Tuesday, October 1, 2019

ഇന്ത്യ-അമേരിക്ക സൗഹാർദ്ദങ്ങളും നീരസങ്ങളും, ചരിത്ര അവലോകനം

Image result for howdy modi pictures

ജോസഫ്  പടന്നമാക്കൽ 

സ്വാതന്ത്ര്യം ലഭിച്ചനാൾമുതൽ ഇന്ത്യൻ നേതാക്കൾ അമേരിക്കയുമായി നല്ല സൗഹാർദ്ദ ബന്ധങ്ങൾ പുലർത്താനാണ് ആഗ്രഹിച്ചിരുന്നത്. അമേരിക്ക പാക്കിസ്ഥാന്റെ പ്രതിരോധ കാര്യങ്ങളിൽ (CENTO) ഉടമ്പടി ഒപ്പുവച്ചതോടെ സോവിയറ്റ് യൂണിയനുമായി ഇന്ത്യ രാജ്യരക്ഷയെക്കരുതി ഉറച്ച ബന്ധങ്ങൾ  പുലർത്താനും ആരംഭിച്ചു. ശീത സമരത്തിൽ അമേരിക്കയും സോവിയറ്റ് യൂണിയനുമായുള്ള മത്സരത്തിനിടെ ഇന്ത്യ ചേരി ചേരാ നയങ്ങളാണ്, സ്വീകരിച്ചത്. 1971-ലെ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധത്തിൽ നിക്‌സൺ ഭരണകൂടം പരിപൂർണ്ണമായി പാക്കിസ്ഥാനു പിന്തുണ നൽകിയിരുന്നു. അന്നു വഷളായ ഇന്ത്യ അമേരിക്കൻ ബന്ധം 1991-ൽ സോവിയറ്റ് യൂണിയൻ ഇല്ലാതാവുന്നവരെ തുടർന്നിരുന്നു. 1990 മുതൽ ശീത സമരം അവസാനിച്ചതോടെ ഇന്ത്യ അമേരിക്കയുമായി സുദൃഢമായ ബന്ധം സ്ഥാപിക്കാൻ ആരംഭിച്ചു.

1947-ൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണം അവസാനിപ്പിക്കുകയും ഇന്ത്യ സ്വാതന്ത്ര്യം നേടുകയും ചെയ്തു. ഇന്ത്യ, പാക്കിസ്ഥാൻ എന്ന രണ്ടു രാജ്യങ്ങളായി ഉപഭൂഖണ്ഡത്തെ വിഭജിക്കുകയുമുണ്ടായി.   സ്വാതന്ത്ര്യം നേടിയെങ്കിലും '1947' എന്ന വർഷം യാതനകളിൽക്കൂടിയും പീഡനങ്ങളിൽക്കൂടിയുമാണ് രാജ്യം കടന്നുപോയത്. രക്തപങ്കിലമായ ഒരു ചരിത്രത്തിന് ഇന്ത്യ സാക്ഷിയായി. വിഭജനശേഷം ഇരുരാജ്യങ്ങളിലും അഭയാർത്ഥികൾ പ്രവഹിച്ചുകൊണ്ടിരുന്നു. മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങൾ പാക്കിസ്ഥാനും ഹിന്ദു ഭൂരിപക്ഷമുള്ള പ്രദേശങ്ങൾ ഇന്ത്യയ്ക്കുമായിട്ടായിരുന്നു വിഭജനം. അതിന്റെ ഫലമായി ഹിന്ദുക്കളും മുസ്ലിമുകളും സിക്കുകാരും പരസ്പ്പരം മതത്തിന്റെപേരിൽ പോരാട്ടവും തുടങ്ങി. ലക്ഷക്കണക്കിന് ജനത ഹിന്ദു മുസ്ലിം ലഹളകളിൽ കൊല്ലപ്പെട്ടു. ഇരുപതു മില്യൺ ജനങ്ങൾ അഭയാർഥികളായി ഇരു രാജ്യങ്ങളിലും താമസം തുടങ്ങി. ഹിന്ദുക്കളുടെയും മുസ്ലിമുകളുടെയും രക്തം രാജ്യം മുഴുവൻ പ്രവഹിച്ചുകൊണ്ടിരുന്നു. അമേരിക്കപോലുള്ള രാജ്യങ്ങൾ ഇന്ത്യയുടെ വർഗീയ രക്തച്ചൊരിച്ചിലുകളെ അപലപിച്ചുകൊണ്ടിരുന്നു. പാശ്ചാത്യ വിദ്യാഭ്യാസം നേടിയ നെഹ്‌റു  ക്യാപിറ്റലിസ്റ്റ് ചിന്താഗതിക്കാരനായിരുന്നെങ്കിലും സ്വാതന്ത്ര്യം നേടിയശേഷം സാഹചര്യങ്ങൾമൂലം സോഷ്യലിസ്റ്റ് ജനാധിപത്യ പാത അദ്ദേഹത്തിന് തിരഞ്ഞെടുക്കേണ്ടി വന്നു. അമേരിക്കയുമായി നല്ലൊരു ബന്ധം തുടക്കം മുതൽ ആഗ്രഹിച്ചിരുന്നു.

1949-ലാണ് ഇന്ത്യൻ പ്രധാനമന്ത്രി നെഹ്രുവും അമേരിക്കൻ പ്രസിഡന്റ് ഹാരീ ട്രൂമാനും തമ്മിൽ പരസ്പ്പരം വാഷിഗ്ടണിൽ എയർപോർട്ടിൽ കണ്ടുമുട്ടിയത്. ശീതസമരത്തിൽ ഇന്ത്യ ഇരുഭാഗങ്ങളിലും ചേരാതെ ചേരി ചേരാ നയങ്ങൾ പിന്തുടരുമെന്നും അറിയിച്ചു. ചേരിചേരാ നയത്തിന്റെ നേതൃത്വം ഇന്ത്യ ഏറ്റെടുക്കുകയും ചെയ്തു. സോവിയറ്റ് യൂണിയനും അമേരിക്കൻ ചേരികളും തമ്മിലുള്ള ശീതസമര കാലങ്ങളിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം മെച്ചമായിരുന്നില്ല. അതേ സമയം ഡൽഹിയും മോസ്‌ക്കോയുമായി സുഗമമായ ബന്ധം സ്ഥാപിക്കുകയും ചെയ്തു.

