Sunday, February 15, 2015
കേജറിവാളും ഷെവലിയറും കത്തോലിക്കാ കോണ്‍ഗ്രസ് പാർട്ടിയും (ഭാവനകൾ)
By ജോസഫ് പടന്നമാക്കൽ
അഴിമതി രഹിതമായ ഒരു ഭരണം വാഗ്ദാനം ചെയ്ത് ഇന്ത്യയുടെ തലസ്ഥാന നഗരി ഡൽഹിയിൽ അധികാരത്തിൽ വന്ന കേജറിവാളിനെ കെ.സി.ബി.സി. മെത്രാൻ സംഘടനകൾ (Kerala Catholic Bishops' Council) അഭിനന്ദിക്കുകയുണ്ടായി. ഡൽഹിയിൽ കത്തോലിക്കരുടെ വോട്ടുകൊണ്ടും കൂടിയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടതെന്നും ബിഷപ്പ് കൌണ്സിൽ വിലയിരുത്തുന്നുണ്ടാകാം. അഴിമതിക്കാരുടെ പേരിൽ ശക്തമായ നടപടികളെടുക്കുമെന്ന കേജറി വാളിന്റെ പ്രസ്താവന ബിഷപ്പ് കൌണ്‍സിലിൽ ശക്തിയായ അങ്കലാപ്പുമുണ്ടാക്കിയിട്ടുണ്ട്. ഇതിനു ബദലായി ഒരു രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ കത്തോലിക്കാ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തി ആദ്യം കേരളവും പിന്നീട് കേന്ദ്രവും പിടിച്ചെടുക്കാനാണ് ബിഷപ്പ് കൌണ്സിൽ പദ്ധതിയിട്ടിരിക്കുന്നതെന്നും അറിയുന്നു. 'ഘർ വാപസി'ക്കാരുടെ മതപരിവർത്തന നീക്കങ്ങൾ ശക്തമായി തടഞ്ഞ് മിഷ്യനറി പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനും തീരുമാനമായി. ഭാരതത്തെ മൊത്തമായി ക്രൈസ്തവൽക്കരിക്കുകയും വേണം. പിടിയരിയുടെ അളവു കൂട്ടിയാൽ കോടിക്കണക്കിന് ദളിതരെ പുതു ക്രിസ്ത്യാനികളാക്കാമെന്നും കണക്കു കൂട്ടുന്നു.
കേജറി വാളിന്റെ ജനക്ഷേമകരമായ വാഗ്ദാനങ്ങളെയും മെത്രാൻസമിതി ചർച്ച ചെയ്തിരുന്നു. എത്രയെത്ര മന്ത്രിസഭകളെ സഭ കണ്ടിരിക്കുന്നു. വിലയിരുത്തിയിരിക്കുന്നു. കുതികാൽ വെട്ടികളെക്കൊണ്ട് മറിച്ചിട്ടിരിക്കുന്നു. സഭയെ തൊട്ടുകളിച്ചാൽ തീക്കളിയാകുമെന്ന് കേജറിവാളിനുമറിയാം. 1947-ൽ സർ സീപിയേയും 1957-ൽ കമ്യൂണിസ്റ്റ് മുന്നണിയേയും മറിച്ചിട്ട പാരമ്പര്യവും സഭയ്ക്കുണ്ട്. കേജറിവാളിന് ഒരു താക്കീത് കൊടുത്താൽ ഒതുങ്ങുന്ന കാര്യമേയുള്ളൂവെന്നും സമിതിയിൽ അഭിപ്രായം പൊന്തിവന്നിരുന്നു. ഇലക്ട്രിസിറ്റി ബില്ല് പകുതിയാക്കലും ഗംഗാ വൃത്തിയാക്കലും, കുറ്റകൃത്യങ്ങൾ തടയാൻ ക്യാമറാ സ്ഥാപിക്കലും കേജറിവാളിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലുണ്ടെങ്കിലും അതൊന്നും സഭയുടെ താല്പര്യവിഷയങ്ങളല്ല. സോണിയാ ഗാന്ധിയേയും അവരുടെ മകനെയും മൻമോഹൻ സിംഗിനെയും ഉമ്മനെയും മാണിയേയും വരച്ച വരയിൽ നിറുത്തിയ ബിഷപ്പുമാർക്ക് കേജറിവാളിനെ നിലയ്ക്കു നിറുത്താൻ സാധിക്കുമെന്നും കരുതുന്നു. ഡൽഹിയിലെ പള്ളി തകർക്കലിൽ കേജറിവാൾ നിശബ്ദത പാലിക്കുന്ന കാരണവും വ്യക്തമല്ല. ബി.ജെ.പി.യെ തോല്പ്പിക്കാൻ എതിർ രാഷ്ട്രീയ പാർട്ടികളോ പള്ളിതന്നെയോ ഡൽഹിയിലെ പള്ളി തകർക്കലിൽ നേതൃത്വം കൊടുത്തിരിക്കാം.
ഹിന്ദുമത മൗലിക വാദികൾ പള്ളികളിൽ അക്രമം കാണിച്ചപ്പോൾ കേജറിവാൾ മൌനം പാലിച്ചതിൽ ബിഷപ്പുമാർക്ക് ആശങ്കയുണ്ട്. ഓരോ പള്ളി ഉയരുംതോറും അവിടെ യേശുവിനെ മുള്ളാണിയിട്ടു തറയ്ക്കുകയാണെന്നും കേജറിവാൾ കരുതുന്നുണ്ടാവാം. അത്രയും അന്ധവിശ്വാസവും മതതീവ്രതയും പുരോഹിത മെത്രാൻ അഴിമതികളും പള്ളി വീണുടയുന്നതിൽക്കൂടി കുറയുമെന്നും അദ്ദേഹം കണക്കു കൂട്ടുന്നുണ്ടാവാം. ഡൽഹിയിലെ ഇമാമിന്റെ പിന്തുണപോലും കേജറിവാൾ കാര്യമായി ഗൗനിച്ചില്ല. മതപിന്തുണയല്ല ജനപിന്തുണയാണ് തനിക്ക് വേണ്ടതെന്നു അദ്ദേഹം പറയുന്നു. മത ശ്രേഷ്ഠന്മാർക്ക് അദ്ദേഹത്തിൻറെ അഭിപ്രായം അത്ര രുചിക്കുന്നില്ല. അതിനിടയിലാണ് തലതിരിഞ്ഞചിലർ കേരളത്തിലും ഏ. എ. പി ( AAP) പാർട്ടി അധികാരത്തിൽ വരണമെന്ന് വാദിക്കുന്നത്. ഏ. എ. പി (AAP) യുടെ നയ പരിപാടികൾ സഭയെ ഭയപ്പെടുത്തുന്നു.
കേരളത്തിൽ അടുത്ത തെരഞ്ഞെടുപ്പിൽ ഏ. എ. പി (AAP) ഭരണം പിടിച്ചെടുക്കുന്നെങ്കിൽ സഭയുടെ നിലപാട് എന്തായിരിക്കാം? പൊതുജനത്തെ വിഡ്ഡികളാക്കി ധ്യാനകേന്ദ്രങ്ങളുടെ മറവിൽക്കൂടി നടക്കുന്ന അഴിമതികൾ ഇന്നുള്ള ഭരണകൂടങ്ങൾ കണ്ടില്ലെന്നു നടിക്കുകയാണ്. കേരളസഭയുടെ ചരിത്രത്തിൽ തന്നെ മോനിക്കയുടെ വസ്തു തട്ടിയെടുത്ത കഥ കുപ്രസിദ്ധമാണ്. ധ്യാനകേന്ദ്രങ്ങളിൽക്കൂടി മനുഷ്യനെ മയക്കി പണം പിഴിയുന്ന ഒരു പ്രസ്ഥാനമായി കരിസ്മാറ്റിക്ക് കേന്ദ്രങ്ങൾ വളർന്നു കഴിഞ്ഞു. വിദേശപ്പണമുൾപ്പടെ കോടികളാണ് മായാജാലക്കാരായ ധ്യാനഗുരുക്കന്മാരുടെ പ്രസ്ഥാനങ്ങളിലേയ്ക്കൊഴുകുന്നത്. ഇടുക്കി ബിഷപ്പിന്റെ പുഴുത്ത വായിൽനിന്നു വരുന്ന തെറികൾ സഭയുടെ ആത്മീയതയെ ശൂന്യമാക്കിയിരിക്കുന്നു. സർക്കാരിന്റെ ഭൂമി ചുളുവിൽ കൈവശപ്പെടുത്തിയ തൃശ്ശൂർ ബിഷപ്പും അഴിമതികളിൽ മുമ്പിൽ തന്നെ. സലോമിയുടെ മരണം, കൊക്കന്റെ കുഞ്ഞിനോടുള്ള പീഡനം, അഭയായുടെ ദീന രോദനം അങ്ങനെയങ്ങനെ സഭാകഥകൾ തുടരുന്നു. പാവപ്പെട്ട നേഴ്സുമാരെ അഹോരാത്രം പണിയെടുപ്പിച്ചാലും സർക്കാർ നിശ്ചയിച്ച വേതനം കൊടുക്കാതെ തുച്ഛമായ ശമ്പളം കൊടുത്ത് ഹോസ്പിറ്റലുകൾ ആദായമുണ്ടാക്കും. സഭയുടെ ജീവകാരുണ്യം പണക്കാർക്കായി പഞ്ചനക്ഷത്ര ഹോസ്പ്പിറ്റലുകൾ പടുത്തുയർത്തുന്നതിലാണ്. പൌരാണിക പള്ളികൾ പൊളിക്കുക, പുതുക്കുക, വെട്ടുമേനി കൂട്ടുക എന്നിങ്ങനെ സഭ മുഴുവനായി അഴിമതികൂമ്പാരമായിരിക്കുന്നു. ഭരിക്കുന്ന പാർട്ടിയെ പൂജിക്കുകയെന്ന നയമാണ് സഭയ്ക്കെന്നുമുള്ളത്. നരേന്ദ്ര മോഡിയെ ദേവനു തുല്യമായി പൂജിക്കാനും തുടങ്ങി. യാതൊരു തത്ത്വസംഹിതകളുമില്ലാതെ അവസരത്തിനൊത്തു ഭരണകൂടങ്ങളെ താങ്ങുന്ന ഒരു നയമാണ് സഭയെന്നും അനുവർത്തിച്ചു വരുന്നത്.
ജനസേവനമാണ് ഒരു ഭരണകൂടം ഉദേശിക്കുന്നതെങ്കിൽ സഭയുടെ ഈ തോന്ന്യാസങ്ങൾ അനുവദിക്കാൻ പാടില്ലാത്തതാണ്. ചിന്തനീയമായ് ചില ഇരുണ്ട വശങ്ങൾ ഇവിടെ വിശകലനം ചെയ്യാം.
1. പൊതുവഴികളിൽ നെറ്റിപ്പട്ടവും കെട്ടി മുത്തുകുടയുമായി മെത്രാനെ എഴുന്നള്ളിക്കുന്ന സമയം ട്രാഫിക്കുകൾ ബ്ലോക്കാകുന്നു. മറ്റു വാഹനങ്ങളെ കടത്തി വിടാതെ പൊതുജനങ്ങൾക്ക് ഉപദ്രവം ഉണ്ടാക്കുന്നു. ആംബുലൻസിൽ പോവുന്ന മരണാസന്നരായ രോഗികളുടെ നിലയും തത്സമയം പരിതാപകരമായിരിക്കും. .
2. വഴിനീളെ കുരിശുപള്ളികൾ ഒരു മതേതര രാജ്യത്തിന് അന്തസുള്ള കാര്യമല്ല. ക്രിസ്ത്യൻ രാജ്യങ്ങളിൽ പോലും ഇത് അനുവദനീയമല്ല. യാത്രക്കാരെ വഹിച്ചുകൊണ്ട് പോകുന്ന ബസുകൾ പോലും കുരിശുപള്ളിയിങ്കൽ നിറുത്തി നേർച്ചയിട്ടു പോവുന്നതു കാണാം. അവരുടെ സമയത്തെയും സൌകര്യത്തെയും വിലമതിക്കാതെയുള്ള അത്തരം പ്രവർത്തികൾ നീതിമത്കരിക്കാവുന്നതല്ല. മെഴുകുതിരികളും കത്തിച്ച് വാഹനാകമ്പടികളോടെ ഭക്തരുടെ തെരുവ് യാത്രകൾ അതുവഴി കടന്നു പോവുന്ന വണ്ടികൾക്ക് തടസമാവുകയും പൊതുജനത്തിന് അസൌകര്യം സൃഷ്ടിക്കുകയും ചെയ്യുന്നു. മോഡി സർക്കാർ പൊതുനിരത്തുകളിൽ പ്രത്യേകിച്ച് സ്ത്രീകൾക്ക് ലക്ഷക്കണക്കിന് ടോയിലറ്റുകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ കേരളത്തിലെ പൊതുവഴികളിൽ കുരിശുപള്ളികൾ പടുത്തുയർത്തുന്ന നിലപാടാണ് അഭിഷിക്തർക്കുള്ളത്. കുരിശുപള്ളിയ്ക്കു ചുറ്റും കൂട്ടപ്രാർഥനയും മണിയടിയും കുർബാനകളും പൊതുജനങ്ങളെ അസ്വസ്തരാക്കാറുണ്ട്.
3. പ്രായപൂർത്തിയാകാത്ത പിള്ളേരെ പുരോഹിതർ പീഡിപ്പിക്കുന്നതുമൂലം ഭീമമായ സാമ്പത്തിക നഷ്ടങ്ങളാണ് പതിറ്റാണ്ടുകളായി യൂറോപ്പ്യൻ, അമേരിക്കൻ സഭകൾക്ക് നേരിടേണ്ടി വന്നത്. ഇടവക ജനങ്ങളിൽനിന്നു സമാഹരിച്ച ഫണ്ട് കോടതി ചെലവുകൾക്കായി ദുരുപയോഗം ചെയ്യുന്നതിനാൽ അവിടങ്ങളിൽ സഭ പാപ്പരായിക്കൊണ്ടിരിക്കുന്നു. അങ്ങനെയുള്ള സാഹര്യങ്ങളുണ്ടാകാതെ ചില യൂറോപ്പ്യൻ രാജ്യങ്ങളിൽ ബാല സുരക്ഷാ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. ബാലപീഡകൾ യൂറോപ്പിലെയും അമേരിക്കയിലെയും പോലെ കേരളത്തിലെ പള്ളികളിൽ അധികം അറിയപ്പെടുന്നില്ല. എങ്കിലും ഇവിടെയും മാതാപിതാക്കൾ കുഞ്ഞുങ്ങളെ വേദപാഠക്ലാസ്സുകളിൽ വിടാൻ ആശങ്കയിലാണ്. തങ്ങളുടെ കുഞ്ഞുങ്ങളെ രക്ഷിക്കാൻ സർക്കാർ തലത്തിൽ ഒരു സെമി പോലീസ് സംവിധാനത്തിന് സാധ്യതകളും ആരായുന്നു. പുതിയ രാഷ്ട്രീയ സംവിധാനത്തിൽ ബാല സുരക്ഷാ സേന രൂപികരിക്കുമെന്നും സഭാനേതൃത്വം ഭയപ്പെടുന്നുണ്ടാകാം. സീറോ മലബാർ സഭയിൽ കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്ന അൾത്താര രഹസ്യങ്ങൾ പുറം ലോകമറിയാറില്ല. അരമനകളും മഠങ്ങളും അത്തരം കാര്യങ്ങൾ പുറത്തുവിടാതെ സ്വന്തം മതിൽക്കെട്ടിനുള്ളിൽ രഹസ്യമായി സൂക്ഷിക്കും.
4 . കൂറ്റൻ കോണ്‍ക്രീറ്റ് കെട്ടിടം പണികളും ആകാശം മുട്ടെയുള്ള പള്ളി പണികളും വനങ്ങൾ വെട്ടി മുറിക്കലും മണൽ വാരലും വന്യമൃഗ സങ്കേതങ്ങൾ തകർക്കലും അരുവികൾ മലിനമാക്കലുംവഴി ഭൂമിയുടെ സമതുലനാവസ്ഥ നശിപ്പിക്കുന്നു. ഇത് ജനിക്കാൻ പോവുന്ന തലമുറകളോട് ചെയ്യുന്ന അനീതി കൂടിയാണ്. ഇടുക്കി മലകളും സഹ്യന്റെ താഴ്വരകളും സഭയോടൊത്തു ജീവിക്കുന്നവരുടെ നിയന്ത്രണത്തിലായതുകൊണ്ട് ഗാഡ്ഗിൽ റിപ്പോർട്ടിനെ പുരോഹിതർ ശക്തമായി എതിർക്കുന്നതു കാണാം. ഇത് തികച്ചും അവരുടെ സങ്കുചിത മനസോടെയുള്ള സ്വാർത്ഥതയാണ്. പെരുന്നാളും വെടികെട്ടുംവഴി അന്തരീക്ഷവും മലിനമാക്കുന്നു. ഇതെല്ലാം സമൂഹത്തോടു ചെയ്യുന്ന കുറ്റകൃത്യങ്ങളെന്നു സഭ മനസിലാക്കണം
5. കോളേജുകളിലും സ്കൂളുകളിലും അദ്ധ്യാപകരെ നിയമിക്കാൻ ലക്ഷങ്ങൾ മേടിക്കുന്ന കോഴകളും വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്ന അമിതഫീസും കെട്ടിടനിർമ്മാണ സംഭാവനകളും ചോദ്യം ചെയ്യേണ്ടതാണ്. കോഴ കൊടുത്ത് വിദ്യാർത്ഥികൾ പ്രവേശനം നേടുന്ന സ്ഥാപനങ്ങൾ ലോകത്ത് മറ്റൊരിടത്തും കാണില്ല. കേരളത്തിൽ കോളേജ് കോഴ ആരംഭിച്ചത് ക്രിസ്ത്യൻ പുരോഹിതരും നായർ സർവീസ് സൊസൈറ്റിയുമാണ്. മാമ്മോനോടുള്ള സഭയുടെ അമിതാർത്തിമൂലം ദരിദ്രർക്കും ദളിതർക്കും വിദ്യാഭ്യാസം നിഷേധിച്ചിരിക്കുന്നതും അധാർമ്മികമാണ്.
6. നിയമനം ലഭിക്കുന്ന അദ്ധ്യാപകരുടെ ശമ്പളം വൗച്ചറിൽ ഒപ്പിട്ട് മാനേജുമെന്റ് കരസ്തമാക്കുന്നു. പുരോഹിതരും കന്യാസ്ത്രീകളും നടത്തുന്ന ഇത്തരം കള്ളക്കളികൾ ഒരു അപരിഷ്കൃത രാജ്യത്തുപോലും കാണാൻ സാധ്യതയില്ല. ജോലി ചെയ്യുന്നവർക്ക് ജീവിതച്ചെലവിനുപോലും തികയാത്ത 2000 രൂപാ മുതൽ 3000 രൂപാ വരെ നക്കാപ്പിച്ച കൊടുത്ത് തൃപ്തിപ്പെടുത്തും. അവരെക്കൊണ്ടു കഠിനമായ ജോലിയും ചെയ്യിപ്പിക്കും. പീഡനങ്ങളും നടക്കും. പുരോഹിതരിൽ മനുഷ്യത്വം പാടേ നശിച്ചുപോയിരിക്കുന്നു. ആരെങ്കിലും ചോദ്യം ചെയ്താൽ മാനേജുമെൻറ് അവരെ പിരിച്ചുവിടുകയും ചെയ്യും. അതുമൂലം പല കുടുംബങ്ങളെയും അർദ്ധ പട്ടിണിക്കാരാക്കും. കുപ്പായത്തിനുള്ളിൽ മനുഷ്യപിശാചുക്കളാണ് വസിക്കുന്നതെന്ന് അനുഭവിച്ചവർക്കേ മനസിലാവുള്ളൂ.
7 . മറ്റൊരു സമുദായത്തിനോ, ഒരു കോർപ്പറേഷനോ സാധിക്കാത്ത വിധം വൻകിട റീയൽ എസ്റ്റേറ്റ് സാമ്രാജ്യം സഭയുടെ നിയന്ത്രണത്തിലുണ്ട്. ഇതൊന്നും ഒരു മെത്രാന്റെയോ പുരോഹിതന്റെയോ തറവാട്ടിൽ നിന്നും കൊണ്ടുവന്നതല്ല. പൂർവ തലമുറകളുടെ സംഭാവനകളാണ് സഭയുടെ ഈ വാരുണ്യ വർഗം കൈവശപ്പെടുത്തി അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അല്മേനികളുടെ വിയർപ്പുതുള്ളികളായ നേർച്ചപ്പണം സമാഹരിച്ചുണ്ടാക്കിയ സ്വത്തുക്കളുടെ കണക്കുകൾ പോലും അവർക്ക് കാണാൻ അവകാശമില്ല. ഏറിയ പങ്കും സ്വത്തുക്കൾ മെത്രാനും പുരോഹിതരും അടിച്ചു മാറ്റുന്നുണ്ടെന്നു വേണം അനുമാനിക്കാൻ. ബാക്കി അഭയാക്കേസിനും കൊക്കന്റെ കേസ്സിനും പുരോഹിതരുടെ ലൈംഗിക പീഡന കേസുകൾക്കുമായി കണക്കില്ലാതെ ചെലവഴിക്കുന്നു. സഭയുടെ സ്വത്തുക്കൾക്ക് നികുതിയും കാണില്ല. അല്മായരെ സഭാസ്വത്തുക്കളുടെ നടത്തിപ്പിൽ പങ്കാളികളാക്കാൻ പുരോഹിതവർഗം അനുവദിക്കില്ല. അതിനായി അന്തരിച്ച കൃഷ്ണയ്യർ കൊണ്ടുവന്ന ചർച്ച് ആക്റ്റ് പാസാക്കുവാൻ ഇവർ വിസമ്മതിക്കുന്നു. നിയമസഭാ സാമാജികരെ സ്വാധീനിക്കുന്നതുകൊണ്ട് നിലവിലുള്ള രാഷ്ട്രീയ പാർട്ടികൾ എന്നും ഇവരോടപ്പമാണ്. വോട്ടുബാങ്ക് തേടി നടക്കുന്ന രാഷ്ട്രീയക്കാർക്ക് വേണ്ടത് നീതിയും സത്യവുമല്ല. ദേവസ്വം ബോർഡു പോലെയോ വക്കഫ് ബോർഡു പോലെയോ ഒരു നിയമം ക്രിസ്ത്യാനികൾക്കില്ലാത്തത് നീതീകരിക്കാവുന്നതല്ല. അത് നികുതി കൊടുക്കുന്നവനെതിരെയുള്ള വിവേചനവും മഹത്തായ ഇന്ത്യൻ ഭരണഘടനയുടെ പോരായ്മയുമാണ്.
8 . അഴിമതികളിൽ മുങ്ങിയിരിക്കുന്ന ധനകാര്യ മന്ത്രി മാണിയെ സഹായിക്കാൻ സഭ മുമ്പിലുള്ളതും സഭയ്ക്കുള്ളിലുള്ള അഴിമതികൾ പുറത്താകുമെന്ന ഭയംകൊണ്ടെന്നും കരുതണം. മാണിയുടെ ജീവിതം എക്കാലവും പള്ളിയും പട്ടക്കാരുമൊത്തായിരുന്നു. മാണി കുടുങ്ങിയാൽ അതോടൊപ്പം പല പുരോഹിതരും അകപ്പെടുമെന്നും സഭ ഭയപ്പെടുന്നുണ്ടായിരിക്കാം. ശ്രീ പവ്വത്തിലിനെപ്പോലുള്ള സഭയുടെ തലപ്പത്തുള്ളവർ അഴിമതിക്കാർക്കനുകൂലമായി ശബ്ദമുയർത്തണമെങ്കിൽ അഴിമതിയിൽ മുങ്ങിയ സഭയെ രക്ഷിക്കാനെന്നും അനുമാനിക്കണം.
