Tuesday, June 25, 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്വപ്നങ്ങളും 2024 ഇന്ത്യയും



ജോസഫ് പടന്നമാക്കൽ

2019-ൽ രണ്ടാം പ്രാവശ്യവും ഇന്ത്യയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തിരിക്കുന്ന നരേന്ദ്ര മോദിയെ വ്യത്യസ്തമായ കാഴ്ചപ്പാടുകളിൽക്കൂടി നാം വിലയിരുത്തേണ്ടിയിരിക്കുന്നു. 2014 മുതൽ അധികാരം ഏറ്റമുതലുള്ള പ്രതിജ്ഞകൾ എന്തെല്ലാമെന്നും ഇന്ത്യയുടെ വിഭവശേഷിയ്ക്കനുപാതമായ വളർച്ചയുടെ അളവുകോലിനെപ്പറ്റിയും സമഗ്രമായ ഒരു പഠനമാവിശ്യമാണ്. ജനസംഖ്യയിലും ആഗോള സാമ്പത്തിക പുരോഗതിയിലും ഇന്ത്യയ്ക്ക് ഇന്ന് മത്സരിക്കേണ്ടത് ചൈനയോടാണ്. നരേന്ദ്ര മോദി 2014-ലെ പാർലമെന്റിൽ ഭൂരിപക്ഷം ലഭിച്ച് ഭരണത്തിൽ കയറിയ നാൾമുതൽ ഇന്ത്യ സാമൂഹിക, സാമ്പത്തിക മേഖലകളിൽ വളർന്നുവെന്നതിൽ സംശയമില്ല.  എന്നാൽ ഇന്ത്യയുടെ ആവശ്യങ്ങൾ നിരത്തുമ്പോൾ രാജ്യം നേടിയ പുരോഗമനം മതിയാകുന്നില്ല. കഴിഞ്ഞ അഞ്ചുവർഷങ്ങളും ഇന്ത്യയുടെ സാമ്പത്തിക വളർച്ച വളരെ മന്ദഗതിയിലായിരുന്നു. 2018-ലെ സാമ്പത്തിക മാന്ദ്യത്തിന്റെ മദ്ധ്യത്തിലും ഇന്ത്യ ഏഷ്യയിലെ വളർന്നുവരുന്ന സാമ്പത്തിക ശക്തിയെന്നതും ശരിതന്നെ . എങ്കിലും പുതിയ ഭരണകൂടത്തിലും ആകാംക്ഷകളും ആശങ്കകളുമേറെയുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി ആറു ഭൂകണ്ഡങ്ങളിലും അറുപതിൽപ്പരം സൗഹാർദ്ദ രാജ്യങ്ങളിലും  ഔദ്യോഗിക സന്ദർശനം നടത്തിയിട്ടുണ്ട്. 'സഞ്ചാരപ്രിയനായ പ്രധാനമന്ത്രിയെന്നും' അദ്ദേഹത്തെ  അറിയപ്പെടുന്നു. തന്മൂലം അദ്ദേഹം ലോക നേതാക്കളുടെയും രാഷ്ട്രതന്ത്രജ്ഞരുടെയുമിടയിൽ സുപരിചിതനാണ്. ഓരോ രാജ്യങ്ങളിലുമുള്ള സന്ദർശനവേളകളിൽ തലയിലണിയുന്ന തൊപ്പികൾക്കും മാറ്റങ്ങൾ വരുത്തിയിരുന്നു. അതാത് പ്രദേശങ്ങളിലെ സാംസ്ക്കാരികതകൾക്കൊപ്പം തൊപ്പികളും ധരിച്ചിരുന്നു. അദ്ദേഹത്തിന്! പ്രമുഖ വ്യക്തികളുള്ള സദസുകളിൽ ചിറകുള്ള തൊപ്പി മുതൽ ഗാംഭീര്യം നിറഞ്ഞ ശിരോവസ്ത്രം വരെ തലയിൽ ചാർത്താനിഷ്ടമാണ്. വിദേശ യാത്രകളിൽ കണ്ടുമുട്ടുന്ന വിശിഷ്ടവ്യക്തികളെ ആലിംഗനം ചെയ്യുന്ന ഒരു കൊച്ചമ്മാവനാണദ്ദേഹം. വിമർശകർക്ക് തെല്ലും പ്രാധാന്യം നൽകുകയുമില്ല. സധൈര്യം പ്രതിരോധിക്കുകയും ചെയ്യും. അദ്ദേഹം, മത തീവ്രത  പുലർത്തുന്നവർക്ക് യതിയും ധർമ്മ ശീലവും ഈശ്വരഭക്തിയുമുള്ളവർക്ക് ധ്യാനനിരതനാകുന്ന യോഗിയുമാണ്. ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന കർശനക്കാരനായ ചൗക്കിദാരുമാണ്. രാഷ്ട്രത്തിന്റെ ഈ ഉന്നത പദവിയിൽ വീണ്ടും തിരഞ്ഞെടുത്തതോടെ ആദ്യത്തെ അഞ്ചുവർഷത്തേക്കാൾ    ശക്തിമാനായ ഒരു പ്രധാനമന്ത്രിയായി തീർന്നിരിക്കുന്നു. മോദിജി ധരിക്കുന്ന ഏതു വേഷമാണ് ശരിയായ അദ്ദേഹത്തിൻറെ വ്യക്തിത്വം പ്രതിഫലിക്കുന്നതെന്ന് ആർക്കും അറിഞ്ഞുകൂടാ! പ്രതിപക്ഷം പാടെ തകർന്നു പോയിരിക്കുന്നതുകൊണ്ടു ചോദ്യം ചെയ്യാനും ആരുമില്ല. എങ്ങനെവേണമെങ്കിലും അദ്ദേഹത്തിനും പാർട്ടിക്കും രാജ്യത്തെ നയിക്കാൻ സാധിക്കും!

