Wednesday, October 16, 2019

കൂടത്തായി ജോളി, സണ്‍ ഓഫ് സാം: കൊലപാതകികളുടെ മനശാസ്ത്രം



ജോസഫ്  പടന്നമാക്കൽ 

ഇതിഹാസങ്ങളിൽ നാം നിരവധി സ്ത്രീ ഘാതകരെപ്പറ്റിയുള്ള വിവരങ്ങൾ വായിച്ചിട്ടും കേട്ടിട്ടും അറിഞ്ഞിട്ടുമുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം സ്ത്രീകളുടെ കൊലപാതകങ്ങളിലുള്ള പങ്ക് വളരെ വിരളമായേ കാണാറുള്ളൂ. എന്നാൽ, വർത്തമാന ലോകത്തിൽ കൊലക്കുറ്റം ചെയ്യുന്നവരിൽ ധാരാളം സ്ത്രീകളെയും കാണാം. അവരുടെ ജനസംഖ്യ മൊത്തം കൊലയാളികളുടെ ഇരുപതു ശതമാനം വരും. എന്നിരുന്നാലും, സ്ത്രീകളുടെ കൊലപാതക ഉദ്ദേശ്യങ്ങൾ പുരുഷ കൊലയാളികളുടേതിൽ നിന്നും വ്യത്യസ്തമാകാം.

കിഴക്ക്, ഹൈറേഞ്ചിലുള്ള സാമാന്യം സാമ്പത്തികസ്ഥിതിയുള്ള കുടുംബപശ്ചാത്തലത്തിലാണ് ജോളി വളർന്നത്. മലയോര ഗ്രാമത്തിലെ പ്രൗഢഗംഭീരമായ ഒരു വീട്ടിൽ ജനിച്ചു. തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിൽ അവർ വളർന്നു. ആർക്കും മോശമെന്നു പറയാൻ കഴിയാത്ത ജോളി പിന്നെ എപ്പോഴാണ് കൊലപാതകിയായതെന്നും അറിയില്ല. കൂടത്തായിൽ ഒരു ബന്ധുവിന്റ് കല്യാണ വിരുന്നിൽ സംബന്ധിക്കവെ പ്രതിശ്രുത വരനായ റോയിയെ കണ്ടുമുട്ടി. ഹൈറേഞ്ചിൽ നിന്നുമിറങ്ങി ജോളി സമ്പന്നമായ പൊന്നാമറ്റം കുടുംബത്തിന്റെ മരുമകളായി വന്നു. റോയിയുടെ മാതാപിതാക്കളും വിദ്യാസമ്പന്നർ. കട്ടപ്പനയിൽ ജനിച്ചു വളർന്ന വീടിനേക്കാളും പുതിയ അനുഭവങ്ങൾ പുതിയവീട്ടിൽ ജോളിക്ക് ലഭിച്ചുകൊണ്ടിരുന്നു. കാർ, ബംഗ്ളാവ്, ആഡംബരങ്ങൾ മുതലായ അപ്രതീക്ഷിത മാറ്റങ്ങൾ ജോളിയെ ഒരു പുതിയ സ്ത്രീയാക്കി മാറ്റി. പുത്തനായ ജീവിത രീതികളിലും ആഡംബരഭ്രമങ്ങളിലും അലിഞ്ഞുചേർന്ന ജോളിക്ക് തന്റെ കഴിഞ്ഞകാല ജീവിതത്തെപ്പറ്റിയുള്ള അപകർഷതാ ബോധം അലട്ടി കാണാം. ക്രമേണ ഗ്രാമീണ വാസികളായ കട്ടപ്പനയിലുള്ള മാതാപിതാക്കളുമായി അകലാനും തുടങ്ങി.

സർവ്വവിധ സുഖസൗകര്യങ്ങളുമുണ്ടെങ്കിലും പുതിയ കുടുംബജീവിതത്തിൽ ജോളിയ്ക്ക് ആ വീട്ടിലുള്ളവരുടെ പെരുമാറ്റരീതികളോട് യോജിച്ചു പോകാൻ സാധിച്ചിരിക്കില്ല. പുതിയ വീട്ടിൽ, എല്ലാവരും ഉദ്യോഗസ്ഥർ, അദ്ധ്യാപകർ, ആഡംബരമായ ജീവിതം! ഈ സാഹചര്യങ്ങളിൽ ഒരു ഗ്രാമീണ  കുടുംബത്തിൽ നിന്നും വന്ന പെണ്ണിന് അവരോടൊപ്പം ജീവിതനിലവാരങ്ങളിൽ തുല്യമാണെന്നും അഭിനയിക്കണമായിരുന്നു. അതിനായിട്ട് അവർ എൻ ഐ റ്റി യിൽ ജോലിയുണ്ടെന്ന് ഭർതൃ വീട്ടുകാരെ ധരിപ്പിച്ചുകൊണ്ടിരുന്നു. രാവിലെ എവിടെയൊക്കെയോ വണ്ടിയും കൊണ്ട് പോകും. സാധാരണ ജോലിക്കാരെപ്പോലെ വൈകുന്നേരം വണ്ടിയുംകൊണ്ട് തിരിച്ചു വന്നുകൊണ്ടിരുന്നു. ഒരു പക്ഷെ, സ്വന്തം കുടുംബക്കാരുടെ പ്രശ്നങ്ങളെ മറച്ചു പിടിക്കാനും ഒരു ഉദ്യോഗസ്ഥയാണെന്നുള്ള മാന്യതയ്ക്കുമായിരിക്കാം അവർ ഈ വേഷങ്ങളിലെല്ലാം അഭിനയിക്കേണ്ടി വന്നത്.