9 . 'ഘർ വാപസി' മൂലം ഹൈന്ദവർ മതം മാറ്റം നടത്തുന്നതിൽ ക്രിസ്തീയ പുരോഹിതർക്ക് സഹിക്കാൻ സാധിക്കുന്നില്ല. ഇന്നു കാണുന്ന ക്രിസ്ത്യാനികൾ ഹൈന്ദവ മതത്തിൽനിന്നും മാർഗം കൂടിയ സമയം ഹിന്ദുജനതയ്ക്കന്നുണ്ടായിരുന്ന വികാരങ്ങളെ അഭിഷിക്തർക്ക് ചിന്തിക്കാൻ സാധിക്കുമോ? പിടിയരിക്കും ഒരു തുകർത്തിനും വേണ്ടി ക്രിസ്ത്യാനികളായി മാർഗം കൂടിയവരാണ് ഭൂരിഭാഗം ദളിതരും. ഇപ്പോഴത്തെ ഇവരുടെ അടവ് പെറ്റു പെരുകുന്ന കുടുംബങ്ങളെ സമ്മാനങ്ങൾ കൊടുത്ത് പ്രോത്സാഹിപ്പിക്കലാണ്. ഇതുമൂലം കഷ്ടപ്പെടാൻ പോവുന്നത് ദരിദ്ര കുടുംബങ്ങളാണെന്നും മനസിലാക്കണം. ദാരിദ്ര്യവും അറിവില്ലായ്മയും മുതലെടുക്കുകയെന്നുള്ളത് സഭയുടെ മാത്രമായ പാരമ്പര്യമാണ്.
10 . ദളിതരുടെ അവകാശങ്ങൾക്കായി സഭ അവരോടൊപ്പം തുടർന്നും പോരാടുമെന്നും പുരോഹിതരും മെത്രാന്മാരും മാറി മാറി വീമ്പടിക്കാറുണ്ട്. കത്തോലിക്കാ സഭയിൽ ജാതി വ്യത്യാസമില്ലെന്ന് അബേദ്ക്കറെയും നെഹ്രുവിനെയും ധരിപ്പിച്ചത് അഭിഷിക്ത ലോകമായിരുന്നു. തന്മൂലം അവരുടെ സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ഇല്ലാതാക്കി. ഹിന്ദുദളിതർക്ക് സംവരണം വഴി ആനുകൂല്യം കിട്ടുമ്പോൾ അത് ക്രിസ്ത്യൻ ദളിതർക്ക് സർക്കാർ നിഷേധിക്കുന്നു. അതിനു കാരണം സഭയുടെ കാപട്യത്തിന്റെ മുഖംമൂടിയായിരുന്നു. സഭാവക സ്ഥാപനങ്ങളിൽ ദളിതർക്ക് തൂപ്പുജോലി, കുശിനി ജോലികൾ നൽകിയെങ്കിലായി. ഓഫീസ് ജോലികളോ അധ്യാപക ജോലിയോ അർഹമാണെങ്കിൽത്തന്നെയും ദളിതർക്ക് നല്കില്ല. പ്രൊഫഷണൽ ജോലിയുള്ള ക്രിസ്ത്യൻ ദളിതർ സഭാ സ്ഥാപനങ്ങളിൽ വളരെ വിരളമായെ കാണുള്ളൂ.
11. ഇന്ന് പുരോഹിതരോടും മെത്രാന്മാരോടും ജനത്തിന് മതിപ്പില്ലാതായിരിക്കുന്നു. അതിനുള്ള കാരണങ്ങളെന്തന്നു അന്വേഷിക്കാനുള്ള ക്ഷമയും അവർക്കില്ല. അല്മേനികൾ ആഡംബര ജീവിതം നയിച്ചാൽ പുരോഹിതർ പള്ളിപ്രസംഗങ്ങളിൽക്കൂടി ഒച്ചപ്പാടുണ്ടാക്കും. ലളിത ജീവിതം ശൈലിയാക്കണമെന്ന് വാതോരാതെ പ്രസംഗിച്ചു നടക്കും. മെത്രാന്റെ ആഡംബര ജീവിതം ക്രൈസ്തവ മൂല്യങ്ങളെ പൂർണ്ണമായും നശിപ്പിച്ച കാര്യം അവർ മറച്ചു വെയ്ക്കുന്നു. സമൂഹത്തിന് നന്മ ചെയ്യുന്നതിനു പകരം ആർഭാട ജീവിത സൌകര്യങ്ങൾ വർദ്ധിപ്പിക്കാനാണ് പുരോഹിതരും ശ്രമിക്കുന്നത്. അരമനകൾ ആധുനികരിച്ചും മെത്രാനായി പ്രത്യേക ആഡംബര കാറുകൾ വാങ്ങിച്ചും സഭയുടെ പണം ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്നു. ചോദ്യം ചെയ്യുന്നവനെ സഭയുടെ ശത്രുവായും കരുതും.
കേരളാ കത്തോലിക്കാ കോണ്‍ഗ്രസ്സ് സ്വന്തം അവകാശ സംരക്ഷണങ്ങൾക്കായി രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ തീരുമാനമായിട്ടുണ്ട്. അങ്ങനെ വരുന്നപക്ഷം ബിഷപ്പുമാരുടെ പിന്തുണ കേജറിവാളിന്റെ 'ആം ആദ്മി പാർട്ടിക്ക്' ലഭിക്കാൻ സാധ്യത കുറവാണ്. ആശയവൈരുദ്ധ്യങ്ങളാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. പുതിയതായി ഉദയം ചെയ്ത പാർട്ടിയുടെ നയപരിപാടികളുമായി ഒത്തുപോവുക പ്രയാസമായിരിക്കും. ഭരണം കത്തോലിക്കാ കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലായാൽ അത് ഇന്നുള്ള സാമൂഹിക വ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്നതായിരിക്കും. അങ്ങനെ സംഭവിക്കുന്നപക്ഷം ' കത്തോലിക്കാ കോണ്‍ഗ്രസ് പാർട്ടി' നടപ്പാക്കാൻ സാധ്യതകളുള്ള പദ്ധതികളെ ഒന്ന് അവലോകനം ചെയ്യാം.
1. അഭിവന്ദ്യ തിരുമേനിമാരുടെ ഏറ്റവും വിശ്വസ്തനായ ഒരാളായിരിക്കും മുഖ്യമന്ത്രി. ഷെവലീയർ സെബാസ്റ്റ്യന് ആ സ്ഥാനം അലങ്കരിക്കാനുള്ള എല്ലാ യോഗ്യതകളുമുണ്ട്. വക്കീലായി കോർട്ടിൽ പോവാത്തതുകൊണ്ട് അദ്ദേഹത്തിന് സമയവും ആവശ്യത്തിനുണ്ട്. രാഷ്ട്രീയക്കളരിയിൽ അടരാടാനുള്ള പ്രായോഗിക പരിശീലനം കാഞ്ഞിരപ്പള്ളി ബിഷപ്പിൽനിന്നും ലഭിച്ചിട്ടുമുണ്ട്. അദ്ദേഹത്തോടൊപ്പം കൈകോർത്തു പിടിച്ചുകൊണ്ട് ലോകം മുഴുവൻ യാത്ര ചെയ്തതും ഷെവലിയറിന്റെ ഒരു നേട്ടമാണ്. കത്തോലിക്കനെന്നു വെച്ചാൽ തരീതു കുഞ്ഞിത്തൊമ്മനെപ്പോലെ ശുഷ്ക്കാന്തിയൊടെ ആഫ്രിക്കയിലെ ജിറാഫുകളുടെയിടയിലും തേടിയലയും. സ്ഥാനം കിട്ടിയാൽ അധികം സംസാരിക്കാൻ ഷെവലിയറെ അനുവദിക്കരുതെന്ന് മാത്രം.
2. കരിഷ്മാറ്റിക്ക് ഗുരുക്കന്മാരും പോട്ടയിലെയും അട്ടപ്പാടിയിലെയും ദൈവികാത്ഭുതങ്ങൾ കാണിക്കുന്നവരും സർക്കാരിന്റെ ഉപദേശക സമിതിയിൽ അംഗങ്ങളായിരിക്കും. സഭയുടെ കാതലായ തീരുമാങ്ങളെടുക്കുന്ന ഉത്തരവാദിത്വം മന്ത്രിസഭയ്ക്കായിരിക്കും.
3. പോട്ടയും അട്ടപ്പാടിയും 'ഡിവൈൻ യൂണിവേഴ്സിറ്റി' കളായി ഉയർത്താനുള്ള തീവ്രമായ ആലോചനകളുമുണ്ട്. പള്ളിത്തീയൊളജി നിർബന്ധമായി പഠിപ്പിക്കുന്നതിനൊപ്പം മെത്രാനെപ്പോലെ ജോലി ചെയ്യാതെ ആഡംബരമായി എങ്ങനെ ജീവിക്കാമെന്ന സാമ്പത്തിക വിഷയങ്ങളും വിദ്യാർത്ഥികൾക്ക് ഐച്ഛിക വിഷയങ്ങളായി എടുക്കാം. അത്ഭുത ജാലമന്ത്രങ്ങൾ പഠിക്കാൻ കടുത്ത ഫീസ് ഈടാക്കും. അട്ടപ്പാടി ധ്യാനഗുരുവച്ചന്റെ ജീവിതം ആധാരമാക്കിയുള്ള ഒരു ഗവേഷണ കേന്ദ്രംകൂടി യൂണിവേഴ്സിറ്റിവകയായി സ്ഥാപിക്കും.
4 . ബാലപീഡനം, സ്ത്രീപീഡനം എന്ന പേരിൽ അനേക പുരോഹിതരെ പോലീസ് പീഡിപ്പിക്കുന്നതായി അറിയുന്നു. അങ്ങനെ പീഡനം സഹിക്കുന്നവരെ വിശുദ്ധരാക്കാൻ വത്തിക്കാനെ സ്വാധീനിക്കുന്നതായിരിക്കും. കുറ്റകൃത്യങ്ങളുടെ പേരിൽ കേസുകളിലും ജയിലിലും കഴിയുന്ന പുരോഹിതരെ ജയിൽ വിമുക്തരാക്കി ഒഴിഞ്ഞുകിടക്കുന്ന ഉന്നത സ്ഥാനങ്ങളിൽ നിയമിക്കാനുള്ള തീരുമാനങ്ങളുമുണ്ട്.'
5. ഹല്ലേലുയ്യാ സ്തോത്രം' കേരള സർക്കാരിന്റെ മുദ്രാവചനമായി കണക്കാക്കും. അമ്പലങ്ങളിലും പൊതുസ്ഥലങ്ങളിലും ശങ്കുനാദം ഊതുന്നതും മോസ്ക്കുകളിലെ 'ബാങ്ക്' വിളികളും നിരോധിക്കുന്നതായിരിക്കും.
6. വേദപാഠം ക്ലാസ്സുകൾ സ്കൂൾ തലങ്ങളിൽ നിർബന്ധമാക്കും. അക്രൈസ്തവരായവർ ബൈബിളും സഭയുടെ വചനങ്ങളും പഠിച്ചേ മതിയാവൂ. അത്മായശബ്ദം പോലുള്ള ബ്ലോഗുകളും സത്യ ജ്വാലയും ചില കുരുത്തംകെട്ട പിള്ളേരുടെ ഫേസ്ബുക്ക് വെബുകളും നിരോധിക്കുന്നതുമായിരിക്കും. ഇതിലെ എഴുത്തുകാർക്ക് ഇന്നുള്ള അഭിപ്രായ സ്വാതന്ത്ര്യം സഭയുടെ ചട്ടക്കൂട്ടിനുള്ളിലായിരിക്കും.
7. മെത്രാന്മാർക്ക് കഴുത്തിലണിയാനുള്ള സ്വർണ്ണക്കുരിശുകളും ദേഹത്തണിയുന്ന വിശേഷ മേലങ്കികളും അംശവടികളും ആവശ്യമുള്ളവർക്ക് സർപ്പത്തലയുള്ള വടികളും സർക്കാർവക സൗജന്യമായി നല്കുന്നതായിരിക്കും. അവരുടെ കൈകൾ മുത്തുകയെന്നതും സഭാ പൌരന്മാരുടെ കടമയായിരിക്കും.
8. അച്ചന്മാർക്കും കന്യാസ്ത്രികൾക്കും സേവനത്തിനായി സഭയിൽ ധാരാളം അവസരങ്ങളുണ്ടാക്കും. സെമിനാരിയിലും മഠങ്ങളിലും ചേരുവാൻ ചെറുപ്പമായവർ വിമുഖത കാണിക്കുന്നതും അന്വേഷണ വിധേയമാക്കും. അതിനു പരിഹാരമായി നിർബന്ധിത സെമിനാരി പരിശീലനം നടപ്പാക്കും. ഒരു വീട്ടിൽ ഒരു കുട്ടിയെങ്കിലും സന്യസ്ഥം സ്വീകരിക്കണമെന്ന നിയമവും നടപ്പാക്കും. സന്യസ്തം ഉത്തമമെന്ന ധാരണ കുട്ടികളുടെ മനസ്സിൽ കുഞ്ഞുനാളു മുതൽ വളർത്തിയെടുക്കും. കൂടുതൽ കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കാത്ത കുടുംബങ്ങളുടെമേൾ അധിക നികുതി ചുമത്തലും കർശന നടപടികളുമുണ്ടാകാം. മതം മാറി വരുന്ന പുതുക്രിസ്ത്യാനികൾക്ക് പിടിയരിയും ധരിക്കാൻ തോർത്തും അരമനവക സൗജന്യമായിരിക്കും. അതിനായി സർക്കാരിന്റെ സബ്സിഡിയുമുണ്ടാകും.
Tuesday, February 3, 2015
ഡോ. ശശി തരൂരിന്റെ നൈസർഗീക വ്യക്തിപ്രഭാവവും ഇരുളും വെളിച്ചവും
By ജോസഫ് പടന്നമാക്കൽ
അന്തർദേശീയ തലങ്ങളിൽ ഇന്ത്യയുടെ യശസുയർത്തിയ മഹാപ്രതിഭയായ ഡോ. ശശി തരൂരിന്റെ ജീവിതവും വീക്ഷണങ്ങളും തികച്ചും അർത്ഥഗർഭവും അനുകരണീയവുമാണ്. അതേ സമയം ദുരൂഹതകൾ അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടുമിരിക്കുന്നു. നരേന്ദ്ര മോഡി കഴിഞ്ഞാൽ ഇന്ത്യൻ പാർലമെന്റിൽ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന ജനപ്രതിനിധി സാമാജികൻ ശ്രീ ശശി തരൂരാണ്. സുഭഗതനായി ഭാരതീയ പാരമ്പര്യ വേഷങ്ങളിൽ ചുറ്റുമുള്ളവരെ നോക്കി സദാ പുഞ്ചിരി തൂകിക്കൊണ്ട് ജനഹൃദയങ്ങളെ ആകർഷിക്കുന്ന ഒരു വ്യക്തിപ്രഭാവവും അദ്ദേഹത്തിനുണ്ട്. നിറകുടംപോലെ കുന്നുകൂടിയിരിക്കുന്ന അദ്ദേഹത്തിൻറെ അറിവുകൾ പ്രസംഗ വേളകളിൽ മലവെള്ളംപോലെയാണ് സദസ്യരിലേക്കൊഴുകുന്നത്. ഇന്ത്യയിലെ തന്നെ തിളങ്ങുന്ന ഈ ബുദ്ധിജീവി ഇംഗ്ലീഷിലെ പതിനാലു ബെസ്റ്റ് സെല്ലിംഗ് (Best Selling) ബുക്കുകളുടെ ഗ്രന്ഥകാരനും കൂടിയാണ്. അക്കൂടെ ചെറുകഥകളും നോവലുകളും ഉൾപ്പെടും. ജവർഹർലാൽ നെഹ്രുവിന്റെ ജീവചരിത്രവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകമാകമാനമുള്ള പത്രങ്ങളിൽ അദ്ദേഹത്തിൻറെ ഈടുള്ള ലേഖനങ്ങളും കാണാം.
കുഞ്ഞായിരുന്ന കാലം മുതൽ അദ്ദേഹം കടന്നു വന്ന വഴികൾ എഴുത്തിന്റെ ലോകത്തിൽ നിന്നായിരുന്നു. ശശി തരൂരിന്റെ ജീവിതം ഒരു റോളർ കോസ്റ്റ് പോലെ എന്നും ചാഞ്ചാടുന്നതുമായിരുന്നു. പത്താം വയസിൽ എഴുതിയ കഥ ഭാരതജ്യോതിയിൽ പ്രസിദ്ധികരിച്ചത് എഴുത്തുകാരനെന്ന നിലയിലുള്ള അദ്ദേഹത്തിൻറെ ആദ്യത്തെ അംഗീകാരമായി കരുതുന്നു. പതിനൊന്നാം വയസിൽ ജൂനിയർ സ്റ്റേറ്റ്സ്മാനിൽ തുടർച്ചയായി ഒരു സീരിയൽ നോവലും പ്രസിദ്ധീകരിച്ചിരുന്നു. അവാർഡുകൾ നേടിയ അനേകം പുസ്തകങ്ങളുടെ ഗ്രന്ഥകാരൻ, രാജ്യാന്തര സമാധാന പ്രവർത്തകൻ, അഭയാർത്ഥി സാമൂഹിക പാതയിൽ വ്യക്തിമുദ്ര പതിച്ച മനുഷ്യസ്നേഹി, മനുഷ്യാവകാശ ചിന്തകൻ, പാർലമെൻറ് അംഗം, കേന്ദ്ര മന്ത്രി, 2006-ൽ ഇന്ത്യാ സർക്കാരിന്റെ യൂ.എൻ. സെക്രട്ടറി ജനറലിനായുള്ള ഔദ്യോഗിക സ്ഥാനാർത്ഥി എന്നിങ്ങനെ ശ്രീ തരൂറിനെ അറിയപ്പെടുന്നു. ന്യൂയോർക്ക് ടൈംസിലും വാഷിംഗ്ണ്ടൻ ടൈംസിലും ലോസ്ഏഞ്ചൽ ടൈംസിലും ടൈംസ് ഓഫ് ഇന്ത്യയിലും സ്ഥിരം എഴുത്തുകാരനായിരുന്നു. യുവജനങ്ങളുടെ ആവേശവും നല്ലൊരു പ്രാസംഗികനും കലാകാരനുമാണ്. പഠിക്കുന്ന കാലങ്ങളിൽ പാട്ടു പാടുമായിരുന്നു. ഇതിഹാസ ക്ലാസ്സിക്കൽ നാടകങ്ങളിലെ നായകനുമായിരുന്നു. തനി പാലക്കാടനായി ജീവിക്കാനാണ് ശശി തരൂർ എന്നും ഇഷ്ടപ്പെട്ടിരുന്നത്.
ശ്രീ ചന്ദ്രൻ തരൂരിന്റെയും ലിലിയുടെയും മകനായി ശശി തരൂർ 1956-ൽ ജനിച്ചു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം 1948-ൽ അദ്ദേഹത്തിൻറെ പിതാവ് ഉദ്യോഗാർത്ഥം ലണ്ടനിലേയ്ക്ക് കുടിയേറിയിരുന്നു. പിതാവ് ഇന്ത്യൻ പത്രമായ സ്റ്റേറ്റ്സ്മാൻ പത്രത്തിൽ ലണ്ടൻ മാനേജരായി ജോലി ചെയ്യുകയായിരുന്നു. വിദേശത്ത് സ്ഥിരതാമസമാക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ല. ശശി ജനിച്ചതും ബ്രിട്ടനിലായിരുന്നു. മൂന്നു വയസുള്ളപ്പോൾ അദ്ദേഹത്തിൻറെ പിതാവ് വീണ്ടും ഇന്ത്യയിൽ മടങ്ങി വന്ന് മുംബയിൽ താമസമാക്കി. ഇവരുടെ പൂർവ്വിക കുടുംബം പാലക്കാട് ഗ്രാമ പ്രദേശങ്ങളിൽ നിന്നുമുള്ളവരായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം നടത്തിക്കൊണ്ട് 'ശശി' മുംബയിൽ വളർന്നു.
ബാല്യകാലത്ത് ശശി തരൂർ ആസ്മാ രോഗംകൊണ്ട് ബുദ്ധിമുട്ടുന്ന അനാരോഗ്യവാനായ ഒരു കുട്ടിയായിരുന്നു. ആസ്മാ തടയാനുള്ള ശക്തമായ മരുന്നുകൾ അന്നുണ്ടായിരുന്നില്ല. ശ്വസിക്കാനും പാടായിരുന്നതുകൊണ്ട് മിക്ക ദിവസങ്ങളിലും അസുഖമായി വീട്ടിൽത്തന്നെ കിടക്കേണ്ടി വന്നിരുന്നു. ആ സമയങ്ങളിൽ അദ്ദേഹത്തിൻറെ അമ്മ ഒപ്പമിരുന്ന് പുസ്തകങ്ങൾ വായിച്ചു കൊടുക്കുമായിരുന്നു. നാലു വയസുള്ളപ്പോൾ തന്നെ നല്ലവണ്ണം എഴുതാനും വായിക്കാനും പഠിച്ചു. അക്കാലങ്ങളിൽ ടെലിവിഷനോ കമ്പ്യൂട്ടറോ ഇൻറർനെറ്റോ ഇണ്ടന്റൊ ഗെയിംസോ ഉണ്ടായിരുന്നില്ല. സമയം പോകാൻ പുസ്തകം മാത്രമായിരുന്നു ആശ്രയം. ആസ്മായുടെ കാഠിന്യം മൂലം പുറത്തു പോയി കളിക്കാനും സാധിക്കില്ലായിരുന്നു. കിട്ടുന്ന പുസ്തകങ്ങളെല്ലാം വായിക്കുന്നതും അദ്ദേഹത്തിൻറെ ഹോബിയായിരുന്നു. വായിക്കുന്ന നിരവധി പുസ്തകങ്ങൾ പ്രായത്തിനൊത്തു മനസിലാക്കാനും സാധിക്കില്ലായിരുന്നു. ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ കടം എടുത്താലും നിശ്ചിത സമയത്ത് മടക്കി കൊടുക്കേണ്ടിയിരുന്നതുകൊണ്ട് വായനയുടെ വേഗതയും കൂട്ടിയിരുന്നു. അക്കാലത്തെ വായനാ ശീലങ്ങളാണ് ശ്രീ ശശി തരൂറിനെ എഴുത്തിലേക്ക് നയിച്ചത്. അദ്ദേഹം എഴുതുന്ന കഥകൾ തന്റെ പിതാവ് ടൈപ്പ് ചെയ്യുമ്പോൾ കൂടുതൽ എഴുതാനുള്ള ആവേശവും ലഭിക്കുമായിരുന്നു. തന്റെ തൂലികയിലെ സാമൂഹിക സാഹിത്യ വാസനകളിലുള്ള പിതാവിന്റെ തീക്ഷ്ണത ശശിയിലത് സ്വയം എഴുത്തുകാരനെന്ന വിശ്വാസവുമുണ്ടാക്കി.
മുംബയിൽ താമസമാക്കിയിരുന്ന ശശി തരൂരിന്റെ പിതാവിന് സ്റ്റേറ്റ്സ്മാൻ ഹെഡ് ഓഫീസായ കൽക്കട്ടയിൽ സ്ഥലം മാറ്റം കിട്ടി. തരൂരിന്റെ ഹൈസ്കൂൾ വിദ്യാഭ്യാസം കൽക്കട്ടായിൽ പൂർത്തിയാക്കി. അക്കാലഘട്ടത്തിലാണ് കൽക്കട്ടാ യൂണിവേഴ്സിറ്റിയിൽ നക്സലേറ്റ് പ്രസ്ഥാനം വളർന്ന് യൂണിവേഴ്സിറ്റിയുടെ ഭരണ സംവിധാനം ആകമാനം തകരാറിലായത്. പ്രശ്നങ്ങളും അക്രമങ്ങളും കാരണം യൂണിവേഴ്സിറ്റി അടച്ചു പൂട്ടിയിരുന്നു. പരീക്ഷകൾ നടത്തുന്നില്ലായിരുന്നു. അതുകൊണ്ട് അദ്ദേഹം ഡൽഹി യൂണിവേഴ്സിറ്റി, സെന്റ് സ്റ്റീഫൻസ് കോളേജിൽ പഠനമാരംഭിച്ചു.