2024-ൽ ഇന്ത്യ 5 ട്രില്ലിയൻ ഡോളറിന്റെ സാമ്പത്തിക ശക്തിയാകുമെന്ന്'  നരേന്ദ്രമോദി  ഒരു മഹായോഗത്തിൽ' പ്രഖ്യാപിക്കുകയുണ്ടായി. ഇന്ത്യയെ സംബന്ധിച്ച വളർച്ചയുടെ പ്രവചനം നരേന്ദ്രമോദിയുടെ സ്വപ്നമാണെങ്കിലും വികസിച്ച ഒരു ഇന്ത്യയ്ക്കായി ഇനി അധിക ദൂരമില്ലെന്ന്! ഭൂരിഭാഗം സാമ്പത്തിക വിദഗ്ദ്ധരും അവകാശപ്പെടുന്നു. സംസ്ഥാനങ്ങളുടെ സഹകരണങ്ങളും അതിന് ആവശ്യമാണ്. അങ്ങനെയുള്ള ഒരു ലക്ഷ്യപ്രാപ്തിക്കായി ജില്ലാ തലങ്ങൾ മുതൽ പ്രവർത്തിക്കേണ്ടതായുമുണ്ട്. ഈ വർഷം രാജ്യത്തിന്റെ വളർച്ചാ നിരക്ക് വളരെയധികം കുറയുകയാണുണ്ടായത്. രാജ്യം മുഴുവൻ തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്ന ഒരു സാഹചര്യത്തിൽ മോദി സർക്കാർ നടപ്പാക്കാൻ പോവുന്ന പരിഹാരമാർഗങ്ങൾ എന്തെല്ലാമെന്നും കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.! രാജ്യത്തിന്റെ വരൾച്ചയും കൃഷിഭൂമികളുടെ നാശവും ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ തകർത്തു. രാജ്യം മുഴുവൻ പൈപ്പ് ലൈൻ നീട്ടിയാൽ വെള്ളത്തിന്റെ ക്ഷാമം ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കുമെന്ന് മോദി കരുതുന്നു. വെള്ളത്തിന്റെ അപര്യാപ്തത രാജ്യത്തെ വലച്ചിരുന്നു.

സങ്കര പാർട്ടികൾ ഒത്തുചേർന്നതാണ്!ബിജെപി യെങ്കിലും മന്ത്രിസഭയിലെ പ്രധാന പോസ്റ്റുകൾ പൊതുവെ മോദിയുടെ ഇഷ്ടതോഴർക്ക് മാത്രമുള്ളതാണ്. മറ്റുള്ളവരുടെ കൂട്ടായ്‌മ കൂടാതെ തന്നെ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷവും അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തോട് കൂറ് പുലർത്തിയവർ മാത്രമാണ് കേന്ദ്ര മന്ത്രിസഭയിലെ 57 പേരും. അതിൽ നിരവധി ക്യാബിനറ്റ് അംഗങ്ങൾക്ക് മുൻകാല പരിചയമില്ലാത്തവരുമാണ്. പുതിയ വിദേശകാര്യമന്ത്രി സുബ്രമണ്യം ജയശങ്കർ, ആഭ്യന്തര മന്ത്രി അമിത്ഷാ എന്നിങ്ങനെയുള്ള പ്രഗത്ഭരും മന്ത്രിസഭയ്ക്ക് ശക്തി നൽകുന്നു.