'ജോളി' പോലീസിനോട് പറഞ്ഞ മൊഴി ശ്രദ്ധേയവും വിസ്മയകരവുമാണ്. തെളിവുകൾ ശേഖരിക്കുമ്പോഴും കുറ്റത്തിന്റെ ഗൗരവം അവർ പ്രകടിപ്പിച്ചില്ലെന്ന് പോലീസ് പറയുന്നു. 'തന്റെ ശരീരത്തിൽ ചിലപ്പോൾ പിശാച് കയറും. ആ സമയങ്ങളിൽ താൻ എന്തു ചെയ്യുന്നുവെന്ന് തനിക്കറിയില്ലായെന്നും' അവർ പറയുന്നു. ഇപ്പോൾ പിടിയിലായിരുന്നില്ലെങ്കിൽ കൂടുതൽ കൊലപാതകങ്ങൾ നടത്തുമായിരുന്നുവെന്നും പോലീസിനോട് പറഞ്ഞു. നാലുപേരെ സൈനേഡ് കൊടുത്തും അവരുടെ അമ്മായി അമ്മ അന്നമ്മയെ കീടനാശിനി കൊടുത്തും രണ്ടാം ഭർത്താവിന്റെ കുഞ്ഞിനെയും വിഷം കൊടുത്തും കൊന്നുവെന്നു അവർ മൊഴി നൽകി.

സാഹചര്യങ്ങളാണ്, ഒരാളെ കൊലയാളിയാക്കുന്നതെന്നും ആരും ക്രിമിനലായി ജനിക്കുന്നില്ലെന്നും ചില മനഃശാസ്ത്രജ്ഞർ വിലയിരുത്തുന്നു. ജോളിയെ സംബന്ധിച്ചടത്തോളം അങ്ങനെ ഒരു സാഹചര്യം ഉണ്ടോയെന്നും അറിയില്ല. കട്ടപ്പനയിലെ മലയോരങ്ങളിൽ താമസിക്കുന്നവരെല്ലാം നിഷ്കളങ്ക ജനതയായിട്ടാണ് കാണപ്പെടുന്നത്. മാന്യമായി ജീവിക്കുന്ന ഒരു കുടുംബത്തിലാണ് ഇവർ വളർന്നതും. സമ്പത്തു നിറഞ്ഞ ഒരു കുടുംബത്തിൽ വിവാഹം കഴിപ്പിച്ച ശേഷം ഇവരുടെ മാനസിക നില തെറ്റിയെന്ന് വേണം കരുതാൻ! നന്നേ ചെറുപ്പത്തിൽ വിവാഹിയായ ജോളിക്ക് സാഹചര്യങ്ങളുമായി ഒത്തു ചേരാൻ സാധിച്ചില്ലായിരിക്കാം! അത് പകയായി പിന്നീട് മാറിയതുമാകാം! സ്വത്തിനോടുള്ള അമിതാവേശവും വഴിപിഴച്ച ജീവിതവും അവരെ ഒരു വിഷജീവിയായി മാറ്റിയതാകാം!

ഒന്നിനുപുറകേ ഒന്നായി കൊലചെയ്യുന്നവരുടെ കഥകൾ ഓർത്തപ്പോൾ ന്യൂയോർക്കുകാർക്ക് സുപരിചിതനായിരുന്ന 'സൺ ഓഫ് സാം' എന്ന  കൊലയാളിയെയാണ് ഓർമവന്നത്. 1975-'76 കാലങ്ങളിൽ ന്യൂയോർക്കിൽ വെസ്റ്റ്ചെസ്റ്റർ കൗണ്ടിയിൽ 'സൺ ഓഫ് സാം' നിരവധി ഭീകര കൊലപാതകങ്ങൾ നടത്തിയിരുന്നു. പോലീസുകാർക്ക് പിടികിട്ടാപുള്ളിയായിരുന്നു. ഒരുപക്ഷെ അന്നത്തെ കാലയളവിൽ ഈ കൗണ്ടിയിലും സമീപ കൗണ്ടികളിലും താമസിച്ചിരുന്നവർ പ്രമാദമായ 'സൺ ഓഫ് സാം കേസ്' ഓർമ്മിക്കുന്നുണ്ടാവാം. അയാളെ പേടിച്ച് ഇവിടെയുള്ള കുടുംബങ്ങൾ (മലയാളികളുൾപ്പടെ) വീടിനു പുറത്തിറങ്ങാൻ ഭയപ്പെട്ടിരുന്നു. അയാൾ എട്ടു സ്ത്രീകളെ 1975 മുതൽ 1976 ആഗസ്റ്റിൽ പിടിക്കപ്പെടുന്നവരെ വെടിവെച്ചുകൊല്ലുകയുണ്ടായി. കൂടാതെ നിരവധി സ്ത്രീകൾക്കുനേരെ നിറയൊഴിച്ചു ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. മൃതദേഹങ്ങളുടെ സമീപം 'സൺ ഓഫ് സാം' എന്ന് ഇംഗ്ളീഷിൽ എഴുതിയും വെക്കുമായിരുന്നു. ഒപ്പം, അടുത്ത കൊലപാതകവും ഉടനടിയെന്നു ഓരോ കുറിപ്പിലും മുന്നറിയിപ്പും കൊടുത്തിരുന്നു.

സൺ ഓഫ് സാമിന്റെ ബാല്യം വളരെയധികം ദുഃഖപൂർണ്ണമാണ്. വളർത്തു മാതാപിതാക്കളുടെ സംരക്ഷണയിലാണ് 'സാം' വളർന്നത്. ആരോ ഉപേക്ഷിച്ചുപോയ വഴിയിൽ കിടന്നുകിട്ടിയ കുഞ്ഞായിരുന്നു ഇയാൾ'. താറുമാറായ ഒരു ബാല്യവും ഉണ്ടായിരുന്നു. സാഹചര്യങ്ങൾ അയാളെ ഒരു ക്രിമിനലാക്കി. യഹൂദനായ അയാൾ വെടിവെച്ചു കൊന്നിരുന്നത്' കറുത്തതും നീളമുള്ളതുമായ   തലമുടിയുള്ള യുവതികളെയായിരുന്നു. എവിടെയെങ്കിലും ഏകനായി കാത്തിരുന്ന് വൈകുംന്നേരം ആറിനും ഏഴിനുമിടയിലുള്ള സമയത്തായിരുന്നു ഓരോ കൊലപാതകങ്ങളും നടത്തിയിരുന്നത്. ഈ ലേഖകന്റെ ഭാര്യക്കും  അക്കാലങ്ങളിൽ നീളമുള്ള കറുത്ത മുടികളുണ്ടായിരുന്നതുകൊണ്ട് അയാളെ ഭയപ്പെട്ടു കഴിഞ്ഞിരുന്നു. അന്നൊക്കെ ഭാര്യയെ 'കാർ' ഓടിക്കാൻ പഠിപ്പിക്കുന്നതിനായി ചുറ്റുമുള്ള സ്ട്രീറ്റുകളിൽക്കൂടി ഞാനും ഒപ്പം പോവുമായിരുന്നു. 'സൺ ഓഫ് സാമിനെ' പേടിച്ച് വൈകുന്നേരം ആറിനുമുമ്പ് വീട്ടിലുമെത്തിയിരുന്നു. 'ആറ്' ജീവപര്യന്തം ശിക്ഷകിട്ടിയ അയാൾ ഇന്നും ജയിലിൽ കഴിയുന്നു.