അടിയന്തിരാവസ്ഥ (എമർജൻസി ) കാലംവരെ ഇന്ത്യയിലെ എല്ലാ വാർത്താ മീഡിയാകളിലും ശ്രീ തരൂരിന്റെ ലേഖനങ്ങൾ പ്രത്യക്ഷപ്പെടുമായിരുന്നു. സ്റ്റേറ്റ്സ്മാൻ, ഫെമീനാ, ഇല്ലൂസ്ട്രെഡ് വീക്കലി എന്നീ മാസികകളിലും ദിനപത്രങ്ങളിലും അദ്ദേഹത്തിൻറെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. പഠിക്കുന്ന കാലങ്ങളിൽ തരൂരിന്റെ പിതാവ് അദ്ദേഹത്തോട് പറയുമായിരുന്നു; "ശശീ, പഠനത്തിന് ആദ്യം മുൻഗണന നല്കൂ, എഴുത്തുകാരനെന്ന നിലയിൽ ജീവിക്കാനുള്ളതൊന്നും നേടില്ല. " വിശ്രമവേളകളിലും ഗ്രഹപാഠങ്ങൾ പൂർത്തിയാക്കിയതിനും ശേഷമേ പ്രസിദ്ധീകരിക്കാനുള്ള ലേഖനങ്ങളെഴുതാൻ അനുവദിച്ചിരുന്നുള്ളൂ. അന്നുള്ള മാതാപിതാക്കൾ തങ്ങളുടെ മക്കൾ ഡോക്ടർ അല്ലെങ്കിൽ എഞ്ചിനീയർ ആകണമെന്നായിരുന്നു ചിന്തിച്ചിരുന്നത്. ഈ രണ്ടു തൊഴിലുകളും ശശിയ്ക്കിഷ്ടമില്ലായിരുന്നു. സയൻസിൽ എക്കാലവും സ്കൂൾ തലങ്ങളിൽ ഒന്നാമനായിരുന്നെങ്കിലും അദ്ദേഹം ഐച്ഛിക വിഷയമായി കോളേജിൽ തെരഞ്ഞെടുത്തത് സാഹിത്യാദി മാനവിക (ഹ്യൂമാനിറ്റി) വിഷയങ്ങളായിരുന്നു. ശാസ്ത്രവിഷയങ്ങളിൽ എന്നും ഒന്നാമനായിരുന്നിട്ടും എന്തുകൊണ്ട് ഹ്യൂമാനിറ്റി വിഷയങ്ങൾ എടുക്കുന്നുവെന്ന് പ്രൊഫസർമാർ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ താൻ ശാസ്ത്ര വിഷയങ്ങളിൽ തല്പ്പരനല്ലെന്നും പരീക്ഷ കഴിയുമ്പോഴേ വിഷയങ്ങൾ പാടേ മറന്നു പോവുന്നുവെന്നും പറഞ്ഞു. നാല് വയസാകുമ്പോഴേ മാതാപിതാക്കൾ തങ്ങളുടെ മകൻ എന്താകണമെന്ന് ചിന്തിക്കുമായിരുന്നു. എന്നാൽ തരൂർ ശാസ്ത്ര വിഷയങ്ങൾ എടുക്കാതെ ഹ്യൂമാനിറ്റി വിഷയങ്ങൾ പഠിക്കാൻ തീരുമാനിച്ചപ്പോൾ മാതാപിതാക്കൾ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല.
മുംബയിലും കൽക്കട്ടായിലും വിദേശങ്ങളിലുമാണ് തരൂർ ജീവിച്ചിരുന്നതെങ്കിലും എന്നും കേരളീയനായി പാലക്കാടൻ ഗ്രാമീണനായി അറിയപ്പെടാൻ ആഗ്രഹിച്ചിരുന്നു. മുംബയിൽ വളരുകയും ഹൈസ്കൂൾ കൽക്കട്ടായിലും കോളേജ് ഡൽഹിയിലുമായിരുന്നതുകൊണ്ട് അദ്ദേഹത്തിൻറെ കൂടെ പഠിച്ചവരും സുഹൃത്തുക്കളും ഇന്ത്യയുടെ നാനാഭാഗത്തു നിന്നുമുള്ളവരായിരുന്നു. തന്മൂലം ഭാരതം ഒന്നായുള്ള ഒരു ദേശീയ കാഴ്ചപ്പാട് സ്വാഭാവികമായി തന്നെ അദ്ദേഹത്തെ നയിച്ചിരുന്നു. ഡൽഹിയിൽ പഠിക്കുന്ന കാലയളവിൽ സ്കോളർഷിപ്പ് ലഭിച്ച് ഉപരി പഠനമായി അമേരിക്കയിൽ പോയി. അവിടെ റ്റഫ്റ്റ്സ് (Tufts) യൂണിവേഴ്സിറ്റിയിൽ നിന്നും മൂന്നു മാസ്റ്റെഴ്സും പീ.എച്ച്.ഡി.യും നേടി. യൂണിവേഴ്സിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ പി. എച്ച് ഡി. ബിരുദധാരിയായിരുന്നു. അതിനുശേഷമാണ് അദ്ദേഹം യുണൈറ്റഡ് നാഷനിൽ (യൂ.എൻ. ഒ) ചേർന്നത്.
ഐ.ഏ എസ്, ഐ.എഫ്.എസ് പരീക്ഷകൾ (IAS, IFS)മത്സരിക്കണമെന്ന് ശ്രീ തരൂരിന് ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹത്തിൻറെ പിതാവ് ന്യൂസ് പേപ്പറിൽ എക്സിക്യൂട്ടീവായി ജോലി ചെയ്തിരുന്നതുകൊണ്ട് ദിനംപ്രതി ആറും ഏഴും പത്രങ്ങൾ സ്വന്തം വീട്ടിൽ കൊണ്ടുവരുമായിരുന്നു. പത്രങ്ങൾ മുഴുവൻ തന്നെ പല തവണകൾ ശശി വായിക്കുമായിരുന്നു. ആഗോള വാർത്തകളും രാഷ്ട്രീയവും രാഷ്ട്രീയ നേതാക്കന്മാരും, വിദേശ നേതാക്കന്മാരുടെ വാർത്തകളും അദ്ദേഹത്തിന് ഉൾപ്പുളകമുണ്ടാക്കുമായിരുന്നു. അമേരിക്കയിൽ പഠിക്കാൻ സ്കോളഷിപ്പ് കിട്ടിയപ്പോൾ താനെന്തിന് ഐ.എഫ്.എസ് പരീക്ഷയെഴുതാൻ കാത്തിരിക്കണമെന്നും വിചാരിച്ചു. അടിയന്തിരാവസ്ഥ കാലമായതുകൊണ്ട് ഐ.എഫ്.എസ് താൻ നേടുമെന്ന് തീർച്ചയുമില്ലായിരുന്നു. ഇന്ദിരാ ഗാന്ധിയുടെ ജനാധിപത്യ മൂല്യങ്ങളെ തകർക്കുന്ന അടിയന്തിരാവസ്തയെപ്പറ്റിയും പത്രങ്ങളുടെ വിലക്കിനെപ്പറ്റിയും രാഷ്ട്രീയ കൊലപാതകങ്ങളും സംബന്ധിച്ച ലേഖനം സ്റ്റേറ്റ്സ്മാനിൽ എഴുതാനും പോവുകയായിരുന്നു. ഇൻഡ്യയുടെ ചേരികളിൽ താമസിക്കുന്നവരെ നിർബന്ധിതമായി വന്ധീകരണം നടത്തുന്നതും നെഹൃവിയൻ മൂല്യങ്ങളെ തകർക്കുന്നതും ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഒരുവന് സഹിക്കാൻ സാധിക്കില്ലായിരുന്നു.
1977 കാലങ്ങളിൽ യുണൈറ്റഡ് നാഷനിൽ അനേകം ഇന്ത്യാക്കാർ ജോലി ചെയ്യുന്നുണ്ടായിരുന്നു. സംഘടനയുടെ കീഴിൽ പലവിധ ഏജൻസികളും പ്രവർത്തിക്കുന്നുണ്ടായിരുന്നു. അക്കാലങ്ങളിൽ സ്റ്റേറ്റ്സ്മാനിൽ വരുന്ന അദ്ദേഹത്തിൻറെ ലേഖനങ്ങൾ യൂ. എൻ. ഹൈ കമ്മീഷനിലെ ഒരിയ്ക്കലും കണ്ടുമുട്ടിയിട്ടില്ലാത്ത വീരേന്ദ ദയാലെന്ന ഒരു സുഹൃത്ത് വായിക്കുന്നുണ്ടായിരുന്നു. ദയാലിന്റെ താല്പര്യമനുസരിച്ച് യൂ എന്റെ ഒരു പാർട്ടിയിൽ വെച്ച് ഇരുവരും പരസ്പരം കണ്ടു മുട്ടി. ഒരു മണിക്കൂർ നീണ്ട സൗഹാർദ സംഭാഷണ ശേഷം യുണൈറ്റഡ് നാഷനിൽ ജോലി ചെയ്യാൻ താല്പര്യമുണ്ടോയെന്നു തരൂരിനോട് ദയാൽ ചോദിച്ചു. അദ്ദേഹം ശുപാർശ ചെയ്തില്ലെങ്കിലും മറ്റു മൂന്നു പേരായിരുന്നു തരൂരിനെ ഇന്റർവ്യൂ ചെയ്ത് ജോലിയിൽ നിയമിച്ചത്.
അവിടെ നിന്നും അദ്ദേഹം ജനീവാ ഹെഡ് ക്വാർട്ടെഴ്സിൽ ജോലിയിൽ നിയമിതനായി. അന്നദ്ദേഹം തീരുമാനിച്ചത് ബാങ്കിൽ കുറച്ചു പണം, പിന്നീട് ഇന്ത്യയിൽ പോയി സാധാരണ ജീവിതം നയിക്കുകയെന്നതായിരുന്നു. തന്റെ കഴിവുകൾ മുഴുവൻ ഇന്ത്യയിൽ പ്രകടിപ്പിക്കാൻ കഴിയുമെന്ന വിശ്വാസവും അദ്ദേഹത്തിനുണ്ടായിരുന്നു.
അതിനു ശേഷം സിംഗപ്പൂർ ഓഫീസിന്റെ തലവനായി ചുമതലയെടുത്തു. ഒരു ഓഫീസിന്റെ തലവനെന്ന നിലയിൽ നന്നേ ചെറുപ്പമായിരുന്നതു കൊണ്ട് പ്രായവും മറ്റുള്ളരിൽനിന്നു ഒളിച്ചു വെച്ചു. ഇരുപത്തിയഞ്ച് വയസ് പ്രായമായിരുന്ന അദ്ദേഹം എന്നും മറ്റുള്ളവരോട് പത്തു വയസ് കൂട്ടി പറയുമായിരുന്നു.' ദി ഹൈ കമ്മീഷണർ ഓഫ് യൂ എൻ റെഫ്യൂജിസ്' (The High Commissioner of UN Refugees ) എന്നായിരുന്നു ഓഫീസിന്റെ പേര്. സിംഗപ്പൂരിൽ പലരും വിചാരിച്ചത് ഹൈ കമ്മീഷണർ അദ്ദേഹമെന്നായിരുന്നു. വാസ്തവത്തിൽ ഹയ്ക്കമ്മീഷണരുടെ ഓഫീസ് ജനീവായിലായിരുന്നു. സിംഗപ്പൂർ പ്രോട്ടോക്കോളനുസരിച്ച് തരൂരിനെ ഹൈ കമ്മീഷണറെന്ന പദവിയിൽ തന്നെ ബഹുമാനിച്ചിരുന്നു. ടെലഫോണ്‍ ചെയ്യുമ്പോഴും മീറ്റിംഗുകളിലും ഗൗരവപൂർവ്വം ഉത്തരവാദിത്വ ബോധത്തോടെ സംസാരിക്കണമായിരുന്നു. ഇരുപത്തിയഞ്ച് വയസുകാരനായ തരൂർ തന്നെക്കാളും പ്രായമുള്ള സീനിയേഴ്സും വിവിധ രാജ്യങ്ങളിലെ അംബാസഡർമാരുമായും ഔദ്യോഗിക കാര്യങ്ങളിൽ പങ്കെടുത്തിരുന്നു.
അഭയാർത്ഥികളെയും സർവ്വതും നഷ്ടപ്പെട്ടവരേയും ജീവിതത്തിൽ ആശയറ്റവരെയും സഹായിക്കുന്നതിൽ തരൂരിന് അതിയായ സംതൃപ്തിയുമുണ്ടായിരുന്നു. പലരുടെയും കദന കഥകൾ വളരെ ദയനീയവുമായിരുന്നു. സ്വത്തുക്കൾ നശിച്ചതു കൂടാതെ കുടുംബവും മക്കളും ഭാര്യയും സൗഹാർദവും പലർക്കും നഷ്ടപ്പെട്ടിരുന്നു. ഓരോ രാജ്യങ്ങളിലെ രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് പീഡനങ്ങൾ സഹിക്ക വയ്യാതെ അഭയാർത്ഥി ക്യാമ്പുകളിൽ ജനം വന്നു കൊണ്ടിരുന്നത്. അഭയാർത്ഥികളിൽ പലർക്കും ഞെട്ടിക്കുന്ന ദുരൂഹത നിറഞ്ഞ കഥകൾ പറയാനുമുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് ഭരണത്തിലെ ഭീകരത കാരണം അനേക വിയറ്റ്നാം അഭയാർത്ഥികളുമുണ്ടായിരുന്നു.
ഒരഭയാർത്ഥി കുടുംബത്തിന്റെ കഥ 'ശശി തരൂർ' തന്നെ പറയാറുണ്ട്. ഒറ്റ എഞ്ചിൻ ഘടിപ്പിച്ച ബോട്ടിൽ ഒരു കുടുംബം രക്ഷപ്പെടുകയായിരുന്നു. യാത്രാമദ്ധ്യേ ബോട്ടിന്റെ എഞ്ചിൻ നിന്നു പോയി. ഭക്ഷണമില്ലാതെ ആ കുടുംബം വലഞ്ഞു. അവരുടെ കുഞ്ഞ് വിശന്നവശയായപ്പോൾ മാതാപിതാക്കൾ സ്വന്തം കൈവിരലുകളിൽ മുറിവുകളുണ്ടാക്കി കുഞ്ഞിനു ഭക്ഷണം കൊടുത്തിരുന്നു. ഗുരുതരമായ നിലയിൽ അവരെ കണ്ടെത്തി വൈദ്യ സഹായം നല്കി ആ കുടുംബത്തെ രക്ഷിച്ചതു ശശി തരൂരിറെ പ്രവർത്തനങ്ങളിലെ ചിന്തനീയമായ ഒരു നാഴികക്കല്ലായിരുന്നു. ആ കുടുംബം അമേരിക്കയിൽ ആശ്രയം തേടി ഇന്ന് സന്തോഷമായി കഴിയുന്നുവെന്നും ശ്രീ തരൂരിന്റെ കുറിപ്പുകളിൽ ഉണ്ട്. നിയമപരമല്ലാതെ അഭയാർത്ഥികളായി വരുന്നവരെ സിംഗപ്പൂർ സർക്കാർ അറസ്റ്റു ചെയ്യുന്നതിനു മുമ്പ് ശ്രീ തരൂർ അവർക്കെല്ലാം യൂ.എൻ അധികാരത്തിന്റെ പരിധിയിൽ അഭയം കൊടുത്ത് ആശ്രയം നല്കുന്ന രാജ്യങ്ങളിലേക്ക് അയക്കുമായിരുന്നു. മാനുഷികപരമായ സേവനവുമായി സിംഗപ്പൂരിൽ കഴിയാനായിരുന്നു ശ്രീ തരൂരിനിഷ്ടം. എന്നാൽ ജനീവായിലേയ്ക്ക് അദ്ദേഹത്തെ തിരികെ വിളിച്ചതുമൂലം ജീവകാരുണ്യപരമായ പ്രവർത്തനങ്ങൾ പിന്നീട് തുടരാൻ സാധിച്ചില്ല.
ജനീവായിൽ പുതിയതായി ഒരു ഹൈ കമ്മീഷണർ നിയമിതനായപ്പോൾ അദ്ദേഹത്തിന് യൂ എൻ ഒ യിൽ ജോലി തുടരാനുള്ള താല്പര്യം കുറഞ്ഞു. ജോലിയുപേക്ഷിച്ച് ഇന്ത്യയിൽ വന്ന് വീടു വെച്ചു താമസിക്കാൻ തീരുമാനിച്ചു. ശ്രീ തരൂരിന്റെ സേവനം ആവശ്യമായിരുന്നതുകൊണ്ട് യൂ. എൻ 'ഒ മൂന്നു നാലു ഡിപ്പാർട്ട്മെന്റിൽ അദ്ദേഹത്തെ ജോലിക്കായി ക്ഷണിച്ചു. ഇംഗ്ലണ്ടിലെ ഇന്റർവ്യൂനു ശേഷം അദ്ദേഹത്തെ യൂ എൻ പീസ് കീപിംഗ് ഫോഴ്സിന്റെ (Peace keeping force) ചുമതലയായി ന്യൂയോർക്കിൽ നിയമിച്ചു. ലോകം മുഴുവൻ വ്യാപിച്ച ബ്രഹത്തായ ഒരു സംഘടനയുടെ ചുമതലകൾ മുഴുവനും ശ്രീ തരൂരിന് വഹിക്കേണ്ടി വന്നു. അതൊരു പ്രായോഗിക പരിശീലനവും വെല്ലുവിളിയുമായിരുന്നു. ദിവസം പതിനെട്ടു മണിക്കൂർ വരെ ജോലി ചെയ്യണമായിരുന്നു. യുദ്ധം നടക്കുന്ന സ്ഥലങ്ങളിൽ ജീവനെ പണയം വെച്ചും യാത്ര ചെയ്തിരുന്നു. അന്നത്തെ യൂ എൻ സെക്രടറി ജനറലായിരുന്ന കോഫീ അണ്ണന്(Kofi Annan) ശശിയിൽ വലിയ പ്രതീക്ഷകളും വിശ്വാസവുമുണ്ടായിരുന്നു. പ്രധാനപ്പെട്ട രാജ്യാന്തര തീരുമാനങ്ങൾ അദ്ദേഹം ശശി തരൂരുമായി ആലോചിച്ചു പ്രവർത്തിച്ചിരുന്നു. പിന്നീട് ശശി കോഫി അണ്ണന്റെ (Kofi Annan)അസിസ്റ്റന്റ് സെക്രട്ടറി ജനറലായി നിയമിതനായി. ലോക നേതാക്കളുമായുള്ള സമ്മേളനങ്ങളിൽ ശശി അദ്ദേഹത്തെ അനുഗമിക്കുമായിരുന്നു. അതിനുശേഷം കമ്മ്യൂണിക്കേഷൻ ചുമതലയുടെ അണ്ടർ സെക്രട്ടറി ജനറലായി ഉയർന്ന നിലയിൽ എത്തി. ലോകമാകമാനമുള്ള 79 ഓഫീസേഴ്സടക്കം എണ്ണൂറിൽപ്പരം സ്റ്റാഫിന്റെ ചുമതലകൾ ശശിയിൽ നിഷിപ്തമായിരുന്നു. ഭാരിച്ച ഉത്തരവാദിത്വമുള്ള ഈ ജോലി അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു.
2005-ൽ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് യൂ എൻ അസംബ്ലിയിൽ വന്നു. 2006-ൽ ശശി തരൂർ യൂ എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേയ്ക്ക് ഇന്ത്യയുടെ സ്ഥാനാർത്ഥിയായി മത്സരിക്കണമെന്ന തീരുമാനവും വന്നു. ആ സമയം അമേരിക്കാ ബാൻ കി മൂണ്‍ന് പിന്തുണ നല്കിക്കഴിഞ്ഞിരുന്നു. ന്യൂക്ലീയർ ആയുധങ്ങൾ കൈവശം വെച്ചു കൊണ്ടിരിക്കുന്ന ഇന്ത്യാ അന്ന് അമേരിക്കയുടെ പരിഗണനയിലുള്ള രാജ്യമായിരുന്നില്ല. ഏതാനും വോട്ടുകൾക്കാണ് ബാൻ കി മൂണുമായുള്ള മത്സരത്തിൽ തരൂർ പരാജയപ്പെട്ടത്. തരൂർ തന്റെ ക്യാൻഡിഡസി പിൻവലിക്കുകയും ചെയ്തു. നിർണ്ണായകമായ ഈ മത്സരത്തിൽ വിവിധ രാജ്യങ്ങളിലെ ഡപ്യൂട്ടി പ്രധാന മന്ത്രിമാരും മന്ത്രിമാരും പ്രമുഖരായവരും രാജകുമാരൻ വരെ മത്സരത്തിനുണ്ടായിരുന്നു. എന്നിട്ടും അദ്ദേഹം രണ്ടാം സ്ഥാനത്തു വന്നു. മത്സരത്തിൽനിന്നും പിന്തിരിഞ്ഞ തരൂർ പറയും " യൂ എൻ. സുപ്രധാന പോസ്റ്റിനായുള്ള ഈ മത്സരത്തിൽ തനിയ്ക്കു പരാജയം സംഭവിച്ചതിൽ ദുഃഖമില്ല. ഭഗവദ് ഗീത പറയുന്നപോലെ ജീവിതത്തിന്റെ ലക്ഷ്യപ്രാപ്തിക്കായി കർമ്മ നിരതനായി താൻ പ്രവർത്തിച്ചു. അതെന്റെ ദൈവത്തിൽ അർപ്പിക്കപ്പെട്ട കടമയായിരുന്നു. ഫലം എന്തെന്ന് ചിന്തിക്കരുത്." തരൂറിനെ സംബന്ധിച്ച് അദ്ദേഹമവിടെ സീനിയർ മാനേജ്മെന്റിൽ, യൂ എന്റെ എല്ലാ പ്രവർത്തനങ്ങളിലും ജോലി ചെയ്തിരുന്നു. സെക്രട്ടറി ജനറൽ എന്ന പോസ്റ്റ് 'റെസ്യൂമെ' (Resume) സമർപ്പിച്ചിട്ടുള്ള ഒരു ജോലിയായിരുന്നില്ല. അത് പൂർണ്ണമായും രാജ്യങ്ങൾ തമ്മിലുള്ള ഒരു രാഷ്ട്രീയ തീരുമാനമായിരുന്നു. യുണൈറ്റഡ് നാഷനിൽ തുടരുന്നതിന് ബാൻ കി മൂണ്‍ അദ്ദേഹത്തെ നിർബന്ധി ച്ചു. പീസ് കീപിംഗ് ഫോഴ്സിൽ ആഫ്രിക്കയിലെ അണ്ടർ സെക്രട്ടറി ജനറലായി ജോലിയും വാഗ്ദാനം ചെയ്തു. അദ്ദേഹം യൂ.എൻ. ജോലിയിൽനിന്നും വിരമിക്കുകയാണുണ്ടായത്.