വിശ്രമമില്ലാതെ അമിതമായി ജോലിചെയ്യുന്ന മോദിയും ഷായും പതിറ്റാണ്ടുകളായി ഒരേലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കുന്നു. അവർ പാർട്ടിയുടെ ശക്തരായ അനുയായികളും സുഹൃത്തുക്കളുമാണ്. പാർട്ടിയിൽ അച്ചടക്കം പാലിക്കുന്നതിലും നിയമങ്ങൾ നടപ്പാക്കുന്നതിലും കർശനക്കാരാണ്. ഷായുടെ സംഘടനാവൈഭവം പാർട്ടിയെ വിജയത്തിലേക്ക് നയിച്ചു. ആഭ്യന്തര മന്ത്രിയെന്ന ഷായുടെ വകുപ്പുമേധാവിത്വം മന്ത്രിസഭയിലെ രണ്ടാമത്തെ കമാണ്ടറെന്ന പദവിയിലെത്തിച്ചു. ജമ്മുവിലും കാശ്മീരിലും ഭീകര ജനതയുടെമേൽ ശക്തമായ നിലപാടുകൾ എടുക്കുമെന്നു പ്രതിജ്ഞയും ചെയ്തിരിക്കുന്നു. നിയമവിരുദ്ധമായി താമസിക്കുന്നവരുടെ വിവരങ്ങൾ അറിയാൻ രാജ്യത്താകെ പൗരന്മാരുടെ ഒരു ദേശീയ രജിസ്ട്രി തയ്യാറാക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു. 'നിയമാനുസൃതമല്ലാത്ത പൗരന്മാരെ ദേശീയ സുരക്ഷതയ്ക്ക് തടസമായി നിൽക്കുന്ന  ചിതൽപ്പുറ്റുകളെന്നാണ്' ഷാ വിശേഷിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയുടെ പുതിയ ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ നികുതി വകുപ്പു കൈകാര്യം ചെയ്തിരുന്ന  12 കുത്തക ചുവപ്പുനാട ഏജൻസികളെ തുടക്കത്തിലേ പുറത്താക്കി കഴിഞ്ഞു. ജൂലൈ മാസത്തിൽ അവതരിപ്പിക്കാൻ പോവുന്ന ബഡ്ജറ്റിന്റെ ഗുണദോഷഫലങ്ങളെപ്പറ്റിയുള്ള പൊതുജനാഭിപ്രായം ഇതിനോടകം സ്വരൂപിച്ചു കഴിഞ്ഞു. ജി.എസ്.റ്റി യുടെ പോരായ്മകൾ പരിഹരിക്കാനുള്ള ആസൂത്രണ പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്.

സത്യപ്രതിജ്ഞ ചെയ്ത പുതിയ സർക്കാർ അടുത്ത അഞ്ചുവർഷം കൊണ്ട് നടപ്പാക്കേണ്ട നിരവധി  പദ്ധതികൾ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ആദ്യത്തെ രണ്ടുമാസം വിദേശ നേതാക്കന്മാരെ കാണുകയും നയതന്ത്ര ബന്ധങ്ങൾ! സ്ഥാപിക്കുകയും മുതലായ കാര്യങ്ങളിൽ വ്യാപൃതരായിരിക്കും. അതിനുശേഷം ഇന്ത്യയുടെ അടുത്ത അഞ്ചുവർഷത്തേക്കു ഭരിക്കുന്നതിനുള്ള വിശദാംശങ്ങൾ അടങ്ങിയ പദ്ധതികളും കരടുരൂപങ്ങളും തയ്യാറാക്കും. തിരഞ്ഞെടുപ്പു കാലത്ത് ഇന്ത്യയിലെ ആറു ലക്ഷം ഗ്രാമങ്ങളും വൈദ്യുതികരിക്കുമെന്ന വാഗ്ദാനങ്ങൾ ഉണ്ടായിരുന്നു. കൃഷിക്കാർക്ക് സാമ്പത്തിക സഹായവും, പാവങ്ങൾക്ക് മെഡിക്കൽ സഹായ നിധിയും മോദിയുടെ സാമൂഹിക പദ്ധതികളിലുൾപ്പെടുത്തിയിരിക്കുന്നു. 92 മില്യൺ ടോയ്‌ലെറ്റ് നിർമ്മാണങ്ങളുടെ പൂർത്തികരണവും  ഒന്നാം മുഴത്തിലെ ഭരണകാലങ്ങളിലെ ബാക്കി പത്രമായി അവശേഷിക്കുന്നു. പുതിയ സർക്കാരിന്റെ കുടിവെള്ള പദ്ധതിയും പ്രാധാന്യമേറിയതാണ്. 2024 ആവുമ്പോൾ ഇന്ത്യയിലെ സർവ ജനങ്ങൾക്കും പൈപ്പ് വെള്ളം എത്തിക്കുമെന്നാണ് പ്രതീക്ഷ. അതിനായി നിരവധി ഏജൻസികളുമായി സർക്കാർ ചർച്ചകളാരംഭിച്ചു കഴിഞ്ഞു. ശുദ്ധജലം വീടുകളിൽ എത്തിക്കാനുള്ള പദ്ധതികൾക്കും സർക്കാർ തുടക്കമിടുന്നു. ഇന്ത്യയിലെ പ്രധാന നദികളുടെ കനാലുകൾ വഴി ശുദ്ധജലം ഗ്രാമങ്ങളിലും എത്തിക്കാനുള്ള ശ്രമങ്ങളും തുടരുന്നു.