1959-ൽ മാർട്ടിൻ ലൂഥർ കിങ്ങും കൊറേട്ടാ സ്കോട്ട് കിങ്ങും പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിനെ ന്യൂഡൽഹിയിൽ സന്ദർശിച്ചു. ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തങ്ങൾ മാർട്ടിൻ ലൂതർ കിംഗ് പഠിക്കാൻ ആരംഭിച്ചു. അമേരിക്കൻ പൗരാവകാശങ്ങൾക്കും കറുത്തവരുടെ ഉന്നമനത്തിനുമായുള്ള സമരങ്ങളിൽ മാർട്ടിൻ ലൂഥർ കിംഗ് ഗാന്ധിയൻ പാത തുടർന്നു. ഒരു മാസത്തോളം  കിംഗ് ഇന്ത്യയിൽ താമസിച്ചിരുന്നു. അദ്ദേഹം പണ്ഡിറ്റ് ജവാർഹലാൽ നെഹ്‌റുവിന്റെയും ഗാന്ധി കുടുംബത്തിലെ നിരവധി അംഗങ്ങളുടെയും സൗഹാർദ്ദങ്ങൾ നേടുകയുണ്ടായി. അഹിംസാ സിദ്ധാന്തത്തിൽ വിശ്വസിക്കുന്ന നിരവധി പണ്ഡിതരുമായും കിംഗ് ചർച്ചകൾ നടത്തിയിരുന്നു. അമേരിക്കയിൽ മടങ്ങിയെത്തിയ ശേഷം 'അഹിംസാ സിദ്ധാന്തം' സ്വീകരിക്കുകയും 'പൗരാവകാശങ്ങൾക്കായുള്ള തന്റെ ഏറ്റവും വലിയ ആയുധമാണിതെന്ന്'   പ്രഖ്യാപിക്കുകയും ചെയ്തു. മാനുഷിക നീതിക്കായും അവഗണിക്കപ്പെട്ട ജനതക്കായും മനുഷ്യ ആത്മാഭിമാനത്തിനായും ഈ ആയുധം ഉപയോഗിക്കുമെന്നും  പ്രഖ്യാപിച്ചു.

1959-ഡിസംബർ 9-മുതൽ ഡിസംബർ 14-വരെ പ്രസിഡന്റ് ഐസനോവർ ഇന്ത്യ സന്ദർശിച്ചു. ഇന്ത്യ സന്ദർശിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡണ്ടാണ്,അദ്ദേഹം. ഐസനോവർ, പ്രസിഡന്റ് രാജേന്ദ്ര പ്രസാദിനെയും നെഹ്രുവിനെയും സന്ദർശിച്ചിരുന്നു. ഇന്ത്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് അന്നു പ്രസംഗിച്ചിരുന്നു. ഇന്ത്യൻ ടെക്കനോളജിക്കൽ ഇൻസ്റ്റിറ്റിട്യൂട്ടുകൾക്ക് അമേരിക്ക ഉദാരമായ സഹായങ്ങളും ചെയ്തുകൊണ്ടിരുന്നു. അമേരിക്കയിലെ ഒമ്പതു യുണിവേഴ്സിറ്റികൾ ഇന്ത്യയിൽ ഗവേഷക കേന്ദ്രങ്ങൾ സ്ഥാപിക്കാനും ടെക്കനോളജി ഇൻസ്റ്റിട്യൂട്ടുകൾ പരിപോഷിപ്പിക്കാനും പതിറ്റാണ്ടുകളോളം സഹായിച്ചുകൊണ്ടിരുന്നു. കോൺപുർ യൂണിവേഴ്സിറ്റിയായിരുന്നു ആദ്യത്തെ ഇന്ത്യയുടെ ഐഐടി. ആദ്യകാലങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള അമേരിക്കയുടെ സഹകരണം ഇന്ത്യയ്ക്ക് വളരെ പ്രയോജനപ്രദമായിരുന്നു. ആയിരക്കണക്കിന് ഇന്ത്യൻ ശാസ്ത്രജ്ഞരെ ലോകത്തിന് നൽകാൻ സാധിച്ചത്, ഇന്ത്യയുടെ ഐഐടികളും നെഹ്രുവിന്റെ അക്കാലത്തെ വീക്ഷണ ചിന്താഗതികളുമായിരുന്നു.

1962-ൽ ചൈനീസ് യുദ്ധകാലത്തു വടക്കു കിഴക്കുനിന്ന് അഭയാർത്ഥികൾ ഇന്ത്യയിൽ എത്തുവാൻ തുടങ്ങി. അതിർത്തിയിൽ ഇന്ത്യ ചൈന യുദ്ധം ശക്തമായി ആഞ്ഞടിച്ചിരുന്നു. പണ്ഡിറ്റ് ജവഹർലാൽ  നെഹ്‌റു വാഷിംഗ്ടണിൽ, ജോൺ എഫ് കെന്നഡിക്കു പിന്തുണ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തെഴുതി. വാഷിംഗ്ടൺ, വമ്പിച്ച ആയുധപ്രവാഹങ്ങളും കൂറ്റൻ പ്രതിരോധ വിമാനങ്ങളുമായി ഇന്ത്യയെ സഹായിക്കുകയുണ്ടായി. അത്യാധുനിക ആയുധങ്ങൾ ചൈനീസ് പട്ടാളത്തെ നേരിടാൻ ഇന്ത്യക്ക് നൽകാനും തുടങ്ങി. എന്നാൽ 1965-ൽ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധം ഉണ്ടായപ്പോൾ അമേരിക്കയും ഇന്ത്യയുമായുള്ള ആ ബന്ധം അവസാനിക്കുകയുമുണ്ടായി. അമേരിക്ക പാക്കിസ്ഥാന്റെ പക്ഷം ചേർന്ന് ഇന്ത്യയ്‌ക്കെതിരെ  സഹായിച്ചുകൊണ്ടിരുന്നു.

