Thursday, June 6, 2019

സീറോ മലബാർ കത്തോലിക്ക സഭയും കുരിശിന്റെ വഴികളും



ജോസഫ് പടന്നമാക്കൽ

സീറോ മലബാർ സഭയുടെ പാരമ്പര്യം തോമ്മാശ്ലീഹായുടെ കാലംതൊട്ടു തുടങ്ങുന്നുവെന്ന് കേരളസുറിയാനി ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു. പതിനാറാം നൂറ്റാണ്ടുവരെ ഭൂരിഭാഗം ക്രിസ്ത്യാനികളും നെസ്തോറിയൻ പൈതൃകം പിന്തുടർന്നിരുന്നു. 1923-ൽ സീറോ മലബാർ സഭയുടെ അസ്തിത്വം ഔദ്യോഗിമായി വത്തിക്കാൻ അംഗീകരിച്ചു. 1993-ൽ വത്തിക്കാൻ, സീറോ മലബാർ സഭയെ എപ്പിസ്‌കോപ്പൽ സഭയായി ഉയർത്തി. വളർന്നു വന്ന ഈ സഭയിൽ 32 രൂപതകളിലായി പതിനായിരത്തിൽപ്പരം പുരോഹിതർ ആത്മീയ ശുശ്രുഷ ചെയ്യുന്നു. 

മലബാര്‍ ക്രിസ്ത്യാനികള്‍ അഥവാ സിറോ മലബാര്‍ ക്രിസ്ത്യാനികള്‍ കിഴക്കിലെയും പൗരസ്ത്യ നാടുകളിലെയും പേര്‍ഷ്യയുടെയും സിറിയായുടെയും ആരാധന ക്രമങ്ങള്‍ ആചരിച്ചിരുന്നതുകൊണ്ടാണ് അവരെ അങ്ങനെ അറിയപ്പെട്ടിരുന്നത്. പേര്‍ഷ്യയില്‍ നിന്നു വന്നിരുന്ന ബിഷപ്പുമാരുടെ കീഴിലായിരുന്നു ആദ്യകാലത്തെ ക്രിസ്ത്യാനികള്‍ തങ്ങളുടെ ആത്മീയാവശ്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത്. പോര്‍ട്ടുഗീസുകാര്‍ ഇന്ത്യയില്‍ വന്ന കാലത്ത് സുറിയാനി ക്രിസ്ത്യാനികള്‍ ബാബിലോണിയന്‍ പാത്രിയാക്കീസുമാരുടെ നിയന്ത്രണത്തിലായിരുന്നു. അവരുടെ സഭാ സംബന്ധമായ ഭാഷ സുറിയാനിയായിരുന്നു. ഭാരതീയ സാഹചര്യങ്ങള്‍ അനുസരിച്ച് കുര്‍ബാന ക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരുന്നു. ചരിത്രകാരുടെ കണക്കുകൂട്ടലില്‍ നാലാം നൂറ്റാണ്ടുമുതല്‍ ഇന്ത്യയില്‍ കൃസ്തുമതം പ്രചരിച്ചിരുന്നുവെന്നാണ്.

പതിനാറാം നൂറ്റാണ്ടിൽ പോർട്ടുഗീസുകാർ കത്തോലിക്കരുടെമേൽ പാശ്ചാത്യ സംസ്ക്കാരം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു. അത് നാട്ടു ക്രിസ്ത്യാനികളുടെയിടയിൽ  പ്രതിക്ഷേധങ്ങൾക്കിടയായി. 1653-ൽ നടന്ന കൂനൻ കുരിശ് സത്യമെന്നറിയപ്പെടുന്ന പ്രതിക്ഷേധം പോർട്ടുഗീസ് മിഷ്യനറിമാർക്കെതിരായുള്ള പ്രതികരണമായിരുന്നു. മതഭ്രാന്തരായ പോർട്ടുഗീസ് മിഷ്യനറിമാർ  ക്രിസ്ത്യാനികളുടെ മേൽ ലാറ്റിൻ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അതുവരെ കൽദായ ബിഷപ്പുമാരായിരുന്നു നൂറ്റാണ്ടുകളായി ക്രിസ്ത്യൻ സമൂഹങ്ങളെ സേവനം ചെയ്തുകൊണ്ടിരുന്നത്.  1896-ൽ ആദ്യത്തെ സീറോ വികാരിയാത്ത് സ്ഥാപിച്ചു. ഭൂരിഭാഗം കത്തോലിക്കരും ജെസ്യൂട്ട് പുരോഹിതരെ അനുസരിച്ച് ജീവിച്ചെങ്കിലും നല്ലൊരു ശതമാനം കത്തോലിക്കർ മതം ഉപേക്ഷിച്ച് പോവുകയും ചെയ്തു. അങ്ങനെ പിരിഞ്ഞു പോയവർ ഒരു വിഭാഗം കാലാന്തരത്തിൽ സീറോ മലങ്കര സഭയുണ്ടാക്കി മടങ്ങിവരുകയും ചെയ്തു.  ഇരുപതാം നൂറ്റാണ്ടായപ്പോൾ അവർ റോമിനോട് ചേരുകയുമുണ്ടായി.