2019-ലെ ജനവിധി ശക്തമായ ഒരു ഭരണത്തിനായിരുന്നെങ്കിലും മുൻഭരണത്തിൽ ജനങ്ങളോട് വാഗ്ദാനം ചെയ്ത കാര്യങ്ങൾ പൂർത്തിയാക്കാനുമുണ്ട്. 'അയോദ്ധ്യ രാമ ക്ഷേത്രം ഇന്നും പരിഹരിക്കാൻ സാധിക്കാതെ നീറുന്ന പ്രശ്നമായി തന്നെ അവശേഷിക്കുന്നു. 2014-2019 ഭരണകാലത്ത് വന്ന വീഴ്ചകൾ എങ്ങനെ പരിഹരിക്കാമെന്നതും പുതിയ സർക്കാരിന്റെ അജണ്ടായായിരിക്കും. അയോദ്ധ്യ ക്ഷേത്രത്തിന്റെ പരിഹാരം തീർക്കുവാൻ ഒരു സമയ പരിധിയും ആർ.എസ്.എസ് ആവശ്യപ്പെട്ടു കഴിഞ്ഞു. കാശ്മീരിനെ സംബന്ധിച്ച ഭരണഘടന 35 -എ അനുസരിച്ച് കാശ്മീരി നിവാസികൾക്കു  നൽകുന്ന പ്രത്യേക അവകാശങ്ങൾ എടുത്തു കളയുന്ന ബില്ലുകളും പരിഗണനയിലുണ്ട്. കാശ്മീരിന്റെ  പ്രത്യേക പദവി ഭരണഘടനയിൽനിന്നു നീക്കം ചെയ്യുമെന്നുള്ളതും ബിജെപിയുടെ അജണ്ടയിലുള്ളതാണ്.

2024-നു മുമ്പ് രാജ്യത്തിന്റെ ആന്തരികഘടകങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കുമായി സർക്കാർ 100 ലക്ഷം കോടി രൂപായാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. റോഡുകളുടെയും ഹൈവെയുകളുടെയും നീളം ഇരട്ടിയാക്കാനുള്ള പദ്ധതികളുണ്ട്. 2024-നു മുമ്പ് രണ്ടുലക്ഷം കിലോമീറ്റർ ഹൈവെ നിർമ്മാണങ്ങൾക്ക് പദ്ധതികൾ തയ്യാറാക്കുന്നു. അതിൽ 50000-60000 കിലോമീറ്റർ ഹൈവേകൾ  റെഡിയാണെന്നും അതിന്റെ ഉദ്ഘാടനം ഒന്നുരണ്ടു മാസത്തിനുള്ളിൽ നടത്തുമെന്നും അറിയുന്നു. ഗ്രാമീണ വികസനത്തിനായി പ്രധാനമന്ത്രി ഫണ്ടിലേക്ക് (PMGSY) ഒന്നേകാൽ ലക്ഷം കോടി രൂപ ബഡ്ജറ്റിൽ വകകൊള്ളിച്ചിരിക്കുന്നു. ആദ്യത്തെ നൂറു ദിവസ പരിപാടിയിൽ സാധുക്കൾക്ക് താമസിക്കാനുള്ള പാർപ്പിട പദ്ധതികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ട്രൈബൽ വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പ് പദ്ധതികളാണ് മറ്റൊന്ന്.

അഴിമതി നിരോധനത്തിനെതിരെ ശക്തമായ നിലപാടുകൾ എടുക്കണമെന്ന് പുതിയ മന്ത്രിസഭ കരുതുന്നു. വിജയ് മല്യയും നിരവ് മോദിയും സാമ്പത്തിക കുറ്റങ്ങൾക്കു ശേഷം ഇന്ത്യയിൽനിന്ന് രക്ഷപ്പെട്ടു. പിടികിട്ടാപ്പുള്ളികളായ ഈ കുറ്റവാളികളെ രാജ്യത്ത് തിരിച്ചു കൊണ്ടുവരാൻ സർക്കാർ എല്ലാവിധ ശ്രമങ്ങളും നടത്തും. കള്ളപ്പണത്തിനെതിരെ ശക്തമായ നിലപാട് എടുക്കും. കള്ളപ്പണം നടത്തുന്ന ബിനാമികളെയും നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തും.

ജി.എസ്.റ്റി ഇപ്പോൾ 28 ശതമാനം വരെ നികുതി ചുമത്തുന്നുണ്ട്. അതുകൊണ്ട് വ്യവസായ മാന്ദ്യവും അനുഭവപ്പെടുന്നു. ഉദാഹരണമായി കെട്ടിട നിർമ്മാണത്തിൽ സിമന്റിന് 28 ശതമാനമാണ് നികുതി. അതിന്റെ നിരക്ക് കുറച്ചാൽ കെട്ടിട നിർമ്മാണ വ്യവസായങ്ങൾക്ക് അഭിവൃത്തിയുണ്ടാവുകയും തൊഴിൽ രംഗത്ത് കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കുകയും ചെയ്യും. അതുപോലെ ഒരു കെട്ടിടം സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യുമ്പോഴും അമിതമായി സ്റ്റാമ്പ് ഡ്യൂട്ടി ചുമത്തുന്നു. കോർപ്പറേറ്റുകളുടെ കടവും പ്രധാന ഒരു വിഷയമാണ്. 150 ബില്യൺ രൂപ ബാങ്കിങ്ങ് മേഖലകൾക്ക് കിട്ടാക്കടമായി ലഭിക്കാനുണ്ട്. അത് അപകടകരമായ സാമ്പത്തിക അപര്യാപ്തതക്ക് വഴി തെളിയിക്കും.