പിന്നീടദ്ദേഹം തിരുവനന്തപുരത്തുനിന്നും ഇന്ത്യൻ പാർലമെന്റിൽ മത്സരിച്ച് എം.പി.യായി വിജയിച്ച് കേന്ദ്രമന്ത്രി സ്ഥാനവും സ്വീകരിച്ചു. രാജ്യത്തു വരുന്ന വിദേശമന്ത്രിമാരെ സ്വീകരിക്കുകയും ഉടമ്പടികൾ ഉണ്ടാക്കുകയും ശശിയുടെ ചുമതലകളിലുണ്ടായിരുന്നു. പതിനൊന്നു മാസത്തിനുള്ളിൽ മന്ത്രിയെന്ന നിലയിൽ പല രാജ്യങ്ങളിലും യാത്രചെയ്ത് രാജ്യാന്തരബന്ധങ്ങൾ സ്ഥാപിക്കാൻ നേതൃത്വം നല്കുകയും ചെയ്തു. തിരുവനന്തപുരത്ത് എം.പി.യായി മത്സരിച്ചപ്പോൾ ചരിത്രപ്രസിദ്ധമായ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് ശശി വിജയിച്ചത്. സാക്ഷരകേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തെ പ്രമുഖരായ ജനങ്ങൾമുതൽ സാധാരണ ജനങ്ങൾവരെയും തീരദേശത്തെ മത്സ്യത്തൊഴിലാളികളും അദ്ദേഹത്തിന് പിന്തുണകൾ നല്കുകയും അവരുമായി മാനസികമായ ഒരു വ്യക്തിബന്ധം സ്ഥാപിക്കുകയും ചെയ്തു. തരൂരിന്റെ രാഷ്ട്രീയ ജീവിതത്തിന് ആഘാതമെന്നൊണം പതിനൊന്നു മാസത്തിനുശേഷം ഒരു ആരോപണത്തിൻമേൽ മന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന് രാജി വെയ്ക്കേണ്ടി വന്നു. സുനന്ദാ പുഷ്ക്കറിനുവേണ്ടി തന്റെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഇന്ത്യൻ പ്രീമിയർ ക്രിക്കറ്റിന്റെ ഓഹരികൾ വാങ്ങിയെന്നായിരുന്നു അദ്ദേഹത്തിനെതിരായ ആരോപണമുണ്ടായിരുന്നത്. തരൂർ പൂർണ്ണമായും ആരോപണം നിഷേധിക്കുകയും നിഷ്പക്ഷമായ ഒരു അന്വേഷണത്തിന് തയ്യാറാവുകയും ചെയ്തു. അതിനുശേഷം തന്റെ പൂർവിക കുടുംബമായ പാലക്കാട് വെച്ച് ശ്രീ മതി സുനന്ദാ പുഷ്ക്കറെ വിവാഹം ചെയ്യുകയും ചെയ്തു. അന്വേഷണ കമ്മീഷൻ അദ്ദേഹത്തിൽ യാതൊരു കുറ്റവും കാണാഞ്ഞതുകൊണ്ട് വീണ്ടും അദ്ദേഹം കേന്ദ്ര മന്ത്രിയായി ചുമതലയെടുത്തു.
ഒരു വർഷം മുമ്പ് പുഷ്ക്കറിനെ ദുരഹ സാഹചര്യത്തിൽ ഒരു ഹോട്ടൽമുറിയിൽ വെച്ചു മരിച്ചു കിടക്കുന്നതായി കണ്ടു. മരണം സ്വാഭാവികമെന്നു തരൂർ പറയുമ്പോൾ ലോക്കലധികാരികൾ മരണം വിഷം ഉള്ളിൽ ചെന്നിട്ടെന്നും സ്ഥാപിക്കുന്നു. പതിനഞ്ചു മുറിവുകളുണ്ടെന്ന പേരിൽ തരൂരിനെ ചോദ്യം ചെയ്തു. അന്വേഷണങ്ങളിൽ അദ്ദേഹം പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്നും ഡൽഹി പോലീസ് കമ്മീഷണർ പറഞ്ഞു. അജ്ഞാതനായ ഘാതകനാണ് കൊന്നതെന്ന നിഗമനത്തിലും തരൂരിന് വിശ്വസിക്കാനാവുന്നില്ല. മരണത്തിനു മുമ്പ് പുഷ്ക്കറും തരൂരുമായി തെറ്റിധാരണകളുണ്ടായിരുന്നതായും പറയപ്പെടുന്നു.
ഇന്ത്യയിലെ വാർത്താമീഡിയാകൾക്ക് 'ഡോക്ടർ ശശി തരൂർ' എന്നുമൊരു വിവാദ വിഷയമായിരുന്നു. മുതിർന്ന രാഷ്ട്രീയചിന്തകരും അദ്ദേഹത്തോട് അസൂയയോടെയാണ് പെരുമാറിയിരുന്നത്. രാഷ്ട്രീയ പ്രതിയോഗികളിൽ പലരും വിദ്യാഹീനരും സ്കൂൾ രാഷ്ട്രീയത്തിൽനിന്നും തൊഴിലാളിരാഷ്ട്രീയത്തിൽ നിന്നും ഉയർന്നുവന്ന നേതാക്കന്മാരുമായിരുന്നു. തരൂരിനെപ്പോലുള്ള പ്രഗത്ഭനും പണ്ഡിതനുമായ ഒരു നേതാവിനെ കാണുമ്പോൾ കുറ്റിബീഡി വലിച്ചു നടന്ന രാഷ്ട്രീയക്കാരിൽ അപകർഷാബോധം ഉണ്ടായതിലും അതിശയിക്കാനില്ല. തിരുവനന്തപുരത്തെ എം.പി. യെന്ന നിലയിൽ ജനക്ഷേമത്തിനായി ചെലവാക്കിയ കണക്കുകളുടെ കൃത്യമായ ബാലൻസ് ഷീറ്റ് തയാറാക്കി ജനങ്ങൾക്ക് സമർപ്പിച്ച ഇന്ത്യയിലെ ഏക പർലമെന്റ് മെമ്പറും ശ്രീ ശശി തരൂർ മാത്രമാണ്. അഴിമതികളിൽ മുങ്ങിയിരിക്കുന്ന മറ്റൊരു രാഷ്ട്രീയക്കാരനും അതിനുള്ള തന്റേടം നാളിതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ട് മീഡിയാകളെ കൂട്ടുപിടിച്ച് പിന്നിൽനിന്ന് കുത്താവുന്നടത്തോളം ദ്രോഹിച്ച് പ്രതിയോഗികൾ അദ്ദേഹത്തെ തേജോവധം ചെയ്യാൻ ശ്രമിച്ചുകൊണ്ടിരുന്നു. ജീവിതകാലം മുഴുവൻ മറ്റെവിടെയോ സമയം ചെലവഴിച്ചവൻ ഇവിടെയെന്ത് എന്ന ഒരു ചിന്താഗതി സ്വന്തം അണികളിൽനിന്നുപോലും ഉണ്ടായിരുന്നു. രാഷ്ട്രീയം തറവാട്ടു സ്വത്തും കുടുംബ സ്വത്തുമായി കൊണ്ടുനടക്കുന്നവർക്ക് തരൂരിന്റെ രാഷ്ട്രീയ പ്രവേശനം രുചിച്ചിരുന്നില്ല.
തരൂരിന്റെ സത്യസന്ധതയെ ചോദ്യം ചെയ്യാൻ സാധിക്കാതെ സന്മാർഗ വശങ്ങളെ ചെളി വാരിയെറിയാനും വിമർശകർ താല്പ്പര്യപ്പെട്ടിരുന്നു. നിഷ്കളങ്കമായ അദ്ദേഹത്തിൻറെ അഭിപ്രായങ്ങളെ മീഡിയാകൾ പലപ്പോഴും ആക്ഷേപിക്കുകയും ചെയ്തിരുന്നു. റെയിൽവേയിലെ 'കന്നുകാലി ക്ലാസ് പ്രയോഗം' യൂറോപ്പ്യൻ നാടുകളിലെ സാധാരണ അനൗപചാരിക ഭാഷാശൈലിയാണ്. ട്രെയിനിലും വിമാനത്തിലും സൌകര്യങ്ങൾ കുറവെങ്കിൽ 'കന്നുകാലി ക്ലാസ്സെന്നുള്ള' പ്രയോഗം സാധാരണമാണ്. പുറം നാടുകളിൽ ജീവിച്ച തരൂരിന്റെ ഭാഷാശൈലിയിൽ വന്നൊരു തെറ്റ് മീഡിയാകൾക്ക് ആഘോഷിക്കാൻ ഒരവസരവും കൊടുത്തു. തരൂരിന്റെ മുപ്പതു വർഷത്തെ ഔദ്യോഗിക ജീവിത കാലത്ത് യൂ എന്നിനു വേണ്ടി ആയിരക്കണക്കിന് തവണകൾ മീഡിയാകളുടെ മുമ്പിൽ സംസാരിച്ചിട്ടുണ്ട്. സി.എൻ. എന്നിലും ബീ.ബി. സിയിലും ഫോക്സ് ന്യൂസിലും നിത്യവും അവരുടെ ക്യാമറാ മുമ്പിൽനിന്ന് അഭിപ്രായങ്ങൾ പറയണമായിരുന്നു. ഒരിയ്ക്കൽപ്പോലും അദ്ദേഹത്തിനെതിരെ ഒരു കുറ്റാരോപണം ആരും ഉന്നയിച്ചിട്ടില്ല. അദ്ദേഹം ഒരു വിവാദമായിരുന്നില്ല. പിന്നെ എന്തുകൊണ്ട് ഇന്ത്യയിലെന്നതും തരൂരിന് വിസ്മയമായിരുന്നു.
പുറംനാടുകളിൽ ജീവിതം ചെലവഴിച്ചെങ്കിലും തരൂരിന്റെ സ്വപ്ന മയൂരങ്ങളിൽ എന്നും നിറഞ്ഞിരുന്നത് ഭാരതാംബികയായിരുന്നു. 'എന്റെ ജീവിതമാണ് എന്റെ സന്ദേശ'മെന്ന് ഗാന്ധിജി പറയുമായിരുന്നു. എന്നാൽ 'തന്റെ ജീവിതം എന്നും ചിന്താക്കുഴപ്പം വരുത്തുന്ന സന്ദേശമാണ് നൽകുന്നതെന്നും' തരൂർ പറയും. താത്ത്വികനായ തരൂർ യുവജനങ്ങളെ നോക്കി ഉപദേശിക്കുന്നത് ; "ജീവിക്കുന്ന കാലം നന്നായി ജീവിക്കുക, തന്നത്താൻ സ്വയം താഴ്ത്തരുത്, നിങ്ങൾ ചെയ്യുന്ന പ്രവർത്തികൾ എന്തു തന്നെയാണെങ്കിലും നിങ്ങളാൽ കഴിയും വിധം അങ്ങേയറ്റം ഭംഗിയായി ചെയ്യുക, എഴുത്തുകാരനോ, മാനേജരോ, അഭയാർത്ഥി ഓഫീസറോ, അറ്റോർണിയോ എന്തു തന്നെയെങ്കിലും കടമകൾ സത്യത്തിന്റെ വഴിയിൽക്കൂടി പൂർത്തികരിക്കൂ, നിങ്ങളെക്കാൾ മെച്ചമായവർ ആരുമില്ല, നിങ്ങളുടെ കഴിവുകൾ ശരിയായ ദിശയിൽ ചലിക്കാത്ത പക്ഷം നിങ്ങൾ അവർക്കൊരു ദുരലങ്കാരമായിരിക്കാം. സ്വയം താഴാതെ നാം ഏർപ്പെടുന്ന കർമ്മങ്ങളിൽ ജാഗരൂകരായിരിക്കുക" . തരൂരിന്റെ അടിസ്ഥാന മുന്നെറ്റങ്ങളെല്ലാം സ്വന്തം ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന ഈ മൂല്യങ്ങളുടെ മീതെയായിരുന്നു.
Tuesday, January 27, 2015
ഫ്രാൻസീസ് മാർപ്പാപ്പയും സഭയുടെ പെറ്റു പെരുകുന്ന മുയലുകളും വിമർശനങ്ങളും

By ജോസഫ് പടന്നമാക്കൽ
'മണൽത്തരി പോലെ നിനക്ക് സന്തതികളുണ്ടാകട്ടെയെന്ന്' ദൈവം എബ്രാഹമിനോട് കല്പ്പിച്ചു. പുതിയതിലെയും പഴയതിലേയും വിശുദ്ധ വചനങ്ങൾ അക്ഷരംപ്രതി പാലിക്കാൻ യാഥാസ്ഥിതിക ലോകം അനുയായികളെ പ്രേരിപ്പിക്കും. കര്‍ദ്ദിനാള്‍ ആലഞ്ചേരി അടുത്തകാലത്ത് അംഗസംഖ്യ കൂടുതലുള്ള കുടുംബങ്ങളുടെ ഒരു സമ്മേളനം വിളിച്ചുകൂട്ടിയതും ഒരുവാര്‍ത്തയായിരുന്നു. കൂടുതൽ സന്താനോത്ഭാദനത്തിനായുള്ള അദ്ദേഹത്തിന്‍റെ ആഹ്വാനം വളരെ വിചിത്രമായിരിക്കുന്നു. ജനസംഖ്യ കുറവായിരുന്നതുമൂലം കഴിഞ്ഞ നൂറ്റാണ്ടുകളിലെ കൃഷിഭുമിയിൽ പണിയുവാൻ കൂടുതല്‍ മക്കളെ മാതാപിതാക്കള്‍ക്ക് ആവശ്യമായിരുന്നു. അന്നു സ്കൂളിലോ കോളെജിലോ പോയിട്ടുള്ളവരായി വളരെ വിരളം ജനത മാത്രമേയുണ്ടായിരുന്നുള്ളൂ. ജനം മെത്രാന്മാരുടെ രാജവിളംബരം കൈയും കെട്ടി വായുംപൊത്തി ശ്രവിക്കുമായിരുന്നു. ജനസംഖ്യ കൂടിയാൽ പട്ടിണികൂടും. സഭയ്ക്ക് അവരെ ചൂഷണം ചെയ്യുകയും ചെയ്യാം. കൂടുതൽ വൈദികരെ സൃഷ്ടിച്ച് അവരെ ആത്മീയ ജോലിക്കായി പറഞ്ഞുവിടുകയും ചെയ്യാം.
'നിനക്ക് ശരിയായി കുഞ്ഞുങ്ങളെ പാലിക്കാൻ കഴിയുമെങ്കിൽ മാത്രം ജനിപ്പിക്കൂ'വെന്ന് മാർപ്പാപ്പാ പറഞ്ഞെങ്കിൽ അതിലുള്ള തെറ്റെന്തെന്നും മനസിലാകുന്നില്ല. ദൈവം തരുന്നുവെന്നു പറഞ്ഞ് കുഞ്ഞുങ്ങളെ ചേറുനിറഞ്ഞ വെള്ളത്തിലും തെരുവുകളിലും വളർത്തണോ? നിയന്ത്രണമില്ലാതെ സ്ത്രീകളെക്കൊണ്ട് പ്രസവിപ്പിച്ച് ആരുമാരുമില്ലാത്ത കുഞ്ഞുങ്ങളെ തെരുവിന്റെ മക്കളാക്കണോ? അനാഥാലയങ്ങളിൽ വളർത്താൻ അനുവദിക്കണമോ? ദൈവം കൊടുത്ത ബുദ്ധിയും വൈഭവവും ബോധവും വിനിയോഗിച്ച് സന്താന നിയന്ത്രണം നടത്തുകയെന്നത് മാറ്റത്തിന്റെ വഴിത്തിരിവുകൂടിയാണെന്നും സഭ നാളിതുവരെ മനസിലാക്കിയിട്ടുമില്ല. വലിയ കുടുംബം, ചെറിയ വരുമാനം, റേഷനരിയും ചേമ്പുതാളു കറികളും ദാരിദ്രവും കൊള്ളകളും, കുത്സിത പ്രചരണങ്ങളും സഭയിലെവിടെയും മുഴങ്ങി കേൾക്കാം.
പ്രാചീന തത്ത്വങ്ങളിലടിയുറച്ചു വിശ്വസിക്കുന്ന സഭയുടെ മുഖച്ഛായ മാറ്റി സ്വതന്ത്രമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും മാർപ്പാപ്പയ്ക്ക് ബുദ്ധിമുട്ടുകളുണ്ട്. സ്ത്രീത്വത്തെ മാനിക്കാത്ത തത്ത്വ ചിന്തകളിൽ സഭയിന്നും മയങ്ങി കിടക്കുകയാണ്. കാലത്തിനനുയോജ്യമായി മനുഷ്യന്റെ ചിന്താ ഗതികൾക്കൊപ്പം സഭ വളർന്നിട്ടില്ല. യാഥാസ്ഥിതികർ തിങ്ങിക്കൂടിയിരിക്കുന്ന ഒരു പ്രസ്ഥാനത്തിൽ ഒറ്റ ദിവസം കൊണ്ട് വിപ്ലവകരമായ ഒരു മുന്നേറ്റം നടത്തിയാൽ സഭ പൊട്ടിത്തെറിക്കുമെന്നും മാർപാപ്പാ ഭയപ്പെടുന്നുണ്ടാകാം. ഒരേ വായിൽ നിന്ന് രണ്ടുതരത്തിൽ നയതന്ത്രം വെടിയാതെ മാർപ്പാപ്പാ സംസാരിക്കുന്നു. സത്യമേതെന്ന് സഭാ മക്കളെ മനസിലാക്കേണ്ടതായുമുണ്ട്. സഭ പുലർത്തിക്കൊണ്ടു വരുന്ന പല മാമൂലുകൾക്കുമെതിരെ മാനവികതയുടെ പേരിൽ സാഹചര്യങ്ങളനുസരിച്ച് ഒരു മാർപ്പാപ്പായ്ക്ക് പലപ്പോഴും സംസാരിക്കേണ്ടതായി വരും. പട്ടിണിയും ദാരിദ്ര്യവുമായി കഴിയുന്ന ഫിലിപ്പയിൻ രാജ്യത്തുനിന്നുമാണ് മാർപ്പാപ്പാ സന്താന നിയന്ത്രണത്തെപ്പറ്റി സംസാരിച്ചത്.
ദരിദ്രകുടുംബം നയിക്കുന്ന ഒരാൾ അനേക മക്കൾക്ക് ജന്മം നല്കി തന്റെ കുട്ടികളെ അന്തസ്സോടെ തന്നെ വളർത്തിയാൽ അയാളെ ഭാഗ്യവാനായി കരുതാം. മക്കളും ബുദ്ധിശക്തിയ്ക്കൊപ്പം വിദ്യ നേടുന്നവരുമായിരിക്കണം. കുടുംബം പെറ്റു പെരുകി കുട്ടികളെ വളർത്തിയ അയാളുടെ അജ്ഞത ഒരളവുവരെ മറച്ചു വെക്കാനും സാധിക്കുന്നു. പരിഷ്കൃത രാജ്യങ്ങളിൽ കുഞ്ഞുങ്ങൾക്ക് വളരാനുള്ള സാഹചര്യങ്ങളും ആരോഗ്യ സുരക്ഷാ പദ്ധതികളുമുണ്ടെങ്കിലും ഭൂരിഭാഗം കുടുംബങ്ങളും ചെറിയ കുടുംബങ്ങളായിട്ടാണ് കഴിയുന്നത്. എന്നാൽ മൂന്നാം ലോകത്തിന്റെ ഗതി അതല്ല. ദരിദ്രനായ ഒരുവന് കുഞ്ഞുങ്ങൾക്ക് ആരോഗ്യ രക്ഷാ, വിദ്യാഭ്യാസം, ഭക്ഷണം, വസ്ത്രം എന്നിവകൾ നല്കുക എളുപ്പമല്ല. മൂന്നാം ചേരി രാജ്യങ്ങളിൽ ആവശ്യത്തിന് ഭക്ഷണം ലഭിക്കാതെ കുഞ്ഞുങ്ങൾ ശൈശവത്തിൽ തന്നെ മൃതിയാകുന്നു. മാറാ രോഗങ്ങളും ബാധിക്കുന്നു. അവിടെയാണ് ക്രിസ്ത്യൻ കൾട്ടുകൾ 'പെറ്റു പെരുകുക'യെന്ന സാരോപദേശങ്ങളുമായി മനുഷ്യരെ മയക്കാൻ നടക്കുന്നത്.
അനേകമനേകം കുഞ്ഞുങ്ങൾക്ക് ജന്മം നല്കി ഊണു മേശയ്ക്ക് ചുറ്റുമിരുത്താൻ ബൈബിളിലെ ദൈവം പറയുന്നു. സഭയും അതേ ദൈവിക തത്ത്വങ്ങൾ പ്രായോഗികമാക്കാനും ശ്രമിക്കുന്നു. മേശയിൽ ഭക്ഷണം നിരത്തുന്നതെങ്ങനെയെന്ന് സഭയ്ക്കറിയുകയും വേണ്ടാ. പുര നിറഞ്ഞിരിക്കുന്ന പിള്ളേരെ സംരക്ഷിക്കാനുള്ള മറ്റു കാര്യങ്ങൾ പറയാൻ ദൈവവും മറന്നു പോയി. പാറ്റാകളെ പോലെ കുഞ്ഞുങ്ങളെ മനുഷ്യജാതി പെരുപ്പിക്കുന്നുവെങ്കിൽ ലോകത്തെ തന്നെ നശിപ്പിക്കുമെന്ന കാര്യവും മത മൌലികതയിൽ മറക്കുന്നു. കത്തോലിക്കരും മുസ്ലിമുകളും കുടുംബാസൂത്രണത്തെ അംഗീകരിക്കില്ല. ലോകത്തിന്റെ പുരോഗതിയെ തടയുന്നുവെന്ന യാഥാർത്യവും അവർക്കറിയുകയും വേണ്ടാ. ചൈനാക്കാരുപോലും കുടുംബങ്ങളുടെ എണ്ണം നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ സഭയുടെ പെറ്റു പെരുകാനുള്ള ആഹ്വാനത്തിൽ ഈ ഭൂമിയേയും ആധുനിക മുന്നേറ്റത്തേയും നശിപ്പിക്കുകയും ചെയ്യുന്നു.
മരുന്നുകൾ കണ്ടു പിടിക്കുന്നതിനു മുമ്പ് വൈദ്യ സഹായം വിരളമായി ലഭിച്ചിരുന്ന കാലങ്ങളിൽ ജനനനിരക്കുകളെക്കാൾ മരണനിരക്ക് കൂടുതലായിരുന്നു. തന്മൂലം ജനസംഖ്യയും കുറവായിരുന്നു. ഒരു കുടുംബത്തെ സംരക്ഷിക്കാൻ അക്കാലങ്ങളിൽ ആശ്രയം കൃഷി മാത്രമായിരുന്നു. കൃഷി സ്ഥലങ്ങളിൽ വിഭവങ്ങൾ ഉത്ഭാദിപ്പിക്കാൻ കൂടുതൽ മനുഷ്യകരങ്ങൾ ആവശ്യമായിരുന്നു. ഒരു കുടുംബത്തിനാവശ്യമായ തൊഴിലാളികൾ ആ കുടുംബംതന്നെ 'പെറ്റു പെരുകലിൽ' നേടുമായിരുന്നു. എന്നാലിന്ന് കാലം മാറി. പണ്ടു കാലങ്ങളിൽ ആൾ ബലവും കൂടുതൽ കുഞ്ഞുങ്ങളുമുള്ള കുടുംബങ്ങളെ 'സ്റ്റാറ്റസിന്റെ അടയാളമായി കരുതിയിരുന്നു. വലിയ കുടുംബങ്ങൾ സഭയ്ക്ക് അലങ്കാരമാണെങ്കിലും സാമൂഹിക വ്യവസ്ഥക്ക് അതൊരു ഭീഷണിയായിരിക്കും. രാഷ്ട്ര ത്തിനും അതിനനുപാതമായി കൂടുതൽ വിഭവങ്ങൾ കണ്ടെത്തേണ്ടിയും വരും. കൂടുതൽ കുഞ്ഞുങ്ങളെ ഉത്ഭാദിപ്പിച്ചാൽ ദാരിദ്ര്യം കൊണ്ട് പലരും അസന്മാർഗിക ലൈംഗിക തൊഴിലുകൾക്കു വരെ പ്രേരകമായിയെന്നും വരും. സഭ വിഭാവന ചെയ്യുന്ന ദരിദ്രകുടുംബങ്ങളിലും ആത്മീയത നശിക്കുന്നതായി കാണാം. ദാരിദ്ര്യം അവരെ പുരോഹിതരും കന്യാസ്ത്രികളുമാകാനും മോഹിപ്പിച്ചേക്കാം. അംഗ സംഖ്യ കൂടുതലായുള്ള വലിയ കുടുംബങ്ങൾ സമൂഹത്തിനു ഭാരമായി ദാരിദ്ര്യത്തിലേക്ക് വഴുതി പോവാനാണ് സാധ്യതകളുള്ളത്.