യോങ്കേഴ്സിൽ ഒരു അപ്പാർട്ട്മെന്റിൽ നിന്നുമായിരുന്നു അയാളെ പിടികൂടിയത്. ന്യൂയോർക്കിൽ തൂക്കിക്കൊല ശിക്ഷയില്ലാത്തതു കൊണ്ട് മരണ ശിക്ഷ അയാൾക്ക് ലഭിച്ചില്ല. 'ഡേവിഡ് ബെർകോവിറ്റ്സ്' എന്നാണ്, അയാളുടെ അസൽ പേര്! 'സൺ ഓഫ് സാം' എന്ന അപരനാമം അയാളുടെ കൊല ചെയ്യാനുള്ള പേരായിരുന്നു. 44 കാലിബർ ബുൾഡോഗ് എന്നും അയാളെ വിളിച്ചിരുന്നു. 1953-ജൂണിൽ ജനിച്ച അയാൾക്ക് ഇപ്പോൾ 66 വയസ് പ്രായമുണ്ട്. ജയിലിൽ കഴിയുന്നു.

ന്യൂയോർക്ക് സിറ്റിക്ക് അക്കാലത്ത് ഏറ്റവും തലവേദന സൃഷ്ട്ടിച്ചിരുന്ന ഒരു കൊലയാളിയായിരുന്നു അയാൾ. 'സൺ ഓഫ് സാമും' പൊലീസിന് മൊഴി കൊടുത്തത് ഏതാണ്ട് ജോളി പറയുന്നപോലെയായിരുന്നു. 1976 ഓഗസ്റ്റ് പത്താംതീയതി പോലീസ് അയാളെ കസ്റ്റഡിയിൽ എടുത്തപ്പോൾ, ഓരോ കൊലപാതകങ്ങളും കുറ്റങ്ങളും അയാൾ മടികൂടാതെ, കാര്യഗൗരവമില്ലാതെ സമ്മതിക്കുകയും ചെയ്തിരുന്നു. അയാളുടെ അയൽവക്കത്ത് 'സാം' എന്ന് പേരായ ഒരു പട്ടിയുണ്ടായിരുന്നുവെന്നും ആ പട്ടിയുടെ പ്രേതം അയാളെ ബാധിച്ചിട്ടുണ്ടെന്നും ആ പ്രേതമാണ് ഈ കൊലകൾ ചെയ്യിപ്പിച്ചതെന്നുമാണ് അയാൾ പോലീസിനോട് പറഞ്ഞത്. ജോളിയും ഇത് തന്നെ പറയുന്നു. ഓരോ 'കൊലപാതകവും കുറ്റവും' നടത്തുമ്പോഴും പിശാച് അവരുടെ ശരീരത്തിൽ ആവഹിച്ചിരുന്നുവെന്ന് ജോളി പോലീസിനോട് പറഞ്ഞതും സൺ ഓഫ് സാമിന്റെ കഥയുമായി പൊരുത്തപ്പെടുകയും ചെയ്യുന്നു.

പരമ്പര കൊലയാളികളിൽ സ്ത്രീകൾ 20 ശതമാനത്തിൽ താഴെയാണെങ്കിലും കൊലക്കുറ്റകൃത്യങ്ങൾ  അവർ ചെയ്യുന്നത് വളരെ വിദഗ്ദ്ധമായ വിധങ്ങളിലായിരിക്കും. ശാന്തമായും തെളിവുകൾ കണ്ടുപിടിക്കാൻ സാധിക്കാത്ത വിധവും നിഗുഢവുമായിട്ടായിരിക്കും അവർ കൊല ചെയ്യുന്നത്. കൊലകൃത്യങ്ങൾ നിർവഹിക്കാൻ പുരുഷന്മാരേക്കാൾ നൈപുണ്യം പ്രകടമാക്കുകയും ചെയ്യും. വളരെയധികം തന്ത്രപൂർവ്വം ഭർതൃമതിത്വം ചമഞ്ഞുകൊണ്ടും കൃത്യം നിർവഹിക്കും. വിഷം കൊടുത്തുള്ള മാർഗങ്ങളാണ് സ്ത്രീകൾ കൂടുതലും സ്വീകരിക്കാറുള്ളതെന്നും ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. വെടി വെച്ചും കത്തികൊണ്ട് കുത്തിയും കൊലക്കുറ്റം നിർവഹിച്ചവരും ധാരാളം. വെള്ളത്തിൽ മുക്കിയും ശ്വാസം മുട്ടിച്ചും കൊന്ന കേസുകളും നിരവധിയുണ്ട്. കക്കുക, ചതിയും വഞ്ചനയും നടത്തുക, പണം അപഹരിക്കുക, വിശ്വസിച്ചേൽപ്പിച്ച പണം തിരികെ കൊടുക്കാതിരിക്കുക എന്നീ ദുർഗുണ സ്വഭാവ ഗുണങ്ങൾ ഉള്ളവരും പിന്നീട് പരമ്പരാ കൊലകൾ നടത്തുന്ന കുറ്റവാളികളാകാറുണ്ട്.