വിദ്യാഭ്യാസ വ്യവസ്ഥകൾക്ക് സമൂലമായ മാറ്റങ്ങൾക്കൊരുങ്ങുന്നു. അതിനായി പ്രത്യേകമായ ദേശീയ നയം രൂപീകരിക്കും. മെച്ചവും മേന്മയുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കപ്പെടും. പുതിയ അംഗീകൃത സമ്പ്രദായത്തോടെയുള്ള ഉന്നത വിദ്യാഭ്യാസ കമ്മീഷനുകൾ നിയമിക്കും.

ജൂലൈ മാസത്തിൽ അവതരിപ്പിക്കുന്ന കേന്ദ്ര ബഡ്ജറ്റിൽ പരോക്ഷ നികുതിയിൽ മാറ്റങ്ങൾ വന്നേക്കാം. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ നികുതി കുറക്കാനുള്ള പദ്ധതികളും ആസൂത്രണം ചെയ്യുന്നു. വ്യക്തിഗത നികുതി നിയമത്തിൽ അഞ്ചു ലക്ഷം രൂപാ വരെ വാർഷിക വരുമാനമുള്ളവർക്ക് നികുതിയിളവ് നൽകിയേക്കാം. പ്രൈവറ്റ് മേഖലയിലുള്ള വ്യവസായങ്ങൾക്ക് ഉദാരമായ വായ്‌പ്പാ പദ്ധതികളും പരിപാടിയിടുന്നു. മൂലധനം വർദ്ധിപ്പിക്കലും അതുവഴി തൊഴിൽ മേഖലകൾ വികസിപ്പിക്കുകയുമാണ് ലക്ഷ്യം.

നിലവിലുള്ള ആഗോള സാമ്പത്തിക മാന്ദ്യത്തിലും ഇന്ത്യ വളർന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ ഗണങ്ങളിൽ മുമ്പിൽത്തന്നെ നിലകൊള്ളുന്നു. സാമ്പത്തിക മാന്ദ്യം നരേന്ദ്ര മോദിയുടെ രണ്ടാംമുഴം ഭരണത്തിലും നിഴൽപോലെ പിന്തുടരുമെന്നതിലും സംശയമില്ല. എന്നാൽ പുതിയ ഭരണമുന്നേറ്റത്തിൽ മന്ദതയുടെ നിഴൽ വീശുന്നത് വ്യത്യസ്ത മേഖലകളിലായിരിക്കും. ഇന്ത്യയുടെ സാമ്പത്തിക വളർച്ച വളരെയേറെ ആവശ്യമായി തീർന്നിരിക്കുന്നു. ജി.ഡി.പി താഴോട്ടുപോയതുകൊണ്ടു ഇന്ത്യയുടെ ആളോഹരി വരുമാനത്തിനും മാറ്റങ്ങൾ സംഭവിച്ചു. വളർന്നു വരുന്ന ജനസംഖ്യക്കനുപാതമായി തൊഴിലുകളും സൃഷ്ടിക്കണം. വാസ്തവത്തിൽ ഇന്ത്യ, ജനങ്ങളുടെ നിത്യവൃത്തിയ്ക്കുള്ള തൊഴിലുകൾ സൃഷ്ടിക്കാൻ കഠിനമായി പണിപ്പെടുകയാണ്. അതേസമയം രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും അധികമായ തൊഴിലാളികളെ ഉൾക്കൊള്ളാനും മൂലധനവും കണ്ടെത്തണം.

മോദി സർക്കാരിന്റെ വിദേശനയം മുമ്പുള്ള സർക്കാരുകളുടെ നയങ്ങളെക്കാളും വേറിട്ടുള്ളതായിരുന്നു. നിത്യശത്രുക്കളായിരുന്ന പാക്കിസ്ഥാനെതിരെയും ചൈനക്കെതിരെയും ഇന്ത്യയ്ക്ക് അനുകൂലമായ ലോകാഭിപ്രായങ്ങൾ നേടാൻ സാധിച്ചു. മുൻ വിദേശകാര്യ സെക്രട്ടറി ജയശങ്കറാണ് പുതിയ വിദേശകാര്യമന്ത്രി. പ്രധാനമന്ത്രിക്ക് ഇന്ത്യ സന്ദർശിക്കുന്ന നിരവധി ലോകനേതാക്കന്മാരെ ഈ വർഷം സ്വീകരിക്കേണ്ടി വരുന്നു. സത്യപ്രതിജ്ഞ വേളയിലും ലോക നേതാക്കന്മാർ സംബന്ധിച്ചിരുന്നു. പ്രസിഡന്റ് ട്രമ്പ്, ചൈന പ്രസിഡന്റ് ചി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് പുടിൻ, ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ മുതലായ  നേതാക്കന്മാരുടെ സന്ദർശനങ്ങളും പ്രതീക്ഷിക്കുന്നു.