1886ല്‍ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ കൊടുങ്ങല്ലൂരുള്ള വേറൊപ്പള്ളി മെത്രോപ്പോലീത്തന്‍ അതിരൂപതയില്‍ നിന്നും സുറിയാനി സഭയെ വേര്‍പെടുത്തി. സീറോ മലബാര്‍ കത്തോലിക്കര്‍ക്കായി പ്രത്യേകം വികാരിയത്തുകള്‍ ഏര്‍പ്പെടുത്തി. ഇംഗ്‌ളീഷുകാരനായ 'അഡോള്‍ഫ് മെഡിക്കോട്ട്' തൃശൂര്‍ രൂപതയുടെയും ഫ്രഞ്ചുകാരനായ ഈശോ സഭയിലെ അംഗം ബിഷപ്പ് ചാറല്‌സ് ലെവീഞ്ഞ് ചങ്ങനാശേരി രൂപതയുടെയും ചുമതലകൾ  വഹിച്ചു. സുറിയാനി സമൂഹം വിദേശ മെത്രാന്മാരില്‍ തൃപ്തരല്ലാത്തതുകൊണ്ടു നാട്ടു മെത്രാനുവേണ്ടി വീണ്ടും റോമ്മിലേക്ക് പെറ്റിഷന്‍ അയച്ചുകൊണ്ടിരുന്നു. അവസാനം 1896ല്‍ തൃശൂരും എറണാകുളവും ചങ്ങനാശേരിയും നാട്ടു മെത്രാന്മാര്‍ക്കുള്ള രൂപതകളായി റോം അംഗീകരിച്ചു. മാര്‍ ജോണ്‍ മേനാച്ചേരി തൃശൂരും, മാര്‍ അലോഷ്യസ് പഴേപറമ്പില്‍ എറണാകുളത്തും, മാര്‍ മാത്യു മാക്കില്‍ ചങ്ങനാശേരിയിലും മെത്രാന്മാരായി നിയമിതരായി. 1911ല്‍ തെക്കുംഭാഗം കത്തോലിക്കര്‍ക്കായി കോട്ടയം രൂപതയുണ്ടായപ്പോള്‍ 'മാക്കില്‍ മെത്രാന്‍' കോട്ടയത്തെ രൂപതയുടെ ചുമതല ഏറ്റെടുത്തു. അതിനുശേഷം മാര്‍ തോമസ് കുരിയാളശേരി ചങ്ങനാശേരി രൂപതയുടെ മെത്രാനായി സ്ഥാനം വഹിച്ചു.