കൊലക്കുറ്റം ചെയ്യുന്ന സ്ത്രീകൾ സാധാരണ അവർക്ക് സുപരിചിതങ്ങളായ സ്ഥലങ്ങളായിരിക്കും കൊലപാതകം ചെയ്യുന്നതിനായി തിരഞ്ഞെടുക്കുന്നത്. അവരുടെ സ്വന്തം വീടുകളോ, ഹെൽത് കെയർ സ്ഥലങ്ങളിലോ അവർ ജോലി ചെയ്യുന്ന സ്ഥലങ്ങളോ അനുയോജ്യങ്ങളെന്നും കണ്ടേക്കാം. അവർ, കൊല ചെയ്തശേഷം മൃതദേഹങ്ങൾ പുരുഷന്മാർ ചെയ്യുന്നതുപോലെ ദൂരെ സ്ഥലങ്ങളിൽ കൊണ്ടുപോയി  കളയുകയില്ല. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ അവരുടെ വീട്ടിൽ തന്നെയോ അല്ലെങ്കിൽ ജോലിസ്ഥലത്തോ ഉപേക്ഷിച്ചിരിക്കും. വിഷത്തിനു പകരം തോക്ക് ഉപയോഗിച്ച സ്ത്രീകളുമുണ്ട്. കൊന്ന ശേഷം മരിച്ച ശരീരം ദൂരെ കൊണ്ടുപോയി കളയുന്നവരുമുണ്ട്. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പകരം അപരിചിതരെ കൊല്ലുന്നവരുമുണ്ട്. സ്വന്തമായ ആത്മ തൃപ്തിക്കും പ്രതികാരം ചെയ്യുന്നവരുമുണ്ട്. അതിവിദഗ്ദ്ധമായി ആദ്യം അവർ നടത്തിയ കൊലപാതകത്തിൽ മാനസിക സംഘട്ടങ്ങൾ ഉണ്ടാകേണ്ടതാണ്. നൈരാശ്യവും ബാധിക്കേണ്ടതാണ്. ഇതൊന്നും ഉണ്ടാകാത്ത മനുഷ്യ ജന്മങ്ങൾ കാണുമോയെന്നും അറിയില്ല. കൊലപാതകങ്ങൾ ഒന്നൊന്നായി ചെയ്യുന്ന ജോളിക്ക്  കൊലപാതകങ്ങൾക്കു ശേഷം സ്വന്തം ഭർതൃ കുടുംബത്തിലുള്ളവരോട് ഒത്തൊരുമിച്ചു ജീവിക്കാൻ  മനസ് എങ്ങനെ അനുവദിച്ചുവെന്നും അറിയില്ല.

'ലൈംഗിക പ്രശ്നങ്ങൾ' ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം കൊലകൾക്ക് കാരണമാകണമെന്നില്ല. ലൈംഗികതയും അതിന്റെ പേരിലുള്ള പകവീട്ടലുകളും സ്ത്രീ  കൊലയാളികളുടെയിടയിൽ കുറവായിരിക്കും. കുഞ്ഞുനാളുകളിലുണ്ടാകുന്ന ഭീകരാനുഭവങ്ങൾ അവരെ പിന്നീട് കൊലകളിലേക്ക് നയിച്ചെക്കാം. പകവീട്ടലും അസൂയയും ലൈംഗികതയും കാരണങ്ങളായി ഭവിച്ചേക്കാം. മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയാകളും ജോളിയെന്ന സ്ത്രീയുടെ കൊലപാതക പരമ്പരകളെപ്പറ്റി പരസ്പ്പരവിരുദ്ധങ്ങളായ അഭിപ്രായങ്ങൾ റിപ്പോർട്ടു ചെയ്യുന്നതിൽ തിരക്കിലാണ്. അതുപോലെ  കൊലപാതകങ്ങളുടെ മാനസിക വശങ്ങളെ പഠിക്കാനും മനഃശാസ്ത്ര വിദഗ്ദ്ധരും സാമൂഹിക ശാസ്ത്രജ്ഞരും ശ്രമിക്കുന്നു.

ജോളി, സയനൈഡ് നൽകി ഭർത്താവിനെയും അദ്ദേഹത്തിൻറെ മാതാപിതാക്കളെയും ഉൾപ്പടെ ആറുപേരെ കൊന്നതിന് സമാനമായി മറ്റനേക സ്ത്രീകളായ സീരിയൽ കൊലയാളികളുടെ സമാന ചരിത്രങ്ങളും കാണാൻ സാധിക്കും. മാനസിക ശാസ്ത്ര മേഖലകളിൽ പ്രവർത്തിക്കുന്നവരിൽ അനേകംപേർ കൂടത്തായി  കേസിന്റെ സ്ഥായിയായ കാരണങ്ങൾ കണ്ടുപിടിക്കാൻ തിരക്കിലുമാണ്. അക്കൂടെ കുറ്റാന്വേഷകരും മനഃശാസ്ത്രജ്ഞരും സാമൂഹിക പഠനം നടത്തുന്നവരും ഉൾപ്പെടും. ചരിത്രത്തിലേക്ക് നോക്കുകയാണെങ്കിൽ നിരവധി സ്ത്രീകളായ പരമ്പര കൊലയാളികളുടെ മനഃശാസ്ത്രവും അതിനോടുള്ള സമാനതകളും കണ്ടെത്താൻ കഴിയുന്നു.