പതിറ്റാണ്ടുകളായി പഞ്ചശീല പദ്ധതികൾ, ചേരിചേരാ നയങ്ങൾ, വഷളായ അയൽവക്ക ബന്ധങ്ങൾ  എന്നിവകളിൽ കുടുങ്ങി ലോകരാഷ്ട്രങ്ങളിൽ നമ്മുടെ പ്രതിച്ഛായക്ക്  മങ്ങലേറ്റിരുന്നു. എന്നാൽ കാലം എല്ലാത്തിനും മാറ്റം വരുത്തിയിരിക്കുന്നു. ലോക രാഷ്ട്രങ്ങളുടെയിടയിൽ ഭാരതീയർക്ക് അഭിമാനകരമായി തലയുയർത്തി ജീവിക്കാൻ ഇന്ന് സാധിക്കുന്നു. വിദേശത്ത് താമസിക്കുന്നവരുമായി ഗൗരവപൂർവമായ കാര്യങ്ങൾ ചർച്ചചെയ്യാനും, വിദേശ ഗവേഷകരുടെ സേവനം ഇന്ത്യയ്ക്ക് ലഭിക്കാനും, മോദിയുടെ വിദേശനയ രൂപീകരണത്തിന് കഴിഞ്ഞു. കൂടാതെ അയൽ രാജ്യങ്ങളുമായി സുദൃഢ ബന്ധം സ്ഥാപിക്കാനും സാംസ്‌കാരികമായി സഹകരിക്കാനും സാധിച്ചു.

വരുന്ന എസ്.സി.ഒ സമ്മേളനത്തിൽ പ്രധാനമന്ത്രി കിർഗിസ്ഥാൻ (Kyrgyzstan) സന്ദർശിക്കുന്നുണ്ട്. അന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മുഖാമുഖം കാണുന്നു. പ്രധാനമന്ത്രിയായശേഷം ഇരുകൂട്ടരും ടെലിഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നിരുന്നാലും പാക്കിസ്ഥാനോടുള്ള നയങ്ങളിൽ  മാറ്റങ്ങൾ ഒന്നും വരുത്തിയില്ല. സമാധാനപരമായ ഒരു ചർച്ചയ്ക്ക് പാക്കിസ്ഥാൻ അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കേണ്ടതായുണ്ട്. ഉന്നതല സമ്മേളനത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിനും ചൈനീസ് പ്രസിഡന്റ് 'ചി ജിൻ പിങ്ങു'മായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ വർഷം അവർ ഇരുവരും ഇന്ത്യയും സന്ദർശിക്കുന്നുണ്ട്. രാജ്യാന്തര വിഷയങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ ഗൗരവപൂർവം നേതാക്കൾ അന്ന് ചർച്ചചെയ്യുന്നതായിരിക്കും. 'ജി 20' രാഷ്ട്രങ്ങളുടെ സമ്മേളനം ജപ്പാനിലുള്ള ഒസാക്കയിൽ ജൂൺ 28-29 തീയതികളിൽ നടത്തുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സമ്മേളനത്തിൽ പങ്കുചേരുന്നു. ലോകത്തിലെ വികസിത രാജ്യങ്ങളിലെ നേതാക്കന്മാരുമായി ആഗോള പ്രശ്നങ്ങളെ സംബന്ധിച്ച് ചർച്ചകൾ നടത്തുന്ന ഒരു വേദിയായിരിക്കും അത്. ആഗസ്റ്റ് 24 മുതൽ 26 വരെ നടത്തുന്ന ജി 7 നേതാക്കന്മാരുടെ സമ്മേളനത്തിൽ സംബന്ധിക്കാൻ മോദിക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.

ഇന്ത്യയുടെ പുതിയ വ്യവസായ നയം തൊഴിൽ രംഗത്തും ഉൽപ്പാദന രംഗത്തും വമ്പിച്ച പരിവർത്തനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. നേരിട്ടുള്ള നികുതി നയത്തിലും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിലും ആന്തരഘടനകളിലും വമ്പിച്ച മാറ്റങ്ങൾക്കായുള്ള നിർദേശങ്ങൾ പ്രധാനമന്ത്രി പരിഗണിക്കുന്നു. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ചെയ്യേണ്ട നയപരികളെപ്പറ്റിയുള്ള ചർച്ചകളും ധൃതഗതിയിൽ നടക്കുന്നുണ്ട്. വിദേശികൾക്ക് വ്യവസായ മൂലധനവും സ്വകാര്യസ്ഥാപനങ്ങൾക്ക് ആഭ്യന്തര നിക്ഷേപവും സംബന്ധിച്ച നയങ്ങൾ സർക്കാർ ഉടൻ പ്രസിദ്ധീകരിക്കുന്നതായിരിക്കും. അമേരിക്ക-ചൈന വ്യവസായ യുദ്ധങ്ങൾ കാരണം ചൈനയേക്കാൾ ഇന്ത്യയിൽ വ്യവസായങ്ങൾ തുടങ്ങാനുള്ള അനുകൂല സാഹചര്യങ്ങൾ സൃഷ്ടിക്കാനും ഇന്ത്യ മുൻകൈ എടുക്കും.