മനുഷ്യന്റെ ചിന്താ ശക്തി വർദ്ധിക്കുംതോറും മതങ്ങളും ആചാരങ്ങളും അനാവശ്യമായി അനുഭവപ്പെടും. യൂറോപ്പിലും അമേരിക്കയിലും പള്ളികൾ പൂട്ടിക്കൊണ്ട് ആ സ്ഥാനങ്ങളിൽ മറ്റു സ്ഥാപനങ്ങൾ ഉയരുന്ന കാഴ്ചകളാണ് നാം കാണുന്നത്. സഭയൊരിക്കലും പരിവർത്തന വിധേയമാകാതെ പഴഞ്ചനായ ആശയങ്ങളിൽ തന്നെ ഇന്നും നിലകൊള്ളുന്നതു കാണാം. സഞ്ചരിക്കുന്നതും മൂന്നു നൂറ്റാണ്ടുകളപ്പുറത്തുള്ള കാലഘട്ടത്തിൽ തന്നെയാണ്. മാറ്റം വരുത്താതെ ആധുനികതയുടെ മുന്നേറ്റത്തിൽ സ്വയം ശവക്കുഴി തോണ്ടി ബലഹീനമായി കൊണ്ടിരിക്കുന്ന സഭ വർത്തമാന ചരിത്രമായും മാറിക്കഴിഞ്ഞു.
മാർപ്പാപ്പായുടെ മനിലായിലെ യാത്രയ്ക്കിടയിൽ അദ്ദേഹം പറഞ്ഞ അഭിപ്രായങ്ങളുടെ മീതെ വിമർശനങ്ങളുണ്ടായതും സഭാ തലപ്പത്തുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. "കത്തോലിക്കർ തങ്ങളുടെ മക്കളെ നേരായ രീതിയിൽ വളർത്താൻ കഴിവില്ലാത്തവരെങ്കിൽ കുഞ്ഞുങ്ങളുടെ എണ്ണം കുറയ്ക്കുന്നതായിരിക്കും അഭികാമ്യമെന്ന്" മാർപ്പാപ്പാ പറഞ്ഞിരുന്നു. മനിലയിൽ നിന്നും മാർപ്പായുടെ റോമിലേക്കുള്ള മടക്കയാത്രയ്ക്ക് മുമ്പായി എട്ടാമത്തെ കുഞ്ഞിനെ പ്രതീഷിക്കുന്ന ഒരു സ്ത്രീയോട് മാർപ്പാപ്പാ ചോദിച്ചു, "മറ്റേഴു കുഞ്ഞുങ്ങളെയും അനാഥ ശാലകളിൽ വളർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?" 'കത്തോലിക്കരെ മുയലുകളെപ്പോലെ പെറ്റു പെരുകാൻ അനുവദിക്കരുതെന്ന ' മാർപ്പാപ്പായുടെ വാക്കുകൾ ലോക മാധ്യമങ്ങളിൽ വിവാദങ്ങളാവുകയും ചെയ്തു.
മനിലായിൽവെച്ച് മാർപാപ്പാ പറഞ്ഞ അഭിപ്രായം ലഘുകരിച്ച് വ്യത്യസ്തമായി അദ്ദേഹം വീണ്ടും പറഞ്ഞു, "കുഞ്ഞുങ്ങൾ കുടുംബങ്ങൾക്ക് ദൈവത്തിന്റെ ദാനമാണെന്ന് അവർക്കറിയാം; ഓരോ കുഞ്ഞും സൃഷ്ടി കർത്താവിന്റെ അനുഗ്രഹമാണ്. വിഭവങ്ങൾ കുറഞ്ഞ കുടുംബങ്ങളിൽ കുഞ്ഞുങ്ങളുണ്ടാകും തോറും ലളിതമായ ജീവിതം നയിക്കാനിടയാകുന്നു. എങ്കിലും വലിയ കുടുംബം ദാരിദ്ര്യത്തിലേക്ക് നയിക്കും. ലോക സമ്പത്തുകൾ വിതരണം ചെയ്തിരിക്കുന്നത് നീതി പൂർവ്വമല്ല. ഇന്ന് ആഗോള തലത്തിൽ പ്രകടിതമായിരിക്കുന്ന സാമ്പത്തിക അസമത്വങ്ങൾക്കു കാരണം മനുഷ്യൻ പണത്തെ ദൈവമായി കാണുന്നതുകൊണ്ടാണ്. സമ്പത്തുകൾ ശരിയായ വിതരണത്തിന്റെ അഭാവത്തിൽ ദാരിദ്ര്യം വർദ്ധിക്കാനിടയാക്കി. പണത്തിനെ ദൈവമായി മനുഷ്യൻ പൂജിക്കുന്നത് ലോകത്തിന്റെ അസമാധാനത്തിനും കാരണമാണ്."
ഭ്രൂണഹത്യ പാപമാണെന്നുള്ള വത്തിക്കാന്റെ നിലപാട് കുറെയെങ്കിലും മനസ്സിലാക്കാൻ സാധിക്കും. പക്ഷേ മറ്റു ഗർഭനിരോധന മാർഗങ്ങളെ എതിർക്കുന്നതിൻറെ യുക്തി മനസ്സിലാകുന്നില്ല. ഒരു പുരുഷൻ ഓരോ സെക്കൻറിലും കോടാനുകോടി ബീജങ്ങളെ പുറപ്പെടുവിക്കും. അത് തലയിൽനിന്നു ജീവനുള്ള തലമുടി പൊഴിയുന്നതുപോലെയേയുള്ളൂ. ബീജകോശം അണ്ഡകോശത്തിലെത്താതെ എങ്ങനെ ജീവൻ തുടിക്കും.സ്വാഭാവികമായ ഗർഭനിവാരണ മാർഗങ്ങൾ സഭ നിർദേശിക്കുന്നുണ്ടെങ്കിലും പ്രകൃതി വിരുദ്ധമായ 'കോണ്ടം' 'ഗർഭ നിരോധക ഗുളികകൾ' വിലക്കിയിരിക്കുകയാണ്. കത്തോലിക്കാ സഭ വാസ്തവത്തിൽ സഭാമക്കളെ പഠിപ്പിക്കുന്നത് കടും ക്രൂരതയാണ്. ഗർഭ നിരോധക നിയന്ത്രണങ്ങൾ പാടില്ലായെന്ന സഭയുടെ നിർദ്ദേശം ഭൂമിയിലേക്ക് വരുന്ന കോടാനുകോടി കുഞ്ഞുങ്ങളെ ദാരിദ്ര്യത്തിലേക്ക് നയിക്കാൻ പ്രേരണ നല്കുന്നു. കാലഹരണപ്പെട്ട മൗലിക തത്ത്വങ്ങളുമായി മുമ്പോട്ടു പോകുന്ന സഭ കുടുംബാസൂത്രണ പദ്ധതികളെ നിരോധിക്കുന്നതുകൊണ്ട് വേണ്ടാതെ ജനിക്കുന്ന ബില്ല്യൻ കണക്കിന് കുഞ്ഞുങ്ങളുടെ യാതനകൾ കണ്ടില്ലെന്നു നടിക്കുകയും ചെയ്യും. വിശക്കുന്ന വയറുകൾക്ക് ഭക്ഷണം നല്കാനും തയാറല്ല. അവർക്ക് പാർക്കാൻ വീടുകളില്ലെങ്കിൽ സഭയ്ക്കെന്ത് ? അൾത്താരയിൽ നിന്ന് പുരോഹിതൻ വിളിച്ചു പറയും ,'ആകാശത്തിലെ പറവകളെ നോക്കൂ, അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല". വിശുദ്ധ പുസ്തകത്തിൽ നിന്ന് ദരിദ്രരെ ആശ്വസിപ്പിക്കാൻ പുരോഹിതൻ വചനങ്ങൾ ഉരുവിട്ടുകൊണ്ടിരിക്കും. പക്ഷെ അതൊന്നും വിശക്കുന്നവന്റെ വിശപ്പടങ്ങില്ല. വളരുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യ പരിപാലനവും വിദ്യാഭ്യാസവും എങ്ങനെ നടക്കുമെന്നും സഭയ്ക്കറിയേണ്ട ആവശ്യമില്ല. ഇത്തരം ജീവിതത്തിന്റെ നാനാവശങ്ങളെപ്പറ്റി ചിന്തിച്ച് സഭയുടെ കണ്ണ് തുറപ്പിക്കാൻ ഫ്രാൻസീസ് മാർപ്പാപ്പാ ശ്രമിക്കുന്നുവെങ്കിൽ അതിൽ എന്തു തെറ്റാണുള്ളത്? മുമ്പുള്ള മാർപ്പാമാർ ഇത്തരം പ്രശ്നങ്ങൾ സമൂഹത്തിൽ അവതരിപ്പിക്കില്ലായിരുന്നു.
മാർപ്പാപ്പ ഒരേ അഭിപ്രായങ്ങൾ വ്യത്യസ്ഥമായി സംസാരിക്കുന്നത് പരിഭ്രാന്തിയും വിസ്മയങ്ങളുമുണ്ടാക്കാം. മനിലായിൽ മാർപ്പാപ്പാ മാനുഷിക മൂല്യങ്ങൾ കണക്കാക്കുന്ന ഒരു സാധാരണ പുരോഹിതനെപ്പോലെ സംസാരിച്ചെങ്കിൽ റോമിൽ അദ്ദേഹം സഭയുടെ പാരമ്പര്യ മൂല്യങ്ങളെ മുറുകെപ്പിടിച്ചു സംസാരിക്കുന്നു. മുമ്പുള്ള മാർപാപ്പാമാർ സഭയുടെ തത്ത്വ സംഹിതകൾ ആദ്യം സംസാരിച്ചെങ്കിൽ ഫ്രാൻസീസ് മാർപ്പാപ്പാ ഒരു സാധാരണ വ്യക്തിയെന്ന നിലയിൽ യുക്തിബോധത്തോടെ ജനം സ്വീകരിക്കാൻ സ്വന്തം അഭിപ്രായങ്ങളാണ് ആദ്യം സംസാരിക്കാറുള്ളത്.
സഭയുടെ പാരമ്പര്യമായി പുലർത്തി വരുന്ന ചില വിശ്വാസങ്ങൾക്കെതിരെ ഒരു മാർപാപ്പാ സംസാരിക്കുമ്പോൾ കേൾക്കുന്നവർ അവരുടെ യുക്തിപോലെ വിമർശിക്കാനും തുടങ്ങും. ഫ്രാൻസീസ് മാർപ്പാപ്പാ യാഥാസ്ഥിതികനോ മനോവിശാല ചിന്തകനോ ആരുമായിക്കൊള്ളട്ടെ, മഹാനായ ഒരു മാർപ്പാപ്പയുടെ അഭിപ്രായ സ്വാതന്ത്ര്യം മാനിച്ചേ തീരൂ. വൈവിധ്യമാർന്ന രണ്ടു ചിന്താഗതികളിൽ ഫ്രാൻസീസ് മാർപ്പാപ്പാ ആരെന്നു ചോദിച്ചാൽ ഫ്രാൻസീസ് മാർപ്പാപ്പാ, ഫ്രാൻസീസ് മാർപ്പാപ്പായെന്നേ ഉത്തരം പറയാൻ സാധിക്കുള്ളൂ.അവിടെ അദ്ദേഹത്തിൻറെ വ്യക്തിപ്രഭാവത്തിൽ മറ്റൊരാളില്ല. സഭയുടെ നയങ്ങൾ ഒരു വ്യക്തിയിൽ രൂപീകരിച്ചതല്ല. നൂറ്റാണ്ടുകളായി കാലത്തിനനുസരിച്ച് അനേകരുടെ ചിന്തകളിൽ നിന്നും ഉദിച്ചതാണ്. ആധുനിക ചിന്തകളുടെ ഒഴുക്കിനഭിമുഖമായി സഞ്ചരിക്കുന്ന മാർപ്പാപ്പായുടെ വാക്കുകൾ ഒരു പക്ഷെ മത മൗലിക വാദികളുടെ അഭിപ്രായങ്ങൾക്കെതിരായിരിക്കാം. വിശുദ്ധ ഗ്രന്ഥങ്ങളിൽ പഴങ്കാല ജനങ്ങൾ എഴുതിപ്പിടിപ്പിച്ച വചനങ്ങളെ യാഥാസ്ഥികരായവർ ആരാധിക്കുന്നു. യേശുവിന്റെ ചൈതന്യം കാലത്തിന്റെ ഒഴുക്കിൽ സഞ്ചരിക്കേണ്ടതാണ്. ലോകത്തിലുള്ള സകല അസമാധാനങ്ങൾക്കും കാരണം 'സോദോം ഗോമോറയും ഉല്പ്പത്തിയും' മുറുകെ പിടിച്ചു നടക്കുന്ന മൗലിക വാദികളാണ്. പുരോഹിതരും വചനങ്ങളും മാത്രമേ അത്തരക്കാരുടെ അറിവിൽ ഉൾക്കൊണ്ടിട്ടുള്ളൂ. ലോകത്തിന്റെ പുരോഗമനമോ, ശാസ്ത്രത്തിന്റെ നേട്ടങ്ങളോ മനുഷ്യരുടെ ചിന്താശക്തിയുടെ വളർച്ചയോ അറിയാനവർ മെനക്കെടുകയുമില്ല.
സഭയുടെ പാരമ്പര്യ വിശ്വാസങ്ങളിൽ സ്വവർഗ രതി കടുത്ത പാപമായി കരുതുന്നു. "ഞാനാരാണ്, അവരെ വിധിക്കാനെന്നു മാർപ്പാപ്പാ പറയുന്നു". സ്വവർഗ രതി കഠിനമായ പാപമായിട്ടാണ് മുമ്പുള്ള മാർപ്പാപ്പാമാർ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാൽ മറ്റുള്ള പുരോഹിതരുടെ ലൈംഗിക ചേഷ്ടകളെ ചോദ്യം ചെയ്യാൻ ഫ്രാൻസീസ് മാർപ്പാപ്പാ തയ്യാറല്ല. സ്നേഹവും ദയയും മാർപ്പാപ്പാ അവരോടു പ്രകടിപ്പിക്കുകയാണ്. യേശു ഒരിക്കലും സ്വവർഗാനുരാഗികൾക്കെതിരെ സംസാരിച്ചിട്ടില്ല. സാധാരണ യാത്രകൾക്കിടയിലാണ് മാർപ്പാപ്പാ സ്വയം മാർപ്പാപ്പായെന്നത് മറന്നു കൊണ്ട് ആധുനിക ചിന്തകൾ സംസാരിക്കാറുള്ളത്. മാനുഷിക മൂല്യങ്ങൾ നിറഞ്ഞു നിൽക്കുന്ന ഒരു നല്ല മനുഷ്യനായി വിവേകമുള്ളവർ അപ്പോഴെല്ലാം മാർപ്പാപ്പയെ കാണുന്നു. യാത്രയ്ക്കിടയിൽ സഭയുടെ തത്ത്വങ്ങൾ പാടേ മറന്നുപോയതുപോലെയും അദ്ദേഹം സംസാരിക്കുന്നു. "സ്വവർഗ രതിക്കാർ നന്മയെ തേടുന്നുവെങ്കിൽ, ദൈവത്തെ അന്വേഷിക്കുന്നുവെങ്കിൽ അവരെ ചോദ്യം ചെയ്യാൻ ഞാൻ ആരാണെ'ന്ന് മാർപ്പാപ്പാ ചോദിച്ചതും തന്റെ ബ്രസീൽ യാത്രയ്ക്കിടയിലായിരുന്നു.
ബനഡിക്റ്റ് മാർപ്പാപ്പാ സ്വവർഗാനുരാഗികളെ വ്യത്യസ്തമായ ഒരു കാഴ്ച്ചപ്പാടിൽ കണ്ടിരുന്നു. "പുരുഷനും പുരുഷനും സ്ത്രീയും സ്ത്രീയും തമ്മിലുള്ള രതി ലീലകളെ അദ്ദേഹം സഭയുടെ സന്മാർഗങ്ങൾക്കെതിരായും പാപമായും കരുതിയിരുന്നു. സ്വവർഗ രതിയിൽ ഉറച്ചു നിൽക്കുന്നവൻ സഭയിൽ പുരോഹിതരാകരുതെന്ന കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. സ്വവർഗക്കാർ പുരോഹിതരാകണമെന്ന് ഫ്രാൻസീസ് മാർപ്പാപ്പാ ഒരിക്കലും പറഞ്ഞിട്ടില്ല. സഭയുടെ തത്ത്വത്തിൽ പ്രകൃതി വിരുദ്ധമായ ഏതു ലൈംഗികതയും പാപം തന്നെയാണ്. പക്ഷെ മാർപ്പാപ്പായുടെ ഇംഗ്ലീഷിലെ 'ഗേയ് ' എന്ന പദം പലരിലും ആശയക്കുഴപ്പങ്ങളുണ്ടാക്കി. ബിഷപ്പുമാർ തമ്മിലും അതിന്റെ പേരിൽ ശക്തിയേറിയ വാദ പ്രതി വാദങ്ങൾ ഉണ്ടാവുകയും ചെയ്തു. ബ്രഹ്മചര്യം കാക്കാതെ സ്വവർഗരതികളിൽ പങ്കാളികളായ പുരോഹിതരെ സഭ അംഗീകരിക്കണമോയെന്നതും വിവാദങ്ങളായി മാറിയിരുന്നു. ദൈവത്തിന്റെ ചൈതന്യത്തെ ചോദ്യം ചെയ്തപ്പോഴാണ് ഫ്രാൻസീസ് മാർപ്പാപ്പ അങ്ങനെയൊരുത്തരം പറഞ്ഞത്. ദൈവത്തിന്റെ കണക്കു കൂട്ടലുകളിൽ നിസാരനായ മനുഷ്യന് എങ്ങനെ ദൈവത്തിന്റെ നിശ്ചിതമായ രൂപഭാവാദികളെ ചോദ്യം ചെയ്യാൻ സാധിക്കും? ദൈവം നല്കുന്ന അന്തിമമായ വിധി തീരുമാനിക്കുന്നത് മനുഷ്യരോ? ബൌദ്ധികമായുള്ള ഫ്രാൻസീസ് മാർപ്പാപ്പായുടെ ചിന്താഗതികളിൽ മത മൗലിക വാദികൾ ആകുലരാണ്. ബൈബിളിലെ വചനങ്ങളുമായി അടഞ്ഞ മനസുമായി ചിന്തിച്ചാൽ മാർപാപ്പായുടെ അഭിപ്രായങ്ങളിൽ നീരസമേ തോന്നുകയുള്ളൂ. സ്വവർഗം പാപമാണെന്നുള്ള തന്റെ മുൻഗാമിയുടെ അഭിപ്രായത്തെ മാർപ്പാപ്പാ തിരുത്താൻ തയ്യാറാകുമെന്നും തോന്നുന്നില്ല. സ്ത്രീകൾക്ക് പൌരാഹിത്യം കൊടുക്കാൻ പാടില്ലായെന്നു പറഞ്ഞുകൊണ്ട് ജോണ്‍ പോൾ രണ്ടാമനും അവർക്കെതിരെ വാതിലുകളടച്ചിരുന്നു.
വിദ്യാഹീനരും മനസ്ഥിരതയില്ലാത്തവരും ദാരിദ്ര്യം കൊണ്ട് കഷ്ടപ്പെടുന്നവരും മില്ല്യൻ കണക്കിന് കുഞ്ഞുങ്ങളെയാണ് ജനിപ്പിക്കുന്നത്. അവരിൽ അനേകർ തെരുവിന്റെ സന്തതികളായും വളരുന്നു. ആ കുഞ്ഞുങ്ങൾ ജീവിതത്തിലെ എല്ലാ ദുരിതങ്ങളും ദുഃഖങ്ങളും തങ്ങളുടെ വളർച്ചയ്ക്കൊപ്പം സഹിക്കുന്നു. വളരുന്ന പെണ്‍ക്കുട്ടികളെ വേശ്യാ വൃത്തിക്കും പ്രേരിപ്പിക്കുന്നു. വചനം മാത്രം ജീവിതമായി തെരഞ്ഞെടുത്ത മതമൗലിക വാദികളുടെ കൾട്ടുകൾ സമൂഹത്തോടും രാഷ്ട്രത്തോടും ദ്രോഹമാണ് ചെയ്യുന്നത്. ബില്ല്യൻ കണക്കിന് സ്ഥാവര ജംഗമ സ്വത്തുക്കൾ കൈവശം വെച്ചിരിക്കുന്ന മതമേധാവികളുടെ സ്വത്തുക്കൾക്ക് നികുതിയും കൊടുക്കേണ്ടാ. നികുതിയിൽ നേടുന്ന ഈ സൌജന്യം ആഫ്രിക്കയിലെയും മെക്സിക്കോയിലെയും കുട്ടികളുടെ ക്ഷേമത്തിനായി നീക്കി വെയ്ക്കരുതോ? ജനസംഖ്യ വർദ്ധിക്കുംതോറും ദാരിദ്ര്യത്തിനു പുറമേ വിഭവങ്ങളുടെ അപര്യാപ്തതയുമുണ്ടാകും. രാജ്യത്തെ തന്നെ അത് സാമ്പത്തിക മാന്ദ്യത്തിലെത്തിക്കുന്നു.
സ്വയം യുക്തിബോധത്തോടെ ചിന്തിക്കാൻ കഴിവുള്ളവർ കുഞ്ഞുങ്ങളെ പെരുപ്പിച്ച് ലോകം മുഴുവൻ എത്യോപ്യാപോലെ പട്ടിണിരാജ്യങ്ങളാക്കണോ? എന്തേ, വിശക്കുന്ന വയറുകളിൽ സഭയുടെ ക്രൂരത നിറച്ച ആത്മനികൃഷ്ടികരണമോ? മനുഷ്യനു ചിന്തിക്കുവാൻ കഴിവു തന്നിരിക്കുന്നതു വിവേകപൂർവ്വം നല്ലതിനെ തിരിച്ചറിയാനാണ്. ബിബ്ലിക്കൽക്കാലത്ത് ഗർഭനിരോധക ഉപാധികൾ ഉണ്ടായിരിന്നില്ലല്ലോ? ബൈബിളിന് എതിരല്ലാത്ത സ്ഥിതിക്കു പിന്നെ എന്തിനാണ് വത്തിക്കാൻറെ ഈ കടുംപിടിത്തം. സ്ത്രീത്വത്തിൻറെ മൌലികതയെ ഇവർ ചോദ്യം ചെയ്യുകയാണ്. സ്ത്രീയല്ലയോ; അവളെ അടിച്ചമർത്തപ്പെട്ടാലും ഭക്തിയാദരവകളോടെ കൈയും കൂപ്പി നിന്നു കൊള്ളുമെന്ന ഒരു ചിന്താഗതിയും പൌരാഹിത്യ മേധാവിത്വത്തിനുണ്ട്. സ്വതന്ത്രമായ അഭിപ്രായങ്ങൾ തുറന്നു പറയാൻ ആർക്കുമവകാശമുണ്ട്. മാനുഷിക മൂല്യങ്ങളിൽ വിശ്വസിച്ച് മാർപ്പാപ്പാ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞതിൽ യാഥാസ്ഥിതിക ലോകം ദുഖിതരാവേണ്ടതില്ല. സത്യവും ധർമ്മവും അന്വേഷിക്കുന്നവർ അഭിപ്രായങ്ങളും തുറന്നു പറയും. സഭ വിശ്വസിക്കുന്ന കാലഹരണപ്പെട്ടതായ പഴഞ്ചൻ തത്ത്വങ്ങൾക്ക് ശാസ്ത്രത്തിൽ യാതൊരു സ്ഥാനവുമില്ല. സഭയിന്നും സഞ്ചരിക്കുന്നത് മൂന്നൂറു വർഷം മുമ്പുള്ള പുറകോട്ടുള്ള കാലഘട്ടത്തിൽക്കൂടിയെന്നും ചിന്തിക്കണം.