പഞ്ചവത്സര പദ്ധതികളിൽക്കൂടിയും അമേരിക്കൻ സഹായത്തോടെയും ഭക്ഷണ സ്വയം പര്യാപ്തി നേടിയതാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം കിട്ടിയ കാലത്തിനുശേഷമുള്ള ഏറ്റവും വലിയ നേട്ടം.! നോബൽ സമ്മാന ജേതാവായ 'നോർമൻ ബോർലാന്ഗ്' ഇന്ത്യയിൽ വരുകയും ഗോതമ്പിന്റെ അത്യുൽപ്പാദന ശേഷിയുള്ള വിത്തുകൾ പരീക്ഷിക്കുകയും ചെയ്തു. അദ്ദേഹത്തിൻറെ നേതൃത്വത്തിലുണ്ടായിരുന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ ഡോക്ടർ എം.എസ്.സ്വാമി നാഥനുമായുള്ള സഹവർത്തിത്വം ഇന്ത്യയിൽ ഒരു ഹരിതക വിപ്ലവം തന്നെ സൃഷ്ടിച്ചു. ഇന്ത്യ ഭക്ഷണ അപര്യാപ്തതയിൽ നിന്ന് ഒരു പതിറ്റാണ്ടിനുള്ളിൽ തന്നെ ഭക്ഷണ സ്വയം പര്യാപ്തയുള്ള രാജ്യമായി മാറി. ഭക്ഷണം കയറ്റുമതി ചെയ്യുന്ന രാജ്യമായും അറിയപ്പെട്ടു.

1966-ലാണ് ജവഹർലാൽ നെഹ്രുവിന്റെ മകൾ ഇന്ദിരാഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരം ഏറ്റെടുത്തത്. അതിനുശേഷം 1977 വരെ മൂന്നു പ്രാവശ്യം അവരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. പിന്നീട് 1980 മുതൽ മരണം വരെ  പ്രധാനമന്ത്രിയായി ചുമതലകൾ വഹിച്ചിരുന്നു. 1971-ൽ കിഴക്കേ പാക്കിസ്ഥാനിലുള്ളവർ സ്വതന്ത്ര പാക്കിസ്ഥാനുവേണ്ടി മുറവിളി തുടങ്ങി. അതിന്റെ പേരിൽ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധം ആരംഭിച്ചു. അത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മൂന്നാമത്തെ യുദ്ധമായിരുന്നു. ഈസ്റ്റ് പാക്കിസ്ഥാൻ എന്ന പ്രദേശം 'ബംഗ്ളാദേശ്' എന്ന പുതിയ രാജ്യമായി രൂപപ്പെട്ടു. പാക്കിസ്ഥാൻ സ്വന്തം രാജ്യത്തിലെ പൗരന്മാരെ കൊല ചെയ്തുകൊണ്ടിരുന്നിട്ടും അമേരിക്ക പാക്കിസ്ഥാന്റെ പക്ഷം ചേർന്നു. നിക്സൻറെ അമേരിക്ക ചൈന കൂട്ടുകെട്ടും ഇന്ത്യയെ അമേരിക്കയുമായി അകറ്റിയിരുന്നു. ആ വർഷം ഓഗസ്റ്റിൽ ഇന്ത്യ സോവിയറ്റ് യൂണിയനുമായി ഇരുപതു വർഷ സൗഹാർദ്ദ കരാറുണ്ടാക്കി. ശീത സമരത്തിലെ ചേരി ചേരാ നയത്തിൽ നിന്നും വ്യതിചലിച്ചുകൊണ്ടായിരുന്നു ഇന്ത്യ ഈ കരാർ സോവിയറ്റ് യൂണിയനുമായി ഒപ്പുവെച്ചത്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സുധീരമായ ഈ തീരുമാനം അമേരിക്കയ്ക്ക് ഈ ഉപഭൂഖണ്ഡത്തിൽ ഒരു തിരിച്ചടിയായിരുന്നു. ഇന്ത്യയ്‌ക്കെതിരായി ബംഗാൾ ഉൾക്കടലിൽ താവളം അടിച്ചിരുന്ന അമേരിക്കയുടെ കൂറ്റൻ 'സെവൻന്ത് ഫ്‌ളീറ്റ് കപ്പലും' പിൻവാങ്ങേണ്ടി വന്നു. 1974 മെയ് എട്ടാം തിയതി ഇന്ത്യ ആദ്യത്തെ ന്യുക്‌ളീയർ പരീക്ഷണം നടത്തി. പഞ്ച ശക്തികളുടെയിടയിൽ ഇന്ത്യയും ന്യുക്‌ളീയർ ശക്തിയായി അറിയപ്പെട്ടു. അമേരിക്കയിലും വികസിത രാജ്യങ്ങളിലും അത് വലിയ ഒച്ചപ്പാടുകൾക്ക് കാരണമായി. അതിന്റെ പ്രത്യാഘാതമെന്നോണം അമേരിക്ക-ഇന്ത്യ ബന്ധത്തിൽ കോട്ടങ്ങളുമുണ്ടാക്കി.