വ്യവസായ വളർച്ചയുടെ ഘടകങ്ങൾ ഉല്പന്നവും ഉൽപ്പാദനവും മുടക്കുമുതലും നിർമ്മാണ ശക്തിയും തൊഴിലാളികളുമാണ്. ഇന്ത്യയെ സംബന്ധിച്ച് ആവശ്യത്തിൽ കൂടുതൽ തൊഴിൽമേഖലകളിൽ പണിചെയ്യുന്നവരുള്ളതുകൊണ്ട് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെപ്പോലെ തൊഴിലാളികളുടെ അഭാവം ഒരു വെല്ലുവിളിയല്ല. എങ്കിലും വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ ദേശീയ പ്രശ്‍നം തന്നെയാണ്. വർഷംതോറും മില്യൺ കണക്കിന് തൊഴിലില്ലാത്തവർക്ക് തൊഴിൽ മേഖലകളിൽ ജോലി നൽകേണ്ടതായുണ്ട്. കൂടാതെ ഇന്ത്യയ്ക്ക് തൊഴിൽ മേഖലയും ഉൽപ്പാദന മേഖലയും വികസിപ്പിക്കാൻ ആവശ്യത്തിന് മൂലധനവും വേണം.

ചൈനയിലെപ്പോലെ ഉൽപ്പാദനമേഖലകളിൽ തൊഴിലാളികളുടെ സഹകരണം വേണ്ടത്ര ഇന്ത്യയ്ക്ക് ലഭിക്കുന്നില്ല. ഇന്ത്യയിൽ നിരവധി തൊഴിലാളികൾ ജോലിചെയ്യുന്നത് ക്രമരഹിതവും നിയമാനുസാരമല്ലാത്ത കമ്പനികളിലുമാണ്. അത്തരം കമ്പനികളിലെ ഉൽപ്പന്നങ്ങൾ നിലവാരം പുലർത്തുന്നതായിരിക്കില്ല. അനധികൃത കുടിയേറ്റക്കാരും നിയമാനുസൃതമല്ലാത്തവരും തൊഴിൽചെയ്യുന്നുണ്ട്. തൊഴിൽ നൈപുണ്യം ആവശ്യമുള്ള മേഖലകളിൽ അർഹരല്ലാത്തവരും ജോലിചെയ്യുന്നു. എന്നാൽ ചൈനയിൽ അങ്ങനെ ഒരു സ്ഥിതിവിശേഷം കാണില്ല. അനധികൃതമായും നിയമാനുസാരമല്ലാതെയും തൊഴിൽ ചെയ്യുന്നവർ ചൈനയിൽ വിരളമായിരിക്കും. പുതിയ ഭരണത്തിന്റെ കാലയളവുകളിൽ നിയമദത്തമായ ജോലികൾ സൃഷ്ടിക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ സാമ്പത്തിക സ്ഥിതിഗതികൾ വഷളാകാനെ സാധ്യതയുള്ളൂ.

നരേന്ദ്ര മോദി അധികാരത്തിൽ വന്നതിനുശേഷം ആഗോള വ്യവസായിക സൂചികയിൽ ഇന്ത്യ ഒരു വൻവ്യവസായ കേന്ദ്രമെന്നുള്ള അംഗീകാരവും നേടി. മുമ്പുണ്ടായിരുന്ന കർശന നിയമങ്ങൾക്കെല്ലാം അയവുകൾ വരുത്തി. ഭൂമിയിടപാടുകളും വസ്തു വിൽപ്പനവരെയും കൈകാര്യം ചെയ്യുന്നത് ഡിജിറ്റൽ സമ്പ്രദായത്തിൽക്കൂടിയാണ്. ഡിജിറ്റലിന്റെ വളർച്ച ഇന്ന് സാധാരണക്കാരന്റെ ദൈനം ദിന ജീവിതത്തിനു വരെ പ്രയോജനപ്പെട്ടിട്ടുണ്ട്. ഡിജിറ്റൽ വളർച്ചകാരണം ബാങ്കിങ്ങ് ഇടപാടുകൾ സാധാരണക്കാർക്കും പ്രയോജനപ്പെടുന്നു. ഓരോരുത്തരുടെയും ജീവിതം കൂടുതൽ സുഗമമായിക്കൊണ്ടിരിക്കുന്നു.