![]() |
| മനിലയിൽ പോപ്പിന്റെ സഞ്ചാര വഴികളിൽനിന്നും പോലീസ് ബന്ദികളാക്കിയ തെരുവുകുട്ടികൾ |
![]() |
| 'ഞാനാര് അവരെ വിധിക്കാൻ' ? |
Sunday, January 11, 2015
ഇതിഹാസത്തിലെ ഗംഗയും മലിനമാക്കപ്പെട്ട ഗംഗയും
By ജോസഫ് പടന്നമാക്കൽ
ഗംഗയെന്ന അപ്സരകന്യക ഹൈന്ദവ പുരാണങ്ങളിലെ ഒരു ദേവിയും ദുഃഖ പര്യവസായിയായ ഒരു പ്രേമ കഥയിലെ ഇതിഹാസ നായികയുമാണ്. അവർ കാലത്തിനെയും അതിജീവിക്കുന്നുവെന്നാണ് വിശ്വാസം. ഹസ്തിനപുരത്ത് ശാന്തനുവെന്നൊരു രാജകുമാരനുണ്ടായിരുന്നു. പതിവുപോലെ ഒരു ദിവസം സായം സവാരിയ്ക്കായി അദ്ദേഹം നദിതീരത്തുകൂടി നടക്കുകയായിരുന്നു. പ്രശാന്ത സുന്ദരമായ പ്രകൃതിയും നീലാകാശവും നദിയിൽക്കൂടി തെളിമയാർന്ന വെള്ളവും നിറ കവിഞ്ഞ ദിനത്തിൽ സുന്ദരിയായ ഒരു പെണ്‍ക്കുട്ടിയെ നദി തടത്തിൽ കണ്ടു. അവൾ ഗംഗയാണെന്നു പറഞ്ഞു. കണ്ട മാത്രയിൽ ശാന്തനുവിനു അവളിൽ പ്രേമം മൊട്ടിട്ടു. അവൾ ചെയ്യുന്ന പ്രവർത്തികളെ അവൻ ഒരിയ്ക്കലും തടയരുതെന്ന വ്യവസ്ഥയിൽ അവളവനെ വിവാഹം കഴിച്ചു. ഏഴു കുഞ്ഞുങ്ങളുണ്ടായി. ഉണ്ടായ കുഞ്ഞുങ്ങളെ അവൾ നദിയിലേക്കെറിഞ്ഞു . അവളവരെ ദേവലോകത്തിലെത്തിച്ചു. എട്ടാമത്തെ കുഞ്ഞുണ്ടായപ്പോൾ ' അരുതെയെന്നു പറഞ്ഞ്' ശാന്തനു തടഞ്ഞു. വ്യവസ്ഥകൾ പാലിക്കാത്ത ശാന്തനുവിനെ ഏകനാക്കി നദിയിൽ അവൾ അപ്രത്യക്ഷയായി. അവൾ അപ്സര കന്യകയായിരുന്നുവെന്ന് ശാന്തനുവിനറിയില്ലായിരുന്നു. ഗംഗയെ പ്രതീക്ഷിച്ച് നദിതീരത്തെന്നും അവൻ കാത്തിരിക്കുമായിരുന്നു. അവൾ വന്നില്ല. ദുഃഖം നിറഞ്ഞ പ്രേമത്തിന്റെ കണ്ണുനീരും ഗംഗാ നദിയിൽക്കൂടി ഒഴുകുന്നുണ്ട്.
ആരാണ് ഗംഗാ? അവളൊരിക്കൽ ഹിമാലയത്തിൽ മഞ്ഞു കട്ടിയായിരുന്നു. ഇന്നവൾ വെള്ളത്തിന്റെ കാവല്ക്കാരി, വലുതും ചെറുതുമായ അനേകമരുവികൾ അവളിൽ വന്നുചേരുന്നു. തപസനുഷ്ഠിക്കുന്നവരുടെ സംരക്ഷകയായി അവളെന്നും താഴ്വരകളിലും കുന്നിന്മേടുകളിലുമുണ്ട്. മീൻ പിടിക്കുന്ന മുക്കവരുടെ കൂട്ടുകാരിയും കുഞ്ഞുങ്ങൾക്ക് കളിക്കാനുള്ള കടലാസു ബോട്ടുമാണ്.
പുരാണ ദേവിദേവ സങ്കല്പ്പങ്ങളിൽ ഭാരതത്തിലെ നദികളെല്ലാം പുണ്യ നദികളായി കരുതുന്നു. കവികൾ നദികളെ സുന്ദരികളായി ചിത്രീകരിച്ചിട്ടുണ്ട്. ചിത്ര കലകളിലും സംഗീത കലകളിലും ഗംഗയും യമുനയും സരസ്വതിയും കാവേരിയും സുന്ദരികൾ തന്നെ. നിരവധി സംസ്ക്കാരങ്ങളുടെ ഉദയവും അസ്തമയവും ഈ പുണ്യനദിയുടെ തീരത്തുണ്ടായിരുന്നു. ഗംഗയെന്നാൽ ഹൈന്ദവ സംസ്ക്കാരത്തിന്റെ വൈകാരികത ഉയർത്തുന്നതാണ്. ഗംഗയുടെ തീരങ്ങളിലുള്ള ഓരോ ഭവനങ്ങളിലും പരിശുദ്ധിയുടെ ഗംഗാജലം നിറഞ്ഞ പാത്രങ്ങൾ കാണും. ഭക്ഷണത്തിനൊപ്പം ഗംഗാ ജലം വേണം. വീട് ശുദ്ധിയാക്കാനും ഈ പുണ്യ ജലം തളിക്കുന്നു. ആയിരക്കണക്കിന് ദേവി ദേവന്മാരുടെ പ്രതിമകൾ ഗംഗയുടെ ആഴങ്ങളിൽ താക്കാറുണ്ട്.
ഗംഗാ നദി ലോക രാജ്യങ്ങളിലെ ഏറ്റവും നീളം കൂടിയ നദികളിലൊന്നാണ്. 2500 കിലോമീറ്ററോളം ഈ നദിയ്ക്ക് നീളമുണ്ട്. ഹിമാലയത്തിൽ നിന്നാണ് നദിയുടെ ഉത്ഭവം. ബംഗാൾ ഉൾക്കടലിൽ അവസാനിക്കുന്നു. ഗംഗയൊഴുകുന്നത് ഹൈന്ദവരുടെ പുണ്യനഗരമായ വരണാസിയിൽക്കൂടിയെന്നതും നദിയുടെ പ്രത്യേകതയാണ്.
ഗംഗാനദി ഇന്ത്യയിലെ പത്തു ലക്ഷം ചതുരശ്ര മൈൽ വസിക്കുന്ന ജനങ്ങൾക്ക് ഉപകാരപ്പെടാറുണ്ട്. 420 മില്ല്യൻ ജനങ്ങൾ ഈ നദിയെ പ്രത്യക്ഷമായും പരോക്ഷമായും പ്രയോജനപ്പെടുത്തുന്നു. അത് ഏകദേശം ഇന്ത്യയിലെ അമ്പതു ശതമാനം ജനങ്ങൾക്ക് തുല്യമാണ്. ബ്രിട്ടന്റെ അഞ്ചിരട്ടി ജനസംഖ്യയ്ക്ക് തുല്യവും. ഉത്തർഖണ്ടിൽനിന്നും തുടങ്ങി കോണ്‍പൂ ർ, അലഹബാദ്, വരണാസ്സി, പാറ്റ്നാ, ഭഗൽപ്പൂർ പട്ടണങ്ങളിൽക്കൂടി ഈ നദി ഒഴുകുന്നു. മിർസാപ്പൂരും കടന്ന് അവസാനം ബംഗാൾ ഉൾക്കടലിൽ ഗംഗാ നദി പതിക്കുന്നു.
ഗംഗാ നദിയോളം മലിനവെള്ളമൊഴുകുന്ന മറ്റൊരു നദി ലോകത്തുണ്ടാവില്ല. ലോകാരോഗ്യ സംഘടന ചുവപ്പു വര വരച്ചിരിക്കുന്ന ഗംഗയുടെ പരിസരത്തെ ദുർഗന്ധം നിറഞ്ഞ മാലിന്യങ്ങളുടെ കൂമ്പാരം മറ്റേതു നദികളിലും പരിസരങ്ങളിലും അടിഞ്ഞിരിക്കുന്നതിനേക്കാൾ മൂവായിരമിരട്ടി കൂടുതലായുണ്ട്. മലിനമായ വസ്തുക്കളും രാസപദാർത്ഥങ്ങളും കൂടാതെ മാരകമായ രോഗാണുക്കളും ഗംഗയുടെ പരിസരങ്ങളിൽ തളം കെട്ടി കിടപ്പുണ്ട്. പ്രത്യക്ഷമായോ പരോക്ഷമായോ ഈ നദി ഏകദേശം 420 മില്ല്യൻ ജനങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്നു. കുടി വെള്ളത്തിനും ഭക്ഷണത്തിനും കൃഷിയാവശ്യത്തിനും ജനങ്ങൾ ഗംഗയെയാണ് ആശ്രയിക്കുന്നത്. കൂടാതെ കോടാനുകോടി തീർത്ഥാടകരും ഗംഗയുടെ പരിസരങ്ങളിൽ തിങ്ങി കൂടാറുണ്ട്. അവരുടെ കുളിയും ജപമാലയും പ്രാർത്ഥനയും അനുഷ്ടിക്കുന്നത് പുണ്യനദിയായ ഗംഗയുടെ പരിസരങ്ങളിലാണ്.
ദേശീയരെയും വിദേശീയരേയും ഒരുപോലെ ആകർഷിക്കുന്ന ഈ നദി എന്തുകൊണ്ട് ജുഗുപ്സാവഹമായ രീതിയിൽ ദുർഗന്ധം നിറഞ്ഞിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനകൾ കൂടെ കൂടെ ചോദ്യം ചെയ്യാറുണ്ട്. രാഷ്ട്ര ഭരണ കൂടങ്ങൾ ഒന്നിനു പുറകെ ഒന്നായി കടന്നു പോയിട്ടും ഗംഗയുടെ ഈ ശോചനീയാവസ്ഥ ശ്രദ്ധിക്കപ്പെടാതെ പോയതും പരീസ്ഥിതിയെ അവഗണിക്കലായിരുന്നു. പുരാണങ്ങളിൽ വിശുദ്ധ ജലം ഒഴികിയിരുന്ന ഗംഗാ ഇന്ന് ചീഞ്ഞളിഞ്ഞ ചപ്പ് , ചവറ്, എച്ചിൽ, ഉച്ഛിഷ്ട വസ്തുക്കളുടെ സംഭരണിയായത് രാഷ്ട്രത്തിനു തന്നെ ഒരു തലവേദനയായി മാറിയിരിക്കുന്നു.
ഗംഗയുടെ സമീപ പ്രദേശങ്ങളിലെ ഫാക്റ്ററികളിലുള്ള നിരുത്തരവാദമായി തൊഴിലിൽ എർപ്പെട്ടിരിക്കുന്നവർ ഉപയോഗരഹിതമായ അസംസ്കൃത പദാർത്ഥങ്ങളും ചീഞ്ഞു മണം പിടിച്ച പാഴ്വസ്തുക്കളും ഏകദേശം ഒരു മില്ല്യൻ ലിറ്ററോളം ദിനംപ്രതി ഗംഗയിലേയ്ക്ക് വലിച്ചെറിയുന്നു. കഴിഞ്ഞ ഇരുപതുവർഷം കൊണ്ട് മനുഷ്യർ വലിച്ചെറിയുന്ന പാഴ്വസ്തുക്കൾ ഗംഗാ നദിയിൽ അനേക മടങ്ങുകൾ ഇരട്ടിക്കുകയും ചെയ്തു. അടുത്ത ഇരുപതു വർഷം കൊണ്ട് എറിയുന്ന പാഴായവകളുടെ അളവു നൂറിരട്ടിയാകുമെന്നും കണക്കാക്കുന്നു.
ഗംഗയുടെ തീരങ്ങളിലുള്ള ചെറുകിട വ്യവസായികളും മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് നദിയ്ക്കുള്ളിൽ തന്നെയാണ്. ലെതർ വ്യവസായികളാണ് ഗംഗയിലെ പരിസരങ്ങളിൽ കൂടുതലായുള്ളത്. പാഴായ കെമിക്കൽ വസ്തുക്കളും ആവശ്യമില്ലാത്ത അസംസ്കുത ഉൽപ്പന്നങ്ങളും അവർ നിത്യേന നദിയിലേക്ക് വലിച്ചെറിയുന്നു. വരൾച്ചക്കാലത്തും ഒഴുക്കില്ലാ വെള്ളത്തിലും വിഷമയങ്ങളായ രാസ വസ്തുക്കൾ വെള്ളത്തിന്റെ അടിഭാഗത്ത് അടിഞ്ഞുകിടക്കും. ആഗോള നിലവാരമുള്ള ഫാക്റ്ററികളും അസംസ്കൃത സാധനങ്ങൾ പരിസരശുദ്ധിയോടെ കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങളും ഗംഗയുടെ തീരങ്ങളിൽ നടപ്പാക്കാനുള്ള പദ്ധതികൾ സർക്കാർ നാളിതുവരെയായും ഗൌനിച്ചിട്ടില്ല.
ജനസംഖ്യ വർദ്ധിച്ചതും വ്യവസായങ്ങളുടെ വളർച്ചയും ഗംഗാനദിയുടെ നില ഗുരുതരമാവാനും കാരണമായി. ആയിരക്കണക്കിന് മൃതദേഹങ്ങൾ ഗംഗയുടെ തീരത്ത് കത്തിക്കാറുണ്ട്. അനേകർ മോക്ഷ പ്രാപ്തിക്കായി മൃതദേഹങ്ങൾ ഗംഗയിൽ നിക്ഷേപിക്കുന്നു. അനാഥമായി അലയുന്ന ചത്ത ശരീരങ്ങളിൽനിന്നും ആത്മാക്കൾ നേരിട്ട് പരമാത്മാവിൽ പ്രാപിക്കുമെന്ന വിശ്വാസമാണ് പരമ്പരാഗതമായി അവിടെ മനുഷ്യർ പുലർത്തി വരുന്നത്.
നിയമ പരമല്ലാതെ വിവാഹം കഴിക്കാത്ത സ്ത്രീകളിൽനിന്നുമുണ്ടാകുന്ന കുഞ്ഞുങ്ങളെയും ഗംഗയിൽ വലിച്ചെറിയാറുണ്ട്. കുടുംബത്തിൻറെ മാനഹാനി ഭയന്നും മരിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർഗം കിട്ടുമെന്നുള്ള വിശ്വാസവുമാണ് അവിവാഹിത സ്ത്രീകളെ അത്തരം കടുംകൈകൾക്ക് പ്രേരിപ്പിക്കുന്നത്. വടക്കേന്ത്യൻ മാമൂലുകളനുസരിച്ച് പെണ്ണായി പിറക്കുന്ന കുഞ്ഞുങ്ങൾ ചില കുടുംബങ്ങളുടെ ശാപമായി കരുതുന്നു. അങ്ങനെയുള്ള പെണ്‍കുഞ്ഞുങ്ങളെ ഗംഗയിലൊഴുക്കി ജീവനോടെ കൊല്ലാനും മടിക്കില്ല. രാത്രിയുടെ ഒളിവിൽ നടക്കുന്ന ഇത്തരം ക്രൂരകൃത്യങ്ങൾ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരാനും പ്രയാസമാണ്.
ഗംഗയുടെ സമീപത്തു താമസിക്കുന്നവർ പരിസരം ശുദ്ധിയായി സൂക്ഷിക്കുന്നതിന് തികച്ചും ഉദാസീനരാണ്. ചത്ത കന്നുകാലികളെയും മൃഗങ്ങളെയും വീടുകളിൽ വേണ്ടാത്ത പാഴ്വസ്തുക്കളെയും ഗംഗയിലേയ്ക്ക് വലിച്ചെറിയും. മരിച്ചവരുടെ ശരീരങ്ങളും ഗംഗയിൽ ഒഴുക്കാറുണ്ട്. ഗംഗയിലൊഴുകുന്ന ശവ ശരീരത്തിൽ നിന്നും ആത്മാവ് പുനർജന്മമില്ലാതെ മുക്തി പ്രാപിക്കുമെന്ന വിശ്വാസവും ഗംഗാ ഭക്തരുടെയിടയിലുണ്ട്. നദിയിൽ സ്നാനം ചെയ്യുന്നവർ ശവ ശരീരം തൊട്ടു മുമ്പിൽക്കൂടി ഒഴുകി നടന്നാലും ഗൌനിക്കാറില്ല. ദൈവം ഒഴുകി നടക്കുന്ന പ്രേതങ്ങളുടെ ആത്മാക്കളെ വഹിക്കാൻ ഏതു സമയത്തും വന്നെത്തുമെന്ന വിശ്വാസമാണ് വെള്ളത്തിൽ സ്നാനം ചെയ്യുന്നവർക്കുമുള്ളത്. ചത്ത മാംസ കഷണങ്ങൾ സ്വർഗത്തിലേക്കുള്ള ആത്മാവിന്റെ വിശാലമായ വഴിയാണെന്നുമുള്ള അന്ധവിശ്വാസവും മരിച്ചവരുടെ ബന്ധുക്കളിലുണ്ട്. ഗംഗയിലെ ദുർഗന്ധമേറിയ വെള്ളം ദൈവത്തിന്റെ മാധുര്യമേറിയ പാലും തേനുമെന്നാണ് കരുതുന്നത്.
ഗംഗയിലെ മാലിന്യങ്ങൾക്ക് പ്രധാന കാരണം മനുഷ്യരുടെ അജ്ഞതയും പ്രാകൃത ചിന്തകളും അന്ധവിശ്വാസങ്ങളുമാണ്. ഗംഗയിലെ സ്നാനം കൊണ്ട് കുടുംബം ഐശ്വര്യവും സമ്പത്തുള്ളതുമായി തീരുമെന്ന് കുബേര ദരിദ്ര വിത്യാസമില്ലാതെ ജനം വിശ്വസിക്കുന്നു. പാപ പങ്കിലമായ സ്വന്തം ആത്മാവ് ഗംഗയിലെ സ്നാനത്തോടെ ശുദ്ധമാകുമെന്ന വിശ്വാസവും അവരിലുണ്ട്. കൊടും രോഗങ്ങൾക്കുള്ള ശമനം തേടിയും ഗംഗാ സ്നാനം നിർവഹിക്കുന്നു. ഗംഗയുടെ പരിസരങ്ങളിലുള്ള ആചാരാനുഷ്ഠാനങ്ങൾ പ്രകൃതിയും വായുവും അന്തരീക്ഷവും മലിനങ്ങളാക്കുമെന്ന് ജനങ്ങളെ ബോധവൽക്കരിച്ചാലും അവർ അന്ധവിശ്വാസങ്ങളിൽ തന്നെ ഉറച്ചു നിൽക്കും.
പുണ്യ നദിയായ ഗംഗയുടെ തീരങ്ങളിൽ തീർത്ഥാടകർക്കായി താമസിക്കാനുള്ള കേന്ദ്രങ്ങളും റിസോർട്ടുകളുമുണ്ടെങ്കിലും പുണ്യം തേടി വരുന്ന യാത്രാക്കാർ വഴിയോരങ്ങളിൽ ടെന്റുകൾ കെട്ടി താമസം തുടങ്ങും. ചുറ്റുമുള്ള ഗംഗയുടെ തീരങ്ങളിൽ പ്രാഥമികാവശ്യങ്ങളും നടത്തി നിരുപയോഗ വസ്തുക്കൾ നദിയിലേക്കും വലിച്ചെറിയും. ദിനം പ്രതി ലക്ഷക്കണക്കിനു തീർത്ഥാടകരാണ് പട്ടണത്തിലെത്തുന്നത്. ഗംഗയിലെ വെള്ളത്തിൽ കുളിക്കുകയും തുണി കഴുകയും പൊങ്ങി നടക്കുന്ന മനുഷ്യരുടെയും മൃഗങ്ങളുടെയും കാഷ്ടം കണക്കാക്കാതെ ആ വെള്ളം കുടിക്കുകയും ചെയ്യുന്നു. നദിയിലെ മലിന വെള്ളത്തിൽ കുളി ജപ കർമ്മാദികൾ നടത്തുന്നതു മൂലം ആ പ്രദേശങ്ങളിൽ ശിശു മരണം സാധാരണമാണ്. കുഞ്ഞുങ്ങളിലും പ്രായമായവരിലും ഗുരുതരമായ ത്വക്കുരോഗങ്ങളും ബാധിക്കാറുണ്ട്. മാലിന്യവും കെമിക്കലും കെട്ടി കിടക്കുന്ന പ്രകൃതിയിൽ ജീവിക്കുന്ന കാരണം അംഗവൈകല്യവും വൈരൂപ്യവുമുള്ള കുഞ്ഞുങ്ങളും മാതാപിതാക്കൾക്ക് ജനിക്കാറുമുണ്ട്.
ഗംഗയുടെ ശുചീകരണത്തിനായി സർക്കാർ തീവ്രമായ തീരുമാനങ്ങൾ കൈക്കൊള്ളാത്ത പക്ഷം ഗംഗാ നദിയും പരിസരങ്ങളും നശിക്കാൻ അധിക കാലം വേണ്ടി വരില്ല. അടുത്ത കാലത്തൊന്നും ഉടനൊരു പരിഹാരം കണ്ടെത്താൻ സാധിക്കുമെന്നും തോന്നുന്നില്ല. സർക്കാരിന്റെ അനാസ്ഥ, ജനങ്ങളുടെ അന്ധവിശ്വാസം, രാഷ്ട്രീയക്കാരുടെ വോട്ടു ബാങ്ക് എന്നിങ്ങനെ നദീ തട പരിഷ്ക്കാരത്തിനായി തടസങ്ങളേറെയുണ്ട്. സമൂഹത്തിന്റെ എല്ലാ വിഡ്ഢിത്തരങ്ങൾക്കു കൂട്ടു നില്ക്കുന്ന സർക്കാരിന്റെ മനോഭാവം മാറാത്തിടത്തോളം കാലം ഗംഗയുടെ പരീസ്ഥിതി പ്രശ്നങ്ങൾ തുടർന്നുകൊണ്ടിരിക്കും. പകർച്ച വ്യാധികൾ ബാധിച്ച ചില തീർത്ഥാടകർ ഗംഗയിലെ വെള്ളമുപയോഗിച്ചു് സമീപ വാസികൾക്ക് കോളറാ മുതലായ മാരക രോഗങ്ങൾ പകർന്നു കൊടുത്തിട്ടു പോവാറുണ്ട്. ലോക രാജ്യങ്ങളും ലോകാരോഗ്യ സംഘടനകളും ലോകബാങ്കും ഗുരുതരമായ ഈ പ്രശ്നത്തിനു പരിഹാരം കാണാൻ മുമ്പോട്ടു വന്നതുകൊണ്ട് ആശയ്ക്ക് വകയുമുണ്ട്.
ഗംഗാ നദിയെ വേണ്ടവിധം പരിരക്ഷിച്ചില്ലെങ്കിൽ നദി തികച്ചും ഇല്ലാതാകുന്ന അവസ്ത വരുമെന്ന് ബനാറസ് യൂണിവേഴ്സിറ്റിയിലെ പരീസ്ഥിതി ശാസ്ത്രജ്ഞൻ ഡോ . സി.സി. ത്രിപാഠിയുടെ പഠന റിപ്പോർട്ടിൽ കാണുന്നു. മൂന്നു മില്ല്യൻ ഗ്യാലൻ ഓടയിൽ നിന്നൊഴുകുന്ന മലിന വസ്തുക്കളാണ് ഗംഗയിൽ പതിക്കുന്നത്. ശരിയായ സംരക്ഷണം നല്കി ഇതിനെ തടയാത്ത പക്ഷം കാലാന്തരത്തിൽ ഗംഗാനദി മുറിഞ്ഞ് ജലാശയങ്ങൾ നിറഞ്ഞ തടാകങ്ങളായി മാറുമെന്നും പഠന റിപ്പോർട്ടിലുണ്ട്.
ഗംഗയോടനുബന്ധിച്ച് രണ്ട് അണക്കെട്ടുകൾ നിർമ്മിച്ചിട്ടുണ്ട്. 1854-ൽ ഹരിദ്വാരയിൽ ബ്രിട്ടീഷുകാർ ഒരണക്കെട്ടുണ്ടാക്കിയിരുന്നു. ഗംഗയുടെ ഉപരിതലങ്ങളിൽ നിന്നു വരുന്ന ഈ വെള്ളം ഹിമാലയ താഴ്വരകളിലെ ഗംഗയുടെ തടാക തീരങ്ങളിലുള്ള ജനം ഉപയോഗിക്കുന്നു. അണക്കെട്ട് കാരണം ഗംഗയിൽ വെള്ളമൊഴുക്കിനു തടസമുണ്ടാകാറുണ്ട്. ബംഗ്ലാദേശത്തെയ്ക്ക് ഒഴുകുന്ന പ്രദേശത്ത് ഹൈഡ്രോ ഇലക്ട്രിക്കിൽ വിധത്തിലുള്ള ഒരു കൂറ്റൻ അണക്കെട്ട് പടുത്തുയർത്തിയിട്ടുണ്ട്. ആ അണക്കെട്ടുമൂലം ഗംഗയിൽ ഒഴുകി നടന്ന ഡോൾഫിൻ കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്നു. പക്ഷി മൃഗാദികളും അപ്രത്യക്ഷ്യമായിക്കൊണ്ടിരിക്കുന്നു.