ആശയവൈരുദ്ധ്യങ്ങൾമൂലം സീറോ മലബാർസഭ പതിറ്റാണ്ടുകളായി രണ്ടുചേരികളിലായി നിലകൊള്ളുന്നു. പൂർവിക പിതാക്കന്മാർ മുതൽ ആചരിച്ചുവന്നിരുന്ന കുരിശിന്റെ സ്ഥാനത്ത് സെന്റ് തോമസ് കുരിശു സ്ഥാപിച്ചത് വിവാദമായിരുന്നു. അലങ്കാരങ്ങൾ നിറഞ്ഞ കുരിശായതിനാൽ സെന്റ് തോമസ് കുരിശിനെ 'താമരകുരിശ്' എന്നും വിശേഷിപ്പിക്കുന്നു. ആദ്യനൂറ്റാണ്ടുകളിൽ സഭയുടെ പാഷണ്ഡികൾ ഉപയോഗിച്ചിരുന്ന കുരിശായിരുന്നു താമരകുരിശ്. സീറോ മലബാർ സഭയിലെ ഒരു വിഭാഗം വിശ്വാസികൾ ക്രിസ്തുവിന്റ രൂപമില്ലാത്ത അലംകൃതമായ ഈ കുരിശിനെ തിരസ്ക്കരിച്ചു കഴിഞ്ഞു. മെസൊപ്പൊട്ടോമിയയിൽ നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പാഷണ്ഡിത്വം കല്പിച്ചിരുന്ന മാനിക്കേയൻ വിഭാവന ചെയ്ത കുരിശായി സെന്റ് തോമസ് കുരിശിനെ വീക്ഷിക്കുന്നു. സെന്റ് തോമസ് കുരിശിന് യാതൊരുവിധ പാഷണ്ഡിത്വവും ഇല്ലെന്ന് കുരിശിനെ പ്രായോഗികമാക്കിയ ചങ്ങനാശേരി രൂപതയുടെ ആർച്ച് ബിഷപ്പായിരുന്ന പവ്വത്ത് പ്രഖ്യാപിക്കുകയും ചെയ്തു. മറ്റെല്ലാ കുരിശുകളുംപോലെ താമരയുടെ പടങ്ങൾ ലിഖിതം ചെയ്ത കുരിശുകളും പൂർണ്ണമായും പാരമ്പര്യമുള്ള കത്തോലിക്കാ വിശ്വാസം ഉൾക്കൊള്ളുന്നതെന്ന് സമർത്ഥിക്കുകയും ചെയ്തു. സെന്റ് തോമസാണ് ഈ കുരിശിന്റെ രൂപം ആവിഷ്‌ക്കരിച്ചതെന്നും വിശ്വസിക്കുന്നു.

വിശ്വാസികളിൽ നല്ലൊരു വിഭാഗം സെന്റ് തോമസ് കുരിശിനെ മാനിക്കേയൻ  (Manichaeus) എന്ന പാഷണ്ഡിയെ സ്വാധീനിച്ചിരുന്ന കുരിശായും വിലയിരുത്തി. ക്രിസ്തു കുരിശിൽ മരിച്ചിട്ടില്ലെന്നും മാലാഖമാർ സ്വർഗത്തിലേക്ക് നേരിട്ട് ഉയർത്തിക്കൊണ്ടുപോയിയെന്നുമുള്ള വിശ്വാസമായിരുന്നു ഈ പാഷണ്ഡിക്കുണ്ടായിരുന്നത്. മാനിക്കേയൻസിന് സഭാ ഭൃഷ്ട് കല്പിച്ചിട്ടുണ്ടായിരുന്നു. പ്രതിക്ഷേധക്കാരെ സീറോ മലബാർ സഭയിൽ ലത്തീനാചാരങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നവരായി ബിഷപ്പ് പവ്വത്തിൽ കാണുകയും അവർക്കെതിരെ ശക്തമായ രീതിയിൽ പ്രതികരിക്കുകയും ചെയ്തു.

വിവാദമായ കുരിശിൽ താമര ഇതളുകളും ഒരു പ്രാവ് തലകീഴായുള്ള പടവും ഉണ്ട്. ഈ കുരിശ് 1548-ൽ മൈലാപ്പൂരിൽ നിന്ന് പോർട്ടുഗീസ് മിഷ്യനറിമാർ കണ്ടെടുക്കുകയായിരുന്നു. സീറോ മലബാർ സഭയുടെ വിശുദ്ധമെന്ന് കരുതുന്ന ഗ്രന്ഥങ്ങളിൽ കുരിശിന്റെ പടവും ഉൾപ്പെടുത്തിയിട്ടുണ്ട്.  കാഞ്ഞിരപ്പളളി, ചങ്ങനാശേരി, പാലാ രൂപതകളിൽ സെന്റ് തോമസ് കുരിശുകൾ മാത്രമേ പള്ളികളിലും ആചാരങ്ങൾക്കായും  ഉപയോഗിക്കാറുള്ളൂ. ഉയിർപ്പിന്റെ പ്രതീകമെന്നു കുരിശിനെ അനുകൂലിക്കുന്നവർ കരുതുന്നു. പൗരസ്ത്യസഭകൾ ക്രിസ്തുവിന്റെ രൂപമടങ്ങിയ കുരിശിനെ വണങ്ങുന്നില്ലെന്നും പരിശുദ്ധാത്മാവിനാണ് സ്ഥാനം നൽകുന്നതെന്നും പവ്വത്ത് വാദിക്കുന്നു. വാസ്തവത്തിൽ ഈ കുരിശ് എന്തെന്നോ അതിന്റെ അർത്ഥമെന്തെന്നോ ഒരു വിശ്വാസിക്കും അറിയില്ല. പഠിച്ചിട്ടുമില്ല. 