1978 ജനുവരിയിൽ പ്രസിഡന്റ് ജിമ്മി കാർട്ടർ ഇന്ത്യ സന്ദർശിച്ചു. മൂന്നു ദിവസ സന്ദർശനത്തിനിടെ പ്രസിഡന്റ് നീലം സഞ്ജീവ റെഡിയുമായും പ്രധാന മന്ത്രി മൊറാർജി ദേശായിയായും ചർച്ചകൾ  നടത്തിയിരുന്നു. കാർട്ടർ പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസംഗിക്കുകയും ചെയ്തു. പകരം, ആ വർഷം തന്നെ ജൂണിൽ ദേശായി ആറു ദിവസം അമേരിക്കയിൽ യാത്രകൾ നടത്തുകയും  ഔദ്യോഗികമായി വൈറ്റ് ഹൌസ് സന്ദർശിക്കുകയുമുണ്ടായി. ജിമ്മി കാർട്ടർ ഇന്ത്യയെ ന്യൂക്ളീയർ നിർമ്മാർജ്ജന ഉടമ്പടിയിൽ ഒപ്പിടാൻ നിർബന്ധിച്ചു. അതനുസരിച്ച് ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളുടെ ന്യൂക്ലിയർ സംവിധാനങ്ങൾ അന്തർദേശീയ അറ്റോമിക്ക് ഏജൻസികൾക്ക് പരിശോധിക്കാൻ സാധിക്കുമായിരുന്നു. ഇന്ത്യ അമേരിക്കയുടെ അഭ്യർത്ഥന തിരസ്ക്കരിക്കുകയും ചെയ്തു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ കൈകടത്തുന്നതിന് തുല്യമായി അമേരിക്കയുടെ ഈ നിർദേശത്തെ ഇന്ത്യ കരുതി. തന്മൂലം 1982-ൽ വാഷിഗ്ടൺ ഇന്ത്യക്കുള്ള സിവിലും പ്രതിരോധ ആവശ്യത്തിനുമുള്ള എല്ലാ വിധ ന്യുക്‌ളീയർ ഊർജ്ജങ്ങളും നിർത്തൽ ചെയ്യുകയുമുണ്ടായി.

1984-ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കാലത്ത് അമേരിക്കയുമായി ബന്ധം പുനഃസ്ഥാപിക്കാൻ സാധിച്ചു. ഇന്ദിരാഗാന്ധി 1982-ൽ ഔദ്യോഗികമായി റൊണാൾഡ് റേഗനെ സന്ദർശിച്ചു. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് അവർ അന്ന് വൈറ്റ് ഹൌസിൽ പ്രസംഗിച്ചത്. ചെറിയ പ്രശ്നങ്ങൾവരെ ചർച്ചയിൽക്കൂടി പരിഹരിക്കണമെന്നും അവർ അന്ന് പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പൊതുവായ താൽപര്യങ്ങളിൽ ശ്രദ്ധിക്കണമെന്നും പുത്തനായ ബന്ധങ്ങൾ ഇരുരാജ്യങ്ങളും സ്ഥാപിക്കണമെന്നും പറഞ്ഞു. രണ്ടു നേതാക്കന്മാരും സഹകരണം വർദ്ധിപ്പിക്കാനും തീരുമാനിച്ചു. ന്യൂക്‌ളീയർ ഊർജം സംബന്ധിച്ചു ഒരു ധാരണയിൽ എത്തുകയും ചെയ്തു. രണ്ടു വർഷത്തിനു ശേഷം വൈസ് പ്രസിഡന്റ് ബുഷ് ഒരു ഉന്നതതല മീറ്റിങ്ങിൽ ന്യൂ ഡൽഹിയിൽ സംബന്ധിക്കുകയും ചെയ്തു. അമിർസ്റ്ററിലുള്ള സിക്കുകാരുടെ ദേവാലയം ആക്രമിച്ചതിനു പ്രതികാരമായി ഒരു സിക്ക് സെക്യൂരിറ്റി 1984-ൽ ഇന്ദിരാഗാന്ധിയെ വധിച്ചു. ഇന്ദിരാഗാന്ധി വധത്തിന് അഞ്ചുമാസം മുമ്പായിരുന്നു ഇന്ത്യൻ പട്ടാളം സിക്കുകാരുടെ അമ്പലം ആക്രമിച്ചത്.

ഇന്ദിരാ ഗാന്ധിയുടെ മരണശേഷം രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. രാജീവ് ഗാന്ധിയുടെ ഭരണനയങ്ങൾ ഇന്ദിരയുടെ ഭരണ നടപടികളിൽനിന്നും തികച്ചും വ്യത്യസ്തമായിരുന്നു. രാജീവ് ഗാന്ധി അമേരിക്കയുമായുള്ള ബന്ധം അരക്കിട്ടുറപ്പിക്കാനാണ് പരിശ്രമിച്ചിരുന്നത്. അന്നുവരെ 'ഇന്ത്യ', സോവിയറ്റു യൂണിയനുമായി മൈത്രിയിലായിരുന്നതിനാലും സോഷ്യലിസ്റ്റ് പാതയിൽ  പ്രവർത്തിച്ചിരുന്നതിനാലും അമേരിക്ക ഒരിക്കലും ഇന്ത്യയുമായി സൗഹാർദ്ദം ആഗ്രഹിച്ചിരുന്നില്ല. 1985 ജൂൺ 11 മുതൽ 15 വരെ രാജീവ് ഗാന്ധി അമേരിക്ക സന്ദർശിക്കുകയുണ്ടായി. ആസൂത്രിത തീവ്രവാദത്തിനെതിരെ ഒരുമിച്ചു പടപൊരുതാനുള്ള ഒരു കരാറിൽ ഇന്ത്യയും അമേരിക്കയും ഒപ്പു വെച്ചു. കൂടാതെ ശാസ്ത്ര സാങ്കേതിക വിദ്യയിൽ ഉഭയകക്ഷി സഹകരണവും ധാരണയായി[. ഇന്ത്യയിൽ വർദ്ധിച്ചു വരുന്ന പകർച്ചവ്യാധികൾക്കെതിരേ പുതിയ ഒരു വാക്സിൻ വികസിപ്പിച്ച്, ഇന്ത്യക്കു നൽകാനും ഈ കരാറിലൂടെ തീരുമാനമായി. ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് കോട്ടം വരാതെ അമേരിക്കയുമായി നല്ല നയതന്ത്ര ബന്ധം സ്ഥാപിക്കാൻ രാജീവിന് സാധിച്ചു.