നദി തടങ്ങൾ ഫലഭൂയിഷ്ട മായതുകൊണ്ട് ധാന്യങ്ങൾ സമൃദ്ധമായി വളരാറുണ്ട്. സ്വാഭാവിക വളക്കൂറുള്ള മണ്ണും പുല്ലുമുള്ളതുകൊണ്ട് ഗംഗയുടെ പരിസരത്ത് കന്നുകാലികളെ വളർത്താൻ അനുയോജ്യമായ ഭൂപ്രദേശമാണ്. ഇതുമൂലം നിയന്ത്രിക്കാൻ പാടില്ലാത്ത വിധം ലക്ഷക്കണക്കിന് ബംഗ്ലാദേശികളാണ് അനധീകൃതമായി ഗംഗയുടെ തീരങ്ങളിൽ കുടിയേറുന്നത്.കനാലുകൾ വഴി ഗംഗയിലെ മലിനവെള്ളം കൃഷി ഭൂമികളിലും ഒഴുകുന്നു. ഉപനദികളിലും കനാലുകളിലും ഗംഗയിലെ മാലിന്യം ഒഴുകിയടിഞ്ഞു കൂടാറുമുണ്ട്. കൃഷി സ്ഥലങ്ങളിലേക്ക് ഗംഗയിലെ വെള്ളം കൊണ്ടുപോവുന്നതുകൊണ്ട് വേനൽക്കാലമാകുമ്പോൾ ഗംഗാ മുഴുവൻ വരണ്ടിരിക്കും.
ഗംഗാ നദിയെ നാശത്തിലേക്ക് നയിക്കാൻ മൂന്നു കാരണങ്ങളാണ് പ്രധാനമായുമുള്ളത്. അതിനുള്ള നടപടിക്രമങ്ങൾ സർക്കാർ തീവ്രമായി നടപ്പിലാക്കേണ്ടതുണ്ട്. (1)വാരണാസിയിലും സമീപ പ്രദേശങ്ങളിലുമുള്ള ശവദാഹ പ്രക്രീയകളും ദഹിപ്പിക്കലും, അന്തരീക്ഷ മലിനീകരണമുൾപ്പടെ പ്രകൃതിയെ ദുരിതമാക്കാറുണ്ട്. ഗംഗയുടെ പരിസരത്തുള്ള ക്രിമേഷൻ ഗ്രൗണ്ടുകൾ ഗംഗാ ശുദ്ധികരിക്കുന്ന പ്രവർത്തനങ്ങൾക്ക് തടസവുമാവുന്നു. അതിനുള്ള നിവാരണ മാർഗങ്ങളും വിലയിരുത്തേണ്ടതായുണ്ട്. (2)വീടുകളിലെ ഉപയോഗമില്ലാത്ത പാഴ്വസ്തുക്കളെ ഗംഗയിലെറിയുന്ന പ്രവണത കർശനമായി നിയന്ത്രിക്കണം. അതിനായി ജനങ്ങളിൽ ബോധവല്ക്കരണ ക്ലാസ്സുകളും നൽകേണ്ടതായി വരും. (3)വ്യവസായികൾ തള്ളി കളയുന്ന വിഷം നിറഞ്ഞ കെമിക്കലുകളും അസംസ്കൃത സാധനങ്ങളും മെറ്റലുകളും ഗംഗയിൽ സംസ്ക്കരിക്കുന്ന പ്രവണത അവസാനിപ്പിക്കണം.
സാമ്പത്തികമായി വളരുന്ന ഇന്ത്യയോടൊപ്പം ആരോഗ്യ പരിപാലനത്തിനും മാറ്റം വരുത്തണം. അമ്പതു വർഷങ്ങൾക്കു മുമ്പ് ഗംഗാ നദിയിൽ ശുദ്ധമായ വെള്ളം ഒഴുകിയിരുന്നുവെന്ന് അവിടുത്തെ പഴമക്കാർ പറയും. ഇന്ന് ആ വെള്ളം ഉപയോഗിച്ചാൽ മനുഷ്യൻ രോഗാണുക്കൾ ബാധിച്ച് രോഗികളാകും. വൻകിട ബിസിനസുകാരെയും ഫാക്റ്ററി ഉടമകളെയും ആദ്യം നിയന്ത്രിക്കണമെന്ന് അവിടെയുള്ള ചെറുകിട ബിസിനസുകാർ പറയും. സാധുക്കളെ ഉപദ്രവിക്കാനാണ് സർക്കാർ കൂടുതലും താല്പര്യം കാണിക്കുന്നതെന്നും അഭിപ്രായങ്ങളുണ്ട്. അടുത്ത കാലത്ത് താണ വർഗക്കാരായ ഏതാനും ദളിതരെ ഗംഗയിലെ വിശുദ്ധ ജലം എടുക്കാൻ അനുവദിച്ചു. അതുകൊണ്ട് സാമൂഹിക ഉച്ഛനീചത്വങ്ങൾ ഇല്ലാതാവുകയോ ഗംഗാ ശുദ്ധിയാവുകയോ ഇല്ലെന്നുള്ള സത്യവും ഗംഗയെ മലിനമാക്കുന്നവർ ചിന്തിക്കേണ്ടതുമുണ്ട്.
ഇന്ത്യാ പുരോഗമിക്കുന്നതിനൊപ്പം ആകാശത്തിൽക്കൂടി ഷട്ടിൽ സർവീസ് തുടങ്ങാനും മെട്രോ പട്ടണങ്ങളുണ്ടാക്കാനും ന്യൂക്ലീയർ ബോംബ് പൊട്ടിക്കാനും താല്പര്യം കാണിക്കാറുണ്ട്. എങ്കിൽ എന്തുകൊണ്ട് മലിനം കെട്ടി കിടക്കുന്ന നമ്മുടെ പരീസ്ഥിതികളെ ശുദ്ധീകരിക്കുന്ന പദ്ധതികളാവിഷ്ക്കരിച്ചു കൂടാ? പ്രധാനമന്ത്രി മോഡിയുടെ വാഗ്ദാനങ്ങളിലൊന്ന് ഗംഗാനദി വൃത്തിയാക്കുമെന്നുള്ളതാണ്. അദ്ദേഹത്തിനത് സാധിച്ചില്ലെങ്കിൽ ഇനി മറ്റാരിലും പ്രതീക്ഷിച്ചതുകൊണ്ട് കാര്യമില്ല. ഗംഗയുടെ പരിതാപാവസ്ഥയിൽ നിരാശനായ പ്രധാനമന്ത്രി മോഡി പരിഹാരം കാണുമെന്ന് ഉറപ്പിച്ചു പറയുന്നു.
ഗംഗയുടെ തീരങ്ങൾ കാണാൻ ദിനംപ്രതി വിദേശികളുടെ തന്നെ വൻപ്രവാഹമുണ്ട്. അവിടുത്തെ ദുർഗന്ധവും പ്ലാസ്റ്റിക്ക് കൂട്ടങ്ങളും കുപ്പികളും പശുവിൻ ചാണകവും ദഹിപ്പിച്ച ശവശരീരങ്ങളുടെ അവശിഷ്ടവും മൃഗങ്ങളുടെ കാഷ്ടവും പാഴായ മരാമത്തു വസ്തുക്കളും അഴുക്കുകൾ ഒഴുകി നടക്കുന്ന ഗംഗയും കാണുമ്പോൾ ഈ പുണ്യഭൂമിയെ ശപിച്ചുകൊണ്ട് ഇനി ഒരിയ്ക്കലും മടങ്ങി വരില്ലന്ന് പറഞ്ഞ് അവർ തിരിയെ പോവുന്നു.
പ്രഭാത സൂര്യന്റെ കിരണങ്ങളിൽ പ്രേമത്തിന്റെ വീണയും വായിച്ചു കൊണ്ട് നിത്യവും ശാന്തനു മഹാരാജാവ് ആ നദി തീരത്തുണ്ടായിരുന്നു. അപ്സര കന്യകയായ ഗംഗാ അയാളുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. അവൾ മാറ്റമില്ലാത്ത നിത്യ സുന്ദരിയായിരുന്നു. 'നീ ആരെന്ന് 'അവൾ അയാളോട് ചോദിച്ചു.' ഞാൻ ദ്വാപരയുഗത്തിൽ ഹസ്തിനപുരം ഭരിച്ചിരുന്ന രാജാവായ ശാന്തനുവെന്നു' പറഞ്ഞു. മുമ്പിൽ നില്ക്കുന്ന സുന്ദരി തന്റെ ഭാര്യ ഗംഗയെന്നറിഞ്ഞപ്പോൾ വികാര തരംഗങ്ങൾകൊണ്ട് ശാന്തനുവിന് സ്വയം നിയന്ത്രിക്കാൻ സാധിക്കില്ലായിരുന്നു. 'തന്റെ മക്കളെല്ലാം ദേവലോകത്ത് സുഖമായി കഴിയുന്നുവെന്നു പറഞ്ഞ് ' ഗംഗാ അദ്ദേഹത്തോട് യാത്ര പറഞ്ഞപ്പോൾ 'പ്രിയേ നീ പോവരുതെന്നും താൻ എകനാണെന്നും 'ശാന്തനു അവളോട് പറഞ്ഞു. ഗംഗ പറഞ്ഞു, "ഞാൻ മഞ്ഞുകട്ടകൾ തട്ടി നിരത്തി ഉയരത്തിലെ കൊടുമുടികളില്നിന്നും പുണ്യമായ ഈ നദിയിൽക്കൂടി നിന്നെ കാണാൻ ഒഴുകി വന്നു. അഴുക്കു ചാലുകൾ നിറഞ്ഞ ഗ്രാമങ്ങളും പട്ടണങ്ങളും ദുർഗന്ധം നിറഞ്ഞ കുഴികളും ഓടകളും ഞാൻ കണ്ടു. പാപികൾ ശുദ്ധമാകാൻ എന്നിൽ മുങ്ങുന്നു. അവരുടെ പാപങ്ങളും ഈ നദിയിൽ നിറച്ചു. നിന്റെ രാജ്യത്ത് താമസിക്കാൻ ഞാനില്ല. ദുഃഖങ്ങൾ നല്കിക്കൊണ്ട് അവൾ അവനിൽ നിന്നും മറഞ്ഞു.
Video on the River Ganga


Thursday, January 8, 2015
പൌരാഹിത്യം ത്യജിച്ച സഹോദരരേ നിങ്ങൾക്ക് ഹോശാന ഹോശാന !
By ജോസഫ് പടന്നമാക്കൽ
ചിന്തിക്കാൻ പ്രായമാകാത്ത നാളുകളിൽ ഒരു കുമാരൻ അല്ലെങ്കിൽ ഒരു കുമാരി തങ്ങളുടെ സെമിനാരി അല്ലെങ്കിൽ മഠം മതിൽക്കെട്ടിനുള്ളിലെ ആത്മീയ ജയിൽ വാസത്തിന്റെ തുടക്കമിടും. കൂട്ടുകാരുമൊത്ത് കളിച്ചു നടക്കേണ്ട പ്രായത്തിൽ ചെയ്യാത്ത കുറ്റത്തിനാണ് അവർ ശിക്ഷയനുഭവിക്കുന്നത്. സ്ത്രീയാണെങ്കിൽ അവളുടെ ദേഹം മുഴുവനും കറുത്ത പഴുന്തുണി പോലുള്ള കുപ്പായമിട്ടു നടത്തും. എത്ര സുന്ദരിയാണെങ്കിലും പഴുന്തുണി വേഷത്തിൽ കാണുന്ന കന്യാസ്തിയെ പ്രേമിക്കാൻ വരുന്നവരും ചുരുക്കമായിരിക്കും. അറബി നാട്ടിലെ നീളമുള്ള കുപ്പായമിട്ട് പുരുഷനും നടക്കണം. പൌരാഹിത്യം മറ്റെല്ലാ തൊഴിലുകളെക്കാളും കർമ്മങ്ങളെക്കാളും ഉത്തമമെന്ന് ചിന്തിക്കാൻ കഴിവില്ലാത്ത പ്രായത്തിൽ കൗമാരക്കാരെ വിശ്വസിപ്പിക്കും. അവൻ പിന്നീട് ദൈവത്തിങ്കലേക്കുള്ള സ്വപ്നങ്ങളും മനക്കോട്ടയും കെട്ടി അൾത്താര ബാലനായി ധൂപ ക്കുറ്റി വീശാൻ തുടങ്ങും. പുരോഹിതൻ അവിടെ ഒരു കുഞ്ഞാടിനെ ബലിമൃഗമാക്കുകയാണ്. കുടുംബത്തിലൊരു അച്ചനെ കാണാൻ അല്ലെങ്കിൽ മകൾ കന്യാസ്ത്രിയെ കാണാൻ സ്വന്തം മാതാപിതാക്കൾ പ്രാർഥനകളും വഴിപാടും നേർച്ചകളുമായി മറ്റൊരു ലോകത്തായിരിക്കും. പെറ്റമ്മയുടെ സ്വപ്നവും മകന്റെ ദൈവവിളിയിലായിരിക്കും. മനസുനിറയെ ദൈവത്തെ നിറച്ച അവൻ സെമിനാരിയിൽ അല്ലെങ്കിൽ അവൾ മഠത്തിൽ ചേരുന്നു. അവരുടെ പാഴായ ജീവിതം അവിടെ തുടങ്ങുകയാണ്.
വീപ്പക്കുറ്റിയ്ക്കകത്തുരുട്ടുന്ന പോലെ സെമിനാരിയ്ക്കുള്ളിൽ ഉരുട്ടിയ ജീവിതം കഴിയുമ്പോൾ മാതാപിതാക്കളുടെ സ്വപ്നങ്ങൾ പൂവണഞ്ഞുകൊണ്ട് മകൻ പുരോഹിതനാവുകയാണ്. പുത്തൻ കുർബാനയ്ക്ക് വടിയും പിടിച്ച് മെത്രാനും കാണും. കൈ മുത്തുന്നതും ഭക്തമനസുകൾക്ക് ഏതോ ദിവ്യമായ അനുഭവം പോലെയാണ്. പൌരാഹിത്യത്തിൽ നിന്ന് പിരിഞ്ഞു വന്നാലും അയാളുടെ പാകപ്പെടുത്തിയ മനസ് പെട്ടെന്ന് മാറ്റിയെടുക്കാനും പ്രയാസമാണ്.അന്നും മനസു നിറയെ പുരോഹിത മനസായിരിക്കും. അതിനു മാറ്റം വരണമെങ്കിൽ കാലങ്ങളെ പിന്നെയും അതിജീവിക്കണം. ഭക്തിയും സാമൂഹിക പ്രവർത്തനകളും സാമൂഹിക നീതിയും പരോപകാര പ്രവർത്തനങ്ങളുമായി മുമ്പോട്ടു പോകാൻ അയാൾ വീണ്ടും ആഗ്രഹിക്കും. ദൈവശാസ്ത്രത്തിൽ മാത്രം പരിജ്ഞാനം നേടിയ അദ്ദേഹത്തിൻറെ കഴിവിനുതകുന്ന ഒരു തൊഴിൽ കണ്ടുപിടിക്കുകയെന്നതും എളുപ്പമല്ല.
പൌരാഹിത്യം ഉപേക്ഷിച്ച ദുഃഖം അവരിൽ നിറഞ്ഞിരിക്കുന്നതായും കാണാം. കുറ്റ ബോധം അവരുടെ മനസുകളെ അലട്ടിക്കൊണ്ടിരിക്കും. വ്യക്തിപരമായ ഒരാളിന്റെ സ്വതന്ത്ര ജീവിതത്തിൽ തടസങ്ങൾ വരുമ്പോഴാണ് പൌരാഹിത്യം ഉപേക്ഷിക്കാൻ പ്രേരിപ്പിക്കാറുള്ളത്. പൌരാഹിത്യം ഉപേക്ഷിച്ചാലും പലരുടെയും വ്യക്തി ജീവിതത്തിൽ അവരുടെ ഉള്ളിന്റെയുള്ളിൽ പുരോഹിതമനസ്സ് പിന്നീടുള്ള കാലങ്ങളിലും നിറഞ്ഞിരിക്കുന്നതായും കാണാം. മുമ്പ് പുരോഹിതരായിരുന്നവരുമായി ഇടപെടുകയാണെങ്കിൽ അവരിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകളും ദീന ദയാ മയമായ അനുകമ്പയും മനോഭാവവും തിരിച്ചറിയാൻ കഴിയും. അവർ പുരോഹിതരായിരുന്നുവെന്ന വസ്തുത അറിയത്തില്ലെങ്കിൽ പോലും കാഴ്ചയിൽ ഒറ്റ നോട്ടത്തിൽ തന്നെ മനസിലാക്കാൻ സാധിക്കും.
സഭയുടെ തത്ത്വങ്ങളുമായി പൊരുത്തപ്പെട്ട ജീവിതം സാധിക്കാത്തതു കൊണ്ട് ചിലർ പൌരാഹിത്യം ഉപേക്ഷിക്കുന്നു. മറ്റു ചിലർ ജീവിതകാലം മുഴുവൻ അവിവാഹിതരായി കഴിഞ്ഞുകൊള്ളാമെന്നുള്ള വ്രതവാഗ്ദാനം കാറ്റിൽ പറത്തിക്കൊണ്ട് സ്നേഹിച്ച പെണ്ണിനെ വിവാഹം കഴിക്കാൻ പൌരാഹിത്യം ഉപേക്ഷിക്കുന്നു. വാസ്തവത്തിൽ അത് തെറ്റല്ല. സ്നേഹം അവിടെ പങ്കിടുകയാണ്.
പൌരാഹിത്യം ഉപേക്ഷിച്ച് വിവാഹിതരാകാൻ കത്തോലിക്കാ സഭ തടസമാണെങ്കിൽ അത് ദൈവ ശാസ്ത്രം വിലക്കുന്നില്ല. ക്രിസ്തു നിയമങ്ങളുണ്ടാക്കിയത് കത്തോലിക്കാ സഭയ്ക്കുള്ളിൽ നിന്നല്ലായിരുന്നു. യേശുവിന്റെ യാത്രയിൽ ഒപ്പം വിവാഹിതരും അവിവാഹിതരുമുണ്ടായിരുന്നു. അവിടുത്തെ കാഴ്ചപ്പാടിൽ വൈവാഹിക ജീവിതവും പരിശുദ്ധമാണ്. പരിശുദ്ധാത്മാവ് വിവാഹിതരായവരെയും നയിക്കുന്നുവെന്ന് സുവിശേഷങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
സഭയെന്നാൽ ദൈവമല്ല. പള്ളിയിലും ദിവ്യബലികളിലും കൂദാശകളിലും സഭയ്ക്കാരും ദൈവികാധികാരം കൊടുത്തിട്ടില്ല. സഭ ഒരു സംഘടന മാത്രം. ആ സംഘടനയെ ഭരിക്കാൻ അധികാരമുള്ള യാഥാസ്ഥിതികരായ പുരോഹിതരും അഭിഷിക്തരും നിറഞ്ഞിരിക്കും. സഭയ്ക്ക് ദൈവിക ശക്തിയൊന്നുമില്ല. മറ്റുള്ള സഭകളിലുള്ളതു പോലെ സഭയ്ക്കുള്ളിൽ യേശുവുമുണ്ടായിരിക്കാം. സഭയ്ക്ക് ദൈവികമായി യാതൊരധികാരവുമില്ലാത്ത സ്ഥിതിക്ക് ഒരു പുരോഹിതൻ സഭ വിട്ടു പോയെങ്കിൽ അത് ദൈവത്തോടുള്ള പ്രതിജ്ഞാ ലംഘനമല്ല. സഭയ്ക്ക് മനുഷ്യന്റെ അധികാരമേയുള്ളൂ. ആ സഭയിൽ അധികാരമോഹികളായ പണത്തിന്റെ പിന്നാലെ പായുന്ന കുറെ സ്വാർത്ഥ മതികളായ പുരോഹിതരെയും കാണാം.
സഭയ്ക്ക് തെറ്റാ വരമുണ്ടെന്ന് മാർപ്പായ്ക്കു പോലും പറയാൻ സാധിക്കില്ല. ദൈവം മാത്രമാണ് തെറ്റാവരമുള്ളവൻ. മാർപ്പാപ്പയുടെ തെറ്റാവരമെന്ന തത്ത്വം അധികാരത്തിൽ കടിച്ചു തൂങ്ങാൻ സഭ തന്നെ കണ്ടുപിടിച്ച ഒരു പോംവഴിയാണ്. 1870-ലെ ഒന്നാം വത്തിക്കാൻ കൌണ്സിൽ കണ്ടുപിടിച്ച ഒരു കുതന്ത്രം മാത്രം. ക്രിസ്ത്യൻ നവീകരണ തീവ്ര വാദികൾ ബൈബിൾ തെറ്റാവരമെന്ന് പ്രഖ്യാപിച്ചപ്പോൾ കാനോൻ നിയമങ്ങൾ നടപ്പാക്കുന്ന മാർപ്പാപ്പായും തെറ്റാവരമെന്ന് അന്നത്തെ സുനഹദോസ് തീരുമാനിച്ചു. മനുഷ്യനെഴുതിയ ബൈബിളും കാനോൻ നിയമങ്ങളും തെറ്റാവരമായി കരുതുന്നവർ വിഡ്ഢികളുടെ സ്വർഗഭൂമിയിൽ കുരയ്ക്കുന്നവരന്നേ പറയാൻ സാധിക്കൂ. ശാസ്ത്രം പുരോഗമിച്ചപ്പോഴും പരിണാമ തത്ത്വങ്ങൾ അവതരിപ്പിച്ചപ്പോഴും മഹാ സ്പോടന തത്ത്വം പരിഗണിച്ചപ്പോഴും മതം പഠിപ്പിച്ചത് പൊള്ളയായിരുന്നുവെന്ന് സാമാന്യ ജനങ്ങൾ മനസിലാക്കാനും തുടങ്ങി. 1859-ൽ ജീവ ജാലങ്ങളുടെ ആരംഭത്തെപ്പറ്റി ഡാർവിൻ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പിന്നാലെയായിരുന്നു മാർപ്പാപ്പായുടെ തെറ്റാവരമെന്ന അബദ്ധ തത്ത്വം മാർക്കറ്റിലിറക്കിയത്.
ബൈബിളെന്ന പുസ്തകം നവീകരണക്കാരുടെ തെറ്റാവരമുള്ള കടലാസ്സു മാർപ്പാപ്പായായപ്പോൾ മാർപ്പായ്ക്ക് തെറ്റാവരമുണ്ടന്നു കത്തോലിക്കാ സഭയും സ്ഥാപിച്ചു. മനുഷ്യരുടെ മനസ്സിൽ ഭയം സൃഷ്ടിച്ചതിനൊപ്പം ലോകത്തിനും മാറ്റങ്ങൾ വന്നു. സാമാന്യ ബോധമുള്ളവർ സഭ പഠിപ്പിച്ച തെറ്റായ ചിന്തകളെ അകത്തി മാറ്റി ലോകത്തിന്റെ മാറ്റങ്ങൾക്കനുസരിച്ചു ചിന്തിക്കാനും തുടങ്ങി.