സഭയ്ക്കുള്ളിൽ ഈ കുരിശുമൂലം ഉണ്ടാക്കിയ കലഹങ്ങളും ബുദ്ധിമുട്ടുകളും  വളരെയേറെയാണ്. ഇടയന്മാരും പുരോഹിതരും പരസ്പ്പരം ശണ്ഠ കൂടുന്നതുമൂലം വിശ്വാസികൾ ഇനിയെന്തെന്നുള്ള വൈകാരിക ചോദ്യങ്ങളുമായി കടുത്ത സമ്മർദ്ദത്തിലാണ്‌. സഭയ്ക്കുള്ളിലെ ചേരിതിരിഞ്ഞുള്ള വഴക്കുകൾ ഓരോ ക്രിസ്ത്യാനിയുടെയും അഭിമാനത്തിന് ക്ഷതം വരുത്തുന്നു. പഴയ കാലങ്ങളിൽ കർദ്ദിനാൾ, ബിഷപ്പ് എന്ന പദവികളെ ആത്മീയ രാജ പ്രൗഢികളോടെ ജനം സ്വീകരിച്ചിരുന്നു. പുരോഹിതരെ വളരെയധികം ഭയഭക്തി ബഹുമാനത്തോടെയും ആദരിച്ചിരുന്നു. സഭയുടെ ആദ്ധ്യാത്മിക നേതൃത്വത്തിന് എന്തുപറ്റിയെന്നുള്ള ചിന്തകളിലും വിശ്വാസികൾ ആശങ്കയിലാണ്.

1983 മാർച്ച് ഇരുപത്തിനാലാം തിയതി ശബരിമലയിലുള്ള അയ്യപ്പൻറെ പൂങ്കാവനത്തിൽ നിന്നും ആരോ സെന്റ് തോമസ് കുരിശു കുഴിച്ചിട്ടിരുന്നത് കണ്ടെത്തി. അത് സെന്റ് തോമസ് നാട്ടിയ കുരിശായി പത്രവാർത്തകളിലും നിറഞ്ഞു. അതുമൂലം നിലയ്ക്കലേക്കുള്ള ക്രിസ്ത്യാനികളുടെ തീർത്ഥാടന പ്രവാഹവും ആരംഭിച്ചു. നിലയ്ക്കൽ മഹാദേവ അമ്പലത്തിന് സമീപം ഒരു പൗരാണിക പള്ളിയുണ്ടായിരുന്നുവെന്ന് പ്രചരണങ്ങളും തുടങ്ങി. വാസ്തവത്തിൽ ഹിന്ദുക്കൾക്ക് അങ്ങനെയുള്ള ചരിത്രത്തെപ്പറ്റി യാതൊരു അറിവുമുണ്ടായിരുന്നില്ല. അയ്യപ്പൻറെ പൂങ്കാവനത്തിനു സമീപമുള്ള റോഡിന് സെന്റ് തോമസ് റോഡ് എന്ന് പേരുമിട്ടു. അന്ന് കരുണാകരന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് സർക്കാരായിരുന്നു കേരളം ഭരിച്ചിരുന്നത്. കുരിശു കണ്ട സ്ഥലത്തേക്കുള്ള പ്രവേശന കവാടം പോലീസും ക്രിസ്ത്യൻ വോളന്റീയർമാരും തടഞ്ഞിരുന്നു.

ഭാരതീയ സംസ്‌കാരങ്ങളേയും ഹൈന്ദവാചാരങ്ങളെയും സീറോ മലബാർ സഭ പിന്തുടരുന്നുണ്ട്.  വിവാഹാചാരങ്ങൾ, വീട് വെഞ്ചരിപ്പ്, മരിച്ചടക്ക ശേഷം ഏഴാം ദിവസമുള്ള ഭക്ഷണം കൊടുക്കൽ ആദിയായവകൾ ഹിന്ദുപാരമ്പര്യങ്ങളാണ്.  ലത്തീൻ ആചാരപ്രകാരം ബുധനാഴ്ച്ചകളിൽ ആഘോഷിച്ചിരുന്ന വിഭൂതിദിനം തിങ്കളാഴ്ച ദിനത്തിലാക്കി. നാൽപ്പത് നോമ്പായി  ആചരിച്ചിരുന്ന നോമ്പുകൾ അമ്പത് ദിവസങ്ങളാക്കി. അതേസമയം  നിരവധി പുരോഹിതരും അത്മായരും ലത്തീൻ ആചാരങ്ങളെ മുറുകെ പിടിച്ചു. നാനൂറു വർഷങ്ങളായി സഭ പുലർത്തി വന്നിരുന്ന ആചാരങ്ങൾ മാറ്റം ചെയ്യുന്നതിൽ ശക്തമായ എതിർപ്പുകളും നേരിടേണ്ടി വന്നു.