ഇന്ത്യയുടെ അമേരിക്കൻ കമ്പനിയായ 'യൂണിയൻ കാർബൈഡ് ഫാക്ടറി'യിൽ 1984-ൽ 'ടോക്സിക് ഗ്യാസ്' ലീക്ക് ചെയ്തതിന്റെ ഫലമായി ആയിരക്കണക്കിന് ജനം മരിച്ചു. അമേരിക്കൻ കമ്പനിയുടെ സുരക്ഷിതാ സംവിധാനക്കുറവുകൊണ്ടായിരുന്നു മാരകമായ ഈ അപകടം അന്ന് സംഭവിച്ചത്. പതിനായിരക്കണക്കിന് ജനം അംഗഭംഗം നേരിട്ട് അനാരോഗ്യവാന്മാരായി. മരണത്തിനുത്തരവാദിയായ കമ്പനിയുടെ ചെയർമാനെ ക്രിമിനൽ കുറ്റങ്ങൾക്കായി വിസ്തരിക്കാൻ അമേരിക്കയിൽനിന്നു കൊണ്ടുവരാൻ ഇന്ത്യ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഈ സംഭവങ്ങൾ അമേരിക്ക ഇന്ത്യ ബന്ധങ്ങളെ  സാരമായി ബാധിച്ചിരുന്നു. 1990 വരെ അമേരിക്ക ഇന്ത്യ ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു.

1991-ൽ പ്രധാനമന്ത്രി 'നരസിംഹ റാവു' ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌ക്കാരങ്ങൾക്ക് തുടക്കമിട്ടു.  ഇന്ത്യയുടെ ഉദാരവൽക്കരണ നയം മൂലം അമേരിക്കയുമായുള്ള ബന്ധം പുനഃസ്ഥാപിക്കപ്പെട്ടു. ഇന്ത്യയിൽ ആഗോളതലത്തിലുള്ള മുതൽമുടക്കിനായി നരംസിംഹ റാവൂ പുത്തനായ സാമ്പത്തിക നയങ്ങൾ പ്രഖ്യാപിച്ചിരുന്നു. പ്രൈവറ്റ് കമ്പനികൾ വളരാനും തുടങ്ങി. നികുതി പരിഷ്‌ക്കാരങ്ങൾമൂലം വ്യവസായ അന്തരീക്ഷത്തിനും സാഹചര്യങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. 1998 മുതൽ ഇന്ത്യ സാമ്പത്തികമായി മുന്നേറ്റമാരംഭിച്ചു. വിലപ്പെരുപ്പം വലിയ തോതിൽ നിയന്ത്രിക്കാനും സാധിച്ചു. ഇന്ത്യയെ സംബന്ധിച്ചടത്തോളം അത് പുത്തനായ സാമ്പത്തിക നേട്ടങ്ങളുടെ തുടക്കമായിരുന്നു.

1998ൽ വാജ്‌പെയ് സർക്കാരിന്റെ കാലത്ത്, പാക്കിസ്ഥാന്റെ അതിർത്തിക്കു സമീപമായി ന്യൂക്ലീയർ ബോംബുകളുടെ ഒരു പരമ്പരതന്നെ ഭൂമിക്കടിയിൽ പരീക്ഷിച്ചതായി പ്രഖ്യാപിച്ചു. ഇന്ത്യയുടെ അറ്റോമിക്ക് പരീക്ഷണങ്ങൾ അമേരിക്കൻ ഇന്റലിജിൻസ് ഏജൻസികളെ ന്യുക്‌ളീയർ യുദ്ധങ്ങൾക്കു വഴിതെളിയിക്കുമെന്ന്' ഭയപ്പെടുത്തി. ന്യുക്‌ളീയർ ആയുധങ്ങളുടെ മത്സരം തന്നെ സൃഷ്ടിക്കുമെന്നും ആശങ്കപ്പെട്ടു. ലോകം മുഴുവൻ പ്രതിക്ഷേധ ശബ്ദങ്ങൾ ഉയർത്തുകയുമുണ്ടായി. അമേരിക്കയുമായുള്ള ബന്ധങ്ങൾ വഷളാവുകയും ചെയ്തു. അമേരിക്ക ഇന്ത്യയിലുള്ള അവരുടെ അംബാസഡറെ മടക്കി വിളിച്ചു. പ്രസിഡന്റ് ക്ലിന്റൺ ഇന്ത്യയ്ക്കു മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയുമുണ്ടായി.

1999 മെയ് മുതൽ ജൂലൈ വരെ പാക്കിസ്ഥാൻ പട്ടാളം ഇന്ത്യൻ അധീനതയിലുള്ള കാശ്മീരിൽ നുഴഞ്ഞു കയറുകയും കാർഗിൽ യുദ്ധത്തിന് കാരണമാവുകയും ചെയ്തു. ഇന്ത്യ ആകാശത്തുകൂടി യുദ്ധവിമാനങ്ങൾ അയച്ച് ബോംബുകൾ വർഷിച്ചുകൊണ്ടിരുന്നു. ആ വർഷം ജൂലൈയിൽ തുടർച്ചയായ വെടിവെപ്പുകൾ നടന്നുകൊണ്ടിരുന്നു. പ്രസിഡന്റ് ക്ളിന്റൻ അത്യാവശ്യമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ വാഷിംഗ്ടണിൽ വിളിപ്പിക്കുകയും പാക്കിസ്ഥാൻ പ്രസിഡന്റ് നവാസ് ഷെരിഫ് പട്ടാളത്തെ അതിർത്തിയിലേക്ക് പിൻവലിക്കുകയും ചെയ്തു. 2000-മാർച്ചിൽ പ്രസിഡന്റ് ക്ലിന്റൺ ഇന്ത്യ സന്ദർശിച്ചു. ന്യൂക്ലിയർ ടെസ്റ്റ് നിരോധന ഉടമ്പടി ഒപ്പു വെക്കാൻ ക്ലിന്റൺ ഇന്ത്യയെ സ്വാധീനം ചെലുത്തിയെങ്കിലും ഇന്ത്യ അതിന് തയ്യാറായില്ല. ഈ സന്ദർശനത്തിൽ 'ഇന്ത്യ അമേരിക്ക സയൻസ് ആൻഡ് ടെക്നോളജി ഫോറം' രൂപീകരിച്ചു. ശീത സമരത്തിന് അയവ് വന്നതു കാരണം പാക്കിസ്ഥാനുമായി അമേരിക്കയുടെ ബന്ധങ്ങൾക്കും ഉലച്ചിൽ വന്നിരുന്നു. ഇന്ത്യയുമായി അടുക്കണമെന്ന താൽപ്പര്യവും അമേരിക്കയ്ക്കുണ്ടായിരുന്നു. അമേരിക്കൻ ഉപരോധം നീക്കാഞ്ഞ കാരണം അമേരിക്കൻ സാധനങ്ങൾ ബഹിഷ്‌കരിക്കാൻ ഇന്ത്യയിലെവിടെയും ബോർഡുകളുമുണ്ടായിരുന്നു.