സഭയ്ക്ക് തെറ്റു പറ്റിയെന്നു പറഞ്ഞാൽ സഭയിലടിയുറച്ചു വിശ്വസിക്കുന്നവർ 'അതിനുള്ള തെളിവെന്തെന്ന്' മറുചോദ്യം ചോദിക്കും. ദൈവം നമുക്ക് ബുദ്ധിയും മനസും ചിന്തിക്കാനുള്ള കഴിവും തന്നിരിക്കുന്നത് പുരോഹിതരുടെ സാരോപദേശം കേട്ടിട്ട് അടിമയെപ്പോലെ നേർച്ചയും പ്രാർത്ഥനയുമായി കഴിയാൻ വേണ്ടിയല്ല. സ്വയം യുക്തിപരമായി ചിന്തിക്കാനാണ്' ദൈവം നിശ്ചയിച്ചത്. മ റ്റുള്ളവർ എഴുതിവെച്ച പഴംപുരാണങ്ങൾ അപ്പാടെ വിശ്വസിച്ച് സ്വീകരിക്കാനല്ല. മാർപ്പായ്ക്ക് തെറ്റാവരമുണ്ടെന്ന് സഭയുടെ പക്കലുള്ള തെളിവെന്താണ്? ബുദ്ധിയും ബോധവും ത്യജിച്ച് തെറ്റാ വരമെന്ന ബിംബത്തെയും കടലാസ്സു മാർപാപ്പായെയും സഭാ മക്കൾ ആരാധിക്കണോ? സഭയിൽ നിന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്ന ഏതാനും പുരോഹിതരാണ് തെറ്റാവരത്തിന്റെ ഉറവിടം. മെത്രാനോ കർദ്ദിനാളിനോ ലോകത്തിലൊരു പുരോഹിതനോ തെറ്റാവരമെന്ന അധികാരം കൊടുത്തിട്ടില്ല. മനുഷ്യമനസുകൊണ്ട് അവർ പുരോഹിതരായി. അതേ മനസുകൊണ്ട് അവർ പൌരാഹിത്യം വേണ്ടെന്നു വെച്ചു. മനുഷ്യനാണ് തലയിൽ കൈവെച്ച് ഒരു പുരോഹിതന് പൌരാഹിത്യം നല്കുന്നത്. അല്ലാതെ അത് ദൈവം കല്പ്പിച്ച കൈവെപ്പു പാരമ്പര്യമൊന്നുമല്ല. ദ്രവ്യാഗ്രഹമുള്ള മനുഷ്യത്വം നശിച്ച പുരോഹിതരുടെ പ്രവർത്തനത്തിൽ മനംനൊന്ത് ഒരുവൻ പൌരാഹിത്യം വേണ്ടെന്നു വെച്ചാൽ അതിൽ തെറ്റൊന്നും കാണാൻ സാധിക്കില്ല.
പുരോഹിതനായ ഒരുവന്റെ ജീവിതത്തിൽ പൌരാഹിത്യം ഉപേക്ഷിക്കുകയെന്ന തീരുമാനമെടുക്കാൻ എളുപ്പമല്ല. പൗരാഹിത്യമെന്ന കുരുക്കഴിക്കാൻ' മാസങ്ങളോളം ചിലപ്പോൾ വർഷങ്ങളോളം അയാൾ സ്വയം ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടാകാം. സുപ്രധാനമായ ഈ തീരുമാനത്തിനായി ചിലപ്പോൾ കണ്ണീരോടെ അനേക തവണകൾ പ്രാർത്ഥിച്ചിട്ടുണ്ടാവാം. പൌരാഹിത്യത്തിൽ ഒരുവൻ പ്രവേശിക്കുന്നതിനെക്കാളും പൌരാഹിത്യം ഉപേക്ഷിക്കുമ്പോൾ അയാൾക്ക് ഉറച്ച വിശ്വാസവും ധൈര്യവും ആവശ്യമാണ്. മുന്നോട്ടുള്ള അയാളുടെ ജീവിതം അന്ധകാരം നിറഞ്ഞതായിരിക്കുമെന്ന മാനസിക വിഭ്രാന്തിയും അലട്ടിക്കൊണ്ടിരിക്കും. പൌരാഹിത്യ ജീവിതത്തിലേക്ക് ഒരാളുടെ ജീവിതം അടിയറ വെയ്ക്കുമ്പോൾ ചുറ്റും ജനം "ഹോശാനാ ഹോശാന' എന്ന് പാടിക്കൊണ്ട് വാഴ്ത്തും. അയാൾ പൌരാഹിത്യം ത്യജിക്കുമ്പോൾ പിന്നീട് ഉച്ചത്തിലുള്ള അലർച്ചകളും ശബ്ദകോലാഹലങ്ങളും ശ്രവിക്കാം. ബന്ധുക്കളും സുഹൃത്തുക്കളും സഹിതം "അവനെ ക്രൂശിക്കൂ, അവനെ ക്രൂശിക്കൂ" വെന്ന് പറഞ്ഞ് ഉച്ചത്തിൽ അട്ടഹസിക്കാൻ തുടങ്ങും. പൌരാഹിത്യം തെരഞ്ഞെടുക്കുന്നതും പൌരാഹിത്യം ഉപേക്ഷിക്കുന്നതും ഒരുപോലെ ദൈവത്തിങ്കലേക്കുള്ള വഴിയാണ്.പരിശുദ്ധി നശിച്ച ദേവാലയത്തിൽ പ്രവേശിച്ച് യേശു ചുങ്കക്കാരെയും ഫരീസിയരെയും പുറത്താക്കിയപ്പോൾ ജനം അവിടുത്തെ ഹോശാന പാടി സ്വീകരിച്ചു. അതുപോലെ ദൈവത്തിങ്കലേയ്ക്ക് കുരിശുമായി പോവുന്ന യേശുവിനെയും ജനം ക്രൂശിക്കൂ, ക്രൂശിക്കൂവെന്ന് പറഞ്ഞ് അക്രോശിച്ചിരുന്നു.
പുരോഹിതർ പൌരാഹിത്യം ഉപേക്ഷിക്കുന്നത് അവരുടെ വിശ്വാസം നശിച്ചതുകൊണ്ടെന്നു മെത്രാനും കൂടെ നടക്കുന്ന പുരോഹിതരും ചിന്തിക്കുന്നു. എന്നാൽ അത് സത്യമല്ല. പിരിഞ്ഞു പോകുന്ന പുരോഹിതർ ക്രൈസ്തവ ചിന്തകളിൽ മാറ്റമില്ലാതെ അഗാധമായി വിശ്വസിക്കുന്നവരാണ്.വിശ്വാസം അവരിൽ കൂടുതൽ ബലവത്തായതുകൊണ്ടാണ് അവർ സഭ വിടുന്നത്. വാസ്തവത്തിൽ പൌരാഹിത്യം ഉപേക്ഷിക്കുന്നവർ വിശ്വാസത്തിൽ പാകത നേടുന്നവരാണ്. ഒന്നുമറിയാത്ത പ്രായത്തിൽ അവരുടേതല്ലാത്ത തെറ്റുകൊണ്ട് അവരാഗ്രഹിക്കാത്ത പൌരാഹിത്യക്കുടുക്കിൽ അകപ്പെട്ടു പോയി. കുരുക്കുകൾ അഴിച്ച് സ്വയം വിവേകവും അറിവും വരുമ്പോഴാണ് അവർ പൌരാഹിത്യം വേണ്ടെന്നു വെയ്ക്കുന്നത്.
സഭയുടെ ചട്ടക്കൂടിനുള്ളിൽ ദൈവത്തിനു രണ്ടാം സ്ഥാനമേ കല്പ്പിച്ചിട്ടുള്ളൂ. പുരോഹിതരായിരിക്കുന്ന കാലഘട്ടത്തിൽ സ്വന്തം മനസാക്ഷിയിലെ ദൈവത്തെക്കാളുപരി സഭയുടെ കാനോനിക തത്ത്വങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കണം. കാരണം കത്തോലിക്കാ സഭയെ നയിക്കുന്നത് എന്നും യാഥാസ്ഥിതികരുടെ ഒരു നേതൃത്വമാണ്. സ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ട് അടിച്ചേല്പ്പിക്കുന്ന ഒരു സ്വേച്ഛാധിപത്യമാണ് സഭയ്ക്കുള്ളത്. സ്വന്തം ഇഷ്ടപ്രകാരം പൗരാഹിത്യമെന്ന കറക്കു കമ്പനിയിൽ നിന്നും സ്വതന്ത്രരായി പുറത്തിറങ്ങിയ പുരോഹിതരെ ഇനിമേൽ പീഡിപ്പിക്കാൻ അധികാരമത്തു പിടിച്ച പുരോഹിത പ്രഭുക്കൾക്ക് സാധിക്കില്ല. ദൈവത്തിങ്കലേക്കുള്ള സ്വതന്ത്രമായ യാത്രയ്ക്കിടയിൽ ഭൂമിയിലെ മറ്റൊരുവന്റെ മാധ്യസ്ഥം സ്വതന്ത്രരാകുന്ന ഈ പുരോഹിതർക്ക് ആവശ്യമില്ല. കൂലിയില്ലാ ജോലി ചെയ്ത പുരോഹിതരുടെയും കന്യാസ്ത്രികളുടെയും ആയുഷ്ക്കാല വേതനവും സഭ ഇവർക്ക് നല്കാനും ബാധ്യസ്ഥരാണ്. ചർച്ച് ആക്റ്റിനെ അവഗണിച്ച് നിയമത്തിനു വിട്ടുകൊടുക്കാതെ പിടിച്ചടക്കിയ സഭാ പൌരരുടെ സ്വത്ത് ഇന്നും അഭിഷിക്ത കൊർപ്പറേഷന്റെ കൈവശം തന്നെയാണ്.
നിർബന്ധിതമായി അടിച്ചേൽപ്പിച്ചിരിക്കുന്ന ബ്രഹ്മചര്യം പൊട്ടിച്ചെറിഞ്ഞ ഒരു പുരോഹിതന് ഒരു വിപ്ലവകാരിയുടെ മനസുമുണ്ടായിരിക്കും. ബ്രഹ്മചര്യത്തോടല്ല, അയാളെ കൂച്ചിക്കെട്ടിയ സമൂഹത്തിനെതിരെയാണ് വിപ്ളവ കൊടുങ്കാറ്റ് വീശുന്നത്. ദൈവ വിളിയെന്നു പറഞ്ഞ്, ക്രിസ്തുവിന്റെ മുന്തിരിത്തോപ്പിൽ ജോലി ചെയ്യാൻ യുവാക്കളെ ആവശ്യമുണ്ടെന്നു പറഞ്ഞ് പത്രങ്ങളിൽ പരസ്യം ചെയ്തും കള്ള വാഗ്ദാനങ്ങൾ നല്കിയുമാണ് പാവങ്ങളായ ഇവരെ പൌരാഹിത്യത്തിൽ ചാടിച്ചത്. ബ്രഹ്മചര്യത്തിന്റെ ഉള്ക്കാഴ്ചയോടെയാണ് പൌരാഹിത്യത്തിൽ പ്രവേശിക്കുന്നതെങ്കിലും അയാളുടെ ബ്രഹ്മചര്യത്തെ നിത്യവ്രതമായി കൈക്കൊള്ളാൻ സാധിക്കില്ല. മനുഷ്യനായ പുരോഹിതനിലും ബലഹീനതകളുണ്ട്. ആത്മീയഗുരുക്കളും ബിഷപ്പുമാരും അയാളിലെ ബ്രഹ്മചര്യത്തെ അഴിഞ്ഞുപോവാതെ പിടിച്ചു കെട്ടി മുറുക്കിക്കൊണ്ടിരിക്കും. ഇവിടെ ബ്രഹ്മചര്യമെന്നു പറയുന്നത് ഒരു സഹന ശക്തി മാത്രം. അത്യാഗാധമായ ഹൃദയത്തിനുള്ളിൽ അയാളെന്നും ഏകാകിയാണ്. ബ്രഹ്മചര്യം പോലെ വയസാകുമെന്ന ചിന്തയും അയാളെ അലട്ടിക്കൊണ്ടിരിക്കും. ജീവിതത്തിന്റെ സായം കാലങ്ങളിൽ പുരോഹിതർക്കുള്ള നേഴ്സിംഗ് ഹോമുകളിൽ ബുദ്ധിയും ബോധവും നശിച്ച മറ്റു പുരോഹിതരോടൊപ്പം കഴിയേണ്ട കാലങ്ങളെപ്പറ്റിയും ചിന്തിക്കും. പൌരാഹിത്യത്തിൽക്കൂടി യുവത്വത്തിൽ അനുഭവിക്കുന്ന സൌഭാഗ്യങ്ങൾ അന്ന് കാത്തു കിടക്കുന്നത് കഠിനമായ ദുഖങ്ങളെയായിരിക്കും. ഏകാന്തതയ്ക്ക് ശമനം വരുമെങ്കിലും പുറകോട്ടുള്ള അന്ധകാര ജീവിതവും നഷ്ടബോധവും അനുഭവിച്ച ഏകാന്തതയും മനസ്സില് എന്നും തളം കെട്ടി നില്ക്കും.
ഒരു പുരോഹിതൻ ഒരു സ്ത്രീയുമായി പ്രണയത്തിലായാൽ പിന്നീടയാൾക്ക് പൌരാഹിത്യം ജയിലറയാവുകയാണ്. സ്നേഹിച്ച ഹൃദയങ്ങൾ തമ്മിൽ പരസ്പരം അടുക്കണമെങ്കിൽ ചുറ്റുമുള്ള ഭ്രാന്തൻ സമൂഹത്തിന്റെ കഴുകന്റെ ദൃഷ്ടികളുള്ള കണ്ണുകളെയും അതിജീവിക്കണം. സ്നേഹം പരിശുദ്ധമാണെങ്കിലും പൌരാഹിത്യത്തിൽ അതൊരു മാനസിക വിപ്ലവമുണ്ടാക്കുന്നു. ലൈംഗികതയെ മാറ്റി നിർത്തി ഇവിടെ രണ്ടു ഹൃദയങ്ങൾ തമ്മിൽ പരസ്പരം അടുക്കുകയാണ്. ശേഷിക്കുന്ന ജീവിതത്തിൽ ഏകാന്തതയിൽ നിന്നും മുക്തി നേടാൻ' ഒരു പുരോഹിതൻ കൂട്ടുകാരിയെ തേടിയാൽ സമൂഹമൊന്നാകെ പൊട്ടിത്തെറിയുണ്ടാവുകയാണ്. പൌരാഹിത്യം അയാളിൽ ചുറ്റിപ്പറ്റിയിരിക്കുന്നതുകൊണ്ട് സ്നേഹിക്കുന്നതും രഹസ്യമായി വേണം. ഒരു പുരോഹിതൻ മറ്റൊരുവളെ സ്നേഹിക്കുന്നുവെങ്കിൽ ആ സ്നേഹം പരിശുദ്ധമെങ്കിൽ എന്തിനയാളെ തടയണം. സ്നേഹം പൌരാഹിത്യത്തിന് തടസമാകുന്നതെങ്ങനെ? "ദൈവം സ്നേഹമാണെന്ന്" യോഹന്നാൻ സുവിശേഷം നാലാം അദ്ധ്യായം എട്ടാം വാക്യത്തിൽ പറയുന്നു, എങ്കിലെന്തുകൊണ്ട് പുരോഹിതന് ദൈവത്തിന്റെ ആ സ്നേഹം നിഷേധിക്കണം? "ബ്രഹ്മചര്യം സകലരെയും സ്നേഹിക്കാൻ കാരണമാകുമെന്ന്" പഴം കാലത്തിലെ പുരോഹിതർ പറയും, സത്യമതെല്ലെന്നും മനസിലാക്കണം. വിവാഹിതരും തുല്യമായി മറ്റുള്ളവരെ സ്നേഹിക്കാറുണ്ട്. പ്രേമിക്കുന്നത് തിന്മയായി സഭ കരുതുന്നു. പുരോഹിതരുടെ ലൈംഗികാസക്തി തടഞ്ഞ് അവരുടെമേൽ യജമാന അടിമത്വം സൃഷ്ടിക്കുകയാണ് അഭിഷിക്തർക്കെന്നും താല്പര്യമുള്ളത്. പുരുഷമേധാവിത്വം സഭയിലെന്നും അഴിഞ്ഞാടുന്നു. സ്ത്രീകളെ സമൂഹത്തിൽ എന്നും താണവരായി കാണുന്നു. ഇതിൽ നിന്നും ഒരു സ്വതന്ത്ര വിമോചനത്തിനായിരിക്കാം കന്യാസ്ത്രികളും കൂടു വിട്ട് അവരുടെ ജയിലറകളിൽനിന്നും പുറത്തു ചാടുന്നത്.
ക്രിസ്തുവിന്റെ സന്ദേശങ്ങളിൽ ആരും ബ്രഹ്മചര്യം കാക്കണമെന്ന് നിർദ്ദേശിച്ചിട്ടില്ല. പത്രോസിന്റെ അമ്മായിയമ്മയെ യേശു രോഗ വിമുക്തനാക്കി. ദൈവത്തിന്റെ തീരുമാനം അങ്ങനെയെങ്കിൽ, കുടുംബ ജീവിതം നയിക്കുന്നവരെയും സ്നേഹിക്കുന്നുവെങ്കിൽ സഭയെ എന്തിനു ഭയക്കണം? സഭ ദൈവത്തെക്കാളും ഉപരിയോ? വിവാഹിതനായ പത്രോസിനെയും കുടുംബത്തെയും യേശുവിന് പ്രിയമെങ്കിൽ പൌരാഹിത്യം ഉപേക്ഷിക്കുന്ന പുരോഹിതരെയും വിവാഹിതരാകുന്നവരെയും യേശുവിന് പ്രിയം തന്നെയായിരിക്കും.
പൌരാഹിത്യം ഉപേക്ഷിച്ചു വരുന്നവരോട് സ്നേഹമായി പെരുമാറാൻ സമൂഹവും തയാറാകണം. സമൂഹത്തിന്റെ തെറ്റായ ധാരണകൾക്കും മാറ്റം വരണം. പൌരാഹിത്യം വേണ്ടെന്നു വെച്ചു പുറത്തിറങ്ങുന്ന സഹോദരങ്ങളെ വെറുതെ വിടൂ, കൊച്ചിയിൽ അറബിക്കടലിന്റെ മടിത്തട്ടിൽ അവരോടൊപ്പം കൂടുന്ന ഈ മഹാസമ്മേളനം വഴി അവർക്കൊപ്പം ഒരു ജനശക്തിയുണ്ടെന്ന കാര്യവും സമൂഹത്തെ അറിയിക്കണം. പൌരാഹിത്യം ഉപേക്ഷിക്കാൻ മനതന്റെടമുള്ള പുരോഹിതർ സമൂഹത്തിന്റെ വെല്ലുവിളികളും സ്വീകരിച്ചുകൊണ്ടു തന്നെയാണ് പുറത്തു ചാടിയത്. യേശുവിന്റെ ചൈതന്യവുമായാണ് അവർ പൌരാഹിത്യത്തോട് വിട പറഞ്ഞത്. അവർക്കു വേണ്ടി വീണ്ടും ഉച്ചത്തിൽത്തന്നെ ഹോശാനാ പാടാം.
മനുഷ്യ ജീവിതം മാറ്റങ്ങൾക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. പുരോഹിതനായി ജീവിച്ചുകൊള്ളാമെന്ന് അന്ന് പുരോഹിതൻ മറ്റൊരു പുരോഹിതന്റെ മുമ്പിലാണ് പ്രതിജ്ഞ ചെയ്തതെങ്കിൽ പൌരാഹിത്യം ഉപേക്ഷിച്ച അതേ മനുഷ്യൻ വീണ്ടും പ്രതിജ്ഞ ചെയ്യുകയാണ് "സമൂഹമേ ഞാനിനി നിങ്ങളിൽ ഒരാളായി നിങ്ങളോടൊപ്പമായിരിക്കും." തെറ്റാവരമെന്ന ബിംബത്തെ തട്ടിത്തെറിപ്പിച്ച ശേഷമാണ് ദൈവത്ത്ന്റെ നിയോഗം ഇവിടെ പൂർത്തികരിക്കുന്നത്. പുതിയ ജീവിതം തുറന്നതുവഴി പുരോഹിതനുണ്ടായിരുന്ന തുച്ഛമായ വരുമാനം നിലച്ചേക്കാം. ജോലി നഷ്ടപ്പെട്ടേക്കാം. കുടുംബവും സഹോദരങ്ങളും മാതാപിതാക്കളും ഉപേക്ഷിച്ചേക്കാം. കുടുംബത്തിൽ നിന്നും കിട്ടേണ്ട ഓഹരികൾ മറ്റുളളവർ കവർന്നെടുത്തേക്കാം. ജനിച്ചു വീണ സഭയിൽനിന്നും പുറത്താക്കുമെന്ന ഭയവും ഉണ്ടായേക്കാം. പ്രശ്ന സങ്കീർണ്ണങ്ങളുമായി പൌരാഹിത്യം ഉപേക്ഷിച്ചു വരുന്ന ഇയാളുടെ മനസും തളർന്നിരിക്കാം. സമൂഹമനസാക്ഷിക്ക് ഇതു കണ്ട് കണ്ണടക്കാൻ സാധിക്കില്ല.
നമ്മുടെ സമൂഹത്തോട് എനിക്കൊന്നേ പറയാനുള്ളൂ ; നിസഹായരായ പൌരാഹിത്യമുപേക്ഷിച്ചു വരുന്നവരുടെ മനസിനെ തകർക്കാതെ അവരെ വെറുതെ വിടൂ. പുരോഹിതരും നമ്മുടെ കുടുംബങ്ങളിൽ നിന്നുള്ളവരെന്ന് അവർ പൌരാഹിത്യത്തിന്റെ ചട്ടക്കൂട്ടിലായിരുന്ന കാലത്ത് നിങ്ങൾ തന്നെയല്ലേ പറഞ്ഞത്. പുരോഹിതരായിരുന്ന് നിങ്ങൾക്കുവേണ്ടി മുമ്പ് ആത്മീയ ജോലി ചെയ്തിരുന്ന ഇവർ ഇനി മുതൽ നമ്മോടൊപ്പം ജീവിക്കേണ്ടവരാണ്. മുടിയനായ പുത്രനെ സ്നേഹമുള്ള പിതാവ് സ്വീകരിച്ചു. എങ്കിൽ എന്തുകൊണ്ട് ദൈവത്തിനായി ജോലി ചെയ്ത നിങ്ങളുടെ മകനെ നിങ്ങൾ തള്ളി പറയുന്നു. പൌരാഹിത്യം ഉപേക്ഷിച്ചവർക്കായി കൂടുന്ന കൊച്ചി സമ്മേളനത്തിന്റെ വിജയത്തിനായി ഹോശാന പാടാം. അധികാര ശ്രേണികളിലുള്ള കയാഫാസിന്റെ മക്കൾ അങ്ങകലേനിന്ന് 'അവനെ ക്രൂശിക്കുക, ക്രൂശിക്കുക ' എന്നട്ടഹസിക്കട്ടെ. അവരെയായിരുന്നു, യേശു അണലി സന്തതികളെന്നു വിളിച്ചത്. പത്രോസ് വാളൂരിയതും അവർക്കെതിരെയായിരുന്നു. സത്യമായ ക്രിസ്തു ഇന്ന് ദുഖിതരായ സന്യസ്തമുപേക്ഷിച്ച സഹോദരി സഹോദരന്മാരോടൊപ്പമുണ്ട്.
Subscribe to:
Posts (Atom)
കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?
ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...
-
By ജോസഫ് പടന്നമാക്കൽ http://www.malayalamdailynews.com/?p=51839 പശുവിനെ ഭൌതിക ജീവിതത്തിന്റെയും സമൃദ്ധിയുടെയും സമ്പത്തിന്റെയും നിസ...
-
ജോസഫ് പ ടന്നമാക്കൽ ഈഴവർ കേരളത്തിലെ പ്രബലമായ ഒരു സമുദായമായി അറിയപ്പെടുന്നു. കേരള ജനസംഖ്യയിൽ നാൽപ്പതു ശതമാനത്തോളം ഈഴവരാണ്. നീണ്ടകാലം സ...
-
പ്രജാപതിയായ പുരുഷന് അനന്തമായ പ്രപഞ്ചത്തില് ഏകനായി സഞ്ചരിച്ചു. തന്റെ പിതാവായ ബ്രഹ്മനില്നിന്നും അകന്നു സൃഷ്ടി കര്മ്മങ്ങളില്...
