1986-ൽ കൽദായ പാരമ്പര്യമനുസരിച്ചുള്ള പ്രാർത്ഥനാക്രമങ്ങൾ സീറോ മലബാർ സഭ എഴുതിയുണ്ടാക്കി. പുതിയതായി രചിച്ച പ്രാർത്ഥനകളും ആരാധനക്രമങ്ങളും റോം അംഗീകരിക്കുകയും ചെയ്തു. ഭൂരിഭാഗം സീറോ മലബാർ കത്തോലിക്ക വിശ്വാസികളും പുതിയ ആരാധനാക്രമങ്ങളെയും കൽദായ വാദങ്ങളെയും എതിർത്തു. കുർബാന ക്രമങ്ങളിലുള്ള തർക്കങ്ങൾ സഭയിൽ ഇന്നും നിലകൊള്ളുന്നു. ആചാരങ്ങൾക്കും പ്രാർത്ഥനാക്രമങ്ങൾക്കും നാളിതുവരെ ഐക്യം സ്ഥാപിക്കാൻ സാധിച്ചിട്ടില്ല. ഒരു ഗ്രൂപ്പ് പാരമ്പര്യമായി നിലനിന്നിരുന്ന പ്രാർത്ഥനാക്രമങ്ങൾ പുനഃസ്ഥാപിക്കണമെന്നും  മറ്റുചിലർ  പാരമ്പര്യത്തിൽ അധിഷ്ടിതമായ രീതികൾക്ക് മാറ്റങ്ങൾ വരുത്തി സഭയെ നവീകരിക്കണമെന്നും ആവശ്യപ്പെടുന്നു. ഭാരതീയ ചൈതന്യം ഉൾക്കൊണ്ടുള്ള പ്രാർത്ഥനാരീതികളും ഇഷ്ടപ്പെടുന്നു. യുക്രേനിയൻ സഭപോലെ സീറോ മലബാർ സഭയും ബിഷപ്പുമാരെ വാഴിക്കാനുള്ള അധികാരത്തിനായും  സ്വതന്ത്രസഭയ്ക്കായുള്ള പദവി നേടുന്നതിനായും ശ്രമങ്ങൾ  തുടരുന്നു.

ഭൂമിയിടപാടിലെ അഴിമതിയും ക്രമക്കേടുകളും മൂലം കേരള ഹൈക്കോടതി സീറോ മലബാർ സഭയുടെ അധിപനായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പേരിൽ കേസ് ചാർജ് ചെയ്തിരിക്കുകയാണ്. കർദ്ദിനാൾ കൂടാതെ മറ്റു മൂന്നുപേരും ഈ കേസിൽ പ്രതികളായുണ്ട്. പ്രാഥമികമായ തെളിവുകൾ കിട്ടിയ ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വസ്തു വിൽപ്പനയിൽ നികുതി വകുപ്പിനെ വെട്ടിച്ചുവെന്ന് പറഞ്ഞു മൂന്നു കോടി രൂപ സർക്കാരിന് നികുതിയടക്കാനും നോട്ടീസ് കിട്ടിയിരുന്നു. അതിൽ സഭയുടെ വക 51 ലക്ഷം രൂപ പിഴയായി സർക്കാരിൽ അടയ്ക്കുകയും ചെയ്തു. മാർ ആലഞ്ചേരിയും സിനഡും ഒരു വ്യാജരേഖയുടെ പേരിൽ! സത്യദീപം എഡിറ്ററായ പോൾ തേലെക്കാടനെതിരെ കേസ് കൊടുത്തിരിക്കുന്നു. അനേക മാസത്തെ അന്വേഷണശേഷം ഡോക്യൂമെന്റുകൾ വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. എന്നാൽ വ്യാജ ഡോക്യൂമെന്റുകൾക്കുള്ള ഉത്തരവാദിത്വം ആർക്കെന്നുള്ളതിനും തെളിവുകളില്ല. അങ്ങനെ ആദ്ധ്യാത്മികതയുടെ വെളിച്ചത്തിൽ സംഭവിക്കരുതാത്തത് പലതും സഭയ്ക്കുള്ളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു. തലമുറകളായി പൂർവിക പിതാക്കന്മാർ മുതൽ സഭാമക്കളിൽ നിന്നും പിരിച്ചെടുത്ത വൻകിട സാമ്പത്തിക സാമ്രാജ്യം പുരോഹിത ചേരിയുദ്ധം മൂലം തകർച്ചയുടെ പാതയിലേക്കാണ് പോവുന്നത്. പണവും അധികാരവും പോലീസും ഒപ്പമുണ്ടെങ്കിൽ അദ്ധ്യാത്മികതയെ വിറ്റു പണമാക്കാമെന്നുള്ള മനസ്ഥിതിയാണ് ഇന്ന് സീറോ മലബാർ നേതൃത്വത്തിനുള്ളത്.  മൊത്തത്തില്‍ സഭയെ പിടിച്ചു കുലുക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്.