ഇന്ത്യയുടെ ന്യൂക്‌ളീയർ പരീക്ഷണങ്ങൾക്കു ശേഷം 1998-ൽ നടപ്പാക്കിയ അമേരിക്കൻ ഉപരോധം എടുത്തു കളഞ്ഞത് ജോർജ് ബുഷിന്റെ കാലത്താണ്. 2005-ൽ യുഎസ് സെക്രട്ടറി 'കൊണ്ടൊലേസാ' ന്യൂ ഡൽഹി സന്ദർശിച്ചു. ഇന്ത്യയുടെ ഊർജം സംബന്ധിച്ച സുരക്ഷിതത്വ ചർച്ചകൾക്ക് പ്രാധാന്യം കൊടുത്തിരുന്നു. എന്നാൽ ഈ സന്ദർശനം കാര്യമായ മെച്ചമൊന്നും ഉണ്ടാക്കാൻ സാധിച്ചില്ല. ഊർജം സംബന്ധിച്ചുള്ള ഇറാനുമായി ഇന്ത്യയുടെ സഹകരണം അമേരിക്കയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന് തടസമായിരുന്നു. അതുപോലെ അമേരിക്ക പാക്കിസ്ഥാന് യുദ്ധ വിമാനങ്ങൾ വിൽക്കുന്നതും ഇന്ത്യ അമേരിക്ക ബന്ധങ്ങൾക്ക് വിഘാതമായി നിന്നു. 2005 ജൂൺ ഇരുപത്തിയെട്ടാം തിയതി അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി ഡൊണാൾഡ് റംസ്‌ഫീൽഡും ഇന്ത്യയുടെ പ്രതിരോധ മന്ത്രി പ്രണാബ് മുക്കർജിയും പരസ്പ്പരം കൈകോർത്ത് സൗഹാർദ്ദ അന്തരീക്ഷത്തിൽ സംസാരിച്ചിരുന്നു. പ്രതിരോധത്തിൽ രണ്ടു രാജ്യങ്ങളും ഒത്തൊരുമിച്ച് സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തു. സമുദ്ര തീരപ്രദശങ്ങളുടെ സുരക്ഷതത, മാനുഷിക പരിഗണനയ്ക്കായുള്ള സഹായങ്ങൾ, പ്രകൃതി ക്ഷോപം വരുമ്പോഴുള്ള സഹായം, ഭീകര ആക്രമണങ്ങൾ മുതലായവകൾക്കെല്ലാം തമ്മിൽത്തമ്മിലുള്ള സഹകരണവും വാഗ്ദാനം ചെയ്തുള്ള ഉടമ്പടികളിൽ അമേരിക്കയും ഇന്ത്യയും ഒപ്പു വെച്ചു.

2005-ജൂലൈ 18-നു പ്രസിഡന്റ് ജോർജ് ബുഷും ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും തമ്മിലുള്ള ഒരു കൂടിക്കാഴ്ച വൈറ്റ് ഹൌസിലുണ്ടായിരുന്നു. അന്ന് ഒരു പത്രസമ്മേളനവും നടത്തി. ഇന്ത്യയും അമേരിക്കയും ന്യുക്‌ളീയർ ഉടമ്പടിയിൽ ഒപ്പുവെക്കുകയും 2008 ഒക്ടോബറിൽ കോൺഗ്രസ്സ് അംഗീകരിക്കുകയും ചെയ്തു. ന്യുക്‌ളീയർ എനർജിയെ സംബന്ധിച്ചുള്ള മൂന്നു പതിറ്റാണ്ടായ നിരോധനം അവിടെ അവസാനിക്കുകയും ചെയ്തു. ന്യുക്‌ളീയർ സംബന്ധമായ വ്യവസായങ്ങൾ! ഇരുരാജ്യങ്ങളും പുനഃസ്ഥാപിക്കുകയും ചെയ്തു. ഉടമ്പടി അനുസരിച്ച് പ്രതിരോധ സംവിധാനമൊഴിച്ചുള്ള സിവിൽ സംവിധാനങ്ങളിലെ ന്യുക്ളീർ സങ്കേതങ്ങൾ ആഗോള അറ്റോമിക്ക് ഏജൻസികളുടെ പരിശോധനയ്ക്ക് വിധേയമായിരിക്കും. അമേരിക്ക ഭാവിയിൽ പൂർണ്ണമായ ന്യുക്‌ളീയർ ഊർജ സഹകരണം നൽകുകയും ചെയ്യുമെന്നുള്ള കരാറായിരുന്നു അത്. 2007-ജൂലൈയിൽ യു.എസ് പ്രസിഡന്റ് ജോർജ് ഡബ്ള്യ ബുഷ് ഇന്ത്യ സന്ദർശിക്കുകയും മൻമോഹൻ സിംഗുമായുള്ള ഉടമ്പടി പ്രാബല്യത്തിലാക്കുകയും ചെയ്തു. കൂടാതെ നിരവധി സാമ്പത്തിക ഉടമ്പടികളിലും ഒപ്പു വെച്ചു. അമേരിക്കയുടെ ന്യുക്‌ളീയർ ഉടമ്പടികളിൽ ഒപ്പു വെക്കാതെ ന്യുക്‌ളീയർ വാണിജ്യം നടത്തുന്ന ഒരേ രാജ്യം ഇന്ത്യ മാത്രമായി. അതിൽ പാക്കിസ്ഥാന് എതിർപ്പുണ്ടായിരുന്നു.