ജോളി ആദ്യം കൊല ചെയ്തത് സ്വന്തം അമ്മായിയമ്മയെ ആയിരുന്നു. പണസഞ്ചി സൂക്ഷിച്ചിരുന്നതിലും വീട്ടിലെ കാര്യങ്ങളിൽ മേൽനോട്ടം നോക്കിയിരുന്നതിലും ജോളിയ്ക്ക് അമ്മായിയമ്മയോട് നീരസമുണ്ടായിരുന്നു. വീടിന്റ ഭരണം മുഴുവൻ പിടിച്ചെടുക്കണമെന്ന അമിതാഗ്രഹവും അവരിൽ ആവേശമുണ്ടാക്കി. എന്തുകൊണ്ട് അങ്ങനെ ഒരു ക്രൂരകൃത്യം ജോളിയെ പ്രേരിപ്പിച്ചുവെന്ന് മനഃശാസ്ത്രജ്ഞർ തന്നെ ഗവേഷണം നടത്തണം. അതിന് പല കാരണങ്ങളുമുണ്ടാകാം. മരുമകളും അമ്മായി അമ്മയും ഒരു വീട്ടിൽ ഒരുമയോടെ ജീവിക്കണമെന്നില്ല. സ്വന്തം അമ്മയുടെ സ്ഥാനത്ത് ഒരു പക്ഷെ ജോളിക്ക് അമ്മായിയമ്മയെ കാണാൻ സാധിച്ചില്ലായിരിക്കാം. അല്ലെങ്കിൽ തൊട്ടതിനും വേണ്ടാത്തതിനും ശകാരിക്കുന്ന അമ്മായിയമ്മയാകാം അവർ. അവരുടെ മകൻ 'റോയ്' ഭാര്യയെക്കാൾ അമ്മയുടെ വാക്കുകൾക്ക് വിലകൊടുക്കുന്നുണ്ടാവാം. വിവാഹനാളിന്റെ ആദ്യ ദിവസം തന്നെ ജോളിയുടെ മനസ്സിൽ ഭർത്താവിന്റെ കുടുംബക്കാരോട് അമർഷം ഉണ്ടായിരുന്നിരിക്കാം! ഭർത്താവിന്റെ സ്നേഹക്കുറവിനു കാരണം അമ്മായിയമ്മയെന്നും ചിന്തിച്ചു കാണാം! വിദ്യാഭ്യാസ നിലവാരം കുറഞ്ഞ ജോളിയുടെ കർഷകകുടുംബത്തെ,  അമ്മായിയമ്മ കൂടെക്കൂടെ പരിഹസിച്ചിരുന്നിരിക്കാം. അധികാരവും പണവും അമ്മായിയമ്മ നിയന്ത്രിക്കുന്നതും ജോളിയെ അസ്വസ്ഥയാക്കിയിരിക്കാം. എന്താണെങ്കിലും പകയുള്ള ഒരു കൊലയാളിയുടെ മനസ് സാവധാനം അവരിൽ രൂപപ്പെട്ടുകൊണ്ടിരുന്നു. ഒടുവിൽ അമ്മായിയമ്മയെ കൊന്നുകൊണ്ടുള്ള ആദ്യത്തെ കൊലപാതകത്തിലും അവസാനിച്ചു.

ജോളിയുടെ മാനസിക വ്യതിയാനങ്ങളെ മനസിലാക്കാൻ അവരുടെ കുടുംബത്തിലുള്ളവർക്ക് സാധിക്കാതെ വരുകയും ചെയ്തു. അതിനുശേഷം രണ്ടാമത്തെ കൊലപാതകത്തിന് അവരെ പ്രേരിപ്പിച്ചെങ്കിൽ അവരിൽ സ്പഷ്ടമായ ഒരു കൊലപാതക മനസ്സ് ജന്മനായുണ്ടായിരുന്നുവെന്ന് മനസിലാക്കണം. അവരുടെ ഭർത്താവിന്റെ പിതാവിനെ കൊലപ്പെടുത്തിയത് ധനം മോഹം ആയിരുന്നുവെന്നും മനസിലാക്കുന്നു. അതിനു ശേഷമുണ്ടാക്കിയ വ്യാജ രേഖകകളും കള്ളപ്രമാണങ്ങളും അവരുടെ അമിത സ്വത്തിനോടുള്ള ആർത്തിയായിരുന്നുവെന്നും വ്യക്തമാക്കുന്നു. അവരുടെ വഴിവിട്ട ജീവിതവും സ്വന്തം ഭർത്താവിനെ കൊലപ്പെടുത്താൻ കാരണമായി. ഷാജുവിനെ സ്വന്തമാക്കുന്നതിനുള്ള ശ്രമത്തിൽ ഭർത്താവിനെയും കൊലപ്പെടുത്തി. ഷാജുവിന്റെ ആദ്യഭാര്യയെയും കുഞ്ഞിനേയും അതേ ലക്ഷ്യത്തോടെ കൊന്നു. കൊലപാതക പരമ്പരകൾ തുടർന്നുകൊണ്ടിരുന്നു. ജോളിയുടെ കൊലപാതക രഹസ്യങ്ങൾ അവർ കൊലചെയ്ത അമ്മായിയമ്മയുടെ സഹോദരൻ മനസിലാക്കിയതിനാലാണ്, ആയാളുടെയും ജീവൻ കവർന്നെടുത്തത്.

പുരുഷന്മാർ കൂടുതലും ലൈംഗിക കാരണങ്ങളാൽ കൊലപാതകങ്ങൾ നടത്തുന്നു. എന്നാൽ സ്ത്രീകൾ കൊലകുറ്റങ്ങൾ കൂടുതലും ആലോചിച്ചും പ്രായോഗികമായി ചിന്തിച്ചും നടത്തും. സാമ്പത്തിക നേട്ടങ്ങൾക്കായി സ്ത്രീകളിൽ അനേകംപേർ കൊലപാതക ശ്രമങ്ങളിൽ ഏർപ്പെടുന്നു. അല്ലെങ്കിൽ അവരിൽ അടിഞ്ഞിരിക്കുന്ന പ്രതികാരങ്ങളും കാരണങ്ങളാകാം. പുരുഷന്മാർ കൊല ചെയ്യുന്നവർ അവർക്ക് സുപരിചിതരല്ലാത്തവരെ ആയിരിക്കാം. എന്നാൽ സ്ത്രീകളുടെ കൊലപാതകങ്ങളിൽ വൈകാരിത ഇട കലർന്നിരിക്കും. കൂടുതലും സ്വന്തം ഭർത്താക്കന്മാരെയോ, കാമുകന്മാരെയോ കൊന്നശേഷം അവരുടെ ജീവിത രീതികൾക്ക് തന്നെ മാറ്റം വരുത്താം. അമേരിക്കയിൽ ഒരു ഗവേഷണശാലയിൽ 86 സ്ത്രീകളെ തിരഞ്ഞെടുത്ത് കൊലപാതക കാരണങ്ങളെ സംബന്ധിച്ച് ഒരു പഠനം നടത്തുകയുണ്ടായി. അവർ കൊലപാതകം ചെയ്തവരിൽ കൂടുതൽപേരും പ്രായം ചെന്നവരും കുഞ്ഞുങ്ങളുമായിരുന്നുവെന്നും മനസിലാക്കുന്നു.