ഡിജിറ്റൽ എക്കണോമിയിൽ ഇന്ത്യയുടെ പുതിയ നയങ്ങളും നിയമങ്ങളുംവഴി  ഇന്ത്യൻ താൽപ്പര്യങ്ങൾ പരിരക്ഷിക്കപ്പെടും. അതുമൂലം അമേരിക്കയുൾപ്പടെ വ്യവസായ രാജ്യങ്ങളുമായുള്ള നയങ്ങളിലും വ്യതിയാനങ്ങൾ സംഭവിക്കാം. ചുരുക്കത്തിൽ മോദിയുടെ നൂറു ദിവസത്തിലെ അജണ്ട ഇന്ത്യയുടെ വ്യവസായ നയത്തിലും ആഗോള മാർക്കറ്റിലും നിക്ഷേപങ്ങളിലും പ്രതിഫലിക്കും. ഇന്ത്യയിലെ പാവങ്ങളുടെയും സാധാരണക്കാരുടെയും ജീവിത നിലവാരങ്ങളിൽ മാറ്റങ്ങൾ സംഭവിക്കാം. അതിവേഗം ഇന്ത്യയുടെ സാമ്പത്തികം കുതിച്ചുയരാൻ സർക്കാർ കാത്തിരിക്കുന്നു.

ഇന്ത്യയിൽ അമ്പതു ശതമാനത്തിൽ കൂടുതൽ ജനങ്ങൾ ജീവിക്കുന്നത് കാർഷികവൃത്തിയിൽക്കൂടിയാണ്. കൃഷിക്കാരുടെ വരുമാനം വർദ്ധിപ്പിക്കാനുള്ള നീക്കങ്ങൾ ധൃതഗതിയിൽ നടക്കുന്നുണ്ട്. അതുപോലെ ഭൂമിയില്ലാത്തവർക്ക് ഭൂമി നൽകാനുള്ള പദ്ധതികളും തിരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങളായിരുന്നു. കൃഷിക്കാർക്ക് ഉപജീവനത്തിനായി സാമ്പത്തിക പിന്തുണ നൽകാനുള്ള പദ്ധതികളുമുണ്ട്. ആരോഗ്യമേഖലകളിലും സാമൂഹ്യ മേഖലകളിലും തൊഴിൽ കണ്ടെത്തുകയെന്നതിലും സർക്കാരിന്റെ ശ്രദ്ധയിലുണ്ട്.

ജനത്തിനു വേണ്ടി ജനജീവിതം മെച്ചമാക്കാൻ രാത്രിയും പകലുമൊരുപോലെ പണിയെടുക്കുന്ന ഒരു പ്രധാനമന്ത്രിയാണ് ഇന്ത്യയ്ക്കുള്ളത്. നരേന്ദ്രമോദി ഒരു 'വർക്ക് ഹോളിക്ക്' എന്ന് പറയാം. സാധാരണക്കാരുടെയിടയിൽ സഹവർത്തിച്ച് അവരുടെ പ്രശ്നങ്ങളെ ആത്മാർത്ഥമായി കൈകാര്യം ചെയ്യുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിനുള്ളത്. ജനങ്ങളുമായി സഹവസിച്ച് അവരുമായി തമാശകളും പറഞ്ഞുകൊണ്ട് പ്രശ്നങ്ങളെ ചെവികൊള്ളുകയെന്ന മനസ്ഥിതിയും അദ്ദേഹത്തിനുണ്ട്. ഇന്റർനെറ്റിലും സോഷ്യൽ മീഡിയയിലും മോദിയുടെ സാന്നിദ്ധ്യമുണ്ട്. ജനങ്ങളുമായുള്ള സമ്പർക്കത്തിന് അദ്ദേഹം സോഷ്യൽ മീഡിയാകളെ ആശ്രയിക്കുന്നു. ഫേസ് ബുക്കിലും ട്വിറ്ററിലും സജീവമാണ്. കൂടാതെ നിരവധി പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവാണ് അദ്ദേഹം. കവിതകൾ രചിക്കുകയെന്നുള്ളത് മോദിയുടെ ഹരമാണ്. മനസിന് ശാന്തിയും ഉന്മേഷവും പകരാൻ രാവിലെ ഉണർന്നു കഴിഞ്ഞാലുടൻ യോഗ ചെയ്യും. തിരക്കിനിടയിലും ദിനം പ്രതി അനുഷ്ഠിക്കുന്ന കർമ്മങ്ങൾക്കും പ്രാർത്ഥനകൾക്കും വീഴ്ച വരുത്താറില്ല. ഇന്ത്യയെ ശക്തിമത്തായ ഒരു രാഷ്ട്രമാക്കണമെന്ന ദൃഢവിശ്വാസമാണ് അദ്ദേഹത്തിനുള്ളത്. ഭാവിയുടെ വാഗ്ദാനമായ ഭാരതമെന്ന സ്വപ്‍ന രാഷ്ട്രത്തിന്റെ പരിപാലനം രണ്ടാംമുഴവും മോദിജിയുടെ ശക്തമായ കരങ്ങളിൽ ഏല്പിച്ചിരിക്കുന്നു. ഒന്നേകാൽ ബില്യൺ ജനങ്ങളാണ് പ്രഗത്ഭനായ ഇന്ത്യയുടെ ഇന്നത്തെ പ്രധാനമന്ത്രിയിൽ തങ്ങളുടെ വിശ്വാസം അർപ്പിച്ചിരിക്കുന്നത്.









No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...