2008-നവംബർ എട്ടാംതീയതി ഇന്ത്യ വിക്ഷേപിച്ച മനുഷ്യരഹിതമായ ചന്ദ്രയാൻ-1 എന്ന ദൗത്യം വളരെ വിജയകരമായിരുന്നു. അതിൽ രണ്ടു പ്രധാനപ്പെട്ട ശാസ്ത്രീയ ഉപകരണങ്ങൾ സംഘടിപ്പിക്കുന്നതിൽ നാസായുടെ സഹകരണവുമുണ്ടായിരുന്നു. ചന്ദ്രനിൽ ചന്ദ്രയാൻ പദ്ധതി പൂർത്തിയാക്കി അവിടെ റോക്കറ്റ് ലാൻഡ് ചെയ്യുകയും ചെയ്തു. ചന്ദ്രോപരിതലത്തിൽ വെള്ളത്തിന്റെ കണികകളുണ്ടെന്നു കണ്ടുപിടിക്കുകയും ചെയ്തു. ഈ നേട്ടങ്ങൾ അമേരിക്കയും ഇന്ത്യയുമായുള്ള ശൂന്യാകാശ സഹകരണത്തിന് വഴി തെളിയിക്കുകയും ചെയ്തു. 1963-മുതൽ ശൂന്യാകാശ ഗവേഷണങ്ങളിൽ അമേരിക്കയും ഇന്ത്യയും തമ്മിൽ സഹകരണ മനോഭാവത്തോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

2009-ൽ പാകിസ്ഥാന്റെ ലക്ഷർ തീവ്രവാദികൾ മുംബൈ താജ് ഹോട്ടൽ ആക്രമിച്ചിരുന്നു. മൂന്നു ദിവസം കൊണ്ട് മുന്നൂറോളം ഇന്ത്യൻ പൗരന്മാർ ആ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അവരിൽ ആറ് അമേരിക്കക്കാരുമുണ്ടായിരുന്നു. തീവ്രവാദത്തെ നേരിടാൻ 'അമേരിക്കാ' ഇന്ത്യൻ അധികാരികളുമായി പൂർണ്ണ സഹകരണത്തോടെ പ്രവർത്തിക്കുകയുമുണ്ടായി. ഫോറൻസിക്ക് വിദഗ്ദ്ധരായ എഫ്ബിഐ ഗവേഷകരെ അമേരിക്ക ഇന്ത്യയിൽ അയക്കുകയും ചെയ്തു.

2014-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപി വൻഭൂരിപക്ഷത്തോടെ വിജയിക്കുകയും നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാവുകയും ചെയ്തു. അന്നുവരെ മോദിയെ അമേരിക്കൻ സന്ദർശനത്തിൽ നിന്നും വിലക്കിയിരിക്കുകയായിരുന്നു. 2002-ൽ മോദി മുഖ്യമന്ത്രിയായിരുന്ന കാലത്തുണ്ടായ ഗുജറാത്തിലെ മുസ്ലിം കൂട്ടക്കൊല അതിന് കാരണമായിരുന്നു. 2014 സെപ്റ്റംബറിൽ പ്രധാനമന്ത്രി മോദി അമേരിക്കയിൽ ആദ്യമായി സന്ദർശിച്ചു. യു.എസ്- ഇന്ത്യ പങ്കാളികളായി നിരവധി ഇൻവെസ്റ്റ് മെന്റ് പദ്ധതികൾ മോദിയുമായി ഉടമ്പടികളുണ്ടാക്കി.വ്യവസായിക തലത്തിലുള്ളവരുമായി മോദി സംഭാഷണം നടത്തിയിരുന്നു. വാഷിംഗ്ടണിൽ ഒബാമയും മോദിയുമായി ചർച്ചകൾ നടത്തിയതിന്റെ ഫലമായി കയറ്റുമതി ഇറക്കുമതി, ഊർജം മുതലായ ബിസിനസുകൾക്കായി ഒരു ബില്യൺ ഡോളർ അമേരിക്ക അനുവദിച്ചു. 2015-ൽ ഒബാമ പ്രധാന അതിഥിയായി റിപ്പബ്ലിക്ക് ദിനത്തിൽ ഇന്ത്യ സന്ദർശിച്ചു. ലോകത്തിലെ ഏറ്റവും വലിയ രണ്ടു ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള ആഘോഷമായിരുന്നു അത്.  ഇന്ത്യ അമേരിക്കയുടെ പ്രധാന പ്രതിരോധ, വ്യവസായ പങ്കാളിയായി ഒബാമ അംഗീകരിക്കുകയും ചെയ്തു.

പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും 2017 ജൂണിൽ വൈറ്റ് ഹൌസിയിൽ പരസ്പ്പരം കണ്ടുമുട്ടി. ട്രംപിന്, കാലാവസ്ഥ വ്യതിയാനം, ഇന്ത്യയുമായി കച്ചവടങ്ങൾ, എച്.വൺ വിസാ എന്നിവകളിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. എങ്കിലും ആ വിഷയങ്ങൾ കാര്യമായി ചർച്ച ചെയ്യാതെ മാറ്റി വെച്ചു. ഇരു രാജ്യങ്ങളും രാജ്യത്തിന്റെ പ്രതിരോധവും ഭീകരരെ എതിരിടുന്നതും സാമ്പത്തിക ബന്ധങ്ങൾ ശക്തമാക്കുന്നതും സംബന്ധിച്ചുള്ള ധാരണകളിലെത്തുകയും ഉടമ്പടികൾ ഒപ്പു വെക്കുകയും ചെയ്തു. 2019 ജൂൺ മാസത്തിൽ ജി 20 രാഷ്ട്ര സമ്മേളനത്തിലും വീണ്ടും ട്രംപും മോദിയുമായി കണ്ടു മുട്ടിയിരുന്നു.