'കുപ്രസിദ്ധ സ്ത്രീകളുടെ പരമ്പര കൊലകൾ' എന്ന പേരിൽ സ്റ്റീവൻ ക്യാസലേയുടെ ഒരു ലേഖനത്തിൽ നിന്നും അടർത്തിയെടുത്ത ഏതാനും കൊലക്കുറ്റവാളികളായ സ്ത്രീകളുടെ സ്വഭാവങ്ങളെയും അവരുടെ കൊലക്കുറ്റങ്ങൾക്ക് പ്രേരിപ്പിച്ച ആന്തരോദ്യേശ്യങ്ങളെയും പറ്റി പരിശോധിക്കാം. പുരുഷന്മാരാണ് 80  ശതമാനവും സീരിയൽ കൊലകൾ നടത്തുന്നതെങ്കിലും ചരിത്രത്തിലെ ക്രൂരരായ സ്ത്രീകളുടെ കൊലക്കുറ്റങ്ങളും ഒഴിച്ചുകൂടാത്തതാണ്. കൊല്ലാനുള്ള ആയുധമായി ഉപയോഗിക്കുന്നത് പലരും മരണകരമായ വിഷങ്ങൾ തന്നെയാണ്. ചിലർ നൂറിൽ കൂടുതൽ മനുഷ്യരെ കൊന്നവരുമുണ്ട്.

1.'അമേലിയ ഡൈർ' 1836-ൽ ബ്രിട്ടനിൽ ബ്രിസ്റ്റോളിൽ വിക്ടോറിയൻ കാലഘട്ടത്തിൽ ജനിച്ചു. ഇവർ ഒരാളെ കൊന്നതു മാത്രമേ തെളിയിക്കാൻ സാധിച്ചുള്ളൂ. എന്നാൽ നൂറു കണക്കിന് കുഞ്ഞുങ്ങളുടെ മരണവുമായി അവർ ബന്ധപ്പെട്ടിരിക്കുന്നു. ന്യൂയോർക്ക് ഡെയിലി ന്യൂസിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നപ്രകാരം അവർ കുഞ്ഞുങ്ങളെ പരിപാലിക്കുന്ന ഒരു സ്ഥലത്തായിരുന്നു ജോലി ചെയ്തിരുന്നത്. ഇരുപതു വർഷം അവിടെ ജോലി ചെയ്തു. 400 കുഞ്ഞുങ്ങളെ കൊന്നതായും സംശയിക്കുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ സീരിയൽ കൊലയാളിയായി അവരെ അറിയപ്പെടുന്നു. 1896-ൽ അവരെ തൂക്കിക്കൊല്ലുകയായിരുന്നു.

2.'ജൂഡിയസ് ബുവേനോടാണോ' എന്ന സ്ത്രീ സ്വന്തം ഭർത്താവിനെയും മകനെയും അവരുടെ രണ്ടു കാമുകന്മാരെയും കൊന്നതായി എൻബിസി റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ, 1974-ൽ നടന്ന അലബാമ കൊലപാതകത്തിലും അവരുടെ ഒരു കൂട്ടുകാരനെയും കോല ചെയ്തതായ കേസുമുണ്ടായിരുന്നു. 1971-ൽ ഭർത്താവിനെ കൊന്ന കേസിൽ മരണശിക്ഷക്ക് വിധിച്ചിരുന്നു. 1971നു ശേഷം നിരവധി കൊലപാതകങ്ങളിൽ പങ്കുകാരിയായിരുന്നു. 1848-നു ശേഷം ഫ്ലോറിഡയിൽ മരണശിക്ഷക്ക് വിധിക്കപ്പെട്ട ആദ്യത്തെ സ്ത്രീയായിരുന്നു അവർ. 1976-നു ശേഷം മരണശിക്ഷ പുനരാരംഭിച്ചതോടെ ശിക്ഷ ലഭിച്ച അമേരിക്കൻ ചരിത്രത്തിൽ മൂന്നാമത്തെ സ്ത്രീയും.

3.1956-ൽ ഫ്ലോറിഡയിൽ ജനിച്ച 'ഐലീൻ വയൂർണോസ്' എന്ന സ്ത്രീ 1989-നും 1990നുമിടയിൽ ഏഴു പുരുഷന്മാരെയാണ് കൊന്നത്. ന്യൂയോർക്ക് ടൈംസ് ഈ വാർത്ത വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു ചെറിയ കാർ അപകടമുണ്ടായപ്പോൾ ആ സ്ത്രീയെ പോലീസ് പിടികൂടുകയുണ്ടായി. സ്വയം രക്ഷയ്ക്കായി കൊന്നുവെന്ന് അവർ പോലീസിനോട് പറഞ്ഞു. അവർ വേശ്യയായി തൊഴിൽ ചെയ്തിരുന്ന സമയം അവരെ ബലാത്സംഗം ചെയ്തുവെന്നാണ് റിപ്പോർട്ട് ചെയ്തത്. ആറു മരണങ്ങൾ നടത്തിയ അവരെ മരണശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. 2003-ൽ അവരുടെ ജീവചരിത്രം ആധാരമാക്കി സിനിമ ഇറങ്ങുകയും വിജയകരമാവുകയും ചെയ്തു.