സീറോ മലബാർ സഭയിലെ പുരോഹിതരുടെ കുത്തഴിഞ്ഞ ജീവിതചര്യമൂലം 'അധാർമ്മികത' സഭയിലുടനീളം വ്യാപിച്ചു കഴിഞ്ഞു. ഭൂമി വിവാദം, അഭിഷിക്തർ വ്യക്തിപരമായി സമ്പത്തു സമ്പാദിച്ചുവെന്ന ഡോക്യൂമെന്റുകൾ, വ്യജരേഖ വിവാദങ്ങൾ, കോഴ കോളേജുകൾ, കന്യാസ്ത്രി മഠങ്ങളിലെ ക്രൂരതകൾ, മഠങ്ങളിലെ പെരുകി വരുന്ന ആത്മഹത്യകൾ, പുരോഹിതരുൾപ്പെട്ട കൊലകൾ, ആത്മീയ പണം തട്ടിപ്പ്, അൺ എയ്ഡ് സ്‌കൂളിലെ അദ്ധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നുമുള്ള കൊള്ള, സർക്കാരിൽനിന്നും കൊടുക്കുന്ന അദ്ധ്യാപകരുടെ ശമ്പളം കൈപ്പറ്റിയിട്ട് അവരെക്കൊണ്ട് പകുതി ശമ്പളത്തിൽ ജോലിചെയ്യിപ്പിക്കുക, നേഴ്‌സുമാരെ സമയപരിധിയില്ലാതെ കഠിനാദ്ധ്വാനം ചെയ്യിപ്പിച്ചശേഷം തുച്ഛമായ ശമ്പളം നൽകികൊണ്ടു ഹോസ്പിറ്റലുകളിൽ തീവെട്ടിക്കൊള്ള നടത്തുക മുതലായവകൾ സഭയുടെ അധാർമ്മികതകളുടെ ചൂണ്ടുപലകകളാണ്. ഷോപ്പിംഗ് കോംപ്ലെക്സും മരാമത്തുപണികളും ആഡംബരപ്പള്ളികളും പള്ളി പൊളിക്കലും, ശവക്കോട്ട, കപ്പേളകൾ പുതുക്കിപ്പണിയലും കല്ലറകൾക്ക് ലക്ഷക്കണക്കിന് രൂപ വിലമേടിക്കലും  വ്യവസായ പ്രമുഖരായ പുരോഹിതരുടെ മേൽനോട്ടത്തിൽ നടത്തുന്നു. പാവപ്പെട്ടവരും ദരിദ്രരും മരിച്ചാൽ ശവത്തിനുവരെ വില പറയും. ശവമടക്ക് നിഷേധിച്ച കഥകൾ നിരവധിയുണ്ട്.

മാടത്തരുവിക്കേസിലെ പ്രതി ബെനഡിക്റ്റ് ഓണംകുളം മുതൽ ബിഷപ്പ് ഫ്രാങ്കോവരെയുള്ള പീഡന  കഥകൾ സഭയുടെ സന്മാർഗിക നിലവാരത്തെ താഴ്ത്തിക്കെട്ടിയിരുന്നു. പതിന്നാലു വയസുള്ള പെണ്ണിനെ പീഡിപ്പിച്ചു ഗർഭണിയാക്കിയ ഫാദർ റോബിനെ കുറ്റക്കാരനായി കോടതി വിധിച്ചതുമൂലം അദ്ദേഹം ജയിൽശിക്ഷ അനുഭവിക്കുന്നു. കുഞ്ഞിന്റെ പിതൃത്വം പതിനാലുകാരി അമ്മയുടെ അപ്പനിൽ സ്ഥാപിക്കാനുള്ള റോബിന്റെ ശ്രമവും പരാജയപ്പെട്ടു. അഭയാക്കേസ് കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷങ്ങളായും തീരുമാനങ്ങൾ കാണാതെ നിലകൊള്ളുന്നു. ഇന്നുവരെയും അഭയയുടെ കൊലപാതകത്തിലെ നിഗുഢതകൾ കണ്ടുപിടിക്കാൻ നിയമത്തിന് കഴിഞ്ഞിട്ടില്ല. രണ്ടു പുരോഹിതരും ഒരു കന്യാസ്ത്രീയും കൊലപാതകത്തിൽ പങ്കാളികളായിരുന്നുവെന്ന് കണ്ടെത്തി. പുരോഹിതരെയും കന്യാസ്‌ത്രിയെയും 2008 നവംബറിൽ അറസ്റ്റ് ചെയ്യുകയും അവരുടെ പേരിൽ കേസ് ചാർജ് ചെയ്യുകയും ചെയ്തു.