1970 മുതൽ അമേരിക്കയിൽ ഇന്ത്യയുടെ ഇറക്കുമതി ചെയ്യുന്ന കച്ചവട ഉത്‌പന്നങ്ങൾക്ക് മുന്‍ഗണനാര്‍ഹമായ വാണിജ്യ സ്റ്റാറ്റസ് ഉണ്ടായിരുന്നു. അതനുസരിച്ച് ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് നികുതി ഇളവുകളോടെയായിരുന്നു. ഇന്ത്യയോടുള്ള ഉദാരവൽക്കരണമായ ഈ ഔദാര്യം ട്രംപ് ഭരണകൂടം നീക്കം ചെയ്തു. ഇന്ത്യ കാര്യമായി അമേരിക്കൻ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നില്ലായെന്ന കാരണമായിരുന്നു ട്രംപ് ആരോപിച്ചത്. ആഴ്ചകൾക്കുള്ളിൽ തന്നെ ഇന്ത്യയും പകരം വീട്ടാനെന്ന വണ്ണം അമേരിക്കയുടെ ഇറക്കുമതികൾക്ക് 28 ശതമാനം തീരുവാ ചുമത്താനാരംഭിച്ചു. ഇന്ത്യ വളരെ ഉയർന്ന നിരക്കിൽ നികുതി ചുമത്തുന്ന രാജ്യമാണെന്നു ട്രംപ് കുറ്റപ്പെടുത്തി. അമേരിക്കയിൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ഉല്പന്നങ്ങൾക്ക് സമാനമായ ഇരുപത്തിയെട്ടു ശതമാനം നികുതി ഏർപ്പെടുത്തണമെന്നു നിർദ്ദേശിച്ചിരിക്കുന്നു. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ വർധിപ്പിക്കാൻ സെനറ്റിന്റെ അംഗീകാരം തേടുകയും ചെയ്തു.

വ്യാപാര ബന്ധങ്ങളിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ ശക്തമായ അഭിപ്രായ വ്യത്യാസങ്ങൾ തുടരുന്നു. ഇന്ത്യ പ്രതിരോധമുൾപ്പടെ ആധുനികമായ ടെക്‌നോളജി വളർച്ചവരെ അമേരിക്കൻ കമ്പനികളെ ആശ്രയിക്കുന്നു. അമേരിക്കൻ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ 28 ശതമാനം  തീരുവ ചുമത്തുന്ന തീരുമാനം പുനഃ പരിശോധിക്കാനും കൂടുതൽ അമേരിക്കൻ വിപണികൾ ഇന്ത്യൻ മാർക്കറ്റിൽ ഇറക്കാനും അമേരിക്കയുടെ സമ്മർദ്ദം ശക്തമാക്കിക്കൊണ്ടിരിക്കുന്നു. അമേരിക്കൻ ഉൽപ്പന്നങ്ങൾ വലിയ തോതിൽ വാങ്ങിയാൽ വ്യവസായ തർക്കും പരിഹരിക്കാൻ സാധിക്കുമെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോപിയോ പ്രസ്താവന നടത്തുകയുണ്ടായി. വ്യാപാര വാണിജ്യ ബന്ധങ്ങളിൽ മുൻഗണന നൽകിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യയെ നീക്കം ചെയ്തത് ഇന്ത്യൻ വ്യവസായ ലോകത്ത് അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. വർഷംതോറും 630 കോടി രൂപയുടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾ അമേരിക്കയിൽ  നികുതിരഹിതമായി ഇറക്കുമതി ചെയ്തിരുന്നു. ഓട്ടോമൊബൈൽ, ടെക്സ്റ്റൈൽ അടക്കം രണ്ടായിരത്തിൽപ്പരം ഉല്പന്നങ്ങളായിരുന്നു ഇന്ത്യ അമേരിക്കൻ മാർക്കറ്റിൽ ഇറക്കുമതി ചെയ്തുകൊണ്ടിരുന്നത്. പകരം അമേരിക്കൻ ഉൽപ്പന്നങ്ങൾ ഇന്ത്യ വാങ്ങുന്നില്ലെന്ന് ആരോപിച്ചാണ് ട്രംപ് ഇറക്കുമതി നികുതി ഏർപ്പെടുത്തിയത്. എന്നാൽ അമേരിക്ക 2.5 ശതമാനം മാത്രമാണ് തീരുവാ ചുമത്തുന്നത്.

ആധുനിക സാങ്കേതിക വിദ്യ അടങ്ങിയ ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാൻ അമേരിക്ക തയ്യാറാണെന്നും അറിയിച്ചു. ആയുധങ്ങൾ സജ്ജമാക്കിയ ആളില്ലാ വിമാനങ്ങൾ, ബാലിസ്റ്റിക്ക് മിസൈൽ, മറ്റു പ്രതിരോധ സംവിധാനങ്ങൾ മുതലായവകൾ നൽകാൻ അമേരിക്ക തയ്യാറാണ്. ലക്ഷക്കണക്കിന് കോടി രൂപ ഇന്ത്യ പ്രതിരോധത്തിനുവേണ്ടി 'ബഡ്ജറ്റ്' സമർപ്പിച്ചപ്പോഴായിരുന്നു അമേരിക്കയുടെ ഈ നീക്കം. ഇന്ത്യയ്ക്കുവേണ്ടി എഫ് 21, എഫ്‌ 18 പോർ വിമാനങ്ങളും അമേരിക്ക വാഗ്ദാനം ചെയ്തു. വർദ്ധിച്ചു വരുന്ന ഇന്ത്യയുടെ ഊർജാവശ്യങ്ങൾ അമേരിക്കയ്ക്ക് പരിഹരിക്കാൻ സാധിക്കുമെന്നും അറിയിച്ചു. ബഹിരാകാശ മേഖലയിലും അമേരിക്കയുടെ സഹായം ഇന്ത്യയ്ക്ക് ഗുണം ചെയ്യും. ഇറാനിൽനിന്ന് എണ്ണ വാങ്ങുന്നതിനു പകരം അമേരിക്കയിൽനിന്ന് എണ്ണ വാങ്ങുവാനും നിർദ്ദേശിച്ചു.

Nehru, vijayalaksmi Pandit, President Truman,1949.
Image result for manmohan singh usa pictures

Image result for morarji carter

Image result for vajpeyi clinton pictures

Image result for martin luther king india pictures

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...