4.'ജൂന ബാർറസാ' മെക്സിക്കോയിൽ ഗുസ്തി തൊഴിലാക്കിയിരുന്ന സ്ത്രീയായിരുന്നു. 1957-ൽ ജനിച്ച ഈ സ്ത്രീയെ വൃദ്ധയായ കൊലപാതകി എന്ന അപരനാമത്തിലും അറിയപ്പെടുന്നു. അവർ കൊല ചെയ്യുന്നത് മുഴുവൻ വൃദ്ധകളായ സ്ത്രീകളെയായിരുന്നു. നാല്പത്തിയെട്ടു സ്ത്രീകളെ അവർ കൊല ചെയ്തു. കോടതി ശിക്ഷയായി 760 വർഷങ്ങൾ ജീവപര്യന്തം ലഭിച്ചു. അവർ സ്ത്രീകളെ അടിച്ചോ കഴുത്തു ഞെരിച്ചൊ കൊന്നശേഷം അവരിൽനിന്നും പണം അപഹരിച്ചിരുന്നു. 2006-ൽ അവരെ പിടികൂടി. 2008-ൽ അവർക്കെതിരെ വിധി വന്നുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

5. 'മിയുകി ഇഷികാവ' (Miyuki Ishikawa) എന്ന ജപ്പാൻകാരത്തി പ്രസവ ശുശ്രുഷ (വയറ്റാട്ടി) ചെയ്തു നടക്കുന്ന സ്ത്രീയായിരുന്നു. 1940-ൽ നിരവധി ശിശുക്കളെ അവർ വധിച്ചിരുന്നു. ഈ ദുഷ്ക്കർമ്മങ്ങൾക്കെല്ലാം ഒരു കൂട്ടാളിയുടെ സഹായവും മേടിച്ചിരുന്നു. ന്യൂയോർക്ക് ഡൈലി റിപ്പോർട്ട് ചെയ്തിരിക്കുന്നത് അവർ 85-നും 169 നും ഇടയിൽ കുഞ്ഞുങ്ങളെ കൊന്നുവെന്നാണ്. 103 പേരെങ്കിലുമെന്നാണ് പൊതുധാരണ. കുട്ടികൾ വേണ്ടാത്തവരുടെ കുട്ടികളെയാണ് ഇവർ കൊന്നിരുന്നത്.  ഓരോ കൊലയ്ക്കും പണം മേടിക്കുമായിരുന്നു. അവരുടെ സേവനം ഒരു കുട്ടിയെ വളർത്തുന്നതിനേക്കാൾ ലാഭകരമെന്നും അവർ പറയുമായിരുന്നു. അതിരഹസ്യമായി ചെയ്തിരുന്ന ഈ ക്രൂരകൃത്യങ്ങൾക്ക് അവർക്ക് ലഭിച്ച ശിക്ഷ നാലു വർഷം മാത്രം.

6.'നാന്നിയ ഡോസ്' (Nannie Doss) 1920-നും 1954-നും ഇടയിൽ പതിനൊന്നു പേരെ കൊന്നു. അക്കൂടെ അവരുടെ നാല് ഭർത്താക്കന്മാരും രണ്ടു കുഞ്ഞുങ്ങളും അവരുടെ രണ്ടു സഹോദരികളും അവരുടെ അമ്മയും കൊച്ചുമകനും അമ്മായി അമ്മയും ഉൾപ്പെടുന്നു. നിരവധി അപരനാമങ്ങളിൽ അവർ അറിയപ്പെട്ടിരുന്നു. 'ഗിഗില്ലിങ് ഗ്രാനി (Giggling Granny) 'ലോൺലി ഹാർട്ട്സ് കില്ലർ, (Lonely Hearts Killer)  ബ്ലാക്ക് വിഡോ, (“Black Widow) ലേഡി ബ്ലൂ ബേർഡ്‌ (Lady Blue Beard) എന്നെല്ലാം അറിയപ്പെട്ടിരുന്നു. 'ഏലി പാഷാണം' ഉപയോഗിച്ചായിരുന്നു അവർ മനുഷ്യരെ കൊന്നിരുന്നത്. കുറ്റക്കാരിയായി ജീവപര്യന്തം ശിക്ഷ ലഭിക്കുകയും ചെയ്തു. 1965-ൽ അവർ മരണമടഞ്ഞു.

7.'മസാച്യുസെറ്റ്സിൽ' വെറ്ററൻ ഹോസ്പ്പിറ്റലിൽ ജോലി ചെയ്തിരുന്ന നഴ്‌സായിരുന്നു 'ക്രിസ്റ്റീൻ ഗിൽബെർട്'. അവർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത നാലുപേരെ കൊലപ്പെടുത്തി. കൂടാതെ മറ്റു രണ്ടുപേരെക്കൂടി കൊല്ലാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. രോഗികൾക്ക് കടുത്ത ഡോസിൽ ഏപിൻഫ്‌റിനെ (epinephrine) കുത്തിവെക്കുമായിരുന്നു. അത് ഹൃദയാഘാതം ഉണ്ടാക്കുകയും ഉടൻ തന്നെ എമർജൻസി കോഡ് അവർ തന്നെ വിളിക്കുകയും ചെയ്തിരുന്നു. 1998-ൽ അവർ കുറ്റവാളിയെന്നു തെളിഞ്ഞു. ഫോർട്ട് വർത്ത്, ടെക്സസിൽ ജീവപര്യന്ത ശിക്ഷ കിട്ടി അവിടെ കഴിയുന്നു.