കൽദായ വാദത്തിനെതിരായി തുടങ്ങിയ പ്രതിഷേധങ്ങൾക്ക് നാളിതുവരെ ഒരു പരിഹാരം കാണാൻ സാധിച്ചിട്ടില്ല. 'ഞങ്ങൾ കല്ദായക്കാരല്ല, ഇന്ത്യക്കാരാണ്' എന്ന മുദ്രാവാക്യങ്ങൾ മുഴക്കി പതിമൂന്ന് രൂപതകളിലുള്ള ആയിരക്കണക്കിന് പുരോഹിതരും കന്യാസ്ത്രികളും തെരുവുകളിൽ പ്രകടനങ്ങൾ  നടത്തിയിരുന്നു. ഭാരതീയ ചിന്താധാരയിലുള്ളവരും കൽദായ ചിന്താഗതിക്കാരും തമ്മിലുള്ള  ഏറ്റുമുട്ടലുകൾ പതിവായിരിക്കുകയാണ്. നാലാം നൂറ്റാണ്ടിൽ മെസൊപ്പെട്ടോമിയയിൽ നിന്നും 'ക്നായാ തൊമ്മൻ' എന്ന ഒരു യഹൂദ ക്രിസ്ത്യാനി വന്നെത്തിയെന്നും അതുവഴി കിഴക്കേ സിറിയക്കാരുടെ കുടിയേറ്റമുണ്ടായെന്നും കൽദായ വാദികളുടെ ഉത്ഭവം ആരംഭിച്ചുവെന്നും ചരിത്രകാർ എഴുതിയിരിക്കുന്നു.  എന്നാൽ കൽദായ വാദികൾ ഈ തത്ത്വത്തെ എതിർക്കുന്നു. ക്നാനായ തൊമ്മൻ വന്നത് എട്ടാം നൂറ്റാണ്ടിലെന്നും കൽദായ ചിന്താഗതികൾ സെന്റ് തോമസിന്റെ കാലം മുതലുണ്ടായിരുന്നുവെന്നും വാദിക്കുന്നു.

വാസ്തവത്തിൽ സഭയുടെ വൻകിട വ്യവസായ സ്ഥാപനങ്ങൾ ഉൾപ്പടെ സഭയുടെ സ്വത്തുക്കളെല്ലാം ഒരു ചാരിറ്റബിൾ സംഘടനയായിട്ടാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതുകൊണ്ട് സഭാ സ്വത്തുക്കളിൽ സഭയ്ക്ക് സർക്കാരിൽ നികുതികൾ കൊടുക്കേണ്ട ആവശ്യമില്ല. സഭയുടെ വാർഷിക റിപ്പോർട്ടോ, വരുമാനമോ ഒരു വിശ്വാസി അറിയുകയുമില്ല. ചില സഭകൾ സൊസൈറ്റി ആയി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും അതിലെ കണക്കുകൾ പാസാക്കുന്നത് അംഗങ്ങളോ ജനറൽ  ബോഡിയോ ആയിരിക്കില്ല. സഭയുടെ വരുമാനക്കണക്കുകൾ സർക്കാർ നിയന്ത്രണത്തിലുള്ള രജിസ്റ്റർ ഓഫിസിൽ ബോധിപ്പിച്ചാൽ തന്നെയും ഒരു വിശ്വാസിക്ക് അതിന്റെ കണക്ക് ലഭിക്കില്ല. കണക്കില്ലാത്ത വിദേശപ്പണം ചാരിറ്റബിളിന്റെ മറവിൽ റിസേർവ് ബാങ്കിനുപോലും ചോദ്യം ചെയ്യാൻ അവകാശമില്ല.

