാമ്പത്തിക വളർച്ചയുണ്ടാകാം. മന്ദത മാറി സാമ്പത്തിക അപര്യാപ്തതയ്ക്ക് ശമനവും വരും.
'നികുതി കുറയ്ക്കുമ്പോൾ പണം കൂടുതൽ ചെലവഴിക്കണമെന്നുള്ള ചിന്താഗതി ഉപഭോക്താക്കളിലുണ്ടാകുന്നുവെന്ന്' നികുതിയിളവുകളെ അനുകൂലിക്കുന്നവർ അഭിപ്രായപ്പെടുന്നു. ക്രയവിക്രയ വസ്തുക്കൾ വാങ്ങാനുള്ള ശേഷി കൂടുമ്പോൾ കൂടുതൽ വാങ്ങിക്കുകയും ഫാക്ടറികളിൽ ഉൽപ്പാദനം വർദ്ധിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. അതേസമയം നികുതിയിളവിനെ എതിർക്കുന്നവർ ഇളവുകൾകൊണ്ട് പ്രയോജനപ്പെടുന്നത് ധനികരെ മാത്രമെന്നായിരിക്കുമെന്നും വിശ്വസിക്കുന്നു. ബിസിനസുകാർക്ക് കൊടുക്കുന്ന ആനുകൂല്യ നികുതി ഉപഭോക്താക്കളിൽ നിന്നും മറ്റൊരു വിധത്തിൽ ഈടാക്കും. ബിസിനസ് ലോകത്ത് നൽകുന്ന നികുതിയിളവുകളുടെ കുറവുതീർക്കാൻ നികുതിയുടെ ഭാരം നിത്യ ജീവിതത്തിനു കഷ്ടപ്പെടുന്ന സാധാരണക്കാരുടെ ചുമലുകളിൽ എത്തുകയും ചെയ്യും.
ശുഭം
Subscribe to:
Post Comments (Atom)
കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?
ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...
-
പ്രജാപതിയായ പുരുഷന് അനന്തമായ പ്രപഞ്ചത്തില് ഏകനായി സഞ്ചരിച്ചു. തന്റെ പിതാവായ ബ്രഹ്മനില്നിന്നും അകന്നു സൃഷ്ടി കര്മ്മങ്ങളില്...
-
ജോസഫ് പ ടന്നമാക്കൽ ഈഴവർ കേരളത്തിലെ പ്രബലമായ ഒരു സമുദായമായി അറിയപ്പെടുന്നു. കേരള ജനസംഖ്യയിൽ നാൽപ്പതു ശതമാനത്തോളം ഈഴവരാണ്. നീണ്ടകാലം സ...
-
ജോസഫ് പ ടന്നമാക്കൽ ഹിന്ദുമതത്തിലെ പുരാതന ജനവിഭാഗമായ നായന്മാരുടെ വ്യക്തമായ ഒരു ചരിത്രം എഴുതുക എളുപ്പമല്ല. വർണ്ണ വിഭാഗങ്ങളിൽ നായർ സമൂഹ...






No comments:
Post a Comment