8.'ഗോറ്റ്‌ഫ്രിഡ്' എന്ന സ്ത്രീ ജർമ്മൻകാരിയായ ഒരു സീരിയൽ കൊലയാളിയായിരുന്നു. ബ്രെമെൻ എന്ന പട്ടണത്തിൽ വെച്ച് അവരെ ജനമദ്ധ്യേ പരസ്യമായി വെടിവെച്ചു കൊല്ലുകയായിരുന്നു. 1813-നും 1827-നും ഇടയിൽ അവർ പതിനഞ്ചോളം പേരെ വിഷവും രാസപദാർത്ഥങ്ങളും കൊടുത്ത് കൊല്ലുകയായിരുന്നു. ഒരു നേഴ്സെന്ന നിലയിൽ ഭക്ഷണത്തിൽ വിഷം കലർത്തി കൊല്ലുന്ന  രീതിയായിരുന്നു അവർ സ്വീകരിച്ചിരുന്നതെന്ന് ന്യൂയോർക്ക് ഡെയിലി ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവർ സ്വന്തം മാതാപിതാക്കളെയും രണ്ടു ഭർത്താക്കന്മാരേയും വിവാഹത്തിന് നിശ്ചയിക്കപ്പെട്ട ഭാവി വരനെയും കൊന്നു. കൂടാതെ അവരുടെ മക്കളെയും കൊന്നു. 

9.'ടോപ്പൻ' എന്ന സ്ത്രീ ഒരു നേഴ്സായിരുന്നു. 1854 മാർച്ച് 31-നു ജനിച്ച അവർ 1938 ഒക്ടോബർ 29-ൽ മരിച്ചു. അവർ ഡസൻ കണക്കിന് സ്ത്രീകളെ കൊന്നുവെന്ന് എൻബിസി റിപ്പോർട്ട് ചെയ്യുന്നു. 31 കൊലപാതകങ്ങൾ നടത്തിയിട്ടുണ്ടെന്ന് അവർ സമ്മതിച്ചിരുന്നു. വിഷ മരുന്നുകളും കെമിക്കലും ഉപയോഗിച്ചു അവർ രോഗികളെ കൊന്നുകൊണ്ടിരുന്നു. മാനസിക രോഗി എന്ന നിലയിൽ അവരെ കുറ്റക്കാരിയായി വിധിച്ചില്ല. എങ്കിലും അപകടകാരിയായ ഒരു സ്ത്രീയെന്നതിൽ വിധിയുണ്ടായിരുന്നതിനാൽ 1901 മുതൽ ശിഷ്ടകാലം മുഴുവൻ അവരെ ഒരു മാനസികാശുപത്രിയിൽ താമസിപ്പിച്ചിരുന്നു.

10. 'ഡൊറോത്തിയ പുൻറെ' എന്ന സ്ത്രീ കാലിഫോർണിയയിൽ സാക്രമെന്റോ എന്ന സ്ഥലത്തു ഒരു ബോർഡിങ് ഹൌസ് നടത്തിയിരുന്നു. അവിടെയുള്ള അംഗഭംഗം വന്ന വൃദ്ധരായ മാനസിക രോഗികളെ കൊന്നുകൊണ്ടിരുന്നു. അതിനുശേഷം അവരുടെ സോഷ്യൽ സെക്യൂരിറ്റി ചെക്ക് പണമാക്കിക്കൊണ്ടിരുന്നു. അവരെ 'ഡെത്ത് ഹൌസ് ലാൻഡ് ലേഡി (Death house land lady)എന്നും വിളിച്ചിരുന്നു. അവരുടെ പേരിൽ ഒമ്പത് മരണങ്ങൾക്ക് ചാർജ് ചെയ്തു. രണ്ടു ജീവപര്യന്തം ജയിൽശിക്ഷ വിധിച്ചു. അവർ 2011-ൽ ചൗച്ചില്ല ജയിലിൽ 82 വയസുള്ളപ്പോൾ മരണമടഞ്ഞു.

ആരും കൊലപാതകികളായി ജനിക്കുന്നില്ലായെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. കൊലയാളികളുടെ മനസുകൾ ശൈശവ കാലംമുതലെ മാനസിക സംഘട്ടനങ്ങൾ നിറഞ്ഞതായിരിക്കുമെന്നും മനഃശാസ്ത്രജർ കരുതുന്നു. കുഞ്ഞായിരിക്കുമ്പോൾ തന്നെ ലൈംഗിക പീഡനങ്ങളിൽ അകപ്പെട്ടിരിക്കാം. ആ പക മനസ്സിൽ ആളി കത്തിക്കൊണ്ടിരുന്നിരിക്കാം. ബാല്യം മുതലുള്ള സ്വന്തം കുടുംബത്തിലെ കലഹങ്ങൾ അവരുടെ  മനസിനെ തകർത്തിരിക്കാം. മാതാപിതാക്കളുടെ മരണമോ അവരുടെ വിവാഹ മോചനമോ കുഞ്ഞുമനസുകൾക്ക് താങ്ങാൻ സാധിക്കാതെ വന്നേക്കാം! അധികാര മോഹം ചിലരെ സീരിയൽ കൊലയാളികളായി വളർത്തിയേക്കാം. ചിലരുടെ സാമൂഹിക ചുറ്റുപാടുകളും ജീവിത രീതികളും കൊലപാതക മനസ് സൃഷ്ടിക്കുന്നു. സ്വയം വെറുക്കുന്ന വ്യക്തിത്വം ചിലരെ പിശാചുക്കളാക്കാറുമുണ്ട്. പരമ്പരകളായി കൊലപാതകം നടത്തുന്നവരുടെ മനസ്സ് ചഞ്ചലമായി ലോകമായുള്ള സ്നേഹബന്ധങ്ങളിൽനിന്നും വേർപെട്ടിരിക്കുന്നതും കാണാം. സ്നേഹമെന്ന ആ വൈകാരിക മനസ് അവരിൽ ഒരിക്കലും വളരില്ല. മറ്റുള്ളവരുടെ വികാരങ്ങൾ മനസിലാക്കാനുള്ള കഴിവുമുണ്ടായിരിക്കില്ല. ജോളിയെന്ന കൊലപാതകിയെ വാർത്തെടുത്തതും, അവരിൽ വളർന്ന സാമൂഹിക ഒറ്റപ്പെടലുകളും, അധികാരവും പണവും മോഹങ്ങളും, സ്നേഹത്തിനു പകരം മനസ്സിൽ വെറുപ്പും പകയും വിദ്വെഷവും, വളർന്നതുകൊണ്ടായിരിക്കാം. 



Son of Sam









No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...