സഭയുടെ കുത്തഴിഞ്ഞ സാമ്പത്തിക ഇടപാടുകൾക്ക് ഒരു അറുതി കണ്ടെത്താൻ ചർച്ച് ആൻഡ് പ്രോപ്പർട്ടി ആക്ട് (Church and property act) സഹായകമാകും. ചർച്ച് ആക്ട് നിയമം ആയാൽ സഭാ സ്വത്തുക്കൾ സംബന്ധിച്ചുള്ള തർക്കങ്ങൾ ട്രിബുണൽ കൈകാര്യം ചെയ്തുകൊള്ളും. സർക്കാർ നിയന്ത്രണത്തിലുള്ള ഒരു സംവിധാനം ഉണ്ടാകുന്നുവെന്നാണ് ചർച്ച് ആക്റ്റിന്റെ പ്രസക്തി. ഞായറാഴ്ച പിരിവുകളുടെ കണക്കുകൾ എത്ര കിട്ടിയെന്ന് പള്ളിയിൽ വിളിച്ചു പറയാറുണ്ട്. പക്ഷെ എത്ര ചെലവഴിച്ചുവെന്നുള്ള വിവരങ്ങൾ ഇവർ പുറത്തു വിടുകയുമില്ല. സർക്കാരിൽ നിന്നും വളഞ്ഞ വഴികളിൽ പണം നേടാറുണ്ട്. പണം വരുന്നുവെന്ന് അറിയാമെന്നല്ലാതെ പണം എവിടെ പോവുന്നുവെന്ന് ആർക്കും നിശ്ചയമില്ല. ഓഡിറ്റ് ചെയ്ത കണക്കുകൾ വിശ്വാസികൾക്കായി പ്രസിദ്ധീകരിക്കുകയുമില്ല.

ചർച്ച് ആക്റ്റ് നടപ്പാക്കുന്നതിനെതിരെ  പുരോഹിതരും ബിഷപ്പുമാരും പ്രതിക്ഷേധങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നത്! അല്മെനികളുടെ ഗുണത്തിന് വേണ്ടിയല്ല, സഭാസ്വത്തിന്മേൽ പുരോഹിതർക്കുള്ള  ആധിപത്യം നഷ്ടപ്പെടുമെന്ന ഭയം അവരെ അലട്ടുന്നു. സർക്കാരിന് സാമ്പത്തിക ലാഭമില്ലെങ്കിലും സർക്കാരിൽ നിന്നുമുള്ള ഓഡിറ്റിങ്ങിനെ അവർ ഭയപ്പെടുന്നു. ചർച്ച് ആക്റ്റ് പാസായാൽ പള്ളികൾക്കും രൂപതകൾക്കുമുള്ള വരുമാന സ്രോതസുകളെപ്പറ്റിയുള്ള ശരിയായ കണക്കുകൾ കൊടുക്കേണ്ടി വരും. ഹൈറേഞ്ചിലും, കിഴക്കും പടിഞ്ഞാറും ഇന്ത്യ മുഴുവനുമായി ആയിരക്കണക്കിന് ഏക്കർ സ്ഥലങ്ങളും ബില്യൺ കണക്കിന് രൂപ സ്വത്തു വകകളും സഭയ്ക്കുണ്ട്. അതിന്റെയെല്ലാം കണക്കുകൾ വിശ്വാസികളുടെ മുമ്പിൽ നിരത്തേണ്ടിയും വരും. മുൻസുപ്രീം കോടതി ജഡ്ജി അന്തരിച്ച ശ്രീ വി. ആർ. കൃഷ്ണയ്യർ ചെയർമാനായ കമ്മിറ്റി തയാറാക്കിയ കേരള ചർച്ച് ആക്റ്റ് ബിൽ പത്തു വർഷങ്ങൾ കഴിഞ്ഞിട്ടും മെത്രാൻലോകം ഗൌനിക്കുന്നില്ലെങ്കിൽ സ്വേച്ഛാധിപത്യം തുടരുവാൻ പുരോഹിതർ ആഗ്രഹിക്കുന്നുവെന്നു വേണം കരുതുവാൻ. ചർച്ച് ആക്റ്റിനെ എതിർക്കുന്ന പുരോഹിതർ തങ്ങളുടെ ധാർമ്മിക ഉത്തരവാദിത്വത്തെ തികച്ചും നിരസിക്കുന്നുവെന്നല്ലേ ഇതിൽനിന്നും മനസിലാക്കേണ്ടത്?





Pope Leo XIII



Mar Makkil

Mar Thomas Kurialacherry 


No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...